images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
60
കഴുതകളോടൊപ്പം സ്വർഗ്ഗത്തിലേയ്ക്ക്
ഫ്രാംസീസ് ഴാമ്മ് (FRANCIS JAMMES (1858-1938))
ഗ്രാമോത്സവത്തിന്റെ നാളിലായീടട്ടെ
നിന്നിലേയ്ക്കെന്നെ വിളിപ്പതു ദൈവമേ.
ഗ്രാമം മുഴുക്കെ [1] പ്പൊടിയുയർന്നീടുന്ന
നാളതെൻ ജീവിതരീതിയ്ക്കു ചേർന്നതാം.
താരനികരം പകലും തിളങ്ങുന്ന
താവക സ്വർഗ്ഗത്തിൽ വന്നണഞ്ഞീടുവാൻ
എന്നിച്ഛപോലൊരു പാത തിരഞ്ഞെടു–
ത്തീടാനവിടുന്നനുവദിക്കേണമേ. [2]
ഊന്നുവടിയുമായിപ്രയാണത്തിനെൻ
രാജമാർഗ്ഗത്തിലണഞ്ഞിടുന്നേരത്തു
എന്നിഷ്ടരാകും കഴുതകളോടു ഞാൻ
ചൊന്നിടും: ‘പ്രേഷ്ടരാം ചങ്ങാതിമാർകളേ, [3]
പോകുന്നു സ്വർഗ്ഗത്തിലേയ്ക്കു ഞാൻ, നല്ലവ–
നാമഖിലേശന്റെ നാട്ടിൽ നരകമി–
ല്ലാകയാൽ നിങ്ങളുമെന്നോടുകൂടവേ
വന്നുകണ്ടാലും നമുക്കൊത്തു പോയിടാം.
[4] ദൈവരാജ്യത്തിന്നു നിങ്ങളഭിമതർ,
ഭൂവിൽ പെരുത്തുമേ പീഡനമേല്ക്കുവോർ’
ഇജ്ജന്തുവൃന്ദത്തിൻ മദ്ധ്യത്തിലെന്നെ നീ
കാണുമാറാകണം, നിൻ കൃപയർഹിക്കു–
വോരിവർ, [5] നമ്രശിരസ്ക്ക, രിക്കാരണാ–
ലേറെ ഞാൻ സ്നേഹിച്ചിടുന്നോരകല്മഷർ.
സാമാനവണ്ടി പലതും വലിച്ചവർ,
ഭാരിച്ച ഭാണ്ഡങ്ങളേറെച്ചുമന്നവർ, [6]
നട്ടെല്ലു കൂന്നവർ, വീർത്ത തോൽസഞ്ചിപോൽ
ഗർഭം ചുമന്നീടും ഗർദ്ദഭിമാർ, ഭഗ്ന [7]
മേറ്റവർ, നാറും ചലമൊലിച്ചീച്ചക–
ളാർത്തിടും മർദ്ദനപ്പാടുകളുള്ളവർ. [8]
ഇങ്ങിനെ യായിരമായിര മുന്നത–
[9] ശ്രോത്രങ്ങൾ തിങ്ങിടും വൻഘോഷയാത്രയായ്
അങ്ങതൻ സന്നിധി പൂകാനനുമതി
തന്നാവു നീയെനിക്കൻപുറ്റ ദൈവമേ. [10]
ശാന്തി വഴിയുന്ന നിൻ സ്വർഗ്ഗരാജ്യത്തെ
പൂന്തേനരുവികൾ തന്നിലേയ്ക്കെങ്ങളെ
ആനയിച്ചീടാവു മാലാഖമാ, രങ്ങു
നിൻ ദിവ്യവാരിയിൽ, ശാശ്വതപ്രേമത്തിൻ
സ്വച്ഛതയിങ്ക, ലിപ്പാവങ്ങൾ സ്വീയമാം
ശാലീനനിസ്വത ബിംബിച്ചു കാണവേ
ഞാനു മിവരിലൊരുവനായ്ത്തീരുവാൻ
കാരുണ്യവാരിധേ നീ കനിഞ്ഞീടണേ.

PRIERE POUR ALLER AU PARADIS AVEC LES ANES.

കുറിപ്പുകൾ
[1]
പൊൻകോടീരമൊരുച്ചമാം തലയിൽ നി–
ന്നൂക്കിൽത്തെറിപ്പിക്കുവാൻ
ചെങ്കോൽ മണ്ണുപുരണ്ട കയ്യിനരുളി–
ച്ചിക്കെന്നു പൊക്കാമേ
(കെ. കെ. രാജാ — ഹൃദയബലി)
പാതിവഴിയ്ക്കു പാഥേയും തീർന്നുപോകുകയും ക്ലേശത്തിന്റെ ചിഹ്നങ്ങൾ തെളിഞ്ഞു കാണുകയും പൊടിപുരണ്ട മലിന വസ്ത്രം അപവാദഭാരം പേറുകയും ശരീരശക്തി നശിച്ചുപോകുകയും ചെയ്യുന്ന പാന്ഥന്മാരുടെ ക്ഷീണവും വേദനയും അങ്ങയുടെ കാരുണ്യാധിക്യം രഹസ്യമായി മൂടി വെക്കുന്നു.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
വിശ്രമം തേടുന്ന രാത്രികളിൽ അങ്ങയെ പരിപൂർണ്ണമായി വിശ്വസിച്ചുകൊണ്ടു പൊടിപടലം നിറഞ്ഞ വഴിത്താരയിൽ നിർഭയം എന്റെ ജീവനെ ഞാൻ സമർപ്പിക്കുകയും നിദ്രയെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.
ഹൃദയനാഥാ, ഇനി ഞാൻ ആഭരണങ്ങളണിയുകയില്ല. വീട്ടിലെ പൊടിപുരണ്ട തറയിൽ തനിയേ ഇരുന്നു അങ്ങേയ്ക്കുവേണ്ടി ഇനി ഞാൻ കരയുകയില്ല.
ക്ഷീണിതനായി ഞാൻ വഴിയരികിലിരക്കുമ്പോഴും പ്രയാസപ്പെട്ടു പൊടിയിൽ ശയ്യ വിരിക്കുമ്പോഴും എന്റെ മാർഗ്ഗം മുഴുവൻ അവശേഷിക്കുന്നു എന്ന വിചാരം മനസ്സിൽ ഉണ്ടായിരിക്കട്ടെ.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
[2]
ഏതുവഴിക്കു തിരിക്കിലുമീശൻതൻ
പാദമൂലത്തിങ്കൽ ചെന്നുപറ്റാം
ചാലവേ തദ്ദിവ്യപീഠത്തെത്താങ്ങിടും
കാലിതിലോരോന്നും തർക്കമില്ല
(ഉള്ളൂർ — എന്റെ മതം)
വേദാന്തം, സംഖ്യതത്വം, വരദ, ഫണിമതം
വൈഷ്ണവം, ശൈവമേവം
ഭേദം തേടുന്ന പാന്ഥാക്കളിലിഹ രുചിഭേ–
ദങ്ങളാൽത്തങ്ങിയൊന്നിൽ
മോദാൽപ്പോകും ജനം നിൻ കഴലിണയിൽ വരും
നേരെയാഞ്ഞോവളഞ്ഞോ
നീ താനല്ലോ, സ്മാരാരേ, ശരണമിഹ നരർ–
ക്കപ്പുകൾക്കബ്ധിപോലേ
(ആശാൻ — ശിവമാഹാത്മ്യ സ്തോത്രം)
ഒരേയിടത്തേയ്ക്കേ വഴിയെല്ലാമെന്ന
പൊരുളറിഞ്ഞോർക്കു പോരായ്മയുണ്ടാമോ
(ബാലാമണിയമ്മ — നിഷ്ക്രമണം)
[3]
പിന്നെയും ചൊന്നാൻ ദേവൻ: പ്രാണിസഞ്ചയമെല്ലാ–
മന്യോന്യമുടപ്പിറപ്പാകയാൽ സ്നേഹാർദ്രരായ്
സന്തതമിണങ്ങി വാണിടുമെന്നാകിൽ പാർപ്പാ–
നെന്തൊരു മനോജ്ഞമാം കുടുംബമിബ്ഭൂലോകം
(ആശാൻ — ശ്രീബുദ്ധചരിതം)
[4]
നീതിനിമിത്തം പീഡനമേല്ക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
(ബൈബിൾ — മത്തായി 5: 10)
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ,
എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ
ആശ്വസിപ്പിക്കും.
(ബൈബിൾ — മത്തായി 28)
[5]
തലതാണു പാവം കുനിഞ്ഞുനിന്നു
കളിമണ്ണു പെറ്റൊരു കുട്ടിപോലേ
… … …
അവനെയോർത്താവാം കഥിച്ചു യേശു:
‘അവനതരത്രെയനുഗ്രഹീതർ’
(വൈലോപ്പിള്ളി — കഴുതയും കുതിരയും)
[6]
ഏറിയ മൂഢതയായി കാണായ്
ഭാരം പേറും കഴുതകളും
പുറകെ മൂളും ചാട്ടയുമായി–
ട്ടൊരുവനു–മെന്തൊരു പരിഹാസം
… … …
തിരികെപ്പോന്നുചിന്തകൾ മുന്നിൽ
ചുമടു ചുമക്കും മൂകതകൾ
(സുഗതകുമാരി — തിരുവോണപ്പുലരിയിൽ)
പുതുപൊൽക്കിനാവിന്റെ പൂതിയുള്ളിൽ,
മുതുകിലാരാന്റെ ചുമടുമേന്തി
കുടവഡ്ഢി തൂങ്ങി നടന്നു മന്ദം
വിടുവിഡ്ഢിയെന്നു ജനം വിളിക്കേ
(വൈലോപ്പിള്ളി — കഴുതയും കുതിരയും)
[7]
ഭഗ്നം = കാലിന്റെ അസ്ഥിപൊട്ടൽ
ഭാരവണ്ടി വലിക്കവേ ചാട്ടയേ–
റ്റോരു കാളകൾ മണ്ടും കിലുക്കവും
(വൈലോപ്പിള്ളി — പുതിയചോറൂണ്)
The tattered outlaw of the earth
… … …
Starve, scourge, deride me: I am dumb
(G. K. Chesterton — The Donkey)
[8]
കരഞ്ഞുവെണ്മണൽ ദീനതപൂണ്ട–
ങ്ങുരഞ്ഞു നീങ്ങേ ചക്രങ്ങൾ
കുടമണിയൊച്ചകൾ തളർന്നുപോയ്പോയ–
യടർന്നുവീഴുന്നു ചോട്ടിൽ
പൊട്ടും ചാട്ടകൾ– ഇടതടവില്ലാ–
ഞെട്ടും കാളകളന്നേരം
കരിമിഴി ഞാലും കണ്ണീരിൻ ചെറു–
കണങ്ങൾ വീഴുന്നിമ്മണ്ണിൽ
(ഒ. വി. ഉഷ — വേദന)
അവനറിവീലവഹേളനങ്ങൾ
അവശതാഭാരവും ചാട്ടവാറും
(വൈലോപ്പിള്ളി — കഴുതയും കുതിരയും)
സ്വോദരംഭരികൾതൻ ഭാരവും വലിച്ചു കൺ–
പോളകൾ പൂട്ടാതല്ലിലൊന്നിനു പിമ്പൊന്നായി
പതയും വെള്ളച്ചോര ചിതറും നിൻകൂട്ടർതൻ
പുറത്തുകൂത്താടുന്നു രാപ്പകൽ ചമ്മട്ടികൾ
(പി. കുഞ്ഞിരാമൻ നായർ — അറ്റകൈ)
[9]
ചെറിയ വിമർശവും തപ്പിവരാൻ
ചെവികൾ വികൃതമായ് നീണ്ടുവന്നു
… … …
ഉയരത്തിൽ നീളുമവന്റെ കാതി–
ലുതിരുന്നു ദേവതാസംഘഗീതം
(വൈലോപ്പിള്ളി — കഴുതയും കുതിരയും)
[10]
യുധിഷ്ഠിരൻ:
എന്നോടുക്കൂടെപ്പോന്ന സോദരന്മാരും വീണാർ
തന്വംഗിയായ മമ ഭാര്യയും വീണാളല്ലോ.
പിന്നെയും പിരിയാതെ പോന്നിതെന്നോടുകൂടെ–
ത്തന്നെയീശ്വാവു,മിവൻതന്നെയുമുപേക്ഷിച്ചു
വിണ്ണവർ പുരിക്കെനിക്കെന്നുമേ പോന്നുകൂടാ
എന്നെയും കൊണ്ടു വിണ്ണിൽ പോകണമെന്നാകിലോ
മുന്നമീശ്വാവുതന്നെയങ്ങുടൻ കരേറ്റണം
… … …
പോയാലും ഞാനിശ്വാവുകൂടാതെ പോരികയി–
ല്ലായതവിലോചനനാകുമെൻ കൃഷ്ണനാണേ
(എഴുത്തച്ഛൻ — ശ്രീ മഹാഭാരതം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.