images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
61
യാത്രാമൊഴി
പോൽ ക്ലൊദേൽ (PAUL CLAUDEL (1868-1955))

തുടക്കത്തിൽ മല്ലാർമ്മെയുടെ ശിഷ്യനായിരുന്നു പോൽ ക്ലൊദേൽ. പിന്നീടു അദ്ദേഹത്തിൽനിന്നകന്നു സ്വന്തമായ സരണിയിലൂടെ നീങ്ങി കവിയും നാടകകൃത്തുമായി പേരെടുത്തു. അമേരിക്കയിലും ജപ്പാനിലും ഫ്രഞ്ച് അംബാസഡർ ആയിരുന്നു. വെർലേനെപ്പോലെ നേർത്തേ കൈവിട്ട കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു തിരിച്ചു വന്ന ക്ലൊദേൽ വിശ്വാസപരമായ തീവ്രതയും സാഹിത്യവിഷയകരമായ ഉൽപതിഷ്ണുത്വവും ഒപ്പം പുലർത്തി.

മരണത്തെ മുന്നിൽക്കാണുന്നവർ ഇഷ്ടജനങ്ങൾക്ക് അന്തിമാഭിവാദ്യമർപ്പിക്കുന്നു. തുടർന്നു വ്യക്തിഗതമായി അമ്മയോടു്, പത്നിയോടു്, സുഹൃത്തുക്കളോടു് അന്ത്യയാത്ര വഴങ്ങുന്നു–ഇതാണ് ഈ കവിതയുടെ ഉള്ളടക്കം. മൂന്നു ഖണ്ഡിക, ഇടയ്ക്കു പല്ലവി, ഒടുവിൽ ആവൃത്തി, വീണ്ടും പല്ലവി–പഴയ ഫ്രഞ്ച് നൃത്തഗാന (Ballade) രൂപത്തിലാണ് ഇതെഴുതപ്പെട്ടിട്ടുള്ളത്.

ഞങ്ങൾ പോയിരുന്നു മു–
മ്പെത്രയോ കുറിയെന്നാൽ
ഇക്കുറി പ്പോകുന്നതു
ശരിക്കുള്ളൊരു പോക്കാം.
പ്രേഷ്ഠരാം നിങ്ങൾക്കെല്ലാം
അന്ത്യമാ നിമേഷവും
[1] കാത്തിടാ നിമേഷവും
ഞങ്ങൾ കേറേണ്ടും വണ്ടി.
വിടചോദിച്ചൂ മുമ്പു
പലപോ, തെന്നാലിന്നീ
വിടചോദിക്കൽ തീർത്തും
നീക്കുപോക്കില്ലാത്തൊന്നാം. [2]
നിന്നിൽ നിന്നമ്മേ,യെന്നും
വേർപെടാ ഞാനെന്നു നീ
നണ്ണിയോ, നോക്കൂ, കാര്യ–
ക്കിടപ്പു മറിച്ചല്ലോ.
അന്ത്യമാം വിടയേകൂ
എന്തിനായ്ക്കേഴുന്നു നീ [3]
അന്തരേ പ്രതീക്ഷകൾ
പുലർത്തുന്നോരേപ്പോലേ?
അന്യഥാ ഭവിക്കുവാ–
നാവാത്ത കാര്യം ചൊല്ലി
ക്കണ്ണുനീർ വാർക്കുന്നതു
കേവലമപാർത്ഥമാം. [4]
[5] മാഞ്ഞുപോം നിഴലാണു
ഞാനെന്നതറിയില്ലേ,
നീയുമേ നിഴൽ, മായാ–
ദൃശ്യമെന്നതു മമ്മേ? [6]
തിരികേ വരാ ഞങ്ങൾ നിങ്ങൾ തന്നടുത്തേയ്ക്ക്
സ് സ്ത്രീകളെ മുഴുവനും–
പത്നിമാർ, മറ്റുള്ളവർ,
കെട്ടുവാൻ വാക്കേകിയോർ–
പിറകിൽ വിട്ടുംകൊണ്ടു
പോകുകയായീ ഞങ്ങൾ,
മുതിർന്ന പെണ്ണുങ്ങളും
പെൺകിടാങ്ങളുമേകും
ആലശീലകളറ്റു
ഏകാകിമാരായ് ബ്ഭാര
മുക്തരായ്ത്തീർന്നൂ ഞങ്ങൾ.
എങ്കിലും ഛായാത്മക
സുന്ദര, മുദാത്തമീ
മംഗളമുഹൂർത്തത്തിൽ
അന്ത്യമായൊന്നുകൂടി
[7] നിന്മുഖം കാണട്ടെ ഞാൻ
മൃതനായപരനായ്
ഞാൻ മാറും മുമ്പേ, [8] അതി–
ങ്ങന്യന്റേതാകും മുമ്പേ
നിന്മുഖം കാണട്ടെ ഞാൻ
അന്ത്യമായൊന്നുകൂടി,
തെല്ലിടയ്ക്കുള്ളിൽത്തന്നെ
ഞാനില്ലാതാകും മുമ്പേ.
ഒന്നു മാത്രം നീ ചെയ്താൽ
മതി, നീയെങ്ങാകിലും:
[9] നന്നായി നോക്കീടേണം
നമ്മുടെ പൂമ്പൈതലെ.
നാം രണ്ടുപേരും ചേർന്നു
ജന്മമേകിയ പൊന്മോൻ, [10]
[11] എന്റെയാത്മാവിന്നാത്മാ
വെന്റെ മാംസത്തിൻ മാംസം.
അച്ഛന്റെ പേരി,ട്ടിനി
വന്നിടും കാലത്തേയ്ക്കു
പുത്തനാം പരമ്പര
പടുക്കാൻ പോകുന്നവൻ.
തിരികേ വരാ ഞങ്ങൾ നിങ്ങൾ തന്നടുത്തേയ്ക്ക്
വിടചോദിപ്പൂ ഞങ്ങൾ
ചങ്ങാതിമാരേ, നമ്മൾ
അകലങ്ങളിൽ നിന്നും
വന്നുചേർന്നടുത്തവർ.
ദൂരതയതൊന്നിനാൽ
ത്തന്നെയാം പരസ്പരം
പൂർണ്ണമാം വിശ്വാസ്യത
പുലർത്താനാവാത്തോർ നാം.
കളിച്ചു ചിരിച്ചും നാം
കഴി,ഞ്ഞപ്പോലേ തമ്മിൽ
വെറുത്തും ഭയന്നും നാം
കഴിച്ചുകൂട്ടീട്ടില്ലേ? [12]
മുന്നിലായ്ക്കാണ്മൂ ഞങ്ങൾ
എന്നാളുമനുപേക്ഷ്യം
അല്ലലാറ്റീടുന്നതാം
അന്യമല്ലാത്താദ്ദേശം.
ആർജ്ജിതമായുള്ളവ–
ബോധങ്ങളെല്ലാമൊരു
ദാനവസ്തു വെന്നോണം
കാത്തുസൂക്ഷിക്കേണം നാം.
മർത്ത്യന്റെ പ്രയോജന–
ശൂന്യത, മൃതനായും
[13] ജീവിപ്പു താനെന്നുള്ള
തോന്നലിത്യാദിയെല്ലാം
ഉൾപ്പെടുമറിവേ, നീ
ആവശ്യമില്ലെങ്കിലും
ഞങ്ങളിലൊരു കെടാ–
ദാഹം പോൽ ത്തങ്ങീടുന്നു.
കലയിൽ, ശാസ്ത്രത്തിങ്കൽ,
ജീവിതസ്വാച്ഛന്ദ്യത്തിൽ
മുഴുകീ നാ, മെന്തിനി
പ്പൊതുവായ് നമുക്കുള്ളൂ?
സ്വസ്ഥനായ് പ്പോയീടുവാൻ
എന്നെ വിട്ടാലും നിങ്ങൾ
മറ്റൊന്നു മർത്ഥിപ്പീ,ലീ
യർത്ഥന കൈക്കൊള്ളില്ലേ? [14]
തിരികേ വരാ ഞങ്ങൾ നിങ്ങൾ തന്നടുത്തേയ്ക്ക്
നിങ്ങൾ നില്ക്കുന്നൂ, വണ്ടി–
ക്കകമേ കേറീ ഞങ്ങൾ,
നമ്മൾതന്നിടയിലെ
പ്പലകപ്പാലം പോയീ. [15]
അന്തരീക്ഷത്തിങ്കലു–
ണ്ടല്പമാം പുകമാത്രം,
ഇന്നിമേലീ ഞങ്ങളെ
നിങ്ങളോടൊപ്പം കാണാ.
[16] കാണുവതിപ്പോൾ ഞങ്ങ–
ളീശന്റെ സനാതന–
ഭാനുവിൻ പ്രഭമാത്രം
തൽപാരാവാരങ്ങൾ മേൽ.
തിരികേ വരാ ഞങ്ങൾ നിങ്ങൾ തന്നടുത്തേയ്ക്ക്

BALLADE

കുറിപ്പുകൾ
[1]
കാൽവിനാഴികകൂടി ഞാൻ പിറന്നൊരീവീട്ടിൽ
മേവിടാൻ കഴിഞ്ഞെങ്കിലിത്രവേഗമോ യാത്ര
(ജി. — എന്റെ വേളി)
[2]
ആർക്കും തുല്യമായാർക്കുമധൃഷ്യമായ് വായ്പോയരു
നീക്കുപോക്കില്ലാത്തോരോ നിയമം സനാതനം
(ആശാൻ — ശ്രീബുദ്ധചരിതം)
വരണം വരന്മാത്ര മാസന്നമായിപ്പോയി
വരണം സനാതനനിയമം ലംഘിക്കാമോ?
(ജി. — എന്റെ വേളി)
[3]
സ്വഭാവമല്ല മരണ–
മെന്തതിൽ ദുഃഖകാരണം?
(കെ. കെ. രാജാ — പരേതയായ പെൺകുട്ടി)
[4]
അപാർത്ഥം = അർത്ഥശൂന്യം
[5]
ഉദ്രസം നിഴലുകളന്യോന്യം പുൽകിപ്പുൽകി
നിദ്രചെയ്തീടും പച്ചപ്പട്ടാർന്ന പൂന്തോട്ടത്തിൽ
… … …
അഴലാലവ പറഞ്ഞീടുമന്യോന്യം നോക്കി:
നിഴലായിരുന്നെന്നോ സ്നേഹധാരമാ രൂപം?
(ജി. — എന്റെ വേളി)
ജീവന്നൊളിച്ചമരുവാൻ നിഴലാണു ദേഹ–
മേവം ഭൂമിക്കതു നശ്വര മൺകുടത്തിൽ
(ജി. — സ്ത്രീ)
ഞാനർത്ഥമറ്റ നിഴ, ലസ്ഥിരമാം കിനാവു
താനല്ലയോ, ക്ഷണികമായ മദീയജന്മം?
(ജി. — നിഴൽ)
ഏതോ വെളിച്ചത്തിലെന്തിനോവേണ്ടി വ–
ന്നാവിർഭവിക്കും നിഴലുകൾ നാം
(ചങ്ങമ്പുഴ — പരാജയം)
ഇല്ലറിയില്ല ലോകം ഞാനൊരു നിഴലായി–
ട്ടല്ലിലടിഞ്ഞു മാഞ്ഞു മറഞ്ഞുപോകും
(ചങ്ങമ്പുഴ — ആരാധിക)
നിയതി യെൻകാതിൽ മന്ത്രിപ്പൂ നിത്യം!
നിഖിലമയ്യോ നിഴലുകൾ മാത്രം
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
ഞാനുമീനിമിഷത്തിൻ മൗനവേദനപോലെ–
യെന്തിനോ നിന്നെപ്പറ്റി നിന്റെ ഗാനത്തെപ്പറ്റി–
പ്പാടുന്നൂപടരുന്ന ജ്വാലയിൽക്കത്തിക്കത്തി–
ക്കനലായ്, ഒരു കൊട്ടു നിഴലായ് തളരുന്നു
(മേലത്ത് ചന്ദ്രശേഖരൻ — നിഴൽ)
[6]
ആത്മാവല്ലാതെയുള്ള ദേഹാദിവസ്തുക്കളി–
ലാത്മാവെന്നുള്ള ബോധം യാതൊന്നു ജഗത്രയേ
മായയാകുന്നതതു നിർണ്ണയമതിനാലേ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു
(എഴുത്തച്ഛൻ — അദ്ധ്യാത്മരാമായണം)
ആയതിൻ സമാപ്തിയിൽ സർവവും നിശ്ചഞ്ചലം
ഹാ മർത്ത്യ. നിൻഭൂതലം മായികച്ഛായാതലം
(ചങ്ങമ്പുഴ — ആത്മക്ഷതം)
മർത്ത്യാത്മാവിലിരുന്നു മായ കളിയായ്
ക്കാട്ടുന്ന കൺകെട്ടിനാൽ
(കെ. കെ. രാജാ — സുഖം എവിടെ)
പാരാകെയോർക്കിൽ വിധി തന്റെയൊരിന്ദ്രജാലം
(വള്ളത്തോൾ — മാടരാജവൈരാഗ്യം)
നമ്മുടേതെന്നു നാമോർത്തിരിക്കു–
മിമ്മട്ടിലുള്ളൊരു വസ്തുവേതും
കാലമാം കൺകെട്ടുകാരൻ കാട്ടും
ജാലമല്ലെന്നാർക്കു തീർത്തുരയ്ക്കാം?
(ഉള്ളൂർ — സ്വപ്നവും ജീവിതവും)
[7]
ഒന്നുകൂടി ദ്ദേവിയെയുറ്റുനോക്കിനാൻ
നിന്നാൻ മടങ്ങിയടുത്തുപോന്നീടിനാൻ
മങ്ങിയുമുള്ളമലിഞ്ഞും കൃപാകര–
നിങ്ങിനെ പോയ് മൂന്നുവട്ടം മടങ്ങിനാൻ
(ആശാൻ — ശ്രീബുദ്ധചരിതം)
[8]
അതു = നിന്റെ മുഖം
[9]
ചിന്തിച്ചു നോക്കൂ ദയിതേ നമുക്കു
തിങ്കൾക്കിടാവെച്ചറുപൈതലല്ലി?
തങ്കക്കുടത്തെസ്സകലേന്ദുഭക്തി
സമ്പന്നനാക്കൂ, ചരിതാർത്ഥനാക്കൂ
(ഉള്ളൂർ — ഭാവനാഗതി)
അമ്മയുമച്ഛനും ലാളിച്ചുപോറ്റുന്ന
നിർമ്മലപ്രേമ പ്പൊൻ ചമ്പകത്തെ
ഉന്മിഷസൗരഭമാക്കാനായ് വന്നതീ
ക്കണ്മണി കൊച്ചു വസന്തമാസം
(ബാലാമണിയമ്മ — മാതൃചുംബനം)
[10]
എന്നല്ല കാന്തേ വെടിഞ്ഞുപോകുന്നു ഞാ–
നിന്നു നിൻഗർഭസ്ഥമായി നമ്മൾക്കെഴും
പ്രേമമാം പുണ്യലതയിലാദ്യം പൂത്തൊ–
രോമനമൊട്ടാം കിടാവിനെത്തന്നെയും
(ആശാൻ — ശ്രീബുദ്ധചരിതം)
[11]
ദേഹപ്രഭിന്നൻ പരമുണ്ണി മർത്ത്യ–
വ്യൂഹത്തിനെത്രയ്ക്കു മുഖം വളർത്താ?
(വള്ളത്തോൾ — സന്താനസൗഖ്യം)
(അച്ഛൻ തന്നെ മകനും–‘ആത്മാ വൈ പുത്രനാമാസി’)
[12]
പരസ്പരം കയ്പും മധുരവുമൂട്ടി–
ച്ചിരിയ്ക്കും തോഴൊരൊത്തിരിയ്ക്കെന്മുന്നിൽ
(ബാലാമണിയമ്മ — വിരുന്ന്)
[13]
ജീവിച്ചിടുന്നു മൃതിയാൽ ചിലർ ചത്തുകൊണ്ടു
ജീവിക്കയാണു പലർ–മൃത്യുവിൽ ഞാൻ മരിയ്ക്കാ
(ജി. — സ്ത്രീ)
[14]
എനിക്കു അവധി കിട്ടിയിരിക്കുന്നു, സഹോദരന്മാരേ,
എന്നെ യാത്രയാക്കുക. എല്ലാവരേയും പ്രണമിച്ചിട്ടു ഞാൻ വിടവാങ്ങുന്നു.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
[15]
ഛിന്നബന്ധമായ്, ദൂരെക്കിടപ്പൂ ജഗൽപ്പാശം
പിഞ്ചു കൈക്കിടാവിന്റെ നാഭിനാളത്തെപ്പോലേ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
[16]
ചിരിച്ചു തൂമണൽ ചുഴലെത്തിങ്ങും
കരയ്ക്കിരുന്നേ കാണുന്നേൻ
തരംഗപാളിയിലാദിമഹസ്സുക–
ളിറങ്ങി നീന്തും വാഹിനിയെ
അനാദി സർഗ്ഗവികാസത്തിൻ പൊരു–
ളപൂർവ്വ ദർശനമരുളുന്നു
(ബാലാമണിയമ്മ — മല കയറ്റം)
അമൃതവാരിയപാരമതിന്നുമേ–
ലളവുകോൽ നീട്ടിയംശുമാൻ നിൽക്കുന്നു
(ബാലാമണിയമ്മ — തോണികൾ)
സം / ക്രാന്തിരേഖതൻ പിന്നിൽക്കാണ്മിതോ ജ്യോതിർലോകം?
(ബാലാമണിയമ്മ — അമൃതംഗമയ)
മോദിച്ചെൻ മൂർദ്ധനി ജനനി ചുംബിച്ചു നിശ്ശബ്ദമേവം
ചോദിച്ചാ: ‘ളി’ പ്പൊഴുതു മകനേ നിന്റെ കണ്ണെന്തു കാണ്മൂ?
ആദിത്യന്മാരനവധിയണഞ്ഞൊത്തപോലുള്ള ദിവ്യ–
ജ്യോതിസ്സല്ലി?’ മറുപടിയെനിക്കെന്തു നിഷ്പന്ദനീ ഞാൻ
(കെ. കെ. രാജാ — ഇങ്ങോട്ടു വന്നു)
പോകയായ് മുകളിലേക്കന്വഹമനുഗ്രഹം
തൂകുക തനയനിൽ, ഭാരതജനനി നീ
… … …
കണ്മിഴികളിലെങ്ങുമദ്വൈത പ്രഭനൂനം
മന്മനം ഗതമാനമേകാഗ്രസുഖലിനം
… … …
സുന്ദരഗീതം പൊന്തിവരുന്നൂ ചെവിപോകേ
കണ്ണടയുന്തോറുമീ വെളിച്ചം പടരുന്നൂ
നാടകലുന്തോറുമീയാകാശമടുക്കുന്നൂ
തോടുടയുന്തോറുമീയാത്മാവു വിടരുന്നു
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
അവൾ തലചായ്ച്ചു, സൗരയൂഥങ്ങളിൽ
വഴികയായൊരു സംഗീതസാന്ത്വനം
ഇരുളകന്നുടൻ കാലദേശാദിയ–
റ്റൊരു വെളിച്ചം പരന്നൂ മനോഹരം
(ചങ്ങമ്പുഴ — അന്ത്യസമാധാനം)
വിടവാകൂന്ന ഈയവസരത്തിൽ
എല്ലാവരും എനിക്കു മംഗളമാശംസിക്കുക.
പ്രഭാതം പൊട്ടിവിടർന്നു, ആകാശതലം
അരുണ വർണ്ണമായി എന്റെ മാർഗ്ഗം
ഏറ്റവും സുന്ദരമായിത്തീർന്നിരിക്കുന്നു.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.