images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
63
വാതിൽ
ലൂയി മെർസിയെ (LOUIS MERCIER (1870-1939))

ഗൃഹജീവിതമാണ് ലൂയി മെർസിയെയുടെ കവിതകളിലെ പ്രധാന പ്രതിപാദ്യം. വീട്ടുവാതിലിന്റെ ആത്മാവിനെ അനാവരണം ചെയ്തിരിക്കയാണ് ഈ കവിതയിലദ്ദേഹം.

പുലർവെട്ടം പാരിനെപ്പുല്കാനണയവേ
പുരവാതിലെന്നും വിടർന്നിടുന്നു. [1]
പുരഹൃത്തിലേക്കതു വിണ്ണിൻ വെളിച്ചവും
ഋതുസൗരഭങ്ങളുമാവഹിപ്പൂ.
കതിരവൻ പൊന്നിനാൽ പൂശും കവാടം പൂം–
പുലരിക്കുളിർമ്മ നുകർന്നിടുന്നു. [2]
വിവൃതമായ്ത്തന്നെ നിലകൊണ്ടിടുന്നതു
പകലെല്ലാ, മാശങ്കയേതുമെന്യേ:
പിറവിതൊട്ടെത്രയും പ്രേമത്തിൽ വർത്തിക്കും
പരിസരം, പിന്നെന്തു പേടിതോന്നാൻ?
മധുമാസത്തിന്റെതാം മാദകവീർപ്പുകൾ,
തെളിവേനൽപ്പാടത്തിൻ മർമ്മരങ്ങൾ–
അതിഥികളായിവരെത്തുമ്പോൾ വാതിലി–
ന്നകതളിരേറെക്കുളിരണിവൂ.
ചുമലിൽ മാറാപ്പുമായ് നീങ്ങുന്ന പിച്ചക്കാ–
രൊരുകഷ്ണമപ്പമിരന്നിടുമ്പോൾ
അവരോടു പാരുഷ്യം കാട്ടുമാറില്ലതു, [3]
അറിയാമതിന്നു ചിലപ്പൊഴെല്ലാം
അവരെത്തൻവീട്ടുകാർ മേശയ്ക്കിരുത്തിരുത്തീ–
നവരുമായ് പങ്കുവെച്ചീടുമെന്ന്.
ഗൃഹജനമൊന്നിച്ചു ജീവിക്കും ജന്തുക്കൾ
നിഖിലം തദ്ദാക്ഷിണ്യം നേടിടുന്നു.
പടിയിങ്കൽ കുക്കുടപ്പടവന്നു കൊക്കിക്കാം,
തറചിള്ളി ത്തീറ്റപെറുക്കാമെങ്ങും;
തനിനാണംകെട്ടവനെങ്കിലു, മുച്ചത്തി–
ലുണർവിന്റെ കാളമൂതുന്ന പൂവൻ [4]
വെറിയനാം കാവൽശ്ശുനകനെ ക്കൂസാതെ–
യകമേറി യപ്പത്തരി തിരയാം;
ചിലവേള മാടപ്പിറാവുകൾ കൂട്ടമായ്
ചിറകിട്ടടിയ്ക്കാം, കുറുകാം ചാരേ;
വെളിയിങ്കൽ മേയുവാൻ പോയോരു കാലികൾ
തിരിയെവന്നാലയണഞ്ഞിടുമ്പോൾ,
ഉടയോർതൻ കുടിയകമെമ്മട്ടെന്നറിയുവാ–
നൊരു പശു തെന്നിവന്നെത്തിനോക്കാം.
ഇതിലൊന്നു മപ്രിയ മതിനി,ല്ലൊതൊക്കെയും
ഗൃഹജീവിതത്തിന്റെ ഭാഗമല്ലി?
പകൽപോയി രാവാഗമിച്ചീടും വേളയിൽ
ഗൃഹവാതിലുദ്വേഗമാർന്നിടുന്നു.
മടകളിൽനിന്നു ചെന്നായ്ക്കൾപോൽ, നിശ്ശബ്ദ–
മിരുളിൻ പടയണി വന്നിടുമ്പോൾ,
മലവെള്ളംപോലതു പെരുകിപ്പെരുകിവ–
ന്നുലകായുലകെല്ലാം മൂടിടുമ്പോൾ, [5]
നിബിഡാന്ധകാരത്തിൽ ചുറ്റിലും ദൃശ്യങ്ങൾ
പുതുതാമൊരാകൃതി പൂണ്ടിടുമ്പോൾ,
സ്വതവെ സൽഭാവങ്ങളോലും മുഖങ്ങൾ താൻ
ഭയജനകങ്ങളായ് ത്തീർന്നിടുമ്പോൾ, [6]
പരിചയമില്ലാപ്പദങ്ങളിൽ പാന്ഥന്മാർ
വഴിതിരിയാതെ വലഞ്ഞിടുമ്പോൾ [7]
വിജനമാം പാടങ്ങൾ കൂരിരുളൊറ്റയ്ക്കു
കൊടികുത്തി വാഴുമിടങ്ങളാകേ,
അകലെപ്പണിക്കായിപ്പോയവരൊക്കെയും
പുരയകം പൂകിക്കഴിഞ്ഞുവെന്നാൽ,
പടരും തമസ്സിൻപടയിൽനിന്നെമ്മട്ടും
കെടുതി തന്നാൾക്കാർക്കു പറ്റിടായ്വാൻ,
അസുഖദം ശങ്കയും ഭീതിയുമവരുടെ
അകതാരിൽനിന്നുമകറ്റുവാനായ്
അടയുന്നു വാതിൽ, അതുവരെ നീറിയ
കുടിയടുപ്പിങ്കലെ ത്തീക്കെടുമ്പോൾ.
തനതാൾക്കാർ നിദ്രയിലാഴ്കെ പ്പുരവാതി–
ലവരുടെയാത്മാവെ ക്കാത്തിടുന്നു! [8]

LA PORTE

കുറിപ്പുകൾ
[1]
ഒരു വാതിലിൻ രണ്ടുപാളികൾ പോലേ കൂടു–
ന്നടയുന്നവവീണ്ടും വിടരുന്നടയുവാൻ
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
കതകുകൾ നീങ്ങി മലർന്നു നില്ക്കും
നടവാതിലിങ്കൽ ഞാൻ നില്ക്കുകയായ്
(കെ. മാധവിയമ്മ — മാബലിത്തമ്പുരാൻ)
[2]
പുലരികൾ വന്നാൽ ഭജനം തീർന്നാൽ
കളിയും കാപ്പിയുമങ്ങുകഴിഞ്ഞാൽ
വരാന്ത വാതിൽ മുഴുവൻ വിരിയും
പ്രഭാതവാതമകത്തേയ്ക്കിഴയും
(അയ്യപ്പപ്പണിക്കർ — ഒരുത്തൻ)
ഈ പുറം വാതിലിൻ നെഞ്ചിലെ മറുകിനെ വന്ദി–
ച്ചൊപ്പമകത്തു കുടിപൂകാം
(എൻ. എൻ. കക്കാട് — പാലുകാച്ചൽ)
[3]
ഇരപ്പാളിതൻ മുന്നിൽപ്പോലുമേ യുദാരമായ്
ത്തുറന്നു കിടക്കുന്നു മൽഗൃഹ കവാടങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — വർഷരാത്രി)
ഉന്നതഭാഗ്യം ശിരസ്സുയർത്തി നില്ക്കുമ്പോലെ
മുന്നിലായൊരു രമ്യഹർമ്മ്യമങ്ങതാ കാണ്മൂ:
പുച്ഛഭാവത്തിൽ പിച്ചക്കാരെ നോക്കിക്കൊണ്ടോരോ
പുഷ്പങ്ങൾ ചിരിക്കുന്നു പൂന്തോട്ടത്തിനു പിന്നിൽ,
ഭക്ഷണം യാചിച്ചെത്തും ഭിക്ഷുകരെശ്ശാസ്സിച്ചു
പക്ഷികൾ ചിലയ്ക്കുന്നു പൂമരച്ചാർത്തിൻ പിന്നിൽ,
പട്ടിണിപ്പരിഷയെപ്പടികേറിപ്പിക്കാത്ത
പട്ടികൾ കുരയ്ക്കുന്നു പൂമുറ്റത്തിനു പിന്നിൽ
(ചങ്ങമ്പുഴ — ദേവത)
[4]
പറയവനിത പൂങ്കോഴികൂവും
തിറമെഴും കാഹളംകേൾക്കയായി
(ആശാൻ — ചണ്ഡാലഭിക്ഷുകി)
വിരഞ്ഞു കുക്കുടങ്ങൾ മോദകാഹളംവിളിക്കവേ
(ആശാൻ — പരിവർത്തനം)
ചെമ്പരത്തിപ്പൂചൂടും കോഴികൾ ചെവികൾക്കൊ–
രിമ്പത്തെക്കൊടുക്കുന്ന കാഹളമൃതിക്കൊണ്ടാർ
(വള്ളത്തോൾ — പ്രഭാതകീർത്തനം)
ഏതവന്നുഷസി നിന്റെകൂജിതം
വീതജാഡ്യമൊരുണർച്ച നല്കിടാ?
പൂതവാസരസമാഗമോത്സവ–
സ്ഫീതകാഹളരവം കണക്കിനെ
(വള്ളത്തോൾ — കോഴി)
താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനേ മുഴങ്ങും വലിയോ‘രലാറം’
പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം
കേട്ടിങ്ങുണർന്നേറ്റു കൃഷീവലന്മാർ
(കുറ്റിപ്പുറം — ഗ്രാമീണകന്യക)
ഉല്ലാസത്തൊടു ശാന്തസുന്ദരിയുഷസ്സെത്തുമ്പോളന്യോക്തികേ–
ട്ടല്ലാകാഹളമൂതിടുന്നു പുലരിപ്പൂങ്കോഴി നീ മന്ദ്രമായ്
(കെ. കെ. രാജാ — അന്യാപദേശങ്ങൾ)
അലയാഴിവാദ്യം മുഴക്കിമേന്മേൽ
വളർകോഴി കാഹളമൂതിനിന്നു
(പി. കുഞ്ഞിരാമൻ നായർ — രാത്രി)
നല്പിടയെത്തന്നെ വലം
വെപ്പവനാണെന്നാലും
ഒന്നുണ്ടുവെളിച്ചത്തിൻ
മിന്നുംകൊടികാണുമ്പോൾ
പുഷ്കലമാം ഹർഷമൊടീ
പൂങ്കോഴികൾ കൂകുന്നു.
(വൈലോപ്പിള്ളി — പൂങ്കോഴികൾ കൂകുന്നു)
ലോകം മുഴുവനും നിദ്രതൻ മായിക
മോഹത്തിൽ മുങ്ങിക്കിടക്കേ
കൃത്യമുണർന്നു ചിറകടിച്ചക്കോഴി
നിത്യവും കൂകുമാരാവിൽ
അക്കർമ്മകാഹളം കേട്ടുണർന്നേവരും
സൽക്കർമ്മമെന്നും തുടങ്ങും.
(ചെമ്മനം ചാക്കോ — അമ്മൂമ്മപ്പോര്)
[5]
ഇരുട്ടാം വെള്ളപ്പൊക്കം വാർന്നുവാർന്നൊക്കെപ്പോയി–
ശ്ശരിയായ് ഭൂഭാഗങ്ങൾ കാണാറായ് മുന്നേപ്പോലെ
(ആശാൻ — ശ്രീബുദ്ധചരിതം)
ഇരുളിൻ വെള്ളപ്പൊക്കത്തിൽ നിന്നൊരുമട്ടു
കരകേറിയ പാന്ഥൻ …
(പി. കുഞ്ഞിരാമൻ നായർ — മനുഷ്യനില്ല)
ധരണിയും വാനും പിടിച്ചടക്കു–
മിരുളിൻ കൂടാരത്തിലെത്തിച്ചേർന്നു
(പി. കുഞ്ഞിരാമൻ നായർ — രാത്രി)
ഹന്ത സന്തപ്തമാം നെറ്റിമുകരുകീ–
യന്ധകാരത്തിൻ സമുദ്രത്തിൽ വെച്ചുനീ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൂജ)
പൊങ്ങുമീയന്തിത്തിരിപ്പൊൻനുരച്ചാർത്തും താഴു–
മങ്ങിനെയിരുൾക്കടലായി മാറുമെൻ വിശ്വം
(ബാലാമണിയമ്മ — സന്ധ്യാവന്ദനം)
ഉദിച്ചുയർന്ന സൂര്യനും പതിച്ചു പശ്ചിമാബ്ധിയിൽ
മദിച്ചടുത്ത കൂരിരുട്ടുകൊണ്ടുമൂടി ഭൂതലം
(മേരി ജോൺ തോട്ടം — പ്രഭാവതി)
കായലും കരയുമൊരൊറ്റക്കൂരിരുൾക്കട–
ലായ പാതിരയ്ക്കൊരു വഞ്ചി നീങ്ങുന്നു മന്ദം
(കെ. കെ. രാജാ — കൊള്ളക്കാരൻ)
തിങ്ങിപ്പൊങ്ങും തമസ്സിൻ കടലിലൊരു കുടം–
പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെ …
(വി. സി. ബാലകൃഷ്ണപ്പണിക്കർ — ഒരു വിലാപം)
[6]
പാരിലെത്തേജസ്സുമെല്ലന്നകന്നുപോയ്
കൂരിരുൾക്കൊള്ളുന്നു പ്രാന്തദേശം
പേശലമെൻ നിഴൽ മായികമായൊരു
പൈശാചരൂപമായ് മാറിടുന്നു
(ബാലാമണിയമ്മ — രാധ)
കൂരിരുട്ടഴിഞ്ഞാടും കൂത്തിനിക്കാണാനെത്തും
ചോരനും കുറുക്കനും മൂങ്ങയും മൂർഖപ്പാമ്പും
… … …
പ്രേതമാം മരക്കുറ്റി സർപ്പമാം കയർത്തുണ്ടു
ഭീതനാമല്ലോ മുന്നിലേതു കാൺകിലും നരൻ
(ഉള്ളൂർ — നൈരാശ്യത്തിൽ നിന്നു)
പടർന്നുമിരുളിന്റെ ചുരുളികളേറുന്നതിൻ
പടംപേടിപ്പെടുത്തുന്നു പലവിധത്തിൽ
(കൃഷ്ണൻ പറപ്പിള്ളി — കാളിയമർദ്ദനം)
[7]
അന്ധരജനിയിൽത്തടഞ്ഞു വഴിയടഞ്ഞുപോകലാ
(എൻ. എൻ. കക്കാട് — നിശാമുഖം)
[8]
മരവും കല്ലുമേതൊരു വീടും ചിൽ–
പൊരുളിൻ മെയ്യെന്ന നേരുനാമോരുന്നു.
ഇരുൾ പുതപ്പിച്ചതീത രംഗങ്ങളെ–
ച്ചിരമുറുക്കുന്നൊരിച്ചുമർക്കെട്ടുകൾ
അണിയായ് വന്നെത്തും നാളുകൾക്കാതിഥ്യ–
മരുളിപ്പോരുമീയുമ്മറക്കൽകളും
പരിഹസിക്കുന്നു പ്രാണാനുഭൂതികൾ
നരനുമാത്രമെന്നുള്ള ദുർവാശിയെ
… … …
സ്മരണ കോൾകൊണ്ടപോലെഴും കാറ്റേങ്ങി
ക്കരയിപ്പൂ കിളിവാതിൽ പൊളികളെ
(ബാലാമണിയമ്മ — സുഹത്തുക്കൾ)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.