images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
64
കാലടികൾ
പോൽ വലെറി (PAUL VALERY (1871-1945))

മല്ലാർമ്മെയുടെ ശിഷ്യനും സിമ്പോളിസ്റ്റുമായ പോൽ വലെറി ആസയതലത്തിലും അർത്ഥതലത്തിലുമുള്ള അസ്പഷ്ടത ഒരു അനിവാര്യതയായി കണക്കാക്കിത്തന്നെയാണ് കാവ്യരചന നടത്തിയത്. പക്ഷെ അദ്ദേഹത്തിന്റെ രചനകൾ മല്ലാർമ്മെയുടേതുപോലെ ക്ലിഷ്ടമല്ല. കവിതയെ അതിന്റെ കർത്താവ് തന്റേതായ ഒരു നിശ്ചിതതലത്തിൽ തളച്ചിടുന്നത് ശരിയല്ലെന്ന പക്ഷക്കാരനാണദ്ദേഹം. ആദ്യകവിതകളിലൂടെ തന്നെ അഭിനന്ദനങ്ങളും അംഗീകാരവും നേടിയ വലെറി പെട്ടെന്നു സാഹിത്യത്തോടു വിടപപറഞ്ഞു നീണ്ട 20 കൊല്ലക്കാലം ആത്മജ്ഞാനപരവും ഗണിതശാസ്ത്രപരവുമായ പഠനങ്ങളിൽ മുഴുകി. ഇങ്ങിനെ പരിണതപ്രജ്ഞനായി സാഹിത്യത്തിലേയ്ക്കു തിരിച്ചു വന്ന അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഈ പഠനങ്ങളുടെ സ്വാധീനം വളരെ പ്രകടമാണ്. നിരൂപണം. സൗന്ദര്യശാസ്ത്രം, തത്വചിന്ത–ഇങ്ങിനെ പലമേഖലകളിലും ഗ്രന്ഥനിർമ്മിതിയലൂടെ അദ്ദേഹം സ്വന്തം മികവ് തെളിയിച്ചിട്ടുണ്ട്. ഉദ്യോഗംകൊണ്ടു കാവ്യശാസ്ത്ര പ്രൊഫസറായ വലെറി യൂറോപ്പിലെങ്ങും ആദൃതനായ വലിയൊരു പ്രഭാഷകൻ കൂടിയായിരുന്നു. ഭാരതീയ വേദാന്തചിന്ത അദ്ദേഹത്തിന് അന്യമായിരുന്നില്ലെന്നു വ്യക്തമാക്കുന്നവയാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ള മൂന്നു കവിതകളും. സാക്ഷാൽക്കാരത്തിലല്ലാതെ പ്രതീക്ഷയിൽത്തന്നെ നിർവൃതി അനുഭവിക്കുന്ന ഒരാത്മാവിന്റെ ആലാപം ‘കാലടി’കളിൽ കേൾക്കാം.

നിൻകാലടിക,ളെൻമൗനസപര്യതൻ
ന്താനമായ നിൻകാലടികൾ
പോർത്തും വിശുദ്ധി വിതറിപ്പതുക്കെ വി–
ന്യാസമേലുന്ന നിൻകാലടികൾ [1]
നീങ്ങുന്നു മാമക ജാഗരമഞ്ചത്തിൻ
നേരേ നിരുദ്വേഗം നാരവമായ്. [2]
നിർമ്മലേ, ദിവ്യതതൻ നിഴൽരൂപിണീ,
സുന്ദരമെത്ര നിൻമന്ദപാദം.
ഹാ വന്നണവൂ നിൻനഗ്നപാദങ്ങളി–
ലൂടെൻ വിഭാവ്യ സൗഭാഗ്യമെല്ലാം. [3]
ഉത്സുകമാം നിന്നധരങ്ങളാലെ യെ–
ന്നാന്തരപൂരുഷതൃഷ്ണയാറ്റാൻ
ചുംബനമൊന്നേകാനുന്നുന്നുവെങ്കിൽ നീ–
യദ്ദയാകൃത്യം ത്വരിപ്പിക്കായ്ക. [4]
[5] ‘ആവുക, യാവാതിരക്കുക’ യെന്നൊരീ
ഭാവവിശേഷമെന്താനന്ദദം. [6]
നിന്നെ പ്രതീക്ഷിച്ചേ ജീവനം കൊൾവൂ ഞാൻ, [7]
എൻ കരളാകേ നിൻചെങ്കഴലാം.

LES PAS

കുറിപ്പുകൾ
[1]
കാനനം കോൾമയിർക്കൊള്ളും വിധത്തിലാ–
ക്കാഞ്ചന മഞ്ജുള മഞ്ജീരശിഞ്ജിതം
ചിന്നിച്ചു കാൽവെപ്പിനാനാപ്പനിനീരിതൾ
കുന്നിൻ ചെരിവിൽ വിതറി വിതറി നീ
(പി. കുഞ്ഞിരാമൻ നായർ — പുലരിയോട്)
കുഴയുമെൻ കാതിലണയുന്നു നിന്റെ
കഴൽവെപ്പിൻവേണുനിനദങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — ഹൃദയം)
[2]
പേർത്തുമെൻചിത്തം തുളുമ്പിടുമാറാതാ
കേൾപ്പൂ നിൻനേരിയ കാൽച്ചിലമ്പൊച്ചകൾ
(ചങ്ങമ്പുഴ — തിരുമുൽക്കാഴ്ച)
[3]
മദകലിതോജ്ജ്വലമാകുമേതോ
മധുരപ്രതീക്ഷയിൽ മഗ്നമായി
തളരുമെൻചേതന മാറി മാറി–
ത്തഴുകുന്നു തങ്കക്കിനാവുകളെ
(ചങ്ങമ്പുഴ — ദേവത)
തരിശാകിനൊന്റെ ജീവിതത്തിൽ
തവകാൽവെപ്പു വിതച്ചുതന്നഭാഗ്യം
തളിരിട്ടണിയിട്ടു നില്പുനിത്യം
തണലും താങ്ങുമെനിയ്ക്കു നല്കിയാര്യേ
(ചങ്ങമ്പുഴ — രാഗപരാഗം)
നാതരും മുന്തിരിച്ചാറിൽ മുഴുകിയെൻ
ചേതന പാട്ടു പാടട്ടെ നിരന്തരം
(ചങ്ങമ്പുഴ — പ്രതീക്ഷയുടെ മുമ്പിൽ)
ചന്ദ്രികാധാരയിൽ ചന്ദനഛായയി–
ലെന്നും ഞാനാരെയോ കാത്തിരിക്കേ … … …
ഏതോ വികാരതരംഗതരളിത–
മാകസംഗീതസരിൽ പ്രവാഹം
മാമകാത്മാവിനെച്ചുംബിച്ച ശീകര–
ധാരയിലാശ്ലേഷം ചെയ്തിരുന്നു
(ചങ്ങമ്പുഴ — വിഫലനൃത്തം)
കൂരിരുൾ മദ്ധ്യത്തിൽ ദൂരവേ കാണ്മതു
നേരിയ നിൻതിരിനാളം താനോ?
അവ്യക്തരമ്യമായപ്പോപ്പോൾ കേൾപ്പതു
ദിവ്യമാം ത്വൽഗീതലേശം താനോ?
ആകൃഷ്ടരായ് നിന്നാ,ലാസക്തരായ് നിന്നി–
ലാമഗ്നപ്രാണരായ്പ്പോയി ഞങ്ങൾ
(ബാലാമണിയമ്മ — ആദർശലോകം)
സുമം ഫലത്തേക്കാൾ മനോജ്ഞമാം മന്നി–
ലമന്ദം കൈക്കൊൾവേൻ കിനാവിനെത്തന്നെ
(ബാലാമണിയമ്മ — പ്രചോദനം)
[4]
ചെന്തളിർച്ചൊടിയെന്റെ നിശ്വാസത്തിനാൽ പൂതി–
ഗന്ധിയാക്കുന്നില്ല ഞാൻ, ചുംബിപ്പാൻ കൊതിച്ചാലും.
പനിനീർമലരൊളിപ്പൂങ്കവിൾ തലോടുവാൻ
നിനവില്ലതുവാടിപ്പോകിലെന്തിനെൻ ജന്മം.
മുന്നിൽനിന്നഴകേ നിൻ കോവലാമൃതരൂപം
കണ്ണിമച്ചിടാതൊന്നു കാണണമതേ വേണ്ടൂ.
(കെ. കെ. രാജാ — അഴകിനോട്)
സൂനമൊന്നുണ്ടു വിടർന്നു കാണുന്നുഹാ
ശൂന്യത തന്നിളം ചില്ലയിങ്കൽ … … …
… … …
എന്നുമേ തള്ളിയിടില്ല ഞാൻ സ്വാർത്ഥത്താൽ
നിന്നെയിറുക്കലിൽ, പാഴ്ചളിയിൽ … … …
ഏതുമേ നോവിക്കയില്ലെൻ സ്പർശന–
മേതും കറുപ്പിയ്ക്കില്ലെൻ ചുംബനം.
പുണ്യമേ, വേണ്ടാ തൊടേണ്ടായിവനൊന്നു
കണ്ണുനിറയവെക്കണ്ടാൽപ്പോരും
(പി. കുഞ്ഞിരാമൻ നായർ — സൗന്ദര്യം)
[5]
നീയ്യെന്നുള്ളതിൽ നിർമ്മാതാവായ ഞാൻ ‘ചെയ്ക
ചെയ്യായ്ക’–ഈ മന്ത്രത്തിന്നൃഷിദേവത–രണ്ടും
(നാലപ്പാടൻ — അരുത്)
എരിതീയ്യായ് കത്തിയിരിക്കാനല്ലേ നമ്മൾ–
ക്കാകിലുമായ്കിലുമിങ്ങു പിറന്നു
(എൻ. എൻ. കക്കാട് — ഒരു പഴങ്കഥ)
[6]
ഭാവാഭാവങ്ങൾക്കിടയിലുള്ളീയൊരു
ഭാവ വിശേഷമെന്താനന്ദം (പാഠഭേദം)
ഭാവമഭാവത്തിന്നനിഷേധ്യ–
ത്തുടർപൊരുളാനുവേലം
(ഇടശ്ശേരി — നീർപ്പോളകൾ)
ഉദിക്കുമിപ്പോൾ പകലെന്നു കാട്ടു–
മുഷസ്സിനുത്സാഹകരത്വമേറും
തളിർപ്പടർപ്പിന്നിടയിൽ കുരുക്കും‌
താർമൊട്ടു പേർത്തും കരൾകക്കുമല്ലോ.
ഇഹോപഭോഗാഹതിയാൽ തളർന്നി–
ട്ടില്ലാത്ത ഭാവിത്തെളി ചില്ലിനുള്ളിൽ
ആപൂർണ്ണഭംഗ്യാ വിലസുന്ന സൗഖ്യ–
മണപ്പൂ നമ്മൾക്കനിമേഷഭാവം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
ദൂരത്തു നിന്നും കൊണ്ടു നിന്റെ സൗന്ദര്യം കണ്ടു
ചാരിതാർത്ഥ്യത്തിൻ മണിവീണ ഞാൻ മീട്ടിക്കൊള്ളാം
(ചങ്ങമ്പുഴ — നിഴലുകൾ)
കാണാൻ കൊതിക്കുമക്കൗതുകം കൂടിയും
കാണാൻ കഴിഞ്ഞാൽ കൊഴിഞ്ഞുവീഴും.
എന്നും കൊതിക്കലാ,ണെന്നും ഭജിക്കലാ–
ണെന്നും പ്രതീക്ഷിക്കലാണ് സൗഖ്യം.
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ചെണ്ടിട്ടുനില്ക്കും പരിമളങ്ങൾ
… … …
എന്നുമെനിക്കു നിൻ സുന്ദരസങ്കല്പ–
വൃന്ദാവനക്കുളിർപ്പൂന്തണലിൽ
കാണാൻ കൊതിക്കുന്ന, കാണാൻ കഴിയാത്ത
വേണുഗോപാലനായ് വാണിടേണം
(ചങ്ങമ്പുഴ — സങ്കല്പ കാമുകൻ)
സിദ്ധിമൂലം മുഷുവി പറ്റാത്ത
സക്തിയെന്തുണ്ടി ന്നൂഴിയിൽ
(ചങ്ങമ്പുഴ — മോഹിനി)
[7]
നിന്റെ പുണ്യമാം സ്മൃതിയിലാണിന്നു ഞാൻ ജീവിക്കുന്നു
(സുഗതകുമാരി — മേഘസന്ദേശം)
Arms outstretched near the window,
On the fragrant path of spring,
The foot–steps of a great silence
Shall be heard at night
With the love of a distant land
She who has waited for long
Will sustain her nearness for ever,
Her whispers echo in my ears.
(Tagore — If can once again)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.