images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
7
ഇല കൊഴിച്ചൽ
മിൽവ്വാ (MILLEVOYE (1782-1816))

യൗവനത്തിൽ മരണമടഞ്ഞ മിൽവ്വാ ചെറുപ്പന്നേ പേരെടുത്ത കവിയാണ്.

കൊഴിയുന്ന പത്രനിരകളാലേ
ശിശിരമിപ്പാരിനെ മൂടുകയായ്; [1]
കമനീയകാന്തിയിൽ മുങ്ങിനിന്ന
തരുവാടി പാടേ വിളർത്തുപോയി;
അരിയരാപ്പാടികളാലപിയ്ക്കു–
മഭിരാമഗാനം നിലച്ചുപോയി.
തനതാദ്യകാലസഖിത്വമാളും
വനികയിലന്ത്യമായൊന്നുകൂടി
അതിദീനഭാവനായ് സാവധാനം
യുവരോഗിയേകനണഞ്ഞിടുന്നു.
മഹിതമാം ജീവിതവാസരത്തിൻ
കനകപ്രഭാതത്തിൽത്തന്നെ നില്ക്കേ
ഉലകിനെ വിട്ടു പിരഞ്ഞുപോകാൻ
തുനിയുമപ്പാവം പറകയായി:
വിടയെനിക്കേകു, ഞാൻ മൃത്യുരാജ്യ–
മുടനെതാൻ പൂകുവാൻ പോകയാണേ.
പ്രിയവനി, താവക‘ദീക്ഷ’യെന്റെ [2]
ദുരദൃഷ്ടത്തിന്നൊരു സൂചകം താൻ.
പൊഴിയുമിപ്പത്രമോരോന്നുമെന്റെ
മരണസന്ദേശം വഹിക്കയല്ലീ? [3]
‘തരുനിരപത്രം പൊഴിപ്പതു നീ–
യിനിയും കണ്ടീടുമൊരിക്കൽ മാത്രം’,
ഒരു വൈദ്യദേവപ്രവാചകന്റെ–
യരുളപ്പാടിപ്പോഴനുസ്മരിപ്പേൻ. [4]
വിളറിന ശീതദിനത്തിനേക്കാൾ
വിളറി പ്പരേതഭൂ പൂകയാം ഞാൻ
വളരുമിപ്പുല്കളും മുന്തിരിത്തൈ
നികരവും മായുന്നതിന്നുമുമ്പേ [5]
ഹതഭാഗ്യനായൊരെൻ യൗവനപ്പൂ–
ലതിക ഹാ, വാടിക്കരിഞ്ഞുപോയി.
മൃതിദൗത്യമേന്തിവരുന്ന തെക്കൻ
പവമാനനെന്നെത്തലോടിടുന്നു.
വിഫലമെൻ ജീവിതപുഷ്പകാലം
നിഴലെന്ന പോലെ മറഞ്ഞിടുന്നു.
ക്ഷണികപത്രങ്ങളേ, വീഴ്ക, വീഴ്ക
വഴിയിതു മൂടുക മേല്ക്കുമേലേ:
ഇവിടെ ഞാൻ നാളെക്കിടന്നിടേണ്ടും
കുഴിയിടമെന്നമ്മ കണ്ടിടേണ്ടാ!
വിധുരത തങ്ങിനില്ക്കുന്നതാമീ
വിജനസ്ഥലിയിങ്കൽ, പക്ഷെ, യെന്റെ
ഹൃദയാധിനാഥയാമോമലേറ്റം
വ്യഥിതയായശ്രു വാർത്താഗമിക്കിൽ
മൃദുശബ്ദമൊന്നിനാലാശ്വസിക്കാ–
നുഴറുമീയെന്നെയുണർത്തിടേണം!
അവനേവമോതിയകന്നു, പിന്നെ–
ത്തിരികെയായെന്നുമേ വന്നതില്ല.
ഒടുവിൽപതിച്ചതാം പത്രകമ–
ഗ്ഗതഭാഗ്യൻതന്നന്ത്യനാൾ കുറിച്ചു.
ഉപവനം തന്നിലെ ‘ഷേൻ’ മരത്തിൻ [6]
തണലിങ്കൽ തൻകുഴി തീർത്തു ലോകം. [7]
അതിനുമേൽ നാട്ടിന കൽക്കുരിശി–
ന്നരികിൽ വന്നില്ല തൽപ്രേമപാത്രം.
അതിലൂടെ മന്ദം നടന്നുപോകു–
മിടയന്റെ കാലടിയൊച്ചമാത്രം
അനുദിനം ഭേദനം ചെയ്തിടുന്നു–
ണ്ടവിടത്തിൽ മുറ്റിന മൂകതയെ.

LA CHUTE DES FEUILLES AESCULAPIUS

കുറിപ്പുകൾ
[1]
ഇല പൊഴിയുന്ന കാലമായിപ്പോൾ
ഇനി മരണത്തിലേക്കെത്ര കാതം?
(സച്ചിദാനന്ദൻ — വടക്കൻപാട്ട്)
ജാലകമടച്ചു നീ സ്വർഗ്ഗചന്ദ്രികയുടെ
യേകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ
പഥതാരവും മേഘഗ്രസ്ഥമായ്
മൃതിയുടെ തിമിരഗൃഹത്തിലേക്കെത്രയുണ്ടിനി ദൂരം?
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഗസൽ)
[2]
ദീക്ഷ: ദുഃഖാചരണം (തളിരും താരുമറ്റ ഉപവനത്തിന്റെ അവസ്ഥ).
[3]
മേൽക്കുമേൽ പുകഞ്ഞടങ്ങുന്ന നൽത്തിരികളിൽ
മൃത്യുവിൻ നിരക്ഷര സന്ദേശം പരക്കുന്നു
ഓരോരോ സന്ദേശം പരക്കുന്നു
(നളിനകുമാരി — വേർപാടിൽ)
ഓരോരോ സന്ദേശമേകുന്നതുണ്ടെനി–
ക്കോരോ ലതയിലെ പൂങ്കുലയും
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
[4]
ഗ്രീക്കുപുരാണത്തിലെ വൈദ്യശാസ്ത്രദേവന്റെ ക്ഷേത്രത്തിലെ പൂജാരിയുടെ പ്രവചനാത്മകമായ അരുളപ്പാട്.
[5]
അവസാനമായ് മൃതിവന്നു യാത്രയും ചൊല്ലി–
യരികിൽനിന്നും പിരിഞ്ഞകലെപ്പോകുന്നേര–
ത്തുലകത്തിലെ പുതുപ്പുല്ലു നാമ്പുകളിനി–
വളരുംമുമ്പേ തിന്നാനേതൊരു പശുവെന്നു
കരുതിത്താനോ മുത്തിപ്പശുവങ്ങിനെനിന്നു
കിടുങ്ങി, പ്പിന്നെപ്പൊട്ടിച്ചിരിയായ് വിതുമ്പിപ്പോയ്.
(അയ്യപ്പപ്പണിക്കർ — പശു)
All must be left when Death appears
In spite of wishes, groans, and tears;
Nore one of all thy plants that grow
But Rosemary will thee go
(G. Sewell — The dying man in his garden)
[6]
Lay me o where
Sad true lover never find my grave
To weep there
(Shakespeare — Dirge of love)
ഷേൻ (Chene) ഒരു യൂറോപ്യൻ വൃക്ഷം (ഇംഗ്ലീഷിൽ Oak).
[7]
അകലെയൊരു മരച്ചുവട്ടി–
ലവനണഞ്ഞു മണലടിഞ്ഞു
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.