images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
78
മറക്കാതിരിക്കാൻ
ലൂയി അറാഗോൻ (LOUIS ARAGON (1897-1982))

പ്രതിരോധ പ്രസ്ഥാനത്തിൽ പങ്കെടുത്തതിനു ഫ്രാൻസിൽ താമസക്കാരായ 23 വിദേശികളെ 1944 ഫിബ്രുവരി ഒടുവിൽ ജർമ്മൻകാർ കൂട്ടക്കൊല ചെയ്യുകയും അവരുടെ പടങ്ങളടങ്ങിയ ചുവപ്പ് പോസറ്ററുകൾ ഫ്രഞ്ചുകാർക്കു ഒരു താക്കീതെന്നോണം അധീന ഫ്രാൻസിലെങ്ങും ഒട്ടിക്കുകയുമുണ്ടായി. ‘ചുകപ്പ് പോസ്റ്റർ’ (L’ Affiche Rouge) എന്ന പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ ദാരുണ സംഭവത്തെ അനുസ്മരിച്ചു അറാഗോൻ 1955-ൽ എഴുതിയ കവിതയാണിത്.

തേടിയതില്ലാ നിങ്ങൾ
മാനവും മിഴിനീരും [1]
ആസന്നമരണർക്കു–
ള്ളന്ത്യകൂദാശതാനും
ശത്രുവെ വീഴ്ത്താനുള്ള
ശാസ്ത്രതന്ത്രത്തിൽ മാത്രം
ദത്താവധാനർ നിങ്ങ–
ളന്നോരോ നിമേഷവും
സാദ്ധ്യമാവുകയില്ലാ
മൃത്യുവിന്നൊരു നാളും
അസ്തവീര്യരാക്കീടാൻ
[2] ‘പർത്തിസാൻ’ വീരന്മാരെ
വർഷങ്ങൾ പതിനൊന്നു
കടന്നുപോയീ പാർത്താൽ
വർഷങ്ങൾ പതിനൊന്നും
എത്രവേഗത്തിൽപോയി [3]
ഇരുണ്ടും കോലംകെട്ടും
ഭീഷണമായോരസ്മ–
ന്നഗരച്ചുമർകളിൽ
നിങ്ങൾ തൻചിത്രം കാണായ്
പുറമേനിന്നും വന്നോ–
രെന്നുള്ള ഞായത്തിന്മേൽ
ഒരു വേർതിരിവിന്നും
നിങ്ങൾ ഹാ വിധേയരായ്
ഭയസന്ദേശം നാട്ടാർ–
ക്കേകുവാനൊട്ടിച്ച ചെ–
മ്പടങ്ങൾ ചുമർകളിൽ
ചോരപ്പാടായിത്തങ്ങി
സ്വേച്ഛയാ ഫ്രാൻസിൻ മക്ക–
ളായവർ നിങ്ങൾ പക്ഷെ
പാർത്തതായ്ത്തോന്നീലാരും
നിങ്ങളെ പ്രത്യക്ഷത്തിൽ
നിങ്ങളെക്കാണാനുള്ള
കണ്ണുകളില്ലാതെയാം
പോയതു പൊതുജനം
പകലെന്നിരിക്കിലും
വെളിച്ചമണച്ചിട്ടു
സർവരും വീട്ടിനുള്ളിൽ
മുളയാൻ നിർബദ്ധരാം
ആത്തമോയാമങ്ങളിൽ [4]
നെറികേടുകൾ നീക്കാൻ
നീങ്ങുന്ന വിരലുകൾ
കുറിച്ചു ചിത്രച്ചോട്ടിൽ ഫ്രാൻസിന്നായ് മരിച്ചവർ
ഇക്കുറിമാനത്താലേ
വ്യത്യസ്ത ഭാവം പൂണ്ടു
ദുഃഖപൂരിതമായോ–
രന്നത്തെ പ്രഭാതങ്ങൾ
ഉറമഞ്ഞിനാലേക
നിറമായ് പരംമൂകം
ഉലകം ഭവാന്മാർ തൻ–
മൃതിയ്ക്കു സാക്ഷിപ്പെട്ടു
[5] നിങ്ങളിലൊരാളതി
ശാന്തമായന്നേരത്താ–
ണിങ്ങിനെ മൊഴിഞ്ഞതു
സ്വസ്തി സർവർക്കും സ്വസ്തി
ഞങ്ങളെയതിജീവി–
ച്ചീടുവോർക്കെല്ലാം സ്വസ്തി
വിദ്വേഷം ജർമ്മൻകാരോ–
ടില്ലാതെ മരിപ്പു ഞാൻ
വേദനേ വിട ഹർഷോ–
ന്മാദമേ വിട റോസാ–
പ്പൂക്കളേ വെളിച്ചമേ
തെന്നലേ വാഴ്‌വേ വിട [6]
നീ പുനർവിവാഹിത–
യാകണം ‘മെലീനേ’ [7] നീ
വാഴണം സന്തുഷ്ടയാ–
യെന്നെയോർമ്മിച്ചാൽ പോരും [8]
നാളുകൾകുറേച്ചെന്നാൽ
കാര്യങ്ങൾ ‘എറിവാ’നിൽ [9]
നേരെയാം സുഖാവഹ–
നാളുകൾ തിരിച്ചെത്തും [10]
[11] ഹേമന്തപ്പെരും സൂര്യൻ
ഇക്കുന്നിൻ പുറത്തിനെ
മോഹനപ്രകാശത്തിൽ
ആമഗ്നമാക്കീടുന്നു
[12] എത്രമേലഭിരാമം
ഈ ദീപ്തപ്രകൃതിയെൻ
ഹൃത്തടം പിളരുന്നി–
ല്ലെത്രമേലിത്തവ്വിങ്കൽ
ജയിച്ചുമുന്നേറുന്ന
ഞങ്ങൾതൻ കാല്പാടു പി–
ന്തുടർന്നു വരും നീതി
സംശയമാർക്കും വേണ്ടാ
എൻപ്രിയമെലീനേയെ–
ന്നോമനേ വിധവയാം
നീജീവിച്ചൊരു കുഞ്ഞിൻ
മാതാവായ് മാറീടേണം
തോക്കുകൾ പുഷ്പിച്ചപ്പോൾ
ഇരുപത്തിമൂന്നാളും
തൂകിനാർ തൻഹൃദ്രക്തം
അന്യാർത്ഥമകാലത്തിൽ
ഇരുപത്തിമൂന്നാളും
ഇവിടെ ക്കുടിപാർക്കും
പരദേശികളെന്നാൽ
നമ്മുടെ ഭ്രാതാക്കന്മാർ
ജീവിതപ്രേമം കരൾ–
ത്തടത്തിൽ നുരഞ്ഞവർ
ചാകവേ കരൾനൊന്തു
ഫ്രാൻസിന്നായ്ക്കരഞ്ഞവർ.

STROPHES POUR SE SOUVENIR

കുറിപ്പുകൾ
[1]
മിഴിനീർ = സഹതാപക്കണ്ണീർ
[2]
പർത്തിസാൻ (Partisan) = ആദർശ പ്രേരിതരായി പൊരുതുന്ന വളണ്ടിയർപ്പോരാളികൾ
[3]
പറന്നുപോമാണ്ടുകൾ കണ്ടിരിക്കവേ
മറന്നുപോം ബുദ്ധിയുണർത്തി വീണ്ടുമേ
(വൈലോപ്പിള്ളി — മറക്കാതിരിക്കാൻ)
[4]
തമോയാമങ്ങൾ = യുദ്ധകാലത്തെ സ്കരണ (ബ്ലാക്കൗട്ട്) വേളകൾ
[5]
കൊല്ലപ്പെട്ടവരിൽ മനുഷിയാൻ (Manouchian) എന്ന ആർമീനിയക്കാരന്റെ അന്തിമസന്ദേശം
[6]
ഇനി യാത്ര പറഞ്ഞിടട്ടെ ഹാ
ദിനസാമ്രാജ്യപരേ ദിവസ്പതേ
… … …
ലസിതസ്മിതനായ ചന്ദ്രികാ–
ഭസിതസ്നാത മൃഗാങ്ക കൈതൊഴാം
… … …
ദ്യുതികാട്ടുമുഡുക്കളേ പരം
നതി നിങ്ങൾക്കതി മോഹനങ്ങളേ
… … …
സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്ര വിരിപ്പു നെയ്തുടൻ
വിയദാലയ വാതിൽ മൂടുമെൻ
പ്രിയസന്ധ്യേ ഭവതിക്കുവന്ദനം
… … …
രമണീയവനങ്ങളേ രണൽ–
ഭ്രമരവ്യാകുലമാം സുമങ്ങളേ
ക്രമമെന്നിരസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്ര ചൊൽവു ഞാൻ
(ആശാൻ — സീത)
ചന്ദ്രികേ ഹിമാലയ ശൃംഗമേ പരിശാന്ത
സുന്ദരതപഃഫലപാവിതാരണ്യങ്ങളേ
പുഷ്പിതാരാമങ്ങളേ പുണ്യതാരകങ്ങളേ
ശഷ്പമണ്ഡലങ്ങളേ ഗോഷ്പദസ്ഥലങ്ങളേ
ഉൾക്കാമ്പിലനുകമ്പ പൂണ്ടുകൊണ്ടിന്നോളവും
സൽക്കരിച്ചിരുത്തിയ ബന്ധനാഗാരങ്ങളേ
പാടുവിൻ ചിരിക്കുവിൻ നർത്തനം ചെയ്വിൻ നാളെ
വാടിവീഴുമീ നർമ്മനിർമ്മലനിമിഷങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ
മരണഭേരിയടിക്കും സഖാക്കളേ
സഹതപിക്കാത്ത ലോകമേ യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ കാനനപ്രാന്തമേ
മധുരമല്ലാത്തൊരെന്മൗനഗാനത്താൽ
മദതരളരാം മാമരക്കൂട്ടമേ
പരികയാണിതാ ഞാനൊരധഃകൃതൻ
കരയുവാനായ് പിറന്നൊരു കാമുകൻ
(ഇടപ്പള്ളി — മണിനാദം)
പ്രിയകരങ്ങളേ നീലമലകളേ
കുയിലുകൾ സദാ കൂകും വനങ്ങളേ
അമിത സൗരഭധാരയിൽ മുങ്ങിടും
സുമിത സുന്ദര കുഞ്ജാന്തരങ്ങളേ
കുളിർ തരംഗതരളിത നിർമ്മല–
സലില പൂരിത സ്രോതസ്വിനികളേ
ലളിത നീലലസത്തൃണകംബള–
മിളിത ശീതളച്ഛായാതലങ്ങളേ
അനുപമങ്ങളേ കഷ്ടമെമ്മട്ടു ഞാൻ
തനിയെ വിട്ടേച്ചു പോകുന്നു നിങ്ങളെ
(ചങ്ങമ്പുഴ — രമണൻ)
[7]
മെനിനേ (Melinee) = മനുഷിയാന്റെ പത്നി
[8]
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തി–
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി–
മായരുതാത്തളിർച്ചുണ്ടിലൊരിക്കലും
മാമകുചിത്തം കവർന്നൊരസ്സുസ്മിതം
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
[9]
എറിവാൻ (Erivan) = ആർമിനിയായുടെ തലസ്ഥാനം
[10]
‘രാവിതുമായും വീണ്ടും നാളത്തെ പ്രഭാതത്തിൽ
പൂവൊളിമിന്നും’, നിന്നെ വിശ്വസിക്കട്ടെ ഞാനും.
രാവിതുമായും? നിഴൽക്കുത്തിലേയ്ക്കടിതെറ്റി–
യീയിരുൾപ്പാമ്പും ഫണം താഴ്ത്തി വീണൊലിച്ചുപോം?
ദൂനനായ്ത്തേങ്ങിത്തേങ്ങി വരുമിക്കാറ്റും നാളെ–
പ്പൂമണം പൂശി, ക്കുഞ്ഞിക്കയ്യുകൾ കൊട്ടിപ്പാടും?
(സുഗതകുമാരി — ആശ)
പ്രഭാതം നിശ്ചയമായും വിടർന്നു വരും ഇരുട്ട് അകന്നു പോകും.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
പൊന്നണി സ്വാതന്ത്ര്യശ്രീ പിറക്കുമീറ്റില്ലത്തിൽ
ക്കണ്ണുനീർ ചിതറൊല്ലേ വരുന്ന വിഭാതങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
[11]
The huge red sun of November
Threatening snow
(Lord Dunsany — Art and life)
[12]
എത്ര സുന്ദരി ഹാഹാ പേർത്തുമീ പ്രപഞ്ചശ്രീ
(പി. കുഞ്ഞിരാമൻ നായർ — മനുഷ്യനില്ല)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.