images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
79
എതിരാളി
ഴാൻ തർദിയേ് (JEAN TARDIEU (1903-1995))

എല്യുയാർ, അറഗോൻ തുടങ്ങിയവരോടൊപ്പം പ്രതിരോധ പ്രസ്ഥാനത്തിൽ സജീവ പങ്കാളിത്തം വഹിച്ച ഴാൻ തർദിയേ് ഫ്രഞ്ച് നാടകത്തിനു ഒരു നവമാനം നല്കിയ നാടകകൃത്ത് കൂടിയാണ്. ദീർഘകാലം ഫ്രഞ്ച് റേഡിയോവിൽ പുതിയ പ്രതിഭകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിഭാഗത്തിന്റെ തലവനായിരുന്നു.

[1] നിഴൽകളെ നിനച്ചൂനിന്നീടുന്നു,
നിലം കുഴിക്കുന്നിതിപ്പോലെ തന്നെ ഞാൻ,
അചലമാം കരിങ്കല്ലിനെയോർമ്മിച്ചു
കനവിൽ മുങ്ങുന്നു, സഞ്ചരിച്ചീടുന്നു.
അനുനിമേഷവും ചാഞ്ചല്യമാർന്നിടു–
മരുവിതൻകരേ കൂറുപാലിപ്പു ഞാൻ,
അടിയുറച്ച നിലത്തുനിന്നീടവേ
മറവികൊള്ളുവാനാഗ്രഹിക്കുന്നു ഞാൻ.
[2] നിയത നക്ഷത്രരാജ്ഞിയ്ക്കു കീഴിൽ ഞാൻ
നിലകൾ മാറ്റുന്നു പിന്നെയും പിന്നെയും. [3]
അവിരതം മാറിമാറിവരും ദിന–
തതികൾ തൻ കീഴിൽ ഭേദമറ്റേകനാം.
മുറുകെ ഞാൻ പിടിച്ചീടുന്നതൊക്കെയും
വരുവതെന്നിലേയ്ക്കഗ്നിയിൽ നിന്നല്ലോ;
പിടിതരാതെന്നിൽനിന്നകന്നീടുന്ന–
തഖിലം മാറുന്നു കല്ലായി, മൗനമായ്.
പകലിനെയുറക്കീടാനുറങ്ങും ഞാൻ
ഇരവിൽ നിദ്ര വെടിഞ്ഞുമരുവുന്നു, [4]
മറവിൽ നീറിനുമുള്ളിലമർന്നിടു–
ന്നൊരു കനൽക്കട്ടയെന്നകണക്കിനേ.
[5] പറകിലെന്റെയീ വൈരുദ്ധ്യമെന്നുമേ
പരമവശ്യമാമാവശ്യമാണു മേ,
എതിരിലാണു ഞാൻ നിങ്ങളാരാകിലും
എതിരിടുന്നു ഞാൻ മണ്ണിനെ, വിണ്ണിനെ.
അടിപണിയാത്തൊരുഗ്രനാം ശത്രുവെ
പ്പിടിയിലാക്കുവാൻ പിന്തുടരുന്ന ഞാൻ [6]
[7] വിളവിനു വിളവായും പൊരുതുന്നു.
ചതിവിനു ചതിവായും പൊരുതുന്നു.
ഇടതടവെന്യെയെന്നും തുടരുമീ–
യടരിൽ ഞാനേല്ക്കും ദണ്ഡമെന്തെന്തുവാൻ!
നിഭൃതമെൻ ജാഗ്രതയ്ക്കാണ്ടിറങ്ങുവാൻ
വിവൃതമാമടികാണാത്ത ഗഹ്വരം!
തനതഗാധതകൾക്കുള്ളിൽ നീരവം
പെരുമരചനായ് വാഴുമപരനെ [8]
[9] വകവരുത്തുവാനാവാതെ മൃത്യുവിൻ
പിടിയിൽ ഞാനകപ്പെട്ടു പോയീടുമോ?

LES FEINTES NECESSAIRES

കുറിപ്പുകൾ
[1]
ജീവിതം സ്വർണ്ണഖനികൾ കാട്ടീ
കേവലത്വത്തിൽ ഞാൻ കേതുനാട്ടി:
ഇപ്പൊഴോ നാറ്റിനടപ്പിതെന്നത്യാർത്തി
ദുഷ്പ്രഭുസേവയ്ക്കു വാലുമാട്ടി.
പ്രേമക്കുഴമ്പെനിക്കോമൽ നീട്ടി,
കാമക്കിളാച്ചിൽ!–ഞാൻ കൈയ്യുതട്ടി
ഇപ്പൊഴോ കണ്ണെറ്റിനില്പിതെന്നാസക്തി
കുപ്പിയലൂറുന്ന നാവു നീട്ടി
എന്നിലാദർശം ജ്വലിച്ചു, നീറ്റി
മന്നു പൊന്നാക്കുവാനെന്നമട്ടിൽ:
ഇപ്പൊഴോ ചൂളിക്കിടപ്പിതാച്ചാരത്തി–
ലൊപ്പൊഴുമേതോ പുഴുത്ത പട്ടി!
(വൈലോപ്പിള്ളി — അധഃപതനം)
രാവിലെ ഞാൻ കിളികളുടെ പാട്ടിനു കാത്തിരിക്കുന്നു
അടുത്ത വാർഡിലെ ഹൃദ്രോഗിയുടെ
അവസാനിക്കാത്ത നിലവിളി കേൾക്കുന്നു…
വൈകുന്നേരം ഞാൻ ആപ്പിളുമായി വരുന്ന
ഭാര്യയെക്കാത്തിരിക്കുന്നു
ഇരുണ്ട ഏകാന്തത
ശബ്ദംകേൾപ്പിക്കാതെ മുറിയിലെത്തുന്നു
രാത്രി ഞാൻ മരണത്തെക്കാത്തിരിക്കുന്നു
കൊച്ചുമകൾ എനിക്ക് ഒരോറഞ്ച് നീട്ടുന്നു
(സച്ചിദാനന്ദൻ — വൈരുദ്ധ്യം)
[2]
സ്വൈരമായ് നിശ്ചിത സ്ഥാനത്ത് നില്ക്കുന്ന
താരങ്ങൾ കണ്ടിരിക്കുന്നു രണ്ടും
(നാലപ്പാടൻ — നിസ്സാരം)
[3]
ഒരു പോതൊരു ഭാവമെങ്കിലോ
പരമന്യം പരമന്യമാകയാൽ
അരുതിന്നിഹ നിൻ യഥാർത്ഥമാം
നിറമെന്തെന്നു മനസ്സിലാക്കുവാൻ
(ചങ്ങമ്പുഴ — തപ്തസന്ദേശം)
[4]
പ്രജ്ഞകളിലുറങ്ങിക്കിടന്നും
നിദ്രകളിലുണർച്ചയായ് നിന്നും
(പി. ടി. അബ്ദുറഹിമാൻ — തിരയടങ്ങിയ കടൽ)
[5]
ലോകസൗന്ദര്യമേ മർത്ത്യനിൽപ്പേർത്തുമുൾ
പ്പൂകിയീ വൈരുദ്ധ്യം തീർക്കുമോ നീ
(ബാലാമണിയമ്മ — വൈരുദ്ധ്യം)
[6]
ഉള്ളിലുള്ളിരുട്ടിനെയാട്ടിയോടിക്കാൻ മൂർച്ച–
യുള്ളൊരായുധം തേടിയലയുന്നു ഞാനിന്നും
(മുല്ലനേഴി — മകനോട്)
[7]
വിളവ് = സാമർത്ഥ്യം, സൂത്രം
[8]
അന്നുംമിന്നും നിന്റെ കൂടേ മറവിൽച്ചരിക്കുന്ന
നിന്നുടെ യുഗശത്രു നിന്നകത്തിരിക്കുന്നു.
വെറുതെ നിഴൽയുദ്ധം നടത്തിത്തളരേണ്ടാ
തിരിക്ക നിൻ കണ്ണുകളുള്ളിലെ ദുർഗ്ഗങ്ങളിൽ
(പി. കുഞ്ഞിരാമൻ നായർ — ഹോട്ടലൂണും വാടകവീടും)
…തെല്ലുനിന്നച്ഛിന്നത തൻ പവിത്രോച്ഛ ്വാസമുൾ–
ക്കൊള്ളലാലാശ്വസ്തനായുറ്റുനോക്കിനാൻ മർത്ത്യൻ,
തന്നരികത്തേനില്ക്കുമെതിരാളിയെ, യതേ
മണ്ണിലത്തൊഴിൽതന്നെ ചെയ്തിടും കൂട്ടാളിയെ
എമ്മട്ടോ മലിനനായ്. തുച്ഛനായ്ത്തദ്ദൃഷ്ടിയിൽ
ബ്ബിംബിപ്പൂതാ, നവ്വണ്ണമാണയാൾ തന്റേതിലും
ആ മിഴികളിലൂടെ നൂഴ്‌ന്നു നൂഴ്‌ന്നിറങ്ങും ത–
ദാത്മാവോ കണ്ടാനങ്ങു നേരായതന്നെത്തന്നെ
(ബാലാമണിയമ്മ — എതിരാളി)
ഒന്നു ചുമ്മാതിരിക്കാൻ പലകുറി പറഞ്ഞതാ:–
ണെൻ ചുമലിൽത്തന്നെയവൻ
കാൽമുറുക്കിച്ചവിട്ടുന്നു
നെടുനീളൻ നാവെന്റെ കരൾച്ചോരയിലിഴയ്ക്കുന്നു
കുറുക്കി ഞാനെടുക്കുന്ന വെളിച്ചത്തിൻ മുട്ടുങ്ങകൾ
അവൻ കൊത്തിക്കുടിക്കുന്നു.
ഒരുവിധമവനെ ഞാൻ പുറന്തള്ളി സാക്ഷയിട്ടു
കൊളുത്തിട്ട മിഴിയ്ക്കുള്ളിലവനപ്പോളലറുന്നു!
(ദേശമംഗലം രാമകൃഷ്ണൻ — ഹംസഗാനം)
ഒരേരൊരരാതി
ഒരു പൊതു ശത്രു
അവനെക്കുത്തിമറിച്ചുതുരത്തി–
ക്കുടലുവലിച്ചു കഴുത്തിലണഞ്ഞ–
ച്ചുടുരക്തത്താൽക്കുറിതൊടുവാനാ–
യയുതം തുടുനാളങ്ങളെഴുന്നോ–
രേക കരാളിയായുഴറീ ഞങ്ങൾ
അവനുറയൂരിയിഴഞ്ഞറിയാതെ–
ഗമിക്കെ, യെടുത്തണിയാനുറമാത്ര–
മരിക്കേ, വായ്ത്തലകൾ കുടഞ്ഞു
കരൾത്തട്ടിൽ തിരുകീടിന
വാളുകൾ തെള്ളിയുറഞ്ഞു
തരിക്കെക്കണ്ടു ഞങ്ങൾ പരസ്പര–
മമ്മേ നിന്റെ കിടാങ്ങൾ!
(കെ. വി. രാമകൃഷ്ണൻ — പൊതുശത്രു)
[9]
ചിത്തമാം വലിയ വൈരി കീഴമർ–
ന്നത്തൽ തീർന്ന യാമിതന്നെ ഭാഗ്യവാൻ
(ആശാൻ — നളിനി)
ബദ്ധനീ വിശ്വവിജയി–സ്വന്ത
ചിത്തം ജയിക്കുംവരേയും
(പി. കുഞ്ഞിരാമൻ നായർ — ശാരദപൂജ)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.