images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
19
പാനപാത്രം
വിക്തോർ ഹ്യൂഗൊ (VICTOR HUGO, 1802-1885)

പത്നി അദേലിൽനിന്നു മാനസികമായകന്ന വിക്തോർ ഹ്യൂഗൊ നാടകനടിയും സുന്ദരിയുമായ ഴ്യുലിയേത്തിനെ (Juliette) ഉപപത്നിയായി സ്വീകരിച്ചു (1833-ൽ). മുമ്പു മാറിമാറി മൂന്നു പേരുടെ കാമുകിയും ആദ്യബന്ധത്തിലുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയുമായിരുന്നു ഈ നടി. അവരുമായി പരസ്യബന്ധത്തിലേർപ്പെടുന്നതിന് ഇതൊന്നും ഹ്യൂഗൊവിനു തടസ്സമായില്ല. ഒരു വെല്ലു വിളി മനോഭാവത്തോടെയാണ് ഈ രണ്ടാം പ്രേമത്തെ അദ്ദേഹം കൈകാര്യം ചെയ്തത്. ഹ്യൂഗൊവിന്റെ പ്രതീക്ഷയ്ക്കൊത്തവണ്ണം ഒരു ‘നവജീവിത’മാരംഭിച്ച ഴ്യുലിയേത്ത് 77-ാം വയസ്സിൽ അന്തരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വിശ്വസ്ത സഖിയായി വർത്തിച്ചു. ഹ്യൂഗൊവിനേക്കാൾ നാലു വയസ്സിന്റെ ഇളപ്പമേ അവർക്കുണ്ടായിരുന്നുള്ളൂ.

ഇപ്പോഴും പരിപൂർണ്ണമാം നിന്റെ
പാനപാത്രത്തിൽ ഞാൻ ചുണ്ടു ചേർത്തേൻ. [1]
മ്ലാനമായൊരെന്നാനനം നിന്റെ
പാണി തന്നിലായർപ്പണം ചെയ്തേൻ. [2]
ഇത്രനാളുമിരുളിൻ തടവിൽ-
പ്പെട്ടുപോയ നിന്നന്തരാത്മാവിൻ
ചാരു സൗരഭം നിൻ വീർപ്പിലൂടേ
ചോർന്നീടുന്നതു ഞാനുച്ഛ ്വസിപ്പേൻ. [3]
നിന്നുടേതാം നിഗൂഢാന്തരത്തിൻ
ഖിന്നതകൾ നിറഞ്ഞൊഴുകീടും
നിൻമൊഴികളവധാനപൂർവ്വം
ഒന്നൊഴിയാതെ ഞാൻ ശ്രവിക്കുന്നേൻ, [4]
നിന്റെ വക്ത്രമെൻ വക്ത്രത്തിൻ മേലേ
നിന്റെ കൺകളെൻ കൺകളിൻ മേലേ
മന്ദഹാസങ്ങൾ ബാഷ്പബിന്ദുക്കൾ
ചിന്തീടുന്നതു കാൺമു ഞാനിപ്പോൾ,
മൂടലിൽ നെടുനാളകപ്പെട്ട
തേജോഗോളം നിൻ സ്വത്വമുതിർക്കും
രശ്മികന്ദളമൊന്നുൾ പ്രഹർഷോൻ-
മത്തനാമെൻ മുഖം വിളക്കുന്നു. [5]
നിന്റെ നാൾകൾതൻ ചെമ്പനീർപ്പൂവിൽ
നിന്നടർത്തിയെടുത്തോരിതൾകൾ
എന്റെ വാഴ്‌വിതിൻ വിക്ഷുബ്ധമാകും
നിമ്നഗയിൽ നിപതിച്ചിടുന്നു. [6]
ആവേഗത്തോടെ വന്നണഞ്ഞീടും
ആണ്ടുകളോടെനിക്കിനിയോതാം:
‘പോകൂ നില്ക്കാതെ പ്രായത്തിനിന്നി-
മേലിലില്ല പ്രവേശനമെന്നിൽ! [7]
ദൂരാലെങ്ങാനും പോയ്ക്കൊള്ളു വാടി-
പ്പോയ നിങ്ങൾതൻ പൂക്കളുമായി.
ഉണ്ടെന്നാത്മാവിൽ നൻമലരൊന്നു
കൊണ്ടു പോകുവാനാവില്ലതാർക്കും.
മേലാ നിങ്ങൾക്കു സ്വന്തം ചിറകാൽ
തട്ടി വീഴ്ത്തുവാനിച്ചഷകത്തെ-
പ്രേമമാദ്ധ്വി നിറച്ചു ഞാൻ മോന്തും
ഇച്ചഷകത്തെ-മാത്രവുമല്ല
ആച്ചിറകടിയേറ്റിതിൽനിന്നു
തുള്ളിപോലും തുളുമ്പുകയില്ല.
ചാരമേന്തിപ്പോം നിങ്ങൾക്കണയ്ക്കാൻ [8]
ആവാത്തത്രയുണ്ടഗ്നിയെന്നുള്ളിൽ.
നിങ്ങൾതൻ മറവിയ്ക്കുമാവില്ല
മായ്ക്കുവാനെൻ ഹൃദന്ത രാഗത്തെ [9]

Puisque J’ai Mis Ma Le’vre…

കുറിപ്പുകൾ
[1]
അന്നു, ഹാ, തുളുമ്പുന്നോരനുരാഗത്തിൻ പാത്ര-
മെന്നുടെ യാത്മാവിന്റെ ചുണ്ടടുപ്പിയ്ക്കും കാലം.…
(ജി. — ആ സന്ധ്യ)
നിറഞ്ഞുതുളുമ്പുന്ന
മുന്തിരിച്ചഷകമേ നീ…
(പുതുശ്ശേരി രാചന്ദ്രൻ — വണ്ടിന്റെ പാട്ടു്)
[2]
കുളിർകാറ്റുപോലടുത്തെത്തുന്നു. തണുത്ത തൻ-
വിരലാൽ നീയെൻ ചുടു നെറ്റിമേൽ തലോടുന്നു…
(വിഷ്ണുനാരായണൻ നമ്പൂതിരി — രണ്ടു ചിത്രങ്ങൾ)
പൊള്ളിടും നെറുകയിൽ തണുപ്പിൻ കരം ചേർത്തെ-
ന്നല്ലൽ മായ്ക്കുവാനെന്റെയിരുളും നിലാവാക്കാൻ…
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
[3]
നിൻ ഹൃദയത്തിലെൻകാതുചേർത്തോർക്കട്ടെ
നിൻസുഗന്ധത്തിന്നറിവു ഞാനൊപ്പട്ടെ
നിൻ മന്ദഹാസ ലഹരി ഞാൻ മോന്തട്ടെ
എന്റെ പെണ്ണേ നമ്മളൊന്നായുരുകട്ടെ
(കടമ്മനിട്ട — ശാന്ത)
… … …നിന്നുൾ
ത്താരണിമണം ചേർന്ന കാറ്റുൾക്കൊൾവാൻ…
(ഇടശ്ശേരി — എന്റെ ആത്മാർത്ഥത)
[4]
എന്നും പറഞ്ഞവതന്നെയാണെങ്കിലെ-
ന്തെന്നും പുതിയതായ്ത്തോന്നും.
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യങ്ങൾ,
ഉള്ളതൊരിത്തിരി ദുഃഖം
മിഴികോർത്തുനിന്നു നീ പറയുന്ന മാത്ര ഞാൻ
കേൾക്കുന്ന മാത്രകൾ…
(കടമ്മനിട്ട — പരാതി)
[5]
ചാരമാമെന്നെക്കർമ്മ കാണ്ഡങ്ങളിൽ
ധീരനാക്കുന്നതെന്തൊക്കെയാണെന്നോ,
നിന്റെ രൂപവും വർണ്ണവും നാദവും
നിന്റെ പൂഞ്ചായൽ തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത-
ധന്യചൈതന്യ നവ്യപ്രകാശവും
നിൻ തളർച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിർമ്മല പ്രാർത്ഥനാഭാവവും…
(അക്കിത്തം — കരതലാമലകം)
ഹാ മുദ്രിതമെൻ ചേതന താവക
പ്രേമ സൗഭഗമുൾക്കൊണ്ടിരിക്കവേ
കോൾമയിരുദിക്കുന്നു ഹാ നിന്നടു-
ത്തോമനേ വെമ്പി നില്പൊരെൻ ജീവനിൽ
എൻ തൃഷാർത്തമാമാത്മാവു കാണ്മു ഹാ
നിങ്കലാര്യേ കുതിർന്ന കല്ലോലിനി.
(ഇടശ്ശേരി — രാധയും സുധാകരനും)
[6]
കന്നിവെയ്ലൊളിപോലെ യൂറിവീഴവേയതിൽ
ഖിന്നമാം പ്രണയത്തിൻ പൂവിതൾ പാറിക്കണ്ടേൻ.
(ദേവി — കെസ്സ് പാട്ടുകാരൻ)
[7]
O my Love, my Love is young!
Age, I do defy thee!
(Shakespeare — A Madrigal)
[8]
ചാരം = കത്തിക്കരിഞ്ഞ പ്രണയജീവിതങ്ങളുടെ ചാരം
ആയിരം രാഗാർദ്ര മാനസങ്ങൾ
ആഴക്കു ചാമ്പലായ് മാറിയാലും
(ചങ്ങമ്പുഴ — നഷ്ടഭാഗ്യസ്മൃതി)
കനലിരുന്നേടം മലിനമാക്കിക്കൊ-
ണ്ടവിടെയുണ്ടിപ്പോൾ ഒരു പിടിച്ചാരം
(എൻ. വി. കൃഷ്ണവാരിയർ — ജീവിതവും മരണവും)
[9]
എങ്കിലും നിങ്ങൾക്കുമാവുകയില്ലതിൻ
തങ്കപ്രകാശം മറയ്ക്കാൻ
(ചങ്ങമ്പുഴ — ആരാമത്തിലെ ചിന്തകൾ)
No peevish winter wind shall chill
No sullen tropic Sun shall wither
The roses in the rose-garden which is Ours and Ours only.
(T. S. Eliot — A Dedication to my Wife)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.