images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
22
ബാല്യസഖി
വിക്തോർ ഹ്യൂഗൊ (VICTOR HUGO, 1802-1885)

മനുഷ്യഹൃദയത്തിൽ പ്രേമവികാരം മൊട്ടിടുന്നതിന് പ്രായപരിമിതിയൊന്നുമില്ല. ശൈശവം മുതൽ അതു സംഭവിക്കുന്നു. ഈഡിപ്പസ് കോംപ്ളെക്സ് (Oedipus Complex) നു പുറമേയും ബാലമനസ്സുകൾ പ്രേമാഭിലാഷം പ്രകടിപ്പിക്കുന്നു. പ്രേമബന്ധങ്ങൾ സ്ഥാപിക്കുന്നു. ഇതിഹാസപ്രസിദ്ധമായ രാധാകൃഷ്ണ ബന്ധം കൗമാരപ്രണയമാണല്ലോ. പ്രേമത്തിന്റെ കൗതുകകരമായ ഈയൊരു തലത്തിൽ വെളിച്ചം വീശുമാറു് വിക്തോർ ഹ്യൂഗോ സ്വന്തമായ ഒരു കൗമാര പ്രേമത്തിന്റെ ചെപ്പുതുറക്കുന്നു.

ഒരു വെറും പന്ത്രണ്ടുകാരനാണന്നു ഞാൻ
അവളോ നിറപതിനാറുകാരി.
വലുതവൾ ചെറുതു ഞാൻ, അവളോടു സ്വൈരമായ്
സരസ സംഭാഷണം ചെയ്വതിന്നു
അവളുടെ മാതാവ് സായന്തനങ്ങളിൽ
പുറമേയ്ക്കു പോംവരെ കാത്തിടും ഞാൻ.
അവർ പോയാൽ ചെന്നുതന്നരികിലിരുന്നു ഞാൻ
നെടുന്നേരം സംസാരനിരതനാകും.
പരിമളം പെയ്ത തൻ പൂക്കളോടൊന്നിച്ചു
പല വസന്തങ്ങൾ കടന്നുപോയി,
പലപാടു മഗ്നികളെത്രയോ കെട്ടുപോയ്,
പല കുഴിമാടങ്ങൾ മണ്ണുമൂടി [1]
ഇനി വരാവണ്ണം മറഞ്ഞൊരക്കാലത്തിൻ
സ്മരണകൾ തേട്ടിവരുവതില്ലേ? [2]
കരളുകളന്നും തുടിച്ചില്ലേ ചെമ്പനീർ-
മലരുകളന്നും വിരിഞ്ഞതില്ലേ?
അവളെന്നെ പ്രേമിച്ചിരുന്നു. ഞാനവളെയും;
ഇരു പരിശുദ്ധകുമാരർ ഞങ്ങൾ,
ഇരുസുഗന്ധങ്ങൾപോൽ ഇരുകിരണങ്ങൾപോൽ
മരുവിനു് രണ്ടു കിടാങ്ങൾ ഞങ്ങൾ. [3]
ഒരു ദേവദൂതിയായപ്സരസ്സായൊരു
നൃപകന്യയായിപ്പിറവികൊണ്ടോൾ.
അവൾ മൂപ്പിയന്നവളാകയാൽ തൻനേർക്കു
തടവെന്യേ ചോദ്യങ്ങൾ ഞാൻ തൊടുക്കും.
‘അതിനെന്തുകാരണ’മെന്നോരോതവണയും
അവളോടു ചൊന്നുരസിപ്പതിന്നായ്.
ചില നിമേഷങ്ങളിൽ സ്വപ്നത്തിലാഴുമെൻ
മിഴികളിൽ നോക്കാൻ ഭയപ്പെടുംപോൽ
അവളുടെ വീക്ഷണമന്യത്രയായിടും
അവൾ ചിന്താധീനയായ്ക്കാണുമപ്പോൾ.
അതുനേരം ഞാനെന്റെ ബാലവിജ്ഞാനങ്ങ-
ളഖിലം തന്മുന്നിൽ നിരത്തിവെയ്ക്കും.
മമ വിനോദങ്ങളെ, പന്തിനെ, പമ്പര-
ത്തിരിവിനെപ്പറ്റിയും ഞാൻ കഥിക്കും.
അഭിമാനം കൊള്ളുമെൻ ലത്തീൻ പഠനത്തിൽ
അതിനുള്ള പുസ്തകമൊക്കെക്കാട്ടും.
ഭയമെന്യേ വെല്ലുവിളിക്കുമെതിനെയും
കെടുതിയൊന്നാലുമേ പറ്റുകില്ല.
പറയാൻ മറന്നിരുന്നില്ല ഞാ‘നെൻ പിതാ
പടനയിച്ചീടും ജനറലല്ലോ,’ [4]
പിറവിയിൽ പെണ്ണെന്നിരുന്നാലും ലത്തീനിൽ
ചിലതെല്ലാം വായിച്ചിടേണ്ടതില്ലേ? [5]
മനമെങ്ങു സഞ്ചരിച്ചാലും യഥാക്ഷരം
ചില ലത്തീൻ വാക്കുരുവിട്ടിടേണ്ടേ? [6]
പലപോതും പള്ളിയിലൊരു ലത്തീൻ സ്തോത്രത്തിൻ
പൊരുളവൾക്കായി വിശദമാക്കാൻ
അവളുടെ പ്രാർത്ഥനാഗ്രന്ഥത്തിൽ നോക്കും ഞാൻ [7]
മുഖമതിലേയ്ക്കു കുനിച്ചുകൊണ്ടേ.
ഇതുമല്ല ഞായർ ദിനങ്ങളിൽ ‘വെസ്പെറാ’- [8]
സമയത്തെനിക്കനുഭൂതമാകും‌
അരിയൊരു മാലാഖ ഞങ്ങൾക്കു മുകളിലായ്
തനതു വെൺപത്രം വിരിപ്പതായി.
‘അവനൊരു ബാലകൻ’-ഇങ്ങിനെയാണെന്നും
അവൾ പരാമർശിച്ചിരുന്നതെന്നെ.
അവളെക്കുറിച്ചു ഞാൻ ‘മദ്മ്വസേൽ ലീ’സെന്നേ [9]
ബഹുമാനപൂർവ്വം പറഞ്ഞതുള്ളൂ.
സ്തുതിയൊന്നുതർജ്ജമ ചെയ്തു കേൾപ്പിക്കുവാൻ
അവളുടെ പുസ്തകത്തിന്നുനേരേ
കുനിയലെനിക്കൊരു പള്ളിവഴക്കമായ്;
ഒരുദിനം-ദൈവമേ കണ്ടതു നീ!-
സുമസമമായ തന്നധരങ്ങൾ സ്പർശിച്ചു
എരിയുന്നൊരെന്നുടെ ചുണ്ടിണയെ.
വിരയേ [10] വിടരുന്ന ബാല്യരാഗങ്ങളേ, [11]
കരളിന്നുഷഃപ്രഭാതങ്ങൾ നിങ്ങൾ
കിടയെഴാതുള്ള പരമഹർഷങ്ങളേ
പുളകങ്ങൾ ബാലമനസ്സിനേകൂ. [12]
അഴലിന്റെ ഭാരവും പേറീട്ടു സായാഹ്നം
അടിവെച്ചടിവെച്ചടുത്തിടുമ്പോൾ
പകരുക ഞങ്ങൾതൻ മങ്ങുമാത്മാക്കളിൽ
പഴയപോൽ മായിക നിർവൃതികൾ !

Lise

കുറിപ്പുകൾ
[1]
ഉണ്ടു മറന്നുപോയെത്ര പൊന്നോണങ്ങൾ
ഊർചുറ്റി നേടിയോരെത്ര പൂക്കൾ
പൊന്നോണനെറ്റിക്കു പൊട്ടായിമാഞ്ഞുപോയ്…
(വൈലോപ്പിള്ളി — പൂവും കായും)
…എത്ര കണ്ണീർപ്പുഴകളൊഴുകി
അത്തലാലം വീർപ്പിട്ടു വീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി
കാലവാതമടിച്ചെത്ര കോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി.
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
എത്രയോ ദിനങ്ങളും രാവുകളും ഹാ, നവ്യ-
മർത്ത്യ സിദ്ധാന്തങ്ങളും കടന്നുപോയീ മുന്നിൽ.
(ചെറിയാൻ കെ. ചെറിയാൻ — ഉറങ്ങുന്ന ദേവത)
[2]
മുറ്റിയ മധുരാസവമെല്ലാം
വറ്റിവരണ്ടേപോകാം
മുട്ടിയപടിമൺകുടമെല്ലാം
പൊട്ടിയുടഞ്ഞെന്നാകാം.
എങ്കിലുമൊരുനിറകുടമെപ്പൊഴു-
മെങ്കലിരിക്കുമഭംഗം,
എൻ കരളിനെയാദ്യമുണർത്തിയ
പെൺകൊടി തൻ സ്മൃതി രംഗം.
(വൈലോപ്പിള്ളി — ഓർമ്മകൾ)
മധുര ശൈശവ ബന്ധമതറ്റിടാൻ
മമ ജഡമിനി മണ്ണിലടിയണം
അതുമറക്കുവാനോർക്കിൽ മറക്കുമോ
മതിയിൽ നിന്നതുമായ്ക്കുകിൽ മായുമോ?
(ചങ്ങമ്പുഴ — എന്റെ സഖി)
[3]
നളിനി-
ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും
പാർത്തുനിന്നതു മണഞ്ഞു നാം കരം-
കോർത്തുകാവിനരികേ നടന്നതും.
ഉച്ചയായ്ത്തണലിലാഞ്ഞു പുസ്തകം
വെച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാല കെട്ടിയെൻ
കൊച്ചുവാർമുടിയിലങ്ങണിഞ്ഞതും.
എണ്ണിടുന്നൊളിവിൽ വന്നു പീഡയാം
വണ്ണമെൻ മിഴികൾ പൊത്തിയെന്നതും
തിണ്ണമങ്ങതിൽ വലഞ്ഞു കേഴുമെൻ
കണ്ണുനീരു കനിവിൽ തുടച്ചതും…
… … …
ദിവാകരൻ-
നേരു ശൈവമതിങ്കലന്നു നിൻ
ഭൂരിയാം ഗുണമറിഞ്ഞതില്ല ഞാൻ
കോരകത്തിൽ മധുവെന്നപോലെയുൾ-
ത്താരിൽ നീ പ്രണയമാർന്നിരുന്നതും.
(ആശാൻ — നളിനി)
കാലിമേയ്ക്കുവാനായിട്ടീമലഞ്ചെരുവിലാ-
ബ്ബാലികവരും പോകും, അന്നു കൂട്ടായി ഞങ്ങൾ.
ചെറു പൈക്കിടാവൊന്നുണ്ടായവൾക്കതിനന്നു
കറുകക്കൂമ്പേകുന്നതാണൊരു വിനോദം മേ.
ചൊല്ലിയാലൊടുങ്ങില്ല വാർത്ത ഞങ്ങൾക്കന്നെ, ന്നാ-
ലല്ലിടയ്ക്കതിരിടും ഞങ്ങൾ പോം സനിശ്വാസം.
അന്നൊരന്തിയിൽ ചാഞ്ഞ കാട്ടുതെമാവിൻ കൊമ്പിൽ
ച്ചെന്നിരുന്നതിൽ പൂവാലെറിഞ്ഞു വിഹരിയ്ക്കേ
എന്നുടെ നോക്കോരോന്നുമാമുഗ്ദ്ധകുമാരി തൻ
സ്വിന്നമാം കവിൾപ്പൂവിൽ പുളകം മുളപ്പിയ്ക്കേ
ആ മനോഹരിയുടെ നീല നേത്രാകാശത്തി-
ലാമന്ദം പറന്നുപോയ്ക്ക് മന്മനമതിദൂരം…
(ജി. — ഒരു പഴയ ഏട്)
കുട്ടിക്കാലമതെത്ര തുഷ്ടികരമ-
ന്നദ്ദേഹമെന്നോടു വേർ-
പെട്ടിട്ടുള്ള ദിനം ചുരുങ്ങു-മൊരുമി
ച്ചല്ലാതെയില്ലൊന്നുമേ;
കിട്ടില്ലൊട്ടിടയിപ്പൊഴസ്സുഭഗനെ-
ക്കാണാനുമെന്നായി, പാർ-
ത്തട്ടിൽ ദുസ്ഥിതിഹേതുവിങ്ങു ഹതമാ-
മീ യൗവനം താനഹോ.
(വള്ളത്തോൾ — വിലാസലതിക)
കളിച്ചുകൊള്ളട്ടെ യഥേഷ്ടമെങ്ങോ
മറ്റുള്ള കൂട്ടാളികളായിരം പേർ
ഞങ്ങൾക്കു സർവ്വോത്സവവും വിളഞ്ഞ-
താ ഞങ്ങൾ ചേർന്നൊക്കുമിടത്തിൽ മാത്രം.
ഒരേ കളിപ്പാട്ട മൊരേ കളിക്കൂ
ത്തൊരേ കളിക്കൊട്ടിലൊരേ വികാരം
ഒരാൾക്കു മറ്റാൾ തണൽ-ഈ നിലയ്ക്കാ-
യിരുന്നു ഹാ, കൊച്ചുകിടാങ്ങൾ ഞങ്ങൾ.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
രണ്ടു കിടാങ്ങളുണ്ടങ്ങൊരുപാടത്ത്
തെണ്ടി നടക്കുന്നു പൂവറുക്കാൻ.
ഞാനുമെൻ തൊട്ടയൽവീട്ടിലെച്ചെല്ലമാം‌
ജാനുവും, ഞങ്ങളിണക്കിളികൾ…
താർനിരശേഖരിച്ചങ്ങനെ ജീവിത-
ത്താഴ്‌വാരയുടേ നടന്നു ഞങ്ങൾ…
ആ നറും പൂക്കളല്ലെന്തിനേക്കാളു മാ
ജാനുവിന്നെന്നെയാണേറേയിഷ്ടം…
എൻ തോഴി ചൊല്ലുകിൽ ചന്ദ്രനെക്കൂടിയും
തണ്ടോടറുത്തു ഞാൻ കൊണ്ടുചെല്ലും.
അവ്വണ്ണം മേളിച്ച പാടത്തെപ്പൂക്കളെ
വെവ്വേറെ കുമ്പിളിലാക്കി ദൈവം.
ജാനുവൊരമ്മയായ്, പിന്നീടു കൂട്ടിനു
ഞാനുമൊരോമലിൻ കൈ പിടിച്ചു.
(വൈലോപ്പിള്ളി — പൂക്കാലം)
എന്തോർപ്പിതില്ലയോ മാഞ്ഞു മറഞ്ഞൊരു
മുഗ്ദ്ധകാലത്തിൻ മൃദുലഹാസങ്ങളേ?
ചേർന്നു കളിച്ചതീ മന്നിന്റെ മുറ്റത്തിൽ
ഏതുമറിയാത്ത ബാലികാ ബാലർ നാം…
പൂനിലാപ്പട്ടു വിരിച്ചുള്ളൊരന്തിയിൽ
പൂത്തമനോരഥം വായ്ക്കുന്നവാടിയിൽ
എത്രനാൾ കൈകോർത്തുലാത്തീല, പേർത്തുമ-
ന്നേതുമറിയാത്ത ബാലികാബാലർ നാം!
ചാഞ്ചാടി നാമന്നൊരേ ജീവിതത്തിന്റെ
പൂഞ്ചില്ലയിലിരുപുഷ്പങ്ങളെന്നപോൽ,
പാടിനാമന്നൊരേ വള്ളിക്കുടിൽകളിൽ
പഞ്ചമം പേർത്തും കുയിലിണപോലവേ …
(പി. കുഞ്ഞിരാമൻ നായർ — മറഞ്ഞ മഴവില്ല്)
ഇളം പുളിങ്ങനുണഞ്ഞുനൊട്ടി
ഇലഞ്ഞിമര നിഴൽപ്പാട്ടിൽ
വീടുവെച്ചും ചോടു വെച്ചും
വിറകൊടിച്ചും ചോറുവെച്ചും
വിടുകഥകൾ തൊടുത്തെറിഞ്ഞും
വെടിചൊല്ലി വെകിളിയാർന്നും…
തൊട്ടുരുമ്മിത്തോളുരുമ്മി
തോട്ടത്തിൽ നടന്ന നാളിൽ
എട്ടും പൊട്ടും തിരിയാത്ത
കുട്ടികളാണിരുവരും…
ഇന്നതുപോൽ പെരുമാറാ-
മെന്നു വന്നാൽ പ്പേരുദോഷം.
(എം. ഗോവിന്ദൻ — നോക്കുകുത്തി)
ഉള്ളം തുറന്നിന്നു പാടി ഞാനോർക്കട്ടെ
നിന്നെ, നിന്നെക്കണ്ടുദിച്ച പുലരികൾ…
നമ്മൾ പൂതേടിച്ചവുട്ടിയ മുള്ളുകൾ
നമ്മെയൊന്നിച്ചു വരിഞ്ഞിട്ട നോവുകൾ…
നിന്നെക്കുറിച്ചിനി-
യെന്തു പാടേണ്ടു ഞാൻ?
നിന്നെക്കുറിച്ചെന്തു പാടുവാനല്ലെങ്കിൽ
നിന്നെക്കുടിവെച്ചതില്ലെൻ കുടിലിൽ ഞാൻ…
എന്നാൽ തുലാക്കോളിലൂഴിവാനങ്ങളെ-
ത്തുണ്ടു തുണ്ടാക്കുമിടിമഴ ചാറവേ
മാറിൽ മയങ്ങുമെൻ കാന്തയെച്ചുണ്ടിനാൽ,
നേരിയ വേർപ്പണിക്കയ്യാൽത്തഴുകവേ
എന്തിനു മിന്നൽപോലെങ്ങു നിന്നിന്നലെ
വന്നു നീ യുള്ളിൽത്തെളിഞ്ഞു നൊടിയിട?
(വിഷ്ണുനാരായണൻ നമ്പൂതിരി — ബാല്യകാല സഖി)
കുട്ടിയായ്ക്കഴികയാണന്നു ഞാൻ, സുഹൃത്തേ നീ
മുട്ടിയെൻ വാതില്ക്കലായൊന്നല്ല പലവട്ടം
പാതിചാരിയ വാതില്പാളിയിൽ ഞാനെന്മുഖം
പാതിയുമൊളിപ്പിച്ചു നോക്കുമായിരുന്നല്ലോ…
നവയൗവനത്തിന്റെ ഭ്രാന്തമാം ലാവണ്യത്തിൽ
കവിചേതനയുടെ കല്പനാസമൃദ്ധിയിൽ
പിന്നെ ഞാനടച്ചിട്ട കണ്ണുകൾക്കകം കണ്ടു
നിന്നെ, യെന്നനുരാഗത്തിന്റെ മറ്റൊരു പേരായ്…
ഇപ്പൊഴിത്താങ്ങാൻ വയ്യാത്തണുപ്പിലാളറ്റതാം
കല്പടവിങ്കൽ താനേവന്നു ഞാനിരിക്കുമ്പോൾ
തോർന്നുതീരുന്നോ കാലം, സ്നേഹിത, നിശ്ശബ്ദനായ്
ചേർന്നു നീയിരിക്കുന്നു, കാണ്മു നാം മുഖാമുഖം.
(ഒ. വി. ഉഷ — മുഖാമുഖം‌)
പ്രഭാതത്തിൽ
മഞ്ഞുതുള്ളിയെ സൂര്യരശ്മി എന്നപോലെ
ബാല്യത്തിൽ
ഒരു ബാലികയെ ഞാൻ പ്രേമിച്ചു.
അവൾ ഉരുകി അപ്രത്യക്ഷയായി.
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഋതുഭേദങ്ങൾ)
Ah I remember well (and how can!
But ever more remember well) when first
Our flame began, when scarce we knew what was
The flame we felt, when as we sate and sigh’d…
Then we would kiss, then sigh, then looke…and thus
In that first garden of our simpleness
We spent our childhood…
(Samuel Daniel — A Reminiscence of Early Love)
[4]
ആ യുവപ്രായത്തിൽ മായികസ്വപ്നത്തിൽ
നീയുമൊരപ്സരസ്സായി മാറി
(വൈലോപ്പിള്ളി — പൂക്കൈത)
[5]
വിക്ട്രോർ ഹ്യൂഗോവിന്റെ പിതാവ് നെപ്പോളിയന്റെ സാമ്രാജ്യസേനയിൽ ജനറൽ ആയിരുന്നു-General Hugo
[6]
ലത്തീൻ പ്രാർത്ഥനകളാണ് വിവക്ഷിതം
[7]
പ്രാർത്ഥനകൾ യാന്ത്രികമായി ചൊല്ലുന്നതിനെക്കുറിച്ചു നേർത്ത പരിഹാസം. പ്രകൃതത്തിൽ നായികയുടെ മനസ്സ് ഏതു വഴിക്കു സഞ്ചരിക്കുന്നുവെന്നു സ്പഷ്ടം.
[8]
വെസ്പെറാ: സായാഹ്നപ്രാർത്ഥന-Vespera
[9]
മദ്മ്വസേൽ ലീസ്-കുമാരി ലീസ് (Mademoiselle Lise)
[10]
വിരയേ = വളരെ വേഗത്തിൽ
[11]
ബാല്യരാഗങ്ങൾ = കുട്ടിക്കാലത്തെ പ്രണയങ്ങൾ
[12]
പോയ്പോയ കാലമേ, എന്നിലൊളിച്ചു നീ
കെല്പ്പോടെൻ ഭാവിയെയാശ്ലേഷിപ്പാൻ
ഞാനിപ്പോഴുച്ചയ്ക്കു വാടിയിരിക്കുമ്പോ-
ളോണപ്പൂ തേടി നീ പാടിടുന്നു.
(വൈലോപ്പിള്ളി — പൂക്കാലം)
എന്റെ നാളെയുമിന്നുമിന്നലെകളും മഴ-
വില്ലിലെ നിറംപോലെ നിറത്തിൽ ലയംപോലെ
ചേർന്നലിബെത്താരാ പോയ പുണ്യ കൗമാരത്തിന്റെ
പൂർണ്ണ സംഗീതം വർഷിക്കുന്നിതേ, സ്മൃതികളിൽ…
(വിഷ്ണുനാരായണൻ നമ്പൂതിരി — നിത്യശിശു)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.