images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
3
വന്നില്ല നീയെങ്കിൽ
ലൂയി അറാഗോൻ (LOUIS ARAGON, 1897-1982)

ഫെമിനിസം കൊടികുത്തിവാഴുന്ന പാരീസിൽനിന്നു പതിഭക്തിയുടേതായ പതിഞ്ഞ സ്വരത്തിൽ ഇതാ ഒരു ആത്മനിവേദനം. വൈപരീത്യമെന്നു തോന്നാം, ഒരു ഭാരത സ്ത്രീയുടേതെന്നു സംശയിച്ചു പോകാവുന്നവിധം അത്രയ്ക്കു പാരമ്പര്യാധിഷ്ഠിതമായ മൂല്യ ബോധത്തിന്റെ നനുത്ത ശബ്ദം! കാരണമില്ലാതില്ല. പൊതുവിൽ കുടുംബ ബന്ധങ്ങൾക്കു വില കല്പിക്കുന്ന പരമ്പരാഗത ക്രൈസ്തവ മൂല്യങ്ങളെ അനുവർത്തിക്കുന്നവളാണ് ഫ്രഞ്ച് സ്ത്രീ. പോരെങ്കിൽ അടുത്തകാലം വരെ വോട്ടവകാശമോ സാമ്പത്തിക ഇടപാടുകൾ നടത്താൻ സ്വാതന്ത്ര്യമോ ഇല്ലാത്ത ഒരു പിന്നോക്കക്കാരിയുമായിരുന്നു. ഇതത്രെ ഈ കവിതയിൽ പ്രകടമായിട്ടുള്ള ‘വിധേയത’യുടെ പശ്ചാത്തലം. ലൂയി അറാഗോൻ ആധുനികകവികളിൽ അഗ്രഗണ്യനാണ്. സർ റിയലിസത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായിരിക്കേ കമ്യൂണിസത്തിലേക്ക് ആകൃഷ്ടനായി സോഷ്യലിസ്റ്റ് റിയലിസ്റ്റായി മാറി യുദ്ധകാലത്ത് ‘പ്രതിരോധ’ കവിയായി. സോവ്യറ്റ് യൂണിയൻ പ്രാഗ്വസന്തത്തെ അടിച്ചമർത്തിയതിൽ പ്രധിഷേധിച്ചു സാർത്രിന്റെയും മറ്റുമൊപ്പം കമ്മ്യൂണിസത്തോട് വിടപറഞ്ഞു. ഒടുവിൽ ശുദ്ധ ലിറിസിസത്തിന്റെ ഉദാത്ത മാതൃകകളായ കവിതകളുടെ കർത്താവായി.

വന്നില്ല നീയെന്റെ പാതയിലെങ്കിൽ ഞാ-
നെന്താകുമായിരുന്നെന്നോർത്തു പോകയാം,
കാട്ടിന്നകത്തൊരു നൂറ്റാണ്ടു നീളുന്ന
നിദ്രയിലാണ്ടു കിടപ്പവളായിടാം [1]
ഓട്ടമറ്റക്കപ്പലകമേൽ നിശ്ചലം
നില്ക്കും ഘടികാര സൂചികയായിടാം
അക്ഷരവ്യക്തിയും അർത്ഥസ്ഫുടതയു-
മറ്റുള്ള വാക്കുകളോതുവോളായിടാം
വന്നില്ല നീയെന്റെ പാതയിലെങ്കിൽ ഞാ
നെന്താകുമായിരുന്നെന്നോർത്തു പോകയാം
മാനുഷികങ്ങളാം കാര്യങ്ങളൊക്കെയും
ഞാനിങ്ങറിഞ്ഞതു നിന്നിലൂടല്ലയോ
വിശ്വത്തെ ഞാനഭിവീക്ഷിപ്പതേ തവ-
വീക്ഷാവിശേഷത്തെ മാതൃകയാക്കിയാം [2]
നിന്നിൽ നിന്നെല്ലാം പഠിച്ചു ഞാൻ
തണ്ണീരു നീരുറവീന്നും കുടിയ്ക്കും കണക്കിനേ
വിണ്ണിൻ വിദൂരതയിങ്കലെ നക്ഷത്ര-
വൃന്ദങ്ങൾ തൻ പൊരുളോരുന്ന മാതിരി
ഗാനനിരതനായ് പോകും പഥികന്റെ
താനങ്ങൾ കേട്ടു പഠിക്കുന്ന പോലവേ
ഉൾക്കുളിരെന്തെന്നതുൾപ്പെടെ നിന്നിലൂ-
ടുൾക്കൊള്ളുവാൻ കഴിഞ്ഞെല്ലാമെനിക്കയേ
വന്നില്ല നീയെന്റെ പാതയിലെങ്കിൽ ഞാ-
നെന്താകുമായിരുന്നെന്നോർത്തു പോകയാം
വാഴ്‌വിൻ സമസ്യകൾ നേരിടാൻ വേണ്ടതും
സ്വായത്തമാക്കി ഞാൻ നിന്നിലൂടന്വഹം
തേറി ഞാനുച്ചവെയിലൂക്കു നിന്നിലൂ-
ടംബരം നീലിമയാർന്നിടാമെന്നതും
ജീവിതാനന്ദമൊരു പാനശാലയിൽ
മങ്ങിയെരിയും പ്രദീപമല്ലെന്നതും
രണ്ടുപേരൊന്നായിത്തീരുന്ന ദാമ്പത്യ-
ബന്ധമെന്തെന്നുള്ളറിവേ മനുജനു
നഷ്ടമായുള്ളൊരിന്നവ്യനരകത്തിൽ [3]
എൻ കയ്യുനിൻകയ്യിലേന്തി നടപ്പു നീ [4]
വന്നു പിടിച്ചുതേ മൽക്കരമാനന്ദ-
തുന്ദിലനാമൊരു കാമുകനായി നീ [5]
വന്നില്ല നീയെന്റെ പാതയിലെങ്കിൽ ഞാ-
നെന്താകുമായിരുന്നെന്നോർത്തുപോകയാം
ആനന്ദഗാനമുതിർപ്പോർക്കുമക്ഷികൾ
ആതങ്കഭാവം കലരാം പലപ്പൊഴും
ഭഗ്നപ്രതീക്ഷതൻ ഗദ്ഗദമായിടാം
വാദനവേളയിൽ തന്ത്രിതൻ ഭംഗമാം
എന്നാലുമാനന്ദപ്രാപ്തിയ്ക്കു വേണ്ടത്ര-
യുണ്ടിടമെന്നു താൻ നിന്നോടു ചൊൽവു ഞാൻ
സുപ്തിയിൽപ്പൊങ്ങും കിനാക്കളിലല്ലതു
മാനത്തുലാത്തും മുകിൽകളിലല്ലതു
ഈ മണ്ണിലീമണ്ണിലിന്നിയുമജ്ഞാത-
മായെത്രയെത്ര തുറമുഖമില്ല താൻ [6]
വന്നില്ല നീയെന്റെ പാതയിലെങ്കിൽ
ഞാനെന്താകുമായിരുന്നെന്നോർത്തു പോകയാം.

Que Serais-Je Sans toi

കുറിപ്പുകൾ
[1]
ദുർമ്മന്ത്രവാദിനിയുടെ ചതിമൂലം, ഒരു രാജകുമാരൻ വന്നുണർത്തുന്നതുവരെ നൂറുകൊല്ലം കാട്ടിലുറങ്ങിപ്പോയ രാജകുമാരിയുടെ കഥ.
[2]
ഓമൽ പ്രണയം തുളുമ്പും നല്ലൊ-
രോടക്കുഴൽവിളി കേൾപ്പൂ
ഹാ, മത്തനുലത പെട്ടെന്നൊരു
രോമാഞ്ചമായിക്കഴിഞ്ഞു.
അക്ഷയ ജ്യോതിസ്സണിഞ്ഞെൻ ജീവൻ
നക്ഷത്രം കൊണ്ടു നിറഞ്ഞു.
(ചങ്ങമ്പുഴ — വൃന്ദാവനത്തിലെ രാധ)
അവിടുന്നു ഭേസിടും ഭാരമാണെൻ ഭാരം
അവിടുത്തെ മാർഗ്ഗമെനിക്കു മാർഗം.
(വൈലോപ്പിള്ളി — കൊറിയയിൽ, സിയൂളിൽ)
Teach me, only teach, Love !
As I ought
I will speak thy speech, Love
Think thy thought.
(Robert Browning — A Woman’s Last Word)
[3]
പ്രേമമൊരുമിനീരായ്ക്കാണുവോർ കായിൻ പേരിൽ
പൂ മതിക്കുവോർ ഒന്നും പുണ്യമായെണ്ണീടാത്തോർ.
(വൈലോപ്പിള്ളി — യുഗപരിവർത്തനം)
[4]
വന്നുപോൽ ചിറകാർന്ന ഭീതികളെനിക്കായി-
ത്തന്നിടാൻ പരീക്ഷിക്കാനോരോരോ സമ്മാനങ്ങൾ-
നോവുക, ളാലസ്യങ്ങൾ, രോഗങ്ങൾ, നിരാശയിൽ
വീഴാതെ സുശക്തമാം നിൻകൈകളെന്നെത്താങ്ങി.
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
നാടുവേരുകൾ പൊട്ടി ത്വരിതം ചലിക്കവേ
ചോടുതെറ്റിയെൻ കരൾ തേങ്ങുന്നു മന്ത്രിക്കുന്നു
‘ഹാ സഖി നീയെന്നോടുചേർന്നു നില്ക്കുക.…’
(വൈലോപ്പിള്ളി — യുഗപരിവർത്തനം)
… ഒരു വിശ്വാസത്തിന്റെ പൊന്നൂഞ്ഞാൽപ്പാട്ടുംപാടി
അന്യോന്യമൂന്നായ്പ്പോകാം, ഭൂവിലെ വാഴ്‌വേ സത്യം.
(മുല്ലനേഴി — സതി)
തരിക നിൻ വലതു കൈ / തുടരാമീയനുയാനം
ചരിയുമീ വെട്ടമെന്നും / നമുക്കു സ്വന്തം.
(ശ്രീധരനുണ്ണി — അനുയാനം)
ദുഃഖഭാരങ്ങളിറക്കുവാനന്യോന്യ-
മത്താണിയായി നാം! -കൊച്ചു സ്വപ്നങ്ങളും
കൊത്തിയുടച്ചു കൊറിച്ചിരുന്നു. ശ്രമ-
തപ്തമാം പാദം തരളമാം പാണിയാ-
ലൊട്ടു തലോടിയിരുന്നു മയങ്ങി നാം,
അല്പമാത്രങ്ങളാം വിശ്രമ വേളകൾ,
(ഒ. എൻ. വി. — ശാർങ്ഗകപ്പക്ഷികൾ)
The breathing in unison
Of lovers whose bodies Smell of each other
Who think the same thoughts without need of speech
And babble the same speech without need of meaning.
(T. S. Eliot — A Dedication to my Wife)
[5]
വന്നു നീയെൻ വാതില്ക്കൽ അർത്ഥിയായ് ജേതാവായും
എന്മിഴികളിലൊരേ നിനവായ് കിനാവായും.
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
She found me roots of relish Sweets
And honey wild and manna-dew
And Sure in language Strange she said
I love thee true.
(Keats — La Belle Dame Sans Merci)
[6]
മന്നിന്റെ മാമൂൽ പടുത്ത കടവത്തു
നിന്നുമീ രാവിൽ നാം നീക്കുക തോണിയെ
ഓമൽ സ്മിതത്തിന്റെയുന്മേഷമാക നാം
പൊന്നിൻ മലരും മണവുമാകാവു നാം.
ഇന്നു പരസ്പരം ചുംബിക്ക ഹൃത്തുക്ക-
ളൊന്നായ് വിടർന്നുള്ള പുഷ്പങ്ങൾ പോലവേ,
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.