images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
35
എങ്ങിനെയോ അങ്ങിനെ
ഴാക്ക് പ്രെവേർ (JACQUES PREVERT, 1900-1977)

ഒരു പെണ്ണിന് ഒരാണിനെ മാത്രമേ പ്രേമിച്ചുകൂടൂ? അല്ലെന്നു ഴാക്ക് പ്രവേറിന്റെ നായിക പറയുന്നു. പക്ഷെ, വരുന്നവരെയെല്ലാം വിരുന്നുട്ടുന്നവളല്ല താൻ, തന്നെ പ്രേമിക്കുന്നവനെ താൻ പ്രേമിക്കും. പ്രേമം പ്രധാനം. എന്നാൽ ഓരോ തവണയും ഇതൊരാൾതന്നെ ആയിരിക്കില്ല. ഇതിൽ തെറ്റെന്ത്? ഇതു സ്വന്തം പ്രകൃതം. ഇതിലിടപെടാൻ മറ്റുള്ളവർക്കെന്തധികാരം? സാമ്പ്രദായികത്വത്തിനെതിരെ പൊരുതിയ ഴാക്ക് പ്രെവേർ ഫ്രഞ്ച് നവസിനിമയുടെ പ്രശസ്തനായ തിരക്കഥാകൃത്ത് കൂടിയാണ്.

എങ്ങിനെയാണോ ഞാനങ്ങിനെയാണു ഞാൻ
അങ്ങിനെ സൃഷ്ടിക്കപ്പെട്ടവൾ ഞാൻ.
ഒന്നു ചിരിക്കണമെന്നങ്ങു തോന്നിയാൽ
അന്നേരം പൊട്ടിച്ചിരിച്ചിടും ഞാൻ.
എവനെന്നെ പ്രേമിക്കുന്നവനെ ഞാൻ പ്രേമിക്കും-
ഇതു മമ പ്രേമപ്രമാണമല്ലോ. [1]
ഓരോ തവണയുമൊരുവൻ താനല്ലീവൻ
ഇതിലെന്തു തെറ്റു ഞാൻ ചെയ്തിടുന്നു? [2]
എങ്ങിനെയാണോ ഞാനങ്ങിനെയാണു ഞാൻ
അങ്ങിനെ സൃഷ്ടിക്കപ്പെട്ടവൾ ഞാൻ.
ഇതിനേക്കാളെന്തൊന്നു ചെയ്യേണ്ടു, നിങ്ങൾക്കി-
ങ്ങിതിലുമുപരിയായെന്തു വേണം?
ആമോദമേകുവാൻ സൃഷ്ടിക്കപ്പെട്ടു ഞാൻ [3]
ആവില്ലെനിക്കിതിലൊന്നും മാറ്റാൻ.
ഏറേയുയർന്നതാണെന്റെ മടമ്പുകൾ
ഏറേ നിവർന്നതാണെന്റെ മേനി
ഏറേ ദൃഢതയാർന്നുള്ളതെൻ മാറിടം
ഏറേ നിഴലുറ്റതെന്റെ മിഴിത്തടം.
ഇതിലൊക്കെയെന്തുണ്ടു നിങ്ങൾക്കു കാര്യ മി-
തഖിലവുമെന്നുടെ സ്വന്ത കാര്യം. [4]
എങ്ങിനെയാണോ ഞാനങ്ങിനെയാണു ഞാൻ
അങ്ങിനെ സൃഷ്ടിക്കപ്പെട്ടവൾ ഞാൻ.
അഭിമതനായോനെയഭിരമിപ്പിക്കും ഞാൻ
ഇതു സ്വന്തമാകുന്നൊരെന്നഭീഷ്ടം. [5]
എതു മട്ടിൽ ബാധിക്കുന്നെൻ സ്ഥിതി നിങ്ങളെ?
മടിയൊന്നുമില്ലാതെ ചൊന്നിടട്ടെ,
ഒരുവനെ പ്രേമിപ്പു ഞാനവനെന്നെയും, [6]
ചെറു ബാലർ തങ്ങളിൽ പ്രേമിക്കും പോൽ,
പ്രേമിക്കാൻ പ്രേമിക്കാൻ പ്രേമിക്കാൻ മാത്രമേ
പിഞ്ചുകുമാരർക്കറിഞ്ഞു കൂടൂ.
അതുകൊണ്ടു ചോദിപ്പേൻ എന്തിനാണീയെന്നെ
എതിരുവിസ്താരം നടത്തിടുന്നു?
ആമോദം നിങ്ങൾക്കരുളുവാൻ നില്പു ഞാൻ
ആവില്ലെനിക്കിതിലൊന്നും മാറ്റാൻ.

Je Suis Comme Je Suis

കുറിപ്പുകൾ
[1]
സ്ത്രീ തന്നിളം ചുണ്ടിനു ദാഹമുണ്ടു
വേണം ശ്വസിപ്പാനിഹ, കാറ്റവൾക്കും.
സ്പന്ദിക്കലുണ്ടാനതഗാത്രിയാൾ ത-
ന്നധീനമാം പ്രേമവിമുഗ്ദ്ധ ചിത്തം
പൊൻകൂട്ടിലിട്ടു പ്രബലൻ പൂമാൻ താൻ
സ്ത്രീചിത്തമങ്ങേറിയ കാലമായി,
മറന്നു പോയ് പൈങ്കിളിയാപ്പതത്രം
തനിക്കുമുണ്ടെന്നൊരു വാസ്തവത്തെ.
(പി. കുഞ്ഞിരാമൻ നായർ — വരഭിക്ഷ)
നെല്ലരിപണം മുമ്പാം പദാർത്ഥങ്ങ-
ളല്ല ചോദിപ്പതേതു ഗൃഹത്തിലും,
സ്നേഹമാണതു നല്കുവാനില്ലെങ്കിൽ
ആഹതാശനായഗ്ഗൃഹം ഞാൻ വിടും.
ഈ രുചിരചികുരത്തിൽ നിന്നൊരു
നാരു തന്നാൽ മതി ഞാൻ കൃതാർത്ഥനാം.
(ജി. — പ്രേമഭിക്ഷ)
When I asked for love not knowing whatelse to ask for, he drew a youth of
sixteen into his bedroom and shut the door. He did not beat me but my sad
woman body felt so beaten. The weight of my breasts and womb crushed me.
I shrank pitifully…
(Kamala Das — An Introduction)
[2]
പഞ്ച ഭർത്താക്കളൊരുനാരിക്കുണ്ടാമോ നാഥാ
പഞ്ചബാണാരേ, യതുധർമ്മമല്ലെന്നുകേൾപ്പു…
ഒരുത്തിക്കൊരുഭർത്താവൊഴിഞ്ഞു വിധിച്ചതി-
ല്ലൊരുത്തന്നനേകം നാരികളെക്കൊള്ളാംതാനും…
പുത്രാർത്ഥം ഭർത്തൃനിയോഗത്താലാപദി കൊള്ളാ-
മത്രേ മറ്റൊരുത്തനെക്കേവലമുൽപ്പാദിപ്പാൻ.
മൂന്നാമതൊരുവനെ പ്രാപിച്ചാൽ പ്രായശ്ചിത്തം
മാന്യന്മാർ വിധിച്ചവണ്ണം ചെയ്തതേ മതിയാവൂ.
നാലാമതൊരുവനെ പ്രാപിച്ചാൽ പതിതയാം
നീലവേണികളെന്നു നിർണ്ണയമറിഞ്ഞാലും.
വന്ധകിയായ് വന്നീടു മഞ്ചാമതൊരുവനെ
ചിന്തിക്കിലെന്നെല്ലാമുണ്ടെന്നു കേട്ടിരിപ്പു ഞാൻ.
ആകയാലനേകം ഭർത്താക്കന്മാരുണ്ടാകേണ്ടാ,
ലൗകികമല്ലനൂനം വൈദികമതുമല്ല,
സങ്കരദോഷമെനിക്കുണ്ടാ, മെന്നതുകേട്ടു
ശങ്കരൻ നാളായണിയോടരുൾ ചെയ്തീടിനാൻ:
പണ്ടു നാരികളനാവൃതമാരത്രെ നിന-
ക്കുണ്ടാകയില്ല ദോഷമതിനാലൊന്നുകൊണ്ടും.
(എഴുത്തച്ഛൻ — ശ്രീമഹാഭാരതം (പാഞ്ചാലിയുടെ പൂർവ്വകഥ))

വന്ധകി = വേശ്യ
അനാവൃത = നിയന്ത്രണത്തിനു വഴങ്ങാത്തവൾ (സ്വതന്ത്ര)
നിച്ചിലും സ്വാർത്ഥമേ നോക്കും ചില നര-
രിച്ഛപോലെ കുടുക്കിട്ടു നല്ലാർകളെ
മൊച്ച കളിപ്പിക്കുവാനായ് വിരചിച്ച
തൃച്ചങ്ങലയ്ക്കാം സതീധർമ്മമെന്ന പേർ.
(വള്ളത്തോൾ — കൊച്ചുസീത)
സ്നേഹം പങ്കുവെച്ചാലൊടുങ്ങുന്ന
ദ്രവ്യം പോലെയാണോ?…
എന്റെ സ്നേഹം മഞ്ഞുമലയിൽനിന്നുദ്ഭവിക്കുന്ന അരുവിപോലെയാണ്.
എത്ര പകർന്നാലും തീരാത്ത
ഒരു പ്രവാഹം.
ജ്വലിച്ചുകൊണ്ടിരിക്കുന്ന
വിളക്കുപോലെയാണത്.
പുതിയ തിരികളിലേക്ക് പകരുമ്പോൾ
അതണഞ്ഞു പോകുവതെങ്ങനെ?
വെളിച്ചം മങ്ങിപ്പോകുവതെങ്ങനെ?
പരിരക്ഷിക്കപ്പെടുന്ന സ്നേഹത്തിൽ
ഞാൻ വിശ്വസിക്കുന്നതേയില്ല.
ക്ലാവ് പിടിക്കുന്ന ഓട്ടു പാത്രംപോലെ
പൂപ്പൽ പിടിക്കുന്ന പലഹാരംപോലെ
എന്റെ സ്നേഹത്തെ ഞാനെന്തിന്
പരിരക്ഷിച്ചു പരിരക്ഷിച്ച്
ഒരു പാഴ്‌വസ്തുവായ് മാറ്റണം?
(റോസ് മേരി — മഞ്ഞുമലയിൽനിന്നുദ്ഭവിക്കുന്ന അരുവി)
Fidelity in love
is only for the immortals,
the wanton Gods who sport in their
secret heavens and feel
no fatigue. For you
and me, life is too short
for absolute bliss and much too long alas, for constancy.
(Kamala Das — Mortal Love)
[3]
ധർമ്മം നമുക്കിന്നു രണ്ടേ വിനിശ്ചിതം
നന്മയ്ക്കു കോവിലിൽപ്പോയ് നൃത്തമാടലും
പുമ്മാനസങ്ങളെ നൃത്തമാടിക്കലും.
(വള്ളത്തോൾ — കൊച്ചുസീത)
[4]
കുറ്റം പറയുവാനിത്രമാത്രം
മറ്റുള്ളവർക്കിതിലെന്തുകാര്യം?
(ചങ്ങമ്പുഴ — രമണൻ)
[5]
ഗുണബുദ്ധിയാൽ ഞാൻ, തോഴി
കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ.
അനുരക്തരഹോ ധനപതികൾ നിത്യമെൻ കാലിൽ
കനകാഭിഷേകം ചെയ്തതു തൊഴുതാൽപ്പോലും
കനിഞ്ഞൊന്നു കടാക്ഷിപ്പാൻ മടിക്കുമിക്കൺകൾ കൊച്ചു-
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ
(ആശാൻ — കരുണ)
[6]
Later I met a man. Loved him. Call him not by any name, he is every man
who wants his woman, just as I am every woman who seeks love.
(Kamala Das — An Introduction)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.