images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
36
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
ലൂയി അറാഗോൻ (LOUIS ARAGON, 1897-1982)

ജീവിതം ഒരു വേദനയാണ്, വിചിത്രമായ ഒരു വിരഹവേദന. വേദനാത്മകത ജീവിതത്തിന്റെ സദ്ഭാവങ്ങളിലൊന്നായ പ്രേമത്തിന് ഈ നൈസർഗ്ഗിക ദുഃഖത്തെ മറികടക്കാനാവില്ല. അത്രയുമല്ല, കണ്ണീരിൽനിന്ന് ജീവനം കൈവരിക്കുകകൂടി ചെയ്യുന്നു പ്രേമം. അതുകൊണ്ട് ആനന്ദപൂർണ്ണമായ പ്രേമം എന്നൊന്നില്ല, വിപ്ലവകവിയും പ്രതിരോധകവിയുമെന്നപോലെ പ്രേമഗായകനുമായ ലൂയി അറാഗോൻ സിദ്ധാന്തിക്കുന്നു.

മനുജനൊന്നും സ്വയാർജ്ജിതമല്ല തൻ
ബലമബലത ഭാവങ്ങളൊന്നുമേ
തനതു കൈകൾ നിവർത്തുന്നുവെന്നവൻ
കരുതവേ കുരിശാകുന്നു തന്നിഴൽ [1]
സ്വക സുഖത്തെ മുറുകെപ്പിടിച്ചവൻ
അതു തകർത്തു തരിപ്പണമാക്കയാം
മനുജ വാഴ്‌വു വിചിത്രമായുള്ളൊരു
വിരഹവേദനയെന്നേ പറയാവു [2]
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ് [3]
ഇതരലക്ഷ്യത്തിനായുടുപ്പിട്ടു പോർ-
നിലമണയും നിരായുധ സൈനികർ [4]
പുലരിയിങ്കലുണർന്നു മൂവന്തിയിൽ
തൊഴിലനിശ്ചിതത്വത്തിൽ വലയുവോർ
ഇതു കണക്കല്ലി ജീവിതം ചൊന്നാലും
കരുതി വെയ്ക്കുക കണ്ണുനീരന്യൂനം
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
സുമുഖി സുപ്രിയേ എൻ ദുഃഖനായികേ
സതത മീയെന്നെക്കാത്തിടും മാലാഖേ
ഒരു മുറിവേറ്റ പക്ഷിപോൽ നിന്നെ യെൻ
കരളിലേറ്റി ഞാൻ കൊണ്ടുനടക്കയാം
പഥിയിൽ നമ്മൾ നടന്നകന്നീടവേ
കഥയറിയാത്ത മാനവരാലെ നാം
പലതരത്തിൽ പരാമൃഷ്ടരായിടു-
ന്നവരറിഞ്ഞിടാതോതുന്നു മുമ്പു ഞാൻ
കഥകളോതാൻ മെനഞ്ഞ വചനങ്ങൾ
തവ നെടുനീല നേത്ര പ്രദീപ്തിയിൽ
അവ കരിഞ്ഞമർന്നീടുന്നു തൽക്ഷണം
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
ഉചിത വാഴ്‌വു നയിക്കാൻ പഠിച്ചിടു-
ന്നതിനു കാലമൊരൊത്തിരി വൈകിപ്പോയ്
ഇരവിൽ നാമൊത്തു ചേരവേ നമ്മുടെ
ഹൃദയയുഗ്മകം കേഴ്‌വു സംയുക്തമായ്
കെടുതിവേണം ചെറു പാട്ടും ഊറുവാൻ
കദനം വേണം കരളിളകീടുവാൻ
ഇടറണമിടനെഞ്ചു ഗിത്താറിനു
പുതിയൊരീണം പുറത്തൊഴുകീടുവാൻ [5]
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
പ്രണയമൊന്നില്ല വേദനാമുക്തമായ്
പ്രണയമൊന്നില്ല ഹാനിയേകാത്തതായ്
പ്രണയമൊന്നില്ല വാട്ടമേലാത്തതായ [6]
ഭവതിയോടുള്ള പ്രേമത്തെക്കാളിലും
ഉപരിയല്ലെന്റെ ജന്മഭൂ പ്രേമവും
പ്രണയമൊന്നില്ല സ്വന്തമാം ജീവനം
നയനനീരിങ്കൽനിന്നു നേടാത്തതായ്
ഇരുവർ നമ്മളന്ന്യോന്യമാർന്നീടു മി-
പ്രണയമാണെങ്കിൽ നമ്മുടെ മാത്രമാം
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്.

II N’ya Pas D’amour Heureux

കുറിപ്പുകൾ
[1]
നിശാസുഗന്ധികളിറുക്കുവാൻ നിന്റെ
പ്രണയസ്വപ്നത്തിൻ കരങ്ങൾ നീളുമ്പോൾ
ഒടിഞ്ഞു തൂങ്ങിയ കഴുത്തുമായ് രാവിൻ
കുരിശിൽ ഞാനെന്നോ തറഞ്ഞു നില്പല്ലോ.
(പി. ഉദയഭാനു — കടലും കരയും)
[2]
അഹഹ സങ്കടമോർത്താൽ മനുഷ്യജീവിതത്തേക്കാൾ
മഹിയിൽ ദയനീയമായ് മറ്റെന്തൊന്നുള്ളൂ?
(ആശാൻ — കരുണ)
കേവലം ഘനീഭൂതമാകിന കണ്ണീരാണി-
ബ്ഭൂതലം നെടുവീർപ്പാണീയന്തരീക്ഷംപോലും
പിന്നെയും കുരുക്കുന്നു പിന്നെയും വിളറുവാൻ
പിന്നെയും ജീർണ്ണിക്കുവാൻ, ശാശ്വതമൊന്നേ ദുഃഖം.
(ജി. — അന്തർദാഹം)
ആവിർഭവിപ്പതു ഹർഷത്തിലെങ്കിലും
ജീവിപ്പിതെല്ലാരും നോവിൽ.
അത്തലിൽ ജീവിച്ചടിയുന്നു, മൃത്യുവിൻ
പ്രത്യുഷസ്സില്ലാത്ത രാവിൽ…
നീ കാഞ്ചതില്ലയോ പാരിലെജ്ജീവിത-
ശോകാന്ത നാടകരംഗം.
(വൈലോപ്പിള്ളി — പുണ്യദർശനം)
നർത്തനമണ്ഡപമല്ലയീമന്നിടം
പോർക്കളമെന്നായ് ക്രമേണയറിഞ്ഞു ഞാൻ;
പൊൽക്കുളിർപ്പുംപൊയ്കയല്ലയിജ്ജീവിതം
ആർത്തലയ്ക്കുന്നോരു സാഗരമെന്നതായ്;
രോഗ ദാരിദ്ര്യം മരണം നിരാശയും
കൂത്താടിയാർക്കും ചുടലയെന്നുള്ളതായ്;
രണ്ടു തലയുമെരിയുമപ്പന്തത്തി-
ലുള്ളോരെറുമ്പുകൾ ജീവികളെന്നതായ്;
മർത്ത്യശിരസ്സിനാൽ പന്താടിയുംകൊണ്ടു
നൃത്തം ചവിട്ടുന്നിതിക്കാല ദൈരവൻ,
കേൾക്കുന്നു വാദ്യകോലാഹലത്തിങ്കലും
തന്ത്രി ശൂലത്തിന്റെ പൊൻ കിങ്കിണി സ്വനം.
(പി. കുഞ്ഞിരാമൻ നായർ — മറഞ്ഞ മഴവില്ല്)
ഇവിടം ജീവിത സംഗ്രാമത്തിൻ ചുടലക്കളമോ
ചുടുനീർക്കുളമോ? (കടമ്മനിട്ട — കടമ്മനിട്ട)
ലവണവൃക്ഷം പിടഞ്ഞു തളിർക്കുന്നു
കൊടിയ നോവിന്റെ ചക്രവാളങ്ങളിൽ
അറിക ജീവന്റെ പൂക്കാലമത്രയും
അമൃതമാക്കുന്ന വേദനയാണു ഞാൻ.
തിരിയുമീ ജീവചക്രമായ് വട്ടത്തി-
ലൊഴുകിടും കണ്ണുനീരാണ് ജീവിതം.
(ആലങ്കോട് ലീലാകൃഷ്ണൻ — സഹയാത്രികൻ)
കേഴുക, കേഴുക! കാലമിതെത്രയും
ക്രൂരം, സ്വയം നീറി നീറിയൊടുങ്ങുക.
ആരുണ്ടു കൂടെ? യാശിക്കുവാനെന്തുള്ളൂ?
ഹേ, ദുഃഖിതാത്മൻ, ചുമക്കുക ജീവിതം.
(കാരൂർ ശശി — ഈ പൂമണം എനിക്കു സ്വന്തം)
കഥയാണ്, കഥയാണ് കഥയാണ് പിന്നെ
വ്യഥയാണ്, വ്യഥയാണ് വ്യഥയാണ് ജന്മം.
(മേലത്ത് ചന്ദ്രശേഖരൻ — ജന്മം)
Life is a ‘tapasya’ of pain till death.
(Tagore — On the bank of Rupnarayana)
[3]
അതിസുഖവാസമിങ്ങസുലഭമവനിയിൽ.
(ഉണ്ണായി വാര്യർ — നളചരിതം ആട്ടക്കഥ)
പ്രേമം തന്നെ ജയിപ്പു ലോകമതുതാ-
നാനന്ദ ദുഃഖാത്മകം.
(ആശാൻ — പ്രരോദനം)
അവിരതം സുഖം അവികലം ശുഭം
എവിടെയുണ്ടതീയുലകിൽ മാനുഷാ?
(ഉള്ളൂർ — പ്രബോധനം)
പൊട്ടിച്ചിരിയോടുകൂടിയാൽ കണ്ണുനീർ
പൊട്ടിയിട്ടല്ലാതെ കണ്ടതില്ല.
തങ്കത്തുടുപ്പു തെളിയുന്ന സന്ധ്യപോയ്
പങ്കിലമാകാതിരിക്കയില്ല.
(നാലപ്പാടൻ — എങ്കിലും)
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലു നിറഞ്ഞവയായിരുന്നു.
സ്ഫടികാഭമാകുമരുവികൾ ത-
ന്നടിയെല്ലാം പങ്കിലമായിരുന്നു.
(ഇടപ്പള്ളി — അപരാധി)
പാരിതു ദുഃഖോല്ലാസം നൂനം.
(ഇടശ്ശേരി — മകന്റെ വാശി)
എല്ലാ/മധുരങ്ങളും കയ്പിൽ കലരുന്നതേ ലോകം
മധുരം കയ്പിൽ വന്നു നിറയുന്നതേ ലോകം.
(പ്രഭാവർമ്മ — മുലപ്പാൽ)
…Be our joys three parts pain.
(Robert Browning — Rabbi Ben Ezra)
[4]
ഇരുളിലൂടെങ്ങും മുഴങ്ങിപ്പരക്കുന്ന
മുറവിളിക്കുള്ളിലിത്തീമഴയിൽ
ആളുന്ന വാൾവീശൽ നോക്കിയൊഴിയുവാ-
നാവാതെ ചോരപ്പുഴയിൽ മുങ്ങി
ഒരു വാളുപോലും കരത്തിലില്ലാതെ, പാഴ്
ചിരികൾക്കുമേകശരവ്യമായി
ഉഴറിത്തളർന്നു നില്ക്കുന്നൊരിക്കയ്യുക-
ളുയരാത്ത പാർത്ഥനെയൊന്നു നോക്കൂ!
ദുസ്സഹമല്ലോ കുരുക്ഷേത്ര ഭൂവിലീ
നിസ്സഹായത്വം: നിറഞ്ഞ ദുഃഖം.
(സുഗതകുമാരി — കുരുക്ഷേത്രത്തിൽ)
[5]
നോവുതിന്നും കരളിനേ പാടുവാ-
നാവു നിത്യമധുരമായാർദ്രമായ്.
(ജി. — വനഗായകൻ)
ഏതു നാൾതൊട്ടെന്നോർമ്മയി, ല്ലെന്റെ നെഞ്ചത്തോമൽ
പ്പൈതലെന്നോണം പറ്റിക്കിടക്കും കദനമേ,
… … …
പാരിലെ പ്രകാശം നിൻ കൺകളിൽ നിറഞ്ഞോലും
നേരമാണെന്നാം വേലിയേറ്റമെൻ കഴിവിന്നും
(ബാലാമണിയമ്മ — ദുഃഖം)
നിർഭയം നിസ്സന്ദേഹം പാടിനാൻ കവി: ദുഃഖ-
നിർഭരമാവാതെന്റെ ചേതനയ്ക്കില്ലാ നാദം.
(ഒ. എൻ. വി. — ചോറൂണ്)
പൂർണ്ണമല്ലെങ്കിലും മദ്രേഖയോരോന്നും
ആർദ്രമെൻ ചെഞ്ചോരയിറ്റിറ്റു വീഴ്കയാൽ.
(ജി. കുമാരപിള്ള — ചിത്രകാരൻ)
നീ വിരചിച്ച കാവ്യമത്രയും
നിന്റെ ഹൃദ്രക്ത രേഖകൾ.
(യൂസഫലി കേച്ചേരി — വയലാർ)
എന്റെ കവിത-
അതു തീവ്രനൊമ്പരത്തിൽനിന്നു
പിറക്കുന്നതാണ്.
ഇടിവെട്ടുമ്പോൾ കൂണുമുളയ്ക്കുംപോലെ
ഓരോ ആഘാതത്തിലും
ഓരോ കവിത വിരിയുകയാണ്.
മനസ്സിന്റെ മുറിവുകളിൽനിന്നു കിനിയുന്ന
രുധിരമാണെന്റെ കവിത.
(റോസ് മേരി — എന്റെ കവിത)
കടഞ്ഞെടുത്തേൻ കണ്ണീരൊക്കെ
ക്കവിതാ മാധുരിയായ്
(കടവനാട് കുട്ടികൃഷ്ണൻ — വെട്ടും കിളയും ചെന്ന മണ്ണ്)
Our sweetest songs are those that tell of saddest thought.
(Shelley — To a Skylark)
[6]
ചെറിയ മുനമുള്ളുണ്ടു ചെമ്പനീർച്ചില്ലയിൽ
കൊടിയ വിഷസർപ്പങ്ങൾ താമരപ്പൊയ്കയിൽ
മൃദുല മുകുളങ്ങളിൽ കീടങ്ങൾ, രാവിലാ-
പ്പെരുവഴിയിൽ വാ പിളർന്നുള്ള വൻകുണ്ടുകൾ
കളമധുര ഗീതിയിൽ താളഭംഗങ്ങൾ പാ-
ഞൊഴുകുമൊരു ചോലയിൽ കൂർത്തെഴും പാറകൾ
പൊരുളുകളിൽ വൈരുദ്ധ്യം, ആ സ്നേഹവായ്പിലും
വെറുതെയൊരു വിദ്വേഷം ഓർമ്മയിൽത്തെറ്റുകൾ.
(വിഷ്ണുനാരായണൻ നമ്പൂതിരി — മറുക്)
പ്രേമമിറക്കുന്ന തോണിയൊഴുകുന്നി-
താപത്തലയ്ക്കുന്ന കണ്ണുനീരാറ്റിലായ്.
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
എന്നാൽ അനുരാഗമോ?
മുൾപ്പടർപ്പിൽ വിരിയുന്നൊരു
കാട്ടു പൂങ്കുല!
ഓരോ പൂക്കളുതിർക്കുമ്പോഴും
കയ്യിലൊരു മുൾക്കമ്പു തറയുന്നു.
(റോസ് മേരി — മുൾപ്പൂവ്)
Roses have thorns, and silver fountains mud
Clouds and eclipses stain both moon and Sun
And loathesome canker lives in sweetest buds.
(Shakespeare — Sonnets)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.