images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
42
നഗരങ്ങൾ വിടൂ
അൽഫ്രെദ് ദ് വിഞ്ഞി (ALFRED DE VIGNY, 1797-1863)

അസ്തിത്വദുഃഖത്തിന്റെ ഭാരംപേറി തന്നെപ്പോലെ അങ്ങകലെ അവളും അവശയാകുന്നുവെന്ന അനുമാനത്തിൽ, തിന്മകളുടെ കൂടാരമായ നഗരംവിട്ടു പ്രകൃതിയുടെ മടിത്തട്ടിൽ അഭയം‌ തേടാൻ ലോകവിദ്വേഷിയായ കമിതാവു് ജീവിത സഖിയെ ആഹ്വാനം ചെയ്യുന്നു. മനുഷ്യന്റെ സൽഭാവങ്ങളെ സാരമായി ചതയ്ക്കുന്ന വ്യാവസായിക സംസ്കൃതിയോടു് യന്ത്രയുഗത്തിന്റെ ആരംഭത്തിലേ എതിർപ്പു് പ്രകടിപ്പിച്ച ദാർശനിക കവിയാണു് അൽഫ്രെദ് ദ് വിഞ്ഞി.

പരതന്ത്രമാമെന്റെ
ചിറകിൻ മീതേ യാപൽ-
ക്കരമായ് ഞെരുക്കുമീ
നിസ്നേഹ ലോകത്തിനെ-
പ്പേറി ഞാനവശനായ്
നാളുകൾ നീക്കിടവേ [1]
നമ്മുടെ വാഴ്‌വിൻ പെരും
ഭാര സമ്മർദ്ദത്താലേ
മുറിവേറ്റൊരു കഴു
പോലെ നിൻഹൃദയവും
ചിറകിട്ടടിച്ചിട്ടു
നിരങ്ങി വിമ്മുന്നാകിൽ, [2]
സന്തതക്ഷത്തിൽ നി-
ന്നുതിരം വാർന്നീടാതേ [3]
സ്പന്ദനം കൊള്ളാനതി-
ന്നാവുകയില്ലെന്നാകിൽ,
പ്രേമമസ്തമിക്കുകിൽ,
തനിയ്ക്കുമാത്രം കൂറിൽ
ദിങ്മുഖം തെളിയിച്ച
താരത്തെക്കാണാതാകിൽ,
എന്റേതുപോലേ പരി-
ബദ്ധമാം നിന്നാത്മാവും
ചങ്ങലയാലും തിക്ത
ദൈനികഭക്ഷ്യത്താലും
വൈരസ്യവായ്പാർന്നഴ-
ലാഴിതാണ്ടവേ തുഴ
കൈവിട്ടു പോയാ നടു-
ക്കടലിൽ കേഴുന്നാകിൽ.
അലകൾക്കിടയിലാ-
യജ്ഞാതമായീടുന്ന
വഴിതേടവേ തന്റെ
നഗ്നമാം ചുമലിന്മേൽ [4]
തപ്തമാം ലോഹക്കോലാൽ
ത്തനിയ്ക്കു സമുദായം
ചാർത്തിയതാകും മുദ്ര
വിസ്മയപൂർവ്വം കാൺകിൽ, [5]
അന്തരാളത്തിൽ ഭാവോ-
ൽ ക്കമ്പങ്ങളിയന്നീടും
നിൻതനു കണ്ണേറുകൾ
കൊണ്ടേറെ വലയുകിൽ,
തന്നഴകവമാന-
ഹേതുകമാകുംവണ്ണം
ദുർന്നയവലയത്തി-
ലാപ്പെടാതിരിക്കുവാൻ
അഭയനികേതന
മൊന്നതു തേടുന്നാകിൽ,
അനൃതവിഷത്തിനാൽ
നിൻചൊടി വാടുന്നാകിൽ, [6]
സ്വപ്നത്തിലവിശുദ്ധ-
നൊരുവൻ നിന്നെക്കണ്ടും
നിൻസ്വരം കേട്ടുംകൊണ്ടു
കടന്നുപോകുന്നതായ്
കാൺകയാൽ രോഷാകുല
യായി നീ തീരുന്നാകിൽ-
വിട്ടാലും സധൈര്യം‌ നീ
പട്ടണങ്ങളെയെല്ലാം.
നീചമാനഗരങ്ങൾ
തൻപഥരേണുക്കളാൽ
നിൻ കഴലിണമേലിൽ
കല്മഷം കലരായ്ക. [7]
ചിന്തതൻ ശൃം‌ഗം പൂകി
ക്കാണു നീ നരപാര-
തന്ത്ര്യത്തിൻ വിപൽപ്പാറ
ക്കൂട്ടമാം പുരങ്ങളെ. [8]
കിടപ്പു വൻകാടുകൾ
പാടങ്ങൾ മർത്ത്യാത്മാവി-
ന്നിടർച്ച തീർക്കും മഹൽ
സുരക്ഷാസ്ഥാനങ്ങളായ്, [9]
ഇരുണ്ട ദ്വീപങ്ങൾക്കു
ചുറ്റിലുമവിരാമം
തിരതല്ലീടും പാരാ-
വാരം പോൽ സ്വതന്ത്രമായ്.
നിൻ കയ്യിലൊരുമഞ്ജു
പൂങ്കുലയേന്തിസ്സസ്യ-
കേദാര നികരങ്ങ-
ളൂടെ നീ നടന്നീടൂ.
ശാലീനമൗനത്തിങ്കൽ
മുങ്ങിയിസ്സായംസന്ധ്യാ-
കാലത്ത് പ്രകൃതിയാൾ
നിന്നെക്കാത്തിരിക്കയാം.
തലപ്പിൽ പുതുമഞ്ഞു
തങ്ങിടും പച്ചത്തൃണ-
പ്പരപ്പു വെമ്പീടുന്നു
നിൻകഴൽ തഴുകുവാൻ.
പാരിനോടവസാന
വചനം പറഞ്ഞുപോം
സൂരന്റെ നെടുവീർപ്പിൽ
സുന്ദര ലില്ലിപ്പൂക്കൾ [10]
മന്ദമായാടിക്കൊണ്ടു
നീളവേ പരത്തുന്നൂ
സ്വന്തമാം പരിമളം
ധൂപപാത്രങ്ങൾ പോലേ. [11]
കാനനം തനതാകും
നീരാളം നിവർത്തിയി-
ട്ടാവൃതമാക്കുന്നു ത-
ന്നായിരം കാൽമണ്ഡപം.
മാമല മറയുന്നു,
മ്ലാനമാമാറ്റിൻ തീര- [12]
‘സ്സോൽ’ മരം വിശ്രാന്തിതൻ
കോവിലായ് മരുവുന്നൂ… [13]

La Maison Du Berger

കുറിപ്പുകൾ
[1]
ഏറെ നീണ്ടതിപ്പാത ഞാൻ പേറും
ഭാരമാകെക്കനം പെരുക്കുന്നു.
(സുഗതകുമാരി — ഒന്നുമാത്രം പറഞ്ഞുതന്നാലും‌)
ഞാനോ കൊടുംകൂനുപോലെ പേറുന്നിതാ
പാഴിരുൾപ്പിണ്ഡമിപ്പാപകാണ്ഡം.
(വിജയലക്ഷ്മി — പ്രാർത്ഥന)
[2]
ജീവിതാഘാതാൽക്കിടന്നു പിടയുന്ന
കോടാനുകോടി മനുഷ്യമനസ്സുകൾ
ഊക്കേറിയ പുലി തന്നുടെ ദംഷ്ട്രയിൽ
കോർക്കേയൊടിഞ്ഞു കുഴയും കരളുകൾ.
(പി. കുഞ്ഞിരാമൻ നായർ — മറഞ്ഞ മഴവില്ല്)
[3]
സന്തതക്ഷതം = ഒരിക്കലും ഉണങ്ങാത്ത മുറിവ്.
[4]
അറിയാവഴിയിൽക്കൂടെ-
യകലങ്ങളളക്കുവാൻ.…
(ശ്രീധരനുണ്ണി — ലയം)
തുഴഞ്ഞാൽ പങ്കായക്കൈയൊടിഞ്ഞു ദിശ തെറ്റി-
യമരം കടൽക്കാറ്റിലാഴത്തിലാഴും വരെ.
(ടി. കെ. സന്തോഷ്കുമാർ — എത്രത്തോളം)
[5]
കുറ്റവാളിയുടെ ചുമലിൽ പഴുപ്പിച്ച ഇരുമ്പുകൊണ്ടു് അടയാളം കുത്തുന്നതു ഫ്രാൻസിൽ പതിവായിരുന്നു.
[6]
അനൃതം = അസത്യം
[7]
കല്യമാം പട്ടണം തന്മനസ്സിൻ
പുല്ലണിച്ചോലയിൽക്കല്ലുപാവി.
(വൈലോപ്പിള്ളി — പുല്ലുകൾ)
മർത്ത്യനിണനീരിലൂളിയിട്ടാർക്കുന്ന
പട്ടണത്തിന്റെയലറിച്ച കേൾക്കയാൽ.
(പി. കുഞ്ഞിരാമൻ നായർ — തപോവനം)
കെട്ടഴിച്ചെന്നെയെൻ ശപ്ത നഗരമേ
വിട്ടയച്ചീടുകാ നാട്ടിലേക്കൊന്നു നീ,
അത്രമേൽ വീർപ്പുമുട്ടുന്നതുണ്ടിന്നെനി-
ക്കല്പം ശ്വസിച്ചിടട്ടശ്ശുദ്ധ വായു ഞാൻ.
പോട്ടെ സഹർഷം മരച്ചോട്ടിൽ ദൂരെയ-
ക്കാട്ടു പുല്ലൂതുമിടയന്റെ കൂടെ ഞാൻ.
(ചങ്ങമ്പുഴ — തിരുവില്വാമല)
പങ്കിലം താനിഗ്ഘോര നഗരം.
(അക്കിത്തം — നഗരത്തിലെ ഗ്രാമീണൻ)
പുരങ്ങൾ നിന്നിൽ വിഷം തുപ്പുന്നു പരണന്റെ
ചുരപ്പുന്നയും പ്ലാശും പയ്നിയും തളരുന്നു.
(സച്ചിദാനന്ദൻ — ഇവനെക്കൂടി)
നഗര മരുഭൂമിതൻ
ഗ്രീഷ്മക്കൊടുംചൂടിൽ …
(റോസ് മേരി — ശ്ലഥചിത്രശേഖരത്തിൽനിന്ന്)
മുഖമില്ലാതലറുമിത്തെരുവുകൾക്കപ്പുറം
മുരടൻ മുടുക്കുകൾപ്പുറം കാതുകളയച്ചു നോക്കൂ.
ഏതോ പുഴയുടെ കളകളത്തിൽ
ഏതോ മലമുടിപ്പോക്കുവെയ്ലിൽ …
പടവുകളായ് കിഴക്കേറിയുയർന്നു
കടുനീല വിണ്ണിലലിഞ്ഞുപോം മലകളിൽ …
(എൻ. എൻ. കക്കാട് — സഫലമീയാത്ര)
മരണഗുഹകളാം വെളുത്ത നഗരങ്ങൾ
മാഫിയാരണ്യം.
(കെ. ജി. ശങ്കരപ്പിള്ള — കഥനം)
[8]
വിപൽപ്പാറക്കൂട്ടം = കടലിലെ ആപത്കരമായ പാറകൾ
ഇരവിൽ ദൂരേ കൂറ്റൻ പാറയെക്കരയെന്നു
കരുതിക്കുതിക്കുന്ന വഞ്ചിപോൽ.…
(വിഷ്ണുനാരായണൻ നമ്പൂതിരി — ആകാശത്തിൽ)
[9]
മരതകത്താഴ്ചവരേ, മാപ്പു നല്കൂ
പരിചിതൻ ഞാനിതാ വന്നുചേർന്നു.
അരുമയാം പുല്കളേ പുല്കുകെന്നെ-
ക്കരുണതൻ കുഞ്ഞിക്കരങ്ങളാലെ.
പതിതൻ, പരിഷ്ക്കാര പാംസുലൻ ഞാൻ
ഹൃദയം വരണ്ടവൻ ഗാനഹീനൻ
കനിവെഴും പുല്ലിൽക്കമിഴ്‌ന്നു വീണെൻ
കരളമർത്തട്ടെ, കരഞ്ഞിടട്ടെ.
മരതകപ്പുലികളേ പച്ചയാക്കൂ
മമ മനം, ചിന്തയെ സ്വച്ഛമാക്കൂ.
(വൈലോപ്പിള്ളി — പുല്ലുകൾ)
പിന്നെയും തെണ്ടി നടക്കൽ നിലച്ചു ഞാ-
നെന്നംബ തൻമടിത്തട്ടണഞ്ഞേൻ,
മാർത്തടം പുൽകൾക്കു വീതിച്ച വാത്സല്യ-
മൂർത്തിയൊന്നെന്നെയുമോമനിച്ചു.
(നാലപ്പാടൻ — ചക്രവാളം)
എത്രവേഗം മറയുന്നു നമ്മുടെ
ദുഃഖമൊക്കെയിപ്പച്ചതന്നാഴിയിൽ.
(സച്ചിദാനന്ദൻ — ഏകാകിയുടെ മരണം)
Come live with me and be my Love
And we will all the pleasures prove
That hills and valleys, dale and field
Andall the craggy mountains yield.
(Christopher Marlowe — The Passionate Shepherd to His Love)
[10]
ആ വേലക്കാരിതൻ നിശ്വാസം പോലവേ
പൂവിൻ മണവുമായെത്തി തെന്നൽ.
(വള്ളത്തോൾ — പ്രഭാതഗീതം)
[11]
പിടിച്ചാട്ടുന്നതിനു പിടിയോടുകൂടിയ ധൂപപാത്രമാണ് വിവക്ഷിതം (ക്രൈസ്തവ മതച്ചടങ്ങുകളിൽ ഉപയോഗിക്കുന്നത്).
[12]
മധുരമാം കിനാവായി മലകളും മൺതരിയും
മകരനിലാവൊളിയിലലിയുന്നേരം.
(പി. കുഞ്ഞിരാമൻ നായർ — സാന്ധ്യനിശ്വാസം)
കാടില്ല മേടുമില്ലില്ലാ
കൂടേയുള്ളവരാരുമേ
കോടമഞ്ഞിൻ കനത്തോരു
തിരസ്ക്കരണി നീരവേ.
(ദേവി — മൂടൽമഞ്ഞിൽ)
[13]
ഈ വടവൃക്ഷം പണിതീർത്ത ശാന്തിതൻ-
കോവിലിൻ ശീതളച്ഛായയിങ്കൽ.
(മലേഷ്യാ കെ. രാമകൃഷ്ണപിള്ള — മൂടുപടം)
ഇവിടെ നീലിച്ച തണൽ വിരിക്കുമീ
സുരതരുവിന്റെയടിയിൽ പായലിൻ
മരതകമടിത്തട്ടിൽ…
(ദേവി — ഹിമവാഹിനി)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.