images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
50
ഇതര പ്രേമമൊന്നെന്നിലുദിക്കുകിൽ
അമാദി ഴമേൻ (AMADIS JAMYN, 1538-1592)

അചഞ്ചലമാണ് തന്റെ പ്രേമമെന്ന് അനവധി വാക്കുകളിലൂടെ പ്രേമഭാജനത്തെ ബോദ്ധ്യപ്പെടുത്തുകയാണ് കാമുകൻ. അസാധ്യതകളുടെയും അസംഭാവ്യതകളുടെയും നീണ്ടൊരു നിര ഉദാഹരിച്ചാണ് സ്വന്തം പ്രേമത്തിന്റെ സുസ്ഥിരത സമർത്ഥിക്കുന്നത്. ഫ്രഞ്ചിലെ അലങ്കാരമേദുര (Baroque) കവിതയ്ക്ക് ഒരുദാഹരണമാണിത്.

മറവിയന്നിടും വേനൽ ഹേമന്തമായ്,
നറുവസന്തമിലപൊഴിക്കാലമാം,
കനമെഴുന്നതാം കാറ്റ്, കാരീയത്തിൻ
കനമൊഴിഞ്ഞുപോം, നീലാന്തരീക്ഷത്തിൽ
വടിവിൽ മത്സ്യങ്ങൾ നീളെപ്പറന്നിടും,
വചനമോതിടും ഭംഗിയിലുമകൾ,
ഉദകമഗ്നിയാം, അഗ്നിയുദകമാം-
ഇതര പ്രേമമൊന്നെന്നിലുദിക്കുകിൽ,
കെടുതിയോരോന്നുമാഹ്ളാദമേകീടും,
ഇടരിയറ്റും സുഖങ്ങളഖിലവും,
കരികണക്കിനെ മഞ്ഞു കറുത്തു പോം,
മുയലൊരു ധൈര്യശാലിയായ് മാറിടും,
നിണമരോചകമാം മൃഗരാജനു,
തൃണശകലവുമില്ലാത്ത മട്ടിലായ്
സകല സമ്പത്തു മൂഴിയ്ക്കു നഷ്ടമാം,
പെരിയ പാറകൾ താൻ താൻ ചരിച്ചിടും-
പ്രണയമെന്റേതു മാറ്റമാർന്നീടുകിൽ
മരുവുമാലയിൽ ചെന്നായൊത്താടുകൾ,
കഴിയും മൈത്രിയിൽ പ്രാവും കഴുകനും,
നിറമൊരിക്കലുമോന്തിനു മാറില്ല,
പുതുവസന്തത്തിൽ പൂങ്കിളിപ്പൂൺപുകൾ
പണിയുകയില്ല പുത്തനാം കൂടുകൾ-
ഒരു പുതു പ്രേമമെന്നിലുയിർക്കുകിൽ.
ഭ്രമണപൂർത്തിയ്ക്കു തിങ്ങളിൻ സ്ഥാനത്ത് [1]
പനിമതി മുപ്പതിറ്റാണ്ടെടുത്തിടും,
ലഘിമയിൽ മൃദുതിങ്കളെ വെന്നുകൊ-
ണ്ടൊളി ചിതറും ശനി നഭോ വീഥിയിൽ,
പകലുരാവാകും, രാവു പകലുമാം-
ഇതര രാഗാഗ്നിയെന്നിൽ ജ്വലിക്കുകിൽ.
കഴിവു കാലത്തിനറ്റുപോം മർത്ത്യന്റെ
മുടി നരപ്പിക്കാൻ മാറ്റങ്ങളേല്പിക്കാൻ,
വികലമാകും വിവേകം, ഇക്കാരണാൽ
വഴിപിഴച്ചുപോം ഇന്ദ്രിയ വാജികൾ,
ഭുവനഭോഗമേതൊന്നിനേക്കാളിലും
അപജയമൊരു ഹർഷാനുഭൂതിയാം,
മനുജവർഗ്ഗം വെറുത്തിടും വാഴ്‌വിനെ,
മരണമേവർക്കു മത്യഭികാമ്യമാം-
പരതരുണിതൻ പിന്നാലെ പോകിൽ ഞാൻ
ധരയിൽനിന്നു മറഞ്ഞിടും പ്രത്യാശ,
ശരിയും തെറ്റുമഭേദമാം, ഭാഗ്യത്തിൻ
ഗതി വിഗതികൾ പാടേ നിലച്ചുപോം,
കഴിവു ചൊവ്വയ്ക്കു കേവല മറ്റുപോം
കൊടുവിനകൾ മനുജർക്കണയ്ക്കുവാൻ,
ഒരു പെരും കരിക്കട്ടയാം ഭാനുമാൻ,
ഭുവന നാഥന്നദൃശ്യത നഷ്ടമാം-
അപര തന്വിതൻ ബന്ദി ഞാനാകുകിൽ. [2]

Stances De L’impossible

കുറിപ്പുകൾ
[1]
തിങ്ങൾ = മാസം
[2]
…യുഗാന്തമങ്ങടുക്കുമ്പോൾ
ചതിക്കും കൈയു കൈയിനെ…
ബാല ബുദ്ധികളാം വൃദ്ധർ
ബാലരാം വൃദ്ധബുദ്ധികൾ…
ശൂരാഭിമാനിയാം ഭീരു
ശൂരരോ ഭീരു മട്ടിലാം…
പതിനാറു വയസ്സായാൽ
പൂർണ്ണായുസ്സാകുമപ്പൊഴേ…
അഞ്ചോ ആറോ വയസ്സാകും
കാലം കന്യകൾ പെറ്റിടും
ഏഴോ എട്ടോ വയസ്സായാൽ
ഗർഭമുണ്ടാക്കുമേ നരർ
നാട്ടുകാർ ചോറു വിറ്റീടും
വേദം വില്ക്കും ദ്വിജാതികൾ
യോനി വിൽക്കും നാരികളു-
മിമ്മട്ടാകും യുഗ ക്ഷയേ.
മേലുകീഴ് വിപരീതത്തി-
ലാകുമീ ലോകമൊക്കെയും
അസ്ഥി ഭിത്തിക്കു പൂജിക്കും
വർജ്ജിക്കും ദേവതാർച്ചന
അകാല വർഷിയാം മേഘം
യുഗക്ഷയ മടുക്കവേ…
ദിക്കൊക്കെ ക്കത്തിയെരിയും
നക്ഷത്രപ്രഭ മാഞ്ഞുപോം…
മഹാഭയം കാട്ടുമാറു
കൊള്ളിമീൻ ചാടുമേറ്റവും…
കബന്ധത്താൽ മൂടു മർക്ക-
നുദയാസ്തമനങ്ങളിൽ…
സസ്യങ്ങളും, മുളയ്ക്കാതാം
യുഗാന്തം വന്നടുക്കുകിൽ…
മാതാപിതാക്കളെക്കൊല്ലും
പുതന്മാർ താൻ യുഗക്ഷയേ,
സ്ത്രീകൾ ഭർത്താക്കളെക്കൊല്ലും
മക്കളേയും വെടിഞ്ഞവർ.
വാവില്ലാതെയും രാഹു
സൂര്യനെ പിടികൂടിടും…
(വ്യാസൻ — മഹാഭാരതം (തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ))
പുള്ളിമാൻ നിർഭയം മേഞ്ഞു
തള്ളപ്പുലി കിടാങ്ങളെ-
പോറ്റുന്നിട, ത്താൺ മാനൊത്തു
കുഴിനീർ നക്കി ചെമ്പുലി,
കഴുകിൻ പാറ തൻ ചോട്ടിൽ
തവിട്ടു മുയൽ പായ്കയായ്,
അതിൻ കൊടും കൊക്കലസ-
പക്ഷത്തെ ക്കോതിയത്ര താൻ,
വിട്ടയച്ചു കൊച്ചടയ്ക്കാ-
പ്പക്ഷിയെ ക്കുരുകിൽക്കിളി,
ഇരുന്നുറങ്ങി പൈം പൊന്മ
മത്സ്യം ചോട്ടിൽക്കളിക്കവേ…
(Edwin Arnold — Light of Asia (തർജ്ജമ: നാലപ്പാടൻ))
തകിടം മറിയുകിലഖിലവു മിഹ, ജനി
മൃതിയാവുകിൽ മൃതി ജനിയാവുകിൽ, ഗ്രഹ-
ഭ്രമണം സ്തംഭനമാവുകി, ലംബുധി
കൊടുമുടിയാവുകി, ലിവിടെ മൃതിസ്ഥൻ
പടുകുഴിവിട്ടെഴുന്നേറ്റു പലായിത-
നിമിഷ പരമ്പരയുടെ യുവത്വ-
സ്ഥിതികളിലെയ്ക്കു കടന്നവസാന-
മിഴഞ്ഞിടു മർഭക ചടുലത നീന്തി
പെരിയൊരു ഗർഭതമസ്സിലുറങ്ങിയുറങ്ങി-
യൊരുൽഭിത ബീജകമായ്ത്തൻ-
പ്രിയജനയിത്രിയെഴും നിണനാളിയി-
ലൊരു പ്രണയപ്രഭയായ് വിരമിക്കാം!
(ചെറിയാൻ കെ. ചെറിയാൻ — തകിടംമറിച്ചിൽ)
Why then, o bravely love, o loving hate,
O anything, of nothing first create,
O heavy lightness, serious vanity.
Mis-shapen chaos of well-seeming forms,
Feather of lead, bright smoke, cold fire, sick health,
Still-waking sleep, that is not what it is!
(Shakespeare — Romeo and Juliet)
And I will have thee still, my dear,
Till a’ the seas going dry;
And the rocks melt wi’ the sun…
(R. Burns — O My Luve’s Like a Red, Red Rose)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.