images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
51
നിരസനം
പിയേർ ദ് റോംസാർ (PIERRE DE RONSARD, 1524-1585)

പ്രേമാർത്ഥന നിരസിക്കപ്പെട്ടു നീറിക്കഴിയുന്ന കാമുകർ ഏറെ. പക്ഷേ, നിരസനത്തിൽ നിരാശരാകാതെ ശ്രമം തുടരുന്നവരില്ലാതില്ല. ഫ്രഞ്ച് കവിതയുടെയെന്നപോലെ ഫ്രഞ്ച് പ്രേമകവിതയുടെയും ആദ്യകാല നായകനായ പിയേർ ദ് റോംസാറിലെ കാമുകൻ ഇക്കൂട്ടത്തിലാണ്. നിരസനത്തെച്ചൊല്ലി പിന്നീട് പശ്ചാത്തപിക്കേണ്ടിവരുമെന്ന് അദ്ദേഹം കാമുകിക്കു മുന്നറിയിപ്പ് നല്കുന്നു. ഈ കവിതയെ മാതൃകയാക്കി ഇംഗ്ലീഷ് കവി Charles Williams (1886-1945) രചിച്ച ‘After Ronsard’ (റോംസാർ മാതൃകയിൽ) എന്ന തലക്കെട്ടിൽത്തന്നെയുള്ള കവിത പ്രസിദ്ധമാണ്.

പടു വൃദ്ധയായി നീ രാവിലഗ്നി-
ക്കരികിലിരുന്നു മെഴുതിരിതൻ-
പരിമിത വെട്ടത്തിൽ നൂല്ക്കെയെന്റെ
വരികളുരുവിട്ടുരച്ചുവെന്നാം:
“സുഭഗമെൻ യൗവനത്തിങ്കലന്നെ-
ന്നപദാനം പാടിയിരുന്നു റോംസാർ!” [1]
ഇതു നീ സവിസ്മയം ചൊല്കെ നിന്റെ
സവിധത്തിലാരുണ്ടാം കേൾക്കുവാനായ്!
ഗൃഹജോലി ക്ഷീണാലുറക്കം തൂങ്ങു-
മൊരു പരിചാരികയുണ്ടാകില്ല
മമ നാമം കേൾക്കുമ്പൊഴേയ്ക്കും ഞെട്ടി-
യുണരുവാൻ, നിന്മേൽ സ്തുതി ചൊരിയാൻ.
ഒരു പിടിച്ചാരമായന്നു മണ്ണി-
ന്നടിയിലമരുകയായിടും ഞാൻ.
നിഴലായി ഞാനങ്ങു നിദ്രകൊൾകേ
കുടി നെരുപ്പോരത്തിരുന്നിടും നീ
അനുതപിച്ചീടും, അവജ്ഞയോടെൻ
പ്രണയം നിരസിച്ചതോർത്തുകൊണ്ടേ.
അതിനാലെ നാളേയ്ക്കു കാത്തിടാതെ
നുകരു നീയിന്നിനെ, ചൊല്ലുവേൻ ഞാൻ,
അതിക്രമ ജീവിതപ്പൊൽപ്പനിനീ-
രലരുകളിന്നേ പറിച്ചെടുക്കൂ! [2]

A Helene

കുറിപ്പുകൾ
[1]
നിന്നെ ഞാനോർക്കുന്നു നീ പാതിരാത്തീവണ്ടിയിൽ
എന്റെ യീരടി തീണ്ടിയുറങ്ങാതിരിപ്പുണ്ടാം.
(ബാലചന്ദ്രൻ ചുള്ളിക്കാട് — ആരോ ഒരാൾ)
When you are old and I-if that should be-
Lying afar in undistinguished earth,
And you…
Sit beside the else-deserted fire
… … …
Then pause and look a little toward the shelf
Where my books stand which none but you
… … …shall read
And say: “I too was not ungently Sung
When I was happy, beautiful and young.’
(Charles Williams — After Ronsard)
[2]
ഇന്നത്തെയീ വസന്തത്തിലിന്നത്തെയിപ്പനീർപ്പുക്ക-
ളൊന്നൊന്നായിട്ടിന്നു തന്നെ പറിക്കു നിങ്ങൾ.
(ചങ്ങമ്പുഴ — മദിരോത്സവം)
അതിവേഗം നമുക്കിവിടെയുള്ളതാം
മലരറുക്കേണം മതിയോളം.
(ഇടപ്പള്ളി — കരയൊല്ലേ)
പ്രപഞ്ചസാഗര തീരപഥത്തിൽക്കൂടി നടക്കുമ്പോൾ
പ്രഫുല്ലമാകും മലരുകളെല്ലാമിറുത്തെടുത്താലും.
(ടാഗോർ — ഗീതാഞ്ജലി (ജി.))
Gather ye rose-buds while you may
Old time is still aflying;
And this same flower that smiles to-day
Tomorrow will be dying.
(Robert Herrick — Counsel to Girls)
And therefore take the present time
With a hey and a ho, and a hey-nonino!
For love is crowned with the prime
In springing time, the only pretty ring time,
When birds do ring hey ding a ding:
Sweet lovers love the Spring.
(Shakespeare — It was a Lover and his Lass)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.