images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
53
താക്കീത്
ഫ്രാംസ്വാ ദ് മലേർബ് (FRANCOIS DE MALHERBE, 1555-1628)

പ്രണയവാഗ്ദാനം നല്കി കബളിപ്പിക്കാൻ ശ്രമിക്കുന്ന പെൺകിടാങ്ങളോടു കാമുകന്മാർ പലതരത്തിൽ പ്രതികരിക്കുന്നു. ഏറെപ്പേരും നൈരാശ്യത്തിലാഴുന്നു. ചിലർ ജീവിതമൊടുക്കുന്നു. ചുരുക്കം ചിലർ തട്ടിനു മറുതട്ടു കൊടുക്കുന്നു. വാക്കു പാലിക്കുന്നതിൽ താമസം വരുത്തുന്ന കാമുകിയെ ഫ്രാംസ്വാ ദ് മലേർബ് കർശനമായി താക്കീത് ചെയ്യുകയാണ്. കൊട്ടാരകവിയായ മലേർബ് ഫ്രഞ്ച് ക്ലാസിക് കവിതയ്ക്കു നിയമാവലി തയ്യാറാക്കിയ കാവ്യശാസ്ത്രകാരനുമാണ്.

അയി, മനോഹരീ, മദന്തരംഗത്തിൽ
അപാരമുൽക്കണ്ഠ വളർത്തിടുന്നു നീ.
കടൽപോൽ നിന്നുള്ളമിയലുന്നേറ്റവു-
മിറക്കവുമെന്നും സ്ഥിരതയറ്റോളേ. [1]
ഇനിയിതുവയ്യാ, ഭവതിയെൻവൃഥ-
യ്ക്കറുതികാണണം, അതല്ലയെന്നാകിൽ
ഉടനെ ഞാൻ തന്നെയിതിനെ വേരോടേ
പിഴുതെറിഞ്ഞിടും, അറിഞ്ഞുകൊണ്ടാലും. [2]
കമനീയം നിന്റെ കരിമിഴികളെൻ
കരൾ കവർന്നെന്നെയടിപ്പെടുത്തുന്നു.
ശരി, ഞാൻ നിന്റെതായ്ഭവിക്കണമെങ്കിൽ
സമാർദ്രമാകണമവ സൽപ്രേമത്താൽ.
പെരിയ സൗന്ദര്യമതിനൊപ്പം പ്രേമ-
സുരഭിലമൊരു ഹൃദയവും വേണം. [3]
കരഗതമായ് നിൻ പ്രണയമെന്നു ഞാൻ
കരുതുമ്പോഴേയ്ക്കും സ്ഥിതി മറിച്ചാകും.
ഒരിക്കലും തന്നെ പണിതീരാതുള്ള
‘പെനെലോ’പ്പിൻ ചിത്രത്തുണിപോലാണത്.
പകലൊക്കെച്ചെയ്ത പണിത്തരമവൾ
പഴുതിലാക്കിടും പതിവായ് രാത്രിയിൽ. [4]
പ്രണയവാഗ്ദാനമെനിയ്ക്കു നല്കി നീ
പരിഹസിപ്പെന്നെ, ഇതു നിൻ കീർത്തിയ്ക്കു
കളങ്കമേല്പിക്കും, അതോർക്കുന്നില്ലെങ്കിൽ [5]
സ്മരണശക്തിയേ നിനക്കു നഷ്ടമായ്;
മറന്നിട്ടില്ല നിന്നുറപ്പിതെന്നാലോ
ശരിക്കും വിശ്വാസഹനനം നിൻ കൃത്യം.
ധരിക്ക: നിന്നെപ്പോലൊരു നതാംഗിയെ
പ്രണയിക്കുന്നെങ്കിൽ മരണനാൾവരെ
നില നിർത്തും ബന്ധമതു ഞാൻ നിർണ്ണയം;
മറിച്ചാകുന്നെങ്കിൽ നിമിത്തം നീ മാത്രം-
പ്രണയത്തെപ്പറ്റി വിശുദ്ധ ഗൗരവ-
പ്രതിജ്ഞ ചെയ്തതു വിലംഘിക്കുന്ന നീ! [6]

Dessein De Quitter Une Dame

കുറിപ്പുകൾ
[1]
ഒരു പോതൊരു ഭാവമെങ്കിലോ
പരമന്യം പരമന്യമാകയാൽ
അരുതിന്നിഹ നിൻ യഥാർത്ഥമാം
നിറമെന്തെന്നു മനസ്സിലാക്കുവാൻ.
(ചങ്ങമ്പുഴ — തപ്തസന്ദേശം)
[2]
If she slight me when I woo
I can scorn and lether go.
(George Wither — The Manly Heart)
[3]
ഇത്ര ലാവണ്യം നിറച്ച നിറയ്ക്കലിൽ
ഇത്തിരി കാരുണ്യമില്ലയെന്നോ?
(വൈലോപ്പിള്ളി — ത്യാഗോപഹാരം)
ഉള്ളുപോൽ പുറവുമൊത്തുചേർന്ന മാ-
റുള്ള പെണ്ണഴകു പാർക്കിലുത്തമം.
(കെ. കെ. രാജ — പുതിയ നോട്ടത്തിൽ)
Hearts with equal love combined
Kindle never-dying fires;
Where these are not, I despise
Lovely cheeks or lips or eyes.
(T. Carew — The True Beauty)
I will not soothe thy fancies: thou shalt prove
That beauty is not beauty without love.
(Thomas Campion — Thou art not fair)
[4]
പെനെലോപ്പ് (Penelope) = ഗ്രീക്ക് പുരാണത്തിലെ Ulyssus ന്റെ പത്നി. ഭർത്താവിന്റെ നീണ്ട വേർപാടുകാലത്ത് പ്രേമാർത്ഥനകളുമായി തന്നെ ശല്യം ചെയ്തിരുന്നവരെ ഒഴിവാക്കാൻ അവർ ഒരു സൂത്രം പ്രയോഗിച്ചു. താൻ ചെയ്തുവരുന്ന ചിത്രത്തയ്യൽ പൂർത്തിയായാൽ അവരിലൊരാളെ തിരഞ്ഞെടുക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞു. പകൽ ചെയ്യുന്ന പണി രാത്രിയിൽ താൻ തന്നെ അഴിച്ചുകളയും, പിറ്റേന്നു തുടരും. അങ്ങനെ പെനെലോപ്പിന്റെ ചിത്രത്തയ്യൽ ഒരിക്കലും തീരാത്ത പണിയായിത്തീർന്നു.
മഴവില്ലൊളികളെ നെയ്തുമഴിച്ചും
വിഹരിക്കുന്നൊരനശ്വര ചേതന.
(ജി. കുമാരപിള്ള — ചുവപ്പിന്റെ ലോകം)
നെയ്തുമഴിച്ചുമിരിക്കുന്നൊരുത്തി…
(ഡി. വിനയചന്ദ്രൻ — ആഴ്ചപ്പതിപ്പ്)
[5]
അതു പ്രേമവാഗ്ദാനം
… … …പിന്നാ-
പ്പുതുനിഴലാട്ടം കൊണ്ടെന്തുകാര്യം?
(ചങ്ങമ്പുഴ — രമണൻ)
Whoever loves, if he does not propose
The right true end of love, he is one that goes
To sea for nothing, but make him sick.
(John Donne — Love’s Progress)
[6]
ഏകനായ്ത്തെന്നിനടന്നൊരീയെന്നെ നീ
മാടിവിളിച്ചതെന്തെന്റെ നെറുകയിൽ
പീലിക്കിരീടമണിയച്ചതെന്തു?…
(എസ്. രമേശൻ നായർ — അമർഷഗീതി)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.