images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
55
സ്നേഹശൂന്യയോടു സ്നേഹം
ബെർനാർ ദ് വംതാദൂർ (BERNARD DE VENTADOUR, 1150-1195)

പ്രതികരണത്തെക്കുറിച്ച് ഒന്നുമാലോചിക്കാതെ കടന്നുകയറി പ്രേമിച്ചതിന്റെ കെടുഫലം അനുഭവിക്കുന്ന കാമുകൻ. അവളാണെങ്കിൽ സ്നേഹം പോയിട്ട് കനിവുപോലും കാട്ടാത്തവൾ. സ്വന്തം ഹൃദയവും മറ്റെന്തും അവൾക്കായടിപെടുത്തിയിട്ടും അവളനങ്ങുന്നില്ല. സങ്കടപ്പാട് നിറഞ്ഞ ചുറ്റുപാട്. ഒടുവിൽ ഗത്യന്തരമില്ലാതെ താനവളെ വിട്ടൊഴിയുന്നു. പക്ഷേ, പ്രശ്നം തീരുന്നില്ല: ഈ സ്നേഹ ശൂന്യയെ സ്നേഹിക്കാതിരിക്കാൻ ഇപ്പോഴും തനിക്കാവുന്നില്ല! പഴകിയ വിഷയങ്ങൾ പുതുമയോടെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ച കവിയാണ് ബെർനാർ ദ് വംതാദൂർ.

തൂവസന്ത വെളിച്ചം കുടിച്ചു
പ്രേമൗത്സുക്യം കലരും കുരുവി [1]
പൂഞ്ചിറകിട്ടടിച്ചിണയോടു
ചേർന്നു നിർവൃതി കൊൾവതു കാൺകേ [2]
ഞാനസൂയാലു താദൃശ ഭാഗ്യ- [3]
മോഹമെന്നിലാളുന്നൊരു തീയായ്.
പ്രേമത്തെക്കുറിച്ചേറെയറിയു-
ന്നാളീ ഞാനെന്നു മുന്നം നിനച്ചേൻ.
കഷ്ട, മെന്നാലതിലെന്നറിവ്
കഷ്ടിയാണെന്നു ബോദ്ധ്യമായിപ്പോൾ.
ഞാനപ്രാപ്യയിൽ പ്രേമമർപ്പിച്ചു [4]
യാതനകൾ സ്വയംവരിച്ചാറെ
പാടുപെട്ടിടുന്നിന്നു പിൻവാങ്ങാൻ
പക്ഷെ യെൻശ്രമ മത്രയും പാഴിൽ: [5]
ആകുന്നില്ലെനിക്കിസ്നേഹശൂന്യ-
യാകും പെണ്ണിനെ സ്നേഹിച്ചിടായ്വാൻ! [6]
എൻ ഹൃദയമവളുടേതായി
ഞാനുമാകെയവളുടേതായി
മാത്രമല്ലവൾതാനും പ്രപഞ്ച-
മാകെത്താനുമവളുടെ മാത്രം.
ഇന്നീയാശയും ഭ്രാന്തുമല്ലാതെ [7]
യന്യമൊന്നുമില്ലെന്നുടേതായി. [8]
കാന്തിതാവുമവളുടെ കൺകൾ
കാണുവാനിടവന്നനാൾ തൊട്ടേ
ഇല്ലെനിക്കധികാരങ്ങളെൻ മേൽ,
അന്യനായ് ഞാനെനിക്കു തന്നേയും.
മിന്നീ കണ്ണാടിപോലെയക്കൺകൾ
കണ്ടതില്ല ഞാനെന്തെന്തവയിൽ!
കൺമയക്കും മുകുരമേ, നിന്നി-
ലെൻ മിഴികൾ പതിയുകയാലേ
അന്വഹം നെടുവീർപ്പുകൾ വിട്ടു
മന്യൂവിങ്കൽ മരിപ്പവനായ് ഞാൻ.
പണ്ടഴകിയ ‘നാർസിസ’ സ്സുറ്റു
കുണ്ടിനുള്ളിലകപ്പെട്ട പോലേ [9]
നിന്നിലേയ്ക്കു നിരന്തരം നോക്കി
കണ്ണുനീരിൻ കയത്തിൽ ഞാനാഴ്‌വൂ. [10]
നാരിമാരെക്കുറിച്ചെൻ നിനവിൽ
കൂടീടുന്നു നിരാശതയിപ്പോൾ,
വിശ്വസിക്കില്ല ഞാനവരോതും
വാക്കുകളിനിമേലിലെന്നാളും.
എത്രമാത്രമവരെ ഞാൻ വാഴ്ത്തി
അത്രമാത്രമികഴ്ത്തുവേനിപ്പോൾ. [11]
ഇല്ലൊരുത്തിയുമൊറ്റവാക്കോതീ-
ട്ടില്ലെനിക്കായിത്തൽ സമക്ഷത്തിൽ. [12]
ഞാനവരെ വെറുക്കുന്നൊരുപോൽ
ഞാനവരെത്തിരസ്കരിക്കുന്നു.
ഇല്ല സംശയ മംഗനമാർക-
ളെല്ലാപേരുമേയിത്തരക്കാരാം.
പ്രേമിക്കുന്നു ഞാനെന്നതിലിമ്പ-
മേതുമില്ലാത്തോളെൻ പ്രേമപാത്രം.
വ്യർത്ഥം ഞാനവളോടു ചെയ്തുള്ളോ-
രർത്ഥനകളഖിലവുമയ്യോ!
പ്രേമം പോകട്ടെ, കാരുണ്യംപോലും
കാട്ടിയില്ലവളെന്നൊടിന്നോളം [13]
സാധകമൊരുമാറ്റമവളിൽ
സാദ്ധ്യമാക്കുവാനൊന്നിനും മേലാ.
ഹാ, നിഹതനാകുന്നു നിമേഷം
തോറുമേ ഞാനവളൊരാളാലേ.
ആകയാൽ ഞാനവളെയും വിട്ടു
പോവേൻ, ഞാനവൾക്കാരുമേയല്ല.
ഭാഗ്യദോഷി, പ്രവാസിയാ, യീ ഞാൻ
പോവതെങ്ങെന്നെനിക്കറിയില്ല.
പക്ഷെ, വയ്യെനിക്കിപ്പൊഴും താനാ-
സ്നേഹശൂന്യയെ സ്നേഹിച്ചിടായ്വാൻ!

Quand Je Vois L’alouette Agiter

കുറിപ്പുകൾ
[1]
വിറയൊടുമിണമുമ്പു വിസ്ഫുടാശം
ചിറകു വിതിർത്ത കപോതിപോലണഞ്ഞാൾ.
(ആശാൻ — ലീല)
[2]
വേനലിൻ മധുവാൽ ഹൃദയത്തിൽ
തേനടകൾ നിറഞ്ഞു വിങ്ങുമ്പോൾ.
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
[3]
താദൃശം = അപ്രകാരമുള്ള
[4]
അപ്രാപ്യ = പ്രാപിക്കാൻ കഴിയാത്തവൾ (തിരികെ സ്നേഹിക്കാത്തവൾ)
[5]
ആയത്തമാകാത്തൊരത്തടുത്ത വസ്തുവി-
ന്നായിട്ടലഞ്ഞു തകർന്നൊടുവിൽ
(ഇടപ്പള്ളി — പ്രതീക്ഷ)
കരഗതമാകാത്തൊരെന്തിനോ ഞാൻ
കരൾ തകർന്നാശിച്ചു നിശ്വസിച്ചു.
(ചങ്ങമ്പുഴ — ആത്മഗീതം)
[6]
തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനേ
ശരിക്കും പ്രേമത്തിന്റെ ലഹരിയറിയാവു.
(യൂസഫലി കേച്ചേരി — ലഹരി)
[7]
എൻ നെഞ്ചിലെപ്പൊഴുമേറ്റു ലാളിക്കുവാൻ
എന്തുണ്ടു നിന്റെയായ്? ഒന്നുമാത്രം,
നിത്യം കെടാതെയെൻ ജീവനിൽക്കത്തുമീ-
യത്യന്ത തീവ്രമാമാധി മാത്രം.
(എൻ. വി. കൃഷ്ണവാരിയർ — ഒരു പ്രീഡിഗ്രിക്കാരന്റെ പ്രണയം)
ഇല്ലയാൾക്കന്യമായിട്ടാശകൾ സ്നേഹത്തിന്റെ
വല്ലകിതകര്വോളം മീട്ടിനോക്കുവാനെന്യേ.
(ഇടപ്പള്ളി — ഏകാന്തകാമുകൻ)
[8]
പ്രേമനൈരാശ്യം മൂലമുള്ള ഉൽഭ്രാന്തമനസ്ഥിതി.
എന്മനം പ്രേമസമ്പൂർണ്ണം ഞാനൊ-
രുന്മാദി ലോകത്തി, നെന്തു ചെയ്യും!
(ഇടപ്പള്ളി — അദൃശ്യപുഷ്പം)
The lunatic, the lover and the poet
Are of imagination all compact.
(Shakespeare — A Mid Summer Night’s Dream)
[9]
നാർസിസസ്സ് (Narcissus) = ഒരു ഊറ്റുകുഴിയിൽ സുന്ദരമായ സ്വന്തം മുഖത്തിന്റെ പ്രതിച്ഛായ നിത്യേന നോക്കി തന്നോടുതന്നെ അനുരാഗംതോന്നി അതിലേക്കെടുത്തുചാടി മുങ്ങിപ്പോയ ഗ്രീക്ക് പുരാണ കഥാപാത്രം (ഫ്രഞ്ചിൽ Narcisse-നർസീസ്സ്)
[10]
ആടലാർന്നിടുമെൻ മനസ്സുപോൽ
വാടു മീ മുല്ലമാലയും
പേറി ഞാനിതാ പോകയാണശ്രു-
ധാരയിൽ വീണ്ടും മുങ്ങുവാൻ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
[11]
ഇകഴ്ത്തുക = നിന്ദിക്കുക
തരുണീനാം മനസ്സിൽ മേവും കുടിലങ്ങൾ ആരറിഞ്ഞു!
(ഉണ്ണായി വാരിയർ — നളചരിത്രം ആട്ടക്കഥ)
പാവങ്ങളയോ പൂമാന്മാർ വെറും മര-
പ്പാവകൾ, കൗടില്യമൂർത്തികൾ നാരികൾ.
(ചങ്ങമ്പുഴ — വേതാളകേളി)
[12]
തൽസമക്ഷത്തിൽ = അവളുടെയടുക്കൽ (തനിക്കുവേണ്ടി മറ്റൊരു കൂട്ടുകാരിയും അവളോട് ശുപാർശ പറഞ്ഞില്ല!)
[13]
ഇതിനു മുമ്പു ഞാൻ പലേ തവണയും
ശിഥിലമായൊരെൻ ഹൃദയമീവിധം
പരമനഗ്നമായ് വലിച്ചെറിഞ്ഞു നിൻ
പരിഭവത്തിന്റെ പദതലങ്ങളിൽ.
ഇനിയുമെന്നിട്ടുമൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞു ചെല്ലുവാൻ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.