images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
74
ഇഹത്തിൽ, പരത്തിൽ
ഒലിവിയെ ദ് മഞ്ഞി (OLIVIER DE MAGNY, 1529-1561)

പരലോകത്ത് പ്രണയജീവിതം തുടരാനാകുമോ? ആകുമെങ്കിൽ മരണത്തിന്റെ ഏതു കടുംകൈയും നേരിടാൻ താൻ സന്നദ്ധൻ. പ്രണയത്തിന്റെ ഈ തുടർച്ചയെക്കുറിച്ചുള്ള സുപ്രതീക്ഷയിൽ ഇഹത്തിലെ ജീവിതത്തെ ഒരു മഹോത്സവമാക്കി മാറ്റാൻ ഒലിവിയെ ദ് മഞ്ഞി കുട്ടുകാരിയെ ഉദ്ബോധിപ്പിക്കുന്നു. ഒപ്പം പരത്തിലെ പ്രണയജീവിതത്തിന്റെ ഒരു രംഗ വർണ്ണനയും. യുവാവായിരിക്കേ മരിച്ച മഞ്ഞി കവയിത്രി ലൂയീസ് ലബേയുടെ കാമുകനായിരുന്നു.

പരലോകത്തു മിക്കണക്കിനു തന്നെ
പ്രണയിക്കാനാകും നമുക്കെന്നാകുകിൽ
ഇരുളുറഞ്ഞതാം കുഴിമാടത്തിനോ
കൊടുംകാലത്തിനോ മൃതിക്കു താനുമോ
വിശുദ്ധമാമൊരു പ്രണയത്തിന്നങ്ങു
വിനയണയ്ക്കുവാൻ കഴിയില്ലെന്നാകിൽ,
കഴിയുമെന്തൊക്കെ മരണത്തിന്നതു
മുഴുവനുമെനിക്കെതിരെ വന്നോട്ടെ. [1]
കഠോരം തൻകുന്തമുനയെന്നാകിലും
തടവേതുമെന്യേ പ്രണയിച്ചീടും ഞാൻ.
സജീവനാകട്ടെ, മൃതനാകട്ടെ ഞാൻ-
പുലരുമെൻ കരൾ, കരുത്ത്, വിശ്വാസം
നിരന്തരം നീയാമൊരുവളിൽ മാത്രം.
മരണശേഷവും പരസ്പരപ്രേമ-
നിബദ്ധരായ് നമ്മൾ മരുവു മാകയാൽ
വിളംബ മേലാതീ ഭുവന വാഴ്‌വിനെ,
കദനോൽക്കണ്ഠകളകറ്റിയാനന്ദ-
ഭരിതമാമൊരു മഹോത്സവമാക്ക!…
പരത്തിലസ്വാസ്ഥ്യം, ജഡത, യാശങ്ക,
വിഷാദം, സംശയം, ഭയം, കെടുനോട്ടം-
കരളുകില്ലിവ കപടതയറ്റ
പ്രണയികളുടെ കരൾകളെത്തെല്ലും.
നിയതമിങ്ങിനെ നിരഘസമോദ-
നിമഗ്നരായ് നിത്യ ഹരിത പാദപ-
ക്കുളുർ തണലിങ്കൽ പിണഞ്ഞ കൈകളാൽ
ഗളങ്ങളന്യോന്യം വലയിതമാക്കി
പ്രണയ ശൃംഖലയ്ക്കയവു പറ്റായ്വാൻ
മധുര ചുംബനാൽ മുറുക്കം ചേർത്തു കൊ-
ണ്ടൊരു ദേഹം പകുത്തിരുവരായ നാം [2]
ഒരുമിച്ചിട്ടിരു പകുതിയിങ്കലും
നവ നവോന്മേഷം പകർന്നു വാണിടും [3]
നരനൃശംസത നുഴഞ്ഞേറാ ദിക്കിൽ,
നിഖിലേശനിന്ദ ശ്രവിച്ചിടാദിക്കിൽ,
വലുതിനു ചെറുതിരയാകാ ദിക്കിൽ,
ഇരവൊരിക്കലുമണഞ്ഞിടാദിക്കിൽ,
അയത്നമായ് സർവ്വം വിളഞ്ഞിടും ദിക്കിൽ,
അനാരതം തെന്നലുലാവിടും ദിക്കിൽ,
അനശ്വരമൊരു വസന്തത്തിൻ വർണ്ണ-
പ്പൊലിമ, സൗരഭം തിരതല്ലും ദിക്കിൽ,
അമൃതും പൈമ്പാലും നറുതേനും നീളെ-
യരുവികളായിട്ടൊഴുകിടും ദിക്കിൽ,
അനർഘമാം സമ്പത്തഭേദമെല്ലാരും [4]
അനുഭവിച്ചിടുമനുപമദിക്കിൽ!

A S’amie

കുറിപ്പുകൾ
[1]
ദേഹം നശ്വരമാർക്കുമിങ്ങതൊരുവൻ
കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
റാവൃത്തി ചത്തീടുവിൻ
(ആശാൻ — പ്രരോദനം)
പ്രേമത്തിലെ ത്തൂവമൃതാസ്വദിച്ചു
ജീവിക്കുവാൻ വേണ്ടി മരിച്ചുകൂടേ?
(പി. കുഞ്ഞിരാമൻ നായർ — വരഭിക്ഷ)
Then love-devouring
death do
What he dare.
(Shakespeare — Romeo and Juliet)
[2]
ആദമിന്റെ വാരിയെല്ലിൽനിന്നു ദൈവം ഹവ്വയെ സൃഷ്ടിച്ചുവെന്ന ബൈബിൾ കഥ.
സഖി മരണമാം മറയ്ക്കുള്ളിൽ മറഞ്ഞിരു-
ന്നനുപമതരം ഗാനമാലപിയ്ക്കുന്നു നീ…
ഇവിടെ വിലയിക്കുന്നിതെൻ സ്വപ്നമെങ്കിലും
ഇനിയൊരു നവീനമാം ജന്മമുണ്ടാകുകിൽ
ഇരുഹൃദയമൊന്നായ്ത്തുടിക്കും മനോജ്ഞമാ-
മൊരു കവിതപോലേ വിടർന്നിടും ജീവിതം.
(പെരുന്ന കെ. എൻ. നായർ — നിശാസന്ദർശനം)
[3]
ഇന്നീ ഹൃദയങ്ങൾ കെട്ടിപ്പുണരട്ടെ-
യൊന്നാകുമാറിളം കൊച്ചലപോലവേ.
മൃത്യുരാജ്യത്തിലും കൈകോർത്തുലാത്തുക
ദിവ്യമായുള്ളോരുടലെടുത്തുള്ള നാം…
ഞെട്ടറ്റു വീഴട്ടെ പൂവ്, പരിമളം
മുറ്റുമുലാത്തട്ടെ യപ്സരസ്സെന്നപോൽ,
തന്ത്രികളൊക്കെയും നിശ്ചേഷ്ടമാകട്ടെ
അന്തരീക്ഷാന്തരേ നീന്തട്ടെ ഗീതികൾ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
എന്നിരികിലേക്കദ്ദേഹമിന്നു
വന്നുവെങ്കിൽ (വരാതിരിക്കില്ല,
നേരിൽ ഞാൻ ഭജിപ്പീലയോ വിണ്ണിൽ
പാരിലദേഹം പ്രാർത്ഥിപ്പതില്ലേ?)
തൻതല പരിവേഷം ചുഴന്നും
തൻതനു തനി വെൺതുകിലാർന്നും
ഉല്ലസിക്കെ ഞാൻ തൽക്കരമേന്തി
ച്ചെല്ലുമോരോരോ ജ്യോതിസ്സരസ്സിൽ
അപ്രകാശത്തിൽ ഞങ്ങൾ നീരാടും
ചിൽപുമാനുടെ സന്നിധാനത്തിൽ…
… … …
മൂകനാം ഭീതി മൂലമദ്ദേഹം,
ആകിൽ, ഞാൻ തദാ തൻ കവിൾത്തട്ടിൽ
എൻ കവിളണച്ചോരോന്നു ചൊല്ലും
ഞങ്ങൾ തന്നനുരാഗ വിശേഷം
(D. G. Rossetti — The Blessed Damozel (തർജ്ജമ: വൈലോപ്പിള്ളി, ധന്യകന്യക))
ഉണ്ടായിരിക്കാമിനിയും പിറപ്പ്
രണ്ടാളുമീ ഞങ്ങളടുത്തു കൂടാം.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾ, ക്കെന്നാൽ
എന്നു കൂടിയിട്ടെങ്കിലും തമ്മി-
ലൊന്നു ചേർന്നവ നിർവൃതി കൊള്ളും.
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
I love thee with the breath,
Smiles, tears of all my life! - and, if God choose
I shall but love thee better after death
(Elizabeth B. Browning — From the Sonnets from the Portuguese)
…Where whenas Death shall all the World subdue,
Our love shall live, and later life renew.
(Edmund Spenser — To his Love)
[4]
അനർഘ സമ്പത്ത് = ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള സായുജ്യം.
ഭൂമിയിൽ നിക്ഷേപം കരുതി വയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയുമില്ല.
(ബൈബിൾ — മത്തായി 6-19-21)
ചോരനപഹരിക്കാത്ത ശാശ്വത ശാന്തിധനവും
മാരനെയ്താൽ മുറിയാത്ത മനശ്ശോഭയും.
(ആശാൻ — കരുണ)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.