images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
79
തടാകം
അൽഫോംസ് ദ് ലമാർത്തീൻ (ALPHONSE DE LAMARTINE, 1790-1869)

‘മാംസനിബദ്ധമല്ലാത്ത രാഗം!’ മാംസനിബദ്ധമാകാതെ മാനസിക തലത്തിൽ മാത്രമുള്ള പ്രേമവും ഏതു ചുറ്റുപാടിലും മാച്ചാലും മായാതെ നിലകൊള്ളുന്നു. ഫ്രഞ്ച് റൊമാന്റിക് കാവ്യലോകത്തിനു വിക്തോർ ഹ്യൂഗൊവിനോടൊപ്പം നേതൃത്വം നല്കിയ അൽഫോംസ് ദ് ലമാർത്തിന്റെ അനുഭവമാണിത്. ഭർത്തൃമതിയും ക്ഷയരോഗബാധിതയുമായ എൽവിറുമായി സുഖവാസകേന്ദ്രമായ ബുർഴെ (Bourget) തടാകതീരത്തുവെച്ചു ലമാർത്തീൻ പരിചയപ്പെടുന്നു. അതിഗാഢമായ ഒരു ആത്മീയബന്ധമായിതുമാറി. വരുംകൊല്ലം വീണ്ടുമവിടെവെച്ചു കാണാമെന്ന പ്രതീക്ഷയിൽ ഇരുവരും പിരിഞ്ഞു. പക്ഷേ, ഇതിനിടയിൽ എൽവീർ മരണമടഞ്ഞു. ഒരു ചിരന്തന ജീവിതസഖിയുടെ വേർപാടിലെന്ന പോലെ ലമാർത്തിന്റെ ഹൃദയം വേദനിച്ചു. പിൽക്കാലത്ത് വിവാഹിതനായി സന്തുഷ്ടമായ കുടുംബജീവിതം നയിക്കുമ്പോഴും, കരുണരസം വഴിയുന്ന കവിതകളുടെ വറ്റാത്ത ഒരുറവിടമായി, ഈ വ്യഥ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹത്തിന്റെ മികച്ച കവിതകളിൽ പലതും എൽവീർ സ്മരണയിൽനിന്ന് ഉയിർക്കൊണ്ടവയാണ്. പിറ്റത്തെ കൊല്ലം ബുർഴെ തടാകതീരത്തിൽ പോയപ്പോൾ എഴുതിയതാണിത്.

നവ നവ തീരങ്ങൾ തന്നിലേയ്ക്കിങ്ങിനെ
നിയതവും നാം തള്ളപ്പെട്ടിടുമ്പോൾ
തിരികെയെന്നാളും വരാവിധം നിത്യമാം
നിശയിങ്കലേയ്ക്കു നാം നീതരാകേ
കഴിയുമോ നങ്കൂര മെറിയുവാൻ കാലത്തിൻ
കടലിൽ നമുക്കൊരു നാളുപോലും? [1]
സരസി, കഷ്ടിച്ചേ കഴിഞ്ഞുള്ളു വത്സരം,
അവൾ വീണ്ടും കാണേണ്ടതായിരുന്ന
പ്രിയതരംഗങ്ങൾക്കരികിലായന്നവൾ
ഉപവിഷ്ടയായി നീ കണ്ടതാകും
വനശിലാതലമിത്തിൽ, നോക്കുക, ഞാനിതാ [2]
തനിയെ താൻ വന്നിരുന്നീടുകയാം.
ഉത്തുംഗമാകുമിപ്പാറകൾക്കടിയിൽ നീ
ഇപ്പോലെ ഗർജ്ജനം ചെയ്തിരുന്നു.
ദളിതം തൽ പാർശ്വങ്ങൾ മേലെയിപ്പോലെ നി- [3]
ന്നലകൾ സ്വയം വീണുടഞ്ഞിരുന്നു.
തവനുരയിപ്പോലെ തൽസമാരാധിത [4]
പദതാരിലർപ്പിച്ചിരുന്നനിലൻ.
ഒരു സായംസന്ധ്യയിൽ-ഓർപ്പിതോ?-നീരവം [5]
ഒരു നൗകയിങ്കലൊഴുകി ഞങ്ങൾ. [6]
തുഴയുവോർ താളത്തിൽ നിൻ സുസ്വരോർമ്മികൾ
തുടരേ മുറിപ്പത്തിൻ ശബ്ദമൊന്നേ
ജല മുകളിങ്കലും വാനിനു കീഴിലും
അകലെയും ആരാലും കേട്ടതുള്ളൂ.
അതുപോതു പെട്ടെന്നലൗകികമായെഴും
ഒരു നാദവൈഖരി നിൻ മനോജ്ഞ-
തടഭൂവിൽ മാറ്റൊലിക്കൊണ്ടു, നിന്നോളങ്ങൾ
അവധാനപൂർവ്വം ശ്രവിച്ചിടുമ്പോൾ
പ്രിയമെനിക്കേറെയുൾച്ചേർക്കുമാ നാദനിർ-
ത്സരിയിദം വാഗ്രൂപ മാർന്നൊഴുകി:
“തടയിടു കാലമേ, നിന്റെ പറക്കലി- [7]
ന്നൊരു നിർത്തലേലുക നിങ്ങളും സു-
ന്ദര മുഹൂർത്തങ്ങളേ, ഞങ്ങൾ തൻ വാഴ്‌വിലെ
പരമരമ്യങ്ങളാം നാളുകൾ തൻ-
ദ്രുതനിർവൃതികൾ നുകർന്നിടാൻ ഞങ്ങളെ
ദയവാർന്നു നിങ്ങളനുവദിക്കൂ!”
ഹത ഭാഗ്യരെത്രയോ പേരിങ്ങു നിങ്ങൾ തൻ
കരുണക്കായ് കേണപേക്ഷിച്ചിടുന്നു.
കുതികൊള്ളു, കുതികൊള്ളു നിങ്ങളവർക്കായി,-
ട്ടവരുടെ നാളുകൾക്കൊപ്പമെന്നും
അവരെക്കരളുമഴൽകളും കൊണ്ടുപോ,
അഭിരതരായോരെ വിസ്മരിക്കൂ. [8]
ഇനിയും കുറച്ചു നിമേഷങ്ങൾക്കായി ഞാൻ
വിഫലമായർത്ഥിപ്പു, കാലമെന്റെ
വിളി കേട്ടിടാതെ പറക്കുന്നു. രാവോടു
പറവു ഞാനാവതും മെല്ലെ നീങ്ങാൻ,
ഫലമെന്തു പക്ഷെ? യഹർമ്മുഖ മാഗമി-
ച്ചിരവിനെ മായ്ക്കുവാൻ പോകയാണേ.
“പ്രണയിക്ക, പ്രണയിക്ക നമ്മൾ പരസ്പരം
പിടികിട്ടാക്കാലം പറന്നുപോകേ
ത്വര കൊൾക മന്നിലെജ്ജീവിതം നമ്മൾക്കാ-
യരുളും മധുരങ്ങളാസ്വദിക്കാൻ. [9]
മനുജനു തങ്ങുവാനില്ലാ തുറമുഖം
കരയെഴാതുള്ളതുമാണു കാലം.
പ്രവഹിച്ചിടുന്നിതപ്രതിഹതമായതു
പ്രഥികർ കടന്നു പോകുന്നു നമ്മൾ.” [10]
പെരികേയസൂയാലുവായുള്ള കാലമേ
പറയു നീ, പ്രേമമുദാരമായി-
പ്പകരുന്ന മോദത്തിൻ മാദകവേളകൾ
കദനപ്രദങ്ങളാം നാളുകൾ തൻ-
ഗതിവേഗത്തിങ്കൽത്താൻ ഞങ്ങളിൽ നിന്നുമേ
അകലുകയെന്നതു സാദ്ധ്യമാമോ? [11]
എന്നാലിതെന്തൊന്നു കാണുവതില്ലഹോ
നിർവൃതി നാൾകൾ തൻ പാടുപോലും!
എന്തവയെന്നേയ്ക്കും പോയി മറഞ്ഞെന്നോ,
സമ്പൂർണ്ണമായും വിനഷ്ടമെന്നോ? [12]
അവ നമുക്കേകി മാച്ചീടുന്ന കാലമി-
ങ്ങവ നമുക്കെന്നും തിരികെ നല്കാ?
നിത്യതേ, ശൂന്യതേ, ഭൂതമേ, കൂരിരുൾ
തിങ്ങുമഗാധമാം ഗർത്തങ്ങളേ,
നിങ്ങൾ വിഴുങ്ങിടും ഞങ്ങൾതൻ നാളുകൾ
കൊണ്ടെന്തു ചെയ്തിടുന്നങ്ങു നിങ്ങൾ? [13]
തിരികെ നല്കീടുമോ ഞങ്ങൾ തൻപ്രാണനിൽ
പുളകങ്ങൾ പാകിയ പൊന്നുനാൾകൾ?
പൂമ്പൊയ്കെ, മൂക ശിലകളെ, ഗഹ്വര-
വൃന്ദമേ, നീല വനതലമേ [14]
കാലത്തിൻ കാഠിന്യമേല്ക്കാതെ നവ്യത
കാലത്താൽ ചാർത്തപ്പെടുന്ന നിങ്ങൾ,
ചാരുപ്രകൃതി, ഹാ സൂക്ഷിച്ചുവെച്ചാലും
ആ രാവിൻ സുസ്മൃതിയെങ്കിലുമേ.
കമ്രതടാകമേ, നിന്റെ വിശ്രാന്തിയിൽ
നിൻ കോളിൽ നിന്നണിക്കുന്നുകളിൽ
ഈ നീലദേവദാരുക്കളിൽ ഇക്കാട്ടു-
കല്കളിൽ ആ സമൃതി തങ്ങിടട്ടെ.
മർമ്മരം തൂകിച്ചരിക്കുമിത്തെന്നലിൽ
നിന്റെ തടങ്ങൾ തൻ മാറ്റൊലിയിൽ
നിൻമേലെ വെള്ളിപ്പുതയിടും പാർവണ-
ചന്ദ്രനിൽ ആ സ്മൃതി തങ്ങിടട്ടെ.
വിമ്മുന്ന കാറ്റും നെടുവീർക്കുമിമ്മുള-
ങ്കാടും നിൻ വായു പരിമളവും
കാണുന്ന, കേൾക്കുന്ന വീർപ്പിയന്നീടുന്നൊ-
രിക്കാണും സർവ്വചരാചരങ്ങൾ
ഒന്നൊഴിയാതെ കണ്ടൊന്നിച്ചു ചേർന്നു കൊ-
ണ്ടോതട്ടെ: “പ്രേമിച്ചവരിരുവർ!”

Le Lac

കുറിപ്പുകൾ
[1]
കാൽവിനാഴിക കൂടി ഞാൻ പിറന്നൊരീ വീട്ടിൽ
മേവിടാൻ കഴിഞ്ഞെങ്കി, ലിത്ര വേഗമോ യാത്ര!
(ജി. — എന്റെ വേളി)
ആർക്കും തുല്യമായാർക്കുമധൃഷ്യമായ് വായ്പോരു
നീക്കുപോക്കില്ലാത്തോരാ നിയമം സനാതനം.
(ആശാൻ — ശ്രീബുദ്ധചരിതം)
O how feeble is man’s power
That is good fortune fall,
Cannot add another hour
Nora lost hour recall.
(John Donne — Sweetest Love)
[2]
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിക്കും ശിലാതളിമത്തിനെ…
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
സാഗരതരംഗങ്ങൾ കാലടി കഴുകുവാൻ
വേഗമോടാവേശം പൂണ്ടണയും കൂടക്കൂടേ.
(കടമ്മനിട്ട — ഒരു പഴയ പ്രേമം)
തിരകൾ കാൽവിരൽത്തുമ്പിൽ തൊടുന്ന
വലിയ പാറയിൽ ഞാനിരിക്കുമ്പോൾ
(ദേവി — വെറുമൊരു പ്രേമഗാനം)
കരഞ്ഞു നീയിരുന്ന കൽത്തറയ്ക്കു മേലെയിന്നു ഞാ-
നിരുന്നു നിന്നെ യോർമ്മയിൽത്തിരിച്ചു കൊണ്ടുവന്നിടും.
(കെ. വി. ബേബി — സ്മൃതിപ്പടർപ്പുകൾ)
തിരകൾ പലേവട്ടം വന്നു കാൽ നനച്ചെന്നോ
തിരികെപ്പോയി.…
(പ്രഭാവർമ്മ — കടൽ പറഞ്ഞ കഥ)
[3]
ദളിതം = വിള്ളലുകളുള്ള
[4]
ഇപ്പോലേ = ഇപ്പോൾ തന്റെ കാലിന്മേൽ അർപ്പിക്കുന്നതുപോലെ
[5]
നീരവം = തമ്മിൽ ഒന്നും സംസാരിക്കാതെ
ഏറുന്നൊരിമ്പമതിനാൽ മൊഴിവിട്ടു ഞങ്ങൾ
കൂറാർന്നിടുന്നു തനിയേ വെറുതേയിരിപ്പിൽ
പാരിൽപ്പലേ സുഖമയൂഖഗണത്തിനൊറ്റ-
വേരായടിക്കു വിലസും രവി മൗനമത്രേ.
(ആശാൻ — ഒരു വനയാത്ര)
സുന്ദരം നിന്റെ നിശ്ശബ്ദതയുടെ
നർമ്മ സല്ലാപമാം വീണവായന.
(പി. കുഞ്ഞിരാമൻ നായർ — എന്റെ രഹസ്യക്കാരി)
ദേവ, നിൻ മൗലിയെന്നോടു ചേർത്തു ഞാൻ
മേവുമൊരക്ഷരം മിണ്ടിടാതെ
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
സംസാരിക്കണമെങ്കിൽ
നിശ്ശബ്ദം സംസാരിക്കുക,
പാറ മരങ്ങളോടും
മരങ്ങൾ പൂക്കളോടുമെന്നപോലെ.
ഏറ്റവും മധുരമായ ശബ്ദം
മൗനമാകുന്നു.
(സച്ചിദാനന്ദൻ — ഉത്തരകാണ്ഡം)
ഇരിക്കയാണവർ പ്രണയികൾ, നെഞ്ചി-
ലൊതുക്കിവെച്ചിടും ഒതുങ്ങാത്ത സ്നേഹം
മുറിക്കുള്ളിൽ മൗനസമുദ്രമാകുന്നു.
(സിന്ധു ഭാസ്കരൻ — പ്രണയികളുടെ മധ്യാഹ്നം)
[6]
പകലന്തിനേരം
ജലസന്ധി മൂകം
ഒരു തോണിയിൽ നാം…
(കെ. ജി. ശങ്കരപ്പിള്ള — പ്രേമമെന്നെന്തിനെ നാം വിളിക്കുന്നു)
[7]
Sweet Thames, run softly till I end my song.
(Edmund Spenser — Prothalamion)
[8]
അഭിരതർ = സന്തുഷ്ടർ
[9]
വിളംബരം ചെയ്വൂ: വിളംബമെന്യെയാ-
ഗളം സ്വജീവിത മധുനുകരുവിൻ,
സമയപീയുഷമൊലിക്കുന്നു തൃഷ്ണാ-
ശമം വരുത്തുവാൻ കഴിയില്ലാ പിന്നെ.
(ജി. — പിന്നത്തെ വസന്തം)
പാടുക സർവ്വാത്മനാ ജീവിതത്തിനെ സ്നേഹി-
ച്ചീടുവാൻ പഠിച്ചൊരീ നമ്മുടെ ചിത്താമോദം.
(വൈലോപ്പിള്ളി — ഊഞ്ഞാലിൽ)
പൂക്കളെപ്പോലെ നിമിഷങ്ങളിങ്ങുതിരുന്നു;
നോക്കുക നമുക്കു തൽസ്സൗരഭ മുൾക്കൊള്ളുവാൻ.
(ബാലാമണിയമ്മ — വിശ്വാമിത്രൻ)
ഭുവന ജീവിത വാഹിനിയെപ്പൊഴും
ദ്രുതഗതിയിൽ കുതിക്കുകയല്ലയോ?
വരിക, യെന്തും ക്ഷണികമാണൊക്കെയും
മറയു മീ നമ്മളെല്ലാം പിരിഞ്ഞിടും.
അതിനു മുമ്പു പറയേണ്ടതൊക്കെയു-
മതിമധുരം പറഞ്ഞു നാം തീർക്കുക.
(ചങ്ങമ്പുഴ — ഇരുളിൽ)
ചിന്തിച്ചിരിക്കാനിടയില്ല, വണ്ടുപോൽ
പൂന്തേൻ നുകരാൻ വിടുക ചിത്തത്തിനെ.
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
[10]
പാന്ഥർ പെരുവഴിയമ്പലം തന്നിലേ…
(എഴുത്തച്ഛൻ — അദ്ധ്യാത്മരാമായണം)
[11]
വാനിന്നു പീലിപ്പുതുമാല ചാർത്തും
കാർവില്ലുമായുന്നിതു കാൽക്ഷണത്തിൽ,
മലീമസം ദുർദ്ദിനമോ പെരുമ്പാ-
മ്പെന്നാവിധം നീണ്ടു കിടന്നുകൊള്ളും.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
[12]
ഭോഗങ്ങളൊക്കെ ക്ഷണപ്രഭാചഞ്ചലം…
വേഗേന പോയിടുമായുസ്സുമോർക്ക നീ
(എഴുത്തച്ഛൻ — അദ്ധ്യാത്മരാമായണം)
പരകോടികൾ പാവനങ്ങളാം
പരമ പ്രേമ സുഖാനുഭൂതികൾ
പരിചാരകരായ് ലസിച്ചൊരാ-
പ്പരിചേലും സുദിനങ്ങളെങ്ങുപോയ്?
(ചങ്ങമ്പുഴ — തപ്തസന്ദേശം)
The golden hours on angel wings
Flew o’er me and my dearie.
(R. Burns — Highland Mary)
[13]
വാ പിളർത്തുന്നോരതിന്റെ ഗർത്തങ്ങളിൽ
വാടി വീഴുന്നു ദിനങ്ങൾ…
അന്തമറ്റോളമടിച്ചു കിടക്കുമ-
തെന്തൊരപാരതയാവോ?
(ചങ്ങമ്പുഴ — സായൂജ്യദീപ്തി)
[14]
ഗഹ്വരം = ഗുഹ
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.