images/harikumar-vrishabham-cover.jpg
A Brazilian Landscape, a painting by Franz Post (1612–1680).
മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ

ചുരം കയറുന്ന തീവണ്ടിയിൽ യാത്ര ചെയ്യുന്നത് ഓപ്പണെയർ തിയേറ്ററിൽ വെച്ച് ഒരു സിംഫണി ഓർക്കെസ്ട്രാ കേൾക്കുന്നപോലെയാണ്. ഒരു ഭാഗത്ത് പച്ചപിടിച്ച താഴ്‌വരകൾ. മറുഭാഗത്ത് പാറകളുടെ ഔന്നത്യം. ഇടയ്ക്കിടയ്ക്ക് ഇരുട്ടും വെളിച്ചവും മാറി വിതറുന്ന ഇരുണ്ട തുരങ്കങ്ങൾ. താളലയ വിന്യാസങ്ങൾ, അഡാന്റോ, മൊഡറാറ്റോ. താളം പക്ഷേ, ഒരിക്കലും ത്വരിതമാവുന്നില്ല.

തീവണ്ടി ക്രമേണ മേഘവലയത്തിലേക്കു കടക്കുന്നത് അയാൾ വിജയയ്ക്കു കാണിച്ചുകൊടുത്തു. ആദ്യം പുറത്ത് ഒരു മങ്ങൽ മാത്രമായി വന്ന്, പിന്നെപ്പിന്നെ കട്ടി കൂടിത്തുടങ്ങി.

വിജയ അത്ഭുതത്തോടെ പുറത്തേക്കു നോക്കുകയായിരുന്നു.

മേഘങ്ങൾ? യക്ഷിക്കഥകൾ പോലെ അല്ലെ?

വിടർന്ന കണ്ണുകളുമായി അവൾ ഒരു യക്ഷിയെപ്പോലെ തോന്നിച്ചു.

ക്രമേണ മേഘങ്ങൾക്ക് കട്ടി കൂടുകയും താഴെയുള്ള പച്ച പിടിച്ച താഴ്‌വരകൾ അപ്രത്യക്ഷമാവുകയും ചെയ്തു. കാറ്റിലുള്ള ഈർപ്പം അയാൾ അറിഞ്ഞു.

വീണ്ടും കയറ്റം. തുരങ്കങ്ങളുടെ ഒരു ശൃംഖല. പിന്നെ തുറന്ന പീഠഭൂമി. മന്ദഗതിയിലായിരുന്ന സിംഫണി ഒരു ഹോട്ട് ജാസിന് വഴി മാറിക്കൊടുത്തു.

ലോനാവ്ല

ഹോട്ടൽ ഒരു മലമുകളിലായിരുന്നു. കമ്പിവേലിക്കരികിൽ നിന്നു നോക്കിയാൽ താഴെ അഗാധമായ കൊല്ലി നീണ്ടു കിടക്കുന്നതു കാണാം. ഇരുവശത്തും ഉയർന്നു നിൽക്കുന്ന മലകൾ. വെള്ളമേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ അവർ നിൽക്കുന്നതിന്നു വളരെ താഴെ ഒരു പടലമായി നിൽക്കുന്നു. എതിർവശത്ത് കൂടുതൽ ഉയരമുള്ള മലയുടെ ശിരസ്സിൽനിന്ന് ഊർന്നിറങ്ങുന്ന ജലധാര.

ഇതെല്ലാം വിജയയെ സന്തോഷിപ്പിക്കേണ്ടതാണ്. ദിനേശൻ അസ്വസ്ഥനായി അവളെ നോക്കി. ഹോട്ടലിൽ എത്തിയതു മുതൽ അവൾ മാറിയപോലെ. അവൾ തനിക്കു നഷ്ടപ്പെടുകയാണോ?

വിജയ എന്തോ തിരയുകയായിരുന്നു.

ദിനേശൻ അരക്കെട്ടിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ചു.

“നീ എന്താണ് അന്വേഷിക്കുന്നത്?”

“ആ വീട്; അതിവിടെ അടുത്തു തന്നെയാണ്.”

“ഏതു വീട്?”

“ആ, അതാ. ആ കാണുന്ന ഓടിട്ട വീടുകൾ!”

ദിനേശൻ നോക്കി. മരങ്ങൾക്കിടയിൽ രണ്ടു കുന്നുകൾ കൂട്ടിമുട്ടുന്നിടത്തെ സമതലത്തിൽ അവിടവിടെയായി ക്രമമില്ലാതെ പണിത ചെറിയ ഓടിട്ട വീടുകൾ. ഒരു വികൃതിക്കുട്ടി വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ പോലെ അവ ചിതറിക്കിടന്നു. ഓരോ വീട്ടിലേക്കും പോകുന്ന വീതി കുറഞ്ഞ ചരൽപ്പാതകൾ.

“ഏതാണാ വീടുകൾ?”

“അതിലൊന്നിലാണ് ഞങ്ങൾ മധുവിധു ആഘോഷിച്ചത്.”

അയാൾ നിശ്ശബ്ദനായി. കാറ്റ് താഴെ മേഘപടലങ്ങൾ പഞ്ഞിത്തുള്ളികൾ പോലെ പറപ്പിക്കുന്നത് അയാൾ ശ്രദ്ധിച്ചു. മനസ്സിൽ നേരിയ വേദന, കാറ്റിലെ ഈർപ്പം പോലെ തങ്ങിനിന്നു.

വിജയ അതു മനസ്സിലാക്കി. അവൾ അയാളുടെ അരക്കെട്ടിലൂടെ കയ്യിട്ട് ചുമലിൽ മുഖമമർത്തി.

“നീ എന്താണ് ആലോചിക്കുന്നത്?”

അയാൾ ഒന്നും പറഞ്ഞില്ല.

“പറയൂ, ഞാൻ നിന്നെ വേദനിപ്പിച്ചു, അല്ലേ?”

അയാൾ ഒന്നും പറയാതെ താഴ്‌ന്ന് അവളുടെ കവിളിൽ ചുംബിച്ചു.

“എനിക്കറിയാം,” വിജയ പറഞ്ഞു. “ഞങ്ങളുടെ മധുവിധുവിനെപ്പറ്റി പറഞ്ഞതുകൊണ്ടാണല്ലെ? സാരമില്ല ദിനേശ്, ഇനി പറയില്ല. പോരാത്തതിന് അത് മൂന്നുകൊല്ലം മുമ്പ് കഴിഞ്ഞതുമല്ലെ?”

കമ്പിവേലിക്കരികിൽ നിരയായി കള്ളിച്ചെടികൾ വളർത്തിയിരുന്നു. അവ കല്ലുകൊണ്ടുണ്ടാക്കിയ, പ്രാകൃതമായ ആയുധങ്ങളേന്തിയ ആദിമമനുഷ്യരുടെ ഒരു പോർയാത്ര പോലെ തോന്നിച്ചു.

മലയിൽനിന്നൂർന്നിറങ്ങുന്ന വെള്ളച്ചാട്ടം അപ്പോഴാണ് വിജയ കണ്ടത്.

“ഈ വെള്ളച്ചാട്ടം…”

അവൾ പകുതി പറഞ്ഞുനിർത്തി.

“അന്നവിടെ ഉണ്ടായിരുന്നില്ല അല്ലേ?” ദിനേശൻ പൂരിപ്പിച്ചു.

“അതെ,” അപരാധബോധത്തോടെ അത്ഭുതത്തോടെ അവൾ പറഞ്ഞു. “നിനക്കെങ്ങനെ മനസ്സിലായി ഞാനതാണ് ഉദ്ദേശിച്ചതെന്ന്!”

“അത് മഴക്കാലത്തു മാത്രമുണ്ടാകുന്നതാണ്. മലമുകളിലെ തടാകം കവിഞ്ഞൊഴുകുന്നതാണത്. വേനലിൽ അതു വരണ്ടുകിടക്കും.”

അയാൾ പാറകളെ ഓർത്തു. വേനലിൽ പൊരിവെയിലത്ത് അവ മാസങ്ങളോളം, പിന്നിട്ട വർഷങ്ങൾ ഉണ്ടാക്കിയ പോറലുകൾ താലോലിച്ച് ഈ ജലധാരയേയും സ്വപ്നം കണ്ട് കാത്തു കിടക്കുന്നത് അയാൾ പൂനയ്ക്കു പോകുമ്പൊഴെല്ലാം കാണാറുണ്ട്. പിന്നെ ഒരു ദിവസം മഴപെയ്യുമ്പോൾ അവ തണുക്കുന്നു. വീണ്ടും മഴപെയ്ത് തടാകങ്ങൾ നിറയുമ്പോൾ അവയുടെ ശിരസ്സിലൂടെ നീർധാര ഒഴുകുന്നു.

നൂറ്റാണ്ടുകളുടെ സംഗീതത്തിനായി അയാൾ ചെവിയോർത്തു.

“നിനക്കെന്നോട് ദ്വേഷ്യമുണ്ടോ?” വിജയ അവളുടെ മുഖം അയാളുടെ ചുമലിലമർത്തി ചോദിച്ചു.

“ഇല്ല.”

മുറിയ്ക്കുള്ളിൽ ചൂടായിരുന്നു. വിജയയുടെ ദേഹം തണുപ്പായിരുന്നു. അവളുടെ ദേഹം തണുപ്പു സമയത്ത് ചൂടും, ചൂടുസമയത്ത് തണുപ്പുമായിരുന്നു.

“നീ എന്റെ തണുപ്പു മുഴുവൻ എടുക്കാനുള്ള ശ്രമമാണല്ലെ?”

“അല്ലാ, നിന്നെ ചൂടാക്കുകയാണ്.”

സംഭാഷണം സാധാരണപോലെ ബാലിശവും സ്വാഭാവികമായിരുന്നെങ്കിലും, അയാൾ വിജയയുടെ നിസ്സംഗത മനസ്സിലാക്കി. അതവളുടെ കണ്ണുകളിലും, ഓരോ ചലനത്തിലും ഉണ്ടായിരുന്നു.

“നീ എന്താണ് ആലോചിക്കുന്നത്?” അയാൾ ചോദിച്ചു.

“ഉം, ഉം.”

ബോംബെയിൽ ഹോട്ടൽമുറികളിൽ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷവും മദവും അവളിൽ കണ്ടില്ല.

“നമ്മൾ വളരെ ദൂരെയാണ്,” വിജയ പറഞ്ഞു, “വളരെ ദൂരെ. ഇനി തിരിച്ചുപോകാൻ പറ്റില്ലെന്ന തോന്നൽ. ഇത്രയും ദൂരം വരേണ്ടായിരുന്നു.”

“രണ്ടു മണിക്കൂർകൊണ്ട് നമുക്ക് തിരിച്ചെത്താം. മുന്നരമണിക്കു പുറപ്പെട്ടാൽ അഞ്ചുമണിക്ക് വീട്ടിലെത്താം.”

അവൾ ഓടിട്ട വീടുകളെപ്പറ്റിഓർത്തു. മരങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന ചെറിയ വീടുകൾ. നടുവിൽ വളഞ്ഞുപോകുന്ന ചരൽപ്പാതകൾ. മരത്തിന്റെ അഴികളുള്ള ഗേറ്റിനകത്ത് ചെറിയ മുറ്റം. വീടിനകത്ത് അരുമയായ രണ്ടു കൊച്ചു മുറികൾ.

“നമുക്ക് ഇത്രയും ദൂരം വരേണ്ടായിരുന്നു.”

“നിന്റെ ഭർത്താവ് എന്നാണ് തിരിച്ചു വരിക?”

“ഇനിയും ഒരാഴ്ച പിടിക്കും.”

“നമുക്കൊരു കാര്യം ചെയ്യാം. ഇന്നു രാത്രി ഇവിടെ താമസിച്ച് നാളെ രാവിലെ തിരിച്ചു പോകാം… ”

“പറ്റില്ല ദിനേശ്. വൈകുന്നേരം തന്നെ തിരിച്ചു പോകണം.”

“എന്താണ് ഇത്ര ധൃതി? ഒരു പക്ഷേ, രാത്രി നിനക്ക് ഇതെല്ലാം വ്യത്യസ്തമായി തോന്നും. നിനക്ക് ഈ സ്ഥലം ആസ്വദിക്കാൻ കഴിഞ്ഞെന്നു വരും. ചീവിടുകളുടെ ശബ്ദം, കാട്ടിൽ മരങ്ങൾക്കിടയിൽക്കൂടി കാണുന്ന ഒറ്റപ്പെട്ട വെളിച്ചം. ഇതെല്ലാം നിനക്കിഷ്ടമാവും.”

“നിനക്കങ്ങനെ പറയാം. നീ എന്റെ മോളെ ഓർത്തു നോക്ക്. ഞാൻ പുറത്തിറങ്ങിയാൽ തിരിച്ചു വരുന്നതുവരെ അവൾ ബാൽക്കണിയിൽ എന്നെ കാത്തിരിക്കയാണ് പതിവ്. ഇന്ന് ഇത്ര വൈകിയിട്ടും എന്നെ കാണാഞ്ഞാൽ അവൾ കരച്ചിലായിട്ടുണ്ടാകും. ആയക്കൊന്നും അത്രനേരം അവളുടെ കരച്ചിൽ മാറ്റാൻ കഴിയില്ല.”

“സോറി, ഞാനതോർത്തില്ല.” ദിനേശൻ പറഞ്ഞു. “നമുക്കു കഴിയുന്നതും വേഗം തിരിച്ചു പോകാം. പിന്നെ, നിനക്കിതു മുമ്പേ പറയാമായിരുന്നു. എങ്കിൽ ഇത്ര ദൂരം ഞാൻ നിന്നെ കൊണ്ടുവരില്ലായിരുന്നു.”

“നീ കുറേക്കാലമായി എന്നെ നിർബ്ബന്ധിക്കുന്നു.”

അയാൾ വിജയയുടെ രണ്ടു വയസ്സായ മകളെ ഓർത്തു. ചോരച്ചുണ്ടുകളും തുടുത്ത കവിളുകളും റിബ്ബൺ കെട്ടിയ ചെമ്പൻ തലമുടിയുമായി ആ കുട്ടി ഇപ്പോൾ ബാൽക്കണിയിൽ കാത്തുനിൽക്കുന്നുണ്ടാവുമോ?

“ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്നറിയാമോ?” അയാൾ ചോദിച്ചു.

“എനിക്കറിയാം, ദിനേശ്. അതുപോലെ നിന്നെ ഞാനും സ്നേഹിക്കുന്നുണ്ട്. പക്ഷേ, ഈ സ്ഥലത്ത് എന്നെ നിന്നിൽ നിന്നകറ്റുന്ന എന്തോ ഉണ്ട്. നമുക്ക് തിരിച്ചു പോകാം.”

അയാൾ കാറ്റിൽ വെള്ളിമേഘപടലങ്ങൾ ധൂളിയായി പറക്കുന്നത് ഓർത്തു. രണ്ടു മണിക്കൂർമുമ്പ് ചുരത്തിൽ മേഘങ്ങൾക്കിടയിലൂടെ ഊളിയിടുന്നതും.

“നമുക്ക് പുറത്തിറങ്ങാം.” അയാൾ പറഞ്ഞു.

“എനിക്ക് പുറത്തിറങ്ങാൻ തോന്നുന്നില്ല.”

“ആരെങ്കിലും കാണുമെന്ന ഭയമാണോ?”

“അല്ല. എനിക്കു തീരെ മൂഡില്ല.”

“ഇവിടെ അടുത്തുതന്നെ ഒരു കാഴ്ചബംഗ്ലാവുണ്ട്. ഞാനതു കാണിച്ചുതരാം.”

“വേണ്ട ഞാനതു പല വട്ടം കണ്ടതാണ്. അതിലുള്ള ഒരു കുരങ്ങനെയൊഴികെ ഒന്നിലും എനിക്കു താൽപര്യവുമില്ല.”

ദിനേശ് പുറംതള്ളപ്പെട്ടപോലെ തോന്നി. വിജയ അത് മനസ്സിലാക്കി. പുതുതായി വിവാഹം കഴിഞ്ഞ ചന്തമുള്ള ഒരു യുവാവും സുന്ദരിയായ ഒരു യുവതിയും കൈ കോർത്ത് കാഴ്ചബംഗ്ലാവിൽ നടക്കുന്നത് അയാൾ മനസ്സിൽ കണ്ടു.

ആലിംഗനം ചെയ്തിരുന്ന രണ്ടു വെളുത്തുരുണ്ട കൈകൾ മാറ്റി അയാൾ തിരിഞ്ഞു കിടന്നു. തലയിണ കണ്ണീരൊഴുകി നനയുന്നത് അയാൾ അറിഞ്ഞു.

“എന്തു പറ്റി ദിനേശ്?” അവൾ ആരാഞ്ഞു. “ഞാനെന്തെങ്കിലും നിനക്കിഷ്ടമില്ലാത്തത് പറഞ്ഞുവോ?”

അയാൾ ഒന്നും പറയാതെ കരയുക തന്നെയായിരുന്നു.

അവൾ എഴുന്നേറ്റിരുന്ന് ആലോചിച്ചു. സംസാരിച്ചിരുന്നത് കാഴ്ചബംഗ്ലാവിനെപ്പറ്റിയായിരുന്നു. കുരങ്ങനെപ്പറ്റിയായിരുന്നു. പെട്ടെന്നവൾക്കു മനസ്സിലായി.

“നീ എന്തൊരു തൊട്ടാവാടിയാണ് ദിനേശ്! കാഴ്ചബംഗ്ലാവ് കണ്ടെന്നു പറഞ്ഞതിനാണ് നീ കരയുന്നത് അല്ലേ? സോറി. നോക്കു, നമുക്ക് പുറത്തിറങ്ങാം. എനിക്ക് നിന്റെ ഒപ്പം കാഴ്ചബംഗ്ലാവ് കാണണം. ഒരു പക്ഷേ, പുതിയ വല്ല കുരങ്ങനേയും കൊണ്ടുവന്നിട്ടുണ്ടാകും.”

അവൾ ചേർന്നു കിടന്ന് അയാളുടെ കവിളിൽ ചുംബിച്ചു. പിന്നെ കണ്ണീരുറന്ന കണ്ണുകളിൽ, നെറ്റിമേൽ അവസാനം ചുണ്ടിൽ ചുംബിച്ചപ്പോൾ അയാളുടെ പ്രതിരോധം അയഞ്ഞുപോയി.

അതയാളുടെ ഏറ്റവും നല്ല രതിയായിരുന്നു. അവളും വളരെ സംതൃപ്തയായിട്ടുണ്ടെന്നു കണ്ണുകളിലെ ആലസ്യം അറിയിച്ചു.

“നീ എന്നെ എപ്പോഴും ലഹരി പിടിപ്പിക്കുന്നു.” അവൾ പറഞ്ഞു.

അയാൾ മലമുകളിൽനിന്ന് ഒലിച്ചിറങ്ങിയ ജലധാരകളെയും, പാറകളെയും ഓർത്തു. താഴോട്ടൊഴുകിയ വെള്ളം താഴ്‌വരയിൽ ഉണ്ടാക്കിയേക്കാവുന്ന അരുവിയേയും ഓർത്തു. ചിറകുണ്ടെങ്കിൽ പറന്ന്, താഴെ പടർന്നു കിടക്കുന്ന മേഘത്തിന്റെ പാളികൾ തുളച്ചുപോയി ആ അരുവി കാണാമായിരുന്നു.

ഓടിട്ട ഒരു ചെറിയ വീട് എന്റെ മനസ്സിലുണ്ട്, വിജയ ആലോചിച്ചു. അതവിടെ കുറെക്കാലമായി ഇരുട്ടിൽ കാണാത്ത ഒരു മൂലയിൽ ഉണ്ടായിരുന്നു എന്നവൾ മനസ്സിലാക്കി. ഇപ്പോൾ അവിടെ വെളിച്ചം വീശിയിരിക്കുന്നു.

ആ വീട്ടിൽ ആഘോഷിച്ച മധുവിധു അവൾ ഓർത്തു. ദിനേശിന്റെ ആലിംഗനത്തിൽ കിടക്കുമ്പോൾ ഭർത്താവിനെപ്പറ്റി, ഭർത്താവൊന്നിച്ച് ആഘോഷിച്ച മധുവിധുവിനെപ്പറ്റി ഓർക്കുന്നത് അവൾക്ക് സംതൃപ്തി കൊടുത്തു. അവൾ ഒരു പകപോക്കുന്ന രസത്തോടെ ആ മധുവിധുവിന്റെ വിശദാംശങ്ങൾ അയവിറക്കി. ആദ്യമായി ഇണചേർന്നത്, തളർന്നുറങ്ങിയത്, ഉറക്കത്തിനുശേഷം പുറത്തിറങ്ങിയത്. കാഴ്ചബംഗ്ലാവിലെ കുരങ്ങന് നിലക്കടല കൊടുത്തപ്പോൾ അത്, കടലമണികൾ വായിലിട്ട് പുറന്തോട് അവരുടെ നേർക്ക് എറിഞ്ഞപ്പോൾ പെട്ടെന്ന് മാറിനിന്ന് അവർ പൊട്ടിച്ചിരിച്ചത്.

പിന്നെപ്പിന്നെ അവൾക്ക് ആരോടാണ് പകപോക്കുന്നതെന്നറിയാതായി. അവൾ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട്. കിടക്കുന്നതാകട്ടെ, അവൾ സ്നേഹിക്കുന്ന കാമുകന്റെ കൈകളിലും. അവൾ അയാളെ മുറുക്കി വരിഞ്ഞു ചുംബിച്ചു.

“നീ എന്നാണ് നിന്റെ ഭർത്താവിന്റെ ഒപ്പം കിടന്നത്?”

ദിനേശൻ അയാളുടെ കൈ അവളുടെ കഴുത്തിൽനിന്നെടുത്തു മാറ്റി.

“നീ എന്തിനാണ് കൈയെടുത്തത്? നല്ല രസമുണ്ടായിരുന്നു.”

ഞാൻ വയ്ക്കാമല്ലോ.

“ഔ, പതുക്കെ. എന്റെ തലമുടി. പിന്നെ നീ എന്താണ് ചോദിച്ചത്?”

“നീ എന്നാണ് ഭർത്താവിന്റെ ഒപ്പം കിടന്നത്?”

“ഞാൻ എന്നും ഭർത്താവിന്റെ ഒപ്പംതന്നെയാണ് കിടക്കാറ്.” അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

“അതല്ല ഞാനുദ്ദേശിച്ചത്.”

“കുറെ ദിവസമായി. എന്നാണ് നമ്മൾ കഴിഞ്ഞ പ്രാവശ്യം ഹോട്ടലിലേയ്ക്കു പോയത്? അതിനും രണ്ടു ദിവസം മുമ്പ്.”

“പന്ത്രണ്ടു ദിവസമോ? എന്താണ് നിന്റെ ഭർത്താവ് ഇത്ര തണുപ്പനായത്? പന്ത്രണ്ടു ദിവസമൊക്കെ എങ്ങിനെയാണയാൾ അടങ്ങിക്കിടക്കുന്നത്? പ്രത്യേകിച്ചും നിന്നെപ്പോലെ ഒരു സുന്ദരി അടുത്തു കിടക്കുമ്പോൾ?”

“എല്ലാവർക്കും നിന്റെ അത്ര താൽപര്യമുണ്ടായെന്നു വരുമോ?”

“അല്ലെങ്കിൽ ഒരുപക്ഷേ, അയാൾക്ക് വേറെ വല്ല അഫയറുമുണ്ടാവും. ഓഫീസിലോ, പുറത്തോ എവിടെയെങ്കിലും. അപ്പോൾ നിന്നോടു താൽപര്യം കുറഞ്ഞതായിരിക്കും.”

മുറുക്കി ആലിംഗനം ചെയ്തിരുന്ന കൈകൾ അയഞ്ഞുവരുന്നതും, തെളിഞ്ഞ ആകാശം പെട്ടെന്ന് കാർ വന്ന് മങ്ങുന്ന പോലെ വിജയയുടെ മുഖത്ത് ശത്രുത ഇരുണ്ടുകൂടുന്നതും അയാൾ കണ്ടു.

മുറി പെട്ടെന്ന് തണുത്തതായി അയാൾക്കു തോന്നി. ജനലിലൂടെ വീശിയ കാറ്റ് തണുപ്പുള്ളതും ശത്രുതയുള്ളതുമായിരുന്നു. അയാൾ, കുട്ടിക്കാലത്തു കിണറ്റുകരയിൽ സന്ധ്യയ്ക്ക് പുറത്തു നിർത്തി അമ്മ തന്നെ കുളിപ്പിച്ചിരുന്നത് ഓർത്തു. കാറ്റടിക്കുമ്പോൾ തണുപ്പ് ഒരു കരിമ്പടപ്പുഴുവിനെപ്പോലെ മേൽ ഇഴഞ്ഞിരുന്നു. സോപ്പിന്റെ വാസന തണുപ്പിനോട് കലർന്ന് ആ കുട്ടിയുടെ രോമകൂപങ്ങളിൽ ഒട്ടിപ്പിടിച്ചിരുന്നു.

ഞാൻ നിന്നെ വെറുക്കുന്നു.

വിജയ പറയുകയാണ്. അവൾ എഴുന്നേറ്റിരുന്ന് വസ്ത്രം ധരിക്കുകയാണ്. ഞാൻ നിന്നെ വെറുക്കുന്നു. നീ എന്റെ ഭർത്താവിനെപ്പറ്റി ഇങ്ങിനെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ ഭർത്താവിന്റെ സ്നേഹത്തെപ്പറ്റി നിനക്കെന്തറിയാം?

വിജയ സംസാരിക്കുന്നത് എത്ര ദൂരത്തു നിന്നാണ്. കിണറ്റുകരയിൽ നിന്ന് തോർത്തൽ മുഴുമിക്കാത്ത ആ കുട്ടി മണൽ വിരിച്ച മുറ്റത്തുകൂടെ വീട്ടിനകത്തേക്ക് ഓടുന്നു, പിൻതുടരുന്ന തണുപ്പിൽ നിന്നു രക്ഷപ്പെടാനായി. ചന്ദനത്തിരിയുടെ വാസനയുള്ള ഇരുണ്ട അറകളിൽ ഭയം വകവെയ്ക്കാതെ ട്രൗസറിനും ഷർട്ടിനും വേണ്ടി പരതുന്നു. അങ്ങനെ പരതുന്നതിനിടയിൽ ആ കുട്ടിക്ക് എല്ലാം നഷ്ടപ്പെടുന്നു. അയാൾ ഏകനാവുന്നു.

എഴുന്നേൽക്കു, വിജയ പറഞ്ഞു, എന്നെ കൊണ്ടുപോയാക്കു. മോൾ കാത്തിരിക്കുന്നുണ്ടാവും.

അയാൾ എഴുന്നേറ്റു.

Colophon

Title: Vṛiṣabhattinte Kaṇṇu (ml: വൃഷഭത്തിന്റെ കണ്ണു്).

Author(s): E Harikumar.

First publication details: E Harikumar; Thrissur, Kerala;; 2013.

Deafult language: ml, Malayalam.

Keywords: Short stories, Vrishabhathinte Kannu, E Harikumar, വൃഷഭത്തിന്റെ കണ്ണു്, ഇ ഹരികുമാർ, ചെറുകഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2021.

Credits: The text of the original item is copyrighted to Lalitha Harikumar, Thrissur. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder(s) and Sayahna Foundation and must be shared under the same terms.

Cover: A Brazilian Landscape, a painting by Franz Post (1612–1680). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.