ഞാൻ ഇന്‍റർവ്യൂവിനു് ചെല്ലുന്ന ദിവസമാണു് തിരുവനന്തപുരത്തു് സ്വാമി സമാധിയായ വാർത്ത വന്നതു്. അദ്ദേഹം എന്നോട് ‘എന്റെ മരണവാർത്ത കേട്ട് നീ വരേണ്ടതില്ല. എന്റെയും നിന്റെയും ഒടുവിലത്തെ കാണലാ ഇതു്. നമ്മുടെ ഭാഗങ്ങൾ നാം ഏതാണ്ടു് പൂർത്തിയാക്കി’ എന്നു പറഞ്ഞതിലുണ്ടായ ആഴത്തെയോർത്തു് ഞാൻ ഞെട്ടി. പ്രായമേറി ശരീരം കുറുകിയപ്പോൾ വാക്കുകളും കുറുകിയതുപോലെ. അദ്ദേഹം പറഞ്ഞ ഓരോ വാക്കിനെയും അക്ഷരങ്ങളായിപ്പോലും വേർതിരിച്ചു് അർഥം കാണാൻ ശ്രമിക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് എന്നും എന്റെ ആഴത്തിലുള്ള ഒരു പ്രവൃത്തിയായിത്തീർന്നു അതു്.
മധുരയിലായിരുന്നു എനിക്കു് ആദ്യത്തെ പണി. പോലീസിന്റെ സഹായത്തോടെ ഞാൻ രണ്ടുദിവസത്തിനുള്ളിൽ അമ്മയെ തേടിപ്പിടിച്ചു. പോലീസ് ജീപ്പിന്റെ പിന്നിലിരുന്നു് നിലവിളിച്ചുകൊണ്ടു വന്ന ആ പരട്ട കിഴവിയാണു് എന്റെ അമ്മ എന്നു കണ്ട ആ ക്ഷണം എന്റെയുള്ളിൽ മുളച്ച വെറുപ്പിനെ ജയിക്കാൻ ഞാൻ സർവശക്തിയുമെടുത്തു് പൊരുതേണ്ടി വന്നു. പൊറ്റ പിടിച്ച ദേഹവും, മെലിഞ്ഞു് ഒട്ടിയ മുഖവും, ദ്രവിച്ച വസ്ത്രങ്ങളുമായി തൊഴുതുകൊണ്ടു് കണ്ണീരോടെ കുത്തിയിരുന്ന അമ്മയെ ലാത്തികൊണ്ടു് ഓങ്ങിയടിച്ചു് ‘എറങ്ങടീ ശവമേ’ എന്നു് കോൺസ്റ്റബിൾ ഉത്തരവിട്ടു.
അവൾ ‘വേണ്ട തമ്പ്രാ ഒണ്ണും പണ്ണല തമ്പ്രാ ഒണ്ണും പണ്ണല അടിയാത്തി പൊന്നു തമ്പ്രാ…’ എന്നു് ഉറക്കെ നിലവിളിച്ചു കരഞ്ഞു. രണ്ടു കൈകൊണ്ടും ജീപ്പിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചു.
‘വലിച്ചു താഴെയിറക്കെടേ…’ എന്നു് ഇൻസ്പെക്ടർ പറഞ്ഞു. ‘ഇതാണോ സാർ അക്യൂസ്ഡ്? കണ്ടാലറിയാമോ… ഇവള് ഒരു ശവമാ… പിച്ചക്കാരി. ക്രൈമൊന്നും ഇവറ്റകള് ചെയ്യൂല…’
ഞാൻ തലയാട്ടിയപ്പോൾ രണ്ടു് കോൺസ്റ്റബിൾമാർ അവളെ കൊണ്ടുവന്നു് എന്റെ ബംഗ്ലാവിന്റെ മുന്നിലിട്ടു. അവൾ ഇഴഞ്ഞു് പൂന്തൊട്ടികളുടെ പിന്നിൽ ഒളിച്ചു. ഒരു ജന്മവാസനയെന്നപോലെ ഇലകൾക്കു നടുവിൽ അവൾ ഒളിച്ചതിലുണ്ടായിരുന്ന ആ സ്വാഭാവികമായ ചലനത്തെയാണു് ഞാൻ ശ്രദ്ധിച്ചതു്. എന്നിലുമുണ്ടായിരുന്നു അതു്. ഞാനും ഒരാപത്തുകാലത്തു് വളരെ വിദഗ്ധമായി ഇലകളിലൊളിക്കും. ഭയന്ന നായ പോലെ കൈ വിറച്ചുകൊണ്ടു് അവൾ അവിടെ ഇരുന്നു.
‘ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ പോയ്ക്കോളൂ’.
അവർ പോയപ്പോൾ ഞാനാണു് അധികാരി എന്നവർക്കു മനസ്സിലായി. എന്നെ നോക്കി കൈകൂപ്പി ‘തമ്പ്രാ കൊല്ലാതെ തമ്പ്രാ, കൊല്ലാതെ തമ്പ്രാ’ എന്നു കരഞ്ഞു.
അവരൊക്കെ പോയതിനുശേഷം ഞാൻ മെല്ലെ അമ്മയുടെ അടുത്തു് ഇരുന്നു. അവർ വിറച്ചുകൊണ്ടു് പൂന്തൊട്ടികളുടെ പിന്നിലേക്കു് കൂടുതൽ നീങ്ങി.
‘അമ്മേ ഇതു ഞാനാണു് കാപ്പൻ.’
അമ്മ കണ്ണീരോടെ ‘തമ്പ്രാ തമ്പ്രാ’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ അവളുടെ കൈയിൽ തൊട്ടു. ‘അമ്മേ ഇതു ഞാനാ കാപ്പൻ. നിന്റെ മോനാ… കാപ്പനാണിത്’
അവൾ ശരീരം നന്നായി ചുരുട്ടി ‘തമ്പ്രാ പൊന്നു തമ്പ്രാ’ എന്നു കരഞ്ഞുകൊണ്ടു് കണ്ണുകൾ മുറുക്കിയടച്ചു. ഞാൻ എഴുന്നേറ്റു.
അവളുടെ മോനായി ഞാനുണ്ടായിരുന്ന കാലഘട്ടം ഞാൻ ഓർത്തു. അവൾക്കു് മനസ്സിലാകുന്ന ഭാഷ ഒന്നു മാത്രമാണു്. അന്നെനിക്കും ആ ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാൻ പണിക്കാരനോട് അമ്മയ്ക്കു ചോറു കൊടുക്കാൻ പറഞ്ഞു. ഒരു വലിയ ഇലകൊണ്ടുവന്നു് അമ്മയുടെ മുന്നിൽ അവൻ വിരിച്ചപ്പോൾ അമ്മ ഞെട്ടി നിവർന്നു് നോക്കി. അതിൽ ചോറ് കുമിച്ചിട്ടപ്പോൾ ഭീതിയോടെ എന്നെ നോക്കി. ‘കഴിച്ചോളൂ’ എന്നു് ഞാൻ പറഞ്ഞതും വലിയ ഉരുളകളായി വാരി വാരി തിന്നുതുടങ്ങി. പിന്നെ പെട്ടെന്നു് ഇലയോടെ ചോറുംകൊണ്ടു് എഴുന്നേൽക്കാൻ ശ്രമിച്ചു.
‘ഇരുന്നു് ഉണ്ടോളൂ’ ഞാൻ പറഞ്ഞു.
അമ്മ പിന്നെയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ‘മ്മ്’ എന്നു ഞാൻ ഒച്ചയുണ്ടാക്കി. അമ്മ ഭയത്തോടെ ഇരുന്നു് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്നു തോന്നി. കാരണം മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാവില്ല. മൃഗങ്ങൾക്കു് വർത്തമാനകാലത്തിന്റെ വിശപ്പു മാത്രമേയുള്ളൂ.
ഊണു കഴിച്ചു കഴിഞ്ഞപ്പോൾ അമ്മ ശാന്തയായി. അവൾക്കു് എന്റെ സ്നേഹം മനസ്സിലായി. എന്നെ നോക്കി കറുത്ത പല്ലുകൾ കാട്ടി ചിരിച്ചു.
ഞാൻ അമ്മയുടെ അടുത്തു് ഇരുന്നു് ‘അമ്മേ ഇതു് ഞാനാണു് കാപ്പൻ… നിന്റെ മോൻ’ എന്നു പറഞ്ഞു.
‘ശരി’ എന്നു തലയാട്ടി അവിടുന്നു് രക്ഷപ്പെടാനുള്ള വഴി നോക്കി.
അമ്മയുടെ മുഖത്തേക്കു് എന്റെ മുഖത്തെ അടുപ്പിച്ചു് ഞാൻ പിന്നെയും പറഞ്ഞു. ‘അമ്മേ, ഇതു ഞാനാണു് കാപ്പൻ’.
അമ്മ പുറത്തേക്കുള്ള വഴി മാത്രം ശ്രദ്ധിക്കുകയായിരുന്നു. ഞാൻ അമ്മയുടെ കറുത്ത കൈ പിടിച്ചു് എന്റെ മുഖത്തു വച്ചു. ആ കൈകൊണ്ടു് എന്റെ മുഖം തലോടിച്ചു.
‘അമ്മേ ഞാൻ കാപ്പനാ’.
കൈ പിൻവലിച്ച അമ്മ പെട്ടെന്നു് ഞെട്ടി. എന്റെ മുഖത്തു വിറയ്ക്കുന്ന കൈകൊണ്ടു് തൊട്ടു. പിന്നെ എന്റെ മുഖത്തിലെ പാടുകളിൽ അവളുടെ ചുരുണ്ട നഖമുള്ള കൈകൾ പരതി ഓടി. നായാടികൾ പരസ്പരം അറിയുന്നതു് പാടുകളിലും വ്രണങ്ങളിലും കൂടിയാണു് എന്നു് എനിക്കു് അപ്പോഴാണു് മനസ്സിലായതു്. അതെ, എന്റെ പാടുകളും വ്രണങ്ങളും മാത്രമല്ലേ ഞാൻ.
പെട്ടെന്നു് അമ്മ ‘ലേയ് കാപ്പാ!’ എന്നു നിലവിളിച്ചു് പാഞ്ഞു് എന്നെ കെട്ടിപ്പിടിച്ചു. കരടി പിടിച്ചതുപോലെ. ചെളിവെള്ളത്തിൽ വീണു് ശ്വാസം മുട്ടുന്നതുപോലെ. മണ്ണിന്റെ ആഴത്തിൽ താഴ്‌ന്നുപോയതുപോലെ ദ്രവിച്ചു് ദേഹം നശിച്ചതുപോലെ.
അമ്മ എന്നെ കെട്ടിപ്പിടിച്ചു് എന്റെ തല സ്വന്തം മാറിൽ ചേർത്തു് എന്റെ പിൻതലയിൽ കൈകൊണ്ടു് ആഞ്ഞാഞ്ഞടിച്ചു് ‘കാപ്പാ! കാപ്പാ!’ എന്നു അലമുറയിട്ടു. അവൾ എന്നെ ആക്രമിക്കുകയാണു് എന്നു കരുതി പണിക്കാരൻ ഓടി സഹായിക്കാൻ വന്നു. ഞാനും കരയുന്നതുകണ്ടു് അവൻ പകച്ചുനിന്നു. ഞാൻ അവനോട് മാറിപ്പോകാൻ ആംഗ്യം കാട്ടി. അമ്മ എന്റെ കൈപിടിച്ചു് സ്വന്തം മുഖത്തടിച്ചു. കൈകൊണ്ടും കാലു കൊണ്ടും എന്നെ മുറുകെപ്പിടിച്ചു. എന്റെ ദേഹത്തെ ഒരു പച്ചിലപോലെ കശക്കി തന്റെ ദേഹത്തിൽ പുരട്ടാൻ വെമ്പുന്നതുപോലെ. കഴുത്തു് ഇറുകിയ ആടിന്റെ ഒച്ചയിലായിരുന്നു അമ്മയുടെ കരച്ചിൽ. എന്റെ കവിളു രണ്ടും അമ്മ കടിച്ചു പൊട്ടിച്ചു. മൂക്കിലും വായിലും കണ്ണിലും നിന്നു് ഉറവയെടുത്ത ജലംകൊണ്ടു് എന്റെ മുഖവും തോളും ഷർട്ടും ഒക്കെ ഈറനാക്കി. ഞാൻ കീഴടങ്ങി അവിടെ കിടന്നുപോയി. സുഹൃത്തായ ഒരു വന്യമൃഗം എന്നെ ബാക്കിവയ്ക്കാതെ തിന്നു തീർത്തതുപോലെ.
പുറത്തു് സംഭാഷണം കേട്ട് ഞാൻ എഴുന്നേറ്റു. സുധയും ഡോ. ഇന്ദിരയുമാണു്. ഡോക്ടർ എന്നോട് ‘ Now I got it… എനിക്കു് അപ്പോൾ തന്നെ ചെറിയൊരു സംശയം ഉണ്ടായിരുന്നു’ എന്നു പറഞ്ഞു. എന്തിനെപ്പറ്റിയാണെന്നു മനസ്സിലായില്ല.
ഡോക്ടർ അമ്മയെ പരിശോധിക്കുമ്പോൾ ഞാൻ സുധയെ നോക്കി. അവളുടെ മുഖം വളരെ സാധാരണമായിരുന്നു. ഡോക്ടർ ‘ഒരു മാറ്റവും ഇല്ല… നോക്കാം’ എന്നു പറഞ്ഞു് എഴുന്നേറ്റു. സുധയോട് കണ്ണുകൊണ്ടു് യാത്ര പറഞ്ഞു് പുറത്തേക്കുപോയി.
സുധ ‘മീറ്റിംഗൊന്നും ഇല്ലേ?’ എന്നു ചോദിച്ചു.
ഞാൻ ‘ഇല്ല’ എന്നു പറഞ്ഞു.
‘നിനക്ക്?’ എന്നു കുറേ കഴിഞ്ഞു് ഞാൻ ചോദിച്ചപ്പോൾ ‘മിനിസ്റ്റർ വന്നില്ല’ എന്നു സുധ പറഞ്ഞു.
പിന്നെയും ഏതാനും നിമിഷത്തേക്കു് നിശ്ശബ്ദത. സുധ അമ്മയെ നോക്കുന്നതിനെ ഒഴിവാക്കുന്നതായി തോന്നി. ചെറിയൊരു നെടുവീർപ്പോടെ സുധ മൗനത്തെ പൊട്ടിച്ചു.
‘ഇവിടെ ഇരുന്നിട്ട് കാര്യമൊന്നുമില്ല. ഓഫീസിലേക്കു പോയ്ക്കോളൂ…’
ഞാൻ മിണ്ടിയില്ല.
‘വെറുതെ ഗോസിപ്പ് ഉണ്ടാക്കണ്ട. പോകാനാ പറഞ്ഞതു്.’
ഞാൻ പറ്റില്ല എന്നു് തലയാട്ടി.
‘ഇവിടെ ഇരുന്നു് എന്തെടുക്കാനാണു്? നിങ്ങളുടെ സ്റ്റാറ്റസ് ഉള്ള ഒരാൾ ഇവിടെയിരിക്കുന്നതു് അവർക്കും ബുദ്ധിമുട്ടാ’.
ഞാൻ ‘ശരി’ എന്നു പറഞ്ഞു.
‘ലിസൻ…’
ഞാൻ തറപ്പിച്ചു് ‘ശരി’ എന്നു പറഞ്ഞപ്പോൾ സുധ ചുവന്ന മുഖത്തോടെ ‘ഡോണ്ടു് ബി റിഡിക്കുലസ്’ എന്നു പറഞ്ഞു. ഞാൻ മുഖം തിരിച്ചു കളഞ്ഞു.
സുധ അമ്മയുടെ അടുത്തേക്കു് ചെന്നു് കുനിഞ്ഞു നോക്കി.
‘Poor lady… Really I can’t understand her… Really…’ എന്നു് സ്വയമെന്നവണ്ണം പറഞ്ഞു. ‘and all that fuss she made… My god…” സാരി നേരെയാക്കി എന്നോടു് ‘Now I am leaving… എനിക്കിന്നു് മുനിസിപ്പൽ ഓഫീസിൽ ഒരു ചെറിയ മീറ്റിംഗ് ഉണ്ടു്. നമുക്കു് വൈകുന്നേരം കാണാം. എന്തെങ്കിലും വാർത്തയുണ്ടെങ്കിൽ അറിയിക്കുക…’ എന്നു പറഞ്ഞു് പുറത്തേക്കു പോയി.
ഓഫീസിലേക്കു് പോകാനാണു് ഉദ്ദേശിച്ചതു്. പക്ഷെ, കഴിഞ്ഞില്ല. നേരെ തിരുവനന്തപുരം പാതയിൽ പോയി. പാർവതീപുരം കഴിഞ്ഞു് വയലുകളും മലകളും വന്നു തുടങ്ങിയപ്പോൾ എന്റെ ചുമലുകളിലെ മുറുക്കം ഒന്നയഞ്ഞു.
പെട്ടെന്നു് തോന്നി ഒന്നു തിരുവനന്തപുരത്തേക്കു പോയാലെന്തു് എന്നു്. അവിടെ എനിക്കാരുമില്ല. എനിക്കു് കേരളത്തിനോട് ഒരു വെറുപ്പോ അകൽച്ചയോ ഉണ്ടു്. എന്നെപ്പോലൊരു കറുത്ത മനുഷ്യനു് അവിടെ സ്ഥാനമില്ല എന്ന ചിന്ത. അവിടെയുള്ളവരുടെ മട്ടിലും ഭാവത്തിലുമുള്ള ധിക്കാരം എനിക്കു് എന്റെ നേർക്കുള്ള അധികാരമായിട്ട് മാത്രമേ തോന്നാറുള്ളൂ. മഞ്ഞയുടുത്തു് കണ്ണാടിപ്പെട്ടിക്കുള്ളിൽ ഇരിക്കുന്ന നാരായണഗുരുവിന്റെ പ്രതിമ എന്നോട് ‘മാറിപ്പോടാ’ എന്നു പറയുന്നതുപോലെ. പ്രജാനന്ദന്റെ സമാധി അദ്ദേഹത്തിന്റെ സ്വന്തം കുടുംബശ്മശാനത്തിലാണു് ഉണ്ടായിരുന്നതു്. ഞാൻ ഒരിക്കൽ മാത്രമാണു് അങ്ങോട്ടു പോയിട്ടുള്ളതു്. ആരും ശ്രദ്ധിക്കാതെ കാടുപിടിച്ചു കിടക്കുന്ന ഒരു കറുത്ത കൽവിളക്കു്. അതിന്റെ ചുറ്റും ചെങ്കൽപീഠം. ചുറ്റും തെങ്ങും മരച്ചീനിയും കാച്ചിലും കാടായി കിടന്നിരുന്നു. അദ്ദേഹം ജീവിച്ചിരുന്നതിനു തന്നെ ഇന്നു രേഖകളില്ല. എന്നെപ്പോലെ ചിലരുടെ ഓർമകളുണ്ടാവാം.
കുമാരകോവിലിന്റെ പാത വന്നപ്പോൾ ഞാൻ കാർ അങ്ങോട്ടു തിരിച്ചു. കോവിലിൽ കയറാതെ കുളത്തിന്റെ കരയിലേക്കു പോയി. അവിടെ കാർ നിർത്തി ഇറങ്ങി. വെള്ളം നിറച്ചുണ്ടായിരുന്നു. പടികളിൽ ഞാൻ ഇരുന്നു. ഒറ്റപ്പെട്ട ചിത്രങ്ങളായി മനസ്സ് ഓടുകയായിരുന്നു. സിഗരറ്റ് തേടി നോക്കി. ഷർട്ടിൽ ഇല്ല. കാറിലേക്കു് പോകാനും മടി തോന്നി. എന്റെ ഉള്ളിലെ ചിത്രങ്ങൾ മുഴുവൻ അമ്മയുടെ മുഖങ്ങളാണെന്നു കുറേ കഴിഞ്ഞാണു ഞാൻ ശ്രദ്ധിച്ചതു്. പണി കിട്ടിയതിനു ശേഷം ഞാൻ അമ്മയെ കാണുന്നതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന അമ്മയുടെ മുഖം മറ്റൊന്നാണു്. അതു് വേറെ വേറെ മുഖങ്ങളോടു ചേർന്നു് വളരുകയായിരുന്നു. അമ്മ എന്റെ ബോധത്തിൽ വലിയൊരു അമ്മപ്പന്നിപോലെയായിരുന്നു. ശക്തമായ നടത്തവും ക്രൂരമായ പല്ലുകളും മദം പടർന്ന കണ്ണുകളും ഉള്ളവൾ. വരാഹി.
നേരിൽ കണ്ട അമ്മ മറ്റൊരു സ്ത്രീയായിരുന്നു. തികച്ചും മറ്റൊരാൾ. പക്ഷെ, കണ്ടപ്പോൾ തന്നെ മനസ്സിലായി, അതാണു് അമ്മ എന്നു്.
അമ്മയും എന്നെ അങ്ങനെ ഞെട്ടലോടെ അറിയുകയായിരുന്നു. അമ്മയ്ക്കു് ആ ഞെട്ടൽ താങ്ങാനായില്ല. എന്തൊക്കെയോ പുലമ്പി. ഒരിടത്തും ഇരിക്കാനാവാതെ അവിടെയെങ്ങും ഓടി നടന്നു. പെട്ടെന്നു് നിലവിളിച്ചുകൊണ്ടു് മാറത്തടിച്ചു കരഞ്ഞു. ഓടി വന്നു് എന്റെ തലമുടി പിടിച്ചു് കുലുക്കിയിട്ട് ബോധംകെട്ടു നിലത്തു വീണു. ഞാൻ പണിക്കാരനോടു ബ്രാണ്ടി കൊണ്ടുവരാൻ പറഞ്ഞു കുടിപ്പിച്ചു. അമ്മ ഉറങ്ങിക്കിടക്കുമ്പോൾ പണിക്കാരനെ പറഞ്ഞയച്ചു് നല്ല ചേലയും ജംബറും വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു. കാലത്തു് എഴുന്നേൽക്കുമ്പോൾ അമ്മ പുതിയൊരു സ്ത്രീയായി മാറിയിട്ടുണ്ടാവും എന്നു ഞാൻ മോഹിച്ചു. അന്നു രാത്രി മുഴുവൻ ഞാൻ കണ്ട വൃഥാസ്വപ്നങ്ങളെ ഇന്നോർത്താലും എന്റെ ദേഹം ലജ്ജകൊണ്ടു് ചുരുങ്ങിപ്പോകും.
അമ്മ ആ വസ്ത്രങ്ങൾ ധരിക്കാൻ ഒട്ടും സമ്മതിച്ചില്ല. പകരം ഞാൻ എന്റെ ഷർട്ടൊക്കെ ഊരിയിട്ട് തന്റെയൊപ്പം ഇറങ്ങിവരണമെന്നു് ശഠിച്ചു.
‘നായാടിക്കു് എതുക്കുടെ തമ്പ്രാൻ കളസം? ഊണരി ഇടുടേ… വേണ്ടാണ്ടേ. ഊരി ഇട്ടുടുടേ… ഊരുടെ മക്കാ’ എന്നു് എന്റെ ഷർട്ട് പിടിച്ചു് ചീന്തിക്കളയാൻ ശ്രമിച്ചു.
കുട്ടിയുടെ മീതെ ഒരു അന്യവസ്തു ഒട്ടിക്കുന്നതു കണ്ട അമ്മപ്പന്നി പോലെ എന്നെ എന്റെ വസ്ത്രങ്ങളിൽ നിന്നു് വേർപെടുത്തിയെടുക്കാൻ ശ്രമിച്ചു. എനിക്കു് അവളോട് ഒന്നും പറയാൻ പറ്റിയില്ല. വാക്കുകൾ മനസ്സിലാക്കുന്ന സ്ഥിതിയിൽ അവളുണ്ടായിരുന്നില്ല. അവൾക്കു് മടക്കിക്കിട്ടിയ കുട്ടിയോടൊപ്പം തിരുവനന്തപുരത്തെ ചവറ്റുകൂനകളിലേക്കു് മടങ്ങിപ്പോകാനാണു് അമ്മ ശ്രമിച്ചതു്.
ഞാൻ കസേരയിൽ ഇരിക്കുന്നതു കണ്ടു് അമ്മ ഞെട്ടി വിറങ്ങലിച്ചുപോയി.
‘നീ തമ്പ്രാൻ കസേരയിലേ ഇരുപ്പിയാടേ? അയ്യോ! അയ്യോ!’ എന്നു നിലവിളിച്ചു. ‘എഴീടേ… എഴീടെ മക്കാ… കൊന്നൂടുവാരെടേ’ എന്നു മാറിൽ അടിച്ചു നിലവിളിച്ചു.
ഇരുപതു കൊല്ലം പുറകിലേക്കു നീങ്ങി അവളെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു. ഓവ്ചാലിൽ നിന്നു് പുറത്തേക്കു വന്ന നായാടിക്കു് കല്ലേറ് മാത്രമല്ലേ കിട്ടുക? അവനു് ഒരു കസേര എന്നാലെന്താണു്? ക്രൂരമായ മൃഗം. രക്തം ഇറ്റിക്കുന്ന കൊലപീഠം.
അമ്മയെ കുടിപ്പിച്ചു് ബോധമില്ലാതാക്കി എന്റെ ഒപ്പം മധുരയിലേക്കു കൊണ്ടുപോയി. എന്നോടൊപ്പം അമ്മ ഉണ്ടായിരുന്നതു് വെറും പന്ത്രണ്ടു് ദിവസങ്ങൾ മാത്രമായിരുന്നു. കൂട്ടിലിട്ട വന്യമൃഗംപോലെ അമ്മ മുട്ടി മുട്ടി ചുറ്റി നിന്നു. അവളെ പുറത്തേക്കു വിടരുതെന്നു പറഞ്ഞു് ഞാൻ കാവൽ നിർത്തി, ഗെയ്റ്റും പൂട്ടി വെച്ചു. എങ്കിലും രണ്ടു തവണ അമ്മ രക്ഷപ്പെട്ടോടി. ഞാൻ പോലീസിനെ അയച്ചു് അവളെ പിടിച്ചുകൊണ്ടു വന്നു. അമ്മയ്ക്കു് വീട്ടിൽ ഇരിക്കാനേ കഴിഞ്ഞില്ല. ചോറൊഴിച്ചു് വീട്ടിൽ ഒന്നിലും അമ്മയ്ക്കു് താൽപര്യമുണ്ടായിരുന്നില്ല.
എന്നെ കാണാത്തപ്പോൾ അമ്മ എന്റെ പേരു പറഞ്ഞു് നിലവിളിച്ചുകൊണ്ടു് വീടു മുഴുവൻ ചുറ്റിയലഞ്ഞു കരഞ്ഞു. പൂട്ടിയ കതകുകളിൽ ഭ്രാന്തമായി തട്ടി അലമുറയിട്ടു. എന്നെ കണ്ടതും ഷർട്ടൂരിയിട്ടിട്ട് അവളുടെ ഒപ്പം വരാൻ പറഞ്ഞു് കരഞ്ഞു. കസേരയിൽ ഇരിക്കണ്ടാന്നു് പറഞ്ഞു് നിലവിളിച്ചു. ഞാൻ കസേരയിൽ ഇരിക്കുന്നതു് കണ്ടാൽ അവളുടെ ദേഹം സന്നിബാധയേറ്റതുപോലെ വിറച്ചു തുള്ളും. എന്റെ ഷർട്ടിട്ട രൂപം അവളെ ഭയപ്പെടുത്തി. ആദ്യം അവൾ കയറിച്ചെന്നു് വല്ല മൂലയിലും കയറി ഒളിക്കും. ഞാൻ ചെന്നു് അവളുടെ ചുമലിൽ തൊട്ടാൽ തൊടലിലൂടെ എന്നെ മനസ്സിലാക്കി നിലവിളിച്ചു് തുടങ്ങും. ‘കാപ്പാ മക്കളേ കശേര വേണ്ടാ! കളസം വേണ്ടാ!’
പന്ത്രണ്ടാമത്തെ ദിവസമാണു് അമ്മയെ നാലഞ്ചു ദിവസം കാണാതായതു്. എനിക്കു് ഉള്ളിൽ ഒരു സമാധാനമാണുണ്ടായതു്. അമ്മയെ എന്തുചെയ്യണമെന്നു് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആരോടു ചോദിച്ചാലും അമ്മയെ എവിടെയെങ്കിലും പൂട്ടിയിടാം എന്നോ വല്ല സ്ഥാപനത്തിലേക്കും അയയ്ക്കാമെന്നോ മാത്രമാണു് പറഞ്ഞതു്. പക്ഷെ, എനിക്കു് അമ്മ സ്വന്തം ലോകത്തു് എങ്ങനെ കഴിയും എന്നറിയാം. ചവറും ചീയലും തിന്നു് തെരുവുകളിൽ ഉറങ്ങി അലയുന്ന അമ്മയുടെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങളും ഉണ്ടു്. അവൾക്കു് വേണ്ടപ്പെട്ടവർ ഉണ്ടു്. ശത്രുക്കൾ ഉണ്ടു്. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ടു്. അതു് വേറെ ഒരു സമൂഹം. പെരുച്ചാഴികളെപ്പോലെ. നമ്മുടെ കാലിനു താഴെ വളരെ വലിയ ഒരു ജീവിതവലയാണതു്.
അമ്മ തിരുവനന്തപുരത്തു് എത്തി എന്നു് ഞാൻ ഉറപ്പാക്കി. അത്രയും ദൂരം അമ്മ എങ്ങനെ പോയി എന്നതിലും അത്ഭുതപ്പെടാനൊന്നുമില്ല. അവർക്കു സ്വന്തമായ വഴികളും വഴിത്തുണകളും ഉണ്ടു്. ഞാൻ അമ്മയെ എന്റെ ഓർമകളിൽ നിന്നും മായ്ച്ചുകളഞ്ഞു. അന്നു് ഉദ്യോഗത്തിൽ ഞാൻ ഓരോ ദിവസവും വെല്ലുവിളികൾ നേരിടുകയായിരുന്നു. ഒറ്റക്കൊല്ലം കൊണ്ടു് എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു. അധികാരമെന്ന യന്ത്രത്തിൽ ഞാനൊരു അംഗമായില്ല. അതിൽ ഒട്ടിയിരിക്കുന്ന ആവശ്യമില്ലാത്ത ഒരു സ്റ്റിക്കർ മാത്രമായിരുന്നു.
അധികാരം എന്നതു് എന്നും ഒരു കൂട്ടുപ്രവൃത്തിയാണു്. പക്ഷെ ഓരോ അധികാരിയും താനാണു് അതു കൈകാര്യം ചെയ്യുന്നതു് എന്നു കരുതും. നിങ്ങൾ ഭരിക്കുന്നയാൾ ഭരിക്കപ്പെടാൻ സ്വയം സമ്മതിക്കണം. ആ നാടകത്തിൽ തന്റെ റോൾ എന്താണെന്നു് അവൻ അറിഞ്ഞു നിന്നുതരണം. അതിനയാൾക്കു ഭീഷണിയോ, നിർബന്ധമോ, ആവശ്യമോ ഉണ്ടായിരിക്കണം. അധികാരത്തിന്റെ ആ മഹാനാടകത്തിൽ സ്വന്തം റോൾ മനസ്സിലാക്കി അതിനെ കൃത്യമായി ചെയ്യുമ്പോൾ മാത്രമാണു് അധികാരിക്കു് അധികാരം കൈവരുന്നതു്. ഒറ്റയ്ക്കാവുമ്പോൾ അവനു് ഒന്നും കൈയിലുണ്ടാവില്ല. അവന്റെ അഗ്നിയിൽ ചൂടുണ്ടാവില്ല. ആയുധങ്ങളിൽ മൂർച്ചയുണ്ടാവില്ല.
ഭരണത്തിൽ ഇടപെട്ടു തുടങ്ങുന്ന അധികാരി ആദ്യം അധികാരത്തിന്റെ രുചിയറിയുന്നു. അതെങ്ങനെയാണു് ഉണ്ടാകുന്നതു് എന്നും അറിയുന്നു. കൂടുതൽ അധികാരത്തിനായി അവന്റെ മനസ്സ് മോഹിക്കുന്നു. അതിനായി അവൻ സ്വയം മാറുന്നു. മാറിക്കൊണ്ടേയിരിക്കുന്നു. ഏതാനും കൊല്ലങ്ങൾക്കു ശേഷം അവൻ ഭരണത്തിലുള്ള ഏതൊരു അധികാരിയെയും പോലെ മാറിയിട്ടുണ്ടാവും. അവൻ കൊണ്ടുവന്ന ആദർശവും ചിന്തകളും ഒക്കെ മായും. അവന്റെ ഭാഷ, അവന്റെ മുഖം, രൂപം എല്ലാം തന്നെ മറ്റുള്ളവയെപ്പോലെ ആയിത്തീരും.
ഞാൻ ആശിച്ചതു് അങ്ങനെയാവാനാണു്. പക്ഷെ, എന്നെ അവർ ആ അധികാരക്കൂട്ടിനുള്ളിൽ അനുവദിച്ചതേയില്ല. എനിക്കു് അവർ തന്ന പണികളെ മാത്രമേ ചെയ്യാനാവൂ; ഒരു ഗുമസ്തനെപ്പോലും എനിക്കു് ഭരിക്കാനാവില്ല എന്നു ഞാൻ മനസ്സിലാക്കി. ഞാൻ പറഞ്ഞ ഒറ്റവാക്കുപോലും മറ്റുള്ളവരുടെ കാതിൽ വീണില്ല. ചിലപ്പോൾ ഞാൻ ക്ഷമകെട്ട് അലറിവിളിച്ചു. അപ്പോൾ അവർ ആ കണ്ണാടിക്കതകിന്നപ്പുറത്തുനിന്നു് എന്നെ നോക്കി പുഞ്ചിരിതൂകി. എന്നെ ചൂടൻ എന്നും സമനിലയില്ലാത്ത പ്രാകൃതൻ എന്നും മനസ്സിലാക്കി.
നഗരത്തിലെ മൃഗശാലയിൽ കൂട്ടിൽ കിടക്കുന്ന മൃഗമായി ഞാൻ മാറി. കോപിക്കുംതോറും അതു് എന്റെ ജാതിയുടെ സ്വാഭാവികമായ സംസ്കാരമില്ലായ്മയായി ധരിക്കപ്പെട്ടു. പോരാടുംതോറും അതു് അതിരുവിട്ട അധികാരമോഹമായി വ്യാഖ്യാനിക്കപ്പെട്ടു. എന്റെ സ്ഥിതി മനസ്സിലാക്കി വെറുതെയിരുന്നാൽ എന്റെ ജാതിക്കു മാത്രമുള്ള കഴിവില്ലായ്മയായി കരുതപ്പെട്ടു. എന്നെ എല്ലാവരും സഹതാപത്തോടെയാണു് കണ്ടതു്. എന്നോട് അവർ എപ്പോഴും ക്ഷമിച്ചു. എന്റെ കുറ്റബോധവും വിഷാദവും ഏകാന്തതയും എന്റെ തലമുറയുടെ മാനസിക പ്രശ്നങ്ങളായി ചർച്ചചെയ്യപ്പെട്ടു. ഓരോ ക്ഷണവും ഞാൻ മുട്ടി തലപൊട്ടിച്ചു് മാന്തിപ്പൊളിക്കാൻ ശ്രമിച്ചു് ചോരയൊലിപ്പിച്ച ആ കൂടിനെ ഞാൻ എത്തിപ്പിടിച്ച തങ്കപ്പല്ലക്കായി മറ്റുള്ളവർ കണ്ടു.
ഞാൻ സുധയെ കല്യാണം കഴിച്ചതുപോലും ആ മുട്ടലിന്റെ ഭാഗമായിട്ടായിരിക്കാം. വെള്ളപ്പൊക്കത്തിൽ എരുമയെ പിടിച്ചുകൊണ്ടു് നീന്തി മറുകരയെത്താൻ ശ്രമിക്കുന്നതുപോലെ. അവൾ എന്നെ അവളുടെ ലോകത്തിലേക്കു് കൈപിടിച്ചു് കൊണ്ടുചെല്ലും എന്നു ഞാൻ മോഹിച്ചു. അവളെ ഞാൻ നേടിയതു് അവരെ ജയിച്ചതായിട്ടു കരുതപ്പെടുമെന്നു ഞാൻ വിചാരിച്ചു. വൈകുന്നേരത്തെ പാർട്ടികൾ, ജന്മദിനാഘോഷങ്ങൾ, ചിരി, കെട്ടിപ്പിടിക്കൽ, ചുംബനങ്ങൾ, അന്വേഷണങ്ങൾ… ഞാനാഗ്രഹിച്ചതു് അതൊക്കെയാണു്.
പക്ഷെ, കാരുണ്യം എന്ന ആയുധം കൊണ്ടു് അവരെന്നെ എപ്പോഴും തോൽപ്പിച്ചു. സഹതാപത്തോടെ എന്നെ അവർ എന്റെ സ്ഥലത്തേക്കു് ആനയിച്ചുകൊണ്ടുപോവും. പിന്നെ കൂടുതൽ കരുണയോടെ എന്നെ അവർ മടക്കിയയയ്ക്കും. സുധ എന്നെ കല്യാണം കഴിച്ചതു് എന്തിനു് എന്നു് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ പൗരുഷത്തിന്റെ വിജയമായി, എന്റെയുള്ളിലെ കാമുകന്റെ വിജയമായി ഞാൻ അതിനെ കരുതി. എന്റെ ജീവിതത്തിൽ ആത്മവിശ്വാസവും ധൈര്യവും ഒപ്പമുണ്ടായിരുന്ന ഒന്നരമാസക്കാലമായിരുന്നു ഞങ്ങളുടെ മധുവിധുകാലം. അത്രയ്ക്കെങ്കിലും വിഡ്ഢിത്തം എനിക്കുണ്ടായതു് നന്നായി. ഇല്ലെങ്കിൽ ആ സന്തോഷവും എനിക്കു നഷ്ടപ്പെടുമായിരുന്നു. പക്ഷെ, സുധയ്ക്കു് യാതൊരു കുഴപ്പവുമില്ല. അവൾ മുമ്പോട്ടു പോകാൻ ആഗ്രഹിച്ചു. എന്നെ കല്യാണം കഴിക്കുമ്പോൾ അവൾ ഒരു പത്രപ്രവർത്തകയായിരുന്നു. എന്നെ പിടിച്ചുകൊണ്ടു് അവൾ ഒരു പി. ആർ. ഒ. ആയി. ആഗ്രഹിച്ചതു് മുഴുവൻ നേടി. ആ കണക്കുകൾക്കു മീതെ അവൾക്കൊരു അലങ്കാരമേൽമുണ്ടും കിട്ടി. പുരോഗമന ചിന്തയുള്ള പരന്ന മനസ്സുള്ള ആധുനിക സ്ത്രീ. അവൾ ഒരിക്കലും ആ മേൽമുണ്ടു് മാറ്റി അവളുടെ മുഖം നോക്കിയിട്ടില്ല.
അധികാരത്തിന്റെ ഉത്തരവാദിത്തം മുഴുവൻ പേറിക്കൊണ്ടു് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന നഗരത്തിൽ ഞാൻ ചെന്നു ചേർന്നു. ഞാൻ പണിയെടുത്ത ഓരോ ഓഫീസിലും എനിക്കു താഴെ ഒരു ശക്തനായ രണ്ടാംനില അധികാരി ഉണ്ടാവും. അയാൾ ആ ഭാഗത്തു് ഏറ്റവും കൂടുതലുള്ള ജാതിയിൽ പെട്ടയാളായിരിക്കും. ഭരണകക്ഷിയിലെ പ്രമുഖർക്കോ ഉന്നത അധികാരികൾക്കോ വേണ്ടപ്പെട്ട ആളായിരിക്കും. ഞാൻ വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ അധികാരവും അയാളുടെ കൈകളിലേക്കു് ചെന്നുചേരും. അയാളുടെ ഉത്തരവുകൾ മാത്രമേ നടക്കുകയുള്ളൂ. അയാളാണു് ഭരിക്കുന്നതു് എന്നു് എല്ലാവരും അറിഞ്ഞിരിക്കും. എന്നാൽ അയാൾ എന്നോട് ഭവ്യതയോടെ പെരുമാറും. ആ പട്ടുതുണിയുടെ ഉള്ളിൽ ഇരുമ്പുണ്ടെന്നു് എപ്പോഴും എനിക്കയാൾ ഓർമിപ്പിച്ചുകൊണ്ടും ഇരിക്കും.
മധുരയിൽ പണിയെടുക്കുമ്പോഴാണു് പ്രേം ജനിച്ചതു്. അവനു് എട്ടുമാസം പ്രായമുണ്ടായിരുന്നപ്പോൾ പിന്നെയും അമ്മയെ കണ്ടു. അമ്മയും മറ്റൊരു വൃദ്ധനുമായി എന്നെ കാണാൻ മധുരയിലേക്കു വന്നു. ഓഫീസിലേക്കാണു് അവർ വന്നതു്. ഞാൻ ബഹുജന കോടതി എന്ന പരിഹാസ്യമായ നാടകത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവത്തിന്റെ മുന്നിലെത്തുന്നവരെപ്പോലെ കയ്യിൽ സങ്കടഹർജിയുമായി കൈകൂപ്പി കണ്ണീരൊഴുക്കിക്കൊണ്ടു വരുന്നവർ, കാലിൽ വീണു് പൊട്ടിക്കരയുന്ന വൃദ്ധകൾ, അവഗണിക്കപ്പെട്ട സ്ത്രീകളുടെ ഉൾവലിഞ്ഞ അപമാനം, അനീതിക്കിരയായവരുടെ എങ്ങോട്ടെന്നില്ലാത്ത രോഷം, ഒന്നുമറിയാത്ത പാവങ്ങളുടെ പ്രതീക്ഷ നിറഞ്ഞ നോട്ടങ്ങൾ, എന്തിനോ ആരോ വിളിച്ചു കൊണ്ടുവന്നു നിർത്തിയിരിക്കുന്ന ആദിവാസികളുടെ പച്ചച്ചിരി, വലിയ കണ്ണുകൾ വിടർത്തി എല്ലാം നോക്കിക്കൊണ്ടു് നടന്നു വരുന്ന കുട്ടികൾ… ഒരുപാടാളുകളുണ്ടാവും. എന്നെ കണ്ടാൽത്തന്നെ എല്ലാ പ്രശ്നവും തീരും എന്നു വിശ്വസിക്കുന്നവർ. എന്റെ മുന്നിൽ അവർ തിക്കും തിരക്കും കൂട്ടും. ‘ഓരോരുത്തരായി പോവുക, ഞെരിക്കരുത്, തള്ളരുത്’ എന്നു മായാണ്ടി പറഞ്ഞുകൊണ്ടേയിരിക്കും. ആ മുഖങ്ങളോരോന്നും എന്നെ വെപ്രാളപ്പെടുത്തും. അവർ നീട്ടുന്ന കടലാസുകളെ ശ്രദ്ധിച്ചു് വായിക്കുന്നു എന്ന ഭാവത്തിൽ അവരെ നോക്കുന്നതു് ഞാൻ ഒഴിവാക്കും. ‘ശരി’ ‘നോക്കാം’ ‘പറഞ്ഞില്ലേ?’ ‘വേണ്ടതു ചെയ്യാം’ എന്നു പിന്നെയും പിന്നെയും ഒരേ വാക്കുകൾ തന്നെ പറയും. ആ വാക്കുകൾ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ഒരു യന്ത്രമാണു് ഞാൻ.
അവർക്കായി ഞാൻ ഒന്നുംതന്നെ ചെയ്യാൻ കഴിയില്ലാന്നു് അവരോട് ഞാൻ തുറന്നു പറയുന്നതിനെപ്പറ്റി ദിവാസ്വപ്നം കണ്ട നാളുകളുണ്ടായിരുന്നു. പറഞ്ഞിട്ടെന്താണെന്നു പിന്നെ കരുതി. പിന്നെയും പിന്നെയും ചവിട്ടിയരച്ചു വാരി പുറത്തിടപ്പെടുന്ന ചവറുകളാണീ മനുഷ്യർ. ഇതുപോലുള്ള ഏതാനും അന്ധവിശ്വാസങ്ങൾ കൊണ്ടാണു് അവർ ജീവിച്ചുപോകുന്നതു്. അതിനെ ഊതിക്കെടുത്താൻ എനിക്കെന്താണു് അവകാശം? പക്ഷെ, ഈ ഹർജികൾ മുഴുവൻ വാങ്ങിവയ്ക്കുന്ന ഞാൻ അവരുടെ സ്വപ്നങ്ങളെ വളർത്തി ഒടുവിൽ നശിപ്പിക്കുകയല്ലേ ചെയ്യുന്നതു്?
പക്ഷെ, അവ്വിധം ക്രൂരമായി കൈവെടിയപ്പെടുന്നതു് അവർക്കു ശീലമല്ലേ? എത്ര നൂറ്റാണ്ടുകളായി അവർ ഇങ്ങനെ കെഞ്ചി, കാലിൽ വീണ്, ഭിക്ഷയെടുത്ത്, കൈകളിൽ മുത്തി, തമ്പുരാനേ എന്നും ദൈവമേ എന്നും ഉടയോനേ എന്നും തിരുമേനീ എന്നും നിലവിളിച്ച്, വലിച്ചെറിയുന്ന ചണ്ടികൾ വാരിവലിച്ചു തിന്നു് ജീവിക്കുകയല്ലേ? ജീവിച്ചിരിക്കുന്നതിനെ തന്നെ ഒരു വൃത്തികെട്ട അപമാനമായി മാറ്റിവച്ചിരിക്കുകയല്ലേ അവർ? അവരുടെ കണ്ണുകളിലേക്കു് നോക്കിയാൽ ഞാൻ എന്റെ ഷർട്ടും പാന്‍റും വലിച്ചൂരിയെറിഞ്ഞിട്ട് അവരോടൊപ്പം ഇറങ്ങിച്ചെന്നു് ഒരു സാധാരണ നായാടിയായി നരിക്കുറവനായി നിൽക്കും എന്നു തോന്നിപ്പോകും.
അപ്പോഴാണു് കൂട്ടത്തിൽ നിന്നു് തള്ളിയുന്തി മുന്നിലെത്തിയ എന്റെ അമ്മ ‘അതു് എനക്ക മോനാക്കും. എനക്ക മോൻ കാപ്പൻ… കാപ്പാ! ലേ കാപ്പാ! കാപ്പാ!’ എന്നു നിലവിളിച്ചതു്. അവളോടൊപ്പം വന്ന വൃദ്ധനും ചേർന്നു് ഒച്ചയിട്ടു. പോലീസുകാരൻ അവരെ അടിച്ചു് പുറത്താക്കാൻ നോക്കിയപ്പോൾ ഞാൻ വിലക്കി.
‘ദേ എന്താവിടെ? ടാ നായേ പുറത്തേക്കു് പോടാ… പൊറത്തു് പോയില്ലെങ്കി നെന്റെ എല്ലൊടിക്കും’ എന്നു് പറഞ്ഞു് വടി ഓങ്ങിയ പോലീസുകാരനെ ‘വേണ്ട ഷൺമുഖം’ എന്നു പറഞ്ഞു് ഞാൻ തടഞ്ഞു.
അമ്മ അതേ പാർട്ടിയുടെ കൊടി ചീന്തിയെടുത്തു് മാറിൽ സാരിപോലെ ഉടുത്തിരുന്നു. നരിക്കുറവരിൽ നിന്നു് കിട്ടിയ ഒരു പാവാടയും അണിഞ്ഞിരുന്നു. മൂക്കിൽ അലൂമിനിയത്തിൽ ചെയ്ത മൂക്കുത്തി. തലയിൽ എന്തോ പ്ലാസ്റ്റികു് പൂവ്. രണ്ടാളും എന്റെ മുറിക്കുള്ളിലേക്കു് ഓടിക്കയറി. അമ്മ ‘ഇതു് എനക്ക മോൻ കാപ്പൻ… എനക്ക മോനാക്കും… എനക്ക മോനേ കാപ്പാ മക്കാ’ എന്നു് ഉച്ചത്തിൽ നില വിളിച്ചു. എന്റെ മുഖത്തു് കറുത്ത നഖമുള്ള കൈകൾ കൊണ്ടു് അള്ളിപ്പിടിച്ചു് കവിളിലും നെറ്റിയിലും ചുംബിച്ചു. മുത്തം എന്നാൽ അവൾ ഉദ്ദേശിക്കുന്നതു് പല്ലിറുക്കി കടിക്കുന്നതിനെയാണു്. വെറ്റിലച്ചാറ് എന്റെ മുഖത്തിലൂടെ ഒഴുകി. എല്ലാവരും വായതുറന്നു് നോക്കി നിൽക്കുന്നതു് ഞാൻ കണ്ടു.
‘അമ്മ അകത്തു് ചെന്നിരിക്ക്… ഞാനിതാ വരാം…’ ഞാൻ പറഞ്ഞു.
അമ്മ ‘നീ വാലേ മക്കാ’ എന്നു് പറഞ്ഞു് എന്റെ കൈക്കു് പിടിച്ചു വലിച്ചു.
ഒപ്പം വന്ന വൃദ്ധൻ തിരിഞ്ഞു് ആൾക്കൂട്ടത്തോട് ‘ഇതു് ഞങ്ങ കാപ്പനാക്കും. നായാടക്കാപ്പൻ. എല്ലാരും പോങ്ക… ഇണ്ണയ്ക്കു് ഇനി മേൽ ചോറ് കിട്ടാതു്. ചോറ് ഞങ്ങ തിന്നും… ചോറ് ഇല്ല. പോങ്ക… പോങ്ക’ എന്നു് ഉത്തരവിട്ട് കൈയാട്ടിക്കാണിച്ചു.
ഞാൻ അമ്മയെ വലിച്ചുകൊണ്ടുചെന്നു് മുറിയിലാക്കി. അപ്പോഴാണു് അമ്മയുടെ ഒപ്പം മറ്റൊരു വൃദ്ധനും വന്നിട്ടുള്ള കാര്യം ഞാനറിഞ്ഞതു്. അയാൾ ‘കാപ്പാ നീ കളസം പോട്ടു… നല്ല ചോറു തരുമാടേ?’ എന്നു ചോദിച്ചു.
‘ലേ, നീ ചുമ്മാ കെട. അവൻ എമ്പിട ചോറു തിന്നാലും കേക്ക മാട്ടാങ്ക. അവൻ ഇങ്ക രാസാവാക്കും’ എന്നു് ആദ്യത്തെ കിഴവൻ വിശദീകരിച്ചു.
‘അമ്മേ, നീ ഇവിടെയിരിക്കു്. ഞാനിപ്പം വരാം’ എന്നു പറഞ്ഞു ഞാൻ വീണ്ടും പുറത്തേക്കു പോയി.
വന്നു് ഇരുന്നപ്പോൾ തന്നെ ഞാനറിഞ്ഞു എല്ലാവരുടെയും ശരീരഭാഷ മാറിയിരിക്കുന്നു. ഞാൻ അധികാരി വർഗത്തിന്റെ ഒരു ഭാഗം അല്ല എന്നു് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഒരാൾ പോലും എന്നോട് കെഞ്ചിയില്ല. ഒന്നും എന്നോടു പറഞ്ഞില്ല. ഹർജികളെ യന്ത്രഗതിയിൽ തന്നിട്ട് അവർ നിശ്ശബ്ദരായി പിരിഞ്ഞുപോയി.
അത്തവണ അമ്മ എന്റെയൊപ്പം ഇരുപതു ദിവസം ഉണ്ടായിരുന്നു. അവർ മൂന്നാൾക്കും എന്റെ ബംഗ്ലാവിന്റെ പിന്നിലുള്ള ഷെഡ്ഡിൽ താമസിക്കാൻ ഞാൻ ഇടം കൊടുത്തു. എന്നാൽ അവർക്കു കൂരയുടെ കീഴെ ജീവിച്ചു് ശീലമില്ലായിരുന്നു. അവർ എപ്പോഴും തോട്ടത്തിൽ ചെടികളുടെ നടുക്കായിരുന്നു. ഏതുനേരവും അത്യുച്ചത്തിൽ ശണ്ഠകൂടി. ചിലപ്പോൾ തമ്മിൽ കല്ലും വടികളും എടുത്തടിച്ചു. യുദ്ധം ചെയ്തു. വീടിന്റെ ചുറ്റും ഓടിനടന്നു് പാട്ടുപാടി. രാത്രിയിൽ തോട്ടം മുഴുവൻ മലവിസർജനം നടത്തിവച്ചു. ഓരോ ദിവസവും അതു വൃത്തിയാക്കുന്ന അരുണാചലം എന്നെ ശപിക്കുന്നതു ഞാൻ കേട്ടു. കേൾക്കാനാണു് അവൻ ശപിച്ചതു്.
അമ്മയ്ക്കു് സുധയെ ഒട്ടും ഇഷ്ടമായില്ല. സുധയുടെ വെളുത്ത നിറമാണു് അമ്മയെ ഭയപ്പെടുത്തിയതു്. വെളുപ്പ് അമ്മയെ അത്രയ്ക്കു് ഭയപ്പെടുത്തിയതിൽ എനിക്കു് അത്ഭുതമുണ്ടായില്ല. പക്ഷെ, വെളുപ്പിനോട് ഇത്ര പുച്ഛം അമ്മയ്ക്കുണ്ടാവുമെന്നു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ആദ്യം സുധയെ കണ്ടപ്പോൾ തന്നെ അമ്മ ഓടി മുറ്റത്തു് ഇറങ്ങിനിന്നുകൊണ്ടു് വായിൽ കൈവച്ചു് മിഴിച്ചുനോക്കി. സുധ എന്തോ പറഞ്ഞപ്പോൾ ‘ത്തൂ’ എന്നു് ഉഗ്രമായി കാറിത്തുപ്പി. ‘പാണ്ടൻ നായാക്കും ലേ… ലേ പാണ്ടൻ നായിലേ’ എന്നു സുധയെ ചൂണ്ടി വിളിച്ചുകൂവി. സുധ അമ്മയെക്കണ്ടു് പേടിച്ചു് അടുക്കളയിലും മുറിയിലും കയറിക്കൂടി. അമ്മ സുധയെക്കണ്ടാൽ ‘പാണ്ടൻ നായേ’ എന്നു് വിളിച്ചു കൂവിക്കൊണ്ടു് കൈയിലുള്ളതെന്തായാലും അവളുടെ മീതെ വലിച്ചെറിഞ്ഞു. വസ്ത്രം പൊക്കി ഗുഹ്യാവയവത്തെ കാട്ടി ചീത്ത പറഞ്ഞു. കൊഞ്ഞണം കുത്തി നൃത്തം കളിച്ചു കാട്ടി.
സുധ ‘ബാലു പ്ലീസ്… എന്നോടു കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ അവരെ എങ്ങോട്ടെങ്കിലും പറഞ്ഞയയ്ക്കൂ. നിങ്ങളെ വിശ്വ സിച്ചു വന്നവളാണു ഞാൻ. അതിനു് നിങ്ങൾ എനിക്കു് ചെയ്യേണ്ട ഹെൽപ് ഇതാണു്. എനിക്കവരെ താങ്ങാനാവുന്നില്ല’ എന്നു പറഞ്ഞു കരഞ്ഞു. തലയിടിച്ചു കരഞ്ഞുകൊണ്ടു് അവൾ കിടക്കയിൽ ചുരുണ്ടു കിടക്കുന്നതു ഞാൻ നിർവികാരനായി നോക്കിക്കിടന്നു.
പറയൂ ബാലൂ, ഇങ്ങനെ വെറുതെ കിടന്നാലെങ്ങനെ?’
‘പ്ലീസ് സുധ, ഞാനൊന്നു് ചിന്തിക്കട്ടെ. വെറുതെ എങ്ങനെ അയയ്ക്കും?’
‘സേ, നിങ്ങൾ അയയ്ക്കില്ല. അവരെ നമുക്കു് ഒന്നും ചെയ്യാൻ പറ്റില്ല. അവർ ഒരു ജീവിതത്തിനു ശീലിച്ചു കഴിഞ്ഞവരാണു്. ഇനിയവരെ നമുക്കു് മാറ്റാൻ പറ്റില്ല. അവർ എവിടെയെങ്കിലും സന്തോഷമായിരിക്കട്ടെ. വേണ്ടതൊക്കെ നമുക്കു് ചെയ്യാം.’
ഞാൻ പ്രജാനന്ദനെയാണു് ഓർത്തുകൊണ്ടിരുന്നതു്. അമ്മയ്ക്കു ഞാനൊരു വലിയ അനീതിയാണു് ചെയ്തതു്. അതിനു് ഞാൻ പകരം ചെയ്യണമെന്നാണു് അദ്ദേഹം പറഞ്ഞതു്. ഗുരുവചനമാണു്. അതു് ഞാനൊരിക്കലും കടന്നുപോകാൻ കഴിയാത്ത ഉത്തരവുമാണു്. പക്ഷെ, അമ്മയ്ക്കു ഞാനെന്തു ചെയ്യും? അവൾക്കെന്താണു് വേണ്ടതു്? അതിനുള്ളിൽ എന്റെ ബംഗ്ലാവിലെ ചോറും അമ്മയ്ക്കു മടുത്തു കഴിഞ്ഞു. അപ്പോൾ അമ്മയെ മുൻപോട്ടു കൊണ്ടുപോയതു് സുധയോടുള്ള വെറുപ്പായിരുന്നു. സ്നേഹം പോലെ തന്നെ വെറുപ്പും അതിരുകളില്ലാത്തതാണു് എന്നു് എന്നെനിക്കു മനസ്സിലായി. കാരണമില്ലാത്ത ജൈവശക്തിയാണു് അമ്മയുടെ വെറുപ്പും സ്നേഹവും. സുധയോട് അമ്മയ്ക്കുള്ള വെറുപ്പ്, അതിന്റെ ആഴം അന്വേഷിച്ചു ചെന്നാൽ എവിടെയാണു് ചെന്നെത്തുക?
അമ്മ അടുക്കളയിൽ കയറി കിട്ടിയതൊക്കെ വാരിവലിച്ചിട്ടു തിന്നും. വീടുമുഴുവൻ വെറ്റ തിന്നു തുപ്പിവയ്ക്കും. സുധയുടെ ജംബറും സാരിയും ബ്രായും പോലും എടുത്തിടും.
‘എടീ എനക്ക മോൻ കാപ്പനുക്കുള്ളതാക്കുമെടീ. നീ പോടി… നീ ഉൻ വീട്ടുക്കു പോടീ.’
ഓരോ തവണയും അമ്മ സുധയുടെ മുറിയുടെ മുന്നിൽ വന്നു നിന്നു് മൂത്രമൊഴിച്ചിട്ടു പോയി. തന്റെ അതിരുകൾ തീരുമാനിക്കുന്ന മൃഗത്തെപ്പോലെ. സുധ രണ്ടു കൈകൊണ്ടും കാതുകൾ പൊത്തി കണ്ണടച്ചു് കുത്തിയിരിക്കും. പക്ഷെ, അമ്മ തന്റെ അഴുക്കു നിറഞ്ഞ കൈകൊണ്ടു് പ്രേമിനെ തൊട്ടുനോക്കുന്നതു മാത്രം അവൾക്കു താങ്ങാനേ പറ്റിയില്ല. കുട്ടിയെ കൊടുക്കാതെ രണ്ടു കൈകൊണ്ടും തടുക്കും. കുട്ടിയുടെ മീതെ വീണുകിടന്നു് മറയ്ക്കും. അമ്മ സുധയുടെ മുതുകത്തു് ആഞ്ഞടിച്ചും, മുടി പിടിച്ചു് വലിച്ചും, കാർക്കിച്ചു തുപ്പിയും നിലവിളിക്കും. പുലഭ്യം പറയും. രണ്ടുമൂന്നു തവണ ഞാൻ അമ്മയെ പിടിച്ചുവലിച്ചുകൊണ്ടു് ചെന്നു പുറത്തു തള്ളി കതകടച്ചു. ക്രിസ്തുദാസിനോടും ആരോഗ്യമേരിയോടും കുട്ടിയെ അമ്മ തൊടാൻ വിടരുതു് എന്നു പറഞ്ഞു. എങ്കിലും അമ്മ എങ്ങനെയോ അകത്തേക്കു കടന്നു. അപ്പോൾ ഞാൻ പിന്നിലൂടെ ഓടിച്ചെന്നു് കുട്ടിയെ പിടിച്ചു വാങ്ങി. ഒരിക്കൽ പുറത്തുനിന്നു കൊണ്ടുവന്ന എന്തോ ചീഞ്ഞളിഞ്ഞ വസ്തുവിനെ അമ്മ കുട്ടിയുടെ വായിൽ കൊടുക്കുന്നതു കുളിച്ചു പുറത്തേക്കു വന്ന ഞാൻ കണ്ടു. എന്റെ കൈയും കാലുമൊക്കെ വിറച്ചു തുടങ്ങി. അമ്മയെ വലിച്ചു് പുറത്തിട്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. ആരോഗ്യം അടുക്കളയിൽ നിന്നു് എന്തോ പറഞ്ഞു. അതിലൊരു വാക്കു് എന്റെകാതിൽ വീണു ‘കുറമ്പുദ്ധി.’ ഞാനതു കേട്ടു കല്ലായി മാറിപ്പോയി. തളർന്നു കസേരയിൽ വീണു.
അമ്മയെ ഞാനായിട്ട് പോകാൻ പറയരുതെന്നാണു് ഞാൻ വിചാരിച്ചതു്. കഴിഞ്ഞ തവണ പോയതുപോലെ അമ്മ പോകും എന്നാണു് ഞാൻ കാത്തിരുന്നതു്. അങ്ങനെ അമ്മ പോവുകയാണെങ്കിൽ എന്റെ കുറ്റബോധം ഇല്ലാതാവും. പിന്നെ എന്റെ ഗുരുവിനു ഞാൻ ഉത്തരം പറയേണ്ടതില്ല. പക്ഷെ, ഇത്തവണ അമ്മയ്ക്കു് എന്നോടു തന്നെ കഴിയാൻ ശക്തമായ കാരണമുണ്ടായിരുന്നു. സുധയുടെ മീതെയുള്ള വെറുപ്പ്. അതവർക്കു് എല്ലാ ഊർജവും നൽകി. അവരുടെ സമയം മുഴുവൻ അതിൽ ചെലവായി. അമ്മ ദിവസം മുഴുവൻ നാക്കുതോരാതെ സുധയെ ചീത്ത പറയും. ‘വെള്ളപന്നി പാണ്ടൻ നായ…’ എന്നു തുടങ്ങിയാൽ അമ്മ പറയുന്ന ഭാഷയിലെ ഒരുപാടു വാക്കുകൾ ഞാൻ കേൾക്കാത്തവയാണു്. ആ അതിരില്ലാത്ത ജീവശക്തി മൃഗങ്ങളിൽ മാത്രമുള്ളതാണു്. പുറകിലൊരു ചിന്ത ഇല്ലാത്ത മനസ്സുമാത്രമേ അതിനുള്ള വാഹനമാവുകയുള്ളൂ.
ആ രണ്ടു വൃദ്ധർക്കും കാശുകൊടുത്തു് അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ ഞാൻ പറഞ്ഞു. അവർ അന്നു തന്നെ കാശോടെ മറഞ്ഞു. അവർ പോയപ്പോൾ അമ്മ കൂടുതൽ ആവേശം ഉള്ളവളായിത്തീർന്നു. രാത്രി അമ്മ തന്നെ പുറപ്പെട്ട് നഗരം മുഴുവൻ അലഞ്ഞു തിരിഞ്ഞു് വെളുപ്പാൻ കാലത്തു് ചവറും ചീഞ്ഞതുമായി വാരിക്കൊണ്ടു മടങ്ങി വന്നു. വലിച്ചെറിഞ്ഞ ഭക്ഷണങ്ങൾ, പഴയ വസ്ത്രങ്ങൾ… മിന്നുന്ന എന്തും അവർ എടുത്തു കരുതി. പേരക്കുട്ടിക്കാണു്. അവയൊക്കെ അവർ കാർഷെഡ്ഡിൽ കൂട്ടിവെച്ചു. ചിഞ്ഞളിഞ്ഞ എന്തോ ഒന്നു് അമ്മ വലിച്ചു് നക്കുന്നതു് യാദൃച്ഛികമായി ജനാലയിലൂടെ കണ്ട സുധ ഓടിച്ചെന്നു ഛർദിച്ചു. ഒരു പെരുച്ചാഴിയെ ഒരിക്കൽ അമ്മ പഴയ സാധനങ്ങൾ കത്തിച്ചു ചുടുന്നത്, കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു് പിടിച്ചു് പുറത്തു് എറിഞ്ഞു് അമ്മയെ ശാസിച്ചു. അവർ എന്നെ അടിക്കാൻ വന്നു. ഞാനവരെ പിടിച്ചു് തള്ളിയപ്പോൾ മലർന്നു വീണു. നഗ്നയായി കിടന്നവർ അങ്ങനെതന്നെ എഴുന്നേറ്റ് എന്നെ ആക്രമിക്കാൻ വന്നു. ഒരു കല്ലെടുത്തു് എന്നെ നോക്കി എറിഞ്ഞു. അവരെ ബലമായി പിടിച്ചുകൊണ്ടു ചെന്നു് കാർഷെഡ്ഡിൽ തള്ളി കതകടച്ചിട്ട് ശ്വാസം വിടാനാവാതെ കുറേ സമയം നിന്നു. ജനാലകൾ മുഴുവൻ കണ്ണുകളായി മാറി എന്നെ നോക്കുകയായിരുന്നു. നേരെ കുളിമുറിയിലേക്കു് ചെന്നു് ഷവർ തുറന്നു വിട്ടിട്ട് പൊട്ടിക്കരഞ്ഞു. വെള്ളത്തിലൂടെ എന്റെ കരച്ചിലും ഒഴുകി വൈഗെയിൽ എത്തിയിട്ടുണ്ടാവും. കടലിലും.
സുധ വാതുക്കൽ നിന്നിരുന്നു. എന്റെ പിന്നിൽ വന്നു് ‘ഞാൻ പോകുന്നു. എന്റെ കുട്ടിയും ഞാനും എങ്ങോട്ടെങ്കിലും പോകാം. ഇനി ഇതിനെ സഹിക്കാൻ എനിക്കു പറ്റില്ല. ഒന്നുകിൽ ഞാൻ, ഇല്ലെങ്കിൽ നിങ്ങളുടെ അമ്മ… തീരുമാനിച്ചോളൂ’ എന്നു കരഞ്ഞു.
‘ഞാൻ അമ്മയെ വിട്ടു കളയരുതെന്നാ എന്റെ ഗുരു എന്നോടു പറഞ്ഞതു്. നീ പോയാൽ ഞാൻ ദുഃഖിക്കും. കുറേശ്ശെയായി മരിക്കും. പക്ഷെ, അമ്മയെ തുരത്താൻ എനിക്കു പറ്റില്ല. അമ്മ അവൾക്കിഷ്ടമുള്ളതു ചെയ്യും’ ഞാൻ പറഞ്ഞു.
സുധ കുറേനേരം എന്നെ നോക്കിനിന്നു. അവളുടെ തല വിറച്ചുകൊണ്ടിരുന്നു. പിന്നെ പെട്ടെന്നു് തന്റെ തലയിൽ ആഞ്ഞാഞ്ഞടിച്ചു നിലവിളിച്ചുകൊണ്ടു് നിലത്തിരുന്നു. അവളുടെ നിലവിളി കേട്ടുകൊണ്ടു് ഞാൻ മുറിയിൽ കയറി, ഒരു പുസ്തകമെടുത്തു് വിരിച്ചു് അക്ഷരങ്ങളെ നോക്കിക്കൊണ്ടിരുന്നു.
രാത്രിവരെ അമ്മ കാർഷെഡ്ഡിലായിരുന്നു. കതകിൽ അവൾ മുട്ടി മുട്ടി അമറി. ഞാൻ പുറത്തിറങ്ങി മീനാക്ഷിയമ്മൻ ക്ഷേത്രത്തിലും മറ്റും പോയിട്ട് രാത്രി മടങ്ങി വന്നു. വസ്ത്രം മാറ്റിയിട്ട് കാർ ഷെഡ്ഡിലേക്കു പോയി കതകു തുറന്നു. ഉള്ളിൽ മൂത്രവും മലവും കലർന്ന നാറ്റം നിറഞ്ഞിരുന്നു. അമ്മ എഴുന്നേറ്റ് എന്നെ അടിക്കും എന്നാണു് ഞാൻ കരുതിയതു്. പക്ഷെ, അമ്മ ഒരു മൂലയ്ക്കു് തലയിൽ കൈവെച്ചു് കുത്തിയിരുന്നു.
‘അമ്മേ, ചോറു വേണോ?’ ഞാൻ ചോദിച്ചു.
തലയാട്ടി. ഞാൻ തന്നെ അമ്മയ്ക്കു ചോറു വിളമ്പി. ആവേശത്തോടെ അമ്മ ചോറു വാരിവാരി വായിലിട്ട് വിങ്ങിയും മിഴിച്ചും തിന്നുന്നതു കണ്ടപ്പോൾ എന്റെ ദേഹമാസകലം നിന്നു കത്തി. ജീവിതത്തിലൊരിക്കലെങ്കിലും വിശപ്പിനു പകരം രുചിയെ അവൾ അറിഞ്ഞിട്ടുണ്ടാവുമോ? അമ്മയെ കെട്ടിപ്പിടിച്ചു് നിലവിളിച്ചു് കരയണമെന്നു തോന്നി. ചോറുണ്ടു തുടങ്ങിയാൽ നിർത്താൻ അമ്മയ്ക്കറിയില്ല. ഇല ഒഴിയുന്നതും താങ്ങാനാവില്ല. ‘പോട് പോട്’ എന്നു് നിലത്തു കൈകൊണ്ടു് തട്ടി പറഞ്ഞുകൊണ്ടേയിരുന്നു. ഞാനും അങ്ങനെയായിരുന്നു. ഈ ദേഹത്തിലെ ഒരു തുണ്ടാണു് എന്റെ ദേഹം. ഇന്നത്തെ ദേഹത്തിന്റെയുള്ളിൽ അതിപ്പൊഴും ഉണ്ട്… ഉണ്ടു കഴിഞ്ഞു് എച്ചിൽകൈ സ്വന്തം ദേഹത്തുതന്നെ തൂത്തിട്ട് അമ്മ അവിടെത്തന്നെ കിടന്നു. ഞാൻ അകത്തു ചെന്നു് അരക്കുപ്പി ബ്രാണ്ടി കൊണ്ടുവന്നു കൊടുത്തു. വാങ്ങി ഒറ്റവലിക്കു കുടിച്ചിട്ട് അമ്മ കിടന്നു. വലിയ ഏമ്പക്കം വന്നു് വയറ് അനങ്ങി. വയറ് നിറഞ്ഞതും അതിനുമുൻപുള്ള എല്ലാം അവൾ മറന്നു. പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു് ‘എന്നടേ കാപ്പാ?’ എന്നു വിളിച്ചു് കൈനീട്ടി. ഞാൻ അടുത്തു് ഇരുന്നു. അമ്മ എന്നെ തലോടിത്തുടങ്ങി. എന്റെ പാടുകളിലൂടെ അവളുടെ തണുത്ത വിരലുകൾ സഞ്ചരിച്ചു.
‘ലേ കാപ്പാ, ആ വെള്ളപ്പന്നി പേയാക്കും മക്കാ… അവ ഏതുക്കു് വെളുത്തിരിക്കാ തെരിയുമാ? ഉനക്ക രെത്തം മുഴുക്ക ഉറിഞ്ഞി കുടിച്ചിട്ടിരുക്കാലേ.’ പെട്ടെന്നു് എന്റെ ലിംഗത്തിൽ പിടിച്ചു് ‘ലേ ഇതു വളിയാ അവ ഉനക്ക രെത്തം മുളുക്കെ ഉറിഞ്ഞു് കുടിക്കാലേ’ എന്നു പറഞ്ഞു.
ഞാൻ അവളുടെ കൈ തട്ടിമാറ്റി.
‘മക്കാ, ഈ കളസവും ചട്ടയും വേണാംലേ. കശേരയിലിരിപ്പ് വേണ്ടാം ലേ. തമ്പ്രാന്മാർ നിന്നെ കൊല്ലുവാരെലേ… നീ നാളെ എനക്കക്കൂടെ വന്തിരുലേ നാമ ഊരുക്കു് പോവോം. നാൻ ഉന്നെ പൊന്നുമാതിരി പാത്തുക്കിടുതേൻ. വാറിയാലേ മക്കാ? അമ്മയില്ലാലേ വിളിക്കേൻ?’
കണ്ണുതളരുന്നതുവരെ അതുതന്നെയാണു് അമ്മ പറഞ്ഞുകൊണ്ടിരുന്നതു്. വീണ്ടും വീണ്ടും അതുതന്നെ. കസേര വേണ്ട. അതു് തമ്പുരാന്മാർക്കുള്ളതാണു്. നീ അതിലിരിക്കുന്നതു് പൊറുക്കുകയില്ല. നിന്നെ കൊല്ലാൻ വേണ്ടിയാണു് അവർ ഈ വെളുത്ത യക്ഷിയെ മന്ത്രിച്ചു വിട്ടിരിക്കുന്നതു്. അവൾ നിന്റെ രക്തം കുടിക്കും.
അമ്മ ഉറങ്ങിയതിനു ശേഷം ഞാൻ എന്റെ മുറിയിലെത്തി. എന്റെ ദേഹം മുഴുവൻ അമ്മയുടെ ചൂരടിച്ചു. അമ്മ പറയുന്നതു് ഭ്രാന്താണെങ്കിലും അതിൽ ഒരു സത്യം ഇല്ലേ? ഞാനിരിക്കുന്നതു് യജമാനന്മാരുടെ കസേരയിലല്ലേ? അവർ അതിനു പ്രതികാരമായി എന്നെ കൊന്നുകൊണ്ടിരിക്കുകയാണോ? എന്റെ മായകൾക്കും ജാടകൾക്കും അപ്പുറത്തുനിന്നുകൊണ്ടു് മാസ്മര വിദ്യക്കു് വശപ്പെടാത്ത മൃഗം പോലെ അമ്മ സത്യം തിരിച്ചറിയുകയാണോ?