images/k-nair-asthikan-cover.jpg
Landscape near Arles, an oil on canvas painting by Paul Gauguin (1848–1903).
ആത്മീയത—ശാസ്ത്രീയം, മതാതീതം

ശാസ്ത്രത്തിന്റെ മേഖലയിൽ മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ഭൗതികസ്വഭാവങ്ങൾക്കൊപ്പം ആത്മീയഭാവങ്ങളെ കൂടി ഉൾപ്പെടുത്തുന്നതു് ശാസ്ത്രീയതയുടെ മൂല്യം വർദ്ധിപ്പിക്കുകയേയുളളൂവെന്നു് നിരവധി ശാസ്ത്രജ്ഞന്മാർ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രപ്രതിഭകളായിരുന്ന ഐൻസ്റ്റീൻ, മാക്സ് പ്ലാങ്ക്, നീൽസ് ബോർ, ഹൈസൻ ബർഗ്, ഷ്രോഡിഞ്ചർ, മാക്സ് ബോണ്‍, സി. വി. രാമൻ, ജഗദീഷ് ചന്ദ്രബോസ്, സുബ്രഹ്മണ്യം ചന്ദ്രശേഖർ, ഡേവിഡ് ബോം, എഡിങ്ടണ്‍ എന്നിവർ ആത്മീയതയുടെയും പ്രചാരകരായിരുന്നു. ഇതിന്റെ ഫലമായി ശാസ്ത്രീയത എന്നതു് ആത്മീയതയുടെ എതിർവാക്കല്ലെന്ന ചിന്ത ശക്തിപ്പെട്ടു. ആധുനികശാസ്ത്രസിദ്ധാന്തങ്ങളായ ആപേക്ഷികതാസിദ്ധാന്തം ക്വാണ്ടം സിദ്ധാന്തം എന്നിവയിൽനിന്നും ഉരുത്തിരിഞ്ഞിട്ടുളള തത്ത്വചിന്തകൾക്ക് ആത്മീയചിന്തകളുമായി സാദൃശ്യമുണ്ട്. ഒരു കാലത്തും ആത്മീയതയും ശാസ്ത്രവും തമ്മിൽ സംഘട്ടനമുണ്ടായിട്ടില്ല. എന്നാൽ മതവിശ്വാസങ്ങളും ശാസ്ത്രവും തമ്മിൽ നിരവധി സംഘട്ടനങ്ങൾ കഴിഞ്ഞ കാലത്തു് ഉണ്ടായിട്ടുമുണ്ട്.

മതവിശ്വാസങ്ങളെ ചോദ്യം ചെയ്തതിനു് പല ശാസ്ത്രജ്ഞന്മാരും കത്തോലിക്കാ സഭയുടെ കൊടിയ പീഡനങ്ങൾക്ക് വിധേയരായി. ആധുനിക ജ്യോതി ശ്ശാസ്ത്രത്തിനു് അടിത്തറ പാകുന്നതിൽ മഹത്തായ പങ്ക് വഹിച്ച ഗിയോർഡാനോ ബ്രൂണോയെ മതകോടതിയുടെ വിധിയനുസരിച്ച് പരസ്യമായി ജീവനോടെ ദഹിപ്പിച്ചു. കോപ്പർ നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം പ്രചരിപ്പിച്ചതിനു ഗലീലിയോ ഗലീലിയെ മതമേധാവികൾ കൽത്തുറുങ്കിലടച്ചു പീഡിപ്പിച്ചു. ശാസ്ത്രം തെറ്റായ മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും വസ്തുതകൾ പകരം വയ്ക്കുകയുംചെയ്തിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യുന്നതിൽ മഹത്തായ പങ്കാണു് ശാസ്ത്രം വഹിച്ചിട്ടുളളതു്. ഡാർവിന്റെ പരിണാമസിദ്ധാന്തം ബൈബിളിലെ ഉത്പത്തിയെക്കാൾ യുക്തിഭദ്രവും വിശ്വാസയോഗ്യവുമാണ്. മഹാവിസ്ഫോടനസിദ്ധാന്തം മതങ്ങളുടെ സൃഷ്ടിസങ്കല്പങ്ങളെക്കാൾ ഉചിതവും ശാസ്ത്രീയവുമാണ്.

ആത്മീയത മതാതീതമാണ്. ഋഷിവര്യൻമാരും പ്രവാചകൻമാരും ആത്മീയഗുരുക്കന്മാരായിരുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പു തന്നെ ഭഗവാൻ ശ്രീകൃഷ്ണനും ബുദ്ധനും യേശുക്രിസ്തുവും ലാവോട്സുവുമെല്ലാം ഒരു പരമസത്യം വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മൾ കാണുന്ന ലോകത്തിനുമപ്പുറം ഇന്ദ്രിയാതീതമായ അദൃശ്യമായ മറ്റൊരു ലോകം ഉണ്ടെന്നാണവർ പറഞ്ഞതു്. നമ്മൾ കാണുന്ന വനങ്ങളും മരങ്ങളും പുഴകളും നക്ഷത്രങ്ങളും ആകാശവും അദൃശ്യവും അനന്തവുമായ ഒരു യാഥാർത്ഥ്യത്തിന്റെ പ്രകാശനമാണു്, വെളിപ്പെടലാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കപ്പുറമാണു് അനന്തസാദ്ധ്യതകളുടെ ആ അദൃശ്യതലം. എല്ലാറ്റിന്റെയും സ്രോതസ്സായ അതിനെ ആദ്ധ്യാത്മികമാർഗ്ഗങ്ങളിലൂടെ അനുഭവിച്ചറിയാൻ കഴിയുമെന്നാണു് ആത്മീയമായ കാഴ്ചപ്പാട്.

മതം പരാജയപ്പെട്ടിടത്തു് ആത്മീയത മഹത്തായ വാഗ്ദാനങ്ങളാണു് ആധുനികമനുഷ്യനു് നൽകുന്നതു്. ദൈവരാജ്യം നിന്റെ ഉളളിലാണെന്നു് ക്രിസ്തുദേവനും നിർവാണമെന്നാൽ എല്ലാറ്റിൽനിന്നുമുളള സ്വാതന്ത്ര്യമാണെന്നു് ബുദ്ധനും എല്ലാം ബ്രഹ്മമാണെന്നു് ഉപനിഷദ് ഋഷിയും പ്രഖ്യാപിച്ചിരുന്നു. മഹത്തുക്കളായ അവർ പറഞ്ഞതിന്റെ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ക്വാണ്ടം ഭൗതികം, അദൃശ്യലോകം വെറുമൊരു വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നു് തെളിയിച്ചുകഴിഞ്ഞു. ക്വാണ്ടം സിദ്ധാന്തത്തിന്റെ സങ്കല്പങ്ങൾ ആത്മയീതയെ ന്യായീകരിക്കുകയാണ്. ബോധത്തിന്റെ രഹസ്യം, സ്വതന്ത്രേച്ഛ, ഇന്ദ്രിയാതീത അനുഭവങ്ങൾ എന്നിവ അതിനു് വിശദീകരിക്കാൻ കഴിയുമെന്ന സ്ഥിതിയാണു് ഇന്നുളളതു്.

നമ്മുടെ ആത്മീയഗുരുക്കൻമാർ സഹസ്രാബ്ദങ്ങൾക്ക് മുമ്പുതന്നെ മതവിശ്വാസത്തേക്കാൾ മൗലികവും പൂർണ്ണവുമായ ചില കാര്യങ്ങൾ നമ്മോട് ഉപദേശിക്കുകയുണ്ടായി. പരമമായ യാഥാർത്ഥ്യം അറിയുന്നതു് ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുളള പഠനത്തിൽ നിന്നല്ല ആന്തരികജ്ഞാനത്തിൽ നിന്നാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി. കണം മുതൽ പ്രപഞ്ചം വരെയുളളതിനെയെല്ലാം അറിയുകയാണു് ശാസ്ത്രത്തിന്റെ ലക്ഷ്യം. നമ്മളിലും പ്രപഞ്ചത്തിലും അതിനപ്പുറവുമുളള പരമസത്യത്തെ അനുഭവിക്കലാണു് ആത്മീയതയുടെ ലക്ഷ്യം. രണ്ടിന്റെയും അന്വേഷണത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമാണ്.

എന്താണു് ശാസ്ത്രത്തിന്റെ അന്വേഷണരീതി? ശാസ്ത്രാന്വേഷണത്തിന്റെ അടിസ്ഥാനം വസ്തുനിഷ്ഠതയാണു് (Objectivity). സങ്കല്പനനിഗമന – യുക്തിവാദത്തെ (Inductive – deductive – reasoning) ആധാരമാക്കിയുളളതാണു് ശാസ്ത്രഗവേഷണം. ഇതു് ഇങ്ങനെ സംഗ്രഹിക്കാം. തിരഞ്ഞെടുത്ത പ്രതിഭാസത്തെക്കുറിച്ച് വസ്തുനിഷ്ഠമായ നിരീക്ഷണം നടത്തുന്നു. വസ്തുനിഷ്ഠമായ നിരീക്ഷണത്തിൽ നിന്നും എത്തിച്ചേർന്ന നിഗമനങ്ങളെ സിദ്ധാന്തീകരിക്കുന്നു. രൂപീകരിച്ച സിദ്ധാന്തത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ വേണ്ടി ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്ത പരീക്ഷണങ്ങൾ നടത്തി വസ്തുനിഷ്ഠനിരീക്ഷണങ്ങളെയും അന്വേഷണങ്ങളെയും ആവർത്തിക്കാൻ കഴിയുമോയെന്നു് പരിശോധിക്കുന്നു. പരീക്ഷണഫലങ്ങളെ സാംഖിക (statistical) വിശകലനം നടത്തുന്നു. വിശകലനങ്ങളുടെ അന്ത്യത്തിൽ ലഭിക്കുന്ന പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം രൂപീകരിച്ച സിദ്ധാന്തത്തെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നു. പല ആവർത്തി പരിശോധിച്ചാലും ഒരേ ഫലം തന്നെ കിട്ടുകയാണെങ്കിൽ ആ സിദ്ധാന്തത്തിനു് ‘നിയമത്തിന്റെ’ പദവി കിട്ടുന്നു. ഇത്തരത്തിലുളള ശാസ്ത്രപരീക്ഷണങ്ങളിലൂടെ ഉടലെടുക്കുന്ന നിയമങ്ങളെ ഒരിക്കലും ആത്യന്തികസത്യമായി പരിഗണിക്കാൻ പാടില്ലെന്നാണു് ലോകപ്രശസ്ത ശാസ്ത്രജ്ഞൻമാരായ കാൾ പോപ്പറും സ്റ്റീഫൻ ഹോക്കിങും പറയുന്നതു്. കാരണം എല്ലാ സിദ്ധാന്തങ്ങളും ഏകദേശനം (approximation) മാത്രമാണെന്നാണു് ശാസ്ത്രമതം. ശാസ്ത്രസിദ്ധാന്തം ഇരുമ്പുലക്കയല്ലെന്നു് ചുരുക്കം.

കണം മുതൽ പ്രപഞ്ചംവരെയുളള എല്ലാറ്റിനെയും വിശദീകരിക്കുന്ന ഒരു സിദ്ധാന്തം (theory of everything) ആവിഷ്കരിക്കാൻ കഴിയുമെന്നാണു് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നതു്. എന്നാൽ അത്തരമൊരു സമ്പൂർണ്ണ ഏകീകൃതസിദ്ധാന്തം ആവിഷ്കരിക്കുമ്പോൾ ഗഹനമായ ഒരു തത്ത്വശാസ്ത്രപ്രശ്നത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ഒരു സമ്പൂർണ്ണസിദ്ധാന്തത്തിൽ നമ്മളെ തന്നെ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. അതായതു് ആത്മനിഷ്ഠത (subjectivity) കൂടി പരിഗണിക്കപ്പെടണം. അങ്ങനെ സംഭവിക്കുമ്പോൾ പ്രപഞ്ചത്തിലുളളതെല്ലാം വസ്തുനിഷ്ഠമാണെന്നുളള ശാസ്ത്രസങ്കല്പം തകരുന്നു. നിരീക്ഷണം എന്ന പ്രക്രിയയിൽ വസ്തുനിഷ്ഠത അപ്രസക്തമാകുന്നു. സൂക്ഷ്മലോകത്തു് (അണുവിനുളളിൽ) കണങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ഈ പ്രശ്നം വ്യക്തമാകും.

ഒരു ഇലക്ട്രോണിനെ അതിശക്തമായ സൂക്ഷ്മദർശിനിയിലൂടെ കാണാൻ ശ്രമിക്കുമ്പോൾ എന്താണു് സംഭവിക്കുന്നതെന്നു് നോക്കാം. ഗാമ വികിരണം ഉപയോഗിച്ച് നാം ഇലക്ട്രോണിനെ നിരീക്ഷിക്കുവാൻ ശ്രമിക്കുമ്പോൾ അതിന്റെ ഫോട്ടോണ്‍ (ുവീീിേ) ഇലക്ട്രോണുമായി ഏറ്റുമുട്ടുന്നു. ഫലം പ്രോട്ടോണിന്റെ ഊർജ്ജത്തിന്റെ ഒരംശം ഇലക്ട്രോണിനു് കൈമാറലായിരിക്കും. ഇതിനു് രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്നു്, ഫോട്ടോണിന്റെ ഊർജ്ജം അല്പം കുറയും. തന്മൂലം ആവൃത്തി കുറയും, തരംഗദൈർഘ്യം കൂടും. രണ്ട്, ഇലക്ട്രോണിനു് അല്പം സംവേഗം (momentum) കിട്ടും. തന്മൂലം ആദ്യത്തെ സ്ഥാനത്തു് നിന്നും അതു് അല്പം മാറും. ചുരുക്കത്തിൽ നാം ഗാമാവികിരണം ഉപയോഗിച്ച് ഇലക്ട്രോണിനെ കാണാൻ ശ്രമിക്കുമ്പോൾ ശ്രമം ഒന്നുകൊണ്ടുതന്നെ ഇലക്ട്രോണ്‍ ഒന്നു് ഒഴിഞ്ഞുമാറും. ഇങ്ങനെയുളള ശ്രമം തന്നെ ഇലക്ട്രോണിന്റെ സ്ഥാനം, വേഗം എന്നിവയെ മാറ്റുന്നു. ഇലക്ട്രോണിന്റെ സ്ഥാനവും വേഗവും ഒരേ സമയം കൃത്യമായി നിർവചിക്കാൻ കഴിയില്ലെന്നു് വ്യക്തം. ഇലക്ട്രോണിനെ വസ്തുനിഷ്ഠമായി വിവരിക്കാൻ സാദ്ധ്യമല്ലെന്നു് സാരം. നമ്മുടെ നിരീക്ഷണം നിരീക്ഷക്കപ്പെട്ട വസ്തുവിനെ ബാധിക്കുന്നു. ഭൗതികത്തിൽ (Physics) വസ്തുനിഷ്ഠത ഇല്ലാതായി. ദ്രവ്യം (matter) വസ്തുനിഷ്ഠയാഥാർത്ഥ്യമാണെന്നുളള ഭൗതികവാദികളുടെ നിർവചനം തെറ്റാണെന്നു് തെളിഞ്ഞു. ‘അഹം ദ്രവ്യാസ്മി’ എന്ന നാസ്തികരുടെ വിശ്വാസം തകർന്നു. ശാസ്ത്രത്തിലെ കേന്ദ്രസ്തംഭമായ വസ്തുനിഷ്ഠത ചോദ്യം ചെയ്യപ്പെട്ടതോടെ ആത്മനിഷ്ഠത അനിവാര്യയാഥാർത്ഥ്യമാണെന്നു് ശാസ്ത്രം അംഗീകരിച്ചു.

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ആത്മീയതയ്ക്ക് മൂന്നു പരികല്പനകളാണുളളതു്.

  1. ദൃശ്യമായ എല്ലാറ്റിന്റെയും സ്രോതസ്സ് അദൃശ്യമായ ഒരു യാഥാർത്ഥ്യമാണ്.
  2. അദൃശ്യയാഥാർത്ഥ്യത്തെ ഇന്ദ്രിയങ്ങളിലൂടെയോ മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ അറിയാൻ സാദ്ധ്യമല്ല.
  3. ബുദ്ധിയും സൃഷ്ടിപരതയും സംഘാടനശക്തിയും പ്രപഞ്ചത്തിനുണ്ട്.

പ്രപഞ്ചത്തിലെ സർവ്വോപാധികളിലും വിളങ്ങുന്ന അദൃശ്യമായ അതേ ചൈതന്യം തന്നെയാണു് നമ്മുടെയും സ്വരൂപമെന്നു് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മഹാത്മാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഭഗവദ്ഗീതയുടെ കാഴ്ചപ്പാടിൽ ദൃഷ്ടമായതിനു് അദൃഷ്ടമായതിന്റെ അടിസ്ഥാനം കൂടാതെ നിലനിൽക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ഭൗതികവാദികൾ ദൃഷ്ടമായതു് പൂർണ്ണമാണെന്നും അതിനു നിദാനമായ ഒരു അദൃഷ്ടത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നുമാണു് പറയുന്നതു്. എല്ലാ ദൃഷ്ടത്തിന്റെയും പിറകിൽ അതിനു് നിദാനമായ ഒരു അദൃഷ്ടം ഉണ്ടെന്നും, ദൃഷ്ടത്തിനു് അതിൽ തന്നെ നിലനിൽക്കാൻ സാദ്ധ്യമല്ലെന്നുമുളളതാണു് സത്യം.

പ്രപഞ്ചത്തിന്റെ പരമകാരണം അദൃശ്യമായ ആ ഉണ്‍മയാണ്. എന്താണു് ഉണ്മ? ഉണ്ട് എന്ന അനുഭവമാണു് ഉണ്മ. പ്രപഞ്ചത്തിന്റെ ഈ അനുഭവമുളളതു് ബോധത്തിനാണ്. പ്രപഞ്ചത്തിൽ സ്വയം ഉണ്ട് എന്നു് അനുഭവിക്കുകയും മറ്റെല്ലാറ്റിന്റെയും ഉണ്മ അനുഭവിക്കുകയും ചെയ്യുന്നതു് ബോധമാണ്. എല്ലാ ജീവികളിലും ഞാനുണ്ട് എന്ന ഉണ്മ അനുഭവിച്ചുവർത്തിക്കുന്നതു് ബോധമല്ലാതെ മറ്റൊന്നുമല്ല. ചുരുക്കത്തിൽ പ്രപഞ്ചത്തിലും അതിനപ്പുറവും അനന്തമായി നിലനിൽക്കുന്നതു് അഖണ്ഡബോധമാണ്. ഇതിനെ വേദാന്തം, ‘പ്രജ്ഞാനം ബ്രഹ്മ’ എന്നു് നിർവചിക്കുന്നു. അതു് എല്ലാറ്റിലുമുണ്ട്. അതു് നിരാകാരമാണ്. അതിനെ അനുഭവിക്കലാണു് ആത്മീയത. ആത്മീയതയെകുറിച്ച് അജ്ഞനായ ഒരാൾക്ക് ദൈവം മൈക്കൽ എയിഞ്ചലോയുടെ താടിക്കാരനോ രാജാരവിവർമ്മയുടെ ചിത്രങ്ങളിലെ സുന്ദരരൂപികളായ ദൈവങ്ങളോ ആണ്. അഗാധമായ ധ്യാനത്തിലാണു് മഹാജ്ഞാനികൾ ആത്യന്തികസത്യം എന്തെന്നു് അനുഭവിച്ചിട്ടുളളതു്. ഭാരതത്തിലെ ഋഷിവര്യന്മാർ പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തിയതു് ധ്യാനത്തിലൂടെയാണ്. ശ്രീബുദ്ധനു് ജ്ഞാനമുണ്ടായതു് അഘോരതപസ്സിന്റെ അന്ത്യത്തിലായിരുന്നു. ജൈനമതസ്ഥാപകനായിരുന്ന മഹാവീരനും യേശുദേവനും പ്രവാചകനായ മുഹമ്മദ് നബിയും ധ്യാനനിഷ്ഠരായിരുന്നു.

ദൈവവും പ്രപഞ്ചവും വ്യതിരിക്തമായ ഉണ്‍മകളല്ല. പ്രപഞ്ചം ദൈവത്തിന്റെ സ്ഥൂലവശവും ദൈവം പ്രപഞ്ചത്തിന്റെ സൂക്ഷ്മവശവുമാണ്. ദൈവം പ്രപഞ്ചത്തിന്റെ അനഭിവ്യക്തവും പ്രപഞ്ചം ദൈവത്തിന്റെ അഭിവ്യക്തവും. രണ്ടാമതൊന്നില്ലാത്ത ഒന്നു് എന്ന തത്ത്വത്തിന്റെ അർത്ഥം അതാണ്. അതാണു് ആത്മീയത. ഈ തത്ത്വത്തിൽ വിരുദ്ധമായിട്ടൊന്നുമില്ല. രണ്ടു വിപരീതങ്ങളായ യാഥാർത്ഥ്യങ്ങൾ ഒന്നായി മാറുന്നു. ഈ അസാദ്ധ്യമായ ഭാവനയെ ഈശാവാസ്യോപനിഷത്തിന്റെ ശാന്തിമന്ത്രം ഇങ്ങനെ വിവരിക്കുന്നു.

അതും പൂർണ്ണം ഇതും പൂർണം
പൂർണമായതിൽ നിന്നും പൂർണമായതുണ്ടായി
പൂർണമായതിൽ നിന്നും പൂർണമായത്
നീക്കിയാൽ ശേഷിക്കുന്നതും പൂർണംതന്നെ

ഇന്ദ്രിയാഗോചരമായ അഖണ്ഡബോധവും (ബ്രഹ്മം) ഇന്ദ്രിയഗോചരമായ പ്രപഞ്ചവും തമ്മിലുളള ബന്ധം ഈ മന്ത്രം വിശദീകരിക്കുന്നു. അഖണ്ഡബോധമാണു് പ്രപഞ്ചത്തിനു് പരമകാരണമായതു്. അദൃശ്യമായ ബോധം പൂർണം. ദൃശ്യമായ പ്രപഞ്ചവും പൂർണം. ബോധത്തിൽനിന്നു് ദ്രവ്യാത്മകപ്രപഞ്ചമുണ്ടായി. അദൃശ്യമായ ബോധത്തിൽനിന്നു് പ്രപഞ്ചം ഉണ്ടായശേഷം അതു് പണ്ടേപോലെ പൂർണം. പൂർണത്തിൽ നിന്നും പൂർണം ഉണ്ടാകുന്നു. പൂർണത്തിൽ നിന്നും പൂർണം എടുത്താലും പൂർണം തന്നെ. പ്രപഞ്ചം അതിന്റെ ഉത്പത്തിയിൽ പ്രലയത്തിലായിരുന്നു. പ്രലയത്തിൽ അപ്പോൾ അഖണ്ഡബോധം മാത്രമാണുണ്ടായിരുന്നതു്. അഖണ്ഡബോധം (ബ്രഹ്മം) പൂർണമാണ്. അങ്ങനെ പൂർണമായ പ്രപഞ്ചമാകുന്ന കാര്യം ഉണ്ടാകുന്നു. അതുകൊണ്ട് പ്രപഞ്ചം പൂർണം തന്നെ ബോധത്തിന്റെ പൂർണതയ്ക്ക് യാതൊരു കുറവും ഉണ്ടാകുന്നില്ല.

ശാസ്ത്രീയമായ ദൃഷ്ടിയിൽ ഇതു് ഊർജ്ജസംരക്ഷണ നിയമമാണു് (Law of conservation of Energy). ഊർജ്ജസംരക്ഷണ നിയമപ്രകാരം ഊർജ്ജവും അതിനു് തുല്യമായ പിണ്ഡവും (mass) ഒരിക്കലും സൃഷ്ടിക്കപ്പെടാനോ നശിപ്പിക്കപ്പെടാനോ കഴിയുകയില്ല. ഇതിനർത്ഥം ഊർജ്ജത്തിന്റെയും പിണ്ഡത്തിന്റെയും ആകെ പരിമാണം സ്ഥിരമായിരിക്കും. അതിൽനിന്നു് ഒന്നും കുറയ്ക്കാനോ കൂട്ടിച്ചേർക്കാനോ കഴിയുകയില്ല. ആ സമ്പൂർണ്ണത തന്നെയാണു് ബ്രഹ്മം. അതു് സത്യമാണു്, ചിത്താണു്, ഉണ്മയാണു്, ബോധമാണു്, ചേതനയാണു്, ചൈതന്യമാണ്. അതാണു് പരമമായ സത്യം. ഈ ദൃശ്യപ്രപഞ്ചത്തിലെ എല്ലാ ഭൗതികപദാർത്ഥങ്ങളെയും (ദ്രവ്യം) ഊർജ്ജമാക്കിമാറ്റുവാൻ കഴിയുമെന്നാണു് ഐൻസ്റ്റീന്റെ വിശിഷ്ടാപേക്ഷികതാസിദ്ധാന്തം. E = mc 2 എന്നാൽ ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയുന്നതല്ല. അതുപോലെ തന്നെയാണു് ബ്രഹ്മത്തിന്റെ കാര്യത്തിലും സംഭവിക്കുന്നതു്. ബ്രഹ്മം പല രൂപങ്ങളിലൂടെ പ്രകടമാകുന്നു. എന്നാൽ ബ്രഹ്മത്തിൽ യാതൊന്നിനെയും കൂട്ടിച്ചേർക്കാനോ ബ്രഹ്മത്തിൽ നിന്നു് യാതൊന്നും കുറയ്ക്കാനോ കഴിയുന്നതല്ല. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി പ്രപഞ്ചം പൂർണമെന്ന സങ്കല്പത്തിലാണു് ആധുനികശാസ്ത്രം ദൃശ്യപ്രപഞ്ചത്തിൽ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതു്. ആത്മീയവീക്ഷണത്തിൽ എല്ലാ സൃഷ്ടികളുടെയും പിന്നിൽ അദൃശ്യവും നിഗൂഢവുമായൊരു പൂർണതയുണ്ട്. ഈ അദൃശ്യമായ പൂർണതയാണു് എല്ലാറ്റിന്റെയും അടിത്തട്ട്. പ്രശസ്ത ബ്രിട്ടീഷ് ഭൗതികജ്ഞനായിരുന്ന പോൾ ഡിറാക്ക് പറഞ്ഞു.”എല്ലാ ദ്രവ്യവും ഇന്ദ്രിയങ്ങൾക്ക് അഗോചരമായ അടിത്തട്ടിൽ (substratum)) നിന്നാണു് രൂപപ്പെടുന്നതു്.” ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഇർവിൻ ഷ്രോഡിഞ്ചർ ഭൗതികപ്രപഞ്ചത്തിന്റെ അടിത്തട്ട് അഖണ്ഡബോധമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയുണ്ടായി. തുടർന്നു് ലോകപ്രശസ്ത ശാസ്ത്രജ്ഞൻമാരായിരുന്ന ഡേവിഡ് ബോം, യൂജിൻ വിഗ്നർ, വോണ്‍ന്യൂമാൻ, ജോണ്‍ വീലർ എന്നിവർ ഷ്രോഡിഞ്ചറുടെ നിലപാടുകളെ പിന്തുടരുകയുണ്ടായി.

മതങ്ങൾ സ്ഥാപിക്കപ്പെടുന്നതിനു് വളരെ മുമ്പ് തന്നെ ആത്മീയത മനുഷ്യനിൽ സ്വാധീനം ചെലുത്തിയിരുന്നു. ആത്മീയതയുടെ ഗവേഷകന്മാരെല്ലാം ശാസ്ത്രജ്ഞരായിരുന്നു. മതങ്ങൾ പരാജയപ്പെട്ടാലും ആത്മീയതയ്ക്ക് ഒരു കോട്ടവും സംഭവിക്കുകയില്ല. ആത്മീയതയ്ക്ക് ശാസ്ത്രത്തെ അഭിമുഖീകരിക്കാൻ കഴിയും. ഏറ്റവും ആധുനികശാസ്ത്ര സിദ്ധാന്തങ്ങളുമായി അസാധാരണ പൊരുത്തത്തിലാണു് ആത്മീയത. ശാസ്ത്രത്തിന്റെ സ്രഷ്ടാവ് മനുഷ്യബോധമാണ്. എന്നാൽ വിരോധാഭാസമെന്നു് പറയട്ടെ, ശാസ്ത്രത്തെ സൃഷ്ടിച്ച മനുഷ്യബോധത്തെ ഒഴിവാക്കാനുളള പരിശ്രമമാണു് ഭൗതികവാദികൾ നടത്തിക്കൊണ്ടിരിക്കുന്നതു്.

അശാസ്ത്രീയവും അന്ധവിശ്വാസജഡിലവുമാണു് ഭൗതികവാദവും നാസ്തികതയും. ഭൗതികവാദിക്ക് പരമമായ യാഥാർത്ഥ്യം ബാഹ്യപ്രപഞ്ചമാണ്. അതിനുമാത്രമാണു് അസ്തിത്വമുളളതെന്നു് അവർ അന്ധമായി വിശ്വസിക്കുന്നു. ഇവിടെയാണു് ഭൗതികവാദിയും നാസ്തികനും പരാജയപ്പെടുന്നതു്. ക്വാണ്ടം ഭൗതികം വ്യക്തമാക്കുന്നതു് പ്രകൃതി വളരെ സൂക്ഷ്മമായി തീരുമ്പോൾ ദ്രവ്യം ഇല്ലാതാകുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അതിസൂക്ഷ്മാവസ്ഥയിൽ നിരീക്ഷിതവസ്തുവിനെ അളക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ ഗുണധർമ്മങ്ങളിൽ മാറ്റം വരുന്നു. സൂക്ഷ്മലോക ഭൗതികത്തിന്റെ തലത്തിൽ നിരീക്ഷകനും നിരീക്ഷിതവസ്തുവും വേറിട്ടതല്ല. അവിടെ നിരീക്ഷകൻ നിരീക്ഷണമെന്ന പ്രക്രിയയിൽ പങ്കാളിയായി മാറുന്നുവെന്നാണു് ക്വാണ്ടം ബലതന്ത്രം പറയുന്നതു്. ആത്മീയതയിൽ ആത്മസാക്ഷാത്കാരത്തിലെത്തുന്ന ജ്ഞാനി തന്റെ ആത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന പരമമായ അനുഭവം നേടുന്നു. ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ അറിവും അറിയേണ്ടതും അറിയുന്നവനും ഒന്നാകുന്നു. ബോധത്തിന്റെ അവസ്ഥകൾ ജാഗ്രതു്. സ്വപ്നം. സുഷുപ്തി, തുരീയം എന്നിവയാണ്. ആദ്യത്തെ മൂന്നവസ്ഥകളിലും അനുഭവവും അനുഭവിക്കുന്ന വ്യക്തിയുമുണ്ട്. എന്നാൽ നാലാമത്തെ അവസ്ഥയിൽ അനുഭവവും അനുഭവിക്കുന്ന ആളും തമ്മിലോ വിഷയവും വിഷയിയും തമ്മിലോ യാതൊരു വ്യത്യാസവുമില്ല. ആത്മീയതയുടെയും ആധുനികഭൗതികത്തിന്റെയും സാദൃശ്യങ്ങൾ നമുക്ക് പുതിയൊരു ലോകവീക്ഷണം നൽകുന്നു. ഭൗതികവാദത്തിനും നാസ്തികതയ്ക്കും എതിരായി പോരാടാനുളള ശക്തി അതു് പകരുന്നു. ബോധത്തെ ദ്രവ്യത്തിൽനിന്നും, ഭൗതികവസ്തുക്കളെ ജൈവവസ്തുക്കളിൽനിന്നും ജൈവപരതയെ സാമൂഹികതയിൽനിന്നും വേർപ്പെടുത്താനാവില്ല. ലോകം ഇന്നു് നേരിടുന്ന സാമൂഹ്യവും സാംസ്കാരികവുമായ അധഃപതനത്തിൽനിന്നും, നാസ്തികതയുടെ നീരാളിപ്പിടിത്തത്തിൽനിന്നും, പാരിസ്ഥിതിക തകർച്ചയിൽനിന്നും വിമോചനം നേടാനുളള മാർഗ്ഗമാണു് ആത്മീയത. അതാകട്ടെ ശാസ്ത്രീയവും മതാതീതവുമാണ്.

Colophon

Title: Āstikanāya daivam (ml: ആസ്തികനായ ദൈവം).

Author(s): Kesavan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: Popular science, Kesavan Nair, കേശവൻ നായർ, ആസ്തികനായ ദൈവം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape near Arles, an oil on canvas painting by Paul Gauguin (1848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.