ഏറ്റവും വലിയ രഹസ്യം പ്രപഞ്ചം എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതാണ്. 370 കോടി വർഷം മുമ്പ് ഉണ്ടായ മഹാവിസ്ഫോടനത്തിൽ നിന്നാണു് പ്രപഞ്ചോത്പത്തിയെന്നാണു് ആധുനിക പ്രപഞ്ചശാസ്ത്രം. ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിനൊരു തുടക്കവും ഒടുക്കവുമുണ്ട്. മഹാവിസ്ഫോടന സിദ്ധാന്തം പ്രപഞ്ചോത്പത്തിക്ക് മുമ്പുള്ള അവസ്ഥ എന്തായിരുന്നുവെന്ന ചോദ്യം ഉയർത്തുന്നു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെങ്കിൽ അതിനുകാരണം ഭൗതികാതീതമായൊരു ശക്തിയാണെന്ന ചിന്ത ബലപ്പെട്ടു. ദൈവാസ്തിത്വത്തിനു് തെളിവായി ആസ്തികർ മഹാവിസ്ഫോടന സിദ്ധാന്തത്തെ ഉയർത്തിക്കാട്ടി. ഇതു് നാസ്തികരുടെ കാഴ്ചപ്പാടിനു് വിരുദ്ധമായിരുന്നു.
മഹാവിസ്ഫോടന സിദ്ധാന്തത്തിനുപകരം നാസ്തികരുടെ ലോബി പുതിയൊരു സിദ്ധാന്തം അവതരിപ്പിച്ചു. പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് തന്റെ “ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന പുസ്തകത്തിൽ ഈ വസ്തുത എടുത്തു പറയുന്നുണ്ട്. “കാലത്തിനു് ഒരു ആരംഭമുണ്ടായിരുന്നെന്നു് സമ്മതിക്കാൻ പലരും ഇഷ്ടപ്പെടുന്നില്ലെന്നതാണു് സത്യം. അതു സമ്മതിച്ചാൽ ദൈവത്തിന്റെ ഇടപെടൽ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം. ആത്യന്തികമായി മഹാവിസ്ഫോടനത്തിലെത്തിച്ചേരാനുള്ള സാദ്ധ്യതകളെ തടയുവാനുള്ള ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായി.” മഹാവിസ്ഫോടന സിദ്ധാന്തത്തിനെതിരെ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചതു് സ്ഥിരസ്ഥിതി പ്രപഞ്ച സിദ്ധാന്ത (Steady State Theory) ത്തിനായിരുന്നു. സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിൽപ്പെട്ട റഷ്യൻ ശാസ്ത്രജ്ഞന്മാരായ ഇവാൻജെനി ലിഫ്ഷിറ്റ്സും ഐസക് കലാത്നിക്കോവും 1963-ൽ മഹാവിസ്ഫോടന സിദ്ധാന്തം ഒഴിവാക്കിക്കൊണ്ടുള്ള മറ്റൊരു സിദ്ധാന്തത്തിനു ശ്രമം നടത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നതു് പ്രപഞ്ചാതീതമായൊരു ശക്തിയിലുള്ള വിശ്വാസം ഉന്മൂലനം ചെയ്യുന്നതിനുള്ള നാസ്തിക ലോബിയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയാണു് ഇതെന്നാണ്. ശാസ്ത്രത്തിന്റെ മറവിൽ അശാസ്ത്രീയത വളർത്തുവാനുള്ള ശ്രമം.
ഈശ്വരാസ്തിത്വത്തിനു് തെളിവ് നല്കുന്ന മഹാവിസ്ഫോടനത്തെ എതിർത്തുകൊണ്ട് 1949-ൽ ശാസ്ത്രജ്ഞന്മാരായ ഫ്രെഡ് ഹോയലും ഹെർമൻ ബോണ്ടിയും തോമസ് ഗോൾഡും ചേർന്നു് അവതരിപ്പിച്ചതായിരുന്നു സ്ഥിരസ്ഥിത പ്രപഞ്ച സിദ്ധാന്തം. ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചം ആരംഭമില്ലാത്ത, മാറ്റമില്ലാത്ത, എന്നെന്നും നിലനില്ക്കുന്ന വ്യവസ്ഥയാണ്. ഇതൊരു അനന്ത പ്രപഞ്ചത്തെയാണു് അവതരിപ്പിക്കുന്നതു്. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലം ഈ സിദ്ധാന്തത്തിനു് ലോകശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഇതിനു് നിലനില്പില്ലാതെ വന്നു. അതേ സമയം മഹാവിസ്ഫോടന സിദ്ധാന്തത്തിനു് തെളിവുകൾ ലഭിക്കുകയും ചെയ്തു. മഹാവിസ്ഫോടനത്തെ തുടർന്നു് വികസിക്കുന്ന ഒരു പ്രപഞ്ചത്തിന്റെ മാതൃക ആപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി 1917-ൽ ഐൻസ്റ്റിൻ അവതരിപ്പിച്ചു. എന്നാൽ വികസിക്കുന്ന പ്രപഞ്ച മാതൃകയോട് അദ്ദേഹത്തിന്റെ മതവിശ്വാസത്തിനു് പൊരുത്തപ്പെടാൻ കഴിയാതെ വന്നതുകൊണ്ട് സ്വന്തം സമീകരണത്തിൽ ഒരു പ്രാപഞ്ചികസ്ഥിരാങ്കം (Cosmological Constant) ഉൾപ്പെടുത്തി ഒരു അചരപ്രപഞ്ചത്തെ സൃഷ്ടിച്ചു. ആ ഭേദഗതി വരുത്തിയതിൽ അദ്ദേഹം പിന്നീട് ഖേദിക്കുകയും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘മണ്ടത്തരം’ ആണെന്നു് സമ്മതിക്കുകയും ചെയ്തു. റഷ്യൻ ഗണിത ശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടർ ഫ്രീഡ്മാൻ (Alexander Friedmann) 1922-ൽ ഐൻസ്റ്റിന്റെ സമീകരണങ്ങളെ അടിസ്ഥാനമാക്കി പ്രപഞ്ചം വികസിക്കുകയാണെന്നു് തെളിയിച്ചു.
പ്രധാനപ്പെട്ട മുന്നു തെളിവുകളാണു് മഹാവിസ്ഫോടന സിദ്ധാന്തത്തിനു് അംഗീകാരം നേടിക്കൊടുത്തതു്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു് അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന എഡ്വിൻ ഹബിളിന്റെ 1924-ലെ കണ്ടുപിടുത്തമാണു് ഇവയിൽ ആദ്യത്തേതു്. മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനം, പ്രപഞ്ചവികാസം കാലാനുസൃതമായി താപനില കുറയ്ക്കാൻ കാരണമാകുന്നുവെന്നും പ്രപഞ്ചോല്പത്തി സമയത്തെ അത്യുന്നത താപനിലയിൽ നിന്നും വളരെയധികം തണുത്തു് ഏതാണ്ട് 5 ഡിഗ്രി കെൽവിൻ (5K) വരെ എത്തിയിട്ടുണ്ടായിരിക്കുമെന്നുമാണ്. ഈ പ്രവചനത്തെ ശരിവയ്ക്കുന്നതായിരുന്നു 1964-ൽ അമേരിക്കയിലെ ആർണോ പെൻസിയസും റോബർട്ട് വിൽസനും യാദൃശ്ചികമായി കണ്ടുപിടിച്ച പ്രാപഞ്ചിക പശ്ചാത്തലവികിരണം (CosmicBackground Radiation). ഇതിന്റെ താപനില 3K ആണ്. മൂന്നാമത്തെ പ്രധാന തെളിവ് പ്രപഞ്ചത്തിലെ ലഘുമൂലകങ്ങളുടെ അളവാണ്. ഡ്യൂട്ടിരിയം, ട്രിഷിയം, ഹീലിയം, ലിഥിയം എന്നീ മൂലകങ്ങളുടെ അളവ് പ്രവചനങ്ങൾക്ക് അനുസൃതമായിട്ടാണു് പ്രപഞ്ചത്തിലുള്ളതു്. അടുത്തകാലത്തു് ഈ തെളിവുകളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി. 2006 ലെ ഭൗതികത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ ഭൗതികശാസ്ത്രജ്ഞന്മാരായ ജോണ്‍ സി. മേത്തർക്കും, ജോർജ്ജ് എഫ്. സ്മുട്ടിനും സംയുക്തമായി നൽകിയതു് പ്രപഞ്ചോത്പത്തി 1370 കോടി വർഷങ്ങൾക്കുമുമ്പായിരുന്നു എന്നു് തെളിവുകൾ സഹിതം കൃത്യമായി കണ്ടെത്തിയതിനാണ്. പ്രപഞ്ചാതീതമായ ഒരു ശക്തി സത്യമാണെന്ന വിശ്വാസത്തെ തകർക്കാനായി രൂപംകൊണ്ട അശാസ്ത്രീയ സിദ്ധാന്തമായ ‘സ്ഥിരസ്ഥിതി സിദ്ധാന്തം’ ഒരു തെളിവും ലഭിക്കാതെ തള്ളപ്പെട്ടുപോയപ്പോൾ പ്രബലമായ തെളിവുകൾ സഹിതം ഭൗതികാതീതമായൊരു ശക്തിവിശേഷം സത്യമാണെന്നു് തെളിയിക്കുന്നു മഹാവിസ്ഫോടന സിദ്ധാന്തത്തിൽ.
1370 കോടി വർഷം മുമ്പ് ഒരു ആദിമ ബിന്ദുവിൽ ഇന്നു നാം കാണുന്ന അല്ലെങ്കിൽ അറിയുന്ന സമസ്ത പ്രപഞ്ച വസ്തുക്കളും വലിയൊരു പൊട്ടിത്തെറിയിലൂടെ ഉത്ഭവിച്ചുവെന്നു് വിവരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം ഒരു ചോദ്യം ഉദിപ്പിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നക്ഷത്രങ്ങളും ഗ്യാലക്സികളും അടങ്ങുന്ന പ്രപഞ്ചം മുഴുവൻ ഒറ്റയടിക്ക് ഒരു പൊട്ടിത്തെറിയിലൂടെയാണു് ഉണ്ടായതെങ്കിൽ അതിനുമുമ്പ് അതെവിടെയായിരുന്നു. “അസീദഗ്രേസദേവേദം” … എന്നു തുടങ്ങുന്ന പ്രസിദ്ധമായ ശ്രീനാരായണ ഗുരുദേവന്റെ ചോദ്യത്തിലും ഇതേ ആശയം തന്നെയാണുള്ളതു്. ലോകത്തെയാകെ വെറും ഭൗതികവാദത്തിന്റെ കണ്ണാടിയിലൂടെ മാത്രം നോക്കി കാണുന്ന യുക്തിവാദികൾക്കും നാസ്തികർക്കും പ്രപഞ്ചോത്പത്തിയെക്കുറിച്ച് സാധാരണക്കാരന്റെ സംശയങ്ങൾക്ക് തൃപ്തികരമായ ഉത്തരം നല്കാൻ കഴിയാറില്ല. ഇത്തരം ഒരു അടിസ്ഥാന ചോദ്യത്തെ ‘സ്ഥലവും കാലവും’ തുടങ്ങുന്നതുതന്നെ മഹാവിസ്ഫോടനത്തോടെയാകയാൽ ‘അതിനു മുമ്പ്’ എന്തു് എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല എന്ന മുട്ടുയുക്തികൊണ്ടാണു് യുക്തിവാദികളും ഭൗതികവാദികളും ചെറുക്കാറുള്ളതു്. ഭൗതികവാദികൾക്ക് പ്രപഞ്ചത്തിനു് തുടക്കമില്ല. അതു് അനന്തമാണ്. ഇതിനർത്ഥം പ്രപഞ്ചത്തിനു് ചലനവും വികാസവുമില്ലെന്നാണ്.
പ്രപഞ്ചം എവിടെ നിന്നും ഉണ്ടായി എന്ന ചോദ്യത്തിനു് ഉത്തരം നൽകാൻ ആധുനിക പ്രപഞ്ചോല്പത്തി ശാസ്ത്രം ശ്രമിക്കുന്നുണ്ട്. ക്വാണ്ടം പ്രപഞ്ചശാസ്ത്രം (quantum cosmology) നൽകുന്ന മറുപടി ഉത്പത്തിക്കു തൊട്ടുമുമ്പുള്ള ശൂന്യതയിൽ നിന്നാണു് പ്രപഞ്ചം വെളിപ്പെട്ടതെന്നാണ്. ഉത്പത്തിക്കുമുമ്പുള്ള ശൂന്യതയും ഉത്പത്തിയും തമ്മിൽ ബന്ധിപ്പിക്കാൻ ഗണിതത്തിനു കഴിയുമെന്നാണു് ക്വാണ്ടം ഭൗതികജ്ഞന്മാർ വിശ്വസിക്കുന്നതു്. പ്രപഞ്ചോത്പത്തിക്ക് മുമ്പുള്ള അവസ്ഥ വിശദീകരിക്കുന്ന ഋഗ്വേദത്തിലെ നാസാദിയ സൂക്തത്തിനു് ക്വാണ്ടം ഭൗതികത്തിന്റെ ഉത്പത്തിപൂർവ്വ സ്ഥിതി വിവരണവുമായി സമാനതയുണ്ട്. നാസാദിയ സൂക്തം ഇപ്രകാരമാണു് പ്രപഞ്ചോത്പത്തിക്കു പൂർവ്വസ്ഥിതി വിശദീകരിക്കുന്നതു്.
അന്തരീക്ഷം ഇല്ലായിരുന്നു.
ആകാശവും ഉണ്ടായിരുന്നില്ല.
നശ്വരമായ പ്രപഞ്ചം (ദൃശ്യസൃഷ്ടി) ഇല്ലായിരുന്നു
സ്ഥലകാലങ്ങളില്ല. ഇരുട്ടും വെളിച്ചവുമില്ല.
അനശ്വരമായ ഒന്നുമാത്രം ‘തദ്ദേകം’
ആ ഒന്നു് മറ്റൊന്നിന്റെ സഹായമില്ലാതെ സ്വന്തം ശക്തികൊണ്ട് സ്ഥിതി ചെയ്തു.
അതല്ലാതെ മറ്റൊന്നുമില്ല
അതുകൊണ്ട് അതു് ഇതു് എന്ന വ്യത്യാസമില്ല
ആ ഒന്നു് അനേകമായി പരിണമിച്ചത്
പുറമേ നിന്നുള്ള ഏതെങ്കിലും ശക്തിയുടെ പ്രവർത്തനത്തിന്റെ ഫലമല്ല
ഒന്നു് അനേകമാകുക എന്നുള്ളത്
ഒന്നിന്റെ സഹജമായ സ്വഭാവമാണ്
ആ ചേതന അപാരമായ ആ സ്ഥിതി വിശേഷത്തിന്റെ അവിഭാജ്യ ഘടകമാണ്.
ശൂന്യതയിൽ ദൈവത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രയുക്തിക്ക് ചേർന്നതല്ലെന്നാണു് നാസ്തികരും ഭൗതികവാദികളും കരുതുന്നതു്. അവരുടെ അഭിപ്രായത്തിൽ പ്രപഞ്ചം എങ്ങുനിന്നും വെളിപ്പെട്ടതല്ല. (1) അതു് സൃഷ്ടിക്കപ്പെട്ടതാണെന്നതിനു് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. (2) പ്രപഞ്ചസൃഷ്ടിക്ക് തെളിയിക്കപ്പെട്ട ലക്ഷ്യങ്ങളൊന്നുമില്ല (3) ഉത്പത്തിപൂർവ്വ അവസ്ഥ വെറും സങ്കല്പമാണ്. സ്ഥലവും കാലവും ആരംഭിക്കുന്നതിനുമുമ്പുള്ള അവസ്ഥ വിവരിക്കാൻ ശ്രമിക്കുന്നതു് പാഴ്‌വേലയാണ്.
ഭൗതികവാദികൾക്ക് ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ഭൗതികത്തിന്റെയും പുതിയ തത്ത്വചിന്താപരമായ വീക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. അവരിപ്പോഴും ഇരുപതാം നൂറ്റാണ്ടിനു് മുമ്പുള്ള ക്ലാസ്സിക്കൽ ഭൗതികത്തിന്റെ (classical physics) തടവറയിലാണ്. ഭൗതികവാദികളുടെ എല്ലാ മുട്ടുന്യായങ്ങളെയും പരാജയപ്പെടുത്തി യുക്തിസഹമായിതന്നെ പ്രപഞ്ചോത്പത്തി വിശദീകരിക്കാൻ ആദ്ധ്യാത്മികതയ്ക്കും ആധുനികശാസ്ത്രത്തിനും കഴിയും. ശൂന്യതയ്ക്ക്, ഒന്നുമില്ലായ്മയ്ക്ക് (nothingness) അർത്ഥമുണ്ടോ? ശൂന്യതയെക്കുറിച്ചുള്ള ചിന്തയാണു് ആത്മീയതയിലേക്കുള്ള വഴി തുറക്കുന്നതു്. ഭൗതികവാദികൾ പറയുന്നതു് ഒന്നുമില്ലായ്മയെ കണക്കിലെടുക്കേണ്ടതില്ലെന്നാണ്. എന്നാൽ ആധുനികഭൗതികം ശൂന്യതയെ വളരെ ഗൗരവമായിട്ടാണു് കാണുന്നതു്.
ക്വാണ്ടം പ്രപഞ്ചശാസ്ത്രമനുസരിച്ച് ശൂന്യതയിൽനിന്നും ഉത്പത്തി സാദ്ധ്യമാണ്. ക്വാണ്ടം ഭൗതികത്തിൽ ശൂന്യം ഒരിക്കലും ശൂന്യമല്ല. അതു് കല്പിത കണങ്ങൾ (virtual particles) കൊണ്ട് പൂരിതമാണ്. ശൂന്യതയിൽ നിന്നും ഉത്പത്തിയെക്കുറിച്ച് ചിന്തിച്ച ആദ്യത്തെ ഭൗതികജ്ഞനായിരുന്നു എഡ്വേർഡ് ട്രയോണ്‍, അതിശയകരവും അസാധാരണവുമായ ഈ സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്നു അദ്ദേഹം. ട്രയോണ്‍ വെയിൽ ബെർഗിന്റെ ശിഷ്യനും കൊളംബിയ സർവ്വകലാശാലയിലെ പ്രൊഫസറുമായിരുന്നു. 1972-ൽ പ്രപഞ്ചം എങ്ങനെ ശൂന്യതയിൽ നിന്നും ഒരു ക്വാണ്ടം ആന്തോളനമായി മഹാവിസ്ഫോടനത്തോടെ ഉൽഭവിച്ചുവെന്നു് ട്രയോണ്‍ വിശദീകരിച്ചു. ട്രയോണിന്റെ ഉത്പത്തി സിദ്ധാന്തത്തിനു് അടിസ്ഥാനമായതു് പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം പൂജ്യമാണെന്നുള്ള യാഥാർത്ഥ്യമാണ്. പ്രപഞ്ചത്തിലെ ഊർജ്ജവും ദ്രവ്യവും എല്ലാകൂടി കൂട്ടികിട്ടുന്ന സംഖ്യ വളരെ വലിയ ധനാത്മക തുകയാണ്. പ്രപഞ്ചത്തിലെ ഈ മൊത്തം ഊർജ്ജവും ദ്രവ്യവും സ്വയം ഗുരുത്വാകർഷണംകൊണ്ട് ആകർഷിക്കുന്നു. പ്രപഞ്ചത്തിലെ സർവ്വവ്യാപകമായ ഗുരുത്വാകർഷണം ഋണാത്മകമാണ്. പ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെയും ദ്രവ്യത്തിന്റെയും ധനാത്മക ഊർജ്ജവും ഗുരുത്വാകർഷണത്തിന്റെ ഋണാത്മക ഊർജ്ജവും തമ്മിൽ നിരസിച്ച് അന്യോന്യം ഇല്ലാതാകുന്നു. അതുകൊണ്ട് പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം പൂജ്യമാകുന്നു. പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം പൂജ്യമാണെങ്കിൽ ഊർജ്ജ സംരക്ഷണ നിയമം ലംഘിക്കാതെ ശൂന്യതയിൽനിന്നും അതിനു് രൂപംകൊള്ളാൻ കഴിയും. രണ്ടു പൂജ്യങ്ങൾ തമ്മിൽ കൂടുമ്പോൾ പൂജ്യം കിട്ടുന്നതുകൊണ്ട് ഊർജ്ജസംരക്ഷണ നിയമം ലംഘിക്കാതെ പ്രപഞ്ചത്തിന്റെ ധനാത്മക ഊർജ്ജം ഇരട്ടിക്കുമ്പോൾ ഋണാത്മക ഊർജ്ജവും ഇരട്ടിയാകും. അതുകൊണ്ട് അറ്റ ഊർജ്ജം സ്ഥിരമായി പൂജ്യത്തിൽ തന്നെ നിലനില്ക്കും. ഉത്പത്തിയിലും ഇപ്പോഴും അന്ത്യത്തിലും പ്രപഞ്ചത്തിന്റെ ഊർജ്ജം പൂജ്യമാണ്. ഇതു് പ്രപഞ്ചത്തിലെ സകല വസ്തുക്കൾക്കും ബാധകമാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും അറ്റ ഊർജ്ജം പൂജ്യമാണ്. എഡ്വേർഡ് ട്രയോണിന്റെ ഈ സിദ്ധാന്തത്തോട് ശാസ്ത്രജ്ഞന്മാരായ സ്റ്റീഫൻ ഹോക്കിങ്ങും അലൻ സാൻഡേജും യോജിക്കുകയുണ്ടായി.
ക്വാണ്ടം പ്രപഞ്ചശാസ്ത്രം ഇപ്രകാരമാണു് ഉത്പത്തിയെ വിഭാവനം ചെയ്യുന്നതെങ്കിൽ പ്രപഞ്ചം സ്വയംഭൂവാണ്. അതിനു് തുടക്കം കുറിക്കുന്നതിനു് മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ല. പ്രപഞ്ചബാഹ്യമായ ഒരു ദൈവത്തിന്റെ ആവശ്യമില്ല. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും എല്ലാം ഒന്നുതന്നെ. അതുകൊണ്ടാണു് ബ്രഹ്മത്തിന്റെ പ്രത്യക്ഷമാണു് പ്രപഞ്ചമെന്നും പ്രപഞ്ചത്തിന്റെ അപ്രത്യക്ഷമാണു് ബ്രഹ്മമെന്നും ഉപനിഷത്തുക്കൾ പ്രഖ്യാപിക്കുന്നതു്. പ്രപഞ്ചവും അതിന്റെ ഉത്പത്തിപൂർവ്വ ശൂന്യതയും ഒരേ ഒരു വ്യവസ്ഥയാണ്.
ശൂന്യതയാണു് എല്ലാ കണങ്ങളുടെയും ഉത്പത്തിസ്ഥാനമെന്നു് പ്രാപഞ്ചിക രശ്മികളുടെ (cosmic rays) പഠനത്തിൽ നിന്നും വ്യക്തമായി. ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം (quantum field theory) അനുസരിച്ച് ക്വാണ്ടം ശൂന്യത വെറും ശൂന്യതയല്ല. അതു് ഒന്നുമില്ലായ്മയല്ല. അവിടെ തരംഗങ്ങളുണ്ട്. തരംഗങ്ങൾക്ക് കണസ്വഭാവമുണ്ടല്ലോ. അതുകൊണ്ട് ശൂന്യതയിൽ നിന്നും കണങ്ങൾ അനന്തമായി ഉണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു. അതു് എല്ലാ കണങ്ങളുടെയും സൃഷ്ടി സ്രോതസ്സാണ്. ഈ കണങ്ങൾക്ക് സ്വതന്ത്രമായ ഭൗതികാസ്തിത്വമില്ല. അവ അടിത്തട്ടായ ക്വാണ്ടം ശൂന്യതയുടെ ക്ഷണിക പ്രകടിത രൂപങ്ങളാണ്. ശൂന്യത ചലനാത്മക ഊർജ്ജംകൊണ്ട് ചേതനയുള്ളതാണ്. സൃഷ്ടിയുടെയും സംഹാരത്തിൻറേയും അനന്തസ്പന്ദനമാണ്. പ്രപഞ്ചക്വാണ്ടം ക്ഷേത്രത്തിലെ ഏറ്റവും ചെറിയ പ്രക്രിയകൾപോലും അവ തമ്മിൽ എത്ര അകലത്തിലാണെങ്കിലും പരസ്പരബദ്ധമാണ്. കോടിക്കണക്കിനു് പ്രകാശവർഷം അകലത്തിലിരിക്കുന്ന രണ്ട് കണങ്ങൾ തമ്മിൽ പൊടുന്നനവെ വിവരവിനിമയം നടത്തുന്നുണ്ട്. ഇതിനെ ക്വാണ്ടം കെട്ടുപിണയൽ, ക്വാണ്ടം സംബന്ധം എന്നൊക്കെ പറയുന്നു. 1964-ൽ യൂറോപ്യൻ സെൻറർ ഫോർ ന്യൂക്ലിയർ റിസർച്ചിലെ (CERN) ഭൗതികജ്ഞനായിരുന്നു ജോണ്‍ എസ്. ബെൽ ഈ ക്വാണ്ടം പരികല്പന ഗണിതപരമായി തെളിയിച്ചു. തുടർന്നു് ഇതുമായി ബന്ധപ്പെട്ട് 1978-ൽ ജോണ്‍ ക്ലൗസറും 1982-ൽ അലയിൻ ആസ്പക്റ്റും നടത്തിയ പരീക്ഷണങ്ങൾ ബെൽ സിദ്ധാന്തം ശരിവെച്ചു. ഈ പരീക്ഷണങ്ങളെല്ലാം പ്രപഞ്ചം അസ്ഥാനീയം (non-local) ആണെന്നാണു് തെളിയിച്ചതു്. പ്രപഞ്ചം അസ്ഥാനീയമാണെന്നതിന്റെ അർത്ഥം അതിലെ എല്ലാ പ്രതിഭാസങ്ങൾക്കും ആധാരമായി ഒരു അദൃശ്യയാഥാർത്ഥ്യം (invisible reality) ഉണ്ടെന്നും അതു് പ്രകാശാതീത വേഗതയിൽ പൊടുന്നനവേ വിവരവിനിമയം അനുവദിക്കുന്നുണ്ടെന്നുമാണ്. പ്രശസ്ത ബ്രിട്ടീഷ് ഭൗതികജ്ഞനായിരുന്ന ഡോ. ഡേവിഡ് ബോം പറഞ്ഞു: “സ്ഥലകാലത്തിൽ സംഭവിക്കുന്നതെല്ലാം സ്ഥലകാലാതീതമായ അസ്ഥാനീയ യാഥാർത്ഥ്യത്തിൽ നിന്നുള്ളതാണ്.”
പ്രകൃതി പരിണാമാത്മകമാണ്. ഭൗതികത്തിന്റെ ശാഖകളിൽ ഒന്നായ താപഗതികത്തിലെ (thermodynamics) ഏറ്റവും പ്രധാനപ്പെട്ട നിയമമാണു് “എൻട്രോപ്പി” (entropy). എൻട്രോപ്പി നിയമമനുസരിച്ച് ഭൗതിക പ്രപഞ്ചം തകരുന്ന ഒരു വ്യവസ്ഥയാണ്. ഇതനുസരിച്ച് പ്രപഞ്ചവ്യവസ്ഥ അനുസ്യൂതമായ ഒരു വിഘടനത്തിനു് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒടുവിൽ അതിനു താപമരണം (heat death) സംഭവിക്കും. അപ്രമേയമായ ഒരു ശക്തിയുടെ പ്രഭാവം കൊണ്ടല്ലാതെ എൻട്രോപ്പിക്ക് അപവാദം സൃഷ്ടിക്കാനാവില്ല. ആദിയിൽ ഉയിർകൊണ്ട ജീവന്റെ തരി സുദീർഘമായൊരു കാലയളവുകൊണ്ട് ക്രമത്തിൽ വളർന്നു് വികസിച്ച് നാമിന്നു കാണുന്ന ഹരിതാഭമായ സസ്യജാലവും അതിനിടയിലെ ചലനാത്മകമായ ജന്തുജാലവും ഉണ്ടായിത്തീർന്നുവെന്ന പരിണാമ സിദ്ധാന്തം എൻട്രോപ്പിക്ക് കടകവിരുദ്ധമായ ഒരു പ്രക്രിയയാണ്. ഇവിടെ എൻട്രോപ്പി നിയമത്തിലെ നിത്യവിഘടനത്തിനു പകരം ‘സംഘാടനം’ ആണു് നടക്കുന്നതു്. അപ്രമേയമായ ഏതോ ഒരു ശക്തി പരിണാമ പ്രക്രിയയിൽ അന്തർലീനമാണെന്നു വരുന്നു. സാധാരണ രീതിയിൽ ശാസ്ത്രം പ്രപഞ്ചവസ്തുക്കളെ ജീവനുള്ളതെന്നും ജീവനില്ലാത്തതെന്നും രണ്ടായി തരം തിരിക്കാറുണ്ട്. പുനരുത്പാദനത്തിനുള്ള കഴിവ്, പാരമ്പര്യാധിഷ്ഠിതമായ “വിചരണ സ്വഭാവം” (genetic variation), പരിതസ്ഥിതികളുമായി പ്രതികരിക്കാനുള്ള കഴിവ് എന്നിവയാണു് ജീവന്റെ സവിശേഷ സ്വഭാവങ്ങളായി ശാസ്ത്രം നിർവ്വചിച്ചിട്ടുള്ളതു്. എന്നാൽ അതേ ശാസ്ത്രം തന്നെ പറയുന്നു അചേതന വസ്തുക്കളിൽ യാദൃച്ഛികമായി ഈ സ്വഭാവവിശേഷണങ്ങൾ ഉൾച്ചേർക്കപ്പെട്ടപ്പോഴാണു് ആദിയിൽ ജീവന്റെ നാളം കൊളുത്തപ്പെട്ടതു്. ഇതിനർത്ഥം ജീവന്റെ അടിസ്ഥാന സ്വഭാവങ്ങൾക്കാധാരമായ ഗുണങ്ങൾ സുപ്താവസ്ഥയിൽ അജൈവ വസ്തുക്കളിലും നിലീനമായിട്ടുണ്ടെന്നാണ്. ഉദാഹരണം അണുക്കൾ (atoms) ആണ്. അണുവിനുള്ളിലെ ഉപ ആണവകണങ്ങളുടെ ചലനം ബോധപൂർവ്വമാണു് നടക്കുന്നതു്. പരിണാമം സൃഷ്ടിപരതയാണ്. സൃഷ്ടിപരത തികച്ചും ആത്മീയമാണ്. മുൻപില്ലാത്ത ഗുണങ്ങൾ ഉണ്ടാവലാണതു്. വെള്ളം രൂപം കൊള്ളുന്നതു് രണ്ട് അദൃശ്യമൂലകങ്ങളായ ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴാണ്. വെള്ളത്തിന്റെ ഗുണധർമ്മമല്ല ഹൈഡ്രജൻറേതും ഓക്സിജൻറേതും. സൃഷ്ടിയുടെ കാര്യത്തിൽ ക്വാണ്ടം ചാട്ടമാണു് നടക്കുന്നതു്. പ്രപഞ്ചത്തിലെ ദ്രവ്യപരിണാമവും ജീവപരിണാമവും പരിശോധിച്ചാൽ സൃഷ്ടിപരതയാണു് പ്രപഞ്ചത്തെ ഭരിക്കുന്നതു്.
നിങ്ങൾക്ക് ബോധപൂർവ്വമല്ലാതെ ഒരു ചിത്രം വരക്കാനോ ഒരു ശില്പം നിർമ്മിക്കാനോ സാദ്ധ്യമല്ല. ബോധമില്ലാതെ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. പ്രപഞ്ചമായി വിരിഞ്ഞുനിൽക്കുന്നതു് അഖണ്ഡബോധമാണെന്നാണു് ഉപനിഷത്തു്. ദൃശ്യപ്രപഞ്ചം ബോധത്തിന്റെ പ്രത്യക്ഷീകരണമാണു്, പ്രകാശനമാണ്. ബോധത്തെ ഭൗതികനിയമങ്ങൾകൊണ്ട് വ്യാഖ്യാനിക്കാനോ വെളിപ്പെടുത്താനോ സാധ്യമല്ല. ഡി. എൻ. എ.-യുടെ രൂപീകരണം, ഭൂമിയിലെ ജീവന്റെ ആവിർഭാവം, മനുഷ്യമനസ്സിന്റെ പ്രവർത്തനം എന്നിവ വ്യക്തമാക്കുന്നതു് പ്രപഞ്ചത്തിനു് ബോധമുണ്ടെന്നാണ്. എന്താണു് സംഭവിക്കുന്നതെന്നു് പ്രപഞ്ചത്തിനറിയാം. എന്താണു് സംഭവിക്കേണ്ടതെന്നും അതിനറിയാം. പ്രപഞ്ചോത്പത്തിക്കു ശേഷമുള്ള ആദ്യത്തെ ഒരു സെക്കൻഡിൽ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിൽ ഏറ്റുമുട്ടി. ഈ ഘട്ടത്തിൽ പ്രതിദ്രവ്യത്തിന്റെ അളവ് തുല്യമായിരുന്നെങ്കിൽ ഏറ്റുമുട്ടലിന്റെ ഫലമായി അല്പംപോലും ദ്രവ്യം അവശേഷിക്കുമായിരുന്നില്ല. ഓരോ 100,000,000 ദ്രവ്യകണങ്ങൾക്ക് അപ്പോൾ 99,999,999 പ്രതികണങ്ങളേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ചെറിയൊരളവ് ദ്രവ്യം, ദ്രവ്യ-പ്രതിദ്രവ്യ ഏറ്റുമുട്ടലിന്റെ ഫലമായുണ്ടായ മഹാനാശത്തിനുശേഷവും അവശേഷിച്ചു. അവശേഷിച്ച ദ്രവ്യ കണങ്ങൾകൊണ്ടാണു് ഭൗതികപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു്. അതെ അവശിഷ്ടദ്രവ്യംകൊണ്ടാണു് ന്യൂക്ലിയർ ബോംബുകളും ഡൈനാമിറ്റുകളും അംബരചുംബികളായ മഹാസൗധങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. ശാസ്ത്രീയമായ സൂക്ഷ്മ പരിശോധനയിൽ ഞാനും നിങ്ങളും സമസ്ത ജീവജാലങ്ങളും നക്ഷത്രങ്ങളും നിർമ്മിച്ചിരിക്കുന്നതും ഈ അവശിഷ്ട ദ്രവ്യംകൊണ്ടാണ്. ഭൗതികപ്രപഞ്ചം വെളിപ്പെട്ടതോടൊപ്പം ഒരു സംഘാടനബലം (organising force) കൂടിയുണ്ടായിരുന്നു. ഈ ആദിബലം പ്രപഞ്ചപരിണാമഘട്ടത്തിൽ നാലായി വേർപിരിഞ്ഞതാണു് ഗുരുത്വാകർഷണബലം, വൈദ്യുതകാന്തികബലം, ദുർബല ന്യൂക്ലിയർ ബലം, ശക്തന്യൂക്ലിയർ ബലം എന്നിവയെന്നു് കരുതപ്പെടുന്നു. ഈ സംഘാടന ബലമില്ലായിരുന്നെങ്കിൽ ആദിയിലെ കലങ്ങിമറിഞ്ഞതും ക്രമരഹിതവുമായ പ്രപഞ്ചത്തിൽ നിന്നും ഇന്നത്തെ ദൃശ്യപ്രപഞ്ചം രൂപംകൊള്ളുമായിരുന്നില്ല. ദൃശ്യപ്രപഞ്ചത്തിനപ്പുറം നിലനിൽക്കുന്ന എന്തോ ആണു് പ്രപഞ്ചോത്പത്തിക്ക് കാരണമെന്നു് എത്തിച്ചേരാൻ ആധുനിക ശാസ്ത്രവും നിർബന്ധിതമായിരിക്കുകയാണ്. എന്നാൽ ശാസ്ത്രം പൊതുവെ പരമകാരണത്തെ ഒഴിവാക്കിയാണു് ഉത്പത്തി വിശദീകരിക്കുന്നതു്. പ്രപഞ്ചോത്പത്തി വിശദീകരിക്കുന്ന ആധുനിക പ്രപഞ്ചശാസ്ത്രപുസ്തകങ്ങളെല്ലാം തുടങ്ങുന്നതു് ഇങ്ങനെയാണ്: “ആദിയിൽ അവിടെ കാലമില്ലായിരുന്നു, അവിടെ സ്ഥലമുണ്ടായിരുന്നില്ല, അവിടെ ദ്രവ്യമുണ്ടായിരുന്നില്ല. യാദൃച്ഛികമായി അഥവാ ആകസ്മികമായി പ്രപഞ്ചം പെട്ടെന്നുണ്ടായി”. ഏറ്റവും ആധുനികമായ പ്രപഞ്ചോത്പത്തി സിദ്ധാന്തമായ “ക്വാണ്ടം ഗ്രാവിറ്റി” പ്രപഞ്ചം വെളിപ്പെട്ടതു് ശൂന്യതയിൽ നിന്നാണെന്നു് പറയാൻ നിർബന്ധിതമായിരിക്കുന്നു. പൊതുവെ പ്രപഞ്ചം ഒരു അദ്വൈതാവസ്ഥയിൽ നിന്നുമാണു് തുടങ്ങിയതെന്ന കാര്യത്തിൽ ആധുനിക ഭൗതികജ്ഞന്മാർക്കിടയിൽ ഇന്നു് ഭിന്നാഭിപ്രായമില്ല.
പൗരസ്ത്യ ആത്മീയതയിൽ, പ്രപഞ്ചം ഉൾപ്പെടെയുള്ള സമസ്ത പ്രതിഭാസങ്ങളുടെയും അധിഷ്ഠാനമായ പരമയാഥാർത്ഥ്യം രൂപരഹിതവും വിവരണങ്ങൾക്കും നിർവചനങ്ങൾക്കും അതീതവുമാണ്. അതിനെ നിർഗുണനിരാകാരമെന്നും ശൂന്യമെന്നുമൊക്കെ വിശേഷിപ്പിക്കുന്നു. എന്നാൽ നിർഗുണം ഗുണരഹിതമല്ല. നിരാകാരം ആകാരമില്ലാത്തതല്ല. ശൂന്യത വെറും ഒന്നുമില്ലായ്മയല്ല. അതു് എല്ലാ രൂപങ്ങളുടെയും സത്തയും, എല്ലാ ജീവന്റെയും സ്രോതസ്സുമാണ്. ഛാന്ദോഗ്യോപനിഷത്തു് പറയുന്നു;
ബ്രഹ്മം ജീവനാകുന്നു, ബ്രഹ്മം ആനന്ദമാകുന്നു
ബ്രഹ്മം ശൂന്യമാകുന്നു.
ആനന്ദം, സത്യത്തിൽ, അതു് ശൂന്യതപോലെയാണ്.
ശൂന്യത, സത്യത്തിൽ, അതു് ആനന്ദം തന്നെയാണ്.
ബുദ്ധന്മാർക്ക് പരമമായ യാഥാർത്ഥ്യം ശൂന്യതയാണ്. അവർക്ക് ശൂന്യത ജീവത്താണ്. എല്ലാ രൂപങ്ങൾക്കും പ്രാതിഭാസിക ലോകത്തിനും ജന്മം നല്കുന്നതു് അതാണ്. താവോമതക്കാർക്ക് ‘താവോ’ അനന്തവും അനശ്വരമായ സൃഷ്ടിപരതയുമാണ്. താവോ ‘ആചാര്യനായിരുന്ന ‘കുവാൻ ട്സു’ താവോയുടെ സ്വർഗ്ഗം ശൂന്യവും രൂപരഹിതവുമാണെന്നു് പറയുന്നു. ലാവോട്സു ശൂന്യതയെ വിവരിക്കാൻ നിരവധി ഉപമകൾ ഉപയോഗിക്കുന്നു. അദ്ദേഹം പലപ്പോഴും താവോയെ അനന്തവസ്തുക്കൾ ഉൾക്കൊള്ളാൻ കഴിയുന്ന ശൂന്യമായ താഴ്‌വരയോടും, എപ്പോഴും ഒഴിഞ്ഞപാത്രത്തോടും താരതമ്യപ്പെടുത്തുന്നു. പൗരസ്ത്യ ആത്മീയാചാര്യന്മാരുടെ ബ്രഹ്മവും ശൂന്യതയും അനന്ത സൃഷ്ടിപരതയുടെ സ്രോതസ്സാണ്. അവരുടെ ഉത്പത്തി സങ്കല്പങ്ങളെ ആധുനിക ഭൗതികത്തിന്റെ ക്വാണ്ടം ക്ഷേത്ര സിദ്ധാന്തവുമായി (quantum field theory) താരതമ്യപ്പെടുത്താം.