images/k-nair-asthikan-cover.jpg
Landscape near Arles, an oil on canvas painting by Paul Gauguin (1848–1903).
ദൈവം വിഭ്രാന്തിയാണോ?

ലോകം എന്താണെന്നു് നമുക്ക് തോന്നുന്നുവോ അതല്ല അതു് എന്നതാണു് യാഥാർത്ഥ്യം. അണു ഒരു വസ്തുവല്ലെന്നു് ഭൗതികം തെളിയിച്ചുകഴിഞ്ഞു. യഥാർത്ഥത്തിൽ പ്രപഞ്ചം പ്രത്യക്ഷമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിൽ നിഗൂഢതകളും അത്ഭുതങ്ങളും നിലനിൽക്കുന്നതിനു് ശാസ്ത്രത്തിന്റെ അനുവാദം വേണ്ട. പരമമായ സത്യം ചിത്താണെന്നാണു് ഉപനിഷദ് ഋഷിമാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നതു്. അതു് സർവവ്യാപകവും സർവാന്തര്യാമിയുമായ ബോധമാണ്. അതു് നമുക്ക് ഗോചരമല്ല. പ്രശസ്ത വേദാന്തകൃതിയായ ദൃക്ദൃശ്യവിവേകം വ്യക്തമാക്കുന്നതു് “രൂപം കാണുമ്പോൾ കാണുന്നവൻ കണ്ണാണ്; കണ്ണിനെ കാണുമ്പോൾ കാണുന്നവൻ മനസ്സാണ്; മനസ്സിലെ രൂപാന്തരങ്ങളെ കാണുമ്പോൾ കാണുന്നവൻ അനശ്വരസാക്ഷിയായ ആത്മാവാണ്; ആത്മാവ് കാണുന്നവനാണു്, കാണപ്പെടുന്നതാവില്ല.” തത്ത്വചിന്തയിൽ ആത്മാവ്, പരമാത്മാവ്, ബോധം എന്നീ പദങ്ങൾക്ക് ഒരേ അർത്ഥമാണു് കൽപിക്കപ്പെടുന്നതു്.

പ്രപഞ്ചസത്തയും നമ്മുടെ സത്തയും തമ്മിലുളള അഭേദ്യബന്ധത്തെക്കുറിച്ചുളള അറിവാണു് ആത്മീയത. അവ്യക്തമായതു് വ്യക്തമായി തീരുന്ന പ്രക്രിയയാണതു്. നിരീക്ഷകൻ നിരീക്ഷക്കപ്പെട്ടതായിത്തീരുന്നു അതിൽ. ദൃക്കും ദൃശ്യവും വേറിട്ടതല്ലെന്ന അനുഭവമാണതു്. പ്രപഞ്ചം തുടങ്ങുന്നതോടെ പ്രകൃതിയുടെ അവ്യക്തസ്ഥിതിയിൽനിന്നും എല്ലാ പ്രപഞ്ചനാമരൂപങ്ങളും ഒന്നൊന്നായി ആവിർഭവിക്കുന്നു. പ്രപഞ്ചാന്ത്യത്തിൽ ആ അവ്യക്തസ്ഥിതിയിൽ തന്നെ ഒന്നൊന്നായി ലയിക്കും. പ്രപഞ്ചം അതിന്റെ അന്ത്യകാലത്തു് സൂക്ഷ്മാവസ്ഥയെയും സൃഷ്ടികാലത്തു് സ്ഥൂലാവസ്ഥയെയും പ്രാപിക്കുന്നു. എന്നാൽ ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങൾക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാൻ കഴിയാത്തതും സനാതനവുമായ മറ്റൊരു അവ്യക്തഭാവം ഉണ്ടെന്നാണു് ഭഗവദ്ഗീത പ്രഖ്യാപിക്കുന്നതു്. ആ ഭാവം സകലഭൂതങ്ങൾ നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല. ആ ഭാവത്തെയാണു് ഭാരതീയർ ബ്രഹ്മം എന്നു വിളിക്കുന്നതു്. അതാണു് പ്രപഞ്ചത്തിൽ പരമാത്മാവായും ശരീരത്തിൽ ആത്മാവായും വർത്തിക്കുന്നതു്. ഇതിൽനിന്നും നമുക്ക് വ്യക്തമാകുന്നതു് ഇന്ദ്രിയഗോചരമായതു്. അതായതു് വ്യക്തമായതെല്ലാം ഇന്ദ്രിയഗോചരമല്ലാത്ത അവ്യക്തത്തിൽ നിന്നും പ്രസരിക്കുന്നതു മാത്രമാണെന്നും പ്രപഞ്ചാന്ത്യമാകുമ്പോൾ വ്യക്തമായതെല്ലാം അവ്യക്തം എന്നു് പറയപ്പെടുന്നതിൽ പുനർവിലയം ചെയ്യുമെന്നുമാണ്. അതായതു് വ്യക്തം manifest reality) അതിൽ തന്നെ നിലകൊളളുന്ന ഒന്നല്ല. ദൃഷ്ടമായതിനു് അദൃഷ്ടമായതിന്റെ അടിസ്ഥാനം കൂടാതെ നിലനിൽക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ഭൗതികവാദികളുടെയും യുക്തിവാദികളുടെയും ചിന്താഗതി ദൃഷ്ടമായതു് പൂർണ്ണമാണെന്നും അതിനു് നിദാനമായ ഒരു അദൃഷ്ടത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നുമാണ്. എല്ലാ ദൃഷ്ടത്തിന്റെയും പിന്നിൽ അതിനു നിദാനമായ ഒരു അദൃഷ്ടം ഉണ്ടെന്നും ദൃഷ്ടത്തിനു് അതിൽത്തന്നെ നിലനിൽക്കാൻ സാദ്ധ്യമല്ലെന്നുമുളളതാണു് സത്യം.

നമ്മെ സംബന്ധിച്ചിടത്തോളം ആത്മീയതയുടെ പാത സ്വീകരിക്കേണ്ടതു് അനിവാര്യവും അടിയന്തരപ്രാധാന്യമുളളതുമാണ്. നമ്മുടെ ഗ്രഹത്തിന്റെ ഭാവി നമ്മുടെ ആത്മീയാവബോധത്തിന്റെ ഉയർച്ചയെ ആശ്രയിച്ചാണിരിക്കുന്നതു്. ആത്മീയപാതയിലേക്കുളള ശരിയായ പാത സ്വീകരിക്കാൻ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്നും അതൊരു ആന്തരികാനുഭവമാണെന്ന യാഥാർത്ഥ്യത്തിലേക്ക് നമുക്ക് മാറുവാൻ കഴിയണം. ദൈവം ആന്തരികാനുഭൂതിയും അനുഭവവുമായതുകൊണ്ടാണു് മതത്തിൽനിന്നും ആത്മീയതയിലേക്കുളള മാറ്റം അനിവാര്യവും അടിയന്തരവുമായിരിക്കുന്നതു്. ഇതിനർത്ഥം നമ്മൾ മിസ്റ്റിസിസത്തിലേക്കും നിഗൂഢതാവാദത്തിലേക്കും തിരിച്ചുപോകണമെന്നല്ല. ശ്രീകൃഷ്ണൻ മഥുര ഭരിച്ചിരുന്നു, യേശുക്രിസ്തു മരണത്തിൽനിന്നും ഉയർത്തെഴുന്നേറ്റു, ഗബ്രിയേൽ മാലാഖ മുഹമ്മദ് നബിക്ക് ഖുറാൻ പറഞ്ഞുകൊടുത്തു, മോസസ്സ് യഥാർത്ഥത്തിൽ ജീവിച്ചിരുന്നു എന്നീ വക കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നുമില്ല.

ജീവിതത്തിന്റെ അർത്ഥവും മൂല്യവും അറിയാൻ തീവ്രമായ ആഗ്രഹമുളളവനാണു് മനുഷ്യൻ. ആന്തരികമായ, അന്തർമുഖമായ ആത്മാന്വേഷണം മതപരമായ ദൈവാന്വേഷണത്തെ അസാധുവാക്കും. ആകാശത്തിനു മുകളിൽ സ്വർഗ്ഗസ്ഥനായിരിക്കുന്ന ദൈവം എന്ന മതസങ്കല്പം ആധുനികകാലഘട്ടത്തിനു് അനുയോജ്യമല്ല. നിരാകാരവും അദൃശ്യവും സർവവ്യാപിയും സർവാന്തര്യാമിയും സർവജ്ഞനുമായ ഒരു ദൈവമാണു് ആധുനികമനുഷ്യന്റെ മനസ്സിനു് യോജിച്ചതു്. മതചിഹ്നങ്ങളിലുളള വിശ്വാസം ജനങ്ങൾക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസിതമുതലാളിത്ത രാജ്യങ്ങളിൽ വിശ്വാസികളുടെ എണ്ണം 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വിശ്വാസികൾ 10 ശതമാനത്തിനു താഴെയാണ്. ആകാശത്തിനു മുകളിൽ സ്വർഗസ്ഥനായിരിക്കുന്ന ദൈവം ആത്മസംതൃപ്തി നൽകുന്നില്ലെന്നാണു് ഈ രാജ്യങ്ങളിലെ അവിശ്വാസികളുടെ വാദം. പാപം, പുണ്യം, വിധി എന്നീ കാര്യങ്ങളിലുളള മതങ്ങളുടെ ഊന്നലുകളൊന്നും ജനങ്ങളെ ആകർഷിക്കുന്നില്ല. സാധാരണജനങ്ങൾ ആഗ്രഹിക്കുന്നതു് ശാന്തിയും സമാധാനവുമാണ്. അതിനുളള മാർഗമായിട്ട് അവർ ആത്മീയതയെ കാണാൻ തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും നല്ലൊരു വിഭാഗം ജനങ്ങൾ സംഘടിതമതങ്ങളിലെ വിശ്വാസപ്രമാണങ്ങൾ ഉപേക്ഷിച്ച് യോഗമാർഗ്ഗത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ദിവ്യാനുഭവങ്ങൾക്ക് വേണ്ടി ധ്യാനത്തെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്.

മതങ്ങളുടെ മാറ്റമില്ലാത്ത സിദ്ധാന്തങ്ങളുടെ ചങ്ങലക്കെട്ടുകളിൽനിന്നു് നമ്മൾ മോചിതരാകേണ്ടിയിരിക്കുന്നു. ബാഹ്യത്തിൽനിന്നും അന്തർമുഖമായി ഉളളിലേക്ക് അന്വേഷണം അനിവാര്യമാണ്. നമ്മൾ അതിനു് നാസ്തികതയുടെയും ഭൗതികവാദത്തിന്റെയും അന്ധവിശ്വാസങ്ങളുടെ പിടിയിൽപ്പെടാതെ മതവിശ്വാസങ്ങളുടെ ഭാരം ഇറക്കിവയ്ക്കണം. ആത്മസാക്ഷാത്കാരത്തിനു് പാതയില്ലാത്ത പാതയിലൂടെ സഞ്ചരിക്കണം. അതുതന്നെയാണു് ദൈവാന്വേഷണത്തിനുളള പാതയും. കാരണം ദൈവം അഥവാ പരമാത്മാവ് ഇവിടെയും അവിടെയും എവിടെയുമുളളതുകൊണ്ട് ദൈവാന്വേഷണത്തിനുളള പാത വെട്ടാൻ സാദ്ധ്യമല്ല. ഭഗവദ് ഗീത പറയുന്നു “ പ്രപഞ്ചം മുഴുവനും ഞാൻ, അവ്യക്തമായ ബ്രഹ്മം, വ്യാപകമായിരിക്കുന്നു. എല്ലാം എന്നെ ആശ്രയിച്ചിരിക്കുന്നു. ഞാനാണു് ഉത്പത്തിയും എല്ലാറ്റിന്റെയും വിത്തും”.

“ജൈവമോ അജൈവമോ, ചരമോ, അചരമോ ആയതിലെല്ലാം ഞാൻ നിറഞ്ഞിരിക്കുന്നു. അസ്തിത്വമുളളതിന്റെയെല്ലാം അകവും പുറവും ഞാനാണ്.”

“എന്നിൽനിന്നും അന്യമായി വേറെ ഒന്നുമില്ല. നൂൽ ചരടിൽ കോർത്ത രത്നങ്ങളെന്നപോലെ ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നിൽ കോർക്കപ്പെട്ടിരിക്കുന്നു.”

ആത്മീയതയും ശാസ്ത്രവും തമ്മിൽ തർക്കത്തിന്റെ ആവശ്യമില്ല. ആധുനികശാസ്ത്രം ബോധമാണു് യാഥാർത്ഥ്യമെന്നു് അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. നിരീക്ഷകനവും നിരീക്ഷിതവസ്തുവും വേറിട്ടതല്ലെന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ കാഴ്ചപ്പാടും ബോധം മസ്തിഷ്കത്തിന്റെ ഉല്പന്നമല്ലെന്ന ആധുനിക ന്യൂറോ ശാസ്ത്രത്തിന്റെ കണ്ടെത്തലും, പുത്തൻ പരിണാമസിദ്ധാന്തങ്ങളും, ദ്രവ്യമാണു് യാഥാർത്ഥ്യമെന്ന ക്ലാസിക്കൽ ഭൗതികത്തിന്റെയും ഭൗതികവാദത്തിന്റെയും വിക്ഷണത്തെ വെല്ലുവിളിക്കുന്നു. ആത്മീയതയെ അംഗീകരിക്കാൻ ഭൗതികവാദികൾക്കും നാസ്തികർക്കും പ്രയാസമാണ്. ആത്മീയതയേയും ശാസ്ത്രത്തെയും ബന്ധപ്പെടുത്താൻ നവീനമായൊരുൾക്കാഴ്ച വേണമെന്നാണു് പ്രശസ്ത ഗണിതഭൗതികശാസ്ത്രജ്ഞനായ റോജർ പെൻറോസ് പറയുന്നതു്. അടുത്തകാലം വരെ മനസ്സും ശരീരവും തമ്മിലുളള അഭേദ്യമായ ബന്ധം അംഗീകരിക്കുവാൻ പാശ്ചാത്യവൈദ്യശാസ്ത്രം തയ്യാറായിരുന്നില്ല. കാർട്ടീഷ്യൻ വിഭജനത്തെ അടിസ്ഥാനമാക്കിയായിരുന്നു പാശ്ചാത്യഡോക്ടർമാർ പൊതുവെ ചിന്തിച്ചിരുന്നതു്. എന്നാൽ ഇപ്പോൾ നമ്മുടെ വിചാരവികാരങ്ങൾ പൊടുന്നനവെ ശരീരത്തിന്റെ ഓരോ കോശങ്ങളിലും എത്തുമെന്ന വസ്തുത പാശ്ചാത്യവൈദ്യശാസ്ത്രത്തിനു് സ്വീകാര്യമായിട്ടുണ്ട്. ആന്തരികവും ബാഹ്യവുമായ എല്ലാ വിവരങ്ങളും കോശസ്തരങ്ങൾ സ്വീകരിക്കുന്നുണ്ട്. രോഗങ്ങൾക്ക് പാരിസ്ഥിതികവും ആന്തരികവുമായ കാരണങ്ങളുണ്ടെന്നു് ഇന്നു് വ്യക്തമാണ്.

മനുഷ്യപരിണാമം പരമമായ സത്യത്തെ അറിയുന്നതിനുളള ജീവന്റെ പ്രയാണമാണ്. ആന്തരികമായ ജൈവപരിണാമത്തെ മറികടന്നു് ജൈവ-വിവരസാങ്കേതിക പരിണാമത്തിന്റെ ഘട്ടത്തിൽ എത്തിനിൽക്കുകയാണിന്നു് മനുഷ്യൻ. ആത്മീയത സത്യസാക്ഷാത്കാരമാണെങ്കിൽ ശാസ്ത്രം സത്യാന്വേഷണമാണ്. ആത്മീയതയും ശാസ്ത്രവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല. ബുദ്ധനും, സോക്രട്ടീസും പ്ലേറ്റോയും മുഹമ്മദ് നബിയും ശങ്കരാചാര്യരും ലാവോട്സുവുമെല്ലാം ആത്മാന്വേഷണം നടത്തിയവരായിരുന്നു. അവരെല്ലാം ആത്മസാക്ഷാത്കാരം നേടിയ ഐൻസ്റ്റീൻമാരുമായിരുന്നു.

’നായ് കച്ചിയൊട്ടു തിന്നുകയുമില്ല പശുവിനെയൊട്ടു തീറ്റിക്കുകയുമില്ല’ എന്നു് പറയുന്നതുപോലെയാണു് അജ്ഞേയതാവാദികളും ഭൗതികവാദികളും. അവർ സത്യാന്വേഷണത്തിന്റെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഭൗതികവാദികൾക്ക് ഭൗതികപ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല. ദ്രവ്യമാണവരുടെ സത്യം. അജ്ഞേയതാവാദി ഭൗതികപ്രപഞ്ചത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ ഇല്ലയോഎന്നറിയില്ലെന്നു് പറയുന്നു. സംശയവാദികളായ അവർ ബോധം മനസ്സ് ശരീരം എന്നിവ തമ്മിലുളള പാരസ്പര്യം മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ്. ഭൗതികവാദികളും അജ്ഞേയതാവാദികളും സ്ഥൂലത്തിൽനിന്നും സൂക്ഷ്മത്തിലേക്കും സൂക്ഷ്മാതീതത്തിലേക്കും അന്വേഷണം നടത്തുന്നവരല്ല. ആധുനികപ്രപഞ്ചശാസ്ത്രമനുസരിച്ച് കാലത്തിലൂടെ പിന്നോട്ടുപോയി 10–43 സെക്കൻഡിൽ എത്തുമ്പോൾ എല്ലാം അവസാനിക്കുന്നു. പ്രപഞ്ചകവാടം അടയുന്നു. ഉൽപത്തി മുതൽ 10–43 സെക്കൻഡുവരെയുളള കാലത്തെ പ്ലാങ്ക് യുഗം (Plank epoch) എന്നാണു് അറിയപ്പെടുന്നതു്. പ്ലാങ്ക് യുഗത്തിലാണു് ഇന്നു് നാം അറിയുന്ന പ്രപഞ്ചത്തിന്റെ രൂപീകരണത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഉണ്ടായതു്. ആപേക്ഷികതാസിദ്ധാന്തത്തെയും ക്വാണ്ടം സിദ്ധാന്തത്തെയും സംയോജിപ്പിച്ച് ആവിഷ്കരിച്ച ക്വാണ്ടം ഗുരുത്വസിദ്ധാന്തത്തെ ഉപയോഗിച്ചാണു് പ്ലാങ്ക് യുഗത്തിലേക്കുളള കവാടം തുറക്കാൻ ശാസ്ത്രജ്ഞൻമാർ ശ്രമിക്കുന്നതു്. ഈ സിദ്ധാന്തം അപൂർണ്ണമായതുകൊണ്ട് അവരുടെ പരിശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. കവാടം തുറക്കാൻ ഒരു സമ്പൂർണ്ണസിദ്ധാന്തം വേണമെന്നാണു് ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുന്നതു്. അത്തരം ഒരു സിദ്ധാന്തം കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞനു് സമയോദയത്തിന്റെ അത്യഗാധതവരെ ദർശിക്കാം. ഇവിടെയാണു് ഉത്പത്തിരഹസ്യങ്ങളുടെ കലവറ. ഇവിടെ സ്ഥലകാലങ്ങൾ ക്വാണ്ടീകരിക്കപ്പെട്ടിരിക്കുന്നു. (ഇവിടെ എന്ന പദപ്രയോഗം സൗകര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ്). ഇവിടെയും അവിടെയും, അന്നും ഇന്നും, അതും ഇതും ഇല്ലാത്ത അവസ്ഥയാണതു്. ഇവിടെ നാം അന്തിമസത്യം കണ്ടെത്തും, ലളിതമായ സത്യം, എല്ലാം ഒന്നുമാത്രം. സിദ്ധാന്തപരമായി ഇന്നുളള ഭൗതികനിയമങ്ങളെല്ലാം പ്ലാങ്ക് യുഗത്തിൽ പരാജയപ്പെടുന്നു.

നമ്മുടെ പ്രപഞ്ചത്തിന്റെ ഘടനയും വിന്യാസവും ജീവന്റെ പരിണാമത്തിനനുയോജ്യമായ തരത്തിലാണ്. പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധകാലത്തും സൂക്ഷ്മഭൗതികസ്ഥിരാങ്കങ്ങൾ (microphysical constants) ഒന്നാണ്. പ്രപഞ്ചത്തിലെ അതിവിദൂരസ്ഥ ക്വസാറുകളിലെ അണുവിന്റെയും മഹാവിസ്ഫോടനത്തിനുശേഷമുളള ആദ്യകാല പ്രപഞ്ചത്തിൽ രൂപംകൊണ്ട അണുവിന്റെയും ഗുണധർമ്മങ്ങൾ ഒന്നാണ്. ഗുരുത്വാകർഷണസ്ഥിരാങ്കം പ്രപഞ്ചത്തിൽ എല്ലായിടത്തും ഒന്നാണ്. സ്ഥിരാങ്കങ്ങളെല്ലാം കൃത്യമായി കണ്ണിചേർക്കപ്പെട്ടിട്ടുളളവയാണ്. സ്ഥിരാങ്കങ്ങളുടെ മൂല്യത്തിൽ ശതകോടിയിലൊരംശം മാറിയിരുന്നെങ്കിൽ ഇന്നു നാം കാണുന്ന പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. നമുക്ക് വായിക്കാനും ചിന്തിക്കാനും കളിക്കാനും പ്രേമിക്കാനും കഴിയുന്നതു് പ്ലാങ്ക് യുഗത്തിനുശേഷം ഉണ്ടായ സ്ഥിരാങ്കങ്ങൾ മൂലമാണ്. പ്രകാശവും ഗുരുത്വവും കാലവും സ്ഥലവും ക്വാർക്കുകളും ഇലക്ട്രോണുകളും ഇല്ലായിരുന്നെങ്കിൽ നമ്മളാരും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഇതെല്ലാം പ്ലങ്ക് യുഗത്തെ തുടർന്നുണ്ടായതാണ്. അതിനുമുമ്പ് എന്തുണ്ടായിരുന്നുവെന്നതു് ശാസ്ത്രത്തിനു് അജ്ഞാതമാണ്. ഈ കാരണത്താൽ ശാസ്ത്രം അനുമാനങ്ങളെയും പ്രവചനങ്ങളെയും ആശ്രയിക്കുന്നു. മഹാവിസ്ഫോടനത്തിനുമുമ്പ് പ്രപഞ്ചം എവിടെയായിരുന്നു എന്ന ചോദ്യത്തിനു് ഉത്തരം നൽകാൻ ശാസ്ത്രത്തിനും കഴിയാതെ വരുന്നു.

ഭൗതികവാദികൾ ദ്രവ്യം (matter) ഉണ്ടാകുന്നതിനു മുമ്പുളള അവസ്ഥയ്ക്ക് യാതൊരു പ്രസക്തിയും കൽപ്പിക്കുന്നില്ല. ദ്രവ്യം ഉണ്ടാകുന്നതിനു മുമ്പ് വസ്തുനിഷ്ഠതയ്ക്ക് യാതൊരർത്ഥവുമില്ല. പ്രപഞ്ചത്തിന്റെ വിധി നിർണ്ണയിക്കപ്പെട്ടതു് പ്ലാങ്ക് യുഗമാണെങ്കിൽ അതിനെ സൃഷ്ടിപരതയുടെ നിമിഷം എന്നു പറയാം. നമ്മുടെ ആത്മനിഷ്ഠത, ഒന്നുമില്ലായ്മയിൽനിന്നും അഥവാ ശൂന്യതയിൽനിന്നുമുളള പ്രപഞ്ചസൃഷ്ടിക്കു കാരണമായ ആദിസ്പന്ദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധമില്ലായിരുന്നെങ്കിൽ സൃഷ്ടിപരതയും അഗാധബുദ്ധിയും സ്വതന്ത്രേച്ഛയും ഇല്ലാത്തവരായി നമ്മൾ മാറിയേനെ. അദൃശ്യവും അഖണ്ഡവും അനന്തവുമായ ബോധത്തിൽ ഊർജ്ജസ്പന്ദം ആരംഭിക്കുന്നതോടെയാണു് ദ്രവ്യസൃഷ്ടി ആരംഭിക്കുന്നതു്. ആധുനികഭൗതികമനുസരിച്ച് സ്പന്ദിക്കുന്ന ഊർജ്ജപ്രവാഹത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണു് ദ്രവ്യകണങ്ങൾ. ദ്രവ്യസൃഷ്ടിയെ തുടർന്നു് നടക്കുന്ന പ്രക്രിയകളാണു് പ്രപഞ്ചപരിണാമം.

ക്വാണ്ടം ബലതന്ത്രത്തിന്റെ മൂന്നേറ്റത്തോടെ നിരവധി ശാസ്ത്രജ്ഞൻമാർ ബോധത്തെ ശാസ്ത്രാന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ബോധത്തെ കുറിച്ചുളള ഗവേഷണപ്രബന്ധങ്ങൾ അന്താരാഷ്ട്രശാസ്ത്രസമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. പ്രപഞ്ചത്തിലെ ഓരോ കണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു് 1964-ൽ സെൻറർ ഫോർ യൂറോപ്യൻ ന്യൂക്ലിയർ റിസർച്ചിലെ ഭൗതികജ്ഞനായ ജോണ്‍ എസ്. ബെൽ തെളിയിക്കുകയുണ്ടായി. പ്രകൃതി സ്ഥാനിയം (local) ആണെന്നുളള ഐൻസ്റ്റീന്റെ കാഴ്ചപ്പാടിനെ പരാജയപ്പെടുത്തുന്നതായിരുന്നു ജോണ്‍ എസ്. ബെല്ലിന്റെ ബെൽ സിദ്ധാന്തം. പ്രകൃതി അസ്ഥാനിയമാണെന്നു് (nonlocal)അതു് തെളിയിച്ചു. 1978-ൽ ജോണ്‍ ക്ലൗസറും (John Clauser) 1982-ൽ അലയൻ ആസ്പെക്ടും (Alian Aspect) ബെൽ സിദ്ധാന്തത്തെ പരീക്ഷണ വിധേയമാക്കി. ഫോട്ടോണുകളെയാണു് അവർ പരീക്ഷണത്തിനു് ഉപയോഗിച്ചതു്. ക്വാണ്ടം ബന്ധമുളള രണ്ട് ഫോട്ടോണുകൾ അവ തമ്മിൽ എത്ര അകലെയായിരുന്നാലും ഒരേ ക്വാണ്ടം അവസ്ഥയിലിരിക്കും. അതായതു് ഒന്നിന്റെ അവസ്ഥ മാറിയാൽ മറ്റേതിന്റെ അവസ്ഥയും മാറും. ഈ പരീക്ഷണത്തോടെ ഒരേ അവസ്ഥയിലുളള രണ്ട് കണങ്ങൾക്കിടയിലെ ദൂരം 100 കോടി കിലോമീറ്ററാണെങ്കിലും അവ തമ്മിൽ പരസ്പരം പൊടുന്നനവെ വിവരവിനിമയം നടത്തുമെന്നു് തെളിഞ്ഞു. 2010-ൽ ജനിവാ സർവ്വകലാശാലയിലെ ഡോ. ഗിസിൻ (Dr. Gisin) ഈ പരീക്ഷണം ആവർത്തിക്കുകയുണ്ടായി. ക്വാണ്ടം കെട്ടുപിണയൽ യഥാർത്ഥ്യമാണെന്നു് വീണ്ടും വ്യക്തമായി. ഈ പരീക്ഷണങ്ങളെല്ലാം വ്യക്തമാക്കുന്നതു് നമ്മുടെ പ്രപഞ്ചത്തെ നിലനിർത്തുന്ന ഒരു അദൃശ്യയാഥാർത്ഥ്യം (invisible reality) ഉണ്ടെന്നും അതു് പ്രകാശത്തേക്കാൾ വേഗത്തിൽ വിവരവിനിമയം അനുവദിക്കുന്നുണ്ടെന്നുമാണ്. 2012-ലെ ദൈവ കണത്തിന്റെ (ഹിഗ്സ് ബോസോണ്‍) കണ്ടുപിടിത്തവും പ്രപഞ്ചം എക്കാലവും നിലനിൽക്കുമെന്ന വിശ്വാസത്തിനു് തിരിച്ചടിയാണ്.

സൂക്ഷ്മതലത്തിൽ അണുവിനുളളിലെ കണങ്ങളെയും അവയുടെ സ്വഭാവവിശേഷങ്ങളെയും നിരീക്ഷിക്കുന്നതിനുളള സാങ്കേതികവിദ്യകൾ വളരെയേറെ മുന്നേറിയിട്ടുണ്ട്. ഒരു പദാർത്ഥത്തിന്റെ വിഘടന (analytical) ശ്രേണി പരിശോധിച്ചാൽ ആദ്യം തന്മാത്രകൾ, അണുക്കൾ, ന്യൂക്ലിയസ്സ്, മൗലികകണങ്ങൾ, കല്പിതകണങ്ങൾ /ബലവാഹികണങ്ങൾ എന്നിവ കടന്നു് ഒടുവിൽ സ്ഥലകാലം അഥവാ ക്വാണ്ടം ശൂന്യതയിൽ എത്തിച്ചേരും. ക്വാണ്ടം ശൂന്യതയാണു് ഭൗതികലോകത്തിന്റെ അടിത്തട്ടെന്നാണു് ക്വാണ്ടം ഭൗതികജ്ഞൻമാരുടെ നിഗമനം. ജനീവയിലെ യൂറോപ്യൻ സെൻറർ ഫോർ ന്യൂക്ലിയർ റിസർച്ചിന്റെയും അമേരിക്കയിലെ ഫെർമിലാബിലെയും കണികാത്വരകങ്ങളിൽ നടന്ന കണസംഘടന പരീക്ഷണങ്ങൾ എല്ലാം തെളിയിച്ചതു് കണങ്ങൾ രൂപംകൊളളുന്നതു് ശൂന്യതയിൽനിന്നാണെന്നാണ്. കണങ്ങളാൽ നിർമ്മിതമായ അണുക്കൾകൊണ്ടാണു് പദാർത്ഥങ്ങൾ രൂപം കൊണ്ടിട്ടുളളതു്. അതിനാൽ പദാർത്ഥനിർമ്മിതമായ സ്ഥൂലലോകത്തിന്റെ അടിത്തട്ടും ക്വാണ്ടം ശൂന്യതയാണ്. ക്വാണ്ടം ശൂന്യതയ്ക്കപ്പുറം എന്തെങ്കിലുമുണ്ടോ? ഉണ്ടെന്നാണു് ആധുനിക ഭൗതികം സൂചിപ്പിക്കുന്നതു്. എന്നാൽ അതു് എന്താണെന്നു് നിർവചിക്കാൻ പറ്റുന്ന സിദ്ധാന്തങ്ങളൊന്നും ഇല്ലെന്നാണു് ഭൗതികജ്ഞന്മാരുടെ ഉത്തരം. ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഇർവിൻ ഷ്രോഡിഞ്ചർ ഭൗതികപ്രപഞ്ചത്തിന്റെ അടിത്തട്ട് അഖണ്ഡബോധമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയുണ്ടായി. മനസ്സും ദ്രവ്യവും ബോധത്തിന്റെ വെളിപ്പെടുത്തലാണെന്നാണു് ബ്രിട്ടീഷ് ഭൗതികജ്ഞനായ ഡേവിഡ് ബാം അഭിപ്രായപ്പെട്ടതു്. ക്വാണ്ടം സിദ്ധാന്തം കണ്ടുപിടിച്ച മാക്സ് പ്ലാങ്ക് “പ്രപഞ്ചം ആധുനികഭൗതികത്തിന്റെ വെളിച്ചത്തിൽ” (Universe in the Light of Modern Physics) എന്ന പുസ്തകത്തിന്റെ ഉപസംഹാരത്തിൽ എഴുതി “തത്ത്വചിന്തകൻമാർക്ക് അവരുടെ നിഗമനങ്ങൾ ശാസ്ത്രജ്ഞൻമാരുടെ മേൽ അടിച്ചേൽപിക്കാൻ അവകാശമില്ല. തത്ത്വചിന്തകൻമാരുടെ രീതികളും ലക്ഷ്യങ്ങളുമല്ല ശാസ്ത്രജ്ഞന്മാരുടേതു്. എന്നാൽ ആധുനികഭൗതികത്തിന്റെ മുന്നേറ്റത്തിനിടയിൽ ശാസ്ത്രജ്ഞൻമാർ പുതിയ കാര്യങ്ങൾ പഠിക്കുകയുണ്ടായി. ശാസ്ത്രാന്വേഷണം പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അതിനു് ഭൗതികാതീതമായ കാഴ്ചപ്പാടില്ലാതെ നിലനിൽക്കാനാവില്ലെന്നും”.

ആധുനികഭൗതികവാദികളും നാസ്തികരും പറയുന്നതുപോലെ ‘ദൈവം’ മനുഷ്യന്റെ വിഭ്രാന്തിയല്ല. അതു് സത്യമാണു്, ദ്രവ്യത്തെ അടിസ്ഥാനമാക്കിയുളള അവരുടെ പ്രപഞ്ചവീക്ഷണം അന്ധവിശ്വാസമാണെന്നു് ആധുനികശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അണുവിന്റെ ലോകത്തെ സൂക്ഷ്മഭൗതികകണങ്ങളെ ഒരു പ്രാവശ്യം പോലും വ്യക്തമായി നിരീക്ഷിക്കാൻ പറ്റില്ലെന്നാണു് ഷ്രോഡിഞ്ചർ പ്രഖ്യാപിച്ചതു്. ഇലക്ട്രോണിന്റെ അമൂർത്തചലനങ്ങളും തരംഗ-കണദ്വന്ദ്വവും അനിശ്ചിതമായ പെരുമാറ്റങ്ങളും, ശാസ്ത്രജ്ഞൻമാരെ വിസ്മയഭരിതരാക്കി. കണങ്ങൾ സംഭാവ്യതാതരംഗങ്ങളാണെന്ന തിരിച്ചറിവ് ദ്രവ്യത്തിന്റെ അസ്തിത്വം വെറും മിഥ്യയാണെന്ന ചിന്ത ശക്തിപ്പെടുത്തി. ഭൗതികജ്ഞനായ ഫ്രിജോഫ് കാപ്രയുടെ (Fritjoph Capra) അഭിപ്രായത്തിൽ കണം അസ്തിത്വത്തിനും അനാസ്തിത്വത്തിനും ഇടയിലുളള ഒരു അസാധാരണ പ്രതിഭാസമാണ്. നാം ജീവിക്കുന്ന ലോകത്തിനു് കേവലമായ അസ്തിത്വമില്ലെന്നാണു് ഭാരതീയദർശനങ്ങളുടെ ആരാധകനും ലോകപ്രശസ്തശാസ്ത്രജ്ഞനുമായിരുന്ന ഓപ്പൻ ഹൈമർ (Oppenheimer) പ്രഖ്യാപിച്ചതു്. അദ്ദേഹം പറഞ്ഞു, “ഒരു ഇലക്ട്രോണിന്റെ സ്ഥാനം സ്ഥൈതികമായിരിക്കുന്നുവോ എന്നു് ചോദിച്ചാൽ നമ്മൾ പറയണം ‘ഇല്ല’ എന്നു്. ഒരു ഇലക്ട്രോണിന്റെ സ്ഥാനം കാലത്തിനനുസരിച്ച് മാറുമോ എന്നു് ചോദിച്ചാൽ നമ്മൾ പറയണം ‘ഇല്ല’ എന്നു്. ഇലക്ട്രോണ്‍ നിശ്ചലമായി നിൽക്കുമോ എന്നു് ചോദിച്ചാൽ നമ്മൾ പറയണം ‘ഇല്ല’ എന്നു്. ഇലക്ട്രോണ്‍ ചലനത്തിലാണോ എന്നു് ചോദിച്ചാൽ നമ്മൾ പറയണം ‘ഇല്ല’ എന്നു്.” ഇലക്ട്രോണ്‍ വസ്തുനിഷ്ഠമല്ലായെന്നാണു് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നതു്. ഇലക്ട്രോണ്‍ വസ്തുനിഷ്ഠമല്ലെങ്കിൽ അതുകൊണ്ട് നിർമ്മിതമായിരിക്കുന്ന ഭൗതികപ്രപഞ്ചം മിഥ്യയാണ്. പിന്നെ എന്താണു് സത്യം?

ഭാരതീയദർശനമായ വേദാന്തം പറയുന്നു പരമമായ യാഥാർത്ഥ്യം ബ്രഹ്മമാണു് എന്നു്. വേദാന്തമനുസരിച്ച് ജൈവവും അജൈവവുമായ എല്ലാറ്റിലും അന്തർവേധിയാണു് ബ്രഹ്മം. നാം ജീവിക്കുന്ന പ്രാതിഭാസികലോകത്തിനു് നിരപേക്ഷമായ ആധാരമാണു് ബ്രഹ്മം. നമ്മുടെ ഋഷിമാർ ബ്രഹ്മത്തിനു് നൽകുന്ന നിർവ്വചനം ‘സച്ചിദാനന്ദം’ എന്നാണ്. സച്ചിദാനന്ദം എന്നാൽ സത്തു് ചിത്തു് ആനന്ദമാണ്. ഉണ്‍മയാണു് സത്തു്. എന്താണു് ഉണ്മ. ഉണ്ട് എന്ന അനുഭവമാണു് ഉണ്മ. പ്രപഞ്ചത്തിൽ ഈ അനുഭവമുളള ഒരേയൊരു വസ്തു ചിത്താണ്. ബോധമാണു് ചിത്തു്. പ്രപഞ്ചത്തിൽ സ്വയം ഉണ്ട് എന്നു് അനുഭവിക്കുകയും മറ്റെല്ലാറ്റിന്റെയും ഉണ്‍മ അനുഭവിക്കുകയും ചെയ്യുന്നതു് ബോധമാണ്. അമീബ മുതൽ മനുഷ്യൻ വരെ എല്ലാ ജീവികളിലും ‘ഞാനുണ്ട്’ എന്ന ഉണ്‍മ അനുഭവിച്ചു വർത്തിക്കുന്ന വസ്തു ബോധമല്ലാതെ മറ്റൊന്നുമല്ല. ബോധമില്ലെങ്കിൽ പ്രപഞ്ചമില്ല. അതുകൊണ്ടാണു് ‘പ്രജ്ഞാനം ബ്രഹ്മ’ എന്നു് ഉപനിഷത്തു് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതു്. അതു് തന്നെയാണു് ജീവാത്മാവും പരമാത്മാവും. അഖണ്ഡവും അജവും അമരവും അനന്തവുമായ അതിനെയാണു് നമ്മൾ ഈശ്വരനെന്നും ദൈവമെന്നുമൊക്കെ വിളിക്കുന്നതു്. അതു് സത്യമാണ്. പക്ഷെ അതിനെ മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ അറിയാൻ പറ്റില്ല.

Colophon

Title: Āstikanāya daivam (ml: ആസ്തികനായ ദൈവം).

Author(s): Kesavan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: Popular science, Kesavan Nair, കേശവൻ നായർ, ആസ്തികനായ ദൈവം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape near Arles, an oil on canvas painting by Paul Gauguin (1848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.