നമുക്ക് പരിധികളൊന്നുമില്ലെന്നുളളതാണു് സത്യം. ക്വാണ്ടം ഭൗതികമനുസരിച്ച് പ്രപഞ്ചം നിരീക്ഷകനിൽനിന്നു് സ്വതന്ത്രമല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഞാനും നിങ്ങളും പ്രപഞ്ചത്തിൽനിന്നു് വേർപ്പെട്ടതല്ല. ക്വാണ്ടം ഭൗതികവും ഭാരതീയദർശനമായ വേദാന്തവും പ്രഖ്യാപിക്കുന്നതു് ദൃക്കും ദൃശ്യവും ഒന്നാണെന്നാണ്. നമ്മുടെ ശരീരം ഒരു ദ്രവ്യാത്മകവസ്തുവല്ല. അതു് ഊർജ്ജവും വിവരവും കൊണ്ട് ഉണ്ടായതാണ്. ശരീരത്തിന്റെ ഊർജ്ജവും വിവരവും പ്രപഞ്ചോർജ്ജത്തിന്റെയും വിവരത്തിന്റെയും ഭാഗമാണ്. നമ്മുടെ അനുഭവങ്ങൾ വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ അല്ല. അനുഭവത്തിന്റെ അഗാധതലത്തിൽ ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും ഒന്നായി മാറുന്നു. നമ്മുടെ ശരീരം പുതിയതായിക്കൊണ്ടിരിക്കുന്നു. നമ്മൾ ഓരോരുത്തരം വേർപ്പെട്ടതും സ്വതന്ത്രവുമാണെന്നു് നമ്മുക്ക് തോന്നുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ നമ്മളെല്ലാം പ്രപഞ്ചത്തെയാകെ നിയന്ത്രിക്കുന്ന പ്രപഞ്ചബുദ്ധി (Cosmic Intelligence) യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. നമ്മുടെ ശരീരം പ്രപഞ്ചശരീരത്തിന്റെ ഭാഗമാണ്. മനസ്സാണു് നമുക്ക് പരിമിതികൾ കൽപിക്കുന്നതു്. നമ്മുടെ ശരീരത്തിനും മനസ്സിനും അപ്പുറം മാറ്റങ്ങൾക്കതീതമായ ഒരു യാഥാർത്ഥ്യമുണ്ട്. അതിനെ ഇന്ദ്രിയങ്ങൾ കൊണ്ടോ മനസ്സുകൊണ്ടോ അറിയാൻ പറ്റുന്നതല്ല. അതു് നമ്മുടെ ബോധമാണ്. അതാണു് നമ്മുടെ യഥാർത്ഥസത്ത. അതു് അനന്തമാണു്, അഖണ്ഡമാണു് അനശ്വരമാണ്.
നമ്മൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് ചിന്തിക്കണമെങ്കിൽ നമ്മുടെ രക്തധമനികളിലൂടെ ചുമന്ന രക്താണുക്കൾ ഒഴുക്കേണ്ടതായിട്ടുണ്ട്. അങ്ങനെയാണു് ചിന്തിക്കാൻ നമ്മുക്ക് ഊർജ്ജം ലഭിക്കുന്നതു്. ചുമന്ന രക്താണുക്കളിലെ ഇരുമ്പിനു് പ്രാപഞ്ചികബന്ധമുണ്ടല്ലോ. നമുക്ക് സൂര്യനെ ആവശ്യമുണ്ട്. സൂര്യനില്ലെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ലല്ലോ. നമുക്ക് വൃക്ഷങ്ങളെ ആവശ്യമുണ്ട്. കാരണം, പ്രകാശ സംശ്ലേഷണമില്ലാതെ ജീവികൾക്ക് ശ്വസിക്കാൻ വേണ്ട ഓക്സിജൻ ഉണ്ടാകുമായിരുന്നില്ല. സൂര്യനും വൃക്ഷങ്ങളും നമ്മുടെ രക്തം പോലെ പ്രധാനമാണ്. മനസ്സും ശരീരവും പ്രകൃതിയും തമ്മിലുളള അതിർവരമ്പുകൾ നമ്മൾ നിശ്ചയിക്കുന്നതു് സൗകര്യത്തിനു വേണ്ടിയാണ്. സത്യത്തിൽ മനസ്സും ശരീരവും പ്രകൃതിയും ദൈവവും വേറിട്ടതല്ല.
അതിരുകളില്ലാത്തവനാണു് നിങ്ങളെന്ന ധീരമായ നിലപാടു സ്വീകരിക്കുക. ദ്രവ്യത്തിന്റെ പുറംതോടു പൊളിച്ചാൽ അതു് അനന്തതയുമായി ബന്ധപ്പെട്ടതാണെന്നു് ബോദ്ധ്യമാകും. ആ അനന്തതയാണു് അനന്ത സൃഷ്ടിപരതയുടെ സ്രോതസ്സ്. കണങ്ങൾ ആണു് ദ്രവ്യത്തിന്റെ ഏറ്റവും സൂക്ഷ്മ ഘടകം. ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് കണങ്ങൾ ഊർജ്ജത്തിന്റെ താത്കാലിക സാന്ദ്രീകരണമാണ്. ക്വാണ്ടം ഭൗതികജ്ഞനായിരുന്ന പോൾ ഡിറാക്ക് പറഞ്ഞു: “എല്ലാ ദ്രവ്യവും ഇന്ദ്രിയാഗോചരമായ അടിത്തട്ടിൽ നിന്നാണു് സൃഷ്ടിക്കപ്പെടുന്നതു്. ഈ അടിത്തട്ട് ശൂന്യമാണ്. അതു് സങ്കൽപിക്കാനും കണ്ടുപിടിക്കാനും കഴിയാത്തതാണ്. എന്നാൽ ഇതു് പ്രത്യേക തരത്തിലുളള ശൂന്യതയാണ്. ഇതിൽനിന്നാണു് എല്ലാ ദ്രവ്യരൂപങ്ങളും സൃഷ്ടിക്കപ്പെടുന്നതു്.” ശാസ്ത്രം മനുഷ്യനെ പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട പൊട്ടുകളായി കാണുന്നു. മനസ്സാണു് നമ്മെ ആത്മീയതയുമായി ബന്ധപ്പെടുത്തുന്നതു്. പ്രപഞ്ചം നമ്മളിലൂടെയാണു് പ്രവർത്തിക്കുന്നതു്. ചിന്തിക്കുന്നതു്. നമ്മൾ പ്രപഞ്ചമനസ്സാൽ ആവൃതമായിരിക്കുന്നു.
എങ്ങനെയാണു് നമ്മൾക്ക് മനസ്സുണ്ടെന്നു് അറിയുന്നത്? ’നമ്മൾ ചിന്തിക്കുന്നു അതുകൊണ്ട് നമ്മളുണ്ട്.’ എന്നാൽ നമ്മൾക്കുമാത്രമല്ല മനസ്സുളളതു്. സസ്യങ്ങൾക്കും മൃഗങ്ങൾക്കും മേഘങ്ങൾക്കും നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കും ന്യൂട്രോണിനും പ്രോട്ടോണിനും മനസ്സുണ്ട്. ലോകപ്രശസ്ത സൈക്യാട്രിസ്റ്റായ ഡോ. ഡാനിയേൽ സീഗൽ (Dr. Daniel Siegal) അദ്ദേഹത്തിന്റെ മനസ്സിന്റെ കാഴ്ച എന്ന പുസ്തകത്തിൽ മനസ്സിനെ നിർവചിക്കാൻ ഒരു പരിശ്രമം നടത്തുന്നുണ്ട്. മസ്തിഷ്കത്തിനില്ലാത്തതും മനസ്സിനുമാത്രം ഉളളതുമായ ഗുണധർമ്മങ്ങളാണു് അദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നതു്. ലോകത്തെ പിടികിട്ടാത്ത രഹസ്യങ്ങളിലൊന്നാണു് നമ്മൾ എങ്ങനെയാണു് ഒരു വസ്തുവിനെ നിരീക്ഷിക്കുന്നതെന്നതു്. മനസ്സാണോ മസ്തിഷ്കമാണോ നിരീക്ഷിക്കുന്നത്? മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ധർമ്മം ഒന്നാണെന്നു് പറയുന്നതു് വസ്തുതാപരമല്ല. മസ്തിഷ്ക കോശത്തിലെ ഘടകപദാർത്ഥങ്ങളായ പ്രോട്ടീൻ, പൊട്ടാസിയം, സോഡിയം, ജലം എന്നിവയ്ക്ക് നിരീക്ഷിക്കാൻ കഴിവില്ല. എന്നാൽ നിങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയും. മനസ്സാണു് മസ്തിഷ്കകോശങ്ങളെ പ്രവർത്തിപ്പിച്ച് നിങ്ങൾക്ക് നിരീക്ഷിക്കാനുളള കഴിവ് ഉണ്ടാക്കുന്നതു്. മനസ്സില്ലെങ്കിൽ നിരീക്ഷണം അസാദ്ധ്യമാണ്. മസ്തിഷ്ക്കത്തിനു് തീർച്ചയായും മനസ്സിനെ പരിമിതപ്പെടുത്താൻ കഴിയും. കടുത്ത തലവേദനയോ (മൈഗ്രയിൻ) മസ്തിഷ്ക ട്യൂമറിന്റെ വേദനയോ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിബിംബങ്ങൾ കാണാൻ പറ്റില്ല. ശാരീരികമായ തകരാറുകൾ മനസ്സിനെ ബാധിക്കാം. ഇതിനർത്ഥം മനസ്സിന്റെ നിരീക്ഷിക്കാനുളള കഴിവ് ഇല്ലാതാകുമെന്നല്ല.
1993-ൽ സീഗൽ മനസ്സിനെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിർവചിച്ചുകൊണ്ടു പറഞ്ഞു. “മനസ്സ് മൂർത്തവും ശരീരബദ്ധവുമായ ഒരു പ്രക്രിയയാണു്. അതു് ഊർജ്ജത്തിന്റെയും വിവരത്തിന്റെയും ഒഴുക്കിനെ നിയന്ത്രിക്കുന്നു”. സീഗലിന്റെ അഭിപ്രായത്തിൽ നിന്നും ലഭിക്കുന്ന മനസ്സിന്റെ ചിത്രമിതാണ്. മനസ്സ് സ്വയം വെളിപ്പെടുന്നതു് ശരീരത്തിന്റെ മുഖ്യഅവയവങ്ങളിൽ ഒന്നായ മസ്തിഷ്കത്തിലൂടെയാണ്. നമ്മുടെ മനസ്സ് നമുക്ക് ചുറ്റുമുളള എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നുണ്ട്. മനസ്സ് ഒരു പ്രക്രിയയാണ്. അതു് നിശ്ചലമല്ല ചലനാത്മകമാണ്. അവ്യവസ്ഥയിലുളള പ്രപഞ്ചത്തിലെ എല്ലാറ്റിനെയും വ്യവസ്ഥയിലേക്ക് മാറ്റുന്നതു് മനസ്സാണ്. മനസ്സ് ഒഴുകിക്കൊണ്ടിരിക്കുകയാണ്. സ്ഥൂലവസ്തുക്കളിലും സൂക്ഷ്മവസ്തുക്കളിലുമുളള ഊർജ്ജപ്രവാഹത്തെ നിയന്ത്രിക്കുന്നതു് മനസ്സാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലെയും വിവരത്തെ നിയന്ത്രിക്കുന്നതും മനസ്സാണ്.
ജീവശാസ്ത്രജ്ഞനായിരുന്ന ഗ്രിഗറി ബാറ്റിസന്റെ അഭിപ്രായത്തിൽ ജീവികളുടെയും ആവാസവ്യവസ്ഥയുടെയും വ്യവസ്ഥാപരമായ പ്രതിഭാസമാണു് മനസ്സ്. മനസ്സ് ജൈവവ്യവസ്ഥയുടെ അടിസ്ഥാനമാണ്. അമീബ മുതൽ മനുഷ്യൻവരെയുളള എല്ലാ ജീവികൾക്കും മനസ്സുണ്ട്. വ്യവസ്ഥാസിദ്ധാന്തം (system theory)) അനുസരിച്ച് ജീവികൾക്കുമാത്രമല്ല ആവാസവ്യവസ്ഥയ്ക്കും മനസ്സുണ്ട്. സൂക്ഷ്മാണുക്കൾക്കും (subatomic particles) ഗാലക്സികൾക്കും മനസ്സുണ്ട്. എല്ലായിടത്തും വിവരവും ഊർജ്ജവും ഒഴുകികൊണ്ടിരിക്കുന്നു. അവയെ സംസ്കരിക്കുകയും വിതരണം ചെയ്യുന്നതും മനസ്സാണ്.
പ്രപഞ്ചം ഒരു പ്രക്രിയയാണ്. അതു് സൃഷ്ടി സ്ഥിതി സംഹാരത്തിലൂടെയാണു് കടന്നുപോകുന്നതു്. ഫോട്ടോണുകളും ഇലക്ട്രോണുകളും നാമരൂപങ്ങളല്ല. ഊർജ്ജപ്രവാഹത്തിൽ ഉണ്ടാകുന്ന താത്കാലികപ്രതിഭാസമാണ്. പ്രകൃതിയെ സംബന്ധിച്ചിടത്തോളം അവ പ്രക്രിയകളാണ്. നമ്മുടെ ശരീരത്തെക്കുറിച്ച് ഭഗവദ് ഗീത പറയുന്നു. “ശരീരങ്ങൾ ആദിയിൽ അവ്യക്തങ്ങളാകുന്നു. ജനനത്തിനും മരണത്തിനും ഇടയിലുളള മദ്ധ്യാവസ്ഥയിൽ അവ വ്യക്തീഭവിക്കുന്നു (കാണപ്പെടുന്നു). അവസാനം അവ്യക്തത്തിൽ അവസാനിക്കുന്നു.” പ്രപഞ്ചം അവ്യക്തത്തിൽനിന്നും രൂപംപൂണ്ട് അവ്യക്തത്തിൽ അവസാനിക്കുന്നു. നമ്മളെല്ലാം ഒരു തുടക്കവും ഒരു മദ്ധ്യവും ഒരു ഒടുക്കവും ഉളള പ്രപഞ്ചത്തിലെ പ്രക്രിയകളാണ്. നമ്മുടെ മസ്തിഷ്കവും ആ പ്രക്രിയയുടെ ഭാഗമാണ്. ഏറ്റവും ആധുനികമായ കാഴ്ചപ്പാടിൽ മനസ്സ് ക്ഷേത്രമാണു് (field). അതു് വൈദ്യുതകാന്തികക്ഷേത്രം (electo magnetic field) പോലെയാണ്. ശാസ്ത്രീയമായി നമ്മുടെ ശരീരത്തിൽ അടിക്കുന്ന വൈദ്യുതകാന്തികതരംഗ കൊടുങ്കാറ്റാണു് നമ്മുടെ മസ്തിഷ്കത്തിലെ ചിന്തകൾ ഉണ്ടാക്കുന്നതു്. ആകാശത്തെ പ്രകാശിപ്പിക്കുന്നതും, ഇടിയും മിന്നലും വർഷിക്കുന്നതും പ്രപഞ്ചമനസ്സാണെങ്കിൽ മസ്തിഷ്കത്തിനു വെളിച്ചം നൽകുന്നതും അതാണ്. ചിന്തകളുടെ സ്രോതസ്സ് മനസ്സാണ്. അതു് പ്രപഞ്ചമനസ്സിന്റെ ഭാഗമാണ്. ചിന്തനം മസ്തിഷ്ക്കത്തിൻറേതല്ല മനസ്സിന്റെ പ്രക്രിയയാണെന്നു് തെളിയിക്കുന്നു ആധുനികന്യൂറോശാസ്ത്രവും മനഃശാസ്ത്രവും.