കുട്ടികൃഷ്ണമാരാരു് ഏറ്റവും കൂടുതൽ കാലം ഉഷ്ണിച്ചാലോചിച്ചുണ്ടാക്കിയ ഒരു സാഹിത്യസിദ്ധാന്തമാണു് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിലേക്കുവെച്ചു ഏറ്റവും ദുർബ്ബലമായിപ്പോയതു്!
തന്റെ വിമർശനജീവിതത്തെ ഏറ്റവും കൂടുതൽ കാലം പൊറുതികെടുത്തിയ ഹാസ്യം എന്ന പ്രശ്നത്തിനു് ഉത്തരം കണ്ടെത്തുവാൻ വേണ്ടി മാരാരു് 1957-ൽ പ്രസിദ്ധീകരിച്ച ‘ഹാസ്യസാഹിത്യം’ എന്ന ഗ്രന്ഥത്തിലെ വാദങ്ങൾ ഒരുക്കൂട്ടിയെടുക്കുവാൻ അദ്ദേഹത്തിനു സുദീർഘമായ ഇരുപത്തിരണ്ടു കൊല്ലക്കാലം വേണ്ടി വന്നു. മറ്റൊരു സാഹിത്യസിദ്ധാന്തത്തെപ്പറ്റിയും ഇത്രയും നീണ്ടകാലം അദ്ദേഹം തലപുകഞ്ഞാലോചിച്ചിട്ടില്ല. എന്നിട്ടും ആ സിദ്ധാന്തം എങ്ങനെ ഇത്ര ദുർബ്ബലമായി? എന്തുകൊണ്ടു ആ ഫലിതസിദ്ധാന്തം ഫലിക്കാതെ, മറ്റൊരു ഫലിതം മാത്രമായിത്തീർന്നു?

ഫലപ്രദമായ യുക്തിയുടെയും ആവിഷ്കാരഗാംഭീര്യത്തിന്റെയും ഊക്കുകൊണ്ടു് മറ്റുള്ളവരെ തറപറ്റിക്കുന്ന കൂട്ടത്തിൽ അവരുടെ കണ്ണഞ്ചിപ്പിക്കുന്ന ചില വേലത്തരങ്ങൾ ഒപ്പിക്കുന്നതു് ചിലപ്പോഴെങ്കിലും മാരാരുടെ രീതിയായിരുന്നു. അത്തരം ഒരു കുസൃതിയാണു് ഈ പുസ്തകത്തിലെ മഹാഭാരതം ഒരു ഹാസ്യകൃതിയാണെന്ന കണ്ടെത്തൽ. (1963, പു. 24–53) ‘നമ്മുടെ സംസ്കാരലോപ’(1935–36)ത്തിൽ മുളപൊട്ടി, ‘വ്യാസന്റെ ചിരി’ ഭാരതപര്യടനം (1950)-യിൽ തലനീട്ടിയ മാരാരുടെ ഹാസ്യസാഹിത്യസിദ്ധാന്തം ഒരു സിദ്ധാന്തമായി വളർന്നുകേറുന്നതു് ‘മഹാഭാരതത്തിലെ ഹാസ്യം’ (1955) എന്ന ലേഖനത്തിലാണു്. ‘ഹാസ്യസാഹിത്യ’ത്തിലെത്തുമ്പോഴേക്കു് തന്റെ മാതൃകാഹാസ്യത്തിനു് മഹാഭാരതത്തിനൊപ്പം ‘ഉണ്ണിനീലിസന്ദേശ’ത്തെയും ഉദാഹരിക്കാവുന്ന ഒരു തലത്തിൽ ഈ ‘സംസ്കാരലോപ’വിരോധി എത്തിച്ചേർന്നു! മലയാളികളായ നമുക്കു വേണ്ടമാതിരി ചിരിക്കുവാനോ, നമ്മുടെ എഴുത്തുകാർക്കു ചിരിപ്പിക്കുവാനോ അറിഞ്ഞുകൂടെന്നാണു് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനനിലപാടു്. ചിരിപ്പിക്കുവാൻ തീരെ നിശ്ചയമില്ലാത്ത ഒരാളുടെ പേരു് പറയാം: ശ്രീ: കലക്കത്തു് കുഞ്ചൻ നമ്പ്യാർ!

നമ്പ്യാർക്കു മാത്രമല്ല, നമ്മുടെ സഞ്ജയനും വേണ്ടമാതിരി ചിരിക്കാനറിഞ്ഞുകൂടെന്നു മാരാർക്കഭിപ്രായമുണ്ടു്. മലയാളികളുടെ ചിരിയെ വിലയിരുത്തുകയും കുഞ്ചൻനമ്പ്യാരെ ഷേക്സ്പിയർ ക്കും കാളിദാസനും ഒപ്പം നിർത്തിപ്പുകഴ്ത്തുകയും ചെയ്യുന്ന സഞ്ജയന്റെ ‘സാഹിത്യത്തിന്റെ പുഞ്ചിരി’ (1935) എന്ന ലേഖനത്തിനുള്ള മറുപടിയായിട്ടാണു് ഗ്രന്ഥകാരൻ ഇവിടെ പല കാര്യങ്ങളും ആലോചിച്ചു ചെല്ലുന്നതു്. നമ്പ്യാരുടെയും സഞ്ജയന്റെയും മറ്റും ഹാസ്യബോധത്തെ ചവിട്ടിയരയ്ക്കുവാനും പരകുത്സനം മാത്രമായി വിചാരിക്കേണ്ട പരിഹാസത്തിലും അതിനു വഴിയൊരുക്കുന്ന അതിശയോക്തിയിലും വീണളിഞ്ഞു പോയ മലയാളിയുടെ ചിരിയെ ‘ശുദ്ധീകരിക്കു’വാനും ‘ഹാസ്യസാഹിത്യം’ ഉത്സാഹിക്കുന്നു.
ഇവിടത്തെ വാദങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങുംമുമ്പേ പറഞ്ഞുവെയ്ക്കേണ്ട കാര്യം: പരകുത്സനകാര്യത്തിൽ ഈ ഗ്രന്ഥവും ഒട്ടും മോശമല്ല മലയാളികളുടെ ഹാസ്യത്തിനു് ധാർമ്മികനിലവാരം പോരാത്തതിൽ ക്ഷോഭിച്ചു് ഗ്രന്ഥകാരൻ നാം ഭാഷാപിതാവായി ആദരിച്ചുപോരുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പൈതൃകത്തിന്മേൽവരെ തൊട്ടുകളിച്ചിട്ടുണ്ടു് (പു. 118). ‘മഹാഭാരതത്തിൽ ദുര്യോധനൻ ബലഭദ്രനു് ആരാണെന്നു് ഇതെഴുതിയ ആൾക്കു് എന്തറിയാം.’ (പു. 39) എന്ന ചോദ്യത്തിലെ ‘അജ്ഞാനി’ സാക്ഷാൽ കുഞ്ചൻ നമ്പ്യാരാണു്! മറ്റും മറ്റും. പരകുത്സനം ഹാസ്യത്തിൽ ഒട്ടും പാടില്ല, മറ്റെവിടെയും ഏതളവിലും ആവാം!
അതിരിക്കട്ടെ: മലയാളിയുടെ ചിരി നേരെയാക്കാൻ ഈ മട്ടിൽ പടയൊരുക്കങ്ങളുമായി വരുന്ന ഗ്രന്ഥകാരന്റെ കയ്യിൽ അതിനുള്ള ദിവ്യായുധമെന്തു് എന്നതാണല്ലോ പ്രശ്നം. അതു ഗ്രന്ഥകാരന്റെ തന്നെ വാക്കുകളിൽ ഇങ്ങനെ ഒതുക്കിപ്പറയാം:
“ഹസിക്കപ്പെട്ടവനും അവന്റെ നിലയിൽ നിന്നു നോക്കുന്നവർക്കും കൂടി ആസ്വാദ്യമാകുമെങ്കിലേ ഹാസ്യസാഹിത്യമാവൂ… അതുകൊണ്ടു ഒരു വ്യക്തിയെ പരിഹസിക്കണമെന്നു വന്നാൽ ആദ്യം ചെയ്യേണ്ടതു് അയാളെ സ്വജനമായി ഭാവന ചെയ്തുനോക്കുകയാണു്. ചിലപ്പോൾ അതിൽത്തന്നെ പരിഹാസവാസന മുക്കാലും അടിയിലൂറും. ശേഷിച്ചതു് ശുദ്ധഹാസ്യമായി തെളിയുകയും ചെയ്യും.” (പു. 118, 123)
പറയുന്നതു് കുട്ടികൃഷ്ണമാരാരാണെങ്കിലും ഇതേപ്പറ്റി ഒരു വീണ്ടുവിചാരം നടത്തുന്നതുകൊണ്ടു് കുഴപ്പമൊന്നുമില്ല.
എപ്പോഴാണു നാം ചിരിക്കുന്നതു്?
ചിരിക്കാവുന്ന എന്തോ ഒന്നു് മറ്റുള്ളവരിലോ, അവനവനിൽ തന്നെയോ കണ്ടിട്ടാണു് നമുക്കു് ചിരി വരുന്നതു്. ആ കാഴ്ചയിൽ സഹതാപനിഷ്ഠമായ അല്പമൊരകൽച്ചയുണ്ടു്. അങ്ങനെയൊരു അകൽച്ചയിൽനിന്നേ അതു കാണാനും ചിരിക്കാനും കഴിയു. അന്യരെയും സ്വന്തപ്പെട്ടവരെയും എന്നുവേണ്ട അവനവനെത്തന്നെയും അല്പമൊന്നകന്നു കണ്ടാലേ മറ്റുള്ളവരിലോ അവനവനിലോ ഉള്ള ചിരിക്കാവുന്ന അംശം കണ്ടുകിട്ടുകയുള്ളു. ഈ ചിരി ‘ശുദ്ധ’മാവണമെങ്കിൽ ആരെയും എന്തിനെയും സ്വന്തമെന്നു് ഭാവന ചെയ്തു നോക്കണമെന്നാണു് മാരാരുടെ വാദം! ഈ അകൽച്ചയും അതുവഴി ജനിക്കുന്ന ചിരിയും നിസ്നേഹതയുടെയോ ദ്രോഹബുദ്ധിയുടെയോ പരകുത്സനത്തിന്റെയോ ഉദാഹരണമല്ല തന്നെ. ചിരിക്കുമ്പോൾ വരുന്ന അന്യത്വം യഥാർത്ഥ ബന്ധുത്വത്തെ ബാധിക്കുകയില്ല എന്നാണല്ലോ മലയാളികളുടെ മൊഴി: ‘വീണാൽ ചിരിക്കാത്തോൻ ബന്ധുവല്ല’ എന്നു്!
അപ്പോൾ മാരാരു് പറഞ്ഞതിനു് നേർവിപരീതമാണു് കാര്യം: ‘സ്വജനഭാവന’യല്ല സഹതാപനിഷ്ഠമായ അന്യത്വമാണു് ഹാസ്യകാരനു് വേണ്ടതു്. ഹാസ്യസാഹിത്യകാരന്മാരെല്ലാം അന്യരെയും സ്വന്തക്കാരെയും എന്നല്ല അവനവനെത്തന്നെയും അന്യത്വത്തോടു മാറിനിന്നു കാണുന്നവരാണു്. അവരിൽ മികച്ചവരൊക്കെ ആത്മ പരിഹാസക്കാരായിത്തീരുന്നതും അതുകൊണ്ടാണു്. ‘പാത്തുമ്മയുടെ ആടി’ൽ (1956) വൈക്കം മുഹമ്മദുബഷീർ അവനവനെയും സ്വന്തം വീട്ടുകാരെയും പരിഹസിച്ചു ചിരിക്കുന്നതു് നോക്കുക.
ഇത്ര ലളിതമായ ഒരു കാര്യം കുട്ടികൃഷ്ണമാരാരെപ്പോലൊരാളുടെ കണ്ണിൽപ്പെട്ടില്ലെന്നോ? അല്ല. ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ടു്. “ഒരു വസ്തുവിനെ അതിനോടുള്ള എല്ലാ സ്നേഹപക്ഷപാതങ്ങളും ഇരിക്കെത്തന്നെ ഒന്നകന്നുനിന്നു കാണുവാനുള്ള കഴിവാണു് ഉത്കൃഷ്ടമായ നർമ്മബോധം.” (പു. 34)
ആ അകന്നു നിൽപാണു നർമ്മബോധം എന്നല്ല, അതാണു് ഉൽകൃഷ്ടമായ നർമ്മബോധം എന്നുകൂടി മാരാരു് പറഞ്ഞുവെച്ചിരിക്കുന്നു!
പിന്നെ? ഇപ്പറഞ്ഞ ‘ഉത്കൃഷ്ടതയെ’ അതിനു നേർവിപരീതമായ ‘സ്വജനഭാവന’ കൊണ്ടു് വീണ്ടും ‘ശുദ്ധീകരിക്കു’ന്നതെങ്ങനെ? എന്താവശ്യത്തിനു്? മക്കളെ തല്ലാൻ വടിയോങ്ങുമ്പോൾ ഈ കവിത വായിച്ച അമ്മമാർ ഒന്നുകൂടി ആലോചിക്കും എന്ന മട്ടിൽ ‘മാമ്പഴ’ത്തിന്റെ സാംസ്കാരികമൂല്യം തിരഞ്ഞുപോയപ്പോൾ പറ്റിയ (കന്നിക്കൊയ്ത്തിന്റെ അവതാരിക) വീഴ്ച ഇവിടെയും പറ്റിപ്പോയിരിക്കാം: ചിരിക്കു് ഒരു മൂല്യം ഉണ്ടാക്കാനുള്ള തിരക്കിൽ അതിനെ പരിഹാസമെന്നും ഹാസമെന്നും വകതിരിക്കാൻ അദ്ദേഹം നടത്തിയ ശ്രമത്തിന്റെ ഫലമാവാം ഇതു്. ഉത്കൃഷ്ടതയെ വീണ്ടും ‘ശുദ്ധിസ്നാനം’ നടത്തി കുളിപ്പിച്ചു് കുളിപ്പിച്ചു് കുട്ടിയില്ലാതാവുകയും ചെയ്തു. അങ്ങനെയാണു് മലയാളികൾ കൊണ്ടാടിപ്പോരുന്ന ഹാസ്യകൃതികളിൽ മിക്കതും തള്ളിപ്പറയാൻ അദ്ദേഹത്തിനു ഇടയായതു്. ‘ഈ സിദ്ധാന്തത്തിന്റെ അടിത്തറ ഇത്തരം പരസ്പരവൈരുദ്ധ്യത്തിന്റെ ചതുപ്പിലാണെന്നു് ഇവിടെക്കാണാം. അതിലെ ചതിക്കുഴികൾ പലതും നാം ഇനിയങ്ങോട്ടു കാണാനിരിക്കുന്നു.
ഇനി മാരാരു് വിചാരിക്കും പോലെ പരിഹാസത്തേയും ഹാസത്തേയും പൂർണ്ണമായി പന്തി തിരിച്ചിരുത്തുവാൻ പറ്റുമോ? പരിഹാസമത്രയും ക്രൂരവിനോദം മാത്രമാണോ?
നമുക്കു നോക്കാം:

മറ്റുള്ളവരിലോ അവനവനിൽതന്നെയോ ചിരിക്കാവുന്ന വല്ലതുമൊന്നു് കണ്ടെത്തുന്ന ആൾ ആ നേരത്തെങ്കിലും അല്പം ‘ഉയർന്നും’ അകന്നും ആണു് നിൽക്കുന്നതു്. ഇപ്പറഞ്ഞ ‘ഉയർച്ച’ കൊണ്ടാണു് ആ കണ്ടെത്തൽ സാധ്യമായതുതന്നെ. ഈ ‘മൂപ്പി’നെയാണു് (ശ്രേഷ്ഠതാബോധം, സുപ്പീരിയോറിറ്റി) ചിരിയുടെ മുഖ്യപ്രഭവമായി മനഃശ്ശാസ്ത്രം കണക്കാക്കുന്നതു്. ഇക്കാര്യം ഗ്രന്ഥകാരന്റെ ശ്രദ്ധയിൽ വന്നില്ല എന്നു വിചാരിക്കുവാനും ന്യായമില്ല. ‘ഹാസ്യസാഹിത്യം’ പ്രസിദ്ധീകരിക്കുന്നതിനും എട്ടുകൊല്ലം മുമ്പുതന്നെ മാരാരുമായി പല കാര്യങ്ങളിലും ആശയപ്പൊരുത്തമില്ലാതിരുന്ന കേസരി ഏ. ബാലകൃഷ്ണപിള്ള ഈ മനഃശ്ശാസ്ത്രതത്വം മലയാളികൾക്കു വിവരിച്ചുകൊടുത്തിരുന്നു. ‘ഹാസ്യലഹരി’(1949)യുടെ അവതാരികയിൽ ബാലകൃഷ്ണപിള്ള എഴുതി: “ദ്രോഹബുദ്ധിയും ശ്രേഷ്ഠത്വബോധത്തിൽനിന്നു് ഉത്ഭവിക്കുന്ന സന്തോഷവും ആപൽക്കരമാകും വണ്ണം അധികമാകാതെ തമ്മിൽ കലരുമ്പോൾ ഹാസ്യം ജനിക്കുമെന്നു് പ്ലേറ്റോ പറഞ്ഞിട്ടുണ്ടു്. നമ്മിലുള്ള ഏതെങ്കിലും ഒരു ശ്രേഷ്ഠത്വത്തിന്റെ പെട്ടെന്നുള്ള ബോധത്തെ അന്യരിലുള്ളതോ, മുമ്പു് നമ്മിൽതന്നെ ഉണ്ടായിരുന്നതോ ആയ ഒരു കുറവിനോടു് താരതമ്യപ്പെടുത്തി നോക്കുന്നയുടനെ ജനിക്കുന്ന മഹിമ മാത്രമാണു് ഹാസ്യവാസന എന്നാണു് ഹോബ്സ് നിർവ്വചിച്ചിട്ടുള്ളതു്.”

പല നിലയ്ക്കും മാരാർക്കു് സമ്മതനായ എം. പി. പോളും ബെർഗ്സണെ ഉദ്ധരിച്ചുകൊണ്ടു് ഈ വസ്തുത എടുത്തു കാണിച്ചിരുന്നു: “വികാരം ഹാസ്യത്തിന്റെ ശത്രുവാകുന്നു. അനുകമ്പ മുതലായ ആർദ്രവികാരങ്ങൾ തൽക്കാലത്തേക്കെങ്കിലും മാറ്റി വെച്ചെങ്കിൽ മാത്രമേ ഹാസ്യത്തിനു പ്രത്യക്ഷപ്പെടാൻ അവസരമുണ്ടാകുകയുള്ളു… നാം പരിഹസിക്കുന്ന ഒരാളോടു് നമുക്കു് സ്നേഹമുണ്ടെന്നു വന്നേയ്ക്കാം. പക്ഷേ, പരിഹസിക്കപ്പെടുന്ന ആൾ, സ്നേഹിക്കപ്പെടുന്ന ആൾ ഇവർ രണ്ടും രണ്ടാണു്… നാം ഒരാളെ പരിഹസിക്കുന്നതു് നമ്മുടെ സാമുദായികബോധം കൊണ്ടാണു്. നാം അയാളെ സ്നേഹിക്കുന്നതാകട്ടെ നമ്മുടെ വ്യക്തിപരമായ ബോധംകൊണ്ടാണു്.” (ഹാസ്യത്തിന്റെ ഉൽപത്തി—സാഹിത്യവിചാരം, 1953)
ഈ ‘മൂപ്പി’നെയാണു് മാരാരു് ഏറ്റെതിർക്കുന്നതു്: വ്യക്തിപരിഹാസത്തിലേക്കു നയിക്കുന്നതു് അതാണല്ലോ. ചിരിയുടെ മുക്കാൽ പങ്കും അതിന്റെ ഫലമാണു് എന്നദ്ദേഹം ഓർത്തില്ല എന്നതാണു് പ്രശ്നം. അല്ലെങ്കിൽ അതിനെയൊന്നും ചിരിയായി അംഗീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

സത്യത്തിൽ മാരാരുടെ ലക്ഷ്യം ഹാസ്യത്തെ അപഗ്രഥിക്കുകയല്ല. ഗ്രന്ഥത്തിന്റെ അവസാനഭാഗത്തു താൻതന്നെ വിശദീകരിച്ചതുപോലെ ചിരിയിലും “ആസ്വാദ്യതക്കു പുറമെ സാംസ്കാരികമായ ഒരന്തിമഫലം കൂടിയുണ്ടു് ഉണ്ടാവാം, ഉണ്ടാവണം” (പു. 123) എന്നു സ്ഥാപിക്കുകയാണു്. അതുകൊണ്ടു് ചിരിക്കുന്ന നേരത്തൊക്കെ ‘ഇതു് എന്റെ നേർക്കായിരുന്നുവെങ്കിലോ’ എന്നൊന്നു് ആലോചിക്കുവാനും പരിഹസിക്കപ്പെട്ടവനോടു് തന്മയീഭവിച്ചു് ചിന്തിക്കുവാനും അദ്ദേഹം ആവശ്യപ്പെടുന്നു (പു:111). അങ്ങനെ ആലോചിച്ചു് ബേജാറാകുന്നതുകൊണ്ടു് വേറെ പല നേട്ടവും ഉണ്ടാകുമായിരിക്കാം. പക്ഷേ, പിന്നെ ആർക്കും ചിരിക്കാനാവില്ല.
‘ശുദ്ധഹാസ്യ’ത്തിനു് ഗ്രന്ഥകാരൻ നിരത്തുന്ന ഉദാഹരണങ്ങളിൽ ചിലതു് ചികഞ്ഞു നോക്കിയാൽ ഇക്കാര്യം വിശദമാവും:
മഹാഭാരതത്തിൽ നിന്നാണല്ലോ ഒന്നാമത്തെ പാഠം: ജീവിതകാലം മുഴുവൻ കർണ്ണനെപ്പേടിച്ചു കഴിച്ചുകൂട്ടിയ യുധിഷ്ഠിരൻ അദ്ദേഹത്തെ കൊല്ലിച്ചു് രാജ്യം നേടിയതിന്റെ പിറ്റേന്നുതന്നെ ആ കർണ്ണൻ തന്റെ മൂത്തസഹോദരനാണു് എന്നു് മനസ്സിലാക്കി ശിഷ്ടകാലം മുഴുവൻ സങ്കടപ്പെട്ടു. സ്വർഗ്ഗത്തിൽ ചെന്നിട്ടുപോലും യുധിഷ്ഠിരൻ ‘കർണ്ണൻ’ എന്റെ ജ്യേഷ്ഠൻ എന്നൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു. യുധിഷ്ഠിരന്റെ ഭാവവിശേഷത്തിനു യുദ്ധാനന്തരം വന്നുചേർന്ന ഈ വിപര്യയം കണ്ടു്, ഈ അതിമഹത്തായ രാഗദ്വേഷവിപര്യയചിത്രം കണ്ടു്, ഒന്നു ചിരിയ്ക്കാതെ ആർക്കും രാഗദ്വേഷത്യാഗരൂപമായ വൈരാഗ്യത്തിലേക്കു കടക്കാൻ സാധിയ്ക്കില്ല. ഈ ചിരിയെ മുൻനിർത്തി മഹാഭാരതം ഒരു ഹാസ്യസാഹിത്യമാണെന്നും പറയാം. (പു. 25–29)
“ഉത്തമസാഹിത്യങ്ങളിലെ ഹാസ്യപ്രയോഗരീതിയുടെ ഈ ഉത്തമമാതൃക”യെപ്പറ്റി ഗ്രന്ഥകാരൻ തുടർന്നെഴുതി: “ഇവിടെ പരിഹാസ്യപാത്രമാക്കപ്പെട്ട ഭാരതകഥാനായകൻ ഒരു വിഡ്ഢിയല്ല, താൻ കരുതിയ കാര്യം പണിപ്പെട്ടു നേടുകതന്നെ ചെയ്ത മിടുക്കനാണു്. ഒട്ടും ദുർന്നയക്കാരനുമല്ല, ധർമ്മിഷ്ഠന്മാരിൽ അഗ്രേസരനാണു്. അദ്ദേഹത്തിലുള്ള വല്ല കുറവുകളെയോ കുറ്റങ്ങളെയോ ചികിത്സിച്ചുമാറ്റുവാനല്ല ഈ ഹാസ്യം പ്രയോഗിക്കപ്പെട്ടിട്ടുള്ളതു്. ‘ആ മഹാത്മാവായ യുധിഷ്ഠിരനിൽപ്പോലുമിതാ കണ്ടില്ലേ, രാഗദ്വേഷങ്ങളുടെ ക്രൂരമായ കുചേഷ്ടിതങ്ങൾ! ഇതു കാണുമ്പോൾ ചിരി വരുമെങ്കിലും അദ്ദേഹത്തോടനുകമ്പയാണു് നിങ്ങൾക്കു വേണ്ടതു്. നിങ്ങൾ തന്നെ വലിയ കാര്യമായി കൊണ്ടുനടക്കുന്ന രാഗദ്വേഷങ്ങളുടെ പരിണാമവും ഇതാവില്ലെന്നു് എന്താണുറപ്പു്? ആലോചിച്ചു നോക്കൂ’ എന്നിങ്ങനെ അതു മറ്റുള്ളവർക്കാണു് ചികിത്സയായിത്തീരുന്നതു്. ഈ ഹാസത്തിൽ വല്ല മുള്ളുമുണ്ടെങ്കിൽ അതു ഹസിക്കപ്പെട്ടവന്റെ മേലല്ലാ, മറ്റെല്ലാ മനുഷ്യരുടെയും മേലാണു് തട്ടുന്നതു്—അതിന്റെ ഫലം ശ്രേയസ്സല്ലാതെ മറ്റൊന്നുമല്ലതാനും.” (പു. 31, 32)
ഈ യുക്തി അനുസരിച്ചു് മിക്ക മനുഷ്യരുടെയും ജീവിതം ഒന്നാന്തരം ഹാസ്യവിഷയമായിരിക്കും. പലരുടെ ജീവിതത്തിലും വിധി ഇമ്മട്ടിലൊക്കെ കടന്നു കയറി പ്രവർത്തിക്കാറുണ്ടല്ലോ. അലക്സാണ്ടർ ചക്രവർത്തിയുടെ ദിഗ്വിജയകഥ നോക്കൂ: മുപ്പതുകളുടെ തുടക്കത്തിൽ ഒരു പനിയുടെ രൂപത്തിൽ ആ മനുഷ്യനെ പിടികൂടുന്ന മരണം ഒരു യുദ്ധത്തിലും ഒരിക്കലും തോറ്റിട്ടില്ലാത്ത ലോകജേതാവായ ആ വീരന്റെ എല്ലാ നേട്ടങ്ങളേയും നോക്കി ചിരിക്കുന്നില്ലേ? ഇതിനു് ഒരർത്ഥമേയുള്ളു വില പിടിച്ചതാണു് എന്നു് ജീവിതം കരുതുന്ന എന്തിനെയും വിധി തുച്ഛമാക്കിക്കളയുന്നു എന്നു മാത്രം. ‘വിധി മനുഷ്യനെ നോക്കി ചിരിക്കുന്നു’ എന്നു് ആളുകൾ സാധാരണ പറയാറുള്ള കാര്യത്തെയാണു് വിമർശകൻ ഇവിടെ ഹാസ്യ സാഹിത്യമായി വ്യാഖ്യാനിച്ചുവിട്ടിരിക്കുന്നതു്.

ഇനി, ഈ ഘട്ടത്തിലെ ഭാവം ‘ചിരി’ തന്നെയോ? ഇവിടെ ചിരി എന്നും കരച്ചിൽ എന്നും പറയുന്നതിനു എന്താണർത്ഥം? അവയ്ക്കു തമ്മിൽ എന്താണു് എവിടെയാണു് വ്യത്യാസം? ഗ്രന്ഥാരംഭത്തിൽ (പു. 12) മറ്റൊരാവശ്യത്തിനു് മാരാർ തന്നെ ഉദ്ധരിക്കുന്ന ജി. കെ. ചെസ്റ്റർട്ടന്റെ ആ പ്രഖ്യാതവചനം ഇത്തരം സന്ദർഭങ്ങളിലെ മനോഭാവത്തെ അസ്സലായി വ്യാഖ്യാനിക്കുന്നുണ്ടു്: “എല്ലാം അറിയുന്ന ‘അറിവു്’ മനുഷ്യന്റെ മണ്ടത്തരവും വിധിയും ഓർത്തു് മന്ദഹസിക്കുന്നുണ്ടാകും ഈ പിന്നോക്കം നോക്കലിൽ ചിരിയും കണ്ണീരും ഒന്നുതന്നെ.”
ഇക്കൂട്ടത്തിൽ പ്രധാനമായ മറ്റൊരു പ്രശ്നം:
കഥാപാത്രത്തെ നോക്കി ആസ്വാദകൻ ചിരിക്കുമ്പോൾ ആ ചിരിയിൽ കഥാപാത്രത്തിനും പങ്കുചേരാൻ കഴിയണം, എങ്കിലേ അതു ശുദ്ധഹാസ്യമാവൂ എന്നു വാദത്തിനുവേണ്ടി സമ്മതിക്കാമെന്നു വെയ്ക്കുക ഈ ന്യായമനുസരിച്ചു് വിധി കഥാപാത്രത്തെ നോക്കി ചിരിക്കുമ്പോൾ ആ ചിരിയിലും കഥാപാത്രത്തിനു പങ്കുചേരാൻ കഴിയേണ്ടതല്ലേ? അപ്പോഴല്ലേ അതു ശുദ്ധമാവൂ?
തൊട്ടുമുമ്പു വിശദീകരിച്ച ഭാരതകഥാസന്ദർഭത്തിൽ വിധിവശാൽ യുധിഷ്ഠിരനു വന്നുചേർന്ന ‘ഭാവവിപര്യയം’ നോക്കി ആർക്കും ഒന്നു ചിരിക്കാൻ കഴിയേണ്ടതാണു് എന്നാണല്ലോ വിധി ശരി. ആ ചിരിയിൽ യുധിഷ്ഠിരൻ പങ്കുചേരുമോ? ഇല്ല. പാണ്ഡവ ജ്യേഷ്ഠൻ നിലവിളിക്കുകയായിരുന്നല്ലോ. ‘സ്വജനഭാവന’യിലൂടെ അദ്ദേഹത്തിന്റെ സ്ഥാനത്തു കയറി നിൽക്കുന്നവനും ചിരിക്കാനാവില്ല. അപ്പോൾ ഇവിടെ കുട്ടികൃഷ്ണമാരാരു് ചിരിച്ച ചിരിക്കും ‘ശുദ്ധി’ പോരാ.
അതുപോട്ടെ അവിടെ വ്യാസൻ ഒരു ചിരി ചിരിച്ചിട്ടുണ്ടു് എന്നു തന്നെ വെയ്ക്കുക. അതാണോ മികച്ച ഹാസ്യം? എങ്കിൽ പരോക്ഷമായ കാര്യങ്ങൾ പ്രത്യക്ഷത്തിനു വിരുദ്ധമായി വരുന്ന ‘ഐറണി’യാണു് മുന്തിയ ഹാസ്യം എന്നു വരും. ഇത്തരത്തിൽ ‘ഭാവവിപര്യയ’ത്തിലൂടെ ജീവിതത്തിന്റെ തുച്ഛത വെളിപ്പെടുന്ന ഏതു കഥാസന്ദർഭവും ചിരിക്കാനുള്ളതാണു് എന്നു പറയേണ്ടിവരും അതൊക്കെ നേരായിരിക്കുമോ?
ഈ സന്ദർഭത്തിൽ സമാധാനം പറയേണ്ട വേറൊരു പ്രശ്നം:
ഷേക്സ്പിയറു ടെ മാക്ബത്ത്, ഒഥല്ലോ, ഹാംലറ്റ് തുടങ്ങിയ ദുരന്തരകഥാപാത്രങ്ങൾക്കു വന്നുപെട്ട ‘വിപര്യയം’ ഓർത്തും ഈ മട്ടിൽ ചിരിച്ചുകൂടേ?
ഏറെ പ്രസക്തമായ ഈ ചോദ്യം മാരാരു് ഈ വാദഗതി മുന്നോട്ടുവെച്ച കാലത്തു തന്നെ മൂർക്കോത്തു കുഞ്ഞപ്പ, അവിദഗ്ദ്ധമായ രീതിയിലാണെങ്കിലും, ചോദിച്ചിരുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്, 27 നവംബർ 1955) ഇതിനു തക്കതായ മറുപടി പറയുന്നതിനു പകരം മാരാരു് എഴുതി: “ഈ ഭാരതകഥാ സന്ദർഭത്തോടൊത്തു പോകുന്ന ഒന്നു ഷേക്സ്പിയർ നാടകങ്ങളിൽ നിന്നു കണ്ടെടുക്കാനാവുമെന്നുപോലും ഞാൻ തൽക്കാലം വിശ്വസിക്കുന്നില്ല… ‘വേദാന്തമില്ലാത്ത ഹ്യൂമറുകാരായ’ ഇംഗ്ലീഷുകാരുടെ തലയിൽ ഇങ്ങനെയൊന്നു് വിളയുമെന്നും തോന്നുന്നില്ല.” (പു. 45)
തന്റെ ഹാസ്യസാഹിത്യസിദ്ധാന്തം വല്ല കൃതികൾക്കും പൂർണ്ണമായി ഇണങ്ങുമെങ്കിൽ അതു് ഭാരതീയകൃതികൾക്കു മാത്രമാണു് എന്നു് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുകയാണിവിടെ. സാഹിത്യസിദ്ധാന്തങ്ങൾക്കു് കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പരിധികൾ ബാധകമാവാൻ പാടുണ്ടോ? പാടില്ലെന്നു് മലയാളത്തിൽ ശഠിച്ചു പറഞ്ഞവരിൽ പ്രധാനി കുട്ടികൃഷ്ണമാരാരാണു് എന്നതാണു് ഇവിടത്തെ ഹാസ്യം! ‘കൈവിളക്കി’(1951)ലെ ആ പ്രഖ്യാപനം ഇതാ: “മനുഷ്യന്റെ അന്തഃകരണവൃത്തികളും ആത്മീയമൂല്യങ്ങളുമാണു് സാഹിത്യത്തിന്റെ പരിമാധിഷ്ഠാനം. അവ രണ്ടും എങ്ങുമെന്നും ഒന്നായിരിക്കെ രണ്ടു ദേശങ്ങളിലെയോ, രണ്ടു കാലങ്ങളിലെയോ സാഹിത്യം തത്ത്വത്തിൽ പരസ്പര വിരുദ്ധമാവാൻ വയ്യ.” (കാവ്യപീഠികയുടെ നിരൂപണം.)
ഇപ്പറഞ്ഞതു് ഹാസ്യസാഹിത്യസിദ്ധാന്തത്തിനു ബാധകമാവാതെ പോയതിനു അതൊരു ‘പ്രോക്രസ്റ്റസിന്റെ കട്ടിലാ’ണു് എന്നതിനപ്പുറം വല്ല ന്യായവുമുണ്ടോ?
അതും പോട്ടെ, നമുക്കു വീണ്ടും മറ്റുള്ള ഹാസ്യമാതൃകകളിലേക്കു തന്നെ വരാം. ശുദ്ധഹാസ്യത്തിന്റെ മറ്റൊരു മാരാർ മാതൃക ഋശ്യശൃംഗനെ വേശപ്പെൺകൊടി ആകർഷിച്ചുകളഞ്ഞ കഥയാണു് (വ്യാസന്റെ ചിരി—ഭാരതപര്യടനം, 1950). മേൽ വിശദീകരിച്ച യുധിഷ്ഠിര കഥയിൽ നിന്നു് അൽപം വ്യത്യസ്തമാണിതു്. ഇവിടെ വ്യാഖ്യാതാവിന്റെ സഹായമില്ലാതെത്തന്നെ ആസ്വാദകനു് ചിരിക്കാം തൽക്കാലം ആ ചിരിയിൽ അമളി പറ്റിയ മുനികുമാരനും അദ്ദേഹത്തിന്റെ പിതാവായ വൃദ്ധതാപസനും പങ്കുചേരും എന്നും സമ്മതിക്കാം. രാജദൂതിയായ ഒരു പെൺകൊടിക്കു പകരം വെറുമൊരു വേശ്യയാണു് ഋഷികുമാരനെ ആകർഷിച്ചു കൊണ്ടുപോയിരുന്നതു് എങ്കിലോ, അമ്മട്ടിൽ ഐശ്വര്യലാളിതനായല്ല മകനെക്കണ്ടുമുട്ടാൻ ഇടവന്നതു് എങ്കിലോ, അച്ഛനായ വിഭാണ്ഡക മഹർഷി ചിരിക്കുമായിരുന്നുവോ എന്ന ചോദ്യം തൽക്കാലം ചോദിക്കേണ്ട എന്നും വെയ്ക്കാം. പക്ഷേ, ഈ ചിരിയിലും പരിഹാസം വേണ്ടുവോളമുണ്ടു് എന്നതു് കാണാതിരുന്നുകൂടാ. വേശപ്പെൺകൊടിയെ കണ്ടപ്പോൾ. അതു സ്ത്രീയാണെന്നു മനസ്സിലാക്കാതെ ഏതോ വിശിഷ്ടതാപസനാണെന്ന ധാരണയിൽ ആ “ആളി”ൽ ഭ്രമിച്ചുവശായ ഋശ്യശൃംഗന്റെ നിഷകളങ്കമായ അജ്ഞതയും കാമത്തെപ്പേടിച്ചു് ലോകത്തു് സ്ത്രീ എന്നൊരു വർഗ്ഗം ഉണ്ടെന്ന ധാരണയ്ക്കേ ഇടകൊടുക്കാതെ ആ മകനെപ്പോറ്റിയ വിഭാണ്ഡകന്റെ പ്രകൃതിപ്രേരണകളെക്കുറിച്ചുള്ള അജ്ഞതയും കണ്ടിട്ടാണു് ആസ്വാദകൻ ചിരിക്കുന്നതു് സ്വന്തം അജ്ഞതയ്ക്കു ഉത്തരവാദിയല്ലാത്തതുകൊണ്ടു ഋശ്യശൃംഗനും അതിന്നുത്തരവാദിയായ വിഭാണ്ഡകൻ പിന്നീടു് ഔചിത്യപൂർവ്വം പെരുമാറി എന്നതുകൊണ്ടു് അദ്ദേഹത്തിനും പരിഹാസ്യതയിൽ നിന്നു് മാരാരു് വിടുതി നൽകിയിട്ടുണ്ടെങ്കിലും ആ പരിഹാസത്തിന്റെ അംശം അപ്പോഴും ബാക്കി നിൽക്കുന്നുണ്ടു്.
ഇത്തരം ന്യായങ്ങളുണ്ടായിട്ടും ഈ വിടുതി അനുവദിക്കാതെയാണു് മറ്റു ചില പരിഹാസകഥനങ്ങളെ ‘ശുദ്ധഹാസ്യ’ത്തിന്റെ നാലതിരിൽ നിന്നു് അദ്ദേഹം ദൂരെ മാറ്റി നിർത്തുന്നതു്: ‘നമ്മുടെ സംസ്കാരലോപ’ത്തിലും (രാജാങ്കണം, 1947) മറ്റും കുഞ്ചൻനമ്പ്യാരുടെ ‘കല്യാണസൗഗന്ധികം തുള്ളലി’ലെ ഭീമഹനുമൽസംവാദത്തെ കണക്കറ്റു ആക്ഷേപിക്കുന്ന മാരാരുടെ അളവുകോൽ വേറെയാണെന്നു് വ്യക്തം. ആളറിയാതെയാണു് ഭീമൻ ആ കോലാഹലമെല്ലാം ഉണ്ടാക്കിയതെങ്കിലും തനിക്കു് ഉത്തരവാദിത്തമില്ലാത്ത ഈ ‘അജ്ഞതയുടെ ആനുകൂല്യം’ പാണ്ഡവമധ്യമന്നു് അനുവദിച്ചുകൊടുക്കുവാൻ മാരാരു് തയ്യാറില്ല. പിന്നിടു് ഔചിത്യപൂർവ്വം പെരുമാറി എന്നതു് ഹനുമാന്റെയോ ഭീമന്റെയോ പരിഹാസ്യതക്കു് വിടുതി നൽകുന്നുണ്ടോ എന്നാലോചിക്കാൻ അദ്ദേഹം മിനക്കെട്ടിട്ടുമില്ല. ആ ‘ഭ്രാതൃകലഹ’ത്തിന്റെ പരിസമാപ്തി നമ്പ്യാരുടെ തുള്ളലിൽ ഇപ്രകാരമാണു്:
“ഇത്ഥം വണങ്ങി സ്തുതിക്കുന്ന ഭീമന്റെ
ഹസ്തങ്ങൾ രണ്ടുംപിടിച്ചു കപീശ്വരൻ
നക്തഞ്ചരാസ്ത്രങ്ങളേറ്റു വടുക്കെട്ടി
വിസ്താരമായുള്ള തന്നുടെ മാറത്തു
ചേർത്തു പുണർന്നുകൊണ്ടാപാദമസ്തകം
പേർത്തു പേർത്താശു തലോടി, കരം കൊണ്ടു
മൂർദ്ധാവു തൊട്ടങ്ങനുഗ്രഹിച്ചീടിനാൻ
മാർത്താണ്ഡശിഷ്യനാം മർക്കടാധീശ്വരൻ.”
ഇതിലെവിടെയും ഭ്രാതൃസ്നേഹത്തിനു നിരക്കാത്ത യാതൊന്നുമില്ല. പിന്നെ, നേരത്തെ കേട്ട വാദകോലാഹലം: അതു് ജ്യേഷ്ഠൻ ഒരു നേരമ്പോക്കിനുവേണ്ടി സൃഷ്ടിച്ച രംഗം മാത്രമാണു്. ആ നേരമ്പോക്കു വിസ്തരിച്ചപ്പോൾ കുഞ്ചൻ നമ്പ്യാർ കുറേ അതിശയോക്തി പ്രയോഗിച്ചു എന്നേയുള്ളു.
ഈ അതിശയോക്തിയാണു് മാരാർക്കു തീരെ പിടിക്കാത്തതു്. ‘നമ്മുടെ സംസ്കാരലോപ’ത്തിൽ കഥകളിയിലും തുള്ളലിലും കൂത്തിലും കിളിപ്പാട്ടിലും മറ്റും കാണുന്ന ഇത്തരം അതിശയോക്തി അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടു്. ഇത്തരം അതിശയോക്തി കേട്ടാലേ ചിരിക്കാൻ കഴിയൂ എന്നു വരുന്ന മലയാളികളുടെ ഹാസ്യ ബോധത്തെയും അദ്ദേഹം ഇവിടെ നാണം കെടുത്തുന്നു. (പു. 23)

കേരളീയരുടെ മാനസികഘടനയെപ്പറ്റി പലപാടു് ആലോചിച്ചിട്ടുള്ള ഏ. ബാലകൃഷ്ണപിള്ള ഹാസ്യലഹരിയുടെ അവതാരികയിൽ എടുത്തു പറഞ്ഞതുപോലെ, നമ്മുടെ ഏതു ഹാസ്യത്തിനും അതിശയോക്തിയുമായി ഉറ്റബന്ധമുണ്ടു്. കേരളീയ ഹാസ്യബോധത്തിന്റെ സഹജപ്രകൃതിയുടെ ഭാഗമായ ഈ അതിശയോക്തി തുള്ളൽ, കൂത്തു്, കഥകളി തുടങ്ങിയ രംഗപ്രയോഗകലകളിൽ അനിവാര്യമായിത്തീർന്നേക്കാം എന്ന കാര്യത്തിലേക്കു മാരാരുടെ കണ്ണുചെല്ലുകയുണ്ടായില്ല. “കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകൾ ഭാഷയിൽ സരളവും വർണ്ണനയിൽ വിശദവും ഭാവത്തിൽ പ്രസന്നവും നർമ്മഫലിതവും ആയിത്തീരുന്നതു്, സവിശേഷമായ ഒരു സദസ്സിനെ മുന്നിൽകണ്ടുകൊണ്ടുള്ള തുള്ളലെന്ന നൃത്തരൂപത്തിന്റെ സാഹിത്യമാകയാലാണു് എന്നും ഔദാര്യത്തോടെ ചിന്തിക്കുവാൻ മാരാരെക്കൊണ്ടായില്ല” എന്നു് എം. എൻ. വിജയനു് കുറ്റപ്പെടുത്തേണ്ടി വന്നതും അതുകൊണ്ടുതന്നെ. (പഴയ ശരിയും പുതിയ തെറ്റും—ചിതയിലെ വെളിച്ചം, 1981)
മാരാരുടെ വ്യക്തിപരിഹാസവിമർശനങ്ങൾക്കു മറുപടി കൊടുക്കുവാൻ ഹാസ്യസാഹിത്യത്തിലെ ഈ വരികൾ തന്നെ മതി എന്നതാണു് തമാശ “ഏതു മഹാനും ഏതോ ദൗർബ്ബല്യവശാൽ ഒരമളി പറ്റിപ്പോയാൽ അതിൽ ചിരിക്കരുതായ്കയില്ല. അതുകൊണ്ടു് അദ്ദേഹത്തിന്റെ മഹത്വത്തെ അനാദരിച്ചു എന്നു വരില്ല.” (പു. 21, 21)
ഹനുമാനെ നിസ്സാരനാക്കിയ ഭീമനെ കളിയാക്കുമ്പോൾ കുഞ്ചൻ നമ്പ്യാർ ഇതിനപ്പുറം വല്ലതും ചെയ്തുവോ? അദ്ദേഹം കുറേ അതിശയോക്തി പ്രയോഗിച്ചു കളഞ്ഞു എന്നെങ്കിലും ഒരു കുറ്റം പറയാനുണ്ടു്. എഴുത്തച്ഛന്റെ കാര്യമോ? പരാശരമുനി മത്സ്യകന്യകയെ പുൽകിയതു വർണ്ണിക്കുന്ന എഴുത്തച്ഛൻ ആ നേരത്തു് മറ്റുള്ളവർ സന്ധ്യാവന്ദനം നടത്തുകയായിരുന്നു എന്നു പറഞ്ഞതാണു മാരാരുടെ കണ്ണിൽ മഹാപരാധം! ആ സന്ധ്യാനേരത്തു് താപസനു് ഇതാണല്ലോ തോന്നിയതു് എന്നു് എഴുത്തച്ഛൻ ഒരിളംചിരി ചിരിച്ചതിനു്, ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു സൂചിപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ പൈതൃകത്തിന്മേൽ വരെ ഗ്രന്ഥകാരൻ കൈവെച്ചു കളഞ്ഞു! (പു. 118). മാരാരുടെ നിലവിട്ട ഈ ശകാരത്തേക്കാൾ എത്ര നിർദ്ദോഷമാണു്, സംസ്കാരനിഷ്ഠമാണു് എഴുത്തച്ഛന്റെ ആ ഇളംചിരി!
ഈ ഹാസ്യസിദ്ധാന്തത്തിന്റെ ഹാസ്യസമ്പുഷ്ടമായ ഭാഗം ഇനിയാണു് വരുന്നതു്: ‘മുണ്ടയ്ക്കൽ സന്ദേശം’ ഒരു ഹാസ്യകൃതിയാണെന്ന കണ്ടുപിടുത്തം! ആ സന്ദേശകാവ്യത്തിൽ കവിക്കു പറ്റിപ്പോയ അനൗചിത്യങ്ങൾ നോക്കി ചിരിക്കേണ്ടിടത്തു് ആ വക അനൗചിത്യങ്ങളിലൂടെ സന്ദേശകാരൻ മറ്റു സന്ദേശകാവ്യകാരന്മാരെ കളിയാക്കിച്ചിരിക്കുകയാണു് എന്നു് വിചിത്രമായരീതിയിൽ സുദീർഘമായി വാദിക്കുകയാണദ്ദേഹം (പു. 66–98). ഈ ന്യായത്തിന്മേൽ ഏതെങ്കിലും ‘പൈങ്കിളി നോവലി’ലെ അപാകതകൾ ചൂണ്ടിക്കാട്ടി “പൈങ്കിളി നോവലുകളെ എത്ര തന്മയത്വമായി കളിയാക്കിയിരിക്കുന്നു!” എന്നു് ആർക്കും അത്ഭുതം കൂറാം. ഏതു കച്ചവടസിനിമയെയും കച്ചവടസിനിമകളെ അനുകരണത്തിലൂടെ പരിഹസിക്കുന്ന ഉത്തമകലാസൃഷ്ടിയായി വ്യാഖ്യാനിക്കുകയും ചെയ്യാം! “ഉത്കൃഷ്ടഹാസ്യത്തിന്റെ ദീർഘസീമക്കുള്ളിൽ ഒന്നു് ഇങ്ങേ അറ്റത്തും മറ്റതു് അങ്ങേ അറ്റത്തും നിൽക്കുന്നു എന്നതാണു് മുണ്ടയ്ക്കൽ സന്ദേശത്തിനും മഹാഭാരതത്തിനും തമ്മിലുള്ള അന്തരം” (പു. 30, 31) എന്നു് കുട്ടികൃഷ്ണമാരാരെപ്പോലൊരു വിമർശകൻ എഴുതിപ്പിടിച്ചാൽ മറ്റെന്താണു് പറയുക!
കുഞ്ചൻ നമ്പ്യാരുടെ ഹാസ്യത്തെ പരിഹാസ്യതയായിക്കാണുന്ന വിമർശകനാണു് ഉണ്ണുനീലികാരന്റെ പരിഹാസ്യതയെ ഹാസ്യമായി വ്യാഖ്യാനിക്കുന്നതു് എന്നോർമ്മിക്കണം. പരിഹാസ്യതയെ ഹാസ്യസാഹിത്യമായി തെറ്റിദ്ധരിക്കുന്ന ഈ ശീർഷാസനവീക്ഷണം ഇവിടെ സ്വന്തം പരിഹാസ്യതയുടെ മറനീക്കി വെളിച്ചത്തു് വരുന്നു.
മാരാരുടെ വിമർശനത്തിൽ അങ്ങിങ്ങായി കണ്ടുവരുന്ന കുസൃതി ഈ മുണ്ടയ്ക്കൽസന്ദേശനിരൂപണത്തിനടിയിലും ഒളിഞ്ഞിരിപ്പുണ്ടാവാം. ആ സന്ദേശകാവ്യം വ്യാഖ്യാനിക്കുകയും അതേപ്പറ്റി പഠനങ്ങളെഴുതുകയും ചെയ്ത പണ്ഡിതന്മാരെ കളിയാക്കാനാവാം ആ ‘മുഴുത്തചിരി’ കണ്ടുപിടിച്ചതു്. ആ നിലയ്ക്കു് അതൊരു മുഴുത്ത ഹാസ്യപ്രയോഗം തന്നെ!
‘ഹാസ്യസാഹിത്യ’ത്തിന്റെ അവസാനഭാഗത്തു് ഹാസ്യത്തെയും വിമർശനത്തെയും ഗ്രന്ഥകാരൻ വകതിരിക്കുന്നു: “വിമർശകനും പരദോഷപ്രഖ്യാപകനാണു്, ചിലപ്പോൾ അതിനു ഹാസ്യം കൂടി ഉപയോഗപ്പെടുത്താറുമുണ്ടു്. എന്നാൽ അയാൾ വിമൃശ്യവിഷയം വിട്ടു് അതിശയോക്തിയിലേക്കു ഒരടിവെച്ചുകഴിഞ്ഞാൽ അയാൾ സ്വധർമ്മം ലംഘിച്ചുകഴിഞ്ഞു.” (പു. 125)
ഇതു് വായിച്ചാൽ തോന്നും ഹാസ്യസാഹിത്യകാരനു് ഗ്രന്ഥകാരൻ അതിശയോക്തി അനുവദിച്ചുകൊടുത്തുവെന്നു്, പക്ഷേ, മേൽ വിശദീകരിച്ചതുപോലെ, അതിശയോക്തിയാണു് ചിരിയുടെ സാംസ്കാരികമൂല്യം തകർക്കുന്ന ഘടകങ്ങളിലൊന്നു് എന്നു് ഗ്രന്ഥത്തിലുടനീളം വാദിക്കുന്നുണ്ടദ്ദേഹം ഈ വാക്യത്തിലെ പരിഹാസം തന്നെ നോക്കൂ: “അതിശയോക്തികൊണ്ടു വളം വെയ്ക്കാതെ ഹാസ്യസാഹിത്യം പരക്കെ രസിയ്ക്കാമ്മാറ് മുറ്റിത്തഴക്കാറില്ലല്ലോ.” (പു. 31)
പരസ്പരവൈരുദ്ധ്യത്തിലേക്കു് തലകുത്തിവീഴുന്ന ഈ ഹാസ്യവിമർശനവിഭജനം ഫലത്തിൽ പാഴ്‌വേലയായിത്തീരുന്നു.
വിമർശിക്കുന്നവന്റെയും പരിഹസിക്കുന്നവന്റെയും ലക്ഷ്യം ഒന്നാണു്. പലപ്പോഴും പരിഹാസം വിമർശത്തിന്റെ ആയുധമായിത്തീരാറുമുണ്ടു്. ഇപ്പറഞ്ഞതിനു ഹാസ്യസാഹിത്യമടക്കമുള്ള മാരാർ കൃതികൾ തന്നെ തെളിവുതരും. ആ പരിഹാസത്തിനിടയ്ക്കൊന്നും താനെഴുതിയ കവിതകളെക്കുറിച്ചു് (നിഴലാട്ടം, 1946) അദ്ദേഹത്തിനു് ആലോചന പോയിട്ടില്ല. അതിന്റെ ആവശ്യവുമില്ല എന്നു വെയ്ക്കുക. പക്ഷേ, ആരെങ്കിലും ഒന്നു് തിരിഞ്ഞുനിന്നു് ഈ കളിയാക്കിയ രചനകളൊക്കെ താങ്കളുടേതായി സങ്കൽപിച്ചാലും ഇങ്ങനെയൊക്കെ കളിയാക്കുമോ എന്നു ചോദിച്ചാൽ ചുറ്റിയതുതന്നെ!
ഇതിവിടെ എടുത്തുപറയാൻ കാര്യമുണ്ടു് വെണ്മണിയുടെ ഒരു പരിഹാസ ശ്ലോകം ഉദ്ധരിച്ചിട്ടു് മാരാർ പറയുകയാണു്: “വെണ്മണി, സ്വന്തം മഹനു് കവിതാസമർത്ഥ്യം പോരാ എന്നു തോന്നിയാൽ ആ മഹനേയും അകത്തുള്ളാളേയും കൂട്ടി ആ വിധം ശ്ലോകമുണ്ടാക്കുമായിരുന്നെങ്കിലേ മേലുദ്ധരിച്ച ശ്ലോകം എഴുതാമായിരുന്നുള്ളു.” (പു. 118)
ഇതാണു് അളവുകോലെങ്കിൽ പരിഹസിക്കുവാനും വിമർശിക്കുവാനും പിന്നെ ആളു ബാക്കികാണുമോ?
ഇതെല്ലാം കാണിക്കുന്നതു് വ്യക്തിപരിഹാസത്തെ കടന്നാക്രമിക്കുകയാണു് ഗ്രന്ഥകാരന്റെ ലക്ഷ്യം എന്നു മാത്രാമാണു്: “വ്യക്തിയെ ഉദ്ദേശിച്ചു ഹാസ്യകൃതിയെഴുതുന്ന ആളുടെ ഉദ്ദേശ്യം ആ വ്യക്തിയെ സംസ്കരിക്കുകതന്നെയാണോ” (പു. 124) എന്നു് അതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പോലും അദ്ദേഹം സംശയിച്ചിട്ടുണ്ടു്. പക്ഷേ, വ്യക്തി പരിഹാസത്തെ തള്ളിപ്പറയുന്നതിലൂടെ ഹാസ്യത്തെ ‘ശുദ്ധീ’കരിക്കുവാനുള്ള ശ്രമം, പരിഹാസത്തെയും ഹാസത്തെയും പൂർണ്ണമായും വേർതിരിക്കുവാനുള്ള വിഫലശ്രമമാണു്. ‘സാഹിത്യത്തിന്റെ പുഞ്ചിരി’യിൽ സഞ്ജയൻ പ്രസ്താവിച്ചതുപോലെ “പരിഹാസവും ഹാസവും തമ്മിൽ അവിച്ഛിന്നമായ ഒരു ബന്ധമുണ്ടെന്നു് ആ വെറും രണ്ടു പദങ്ങൾതന്നെ വിളിച്ചുപറയുന്നുണ്ടല്ലോ.” (സാഹിത്യനികഷം—രണ്ടാംഭാഗം, 1949)
ഈ പറയുന്നതൊക്കെ നിത്യജീവിതത്തിലെ ചിരിയെക്കുറിച്ചും സാഹിത്യത്തിലെ സർവ്വസാധാരണമായ ഹാസ്യത്തെക്കുറിച്ചുമാണു്; കുട്ടികൃഷ്ണമാരാരു് ആലോചിച്ചതും പറഞ്ഞതുമാകട്ടെ ആദ്ധ്യാത്മികഹാസ്യത്തെക്കുറിച്ചും—അതുരണ്ടും ഭിന്നമല്ലേ എന്നൊരു മറുയുക്തി ഇവിടെ ആർക്കും തോന്നാം.
വാസ്തവം. ‘ഹാസ്യസാഹിത്യ’ത്തിൽ ആലോചിച്ചതു് ഹാസ്യത്തിനു് കല്പിക്കാവുന്ന നിരവധി വകഭേദങ്ങളിൽ ഒന്നുമാത്രമായ ആദ്ധ്യാത്മിക ഹാസ്യത്തെക്കുറിച്ചാണു്. തർക്കമില്ല. പക്ഷേ, ആ ഒരിനമേ ശുദ്ധമായുള്ളൂ, അതു മാത്രമേ ഹാസ്യമാവൂ എന്നു സിദ്ധാന്തിച്ചുകളഞ്ഞേടത്താണു് പ്രശ്നം. മറ്റു മലയാളികളെപ്പോലെ പൊട്ടിച്ചിരിക്കുവാൻ മാരാർക്കു് ഇഷ്ടമില്ല. പുഞ്ചിരിക്കാനേ ഇഷ്ടമുള്ളൂ. ആ പുഞ്ചിരിതന്നെ തെളിഞ്ഞുകിട്ടാൻ പണി. ആ തെളിയൽതന്നെ പലപ്പോഴും ആദ്ധ്യാത്മികതയുടെ ഉദയത്തിലുമാണു്. തന്റെ ‘ശുദ്ധഹാസ്യസങ്കല്പം’ വിശദീകരിക്കവെ, അദ്ദേഹം തന്നെ എഴുതിയിട്ടുണ്ടു്: “പ്രകൃത്യാ ദുർഗ്രഹമാണീ ഹാസ്യം… അതു മുമ്പിലിക്കുന്ന ആൾക്കു കാണാമ്മാറു നിങ്ങളുടെ മുഖത്തു സ്ഫുരിച്ചു എന്നുവരാം സ്ഫുരിച്ചില്ലെന്നു വരാം.” (പു. 32, 33)
നർമ്മബോധത്തിന്റെ കാര്യത്തിൽ താൻ “ജന്മനാ ദരിദ്രനാണു്” എന്നു് പുസ്തകത്തിന്റെ മുഖവുരയിൽ മാരാരു് സങ്കടപ്പെട്ട കാര്യം ഒരു യാഥാർത്ഥ്യം എന്ന നിലയിൽ ഇവിടെ വായനക്കാരനു് അനുഭവപ്പെടുന്നു. മാരാരുടെ പല സാഹിത്യാഭിപ്രായങ്ങൾക്കും സാധിച്ചതുപോലെ ചലനങ്ങളുണ്ടാക്കുവാൻ ഈ ഹാസ്യസാഹിത്യസിദ്ധാന്തത്തിനു കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.
പരസ്പരവൈരുദ്ധ്യങ്ങളും ദൗർബ്ബല്യങ്ങളും നിറഞ്ഞ തന്റെ ഹാസ്യസിദ്ധാന്തത്തിനു് മഹാഭാരതത്തെത്തന്നെ ഉദാഹരണമാക്കിയേടത്തു് കുട്ടികൃഷ്ണമാരാരുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത കാണാം. സിദ്ധാന്തം തന്റേതായതുകൊണ്ടു് അതിനു പിൻചെല്ലുവാൻ സ്വന്തം ആവനാഴിയിലെ ദിവ്യാസ്ത്രമായ മഹാഭാരതം തന്നെ തൊടുത്തുവിട്ടു!

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.