ഒരു സാഹിത്യകൃതിയുടെ പരിഭാഷകനു മൂന്നു് ഉദ്ദേശ്യങ്ങൾ മുൻനിർത്തി തന്റെ ജോലി നിർവ്വഹിക്കാം. മൂലഗ്രന്ഥകാരൻ തന്റെ ഭാഷയിൽ പറഞ്ഞിട്ടുള്ളതു മുഴുവനും നല്ലതായ തർജ്ജിമ ഭാഷാശൈലിയിൽ പകർത്തുന്നതാണു് ഇവയിലൊന്നു്. രണ്ടാമത്തേതു മൂലഗ്രന്ഥകാരൻ പറഞ്ഞിട്ടുള്ളതിന്റെ സാരത്തെ കഴിയുന്നിടത്തോളം പൂർണ്ണമായി തർജ്ജിമ ഭാഷാവായനക്കാരനെ ധരിപ്പിച്ചു രസിപ്പിക്കുന്നതാകുന്നു. മൂലഗ്രന്ഥകാരനു തർജ്ജിമഭാഷ മാതൃഭാഷയായിരുന്നുവെങ്കിൽ, അദ്ദേഹം പറയുമായിരുന്നതിനെ, ഇതിന്റെ വീക്ഷണകോടിയിൽനിന്നു തെല്ലും വ്യതിചലിക്കാതെയും, ഇതിന്റെ ഭാഷാരീതിയിൽനിന്നു് അധികം വ്യതിചലിക്കാതെയും, നിർമ്മിക്കുന്നതാണു് മൂന്നാമത്തെ ഉദ്ദേശ്യം. ഈ മൂന്നു് ഉദ്ദേശ്യങ്ങൾ പുരസ്ക്കരിച്ചു പുറപ്പെടുന്ന പരിഭാഷകൾക്കു യഥാക്രമം സൂക്ഷ്മപരിഭാഷ, സ്വതന്ത്രപരിഭാഷ, തത്വാനുരൂപപരിഭാഷ എന്ന പേരുകൾ നൽകാം. പ്ലേറ്റോവിന്റെ ‘റിപ്പബ്ലിക്’ എന്ന കൃതിയെ ഡേവിസ്, വാൻ, എന്നിവർ ഗ്രീക്കിൽനിന്നു് ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തിയിട്ടുള്ളതു്, ശ്രീ. നാലപ്പാട്ടി ന്റെ ‘പാവങ്ങൾ’ എന്നിവയെ സൂക്ഷ്മപരിഭാഷയ്ക്കു് ഉത്തമോദാഹരണങ്ങളായി എടുത്തു കാണിക്കാം. ഹോമറിന്റെ മഹാകാവ്യങ്ങളെ മഹാകവി പോപ്പ് ഗ്രീക്കിൽനിന്നു് ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തിയിട്ടുള്ളതു്, ശ്രീ: ചങ്ങമ്പുഴ യുടെ ‘ദിവ്യഗീതം’, ഇദ്ദേഹത്തിന്റെ ‘ദേവഗീത’ എന്നിവ സ്വതന്ത്രപരിഭാഷയ്ക്കു് ഉത്തമദൃഷ്ടാന്തങ്ങളാണു്. ഒമർഖയാമി ന്റെ ‘റൂബായിയാത്തി’നെ പേർസ്യനിൽനിന്നു ഫിറ്റ്സ് ജീറാൾഡ് ഇംഗ്ലീഷിലേയ്ക്കു പരിഭാഷ ചെയ്തിട്ടുള്ളതു തത്വാനുരൂപപരിഭാഷയ്ക്കു് ഒരു ഉത്തമദൃഷ്ടാന്തമല്ലെങ്കിലും, അതിനെ ഇതിന്റെ സാമാന്യമായ പോക്കിനെ ഉദാഹരിക്കുവാൻ ഉദ്ധരിക്കാവുന്നതാണു്. ബെൻജാൺസി ന്റെ ‘വോൽപോൻ’ എന്ന നാടകത്തിനു സ്റ്റിഫാൻ സ്വെയിഗ്, ജൂലിയസ് റൊമെയിൻസ് എന്നീ സാഹിത്യകാരന്മാർ ചെയ്തിട്ടുള്ള പരിഭാഷകളെ മൂന്നാമത്തെ തരത്തിനു് ഉത്തമോദാഹരണങ്ങളായി പ്രസ്താവിക്കാം.
പ്രസ്തുത വിഭിന്നരീതികളുടെ ശ്രേഷ്ഠതയെപ്പറ്റി സാഹിത്യകാരന്മാർ അവരവരുടെ രുചിഭേദങ്ങളനുസരിച്ചു വിഭിന്നാഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടു്. രാജ്യക്കാരെ സംബന്ധിച്ചിടത്തോളം, ഫ്രഞ്ചുകാർക്കു സ്വതന്ത്ര പരിഭാഷയോടും, റഷ്യക്കാർക്കു സൂക്ഷ്മ പരിഭാഷയോടുമാണു് പ്രിയം. ഈ മൂന്നു പരിഭാഷാരീതികളെപ്പറ്റിയുള്ള ഭിന്നാഭിപ്രായങ്ങളിൽ ഒരുതരത്തെ ഇവിടെ ഉദാഹരിക്കാം. ഹിലെയർ ബെല്ലോക്ക് എന്ന ഇംഗ്ലീഷ് സാഹിത്യകാരന്റെ അഭിപ്രായമാണിതു്.
“മൂലകൃതിയുടെ ഭാഷാശൈലിയെക്കുറിച്ചു ഗാഢമായ ജ്ഞാനം ഒരു പരിഭാഷകനു് അപരിത്യാജ്യമല്ലെങ്കിലും, അതിന്റെ വീക്ഷണകോടിയോടു് അയാൾക്കു് ഗാഢമായ അനുഭാവമുണ്ടായിരുന്നേ മതിയാവൂ. ഇതിനെക്കാളധികം പ്രാധാന്യമുള്ള സാമർത്ഥ്യമാകുന്നു മൂലകൃതിയുടെ ആത്മാവു പരിഭാഷയിലും ജന്മമെടുത്തിരിക്കണമെന്നുള്ളതത്രേ പരിഭാഷയുടെ രണ്ടാമത്തെ മൗലികതത്വം. മൂലകൃതിയിലെ പദങ്ങളെ ബലികഴിച്ചും ആത്മാവിനെ പകർത്തുന്നതിനാണു് ഒരു നല്ല പരിഭാഷകൻ മനഃപൂർവ്വം ശ്രമിക്കേണ്ടതു്. പരിഭാഷകനുംകൂടി ഒരു സ്വതന്ത്രസ്രഷ്ടാവായിരിക്കണമെന്നാണു് പ്രായേണ ഇതിന്റെ അർത്ഥം. അദ്ദേഹത്തിനു സ്വന്തമായ നിർമ്മാണശക്തി വേണ്ടതാണു്. പരിഭാഷയ്ക്കു പുറമേ, ഒരു നല്ല പരിഭാഷകൻ ഒരു ഒന്നാംതരം സാഹിത്യകാരനായി ഭവിക്കുന്നതു നാം മിക്കപ്പോഴും കാണാറില്ലെന്നുള്ളതു വാസ്തവം തന്നെ. പഴയ ഫ്രഞ്ചിൽനിന്നു ‘ട്രിസൂവും ഇസെയുൽത്തും’ എന്ന കൃതി ആധുനികഫ്രഞ്ചിലേയ്ക്കു ബെദിയർ പരിഭാഷ ചെയ്തിട്ടുള്ളതു്, റാബലേയുടെ കൃതിയുടെ ആദിഭാഗങ്ങൾ ഫ്രഞ്ചിൽനിന്നു് ഇംഗ്ലീഷിലേയ്ക്ക് ഉർക്കുഹാർട്ട് ഭാഷാന്തരം ചെയ്തിട്ടുള്ളതു്, നോർസ് കഥകൾ ഡാസന്റ് ഇംഗ്ലീഷിൽ തർജ്ജിമചെയ്തിട്ടുള്ളതു്, ഹോമറിൽ നിന്നുള്ള കഥകൾ ചർച്ച് ഇംഗ്ലീഷിലാക്കിയിട്ടുള്ളതു്, എന്നിവ ഇത്തരം പരിഭാഷയ്ക്കു ദൃഷ്ടാന്തങ്ങളാണു്. ഈ നാലു സാഹിത്യകാരരും ഒന്നുപോലെ, തങ്ങൾ പരിഭാഷ മുഖേന നേടിയ വിജയം സ്വതന്ത്രകൃതികളിലൂടെ നേടിയിരുന്നില്ല. ഇവർ മൂലകൃതിയെ പകർത്തുകയല്ല, എടുത്തു മാറ്റിവയ്ക്കുകയാണു് ചെയ്തതു് എന്നുള്ളതിലാണു് ഇവരുടെ മഹത്വം സ്ഥിതിചെയ്യുന്നതു്. തങ്ങൾ ദർശിച്ചതിനെ മറ്റുള്ളവരുംകൂടി കാണുവാനായി വേണ്ടതെല്ലാം മഹാന്മാരായ ചരിത്രകാരന്മാർ ചെയ്യുന്നതുപോലെയാണു് ഇവരും പ്രവർത്തിച്ചിട്ടുള്ളതു്. പണ്ടത്തെ ഒരാളുടെ ആത്മാവിനെ തന്റെ ആത്മാവിലൂടെ പ്രേക്ഷകർക്കു കാണിച്ചുകൊടുക്കുമ്പോൾ, ഒരു മഹാനടൻ എന്തുചെയ്യുന്നുവോ, അതാണു് ഇവരും ചെയ്തിട്ടുള്ളതു്. എന്നാലും ലോകത്തിലെ ഉത്തമപരിഭാഷകരിൽ ചിലർ സൂക്ഷ്മപരിഭാഷയാണു് സ്വീകരിച്ചിരുന്നതെന്നും കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. എബ്രായബൈബിളിനെ ലത്തീൻഭാഷയിലേയ്ക്കു സെന്റ് ജെറോം പരിഭാഷ ചെയ്തതു്, ബൈബിളിന്റെ പഴയ നിയമത്തെ ജെയിംസ് ഒന്നാമന്റെ കാലത്തു് ഇംഗ്ലീഷിലേയ്ക്കു് തർജ്ജമ ചെയ്തതു്, എന്നിവ ഇതിനു് ഉദാഹരണങ്ങളാണു്. മൂലകൃതിയെ സംബന്ധിച്ചുള്ള പരിഭാഷകരുടെ വികാരതീക്ഷ്ണതയാണു് ഇവയുടെ വിജയത്തിനു കാരണം. ഇതു് ആകസ്മികമായ ഒന്നാണു്. ഇതു് എല്ലാ പരിഭാഷകർക്കും ഉണ്ടാകുന്നതല്ല. മനഃപൂർവ്വമായി ശ്രമിച്ചാലും, ഇത്തരം ഉത്തമങ്ങളായ സൂക്ഷ്മപരിഭാഷകൾ നിർമ്മിക്കുവാൻ സാധിക്കുന്നതുമല്ല.”
ശ്രീ: കെ. എ. പാളിന്റെ പ്രകൃതകൃതി ഏഴു വിശ്വസാഹിത്യചെറുകഥകളുടെ പരിഭാഷയാണു്. മൂന്നു ഫ്രഞ്ച്, ഒരു പോലിഷ്, ഒരു ജപ്പാനീസ്, ഒരു ചീന, ഒരു അമേരിക്കൻ എന്നീ ഏഴു ചെറുകഥകൾ ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. പരിഭാഷാരീതിയെക്കുറിച്ചു ഗ്രന്ഥകാരൻ മുഖവുരയിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു: “പ്രസിദ്ധങ്ങളായ വിശ്വകഥകൾ ഉൾക്കൊള്ളുന്ന വിവിധങ്ങളായ ദേശീയ സംസ്ക്കാരങ്ങളുടേയും ആചാരങ്ങളുടേയും സാരാംശങ്ങൾ കളയാതെതന്നെ അവയെ ഒന്നുരുക്കിത്തെളിച്ചു സാമാന്യം സ്വതന്ത്രമായി എഴുതിയിട്ടുള്ളതാണു് ഈ വിശ്വകഥകൾ മിക്കതും.” സ്വതന്ത്രപരിഭാഷയാണു് താൻ സ്വീകരിച്ചിട്ടുള്ളതു് എന്നു് ഗ്രന്ഥകാരൻ. ഇതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ടെന്നാണു് എന്റെ അഭിപ്രായം. ശ്രീ: പാളിന്റെ ഭാഷാരീതി പ്രസന്നവുമാണു്.
വീരം, ഭയാനകം, അത്ഭുതം, ആക്ഷേപഹാസം, ‘ഫൺ’ എന്നു ഇംഗ്ലീഷിൽ പേരുള്ള തരം ഹാസം, എന്നീ രസങ്ങൾ അടങ്ങിയ കഥകളാണു് ഈ സമാഹാരത്തിലുള്ളതു്. ‘നിലയറയിൽ’ എന്ന ഫ്രഞ്ച് കഥയിലും, ‘ചക്രവർത്തിനി’ എന്ന ജപ്പാനീസ് കഥയിലും വീരരസം കാണാം. ഒരു പോലിഷ് ചെറുകഥാകാരിയുടെ കേൾവികേട്ട കൃതിയായ ‘കല്യാണഗാനം’ എന്നതു ഭയാനകരസം ഉൾകൊള്ളുന്നു. അത്ഭുത രസമാണു് ‘രാജകുമാരി’ എന്ന ചീനസ്വപ്നകഥയിൽ കാണുന്നതു്. ജൂലിയസ് ലെമെയിറ്റർ എന്ന നാടകകർത്താവും കഥാകാരനുമായ ഫ്രഞ്ചുകാരന്റെ സുവിദിതകൃതിയായ ‘പുറംപൂച്ചുകൾ’ എന്നതിലും, ‘അമ്മാവൻപോലും’ എന്ന ഫ്രഞ്ചുകഥയിലും ആക്ഷേപഹാസം കാണാം. ‘പുറംപൂച്ചുകൾ’ പാരസികമഹാകവി ഫിർദൗസിയുടെ ശവസംസ്ക്കാരത്തെപ്പറ്റി എഴുതിയതാണെന്നു കഥയിൽ പറയുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ഫ്രഞ്ചുമഹാകവി വിക്ടർ യൂഗോ യുടെ ശവസംസ്ക്കാരത്തെക്കുറിച്ചാണു് ലെമെയിറ്റർ ഇതു രചിച്ചിരുന്നതു്. ‘പുലിവാലായോ’ എന്ന അമേരിക്കൻകഥയിൽ ‘ഫൺ’ എന്നതരം ഹാസ്യം കാണാം.
ഒരു ‘ക്ലാസിക്കി’നെ (പഴയ മഹാകൃതിയെ) രണ്ടു വീക്ഷണകോടികളിൽനിന്നു ദർശിക്കാം. അതു ഗ്രന്ഥകാരന്റെ സമകാലീനർക്കുവേണ്ടി രചിച്ചതു്, അതു ഭാവിതലമുറകൾക്കുംകൂടിയായി രചിച്ചതു്, എന്നതത്രേ ഇവ. ഇന്നു് അവ നിലനില്ക്കുന്നതു നിമിത്തം രണ്ടാമത്തെ വീക്ഷണകോടിക്കും നല്ല ന്യായമുണ്ടു്. പ്രകൃതഗ്രന്ഥത്തിലെ കഥകളിൽ പലതും ഇന്നുള്ളവർക്കു് അവയുടെ വിഷയത്തിൽ താൽപര്യം തോന്നണമെന്നുള്ള വിചാരസഹിതം ഗ്രന്ഥകാരൻ തിരഞ്ഞെടുത്തിട്ടുണ്ടു്. ഇതും ശ്ലാഘനീയമാണു്. ‘നിലയറയിൽ’, ‘ചക്രവർത്തിനി’ എന്നിവ ഝാൻസിറാണി റെജിമെന്റിന്റെ വീരകൃത്യങ്ങൾ കൺമുമ്പിൽ നില്ക്കുന്ന ഇന്നുള്ളവർക്കു രുചിക്കും. ‘ചക്രവർത്തിനി’ എന്നതിൽ പണ്ടത്തെ ജപ്പാൻകാരുടേയും ഇന്നത്തെ ജപ്പാൻകാരുടേയും സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിക്കുന്ന പൊടിക്കയ്യു പ്രയോഗിച്ചു ശ്രീ പാൾ കഥയിൽ ഇന്നുള്ളവരുടെ താൽപര്യം വർദ്ധിപ്പിച്ചിരിക്കുന്നു. അമേരിക്ക ഇന്നത്തെ മഹാശക്തികളിൽ മുന്നിട്ടുനിൽക്കുന്നതു നിമിത്തം, ഇതിനു കാരണമായ അമേരിക്കക്കാരുടെ ധനോല്പാദനകെല്പിന്റെ ഒരു ന്യൂനത ചൂണ്ടിക്കാണിക്കുന്ന ‘പുലിവാലായോ’ എന്ന കഥ ഇന്നുള്ളവരെ ആകർഷിക്കുന്നതാണു്. യഥാർത്ഥമായ ജനകീയ സാഹിത്യം രചിക്കാതെ, റൊമാന്റിക്കും ക്ലാസിക്കും പ്രസ്ഥാനകൃതികൾ രചിച്ചുവരുന്ന മഹാകവികൾക്കു മരണാനന്തരം വരുന്ന വിസ്മൃതി ധ്വനിപ്പിക്കുന്ന ‘പുറംപൂച്ചുകൾ’ എന്ന കഥയിൽ, പുരോഗമനസാഹിത്യപ്രസ്ഥാനവും ഇതരപ്രസ്ഥാനങ്ങളും തമ്മിൽ പടവെട്ടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിലെ വായനക്കാർക്കു പ്രത്യേക കൗതുകം ജനിക്കാതെയിരിക്കുന്നതല്ല.
ഗ്രന്ഥകർത്താ: കെ. ഏ. പാൾ
(കെ. ഏ. പാളിന്റെ പരിഭാഷയ്ക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)