SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-01-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Gshankarakurup.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്

പ­ച്ച­നി­റ­മാർ­ന്ന സ്ഫ­ടി­ക­മൂ­ടു­പ­ട­ത്തി­ലൂ­ടെ­ത­ന്നെ നോ­ക്കി പു­ഞ്ചി­രി­പൊ­ഴി­ക്കു­ന്ന കൊ­ച്ചു­സു­ന്ദ­രി— വി­ദ്യു­ച്ഛ­ക്തി­കൊ­ണ്ടു ക­ത്തു­ന്ന റ്റെ­യ്ബിൾ ലാംപ്—ചാ­രി­ത്ര­ശാ­ലി­നി­യാ­ണെ­ന്നു മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ഒ­രി­ക്ക­ലെ­ഴു­തി­യ­താ­യി എ­നി­ക്കു് ഓർ­മ്മ­യു­ണ്ടു്. തൊ­ട്ടാൽ, തൊ­ടു­ന്ന­വ­നെ അവൾ ഭ­സ്മ­മാ­ക്കി­ക്ക­ള­യും. ന­മു­ക്കു് ഉ­പ­കാ­രം ചെ­യ്യു­ന്ന, ന­മ്മ­ളോ­ടു സൗ­ജ­ന്യ­മാ­ധു­ര്യം കാ­ണി­ക്കു­ന്ന അ­ചേ­ത­ന­വ­സ്തു­ക്ക­ളോ­ടും ക­രു­ത­ലോ­ടെ വേണം നമ്മൾ പെ­രു­മാ­റാൻ. വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് ഒരു വ­ന­മ­ദ്ധ്യ­ത്തി­ലൂ­ടെ കാറിൽ സ­ഞ്ച­രി­ക്കു­മ്പോൾ ഒരു ഭാ­ഗ­ത്തു­ള്ള അ­ത്യ­ഗാ­ധ­ത­യി­ലേ­ക്കു ഡ്രൈ­വർ നോ­ക്കി­യ­പ്പോൾ “ഡ്രൈ­വർ അ­ങ്ങോ­ട്ടു­നോ­ക്ക­രു­തു്. മുൻ­പോ­ട്ടു മാ­ത്ര­മേ നോ­ക്കാ­വൂ” എ­ന്നു് കാ­റി­ലു­ണ്ടാ­യി­രു­ന്ന ഒരാൾ നിർ­ദ്ദേ­ശി­ച്ച­തു ഞാൻ കേ­ട്ടു. ശ­രി­യാ­ണു്. ന­മ്മു­ടെ ഇ­ച്ഛ­യ്ക്ക­നു­സ­രി­ച്ചു് കാറ് എ­ങ്ങോ­ട്ടു വേ­ണ­മെ­ങ്കി­ലും ഓ­ടി­ക്കാം. പക്ഷേ, അതിനെ നി­യ­ന്ത്രി­ച്ചി­ല്ലെ­ങ്കിൽ മരണം സം­ഭ­വി­ക്കും. നമ്മൾ വാ­ഹ­ന­ത്തെ നി­യ­ന്ത്രി­ക്കു­ന്ന­തു­പോ­ലെ അതും ന­മ്മ­ളോ­ടു ആ­ത്മ­നി­യ­ന്ത്ര­ണം പാ­ലി­ക്കാൻ ആ­വ­ശ്യ­പ്പെ­ടു­ന്നു. മൂ­ക­മാ­യ ആ ഭാഷ ശ്ര­ദ്ധി­ച്ചി­ല്ലെ­ങ്കിൽ നമ്മൾ പി­ന്നെ കാ­ണി­ല്ല ഈ ലോ­ക­ത്തു്. സ്വി­ച്ച് ഇ­ട്ടാൽ റ്റെ­യ്ബിൾ ഫാൻ ക­റ­ങ്ങും. തെ­ല്ല­ക­ലെ­യി­രു­ന്നാൽ സു­ഖ­പ്ര­ദ­മാ­യ കാ­റ്റു് അതു പ്ര­ദാ­നം ചെ­യ്യും. എ­ന്നാൽ നനഞ്ഞ ത­ല­മു­ടി ഉ­ണ­ക്കാ­നാ­യി അതിനു തൊ­ട്ട­ടു­ത്തു് ഇ­രു­ന്നാൽ? അ­ങ്ങ­നെ ഇ­രു­ന്ന എ­ത്ര­യെ­ത്ര സ്ത്രീ­ക­ളെ­യാ­ണു് അതു ത­ല­മു­ടി­യിൽ പി­ടി­ച്ചു­വ­ലി­ച്ചു് അ­ക­ത്താ­ക്കി കാ­ല­നൂർ­ക്കു് അ­യ­ച്ചി­ട്ടു­ള്ള­തു്. അ­ചേ­ത­ന­വ­സ്തു­ക്ക­ളും ന­മ്മ­ളെ ഭ­രി­ക്കു­ന്നു. പക്ഷേ, സാ­ഹി­ത്യ­കൃ­തി­ക­ളോ­ടു ന­മു­ക്കു് എ­ന്തു­മാ­കാം. അവയെ പീ­ഡി­പ്പി­ക്കാം, ദ­ണ്ഡി­ക്കാം. ഒ­ര­ക്ഷ­രം­പോ­ലും അതു് എ­തിർ­ത്തു പ­റ­യു­ക­യി­ല്ല. തെ­ളി­വു വെ­ണ­മെ­ങ്കിൽ ശ്രീ. എം. പി. ശ­ങ്കു­ണ്ണി­നാ­യർ എ­ഴു­തി­യ “ഛ­ത്ര­വും ചാ­മ­ര­വും” എന്ന പു­സ്ത­കം വാ­യി­ച്ചു നോ­ക്കി­യാൽ മതി. മ­നു­ഷ്യ­രെ നി­മി­ഷം തോറും ഉ­ന്ന­മി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കാ­ളി­ദാ­സ ന്റെ മേ­ഘ­സ­ന്ദേ­ശാ ദി­കാ­വ്യ­ങ്ങ­ളെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ജ്ഞ­ങ്ങ­ളാ­യ നാ­ട­ക­ങ്ങ­ളെ­യും ശ­ങ്കു­ണ്ണി­നാ­യർ ഇ­ടി­ക്കു­ന്നു. ച­വി­ട്ടു­ന്നു. പീ­ഡി­പ്പി­ക്കു­ന്നു. ദ­ണ്ഡി­ക്കു­ന്നു. ഹേ­മി­ക്കു­ന്നു. (വലിയ അർ­ത്ഥ­വ്യ­ത്യാ­സ­മി­ല്ല ഈ ക്രി­യാ­രൂ­പ­ങ്ങൾ­ക്കു്. ഞാ­ന­ങ്ങ് എ­ഴു­തി­യെ­ന്നേ­യു­ള്ളൂ.) ഞാ­നി­ങ്ങ­നെ പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഗ്ര­ന്ഥ­കാ­രൻ കാ­ളി­ദാ­സ­ക­വി­ത­യെ കു­റ്റം പ­റ­യു­ക­യാ­ണെ­ന്നു ക­രു­ത­രു­തു്. അ­ദ്ദേ­ഹം അതിനെ ലാ­ളി­ക്കു­ക­യും പ്ര­ശം­സി­ക്കു­ക­യും നെ­ഞ്ചോ­ടു ചേർ­ക്കു­ക­യും ത­ന്നെ­യാ­ണു് ചെ­യ്യു­ന്ന­തു്. പക്ഷേ, ചി­ല­രു­ടെ ലാ­ളി­ക്ക­ലും പ്ര­ശം­സി­ക്ക­ലും ക്രൂ­ര­മാ­കാ­റു­ണ്ട­ല്ലോ. കു­ഞ്ഞി­നോ­ടു­ള്ള സ്നേ­ഹം കാ­ണി­ക്കാൻ അ­തി­നെ­യെ­ടു­ത്തു പൊ­ക്കി­യെ­റി­യു­ക; താ­ഴോ­ട്ടു­വ­രു­മ്പോൾ പി­ടി­ക്കു­ക ഇ­തൊ­ക്കെ ചില സം­സ്ക്കാ­ര­ര­ഹി­ത­രു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണ­ല്ലോ. ചി­ല­പ്പോൾ കൈ­പ്പി­ഴ സം­ഭ­വി­ച്ചാൽ കു­ഞ്ഞു് താ­ഴെ­വ­ന്നു­വീ­ണു ചി­ത­റി­മ­രി­ക്കും. സം­സ്ക്കാ­ര സ­മ്പ­ന്ന­രാ­യി പകൽ സ­മ­യ­ത്തു് ഇ­രി­ക്കു­ന്ന­വർ രാ­ത്രി­കാ­ല­ത്തു് കൈ­മെ­യ്മ­റ­ന്നു് പ്രി­യ­ത­മ­യെ ന­ഖ­ക്ഷ­ത­മേ­ല്പി­ച്ചു­ക­ള­യും. ക­ടി­ച്ചു­മു­റി­ക്കു­ക­യും ചെ­യ്യും. സ്നേ­ഹ­മി­ല്ലെ­ന്നു പ­റ­യാ­മോ? വയ്യ. എ­ങ്കി­ലും നൃ­ശം­സ­ത­യാ­ണു് താനും. ക­ടി­ക്കു­ന്ന പ­ല്ലു­കൾ സ­മ­മാ­യി­രി­ക്ക­ണം, യു­ക്ത­പ്ര­മാ­ണ­മാ­യി­രി­ക്ക­ണം, ഛി­ദ്ര­ര­ഹി­ത­മാ­യി­രി­ക്ക­ണം, തീ­ക്ഷ്ണാ­ഗ്ര­മാ­യി­രി­ക്ക­ണം എ­ന്നൊ­ക്കെ­യാ­ണു് വാ­ത്സ്യാ­യ­ന മഹർഷി പ­റ­ഞ്ഞ­തു്. പക്ഷേ, മു­റി­ഞ്ഞ­പാ­ടു­കൾ നോ­ക്കി­യി­ട്ടു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞ­തു് പ­രു­ഷ­ങ്ങ­ളും വി­ഷ­മ­ങ്ങ­ളും ആയ പ­ല്ലു­കൾ­കൊ­ണ്ടു് കാ­ളി­ദാ­സ­ക­വി­ത­യെ ക­ടി­ച്ചു എ­ന്നാ­ണു്. (സ­മാഃ­സ്നി­ഗ്ദ്ധ­ച്ഛാ­യാ… എന്നു തു­ട­ങ്ങു­ന്ന­തും കു­ണ്ഠാ… എ­ന്നാ­രം­ഭി­ക്കു­ന്ന­തും ആയ വാ­ത്സ്യാ­യ­ന­പ്ര­സ്താ­വ­ങ്ങൾ നോ­ക്കു­ക)

ഒരു പു­സ്ത­ക­മെ­ഴു­തി­പ്പോ­യ­തി­നു് ഇ­ത്ര­വ­ള­രെ ശ­കാ­രി­ക്കേ­ണ്ട­തു­ണ്ടോ എ­ന്നു് ചി­ല­രെ­ങ്കി­ലും ചോ­ദി­ച്ചേ­ക്കും. ആ ചോ­ദ്യ­ത്തി­നു് ഉ­ത്ത­ര­മാ­യി ഇതിലെ ചില ഭാ­ഗ­ങ്ങൾ കാ­ണി­ക്ക­ട്ടെ. തു­ട­ക്ക­ത്തിൽ­ത്ത­ന്നെ ശ­ങ്കു­ണ്ണി­നാ­യർ പ­റ­യു­ന്നു: “താ­രു­ണ്യം അ­പോ­ഢ­മാ­യ­പ്പോ­ഴാ­ക­ട്ടെ, ഭം­ഗി­ക­ളാ­ലും ഭാ­വ­സ്ഥി­ര­ങ്ങ­ളാ­യ പൂർ­വ്വ­സ്മൃ­തി­ക­ളെ ഉ­ണർ­ത്തു­ന്ന­തി­നാ­ലും അ­വ­യ്ക്കു പ്രാ­ധാ­ന്യം സി­ദ്ധി­ച്ചു.” (പുറം 1) എ­ന്താ­ണു് അ­പോ­ഢ­മെ­ന്നു വാ­യ­ന­ക്കാർ ചോ­ദി­ക്കു­ന്നു­ണ്ടാ­വും. നി­ഘ­ണ്ടു കൈ­വ­ശ­മു­ണ്ടെ­ങ്കിൽ നോ­ക്കി­ക്കൊ­ള്ളു­ക. നോ­ക്കി­പ്പ­റ­യാൻ എന്റെ വീ­ട്ടിൽ നി­ഘ­ണ്ടു­വി­ല്ല. ആ വാ­ക്യം ഒ­ന്നു­കൂ­ടി നോ­ക്കു­ക. സ­മു­ച്ച­യം എ­ങ്ങ­നെ­യി­രി­ക്കു­ന്നു? “ഭം­ഗി­ക­ളാ­ലും ഉ­ണർ­ത്തു­ന്ന­തി­നാ­ലും” ഇ­ങ്ങ­നെ വി­ഭി­ന്ന­രൂ­പ­ങ്ങ­ളെ സ­മു­ച്ച­യി­ക്കാൻ സം­സ്കൃ­ത­മ­റി­യു­ന്ന­വർ­ക്ക­ല്ലേ കഴിയൂ.

ഇനി 201-ാം പു­റ­മെ­ടു­ത്താ­ലും ഇതാ: “ദു­ഷ്ഷ­ന്തൻ ശ­കു­ന്ത­ള­യെ ഓർ­ക്കു­ന്നി­ല്ല എന്നു മാ­ത്ര­മ­ല്ല, ക­ണ്വാ­ശ്ര­മ­ത്തിൽ പ­ഞ്ച­ന­ക്ഷ­ത്ര­ഹോ­ട്ട­ലി­ലെ­ന്ന­പോ­ലെ നി­വ­സി­ച്ച­തി­നെ­പ്പ­റ്റി­യോ ഗൗതമീ പ്രി­യം­വ­ദാ­ദി­ക­ളെ­പ്പ­റ്റി­യോ യാ­തൊ­ന്നും ഓർ­ക്കു­ന്നി­ല്ല. എ­ല്ലാം തന്നെ സ്ഥ­ഗി­ത­വും പി­ഹി­ത­വു­മാ­യി. മ­റ­ന്ന­തു ശ­കു­ന്ത­ള­യെ മാ­ത്ര­മ­ല്ല; ക­ണ്വാ­ശ്ര­മ­ത്തിൻ­മേൽ അ­പ്പാ­ടെ ഒരു മേ­ച­ക­ധൂ­മി­ക വീ­ണി­രി­ക്ക­യാ­ണു്. എ­ന്നാൽ മു­ഴു­ത്ത ബ്ലേ­ക്കൗ­ട്ട­ല്ല.”

241-ാം പു­റ­മെ­ടു­ക്കാം. “ഇ­തി­ലെ­ഴു­തി­യി­രി­ക്കും മാമകേ നാ­മ­ധേ­യേ പ്ര­തി­ദി­ന­മൊ­രു വർ­ണ്ണം വീ­ത­മാ­യെ­ണ്ണ­ണം നീ” എന്നു ദു­ഷ്ഷ­ന്തൻ ശ­കു­ന്ത­ള­യോ­ടു പ­റ­ഞ്ഞി­ട്ടു­പോ­യ­താ­ണു സ­ന്ദർ­ഭം. ഗ്ര­ന്ഥ­കാ­രൻ എ­ഴു­തു­ന്നു: “കി­ണ്ണം, കി­ണ്ടി, അ­ത്താ­ണി, സോഫ മു­ത­ലാ­യ­തി­ന്മേ­ലും പൊ­ട്ട­ക്ക­ഥാ­പു­സ്ത­ക­ങ്ങ­ളു­ടെ ഉൾ­ച്ച­ട്ട­മേ­ലും മ­റ്റും ലോ­ലാ­ക്ഷി­വ­ക, മണി എന്ന കു­ട്ട­പ്പൻ വക എ­ന്നി­ങ്ങ­നെ മൂ­ഢാ­ത്മാ­ക്കൾ എ­ഴു­തി­വ­യ്ക്കു­ന്ന­പോ­ലെ, പാ­ല­ത്തി­ന്മേൽ ച­ട്ട­മ്പി­രാ­ഷ്ട്രീ­യ­ക്കാ­രൻ ‘എക്സ്’ വക, പൊൻ­കോ­പ്പ­മേൽ ഉ­ദ്യോ­ഗ­സ്ഥ­നീ­ചൻ ‘വൈ’വക എ­ന്നും മ­റ്റും അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­പോ­ലെ, മോ­തി­ര­ത്തിൽ ദു­ഷ്ഷ­ന്ത­ന്റെ വക എന്നു കൊ­ത്തി­യി­രു­ന്നു എ­ന്നർ­ത്ഥം.” എ­ങ്ങ­നെ­യി­രി­ക്കു­ന്നു?

Rudyard Kipling എന്ന പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­കാ­ര­നെ രു­ദ്ര­ട ക­പി­ലിം­ഗൻ എ­ന്നാ­ണു ശ­ങ്കു­ണ്ണി­നാ­യർ വി­ളി­ക്കു­ന്ന­തു്. (പുറം 246) ശ­ങ്കു­ണ്ണി­നാ­യ­രു­ടേ­യും ന­മ്മു­ടെ­യും ഭാ­ഗ്യം. കി­പ്ളി­ങ്ങ് 1936-ൽ മ­രി­ച്ചു­പോ­യി. ഇ­ല്ലെ­ങ്കിൽ എന്റെ ലിംഗം ക­പി­യു­ടേ­തു പോ­ലാ­ണോ എന്നു സാ­യ്പ് ഇവിടെ വന്നു ചോ­ദി­ച്ചേ­നേ.

ശി­ഖ­ണ്ഡി പ്രാ­യ­മാ­യ ഈ ശൈ­ലി­യെ വി­ട്ടി­ട്ടു് ആ­ശ­യ­സാ­മ്രാ­ജ്യ­ത്തി­ലേ­ക്കു പോ­യാ­ലോ? കാ­ളി­ദാ­സ­ക­വി­ത­യി­ലേ­ക്കു വെ­ളി­ച്ചം വീ­ശു­ന്ന ഒ­ന്നും എ­നി­ക്കു കാണാൻ ക­ഴി­ഞ്ഞി­ല്ല. കാ­മാർ­ത്ത­ന്മാർ ചി­ല­പ്പോൾ പ്ര­ണ­യി­നി­യെ ക­ടി­ക്കു­ന്ന­തു വരാഹം ക­ടി­ക്കു­ന്ന­തു­പോ­ലെ­യാ­ണെ­ന്നു വാ­ത്സ്യാ­യ­നൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. കാ­ളി­ദാ­സ­ന്റെ സു­ന്ദ­രി­യാ­യ ക­വി­താം­ഗ­ന­യു­ടെ മൃ­ദു­ല­മാ­യ ക­വിൾ­ത്ത­ട­ത്തിൽ ഏ­ല്പി­ച്ച വ­രാ­ഹ­ദം­ശ­ന­മാ­ണു് ഈ ഗ്ര­ന്ഥം. ഇതിനു സാ­ഹി­ത്യ അ­ക്കാ­ഡ­മി­യു­ടെ സ­മ്മാ­നം ല­ഭി­ച്ച­തിൽ എ­നി­ക്ക­ത്ഭു­ത­മി­ല്ല. പക്ഷേ, ഉ­ത്ക്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ മാ­ത്രം പ്ര­സാ­ധ­നം ചെ­യ്യു­ന്ന മാ­തൃ­ഭൂ­മി പ്ര­സാ­ധ­കർ ഇതു് അ­ച്ച­ടി­ച്ചു വി­ട്ട­തിൽ എ­നി­ക്കു വലിയ അ­ദ്ഭു­ത­മു­ണ്ടു്.

കല ഏതു്?
images/AnaisNin.jpg
അനൈസ് നീൻ

ഏ­താ­ണ്ടു് ഇ­രു­പ­ത്ത­ഞ്ചു­കൊ­ല്ലം മുൻ­പു് അനൈസ് നീനി ന്റെ അ­ശ്ലീ­ല­ര­ച­ന­കൾ—Delta of Venus, Little Birds—എ­ന്തൊ­രു ആർ­ത്തി­യോ­ടെ­യാ­ണു ഞാൻ ഉ­റ­ക്ക­മി­ള­ച്ചി­രു­ന്നു വാ­യി­ച്ച­തു്. ഇ­ന്നു് അവ വീ­ണ്ടു­മെ­ടു­ത്തു വാ­യി­ക്കു­മ്പോൾ എ­നി­ക്കു വ­ല്ലാ­ത്ത മ­ടു­പ്പു് ഉ­ണ്ടാ­കു­ന്നു. ഒരു പ്രാ­യ­ത്തി­ലേ അ­ശ്ലീ­ല­ര­ച­ന വാ­യ­ന­ക്കാ­ര­നെ ആ­ഹ്ലാ­ദി­പ്പി­ക്കൂ. അ­തു­പോ­ലെ­യാ­ണു സ്ത്രീ­യു­ടെ ലൈം­ഗി­കാ­കർ­ഷ­ക­ത്വ­വും. ഒരു പ്രാ­യം ക­ഴി­ഞ്ഞാൽ പു­രു­ഷ­നു് അതു ഉ­ദ്ദീ­പ­ക­മാ­വു­ക­യി­ല്ല. വ­ള്ള­ത്തോ­ളി ന്റെ ‘വി­ലാ­സ­ല­തി­ക’യെ ഞാ­നി­ന്നു ദൂ­രെ­യെ­റി­യു­ന്നു. പ­ഠി­ക്കു­ന്ന­കാ­ല­ത്തു് അതു നെ­ഞ്ചി­ല­മർ­ത്തി കി­ട­ന്നി­ട്ടു­ണ്ടു് ഞാൻ. സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളു­ടെ പാ­രാ­യ­ണ­വും ഇതിനു സ­ദൃ­ശ­മ­ത്രേ. യൗ­വ­ന­കാ­ല­ത്തെ­ന്ന­പോ­ലെ ച­ങ്ങ­മ്പു­ഴ ക്ക­വി­ത ഇന്നു ആ­ഹ്ലാ­ദ­ദാ­യ­ക­മ­ല്ല എ­നി­ക്കു്. അ­ല്ലെ­ങ്കിൽ കാ­മാ­വി­ഷ്ക്കാ­ര­ത്തെ­യും സൗ­ന്ദ­ര്യം ആവരണം ചെ­യ്തി­രി­ക്ക­ണം. ഇന്നു ‘രമണൻ’ വാ­യി­ക്കാ­തെ ഞാൻ ‘പ്ര­രോ­ദ­നം’ വാ­യി­ക്കു­ന്നു.

പ്രാ­യം വ­രു­ത്തി­യ ഈ പ­രി­പാ­ക­മാ­ണോ ശ്രീ. പാ­ങ്ങിൽ ഭാ­സ്ക്ക­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ചൗ­ക്കി­ദാർ” എന്ന കഥയെ അ­ഗ­ണ്യ­കോ­ടി­യിൽ ത­ള്ളാൻ എന്നെ പ്രേ­രി­പ്പി­ക്കു­ന്ന­തു്? ബ്യൂ­റോ­ക്ര­സി­യു­ടെ ക്രൂ­ര­ത­യെ ‘പ­ശ്ചാ­ത്ത­ല’മാ­ക്കി­ക്കൊ­ണ്ടു് ഒരു പാ­വ­ത്തി­ന്റെ കഥ പ­റ­യു­ന്നു ഭാ­സ്ക­രൻ. അയാൾ ആ­ദ്യ­മാ­യി ചൗ­ക്കി­ദാർ ജോ­ലി­യിൽ പ്ര­വേ­ശി­ക്കു­ന്നു. അന്നു തന്നെ അ­യാൾ­ക്കു വേ­ണ്ട­പ്പെ­ട്ട ഒരു കു­ഞ്ഞു് പാ­മ്പു­ക­ടി­യേ­റ്റു മ­രി­ച്ചെ­ന്നു ടെ­ലി­ഫോ­ണിൽ­ക്കൂ­ടി അ­റി­യു­ന്നു. ഉ­ദ്യോ­ഗ­സ്ഥ മേ­ധാ­വി­ത്വം അയാളെ അവിടെ നി­ന്നു­വി­ടി­ല്ല. അ­ങ്ങ­നെ ത­കർ­ന്നു നി­ല്ക്കു­ന്നു പുതിയ ചൗ­ക്കി­ദാർ. വാ­യ­ന­ക്കാ­ര­ന്റെ ക­ണ്ണീർ ക­രു­തി­ക്കൂ­ട്ടി ചാ­ടി­ക്ക­ണ­മെ­ന്ന ല­ക്ഷ്യ­ത്തോ­ടു­കൂ­ടി ര­ചി­ക്ക­പ്പെ­ട്ട­തും അ­തി­ഭാ­വു­ക­ത്വ­ത്തോ­ളം എ­ത്തി­നി­ല്ക്കു­ന്ന­തു­മാ­യ ഇ­ക്ക­ഥ­യു­ടെ സർ­വ­സാ­ധാ­ര­ണ­ത്വ­മാ­കാം എന്നെ ആ­ഹ്ലാ­ദ­രാ­ഹി­ത്യ­ത്തി­ലേ­ക്കു് എ­ത്തി­ച്ച­തു്. അതല്ല, സർ­വ­സാ­ധാ­ര­ണ­ത്വം ആ­ഹ്ലാ­ദ­ദാ­യ­ക­മാ­ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ര­ച­യി­താ­വു് ജ­ന്മ­നാ ക­ലാ­കാ­ര­നാ­യി­രി­ക്ക­ണം.

images/RaymondCarver.jpg
Raymond Carver

‘ഗ്രെ­യ്റ്റ് റൈ­റ്റർ’ എ­ന്നു് നി­രൂ­പ­ക­രാൽ വാ­ഴ്ത്ത­പ്പെ­ടു­ന്ന കാർവർ (Raymond Carver, 1938–1988) ‘ലെ­മ­ണേ­ഡ്’ എ­ന്നൊ­രു ഗ­ദ്യ­ക­വി­ത എ­ഴു­തി­യി­ട്ടു­ണ്ടു്. (A New Path To The Waterfall, Last Poems, Collins Harvill—1990, £5=95, Lemonade 141-ാം പു­റ­ത്തു്) ബു­ക്ക് കെ­യ്സു­കൾ നിർ­മ്മി­ക്കാ­നാ­യി ചു­വ­രു­ക­ളു­ടെ അ­ള­വെ­ടു­ക്കാൻ ജിം എന്റെ വീ­ട്ടിൽ വ­ന്ന­പ്പോൾ അ­യാ­ളു­ടെ ഒ­രേ­യൊ­രു കു­ഞ്ഞു് വെ­ള്ളം പൊ­ങ്ങി­യ ന­ദി­യിൽ വീണു മ­രി­ക്കു­മെ­ന്നു ഞാ­ന­റി­ഞ്ഞ­തേ­യി­ല്ല. ആ­റു­മാ­സ­ത്തി­നു­ശേ­ഷം ബു­ക്ക്കെ­യ്സു­കൾ ജി­മ്മി­ന്റെ അച്ഛൻ കൊ­ണ്ടു­വ­ന്നു. മകനു വേ­ണ്ടി അച്ഛൻ എന്റെ വീടു് ചാ­യ­മ­ടി­ക്കാൻ ത­യ്യാ­റാ­യി. “ജിം എ­ങ്ങ­നെ”യെ­ന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ ക­ഴി­ഞ്ഞ വ­സ­ന്ത­ത്തിൽ മകൻ ന­ഷ്ട­പ്പെ­ട്ടു­പോ­യ അവനു ദുഃ­ഖ­ത്തിൽ നി­ന്നു ക­ര­യേ­റാൻ ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്നാ­ണു് അയാൾ പ­റ­ഞ്ഞ­തു്. ചെ­റി­യ­തോ­തിൽ മാ­ന­സി­ക­ഭ്രം­ശ­വും അവനു് ഉ­ണ്ടെ­ന്നു് തോ­ന്നു­ന്നു. ഈ­ശ്വ­രൻ ഓ­മ­ന­ത്ത­മു­ള്ള­വ­യെ­യാ­ണു് കൊ­ണ്ടു­പോ­കു­ന്ന­തു് അല്ലേ? ജി­മ്മി­ന്റെ ഭാര്യ അയാളെ പ­തി­മ്മൂ­ന്നു വി­ദേ­ശ­രാ­ജ്യ­ങ്ങ­ളിൽ കൊ­ണ്ടു­പോ­യി നോ­ക്കി. പാർ­ക്കിൻ­സൺ രോ­ഗ­വു­മാ­യി­ട്ടാ­ണു് അയാൾ തി­രി­ച്ചെ­ത്തി­യ­തു്.”

ലെ­മ­ണേ­ഡ് ഉ­ണ്ടാ­ക്കാൻ ലെമൺ വാ­ങ്ങാ­നാ­ണു് ജിം മകനെ അ­യ­ച്ച­തു്. അവൻ ന­ദി­യിൽ വീണു മ­രി­ക്കു­ക­യും ചെ­യ്തു. ഇനി മ­ക­ന്റെ മൃ­ത­ദേ­ഹം ന­ദി­യിൽ നി­ന്നു പൊ­ക്കി­യെ­ടു­ക്കു­ന്ന­തു് അച്ഛൻ മ­ന­ക്ക­ണ്ണു­കൊ­ണ്ടു­കാ­ണു­ന്ന­തി­ന്റെ വർ­ണ്ണ­ന­മാ­ണു്. തർ­ജ്ജ­മ ക­ലാ­ഹിം­സ­യാ­കു­മെ­ന്ന­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷിൽ­ത്ത­ന്നെ അ­തി­വി­ടെ കൊ­ടു­ക്ക­ട്ടെ.

“His arms are stretched out from his sides, and drops of water fly out from him. He passes overhead once more, closer now, and then returns a minute later to be deposited, ever so gently down, directly at the feet of his father. A man who, having seen everthing now-​his dead son rise from the river in the grip of metal pinchers and turn and turn in circles flying above the tree line-​would like nothing more now than just to die.”

ആ­വി­ഷ്ക­ര­ണ­ശ­ക്തി­കൊ­ണ്ടു് ഒരു കു­ട്ടി­യു­ടെ മരണം ഗ്രീ­ക്ക് ട്രാ­ജ­ഡി­യു­ടെ മ­ഹ­ത്ത്വം ആ­വ­ഹി­ക്കു­ന്നു. (പാ­ങ്ങിൽ ഭാ­സ്ക­ര­നു കാർ­വ­റു­ടെ പ്ര­തി­ഭ­യി­ല്ലെ­ന്ന­ല്ല ഞാൻ പ­റ­യു­ന്ന­തു്. ക­ല­യേ­തു് ക­ല­യ­ല്ലാ­ത്ത­തേ­തു് എന്നു വ്യ­ക്ത­മാ­ക്കു­ക­യാ­ണു്.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പ­ണ­ത്തി­നു­വേ­ണ്ടി­യ­ല്ലേ നി­ങ്ങൾ ഇ­ങ്ങ­നെ എ­ഴു­തു­ന്ന­തു്?

ഉ­ത്ത­രം: ഞാൻ എ­ഴു­തു­ന്ന­തിൽ വി­ശ്വ­സി­ക്കു­ന്നി­ല്ല. പണം ആ­വ­ശ്യ­മു­ള്ള­പ്പോൾ മാ­ത്ര­മേ ഞാൻ എ­ഴു­താ­റു­ള്ളൂ.

ചോ­ദ്യം: നി­ങ്ങൾ ബ്യൂ­ട്ടി­പാർ­ല­റിൽ പോ­കാ­ത്ത­തെ­ന്തു്?

ഉ­ത്ത­രം: കാലം വ­രു­ത്തു­ന്ന മാ­റ്റ­ങ്ങൾ­ക്കു ഒരു ബ്യൂ­ട്ടി­പാർ­ല­റി­നും ഒ­ന്നും ചെ­യ്യാ­നാ­വി­ല്ല. പു­രു­ഷ­ന്മാ­രെ­ക്കാൾ സ്ത്രീ­ക­ളാ­ണു് ഇതു കൂ­ടു­തൽ മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്.

ചോ­ദ്യം: ത­നി­ക്കു് എ­ങ്ങ­നെ മ­രി­ക്ക­ണം? ന­ക്സ­ലൈ­റ്റു­കൾ ക­ഴു­ത്ത­റു­ത്തു ചാകണോ? സാ­ഹി­ത്യ­കാ­ര­ന്മാർ ത­ല്ലി­കൊ­ല്ല­ണോ? അതോ തീ­വ­ണ്ടി­യു­ടെ മുൻ­പിൽ ചാ­ടി­മ­രി­ക്ക­ണോ?

ഉ­ത്ത­രം: എ­നി­ക്കു ഒരു രാ­ഷ്ട്രീ­യ ചി­ന്ത­യു­മി­ല്ല. അ­തു­കൊ­ണ്ടു് വി­പ്ല­വ­കാ­രി­കൾ­ക്കു് എ­ന്നോ­ടു ശ­ത്രു­ത­യി­ല്ല. സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളു­ടെ ന­ന്മ­തി­ന്മ­കൾ മാ­ത്രം എ­ടു­ത്തു­കാ­ണി­ക്കു­ന്ന എ­ന്നോ­ടു് സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു വി­രോ­ധ­മു­ണ്ടാ­കേ­ണ്ട­തി­ല്ല. ആ­ത്മ­ഹ­ത്യ ചെ­യ്യ­ത്ത­ക്ക­വി­ധ­ത്തിൽ ഇ­ന്നു­വ­രെ ഒരു ദൗർ­ഭാ­ഗ്യ­വും എ­നി­ക്കു് ഉ­ണ്ടാ­യി­ട്ടി­ല്ല. പി­ന്നെ ഭൂ­രി­പ­ക്ഷ­മാ­ളു­ക­ളും മ­രി­ക്കു­ന്ന­തു ഡോ­ക്ട­റു­ടെ സ­ഹാ­യ­ത്തോ­ടെ­യാ­ണു്. ഏ­തെ­ങ്കി­ലു­മൊ­രു ഡോ­ക്ട­റു­ടെ സ­ഹാ­യ­ത്തോ­ടെ മ­രി­ക്കാ­നാ­ണു് എ­നി­ക്കു താൽ­പ്പ­ര്യം.

ചോ­ദ്യം: നി­ങ്ങൾ The Joy of Sex പു­സ്ത­കം വാ­യി­ച്ചി­ട്ടു­ണ്ടോ? എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: അ­ഞ്ഞൂ­റു­രൂ­പ­യാ­ണു് അ­തി­ന്റെ വില. എ­ങ്കി­ലും വാ­യി­ച്ചു. ഇ­ത്ത­രം പു­സ്ത­ക­ങ്ങൾ ആ­ളു­ക­ളെ ഇ­ള­ക്കാ­നു­ള്ള­വ­യാ­ണു്. അവയിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന കാ­ര്യ­ങ്ങ­ളും ടെ­ക്നി­ക്കു­ക­ളും പ്ര­വൃ­ത്തി­പ­ഥ­ത്തിൽ കൊ­ണ്ടു­വ­ന്നാൽ ഗ്ര­ന്ഥ­പാ­രാ­യ­ണം കൊ­ണ്ടു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദം അതിൽ നി­ന്നു ജ­നി­ക്കി­ല്ല. പാ­രാ­യ­ണം വി­കാ­ര­മി­ള­ക്കി വിടും. യാ­ഥാർ­ത്ഥ്യ­ത്തി­നു് അ­ത്ര­ത്തോ­ളം വി­കാ­ര­മി­ള­ക്കി വി­ടാ­നു­ള്ള ശ­ക്തി­യി­ല്ല. സ­ത്യ­മ­റി­യാൻ വേ­ണ്ടി ഒരു സെ­ക്സ് ബു­ക്കും വാ­യി­ക്കേ­ണ്ട­തി­ല്ല.

ചോ­ദ്യം: ശ­കു­ന്ത­ള പോ­യ­പ്പോൾ കണ്വൻ അ­ത്ര­യ്ക്കു വി­ഷാ­ദി­ച്ച­തു് വെറും സെ­ന്റി­മെ­ന്റ­ലി­സ­മ­ല്ലേ?

ഉ­ത്ത­രം: ക­ണ്വ­ന്റെ ആ­ശ്ര­മ­ത്തിൽ എത്ര മു­റി­കൾ ഉ­ണ്ടാ­യി­രു­ന്നെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ശ­കു­ന്ത­ള­പോ­യ­പ്പോൾ ഒരു മു­റി­കൂ­ടി മ­ര­വു­രി­വ­യ്ക്കാൻ കി­ട്ടി­യ­ല്ലോ എന്നു വി­ചാ­രി­ച്ചു് അ­ദ്ദേ­ഹം ആ­ഹ്ലാ­ദി­ച്ചി­രി­ക്കും. ഇ­ക്കാ­ല­ത്തു് ഒരു പെ­ണ്ണു വി­വാ­ഹം ക­ഴി­ഞ്ഞു ഭർ­ത്താ­വി­നോ­ടൊ­ത്തു പോ­കു­മ്പോൾ ത­ന്ത­വി­ചാ­രി­ക്കും ഭാ­ഗ്യം. ഒരു മ­ണി­ക്കൂർ നേ­ര­ത്തെ ടെ­ലി­ഫോൺ സം­ഭാ­ഷ­ണം ഇനി ഉ­ണ്ടാ­വി­ല്ല. ശേ­ഷ­മു­ള്ള പെൺ­പി­ള്ളേ­രെ­ക്കൂ­ടി അ­യ­ച്ചാൽ ടെ­ലി­ഫോ­ണി­നു കം­പ്ലീ­റ്റ് റെ­സ്റ്റ്.’ ക­ണ്വ­ന്റെ കാ­ല­ത്തു ടെ­ലി­ഫോൺ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹം വി­ചാ­രി­ക്കും ‘ഭാ­ഗ്യം. ശ­കു­ന്ത­ള ഒരു മ­ണി­ക്കൂർ നേരം ടെ­ലി­ഫോ­ണിൽ സം­സാ­രി­ക്കു­ന്ന­തു് അ­വ­സാ­നി­ച്ചു. ഇനി പ്രി­യം­വ­ദ­യെ­യും അ­ന­സൂ­യ­യെ­യും­കൂ­ടി പ­റ­ഞ്ഞ­യ­യ്ക്ക­ണം. അ­പ്പോൾ ആകെ ര­ണ്ടു­മ­ണി­ക്കൂർ സം­ഭാ­ഷ­ണം ലാ­ഭി­ക്കും.

നി­ശ്ശ­ബ്ദ­ത
images/Pkunhiramannair.jpg
പി. കു­ഞ്ഞി­രാ­മൻ നായർ

പി. കു­ഞ്ഞി­രാ­മൻ നായരു ടെ ‘മ­ല­നാ­ടൻ മ­ങ്ക­മാർ’ എന്ന കാ­വ്യം ഓർ­മ്മ­യി­ല്ലേ? ക്ഷേ­ത്ര­ത്തി­ന്റെ മുൻ­പിൽ ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞ തൂ­ണു­ക­ളിൽ ര­ണ്ടു് അ­ദ്ഭു­ത­സ്ത്രീ­രൂ­പ­ങ്ങൾ. അ­വ­രോ­ടു കവി ചോ­ദി­ച്ചു: ആ­മ്പൽ­പ്പൂ പൂ­ത്തു­നി­ല്ക്കു­ന്ന പാ­ട­വും പ­റ­മ്പും ക­ട­ന്നു നി­ങ്ങൾ ഭ­ജ­ന­ത്തി­നു വ­ന്ന­വ­രാ­ണോ? അവർ പി­റ­ന്ന­തി­നു­ശേ­ഷം ആ­ഴി­യിൽ എ­ത്ര­കോ­ടി നീർ­ക്കു­മി­ള നീ­റ­ടി­ഞ്ഞു? നീ­ല­വാ­നി­ലെ­ത്ര ക­ന്നി­പ്പൂ­നി­ലാ­ക്ക­ളി­ക­ഴി­ഞ്ഞു? തേ­നൂ­റു­ന്ന പൂ­ക്കൾ എ­ത്ര­യെ­ണ്ണം മൺ­മ­റ­ഞ്ഞു? ഇ­ത്ര­യും കാലം നൃ­ത്ത­മാ­ടി കാൽ­ക­ഴ­ച്ചു നി­ല്ക്കു­ക­യാ­ണോ? ഇ­ത്ര­യും കാലും പാ­ട്ടു­പാ­ടി മെ­യ്ത­ളർ­ന്നു നി­ല്ക്കു­ക­യാ­ണോ? ക­വി­യു­ടെ ഈ ചോ­ദ്യ­ങ്ങൾ­ക്കു മ­റു­പ­ടി നി­ശ്ശ­ബ്ദ­ത മാ­ത്രം. അതു പ്ര­കൃ­തി­യു­ടെ നി­ശ്ശ­ബ്ദ­ത­യ­ല്ലേ? അ­ല­ക്സാ­ണ്ടർ ശ­ബ്ദി­ച്ചു. നെ­പ്പോ­ളി­യൻ ശ­ബ്ദി­ച്ചു. ഹി­റ്റ്ലർ ശ­ബ്ദി­ച്ചു. പ്ര­കൃ­തി അവരെ മ­ണ്ട­ന്മാ­രാ­യി­ക്ക­ണ്ടു് നി­ശ്ശ­ബ്ദ­യാ­യി­നി­ന്നു. പ്ര­കൃ­തി­യു­ടെ അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ ഈ നി­ശ്ശ­ബ്ദ­ത­യാ­ണു് സാ­ഹി­ത്യ­ത്തി­നു ജീവൻ ന­ല്കു­ന്ന­തു്. മു­ഖ­ര­മാ­യ അ­ന്ത­രീ­ക്ഷ­ത്തിൽ ഈ­ഡി­പ്പ­സ് രാ­ജാ­വു് വി­ഹ­രി­ച്ചു. ഒ­ടു­വിൽ അയാൾ ക­ണ്ണു­കൾ കു­ത്തി­പ്പൊ­ട്ടി­ച്ചു് അ­പ്ര­ത്യ­ക്ഷ­നാ­യി. അ­പ്പോൾ അവിടെ പരന്ന നി­ശ്ശ­ബ്ദ­ത­യാ­ണു് യ­ഥാർ­ത്ഥ­ത്തിൽ സ­ത്യ­മെ­ന്തെ­ന്നു് ഉ­ദ്ഘോ­ഷി­ച്ച­തു്. വേ­ലു­ത്ത­മ്പി മ­ണ്ണ­ടി­ക്ഷേ­ത്ര­ത്തിൽ വീ­ണു­ക­ഴി­ഞ്ഞ­തി­നു­ശേ­ഷം എ­ല്ലാം നി­ശ്ശ­ബ്ദം. പക്ഷേ, ആ നി­ശ്ശ­ബ്ദ­ത­യാ­ണു് സ­ത്യ­മെ­ന്തെ­ന്നു വി­ളം­ബ­രം ചെ­യ്ത­തു്. The rest is silence എന്നു കവി പ­റ­ഞ്ഞ­തും ഇ­തു­ദ്ദേ­ശി­ച്ചാ­ണു്.

images/Vrsudheesh.jpg
വി. ആർ. സു­ധീ­ഷ്

നി­ശ്ശ­ബ്ദ­ത­യാ­ണു് ശ്രീ. വി. ആർ. സു­ധീ­ഷി ന്റെ “കളിമൺ പ്ര­തി­മ”കളുടെ മുദ്ര. പെ­റ്റി­ട്ട­കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ച്ചി­ട്ടു് അ­തി­ന്റെ അമ്മ അ­പ്ര­ത്യ­ക്ഷ­യാ­യി. ആരോ ര­ണ്ടു­പേർ അ­വ­നെ­യെ­ടു­ത്തു വ­ളർ­ത്തി. അ­വ­ന്റെ ഭൂ­ത­കാ­ലം നി­ശ്ശ­ബ്ദം. അവൻ സ­ഹാ­യി­ക്കു­ന്ന സ്റ്റേ­ഷൻ­മാ­സ്റ്റ­റെ കാണാൻ ഒരു സ്ത്രീ എല്ലാ ശ­നി­യാ­ഴ്ച­യും എ­ത്തു­ന്നു. അ­വ­ളെ­ന്തി­നു­വ­രു­ന്നു? അ­റി­ഞ്ഞു­കൂ­ടാ. നി­ശ്ശ­ബ്ദ­ത തന്നെ അ­വി­ടെ­യും. തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­ന്ന വേ­റൊ­രു സ്ത്രീ അവനെ ഉ­റ്റു­നോ­ക്കു­ന്നു. അ­മ്മ­യാ­ണോ അവൾ എ­ന്നു് അവനു സംശയം. അതു പ­രി­ഹ­രി­ക്കാൻ അവൾ സം­സാ­രി­ക്കേ­ണ്ടേ? അ­തു­ണ്ടാ­കു­ന്നി­ല്ല. ശ­നി­യാ­ഴ്ച എ­ത്തി­ക്കൊ­ണ്ടി­രു­ന്ന സ്ത്രീ ഒരു ദിവസം അ­പ്ര­ത്യ­ക്ഷ­യാ­യി. ര­ണ്ടു­പേ­രും നി­ശ്ശ­ബ്ദ­ത­യു­ടെ പ്ര­തീ­ക­ങ്ങൾ. ശ­നി­യാ­ഴ്ച­തോ­റും വ­ന്നു­കൊ­ണ്ടി­രു­ന്ന സ്ത്രീ അ­വ­നോ­ടു യാ­ത്ര­പ­റ­ഞ്ഞു­പോ­കു­മ്പോൾ തീ­വ­ണ്ടി­യി­ലി­രു­ന്നു് ആരോ അ­വ­ന്റെ നേർ­ക്കു കൈകൾ വീശി. അവ അ­വ­ളു­ടെ കൈകളോ അതോ മ­റ്റാ­രു­ടേ­തെ­ങ്കി­ലു­മോ? ആവോ. എ­ങ്ങും നി­ശ്ശ­ബ്ദ­ത. അവൻ അ­തി­ന്റെ സാ­ന്ദ്ര­ത വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടു് അ­ന­ങ്ങാ­തെ നി­ല്ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തിൽ എ­ത്തു­ന്നു. ഈ മൂ­ക­ത­യിൽ നി­ന്നു നമ്മൾ പലതും ഗ്ര­ഹി­ക്കു­ന്നു എ­ന്ന­താ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. പ്ര­കൃ­തി­യു­ടെ വലിയ നി­ശ്ശ­ബ്ദ­ത­യു­ടെ സൂ­ക്ഷ്മ­സ്വ­ഭാ­വ­മാർ­ന്നു നി­ല്ക്കു­ന്ന­തു ക­ഥ­യി­ലെ നി­ശ്ശ­ബ്ദ­ത. എ­നി­ക്കി­ഷ്ട­മാ­യി സു­ധീ­ഷി­ന്റെ ഇക്കഥ.

images/BorisZizibabin.jpg
Boris Chichibabin

ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞു് ആ­ല­സ്യ­ത്തോ­ടെ Soviet Literature (1990) എന്ന മാസിക തു­റ­ന്നു നോ­ക്കി­യ­പ്പോൾ കാർ­കോ­ഫിൽ താ­മ­സി­ക്കു­ന്ന യൂ­ക്രേ­നീ­യൻ കവി Boris Chichibabin എ­ഴു­തി­യ ഒരു മ­നോ­ഹ­ര­മാ­യ കവിത കണ്ടു. അതും നി­ശ്ശ­ബ്ദ­ത­യെ വാ­ഴ്ത്തു­ന്നു.

I would have gone away, not arguing with any one

so as rather than listening to drunken talk

to sit by the shore with a wire book and hug you.

so that the trees would rear up and rustle

and the stream sing joyfully to its echo,

and Tolstoy and Dickens would whisper together

like brothers with plenty of time

I am not seeking to take part in any way,

I need nothing from the stars,

I just ask fate for a little while

for some silence and harmony.

വ­ന്നു­ക­യ­റു­ന്ന­യാൾ

അ­ന്യോ­ന്യം സ്നേ­ഹി­ക്കു­ന്ന­വർ ഒ­രു­മി­ച്ചി­രു­ന്നു വർ­ത്ത­മാ­നം പ­റ­ഞ്ഞി­രി­ക്കു­മ്പോൾ അ­വർ­ക്കു് ഇ­ഷ്ട­മി­ല്ലാ­ത്ത ഒരാൾ അ­വി­ടേ­ക്കു ക­യ­റി­വ­ന്നു് അ­വ­രു­ടെ ഇടയിൽ ഇ­രു­പ്പു­റ­പ്പി­ച്ചു് വാ­തോ­രാ­തെ സം­സാ­രി­ച്ചാൽ എന്തു തോ­ന്നും സ്നേ­ഹി­ത­ന്മാർ­ക്കു്? ‘നാശം വന്നു ക­യ­റി­യി­രി­ക്കു­ന്നു’ എ­ന്നു് അവർ മ­ന­സ്സിൽ പറയും. ഇയാൾ ഇ­റ­ങ്ങി­പ്പോ­യെ­ങ്കിൽ എ­ന്നു് ഓരോ ആളും ആ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യും. പക്ഷേ, വ­ന്നു­ക­യ­റു­ന്ന­വൻ അതു മ­ന­സ്സി­ലാ­ക്കി­യാ­ലും പോ­വു­കി­ല്ല. അ­വ­രു­ടെ അ­ന്യോ­ന്യ­ബ­ന്ധ­ത്തിൽ അയാൾ വി­ഷം­ക­ല­ക്കി അ­വി­ടെ­ത്ത­ന്നെ­യി­രി­ക്കും. സാ­യാ­ഹ്ന­ത്തി­ലാ­ണു് സു­ഹൃ­ത്തു­ക്കൾ ഒ­രു­മി­ച്ചു കൂ­ടി­യ­തെ­ന്നു വി­ചാ­രി­ക്കൂ. ആ സാ­യാ­ഹ്നം മാ­ത്ര­മ­ല്ല അയാൾ ഇ­ല്ലാ­താ­ക്കു­ന്ന­തു്. അ­ന്ന­ത്തെ അ­വ­രു­ടെ ഉ­റ­ക്ക­വും അയാൾ ന­ശി­പ്പി­ക്കും. എ­നി­ക്കു് ഇ­ത്ത­രം അ­നു­ഭ­വ­ങ്ങൾ ധാ­രാ­ള­മു­ണ്ടാ­യി­ട്ടു­ണ്ടു്. നി­ത്യ­ജീ­വി­ത­ത്തിൽ മാ­ത്ര­മ­ല്ല സാ­ഹി­ത്യ­ത്തി­ലും നല്ല ക­ഥ­ക­ളും നല്ല ക­വി­ത­ക­ളും ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളിൽ ക­ണ്ടു് വാ­യി­ച്ചു് ര­സി­ച്ചി­രി­ക്കു­മ്പോൾ ഈ “ജ്യോ­ത്സ്യം” എ­ഴു­താൻ വേ­ണ്ടി കെ. കവിത കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ ‘കു­ട്ട്യോ­ള­ല്ലേ?’ എന്ന കഥ വാ­യി­ക്കാൻ നിർ­ബ­ന്ധ­നാ­വു­ക. അ­തി­നെ­ക്കാൾ പീഡ ജ­നി­പ്പി­ക്കു­ന്ന വേ­റൊ­ര­നു­ഭ­വ­മി­ല്ല. കു­ട്ടി­കൾ പ­ന്തു­ക­ളി­ച്ചു് പ­ച്ച­ക്ക­റി­ത്ത­ടം ന­ശി­പ്പി­ക്കു­ന്നു. മാ­വി­ലെ­റി­ഞ്ഞു് ഉ­ണ്ണി­മാ­ങ്ങ­കൾ വീ­ഴ്ത്തു­ന്നു. മു­ത്ത­ശ്ശി­ക്കു് അ­തു­ക­ണ്ടു് അ­രി­ശ­വും ദുഃ­ഖ­വും. പി­ള്ളേർ എ­റി­ഞ്ഞു വീ­ഴ്ത്തു­ന്ന തേങ്ങ വാ­ങ്ങി­ക്കു­ന്ന ഒ­രു­ത്ത­നെ പൊ­ലീ­സ് പി­ടി­കൂ­ടു­മ്പോൾ കഥ തീ­രു­ന്നു. വാ­യ­ന­ക്കാ­ര­ന്റെ­യും ‘കഥ തീ­രു­ന്നു’. വായിൽ വ­രു­ന്ന­തെ­ല്ലാം കോ­ത­യ്ക്കു പാ­ട്ടു് എന്ന മ­ട്ടിൽ തോ­ന്നു­ന്ന­തൊ­ക്കെ എ­ഴു­തി­വ­ച്ചാൽ അതു ക­ഥ­യാ­കു­മോ? വ­ള­രെ­ക്കാ­ല­മാ­യി കെ. കവിത അർ­ഹ­ത­യി­ല്ലാ­ത്തി­ട­ത്തു് ചെ­ന്നു കയറി മ­നു­ഷ്യ­രെ ഉ­പ­ദ്ര­വി­ക്കു­ന്നു. അതു നി­റു­ത്ത­ണ­മെ­ന്നു പറയാൻ എ­നി­ക്കു് അ­ധി­കാ­ര­മി­ല്ല. അ­ധി­കാ­ര­മു­ള്ള­തു് ഏതു കാ­ര്യ­ത്തി­ലാ­ണോ അതു് ഞാൻ സ്പ­ഷ്ട­മാ­ക്കി­ക്ക­ഴി­ഞ്ഞു. ഇ­നി­യു­ള്ള­തു കെ. ക­വി­ത­യു­ടെ ഇ­ഷ്ടം­പോ­ലെ. എ­ന്താ­യാ­ലും ഞാൻ ഇനി ക­വി­ത­യു­ടെ ക­ഥ­യെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം പ­റ­യു­ക­യി­ല്ല. സ്നേ­ഹി­ത­ന്മാ­രു­ടെ­യി­ട­യിൽ വന്നു ക­യ­റു­ന്ന­വ­നോ­ടു ഇ­റ­ങ്ങി­പ്പോ­കൂ എന്നു ആ­ജ്ഞാ­പി­ക്കു­ന്ന­തു സം­സ്ക്കാ­ര­രാ­ഹി­ത്യ­മാ­യി­രി­ക്കു­മ­ല്ലോ.

വി­ജ്ഞാ­ന­ശ­ക­ല­ങ്ങൾ
  1. ഹൃദയം ഒരു കൊ­ച്ചു പ­മ്പാ­ണു്. അതു് അ­ന­വ­ര­തം രക്തം പമ്പു ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. പക്ഷേ, ചി­ല­രെ­സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതു സൗ­ന്ദ­ര്യ­ത്തി­ന്റെ ഇ­രി­പ്പി­ട­മാ­ണു്. ആ മാം­സ­പേ­ശി­യു­ടെ സ­ഹാ­യ­ത്തോ­ടെ­യാ­ണു് രാ­ജാ­ര­വി­വർ­മ്മ ശ­കു­ന്ത­ള യെ വ­ര­ച്ച­തു്. യേ­ശു­ദാ­സ­ന്റെ ഗാ­ന­നിർ­ത്ധ­രി അ­വി­ടെ­നി­ന്നാ­ണു് ഒ­ഴു­കു­ന്ന­തു്. മാർ­കേ­സി ന്റെ മ­നോ­ഹ­ര­ങ്ങ­ളാ­യ നോ­വ­ലു­ക­ളു­ടെ പ്ര­ഭ­വ­സ്ഥാ­നം അ­തു­ത­ന്നെ­യാ­ണു്. വി­ശ്വ­വി­ഖ്യാ­ത­നാ­യ ഫ്ര­ഞ്ച് ഡോ­ക്ടർ അ­ല­ക്സി കറൽ, (Alexis Carrel, 1873–1944) Man the unknown എന്ന ഉ­ജ്ജ്വ­ല­മാ­യ ഗ്ര­ന്ഥ­മെ­ഴു­തി­യ അ­ല­ക്സി കറൽ കൃ­ത്രി­മ ഹൃ­ദ­യ­മു­ണ്ടാ­ക്കി പ്ര­വർ­ത്തി­പ്പി­ച്ചു. പക്ഷേ, നാ­ത്സി­ക­ളോ­ടു ചേർ­ന്നു ത­നി­ക്കു ഹൃ­ദ­യ­മി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു എ­ന്നു് അ­ദ്ദേ­ഹം തെ­ളി­യി­ച്ചു. കവികൾ എ­ന്നോ­ടു പി­ണ­ങ്ങ­രു­തു്. ഞാൻ എ­ല്ലാ­വ­രെ­യും ല­ക്ഷ്യ­മാ­ക്കി­പ്പ­റ­യു­ക­യ­ല്ല. ചി­ല­രെ­ക്കു­റി­ച്ചു­മാ­ത്രം എ­ഴു­തു­ക­യാ­ണു്. ന­മ്മു­ടെ ചില ക­വി­കൾ­ക്കു ഹൃ­ദ­യ­മി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളൂ. അ­തു­കൊ­ണ്ടു് ദൂ­രെ­നി­ന്നു് അ­വ­രു­ടെ കവിത ആ­സ്വ­ദി­ച്ചാൽ മതി. ആ­രാ­ധ­ന­യു­മാ­യി അ­ടു­ത്തു ചെ­ന്നാൽ കറൽ നിർ­മ്മി­ച്ച കൃ­ത്രി­മ ഹൃദയം കാ­ണേ­ണ്ട­താ­യി­വ­രും. അ­ല്ലെ­ങ്കിൽ അ­വ­രു­ടേ­തു ര­ക്താ­ശ­യ­മാ­ണു് എന്നു ഗ്ര­ഹി­ക്കേ­ണ്ട­താ­യി­വ­രും.
  2. പ­ത്ര­ത്തിൽ ക­ണ്ട­താ­ണു്. അതോ പു­സ്ത­ക­ത്തിൽ ക­ണ്ട­തോ. അർ­ശ­സ്സി­നു­ള്ള ഒരു മ­രു­ന്നു്. അ­മേ­രി­ക്ക­യി­ലെ ഒരു പ്ര­ശ­സ്തൻ അ­തു­പ­യോ­ഗി­ച്ചു് അർ­ശ­സ്സു് ഇ­ല്ലാ­താ­ക്കി­യ­പ്പോൾ ക­മ്പ­നി­ക്കാർ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്താ­വ­ന­യോ­ടു­കൂ­ടി ധാ­രാ­ളം പ­ര­സ്യ­ങ്ങൾ പ­ത്ര­ത്തിൽ കൊ­ടു­ത്തു. മ­രു­ന്നി­ന്റെ പ്ര­ചാ­രം­കൂ­ടി. ചില മ­ധ്യ­വ­യ്സ്ക­കൾ അതു മു­ഖ­ത്തെ ചു­ളി­വു­ക­ളിൽ തേ­ച്ചു­നോ­ക്കി. അ­ദ്ഭു­താ­വ­ഹം ചു­ളി­വു­കൾ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യി കു­ഴ­മ്പി­ന്റെ പ്ര­ചാ­രം പി­ന്നെ­യും കൂടി. ഒരു ശാ­സ്ത്ര­ജ്ഞൻ ഇ­തി­നെ­സം­ബ­ന്ധി­ച്ചു ഗ­വേ­ഷ­ണ­ങ്ങൾ ന­ട­ത്തി സത്യം ക­ണ്ടു­പി­ടി­ച്ചു. മ­രു­ന്നു മു­ഖ­ത്തു തേ­ക്കു­മ്പോൾ ചു­ളി­വു­കൾ ഇ­ല്ലാ­തെ­യാ­വു­ക­യ­ല്ല. അതിനു ചു­റ്റും ലേശം നീരു വ­രി­ക­യാ­ണെ­ന്നു്. നീരു വന്നു വീർ­ക്കു­മ്പോൾ ചു­ളി­വു­കൾ കാ­ണു­കി­ല്ല. ബ്യൂ­ട്ടി­പാർ­ല­റു­ക­ളിൽ പോയി മുഖം മി­നു­ക്കു­ന്ന­വർ ഇ­തി­നെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­ന്ന­തു ന­ന്നു്.
  3. ഇതു് എ­ഴു­തി­ക്കൊ­ണ്ടി­രു­ന്ന­പ്പോൾ ഗൾഫ് ദേ­ശ­ത്തു­നി­ന്നു്, സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്ന ശ്രീ: ബാ­ല­കൃ­ഷ്ണൻ (അ­ദ്ദേ­ഹ­ത്തി­ന്റെ മേൽ­വി­ലാ­സം ഇല്ല) അയച്ച Khaleej Times-​ന്റെ (Dec 18 1990) ഒരു ഭാഗം കി­ട്ടി. ദ­ക്ഷി­ണാ­ഫ്രി­ക്കൻ നോ­വ­ലി­സ്റ്റു­ക­ളാ­യ നഡീൻ ഗോർ­ഡി­മർ, ജെ. എം. കൂ­റ്റ്സേ ഇ­വ­രു­ടെ ക­ലാ­സ­ങ്ക­ല്പ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ഒരു പഠനം അ­തി­ലു­ണ്ടു്. ര­ണ്ടു­പേ­രു­ടെ­യും മ­ത­ങ്ങൾ ചു­രു­ക്കി­യെ­ഴു­താം.
നഡീൻ ഗോർ­ഡി­മർ
images/NadineGordimer01.jpg
നഡീൻ ഗോർ­ഡി­മർ

സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­നം ശു­ദ്ധ­മ­ല്ല. ച­രി­ത്രം അതു തെ­ളി­യി­ക്കു­ന്നു. ഐ­ഡി­യോ­ള­ജി അ­താ­വ­ശ്യ­പ്പെ­ടു­ന്നു. ഉ­ത്ത­ര­വാ­ദി­ത്വ­ങ്ങ­ളെ പ­രി­ഗ­ണി­ക്കാ­തെ ഒ­രെ­ഴു­ത്തു­കാ­ര­ന്റെ­യും കേവല മൂ­ല്യ­ങ്ങൾ നിർ­ണ്ണ­യി­ക്കാ­നാ­വാ­ത്ത കാ­ല­മാ­ണി­തു്. അലൻ പേ­റ്റൻ, ഏതൽ ഫ്യൂ­ഗ്ഗാർ ഡ് ഇ­ങ്ങ­നെ രാ­ഷ്ട്രീ­യ ചാ­യ്വു­ള്ള എ­ഴു­ത്തു­കാ­രു­ടെ പാ­ര­മ്പ­ര്യ­ത്തിൽ­പ്പെ­ട്ട നഡീൻ ഗോർ­ഡി­മാർ­ക്കു്, രാ­ഷ്ട്രീ­യ­മാ­യ പ്ര­തി­ബ­ദ്ധ­ത സ്വ­കീ­യ­മാ­യ ഉ­ത്ത­ര­വാ­ദി­ത്വം ഈ ര­ണ്ടിൽ നി­ന്നും ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു തി­ര­ഞ്ഞെ­ടു­ക്ക­ലു­കൾ ന­ട­ത്തേ­ണ്ട­താ­യി വരും എന്ന അ­ഭി­പ്രാ­യ­മു­ണ്ടു്.

ആ­ഫ്രി­ക്കൻ നാഷണൽ കോൺ­ഗ്ര­സ്സി­ലെ അം­ഗ­മാ­യ നഡീൻ ഗോർ­ഡി­മ­റു­ടെ വി­ശ്വാ­സം നോ­വ­ലി­നു് വി­നാ­ശ­ശ­ക്തി­യു­ണ്ടെ­ന്നാ­ണു്. വി­പ്ല­വ­ത്തെ ഭാ­വ­ന­യി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ച്ചാൽ അതു് (വി­പ്ല­വം) ഉ­ണ്ടാ­കാൻ സാ­ദ്ധ്യ­ത­യു­ണ്ടു്.

ജെ. എം. കൂ­റ്റ്സേ
images/JMCoetzee04.jpg
ജെ. എം. കൂ­റ്റ്സേ

ശാ­ന്തൻ, ന­ര­ച്ച­താ­ടി, മൃ­ദു­ല­ങ്ങ­ളാ­യ ക­ണ്ണു­കൾ. ഏ­കാ­ന്ത­ത­യാ­ണു് അ­ദ്ദേ­ഹ­ത്തി­നി­ഷ്ടം. എ­ന്തെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചാൽ അനേകം നി­മി­ഷ­ങ്ങൾ­ക്കു ശേഷമേ ഉ­ത്ത­രം കി­ട്ടു. പ്ര­തി­ക­ര­ണം സ­മ്പൂർ­ണ്ണ­മാ­യി സു­ഘ­ടി­ത­ങ്ങ­ളാ­യ വാ­ക്യ­ങ്ങ­ളി­ലൂ­ടെ ഉ­ണ്ടാ­വും; അവസാന നി­മി­ഷ­ത്തെ എ­ഡി­റ്റി­ങ്ങ് വേ­ണ്ടി­വ­ന്നു എന്നു ചോ­ദ്യ­കർ­ത്താ­വി­നു തോ­ന്നു­ന്ന മ­ട്ടിൽ.

നോ­വ­ലു­കൾ­ക്കു സ­മ­കാ­ലി­ക­സം­ഭ­വ­ങ്ങ­ളെ ആ­വി­ഷ്ക്ക­രി­ക്കാൻ സാ­ധി­ക്കു­മോ എന്നു കൂ­റ്റ്സേ­ക്കു് സംശയം. രാ­ഷ്ട്ര­വ്യ­വ­ഹാ­രം നോ­വ­ലു­കൾ­ക്കു വി­ഷ­യ­മാ­വാൻ പ്ര­യാ­സ­മാ­ണെ­ന്നു് അ­ദ്ദേ­ഹം ക­രു­തു­ന്നു. വർ­ത്ത­മാ­ന­പ്പ­ത്ര­ങ്ങൾ­ക്കു നേ­രി­ട്ടു രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തോ­ടു ബ­ന്ധ­മു­ള്ള­പോ­ലെ നോ­വ­ലി­നു് ബ­ന്ധ­മു­ണ്ടാ­കാൻ പ്ര­യാ­സം. കാരണം നോ­വ­ലെ­ഴു­താൻ സ­മ­യ­മേ­റെ വേണം. അ­തി­ന്റെ പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­നും വേണം ധാ­രാ­ളം സമയം. വ­ള­രെ­ക്കു­റ­ച്ചാ­ളു­ക­ളേ നോവൽ വാ­യി­ക്കാ­റു­ള്ളു.

images/AgeOfIronNovel.jpg

ദു­ര­ന്ത­സം­ഭ­വ­ങ്ങൾ ഗോർ­ഡി­മ­റു­ടെ ക­ഥാ­പാ­ത്ര­ങ്ങ­ളെ പ്ര­വർ­ത്ത­ന­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു. കൂ­റ്റ്സേ­യു­ടെ ക­ഥാ­പാ­ത്ര­ങ്ങൾ സം­ഭ­വ­ങ്ങ­ളിൽ പ്ര­തി­ക­രി­ക്കു­ക മാ­ത്ര­മേ ചെ­യ്യു­ന്നു­ള്ളൂ. കൂ­റ്റ്സേ­യു­ടെ Age of Iron എന്ന കൃതി. അർ­ബ്ബു­ദം പി­ടി­ച്ചു മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന Mrs Curren കഥ പ­റ­യു­ക­യാ­ണു്. അ­വ­രു­ടെ പ­രി­ചാ­ര­ക­ന്റെ (അതോ പ­രി­ചാ­രി­ക­യു­ടെ­യോ) മകൻ പോ­ലീ­സി­ന്റെ വെ­ടി­യേ­റ്റു കി­ട­ക്കു­ന്നു. അ­തു­ക­ണ്ടു് അവർ പ­റ­യു­ന്നു: It was blood, nothing more. Blood like yours and mine. Yet never before had I seen anything so scarlet and so black. Perhaps it was an effect of the skin, youthful, supple, velvet dark, over which it ran-​but on my hands it seemed both darked and more glaring than blood ought to be. I stared at it, fascinated, afraid, drawn into a veritable stupor of staring.

ഖലീജ് റ്റൈം­സിൽ എച്ച്. ഇ­റ്റ­ലി എ­ഴു­തി­യ ഈ റി­പ്പോർ­ട്ട് അ­സ്സ­ലാ­യി­ട്ടു­ണ്ടു്. ഇ­ത­യ­ച്ചു തന്ന സു­ഹൃ­ത്തി­നു് നന്ദി.

അന്ന സുജാത മ­ത്താ­യി
images/AnnaSujathaMathai.jpg
അന്ന സുജാത മ­ത്താ­യി

The Attic of Night എന്ന ഇം­ഗ്ലീ­ഷ് കാ­വ്യ­സ­മാ­ഹാ­ര­ത്തി­ന്റെ ര­ച­യി­ത്രി­യാ­യ ശ്രീ­മ­തി അന്ന സുജാത മ­ത്താ­യി ആ­രെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ആ ഗ്ര­ന്ഥം പു­സ്ത­ക­ക്ക­ട­യിൽ ഇ­രി­ക്കു­ന്ന­തു ക­ണ്ടു് ഞാൻ വാ­ങ്ങി­ച്ചു­വെ­ന്നേ­യു­ള്ളൂ. വീ­ട്ടി­ലെ­ത്തി­യ­യു­ട­നെ വാ­യി­ച്ചു­തീർ­ക്കു­ക­യും ചെ­യ്തു. പ്രാ­യോ­ഗി­ക­ത­ല­ത്തിൽ നി­ന്നു് ആ­ദർ­ശാ­ത്മ­ക­ത­ല­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­നെ ഉ­യർ­ത്തു­ന്ന നല്ല ക­വി­ത­ക­ളാ­ണു് അന്ന സു­ജാ­ത­യു­ടേ­തു്. ഉ­രു­ക്കു­സാ­ഗ­രം. തി­ള­ങ്ങു­ന്ന പാ­ല­ങ്ങൾ. രാ­ജ­ര­ഥ്യ­ക­ളി­ലൂ­ടെ ഒ­ളി­ചി­ന്നി­പ്പോ­കു­ന്ന കാ­റു­കൾ. ഇ­രു­ട്ടി­ലൂ­ടെ പ്ര­കാ­ശി­ക്കു­ന്ന ദീ­പ­ങ്ങൾ. ഒ­രി­ക്കൽ ആ ന­ഗ­ര­ത്തി­ലൂ­ടെ യാത്ര ചെയ്ത ക­വ­യി­ത്രി രാ­ജ­വീ­ഥി­ക്ക­പ്പു­റ­ത്തു് സൂ­ര്യൻ അ­സ്ത­മി­ക്കു­ന്ന­തു കണ്ടു. നാ­ട്ടിൽ ഇ­തു­പോ­ലെ­യു­ള്ള അ­സ്ത­മ­യ­ങ്ങൾ കാ­ണു­ക­യും അ­ദ്ഭു­ത­ത്തി­നു വി­ധേ­യ­യാ­കു­ക­യും ചെ­യ്തി­ട്ടു­ണ്ടു് അവർ. ഇ­പ്പോൾ ആ ന­ഗ­ര­ത്തി­ലൂ­ടെ സ­ഞ്ച­രി­ച്ച­പ്പോൾ സൂ­ര്യൻ അനേകം നി­ല­ക­ളു­ള്ള കെ­ട്ടി­ട­ങ്ങൾ­ക്കു പി­റ­കിൽ അ­സ്ത­മി­ക്കു­ന്ന­തു കണ്ടു. ഇ­ത്ര­യും പ്രാ­യോ­ഗി­ക­ത­ലം. ഇനി അ­നാ­യാ­സ­മാ­യി അന്ന സുജാത ന­മ്മ­ളെ ആ­ദർ­ശാ­ത്മ­ക­ത­ല­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്ന­തു കാണുക:

Now-​in the crowded car in which I travelled

You-​leaned your head against my shoulder

and… suddenly… the city was no longer a stranger

…………

And deep in the heart of stone

A flower bloomed.

ഇ­തു­പോ­ലെ ല­ളി­ത­വും സു­ന്ദ­ര­വു­മാ­ണു് ശ്രീ­മ­തി­യു­ടെ മറ്റു കാ­വ്യ­ങ്ങ­ളും. വി­ശേ­ഷി­ച്ചു് In Tiruvella എ­ന്ന­തു്. The lamps flicker/Across the dark lake എന്നു ക­വ­യി­ത്രി. ഈ കാ­വ്യ­ദീ­പ­ങ്ങ­ളും ച­ഞ്ച­ല­രൂ­പ­ങ്ങ­ളോ­ടു ജ്വ­ലി­ക്കു­ന്നു. (Rupa & Co. Rs.40/-)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-01-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.