images/kpn-bharatham-xml-cover.jpg
The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na).
ഭാഗം ഒന്നു്

“ഇതാണോ കൌരവർ ഹസ്തിനപുരിയിൽ നിങ്ങളെ കൊച്ചാക്കാൻ കൊട്ടിഘോഷിക്കുന്ന അക്ഷയപാത്രം, ഇതിൽ കാണുന്നതു് വെറും സസ്യാഹാരമല്ലേ, മൃഗമാംസപ്രിയരായ പാണ്ഡവർക്കു് ഇതൊക്കെ മതിയോ”, കൊട്ടാരം ലേഖിക ഊട്ടുപുരയിലേക്കു നോട്ടമെറിഞ്ഞു.

“പുഴയരികെ ഒരു കൂട്ടം സന്യാസാശ്രമങ്ങൾ ഉണ്ടു്. ഇങ്ങോട്ടു് വരുമ്പോൾ നിങ്ങൾ കണ്ടല്ലോ. രാത്രിയായാൽ എന്റെ അഭിവന്ദ്യഭർത്താക്കന്മാർ അഞ്ചുപേരും തലയിൽ മുണ്ടിട്ടു അവിടെ ഒളിച്ചു കയറും, മാനും മുയലും ഒക്കെ ആയി അർദ്ധരാത്രിയോടെ തിരിച്ചു വരും, ആശ്രമമൃഗങ്ങളുടെ കഴുത്തറത്തു്, തൊലിയുരിച്ചു കനലിൽ ചുട്ടു ആർത്തി കാണിക്കുന്ന ആണുങ്ങളെ മാറി മാറി തീറ്റുന്ന പണി എനിക്കും”, പാഞ്ചാലി വിദൂരമായി പറഞ്ഞു.

2015-02-21

“കുരുക്ഷേത്രയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നായി ജീവത്യാഗം ചെയ്ത കൌരവർക്കൊരു രക്തസാക്ഷി പ്രമേയം, ഒന്നുമില്ലെങ്കിൽ ഒരു അനുശോചന പ്രമേയം, ഇല്ല, ചെങ്കോൽ കയ്യിൽ തടഞ്ഞ തിമിർപ്പിലാണു് പാണ്ഡവർ.”

“ഹസ്തിനപുരിയിൽ പുതിയൊരു ദുരധികാരപർവം” എന്ന വിഷയത്തിൽ വാണിജ്യവീഥിയിലെ സദസ്സിനെ അഭിമുഖീകരിക്കയായിരുന്ന ചാർവാകന്റെ വാക്കുകൾ പൊടുന്നനെ നിലച്ചു. അയാൾ മുഖമടച്ചു വീണു. ചാര വകുപ്പു് മേധാവി നകുലന്റെ കിങ്കരൻ ആ വിമത യുക്തിവാദിയെ കഴുത്തിൽ കുടുക്കിട്ടു പ്രഭാഷണവേദിയിൽ നിന്നു് വലിച്ചു നീക്കി.

2015-02-22

ഹസ്തിനപുരി പത്രികയിൽ ഇപ്പോൾ കണ്ട വാർത്ത നാട്ടിൽ ക്ഷുദ്രശക്തികൾക്കു വിളനിലം അനുവദിച്ചു് അരാജകത്വം സൃഷ്ടിച്ച ധൃതരാഷ്ട്രരെ ഉടനടി വടക്കു് പടിഞ്ഞാറൻ ഹിമാലയ ചുരം പ്രതിരോധസേനയുടെ മേധാവിയായി നിയമിച്ചു എന്നു്, പുതിയ ചക്രവർത്തി യുധിഷ്ഠിരൻ.

2015-03-21

“അന്ധനെങ്കിലും നിങ്ങൾ ഹസ്തിനപുരി രാജസഭയുടെ അദ്ധ്യക്ഷനല്ലേ, അനുജന്റെ മക്കളുടെ ഭാര്യയെ കൌരവർ തുണിയുരിഞ്ഞു പിച്ചിച്ചീന്തുമ്പോൾ നിങ്ങൾ സിംഹാസനത്തിൽ രസിച്ചിരുന്നു അശ്ലീലം കണ്ടു എന്നാണു നഗരം മുഴുവൻ പരാതി”, കൊട്ടാരം ലേഖിക ക്ഷുഭിതയായിരുന്നു.

ഞാൻ അൽപവസ്ത്ര എന്നു് സ്വയം മേനി പറഞ്ഞു കൊണ്ടല്ലേ അവൾ ഇവിടെ നിന്നതു്. കൌരവർ അവളെ എത്ര ലാളനയോടെയാണു് മടിയിൽ ഇരിക്കാൻ ക്ഷണിച്ചതു്. അവൾ ഹൃദയപൂർവ്വം അനുസരിച്ചു. ഇവിടെ നിലത്തു് ചമ്രം പടിഞ്ഞിരുന്ന പാണ്ഡവർക്കില്ലാത്ത പരാതി നഗരവാസികൾക്കെന്തിനു്?” ധൃതരാഷ്ട്രർ അന്നും പ്രശാന്തനായിരുന്നു.

“ഇവരൊക്കെ ആരാ” വിരുന്നിനു വന്ന കുട്ടികളെ ചൂണ്ടി യുധിഷ്ഠിരൻ പാഞ്ചാലിക്കു് നേരെ നോട്ടമെറിഞ്ഞു.

“എന്റെ മക്കൾ. അല്ലാതാരാ. പാഞ്ചാലത്താണു് അവർ ഇക്കാലവും വളർന്നതു്.”

“അതല്ല, ഇവരുടെ ഓരോരുത്തരുടെയും അച്ഛൻ ആരെന്നാണു് അറിയാൻ വേണ്ടി ചോദിച്ചതു്”, യുധിഷ്ഠിരന്റെ ഒച്ച കനത്തു.

“ഈ കിടപ്പറയിൽ അഞ്ചു് പുരുഷന്മാർ ഇരുട്ടിൽ ഒന്നൊന്നായി എന്നോടൊപ്പം നിത്യവും മത്സരിച്ചു ശയിക്കുമ്പോൾ ഞാൻ അവരുടെ നാളും പിതൃത്വവും ഒക്കെ അന്വേഷിക്കാറുണ്ടോ?” പാഞ്ചാലി മക്കളെ വാത്സല്യത്തോടെ ഊട്ടുപുരയിലേക്കു നയിച്ചു.

2015-03-23

“വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൂകസാക്ഷികൾ ആയിരുന്നവരെ ഉടൻ വിചാരണ ചെയ്യുമെന്നു പറഞ്ഞല്ലോ. എന്തായി”, കൊട്ടാരം ലേഖിക കൌതുകപ്പെട്ടു.

“അന്നു് രാജസഭയിൽ കാഴ്ച കണ്ടു രസിച്ചവരിൽ ഇന്നു് ജീവിച്ചിരിപ്പുള്ളതു് എന്റെ ഭർത്താക്കന്മാർ മാത്രം.”

2015-06-25

“യുധിഷ്ഠിരൻ ഈ വിധമാണെങ്കിൽ ഭീമൻ എങ്ങനെ എന്നോ?”

ഇന്നത്തെ അഭിമുഖം പാഞ്ചാലിയുടെ നിന്ദ നിറഞ്ഞ ചോദ്യത്തിൽ അവസാനിച്ചു.

2015-06-27

ഹസ്തിനപുരി പത്രികയിൽ ഇന്നു് കണ്ട പരസ്യം.

മഹായുദ്ധത്തിൽ സൈനികർ എല്ലാം നാടിനു വേണ്ടി ജീവത്യാഗം ചെയ്തതു് കൊണ്ടു് ഹസ്തിനപുരിയിൽ അടുത്ത ഇരുപതു കൊല്ലം കൊണ്ടെങ്കിലും ഒരു യുദ്ധസന്നദ്ധ യുവസേനയുടെ ലഭ്യത ഉറപ്പു വരുത്താൻ മഹത്തായ ഒരു കർമ പദ്ധതിക്കു് യുധിഷ്ഠിര ഭരണകൂടം തയ്യാറെടുക്കുന്നു. നിർദേശങ്ങൾ നേരിട്ടു് രാജസഭയിൽ ചക്രവർത്തിയുടെ കാര്യാലയ മേധാവി നകുലനെ എല്പിക്കുക.

“ഇതെന്താ, പതിവുപോലെ നായാട്ടിനു നാലുവഴിക്കു് പോകേണ്ട അഞ്ചുപേരും പായ വിരിച്ചു പകൽ സമയത്തു് ഇങ്ങനെ കിടക്കുന്നതു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“മഴക്കാലമാണു്, യുദ്ധം വേണ്ടിവരികയാണെങ്കിൽ സുഖചികിത്സക്കു് പറ്റിയ സമയമല്ലേ എന്നു് അടുത്ത ആശ്രമത്തിലെ ആചാര്യൻ ചോദിച്ചപ്പോൾ, ദുര്യോധനനെ ഞാൻ ആളെ വിട്ടു് അനുമതി വാങ്ങി. ഇപ്പോഴും ഞങ്ങൾ അടിമകൾ ആണല്ലോ. പാണ്ഡവർക്കു് വാതത്തിന്റെ അസുഖമുണ്ടെന്നു വെച്ചു് കാച്ചി. മൂന്നു നേരവും വേവിച്ചു കൊടുക്കൂ എന്നു് പറഞ്ഞു ഒരു ചാക്കു് മുതിര ആ മഹാശയൻ കഴുതപ്പുറത്തു് ഉടൻ അയച്ചു തന്നു. രാവിലെ കഴിച്ച മുതിരയുടെ ബലത്തിൽ എത്ര വേഗം ഇവർ മയങ്ങിപ്പോയി എന്നു് നോക്കൂ”, പാഞ്ചാലി അടിയൊഴുക്കുകൾ നിറഞ്ഞ ഭാഷയിൽ സംസാരിച്ചു.

“പരമാത്മാവു് പാണ്ഡവർക്കു് നന്മ ചെയ്യുമെന്നുറപ്പായി”, ഇരുകൈകളും ഉയർത്തി യുധിഷ്ഠിരൻ നാടകീയമായി പ്രഖ്യാപിച്ചു.

“എലിയും കുറുക്കനും ഓടുന്ന വനാശ്രമത്തിൽ പന്ത്രണ്ടു വർഷം ശിക്ഷ പരമാത്മാവാണോ പാണ്ഡവർക്കു് എർപ്പാടാക്കി തന്നതു്?” കൊട്ടാരം ലേഖിക നിന്ദ മറച്ചു.

“സഹനത്തിന്റെ നീണ്ട പാത എന്നൊക്കെ ഞങ്ങൾ യോദ്ധാക്കൾ പറയും. അടിമയാണെങ്കിലും ഒരുനാൾ ഞങ്ങൾ അധികാരിയാവും. അതാണു് ദൈവം തരുന്ന വാക്കു്. കുറെ ഞങ്ങൾ ക്ഷമിക്കും. എല്ലാം ഒരു ത്യാഗം എന്നു് പോലും കരുതും. ഒന്നും ഫലിക്കുന്നില്ലെങ്കിൽ, ആയുധം കയ്യിലെടുക്കും. ചില തലകൾ സ്വാഭാവികമായും ഉരുളും.”

“രാത്രി ഉറക്കം വരാതെ ഇങ്ങനെ കിടക്കുമ്പോൾ, വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു കാര്യം?”

“ഇന്നു് മുതൽ നീ ദുര്യോധനന്റെ അധികാരപരിധിയിൽ ജീവിക്കുന്ന, അയാൾക്കു് കീഴടങ്ങുന്ന അടിമയല്ല, പൂർണ സ്വതന്ത്ര എന്നാരോ എന്നിൽ ഉന്മാദം പടർത്തും, അതോടെ പുറത്തുചാടി കാട്ടരുവിയിൽ സ്വർണ്ണമത്സ്യമായി ഇവിടെ നിന്നു് ഒഴുകി രക്ഷപ്പെട്ടു പോവും.”

“അപ്പോൾ പാണ്ഡവർ?” കൊട്ടാരം ലേഖിക ജാലകത്തിനു് വെളിയിൽ ആയുധം മൂർച്ച കൂട്ടിക്കൊണ്ടിരുന്നവരെ നോക്കി വിരൽ ചൂണ്ടി.

“കൗരവഅടിമകളായി ജീവിച്ചു ഒരുനാൾ മരിക്കും”, ചിത്തഭ്രമം ബാധിച്ച പാഞ്ചാലി ചേതോഹരമായി പൊട്ടിച്ചിരിച്ചു.

2015-06-30

“മൂന്നു നേരം ഊണു് കഴിച്ചു, വെടി പറഞ്ഞു, ശിക്ഷകാലാവധി കഴിക്കുകയാണു് പാണ്ഡവർ എന്നു് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുത മറച്ചുവച്ചു് നിങ്ങൾ എന്തിനു്, അവർ അഞ്ചു പേരും നിരന്തരം തലയിൽ തുണിയിട്ടു് ഹസ്തിനപുരിയിൽ രഹസ്യ വിവരശേഖരണത്തിൽ ആണെന്നു് വ്യാജ വാർത്ത വിട്ടു കൌരവരെ പ്രകോപിച്ചു”, യുദ്ധകാര്യലേഖകൻ നീരസത്തോടെ ചോദിച്ചു.

“കണ്ടല്ലോ ഉടനടി കൌരവരുടെ പ്രതികരണം. നൂറിൽ പാതി കൗരവരും ഇപ്പോൾ ഹസ്തിനപുരിയുടെ അതിർത്തി രാജ്യങ്ങളിലേക്കുള്ള ദേശീയപാതകളിൽ കാണുന്ന കുതിരപ്പന്തിയിൽ നുഴഞ്ഞു കയറി ചാരപ്പണി നടത്തുകയാണു്. പാണ്ഡവരും അപ്പോൾ കൌരവർ അറിയാതെ ദിവ്യാസ്ത്രങ്ങൾ തേടി ഒളിവിൽ പോവുന്നു. തിന്ന ചോറിനു രണ്ടു ശത്രുനിരകളും ഇപ്പോൾ അദ്ധ്വാനിക്കുന്നു. രാജവാഴ്ചക്കാലത്തെ പരിമിത മാധ്യമപ്രവർത്തനത്തിൽ ഇതിൽ കൂടുതൽ ഭരണകൂടജാഗ്രത ഒരു പെണ്‍ പത്രപ്രവർത്തക എങ്ങനെ ഉറപ്പു വരുത്തും. പറഞ്ഞേക്കാം, ഈ ആണ്ടു പിറപ്പു മുതൽ എനിക്കു് മുൻകാല പ്രാബല്യത്തോടെ വേതനസേവനപരിഷ്കരണം വേണം.”

2015-07-01

“എപ്പോഴാണു് പാഞ്ചാലി നിങ്ങളോടൊക്കെ ഒന്നു് കയർത്തു് സംസാരിക്കുക?” കൊട്ടാരം ലേഖിക തൊഴിലിന്റെ ധൈര്യത്തിൽ ചോദിച്ചു.

“ആശ്രമങ്ങളിൽ കയറി ഖരമാലിന്യം ശേഖരിച്ചു ദൂരെ കുഴി കുത്തി മൂടി വരുമ്പോൾ വെയിൽ പൊങ്ങി അവൾ ക്ഷീണിച്ചു വിയർത്തിരിക്കും. ദുര്യോധനൻ കല്പിച്ചു കൊടുത്ത ആ ജോലി അടിമ എന്ന നിലയിൽ കാര്യക്ഷമതയോടെ ചെയ്യും. അപ്പോൾ ഞങ്ങൾ ഉറക്കമുണർന്നു് ഈ തറയിൽ ഇരുന്നു ചൂതു് കളിക്കുകയാവും. ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ പോയി ദിവ്യാസ്ത്രം വല്ലതും സംഘടിപ്പിക്കണം എന്നവൾ വിരൽ ചൂണ്ടി ആജ്ഞാപിക്കും.”

2015-07-02

“ഇതെന്താ, അന്തഃപുരം മട്ടുപ്പാവിൽ ജൈവകൃഷിയുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. ഔദ്യോഗിക രാജധാനിയിൽ നിന്നകന്നു വന്മരങ്ങളുടെ മറവിൽ, കൌരവരാജവധുക്കളുടെ സ്വകാര്യത അവിടെ രക്ഷിക്കപ്പെട്ടിരുന്നു.

“നിലാവുള്ള ഇത്തരം രാത്രികളിൽ, ജനിച്ച നാടിന്റെ ദിശയിലേക്കു നോക്കി, വിങ്ങിപ്പൊട്ടുന്ന ഞങ്ങളുടെ ഹൃദയവാതിൽ തുറന്നിടാൻ ഉള്ള ഈ കുരുവംശ കൊട്ടാരം മട്ടുപ്പാവിൽ വളരുമോ, കായ്ഫലമുള്ള ചെടികൾ?” ഒരു കൌരവരാജവധു സംശയിച്ചു.

“കൃപാചാര്യൻ ഇത്ര നേരത്തെ?” യുധിഷ്ഠിരൻ നീരസം കാണിച്ചു.

“പ്രതിരോധ മന്ത്രാലയം അടച്ചുപൂട്ടുന്നു എന്നു് വായിച്ചു.”

“കാലന്റെ മകൻ ആണെങ്കിലും സമാധാനപ്രിയനാണു് ഞാൻ, നിങ്ങൾക്കറിയില്ലേ?” യുധിഷ്ഠിരൻ നെഞ്ചു് വിരിച്ചു.

“കുരുവംശസേനയിൽ രക്ഷപ്പെട്ട ഒരു സൈനികൻ ഞാനാണു്. സൈന്യാധിപ പദവി തന്നു മന്ത്രാലയം സജീവമാക്കാൻ അനുമതി തരണം.”

“ജീവനും കൊണ്ടു് യുദ്ധത്തിൽ നിന്നു് രക്ഷപ്പെട്ട ഒരു ധീരൻ കൂടിയില്ലേ. അവസാന സർവ സൈന്യാധിപൻ ആശ്വത്താമാവു്? നിങ്ങളുടെ സഹോദരീപുത്രൻ, ദ്രോണന്റെ മകൻ. ഞങ്ങളുടെ മക്കളുടെ അന്തകൻ. അയാൾക്കുണ്ടായ അന്ത്യവിധി നിങ്ങൾക്കു് വേണോ അതോ, അടുത്ത കിരീടാവകാശി പരീക്ഷിത്തിനെ ഹരിശ്രീ പഠിപ്പിക്കുന്ന അദ്ധ്യാപകജോലി വേണോ? എത്ര കാലം നിങ്ങളെ ‘പഴയ ഗുരു’ എന്ന നിലയിൽ ഞങ്ങൾ എഴുന്നെള്ളിക്കും. നാളെ വന്നു വിവരം പറയൂ.”

2015-07-03

രാജധാനി സമുച്ചയത്തിലെ ആഡംബരവസതിയിൽ നിന്നു് കൊട്ടാരം ലേഖികയെ കുടിയൊഴിപ്പിക്കുന്ന ഔദ്യോഗികരേഖയിൽ യുധിഷ്ഠിരൻ ഇന്നു് വെളുപ്പിനു് ഒപ്പിട്ടു. വർഷങ്ങളായി അന്തഃപുരത്തിലും ആയുധപ്പുരയിലും രാജസഭയിലും സങ്കോചമില്ലാതെ കയറിയിറങ്ങി ചിക്കിച്ചികഞ്ഞു് കണ്ടതും കേട്ടതും പൊലിപ്പിച്ചെഴുതി ഭരണകൂടത്തിന്നെതിരെ ജനവികാരം ഇളക്കി വന്ന കാശിരാജ്യക്കാരിയായ ഈ യുവബ്രാഹ്മണസ്ത്രീയെ ശിക്ഷിക്കാൻ ജാതിയിൽ താണ ക്ഷത്രിയർക്കു അധികാരം ഇല്ലാത്തതുകൊണ്ടു്, കുടിയൊഴിപ്പിക്കാൻ മാത്രം ഇന്നലെ വൈകി ഉന്നതതല കൂടിയാലോചന കഴിഞ്ഞു ചാരവകുപ്പു മേധാവി നകുലൻ ചക്രവർത്തിക്കു് ശുപാർശ ചെയ്യുകയായിരുന്നു. പുറത്താക്കൽ മണത്തു കൊട്ടാരം ലേഖിക സൗജന്യവസതിക്കുള്ളിൽ ആത്മാഹൂതി ചെയ്യുമെന്ന സൂചനയുമുണ്ടു്. യുദ്ധാനന്തര ഹസ്തിനപുരിയിൽ സജീവ സൈനികർ ആരും ഇപ്പോൾ ഇല്ലാത്തതു് കൊണ്ടു് പഞ്ചപാണ്ഡവർ തന്നെ വേണം ഇടയ്ക്കിടെ ഔദ്യോഗിക വേഷം മാറി സുരക്ഷ ഒരുക്കാനും ഇറക്കി വിടാനും പരപരപ്പു മാറ്റാനും.

2015-07-04

“സങ്കീർണമാണു് ഹസ്തിനപുരിയിലെ വർത്തമാനകാല രാഷ്ട്രീയം എന്നു് അറിവുള്ളവർ പറയുന്നു. തൽപരകക്ഷിയല്ലേ താങ്കൾ?”

“എനിക്കറിയാവുന്ന ഈ ലോകം ലളിതം, നന്മതിന്മകളാൽ നേർവരയിട്ടു വേർതിരിച്ച കൂട്ടുകുടുംബം. ഞങ്ങളെ ഉത്മൂലനം ചെയ്യാൻ പോലും തിന്മ തയ്യാർ എന്നു് കേട്ടു. ദൂരെ ദൂരെ വിരാടത്തിലെ ഉപപ്ലവ്യയിൽ പാണ്ഡവർ തിന്മയുമായി കൂട്ടുകൂടി ആയുധങ്ങൾ സംഭരിക്കുന്നു. ഇന്ദ്രപ്രസ്തത്തിനും ഹസ്തിനപുരിക്കും ഇടയിൽ കുരുക്ഷേത്രയിൽ യുദ്ധഭൂമി ഒരുക്കി ഞങ്ങൾ പാരസ്പര്യം കാത്തിരിക്കയാണു്. അവർക്കു് അവിടെ വന്നു ആയുധം വച്ചു് കീഴടങ്ങാം. രക്തസാക്ഷിത്വം വരിച്ചാലും ഞങ്ങൾ, ഒരച്ഛനു ഒരമ്മയിൽ പിറന്ന കൌരവർ, വൈവിധ്യപിതൃത്വത്തിൽ പിറന്ന പാണ്ഡവരുടെ മുമ്പിൽ മുട്ടു മടക്കില്ല.”

“അപ്പോൾ ഇതൊരു നയപ്രഖ്യാപനം തന്നെ”, കൊട്ടാരം ലേഖിക ഇരുകൈകൾ വിടർത്തി.

“ഇടിച്ചു കയറി വന്ന അർദ്ധസഹോദരരോടു് സ്നേഹപരിചരണത്തിൽ നിന്നാണു് സമാഗമം തുടങ്ങിയതു്, ഞങ്ങളുടെ കുടൽ പൊളിച്ചു ചോര കൈകുമ്പിളിൽ ആക്കി പാഞ്ചാലിയുടെ മുടിയിൽ തേക്കുന്ന സൌന്ദര്യ സംരക്ഷണം വരെ പോവും എന്നാണു കേൾവി”, ദുര്യോധനൻ ആസന്നയുദ്ധത്തിലും ഉല്ലാസവാനായിരുന്നു.

2015-07-05

“പാഞ്ചാലി നിത്യവും വന്നു മാലിന്യം നീക്കുമെങ്കിലും പാണ്ഡവർ പതിവു് സന്ദർശകർ അല്ല. നകുലൻ ചിലപ്പോൾ വരുമായിരുന്നു. ഞങ്ങളിൽ ആരാണു് ദുര്യോധനന്റെ ചാരൻ എന്നയാൾക്കു് അറിയാമെന്നു തോന്നിയപ്പോൾ, ചങ്ങാത്തം നിർത്തി വിവരം അറിയിക്കേണ്ടവരെ ഞങ്ങൾ അറിയിച്ചു. അടിമകളുടെ ഉടയതമ്പുരാൻ ദുര്യോധനൻ ഉണ്ടോ അടങ്ങുന്നു, ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യശേഖരണം തുടർന്നും പാഞ്ചാലിയുടെ ചുമതല ആണെങ്കിലും, കുഴിവെട്ടി സംഗതി കുഴിച്ചു മൂടേണ്ട പണി നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നു് ഉത്തരവായി. ഇപ്പോൾ ഞങ്ങളെ കണ്ടാൽ നകുലൻ പല്ലു് ഞെരിക്കും. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ മതേതരരാജ്യമായി ഹസ്തിനപുരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു്, രാഷ്ട്രീയം കളിക്കുന്ന ആശ്രമങ്ങൾക്കു് ധനസഹായവും സുരക്ഷയും നിർത്തുമെന്നു് ഞങ്ങളെ ഭീഷണിപ്പെടുത്തും.”

അടിമപാണ്ഡവർ ശിക്ഷ അനുഭവിക്കുന്ന വനമേഖലയിലെ സന്യാസാശ്രമങ്ങളുടെ സംഘടന കാര്യദർശി ഹസ്തിനപുരി പത്രിക ലേഖികയോടു്:

2015-07-06

ഞങ്ങൾ സിംഹാസനങ്ങളിൽ ഇരിക്കുമ്പോൾ മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ വെറും നിലത്തിരുത്തി എന്ന കൊട്ടാരം ലേഖികയുടെ വാർത്ത വസ്തുതാപരമായി നിലനിൽക്കുന്നതല്ല. കളിയിൽ തോറ്റതു് ‘എല്ലാം’ പണയം വച്ചായിരുന്നതു് കൊണ്ടു് അവർ നിയമപരമായി ‘അടിമ’ എന്ന വിഭാഗത്തിൽ പെട്ടിരുന്നു. അർദ്ധനഗ്നനായി എന്റെ അർദ്ധ സഹോദരൻ ഓച്ചാനിച്ചു് ഞങ്ങൾക്കു് മുമ്പിൽ നിൽക്കേണ്ടി വന്നപ്പോൾ, “ഇവർ ഇരുന്നാൽ എന്താ കുഴപ്പം?” എന്നു് യുധിഷ്ഠിരനു് അനുകൂലമായി ഞാൻ പരസ്യനിലപാടെടുത്തതു് രാജസഭ ഉടൻ അംഗീകരിച്ചു. അടിമ നിയമാവലിയനുസരിച്ചുള്ള വ്യവഹാര പെരുമാറ്റ മുറയിൽ ആഴത്തിൽ അറിവുള്ള യുധിഷ്ഠിരൻ നിലത്തു കുന്തിച്ചിരുന്നപ്പോൾ മറ്റു പാണ്ഡവരും അന്ധമായി അനുകരിച്ചു എന്നേയുള്ളു.”

ഗംഗയിലെ പൌരാണിക സ്നാനഘട്ടങ്ങൾ ശ്രാദ്ധസൌഹൃദമാക്കുന്ന വമ്പിച്ചൊരു കർമ പദ്ധതി ഉൽഘാടനം ചെയ്തു ഹസ്തിനപുരം കൊട്ടാരത്തിലേക്കു് മടങ്ങുയായിരുന്നു ദുര്യോധനൻ.

“പുതിയ ചക്രവർത്തിയുടെ പ്രഭാഷണങ്ങളും ഏറ്റുപറച്ചി ലുകളും നിത്യവും ചെവികൂർപ്പിച്ചു കേൾക്കുന്നുണ്ടല്ലോ. എന്താണു് മൊത്തം വിലയിരുത്തൽ?” യുദ്ധാനന്തരം തൊഴിൽ നഷ്ടപ്പെട്ടു കൂട്ടുകാരിയുടെ ചെലവിൽ നാൾനീക്കുന്ന യുദ്ധകാര്യലേഖകൻ കരിമ്പിൻ തുണ്ടു് ചവച്ചു ചോദിച്ചു. മഴകൾക്കിടയിൽ പ്രസന്നമായ ഒരു പ്രഭാതം.

“യുദ്ധം ജയിച്ചതു് യുധിഷ്ഠിരന്റെ നേതൃത്വത്തിൽ കൗരവസൈന്യമാണെന്നു തോന്നും ആത്മ പ്രശംസ കേട്ടാൽ. കാലന്റെ മകൻ ഇപ്പോൾ കൗരവകുലത്തിന്റെ അഭിമാന പ്രതീകമായി. ഇടിച്ചു കയറി രാജ്യം കലക്കാൻ വന്ന “ആ പാണ്ഡവ”രെ ചെറുത്തു തോൽപ്പിച്ചു് കുരുവംശപരമാധികാരം നിലനിർത്തിയ വീരപുരുഷന്റെ ധ്വനി നിറഞ്ഞ ആ കൊഴുത്ത പദാവലി ഇങ്ങനെ തൊഴിൽരഹിത യുദ്ധകാര്യലേഖകരോടു് അപനിർമാണം ചെയ്താൽ മതിയാവില്ല”, ചാടിയെഴുന്നേറ്റു കൊട്ടാരം ലേഖിക യുധിഷ്ഠിരന്റെ കാര്യാലയത്തിലേക്കു് വാർത്ത തേടി കുതിച്ചു.

“കുരുവംശപ്പെരുമയിൽ നിങ്ങളെ ദുര്യോധനൻ എക്കാലത്തേക്കുമായി രാജസഭയിൽ അടയാളപ്പെടുത്തിയതു് അടിമകൾ എന്നല്ലേ. അതൊക്കെ ഓർക്കുമ്പോൾ വേദന തോന്നുന്നുണ്ടോ?” മുറിപ്പെടുത്താൻ വേണ്ടി മാത്രം കൊട്ടാരം ലേഖിക ചോദിച്ചു.

“വനവാസത്തിൽ ഞങ്ങൾക്കു് കുട്ടികൾ ഉണ്ടാവാഞ്ഞതിനു പ്രകൃതിയോടു നന്ദിയുണ്ടു്. അല്ലെങ്കിൽ ആ കുട്ടികൾ ദുര്യോധനന്റെ ഹസ്തിനപുരിയിൽ വരും കാലം അടിമവംശം എന്നറിയപ്പെടുമായിരുന്നു” പാഞ്ചാലി അപ്രസന്നമായി പുഞ്ചിരിച്ചു.

2015-07-07

“ശുദ്ധജലസ്രോതസ്സുകളിൽ ജൈവമാലിന്യസാന്നിധ്യം കണ്ടെത്തിയ വിവരം ജനനായകൻ ദുര്യോധനനെ ആളെ വിട്ടു് അറിയിച്ചു. ഹസ്തിനപുരിയിൽ നിന്നു് വിദഗ്ധ സംഘം ഉടൻ അന്വേഷണത്തിനു് വരുമെന്നാണു് കേട്ടതു്” മുനിയുടെ പദവിയിലേക്കു് നീങ്ങുന്ന മുതിർന്ന അന്തേവാസി പറഞ്ഞു.

“നിങ്ങൾക്കൊക്കെ തന്നെ ഹൃദ്യമായി സംസ്കരിച്ചുകൂടെ നിങ്ങളുടെ തന്നെ ഈ ആത്മീയ വിസർജ്യം. ഇതിനൊക്കെ ദൂരെ ദൂരെ ഹസ്തിനപുരിയിൽ നിന്നു് ആൾ വരണോ?” കൊട്ടാരം ലേഖിക രോഷം നിയന്ത്രിച്ചു.

“അടിമ പാഞ്ചാലി ചെയ്യേണ്ട ജോലി ഞങ്ങൾ സന്യസ്ഥാശ്രമ അന്തേവാസികൾ ചെയ്താൽ പിന്നെ കുരുവംശത്തിൽ തൊഴിൽ വിഭജനത്തിന്റെ പൊരുൾ എന്തു്? ജൈവമാലിന്യം രാഷ്ട്രത്തിന്റെ സ്വത്താണു്. അതു് നിത്യവും സുരക്ഷിതമായി നീക്കേണ്ടതു് ഭരണകൂടത്തിന്റെ ശിക്ഷ അനുഭവിക്കുന്ന അടിമയാണു്. കൂടുതൽ വാദത്തിനു വന്നാൽ നിങ്ങളും അടിമയാവും.”

“എന്റെ മകനെ വലിച്ചുകീറി, കൊന്നു ചോരയൂറ്റി, അവന്റെ ശരീരം നീ വേർപെടുത്തി അല്ലെ ഭീമാ?” കണ്‍കെട്ടു് ഒന്നഴിച്ചു് മകന്റെ ചിന്നിച്ചിതറിയ ജഡം നോക്കി ഗാന്ധാരി വിതുമ്പി.

“ഭാര്യ ശപഥം ചെയ്താൽ വേറെ തരമുണ്ടോ. പൂചൂടാൻ കല്യാണസൗഗന്ധികമായാലും മുടിയിൽ തേക്കാൻ കൌരവകരളിലെ ചുടു ചോരയായാലും കൊണ്ടുവന്നു കൊടുത്തല്ലേ പറ്റൂ.”

2015-07-08

“നിന്നു് തിരിയാൻ ഇടമില്ലാത്ത ഈ ആശ്രമത്തിൽ, അഞ്ചുപേർ രാവു പകൽ ഇവിടെ ചടഞ്ഞു കൂടുമ്പോൾ, മടുപ്പു് തോന്നാറില്ലേ. എങ്ങനെ കൈകാര്യം ചെയ്യും?”

“ഇതാ ഇന്നു് ഭീമനു ഒരു പണി കൊടുത്തു. പെട്ടെന്നു് തോന്നിയ ഒരു പൂവിന്റെ പേർ പറഞ്ഞു് അതുംകൊണ്ടു് ഇനി തിരിച്ചു വന്നാൽ മതി എന്നു് പറഞ്ഞു. ഇനി മന്ദബുദ്ധി കാടിളക്കി വേരോടെ ചെടി പറിച്ചു കൊണ്ടു് വരുമ്പോഴേക്കും ദിവസങ്ങൾ കഴിയും”, പാണ്ഡവർ അവളെ പ്രീതിപ്പെടുത്താൻ ഓരോ വഴിക്കു് രാവിലെ തന്നെ പോയിരുന്നെങ്കിലും പാഞ്ചാലി തിരക്കിലായിരുന്നു മനസ്സിനകത്തും വീട്ടിനു പുറത്തും.

2015-07-09

“പാണ്ഡവരുടെ അരമനകൾക്കു് മുന്നിൽ എന്താ കൗരവരാജവിധവകളുടെ പുതിയൊരു യാചനാസമരം?”

“നിലവിൽ ഭരണകൂടത്തിന്റെ ഭാഗമല്ലാത്ത കൌരവരുടെ നൂറ് അരമനകളിൽ നിന്നു് രാജവിധവകളെ കുടിയൊഴിപ്പിക്കാൻ ചക്രവർത്തി എന്ന നിലയിൽ ഞാൻ വിജ്ഞാപനം ഇറക്കിയതിനെതിരെ, ആരുടെയൊക്കെയോ ദുഷ്പ്രേരണയിൽ ഈ വൃദ്ധവിധവകൾ നടത്തിവന്ന നാമജപസമരത്തിനു് കാര്യമായ പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ, ഞങ്ങളുടെ ഔദ്യോഗിക വസതികൾക്കു് മുമ്പിൽ ഒരു യാചന നാടകം നടത്താൻ യുക്തിവാദി ചാർവാകന്റെ കുത്തിത്തിരുപ്പുണ്ടു്. നൂറു പേർക്കും കാശിയിലെ വൃദ്ധമന്ദിരത്തിൽ സൗജന്യ താമസം ഞാൻ എന്നിട്ടും ഉറപ്പു കൊടുത്തു.”

“ഈ നൂറു കൊട്ടാരങ്ങൾ അപ്പോൾ എന്തു് ചെയ്യും?”

“യുദ്ധസ്മാരകം ആക്കും. യുഗസംക്രമണമല്ലേ? ഭാവിയോടു നമുക്കു് പലതും പറയാനില്ലേ? എല്ലാം വ്യാസനു പറയാൻ ആവുമോ?” യുധിഷ്ഠിരന്റെ ശബ്ദത്തിൽ അക്ഷമ കലർന്നു.

2015-07-10

“പതിവു് പോലെ ഭർത്താക്കന്മാരെ പ്രതിസ്ഥാനത്തു് നിർത്തി പാഞ്ചാലി പൊരിപ്പിക്കുന്നു എന്നാണു ഞാൻ ആദ്യം കരുതിയതു്. പക്ഷെ ആ സ്വരം പഴി പറയുന്ന പോലെ ആയിരുന്നില്ല. പാണ്ഡവസഹവാസം തുടർച്ചയായുണ്ടായിരുന്ന ഇന്ദ്രപ്രസ്ഥം വർഷങ്ങളിൽ ജനിച്ച അഞ്ചു ആണ്‍കുട്ടികൾ ആയുധാഭ്യാസം നടത്തുന്നു. എവിടെ എന്നു് പറഞ്ഞില്ല. ആരുടെ കൂടെ എന്നും”, കൊട്ടാരം ലേഖിക, നദിയിൽ തോണിയാത്രയിലെ കൂട്ടുകാരനോടു് സംസാരിക്കുകയായിരുന്നു. തോണി തുഴഞ്ഞ, സത്യവതിയെ പോലെ പോലെ, ഒരു സുന്ദരി കൂട്ടുകാരന്റെ ശ്രദ്ധയാകർഷിച്ചതു് അവളെ അസ്വസ്ഥയാക്കി.

“ഇങ്ങനെ സംഗതി പാഞ്ചാലി പരമരഹസ്യമാക്കേണ്ട കാര്യം?”

“ഇനിയാണു് പാഞ്ചാലിയുടെ മനഃപൂർവ്വം എന്നു് പോലും നാം സംശയിക്കേണ്ട ദ്വയാർത്ഥ ദുസ്സൂചന. ഇന്ദ്രപ്രസ്ഥം മഹാറാണി ആയിരിക്കെ ജനിച്ച എന്നേ പാഞ്ചാലി പറയുന്നുള്ളൂ. പിതൃത്വം പൂർണമായോ ഭാഗികമായോ പഞ്ചപാണ്ഡവരിൽ ആരോപിക്കുന്നു എന്നോ, വിവാഹബാഹ്യമാണെന്നോ, കൃത്യമായി ബീജദാതാക്കൾ ആരെന്നോ പറയുന്നില്ല.”

“എല്ലാം വ്യാസൻ പൂരിപ്പിക്കട്ടെ. അയാളുടെ മകന്റെ ഭാര്യ ഗാന്ധാരി നൂറു പെറ്റ കഥ, അവിവാഹിതനായ അയാൾ തന്നെ പൊലിപ്പിച്ച പോലെ”, തോണി തുഴയുന്ന സത്യവതിയിൽ ഒരു പരാശാരനെ പോലെ ഭ്രമിച്ച കൂട്ടുകാരൻ കൈ ഉയർത്തി.

2015-07-11

“ഗാർഹസ്ഥ്യഭൌതികതയിൽ നിന്നിത്രമാത്രം കുത്തൊഴുക്കു് വനാന്തരത്തിലെ സന്യസ്ഥ ആശ്രമങ്ങളിലേക്കു് കഴിഞ്ഞ രണ്ടു വർഷം ഉണ്ടായതിനെ കുറിച്ചു് എന്താണു് കൗരവ ഭരണകൂടത്തിന്റെ സാമൂഹ്യസുരക്ഷ വിഭാഗം ചുമതല വഹിക്കുന്ന താങ്കളുടെ വിലയിരുത്തൽ?” തക്ഷശിലയിൽ നിന്നു് ഇന്നു് രാവിലെ എത്തിയ വിദ്യാർത്ഥിസംഘം ദുര്യോധനനോടു് ചോദിക്കുന്നതു് ഞാൻ മാറി നിന്നു് കണ്ടു.

“വ്യക്തമല്ലേ? ഇവിടെ താമസിക്കുമ്പോൾ ഗാർഹിക മാലിന്യം നിങ്ങൾ നിത്യവും സ്വയം ചുമന്നു ഗംഗയിൽ തള്ളണം. വനാന്തരത്തിലെ ആശ്രമ അന്തേവാസി ആയാൽ, ഭർത്താക്കൻമാർ ചൂത് കളിക്കാൻ പണയം വച്ച ഒരു കൗരവ അടിമപ്പെണ്‍ നിത്യവും വന്നു സംഗതി കാര്യക്ഷമമായി പൊക്കി ദൂരെ കൊണ്ടുപോയി കുഴിച്ചു മൂടും”, ദുര്യോധനൻ വിരൽ ദ്വൈതവനത്തിലേക്കു് പുഞ്ചിരിച്ചു് നീട്ടി.

2015-07-12

യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു്:

“യുദ്ധം ജയിച്ചു രാജ്യം നേടി ഹസ്തിനപുരി കൊട്ടാര ഗോപുരത്തിൽ എത്തിയ പാണ്ഡവർക്കു് സ്വാഗതം ചെയ്യാൻ ദുര്യോധനവിധവ പൂക്കളുമായി നിന്നതു് എന്തുകൊണ്ടു് എന്നു് ചോദിക്കാൻ മാത്രം നാം പത്ര പ്രവർത്തകർ നിഷ്കളങ്കരല്ല, പക്ഷെ പൂ വാങ്ങി പുഞ്ചിരിച്ച യുധിഷ്ഠിരന്റെ ചെവിയിൽ അവൾ എന്തോ മന്ത്രിച്ചതു്, അതെന്തായിരുന്നു?”

“നിങ്ങൾ അഞ്ചുപേരും കഷ്ടിച്ചു് രക്ഷപ്പെടാൻ മക്കൾ അഞ്ചു പേരെയും അശ്വത്താമാവിനു ബലി കൊടുത്തു അല്ലെ?” കൊട്ടാരം ലേഖിക പൂരിപ്പിച്ചു.

2015-07-13

ഹസ്തിനപുരി ചക്രവർത്തി എന്ന നിലയിൽ അധികാരമേറ്റെടുത്ത ഇന്നു് എന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവു് “ചൂതുകളി നിയമവിരുദ്ധം” എന്നു് പ്രഖ്യാപിക്കുക ആയിരുന്നു, രാത്രി കിടപ്പറയിൽ എത്തിയപ്പോൾ ഒരഭിനന്ദനം പ്രതീക്ഷിച്ചു ഞാൻ പറഞ്ഞു.

“കളിക്കേണ്ട വിധത്തിൽ ചൂതും ദൂതും യുദ്ധവും കൃഷ്ണൻ കളിച്ചു കാണിച്ചില്ലേ”, അരികെ കിടന്ന പാഞ്ചാലി യുടെ മുഖഭാവം ഇരുട്ടിൽ എനിക്കു് കാണാൻ ആയില്ല, പക്ഷെ ആ വാക്കുകൾ ഉച്ചരിച്ച വിധം, അതു് ഞാൻ ഇനി മറക്കുകയില്ല.

2015-07-15

“കൊട്ടാരസമുച്ചയത്തിലെ സ്വകാര്യവണക്കമന്ദിരത്തിൽ കൗരവരാജവിധവകൾ സുരക്ഷിത സൂക്ഷിപ്പിനു് മുഖ്യ പുരോഹിതനെ എല്പിച്ചിരുന്ന ദുര്യോധനന്റെ തിരുശേഷിപ്പുകൾ കളവു പോയ വാർത്തയാണിന്നു ഹസ്തിനപുരി പൂക്കാര തെരുവിൽ പകലത്രയും സ്ത്രീകൾ അടക്കിപ്പിടിച്ചു സംസാരിക്കുന്നതു്. പിന്നെ സംസാരിക്കില്ലേ. കുരുക്ഷേത്ര യുദ്ധഭൂമിയിൽ പോയിരുന്ന ഗാന്ധാരി, തോഴി വഴി പെറുക്കിയെടുത്ത ഭർത്താവിന്റെ ശരീരഭാഗങ്ങൾ പട്ടിൽ പൊതിഞ്ഞു രഹസ്യമായി ദേവാലയ പുരോഹിതനെ ഏൽപ്പിച്ചതായിരുന്നു. ആദ്യ ഓർമപ്പെരുനാളിനു പ്രദർശനത്തിനുവക്കാൻ.” കൊട്ടാരം ലേഖിക പറഞ്ഞു. സന്ധ്യ. ജാലകത്തിലൂടെ നിർജീവമായ കച്ചവടതെരുവു്.

“കണ്ടല്ലോ യുദ്ധാനന്തര വിജയനിർവൃതിയിലും ചാരവകുപ്പു മേധാവി നകുലന്റെ രാത്രി നുഴഞ്ഞു കയറ്റങ്ങൾ എത്ര വരെ പോകുമെന്നു്. ശവത്തിൽ കുത്തുക എന്നു് ഞങ്ങൾ പത്ര പ്രവർത്തകർ പറയും, ഇതു് ചത്തിട്ടും ചാവാത്ത ധീര യോദ്ധാവിന്റെ ശവഭാഗമോഷണം”, യുദ്ധകാര്യലേഖകൻ കൂട്ടുകാരിയോടു് പരാതിസ്വരത്തിൽ പുഞ്ചിരിച്ചു.

“നിങ്ങൾ പത്ര പ്രവർത്തകർ എന്നെ പ്രശംസിക്കുമ്പോൾ പോലും മുഖഭാവം വിനീതമായിരിക്കണം. അല്ലെങ്കിൽ ഇനി ഒരു അഭിമുഖം ഉണ്ടാവില്ല എന്നു് പറഞ്ഞു കൊണ്ടു്, ഓർക്കുന്നുണ്ടല്ലോ, ആദ്യദിനം എന്നെ ഒന്നു് കുടഞ്ഞു. അന്നു് താങ്കൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന നിലയിൽ, വിരുന്നിനു വന്ന ദുര്യോധനൻ വഴുക്കി വീണതു കണ്ടു ഒച്ചവച്ചു് ചിരിച്ചതിനു്, ആരാധകരുടെ അഭിനന്ദനം ക്ഷമയോടെ സ്വീകരിക്കുകയായിരുന്നു”, കൊട്ടാരം ലേഖിക പുഞ്ചിരിച്ചു.

“ആശ്രമ വാസികളുടെ ജൈവമാലിന്യം സംസ്കരിച്ചു തളർന്നു വരുന്ന ഈ കൗരവ അടിമപ്പെണ്ണിന്റെ മുമ്പിൽ നാണമില്ലാതെ മുട്ടുകുത്തി, കൈ മുത്തുന്ന പത്രപ്രവർത്തകയെ എന്തു് പാണ്ഡവദാമ്പത്യരഹസ്യങ്ങൾ വെളിപ്പെടുത്തി വേണം ഹസ്തിനപുരിയിൽ നിന്നുള്ള ഈ നീണ്ട യാത്രയുടെ വാർത്താ മൂല്യം ഞാൻ ഉറപ്പു വരുത്താൻ”, പാഞ്ചാലി കുളിക്കാൻ അരുവിയിലേക്കു് നീങ്ങുമ്പോൾ അലസമായി ചോദിച്ചു.

പത്തു ദിവസമായിട്ടും ഒരു പാണ്ഡവതലപോലും ഉരുളാത്ത കുരുക്ഷേത്രയുദ്ധത്തിൽ വിരസത മറച്ചു വക്കാതെ സഞ്ജയൻ ധൃതരാഷ്ട്രരോടു്:

“യുദ്ധത്തിന്റെ നേരനുഭവം തത്സമയം എന്റെ വചനദീപ്തിയിൽ നിന്നു് താങ്കൾക്കു കിട്ടുന്നുണ്ടല്ലോ, അതോ പോരാട്ടഭൂമിയിൽ എത്തി ചെത്തവും ചൂരും പ്രവർത്തനക്ഷമമായ ഒന്നു് രണ്ടു സ്വന്തം ഇന്ദ്രീയങ്ങളിലൂടെ തന്നെ നേരിട്ടറിയണമെന്നുണ്ടോ.”

2015-07-16

“രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കിയതിന്റെ ആദ്യവാർഷികത്തിനു് എന്തുണ്ടു് ഞങ്ങൾ സാധാരണക്കാർക്കു് തരാൻ സമ്മാനം?” കൊട്ടാരം ലേഖിക ഭരണകൂടത്തിന്റെ മുഖ്യ വക്താവിനെ സമീപിച്ചു.

“ആക്ഷേപം പോലെ തോന്നിയ“അർദ്ധസഹോദരർ” എന്ന ആ സംജ്ഞ ഇനി ഔദ്യോഗിക രേഖകളിൽ കൌരവരെക്കുറിച്ചു് നിങ്ങൾ കാണില്ല. നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരയോദ്ധാക്കളെ ധന്യസ്മൃതികളിലൂടെ ആദരിക്കാൻ ആദ്യവാർഷികം ഒരു ഓർമപ്പെരുനാൾ ആയി ആചരിക്കാൻ അത്യുന്നത പാണ്ഡവനയരൂപീകരണ സമിതിയിൽ ഇന്നലെ വൈകിയ രാത്രിയിൽ തീരുമാനമായി. രക്തസാക്ഷികളായ ആ മഹാരഥന്മാരുടെ ഛായാചിത്രങ്ങൾ രാജസഭയുടെ ചുവരുകളിൽ പുതിയ നിറച്ചാർത്തു് നൽകുന്നു എന്നു് നിങ്ങൾ തന്നെ, ആർക്കറിയാം, ഹസ്തിനപുരി പത്രികയിൽ ഒരു പക്ഷെ എഴുതും. കൌരവരെ കുറിച്ചു് അഹിതകരമായ പരാമർശങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ യുദ്ധചരിത്രമെഴുതുന്ന വ്യാസനോടു് യുധിഷ്ഠിരൻ ആവശ്യപ്പെടും. അൽപ്പം തിരക്കുണ്ടു്. അടുത്ത ഒരു ദിവസം ചിത്രകാരന്മാരുടെ കൂടെ. സൂക്ഷ്മാംശങ്ങളിൽ ശ്രദ്ധിക്കും. കാലാതിവർത്തിയായ എന്തോ ഒന്നു് ഞങ്ങളുടെ ഈ ഹ്രസ്വകാലഭൌമിക ജീവിതത്തിൽ ഉണ്ടു്, ഇല്ലേ?” തിരക്കിലും നകുലൻ അർത്ഥഗർഭമായി പുഞ്ചിരിച്ചു.

“യുദ്ധം ജയിച്ചു കൊട്ടാരത്തിൽ താമസിച്ചു നിത്യവും കുഞ്ഞാടിൻ ചുടുചോര മൊത്തിക്കുടിക്കുമ്പോഴും എന്താ മുഖത്തൊരു ജാള ്യത, വാട്ടം?” കൊട്ടാരം ലേഖിക ഊട്ടുപുരയിൽ ഭീമനെ നേരിട്ടു.

“കുറ്റ വിചാരണ ചെയ്യാൻ പഴയ ഭരണകൂടത്തിന്റെ നേതാക്കൾ ആരുമില്ല പ്രതിക്കൂട്ടിൽ നിർത്തി ഞങ്ങൾക്കൊന്നു പൊരിക്കാൻ. ആകെ മടങ്ങി വന്നതു് കൃപാചാര്യൻ, അതും ഞങ്ങളെ ആദ്യാക്ഷരം പഠിപ്പിച്ച ആ ദരിദ്ര ബ്രാഹ്മണൻ. എന്നിട്ടും യുധിഷ്ഠിരൻ അയാളിൽ നിന്നു് മൊഴിയെടുത്തു. പോരെന്നു തോന്നിയപ്പോൾ ഞാൻ ചോദ്യം ചെയ്തു നോക്കി. പരിപൂർണസ്മൃതിനാശം”, ഭീമൻ ഒരു കുഞ്ഞാടിനെ കൂടെ ചാടിക്കയറിപ്പിടിച്ചു് കഴുത്തിൽ കടിച്ചു ചോര നേരെ വായിലേക്കൊഴിച്ചു.

“രാജസഭയിൽ വരുമ്പോഴെല്ലാം കാണാം നിങ്ങളും വിദുരരും അടുത്തടുത്തു്. എന്താ കൃത്യമായും നിങ്ങൾ തമ്മിൽ ഉള്ള ബന്ധം?” എന്റെ ആദ്യ ജോലിദിവസം അങ്ങനെയാണു് ഞാൻ ഭീഷ്മരോടു് ചോദിച്ചത്”, കൊട്ടാരം ലേഖിക ക്ഷുദ്രഭൂതകാലം ചികഞ്ഞു.

“കാരണവർ എന്തു് പറഞ്ഞു എന്നു് ചോദിക്കുന്നില്ല. എങ്ങനെ പറഞ്ഞു എന്നു് മാത്രം പറയൂ”, യുദ്ധകാര്യലേഖകൻ അലസനായിരുന്നു.

“വിരലുകൾ അങ്ങോട്ടും ഇങ്ങോട്ടും വേഗം വേഗം ചൂണ്ടിയും, കണ്ണു് വെട്ടിച്ചും പിതാമഹൻ ആ തിരക്കൊഴിയാത്ത രാജസഭയിൽ നിവർന്നു നിന്നുകൊണ്ടു് പറഞ്ഞു, എന്റെ അച്ഛൻ ശന്തനുവിന്റെ രണ്ടാം ഭാര്യ സത്യവതിയുടെ രണ്ടു യുവ പുത്രവിധവകളിൽ ജന്മം നല്‍കാൻ, സത്യവതിയുടെ വിവാഹപൂർവ രതിബന്ധത്തിൽ ജനിച്ച വ്യാസനു ശരീരബന്ധമുണ്ടായത്തിനുശേഷം, തുടർന്നും ഒരു ശൂദ്ര തോഴിയിൽ സാന്ദർഭികമായും ആകസ്മികമായും ആനന്ദകരമായും സംഭവിച്ച സന്താനം. ആ ‘തുടർന്നും’ എന്നു് ഭീഷ്മർ വിസ്തരിച്ച മുഖഭാവങ്ങൾ കൊണ്ടു് ഉച്ചരിച്ച വിധം അതായിരുന്നു അഭിമുഖത്തിലെ സ്മരണീയമായ ദൃശ്യവിസ്മയം.”

2015-07-17

“വിത്തെറിഞ്ഞതു് ആകാശചാരികൾ ആണെങ്കിലും, സംശയം തളിരിട്ടതു് ഭൂമിയിലല്ലേ കിടപ്പറയിലെ സ്വകാര്യതയിൽ പാണ്ഡവർക്കിടയിലെ ആണ്‍കോയ്മ കിടമത്സരം പ്രകടമാവുമ്പോൾ നിങ്ങൾ എങ്ങനെ സംഗതി കൈകാര്യം ചെയ്തു?” കൊട്ടാരം ലേഖിക കാട്ടിലും കുസൃതി വിട്ടില്ല.

“നിങ്ങളെ പറ്റി മറ്റ് നാലു പേരോടു് ഞാൻ സംസാരിക്കാറില്ലാത്തതുപോലെ, അവരെ പറ്റി നിങ്ങളോടും ഞാൻ സംസാരിക്കുകയില്ല എന്നു് രതിലീലക്കിടയിൽ ചെവിയിൽ ഓരോരുത്തരോടും താക്കീതു് പോലെ മന്ത്രിച്ചു. അവർ അന്നു് വെട്ടി ജിജ്ഞാസയുടെ ആ നാവുമരം.” കാര്യക്ഷമതയുള്ള സേവനദാതാവിനെ പോലെ പാഞ്ചാലി കിടപ്പറ തുടച്ചു വൃത്തിയാക്കുന്നതിന്നിടയിൽ അലസമായി പറഞ്ഞു.

“മനഃസാക്ഷി ഇന്നലെ എന്നെ പ്രതിക്കൂട്ടിൽ ഒറ്റക്കാലിൽ നിർത്തി വിസ്തരിച്ചു. വിശദീകരണത്തിനു് ചെവി തന്ന ശേഷം മാത്രം എഴുതി വിധി”, ദുര്യോധനൻ ഒഴിഞ്ഞു മാറാതെ കൊട്ടാരം ലേഖികക്കു് പിടി കൊടുത്തു. യുദ്ധമേഘങ്ങൾ നിറഞ്ഞ ഹസ്തിനപുരി ആകാശം. ശീതകാലം.

“കുറ്റവാളിക്കു് എന്തു് കിട്ടി ശിക്ഷ?”

“പാണ്ഡവരുടെ അന്യായമായ സാമ്രാജ്യമോഹത്തിനു് നീ വെറുമൊരു ഇര” എന്നാണു കുറ്റവിമുക്തനാക്കും മുമ്പു് ന്യായാധിപൻ നിരീക്ഷിച്ചതു്. ധൃതിയുണ്ടു്. സർവസൈന്യാധിപനെ കണ്ടെത്തണം, ഭീഷ്മരും കർണനും തമ്മിലുള്ള പിണക്കം തീർക്കണം.”

“ആ പിണക്കം തീർക്കണം എന്ന വാക്കുകളിൽ പിടിച്ചു നാം ഇന്നു് മുഖ്യവാർത്ത നിരത്താം അല്ലെ”, യുദ്ധകാര്യലേഖകൻ പത്രാധിപരെ നോക്കി പുഞ്ചിരിച്ചു.

2015-07-18

“അടിയുറച്ച വിശ്വാസരാഹിത്യം, അങ്ങനെയാണോ നിങ്ങൾ പാണ്ഡവദാമ്പത്യത്തെ രണ്ടു വാക്കിൽ വിശേഷിപ്പിക്കുക?” കൊട്ടാരം ലേഖിക സഹായിച്ചു.

“‘മുൻ വിധിക്കു് വഴങ്ങാറില്ല വിശ്വാസം അർഹിക്കുന്നില്ല എന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ, ദിനചര്യയിൽ അവർക്കു് വീതിച്ചു നല്‍കേണ്ട ഗാർഹിക, അന്തിമയുദ്ധബന്ധിത ചുമതലകൾ അവർ നിർവഹിക്കുന്നതിൽ വന്നു ചേരാവുന്ന ആ കാര്യക്ഷമത, അതിനെ ഞാൻ ന്യൂനോക്തിയിൽ അഭിനന്ദിച്ചു. എന്തെങ്കിലും ഒഴികഴിവുകൾ കാട്ടി ഒറ്റക്കോ കൂട്ടായോ എന്നെ എതിർത്താൽ, ഊട്ടുപുര പുറത്തു നിന്നും കിടപ്പറ അകത്തു നിന്നും താഴിട്ടു പൂട്ടി”, മൃദുവായി പാഞ്ചാലി ഓരോ വാക്കും മുത്തു് മണി പോലെ നിലത്തു ഉരുളാൻ വിട്ടു.

2015-07-19

“അവമതിയുദെ ശരശയ്യയിൽ കിടക്കുന്ന പിതാമഹന്റെ ചെവിയിൽ അലക്ഷ്യമായി നിങ്ങൾ പിറുപിറുക്കുന്ന പോലെ കണ്ടു, എന്താ സംഗതി?” ചോദ്യഭാവത്തിൽ കൊട്ടാരം ലേഖിക ചാരവകുപ്പു മേധാവി നകുലനെ നോക്കി.

“കുരുക്ഷേത്രം ഉടനടി യുദ്ധസ്മാരകമാക്കാൻ ഉദേശിക്കുന്നതു് കൊണ്ടു് ജീവൻ വെടിയുന്ന പ്രക്രിയ അനിശ്ചിതമായി നീട്ടാതെ ജന്മം ഇന്നു് തന്നെ ഭീഷ്മർ അവസാനിപ്പിക്കണം എന്ന ഭരണകൂടതീരുമാനം ഔദ്യോഗികമായി അറിയിച്ചു എന്നു് മാത്രം.” നകുലൻ ശവസംസ്കാരത്തിന്റെ ക്രമീകരണത്തിനു് ഓടി നടക്കുന്നതിന്നിടയിൽ പറഞ്ഞു.

“മൃദുലപദങ്ങൾ ഒഴിവാക്കി പച്ചക്കു് ചോദിക്കട്ടെ, കൃഷ്ണൻ അകത്തു പ്രവേശിക്കുമ്പോൾ നിങ്ങൾ അഞ്ചുപേർ പാഞ്ചാലിയുടെ മുറിയിൽ നിന്നു് ആചാരപൂർവ്വം പുറത്തു കടക്കുമോ?” കൊട്ടാരം ലേഖിക വഴി വിട്ടു് ഇടപെട്ടു.

“ജാരൻ എന്ന നിലയിൽ നിന്നവൻ രക്ഷകനായതു് വസ്ത്രാക്ഷേപത്തിലെ മായിക ദർശനം വഴി ആയിരുന്നതു് കൊണ്ടു്, ചൂതുകളിയും പണയവസ്തുവും ഉടുതുണിയും ഒക്കെ പ്രഹസനം ആവാമെന്നു് സംശയിച്ച ആ നാളുകളിൽ നിന്നു് ഞങ്ങൾ, അനാഥപാണ്ഡവർ, താഴെ വീണു. മനുഷ്യസംവേദനശക്തിക്കാനുപാതികമായി പ്രപഞ്ചനാഥൻ ഞങ്ങളോടു് സംസാരിക്കുന്നു എന്ന എളിമ ഞങ്ങളെ തുണച്ചപ്പോൾ, പാഞ്ചാലിയുടെ കൂട്ടിനു കൃഷ്ണൻ എന്ന ആശയം താത്ത്വികമായി അംഗീകരിക്കപ്പെട്ടു. ഇതിൽ കൂടുതൽ പച്ചയായി ഭർത്താക്കന്മാർ എങ്ങനെ ദാമ്പത്യ രഹസ്യം ഹസ്തിനപുരി പത്രികയോടു് വെളിപ്പെടുത്തും”, വക്താവു് പതിവു് പോലെ നകുലൻ ആയിരുന്നു എങ്കിലും ബാക്കി നാലു് പേർ സമ്മതത്തിൽ അരികെ തലയാട്ടി നിന്നു.

2015-07-20

“യുധിഷ്ഠിരന്റെ രാഷ്ട്രീയ കാപട്യത്തിന്നെതിരെ പൂക്കാര തെരുവു് യോഗങ്ങളിൽ നിത്യവും ആഞ്ഞടിക്കുന്ന ദുര്യോധനവിധവയെ ഹസ്തിനപുരി രാജസഭയിലേക്കു് പ്രത്യേകക്ഷണിതാവായി ഭരണകൂടത്തിന്റെ രാഷ്ട്രീയ കാര്യാലോചനസമിതി നാമനിർദേശം ചെയ്തെന്നു ഇന്നു് രാവിലെ മുതൽ ഊട്ടുപുരയിൽ ശ്രുതിയുണ്ടല്ലോ. എന്താ കാര്യം?” കൊട്ടാരം ലേഖിക ഞെട്ടലോടെ ചോദിച്ചു.

“നിങ്ങൾ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ടു്. ദുര്യോധനവിധവ എന്ന വ്യക്തിഗത നിലക്കല്ല, മൊത്തം കുരുക്ഷേത്രവിധവകളുടെ ദേശീയ സംഘടന നേതാവു് എന്ന നിലയിലാണു് പരിഗണന. നേതൃസ്ഥാനം ഇന്നു് അവർ മാറിയാൽ, അല്ലെങ്കിൽ ഒഴിഞ്ഞാൽ, ആ ‘പ്രത്യേക ക്ഷണിതാവ്’ എന്ന പദവിക്കും ഉടൻ വരും സ്ഥാനചലനം”, ഔദ്യോഗിക വക്താവു് നകുലൻ പറഞ്ഞു. രാജസഭയുടെ സമ്മേളനത്തിൽ ഭരണകൂടം സ്വീകരിക്കേണ്ട തന്ത്രം മെനയുന്ന ഉന്നതതല സമിതിയുടെ അടിയന്തര യോഗത്തിലേക്കു് പോവുന്ന തിരക്കിലായിരുന്നു മാദ്രിപുത്രൻ.

“വിവാഹപൂർവ സന്തതികളും വിവാഹേതര രതിയും കുരുവംശപ്പെരുമക്കു് അലങ്കാരമായി എന്നു് ഹസ്തിനപുരിയിലെ ധനിക വാണിജ്യസമൂഹം കാണുന്നുണ്ടു്. എന്നിരുന്നാലും, അവരെ ചിന്താക്കുഴപ്പത്തിലാക്കുന്നതു്, ദേവരൂപികളായ അഞ്ചു രസികൻ ഭർത്താക്കന്മാർ നിങ്ങൾക്കുണ്ടായിട്ടും എന്തിനൊരു കറുത്ത കാമുകൻ. ഒന്നും വേണ്ടായിരുന്നു എന്നു് തോന്നിയോ വല്ലപ്പോഴും?”

“പ്രീണിപ്പിക്കാനും കീഴ്പ്പെടുത്താനും ഒറ്റക്കും കൂട്ടായും മുന്നൊരുക്കം രാവുപകൽ ചെയ്യുന്ന ഈ കൌന്തേയർ എവിടെ, അവർ എന്നെ ആപത്തിൽ പെടുത്തുമ്പോൾ, വിദൂരതയിൽ, അങ്ങകലെ പടിഞ്ഞാറു് കടലോര വസതിയിൽ ഇരുന്നു് എനിക്കായി സുരക്ഷിതത്വത്തിന്റെ ഒരാലില, സത്യഭാമ പോലും അറിയാതെ, മറിച്ചിടുന്ന ആ ദ്വാരകനാഥൻ എവിടെ.” വനാന്തരത്തിലെ ആശ്രമമുറിയിൽ ശീതകാലസന്ധ്യയുടെ ഭീതിതമായ മൂടുപടം പെട്ടെന്നു് മുഖമടച്ചു വീണു. എന്നിട്ടും പാഞ്ചാലിയുടെ കണ്ണുകൾ തുളുമ്പുന്നതു് കൊട്ടാരം ലേഖികക്കു് ആ ഇരുളിൽ കാണാമായിരുന്നു.

2015-07-21

“ഉറക്കത്തിൽ ഞാൻ നിലവിളിച്ചതു് നീ കേട്ടിരുന്നോ?” ഊഴമനുസരിച്ചു് തനിക്കു കിടപ്പറയിൽ കിട്ടേണ്ട ഇടം നകുലനു് കൊടുത്ത പാഞ്ചാലിയോടു് പരിഭവം മറക്കാതെ ഭീമൻ ചോദിച്ചു.

“എന്തോ നിലവിളി കേട്ടു് ഞാൻ ഉണർന്നപ്പോൾ നകുലൻ ബലമായി എന്നെ പിടിച്ചു കിടത്തി. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു് ആർത്തനാദം, വേറൊരാൾക്ക് പെണ്‍ശയനത്തിൽ ആർമാദം”, നിന്ദയോടെ പാഞ്ചാലി, മാലിന്യനീക്കത്തിനു് സമീപ ആശ്രമങ്ങളിലേക്കു് മൺത്രവുമായി പടി കടന്നു പോയി.

ധീരനിവൻ ദുര്യോധനപാൻ, പടക്കളത്തിലും സമൂഹ പരിഷ്കരണത്തിലും/ യുദ്ധകാര്യലേഖകൻ.

ഹസ്തിനപുരി സമൂഹത്തിന്റെ അധിക്ഷേപവും ആക്ഷേപവും നേരിട്ടിരുന്ന ഭിന്നലിംഗത്തിന്റെ ദുരവസ്ഥ ലോക മനഃസാക്ഷിയിലേക്കു് സാർത്ഥകമായി എത്തിക്കാൻ, പാണ്ഡവരുടെ കുത്തിത്തിരുപ്പിൽ മനം മറിഞ്ഞു തന്നെ ആക്രമിക്കാൻ എത്തിയ ശിഖണ്ടിക്കു് മുമ്പിൽ സ്വന്തം നിരായുധീകരണത്തിലൂടെ പിതാമഹനു് സാധിച്ചു എന്നു് ശരശയ്യയിൽ വീണ ഭീഷ്മർക്കു് ഉപചാരം അർപ്പിച്ചു കൊണ്ടു് ദുര്യോധനൻ പ്രഖ്യാപിച്ചു. അടുത്ത എട്ടു ദിവസത്തിനുള്ളിൽ യുദ്ധം ജയിച്ചു ഞങ്ങൾ വിജയക്കൊടിയുമായി ഹസ്തിനപുരി കൊട്ടാരത്തിൽ ചേരുന്ന ആദ്യയോഗത്തിൽ തന്നെ ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷ, അംഗീകാരം എന്നിവ വിഭാവന ചെയ്യുന്ന സമഗ്രലിംഗനയത്തിനു ഭീഷ്മനാമത്തിൽ രൂപം കൊടുക്കും.

2015-07-22

“ചെങ്കോൽ ഉപചാരപൂർവ്വം അനുഗ്രഹത്തോടെ താങ്കൾ കൊടുത്തില്ലെങ്കിലും, അധികാരം അർപ്പണബുദ്ധിയോടെ യുധിഷ്ഠിരൻ പ്രയോഗിച്ചു തുടങ്ങിയല്ലോ. കൗരവ രാജവിധവകളെ കൌശലപൂർവം കുടിയൊഴിപ്പിച്ചു് വൃദ്ധസദനങ്ങളിൽ പാർപ്പിച്ചു. ഇനിയെന്താണു് പരിപാടി? കുടിയൊഴിക്കൽ ഭീഷണി വരും മുമ്പു് ഭാര്യയുമൊത്തു് വനവാസത്തിനു പോകുന്നോ?” കൊട്ടാരം ലേഖിക അന്ധധൃതരാഷ്ട്രരെ അനുഭാവപൂർവം തോളിൽ തട്ടി.

“ദൈവവിളിയോ, കുടിയിറക്കു് വെല്ലുവിളിയോ എന്തും ഈ വാർധക്യത്തിൽ ഉണ്ടായാൽ, മാറിയ ഭൌതിക സാഹചര്യത്തിനു് അനുസരിച്ചു് പിന്നെ ഞങ്ങൾ സാമ്രാജ്യപതികൾ നേരിടെണ്ടേ? തിരക്കുണ്ടു്, അതിനു മുമ്പു് കാട്ടിലേക്കു് വരുന്നോ കുന്തീ, എന്നു് ചോദിച്ചു സഹോദരവിധവയെ കൊട്ടാരത്തിൽ നിന്നു് കുടിയൊഴിപ്പിക്കാൻ ഒരവസാനവട്ട ശ്രമം ബാക്കി”. കണ്ണീരു നനഞ്ഞ പട്ടുതുണി കൊണ്ടു് കണ്ണു് മാത്രമല്ല മുഖമത്രയും അധികാരം നഷ്ടപ്പെട്ട നാമമാത്ര ചക്രവർത്തി മൂടിയിരുന്നു.

2015-07-24

“എങ്ങനെ പൊറുക്കുന്നു നിങ്ങൾ അഞ്ചു പേരും പാഞ്ചാലിയുടെ പരുക്കൻ വ്യവഹാരഭാഷ?” കൊട്ടാരം ലേഖിക പാണ്ഡവരെ ആശ്രമത്തിനു പിന്നിലെ അരുവിക്കരയിൽ അലസരായി കണ്ടപ്പോൾ സംശയം പങ്കു വച്ചു.

“ആരെ കുറിച്ചാണു് നിങ്ങൾ പറയുന്നതു്? എത്ര തീവ്രമായ പ്രതിഷേധവും രോഷവും ആഹ്ലാദവും ചുണ്ടുകൾ ചലിപ്പിക്കാതെ വികാരരഹിതമായി ആവിഷ്കരിക്കുന്ന പാഞ്ചാലി എവിടെ, കൊട്ടാരങ്ങളുടെ മട്ടുപ്പാവിൽ ചന്ദ്രികാർച്ചിത രാത്രികളിൽ വസ്ത്രരഹിത ശരീരങ്ങൾ നിർല്ലജ്ജം ഇളക്കിയും ആടിയും, അങ്ങകലെ വടക്കൻ ഹിമാലയനിരകളെ നോക്കി ഉന്മാദത്തിൽ പൊട്ടിച്ചിരിക്കയും ഭീതിതമായി വാവിട്ടു നിലവിളിക്കയും ചെയ്യുന്ന കൗരവരാജവധുക്കൾ എവിടെ?” നകുലൻ കൃഷ്ണമൃഗത്തിനു് ഒരു പിടി ഇളം പുല്ലു നീട്ടിക്കൊണ്ടു പുഞ്ചിരിച്ചു.

“യുദ്ധത്തിൽ കൊല്ലപ്പെട്ട ദുര്യോധനന്റെ വിധവ നിങ്ങളല്ലേ?” വൃദ്ധസദനത്തിൽ കണ്ട പരിചിതവനിതയോടു് കൊട്ടാരം ലേഖിക അലക്ഷ്യമായി കുശലം ചോദിച്ചു.

“കുരുക്ഷേത്രവിധവ. ഇരു ഭാഗങ്ങളായി പോരടിച്ചു ജീവത്യാഗം ചെയ്ത നാൽപ്പതു ലക്ഷം സൈനികരുടെ വിധവകളിൽ ഒരാൾ.”

2015-07-25

“ചെങ്കോൽ അഭിമന്യുപുത്രനായ പരീക്ഷിത്തിനെ ഏൽപ്പിച്ചു് പടിയിറങ്ങി നിങ്ങൾ അഞ്ചുപേരും വാനപ്രസ്ഥത്തിനു പോവുമ്പോൾ, ഭരണനേട്ടത്തെ കുറിച്ചൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, നീണ്ട വ്യക്തിജീവിതത്തിൽ വല്ലതുമുണ്ടോ പുതുതലമുറ ഹസ്തിനപുരിയുമായി ഒരു രഹസ്യം പങ്കിടാൻ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ആകാശചാരികളുടെ വിവാഹേതരരഹസ്യസന്തതികളായി ജനിച്ച ഞങ്ങൾ പാണ്ഡവർ, ആയിരം പൂർണചന്ദ്രന്മാരെ കണ്ട ശേഷവും ഇന്നും വെളുത്ത സുന്ദരരൂപികൾ ആയി നിങ്ങൾ കാണുന്നില്ലേ? അപ്പോൾ എന്തായിരിക്കണം ഞങ്ങളുടെ തീ പിടിച്ച യുവത്വം? എന്നിട്ടും ഞങ്ങൾ, ഒന്നിലധികം ഭർത്താക്കൾ എന്നും കൂടെ പൊറുക്കാൻ വിധിക്കപ്പെട്ട, പെരുമാറ്റത്തിൽ കാറും മിന്നലും കലർന്ന, ഒരു കറുത്ത പെണ്ണിനെ നാട്ടിലും കാട്ടിലും കൂട്ടായി സ്വീകരിച്ചു ഒരായുഷ്ക്കാലം ആർമാദിച്ചു ജീവിച്ചു എന്നതു്, സ്ത്രീയുടെ ബഹുഭർത്രുത്വത്തോടുള്ള സാധാരണപുരുഷന്റെ അസഹിഷ്ണുതയെക്കാൾ, ആണ്‍പെണ്‍ സഹവർത്തിത്വത്തിന്റെ അടയാളമല്ലേ”, പാഞ്ചാലിയെ കൂടെ നിർത്തി നകുലൻ നാട്ടുകാരോടു് കൈ വീശി എന്നെന്നേക്കുമായി യാത്ര ചോദിച്ചു.

2015-07-26

ഇനിയൊരു കുരുക്ഷേത്രയുദ്ധം അനുവദിക്കില്ലെന്നു് പാണ്ഡവ കരസേനാമേധാവി ഭീമൻ. കുരുക്ഷേത്രവിജയത്തിന്റെ ആദ്യ വാർഷിക ആഘോഷത്തോടു് അനുബന്ധിച്ചു്, മഹാഭാരത യുദ്ധത്തിൽ ജീവൻ നഷ്ടമായ കൗരവസഹോദരർക്കു് ആദരാഞ്ജലികൾ അർപ്പിച്ചു് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു് സാഹചര്യവും നേരിടാൻ ഹസ്തിനപുരി സേന സുസജ്ജമാണെന്നും കരസേനാ മേധാവി.

“കുരുക്ഷേത്ര വിധവകൾ പുനരധിവാസനീതി തേടി, പ്രക്ഷോഭം പതിവിടമായ പൂക്കാര തെരുവിൽ നിന്നു് രാജകീയ അരങ്ങേറ്റ മൈതാനത്തിലേക്കു് ഇന്നു് മാറ്റിയതിനെ കുറിച്ചു് കൊട്ടാരം ലേഖിക ചോദിച്ചപ്പോൾ, “വിധവകളുടെ പുനരധിവാസം അല്ല, വിധവകളെ നിർമ്മിക്കലാണു് സൈന്യത്തിന്റെ ലക്ഷ്യം എന്നു് നിങ്ങൾ തക്ഷശിലയിൽ പഠിച്ചതൊക്കെ ഇത്ര വേഗം മറന്നോ?”എന്നു് ഭീമൻ തിരിച്ചടിച്ചു.

2015-07-27

“കാര്യമറിയാതെയാണു് ഭീമൻ എന്നോടു് മെക്കട്ടു് കയറുന്നതു്. പാണ്ഡവർ മുഴുവൻ ഭിന്നശേഷിക്കാരാണെന്നല്ല ഞാൻ ഹസ്തിനപുരി പത്രികയിൽ എഴുതിയതു്. വിഭിന്നപിതൃത്വമായിട്ടും അഞ്ചുപേരിൽ ഒരാൾ മാത്രമേ ഭിന്നശേഷി പരിഗണന അർഹിക്കുന്നുള്ളൂ എന്നിരിക്കെ, മറ്റു നാലു പേരിൽ നിന്നതു് ഉടൻ പരിഗണന പിൻവലിക്കണം എന്നാണു്.”

“തീപ്പെട്ടതു് നിങ്ങൾ ആണെന്നു് കൌരവരെ തെറ്റിദ്ധരിപ്പിക്കാൻ, അന്നം തേടി അരക്കില്ലത്തിൽ വന്ന ആദിവാസികളെ തീയിട്ടു കൊല്ലുക, മനഃസാക്ഷി ആറു പേരെയും കുറ്റവിമുക്തരാക്കിയോ?” കൊട്ടാരം ലേഖിക ഖേദിച്ചു.

“ഞാൻ വെറുക്കുന്ന ഒരു വാക്കാണു് മനഃസാക്ഷി. ഏറെ കാലം മുഖം മൂടിയായി അതു് ധരിച്ചു. പക്ഷെ വലിയ വില കൊടുത്തു. ഞങ്ങളുടെ ജീവ ചരിത്രം എഴുതുന്ന വ്യാസൻ ഒക്കെ ഓർക്കും, ഓർമയുണ്ടായിരിക്കണം അയാൾക്ക്”, വിറയ്ക്കുന്ന പോലെ തോന്നി യുധിഷ്ഠിരൻ.

2015-07-28

“ഇതെന്താ ചന്ദനസുഗന്ധവുമായി രാവിലെ തന്നെ വിസ്തരിച്ചൊരു തൈലാഭിഷേകം”, വിടർന്ന കണ്ണും പുരികവുമായി അത്യുക്തി കലർന്ന പരിഷ്കൃതശരീരഭാഷയിൽ കൊട്ടാരം ലേഖിക ചോദിച്ചു.

“പാഞ്ചാലിക്കു പുരട്ടുവാൻ അവളുടെ ഇളമുറഭർത്താക്കന്മാരുടെ പിതാക്കൾ അശ്വിനി ദേവതകൾ, സ്വർഗരാജ്യത്തിൽ നിന്നു് ഒരു സന്യസ്ഥൻ വഴി കൊടുത്തയച്ച ചന്ദനാദി എണ്ണ. പക്ഷെ അവൾ ഉപയോഗിക്കാതെ ദിവസങ്ങളോളം മാറ്റി വച്ചപ്പോൾ ഞാൻ ഒന്നു് തേച്ചു നോക്കി”, നീരാടാൻ അർജ്ജുനൻ ഒരു ജലജീവിയുടെ മെയ്യോതുക്കത്തോടെ അരുവിയിലെക്കിറങ്ങി.

“അതെന്താ, ദേവചികിൽസകരായ അശ്വിനിദേവതകളുടെ ദിവ്യൗഷധം പാഞ്ചാലിക്കു വേണ്ടേ?”

“കൌരവച്ചോര പുരട്ടി കഴുകിയുണക്കാതെ അവളുടെ മുടിയിൽ ഒരെണ്ണക്കും പ്രവേശനമില്ല”, കടുപ്പിച്ച സ്വരത്തിൽ ഭീമൻ അരുവിയുടെ അപ്പുറത്തു് നിന്നു് മുരണ്ടു.

“കൗരവചെവികളുടെ ശ്രവണപരിധിക്കപ്പുറം, ഈ വിദൂരവനാന്തരത്തിൽ വ്യാഴവട്ടക്കാല ശിക്ഷയനുഭാവിക്കുമ്പോഴും നിങ്ങൾ എന്താ, ശത്രുദുര്യോധനനെ ‘ഉടയോൻ’ എന്നു് ഉപചാരപൂർവ്വം പരാമർശിക്കുന്നതു്? മറച്ചുവക്കാത്ത വെറുപ്പോടെ ആ പേരു വിളിച്ചുകൂടെ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ചുറ്റും നിങ്ങൾ കണ്ടു വണങ്ങിയ സന്യസ്ഥാശ്രമങ്ങളിൽ വേവുന്നതു് ശുദ്ധ ആത്മീയത ആണെന്നു് കരുതിയോ? ഓരോരുത്തരും ചാരചുമതല ഉള്ള വ്യക്തിത്വങ്ങളല്ലേ, ഹസ്തിനപുരിയിൽ നിന്നു് ചാരൻ അവർക്കു് കഴുതപ്പുറത്തു് ഭക്ഷ്യവസ്തുക്കളും പൂജാസാമാഗ്രികളും കൊണ്ടു് വരും, ഈ പാണ്ഡവ മന്ദിരത്തിലെ അന്തർ നാടകങ്ങൾ എന്തെന്നു് വിശദമായി അറിയാൻ.”

നകുലൻ ചൂണ്ടുവിരൽ കൊണ്ടു് വായുവിൽ എഴുതി ആശയവിനിമയം ചെയ്യുന്നതു് നാലു് പാണ്ഡവരും പാഞ്ചാലിയും അപമാനബോധതോടെ നോക്കി നിന്നു.

2015-07-29

“എപ്പോഴാണു് നിങ്ങൾ അർദ്ധസഹോദരർ നകുലനും സഹദേവനുമായി ഉള്ളു കൊണ്ടു് അകന്നതു്?”

“അമ്മയും അച്ഛനും വേറെ വേറെ ആയ ഞങ്ങൾ എങ്ങനെ അർദ്ധരും പൂർണരും ആവും? അതു് പോട്ടെ. വീട്ടിനകത്തു് പൊതുഭാര്യ പാഞ്ചാലിയാൽ ഞങ്ങൾ ബന്ധപ്പെട്ടു എന്നതല്ലേ ശരി? ഒരു ദിവസം ഞാൻ കിടപ്പറയിൽ കയറിയപ്പോൾ അവളും ഇവരും ഒരുമിച്ചു ആർമാദിക്കുന്നതു കണ്ടു. എന്തുണ്ടു് വിശേഷം എന്നു് ഞാൻ വെപ്രാളം മറച്ചു ചോദിച്ചപ്പോൾ, “ഈ രണ്ടു മാദ്രി കുട്ടികളുടെ ഓരോ കുസൃതികൾ” എന്നു് പറഞ്ഞു തുണി വാരിയുടുത്തു ധൃതിയിൽ പാഞ്ചാലി മുറി വിട്ടിറങ്ങി. അപ്പോൾ തകർന്നുടഞ്ഞതു് എന്റെ അഭിമാനമായിരുന്നു” യുധിഷ്ഠിരൻ വിതുമ്പി.

കൗരവരാജവിധവകൾ എന്ന അവമതി സംജ്ഞയിൽ ഞങ്ങൾ നൂറു വനിതകളെ ഒതുക്കുന്നതു് പാണ്ഡവർ ഉടനടി നിർത്തണമെന്നു് ദുര്യോധനവിധവ പൂക്കാര തെരുവുപ്രകടനത്തിൽ അര മണിക്കൂർ മുമ്പു് ആഞ്ഞടിച്ചു. കാട്ടിൽ ജനിച്ചു വളർന്നു, ഇന്ദ്രപ്രസ്ഥത്തിൽ ഒരിടവേളയോഴികെ കാട്ടിൽ മാത്രം ജീവിച്ച യുധിഷ്ഠിരനും കൂട്ടർക്കും ഹസ്തിനപുരിയുടെ നവസംവേദനഭൂമികയുമായി ഇഴയടുപ്പം ഇല്ലെന്നു, കുറെയൊക്കെ സൗജന്യമായി കണ്ടാൽ പോലും, ഞങ്ങളെ ‘കുരുക്ഷേത്ര ഇരകൾ’ എന്ന വിശേഷണത്തിൽ കുറഞ്ഞ ഒന്നും ഞങ്ങൾക്കു് ഇന്നു് മുതൽ സ്വീകാര്യമല്ല. അധികാര ദുർമോഹത്തിൽ നൂറു കൌരവരെ കൂട്ടക്കൊലക്കു് വിധേയമാക്കിയ യുദ്ധ കുറ്റത്തിനു് പാണ്ഡവർക്കു് വിധിക്കേണ്ടതു് വധശിക്ഷയല്ലേ?”, പ്രതിഷേധത്തിൽ തുടങ്ങിയ പ്രഭാഷണം വിതുമ്പലിൽ അവസാനിച്ചു.

2015-07-30

“പച്ചതുരുത്തും വന്മരക്കൂട്ടവും ഓരോ അരമനക്കു് പിന്നിലും ഉണ്ടായിരുന്ന ഈ കൌരവരാജമന്ദിരങ്ങളെ നോക്കൂ. ഈ സംരക്ഷിതവനപ്രകൃതിയെ പരിപാലിച്ചും പരിലാളിച്ചുമായിരുന്നു, നൂറു ദേശങ്ങളിൽ നിന്നു ഹസ്തിനപുരിയിലേക്കു് വന്ന രാജവധുക്കൾ ഓരോ വസന്തകാലത്തും ഹൃദ്യപ്രകൃതിയുടെ വിസ്മയദൃശ്യങ്ങളാൽ പൊട്ടിത്തരിച്ചതും കുട്ടികൾക്കൊപ്പം നൃത്തം ചെയ്തു പൊട്ടിച്ചിരിച്ചതും. പാണ്ഡവഭരണകൂടം കുരുക്ഷേത്രാനന്തര പ്രതികാരനടപടിയിൽ രാജവിധവകളെ കുടിയോഴിച്ചു ഓരോ വസതിയും ആയുധപ്പുരയാക്കിയപ്പോൾ എന്തു് സംഭവിച്ചു?” കൊട്ടാരം ലേഖിക ഹസ്തിനപുരി പത്രിക വായനക്കാരോടു് വിരൽ ചൂണ്ടി.

ഉണങ്ങിയ ഒരു പെരുമരത്തിന്റെ മറവിൽ പാണ്ഡവ ചാരവകുപ്പു് മേധാവി, കണ്ടാലറിയുന്ന ചില വായനക്കാരുടെ വിവരങ്ങൾ മനസ്സിൽ കുറിച്ചു.

2015-07-31

“നിങ്ങൾ നൂറു പേരെ വെട്ടിയും ചവിട്ടിയും കൊല്ലാൻ അവർ അഞ്ചു പേർ, എന്തു് കണക്കാണിതു്” കൊട്ടാരം ലേഖിക കൈകൾ വിടർത്തി വിസ്തരിച്ചു് അഭിനയിച്ചു ചോദിച്ചു. അന്ത്യ യുദ്ധദിനം കുരുക്ഷേത്രം.

“പാണ്ഡവരെ വഴിയാധാരമാക്കാൻ ജീവിതകാലം മുഴുവൻ കൂട്ടിയും കിഴിച്ചും ഞാനും കൂട്ടാളികളും എത്ര സൂക്ഷ്മതയോടെ നിത്യവും ശ്രമിച്ചുവോ അത്രയും കുടിലതയോടെ പാണ്ഡവർ വനവാസക്കാലത്തു് ഞങ്ങൾക്കെതിരെ കളം വരച്ചിരുന്നു എന്നു് കണ്ടെത്താൻ ഞങ്ങളുടെ ചാരസംവിധാനത്തിനു ഒത്തില്ലെന്നതാണെന്റെ ഒരേ ഒരു പാളിച്ച”, തുടയിൽ മാരകമായ ഭീമഗദ പ്രഹരമേറ്റ് ചളിയിൽ കിടന്നു നിലവിളിക്കയായിരുന്ന ദുര്യോധനൻ ഒരു നിമിഷം സിംഹാസനത്തിൽ ഇരിക്കുന്ന പോലെ നടിച്ചു.

“ഒരഞ്ചാറു കാട്ടുമയിലുകൾ കൂട്ടം ചേർന്നിവിടെ ഇങ്ങനെ ചുറ്റി നടക്കേണ്ട കാര്യം?” പരിസരശുചിത്വമുള്ള ആശ്രമത്തിനു മുമ്പിലേക്കു് ചൂണ്ടുവിരലോടിച്ചു കൊട്ടാരം ലേഖിക ആരോടെന്നില്ലാതെ ആരാഞ്ഞു.

“ചാടി വന്നു ഭീമന്റെ നഗ്നതുടയിൽ കൊത്തിയ ആദ്യ ചോരയനുഭവത്തിനു് ശേഷം സംശയത്തോടെയാണു് മയിലുകളുടെ സാന്നിധ്യം ഞങ്ങളും കണ്ടതു്. എന്നാൽ കുറച്ചു ദിവസങ്ങളായി പ്രത്യാശയോടെയും. അന്തിയുറങ്ങുന്ന പൊന്തക്കാടു് ഭീമൻ കരുതലോടെ പിന്തുടർന്നു്, വൈകി മടങ്ങിയെത്തിയതു് ഒരു കൂട നിറയെ മയിൽ മുട്ടകളുമായി. അക്ഷയപാത്രത്തിലെ വിശിഷ്ഠ സസ്യഭോജ്യങ്ങളെക്കാൾ ഇപ്പോൾ ഞങ്ങൾക്കിഷ്ടം പൊരിച്ച മയിൽ മുട്ടയാണ്, പാഞ്ചാലി ഒട്ടും സഹകരിക്കില്ലെങ്കിലും”, നകുലൻ ഉള്ള കാര്യം ഉറി പോലെ ചിരിച്ചു പിന്നിലേക്കു് മറിഞ്ഞു.

2015-08-02

“രാജമന്ദിരങ്ങൾ ഭരണകൂടത്തിനു ഒഴിഞ്ഞു കൊടുത്തു നിങ്ങൾ വൃദ്ധസദനങ്ങളിലേക്കു് മാറിതാമസിക്കേണ്ടി വന്നു എന്നതു് പ്രതിഷേധത്തോടെ കാണുമ്പോഴും, നിങ്ങൾ ഏറ്റെടുത്ത ഈ സമരമുഖം: പ്രകടനങ്ങളും പൊതുയോഗങ്ങളും എവിടം വരെ ഇതൊക്കെ നിങ്ങളെ കൊണ്ടുചെന്നെത്തിക്കും”, വൈകിയ സന്ധ്യ, ഇരുട്ടു് മൂടിയ ഉൾപ്രദേശം പഴുത്ത അന്തരീക്ഷം.

“നൂറോളം രാജവിധവകളും അവരുടെ അവിവാഹിത പുത്രിമാരും താമസിക്കുന്ന ഈ വൃദ്ധ സദനത്തിൽ ഒരു ശുചിമുറി പോലും ഇല്ല. ഓരോ രാത്രിയും വിസർജനത്തിനു ഞങ്ങൾ പോവേണ്ടി വരുന്നതു്, യുദ്ധത്തിൽ കൊല്ലപ്പെട്ട കൌരവരുടെ ഭൌതികാവശിഷ്ടങ്ങൾ അടക്കിയ ഈ പൊതു ശ്മശാനത്തിൽ.” ദുര്യോധനവിധവ മുഖം താഴ്ത്തി വിതുമ്പി.

“ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുമ്പോൾ പാണ്ഡവർക്കു് നിങ്ങളിൽ ഉണ്ടായ ആ അഞ്ചു ആണ്‍മക്കൾ എവിടെ? പെറ്റതള്ളയെ കൌരവർ വസ്ത്രാക്ഷേപം ചെയ്തു അവമതിച്ചതു് പോരാതെ, ദുര്യോധനന്റെ അടിമയാക്കി ഈ കൊടും കാട്ടിൽ താമസിപ്പിക്കുന്നു, ചുറ്റുമുള്ള സന്യസ്ഥാശ്രമങ്ങളിലെ വിസർജ്യങ്ങൾ കോരി ചുമന്നു ദൂരെ കൊണ്ടുപോയി സംസ്കരിക്കുന്ന പ്രാകൃത ശിക്ഷ നടപ്പാക്കുന്നു. ഇതൊന്നും കേട്ടിട്ടും അനങ്ങുന്നില്ലല്ലൊ പൊന്നുമക്കൾ, അതോ, ഹസ്തിനപുരി ഊട്ടുപുരയിൽ ഇന്നലെ ഞങ്ങൾ കേട്ടതു് ശരിയാണെങ്കിൽ നിങ്ങൾക്കു് മക്കൾ എന്നു് പറയാൻ മാത്രം ഒന്നും ഇല്ലേ?”

“വരാനിരിക്കുന്ന മഹായുദ്ധത്തിന്റെ അവസാന ദിവസം, ചതിയിൽ അവരെ ചവിട്ടിക്കൊല്ലാൻ ദ്രോണപുത്രൻ അശ്വത്ഥാത്മാവു് തിന്നു കൊഴുത്തു കാലുകൾക്കു് ബലം പിടിക്കുന്നതു് അതേ ഹസ്തിനപുരി ഊട്ടുപുരയിൽ നിങ്ങൾ കാണാറില്ലേ?” ആശ്രമ മാലിന്യം നീക്കി കുളിക്കാൻ അരുവിയിലെക്കിറങ്ങിയ പാഞ്ചാലി പറഞ്ഞു.

2015-08-03

“സീതയ്ക്കു് സുരക്ഷയായി ലക്ഷ്മണനെ നിർത്തി രാമൻ ഒറ്റക്കല്ലേ വേട്ടയാടി മാനിറച്ചി കൊണ്ടുവന്നു മൂന്നു പേരും രാത്രി വൈകി ചുട്ടു തിന്നു വിശപ്പടക്കിയതു്. അവർക്കു് വേണ്ടെങ്കിൽ പിന്നെ ധീരോദാത്തന്മാരായ നിങ്ങൾ പാണ്ഡവർക്കെന്തിനൊരക്ഷയപാത്രം? മേലനങ്ങിക്കൂടെ ഊഴം വച്ചു്, പല്ലു് മുറിയെ മൂന്നു നേരം തിന്നാൻ?” ഉപചാര സന്ദർശനത്തിനു സമീപ ആശ്രമത്തിൽ നിന്നു് വന്ന പുതുസന്യസ്ഥൻ യുധിഷ്ഠിരനോടു്.

2015-08-04

“ദീർഘകാല ദാമ്പത്യഅവഗണനക്കെതിരെ പരസ്യമായി ആഞ്ഞടിക്കാൻ, യുധിഷ്ഠിരന്റെ ആദ്യ ഭാര്യ ഇതാ ദുര്യോധനവിധവയുമായി കൈ കോർക്കുന്നു. ഇന്നു മുതൽ വേദി പങ്കിട്ടു്, ചെലവിനു തരാത്ത ഭർത്താവിനെ പോതുവ്യവഹാര മണ്ഡലത്തിൽ അവമതിച്ചു മുട്ടു കുത്തിക്കും എന്നാണു ജ്വാലാമുഖീ ക്ഷേത്രത്തിൽ ചെയ്ത പ്രതിജ്ഞ”, കൊട്ടാരം ലേഖിക സ്തോഭാജനകമായി കൈകൾ ചലിപ്പിച്ചു.

“ഇളമുറ നകുലനോടുള്ള പക്ഷപാതപൂർണമായ ദാമ്പത്യ പരിഗണനയിൽ മനംനൊന്ത വയോധിക ചക്രവർത്തി യുധിഷ്ഠിരൻ, ദുര്യോധന വിധവയുടെ മകന്റെ മകളെ പരിണയിച്ചു് ഏക ഔദ്യോഗിക വധു ആക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ചക്രവർത്തിനി പദവിയിൽ നിന്നു് മാറ്റി പാഞ്ചാലിയുടെ ഗർവ്വൊന്നൊതുക്കിയെ യുധിഷ്ഠിരൻ അടങ്ങൂ. അതോടെ കൗരവരാജവിധവകൾ അവരുടെ പഴയ രാജമന്ദിരങ്ങളിൽ മടങ്ങി എത്തും. വിരുന്നിൽ നിങ്ങൾക്കും കിട്ടും ഒരു ക്ഷണം”, യുധിഷ്ഠിരന്റെ കാര്യാലയ വക്താവു് ഒരു വിജ്ഞാപനം വായിക്കുന്നപോലെ ഔദ്യോഗികസ്വരത്തിൽ പറഞ്ഞു.

2015-08-05

“മഹാറാണി പദവിയിൽ നിന്നു് പാഞ്ചാലിയെ ഇറക്കാൻ, മരണാനന്തര ലോകത്തു് നിന്നുള്ള കൗരവ സഹായത്തോടൊപ്പം ഒരു സംഘടിത പരസ്യനീക്കമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. ചക്രവർത്തി യുധിഷ്ഠിരൻ ഗംഗയിൽ കൌരവർക്കു ഓരോരുത്തർക്കും ബലിയിട്ടു എഴുന്നേൽക്കുകയായിരുന്നു. വെയിലിൽ ഭൂപ്രകൃതി പ്രസന്നമായിരുന്നു.

“ദുരർത്ഥ സൂചനയോടെ നിരക്ഷരമാതാവിനോടു് പാഞ്ചാലീ സ്വയംവരം അവതരിപ്പിച്ചു്, അനുജന്റെ ഭാര്യയെ അന്യായമായി തട്ടിയെടുത്ത കുടിലവയോധികൻ എന്നും മറ്റും പാണ്ഡവർക്കു് മുമ്പിലും കൌരവർക്കു് മുമ്പിലും അവമതിച്ചാണു് അരനൂറ്റാണ്ടായി പാഞ്ചാലി എന്നെ ശിക്ഷിച്ചതു്. അറിയാമോ, ഇപ്പോൾ അവൾ ഇളമുറ പാണ്ഡവൻ നകുലന്റെ ജാര? വേദനിപ്പിക്കുന്ന ആ ഓർമയിൽ നിന്നെന്നെ മോചിപ്പിക്കാനാണു് ദുര്യോധനന്റെ വിവാഹപ്രായമെത്തിയ കൊച്ചു മകളെ മംഗലം കഴിച്ചു ഹസ്തിനപുരി പട്ടമഹിഷിയാക്കാൻ മനഃസാക്ഷി അനുമതി തന്നതു്. ബലിയിടുമ്പോൾ, ഈശ്വരാ, എനിക്കു് ദുര്യോധനന്റെ അനുകൂല പ്രത്യക്ഷം ഉണ്ടായി. മകനുണ്ടായാൽ, തീർച്ച അവൻ ഇനി പുതു കുരുവംശനാഥൻ. അഭിമന്യുവിന്റെ മകൻ പരീക്ഷിത്തു് പാമ്പു് കടിയേറ്റു മരിക്കും എന്നു് നാട്ടിൽ പാട്ടല്ലേ”, യുധിഷ്ഠിരൻ സംസാരിച്ച ആ രീതി കണ്ടപ്പോൾ, കുപ്രസിദ്ധ ബീജദാതാവു കാലന്റെ മകൻ തന്നെ.

2015-08-09

മുന്നറിയിപ്പില്ലാതെ യുധിഷ്ഠിരൻ ആ വൈകിയ രാത്രിയിൽ ഊട്ടുപുരയിൽ കയറിച്ചെന്നപ്പോൾ, നാലു സഹോദരന്മാരും ചാണകം മെഴുകിയ നിലത്തു ചമ്രം പടിഞ്ഞിരുന്നു ഒരു കാളക്കുട്ടിയുടെ ഇറച്ചി നീക്കിയ തുടയെല്ലിനായി പരസ്പരം മല്ലടിക്കുന്നു. ചുണ്ടും പല്ലും പൊട്ടി ചോരയോഴുകുന്നു. നിർത്തൂ എന്നു് യുധിഷ്ഠിരൻ ഗർജ്ജിച്ചപ്പോൾ, ഭീമൻ പൊട്ടിക്കരഞ്ഞു കാലിൽ വീണു. എണ്‍പതു് കഴിഞ്ഞ വൃദ്ധഭീമനായിരുന്നില്ല അപ്പോൾ, വിശപ്പു് സഹിക്കാതെ വിലപിക്കുന്ന കുട്ടിഭീമനായിരുന്നു. അവർ കൊന്നു തൊലിയുരിച്ച കാളക്കുട്ടിയുടെ ഇറച്ചി വരട്ടിയതു് ഒരു മണിക്കൂർ മുമ്പു് വയർ നിറയെ കഴിച്ച യുധിഷ്ഠിരനറിയാമായിരുന്നുവോ, യുദ്ധാനന്തര ഹസ്തിനപുരിയുടെ പട്ടിണി, ഒരെല്ലിൻ കഷണത്തിനായി സഹോദരരുടെ വയറ്റുപ്പിഴപ്പു്.

“ചെങ്കോൽ അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിനു നാം കൈമാറുക, ആരും കാണാതെ വഴിയിൽ കുഴഞ്ഞു വീണു കഥ തീരാൻ ഇന്നു് തന്നെ പടിയിറങ്ങുക നാം മുഴുനീള പരാജിത പാണ്ഡവർ”, പിടിച്ചു നില്ക്കാൻ പോലും വയ്യാതെ അവശനായിരുന്ന അർജ്ജുനൻ എന്നിട്ടും വിരൽ ചൂണ്ടി നാലു് പേരോടും ആജ്ഞാപിച്ചു.

2015-08-10

“ചാരപ്പണിക്കു് വേഷം മാറിപ്പോയ ഭീമനെ കുരുക്കിട്ടു പിടിച്ചു ഇതാ കൌരവർ ബന്ദിയാക്കി നമ്മോടു വിലപേശുന്നു. നീ ഉടൻ ഹസ്തിനപുരിയിൽ ചെന്നു് കൌരവരുടെ വെപ്പാട്ടിയായില്ലെങ്കിൽ ഭീമനെ ധൃതരാഷ്ട്രാലിംഗനത്തിനു് വിട്ടു കൊടുക്കുമെന്നു് ഭീഷണി” യുധിഷ്ഠിരൻ അവശസ്വരത്തിൽ പാഞ്ചാലിയോടു് പറഞ്ഞു.

“ഒന്നു് മിണ്ടാതിരിക്കൂ. അയാൾ പോയാലും നിങ്ങൾ നാലുപേരില്ലേ. രണ്ടു പേരിൽ കൂടുതൽ ആണുങ്ങൾ കിടപ്പറയിൽ ഉണ്ടെങ്കിൽ ‘ആൾക്കൂട്ട’മായി തോന്നുന്ന എനിക്കു് നിങ്ങൾ അഞ്ചു പേരിൽ ഒരാൾ പോയാൽ അത്രയും കുറച്ചു നിത്യവും സഹിച്ചാൽ പോരെ.”

2015-08-11

“വനാന്തരത്തിലെ ഈ ആശ്രമത്തിൽ തൊഴിൽരഹിതരായ അഞ്ചു ആണുങ്ങൾക്കൊപ്പം ഒറ്റമുറിയിൽ കഴിയുമ്പോൾ, വിരസത മാറ്റാൻ ദൂരെ ദൂരെ ഒരു പൊന്മാൻ പ്രലോഭിപ്പിക്കുന്ന പോലെ സങ്കൽപ്പിക്കാറുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് കൌതുകപ്പെട്ടു.

“വാളും കുന്തവുമായി അഞ്ചു ആജാനബാഹുക്കൾ മാറിമാറി എന്റെ വഴിയിൽ ലക്ഷ്മണരേഖ വരക്കുമ്പോഴോ?”

“കൗരവ അടിമകൾ എന്ന നിലയിൽ പരിമിതികൾ നിങ്ങൾക്കു് വേണ്ടത്ര ഉണ്ടായിരുന്നെങ്കിലും, മൊത്തം വനജീവിതം ആസ്വാദ്യകരമായിരുന്നോ?”, കൊട്ടാരം ലേഖിക അഞ്ചു പേരോടും ഒരുമിച്ചു ചോദിച്ചു. ഭാഗ്യം, അവസാനദിന മാലിന്യനീക്കത്തിനു് പാഞ്ചാലി ആശ്രമങ്ങളിലേക്കു് പോയ നേരമായിരുന്നു.

“കഴിഞ്ഞു പോയ വ്യാഴവട്ടക്കാലം, ഞങ്ങൾ വിശപ്പെന്തെന്നറിയാതെ വനാന്തരത്തിൽ കഴിഞ്ഞു. എപ്പോൾ ചെന്നു് കയ്യിട്ടു വാരിയാലും കിട്ടുമായിരുന്നു, അക്ഷയപാത്രത്തിൽ സ്വാദും ചൂടുമുള്ള അപ്പം. ഞങ്ങൾ അഞ്ചു സഹോദരരും ആസ്വദിച്ചു തിന്നു. ഒന്നേ ഞങ്ങളുടെ ആർമാദത്തെ ആലോസരപ്പെടുത്തിയുള്ളു. അതിഥിബന്ധിത ഭക്ഷ്യലഭ്യതയെ കുറിച്ചുള്ള നിബന്ധനയനുസരിച്ചു് അത്താഴപ്പട്ടിണിയുമായി ഉറക്കമില്ലാതെ, അതിഥിയെ കാത്തു ജാലകത്തിന്നരികെ തല ചായ്ച്ചിരിക്കുന്ന പാഞ്ചാലി.”

“ഗാന്ധാരിയെ പോലെ അന്ധത അഭിനയിക്കുകയല്ല, അനുഭവിക്കയാണു് ധൃതരാഷ്ട്രർ. മക്കൾ നൂറും കൊല്ലപ്പെട്ട ഹൃദയവേദന വേറെ. ഒറ്റയ്ക്കു് ഇങ്ങനെ നിത്യവും അലയാൻ വിടണോ ഈ വൃദ്ധനെ?” കൊട്ടാരം ലേഖിക കപടമായ ആശങ്കയോടെ വിസ്തരിച്ചു ചോദിച്ചു.

“പുത്രവിധവകൾ ഇപ്പോൾ താമസിക്കുന്ന വൃദ്ധസദനത്തിലേക്കാണു് കാരണവർ നിത്യവും യാത്ര. അവിടെ നൂറു പേരോടും ഞങ്ങൾ അഞ്ചു പേരെ പറ്റി ദുഷിച്ചു സംസാരിച്ചേ മടങ്ങു. അംഗരക്ഷകനായി നിത്യവും വേഷം മാറി പോവുന്നതു് ഞങ്ങളിൽ ഒരാൾ ആണു്. വഴിയിൽ കുഴഞ്ഞു വീണു മരിച്ചാൽ ഭരണകൂടത്തിനെ ആ നിലയിലും പ്രതിരോധത്തിലാക്കാം എന്നു് വിധവകളും വിചാരിക്കുന്നു.” നകുലൻ ഇന്നത്തെ ‘അകമ്പടിവേഷം’ മാറുന്ന തിരക്കിലായിരുന്നു.

2015-08-12

“ഇതെന്താ കണങ്കാലിൽ ഒരു തങ്കവള, മുൻ ഇന്ദ്രപ്രസ്ഥം മഹാറാണിയെ രാജസഭയിൽ പിടികൂടി ‘ഇനി നീ കൗരവ അടിമ’ എന്ന ബഹുമതി തന്നു തുണിയഴിക്കുമ്പോൾ കൌരവർ ഇതു് മാത്രം എന്താ വിട്ടുകളഞ്ഞതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയുടെ നഗ്നമായ കാലിലേക്കു് തുറിച്ചു നോക്കി.

“വിട്ടുകളഞ്ഞതല്ല, വിളക്കി ചേർത്തതാണു്. വസ്ത്രാക്ഷേപം കഴിഞ്ഞ ഉടൻ, സംഘം ചേർന്നു് കൌരവർ ഇതു് ഉപചാരപൂർവ്വം അണിയിച്ചു. ഞാനിപ്പോൾ അവരുടെ“നിരീക്ഷണവലയ”ത്തിലാണു്. എന്നു് പറഞ്ഞാൽ, ഇരുപത്തിനാലുമണിക്കൂറും, ദൂരെ ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂഗർഭ അറയിൽ ഇരുന്നു എന്നെ ചില കൌരവർ ആസ്വദിക്കുന്നു”, പാഞ്ചാലിയുടെ പുഞ്ചിരി ഒരു വിലാപം പോലെ ആശ്രമത്തിൽ നിറഞ്ഞു.

“ഭക്ഷണപ്രിയരായ പാണ്ഡവരെ മധുരത്തിൽ വിഷം കലർത്തി ഇടയ്ക്കിടെ തീറ്റിക്കാൻ പോലും അന്ധപിതാവിന്റെ പണപ്പെട്ടിയിൽ കയ്യിട്ടു വാരണം എന്ന സ്ഥിതി നിലവിലുണ്ടായിരുന്ന നിങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിൽ, അരങ്ങേറ്റ ദിവസം പാണ്ഡവർ അവമതിച്ച ഒരു സൂതപുത്രനെ ഉടനടി “അംഗരാജാവായി” പ്രഖ്യാപിച്ച നിങ്ങളുടെ ആ കുപ്രസിദ്ധ അനധികൃത നടപടിക്കു്, ചക്രവർത്തി പിന്നീടു്, രാജസഭയുടെ അംഗീകാരത്തിനു ശേഷം, മുൻകാല പ്രാബല്യത്തോടെ രാജകീയ അനുമതി തന്നുവോ?” കൊട്ടാരം ലേഖിക ദുര്യോധനനെ എഴുതി തയ്യാറാക്കിയ ചോദ്യത്താൽ നേരിട്ടു. ചുണ്ടുകൾക്കിടയിൽ പിടയുന്ന പെരുമീനുമായി ശുദ്ധജലതടാകത്തിൽ മലർന്നു കിടന്നു നീന്തി തുടിക്കയായിരുന്നു ആ ധീരകൌരവൻ.

“സാഹചര്യത്തിനൊത്തുയർന്നു സാഹസികമായി ഇടപെട്ടു് പാണ്ഡവ വിരുദ്ധനായ ഒരു അധഃകൃത യോദ്ധാവിനെ ആജീവനാന്ത അടിമയായി നേടിയെടുക്കാൻ ഒരു സാങ്കല്പിക ദേശനാമം ആധികാരികമായി ഉച്ചരിച്ചു എന്നതിൽ കവിഞ്ഞെന്തു മുൻകാല പ്രാബല്യവും ചക്രവർത്തി അനുമതിയും?” കടിച്ചു പിടിച്ച മീനിനെ കരയിൽ നിന്ന സഹായിക്കു നേരെ പിടിക്കാൻ പാകത്തിൽ കൃത്യമായി എറിഞ്ഞു്, ഒന്നു് കൂപ്പു കുത്തി വെയിലിലേക്കു് വീണ്ടും ഉയർന്നു്, ദുര്യോധനൻ പുഞ്ചിരിച്ചു.

“എന്തൊക്കെ ചെവിയിൽ മന്ത്രിക്കും യുധിഷ്ഠിരൻ പാഞ്ചാലിയോടു് ഇഷ്ടം കൂടാൻ?” കൊട്ടാരം ലേഖിക ‘പൊള്ളുന്ന ഇടത്തിൽ’ ഒന്നു് വിരലമർത്തി നോക്കി.

“മറ്റു നാലു പേരെ കുറിച്ചു് ഓരോന്നു് വിസ്തരിച്ചു ചോദിക്കും. അവർക്കു് പ്രണയസല്ലാപത്തിൽ മികവു കുറവാണു് എന്നു് തെളിയിക്കുന്ന ദുരനുഭവങ്ങൾ ഞാൻ ആവർത്തിച്ചു സാക്ഷ്യപ്പെടുത്തണം.”

2015-08-13

‘ഹസ്തിനപുരി പത്രിക’ യിൽ ജനശബ്ദം ലേഖകന്റെ കുറിപ്പു്.

“പരിപൂർണബ്രഹ്മചര്യത്തിന്റെ കുരുവംശപ്രായോജകൻ കുറച്ചു നാളായി ഊട്ടുപുരയിൽ ചെന്നു് വേഗം അത്താഴം കഴിച്ചു അകമ്പടി ഒഴിവാക്കി കൃഷിക്കാരന്റെ ലളിതവേഷത്തിൽ ഇരുട്ടിലേക്കു് നിത്യവും രാത്രി ഇറങ്ങിച്ചെല്ലുന്നതു് ഹസ്തിനപുരി പൂക്കാര തെരുവിൽ ഇപ്പോൾ പാട്ടാണു്. കൊട്ടാര രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ അഭിവന്ദ്യ ഭീഷ്മരെ രാഷ്ട്രീയപ്രതിയോഗികൾ ബന്ദിയാക്കി പിടിച്ചാൽ?”

“സംശയാസ്പദമായ രാത്രിയാത്രകളിൽ നിന്നു്, പ്രബോധനം വഴി ഭീഷ്മരെ പിന്തിരിപ്പിക്കാൻ വിദുരർ മേധാവിയായി ഉപസമിതി രൂപീകരിച്ചു കഴിഞ്ഞു. സുതാര്യഭരണം വാഗ്ദാനം ചെയ്യുന്ന കൗരവ ഭരണകൂടത്തിനു മുമ്പിൽ, ഭീഷ്മയാത്രകളുടെ ധാർമിക ഭീഷണി കൊണ്ടുവന്ന ജനശബ്ദം ലേഖകനു് പൌരസ്വീകരണം ഇന്നു് വൈകുന്നേരം അരങ്ങേറ്റം മൈതാനത്തിൽ.”

2015-08-14

“പാണ്ഡവപാളയത്തിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചു യുവപോരാളികളെയും നിങ്ങൾ ഒറ്റയ്ക്കു് കഴുത്തിൽ ചവുട്ടി കൊന്നു എന്നോ? ഒരാളെ ചവിട്ടുമ്പോൾ അടുത്തു് കിടന്ന മറ്റു നാലു പേർ ബഹളം കേട്ടു് ഉണർന്നില്ലേ?” കൊട്ടാരം ലേഖിക അശ്വത്ഥാത്മാവിനെ നേരിട്ടു.

“എന്താ, ദ്രോണപുത്രനായ എനിക്കു് അഞ്ചു പേരെ കൊലചെയ്യാൻ വേറെ ആൾ സഹായം വേണോ? പാണ്ഡവരെ പോലെ തന്നെ ഭീരുക്കൾ ആയിരുന്നു ആ അഞ്ചു പാഞ്ചാലീപുത്രന്മാരും എന്നതു് എന്റെ രാത്രി ജോലി എളുപ്പമാക്കി. ആദ്യം കണ്ടവനെ കഴുത്തിൽ ചവിട്ടിയപ്പോൾ (ആയുധം കൊണ്ടു് കഴുത്തറത്തു് കൊന്നാൽ അവനു സ്വർഗ്ഗരാജ്യ പ്രവേശനം എളുപ്പമാവും) മറ്റു് നാലുപേരും ഉണർന്നു കാര്യം മനസ്സിലാക്കി ചുരുണ്ടു് കിടന്നു ഉറക്കം നടിച്ചു. ഒരാളെ കൊന്ന ക്ഷീണത്തിൽ ഞാൻ സ്ഥലം വിടുമെന്നൊ മറ്റോ കരുതിയ അവരുടെ മോഹം പൂവണിയാതെ അഞ്ചു പേരെയും ഞാൻ ആസ്വദിച്ചു കൊന്നു.”

അവസാനത്തെ കൗരവ സർവ്വസൈന്യാധിപതി എന്ന പദവിയുണ്ടായിരുന്ന ആ ബ്രാഹ്മണയോദ്ധാവു് ഇപ്പോൾ കൃഷ്ണശാപത്തിൽ മഹാരോഗിയായി കാൽ ഉറക്കാതെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ രാവുപകൽ അലയുകയാണു്. സൂക്ഷിക്കുമല്ലോ.

“അമ്മാ, ഈ സുന്ദരയോദ്ധാവു് എന്റെ അച്ഛൻ ആവാതെ, ആ വൃദ്ധരോഗി എന്തിനു എന്റെ അച്ഛനായി”, അമ്മയെക്കാൾ പ്രായം കുറഞ്ഞ ഭീഷ്മരേയും അമ്മയുടെ അച്ഛനെക്കാൾ പ്രായമുള്ള ശന്തനുവിനെയും മാറി മാറി ചൂണ്ടിക്കാട്ടി രാജകുമാരൻ വിചിത്രവീര്യൻ സത്യവതിയോടു ചോദിച്ചു.

“വ്യക്തമായില്ലേ മകനെ, എത്രമാത്രം സ്ത്രീവിരുദ്ധരാണു് ഞങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന അതീതശക്തികൾ എന്നു്”, കുരുവംശ ചക്രവർത്തിനിയുടെ മഹാറാണി ക്ഷയരോഗിയായ മകനെ ആശ്വസിപ്പിച്ചു.

“എന്തിനാണു് ഈ ആട്ടിൻകുട്ടികൾക്കു് നിലവിളിച്ചുകൊണ്ടു് നിങ്ങൾ ഇല തിന്നാൻ കൊടുക്കുന്നതു്?” കൊട്ടാരം ലേഖിക നഗരാതിർത്തിയിലെ ഗ്രാമത്തെരുവിൽ, കർഷകക്കുടിലിനു മുമ്പിൽ കൂട്ടംകൂടി നിന്ന സ്ത്രീകളോടു് നീരസം മറയ്ക്കാതെ ചോദിച്ചു.

“തിന്നു കൊഴുത്ത ഈ അഞ്ചു ആട്ടിൻകുട്ടികളെ കൊട്ടാരം ഊട്ടുപുരയിൽ അതിരാവിലെ ഞങ്ങൾ നേരിട്ടു് എത്തിക്കണം. നാടു് വാഴുന്ന അഞ്ചു പോക്കിരികൾ എണീറ്റ് വന്ന ഉടൻ ഞങ്ങൾ തന്നെ വേണം ഈ പ്രിയ വളർത്തുമൃഗങ്ങളുടെ കഴുത്തറത്തു് കൊടുക്കാൻ. തീ പാറുന്ന നോട്ടത്തോടെ അക്ഷമയിൽ അവർ കാത്തു നില്ക്കും ആട്ടിൻകുട്ടികളുടെ ചുടുചോര മോന്താൻ.”

2015-08-15

“സംഗതി കഷ്ടമാണല്ലോ. മുമ്പിൽ വരിയായി നില്ക്കുന്ന ഈ പാണ്ഡവരെ നോക്കി നിങ്ങൾ അഞ്ചു പാഞ്ചാലീപുത്രന്മാർക്കു കൃത്യമായി പറയാൻ ആവില്ലേ, ആരാരുടെ മകൻ?” കൊട്ടാരം ലേഖികയുടെ പ്രകോപനപരമായ ചോദ്യം കുരുക്ഷേത്ര പാളയത്തിൽ വച്ചായിരുന്നു. യുദ്ധം തുടങ്ങുന്നതിന്റെ തലേന്നു് രാത്രി.

“പാണ്ഡവർ ബീജദാതാക്കൾ ആണെന്നതു് അമ്മ വഴി സാക്ഷി മൊഴി അഥവാ കേട്ടുകേൾവി മാത്രം. മുഖം നോക്കി ആരുടെ ബീജം എന്നു് ചോദിക്കാൻ മാത്രം സാമുദ്രികം വശമില്ലാത്തതു് കൊണ്ടു്, ഞങ്ങൾ കഴിഞ്ഞ വാവുബലിക്കു് കൂട്ടായ തീരുമാനം എടുത്തു. മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ കൊല്ലപ്പെട്ടാൽ ഞങ്ങൾ അഞ്ചു മക്കളും ദക്ഷിണാപഥത്തിലെ തിരുവില്വാമല നിളാതീരത്തെ ബലിത്തറയിൽ അർപ്പിക്കുക ഒരൊറ്റ പിണ്ഡം ആയിരിക്കും”, ആയുധങ്ങൾ പരിശോധിക്കുന്ന തിരക്കിലും മക്കൾ ഉപചാരതോടെ പറഞ്ഞു.

“കൗരവ രാജവിധവകൾ എന്ന സംജ്ഞ ഔദ്യോഗിക ഉപയോഗത്തിൽ നിന്നു് പിൻവലിച്ചിരിക്കുന്നു എന്നു് പാണ്ഡവഭരണകൂടത്തിന്റെ രാജകീയ മുദ്രയുള്ള അറിയിപ്പിൽ കണ്ടില്ലേ? നാൽപ്പതു് ലക്ഷം സൈനികർ ഇരു വിഭാഗങ്ങളിലും മരിച്ച യുദ്ധത്തിൽ അവർ അനർഹസൌജന്യം തട്ടിയെടുക്കുന്നതു് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു് ഈ നടപടി. നമ്മുടെ സ്വകാര്യ സംഭാഷണത്തിലും ഈ സംജ്ഞ ഉപയോഗിക്കാൻ പാടുള്ളതല്ല.”

“അറിയാതെയെങ്കിലും ഉപയോഗിച്ചാൽ?” യുദ്ധകാര്യലേഖകൻ ചോദിച്ചു.

“ഒരു വിധവ കൂടി ഉടൻ ഉണ്ടാവും”, കൊട്ടാരം ലേഖിക കൂട്ടുകാരനു് നേരെ ചൂണ്ടു വിരൽ എറിഞ്ഞു.

“പാഞ്ചാലി ഇവിടെ നിശബ്ദ സഹനത്തിന്റെ രക്തസാക്ഷിയല്ല; അവൾ പാണ്ഡവരോടുള്ള അനാദരവും, വിഭക്തിയും തുറന്നു പ്രകടിപ്പിക്കുമ്പോൾ മുറിവേറ്റു നീറുകയാണു് വില്ലാളി വീരന്മാരായ ഭർത്താക്കന്മാർ. അവസരം കിട്ടുമ്പോഴൊക്കെ പാണ്ഡവരുടെ അയോഗ്യത അവൾ ഉയർത്തിക്കാട്ടി. അന്യപുരുഷരിൽ നിന്നു് ലഭിച്ച നിർല്ലോഭമായ ആരാധന പരസ്യമായി.ആസ്വദിച്ചു.”

2015-08-16

“ചെങ്കോൽ താഴെയിട്ടു്, പടിയിറങ്ങി വനവാസത്തിനു പോവാൻ പ്രത്യേകിച്ചു് വല്ല പ്രകോപനവും?” അധികാരത്തിന്റെ അകത്തളത്തിൽ നിന്നു് മരവുരി ധരിച്ചു നഗ്നപാദരായി ഹസ്തിനപുരിയിൽ നിന്നു് യാത്രയായ പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക കൌതുകത്തോടെ ചോദിച്ചു.

“കൌരവരുടെ കിരാതഭരണത്തിൽ നിന്നു് രാജ്യം രക്ഷ നേടിയ സ്വാതന്ത്ര്യദിനത്തിന്റെ മുപ്പത്തിരണ്ടാം വാർഷികം ഇന്നലെ ആയിരുന്നു. അരങ്ങേറ്റ മൈതാനത്തിൽ നടന്ന ആഘോഷത്തിൽ പക്ഷെ പങ്കെടുക്കാൻ ഉണ്ടായിരുന്നതു് ഞങ്ങൾ അഞ്ചു പേർ മാത്രം. നിങ്ങളും കണ്ടതല്ലേ. ചെങ്കോൽ കൈമാറാൻ അതൊരു മൃദു ഓർമ്മപ്പെടുത്തൽ പോലെ തോന്നി.” നകുലൻ വിജനമായ തെരുവിൽ യാന്ത്രികമായി യാത്ര ചൊല്ലി.

2015-08-17

കുടുംബ സ്വത്തിന്റെ ഓഹരി വിതരണതർക്കം പരിഹരിക്കാൻ കുരുവംശം സംഘടിപ്പിച്ച യുദ്ധത്തെക്കുറിച്ചു് നിങ്ങൾക്കു് ഒരാകാശക്കാഴ്ചയുണ്ടോ? അത്യുന്നതത്തിൽ നിന്നൊരു പക്ഷിനോട്ടം? പതിനെട്ടു ദിവസം ആരെല്ലാം എവിടെ പൊരുതി വീണു മരിച്ചു എന്നൊരു മനഃകണക്കു്?” കുരുക്ഷേത്രയുദ്ധം അതിജീവിച്ചു ജീവനോടെ ഹസ്തിനപുരിയിൽ തിരിച്ചെത്തിയ ഏക കൗരവസേനാനി കൃപരോടു് കൊട്ടാരം ലേഖിക ഉല്ലാസഭാവത്തോടെ ചോദിച്ചു.

“വ്യാസൻ എഴുതുന്നു എന്നു് കേട്ടു. മരിക്കും മുമ്പു് വായിക്കാൻ ഒത്തെങ്കിൽ. വരുംയുഗത്തിൽ നിങ്ങൾ മാധ്യമപ്രവർത്തകർ നേരിട്ടു് യുദ്ധഭൂമിയിൽ നിന്നു് പോരാട്ടം, ദൂരെ ദൂരെ പ്രേക്ഷകർക്കു് കാണിച്ചു കൊടുക്കാൻ തക്ക ശാസ്ത്ര വളർച്ച നേടുമെന്നു് തക്ഷശിലയിൽ നിന്നു് വന്ന പണ്ഡിതർ ഇന്നലെ പറയുന്നതു് കേട്ടു് ഞെട്ടിപ്പോയി. ഞങ്ങൾ യുദ്ധം ചെയ്യുമ്പോൾ ഹിമാലയത്തിൽ ഒളിച്ചിരുന്ന വ്യാസൻ ജ്ഞാനക്കണ്ണു് കൊണ്ടെഴുതിയ ദൃക്സാക്ഷി വിവരണം കൊണ്ടുവേണം നമ്മുടെ ഈ തലമുറ ജിജ്ഞാസ ശമിപ്പിക്കാൻ”, പരീക്ഷിത്തിനെ ഹരിശ്രീ പഠിപ്പിക്കുകയായിരുന്നു അഭിവന്ദ്യ ഗുരു.

“നിർണായക പോരാട്ടത്തിൽ നിങ്ങൾ ജയിച്ചതു് കൊണ്ടല്ല. ശരീരഭാഗം നഷ്ടപ്പെട്ടതു് കൊണ്ടാണു് നിങ്ങൾ വരും യുഗത്തിൽ പ്രകീർത്തിക്കപ്പെടുക എന്നു് ഇങ്ങനെയുള്ള കാര്യങ്ങളുടെ അവസാന വാക്കായ തക്ഷശില പണ്ഡിതന്മാർ പ്രവചിക്കുന്നുണ്ടല്ലോ.”

“ഒരു അരങ്ങേറ്റം നടത്തി അഭ്യാസം പരീക്ഷിക്കാതെ ധൃതിയിൽ ഗുരുദക്ഷിണ ചോദിച്ച ആ ബ്രാഹ്മണനു് സ്തുതി. നഷ്ടപ്പെടാൻ എനിക്കു് ഒരു വിരൽ മാത്രം, നേടിയതോ കുടില ഗുരുവിന്റെ സാധു ഇര എന്ന അതീത ബഹുമതിയും”, വിരൽ ഇല്ലാത്ത കൈ നീട്ടി ഏകലവ്യൻ ആഹ്ലാദത്തിൽ കൊട്ടാരം ലേഖികയെ നൃത്തം ചെയ്യാൻ വിളിച്ചു.

2015-08-18

“ചങ്കിൽ അമ്പു തറച്ച പേടമാനിനെ വലിച്ചു ഭീമൻ, കൂസലില്ലാതെ പൂക്കാരതെരുവിൽ നടക്കുന്നതു് ജനം കണ്ടു വാതുറന്നതു് ഇന്നലെയാണു്. ഇന്നിതാ തത്തയെ പിടിച്ചു കാട്ടിലെക്കയക്കുമെന്നു ഭീഷണി. എന്താ സംഭവം?” കൊട്ടാരം ലേഖിക രോഷാകുലയായിരുന്നു.

“സാമൂഹ്യസേവനത്തിനായി നഗരത്തിൽ പകൽ മുഴുവൻ പാണ്ഡവരുമായി വഴിനടക്കുന്ന പാഞ്ചാലിയെ പഴി പറയുന്ന പക്ഷിയെ പിന്നെ കൂട്ടിൽ അടച്ചാൽ തീരുമോ പ്രശ്നം? കൂട്ടുകുടുംബസ്വത്തു തർക്കത്തിന്റെ പേരിൽ കൗരവവംശഹത്യ പ്രേരിപ്പിച്ചു എന്നാണു അതു് ആവർത്തനവിരസത ഇല്ലാതെ നാടൊട്ടുക്കു് വിളിച്ചു അറിയിക്കുന്നതു്”, ചാരവകുപ്പു് മേധാവി തത്തക്കൂടു് കുതിരപ്പുറത്തു വച്ചു് ചാടിക്കയറി.

2015-08-19

“ഉറക്കമുണർന്നപ്പോൾ കണ്ട ആദ്യ ഹസ്തിനപുരിപ്രഭാതം ഒന്നു് ഓർത്തെടുക്കാമോ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഒന്നിലധികം കാരണങ്ങളാൽ ഓർക്കാം“, പാഞ്ചാലി പുഞ്ചിരിച്ചു” നീണ്ട യാത്ര കഴിഞ്ഞു അന്തം വിട്ടുറങ്ങിയ ശേഷം ഉണർന്നു കിടപ്പറവാതിലിനപ്പുറം ഞാനൊന്നെത്തി നോക്കിയപ്പോൾ, പത്തറുപതു ഇളമുറ കൗരവരാജകുമാരന്മാർ പാഞ്ചാലീ, പാഞ്ചാലീ എന്നു് ആശംസിച്ചുകൊണ്ടു് കാത്തു നിൽക്കയാണു്, പ്രത്യാശയോടെ. ആ പുരുഷപരിലാളനയിൽ നിന്നെന്റെ ശ്രദ്ധ പെട്ടെന്നു് തിരിച്ചതു് എതിർദിശയിൽ, ഒരിടുങ്ങിയ മുറിയിൽ നിന്നുയർന്ന പരുക്കൻ പദാവലിയാണു്. എന്താണു് കാര്യം എന്നന്വേഷിച്ചപ്പോൾ, പാണ്ഡവരുടെ ഔദ്യോഗിക മുൻഭാര്യമാർ നീണ്ടകാല ദാമ്പത്യ അവഗണനയിൽ പ്രതിഷേധിച്ചു പ്രകടനം നടത്തുന്നതു് യുധിഷ്ഠിരൻ വാക്കുകൾ കൊണ്ടു് ‘തല്ലിതോൽപ്പിക്കുക’യാണു്.” സ്വയംവരം കഴിഞ്ഞു ഭർത്താക്കന്മാരുമൊത്തു് ഹസ്തിനപുരിയിൽ നവവധുവായി എത്തിയ ആ നാളുകൾ പാഞ്ചാലി ഓർത്തെടുത്തു.

2015-08-20

ഹസ്തിനപുരി പത്രിക ഇന്നു് നിത്യജാള ്യതയിൽ അജ്ഞാതവാസം പൂർത്തിയാക്കാൻ മെനക്കെടുന്നതിനേക്കാൾ, അഭിശപ്തപാണ്ഡവർ എത്രയും വേഗം ഭൂമുഖത്തു് നിന്നു് അപ്രത്യക്ഷരാവുകയാണു് മാനവരാശിക്കു് നല്ലതെന്നു് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രിയങ്കരനായ കർണൻ. വിദൂര അംഗരാജ്യത്തിൽ പിന്നോക്കക്കാരുടെ ഉന്നമനത്തിനു വികസനപദ്ധതികൾ അവതരിപ്പിക്കുകയായിരുന്നു ദാനശീലനായ സൂതപുത്രൻ.

രാവിലെ തെളിഞ്ഞ വെയിലിൽ കർണന്റെ അഭ്യാസപ്രകടനം വിസ്മയകരമായിരുന്നു.

“വിദ്യാർത്ഥി ആയിരുന്ന കാലത്തു് അരങ്ങേറ്റത്തിൽ ചില പാണ്ഡവ അനുകൂല ബ്രാഹ്മണഗുരുക്കൾ അഭ്യാസത്തിൽ പങ്കെടുക്കാൻ സമ്മതിക്കാതെ പരസ്യമായി അപമാനിച്ചപ്പോൾ, ഈ നില്ക്കുന്ന ഹസ്തിനപുരി രാജകുമാരൻ ദുര്യോധനൻ ഉടൻ എന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ അംഗരാജാവായി അഭിഷേകം ചെയ്തു ആജീവനാന്ത സൗഹൃദം വാഗ്ദാനം ചെയ്തതിന്റെ വാർഷികദിനം കൂടിയാണിതു്.”

തുടർന്നു് കർണനും ദുര്യോധനനും പരസ്പരം പുകഴ്ത്തുന്നതും ദേശഗീതം പാടുന്നതും ആലിംഗനം ചെയ്യുന്നതും കൈ കോർത്തു് നടക്കുന്നതും സ്വവർഗകാമനയുടെ ആരാധകരായ അംഗരാജ്യ നിവാസികളെ കോരിത്തരിപ്പിച്ചു.

2015-08-21

ദ്വാരകയിൽ സത്യഭാമ ഉച്ചത്തിൽ സംസാരിക്കുന്നതു് കേട്ടാണു് കൊട്ടാരം ലേഖിക അന്തഃപുരത്തിൽ ഇടിച്ചു കയറിയതു:

“കീറത്തുണിയിൽ പൊതിഞ്ഞ അവിലുമായി സാന്ദീപനി ഗുരുകുലത്തിലെ ആ പഴയ സഹപാഠികൾ നിങ്ങളെ ആശ്ലേഷിക്കാൻ വിയർത്ത ശരീരങ്ങളുമായി പുറത്തു് പുലർച്ച മുതൽ വരി നിൽക്കുന്നുണ്ടു്. ഓരോരുത്തരെ അകത്തേക്കു് പറഞ്ഞു വിടട്ടെ? തിരിച്ചെത്തിയാൽ ഒരു ഐശ്വര്യകുചേലാനുഭവം അവർ നിന്നനിൽപ്പിൽ സ്വപ്നം കാണുന്നു.”

2015-08-22

“മഹാപ്രസ്ഥാനം എന്ന പേരിൽ നിങ്ങൾ ഒരു കുടിലപദ്ധതി നടപ്പിലാക്കി പാണ്ഡവരെയും പാഞ്ചാലിയേയും അധികാരത്തിന്റെ സുഖവഴിയിൽ നിന്നു്, ജീവിതാന്ത്യത്തിൽ വഴിയമ്പലമില്ലാത്ത പെരുവഴിയിലേക്കു് തള്ളിവിടുന്നു എന്നു് കേട്ടല്ലോ.” കൊട്ടാരം ലേഖിക പരീക്ഷിത്തിനോടു് മുഖം കറുപ്പിച്ചു ചോദിച്ചു.

“എന്റെ അച്ഛൻ അഭിമന്യു കൌമാരപ്രായത്തിൽ എങ്ങനെ മരിച്ചു എന്നു് ഇന്നെല്ലാവർക്കും അറിയാം, അതിൽ യുധിഷ്ഠിരന്റെ പങ്കും. അതൊന്നും ഇനി എന്നെ ഓർമ്മിപ്പിക്കരുതെ. യുദ്ധം കഴിഞ്ഞു ഹസ്തിനപുരിയിൽ ഓടിയെത്തിയ യുധിഷ്ഠിരൻ, അന്ധചക്രവർത്തി ചെങ്കോൽ തരുന്നില്ല എന്നും പറഞ്ഞു എന്തെല്ലാം കോലാഹലം ഇവിടെ നടത്തി? മുപ്പത്തിയാറു കൊല്ലം പെരുമാറ്റ കാപട്യത്തിന്റെ പെരുന്തച്ചനായ യുധിഷ്ഠിരൻ നാടു് ഭരിച്ചു എന്നിട്ടും അത്രതന്നെ പ്രായമുള്ള ഞാൻ യുവരാജ എന്ന പദവിയിൽ ഹിമാലയ ചുരത്തിനു കൊടും തണുപ്പിൽ ശത്രുനീക്കം പ്രതിരോധിക്കാൻ കാവൽ. വാനപ്രസ്ഥമായാലും മഹാപ്രസ്ഥാനമായാലും പാണ്ഡവരും പാഞ്ചാലിയും അന്തിമപദയാത്ര നാളെ രാവിലെ തുടങ്ങും, യാത്ര അയപ്പിനു കാണണം.

2015-08-23

“ഇതെന്താണു് പാണ്ഡവപാളയത്തിനു പിന്നിൽ പുഴയോരം ചേർന്നൊരു കത്തുന്ന തീക്കുണ്ഡം?” കൊട്ടാരം ലേഖിക ഞെട്ടലോടെ ചോദിച്ചു.

“നാളെ പതിനെട്ടാം ദിവസം ദുര്യോധനനുമായി യുദ്ധമാണു്. മരിക്കുന്നതു് പക്ഷെ യുധിഷ്ഠിരൻ ആണെങ്കിൽ, ഞാൻ നവവധു വേഷത്തിൽ ഉടൻ ഇതിൽ ചാടി മരിക്കണം എന്നാണു ഈ ഭർത്താക്കന്മാർ പറയുന്നതു്. അതു് വേണോ എന്നു് ഞാൻ സംശയിച്ചപ്പോൾ, ദുര്യോധനന്റെ വെപ്പാട്ടിയായി ഞാൻ കഴിയുന്നതിൽ നീതിനിഷേധം ഉണ്ടെന്നവർ ആണയിടുന്നു. യാഗാഗ്നിയിൽ നിന്നു് പൂർണ വളർച്ച എത്തിയ സ്ത്രീരൂപത്തിൽ ഉയർന്ന ഞാൻ ഈ തീകുണ്ഡത്തിൽ വിലയം പ്രാപിക്കുന്നതിൽ കാവ്യനീതിയുണ്ടെന്നു പാണ്ഡവർ പ്രശംസിക്കുമ്പോൾ ആരും വീണു പോവില്ലേ?” പാഞ്ചാലി പൊട്ടിച്ചിരിച്ചു. ദേഹമാസകലം മുറിപ്പാടുകളുമായി പാണ്ഡവർ പ്രേക്ഷകർ ആയിരുന്നു.

2015-08-24

“പാഞ്ചാലിയുടെ മരണമൊഴി നേരിട്ടു് കേട്ട ഏക വ്യക്തി അല്ലേ നിങ്ങൾ?” കൊട്ടാരം ലേഖിക ദുസ്സംശയം മറച്ചു വക്കാതെ മുന്നിൽ നിൽക്കുന്ന സ്ത്രീയെ നിർദ്ദയം ചോദ്യം ചെയ്തു.

“കാട്ടിൽ എത്തും വരെ മാത്രം ഞാൻ തോഴി എന്നു് മിക്കവാറും സമ്മതിച്ചാണു് പാണ്ഡവർക്കു് പിന്നിൽ അകലം പാലിച്ചു നടന്ന പാഞ്ചാലി എന്നെ കൂടെക്കൂട്ടിയതു്. കുറെ നീങ്ങിയപ്പോൾ പാഞ്ചാലി ചുറ്റും കൂടുതൽ ശ്രദ്ധയോടെ, ഭീതിയോടെ നോക്കിത്തുടങ്ങി. ഒന്നും ഞാൻ ഉടനെ ചോദിച്ചില്ല. പുൽത്തകിടിയുള്ള സന്യസ്ഥാശ്രമങ്ങൾ അകലെ കണ്ടപ്പോൾ പെട്ടെന്നു് ഭീതിയിൽ പാഞ്ചാലി മുട്ടുകുത്തി മേല്പ്പോട്ടു് നോക്കി കൈകൾ കൂപ്പി. ഞാൻ അവരുടെ തോളിൽ കൈവച്ചു് എന്നാൽ ആവുന്ന സുരക്ഷ നല്‍കി. ഇല്ല ഞാൻ ഇനിയൊരടി മുന്നിൽ, വയ്യ എനിക്കീ സന്യാസികളുടെ ജൈവമാലിന്യം വീണ്ടും ഒരു വ്യാഴവട്ടക്കാലം ചുമക്കാൻ എന്നു് വിതുമ്പി നിലവിളിച്ചു പാഞ്ചാലി കുഴഞ്ഞു വീണു. മുന്നേ പോയിരുന്ന പാണ്ഡവർ സന്യാസികളോടു് ഉപചാരം പറയുന്നതിനിടക്കു് തിരിഞ്ഞു നോക്കാൻ വിട്ടുപോയി. പാഞ്ചാലിയുടെ അനാഥ ഭൌതിക ശരീരം ഒരു ഗുഹയിൽ അടക്കം ചെയ്തു ഞാൻ തിരിച്ചു പോന്നു.” തോഴി ഇനിയും എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടു് എന്ന സംശയം ഉണർത്തി തിരക്കഭിനയിച്ചു പുതിയ മഹാറാണിയുടെ അരികിലേക്കു് പോയി.

2015-08-26

“വരിയായി വഴിനടന്നു വാനപ്രസ്ഥത്തിലേക്കു് നീങ്ങിയ പാണ്ഡവർക്കു് പിന്നിൽ കുഴഞ്ഞുവീണ പാഞ്ചാലിയെ ഒന്നു് തിരിഞ്ഞു നോക്കാൻ യുധിഷ്ഠിരനു് മനഃസാന്നിധ്യം ഉണ്ടായില്ലെന്നോ?” നിന്ദ മറച്ചു വക്കാതെ കൊട്ടാരം ലേഖിക ചോദിച്ചു.

“മരണദേവതയുടെ മകൻ ആണെന്നു് പോലും അറിയാത്ത വിധം മറവി രോഗം ബാധിച്ച ഈ ‘കുരുവംശ ചക്രവർത്തി’ക്കു് എങ്ങനെ ഒരനുജന്റെ ഭാര്യക്കു് പ്രഥമശുശ്രൂഷ ചെയ്യാൻ ഓർമ തോന്നും?” യുദ്ധകാര്യലേഖകൻ വിദൂരതയിലേക്കു് നോക്കി.

ഹസ്തിനപുരിയിലെ പുതിയ മഹാറാണി.

“സ്നേഹരഹിത സാഹചര്യത്തിലാണു് വളർന്നതു്. കുറെയൊക്കെ നിങ്ങളുടെ വായനക്കാർക്കറിയാം, കൂടുത്തൽ ഒന്നും ഹസ്തിനപുരി പത്രിക ചോദിക്കരുതു്. ഇനി ഒന്നും പറയാത്തതു് ഭൂതകാലസ്മരണയുടെ ഇരയാവാൻ ആഗ്രഹിക്കാത്തതു് കൊണ്ടാണു്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ കാട്ടുവഴിയിൽ കുഴഞ്ഞു വീണു മരിക്കും എന്നാണു മനഃസാക്ഷി താക്കീതു് ചെയ്യുന്നതു്. ഇതാണോ, കഷ്ടം, ഒരു ഇതിഹാസ കഥാപാത്രത്തിന്റെ ഭൂതവും ഭാവിയും?”

2015-08-30

“ഇത്രയൊക്കെ നിങ്ങൾ എന്റെ ഭൂതകാലം ചുഴിഞ്ഞു ചോദിക്കുന്നതു് കാണുമ്പോൾ ഞാൻ നിങ്ങൾക്കനുകൂലമായി വിചാരിക്കുകയാണു്, എന്റെ ഔദ്യോഗിക ജീവചരിത്രം എന്തുകൊണ്ടു് നിങ്ങൾ ഉടനടി വായിച്ചുകൂടാ?” കുന്തീദേവി നേരിയ രോഷത്തോടെ ചോദിച്ചു.

“എന്തിനു അതൊക്കെ വായിച്ചു ഞാൻ സമയം കളയണം? കർണൻ എന്നു് ഞാൻ സാന്ദർഭികമായി ഒന്നു് പരാമർശിച്ചപ്പോൾ തന്നെ, നിങ്ങളുടെ മുഖം ഇനിയും എഴുതപ്പെടാത്ത ഒരു വലിയ ഇതിഹാസത്തെ അല്ലെ ഒളിപ്പിക്കാൻ ശ്രമിച്ചതു്?” ഔപചാരികമായി മുട്ടുകുത്തി കൊട്ടാരം ലേഖിക പാണ്ഡവ രാജമാതാവിന്റെ കൈ മുത്തി.

2015-08-31

“വാനപ്രസ്ഥത്തിനെന്നും പറഞാണു് കഴിഞ്ഞ ആഴ്ച പാണ്ഡവരും പാഞ്ചാലിയും പടിയിറങ്ങിയതു്. ഇതാ പാഞ്ചാലി മാത്രം മടങ്ങി വന്നിരിക്കുന്നു. ചോദ്യങ്ങൾക്കു് ഉത്തരം കിട്ടുന്നില്ല. പാണ്ഡവരുടെ തിരോധാനത്തിനു താൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല എന്നു് മാത്രം വ്യക്തമായി കേട്ടു”, ദുരൂഹതയാൽ നെറ്റി ചുളിഞ്ഞ കൊട്ടാരം ലേഖിക പറഞ്ഞു.

“തിരോധാനം അത്ര ലഘുവായി ഹസ്തിനപുരി പത്രിക കാണുമെന്നു പാഞ്ചാലി ഒരു നിമിഷം പോലും ചിന്തിച്ചു പോകരുതു്. പന്ത്രണ്ടു വർഷം സന്യസ്ഥാശ്രമങ്ങളിലെ ഖരമാലിന്യം സ്വയം ചുമന്നു ദൂരെ കുഴി കുത്തി സംസ്കരിച്ചു പരിചയം വന്ന കരുത്തയായ പാഞ്ചാലിക്കുണ്ടോ, അസംതൃപ്ത ദാമ്പത്യത്തിലെ അഞ്ചു വിഴുപ്പുകെട്ടുകൾ ആരും കാണാതെ മണ്ണിട്ടു് മൂടാൻ വിമ്മിട്ടം?”

“ഇതാ ചെങ്കോൽ, ഇപ്പോൾ നിങ്ങൾക്കു് വ്യക്തമല്ലേ ഞങ്ങൾ പടിയിറങ്ങി പോയതു് വാനപ്രസ്ഥത്തിനല്ല, ലഘു വ്യായാമത്തിനാണു് എന്നു്. നിങ്ങൾ ഉടൻ തിരുത്തണം ഹസ്തിനപുരി പത്രികയിലെ ദുസ്സൂചന നിറഞ്ഞ തിരോധന വാർത്ത. രാജദൂഷണം നടത്തുന്ന വനിതാപത്രപ്രവർത്തകരെ വാനപ്രസ്ഥത്തിനു വിടണോ, വേണ്ടിവന്നാൽ അതിനും പാണ്ഡവർ തയ്യാർ”, ധൃതിയിൽ ഗോപുരവാതിലിലൂടെ അകത്തു പാഞ്ഞു കയറിയ അഞ്ചുപേരും കൈകൾ ഉയർത്തി നെഞ്ചു് വിരിച്ചു കാണിച്ചു, ജീവനുണ്ടു്, ആരും ഞങ്ങളെ കൊന്നു കുഴിച്ചിട്ടില്ല.

“ശിരോരത്നം നഷ്ടപ്പെങ്കിലും എന്തൊക്കെയോ നേടിയ പോലെയാണല്ലോ നിങ്ങൾ ഞെളിയുന്നതു്? യുദ്ധത്തിൽ നിങ്ങൾ കൃത്യമായും എന്തു് നേടി?” കൊട്ടാരം ലേഖിക അവശ അശ്വത്ഥാമാവിനെ കാട്ടുപാതയിൽ പൊടുന്നനെ കണ്ടെത്തി.

“ഞാനൊന്നും നേടിയില്ലേ? ശത്രു പാഞ്ചാലിയുടെ അഞ്ചു മക്കളെയും ഉറക്കത്തിൽ ചവിട്ടി കൊന്നില്ലേ? ദുര്യോധനന്റെ വീഴ്ചയോടെ യുദ്ധം അവസാനിക്കും എന്നു് പറഞ്ഞവർ, അവസാന സർവസൈന്യാധിപൻ എന്ന നിലയിൽ എന്റെ സൈനികതന്ത്രം ഫലിക്കുന്നതു കണ്ടു ഞെട്ടിയില്ലേ. ഉത്തരയുടെ ഗർഭശിശുവിനെ നേരെ ഞാൻ ദിവ്യാസ്ത്രം പ്രയോഗിച്ചു് കൃഷ്ണനെ ഒന്നു് വിറപ്പിച്ചില്ലേ, ക്ഷത്രിയ പോരാളികളോടു് ഏറ്റുമുട്ടാൻ ദരിദ്ര ബ്രാഹ്മണനു് ആവും എന്നു് നിങ്ങൾ വിസ്തരിച്ചു കണ്ടില്ലേ. ഭാരതയുദ്ധരത്ന പുരസ്കാരത്തിനു് വ്യാസൻ എന്നെ നിർദേശിക്കാൻ നിങ്ങൾ ഒരു കൈ തരൂ. അതിനിടയിൽ കുറെ കാലം വനവാസത്തിനു കൃഷ്ണശാപമുണ്ടു്. മനുഷ്യജന്മം കിട്ടിയാൽ ഒക്കെ പതിവല്ലെ, അങ്ങു് ദൂരെ ദ്വാരകയിൽ കൃഷ്ണനെ കൊല്ലാനും വേടൻ ആയുധം മൂർച്ച കൂട്ടുകയല്ലേ”, അഭിശപ്ത ദ്രോണപുത്രൻ ആഘോഷിക്കുകയായിരുന്നു കൊടുംശിക്ഷ.

2015-09-01

“അവൾ കുഴഞ്ഞു വീണപ്പോൾ എന്തുകൊണ്ടു് ഞാൻ തിരിഞ്ഞു നോക്കാതെ കാൽ മുമ്പോട്ടു് വച്ചു എന്നോ? ആജീവനാന്ത ചൂഷകയായിരുന്നു പാഞ്ചാലി. അപമാനകരമായ വസ്ത്രാക്ഷേപതിനുമേൽ ഞങ്ങൾ ഒരു മഹായുദ്ധം പ്രതികാരബോധത്തിൽ വിഭാവന ചെയ്യുമ്പോൾ, അവൾ എന്താണു് ചെയ്തതു്? രഹസ്യമായി ആർമാദിച്ചു. ഞങ്ങൾ അവൾക്കു മുമ്പിൽ ഉപചാരപൂർവ്വം, സംഘടിതമായി ഇഴഞ്ഞപ്പോൾ അവൾ നിന്ദയോടെ ഞങ്ങളെ രണ്ടു തലമുറകളിലായി വേർതിരിച്ചു.” ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയും, പിന്നെ ഹസ്തിനപുരി നാടുവാഴിയും ആയിരുന്ന യുധിഷ്ഠിരന്റെ കൂടെ വാനപ്രസ്ഥത്തിന്റെ അന്ത്യത്തിൽ കണ്ടതു് മരണദേവതയുടെ പ്രതിനിധി എന്നവകാശപ്പെട്ട ഒരു ചൊക്ലിപ്പട്ടി മാത്രം.

2015-09-02

“എന്റെ ദാമ്പത്യവഞ്ചന കുറച്ചു വൈകിയെങ്കിലും തിരിച്ചറിഞ്ഞതു് കൊണ്ടാണോ, സ്വർഗ്ഗ രാജ്യത്തിലേക്കുള്ള പാതി വഴിയിൽ കുഴഞ്ഞുവീണ ഭാര്യക്കു്, സാമാന്യ പരിഗണനയിൽ പ്രഥമ ശുശ്രൂഷ പോലും കൊടുക്കാതെ അവർ മുന്നോട്ടു കാൽ വച്ചതു്?” വാനപ്രസ്ഥത്തിൽ പാണ്ഡവരാൽ പാർശ്വവൽക്കരിക്കപ്പെട്ട പാഞ്ചാലി കൊട്ടാരം ലേഖികയോടു്.

2015-09-03

“പാഞ്ചാലി പരിഭവക്കാരിയാണെന്നു് ആരോപണ സ്വരത്തിൽ നിങ്ങൾ പറയുന്നു. കൃത്യമായി ചുരുക്കി പറയൂ, പ്രശ്നം എന്താണു്?” കൊട്ടാരം ലേഖികയുടെ സ്വരം കടുത്തു.

“വ്യാഴവട്ടക്കാല വനവാസത്തിനു ഞങ്ങൾ അഞ്ചു ആണുങ്ങൾക്കും ഒരു പെണ്ണിനും, ഉടയോൻ ദുര്യോധനൻ അനുമതി തന്നതു് ഈ ഒറ്റ മുറിയാണു്. ചമ്രം പടിഞ്ഞിരിക്കുന്നതും ചാരി ഇരിക്കുന്നതും നിവർന്നു കിടക്കുന്നതും ഒക്കെ ഇവിടെ. നിസ്സാരകാര്യത്തിനു ഞങ്ങൾ ആരോടെങ്കിലും നീരസം തോന്നിയാൽ പാഞ്ചാലി വിരൽ ചൂണ്ടി ഇവിടെ നിന്നു് പുറത്താക്കുന്നതു് ആ കാണുന്ന ഊട്ടുപുരയിലേക്കു്. ആറു പേർ ഇരുപത്തിനാലു മണിക്കൂർ ഇടപെടേണ്ട ഈ ഞെരുങ്ങിയ ഇടത്തിൽ, ഒരാൾ മാത്രം “എന്റെ സ്വകാര്യത മാനിക്കൂ” എന്നു് മുഖം കറുപ്പിച്ചു പറഞ്ഞാൽ എന്തു് ചെയ്യും? ഞങ്ങൾ ചൂതുകളിയിൽ തോറ്റ കൗരവഅടിമകളോ അതോ അസംതൃപ്ത ദാമ്പത്യത്തിലെ ആണ്‍ ഇരകളോ”, മാലിന്യനീക്കത്തിനു് പാഞ്ചാലി പുറത്തു പോയ തക്കത്തിനു് യുധിഷ്ഠിരൻ പറഞ്ഞൊപ്പിച്ചു.

2015-09-04

“പുതിയ ചക്രവർത്തി യുധിഷ്ഠിരൻ കുറച്ചു നേരമായി ഒരു അധികാരലഹരിയിലാണല്ലോ, ആശംസപ്രസംഗം നടത്തി വേദിയിൽ നിന്നിറങ്ങിപ്പോവുന്ന നാലു സഹോദരന്മാരെ ഒന്നു് നോക്കുന്നതു് പോലുമില്ല”, കൊട്ടാരം ലേഖിക യുദ്ധകാര്യ ലേഖകനോടു് പറഞ്ഞു.

“ആ പൊങ്ങച്ചം നിറഞ്ഞ മുഖം ഞാനും ശ്രദ്ധിച്ചു. ആശംസാപ്രസംഗം സത്യപ്രസ്താവന ആണെന്നു് ഒരു പക്ഷെ അയാൾക്കു് തോന്നിയോ?”

2015-09-05

“വ്യാസനെ കണ്ടിട്ടു് കാലമെത്രയായി”, ഭീമൻ വിഷാദസ്വരത്തിൽ ഓർത്തു.

“പത്തു കോവർ കഴുതകളും അത്രതന്നെ സഹായികളുമായി പനയോലക്കെട്ടുകൾ കൊണ്ടുവരാൻ ദക്ഷിണാപഥത്തിൽ പോയിരിക്കയാണെന്നു് കേട്ടു. യുദ്ധം കഴിഞ്ഞാൽ ഉടൻ ശന്തനു മുതലുള്ള കുരുവംശചരിത്രം എഴുതും. ജേതാവിനു് അനുകൂലമായി വ്യാസൻ കെട്ടിപ്പൊക്കും ഒരു മഹാഭാരത കഥ”, ചാരവകുപ്പു മേധാവി നകുലൻ ചാരസന്ദേശങ്ങൾ വായിക്കെ ഉത്സാഹമില്ലാതെ പ്രതികരിച്ചു.

2015-09-06

“കൗരവരാജവധുക്കൾ പാഞ്ചാലിയുടെ വീട്ടുമുറ്റത്തു് വരി നില്ക്കയോ? കൗരവരും പാണ്ഡവരും നേരിൽ കണ്ടാൽ ‘കൊത്തിക്കീറുന്ന’ ഹസ്തിനപുരിയിൽ?” കൊട്ടാരം ലേഖിക കൊളുത്തിട്ടു.

“അഞ്ചു പോരാളികളെ ആദ്യരാത്രിയിൽ തന്നെ അടിമകളാക്കിയ ഈ ‘കറുത്ത യക്ഷി’യിൽ നിന്നു് രഹസ്യ പാഠങ്ങൾ പഠിച്ചു വേണം, ഞങ്ങളെ ഉന്മാദിനികളാക്കിയ ഭർത്താക്കന്മാരെ ദാമ്പത്യപരിചരണത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുവാൻ.”

“രാജസൂയം ചെയ്തു. ചക്രവർത്തിയായി. വർഷങ്ങളായി പണി തന്നിരുന്ന കൌരവർ പോലും നമുക്കിനി സാമന്തർ. എന്നിട്ടും ഒരു വാക്കു് പ്രശംസ നിന്നിൽനിന്നുണ്ടായില്ലല്ലോ പാഞ്ചാലീ”, യുധിഷ്ഠിരന്റെ സ്വരത്തിൽ ഖേദം കലർന്ന പരിഭവം നിറഞ്ഞു.

“വാക്കു് എനിക്കു് പ്രതിരോധിക്കാൻ ഉള്ളതാണു്. പുകഴ്ത്താനുള്ളതല്ല.”

2015-09-08

“പൊന്നിന്റെ നിറമുള്ള വധുക്കൾക്കു് മാത്രം മുന്നിടം കിട്ടുന്ന ഹസ്തിനപുരിയിൽ, കരിക്കട്ടയുടെ നിറമുള്ള നിങ്ങൾക്കെങ്ങനെ കൗരവഹൃദയങ്ങളിൽ കയറിക്കൂടാനായി?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ച ചോദ്യം പത്രാധിപർ ഒന്നു് ഓർത്തെടുത്തു.

“പാഞ്ചാലി അന്നു് എന്തു് മറുപടി പറഞ്ഞാണു് ജാള ്യത ഒഴിവാക്കിയതു്?” ലേഖിക സഹകരിച്ചു.

“സമാനതയില്ലാത്ത വ്യക്തിഗതസേവനമികവിനെ കൌരവർ രാത്രിയിൽ വിഭാവന ചെയ്യുന്നുണ്ടാവും.”

2015-09-09

“ശന്തനുമുഖത്തു് കാവ്യാത്മക വിഷാദഭാവം?” ദൂരക്കാഴ്ച സഹപ്രവർത്തകനുമായി കൊട്ടാരം ലേഖിക പങ്കിട്ടു.

“ഉടമ്പടിയിൽ ഒപ്പിട്ടല്ലേ ശന്തനു കിടപ്പറയിൽ കയറിയതു്? ഗംഗ എന്തനിഷ്ടം കാട്ടിയാലും എതിർക്കരുതു് എന്ന കുഞ്ഞക്ഷരങ്ങൾ വായിക്കാതെ ‘ശുദ്ധൻ’, നീട്ടിവലിച്ചു കരാറിൽ ഒപ്പിട്ടു. നവജാതശിശുക്കളെ നദിയിൽ മുക്കിക്കൊല്ലുന്നതാണു് ഭാര്യയുടെ പ്രഭാതവിനോദം എന്നയാൾ പ്രതീക്ഷിച്ചില്ല. “അരുതേ ശിശുഹത്യ ഇനിയും” എന്നയാൾ അതിഭാവുകത്തിന്റെ അതിപ്രസരത്തോടെ പറഞ്ഞതോടെ ഉടമ്പടി തരിപ്പണമായി.

ഗുണപാഠം: “ശിശുഹത്യ ആയാലും തൊഴിലിടവേതനമായാലും, കരാർ വായിച്ചു തിരുത്തൽ വരുത്തിയില്ലെങ്കിൽ ശന്തനുരൂപങ്ങൾ നിലവിളിക്കും!”

“ഇന്നലെ രാവിലെ നെറ്റിപ്പട്ടം കെട്ടിയ ആനകളും ആഡംബരങ്ങളുമായി ഇന്ദ്രപ്രസ്ഥത്തുനിന്നു് കൌരവരെ കാണാൻ ഹസ്തിനപുരി കൊട്ടാരത്തിൽ എഴുന്നെള്ളിയ യുധിഷ്ഠിര ചക്രവർത്തിയും പരിവാരങ്ങളുമല്ലേ, നഗ്നപാദരായി കാട്ടിലേക്കു് ശിക്ഷയനുഭവിക്കാൻ പോവുന്നതു്?” പെരുവഴിയിൽ ആരും ശ്രദ്ധിക്കാത്ത ആറുപേരെ നോക്കി കൊട്ടാരം ലേഖിക വിഷാദത്തോടെ കൂട്ടുകാരനോടു് പറഞ്ഞു.

“മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പു എന്നൊക്കെ വരും യുഗങ്ങളിൽ ദരിദ്രബ്രാഹ്മണർക്കു് നിന്ദിക്കാൻ മാത്രം, ചൂതുകളിച്ചു് എല്ലാം ഒഴുക്കിക്കളഞ്ഞ ചില നികൃഷ്ട ജന്മങ്ങൾ”, യുദ്ധകാര്യലേഖകൻ കരിമ്പിൻ ചണ്ടി അവർക്കു് നേരെ എറിഞ്ഞതു് വിശന്നു പൊരിഞ്ഞ ഭീമൻ ഒറ്റച്ചാട്ടത്തിനു കൈക്കലാക്കി വായിലിട്ടു ചവക്കാൻ തുടങ്ങി.

2015-09-10

“കീഴടങ്ങൽകരാർ പാലിച്ചു നഗ്നപാദരായി വനവാസത്തിനു വിനീതരായി നടന്നു നീങ്ങുന്ന പാണ്ഡവരുടെ ഇരുഭാഗത്തും, ഉയർത്തിപ്പിടിച്ച ചാട്ടവാറുമായി നിങ്ങളെന്തിനാ ഇങ്ങനെ കാര്യമില്ലാതെ അട്ടഹസിക്കുന്നതു്?” കൊട്ടാരം ലേഖിക ക്ഷോഭിച്ചു.

“ഇന്നലെ ഇതേസമയത്തു് ഞങ്ങൾ തന്നെയാണു് യുധിഷ്ഠിരനെയും മഹാറാണിയെയും വെഞ്ചാമരം വീശി നഗരവാതിൽ മുതൽ കൊട്ടാരം വരെ ഉപചാരപൂർവ്വം ആചാരവെടിയുമായി ആനയിച്ചതു്. സൂര്യനൊന്നസ്തമിച്ചു് രാജകീയവിനോദമായ ചൂതുകളിക്കു് ശേഷം നേരം പുലർന്നപ്പോഴേക്കും, നിയതിയുടെ തട്ടു് ഉയർന്നതും താണതും ഇവരാറുപേർ ഞങ്ങളുടെ അടിമകൾ ആയതും പിന്നെ നിങ്ങൾ കൊട്ടാരം ലേഖികയും ആഘോഷിക്കെണ്ടേ?”

“ഭീഷ്മരെ കൊല്ലാൻ ഉപായം തേടി നിങ്ങൾ ചെന്നു് കയറിയതു് ഭീഷ്മരുടെ അടുത്താണെന്നു് പാളയത്തിലെ കാവൽക്കാർ രസിച്ചു കൂവുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക യുധിഷ്ഠിരനെ സ്നാനഘട്ടത്തിൽ നേരിട്ടു.

“അതിനെന്താ? പാഞ്ചാലിയുടെ ഹൃദയം കവരാൻ ഞങ്ങൾ അഞ്ചു ഭർത്താക്കന്മാർ എത്ര പ്രാവശ്യം അവളുടെ മുമ്പിൽ മുട്ടുകുത്തി കൈകൾ നിവർത്തി ഇഴഞ്ഞിരിക്കുന്നു.” മേലാസകലം തൈലം പുരട്ടിയ പാണ്ഡവ മുഖ്യൻ നിന്ന നിൽപ്പിൽ പുഴയിലേക്കു് കൂപ്പുകുത്തി.

2015-09-11

“പാഞ്ചാലി കുഴഞ്ഞുവീണു എന്നു് ഭീമൻ വിലപിച്ചപ്പോൾ, അവൾ അർജ്ജുനനുമായി അധികം അഭിരമിച്ചതു് കൊണ്ടാണെന്നു് നിങ്ങൾ പറഞ്ഞതിൽ നിന്നു് ഞങ്ങൾ എന്താണു് വായിച്ചെടുക്കേണ്ടതു്, ജീവിതാന്ത്യത്തിലെ മഹാപ്രസ്ഥാനത്തിലും കുഴഞ്ഞു മറിയുന്നതു് മദമാത്സര്യത്തിൽ തന്നെ എന്നോ?” കൊട്ടാരം ലേഖിക ആ വന്യഭൂപ്രകൃതിയിലും വാക്കു് തെറ്റാതെ ചോദിച്ചു.

“ജീവിതകാലം മുഴുവൻ അവളെന്നെ മോഹിപ്പിച്ചു, എന്നാൽ ഞാൻ കൈ നീട്ടിയപ്പോൾ വാക്കു് കൊണ്ടും നോക്കു് കൊണ്ടും തിരസ്കരിച്ചു. ഇപ്പോൾ ഇതാ, യാത്ര പറയാതെ ലൌകികജീവിതം ഒരു കുഴഞ്ഞുവീഴലിൽ പൊടുന്നനെ അവസാനിക്കുമ്പോൾ, എനിക്കൊരു പിടിവള്ളി, അർജ്ജുനനുമായി അവളുടെ അവിഹിതബന്ധം പരസ്യമാക്കുക.”

“ഒന്നുമല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെയൊക്കെ ജീവചരിത്രം എഴുതേണ്ട മുനിയല്ലേ, വ്യാസൻ വന്നു മുമ്പിൽ നിന്നപ്പോഴേക്കും എന്താ നിങ്ങൾ കൈകൾ രോഷത്തിൽ പിഴിയുന്നതു്?” യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തി ആയി ചുമതല ഏറ്റതെ ഉള്ളു. രാജസൂയയാഗത്തിന്റെ ആഘോഷമാണു് ചുറ്റും.

“എന്താണയാൾ എന്നിട്ടു് പറഞ്ഞതെന്നു് നിങ്ങൾ കേട്ടില്ലേ. എന്തോ ദുരനുഭവം ഞങ്ങൾക്കു് ഉടൻ ഉണ്ടാകാൻ പോവുന്നു, കരുതൽ വേണം എന്നു്. ഈ ഭീഷണി പറയാനാണോ ഇപ്പോൾ മുനി ഇവിടെ ഇടിച്ചു കയറിയതു്?” വ്യാസതാക്കീതിൽ ഭീമൻ ആകെ ഉടഞ്ഞപോലെ തോന്നി.

2015-09-12

“കുരുക്ഷേത്ര യുദ്ധത്തിൽ മകൻ അശ്വത്ഥാമാവിന്റെ മരണവാർത്ത സ്ഥിരീകരിക്കാൻ കൗരവസർവസൈന്യാധിപൻ ദ്രോണാചാര്യൻ ചുമതലപ്പെടുത്തിയതു് എന്നെയാണു് എന്നതിൽ നിന്നുതന്നെ നിങ്ങൾ പത്രപ്രവർത്തകർക്കു് മനസ്സിലായില്ലേ, പൊതുവ്യവഹാരമണ്ഡലത്തിൽ ഇന്നും വിവരവിനിമയത്തിലെ അവസാനവാക്കു് ഞാനാണെന്നു്? എന്നാൽ, ഞാൻ കൗരവപ്രതിയോഗി പാണ്ഡവമുഖ്യനായതുകൊണ്ടു് പൂർണസത്യത്തിനു പകരം ഉടൻ ദ്രോണർക്കു കൈമാറുക, അർദ്ധസത്യമാവും. പറഞ്ഞുവന്നാൽ പ്രായോഗികതലത്തിൽ രണ്ടിനും ഇടയിൽ കാണുക വിള്ളലിനു് സാധ്യത ഉള്ള നേരിയൊരു അതിർവരമ്പല്ലേ”, ദ്രോണരുടെ ചോര ദാഹിക്കുന്ന പാണ്ഡവ സംഘത്തിലെ തലവരിൽ ഒരാളായ യുധിഷ്ഠിരൻ ‘അതിർവരമ്പു്’ പൊട്ടിക്കാൻ നാവുയർത്തി.

2015-09-13

“നീ കർണനെ കയറി അഭിമുഖം ചെയ്തെന്നോ”, യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് അസ്വസ്ഥതയോടെ ചോദിച്ചു.

“കാലിന്മേൽ കാൽ കയറ്റിവച്ചു് കർണന്റെ ആദ്യത്തെ ചോദ്യം, “നീ ഏതു സൂതന്റെ മകൾ” എന്നായിരുന്നു. സൂതകുടുംബമല്ലെന്നു പറഞ്ഞപ്പോൾ, “ഏതു കൗരവസഹോദരന്റെ മകൾ?” എന്നായി. കൌരവകുടുംബാംഗമല്ലെന്നു പറഞ്ഞപ്പോൾ, “പിന്നെ നീ?” എന്നു് കാൽ ഇറക്കി വച്ചു് അക്ഷമയിൽ. ഹസ്തിനപുരി ജ്വാലാമുഖീ ക്ഷേത്രത്തിലെ മഹാപുരോഹിതനു് ദേവനർത്തകി ഗംഗയിൽ അനധികൃതമായി ജനിച്ചവൾ ആയിരുന്നു എന്റെ പൂർവികർ എന്നു് ഞാൻ പറഞ്ഞപ്പോൾ, ചാടി എഴുന്നേറ്റു കർണൻ എന്നെ കെട്ടിപ്പിടിച്ചു മുത്തമിട്ടു. “എങ്കിൽ നാം ഇരുവരും ഒരേ ജാതി” എന്നയാൾ പുലമ്പി.

“ദിവ്യ കവചങ്ങൾ ധരിച്ചിട്ടും സ്വത്വ രാഷ്ട്രീയത്തിന്റെ അടിവസ്ത്രം അഴിച്ചുമാറ്റാത്ത, സഭാപതി”, യുദ്ധകാര്യലേഖകൻ കൂടുതൽ അഭിമുഖ വാർത്ത കേൾക്കാതെ എഴുന്നേറ്റു നടന്നു.

2015-09-14

“ആ കൊട്ടാരം ലേഖിക ഇവിടെ തിണ്ണ നിരങ്ങി കുത്തിക്കുത്തി നിന്നോടു് ചോദിക്കുന്ന ഓരോ ചോദ്യത്തിനും നീ വസ്തുതക്കു് ചേരാത്ത മറുപടി പറയുന്നു എന്നു് ഞങ്ങൾക്കു് പരാതിയുണ്ടു്. കൗരവരാജവധുക്കൾക്കു് വായിച്ചു രസിക്കാൻ ഞങ്ങളുടെ ചെലവിൽ നീ ഇങ്ങനെ തരം താഴണോ?” യുധിഷ്ഠിരൻ രോഷംകൊണ്ടു് പരവശനായിരുന്നു. പിന്നിൽ നാലു് സഹോദരന്മാരും ശരീരഭാഷകൊണ്ടു് അയാൾക്കു് പിന്തുണ കൊടുത്തു.

“സന്തുഷ്ട ദാമ്പത്യമാണിവിടെ ജീവിക്കുന്നതെന്നു് വസ്തുതകൾക്കു് യോജിച്ചവിധം ഞാൻ കള്ളം പറഞ്ഞാൽ നിങ്ങൾക്കു് തിരിച്ചു കിട്ടുമോ ചൂതുകളിയിൽ നഷ്ടപ്പെട്ട ഇന്ദ്രപ്രസ്ഥവും ചെങ്കോലും?”

“അഴിഞ്ഞുലഞ്ഞു മുഖമടച്ചു കിടക്കുന്ന മുടി കെട്ടിവക്കണമെങ്കിൽ കൌരവച്ചോര പുരട്ടണമെന്നതു് ഒഴിവാക്കാനാവാത്ത ഒരാവശ്യമാണോ, അതോ ആലങ്കാരികമാണോ?” കൊട്ടാരം ലേഖിക ചിന്താ ക്കുഴപ്പത്തിലായി.

“തപസ്സു ചെയ്തു നേടിയ ദിവ്യയുധങ്ങൾ കൊണ്ടാണു് യുദ്ധം ചെയ്യുകയെന്നു് മേനി പറയുമെങ്കിലും, യുദ്ധകാഹളമുയർത്തി അവരെ കുരുക്ഷേത്രയിലെത്തിക്കാൻ ഈ ചോരപ്പെരുമ ഇടയ്ക്കിടെ മുടി കൊണ്ടെന്റെ മുഖം മൂടി അവർക്കു് മുമ്പിൽ ഞാൻ അതിഭാവുകത്വത്തിൽ വർണിക്കണം”, കെട്ടിവച്ചില്ലെങ്കിലും നിത്യവും കഴുകിയുണക്കിയ മുടിയവൾ ആകർഷക കൈനീക്കത്തിൽ മുഖത്തു് നിന്നു പിന്നിലേക്കെറിഞ്ഞു നിലാവു് പോലെ പുഞ്ചിരിച്ചു.

2015-09-15

“നവവധുയായി കൊട്ടാരത്തിൽ എത്തിയ ആദ്യദിനങ്ങൾ ഒന്നു് ‘ഹസ്തിനപുരി പത്രിക’ വായനക്കാരുമായി പങ്കിടാമോ?’ കൗരവകുറുനരികൾ രാവുപകൽ പാണ്ഡവർക്കെതിരെ അദ്ധ്വാനിക്കുന്ന കുഴഞ്ഞുമറിഞ്ഞ ഇടമല്ലേ.”

“ഊഷ്മളമായ ആരാധനയിൽ കുറഞ്ഞൊന്നും കണ്ടില്ല. ഗാന്ധാരം മുതൽ കലിംഗം വരെ നൂറോളം രാജ്യവംശങ്ങളിൽ നിന്നുവന്ന മനോഹരികളായ കൗരവരാജവധുക്കൾ എന്റെ ആഭരണങ്ങളിലും ഉടയാടകളിലും മുടിയിലും ഉപചാരപൂർവ്വം കൌതുകം കാണിച്ചെങ്കിൽ, നിങ്ങൾ പറഞ്ഞ ആ ‘നൂറു കുറുനരികൾ’ കമ്പം കാണിച്ചതു് എന്റെ അഴകളവുകൾ ആയിരുന്നു. ഇരുനൂറു കൊതിപ്പിക്കുന്ന കുരുവംശ കണ്ണുകൾ നീന്തൽ കുളത്തിലും ഊഞ്ഞാലിലും ഗംഗയാറിൻ തീരത്തും ആരാധനയോടെ പിന്തുടരുക, അതൊരു കോരിത്തരിപ്പിക്കുന്ന ആദ്യകാല സ്മരണകളുടെ പൊന്നിൻചെപ്പു തന്നെ. പക്ഷെ ആ ഉൽസവാന്തരീക്ഷതിനു യോജിക്കാത്ത പന്ത്രണ്ടു കഴുകൻ കണ്ണുകൾ എന്നെയപ്പോൾ വേട്ടയാടി. പാണ്ഡവരും കുന്തിയും.”

’ഇതെന്താണു് ഈ അഞ്ചു ആണുങ്ങൾ ഊട്ടുപുരയിൽ വെറും നിലത്തു ചമ്രം പടിഞ്ഞിരുന്നു കണ്ണീർ വാർക്കുന്നതു്. വേണ്ടപ്പെട്ടവർ ആരെങ്കിലും മരിച്ചുവോ?” കാഴ്ച കണ്ടു് കൊട്ടാരം ലേഖിക ഞെട്ടിപ്പോയി.

“എന്തോ സാങ്കേതിക പ്രശ്നം, ഇടയ്ക്കിടെ ഉണ്ടാവും, ഹസ്തിനപുരിയിലെ വേറെ ഏതെങ്കിലും കളപ്പുരയിലെ ധാന്യശേഖരം സ്രോതസ്സായി കണ്ടെത്തുംവരെ അക്ഷയപാത്രം ഇന്നത്തെ പോലെ ശൂന്യമായിരിക്കും അതു് കഴിഞ്ഞാൽ പതിവുപോലെ പരിമിതിയില്ലാതെ പൊട്ടിച്ചിരിച്ചും പരസ്പരം ഉന്തിത്തള്ളിയും പാത്രത്തിൽ രണ്ടു കയ്യുമിട്ടു വാരിത്തിന്നും”, കിടപ്പറയിൽ പാഞ്ചാലി മുടി കർശനമായി പരിലാളനത്തിൽ നിന്നു് ഒഴിവാക്കി അഴകളവുകളുടെ ശരീരത്തിൽ തൈലം തേച്ചു നിസ്സംഗമായി പറഞ്ഞു.

2015-09-16

“സന്തുലിത ആവാസവ്യവസ്ഥ ആയിരുന്ന പുഴയോര ഖാണ്ഡവ വനത്തെ, കരുതിക്കൂട്ടി കത്തിച്ചു ചാമ്പലാക്കിയ കുടിയേറ്റ കൗന്തെയർക്കു കൂട്ടു് കൃഷ്ണനായിരുന്നു എന്നു് കൌരവർ പ്രചരിപ്പിക്കുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥത്തിൽ, മഹാറാണി പാഞ്ചാലിയെ ഇരുകൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു.

“നീച മനുഷ്യരുടെ കൂടെ കണ്ണടച്ചു് കൂട്ടു് കൂടിയാൽ ദൈവമനസ്സും മലിനപ്പെടും എന്ന പരമാർത്ഥമല്ലെ അതു് വെളിപ്പെടുത്തുന്നതു്”, സ്വയം നട്ടുവളർത്തുന്ന ഔഷധച്ചെടികൾക്കു് നനക്കുകയായിരുന്ന പാഞ്ചാലി, പാണ്ഡവരുടെ ചെവിവട്ടത്തിലും പരിഭ്രമിക്കാതെ, പറഞ്ഞു.

2015-09-17

“നായാട്ടുമൃഗങ്ങളൊന്നും പുറത്തുവരാതെ ഒളിച്ചിരിക്കുന്ന ഈ മരവിച്ച മഴക്കാലദിനങ്ങളിൽ, നേരം പോവാൻ നിങ്ങൾ അഞ്ചു ആണുങ്ങൾ എന്തുചെയ്യും?” കൊട്ടാരം ലേഖിക, പാഞ്ചാലി കൊടുത്ത മധുരക്കിഴങ്ങു് പച്ചക്കു് കടിച്ചു ചവച്ചു, സമൃദ്ധ ശരീരഭാഷയുടെ അകമ്പടിയിൽ ചോദിച്ചു.

“യുധിഷ്ഠിരൻ കൗരവവേഷം കെട്ടി പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ആഞ്ഞു ശ്രമിക്കും. ഇരയുടെ ‘ആട്ടും തുപ്പും’ കൊണ്ടു് അവശനായി നിലത്തു വീഴുമ്പോൾ, എടുത്തു മാറ്റി ഭീമൻ ആ കൗരവ വേഷം ഊരിയണിഞ്ഞു വസ്ത്രാക്ഷേപത്തിനു് ഒരു കൈനോക്കും. ഊഴം വച്ചു് കാത്തിരിക്കുന്ന മറ്റു മൂന്നു പേർകൂടി അങ്ങനെ നിലത്തു വീഴുമ്പോൾ കാണാം, അക്ഷയപാത്രത്തിൽ രാത്രിഭക്ഷണം വേവുന്നത്”, നകുലൻ കാലവർഷത്തിലെ ആ പ്രിയ പാണ്ഡവകിടമത്സരം വിശദീകരിച്ചു.

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയായിരുന്നു നിങ്ങൾ പത്തുകൊല്ലം എന്നാണു ഒരു കൊട്ടാരം രേഖ. അതംഗീകരിച്ചു കൊണ്ടു് ചോദിക്കട്ടെ, എന്തായിരുന്നു ആ കാലത്തെ സ്മരണീയമായ നേട്ടം?”

“നവജാതശിശുക്കളെ പുലർകാലഗംഗയിൽ മുക്കിക്കൊല്ലുന്ന “യക്ഷി”കളായിരുന്നു ശന്തനുവിന്റെ കാലത്തു് ചക്രവർത്തിനി എങ്കിൽ, അഞ്ചു ഭർത്താക്കന്മാരെ ഊഴം വച്ചു് സ്വീകരിച്ചു് ഞാൻ ഗർഭം ധരിച്ചു പ്രസവിച്ചു ശിശുക്ഷേമസൌകര്യത്തിനു എന്റെ പിതാവിന്റെ പാഞ്ചാല രാജവസതിയിൽ സുരക്ഷിതമായി എത്തിച്ചു. ഇതാ ഇപ്പോൾ ചൂത്കളി ശിക്ഷ അനുഭവിക്കാൻ ദുര്യോധനന്റെ അടിമ എന്ന നിലയിൽ കാട്ടിൽ’, മാലിന്യ സംസ്കരണം കഴിഞ്ഞു പാഞ്ചാലി മലിനവസ്ത്രങ്ങൾ നീക്കി നീർചോലയിൽ മുങ്ങിപ്പൊന്തുന്നതിന്നിടയിൽ സംസാരിച്ചു.

2015-09-18

“സന്യസ്ഥാശ്രമങ്ങളിലെ അന്തേവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്താൻ കൌരവർ നിയോഗിച്ച പാണ്ഡവർ അവരുടെ വനവാസക്കാല ചുമതല ശരിക്കും ചെയ്യുന്നില്ലേ, അതോ?” കൊട്ടാരം ലേഖിക ഇത്തവണ സന്യാസിസമൂഹത്തെ നേരിട്ടു.

“ഞങ്ങളുടെ ജീവനെ കുറിച്ചു് ഇപ്പോൾ പറയുന്നില്ല. എന്നാൽ വളർത്തുമൃഗങ്ങൾ മുയലും മാനും രാത്രി കൂട്ടിൽ കയറ്റുമ്പോൾ ഞങ്ങൾ എണ്ണിയതും രാവിലെ കൂടു് തുറന്നു വിടുമ്പോൾ കാണുന്നതും പൊരുത്തപ്പെടുന്നില്ല. എങ്ങനെ പൊരുത്തപ്പെടും, തലയിൽ തുണിയിട്ടു് മറച്ചു പോവുന്ന ആ പാണ്ഡവ ഭീമനെ നോക്കുക, ഇളമാംസ പ്രിയൻ സന്ധ്യ മയങ്ങിയാൽ ഇരതേടി ഇറങ്ങുകയായി.”

2015-09-19

“കൂട്ടുകുടുംബസ്വത്തിൽ ഓഹരി കിട്ടാൻ ചോര ഒത്തിരി കുരുക്ഷേത്രത്തിൽ ചീന്തി എന്നു് ഇപ്പോഴേ തോന്നിത്തുടങ്ങിയോ?” കൊട്ടാരം ലേഖിക, ധർമപുത്രർ എന്നു് എതിരാളികൾ നിന്ദയോടെ വിളിക്കുന്ന, പുതിയ ചക്രവർത്തിയെ കൊട്ടാര വളപ്പിൽ സ്വകാര്യമായി കണ്ടുമുട്ടി.

“കാര്യമറിയാതെ അല്ലെ നിങ്ങൾ സംസാരിക്കുന്നതു്. കൌരവർക്കു ജീവഹാനി സംഭവിച്ചു എന്നു് നിങ്ങൾ വേവലാതിപ്പെടുന്നു. വാസ്തവമതാണോ, മൂലഘടകങ്ങളുടെ ഒരു നിശ്ചിത രൂപത്തിലുള്ള സംയോജനം തകരുന്നതിനെയല്ലേ നിങ്ങൾ മരണം എന്ന അർത്ഥത്തിൽ ചോരചീന്തൽ എന്ന കടുത്ത വാക്കുപയോഗിച്ചതു്? കൌരവരുടെ മൂലഘടകങ്ങൾ, പാണ്ഡവരുടെ ഔദ്യോഗിക പിൻഗാമി പരീക്ഷിത്തിലൂടെ മറ്റൊരു തോതിൽ സംയോജിച്ചില്ലേ?, യുധിഷ്ഠിരന്റെ ശബ്ദത്തിൽ മുറിവേറ്റ അഭിമാനം പ്രകടമായി.

2015-09-20

“പാണ്ഡവമാതാവു് നിങ്ങൾക്കു് പ്രിയങ്കരിയാണോ, അതോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“അകലം പാലിച്ചു ഞങ്ങളിൽ നിന്നു് ആവുന്നത്ര മാറി നില്ക്കാൻ വിവേകം കാണിച്ച വനിത. പക്ഷെ ഇന്നു് അരങ്ങേറ്റ മൈതാനത്തിൽ എന്റെ നൃത്ത-സംഗീത-നാടകം അവരെ പറ്റിയല്ല. ഗാന്ധാരീ വിലാപമാണ്, വരില്ലേ?” പാഞ്ചാലി തിരക്കിലായിരുന്നതുകൊണ്ടു് അഭിമുഖം മുറിഞ്ഞു.

2015-09-21

“ഇതാണോ പുതിയ ഹസ്തിനപുരി ചക്രവർത്തിനിക്കു് നിങ്ങൾ കണ്ടെത്തിയ ഔദ്യോഗികവസതി?” രോഷം നിയന്ത്രിക്കാൻ പാടുപെട്ട പാഞ്ചാലി കൊട്ടാരം സർവാധികാരിക്കു് നേരെ ആരോപണസ്വരത്തിൽ വിരൽ ചൂണ്ടി.

“ഈ വസതിക്കെന്താ കുഴപ്പം? സൂക്ഷിക്കുക, എന്റെ നേരെ കുതിരകയറണ്ട. ഞാൻ അംഗപരിമിതൻ. ഇവിടെയാണു് എന്റെ അച്ഛന്റെ അച്ഛൻ കൗരവ രാജകുമാരൻ ദുര്യോധനൻ കഴിഞ്ഞ അമ്പതു കൊല്ലം ഭാര്യയുമൊത്തു് അന്തിയുറങ്ങിയതു്. ദുര്യോധനനു് ഒരു ഭാര്യമാത്രം. ഭാര്യക്കു് ഒരേ ഒരു ഭർത്താവും. കൌതുകം തോന്നുന്നുണ്ടല്ലേ? ശത്രുനാശത്തിനു നിത്യവും ഇവിടെ കാളിപ്രീതിക്കായി മൃഗബലി ചെയ്തിരുന്നെങ്കിലും, കൊട്ടാരം ശുചീകരണ തൊഴിലാളികൾക്കു് കുരുക്ഷേത്രയിൽ നിർബന്ധിത സൈനിക സേവനം ആയതുകൊണ്ടു്, കഴിഞ്ഞ ഒരു മാസമായി വേണ്ടത്ര വൃത്തിയാക്കൽ ഉണ്ടായില്ല, അതുകൊണ്ടെന്താ, പന്ത്രണ്ടു വർഷം സന്യസ്ഥാശ്രമങ്ങളിലെ ജൈവമാലിന്യം നിത്യവും നീക്കി നിങ്ങൾ പരിചയ സമ്പന്നയല്ലെ, ഒന്നു് ആഞ്ഞു പിടിച്ചാൽ വാസയോഗ്യമാക്കിക്കൂടെ ചരിത്ര പ്രാധാന്യമുള്ള ഈ ദുര്യോധന വസതി. ഇതു് അറിയപ്പെടെണ്ടതും ആ പേരിൽ തന്നെ”, കൊട്ടാരരഹസ്യങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരൻ പുരോഹിത മന്ത്രോച്ചാരണം പോലെ സംസാരിച്ചു.

2015-09-22

“ഇന്നും ഹസ്തിനപുരി കൌരവരാജവധുക്കൾക്കു് നിങ്ങൾ ആരാധ്യദേവത, പക്ഷെ, ഇവിടെ കാട്ടിൽ ദുര്യോധനന്റെ അടിമയായി, മാലിന്യനീക്കം എന്ന ദിവസപ്പണിയുമായി, പരാതിയില്ലാതെ നാൾ നീക്കുന്നു. വൈരുധ്യം തോന്നുന്നില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“അന്നന്നത്തെ അപ്പത്തിന്നായി ഇര തേടി പോവേണ്ടതില്ലാത്ത അഞ്ചു മടിയൻമാർക്കൊപ്പം, സമനില തെറ്റാതെ ഈ കഠിനതടവു് അനുഭവിക്കാൻ എനിക്കു് കഴിയുന്നു എന്നതല്ലേ കൂടുതൽ കൗതുകകരമായി നിങ്ങൾ കാണേണ്ടതു്?” പാഞ്ചാലി അന്നത്തെ പുറംജോലി കഴിഞ്ഞു നീരൊഴുക്കിൽ നീന്തുകയായിരുന്നു.

2015-09-23

“സുഭദ്രയെ അർജ്ജുനൻ വിവാഹം കഴിച്ച വാർത്ത നിങ്ങളെ ക്ഷുഭിതയാക്കേണ്ട കാര്യം? നിങ്ങൾക്കുമില്ലേ ഒന്നിലധികം ഭർത്താക്കന്മാർ.”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ചോദിച്ചു.

“സുഭദ്രയല്ല പ്രതിനായിക എന്നു് നിങ്ങൾക്കറിയാം. എന്റെ അഞ്ചു് മക്കൾ ദൂരെ പാഞ്ചാലത്തിൽ പ്രത്യാശയോടെ ചെങ്കോൽ കാത്തു വളരുമ്പോൾ, സുഭദ്രയുടെ വിവാഹത്തിൽ കൃഷ്ണന്റെ ആശംസ, നിങ്ങളും കേട്ടതല്ലേ, സുഭദ്രയുടെ പിൻഗാമികൾ കുരുവംശം ഭരിക്കും എന്നു് കൃഷ്ണൻ പ്രവചിച്ചു, അർജ്ജുനൻ കയ്യടിച്ചു. യുധിഷ്ഠിരൻ ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു് ദുര്യോധനൻ പിറന്നതെന്ന ഈറ്റില്ലന്യായം രാജസഭയിൽ ആവർത്തിച്ചു പറഞ്ഞല്ലേ കൌരവരെ പാണ്ഡവർ വെള്ളം കുടിപ്പിച്ചത്?” വഞ്ചിക്കപ്പെട്ട രാജകീയമാതൃത്വം പാഞ്ചാലിയുടെ അടക്കിപ്പിടിച്ച ക്രോധത്തിലും ചുറ്റും നിന്നവർക്കു് പൊള്ളി.

“ഒരിറ്റു ചോര വീഴാതെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ അധികാരത്തിൽ നിന്നു് നീക്കി, കോഴി കൂവും മുമ്പു് കഠിനതടവിൽ വനവാസത്തിന്നയച്ച കൌരവർക്കു, ഒരു മഹാഭാരതയുദ്ധം തന്നെ വേണ്ടി വരുന്നല്ലോ നെറ്റിയിൽ അടിമക്കുറിമായാത്ത പാണ്ഡവരുടെ തല എന്നെന്നേക്കുമായി വെട്ടാൻ?” കുരുക്ഷേത്ര യുദ്ധസജ്ജീകരണങ്ങൾ നോക്കാൻ സഹപ്രവർത്തകരുമൊത്തു് വന്ന യുദ്ധകാര്യലേഖകൻ, ഏറെ കാലത്തിനു ശേഷം തൊഴിൽ സാധ്യത കൈവന്ന ഉല്ലാസത്തോടെ, കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“വരും യുഗത്തിൽ തിരിച്ചു പറയുമെങ്കിലും, ചരിത്രം ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും വരുമെന്നു് ഇപ്പോൾ നിങ്ങൾക്കു് മനസ്സിലായില്ലേ.”

2015-09-25

“അകമ്പടി അനുവദിക്കാതെ അഭിമന്യുവിനെ കൌരവക്കൂട്ടത്തിലേക്കു് എറിഞ്ഞതു് പാഞ്ചാലി ആയിരുന്നു എന്നു് കർണ്ണകുറ്റസമ്മതം ശ്രദ്ധയിൽ പെട്ടുവോ? എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു.

“അഭിമന്യുവിന്റെ പിൻഗാമി കുരുവംശ ചക്രവർത്തി ആവും എന്ന കൃഷ്ണപ്രവചനത്തിനു് തടയിടാൻ, ചക്രവർത്തി ആവാൻ കൊതിക്കുന്ന അഞ്ചു ആണ്‍മക്കൾ ഉള്ള ഒരമ്മയുടെ മുൻകൂർ നീക്കം എന്നു് കാണൂ. എന്റെ മനസ്സിൽ നിന്നു് കുറ്റബോധം ഒളിച്ചു പോയ സുഖം മറച്ചു വക്കുന്നില്ല”, യുധിഷ്ഠിരൻ പുഞ്ചിരിയോടെ പറഞ്ഞു. വൈകിയ രാത്രിയിൽ യുദ്ധഭൂമിയോടു് ചേർന്ന യമുനയുടെ ജലത്തിൽ നിലാവു് ഇളകിയാടി.

2015-09-27

“വിവാഹം കഴിഞ്ഞു ഹസ്തിനപുരിയിലേക്കു് മടങ്ങുമ്പോൾ യുധിഷ്ഠിരൻ നിങ്ങളുടെ അച്ഛനോടു് പണം കടം ചോദിച്ചു കിട്ടിയില്ല എന്നു് കേൾക്കുന്നല്ലോ, എന്തായിരുന്നു ആ കാര്യം?”

“അങ്ങനെ ഒന്നുമില്ല. കൌരവരോടു് കടം ചോദിക്കുന്നതു് ഒഴിവാക്കാൻ, ആഭരണങ്ങളിൽ ചിലതു് വിൽക്കട്ടെ എന്നു് യുധിഷ്ഠിരൻ അച്ഛനോടു് ചോദിച്ചു. അച്ഛനാരാ മോൻ. “അതു് ഞാൻ വാങ്ങിച്ചു കൊടുത്തതൊന്നുമല്ല, യാഗാഗ്നിയിൽ നിന്നു് ഉയർന്നു വന്നപ്പോൾ അവളിൽ ഉണ്ടായിരുന്നതാണ്,” എന്നു് അച്ഛൻ നിസ്സാരമായി കൈകാര്യം ചെയ്തു. ആകെ വിരണ്ടു പോയ യുധിഷ്ഠിരൻ പിന്നെ തൊട്ടിട്ടില്ല എന്റെ പൊന്നിൽ”, പാഞ്ചാലി ഓർത്തോർത്തു ചിരിച്ചു.

2015-09-28

“ഇന്നലെ രാത്രി മുതൽ നിങ്ങൾ കൗരവ അടിമയാണെന്നു് കേട്ടു, പക്ഷെ നിങ്ങൾ അറവുശാലയിൽ?” കിതച്ചോടി വന്ന കൊട്ടാരം ലേഖിക ചുറ്റുപാടും നോക്കി വിങ്ങി.

“കാട്ടിൽ കുട്ടിക്കാലം കഴിഞ്ഞ പാണ്ഡവർ നായാട്ടു എന്നോ പരിചയപ്പെട്ടവർ, യാഗാഗ്നിയിൽ നിന്നു് ജനിച്ച ഞാൻ ഇത്ര നാളും സസ്യാഹാരി. ഇനി കഠിനശിക്ഷയിൽ വനവാസത്തിനു പോവുമ്പോൾ മൃഗ-മാംസ സംസ്കരണം ഞാൻ അറിയേണ്ടേ. ചങ്കിൽ തറച്ച അമ്പുമായി വരുന്ന പേടമാനിനെ കൊന്നു തൊലിയുരിച്ചു ഈ മാംസദാഹികൾക്കു് മൂന്നു നേരം പൊരിച്ചു കൊടുക്കാൻ വേണ്ട പരിചരണം ഞാനും ഒന്നു് പഠിക്കേണ്ടേ”, ഒരു മാടിന്റെ കുടൽ ആഞ്ഞു വലിച്ചു നീക്കുകയായിരുന്ന പാഞ്ചാലി പുഞ്ചിരിച്ചു.

2015-09-29

“അസംതൃപ്ത ദാമ്പത്യത്തെ കുറിച്ചു് നിങ്ങൾ കലവറയില്ലാതെ ആവിഷ്കാരസാധ്യത തേടുമ്പോൾ, പറയാതെ വയ്യ, കൗരവരാജവധുക്കൾ കുടുംബജീവിതത്തെ കുറിച്ചു് കൈപ്പുള്ള ഒരോർമയും ഞങ്ങളുമായി പങ്കിടുന്നില്ല”, വ്യാജനീരസത്തോടെ കൊട്ടാരം ലേഖിക സംസാരിച്ചു. കാട്ടുചോലയിൽ നീന്തിക്കുളിച്ചു നനഞ്ഞ തുണിയുമായി അവർ വിജനവഴിയിലൂടെ ആശ്രമത്തിലേക്കു നടക്കുകയായിരുന്നു.

“എന്തിനു പങ്കിടണം? മേഘങ്ങളില്ലാത്ത പൌർണമി രാത്രികളിൽ, അന്തഃപുരത്തിനു് മേലെയുള്ള മട്ടുപ്പാവിൽ, പൂർണനഗ്നകളായി പൊട്ടിച്ചിരിക്കയും പിന്നെ വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന അവരെന്തിനു എന്നെ പോലെ ആത്മാവിഷ്കാരത്തിനു് അക്ഷരങ്ങൾ തേടണം?” അന്നദാതാവിനെ തേടിയിറങ്ങിയ പേടമാനിനെ പരിലാളിച്ചുകൊണ്ടു് പാഞ്ചാലി പുഞ്ചിരിച്ചു.

“യുധിഷ്ഠിരന്റെ രാജസൂയം ദിവസം താങ്കൾ നാലു പ്രാവശ്യം വസ്ത്രം മാറി രാജസഭയിൽ ഒരു വിചിത്ര പ്രദർശനവസ്തു ആയി എന്നാണല്ലോ ശിശുപാലൻ പറയുന്നതു്?’, ‘ഒരു ഗോപികയുടെ ആകർഷകസ്വരത്തിൽ കൊട്ടാരം ലേഖിക പറഞ്ഞു.

“ശത്രു മാത്രമേ നിങ്ങളെ സൂക്ഷിച്ചു നോക്കി നിരീക്ഷണങ്ങൾ പുറത്തു വിടൂ. സുഹൃത്തു നിങ്ങളെ നിങ്ങളുടെ പാട്ടിനു വിടും. ശിശുപാലൻ ചെയ്യേണ്ടതു് അയാൾ കാര്യക്ഷമതയോടെ ചെയ്തു”, കൃഷ്ണൻ യമുനയിൽ നീരാടാൻവസ്ത്രങ്ങൾ അഴിക്കുകയായിരുന്നു.

2015-09-30

“സ്ത്രീത്വത്തിനു നേരെ കൌരവർ രാജസഭയിൽ പരസ്യമായി ചെയ്ത കടന്നാക്രമണം പൊതുവ്യവഹാരമണ്ഡലത്തിൽ ചൂടായി ഇപ്പോഴും ചർച്ച ചെയ്യപ്പെടുമ്പോഴും, നിങ്ങൾ കൌരവർക്കു ധാർമിക പിന്തുണ നല്‍കി എന്ന സംശയം ബലപ്പെട്ടു വരുന്നു. വ്യാഴവട്ടക്കാല വനവാസത്തിനു പാണ്ഡവരുടെ കൂടെ പോവാതെ ഹസ്തിനപുരി കൊട്ടാര സമുച്ചയത്തിൽ അല്ലൽ ഇല്ലാതെ കഴിയാനുള്ള സ്വാർത്ഥ ചിന്തയാണോ ഈ ഞെട്ടിപ്പിക്കുന്ന വീഴ്ചക്കു് പിന്നിൽ?” കൊട്ടാരം ലേഖികയുടെ സ്വരം പരുഷമായി.

“രണ്ടു ഭാഗവും ഞാൻ കേൾക്കേണ്ടേ? അല്ലെങ്കിൽ കാള പെറ്റു എന്നു് കേട്ടപ്പോഴേക്കും കുന്തി കയറെടുത്തു എന്നു് നാളെ നിങ്ങൾ തന്നെ പരിഹസിക്കില്ലേ. ഇനി എന്റെ പൊതുജീവിതം, മനുഷ്യാവകാശപ്രശ്നങ്ങളിൽ ഞാനെടുക്കുന്ന സമീപനം കാലാകാലമായി ജനം അംഗീകരിച്ചതാണു്. അതിൽ കയറി നിങ്ങൾ കൂന്തു മറിയേണ്ട.”

2015-10-01

“വിരാടരാജാവിന്റെ ഭാര്യാസഹോദരനെ ചതിയിൽ രാത്രി നൃത്തമണ്ഡപത്തിലേക്കു് വിളിച്ചു വരുത്തി ഇരുട്ടിൽ ശ്വാസം മുട്ടിച്ചു കൊന്ന കൊട്ടാരം പാചകക്കാരൻ അപ്പോൾ നിങ്ങൾ തന്നെ? ചത്തതു് കീചകൻ എങ്കിൽ കൊന്നതു് ഭീമൻ തന്നെ എന്നു് രാജസഭയിൽ കാരണവന്മാർ പാടുന്നതു വെറുതെയല്ല.”

“ഭീഷ്മർ എന്തോ വാക്കാൽ പറഞ്ഞ കാര്യമാണോ ഹസ്തിനപുരി പത്രിക ഒരു വിധി പകർപ്പു് എന്ന മട്ടിൽ ആധികാരികമായി പ്രസിദ്ധീകരിക്കുന്നതു്”, അപ്പം ചുടാൻ മാവു് കുഴക്കുന്ന തിരക്കിലായിരുന്ന കൊലയാളിക്കു് വേണ്ടി അനുജൻ നകുലൻ നിസ്സാരമായി സംസാരിച്ചു.

2015-10-02

’ഹസ്തിനപുരി പത്രിക’ യിലും അക്കാലത്തുണ്ടായിരുന്നു നട്ടാൽ മുളക്കാത്ത കൊട്ടാരകഥകൾ.

പ്രതിയോഗികളെ വിരട്ടാനും പ്രതിച്ഛായ വളർത്താനും കെട്ടിപ്പൊക്കിയ ഐതിഹ്യം മാത്രമായിരുന്നു കർണന്റെ കവചമെന്നു അർജ്ജുനൻ പറഞ്ഞതു് വിവാദമായി. ഗംഗയിൽ നീരാടാൻ പോയ കർണൻ ആ വഴി വന്ന ഒരു രാജവിധവയുടെ കയ്യിൽ നിന്നു് എന്തോ ഔഷധം വാങ്ങി മാറിൽ പുരട്ടിയപ്പോൾ കവചം കീറത്തുണി പോലെ എളുപ്പത്തിൽ നീക്കാൻ സാധിച്ചതിനു ദൃക്ഃസാക്ഷിയാണെന്നു അവകാശപ്പെടുന്ന വൃദ്ധ പൂജാരി, വിധവ എന്നു് പരാമർശിക്കുന്നതു് ആരെന്നു പക്ഷെ വ്യക്തമാക്കിയിട്ടില്ല, എങ്കിലും ദൃക്ഃസാക്ഷിയുടെ സംശയമുന നീളുന്നതു് പാണ്ഡവമാതാവിന്റെ നേരെയാണെന്നു ദുര്യോധനൻ ഇടപെട്ടു പറഞ്ഞതോടെ അർജ്ജുന പ്രചരണം ഉടൻ നിലച്ചു.

“കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ഹസ്തിനപുരിയിൽ ചെന്നു് അന്ധരാജാവിൽ നിന്നു് ചെങ്കോൽ പിടിച്ചു പറിച്ചു സിംഹാസനത്തിൽ ഇരുന്ന യുധിഷ്ഠിരൻ, മുപ്പത്തിയാറു് വർഷം രാജ്യം ഭരിച്ചു എന്നു് ഔദ്യോഗിക രേഖങ്ങളിൽ കാണുന്നു. രാഷ്ട്രമീമാംസയിലും തദ്ദേശീയ വികസനത്തിലും വിരുദ്ധ അഭിപ്രായമുള്ള നാലു് സഹോദരന്മാർ ഉണ്ടായിട്ടും അധികാരമോഹികളായ അവർ ഇക്കാലത്തു് ഒളിഞ്ഞും തെളിഞ്ഞും വിമതശല്യം ഉണ്ടാക്കിയില്ല എന്നോ, അതോ ഉടനടി അമർച്ച ചെയ്തു എന്നോ ഞങ്ങൾ ഇനി കാണേണ്ടതു്?”

“ഞങ്ങൾ അഞ്ചുപേരുടെ വ്യക്തിഗതരഹസ്യങ്ങൾ ദശാബ്ദങ്ങളായി സമ്പാദിച്ചു സൂക്ഷിച്ച പാഞ്ചാലിയുടെ മുമ്പിൽ നിത്യവും മുട്ടുകുത്തി ശീലിച്ച ഞങ്ങൾ, പക്ഷെ രഹസ്യമായി, അവളുടെ സമഗ്രാധിപത്യ പ്രവണതക്കെതിരെ ചെറുത്തുനിൽപ്പിനു് അഞ്ചു പേരും ഉൾപ്പെടുന്ന കുറുമുന്നണി തന്നെ ആയി പ്രവർത്തിച്ചിരുന്നു”, ചാരവകുപ്പു മേധാവി നകുലൻ പതിവു് പോലെ മുഖം ചലിപ്പിക്കാതെ ചുറ്റും നോക്കി.

“പാഞ്ചാലി ആരെന്നു ഒരു നിമിഷം പോലും മറക്കാതെ തന്നെ ചോദിക്കട്ടെ, അവർ നിങ്ങൾക്കായി കരുതലോടെ ചെയ്ത ഒരു കാര്യം പെട്ടെന്നൊർക്കാമൊ?”

“വനവാസത്തിനു നേരമായി എന്ന തിരിച്ചറിവിലെക്കെന്നെ നയിക്കാൻ സഹായിച്ച ഒരു കാര്യം മിനിഞ്ഞാന്നുണ്ടായി. വയോജനദിവസ പൊതുസ്വീകരണത്തിൽ പങ്കെടുത്തു ഞങ്ങൾ ഔദ്യോഗിക വസതിയിലേക്കു് കയറുമ്പോൾ ഒരുവശത്തു് പുതുതായി പണിത പുരയിൽ ഉണക്ക വിറകുകെട്ടുകൾ നിറച്ചു കണ്ടു. ഇതെന്താ എന്നു് ഞാൻ വിരൽ ചൂണ്ടി ചോദിച്ചപ്പോൾ, മഴക്കാലമല്ലേ വരുന്നതു്, പെട്ടെന്നു് നിങ്ങൾ കാലം ചെയ്താലും പുക ഉയരാതെ ശവം ദഹിപ്പിക്കെണ്ടേ? “എന്നു് ചോദിച്ചു പാഞ്ചാലി അകത്തേക്കു് അലക്ഷ്യമായി കയറി. ചെങ്കോൽ പരീക്ഷിത്തിനു കൈമാറി പടിയിറങ്ങാൻ അന്നു് തീരുമാനിച്ചു”, ഇപ്പോൾ നഗ്നപാദനായ മുൻ ചക്രവർത്തി യുധിഷ്ഠിരൻ പറഞ്ഞു.

2015-10-03

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്ന ദശാബ്ദത്തിൽ പാഞ്ചാലി എന്റെ മുൻഗാമിക്കു കൊടുത്ത അഭിമുഖങ്ങൾ ഞാൻ തപ്പി വായിച്ചു. പാണ്ഡവരെ സമഭാവനയോടെ, എന്നാൽ ഔപചാരിക രാജകീയ ബഹുമാന പരാമർശങ്ങൾ പൂർണമായി ഒഴിവാക്കി പാഞ്ചാലി ഇടക്കൊക്കെ ഓർക്കും. ഭർത്താക്കന്മാർ കൊള്ളാം എന്ന ധ്വനിയുണ്ടു്. എന്നാൽ കളിയിൽ തോറ്റു കാട്ടിൽ ഈ ഒറ്റമുറിവസതിയിൽ നിങ്ങളെല്ലാം പാർത്തു തുടങ്ങിയ ശേഷം എനിക്കനുവദിച്ച അഭിമുഖങ്ങളിൽ കാണുന്നതു് പതഞ്ഞു പൊങ്ങുന്ന നിന്ദ, അതെന്താ?” അർദ്ധനഗ്ന യുധിഷ്ഠിരൻ മാത്രം മുറ്റത്തു് കളപറിച്ചു കുന്തിച്ചിരുന്ന തണുത്ത പ്രഭാതം.

“അന്നു് ഞാൻ അവൾക്കു ഉദയസൂര്യൻ, ഇന്നു് ധൂമകേതു” അയാൾക്കരികിലേക്കു ഓടി വന്ന മുയലിന്റെ നെറുകയിൽ മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു യുധിഷ്ഠിരൻ നിലവിളിക്കുന്ന പോലെ അട്ടഹസിച്ചു.

2015-10-04

“ഇന്ദ്രപ്രസ്ഥത്തിൽ വിരുന്നിനു വന്ന നിങ്ങൾ ആതിഥേയയോടു അതിരുവിട്ടു പെരുമാറി എന്നാണു ഊട്ടുപുരയിൽ ഞങ്ങൾ കേൾക്കുന്ന പരാതി”, കൌരവസംഘം ഹസ്തിനപുരിയിലേക്കു് മടങ്ങുമ്പോൾ കൊട്ടാരം ലേഖിക വിരലുയർത്തി ശ്രദ്ധയാകർഷിച്ചു.

“ആതിഥേയ എന്ന നിലയിൽ പാഞ്ചാലി എന്റെ മുമ്പിൽ ആളാവാൻ ശ്രമിച്ചപ്പോൾ അതു് പൊളിച്ചു കയ്യിൽ കൊടുത്തതിന്റെ ആ കഥ ഞാൻ നാട്ടിൽ എത്തിയശേഷം വിശദമായി രാജസഭയിൽ പറയാം”, ഉല്ലാസവാനായിരുന്നു സ്ഥലജലഭ്രമത്തിൽ വഴുക്കിവീണു എന്നു് പാണ്ഡവർ വിടാതെ പ്രചരിപ്പിച്ച കഥയിലെ ഇര ദുര്യോധനൻ.

2015-10-05

“ഹസ്തിനപുരിയിൽ നിന്നു് വിരാടത്തിലേക്കു് ഭീഷ്മരുടെ നേതൃത്വത്തിൽ ഇത്രദൂരം കൌരവസൈന്യം നയിച്ചു് അവരുടെ നാൽപ്പതിനായിരം വരുന്ന ഗോസമ്പത്ത് കൊള്ളയടിക്കാൻ മാത്രം ഇവിടെ പാൽക്ഷാമം രൂക്ഷമാണോ?” കൊട്ടാരം ലേഖിക ഊട്ടുപുരയിൽ നിന്നു് കിട്ടിയ മധുരം ചേർത്ത പാൽകുടിച്ചുകൊണ്ടു് ചോദിച്ചു.

“രാജ്യം വിഭജിച്ചും ഭാഗം തരണം എന്നു് വാശി പിടിച്ചു കൊമ്പു്കുലുക്കി വരുന്ന പാണ്ഡവഭീകരർക്കു് നേരെ കൃത്യമായി കുന്തമെറിയാൻ പകൽ മുഴുവൻ വെയിലിൽ പരിശീലനം നേടുന്ന കൌരവസൈനികർ പിന്നെ മൂന്നുനേരം കുടിക്കേണ്ടതു് പാലാണോ, അതോ പൊരിച്ച മാട്ടിറച്ചിയോ?” വേവിച്ച പച്ചക്കറികൾ കഴിച്ചുകൊണ്ടിരുന്ന ദുര്യോധനൻ വിശദീകരിച്ചു.

“ഹസ്തിനപുരിയുടെ അധികാരം പിടിച്ചടക്കിയ പാണ്ഡവർ ദശാബ്ദങ്ങളായി ഗുരുതരകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണു് എന്നു് നിങ്ങൾ പരസ്യമായി ആരോപിച്ചു എന്നു് കേട്ടു. എന്താണു് പ്രകോപനം?”.

“ഇപ്പോൾ ഞാൻ പാണ്ഡവരാജകുമാരൻ പരീക്ഷിത്തിന്റെ ഗുരു എന്ന പദവി വഹിച്ചാലും, ഭൂതകാലം എന്നെ ഓർമ്മിപ്പിക്കുന്നതു് ഒച്ചവച്ചു് ഞാൻ പറയേണ്ടേ? അതിനു ‘ആരോപിച്ചു’ എന്നാണോ നിങ്ങൾ വിശേഷിപ്പിക്കുക? അങ്ങനെ ഞാൻ തുറന്നു പറഞ്ഞില്ലെങ്കിൽ, രാഷ്ട്രീയസാക്ഷരത നേടി, വരും യുഗത്തിലെ സാമൂഹ്യനിരീക്ഷകർ എന്നെ പ്രതിക്കൂട്ടിൽ നിർത്തിപ്പൊരിക്കില്ലെ?” മേലാസകലം ചൂരൽപ്പാടുകൾ വീണ പരീക്ഷിത്തിനെ കണ്ണുരുട്ടി നിശബ്ദനാക്കി മുതിർന്ന കൊട്ടാരഗുരു കൃപാചാര്യൻ പറഞ്ഞു.

2015-10-06

“തിരിഞ്ഞു നോക്കുമ്പോൾ, പാണ്ഡവരുടെ സംഘടിത അനാസ്ഥ കൊണ്ടെന്തെങ്കിലും ദുരനുഭവം, അതിന്റെ ഇപ്പോഴും പൊള്ളുന്ന ഓർമ?” കൊട്ടാരം ലേഖിക ചോദിച്ചു. കാട്ടിലെ ആശ്രമം. വേവുന്ന വേനൽ.

“ഒരു രാത്രി, ഭക്ഷണത്തിനു രുചി പോരെന്നു പറഞ്ഞു അവർ അക്ഷയപാത്രം വലിച്ചെറിഞ്ഞു എഴുന്നേറ്റു, ആകെയുള്ള വെളിച്ചവും എടുത്തു എന്തോ നിശ്ചയിട്ടെന്ന പോലെ പുറത്തേക്കു ചാടി. രാത്രി മുഴുവൻ ഞാൻ ഈ മുറിയിൽ ഇരുട്ടിൽ നിന്നു. രാവിലെ മടങ്ങി വരുമ്പോൾ അവർ ദേഹമിളക്കി അട്ടഹസിക്കുന്നുണ്ടായിരുന്നു. സന്യസ്ഥാശ്രമത്തിലെ പശുവിനെ കവർന്നു ദൂരെ കൊണ്ടുപോയി കഴുത്തറത്തു് തൊലിയുരിച്ചവർ തീയിൽ ചുട്ടു തിന്നതിന്റെ ബാക്കി, കുടലും തലയും, പശുത്തോലിൽ പൊതിഞ്ഞു കൊണ്ടുവന്നതെന്റെ മുമ്പിൽ എറിഞ്ഞു, “ഒന്നു് തിന്നു കൊഴുക്കു്, ആണുങ്ങളിൽ ആഗ്രഹം ഉണർത്തുന്ന വിധം കൊഴുക്കട്ടെ ഇനിയെങ്കിലും നിന്റെ ഈ കരിഞ്ഞ വിറകുകൊള്ളി പോലുള്ള മേനി.”

2015-10-07

“സന്യസ്ഥാശ്രമത്തിൽ നിന്നു് മോഷ്ടിച്ച പശുവിനെ ഞങ്ങൾ രഹസ്യമായി കൊന്നു ഇറച്ചി ചുട്ടു തിന്നു എന്ന പാഞ്ചാലിയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടു. വസ്തുതക്കു് നിരക്കുന്നതല്ല ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള ഈ ആരോപണവും. മുൻപരിചയമുള്ള ചില കാട്ടാളർ വളർത്തുന്ന പോത്തിനെയാണു് ഞങ്ങൾ സമ്മാനമായി സ്വീകരിച്ചു ചുട്ടുതിന്നു് ഇന്നലെ രാത്രി വിശപ്പടക്കിയതു്. അക്ഷയപാത്രം ഞങ്ങൾക്കു് അനുവദിക്കുന്ന ഭക്ഷ്യലഭ്യത അത്ര അക്ഷയമൊന്നുമല്ലെന്നു നിങ്ങൾക്കു് ഇതിൽ നിന്നു് തന്നെ വായിച്ചെടുക്കാമല്ലൊ.” പാണ്ഡവ വക്താവു് ഹസ്തിനപുരി പത്രികക്കു് നൽകിയ ഈ വിശദീകരണത്തോടെ മാംസവിവാദം അവസാനിച്ചതായി നകുലൻ അറിയിച്ചു.

2015-10-08

“പതിവായി നിങ്ങൾ വനാശ്രമത്തിൽ പോയി പാഞ്ചാലിയെ അഭിമുഖം ചെയ്തു വരുന്നതായിഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എങ്ങനെ വിലയിരുത്തുന്നു അവരുടെ അടിമജീവിതം?” ദുര്യോധനൻ കൊട്ടാരം ലേഖികയെ ചക്രവർത്തിയുടെ കാര്യാലയത്തിൽ വിസ്തരിച്ചു.

“നരകയാതന. നിത്യവും സന്യസ്ഥാശ്രമങ്ങളിൽ നിന്നു് തലച്ചുമടായി ജൈവവിസർജ്യങ്ങൾ ദൂരെ കൊണ്ടുപോയി കുഴിവെട്ടി സംസ്കരിച്ചു, പാഞ്ചാലപുത്രി ഇന്നു് കണ്ടാൽ ശരിക്കും ഒരു മലിനവസ്തു ആയി“, കൊട്ടാരം ലേഖിക മുട്ടുകുത്തി യാചനാഭാവതിൽ കൈ കൂപ്പി, “അവൾക്കു മോചനം കൊടുക്കൂ”.

“വ്യവസ്ഥാപിത അടിമവ്യവഹാര നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ അരുതു്. ഉണ്ടായാൽ, ഇനിയൊരു താക്കീതിനു സാധ്യത ഇല്ലാതെ ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരങ്ങളിൽ നിന്നു് മാലിന്യം നീക്കുന്ന പണി നിന്നെ എല്പിക്കും.”

2015-10-09

“ഗുരുനിന്ദ അരുതെന്നറിയാം, എങ്കിലും ചോദിക്കട്ടെ, അഭിവന്ദ്യ ദ്രോണാചാര്യനുമായി എങ്ങനെ ആയിരുന്നു നിങ്ങളുടെ ഗുരുശിഷ്യ പാരസ്പര്യം”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ ഭൂതകാലം ചികഞ്ഞു ഭീമനെ സമീപിച്ചു.

“കാട്ടിൽ നിന്നു് കൌമാരത്തിൽ രാജവിധവ കുന്തിയുമൊത്തു് ഹസ്തിനപുരിയിൽ അഭയാർഥികളായി ഞങ്ങൾ വരുമ്പോൾ നൂറു കൗരവരും കൂടി ആധിപത്യം സ്ഥാപിക്കാത്ത ഇടമില്ലായിരുന്നു. ദ്രോണർ പെട്ടെന്നു് കാര്യങ്ങൾ ഗ്രഹിച്ചു കൗരവപക്ഷം ചേർന്നു് കൊട്ടാരസമുച്ചയത്തിൽ അരമന പോലൊരു വസതി തട്ടിയെടുത്തു. ഞങ്ങൾ പാണ്ഡവർ കാട്ടുമൃഗങ്ങളുടെ ചോര കുടിക്കുമെന്നൊക്കെ കൌരവർ പൊലിപ്പിച്ചിരുന്നതു് ദ്രോണർ മുഖവിലക്കെടുത്തു് ഏകലവ്യനോടെന്ന പോലെയൊക്കെ ഞങ്ങളുടെ തള്ളവിരലും നാളെ മുറിച്ചു മേടിക്കുമെന്നായപ്പോൾ, രണ്ടും കല്പിച്ചു ഒരുനാൾ ദ്രോണന്റെ ചെവിയിൽ യുധിഷ്ഠിരന്റെ ജനനരഹസ്യം ഞാൻ പറഞ്ഞു. കാലന്റെ സന്തതിയാണെന്നറിഞ്ഞപ്പോൾ കാണണമായിരുന്നു ആ ബ്രാഹ്മണന്റെ മുഖം. പെട്ടെന്നു് കഥ മാറി. കണ്ടാൽ പുഞ്ചിരിയും ആലിംഗനവും പാരസ്പര്യവുമായി.”

2015-10-10

“ഇക്കണ്ട ദൂരമൊക്കെ പിതാമഹൻ സൈന്യം നയിച്ചു് വിരാടത്തിൽ പോയി ഗോസമ്പത്തു് തട്ടിയെടുക്കാൻ മാത്രം പാൽക്ഷാമം ഹസ്തിനപുരിയിൽ ഉണ്ടോ?” കൊട്ടാരം ലേഖിക ചിന്താക്കുഴപ്പത്തിലായി.

“മഹായുദ്ധമല്ലേ വരുന്നതു്? ശത്രുക്കൾക്കു് നേരെ ഉന്നം തെറ്റാതെ കുന്തം എറിയേണ്ട കൗരവപോരാളികൾ കഴിക്കേണ്ടതു് വെള്ളം ചേർത്ത പാലോ അതോ, പൊരിച്ച മാട്ടിറച്ചിയോ?” കന്നുകാലിക്കു വേണ്ടിയുള്ള ധർമയുദ്ധത്തിൽ തോൽവി അറിഞ്ഞിട്ടും, ഭീഷ്മർ ആക്രമണത്തിന്റെ പോഷകാഹാര പ്രശ്നം സജീവമായി നിലനിർത്തി.

2015-10-11

“സർപ്പയജ്ഞം കഴിഞ്ഞു്, മഹാഭാരതകഥയാകെ, ശന്തനു മുതൽ വാനപ്രസ്ഥം വരെ ഗുരുമുഖത്തുനിന്നു് കേട്ടു്, ഹസ്തിനപുരി സിംഹാസനത്തിലേക്കു് കുതിക്കുന്ന താങ്കൾക്കിപ്പോൾ, ഭരണനിർവഹണത്തിനു് ഒരുത്തമ മാതൃകയായി പഞ്ചപാണ്ഡവരിൽ ആരെയാണു് പെട്ടെന്നോർമ്മിക്കാനാവുക?” കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രകൃതിദത്തമായ ആ കോമള മുഖംമൂടി, ഗാന്ധാരിയുടെ കൃത്രിമ കണ്‍കെട്ടു് പോലെ, ജീവിതം മുഴുവൻ അഴിക്കാതെ, പരസ്യജീവിതം നയിച്ച യുധിഷ്ഠിരൻ തന്നെയാണെന്റെ മാതൃകാ പുരുഷൻ”, കൊട്ടാര ഉപചാപങ്ങൾക്കൊരു കൗരവ ശത്രുനിരയില്ലാതെയും വെറുതെ പരിഭ്രമത്തോടെ കാൽ മുന്നോട്ടു വച്ചു് ജനമേജയൻ ലേഖികയുടെ മുഖത്തു് നോക്കാതെ പറഞ്ഞു.

2015-10-12

“രാജ്യം ഭരിക്കുന്ന കൌരവരോടു് നിങ്ങൾക്കെന്തോ നീരസമുണ്ടെന്നു തോന്നും കുരുവംശം ഭാഗം വക്കുന്നതിനെക്കുറിച്ചു് ‘ഹസ്തിനപുരി പത്രിക’ പ്രചരിപ്പിക്കുന്ന ഐതിഹ്യങ്ങൾ കേട്ടാൽ”, പ്രതിരോധ മന്ത്രാലയത്തിൽ വച്ചു് ഒരഭിമുഖത്തിൽ കൊട്ടാരം ലേഖികയോടു് ദുര്യോധനൻ.

“സൂചി കുത്താൻ ഇടം എന്ന ആ കുപ്രസിദ്ധ പദപ്രയോഗം നടത്തിയതു് ഞാനല്ല, വിലപേശലിനു വന്ന പാണ്ഡവ പ്രതിനിധിയാണു്. ഒത്തുതീർപ്പിനു് നിർദേശങ്ങൾ ഇരുഭാഗങ്ങളും വയ്ക്കുന്ന കൂട്ടത്തിൽ, ഒരിളമുറ കൌരവൻ ശിശുസഹജമായ നിഷ്കളങ്കതയോടെ ചോദിച്ചു, തർക്കവ്യക്തി പാഞ്ചാലിക്കെന്തുകൊണ്ടു് പ്രശ്നപരിഹാരത്തിനായി ജലസമാധി സ്വീകരിച്ചു കൂടാ? കൌരവർക്കു ചേരാത്ത വിധം സ്ത്രീവിരുദ്ധമാണു് ഈ കാഴ്ചപ്പാടു് എന്നു് ഞാൻ അവനെ സ്നേഹപൂർവ്വം ശാസിക്കും മുമ്പു് തന്നെ ചാടിയെണീറ്റു പാണ്ഡവപ്രതിനിധി വിരൽ ഞങ്ങൾക്കു് നേരെ ചൂണ്ടി രോഷത്തിൽ പാഞ്ചാലിയെ കൗരവരാജസഭയിൽ നിർല്ലജ്ജം പ്രതിരോധിക്കുന്നതു് അതിരുവിട്ടപ്പോൾ ഞാൻ തടഞ്ഞു. തടഞ്ഞതിൽ കയറിപ്പിടിച്ചു പ്രകോപനപരമായി മായിക പ്രദർശനത്തിനു മുതിർന്നു. വിശ്വരൂപമൊക്കെ ഗോകുലത്തിൽ മതി, ഹസ്തിനപുരിയിൽ വേണ്ട സുഹൃത്തേ എന്നു് പുഞ്ചിരിയോടെ പറഞ്ഞപ്പോൾ, നയതന്ത്രവിദഗ്ദനു് ചേരാത്ത പരുക്കൻ ഭാഷയിൽ “സൂചി കുത്താൻ ഇടം” എന്ന കുത്സിത പദപ്രയൊഗവുമായി യാത്ര പറയാതെ പടിയിറങ്ങി.

“എനിക്കൽപ്പം തിരക്കുണ്ടു്, ആക്രമണത്തിനു് വരുന്ന പാണ്ഡവരെ നേരിടാൻ കുരുക്ഷേത്രം യുദ്ധസജ്ജമാക്കണം, അവിടെ കുത്തേണ്ടതു് സൂചി മാത്രമല്ല കുന്തവും കൂടിയാണു്. കൂടെ പോരുന്നോ?”

യുദ്ധമേഘങ്ങൾ പടിഞ്ഞാറൻ ആകാശത്തിൽ ചുവന്നു തുടുക്കുന്നു. വേണ്ടി വന്നാൽ ദുര്യോധനൻ ദ്വാരകയിലും പോവും സൈനിക സഹായം തേടി.

2015-10-13

“ഇന്നലെവരെ ചാർവാകൻ കൗരവർക്കും പാണ്ഡവർക്കും നല്ലപിള്ളയായിരുന്നു. ഹസ്തിനപുരിക്കും വേണം ജനാധിപത്യ ഭരണകൂടം എന്നു് കരുതി പൊതുസമ്മേളനങ്ങൾ നഗരത്തിൽ ശക്തമാക്കാൻ ഇറങ്ങിയപ്പോൾ ഞാൻ കൊള്ളാത്തവനായി. ജനാധിപത്യത്തിൽ കളി വേറെയായിരിക്കും, ഇനി തങ്ങളുടെ താളത്തിനൊത്തു് തുള്ളാൻ ചാർവാകനെ കിട്ടില്ലെന്നുറപ്പായപ്പോൾ, എന്നെ കള്ളനും കൊലപാതകിയുമാക്കാനായി നവഭരണകൂടശ്രമം. രാജവാഴ്ച ചോര വീഴാതെ ഞാൻ ഇന്നല്ലെങ്കിൽ നാളെ അവസാനിപ്പിക്കും, യുക്തിബോധം ജനങ്ങളിൽ നിത്യവും വളർത്തും, ദുരിതമനുഭവിക്കുന്ന വെള്ളം കോരികളും വിറകു വെട്ടികളും നാളെ രാജസഭയിൽ ചെങ്കോൽ പിടിക്കും”, വിശന്നു വലഞ്ഞു ശ്വാസം മുട്ടുന്നതിനിടെ ചാർവാകൻ വിക്കി വിക്കി പറഞ്ഞു തീരും മുമ്പു് നകുലന്റെ കയർകുരുക്കു് അയാളുടെ അരക്കെട്ടിൽ കൃത്യമായി കുടുക്കി വീണു, പൊടി പൊങ്ങുന്ന ചൂടിൽ പൊതു നിരത്തിലൂടെ ദരിദ്ര-ബ്രാഹ്മണ യുക്തിവാദിയേയും വലിച്ചു ആ ഇളമുറ പാണ്ഡവ ചാരവകുപ്പു മേധാവി ധിക്കാരത്തോടെ നീങ്ങുന്നതു് ഞാൻ നിസ്സഹാഹയമായി നോക്കി നിൽക്കുന്നു.

2015-10-14

“ഇതെന്താണു് യുധിഷ്ഠിരന്റെ ശിരസ്സിൽ?” വനാശ്രമവസതിയിൽ എത്തിയ ഉടൻ പാഞ്ചാലിയെ ആശങ്കയോടെ കൊട്ടാരം ലേഖിക നേരിട്ടു.

“ഇപ്പോൾ അടിമ എന്ന നിലയിൽ ആണെങ്കിലും, പഴയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ രാജശിരസ്സു് കാട്ടിൽ അങ്ങനെ നഗ്നമായിക്കൂട എന്നു് ഉടയോൻ ദുര്യോധനൻ ഇന്നലെ സന്ദേശവാഹകൻ വഴി അറിയിച്ചപ്പോൾ ഞങ്ങൾ ഉടൻ ഒരുക്കിയ മുൾക്കിരീടം”, പാഞ്ചാലിയും മറ്റു നാലു് ഭർത്താക്കന്മാരും കൊട്ടാരം ലേഖികയുടെ കണ്ണുകളിലേക്കു് നോക്കി.

“പാഞ്ചാലിക്കു് നേരെ നടപടിക്രമമനുസരിച്ചുള്ള വസ്ത്രാക്ഷേപത്തിനു തയ്യാറെടുക്കയായിരുന്ന കൌരവർക്കു നേരെ രാജസഭയിൽ അലറുകയും കയ്യോങ്ങുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കയും ചെയ്ത ഭീമനെ അവസാനം കർണൻ നിശബ്ദമായി തളച്ചു. നാഗവിഷത്തിൽ മുക്കിയ സൂചി ഭീമന്റെ നഗ്നതുടയിൽ കുത്തിയാണു് സൂതപുത്രൻ ഭീമനെ മോഹാലസ്യപ്പെടുത്തിയതെന്ന നകുലന്റെ ആരോപണം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നു് ചക്രവർത്തി ധൃതരാഷ്ട്രർ പറഞ്ഞതോടെ പാണ്ഡവർ അഞ്ചു പേരുടെയും വായിൽ സൈനികർ പഴംതുണി തിരുകി, കൈകൾ പിന്നിൽ വലിച്ചു കെട്ടി, നിലത്തു കുന്തിച്ചിരിക്കാൻ ശിരസ്സിൽ കൈ അമർത്തി ആജ്ഞാപിച്ചു. വസ്ത്രാക്ഷേപം സുഗമമായി തുടർന്നു.”

“ഇതാണോ ഇന്നത്തെ വാർത്ത? ഇതിൽ പ്രതിരോധത്തിന്റെ ഭാഷ എവിടെ? ഇതിൽ കാണുന്നതു് പ്രോൽസാഹനമല്ലേ? ‘ ഹസ്തിനപുരി പത്രിക’ മേധാവി പ്രതിഷേധത്തോടെ ചോദിച്ചു.

“സാഹചര്യം മാറിയാൽ പിന്നെ തൂലികയുടെ മനോഭാവം മാറണ്ടേ?” കൊട്ടാരം ലേഖിക പൊട്ടിച്ചിരിച്ചു.

“ഇതെന്തു പറ്റി, ഓരോ അഭിമുഖത്തിലും പാഞ്ചാലി നിങ്ങളഞ്ചു പേരുടെ തലയിലും ഒഴിക്കുന്നതു് കരിമഷിയാണ ല്ലോ”, കൊട്ടാരം ലേഖിക അനുതപിച്ചു.

“ഇടക്കൊന്നു രണ്ടും കൽപ്പിച്ചു കൊമ്പു കോർത്തു. ഉടനവൾ തന്തക്കു പറഞ്ഞു, അല്ല, തള്ളക്കു പറഞ്ഞു. കുന്തിയും മാദ്രിയും ആസ്വദിച്ചപോലെ ഭർത്താവിനെ സാക്ഷിയാക്കി അവിഹിതരതി ആവർത്തിക്കുന്ന രീതിയല്ല യാഗാഗ്നിയിൽ നിന്നു് പിറന്ന തനിക്കു എന്നവൾ. എന്റെ നാവു പൊള്ളി.”, വിതുമ്പുന്ന പോലെ ഇളമുറ പാണ്ഡവൻ നകുലൻ പുഞ്ചിരിച്ചു.

“അഭിമുഖത്തിനു ഇവിടെ വരുമ്പോഴൊക്കെ വിചാരിക്കും നിങ്ങളോടെന്തെങ്കിലും ഒക്കെ മിണ്ടിപ്പറയണമെന്നു. പാഞ്ചാലിയുമായുള്ള സഹവർത്തിത്വമൊക്കെ എങ്ങനെ? സമരസത്തിലല്ലേ”, കൊട്ടാരം ലേഖിക കെട്ടിപ്പൊക്കിയ സൗഹൃദം ആഘോഷിക്കുന്ന പോലെ ഉച്ചത്തിൽ സഹദേവനോടു് ചോദിച്ചു.

“എന്റെ ജന്മം അവൾ പാഴാക്കി”, നാലു് വാക്കുകളിൽ അയാൾ എല്ലാം ഒതുക്കി.

2015-10-15

“ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ, വിജനവഴിയിൽ കുഴഞ്ഞു വീഴുന്ന ഈ മരണമാണോ ഒരിതിഹാസകഥാപാത്രമാവാൻ നിയോഗമുള്ള നിങ്ങൾക്കു് പ്രകൃതി തന്നതു്?” അവശയായിരുന്ന പാഞ്ചാലിയെ പിടിച്ചിരുത്തി കൊട്ടാരം ലേഖിക വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു കൊടുത്തു.

“ഞാൻ തളർന്നു വീഴുമ്പോൾ തിരിഞ്ഞു നോക്കാതെ അവർ അഞ്ചു പേരും കാൽ മുന്നോട്ടു വച്ചതാണെന്റെ കൊച്ചു വിജയം. ആദ്യരാത്രിയിൽ എന്ന പോലെ, ഈ അന്ത്യനിമിഷത്തിലും ആ പത്തു തുറിച്ച കണ്ണുകൾ എന്റെ മുഖത്തു് വീഴുമെന്ന പേടിസ്വപ്നം ഒഴിഞ്ഞു പോയില്ലേ”, ഒരിക്കൽ കൂടി പാഞ്ചാലി ജേതാവിനെ പോലെ പുഞ്ചിരിച്ചു.

2015-10-16

“പൌരസ്വീകരണത്തിനു അരങ്ങേറ്റമൈതാനത്തു് വന്ന നിയുക്ത ചക്രവർത്തി യുധിഷ്ഠിരന്റെ കാൽകഴുകൽ ശുശ്രൂഷ മുതിർന്ന ഒരു കൗരവരാജവിധവയെക്കൊണ്ടു് പാണ്ഡവർ ചെയ്യിച്ചു എന്നു് പറഞ്ഞു കുരുക്ഷേത്രവിധവകൾ രാജധാനിക്കു മുമ്പിൽ നടത്തിയ പ്രതിഷേധയോഗത്തിൽ പാഞ്ചാലി പങ്കെടുത്തതു് വിവാദ മായല്ലൊ, എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക നവരാത്രി ആഘോഷത്തിന്റെ തയ്യാറെടുപ്പിൽ തിരക്കിലായിരുന്ന ഭരണകൂട ഔദ്യോഗികവക്താവിനെ എങ്ങനെയോ നേരിട്ടു.

“ജനാധിപത്യം കുരുവംശത്തിൽ ഞങ്ങൾ എത്ര വേഗം പുനഃസ്ഥാപിച്ചു എന്നു് ഇനിയെങ്കിലും ഹസ്തിനപുരി പത്രിക അംഗീകരിക്കില്ലേ? ചക്രവർത്തി വേറെ ചക്രവർത്തിനി വേറെ”, വക്താവു് നകുലൻ ഇരു കൈപ്പത്തികളും വിസ്തരിച്ചുയർത്തി നാടകീയമായി പ്രതികരിച്ചു.

“വനവാസത്തിനു നിങ്ങളെല്ലാരും വന്നിട്ടിപ്പോൾ കൊല്ലം പത്തുപതിനൊന്നായില്ലേ. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ ചക്രവർത്തിനിയായിരുന്നപ്പോൾ പാണ്ഡവർക്കു് നിങ്ങളിൽ ഉണ്ടായി എന്നു് പറയപ്പെടുന്ന ആ അഞ്ചു ആണ്‍ കുട്ടികൾ, പാഞ്ചാലത്തു് നിന്നവരിനിയും നിങ്ങളെ കാണാൻ ഒന്നു് വന്നില്ലേ?”

“വിരുന്നിനു അവരെ ഞാൻ ക്ഷണിച്ചാലും, വിളമ്പാനും കഴുകാനും ഞാൻ തന്നെ വേണ്ടേ”, പുറത്തു തണലിൽ ചമ്രം പടിഞ്ഞിരുന്നു യുദ്ധകഥകൾ പറഞ്ഞു രസിക്കുന്ന പാണ്ഡവരെ നോക്കി നിരുത്സാഹം നിറഞ്ഞ ശബ്ദത്തിൽ പാഞ്ചാലി പറഞ്ഞു.

2015-10-17

“അയൽപ്പക്കത്തെ സന്യസ്ഥാശ്രമങ്ങളിലെ സമർപ്പിതജീവിതങ്ങളെ നിങ്ങൾ ചെന്നു് മഹത്വപ്പെടുത്താറില്ലേ?” കൊട്ടാരം ലേഖിക വിരൽ ചൂണ്ടി ശ്രദ്ധയാകർഷിച്ചു യുധിഷ്ഠിരനോടു് വിരക്തിയോടെ ചോദിച്ചു.

“പരിണയകാലത്തെ ആ പഴയ കഥ ചികഞ്ഞെടുത്തു പാഞ്ചാലി എന്നെ ഒരു ദിവസം കുടഞ്ഞപ്പോൾ ഞാൻ പതിവുപോലെ കാര്യക്ഷമമായി തലതാഴ്ത്തി മൌനം പാലിച്ചു. ഇടിവെട്ടു് നീങ്ങിയപ്പോൾ പരുങ്ങിയും പതുങ്ങിയും പുറത്തേക്കിറങ്ങി. വേലിയോടു് ചേർന്ന മരത്തിനു പിന്നിൽ അതാ കോമളരൂപനായ സന്യാസി കണ്ണടച്ചു് ചെവിയോർക്കുന്നു.എന്നെ കണ്ടപ്പോൾ,“അപ്പോൾ പൂർവാശ്രമം അങ്ങനെയാണല്ലെ” എന്നു് പിറുപിറുത്തു കടന്നു പോയതാണു്, പിന്നെ മിണ്ടാട്ടം ഉണ്ടായില്ല”, യുധിഷ്ഠിരൻ മുഷിഞ്ഞ ഉടുതുണി അഴിച്ചു ആഞ്ഞു കുടഞ്ഞു.

2015-10-18

“ആശ്രമമൃഗത്തെ നിങ്ങൾ കട്ടു്, കൊന്നു ചുട്ടു തിന്നു എന്നാണു കൌരവർ ആരോപിക്കുന്നതു്. ചാരസന്ദേശമാണു് ആധാരം, നേർ സാക്ഷി മൊഴിയല്ല, എങ്കിലും നിങ്ങളുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷാകാലാവധി ഇരട്ടിക്കും”, എങ്ങനെ പ്രതികരിക്കുന്നു എന്നു് കൊട്ടാരം ലേഖികക്കു് ചോദിക്കേണ്ടി വന്നില്ല.

“കൊഴുത്ത നാൽക്കാലികൾ തൊഴുത്തിൽ ‘എന്നെ കൊല്ലൂ, മാംസം മുളകു് പുരട്ടി ചുട്ടു തിന്നൂ’ എന്നു് വെല്ലുവിളിക്കുന്നതായി ഒരു സന്യസ്ഥൻ സങ്കടം പറഞ്ഞു. ഒരു ദശാബ്ദം ഇന്ദ്രപ്രസ്ഥം ചക്രവർത്തി ആയി നാടു് വാണ എനിക്കു് അയൽക്കാരൻ സന്യാസിയുടെ ഭീതി മാറ്റാൻ ഉൾവിളി ഉണ്ടായി”, യുധിഷ്ഠിരൻ തോലിൽ പൊതിഞ്ഞ മൃഗാവഷിഷ്ടങ്ങൾ പാഞ്ചാലിക്കു തലച്ചുമടാക്കി വച്ചു് കൊടുത്തു കൈകൾ ചോലയിൽ ശ്രദ്ധാപൂർവ്വം കഴുകി.

2015-10-19

“പാണ്ഡവർ ബലപ്രയോഗത്തിലൂടെ അധികാരം തട്ടിയെടുത്തു എന്ന രീതിയിൽ ‘ഹസ്തിനപുരി പത്രിക’യിൽ വരുന്ന വാർത്ത നിറം പിടിപ്പിച്ച നുണ മാത്രമാണെന്നു് യുധിഷ്ഠിരൻ. പിന്നെ സ്വർണതളികയിൽ ചെങ്കോൽ സമ്മാനിക്കയായിരുന്നോ?” കൊട്ടാരം ലേഖിക ചൊടിച്ചു.

“ഹിമാലയത്തിനു പുറത്തു, കിഴക്കൻ പുരാതന സംസ്കാരത്തിൽ നിന്നു് ചുരം കടന്നു ഗംഗാതടത്തിൽ വന്ന ഒരു സംഘം മഞ്ഞയാത്രികർക്കു് നല്‍കിയ പൌരസ്വീകരണത്തിൽ വന്ന ചക്രവർത്തിയുടെ പ്രസ്താവന നിങ്ങൾ പതിവുപോലെ സന്ദർഭം പറയാതെ കുഴച്ചു മറിച്ചു അല്ലെ? സന്ദർശകർ ഞങ്ങളോടു് യോഗത്തിൽ ചോദിച്ചു, ഹസ്തിനപുരിയിൽ മഹായുദ്ധത്തിന്റെ നാശനഷ്ടങ്ങൾ ഒന്നും കാണുന്നില്ലല്ലോ. യുദ്ധം ദൂരെ ദൂരെ കുരുക്ഷേത്രയിൽ ആക്കിയതിന്റെ പ്രയോജനം അല്ലെ എന്നു് തിരിച്ചു ചോദിച്ചു, ഞങ്ങൾ ഹസ്തിനപുരി ആക്രമിക്കാഞ്ഞതു് ദൗർബല്യമല്ല, തീരുമാനമായിരുന്നു.”

“പുറത്തു ചാടാനാവാതെ ചക്രവ്യൂഹത്തിൽ കുടുങ്ങിയ അഭിമന്യുവിനെ വട്ടംചുറ്റി പീഡിപ്പിച്ചു സന്ധ്യക്കു് പിരിയും മുമ്പു് മാത്രം ചവിട്ടി കൊല്ലാമെന്നു കരുതിയ കൌരവരുടെ ഹീന നീക്കത്തെ കടപുഴക്കിയാണു് എത്രയും വേഗം താൻ വാൾ ആ കൗമാര പോരാളിയുടെ ഇടനെഞ്ഞിൽ ഇറക്കി അതിവേഗം പ്രാണനെടുത്തതു് എന്നു് കർണൻ മരിക്കും മുമ്പു് അർജ്ജുനനനോടു് എറ്റു പറഞ്ഞു എന്നു് പാളയത്തിൽ കേട്ടല്ലോ. എന്തു് തോന്നി ആ വിശ്വസ്തസുഹൃത്തിന്റെ അന്ത്യമൊഴി കേട്ടപ്പോൾ?” ഭീമ പ്രഹരത്തിൽ തുടയെല്ലു് പൊട്ടി ചളിയിൽ പുതഞ്ഞു കിടന്ന ദുര്യോധനനോടു് യുദ്ധകാര്യലേഖകൻ കപടമായ കാരുണ്യത്തോടെ ചോദിച്ചു.

“ജീവൻ പോവുമ്പോഴെങ്കിലും താൻ സൂതപുത്രനല്ല, മഹാറാണി കുന്തിയുടെ മകനാണു്, ആ വിധം അർജ്ജുനന്റെ ജ്യേഷ്ടനാണു് എന്നു് കർണൻ മനസ്സിലാക്കി. ചോരക്കു സൌഹൃദത്തെക്കാൾ മൂല്യമുണ്ടെന്നു തെളിയിച്ചു. ഇതിഹാസത്തിൽ ഉത്തമപുരുഷനെന്ന ഇടം നേടാൻ അവനെങ്കിലും അങ്ങനെ സാധിക്കട്ടെ”, മേലാസകലം ചോരയിൽ കുതിർന്ന കൌരവൻ ഒരിറ്റു വെള്ളത്തിന് നാവു പുറത്തിട്ടു കെഞ്ചിയപ്പോൾ തിരക്കു് നടിച്ചു ലേഖകൻ സ്ഥലം വിട്ടു.

“എന്താണു് വായനക്കാർക്കു് സത്യത്തെക്കുറിച്ചു് നിങ്ങളുടെ അവസാന സന്ദേശം?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു്.

“ചൂതുകളിയിൽ സത്യം പറഞ്ഞപ്പോൾ എനിക്കു് ഇന്ദ്രപ്രസ്ഥം നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ അർദ്ധസത്യം പറഞ്ഞപ്പോൾ യുദ്ധം ജയിച്ചു ഇതാ ഇപ്പോൾ പാഞ്ചാലി കുഴഞ്ഞു വീണപ്പോൾ ഞാൻ അസത്യം പറഞ്ഞപ്പോൾ സ്വർഗരാജ്യത്തിലേക്കെന്നെ കൊണ്ടുപോവാൻ ആകാശചാരികൾ കാത്തു നില്ക്കുന്നു. ബാക്കിയൊക്കെ വരും യുഗങ്ങളിൽ വ്യാസഭാരത കഥയുടെ അപനിർമാണം വഴി നിങ്ങൾ വായിച്ചറിയും.”

2015-10-20

“ഇന്നലെ ഈ സമയത്തു് നിങ്ങൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തി, ഇന്നു് നിങ്ങൾ കഠിനതടവിനു ശിക്ഷിക്കപ്പെട്ട കൗരവഅടിമ, എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക യുധിഷ്ഠിരനെ വഴി തടഞ്ഞു.

“മാളികമുകളും തോളിൽ മാറാപ്പും കാലാതിവർത്തി എന്നു് നിങ്ങൾ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞില്ലെ?” നഗ്നപാദൻ കാലിന്നടിയിൽ നിന്നു് കാരമുള്ളു് നീക്കി അനുജന്മാരെയും ഭാര്യയേയും കൂട്ടി കാട്ടിലേക്കു് വലിഞ്ഞു നടന്നു.

“ദാമ്പത്യത്തിൽ വിശ്വസ്തത എന്നൊരു പുതു ആശയം കൗരവരാജവധുക്കൾ ഈയിടെയായി മുന്നോട്ടു വക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതിക സമൂഹത്തിൽ കൌരവരുടെ സജീവ പ്രോൽസാഹനതിലൂടെ അതു് പാണ്ഡവരെ ആക്രമിക്കാനും വിലകുറച്ചു് കാണാനും സംവാദങ്ങളിൽ വിഷയമാക്കുന്നു. ഇത്തരം സമസ്യകളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ സ്വജീവിതത്തിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു?” കൊട്ടാരം ലേഖിക പാഞ്ചാലിയെ നേരിട്ടു.

“ഞാൻ കൃത്യം ഒരാളെ പരിണയിച്ചപ്പോൾ, നാലു പേരെ കൂടെ വെറുതെ കിട്ടി. അവരഞ്ചു പേർക്കും വ്യക്തിഗതവിശ്വസ്തത ഞാൻ ഉറപ്പു കൊടുത്തിട്ടില്ല. അവരുടെ വിവാഹേതര ആനന്ദശ്രോതസ്സുകൾ മലിനപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതു് പോലെ, അവരും എന്റെ അന്തർമണ്ഡലങ്ങളിൽ അതിക്രമിച്ചു കയറാൻ ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഞങ്ങളുടെ ദാമ്പത്യത്തിലെ വിശ്വസ്തത”, ദൂരെ ദൂരെ ദ്വാരകയിലെ സുഹൃത്തിനു സന്ദേശം എഴുതി പാഞ്ചാലി പ്രാവിന്റെ കാലിൽ കെട്ടി സ്നേഹപൂർവ്വം യാത്രയാക്കി.

2015-10-21

“സത്യപ്രതിജ്ഞ കഴിഞ്ഞു ചെങ്കോൽ സ്വീകരിച്ച പുതിയ ചക്രവർത്തിയുടെ വായിൽ ഭീമൻ മധുരം വച്ചു് കൊടുക്കാൻ തുനിഞ്ഞപ്പോൾ, ചക്രവർത്തിനി ചൂണ്ടുവിരൽ കൊണ്ടു് അരുതെന്നു് ആജ്ഞാപിച്ചതു് കണ്ട പലരുടെയും നെറ്റി ചുളിഞ്ഞല്ലോ“, കൊട്ടാരം ലേഖിക നവപാണ്ഡവ ഭരണകൂടത്തിന്റെ മുഖ്യവക്താവിനോടു് ചോദിച്ചു.”, ഇനി ചുളിവു നീക്കിയാലും, അസന്തുഷ്ടനായി ഭീമൻ വേദിയിൽ നിന്നു് ധൃതിയിൽ ഇറങ്ങിപ്പോയതും ഊഹാ പോഹങ്ങൾക്കു് മരുന്നിട്ടു.”

“അതു് വെടിക്കെട്ടോ, അധികാരവടംവലിയോ, ദാമ്പത്യ അസന്തുലനമോ, മധുരപ്രതികാരമോ ആണെന്നു് ഭരണ കൂടം കരുതുന്നില്ല. ഭീമൻ ശരീരശുചിത്വത്തിൽ അശ്രദ്ധ നാണെന്നു് ആരെക്കാളും കൂടുതൽ അറിയുക പാഞ്ചാലി യല്ലേ. അനുസരണയുള്ള ഭർത്താവു് എന്ന നിലയിൽ ഭീമൻ ഇറങ്ങി പോയതു് ഇടഞ്ഞിട്ടല്ല, തേച്ചുകുളിക്കാനായിരുന്നില്ലേ?”

“പൊന്നും പട്ടുമല്ല ജന്മദിനത്തിൽ സമ്മാനമായി വേണ്ടതു്, ഭർത്താവിനു പ്രവേശനം പരിമിതപ്പെടുത്തുന്ന കിടപ്പറ സ്വന്തമായി വേണം എന്ന ആവശ്യവുമായി കൌരവരാജവധുക്കൾ സമരമുഖത്തു്. പാഞ്ചാലിയാണവരെ പിരികേറ്റിയതു് എന്നു് നിങ്ങൾ കരുതുന്നുണ്ടോ? കൊട്ടാരം ലേഖിക ചോദിച്ചു.

“വിരുന്നു വരുന്നവരെ വഴുക്കി വീഴ്ത്താൻ ഇന്ദ്രപ്രസ്ഥത്തിൽ രമ്യഹർമ്യങ്ങൾ പണിത പാഞ്ചാലിയുടെ വഴിയമ്പലം പോലെ വലിപ്പമുള്ള കിടപ്പറയിൽ അഞ്ചിലധികം ആണുങ്ങൾ ഇരുപത്തിനാലു് മണിക്കൂറും പരിമിതിയില്ലാതെ കയറിയിറങ്ങുന്നില്ലേ, അതിലും മോശമാണോ ഞങ്ങളുടെ ഭാര്യമാരുടെ സ്വകാര്യത?” ദുര്യോധനൻ കൈവീശി പോകാൻ വഴി തെളിയിച്ചു.

2015-10-22

“ഹസ്തിനപുരിയിൽ നിന്നു് കുരുക്ഷേത്ര യുദ്ധഭൂമിയിലേക്കു് സൈന്യം നയിക്കും മുമ്പു് നിങ്ങൾ അച്ഛനെ കണ്ടു അനുഗ്രഹം വാങ്ങിച്ചില്ലേ?” ഭീമഗദയുടെ മാരക പ്രഹരശേഷിയിൽ തുടയൊടിഞ്ഞു ചളിയിൽ വീണു നിലവിളിക്കുന്ന ദുര്യോധനനോടു് പത്രിക ലേഖകൻ അനുഭാവപൂർവം ചോദിച്ചു.

“രണ്ടു പ്രാവശ്യം ആ അന്ധൻ എനിക്കു് ചെങ്കോൽ പ്രലോഭനത്തോടെ നീട്ടി, രണ്ടു പ്രാവശ്യവും കൃത്യസമയത്തു് ചെങ്കോൽ പിൻവലിക്കുന്നതു് ഗാന്ധാരി കണ്ടു ചിരിച്ചു. ആയുഷ്കാലം അന്ധത നടിച്ചു നൂറു മക്കളെ നിരന്തരം അവർ കബളിപ്പിച്ചു എന്ന തിരിച്ചറിവോടെ ഞാൻ പടിയിറങ്ങി.”, ദുര്യോധനൻ ഞെരിപൊരി കൊണ്ടു് വേദന സഹിക്കാനാവാതെ വാവിട്ടു ആ വിജന ഭൂമിയിൽ വിലപിച്ചു കൊണ്ടിരുന്നു.

2015-10-23

“ദുര്യോധനൻ കച്ചവടസമൂഹത്തെ ‘പാഠം’ പഠിപ്പിച്ചു” എന്നു് കുതിരപ്പന്തികളിൽ പരാതിയുണ്ടല്ലോ,’ കൊട്ടാരം ലേഖിക വാണിജ്യമന്ത്രാലയ ചുമതല വഹിക്കുന്ന ഇളമുറ കൌരവനെ ചോദ്യംചെയ്തു.

“ഇടനിലക്കാരായി കർഷകരിൽ നിന്നു് ധാന്യങ്ങൾ ചുളുവിലക്കു് കടം പറഞ്ഞു വാങ്ങി, ഒളിപ്പിച്ചുവച്ചു് കൃത്രിമക്ഷാമം ഉണ്ടാക്കി, അടിക്കടി വില വർധിപ്പിക്കുന്നവരെ പുലർച്ചയ്ക്കു് പിടികൂടി, അരങ്ങേറ്റഭൂമിയിൽ സിംഹങ്ങൾക്കു് വിട്ടു കൊടുത്തു. കുറെ മാംസം ഇളകി പ്പോയപ്പോൾ, ഒളിപ്പിച്ചധാന്യം മിതവിലക്കു് വിപണിയിൽ ഇറക്കി. ധാന്യവില കുറഞ്ഞു. ഇതൊക്കെ ദുര്യോധനൻ കൊല്ലങ്ങളായി നിശബ്ദം ചെയ്യുന്ന സാമൂഹ്യസേവനമാണു്.”

2015-10-24

“തലയിൽ തുണിയിട്ടു് മുഖം മറച്ചു രാത്രിയിൽ സമീപത്തെ സന്യാസി മഠത്തിൽ നിന്നു് മറ്റാരുമറിയാതെ കടത്തി ഈ ശുദ്ധജല ചോലക്കരികിൽ കെട്ടി, കഴുത്തുവെട്ടി തോലുരിച്ചു നിങ്ങൾ ഇറച്ചിയാക്കിയ ഈ കാളക്കുട്ടനെ എന്തു് സ്വാഗതഗീതം പാടിയാണു് പ്രിയപത്നി പാഞ്ചാലിയുടെ അടുത്തേക്കു് അതേ രാത്രിയിൽ തലച്ചുമടായി കൊണ്ടുപോയതു്”?, കാഴ്ച കണ്ടു കൊട്ടാരം ലേഖിക ആകെ വിസ്മയത്തിലായിരുന്നു.

“ഗോമാംസത്തെ നാം ആറുപേരും അത്യുത്തമമെന്നു മഹത്വപ്പെടുത്തുക, ഗോമാംസത്താൽ നാം ആറുപേർ എന്നെന്നും ഐക്യപ്പെടുക”, യുധിഷ്ഠിരൻ മുട്ടുകുത്തി ആചാരപദങ്ങൾ അവധാനതയോടെ ഉച്ചരിച്ചു.

2015-10-26

“മിനിഞ്ഞാന്നു രാവിലെ പതിവുപോലെ മാലിന്യസംഭരണത്തിനു് ഞാൻ വന്നപ്പോൾ, തൊഴുത്തിൽ മൂന്നു പശുക്കളും ഒരു കാളക്കുട്ടനും ഉണ്ടായിരുന്നു. ഇന്നു് ചാണകം നീക്കാൻ അതിനകത്തു് കയറിയപ്പോൾ, കാളക്കുട്ടനെ കാണാനില്ല”, നിത്യപരിചയത്തിന്റെ അയഞ്ഞ സൌഹൃദഭാവത്തിൽ പാഞ്ചാലി വല്ലായ്മയോടെ സന്യസ്ഥാശ്രമ അന്തേവാസിയോടു കാര്യം പറഞ്ഞു. പാണ്ഡവരുടെ വനവാസക്കാലം. കഠിനതടവിന്റെ വ്യാഴവട്ടക്കാലം. പാഞ്ചാലിയുടെ പീഡനകാലം.

“ഓർക്കുന്നു, അക്ഷയപാത്രത്തിലെ സ്ഥിരം ഭക്ഷണലഭ്യതയിൽ പോഷകാഹാരക്കുറവു പ്രകടമായി കണ്ടെത്തിയതുകൊണ്ടു് നിങ്ങളുടെ ഭർത്താക്കന്മാർ മിനിഞ്ഞാന്നു രാത്രി ഇവിടെ വന്നു വിലപിച്ചു് അനുമതി വാങ്ങി കാളക്കുട്ടനെ കയറഴിച്ചു കൊണ്ടുപോയി. തോലും കൊമ്പും കുറെ എല്ലും അതാ ആ മൂലയിൽ കൂട്ടിയിട്ടുണ്ടു്. ജൈവമാലിന്യം കൊണ്ടുപ്പോവുമ്പോൾ അതും നീ കുഴിച്ചു മൂടൂ, കൗരവചാരന്മാർ ഇന്നു് വരുമ്പോൾ അതു് കാണണ്ട.” അന്തേവാസി പ്രഭാതപൂജക്കു് തയ്യാറാവുകയായിരുന്നു.

“പാടുപെട്ടു സംഭരിച്ച മാരകായുധങ്ങൾ പരീക്ഷിച്ചു പരിശീലന കളരിയിൽ തിരയ്ക്കായിരിക്കേണ്ട പാണ്ഡവർ പരസ്പരം പുറം തിരിഞ്ഞിരിക്കുന്നുവോ യുദ്ധമേഘങ്ങൾ നിറഞ്ഞ ഈ ദിവസം?” കൊട്ടാരം ലേഖിക താടിക്കു് കൈവച്ചു് ചോദിച്ചു.

“അവരിലൊരാൾ നാളെ പുലർച്ചയോടെ കൗരവ പക്ഷത്തേക്കു് കൂറുമാറുമെന്നു കുതിരപ്പന്തിയിൽ വാർത്തകേട്ട മുതൽ, അഞ്ചുപേരും പരസ്പരം കണ്ണടച്ചു് സംശയിക്കയാണു്”, അക്ഷയപാത്രം ഇല്ലാത്ത ആ ഉപപ്ലവ്യകാലത്തെ പാഞ്ചാലി ഊട്ടുപുരയിൽ പണിയെടുത്തു തളർന്നിരുന്നു.

2015-10-27

“ഇതെന്താ രാജമുദ്രയുള്ള സമ്മാനപ്പെട്ടികൾ വാരിക്കൂട്ടി തീയിടാൻ ശ്രമിക്കുന്നതു്?” ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി രോഷം നിയന്ത്രിച്ചു ഭീമനോടു് ചോദിച്ചു.

“നിന്റെ ജന്മദിനത്തിനു കൌരവര് കൊടുത്തയച്ച സമ്മാനപ്പെട്ടികൾ യുധിഷ്ഠിരൻ ഒളിപ്പിച്ചിരുന്നു. ‘അതൊന്നും തുറക്കരുതു്, അതിനകത്തു് വിഷജീവികളെ കൌരവർ വച്ചിട്ടുണ്ടു്’ എന്നു് ഞാൻ ചക്രവർത്തിക്കു് താക്കീതു് കൊടുത്തപ്പോൾ, ‘എന്നാൽ നീയതു പാഞ്ചാലി കാണും മുമ്പു് വാരിക്കൂട്ടി തീയിടൂ’ എന്നു് അയാൾ കല്പിച്ചു.”

2015-10-28

“ഇതെന്താ ഭീമൻ, അക്ഷയപാത്രത്തിൽ നിങ്ങൾ ഇന്നു് കയ്യിട്ടു വാരുമ്പോൾ കിട്ടുന്നതു് പതിവു് ധാന്യാഹാരത്തിനു് പകരം പൊരിച്ച മൃഗമാംസം?” അഭിനന്ദന സൂചകമായി കൊട്ടാരം ലേഖിക കൈകൾ വിടർത്തി.

“ഹസ്തിനപുരി ഗ്രാമങ്ങളിൽ ധാന്യശേഖരം കുറയുമ്പോൾ അക്ഷയപാത്രഭക്ഷണലഭ്യതയിൽ കാണുന്ന ഒരു പ്രതിഭാസം എന്നതിൽ കവിഞ്ഞൊരു മായികപ്രദർശനം ഭീമൻ നടത്തി എന്നു് നിങ്ങൾ പോയി പ്രചരിപ്പിക്കരുതു്. വിത്തു് തിന്നിട്ടും പട്ടിണി മാറാതെ കർഷകർ തൊഴുത്തിൽ കയറി പാൽ ചുരക്കുന്ന മൃഗങ്ങളെ വെട്ടി വേവിക്കുമ്പോൾ ഒരു ഭാഗം സ്വാഭാവികമായി അക്ഷപാത്രത്തിൽ വന്നു ചേരും”, ഇറച്ചി ആർത്തിയോടെ വായിലിട്ടു കണ്ണടച്ചു് ചവക്കുന്ന ഭീമനു് വേണ്ടി നകുലൻ അക്ഷയപാത്ര മാംസദർശനം ക്ഷമയോടെ വിശദീകരിച്ചു.

2015-10-29
’അക്ഷയപാത്രം തുറന്നു കയ്യിട്ടു വാരിയപ്പോൾ ഇന്നും തടഞ്ഞുവോ പൊരിച്ച മാനിറച്ചി?” കൊട്ടാരം ലേഖിക ഹാർദ്ദമായി പാണ്ഡവരെ അഭിവാദ്യം ചെയ്തു.

“എന്തോ ഒരു പന്തികേടു്. ആവേശത്തിൽ ഇന്നു് കയ്യിട്ടപ്പോൾ കിട്ടിയതു് ചോരയൊലിക്കുന്ന ഒരു ഭ്രൂണം”, നകുലൻ കാളിമ കലർന്ന കണ്ണുകളോടെ അക്ഷയപാത്രം നോക്കി പിറുപിറുത്തു.

“വിവാഹപൂർവകാലത്തു് പതിവായി സുഖചികിത്സക്കു് കൊട്ടാരത്തിൽ വന്നിരുന്ന വൃദ്ധമുനികൾക്കു് അവസരോചിതമായ വ്യക്തിഗതസേവനം ഉപചാരപൂർവ്വം നൽകി, അത്തരം കോപിഷ്ഠ മഹർഷിമാരെ ഉത്തമ രാജ്യതാൽപ്പര്യത്തിൽ പിണക്കാതെ പടിയിറക്കി വിട്ടിരുന്നു എന്നതൊഴിച്ചാൽ, അന്യഗ്രഹജീവികളുമായി രഹസ്യരതിയിൽ അന്നൊരിക്കൽ അമ്മയായി എന്ന ആരോപണം ശുദ്ധ കെട്ടുകഥ മാത്രം എന്ന രോഷത്തോടെയുള്ള നിങ്ങളുടെ വെളിപ്പെടുത്തലിനു പിന്നിലെ ചേതോവികാരം?” കൊട്ടാരം ലേഖികയുടെ ശബ്ദം കടുത്തു, കൈകൾ കുതറി.

“അതിരഥപുത്രൻ കർണനുമായി എന്നെ ജൈവികമായി ബന്ധപ്പെടുത്തി ഹസ്തിനപുരി പത്രികയിൽ പലതവണ കണ്ട ദുസ്സൂചനകൾ കണ്ടില്ലെന്നു നടിക്കണോ പിന്നെ ഞാൻ?” ഹിമാലയൻ വാരണാവതത്തിലെ വനമേഖലയിൽ ഔദ്യോഗികവധുക്കൾ കൂടെ ഇല്ലാത്ത അഞ്ചു ആണ്‍മക്കളുമൊത്തു് വിശ്രമത്തിനു് വന്ന പാണ്ഡവമാതാവു് സംസാരിക്കേ കിതച്ചു.

2015-10-31

“എന്തു് പറ്റി മകനെ, കാരണമില്ലാതെ ഗുരുനാഥൻ ശിക്ഷിച്ചുവോ”, മകൻ പരീക്ഷിത്തിനെ ചേർത്തുപിടിച്ചു് അഭിമന്യുവിന്റെ വിധവ ഉത്തര ചോദിച്ചു.

“നിന്റെ അമ്മ സ്വന്തം കൈ കൊണ്ടു് കാളക്കുട്ടനെ കൊന്നു മാംസം വരട്ടി വാഴയിലയിൽ പൊതിഞ്ഞു നിത്യവും നീ എനിക്കു് കൊണ്ടുവന്നില്ലെങ്കിൽ പാമ്പുകടിച്ചു് നീ മരിക്കട്ടെ എന്നു് കൃപാചാര്യൻ ഭീഷണിപ്പെടുത്തി അമ്മാ.”

ഇന്ദ്രപ്രസ്ഥത്തിൽ പത്തു് വർഷം രാജപദവിയിൽ, അടിമകളായി കാട്ടിൽ പന്ത്രണ്ടു വർഷം, ഒളിവിൽ ഒന്നു്, അങ്ങനെ ഇരുപത്തിമൂന്നു് കൊല്ലം പാണ്ഡവർ ജീവിച്ചതു്, കൂടെ നിങ്ങൾ ഇല്ലാതെ എന്നു് ഔദ്യോഗിക രേഖകൾ. എവിടെയായിരുന്നു നിങ്ങൾ അത്രയും നാൾ?” കൊട്ടാരം ലേഖിക മയമില്ലാതെ ചോദ്യം ചെയ്തു.

“ഹസ്തിനപുരം അന്തപുരങ്ങളിൽ തിണ്ണ നിരങ്ങി, എട്ടും പൊട്ടും തിരിയാത്ത കൗരവരാജവിധവൾക്കു് പാണ്ഡവജന്മരഹസ്യങ്ങൾ എരിവും പുളിയുമായി ഇടയ്ക്കിടെ വന്നു വിതരണം ചെയ്യുമ്പോൾ, എവിടെയായിരുന്നു ഒരു വൃദ്ധവിധവ, പുറത്തു പറയാനാവാത്ത ഭൂതകാല രഹസ്യങ്ങളുമായി കഴിഞ്ഞതെന്നു് എങ്ങനെ നിങ്ങളും നിങ്ങളുടെ പൂർവികരും അറിയാനാണു്?” ഗാന്ധാരിയുടെ ഒരു കെട്ടു് വിഴുപ്പുമായി കുളത്തിലേക്കു് നടക്കുമ്പോൾ കുന്തി പറഞ്ഞു.

2015-11-01

“കാട്ടിലെ കുട്ടിക്കാലത്തെങ്ങനെയായിരുന്നു അച്ഛൻ? കഥ പറഞ്ഞും കവിത ചൊല്ലിയും, അതോ ശാപം ഫലിക്കുമെന്ന ഭീതിയിൽ ആരോടും മിണ്ടാതെ ഒഴിഞ്ഞു മാറി കഴിഞ്ഞുവോ പാണ്ടു?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഓരോന്നു് ചോദിച്ചു് ഞങ്ങളെ ഇങ്ങനെ പരിഹസിക്കും, കാലന്റെ മകനാണെങ്കിലും യുധിഷ്ഠിരനെന്തൊരു കാപട്യം, വായുവിന്റെ മകനെന്താ ഇത്ര ഭാരിച്ച ശരീരം, ഇന്ദ്രന്റെ മകനായിട്ടും സ്വർഗരാജ്യത്തിൽ നിന്നൊരു സമ്മാനപ്പൊതിയും ഇതു് വരെ ദേവദൂതന്മാർ കൊണ്ടു് വന്നില്ലല്ലോ, മാദ്രിയാണു് മിടുക്കി ഒരൊറ്റ വരം കൊണ്ടവൾ ഇരട്ട പെറ്റു. വെറും നിലത്തു ചുവരോരം ചേർന്നു് പായിൽ ചുരുണ്ടു് കിടന്നയാൾ ഒരു കാളക്കുട്ടനെ കട്ടു് ഇറച്ചി വരട്ടി കൊണ്ടു് വാ എന്നു് നിലവിളിക്കുന്ന പോലെ ആജ്ഞാപിക്കും, ഞങ്ങൾ ആ രോഗിയുടെ ഗോമാംസദാഹം കണ്ടു് പൊട്ടിച്ചിരിക്കും, അന്നു് കൃത്യമായി ഞങ്ങൾക്കറിയില്ല, ഒരിക്കൽ കുരുവംശചക്രവർത്തിയായിരുന്നു ഈ ശാപഗ്രസ്തൻ എന്നു്.”

2015-11-02

“ജീവനെടുക്കുന്ന മുനിശാപത്തിൽ നിന്നു് ഭർത്താവിനെ രക്ഷിക്കാൻ ഉപായമൊന്നും തടഞ്ഞില്ലേ? നവജാതശിശുവിനെ പുലർച്ച ആരോരുമറിയാതെ പുഴയിൽ ഒഴുക്കിയ സാഹസിക വിവാഹപൂർവ ഭൂതകാലം നിങ്ങൾക്കുള്ളതു് കുതിരപ്പന്തികളിൽ ഇന്നും ഒരു ആവേശമാണു്”, കൊട്ടാരം ലേഖിക രാജമാതാവിനോടു് ചോദിച്ചു.

“നിങ്ങൾ സ്ത്രീസംസർഗം ഉപേക്ഷിച്ചു് പൊതുതാൽപ്പര്യത്തിൽ രാജ്യം ഭരിക്കു, ഞാനും മാദ്രിയും ഞങ്ങളുടെ നാട്ടിൽ ചെന്നു് ആവുന്ന വിധം പുനർവിവാഹം ചെയ്തോളാം എന്ന നിർദേശം കേട്ട ഉടൻ അയാൾ തള്ളി. ഞാൻ ശാപത്താൽ ചത്താലും നിങ്ങൾ വേറെ വിവാഹം കഴിക്കാതെ സതി ചെയ്യണം എന്നു് ആ പുരുഷാധിപത്യ ചിന്ത അന്നേ അയാളിൽ കണ്ടു”, രാജമാതാവു് കുന്തി കുൽസിതമല്ലാതെ ഒരു രാജകീയ പൊട്ടിച്ചിരിയോടെ ദാമ്പത്യത്തിലെ ആ വിദൂര ഓർമ പങ്കിട്ടു.

2015-11-03

“കുളിച്ചു, മുടി ഉണങ്ങിയാൽ പരസഹായം കൂടാതെ കിരീടം വയ്ക്കുന്ന അന്ധധൃതരാഷ്ട്രരെ പോലെ അഴിച്ചും വച്ചും കളിക്കയാണോ കണ്ണു് മൂടുന്ന ഈ തുണിക്കെട്ടു്?” മുട്ടു് കുത്തി കൈമുത്തി കൊട്ടാരം ലേഖിക അനുവദനീയ പരിധിക്കപ്പുറത്തു് കൊള്ളിവാക്കു് പറഞ്ഞു.

“കാണേണ്ടാത്തതു് കണ്ടില്ലെന്നു നടിക്കാനാണു് എനിക്കു് കണ്‍കെട്ടു്. ഒന്നു് പരീക്ഷിച്ചു നോക്കുന്നോ“” കൗരവതലകൾ ഉരുളുന്ന വാർത്ത കേട്ടിട്ടും ഉല്ലാസവതിയായിരുന്നു ഗാന്ധാരപുത്രി.

“തുടയിൽ അടിച്ചു് തന്നെ അർദ്ധസഹോദരനെ കൊല്ലണോ, കുടുംബസ്വത്തിൽ ഓഹരി നേടാൻ?” ചളിയിൽ പുതഞ്ഞു വാവിട്ടു നിലവിളിക്കുന്ന ദുര്യോധനനെ നോക്കി പാണ്ഡവ മാതാവു് മകനോടു് പരിതപിച്ചു.

“അങ്ങനെ എനിക്കു് നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഗാന്ധാരി അനുഗ്രഹിച്ച ദിവ്യബലം ഉള്ളതുകൊണ്ടു് ഭീമഗദാപ്രഹരം മാരകമാവില്ലെന്നവൻ പരസ്യമായി വെല്ലുവിളിച്ചാൽ പിന്നെ ഞാനെന്തു ചെയ്യും”, കൊലയാളി ഭീമൻ കൊച്ചുകുട്ടിയെ പോലെ കൊഞ്ചി.

2015-11-04

“നിങ്ങൾ അല്ലെ മാദ്രിക്കു് പകരം ചിതയിൽ ചാടാൻ യോഗ്യ?, ആ പ്രത്യേകവകാശം പിന്നെ അവർ എങ്ങനെ ശ്മശാനത്തിൽ തട്ടിയെടുത്തു?”

“ചിത ഒഴിവാക്കാൻ ഭൌതികശരീരം കുഴിച്ചിടാം എന്ന രഹസ്യനീക്കത്തിൽ ഞങ്ങൾ രണ്ടു പേരും അതിനു ഇടം നോക്കാൻ ശ്രമിക്കുമ്പോൾ, ഇടിച്ചു കയറി സന്യസ്തർ, ഹസ്തിനപുരിയിൽ കൊണ്ടുപോയി കുരുവംശ അന്ത്യവിശ്രമഘാട്ടിൽ വേണം ശവത്തിനു തീ കൊളുത്താൻ, ഒപ്പം ചിതയിൽ ചാടാൻ നിങ്ങൾ രണ്ടു പേരും തയ്യാറാവണം എന്നു് വിധിച്ചു. ചിത കത്തിപ്പിടിച്ചപ്പോൾ, എനിക്കു് മരിക്കണ്ട, എനിക്കു് ജീവിക്കണം,കൊല്ലരുതേ എന്നു് നിലവിളിച്ചാണു് മാദ്രി ചിതയിൽ കത്തിയതു്. കുട്ടികൾ അഞ്ചു പേരും എന്നെ ഭീതിയിൽ വളഞ്ഞു, അമ്മാ ഞങ്ങളെ ഈ അപരിചിത നഗരത്തിൽ അനാഥരാക്കരുതെ എന്നവർ യാചിക്കുന്നതു കണ്ട വിദുരർ, ഞങ്ങളെ ഉടൻ ഒരു രഥത്തിൽ കയറ്റി അയാളുടെ വസതിയിൽ എത്തിച്ചു”, കുന്തി ഇടയ്ക്കിടെ വിതുമ്പി.

2015-11-05

“വിരാടരാജ്യത്തിലെ സൈനികപാളയത്തിൽ നിങ്ങൾ, രഹസ്യ അറയിൽ വരാനിരിക്കുന്ന യുദ്ധം ചർച്ച ചെയ്യുമ്പോൾ, ഇടിച്ചു കയറിയും ഇടപെട്ടും പഴയപോലെ കലിതുള്ളുമോ പ്രിയപത്നി പാഞ്ചാലി?” കൊട്ടാരം ലേഖിക സംശയിച്ചു.

“സൈനികശാസ്ത്രത്തിന്റെ അംഗീകൃതപദാവലിയിൽ ഞങ്ങൾ അന്തരീക്ഷം മറക്കുമ്പോൾ, ഒരുന്മാദിയിനിയെ പോലെ ബഹളം വച്ചു് അതിക്രമിച്ചു കയറി ആ നീണ്ട മുടിയാകെയൊന്നു ഞങ്ങളുടെ അഞ്ചുപേരുടെ മുഖമടച്ചു പ്രതീകാൽമകമായി വീശും. അതോടെ പത്തു പാണ്ഡവ കൈകൾ കൌരവരക്തത്തിനായി പരസ്പരം കീറും, ഇന്നു് കൂടെ കിടക്കാൻ ഊഴം ഇവനാണു് എന്നു് പറഞ്ഞവൾ ഞങ്ങളിൽ നിന്നു് ഒരാളെ കൂട്ടി അപ്പോൾ ശാന്തയായി കിടപ്പറയിലേക്കു് പോവും.”

“ഏതു തിരക്കു് പിടിച്ച കൂട്ടുകുടുംബ ആവാസവ്യവസ്ഥയിലും കാണാം ഒരു സ്വതന്ത്ര വനിതക്കു്, ആരും അതിക്രമിച്ചു കയറാൻ ധൈര്യം വരാത്ത ഏകാന്തനിമിഷങ്ങൾ, ഇടം. അത്തരം ഏകാന്തനിമിഷങ്ങളിൽ പാഞ്ചാലി പാടുമോ, വായിക്കുമോ, എഴുതുമോ, അതോ സ്വയം സംസാരിക്കുമോ?” കൊട്ടാരം ലേഖിക ഇളമുറ രാജകുമാരൻ നകുലനോടു് ചോദിച്ചു. യുദ്ധാനന്തര യുധിഷ്ഠിരഭരണകാലം, അന്തരീക്ഷത്തിൽ തണുപ്പു് കലർന്ന ശരത്കാലത്തിന്റെ അവസാനം.

“ഒരിക്കൽ രണ്ടും കല്പിച്ചു ഞാൻ ഒരു ചാരനെ പോലെ പതുങ്ങി പാഞ്ചാലിക്കു പിന്നിൽ ചെന്നു് അവൾ എന്താണു് ഇത്തവണ പതുക്കെ പാടുന്നതു് എന്നു് ചെകിടോർത്തു. കേട്ടപ്പോൾ, ഞെട്ടി പിന്തിരിഞ്ഞു. പിന്നെ ഞാൻ ആ ഏകാന്തതയിൽ കയറി ചെന്നിട്ടില്ല.”

“അല്ല, എന്തായിരുന്നു ആ കുഴപ്പം പിടിച്ച പാടൽ?”

“സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ” അവൾ ദൂരെ പടിഞ്ഞാറ് കടലോര ദ്വാരകയിലേക്കു് നോക്കി പരിസരം മറന്നു പാടുകയാണു്.

2015-11-06

“ഇരുവശത്തേക്കും കൈകൾ വിസ്തരിച്ചു നീട്ടി സിംഹാസനത്തിൽ യുധിഷ്ഠിരൻ ഇരിക്കുന്നതു് കണ്ടു. എന്നാൽ ചാടി എഴുന്നേറ്റു ചുറ്റും നോക്കുന്നതു് കാണാറില്ല. ഭരണയന്ത്രം തിരിക്കെണ്ടേ?” കൊട്ടാരം ലേഖികയുടെ കുറ്റാരോപണം നീണ്ടു.

“വമ്പിച്ചൊരു കർമ പദ്ധതി ഉടൻ നടപ്പിലാവും. കൗരവരാജവധുക്കൾ നൂറു പേരും അവരുടെ വിവാഹിത മക്കളും ദശാബ്ദങ്ങളായി കയ്യടക്കി വച്ചിരിക്കുന്ന നൂറു കണക്കിനു് രമ്യഹർമ്യങ്ങൾ ഒഴിപ്പിച്ചെടുക്കും. കുടിയൊഴിപ്പിക്കലിനു് പത്രികയുടെ ധാർമിക പിന്തുണ തേടുന്നു. കൗരവവിധവകളെ ഞങ്ങൾ പുനരധിവാസം ചെയ്യുകയോ? ആ ഉത്തരവാദിത്വം എങ്ങനെ പുതിയ ഭരണകൂടം ഏറ്റെടുക്കും? കുരുക്ഷേത്ര വിധവകൾ എന്ന ഒരു സംഘടനയുണ്ടാക്കി സമരമുഖം തുറക്കാനാണു് ശ്രമമെങ്കിൽ, യമുനയിലും ഗംഗയിലും അനാഥ ശവങ്ങൾ പൊന്തും”. അധികാരത്തിൽ എത്തിയിട്ടു് വാരങ്ങൾ കഴിഞ്ഞിട്ടും പാണ്ഡവർ രാജസഭയിലാണിപ്പോഴും അന്തിയുറക്കം. രാത്രിയിൽ എന്തോ അട്ടിമറിക്കു് സാധ്യത ഉണ്ടെന്നു, ഉറക്കമില്ലാതെ രാവുപകൽ മുഖം മൂടി ധരിച്ചു കോട്ട ചുറ്റുന്ന ചാരവകുപ്പു മേധാവി നകുലൻ സംശയിക്കുന്നു.

“ഞാൻ ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ നിന്നു് നീ എങ്ങോട്ടു് ഒളിച്ചോടി?” യുദ്ധവിജയവാർഷികം ആഘോഷിക്കുമ്പോൾ, ചക്രവർത്തി പരുഷമായി ഭീമനെ നോക്കി.

“കഴിഞ്ഞ ഒരു വർഷം അന്തിയുറങ്ങുമ്പോൾ, ഞെട്ടിയുണരും. തൊട്ടടുത്തു് വന്നു ആരോ വെള്ളം തരൂ എന്നു് യാചിക്കുന്ന പോലെ. പിന്നെ മനസ്സിലായി, ഭീമഗദയുടെ മാരക പ്രഹരശേഷിയിൽ തുടയൊടിഞ്ഞുവീണു ചളിയിൽ പുതഞ്ഞു ജീവൻ പോവും മുമ്പു് പഴയ ശത്രുവെള്ളം ചോദിക്കുമ്പോൾ, ഇടം കാലുകൊണ്ടവന്റെ ചിറിയിൽ ചവിട്ടി ഞാൻ ജേതാവിനെ പോലെ പൊട്ടിച്ചിരിച്ചു.

കാശിയിൽ മണികർണികഘാട്ടിൽ എള്ളും പൂവും ചന്ദനവും ചേർത്താപപരിഹാരമായി തർപ്പണം ചെയ്തു.

2015-11-07

“യുദ്ധം ജയിച്ചു ഒരു വർഷം പിന്നിടുമ്പോൾ ഒരു ചോദ്യം, കൌരവർക്കുള്ളതിനേക്കാൾ ജനസമ്മിതി പാണ്ഡവ ഭരണകൂടത്തിനുണ്ടോ?”

“ആരോടാണു് ഞങ്ങൾ ചോദിക്കുക? നിത്യവും കൊട്ടാരവാതിൽ തുറന്നു എന്റെ രഥം നിരത്തിലിറങ്ങുമ്പോൾ കാണാം, വഴി തടഞ്ഞു മലർന്നു കിടന്നു മുദ്രാവാക്യം വിളിക്കുന്ന കുരുക്ഷേത്രവിധവകൾ. അവരെ ആട്ടി ഓടിച്ചു ഞങ്ങൾ ക്ഷീണിക്കുമ്പോൾ, നേരം ഉച്ചയാവും.”, കിതക്കുന്നുണ്ടായിരുന്നു ചക്രവർത്തി യുധിഷ്ഠിരൻ.

2015-11-08

“പാണ്ഡവർക്കും കൌരവർക്കുമിടയിലൊരു സംഘർഷഭൂമികയുണ്ടെന്നു നേരനുഭവത്തിലൂടെ നിങ്ങൾ തിരിച്ചറിഞ്ഞതെപ്പോഴായിരുന്നു? ഓർത്തെടുക്കാമോ?”

“വിവാഹം കഴിഞ്ഞു ഹസ്തിനപുരിയിൽ ഒരു കൊട്ടാരം പ്രതീക്ഷിച്ചു ഞങ്ങൾ തല്ക്കാലം ഒരു കുടിലിൽ കഴിയുമ്പോൾ, ദുര്യോധനൻ നിത്യവും സന്ധ്യക്കു് വന്നു ഞങ്ങൾക്കനുവദിക്കാൻ പോവുന്ന രാജകീയവസതിയിൽ പുതുതായി വേണ്ടുന്ന സൌകര്യങ്ങളെക്കുറിച്ചു് സരസമായി ചോദിക്കും. ഇക്കാര്യങ്ങളെ കുറിച്ചൊന്നും അറിവോ അനുഭവമോ ഇല്ലാത്ത പാണ്ഡവർ അപ്പോൾ ഒളിഞ്ഞു നിന്നു് ഞങ്ങളെ നിരീക്ഷിക്കും. പുതു സൌകര്യങ്ങളെ കുറിച്ചു് ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ മതിപ്പോടെ ദുര്യോധനൻ കേട്ടു് സമ്മതഭാവത്തിൽ തലയാട്ടും. ആഹ്ലാദവും അഭിമാനവും തോന്നുന്ന പെരുമാറ്റമായിരുന്നു ദുര്യോധനന്റെതു് എന്നതിൽ എനിക്കു് തോന്നിയ ഊഷ്മളത യാത്ര പറയുന്ന സമയം വളരെ നീളും. യാത്രയാക്കി മടങ്ങിവന്നാൽ പത്തു കണ്ണുകൾ എന്നെ തുറിച്ചും മറിച്ചും നോക്കി എന്റെ രാത്രി ഭീതിതമാക്കും”, പാഞ്ചാലി സംസാരിക്കുമ്പോൾ പാണ്ഡവർ ഭാഗ്യം വനാശ്രമത്തിൽ ഉണ്ടായിരുന്നില്ല.

2015-11-09

“പ്രണയം നിങ്ങൾക്കിടയിൽ തർക്കവിഷയമായിട്ടുണ്ടോ? ദാമ്പത്യ അവിശ്വസ്തത അസാധാരണമല്ലെങ്കിലും”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനാശ്രമത്തിൽ നിന്നു് താഴേക്കു പോവുന്ന വഴിക്കപ്പുറത്തു ജലാശയത്തിൽ പാണ്ഡവർ മലർന്നു നീന്തുന്നതു് കാണാമായിരുന്നു.

“ഒരു പ്രാവശ്യം ഞങ്ങളുടെ നീണ്ട ദാമ്പത്യത്തിൽ പരാമർശിക്കപ്പെട്ടു എന്നൊർമ്മിക്കുന്നു. ഒരേ പായ പങ്കിടുന്നവളുമായുള്ള നിത്യ കുടുംബ ബന്ധത്തിൽ പ്രണയത്തിനെന്തു പ്രസക്തി എന്നു് അർജ്ജുനൻ തണുത്ത ശബ്ദത്തിൽ ചോദിച്ചു. മറ്റു നാലു പേരും അതു് മുഖഭാവത്താൽ ശരിവച്ചു. അതോടെ പ്രണയം ഞങ്ങൾക്കിടയിൽ നിന്നു് എന്നെന്നേക്കുമായി അപ്രത്യക്ഷമായി”,.

“പറയാതെ വയ്യ, വീട്ടുജോലി വീതം വയ്ക്കുന്നതിൽ പോലും പാണ്ഡവർക്കെന്താ ഇത്ര പിടിപ്പുകേടു്?” അടിക്കലും തുടക്കലും പാഞ്ചാലി സ്വയം ചെയ്യുന്നതു് കണ്ട കൊട്ടാരം ലേഖിക ക്ഷുഭിതയായി.

“കണ്ടാൽ ആരും പറയും അഞ്ചു ഹൃദയമാണെങ്കിലും പാണ്ഡവർക്കു് ഒരു നാവു്. പറഞ്ഞു തിരിപ്പിക്കാൻ നിങ്ങൾ പാടുപെട്ടതു് ബാക്കി. വീട്ടുജോലി ചെയ്യാതെ അക്ഷയപാത്രം തൊടാൻ സമ്മതിക്കില്ലെന്നു് ഉടയോൻ കൌരവർ നാളെ പറഞ്ഞാൽ പോലും, ആ കൈകാലുകൾ ഒന്നു് ഇളകില്ല”, വീടിനു പുറത്തെ പുൽത്തകിടിയിൽ ചമ്രം പടിഞ്ഞിരുന്നു ചൂതുകളി പരിശീലനം ചെയ്യുന്ന പാണ്ഡവരെ നോക്കി പോതുഭാര്യ പ്രതികൂലമുൻവിധിയോടെ പറഞ്ഞു.

2015-11-10

“എന്താ നിങ്ങൾക്കു് മാത്രം പാണ്ഡവരോടിത്ര കണ്ണുകടി? ഒന്നുമില്ലെങ്കിൽ അവരിപ്പോൾ സ്വത്തു തർക്കത്തിൽ കൗരവഭീഷണി നേരിടുകയല്ലേ. എപ്പോൾ തിരിഞ്ഞൊന്നു നോക്കിയാലും കാണാം നിങ്ങളുടെ വക ചൊറിയുന്ന പ്രസ്താവന”, കൊട്ടാരം ലേഖിക കപട മന്ദഹാസത്തോടെ ചോദിച്ചു.

“പത്തായത്തിൽ ധാന്യം തികയാതെ വിശന്നു പൊരിഞ്ഞാൽ പിന്നെ തൊഴുത്തിലെ കാളക്കുട്ടനെ വെട്ടി കുട്ടികൾക്കു് തിന്നാൻ ഊട്ടുപുരയിൽ വക്കേണ്ടേ എന്നേ ഞാൻ അരങ്ങേറ്റ മൈതാനത്തെ പൊതുവേദിയിൽ സാന്ദർഭികമായി ഒന്നു് ചോദിച്ചുള്ളൂ, ഉടൻ പാണ്ഡവരും കൂലിക്കെടുത്തവരും കൂട്ടം കൂടി എന്നെ അറവു കർണൻ എന്നു് കൂക്കിവിളിച്ചതൊക്കെ നിങ്ങളും കണ്ടതല്ലേ?” അതിരഥപുത്രൻ അപമാനം സഹിക്കാനാവാതെ വിങ്ങി.

2015-11-11

“നിങ്ങൾ ചക്രവർത്തിയോടുപോലും അനുവാദം ചോദിക്കാതെ സ്വയം എടുത്ത തീരുമാനമാണോ മഹായുദ്ധം?” കൊട്ടാരം ലേഖിക അന്ധാളിപ്പോടെ ചോദിച്ചു.

“എന്താ കുഴപ്പം? ഉത്തമ രാജ്യതാൽപ്പര്യത്തിൽ ഉടനടി തീരുമാനമെടുക്കാനല്ലേ ഞാൻ മാത്രം സ്ഥിരാംഗമായ, ഉന്നതാധികാര സമിതി നേരത്തെ എന്നെ ചുമതലപ്പെടുത്തിയതു്? കൃഷ്ണൻ പടിയിറങ്ങിയതോടെ അതു് ഞാൻ ചെയ്തു”, കുരുക്ഷേത്രത്തിന്റെ ഭൂപടത്തിൽ കണ്ണുനട്ടു്, കവിളിൽ ചൂണ്ടുവിരൽ ഊന്നി, ദുര്യോധനൻ ഇടക്കൊന്നു കണ്ണു് വെട്ടിച്ചു ലേഖികയെ നോക്കി.

“മൂന്നു നേരം അമുക്കാനവർ വിലപിച്ചും യാചിച്ചും അക്ഷയപാത്രം സംഘടിപ്പിച്ചു, നിങ്ങൾക്കൊന്നും കിട്ടിയില്ലേ കാട്ടിൽ ഇത്തിരി കനിവു് നേടാൻ?” കൊട്ടാരം ലേഖിക പരിതപിച്ചു.

“വായിട്ടടിക്കലവർ വ്യക്തിവൈരാഗ്യം തീർക്കാൻ ആവർത്തിച്ചു എന്റെ മുമ്പിൽ ചെയ്യുമ്പോൾ, എനിക്കു് കിട്ടിയ രഹസ്യമന്ത്രം മുഖം തിരിച്ചൊന്നുച്ചരിക്കും. അതോടെ, ഒച്ചവക്കുന്ന പാണ്ഡവനു നാവിറങ്ങും. സൗജന്യമായി മൂന്നു നേരം കിട്ടുന്ന സസ്യഭക്ഷണത്തെക്കാൾ വിലയുണ്ടു്, അവരുടെ ശബ്ദ മലിനീകരണത്തിനു് തടയിടാൻ കിട്ടിയ ഈ ദിവ്യായുധത്തിനു്”, വീട്ടിനു പുറത്തു സന്യാസികളോടു് ശത്രുസംഹാരത്തെ കുറിച്ചു് പ്രഭാഷണം നടത്തുന്ന പാണ്ഡവരെ നോക്കി പാഞ്ചാലി മന്ത്രിച്ചു.

2015-11-12

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയായിരുന്ന കാലത്തു്, പാണ്ഡവരിൽ നിന്നു് ക്രമമനുസരിച്ചു് ജന്മം നൽകിയ അഞ്ചു ആണ്‍കുട്ടികളെ വളർത്താൻ പാഞ്ചാലത്തിലേക്കു് ഓരോ പ്രസവത്തിനു ശേഷവും സ്വയം കൊണ്ടുപോയ നിങ്ങൾ, പക്ഷെ ഹസ്തിനപുരിയിൽ സ്ഥിരതാമസമാക്കിയിരുന്ന കുന്തിയെ യാത്രക്കിടെ ചെന്നു് കണ്ടില്ല എന്നാണു രേഖകൾ പറയുന്നതു്. എന്താ പിതൃമാതാവിനു കുട്ടികളെ ഒന്നു് കാണണ്ടേ?” കൊട്ടാരം ലേഖിക ചോദിച്ചു.

“പെട്ടിയിലിട്ടു നദിയിൽ ഒഴുക്കിയും ഗംഗയിൽ മുക്കിക്കൊന്നും നവജാതശിശുക്കളെ പരിചരണം ചെയ്യുന്ന സ്നേഹനിധികളായ അമ്മമാർ വസിച്ച ഹസ്തിനപുരി കൊട്ടാരത്തിൽ കയറാതിരിക്കുന്നതല്ലേ എന്റെ കുട്ടികൾക്കു് നല്ലതു്?” പാഞ്ചാലി ഉല്ലാസവതിയായിരുന്നു കൊട്ടാരം ലേഖികയുടെ ഇടിച്ചു കയറുന്ന ചോദ്യത്തിലും.

2015-11-13

“നിനക്കു് സുഖമില്ല എന്നു് പറഞ്ഞതു് കൊണ്ടു് ഞങ്ങൾ അഞ്ചുപേരും രാത്രി ഊട്ടുപുരയിലാണു് ഉറങ്ങിയതു്. പക്ഷെ അർദ്ധരാത്രി കഴിഞ്ഞപ്പോൾ എന്തോ ഒരു വേണുഗാനവും കളിയും ചിരിയും., ഉറക്കത്തിൽ അങ്ങനെയൊക്കെ ഉണ്ടു് അല്ലേ?”, നിഴലിൽ ഒതുങ്ങിയ ഭീമൻ വെളിച്ചത്തു് നിന്ന പാഞ്ചാലിയെ രാവിലെ കണ്ണെറിഞ്ഞു ചോദ്യം ചെയ്തു.

“ദുര്യോധനാ ഞാൻ ജയിച്ചു എന്നു് മുഷ്ടി ചുരുട്ടി എന്റെ തുടയിലടിച്ചു ഉറക്കത്തിൽ നിങ്ങൾ ആർമാദിക്കുമ്പോൾ ഇങ്ങനെ വെയിലത്തു് നിർത്തി ഞാൻ ചോദ്യം ചെയ്യാറുണ്ടോ?”

2015-11-14

ഹസ്തിനപുരി പത്രിക: ഇന്നു് വൈകുന്നേരം അരങ്ങേറ്റ മൈതാനത്തിൽ കൊട്ടാരം ലേഖിക നയിക്കുന്ന പൊതു ചർച്ചയിലേക്കു് സ്വാഗതം.

ഭിന്നലിംഗ വിഭാഗങ്ങൾക്കു് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പു വരുത്താൻ ഔദ്യോഗിക ലിംഗനീതിനിയമം നടപ്പിലാക്കിയ ഹസ്തിനപുരിയിൽ തന്നെ വേണമായിരുന്നോ, ശിഖണ്ടി ആക്രമിക്കാൻ മുന്നിൽ നിന്നാൽ താൻ ആയുധം താഴെയിടും എന്ന കൗരവ സർവസൈന്യാധിപൻ ഭീഷ്മരുടെ പ്രഖ്യാപനം എന്നു് പാണ്ഡവ സർവസൈന്യാധിപൻ ധൃഷ്ടധ്യുംനൻ കുരുക്ഷേത്രത്തിൽ വച്ചു് ചോദിച്ചതു് വിവാദമായോ.

ഖാണ്ഡവ വനത്തിലേക്കു് കുടിയേറും മുമ്പു് ഹസ്തിനപുരിയിലെ ഇടക്കാലത്തു് കൌരവർ നൂറു പേരുടെയും പ്രേമാഭ്യർത്ഥന നിരന്തരം തിരസ്കരിച്ചിട്ടും, “അവർ കൂട്ടം ചേർന്നോ ഒറ്റക്കോ എന്നെ വക വരുത്താൻ ശ്രമിച്ച ഓർമ യില്ലെ”ന്നു് പാഞ്ചാലി.

“അതു് കുരുവംശ ആഭിജാത്യമാല്ലെങ്കിൽ ഗാന്ധാര കുലീനത തന്നെയല്ലേ? പ്രലോഭനമുണ്ടായിരുന്നു, പരാക്രമം ഉണ്ടായിരുന്നില്ല, പ്രണയ സന്ദേശങ്ങളിൽ രാജമുദ്ര കാണാമായിരുന്നു. നേരിട്ടു് അവർ അതു് കയ്യിൽ തന്നു, എല്ലാറ്റിലും കാണാമായിരുന്നു ആധികാരികത.”

തെളിവെടിപ്പു് തുടരും. കൗരവ സഹോദരിയും ജയദ്രഥ ഭാര്യയുമായ ദുശളയാണു് ഭീഷ്മർ നിയോഗിച്ച ഏകാംഗ അന്വേഷണസംഘ മേധാവി.

“കണ്ണു കെട്ടൽ ഒരു രാപ്പകൽ ദൃശ്യവിരുന്നാക്കിയ നിങ്ങളെ നൂറു മക്കൾ, ലാളന വേണ്ടത്ര തന്നില്ലെന്നു കുന്നായ്മ പറയാറുണ്ടോ?” കൊട്ടാരം ലേഖിക ഗാന്ധാരിയുടെ അരികെ ഇരുന്നു സ്പർശ പരിലാളനയോടെ ചോദിച്ചു.

“എണ്‍പത്തിഎഴാമനാണോ നാൽപ്പത്തിഎട്ടാമനൊ മറ്റോ ആണെന്നു് തോന്നുന്നു, പിറന്നാൾ ദിവസം പട്ടുടുപ്പിച്ചതു് പോരെന്ന പരിഭവത്തിൽ നിങ്ങൾ ഇപ്പോൾ പറഞ്ഞ വാക്കുകൾ ചിലതു് പരുഷമായി ഉച്ചരിച്ചു. നൂറു കുട്ടികൾ ഉണ്ടായിട്ടും, ഒന്നിനെങ്കിലും കണ്ണോ കാലോ കൂടുതലും കുറവും ഇല്ലാതെ നിങ്ങളെയൊക്കെ മനുഷ്യകുലത്തിൽ പ്രദർശിപ്പിക്കാൻ സാധിച്ചതാണെന്റെ സാധന എന്നു് പറഞ്ഞപ്പോൾ, എന്റെ മുമ്പിൽ നൂറു ശിരസ്സുകൾ നമസ്കരിച്ചു എന്നു് രംഗം കണ്ട തോഴി പിന്നീടു് എന്നെ അറിയിച്ചു.”, ഗാന്ധാരി കണ്‍കെട്ടു് പതുക്കെയൊന്നു താഴ്ത്തി കൊട്ടാരം ലേഖികയെ ചുഴിഞ്ഞു നോക്കി.

2015-11-15

കേഴുന്നുവോ കൊട്ടാരഗുരു കൃപാചാര്യൻ.

“പാണ്ഡവ വംശഹത്യക്കു് കൗരവക്കൊലയാളികളുടെ കൂടെ കത്തി മൂർച്ച കൂട്ടി കുരുക്ഷേത്രയിൽ പതിനെട്ടുനാൾ ഞാൻ പോരാടി എന്നോ? സ്വത്തുതർക്ക പരിഹാരത്തിനു് നയതന്ത്രതലത്തിൽ ചർച്ച വഴിമുട്ടിയപ്പോൾ നേരിയ തോതിൽ ഒരു ബലപരീക്ഷണം നടത്തിയെന്നല്ലേ ഉള്ളൂ? ജീവഹാനി സ്വാഭാവികമല്ലേ യുദ്ധം ചെയ്താലും തപസ്സിരുന്നാലും, എല്ലാം വിശാല കാഴ്ചപ്പാടിൽ വേണ്ടേ വിലയിരുത്താൻ. എന്റെ യുദ്ധപരിചരണത്തിനു് ദുരർത്ഥം ‘ഹസ്തിനപുരി പത്രിക’ കൊടുക്കുമ്പോൾ, നിലത്തു ചമ്രം പടിഞ്ഞിരുന്നു ഹരിശ്രീ പഠിക്കുന്ന ഈ കുട്ടിയെ നോക്കൂ. ഭാവി കുരുവംശചക്രവർത്തിയാവാനുള്ള പരീക്ഷിത്തു്, അഭിമന്യുവിന്റെ ഏകമകൻ”, നാമജപമുഖരിതമായിരുന്നു യുദ്ധാനന്തര ഹസ്തിനപുരിയിലെ മാന്തോപ്പുകൾക്കുള്ളിലെ ഗുരുകുലം.

“മറ്റു പാണ്ഡവർ ഉച്ച ഊണു് കഴിഞ്ഞ ഉടൻ അവനവന്റെ മന്ത്രാലയങ്ങളിലേക്കു് ജോലി ചെയ്യാൻ പോവുമ്പോൾ എന്താ ഭീമനും നകുലനും മാത്രം ആട്ടുകട്ടിലിൽ ഒരു സ്വൈരസല്ലാപം?” കൊട്ടാരം ലേഖിക പ്രവേശനാനുമതിയില്ലാത്ത രാജകീയ മുറിയിലേക്കു് ഇടതു വിരൽ നിസ്സാരമായി ചൂണ്ടി.

“നിത്യവും ഉച്ചയുറക്കത്തിനുമുമ്പു് ഭീമനു് ദുര്യോധനവധം നേർസാക്ഷിമൊഴി നകുലനിൽ നിന്നു് വർണിച്ചു കേൾക്കണം. പത്ര പ്രവർത്തകരേ നിങ്ങൾ മറക്കരുതേ, ആയിരം പൂർണചന്ദ്രന്മാരെ കണ്ടു കഴിഞ്ഞ ഭീമനിപ്പോൾ ഭാവി ദേശസുരക്ഷയെക്കാൾ കേൾക്കാനിഷ്ടം ഭൂതകാലത്തിലെ വർണോജ്വലമായ കുരുക്ഷേത്രമാണു്”, സാമൂഹ്യ പ്രവർത്തനത്തിനു് നഗരമധ്യവേദിയിലേക്കു് പാഞ്ചാലി ഭർത്താക്കൻമാരോടു് യാത്ര പറയാൻ മെനക്കെടാതെ പുറത്തേക്കിറങ്ങി.

2015-11-16

“ദാർശനിക ഉൾവിളി കേട്ടു് ചെങ്കോൽ വലിച്ചെറിഞ്ഞു നഗ്നപാദരായി വാനപ്രസ്ഥത്തിലേക്കു് പടിയിറങ്ങിപ്പോയ ആറുപേരിൽ യുധിഷ്ഠിരനൊഴികെ ബാക്കി ആറു പേരും ഒന്നൊന്നായി കുഴഞ്ഞു വീണു നിര്യാതരായതിനു നേർ സാക്ഷി നിങ്ങൾ മാത്രമല്ലേ? അവരുടെ ഭൌതികശരീരം എവിടെ സംസ്കരിച്ചു എന്നാണു ഇപ്പോൾ കിട്ടിയ വിവരാവകാശ ചോദ്യം”, പുതുഭരണകൂടത്തിലെ രാജകീയവകുപ്പിന്റെ ചുമതല വഹിക്കുന്ന യുവസൈനികൻ കൊട്ടാരം ലേഖികയെ ഔദ്യോഗികമായി ചോദ്യം ചെയ്തു.

“ഇതിഹാസകഥാപാത്രമായാലും ഉറ്റവർ ഇല്ലാതെ നിങ്ങൾ കാലം ചെന്നാൽ, ജഡത്തിൽ അവകാശം കഴുകനും കുറുനരിക്കും മാത്രമായിരിക്കും എന്നയാളോടു് വിവരം പറയൂ.”

“അജ്ഞാതവാസവും യുദ്ധവും കഴിഞ്ഞാൽ, പിന്നെ സമയം കിട്ടിയില്ലെന്നു് വരും. ഒന്നു് സഹകരിച്ചു കൂടെ?, ചുവർ ചാരിയിരുന്നു ഭൂതകാലത്തിലേക്കു് ഊളിയിട്ടാൽ മതി, കേട്ടെഴുതി വരും യുഗത്തിലേക്കു് നിങ്ങളുടെ ജീവചരിത്രം ഞാൻ കൈമാറാം”, കൊട്ടാരം ലേഖിക പ്രലോഭനഭാഷയിൽ ചോദിച്ചു.

“ഇതുവരെ നിങ്ങൾക്കു് കിട്ടിയതു് നാഴികക്കല്ലുകൾ മാത്രം, ഇനി അവക്കടിയിലെ വട്ടക്കൂറകളെയും വെള്ളിക്കെട്ടന്മാരെയും പുറത്തെടുക്കണോ?” നിർജ്ജലമായ മുടി കെട്ടാതെ മാറിൽ വിടർത്തിയിട്ട പാഞ്ചാലിയുടെ നോട്ടം ദൂരെ ദൂരെ ഹസ്തിനപുരിയിലെ പീഢകരിലേക്കു് നീങ്ങി.

2015-11-17

“കാണുമ്പോഴൊക്കെ ചോദിക്കണം എന്നു് കരുതും, തിരക്കിൽ വിടും, പാഞ്ചാലിയുടെ നിത്യജീവിതത്തിലെ പെരുമാറ്റത്തിൽ നിങ്ങൾ പാണ്ഡവർ കാണുന്ന പാളിച്ചകൾ, ഒന്നു് രണ്ടെണ്ണം ചുരുക്കി പറയാമോ? കൌരവരാജ വധുക്കൾക്കറിയാൻ കൌതുകമുണ്ട്”, കൊട്ടാരം ലേഖിക അഞ്ചു പേരെയും ഒരുമിച്ചു മരച്ചുവട്ടിൽ ചൂതു് കളിച്ചു പരിശീലിക്കുന്നതു് കണ്ടപ്പോൾ ചോദിച്ചു.

“കൗരവ അടിമയാണു് താൻ എന്നു് നാഴികക്കു് നാൽപ്പതു വട്ടം കൊട്ടിഘോഷിക്കുന്ന പാഞ്ചാലി, ഞാനൊന്നു് ‘അതു് കൊണ്ടു് വരൂ ഇതു് കൊണ്ടു് പോകൂ’ എന്നു് സാന്ദർഭികമായി പറഞ്ഞാൽ, ‘ഞാൻ നിങ്ങളുടെ അടിമയെന്നു കരുതിയോ’ എന്നു് ഉറഞ്ഞു തുളളുന്നതിന്റെ സാരസ്വതരഹസ്യം പിടി കിട്ടുന്നില്ല”, യുധിഷ്ഠിരൻ താടി ചൊറിഞ്ഞു.

2015-11-18

“കൌരവർ ഒരു ഒത്തുതീർപ്പിനു് തയാറാണു് പാഞ്ചാലീ. സമ്മതിച്ചാൽ അട്ടയും പെരുച്ചാഴിയും നിറഞ്ഞ ഈ കാട്ടിലെ പന്ത്രണ്ടു വർഷ കഠിനതടവിൽ നിന്നു് നമുക്കു് രക്ഷപ്പെടാം. സന്യസ്ഥരുടെ വിസർജ്യം നീക്കുന്ന ദുരിതത്തിൽ നിന്നു് നിനക്കും. ഇപ്പോൾ ഒരു കൗരവ സഹോദരന്റെ ഭരണത്തിൽ ഉള്ള നമ്മുടെ പഴയ ഇന്ദ്രപ്രസ്ഥത്തിൽ തന്നെ അതിഥി മന്ദിരം അവർ വാടകയ്ക്കു് തരും.” യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ മറ്റു പാണ്ഡവർ മുട്ടുകുത്തി യോജിച്ചു.

“എന്താണു് നിബന്ധന” സംശയം നിറഞ്ഞ കണ്ണുകൾ അഞ്ചു പേരിലും പാഞ്ചാലി എറിഞ്ഞു.

“വേറെ ഒന്നുമല്ല. വന്ദ്യ ദുര്യോധനൻ ഈ വീടിന്റെ ഐശ്വര്യം എന്നു് വസതിക്കു മുമ്പിൽ നാം ആറു പേരും വേറെ വേറെ ചുവരുകളിൽ ഓരോ മാസവും പുതുതായി എഴുതി വക്കണം.”

2015-11-20

“ജലക്രീഡയിലാസക്തിയുണ്ടല്ലേ”, കുന്നിൻമുകളിലെ വനാശ്രമത്തിനു പിന്നിലെ ഊട്ടുപുരജാലകത്തിലൂടെ കാണാമായിരുന്നു, ഉച്ചവെയിലിൽ പാഞ്ചാലി ഒറ്റയ്ക്കു് അർദ്ധനഗ്നയായി നീന്തിക്കുളിക്കുന്ന ശുദ്ധജലതടാകം.

“അതീതശക്തികൾ രാതിയിൽ ആറാടുന്ന ഈ നീർക്കെട്ടിലെ ഭീഷണിസാധ്യതയേക്കാൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നതു്, തടാകത്തിനു മറുപുറത്തു് മരങ്ങൾക്കു് പിന്നിൽ ഒളിച്ചിരുന്നു്, നഗ്നമേനി ജലത്തിൽ പൊങ്ങിയും താണും ഒരു സ്വർണ മത്സ്യത്തെ പോലെ പാഞ്ചാലി വെയിലിൽ സൃഷ്ടിക്കുന്ന ദൃശ്യവിരുന്നാസ്വദിക്കുന്ന സന്യസ്ഥരുടെ മനോരോഗമാണ്”, അശ്വിനി ദേവതകളുടെ മകൻ എന്നു് സംശയിക്കപ്പെടുന്ന നകുലൻ പറഞ്ഞു.

“എന്നിട്ടവരുടെ ജൈവവിസർജ്യങ്ങൾ പിറ്റേന്നു് രാവിലെ സംഭരിച്ചു ദൂരെ കൊണ്ടു് പോയി കുഴിച്ചു മൂടുന്ന നിത്യജോലിയും അവൾ തന്നെ ചെയ്യണം”, മറ്റൊരു അശ്വിനി പുത്രൻ സഹദേവൻ പല്ലു് ഞെരിച്ചു.

2015-11-21

“ദുര്യോധനൻ താമസിച്ചിരുന്ന രാജകീയമന്ദിരം നിങ്ങൾ വേണ്ടെന്നു പറഞ്ഞു? എന്താ അവിടെ പ്രശ്നം, സൗകര്യം കുറവാണോ?” കൊട്ടാരം ലേഖിക ഭീമനെ നേരിട്ടു.

“ഇന്നലെ രാത്രി ഞാൻ ഒറ്റക്കവിടെ കിടന്നു. “ അധാർമിക ഗദാപ്രഹരത്തിൽ ഭീമൻ എന്റെ തുടയെല്ലോടിച്ചു അമ്മാ” എന്ന നിലവിളി എങ്ങനെ നിത്യവും കേൾക്കും. അതുകൊണ്ടു് യുദ്ധത്തിൽ ഉപയോഗരഹിതമായ എല്ലാ ആയുധങ്ങളും സൂക്ഷിക്കുന്ന പ്രദർശനശാലയായി അതു് വികസിപ്പിക്കും. വരും യുഗത്തിൽ ജനം അറിയട്ടെ, ജേതാക്കൾ വിജയം ആഘോഷിക്കുമ്പോഴും, കൊല്ലപ്പെടുന്നവന്റെയും കൊല്ലുന്നവന്റെയും ഹൃദയവേദന.”

“ദക്ഷിണാപഥത്തിലെ കരിമ്പനയെക്കാൾ ഉയരത്തിൽ എന്താണൊരു പൂർണകായ വെങ്കല പ്രതിമ? ആരുടെതാണിതു്? കുരുക്ഷേത്രയിൽ ആർക്കുവേണ്ടിയെന്നറിയാതെ ജീവത്യാഗം ചെയ്ത അജ്ഞാതസൈനികന്റെ പാവനസ്മരണക്കൊന്നുമല്ലല്ലോ”, നീണ്ട ഭാരതയാത്ര കഴിഞ്ഞു ഹസ്തിനപുരിയിൽ മടങ്ങിയെത്തിയ കൊട്ടാരം ലേഖിക വിസ്മയിച്ചു.

“പിടിപ്പുകേടിന്റെ പര്യായമായ കൂട്ടുഭർത്താക്കൾ എന്ന നിലയിൽ എന്നോ തല്ലിപ്പിരിയേണ്ട പഞ്ചപാണ്ഡവരെ ഒരു ചൂതുകളിയിൽ ഇരകളാക്കി ജീവകാലം മുഴുവൻ മുട്ടുകുത്തിച്ച ധീരസ്വാതന്ത്ര്യസേനാനി ദുര്യോധനനു് ആരാധകരുടെ ഉപകാരസ്മരണ എന്നു് കരുതൂ”, യുക്തിവാദി ചാർവാകൻ ആശ്വസിപ്പിച്ചു.

2015-11-22

“നിങ്ങൾക്കു് വേറെ പണിയൊന്നുമില്ലേ. പാഞ്ചാലിക്കു വഴി തെറ്റിയ ബന്ധം കൃഷ്ണനോടുണ്ടോ എന്നു് ഞങ്ങൾ എന്തിനു തല പുണ്ണാക്കണം, പാഞ്ചാലിക്കു ഞങ്ങൾ അഞ്ചു പേരോടു് നേർവഴി ബന്ധം ഉണ്ടോ എന്നു് കൃഷ്ണൻ ചോദിക്കുന്നുണ്ടോ?” വന്മരങ്ങൾ കട പുഴകുന്ന പോലെ കൊട്ടാരം ലെഖികക്കു് നേരെ ഭീമൻ പരുഷവാക്കുകൾ എറിഞ്ഞു.

2015-11-23

“വേഷം മാറി യാത്ര ചെയ്യാറുണ്ടോ ചക്രവർത്തി? ഉൾനാടൻ ഹസ്തിനപുരിഗ്രാമങ്ങളിലെ പരുക്കൻ ജനജീവിതമറിയാൻ?”.

“തിരിച്ചറിയാതിരിക്കാൻ എന്തിനു മാറണം വേഷം? രാവുപകലുള്ള ഈ വേഷംകെട്ടു് ഒന്നു് വേണ്ടെന്നു വച്ചാൽ പോരെ?” കൊട്ടാരം ലേഖിക ചോദിച്ചതു് യുധിഷ്ഠിരനോടായിരുന്നെങ്കിലും മറുപടി പറഞ്ഞതു് ചാര വകുപ്പു് മേധാവി നകുലൻ ആയിരുന്നു.

“ആൾമാറാട്ടത്തിനു് പറ്റിയ ആദിവാസിസ്ത്രീയെയും അഞ്ചു ആണ്‍മക്കളെയും തരത്തിനു് കിട്ടിയതു് കൊണ്ടു് നിങ്ങൾ വാരണാവതം അരക്കില്ലം തീ കൊളുത്തി, പുനർജനി ഗുഹ നുഴഞ്ഞു രക്ഷപ്പെട്ടു അല്ലെ?” കൊട്ടാരം ലേഖിക മുനവച്ചു് പാണ്ഡവമാതാവിനോടു് ചോദിച്ചു.

“പത്ര പ്രവർത്തകർക്കു് അടി തെറ്റിയാലും വാക്കു് തെറ്റരുതു്, അതു് ഞങ്ങളുടെ ആൾമാറാട്ടം ആയിരുന്നില്ല, അവരുടെ ആത്മത്യാഗം ആയിരുന്നു.”, ബ്രാഹ്മണസ്ത്രീയായി വേഷം കെട്ടിയ കുന്തി മക്കൾക്കു് ഇച്ചിൽ ഇരന്നു എകച്ചക്രഗ്രാമത്തിൽ ജീവിക്കാനുള്ള പാഠം ക്ഷമയോടെ പഠിപ്പിക്കുന്നതിന്നിടയിൽ കൊട്ടാരം ലേഖികയോടു് ചൊടിച്ചു സംസാരിച്ചു.

2015-11-25

“കൌരവർ നിങ്ങൾക്കു് സ്വൈരം തരുന്നില്ലെന്നാണോ പരാതി“? കൊട്ടാരം ലേഖിക പാഞ്ചാലിയെ വിസ്മയത്തിൽ നോക്കി.” അവർ കടുത്ത ആരാധകർ എന്നല്ലേ നേരത്തെ നിങ്ങൾ മേനി പറഞ്ഞതു്?”

“രാജവധുക്കൾക്കു് ശൌചാലയമില്ലാത്ത ഹസ്തിനപുരിയിൽ, സ്ത്രീകൾ പുലർച്ചയും സന്ധ്യയും നോക്കി വെളിക്കിറങ്ങാൻ കൊട്ടാരസമുച്ചയത്തിനു പിന്നിലെ പൊന്തക്കാടുകളിൽ പതുങ്ങി പതുങ്ങി പോവുമ്പോൾ കാണാം, കിരീടങ്ങൾ ധരിച്ച നൂറോളം കൗരവ തലകൾ ചുറ്റും. ഇതൊക്കെ സ്വാർഥതയില്ലാത്ത ശുദ്ധ സൗന്ദര്യാരാധകർ ആണെന്നു് എത്രനാൾ പ്രചരിപ്പിക്കാൻ എനിക്കാവും?” പാഞ്ചാലിയുടെ സ്വരത്തിൽ അസഹിഷ്ണുത നിറഞ്ഞു.

2015-11-26

“കാളുന്ന വയറുമായി ഞങ്ങൾ അതിരാവിലെ കാട്ടിലേക്കിറങ്ങും, ഉച്ചയാവും വിശപ്പു് മാറ്റി കയ്യിൽ പേരക്കയോ കഴുത്തു് മുറിച്ച കലമാൻ കുഞ്ഞോ ആയി കുടിലിൽ തിരിച്ചെത്താൻ. പ്രകൃതിയുമായി സഹവർത്തിത്വത്തിൽ കഴിയുന്ന കുട്ടികൾ എന്നു് ചെറിയമ്മ മാദ്രി ഞങ്ങളെ ആശീർവദിക്കുമ്പോൾ, അമ്മ കുന്തി കാര്യക്ഷമതയോടെ മാനിന്റെ തൊലി പൊളിച്ചു ഇറച്ചി കനലിൽ ചുട്ടെടുക്കാൻ വച്ചു് കഴിഞ്ഞിരിക്കും. എന്നാൽ ഇന്നു് ഈ വനാശ്രമത്തിൽ പാഞ്ചാലി? വിശപ്പിൽ, പാരവശ്യത്തോടെ ഞങ്ങൾ അക്ഷയപാത്രത്തിൽ അഞ്ചു പേരും ഒരുമിച്ചു കയ്യിട്ടു വാരി തിന്നുമ്പോൾ, പങ്കു ചേരാതെ ഊട്ടുപുരക്കപ്പുറത്തെ കിടപ്പറയിൽ ഞങ്ങളുടെ അപരിഷ്കൃത ഭക്ഷണ രീതിയെ നിന്ദയോടെ കണ്ടു അവൾ മുഖം തിരിക്കും” കുട്ടിക്കാലത്തെ കാടും മധ്യവയസ്സിലെ കാടും ഒന്നു് ഓർത്തെടുക്കാൻ കൊട്ടാരം ലേഖിക പറഞ്ഞപ്പോൾ, ഭീമൻ.

2015-11-27

“ഇതെന്താ ഇങ്ങനെ തകർത്തു് മഴ പെയ്തു പുറത്തിറങ്ങാൻ ആവാതെ മുറിയിൽ ഒതുങ്ങി ഇരിക്കുമ്പോഴും നിങ്ങൾ ആറു പേരും ഒന്നും പരസ്പരം മിണ്ടിപ്പറയുന്നില്ലല്ലോ.” ആശ്രമത്തിനു മുമ്പിലുള്ള കാട്ടുവഴിയിലൂടെ കിഴക്കൻമഴ കുതിച്ചു ചാടിക്കൊണ്ടിരുന്ന തണുത്ത സായാഹ്നം.

“അന്യോന്യം അറിയാത്ത ആ കാലത്തു് എപ്പോഴും വാതോരാതെ അവർ അഞ്ചു പേരും മാറി മാറി എന്നോടു് സംസാരിക്കും. ആളെ മനസ്സിലായപ്പോൾ ആശയവിനിമയവും അങ്ങനെ അവസാനിച്ചു. ആത്മകഥ എഴുതാൻ നിങ്ങളുടെ ക്ഷണം ഞാൻ നിരസിച്ചതു് എന്തു കൊണ്ടാണു് എന്നു് ഇപ്പോൾ വ്യക്തമായില്ലേ”, മുറിയുടെ മുക്കും മൂലയും ചൂലു കൊണ്ടടിച്ചു പൊടിയും പ്രാണിയും നീക്കി കൊട്ടാരം ലേഖികക്കു് കിടക്കാൻ പായ വിരിക്കുന്ന പാഞ്ചാലി അർത്ഥഗർഭമായി പുഞ്ചിരിച്ചു.

2015-11-28

കൊട്ടാരം ലേഖികയുടെ ദിനക്കുറിപ്പു് ഇന്നത്തെ ‘ഹസ്തിനപുരി പത്രിക’യിൽ.

കാറൊഴിഞ്ഞ മാനം, കുളിരുള്ള പ്രഭാതം. ഇതു് കുപ്രസിദ്ധ കുരുവംശആസ്ഥാനം. ഇവിടെ പകൽവെളിച്ചത്തിൽ, പൊതുവേദിയിൽ ഇരുന്നുള്ള സമാലോചനയല്ല പതിവ്, പടുതിരി കത്തുന്ന ഭൂഗർഭഅറയിൽ രണ്ടു മൂന്നു്പേർ അർദ്ധരാത്രിയിൽ അടക്കിപ്പിടിച്ച ആലോചനയാണു്. തേച്ചു മുന കൂട്ടിയ ആയുധങ്ങളുടെയും അവസരോചിതമായ തന്ത്രങ്ങളുടെയും പരീക്ഷണശാലയാണു് ഓരോ കൗരവഹൃദയവും. ഇവിടെ ഇന്നു് പാണ്ഡവ പ്രതിനിധി, നയതന്ത്രത്തിലെ അവസാനഇനമായ വിശ്വരൂപ പ്രദർശനഭീഷണിയുമായി എത്തും എന്നു് ഞങ്ങൾ മാധ്യമ പ്രവർത്തകർ അതിവേഗം മിടിക്കുന്ന ഹൃദയതാളത്തിൽ ആശങ്കപ്പെടുന്നു.

“മുൻ ഭരണകൂടത്തിലെ മുഖ്യദുർമന്ത്രവാദി ദുര്യോധനനെ ഇതുവരെ പുതിയ ചക്രവർത്തി പേരെടുത്തു വിമർശിച്ചിട്ടില്ല എന്നാണു കുതിരപന്തികളിൽ സംസാരവിഷയം. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു.

“അദ്ധ്വാനിക്കണം ഭരണം അംഗീകരിക്കപ്പെട്ടു കിട്ടാൻ എന്ന രാഷ്ട്രമീമാംസയിലെ നയതന്ത്രബാലപാഠം ആവുന്നത്ര പയറ്റുന്ന യുധിഷ്ഠിരൻ ഇപ്പോൾ ഹിമാലയ താഴ്‌വരയിൽ കൗരവ രാജവിധവകൾക്കു സുഖവാസ മന്ദിരങ്ങൾ നിർമിക്കുന്ന നിയോഗത്തിലാണു്. അതെ, ഇന്ദ്രപ്രസ്ഥത്തിലെ ആ വിസ്മയമായൻ തന്നെയാണു് ഇവിടെയും ശില്പി. ഇല്ല, ഇത്തവണ ഞങ്ങൾ വഴുക്കി വീഴാൻ അവിടെ സ്ഥജലഭ്രമം ഉണ്ടാവില്ല”, ജ്യേഷ്ഠനെ പിന്തുടരാൻ രഥത്തിൽ കയറുകയായിരുന്ന ചാരവകുപ്പു മേധാവി നകുലൻ എന്തോ ഓർത്തു പുഞ്ചിരിച്ചു.

2015-11-29

പാഞ്ചാലിയുടെ വ്യക്തിഗത സേവനമികവിനെക്കുറിച്ചു് മാസം തോറും ദുര്യോധനനു് ഔദ്യോഗിക വിലയിരുത്തൽ നല്‍കാൻ ചുമതലപ്പെട്ടിരുന്ന സന്യസ്ഥൻ ഇന്നലെ കൊട്ടാരം ലേഖികയോടു്:

പന്ത്രണ്ടു വർഷം വനമേഖലയിലെ ഞങ്ങളുടെ സന്യസ്ഥാശ്രമങ്ങളിൽ ശൌചാലയശുചിത്വം കാര്യക്ഷമമായും പരാതിരഹിതവുമായും നിർവഹിച്ചുവന്ന വനിതയാണിനി കുരുവംശത്തിലെ യുദ്ധാനന്തര ഹസ്തിനപുരി ചക്രവർത്തിനി എന്നു് കേട്ടു. ഞങ്ങളാരും അവിശ്വസിക്കുന്നില്ല.

കൗരവ അടിമയായിരുന്നു നിയമപരമായി അക്കാലത്തവൾ എങ്കിലും, കുലീനമായ ശരീരഭാഷയും വല്ലപ്പോഴും മാത്രം കേട്ട സംസ്കൃത വാമൊഴിയും ഞങ്ങളിൽ ഉണ്ടാക്കിയിരുന്നതു് വിസ്മയമായിരുന്നു: എന്തു് പാപം എപ്പോൾ ചെയ്തതു് കൊണ്ടാവാം ഒരു ദേവസ്ത്രീയെ പോലെ സുന്ദരിയായ ഈ വ്യക്തിക്കിങ്ങനെ ഒരു ശിക്ഷ രാജ്യം ഭരിക്കുന്ന ധൃതരാഷ്ട്രർ കല്പിച്ചതു്?

2015-12-01

“പരാതി കേൾക്കാൻ പാണ്ഡവർ ചെവി തരുമോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“വാ തുറന്നാൽ കോട്ടുവായിടും. സംസാരിച്ചു തുടങ്ങിയാൽ ചെവിയിൽ വിരലിടും. ചെവിക്കാട്ടം നഖത്തിൽ പടർന്നതു് ഉടുതുണിയിൽ തേക്കും. വിടാതെ പരാതി പറഞ്ഞാൽ മുറ്റത്തു ഓടിക്കളിക്കുന്ന വെള്ള മുയൽ ഒന്നിനെ ചാടിപ്പിടിച്ചു കഴുത്തിൽ കടിച്ചു ചോര വായിലേക്കൊഴിച്ചു ലഹരിയിൽ കണ്ണുരുട്ടും. കൂടുതൽ പറഞ്ഞാൽ തൊലി പൊളിച്ചു കനലിൽ ചുട്ടു തരാൻ പറയും.”

പൊട്ടിച്ചിരിച്ചു കൊണ്ടാണു് പാഞ്ചാലി സംസാരിച്ചതെങ്കിലും കരിങ്കൽ ചീളുകൾ പോലെ ഓരോ വാക്കും മുറിയിൽ ചുവർ ചാരി അലസരായി ഇരുന്ന പാണ്ഡവരുടെ മുഖത്തു് തെറിച്ചു ചോര പൊടിഞ്ഞു.

2015-12-01

“വിവേകവചനങ്ങളുടെ തമ്പുരാൻ ഇന്നു് പാർശ്വവല്കൃത പാണ്ഡവർക്കു് വേണ്ടി സംസാരിക്കുന്നു എന്നറിഞ്ഞു ഞാൻ പ്രഭാത ഭക്ഷണം ഒരു പേരക്കയിൽ ഒതുക്കി രാജസഭയിൽ ഓടി കയറി ചെന്നു”, കൊട്ടാരം ലേഖികയുടെ ശബ്ദം ഉച്ചത്തിലായി.

“എന്നിട്ടു് ഹസ്തിനപുരി പത്രികയിൽ തലക്കെട്ടായി ഉപയോഗിക്കാൻ ഒരു വിദുരവാക്യമോ മറ്റോ തടഞ്ഞുവോ?” പത്രാധിപർ കൈ കൊണ്ടു് മുഖമുയർത്തി.

“രാജസഭയിൽ ശ്രോതാവും സാന്നിധ്യവുമായി ഞാൻ മാത്രം. കൌരവർ നൂറു പേരും വിനോദയാത്രയിൽ, ഭീഷ്മർ സുഖചികിത്സയിൽ, ധൃതരാഷ്ട്രർ.”, തലതാഴ്ത്തിയ പത്രാധിപരെ കണ്ടു ലേഖിക വായടച്ചു.

2015-12-02

“നിങ്ങൾ സന്യാസികൾ ഇവിടെ രാജമന്ദിരത്തിൽ ഇടിച്ചു കയറുന്നതെന്തിനു്?” കോപത്തെക്കാൾ വിസ്മയത്തോടെ സൈനികൻ കൊട്ടാരവാതിലിൽ ആഗതരെ വഴി തടഞ്ഞു.

“ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത ഒരു ജനാധിപത്യസംഭവം ഇവിടെ ഉണ്ടായെന്നു ഗുരു പറഞ്ഞു ഞങ്ങൾ അറിഞ്ഞു. കഴിഞ്ഞ പന്ത്രണ്ടു കൊല്ലങ്ങളായി ഞങ്ങളുടെ വനാന്തര സന്യസ്ഥാശ്രമങ്ങളിൽ നിന്നും നിത്യവും രാവിലെ മനുഷ്യവിസർജ്യം കാര്യക്ഷമതയോടെ സംഭരിച്ചു ദൂരെ പരാശ്രയമില്ലാതെ കുഴിച്ചിട്ടിരുന്ന ഒരു കറുത്ത സ്ത്രീ ഹസ്തിനപുരം ചക്രവർത്തിനി ആയെന്നു കേട്ടു്, ഒന്നു് കണ്ടു അനുഗ്രഹിക്കാൻ വന്നതാണു്. ഒപ്പം അവരുടെ മടിയൻ ഭർത്താക്കന്മാർ അഞ്ചുപേരെ ഒന്നു് കുടയുകയും വേണം.”

2015-12-03

ഹസ്തിനപുരി പത്രിക.

“തക്ഷശിലയിൽ നിന്നു് ഒരു സംഘം രാഷ്ട്രമീമാംസാവിദ്യാർത്ഥികൾ ഇന്നലെ എന്നെ കാണാൻ വന്നപ്പോൾ ചോദിച്ചു, നിങ്ങൾ നൂറു കൌരവർ തിന്നും കുടിച്ചും ആർമാദിക്കുക എന്ന നീണ്ടകാല കുരുവംശ സ്ഥാപിത താൽപ്പര്യത്തിന്റെ തടവിലാണോ എന്നു്. അത്യുന്നത ആഗോള സർവകലാശാലയിലെ കുട്ടികൾക്കു് ഇതാണു് ഞങ്ങളെക്കുറിച്ചു് ധാരണയെങ്കിൽ, കാട്ടിൽ ജനിച്ചു കായ്കനികൾ തിന്നു വളർന്ന കൌന്തെയർക്കെന്തറിയാം കൌരവർ നൂറു പേരും സാമ്രാജ്യത്തിന്റെ നൂറു പ്രവിശ്യകളിൽ വികസനത്തിന്റെ പോർമുഖം തുറന്നിരിക്കയാണു് എന്നു്. ഹസ്തിനപുരി മഹാനഗരപ്രവിശ്യ എന്റെ നേരിട്ടുള്ള സംരക്ഷണയിലാണു്. ഒന്നേ എനിക്കു് നോക്കേണ്ടതുള്ളൂ, കൌരവരെ സ്ഥാനഭ്രുഷ്ടരാക്കി ചെങ്കോൽ തട്ടിയെടുക്കാൻ ഒരുങ്ങുന്ന പഞ്ചപാണ്ഡവർ ക്കു് ആഴ്ചയിൽ ഏഴു ദിവസവും പണി കൊടുക്കുക.”

“അഭയാർഥി കളായി ഹസ്തിനപുരിയിൽ എത്തിയ ശേഷം അച്ഛന്റെ ജ്യേഷ്ഠൻ ധൃതരാഷ്ട്രർ നിങ്ങളോടൊക്കെ വാത്സല്യത്തോടെ ഇടപഴകിയിരുന്ന ഓർമ വല്ലതും?” ഉപേക്ഷയോടെ കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. നായാടിക്കൊണ്ടുവന്ന കലമാനിനെ വെട്ടിപ്പൊളിക്കയായിരുന്നു വനാശ്രമത്തിന്നടുത്ത ഊട്ടുപുരയിൽ ആ വൃകോദരൻ.

“നൂറു മക്കളെയും അവരുടെ മണം കൊണ്ടു് തിരിച്ചറിഞ്ഞവൻ എന്നു് പരസ്യമായി മേനി പറഞ്ഞിരുന്ന ആ അന്ധൻ വലിഞ്ഞൊന്നു ആലിംഗനം ചെയ്തു കൈവിരലുകൾ മണത്തു, പെട്ടെന്നു് എന്നെ ഉന്തി മാറ്റി, എന്താടാ വൃത്തികെട്ടവനെ നിന്റെ വിരൽനഖങ്ങൾക്കിയിൽ കാട്ടുമൃഗങ്ങളുടെ ചോരമണം എന്നയാൾ ഞെട്ടലോടെ ഒച്ചവച്ചു. അതോടെ വാത്സല്യത്തിന്റെ ആ സുദിനം എന്നെന്നേക്കുമായി അവസാനിച്ചു.”, തൊലി പൊളിച്ച മാനിറച്ചി ഭീമൻ കനലിൽ വച്ചു് ചോര പടർന്ന കൈകൾ മാംസദാഹത്തിൽ കൂട്ടിത്തിരുമ്മി.

2015-12-04

“മാംസപാചകം ഒക്കെ പാണ്ഡവർ സ്വയം ചെയ്യണം അല്ലെ, നിങ്ങൾ മൃഗമാംസം തിന്നില്ല എന്നറിയാം, എന്നാൽ ഊട്ടുപുരയിൽ ഒന്നു് സഹായിക്കാറുമില്ല?” കൊട്ടാരം ലേഖിക, അദ്ധ്വാനിക്കുന്ന ഭീമനെയും മറ്റു നാലു് പേരെയും നോക്കി, പാഞ്ചാലിയോടു് മാംസളമായ കാലുഷ്യത്തോടെ ചോദിച്ചു.

“അവരിലൊരാൾ പണ്ടൊക്കെ പതിവായി നായാടിക്കൊണ്ടുവന്ന മൃഗത്തെ കഴുത്തറത്തു് തൊലി പൊളിച്ചു കുടൽ നീക്കി കഴുകി വൃത്തിയാക്കി കനലിൽ ചുട്ടു പൊരിച്ചു ഇലയിൽ പൊതിഞ്ഞു ഞാൻ ചുമന്നു കൊണ്ടു് പോകണം, താഴെ ജലാശയത്തിൽ നീരാടുന്ന അവരുടെ വായിൽ കഷണം കഷണമായി ഇട്ടു കൊടുക്കാൻ. ജലജീവികളെ പോലെ അവർ ഒന്നൊന്നായി വന്നു വാ തുറന്നു ഇറച്ചി തിന്നു കുറച്ചു എല്ലു് മാത്രം എന്റെ കയ്യിൽ തുപ്പും, പിന്നെ വീണ്ടും വെള്ളത്തിലേക്കു് കുതിക്കും. എനിക്കു് കുളിക്കാൻ നേരമാവുംപോഴേക്കും അവർ വെള്ളം കലക്കും, എന്റെ കയ്യിൽ കുറെ ഇച്ചിൽ ഇലകൾ മാത്രമാവും”, നർത്തകിയുടെ അത്യാകർഷകമായ കൈമുദ്രകളോടെ പാഞ്ചാലി അവളുടെ പരാജയപ്പെട്ട മാംസപരീക്ഷണം അവതരിപ്പിച്ചു.

“വളരെ കഷ്ടപ്പെട്ടല്ലേ നിങ്ങൾ കൌരവരെ തുരത്തി അധികാരം പിടിച്ചെടുത്തതു്? പിന്നെ എന്താ ഇങ്ങനെ പെട്ടെന്നു് ഒരു വാനപ്രസ്ഥ പരിപാടി? കുടുംബ കലഹം വല്ലതും?”, കൊട്ടാരം ലേഖിക കൈ ഉയർത്തി അർദ്ധനഗ്ന പൌരൻ യുധിഷ്ഠിരന്റെ ശ്രദ്ധയാകർഷിച്ചു.

“പത്തു കൊല്ലം എന്നെ രാജസൂയ ചക്രവർത്തി ആക്കിയ ചില അസാധാരണ സാഹചര്യങ്ങൾ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ടായതു് നിങ്ങൾ ജനിക്കും മുമ്പായിരുന്നതു് കൊണ്ടു് കേട്ടറിവേ കാണൂ. മായൻ നിർമിത കൊട്ടാരം ഉണ്ടായിരുന്നു പക്ഷെ നാട്ടിൽ നികുതി തരാൻ വരുമാനമുള്ള ജനം ഉണ്ടായിരുന്നില്ല. വരുമാനം കൂട്ടാൻ ചൂതാട്ടമാണു് എളുപ്പ വഴി എന്നറിഞ്ഞു ഹസ്തിനപുരിയിൽ ചെന്നു് കളിച്ചു. ഒരു രാത്രി കൊണ്ടു് എല്ലാം പോയി കൗരവ അടിമകളായി.”

“മൊത്തം മഹാഭാരത കഥ കേൾക്കാൻ ഇപ്പോൾ സമയമില്ല സുഹൃത്തേ. ചെങ്കോൽ പരീക്ഷിത്തിനു എറിഞ്ഞു നാടു് വിടാൻ നിങ്ങളും ഭാര്യയും തീരുമാനിച്ചതു് ജനപിന്തുണയില്ല എന്ന തിരിച്ചറിവിലാണു് എന്നു് കേട്ടതു് ശരിയല്ല അല്ലെ? ചെങ്കോൽ തന്നില്ലെങ്കിൽ പാമ്പിനെ വിട്ടു കടിപ്പിക്കും എന്നു് പരീക്ഷിത്തു് പേടിപ്പിച്ചു അല്ലെ”, പൊട്ടിച്ചിരിച്ചു കൊണ്ടു് കൊട്ടാരം ലേഖിക പുതിയ സത്യപ്രതിജ്ഞ ചടങ്ങിലേക്കു് തിരിച്ചു ‘.

“അമ്മയെ എന്തു് കൊണ്ടു് ഇന്ദ്രപ്രസ്ഥത്തിലേക്കു് ഞങ്ങൾ കൂടെ കൊണ്ടു് പോയില്ലെന്നൊ? കൊള്ളാം, എങ്ങനെ വരും അമ്മ ഞങ്ങളുടെ കൂടെ? കല്യാണം കഴിഞ്ഞു കുറച്ചു നാൾ ഹസ്തിനപുരിയിൽ ഒരുമിച്ചു താമസിച്ചിരുന്ന ഇടവേളയിൽ, കൊട്ടാരം ഊട്ടുപുരയിൽ പോയി മൂന്നു നേരം ഊണും കഴിഞ്ഞു, പുൽത്തകിടിയിൽ വർത്തമാനം പറഞ്ഞിരിക്കുകയാണു് ഞങ്ങൾ. പെട്ടെന്നു് പാഞ്ചാലി ഭീമന്റെ നേരെ നോക്കി, ആരാ നിങ്ങളുടെ അച്ഛൻ? എന്നു് വിരൽ ചൂണ്ടി കുന്തിയോടു് മുന വെച്ചു് പൊട്ടിച്ചിരിച്ചു. ധിക്കാരം നിറഞ്ഞ ഓരോ ചോദ്യവും അമ്മയെ അവഹേളിക്കുന്ന പോലെ തോന്നി. പക്ഷെ നവദാമ്പത്യത്തിന്റെ മാസ്മരികതയിൽ ഒന്നും മിണ്ടിയില്ല. കാലൻ, വായു, ഇന്ദ്രൻ, അശ്വനി ദേവതകൾ ഇങ്ങനെ ഓരോ ചോദ്യത്തിനു കിട്ടിയ ഉത്തരത്തിലും പാഞ്ചാലി മെയ് കുലുക്കി, കൈകൾ വിടർത്തി, ആർത്തുല്ലസിച്ചു. കുന്തി അന്നു് പാഞ്ചാലിക്കു മുമ്പിൽ തല താഴ്ത്തിയതാണു്. പിന്നെ ഉയർന്നില്ല”, നകുലൻ കൊട്ടാരം ലേഖികക്കു് നല്‍കിയ അഭിമുഖത്തിൽ നിന്നു്.

2015-12-05

“പാണ്ഡവരുടെ ഭിന്നപിതൃത്വത്തെ നിങ്ങൾ പരസ്യമായി നിന്ദിച്ചു എന്നാണു ആകുലനകുലൻ പരാതി പറയുന്നതു്. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക പാഞ്ചാലിയെ ഉപചാരതോടെ പിടികൂടി.

“ഇളമുറപാണ്ഡവൻ എന്ന നിലയിൽ എന്റെ സവിശേഷ പരിലാളന ആസ്വദിച്ചു ഇക്കാലവും സന്തുഷ്ട പാഞ്ചാലീ ദാമ്പത്യത്തിന്റെ ഏക ഗുണഭോക്താവു് എന്നു് എന്റെ മറ്റു നാലു ഭർത്താക്കന്മാരോടു് നിർല്ലജ്ജം മേനി പറഞ്ഞിരുന്ന നകുലൻ തന്നെ വേണം ഇപ്പോൾ പാണ്ഡവരുടെ വൈവിധ്യ പിതൃത്വത്തിന്റെ ധാർമിക സംരക്ഷണം ഏറ്റെടുക്കാൻ. കിടപ്പറ സാഹസങ്ങളെക്കുറിച്ചു് അവനു തുടി കൊട്ടി പാടണം, എന്തിനു ഞാൻ അതിനിപ്പോൾ തടയിടണം”, പാഞ്ചാലിയുടെ ശരീരഭാഷ വൽസലഭാവങ്ങൽ പ്രകടിപ്പിച്ചു.

’രാജസൂയ യാഗം ചെയ്തു അധികാരത്തിൽ എത്തിയ ഉടൻ നിങ്ങൾ അയൽരാജ്യങ്ങളെ പ്രതിസ്ഥാനത്തു് നിർത്തി, യമുന ഹസ്തിനപുരിയുടെ മാത്രം ജലസ്രോതസ്സു എന്നു് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. കുടിവെള്ളത്തിനു സാമന്തരാജ്യങ്ങൾ പാടുപെടുമ്പോൾ നിങ്ങൾ യമുനാതീരമാകെ സൈനികപ്രതിരോധം തീർത്തു. ജലദേവത പ്രതികാരത്തിൽ നിങ്ങളെ ശിക്ഷിച്ചതാണോ ചൂതുകളിയും ചക്രവർത്തി പദവി നഷ്ടവും?” കൊട്ടാരം ലേഖിക യുധിഷ്ഠിരനെ വിചാരണ ചെയ്തു.

“അതീത ശക്തികളുടെ ആക്രമണത്തിൽ ഇന്ദ്രപ്രസ്ഥം യമുനയിൽ മുങ്ങിത്താണു എന്നു് പറയാഞ്ഞതിനു ഹസ്തിനപുരി പത്രികക്കു് സ്തുതിയായിരിക്കട്ടെ.”

2015-12-06

“പാണ്ഡവർ ഭാണ്ഡം തൂക്കി കാട്ടിൽ പോയതോടെ ഇന്ദ്രപ്രസ്ഥം ഇനി എന്തു് ചെയ്യാനാണു് കൌരവർ ഉദേശിക്കുന്നതു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഖാണ്ഡവപ്രസ്ഥം എന്ന പ്രകൃതിസൌഹൃദ ആവാസവ്യവസ്ഥയിലെ കൊടുംകാടു് കത്തിച്ചുണ്ടാക്കിയ ദുരന്ത കുടിയേറ്റഭൂമിക എന്ന നിലയിൽ അതിനെ പരിസ്ഥിതി വിനാശത്തിന്റെ ഓർമ്മക്കായി ഹസ്തിനപുരിയുടെ ഒരു പ്രവിശ്യയായി നില നിർത്തും. മായൻ നിർമിത അസ്വാഭാവിക മന്ദിരങ്ങളിൽ കൊടുംകുറ്റവാളികളെ തടവിലിടും.”, കൊട്ടാരം വക്താവു് ഇന്ദ്രപ്രസ്ഥം പ്രവിശ്യയുടെ ഭൂപടം ചുവരിൽ നിവർത്തി.

“കുരുക്ഷേത്രവിധവകൾ കൂട്ട ആത്മഹത്യ ചെയ്യുന്നു എന്നാണു യമുനയിലെ മുക്കുവർ നിത്യവും നേരിട്ടു് വന്നു ഞങ്ങളെ അറിയിക്കുന്നതു്. തിരിച്ചടി ഭയന്നു് അവർ കൊട്ടാര ഗോപുര വാതിലിൽ വന്നു വ്യവസ്ഥാപിത വഴിയിൽ കാര്യം പറയാൻ കൂട്ടാക്കുന്നില്ല. എങ്ങനെ പ്രതികരിക്കുന്നു പാണ്ഡവ ഭരണകൂടം?” രാജസഭയിലെ ശൂന്യവേളയിൽ സ്ഥിരം ക്ഷണിതാവു് എന്ന നിലയിൽ കൊട്ടാരം ലേഖിക.

വൈകാരിക ഉള്ളടക്കമുള്ള ഇത്തരം ചോദ്യം തീർച്ചയായും നേരത്തെ എഴുതി തരണം എന്നു് ഔദ്യോഗിക വക്താവു് നകുലൻ. സാധ്യമല്ലെന്നു് ലേഖികയും. ഹസ്തിനപുരി പത്രികയുടെ വായടപ്പിക്കാൻ പറ്റിയ രീതിയിൽ നകുലനുവേണ്ടി ഒരു ചുട്ട മറുപടി എഴുതിക്കൊടുക്കാൻ ഉത്തമരാജ്യതാൽപ്പര്യത്തിൽ വായനക്കാരെ ക്ഷണിക്കുന്നു.

2015-12-07

“കൗരവപക്ഷത്തു് പോരാടി, കൊട്ടാരത്തിൽ ജീവനോടെ തിരിച്ചെത്തി, തുറുങ്കിൽ പോവാതെ പഴയ ആചാര്യപദവി നേടിയെടുത്ത ആളല്ലേ നിങ്ങൾ, പുതിയ ചക്രവർത്തി യുധിഷ്ഠിരൻ ആളെങ്ങനെ?” കൃപാചാര്യനെ കൊട്ടാരം ലേഖിക, മുട്ടു് കുത്തി കൈ മുത്താതെ നിന്ദയോടെ ചിറി കോട്ടി അശ്രദ്ധമായി അഭിവാദ്യം ചെയ്തു.

“സിംഹാസനത്തിൽ നിവർന്നിരുന്നാൽ തന്നെ വലതുവശത്തെ ചുവരിലെ രഹസ്യജാലകം വഴി ഗോപുരവാതിൽ വരെയുള്ള വിസ്തൃത കൊട്ടാരഭൂമിക അയാൾക്കു് നിഷ്പ്രയാസം കാണാവുന്നതേയുള്ളൂ, എന്നാൽ ഒളിക്കാഴ്ച തന്നെ വേണം. അതിനു ഇടതു ചുവരിൽ നകുലൻ ഒഴികെ വേറെ ആരും അറിയാതെ മായൻ നിർമ്മിത രഹസ്യനോട്ടവഴിയുണ്ടാക്കി. രാജസഭയിൽ ഞങ്ങൾ ദുരിതജീവിതപ്രശ്നങ്ങൾ അവതരിക്കുമ്പോൾ അയാൾ ഒളിനോട്ടത്തിലൂടെ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു് കാണാനാവാത്ത സൂക്ഷ്മലോക കാഴ്ചകളുമായി രസിച്ചു ജീവിച്ചു മുന്നേറുന്നു”, പെട്ടെന്നു് ചുറ്റും നോക്കി നകുലചാരന്മാരെ ഭയന്നു്, മേലാകെ അമ്പു് കൊണ്ടു് വിണ്ടു കീറിയ ആ ദരിദ്ര ബ്രാഹ്മണവൃദ്ധൻ കൈകൾ മാറിൽ പിണച്ചു കെട്ടി ഉച്ചത്തിൽ നാമജപം തുടങ്ങി.

2015-12-08

“സിംഹാസനത്തിൽ ഇരുന്നില്ല, ഉടൻ തുടങ്ങിയോ ദുര്യോധനവിധവയെ ഭീഷണിപ്പെടുത്താൻ?” യുധിഷ്ഠിരനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.

“കുരുക്ഷേത്രത്തിൽ നിന്നു് നടന്നു ഇവിടെയെത്തിയ ഞങ്ങൾ ഇന്നലെ അന്തിയുറങ്ങിയതു് കുന്തിയുടെ കുടിലിൽ ആണെന്നു് നിങ്ങൾക്കു് അറിയാമോ? ദുര്യോധനന്റെ ഔദ്യോഗിക വസതി ഒന്നു് ഒഴിപ്പിച്ചു കിട്ടാൻ, നകുലൻ ഭീമനോടൊപ്പം രാത്രി ചെന്നപ്പോളാണു് അറിയുന്നതു്, യുദ്ധത്തിനു മുമ്പു് തന്നെ ഹസ്തിനപുരി കൊട്ടാര സമുച്ചയം വ്യാജരേഖയുണ്ടാക്കി ധൃതരാഷ്ട്രർ ദുര്യോദനഭാര്യക്കു് ഇഷ്ടദാനം കൊടുത്തിരിക്കുന്നു. യുദ്ധം ജയിച്ചു അധികാരം പിടിച്ച ഞങ്ങൾ എവിടെ താമസിക്കണം, ഇനി എന്തു് ചെയ്യണം?” പൊള്ളുന്ന ചെങ്കോൽ ഒരു കയ്യിൽ നിന്നു് മറ്റൊന്നിലേക്കു മാറ്റി യുധിഷ്ഠിരൻ കൊട്ടാരം ലേഖികയെ നിസ്സഹായതയിൽ തുറിച്ചു നോക്കി.

2015-12-09

“ഹസ്തിനപുരി കൊട്ടാരസമുച്ചയം ദുര്യോധനഭാര്യക്കു് ധൃതരാഷ്ട്രർ കുരുക്ഷേത്രയുദ്ധത്തിനു മുമ്പു് ഇഷ്ടദാനം കൊടുത്തപ്പോൾ മറ്റു കൌരവവധുക്കൾ ഒന്നും ആ അന്യായതിന്നെതിരെ എതിർപ്പു് പറഞ്ഞില്ലേ?” കൊട്ടാരം ലേഖിക ഗുരു കൃപാചാര്യനോടു് തട്ടിക്കയറി.

“ആണുങ്ങൾ യുദ്ധത്തിൽ മരിച്ചാലും വിധവകൾ നൂറുപേരും അനാഥരാവാതിരിക്കാൻ വേറെ നിയമവഴിയില്ലെന്നു ഒരൊറ്റ കൗരവ കൂട്ടുകുടുംബ രഹസ്യ യോഗത്തിൽ ബോധ്യപ്പെടുത്താൻ ദുര്യോധനനു് കഴിഞ്ഞു എന്നതാണു് ആശയവിനിമയമികവിൽ ശ്രദ്ധേയം, ഞാൻ മനസ്സിരുത്തി ദുര്യോധനനെ കൊച്ചുനാൾ മുതൽ പഠിപ്പിച്ചതിന്റെ സദ്ഫലം”, കൃപാചാര്യൻ കുടിലിനു മുമ്പിലെ കട്ടിലിൽ ഇരുന്നു യുദ്ധ മുറിവുകളിൽ തൈലം പുരട്ടി. ഇനി യമുനയിൽ ചെന്നു് പാപങ്ങൾ കുറെ തേച്ചു കളയണം.

2015-12-11

“ഭക്ഷണം ഒന്നും ആയില്ലേ”, പുകയും ചൂരുമില്ലാത്ത, ഒഴിഞ്ഞ ഊട്ടുപുരയിലെ കോണിൽ, ശോഷിച്ച ശരീരവും നിർജീവചലനങ്ങളുമായി, ഒരു പാത്രത്തിൽ നിന്നു് ധാന്യം നിലത്തിട്ടു കല്ല് പെറുക്കുന്ന രണ്ടു വൃദ്ധപാചകരുടെ അരികെ ചെന്നു്,ഭീമൻ ഒച്ച വച്ചു് ചോദിച്ചു.

“ഇതു് ഇന്നലെ രാത്രി ഒരു കർഷകന്റെ ധാന്യപ്പുരയിൽ നിന്നു് മോഷ്ടിച്ചു് കൊണ്ടു് വന്നതാണു്. കല്ലൊക്കെ ഒന്നു് പെറുക്കി, തിളപ്പിക്കട്ടെ, ആദ്യം ചക്രവർത്തിക്കു് വിളമ്പും, ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്കു്”, വിരക്തി നിറഞ്ഞ നോട്ടത്തോടെ വൃദ്ധൻ വൃകോദരനോടു് പറഞ്ഞു.

“തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടുവാരാൻ വനാശ്രമത്തിലെ ഊട്ടുപുരയിൽ അക്ഷയപാത്രം ഉണ്ടായിരുന്ന ആ സുവർണ്ണകാലം ഓർമ വരുന്നു അല്ലെ?” സംഭാഷണം കേട്ടു് മുന്നോട്ടു വന്ന കൊട്ടാരം ലേഖിക ഒരു കരിമ്പിൻ തണ്ടു് ചവക്കാൻ ഭീമനു് നല്‍കി.

2015-12-14

“കൊട്ടാരഗുരു കൃപാചാര്യനുമായി ആലോചിക്കാതെ എന്തു് ആഭിചാരക്രിയക്കാണു് നീ പരിഷ്കൃതനഗരമായ ഹസ്തിനപുരിയിൽ പരസ്യമായി തയ്യാറെടുക്കുന്നതു്?, ചക്രവർത്തി ദീനസ്വരത്തിൽ പാഞ്ചാലിയോടു് ചോദിച്ചു.

“കാശിയിൽ പോയി ശ്രാദ്ധം ചെയ്തതു് കൊണ്ടൊന്നും കൗരവ പ്രേതങ്ങൾ വിട്ടൊഴിയുന്നില്ലെന്നതിനു തെളിവല്ലേ നിങ്ങൾ അഞ്ചു പേരും അർദ്ധരാത്രിയിൽ നിലവിളിച്ചു ഞെട്ടിയുണർന്നു പുലരും വരെ ഇരുന്നു കിതക്കുന്നതു്? വേറെ മുറിയിൽ പോയി കിടന്നിട്ടും ഇതൊക്കെ അറിഞ്ഞു ഞാനും ഉറങ്ങിയിട്ടു് നാളെത്രയായി. അങ്ങനെയിരിക്കുമ്പോഴാണു് ദക്ഷിണഭാരതത്തിൽ നിന്നൊരു ബ്രാഹ്മണമാന്ത്രികൻ വന്നു എന്നോടു് പറഞ്ഞതു്, കൗരവപ്രേതങ്ങൾ നൂറു പേരെയും ആവാഹിച്ചു തിരിച്ചു കൊണ്ടു് പോയി മലനട എന്നയിടത്തു് കുടങ്ങളിൽ കുടിയിരുത്താം, പിന്നെ അവരുടെ ഉപദ്രവം ഉണ്ടാവില്ല. വിഗ്രഹപ്രതിഷ്ഠയില്ലാത്ത ക്ഷേത്രം എന്ന നിലയിൽ നാം ആ സമുച്ചയം അഭിവന്ദ്യ ദുര്യോധനനു് സമർപ്പിക്കും. അതിന്റെ ചെലവു ഈ നമ്പൂതിരി (അങ്ങനെയാണു് ഈ പ്രശസ്ത മാന്ത്രികൻ ആ നാട്ടിൽ അറിയപ്പെടുന്നത്) ചോദിക്കുന്നതു് കൊടുത്താൽ അവസാനിക്കും ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂതബാധ”, പാഞ്ചാലി പതുക്കെ ഓരോ വാക്കും കൈ ചലനങ്ങളോടെ അർത്ഥപൂർണമാക്കി സംസാരിക്കുമ്പോൾ, അർദ്ധനഗ്നബ്രാഹ്മണൻ വെറ്റില മുറുക്കിയ ചുണ്ടുകൾ തുറന്നും അടച്ചും തുടയിൽ താളം പിടിച്ചു.

2015-12-16

“യുദ്ധത്തിൽ ഭർത്താക്കന്മാർ അഞ്ചുപേരും കൊല്ലപ്പെടുന്ന ഒരു സാഹചര്യം നിങ്ങളുടെ വൈധവ്യത്തെ എങ്ങനെ ബാധിക്കുമെന്നാണു് സങ്കല്പിക്കുന്നതു്? “കൊട്ടാരം ലേഖിക ചോദിച്ചു,” പാഞ്ചാല രാജ്യത്തിലേക്കു് മടങ്ങുമോ?”

“പാണ്ഡവമരണങ്ങൾ എന്റെ ഭാവിജീവിതസാധ്യതകളെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം സജീവ ആന്തരികജീവിതം ഇക്കാലവും ഞാനെന്നിൽ വളർത്തിയതു് തുണയാകുമെന്നാണു് ഊഹിക്കുന്നതു്. ഇത്രയധികം ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ, വേണ്ടിവന്നാൽ പുനർവിവാഹവും പരിഗണിക്കും, വിവാഹസൽക്കാരം ഹസ്തിനപുരി പത്രികയിലൂടെ ലോകത്തെ അറിയിക്കാൻ മുൻവരിയിൽ കണ്ണും തുറന്നു കൂട്ടുകാരനൊപ്പം ഉണ്ടാവില്ലേ നീയും?” പൊരിഞ്ഞ പോരാട്ടം നടക്കുന്ന കുരുക്ഷേത്ര യുദ്ധഭൂമിക്കു് പിന്നിൽ, ഉച്ചവെയിലിൽ, പാഞ്ചാലി വിജനയമുനയിൽ മലർന്നു കിടന്നു നീന്തി കൊട്ടാരം ലേഖികക്കു് നേരെ കൈ വീശി.

2015-12-18

“അഭയാർഥികളായി കാട്ടിൽ നിന്നു് വന്ന പാണ്ഡവക്കുട്ടികളെ അന്ധചക്രവർത്തി പരിചയപ്പെട്ട രീതി നീ നോക്കിയോ? വിദുരരെ അടുത്തു് നിർത്തി ഓരോ കുട്ടിയോടും മുഖം തലോടി പേരു ചോദിക്കും, എന്നിട്ടു് ‘ഈ കുട്ടിയുടെ അച്ഛൻ ആരാ’ എന്നു് മൃദുവായി ആരോടെന്നില്ലാതെ പിറുപിറുക്കും” യുദ്ധകാര്യലേഖകൻ പറഞ്ഞു.

“ഏറി വന്നാൽ ഏകപത്നീവൃതക്കാരനായ ജ്യേഷ്ഠൻ പാണ്ഡവപിതൃത്വത്തെ കുറിച്ചു് അന്തഃപുരത്തിൽ കേട്ടറിവുള്ള കാര്യങ്ങൾ വച്ചു് വസ്തുതാപരമായി സഹോദരവിധവയോടു വിശദീകരണം വാക്കാൽ തേടി എന്നല്ലേ നമുക്കു് പറയാനാവൂ. “, കൊട്ടാരം ലേഖിക സംശയിച്ചു,” അതോ, പാണ്ഡവബാലന്മാരുടെ പിതൃത്വം കുന്തിയുടെ പരമ രഹസ്യം അതിൽ നിങ്ങൾ കൈവക്കേണ്ട എന്നു് ചക്രവർത്തിയോടു് പറയണോ.”

2015-12-19

ഇന്നു് ‘ഹസ്തിനപുരി പത്രിക’യിൽ കണ്ടതു്.

“കൗരവ ഭരണകാലത്തു് ഈ കൊട്ടാരം ഊട്ടുപുര ഓടി വന്നു ഭക്ഷണം വാരിക്കോരി വായിലിടാൻ വെറുമൊരു തീൻശാല മാത്രമായിരുന്നുവോ, അതോ, പ്രകൃതി സൌഹൃദ ജീവനത്തിന്റെ രുചിഭക്ഷണ പ്രദർശനമോ? കരിമ്പിൻ നീരും പേരക്കയും കഴിച്ചു കൌരവർ പുരാതന കുരുവംശത്തെ എങ്ങനെ നവ പാണ്ഡവ അധിനിവേശത്തിൽ നിന്നു് രക്ഷിക്കാൻ സംഘടിത സമസ്ത ഭാരത പ്രതിരോധമുറ ഒരുക്കണമെന്നു് ആലോചിച്ചിരുന്ന, ദേശസ്നേഹത്തിന്റെ ജ്വാല തെളിഞ്ഞ ആ സുവർണ നാളുകൾ എവിടെ, കഴുത്തറത്തു് ചോരയൂറ്റിക്കുടിച്ചു ചുട്ടു തിന്നാൻ തീകാത്തു് ചത്ത മുയലും മാനും കൂട്ടിയിട്ട ഈ പാണ്ഡവ അറവുശാല എവിടെ.”

2015-12-20

“മനുഷ്യാവസ്ഥയല്ലേ, യുധിഷ്ഠിരൻ ഇന്നു് കാലം ചെയ്യുകയാണെങ്കിൽ പിന്തുടർച്ച ആർക്കാണു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്ദ്രപ്രസ്ഥത്തിൽ എന്റെ പദവി ചക്രവർത്തിനി എന്നായിരുന്നു എന്നോർക്കുമല്ലോ, അല്ലാതെ ഗാന്ധാരിയെ പോലെ മഹാറാണി എന്നല്ല. രാജസൂയയാഗത്തിൽ പങ്കെടുത്തു ചക്രവർത്തിനി പദവി കിട്ടിയതു് ഭർത്താവിന്റെ ചിതയിൽ ജീവിതം ഹോമിക്കാനല്ല. യാഗാഗ്നിയിൽ നിന്നുയർന്ന ഞാൻ ഹസ്തിനപുരിയുടെ പൂർണ ഭരണയന്ത്രം തിരിക്കാനും സജ്ജ”, ഗംഗയിൽ പണിപ്പെട്ടു നീന്തിക്കൊണ്ടിരുന്ന യുധിഷ്ഠിരനു് പാഞ്ചാലി കാര്യക്ഷമമായ നീക്കത്തിൽ പിടിച്ചു കയറാൻ ഒരു കയർ കൃത്യമായി എറിഞ്ഞു കൊടുത്തു.

2015-12-23

മുതിർന്ന മൂന്നു പാണ്ഡവരുടെ രഹസ്യ തീരുമാനം ഹസ്തിനപുരി പത്രികയിൽ.

’ദുരൂഹപിതൃത്വത്തിന്റെയും ശരീരവലിപ്പച്ചെറുപ്പത്തിന്റെയും പെരുമാറ്റകാപട്യത്തിന്റെയും ദാമ്പത്യഅവിശ്വസ്തതയുടെയും ദുസ്സൂചനയിൽ ഞങ്ങൾ മുതിർന്ന മൂന്നു് പാണ്ഡവരെ അകറ്റി ഇളമുറ നകുല സഹദേവൻ മാർക്കു് മാത്രം ദാമ്പത്യത്തിൽ സവിശേഷ രതിപരിഗണന കൊടുത്തു സഹജീവിതം ദുരിതമാക്കുന്ന പാഞ്ചാലിയുടെ കുത്സിത ശ്രമം ശ്രദ്ധയിൽ പെടാഞ്ഞിട്ടല്ല. കിടപ്പറരഹസ്യം ചോർത്തി കൗരവരാജ വധുക്കൾക്കു് അന്തഃപുരത്തിൽ പറഞ്ഞു രസിക്കാൻ പാണ്ഡവദൂഷണം എഴുതാൻ പണിപ്പെട്ടു വനാശ്രമത്തിൽ ഇടയ്ക്കിടെ തല നീട്ടുന്ന കൊട്ടാരം ലേഖികയെ ഇനിയെങ്കിലും പാഞ്ചാലി പടിക്കു് പുറത്തു നിർത്തിയിട്ടില്ലെങ്കിൽ പാണ്ഡവർ സ്ത്രീവിരുദ്ധർ എന്ന അപഖ്യാതിഭീഷണി തള്ളി ഞങ്ങൾ ഇടപെടും.”

2015-12-29

“കുരുവംശത്തിന്റെ ആയിരം വർഷങ്ങൾ എന്ന ആര്യാവർത്ത ആഘോഷത്തിന്റെ തലേന്നു് തന്നെ വേണമായിരുന്നോ ശന്തനുഭാര്യ സത്യവതിയെ കുറിച്ചു് നിങ്ങൾ ഇല്ലാക്കഥകൾ ഹസ്തിനപുരി പത്രികയിൽ എഴുതാൻ? വിവാഹപൂർവ ഗർഭവും, ശന്തനുവുമായി കണ്ണിൽ ചോരയില്ലാതെ വിലപേശി രാജാവകാശി ദേവദത്തനെ നിത്യബ്രഹ്മചാരിയാക്കലും ക്ഷയരോഗിയായ മകൻ വിചിത്രവീര്യൻ മരിച്ചപ്പോൾ വിധവയെക്കൊണ്ടു് വിരൂപ മുനി വ്യാസനെ വിളിച്ചു കൂടെ കിടത്തി സന്തതികളെ ഉണ്ടാക്കലും, പനി പിടിച്ച ഭാവനയിൽ കൊട്ടാരം ലേഖിക എഴുതിയുണ്ടാക്കിയ ഓരോ കെട്ടു കഥയും ഞങ്ങൾ “ഭാവനാസൃഷ്ടി” എന്നു് ഉടൻ തെളിയിക്കും”, ചക്രവർത്തി യുധിഷ്ഠിരൻ പരുക്കൻ വാക്കുകൾ പരസ്യമായി പ്രയോഗിച്ചു.

“എന്തിനൊഴുക്കണം മനുഷ്യച്ചോര കൂട്ടുകുടുംബ സ്വത്തുതർക്കം തീർക്കാൻ, വരൂ ഭീമാ നമുക്കൊരു ആലിംഗന സമരത്തിലേർപ്പെടാം എന്ന നിർദേശവുമായി ധൃതരാഷ്ട്രർ അതാ രാജസഭയിൽ.” കൊട്ടാരം ലേഖിക എഴുന്നേറ്റു നിന്നു് കൈമാടി യുദ്ധകാര്യലേഖകന്റെ ശ്രദ്ധയാകർഷിച്ചു.

“എന്റെ അന്നം മുടക്കുമോ ഈ അന്ധൻ”, ഇതു് വരെ യുദ്ധം കാണാത്ത യുദ്ധകാര്യലേഖകൻ തൊഴിൽ സാധ്യത ചുരുങ്ങുന്നതിൽ പരിഭ്രമിച്ചു.

2015-12-30

“ഇതെന്താ നിയുക്തചക്രവർത്തിയും നാലനുജന്മാരും ഊട്ടുപുരയിലൊരു പാതിരാസമ്മേളനം?” യുദ്ധം ജയിച്ചു വന്ന പഞ്ചപാണ്ഡവരെ കൊട്ടാരം ലേഖിക മുട്ടുകുത്തി ഉപചാരപൂർവ്വം കൈ മുത്തി.

“അരമനയിൽ പെട്ടൊന്നൊരു മാംസക്ഷാമം, കഥാവശേഷനായ പ്രിയ അർദ്ധസഹോദരൻ അഭിവന്ദ്യ ദുര്യോധനന്റെ പ്രശസ്ത ഗോസമ്പത്തിൽ യുദ്ധത്തിനു ശേഷം ആകെ ബാക്കി വന്നതു് കാലാവധി കഴിഞ്ഞ ഒരു വിത്തുകാള. ഈ കൊടും തണുപ്പിൽ ഞങ്ങൾ പക്ഷെ അതൊരു വരദാനമായി കണ്ടു. ഭീമൻ ഒന്നാഞ്ഞു അദ്ധ്വാനിക്കേണ്ടി വന്നു, കൊഴുത്ത മൃഗത്തിനെ അറുത്തു തൊലി പൊളിക്കാൻ. നകുലൻ കരവിരുതോടെ കുടലും പണ്ടവും നീക്കി കനലിൽ വച്ചു. പാകമാകാൻ കാത്തിരിക്കയാണു്. ഒരു പങ്കിനു നീയും നീട്ടുന്നോ ഒരില?” യുധിഷ്ഠിരൻ കൈ അവൾക്കു നേരെ സ്വാഗതം ചൊല്ലി നീട്ടി.

2015-12-31

“മാരകായുധങ്ങൾ ഒളിപ്പിച്ചു വക്കാൻ പരവതാനി വിരിച്ചിട്ടില്ലാത്ത പരുക്കൻ നിലത്തു അർദ്ധനഗ്നനായി ചമ്രം പടിഞ്ഞിരുന്നു ചൂതുകരു വിരലുകൾക്കിടയിൽ തിരുപ്പിടിപ്പിച്ചു, വിരുന്നുവന്ന രാജസൂയചക്രവർത്തിയെ ഒരൊറ്റ സന്ധ്യ കൊണ്ടു് കുടുംബമടക്കം അടിമകളാക്കി കാട്ടിലേക്കു് വ്യാഴവട്ടക്കാല അടിമ ജീവിതത്തിനയച്ച തന്ത്രശാലിയായിരുന്നു ദുര്യോധനൻ എന്നു് ഇളമുറ അർദ്ധസഹോദരൻ.

നൂറോളം കൗരവ രാജവിധവകളുടെ ദുഃഖ സാന്ദ്രമായ സാനിധ്യത്തിൽ, പൌരാണിക സ്നാന ഘട്ടത്തിൽ ശ്രാദ്ധം ചെയ്തു അനുസ്മരണ പ്രഭാഷണം ചെയ്യുകയായിരുന്നു മാദ്രിപുത്രൻ നകുലൻ.

“അടുത്ത വർഷം ശ്രാദ്ധം ഹസ്തിനപുരിയിൽ പൈതൃക ഉത്സവമായി ആഘോഷിക്കും. ദുര്യോധനനു് ഗംഗാതീരത്തു് വീരസ്ഥലി എന്ന സ്മാരകഘട്ടം നിർമ്മിക്കും. മണ്മറഞ്ഞ ആ ധീരകൗരവ പോരാളിയുടെ ദീപ്ത സ്മരണ പുതുതലമുറ ഹസ്തിനപുരിക്കു് ദിശാബോധം പകരും.”

“ഇടയ്ക്കിടയ്ക്കു് നമ്മുടെ ഈ മാദ്രിപുത്രൻ നകുലൻ. ഇരു കൈകളിലും സുന്ദരമുഖം ഒളിപ്പിച്ചു കോട്ടു വായിടുന്നതു് അരികെ നിന്ന എന്റെ ഈ ‘ദീപ്തനേത്രങ്ങൾ’ കണ്ടെത്തി”, കൊട്ടാരം ലേഖിക കൂട്ടുകാരനോടു്.

Colophon

Title: Koṭṭāram lēkhikayuṭe abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).

Author(s): K P Nirmalkumar.

First publication details: Facebook as daily posts; Internet; 2016.

Deafult language: ml, Malayalam.

Keywords: Mahabharata retold, K P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 15, 2022.

Credits: The text of the original item is copyrighted to K P Nirmalkumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: K P Nirmalkumar; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.