images/kpn-bharatham-xml-cover.jpg
The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na).
ഭാഗം രണ്ടു്

“വനാശ്രമത്തിൽ വരുമ്പോഴെല്ലാം, ചൂടൻ ഉദ്ധരണികളുമായി അഭിമുഖങ്ങൾ തൂലിക നിറയെ നിങ്ങളിൽ നിന്നു് കിട്ടുമായിരുന്നു, യുദ്ധം ജയിച്ചു ഹസ്തിനപുരി ചക്രവർത്തിനിയായപ്പോൾ എന്താ ഞങ്ങൾ മാധ്യമങ്ങളെ ഒക്കെ മടുത്തുവോ?” കൊട്ടാരം ലേഖിക നീണ്ട വരിയിൽ ക്ഷമയോടെ നിന്നു് കിട്ടിയ അഞ്ചു നിമിഷത്തിൽ മുട്ടു് കുത്തി കൈമുത്തി വേദനയോടെ ചോദിച്ചു.

“സന്യസ്ഥാശ്രമങ്ങളിലെ ജൈവമാലിന്യം നിത്യവും രാവിലെ കലത്തിൽ ചുമന്നു സംസ്കരിക്കുന്ന ആ അടിമ ജീവിതം ഇന്നത്തെ ഉത്തരവാദിത്വ ജീവിതം നോക്കുമ്പോൾ എത്ര ലഘു. ഗംഗയാർ ഒഴുകുന്ന നാടെങ്കിലും, എന്തെല്ലാം ശ്രദ്ധിക്കണം, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, പുതിയ സ്രോതസ്സുകള്‍ ഉണ്ടാക്കല്‍, സസ്യവൈവിധ്യ വികസനം, മഴക്കുഴി നിര്‍മാണം, ചാലുകളുടെ അരികുസംരക്ഷണം, പാഴ്ഭൂമി പുനരുദ്ധാരണം, കാര്‍ഷിക വനവത്കരണം, ഇതിനിടയിലെവിടെ പ്രിയ സുഹൃത്തേ എനിക്കു് സമയം ഓടി നടന്നു നാടു് ഭരിക്കുന്ന പഞ്ചപാണ്ഡവരെ അടക്കിപ്പിടിച്ച ശബ്ദത്തിൽ ഹസ്തിനപുരി പത്രികയോടു് പഴി പറയാൻ”, പാഞ്ചാലി അടുത്ത സന്ദർശകയുടെ അഭിവാദ്യം സ്വീകരിക്കേ പുഞ്ചിരിയോടെ ചോദിച്ചു.

“കൌരവരെ ചതിയിൽ കൊന്നു് ചെങ്കോൽ കൈവശപ്പെടുത്തിയ പാണ്ഡവർ ഇതാ ഞങ്ങൾക്കു് ഇന്നു് മുതൽ മദ്യവും നിഷേധിക്കുന്നു, ഗാന്ധാരം മുതൽ മഗധ വരെ നൂറോളം രാജകുടുംബങ്ങളിൽ നിന്നു് വധുക്കളായി ഹസ്തിനപുരിയിൽ എത്തിയ ഞങ്ങളുടെ ബഹുസ്വര സ്വത്വം അംഗീകരിച്ച വിദുരർ, ഞങ്ങൾക്കു് തീൻശാലയിൽ കഴിക്കാൻ ഗോമാംസവും കുടിക്കാൻ മദ്യവും പുകക്കാൻ ലഹരിയും അനുവദിച്ചതു് ദശാബ്ദങ്ങൾക്കു് മുമ്പായിരുന്നു എന്ന ചരിത്രവസ്തുത തള്ളി, ധാർമികതയുടെ മൊത്തക്കച്ചവടം ഏറ്റെടുത്ത യുധിഷ്ഠിരന്റെ ഒത്താശയോടെ ഇന്നു് മുതൽ നിരോധനം ഏർപ്പെടുത്തി. നൂറു പേരും സമ്മതം എഴുതി രാജസഭയിൽ പരസ്യമായി കൊടുക്കാത്ത പക്ഷം കുടിയൊഴിപ്പിക്കൽ ഭീഷണിയും. ഹസ്തിനപുരി പത്രിക ഞങ്ങളെ തുണക്കില്ലേ.”

2016-01-02

ദുര്യോധനൻ കൊട്ടാരം ലേഖികയോടു്;

“ഞാനും യുധിഷ്ഠിരനും തമ്മിൽ, നിങ്ങൾ പലരും തെറ്റിദ്ധരിക്കും പോലെ, അങ്ങനെ ശത്രുതയൊന്നും ഇല്ല, ജീവിതവീക്ഷണത്തിൽ അൽപ്പം വ്യത്യാസം മാത്രമേ ഉള്ളൂ. ഇപ്പോൾ ഉച്ചയായില്ലേ ഞാൻ കൊട്ടാരം തീൻശാലയിൽ ചെല്ലുന്നു എന്നു് വക്കൂ. ഭക്ഷണം എല്ലാം വിശപ്പുള്ളവർ നേരത്തേ വന്നു ചൂടോടെ അകത്താക്കി എന്നു് കണ്ടാൽ ഞാൻ, ചൂടാവാതെ കൊട്ടാരത്തിനു് പിന്നിലെ സംരക്ഷിത വനത്തിൽ കയറി ഒരു കാട്ടുപന്നിയെ ശൂലം എറിഞ്ഞു ഇറച്ചി ചുട്ടു തിന്നു കയ്യും മുഖവും കഴുകി രാജസഭയിൽ പോവും. എന്നാൽ യുധിഷ്ഠിരൻ? വാരനാവതത്തിനു തീ കൊളുത്തി രാത്രി കണ്ടനിടവഴികളിലൂടെ തലയിൽ മുണ്ടിട്ടു കുടുംബത്തോടൊപ്പം ഒളിച്ചോടി, ഏകചക്ര ഗ്രാമത്തിൽ പോയി എന്താണു് അന്നം നേടാൻ ചെയ്തതു്? തല മൊട്ടയടിച്ചു ബ്രാഹ്മണവേഷം കെട്ടി ഇരന്നു. ഇതാണു് കൌരവരും പാണ്ഡവരും ജീവിതവീക്ഷണത്തിൽ ഉള്ള വ്യത്യാസം. തിരക്കുണ്ടു്, കൊട്ടാരത്തിലെ ഉദ്യാനത്തിൽ ചാലു് കീറി നീർക്കെട്ടു് നീക്കണം, ഇന്നും പെയ്യും പെരുമഴ എന്നു് മാനം പറയുന്നു.”

“ലയനമാണു് ഞാൻ നിർദേശിക്കുക, യുദ്ധമല്ല. അതോ രാജ്യവിഭജനമാണോ വേണ്ടതെന്നു എന്നു് പോരടിക്കാൻ കയ്യോങ്ങുന്നവരോടു് എങ്ങനെ ഞാൻ പറയും എന്നോ? പക്ഷം പിടിക്കാൻ ശത്രുക്കൾ ചെവിയോർക്കുന്നുവോ? ഓങ്ങിയ വാൾ പാണ്ഡവർ ഉറയിൽ ഇടണം, വാൽ ചുരുട്ടണം, നിബന്ധനകൾ ഇല്ലാതെ കൌരവരിൽ പൂർണമായി ലയിക്കണം. നൂറ്റുവർ നൂറ്റഞ്ചു പേരായാലും ഉണ്ടാവില്ലേ പോരും കുറുമ്പും എന്നോ? ലയനം പൂർത്തിയായ അന്നു് തന്നെ പാണ്ഡവർ അഞ്ചു പേരും പൊതുഭാര്യയുമൊത്തു് വടക്കുപടിഞ്ഞാറൻ ഹിമാലയ ചുരങ്ങളുടെ സ്ഥിരം ദ്വാരപാലകരാവും. അവിടെ അവർ തട്ടകം സ്ഥാപിക്കും മായൻ നിർമിത കൊട്ടാരത്തിൽ സ്ഥലജലഭ്രമം ഇല്ലാതെ പെറ്റു പെരുകും, വരും യുഗത്തിൽ യുദ്ധക്കൊതിയന്മാർ സ്വത്തു് തർക്കത്തിനു് കായികബലം കൊണ്ടു് പരിഹാരം തേടുമ്പോൾ കൗരവ-പാണ്ഡവലയനം അവർക്കു് രാഷ്ട്രമീമാംസയിൽ അതിജീവന മന്ത്രമാവും.”

പുലിയിറങ്ങുന്ന ആ ഹിമാലയ താഴ്‌വരയിൽ, കുരുവംശ അതിർത്തിയിൽ, മരക്കെണി കെട്ടി ഇരയായി ആട്ടിൻകുട്ടിയെ വിട്ടു് രാത്രി ഉറക്കമിളച്ചു കർഷകർക്കു് കൂട്ടായിരുന്ന ദുര്യോധനൻ ഒരു കൊച്ചുകുട്ടിയെ പോലെ അഭിലാഷങ്ങൾ രാവേറെ ചെല്ലും വരെ കൊട്ടാരം ലേഖികയുമായി പങ്കിട്ടു. മൂടൽമഞ്ഞും വിളറിയ നിലാവും ആ വനമേഖലയെ പക്ഷെ വിചിത്ര ദൃശ്യമാക്കി.

2016-01-03

“എപ്പോഴാണു് നിങ്ങൾക്കു് പാഞ്ചാലിയോടു്, ഇനി നമുക്കു് വേണമെങ്കിൽ പിരിയാം എന്നു് ഉള്ളിന്റെ ഉള്ളിൽ തോന്നിത്തുടങ്ങിയതു് എന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക അപകടസാധ്യതയുള്ള വിഷയവുമായി, അങ്ങനെ അടുക്കാൻ സമ്മതിക്കാത്ത അർജ്ജുനനെ സമീപിച്ചു.

“സ്വർഗരാജ്യത്തിൽ നിന്നു് നീണ്ടകാല സുഖജീവിതത്തിനുശേഷം ഭൂമിയിൽ ഞാൻ മടങ്ങി എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും, അവൾ എന്നോടു് ആ സ്വർഗീയജീവിതാനുഭവങ്ങളെ കുറിച്ചു് ഒരക്ഷരം ചോദിച്ചില്ല എന്നതു് എന്നെ വല്ലാതെ സ്പർശിച്ചു. മറ്റു നാലു സഹോദരർ താടി ചൊറിഞ്ഞു ഓരോന്നു് മാറി മാറി ചോദിക്കും, അതിനു ഞാൻ നേരെ ചൊവ്വേ പറയുന്ന മറുപടികൾ കേട്ടു് അവർ “ശരിക്കും?” എന്നു് പുരികം ഉയർത്തി സംശയത്തോടെ പ്രതികരിക്കും, അപ്പോൾ ഞാൻ കൂടുതൽ വിശ്വാസ്യതക്കു് കൂടുതൽ സൂക്ഷ്മവിവരം നല്കും, പക്ഷെ പാഞ്ചാലി…” ആ തണുത്തു് വിറയ്ക്കുന്ന ശിശിരത്തിലും ധീരപോരാളി വൈകാരികവിക്ഷോഭത്തിൽ വിയർത്തു.

“പ്രശംസിച്ചാലും നിങ്ങളുടെ മുഖം പ്രസന്നമാവുന്നില്ല എന്നാണു പാണ്ഡവരുടെ പരിഭവങ്ങൾ കൂട്ടി വായിക്കുമ്പോൾ എനിക്കു് മനസ്സിലാവുന്നതു്”, ജലക്രീഡക്കായി കുന്നിൻചുവട്ടിലെ നീർക്കെട്ടിലായിരുന്നു പാഞ്ചാലി. മരക്കൂട്ടങ്ങൾക്കിടയിലൂടെ ആകാശം തെളിഞ്ഞിരുന്നു.

“സദ്യ നന്നായിരുന്നു എന്നവർ വിസ്തരിച്ചു പ്രശംസിക്കും, അതു് കേട്ടു് സന്തോഷിക്കാൻ അക്ഷയപാത്രത്തിലെ വിഭവങ്ങൾ പാചകം ചെയ്തതു് ഞാനാണോ? ഊണു് കഴിഞ്ഞു കൈ കഴുകിയാലും അവരുടെ നോട്ടം പാത്രത്തിൽ ആയിരിക്കും, ആകസ്മിക സന്ദർശനത്തിനു എഴുന്നെള്ളുന്ന കോപിഷ്ഠ മുനികളെ കരുതി ഞാൻ എന്നും രാത്രി പട്ടിണി കിടക്കണം. വെറും വയറ്റിൽ തലചായ്ക്കാൻ അർദ്ധരാത്രിയിൽ ഞാൻ നോക്കുമ്പോൾ കാണാം അവരവരുടെ പായയുമായി അഞ്ചു പേരും എന്റെ മുമ്പിൽ വരി നിൽക്കുന്നതു്”, മലർന്നു കിടന്നാണു് പാഞ്ചാലി തെളിനീരിൽ നീന്തിയതെങ്കിലും ആ മുഖഭാവം കൊട്ടാരം ലേഖികക്കു് വ്യക്തമായില്ല.

“യുധിഷ്ഠിരൻ വാളും കുന്തവും നിലത്തിട്ടു എതിർചേരിയിലേക്കു് നടന്നുചെന്നു് ഭീഷ്മരെ ഇതാ സാഷ്ടാംഗം വീണു വന്ദിക്കുന്നു, അയാൾ മടങ്ങുമ്പോൾ ചാടിപ്പിടിച്ചു ബന്ദിയാക്കിയാൽ, പാണ്ഡവരുമായി മുഷിഞ്ഞു വിലപേശി വലിയ ആൾനാശ ഭീഷണിയുള്ള ഈ പോരാട്ടം ഒഴിവാക്കാം എന്ന രഹസ്യ നിർദേശം ഹസ്തിനപുരി പത്രിക യുദ്ധകാര്യ ലേഖകൻ ചെവിയിൽ മന്ത്രിച്ചതു് നിങ്ങൾ ആലോചനയില്ലാതെ തള്ളിക്കളഞ്ഞതിന്റെ ഫലം”, ഭീമഗദയുടെ മാരകപ്രഹരശേഷിയിൽ തുടയെല്ലൊടിഞ്ഞു, ചളിയിൽ പുളഞ്ഞു നിലവിളിക്കുന്ന ദുര്യോധനനെ നോക്കി കൊട്ടാരം ലേഖിക പറഞ്ഞു, “ഇനിയെങ്കിലും ഉത്തമ പത്രപ്രവർത്തകരെ രാജ്യതന്ത്രത്തിൽ നിന്നു് ആട്ടിയോടിക്കരുതു് കുരുവംശ നവഭരണാധികാരികൾ.”

2016-01-04

“യുധിഷ്ഠിരന്റെ അച്ഛനെ ഒന്നു് ഓർത്തെടുക്കാമോ? കേട്ടറിവുമായി യോജിക്കുന്നുണ്ടോ എന്നറിയാനാണു്”, അന്തഃപുരത്തിൽ സ്വകാര്യമായി കണ്ടുമുട്ടിയപ്പോൾ കുന്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കാട്ടിലെ ഒറ്റമുറിയിൽ ഞാനും ഭർത്താവും മാദ്രിയും. നീണ്ടു നിവർന്നു കിടക്കാനൊന്നും സൗകര്യം ആയിട്ടില്ല. ചെങ്കോൽ ഉപേക്ഷിച്ചു കാട്ടിൽ കുടിയേറിയ കാലം. ഒന്നു് കണ്ണടച്ചു് തുറന്നപ്പോൾ, ജാലകത്തിലൂടെ ഒരു കയർ നീണ്ടു് അരികെ വന്നു. ഉടൻ അകത്തേക്കു് ക്ഷണിച്ചില്ലെങ്കിൽ കയറിൽ കുടുക്കി യമപുരിയിലേക്കു് ലൈംഗിക അടിമയായി കൊണ്ടു പോകുമെന്നു് ആഗതൻ മൃദുവായി ഭീഷണിപ്പെടുത്തിയപ്പോൾ, ജീവിതമോഹം കെട്ടിട്ടില്ലാത്ത ആ യുവതയിൽ ഞാൻ സന്ദർശകനെ കൈ നീട്ടി സ്വീകരിച്ചു. എന്റെ ആദ്യ വിവാഹപൂർവ രതിയിൽ സൂര്യൻ ചെയ്തതൊക്കെ വിവാഹബാഹ്യരതിയിൽ കാലനും ചെയ്തു. ഭർത്താവും മാദ്രിയും അതൊക്കെ കണ്ണു് മിഴിച്ചു കണ്ടുവോ, അതോ പോത്തിൻപുറത്തു് വന്ന ഭീകരനെ കണ്ടു വിറച്ചു ഉറക്കം നടിച്ചു കിടന്നുവോ എന്നറിയാനാവാത്ത വിധം അവർ പിറ്റേന്നു് പെരുമാറി. കയറുമായുള്ള കാലന്റെ വരവു് യുധിഷ്ഠിരനെ ഗർഭം ധരിക്കും വരെ തുടർന്നു. പിന്നെ ആളെ കാണാതായി. ഗർഭത്തിന്റെ ഉത്തരവാദിത്വം ഭർത്താവു് സന്തോഷത്തോടെ ഏറ്റെടുത്തു.”

“കേട്ടതു് കൃത്യം. മരണദേവതക്കു സ്തുതിയാരിക്കട്ടെ.”

“ഹസ്തിനപുരി പ്രതിരോധവകുപ്പു് പ്രതിരോധത്തിൽ ആവുന്ന ഒരു വൻപ്രതിസന്ധിയുടെ കാലം”, അങ്ങനെയാണോ അതിർത്തി കടന്നു നുഴഞ്ഞു കയറിയ പാണ്ഡവചാരന്മാർ പുലർച്ച ആയുധപ്പുര കൊള്ളയടിച്ചതിനെ ഞങ്ങൾ വിശേഷിപ്പിക്കേണ്ടതു്?, കൊട്ടാരം ലേഖിക ചോദിച്ചു.

“കാലാവധി കഴിഞ്ഞ ആയുധങ്ങൾ ശത്രുക്കൾക്കു് കൊള്ളയടിക്കാൻ പാകത്തിൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം കെണിയായി ഒരുക്കിയതു്, കൃത്യം നകുലനും സംഘവും പാടുപെട്ടു വന്നു കെട്ടിപ്പൊക്കി ചുമലിൽ വച്ചു് കൊണ്ടുപോയതാണോ നിങ്ങൾ ഹസ്തിനപുരി ആയുധപ്പുര കൊള്ളയടിച്ചു എന്നു് പറഞ്ഞു വക്കുന്നതു്?”, ദുര്യോധനന്റെ കൊച്ചുമകൻ സർവാധികാരി പൊട്ടിച്ചിരിച്ചു.

2016-01-05

“ചോദിക്കണം എന്നു് വിചാരിക്കും, മാദ്രരാജാവു് ശല്യൻ, പറഞ്ഞു വന്നാൽ നകുലമാതാവു് മാദ്രിയുടെ ജ്യേഷ്ഠനല്ലേ?, പിന്നെ എങ്ങനെ യുദ്ധത്തിൽ കൌരവസഖ്യമായി?”, കൊട്ടാരം ലേഖിക എന്തോ ആലോചിച്ചു വിഷമിക്കുന്ന പോലെ തോന്നി. കുരുക്ഷേത്രത്തിൽ പ്രാദേശിക ഭരണകൂടം യുദ്ധത്തിനുള്ള അടിസ്ഥാന സൌകര്യങ്ങളുടെ മുന്നൊരുക്കങ്ങൾ കാര്യക്ഷമതയോടെ ചെയ്യുന്നതു് അവൾ കൌതുകത്തോടെ ശ്രദ്ധിച്ചു. നീണ്ട നിഴലുകൾ വീഴുന്ന ശിശിരകാലത്തിന്റെ തുടക്കമായിരുന്നു. പൊരിച്ച മാട്ടിറച്ചി കിട്ടിയിരുന്നെങ്കിൽ എന്നവൾ കൊതിച്ചു.

“പിൻവാതിൽനയതന്ത്രത്തിന്റെ ബലം എന്നൊക്കെ കൗരവ സൈനിക മന്ത്രാലയവക്താവു് പറയും, പക്ഷെ ഭർത്താവു് കുഴഞ്ഞു വീണു നിര്യാതനായപ്പോൾ ചിതയിൽ മാദ്രി സതി അനുഷ്ടിച്ചതു് കുന്തിയുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയായിരുന്നു എന്നു് കൃത്യമായി ബോധ്യപ്പെടുത്താൻ ദുര്യോധനനു കഴിഞ്ഞു എന്നതു് വസ്തുതയല്ലേ. മുതിർന്ന റാണി എന്ന നിലയിൽ കുന്തി അനുഷ്ടിക്കേണ്ട സതി ഇളമുറ മാദ്രിയെ കൊണ്ടു് ചെയ്യിച്ചതിന്റെ ആ പ്രതികാരഭാവം സ്വതവേ മുൻകോപിയായ ശല്യനിൽ ഒന്നു് ഉറഞ്ഞു തുള്ളി.” തക്ഷശിലയിൽ പഠിച്ച സൈനികശാസ്ത്രം കുരുക്ഷേത്രത്തിൽ എന്നെ തുണക്കുമോ എന്ന പ്രതീക്ഷയിൽ യുദ്ധകാര്യ ലേഖകൻ തണുപ്പിൽ ഇരു കൈകൾ കൂട്ടിത്തിരുമ്മി.

“എന്റെ ഒരു ദിവസത്തെ അസാന്നിധ്യത്തിൽ തന്നെ വേണമായിരുന്നോ അഭിമന്യുവിനെ ചക്രവ്യൂഹത്തിലെ ചെന്നായകൾക്കു് നിങ്ങൾ എറിഞ്ഞു കൊടുക്കാൻ?”, ജീവഹാനി ഭയന്നു് ഓടി ഒളിക്കും മുമ്പു് അനുജന്റെ മകനെ കൌരവർക്കു പീഢിപ്പിച്ചു കൊല്ലാൻ ഇരയാക്കിയ യുധിഷ്ഠിരനെ, ഒളിത്താവളത്തിൽ നിന്നു് മുടിയിൽ വലിച്ചു പുറത്തിട്ട അർജ്ജുനൻ കഴുത്തു് വെട്ടാൻ കയ്യോങ്ങിയപ്പോൾ.

“അംഗീകൃത ആലകളിൽ എല്ലാം തീ അണഞ്ഞുവോ, ഭരണാധികാരി ദുര്യോധനൻ തന്നെ വേണോ കത്തിക്കു് മൂർച്ച കൂട്ടുവാൻ?”, കൊട്ടാരം ലേഖിക ഇരുകൈകളും ഉത്സവാഘോഷം പോലെ ഉയർത്തി. ഭൂഗർഭഅറയിൽ വേഷം മാറി എത്തിയതായിരുന്നു നന്നേ രാവിലെ അതിരഹസ്യഅഭിമുഖത്തിനു.

“കുറച്ചു കാലമായി അവൾ മുനവച്ചു് വനാശ്രമത്തിൽ ചെല്ലുന്ന സന്യസ്ഥരോടു് പറയുന്നു, മുടിയിൽ തേച്ചു പ്രതിജ്ഞ നിറവേറ്റാൻ കൗരവ ചുടുചോര വേണം എന്നു്. ഇനിയരുതു് ആ രക്തഭീഷണി ഞങ്ങൾക്കു് നേരെ. ഇന്നു് രാത്രി തന്നെ അജ്ഞാത സന്ദേശവാഹകൻ അവിടെ നുഴഞ്ഞു കയറി മയക്കുമരുന്നു് നല്കി മുടി നീക്കി മൊട്ടയടിക്കും. ആ നടപടി പൂർത്തിയാവും വരെ നീ ഇവിടെ ബന്ദിയാവും”, ദുര്യോധനൻ കഴുത്തറക്കുന്ന പോലെ പുഞ്ചിരിച്ചു.

“ഇതെന്താണിതു് ഈ പരിപാവന ആശ്രമമുറ്റത്തു് ഇത്രയധികം കുഞ്ഞോമന ആട്ടിൻകുട്ടികൾ? ഇതിനെയൊക്കെ പരിപാലിക്കാനുണ്ടോ വേണ്ടത്ര സമയം അപാരതയെ കുറിച്ചു് എപ്പോഴും ചിന്തിക്കുന്ന സന്യസ്ഥർക്കു്?”, കൊട്ടാരം ലേഖിക വനാന്തരത്തിലെ പാണ്ഡവവസതിക്കടുത്ത സന്യസ്ഥാശ്രമം സന്ദർശിക്കയായിരുന്നു.

“നൂറാടിനും പേരിട്ടിട്ടുണ്ടു് ഭീമൻ. കൌരവരുടെ പേരുകൾ. വിളിച്ചാൽ അവ ഉടൻ വിളികേൾക്കും. ഇവനെ ദുശാസനൻ എന്നു് വിളിച്ചു നോക്കൂ”, സന്യസ്ഥൻ വിചിത്രസ്വരത്തിൽ ക്ഷണിച്ചു. കൊട്ടാരം ലേഖിക ആ പേർ ചൊല്ലി ഒന്നു് വിളിച്ചപ്പോൾ കൂട്ടത്തിൽ നിന്നു് ഒരാടു് അവൾക്കരികിൽ വന്നു നിന്നു.

“എന്നാൽ ഇന്നു് വറുത്തരച്ചു കറി വക്കാൻ ഇവൻ തന്നെയാകട്ടെ നമ്മുടെ തീൻശാലയിലെ മുഖ്യതാരം” സന്യസ്ഥൻ പുറം കുപ്പായക്കീശയിൽ നിന്നു് പെട്ടെന്നു് തിളങ്ങുന്ന കത്തിയൂരി, കഴുത്തറക്കുമ്പോൾ തെറിക്കുന്ന ചോര കൈക്കുമ്പിളിൽ പിടിക്കൂ, സുന്ദരിക്കുട്ടിപാഞ്ചാലിയുടെ കൊഴുത്ത മുടിയിൽ തേക്കാൻ കൊടുക്കാം അല്ലേ, എന്തിനു കുരുക്ഷേത്രം വരെ അക്ഷമയോടെ കാത്തു് നില്ക്കണം?

2016-01-06

“ദൃക്സാക്ഷിയല്ലേ? ദുര്യോധനവധം എങ്ങനെ? വല്ലാത്തൊരു ദൃശ്യാനുഭൂതി തന്നോ?”, നകുലനെയാണു് കൊട്ടാരം ലേഖിക വിടാതെ കുരുക്ഷേത്രത്തിൽ നിന്നു് പിന്തുടർന്നതു്. യുദ്ധം കഴിഞ്ഞു ജീവനോടെ രക്ഷപ്പെട്ട ആറേഴു പേരുള്ള പാണ്ഡവ സംഘത്തിൽ ഒരാൾ.

“വിശന്നു വലഞ്ഞിരുന്ന ബകനെ മരം പിഴുതു അടിച്ചു കൊന്നു എന്നതും, പ്രണയിനിയെ പ്രതീക്ഷിച്ചു പരിമളം പുരട്ടി രാത്രിയിൽ വന്ന കീചകനെ ആൾമാറാട്ടം വഴി മലർത്തിക്കിടത്തി ശ്വാസം മുട്ടിച്ചു കൊന്നു എന്നതും ഐതിഹ്യപ്പെരുമയിൽ പറഞ്ഞുശീലിച്ച ഞാൻ, ദുര്യോധനനെ ഭീമൻ ആക്രമിക്കുന്നതു് കണ്ടു പലപ്പോഴും ഞെട്ടിപ്പോയി. ഒരു സാമ്യവും ഇല്ലായിരുന്നു ഈ അർദ്ധസഹോദരരുടെ പോരാട്ടമികവിനു. ഓരോ ഭീമഗദാപ്രഹരവും ഉന്നം തെറ്റി മരക്കുറ്റികളിലും ചളിക്കുഴിയിലും പതിച്ചു. ചിലപ്പോൾ ദുര്യോധനഗദയുടെ നിഷ്ഠൂര പ്രഹരവേദന സഹിക്കാനാവാതെ ഭീമൻ വീണുരുണ്ടു. അതിനിടയിലൊരു രഹസ്യസന്ദേശം ആകാശചാരികളിൽ നിന്നു് ആംഗ്യഭാഷയിൽ ഭീമൻ സ്വീകരിക്കുന്ന പോലെ ഇപ്പോളൊരു നേരിയ ഓർമ, ഉടനൊരു ഗദാപ്രഹരം ദുര്യോധനന്റെ അരക്കു താഴെ പൊട്ടുന്നതും. കണ്ണു് തിരുമ്മി ഞാൻ മിഴിച്ചു നോക്കിയപ്പോൾ ദുര്യോധനൻ തുടയെല്ലു് പൊട്ടിവീണു വാവിട്ടു അമ്മാ, അമ്മാ എന്നു് നിലവിളിക്കുന്നു. ആ രംഗം കാണാനാവാതെ ഞങ്ങൾ ഭീമനെ വാരിപ്പെറുക്കി കിതച്ചു പാഞ്ഞു. പണ്ടു് വസ്ത്രാക്ഷേപത്തിൽ കണ്ട പോലെ എന്തോ ഒരു പ്രത്യക്ഷം”, പറഞ്ഞു പറഞ്ഞു നകുലൻ പരവശനായി.

2016-01-07

“കരിമ്പുപാടത്തു് ചവച്ചു തുപ്പിയ ചണ്ടിക്കൂട്ടത്തിന്നിടയിൽ നിന്നു് ഞങ്ങൾ പൊക്കി അഞ്ചു ഭീകരരെ. മതികെട്ടുറങ്ങിയ അഞ്ചിലൊരുത്തന്റെ ശരീരഭാരം സഹിക്കാനാവാതെ വടം കെട്ടി ഞങ്ങൾ സംഘം ചേർന്നു് വലിക്കേണ്ടി വന്നു. ഇപ്പോൾ തീറ്റ കൊടുത്തു് അഞ്ചു പേരെയും ഒരു വിധം തളച്ചിരിക്കയാണു്”, ഗ്രാമത്തലവൻ ഹസ്തിനപുരി കൊട്ടാരഗോപുരവാതിലിൽ നിന്ന യുവസർവാധികാരിയെ വിവരം അറിയിച്ചു.

“തുറന്നു വിടൂ. വ്യാസൻ എഴുതാൻ ആഗ്രഹിക്കുന്ന പോലെ പോകട്ടെ അവരുടെ ഇനിയുള്ള ജീവിതം. വമ്പിച്ച സഖ്യകക്ഷിസൈന്യവുമായി പടയോട്ടത്തിലൂടെ ഞങ്ങൾ കൌരവരെ യുദ്ധം ചെയ്തു തോല്പ്പിക്കും എന്നു് ന്യായമായും കരുതിയ ഈ നീണ്ടകാല കുടുംബശത്രുക്കൾ അഞ്ചു പേരും, ഒരു നേരത്തെ അന്നം തേടിയാണോ ഇക്കണ്ട ദൂരമൊക്കെ വിരാടത്തിൽ നിന്നു് വലിഞ്ഞു നടന്നു ഹസ്തിനപുരി അതിർത്തി ഗ്രാമത്തിൽ നുഴഞ്ഞു കയറിയതു്”, ദുരോധനന്റെ കൊച്ചു മകൻ സർവാധികാരി മൂക്കത്തു് വിരൽ വച്ചു.

“അപ്പോൾ തങ്കപ്പെട്ട ഒരു പ്രണയമൂല്യവും നിങ്ങൾ ഭീമനിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല?”, താഴെ തടാകത്തിലേക്കൊഴുകുന്ന നീർച്ചാലിൽ കാൽ വച്ചു് കിന്നരിക്കുകയായിരുന്നു കൊട്ടാരം ലേഖിക.

“പരിപൂർണ ആശ്രിതത്വം, അതൊന്നു പോരെ പ്രണയാഭിലാഷങ്ങളിനിയും പൂവണിഞ്ഞിട്ടില്ലെന്ന പരിദേവനത്തിലും എന്റെ മുമ്പിൽ ഉപചാരപൂർവ്വം മുട്ടു് കുത്തി കൈമുത്തി വല്ലപ്പോഴുമൊരിക്കൽ മാത്രം പരമാനന്ദം യാചിക്കുന്ന ഭീമനെ മഹത്വപ്പെടുത്താൻ”, പാഞ്ചാലിയുടെ സ്വരത്തിൽ വാത്സല്യം കലർന്നു.

“യുധിഷ്ഠിരന്റെ പട്ടാഭിഷേകം തടയാൻ കൌരവരാജവിധവകളുടെ കുട്ടികൾ തന്നെ പുറത്തിറങ്ങി ഗോപുരവാതിലിൽ പ്രക്ഷോഭം തുടങ്ങിയല്ലോ. എന്താ സംഭവം?”, കൊട്ടാരം ലേഖിക ആകാംക്ഷയോടെ ചോദിച്ചു.

“ആവാസവ്യവസ്ഥയായിരുന്ന ഖാണ്ഡവവനം കത്തിച്ചു് ജീവജാലങ്ങളെ നശിപ്പിച്ചു് ഇന്ദ്രപ്രസ്ഥം പണിതു. ചൂതു് കളിച്ചു നഗരം നഷ്ടപ്പെടുത്തി സ്വത്തുതർക്കം തീർക്കാൻ ഹിംസയുടെ പേപിടിച്ച വഴി പിന്തുടർന്നു. ദുഷ്പ്രവർത്തികളുടെ പട്ടിക നീണ്ടതാണു്. ചെങ്കോൽ എടുക്കുന്നില്ല ഭരണം മാത്രമേ ചെയ്യൂ എന്നു് അർജ്ജുനൻ ഇടപെട്ടു വിലപേശി നോക്കി, കുട്ടികൾ ഒരു പണത്തൂക്കം പോലും പ്രക്ഷോഭത്തിന്റെ തീവ്രത കുറക്കുന്നില്ല, വേറെ തിരക്കൊന്നും ഇല്ലല്ലോ, കരിമ്പിൻ തണ്ടു് ചവച്ചും ശിശിരവെയിൽ കൊണ്ടും നാടകം കാത്തിരുന്നു കാണാം”, യുദ്ധകാര്യ ലേഖകൻ കൈകൾ വീശി ആടിയുലഞ്ഞു സംസാരിച്ചു.

2016-01-08

“അഭിവന്ദ്യ ഹസ്തിനപുരി മഹാരാജാവിനു സഹോദരപുത്രൻ യുധിഷ്ഠിരൻ എഴുതിയ ഒരു അപേക്ഷ കയ്യിൽ തടഞ്ഞിട്ടുണ്ടു്, നമ്മുടെ പത്രികയിൽ പൊട്ടിക്കണോ?”, കൊട്ടാരം ലേഖിക ചോദിച്ചു”, സംഗതി ഇത്രമാത്രം, പൊതു താൽപ്പര്യത്തിൽ രാജ്യം വിഭജിച്ചു പകുതി പാണ്ഡവർക്കു് ഉടനടി കൊടുക്കണം.”

“ഒപ്പു് വ്യാജമാണോ, യഥാർത്ഥത്തിൽ അപേക്ഷ അയച്ചിട്ടുണ്ടോ, സംഗതി കൊട്ടാരത്തിൽ ആരാണു് കൈപ്പറ്റിയതു്, രേഖ ചോർന്നതു് ആരു വഴി, ഒത്തിരി മുള്ളുള്ള ചോദ്യങ്ങൾക്കു് നീ പൊതു മണ്ഡലത്തിൽ ഉത്തരം പറയേണ്ടി വരുമെങ്കിലും ഇന്നു് വേറെ സ്തോഭജനക വാർത്ത വേറെ ഇല്ലെങ്കിൽ, ആ ഉടനടി എന്ന വാക്കിനെ യുദ്ധ ഭീഷണിയാക്കി മുൻനിരയിൽ ഇരുത്തൂ”, പത്രാധിപർ ഒഴിവുദിവസ ആഘോഷത്തിൽ അമ്പും വില്ലുമെടുത്തു് കൊട്ടാരം ലെഖികക്കു് നേരെ ചാണ്‍ വലിച്ചു.

“നൂറു കൗരവരും വിദുരർക്കൊപ്പം പിതൃക്കൾക്കു് ശ്രാദ്ധം ചെയ്യാൻ കാശിയിലേക്കു് പോയ ദിവസം, വൈകിയ രാത്രിയിൽ കൗരവരാജവധുക്കളുടെ അന്തഃപുരത്തിൽ കൌരവരുടെ പതിവു് സൈനിക വേഷത്തിൽ അഞ്ചു അപരിചിതരെ കണ്ടു എന്നു് അവിടെയുള്ള മൂന്നാംലിംഗ സുരക്ഷാഭടന്മാർ ഭീഷ്മരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നോ?”, കൊട്ടാരം ലേഖിക പിതാമഹനെ രാവിലെ തന്നെ പരുക്കൻ രീതിയിൽ ചോദ്യം ചെയ്തു.

“കൌരവരുടെ പതിവു് സൈനിക വേഷത്തിൽ അന്തഃപുരത്തിൽ എത്തിയവരെ പിടികൂടി രഹസ്യമായി വസ്ത്രാക്ഷേപം ചെയ്തു അവർ ആരോ അവരല്ല എന്നു് സംശയാതീതമായി ഉറപ്പു വരുത്തേണ്ടതു് രാജവധുക്കൾ തന്നെ അല്ലേ? ഞാൻ രാജ്യത്തിന്റെ സൈന്യാധിപനാണു്, ഔദ്യോഗിക വസ്ത്രാക്ഷേപകനല്ല”, ആദ്യമായി ഹസ്തിനപുരി പത്രികയുടെ കൊട്ടാരം ലെഖികക്കു് കിട്ടേണ്ടതു് അന്നു് കിട്ടി എന്നു് ഇക്കാര്യങ്ങളിൽ ഒക്കെ കമ്പം കാണിക്കുന്ന യുദ്ധകാര്യ ലേഖകൻ പത്രികയുടെ ഊട്ടുപുരയിൽ.

2016-01-09

“അധികാരത്തിൽ കയറിയ ഉടൻ കയ്യിൽ തടഞ്ഞതു് ദുര്യോധനന്റെ നീണ്ട കത്താണല്ലോ, ഇനി നിങ്ങൾ വേദനയോടെ പറയും, അതു് പ്രിയദുര്യോധനൻ യുദ്ധത്തിനു മുമ്പു് യുധിഷ്ഠിരൻജ്യേഷ്ഠനു അഭിവാദ്യങ്ങളും ആശംസകളും എഴുതിയ അന്ത്യലിഖിതമാണെന്നു. ആയുഷ്ക്കാലം മുഴുവൻ നമ്മെ കുടിലതയോടെ ദ്രോഹിച്ച കൌരവൻ അന്ത്യമടുത്തു് എന്നു് തോന്നിയപ്പോൾ എഴുതിവച്ച ആ കത്തു് കത്തിച്ചു കളയണം”, ഭീമൻ വികാരവിക്ഷോഭത്തോടെ പറഞ്ഞു. മറ്റു പാണ്ഡവരും പാഞ്ചാലിയും വിദുരരും അരികെ ചെവിയോർപ്പിച്ചു നിന്നു.

“ഇതു് ആശംസകളല്ല, ഇതു് സഖ്യകക്ഷിരാജ്യങ്ങളിൽ നിന്നു് കുരുവംശം യുദ്ധാവശ്യത്തിനു വാങ്ങിയ കടങ്ങളുടെ നീണ്ട പട്ടികയാണു്. ആരു യുദ്ധം ജയിച്ചു അധികാരത്തിൽ വന്നാലും, ഒരു കൊല്ലത്തിന്നകം മുതലും പലിശയും കൊടുത്തു് ബാധ്യത തീർത്തില്ലെങ്കിൽ, കടക്കാർ മുന്നണി രൂപീകരിച്ചു ഹസ്തിനപുരി ‘വെട്ടിപ്പൊളിച്ചു’ കൊണ്ടു് പോവും”, അർദ്ധ സാക്ഷരനായ യുധിഷ്ഠിരൻ കഷ്ടപ്പെട്ടു്, കൌരവൻ സംസ്കൃതത്തിൽ എഴുതിയ കത്തു് തപ്പിത്തടഞ്ഞു വായിച്ചെടുത്തു.

2016-01-10

“നീ വസ്ത്രാക്ഷേപത്തിനു് പരസ്യമായി ഇരയായി എന്നതു് ഒരു വസ്തുത എന്ന നിലയിൽ പൊതുസമൂഹം തർക്കമില്ലാതെ അംഗീകരിക്കുമ്പോൾ തന്നെ, അഴിച്ചിട്ട മുടിയിനി കെട്ടണമെങ്കിൽ കൈക്കുമ്പിളിൽ ഞങ്ങൾ കൌരവച്ചോര കൊണ്ടുവരണം എന്നു് ഒരാചാരം പോലെ ഒരിക്കൽ ഒഴുക്കൻ മട്ടിൽ പറഞ്ഞതിൽ കവിഞ്ഞൊരു പ്രതികാരതീവ്രത, നീ കൌരവരെ കുറിച്ചു് ഞങ്ങൾ നിത്യവും നിന്റെ അടുത്തിരുന്നു അമർഷം പ്രകടിപ്പിക്കുമ്പോഴൊന്നും, സന്ദർഭത്തിന്റെ ഗൌരവമനുസരിച്ചു് കാണിക്കുന്നില്ലല്ലോ”, അർജ്ജുനൻ ആശ്ചര്യപ്പെട്ടു.

“എന്തിനു ഞാൻ നിത്യവും നിങ്ങൾക്കൊപ്പം സംഘം ചേർന്നു് എന്റെ ആരാധകരെ പഴി പറയണം?”, പാഞ്ചാലി കൊട്ടാരം ലേഖികയെ നോക്കി അർത്ഥഗർഭമായി പുഞ്ചിരിച്ചു”, പ്രത്യേകിച്ചും, സൌന്ദര്യവർദ്ധകമരുന്നുകളും അടിവസ്ത്രങ്ങളും ഞാൻ ആവശ്യപ്പെട്ടതു് ദുര്യോധനന്റെ കാര്യാലയത്തിൽ സൌമനസ്യത്തോടെ പരിഗണിക്കപ്പെടുമ്പോൾ.”

2016-01-11

“നിലവിൽ ജനഹിതത്തിനു അനുകൂലമായി ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന, ധൃതരാഷ്ട്രരുടെ നേതൃത്വത്തിലുള്ള കുരുവംശത്തിനെതിരെ പൊതു അഭിപ്രായരൂപീകരണത്തിനു് വേണ്ടിയുള്ള നിങ്ങളുടെ ഹീനശ്രമത്തിൽ, ജനംഹൃദയം കൊണ്ടു് പാണ്ഡവർക്കു് ഐക്യപ്പെട്ടു്, വേണ്ടിവന്നാൽ ബലപരീക്ഷണത്തിലും യുധിഷ്ഠിരന്റെ കൂടെയാണെന്ന ഒരു കുടിലമുൻവിധി നിങ്ങൾ ഏകപക്ഷീയമായി ജനതയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടു് എന്നാണു ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ദുര്യോധനന്റെ നിരീക്ഷണം. എങ്ങനെ പ്രതികരിക്കുന്നു?”

“അധികാരം കൈവശം വച്ചിരിക്കുന്നവന്റെ അന്തസ്സില്ലാത്ത അഭിപ്രായങ്ങൾക്കു് മറുപടി വാ കൊണ്ടു് ഞങ്ങൾ പറയുന്നതു് അവനു മനസ്സിലായില്ലെങ്കിൽ, ഇനി ഭീമഗദ കൊണ്ടു് കുരുക്ഷേത്രം മാരകമായി പറയട്ടെ”, പാണ്ഡവ ചാരവകുപ്പു് മേധാവി നകുലൻ.

“നമ്മളെയൊക്കെ ഉറക്കിക്കഴിഞ്ഞാൽ ഈയിടെയായി പാഞ്ചാലി എന്തോ എഴുതുന്നു എന്നു് ഞെട്ടലോടെ കണ്ടെത്തി, രാവിലെ അവൾ പുറത്തുപോയ നേരം, കുറെ പനയോലകൾ പുറത്തെടുത്തു് നാരായം കൊണ്ടെഴുതിയതൊക്കെ തിരിച്ചും മറിച്ചും വായിക്കാൻ ഞാൻ ശ്രമിച്ചു നോക്കി. കൌമാരം വരെ കാട്ടിൽ മേഞ്ഞു നടന്ന നാം അക്ഷരം പടിക്കാഞ്ഞതു് എത്ര കഷ്ടമായി”, യുധിഷ്ഠിരൻ മന്ത്രിച്ചു.

“അപ്പോൾ അതാണു് പാഞ്ചാലി ദുര്യോധനനെ ഈയിടെയായി പഴി പറയാതിരിക്കുന്നതു്, അല്ലെ? കുറെ നാൾ മുമ്പു് ഹസ്തിനപുരിയിൽ നിന്നു് കൊട്ടാരം പ്രതിനിധി സന്യസ്ഥാശ്രമത്തിലേക്കു് ധാന്യവുമായി വന്നപ്പോൾ ഒരു കെട്ടു് പനയോലയും നാരായവും പാഞ്ചാലിക്കു കൊടുക്കാൻ ഏൽപ്പിച്ചിരുന്നു. എഴുതാൻ നമുക്കറിയാത്തതു കൊണ്ടു് പാഞ്ചാലിയും നിരക്ഷര എന്നു് ഞാൻ തെറ്റിദ്ധരിച്ചു, ഇനിയെന്താണു് വഴി കൊട്ടാരം ലേഖിക അറിയും മുമ്പു് പാഞ്ചാലി നമ്മെ കുറിച്ചു്എഴുതിയതെല്ലാം ഒളിപ്പിച്ചു വക്കാൻ? കൈവിട്ടു പോയാൽ അതു് വ്യാസൻ പൊക്കും. രാജവംശങ്ങളുടെ ഹരിശ്രീ അറിയാത്ത ആ സന്യസ്ഥ ജീവിക്കു മഹാഭാരതമെഴുതി ഇതിഹാസകാരനുമാവാം”, ചാരവകുപ്പു മേധാവി എന്നു് സ്വയം വിളിച്ചു ശീലിച്ച നകുലൻ പുറത്തു് കൊട്ടാരം ലേഖിക ചെവിയോർക്കുന്നുണ്ടു് എന്നറിയാതെ കത്തിക്കയറി.

2016-01-12

“എന്റെ ജൈവികപിതാവു് സ്വർഗരാജ്യത്തിലേക്കു് വിശിഷ്ടാഥിതി ആയി എന്നെ കൊണ്ടു് പോയതും അവിടെ സൽക്കാരത്തിൽ ദേവ നർത്തകി ഉർവശിയുമായി ഞാൻ വഴിവിട്ടു തീവ്രപ്രണയത്തിൽ ആയതും എത്ര തന്മയത്വത്തോടെ ഭൂമിയിൽ വന്നു പറഞ്ഞിട്ടും പാണ്ഡവസഹോദരങ്ങൾ ആ കഥ വിശ്വസിച്ചില്ല. വിരാടത്തിൽ അജ്ഞാതവാസം തുടങ്ങുമ്പോൾ മൂന്നാംലിംഗക്കാരനായി അന്തഃപുരത്തിൽ കഴിയാൻ തിരസ്കൃത പ്രണയിനി ഉർവശിയുടെ ശാപം എനിക്കിതാ അനുഗ്രഹമാവുന്നു എന്നു് പറഞ്ഞപ്പോഴാണു് സ്വർഗരാജ്യ സന്ദർശനം അസത്യമല്ല എന്നവർ പല്ലു് കടിച്ചു സമ്മതിച്ചതു്”

അർജ്ജുനൻ കൊട്ടാരം ലേഖികയോടു് ഹസ്തിനപുരി പത്രിക ഇന്നിറങ്ങിയ പതിപ്പിൽ.

“നിന്റെ ഭാര്യ നിത്യവും വന്നു ഈ സന്യസ്ഥ മഠത്തിലുള്ള അന്തേവാസികളുടെ ജൈവവിസർജ്യം കലത്തിൽ സംഭരിച്ചു തലച്ചുമടായി ദൂരെ കൊണ്ടുപോയി സംസ്കരിച്ചു കുളിച്ചു വൃത്തിയായി വസതിയിലേക്കു് നിശബ്ദം പോവുന്നു. അവൾ ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്നു എന്നും, ഒരു വർഷം കൂടി കഴിഞ്ഞാൽ കുരുവംശ മഹാറാണിയാവുമെന്നും എനിക്കറിയാം. അഴിച്ചിട്ട മുടിക്കും കെട്ടിവക്കാനുള്ള മുടിക്കുമിടയിലെ ഇടവേളയിലെ വ്യാഴവട്ടക്കാല സഹനത്തെ കുറിച്ചു് ഒരിക്കലെങ്കിലും ആത്മീയപരിചരണത്തിനു് ഞങ്ങളിൽ ആരെയും അവൾ സമീപിച്ചിട്ടില്ല. എന്നാൽ നീയാകട്ടെ, ഈ പന്ത്രണ്ടു വർഷ വനജീവിതം അവസാനിക്കാൻ ഇരിക്കെ നാലു് പ്രാവശ്യവും എന്നോടു് ചോദിച്ചതു്, ഒരേ ചോദ്യങ്ങളാണു്, എന്താണു് ഈ പാരാവാരത്തിന്റെ കാതൽ, എന്താണു് എന്റെ ജീവിതത്തിന്റെ അർത്ഥം. ഒരിക്കലെങ്കിലും, ഒരിക്കലെങ്കിലും നീ വിമ്മിട്ടപ്പെട്ടിരുന്നെങ്കിൽ, യാഗാഗ്നിയിൽ നിന്നുയർന്നു പാഞ്ചാലപുത്രിയായി നിന്നെ പ്രണയതീവ്രതയോടെ സ്വയംവരം ചെയ്ത ആ സ്ത്രീയെ പീഢനത്തിന്റെ മുൾ വഴിയിൽ നടത്തിച്ച പാപത്തിൽ നിന്നു് എങ്ങനെ കരകയറും.”

“ഒരാൾ മാത്രം ധർമ്മിഷ്ഠൻ എന്നു് പരക്കെ പ്രകീർത്തിക്കപ്പെടുമ്പോൾ, മറ്റു നാലു് പേരുടെ മനോവീര്യം കുറയില്ലേ?”, കൊട്ടാരം ലേഖിക പ്രീണന സ്വരത്തിൽ ചോദിച്ചു.

“അവർക്കും അനുകരിച്ചു കൂടെ? ശ്രദ്ധിച്ചിട്ടില്ലേ നിങ്ങൾ, യുധിഷ്ഠിരൻ ഒന്നും അങ്ങനെ പറയുക പതിവില്ല, “എന്തും സത്യവാങ്ങ്മൂലം” എന്ന വിശേഷണത്തോടെ, ഇടനെഞ്ഞിൽ കൈ വച്ചു് ഉച്ചരിച്ചു ശീലിച്ചു. അതിന്റെ ഗുണം കാലന്റെ മകനായ ഈ “തല മുതിർന്ന” ഭർത്താവിനു കിട്ടി.”

പാഞ്ചാലി പുഞ്ചിരിക്കുമ്പോൾ അവളുടെ മോഹനശരീരവും ഒപ്പം പങ്കു ചേർന്നു.

2016-01-13

“പതിനെട്ടു ദിവസം കൊണ്ടു് ഞങ്ങൾ ഇരുപതു ലക്ഷം കൗരവ/കൗരവസഖ്യ സൈനികരെ കൊന്നു കൊലവിളിച്ചു എന്ന ഹസ്തിനപുരി പത്രികയുടെ മുഖ പ്രസംഗം അവർ കുരുവംശ കുലീനതയെ കുടുംബവഴക്കായി കരിവാരി തേക്കുന്ന ദുഷിച്ച പത്രപ്രവർത്തന പാരമ്പര്യത്തിന്റെ തുടർച്ച മാത്രമാണു്. എത്ര ശത്രുക്കൾ കൊല്ലപ്പെട്ടു എന്നു് ഞങ്ങൾ തലയെണ്ണിയിട്ടില്ല. കണക്കു ശരിയായിരിക്കാം, പക്ഷെ ഓരോ മരണവും പോരാട്ടഭൂമിയിൽ ഓരോ സാഹചര്യത്തിൽ സംഭവിക്കുകയായിരുന്നു. ഓരോ മരണവും മറുപക്ഷത്തിന്റെ പ്രതിരോധത്തിലൂന്നിയ തിരിച്ചടിയുടെ ഫലമായിരുന്നു. അതു് വെറുമൊരു കൊലപാതകമായിരുന്നില്ല, അതു് യുദ്ധഭൂമിയിലെ ജീവഹാനിയായിരുന്നു”

ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവു് നകുലൻ രാജസഭയിൽ വൈകാരികതയോടെ വിശദീകരിക്കുമ്പോൾ കേൾക്കാൻ സദസ്സിൽ ഉണ്ടായിരുന്നതു് മുഖപ്രസംഗം എഴുതിയ യുദ്ധകാര്യ ലേഖകൻ മാത്രം.

2016-01-14

“ഹിമാലയതാഴ്‌വരയിലെ ഈ ഒറ്റമുറി മരക്കുടിലിൽ അഞ്ചു ഭർത്താക്കന്മാർക്കൊപ്പം കഴിയുന്ന പാഞ്ചാലിയിൽ, ദൂരെ ദൂരെ ഹസ്തിനപുരിയിലെ ഭൂഗർഭ അറയിലെ കാര്യാലയത്തിൽ ഇരുന്നു നിങ്ങളുടെ പ്രതിയോഗി ദുര്യോധനനു് ഇത്രയധികം ദുഷിച്ച അധികാരം പ്രയോഗിക്കാൻ കഴിയുന്നു എന്ന തിരിച്ചറിവു് നിങ്ങളെ ഇപ്പോൾ വേദനിപ്പിക്കാറില്ലേ?” കൊട്ടാരം ലേഖിക പ്രകോപനപരമായ വിരൽ ചൂണ്ടലോടെ ചോദിച്ചു. വേനലിൽ അന്തരീക്ഷം നിറം വച്ചു് സന്ധ്യ കനത്തിരുന്നു. വ്യാഴവട്ടക്കാല വനവാസത്തിന്റെ അന്ത്യം.

“അടിമക്കുമേൽ ഉടയോനു പരമാധികാരം ഉണ്ടെന്നതു് സമകാലിക പരിഷ്കൃത സമൂഹത്തിൽ പരക്കെ സ്വീകാര്യത നേടിയ അവകാശമല്ലേ, അതിൽ എന്താണു് നിങ്ങൾ ആരോപിക്കും പോലെ ഞങ്ങൾ ഒറ്റക്കും കൂട്ടായും നിത്യവും നൊമ്പരപ്പെടാനുള്ളതു്?” ദുസ്സംശയത്തോടെ ഭീമൻ ശരീരം കുലുക്കി കണ്ണുകൾ തുറിച്ചു ചുണ്ടിൽ ചോരക്കറ പൊങ്ങി. മറ്റു നാലു പാണ്ഡവർ അയാളെ ബലമായി പിടിച്ചു വലിച്ചു പുറത്തു് തോട്ടത്തിൽ കൊണ്ടു് പോയി മണ്ണിൽ കിടത്തി തലയിൽ തണുത്ത വെള്ളം കലത്തിൽ നിന്നു് ധാര ധാരയായി ഒഴിച്ചു.

2016-01-15

“വിരാടകൊട്ടാരത്തിൽ പാചകക്കാരനായും കന്നുമേക്കുന്നവനായും നൃത്താധ്യാപകനായും ഒക്കെ ഒളിവിൽ കഴിയുന്ന പാണ്ഡവരെ, അജ്ഞാതവാസ ഒളിത്താവളത്തിൽ നിന്നു പുകച്ചു പുറത്തു് കൊണ്ടുവരാൻ കൌരവർ ഒരു പുതിയ പദ്ധതി ഉടൻ നടപ്പിലാക്കും എന്നറിയുന്നു. പാണ്ഡവരുടെ നല്ല നടപ്പിനു ജാമ്യത്തടവുകാരിയായി ഹസ്തിനപുരിയിൽ കൗരവ ചാരനിരീക്ഷണത്തിൽ, ദശാബ്ദങ്ങളായി പാർപ്പിച്ചിരുന്ന കുന്തിയെ തലമൊട്ടയടിച്ചു പുള്ളി കുത്തി, കഴുതപ്പുറത്തു് നഗരികാണിക്കാൻ തീയതി നിശ്ചയിച്ചിരിക്കയാണു് ദുര്യോധനൻ. ഈ മാതൃപീഡനം തടയാൻ ഒരു ധീരപാണ്ഡവൻ കുതിച്ചു ചാടി മുന്നോട്ടിറങ്ങിയാൽ അതോടെ തീരും ഒളിജീവിതത്തിലെ അജ്ഞാത എന്ന നിബന്ധന. പിന്നെ വീണ്ടും തുടങ്ങണം അടിമപദവിയിൽ വ്യാഴവട്ടക്കാല വനജീവിതം. പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തുണ്ടായ മായിക പ്രകടനം പോലെ കൗരവകുടിലതയെ പ്രകൃതി തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണു സാത്വികനായ യുധിഷ്ഠിരന്റെ നിലപാടു്. നിലവിൽ ഈ മുതിർന്ന പാണ്ഡവൻ കുങ്കൻ എന്ന നിർമിതബ്രാഹ്മണസ്വത്വത്തിൽ വിരാടന്റെ ചൂതു് കളിസേവകനായി സ്വസ്ഥ ഒളിജീവിതം നയിക്കുന്നു. വിരാട ഭാര്യാസഹോദരനായിരുന്ന യുവസൈന്യാധിപൻ കീചകന്റെ അസ്വാഭാവിക മരണത്തിനു പിന്നിൽ ഭീമനാണെന്നു് സംശയിക്കുന്ന കൌരവർക്കു ഈ നഗരികാണിക്കൽ നടപടി ദൈവകോപം വരുത്തുമോ എന്നാണു വിവേകവചനത്തിന്റെ മൃദു ഭാഷി വിദുരർ ഭയക്കുന്നതു്. അതിവേഗം വികസിക്കാവുന്ന ഈ കൊട്ടാര വാർത്തയുടെ വിശദാംശങ്ങൾക്കു് കാത്തിരിക്കുക ഹസ്തിനപുരി പത്രിക.”

“പുതുമഹാറാണിയെ ഇതുവരെ പൊതുപരിപാടിയിലൊന്നും കണ്ടില്ലല്ലോ”, കൊട്ടാരം ലേഖിക പാണ്ഡവ രാജസഭ പ്രതിനിധിയോടു പരസ്യമായി പരിഭവിച്ചു.

“മക്കൾ ജീവത്യാഗം ചെയ്ത ശേഷം ശയ്യാവലംബിയായ ഗാന്ധാരിയിൽ നിന്നു് രാജകീയാഭാരണങ്ങൾ ഒന്നു് അഴിച്ചു കിട്ടണ്ടേ. ദശാബ്ദങ്ങളായി അടിഞ്ഞ അഴുക്കും മെഴുക്കും നീക്കി മിനുക്കാൻ സമയമെടുത്തു. ഇനി വൈകില്ല. നാളെ പൂർണിമയിൽ മഹാറാണി പൊതുജനങ്ങളുടെ ആരാധനയ്ക്കു് സർവാഭരണവിഭൂഷിതയായി നിന്നു് കൊടുക്കുന്നു, കൊട്ടാരം മട്ടുപ്പാവിൽ. വനാന്തരത്തിലെ സന്യസ്ഥ സമൂഹം അനുമതി തേടിയിട്ടുണ്ടു് ആശീർവദിക്കാൻ. നിങ്ങളും ഉണ്ടാവില്ലേ ആദ്യ ദർശന രാത്രിയിൽ തന്നെ വരി നിൽക്കാൻ?”

2016-01-16

“സത്യസന്ധനെന്നു പുരപ്പുറത്തു് നിന്നു് വിളിച്ചുകൂവുന്ന യുധിഷ്ഠിരൻ പരസ്യ നുണപരിശോധനക്കു് തയ്യാറുണ്ടോ? നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചു നിങ്ങൾ തന്നെ വിധി പറഞ്ഞാൽ മതി, അയാൾ പറഞ്ഞതിൽ പാതി പതിരായാൽ പോലും ഞങ്ങൾ രാജ്യം പകുത്തു് കൊടുക്കാം.” ഹസ്തിനപുരി അരങ്ങേറ്റ ഭൂമിയിലെ യുദ്ധവിരുദ്ധസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു കൗരവ രാജകുമാരൻ.

“പൊന്നാടയും പൂർണകുംഭവുമായി ഹസ്തിനപുരി പത്രിക കാത്തിരിക്കയാണു് സ്വീകരിക്കാൻ, പാണ്ഡവധീരപോരാളികൾ അധികാരത്തിൽ കയറുന്നതും നോക്കി.”

“ഇതെന്താ, ഭരണകൂടമാറ്റത്തിൽ പത്രമുടമയുടെ അടവുനയ അറിയിപ്പോ, അതോ പണിയെടുക്കുന്ന ഞങ്ങൾ സ്വതന്ത്ര പത്രപ്രവർത്തകരോടുള്ള പരസ്യ അധിക്ഷേപമോ?”, കൊട്ടാരം ലേഖിക മുട്ടു് കുത്തി കൈമുത്തി പത്രമുടമയെ ആശംസിച്ചു.

“വിരാടത്തിലെ ഉപപ്ലവ്യ സൈനിക കേന്ദ്രത്തിൽ, പാണ്ഡവർ തിരക്കു് പിടിച്ചു സഖ്യകക്ഷികളെ സംഘടിപ്പിച്ചു യുദ്ധത്തിനൊരുങ്ങുന്നു എന്നാണു കേൾവി. യുദ്ധഭീഷണിയോടു് എങ്ങനെ പ്രതികരിക്കുന്നു?”, വിത്തും കൈക്കോട്ടുമായി ഗംഗയാറിന്റെ തീരത്തെ കർഷകർക്കൊപ്പം വെയിലിൽ വിയർത്തു് പണിയെടുക്കുന്ന ദുര്യോധനനെ കൊട്ടാരം ലേഖിക ഒടുവിൽ കണ്ടെത്തി.

“ആരുടേയും സാമ്രാജ്യവികാരങ്ങൾ വൃണപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”, നെറ്റിയിൽ നിന്നു് വിയർപ്പു തുടച്ചു നീക്കി, ഒരു കർഷകബാലൻ കൊടുത്ത ശുദ്ധജലം കൊണ്ടു് കയ്യും മുഖവും കഴുകി കൗരവരാജകുമാരൻ പറഞ്ഞു, “ആക്രമിക്കാൻ വരുന്നവർക്കു് വേണ്ടി കുരുക്ഷേത്രയിൽ യമുനാതീരത്തു് അടിസ്ഥാന സൌകര്യങ്ങൾ സൗജന്യമായി നിർമ്മിച്ചു കൊടുക്കുന്നവർ ഞങ്ങൾ കൌരവർ.”

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന നിലയിൽ പാഞ്ചാലിയെ നിങ്ങൾ ഇപ്പോൾ എങ്ങനെ ഓർക്കുന്നു”, അതിരാവിലെ മാലിന്യനീക്കത്തിനു് അവൾ പോയ തക്കം നോക്കി കൊട്ടാരം ലേഖിക അർജ്ജുനനോടു ചോദിച്ചു.

“ശന്തനുവിന്റെ വെപ്പാട്ടി ഗംഗയിൽ കവിഞ്ഞൊന്നുമായിരുന്നില്ല പാഞ്ചാലി എന്നു് നവജാതശിശുക്കളെ അവൾ കൈകാര്യം ചെയ്ത രീതിയിൽ നിന്നു് നിങ്ങൾക്കു് വ്യക്തമല്ലേ? ഞങ്ങൾ അഞ്ചു പാണ്ഡവരും ഭക്ത്യാദരപൂർവം ബീജദാനം ചെയ്തു ഗർഭിണി ആയ ശേഷം പാഞ്ചാലി, ഓരോ കുഞ്ഞിനേയും ദുരൂഹസാഹചര്യത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ നിന്നു് അപ്രത്യക്ഷയാക്കി. വിതുമ്പിയും കോപിച്ചും കുഞ്ഞുങ്ങളുടെ ക്ഷേമം അന്വേഷിച്ചപ്പോൾ, അവർ പിതൃഗൃഹത്തിൽ സുഖമായിരിക്കുന്നു എന്ന യാന്ത്രിക മറുപടി തന്നു. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ സാമന്തനായ പാഞ്ചാലൻ തന്നുവോ വല്ല വിവരവും? ഇല്ല. ആ കുട്ടികൾ അപ്പോൾ എവിടെ? പറഞ്ഞു വന്നാൽ ഞങ്ങൾക്കു് മണികർണികയിൽ ശ്രാദ്ധം ചെയ്യേണ്ട ആ കുട്ടികൾ ഗംഗയിൽ ഒഴുകിപ്പോയോ?”, തോട്ടത്തിൽ എന്തോ ഉന്നം വച്ചു് ചുറ്റും നോക്കിയ അർജ്ജുനൻ പെട്ടെന്നു് ദൂരെ ദൂരെ ദ്വാരകയിൽ സുഭദ്രയിൽ ജനിച്ച മകൻ അഭിമന്യുവിനോടു് സംസാരിക്കുന്ന പോലെ അവൾക്കു തോന്നി. അവൾ ആ അച്ഛൻ മകൻ വിനിമയത്തിനു് തടസ്സമാകാതെ തിരിഞ്ഞു നടന്നു.

2016-01-17

“ആലയിലും പാടത്തും പണി ചെയ്യാൻ ഹസ്തിനപുരിയിൽ ആളില്ലാത്തതു്, സ്വത്തുമോഹം സഹിക്കവയ്യാതെ നിർബന്ധിത സൈനിക സേവനത്തിനു് കൌരവരു് നാടൊട്ടുക്കു് ഓടി നടന്നു ആളെ കൂട്ടി യുദ്ധം ചെയ്തതു് കൊണ്ടാണെന്നു് പുതിയ ഭരണകൂടത്തിന്റെ വക്താവു് നകുലൻ പരസ്യമായി പറഞ്ഞതു് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ?” കൊട്ടാരം ലേഖിക.

“പാണ്ഡവർ അഞ്ചു പേരും ദേവസന്തതികൾ ആയതു കൊണ്ടു് ചാവാതെ കുരുക്ഷേത്രത്തിൽ നിന്നു് തിരിച്ചു വന്നു എന്നും, സാധുമനുഷ്യർക്കു് പിറന്നവർ എല്ലാം ശത്രുവിന്റെ വെട്ടും കുത്തും ഏറ്റു ചത്തു് പോയി എന്നും പറഞ്ഞു കുരുവംശം ദേവനു് തീറെഴുതി കയ്യും കെട്ടി അവർ ഇനി കുഴഞ്ഞു വീണു മരിക്കും വരെ അങ്ങനെ സുഖമായി ഇരിക്കട്ടെ”, കൃപാചാര്യൻ, യുദ്ധത്തിൽ ജീവത്യാഗം ചെയ്യാതെ മടങ്ങിയ ആ വൃദ്ധബ്രാഹ്മണ കൗരവ ഗുരു, ധാന്യം പൊടിക്കുന്നതിനിടയിൽ.

2016-01-19

“സ്വത്തുവിഭജനത്തിലെ തർക്ക പരിഹാരത്തിനു് നടത്തിയ അത്യുന്നതതല നയതന്ത്രനീക്കത്തിന്റെ സ്വാഭാവിക തുടർച്ചയായി സംഭവിച്ച കുരുക്ഷേത്രയുദ്ധത്തിൽ പക്ഷെ, കൌരവർ എല്ലാ അർദ്ധസഹോദര പാരസ്പര്യസ്പർശങ്ങളും കാറ്റിൽ പറത്തി നരനായാട്ടിനിറങ്ങിയതു് ഹസ്ഥിനപുരിയുടെ ചരിത്രത്തിൽ കറുത്ത അധ്യായമായി വരുംയുഗത്തിലും രാഷ്ട്രമീമാംസാവിദ്യാർത്ഥികൾ തക്ഷശിലയിൽ പഠിക്കുമെന്നു് പുതിയ ഭരണകൂടത്തിന്റെ വക്താവു് നകുലൻ നമ്മുടെ സ്വന്തം മാധ്യമഭാഷയിൽ തന്നെ പറഞ്ഞുവച്ചല്ലോ”, പ്രഭാഷണം കേട്ടെഴുതി അരങ്ങേറ്റ മൈതാനത്തിൽ നിന്നു് വൈകിയ സന്ധ്യയിൽ വീട്ടിലേക്കു മടങ്ങവേ കൂട്ടുകാരനോടു് കൊട്ടാരം ലേഖിക പറഞ്ഞു.

“യുദ്ധത്തിൽ പങ്കെടുത്ത പോരാളിയുടെ നേർസാക്ഷിമൊഴിയല്ലെ, അവിശ്വസിക്കണോ? പോരാട്ടത്തിനു മണിയടിച്ചിട്ടും കുലുങ്ങാതെ, യുധിഷ്ഠിരൻ നഗ്നപാദനായി ചെന്നു് കൗരവ സർവ സൈന്യാധിപനെ ഉപചാരപൂർവ്വം നമസ്കരിച്ചു ആശീർവാദം തേടുന്നതൊക്കെ കണ്ടപ്പോൾ നകുലനു വ്യക്തമായിക്കാണും, പാണ്ഡവനിലപാടിന്റെ അഹിംസാൽമകത”, യുദ്ധവിരാമത്തോടെ തൊഴിൽ നഷ്ടപ്പെട്ട ആ യുവയുദ്ധകാര്യ ലേഖകൻ ഇരുണ്ട ഭാവിയെ ഓർത്തു് ഇരുട്ടിൽ ആരും കാണില്ലെന്ന ഉറപ്പിൽ പല്ലു് ഞെരിച്ചു.

2016-01-21

“രാജസഭയിൽ, പാണ്ഡവർ ചൂതു് കളിയിൽ നിരന്തരം തോൽക്കുന്ന വിവരം അപ്പപ്പോൾ അറിഞ്ഞു വിറളിപിടിച്ച ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, കൗരവരാജവധുക്കളെ സൌന്ദര്യ പരിപാലനത്തിനു് എന്നു് പറഞ്ഞു കബളിപ്പിച്ചു അരികെ ചേർത്തുനിർത്തി കൂർത്ത വിരൽനഖങ്ങൾ കൊണ്ടു് പലയിടത്തും കുത്തി മുറിവേൽപ്പിക്കുന്നതു് ശ്രദ്ധയിൽ പെട്ടമ്പോൾ, മാതൃകാപരമായി ശിക്ഷിക്കാൻ വേണ്ടി മാത്രമാണു് പൊതുമണ്ഡലത്തിൽ വിവസ്ത്രയാക്കിയതെന്നു ദുര്യോധനന്റെ വിശദീകരണം വന്നല്ലോ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. നഗ്നപാദരായി പാണ്ഡവർ വനവാസത്തിനു പടിയിറങ്ങുന്ന നേരം.

“ഉടയോൻ പറയുന്നതു് അടിമ സ്വീകരിക്കും”, യുധിഷ്ഠിരൻ ആചാരപൂർവ്വം ആശംസകൾ നേർന്നു.

2016-01-25

“ഞെട്ടിപ്പോയി, രാജകീയ സന്ദർശനം കഴിഞ്ഞു വേദി വിട്ടിറങ്ങുമ്പോൾ യുധിഷ്ഠിരൻ കുഴഞ്ഞ കാലുമായി അവശനായി നിലത്തിരിക്കുന്നു. ഭർത്താവിനെ തിരിഞ്ഞു നോക്കാതെ പാഞ്ചാലി രഥത്തിൽ കയറുന്നു” കൊട്ടാരം ലേഖിക കൃപാചാര്യനുമായി അപ്പോൾ കണ്ട കാഴ്ചയുടെ ഞെട്ടൽ പങ്കിട്ടു.

“യുധിഷ്ഠിരനു് വയസ്സായി. അച്ഛന്റെ പ്രായമുള്ള ആൾ കുഴഞ്ഞ വഴിയിലൂടെ തന്നെ ആയുഷ്കാല വെപ്പാട്ടിയാക്കിയതിൽ പാഞ്ചാലിക്കിന്നുമുണ്ടു് തീരാത്ത പക”, ചുറ്റും ഭീതിയോടെ നോക്കി ആ വൃദ്ധബ്രാഹ്മണൻ പറഞ്ഞു. പറഞ്ഞ ഉടൻ നാവു കടിച്ചു.

“പാഞ്ചാലി പെരുവഴിയിൽ തളർന്നു വീണു മരിച്ചു എന്നാണു് കേട്ടതു്”, ഓടിക്കിതച്ചു വന്ന കൊട്ടാരം ലേഖിക അതിഭാവുകത്വത്തിന്റെ അതിപ്രസരത്തോടെ അറിയിച്ചു.

“കഴിവുള്ള സ്ത്രീയായിരുന്നു”, പരീക്ഷിത്തിന്റെ മകൻ ജനമേജയനു ഹരിശ്രീ പഠിപ്പിക്കയായിരുന്ന കൊട്ടാരം ഗുരു കൃപാചാര്യൻ ക്ഷീണിച്ച മുഖഭാവത്തോടെ കോട്ടുവായിട്ടു.

2016-01-26

“കരൾ പറിക്കും മുമ്പു് നിങ്ങൾ കൗരവച്ചെവി കടിക്കുന്ന പോലെ തോന്നി. എന്തായിരുന്നു കാര്യം?”

“തക്ഷശിലയിൽ നിങ്ങൾ പഠിച്ച പരിഷ്കൃതസമൂഹ നടപടിക്രമം ഞങ്ങളും ഇടക്കൊക്കെ പാലിക്കണ്ടേ? അല്ലെങ്കിൽ ഹസ്തിനപുരി പത്രിക അതിൽ പിടിച്ചു ഞങ്ങളെ കുടയില്ലേ? പ്രതിയെ കുറ്റവാളി എന്നു് മുദ്ര കുത്തി ശിക്ഷ നടപ്പാക്കും മുമ്പു് എന്തെങ്കിലും പറയാനുണ്ടോ എന്നു് ഞാൻ അർദ്ധസഹോദരനോടു് ചോദിച്ചു. പാഞ്ചാലിയുടെ ഉടുതുണി വലിച്ചൂരി എന്ന പാണ്ഡവആരോപണം നിഷേധിക്കുന്നില്ല എന്നു് അയാൾ അപ്പോഴും ആവർത്തിച്ചു. രാജസഭയിൽ ആണുങ്ങൾ ചൂതു് കളിക്കുമ്പോൾ, അന്തഃപുരത്തിൽ നിഷ്കളങ്കരായ കൗരവരാജവധുക്കളെ സൌന്ദര്യ ശിക്ഷണം ചെയ്യുന്നതിന്റെ മറവിൽ കൊട്ടാര രഹസ്യങ്ങൾ പാഞ്ചാലി അവരിൽനിന്നു് കൌശലത്തോടെ ചോർത്തി എന്ന ഗുരുതര ആരോപണം ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ, രഹസ്യമുറിയിൽ അടച്ചിട്ടല്ല, ആണോ? ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയെ ദേഹപരിശോധന ചെയ്തതു്?, പരസ്യമായി രാജസഭയിൽ വച്ചായിരുന്നു എന്നതു് നടപടിയുടെ സുതാര്യതക്കു് തെളിവല്ലേ? എന്നയാൾ എന്നോടു് വെല്ലുവിളിക്കുന്ന പോലെ ചോദിച്ചു.”, കൈക്കുമ്പിളിൽ ചുടുകൗരവചോരയുമായി, പാഞ്ചാലിയെ തേടി പാളയത്തിലേക്കു് ആ സ്ഥൂല ശരീരി കുലുങ്ങിക്കുലുങ്ങി ഓടി ചെല്ലുന്നതു് കൊട്ടാരം ലേഖിക കൌതുകത്തോടെ നോക്കി.

2016-01-27

“അരമനരഹസ്യങ്ങൾ ചോർത്താൻ വേണ്ടിയാണു് പാഞ്ചാലി നിങ്ങളുമായി കൂട്ടം കൂടുന്നതു് എന്നു് കൌരവർ പറയുന്നുണ്ടല്ലോ”, കൗരവരാജവധുക്കളുടെ അന്തഃപുരത്തിൽ കൊട്ടാരം ലേഖിക അതിരു വിട്ടു.

“പാഞ്ചാലി ഇവിടെ കയറി വന്നു് വാളെടുത്തു് ഞങ്ങളിൽ ഒരാളുടെ കഴുത്തു് വെട്ടട്ടെ. ഈ ദ്രൌപദിയുടെ ഒരു കാര്യം എന്നു് പറഞ്ഞു ബാക്കി തൊണ്ണൂറ്റി ഒമ്പതു് പേരും ചുറ്റും നിന്നു് അവളോടു് കിന്നരിക്കും”, ദുര്യോധനന്റെ ഭാര്യ പുഞ്ചിരിച്ചു.

പാഞ്ചാലിയുടെ കിടപ്പറക്കു് പുറത്തെ പൂന്തോട്ടത്തിൽ ഓടിക്കളിച്ചു കൊണ്ടിരുന്ന വെള്ളമുയലിനെ ഒറ്റച്ചാട്ടത്തിൽ കൈപ്പിടിയിലൊതുക്കി, കഴുത്തിൽ കടിച്ചു ചോരയൂറ്റി, തൊലി കളഞ്ഞു കനലിൽ ചുടുകയായിരുന്ന നകുലന്റെ അരികെ ചമ്രം പടിഞ്ഞിരുന്നു ചുട്ടചോളം ഒരു പിടി വാരി വായിലിടാൻ കൈ പൊക്കിയ യുധിഷ്ഠിരനെ മുടിയിൽ കുത്തി വലിച്ചുയർത്തി പാഞ്ചാലി ക്ഷുഭിതസ്വരത്തിൽ വിരൽ ചൂണ്ടി”, എത്ര തവണ ഞാൻ നിങ്ങൾക്കു് താക്കീതു് നൽകിയിട്ടുണ്ടു് ഇളമുറപാണ്ഡവർ ഇഷ്ട മാംസഭോജ്യം കഴിക്കുമ്പോൾ നിങ്ങൾ വലിഞ്ഞു കയറി സസ്യഭക്ഷണം കഴിക്കരുതു് എന്ന്.”

“എന്നിട്ടു്?” യുദ്ധകാര്യ ലേഖകൻ പൊടുന്നനെ അസ്വസ്ഥനായി.

“യുധിഷ്ഠിരൻ തല താഴ്ത്തി പുറത്തേക്കു പോയി”, കൊട്ടാരം ലേഖിക കൂട്ടുകാരന്റെ കൈ പിടിച്ചു ഊട്ടുപുരയിലേക്കും.

“സ്വർഗീയ വ്യക്തിഗതസേവനത്തിനു തക്ക പ്രതിഫലമായി ഭർത്താക്കന്മാർക്കു്, അവരാവശ്യപ്പെടുന്ന ഫലഭൂയിഷ്ഠമായ ഗംഗയാറൊഴുകുന്നയിടങ്ങൾ മുറിച്ചു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു എന്ന പാഞ്ചാലിയുടെ ഇന്നത്തെ വെളിപ്പെടുത്തൽ ഹസ്തിനപുരിയിൽ ആരു വിശ്വസിക്കും? ഏകപത്നീവൃതത്തിന്റെ കർമസാക്ഷികളായ കൌരവർ എവിടെ, ബഹുഭർതൃത്വത്തിന്റെ പ്രായോജകയായ പാഞ്ചാലി എവിടെ?”, അക്ഷോഭ്യനായിരുന്നു ദുര്യോധനൻ ഹസ്തിനപുരി പത്രികയുടെ ചോദ്യം ചെയ്യലിനു മുമ്പിൽ.

2016-01-28

“എന്താ, ഇന്നു് പാണ്ഡവർ അഞ്ചുപേരും ഇടിവെട്ടേറ്റ പോലെ?”, കൊട്ടാരം ലേഖിക പരിഷ്കൃതമായ ഉപചാരങ്ങളോടെ പാഞ്ചാലിയെ നേരിട്ടു.

“അക്ഷയപാത്രത്തിലെ എന്റെ മാത്രം ഭക്ഷണലഭ്യതയ്ക്കു് പാണ്ഡവർ വച്ച സ്വാർത്ഥ നിബന്ധന കാരണം എനിക്കു് എന്നും അത്താഴം നിഷേധിച്ചതൊക്കെ നിങ്ങൾ ഹസ്തിനപുരി പത്രികയിൽ പാട്ടാക്കിയതല്ലേ. ഒരു നേരം മാത്രം അനുവദിച്ചു കിട്ടുന്ന പാതി വെന്ത ധാന്യം കഴിക്കാൻ ഉച്ചയോടെ കുളിയും തുണി കഴുകലും കഴിഞ്ഞു കുന്നിൻ മുകളിലെ ഈ കുടിലിൽ ഞാൻ കിതച്ചു വരുമ്പോൾ, ഊട്ടുപുരയിൽ കാണുന്ന പതിവു് കാഴ്ച എന്താണു്? അഞ്ചു പേരും പാത്രത്തിനു ചുറ്റും ഇരുന്നു, വരുന്ന യുദ്ധത്തിൽ ഏതു കൌരവനെ ആരെങ്ങനെ കൊന്നു നിലവിളിക്കണം എന്നു് സംഘം ചേർന്നു് ഒച്ചവക്കുന്നു. ഇന്നു് ഞാനും സഹിക്കവയ്യാതെ ഒരു ഭർത്താവിനെ കൊന്നു നിലവിളിച്ചു. വീണതു് യുധിഷ്ഠിരൻ, ബാക്കി നാലു് പേരും അർദ്ധബോധത്തിലാണു്. അത്താഴത്തിനു നേരമായാൽ അവർ ചാടി ഉണരും.”

“കുരുവംശ ചക്രവർത്തി ശന്തനുവുമായി നിങ്ങൾ എന്തായിരുന്നു ഇന്നു് പരസ്യതർക്കത്തിൽ?”, ഓടി വന്ന കൊട്ടാരം ലേഖിക ദേവനർത്തകി ഗംഗയെ വിചാരണ ചെയ്തു.

“വൈകാരികമായി ആൾ ദുർബലൻ എന്നറിയാമായിരുന്നു, എന്നാൽ ഇത്ര ചപലമാണു് ആ ഹൃദയവികാരം എന്നറിഞ്ഞിരുന്നില്ല. അയാൾ ബീജദാനം നല്കിയ ഏഴു കുഞ്ഞുങ്ങളെയും എന്ന പോലെ എട്ടാമത്തെ ഈ നവജാതശിശുവിനെയും തൊഴിലുടമയുമായുള്ള കരാർ വ്യവസ്ഥ അനുസരിച്ചു് പുഴവെള്ളത്തിൽ മുക്കി കൊല്ലാൻ ഞാൻ ശ്രമിക്കുമ്പോൾ അതാ വിതുമ്പിക്കരഞ്ഞു കൊണ്ടു് ശന്തനു എന്നെ വന്നു തടയുന്നു. രാവിലെ കുളിക്കാൻ ജനം വരും മുമ്പു് തന്നെ കൃത്യം കാര്യക്ഷമമായി നടത്തേണ്ട ഞാൻ ക്ഷുഭിതയായി വിവാഹമോചനം വരെ ഉടനടി ആവശ്യപ്പെട്ടു എന്നതു് വസ്തുതയാണു്. ആ കുട്ടി രക്ഷപ്പെട്ടു. അതിനു ജീവൻ പോകണമെങ്കിൽ സ്വയം ഇനി തീയതി തീരുമാനിക്കണം എന്നാണു് കേട്ടതു്”, കൊട്ടാരം ലേഖിക കാൽ വെള്ളത്തിലിട്ടു കളിക്കുമ്പോൾ ഗംഗയാറൊഴുകുന്നുണ്ടായിരുന്നു അപ്പോഴും നിശബ്ദമായി.

“നുണ പറഞ്ഞു ദ്രോണരെ നിരായുധനാക്കി ചതിച്ചു കൊല്ലാൻ ഇടയൊരുക്കിയ നിങ്ങളുടെ അധാർമികതക്കെതിരെ അലയടിക്കുകയാണു് ഹസ്തിനപുരിയിൽ പ്രക്ഷോഭം. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക തൊഴിലിനു യോജിക്കാത്ത രീതിയിൽ ക്ഷുഭിതയായിരുന്നു.

“നിങ്ങളുടെ ധാർമികതയെക്കാൾ കാലാതിവർത്തിയാവും എന്റെ മനഃസ്സാക്ഷി” യുധിഷ്ഠിരൻ ഒച്ചവയ്ക്കുന്ന പ്രക്ഷോഭകർക്കു് നേരെ തിരിഞ്ഞു.

2016-01-29

“ഒരു കാര്യം ഈ പതിനെട്ടു ദിവസത്തെ പോരാട്ടത്തിൽ നിങ്ങൾക്കു് മനസ്സിലായി. ഞങ്ങൾ ഇരയുടെ ഭാഗത്താണു്. സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമന്വയത്തിൽ കുരുവംശ ഭരണനിർവഹണം ഏറ്റെടുക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്നു് ഒളിച്ചോടില്ല”, മേലാസകലം ചതവും പരിക്കുമുണ്ടെങ്കിലും കുരുക്ഷേത്രത്തിൽ നിന്നു് കാൽനടയായി എത്തി, ചക്രവർത്തി ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ പ്രതീക്ഷിച്ചു പുറത്തു് വെയിലിൽ കാത്തുനിൽക്കയായിരുന്ന പാണ്ഡവ സംഘത്തിന്റെ നേതാവു് കൊട്ടാരം ലേഖികയോടു് മനസ്സു് തുറന്നപ്പോൾ.

2016-01-30

“കൌരവരുടെ വംശഹത്യ നടത്തും പാണ്ഡവർ എന്ന കുപ്രചരണം വഴി നിർബന്ധിത സംഭാവന കൃഷിക്കാരിൽ നിന്നും കണ്ണുരുട്ടി പിരിച്ചെടുത്തവർ നീചമായ ഗൂഢാലോചന ഞങ്ങൾക്കെതിരെ അഴിച്ചു വിട്ടതു് വിധാതാവു് തള്ളി എന്നതിനു് തെളിവല്ലേ കുരുക്ഷേത്രത്തിൽ ഞങ്ങൾക്കുണ്ടായ മുന്നേറ്റം? ഞങ്ങൾ അഞ്ചു പേരും കുറെ കൂലിക്കെടുത്ത കൂട്ടാളികളും പോരാട്ടഭൂമിയിൽ തീ എറിഞ്ഞപ്പോൾ പകച്ചു പോയില്ലേ പതിതകൌരവർ”, പട്ടാഭിഷേക ചുമതല ഭീമനായിരുന്നെങ്കിലും ഓടി നടന്നു കാര്യങ്ങൾ ചെയ്യിക്കുന്നതും മാധ്യമങ്ങളോടു് സംസാരിക്കുന്നതും ഇളമുറ തമ്പുരാൻ നകുലൻ തന്നെ.

“യുദ്ധത്തെ കുറിച്ചു് അഭിമന്യുപുത്രൻ പരീക്ഷിത്തു് ഞങ്ങളെ നിരന്തരം മുനവച്ചു് ചോദ്യം ചോദിച്ചു വശം കെടുത്തിയതു് കൊണ്ടാണു് ഞങ്ങൾ അധികാരമൊഴിഞ്ഞു വാനപ്രസ്ഥം തിരഞ്ഞെടുത്തതു് എന്ന ചാർവാക കുപ്രചരണം തള്ളുന്നു. പുതിയ ഭരണകൂടത്തിന്റെ കൊട്ടാരഗുരുവായി തുടരുന്ന കൃപാചാര്യന്റെ കൗരവവിശ്വസ്തതയാണു് പരീക്ഷിത്തിനെ പാണ്ഡവ വിരോധി ആക്കിയതു് എന്ന ആരോപണം അവഗണിക്കുന്നില്ല. ഭീരുത്വം കൊണ്ടു് പോരാട്ടത്തിനു നേതൃത്വം കൊടുക്കാതെ യുധിഷ്ഠിരൻ അർജ്ജുനപുത്രനെ ചക്രവ്യൂഹത്തിൽ എറിഞ്ഞു കൊടുത്തു് എന്ന കാഴ്ചപ്പാടു് നിർഭാഗ്യകരം”, നഗ്നപാദരായ പാണ്ഡവർ കൊട്ടാരം വിട്ടിറങ്ങുമ്പോൾ കഴുതകളും തെരുവു് പട്ടികളും മാത്രം അവിടെ വിശപ്പിൽ ചിതറി നടന്നു.

2016-01-31

“ഇത്ര ഭാരമുള്ള ഗദയെടുത്തു് നടക്കുമ്പോൾ ശല്യം എന്നു് തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അപ്പോൾ ഗദ താഴെ വച്ചു് വലതു് കൈ ഉയർത്തി ഇടനെഞ്ചിൽ വക്കും, മുഖത്തു് ചേർത്തു് നെറ്റി പതുക്കെ തടവും, എല്ലാം സാധ്യമാക്കുന്ന, കയ്യിനകത്തെ അസ്ഥിയെ വീണ്ടും നമിക്കും. വീണ്ടും ഗദയെടുക്കും, അതിന്റെ മാരക പ്രഹരശേഷിക്കു് പറ്റിയ ഇരയെ അതു് തന്നെ കണ്ടെത്തും”, ഇപ്പോൾ യുദ്ധാനന്തര ഹസ്തിനപുരിയിൽ ആയോധന വിദ്യ പഠിപ്പിക്കുന്ന ഗുരുകുലത്തിൽ, ക്ഷണിക്കപ്പെട്ട പരിശീലകനായി വന്ന ഭീമൻ ഗദയെ സംശയത്തിൽ ഇടയ്ക്കിടയ്ക്കു് നോക്കി വിതുമ്പി.

“വൃദ്ധബ്രാഹ്മണൻ ദ്രോണരെ കൊല്ലാൻ തുണച്ചതു് നിങ്ങൾ പറഞ്ഞ നുണയായിരുന്നോ?” കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി ഭരണാധികാരിയെ ആചാരപൂർവ്വം നേരിട്ടു് ചോദിച്ചു.

“അതൊരു കാഴ്ചപ്പാടിന്റെ വൈകല്യമാണു്. നിങ്ങൾ പരാമർശിക്കുന്ന പച്ചനുണയും ഞാൻ ഉച്ചരിച്ച അർദ്ധസത്യവും തമ്മിൽ അന്തരം ഉണ്ടു്. നുണക്കു ബന്ധം സമൂഹ ധാർമികതയോടാണു്, അർദ്ധസത്യത്തിനു ബന്ധം വ്യക്തിയുടെ മനഃസ്സാക്ഷിയോടും. ധാർമികത പ്രശ്നം പൊതുവേദിയിൽ ചർച്ചക്കു് വരും, അർദ്ധസത്യം എന്റെ ഹൃദയത്തിലും. എന്റെ ഇടനെഞ്ഞിൽ കൈ വക്കൂ, അതെ ഇങ്ങനെ. അശാന്തമാണോ എന്റെ ഹൃദയം? അല്ല? അതാണു് പറഞ്ഞതു് യുദ്ധം ജയിക്കാൻ വേണ്ട അത്യാവശ്യം അസാധുവായ ഉള്ളടക്കം മാത്രമേ എന്റെ അർദ്ധസത്യത്തിൽ ഉണ്ടായിരുന്നുള്ളൂ. തിരക്കുണ്ടു്. ദ്രോണാചാര്യന്റെ പൂർണകായ കളിമൺ പ്രതിമയുടെ ഉൽഘാടനം ഇന്നു് സേനാപതി മാർഗിൽ.”

2016-02-01

“അഗതികളായും അടിമകളായും പാണ്ഡവർ അലയുന്ന കാലത്തു് നിങ്ങൾ കൌരവർക്കു വേണ്ടി പാദസേവ ചെയ്തു. കുരുക്ഷേത്രത്തിൽ ജീവൻ പോകാതെ പൊരുതി. സഹോദരീഭർത്താവു് ദ്രോണർ ചതിയിൽ കൊല്ലപ്പെട്ടപ്പോൾ മിണ്ടാതിരുന്നു. ഹസ്തിനപുരിയിൽ പുതുഭരണകൂടത്തിന്റെ കൊട്ടാര ഗുരുവായി. അഭിമന്യു പുത്രൻ പരീക്ഷിത്തിനു ഇപ്പോൾ ഹരിശ്രീ പഠിപ്പിക്കുന്നു. ചിരഞ്ജീവി കൃപാചാര്യനു ശന്തനുവിന്റെ കാലം മുതൽ എന്നും സുഖജീവിതം, അല്ലെ?” കൊട്ടാരം ലേഖിക ആകർഷകമായി കൃപാചാര്യനെ ആശംസിച്ചു.

“നിങ്ങൾക്കു് ഞാൻ നാണമില്ലാത്ത അവസരവാദി, എന്റെ എളിമവാക്കുകളിൽ പറഞ്ഞാൽ കുരുവംശത്തിനു സമർപ്പിതജീവിതം, തിരക്കിലാണു് ഞാൻ, അടുത്ത ചക്രവർത്തി പരീക്ഷിത്തു് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ‘പരിമിത’ പ്രജ്ഞനാണു്”

2016-02-02

“ഇന്ദ്രപ്രസ്ഥത്തിലെ സ്ഥലജലഭ്രമത്തിനും ഹസ്തിനപുരിയിലെ വസ്ത്രാക്ഷേപത്തിനും ഇടക്കുള്ള കാലയളവിൽ കൌരവർ ചെയ്ത കുടിലനീക്കങ്ങൾ പൊതുവേദിയിൽ വിളിച്ചു പറയുമെന്നു് പാഞ്ചാലി. പ്രതികാരബുദ്ധിയോടെ അടിമശിക്ഷാവിധി ആയുഷ്കാലം നീട്ടിയാലും തളരില്ല നേരിട്ടറിഞ്ഞിടത്തോളം ഈ പെൺമനം, എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ദുര്യോധനനെ ഭൂഗർഭനിലയിലെ രഹസ്യകാര്യാലയത്തിൽ കണ്ടെത്തി.

“സൌന്ദര്യവർദ്ധക ഔഷധക്കൂട്ടുകളും ഹിമാലയൻ പഴവർഗങ്ങളും പുത്തൻ അടിവസ്ത്രങ്ങളും പ്രത്യേകം സൈനികൻ വശം ഞാൻ രഹസ്യമായി കൊടുത്തയച്ചതു് കിട്ടി നന്ദി എന്നുള്ള പാഞ്ചാലിയുടെ മറുപടി ഇതാ”, ദുര്യോധനൻ മുറിയുടെ മൂലയിൽ പന്തത്തിന്റെ പുക പരത്തുന്ന മഞ്ഞ വെളിച്ചത്തിലേയ്ക്കു നീങ്ങി.

2016-02-03

“ലിംഗസമത്വമില്ലാതെ അടിമകളെ ഔദ്യോഗിക രേഖകളിലും പൊതുപ്രഭാഷണങ്ങളിലും കൌരവർ പരാമർശിക്കുന്നതിൽ പ്രതിഷേധമുണ്ടെന്ന നിങ്ങളുടെ പ്രസ്താവന ഗുരുതരമായ അച്ചടക്കലംഘനമായി ദുര്യോധനന്റെ കാര്യാലയം നേരിടുമെന്നു കേട്ടു. ഒറ്റവാക്യത്തിൽ ഒരുദ്ധരണി തരാമോ, തിരുത്താതെ ഞങ്ങൾ കൊടുക്കാം”, കൊട്ടാരം ലേഖിക സഹായിച്ചു. ആശ്രമത്തിൽ അവർ രണ്ടു് പേരും മാത്രമായിരുന്നു.

“വനവാസത്തിനു പോയ പാണ്ഡവർ എന്ന ഔദ്യോഗിക പ്രസ്താവനയിലെ ലിംഗനീതിനിഷേധം ചൂണ്ടിക്കാണിച്ച ഞാൻ, ഇനിയുള്ള എല്ലാ അറിയിപ്പുകളിലും രേഖകളിലും, വനവാസത്തിനു് പോയ പാഞ്ചാലിയും പാണ്ഡവരും എന്നു് കൃത്യമായി വേണം അടയാളപ്പെടുത്താൻ എന്ന ആവശ്യം ഞാൻ മുന്നോട്ടു വച്ചാൽ എന്താണിത്ര ഗുരുതരം?” കുളി കഴിഞ്ഞു, ദുര്യോധനൻ ഇപ്പോൾ കൊട്ടാരം ലേഖിക വഴി കൊടുത്തയച്ച സുഗന്ധതൈലം ശരീരത്തിൽ അലസമായി തേച്ചുകൊണ്ടു് പാഞ്ചാലി മധുരമായി വെല്ലു വിളിച്ചു.

2016-02-04

“നിങ്ങൾ പാണ്ഡവരോടു് കാണിക്കുന്ന അനിഷ്ടത്തിനു കാരണം അവർ സ്വവർഗരതിയിൽ അഭിരമിക്കുന്നു എന്ന നിങ്ങളുടെ തിരിച്ചറിവാണെന്നു് കൌരവരാജവധുക്കൾ വായിച്ചെടുക്കുന്നു. സ്വവർഗരതിയോടു കൗരവഭരണകൂടം എടുക്കുന്ന ഉദാരമായ സമീപനത്തിനു് എതിരാണു് പാഞ്ചാലിയുടെ അസഹിഷ്ണുത എന്നാണു അവർ ആരോപിക്കുന്നതു്. എങ്ങനെ പ്രതികരിക്കുന്നു?”

“പാണ്ഡവർ ഇന്നെന്നെ കൌതുകപ്പെടുത്തുന്നില്ല എന്നു് കൌരവരാജവധുക്കൾ വിദൂര ഹസ്തിനപുരിയിൽ ഇരുന്നു് കഷ്ടപ്പെട്ടു് കണ്ടെത്തിയതു് ആർക്കും അറിയാവുന്ന വസ്തുത മാത്രം. കിഴിക്കാനോ കൂട്ടാനോ ഞാൻ സമയം കളയുന്നില്ല. പാണ്ഡവർ ഊഴം വച്ചോ സംഘം ചേർന്നോ സ്വവർഗആനന്ദരതിയിൽ മുഴുകുന്നതു് എനിക്കു് അലോസരമുണ്ടാക്കുന്ന പ്രശ്നമല്ല. എന്നാൽ, അവർ ദാമ്പത്യേതര പരസ്ത്രീ ബന്ധങ്ങളിൽ പെട്ടു് എന്റെ ഭാവി ചക്രവർത്തിനി മോഹത്തെ തുരങ്കം വയ്ക്കുന്ന എന്തെങ്കിലും അവിഹിത വഴിയിൽ പെട്ടാൽ, പാഞ്ചാലി കയ്യും കെട്ടി നില്ക്കില്ല. തിരിച്ചു ചെന്നു് പാഞ്ചാലി പാണ്ഡവ ർക്കു് സ്വവർഗരതി പുരസ്കാരം കൊടുത്തു് പ്രോത്സാഹിപ്പിച്ചു എന്നൊന്നും ഹസ്തിനപുരി പത്രികയിൽ നീ എഴുതിപ്പിടിക്കരുതു്. കൗരവ രാജ വധുക്കൾ അവരുടെ ഭർത്താക്കന്മാരെ വച്ചു് പൊറുപ്പിക്കില്ല”, പാഞ്ചാലി പക്ഷെ ഇടയ്ക്കിടെ വേട്ടമൃഗത്തെ പോലെ ചുറ്റും കണ്ണോടിച്ചു.

“കുടിയേറ്റക്കാരിയായി ഖാണ്ഡവവനത്തിൽ പോയ നിങ്ങൾക്കു് രാജസൂയയാഗത്തിൽ പങ്കെടുത്തു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാവാൻ യോഗമുണ്ടായി. അഞ്ചു ഭർത്താക്കന്മാരുടേയും മക്കൾക്കു് ജന്മം നൽകി, ഇപ്പോൾ കൗരവഅടിമയായി അടുത്തുള്ള ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളിയായിരിക്കുമ്പോഴും നിങ്ങളെ പാണ്ഡവർ മാനിക്കുന്നു. എന്താണു് ആ രഹസ്യം”, നിലാവു് വീണ ജലാശയത്തിന്നരികെ കൊട്ടാരം ലേഖികയും പാഞ്ചാലിയും നിഴലിലും വെളിച്ചത്തിലുമായി പരസ്പരം നോക്കി.

“രഹസ്യം വെളിപ്പെടുത്തേണ്ടതു് മാധ്യമ പ്രവർത്തകരല്ലെ, നിങ്ങൾ പറയൂ.”

“ഒരു സ്ത്രീ എന്ന നിലയിൽ സ്ത്രീത്വത്തിനു നിങ്ങൾ സമ്പൂർണത വരുത്തി എന്നൊരു തിരിച്ചറിവു് അഞ്ചു പേരിലും എപ്പോഴോ കടന്നു കൂടിയിട്ടുണ്ടു്.”

2016-02-05

“അധികാരമൊഴിഞ്ഞു അഞ്ചുപേരും കൊട്ടാരം വിട്ടിറങ്ങി നഗ്നപാദരായി മലമുകളിലേക്കു് യാത്ര തുടങ്ങിയപ്പോൾ അനുഗമിച്ച പാഞ്ചാലി, ഹിമാലയ താഴ്‌വരയിൽ കുഴഞ്ഞു വീണു മരിക്കുമ്പോൾ നിങ്ങൾ ആരും തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടു വച്ചു എന്നാണു ദൂരെ മരങ്ങൾക്കിടയിൽ രംഗം കണ്ടു നിന്ന ആദിവാസികൾ അറിയിച്ചതു്.” ചുരം കയറുകയായിരുന്ന പാണ്ഡവർക്കൊപ്പമെത്താൻ കൊട്ടാരം ലേഖിക പാടുപെട്ടു.

“ഉറങ്ങിക്കിടക്കുമ്പോൾ കൊലയാളികളുടെ കൈകളിൽ പ്രാണൻ പോയ എന്റെ കുഞ്ഞുങ്ങളെ, എന്നു് വിലപിച്ചു കൊണ്ടു് നടവഴിയിൽ നിന്നു് നീരൊഴുക്കിലെക്കു ആരോ തെറിപ്പിച്ചെന്ന പോലെ വീണ പാഞ്ചാലിയെ കണ്ടു ഞങ്ങൾ തരിച്ചു നിന്നതോർമ്മയുണ്ടു്. ഓടി അടുത്തു് ചെന്നു് വെള്ളത്തിൽ നിന്നവളെ കോരി എടുത്തുയർത്തുമ്പോൾ, എന്നെ വിടൂ, മനുഷ്യത്വത്തിന്റെ പേരിൽ നിങ്ങൾ വഴിപ്പോക്കരോടു് ഞാൻ യാചിക്കുന്നു, ശാന്തമായി എന്റെ ജന്മം അവസാനിക്കാൻ വിടൂ, എന്നവൾ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ദീനദീനമായ ഭാവത്തിൽ പറഞ്ഞാൽ പിന്നെ ഞങ്ങൾ അതു് കേൾക്കണോ, തള്ളണോ”, ക്ഷീണിതനെങ്കിലും യുധിഷ്ഠിരൻ പിതൃഗൃഹത്തിലേക്കു് വിരുന്നു പോവുന്ന കുട്ടിയെ പോലെ ഉണർവോടെ കാലുകൾ ചലിപ്പിച്ചു.

2016-02-06

“ഇടയ്ക്കു നിങ്ങൾ ദ്വാരകയിൽ ഭാര്യ സുഭദ്രയുടെ അരികിൽ നിന്നു് തിരിച്ചു പാഞ്ചാലിയുടെ ഇന്ദ്രപ്രസ്ഥത്തിലേക്കു് ധൃതിയിൽ മടങ്ങുന്നതു് കാണാം. ചിലപ്പോൾ, പ്രത്യേകിച്ചു് കാരണം ഒന്നും പറയാതെ, ദ്വാരകയിലേക്കും. വൈകാരികമായ ഇത്തരം അതിവിദൂരയാത്രക്കു് എന്താ ഒരു പ്രചോദനം, അഥവാ പ്രകോപനം?”, കൊട്ടാരം ലേഖിക അർജ്ജുനനെ ഔപചാരികമായി ആശംസ അർപ്പിച്ചു.

“അംഗീകൃത രാജകീയഭാര്യമാരുടെ ജാഗ്രതയുള്ള ഒളിനോട്ടത്തിൽ ഉടനടി പിടിക്കപ്പെടാതെ ഒരിക്കലും എനിക്കൊരു പരസ്ത്രീ മുഖം നോക്കാൻ ആവില്ലെന്നു് അമർഷത്തോടെ തിരിച്ചറിയുമ്പോൾ, ദിവ്യയുധങ്ങൾ വലിച്ചെറിഞ്ഞു പടിയിറങ്ങിപ്പോവാൻ തോന്നും. രണ്ടിടത്തും അനുഭവം ഒരു പോലെ അസഹനീയം ആവുമ്പോൾ യാത്ര തിരിച്ചും മറിച്ചും ആവർത്തിച്ചു വേണ്ടി വരില്ലേ”, ആകർഷകവും ആയാസരഹിതവുമായിരുന്നു പോരാട്ടവീര്യന്റെ പ്രതികരണം.

2016-02-07

“അമ്മ അമ്മമ്മ ഇവരൊക്കെ തലമുറകളായി കൊട്ടാരം ലേഖിക പദവി വഹിച്ചിരുന്ന കാലത്തെ അനുഭവകഥകൾ കേട്ടതു്, ഒന്നു് പറയാമോ?”

“അമ്മ തിരക്കിലാവും, കഥ പറഞ്ഞതു് അമ്മമ്മ. താരാട്ടിൽ കൊട്ടാരം കഥ. വനാശ്രമത്തിൽ ചെന്നു് കുന്തിയെയും മാദ്രിയെയും കണ്ടു അവരുടെ ഒറ്റമുറി വസതിയിലെ ജീവിതം ഹസ്ഥിനപുരിയെ ആദ്യം അറിയിച്ചതു് ആ ധീരയായിരുന്നു. ആകാശചാരികളെ മന്ത്രം ജപിച്ചു പ്രലോഭിപ്പിച്ചു വരുത്തി ആനന്ദരതിയിൽ അഭിരമിക്കയും അതിനിടയിൽ മൂന്നു സന്തതികൾക്കു് ജന്മം കൊടുക്കുകയും ചെയ്യുമ്പോൾ, അതേ മുറിയിൽ മൂകസാക്ഷിയായി കിടന്ന ആ ശാപഗ്രസ്തൻ പാണ്ഡു തന്നെയായിരുന്നു ഒരിക്കൽ ഹസ്തിനപുരി കൊട്ടാരത്തിൽ ചെങ്കോൽ പിടിച്ച കുരുവംശാധിപൻ എന്നു് വിശ്വസിക്കാൻ പാടുപെട്ടു എന്നു് അമ്മമ്മ വിലപിച്ചതു് എന്റെ ഇരുപത്തി മൂന്നാമത്തെ ഈ ജന്മദിനത്തിലും ഞാൻ എളിമയോടെ ഓർക്കുന്നു. ഓർമ കഴിഞ്ഞു, ഇനി വാർത്ത വേട്ട”, കൊട്ടാരം ലേഖിക പെട്ടെന്നു് ചാടിയെഴുന്നേറ്റു കർമനിരതയായി.

“ഹസ്തിനപുരിയിലെ കാലാവസ്ഥ ഭാര്യ ഗംഗക്കു് ഇഷ്ടമല്ല എന്നു് പറഞ്ഞു ഉത്തമ മരങ്ങളുടെ തടി കൊണ്ടു് ഹിമാലയ താഴ്‌വരയിൽ ശന്തനു കരുതലോടെ പണിത ആഡംബര വേനല്ക്കാല വസതി മെഴുകും അരക്കും ചേർത്തു് ചുട്ടുകരിച്ചു രഹസ്യമായി നേരത്തെ പണിത ഭൂഗർഭ പാതയിലൂടെ ഒളിച്ചോടുക: രാഷ്ട്രത്തിന്നെതിരെ പാണ്ഡവർ നടത്തിയ ഈ വിധ്വംസക പ്രവർത്തി ഞങ്ങൾ വ്യവസ്ഥാപിത കുരുവംശ നിയമത്തിന്റെ മുമ്പിൽ കൊണ്ടു് വരണ്ടേ? ആദിവാസി സ്ത്രീയും അഞ്ചു മക്കളും അന്നം തേടി വന്നപ്പോൾ അവർക്കു് ഭക്ഷണത്തിൽ വിഷം ചേർത്തു കൊടുത്തു് മയക്കി കിടത്തി, തീയിൽ കത്തിച്ചതു് ഗൂഢാലോചന ആയിരുന്നില്ലേ. മരിച്ചതു പാണ്ഡവർ എന്നതിനു് വ്യാജ തെളിവു് സൃഷ്ടിക്കുക, കുന്തിക്കെതിരെ കുറ്റപത്രം ചെറുതാവില്ല.”

2016-02-11

“ഖാണ്ഡവവനം വെട്ടി വെടിപ്പാക്കിയാണു് നിങ്ങൾ ഇന്ദ്രപ്രസ്ഥം പണിതതു് എന്നു് കേട്ടിട്ടുണ്ടു്. നഗരത്തിലെ ഗുരുകുലത്തിലോ കൃഷിയിടങ്ങളിലോ പുലിയിറങ്ങി പന്നിയെ കണ്ടു കുറുക്കൻ ഓലിയിട്ടു എന്നൊന്നും നഗരവാസികൾ പരാതി പറയുന്നതായി ഞങ്ങൾക്കു് ഇതുവരെ വാർത്ത കിട്ടിയിട്ടില്ല”, കൊട്ടാരം ലേഖിക ഒരുത്തരത്തിനായി അർജ്ജുനനെ ചോദ്യഭാവത്തിൽ നോക്കി.

“അത്തരം പരാതി ഇല്ലാതിരിക്കാൻ ഞങ്ങൾ ഒരു നൂതന സാങ്കേതികവിദ്യ അന്നേ പ്രയോഗിച്ചു, കാടു് വളഞ്ഞു തീയിട്ടു.”, ഒരു ജേതാവിനെ പോലെ ആ പ്രസിദ്ധ സൈനികൻ പൊട്ടിച്ചിരിച്ചു.

2016-02-13

“പൂവണിയാത്ത മോഹം വല്ലതുമുണ്ടോ ഈ കരളിൽ?”, തളർന്നു വീണ പാഞ്ചാലിയെ കൈകളിൽ താങ്ങി കൊട്ടാരം ലേഖിക നഷ്ടബോധത്തോടെ ചോദിച്ചു.

“എന്തിലും ഏതിലും മുൻഗണനയുടെ ക്രമപ്രശ്നം ഉന്നയിച്ചു് മാദ്രിയുടെ മക്കളോടുള്ള എന്റെ പ്രണയത്തെ തടഞ്ഞു നിർത്തിയ യുധിഷ്ഠിരന്റെ മരണമായിരുന്നു ആദ്യം വേണ്ടിയിരുന്നതു്. കുന്തിയുടെ മൂന്നു മക്കളാൽ എന്റെ ബഹുഭർതൃത്വ ദാമ്പത്യത്തിൽ എന്നും പാർശ്വവൽക്കരിക്കപ്പെട്ട നകുലനും സഹദേവനും അവരർഹിക്കുന്ന വാത്സല്യം വാരി കോരി കൊടുക്കാൻ ഇനിയും ഞാൻ ജനിക്കുമോ വരും യുഗത്തിൽ?”

2016-02-15

“സത്യസന്ധൻ വിവേകശാലി മിതഭാഷി എന്നിങ്ങനെ സദ്ഗുണങ്ങൾ പട്ടിക നിരത്തി പുതിയ മഹാരാജാവിനെ പ്രകീർത്തിച്ച കൊട്ടാരഗുരു കൃപാചാര്യൻ, വാ പൊത്താൻ പോലും മെനക്കെടാതെ കോട്ടുവായിട്ടു വേദിയിൽ നിന്നിറങ്ങിപ്പോവുന്നതു് ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക കൂട്ടുകാരനോടു് സംശയം പങ്കിട്ടു. പട്ടാഭിഷേകത്തിനു് ശേഷം, നഗരത്തിലെ അരങ്ങേറ്റ മൈതാനത്തിൽ പൌര സ്വീകരണം യുദ്ധാനന്തര ഹസ്തിനപുരിയിലെ തണുത്ത കാറ്റു് വീശുന്ന സന്ധ്യ.

“ഒരു നിസ്സാര സ്വാഗത പ്രഭാഷകനുമാവും യുധിഷ്ഠിരനെ പോലെ നാവിൽ കാപട്യം പുരട്ടി വേണ്ടതു് വേണ്ടപോലെ പറയാൻ എന്നു് ഇപ്പോൾ വ്യക്തമായല്ലോ?”, കൂട്ടുകാരിയിൽ നിന്നൊരു കരിമ്പിൻ തണ്ടു് വാങ്ങി ആഞ്ഞു കടിച്ചു നീരിറക്കിയ യുദ്ധകാര്യ ലേഖകൻ, ഇനിയുള്ള യുദ്ധമില്ലാത്ത ലോകത്തു് എന്റെ ഭാവിയെന്തു് എന്നു് പ്രയാസപ്പെട്ടു.

2016-02-16

“നവ പാണ്ഡവഭരണകൂടത്തിലെ കുലീന ബ്രാഹ്മണ ഉദ്യോഗസ്ഥരുടെ വസതികളിൽ, അടുപ്പു് കത്തിക്കാനും വെള്ളം കോരാനും അകവും പുറവും ജൈവമാലിന്യം നീക്കി വൃത്തിയാക്കാനും ഉള്ള ഇരുപത്തിനാലു മണിക്കൂർ പണിക്കു് കൗരവരാജവിധവകളെ പുനരധിവാസപദ്ധതിയനുസരിച്ചു് പരിഗണിക്കും എന്ന മഹാറാണിയുടെ ഉത്തരവു് ഊഷ്മളമായി സ്വാഗതം ചെയ്യുമ്പോൾ തന്നെ, പരിപൂർണ ആരോഗ്യ പരിശോധനക്കു് അപേക്ഷകർ വിധേയമായിരിക്കണം എന്ന അയവില്ലാത്ത ഭരണകൂട നിബന്ധന ആ കുരുക്ഷേത്രവിധവകൾ ഒന്നടങ്കം അപലപിച്ചിരിക്കയാണു്. എങ്ങനെ പ്രതികരിക്കുന്നു?” നിന്ദ മറച്ചു വക്കാതെ കൊട്ടാരം ലേഖിക ചോദിച്ചു.

“വിവരം മുഴുവൻ പുറത്തു് വന്നാൽ അപലപിക്കുക പാണ്ഡവരെ അല്ല. നാണമില്ലാത്ത അഞ്ചു ആണുങ്ങൾ ഒരു പിഴച്ച പെണ്ണിനെ അന്യായമായി വച്ചുകൊണ്ടിരിക്കുന്നു എന്നു് ലോകമെങ്ങും പരിഹസിച്ച കൌരവരുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക അരാജകത്വം ഞങ്ങൾ ഒരു ധവള പത്രത്തിലൂടെ നാളെ ആരംഭിക്കുന്ന രാജസഭയിൽ ലോകരാജ്യങ്ങളെ അറിയിക്കാൻ ഒരുങ്ങുകയാണു്. ഒരു സ്ത്രീക്കു് ഔദ്യോഗിക അംഗീകാരമുള്ള അഞ്ചു ആണുങ്ങൾ മാത്രം എന്ന പാണ്ഡവലിംഗരീതിക്കു് പകരം, ഓരോ കൗരവരാജവധുവിനും നിർബന്ധമായും നേരിടേണ്ടി വന്നതു് ഒരു ഔദ്യോഗിക ഭർത്താവും, തൊണ്ണൂറ്റിഒമ്പതു് കൗരവരതിപങ്കാളികളും. ഞാൻ ഈ പറയുന്നതു് കൽപ്പിതചരിത്രമല്ല, സാക്ഷ്യപ്പെടുത്തിയ ഇരകളുടെ മൊഴി, പൊട്ടിക്കരഞ്ഞു പീഢന കഥ ഏറ്റു പറയുന്ന കൗരവരാജവിധവകളുടെ സത്യസാക്ഷ്യം”, മഹാറാണി പാഞ്ചാലി രാജസഭയുടെ ജോലിയിൽ തിരക്കിലായിരുന്നു.

2016-02-18

“ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യു ജീവൻ രക്ഷിക്കാൻ കൗരവ പക്ഷത്തേക്കു് കൂറുമാറാൻ തയ്യാറായിരുന്നു, എന്നോടവൻ ഉള്ളു തുറന്നു. പെട്ടെന്നു് തീരുമാനമെടുക്കാൻ പക്ഷെ എനിക്കായില്ല. വൈകിപ്പോയി, കർണൻ കത്തി അവന്റെ വയറിൽ ആഞ്ഞു കുത്തി ഇറക്കിയില്ലായിരുന്നു എങ്കിൽ ഈ യുദ്ധം ഇങ്ങനെ കൗരവ തോൽവിയിൽ അവസാനിക്കുമോ”, അഭിമന്യു വധം നേരിൽ കണ്ട ദുര്യോധനൻ ഭീമ ഗദയുടെ മാരക പ്രഹരത്തിൽ ചളിയിൽ വീണു മരിക്കും മുമ്പു് അർജ്ജുനനനോടു് ഏറ്റു പറഞ്ഞു.” കൊല്ലണമെന്നു് ഞാനും കരുതിയില്ല, കർണൻ കുന്തിയുടെ മകൻ എന്ന ആ സത്യം ഇപ്പോൾ എനിക്കു് വ്യക്തമായി. കൗരവ പക്ഷത്തു് വന്നാൽ അഭിമന്യു പിൽക്കാലത്തു് പ്രതിയോഗിയാവും എന്നു് കർണൻ ഭയന്നുവോ.”

“ക്ഷയരോഗബാധിതനായി മരിച്ച കുരുവംശരാജാവു് വിചിത്രവീര്യനൊപ്പം രഹസ്യമായി അയാളുടെ കിടപ്പറയിൽ സംസ്കരിക്കാൻ അംബികയെയും അംബാലികയെയും വിഷം കൊടുത്തു് കൊല്ലാൻ ശ്രമിച്ച രാജമാതാവു് സത്യവതിയുടെ കുൽസിതനീക്കം നേരത്തെ അറിഞ്ഞ രാജവിധവകൾ അതീവരഹസ്യമായി മുൻകരുതൽ നടപടിയെടുത്തതിനു പ്രതികാരമായാണു് സുന്ദരികളായ യുവവിധവകളെ കുള്ളനും കോപിയും വിരൂപനുമായ വൃദ്ധ മുനിയെക്കൊണ്ടു് നിർബന്ധിച്ചു സംഭോഗത്തിൽ ഏർപ്പെടുത്തി ഒരന്ധനെയും ഒരു ഷണ്ഡനെയും പുത്രന്മാരാക്കി അവരുടെ വൈവാഹിക ജീവിതം നശിപ്പിച്ചതു് എന്ന ഹസ്തിനപുരി പത്രിക വെളിപ്പെടുത്തലിനോടു് എങ്ങനെ പ്രതികരിക്കുന്നു”, കൊട്ടാരം ലേഖിക കർത്തവ്യബോധത്തോടെ ചോദിച്ചു.

“സത്യവതിയും പുത്രവധുക്കളും കൊട്ടാരജീവിതം ഉപേക്ഷിച്ചു വനവാസത്തിനു പടിയിറങ്ങിപ്പോയ നേരം നോക്കി പുറത്തുവിട്ട ഈ വിഴുപ്പുവാർത്ത, നിത്യവും തിന്നുന്ന ഉപ്പിനു നന്ദിയില്ലാത്ത നിങ്ങളുടെ സ്ഥിരം പത്രധർമം തന്നെയല്ലേ കാണിക്കുന്നതു്?”, ദുര്യോധനൻ കൊട്ടാരം ലേഖികയോടു് കൊഞ്ചുന്ന പോലെ സംസാരിച്ചു കുഴഞ്ഞു മറിഞ്ഞു.

2016-02-19

ഹസ്തിനപുരി പത്രിക: കൊട്ടാരം ലേഖിക

കൌമാരം വരെ കാട്ടിൽ കഴിഞ്ഞ പാണ്ഡവർക്കു് കളിക്കൂട്ടു് ആദിവാസിക്കുട്ടികൾ ആയിരുന്നു. തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടു വാരിത്തിന്നാൻ അന്നവർക്കു് അക്ഷയപാത്രമൊന്നുമില്ല ഒരു നേരത്തെ അന്നത്തിനു ഊട്ടുപുരയിൽ കുന്തിയും മാദ്രിയും പാടുപെടുമ്പോൾ ആദിവാസിക്കുട്ടികൾ മരം കയറിയും മുയലിനെ പിടിച്ചും തീൻ ശാല സമൃദ്ധമാക്കി. കുരുവംശാധിപരുടെ വാരണാവാതം സുഖവാസമന്ദിരം അരക്കും മെഴുകും ചേർത്തു് കുന്തി കത്തിക്കുമ്പോൾ, മരിച്ചതു് പാണ്ഡവർ എന്നു് വ്യാജ കഥയുണ്ടാക്കാൻ, അവർ സൌകര്യപൂർവ്വം കണ്ടെത്തിയതു് ആദിവാസി കുടുംബത്തെയാണു്. വിഷം കലർത്തി അവസാനത്തെ അത്താഴം അവർക്കു് വിളമ്പി, മന്ദിരം തീയിട്ടു്, തല മൂടി കുന്തിയും മക്കളും ഒളിച്ചു കടന്നു.

ഭൂരഹിത ആദിവാസികൾക്കു് ഇനിയരുതു് അത്താഴപ്പട്ടിണി എന്ന സൗജന്യ ഭക്ഷണവിതരണപരിപാടി തുടങ്ങിവക്കുന്ന വാരണാവതം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ദുര്യോധനൻ.

2016-02-20

“യുധിഷ്ഠിരനോടും നകുലനോടും നിങ്ങൾക്കുള്ള മനോഭാവം ഞാനുമായുള്ള അഭിമുഖങ്ങളിൽ അടയാളപ്പെടുത്തി. പക്ഷെ സഹദേവൻ?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി മഹാറാണിയോടു് ചോദിച്ചു മുട്ടു് കുത്തി കൈമുത്തി സമൃദ്ധമായ ഉപചാരങ്ങളോടെ. നിലാവു് വീണ ശരത്കാല രാത്രി. എകാന്തമായിരുന്നു പരിസരം.

“സ്വയംവരം കഴിഞ്ഞു പാഞ്ചാലയിൽ നിന്നു് ഞങ്ങൾ ഹസ്തിനപുരിയിൽ എത്തിയ ആ ദിവസം. ഭർത്താക്കന്മാരെ ഓരോരുത്തരെയും പകൽ കഷ്ടിച്ചു് മുഖപരിചയം ആയിത്തുടങ്ങിയിട്ടേ ഉള്ളു. പ്രിയ, പ്രിയപ്പെട്ട, പ്രിയങ്കരൻ, അഭിവന്ദ്യ എന്നിങ്ങനെ നൂറോളം കൌരവരെ ഓരോരുത്തരെയും എനിക്കു് പരിചയപ്പെടുത്തുന്നതിനു പുറമേ, അവരുടെ മുമ്പിൽ തല കുനിക്കാൻ വഞ്ചനാപരമായ സൌഹൃദത്തോടെ യുധിഷ്ഠിരൻ എന്നോടാവശ്യപ്പെടുമ്പോൾ, പിന്നിൽ എപ്പോഴും ഒരു സുരക്ഷാഭടനെപ്പോലെ നിന്ന സഹദേവൻ എത്ര പെട്ടെന്നാണു് ആ അവഹേളനപരമായ സ്വീകരണവിരുന്നിൽ നിന്നു് രക്ഷപ്പെടാൻ എന്നെ തുണച്ചതു്. പിന്നെ, പിന്നെയാണു് ഞാൻ മനസ്സിലാക്കിയതു് അശ്വിനിദേവതയുടെ ആ ആരോമൽ സന്തതിക്കു പ്രവചന ശക്തിയുണ്ടെന്നു്. ഞാനെന്നും കൊതിച്ചു അവനെന്നെ അദൃശ്യനായി എപ്പോഴും ഓമനിച്ചിരുന്നെങ്കിൽ”, പാഞ്ചാലി പരിഷ്കൃതവും പാഞ്ചാലവുമായ ഉച്ചാരണത്തിൽ ആ ദിനം ഓർമ്മിച്ചെടുത്തു.

2016-02-21

“അഞ്ചു മക്കൾ, ഏതാണ്ടു് അത്ര തന്നെ ബീജധാതാക്കൾ. ആരെങ്കിലും പിന്നീടു് പിതൃത്വം നിഷേധിച്ചിട്ടുണ്ടോ?”, കൊട്ടാരം ലേഖിക രാജമാതാവിനെ നേരിട്ടു. കൌന്തെയർ കൗരവ അടിമകളായി കാട്ടിൽ കഴിയുന്ന കാലം.

“അങ്ങനെ ഒരു സംഭവം എന്റെ ശ്രദ്ധയിൽ പെട്ടതായി ഓർക്കാനാവുന്നില്ല”, ഗാന്ധാരിയുടെ മുഖ്യ സഹായി എന്ന നിലയിൽ കുന്തി ധൃതരാഷ്ട്രരുടെ ഔദ്യോഗിക വസതിയുടെ ഭരണച്ചുമതലയിൽ തിരക്കിലായിരുന്നു.

“നിങ്ങൾക്കു് അനുജന്മാരുണ്ടോ”, കൊട്ടാരം ലേഖിക അവിശ്വാസത്തിൽ കണ്ണു് മിഴിച്ചു.

“അച്ഛൻ ചക്രവ്യൂഹത്തിൽ കൊല്ലപ്പെടുമ്പോൾ വയസ്സു് പതിനാറു്. അപ്പോൾ അമ്മ ഉത്തരക്കു് അതിലും കുറവാവില്ലേ. വൈധവ്യവും ചുമന്നു ജീവകാലം മുഴുവൻ അമ്മ നടക്കണോ? കൊള്ളാവുന്ന ബീജദാതാക്കളെ കിട്ടി, നൂറോളം കൌരവർ പെരുമാറിയ കൊട്ടാരത്തിൽ അങ്ങനെ ആളും അനക്കവും ആയി.” മന്ദബുദ്ധി എന്നു് കൊട്ടാരം സൈനികർ വിളിച്ച പരീക്ഷിത്തു് ഹരിശ്രീ പഠിക്കുന്ന തിരക്കിലായിരുന്നു പതിനാറു വയസ്സിലും.

2016-02-22

“മായൻ നിർമ്മിത ഇന്ദ്രപ്രസ്ഥം നഗരി വിസ്തരിച്ചു കണ്ടു ഹസ്തിനപുരിയിൽ കാൽ കുത്തിയ ആദ്യ കൌരവനല്ലേ നിങ്ങൾ? എന്തുണ്ടു് ആ മോഹന നഗരിയെ കുറിച്ചു് ഇപ്പോഴും തേനൂറുന്ന ഓർമ”, തേരിൻ നിന്നു് കൃത്യം ഗോപുര വാതിലിൽ ചാടിയിറങ്ങുന്ന ദുര്യോധനനെ കൊട്ടാരം ലേഖിക പിടി കൂടി.

“വിശിഷ്ടാതിഥികൾക്കു് ഓർമയിൽ നിന്നു് പോകാത്ത കുളിരനുഭവം തരുന്ന മനോഹരസൌധം”, പല്ലു് ഞെരിച്ചു ആ മുതിർന്ന കൌരവൻ ഗോപുര വാതിലിലെ സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു അതിവേഗം അകത്തേക്കു് കടന്നു.

2016-02-23

“നവപാണ്ഡവ ഭരണകൂടത്തിന്റെ നയപ്രഖ്യാപനം കൃപാചാര്യൻ തന്നെ രാജസഭയിൽ ചെയ്യുമെന്നു നകുലൻ. അർജ്ജുനൻ എഴുതി കൊടുത്തതെല്ലാം ആചാര്യൻ ഉച്ചാരണ ശുദ്ധിയോടെ വായിക്കും”, കൊട്ടാരം ലേഖിക കൂട്ടുകാരനോടു് പറഞ്ഞു.

“ഒരിക്കൽ കൌരവരുടെ കിടിലൻ യുദ്ധമോഹങ്ങൾക്കു് ചിറകു വിരിയിച്ച ആ ചിരഞ്ജീവിക്കു് യുദ്ധം കഴിഞ്ഞപ്പോൾ പണി കിട്ടി അല്ലെ” യുദ്ധകാര്യ ലേഖകന തലയ്ക്കു പിന്നിൽ കൈകൾ പിണച്ചു.

2016-02-24

സുഖചികിത്സസന്യാസിയെ കയ്യോടെ പിടികൂടി പാണ്ഡവർ നിർദ്ദയം വിലപേശുന്നു.

നിത്യവും രാവിലെ പാണ്ഡവർ പ്രിയ മാംസാഹാരം തേടി നായാട്ടിനു പോവുന്ന തക്കം നോക്കി, ഭരണിയിൽ തൈലവുമായി, എത്തി പാഞ്ചാലിയെ നാക്കിലയിൽ കിടത്തി, തൈലം പുരട്ടി അന്തിയാവോളം സുഖ ചികിത്സ ചെയ്തു വന്നിരുന്ന ആ സുന്ദര സന്യാസി വേറെ ആരുമായിരുന്നില്ല. രാജസഭയിലെ കുപ്രസിദ്ധ വസ്ത്രാക്ഷേപത്തിനു സജീവ പങ്കാളിയായിരുന്ന, മുതിർന്ന കൌരവപാപി ദുര്യോധനൻ. ആശ്രമോദ്യാനത്തിലെ ചേരുമരക്കൊമ്പിൽ മുഖം വ്യക്തമായി കാണാൻ പാകത്തിനു് അയാളെ വരിഞ്ഞു കെട്ടിയിട്ടിരിക്കയാണു്. ധൃതരാഷ്ട്രർ നേരിട്ടു് കാട്ടിൽ വന്നു ആവശ്യപ്പെടാതെ പ്രതിയെ വിട്ടു കൊടുക്കില്ലെന്നു് യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടു്.

ഹസ്തിനപുരി പത്രികയിൽ വന്ന യുധിഷ്ഠിരന്റെ ഔദ്യോഗിക പ്രസ്താവന.

എന്റെ പിതാവിന്റെ അവകാശമായിരുന്ന ഹസ്തിനപുരി, നയതന്ത്രത്തിന്റെ അനുബന്ധമായ ബലപ്രയോഗത്തിലൂടെ പിടിച്ചടക്കി ഔദ്യോഗികമായി ചെങ്കോൽ കൈവശമായ ഇന്നു് മുതൽ, പിന്തുടർച്ചാവകാശമായ കുരുവംശ ചക്രവർത്തി എന്ന പദവിയിൽ ഞാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോഴും വിരുന്നുൽസവങ്ങളിൽ ജനങ്ങളുടെ സ്നേഹാദരവുകൾ സ്വീകരിക്കുമ്പോഴും ‘ഞാൻ’ ‘നാം’ ‘ഞങ്ങൾ’ എന്നീ ആത്മനിഷ്ഠമായ ദുരധികാര പദങ്ങൾ ഉപയോഗിക്കുകയില്ല. കുരുവംശം എന്നു് മാത്രമേ എളിമയോടെ പറയൂ. ഭരണകൂടം, അധികാരികൾ, വകുപ്പു് മേധാവികൾ, ചക്രവർത്തി മഹാരാജാവു് തുടങ്ങിയ അപൂർണ സംജ്ഞകൾ പൂർണമായും അസാധുവാകും.

“രാഷ്ട്രവും ഭരണകൂടവും ഒന്നെന്നു ഈ ധാർമികൻ യുധിഷ്ഠിരൻ പറഞ്ഞുവച്ചതു് വരും യുഗത്തിൽ പലർക്കും പ്രയോജനപ്പെടും അല്ലെ”, പണിയൊന്നുമില്ലാത്ത യുദ്ധകാര്യ ലേഖകൻ നഗര വാണിജ്യ തെരുവിലെ ചുവരെഴുത്തു് പത്രമായ ഹസ്തിനപുരി പത്രിക നിന്ന നിൽപ്പിൽ വായിക്കേ കൊട്ടാരം ലേഖികയോടു് പിറുപിറുത്തു.

2016-02-25

“കുരുക്ഷേത്രം ഒരു സ്ഥലമല്ല, സ്വപ്നമാണു്. അതു് പൂവണിയുക എന്ന പാണ്ഡവലക്ഷ്യം പരസ്യമാക്കാൻ നാം ആരെയും ഭയപ്പെടരുതു്. ശത്രുസംഹാരം എന്നാൽ അസാധാരണമായ കാര്യങ്ങൾ യുദ്ധഭൂമിയിൽ ചെയ്യുക എന്നതല്ല അർത്ഥം, പിന്നെയോ? നമ്മുടെ ഉത്തമ താൽപര്യങ്ങൾക്കു് തടസ്സം ചെയ്യുന്ന കൗരവ പ്രതിയോഗികളെ ഭൂമുഖത്തു് നിന്നു് തുടച്ചു നീക്കി ഇല്ലായ്മ ചെയ്യാൻ, ദൈവത്താൽ നിയന്ത്രിക്കപ്പെടുന്ന ഈ ഏറ്റുമുട്ടലിൽ നാം ചെയ്യേണ്ട സാധാരണകാര്യങ്ങൾ നിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയും ചെയ്യുക എന്നതാണു്.” ഇതാണു് ഇന്നു് ഉപപ്ലവ്യ സൈനിക പാളയത്തിലെ സഖ്യകക്ഷിയോഗത്തിൽ ധർമപുത്രൻ എന്നു് ദുര്യോധനൻ രഹസ്യമായി വിളിക്കുന്ന യുധിഷ്ഠിരന്റെ ഉദ്ബോധനം”, കൊട്ടാരം ലേഖിക വായിച്ചു.

“യുദ്ധം ജയിച്ചാൽ, ഈ പുണ്യപുരുഷൻ നവകുരുവംശ ചക്രവർത്തിയായി നമ്മളൊക്കെ മരിക്കും വരെ തീർച്ചയായും തുടരില്ലേ രാജ്യഭാരം?” യുദ്ധകാര്യ ലേഖകൻ നെടുവീർപ്പിട്ടു.

2016-02-26

“എന്താണിതു് കേൾക്കുന്നതു്, നിങ്ങളുടെ കിടപ്പറയിൽ അനധികൃതമായി നുഴഞ്ഞു കയറി യുധിഷ്ഠിരന്റെ സ്വകാര്യത തടസ്സപ്പെടുത്തിയ അർജ്ജുനനെ നിങ്ങൾ ആട്ടിപ്പുറത്താക്കി?”, കൊട്ടാരം ലേഖിക നാടകീയ മുഖചലനങ്ങളോടെ പുരികമുയർത്തി.

“വാർത്ത കേട്ടതു് ചക്രവർത്തികാര്യാലയത്തിലെ ആ കുപ്രസിദ്ധ അർജ്ജുനവിരോധിയിൽ നിന്നല്ലേ? അതിരാവിലെ വേട്ടക്കു പോവേണ്ടിയിരുന്ന പ്രിയഅർജ്ജുനന്റെ ദിവ്യാസ്ത്രം എന്റെ കട്ടിലിന്നടിയിൽ ഒളിപ്പിച്ചു വച്ചു് എന്നോടൊപ്പം നീണ്ടു നിവർന്നു കിടന്നു മതി മറന്നു രസിച്ച ആ മുതിർന്ന ഭർത്താവു് യുധിഷ്ഠിരൻ തന്നെ ചരിത്രത്തോടു് പറയട്ടെ, സ്വയംവരപാണ്ഡവനെ എന്തിനിത്ര കുടില രീതിയിൽ എന്നിൽ നിന്നകറ്റി എന്നു്”, ജാലകത്തിലൂടെ വിദൂരതയിലേക്കു് പാഞ്ചാലി നോട്ടമെറിഞ്ഞു.”

2016-02-27

“അഭിമുഖങ്ങളിൽ മറയില്ലാതെ പാഞ്ചാലി വെളിപ്പെടുന്നത്ര കാറും കോളും നിറഞ്ഞതാണപ്പോൾ നിങ്ങളുടെ ദാമ്പത്യം?”, അരക്കു വെള്ളത്തിൽ ഇറങ്ങി മീൻ പിടിക്കയായിരുന്ന ഭീമനോടു് മൃദുവായി കൊട്ടാരം ലേഖിക ചോദിച്ചു.

“നിങ്ങൾ ഹസ്തിനപുരി പത്രികയിൽ എഴുതുന്നതു് വരികൾക്കിടയിൽ വായിച്ചെടുക്കാൻ കാട്ടുമുക്കിൽ കഴിയുന്ന ഞങ്ങൾ അർദ്ധസാക്ഷരർക്കാവുമോ? കഴിയുന്നതു് ഇതാണു്: ആവുന്നത്ര അവൾക്കു് ഞങ്ങൾ അടിമപ്പെടുക, അവൾ കൌരവർക്കു അടിമപ്പെടുന്ന പോലെ.”

പെട്ടെന്നു് ഉയരത്തിൽ അത്യാകർഷകമായി ചാടിയ ഒരു സ്വർണ മത്സ്യത്തെ ഇരു കൈകളും ഒരു കൂടു് പോലെയാക്കി ഭീമൻ കൌശലത്തോടെ പിടി കൂടി.” ഇതവൾക്കു് ഉടൻ സമ്മാനിച്ചാൽ ഇന്നവൾ വഴിപ്പെടുമോ”, ശിശുസഹജമായ പ്രത്യാശ ആ ഭീമരൂപിയുടെ ഓമന മുഖത്തു് തെളിഞ്ഞു.

2016-02-28

“വനവാസത്തിനു നഗ്നപാദയായി ഹസ്തിനപുരി കൊട്ടാരത്തിൽ നിന്നു് പടിയിറങ്ങുമ്പോൾ, നൂറു കൌരവരേയും ഒന്നൊന്നായി കണ്ടു നിങ്ങൾ യാത്ര ചോദിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണോ” കൊട്ടാരം ലേഖിക കിതപ്പോടെ ചോദിച്ചു.

“അടിസ്ഥാനത്തിനു് എന്താ കുഴപ്പം, അവരെല്ലാം എക്കാലവും എന്റെ ആരാധകരല്ലേ”, പാഞ്ചാലി വനാശ്രമത്തിലെ കിടപ്പറ ജാലകത്തിലൂടെ വിദൂരതയിലേക്കു് നോക്കി.

“യുദ്ധകാര്യലേഖകൻ എന്ന പദവിയിൽ ഈ സമാധാനകാലത്തു് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്ന ആളല്ലേ. കുരുക്ഷേത്ര യുദ്ധത്തിൽ നിങ്ങളുടെ കരൾ അലിയിച്ച ഒരു രംഗം ഓർമച്ചെപ്പിൽ നിന്നു് ഹസ്തിനപുരി പത്രിക വായനക്കാരുമായി പങ്കിടാമോ?”, കൊല്ലുന്ന ശബ്ദവ്യതിയാനത്തോടെ കൊട്ടാരം ലേഖിക പ്രീണിപ്പിച്ചു.

നരനായാട്ടു കഴിഞ്ഞിരുന്ന സന്ധ്യ. യമുനയിൽ ഒന്നു് ചാടി നീന്താൻ ഞാൻ വസ്ത്രം അഴിക്കുമ്പോൾ ഓടിക്കിതച്ചു വരുന്ന ഭീമൻ പാഞ്ചാലിയുടെ പാളയകവാടത്തിൽ വഴി തടഞ്ഞു നിന്ന മൂന്നാംലിംഗ പാറാവുകാരനെ അക്ഷമയിൽ തട്ടിമാറ്റുന്നതിന്നിടയിൽ മുഖമടച്ചു വീണു, പ്രണയിനിയുടെ മുടിയിൽ പുരട്ടാൻ, കൊല നടന്ന ഉടൻ കൈകുമ്പിളിൽ കരുതിയ കൗരവചുടുചോര കൈ തെറ്റി തെറിച്ചു മാറിൽ പുരണ്ടു ഭീമൻ പൊട്ടിക്കരയുന്നു. ‘പതിമൂന്നു വർഷമായി ഞാൻ കൊതിച്ചു കാത്തിരുന്ന ഈ മുഹൂർത്തം നഷ്ടപ്പെട്ടുവോ?’ അയാൾ വിങ്ങുന്നു.

“വൃത്തികെട്ടവൻ കണ്ടവന്റെ കുരുതിച്ചോര കൊണ്ടു് വന്നു എന്റെ കിടപ്പറയുടെ സ്വകാര്യത മലിനപ്പെടുത്തി”, കോപാകുലയായ പാഞ്ചാലി അയാൾക്കു് നേരെ വിരൽ ചൂണ്ടുന്നു;

2016-02-29

“പത്തുവർഷം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന യുധിഷ്ഠിരനു് യുദ്ധാനന്തര ഹസ്തിനപുരി മഹാരാജാവിന്റെ ചുമതല ഏറ്റെടുക്കാൻ മുൻഭരണപരിചയം തുണച്ചു അല്ലെ?”, കൊട്ടാരം ലേഖിക ചാരവകുപ്പു് മേധാവി നകുലനെ വാണിജ്യവീഥിയിലെ ദരിദ്ര ആൾക്കൂട്ടത്തിൽ അവിചാരിതമായി കണ്ടപ്പോൾ കൈ മുത്തി.

“വിഷിഷ്ടാതിഥികളെ വഴുക്കി വീഴ്ത്തി കുടുംബ കലഹം ഉണ്ടാക്കിയ മായൻനിർമിത ഇന്ദ്രപ്രസ്ഥം എവിടെ, പൂർവസൂരികളുടെ അസ്വസ്ഥ പ്രേതങ്ങൾ കഴുത്തിൽ നഖം ആഴ്ത്തുന്ന ഹസ്തിനപുരി പുരാതനരാജമന്ദിരങ്ങൾ എവിടെ. ഇന്നലെ രാത്രി പാഞ്ചാലി കുഴഞ്ഞു മറിഞ്ഞു ആർമാദിക്കുകയായിരുന്നു, തലേന്നു് രാത്രി അവളെ വിവസ്ത്രയാക്കുന്ന ദുര്യോധനനു് നേരെ ഉറക്കത്തിൽ പായിൽ കിടന്നു കൈകാലിട്ടടിച്ചു പരേതകൌരവരുടെ കൊടിയ പീഡനം ചെറുക്കുന്ന യുധിഷ്ഠിരന്റെ നിലവിളി”, മുന വച്ചു് സംസാരിക്കുമ്പോഴും നകുലന്റെ കണ്ണുകൾ ചാരദൌത്യം നിർവഹിച്ചു.

2016-03-01

“കുന്തി കൊടുത്ത അത്താഴം ആദിവാസി കുടുംബം കഴിക്കുന്നതു് നിങ്ങൾ കണ്ടിരുന്നു?”, ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വിളമ്പാൻ ഞാനും കൂടി. മാനിറച്ചി പൊരിച്ചതു് നേരത്തെ കുറെ ആരുമറിയാതെ അകത്താക്കിയതു് കൊണ്ടു്, ഭാഗ്യം, ഇതു് രുചിക്കാൻ അപ്പോൾ തോന്നിയില്ല, അവർ ഭക്ഷണം കഴിക്കുന്നതു് കാണാൻ കൌതുകമുണ്ടായിരുന്നു. ചമ്രം പടിഞ്ഞിരുന്നു ഓരോന്നെടുത്തു് തിരിച്ചും മറിച്ചും നോക്കി രുചിച്ചും, ഓരോരുത്തരുടെയും രുചിയനുഭവം മറ്റുള്ളവരുമായി നിഷ്കളങ്കമായി പങ്കിട്ടും, ഇടയ്ക്കു തല കുലുക്കി അത്താഴം ആസ്വദിച്ചും അവർ ആറു പേരും വിളമ്പിയതെല്ലാം വൃത്തിയായി കഴിച്ചു കൈ കഴുകും മുമ്പുതന്നെ കുഴഞ്ഞു വീണു. ഞങ്ങൾക്കു് സമയമില്ലായിരുന്നു. അർജ്ജുനൻ കാര്യക്ഷമമായി ചുറ്റും പതുങ്ങി നടന്നു. പദ്ധതിയനുസരിച്ചു് അരക്കില്ലം ഞാൻ തീയിട്ടു. ഭൂഗർഭ ഇടനാഴിയിലൂടെ ജീവനും കൊണ്ടു് ഞങ്ങൾ ഒളിച്ചോടിയതെല്ലാം, തിരിഞ്ഞു നോക്കുമ്പോൾ, ഇന്നൊരു മായക്കാഴ്ച”, നവഭരണകൂടത്തിലെ പ്രതിരോധ വകുപ്പു് മേധാവി ഭീമൻ വാതുറന്നു വച്ചു് ആ കാലത്തിൽ ബന്ദിയായി അകപ്പെട്ട പോലെ ഒന്നൊന്നായി ഓർത്തെടുത്തു.

“പുത്രവിധവകൾക്കൊപ്പം സത്യവതി പടിയിറങ്ങുന്ന ഈ സമയം”, യുക്തിവാദി ചാർവാകൻ ആശ്രമത്തിലെ സദസ്സിനോടു് ഭൂതാതുരനായി, “ശന്തനുവിന്റെ പൈതൃകം എന്നു് പറയാൻ സന്താനഭാഗ്യമില്ലാത്ത ഭീഷ്മരൊഴികെ ആരുണ്ടു് ഹസ്തിനപുരിയിൽ? സത്യവതിയിൽ ശന്തനുവിനുണ്ടായ രണ്ടു ആൺമക്കളും കുട്ടികൾ ഇല്ലാതെ നേരത്തെ മരിച്ചു, ഒരാൾ ശത്രുവിന്റെ ഇരയായി, മറ്റെയാൾ ഭോഗത്തിന്റെ ഇരയായി. വിവാഹപൂർവ, അവിഹിതരതിയിൽ ഏതോ ഒരു പരാശരമുനിക്കു് സത്യവതിയിൽ പിറന്ന രഹസ്യ സന്തതി, ആ കുള്ളൻ വിരൂപിവ്യാസൻ, ഭീഷണിപ്പെടുത്തി വിചിത്രവീര്യവിധവകളിൽ ബീജദാനം ചെയ്തുണ്ടായ രണ്ടു കീടജന്മങ്ങൾ ആയിരുന്നു അന്ധധൃതരാഷ്ട്രരും രോഗി അനുജനും. അവരുടെതെന്നു പറയപ്പെടുന്ന നൂറ്റി അഞ്ചു മക്കളാണിപ്പോൾ സ്വത്തു് വീതം വെക്കാനറിയാതെ പരസ്പരം ചങ്കു വെട്ടുന്നതു്. ഒരു കളങ്കിതകുരുവംശത്തെ, തമ്മിൽ കൊല്ലാൻ വിട്ടു കൊണ്ടു് ആ മൽസ്യഗന്ധി അതാ പടിയിറങ്ങുന്നു. ഇനി തിരിച്ചു വരരുതേ, ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ ഇനി കാലു കുത്തരുതേ.”

“ഇനി നീ ദൈവദത്തമായ രാജവംശങ്ങളെ വിചാരണ ചെയ്യരുതു്”, പെട്ടെന്നു് ദുര്യോധനൻ പിന്നിൽ നിന്നു് വലതു കാൽ കൊണ്ടു് ആ ദരിദ്ര ബ്രാഹ്മണൻ ചാർവാകന്റെ മുതുകിൽ ആഞ്ഞു ചവിട്ടി, ഞങ്ങൾ കുലീനർ എന്നു് വ്യാസൻ പറയുമ്പോൾ, ഇടപെടരുതു് നീ ഈ ജന്മം.

2016-03-02

“കാട്ടിൽ ഒറ്റമുറികുടിലിൽ കഴിഞ്ഞ ആ കുട്ടിക്കാലം ഒന്നോർക്കാമോ? മറ്റു പാണ്ഡവർ ജനിച്ചിട്ടില്ലാത്ത ആ കാലം”, കൊട്ടാരം ലേഖിക യുധിഷ്ഠിരനെ ക്ഷണിച്ചു. എന്നെന്നേക്കുമായി പടിയിറങ്ങിയ പാണ്ഡവരുടെ മുമ്പിൽ അയാൾ ഉത്സാഹം നടിച്ചു കാൽ മുന്നോട്ടു വച്ചതു് പക്ഷെ വേച്ചു വേച്ചായിരുന്നു.

“ഇര തേടി, ഉടുത്തൊരുങ്ങി പുറത്തു് പോയിരിക്കയാണു് നിന്റെ അമ്മമാർ. നിന്റെ ബീജദാതാവു ആരെന്നു അറിയില്ലേ, മുടിയും താടിയും നരച്ചു വളർന്ന ആ മുഖമപ്പോൾ ഭീതിതമാവും. എന്നിട്ടയാൾ എന്റെ നേരെ ചിറി കോട്ടും, നാവു പുറത്തിടും കണ്ണുരുട്ടും ഇരു കൈകളും വളച്ചു എന്നെ ബന്ദിയാക്കാൻ ശ്രമിക്കും. കാലൻ, കാലന്റെ മകനാണു് നീ. ഒന്നിനും ആവാതെ പായിൽ ചുരുണ്ടു് കിടന്നു പേസ്വപ്നം കാണുന്നവനെ കയറിൽ കുരുക്കി പരലോകത്തേക്കു കൊണ്ടുപോവുന്ന ചാവു് ദേവതയുടെ മകനാണു് നീ. പോ പോയി മുയലിനെയൊ മാനിനെയോ പിടിച്ചു് കഴുത്തറത്തു് ആ ചുടുചോര എന്റെ വായിൽ ഒഴിക്കു്, ഒരിക്കൽ ഹസ്തിനപുരത്തിന്റെ മഹാരാജാവായിരുന്ന എന്നെ നോക്കി ഇതേ മുറിയിൽ കുന്തിയുമൊപ്പം കിടക്കുന്ന ആ മരണദേവത, ചുണ്ടിനു കുറുകെ ചൂണ്ടുവിരൽ വച്ചൊരിക്കൽ എന്നെയും പേടിപ്പിച്ചു, നിന്നെ കൊണ്ടു് പോവാൻ ഞാൻ വരും എന്റെ പോത്തുമായി. കുരച്ചും കരഞ്ഞും കഫം തുപ്പി നിറച്ചും ആ പേപിടിച്ച മനുഷ്യൻ എന്റെ ബാല്യത്തെ മലിനപ്പെടുത്തി” യുധിഷ്ഠിരന്റെ ഭയം കലർന്ന മുഖത്തു് ഭൂതകാലം നിറഞ്ഞു.

2016-03-04

“വൃദ്ധശന്തനുവിനെ പ്രലോഭിപ്പിച്ച യുവസത്യവതിയോ, അതോ സുന്ദരിയായ മകളെ വച്ചു് മഹാരാജാവുമായി മുഖം നോക്കാതെ വിലപേശിയ അവളുടെ മീൻകാരൻ അച്ഛനോ നിന്റെ ആരാധന പിടിച്ചു പറ്റിയതു്?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലെഖികയുമായി ഒളിയുദ്ധം തുടങ്ങി.

“സത്യവതിയുടെ അരികെ നില്ക്കുന്ന ശന്തനുവിന്റെ ശരീരഭാഷയാണു് നിങ്ങളുടെ സംസാരഭാഷയെക്കാൾ എന്നെ കൌതുകപ്പെടുത്തുന്നതു്.”, കൊട്ടാരം ലേഖിക തിരിച്ചടിച്ചു. കുറച്ചു നേരമായി ദുർബലശന്തനു മുട്ടിൽ ഇഴയുന്നു.” കുരുവംശത്തിൽ ഇനിയുമുണ്ടാവും ഇതു് പോലെ പെൺകോന്തന്മാർ. അവരെയൊക്കെ എഴുന്നെള്ളിച്ചു നടത്താൻ ആനക്കുട്ടികളായി കുനിഞ്ഞു കാൽ മടക്കി നമ്മെ പോലുള്ള പത്ര പ്രവർത്തകരും.”

2016-03-05

“സംശയകരമായ രീതിയിൽ ഖാണ്ഡവവനം കത്തി, ജീവജാലങ്ങൾ നശിച്ച ഇടത്തു് മായൻ പണിത മോഹനസൌധത്തിൽ ഒരു ദശാബ്ദം ചക്രവർത്തിനി പദവിയിൽ സുരക്ഷയോടെ ജീവിച്ച ശേഷം കാട്ടിനുള്ളിലെ ഈ ഒറ്റമുറിയിൽ രാത്രി കഴിയുന്നതിൽ പേടി തോന്നാറില്ലേ?”, കൊട്ടാരം ലേഖിക ആശങ്കയോടെ ചോദിച്ചു. ഉച്ചവെയിലിൽ ആ നിശബ്ദ വനമേഖല ഭീതിതമായി തോന്നി.

“മറ്റു നാലു പേർ ഇല്ലാത്തപ്പോൾ, ഓരോ പാണ്ഡവനും എന്നോടു് മന്ത്രിക്കും, രാത്രി പേടി തോന്നിയാൽ വിളിക്കൂ, കൂടെ ഞാൻ കിടന്നാൽ നിനക്കു് സ്വൈരമായുറങ്ങാം. എന്നും രാത്രിയിൽ എന്നെ ആക്രമിക്കാൻ മാസഭോജികൾ അഞ്ചെണ്ണമാണു് ഈ കുടിലിൽ. അവരെ അകറ്റി നിർത്തുന്ന പെടാപ്പാടിൽ പുറത്തെ ഹിംസ്ര ജന്തുക്കൾക്കെന്തു സ്ഥാനം”, അർദ്ധനഗ്നയായ പാഞ്ചാലി ആ ഒറ്റമുറിയിലും ഒരു ദേവതയെപ്പോലെ അകലം പാലിച്ചു.

“മിന്നൽ ആക്രമണത്തിൽ വയസ്സൻകൌരവരെ അഭിമന്യു ഇന്നു് വെള്ളം കുടിപ്പിക്കുമെന്ന നകുലന്റെ പ്രസ്താവന പെട്ടെന്നു് വിവാദമായല്ലൊ”, കൊട്ടാരം ലേഖിക ഇടപെട്ടു.

“വിവാദമാവില്ലെ? കൌരവർ നൂറു ഭരണികളിൽ നിന്നു് ഒന്നൊന്നായി ഉയരും മുമ്പു് തന്നെ, കാലന്റെ മകനായി കാട്ടിൽ യുധിഷ്ഠിരൻ ജനിച്ചു എന്ന കുന്തിയുടെ അവകാശവാദത്തിൽ അല്ലെ കുരുവംശത്തിൽ മൂപ്പിളമ തർക്കമായതു്? ഇനി ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട കൗരവവയസ്സന്മാരെ വെള്ളം കുടിപ്പിക്കാൻ ചക്രവ്യൂഹത്തിൽ ഇടിച്ചു കയറട്ടെ പതിനാറെത്താത്ത ഇളമുറ”, യുദ്ധകാര്യ ലേഖകൻ യമുനയുടെ വെള്ളച്ചാലിൽ തട്ടി കളിച്ചു കൊണ്ടിരുന്നു.

2016-03-06

“കൗരവഭരണകാലത്തു് പ്രതിപക്ഷമായിരുന്നു പാണ്ഡവർ. യുദ്ധം കഴിഞ്ഞു പാണ്ഡവർ ചെങ്കോൽ പിടിച്ചപ്പോൾ വിമർശിക്കാൻ ആകെ ഉണ്ടായിരുന്ന ചാർവാകനെ അരയിൽ കയറിട്ടു നകുലൻ വലിച്ചു കൊണ്ടു് പോയി. ഞാൻ സാക്ഷി”, കൊട്ടാരം ലേഖിക യുധിഷ്ഠിരനു് മുമ്പിൽ സങ്കടപ്പെട്ടു.

“കൗരവരാജവിധവകളെ കൊണ്ടു് ഭീമൻ അടിയുടുപ്പുകൾ കഴുകിക്കുന്നു എന്നു് നിങ്ങൾ ഹസ്തിനപുരി പത്രികയിൽ എഴുതിയതിനു തക്ക പുരസ്കാരം തരാൻ നകുലൻ പുതിയ ഒരു കയർ തേടുന്നുണ്ടു്. അതുവരെ നിങ്ങൾ സമാധാനമായിരിക്കൂ.”

2016-03-07

“മറ കൂടാതെ നിങ്ങൾ ഭീമനെ ഇടിച്ചു താഴ്ത്തുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. പിന്നിലൊരു പിടി നന്ദിയും. എന്തായിരുന്നു ആ സന്മനസ്സിന്റെ സ്രോതസ്സു്?”, കൊട്ടാരം ലേഖിക കൌതുകപ്പെട്ടു.

“അതിരാവിലെ കാണാം, ഭീമൻ എന്റെ വിഴുപ്പുകെട്ടു ചുമന്നു് ജലാശയത്തിലേക്കു് കുന്നിറങ്ങി പോവുന്നതു്. സന്യസ്ഥാശ്രമത്തിലെ മാലിന്യനീക്കം കഴിഞ്ഞു ഞാൻ കുളിക്കാൻ പോവുമ്പോൾ കാണാം വിഴുപ്പു പാറയിൽ അടിച്ചു തിരുമ്മി ഉണക്കി മടക്കി ഒരു കെട്ടായി തിരിച്ചു ഭീമൻ കുന്നു കയറുന്നതു്. ഇഷ്ടമായോ എന്നൊരു നോട്ടമുണ്ടു് അപ്പോൾ ഭീമമുഖത്തു്. ഞാനൊന്നും പറയില്ലെങ്കിലും രാത്രി “സ്വർഗരാജ്യം സ്വർഗരാജ്യം” എന്നു് ആനന്ദത്തിൽ അയാൾ പായിൽ മലർന്നു കിടന്നു ആക്രോശിക്കുന്നതു വരെ എന്റെ അതിസൂക്ഷ്മ വ്യക്തിഗത സേവനത്തിനു ഭീമനെ ഞാൻ പ്രത്യേക ഗുണഭോക്താക്കും.” ഉച്ചരിച്ച വാക്കുകൾക്കൊപ്പം ശിശുപരിലാളനം പാഞ്ചാലിയുടെ മുഖത്തു് തെളിഞ്ഞു.

2016-03-08

“അല്ല, ഈ തള്ളവിരലല്ലേ നിങ്ങൾ ഗുരുദക്ഷിണയായി മുറിച്ചു കൊടുത്തു എന്നു് നാടാകെ പാട്ടായതു്? കണ്ടാൽ മുറിച്ചു നീക്കിയ പോലെയും തിരിച്ചു വച്ച പോലെയും തോന്നില്ല”, കൊട്ടാരം ലേഖിക പ്രസിദ്ധ പോരാളിയുടെ തള്ളവിരലുകൾ തൊട്ടു സംശയത്തിൽ നോക്കി.

“സസ്യഭോജിയായ ഗുരുവിനു വേണ്ടതു് പരോക്ഷ വിദ്യാർത്ഥിയുടെ വിരലായിരുന്നില്ല, സ്വർണ നാണയമായിരുന്നു, അതു് ഞാൻ രാജമന്ദിരത്തിലെ രത്നശേഖരത്തിൽ നിന്നു് പൊക്കി ആ ദരിദ്ര ബ്രാഹ്മണനു് നീട്ടി. തൃപ്തിയായി. ഇനി മുറിച്ചു നീക്കിയതു് തിരിച്ചു വച്ചു് വിരൽ പഴയപോലെ പ്രവർത്തന ക്ഷമമായി എന്നു് നാളെ നിങ്ങൾ ഹസ്തിനപുരി പത്രികയിൽ വാർത്ത കണ്ടാൽ പരിഭ്രമിക്കരുതു്. മനുഷ്യാവയവങ്ങളിൽ കൊള്ള കൊടുക്ക ഒരു പുത്തൻ കായികപരീക്ഷണമായി വരുംയുഗത്തിൽ മാറും”, പോരാളി ഒരു പ്രവാചകനെ പോലെ ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തി.

2016-03-09

“പൊതുവേദിയിൽ പിടിച്ചു നിർത്തി ഉടുതുണി വലിച്ചൂരുന്ന ആ ഭീകരകൌരവനെ നിങ്ങൾ നിറമിഴികളോടെ നിസ്സഹായതയിൽ നോക്കി വിറച്ചു നിന്നു? ഭീമാകാരന്മാരായ അഞ്ചു ഭർത്താക്കന്മാരെ വെറും വിരൽചലനത്തിലൂടെ ചൊൽപ്പടിയിൽ നിർത്താൻ ആജ്ഞാശക്തിയുള്ള നിങ്ങൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, കൈ പൊക്കി ആ പരസ്യപീഢകന്റെ ചെകിട്ടത്തു് ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ എന്നു് ആ രംഗത്തിനു സാക്ഷിയായ ഞാൻ അന്നു് കൊതിച്ചു” കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി മഹാറാണി പാഞ്ചാലിയെ ഭൂതാതുരയാക്കി.

“അതു് പീഢകനായിരുന്നുവോ? അതു് കൗരവരാജസഭയായിരുന്നുവോ? അന്തഃപുരത്തിൽ പുതുതലമുറ കൗരവ രാജകുമാരികൾക്കു് സൌന്ദര്യപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്നു ഞാൻ എന്നോർമ്മിക്കുന്നു. പ്രണയത്താൽ പരവശനായ ഒരു കൌരവൻ ഇടിച്ചു കയറി എന്നെ പുണർന്നു കോരിയെടുത്തു് പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു. വേനൽപുഴുക്കത്തിൽ നനഞ്ഞിരുന്ന മേൽവസ്ത്രങ്ങൾ ഒന്നൊന്നായി എന്റെ ശരീരത്തിൽ നിന്നു് അവൻ വേർപെടുത്തിയതു് ഓർമ്മിക്കുന്നു. എല്ലാം കണ്ടു് ആസൂയയിൽ മുഖം കരുവാളിച്ച പാണ്ഡവർ പരിഭ്രമിച്ചു പതറുന്നതു് ഓർമ്മിക്കുന്നു.”, മഹാറാണിയുടെ മിഴികൾ പതുക്കെ ഓർമക്കൊപ്പം വിദൂരതയിലേക്കു് പാഞ്ഞു.

“പാഞ്ചാലയിൽ നിന്നു് നവവധുവായി വന്നു്, ഹസ്തിനപുരിയിക്കും ഇന്ദ്രപ്രസ്ഥത്തിനും ഇടക്കുള്ള കുറഞ്ഞ ഒരു കാലയളവിൽ പരിചയപ്പെട്ട നൂറു കൌരവരേയും നിങ്ങൾ പേർ പറഞ്ഞു സ്വാഗതം ചെയ്തിരുന്നു എന്നോ? കൊള്ളാം, ഗാന്ധാരിക്കു് പോലും ആവുമോ, ആ നൂറു മക്കളെ തെറ്റാതെ പേർ വിളിക്കാൻ?” കൊട്ടാരം ലേഖിക പരിഹസിച്ചു.

“കണ്ണു് കെട്ടി മക്കളെ കാണണ്ട എന്നു വച്ച ഗാന്ധാരിയെ പോലെയാണോ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമമായ പ്രണയിനി?”

2016-03-10

“യമുനയുടെ തീരത്തുള്ള കുരുക്ഷേത്രം തന്നെ വേണോ, കുരുവംശ കൂട്ടുകുടുംബത്തിലെ സ്വത്തു് തർക്കം തീർക്കാൻ എന്നാണു പ്രാദേശിക ഭരണകൂടത്തിനു വേണ്ടി ചാർവാകൻ ചോദിക്കുന്നതു്. അടിക്കാടുകളും കുറ്റിക്കാടുകളും നൂറുകണക്കിനു് ജലസ്രോതസ്സുകളും നശിപ്പിച്ചു പത്തു് നാൽപ്പതു ലക്ഷം പേരുടെ ജൈവമാലിന്യ നിക്ഷേപം, ആഴ്ചകളോളം നീണ്ടു നിന്നേക്കാവുന്ന ഒരു പോരാട്ടത്തിൽ ഒഴുക്കു് കുറഞ്ഞ ഈ പുഴയെ കുപ്പത്തൊട്ടി ആക്കില്ലേ?”

കൊട്ടാരം സമുച്ചയത്തിൽ നൂറോളം കൗരവ വസതികൾക്കു മുന്നിൽ സ്വപ്രയത്നത്തിൽ പരിപാലിക്കുന്ന ഉദ്യാനങ്ങൾ കണ്ടവർ ആരും ഞങ്ങളുടെ പരിസ്ഥിതി നിലപാടു് സംശയിക്കില്ല. യുദ്ധം കഴിഞ്ഞാൽ, വീരമൃത്യു പ്രാപിക്കുന്ന ഓരോ പാണ്ഡവ സഹോദരന്റെയും സ്മരണക്കു ജൈവ വൈവിധ്യ ഉദ്യാനങ്ങൾ കുരുക്ഷേത്ര യുദ്ധഭൂമിയിൽ സമർപ്പിക്കും. കുരുവംശ പരിസ്ഥിതി മലിനീകരണ പ്രതിരോധ കാര്യാലയത്തിന്റെ കർശന വ്യവസ്ഥകൾ ഞങ്ങൾ പാലിക്കും. ദുര്യോധനൻ ഹസ്തിനപുരിയിൽ നിന്നു് സ്ഥിതിഗതികൾ നേരിൽ കാണാൻ ഇന്നു് കുരുക്ഷേത്രയിലേക്കു്.

ഭാര്യയേയും നാലു ഇളയ സഹോദരന്മാരെയും വിഷം കൊടുത്തു കൊന്നു് മധ്യവയസ്കൻ തൂങ്ങി മരിച്ചു എന്നു് വ്യാജവാർത്ത ഹസ്തിനപുരി പത്രികയിൽ കൊടുത്താൽ, കൊട്ടാരസമുച്ചയത്തിൽ വസതി അനുവദിക്കാം എന്നു് ഒരു ഇളമുറ കൌരവൻ. പോയി പണി നോക്കാൻ പറഞ്ഞു.

“ആ ‘മധ്യവയസ്കൻ’ സൈന്യം സംഭരിച്ചു യുദ്ധം ചെയ്തു ഹസ്തിനപുരി രാജാവായാൽ അതേ ഔദ്യോഗിക മന്ദിരം വസതിയായി അനുവദിക്കും എന്നു് ഉറപ്പുണ്ടോ?”

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയശേഷം വല്ലപ്പോഴും ഹസ്തിനപുരിയിൽ താമസിക്കുന്ന നിങ്ങളുടെ ഈ കൊച്ചുവീട്ടിൽ പാഞ്ചാലി വിരുന്നിനു വന്നിട്ടുണ്ടോ, അതോ, നിങ്ങൾ ഇന്ദ്രപ്രസ്ഥത്തിൽ പോയി അവരെ കണ്ടിരുന്നോ? പാണ്ഡവർക്കു് അവളിൽ ഉണ്ടായ അഞ്ചു കുട്ടികൾ ജനിച്ചതു് അവിടെയല്ലേ?”

“ഒരിക്കൽ കുട്ടികളെ പാഞ്ചാലയിൽ വളർത്താൻ കൊണ്ടു പോവുമ്പോൾ മുന്നറിവു തരാതെ അവൾ ഇവിടെ ഒരു പ്രാവശ്യം സ്വകാര്യ സന്ദർശനം നടത്തി. ഉണ്ണാൻ വിളിച്ചപ്പോൾ ഭക്ഷണവും വിളമ്പിക്കഴിക്കാൻ വെള്ളിപ്പാത്രങ്ങളും കുടിക്കാൻ വെള്ളവും കൊണ്ടു വന്നിരിക്കുന്നു. ഇരിക്കാൻ സ്ഥലം മാത്രം അവൾ ചോദിച്ചു”, കുന്തി കണ്ണടച്ചു് തല താഴ്ത്തി.

2016-03-11

“പതിനെട്ടു ദിവസം നീണ്ട രക്തരൂഷിത വിപ്ലവത്തിലൂടെ ഹസ്ഥിനപുരിയുടെ അധികാരം പിടിച്ചടക്കിയ നിങ്ങൾ കുരുവംശ മഹാരാജാവായി ആദ്യ വാർഷികം ആഘോഷിക്കുന്നു. പത്തു് വർഷം നിങ്ങൾ രാജസൂയ ചക്രവർത്തി ആയിരുന്ന ഇന്ദ്രപ്രസ്ഥം നഗരി ഒന്നു പോയി കണ്ടു, എന്തുണ്ടവിടെ വിശേഷം, എന്നു് ഇതു് വരെ തിരക്കിയില്ലേ?”, വേദിയിൽ നിന്നിറങ്ങി രഥത്തിൽ കയറുകയായിരുന്ന യുധിഷ്ഠിരനെ കൊട്ടാരം ലേഖിക കൊല്ലുന്ന ശരീരചലനത്തോടെ തടഞ്ഞു.

“ഇന്ദ്രപ്രസ്ഥം? രാജസൂയ ചക്രവർത്തി? നിങ്ങൾ അതൊന്നും ഇനിയും മറന്നില്ലേ. കാലിക പ്രസക്തി മാത്രമുള്ള ഒരു മായൻ നിർമിതി മാത്രമായിരുന്നില്ലേ, വിരുന്നു വന്നവരെല്ലാം വഴുക്കി വീഴുന്ന ആ കൊട്ടാര സമുച്ചയം? ചക്രവർത്തി എന്നതു് വെറുമൊരു ആലങ്കാരിക പദവിയും. യമുനതീരത്തെ നഗരിയിൽ കഴിഞ്ഞ പതിനാലു വർഷങ്ങൾക്കുള്ളിൽ വളർന്ന കുറ്റിക്കാടുകൾ വെട്ടി നിരപ്പാക്കാനും ജൈവവൈവിധ്യങ്ങൾ നശിപ്പിക്കാനും ഇനി ഞങ്ങൾ ആരെയും സമ്മതിക്കില്ല.”

“പതിമൂന്നു വർഷം യുധിഷ്ഠിരൻ രാജഭരണത്തിൽ നിന്നു് വിട്ടു നിന്നിട്ടും, അശേഷം കൈമോശം വരാതെ നിലനിർത്തിയ ഒരേ ഒരു സ്വഭാവഗുണം രാഷ്ട്രീയകാപട്യമാണെന്നു് ദുര്യോധനവിധവ വാണിജ്യത്തെരുവിലെ പൊതുയോഗത്തിൽ ഇന്നു് തുറന്നടിച്ചല്ലോ. എങ്ങനെ പ്രതികരിക്കുന്നു”, കൊട്ടാരം ലേഖിക ഭരണകൂടവക്താവിനെ നേരിട്ടു.

“ക്ഷണിതാവു് പദവിയിൽ രാജസഭയിൽ ഇടക്കൊരു സാന്നിധ്യം അനുവദിച്ചാൽ എരിഞ്ഞടങ്ങും ഈ കുരുക്ഷേത്ര വിധവയുടെ കോപം.”

2016-03-12

“പാചകവും പരദൂഷണവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ഈ കൗരവരാജവധുക്കൾ എപ്പോഴാണു് പരസ്യവേദിയിൽ ഇങ്ങനെ തീപ്പൊരിയായതു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. പാണ്ഡവരെ നെഞ്ഞത്തടിച്ചു വെല്ലു വിളിച്ചു നൂറോളം കൗരവവിധവകൾ കൊട്ടാരമുറ്റത്തു് പ്രതിഷേധം നടത്തുന്നതു് ഊട്ടുപുരജാലകത്തിലൂടെ അവൾക്കു കാണാമായിരുന്നു.

“ജേതാക്കൾ സ്ത്രീകളെ ബലാൽസംഗം ചെയ്യും എന്നു് കൌരവർ പറഞ്ഞു പരത്തിയിരുന്നു. ജീവനോടെ ഹസ്തിനപുരിയിൽ എത്തിയതു് പക്ഷെ അഞ്ചു പേർ മാത്രം. ഒടിവും ചതവും പരിക്കും പട്ടിണിയും കൊണ്ടു് നടക്കാൻ വയ്യാതെ ആടിയുലഞ്ഞു വന്ന പാണ്ഡവർ എങ്ങനെ യുദ്ധകാലകൗരവ ഭീഷണി നടപ്പിലാക്കും?”, ഊട്ടുപുരയിൽ ധാന്യപ്പെട്ടി ഒഴിഞ്ഞു കിടക്കുന്നതു് കുന്തി ദുഖത്തോടെ നോക്കി.

“പ്രായപൂർത്തി എത്താത്ത അഭിമന്യുവിനെ പരുക്കൻ യുദ്ധഭൂമിയിലേക്കെറിഞ്ഞു സാരഥിയുമൊത്തു പോരാട്ടഭൂമിയിൽ നിന്നൊളിച്ചോടിയ അർജ്ജുനൻ, കുരുക്ഷേത്രത്തിൽ നിന്നു് ഉയിരും കൊണ്ടു് രക്ഷപ്പെടുകയാനെങ്കിൽ ഞങ്ങൾ അവനെ വല വീശി കുടുക്കി യുദ്ധതടവുകാരനായി പ്രഖ്യാപിച്ചു ബാല വേല പ്രോത്സാഹിപ്പിച്ച കുറ്റത്തിനു് പൊതുനിരത്തിൽ പരസ്യവിചാരണക്കു് ശേഷം തലവെട്ടുമെന്നു് ദുര്യോധനൻ ചക്രവ്യൂഹത്തിൽ പ്രസ്താവിച്ചതു് താങ്കളുടെ ശ്രദ്ധയിൽ പെട്ടുവോ?”, ആദാരാഞ്ജലിക്കു് കൊട്ടാരം ലേഖിക പാണ്ഡവ പാളയത്തിൽ എത്തിയപ്പോൾ കൃഷ്ണനോടു് ചോദിച്ചു.

“വേണ്ടി വന്നാൽ ഗദായുധ പെരുമാറ്റച്ചട്ടം തെറ്റിച്ചു ശത്രുവിന്റെ തുടകൾക്കിടയിൽ മാരകഗദാപ്രഹരം ഏൽപ്പിക്കുന്ന അറ്റകൈ പോർക്കള പ്രയോഗം കൊണ്ടു് പ്രിയഭീമൻ നേരിടട്ടെ ഈ ദുര്യോധനവെല്ലുവിളി”, സഹോദരീ പുത്രന്റെ മരണത്തിൽ മൌനമാചരിക്കുകയായിരുന്നു സാരഥി കൃഷ്ണൻ.

“ഊറ്റിക്കുടിക്കാൻ, അപ്പപ്പോൾ കഴുത്തു് മുറിച്ച കുഞ്ഞാടിൻ ചുടുചോര, വായിലിട്ടമുക്കാൻ പൊരിച്ച മുയലിറച്ചി, ഇതൊക്കെ കൊട്ടാരം ഊട്ടുപുരയിൽ ബ്രാഹ്മണപാചകർ അറിഞ്ഞു വിളമ്പുമ്പോഴും, നിങ്ങൾ മാത്രം കഴിക്കുന്നതു് ഉണക്കപ്പഴങ്ങളും ശുദ്ധജലവും. ഇതെന്താ ഇങ്ങനെ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.

“ഈ ഉടൽ സമ്മാനമായി തരുമ്പോൾ പ്രകൃതി എനിക്കു് നേരെ വിരൽ ചൂണ്ടി”, ത്യാഗവും സഹനവും നിറഞ്ഞതായിരിക്കും നിന്റെ തീൻശാല.”

2016-03-14

“യുധിഷ്ഠിരന്റെ രാജകാര്യാലയത്തിൽ ആളും തിരക്കും കുറവാണല്ലോ. യുദ്ധാനന്തര മാനസിക പ്രശ്നം വല്ലതും?”, കൊട്ടാരം ലേഖിക കൃപാചാര്യനെ നിലാവു് വീണ യമുനയുടെ തീരത്തു് എന്തോ ആലോചനയിൽ കണ്ടെത്തി.

“എക്കാലവും മുഖ്യധാരയിൽ നിന്നു് കൌരവർ തഴഞ്ഞ നകുലനെ പുതിയ ഭരണകൂടം ചാരവകുപ്പു മേധാവി ആക്കിയതോടെ രഹസ്യ വിവരങ്ങളും കൊണ്ടു് ചാരന്മാർ കാണാൻ കാത്തു നിൽക്കുന്നതു് ഈ മാദ്രിപുത്രന്റെ സ്വകാര്യകാര്യാലയത്തിൽ ആണെന്നു് ഒറ്റ നോട്ടത്തിൽ നിങ്ങൾ പത്ര പ്രവർത്തകർ കാണേണ്ടതല്ലേ? രഹസ്യ വിവരങ്ങളുടെ ഖനിയാണിന്നു നകുലൻ. വെറുതെയാണോ, അഭിജാത കൗരവരാജവിധവകൾ അവന്റെ മുമ്പിൽ മുട്ടു മടക്കും, നിങ്ങളും നകുലന്റെ മുമ്പിൽ ഇഴഞ്ഞും കുഴഞ്ഞും വിരൽ മുത്തിയും പ്രീണിപ്പിക്കുന്നതു് ഞങ്ങൾ സന്യസ്ഥർക്കും വ്യക്തമായി കാണാമല്ലോ.”

“ഉദ്യാനത്തിൽ കാറ്റു് കൊള്ളുകയായിരുന്ന ഗാന്ധാരിയുടെ മുമ്പിൽ വന്നു മൂത്രമൊഴിച്ച ഭീമനെ വിദുരർ, ദുര്യോധനന്റെ നിർബന്ധപ്രകാരം, രാജസഭയിൽ വിചാരണ ചെയ്തു മാതൃകാപരമായി ശിക്ഷിച്ചു എന്നു് ഇപ്പോൾ വാർത്ത കേട്ടല്ലോ”, അരങ്ങേറ്റ മൈതാനത്തു് കായികപരിശീലനം നേടുകയായിരുന്ന അർജ്ജുനനെ കൊട്ടാരം ലേഖിക ചോദ്യം ചെയ്തു.

“വ്യാജമാണു് ഗാന്ധാരിയുടെ ആ കുപ്രസിദ്ധ കൺകെട്ടു് എന്നു് സംശയമില്ലാതെ ലോകത്തിനു മുമ്പിൽ തെളിയിക്കാൻ ഒരെളുപ്പവഴി ഭീമൻ നിഷ്കളങ്കമായി സ്വയം കണ്ടെത്തിയതാണു്. പരസ്യനഗ്നതാ പ്രദർശനം അവന്റെ പ്രിയ പൊതുവ്യവഹാരവിനോദമൊന്നുമല്ല”, അർജ്ജുനൻ പുഞ്ചിരിച്ചു കൈ വീശി കുതിരസവാരി തുടങ്ങി.

2016-03-17

“സംരക്ഷകന്റെ തനിനിറം അറിയാൻ കുരുക്ഷേത്രം വരെ വേണ്ടി വന്നു അല്ലെ?”, കൊട്ടാരം ലേഖിക കർണനെ കണ്ടെത്തി. ദൂരെ യമുനയുടെ തീരത്തു് അഭിമന്യുവിന്റെ ചിത കത്തി തീരുന്ന വൈകിയ രാത്രി.

“ഒടുങ്ങാത്ത സഖ്യം എന്നുച്ചരിച്ചു കൊണ്ടു് ദുര്യോധനൻ, കീഴാളവിദ്യാർത്ഥിയായിരുന്ന എന്നെ, ഇല്ലാത്ത അംഗരാജ്യത്തിലെ കിരീടമില്ലാത്ത നാടുവാഴിയായി അഭിഷേകം ചെയ്തപ്പോൾ അതിരഥപുത്രനായ ഞാൻ മുട്ടുകുത്തി ആ കൈ മുത്തി. പരിപൂർണവിധേയത്വമായിരുന്നു എന്നിൽ നിന്നു സംരക്ഷകനു് വേണ്ടിയിരുന്നതു്. എനിക്കൊരു ദ്രോഹവും ചെയ്യാത്ത, അതാ ആ ചിതയിൽ ദഹിക്കുന്ന ആ കൗമാരക്കാരനെ ചക്രവ്യൂഹത്തിൽ ബന്ദിയാക്കി കുന്തം കൊണ്ടു് നെഞ്ചിൽ കുത്തി ശവം പാണ്ഡവർക്കു് വലിച്ചെറിയണം എന്നു് അയാൾ ആജ്ഞാപിച്ചപ്പോൾ ആജീവനാന്തവിധേയത്വം കൊണ്ടു് കാര്യക്ഷമമായി ആ കൃത്യം ഞാൻ നിർവഹിച്ചു. നെഞ്ചിൽ കുത്തുമ്പോൾ പക്ഷെ എന്റെ മുഖത്തു് കനിവു് കണ്ടു എന്നു് പരിഹസിച്ചു ദുര്യോധനൻ അവിശ്വസ്തൻ എന്നു് പരസ്യമായി വിധിയെഴുതി സൈനികർക്കു മുമ്പിൽ എന്നെ ശിക്ഷിച്ചു”, നിന്നിടത്തു് പെട്ടെന്നു് ചളിയിൽ കാലുകൾ പുതഞ്ഞു കർണൻ കനിവിനു വേണ്ടി കൊട്ടാരം ലേഖികക്കു നേരെ കൈ നീട്ടി.

2016-03-18

“ശത്രുപാളയത്തിലെ കൗരവരാജസ്ത്രീകൾക്കു് സൌന്ദര്യപരിപാലനത്തിൽ പാഠം ചൊല്ലിക്കൊടുക്കുന്ന പാഞ്ചാലി എന്താ നിങ്ങൾ അഞ്ചു പേർക്കും ആ സൌജന്യം അനുവദിക്കാത്തതു്. പാണ്ഡവരുടെ സ്വകാര്യശുചിത്വം പാഞ്ചാലിക്കൊരു മുൻഗണനാവിഷയമല്ലേ?”, അഞ്ചു പേരെയും ഒരുമിച്ചു കണ്ടപ്പോൾ കൊട്ടാരം ലേഖിക പ്രശ്നം അവതരിപ്പിച്ചു”, ആകാശചാരികളുടെ മക്കൾ ആയിരിക്കാം, പക്ഷെ നിങ്ങൾ വനജീവിതത്തിൽ ആകർഷകരൂപികൾ അല്ലാതായി. നരച്ചു തുടങ്ങിയ താടിയും കറ വീണ പല്ലും ചുണങ്ങു വ്യാപിച്ച തൊലിയും താരൻ പൊഴിയുന്ന മുടിയും അടുത്തു വരുമ്പോൾ മുഖത്തടിക്കുന്ന മണവും മുഷിഞ്ഞ വസ്ത്രങ്ങളും”, അവൾ ഞെട്ടലോടെ അവരെ നോക്കി.

“ഞങ്ങളുടെ ശരീരശുചിത്വത്തിൽ അശ്രദ്ധ തുടർന്നു് ആ വിധം പായിൽ കൂടെ കിടത്താൻ സമ്മതിക്കാതെ എന്നെന്നേക്കുമായി അകറ്റാനാണവൾ ശ്രമിക്കുന്നതു്”, ഭീമൻ വിങ്ങി. മറ്റു നാലു പേർ പാഞ്ചാലിയുടെ നീതിരാഹിത്യത്തിൽ അമർഷത്തോടെ കൈകൾ ഞെരിച്ചു.

“പ്രിയ അർദ്ധസഹോദരാ, നിന്റെ നടു ഒടിഞ്ഞതു് എന്റെ കുറ്റമല്ല, നിന്റെ സഭ്യതാബോധമാണു് കാരണം. നിലവിളിച്ചു ഒച്ച വച്ചു് ആളെ കൂട്ടാൻ ശ്രമിച്ചാൽ, വായ തുന്നിക്കെട്ടി തല മൊട്ടയടിച്ചു വസ്ത്രാക്ഷേപം ചെയ്തു മരക്കൂടിൽ ഇരുത്തി ഹസ്തിനപുരി നഗരി കാണിക്കും, അതോ, മോങ്ങാതെ ഇവിടെ കാലനെ കാത്തു് കണ്ണടക്കണോ എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവൻ ഒതുങ്ങി ചളിയിൽ ചെരിഞ്ഞു കിടന്നു കണ്ണടച്ചതാണു് പിന്നെ തുറന്നില്ല. ഇനിയിതു് കുറുനരികൾക്കു കൊടുക്കാം, പോയി ചെയ്തു തീർക്കാൻ ഒത്തിരി പണിയുണ്ടു്. ചെങ്കോൽ അന്ധനിൽ നിന്നു് തട്ടിപ്പറിക്കും മുമ്പു് അയാൾക്കു് മുമ്പിൽ വക്കാൻ ഒരു ഇരുമ്പു പ്രതിമ സംഘടിപ്പിക്കാമോ കൃഷ്ണാ?”, ഭീമൻ പെട്ടെന്നു് നേതൃത്വം ഏറ്റെടുത്തു് എന്നോ, കൊട്ടാരം ലേഖിക കൂട്ടുകാരനോടു് ചോദിച്ചു.

“കഴിഞ്ഞിട്ടില്ല യുദ്ധം. അശ്വത്താമാവു് വരുന്നേയുള്ളൂ” യുദ്ധകാര്യ ലേഖകൻ ദൂരെ ദൂരെ പ്രത്യക്ഷപ്പെട്ട ദ്രോണ പുത്രനു് നേരെ ചെറുവിരൽ അനക്കി.

2016-03-19

“ഇതെന്താ, കണങ്കാൽ മുറുകുന്ന തങ്കവള, അടിമയെന്നു മുദ്ര കുത്തി തുണിയഴിക്കുമ്പോൾ കൌരവർ അഴിച്ചെടുത്തില്ലേ ഇതും?” കൊട്ടാരം ലേഖിക പാഞ്ചാലിയുടെ മറ്റു വിധത്തിൽ നഗ്നമായ കാലിലേക്കു് തുറിച്ചു നോക്കി.

“വസ്ത്രാക്ഷേപം കഴിഞ്ഞ ശേഷം കൌരവർ സംഘം ചേർന്നു് കാലിൽ ഇതണിയിച്ചു. ഞാനിപ്പോൾ അവരുടെ വിദൂരനിരീക്ഷണവലയത്തിലാണു്. എന്നു പറഞ്ഞാൽ, ഇരുപത്തിനാലു് മണിക്കൂറും ദൂരെ ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂഗർഭഅറയിൽ ഇരുന്നു കൌരവർ ഞാൻ എന്ന ദൃശ്യവിരുന്നു ആസ്വദിക്കുന്നു”, പാഞ്ചാലിയുടെ പുഞ്ചിരി കണ്ടപ്പോൾ ഒരു പാണ്ഡവവിലാപം ആ വനാശ്രമത്തിൽ നിറഞ്ഞു.

2016-03-21

“ഇവരൊക്കെ ആരാ” വിരുന്നിനു വന്ന അഞ്ചു ആൺ കുട്ടികളെ ചൂണ്ടി യുധിഷ്ഠിരൻ പാഞ്ചാലിക്കു് നേരെ നോട്ടമെറിഞ്ഞു.

“എന്റെ മക്കൾ. അല്ലാതാരാ. പാഞ്ചാലത്താണു് അവർ ഇക്കാലവും വളർന്നതു്.”

“അതല്ല, ഇവരുടെ ഓരോരുത്തരുടെയും അച്ഛൻ ആരെന്നാണു് ചോദിച്ചതു്” യുധിഷ്ഠിരന്റെ ഒച്ച കനത്തു.

“ഈ കിടപ്പറയിൽ അഞ്ചു് പുരുഷന്മാർ എത്രയോ കാലമായി ഇരുട്ടിൽ ഒന്നൊന്നായി എന്നോടൊപ്പം മത്സരിച്ചു ശയിക്കുമ്പോൾ ഞാൻ അവരുടെ നാളും പിതൃത്വവും ഒക്കെ നിങ്ങളോടു് അന്വേഷിക്കാറുണ്ടോ” പാഞ്ചാലി മക്കളെ ഊട്ടുപുരയിലേക്കു നയിച്ചു.

2016-03-22

“കുടിയേറ്റക്കാരായി ഖാണ്ഡവവനം കത്തിക്കാൻ പാണ്ഡവർ പന്തം പിടിച്ചു പോവുമ്പോൾ കുന്തിയെ കൂടെ കൊണ്ടു പോവാതിരുന്നതു് മനസ്സിലാക്കാം, പക്ഷെ രാജസൂയയാഗം കഴിഞ്ഞു ചക്രവർത്തിനി ആയപ്പോഴെങ്കിലും നിങ്ങൾക്കു് ആ വൃദ്ധവിധവയെ ഇന്ദ്രപ്രസ്ഥത്തിൽ താമസിപ്പിക്കാമായിരുന്നില്ലെ?” കൊട്ടാരം ലേഖികയുടെ സ്വരത്തിൽ നീരസം കലർന്നു.

“വൃദ്ധജനപരിപാലനം എന്ന ഒരു പുതു ജ്ഞാനനിർമിതിയിൽ നീ ഉടൻ തക്ഷശിലയിൽ പോയി അത്യാധുനിക ശിക്ഷണം നേടൂ എന്നു് ഒരു മുതിർന്ന ഭർത്താവു് കൌശലത്തോടെ നിർദേശിച്ചപ്പോൾ മനസ്സിലായി അയാളുടെ ഉള്ളിലിരിപ്പു്. ഒരു കൗരവ സുഹൃത്തുമായി ഞാൻ രഹസ്യമായി ബന്ധപ്പെട്ടു. കുന്തി ഇപ്പോൾ ഗാന്ധാരിയുടെ ഇണ പിരിയാനാവാത്ത കൂട്ടുകാരിയാണെന്നു ആ സാമന്തകൌരവർ പാണ്ഡവരെ വേണ്ടപോലെ അറിയിച്ചപ്പോൾ, “എന്നാൽ ആ വൃദ്ധവിധവ ഹസ്തിനപുരിയിൽ തന്നെ തുടരട്ടെ” എന്നു് പാണ്ഡവ ധാരണയായി”, അലക്കി വെളുപ്പിച്ച വിഴുപ്പു തുണികൾ പാഞ്ചാലി സ്വയം മടക്കി വക്കുമ്പോൾ പറഞ്ഞു.

2016-03-23

“രാജസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെടുമ്പോൾ മൂകസാക്ഷികൾ ആയിരുന്ന പ്രമുഖരെ, യുദ്ധം ജയിച്ചു അധികാരത്തിൽ എത്തിയാലുടൻ പരസ്യവിചാരണ ചെയ്യുമെന്നു നിങ്ങൾ പറഞ്ഞിരുന്നില്ലേ? എന്തായി”, കൊട്ടാരം ലേഖിക ചോദിച്ചു.

“അന്നു് രാജസഭയിൽ ആ കാഴ്ച കണ്ടു രസിച്ചവരിൽ ഇന്നു ജീവിച്ചിരിപ്പുള്ളതു് എന്റെ ഭർത്താക്കന്മാർ മാത്രം”, ചുവർ ചാരിയിരുന്നു ആലോചനയിൽ പാഞ്ചാലി പറഞ്ഞു.

2016-03-24

“പന്ത്രണ്ടു കൊല്ലത്തെ ജീവിതം നിങ്ങൾക്കു് വനാന്തരത്തിലെ ഈ ഒറ്റമുറി കുടിലിൽ സഹനം തന്നെ ആയിരുന്നു അല്ലെ. അജ്ഞാതവാസത്തിനു തിരിക്കുമ്പോൾ എന്തു ചെയ്യും ഈ വ്യാഴവട്ടക്കാല ഓർമകുടീരം? അധികാരം കിട്ടി ഹസ്തിനപുരിയിൽ മഹാറാണിയായാൽ, കുരുവംശ പൈതൃക മന്ദിരമായി ഇതിനെ നിങ്ങൾ പരിപാലിക്കുമോ?”, ചുറ്റും നോക്കി കൊട്ടാരം ലേഖിക വികാര ഭരിതയായി.

“അരക്കില്ലം തീയിട്ട പോലെ അർദ്ധരാത്രിയിൽ ഇതും പാണ്ഡവർ തീയിടണം.” പാഞ്ചാലിയുടെ കണ്ണുകളിൽ കനൽ മിന്നി.

2016-03-27

“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് യുധിഷ്ഠിരൻ അരങ്ങേറ്റമൈതാന പൊതുയോഗത്തിൽ നിരീക്ഷിച്ചപ്പോൾ, സദസ്സു് എഴുനേറ്റു നിന്നു് കയ്യടിക്കുന്നതു് ഞങ്ങൾ കണ്ടു. പക്ഷെ വേദിയിൽ ഇരുന്ന പാഞ്ചാലി മുഖം താഴ്ത്തി. എന്താ സംഗതി?” കൊട്ടാരം ലേഖിക രാജസഭയിൽ കൂനിപ്പിടിച്ചിരുന്ന കൃപാചാര്യരെ കണ്ടെത്തി.

“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് പാഞ്ചാലി എഴുതിക്കൊടുത്തതു് അർദ്ധസാക്ഷരതയുടെ ആൾരൂപമായ യുധിഷ്ഠിരൻ വായിച്ചപ്പോൾ ഒരക്ഷരം തെറ്റി.” കൃപാചാര്യൻ വീണ്ടും ഇരുകൈകപ്പത്തികൾ ഒരു വശത്തു് ചേർത്തു് താടി താങ്ങി ഇരിപ്പിടത്തിൽ ഒന്നു് കൂടി ഒതുങ്ങി.

2016-03-28

“യുധിഷ്ഠിരനു ഇത്രയൊക്കെ വാക്ചാതുരിയുണ്ടോ, പെറ്റ തള്ളയെ പറഞ്ഞു പറ്റിച്ചു അനുജന്റെ ഭാര്യയെ എളുപ്പം തട്ടിയെടുക്കാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു ചോദിച്ചു. വനാശ്രമത്തിലെ അപരാഹ്നം.

“തന്റെ വിവാഹപൂർവരതിസാഹസത്തെ കുറിച്ചു് ചില വിഴുപ്പു തുണികൾ അയാളുടെ കയ്യിലുണ്ടെന്നു് കുന്തിക്കറിയാം. അനുജന്റെ നിയമാനുസൃത ഭാര്യയെ കൈവശപ്പെടുത്താൻ യുധിഷ്ഠിരനു അതൊന്നു പുറത്തെടുത്താൽ മതി”, അക്ഷയപാത്രത്തിൽ നിന്നു് വയർ നിറയെ ഉണ്ടു് മുറ്റത്തെ തണലിൽ ചെരിഞ്ഞും കമഴ്‌ന്നും കിടന്ന പാണ്ഡവരെ പാഞ്ചാലി നിർജീവമായി നോക്കി.

2016-03-29

“വിരാടന്റെ കാലികളെ മോഷ്ടിക്കാൻ, ഭീഷ്മർ മുതൽ കർണൻ വരെ, കയ്യിൽ വാളും കുന്തവും ഉള്ള എല്ലാവരുമായി നിങ്ങൾ സംഘം ചേർന്നു് പോവുമ്പോൾ വിദുരർ ഉപദേശിച്ചില്ലേ, പാണ്ഡവർ അതേ സമയം ഒരു മിന്നലാക്രമണത്തിൽ ഹസ്തിനപുരി കോട്ട തകർത്തു് അന്ധരാജാവിനെ ബന്ദിയാക്കി മുഷിഞ്ഞു വിലപേശുമെന്നു?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ കൂടിച്ചേരുന്ന പ്രഭാതം.

“കാലഹരണപ്പെട്ട ധൃതരാഷ്ട്രരുടെ വ്യക്തിഗത സുരക്ഷ ഞങ്ങൾ എന്തു വില കൊടുത്തും നില നിർത്തണോ അതോ വരാനിരിക്കുന്ന മഹായുദ്ധത്തിൽ സൈനികർക്കു് തടസ്സമില്ലാതെ മൃഗമാംസ ഭക്ഷണം ഉറപ്പു വരുത്തണോ?”, സ്വന്തം ആലയിലെ കറവ വറ്റിയ മാടിനെ തലയിൽ ഇരുമ്പു കൂടം കൊണ്ടു് അടിച്ചു പരിശീലിക്കയായിരുന്ന കൌരവൻ മുഖത്തു് നോക്കാതെ പറഞ്ഞു.

2016-03-31

“നല്ല ദിവസം നോക്കി ചെങ്കോൽ കൈമാറാം എന്ന ധൃതരാഷ്ട്രരുടെ നിർദേശം തള്ളി നിങ്ങൾ സ്ഥാനചിഹ്നം തട്ടിപ്പറിച്ചു സിംഹാസനത്തിൽ ഇരുന്നു ആദ്യമെടുത്ത തീരുമാനമനുസരിച്ചു് കൗരവരാജസ്ത്രീകളെ കുടിയൊഴിപ്പിച്ചു വാണിജ്യരതിവീഥിയിൽ പുനരധിവാസം ചെയ്യിച്ചു. ഞെട്ടലോടുകൂടിയാണു് നവ ഭരണകൂടത്തിന്റെ ഈ ഹൃദയശൂന്യത പൊതുസമൂഹം കാണുന്നതു്?” കൊട്ടാരം ലേഖിക വക്താവു് നകുലനെ നേരിട്ടു.

“ഇതിലെന്താണു് നിങ്ങളുടെ പാവംമാനവഹൃദയത്തിനു ഇത്രമാത്രം ശൂന്യതയും ഞെട്ടലും അനുഭവപ്പെടാനുള്ളതു്? കൗരവഅടിമ എന്ന നിലയിൽ വ്യാഴവട്ടക്കാലം പാഞ്ചാലി നിത്യവും ചെയ്ത ആ കുപ്രസിദ്ധ ശിക്ഷ ഉണ്ടല്ലോ, സന്യസ്ഥരുടെ ജൈവമാലിന്യനീക്കം പരിപാടി, അതു് നിങ്ങൾക്കു് വേണോ, അതോ വിനോദ രതിസേവനത്തിലൂടെ ആവുന്ന കാലം ഭൌതിക സമൃദ്ധിയിൽ ജീവിക്കണോ എന്ന ചോദ്യത്തിനു് രണ്ടാമത്തേതു് മതി എന്നു് ഇടനെഞ്ഞിൽ കൈ വച്ചു് നിങ്ങളുടെ മുമ്പിൽ പരസ്യമായി പറഞ്ഞതു് കൗരവരാജസ്ത്രീകളല്ലേ”, വാണിജ്യരതിയിൽ വ്യക്തിഗത ശുചിത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണത്തിനു് പോവുകയായിരുന്നു ആ തിരക്കു പിടിച്ച ചാരവകുപ്പു് മേധാവി.

2016-04-01

“പാഞ്ചാലീസ്വയംവര ആയുധമത്സരത്തിൽ പങ്കെടുക്കാൻ വന്നിരിക്കുന്ന ആ യുവബ്രാഹ്മണ വേഷങ്ങളെ നോക്കൂ. നമ്മുടെ പരിചയക്കാരായ പഞ്ചപാണ്ഡവരെ പോലെ തോന്നുന്നുണ്ടോ?” കർണൻ അഭിവന്ദ്യ സുഹൃത്തു് ദുര്യോധനന്റെ ചെവിയിൽ ഉപചാരപൂർവ്വം മന്ത്രിച്ചു.

“എന്തിനു തോന്നണം? വാരണാവതം വേനല്ക്കാല സുഖവാസമന്ദിരത്തിൽ അർദ്ധരാത്രി ഉണ്ടായ ദൌർഭാഗ്യകരമായ അഗ്നിബാധയിൽ അവരും, ഞങ്ങളുടെ പിതൃസഹോദരന്റെ ഭാര്യ കുന്തിയും, വെന്തു, ഭൌതികാവശിഷ്ടങ്ങൾ കാശിയിലെ മണികർനികാ ഘട്ടത്തിൽ സംസ്കരിച്ചു പുണ്യനദിയിൽ ശ്രാദ്ധം ചെയ്തിട്ടു് അധികകാലമൊന്നും ആയില്ലല്ലോ, പ്രിയ സുഹൃത്തേ. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു അതേ രൂപത്തിൽ ബ്രാഹ്മണരായി പുനർജനിക്കുമൊ ഇത്ര വേഗം ആ പാപികൾ?”, വിശ്വസ്ത അനുയായിയുടെ ചുമലിൽ മൃദുവായി കൈവച്ചു കുടിലകൌരവൻ പുഞ്ചിരിച്ചു.

2016-04-05

“അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിനെ രാജാവാക്കും മുമ്പു് എന്താ കിരീടവും ചെങ്കോലും നിങ്ങൾ പരിത്യാഗിയെ പോലെ താഴെ വക്കുന്നതു്?” കൊട്ടാരം ലേഖിക ചോദിച്ചു. രാജസഭ കൂടി ഔദ്യോഗിക നടപടികൾ പകുതിയായപ്പോഴായിരുന്നു ഹസ്തിനപുരി മഹാരാജാവിന്റെ വിചിത്ര പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതു്.

“കാടു് വിളിക്കുന്നു”, രണ്ടു വാക്കിൽ കാലന്റെ മകൻ കാര്യം പറഞ്ഞു.

2016-04-06

“പാഞ്ചാലി ഇര, നിങ്ങൾ അഞ്ചു പുരുഷപീഢകർ: അങ്ങനെയാണോ കുടുംബജീവിതം?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഞങ്ങൾ ചെവിയോർക്കാറില്ലെങ്കിലും, അവൾ നിങ്ങളോടു് പറയുന്നതു് മിക്കതും ആലങ്കാരികമായി മാത്രം കണ്ടാൽ മതി. സന്യസ്ഥാശ്രമങ്ങളിലെ വിസർജ്യനീക്കം അവൾ ആവർത്തിച്ചു പൊലിപ്പിക്കും, പക്ഷെ വാസ്തവം എന്താണു്? നിങ്ങൾ ഒന്നു് കൂടെ പോയി കാര്യം അന്വേഷിച്ചുവോ? പൊട്ടിച്ചിരിക്കും നിങ്ങൾ സത്യം അറിഞ്ഞാൽ. ഒരു പണിയുമില്ല പാഞ്ചാലിക്കു ഈ വീട്ടിൽ. അക്ഷയ പാത്രം കാരണം പാഞ്ചാലിക്കു അത്താഴപ്പട്ടിണി എന്നതും വസ്തുതകളെ എങ്ങനെ വളച്ചെടുക്കാം എന്നതിനു് ഉദാഹരണം. അഴകളവുകൾ നില നിർത്താൻ രാത്രി അവൾ കഴിക്കുന്നതു് ദുര്യോധനൻ കൊടുത്തയക്കുന്ന ഹിമാലയൻ പഴങ്ങൾ മാത്രം, പിന്നെ എന്തിനു തിന്നാൽ ദഹനം തടസ്സപ്പെടുന്ന അക്ഷയപാത്രം. പാഞ്ചാലി പറയുന്നതൊക്കെ ഹസ്തിനപുരിയിലെ കൗരവ രാജകുമാരികൾക്കു് രസകരമായ വായനയാവാം, പക്ഷെ ഞങ്ങളുടെ ഇടനെഞ്ചിൽ ചവിട്ടിയാണവൾ നൃത്തം ചെയ്യുന്നതു്”, നകുലൻ ഇടയ്ക്കിടെ ചുണ്ടു് കടിച്ചു സ്വയം നിയന്ത്രിച്ചു.

2016-04-07

“ഉണക്കപ്പുല്ലുകൾക്കിടയിൽ വിറച്ചു പതുങ്ങിയ വെള്ള മുയലിനെ കൊത്തിപ്പറക്കാൻ, ലക്ഷ്യം തെറ്റാതെ നിശബ്ദം ആകാശത്തിൽ നിന്നു് ഒഴുകി ഇറങ്ങിയ ആ ചാരനിറ കഴുകനെ കൃത്യം കഴുത്തിൽ ചാടി കടിച്ചു മന്ദം മന്ദം നീങ്ങിയ വേട്ടപ്പട്ടി തന്നെ ആയിരുന്നു ഇന്നു താരം”, അർജ്ജുനൻ അന്നത്തെ നായാട്ടിൽ കണ്ട കാഴ്ച പാഞ്ചാലിയോടു് കൌതുകത്തോടെ വിശദീകരിക്കുകയായിരുന്നു.

“കഴുത്തു മുറിഞ്ഞ കഴുകനെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചു പതുങ്ങി പതുങ്ങി വെള്ള മുയലിനെയും പിന്നിൽ നിന്നു് കടിച്ചു തൊലിയുരിക്കുന്നവർ ഈ വനാശ്രമത്തിൽ തന്നെ ഇല്ലേ”, വനാശ്രമത്തിലെ ഒറ്റമുറി കിടപ്പറയുടെ മൂലയിൽ വെളിച്ചം വീഴാത്ത ഇടത്തു് ചുരുണ്ടു കിടന്ന പാഞ്ചാലി മിക്കവാറും അശരീരിയായി പറഞ്ഞു.

2016-04-08

“അപ്പോൾ സ്ഥലജല ഭ്രമത്തിൽ വിശിഷ്ടാതിഥി വഴുക്കി വീണപ്പോൾ നിങ്ങൾ അട്ടഹസിച്ചില്ല എന്നാണോ?” കൊട്ടാരം ലേഖിക സംശയത്തിൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയെ നോക്കി.

“നീണ്ടകാല ആരാധകൻ വിരുന്നിനു വരുമ്പോൾ ആതിഥേയയുടെ പണി ആർത്തു് ചിരിക്കലാണോ? അതൊക്കെ ആ മന്ദബുദ്ധിയുടെ പണിയായിരുന്നില്ലേ. ദുര്യോധനൻ എന്നോടു് പിണങ്ങിയാണു് പോയതെന്നു് നകുലൻ പറഞ്ഞറിഞ്ഞപ്പോൾ വേണ്ടത്ര കൊട്ടു ഞാൻ ഭീമനു് കൊടുത്തു. പിന്നെ അയാൾ എന്റെ കിടപ്പറ വാതിലിൽ മുട്ടിയിട്ടില്ല”, ഭീമന്റെ അടി വസ്ത്രങ്ങൾ പ്രതീകാൽമകമായി വലിച്ചു പുറത്തേക്കെറിഞ്ഞു പാഞ്ചാലി നിശബ്ദയായി.

2016-04-09

“പല തവണ അഭിമുഖം ചെയ്തെങ്കിലും പെറ്റ കുഞ്ഞുങ്ങൾ അഞ്ചെണ്ണത്തിൽ ഒന്നിനെയെങ്കിലും നിങ്ങൾ മുലയൂട്ടുന്ന രംഗം ഓർമയില്ല”, കൊട്ടാരം ലേഖിക പാഞ്ചാലിയെ കരുതലോടെ സമീപിച്ചു.

“പാണ്ഡവർ എന്നെ മാറി മാറി കാഴ്ച വച്ചു് പീഢിപ്പിച്ചതിൽ പിറന്ന ആ പാപസന്തതികളെ പരസ്യമായി താലോലിക്കുന്നതു് പാപിപീഢകരെ ഞാൻ മഹത്വപ്പെടുത്തുന്നതിനു തുല്യമല്ലേ.

2016-04-09

“മാംസപ്രിയനാണെങ്കിലും, വേട്ടയാടുമ്പോൾ വീണു കിട്ടുന്ന മാസാഹാരിമൃഗങ്ങളെ വിശപ്പുണ്ടെങ്കിലും വെട്ടിത്തിന്നാറില്ല”, അക്ഷയപാത്രത്തിലെ ധാന്യഭക്ഷണം വാരി വായിലിട്ടു, കണ്ണു് തുറിച്ചു ഭീമൻ ഭാര്യയോടു മേനി പറഞ്ഞു.

“പുറത്തിറങ്ങി വേട്ടയാടാൻ വയ്യാത്ത നില വന്നാൽ, വീട്ടിനകത്തുള്ള സസ്യാഹാരി സ്ത്രീകളെ നിങ്ങൾ വിശപ്പുള്ളപ്പോൾ ഒറ്റയ്ക്കു് വെട്ടിപ്പൊളിച്ചു ചുട്ടു തിന്നുമോ?”, വെറും നിലത്തിരുന്നു ഇലയിൽ സ്വയം വിളമ്പിയ കായ്ഫലങ്ങൾ കഴിക്കുന്ന പാഞ്ചാലി മുഖമുയർത്താതെ ചോദിച്ചു.

2016-04-10

“അർജ്ജുനൻ ആളെങ്ങനെ വീട്ടു കാര്യങ്ങളിൽ ശ്രദ്ധിക്കുമോ?” പാണ്ഡവർ ഇല്ലാത്ത നേരം നോക്കി കൊട്ടാരം ലേഖിക കുടുംബക്കാര്യത്തിൽ ഇടപെട്ടു.

“നിസ്സാര ജോലി ചെയ്താൽ പോലും അന്നത്തെ ദിവസം വൈകാരിക പരിഗണന പ്രതീക്ഷിക്കും. കാറ്റത്തു് മേൽക്കൂരയിൽ മരക്കൊമ്പു വീണതു് ഒന്നു നീക്കം ചെയ്യാൻ, ഉറക്കറയിൽ ചുരുണ്ടു് കിടക്കുന്ന വട്ടക്കൂറയെ ഒന്നു തോടു് കടത്തി വിടാൻ, ഭക്ഷണം കഴിച്ച അക്ഷയപാത്രത്തിൽ ചീരയില ഇല്ലാതെ തേച്ചു വെളുപ്പിക്കാൻ സന്യസ്ഥാശ്രമങ്ങളിലെ മാലിന്യനീക്കത്തിൽ ഒരു കൈ സഹായിക്കാൻ ഉടുതുണി കഴുകിയുണക്കി മടക്കി വക്കാൻ നിഷ്ക്രിയനാവാതെ ആസ്വാദനരതിയിൽ പാരസ്പര്യത്തോടെ പങ്കാളിയാവാൻ, ഓരോന്നിലും വ്യക്തിഗത കൃതജ്ഞത ആവശ്യപ്പെടും”, സംസാരിക്കുമ്പോൾ പിന്നിൽ കേട്ട പാണ്ഡവ പാദചലനത്തിൽ നീരസം പ്രകടിപ്പിച്ചു പാഞ്ചാലി മൃദു സ്വരത്തിൽ പറഞ്ഞു.

2016-04-11

“ഭർത്താവിന്റെ ഘാതകൻ അധികാരത്തിൽ കയറുന്ന രാജകീയചടങ്ങു് ബഹിഷ്കരിക്കാതെ മുൻപന്തിയിൽ തന്നെ നിങ്ങളെ കണ്ടപ്പോൾ എനിക്കു് എന്തോ പോലെ തോന്നി”, കൊട്ടാരം ലേഖിക ദുര്യോധനവിധവയെ നിഷ്കരുണം നേരിട്ടു.

“സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അതിപ്രധാന പ്രസ്താവന നടത്തുമെന്നു് ഭീമൻ മുൻകൂർ പറഞ്ഞതു് നിങ്ങൾ അറിഞ്ഞില്ലെന്നു തോന്നുന്നു? യുദ്ധാനന്തര ഹസ്ഥിനപുരിയുടെ ഭാവി പ്രതിരോധത്തിനു് തക്ഷശിലയെ വെല്ലുന്ന” ദുര്യോധന സ്മാരക സൈനികശാസ്ത്ര സർവകലാശാല” ക്കു് തറക്കല്ലിടുന്നതിലാണു് എന്റെ വ്യക്തിഗതസാന്നിധ്യം അത്യാവശ്യമായി പാണ്ഡവർക്കു് വേണ്ടി വന്നതു്”, കലിംഗരാജാവു് ചിത്രാംഗധന്റെ മകൾ ഭാനുമതി ഒരു മഹാറാണിയെ പോലെ ഉപചാരപൂർവ്വം പുഞ്ചിരിച്ചു.

2016-04-12

“ഇതെന്താ പ്രതിരോധവകുപ്പു് മേധാവി പ്രാതലിനു വരുമ്പോൾ വെറും ധാന്യം വിളമ്പുന്നതു്? ചവക്കാൻ കാളത്തുട ഒന്നുമില്ലേ?”, ഭീമൻ കൊട്ടാരം പാചകക്കാരനോടു് തട്ടിക്കയറി.

“ചാരവകുപ്പു് മേധാവിക്കു് വിളമ്പാൻ പോലും പോത്തിൻ തുട കിട്ടിയിട്ടില്ല എന്നിട്ടാണോ സൈനികർ ഇല്ലാത്ത പ്രതിരോധ മന്ത്രാലയത്തിനു പ്രത്യേക മാംസഭക്ഷണ പരിഗണന? ഉപയോഗരഹിതമായ ഉഴവു മൃഗത്തെ കട്ടു് കൊണ്ടു് വരൂ അരച്ച മുളകു് തേച്ചു എണ്ണയിൽ പൊരിച്ചു വയർ നിറയെ തിന്നാൻ തരാം”, യുദ്ധാനന്തര ഹസ്ഥിനപുരിയുടെ ഊട്ടുപുര മുഖ്യപാചകക്കാരൻ പറഞ്ഞു.

2016-04-13

“നിങ്ങൾ മാത്രം വാനപ്രസ്ഥത്തിനു പോയാൽ പോരെ. എന്തിനു ഇളമുറ ഭാര്യയേയും അനുജന്മാരെയും കൂടെ കൂട്ടുന്നു?” കൊട്ടാരം ലേഖിക ഈർഷ മറച്ചു വച്ചില്ല.

“ഞാൻ കുറുനരികൾക്കു ഇരയാവുമ്പോൾ അവർ രാജകീയ സമൃദ്ധിയിൽ ആർമാദിക്കണം?’ യുധിഷ്ഠിരൻ പതിവിനു വിരുദ്ധമായി വാക്കിൽ പിശുക്കു് കാണിച്ചു.

“മുനിശാപത്തിനു് പ്രായശ്ചിത്തമായി രണ്ടു ഭാര്യമാരെയും കൂട്ടി കാട്ടിൽ പോയതിന്റെ യുക്തി നമുക്കിപ്പോൾ വ്യക്തമല്ലായിരിക്കാം, പക്ഷെ അധികാരചിഹ്നമായ ചെങ്കോൽ അന്ധജ്യേഷ്ടനു് എറിഞ്ഞു കൊടുത്തതു് രാജപ്രതിനിധിയായി ഭരിച്ചു തക്കസമയത്തു് അവകാശികൾക്കു് തിരിച്ചേൽപ്പിക്കാൻ ആയിരുന്നു എന്നു് യുധിഷ്ഠിരൻ”, കൊട്ടാരം ലേഖിക മഹാരാജാവിന്റെ കാര്യാലയത്തിൽ കയറി പാണ്ഡവർക്കു് വേണ്ടി വാദിച്ചു.

“എവിടെ യഥാർത്ഥ അവകാശികൾ? അഞ്ചു പേർ കുന്തിയുടെയും മാദ്രിയുടെയും വിവാഹ ബാഹ്യസന്തതികൾ ആണെന്നു് അവർ തന്നെ പരസ്യമായി പറഞ്ഞതല്ലേ? ഈ മൂത്തയാൾ സ്വയം വിശേപ്പിക്കുന്നതു് മരണദേവതയുടെ മകൻ എന്നല്ലേ.”

2016-04-14

“ദൂരെ ദൂരെ ഗംഗാ സമതലത്തിലെ ഹസ്തിനപുരിയിൽ നിന്നു് നിങ്ങൾ, കൊട്ടാരം ലേഖിക, ഹിമാലയത്തിലെ ഈ വനാശ്രമത്തിൽ ഞങ്ങളെ ഇടയ്ക്കിടെ വന്നു കണ്ടു തിരിച്ചു പോവുന്നതിന്റെ രഹസ്യമെന്തു്?” സംസാരിക്കുന്നതിന്നിടയിൽ നകുലൻ തലയിൽ കൈവച്ചു വിസ്മയം നടിച്ചു.

“ഹസ്തിനപുരി പത്രികക്കു് നാലു ചുവരെഴുത്തു് പതിപ്പുകൾ ഉള്ളതിൽ ഒന്നു് കൗരവരാജസ്ത്രീകളുടെ നൂറോളം വസതികളിലെ അന്തേവാസികളെ വായനക്കാരായി ലക്ഷ്യമാക്കുന്നു. അവർക്കു് ഗംഗയോ ഹിമാലയമോ വാർത്തയല്ല, അവർക്കു് പാഞ്ചാലിയുടെ പരിദേവനങ്ങൾ മതി. സംഗതി ആ വിധം നേരിട്ടറിയാൻ നൂറു കൌരവർ രഹസ്യ പ്രായോജകർ ആയ ആവർത്തന യാത്രയാണു് ഞാൻ ഇതിഹാസത്തിനു് വേണ്ടി ഏറ്റെടുത്തതു്.”

2016-04-15

“നിങ്ങളുടെ അയൽപ്പക്കം മുഴുവൻ സന്യസ്ഥാശ്രമങ്ങൾ, എന്നാൽ അവിടെ ആകെ ഉൽപ്പാദിപ്പിക്കുന്നതു് ജൈവമാലിന്യം. അങ്ങനെ മതിയോ? ജ്ഞാനനിർമിതി ഒന്നും വേണ്ടേ?” മാലിന്യനീക്കം എന്ന പണിക്കു പാഞ്ചാലി അതിരാവിലെ പോയ തക്കം നോക്കി കൊട്ടാരം ലേഖിക ചോദിച്ചു.

“ഇരുപത്തിനാലു് മണിക്കൂറും ഈ പാണ്ഡവ കുടുംബത്തിൽ എന്തു് നടക്കുന്നു എന്നു ചാരച്ചെവികളുമായി കൌരവർക്കു അടിമപ്പണി ചെയ്യുന്ന സന്യസ്തർക്കെവിടെ ചമ്രം പടിഞ്ഞിരുന്നു താളിയോലയിൽ എഴുത്താണി പ്രയോഗിക്കാൻ സാവകാശം? ആഴ്ചയിൽ ഒരിക്കൽ ഹസ്തിനപുരിയിൽ നിന്നു് കൗരവസൈനികൻ കഴുതപ്പുറത്തു് കൊണ്ടുവരുന്ന ഭക്ഷ്യധാന്യവരവു് നിലച്ചാൽ അതോടെ തീരില്ലേ അവരുടെ ആത്മീയത”, നകുലൻ ജാലകത്തിലൂടെ കണ്ട യുവ സന്യാസികൾക്കു് ഊഷ്മളമായി അഭിവാദ്യം അർപ്പിച്ചു കൈ വീശി.

2016-04-16

“മക്കളെ ഉറക്കത്തിൽ കഴുത്തു ഞെരിച്ചു കൊന്ന അശ്വത്താമാവിന്റെ ശിരോരത്നം തട്ടിയെടുത്തു് നിങ്ങൾ ആ ദ്രോണപുത്രനെ കൊല്ലാതെ വെറുതെ വിട്ടു. ക്ഷീണിച്ചുറങ്ങുന്ന മക്കൾക്കു് സുരക്ഷ ഉറപ്പു വരുത്തേണ്ട പാണ്ഡവരെ നിങ്ങൾ അമ്മ എന്ന നിലയിൽ എന്തുകൊണ്ടു് വിചാരണ ചെയ്തില്ല?”, ശവദാഹം കഴിഞ്ഞു മടങ്ങുമ്പോൾ കൊട്ടാരം ലേഖിക പാഞ്ചാലിയെ നേരിട്ടു.

“വിചാരണ ചെയ്താൽ തെറിക്കുക ശിരോരത്നമല്ല, പാണ്ഡവരുടെ തലയല്ലേ.”

“ക്ഷമയോടെ ഊഴം കാത്തു് അവസരം കിട്ടിയ പാണ്ഡവരിലൊരാൾ പായ പങ്കിടാൻ ഈ ഒറ്റമുറിയിൽ വരുമ്പോൾ, മറ്റു നാലു പാണ്ഡവർ നിങ്ങളിരുവരുടെ രതിസ്വകാര്യത മാനിച്ചു കുടിലിൽ നിന്നു് പുറത്തു് പോവും എന്നതല്ലേ നിലവിലുള്ള പൊതു ദാമ്പത്യധാരണ?”, കൊട്ടാരം ലേഖിക സമവായസ്വരത്തിൽ സഹായിച്ചു.

“എന്തൊക്കെ ചെയ്താൽ മുറിക്കകത്തെ ആൺപെൺശാരീരിക പാരസ്പര്യത്തെ മലിനപ്പെടുത്താമോ അതൊക്കെ ബാക്കി നാലു പേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യും. അപമാനബോധതോടെ ഞങ്ങൾ മുറിയുടെ രണ്ടു മൂലയിൽ കമഴ്‌ന്നു കിടക്കും. അസ്ത്രം മറന്നു വച്ചതു് എടുക്കാൻ വന്നതാണു് എന്നു് നിഷ്കളങ്കമായി പറഞ്ഞു പാണ്ഡവരിൽ ഒരാൾ മുറിയിൽ ഇടിച്ചു കയറിയതും ഞാൻ ഇതുവരെ മറന്നിട്ടില്ല.”

“പ്രണയം എന്ന വാക്കു് പാണ്ഡവരുടെ പ്രയോഗത്തിലുണ്ടോ?” കൊട്ടാരം ലേഖിക കൌതുകപ്പെട്ടു. വെയിൽ കനത്തപ്പോൾ പാണ്ഡവർ കൂട്ടം കൂടി കുന്നിനു കീഴെ തടാകത്തിൽ നീരാടാൻ പോയ നേരം. പായ നെയ്യുകയായിരുന്നു ജാലകോരത്തിരുന്നു പാഞ്ചാലി.

“ജീവകാലം മുഴുവൻ ഒരേ പായ പങ്കിടുന്നവളെ എങ്ങനെ പ്രണയിനി എന്നു് വിളിക്കും എന്നു് അർജ്ജുനൻ ഒരിക്കൽ നിന്ദയോടെ ചോദിച്ച ഓർമയുണ്ടു്. സുഭദ്രയെ വിവാഹം കഴിച്ച കാലമായിരുന്നു അതോടെ എന്റെ ഹൃദയം അയാൾക്കു് വേണ്ടി പിടക്കുന്നതു് എന്നെന്നേക്കുമായി നിന്നു.”

2016-04-17

“രാജ്യം ഭരിച്ചു മതിയായി, ഇതാ വാനപ്രസ്ഥം ഞങ്ങളെ കൈമാടി വിളിക്കുന്നു എന്നു് യുധിഷ്ഠിരനെക്കൊണ്ടു് നാടകീയമായി പറയിപ്പിക്കാൻ മാത്രം പെട്ടെന്നു് എന്തുണ്ടായി?” കൊട്ടാരം ലേഖിക ചാരവകുപ്പു് മേധാവി നകുലനോടു് ചോദിച്ചു.

“എന്റെ ഭർത്താക്കന്മാർ യുദ്ധം അതിജീവിച്ചതു് ഭാഗ്യം കൊണ്ടായിരുന്നു എന്നാൽ എന്റെ അഞ്ചു മക്കൾ കുരുക്ഷേത്രയിൽ മരിച്ചതു് പാണ്ഡവരുടെ അശ്രദ്ധ കൊണ്ടും എന്ന പാഞ്ചാലിയുടെ പ്രസ്താവന നിങ്ങളുടെ അഭിമുഖത്തിൽ വന്നതു് യുധിഷ്ഠിരന്റെ ശ്രദ്ധയിൽ പെട്ടു എന്നു് വേണം സംശയിക്കാൻ”, ചെങ്കോൽ അഭിമന്യു പുത്രൻ പരീക്ഷിത്തിനെ ഏൽപ്പിക്കാൻ നെട്ടോട്ടം ഓടുകയായിരുന്നു കൊട്ടാര ഭരണത്തിന്റെ അധിക ചുമതല വഹിക്കുന്ന നകുലൻ.

2016-04-19

“ഒരൗദ്യോഗിക ജീവചരിത്രകാരൻ നിങ്ങൾക്കു് ഉണ്ടായിരുന്നെങ്കിൽ എന്നു് മോഹിക്കുന്നുണ്ടോ”, വാനപ്രസ്ഥത്തിനു പാണ്ഡവരുടെ കൂടെ പടിയിറങ്ങിയ പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വസ്തുതാപരമല്ലാത്ത പ്രശംസകളും അവാസ്തവമായ ആക്ഷേപങ്ങളും ഇല്ലാത്ത എന്തു് ഔദ്യോഗിക ജീവചരിത്രമാണു് ഭാവിതലമുറകൾ എന്നെ കുറിച്ചു് വായിക്കാൻ ഇഷ്ടപ്പെടുക.”

2016-04-20

“കുടിയേറ്റ മേഖലയായ ഖാണ്ഡവ വനത്തിലേക്കു് പാണ്ഡവരെ പറഞ്ഞു പറ്റിച്ചു യാത്രയാക്കുമ്പോൾ, അവരുടെ നല്ല നടപ്പിനു ജാമ്യത്തടവുകാരിയായി കുന്തിയെ ഹസ്തിനപുരി കൊട്ടാരത്തിൽ പിടിച്ചു നിർത്തിയ ധൃതരാഷ്ട്രർ അവർക്കെന്തു പണിയാണു് നിത്യവും കൊടുത്തതു്?” കൊട്ടാരം ലേഖിക ഗാന്ധാരിയോടു ചോദിച്ചു.

“മഹാരാജാവിന്റെ വ്യക്തിഗതസേവനദാതാവായി നിയമിച്ചു. എതിർത്തപ്പോൾ, ഒരു മുൻപരിചയവുമില്ലാത്ത കുറെ ആണുങ്ങളെ പ്രലോഭിച്ചു കൂടെ കിടത്തി ഗർഭം ധരിക്കാൻ മടി കാണിക്കാത്ത നീയാണോ കുരുവംശ മഹാരാജാവിനോടു് ഇങ്ങനെ അനിഷ്ടം കാണിക്കുന്നതു് എന്നു് അന്ധൻ, ഞാൻ നേരത്തെ വാക്കുകൾ പറഞ്ഞു കൊടുത്ത പോലെ കുന്തിക്കു് നേരെ രഹസ്യമായി ആഞ്ഞടിച്ചു. ഇപ്പോൾ എന്തിനും ഒരു പണത്തൂക്കം മുന്നിൽ കാണാം ഈ സഹോദരവിധവയെ”, കണ്ണു് കെട്ടിയ വിഴുപ്പു തുണി അഴിച്ചു കഴുകാൻ കുന്തിയുടെ നേരെ എറിഞ്ഞ ഗാന്ധാരി താൻ കഷ്ടപ്പെട്ടു് നേടിയെടുത്ത വ്യക്തി സ്വാതന്ത്യം കൊട്ടാരം ലേഖികയുടെ തുടയിൽ അടിച്ചു ആർമാദിച്ചു.

2016-04-21

“പതുക്കെയാണല്ലോ ഭീമൻ ഇപ്പോൾ ഊണു് കഴിക്കുന്നത്? അക്ഷയപാത്രത്തിൽ ഭക്ഷണലഭ്യത ക്ഷയിച്ചുവോ, അതോ പ്രിയവൃകോദരനു അന്നനാളത്തിൽ പ്രശ്നം വല്ലതും?” കൊട്ടാരം ലേഖിക പത്ര പ്രവർത്തകരുടെ കെട്ടിപ്പൊക്കിയ ആശങ്കയോടെ നിരീക്ഷിച്ചു.

“ആനത്തലയോളം ഉരുള ഉരുട്ടി വായിലിട്ടാൽ ഇറങ്ങും മുമ്പു് രണ്ടാമതൊരു ഉരുള വായിലേക്കെറിയുന്ന പതിവു് രീതി നിർത്തണം എന്നു് ഞാൻ കയർത്തു. വാരിവലിച്ചു സൗജന്യഭക്ഷണം അകത്താക്കി വയറിനു സുഖമില്ല എന്നു് പരാതി പറഞ്ഞു സഹോദരന്മാരെ പച്ചില മരുന്നു് തേടി സന്യസ്ഥാശ്രമാങ്ങളിലേക്കു് ഓടിക്കുന്ന പരിപാടി അതോടെ നിന്നു”, പാഞ്ചാലി ഭീമനെ തിരിഞ്ഞു നോക്കാതെ നോട്ടം ജാലകത്തിനു് പുറത്തേക്കു പായിച്ചു.

2016-04-22

“ഇതെന്താ മുൻപ് കാണാത്തൊരു കൊച്ചു കൂട്ടിൽ ഇണയില്ലാത്തൊരു അലങ്കാരപ്പക്ഷി?” കൊട്ടാരം ലേഖിക വനാശ്രമത്തിലെ ഒറ്റ മുറി കിടപ്പറയിൽ കടന്ന ഉടൻ ഇരു കൈകളും നാടകീയമായി വാക്കുകൾക്കൊപ്പം ഉയർത്തി.

“ആവർത്തനസ്വഭാവമുള്ള പാണ്ഡവചോദ്യങ്ങൾക്കു് ഈ തത്ത പരിശീലനത്തിലൂടെ നേടിയ പെരുമാറ്റ സൌമനസ്യത്തോടെ എത്ര പ്രാവശ്യം വേണമെങ്കിലും ചൊടിക്കാതെ ഉത്തരം നല്കും.” തത്തയ്ക്കു് കുടിക്കാൻ ശുദ്ധ ജലം ഒരു കൊച്ചു മൺപാത്രത്തിൽ കൊണ്ടു വരുമ്പോൾ കൊട്ടാരം ലേഖികയുടെ അഭിവാദ്യം സ്വീകരിക്കെ പാഞ്ചാലി പുഞ്ചിരിയോടെ പറഞ്ഞു.

“ഈ വിരസവനവാസക്കാലത്തു് പെരുമഴ പെയ്യുമ്പോൾ വീട്ടിനകത്തിരുന്നു എന്തുണ്ടു് നിങ്ങൾക്കു് ആറു പേർക്കും പുറത്തു പറയാവുന്നൊരു, പണച്ചെലവില്ലാത്ത പൊതു വിനോദം?” കൊട്ടാരം ലേഖിക കൊച്ചു കുട്ടിയെ പോലെ കൌതുകപ്പെട്ടു.

“രാജാവും റാണിയും കളിക്കാം എന്നു് യുധിഷ്ഠിരൻ വാ തുറക്കുമ്പോഴേക്കും ഞങ്ങൾ നാലുപേർ എഴുന്നേറ്റു പോവും”, അർജ്ജുനൻ പറഞ്ഞു.

2016-04-23

“അയൽക്കാർ സന്യസ്ഥരല്ലേ? പാണ്ഡവരുടെ ദാർശനികവ്യഥകർ ഒന്നും അവർ ചോദിച്ചറിയാറില്ലേ?” കൊട്ടാരം ലേഖിക പച്ച നിറഞ്ഞ കുന്നിൻ മുകളിലെ അഞ്ചാറു് ആശ്രമങ്ങളിലേക്കു് വിരൽ ചൂണ്ടി.

“കള്ളച്ചൂതു് കളിച്ചു രാജകീയസൌഭാഗ്യങ്ങൾ എല്ലാം നഷ്ടപ്പെടുത്തി അല്ലെ എന്നവർ ചോദിച്ച ആദ്യ ചോദ്യം തന്നെ കൂട്ടച്ചിരിയോടെ ആയിരുന്നു. ഭക്ഷ്യധാന്യം മരുന്നു് വസ്ത്രങ്ങൾ ഒക്കെ പതിവായി കൌരവർ കഴുതപ്പുറത്തു് എത്തിക്കും. പകരം കൗരവഭാവിസുരക്ഷയെ ബാധിക്കുന്ന പാണ്ഡവരഹസ്യങ്ങൾ അവർ താളിയോലയിൽ എഴുതി ഹസ്ഥിനപുരിക്കു് തിരിച്ചും അയക്കും.”, ആശ്രമങ്ങളിലെ ജൈവമാലിന്യം ദൂരെ കൊണ്ടു് പോയി സംസ്കരിച്ചു കുന്നിനു താഴെ ജലാശയത്തിൽ തുണി തിരുമ്മി നീന്തിക്കുളിച്ചു വരുന്ന പാഞ്ചാലിയുടെ നിഴൽ വീണപ്പോൾ പാണ്ഡവർ ആയുധങ്ങൾ മൂർച്ച കൂട്ടുന്ന പതിവു് പണിയിൽ തിരക്കു് കാണിച്ചു.

“കെട്ടൊന്നഴിച്ചു നോക്കട്ടെ ഞാൻ, നിങ്ങളുടെ വിശ്വവിഖ്യാത വലതു തള്ളവിരൽ. പരോക്ഷസായുധ പരിശീലനത്തിനു് ദക്ഷിണയായി ഈ വിരൽ തന്നെയല്ലേ ആ ദരിദ്ര ബ്രാഹ്മണഗുരു നിങ്ങളിൽ നിന്നു് ദക്ഷിണയായി മുറിച്ചു വാങ്ങിച്ചതു്?”, കൊട്ടാരം ലേഖിക നിഷാദകുമാരനെ കൌതുകത്തോടെ നോക്കി.

“ആദ്യകാലങ്ങളിൽ ഈ വിരൽ മുറിച്ച ഇടം എന്റെ മുഖത്തേക്കാൾ ജനങ്ങൾ തിരിച്ചറിഞ്ഞു. എന്റെ വിരൽ നഷ്ടം ജനം വൈകാരികമായി ഏറ്റെടുത്തു. പ്രത്യേക പരിഗണന ഇതിഹാസത്തിൽ തരാമെന്നു കീഴാള കവി വ്യാസനും സമ്മതിച്ചു. വിരൽ ഇല്ലാതെ അമ്പെയ്യാനും പിന്നെ പഠിച്ചു. വിരൽ നഷ്ടം ഞാൻ മറന്നു. ഒരു നാൾ രാവിലെ ഉറക്കമുണർന്നു നോക്കിയപ്പോൾ മുറിച്ചെടുത്തു് ഗുരുവിനെ സമർപ്പിച്ച ആ തള്ളവിരലുണ്ടു് പഴയ ഇടത്തിൽ കുടികൊള്ളുന്നു. വല്ലാത്ത പരിചയക്കേടു് തോന്നിയപ്പോൾ ഗാന്ധാരി കൺകെട്ടി വലിച്ചെറിഞ്ഞ ഒരു പഴം തുണിയെടുത്തു് ഞാൻ എന്റെ ഈ വലതു കൈ മൂടിക്കെട്ടി”, ജാള ്യതയോടെ ഏകലവ്യൻ വലതു കൈ തുണിക്കെട്ടിൽ ഒളിപ്പിച്ചു് നിസ്സഹായമായി പുഞ്ചിരിച്ചു.

2016-04-24

“പിതാമഹൻ നിങ്ങൾക്കു് സൗമനസ്യക്കാരനായ വഴികാട്ടിയോ, പരുക്കൻ പെരുമാറ്റമുള്ള തിരുത്തൽ ശക്തിയോ?” കൊട്ടാരം ലേഖിക മുതിർന്ന കൌരവനെ ഹാർദമായി ചോദ്യം ചെയ്തു.

“അഭയാർഥികളായി കുന്തിയും മക്കളും വരും വരെ ഭീഷ്മർ പൊങ്ങച്ചക്കഥകൾ കൊണ്ടു് ഞങ്ങളെ പുഴയിൽ നീന്തൽ പഠിപ്പിക്കുമ്പോൾ രസിപ്പിക്കുമായിരുന്നു. ക്ഷയരോഗിയെന്നു ലോകം അംഗീകരിച്ച വിചിത്രവീര്യനു പായവിരിക്കാൻ എന്തിനാണു് നിങ്ങൾ മൂന്നു കാശിരാജ കുമാരികളെ ബലാൽക്കാരമായി തട്ടിക്കൊണ്ടുവന്നതു്, അയാളെ വാരണാവതം മലഞ്ചെരുവിലെ വേനൽക്കാല വസതിയിൽ വിശ്രമത്തിനായി താമസിപ്പിക്കുകയല്ലേ വേണ്ടിയിരുന്നതു് എന്നു് അത്രയൊന്നും ആലോചിക്കാതെ ചോദിച്ചതിൽ പിന്നെ ഞാൻ ആ കാരണവരുടെ നോട്ടപ്പുള്ളിയാണു്”, ദുര്യോധനൻ രാജസഭയിലേക്കു് പോവുന്ന തിരക്കിലും ഉപചാരപൂർവ്വം പുഞ്ചിരിച്ചു.

2016-04-26

“എല്ലാവരെയും ആട്ടിതെളിച്ചു വീണ്ടും കാട്ടിലേക്കു് യുധിഷ്ഠിരന്റെ ഈ പോക്കു്, അതു് നിങ്ങളോടു് ആലോചിച്ചെടുത്ത തീരുമാനം തന്നെ ആയിരുന്നോ?” കൊട്ടാരം ലേഖിക ചോദിച്ചു. രാജകീയ വസ്ത്രങ്ങൾ സ്വയം അഴിച്ചു വല്ക്കലം ധരിക്കുകയായിരുന്നു കുരുവംശ മഹാറാണി പാഞ്ചാലി.

“സ്വാഭാവിക കാരണങ്ങളാൽ വൃദ്ധഭർത്താവു് അധികം വൈകാതെ കാലം ചെയ്യുമെന്നും അധികാരം എന്റെ കയ്യിൽ വന്നു ചേരുമെന്നും പ്രിയ നകുലൻ പലപ്പോഴും എനിക്കു് ധൈര്യം തന്നതു് മറക്കുന്നില്ല. ഭർത്താവിന്റെ മരണശേഷം സ്വത്തു് ഭാര്യക്കു് വന്നു ചേർന്നാൽ മാത്രമേ അവളുടെ വ്യക്തിത്വം ലോകത്തിനു വ്യക്തമാവൂ എന്നറിയാത്ത സരളഹൃദയനായ യുധിഷ്ഠിരനെ കുറിച്ചു് ഞാൻ ഈ മാറിയ വേഷത്തിൽ ഒന്നും ഇനി പറയുന്നില്ല.”

“പ്രണയമിഴികളിലൂടെ നിങ്ങൾ ഈ നീണ്ട ദാമ്പത്യത്തിൽ അഞ്ചു ഭർത്താക്കന്മാരോടും ഒരു വാക്കും സംസാരിച്ചിട്ടില്ല എന്നാണോ നിന്ദയുടെ വെഞ്ചാമരങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന ഈ അഭിമുഖങ്ങൾ വായിച്ചു വായനക്കാർ നിഗമനത്തിൽ എത്തേണ്ടതു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“സാന്ദർഭികമായി പ്രതികരിച്ചിട്ടുണ്ടാവാം, അതു് പ്രസ്താവന പോലെ സ്വതന്ത്രമല്ലല്ലോ. സന്ദർഭം മാറുമ്പോൾ പ്രണയമിഴിയുടെ സാധുതയും തീരും”, പുതിയ ഹസ്തിനപുരി മഹാറാണി എന്ന പദവി വഹിക്കുമ്പോൾ പാണ്ഡവർ അന്തഃപുരത്തിൽ വരും മുമ്പു് തന്റെ കാര്യാലയത്തിൽ നിന്നു് രേഖാമൂലം അനുമതി നേടിയിരിക്കണം എന്ന പ്രഖ്യാപനത്തിൽ ഒപ്പിടുകയായിരുന്നു പാഞ്ചാലി.

2016-04-27

“അപ്പോൾ അസ്തിത്വവ്യഥ സഹിക്കാനാവാതെയൊന്നുമല്ല നിങ്ങളുടെ പൂർവികർ പാണ്ഡവർ ഹിമാലയ മലമടക്കുകളിലേക്കു് ഇനി തിരിച്ചില്ലെന്ന വ്യക്ത സൂചനയുമായി വൽക്കലം ധരിച്ചു പദയാത്ര ചെയ്തതു് എന്നാണോ നിങ്ങൾ കണ്ടെത്തിയതു്?” കൊട്ടാരം ലേഖികയുടെ പുരികം വളഞ്ഞു. ഭരണചക്രം തിരിക്കാൻ പ്രയാസപ്പെടുന്ന പരീക്ഷിത്തു്, അഭിമന്യുവിന്റെ മകൻ, കളങ്കിത സിംഹാസനത്തിൽ ഇരിക്കാനാവാതെ എഴുനേറ്റു നിന്നു സന്ദർശകരെ നേരിട്ടു.

“പോരാട്ടഭൂമിയിൽ കായികബലം കൊണ്ടു് ശത്രുക്കളെ നേരിടുന്നതിനു പകരം, കൌരവരെ ചതിച്ചു കൊന്ന പാണ്ഡവരെ അതേ ഇടത്തു് വലിച്ചിഴച്ചു കൊണ്ടു് വന്നു കണ്ണു കെട്ടി മുട്ടു് കുത്തിച്ചു ജനപങ്കാളിത്തത്തോടെ തല വെട്ടുമെന്നു് ആലങ്കാരികമായി പുതുതലമുറ കൗരവ ബാലന്മാർ പൊതുവേദിയിൽ രണ്ടു ദിവസം മുമ്പു് ദുര്യോധനന്റെ ഓർമപ്പെരുനാൾ ദിവസം ഭീഷണിപ്പെടുത്തിയതു് പാണ്ഡവർ അക്ഷരാർത്ഥത്തിൽ എടുത്തു.”

2016-04-29

“നൂറു കൗരവരും ആരാധകർ എന്നഭിമാനിക്കുന്ന നിങ്ങളുടെ ഈ കാട്ടുജീവിതത്തിലെ കഷ്ടപ്പാടു് നേരിൽ കാണാൻ ഒരാളെങ്കിലും പന്ത്രണ്ടു വർഷക്കാലം ഈ വഴി വന്ന ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. കിടപ്പറയുടെ ജാലകത്തിലൂടെ ഹിമാലയ വെയിലിന്റെ അലകൾ വനമേഖലയിലെ ആ കുന്നിൻ പുറത്തു് ഒഴുകുന്നുണ്ടായിരുന്നു.

“ഓരോ ആഴ്ചയും സന്യസ്ഥാശ്രമങ്ങൾക്കുള്ള ധാന്യവും വസ്ത്രവും മരുന്നുമായി കഴുതപ്പുറത്തു് മുഖം മറച്ചു സൈനികവേഷത്തിൽ വന്നിരുന്നവർ പിന്നെ ആരായിരുന്നു”, കുളി കഴിഞ്ഞു കുടിലിൽ ഈറൻ ഉടുത്തെത്തിയ പാഞ്ചാലി, കൌരവർ തലേന്നു് കൊടുത്തയച്ച വിശിഷ്ട സുഗന്ധതൈലം നഗ്നമേനിയിൽ സാവകാശം പുരട്ടി.

2016-05-01

“ഒന്നുമല്ലെങ്കിൽ ഒരേ ഒരു അർദ്ധസഹോദരിയുടെ ഏകഭർത്താവല്ലേ സൈന്ധവരാജൻ ജയദ്രഥൻ? ഈ വഴിയെ ഒറ്റയ്ക്കു് പോവുമ്പോൾ നിങ്ങളുടെ വനാശ്രമത്തിൽ ഒന്നു് കയറി സുഖമോ ദേവീ എന്നു് പാഞ്ചാലിയോടു് വാത്സല്യത്തോടെ ചോദിച്ചതിനാണോ, തല മൊട്ടയടിച്ചു പുള്ളി കുത്തി കഴുതപ്പുറത്തു് കെട്ടിയിട്ടു കുന്നിറക്കി തള്ളി വിട്ടതു്? അതിരു വിട്ടു പാണ്ഡവ ദുരഭിമാന പ്രതികരണം എന്നു് നിങ്ങൾക്കിപ്പോൾ എങ്കിലും ഖേദം തോന്നിയോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ബലാൽക്കാരം ചെയ്തു എന്നു് കേട്ടാൽ തോന്നേണ്ട വന്യമായ ക്രോധത്തോടെ ഭീമനാണു്, അതെ ഭീമൻ മാത്രമാണു് ജയദ്രഥനെതിരെ അക്രമാസക്തമായി ആഞ്ഞടിച്ചതു്. തുപ്പൽ ഒലിക്കുന്ന ചുണ്ടും ഒട്ടിവിയർക്കുന്ന മുഖവുമായി ജയദ്രഥൻ പാഞ്ചാലിയെ കടന്നു പിടിച്ചു ഉമ്മ വച്ചു എന്ന കെട്ടിച്ചമച്ച വാർത്ത സ്വയമുണ്ടാക്കി ഞങ്ങളെ കയ്യിലെടുത്തു് ഭീമൻ സ്വയം നടപ്പാക്കിയ ഈ കടുത്ത ശിക്ഷയിൽ നിന്നു് ഞങ്ങൾ നാലുപേരും, ഇര പാഞ്ചാലിയും, അകലം പാലിച്ചു കഴിഞ്ഞു”, തിരിച്ചടിയിൽ കൗരവ യുദ്ധഭീഷണി നേരിടുന്ന യുധിഷ്ഠിരൻ കൈകൾ മാറിൽ പിണച്ചു കെട്ടി.

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പദവിയിൽ നിന്നു് ഒരു രാത്രി ചൂതാട്ടത്തിൽ നിങ്ങൾ കൗരവഅടിമ എന്ന പന്ത്രണ്ടു കൊല്ല കഠിനശിക്ഷയിലേക്കു്. ഹതാശയായി നിങ്ങൾ ഇക്കാലം വല്ലപ്പോഴും ആത്മഹത്യ ആലോചിച്ചുവോ?” കൊട്ടാരം ലേഖിക ചോദിച്ചു. അജ്ഞാത വാസത്തിനു രഹസ്യമായി തയ്യാറെടുക്കുകയായിരുന്നു പാണ്ഡവർ.

“ആശ നഷ്ടപ്പെട്ടു ചെയ്യുന്ന ആത്മഹത്യക്കു് മുമ്പു് പ്രത്യാശയോടെ ചെയ്യേണ്ട ചില നരഹത്യകൾ ബാക്കിയുണ്ടു്.”

2016-05-02

“ഖാണ്ഡവവന അഗ്നിബാധ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നു് വിദുരർ പറയുന്നല്ലോ”, കൊട്ടാരം ലേഖിക പറഞ്ഞു.

“ദുരന്ത നിവാരണനിധിയിൽ നിന്നു് ദുര്യോധനന്റെ ശ്രമത്തിൽ നിർലോഭസഹായം കിട്ടിയാൽ പാഞ്ചാലിയുൾപ്പെടെ ഞങ്ങൾ ആറു അഭയാർഥികൾ അന്തിയുറങ്ങാൻ ഒരു കൂര മാത്രമല്ല ഇവിടെ പണിയുക, കത്തിയെരിഞ്ഞ ഈ കൊടുംകാടിൽ യമുനയെ വഴി തിരിച്ചു വിട്ടു ഒരു പുതുനഗരം പണിയാൻ ഞങ്ങൾക്കു് കഴിയും. ഇത്ര വലിയ തോതിൽ സഹകരണ മനോഭാവത്തോടെ വനം കത്തുമെന്നും അതൊരു ദേശീയ ദുരന്ത വാർത്ത ആക്കി നിങ്ങൾ മാറ്റുമെന്നും അറിയാൻ ഞങ്ങൾ, കഷ്ടം, വിട്ടുപോയി”, നശിക്കപ്പെട്ട ആവാസവ്യവസ്ഥയിൽ ഇനി ഒരു പക്ഷിയും മൃഗവും ബാക്കിയില്ലെന്നു ഉറപ്പു വരുത്തി, മറ്റു പാണ്ഡവരുമായി ഇനിയെന്തു് വേണം നാം കുടിയേറ്റക്കാർ എന്ന അവലോകന യോഗം കഴിഞ്ഞു പുറത്തു് വരികയായിരുന്നു യുധിഷ്ഠിരൻ.

“പാണ്ഡവരിൽ ആരാണു് നിങ്ങൾക്കു് നിർണായക മുഹൂർത്തങ്ങളിൽ കലവറയില്ലാത്ത പിന്തുണ തരിക? അവർ മുറുമുറുക്കുന്നതു് പതിവു് കാഴ്ചയല്ലേ”, കൊട്ടാരം ലേഖിക പ്രലോഭനസ്വരത്തിൽ സംസാരിച്ചു.

“രേഖാമൂലം അനുവാദമില്ലാതെ എന്റെ അന്തഃപുരത്തിൽ കയറരുതു് എന്നു് മൂന്നാം ലിംഗ സുരക്ഷാഭടനെക്കൊണ്ടു് ഇടക്കൊന്നു പേടിപ്പിച്ചാൽ താഴുന്ന പത്തിയേ പാണ്ഡവർക്കുള്ളു”, പാഞ്ചാലി അടുത്ത അത്യുന്നതതല യോഗത്തിലേക്കു് നിർദേശങ്ങൾ വയ്ക്കുന്ന ഔദ്യോഗിക രഹസ്യരേഖ തയ്യാറാക്കുകയിരുന്നു.

2016-05-05

“ഇടപെടലുകൾ സഹിക്കവയ്യാതെ, എപ്പോഴെങ്കിലും പാണ്ഡവർ നിന്നെ തൂക്കി എറിഞ്ഞ ഓർമ്മയുണ്ടോ?” യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു് ഹസ്തിനപുരി പത്രിക കാര്യാലയത്തിൽ സല്ലപിച്ചു.

“നെറ്റിയിലെ വിയർപ്പിറ്റു വീഴാത്ത ഭക്ഷണമാണു് പന്ത്രണ്ടു കൊല്ലം അക്ഷയപാത്രം നിങ്ങൾക്കു് സൗജന്യമായി തന്നതു് എന്ന ചരിത്രവസ്തുത ലജ്ജാകരമായി തോന്നാറുണ്ടോ എന്നു് ഞാൻ അവരുടെ കുന്നിൻ മുകളിലെ കാട്ടുകുടിലിൽ, ഊട്ടുപുരയിൽ ഉള്ളിലെ നിന്ദ മറച്ചു വക്കാതെ ഭീമനോടു ചോദിച്ച ഓർമയുണ്ടു്. കണ്ണു തുറന്നപ്പോൾ, നീർച്ചാലിൽ തുണി കഴുകുകയായിരുന്ന പാഞ്ചാലി നീർതടത്തിൽ നിന്നു് എന്നെ കഷ്ടപ്പെട്ടു് പൊക്കുകയാണു്”

2016-05-06

“പാണ്ഡവർ ഉൾപ്പെടെ ആരും ചക്രവർത്തിനിയുടെ സാന്നിധ്യത്തിൽ ഇരിക്കാൻ പാടില്ല എന്ന നിങ്ങളുടെ ഉത്തരവു് വിവാദമായല്ലോ.”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലിയെ നേരിട്ടു.

“ഉത്തരവല്ല, പെണ്ണവകാശം പുനഃസ്ഥാപിച്ചതാണു്. പാണ്ഡവർക്കു് ഇളവു നൽകിയാൽ പിന്നെ ഉയരുക സ്വജന പക്ഷപാതം എന്ന കൊട്ടാരം ലേഖികയുടെ നിലവിളിയാവില്ലേ?

2016-05-08

“ആലോചിച്ചുറപ്പിച്ചു മൃദുവായുച്ചരിക്കുന്ന കൊച്ചു കൊച്ചു വാക്കുകൾ ആണല്ലോ പുതിയ ഭരണാധികാരി യുധിഷ്ഠിരന്റെ കന്നിപ്രസംഗത്തിൽ”, കൊട്ടാരം ലേഖിക ചാരവകുപ്പു് മേധാവിയോടു കൌതുകപ്പെട്ടു.

“ഓരോ വാക്കുച്ചരിച്ച ശേഷവും ചുണ്ടുകൾ കൂട്ടിമുട്ടിച്ചു്, അടുത്ത വാക്കിന്നിടം കൊടുക്കാൻ മാത്രം അൽപ്പം തുറക്കുന്ന ഈ സംസാരശൈലി വിരാടരാജ്യത്തെ അജ്ഞാതവാസക്കാലത്തു് പരീക്ഷിച്ചു പ്രയോഗത്തിൽ വരുത്തിയതാണു്. ഫലം കണ്ടാൽ പതിവാക്കും.”

2016-05-09

“കുരുവംശപ്പെരുമക്കായി കുരുക്ഷേത്രത്തിൽ ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ പേർ തങ്ക ലിപികളിൽ എഴുതുന്നതിനു പകരം ഹസ്തിനപുരി ഗുരുകുലങ്ങളിലെ അംഗീകൃത ബോധനപദ്ധതിയിൽ നിന്നു് ഇക്കഴിഞ്ഞ രണ്ടു വർഷം കൊണ്ടു് പാടേ തുടച്ചു നീക്കിയെന്നു ഗ്രാമങ്ങളിൽ നിന്നു സ്ഥിരീകരിച്ച വാർത്തയുണ്ടല്ലോ. സത്യവതി വിചിത്രവീര്യൻ ധൃതരാഷ്ട്രർ ഇവരൊക്കെ ആദ്യവർഷം തന്നെ അപ്രത്യക്ഷരായി. പരക്കെ സംശയിക്കപ്പെടുന്ന പോലെ, യുധിഷ്ഠിരൻ തന്നെയാണോ ഇതിനും പിന്നിൽ?” കൊട്ടാരം ലേഖിക വിരൽ ചൂണ്ടി നകുലനോടു് ചോദിച്ചു.

“പൂർണ തമസ്കരണമരുതു്, തിന്മയുടെ ഇതിഹാസനായകനായി ദുര്യോധനനെ പുതുതലമുറ ഹസ്തിനപുരി പഠിക്കട്ടെ എന്നൊക്കെ ഭരണകൂടം വാദിച്ചതു് ഫലം കണ്ടില്ല അല്ലെ. വരും യുഗത്തിൽ ഞങ്ങൾ പാണ്ഡവരും നേരിടുമോ ഈ തമസ്കരണ ഭീഷണി എന്നാണു ഭയം.”

2016-05-10

“യുദ്ധം കഴിഞ്ഞ ഉടൻ കയ്യും കാലും ഉണ്ടെന്നു ഉറപ്പാക്കി ജേതാക്കൾ അവരുടെ രഥം ഉരുട്ടി ഹസ്ഥിനപുരിയിലേക്കു് പോവുന്നതു് കണ്ടു. ഇനി ഞങ്ങൾ വേണം ഈ പോരാട്ടഭൂമി അടിച്ചു വാരി മാലിന്യമുക്തമാക്കി കിളച്ചു മറിച്ചു കൃഷി ചെയ്തു ധാന്യം വിളയിച്ചു ഹസ്തിനപുരി കൊട്ടാരത്തിലെ പാണ്ഡവഅക്ഷയപാത്രങ്ങൾ നിറക്കാൻ.” കുരുക്ഷേത്ര പ്രാദേശിക ഭരണകൂടം കൊണ്ടുവന്ന അന്യരാജ്യകരാർ തൊഴിലാളികൾ കൊട്ടാരം ലേഖികയോടു്.

“ഇന്ദ്രപ്രസ്ഥം ചക്രവർത്തി പദവി പത്തു കൊല്ലം വഹിച്ച യുധിഷ്ഠിരൻ യഥാർത്ഥത്തിൽ പറഞ്ഞ വാക്കുകളാണോ ഇതു്?”, പത്രാധിപർ പരവശമായി കൊട്ടാരം ലേഖികയോടു്.

“ഓരോ തവണയും തപ്പിത്തടഞ്ഞു ഹസ്തിനപുരിയിൽ നിന്നു് ഹിമാലയത്തിലെ ഈ ഒറ്റ മുറി ആശ്രമത്തിൽ കൊട്ടാരം ലേഖിക കാലു കുത്തുന്നതു് കാണുമ്പോഴും ഞങ്ങളുടെ നെഞ്ഞിൽ കാട്ടുതീ പടരും. ഇന്നെന്താണു് പാഞ്ചാലി ഞങ്ങളെ കുറിച്ചു് കൗരവരാജസ്ത്രീകൾക്കു് വായിച്ചു രസിക്കാനായി കുറ്റപ്പെടുത്തി പറയുക. ഞങ്ങളെ അവഗണിക്കാം, പക്ഷെ ഈ വിധം നീ അവമതിക്കരുതെ.”

2016-05-11

“പതിനെട്ടു ദിവസം പോരാടിയിട്ടും പോറൽ എൽക്കാതെ ജേതാക്കളായി ഹസ്ഥിനപുരിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു് പുരോഗമന ഭരണപരിഷ്കാരങ്ങൾക്കു് തുടക്കം കുറിച്ച മഹാരാജാ യുധിഷ്ഠിരന്റെ മാനസികാരോഗ്യം സംശയാസ്പദം എന്നോ?” യുദ്ധകാര്യ ലേഖകൻ പുരികം വളച്ചു.

“നിങ്ങൾ യുദ്ധത്തിൽ മരിച്ചില്ലേ എന്നു് വിദുരരോടു് ചോദിച്ചതിലെ പൊരുത്തക്കേടു് ആരും പെരുപ്പിച്ചില്ല, കുന്തിയെ കണ്ടപ്പോൾ എന്താ ഇപ്പോൾ നിങ്ങൾ കണ്ണു് കെട്ടാറില്ലെ എന്നു് ചോദിച്ചപ്പോഴും കേട്ടുനിന്ന ഗാന്ധാരിക്കു് പന്തികേടു് തോന്നി. കൗരവരാജവിധവകൾ പുനരധിവാസം ആവശ്യപ്പെട്ടു നിവേദനവുമായി വന്നപ്പോൾ, പാഞ്ചാലിയുടെ അന്തഃപുരത്തിൽ ഒപ്പത്തിനൊപ്പം നിങ്ങൾക്കും ഇനി സാനിധ്യമുറപ്പിക്കാം എന്നു് പറഞ്ഞപ്പോൾ ദുര്യോധനവിധവ രേഖാമൂലം പരാതി കൊടുത്തു. കാലന്റെ മകന്റെ മാനസികാരോഗ്യം അങ്ങനെ ചോദ്യചിഹ്നമായി.” കൊട്ടാരം ലേഖിക തിരക്കിലായിരുന്നു. യുദ്ധം കഴിഞ്ഞതോടെ യുദ്ധകാര്യ ലേഖകൻ ഇനി പാചകവിഭാഗം മേധാവിയായി വീട്ടിൽ സേവനം തുടരും.

2016-05-13

“വെറുതെ ഇരിക്കാൻ സമ്മതിക്കാതെ നിങ്ങൾ പാണ്ഡവരിൽ മാനസിക സമ്മർദം ചെലുത്തുന്നു എന്നാണവരുടെ പരാതി” കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു. മഴ പെയ്തു വെയിൽ വീണ ഉച്ച. ആണുങ്ങൾ അപ്പോൾ ഊട്ടുപുരയിൽ ആയിരുന്നു.

“പ്രതിഫലം പണമായി ചോദിക്കുന്ന ഇടത്താവളം ഇണകളെയാണവർക്കു് പ്രിയം, കടപ്പാടില്ലാതെ ഇടപാടു് വേഗം തീരും. പ്രതിഫലം മോഹിക്കാതെ രാവും പകലും വ്യക്തിഗത സേവനം കൊടുക്കുന്ന ഭാര്യയെ ആണവർക്കു് പേടി, ഇടയ്ക്കിടെ അവൾ വിരൽ ചൂണ്ടി സംസാരിക്കുമോ.”

2016-05-18

“ദുര്യോധനൻ മരിച്ചു എന്ന വിവരം നിങ്ങൾ അറിയുന്നതു് ധൃതരാഷ്ട്രരുടെ ദിവ്യദൃഷ്ടിയുള്ള ഭൃത്യൻ സഞ്ജയൻ വഴിയായിരുന്നോ?” കൊട്ടാരം ലേഖിക ഗാന്ധാരിയോടു ചോദിച്ചു.

“പ്രിയ മകന്റെ മരണം തത്സമയം ഞാൻ ഉറക്കത്തിൽ കണ്ടു. അൽപ്പം വിചിത്രമായ രീതിയിൽ. മാരക ഭീമഗദാ പ്രഹരത്തിൽ അരക്കെട്ടു് തകർന്നു ഒഴുകാന്‍ തുടങ്ങിയ ചോരത്തുള്ളികൾ കുരുക്ഷേത്ര പോരാട്ട ഭൂമിക്കപ്പുറത്തെ തടാക തീരത്തു് നിന്നു് ആ വഴിയെല്ലാം ഒഴുകി തിരിഞ്ഞു് എന്റെ ഈ പൂജാമുറിയിൽ ഇറ്റിറ്റു വീണു.”

“കണ്ണുകെട്ടി കൗരവകുസൃതികൾ പകലൊക്കെ കാണുന്ന പോലെ വ്യക്തമായി കണ്ണുകെട്ടാതെ ഉറക്കത്തിലും വിടാതെ കാണുന്നുണ്ടല്ലേ” നിലത്തു് കമിഴ്‌ന്നു കിടന്നു വിതുമ്പിയ മഹാറാണിയെ അവൾ നിർദ്ദയം കൈവിട്ടു.

2016-05-19

“ബാല്യം മുഴുവൻ നിഷ്കളങ്കഅമ്മമാരും അഭിശപ്ത അച്ഛനുമൊത്തു് നിങ്ങൾ അഞ്ചുപേരും കൊടും കാട്ടിലായിരുന്നു അല്ലെ. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എങ്ങനെ ഓർമ്മിക്കുന്നു ആ കാലം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വാനപ്രസ്ഥം.

“കൌമാരം വരെ ഞാൻ അവിടെ വളർന്നു. കുന്തിയും മാദ്രിയും വാൽസല്യനിധികളായ അമ്മമാരായി ഒന്നും അക്കാലത്തു് തോന്നിയിരുന്നില്ല, കുട്ടികളെയും ഭർത്താവിനെയും കബളിപ്പിച്ചു പട്ടാപ്പകൽ പരപുരുഷബന്ധം തുടരുന്ന രണ്ടു സുന്ദരി കേമികളായിരുന്നു വാസ്തവത്തിൽ അവർ. പരുക്കൻ നിലത്തു് വിരിച്ച പായിൽ കിടന്നു കൺമുമ്പിൽ ഈ രതിസാഹസങ്ങൾ മൌനമായി പ്രോത്സാഹിപ്പിക്കുന്ന അച്ഛനും ആ കാലത്തു് ഞങ്ങൾ അഞ്ചു കുട്ടികളുടെ ബാല്യം എന്ന അവസ്ഥ വിഷമയമാക്കി.”

2016-05-20

“കൌരവർ നൂറു പേരും നിങ്ങളുടെ ആരാധകർ എന്ന പോലെ, കൗരവരാജവധുക്കൾ ഒരു പക്ഷെ പാണ്ഡവരുടെ പ്രണയിനികൾ എന്നു് സംശയം തോന്നിയ സാഹചര്യം എങ്ങനെ നിങ്ങൾ നേരിട്ടു?’ കൊട്ടാരം ലേഖിക ചോദിച്ചു.

“മുളയിലേ ഞാൻ നുള്ളിനീക്കി ആ പാണ്ഡവ പ്രവണത”, സന്യസ്ഥർ വഴി രഹസ്യമായി ദുര്യോധനൻ കൊടുത്തയച്ച പരിമളതൈലങ്ങൾ മേനിയിൽ തേക്കുകയായിരുന്ന പാഞ്ചാലി കൈ പെട്ടെന്നു് ഒരായുധം പോലെ ഉയർത്തി.

2016-05-21

“കൌരവർ യുദ്ധം ജയിച്ചാൽ, ഇപ്പോൾ സർവസൈന്യാധിപ പദവി വഹിക്കുന്ന പിതാമഹന്റെ കൊട്ടാര ഭാവിയെന്താണു്?” കുരുക്ഷേത്രം ഒമ്പതാം ദിവസം രാത്രി യുദ്ധകാര്യ ലേഖകൻ ഭീഷ്മരെ പാളയത്തിൽ ഇടിച്ചു കയറി ചോദ്യം ചെയ്തു.

“കൌരവർ ഒരുക്കുന്ന വിമുക്തസൈനികരുടെ വൃദ്ധസദനത്തിൽ പട്ടുമെത്ത കിട്ടുന്നതിനേക്കാൾ നല്ലതല്ലേ പാണ്ഡവർ തരാവുന്ന ശരശയ്യ.”

2016-05-22

“യുധിഷ്ഠിരനെ കാണാൻ പൂച്ചെണ്ടുമായി ഹസ്തിനപുരി രാജസഭയിൽ എത്തിയ ഈ ഗുരുവിന്റെ മുഖം കണ്ടു നല്ല പരിചയമുണ്ടല്ലോ”, യുദ്ധകാര്യ ലേഖകൻ പതിവു പോലെ തലയ്ക്കു പിന്നിൽ കൈകൾ പിണച്ചു കെട്ടി കൊട്ടാരം ലേഖികയോടു് അലസമായി പറഞ്ഞു.

“യുദ്ധത്തിൽ ഉയിർ പോവാതെ രക്ഷപ്പെട്ട ഏക കൗരവ സൈനികൻ എന്ന ദേശീയ ബഹുമതിയുമായി നമ്മുടെ അഭിവന്ദ്യ കൃപാചാര്യൻ അല്ലെ അതു്. രാജ്യം പിടിച്ചടക്കിയ പുതിയ പാണ്ഡവ ഭരണാധികാരിക്കു് ആശംസയുമായി വന്നതാണു്. രാഷ്ട്രീയകാപട്യത്തിൽ യുധിഷ്ഠിരനെക്കാൾ ഒരു പണത്തൂക്കം മുമ്പിൽ ആണു് ഈ കാരണവർ എന്നു് വ്യക്തം.”

“സർവസൈന്യാധിപ പദവി ഈ പ്രായത്തിൽ നിങ്ങൾക്കു് എടുത്താൽ പൊങ്ങാത്ത ഭാരമാവില്ലേ. എത്തും പിടിയും കിട്ടാത്ത മഹാ യുദ്ധമല്ലേ” കൊട്ടാരം ലേഖിക ഖേദിച്ചു. ദുര്യോധനൻ പടച്ചട്ടയും അധികാരപത്രവും കൊണ്ടു വരുന്നതു് അക്ഷമയോടെ കാത്തിരിക്കയായിരുന്നു പിതാമഹൻ.

“ദുര്യോധനന്റെ അച്ഛൻ ധൃതരാഷ്ട്രരുടെ അമ്മ അംബികയുടെ ഭർത്താവു് വിചിത്രവീര്യൻ എന്റെ സമപ്രായക്കാരി സത്യവതിയുടെ ആദ്യ മകനാണു്, എന്ന നേരിയ പ്രായവിത്യാസം നിങ്ങൾ മാറ്റി വച്ചാൽ, എന്നെ പിതാമഹൻ എന്നു് വിളിച്ചു അപമാനിച്ചു് സൈനിക തന്ത്ര ഉപദേശകന്റെ നിർജീവ പദവി തന്നു പോരാട്ടഭൂമിയിൽ നിന്നു് അകറ്റാൻ കർണൻ നടത്തുന്ന ഈ കുത്സിത ശ്രമം ഫലം കാണില്ല”, ഭീഷ്മർ കയ്യിൽ മൂർച്ചയുള്ള ആയുധവും കണ്ണിൽ ആളുന്ന തീയുമായി ഇരകളെ തേടി പാളയത്തിൽ അശാന്തമായി ചുറ്റി.

2016-05-23

“നാൽപ്പതു ലക്ഷം കൗരവ പാണ്ഡവ സഖ്യ കക്ഷി സൈനികരുടെ മൃതശരീരങ്ങൾ മറവു ചെയ്യാൻ ഇടമില്ലാതെ കാറ്റും വെയിലും കൊണ്ടു് ജീർണിച്ചു കിടക്കുന്ന കുരുക്ഷേത്രയുടെ പരിസ്ഥിതി പരിപാലനത്തിനു് സമഗ്ര പദ്ധതി ഉടൻ പാണ്ഡവ ഭരണകൂടം പ്രഖ്യാപിച്ചില്ലെങ്കിൽ… എന്ന ഭീഷണിയുമായി പ്രവിശ്യാ ഭരണാധികാരി ഹസ്തിനപുരി കൊട്ടാര ഗോപുര നടയിൽ ഇന്നലെ രാവിലെ മുതൽ മുദ്രാവാക്യം വിളിച്ചു ഒച്ച വക്കുന്നുണ്ടല്ലോ, കേട്ടില്ലേ” കൊട്ടാരം ലേഖിക നകുലനെ കുരുക്ഷേത്രയിൽ നേരിട്ടു.

“നിലവിലുള്ള പ്രവിശ്യാ ഭരണകൂടത്തിന്റെ ഭരണകാലാവധി അവസാനിക്കുകയാണു്, ഒന്നു നീട്ടിക്കൊടുത്താൽ തീരും പരേതസൈനികരുടെ ഭൌതികാവശിഷ്ട പ്രശ്നം ഉയർത്തിക്കാട്ടിയുള്ള അവരുടെ പരിസ്ഥിതി പ്രേമം”, യുധിഷ്ഠിരന്റെ ആദ്യ ഭീഷ്മസന്ദർശനത്തിനു വേണ്ടി ശരശയ്യക്കു് ചുറ്റും പ്രതിരോധവലയം തീർക്കുകയായിരുന്ന ചാരവകുപ്പു മേധാവി നകുലൻ നിസ്സാരമായി പറഞ്ഞു.

2016-05-24

“സത്യപ്രതിജ്ഞ ചെയ്തു യുധിഷ്ഠിരൻ സദസ്സിനോടു പുഞ്ചിരിക്കാതെ എന്തോ നിന്നോടു പിറുപിറുക്കുന്ന പോലെ എന്താ സംഗതി?” യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“യുദ്ധത്തിനു മുമ്പു് തന്നെ ഇളകുന്ന സ്വത്തെല്ലാം പൊന്നാക്കി നൂറു കൗരവരാജവധുക്കളുടെയും നാട്ടിലേക്കു് രഹസ്യമായി കടത്തിയിരുന്നു. ഇന്നു് രാവിലെ ഭണ്ഡാരം തുറക്കാൻ ഭീമനോടു് പറഞ്ഞു. സഹദേവൻ മാത്രം മതിയായിരുന്നു തുറക്കാൻ. ഞങ്ങൾ കരുതിയ പോലെ പെട്ടി കാലി. നാളെ ഊട്ടുപുരയിലേക്കു വേണ്ട മൃഗമാംസത്തിനു വേണ്ടി ഗോശാലയിൽ പരതിയപ്പോൾ കണ്ടതു് എല്ലും തോലുമായ വൃദ്ധമൂരികൾ. എങ്ങനെ ഞാൻ കുരുവംശം ഈ പ്രസ്ഥാനം ഇനി കൊണ്ടു് നടക്കും. ഈ പരിദേവനവുമായി സിംഹാസനത്തിൽ അമരുന്ന ചക്രവർത്തിക്കു് (ചെങ്കോൽ ഇനിയും മഹാരാജാവു് ധൃതരാഷ്ട്രർ കൈമാറിയിട്ടില്ല) നീറുന്ന നോട്ടം തീൻ ശാലയിൽ രാവിലെ എന്തു് കിട്ടും അകത്താക്കാൻ എന്നാണു്.”

2016-05-25

“മാരകായുധങ്ങൾ തേടി നീണ്ട ദൌത്യത്തിലോ മറ്റോ ആണോ അഭിവന്ദ്യയുധിഷ്ഠിരൻ, ഇങ്ങനെ വികാര നിർഭരമായ യാത്രയയപ്പിനു് കാരണമാവാൻ?” പാഞ്ചാലിയോടും മറ്റു നാലു പാണ്ഡവരോടുമായി കൊട്ടാരം ലേഖിക തലയിൽ കൈ വച്ചു് ചോദിച്ചു.

“അക്ഷയപാത്രത്തിലെ സസ്യാഹാരം കഴിച്ചു മടുത്ത ഭീമൻ വെല്ലുവിളിച്ചു, ഒരു കാളയെ കട്ടു കൊണ്ടു് വന്നു എത്തിക്കാമോ? അറക്കലും തൊലിയുരിക്കലും ഇറച്ചി വെട്ടി പൊരിക്കലും അവൻ സ്വയം ചെയ്യാമെന്നു് വാക്കും. ഇന്നു് രാവിലെ ‘കാരണവ’രെ പിരി കേറ്റി. നിസ്സാഹായതയിൽ ആ മനുഷ്യൻ ഒരു നായാട്ടിനിറങ്ങിയതാണു്. അടിമജീവിതതിലും മഹാരാജാ എന്ന അഭിസംബോധന പ്രതീക്ഷിക്കുന്നതു് കൊണ്ടു് ഞങ്ങൾ ആവുന്നത്ര ആചാരപൂർവ്വം ചെയ്തു യാത്രയയപ്പ്”, നിന്ദ മറച്ചു വക്കാതെ പാഞ്ചാലി പറഞ്ഞു. കാട്ടിടവഴിയിൽ നിന്നു് താഴോട്ടുള്ള ഇറക്കത്തിൽ യുധിഷ്ഠിരൻ കാലിടറി വീഴും മുമ്പു് ഒരു മരത്തിൽ പിടിച്ചു കിതക്കുന്നതു് അവർക്കു് കാണാമായിരുന്നു.

2016-05-26

“അധികാരമേറ്റ യുധിഷ്ഠിരൻ രാജസഭയിൽ വന്നു പരാതി പറയുന്ന പോലെ എന്തോ പ്രഖ്യാപിക്കുന്നതു കണ്ടു. എന്താ വിശേഷിച്ചു്?” യുദ്ധകാര്യ ലേഖകൻ ചോദിച്ചു.

“പോരാട്ടത്തിൽ മുറിവേറ്റു കുരുക്ഷേത്രയിലെ ശരശയ്യയിൽ കിടക്കുന്ന ശത്രുസൈന്യനായകനു അടിയന്തിര വൈദ്യ ചികിത്സക്കു് പണം അനുവദിച്ചു. പാണ്ഡവർക്കു് യാത്ര ചെയ്യാൻ പുതിയ രഥങ്ങൾ ഉണ്ടാവില്ല. താമസിക്കാൻ കൌരവരുടെ അരമനകൾ കുടിയൊഴിപ്പിക്കില്ല. ഓരോ ഹസ്തിനപുരി കുടുംബത്തിനും ഓരോ അക്ഷയപാത്രം എന്ന പദ്ധതിക്കു് വേണ്ടി ആകാശചാരികളുമായി ആശയവിനിമത്തിൽ ഏർപ്പെടും. ഇന്നത്തെ ‘ഹസ്തിനപുരി പത്രിക’ കണ്ടില്ലേ. മുഖ്യവാർത്ത പക്ഷെ തള്ളവിരൽ മുറിഞ്ഞ ഏകലവ്യന്റെ പരാതിയാണു്”

“വിരൽ ഗുരുദക്ഷിണയായി സ്വയം മുറിച്ചു ഗുരുവിനു കൊടുത്തു് എന്നോ, അയാൾ നിങ്ങളിൽ ബലം പ്രയോഗിച്ചു കടിച്ചു മുറിച്ചെടുത്തു എന്നോ? സൈനിക വിദ്യാഭ്യാസം സൗജന്യമെന്നു കരുതിയോ, അതോ ഒളിഞ്ഞിരുന്നു ചുളുവിൽ പഠിച്ചാൽ ഗുരു കണ്ടു പിടിക്കില്ലെന്നു് കരുതിയോ? സത്യം എന്നോടു പറഞ്ഞതിനു് ഈ വെള്ളി നാണയം പ്രതിഫലമായി ഇരിക്കട്ടെ, ശിഷ്യന്റെ തള്ളവിരൽ വെട്ടിയെടുത്തു് ചവച്ചു തിന്നു വിശപ്പടക്കുന്ന ബ്രാഹ്മണ സൈനിക പരിശീലകർ കുരുവംശത്തിൽ എന്ന ഒരു ലേഖനത്തിനു് വഴിയുണ്ടോ എന്നു് ഞങ്ങൾ പത്രാധിപരുമായി ആലോചിച്ചു നോക്കാം, അത്തരം വിചിത്ര സംഭാവമായാലേ വ്യാസൻ മഹാഭാരത ഇതിഹാസത്തിൽ തുന്നിച്ചേർക്കാൻ തുനിയൂ”, യുദ്ധകാര്യ ലേഖകൻ നിഷാദയുവാവിനോടു് വില പേശുന്ന പോലെ സംസാരിക്കുന്നതു് കൊട്ടാരം ലേഖിക അലസമായി നോക്കി.

“അഞ്ചു പാണ്ഡവർ ഇടക്കൊന്നു തള്ളിയാൽ നീക്കാവുന്ന കാര്യങ്ങളേ യുദ്ധാനന്തര ഹസ്തിനപുരിയിൽ ഉള്ളൂ. മന്ത്രി പദവി ഉപേക്ഷിച്ചു ഞങ്ങൾ പറയുന്ന പോലെ ഉപദേശി എന്ന പദവിയിൽ ഒതുങ്ങി കൂടിയാൽ നിലവിൽ കിട്ടുന്ന രാജകീയ സൌകര്യങ്ങൾ നിങ്ങൾക്കു് തുടർന്നും കിട്ടും. അല്ലെങ്കിൽ ഉടൻ വനവാസത്തിനു പോവുന്നവരുടെ പട്ടികയിൽ ഒന്നാമൻ നിങ്ങളാവും അങ്ങനെയായിരുന്നു ചാരവകുപ്പു് മേധാവി നകുലൻ അഭിവന്ദ്യ വിദുരരെ പ്രലോഭിപ്പിച്ചതു്. സുരക്ഷയും വസതിയും സൗജന്യ ഭക്ഷണവും എല്ലാം ഈ വറുതിയിൽ വേണമെങ്കിൽ, കാരണവർ അതിൽ വീണു എന്നു് വേണം ഇപ്പോൾ കരുതാൻ” യുദ്ധകാര്യ ലേഖകൻ കൊട്ടാരത്തിൽ നിന്നു് അൽപ്പം ശുദ്ധവായു കിട്ടാൻ ഗംഗാ തീരത്തേക്കു് കൂട്ടുകാരിയുമായി നടക്കുകയായിരുന്നു.

2016-05-27

ഇന്നത്തെ ‘ഹസ്തിനപുരി പത്രിക’യിലെ മുഖപ്രസംഗത്തിൽ നിന്നു്.

“ഒരു സംഘം യുദ്ധം തോറ്റു കഥാവശേഷരായപ്പോൾ പതിമൂന്നു കൊല്ലങ്ങൾ അക്ഷമയോടെ കാത്തു് നിന്നിരുന്ന വേറൊരു സംഘം അധികാരത്തിൽ കയറി എന്നതൊഴിച്ചാൽ ഹസ്തിനപുരിയിൽ കണ്ടതു് പിടിപ്പുകേടിന്റെ ഭരണതുടർച്ച.”

2016-05-28

“പാഞ്ചാലയിൽ നിന്നു് നവവധുവായി വന്നു്, ഹസ്തിനപുരിയിക്കും ഇന്ദ്രപ്രസ്ഥത്തിനും ഇടക്കുള്ള കുറഞ്ഞ ഒരു കാലയളവിൽ പരിചയപ്പെട്ട നൂറു കൌരവരേയും നിങ്ങൾ പേർ പറഞ്ഞു സ്വാഗതം ചെയ്തിരുന്നു എന്നോ? കൊള്ളാം, ഗാന്ധാരിക്കു പോലും ആവുമോ, ആ നൂറു മക്കളെ മക്കളെ തെറ്റാതെ പേർ വിളിക്കാൻ?”

കൊട്ടാരം ലേഖിക പരിഹസിച്ചു.

“കണ്ണു് കെട്ടി മക്കളെ കാണണ്ട എന്നു വച്ച ഗാന്ധാരിയെ പോലെയാണോ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമമായ പ്രണയിനി?”

“ചോര തെറിപ്പിക്കാതെ പീഢിപ്പിച്ചു വിടാൻ പറ്റിയ വഴിയൊന്നും ആരും പറഞ്ഞു തന്നില്ലേ?” വസ്ത്രാക്ഷേപം നടത്തിയ അർദ്ധസഹോദരരെ രക്തരൂഷിത ഏറ്റുമുട്ടലിൽ കൊന്നു കൊലവിളിക്കേണ്ടി വന്ന ഭീമനെ കൊട്ടാരം ലേഖിക പാളയത്തിൽ സമീപിച്ചു. വെട്ടും കുത്തുമേറ്റു് വശം കെട്ട ഭീമമേനിയിൽ ഒരു മൂന്നാം ലിംഗ പാറാവുകാരൻ തൈലം പുരട്ടിക്കൊണ്ടിരുന്നു. കെടാറായ പന്തം പുകഞ്ഞു കത്തി.

“ഞാൻ അന്നേ പാഞ്ചാലിയോടു് പറഞ്ഞതാണു്, നിന്റെ മുമ്പിൽ തുണിയുരിച്ചു് കിടത്തി, വരിയുടച്ചു് ഒന്നൊന്നായി അവരെ മധുര പ്രതികാരം ചെയ്യാമെന്നു്. പക്ഷെ അവൾ കുപിതയായി താക്കീതു് ചെയ്തു: ഒരിക്കൽ ആരാധകരായിരുന്നവരെ ധർമയുദ്ധത്തിൽ കൊല്ലുന്നെങ്കിൽ കൊല്ലൂ, പക്ഷെ അവരുടെ പുരുഷത്വം മാനിക്കൂ.”, വാക്കു് കിട്ടാതെ കിതച്ചു കൊണ്ടിരുന്നു കരൾ നീറിയ ആ ദുർബല പാണ്ഡവൻ.

2016-05-29

“സൈനിക മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന ഭീമനെ ഹർഷാരവങ്ങളോടെ ഹസ്തിനപുരി പൌര സമൂഹം സ്വാഗതം ചെയ്തല്ലോ. അടുത്ത യുദ്ധം ആരോടാണു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“ആരോഗ്യമുള്ള ആണുങ്ങൾ എല്ലാം കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്തതു കൊണ്ടു് നിലവിൽ സജീവ സൈനികനായി ഞാൻ മാത്രമേ കാണൂ. സൈനികക്ഷേമ മന്ത്രാലയം എന്നു് പുനർ നാമകരണം ചെയ്തു കൗരവരാജ വിധവകളെ നൂറു പേരെയും കുടിയൊഴിപ്പിച്ചു വൃദ്ധസദനത്തിലേക്കു മാറ്റി താമസിപ്പിക്കുന്ന ഉത്തരവാദിത്വം പൂർത്തിയാക്കാൻ നിങ്ങളും തരില്ലേ ഒരു കൈ? ഇതാ പുതിയ ഒരിനം കണ്ണാടി. ദൂരെ ദൂരെ ദക്ഷിണാപഥത്തിലെ ആറന്മുള നാടുവാഴി കൊടുത്തയച്ചതാണു്.” “യഥാർത്ഥ മുഖം കാണാം” ഭീമൻ ഒരു കൊച്ചുകുട്ടിയുടെ നിറവോടെ പറഞ്ഞു.

2016-05-30

“അവസാനമായി, പാണ്ഡവർ നിങ്ങൾക്കു് ആരായിരുന്നു?” കുഴഞ്ഞുവീണു മണ്ണിൽ ചുരുണ്ട പാഞ്ചാലിയോടു് കൊട്ടാരം ലേഖിക നിർദ്ദയം ചോദിച്ചു. ഒരു നിലവിളി പോലെ ആ ഹിമാലയ താഴ്‌വരയിൽ ഇളംകാറ്റു പോലുമില്ലാതെ നിശബ്ദത കനത്തു് നിറഞ്ഞിരുന്നു. പാണ്ഡവർ തിരിഞ്ഞു നോക്കാതെ മുന്നോട്ടു കാൽ വച്ചു. സന്ധ്യ.

“അവർക്കു് വേണ്ട എന്റെ ശരീരഭാഗങ്ങൾ അവർ എക്കാലവും പരസ്പരം മത്സരിച്ചു ഓമനിച്ചു. അവർക്കു് വേണ്ടാതിരുന്ന എന്റെ മനസ്സു് ഇവിടെ എന്നെന്നേക്കുമായി ഇങ്ങനെ അവസാനിക്കട്ടെ”, കൊട്ടാരം ലേഖികയുടെ കൈ പിടിച്ചു പാഞ്ചാലി കണ്ണടച്ചു.

2016-05-31

“നിങ്ങൾ മൂന്നു പാണ്ഡവർ കണ്ടു നിൽക്കുമ്പോഴല്ലെ കൌരവർ അഭിമന്യുവിനെ ചവിട്ടിയും കുത്തിയും പച്ചക്കു് കൊന്നതു്? നിങ്ങൾ അപ്പോൾ നിരായുധരൊന്നും ആയിരുന്നില്ലല്ലോ. ഒന്നു് ഇടിച്ചുകയറി ചക്രവ്യൂഹം ഭേദിച്ചു് ആ കുട്ടിയെ പൊക്കി പുറത്തുചാടാൻ നിങ്ങൾക്കൊന്നും ആയില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു. അർജ്ജുന പുത്രന്റെ ശവദാഹം കഴിഞ്ഞു നാലു പാണ്ഡവർ യമുനയിൽ മുങ്ങി നിവരുന്ന സമയം.

“നൂറു പാണ്ഡവക്കുട്ടികൾ ന്യായമായി യുദ്ധത്തിൽ മരിച്ചാലും ഒരു കൌരവക്കുട്ടിയും അന്യായവധത്തിനു ഇരയാവരുതു് എന്ന ദ്രോണവചനം ഗുരുകുലത്തിൽ പഠിച്ചതു് അപ്പോൾ ഞങ്ങൾ ഓർത്തു.”

2016-06-01

“ദുര്യോധനന്റെ ആദ്യ ചരമവാർഷികത്തിൽ യുധിഷ്ഠിരന്റെ അനുസ്മരണ പ്രഭാഷണം കേൾക്കാൻ നീ ഇന്നലെ സന്ധ്യക്കു് പോയിരുന്നു അല്ലെ” യുദ്ധകാര്യ ലേഖകൻ കൂട്ടുകാരിയോടു് ചോദിച്ചു, “എന്തൊക്കെ അയാൾ പറഞ്ഞു എന്നതിനേക്കാൾ എന്തൊക്കെ പറയാതെ വിട്ടു?”

“ഒന്നും പറയാനില്ലാത്തവൻ വാചാലത കൊണ്ടു് എല്ലാ ഓട്ടയും അടക്കും എന്നു് വിദുരർ ഒരിക്കൽ പറഞ്ഞതു് ഓർമ വന്നു.” കൊട്ടാരം ലേഖിക ഗംഗയിലെ ചിറ്റോളങ്ങൾ തട്ടി വെള്ളം തെറുപ്പിച്ചു കൊണ്ടിരുന്നു.

2016-06-02

“ഒമ്പതു് ദിവസം നിങ്ങൾ വിടാതെ അമ്പെയ്തിട്ടും ഒരു പാണ്ഡവതല പോലും വീണില്ല എന്ന ആരോപണവുമായി ദുര്യോധനൻ നിങ്ങളെ ആളും തരവും നോക്കാതെ ശല്യം ചെയ്യുന്നുണ്ടല്ലോ” യുദ്ധകാര്യ ലേഖകൻ ഭീഷ്മരോടു് കുശലം പറഞ്ഞു.

“ദരിദ്ര ബന്ധുക്കൾ എന്ന നിലയിൽ മാത്രമേ കൌരവർ ഇതുവരെ പാണ്ഡവരെ കണ്ടിരുന്നുള്ളൂ. ഇപ്പോൾ കുരുക്ഷേത്രയിൽ കാണുന്നതു് ക്രൂരബന്ധുക്കൾ എന്ന പുതു പാണ്ഡവ പ്രതിച്ഛായയാണു്” പിതാമഹൻ ആയുധങ്ങൾ എറിഞ്ഞു ഒന്നു മുങ്ങി നിവരാൻ യമുനയിലേക്കു് ചാടി.

2016-06-03

“പാഞ്ചാലിയുടെ വിവാഹവാർഷികത്തിനു് അനുമോദിക്കാൻ പോവുകയാണോ?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു വിസ്മയത്തോടെ ചോദിച്ചു.

“പാരാവാരങ്ങൾ പുകഴ്ത്തിയ പ്രശസ്ത ദാമ്പത്യമല്ലേ. അംഗീകൃത ഭർത്താക്കന്മാർ പാണ്ഡവർ അഞ്ചു പേരാണെങ്കിലും കമിതാക്കൾ നൂറു പേരും കൌരവർ ആയിരുന്നില്ലേ.” വൃദ്ധസദനത്തിലെ മറ്റു തൊണ്ണൂറ്റി ഒമ്പതു് കൗരവ വിധവകളും അനുകൂലഭാവത്തിൽ തല ചെരിച്ചു.

“യുദ്ധത്തിൽ നിങ്ങൾക്കെതിരെ കൗരവർക്കൊപ്പം കൊമ്പു കോർത്ത കൃപാചാര്യൻ ഇതാ രാജസഭയിൽ നിങ്ങൾക്കു് വാ നിറയെ ആശംസ പറയുന്നു. ഇതെന്താ കാരണവർക്കൊരു മനം മാറ്റം?” സഭ പിരിഞ്ഞു അംഗങ്ങൾ ഊട്ടുപുരയിലേക്കു ധൃതിയിൽ നീങ്ങുമ്പോൾ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു ചോദിച്ചു.

“ഇന്നു് ഹസ്തിനപുരിയിൽ ഏറ്റവും വില പിടിച്ച വസ്തു ഊട്ടു പുരയിൽ കിട്ടുന്ന ഒരു നേരത്തെ സൗജന്യ ഭക്ഷണമാണു്, നിലപാടുതറയല്ല.”

2016-06-04

“ഒരു കൌരവന്റെ ജഡം കിട്ടിയില്ലല്ലോ. കിട്ടിയ തൊണ്ണൂറ്റി ഒമ്പതും സംസ്കരിച്ചു” യുദ്ധകാര്യ ലേഖകൻ ചിന്താക്കുഴപ്പത്തിൽ കൊട്ടാരം ലേഖികയോടു് പറഞ്ഞു.

“നമുക്കും തെറ്റാം എണ്ണം. ഭീമൻ ചതച്ചു കൊന്ന കൌരവരുടെ ഭീകരരൂപങ്ങൾ നോക്കിയാൽ പഠിച്ച കണക്കു മറക്കില്ലേ. പോരാട്ട ഭൂമിയല്ലേ, ജീവനിൽ കൊതിയുള്ള ഒരു അവിശ്വസ്തകൌരവൻ ഒളിച്ചോടിയതുമാവാം.”

“കുരുക്ഷേത്രയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രത്യേകിച്ചു്? യുദ്ധമാലിന്യനീക്കം കാര്യക്ഷമമാണെന്നു് നീ തന്നെയല്ലേ നേരിട്ടു പോയി കണ്ടു വാർത്ത ‘പത്രിക’യിൽ എഴുതിയതു്; യുദ്ധകാര്യ ലേഖകൻ വിമർശകന്റെ നോട്ടത്തോടെ കൊട്ടാരം ലേഖികയെ നോക്കി.

“പത്തു് നാല്പതു് ലക്ഷം വവ്വാലുകൾ പ്രവിശ്യാ ഭരണാധികാരികളുടെ ഔദ്യോഗിക വസതികളിൽ, ജാലകത്തിലും ഊട്ടുപുരയിലും കിടപ്പു മുറിയിലും കൂട്ടം കൂട്ടമായി കടന്നുകൂടിയാൽ പിന്നെ അവസ്ഥ അടിയന്തരമാവില്ലേ. പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ദുഷ്ടാത്മാക്കൾ എന്നു് കൃപാചാര്യൻ പറഞ്ഞതോടെ യുധിഷ്ഠിരൻ പ്രഖ്യാപനം വൈകിപ്പിച്ചില്ല.”

“എന്താ വ്യാസനുമായി പട്ടാപ്പകൽ ഒരു തർക്കം? ഒന്നുമില്ലെങ്കിൽ നിങ്ങളുടെയൊക്കെ ഔദ്യോഗിക ജീവചരിത്രകാരനല്ലെ?” കൊട്ടാരം ലേഖിക ചോദിച്ചു.

“അതു് തന്നെയാണു് തർക്കം. ഞങ്ങളുടെ ജീവിതം സാംസ്കാരിക പഠനം എന്ന നിലയിൽ വേണം വ്യാസൻ അവതരിപ്പിക്കാൻ എന്നു ഞങ്ങൾ നിലപാടു് കനപ്പിച്ചു. വെറുതെ ഒരൊഴുക്കൻ ജീവിതാനുഭവം എന്ന നിലയിലുള്ള വ്യാസരചനാരീതി അസ്വീകാര്യമെന്നും. വേറെ കുടുംബ പ്രശ്നമൊന്നുമില്ല”, പുതിയ ഭരണകൂടത്തിന്റെ ചുമതലകളുമായി ഓടി നടക്കുകയാണു് യുദ്ധത്തിന്റെ പരിക്കുകൾ ഇനിയും തേഞ്ഞു മാഞ്ഞിട്ടില്ലാത്ത ശരീരവുമായി നകുലൻ.

2016-06-06

“കളരിഗുരുവിനെ ചതിച്ചു കൊല്ലാൻ നിങ്ങൾ പോരാട്ടഭൂമിയിൽ വഴിവിട്ടു നുണ പറഞ്ഞു എന്നു് കൌരവർ ഒച്ചവച്ചു പാടുന്നുണ്ടല്ലോ” യുദ്ധകാര്യലേഖകൻ യുധിഷ്ഠിരനെ പാളയത്തിൽ പിടികൂടി.

“സത്യമേ പറയൂ എന്ന പ്രശസ്തി നിങ്ങൾക്കൊരിക്കലും ഭാരമായി തോന്നിയിട്ടില്ല അല്ലെ?” ദ്രോണ വധത്തിന്റെ ആനന്ദലഹരിയിലായിരുന്നു അപ്പോഴും ആ മുതിർന്ന പാണ്ഡവൻ”, ആ ഭാരം ഇടക്കൊന്നു ഒന്നിറക്കി വെക്കാൻ ചില അർദ്ധസത്യങ്ങൾ പറയും.”

യുധിഷ്ഠിരൻ മുഖം താഴ്ത്തി തേങ്ങി:.

“ഹസ്തിനപുരിയുടെ ഉൾനാടുകളിൽ വറ്റി വരണ്ടു കിടന്ന കുളങ്ങളും കിണറുകളും മേലനങ്ങി വൃത്തിയാക്കി മഴവെള്ളം സംഭരിച്ചു ശുദ്ധജലസംഭരണികൾ ആക്കുന്നതായിരുന്നു എന്റെ അർദ്ധസഹോദരന്റെ രാജകീയവിനോദം. കിളക്കാനും കന്നു പൂട്ടാനും അറിയാത്തവന്റെ കയ്യിൽ ചെങ്കോൽ കൊടുക്കരുതു് എന്നു് അവൻ ഹൃദ്യമായി താക്കീതു ചെയ്യുമായിരുന്നു. യുദ്ധത്തിന്റെ തലേന്നു് പോലും സ്വന്തം കൃഷിയിടത്തിൽ ജലസേചനം ചെയ്തു പ്രകൃതിയോടു കരുണ യാചിച്ചാണവൻ രാജ്യത്തിന്റെ സ്വാതന്ത്ര്യം പരിരക്ഷിക്കാൻ രണാങ്കണത്തിൽ ഇറങ്ങിയതു്. ജീവത്യാഗം ചെയ്യുമ്പോഴും അവൻ തടാകതീരത്തായിരുന്നു എന്നു് ഞാൻ ഓർക്കുന്നു. എന്റെ ഭൌതികാവശിഷ്ടം തടാകജലത്തെ മലിനപ്പെടുത്തരുതു്, അതുകൊണ്ടു് എന്നെ മുടിയിൽ ആഞ്ഞു വലിച്ചു കരകയറ്റി തുടയിൽ അടിച്ചു കൊല ചെയ്യൂ എന്നു് പറഞ്ഞു അവൻ ഞങ്ങളോടു് കർത്തവ്യം ചെയ്യാൻ പ്രേരിപ്പിച്ചു.”

“ദുര്യോധനവിധവ മുഖ്യ അതിഥിയായ നാളത്തെ അനുസ്മരണയോഗത്തിൽ നിങ്ങൾ ഇതു് മികവോടെ തന്നെ ആവർത്തിക്കണം, മുഖം താഴ്ത്തി കണ്ണു തുടക്കണം. അതു് കഴിഞ്ഞാൽ കൗരവരാജവിധവകളുടെ കുടിയൊഴിപ്പിക്കൽ.” ചൂണ്ടുവിരൽ ഉയർത്തി നകുലൻ യുധിഷ്ഠിരനെ പ്രഭാഷണം പഠിപ്പിച്ചു തിരക്കിൽ സ്ഥലം വിട്ടു.

2016-06-07

“കുരുവംശത്തിന്റെ കീഴിലുള്ള ഒരു പ്രവിശ്യയല്ലേ കുരുക്ഷേത്രം? പിന്നെ എന്താ നിങ്ങൾ ഒരിടഞ്ഞ അയൽരാജ്യത്തെ പോലെ ആക്രമണഭാഷയിൽ സംസാരിക്കുന്നതു്?” കൊട്ടാരം ലേഖിക പ്രാദേശിക പ്രവിശ്യാ ഭരണാധികാരിയുടെ നേരെ വിരൽ ചൂണ്ടി.

“കുടിനീർ സ്രോതസ്സായ യമുനയുടെ തീരത്തു് പത്തു് പതിനെട്ടു ദിവസം അഴിഞ്ഞാടിയ അർദ്ധസഹോദരർ വരുതിക്കൂട്ടിയ പരിസ്ഥിതിനാശം, ശവം എണ്ണുന്ന തിരക്കിൽ നിങ്ങൾ ശ്രദ്ധിക്കാഞ്ഞതു് ഞങ്ങളുടെ തകരാറാണോ? പുതിയ ഭരണകൂടം നീണ്ടകാല നഷ്ട പരിഹാരം തരണമെന്ന തദ്ദേശീയ വികാരം തുറന്നു പറഞ്ഞതിനാണോ രാജ്യദ്രോഹ കുറ്റം ചുമത്തി വായടപ്പിക്കാൻ ശ്രമം?” പ്രവിശ്യാ മേധാവി നിന്ന നിൽപ്പിൽ കിതച്ചു.

2016-06-11

“ഒരു മല്ലയുദ്ധം മതിയായിരുന്നില്ലേ, ഇത്രയധികം പരിസ്ഥിതിനാശം ഒഴിവാക്കി വീട്ടു മുറ്റത്തു് തന്നെ സ്വത്തു് തർക്കം ഒതുക്കി തീർക്കാൻ?”, കൊട്ടാരം ലേഖിക കുരുക്ഷേത്രയിലെ ശരശയ്യയിൽ മേലെ ആകാശം നോക്കി മരണം കാത്തു കിടന്ന കാരണവരോടു ചോദിച്ചു.

“ശത്രുവിന്റെ കൈകാലുകൾ വലിച്ചു വേർപെടുത്തി പുതിയൊരു ജരാസന്ധവധം കളി ദുര്യോധനൻ അവതരിപ്പിക്കുമെന്നു് ഭീമൻ ഭയന്നു.”

“തൊണ്ണൂറ്റിഒമ്പതു് കൗരവരാജവിധവകൾക്കും സമാധാനപരമായി ഔദ്യോഗികരാജമന്ദിരങ്ങളിൽ നിന്നു് കുടിയൊഴിയാമെങ്കിൽ പിന്നെ നിങ്ങൾക്കു് മാത്രമെന്താ പടിയിറങ്ങാൻ ഇത്ര പ്രയാസം?”, യുധിഷ്ഠിരൻ അന്തഃപുരത്തിന്റെ അകത്തേക്കു നോക്കി ഉച്ചത്തിൽ ചോദിച്ചു.

“നിങ്ങൾക്കെന്താ കാഴ്ച കുറഞ്ഞുവോ? ആ സ്ത്രീ കൗരവരാജവിധവയാണോ? അതോ നിങ്ങളുടെ പെറ്റതള്ളയോ?” പാഞ്ചാലി പിറുപിറുത്തു.

2016-06-12

“വിധവകൾക്കും വയോജനങ്ങൾക്കും മൂന്നു നേരം വയർ നിറയെ സൗജന്യഭക്ഷണം, അതല്ലേ ആദ്യ പരിഗണന?” കൊട്ടാരം ലേഖിക നിന്ദ ഒളിക്കാതെ യുധിഷ്ഠിരനോടു ചോദിച്ചു.

“അടിമത്ത നിർമാർജ്ജനം. വ്യാഴവട്ടക്കാല വനജീവിതം അതെന്തെന്നു ഞങ്ങളെ രാവുപകൽ പഠിപ്പിച്ചു. ഇനിയതു ഭർത്താക്കന്മാർ നഷ്ടപ്പെട്ട കൗരവരാജസ്ത്രീകൾക്കു് ഉണ്ടാവരുതു്. അവർക്കു് ഭൂതാതുരതയുമായി അഭിരമിക്കാൻ ഗംഗയാറൊഴുകുന്ന ഉൾനാട്ടിൽ വൃദ്ധസദനം പണിയും. ആടിയും പാടിയും അവരവിടെ നാൾ കഴിക്കും”, ഔദ്യോഗിക രാജമന്ദിരങ്ങളിൽ നിന്നു് കുരുക്ഷേത്രവിധവകളെ ബലം പ്രയോഗിച്ചു കുടിയൊഴിപ്പിക്കുന്ന കർമപരിപാടി തുടങ്ങുകയായിരുന്നു നന്നേ രാവിലെ പുതിയ ഹസ്തിനപുരി ഭരണാധികാരി.

“വഴിയിൽ കുഴഞ്ഞു വീണു കഥാവശേഷയായ പാഞ്ചാലിയെ മറവു ചെയ്ത ശേഷമാണു് ഓടിപിടഞ്ഞെത്തി നിങ്ങളെ ഇപ്പോൾ കണ്ടു മുട്ടിയതു്. എങ്ങനെ ഓർക്കുന്നു ആ വിചിത്ര സ്ത്രീയെ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് കിതച്ചു കൊണ്ടു് ചോദിച്ചു.

“ആകസ്മികമായി ഞങ്ങളുടെ ദാമ്പത്യത്തിൽ വന്നു നീണ്ടകാല ദുരനുഭവങ്ങളിലൂടെ കടന്നു പോയി എന്ന അടിസ്ഥാന വസ്തുത മാറ്റി വച്ചാൽ, ആ സ്ത്രീയുടെ ജന്മാന്തരങ്ങളെ കുറിച്ചെന്തെങ്കിലും പറയാൻ ഞാൻ ഇപ്പോഴും അശ്ശക്തൻ. തിരക്കുണ്ടു്. ഇനിയും വടക്കോട്ടുള്ള വഴിയിൽ ആരും നോക്കാനാളില്ലാതെ കൊഴിഞ്ഞു പോവേണ്ടവർ ഞങ്ങൾ പാണ്ഡവർ. വിട”, അക്ഷമയോടെ മുന്നോട്ടു വച്ച കാലുമായി യുധിഷ്ഠിരൻ യാത്ര പറഞ്ഞു.

2016-06-13

“കുരുക്ഷേത്രയുദ്ധകാലത്തു് ധൃതരാഷ്ട്രർ ഗാന്ധാരിയെ ചുംബിക്കുന്നതു കണ്ടു എന്നാണു നിങ്ങൾ അഭിമുഖത്തിൽ ഇന്നലെ രാത്രി പറഞ്ഞു നിർത്തിയതു്. ആ സന്ദർഭം ഒന്നോർക്കാമൊ?” കൊട്ടാരം ലേഖിക രാജദാസൻ സഞ്ജയനോടു ചോദിച്ചു.

“അഭിമന്യു പിടഞ്ഞു നിലത്തു് വീണപ്പോൾ കഴുത്തിൽ ചവുട്ടി കർണൻ വിരലടയാളം കാണിച്ചു് ശത്രു മരിച്ചു എന്നു് ദുര്യോധനനെ അറിയിച്ച വിവരം തത്സമയം ഹസ്തിനപുരിയിൽ കണ്ട ഞാൻ രാജാവിനെ അറിയിച്ചപ്പോൾ, സഹിക്കവയ്യാത്ത ആഹ്ലാദം കൊണ്ടു് ധൃതരാഷ്ട്രർ അടുത്തു നിന്ന ഗാന്ധാരിയെ വലിച്ചടുപ്പിച്ചു തിരുവായിൽ തിരുവാ ചേർക്കുന്ന ആ ജുഹുപ്സാവഹമായ കാഴ്ച, അതാണോ നിങ്ങൾ പരാമർശിക്കുന്നതു്?”

ഇതിഹാസരചനക്കു് ഒരു പനയോലക്കെട്ടുമായി കൊട്ടാരത്തിൽ തമ്പടിച്ചിരുന്ന വ്യാസനു മഹാഭാരത കഥ കണ്ടതും കേട്ടതും പറഞ്ഞു കൊടുക്കാൻ ഇടയ്ക്കിടെ ഇരുചെന്നികളിലും മുഷ്ടി കൊണ്ടു് ഇടിച്ചു ഓർമപ്പേടകം തുറക്കുകയായിരുന്നു വൃദ്ധസഞ്ജയൻ.

“എല്ലാവരും മടങ്ങാൻ ഒരുങ്ങുമ്പോൾ, നിങ്ങൾ മാത്രം ദുര്യോധനൻ തുടയോടിഞ്ഞു കിടക്കുന്ന ഇടത്തിൽ ഒറ്റയ്ക്കു് ചെന്നു് എന്തോ ചോദിക്കുന്ന പോലെ ദൂരെ നിന്നു തോന്നി” യുദ്ധകാര്യ ലേഖകൻ പാഞ്ചാലിയോടു പിറു പിറുത്തു.

“നിങ്ങൾ, നിങ്ങൾ തന്നെയല്ലേ ജീവകാലം മുഴുവൻ എന്നെ തുണിയുടിപ്പിച്ചും അഴിച്ചും വേട്ടയാടിയ കൌരവപ്രമാണി എന്നു് ഞാൻ ചോദിച്ചു. ഒരിറ്റു വെള്ളത്തിനു് യാചിച്ചപ്പോൾ മുലപ്പാൽ ഇറ്റിറ്റായി വായിൽ ഒഴിച്ചു കൊടുത്തു. അതു് നുണച്ചു കുടിച്ചയാൾ ശാന്തമായി.”

2016-06-14

“വനവാസക്കാല അഭിമുഖങ്ങളിൽ പതിവാണു്”, “ഞാൻ കൗരവഅടിമ” എന്ന നിങ്ങളുടെ അഭിമാനബോധം. സ്വതന്ത്ര ചിന്തയുള്ള ആധുനികവനിതയെന്ന പൊതുസങ്കൽപ്പമുള്ള നിങ്ങൾക്കെങ്ങനെ കഴിയുന്നു, ഒരു പക്ഷെ ഭയം കൊണ്ടാണെങ്കിൽ പോലും, സ്വയം ഇങ്ങനെ ചുരുങ്ങാൻ?” കൊട്ടാരം ലേഖിക ചോദിച്ചു.

“വസ്ത്രാക്ഷേപം മാത്രമേ കൌരവർ ചെയ്തുള്ളൂ. നഗ്നമേനിയുടെ ദൃശ്യചാരുത ആസ്വദിക്കട്ടെ എന്നാണവർ പുഞ്ചിരിച്ചു പറഞ്ഞതു്. തുണിയൂരും മുമ്പു്, തുടയിൽ ഇരിക്കൂ എന്നായിരുന്നില്ലേ ദുര്യോധനൻ ക്ഷണിച്ചതു്? ഇനി യുധിഷ്ഠിരനോടു് രഹസ്യമായി ചോദിക്കൂ, അയാളും നാലു സഹോദരന്മാരും ഇക്കാലവും എന്നെ എവിടെ ഇരുത്തിയാണു് നഗ്നമേനി ദുരുപയോഗം ചെയ്യുക എന്നു്.”

2016-06-15

“സ്മൃതിനാശം വന്ന കുന്തിയെ നിങ്ങൾ ആട്ടിത്തെളിയിച്ചു് കാട്ടിലേക്കയച്ചു എന്നാണു കൃപാചാര്യൻ പറയുന്നതു്. വല്ല കഴമ്പുമുണ്ടോ ആരോപണത്തിൽ?”, കൊട്ടാരം ലേഖിക ചാരവകുപ്പു് മേധാവി നകുലനോടു ചോദിച്ചു.

“കുന്തിയുടെ സ്മൃതിനാശം ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു് കുടിയേറും മുമ്പു് തന്നെ കൃപാചാര്യനടക്കം ഹസ്തിനപുരിയിൽ എല്ലാവർക്കും വ്യക്തമായിരുന്നല്ലോ. ഞങ്ങളുടെ കൂടെ വരൂ അമ്മാ എന്നു് ക്ഷണിച്ചപ്പോൾ, നീ എപ്പോഴാണു് എന്റെ മകനായതു്, എനിക്കൊരു മകനേയുള്ളൂ അവൻ തേജസ്വിയായ സൂര്യപുത്രൻ” എന്നാണവർ ഞങ്ങൾ പാണ്ഡവരുടെ സാനിധ്യത്തിൽ പറഞ്ഞതു്. വയോജനനങ്ങൾക്കും വേണം അന്ത്യദിനങ്ങളിൽ വിശ്രമം എന്ന ഗുരുകുല സംവാദത്തിലേക്കു് പോവാൻ തേരിൽ കയറുകയായിരുന്നു ആയിരം പൂർണചന്ദ്രന്മാരെ കണ്ട മാദ്രിപുത്രൻ.

2016-06-16

“കാട്ടുകുടിലിൽ പന്ത്രണ്ടു വർഷം ഇനി കൗരവഅടിമ എന്ന ശിക്ഷ നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ദുരഭിമാനി യുധിഷ്ഠിരന്റെ പിടിപ്പുകേടിൽ തൂങ്ങിപ്പിടിക്കുകയാണു് കാലാതിവർത്തിയായി മാറാൻ സാധ്യതയുള്ള ഇതിഹാസം എന്നതാണു് എന്നെ ചിന്താകുഴപ്പത്തിലാക്കുന്നതു്.”

“നിങ്ങൾ അഞ്ചു പാണ്ഡവർക്കിടയിൽ പരസ്പരം സ്പർദ്ധ വളർത്തി മാനസികമായി തളർത്താൻ കൌരവർ നിയോഗിച്ച ചാരവനിതയാണു് പാഞ്ചാലി എന്ന ആരോപണം ഹസ്തിനപുരിയിൽ വ്യാപകമാണല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.

“ദുര്യോധനൻ അവൾക്കു രഹസ്യമായി അയച്ചു കൊടുക്കുന്ന സുഗന്ധതൈലം അവൾ കുളികഴിഞ്ഞു നഗ്നമേനിയിൽ പുരട്ടുമ്പോൾ ഭർത്താക്കന്മാരിൽ കാണുന്ന തിടുക്കം, മത്സരം, ഊഴം തെറ്റിച്ചു അവളെ കൈവശപ്പെടുത്താനുള്ള ആവേശം എല്ലാം വിരൽ ചൂണ്ടുന്നതു് പാഞ്ചാലി കൌരവരുടെ ഒരു രാഷ്ട്രീയ ഉപകരണം എന്നു തന്നെ. തെളിവു് കൂടുതൽ കിട്ടട്ടെ ഹസ്തിനപുരി പത്രികയുമായി പങ്കു വക്കാം” ചാരവകുപ്പിന്റെ സ്വതന്ത്ര ചുമതല പ്രതീക്ഷിക്കുന്ന നകുലൻ നയപരമായി പറഞ്ഞു.

“പാഞ്ചാലി കുട്ടികളെ നോക്കാത്തതു കണ്ടു മനസ്സു തപിച്ചാണു് നിങ്ങൾ അവരെ പാഞ്ചാലയിൽ കൊണ്ടു പോയി വളർത്താൻ ഏൽപ്പിച്ചതു് എന്നോ?” അവിശ്വാസം നിഴലിക്കുന്ന ശബ്ദത്തിൽ കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിയോടു് ചോദിച്ചു.

“കൊച്ചുകുഞ്ഞിനു് ഭക്ഷണം കൊടുക്കാതെ എന്തിനാണു് നീ കഷ്ടപ്പെടുത്തുന്നതു് എന്നു ഞാൻ ചോദിച്ചാൽ, അതു നിങ്ങളുടെ കുട്ടിയല്ലല്ലോ പിന്നെന്താ എന്നവൾ ഞങ്ങൾ അഞ്ചു പേരോടും ഊഴം വച്ചു തിരിച്ചടിക്കും. കുട്ടികൾ ആരുടെ ആയാലും അവർ വിശന്നു വാവിട്ടു നിലവിളിക്കുന്നതു് കാണാൻ ആവാതെ ഞങ്ങൾ അവരെ അവൾ അറിയാതെ കൊണ്ടു പോയി സുരക്ഷിതസ്ഥാനത്തു് ഏൽപ്പിച്ചു”, പറഞ്ഞു തീരുമ്പോൾ നകുലന്റെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി.

2016-06-17

“അച്ഛനെ കുറിച്ചൊരു ഓർമ വായനക്കാരുമായി പങ്കിടാമോ?” പുതിയ ഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കാട്ടുകുടിലിൽ, പരുക്കൻതറയിൽ പായിൽ ചുരുണ്ടു കിടന്ന അച്ഛനെ ഞാൻ എന്റെ പതിനാറാം പിറന്നാളിനു്, കുളിച്ചു കുറിയിട്ടു് വന്ദിക്കാൻ അറച്ചറച്ചു കാൽവച്ചു ചെന്നതായിരുന്നു. എന്നെ കണ്ടപ്പോൾ ആ മുഖം ഇരുണ്ടു. ഇന്നെന്റെ ജന്മദിനമെന്നു ഞാൻ കൈകൂപ്പി പറഞ്ഞപ്പോൾ, ആരാടാ നിന്റെ ബീജദാതാവു് എന്നു അശ്ലീലമായ കൈ ചലനത്തോടെ അപശബ്ദമുണ്ടാക്കി അയാൾ വെല്ലുവിളിച്ചു. യമൻ എന്നു ഞാൻ മൃദുവായി പറഞ്ഞപ്പോൾ അയാൾ ആഭാസകരമായി പൊട്ടിച്ചിരിച്ചു. അൽപ്പവസ്ത്രയായ ചിറ്റമ്മ മാദ്രി ആ സമയത്തു് മുറിക്കകത്തു് കടന്നപ്പോൾ, പുറത്തു പോവാൻ ഞാൻ മുഖം തിരിച്ചപ്പോൾ, അതാ മുറ്റത്തു് പോത്തിൻപുറത്തിരുന്ന കാലൻ അച്ഛന്റെ നേരെ എറിയാനായി കയ്യിലെ നീണ്ട കയർ കുരുക്കിടുന്നു. പിറ്റേന്നു കുടിലിന്നരികെ ഉണക്കവിറകു കൂട്ടി ചിത കത്തിക്കുമ്പോൾ, ഞങ്ങൾ ഏഴു പേർക്കൊപ്പം കൂട്ടിനുണ്ടായിരുന്നതു് ദിവ്യതേജസ്സുള്ള ഒരു തെണ്ടിപ്പട്ടി മാത്രം.”, മൺമറഞ്ഞ പിതാവിനു് സ്മാരകം നിർമ്മിക്കുന്ന തീരുമാനം രാജ്യസഭയിൽ അറിയിച്ചു ഊട്ടുപുരയിലേക്കു പോവുകയായിരുന്നു യുധിഷ്ഠിരൻ.

2016-06-20

“യുദ്ധം ജയിച്ചു ചെങ്കോൽ പിടിച്ചെടുത്ത പാണ്ഡവർ യാഗം ചെയ്തു ഐശ്വര്യത്തിൽ കഴിയുന്ന ഹസ്തിനപുരിയിൽ നിന്നാണു് ഞാൻ നിങ്ങളെ തേടി വരുന്നതു്. ഇങ്ങനെ ജീവിതസായാഹ്നം ദുരിതത്തിൽ കഴിയേണ്ടവരാണോ നിങ്ങൾ ഇതിഹാസകഥാപാത്രങ്ങൾ?”, ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ എന്നിവർ എല്ലും തോലുമായി ആ വനാശ്രമത്തിൽ.

“ഞങ്ങളെ കൊന്നു തിന്നാൻ വിധിക്കപ്പെട്ട മാംസഭോജികൾ ഈ ശോഷിച്ച ശരീരം കണ്ടു മടുപ്പോടെ മടങ്ങി. ഞങ്ങൾ അസ്തിത്വ പ്രതിസന്ധി നേരിടുകയാണു്. പരസ്പരം കൊന്നു ജീവനൊടുക്കാൻ പോലും ഞങ്ങൾക്കിന്നു പേശികളിൽ കരുത്തില്ല”, വിദുരർ വിവശ സ്വരത്തിൽ പറഞ്ഞു.

2016-06-22

“തല ചായ്ക്കാൻ ഒരു വൃദ്ധസദനം തേടി ദുര്യോധനഭാര്യയുടെ നേതൃത്വത്തിൽ, പാഞ്ചാലിയുടെ വേനൽക്കാലവസതിക്കു മുമ്പിൽ കുടിയൊഴിക്കപ്പെട്ട കൗരവരാജവിധവകൾ വെറും നിലത്തു് കിടന്നു മരണം വരെ ഉപവസിക്കുമെന്നു ഭീഷണി മുഴക്കിയല്ലോ, പ്രതികരിക്കാമൊ?” കൊട്ടാരം ലേഖിക വെല്ലുവിളിച്ചു.

“പുതിയ ഭരണകൂടത്തിൽ, മഹാറാണിയുടെ രാവു പകൽ സുരക്ഷക്കു് കൂട്ടു് പഴയ ഗാന്ധാരകരിമ്പൂച്ചകൾ അല്ല, പാണ്ഡവവേട്ടപ്പട്ടികൾ ആണു്. ഇതൊരു ഭീഷണിയല്ല, കുറച്ചു വാക്കുകളിൽ ഔദ്യോഗിക അറിയിപ്പു് മാത്രം” പുതിയ മഹാരാജാവു് യുധിഷ്ഠിരൻ കുതിരപ്പുറത്തേക്കു പരസഹായമില്ലാതെ കയറി.

2016-06-23

“കഴുത്തു് കടിച്ചു മുറിച്ചു് ചോര ഊറ്റിക്കുടിച്ചു നിങ്ങളെന്താ പിടച്ചിൽ തീരാത്ത കുഞ്ഞാടിൻ ഉടൽ കഴുകനു് വലിച്ചെറിഞ്ഞതു്? വറുത്തരച്ചു എണ്ണയിൽ പൊരിച്ചു കൂട്ടം കൂടി മദ്യത്തിനൊപ്പം ആർമാദിച്ചു തിന്നു കൂടെ?”, കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു കുശലം ചോദിച്ചു.

“ഘാതകർ എന്നു നിങ്ങൾ ഹസ്തിനപുരി പത്രിക വിശേഷിപ്പിച്ചതും പോരാതെയാണോ, ഇനി ഞങ്ങളെ മാംസഭോജികൾ എന്നു കൂടി വിളിക്കാൻ കൊതിക്കുന്നതു്?”, ആടിയുലഞ്ഞു കൊണ്ടു ഭീമൻ ഇരു കൈകൾ വായുവിൽ ആഞ്ഞു വീശി അദൃശ്യ ശത്രുവിന്റെ ആക്രമണം പ്രതിരോധിച്ചു.

2016-06-25

“കാട്ടിൽ വേട്ടയാടി കൗമാരം വരെ നിങ്ങൾക്കൊപ്പം കൂട്ടായി കഴിഞ്ഞ യുധിഷ്ഠിരന്റെ പ്രകൃതത്തിൽ എങ്ങനെ കാപട്യം മായാത്ത മുഖമുദ്രയായി?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“കാപട്യത്തെ കാരണവർ കണ്ടതു് ജനിതക വൈകല്യമായല്ല, ജന്മസൗഭാഗ്യമായാണു്. വേട്ടമൃഗമാംസം ആരോരുമറിയാതെ പൊരിച്ചു തിന്നു ചിറി കഴുകി, ‘ഞാൻ തീർത്തും സസ്യാഹാരി’ എന്നു മേനി പറയുന്ന ഒരു കൗമാരകാലയുധിഷ്ഠിരനെ ഞാൻ ഇതാ ഓർത്തെടുക്കുന്നു.”, നകുലന്റെ നോട്ടം ഭൂതകാലത്തേക്കു പാഞ്ഞു.

2016-06-26

“വികസിത ഹസ്തിനപുരിക്കായി ഭരണകൂടത്തെ അടിമുടി നവീകരിക്കുമെന്നു താങ്കൾ ആദ്യദിനം അവകാശപ്പെട്ടല്ലോ. എന്തായി?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഭരണകൂടം എന്നു പറയാൻ ഞങ്ങൾ അഞ്ചു പാണ്ഡവർ മാത്രമേ ഇപ്പോൾ ഉള്ളു. ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടും ആയുസ്സിന്റെ ബലം കൊണ്ടു ഇവിടെ വന്നു കൂടുതൽ രക്തച്ചൊരിച്ചിൽ ഇല്ലാതെ ചെങ്കോൽ തട്ടിയെടുക്കാൻ കഴിഞ്ഞതാണെന്റെ ആദ്യനേട്ടം”, താൻ പുറപ്പെടുവിച്ച ഉത്തരവുകൾ തള്ളിക്കളയുന്ന തിരക്കിൽ ആയിരുന്ന അനുജന്മാരെ നോക്കി യുധിഷ്ഠിരൻ ജാള ്യതയോടെ പുഞ്ചിരിച്ചു.

2016-06-29
s “നായാട്ടിനു നാലുവഴിക്കു് പോകേണ്ട അഞ്ചുപേരും പായ വിരിച്ചു പകൽ സമയത്തു് ഇങ്ങനെ കിടക്കുകയാണോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് പുഞ്ചിരിയോടെ ചോദിച്ചു.

“മഴക്കാലമാണു്, യുദ്ധം വേണ്ടി വരികയാണെങ്കിൽ സുഖചികിത്സക്കു് പറ്റിയ സമയമല്ലേ എന്നു് അടുത്ത ആശ്രമത്തിലെ ആചാര്യൻ ചോദിച്ചപ്പോൾ, രഹസ്യമായി ആശ്രമവാസിയെ വിട്ടു് ദുര്യോധനന്റെ അനുമതി വാങ്ങി. ഇപ്പോഴും ഞങ്ങൾ അടിമകൾ. പാണ്ഡവർക്കു് വാതത്തിന്റെ അസുഖമുണ്ടെന്നു ഞാൻ വെച്ചു് കാച്ചി. മൂന്നു നേരവും വേവിച്ചു കൊടുക്കൂ എന്നു് പറഞ്ഞു ഒരു ചാക്കു് മുതിര ആ മഹാശയൻ കഴുതപ്പുറത്തു് ഉടൻ അയച്ചു തന്നു. രാവിലെ വേവിച്ചു കഴിച്ച ആ മുതിരയുടെ ബലത്തിൽ എത്ര വേഗം ഇവർ മയങ്ങിപ്പോയി എന്നു നോക്കൂ” അടിയൊഴുക്കുകൾ നിറഞ്ഞ ശരീരഭാഷയിൽ പാഞ്ചാലി സംസാരിച്ചു.

2016-07-01

“എപ്പോഴാണു് പാഞ്ചാലി നിങ്ങളോടൊക്കെ ഒന്നു് കയർത്തു് സംസാരിക്കുക?”, കൊട്ടാരം ലേഖിക, തൊഴിലിന്റെ ധൈര്യത്തിൽ, ചോദിച്ചു

“അടുത്തുള്ള ആശ്രമങ്ങളിൽ കൗരവ ആജ്ഞ അനുസരിച്ചു കയറിച്ചെന്നു ജൈവമാലിന്യം ശേഖരിച്ചു ദൂരെ കുഴി കുത്തി മൂടി വരുമ്പോൾ, വെയിൽ പൊങ്ങി അവൾ മേലാകെ മലിനമായി ക്ഷീണിച്ചു വിയർത്തിരിക്കും. ദുര്യോധനൻ നേരിട്ടു കൽപ്പിച്ചു കൊടുത്ത ആ നിത്യ ജോലി അടിമ എന്ന നിലയിൽ അവൾ കാര്യക്ഷമതയോടെ ചെയ്യും. അപ്പോൾ ഞങ്ങൾ ഉറക്കമുണർന്നു് ഈ തറയിൽ ഇരുന്നു, വെയിൽ വീഴാത്ത തണലിൽ, ഇടക്കിടെ അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി ചൂതു് കളിക്കുകയാവും. ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ പോയി ദിവ്യാസ്ത്രം വല്ലതും സംഘടിപ്പിക്കണം എന്നവൾ വിരൽ ചൂണ്ടി കയർത്തു് ആജ്ഞാപിക്കും പിന്നെ പൊട്ടിക്കരയും. ഞങ്ങൾ അതൊന്നും കണ്ടു, കേട്ടു എന്നു നടിക്കാതെ തീറ്റയും കളിയും തുടരും” അർജ്ജുനൻ നീരസത്തോടെ പറഞ്ഞു.

2016-07-02

“നമ്മുടെ അഴുക്കൊക്കെ പെറുക്കി കൂട്ടി കലത്തിൽ ഇട്ടു കൊണ്ടുപോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകൾ ഉള്ള കുട്ടി ചോദിച്ചു.

“അതൊരു അടിമയാണു് മോനേ. നമ്മുടെ യുവരാജാവു് ദുര്യോധനൻ അവൾക്കു പന്ത്രണ്ടു കൊല്ലത്തെ കഠിന ശിക്ഷ കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു.

“ഇങ്ങനെ മാലിന്യം ചുമക്കുന്ന അടിമയാവാൻ എന്തു തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”, കുട്ടി ചോദിച്ചു.

“ഭർത്താക്കന്മാർ ലഹരിയിൽ അവളെ കൗരവരുമായി രാജസഭയിൽ പരസ്യരതിക്കു് നിർബന്ധിച്ചപ്പോൾ അവൾ എതിർക്കാതെ നിന്നു് കൊടുത്തതിനു നീതിമാനായ ദുര്യോധനൻ കൊടുത്ത മാതൃകാപരമായ ശിക്ഷ.”

2016-07-03

“കൃപാചാര്യൻ ഇത്ര നേരത്തെ?”, ഉറക്കമുണർന്നു വന്ന യുധിഷ്ഠിരൻ കണ്ണു തിരുമ്പി നീരസം കാണിച്ചു.

“പ്രതിരോധ മന്ത്രാലയം താങ്കൾ അടച്ചുപൂട്ടുന്നു എന്നു് ‘ഹസ്തിനപുരി പത്രിക’യിൽ വായിച്ചു.”

“നിങ്ങൾക്കറിയാമല്ലോ, കാലന്റെ മകൻ ആണെങ്കിലും സമാധാനപ്രിയനാണു് ഞാൻ.” യുധിഷ്ഠിരൻ നെഞ്ചു് വിരിച്ചു.

“കുരുക്ഷേത്രയിൽ നിന്നു് ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരു കൗരവപക്ഷ സൈനികൻ ഞാനാണു്. സർവസൈന്യാധിപ പദവി തന്നു പുതിയ സൈനിക മന്ത്രാലയം സജീവമാക്കാൻ അനുമതി തരണം.”

“ജീവനും കൊണ്ടു് യുദ്ധത്തിൽ നിന്നു രക്ഷപ്പെട്ട ഒരു ധീരൻ കൂടിയില്ലേ, അവസാന സർവ സൈന്യാധിപൻ അശ്വത്താമാവു്? നിങ്ങളുടെ സഹോദരീപുത്രൻ, ദ്രോണന്റെ മകൻ. ഞങ്ങളുടെ മക്കളുടെ അന്തകൻ. അയാൾക്കുണ്ടായ അന്ത്യവിധി നിങ്ങൾക്കു് വേണോ അതോ, അടുത്ത കിരീടാവകാശി പരീക്ഷിത്തിനെ ഹരിശ്രീ പഠിപ്പിക്കുന്ന അധ്യാപകജോലി വേണോ? എത്ര കാലം നിങ്ങളെ പഴയ ഗുരു എന്ന നിലയിൽ ഞങ്ങൾ എഴുന്നെള്ളിക്കും. നാളെ രാജസഭയിൽ വന്നു വിവരം പറയൂ.”

യുധിഷ്ഠിരൻ പുറം തിരിഞ്ഞു.

2016-07-04

“ഇന്നു് പാണ്ഡവർ ഊട്ടുപുരയിൽ വല്ലാത്തൊരു തിമിർപ്പിലാണു്. ഏതോ ധനിക ഹസ്തിനപുരി കർഷകന്റെ ധാന്യപ്പുര കൊള്ളയടിച്ചവർ അക്ഷയപാത്രം നിറച്ചിരിക്കുന്നു. പത്തു കൈകളും മത്സരക്ഷമതയോടെ ഭക്ഷണം വാരി അഞ്ചു വായകളിൽ നിറക്കുമ്പോൾ, നിങ്ങൾ ഇവിടെ ഒറ്റക്കു അത്താഴപട്ടിണി, ഇതെന്താ ഈ അസമത്വം നിങ്ങൾ പ്രതിഷേധിക്കാതെ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഈ ശരീരത്തിന്റെ പൂർണ ഉത്തരവാദിത്വം പാണ്ഡവർക്കാണു്. അതിന്റെ മേനിക്കൊഴുപ്പും തേയ്മാനവും അവർ തന്നെ വീതിച്ചെടുക്കട്ടെ”, നിലാവിൽ കുളിച്ച ഹിമാലയ താഴ്‌വരയെ തുറന്ന ജാലകത്തിലൂടെ നോക്കി പാഞ്ചാലി നിസ്സാരമായി പറഞ്ഞു.

2016-07-05

“പാഞ്ചാലി നിത്യവും വന്നു മാലിന്യം നീക്കുമെങ്കിലും പാണ്ഡവർ സഹായിക്കാറില്ല. നകുലൻ വരുമായിരുന്നു. ഞങ്ങളിൽ ആരാണു് ദുര്യോധനന്റെ ചാരൻ എന്നു നകുലനു അറിയാമെന്നു തോന്നിയപ്പോൾ, ചങ്ങാത്തം നിർത്തി വിവരം അറിയിക്കേണ്ടവരെ അറിയിച്ചു. അടിമകളുടെ ഉടയതമ്പുരാൻ ദുര്യോധനൻ ഉണ്ടോ അടങ്ങുന്നു, ആശ്രമങ്ങളിൽ നിന്നു് ജൈവമാലിന്യശേഖരണം തുടർന്നും പാഞ്ചാലിയുടെ ചുമതല ആണെങ്കിലും, കുഴിവെട്ടി സംഗതി കുഴിച്ചു മൂടേണ്ട പണി നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നു് ഉത്തരവായി. ഇപ്പോൾ ഞങ്ങളെ കണ്ടാൽ നകുലൻ പല്ലു് ഞെരിക്കും. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ മതേതരരാജ്യമായി ഹസ്തിനപുരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു്, രാഷ്ട്രീയം കളിക്കുന്ന ആശ്രമങ്ങൾക്കു് ധനസഹായവും സുരക്ഷയും നിർത്തുമെന്നു് ഞങ്ങളെ ഭീഷണിപ്പെടുത്തും.”

അടിമപാണ്ഡവർ ശിക്ഷ അനുഭവിക്കുന്ന വനമേഖലയിലെ സന്യാസാശ്രമങ്ങളുടെ സംഘടന കാര്യദർശി ഹസ്തിനപുരി പത്രിക ലേഖികയോടു്:

2016-07-06

“നിങ്ങൾ?”, നഗരാതിർത്തിയിലെ വഴിയോര തീൻശാലയിൽ കണ്ട മുഖംമൂടിയെ തിരിച്ചറിഞ്ഞ കൊട്ടാരം ലേഖിക തലയിൽ കൈ വച്ചു”, ഇവിടെ?”

“കുറച്ചുകാലമായി ചാരവകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന നകുലൻ സമാന്തര അധികാരകേന്ദ്രമാവുന്നു എന്ന ഉൾവിളിയിൽ ഞാൻ തലയിൽ മുണ്ടിട്ടു് രണ്ടും കൽപ്പിച്ചു ഒന്നു ഇറങ്ങിയതാണു്. പൊതുജനമനമറിയുന്നതിൽ കുതിരപ്പന്തികൾക്കും വഴിയമ്പലങ്ങൾക്കുമുള്ള പ്രസക്തി നിങ്ങൾക്കറിയാമല്ലോ. ഹസ്തിനപുരി പത്രികയുടെ പ്രഖ്യാപിത രാജ്യസ്നേഹത്തെ മാനിച്ചു എന്റെ ഈ വേഷംകെട്ടു് നിങ്ങൾ വിവാദമാക്കരുതു്.”, പൊയ്മുഖം നീക്കാതെ, ചുറ്റും കണ്ണോടിക്കേ യുധിഷ്ഠിരൻ തല താഴ്ത്തി മന്ത്രിച്ചു.

“കുരുവംശപ്പെരുമയിൽ ദുര്യോധനൻ എക്കാലത്തേക്കുമായി രാജസഭയിൽ നിങ്ങളെ അടയാളപ്പെടുത്തിയതു് അടിമകൾ എന്നല്ലേ. അതൊക്കെ ഓർക്കുമ്പോൾ വേദന തോന്നുന്നുണ്ടോ?”, മുറിപ്പെടുത്താൻ വേണ്ടി മാത്രം കൊട്ടാരം ലേഖിക ചോദിച്ചു.

“വനവാസത്തിൽ ഞങ്ങൾക്കു് കുട്ടികൾ ഉണ്ടാവാഞ്ഞതിനു പ്രകൃതിയോടു നന്ദിയുണ്ടു്. അല്ലെങ്കിൽ ആ കുട്ടികൾ ദുര്യോധനന്റെ ഹസ്തിനപുരിയിൽ ‘അടിമവംശം’ എന്നറിയപ്പെടുമായിരുന്നു” പാഞ്ചാലി അപ്രസന്നമായി പുഞ്ചിരിച്ചു.

2016-07-07

“ഞാൻ പാഞ്ചാലി, കൗരവരാജവധുക്കൾക്കു ശരീരശുചിത്വത്തിൽ പ്രായോഗിക ദിനചര്യ ഉപദേശിക്കുന്ന പാണ്ഡവഭാര്യ.”

“നവജാതശിശുക്കളെ ഓരോ കൊല്ലവും പാഞ്ചാലയിലേക്കു കൊണ്ടുപോവുമ്പോൾ പാണ്ഡവ മാതാവിനെ കാണാൻ എന്ന പേരിൽ ഹസ്തിനപുരം അന്തഃപുരത്തിൽ നുഴഞ്ഞു കയറി നിഷ്കളങ്കകളായ കൗരവവധുക്കളിൽ നിന്നു ദാമ്പത്യരഹസ്യം ചോർത്തി കൊട്ടാരം ലേഖികക്കു് കൈമാറ്റം ചെയ്തു രാഷ്ട്രീയം കളിക്കുന്ന കൊച്ചു കറുമ്പി? നോക്കട്ടെ, ഒരുനാൾ നിന്നെ കൗരവ അടിമയാക്കി ചിലതൊക്കെ ചെയ്യിക്കാൻ എനിക്കു പറ്റുമോ എന്നു്”, കുലീന സന്ദർശകയെ യാത്രയാക്കാൻ ഉപചാരം പൂർവം കൂടെ നടക്കുമ്പോൾ ദുര്യോധനൻ പിറുപിറുത്തു.

“എന്റെ മകനെ കൊന്നു ചോരയൂറ്റിക്കുടിച്ചു ശരീരം നീ വലിച്ചു കീറി വേർപെടുത്തി അല്ലെ ഭീമാ?” ചിന്നിച്ചിതറിയ കൗരവ ജഡം നോക്കി കൺകെട്ടില്ലാത്ത ഗാന്ധാരി വിതുമ്പി.

“നിന്നനിൽപ്പിൽ പാഞ്ചാലി ശപഥം ചെയ്താൽ എനിക്കു വേറെ തരമുണ്ടോ വലിയമ്മാ? പൂചൂടാൻ കൊടുംകാട്ടിലെ കല്യാണസൗഗന്ധികമായാലും, മുടിയിൽ തേക്കാൻ കൌരവ കരളിലെ ചുടു ചോരയായാലും അവൾ ചോദിച്ചതു് കൊണ്ടു വന്നു കൊടുത്തല്ലേ പറ്റൂ”, ഭീമൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഇളകി മറിഞ്ഞു.

2016-07-08

“ശുദ്ധജലസ്രോതസ്സുകളിൽ ജൈവമാലിന്യസാന്നിധ്യം കണ്ടെത്തിയ വിവരം ദുര്യോധനനെ അറിയിച്ചു. വിദഗ്ധ സംഘം ഉടൻ അന്വേഷണത്തിനു വരുമെന്നാണു് കേട്ടതു്” മുതിർന്ന ആശ്രമ അന്തേവാസി ‘ഹസ്തിനപുരി പത്രിക’യോടു് പറഞ്ഞു.

“നിങ്ങൾക്കൊക്കെ തന്നെ ‘വിദഗ്ദമായി’ സംസ്കരിച്ചുകൂടെ നിങ്ങളുടെ തന്നെ ഈ ജൈവവിസർജ്യം. ഇതിനൊക്കെ ദൂരെ ദൂരെ ഹസ്തിനപുരിയിൽ നിന്നു് ദുര്യോധനൻ വരണോ?” കൊട്ടാരം ലേഖിക രോഷം നിയന്ത്രിച്ചു.

“അടിമപാഞ്ചാലി ചെയ്യേണ്ട ജോലി ഞങ്ങൾ സന്യസ്ഥാശ്രമ അന്തേവാസികൾ ചെയ്താൽ പിന്നെ കുരുവംശത്തിൽ തൊഴിൽവിഭജനത്തിന്റെ പൊരുൾ എന്തു്? ഞങ്ങളുടെ ജൈവമാലിന്യം രാഷ്ട്രത്തിന്റെ ആത്മീയ സ്വത്താണു് എന്ന തിരിച്ചറിവിലല്ലേ അതു് നിത്യവും സുരക്ഷിതമായി സംസ്കരിക്കേണ്ടതു്, വനവാസശിക്ഷ അനുഭവിക്കുന്ന കൗരവഅടിമയാണു് എന്ന രാജകൽപ്പന? കൂടുതൽ വാദത്തിനു വന്നാൽ, ആർക്കറിയാം നിങ്ങളും അടിമയാവും” അന്തേവാസി താക്കീതു് ചെയ്തു.

“നിന്നു് തിരിയാൻ ഇടമില്ലാത്ത ഈ വനാശ്രമത്തിൽ, ഇവരഞ്ചുപേർ രാവുപകൽ ഇവിടെ ചടഞ്ഞു കൂടുമ്പോൾ, മടുപ്പു് തോന്നാറില്ലേ. എങ്ങനെ കൈകാര്യം ചെയ്യും ഗാർഹിക വിരസത?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഇതാ ഇന്നു് ഭീമനു പണി കിട്ടി. പെട്ടെന്നു് തോന്നിയ ഒരു പൂവിന്റെ പേർ പറഞ്ഞു് അതും കൊണ്ടു് ഇനി തിരിച്ചു വന്നാൽ മതി എന്നു ഞാൻ ചൂണ്ടു വിരൽ ചുണ്ടിൽ വച്ചു ഓർമ്മിപ്പിച്ചു. ഇനി ആ മന്ദബുദ്ധി കാടിളക്കി വേരോടെ ചെടി പറിച്ചു കൊണ്ടു് വരുമ്പോഴേക്കും ദിവസങ്ങൾ കുറെ കഴിയും”, അവളെ പ്രീതിപ്പെടുത്താൻ ഓരോ വഴിക്കു് രാവിലെ തന്നെ പാണ്ഡവർ പടിയിറങ്ങി പോയിരുന്നെങ്കിലും, പാഞ്ചാലി നന്നേ തിരക്കിലായിരുന്നു മനസ്സിനകത്തും വീട്ടിനു പുറത്തും.

2016-07-09

“വളഞ്ഞു പുളഞ്ഞു പോവുന്ന മലമ്പാതകളിലൂടെ, എത്തും പിടിയുമില്ലാതെ, കൂട്ടിനു ആരുമില്ലാതെ, രാവിലെ മുതൽ വലിഞ്ഞു നടന്നിട്ടും വഴി തെറ്റാതെ നിന്നെ കണ്ടെത്താനായതു കൊണ്ടു് ശവസംസ്കാരം ചെയ്യാൻ നമുക്കൊത്തു”, മനുഷ്യസ്പർശമേൽക്കാതെ ഒഴുകിയ നീർച്ചാലിൽ കുളിച്ചു കരകയറുമ്പോൾ യുദ്ധകാര്യ ലേഖകൻ പറഞ്ഞു.

“ഇന്ദ്രപ്രസ്ഥം മഹാറാണിയുടെ പെണ്ണുടൽ തീയിൽ കത്തി തീരുന്നതിനു നാം അങ്ങനെ സാക്ഷിയായി എന്നതു് വസ്തുത തന്നെ, എന്നാൽ അസ്വസ്ഥമായ ആ പെൺമനം എവിടെ പോയി?”, കത്തിത്തീർന്നിരുന്ന ചിതക്കരികെ ഇത്രനേരവും കൈകെട്ടി നിന്ന കൊട്ടാരം ലേഖിക മന്ത്രിച്ചു. അന്തിവെയിൽ അൽപ്പസമയം കഥാവശേഷയായ പാഞ്ചാലിയുടെ അന്ത്യവിശ്രമസ്ഥലത്തു് മിന്നി മറഞ്ഞു പിന്നെ അന്ധകാരം ആ ഹിമാലയ താഴ്‌വരയിൽ പടർന്നു.

“തേച്ചു മിനുക്കിയ പാണ്ഡവ അരമനക്കു് മുന്നിൽ എന്താ കൊട്ടിപ്പാടി കൗരവരാജവിധവകളുടെ യാചനാസമരം?”, കൊട്ടാരം ലേഖിക കൗതുകത്തോടെ ചോദിച്ചു.

“നിലവിൽ ഭരണകൂടത്തിന്റെ ഭാഗമല്ലാതായി മാറിയ കൌരവരുടെ അരമനകളിൽ നിന്നു് നൂറോളം രാജവിധവകളെ കുടിയൊഴിപ്പിക്കാൻ പുതിയ ചക്രവർത്തി എന്ന നിലയിൽ യുധിഷ്ഠിരൻ വിജ്ഞാപനം ഇറക്കിയതു നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ കൊടുത്ത വിധമാണു് പ്രശ്നമായതു്. ആരുടെയൊക്കെയോ ദുഷ്പ്രേരണയിൽ ഈ കുരുക്ഷേത്രവിധവകൾ നടത്തിവന്ന നാമജപസമരത്തിനു് കാര്യമായ പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ, ഞങ്ങളുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ ഒരു യാചനനാടകം നടത്താൻ ചാർവാകന്റെ കുത്തിത്തിരുപ്പു്. കാശിയിലെ വൃദ്ധമന്ദിരത്തിൽ സൗജന്യ താമസം എന്നിട്ടുംനൂറു പേർക്കും ഭരണകൂടം ഉറപ്പു കൊടുത്തു.”

“കുടിയൊഴിഞ്ഞ ഈ നൂറു കൊട്ടാരങ്ങൾ അപ്പോൾ എന്തു ചെയ്യും?”

“യുദ്ധസ്മാരകം ആക്കും. യുഗസംക്രമണമല്ലേ? ഭാവിയോടു നമുക്കു് പലതും പറയാനില്ലേ? നിക്ഷിപ്ത താൽപ്പര്യമുള്ള വ്യാസനു എല്ലാം അങ്ങനെ തുറന്നു പറയാൻ ആവുമോ?” ഭരണകൂട മുഖ്യവക്താവു് നകുലന്റെ ശബ്ദത്തിൽ നേരിയ അക്ഷമ കലർന്നു.

2016-07-10

“ഭർത്താക്കന്മാരെ പ്രതിസ്ഥാനത്തു് നിർത്തി പൊരിപ്പിക്കുന്നു എന്നാണു കരുതിയതു്. ആ സ്വരം പക്ഷെ പഴി പറയുന്ന പോലെ ആയിരുന്നില്ല. പാണ്ഡവസഹവാസം തുടർച്ചയായുണ്ടായിരുന്ന ഇന്ദ്രപ്രസ്ഥം വർഷങ്ങളിൽ ജനിച്ച അഞ്ചു ആണ്‍കുട്ടികൾ ആയുധാഭ്യാസം നടത്തുന്നതു് എവിടെ എന്നു് പറഞ്ഞില്ല. ആരുടെ കൂടെ എന്നും”, കൊട്ടാരം ലേഖിക, തോണിയാത്രയിലെ കൂട്ടുകാരനോടു് പറഞ്ഞു.

തോണി തുഴഞ്ഞ, സത്യവതിയെ പോലെ പോലെ ഒരു സുന്ദരി കൂട്ടുകാരന്റെ ശ്രദ്ധയാകർഷിച്ചതു് അവളെ അസ്വസ്ഥയാക്കി.

“പരമരഹസ്യമാക്കേണ്ട കാര്യം?”

“ഇനിയാണു് പാഞ്ചാലിയുടെ മനഃപൂർവ്വം എന്നു് പോലും സംശയിക്കേണ്ട ദ്വയാർത്ഥ ദുസ്സൂചന. ഇന്ദ്രപ്രസ്ഥം മഹാറാണി ആയിരിക്കെ ജനിച്ച എന്നേ പറയുന്നുള്ളൂ. പിതൃത്വം പൂർണമായോ ഭാഗികമായോ പഞ്ചപാണ്ഡവരിൽ ആരോപിക്കുന്നു എന്നോ, സംഗതി വിവാഹബാഹ്യമാണെന്നോ, കൃത്യമായി ബീജദാതാക്കൾ ആരെന്നോ വിരൽ ചൂണ്ടി എണ്ണി എണ്ണി പറയുന്നില്ല.”

2016-07-11

“ഗാർഹസ്ഥ്യ ഭൌതികതയിൽ നിന്നിത്രമാത്രം കുത്തൊഴുക്കു് വനാന്തരത്തിലെ സന്യസ്ഥാശ്രമങ്ങളിലേക്കു് കഴിഞ്ഞ രണ്ടു വർഷം ഉണ്ടായതിനെ കുറിച്ചു് എന്താണു് കൗരവഭരണകൂടത്തിന്റെ സാമൂഹ്യസുരക്ഷവിഭാഗം ചുമതല വഹിക്കുന്ന താങ്കളുടെ വിലയിരുത്തൽ?”, തക്ഷശില സർവകലാശാലയിൽ നിന്നു ഹസ്തിനപുരിയിൽ ഇന്നു് രാവിലെ എത്തിയ രാഷ്ട്രമീമാംസ വിദ്യാർത്ഥിസംഘം ദുര്യോധനനോടു ചോദിക്കുന്നതു് കൊട്ടാരം ലേഖിക മാറി നിന്നു് കണ്ടു.

“വ്യക്തമല്ലേ? ശൗചാലയം ഇല്ലാത്ത നിങ്ങൾ ഇവിടെ താമസിക്കുമ്പോൾ ഗാർഹിക ജൈവമാലിന്യം നിത്യവും സ്വയം ചുമന്നു ഗംഗയിൽ തള്ളണം. വനാന്തരത്തിലെ ആശ്രമ അന്തേവാസി ആയാൽ, ഭർത്താക്കൻമാർ ചൂതു് കളിക്കാൻ പണയം വച്ച ഒരു കൗരവ അടിമപ്പെണ്‍ നിത്യവും വന്നു സംഗതി കാര്യക്ഷമമായി പൊക്കി ദൂരെ ദൂരെ കൊണ്ടുപോയി ആരോരുമറിയാതെ കാര്യക്ഷമമായി കുഴിച്ചു മൂടും”, ദുര്യോധനൻ ചൂണ്ടുവിരൽ വടക്കു ദ്വൈതവനത്തിലേക്കു് നീട്ടി.

2016-07-12

“യുദ്ധം ജയിച്ചു ചെങ്കോൽ നേടാൻ പരിക്കേൽക്കാതെ എത്തിയ പാണ്ഡവരെ സ്വാഗതം ചെയ്യാൻ ദുര്യോധനവിധവ പൂക്കളുമായി നിന്നതു് എന്തുകൊണ്ടു് എന്നു് ചോദിക്കാൻ മാത്രം നാം പത്ര പ്രവർത്തകർ നിഷ്കളങ്കരല്ല എന്നറിയാം, പക്ഷെ പൂ വാങ്ങി പുഞ്ചിരിച്ച യുധിഷ്ഠിരന്റെ ചെവിയിൽ അവൾ എന്തോ മന്ത്രിച്ചതു്, അതെന്തായിരുന്നു? അടുത്തു് ചെവി കൂർപ്പിച്ചു നീ നിൽക്കുന്നതു് കണ്ടു” യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“നിങ്ങൾ അഞ്ചുപേരും കുരുക്ഷേത്രയിൽ നിന്നു ഓടി രക്ഷപ്പെടാൻ വേണ്ടിയാണോ പാഞ്ചാലിയുടെ മക്കൾ അഞ്ചു പേരെയും അശ്വത്താമാവിനു കൃഷ്ണൻ ബലി കൊടുത്തതു് അല്ലെ?” കൊട്ടാരം ലേഖിക ചെവിയിൽ വിരൽ തട്ടി ഓർത്തു് പൂരിപ്പിച്ചു.

“ഇന്ദ്രപ്രസ്ഥത്തിൽ വളർത്താൻ തോഴിമാരും പഠിപ്പിക്കാൻ ഗുരുകുലവും മറ്റു അടിസ്ഥാന സൗകര്യവുമുണ്ടായിട്ടും, അഞ്ചു ആൺ കുട്ടികളെ പാഞ്ചാലയിൽ കൊണ്ടു പോയി പാർപ്പിക്കാൻ എന്തായിരുന്നു പ്രകോപനം, അഥവാ പ്രചോദനം?”, കൊട്ടാരം ലേഖിക ചക്രവർത്തിയോടു് ചോദിച്ചു. ഹസ്തിനപുരിയിലേക്കു ചൂതു് കളിക്കാൻ തയ്യാറെടുക്കുകയിരുന്നു പാണ്ഡവർ.

“അനാഥകുട്ടികൾ എന്നു വിളിച്ചു പാഞ്ചാലി അവരെ ഞങ്ങൾക്കു് മുമ്പിൽ നിർത്തി ദ്രോഹിക്കും. ഞങ്ങൾ വൈകാരികമായി ഇടപെട്ടാൽ, തുറിച്ചു നോക്കി അവൾ ഞങ്ങളെ നിശ്ശബ്ദരാക്കും.” വിഷണ്ണനായിരുന്നു അപ്പോൾ യുധിഷ്ഠിരൻ.

2016-07-13

“വലിച്ചിഴച്ചു കൊണ്ടു വന്നു ബലം പ്രയോഗിച്ചു വസ്ത്രമഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ എതിർത്ത പാഞ്ചാലിയുടെ മടിക്കുത്തിൽ കയറി പിടിച്ചു” “നിന്റെ മാസമുറ തെറ്റിക്കാൻ എനിക്കിന്നും കഴിയും” എന്നു നിങ്ങൾ ആഭാസകരമായ ശരീരഭാഷയിലൂടെ പ്രലോഭിപ്പിച്ചു എന്നാണു് ചാർവാകൻ ഇന്നു് ഹസ്തിനപുരി പത്രികയോടു പറഞ്ഞതു്. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. ചൂതു് കളിയിൽ അലങ്കോലപ്പെട്ട രാജസഭ സ്വയം വെള്ളമൊഴിച്ചു ചൂലുകൊണ്ടു ശ്രദ്ധയോടെ കഴുകി വൃത്തിയാക്കുകയായിരുന്നു ഇടിമിന്നി മഴ പെയ്യുന്ന ആ വൈകിയ രാത്രിയിലും കൗരവൻ.

“ജനബാഹുല്യം കൊണ്ടു നിന്നു നിവരാൻ ഇടമില്ലാത്ത രാജ്യസഭയിൽ വന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ഉപചാരപൂർവം, “ഇങ്ങനെ നിന്നു നടുകടയാതെ പട്ടുവിരിച്ച എന്റെ തുടയിൽ ഇരിപ്പിടം കണ്ടെത്തൂ” എന്നു മാനുഷികതയോടെ പറഞ്ഞതാണോ, ജ്ഞാനനിർമ്മിതിക്കു് വേണ്ടി ഭാര്യയെയും കുട്ടികളെയും പലപ്പോഴും പാതി പട്ടിണിക്കിടുന്ന ആ ബ്രാഹ്മണ യുക്തിവാദി മലിനപ്പെടുത്തുന്നതു്?”

2016-07-14

“നേരമിരുട്ടുമ്പോഴാണോ ചൂടിക്കട്ടിലിരുന്നു കയറിന്റെ ബലം പരീക്ഷിക്കുന്നതു്? നാളെ നന്നേ രാവിലെ പണിയുണ്ടോ?” കൊട്ടാരം ലേഖിക വൃദ്ധ കൃഷിക്കാരനോടു് ചോദിച്ചു. ഗംഗാസമതലത്തിലെ ഗ്രാമത്തിൽ പുറംവാതിലുകൾ അടഞ്ഞു കിടന്ന ആ ഇടത്തരം ഗൃഹം, പക്ഷെ, ഇരുട്ടിൽ എന്തോ അമംഗളകരമായ വിധത്തിൽ നിശബ്ദമായിരുന്നു.

“നിങ്ങൾ ആരാണു് എന്നെനിക്കറിഞ്ഞു കൂടാ, കണ്ടാൽ ഒരു യക്ഷിക്കുട്ടിയുടെ സൗന്ദര്യമുണ്ടു്. ഈ കയർ? ഇതു കാർഷികാവശ്യത്തിനല്ല, എന്റെ ജീവനൊടുക്കാൻ മക്കൾ കുറച്ചു മുമ്പു് തന്നതാണു്. യാത്രാമൊഴി പറഞ്ഞവർ നേരത്തെ കിടന്നു. കർഷകാൽമഹത്യക്കു നഷ്ടപരിഹാരമായി വിധവക്കും മക്കൾക്കും ഭരണകൂടം സാമ്പത്തിക പരിരക്ഷ നൽകും എന്നു ദുര്യോധനൻ പറഞ്ഞതു്, ആവർത്തനച്ചെലവിനു നാണ്യക്ഷാമം നേരിടുന്ന കൊച്ചുമക്കൾ ഒരു സാധ്യതയായി കണ്ടു. ഭരണകൂടസഹായത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നും നിങ്ങൾ, പ്രിയ യക്ഷിക്കുട്ടീ, നാളെ ഗ്രാമപ്രധാനു മുമ്പിൽ മൊഴി കൊടുക്കരുതു്.” കർഷകൻ കയർ, ഒരു വരണ മാലയായി കഴുത്തിലണിഞ്ഞു തല താഴ്ത്തി കൈകൂപ്പി.

“അഞ്ചു ആരോഗ്യമുള്ള ആണുങ്ങൾ എന്ന അനിഷേധ്യമായ ദാമ്പത്യാവസ്ഥയെ, ചോരയും നീരുമുള്ള നിങ്ങളുടെ പെണ്ണുടൽ എങ്ങനെ ആദ്യരാത്രി മുതൽ കണ്ടു?” കൊട്ടാരം ലേഖിക ചോദിച്ചു. അഞ്ചു പേരും ഇല്ലാത്ത വനാശ്രമത്തിൽ അൽപ്പവസ്ത്രയായി ശരീരത്തിൽ സുഗന്ധ തൈലം തേച്ചു ഒരു പ്രണയകാവ്യം പോലെ പാഞ്ചാലി തോന്നിയ വസന്തകാല പ്രഭാതം.

“ഭയപ്പാടോടെ. രണ്ടു കൂട്ടുകാർ ആനന്ദരതിക്കുത്തമം എന്നു കരുതിയാൽ പോലും, അതിൽ കൂടുതലുണ്ടായാൽ ആൾക്കൂട്ടമാവും എന്നു എന്റെയല്ലാത്ത കാരണങ്ങളാൽ വന്നു ചേർന്ന ഈ ബഹുഭർത്തൃത്വ ദാമ്പത്യം എന്നെ കഠിനമുറയിൽ പഠിപ്പിച്ചു. നാലു പേരെ വിശ്വാസ്യജനകമായ ജോലിഎന്തെങ്കിലും കൗശലപൂർവ്വം ഏൽപ്പിച്ചു വേണം അഞ്ചാമനായി അന്തിയുറങ്ങാൻ എന്ന സാഹചര്യത്തിലെങ്ങനെ ഊഞ്ഞാലാടും നിങ്ങളുടെ കരളിൽ കാമന?”

2016-07-15

“കൊട്ടാരസമുച്ചയത്തിലെ സ്വകാര്യവണക്കമന്ദിരത്തിൽ കൗരവരാജവിധവകൾ സുരക്ഷിത സൂക്ഷിപ്പിനു് മുഖ്യ പുരോഹിതനെ എല്പിച്ചിരുന്ന ദുര്യോധനന്റെ തിരുശേഷിപ്പുകൾ കളവു പോയ വാർത്തയാണിന്നു ഹസ്തിനപുരി പൂക്കാര തെരുവിൽ സ്ത്രീകൾ അടക്കിപ്പിടിച്ചു സംസാരിക്കുന്നതു്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ പോയിരുന്ന ഗാന്ധാരി, തോഴിവഴി പെറുക്കിയെടുത്ത മകന്റെ ചില അഴുകാത്ത ശരീരഭാഗങ്ങൾ പട്ടിൽ പൊതിഞ്ഞു രഹസ്യമായി ദേവാലയപുരോഹിതനെ ഏൽപ്പിച്ചതായിരുന്നു ഓർമപ്പെരുനാളിനു പ്രദർശനത്തിനു വക്കാൻ.” കൊട്ടാരം ലേഖിക കൂട്ടുകാരനോടു് പറഞ്ഞു. സന്ധ്യ. ജാലകത്തിലൂടെ ജനനിബിഢമായ കച്ചവടത്തെരുവു്.

“യുദ്ധാനന്തര വിജയനിർവൃതിയിലും ചാരവകുപ്പു മേധാവി നകുലന്റെ നുഴഞ്ഞുകയറ്റങ്ങൾ എത്രവരെ പോകുമെന്നു് ഇതോടെ നീ കണ്ടല്ലോ. ശവത്തിൽ കുത്തുക എന്നു് നമ്മളൊക്കെ പറയുന്ന ഒന്നല്ലേ ചത്തിട്ടും ദഹിപ്പിച്ചിട്ടും ചാവാത്ത ധീരയോദ്ധാവിന്റെ ശവഭാഗമോഷണം;” യുദ്ധകാര്യലേഖകൻ കൂട്ടുകാരിയോടു് പരാതിസ്വരത്തിൽ മുഖം വാട്ടി.

“നിങ്ങൾ എന്നെ പ്രശംസിക്കുമ്പോൾ മുഖഭാവം വിനീതമായിരിക്കണം. അല്ലെങ്കിൽ ഇനി അഭിമുഖം ഉണ്ടാവില്ല”, ഓർക്കുന്നുണ്ടല്ലോ, ആദ്യദിനം എന്നെ കുടഞ്ഞു. അന്നു് താങ്കൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന നിലയിൽ, വിരുന്നിനു വന്ന ദുര്യോധനൻ വഴുക്കി വീണതു കണ്ടു് ഒച്ച വച്ചു് ചിരിച്ചതിനു, ആരാധകരുടെ അഭിനന്ദനം ക്ഷമയോടെ സ്വീകരിക്കുകയായിരുന്നു.”, കൊട്ടാരം ലേഖിക പുഞ്ചിരിച്ചു.

“ആശ്രമവാസികളുടെ ജൈവമാലിന്യം സംസ്കരിച്ചു തളർന്നു വരുന്ന ഈ കൗരവഅടിമപ്പെണ്ണിന്റെ മുമ്പിൽ നാണമില്ലാതെ മുട്ടുകുത്തി, കൈ മുത്തുന്ന പത്രപ്രവർത്തകയെ എന്തു് പാണ്ഡവദാമ്പത്യരഹസ്യങ്ങൾ വെളിപ്പെടുത്തി വേണം ഹസ്തിനപുരിയിൽ നിന്നുള്ള ഈ നീണ്ട യാത്രയുടെ വാർത്താ മൂല്യം ഞാൻ ഉറപ്പു വരുത്താൻ”, കുളിക്കാൻ അരുവിയിലേക്കു് നീങ്ങുമ്പോൾ അലസമായി പാഞ്ചാലി ചോദിച്ചു.

2016-07-16

“പ്രതിരോധ മന്ത്രാലയത്തിൽ ജാഗ്രതക്കുറവുണ്ടോ? വിമത പട്ടാളവിഭാഗം അതിർത്തി കൊട്ടിയടച്ചു വഴിനീളെ പാണ്ഡവപതാകകൾ പറപ്പിക്കുന്ന എന്നു ഇടവഴികളിലൂടെ നുഴഞ്ഞെത്തിയ വ്യാപാരികൾ ഹസ്തിനപുരി കുതിരപ്പന്തികളിൽ അടക്കിപ്പിടിച്ചു പറയുന്നുണ്ടല്ലോ” കിതച്ചു വന്ന കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“അതൊരു പതിവു് സൈനിക അഭ്യാസം മാത്രം. നേതൃത്വം കൊടുത്ത “വിമത” സൈനികമേധാവി മരിച്ച നിലയിൽ കാണപ്പെട്ടതിനെ കുറിച്ചു പിതാമഹൻ ഇഴ പിരിച്ചന്വേഷിച്ചു ജനങ്ങൾക്കു് സുതാര്യ വിവരലഭ്യത ഉറപ്പാക്കും.”, കോട്ടക്കു് ചുറ്റുമുള്ള വെള്ളം നിറഞ്ഞ തോട്ടിൽ ചീങ്കണ്ണികൾക്കു വെള്ള മുയലുകളെ തീറ്റയ്ക്കിട്ടു കൊടുക്കുകയായിരുന്നു പ്രസന്നവദനനായ ദുര്യോധനൻ.

“ഈ വാർത്ത ‘ഹസ്തിനപുരി പത്രിക’യിൽ കൊടുക്കാമോ? കൊട്ടാരസമുച്ചയത്തിൽ എനിക്കു ഉടൻ ആഡംബരവസതി അനുവദിക്കാമെന്നു അത്യുന്നതതലത്തിൽ നിന്നു നേരിട്ടു് ഉറപ്പുണ്ടു്”, കൊട്ടാരം ലേഖിക പത്രാധിപരോടു്.

“ഹസ്തിനപുരിയുടെ മലയോരമേഖലയിൽ പാണ്ഡവശല്യം രൂക്ഷമായി അതോടെ ദുരിതമയമായി കർഷകജീവിതം. വളർത്തുമൃഗങ്ങളെ തട്ടിക്കൊണ്ടുപോയി തൊലിയുരിച്ചു തിന്നു അറവു് മാലിന്യം ജലാശയങ്ങളിൽ എറിഞ്ഞു പാണ്ഡവർ ആവുന്നത്ര പീഢിപ്പിക്കുകയാണു് ദുര്യോധനാനുകൂലികളായ ഗ്രാമീണരെ. മൃഗമോഷണം തരപ്പെട്ടില്ലെങ്കിൽ വിളനാശം അവർ വിനോദമാക്കും. വിവാഹപ്രായമെത്തിയ പെൺകുട്ടികളെ തട്ടിയെടുത്തു് വേഷം മാറ്റി, കൗരവനന്മക്കു വേണ്ടി യാഗം ചെയ്യുന്ന മുനിമാരുടെ ഏകാഗ്രത തടസ്സപ്പെടുത്താൻ ലൈംഗിക അടിമകളാക്കുന്നു എന്നും ഊഹാപോഹമുണ്ടു്. കൗരവ സൈന്യം ഗ്രാമത്തിൽ എത്രയും വേഗം വന്നു ശാന്തി പുനഃസ്ഥാപിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണു് ഗ്രാമപ്രധാൻ.”

“രാജസഭയിൽ വരുമ്പോഴെല്ലാം കാണാം, നിങ്ങളും വിദുരരും അടുത്തടുത്തു്. കൃത്യമായും നിങ്ങൾ തമ്മിൽ എന്താ ബന്ധം? ആദ്യ ജോലിദിവസം അങ്ങനെയാണു് ഞാൻ ഭീഷ്മരോടു് കുശലം ചോദിച്ചതു്.”

“കാരണവർ എന്തു മറുപടി പറഞ്ഞു എന്നു് ചോദിക്കുന്നില്ല. എങ്ങനെ പറഞ്ഞു എന്നു് മാത്രം ഇപ്പോൾ പറയൂ.”

“ഇരുകൈ വിരലുകൾ അങ്ങോട്ടും ഇങ്ങോട്ടും വേഗം വേഗം ചൂണ്ടിയും, കണ്ണു് വെട്ടിച്ചും പിതാമഹൻ ആ തിരക്കൊഴിയാത്ത രാജസഭയിൽ നിവർന്നു് നിന്നു കൊണ്ടു് പറഞ്ഞതോർമ്മിക്കുന്നു, എന്റെ അച്ഛൻ ശാന്തനുവുണ്ടല്ലോ ശന്തനു, ശന്തനുവിന്റെ രണ്ടാം ഭാര്യ മഹാറാണി സത്യവതിയുടെ രണ്ടു യുവ പുത്രവിധവകളിൽ ജന്മം നല്കാൻ, സത്യവതിയുടെ വിവാഹപൂർവ രതിബന്ധത്തിൽ ജനിച്ച വ്യാസനു ശരീരബന്ധമുണ്ടായത്തിനു ശേഷം, തുടർന്നും ഒരു ശൂദ്ര തോഴിയിൽ സാന്ദർഭികമായും ആകസ്മികമായും ആനന്ദകരമായും സംഭവിച്ച സന്താനം ആകുന്നു വിദുരർ. ആ ‘തുടർന്നും’ എന്നു് ഭീഷ്മർ, മുഖഭാവങ്ങൾ കൊണ്ടു് ഉച്ചരിച്ച വിധം, അതേ അതായിരുന്നു അഭിമുഖത്തിലെ സ്മരണീയമായ ദൃശ്യകല.”

2016-07-17

“യുദ്ധം ജയിച്ചു കൊട്ടാരത്തിൽ നിത്യവും കുഞ്ഞാടിൻ ചുടുചോര മൊത്തിക്കുടിക്കുമ്പോഴും എന്താ മുഖത്തൊരു വാട്ടം?” കൊട്ടാരം ലേഖിക ഊട്ടുപുരയിൽ ഭീമനെ നേരിട്ടു.

“പഴയ ഭരണകൂടത്തിന്റെ നേതാക്കൾ ആരുമില്ല പ്രതിക്കൂട്ടിൽ നിർത്തി ഞങ്ങൾക്കൊന്നു പൊരിക്കാൻ. ആകെ മടങ്ങി വന്നതു് കൃപാചാര്യൻ, അതും ഞങ്ങളെ ആദ്യാക്ഷരം പഠിപ്പിച്ച ദരിദ്ര ബ്രാഹ്മണൻ. എന്നിട്ടും യുധിഷ്ഠിരൻ അയാളിൽ നിന്നു് മൊഴിയെടുത്തു. പോരെന്നു തോന്നിയപ്പോൾ ഞാൻ ചോദ്യം ചെയ്തു നോക്കി. പരിപൂർണസ്മൃതിനാശം”, ഭീമൻ ഒരു കുഞ്ഞാടിനെ കൂടെ ചാടിക്കയറിപ്പിടിച്ചു് കഴുത്തിൽ കടിച്ചു ചോര നേരെ വായിലേക്കൊഴിച്ചു. ‘.

“പഞ്ചപാണ്ഡവർക്കിടയിലെ കിടമത്സരം കിടപ്പറയിലെ സ്വകാര്യതയിൽ പ്രകടമാവുമ്പോൾ നിങ്ങൾ എങ്ങനെ കൗശലപൂർവ്വം പ്രശ്നം കൈകാര്യം ചെയ്തു?”

“മറ്റു് നാലു ഭർത്താക്കന്മാരോടു് നിങ്ങളെ പറ്റി സംസാരിക്കാറില്ലാത്തതു് പോലെ, അവരെ പറ്റി നിങ്ങളോടും സംസാരിക്കുകയില്ല എന്നു് രതിലീലക്കിടയിൽ മന്ത്രിച്ചു. വിവേകമുദിച്ച അവർ അന്നു് വെട്ടി വീഴ്ത്തി ജിജ്ഞാസയുടെ ആ നീണ്ട നാവുമരം.”

കിടപ്പറ തുടച്ചു വൃത്തിയാക്കുന്നതിന്നിടയിൽ കാര്യക്ഷമതയുള്ള സേവനദാതാവിനെ പോലെ പാഞ്ചാലി പറഞ്ഞു.

“മനഃസ്സാക്ഷി പ്രതിക്കൂട്ടിൽ ഒറ്റക്കാലിൽ നിർത്തി ഇന്നലെ എന്നെ വിസ്തരിച്ചു. വിശദീകരണത്തിനു് ചെവി തന്ന ശേഷം മാത്രം എഴുതി വിധി”, ദുര്യോധനൻ ഒഴിഞ്ഞു മാറാതെ കൊട്ടാരം ലേഖികക്കു് പിടി കൊടുത്തു. യുദ്ധ മേഘങ്ങൾ നിറഞ്ഞ ഹസ്തിനപുരി ആകാശം. ശീതകാലം.

“കുറ്റവാളിക്കു് എന്തു കിട്ടി ശിക്ഷ?”

“പാണ്ഡവരുടെ അന്യായമായ സാമ്രാജ്യമോഹത്തിനു് നീ വെറുമൊരു ഇര” എന്നാണു് കുറ്റവിമുക്തനാക്കും മുമ്പു് ന്യായാധിപൻ നിരീക്ഷിച്ചതു്. ധൃതിയുണ്ടു്. സർവസൈന്യാധിപനെ കണ്ടെത്തണം, ഭീഷ്മരും കർണനും തമ്മിലുള്ള പിണക്കം തീർക്കണം.”

“ആ പിണക്കം തീർക്കണം എന്ന വാക്കുകളിൽ പിടിച്ചു നാം ഇന്നു് മുഖ്യവാർത്ത നിരത്താം അല്ലെ”, യുദ്ധകാര്യ ലേഖകൻ പത്രാധിപരെ നോക്കി പുഞ്ചിരിച്ചു.

2016-07-18

“അടിയുറച്ച വിശ്വാസരാഹിത്യം, അങ്ങനെയാണോ നിങ്ങൾ പാണ്ഡവദാമ്പത്യത്തെ രണ്ടു വാക്കിൽ വിശേഷിപ്പിക്കുക?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ഒറ്റക്കോ കൂട്ടായോ എന്നെ അവർ പിണക്കിയാൽ, ഊട്ടുപുര പുറത്തു നിന്നും കിടപ്പറ അകത്തു നിന്നും താഴിട്ടു ഞാൻ പൂട്ടി”, മൃദുവായി ഓരോ വാക്കും പാഞ്ചാലി മുത്തു മണി പോലെ നിലത്തുരുളാൻ വിട്ടു.

“കണ്ണുകൾ തുറന്നിടാണോ,അതോ എന്നും കെട്ടി വെക്കണോ ഇതൊക്കെ നിങ്ങൾ ഒരു ദേശീയ പ്രശ്നമായി അവതരിപ്പിക്കുന്നതു് നിർത്തൂ എന്നു ഗാന്ധാരി നിനക്കു പരസ്യമായി അരങ്ങേറ്റ മൈതാനത്തിലെ വിശിഷ്ടാതിഥികൾക്കു് മുമ്പിൽ താക്കീതു തന്നതു് ഒന്നു വേദനിപ്പിച്ചു അല്ലെ?”, യുദ്ധകാര്യ ലേഖകൻ ആശ്വസിപ്പിച്ചു.

“കുരുക്ഷേത്രയിൽ ചിതറിക്കിടന്ന ശരീരഭാഗങ്ങൾ നോക്കി നൂറിൽ പല മക്കളുടെയും ജഡം ശരിയായി തിരിച്ചറിഞ്ഞതു് ഉൾക്കണ്ണിന്റെ ബലം കൊണ്ടായിരിക്കുമോ എന്നു ഞാൻ എഴുതിയതിനു, അധികാരം നഷ്ടപ്പെട്ടു വൃദ്ധസദനത്തിൽ കഴിയുന്ന ഒരു മുൻ മഹാറാണിയുടെ അനിഷ്ടം”, കൊട്ടാരം ലേഖിക പുഞ്ചിരിച്ചു.

2016-07-19

“മൃദുലപദങ്ങൾ ഒഴിവാക്കി തുറന്നു ചോദിക്കട്ടെ, കൃഷ്ണൻ അകത്തു് പ്രവേശിക്കുമ്പോൾ നിങ്ങളഞ്ചുപേർ പാഞ്ചാലിയുടെ മുറിയിൽ നിന്നു് ഉപചാരപൂർവ്വം പുറത്തു കടക്കുമോ?”, കൊട്ടാരം ലേഖിക വഴി വിട്ടു് ചോദിച്ചു. “ജാരൻ എന്ന തർക്കപദവിയിൽ നിന്നവൻ രക്ഷകനായതു് വസ്ത്രാക്ഷേപത്തിലെ മായിക പ്രദർശനം വഴി ആയിരുന്നതു കൊണ്ടു്, ചൂതും പണയവസ്തുവും ഉടുതുണിയും ഒക്കെ പ്രഹസനം ആവാമെന്നു് സംശയിച്ച ആ നാളുകളിൽ നിന്നു് ഞങ്ങൾ, അനാഥപാണ്ഡവർ, താഴെ വീണു. മനുഷ്യ സംവേദനശക്തിക്കാനുപാതികമായി നാഥൻ ഞങ്ങളോടു് സംസാരിക്കുന്നു എന്ന എളിമ ഞങ്ങളെ തുണച്ചപ്പോൾ, പാഞ്ചാലിയുടെ കൂട്ടിനു കൃഷ്ണൻ എന്ന ദാമ്പത്യബാഹ്യആശയം താത്ത്വികമായി അംഗീകരിക്കപ്പെട്ടു. ഇതിൽ കൂടുതൽ പച്ചയായി ഭർത്താക്കന്മാർ എങ്ങനെ കിടപ്പറരഹസ്യം ‘ഹസ്തിനപുരി പത്രിക’യോടു് വെളിപ്പെടുത്തും”, വക്താവു് നകുലൻ ആയിരുന്നു എങ്കിലും, ബാക്കി നാലു പേർ സമ്മതത്തിൽ അരികെ തലചെരിച്ചു നിന്നു.

“മരിക്കാൻ നല്ലൊരു ദിവസം കാത്തു, നീണ്ടു നിവർന്നു ശരശയ്യയിൽ കിടക്കുന്ന പിതാമഹന്റെ ചെവിയിൽ അലക്ഷ്യമായി നിങ്ങൾ പിറുപിറുക്കുന്ന പോലെ കണ്ടു, എന്താ സംഗതി?” ചോദ്യഭാവത്തിൽ കൊട്ടാരം ലേഖിക ചാരവകുപ്പു മേധാവി നകുലനെ നോക്കി.

“കുരുക്ഷേത്രം ഉടനടി യുദ്ധസ്മാരകമാക്കാൻ യുധിഷ്ഠിരൻ ഉദേശിക്കുന്നതു കൊണ്ടു് ജീവൻ വെടിയുന്ന പ്രക്രിയ അനിശ്ചിതമായി നീട്ടാതെ ഇന്നു തന്നെ ഭീഷ്മർ ജന്മം അവസാനിപ്പിക്കണം എന്ന ഭരണകൂടതീരുമാനം ഔദ്യോഗികമായി ഞാൻ വാക്കാൽ അറിയിച്ചു എന്നു മാത്രം.” പിതാമഹന്റെ ശവസംസ്കാര ക്രമീകരണത്തിനു് ഓടി നടക്കുന്നതിന്നിടയിൽ നിർദ്ദയമായ ഔദ്യോഗിക സ്വരത്തിൽ നകുലൻ പറഞ്ഞു.

2016-07-20

“വിവാഹപൂർവസന്തതികളും വിവാഹേതരരതിയും കുരുവംശപ്പെരുമക്കു് അലങ്കാരമായി എന്നു് ഹസ്തിനപുരിയിലെ ധനികവാണിജ്യസമൂഹം ഉദാരമായി കാണുന്നുണ്ടു്. എന്നിരുന്നാലും, അവരെ ചിന്താക്കുഴപ്പത്തിലാക്കുന്നതു്, ദേവരൂപികളായ അഞ്ചുഭർത്താക്കന്മാർ നിങ്ങൾക്കുണ്ടായിട്ടും എന്തിനൊരു കറുത്ത കാമുകൻ? ഒന്നും വേണ്ടായിരുന്നു എന്നു് തോന്നിയോ വല്ലപ്പോഴും?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കൌന്തേയർഎവിടെ, അങ്ങകലെ പടിഞ്ഞാറു് കടലോരവസതിയിൽ എനിക്കായി സുരക്ഷിതത്വത്തിന്റെ ഒരാലില, സത്യഭാമ അറിയാതെ, മറിച്ചിടുന്ന ആ ശ്യാമസുന്ദരൻ എവിടെ.” വനാന്തരത്തിലെ ആശ്രമമുറിയിൽ ശീതകാലസന്ധ്യയുടെ ഭീതിതമായ മൂടുപടം പെട്ടെന്നു് മുഖമടച്ചു വീണു. എന്നിട്ടും പാഞ്ചാലിയുടെ കണ്ണുകൾ തുളുമ്പുന്നതു് കൊട്ടാരം ലേഖികക്കു് ഇരുളിൽ കാണാമായിരുന്നു.

“യുധിഷ്ഠിരന്റെ രാഷ്ട്രീയ കാപട്യത്തിന്നെതിരെ തെരുവു് യോഗങ്ങളിൽ നിത്യവും ആഞ്ഞടിക്കുന്ന ദുര്യോധനവിധവയെ ഹസ്തിനപുരി രാജസഭയിലേക്കു് പ്രത്യേക ക്ഷണിതാവായി ഭരണകൂടത്തിന്റെ രാഷ്ട്രീയ കാര്യാലോചനസമിതി നാമനിർദേശം ചെയ്തെന്നു് ഇന്നു രാവിലെ മുതൽ ഊട്ടുപുരയിൽ ശ്രുതിയുണ്ടല്ലോ. എന്താ കാര്യം?” കൊട്ടാരം ലേഖിക ഞെട്ടലോടെ ചോദിച്ചു.

“നിങ്ങൾ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ടു്. ദുര്യോധനവിധവ എന്ന വ്യക്തിഗത നിലക്കല്ല, മൊത്തം കുരുക്ഷേത്രവിധവകളുടെ ദേശീയ സംഘടനാനേതാവു് എന്ന നിലയിലാണു് പരിഗണന. നേതൃസ്ഥാനം ഇന്നു് അവർ മാറിയാൽ, അല്ലെങ്കിൽ ഒഴിഞ്ഞാൽ, ആ “പ്രത്യേക ക്ഷണിതാവു്” എന്ന പദവിക്കും ഉടൻ വരും സ്ഥാനചലനം”, ഔദ്യോഗിക വക്താവു് നകുലൻ പറഞ്ഞു. രാജസഭയുടെ സമ്മേളനത്തിൽ ഭരണകൂടം സ്വീകരിക്കേണ്ട തന്ത്രം മെനയുന്ന ഉന്നതതല സമിതിയുടെ അടിയന്തര യോഗത്തിലേക്കു് പോവുന്ന തിരക്കിലായിരുന്നു ചാരവകുപ്പു മേധാവി കൂടിയായ ആ മാദ്രിപുത്രൻ.

“കുരുക്ഷേത്ര വിധവകളുടെ പുനരധിവാസം വൈകിപ്പിച്ചു് അവരെ ബുദ്ധിമുട്ടിക്കുന്നുവോ യുധിഷ്ഠിരൻ എന്ന തർക്കവിഷയം ചർച്ച ചെയ്യുന്ന രാജ്യസഭയിൽ അർജ്ജുനൻ തല കുനിച്ചു ഉറങ്ങുന്നു എന്ന വാർത്ത പെട്ടെന്നു് നാട്ടിൽ പാട്ടായല്ലോ” കൊട്ടാരം ലേഖിക ഭരണകൂടത്തിന്റെ മുഖ്യവക്താവു് നകുലനെ നേരിട്ടു.

“അതിർത്തിയിൽ തുടരുന്ന സംഘർഷം ആരുണ്ടാക്കിയതെന്നു കണ്ടെത്താൻ കുറച്ചു ദിവസമായി ഹിമാലയ താഴ്‌വരയിൽ രാപ്പകൽ വേഷം മാറി നടക്കുകയായിരുന്ന അർജ്ജുനൻ, കൗരവ സ്ത്രീപീഢനത്തിൽ അനുശോചിക്കാൻ രാജ്യസഭയിൽ ജാഗ്രതയോടെ ഇരിക്കുമ്പോൾ കണ്ണിൽ പോയ കരടു് നീക്കാൻ തലയൊന്നു താഴ്ത്തിയതാണോ ഹസ്തിനപുരി പത്രിക ഉറക്കമെന്ന പേരു ചുമത്തി വ്യാജമായി പറഞ്ഞു പ്രചരിപ്പിക്കുന്നതു്? വേറെ പണിയൊന്നുമില്ല നിങ്ങൾ പത്രപ്രവർത്തകർക്കു്?”, നകുലൻ ഒരു കുടം വെള്ളം പുകയിൽ ഒഴിച്ചു കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്നു.

2016-07-21

“അഭിജാതസമൂഹത്തിൽ നിന്നു് പരസ്യമായി അധിക്ഷേപം നേരിട്ടിരുന്ന ഭിന്നലിംഗത്തിന്റെ ദുരവസ്ഥ ലോക മനഃസ്സാക്ഷിയിലേക്കു് സാർത്ഥകമായി എത്തിക്കാൻ, മൂന്നാം ലിംഗക്കാരിക്കു മുമ്പിൽ സ്വന്തം നിരായുധീകരണത്തിലൂടെ പിതാമഹനു് സാധിച്ചു. അടുത്ത എട്ടു ദിവസത്തിനുള്ളിൽ യുദ്ധം ജയിച്ച ഞങ്ങൾ വിജയക്കൊടിയുമായി സമഗ്രലിംഗനയത്തിനു ഭീഷ്മനാമത്തിൽ രൂപം കൊടുക്കും.”, ഗദയോങ്ങിയ കൈ ഒന്നു് ഉയർത്തി കൗരവ രാജകുമാരൻ യുദ്ധകാര്യ ലേഖകനോടു് പറഞ്ഞു.

“രാത്രി ഞാൻ നിലവിളിച്ചതു് നീ കേട്ടിരുന്നോ?”, ഊഴമനുസരിച്ചു് കിടപ്പറയിൽ കിട്ടേണ്ട ഇടം നകുലനു് കൊടുത്ത പാഞ്ചാലിയോടു് പരിഭവം മറയ്ക്കാതെ ഭീമൻ ചോദിച്ചു.

“എന്തോ നിലവിളി കേട്ടു് ഉണർന്നപ്പോൾ നകുലൻ ബലമായി എന്നെ പിടിച്ചു പായിൽ കിടത്തി. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിങ്ങൾക്കു ആർത്തനാദം, കെട്ടിപ്പിടിച്ചു സഹശയനത്തിൽ മറ്റൊരുവനു് അനിയന്ത്രിത ആർമാദം”, ഒരു കെട്ടു വിഴുപ്പുമായി കുന്നിൻ ചുവട്ടിലെ നീരൊഴുക്കിലേക്കു പടി കടന്നു പോവുമ്പോൾ, ഭീമപ്രഹരത്തിൽ തകർന്ന പന്നിയെ തോലുരിക്കുന്ന പാണ്ഡവരെ അവൾ നിന്ദയോടെ നോക്കി.

2016-07-22

“ചെങ്കോൽ അനുഗ്രഹത്തോടെ നിങ്ങൾ കൈമാറിയില്ലെങ്കിലും, അധികാരം അർപ്പണബുദ്ധിയോടെ യുധിഷ്ഠിരൻ പ്രയോഗിച്ചു തുടങ്ങിയല്ലോ. കൗരവരാജവിധവകളെ കൌശലപൂർവം കുടിയൊഴിപ്പിച്ചു് വൃദ്ധസദനങ്ങളിൽ പാർപ്പിക്കാൻ തീരുമാനമായി. ഇനിയെന്താണു് നിങ്ങളുടെ പരിപാടി? കുടിയൊഴിക്കൽ ഭീഷണി നടപ്പിലാകും മുമ്പു് ഭാര്യയുമൊത്തു് വനവാസത്തിനു പോകുന്നോ?”, കൊട്ടാരം ലേഖിക പദവിയൊഴിഞ്ഞ ധൃതരാഷ്ട്രരെ അനുഭാവപൂർവം തോളിൽ തട്ടി.

“ദൈവവിളി കുടിയിറക്കു് എന്തു വെല്ലുവിളിയും എന്തും ഞങ്ങൾ മാതൃകാപരമായി വേണ്ടേ നേരിടാൻ? സാമ്രാജ്യപതികളായി ഭൂമിയിൽ ജനിച്ചുപോയില്ലേ. തിരക്കുണ്ടു് എല്ലാവരോടും യാത്ര പറയണം, അതിനു മുമ്പു് കാട്ടിലേക്കു് കൂടെ വരുന്നോ കുന്തീ എന്നു് ചോദിച്ചു സഹോദരവിധവയെ കൊട്ടാരത്തിൽ നിന്നു് കുടിയൊഴിപ്പിക്കാൻ ഒരവസാനവട്ട ശ്രമം കൂടി ബാക്കിയുണ്ടെനിക്കു്, പാഞ്ചാലിയുടെ രഹസ്യ ആവശ്യമാണു്.”

2016-07-23

“ഈ ചെങ്കോലിനു വേണ്ടിയാണോ നിങ്ങളഞ്ചുപേരിത്രയും വലിയ കുരുവംശീയ കുടുംബകലഹം അഴിച്ചുവിട്ടതു്?”, കൊട്ടാരം ലേഖിക നെറുകയിൽ കൈ വച്ചു് ചോദിച്ചു. പട്ടാഭിഷേകം കഴിഞ്ഞു യുധിഷ്ഠിരൻ വിശിഷ്ടാതിഥികളിൽ നിന്നു ആശംസകൾ സ്വീകരിക്കുകയായിരുന്നു.

മഴ പെയ്തു മാനം തെളിഞ്ഞ പ്രഭാതം.

“ഭൂരഹിതപാണ്ഡവരൊന്നന്തിയുറങ്ങാനിത്തിരിയിടം തേടിയായുധം കയ്യിലെടുത്തതാണോ നിങ്ങൾ കുരുക്ഷേത്രഭൂമിയെന്നോമനപ്പേരിട്ടു വിളിക്കുന്നതു്?”, മുട്ടുകുത്തി പുതിയ രാജാവിന്റെ കൈമുത്താൻ മുന്നോട്ടു നീങ്ങിയ നീണ്ടവരിയിൽ നിന്നു താഴെയിറങ്ങിയ കൊട്ടാരം ലേഖികയെ നകുലൻ നീരസത്തോടെ നോക്കി.

2016-07-24

“എങ്ങനെ സഹിക്കുന്നു നിങ്ങളഞ്ചു പേരും അവളുടെ പരുക്കൻ വ്യവഹാരഭാഷ?”, കുന്നിൻപുറത്തെ വനാശ്രമത്തിനു താഴെ അരുവിക്കരയിൽ അസ്വസ്ഥരായി പാണ്ഡവർ അലയുന്നതു് കണ്ടപ്പോൾ കൊട്ടാരം ലേഖിക അലസമായി അന്വേഷിച്ചു.

“ആരെ കുറിച്ചാണു് നിങ്ങൾ വഴിവിട്ടു ചോദിക്കുന്നതു്? പ്രതിഷേധവും ഹർഷോന്മാദവും മിതമായ കൗശലത്തോടെ ആവിഷ്കരിക്കുന്ന പാഞ്ചാലി എവിടെ, ഹസ്തിനപുരി അന്തഃപുരത്തിന്റെ മട്ടുപ്പാവിൽ നിലാവു് പെയ്യുന്ന വേനൽക്കാല രാത്രികളിൽ വസ്ത്രരഹിതശരീരങ്ങൾ നിർല്ലജ്ജം ഇളക്കിയും ആടിയും, അങ്ങകലെ വടക്കൻഹിമാലയ നിരകളെ നോക്കി ഉന്മാദത്തിൽ പൊട്ടിച്ചിരിക്കയും ഭീതിതമായി വാവിട്ടു നിലവിളിക്കയും ചെയ്യുന്ന കൗരവരാജവധുക്കൾ എവിടെ?”, നകുലൻ ഇണയെ കാണാതെ പരിഭ്രമിക്കുന്ന പേടമാനിനു ഒരു പിടി ഇളം പുല്ലു നീട്ടിക്കൊണ്ടു കൊട്ടാരം ലേഖികയെ നോക്കി പ്രലോഭനപരമായി പുഞ്ചിരിച്ചു.

“പെണ്ണിനെ പണയം വച്ചുള്ള ചൂതാട്ടത്തിനു ഹസ്തിനപുരിയിൽ അപ്പോൾ കുരുവംശത്തിന്റെ അനുമതിയുണ്ടല്ലേ?” വനവാസത്തിനു പദയാത്ര ചെയ്യുന്ന പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക ദുര്യോധനനോടു് മുനവച്ചു് ചോദിച്ചു.

“പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ നിന്നു പടിയിറങ്ങും മുമ്പു് തന്നെ ‘ലിംഗവിവേചനമില്ലാത്ത ദേശീയവിനോദ’മെന്നു ചൂതു് കളിയെ ഞങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചില്ലേ.”, ദുര്യോധനൻ അത്യുക്തിയിൽ ആശങ്ക പ്രകടിപ്പിച്ചു കൈകൾ വിടർത്തി.

“യുദ്ധത്തിൽ കൊല്ലപ്പെട്ട ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?” ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ നീണ്ടകാലം പരിചയിച്ച ഇളയ മഹാറാണിയെ വൃദ്ധസദനത്തിൽ അന്തേവാസിയായി കണ്ട ഞെട്ടലിൽ കൊട്ടാരം ലേഖിക പരിഭ്രമത്തോടെ ചുമലിൽ കൈവച്ചു ചോദിച്ചു.

“ഒരു കുരുക്ഷേത്രവിധവ”, വിദൂരതയിലേക്കു് നോക്കി ആ വൃദ്ധ പറഞ്ഞു.

2016-07-25

“കൊട്ടാരത്തിൽ ആകെയുള്ള കൊച്ചുകുഞ്ഞിനെ ഹരിശ്രീ പഠിപ്പിക്കുന്ന പണിയാണിപ്പോൾ ചിരഞ്ജീവി കൃപാചാര്യനു് നകുലൻ വീതിച്ചു തന്നതു് അല്ലെ”, യുദ്ധകാര്യ ലേഖകൻ അർത്ഥം വച്ചു അന്വേഷിച്ചു.

“അങ്ങനെയാണോ ‘ഹസ്തിനപുരി പത്രിക’ യുദ്ധാനന്തര ഭരണകൂടത്തിൽ എന്റെ കൊട്ടാര പദവി നിർവചിക്കുന്നതു്? സ്ഥാനമൊഴിയുന്ന ധൃതരാഷ്ട്രർക്കും മഹാറാണി ഗാന്ധാരിക്കും കഴിയുന്നത്ര രാജകീയ സൗകര്യങ്ങൾ മുമ്പെന്നപോലെ നില നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം വിലപേശലിലൂടെ യുധിഷ്ഠിര ഭരണകൂടത്തിൽ നിന്നു നേടിയെടുക്കാൻ എനിക്കാണു് നിയോഗം. കൂട്ടത്തിൽ അഭിമന്യു മകൻ പരീക്ഷിത്തിനെ രണ്ടക്ഷരം പഠിപ്പിക്കും, ഭാവി രാജാവല്ലേ” കൃപാചാര്യൻ മുറിപ്പെട്ട അഹന്ത താലോലിച്ചു മുഖം നോക്കാതെ യുദ്ധകാര്യ ലേഖകനോടു് പറഞ്ഞു.

“വാനപ്രസ്ഥത്തിനു നഗ്നപാദരായി കൊട്ടാരത്തിന്റെ പടിയിറങ്ങുമ്പോൾ, യുധിഷ്ഠിര ഭരണനേട്ടത്തെ കുറിച്ചൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, നീണ്ട വ്യക്തിജീവിതത്തിൽ വല്ലതുമുണ്ടോ പുതുതലമുറ ഹസ്തിനപുരിയുമായി ഒരു രഹസ്യം പങ്കിടാൻ?” കൊട്ടാരം ലേഖിക പാണ്ഡവരോടു് ചോദിച്ചു.

“ആയിരം പൂർണചന്ദ്രന്മാരെ കണ്ട ശേഷവും ഞങ്ങൾ സുന്ദരരൂപികളായി നിങ്ങൾക്കു തോന്നുന്നില്ലേ? അപ്പോൾ എന്തായിരിക്കണം ഞങ്ങളുടെ തീ പിടിച്ച യുവത്വം? എന്നിട്ടും ഞങ്ങൾ, പെരുമാറ്റത്തിൽ കാറും മിന്നലും കലർന്ന ഒരു കറുത്ത പെണ്ണിനെ നാട്ടിലും കാട്ടിലും കൂട്ടായി സ്വീകരിച്ചു ഒരായുഷ്ക്കാലം ആർമാദിച്ചു എന്നതു്, ആണ്‍പെണ്‍ സഹവർത്തിത്വത്തിന്റെ ഇതിഹാസമല്ലേ”, പാഞ്ചാലിയെ കൂടെ നിർത്തി നകുലൻ നാട്ടുകാരോടു് കൈ വീശി എന്നെന്നേക്കുമായി യാത്ര ചോദിച്ചു.

“ഇന്നെന്തു ന്യായം പറഞ്ഞാണു് നിങ്ങൾ എന്റെ കുട്ടികൾക്കു് കൊട്ടാരം ഊട്ടുപുരയിലേക്കു പ്രവേശനം നിഷേധിച്ചതു്?” പാണ്ഡവമാതാവു് നെഞ്ചത്തടിച്ചു നിലവിളിച്ചു. വിദുരരും ഭീഷ്മരും ഒളികണ്ണിട്ടു നോക്കി.

“ഗാന്ധാരിയുടെ സ്വപ്നപദ്ധതിയായിരുന്നു ഹസ്തിനപുരി വഴിയോര തണൽ. ഇന്നലെ രാവിലെ കനത്ത മഴ പെയ്തു മണ്ണു് കുതിർന്നപ്പോൾ അവളും നൂറു കൗരവക്കുട്ടികളും വ്യത്യസ്ത ഫലവൃക്ഷ തൈകൾ നട്ടതു് മുഴുവൻ രാത്രി നിന്റെ അഞ്ചു മക്കളും ചേർന്നു് വലിച്ചു വാരി മണ്ണിട്ടു മൂടിയിരിക്കുന്നു. ഹൃദയം തകർന്ന ദുര്യോധനൻ മാതൃകാപരമായി പ്രതികരിക്കില്ലേ” ധൃതരാഷ്ട്രർ സഹോദരവിധവയെ ആശ്വസിപ്പിച്ചു.

2016-07-26

“കൗരവർ മരിച്ച ശേഷം അധികാരത്തിൽ വന്ന പാണ്ഡവരെങ്ങനെ? അവരുടെ ഭരണത്തിലെ വ്യത്യാസം പെട്ടെന്നു് മനസ്സിൽ തോന്നുന്നതു് ഒന്നു് ഹസ്തിനപുരി പത്രികയുമായി പങ്കിടാമോ” കൊട്ടാരം ലേഖിക കച്ചവടപ്രമാണിയോടു് കൈകൂപ്പി ചോദിച്ചു. ഒഴിഞ്ഞ വാണിജ്യവീഥി, ഉച്ച.

“വിശന്നു നിലവിളിക്കുന്ന ആ പന്നിക്കൂട്ടങ്ങളെ നോക്കൂ. അവയൊക്കെ ദുര്യോധനന്റെ ഭരണകാലത്തു് തിന്നു കൊഴുത്തിരുന്നതു് ഞങ്ങൾ ഉച്ചക്കു് കഴിച്ചതിൽ ബാക്കി ഭക്ഷണം എറിഞ്ഞു കൊടുത്തതു് കൊണ്ടായിരുന്നു. ഇപ്പോൾ, മാറിയ ഭരണത്തിൽ, ധാന്യപ്പുരകൾ ഒഴിഞ്ഞു, ഉച്ച ഭക്ഷണം ഞങ്ങൾ പച്ച വെള്ളത്തിൽ ഒതുക്കി. ഇനിയവക്കു് ജീവൻ നില നിർത്താൻ മൂന്നു നേരം തിന്നുന്ന അധികാരി പാണ്ഡവരുടെ ജൈവ വിസർജ്യം മാത്രം.”

“നമ്മുടെ പ്രണയവിവാഹത്തിനു ശേഷം നിനക്കുണ്ടായ ഏഴു പ്രസവങ്ങളിലെയും നവജാതശിശുക്കളുടെ ദുരൂഹമരണത്തിനു നീ വ്യക്തിപരമായി ഉത്തരവാദി അല്ലെന്നോ? അപ്പോൾ നദിയിൽ നീ അവരെ ഓരോരുത്തരെയും കരുതിക്കൂട്ടി മുക്കിക്കൊല്ലുന്നതു കണ്ടിരുന്ന അന്തപുരം തോഴിമാരുടെ സത്യസാക്ഷിമൊഴി?”, കുരുവംശ രാജാവു് ശന്തനു ക്രുദ്ധനായി.

“ശിശു പരിചരണത്തിന്റെ ഭാഗമായി നീരൊഴുക്കിൽ കഴുകിയെടുക്കാൻ കൊണ്ടുപോയപ്പോൾ കൈവഴുതി ഓരോ കുഞ്ഞും വെള്ളത്തിൽ മുങ്ങി ദുർമരണമുണ്ടായ ആ ദുഃഖസംഭവങ്ങൾ നേരിൽ കണ്ടു എന്നു് പറയുന്ന ചില അവിശ്വസ്ത തോഴികളെ സൗകര്യപൂർവം വിസ്തരിച്ചാണോ എന്നെ നിങ്ങൾ മഹാറാണി പദവിയിൽ നിന്നു് നീക്കാൻ പാടുപെടുന്നതു്?”, ഗംഗ വിരൽ ചൂണ്ടി.

ഇനിയൊരു യുദ്ധം അനുവദിക്കില്ലെന്നു് കരസേനാമേധാവി. കുരുക്ഷേത്രവിജയത്തിന്റെ വാർഷിക ആഘോഷത്തിൽ കൗരവ അർദ്ധസഹോദരർക്കു് ആദരാഞ്ജലികൾ അർപ്പിച്ചു് സംസാരിക്കുകയായിരുന്നു ഭീമൻ. ഏതു് സാഹചര്യവും നേരിടാൻ ഹസ്തിനപുരി സേന സുസജ്ജമാണെന്നും കരസേനാ മേധാവി അവകാശപ്പെട്ടു.

“കുരുക്ഷേത്രവിധവകൾ പുനരധിവാസനീതി തേടി, പ്രക്ഷോഭവേദി പതിവിടമായ പൂക്കാര തെരുവിൽ നിന്നു് അരങ്ങേറ്റ മൈതാനത്തിലേക്കു് ഇന്നു് മാറ്റിയതിനെ കുറിച്ചു് കൊട്ടാരം ലേഖിക ചോദിച്ചപ്പോൾ”, വിധവകളുടെ പുനരധിവാസം അല്ല, വിധവകളെ നിർമ്മിക്കലാണു് സൈന്യത്തിന്റെ ലക്ഷ്യം എന്നു് നിങ്ങൾ തക്ഷശിലയിൽ പഠിച്ചതൊക്കെ ഇത്ര വേഗം മറന്നോ?” എന്നു് ഭീമൻ വാവിട്ടു ചിരിച്ചു.

2016-07-27

“പാണ്ഡവരുമായി പരസ്യമായി പിണങ്ങാൻ തയ്യാറല്ലാത്ത നിങ്ങളെ ഇനി ഉന്നതാലോചന സമിതി അധ്യക്ഷപദവിയിൽ വച്ചുകൊണ്ടിരിക്കുന്നതു് എന്തിനെന്നാണു് ദുര്യോധനൻ പരിഭവിക്കുന്നതു്”, കൊട്ടാരം ലേഖിക ചോദിച്ചു, “പോകാൻ പറയും മുമ്പു് പിതാമഹനു അന്തസ്സോടെ പടിയിറങ്ങിക്കൂടെ?”

“എക്കാലവും കൂറു് നിലവിലെ ഭരണാധികാരിയോടാണു്, ആ വ്യക്തിയോടല്ല എന്നു് ദുര്യോധനൻ വേർതിരിച്ചറിയാഞ്ഞതു് നിർഭാഗ്യകരമാണു്. നാളെ പാണ്ഡവരിലൊരാൾ യുദ്ധം ജയിച്ചു കുരുവംശ സിംഹാസനത്തിൽ ഇരുന്നാൽ എന്റെ വിശ്വസ്തത ആ ഭരണാധികാരിയോടായിരിക്കും എന്നു് നിങ്ങൾക്കു വ്യക്തമായില്ലേ? കൗരവരോടു് എന്റെ വ്യക്തിഗതവിശ്വസ്തത പൂർണ വിധേയത്വത്തോടെ നിത്യവും ഞാൻ തെളിയിക്കണം എന്ന ദുര്യോധനമോഹം എന്നെങ്കിലും പൂവണിയുമോ?”, രാജ്യസഭയിലെ സംഘർഷ ഭൂമികയിലേക്കുള്ള യാത്രയിൽ ഭീഷ്മർ പറഞ്ഞു.

“വെന്തു മരിച്ചതു് നിങ്ങളാണെന്നു് കൌരവരെ തെറ്റിദ്ധരിപ്പിക്കാൻ, അരക്കില്ലത്തിൽ ഇച്ചിൽ ചോദിച്ചു വന്ന ആദിവാസികളെ കരുതിക്കൂട്ടി തീയിട്ടു കൊല്ലുക, അമ്മ കുന്തിയടക്കം നിങ്ങളാറു പേരെയും ഇതിനകം സാക്ഷികളുടെ അഭാവത്തിൽ മനഃസ്സാക്ഷി കുറ്റവിമുക്തരാക്കിയോ?” വാനപ്രസ്ഥത്തിനു് പടിയിറങ്ങുന്ന പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാനിപ്പോൾ വെറുക്കുന്ന വാക്കാണു് മനഃസ്സാക്ഷി. ഏറെ കാലം മുഖംമൂടിയായി അതു് ഞാൻ ആഭരണം പോലെ പ്രദർശിപ്പിച്ചു. പക്ഷെ പിന്നീടു് വലിയ വില കൊടുത്തു. ഞങ്ങളുടെ ജീവചരിത്രം എഴുതുന്ന വ്യാസൻ, ഒക്കെ വിശദശാംശങ്ങളിൽ വസ്തുതാപരമായ കരുതലോടെ ഓർക്കും, ഓർമയുണ്ടായിരിക്കണം അയാൾക്ക്”, വിറയ്ക്കുന്ന പോലെ തോന്നി യുധിഷ്ഠിരൻ.

“കാര്യമറിയാതെയാണു് നിങ്ങൾ എന്നോടു് മെക്കട്ടു് കയറുന്നതു്” കൊട്ടാരം ലേഖിക ഇരു കൈകളും ഭീമന്റെ മുമ്പിൽ പ്രതിരോധത്തിൽ ചലിപ്പിച്ചു”, പാണ്ഡവർ മുഴുവൻ ഭിന്നശേഷിക്കാരാണെന്നല്ല ഞാൻ ‘ഹസ്തിനപുരി പത്രിക’യിൽ എഴുതിയതു്. വിഭിന്നപിതൃത്വമായിട്ടും നിങ്ങളിലൊരാൾ മാത്രമേ ഭിന്നശേഷി പരിഗണന അർഹിക്കുന്നുള്ളൂ എന്നിരിക്കെ, മറ്റു നാലു പേരിൽ നിന്നതു് ഉടൻ ആ അനർഹ പരിഗണന പിൻവലിക്കണം എന്നാണു്.”

“കൗരവരുമായി രക്തബന്ധമൊന്നുമില്ലെന്നു കുന്തി ഉറപ്പു കൊടുത്തതിന്റെ ഉൾബലത്തിലാണോ നാമമാത്ര അർധസഹോദരരെ ഉന്മൂലനം ചെയ്യാൻ മാരകായുധമെടുക്കുമെന്നു ഭീമൻ പൊതുവേദിയിൽ ഭീഷണി മുഴക്കിയതു് എന്നു് യുധിഷ്ഠിരൻ തന്നെ വ്യക്തമാക്കട്ടെയെന്നു ദുര്യോധനൻ.” എങ്ങനെ പ്രതികരിക്കുന്നു കൊട്ടാരം ലേഖിക ചോദിച്ചു.

“തല ചായ്ക്കാൻ ഒരിടം തേടുന്ന പെടാപ്പാടിൽ ഞങ്ങളെ ഇനിയും കരിമൂർഖനും മുള്ളൻപന്നിയും നിറഞ്ഞ ഈ കാട്ടിലേക്കു് അയക്കുമെന്നു് ഓരോ കൗരവനും പറഞ്ഞു തുടങ്ങിയാൽ പിന്നെ ഞങ്ങൾ ബന്ധനിർണയത്തിനു രക്തം പരിശോധിക്കണോ അതോ ആ കിരാതന്മാരുടെ ചോര ചീന്തണോ”, വെള്ള മുയലുകൾക്കു ഇളം പുല്ലിട്ടു കൊടുത്തിരുന്ന നകുലൻ മുഖത്ത് നോക്കാതെ പിറു പിറുത്തു.

2016-07-28

“കൗരവചെവികളുടെ ശ്രവണപരിധിക്കപ്പുറം, ഈ വിദൂരവനാന്തരത്തിൽ വ്യാഴവട്ടക്കാല കഠിന ശിക്ഷയനുഭവിക്കുമ്പോഴും നിങ്ങളെന്താ, ശത്രുദുര്യോധനനെ ‘ഉടയോൻ’ എന്നു് ഉപചാരപൂർവ്വം പരാമർശിക്കുന്നതു്? മറച്ചുവക്കാത്ത വെറുപ്പോടെ വേണ്ടേ ആ പേരു വിളിക്കാൻ?”, കൊട്ടാരംലേഖിക ചോദിച്ചു.

“ചുറ്റും നിങ്ങൾ കണ്ടു വണങ്ങിയ സന്യസ്ഥാശ്രമങ്ങളിൽ വേവുന്നതു് ശുദ്ധആത്മീയത ആണെന്നു് കരുതിയോ? ഓരോരുത്തരും ചാരചുമതല ഉള്ള ഗൂഢ വ്യക്തിത്വങ്ങളല്ലേ, ഹസ്തിനപുരിയിൽ നിന്നു് ചാരൻ അവർക്കു് കഴുതപ്പുറത്തു് ഭക്ഷ്യവസ്തുക്കളും പൂജാസാമാഗ്രികളും കൊണ്ടു വരും, ഈ പാണ്ഡവ മന്ദിരത്തിലെ അന്തർ നാടകങ്ങൾ എന്തെന്നു് വിശദമായി ചുഴിഞ്ഞു അറിയാൻ.” നകുലൻ ചൂണ്ടുവിരൽ കൊണ്ടു് വായുവിൽ എഴുതി ആശയവിനിമയം ചെയ്യുന്നതു് മറ്റു നാലു പാണ്ഡവരും പാഞ്ചാലിയും അപമാനബോധതോടെ നോക്കി നിന്നു.

“ഇതെന്താ രാവിലെ തന്നെ വിസ്തരിച്ചൊരു തൈലാഭിഷേകം”, വിടർന്ന കണ്ണും പുരികവുമായി അത്യുക്തി കലർന്ന പരിഷ്കൃതശരീരഭാഷയിൽ കൊട്ടാരം ലേഖിക ചോദിച്ചു.

“പാഞ്ചാലിക്കു പുരട്ടുവാൻ അവളുടെ ഇളമുറഭർത്താക്കന്മാരുടെ പിതാക്കൾ അശ്വിനിദേവതകൾ, സ്വർഗരാജ്യത്തിൽ നിന്നു് സന്യസ്ഥൻ വഴി കൊടുത്തയച്ച. സുഗന്ധതൈലം പക്ഷെ അവളതു് ഉപയോഗിക്കാതെ ദിവസങ്ങളോളം മാറ്റി വച്ചപ്പോൾ ഇന്നു ഞങ്ങളൊന്നു തേച്ചു നോക്കി”, നീരാടാൻ അർജ്ജുനൻ ഒരു ജലജീവിയുടെ മെയ്യൊതുക്കത്തോടെ കുതിച്ചു ചാടുന്ന കാട്ടരുവിയിലെക്കിറങ്ങി.

“അതെന്താ, ദേവചികിൽസകരായ അശ്വിനിദേവതകളുടെ ദിവ്യൗഷധം ഇലമുറപാണ്ഡവരുടെ ഓമനയായ പാഞ്ചാലിക്കു വേണ്ടേ?”

“കൌരവച്ചോര പുരട്ടി കഴുകിയുണക്കാതെ അവളുടെ മുടിയിൽ ഒരെണ്ണക്കും പ്രവേശനമില്ല”, കടുപ്പിച്ച സ്വരത്തിൽ ഭീമൻ അരുവിയുടെ അപ്പുറത്തു നിന്നു് മുരണ്ടു.

“ശരശയ്യയിൽ എത്ര വർഷം പരാശ്രയത്തിൽ കിടന്നാലും പിതാമഹനു് മരിക്കാൻ മോഹമില്ലായിരുന്നു എന്നോ? അങ്ങനെയാണോ ഞങ്ങൾ മനസ്സിലാക്കേണ്ടതു്?” കൊട്ടാരം ലേഖിക അസ്വാരസ്യത്തോടെ കൃപാചാര്യനോടു് ചോദിച്ചു.

“നിത്യവും യുധിഷ്ഠിരൻ കുരുക്ഷേത്രയിൽ പോയിരുന്നതു് രാഷ്ട്രമീമാംസയിൽ പാഠങ്ങൾ പഠിക്കാനാണെന്നു നിങ്ങൾ കരുതിയോ? സ്വച്ഛന്ദമൃത്യു എന്ന ഉടലിൽ നിന്നു് ഉയിർ വേർപെടുത്തുന്ന കർമം ഉടൻ തുടങ്ങണം എന്നു് യുധിഷ്ഠിരൻ നിത്യവും പ്രേരണ ചെലുത്തുന്നതിനു പുറമെ, കായിക സമ്മർദ്ദത്തിനും ഭീമൻ ശ്രമിച്ചതോടെ ഭീഷ്മർ നിൽക്കക്കള്ളിയില്ലാതെ പിന്നിൽ നിന്നൊരു അമ്പെടുത്തു് ഹൃദയത്തിൽ സ്വയം തറച്ചു എന്നതാണു് ഞാൻ എന്റെ കണ്ണു കൊണ്ടു് കണ്ടതു്”, ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത കൃപാചാര്യൻ കിതച്ചും വിക്കിയും സംസാരിച്ചു.

2016-07-29

“എപ്പോഴാണു് നിങ്ങൾ ഇളമുറ അർദ്ധസഹോദരർ നകുലനും സഹദേവനുമായി ഉള്ളു കൊണ്ടു് അകന്നതു്?”, കൊട്ടാരം ലേഖിക മുതിർന്ന പാണ്ഡവനോടു് ചോദിച്ചു.

“അമ്മയും അച്ഛനും വേറെ വേറെ ആയ ഞങ്ങൾ എങ്ങനെ അർദ്ധരും പൂർണരും ഒക്കെ ആവും? അതു് പോട്ടെ. വീട്ടിനകത്തു് പൊതുഭാര്യ പാഞ്ചാലിയാൽ ഞങ്ങൾ ബന്ധിതരായി എന്നതല്ലേ കൂടുതൽ ശരി? ഒരു ദിവസം ഞാൻ കിടപ്പറയിൽ കയറിയപ്പോൾ അവളും ഇളമുറക്കുട്ടികളും ഒരുമിച്ചു പായിൽ കിടന്നു ആർമാദിക്കുന്നതു കണ്ടു. എന്തുണ്ടു് വിശേഷം എന്നു ഞാൻ വെപ്രാളം മറച്ചു കുശലം ചോദിച്ചപ്പോൾ”, ഈ രണ്ടു മാദ്രിക്കുട്ടികളുടെ ഓരോ കുസൃതികൾ” എന്നു പറഞ്ഞു് അലസമായി തുണി വാരിയുടുത്തു് പാഞ്ചാലി മുറി വിട്ടിറങ്ങി. തകർന്നുടഞ്ഞതു് എക്കാലവും കെട്ടിപ്പൊക്കി നിർത്തിയ എന്റെ അഭിമാനമായിരുന്നു”, യുധിഷ്ഠിരൻ വിതുമ്പി.

കൗരവരാജവിധവകൾ എന്ന അവമതിസംജ്ഞയിൽ ഞങ്ങൾ നൂറു വനിതകളെ ഒതുക്കുന്നതു് പാണ്ഡവർ ഉടനടി നിർത്തണമെന്നു് ദുര്യോധനവിധവ പൂക്കാര തെരുവു് പ്രകടനത്തിൽ:

കാട്ടിൽ ജനിച്ചു വളർന്നു, ഇന്ദ്രപ്രസ്ഥത്തിൽ ഒരിടവേളയോഴികെ കാട്ടിൽ മാത്രം ജീവിച്ച യുധിഷ്ഠിരനും മറ്റു പാണ്ഡവർക്കും ഹസ്ഥിനപുരിയുടെ നവസംവേദനഭൂമികയുമായി വൈകാരിക ഇഴയടുപ്പം ഇല്ലെന്നു, കുറെയൊക്കെ സൗജന്യമായി കണ്ടാൽ പോലും, ഞങ്ങളെ ‘കുരുക്ഷേത്ര ഇരകൾ’ എന്ന വിശേഷണത്തിൽ കുറഞ്ഞ ഒന്നും ഞങ്ങൾക്കു് ഇന്നു് മുതൽ സ്വീകാര്യമല്ല. അധികാര ദുർമോഹത്തിൽ നൂറു കൌരവരെ കൂട്ടക്കൊലക്കു് വിധേയമാക്കിയ വംശഹത്യക്കു് പാണ്ഡവർക്കു് വിധിക്കേണ്ടതു് വധശിക്ഷയല്ലേ?”, പ്രതിഷേധത്തിൽ തുടങ്ങിയ കൗരവരാജവിധവയുടെ പൂക്കാരത്തെരുവു് പ്രഭാഷണം കൂട്ടക്കരച്ചിലിൽ അവസാനിച്ചു.

2016-07-30

“പച്ചതുരുത്തും വന്മരക്കൂട്ടവും ഓരോ വസതിക്കു പിന്നിലും പരിപാലിച്ചിരുന്ന ഈ കൌരവരാജമന്ദിരങ്ങളെ നോക്കൂ. ഈ സംരക്ഷിതവനപ്രകൃതിയെ പരിലാളിച്ചായിരുന്നു, നൂറു ദേശങ്ങളിൽ നിന്നു് ഹസ്ഥിനപുരിയിലേക്കു വന്ന രാജവധുക്കൾ ഓരോ വസന്തകാലത്തും ഹൃദ്യപ്രകൃതിയുടെ വിസ്മയദൃശ്യങ്ങളാൽ പൊട്ടിത്തരിച്ചതും കുട്ടികൾക്കൊപ്പം നൃത്തം ചെയ്തു പൊട്ടിച്ചിരിച്ചതും. പാണ്ഡവഭരണകൂടം കുരുക്ഷേത്രാനന്തര പ്രതികാരനടപടിയിൽ രാജവിധവകളെ കുടിയോഴിച്ചു ഓരോ വസതിയും ആയുധപ്പുരയാക്കിയപ്പോൾ എന്തു് സംഭവിച്ചു?”, കൊട്ടാരം ലേഖിക ഹസ്തിനപുരിപത്രിക വായനക്കാരോടു് വിരൽ ചൂണ്ടി.

ഉണങ്ങിയ ഒരു പെരുമരത്തിന്റെ മറവിൽ പാണ്ഡവ ചാരവകുപ്പു് മേധാവി, കണ്ടാലറിയുന്ന ചില വായനക്കാരുടെ വിവരങ്ങൾ മനസ്സിൽ കുറിച്ചു.

2016-07-31

“ഒരഞ്ചാറു മയിലുകൾ കൂട്ടം ചേർന്നിവിടെ ഇങ്ങനെ ഒച്ച വച്ചു് ചുറ്റി നടക്കേണ്ട കാര്യം?” പരിസരശുചിത്വമുള്ള ആശ്രമത്തിനു മുമ്പിലേക്കു് ചൂണ്ടുവിരലോടിച്ചു കൊട്ടാരം ലേഖിക ആരോടെന്നില്ലാതെ ആരാഞ്ഞു.

“ചാടി വന്നു ഭീമന്റെ നഗ്നതുടയിൽ കൊത്തിയ ചോരയനുഭവത്തിനു് ശേഷം സംശയത്തോടെയാണു് മയിലുകളുടെ സാന്നിധ്യം ഞങ്ങളും കണ്ടതു്. എന്നാൽ കുറച്ചു ദിവസങ്ങളായി പ്രത്യാശയോടെയും. അന്തിയുറങ്ങുന്ന പൊന്തക്കാടു് ഭീമൻ കരുതലോടെ പിന്തുടർന്നു്, വൈകിയ രാത്രിയിൽ മടങ്ങിയെത്തിയതു് ഒരു കൂട നിറയെ മയിൽ മുട്ടകളുമായി. അക്ഷയപാത്രത്തിലെ വിശിഷ്ട സസ്യഭോജ്യങ്ങളെക്കാൾ ഇപ്പോൾ ഞങ്ങൾക്കിഷ്ടം പൊരിച്ച മയിൽ മുട്ടയാണു്, പാഞ്ചാലി ഊട്ടുപുരയിൽ ഒട്ടും സഹകരിക്കില്ലെങ്കിലും”, നകുലൻ ഉള്ള കാര്യം ഉറി പോലെ ചിരിച്ചു പിന്നിലേക്കു് മറിഞ്ഞു.

“വെട്ടിയും ചവിട്ടിയും കൊല്ലാൻ അവർ അഞ്ചു പേർ, ചാവാൻ നിങ്ങൾ നൂറു പേർ എന്തു കണക്കാണിതു്” കൊട്ടാരം ലേഖിക കൈകൾ വിടർത്തി ചോദിച്ചു. അന്ത്യ യുദ്ധദിനം, കുരുക്ഷേത്രം.

“പാണ്ഡവരെ വഴിയാധാരമാക്കാൻ ജീവിതകാലം മുഴുവൻ കൂട്ടിയും കിഴിച്ചും ഞാനും കൂട്ടാളികളും എത്ര സൂക്ഷ്മതയോടെ നിത്യവും ശ്രമിച്ചുവോ അത്രയും കുടിലതയോടെ പാണ്ഡവർ വനവാസക്കാലത്തു് ഞങ്ങൾക്കെതിരെ കളം വരച്ചിരുന്നു എന്നു് കണ്ടെത്താൻ ഞങ്ങളുടെ ചാരസംവിധാനത്തിനു ഒത്തില്ലെന്നതാണെന്റെ പാളിച്ച”, തുടയിൽ മാരകമായ ഭീമഗദപ്രഹരമേറ്റു് ചളിയിൽ കിടന്നു നിലവിളിക്കയായിരുന്ന ദുര്യോധനൻ ഒരു നിമിഷം സിംഹാസനത്തിൽ ഇരിക്കുന്ന പോലെ കൊട്ടാരം ലേഖികക്കു് മുമ്പിൽ അപ്പോഴും നടിച്ചു.

2016-08-01

“അഭിമന്യുവിനെ ഭീകരൻ എന്നു് ദുര്യോധനൻ വിശേഷിപ്പിച്ചതു് പാണ്ഡവരെ ചൊടിപ്പിച്ചിട്ടുണ്ടല്ലോ” യുദ്ധകാര്യ ലേഖകൻ കർണനോടു് ചോദിച്ചു.

“കൗരവ സുരക്ഷാവലയം തകർത്തു് കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിയും ചവിട്ടിയും കൊന്നു കൊലവിളിച്ചു ഹസ്തിനപുരം ഇനി ഞങ്ങൾക്കു് എന്നു് ഉച്ചത്തിൽ ആർമാദിക്കുന്നവനെ പിന്നെ ഞങ്ങൾ ധീരോദാത്തൻ എന്നാണോ വിളിക്കേണ്ടതു്? ഞങ്ങളും തിരിച്ചു കൊടുത്തിട്ടുണ്ടാവും കൈ മെയ് മറന്നു കുറെ.”, ദേഹമാസകലം ചോരപ്പാടു് നിറഞ്ഞ കർണൻ പാണ്ഡവ വിഘടനവാദികളുടെ ഒരു കൗമാരവീരനെ കൊന്നു കൊലവിളിച്ച ഉത്സാഹത്തിൽ യമുനയിൽ നീന്തിക്കുളിക്കാൻ, മെയ്യൊതുക്കത്തോടെ നിലാവു് പെയ്യുന്ന വെള്ളത്തിലേക്കു് എടുത്തുചാടി.

2016-08-02

“കൗരവരോടുള്ള പെരുമാറ്റം നന്നാക്കാൻ പാണ്ഡവർക്കു് സ്വഭാവശുദ്ധിപരിശീലനം കൊടുക്കാൻ കൃപാചാര്യരെ നിയോഗിച്ചു എന്നു് കേട്ടല്ലോ. എന്താ സംഗതി?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഈയിടെ ദുര്യോധനനെ ഗംഗാനദിയിൽ ഭീമൻ മുക്കിക്കൊല്ലാൻ ശ്രമിച്ചതു് നിമിത്തമായി എന്നു് കരുതൂ. കാട്ടിൽ കൗമാരം വരെ, തിരിച്ചു കടിക്കാത്ത മൃഗങ്ങളെ കൊന്നു കൊലവിളിച്ചു നടന്ന പാണ്ഡവർക്കു് ഹസ്തിനപുരി രണ്ടാംജന്മത്തിൽ, പരിഷ്കൃത പെരുമാറ്റമുറയില്ലെങ്കിൽ, ദ്രോണർ കൊടുക്കുന്ന സായുധപരിശീലനം കൊണ്ടെന്തു ധാർമിക ബലം എന്നൊരു ചിന്താധാര ഭരണകൂടത്തിന്റെ അത്യുന്നത തലങ്ങളിൽ ഉണ്ടായി എന്നതു് കുരുവംശത്തിന്റെ പുണ്യം എന്നേ ഞങ്ങൾ പൂണൂലിട്ട പോരാളികൾ പറയൂ”, പരിശീലനപരിപാടിക്കു് അന്തിമരൂപം നൽകുന്ന ആചാര്യൻ എളിമയുടെ നിറകുടം പോലെ പറഞ്ഞു.

2016-08-03

“രാഷ്ട്രതന്ത്രത്തിലെ ബാലപാഠങ്ങൾക്കായി കുരുക്ഷേത്രയിലെ ഭീഷ്മശരശയ്യയിൽ എത്തുമ്പോൾ, അവിടെ വരി നിന്ന സ്ത്രീകളുടെ നീണ്ട നിരകണ്ടു പുതിയ മഹാരാജാവു് യുധിഷ്ഠിരൻ ചാരവകുപ്പു് മേധാവി നകുലനോടു് ‘ഇവരൊക്കെ ആരാണു്’ എന്നു് വിരൽ ഞൊടിഞ്ഞും മുഖം കറുപ്പിച്ചും ചോദിക്കുന്നതു് നീ കണ്ടല്ലോ. കുറെ ദൂരെ ഭീമന്റെ കൂടെ ആയിരുന്നതുകൊണ്ടു് എന്തു മറുപടിയാണു് കിട്ടിയതെന്നറിയാൻ എനിക്കൊത്തില്ല.” ഹസ്തിനപുരി കൂട്ടുകാരിയുമൊത്തു് തിരിച്ചു നടക്കുമ്പോൾ യുദ്ധകാര്യ ലേഖകൻ ചോദിച്ചു.

“ഓ അതോ. യുദ്ധത്തിൽ ഭീഷ്മരുടെ മാരകായുധങ്ങളാൽ ജീവൻ നഷ്ടപ്പെട്ട പാണ്ഡവസൈനികരുടെ യുവവിധവകൾ ആഗോളനിരായുധീകരണത്തിന്റെ അടിയന്തിര പ്രാധാന്യത്തെ കുറിച്ചു് പിതാമാഹനുമായി ഒന്നും രണ്ടും പറയാൻ വന്നതാണു്. അനധികൃത ആൾക്കൂട്ടത്തെ അവിടെ അന്നു് അനുവദിച്ചു എന്ന ആരോപണവുമായി പ്രവിശ്യാ ഭരണാധികാരിയെ പിടികൂടി ഉടനടി നകുലൻ ചോദ്യം ചെയ്യൽ തുടങ്ങി.”

“പൊതുവേദിയിൽ പ്രസംഗിക്കുന്ന യുധിഷ്ഠിരൻ വിതുമ്പി, മുഖം താഴ്ത്തുന്നു, കണ്ണു തുടക്കുന്നു, ശബ്ദം ഇടറുന്നു. എന്തു പറ്റി ഈ കാലന്റെ മകനെ ഇങ്ങനെ കരയിപ്പിക്കാൻ മാത്രം?” യുദ്ധകാര്യലേഖകൻ പിൻവരിയിൽ അലസമായി കിടന്നു കൂട്ടുകാരിയോടു് അത്ഭുതപ്പെട്ടു.

“സ്വാഭാവിക കാരണത്താൽ വീട്ടിൽ മരണം സംഭവിച്ചവരുടെ ഭാര്യമാർ യഥാർത്ഥ കുരുക്ഷേത്രവിധവകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വ്യാജ സത്യവാങ്മൂലങ്ങൾ നൽകി തട്ടിയെടുക്കുന്നു എന്നറിഞ്ഞ സത്യസന്ധനായ ഭരണാധികാരിയുടെ മനോവേദന, വേറൊന്നുമല്ല”, കൊട്ടാരം ലേഖിക പുഞ്ചിരിച്ചു.

“ത്രേതായുഗത്തിൽ ജീവിച്ച സീതയ്ക്കു് സുരക്ഷയായി ലക്ഷ്മണനെ വീട്ടിൽ നിർത്തി, രാമൻ ഒറ്റക്കല്ലേ വേട്ടയാടി മാനിറച്ചി കൊണ്ടുവന്നു മൂന്നു പേരും രാത്രി ചുട്ടു തിന്നു വിശപ്പടക്കിയതു്? ഭക്ഷ്യലഭ്യതക്കു് അത്ഭുതപാത്രം അവർക്കു വേണ്ടെങ്കിൽ പിന്നെ ധീരോദാത്തന്മാരായ നിങ്ങൾ ദ്വാപരയുഗപാണ്ഡവർക്കെന്തിനൊരക്ഷയപാത്രം? ധാരാളം സസ്യാഹാരികളായ മൃഗങ്ങൾ ഉള്ള കാടല്ലേ, ഒന്നു മേലനങ്ങിക്കൂടെ. ഊഴം വച്ചു്, പല്ലു് മുറിയെ മൂന്നു നേരം ഇറച്ചി പൊരിച്ചു തിന്നാൻ?”, ഉപചാര സന്ദർശനത്തിനു് സമീപ ആശ്രമത്തിൽ നിന്നു വന്ന പുതുസന്യസ്ഥൻ യുധിഷ്ഠിരനോടു്.

“എന്താണു് നിങ്ങൾക്കു് സന്തോഷം എന്നു പറഞ്ഞാൽ?” കരയിൽ മരം ചാരി ആലോചനയിൽ കാണപ്പെട്ട ഭീമനോടു് കൊട്ടാരം ലേഖിക കരുതലോടെ ചോദിച്ചു.

വനാശ്രമത്തിൽ നിന്നു് കുത്തനെ ഇറക്കത്തിൽ നിങ്ങൾ വഴി നടന്നെത്തിച്ചേരുന്ന ആ തെളിഞ്ഞ ജലസമൃദ്ധിയിൽ, മറ്റു നഗ്നപാണ്ഡവർ പാഞ്ചാലിക്കൊപ്പം കമഴ്‌ന്നും മലർന്നും നീന്തിത്തുടിച്ചിരുന്ന ഒരു ശരത്കാല സന്ധ്യ.

“സന്യസ്ഥാശ്രമത്തിൽ നിന്നു് മോഷ്ടിച്ചു് കൊണ്ടുവന്ന കാളക്കുട്ടിയെ ഒറ്റയ്ക്കു് കഴുത്തറത്തു, ഇറച്ചി പൊരിച്ചു തിന്നുന്ന ദിവാസ്വപ്നം യാഥാർഥ്യമായാൽ, അതെ അതാണെന്റെ സന്തോഷം.”

2016-08-04

“ദീർഘകാല ദാമ്പത്യ അവഗണനക്കെതിരെ പരസ്യമായി ആഞ്ഞടിക്കാൻ, യുധിഷ്ഠിരന്റെ ആദ്യ ഔദ്യോഗിക ഭാര്യ ഇതാ ദുര്യോധനവിധവയുമായി കൈ കോർക്കുന്നു. ഇന്നു് മുതൽ വേദി പങ്കിട്ടു്, ചെലവിനു തരാത്ത ഭർത്താവിനെ പൊതുവ്യവഹാര മണ്ഡലത്തിൽ അവമതിച്ചു മുട്ടു കുതിക്കും എന്നാണു് പ്രതിജ്ഞ.”

കൊട്ടാരം ലേഖിക സ്തോഭാജനകമായി കൈകൾ ചലിപ്പിച്ചു.

“പാഞ്ചാലിക്കു ഇളമുറ നകുലനോടുള്ള പക്ഷപാതപൂർണമായ ദാമ്പത്യപരിഗണനയിൽ മനംനൊന്ത വയോധികരാജാവു് യുധിഷ്ഠിരൻ, ദുര്യോധന വിധവയുടെ കൊച്ചുമകളെ പരിണയിച്ചു് ഏക ഔദ്യോഗികവധു ആക്കാൻ തീരുമാനിച്ചു കഴിഞ്ഞു. മഹാറാണിപദവിയിൽ നിന്നു് മാറ്റി, പാഞ്ചാലിയുടെ ഗർവൊന്നൊതുക്കിയേ യുധിഷ്ഠിരൻ അടങ്ങൂ. അതോടെ കൗരവരാജവിധവകൾ അവരുടെ പഴയ രാജമന്ദിരങ്ങളിൽ മടങ്ങി എത്തും. വിരുന്നിൽ നിങ്ങൾക്കും ഒരു ക്ഷണം”, യുധിഷ്ഠിരന്റെ കാര്യാലയ വക്താവു് ഒരു വിജ്ഞാപനം വായിക്കുന്ന പോലെ ഔദ്യോഗികസ്വരത്തിൽ പറഞ്ഞു.

“മണ്ണിൽ താണ രഥചക്രം പാടുപെട്ടുയർത്തുന്ന തരം നോക്കി വേണമായിരുന്നു മാരകായുധം പ്രയോഗിച്ചു കർണ്ണനെ കൊലചെയ്യാൻ അല്ലെ”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുരുക്ഷേത്രം നിർണായക യുദ്ധദിനം.

“ചക്രവ്യൂഹത്തിൽ പെട്ടു് പുറത്തുകടക്കാനാവാതെ നട്ടം തിരിഞ്ഞ അഭിമന്യുവിനെ വളഞ്ഞുവച്ചു് കൗരവർക്കൊപ്പം ചവിട്ടിയും പരിഹസിച്ചും കൊന്നവനെ വധിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണു് യുവസുഹൃത്തേ കൊലച്ചതി?”, ശത്രുച്ചോര വീണുണങ്ങിയ ഉടൽ കഴുകിയെടുക്കാൻ യമുനയിലേക്കു കൂപ്പുകുത്തുമ്പോൾ പാണ്ഡവ പോരാളി പറഞ്ഞു.

2016-08-05

“എല്ലാ കൗരവരെയും ഈ ഗദ കൊണ്ടു് തന്നെയാണോ തല്ലിക്കൊന്നതു്?” കൊട്ടാരം ലേഖിക രൗദ്ര ഭീമനെ പ്രശംസിച്ചു.

“കൗരവരുടെ എല്ലു കടിച്ചു പൊട്ടിക്കാൻ ബലമുള്ള ഈ ഭീമപ്പല്ലുകൾ നോക്കൂ. പുഞ്ചിരിക്കാത്തപ്പോൾ അവ മാരകായുധമല്ലേ? കീഴ്താടിയുടെ ബലപിന്തുണയും കുറച്ചു കാണിക്കരുതു്. ശരീരം ഭീമാകൃതിയിൽ എന്നാണു് പാഞ്ചാലി എന്നെ കിടപ്പറയിൽ നിന്ദിക്കുക എങ്കിലും, ചെന്നായയുടെ വയറുള്ളവൻ എന്നാണു അമ്മ കുന്തിയെന്നെ തീൻശാലയിൽ പ്രകീർത്തിക്കുക. ഒളിഞ്ഞിരുന്നു ഇരയെ ചാടിപ്പിടിക്കുന്ന ആ പതിവു് രാജ രീതിയുണ്ടല്ലോ, അതെനിക്കു് വശമില്ല. രക്ഷപ്പെടാൻ ഓടുന്ന ഇരയെ കണ്ടെത്തിയാൽ, പിന്നാലെ ഞാൻ വച്ചു് പിടിക്കും. കളി ആദ്യം കണ്ടാൽ നിങ്ങൾ ചിലപ്പോൾ ചിരിക്കുമെങ്കിലും പിന്നെ കാര്യമാവും. ശത്രുകൗരവന്റെ വയറിനാണു് ഞാൻ ആദ്യം ചാടി കടിക്കുക. കരൾ ആ ഭാഗത്താണു് എന്നു് നകുലൻ പറഞ്ഞു തന്നതു് ഒരിക്കലും മറന്നില്ല. നൂലാമാലകൾ വയറിൽ നിന്നു് പുറത്തുചാടി ഒരടി മുന്നോട്ടു വക്കാനാവാതെ ആ അർദ്ധസഹോദരൻ മണ്ണിൽ അമർന്നിരിക്കുമ്പോൾ, എനിക്കവനെ തിന്നാനാണു് തോന്നുക, പക്ഷെ രാവിലെ പേടമാനിനെ ജീവനോടെ കടിച്ചു പൊളിച്ചു തിന്ന ആ യുദ്ധ ദിവസങ്ങളിൽ കൗരവമാംസം കാത്തുനിൽക്കുന്ന കഴുകനു് കൊടുക്കും, പക്ഷെ ചുടുചോര കൊണ്ടു് പ്രിയ പാഞ്ചാലിയുടെ മുടി കഴുകും.”

ഭീമൻ ആനന്ദനൃത്തത്തിലായിരുന്നു.

2016-08-06

“പുതിയ രാജാവു് ദ്രോഹിക്കുന്നു?”, കൊട്ടാരം ലേഖിക സഖ്യപ്പെട്ടു.

“ദുര്യോധനവധുവായി വന്ന നാൾ ഭർതൃപിതാവു് തന്ന രത്നമാല തിരിച്ചുചോദിച്ച യുധിഷ്ഠിരന്റെ മര്യാദകേടു് ഞാൻ മാറ്റിവെക്കുന്നു. നേരിട്ടു് പോയി ഞാൻ, കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന ഭീമനെ മാലയൂരി ഏൽപ്പിച്ചു. ശന്തനു പുത്രവധു അംബികക്കു് നൽകിയ ആ മാല പൈതൃകസ്വത്തായിരിക്കാം, എന്നാൽ വെള്ളാരംകല്ലും വൈരവും കണ്ടാൽ തിരിച്ചറിയാത്ത ഭീമൻ, മാല തിരിച്ചും മറിച്ചും നോക്കി, എന്തോ വര വീണു എന്നു് ആക്ഷേപിച്ചു അന്വേഷണത്തിനു് ഉത്തരവിട്ടതു് എന്നെ കുടിയൊഴിപ്പിച്ചതിനേക്കാൾ വേദനിപ്പിച്ചു.”

2016-08-07

“പാണ്ഡവരഹസ്യങ്ങൾ കെട്ടുകെട്ടായി ദുര്യോധനവിധവകച്ചവടത്തെരുവിൽ രണ്ടു ദിവസമായി നിരത്തിയിട്ടുണ്ടല്ലോ. പ്രേക്ഷകരും ഉത്സാഹത്തിൽ. ഉപചാരസന്ദർശനത്തിനു യുധിഷ്ഠിരനെ കാണാനെത്തിയ വിധവയും പെണ്മക്കളും രതിപീഢനത്തിനു ഇര എന്നാണിപ്പോൾ പുറത്തു വിട്ട പുതിയ വിഴുപ്പിൽ”, കൊട്ടാരം ലേഖിക ആശങ്ക നടിച്ചു.

“പൊതുചെലവിൽ വിദുരർ പണിത രമ്യ ഹർമ്യം ദുര്യോധനൻ ക്രമരഹിതമായി കൈവശം വച്ചിരുന്നതു് ഇപ്പോൾ കുടിയിറക്കൽ ഭീഷണി നേരിടുന്നു എന്നു് വിവരം കിട്ടിയപ്പോൾ, പുതുഭരണാധികാരിയെ ലൈംഗിക അപവാദത്തിൽ കുടുക്കി ശിക്ഷിക്കണം എന്നാണു കൃപാചാര്യൻ കൊടുത്ത ഉപദേശം എന്നു് വ്യക്തം. ചില അന്തഃപുര വിഴുപ്പുകൾ ഞങ്ങളുടെ കൈവശമുണ്ടു്. അതു് അവർക്കു യോജിച്ച രീതിയിൽ തന്നെ തക്കസമയത്തു് അരങ്ങേറ്റമൈതാനിയിൽ കഴുകാൻ ഇടും” ചാരവകുപ്പു മേധാവി നകുലൻ പരുക്കൻ പുഞ്ചിരിയോടെ പ്രതിരോധിച്ചു.

2016-08-08

“കൗരവ സർവസൈന്യാധിപനെ എന്തു് കുൽസിതരീതി പിന്തുടർന്നും ആയുധം താഴെ വപ്പിക്കാൻ പാണ്ഡവരുടെ ആ ‘കറുത്ത ചാണക്യൻ’ ഭിന്നലിംഗക്കാരെ യുദ്ധത്തിൽ ഇറക്കുമെന്നു നിങ്ങളുടെ അർധസഹോദരൻ ആവർത്തിച്ചു പറയുന്നല്ലോ. കുറച്ചു വാക്കുകളിൽ എങ്ങനെ പ്രതികരിക്കുന്നു.” കൊട്ടാരം ലേഖിക ചോദിച്ചു.

“അപ്പോൾ ലിംഗവിവേചനം വേണം യുഗാതീതമഹാഭാരതത്തിലും അല്ലെ? പെറ്റതള്ളയുടെ തപശ്ശക്തി ദുരുപയോഗം ചെയ്തു, അമാനുഷ യുദ്ധക്കരുത്തു് നേടി അധാർമികപോരാട്ടത്തിന്നിറങ്ങിയ എന്റെ അനുജൻ പ്രിയദുര്യോധനൻ തന്നെ വേണം ഭിന്നലിംഗശിഖണ്ഡിക്കെതിരെ ഭീകര പ്രചാരണം നടത്താൻ”, യുധിഷ്ഠിരൻ എന്തോ ആലോചനയിൽ ആയിരുന്നു.

“യുദ്ധത്തിൽ ഭാവിമഹാറാണിയും പോരാളിയാണോ?” രാത്രി യമുനയിൽ തേച്ചു കുളിച്ചു ഈറനുടുത്തു് പുഴയോര പാണ്ഡവപാളയത്തിലേക്കു് നടക്കുകയായിരുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.

“മനസ്സും മേനിയും തകർന്നു് സന്ധ്യക്കു കൂടണയുന്ന ഭർത്താക്കന്മാർക്കു് സാന്ത്വനസ്പർശനത്തിനു് പെൺകൂട്ടു് വേണ്ടേ”, അഴകളവുകൾ അർത്ഥഗർഭമായി പ്രദർശിപ്പിച്ച പാഞ്ചാലി പുഞ്ചിരിച്ചു.

2016-08-09

“ഹസ്തിനപുരി പത്രികയിൽ പരാതി എഴുതിയ നിങ്ങളെ കൗരവർ തല മൊട്ടയടിച്ച ചങ്ങലക്കിട്ടുവെന്നോ? വേർപെട്ടുപോയ ആത്മാവുകൾക്കു് പരലോകത്തു നിത്യശാന്തി ലഭിക്കാൻ ഗംഗയിലെ ശ്രാദ്ധഘട്ടങ്ങളിൽ നിത്യവും ബലികർമത്തിൽ സഹായിക്കുന്ന വെറുമൊരു ബ്രാഹ്മണനല്ലേ നിങ്ങൾ”, കൊട്ടാരം ലേഖിക പ്രയാസത്തോടെ ചോദിച്ചു.

“സ്ത്രീപീഢനത്തിൽ പ്രതിയായ കൗരവർ എന്നു ഞാൻ പരാമർശിച്ചതിൽ കയറിപ്പിടിച്ചു്, ആരോപണവിധേയൻ എന്നല്ലേ കുറ്റം സംശയാതീതമായി തെളിയും വരെ പറയേണ്ടതു് എന്നു ചോദിച്ചു ദുര്യോധനൻ ഈ നിലയിൽ എന്നെ അപ്പോൾ തന്നെ തളച്ചിട്ടു”, പൂജാരി കൊട്ടാരം ലേഖികയെ നോക്കി വിലപിച്ചു.

“അഞ്ചു പേരിൽ പ്രത്യേകമായി പാഞ്ചാലിക്കു പ്രിയം നിങ്ങളോടാണു് അല്ലെ”, കൊട്ടാരം ലേഖിക നകുലനെ കവിളിൽ തലോടുന്ന പോലെ ചോദിച്ചു.

“പാണ്ഡവരെ പല തട്ടുകളിൽ ഇട്ടു കളിപ്പിക്കാൻ അവൾ ഇടക്കൊന്നെന്നെ പൊട്ടിച്ചിരിച്ചു പ്രശംസിക്കുന്നതാണോ നിങ്ങൾ പത്രപ്രവർത്തകർക്കു ചേരാത്ത നിഷ്കളങ്കതയോടെ മുഖവിലക്കെടുത്തതു്?”, കൈ തട്ടി നീക്കി ആ ഇളമുറ പാണ്ഡവൻ മരത്തണലിൽ ചൂതു് കളി പരിശീലിച്ചിരുന്ന മറ്റു സഹോദരർക്കടുത്തേക്കു നീങ്ങി.

മുന്നറിയിപ്പില്ലാതെ രാജാവു് യുധിഷ്ഠിരൻ വൈകിയ രാത്രിയിൽ കൊട്ടാരം ഊട്ടുപുരയിൽ കയറിച്ചെന്നപ്പോൾ, നാലു സഹോദരന്മാരും, ചാണകം മെഴുകിയ നിലത്തു് ചമ്രം പടിഞ്ഞിരുന്നു, ഒരു കാളക്കുട്ടിയുടെ ഇറച്ചി നീക്കിയ തുടയെല്ലിനായി പരസ്പരം മല്ലടിക്കുന്നു. ചുണ്ടും പല്ലും പൊട്ടി ചോരയൊഴുകുന്നു. ‘നിർത്തൂ’ എന്നു് യുധിഷ്ഠിരൻ ഗർജിച്ചപ്പോൾ, ഭീമൻ പൊട്ടിക്കരഞ്ഞു കാലിൽ വീണു. എണ്‍പതു് കഴിഞ്ഞ വൃദ്ധഭീമനായിരുന്നില്ല അപ്പോൾ, വിശപ്പു് സഹിക്കാതെ നിലത്തു കിടന്നുരുണ്ടു വാശിയിൽ വിലപിക്കുന്ന, കാട്ടിലെ ആ പഴയ കുട്ടിഭീമനായിരുന്നു. അവർ നാലുപേരും കൊന്നു തൊലിയുരിച്ച കാളക്കുട്ടിയുടെ ഇറച്ചി വരട്ടിയതു് ഒരു മണിക്കൂർ മുമ്പു് വയർ നിറയെ കഴിച്ച യുധിഷ്ഠിരനറിയാമായിരുന്നുവോ, യുദ്ധാനന്തര ഹസ്ഥിനപുരിയുടെ ഇറച്ചിപ്പട്ടിണി, ഒരെല്ലിൻ കഷണത്തിനായി ഇളയ സഹോദരരുടെ വിശപ്പിൽ വാവിട്ട നിലവിളി.

“ചെങ്കോൽ അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിനു നാം കൈമാറുക, ആരും കാണാതെ വഴിയിൽ കുഴഞ്ഞു വീണു കഥ തീരാൻ നാളെ അതി രാവിലെ തന്നെ കൊട്ടാരത്തിന്റെ പടിയിറങ്ങുക. നാം മുഴുനീള പരാജിതപാണ്ഡവർ”, പിടിച്ചു നില്ക്കാൻ പോലും വയ്യാതെ അവശനായിരുന്ന അർജ്ജുനൻ, എന്നിട്ടും, വിരൽ ചൂണ്ടി ഗർവോടെ ആജ്ഞാപിച്ചു.

2016-08-10

“ചാരപ്പണിക്കു് വേഷംമാറിപ്പോയ ഭീമനെ പിടികൂടി കുരുക്കിട്ടു് കൗരവർ വിലപേശുന്നു: ഉടൻ നീ ഒറ്റക്കുചെന്നു ലൈംഗിക അടിമയായില്ലെങ്കിൽ ബന്ദിഭീമനെ ‘ധൃതരാഷ്ട്രാലിംഗന’ത്തിനു് വിട്ടുകൊടുക്കുമെന്നു് ഭീഷണി”, യുധിഷ്ഠിരന്‍ അവശസ്വരത്തില്‍ പറഞ്ഞു.

“ധൈര്യമായിരിക്കൂ. ഭീമകഴുത്തു് ദുര്യോധനൻ വെട്ടിയാലും തലയും ശരീരവുമായി നിങ്ങൾ ബാക്കി നാലുപേരില്ലേ. രണ്ടുപേരില്‍ കൂടുതല്‍ ഉണ്ടെങ്കിൽ ‘ആള്‍ക്കൂട്ട’മായി തോന്നുന്ന കിടപ്പറയിൽ അഞ്ചുപേരിലൊരാൾ കാണാതായാൽ അത്രയും കുറച്ചു ആൾക്കൂട്ടം ഞാൻ സഹിച്ചാല്‍ പോരെ?”

“തീന്‍മുറിയില്‍ പുകയില്ല, തീയില്ല, രാവിലെ കോരിക്കളയാൻ അടുപ്പില്‍ ചാരമില്ല, ആവശ്യത്തിനും അനാവശ്യത്തിനും അഞ്ചു് മടിയന്മാര്‍ക്കു വെട്ടി വിഴുങ്ങാന്‍ വലിയൊരു അക്ഷയപാത്രം: വനാന്തരത്തില്‍ ഒരല്ലലുമില്ലാത സുഖജീവിതം അല്ലെ.” വനാന്തര ആശ്രമത്തിലെ പാണ്ഡവ ഊട്ടുപുര നോക്കി കൊട്ടാരം ലേഖിക തലയിൽ കൈ വച്ചു.

“പറഞ്ഞു വന്നാല്‍ ആശ്രമത്തിലാണു് നിങ്ങള്‍ ആറു പേരും, ഇനി പന്ത്രണ്ടു കൊല്ലത്തേക്കു് അടിമ ജീവിതം, പക്ഷെ ആശ്രമമൃഗങ്ങള്‍, മാന്‍ മുയല്‍ ഒന്നും മുറ്റത്തു് കാണുന്നുമില്ല” കൊട്ടാരം ലേഖിക പുരികം ചുളിച്ചു.

“ഞാനില്ലേ”, ബലിമൃഗത്തെ പോലെ പാഞ്ചാലി മുട്ടു് മടക്കി നാടകീയമായി കുനിഞ്ഞു ഇരു കൈകള്‍ നീട്ടി, “പട്ടിണിയിടാനും ഭാരം ചുമക്കാനും അഞ്ചു കാളക്കൂറ്റന്‍മാര്‍ക്കു് കീഴ്പ്പെപ്പെടുത്താനും.”

2016-08-11

“ഇതെന്താ കണങ്കാലിലൊരു തങ്കവള, ഉടുതുണി വലിച്ചൂരുമ്പോൾ കൌരവർ ഇതു് കണ്ടില്ലേ?” കുളി കഴിഞ്ഞു ഈറൻ മാറ്റുന്ന പാഞ്ചാലിയുടെ കാലിലേക്കു് കൊട്ടാരം ലേഖിക തുറിച്ചു നോക്കി.

“വനവാസത്തിനിറങ്ങും മുമ്പു് സംഘം ചേർന്നു് കൗരവർ കാലിൽ ഇതു് രഹസ്യമായി അണിയിച്ചു, എതിർത്തപ്പോൾ നീ അടിമ എന്നു് മന്ത്രിച്ചു. ഞാനിനി അവരുടെ നിരീക്ഷണവലയത്തി ലാണു്. എന്നു് പറഞ്ഞാൽ, ദൂരെ ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂഗർഭ അറയിൽ ഇരുന്നു എന്നെ കൌരവർ രാപ്പകൽ ആസ്വദി ക്കുന്നു”, പാഞ്ചാലിയുടെ പുഞ്ചിരി ഒരു വിലാപം പോലെ ഹിമാലയ താഴ്‌വരയിലെ ആ ഒറ്റമുറി ആശ്രമത്തിൽ നിറഞ്ഞു.

“ഗാന്ധാരിയെ പോലെ അന്ധത അഭിനയിക്കുകയൊന്നുമല്ലല്ലോ, ശരിക്കും അനുഭവിക്കയല്ലേ ധൃതരാഷ്ട്രർ? മക്കൾ നൂറും കൊല്ലപ്പെട്ട ഹൃദയവേദന വേറെ. ഒറ്റയ്ക്കു് ഇങ്ങനെ നിത്യവും അലയാൻ വിടണോ?”, കൊട്ടാരം ലേഖിക ആശങ്കയോടെ ചോദിച്ചു.

“പുത്രവിധവകൾ താമസിക്കുന്ന വൃദ്ധസദനത്തിലേക്കാണു് കാരണവർ നിത്യവും യാത്ര. അവിടെ നൂറു പേരോടും ഞങ്ങൾ അഞ്ചു പേരെ പറ്റി ദുഷിച്ചു സംസാരിച്ചേ മടങ്ങൂ. അംഗരക്ഷകനായി നിത്യവും വേഷം മാറി കാരണവരുടെ കൂടെ പോവുന്നതു് ഞങ്ങളിൽ ഒരാൾ ആണു്. വഴിയിൽ ധൃതരാഷ്ട്രർ കുഴഞ്ഞു വീണു മരിച്ചാൽ ഭരണകൂടത്തിനെ പ്രതിരോധത്തിലാക്കാം എന്നു് വിധവകളും വിചാരിക്കുന്നു.” ‘അകമ്പടിവേഷം’ മാറുന്ന തിരക്കിലായിരുന്നു ചാരവകുപ്പുമേധാവി നകുലൻ.

“കൗരവ അടിമയെന്ന നിലയിൽ പരിമിതി നേരിട്ടെങ്കിലും, മൊത്തം വനജീവിതം ഈ പന്ത്രണ്ടു വർഷം ആസ്വാദ്യകരമായിരുന്നോ?”, കൊട്ടാരം ലേഖിക അഞ്ചു പേരോടും വിരൽ ചലിപ്പിച്ചു ഒരുമിച്ചു ചോദിച്ചു. ഭാഗ്യം, അവസാനദിന മാലിന്യനീക്കത്തിനു് പാഞ്ചാലി ആശ്രമങ്ങളിലേക്കു് പോയ നേരമായിരുന്നു.

“വിശപ്പെന്തെന്നറിയാതെ വനാന്തരത്തിൽ കഴിഞ്ഞു. എപ്പോൾ ചെന്നു് അക്ഷയപാത്രത്തിൽ കയ്യിട്ടു വാരിയാലും കിട്ടുമായിരുന്നു, സ്വാദും ചൂടുമുള്ള അപ്പം. ആസ്വദിച്ചു തിന്നു. ഒന്നേ ഞങ്ങളുടെ ആർമാദത്തെ ആലോസരപ്പെടുതതിയുള്ളു. അതിഥിബന്ധിത ഭക്ഷ്യലഭ്യതയെ കുറിച്ചുള്ള നിബന്ധനയനുസരിച്ചു അത്താഴപ്പട്ടിണി യുമായി ഉറക്കമില്ലാതെ ജാലകത്തിന്നരികെ തല ചായ്ച്ചിരിക്കുന്ന പാഞ്ചാലി.”

“ഹിമാലയ താഴ്‌വരയിലെ ഈ വനാശ്രമത്തില്‍ തൊഴിൽരഹിതരായ അഞ്ചു ആണുങ്ങൾക്കൊപ്പം ഒറ്റമുറിയിൽ കഴിയുമ്പോൾ, വിരസത മാറ്റാൻ ദൂരെ ദൂരെ ഒരു പൊന്മാന്‍ പ്രലോഭിപ്പിക്കുന്ന പോലെ സങ്കൽപ്പി ക്കാറുണ്ടോ” ‘ കൊട്ടാരം ലേഖിക പാഞ്ചാലിയോടു് കൌതകപ്പെട്ടു.

“വാളും കുന്തവുമായി അഞ്ചു ആജാനബാഹുക്കള്‍ മാറി മാറി എന്റെ വഴിയില്‍ ലക്ഷ്മണരേഖ വരക്കുമ്പോഴോ?”

“കേട്ടപ്പോൾ ഞെട്ടി എന്നു് ഞങ്ങൾ പറഞ്ഞുകൂടല്ലോ, വനവാസത്തിനു വൽക്കലം ധരിച്ചു നഗ്നപാദരായി പടിയിറങ്ങുമ്പോൾ, നിങ്ങൾ നൂറു കൌരവരേയും ഒന്നൊന്നായി കണ്ടു യാത്ര ചോദിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണോ?”, കൊട്ടാരം ലേഖിക കിതപ്പോടെ ചോദിച്ചു.

“അടിസ്ഥാനത്തിനു് എന്താ കുഴപ്പം, ഒരു വഴിക്കു പോവുമ്പോൾ യാത്ര ചോദിക്കേണ്ടേ?, പറഞ്ഞുവന്നാൽ അവരെല്ലാം എന്റെ ആരാധകരല്ലേ”, പാഞ്ചാലി ജാലകത്തിലൂടെ വിദൂരതയിലേക്കു് നോക്കി.

2016-08-12

“പാഞ്ചാലപുത്രിയെ ശുചീകരണ തൊഴിലാളിയാക്കിയ കൗരവകുടിലതയെ നിങ്ങൾ അപലപിച്ചില്ല എന്നതു് മനസ്സിലാക്കാം, തീവ്രാനുരാഗി ഭീമൻ അനീതിക്കെതിരെ മുറുമുറുത്തില്ല എന്നതു് പാണ്ഡവ പ്രതികരണശേഷിയെ കുറിച്ചു് എന്തോ വിപൽ സന്ദേശം പുറം ലോകത്തിനു തരുന്നില്ലേ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനെ വെല്ലു വിളിച്ചു.

“പൊട്ടിത്തെറിക്കേണ്ട ഇര പുഞ്ചിരിച്ചു കൊണ്ടല്ലേ ദുര്യോധനന്റെ ആജ്ഞ നിത്യവും അനുസരിക്കുന്നതു്? ഒന്നു് മുറുമുറുത്തപ്പോൾ ഭീമനെ തല മൊട്ടയടിച്ചു ഉടയോൻ കൗരവൻ കഴുതപ്പുറത്തിരുത്തി ശിക്ഷിച്ചതൊക്കെ ഹസ്തിനപുരിയിൽ നിന്നു് വല്ലപ്പോഴും ഈ കാട്ടുമുക്കിൽ വരുന്ന നിങ്ങൾ കുലീന നഗരവാസികൾ എങ്ങനെ അറിയാനാണു് അല്ലെ?”, താടിക്കു കൈവച്ചു മിണ്ടാതിരുന്ന ജ്യേഷ്ഠനു് പകരം നകുലൻ പറഞ്ഞു.

“യുധിഷ്ഠിരൻ എന്തൊക്കെ ചെവിയിൽ മന്ത്രിക്കും സ്വകാര്യ മുഹൂർത്തങ്ങളിൽ, പാഞ്ചാലിയോടു് ഇഷ്ടം കൂടാൻ?”, കൊട്ടാരം ലേഖിക ‘പൊള്ളുന്ന ഇടത്തിൽ’ വിരലമർത്തി.

“മറ്റു നാലു പേരെ കുറിച്ചു് ഓരോന്നു് കുത്തിക്കുത്തി ചോദിക്കും. ഇളമുറപാണ്ഡവർക്കു് പ്രണയസല്ലാപത്തിൽ വാചിക മികവു കുറവാണു് എന്നു് തെളിയിക്കുന്ന ദുരനുഭവങ്ങൾ ഞാൻ അപ്പോൾ ആവർത്തിച്ചു സാക്ഷ്യപ്പെടുത്തണം.”

“മധുരത്തിൽ വിഷം കലർത്തി പാണ്ഡവക്കുട്ടികളെ ഇടയ്ക്കിടെ തീറ്റിക്കാൻ പോലും അന്ധപിതാവിന്റെ പണപ്പെട്ടിയിൽ കയ്യിട്ടു വാരണം എന്ന സ്ഥിതി നിലവിലുണ്ടായിരുന്ന നിങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിൽ, അരങ്ങേറ്റ ദിവസം പാണ്ഡവർ അവമതിച്ച ഒരു സൂതപുത്രനെ ഉടനടി “അംഗരാജാവായി” പ്രഖ്യാപിച്ച നിങ്ങളുടെ നടപടിക്കു, മുൻകാല പ്രാബല്യത്തോടെ രാജകീയ അനുമതി കിട്ടിയോ?”, കൊട്ടാരം ലേഖിക ദുര്യോധനനെ നേരിട്ടു.

ചുണ്ടുകൾക്കിടയിൽ പിടയുന്ന പെരുമീനുമായി ശുദ്ധജലതടാകത്തിൽ മലർന്നു കിടന്നു നീന്തി തുടിക്കയായിരുന്നു കൌരവൻ.

“സാഹചര്യത്തിനൊന്നുയർന്നു സാഹസികമായി ഇടപെട്ടു് പാണ്ഡവവിരുദ്ധ അധഃകൃത യോദ്ധാവിനെ ആജീവനാന്ത അടിമയായി നേടിയെടുക്കാൻ ഒരു സാങ്കല്പിക ദേശനാമം ആധികാരികമായി ഉച്ചരിച്ചു എന്നതിൽ കവിഞ്ഞെന്തു മുൻകാല പ്രാബല്യവും അനുമതിയും?”, കടിച്ചു പിടിച്ച മീനിനെ കരയിൽ നിന്ന സഹായിക്കു നേരെ പിടിക്കാൻ പാകത്തിൽ കൃത്യമായി എറിഞ്ഞു്, ഒന്നു കൂപ്പു കുത്തി വെയിലിലേക്കു് വീണ്ടും ഉയർന്നു്, ദുര്യോധനൻ പുഞ്ചിരിച്ചു.

2016-08-13

“ഭിക്ഷ യാചിച്ചു വന്ന ആറംഗ ആദിവാസികുടുംബത്തിനു് അന്ത്യഅത്താഴം വിളമ്പാൻ അമ്മ മാത്രം? എവിടെയായിരുന്നു ആ സമയം നിങ്ങളഞ്ചുപേരും?” കൊട്ടാരം ലേഖിക വിരൽ ചൂണ്ടി.

“വാരണാവതം അരക്കില്ലത്തിൽ രഹസ്യമായി പണിതിരുന്ന ഭൂഗർഭ ഇടനാഴിയിൽ മണ്ണിടിച്ചിൽ ഉണ്ടാക്കി വഴിതടയാൻ വേഷം മാറി വന്ന കൗരവ ചാരസംഘമല്ലേ അതു്? അവരെ കുടിപ്പിച്ചു ബോധം കെടുത്തേണ്ട ഭാരിച്ച ചുമതല കുന്തി ഏറ്റെടുത്തപ്പോൾ ഞങ്ങൾ പാതിരാ ഒളിച്ചോട്ടത്തിനു മണ്ണു് നീക്കി തുരങ്കം സഞ്ചാരയോഗ്യമാക്കി.” ഏകചക്രയിൽ വേഷം മാറി ഭിക്ഷ യാചിക്കുന്ന ആറംഗ പാണ്ഡവ സംഘത്തിലെ നകുലൻ നിസ്സാരമായി പറഞ്ഞു.

“സംശയാസ്പദമായ രാത്രിയാത്രകളിൽ നിന്നു്, പ്രബോധനം വഴി ഭീഷ്മരെ പിന്തിരിപ്പിക്കാൻ വിദുരർ മേധാവിയായി ഉപസമിതി. സുതാര്യഭരണം വാഗ്ദാനം ചെയ്യുന്ന കൗരവ ഭരണകൂടത്തിനു മുമ്പിൽ, ഭീഷ്മയാത്രകളുടെ ദുരൂഹ ഭീഷണി പുറത്തു കൊണ്ടുവന്ന കൊട്ടാരം ലേഖികക്കു് പൌരസ്വീകരണം ഇന്നു് വൈകുന്നേരം അരങ്ങേറ്റം മൈതാനത്തിൽ.

“പരിപൂർണബ്രഹ്മചര്യത്തിന്റെ കുരുവംശപ്രായോജകൻ കുറച്ചു നാളായി ഊട്ടുപുരയിൽ ചെന്നു് വേഗം അത്താഴം കഴിച്ചു അകമ്പടി ഒഴിവാക്കി കൃഷിക്കാരന്റെ ലളിതവേഷത്തിൽ ഇരുട്ടിലേക്കു് നിത്യവും രാത്രി ഇറങ്ങിച്ചെല്ലുന്നതു് ഹസ്തിനപുരി പൂക്കാര തെരുവിൽ ഇപ്പോൾ പാട്ടാണു്. കൊട്ടാര രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ അഭിവന്ദ്യഭീഷ്മരെ രാഷ്ട്രീയപ്രതിയോഗികൾ ബന്ദിയാക്കി പിടിച്ചാൽ?”

2016-08-14

“നിലവിളിച്ചുകൊണ്ടു് നിങ്ങൾ എന്തിനാണു് ഈ ആട്ടിൻകുട്ടികൾക്കു് ഇല തിന്നാൻ കൊടുക്കുന്നതു്?” കൊട്ടാരം ലേഖിക നഗരാതിർത്തിയിലെ ഗ്രാമത്തെരുവിൽ, കർഷക കുടിലിനു മുമ്പിൽ കൂട്ടംകൂടി നിന്ന സ്ത്രീകളോടു് നീരസം മറയ്ക്കാതെ ചോദിച്ചു.

“തിന്നു കൊഴുത്ത ഈ അഞ്ചു ആട്ടിൻകുട്ടികളെ കൊട്ടാരം ഊട്ടുപുരയിൽ അതിരാവിലെ ഞങ്ങൾ നേരിട്ടു് എത്തിക്കണം. നാടു് വാഴുന്ന അഞ്ചു പാണ്ഡവപോക്കിരികൾ എണീറ്റു് വന്ന ഉടൻ, ഞങ്ങൾ തന്നെ വേണം അവർക്കു ഈ പ്രിയ വളർത്തുമൃഗങ്ങളുടെ കഴുത്തറത്തു് കൊടുക്കാൻ. തീ പാറുന്ന നോട്ടത്തോടെ അക്ഷമയിൽ അവർ കാത്തു് നില്ക്കും ആ ചുടുചോര മോന്താൻ.”

2016-08-15

“കൗരവ രാജവിധവ എന്ന സംജ്ഞ ഔദ്യോഗികഉപയോഗത്തിൽ നിന്നു് പിൻവലിച്ചിരിക്കുന്നു എന്നു് പാണ്ഡവഭരണക്കൂടത്തിന്റെ രാജകീയമുദ്രയുള്ള അറിയിപ്പിൽ കണ്ടില്ലേ? നാല്പതു് ലക്ഷം സൈനികർ ഇരു വിഭാഗങ്ങളിലും മരിച്ച യുദ്ധത്തിൽ അവർ അനർഹസൌജന്യം തട്ടിയെടുക്കുന്നതു് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു് ഈ നടപടി. നമ്മുടെ സ്വകാര്യ സംഭാഷണത്തിലും ഈ സംജ്ഞ ഉപയോഗിക്കാൻ പാടുള്ളതല്ല”, കൊട്ടാരം ലേഖിക ചുണ്ടിൽ വിരൽ വച്ചു് സംസാരിച്ചു.

“അറിയാതെയെങ്കിലും ഉപയോഗിച്ചാൽ?” യുദ്ധകാര്യ ലേഖകൻ കണ്ണു് മിഴിച്ചു!

“ഒരു വിധവ കൂടി ഉടൻ ഉണ്ടാവും.”

2016-08-16

“ദാനശീലൻ എന്ന പൊങ്ങച്ചം നില നിർത്താൻ തൊലിയോടൊട്ടിക്കിടക്കുന്ന കവചങ്ങൾ ചോരപൊടിയുന്ന വിധം വലിച്ചൂരി ശത്രുചാരനു കൈമാറിയ കർണന്റെ നടപടി കർണസാരഥി എന്ന യുദ്ധപദവി നേടിയശേഷം നിങ്ങൾ പരസ്യമായി ചോദ്യം ചെയ്തതു് മര്യാദയാണോ?” കൊട്ടാരം ലേഖിക ശല്യനോടു് ചോദിച്ചു.

“ഒന്നു്, കർണൻ ദാനശീലൻ ആണെന്നോ അല്ലെന്നോ എനിക്കറിയേണ്ട കാര്യമില്ല, രണ്ടു അയാളുടെ സാരഥി എന്നതു് എനിക്കു് ദുര്യോധനൻ തന്ന ശിക്ഷയാണു് മേനി പറയാവുന്ന പദവിയല്ല, മൂന്നു അയാൾ ഇന്ദ്രനു് കവചം ഊരിക്കൊടുത്തതിനു് ശിക്ഷ കുരുക്ഷേത്രത്തിൽ ഇന്ദ്രപുത്രൻ അർജ്ജുനൻ തന്നെ കർണനു കൊടുക്കുന്നതു് നിങ്ങൾ കാണേണ്ടിവരും.” ചട്ട കയ്യിലെടുത്തു് വായുവിൽ അടിച്ചു ശല്യൻ കൈത്തരിപ്പു് മാറ്റുന്നതിനിടെ സംസാരിച്ചു.

“വനവാസത്തിനു പോവാൻ പ്രത്യേകിച്ചു് വല്ല പ്രകോപനവും?”, അധികാരത്തിന്റെ അകത്തളത്തിൽ നിന്നു് മരവുരി ധരിച്ചു നഗ്നപാദരായി ഹസ്തിനപുരിയിൽ നിന്നു് യാത്രയായ പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക കൌതുകത്തോടെ ചോദിച്ചു.

“കൌരവരുടെ കിരാതഭരണത്തിൽ നിന്നു് രാജ്യം രക്ഷ നേടിയ സ്വാതന്ത്ര്യദിനത്തിന്റെ മുപ്പത്തിരണ്ടാം വാർഷികം ഇന്നലെ ആയിരുന്നു. അരങ്ങേറ്റ മൈതാനത്തിൽ നടന്ന ആഘോഷത്തിൽ പക്ഷെ പങ്കെടുക്കാൻ ഉണ്ടായിരുന്നതു് ഞങ്ങൾ അഞ്ചു പേർ. ചെങ്കോൽ കൈമാറാൻ അതൊരു ഓർമ്മപ്പെടുത്തൽ ആയി.” നകുലൻ വിജനമായ തെരുവിൽ യാന്ത്രികമായി യാത്ര ചൊല്ലി.

“ആൽമരചുവട്ടിലിരുന്നു ചൂതാട്ട പരിശീലനം ചെയ്യുന്നതു് വനാശ്രമത്തിലെ ജാലകത്തിലൂടെ നോക്കുമ്പോൾ പരസ്പരം ചൂണ്ടുവിരലുയർത്തി നിങ്ങളഞ്ചുപേരും കയർക്കുന്നതു കാണാം. അതു് കളിയുടെ ഭാഗമാണോ?” കൊട്ടാരം ലേഖിക ചോദിച്ചു. മഴപെയ്തു തെളിഞ്ഞ ഹിമാലയ താഴ്‌വര.

“കോപത്തോടെ പാഞ്ചാലി പടിയിറങ്ങുമ്പോൾ ഞങ്ങൾ പാണ്ഡവർ വിരൽചൂണ്ടി പരസ്പരം പഴി ചാരും, നിന്നെയാണു് പാഞ്ചാലിയിന്നു ഉന്നംവച്ചതു. മറ്റു നാലു പേരപ്പോൾ പേടിച്ചു പേടിച്ചു ‘അല്ല നിന്നെ നിന്നെ’ എന്നു് ഒച്ച വക്കും”, ഭീമൻ കൊച്ചു കുഞ്ഞിനെ പോലെ കൊഞ്ചിക്കൊഞ്ചി പറഞ്ഞു.

2016-08-17

“എന്താണു് രാവിലെ തന്നെ പുല്ലിൻചൂലു കൊണ്ടൊരു ശുദ്ധീകരണയജ്ഞം?”, പുലർകാലനടത്തം കഴിഞ്ഞു വനാശ്രമത്തിൽ തിരിച്ചെത്തിയ കൊട്ടാരം ലേഖിക മുറിയടിച്ചുവാരുന്ന പാഞ്ചാലിയെ അഭിവാദ്യം ചെയ്തു.

“അന്തേവാസികൾ ആകാശചാരികളുടെ ജാരസന്തതികളാണെങ്കിലും, ഭൂമിയിലെ ക്ഷുദ്രജീവികൾക്കു് ഇവിടം ഔദ്യോഗിക ഇടത്താവളമാക്കാൻ ഒരു ദിവസം ഈ ചൂലിനു അവധി കിട്ടിയാൽ മതി”, പാണ്ഡവചർമങ്ങളിൽ നിന്നു് കഴിഞ്ഞ ഒരു ദിവസം വീണ ജഡകോശങ്ങൾ സൂക്ഷ്മമായി അടിച്ചുവാരി പുറത്തേക്കിടുന്ന പാഞ്ചാലി കൃത്യനിർവ്വഹണത്തിൽ നിന്നു് നോട്ടം തെറ്റിക്കാതെ പറഞ്ഞു.

“അടിമപ്പെൺ പദവി നൽകി ഔദ്യോഗികമായി കൗരവർ പാഞ്ചാലിയെ ഇന്നലെ രാത്രി രാജ്യസഭയിൽ അപമാനിക്കുമ്പോൾ നിങ്ങൾ മിക്കവാറും അക്ഷോഭ്യനായിരുന്നു എന്നാണോർമ. എങ്ങനെ നേടി ഈ മനോനിയന്ത്രണം?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഇന്ദ്രപ്രസ്ഥത്തിൽ രോഗം ബാധിച്ചു ഞാൻ അവശനായി കുറച്ചു നാൾ കിടപ്പിലായപ്പോൾ പാഞ്ചാലി, ഇളമുറ പാണ്ഡവരുമായി ഒത്തുകളിച്ചു, വേണ്ടത്ര വൈദ്യസഹായം എത്തിക്കാതെ കളിപ്പിച്ചു എന്ന ആ പരുക്കൻ ഓർമ എന്നെ അപ്പോൾ സ്വാധീനിച്ചുവോ?”, ദിക്കറിയാത്ത മട്ടിൽ വനാശ്രമത്തിലേക്കുള്ള യാത്രയിൽ യുധിഷ്ഠിരൻ വടക്കോട്ടു കാൽ വെക്കുന്നതിനു പകരം തെക്കോട്ടു തിരിഞ്ഞു.

“അനുപാതത്തിൽ കവിഞ്ഞ അളവിൽ പാഞ്ചാലി നിങ്ങളഞ്ചു പേരിൽ ആരെയോ രഹസ്യമായി പരിഗണിക്കുന്നു എന്ന ആക്ഷേപം ആദ്യമുയർത്തിയതാരായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു പാഞ്ചാലി പണിക്കു പോയ നേരം, വനാശ്രമം.

“ഒരു പണത്തൂക്കം അധികം പരിഗണനക്കായി ഞങ്ങൾ അഞ്ചു പേർ, ഒറ്റക്കൊറ്റയ്ക്കും കുറു മുന്നണിയുണ്ടാക്കിയും പരസ്പരം ഒറ്റുകൊടുത്തു് ഞങ്ങളഞ്ചു പേരും ഇരകൾ”, ഇളമുറ സഹദേവൻ തേങ്ങി. മറ്റു പാണ്ഡവർ തല കുനിച്ചു നിന്നു.

2016-08-18

“ഭരണസിരാകേന്ദ്രത്തിലെ ഔദ്യോഗികസാന്നിധ്യം നിങ്ങളഞ്ചുപേർ മാത്രം?” കൊട്ടാരം ലേഖിക നെറ്റി ചുളിച്ചു.

“പതിമൂന്നിനും അറുപതിനും ഇടക്കുള്ള പുരുഷന്മാർ രാഷ്ട്രത്തിന്റെ അഖണ്ഡതക്കു് വേണ്ടി വിഘടനവാദികളെ നേരിടാൻ കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്തു എന്നു് നിങ്ങൾ തന്നെയല്ലേ എഴുതിയതു്? കുടിയൊഴിക്കപ്പെട്ട നൂറോളം കൗരവരാജവിധവകളെ കൊട്ടാരം നടത്തിപ്പിന്റെ ഔദ്യോഗിക ചുമതല കൊടുത്തു് പുനരധിവാസം ചെയ്യാനുള്ള കർമപഥത്തിലാണു് ഞങ്ങൾ”

“ഇങ്ങനെയൊന്നുമല്ല അല്ലെ നിങ്ങൾ കുരുക്ഷേത്രയുദ്ധഫലം വിഭാവന ചെയ്തതു്?”, നൂറു മക്കളെ നഷ്ടപ്പെട്ട ഗാന്ധാരിയോടു് കൊട്ടാരം ലേഖിക മുനവച്ചു ചോദിച്ചു.

“അമ്മാ, ഇന്നു് ഞാൻ ആരോരുമറിയാതെ കുട്ടിഭീമനു് ചുടുമാൻചോരയിൽ കുറച്ചു വിഷം കൊടുത്തു എന്നു് ദുര്യോധനൻ കൗമാരത്തിൽ എന്നോടു രഹസ്യമായി പറഞ്ഞപ്പോൾ, നാളെ മറ്റു നാലുപേർക്കും നല്ലവണ്ണം കലക്കി കൊടുക്കൂ എന്നു് അമ്മയെന്ന നിലയിൽ ദീർഘദൃഷ്ടിയോടെ പ്രോത്സാഹിപ്പിക്കാഞതാണെന്റെ വീഴ്ച”, കൺകെട്ടു് അൽപ്പം നീക്കി ചുറ്റിലും പാണ്ഡവ ചാരൻ ഇല്ലെന്നുറപ്പിച്ച ഗാന്ധാരി പിറുപിറുത്തു.

“എന്തു പറ്റി അർജ്ജുനനു് മുഖത്തും നെഞ്ചിലും ചോര കട്ടപിടിച്ച പരുക്കു്?”, ഞെട്ടിത്തെറിച്ച കൊട്ടാരം ലേഖികക്കു് ആ ഭീതിതദൃശ്യത്തിൽ വാക്കുകൾ മുഴുവൻ വന്നില്ല.

“ഉർവശിയുമായി അർജ്ജുനൻ സ്വർഗ്ഗരാജ്യത്തിൽ വച്ചു് അവിഹിതബബന്ധം സ്ഥാപിച്ചു എന്ന ആരോപണം നേരിടുന്നതിനിടെ, ആരൊക്കെയോ രാത്രി വലിച്ചിഴച്ചു കൊണ്ടുപോയി മർദ്ദിച്ചു് അവശനാക്കി എന്നാണറിയുന്നതു്. സംഭവം നടന്ന ശേഷം പാഞ്ചാലിയുടെ അർത്ഥഗർഭമായ മൗനമാണു് ഇടനെഞ്ചിലെ മുറിപ്പാടുകളേക്കാൾ അർജ്ജുനനെ വേദനിപ്പിക്കുന്നതും”, നകുലൻ സംശയത്തിന്റെ മുൾമുന പാഞ്ചാലിയുടെ നേരെ നീട്ടി ശബ്ദം താഴ്ത്തി.

“ചങ്കിൽ അമ്പു തറച്ച പേടമാനിനെ വലിച്ചു ഭീമൻ, കൂസലില്ലാതെ പൂക്കാരതെരുവിൽ മദ്യപിച്ചു നടക്കുന്നതു് ജനം കണ്ടു നടുങ്ങിയതു് ഇന്നലെയാണു്. ഇന്നിതാ ഒരു പാവം തത്തയെ പിടിച്ചു കാട്ടിലെക്കയക്കുമെന്നു പരസ്യ ഭീഷണി. എന്താ സംഭവം?” കൊട്ടാരം ലേഖിക രോഷാകുലയായിരുന്നു.

“സാമൂഹ്യസേവനത്തിനായി നഗരത്തിൽ പകൽ മുഴുവൻ പാണ്ഡവരുമായി വഴിനടക്കുന്ന പാഞ്ചാലിയെ പഴി പറയുന്ന ഈ പക്ഷിയെ പിന്നെ കൂട്ടിൽ അടച്ചാൽ തീരുമോ ദാമ്പത്യ പ്രശ്നം? കൂട്ടുകുടുംബ സ്വത്തുതർക്കത്തിന്റെ പേരിൽ പാഞ്ചാലി കൗരവവംശഹത്യ പ്രേരിപ്പിച്ചു എന്നാണു ദുഷ്ട തത്ത നാടൊട്ടുക്കു് വിളിച്ചു് അറിയിക്കുന്നതു്”, ചാരവകുപ്പു് മേധാവി തത്തക്കൂടു് കുതിരപ്പുറത്തു് വച്ചു് മിന്നൽവേഗത്തിൽ ചാടിക്കയറി.

“അഭിമന്യുവിന്റെ ശവസംസ്കാരത്തിൽ കുന്തി കയറിച്ചെന്നു യുധിഷ്ഠിരനോടെന്തോ കയർത്തു് സംസാരിക്കുന്ന പോലെ ദൂരെ നിന്നു് ഞാൻ കണ്ടു. ധൃതിയിൽ അവിടെ ചെന്നപ്പോഴേക്കും അവർ പാളയത്തിലേക്കു് മടങ്ങിയിരുന്നു. അവരെന്താണു് പറഞ്ഞതെന്നു് നീ അടുത്തുനിന്നു കണ്ടിരുന്നോ?”, യുദ്ധകാര്യ ലേഖകൻ ഒരു പത്രപ്രവർത്തകന്റെ ജിജ്ഞാസയോടെ ചോദിച്ചു.

“കുന്തിരിക്കം കൊണ്ടുണ്ടാക്കിയ പന്തം പോലെ അവൻ, അർജ്ജുനന്റെ മകൻ, ജ്വലിച്ചു ജീവിച്ചു ഇതാ മരിച്ചു ചാരമായി. നീയോ, കാലന്റെ മകനെ, ജീവനിൽ കൊതി വച്ചു് ഉമിത്തീ പോലെ ജ്യോതിസ്സില്ലാതെ പുക മാത്രമായി ഇനിയും മൂന്നു പതിറ്റാണ്ടുകൾ ഭീരുവായി ജീവിക്കും എന്നു് കരഞ്ഞു പറഞ്ഞു തീരുമ്പോഴേക്കും ചിത്തഭ്രമം ഉന്മാദിനി എന്നൊക്കെ ഭീമൻ ശപിച്ചു അമ്മയെ ബലം പിടിച്ചു പാളയത്തിനകത്തേക്കു് വലിച്ചു് കൊണ്ടു പോയി”, ഇപ്പോൾ അന്ധകാരത്തിലായ പാളയത്തിലേക്കു നോക്കി ഇരുണ്ട യമുനയുടെ തീരത്തു് കൂട്ടുകാരനൊപ്പം കൊട്ടാരം ലേഖിക പകച്ചു നിന്നു.

2016-08-19

“പാഞ്ചാലിയുടെ കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ പാതിരാവിൽ നുഴഞ്ഞു കയറി ചവിട്ടിക്കൊന്നതിന്റെ രഹസ്യമെന്താണു്? കൊല്ലുന്നെങ്കിൽ പോരാട്ടത്തിൽ വേണ്ടേ തലവെട്ടാൻ?” കൊട്ടാരം ലേഖിക അശ്വത്ഥാമാവിനോടു് ചോദിച്ചു. ഒളിച്ചോട്ടത്തിലായിരുന്നു ആ ദ്രോണപുത്രൻ.

“കഴുത്തു ഞെരിച്ചു് കീചകനെ കൊന്ന ഭീമനോടു് നിയമം എന്തിനു നീ കയ്യിലെടുത്തു എന്നു് ഭാര്യാസഹോദരൻ വിരാടരാജാവു് വിരൽ ചൂണ്ടി ചോദിച്ചതു കേട്ട ഞാൻ പിന്നെ അതു മറന്നില്ല. എന്റെ കൈകൾ നോക്കൂ, ചോരപ്പാടില്ലാതെ അഞ്ചു കൗമാരപാണ്ഡവരെ കാലന്റെ അടുത്തേക്കയച്ചില്ലേ”, കൃഷ്ണശാപം ഏറ്റിട്ടും ഉത്സാഹത്തിലായിരുന്നു ആ ദരിദ്ര ബ്രാഹ്മണൻ.

“ആദ്യ ഹസ്തിനപുരിപ്രഭാതം ഓർത്തെടുക്കാമോ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു

“ഒന്നിലധികം കാരണങ്ങളാൽ ഓർക്കാം. പാഞ്ചാലയിൽ നിന്നു് യാത്ര കഴിഞ്ഞു അന്തം വിട്ടുറങ്ങിയ ശേഷം ഉണർന്നു കിടപ്പറവാതിലിനപ്പുറം ഞാനൊന്നെത്തി നോക്കിയപ്പോൾ, പത്തറുപതു ഇളമുറ കൗരവ രാജകുമാരന്മാർ പാഞ്ചാലി പാഞ്ചാലീ എന്നു് ആശംസിച്ചു കാത്തു നിൽക്കയാണു്, പ്രത്യാശയോടെ. ആ പരപുരുഷപരിലാളനയിൽ നിന്നെന്റെ ശ്രദ്ധ പെട്ടെന്നു് തിരിച്ചതു് എതിർദിശയിൽ, ഒരിടുങ്ങിയ മുറിയിൽ നിന്നുയർന്ന പരുക്കൻ വാമൊഴി പദാവലിയാണു്. എന്താണു് കാര്യം എന്നന്വേഷിച്ചപ്പോൾ, പാണ്ഡവരുടെ ഔദ്യോഗിക മുൻഭാര്യമാർ നീണ്ടകാല ദാമ്പത്യ അവഗണനയിൽ പ്രതിഷേധിച്ചു നടത്തുന്ന പ്രകടനം എന്റെ ഒരു ഭർത്താവു് യുധിഷ്ഠിരൻ വാക്കുകൾ കൊണ്ടു് ‘തല്ലിതോൽപ്പിക്കുക’യാണു്.” സ്വയംവരം കഴിഞ്ഞു ഭർത്താക്കന്മാരുമൊത്തു് ഹസ്തിനപുരിയിൽ നവ വധുവായി എത്തിയ ആ നാളുകൾ പാഞ്ചാലി ഹസ്തിനപുരി പത്രികക്കായി ഓർത്തെടുത്തു.

“ഭിന്നലിംഗക്കാരനായ അർജ്ജുനൻ ഒറ്റയ്ക്കു് കൗരവസൈന്യത്തെ തുരത്തി എന്ന ഹസ്തിനപുരി പത്രികയിലെ മുൻനിരവാർത്ത കാണുമ്പോൾ ചോദിച്ചു പോകയാണു്, നിങ്ങളുടെ മഞ്ഞപ്പത്രത്തിന്റെ ആവർത്തനച്ചെലവു് വഹിക്കുന്നതു് ഈ അഗതിപാണ്ഡവരാണോ?”, ദുര്യോധനന്റെ കൊച്ചുമകനും, തക്ഷശിലയിൽ കൊട്ടാരം ലേഖികയുടെ സഹപാഠിയുമായിരുന്ന സർവാധികാരി ചോദിച്ചു.

“ചാർവാകനെ നിങ്ങളുടെ അച്ഛച്ചൻ ദുര്യോധനൻ വിചാരണ കൂടാതെ അഴിക്കുള്ളിൽ ആക്കിയതോടെ, പ്രതിപക്ഷം പൂർണമായും ഇല്ലാതായ ഈ കുരുവംശത്തിൽ പിന്നെ പ്രവാസിശത്രുവിന്റെ പ്രഖ്യാപനത്തിനു വേണ്ടേ പത്രത്തിൽ മുഖ്യപരിഗണന? അതോ, ജനാധിപത്യത്തിന്റെ ഈ നാലാംതൂണിനെ തുരങ്കം വയ്ക്കാൻ വല്ല ചാണക്യസൂത്രവും നിങ്ങൾ തക്ഷശിലയിൽ നിന്നു് രഹസ്യമായി ചൂണ്ടിയോ?”, രാജ്യസഭയിലേക്കു് ധൃതിയിൽ പോവുകയായിരുന്ന കൊട്ടാരം ലേഖിക ആ സൈനികവേഷധാരിക്കു് അഭിവാദ്യം ചെയ്തു.

“കൗരവഭരണകൂടത്തിന്റെ സ്തുതിപാഠകരൊന്നും ആവേണ്ട, പ്രതികൂലവാർത്തകൾ ഇടക്കൊക്കെ മുക്കാമെങ്കിൽ ‘ഹസ്തിനപുരി പത്രിക’ക്കു് ഭൗതിക സൗകര്യങ്ങൾ ഉടനടി ഉയരുമെന്നു് കൊട്ടാരം സർവാധികാരി ഉറപ്പു തരുന്നു. ആ ക്ഷണം സ്വീകരിക്കട്ടെ?” മുഖ്യ പത്രാധിപർ സഹപ്രവർത്തകരോടു് ചോദിച്ചു.

“സജീവമായൊരു പാണ്ഡവ പ്രതിപക്ഷമുണ്ടായിരുന്നെങ്കിൽ അവരെയും ഇടക്കൊന്നു മനഃപൂർവം തൊട്ടു തലോടി പരിചരിക്കാമായിരുന്നു. കൊട്ടാരസമുച്ചയത്തിൽ സൗജന്യ താമസവും രാജകീയ ഊട്ടുപുരയിൽ മൂന്നു നേരം പൊരിച്ച കാളയിറച്ചി കൂട്ടിയുള്ള ഊണും ഇളമുറ കൗരവരുടെ തോളിൽ കയ്യിട്ടു് അന്തഃപുരം സന്ദർശനവും ഒക്കെ ഒപ്പം നിലനിർത്തുകയും ചെയ്യാം”, ഒരു കരിമ്പിൻ കഷ്ണം കടിച്ചു യുദ്ധകാര്യ ലേഖകൻ പ്രത്യാശയോടെ പറഞ്ഞു.

“ഈ വരുന്ന യുദ്ധത്തിൽ ജയിച്ചു യുധിഷ്ഠിരൻ അധികാരത്തിൽ വരുന്നു എന്നു കരുതുക. സാങ്കൽപ്പികമായ മറുപടി പറയാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്രയിൽ പോരാട്ടഭൂമിയുടെ അടിസ്ഥാനവികസനത്തിനു് ഇളമുറ കൗരവർക്കൊപ്പം ആക്കം കൂട്ടാൻ വന്നതായിരുന്നു ദുര്യോധനൻ. ഉച്ച.

“യുധിഷ്ഠിരന്റെ ഒരു മുഖംമൂടി എനിക്കു് നന്നേ പരിചയമുണ്ടു്. എന്നാൽ ഭരണത്തിൽ മികവു് കാണിക്കാൻ ആ ഒരു പൊയ്മുഖം മതിയോ?”, കുറ്റിക്കാട്ടിൽ നിന്നു് അവർക്കു നേരെ ഫണമുയർത്തി ചാടിയ മൂർഖൻ പാമ്പിനെ ഒരു മിന്നൽ നീക്കത്തോടെ കഴുത്തിൽ പിടി മുറുക്കി ഉയർത്തുമ്പോൾ അയാൾ പുഞ്ചിരി വിടാതെ പറഞ്ഞു.

2016-08-20

“അരങ്ങേറ്റ മൈതാനിയിലിന്നലെ പാണ്ഡവർ ആയോധനകലയുടെ ആരാധ്യദേവത എന്ന ബഹുമതി നേടിയല്ലോ. ശൂലം, ഗദ, അമ്പു് ഓരോന്നിലും സ്വർണം വാരുന്നതു് വെറും അഞ്ചു പേരുള്ള ഈ കൗന്തേയർ”, കൊട്ടാരം ലേഖിക നൂറോളം വരുന്ന കൗരവരെ രാജ്യസഭയിൽ നേരിട്ടു.

“സാമ്രാജ്യമോഹികളായ പ്രിയഅർദ്ധസഹോദരർക്കു് ഇനിയത്യാവശ്യം വേണ്ടതു് സാക്ഷരതയല്ലേ? തലയിൽ കൈവച്ചു കൊട്ടാരം ഗുരു കൃപാചാര്യർ എന്നും അവരെ നോക്കി നെടുവീർപ്പിടുകയല്ലേ. പെടാപ്പാടു പെട്ടിട്ടും പാണ്ഡവർ അക്ഷരമാലയിൽ കൈകാൽ തടഞ്ഞു മൂക്കുത്തി വീഴുകയല്ലേ. എന്നാൽ ഞങ്ങൾ കൗരവരോ? മഹാകാവ്യങ്ങൾ വായിച്ചു തക്ഷശിലയിൽ പോയി ഉത്തമ സംവാദങ്ങളിൽ പങ്കെടുക്കുന്നു.”, എഴുത്താണി ഉയർത്തി കാണിച്ചു കൊണ്ടു് ദുര്യോധനൻ താളിയോലയിലേക്കു തല താഴ്ത്തി.

“മക്കൾ ഭരണാധികാരികളായ ഹസ്തിനപുരിയിലെ രാജകീയജീവിതത്തിൽ മനം മടുത്ത കുന്തി ഇതാ നഗ്നപാദയായി വനവാസത്തിനു പോവുന്നു. എങ്ങനെ ഓർക്കുന്നു ഈ വളർത്തമ്മയെ?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“പക്ഷപാതമില്ലാതെ പാണ്ഡവർ അഞ്ചുപേർക്കും ഒരേ പന്തിയിൽ ഊണൊരുക്കിയ ‘അമ്മ എന്നൊക്കെ നിങ്ങൾ യാത്രയയപ്പു യോഗത്തിൽ കത്തിക്കയറുമ്പോൾ’, കുന്തിയെന്തിനു് പാണ്ഡുവിന്റെ ചിതയിൽ ചാടാതെ എന്റെ പെറ്റതള്ള മാദ്രിയെ തീയിൽ തള്ളിയിട്ടു എന്നോർത്തു് ആ ഭാഗ്യഹീനക്കു വേണ്ടി ഒരു പൂ ഞാൻ അർപ്പിക്കട്ടെ” നകുലൻ മുഖം തിരിച്ചു കണ്ണു് തുടച്ചു.

“കൗരവരാജസഭയിൽ പാണ്ഡവർക്കനുകൂലമായി ഉയർന്ന നീതിബോധത്തിന്റെ ശബ്ദങ്ങളിൽ ഒന്നു് ഭീഷ്മരുടെതായിരുന്നില്ലേ. എന്നിട്ടും നിങ്ങൾ നിരായുധ പിതാമഹനെ അമ്പെയ്തു വീഴ്ത്തി ശരശയ്യയിൽ ഇളകാനാകാതെ കിടത്തി?” കൊട്ടാരം ലേഖിക കുറ്റാരോപണസ്വരത്തിൽ അർജ്ജുനനെ ചോദ്യം ചെയ്തു

“എന്നിട്ടാണോ ഞാൻ ഭിന്നലിംഗക്കാരനായി വിരാടയിൽ ഉത്തരക്കു് നൃത്തം പഠിപ്പിക്കുമ്പോൾ കൗരവ സൈന്യവുമായി വന്നു എന്നെ ഭീഷ്മർ ആക്രമിച്ചതു്? ഒളിപ്പിച്ചു വച്ച ആയുധം തപ്പിയെടുക്കാൻ കഷ്ടിച്ചു് കഴിഞ്ഞതു കൊണ്ടു് എന്നയാളെ അന്നു് ചെറുക്കാനായി”, നിന്ദയോടെ ആ പോരാളി ശരശയ്യയിലേക്കു പോകാതെ അകലെ നിന്നു് നോക്കി.

“യമുനാതീരത്തെ ഹരിതവനമായിരുന്നു യുദ്ധത്തിനു് മുമ്പുള്ള കുരുക്ഷേത്രം. പതിനെട്ടു നാൾ അവിടെ രണ്ടു കുടുംബങ്ങൾ സ്വത്തുതർക്കം പരിഹരിക്കാൻ നടത്തിയ പോരാട്ടത്തിൽ മരിച്ചു വീണതു് നാൽപ്പതു ലക്ഷം പേരെന്നു് വ്യാസൻ. എത്ര മൃഗങ്ങളെ അവിടെ അറുത്തു് സൈനികർ തിന്നു എന്നു് കണക്കു വ്യാസൻ പറഞ്ഞു വച്ചിട്ടില്ല.

ഞാൻ അധികാരത്തിൽ കയറി മൂന്നു ദശാബ്ദം കഴിയുമ്പോൾ കുരുക്ഷേത്രം ഇന്നു് നിബിഢവനമാണു്. ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ സംരക്ഷിത വനവുമാണു്. ഇതെങ്ങനെ ഞാൻ സാധിച്ചു എന്നല്ലേ? ഒന്നും മറച്ചു വെക്കുന്നില്ല, പ്രകൃതിയുടെ നിർലോഭമായ പിന്തുണ, യമുനയുടെ നീർത്തടത്തിൽ വളർന്നു പന്തലിച്ചതു യുദ്ധത്തിൽ ജീവത്യാഗം ചെയ്ത സൈനികരുടെ പുനർജ്ജന്മം എന്നു് ചിരഞ്ജീവി കൃപാചാര്യൻ. നാളെ ഞാൻ മഹാരാജാപദവി ഒഴിയുന്നു. എന്റെ അവതാരോദ്ദേശ്യം എന്തായിരുന്നു എന്നു് വരും യുഗത്തിൽ ആരെങ്കിലും നിങ്ങളോടു് ചോദിച്ചാൽ പറയൂ, ഇന്ദ്രപ്രസ്ഥം പണിയാൻ ഖാണ്ഡവവനം തീയിട്ട ഞാൻ ശ്മശാനകുരുക്ഷേത്രത്തെ കൊടുംകാടാക്കി വളർത്തി പാപ പരിഹാരം ചെയ്തു.”

“യുധിഷ്ഠിരന്റെ ഈ അന്ത്യപ്രഭാഷണം ഹസ്തിനപുരി പത്രികയിൽ ചേർക്കണോ” പത്രാധിപർ ചോദിച്ചു.

“ചവറ്റുകൊട്ടയിൽ എറിയൂ രാഷ്ട്രീയകാപട്യത്തിന്റെ ആൾരൂപം നിർലജ്ജം ചെയ്ത ആത്മപ്രശംസ” കൊട്ടാരം ലേഖിക കൈ ഉയർത്തി.

ഹസ്തിനപുരി പത്രികയിൽ ഇപ്പോൾ വായിച്ചു.

“നിത്യജാള ്യതയിൽ അജ്ഞാതവാസം പൂർത്തിയാക്കാൻ മെനക്കെടുന്നതിനേക്കാൾ, അഭിശപ്തപാണ്ഡവർ എത്രയും വേഗം ഭൂമുഖത്തു നിന്നു് അപ്രത്യക്ഷരാവുകയാണു് മാനവരാശിക്കു് നല്ലതെന്നു് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രിയങ്കരനായ കർണൻ. വിദൂര അംഗരാജ്യത്തിൽ പിന്നോക്കക്കാരുടെ ഉന്നമനത്തിനു വികസനപദ്ധതികൾ അവതരിപ്പിക്കുകയായിരുന്നു, ദരിദ്രനെങ്കിലും ദാനശീലനായ കീഴാള സൂതപുത്രൻ.

“തെളിഞ്ഞ വെയിലിൽ കർണന്റെ അഭ്യാസപ്രകടനം വിസ്മയകരമായി. “വിദ്യാർത്ഥി ആയിരുന്ന കാലത്തു് അരങ്ങേറ്റത്തിൽ ചില പാണ്ഡവ അനുകൂല ബ്രാഹ്മണ ഗുരുക്കൾ അഭ്യാസത്തിൽ പങ്കെടുക്കാൻ സമ്മതിക്കാതെ പരസ്യമായി അവമാനിച്ചപ്പോൾ, ഈ നില്ക്കുന്ന ഹസ്തിനപുരി രാജകുമാരൻ ദുര്യോധനൻ ഉടൻ എന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ അംഗരാജാവായി അഭിഷേകം ചെയ്തു. ആജീവനാന്ത സൗഹൃദം വാഗ്ദാനം ചെയ്തതിന്റെ വാർഷികദിനം കൂടിയാണിതു്”, കർണൻ ഓർത്തു.

“തുടർന്നു് കർണനും ദുര്യോധനനും പരസ്പരം പുകഴ്ത്തുന്നതും ദേശഗീതം പാടുന്നതും ആലിംഗനം ചെയ്യുന്നതും കൈ കോർത്തു് നടക്കുന്നതും സ്വവർഗകാമനയുടെ ആരാധകരായ അംഗരാജ്യനിവാസികളെ കോരിത്തരിപ്പിച്ചു.”

“കൗരവഅടിമ എന്ന നാമമാത്രസ്ഥിതിയെ മഹത്വവൽക്കരിച്ചു നിങ്ങൾ ദുര്യോധനന്റെ വ്യക്തിഗത അടിമ എന്നു് പലപ്പോഴും അഭിമാനിക്കുന്നതു് പാണ്ഡവരിൽ പ്രയാസം സൃഷ്ടിക്കുന്നു എന്നു് അറിയാമോ” കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവർ വനാശ്രമത്തിനു പുറത്തെ ആലിൻ ചുവട്ടിൽ ചൂതാട്ടത്തിന്റെ കുതിപ്പിലായിരുന്നു.

“പുറത്തേക്കു നോക്കൂ, അവരിപ്പോൾ ചൂതു് കളിക്കുന്നതു് പരസ്പരം എന്നെ പണയപ്പെടുത്തിയാണു്. ആരു തോറ്റാലും ഞാൻ അപ്പോൾ ജേതാവിന്റെ അടിമയാവണം എന്നാണു ക്രമം. അതു് പറഞ്ഞു എന്നെ കീഴ്പ്പെടുത്താൻ ജയിച്ച പാണ്ഡവൻ ഓടി വന്നാലും നിയമവഴി പറഞ്ഞു കൊടുക്കും. നിലവിൽ ദുര്യോധനന്റെ മേൽക്കോയ്മക്കു പൂർണമായി വിധേയമായിരിക്കും പാണ്ഡവർ എന്നിൽ പ്രതീക്ഷിക്കുന്ന അടിമത്വം. അതാണവരുടെ മനഃപ്രയാസം”, പാഞ്ചാലി അണിഞ്ഞൊരുങ്ങുകയായിരുന്നു.

2016-08-21

“വിഘടനവാദികളുടെ സംഘടിത കായികശക്തിപ്രകടനത്തിനു ശക്തമായ പ്രതിരോധ വലയം സൃഷ്ടിച്ചു മാതൃഭൂമിയുടെ അഖണ്ഡതക്കായി യുദ്ധാന്ത്യദിനത്തിൽ മാത്രം ജീവത്യാഗം ചെയ്ത ദുര്യോധനന്റെ ജന്മവാർഷികം ജനകീയകൂട്ടായ്മയുടെ പേരിൽ ദേശീയപ്രശസ്തി നേടിക്കഴിഞ്ഞു എന്നു് പുതിയ ഭരണാധികാരി യുധിഷ്ഠിരൻ.” എന്നെ ധർമ്മപുത്രർ എന്നു മാത്രമേ ജനം പരിമിതമായി പ്രകീർത്തിക്കൂ, ദുര്യോധനൻ പക്ഷെ അവർക്കു മരിച്ചിട്ടും ജ്വലിക്കുന്ന ഓർമകളിൽ നിറയുന്ന രണധീരനാണു്. ത്യാഗസമ്പന്നമായ ആ ജീവിതകഥ വ്യാസൻ വളച്ചൊടിച്ചാണു് ഭാവി തലമുറയ്ക്കു് സമ്മാനിക്കുന്നതു് എന്നറിഞ്ഞു. അതു് പാണ്ഡവ ഭരണകൂടം സ്വീകരിക്കില്ല. ത്രേതായുഗത്തിലെ രാമകഥക്കെന്നപോലെ മഹാഭാരതത്തിനും വരും ഭാവിയിൽ നിരവധി പരിപ്രേക്ഷ്യങ്ങൾ എന്നു് യുധിഷ്ഠിരൻ വ്യാസനു് നേരെ വിരൽ ചൂണ്ടി.”

“ഇതാണോ നീ എഴുതിയ വാർത്ത എന്നു് ഞാൻ ചോദിക്കുമ്പോൾ എല്ലാ ഭരണകൂടത്തിൽ നിന്നെക്കാലവും സൗജന്യം നേടിയ പത്രപ്രവർത്തകനെ പോലെ നീ ഇങ്ങനെ പരുങ്ങുന്നതെന്തു്?” ഹസ്തിനപുരി പത്രികയുടെ യുദ്ധകാര്യ ലേഖകൻ ചോദിച്ചു.

“കീറത്തുണിയിൽ പൊതിഞ്ഞ കുറച്ചു അവിലുമായി സാന്ദീപനിഗുരുകുലത്തിലെ ആ ദരിദ്രസഹപാഠികൾ നിങ്ങളെ ആശ്ലേഷിക്കാൻ വിയർത്ത ശരീരങ്ങളുമായി പുറത്തു് പുലർച്ച മുതൽ വരിനിൽക്കുന്നുണ്ടു്. ഓരോരുത്തരെ അകത്തേക്കു് പറഞ്ഞു വിടട്ടെ? അവിൽ ഇവിടെ ഏൽപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയാൽ ഐശ്വര്യകുചേലാനുഭവത്തിന്റെ ആവർത്തനം അവർ നിന്ന നിൽപ്പിൽ സ്വപ്നം കാണുന്നു”

ഭർത്താവിനെ സത്യഭാമ ആക്ഷേപിക്കുന്നതു് കേട്ടാണു് കൊട്ടാരം ലേഖിക അന്തഃപുരത്തിൽ കയറിയതു്.

“അന്തസ്സില്ലാത്ത പല ജോലിയും അടിമയെന്ന നിലയിൽ പാഞ്ചാലി നിത്യവും ചെയ്യുന്നുണ്ടു്, എന്നാലുമുണ്ടാവുമല്ലോ സ്വകാര്യ നിമിഷങ്ങൾ. അവരപ്പോൾ കൂട്ടം കൂടുമോ, പാട്ടു പാടുമോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“മാറിയിരുന്നു എഴുത്താണി കൊണ്ടു് പനയോലയിൽ എന്തോ എഴുതുന്നതു് കാണാം. ഭാര്യ അഭ്യസ്തവിദ്യയായിരിക്കുക, കൗമാരം വരെ കാട്ടിൽ വളർന്നു അക്ഷരം പരിചയപ്പെടാൻ വൈകിയ ഭർത്താക്കന്മാർ അവളുടെ അന്തരംഗം അറിയാനാവാതെ അന്ധാളിച്ചു നിൽക്കുക, ഞങ്ങൾ സാധുജീവികൾ” ഭീമൻ വിരൽ കടിച്ചു, വാക്കു മുറിഞ്ഞു, കണ്ണുകൾ ഈറനായി.

2016-08-22

“അവൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയപ്പോൾ അനുമോദിക്കാൻ ചെന്നവരുടെ കൂട്ടത്തിൽ നിങ്ങളെ കണ്ടില്ല. രാജസഭയിൽ കൗരവർ ഉടുതുണി വലിച്ചു അവളെ പരസ്യമായി അപമാനിക്കുമ്പോൾ അരുതു് എന്നു വിരൽ ചൂണ്ടാൻ നിങ്ങൾ വന്നില്ല. അടിമപ്പെണ്ണായി അവൾ വ്യാഴവട്ടക്കാലവനവാസത്തിനു നഗ്നപാദയായി പോവുമ്പോൾ ആശ്വസിപ്പിക്കാൻ നിങ്ങൾ ചെന്നില്ല. മാപ്പർഹിക്കാത്ത എന്തു തരം ഗാർഹികപീഢനമാണു് നിങ്ങൾ എക്കാലവും പുത്രവധുവിനോടു് കാണിച്ചതു്”, കൊട്ടാരം ലേഖിക ഇരുകൈപ്പത്തികൾ മലർത്തി.

“ഈ വിരലൊന്നു ഞൊടിച്ചാൽ എന്റെ ചുറ്റും വാലാട്ടി ആജ്ഞ കാത്തു് നിന്നിരുന്ന അഞ്ചു ദേവസന്തതികളെ ആദ്യരാത്രിയിൽ പാലും പഴവുമായി കിടപ്പറയിലേക്കു് പറഞ്ഞയച്ചതാണു് പുത്രവധുവിനു ഞാൻ നൽകിയ വിവാഹപാരിതോഷികം. എന്റെ പ്രിയമക്കളെ നിസ്സാരകാര്യത്തിനു പോലും അവൾ ആദ്യരാത്രി മുതൽ നിന്ദിക്കുമ്പോൾ ഒരു വാക്കു പോലും മറുത്തു് സംസാരിക്കാത്തതാണെന്റെ മനഃസംയമനം”, ഗാന്ധാരിയുടെ ദാസി എന്ന നിലയിൽ ഒരു കെട്ടു് വിഴുപ്പുതുണികളുമായി കൊട്ടാരത്തിനു പിന്നിലെ കുളത്തിലേക്കു് വിനീതമായി പോവുകയായിരുന്നു ആ വൃദ്ധവിധവ.

“മഹാപ്രസ്ഥാനം എന്ന പേരിൽ ഒരു കുടിലപദ്ധതി നടപ്പിലാക്കി പാണ്ഡവരെയും പാഞ്ചാലിയേയും അധികാരത്തിന്റെ സുഖവഴിയിൽ നിന്നു്, ജീവിതാന്ത്യത്തിൽ വഴിയമ്പലമില്ലാത്ത പെരുവഴിയിലേക്കു് തള്ളി വിടുന്നു എന്നു് കേട്ടല്ലോ.” കൊട്ടാരം ലേഖിക പരീക്ഷിത്തിനോടു് മുഖം കറുപ്പിച്ചു.

“എന്റെ അച്ഛൻ അഭിമന്യു കൌമാരപ്രായത്തിൽ എങ്ങനെ മരിച്ചു എന്നു് ഇന്നെല്ലാവർക്കും അറിയാം, അതിൽ യുധിഷ്ഠിരന്റെ പങ്കും. അതൊന്നും ഇനി എന്നെ ഓർമിപ്പിക്കരുതെ. യുദ്ധം കഴിഞ്ഞു ഹസ്തിനപുരിയിൽ ഓടിയെത്തിയ യുധിഷ്ഠിരൻ, അന്ധചക്രവർത്തി ചെങ്കോൽ തരുന്നില്ല എന്നും പറഞ്ഞു എന്തെല്ലാം കോലാഹലം ഇവിടെ നടത്തി? മുപ്പത്തിയാറു കൊല്ലം പെരുമാറ്റ കാപട്യത്തിന്റെ പെരുന്തച്ചനായ യുധിഷ്ഠിരൻ നാടു് ഭരിച്ചു എന്നിട്ടും അത്ര തന്നെ പ്രായമുള്ള ഞാൻ യുവരാജ എന്ന പദവിയിൽ ഹിമാലയ ചുരത്തിനു കൊടും തണുപ്പിൽ ശത്രുനീക്കം പ്രതിരോധിക്കാൻ കാവൽ. വാനപ്രസ്ഥമായാലും മഹാപ്രസ്ഥാനമായാലും പാണ്ഡവരും പാഞ്ചാലിയും അന്തിമപദയാത്ര നാളെ രാവിലെ തുടങ്ങും, യാത്ര അയപ്പിനു കാണണം.” കൊട്ടാര വിപ്ലവം ആസൂത്രണം ചെയ്ത യുവരാജാവു് പരീക്ഷിത്തു് പറഞ്ഞു.

2016-08-23

“മുഖത്തും മാറിലും കാണാം യുദ്ധം വിതച്ച മുറിപ്പാടുകൾ, പക്ഷെ കൊച്ചരിപ്പല്ലുകളുടെ കെട്ടുറപ്പു് തകർക്കാൻ കൗരവപ്രഹരത്തിനു കഴിഞ്ഞില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട പാണ്ഡവമുഖ്യന്റെ ജന്മദിനം ആഘോഷിക്കുന്ന ഹസ്തിനപുരി കൊട്ടാര ഉദ്യാനം.

“ഏതാപൽഘട്ടത്തിലും പല്ലിനെ തുണച്ച നാവിനു സ്തുതി. പോരാട്ടത്തിന്നിടെ പറയാനുറച്ച നുണ പ്രത്യേക സാഹചര്യത്തിൽ അർദ്ധസത്യമായി മാറിയതു് കുരുക്ഷേത്രയിൽ നിങ്ങളും കണ്ടതല്ലേ. ദുര്യോധനനെ മുടിയിൽ പിടിച്ചു വലിച്ചു തുടയിൽ മാരക ഗദാ പ്രഹരത്തോടെ ഭീമൻ കീഴ്പ്പെടുത്തുമ്പോൾ, ‘എന്തു് പറ്റി ഉണ്ണീ ദുര്യോധനാ” എന്നു് വിലപിക്കാൻ പ്രേരിപ്പിച്ച നാവാണെന്റെ ദന്തനിരയുടെ കാവൽദേവത.”

“ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയചക്രവർത്തിയായിരുന്ന നിങ്ങളിപ്പോൾ വെറുമൊരു സാമന്തഹസ്തിനപുരി രാജാവാകുന്നതിൽ പന്തികേടില്ലേ. ചെങ്കോൽ ഇളമുറ സഹദേവനെ ഏൽപ്പിച്ചു സിംഹാസനത്തിന്നരികെ കാവൽദേവതയായി വാണരുളുന്നതല്ലേ നല്ലതു്?” വരിനിന്നു അഭിവാദ്യം ചെയ്യാൻ അവസരം കിട്ടിയ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“മായൻ നിർമിത കൊട്ടാരനിർമിതി ഒഴികെ ഇന്ദ്രപ്രസ്ഥത്തിൽ വ്യവസ്ഥാപിത രാജസ്ഥാപനങ്ങൾ വല്ലതും നിങ്ങൾ കണ്ടിരുന്നോ? ഖാണ്ഡവവനം വെട്ടിതെളിയിച്ചു പണിത കുടിയേറ്റയിടം മാത്രമായിരുന്ന ഇന്ദ്രപ്രസ്ഥം, ഇന്നു് തിരിഞ്ഞു നോക്കുമ്പോൾ, വെറുമൊരു മോഹവലയം, എന്നാൽ ഹസ്തിനപുരി? കുന്തം കൊണ്ടും കൗശലം കൊണ്ടും ഞങ്ങൾ നേടിയെടുത്ത പൈതൃകം.”

“കുടിയൊഴിപ്പിക്കപ്പെടുന്ന വിധവകളുടെ ദുരിതത്തിൽ ദുഃഖമുണ്ടെന്നു യുധിഷ്ഠിരൻ വ്യക്തമാക്കിയിട്ടും അരമനയുടെ മുമ്പിൽ പ്രക്ഷോഭവും ഉപവാസ ഭീഷണിയും?” കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു ചോദിച്ചു.

“ഇടനെഞ്ചിൽ കൈവച്ചു് പറയേണ്ട വാക്കുകൾ വാചാലമായി പറയുന്ന ഒരു വ്യാജരാജാവിന്റെ നീതിബോധത്തിൽ പടുത്തുയർത്തണോ കൗരവരാജവിധവകളുടെ പുനരധിവാസം?”

“ഇതെന്താണു് പാണ്ഡവപാളയത്തിനു പിന്നിൽ പുഴയോരം ചേർന്നൊരു കത്തുന്ന തീകുണ്ഡം” കൊട്ടാരം ലേഖിക ഞെട്ടലോടെ ചോദിച്ചു.

“നാളെ പതിനെട്ടാം ദിവസം ദുര്യോധനനുമായി അന്തിമയുദ്ധമാണു്. പോരാട്ടത്തിൽ മരിക്കുന്നതു് ഒരു പക്ഷെ യുധിഷ്ഠിരൻ ആണെങ്കിൽ, ഞാൻ നവവധു വേഷത്തിൽ ഉടൻ ഇതിൽ ചാടി മരിക്കണം എന്നാണു ഈ പാണ്ഡവഭർത്താക്കന്മാർ പറയുന്നതു്. അതു വേണോ എന്നു് ഞാൻ വിരൽ ചൂണ്ടിയപ്പോൾ, ജേതാവ് ദുര്യോധനന്റെ വെപ്പാട്ടിയായി കഴിയുന്നതിൽ നീതിനിഷേധം ഉണ്ടാവുമെന്നവർ പ്രവചിക്കുന്നു. യാഗാഗ്നിയിൽ നിന്നു് പൂർണവളർച്ച എത്തിയ സ്ത്രീരൂപത്തിൽ ഉയർന്ന ഞാൻ ഈ തീകുണ്ഡത്തിൽ വിലയം പ്രാപിക്കുന്നതിൽ കാവ്യനീതിയുണ്ടെന്നു പാണ്ഡവർ പ്രശംസിക്കുമ്പോൾ ആരും ആ സാധ്യതയിൽ വീണു പോവില്ലേ?”, പാഞ്ചാലി പൊട്ടിച്ചിരിച്ചു. ദേഹമാസകലം മുറിപ്പാടുകളുമായി പാണ്ഡവർ ചുറ്റും പ്രേക്ഷകരായിരുന്നു.

2016-08-24

“പോരാട്ടപ്രായോജകരായ കൗരവരുടെ സാന്നിധ്യമില്ലാത്ത ശവസംസ്കാരചടങ്ങിലൂടെ അഭിമന്യു അങ്ങനെ ഇന്നലെ രാത്രി കഥാവശേഷനായി. നിങ്ങളാരും ആ വഴിക്കൊന്നു തലയിൽ തുണിയിട്ടു് പോയതുകൂടിയില്ലേ” കൊട്ടാരം ലേഖിക ദുര്യോധനനെ നേരിട്ടു. യമുനയുടെ തീരം അതിരാവിലെ മൂടൽമഞ്ഞിൽ പരസ്പരം മുഖഭാവം വ്യക്തമായി കാണാൻ പറ്റില്ലെങ്കിലും, അവളുടെ ശബ്ദത്തിൽ നീരസം പ്രകടമായിരുന്നു.

“ചക്രവ്യൂഹം തകർത്തു് അഭിമന്യു ഇടിച്ചു കയറിയതു് ഞങ്ങൾക്കു് മധുരം നുള്ളി തരാനായിരുന്നുവോ?, അതോ മരണം വിതക്കാനോ? യുദ്ധത്തിൽ ഞങ്ങൾക്കു് നാരായണസൈന്യത്തെ നിബന്ധനയില്ലാതെ വിട്ടു തന്നു സഹായിച്ച കൃഷ്ണന്റെ സഹോദരീപുത്രനെ ഉടനടി കൊല്ലാൻ അതേ സൈനികർ വാളുയർത്തിയപ്പോൾ, വാൾ ഉറയിലിടൂ എന്നു് കൽപ്പിച്ച എന്നെയാണു് പിന്നിൽ നിന്നു് അവിവേകിയായ അർജ്ജുനപുത്രൻ രഥചക്രം കൊണ്ടു് തലയിൽ ആഞ്ഞടിക്കാൻ ഓടിവന്നതു്. അതു് കണ്ടാൽ എന്റെ സുഹൃത്തു് കർണൻ അരുതേ എന്നു് വിലപിച്ചു മുട്ടു കുത്തണോ? അതോ, പ്രതിരോധത്തിൽ ശത്രുവിന്റെ ഉയിരെടുക്കാണോ?”, അനായാസമായി നിന്ന നിൽപ്പിൽ ഉയർന്നു് തെളിനീരിലേക്കു് അയാൾ എടുത്തു് ചാടി.

വഴിയിൽ കുഴഞ്ഞു വീണ പാഞ്ചാലിയുടെ മരണമൊഴി നേരിട്ടു കേട്ട ഏക വ്യക്തി അല്ലേ നിങ്ങൾ?”, കൊട്ടാരം ലേഖിക ദുഃസ്സംശയം മറച്ചു വക്കാതെ മുന്നിൽ നിൽക്കുന്ന സ്ത്രീയെ നിർദ്ദയം ചോദ്യം ചെയ്തു.

“കാട്ടിൽ എത്തും വരെ മാത്രം ഞാൻ തോഴിയായി കൂടെയുണ്ടാവും എന്നു് മിക്കവാറും സമ്മതിച്ചാണു് പാണ്ഡവർക്കു് പിന്നിൽ അകലം പാലിച്ചു നടന്ന പാഞ്ചാലി എന്നെ കൂടെ കൂട്ടിയതു്. കുറെ നീങ്ങിയപ്പോൾ പാഞ്ചാലി ചുറ്റും കൂടുതൽ ശ്രദ്ധയോടെ, ഭീതിയോടെ നോക്കിത്തുടങ്ങി. ഒന്നും ഞാൻ അപ്പോൾ ചോദിച്ചില്ല. പുൽത്തകിടിയുള്ള സന്യസ്ഥാശ്രമങ്ങൾ അകലെ കണ്ടപ്പോൾ പെട്ടെന്നു് ഭീതിയിൽ പാഞ്ചാലി മുട്ടു് കുത്തി മേൽപ്പോട്ടു നോക്കി കൈകൾ കൂപ്പി. തോളിൽ കൈ വച്ചു് ഞാൻ സ്പർശസാന്ത്വനം നല്കി. ‘ഇല്ല ഞാൻ ഇനിയൊരടി മുന്നിലേക്കു്, വയ്യ എനിക്കീ മടിയൻ സന്യാസികളുടെ ജൈവമാലിന്യം വീണ്ടും ഒരു വ്യാഴവട്ടക്കാലം ചുമക്കാൻ’ എന്നു് വിതുമ്പി നിലവിളിച്ചു പാഞ്ചാലി കുഴഞ്ഞു വീണു. മുന്നേ പോയിരുന്ന പാണ്ഡവർ സന്യാസികളോടു് ഉപചാരം പറയുന്നതിനിടക്കു് തിരിഞ്ഞു നോക്കാൻ വിട്ടു പോയി എന്നു വേണം അനുമാനിക്കാൻ. പാഞ്ചാലിയുടെ അനാഥ ഭൌതിക ശരീരം കുറെ വലിച്ചിഴച്ചപ്പോൾ കണ്ണിൽ പെട്ട ഗുഹയിൽ അടക്കം ചെയ്തു ഞാൻ കുളിച്ചു ഈറനുടുത്തു് തിരിച്ചു പോന്നു.” തോഴി, ഇനിയും എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടു് എന്ന സംശയം ഉണർത്തി, തിരക്കഭിനയിച്ചു പുതിയ ഹസ്തിനപുരി മഹാരാജാവു് പരീക്ഷിത്തിന്റെ അരികിലേക്കു് പോയി.

“ദുര്യോധനൻ ഇന്ദ്രപ്രസ്ഥം കൊട്ടാരം കൊള്ളയടിച്ചു പാഞ്ചാലിയുടെ അമൂല്യരത്നശേഖരം നിങ്ങൾക്കു് വീതിച്ചു തന്നു എന്നല്ലേ അരമനരഹസ്യം? പിന്നെ എന്താ അന്നന്നത്തെ അപ്പത്തിനു ദേഹാദ്ധ്വാനം എന്നു പറഞ്ഞു് നിങ്ങൾ ഇപ്പോഴും പൂക്കാരതെരുവിൽ മാലകോർത്തു് വില്ക്കുന്നതു്? കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു മയമില്ലാതെ ചോദിച്ചു.

“ആരു ജയിച്ചു എന്നു് കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരി ഔദ്യോഗികമായി വിലയിരുത്തി തീരുമാനിക്കും മുമ്പു തന്നെ, ചില പാണ്ഡവർ ഇടിച്ചു കയറി ഹസ്തിനപുരിയിൽ അന്ധരാജാവിനെ ബന്ദിയാക്കിയതു് നിങ്ങളുടെ പത്രത്തിൽ വാർത്തയായില്ലേ, വാർത്തയാവാത്ത ഒന്നിതാ. അധികാരത്തിൽ കയറിയ അന്നു് രാത്രി തന്നെ കുരുവംശ രഹസ്യഅറകളുടെ അതീവസുരക്ഷ തകർത്തു് പുതിയ ഭരണകൂടത്തിന്റെ ചാരവകുപ്പ്മേധാവി നകുലൻ, വാരി വലിച്ചു എല്ലാം കടത്തി. രാവിലെ ഞങ്ങൾ, കൗരവരാജവിധവകൾ, അവിടെ സ്ഥിതിയറിയാൻ സമ്മേളിച്ചപ്പോൾ, രഹസ്യഅറയിൽ ആകെ കണ്ടതു് കരിക്കട്ടയും തലനാരും മാത്രം” ദുര്യോധനവിധവയുടെ നോട്ടം പകച്ചതായിരുന്നു. ഇടയ്ക്കിടെ വാപൊത്തി ചുറ്റും ഭീതിയോടെ നോക്കി.

2016-08-25

“കൗരവപക്ഷത്തു് നിന്നു് പാണ്ഡവരോടു് പോരാടുമ്പോൾ നിങ്ങൾക്കറിയില്ലേ നകുലനും സഹദേവനും സഹോദരി മാദ്രിയുടെ ഇരട്ടക്കുട്ടികൾ ആണെന്നു്?”, കൊട്ടാരം ലേഖിക മാത്ര രാജാവു് ശല്യനു് നേരെ കുരുക്ഷേത്രയിൽ വിരൽ ചൂണ്ടി.

“വിവാഹേതരപ്രസവങ്ങൾ മൂന്നുനാലു കഴിഞ്ഞപ്പോൾ അവിഹിതരതിയിൽ മടുപ്പു തോന്നിയ കുന്തി, ബാക്കിയുള്ള ഒരു വശീകരണ മന്ത്രം ഇളയറാണി മാദ്രിക്കു കൊടുത്തു, ‘എനിക്കു് വേണ്ടി നീ ഗർഭം ധരിക്ക’ എന്നു് ആജ്ഞാപിച്ചു. അശ്വിനിദേവതകളുമായി മാദ്രി വിനീതമായി സഹകരിച്ചു ആ ഇരട്ട പ്രസവം സംഭവിച്ചു എന്നതിൽ കവിഞ്ഞൊരു ജൈവികമാതൃത്വമായിരുന്നോ, ഭർത്താവു് നാളെ കുഴഞ്ഞു വീണു മരിച്ചാൽ ചിതയിൽ ചാടാൻ ബാധ്യത ഏറ്റെടുത്ത എന്റെ പാവം സഹോദരിക്കു്? കുന്തി എന്തു പ്രതിഫലം മാദ്രിക്കു കൊടുത്തു എന്നറിയില്ലെങ്കിലും വാടകഗർഭം എന്നോ മറ്റോ ഇതിഹാസകാരൻ വ്യാസൻ ഒരു വിചിത്ര സാങ്കേതികപദം അതാവിഷ്കരിക്കാൻ കണ്ടെത്തിക്കഴിഞ്ഞു എന്നാണറിഞ്ഞതു്, ഇപ്പോൾ നിങ്ങൾക്കതു് പൂർണമായി മനസ്സിലാവില്ലെങ്കിലും വരും യുഗത്തിൽ സംഗതി നല്ലൊരു വരുമാനമാർഗം എന്ന നിലയിൽ ജനകീയമാവും”, അതിരഥപുത്രൻ കർണന്റെ തേരാളിയാവാൻ വിധിക്കപ്പെട്ട ചക്രവർത്തി ശല്യൻ ഒച്ച വച്ചു.

“കളിയുടെ കളവറിയാതെ ചൂതാടി കൗരവഅടിമയായെങ്കിലും, പൊങ്ങച്ചയുധിഷ്ഠിരനെ ഞങ്ങൾ രഹസ്യമായി പോലും ആദ്യകാലത്തു് വിളിച്ചിരുന്നതു് ‘അഭിവന്ദ്യ മഹാരാജാവേ’ എന്നു് തന്നെയായിരുന്നു. അക്ഷയപാത്രത്തിൽ നിന്നു് പച്ചനാക്കിലയിൽ രുചിഭക്ഷണം അമർത്തി മൂന്നു നേരവും വിളമ്പി വച്ചു കൊടുക്കും. ‘മഹാരാജാവു്’ ഉണ്ടെണീക്കും വരെ ബാക്കി നാലു ഭർത്താക്കൻമാരും ഞാനും ഇങ്ങനെ ഒറ്റക്കാലിൽ ആജ്ഞ കാത്തു് നിൽക്കും. ഉരുള ഉരുട്ടുന്നതും, നാക്കു പുറത്തിട്ടു് വാതുറന്നു അകത്തേക്കു് ഉന്നം തെറ്റാതെ എറിയുന്നതും, ചുണ്ടുകൾ പൂട്ടി താടി ഉയർത്തി അമുക്കുന്നതും പാടു പെട്ടു് ഇറക്കുന്നതും, ഇടക്കിടക്കു വയർ ചലിപ്പിച്ചു ഇടം കൂട്ടുന്നതും ഒക്കെ എത്ര നാൾ നിങ്ങൾ ആദരവോടെ കണ്ടു നിൽക്കും? വിശക്കുന്നു വയറു കാളുന്നു എന്നൊക്കെ അയാൾ ഈയിടെയായി നിലവിളിച്ചാൽ, ഊട്ടുപുരയിൽ ഞാൻ അലസമായി അക്ഷയപാത്രം കൊണ്ടു വക്കും. പിന്നെ അവരഞ്ചു പേരും വാരി വലിച്ചു തിന്നുന്നതു് കാണാനൊന്നും മെനക്കെടാതെ എന്റെ പാട്ടിനു താഴ്‌വരയിലെ ജലാശയത്തിൽ നീന്താൻ പോവും”, വ്യാഴവട്ടക്കാലവനവാസത്തിൽ, പഴയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ ആഹാരരീതിയെ കുറിച്ചു് മുൻ രാജമാതാവു് പാഞ്ചാലി കൊട്ടാരം ലേഖികയുമായുള്ള അഭിമുഖം നാളെ ഇറങ്ങുന്ന ഹസ്തിനപുരി പത്രികയിൽ.

“പോരാട്ടം പത്തു് നാൾ പിന്നിടുമ്പോൾ നിങ്ങൾ നേരിടുന്ന മുഖ്യ പ്രശ്നമെന്താണു്?”, പാണ്ഡവസർവസൈന്യാധിപ പദവി വഹിക്കുന്ന ധൃഷ്ടധ്യുമ്നനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“തിരിച്ചറിയാവുന്ന നിറങ്ങളിൽ സൈനിക വേഷം തുന്നും മുമ്പു് ദുര്യോധനൻ യുദ്ധത്തീയതി പ്രഖ്യാപിച്ചു. കൊല്ലുന്നതും ചാവുന്നതും പാണ്ഡവർ എന്നാണു കൗരവപാളയത്തിൽ നിന്നുള്ള ചാരസന്ദേശം” പാഞ്ചാലപുത്രൻ പ്രത്യാശ നഷ്ടപ്പെട്ട പോലെ പരുങ്ങി.

2016-08-26

“കൗരവരാജവിധവകളെ ബലം പ്രയോഗിച്ചു ഒരു കൊല്ലം മുമ്പു് കുടിയൊഴിപ്പിച്ചിട്ടും അവരുടെ ആഡംബര മന്ദിരങ്ങൾ ഇന്നും ആൾതാമസമില്ലാത്ത ഒഴിഞ്ഞു കിടക്കുന്നല്ലോ. പാണ്ഡവർ വനവാസക്കാലത്തെന്ന പോലെ ഒരു വീട്ടിൽ ഇനിയും മുട്ടിയുരുമ്മി കഴിയാതെ അവയിൽ കയറി മാറി മാറി ആസ്വദിച്ചു താമസിച്ചു കൂടെ?” കൊട്ടാരം ലേഖിക ചോദിച്ചു.

“മണ്മറഞ്ഞ കൗരവരുടെ ദുഷ്ടാത്മാക്കൾ ഇനിയും കുടിയൊഴിഞ്ഞിട്ടില്ലെന്നു കൊട്ടാരഗുരു കൃപാചാര്യൻ വിധിച്ചാൽ ഞങ്ങൾ പിന്നെന്തു ചെയ്യും? പകൽ സമയത്തും അവിടെ നിന്നു് കുരുക്ഷേത്രയുദ്ധത്തിലെ കൊലവെറി കേൾക്കുന്നെന്നു ഭീമനും ആ വഴി നടക്കുമ്പോൾ നിലവിളിക്കുന്നു. കർമശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി ഒറ്റയ്ക്കു് രാജ്യസഭയിൽ നിന്നിറങ്ങി വരുന്ന നകുലൻ കൂടുതൽ ചോദ്യങ്ങൾ ചെവി കൊള്ളാതെ മുഖം തിരിച്ചു പിടിച്ചു.

“വരിയായി വഴിനടന്നു വാനപ്രസ്ഥത്തിലേക്കു് നീങ്ങിയ പാണ്ഡവർക്കു് പിന്നിൽ കുഴഞ്ഞുവീണ പാഞ്ചാലിയെ ഒന്നു് തിരിഞ്ഞു നോക്കാൻ യുധിഷ്ഠിരനു് മനഃസാന്നിധ്യം ഉണ്ടായില്ലെന്നോ?” നിന്ദ മറച്ചു വക്കാതെ കൊട്ടാരം ലേഖിക ചോദിച്ചു.

“താൻ മരണദേവതയുടെ മകൻ ആണെന്നു് പോലും അറിയാത്ത വിധം മറവി രോഗം ബാധിച്ച ഈ ‘കുരുവംശ ചക്രവർത്തി’ക്കു് എങ്ങനെ മറ്റൊരാൾക്കു് പ്രഥമശുശ്രൂഷ ചെയ്യാൻ ഓർമ തോന്നും?”, യുദ്ധകാര്യ ലേഖകൻ വിദൂരതയിലേക്കു് നോക്കി.

“ഹസ്തിനപുരിയിലെ ഓരോ ദരിദ്രനും മേലനങ്ങാതെ ഊണു് കഴിക്കാൻ അക്ഷയപാത്രം സൗജന്യമായി വീട്ടിലെത്തിക്കാനാവണം എന്നതാണു് പാണ്ഡവ ഭരണകൂടത്തിന്റെ മോഹം” കുരുക്ഷേത്രയുദ്ധം കഴിഞ്ഞു് അധികാരത്തിൽ കയറിയ ഭീമൻ വിതുമ്പുന്ന സ്വരത്തിൽ കൊട്ടാരം ലേഖികയോടു്.

2016-08-27

“നൂറു കൗരവരും നിങ്ങളുടെ കറ കളഞ്ഞ ആരാധകരാണോ? കൊട്ടാരം ലേഖിക കരുതലോടെ ഇറങ്ങിച്ചെന്നു.

“കൗരവരും അവരുടെ യുവപുത്രന്മാരും നിർല്ലജ്ജം എന്നെ പ്രണയത്തോടെ നോക്കുന്നതു് പുതുമയുള്ള തിരിച്ചറിവൊന്നുമല്ല. കുറെയൊക്കെ നിങ്ങളും വാർത്ത തേടി ഓടി നടക്കുന്നതിനിടയിൽ കണ്ടുപോവുന്നതല്ലേ. എല്ലാ ആരാധകരുടെയും അഭിനന്ദനങ്ങൾ പക്ഷെ അങ്ങനെ പരസ്യമായി ഞാൻ അംഗീകരിക്കാറില്ല. ഇടക്കൊന്നു ആ പ്രണയമിഴികളിൽ നോക്കിയാലും കാണാം, ആ രതിജന്യആവേശവും, തിമിർപ്പുള്ള പ്രശംസയും, എന്റെ ഉടലിൽ ഉടമസ്ഥാവകാശം നിഴലിക്കുന്ന നോട്ടവും”, യുവ കൗരവരാജവധുക്കൾക്കു് സൌന്ദര്യപരിചരണത്തിനു് പരിശീലം കൊടുക്കാൻ തയ്യാറെടുക്കുകയായിരുന്നു ദേവനർത്തകിയെ പോലെ അണിഞ്ഞൊരുങ്ങിയ പാഞ്ചാലി.

2016-08-28

“ഇന്നെന്താണു് മുഖത്തു് അവിശുദ്ധമായൊരോർമയുടെ വേദനിപ്പിക്കുന്ന സാന്നിധ്യം?”, അന്തഃപുരത്തോടു ചേർന്ന പൂങ്കാവനത്തിൽ നടക്കുകയായിരുന്ന മഹാറാണിയോടു് ഉപചാരപ്രകടത്തിനു ശേഷം കൊട്ടാരം ലേഖിക ചോദിച്ചു.

“അതോ വിദൂരമല്ലാത്ത സാധ്യതയുടെ സാന്നിധ്യമോ?”, ഉറക്കമുണർന്നപ്പോൾ മുതൽ ഒരു പ്രത്യക്ഷം എന്നെ പ്രലോഭിപ്പിക്കുന്നു. തിരിഞ്ഞുനോക്കാതെ പാണ്ഡവർ വച്ചടിവച്ചു മലമ്പാതയിലൂടെ സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി മുന്നേറുമ്പോൾ, പിന്നിൽ കുഴഞ്ഞു വീണ എന്നെയാരോ മലമടക്കുകളിൽ നിശബ്ദം അടക്കം ചെയ്യുന്നു.”

“ഏതോ കർഷകൻ കന്നു പൂട്ടി നിലമൊരുക്കി വിതച്ചു വിളഞ്ഞു് കൊയ്തു മെതിച്ച ധാന്യം വേവിച്ചതാണോ ഈ അക്ഷയപാത്രത്തിൽ ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടു വലിച്ചാൽ കിട്ടുക, അതോ പ്രതീതി ഭക്ഷണമോ?”, ഊണു് കഴിക്കാൻ കൂടുന്നോ എന്നു് നകുലൻ ക്ഷണിച്ചു ഊട്ടുപുരയിൽ വെറും നിലത്തു് ചമ്രം പടിഞ്ഞിരിക്കുമ്പോൾ ഇലയിൽ വിളമ്പി കിട്ടിയ ഭക്ഷണം നോക്കി കൊട്ടാരം ലേഖിക ഭീമനോടു്.

2016-08-29

“ഒരു ഭരണപരിചയവുമില്ലാത്ത പരീക്ഷിത്തിനു് ചെങ്കോൽ എറിഞ്ഞു കൊടുത്തു് നിങ്ങളാറു പേരും ഇങ്ങനെ മുന്നറിയിപ്പില്ലാതെ പടിയിറങ്ങിയാൽ ഹസ്തിനപുരിയുടെ ഭാവി സുരക്ഷാഭീഷണി പിന്നെ ആരു് നേരിടും?”, കൊട്ടാരം ലേഖിക പുതിയ കുരുവംശാധിപന്റെ മുത്തച്ഛനോടു് ചോദിച്ചു.

“അതെന്താ നിങ്ങൾ അങ്ങനെ ചോദിക്കുന്നതു്? കുടിയേറ്റ കൃഷിക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ ചെന്നു് കൊടുംകാടു് വെട്ടിതെളിയിച്ചു ഇന്ദ്രപ്രസ്ഥം നഗരം പണിതപ്പോൾ ഇനി ഞാൻ തന്നെ ചക്രവർത്തി എന്നു് പ്രഖ്യാപിക്കാൻ വേണ്ട രാഷ്ട്രീയ ഔചിത്യം നിരക്ഷരയുധിഷ്ഠിരൻ അന്നേ കാണിച്ചതല്ലേ”, നേരിയൊരക്ഷമ കലർന്നിരുന്നു അർജ്ജുനന്റെ ശബ്ദത്തിൽ. വാർദ്ധക്യത്താൽ ശരീരചലനം പതുക്കെയും.

രാജ്യത്തിന്റെ അഖണ്ഡതയെ ദശാബ്ദങ്ങളോളം വെല്ലു വിളിച്ച വിഘടനവാദികളുടെ സംഘടിത ആക്രമണത്തെ പ്രതിരോധിച്ചു ജീവത്യാഗം ചെയ്ത കൗരവ രാജകുമാരൻ ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമക്കായി കുരുക്ഷേത്രയുടെ ആദ്യവാർഷികദിനത്തിൽ പ്രിയഅർദ്ധസഹോദരനു യുദ്ധരത്നപുരസ്കാരം മരണാനന്തര ബഹുമതിയായി യുധിഷ്ഠിരൻ പ്രഖ്യാപിക്കുന്ന അരങ്ങേറ്റ മൈതാന പൊതുവേദിയിലാണു് ഞങ്ങളിപ്പോൾ. പുരസ്കാരം മഹാറാണി പാഞ്ചാലിയിൽ നിന്നു് ദുര്യോധനവിധവ ഏറ്റുവാങ്ങുന്ന ഇതിഹാസമുഹൂർത്തതിനു് ഞങ്ങളും അങ്ങനെ സാക്ഷി.

(കൊട്ടാരം ലേഖികയുടെ ദിനക്കുറിപ്പ്).

2016-08-30

“ദശാബ്ദങ്ങളായി താമസിക്കുന്ന വീടു് സ്വന്തം സമ്പാദ്യം കൊണ്ടുണ്ടാക്കിയതാണെന്നും, കുരുവംശത്തിന്റെ ഒരു സൗജന്യവും അതിന്റെ നിർമിതിയിൽ സ്വീകരിച്ചിട്ടില്ലെന്നും അവകാശപ്പെടുന്ന ദുര്യോധനന്റെ സത്യവാങ്മൂലവും പൊക്കിപ്പിടിച്ചാണു് രാജവിധവ കുടിയൊഴിപ്പിക്കലിനെ ചെറുക്കുന്നതു്. എങ്ങനെ നേരിടും ഈ സംഭവവികാസം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കുടിയൊഴിപ്പിക്കുന്നതു് രേഖ നോക്കിയാണോ. ഒന്നും ഫലിക്കില്ലെങ്കിൽ പുകച്ചു് പുറത്തു ചാടിക്കും”, ചാരവകുപ്പു മേധാവിയുടെ ചുമതല വഹിക്കുന്ന നകുലൻ നിസ്സാരമായി പറഞ്ഞു.

“എന്റെ ഭൂതകാലം ഇത്രയൊക്കെ നിങ്ങൾ ചുഴിഞ്ഞു ചോദിക്കുമ്പോൾ ഞാൻ വിചാരിക്കുകയാണു്, എന്റെ ഔദ്യോഗിക ജീവചരിത്രം എന്തുകൊണ്ടു് നിങ്ങൾ ഉടനടി വായിച്ചുകൂടാ?”, കുന്തീദേവി നേരിയ രോഷത്തോടെ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“എന്തിനു അതൊക്കെ വായിച്ചു ഞാൻ സമയം കളയണം? കർണൻ എന്നു് ഞാൻ സാന്ദർഭികമായി ഒന്നു പരാമർശിച്ചപ്പോൾ തന്നെ, ഇനിയും എഴുതപ്പെടാത്ത ഒരു വലിയ ഇതിഹാസത്തെ അല്ലെ നിങ്ങളുടെ മുഖം ഒളിപ്പിക്കാൻ ശ്രമിച്ചതു്?”, ഔപചാരികമായി മുട്ടുകുത്തി കൊട്ടാരം ലേഖിക പാണ്ഡവ രാജമാതാവിന്റെ കൈ മുത്തി എഴുന്നേറ്റു.

“ഇത്രയും ദൂരം നടന്നു കഷ്ടപ്പെട്ടു് സ്വയം ചുമന്നു കൊണ്ടു് വന്ന കല്യാണസൌഗന്ധികം, പാതിരാത്രി വിളിച്ചുണർത്തി ഏൽപ്പിച്ചപ്പോൾ ഔപചാരിക പ്രശംസയിൽ ഒതുങ്ങിയോ പ്രണയിനിയുടെ പ്രതികരണം?”

“വലിച്ചെറിയൂ വാടിയ പൂക്കൾ. പരിമളം മാറാത്ത പൂക്കൾ എന്നോ പറിച്ചു കൊണ്ടു് വന്നെന്നെയിവൻ ചൂടി, എന്നു് പായിൽ പുണർന്നു കിടന്നുറങ്ങിയ ഇളമുറ നകുലനെ തലോടി പാഞ്ചാലി, വിരൽ ചൂണ്ടി കിടപ്പറയിൽ നിന്നെന്നെ ആട്ടിപ്പുറത്താക്കി”, ഭീമൻ സ്ഥലകാലബോധമില്ലാതെ കൊട്ടാരം ലേഖികയുടെ മുമ്പിൽ വിതുമ്പി.

2016-08-31

“ചോരപ്പുഴ ഇങ്ങനെ ഒഴുക്കി വേണോ സൂചി കുത്താനിടം നേടാൻ?” സൈനികരുടെയും മൃഗങ്ങളുടെയും ജഡം വീണു ചുവന്ന യമുനയെ നോക്കി കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു ചോദിച്ചു. ജേതാക്കൾ ഹസ്തിനപുരി കോട്ട പിടിക്കാൻ കുരുക്ഷേത്രയിൽ നിന്നു് പദയാത്രയിലായിരുന്നു.

“കൗരവകുടലുകൾ പറിക്കണമെന്ന ഭീമപ്രതിജ്ഞ പോരാട്ടഒഴുക്കിന്റെ ഗതി മാറ്റിയോ? ദിവ്യായുധപ്രദർശനം മികവോടെ നിർവഹിച്ചാൽ തന്നെ പാണ്ഡവർക്കനുകൂലമായി ശാക്തികസമവാക്യങ്ങൾ മനുഷ്യക്കുരുതിയില്ലാതെ നിർവഹിക്കാമെന്ന നകുലനിർദേശം സൈനികതന്ത്രത്തെ സ്വാധീനിച്ചില്ലെന്നുണ്ടോ? ഹിംസയില്ലാത്ത സ്വത്തുതർക്ക പരിഹാരമെന്ന നയതന്ത്ര ആശയത്തിൽ കത്തിവച്ചതു് മുടികെട്ടാൻ കൗരവചുടുചോര തന്നെ വേണമെന്ന പാഞ്ചാലിയുടെ ശാഠ്യമായിരുന്നുവോ? ഈ പ്രപഞ്ചത്തിൽ നാം കാണുന്ന ഒന്നും യഥാർത്ഥത്തിൽ അങ്ങനെ ആവണമെന്നില്ല എന്ന കവിവചനം നാം അവഗണിച്ചുവോ?”, യുധിഷ്ഠിരൻ നാവു കൊണ്ടു് ഇടയ്ക്കിടെ ചുണ്ടുകൾ നനച്ചു സംസാരിച്ചു. ശത്രുക്കളെ കൊന്നുതളർന്ന പാണ്ഡവർ എന്തിയേന്തി നടക്കുന്ന വഴിത്താരക്കിരുവശത്തും കുരുക്ഷേത്രവിധവകൾ നെഞ്ചത്തടിച്ചു നിലവിളിച്ചു പാണ്ഡവരെ ശാപവാക്കുകൾ കൊണ്ടു് പ്രഹരിച്ചു.

“ശിരോരത്നം നഷ്ടപ്പെങ്കിലും എന്തൊക്കെയോ നേടിയ പോലെയാണല്ലോ നിങ്ങൾ ഇപ്പോഴും ഞെളിയുന്നതു്? ഈ യുദ്ധത്തിൽ നിങ്ങൾ കൃത്യമായും എന്തു് നേടി?”, കൊട്ടാരം ലേഖിക, ബ്രാഹ്മണസൈനികൻ അശ്വഥാമാവിനെ കാട്ടുപാതയിൽ പൊടുന്നനെ കണ്ടെത്തി.

“ഞാനൊന്നും നേടിയില്ലേ? ശത്രുപാഞ്ചാലിയുടെ അഞ്ചു മക്കളെയും ഉറക്കത്തിൽ ഞാൻ സ്വയം കഴുത്തിൽ ചവിട്ടി കൊന്നില്ലേ? ദുര്യോധനന്റെ വീഴ്ചയോടെ യുദ്ധം അവസാനിക്കും എന്നു് പറഞ്ഞ പാണ്ഡവർ എന്റെ പാതിരാസൈനികതന്ത്രം ഫലിക്കുന്നതു കണ്ടു ഞെട്ടിയില്ലേ. ഉത്തരയുടെ ഗർഭസ്ഥശിശുവിനെ നേരെ ഞാൻ ദിവ്യാസ്ത്രം പ്രയോഗിച്ചു്, കൃഷ്ണനെ ഒന്നു വിറപ്പിച്ചില്ലേ, ക്ഷത്രിയ പോരാളികളോടു് ഏറ്റു മുട്ടാൻ ദരിദ്ര ബ്രാഹ്മണനു് കഴിയും എന്നു് നിങ്ങൾ വിസ്തരിച്ചു കണ്ടില്ലേ. ഭാരതയുദ്ധരത്ന പുരസ്കാരത്തിനു് വ്യാസൻ എന്നെ നിർദേശിക്കാൻ നിങ്ങൾ ഒരു കൈ തരൂ. അതിനിടയിൽ എനിക്കൊരു ആയിരം കൊല്ലത്തെ വനവാസത്തിനു് കൃഷ്ണശാപമുണ്ടു്. മനുഷ്യജന്മം കിട്ടിയാൽ വരവും ശാപവും ഒക്കെ പതിവല്ലെ, അങ്ങു് ദൂരെ ദ്വാരകയിൽ കൃഷ്ണനെ കൊല്ലാനും ഒരു വേടൻ ആയുധം മൂർച്ച കൂട്ടുകയല്ലേ”, അഭിശപ്ത ദ്രോണപുത്രൻ ആഘോഷിക്കുകയായിരുന്നു ഏകാന്തജീവിതം.

“വാനപ്രസ്ഥത്തിനെന്നും പറഞ്ഞല്ലേ കഴിഞ്ഞ ആഴ്ച പാണ്ഡവരും പാഞ്ചാലിയും പടിയിറങ്ങിയതു്? ഇതാ, പാഞ്ചാലി മാത്രം മടങ്ങി വന്നിരിക്കുന്നു. അത്യാവശ്യം ചോദ്യങ്ങൾക്കു പോലും ഉത്തരം കിട്ടുന്നില്ല. പാണ്ഡവരുടെ തിരോധാനത്തിനു താൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല എന്നു മാത്രം വ്യക്തമായി കേട്ടു”, ദുരൂഹതയാൽ നെറ്റി ചുളിഞ്ഞ കൊട്ടാരം ലേഖിക പറഞ്ഞു.

“പഞ്ചപാണ്ഡവരുടെ തിരോധാനം അത്ര ലഘുവായി ‘ഹസ്തിനപുരി പത്രിക’ കാണുമെന്നു പാഞ്ചാലി ഒരു നിമിഷം പോലും ചിന്തിച്ചു പോകരുതു്. പന്ത്രണ്ടു വർഷം സന്യസ്ഥാശ്രമങ്ങളിലെ ഖരമാലിന്യം സ്വയം ചുമന്നു ദൂരെ കുഴി കുത്തി കാര്യക്ഷമമായി സംസ്കരിച്ചു പരിചയം വന്ന കരുത്തയായ പാഞ്ചാലിക്കുണ്ടോ, അസംതൃപ്തദാമ്പത്യത്തിലെ അഞ്ചു വിഴുപ്പുകെട്ടുകൾ ആരും കാണാതെ ഒരൊറ്റക്കുഴിയിൽ മണ്ണിട്ടു് മൂടാൻ വിമ്മിട്ടം?”

2016-09-01

“പോരാട്ടവീര്യമുള്ള സ്വന്തം സൈന്യത്തെ തിന്മയുടെ ഇതിഹാസമായ ദുര്യോധനന്റെ സഖ്യകക്ഷിയാക്കാൻ നിബന്ധനയില്ലാതെ വിട്ടുകൊടുക്കുക, എന്നാൽ സഹോദരീഭർത്താവായ അർജ്ജുനനു് വെറും വ്യക്തിഗത സേവനം, അതും നിരായുധൻ എന്ന നിബന്ധനയോടെ. ഇതാണോ കൊട്ടിഘോഷിക്കപ്പെട്ട ദ്വാരകമാതൃക ധർമ്മസംസ്ഥാപനം?”, കൊട്ടാരം ലേഖിക ചോദിച്ചു. ഉറങ്ങുന്ന കൃഷ്ണന്റെ കട്ടിലിനിരുവശത്തും കാത്തിരുന്ന അർദ്ധസഹോദരർ തിരിച്ചു പോയ സായാഹ്നം.

“പാണ്ഡവർക്കു് സൂചി കുത്താനിടം തരില്ലെന്നു് ശഠിച്ച കൗരവർക്കു ഒരു ലക്ഷം വരുന്ന യാദവ സൈന്യത്തെ വിട്ടു കൊടുത്തതു് താങ്ങാനാവാത്ത പ്രതിരോധച്ചെലവിൽ ഞങ്ങൾ നട്ടം തിരിയുന്നതിനു ശാശ്വത പരിഹാരമായി. നിരായുധനായി ഞാൻ പാർത്ഥനു് സാരഥിയാവുമ്പോൾ, ചക്രായുധത്തിനു പകരം കയ്യിൽ യുദ്ധം അനുവദിക്കുന്ന ചാട്ടയുണ്ടാവും. ഇരുഭാഗത്തുമുള്ള കുറുമ്പന്മാരെ ഒതുക്കാനും മെരുക്കാനും അതു് ധാരാളം.”

“അവൾ കുഴഞ്ഞു വീണപ്പോൾ എന്തുകൊണ്ടു് ഞാൻ തിരിഞ്ഞു നോക്കാതെ കാൽ മുമ്പോട്ടു് വച്ചു എന്നോ? ആജീവനാന്തചൂഷകയായിരുന്നു പാഞ്ചാലി. വസ്ത്രാക്ഷേപത്തിനുമേൽ പ്രതികാരത്തിൽ ഞങ്ങൾ ഒരു മഹായുദ്ധം വിഭാവന ചെയ്യുമ്പോൾ, അവൾ എന്താണു് ചെയ്തതു്? രഹസ്യമായി ആർമാദിച്ചു. അവൾക്കു മുമ്പിൽ ഉപചാരപൂർവ്വം, ഞങ്ങൾ ഇഴഞ്ഞപ്പോൾ, നിന്ദയോടെ ഞങ്ങളഞ്ചുപേരെ രണ്ടു തലമുറകളിലായി അവൾ വേർതിരിച്ചു.”

മലമുകളിൽ എത്തിയപ്പോൾ ജീവവായു കിട്ടാതെ വൃദ്ധയുധിഷ്ഠിരൻ കിതച്ചു.

ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയും, പിന്നെ ഹസ്തിനപുരി നാടുവാഴിയും ആയിരുന്ന യുധിഷ്ഠിരന്റെ കൂടെ വാനപ്രസ്ഥത്തിന്റെ അന്ത്യത്തിൽ കണ്ടതു് മരണദേവതയുടെ പ്രതിനിധി എന്നവകാശപ്പെട്ട ഒരു ചൊക്ലിപ്പട്ടി മാത്രം.

2016-09-02

“ഭർത്താക്കന്മാരുടെ ദാമ്പത്യവഞ്ചന തിരിച്ചറിഞ്ഞതു് കൊണ്ടാണോ, സ്വർഗ്ഗരാജ്യത്തിലേക്കുള്ള സംഘടിതപദയാത്രയിൽ ഞാനൊന്നു് കുഴഞ്ഞുവീണപ്പോൾ, പ്രഥമ ശുശ്രൂഷ തരാതെ പാണ്ഡവർ കാൽ മുന്നോട്ടു തന്നെ വച്ചതു്?”

പാഞ്ചാലി കൊട്ടാരം ലേഖികയോടു് ഏറ്റു പറയുന്നു അടുത്ത ലക്കം ‘ഹസ്തിനപുരി പത്രിക’ വാനപ്രസ്ഥം പതിപ്പിൽ.

“ഊട്ടുപുരയിൽ കൊട്ടാരം ലേഖിക സഹപ്രവർത്തകരുമായി വന്നു കൗരവർക്കു കിട്ടുന്ന അതേ ഭക്ഷണം മൂന്നു നേരം കഴിക്കുന്നു, അരമന പോലുള്ള ആഡംബരവസതിയിൽ സൗജന്യമായി കുടുംബവുമൊത്തു് കഴിയുന്നു, രാജസഭയിൽ വന്നു വികസനവാർത്താ സമ്മേളനത്തിൽ യാന്ത്രികമായി പങ്കെടുക്കുന്നു പക്ഷെ ഹസ്തിനപുരി പത്രികയിൽ പതിവായി പ്രസിദ്ധീകരിക്കുന്നതു് ദൂരെ ദൂരെ കാട്ടിൽ ശിക്ഷ അനുഭവിക്കുന്ന പാണ്ഡവരുടെ പരാതികൾ പൊലിപ്പിച്ച കെട്ടുകഥകൾ.”

രഹസ്യ കൂടിയാലോചന സമിതി യോഗത്തിൽ ദുര്യോധനൻ.

2016-09-03

“കീചകനു പാഞ്ചാലിയോടുള്ള പ്രണയം വിരാടകൊട്ടാരത്തിൽ അത്ര രഹസ്യമൊന്നും അല്ലാതിരുന്ന സ്ഥിതിക്കു്, പിന്നെ പെട്ടെന്നെന്തുണ്ടായി ആ യുവസൈനികമേധാവിയെ ചതിയിൽ വിളിച്ചു വരുത്തി പാതിരാവിൽ ശ്വാസം മുട്ടിച്ചു കൊല്ലാൻ മാത്രം പ്രകോപനം?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിലെ ആൾസഞ്ചാരമൊടുങ്ങിയ ഇരുണ്ട സായാഹ്നം.

“വിരാടറാണി അനുജനു് പാഞ്ചാലി വശം കൊടുത്തയച്ച മദ്യം വാങ്ങി ശുഭരാത്രി ആശംസിക്കുന്നതിനു പകരം, കൈമാടി അരികെ വിളിച്ചു സ്വന്തം ഉടുതുണിയൂരി കീചകൻ ലൈംഗികച്ചുവയുള്ള അശ്ലീലചേഷ്ട കാണിച്ചു എന്നു് കേട്ടാൽ പിന്നെ നിങ്ങളുടെ ചോര തെളക്കില്ലേ?”, ശിരസ്സു് തെക്കോട്ടു വിരാടരാജ്യത്തിലേക്കു് തിരിച്ചു വൃദ്ധഭീമൻ ആ പഴയ കൊലപാതകം വിറയ്ക്കുന്ന ചുണ്ടുകളോടെ പുറത്തെടുത്തു.

“പാഞ്ചാലി പരിഭവക്കാരിയാണെന്നു് നിങ്ങൾ പലപ്പോഴും ദുസ്സൂചന തരുന്നു. കൃത്യമായി പറയൂ, പ്രശ്നം എന്താണു്?”, കൊട്ടാരം ലേഖികയുടെ സ്വരം കടുത്തു.

“വനവാസത്തിനു അഞ്ചു ആണുങ്ങൾക്കും ഒരു പെണ്ണിനും അന്തിയുറങ്ങാൻ, ദുര്യോധനൻ അനുമതി തന്നതു് ഈ ഒറ്റ മുറിയാണു്. ചമ്രം പടിഞ്ഞിരിക്കുന്നതും ചാരി ഇരിക്കുന്നതും നടു നിവർക്കാൻ നിവർന്നു കിടക്കുന്നതും ഒക്കെ ഇവിടെ. നിസ്സാരകാര്യത്തിനു ഞങ്ങൾ ആരോടെങ്കിലും നീരസം തോന്നിയാൽ, പാഞ്ചാലി വിരൽ ചൂണ്ടി ഞങ്ങളെ തള്ളി പുറത്താക്കുന്നതു് ആ കാണുന്ന ഊട്ടുപുരയിലേക്കു്. ആറു പേർ ഇരുപത്തിനാലു മണിക്കൂർ ഇടപെടേണ്ട ഈ ഞെരുങ്ങിയ ഇടത്തിൽ, ഒരാൾ മാത്രം “എന്റെ സ്വകാര്യത മാനിക്കൂ” എന്നു് മുഖം കറുപ്പിച്ചു പറഞ്ഞാൽ ബാക്കിയുള്ള അഞ്ചുപേർ എന്തു ചെയ്യും? ഞങ്ങൾ ചൂതു് കളിയിൽ തോറ്റ കൗരവഅടിമകളോ അതോ അസംതൃപ്ത ദാമ്പത്യത്തിലെ ആണ്‍ ഇരകളോ.”

“അവനെ കൊല്ലരുതു്, ഉള്ളിലിരിപ്പെന്തെന്നറിഞ്ഞാൽ മതി എന്നു് കൃത്യമായും നിങ്ങളോടു് പറഞ്ഞില്ലേ പാഞ്ചാലി, എന്നിട്ടും…” കൊട്ടാരം ലേഖിക ഭീമനെ ചോദ്യം ചെയ്തു.

“അണിഞ്ഞൊരുങ്ങി സുഗന്ധം പുരട്ടി ആ യുവകോമളൻ നൃത്തമണ്ഡപത്തിലേക്കു പ്രണയിനിയെ കാണാൻ വരുന്നതു് ഇരുളിൽ ഒളിച്ചിരുന്ന കണ്ടപ്പോൾ എന്റെ കരൾ വെന്തു. എനിക്കു് പകരം പാഞ്ചാലിയായിരുന്നു മുൻവാക്കനുസരിച്ചു കാത്തിരുന്നതെങ്കിൽ, കീചകനെ വാരിപ്പുണർന്നവൾ ഓമനിക്കുന്നതു് ഭാവനയിൽ കണ്ടു. അതോടെ ഈ കൈകളിൽ എനിക്കു് നിയന്ത്രണം നഷ്ടപ്പെട്ടു”, സ്മൃതിനാശഭീഷണി നേരിടുന്ന ഭീമൻ സ്മരണയുടെ ആ വിരാടപർവം തുറന്നു.

“സ്ത്രീവേഷം ധരിച്ചു മുഖാവരണത്തോടെ പാഞ്ചാലിക്കു് പകരം കീചക ചിതയിൽ ചാടാൻ താൻ തയ്യാറായിരുന്നു എന്നു് ഭീമൻ ഒരു അഭിമുഖത്തിൽ. കീചകമരണത്തിനു കാരണം പാഞ്ചാലി തന്നെയെന്നു് വിരാടറാണി ബന്ധുക്കൾക്കിടയിൽ പാട്ടാക്കിയപ്പോൾ, അവിവാഹിതകീചകന്റെ അന്ത്യസ്ഥലിയിൽ അടങ്ങണം പാഞ്ചാലി എന്നവർ വിധിയെഴുതി. എങ്ങനെ പ്രതികരിക്കുന്നു? വേദവ്യാസനു് ചോർത്തി കിട്ടാതിരുന്ന കൊട്ടാരരഹസ്യങ്ങൾ വരുംയുഗത്തിലെ വായനക്കാർക്കായി ഹസ്തിനപത്രിക സംഭരിക്കുന്ന മഹായജ്ഞത്തിലാണു്. സഹകരിക്കുമല്ലോ”, കൊട്ടാരം ലേഖിക ഹസ്തിനപുരി മഹാറാണിയെ അഭിവാദ്യം ചെയ്തു.

“ഓ അതോ. ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ എന്നു് ഭീഷമർ അർത്ഥഗർഭമായി പറഞ്ഞതു കേട്ടപ്പോൾ, ഭീമൻ, പരിഭ്രമത്തിൽ, ‘ഇനിയെന്തു് വേണം ഞാൻ’ എന്നു് നകുലനോടു് ചോദിച്ചു. ‘എന്നാൽ നിങ്ങൾ തന്നെ കീചക ചിതയിൽ ചാടൂ’ എന്നു് നകുലൻ പരിഹസിച്ചതു് വസ്തുതയാണു്. പാഞ്ചാലിയുടെ രക്ഷക്കു് ഞാൻ ജീവത്യാഗത്തിനും തയ്യാർ എന്നു് അപ്പോഴാണു് ആ മന്ദബുദ്ധി ഐതിഹാസിക പ്രസ്താവനയാക്കിയതു്”, കുരുക്ഷേത്ര വിധവകളുടെ പുനരധിവാസം എന്ന വിഷയത്തിൽ നടന്ന പൊതു സംവാദം ഉൽഘാടനം ചെയ്തു വീട്ടിലേക്കു മടങ്ങുകയായിരുന്ന പാഞ്ചാലി കൊട്ടാരം ലേഖികയെ രഥത്തിൽ കയറ്റി അടുത്തിരുത്തി.

2016-09-04

“ചക്രവ്യൂഹത്തിന്റെ കെണികളെ കുറിച്ചു് ഔപചാരിക പരിശീലനം നേടാതെ എടുത്തുചാടി ഉള്ളിൽ ഇരച്ചു കയറി പുറത്തുവരാനാവാതെ മരിച്ചു പോയ അഭിമന്യുവിനെ വാഴ്ത്തപ്പെട്ടവൻ എന്നു് പ്രഖ്യാപിക്കുന്നതു് പുതുതലമുറ സൈനികശാസ്ത്രവിദ്യാർത്ഥികൾക്കു് തെറ്റായ സന്ദേശം നൽകുമെന്നു് തക്ഷശിലയിൽ നിന്നു് വാർത്തയുണ്ടല്ലോ. പത്രികയിൽ കൊടുക്കണോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഇത്രയധികം ശ്രാദ്ധം ഗംഗയിൽ ചെയ്തിട്ടും കൗരവപ്രേതങ്ങൾ ഹസ്തിനപുരിവിട്ടു പൂർണമായും പോയിട്ടില്ല അല്ലേ”, യുദ്ധകാര്യലേഖകൻ ആലോചനയിൽ വീണു.

“പുതിയ ഹസ്തിനപുരിരാജാവു് കുറച്ചു നേരമായി അധികാരലഹരിയിലാണല്ലോ, ആശംസപ്രസംഗങ്ങൾ നടത്തി വേദിയിൽ നിന്നിറങ്ങിപ്പോവുന്ന മറ്റു നാലു സഹോദരന്മാരെ നന്ദിയോടെ നോക്കുന്നതു പോലുമില്ല”, കൊട്ടാരം ലേഖിക യുദ്ധകാര്യ ലേഖകനോടു് ശബ്ദം താഴ്ത്തി പറഞ്ഞു.

“പൊങ്ങച്ചം നിറഞ്ഞൊഴുകുന്ന യുധിഷ്ഠിരമുഖം ശരീരഭാഷാസംബന്ധിയായ പല സൂചനകളും തരുന്നുണ്ടു്. ആശംസാപ്രസംഗം കരൾ പിളർന്നു ചേർത്ത സത്യപ്രസ്താവന ആണെന്നു് ഒരു പക്ഷെ അയാൾക്കു് തോന്നിയോ?”

“ഞങ്ങളെ അറിയാമോ” എന്നു് വിതുമ്പി നാലു വയോധികർ കൊട്ടാര ഗോപുരവാതിൽ തള്ളിത്തുറക്കുന്നതു കണ്ടു് ഞങ്ങൾ അവരെ ഉടൻ പിടിച്ചു വച്ചു് രഹസ്യമുറിയിൽ ഇരുത്തി ചോദ്യം ചെയ്തു.”, മൂന്നാംലിംഗ പുതുതലമുറ കാവൽക്കാരൻ ചാരവകുപ്പു് മേധാവി നകുലനെ അറിയിച്ചു.

“ആരാണവർ, എന്താണവർക്കു വേണ്ടതു്?” നകുലൻ പെട്ടെന്നുണർന്നു.

“ഇവിടെ നിന്നു് കാട്ടിൽ തള്ളിയിട്ട നാലു് പേരാണവർ എന്നവർ നിലവിളിച്ചു. എല്ലും തോലുമായി ഒരു വൃദ്ധനു കണ്ണു് കാണാൻ വയ്യ. ഒരു വൃദ്ധ കീറത്തുണി കൊണ്ടു് കണ്ണു് കെട്ടി കണ്ടു. വേറൊരു വൃദ്ധ കുന്തി എന്നു് സ്വയം പരിചയപ്പെടുത്തി. നാലാമത്തെയാൾ വിദുരർ എന്നോ മറ്റോ പറഞ്ഞു.”

“രാത്രി വരെ ഒരാളെയും പുറത്തു് വിടരുതു്. വേഷം മാറി ഞങ്ങൾ ഒന്നു രണ്ടു് പാണ്ഡവർ വന്നു അവരെ കാട്ടുതീ സാധ്യതയുള്ള വേറൊരു വനത്തിൽ രാത്രി തന്നെ തള്ളും. വിവരം ഇരു ചെവിയറിഞ്ഞാൽ നീ ലിംഗഭേദമില്ലാത്ത ലോകത്തേക്കു് എന്നെന്നേക്കുമായി പോകും.”

2016-09-05

“എന്തിനാണു് എല്ലാവരും കൂടി വലിയൊരു സൈന്യവുമായി വിരാടത്തിലേക്കു പോയതു്?”, ഹസ്തിനപുരത്തിൽ മടങ്ങി വന്ന കൗരവ സംഘത്തെ നോക്കി കൊട്ടാരം ലേഖിക വിസ്മയത്തോടെ ചോദിച്ചു”, ആരെ കൊല്ലാനാണു പിതാമഹനെയും ദ്രോണരെയും കൂടെ കൊണ്ടുപോയതു്?”

“പ്രിയഅർദ്ധസഹോദരർ അവിടെ അജ്ഞാതവാസത്തിൽ വിരാട അടിമകളായി കഷ്ടപ്പെടുന്നുണ്ടു് എന്നറിഞ്ഞു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ചെന്ന ഞങ്ങളെ കീചക കിങ്കരന്മാർ, പാണ്ഡവരെ മുഖം കാണിക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചു. പരാജയമല്ല സമാധാന ദൂതിനൊരു കാലിടറൽ മാത്രം.”

“ക്ഷണിച്ചു വരുത്തിയ വിശിഷ്ട കൗരവകുടുംബ സംഘത്തെ പരസ്യമായി നിങ്ങൾ അപമാനിച്ചുവിട്ടു എന്നു് ഹസ്തിനപുരി കുതിരപ്പന്തികളിൽ പാട്ടാണല്ലോ. ധാർമികതയുടെ മൊത്തക്കച്ചവടക്കാരനായ യുധിഷ്ഠിരന്റെ ഈ നവമോഹനനഗരി ഇത്ര ക്ഷണം പോക്കിരികളുടെ വിഹാരഭൂമിയായോ? കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“അടിസ്ഥാന സൗകര്യങ്ങൾ നാമമാത്രമായ ഇന്ദ്രപ്രസ്ഥത്തിനു് താങ്ങാനാവുന്നതിലുമധികം, നൂറോളം കൗരവരും അവരുടെ ആനമയിൽ ഒട്ടകമടക്കം കുഞ്ഞു കുട്ടി കുടുംബാംഗങ്ങളും ഒരു സുപ്രഭാതത്തിൽ ഇവിടെ ഇടിച്ചിറങ്ങി പാണ്ഡവ ആഡംബര വസതികളിൽ തന്നെ വേണം അന്തിയുറക്കസൗകര്യം എന്നു് ശഠിച്ചാൽ പിന്നെ ഈ പുതുനഗരം അവരുടെ ജൈവവിസർജ്യം കൊണ്ടു് ഹസ്തിനപുരി പോലൊരു നാറ്റപ്പട്ടണമാവില്ലേ. വേറെ അടിയന്തിര മാധ്യമശ്രദ്ധ അർഹിക്കുന്ന അത്യാഹിതമൊന്നും ഉണ്ടായില്ല.” നകുലൻ പുഞ്ചിരിച്ചു.

2016-09-06

“പെണ്ണുടലിൽ പുരുഷൻ ഏൽപ്പിക്കുന്ന ഒന്നിലധികം പരുക്കുകളെ കുറിച്ചു് ഈ സംവാദത്തിൽ നിങ്ങൾ വാചാലമാവുമ്പോഴും, ബഹുഭർത്തൃത്വം അടിച്ചേൽപ്പിക്കപ്പെട്ട നിസ്സഹായവധുവിനെ പോലെ സദസ്സിനെ ഇടയ്ക്കിടെ വിടർന്ന കണ്ണുകളോടെ നോക്കുമ്പോൾ അന്തരീക്ഷം കരുണാർദ്രമായി കാണുന്നതിനു് ഞാൻ ഇന്നു് സാക്ഷി. എന്നാൽ, എന്തിനതിനു നിങ്ങൾ പ്രതിഷേധമില്ലാതെ വഴങ്ങി എന്നു് ഒരു കൗരവരാജവധു എഴുന്നേറ്റുനിന്നു നിഷ്കളങ്കമായി ചോദിച്ചപ്പോൾ, ആദ്യം അനീതി എന്നുച്ചരിച്ച നിങ്ങൾ പിന്നെ നിയതി എന്നു് തിരുത്തി. ഒന്നു് വ്യക്തമാക്കാമോ കൃത്യം നിലപാട്?”, നവ വധു പ്രതിച്ഛായ കൈവിട്ടിട്ടില്ലാത്ത പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ഔപചാരികതയോടെ ചോദിച്ചു.

“കഴുത്തിൽ വരണമാലയിട്ട അർജ്ജുനന്റെ കൂടെ നിന്നിരുന്ന നാലു പേരെ സ്വയംവര മണ്ഡപത്തിൽ ഞാൻ ഒന്നു് കണ്ണോടിച്ചു നോക്കിയപ്പോൾ, അവരുടെ മുഖത്തെ ആ യാചനാഭാവം എന്നെ സ്പർശിച്ചുവോ? കൈവിടല്ലേ, കൈകൂപ്പിടുന്നു ഞങ്ങൾ എന്നവർ എന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു് എന്നെ കീഴ്പ്പെടുത്തിയോ?”

“കീചക വധത്തിൽ എന്തു പുതുവിവരമാണിപ്പോൾ പുറത്തു വന്നതു്?”, ‘ഹസ്തിനപുരി പത്രിക’യിലെ വാർത്താവിഭാഗം മേധാവി പുരികമുയർത്തി.

“ഊട്ടുപുര പാചകക്കാരനായിരുന്ന ഭീമൻ ഇടയ്ക്കിടെ ചൂടിൽ വിയർത്തു് പുറത്തു വരും. നനഞ്ഞ ഉടുതുണി ആകെയൊന്നു വീശി കുറച്ചു നേരം നിന്നു്, വീണ്ടുമുടുത്തു് അകത്തേക്കു് മടങ്ങിപ്പോകും. ഈ രംഗം ഒന്നിലധികം പ്രാവശ്യം സമീപത്തുള്ള പൂങ്കാവനത്തിൽ കണ്ടു നിൽക്കുകയായിരുന്ന വിരാടറാണി സുദേഷ്ണ പാരവശ്യത്തോടെ അനുജൻ കീചകനോടു് ‘ഈ അശ്ളീലചേഷ്ട ഒന്നു് നിർത്തി തരണ’മെന്നു യാചിച്ചപ്പോൾ, ആ യുവവിരാടസൈനിക മേധാവി മുൻഗണന കൊടുത്തു. ഭീഷണി മണത്തറിഞ്ഞ ഭീമൻ മുൻകരുതൽ എന്ന നിലയിൽ കീചകന്റെ ഉയിരെടുത്തു”, കൊട്ടാരം ലേഖിക വസ്തുതകൾ അവതരിപ്പിച്ചു.

“ചത്തതു് കീചകനും കൊന്നതു് ഭീമനും എന്ന ആ പഴയ അധ്യായത്തിൽ പുരുഷനഗ്നതാ പ്രദർശനം എന്ന പുതിയൊരു സദാചാര ഉള്ളടക്കം കൂടി വേണോ?”, “പത്രാധിപരുടെ സ്വരത്തിൽ അക്ഷമ പടർന്നു”, ഭീമൻ ഇപ്പോൾ യുദ്ധാനന്തര ഭരണകൂടത്തിൽ പ്രതിരോധവകുപ്പു് മേധാവിയല്ലേ.

2016-09-07

“പാണ്ഡവഭരണകൂടത്തോടു് മുഴുനീള മൃദുസമീപനം വാർത്താവതരണത്തിൽ ഉറപ്പു വരുത്താമെങ്കിൽ തിരിച്ചെന്തു നമുക്കു് തരാമെന്നാണു് വിലപേശൽവിദഗ്ദൻ നകുലൻ പറയുന്നതു്?”, ഹസ്തിനപുരി പത്രിക പത്രാധിപർ ആശങ്കയോടെ ചോദിച്ചു.

“യുദ്ധകാലദുസ്സൂചനകൾ, കീചകവധം, പാഞ്ചാലിയുടെ ബഹുഭർത്തൃത്വം, അരക്കില്ലത്തിൽ ആദിവാസി കുടുംബത്തിന്റെ ദുരൂഹമരണത്തിൽ കുന്തിയുടെ പങ്കു് ഇങ്ങനെ പരിഷ്കൃത നഗരവാസികൾ ഉത്സാഹത്തിൽ വായിച്ചിരുന്ന വിഷയങ്ങൾ പൂർണമായി നാം തേച്ചുമാച്ചു കളഞ്ഞാൽ, വാക്കാലുള്ള കുറച്ചു ഉറപ്പുകൾ പ്രതിഫലമായി ഉന്നതതലത്തിൽ വരാനിരിക്കുന്ന കൂടിയാലോചന സമിതി യോഗത്തിൽ പരിഗണിക്കാം എന്നു് നകുലൻ.”

“അങ്ങനെ നമ്മെ വട്ടം കറക്കി പ്രലോഭിപ്പിക്കാനാണു ചാരമേധാവിയുടെ ഭാവമെങ്കിൽ, ഉടൻ നാം തിരിച്ചടിക്കണം. കുരുക്ഷേത്ര വിധവകളുടെ പ്രക്ഷോഭം മുഖ്യവാർത്തയാക്കി നാം ആവിഷ്കാരസ്വാതന്ത്യത്തെ ഹിമാലയ താഴ്‌വരയിൽ പഴകൃഷിത്തോട്ടങ്ങൾ തന്നു വായടപ്പിക്കാനുള്ള ആ നീച പാണ്ഡവ പദ്ധതി പൊളിക്കാം” യുദ്ധകാര്യ ലേഖകൻ ഇടപെട്ടു.

“ഈ ഉത്സവകാലത്തു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിയും കുടുംബവും ഔദ്യോഗികമായി ഹസ്തിനപുരി സന്ദർശിക്കുന്നു എന്നു് ഭരണകൂടവക്താവു് നകുലൻ അറിയിച്ചല്ലോ. എന്നാൽ ഹസ്തിനപുരി കൊട്ടാരത്തിന്റെ ചുമതലയുള്ള സർവാധികാരിയുടെ സ്ഥിരീകരണം ഒന്നും ഇതുവരെ കണ്ടില്ല” കൊട്ടാരം ലേഖിക കൂട്ടുകാരനോടു് പറഞ്ഞു.

“പരസ്യപ്രസ്താവന പാടെ വിലക്കിയിരിക്കയാണു് ദുര്യോധനൻ. കളിച്ചു തോൽപ്പിച്ചു കാട്ടിൽ അയക്കാനുള്ള കരുക്കളാണു് സാമന്തപദവിയിൽ പെട്ട കുരുവംശം ഇപ്പോൾ രഹസ്യനിർമിതിയിൽ. പലതും അവിടെ ഉരിഞ്ഞു വീഴും, ഉടുതുണിയും രാജപദവിയും എല്ലാം”, യുദ്ധകാര്യ ലേഖകൻ പലതും വായിച്ചെടുത്തവനെ പോലെ വിവർണനായി.

“വനവാസക്കാലത്തെ അഭിമുഖങ്ങളിൽ ഈ കൊട്ടാരം ലേഖികയോടു് ഞങ്ങളഞ്ചു പേരെ കുറിച്ചിനിയൊന്നും നീ കൂടുതൽ പറയാനില്ല എന്നറിയാമായിരുന്നു, പക്ഷെ അക്ഷയപാത്രം നീ ദുര്യോധനനോടു യാചിച്ചു നേടിയെടുത്തതു് ഞങ്ങൾക്കു നിത്യവും വനാശ്രമത്തിൽ പാചകം ചെയ്തു വിളമ്പിത്തരാനുള്ള മടികൊണ്ടാണെന്നു പറഞ്ഞതു് കുറച്ചു കടന്നുപോയി”, ഹസ്തിനപുരി മഹാറാണിയുടെ രഥത്തിൽ നിന്നു് യാത്ര പറഞ്ഞിറങ്ങിപ്പോയ യുവസുന്ദരിയെ നോക്കി ധാർമികരോഷത്തോടെ മഹാരാജാവു് യുധിഷ്ഠിരൻ പാഞ്ചാലിയോടു് പരിഭവിച്ചു.

“ദൂരെ ദൂരെ ഹിമാലയതാഴ്‌വരയിൽ ഇരുന്നു ഞാൻ അക്കാലത്തു് ചെയ്തിരുന്ന വെളിപാടുകൾ ഊർജ്വസ്വലയായ ഒരു പത്രപ്രവർത്തക ഏതൊക്കെ തരത്തിൽ ദുർവ്യാഖ്യാനം ചെയ്തുവേണം സൗജന്യങ്ങൾ വാരിത്തരുന്ന അന്നന്നത്തെ ഭരണകൂടത്തെ തൃപ്തിപ്പെടുത്താൻ എന്നു് ഇപ്പോൾ ഭരണയന്ത്രം തിരിക്കുന്ന നിങ്ങൾക്കിനിയും ആലോചിച്ചാൽ മനസ്സിലാവുന്നില്ലേ?”

“ഇവർ എന്റെ പ്രിയഭർത്താക്കന്മാരാണു് എപ്പോഴെങ്കിലും പാഞ്ചാലി വിശിഷ്ടവ്യക്തികൾക്കു് പരിചയപ്പെടുത്തിയ ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“സ്ഥലത്തെ ദിവ്യന്മാർ അരികെയെത്തിയാൽ ഇളമുറ നകുലന്റെ അരികെ പോയി അവൾ ചേർന്നു് നിൽക്കും. അവനെ മാത്രം ആവേശത്തോടെ പരിചയപ്പെടുത്തും. ഞങ്ങൾ ബാക്കി നാലുപേർ ദരിദ്രബന്ധുക്കളെ പോലെ അവൾക്കു് പല്ലക്കു് ചുമക്കാനും അകമ്പടിക്കും ദേഹസുരക്ഷക്കും” പറഞ്ഞു പറഞ്ഞു് ആ വൃകോദരൻ മുട്ടിൽ ഇഴഞ്ഞു കൈകൾ ഉയർത്തി കണ്ണുകൾ മേലോട്ടു് നീങ്ങി.

2016-09-08

“പൂ പറിച്ചു കൊണ്ടുവന്നും തുണി കഴുകിയും പ്രണയം തെളിയിച്ച ആരാധകനല്ലേ ഭീമൻ? നേരിയ മന്ദതയുണ്ടെങ്കിലും ദുർഗ്ഗുണപരിഹാര പാഠശാലയിലേക്കയക്കാൻ തക്ക തെറ്റെന്താണയാൾ ചെയ്തതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“സുരക്ഷാ കവചം മറികടന്നു അന്തഃപുരത്തിൽ നുഴഞ്ഞു കയറി, മറ്റു നാലു് പാണ്ഡവരുമായി ഊഴമനുസരിച്ചുള്ള സുരതം ഒളിഞ്ഞു നോക്കുന്ന ഞരമ്പുരോഗിയുടെ തല പരസ്യമായി വെട്ടാനൊന്നുമല്ലല്ലോ ആജ്ഞാപിച്ചതു്? അഞ്ചു പേരിൽ ഒരാൾ എന്ന നിലവിലുള്ള ദാമ്പത്യ പരിഗണനയിൽ ക്ഷമയോടെ ഒതുങ്ങട്ടെ ഭീമസാന്നിധ്യം.”

“പൊന്നിന്റെ നിറമുള്ള വധുക്കൾക്കു് മാത്രം രാജസദസ്സിൽ മുന്നിടം കിട്ടുന്ന ഈ ഹസ്തിനപുരിയിൽ, കരിക്കട്ടയുടെ നിറമുള്ള നിങ്ങൾക്കെങ്ങനെ കൗരവഹൃദയങ്ങളിൽ കയറിക്കൂടാനായി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ച ആദ്യചോദ്യം മഴ പെയ്യുന്ന ഈ രാവിലെപത്രാധിപർ ഓർത്തെടുത്തു.

“പാഞ്ചാലി അന്നു് എന്തു് മറുപടി പറഞ്ഞാണു് ജാള ്യത ഒഴിവാക്കിയതു് എന്നോ?”, കൊട്ടാരം ലേഖിക സഹകരിച്ചു.

“സമാനതയില്ലാത്ത എന്റെ വ്യക്തിഗതസേവന മികവിന്റെ ആവിഷ്കാരസാധ്യതകൾ, ഉറക്കം വരാതെ കൌരവർ വിഭാവന ചെയ്യുന്നുണ്ടാവുമോ എന്നാണവൾ പറഞ്ഞതു്.”

“യുയുൽസു അങ്ങനെ കൂറു് മാറി അല്ലെ” യുദ്ധകാര്യലേഖകൻ ദുരോധ്യനനോടു് വ്യാജമായ ധാർമികരോഷപ്രകടനത്തോടെ ചോദിച്ചു.

“കൂറു് മാറാതെയും, പാണ്ഡവർക്കു് രഹസ്യമായി മംഗളം ആശംസിച്ചും, വെറുതെ അമ്പും വില്ലും കൊണ്ടു് കളിക്കുന്ന പിതാമഹനല്ലെ ഞങ്ങളുടെ സർവ സൈന്യാധിപൻ? അതാണു് കവികൾ പണ്ടേ പറഞ്ഞതു്, ഈ ലോകം നാം പ്രത്യക്ഷത്തിൽ കാണുന്ന പോലെ അല്ല. പക്ഷെ അടിയൊഴുക്കുകൾ കണ്ടെത്തേണ്ടതു് നിങ്ങൾ”, മാധ്യമലോകത്തെ അതിഥിക്കു് ഒരു പൊരിച്ച കാളത്തുട ഉപചാരപൂർവ്വം നീട്ടി ദുര്യോധനൻ കുരുക്ഷേത്ര ഊട്ടുപുരയിൽ നിന്നു് രാജകീയമായ ശരീരഭാഷയോടെ പുറത്തേക്കു കടന്നു.

“പിതാമഹന്റെ അത്യനിമിഷങ്ങൾക്കു നിങ്ങൾ സാക്ഷിയല്ലേ? ചെകിടോർത്തുവോ വാവിട്ട നിലവിളിയിലും നിങ്ങൾ ഭീഷ്മരുടെ അവസാന വാക്കുകൾക്കായി?”, കൊട്ടാരം ലേഖിക ചോദിച്ചു. തണുത്ത കാറ്റു് വീശുന്ന ഉത്തരായനം. കുരുക്ഷേത്ര പോരാട്ട ഭൂമി.

“നിങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ടു് നോക്കിയാൽ ഒരു പക്ഷെ ഞാനിപ്പോൾ കിടക്കുന്നതു് ശരശയ്യയിൽ ആയിരിക്കാം, എന്നാൽ, മകനേ ഒന്നോർക്ക, സത്യവചനത്തിന്റെ ഊർജ്ജപ്രസരമുള്ള വരും യുഗത്തിൽ സഹൃദയർ പറയും ഞാൻ കിടന്നിരുന്നതു് പൂമെത്തയിൽ ആയിരുന്നു എന്നു്. എന്റെ അവസാന രഥയാത്ര സ്വച്ഛന്ദ മൃത്യുവിൽ ആയിരുന്നു എന്നും. അങ്ങനെയെന്തോ മുന വച്ചു് കാരണവർ പറഞ്ഞതു കേട്ട നേരിയ ഓർമയുണ്ടു്. പോട്ടെ, ശവമടക്കിന്റെ സൗകര്യങ്ങൾ ചെയ്യണം, തിരക്കുണ്ടു്”, യുധിഷ്ഠിരൻ വിഷണ്ണ സ്വരത്തിൽ പറഞ്ഞു.

“കണ്ണടയും മുമ്പു് പാഞ്ചാലി, പിന്തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടു വച്ചു് പാണ്ഡവർ നടന്നു പോയ ആ മലഞ്ചെരുവിൽ, നിന്നോടെന്തെങ്കിലും പറഞ്ഞുവോ അന്ത്യമൊഴിയായി”, യുദ്ധകാര്യലേഖകൻ ചോദിച്ചു.

“പന്ത്രണ്ടു കൊല്ലം ഞാൻ കൗരവരുടെ അടിമയായി കാട്ടിൽ കഴിഞ്ഞു, ജീവകാലം മുഴുവൻ പാണ്ഡവർക്കും. ഇനിയെനിക്കു് അവരാരുമില്ലാത്തൊരു വിശാലമായ പുൽമേട്ടിൽ കുറച്ചു നാൾ അലയണം, കാണാമിനിയും, നാമൊക്കെ എന്നെന്നേക്കുമായി ബന്ദിയാക്കപ്പെട്ടിരിക്കയല്ലേ പൊരുളറിയാത്ത ഈ പ്രപഞ്ചത്തിൽ”, കൊട്ടാരം ലേഖിക. ഒരു കൈ വെള്ളപ്പൂക്കൾ നെഞ്ചിൽ ചേർത്തു് മുന്നിലുള്ള പുൽമേടിലേക്കെറിഞ്ഞു.

2016-09-09

“ശന്തനു എന്താ താടിക്കു കൈവച്ചു് വിഷാദഭാവം?”, കൊട്ടാരം ലേഖിക മട്ടുപ്പാവിൽ നിന്നു് കണ്ട ദൂരക്കാഴ്ച സഹപ്രവർത്തകനുമായി പങ്കിട്ടു.

“ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അവഗണിച്ചു വിവാഹപൂർവ ഉടമ്പടിയുടെ ബലത്തിലല്ലേ ശന്തനു ഗംഗയുമൊത്തു് കിടപ്പറയിൽ കയറിയതു്? ഗംഗ എന്തനിഷ്ടം കാട്ടിയാലും എതിർക്കരുതു് എന്ന കരാറിലെ കുഞ്ഞക്ഷരങ്ങൾ വായിക്കാതെ ഈ ശുദ്ധൻ, നീട്ടിവലിച്ചു കരാറിൽ ഒപ്പിട്ടു. സ്വന്തം നവജാതശിശുക്കളെ നദിയിൽ മുക്കിക്കൊല്ലുന്നതാണു് ഭാര്യയുടെ പ്രഭാതവിനോദം എന്നയാൾ പ്രതീക്ഷിച്ചില്ല. “അരുതേ ശിശുഹത്യ ഇനിയും” എന്നയാൾ അതിഭാവുകത്തിന്റെ അതിപ്രസരത്തോടെ പറഞ്ഞതോടെ ഉടമ്പടിയിൽ വിള്ളൽ വീണു. ഗുണപാഠം വ്യക്തമായില്ലേ, ശിശുഹത്യ ആയാലും തൊഴിലിടവേതനമായാലും, കരാർ മുഴുവൻ വായിച്ചു തിരുത്തൽ ഉറപ്പു വരുത്തിയില്ലെങ്കിൽ ഇത്തരം ശന്തനുരൂപങ്ങൾ നമ്മുടെ മുമ്പിലും വന്നു നാളെ നിലവിളിക്കും”, യുദ്ധകാര്യ ലേഖകൻ തലയ്ക്കു പിന്നിൽ കൈകൾ പിണച്ചു.

“ഇന്നലെ രാവിലെ നെറ്റിപ്പട്ടം കെട്ടിയ ആനകളും ആലവട്ടങ്ങളുമായി ഹസ്തിനപുരി കൊട്ടാരത്തിൽ എഴുന്നെള്ളിയ ഇന്ദ്രപ്രസ്ഥ ചക്രവർത്തിയും പരിവാരങ്ങളുമല്ലേ, നഗ്നപാദരായി കാട്ടിലേക്കു് ശിക്ഷയനുഭവിക്കാൻ ആ പോവുന്നതു്?”, പെരുവഴിയിൽ ആരും ശ്രദ്ധിക്കാത്ത ആറുപേരെ നോക്കി കൊട്ടാരം ലേഖിക വിഷാദത്തോടെ കൂട്ടുകാരനോടു് പറഞ്ഞു.

“മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പു് എന്നൊക്കെ വരും യുഗങ്ങളിൽ ദരിദ്രബ്രാഹ്മണർ പദ്യം ചൊല്ലി ധനികരെ നിന്ദിക്കാൻ, സാമന്തകൗരവരോടു് ചൂതു് കളിച്ചു് എല്ലാം ഒഴുക്കിക്കളഞ്ഞ നികൃഷ്ട ജന്മങ്ങൾ”, യുദ്ധകാര്യ ലേഖകൻ കരിമ്പിൻ തണ്ടു് അവർക്കു നേരെ എറിഞ്ഞതു് വിശന്നു പൊരിഞ്ഞ ഭീമൻ ഒറ്റച്ചാട്ടത്തിനു കൈക്കലാക്കി വായിലിട്ടു ആഞ്ഞു ചവക്കാൻ തുടങ്ങി.

“ഏകച്ചക്രയിൽ ഈയിടെയായി സംശയാസ്പദമായ സാഹചര്യങ്ങളിൽ ഭിക്ഷയാചിച്ചു നടക്കുന്ന ആ ‘ബ്രാഹ്മണവേഷ’ങ്ങളെക്കുറിച്ചെന്തെങ്കിലും വിവരം നിങ്ങൾ ദുര്യോധനനു് രഹസ്യമായി എത്തിച്ചുവോ?”, ബകൻ ഗ്രാമ പ്രമുഖനെ ഗുഹയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

“ചാരവിവരം അനുസരിച്ചു് “നിങ്ങളല്ലേ പാണ്ഡവരും കുന്തിയും?” എന്നവർക്കു് അഭയം കൊടുത്ത കുടിലിൽ ഒരുമിച്ചു നിർത്തി ഞാൻ കർശനമായി തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അരക്കില്ലത്തിൽ കണ്ട കത്തിക്കരിഞ്ഞ ആറു ജഡങ്ങൾ പാണ്ഡവകുടുംബം നാമാവശേഷമായി എന്നതിന്റെ പ്രത്യക്ഷവും വിശ്വാസ്യവുമായ തെളിവല്ലേ എന്നു് അവർ ശക്തമായി തിരിച്ചടിച്ചു”, ഗൃഹനാഥൻ കുനിഞ്ഞു താണു് വാ പൊത്തി.

2016-09-10

“കീഴടങ്ങൽ കരാർ നിബന്ധനകൾ പൂർണമായി പാലിച്ചു നഗ്നപാദരായി വനവാസത്തിനു വിനീതരായി നടന്നു നീങ്ങുന്ന പാണ്ഡവരുടെ ഇരുഭാഗത്തും, ഉയർത്തിപ്പിടിച്ച ചാട്ടവാറുമായി നിങ്ങളെന്തിനാ ഇങ്ങനെ കാര്യമില്ലാതെ അട്ടഹസിക്കുന്നതു്?”, കൊട്ടാരം ലേഖിക മുഖപരിചയമുള്ള ഇളമുറ കൗരവനോടു് ക്ഷോഭിച്ചു.

“ഇന്നലെ ഏതാണ്ടു് ഇതേ സമയത്തു് ഞങ്ങൾ തന്നെയാണു് ഇന്ദ്രപ്രസ്ഥം ചക്രവർത്തി യുധിഷ്ഠിരനെയും മഹാറാണിയെയും വെഞ്ചാമരം വീശി നഗരവാതിൽ മുതൽ കൊട്ടാരം വരെ ഉപചാരപൂർവ്വം ആചാരവെടിയുമായി ആനയിച്ചതു്. സൂര്യനൊന്നസ്തമിച്ചു് രാജകീയവിനോദമായ ചൂതു് കളിക്കു് ശേഷം നേരം പുലർന്നപ്പോഴേക്കും, നിയതിയുടെ തട്ടു് ഉയർന്നതും താണതും ഇവരാറുപേർ ഞങ്ങളുടെ അടിമകൾ ആയതും പിന്നെ നാം ആഘോഷിക്കെണ്ടേ?”, കൗരവസഹോദരൻ ആഞ്ഞു വീശിയ ചാട്ടയിൽ അർദ്ധനഗ്നഭീമൻ പുളഞ്ഞു.

2016-09-11

“ഭാവിയിൽ നിങ്ങളുടെ ജീവചരിത്രം എഴുതേണ്ട വ്യാസൻ മുമ്പിൽ നിന്നു് പോയപ്പോഴേക്കും എന്താ നിങ്ങൾ കൈകൾ പിഴിയുന്നതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. രാജസൂയ യാഗ ആഘോഷമാണു് ചുറ്റും.

“എന്താണയാൾ പറഞ്ഞതെന്നു് കേട്ടില്ലേ? ദുരനുഭവം ഞങ്ങൾക്കു് ഉടൻ ഉണ്ടാകാൻ പോവുന്നു, കരുതൽ വേണം എന്നു്. ആശംസകൾ വാരിക്കോരി ചൊരിയേണ്ട മംഗള ദിനത്തിൽ ഈ ദുഃസ്സൂചനയുമായാണോ ഇടിച്ചു കയറിയതു്?”, വ്യാസ താക്കീതിൽ ഭീമൻ ഉടഞ്ഞ പോലെ തോന്നി.

“പാഞ്ചാലി കുഴഞ്ഞു വീണു എന്നു് ഭീമൻ വിലപിച്ചപ്പോൾ, അർജ്ജുനനുമായി അഞ്ചിലൊന്നിലധികം അഭിരമിച്ചതു കൊണ്ടാണെന്നു് പറഞ്ഞതിൽ നിന്നു് എന്താണു് വായിച്ചെടുക്കേണ്ടതു്, ജീവിതാന്ത്യത്തിലെ മഹാ പ്രസ്ഥാനത്തിലും ഹൃദയം കുഴഞ്ഞു മറിയുന്നതു് രതി മാത്സര്യത്തിൽ എന്നോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“ജീവിതകാലം മോഹിപ്പിച്ചു, എന്നാൽ കൈ നീട്ടിയപ്പോൾ വാക്കു കൊണ്ടു കപടനാട്യക്കാരൻ എന്നു് തിരസ്കരിച്ചു. ഇതാ, യാത്ര പറയാതെ ഐതിഹാസിക ലൌകിക ജീവിതം കുഴഞ്ഞുവീഴലിൽ പൊടുന്നനെ അവസാനിക്കു മ്പോൾ, പ്രത്യാശ നഷ്ടപ്പെട്ട ഞങ്ങൾക്കു പിടിവള്ളി കിട്ടി. അർജ്ജുനനുമായുണ്ടായ അവിഹിതബന്ധം ഈ മലമ്പാതയിൽ ഉച്ചത്തിൽ പരസ്യമാക്കുക”, യുധിഷ്ഠിരൻ ജേതാവിനെ പോലെ മുഖം വെട്ടിച്ചു.

2016-09-14

“അജ്ഞാതവാസക്കാലത്തു് നിങ്ങൾ വിരാടന്റെ ഊട്ടുപുരയിൽ പാചകക്കാരൻ ആയിരുന്ന പന്ത്രണ്ടു മാസം, ഇപ്പോൾ ഹസ്തിനപുരി പ്രതിരോധവകുപ്പു് മേധാവി എന്ന പദവി വഹിക്കുമ്പോൾ എങ്ങനെ വിലയിരുത്തുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു.

“വിയർത്തദ്ധ്വാനിച്ചു വേണം ഓരോ നേരവും നീ വിശപ്പടക്കാൻ എന്നു് എനിക്കു് തിരിച്ചറിവുണ്ടായി. പന്ത്രണ്ടു കൊല്ലവനവാസക്കാലത്തു് അക്ഷയപാത്രം വഴി മൂന്നു നേരം കിട്ടിയ സൗജന്യ ഭക്ഷണത്തിന്റെ വില വിരാടന്റെ തീന്മുറിയിൽ ഞാൻ ദേഹാദ്ധ്വാനം ചെയ്തു മൂല്യം തിരിച്ചടച്ചു”, വൃകോദരഭീമൻ ഉച്ചഭക്ഷണത്തിൽ ഒരു പൊരിച്ച കാളത്തുട തിന്നതിന്റെ ആലസ്യത്തിലായിരുന്നു.

2016-09-15

“ഊട്ടുപുരയിൽ നിലത്തു് ചമ്രം പടിഞ്ഞിരുന്നു ഇതെന്താണു് ഈ അഞ്ചു ആണുങ്ങൾ കണ്ണീർ വാർക്കുന്നതു്. വേണ്ടപ്പെട്ടവർ ആരെങ്കിലും മരിച്ചുവോ?” കൊട്ടാരം ലേഖിക ഞെട്ടി.

“ഹസ്തിനപുരിയിലെ വേറെ ഏതെങ്കിലും കളപ്പുരയിലെ ധാന്യശേഖരം സ്രോതസ്സായി കണ്ടെത്തുംവരെ അക്ഷയപാത്രം ഇപ്പോൾ കാണുന്ന പോലെ ശൂന്യമായിരിക്കും അതു് കഴിഞ്ഞാൽ അവർ പതിവുപോലെ പരിമിതിയില്ലാതെ പൊട്ടിച്ചിരിച്ചും പരസ്പരം ഉന്തിത്തള്ളിയും പാത്രത്തിൽ രണ്ടു കയ്യുമിട്ടു വാരിത്തിന്നും”, കിടപ്പറയിൽ പാഞ്ചാലി മുടി കർശനമായി പരിലാളനത്തിൽ നിന്നു് ഒഴിവാക്കി അഴകളവുകളുടെ ശരീരത്തിൽ തൈലം തേച്ചു.

2016-09-16

“അഭിമുഖങ്ങളിലവരെയെത്ര നിങ്ങളപമാനിച്ചാലും ക്ഷമയോടെ കിടപ്പറക്കു മുമ്പിൽ ഊഴം കാത്തിരിക്കുന്നതു് പ്രത്യാശയിലാണു്. എന്തായിരിക്കാം അതിന്റെ രഹസ്യം?” കൊട്ടാരം ലേഖിക ചോദിച്ചു. സ്വാർത്ഥലാഭത്തിനു വേണ്ടി ദഹിപ്പിച്ച ഖാണ്ഡവവനം വീണ്ടും തളിരിട്ട മഴക്കാല സന്ധ്യ, ഇന്ദ്രപ്രസ്ഥം മഹാറാണിയുടെ അന്തഃപുരം.

“സമാനതകളില്ലാത്ത വ്യക്തിഗതസേവനം എന്നവർ സന്മനസ്സോടെ ‘ഹസ്തിനപുരി പത്രിക’യോടു് അവകാശപ്പെടണമെങ്കിൽ, ഒരു പക്ഷെ പതിവായി കിട്ടുന്നുണ്ടാവണം പരിമിതിയില്ലാതെ ആനന്ദരതി”, അഴകളവുകളിൽ സുഗന്ധ തൈലം തേച്ചു അവൾ പറഞ്ഞു.

“പരേതകീചക സ്മരണയിൽ ആദരാഞ്ജലി വേണോ, ആ ശല്യം ഒഴിഞ്ഞു കിട്ടിയതിൽ അനുമോദനം മതിയോ?” കൊട്ടാരം ലേഖിക വിരാടരാജാവിനെ അഭിവാദ്യം ചെയ്തു സ്വയം പരിചയപ്പെടുത്തി.

“ഭാര്യയുടെ അനുജനായ കീചകൻ വിരാടസൈന്യാധിപൻ എന്ന നിലയിൽ തൊഴിൽ മികവു് കാണിക്കുവൻ, പക്ഷെ അവൻ എന്നെ സിംഹാസനത്തിൽ നിന്നു് തള്ളി താഴെയിടാൻ എന്റെ ഭാര്യ കൂട്ടുനിൽക്കുമോ? അപ്പോൾ കീചകകൊല എന്റെ തലയിൽ കെട്ടിവക്കുന്നതു് കുടില പാണ്ഡവ നിർമിതി, കാരണം കൗരവപക്ഷത്തു് നിന്നു് ആദ്യം കേട്ട പ്രതികരണം ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ എന്ന ഭീഷ്മവചനമാണു്. അതു് കേട്ടപ്പോൾ തന്നെ ഞാനുടൻ കുറ്റവിമുക്തനായ പോലെ.” ദുരൂഹമായ ദുഃഖാചരണത്തിൽ ആയിരുന്നു പാണ്ഡവ “വേഷ” ങ്ങൾ അപ്രത്യക്ഷമായ വിരാടരാജ്യം.

“അച്ഛനും അമ്മയും ഇല്ലാതെ, യാഗാഗ്നിയിൽ നിന്നുയർന്ന മഹാറാണി ഇപ്പോൾ ആർക്കു വേണ്ടിയാണു് പരികർമിയില്ലാതെ ഗംഗയിൽ ശ്രാദ്ധം ചെയ്യുന്നതു്?” കൊട്ടാരം ലേഖിക അന്ധാളിപ്പോടെ ചോദിച്ചു.

“പാണ്ഡവർക്കു് യുദ്ധം ജയിക്കാൻ പോരാട്ടഭൂമിയിൽ അപമൃത്യു വരിച്ച എന്റെ അഞ്ചു മക്കൾക്കു്” പൂവും എള്ളും ചന്ദനവും വെള്ളം താലിച്ചവൾ നെഞ്ചിൽ വച്ചു് ബലിച്ചോറിലേക്കിട്ടു.

“ഒരഭിമുഖം തരാമോ”, കൊട്ടാരം ലേഖിക മൊത്തത്തിൽ ഒരു പ്രലോഭനമായി മഹാരാജാവിനെ നേരിട്ടു.

“വസന്തകാല പ്രത്യേക പതിപ്പിനു് അല്ലേ? വനവാസക്കാലത്തു് പറയിപ്പിച്ചതൊക്കെ തന്നെ പോരെ? ഇന്നു് മുതൽ അടുത്ത കുറച്ചു ദിവസങ്ങളിൽ തിരക്കുള്ള പരിപാടിയുണ്ടു്.”, യുധിഷ്ഠിരൻ ഒഴിവു് പറഞ്ഞു.

“ഉടൻ പ്രസിദ്ധീകരിക്കാനല്ല. ഭാവിയിൽ.”

“ചരമക്കുറിപ്പു്? ഉടൻ വരൂ. പ്രാതൽ ഒരുമിച്ചു്. സ്ഥലം അന്തഃപുരത്തിൽ പാഞ്ചാലിയുടെ തീൻശാല.”

2016-09-20

“അശ്വത്ഥാമാവു് മരിച്ചു എന്ന നുണ വിശ്വസിച്ച ദ്രോണർ, ആയുധം താഴെയിട്ടതോടെ ദ്രോണഹത്യ എളുപ്പമായി!”, കൊട്ടാരം ലേഖിക പറഞ്ഞു.

“നുണ ആ വിധം പറഞ്ഞില്ല. അശ്വത്ഥാമാവു് എന്നൊരു കൗരവ ആനയെ പാണ്ഡവരിൽ ചിലർ വിളിക്കാറുണ്ടായിരുന്നു എന്നാണറിവു്. ആന കൊല്ലപ്പെട്ടപ്പോൾ ചെരിഞ്ഞു എന്നുച്ചരിക്കുന്നതിനു പകരം മരിച്ചു എന്നു് ഞാൻ ഉച്ചരിക്കുമ്പോൾ ദ്രോണർ അടുത്തുണ്ടായിരുന്നു എന്നതു് കൗതുകകരമായ ആകസ്മികത എന്നതിൽ കവിഞ്ഞെന്തെങ്കിലും ദുരർത്ഥം അതിനു വ്യാഖ്യാനിക്കുന്നതിനോടു് യോജിപ്പില്ല. സർവജീവജാലങ്ങൾക്കും ഒരു പോലെ ബഹുമാനം കൊടുക്കുന്ന എന്നെ പോലൊരു പ്രകൃതിസ്നേഹി പ്രത്യകിച്ചും.”

“ഇത്തവണ നീ വിരാടത്തിൽ പോയപ്പോൾ അജ്ഞാതവാസം കഴിഞ്ഞ അച്ഛനെ കണ്ടുവോ?” സുഭദ്ര മകനോടു് ചോദിച്ചു. ദ്വാരക. അമ്മയും മകനും നടക്കുകയായിരുന്നു.

“കണ്ടു അമ്മാ. അച്ഛൻ നൃത്തം പഠിപ്പിച്ച വിരാട രാജകുമാരി ഉത്തരയെ എനിക്കു് പരിചയപ്പെടുത്തി. പിരിയുമ്പോൾ അച്ഛൻ കുറെ ദൂരം ഒപ്പം നാഗരാതിർത്തി വരെ വന്നു”, എന്നെ കുരുക്ഷേത്രത്തിൽ ജയിപ്പിക്കാൻ നീ സ്തോഭജനകമായ യുദ്ധസാഹചര്യമുണ്ടാക്കിയാൽ, ഉത്തരയിൽ പിറക്കുന്ന നിന്റെ മകനെ ഞാൻ ഹസ്തിനപുരിയുടെ ഭാവി രാജാവാക്കാം എന്നു് കൈപിടിച്ചു് അച്ഛൻ എന്നോടു് പറഞ്ഞു. അതിന്റെ അർത്ഥമറിയാതെ ഞാൻ വാക്കുകൊടുത്തു് അമ്മാ.”

“വേണ്ടായിരുന്നു മകനെ. എന്തെല്ലാമോ കയങ്ങൾ ഞാൻ മുമ്പിൽ കാണുന്നു.”

2016-09-21

“നിങ്ങളഞ്ചുപേർക്കും മാരകായുധങ്ങൾ വേറെ വേറെ. ഗദ കൊണ്ടു് തുടയെല്ലു് പൊട്ടിക്കുന്ന ഭീമനും അമ്പെയ്തു കർണ്ണന്റെ കരൾ പൊളിക്കുന്ന അർജ്ജുനനും, കുന്തം കൊണ്ടു് ശത്രു ഹൃദയം തുളയ്ക്കുന്ന നിങ്ങളും. കുരുക്ഷേത്രത്തിൽ ആ കാല കുന്തം കൊന്നു കൊല വിളിച്ച ഒരു സ്മരണീയ കൗരവവധം പങ്കിടാമോ?”, കൊട്ടാരം ലേഖിക ഹസ്തിനപുരി മഹാരാജാവിനോടു് ചോദിച്ചു. പോരാട്ട വിജയത്തിന്റെ അഞ്ചാം വാർഷികാഘോഷം.

“അങ്ങനെയൊന്നും ഇനി യുധിഷ്ഠിരനോടു് നിങ്ങൾ പത്രപ്രവർത്തകർ കനിവില്ലാതെ ചോദിക്കരുതേ. രാത്രി കിടപ്പറയിൽ ഞാൻ വിളക്കു് കെടുത്തിയാൽ, ചത്തു പോയ കൗരവ ആത്മാക്കൾ കണ്ണിൽ നഖം ആഴ്ത്തിയും കഴുത്തു ഞെരിച്ചും വേദനിപ്പിക്കുന്നു എന്നു് യുധിഷ്ഠിരൻ നിലവിളിക്കും. മുഖത്തു് വെള്ളം തളിച്ചു് ബോധം വരും വരെ ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ മാത്രമേ പാതിരാവിൽ കാണൂ”, പാഞ്ചാലി ഒരു കൈ കൊണ്ടു് കൊട്ടാരം ലേഖികയെ പ്രതീകാത്മകമായി വാ പൊത്തി.

“ഭീമനല്ല കൊലയാളി എന്നുറപ്പിച്ചു പറയാൻ എന്തു് തെളിവുണ്ടു്?” കൊട്ടാരം ലേഖിക തൊഴിൽ മര്യാദയോടെ ചോദിച്ചു.

“നിങ്ങൾ കീചകജഡം കിടന്ന നൃത്തമണ്ഡപം ചുറ്റി നടന്ന ഏക പത്രപ്രവർത്തകയല്ലേ. കണ്ടതൊക്കെ മനസ്സിന്റെ മുൻനിരയിലേക്കു് ദയവായി കൊണ്ടുവരൂ. ചമ്രം പടിഞ്ഞിരുന്നു ഉണ്ടെണീറ്റാൽ നിലത്തു് വറ്റും ചാറും എല്ലും മുള്ളും ചിതറിക്കിടക്കുന്ന ഒന്നല്ലേ ഭീമന്റെ തീൻമുറി മര്യാദ? അങ്ങനെ ഒരു മാലിന്യപ്രിയനെങ്ങനെ ഇത്തരം ശുചിയായി നിർവഹിച്ച കൊലയുടെ കാർമികത്വം മികവോടെ ചെയ്യാനാവും? കൊട്ടാരം വൈദ്യൻ ജഡം വെട്ടിമുറിച്ചു നോക്കിയില്ലെങ്കിലും, തിരിച്ചും മറിച്ചും തുണിയൂരി പരിശോധിച്ചു പരസ്യമായി ഉറങ്ങുന്നവനെ പോലെയാണു് പച്ചപ്പരിഷ്ക്കാരി കീചകൻ ജീവൻ പോയി മലർന്നു കിടക്കുന്നതു. കങ്ങിയ കഴുത്തോ, ചുണ്ടിൽ കട്ടകെട്ടിയ ചോരയോ തുറിച്ച കണ്ണുകളോ ഒന്നുമില്ല. എന്റെ കൊലയാളി ആരായാലും അതു് വിരാടപാചകക്കാരൻ ഭീമനല്ല എന്നു് വിളിച്ചു പറയുന്ന പോലെ തോന്നും. കൊലയുടെ ലക്ഷ്യം ഇപ്പോൾ പുറത്തു് വിടുന്നില്ല, എന്നാൽ കൊലയുടെ നാഥൻ ഭീമനല്ല എന്തു് സാമാന്യ യുക്തി മാത്രം”, കീചക സഹോദരി സുദേഷ്ണയുടെ ഭർത്താവായ വിരാട രാജാവു് വിസ്തരിച്ചു കൈകൾ കഴുകി.

“ഇതാണോ പുതിയ ഹസ്തിനപുരി ചക്രവർത്തിനിക്കു് നിങ്ങൾ കണ്ടെത്തിയ ഔദ്യോഗികവസതി?”, രോഷം നിയന്ത്രിക്കാൻ പാടുപെട്ട പാഞ്ചാലി, കൊട്ടാരം സർവാധികാരിക്കു് നേരെ ആരോപണസ്വരത്തിൽ വിരൽ ചൂണ്ടി.

“ആദ്യം ഒരു തെറ്റു് തിരുത്തട്ടെ. നിങ്ങളുടെ പദവി മഹാറാണി എന്നു് മാത്രമാണു്. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ സ്വയം ചക്രവർത്തിനി എന്നു് വിളിച്ചിരുന്നു എങ്കിലും. ഈ ഔദ്യോഗിക വസതിക്കെന്താ ഇത്ര കുഴപ്പം? സൂക്ഷിക്കുക, എന്റെ നേരെ നിങ്ങൾ കുതിര കയറണ്ട. ഞാൻ അംഗപരിമിതൻ. ഇവിടെയാണു് എന്റെ അച്ഛന്റെ അച്ഛൻ കൗരവരാജകുമാരൻ ദുര്യോധനൻ കഴിഞ്ഞ അമ്പതു കൊല്ലം ഭാര്യയുമൊത്തു് അന്തിയുറങ്ങിയതു്. ദുര്യോധനനു് ഒരു ഭാര്യ മാത്രം. ഭാര്യക്കു് ഒരേ ഒരു ഭർത്താവും. കേൾക്കുമ്പോൾ കൌതുകം തോന്നുന്നുണ്ടല്ലേ? ശത്രുനാശത്തിനു നിത്യവും ഇവിടെ കാളിപ്രീതിക്കായി മൃഗബലി ചെയ്തിരുന്നെങ്കിലും, കൊട്ടാരം ശുശീകരണ തൊഴിലാളികൾക്കു് കുരുക്ഷേത്രയിൽ നിർബന്ധിത സൈനിക സേവനം ആയതു കൊണ്ടു്, കഴിഞ്ഞ ഒരു മാസമായി വേണ്ടത്ര വൃത്തിയാക്കൽ ഉണ്ടായില്ല, അതു കൊണ്ടെന്താ, പന്ത്രണ്ടു വർഷം സന്യസ്ഥാശ്രമങ്ങളിലെ ജൈവമാലിന്യം നിത്യവും നീക്കി നിങ്ങൾ ആ ജോലിയിൽ പരിചയ സമ്പന്നയല്ലെ, ഒന്നു് ആഞ്ഞു പിടിച്ചാൽ വാസയോഗ്യമാക്കിക്കൂടെ ചരിത്ര പ്രാധാന്യമുള്ള ഈ ദുര്യോധന വസതി? ഇതു് അറിയപ്പെടെണ്ടതും ആ പേരിൽ തന്നെ”, കൊട്ടാര രഹസ്യങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരൻ പുരോഹിത മന്ത്രോച്ചാരണം പോലെ സംസാരിച്ചു.

2016-09-22

“പതിനെട്ടു ദിവസം മരണത്തെ മുഖാമുഖം കണ്ടതു് കൊണ്ടാണോ പണ്ടില്ലാത്തൊരു ദാർശനികവ്യഥ നിഴലിക്കുന്ന നോട്ടം?” നീണ്ട സന്ദർശക നിരയിൽ ക്ഷമാപൂർവം കാത്തു് നിന്നു് ഊഴം കിട്ടിയ കൊട്ടാരം ലേഖിക യുധിഷ്ഠിരന്റെ മുമ്പിൽ ഉപചാരപൂർവം മുട്ടു് കുത്തി കൈമുത്തി.

“അനുവദിച്ചുകിട്ടുന്ന ഓരോ പുതുദിനത്തിലും വിധാതാവിനു കൃതജ്ഞതയുടെ പൂച്ചെണ്ടു് എന്നു് ശിരസ്സു് കുനിച്ചു വിനീതവാനാണു് മനഃസ്സാക്ഷി പ്രേരിപ്പിക്കുന്നതെങ്കിലും, ഇപ്പോൾ ഭരണകൂടം നേരിടുന്ന ജീവന്മരണപോരാട്ടം കൗരവരാജവിധവകളെ കുടിയൊഴിപ്പിച്ചു വേണം ഞങ്ങൾ അഞ്ചു ഭവനരഹിത സഹോദരർക്കും അന്തിയുറങ്ങാൻ. അവർ ഞങ്ങൾക്കെതിരെ തെരുവോരപ്രക്ഷോഭം തുടരുമ്പോൾ, ഈ കൈ തന്നു നീയെന്നെ തുണക്കില്ലേ?”, മഹാരാജാവു് ദീനദീനമായി കേണു.

“ഇന്നും ഹസ്തിനപുരി കൌരവരാജകുമാരന്മാർക്കു, ഞാൻ മനസ്സിലാക്കുന്നിടത്തോളം, നിങ്ങൾ ആരാധ്യദേവത, പക്ഷെ, ഇവിടെ കാട്ടിൽ നിങ്ങൾ ദുര്യോധനന്റെ വഴങ്ങുന്ന അടിമ, എന്താ ഈ വൈരുധ്യം?” കൊട്ടാരം ലേഖിക ചോദിച്ചു.

“അന്നന്നത്തെ അപ്പത്തിന്നായി ഇര തേടി പോവേണ്ടതില്ലാത്ത അഞ്ചു മടിയൻ ഭർത്താക്കൻമാർക്കൊപ്പം, സമനില തെറ്റാതെ ഈ കഠിനതടവ് ഇങ്ങനെ അനുഭവിക്കാൻ എനിക്കു്, ദൂരെ ദൂരെ നൂറു കൗരവഹൃദയങ്ങളിലെ പ്രാർത്ഥനയാൽ കഴിയുന്നു എന്നതല്ലേ കൂടുതൽ കൗതുകകരമായി നിങ്ങൾ പത്രപ്രവർത്തകർ കാണേണ്ടതു്?”, പാഞ്ചാലി അന്നത്തെ പുറംജോലി കഴിഞ്ഞു നീരൊഴുക്കിൽ മലർന്നു നീന്തുകയായിരുന്നു. ചുറ്റും ഒച്ച വയ്ക്കുന്ന നിശബ്ദതയിൽ ഉച്ചവെയിൽ പരന്നിരുന്നു.

“ഇന്നെന്താ വനാശ്രമത്തിൽ ശാന്തമായൊരു മൗനം?” കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു.

“ഇടക്കാല ദാമ്പത്യശാന്തതക്കു് പിന്നിൽ, ആർക്കറിയാം, കെട്ടടങ്ങിയൊരു കൊടുംകാറ്റുണ്ടു്”, ആഗതയെ ആലിംഗനം ചെയ്തു പാഞ്ചാലി പാണ്ഡവരെ നോക്കി.

2016-09-23

“സുഭദ്രയെ അർജ്ജുനൻ വിവാഹം കഴിച്ച വാർത്ത നിങ്ങളെ ഇത്ര ക്ഷുഭിതയാക്കേണ്ട കാര്യം? പറഞ്ഞു വന്നാൽ നിങ്ങൾക്കുമില്ലേ ഒന്നിലധികം ഭർത്താക്കന്മാർ.”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ചോദിച്ചു.

“സുഭദ്രയല്ല ഈ നാടകത്തിൽ പ്രതിനായിക എന്നു് എല്ലാ നാടക അണിയറകളും എത്തിനോക്കുന്ന നിങ്ങൾക്കറിയാം. എന്റെ അഞ്ചു മക്കൾ ദൂരെ പാഞ്ചാലത്തിൽ, ഒരുനാൾ ഞങ്ങൾക്കു് ചെങ്കോൽ കിട്ടും കിട്ടാതിരിക്കില്ല എന്നു് പ്രത്യാശയോടെ വളരുമ്പോൾ, സുഭദ്രയുടെ വിവാഹത്തിൽ അർധസഹോദരൻ കൃഷ്ണന്റെ അർത്ഥഗർഭമായ ആശംസ, (അതോ എന്റെ മക്കൾക്കുള്ള ഭീഷണിയോ) നിങ്ങളും ഞെട്ടലോടെ കേട്ടതല്ലേ? സുഭദ്രയുടെ പിൻഗാമികൾ കുരുവംശം ഭരിക്കും എന്നല്ലേ കൃഷ്ണൻ മുനവച്ചു് പ്രവചിച്ചതു്? അർജ്ജുനൻ അപ്പോൾ ആഹ്ലാദത്തോടെ കയ്യടിച്ചു. യുധിഷ്ഠിരൻ ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു് ദുര്യോധനൻ പിറന്നതെന്ന ഈറ്റില്ലന്യായം രാജസഭയിൽ ആവർത്തിച്ചു പറഞ്ഞല്ലേ കൌരവരെ ദശാബ്ദങ്ങളോളം പാണ്ഡവർ ഭരിക്കാൻ അനുവദിക്കാതെ വെള്ളം കുടിപ്പിച്ചത്?”, വഞ്ചിക്കപ്പെട്ട രാജകീയമാതൃത്വം, പാഞ്ചാലിയുടെ അടക്കിപ്പിടിച്ച ക്രോധത്തിലും, ആ തണുത്ത സന്ധ്യയിൽ ചുറ്റും നിന്നവർക്കു് പൊള്ളി.

“യുദ്ധാരംഭത്തിനു മുമ്പു് കൗരവസൈനിക നിരയിലേക്കു് നിരായുധനായി ഒറ്റയ്ക്കു് പദയാത്ര ചെയ്തു ഗുരുജനങ്ങൾക്കു ഭക്തിയോടെ അഭിവാദ്യം ചെയ്തെങ്കിലും, വാളെടുത്താൽ പിന്നെ പോരാട്ടവീര്യത്തിൽ മായം പ്രതീക്ഷിക്കേണ്ടെന്നു യുധിഷ്ഠിരൻ അർത്ഥം വച്ചു് പറഞ്ഞതു് താങ്കളുടെ ശ്രദ്ധയിൽ പെട്ടില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു. യമുനയിൽ നീന്തി കുളിച്ചു വന്നു ഊട്ടുപുരയിൽ പൊരിച്ച കാളത്തുട കടിച്ചു കീറി ഇറച്ചി വലിച്ചെടുക്കുകയായിരുന്നു ദുര്യോധനൻ.

“അഭിവാദ്യവും ആശീർവാദവും, ആ കാലന്റെ മകൻ അത്തരം ദൃശ്യപ്പൊലിമയുള്ള കാപട്യപ്രദർശനത്തിൽ മാത്രമേ ഞങ്ങളെ എന്നും തോൽപ്പിച്ചിട്ടുള്ളു.”

“ഒരിറ്റു ചോര വീഴാതെയല്ലേ പൊങ്ങച്ചക്കാരനായ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ അധികാരത്തിൽ നിന്നു് നീക്കി, കോഴി കൂവും മുമ്പു് കഠിനതടവിൽ കൗരവർ വനവാസത്തിന്നയച്ചതു്? എന്നാൽ അതെ കൗരവർക്കു ചൂതു് കരുവിനു പകരം ആയുധം പടവാളായപ്പോൾ മഹായുദ്ധം തന്നെ വേണ്ടി വരുന്നല്ലോ പാണ്ഡവരുടെ തല എന്നെന്നേക്കുമായി വെട്ടാൻ?”, കുരുക്ഷേത്ര യുദ്ധസജ്ജീകരണങ്ങൾ നോക്കാൻ സഹപ്രവർത്തകരുമൊത്തു് വന്ന യുദ്ധകാര്യലേഖകൻ, ഏറെ കാലത്തിനു ശേഷം തൊഴിൽ സാധ്യത കൈവന്ന ഉല്ലാസത്തോടെ, കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“വരും യുഗത്തിൽ മാധ്യമസുഹൃത്തുക്കൾ തിരിച്ചാണു് പറയുകയെങ്കിലും, ചരിത്രം ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും വരുമെന്നു് ഇപ്പോഴെങ്കിലും നിങ്ങൾക്കു് മനസ്സിലായില്ലേ.”

“തന്ത്രജ്ഞരായ കൗരവർക്കു നാക്കുപിഴ പറ്റിയെന്നോ? അസ്സാധ്യം”, യുദ്ധകാര്യ ലേഖകൻ കൈകൾ ഉയർത്തി.” സ്വയം പണയം വച്ചു് യുധിഷ്ഠിരൻ ഇനി കളിച്ചാൽ ‘എല്ലാവരുടെയും’ പൗരാവകാശം നിഷേധിക്കുമെന്നു അയാൾ കർശനമായി പറഞ്ഞില്ലേ?”

“പതിമൂന്നു വർഷത്തേക്കു് പൗരാവകാശനിഷേധനം ചുരുക്കി എന്നതായിരുന്നു കൗരവന്റെ ആലോചനയിൽ വന്ന പരിമിതി. ഭാവിയിൽ നിങ്ങൾക്കു് രാജ്യത്തിൽ അവകാശങ്ങൾ വക്കാനുള്ള അധികാരം ഉണ്ടാവില്ല എന്നു് കൂടി ചേർത്തു് അതൊരു ഔദ്യോഗിക രേഖയാക്കിയിരുന്നെങ്കിൽ മഹാഭാരതയുദ്ധം തന്നെ നിയമപരമായി നിലനിൽപ്പില്ലാതെ അപ്രസക്തമാവില്ലേ എന്നാണു ഞാൻ വേദവ്യാസനോടു് ചോദിക്കുന്നതു്”, കരിമ്പുനീർ കുടിച്ചു കൊട്ടാരം ലേഖിക വീണ്ടും യുദ്ധഭൂമിയിലേക്കു നടന്നു.

2016-09-24

“നിങ്ങളുടെ ആദ്യപ്രസവം ആൺകുഞ്ഞാണെങ്കിൽ, മൂപ്പിളമതർക്കം ഭാവിയിലുണ്ടാവാതിരിക്കാൻ കൊന്നു കളയണമെന്നു വിവാഹം കഴിഞ്ഞിട്ടും മക്കളില്ലാതിരുന്ന ധൃതരാഷ്ട്രർ കരുനീക്കിയിരുന്നതായി കൊട്ടാരത്തിൽ ശ്രുതിയുണ്ടായിരുന്നതായി എന്റെ അമ്മമ്മ പറഞ്ഞു കേട്ടിരുന്നു. ഏറ്റെടുത്ത രഹസ്യദൗത്യം കാര്യക്ഷമതയോടെ ചെയ്യുന്ന ആ കൊലയാളിയിൽ നിന്നു് പിന്നെ നിങ്ങൾ യുധിഷ്ഠിരനെ എങ്ങനെ രക്ഷിച്ചു?” കൊട്ടാരം ലേഖിക ചോദിച്ചു.

“പലപ്പോഴും പറഞ്ഞുകേൾക്കാറില്ലേ, നാം കാണുന്നതിൽ അപ്പുറം ഈ ലോകത്തു് എന്തൊക്കെയോ ഉണ്ടു് എന്നു്? ഇരുപത്തിഎട്ടിനു കുളിപ്പിച്ചു് കിടത്തിയിരുന്ന കുട്ടിയെ എടുക്കാൻ ഒരപരിചിതപുരോഹിതൻ വന്നപ്പോൾ ഞാൻ അയാളുടെ ചെവിയിൽ മന്ത്രിച്ചു, എന്റെ കുഞ്ഞിനെ എടുത്തു് അനുഗ്രഹിക്കൂ, ഇവൻ മരണദേവതയുടെ പ്രിയപുത്രൻ. കൈ പൊള്ളിയ പോലെ പുരോഹിതൻ കുട്ടിയെ നിലത്തുവച്ചു തിരക്കുണ്ടു് എന്നു് പറഞ്ഞു ഉടൻ പടിയിറങ്ങി. പിന്നെ അയൽക്കാർ കണ്ടതു് ഞങ്ങളുടെ വനാശ്രമത്തിനപ്പുറത്തെ കുന്നിൻ പുറത്തേക്കു കയറിൽ കുരുക്കുവീണ കഴുത്തുമായി ആ പുരോഹിതനെ ഭീകര രൂപിയായ ഒരു കരിമ്പോത്തു് വലിച്ചു കൊണ്ടുപോവുന്നതാണു്.”, വാർധക്യത്തിലും ഹസ്തിനപുരി മഹാറാണി എട്ടു ദശാബ്ദങ്ങൾ പഴക്കമുള്ള വിശദശാംശങ്ങൾ ഓർത്തെടുത്തു.

“ഭർത്താവിനു പ്രകൃതി നിർദ്ദയം നിഷേധിച്ച കാഴ്ച, എനിക്കു് ഞാൻ മധുരമായി നിഷേധിക്കട്ടെ എന്നു് ഭീഷ്മ പ്രതിജ്ഞ പോലെ പരസ്യമായി പ്രഖ്യാപിച്ചു കയ്യിൽ തടഞ്ഞ കീറത്തുണി കൊണ്ടു് എക്കാലത്തേക്കും പൊതു ഇടത്തിൽ അന്ധ എന്നംഗീകരിക്കപ്പെട്ട ഗാന്ധാരി, വരും യുഗങ്ങളിലും സാഹിത്യത്തിൽ നിറഞ്ഞു നിൽക്കും എന്നു് നിങ്ങൾക്കു് തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും വിദുരരും വനവാസത്തിനു പടിയിറങ്ങിയ നേരം.

“കാട്ടിലേക്കു് പോവും മുമ്പു് എന്റെ കൂടെ അവർ കുറച്ചു ദിവസം താമസിച്ചപ്പോൾ, കൊട്ടാരമട്ടുപ്പാവിൽ കൊണ്ടു് പോയി ആരും കാണാതെ ഞാൻ ആ കണ്‍കെട്ടു് തുണിയൊന്നു വലിച്ചു നീക്കി.”

“എന്തായിരുന്നു അവരുടെ പ്രതികരണം?”

“തുണി നീക്കിയതു് അവർ അറിഞ്ഞില്ല. കാണേണ്ടതൊക്കെ അവർ എന്നും കണ്ടു. എന്നാൽ കണ്ടില്ലെന്നു പറയാൻ ഒരു കാരണവും കണ്ണിൽ കെട്ടിത്തൂക്കി.”

“അധികാരമേറ്റെടുത്ത യുധിഷ്ഠിര ഭരണകൂടത്തിനു് അഭിവാദ്യങ്ങൾ അർപ്പിക്കാൻ പ്രതിപക്ഷത്തു് നിന്നു് ആരുമില്ലേ?”, യുദ്ധകാര്യലേഖകൻ ചോദിച്ചു.

“കൃപാചാര്യൻ ഒഴികെ വേറെ ആരെങ്കിലും കൗരവപക്ഷത്തു് നിന്നു് ഉയിരോടെ നടന്നു വരുന്നതു് നിങ്ങൾ കണ്ടുവോ? ആ ചിരഞ്ജീവികൃപാചാര്യനാണിപ്പോൾ”, വരാനിരിക്കുന്ന കലിയുഗം മഹാഭാരതത്തെ പ്രകീർത്തിക്കും, അതിലെ കഥാപാത്രങ്ങൾ നിത്യവും രാഷ്ട്രീയ പ്രഭാഷണത്തിലും, കവിതയിൽ ഉപമകളായും നിറയും” എന്നു് പ്രവചിച്ചതു്, കൊട്ടാരം ലേഖിക ഭാവിയെ കുറിച്ചുള്ള ചിന്തയിൽ അസ്വസ്ഥയായി.

“പോരാട്ടഭൂമിയിൽ നിന്നു വാർത്തകൾ സഞ്ജയൻ അപ്പപ്പോൾ അറിയിക്കുന്നില്ലേ?”, ധൃതരാഷ്ട്രരുടെ വിദുരർ, ചോദിച്ചു.

“ഓരോ കൗരവനെ കൊല്ലുമ്പോഴും പാണ്ഡവർ, പ്രത്യേകിച്ചു ഭീമൻ, ചിന്നം വിളിക്കുന്നതു് അരോചകമായി തോന്നിയപ്പോൾ തത്സമയവാർത്താവതരണം നിർത്താൻ സഞ്ജയനോടു് പറഞ്ഞു. രാത്രി കിടക്കും മുമ്പു് കൗരവ വാളിൽ തെറിച്ചുരുണ്ട പാണ്ഡവ തലയെണ്ണി പറഞ്ഞാൽ മാത്രം മതി.”

2016-09-25

“മതിയായ താക്കീതും അകമ്പടി സുരക്ഷയും അനുവദിക്കാതെ, കൗമാരപോരാളി അഭിമന്യുവിനെ കൌരവകടുവക്കൂട്ടത്തിലേക്കു് എറിഞ്ഞതു് നിങ്ങൾ അല്ല, പാഞ്ചാലി ആയിരുന്നു എന്നു് കർണൻ, മരിക്കും മുമ്പു് കുറ്റസമ്മതം നടത്തിയ വാർത്ത ശ്രദ്ധയിൽ പെട്ടുവോ? എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“അഭിമന്യുവിന്റെ പിൻഗാമികൾ കുരുവംശ ചക്രവർത്തി ആവും എന്ന കൃഷ്ണപ്രവചനത്തിനു് തടയിടാൻ, ചക്രവർത്തി ആവാൻ കൊതിക്കുന്ന അഞ്ചു് ആണ്‍ മക്കൾ ഉള്ള ഒരമ്മയുടെ മുൻകൂർ നീക്കം എന്നതിനെ കാണൂ. എന്റെ കുറ്റബോധം ഒലിച്ചു പോയ ആ സുഖം ഞാനിപ്പോൾ മറച്ചു വക്കുന്നില്ല”, യുധിഷ്ഠിരൻ പുഞ്ചിരിയോടെ പറഞ്ഞു. വൈകിയ രാത്രിയിൽ യുദ്ധഭൂമിയോടു് ചേർന്ന യമുനയുടെ ജലത്തിൽ നിലാവു് ഭീതിതമായ ഇളകിയാടി.

“പൊരിവെയിലത്തു് നടുവൊടിക്കുന്ന ജനസമ്പർക്കത്തിന്നിടയിൽ വിളമ്പിക്കിട്ടുന്നതു് പച്ചക്കറി മുറിച്ചിട്ടതോ? കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു”, ഇതൊക്കെ കഴിച്ചാൽ തീരുമോ നിങ്ങൾ അഞ്ചു വൃകോദരൻന്മാരുടെ ഐതിഹാസിക വിശപ്പു്.”

“അന്തിയാവട്ടെ കൊട്ടാരം ഊട്ടുപുരയിൽ രഹസ്യമായി എന്നും അകത്താക്കുന്ന വിശിഷ്ട വിഭവമുണ്ടു്. ഭീമൻ ഏതെങ്കിലും കൃഷിയിടത്തു് നിന്നും തട്ടിഎടുത്ത കാളക്കുട്ടിയെ തൊലിയുരിച്ചു ഉപ്പും മുളകും പുരട്ടി എണ്ണയിൽ പൊരിച്ച കാളത്തുട കടിച്ചുമുറിച്ചു തിന്നുക, ആ പൊലിപ്പുള്ള മാംസഭാവനയിലാണു് ഈ വിരസജോലിയുടെ ഭാരം ഞങ്ങൾ ചുമക്കുന്നതു്.”

2016-09-26

“നിന്ദിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല, എങ്ങനെ നേടി ഈ വ്യക്തിസ്വാതന്ത്ര്യം?”, പാണ്ഡവർ കൂടിയാലോചനയിലിരുന്ന ഊട്ടുപുരയിലേക്കു കണ്ണും വിരലും ഒന്നെറിഞ്ഞു കൊട്ടാരം ലേഖിക പാഞ്ചാലിയോടു് മന്ത്രിച്ചു.

“വൈകാരികപ്രകടനം ഒഴിവാക്കുന്ന സുരതരീതി വീഴ്ച കൂടാതെ പരിപാലിച്ചു. പ്രലോഭനത്തിനു പാണ്ഡവർ വൈകാരികത സുഗന്ധ തൈലം പോലെ ഉപയോഗിക്കുന്നതു് ശരീരഭാഷ ഉടനടി ഉപയോഗിച്ചു് നിരുത്സാഹപ്പെടുത്തി. കിടപ്പറരീതിയിൽ കാണുന്നതു് പെരുമാറ്റ വൈകൃതമാണെന്നു് ധ്വനിപ്പിച്ചു. അത്രയൊക്കെ മതിയായി ബഹുഭർത്തൃത്വത്തെ സ്ത്രീസൗഹൃദപരമാക്കി പരിചരിക്കാൻ”, അഴകളവുകളുടെ പിന്തുണയോടെ കൈകൾ വിടർത്തി അവൾ സംസാരിച്ചു.

“കൗരവരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന ചെയ്തു പാഞ്ചാലി നിന്നോടെന്തോ പിറുപിറുക്കുന്ന പോലെ തോന്നി. എന്താ കാര്യം?” യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് മടക്കയാത്രയിൽ ചോദിച്ചു.

“വിവേചനരഹിതമായിരുന്നു എന്നോടുള്ള ആയുഷ്കാല കൗരവ ആരാധന. എനിക്കും അവർക്കും ഇടയിൽ അമംഗളകരമായി തോന്നിയ ഒരു വഴിതടസ്സമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾക്കൂഹിക്കാം, പാണ്ഡവർ. ഹസ്തിനപുരി മഹാറാണിക്കു കൌരവരോടുള്ള വിട്ടുമാറാത്ത ആ പഴയ പ്രണയസ്മരണ, വേറെ വാർത്താപ്രാധാന്യമുള്ള കൊട്ടാര രഹസ്യമൊന്നുമില്ല.”

“നിങ്ങൾ ആറുപേരുടെ ഗാർഹികസംഭാഷണങ്ങൾ ആകസ്മികമായി ചെവിയോർക്കാൻ അവസരം ഉണ്ടായപ്പോഴൊന്നും, അന്നന്നത്തെ കാര്യങ്ങൾ അല്ലാതെ, ദൂരെ ദൂരെ പാഞ്ചാലയിൽ വളരുന്ന അഞ്ചു കുട്ടികളെ കുറിച്ചോ, പാഞ്ചാലബന്ധുക്കളെ കുറിച്ചോ ഒന്നും നിങ്ങൾ പങ്കിടുന്നില്ല. വിവരവും വിരഹവേദനയും ഒന്നും. അതെന്താ അങ്ങനെ?” കൊട്ടാരം ലേഖിക അസഹിഷ്ണുതയോടെ ചോദിച്ചു.

“കൂടെ കിടക്കേണ്ട പെണ്ണിന്റെ മനം അറിയാതെ, അനുഭവസമ്പത്തുള്ള കുന്തിയുടെ ദുഷ്പ്രേരണയിൽ നാലു പാണ്ഡവർ, അർജ്ജുനന്റെ കൂടെ വന്നു എന്നെ ശാരീരികമായി കീഴ്പ്പെടുത്തിയ അന്നു മുതൽ, എന്റെ കുടുംബത്തെ കുറിച്ചു് ഞാൻ അവരോടോ, അവർക്കു കുടുംബം ഉണ്ടെങ്കിൽ അതിനെ കുറിച്ചു് എന്നോടോ സംസാരിക്കാൻ ഞാൻ അവസരം നിഷേധിക്കുക അവർക്കും എനിക്കും ശീലമായി. എന്റെ ഓരോ ദിവസവും, ആ വിധം നിങ്ങൾ പത്രപ്രവർത്തർ നോക്കിയാൽ, മൗനം നിറഞ്ഞ പ്രതിഷേധവുമാണു്.

2016-09-27

“ഇപ്പോൾ നിങ്ങൾ ‘രാജാമാതാവു്’ പദവി തിരിച്ചു കിട്ടിയ സന്തോഷത്തിലാണോ?” കൊട്ടാരം ലേഖിക കുന്തിയോടു ചോദിച്ചു. പോരാട്ടം കഴിഞ്ഞു പാണ്ഡവർ ചെങ്കോൽ പിടിച്ചെടുത്ത ദിവസം.

“ആദ്യം നവവധുവായി എനിക്കിവിടെ കിട്ടിയതു് മഹാറാണി പദവിയായിരുന്നു. അന്ധനു് സിംഹാസനത്തിൽ ഇരിക്കാൻ അധികാരമില്ലെന്നു് പറഞ്ഞ കൊട്ടാരം ഗുരു, പാണ്ഡുവിനെ രാജാവാക്കിയ ആ ഇടവേളയിൽ. സ്ഥാനത്യാഗം ചെയ്തു് പാണ്ഡു പിന്നീടു് വനവാസത്തിൽ പോയപ്പോൾ ഞാൻ പൊടിപ്പും തൊങ്ങലും ഇല്ലാത്ത സ്ത്രീ ആയി. കുട്ടികളുമായി ഇരുപതു വർഷത്തിനു് ശേഷം ഹസ്തിനപുരിയിൽ മടങ്ങിയെത്തിയപ്പോൾ എനിക്കു് കിട്ടിയതു് അഭയാർത്ഥി പദവി മാത്രം. കുട്ടികളെ രാജകുമാരൻ എന്നു വിളിക്കണം എന്നു് വിദുരർ ധൃതരാഷ്ട്രരോടു് നിർബന്ധിച്ചപ്പോൾ അന്ധൻ മുഖം തിരിച്ചു. പാണ്ഡവർ എന്നു് രാജകുമാർ പദവിയില്ലാതെ വിളിക്കാം എന്ന അനൗദ്യോഗികമായി ധാരണയായെങ്കിലും, എന്നെ മുൻ മഹാറാണി എന്നു് ഔദ്യോഗിക രേഖകളിൽ പരാമർശിക്കുന്നതു് ഗൂഢശക്തികൾ വിലക്കി. കുടിയേറ്റക്കാരായി പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോവുമ്പോൾ അവരുടെ നല്ലനടപ്പിനു് കൗരവർ എന്നെ ജാമ്യതടവുകാരി എന്ന നിലയിൽ ഇവിടെ ഗാന്ധാരിയുടെ തോഴിയാക്കി., രാജസൂയയാഗം കഴിഞ്ഞു യുധിഷ്ഠിരൻ ചക്രവർത്തിയായപ്പോൾ എന്നെ മോചിപ്പിച്ചു രാജാമാതാ പദവി തിരിച്ചു തരുമെന്നു് കരുതിയ എനിക്കു് തെറ്റിയോ.”

“വിടാതെ ചോദിച്ചും വേണ്ടിവന്നാൽ ചൊടിച്ചും പദവി നേടാൻ ആരും നിങ്ങളെ പഠിപ്പിച്ചില്ല?” കൊട്ടാരം ലേഖിക ഇടപെട്ടു മുന്നോട്ടു നീങ്ങി.

“പാണ്ഡുവും കുടുംബവും രണ്ടു ദശാബ്ദം കഴിഞ്ഞ കാട്ടുകുടിൽ കുരുവംശ പൈതൃകസ്വത്തായി പ്രഖ്യാപിക്കണമെന്ന കൗരവനിർദേശം നിങ്ങൾ ചർച്ചക്കെടുക്കാതെ തള്ളി?” കൊട്ടാരം ലേഖിക ചോദിച്ചു.

“കൗരവമൊഴിയിലെ ചതിക്കുഴി കാണാതെ നിങ്ങൾ പത്രപ്രവർത്തകർ ഇങ്ങനെ രോഷാകുലരാവുന്നതു് കാണുമ്പോഴാണു്, ഭരണകൂടസൗജന്യങ്ങൾ പറ്റി വാർത്താവതരണത്തിൽ മായം ചേർക്കുമെന്ന ചാർവാക നിരീക്ഷണം ഞങ്ങൾ ഓർക്കുക. രാജ്യം വിഭജിച്ചു പകുതി തരണമെന്ന പാണ്ഡവദൂതിനു പ്രതികരണമായിരുന്നില്ലേ ആ വഷളൻ നിർദേശം? നിന്നു തിരിയാനിടമില്ലാത്ത കാട്ടുക്കുടിലിൽ ആയിരുന്നു ഞങ്ങളുടെ അമ്മമാർ വംശവൃദ്ധിക്കു വേണ്ടി ഷണ്ഡൻ പാണ്ഡുവിന്റെ എതിർപ്പു് നോക്കാതെ ആ മുറിയിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചു് ഇണചേർന്നതു. മറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ആ ഓർമയിടം കൗരവർക്കു നിലനിർത്തി ഞങ്ങളുടെ പിൻഗാമികളെ പൊതു വേദിയിൽ വരും യുഗത്തിലും നാണം കെടുത്തണം അല്ലെ”, ശുദ്ധാത്മാ ഭീമൻ അവശനും ക്ഷുഭിതനുമായിരുന്നു. ഇടയ്ക്കിടെ അയാൾ വലിയൊരു മൺചട്ടിയിൽ നിന്നു് രൂക്ഷഗന്ധമുള്ള ഒരു വെളുത്ത ദ്രാവകം മൊത്തിക്കുടിച്ചു.

“ഭക്ഷണം പാകം ചെയ്യണോ നിങ്ങൾ? അപ്പോൾ അക്ഷയപാത്രം വെറുമൊരു അലങ്കാരം?” കൊട്ടാരം ലേഖിക വിസ്മയിച്ചു.

“ഇതെനിക്കു് കഴിക്കാൻ മാത്രമാണു്. പാണ്ഡവർ കഴിക്കുന്ന അക്ഷയപാത്രത്തിൽ ഞാൻ കൈ വെക്കാറില്ല. എന്തോ നുഴഞ്ഞു കയറി ഭക്ഷണവിതരണത്തിൽ തകരാറു വരുത്തിയതുകൊണ്ടു്, പെണ്ണിനു് രാത്രി ഊണു് കഴിക്കാൻ ആവാത്ത വിധം സമയപരിധിയോ ഭക്ഷണപരിമിതിയോ ഉണ്ടു് എന്നാണു നകുലൻ പറയുന്നതു്. പരിഹാരമില്ലേ എന്നൊന്നും ഞാൻ ചോദിച്ചില്ല. ഞാൻ പട്ടിണി കിടക്കേണ്ടെന്നു ഉടയോൻദുര്യോധനൻ നിശ്ചയിച്ചു ഉത്തമധാന്യങ്ങൾ പ്രത്യേകദൂതം വഴി അയച്ചു തന്നു. ഇന്നു് നിങ്ങൾ എന്റെ അതിഥി”, വേവു നോക്കി തൃപ്തിയായ പാചകക്കാരിപാഞ്ചാലി കൊട്ടാരം ലേഖികയെ തീൻശാലയിലേക്കു സ്വാഗതം ചെയ്തു.

“എന്തന്യായമാണു് നിങ്ങൾ ഈ പറയുന്നത്പാഞ്ചാലി കുരുവംശ പ്രശസ്തിക്കു ഭീഷണി എന്നോ?”, മാധ്യമ സമ്മേളനത്തിൽ കൊട്ടാരം ലേഖിക ചോദിച്ചു.

“കാലാതീത കുരുവംശപ്പെരുമക്കു് പാഞ്ചാലിയുടെ ആത്മകഥ കാരണമാവും എന്നു് നവപാണ്ഡവ ഭരണകൂടത്തിനു ബോധ്യമായി. യുധിഷ്ഠിരന്റെ രേഖാമൂലമായ അനുമതി കൂടാതെ ‘ഹസ്തിനപുരി പത്രിക’ സംഗതി പ്രസിദ്ധീകരിച്ചാൽ കൊടുത്താൽ, ദേശസുരക്ഷപരിഗണനയിൽ മേൽനടപടി ഉണ്ടാവും. കൊട്ടാരം ലേഖികക്കു് നീണ്ടകാല നിർബന്ധിത വനവാസം ഉൾപ്പെടെ”, മയമില്ലാത്ത ഒരു അസാധാരണ സ്വരത്തിൽ ചാരവകുപ്പു് മേധാവി നകുലൻ അവളുടെ ചെവിയിൽ ചുണ്ടുരച്ചു മന്ത്രിച്ചു.

“യുധിഷ്ഠിരൻ നിങ്ങളുടെ അച്ഛനോടു് പണം കടം ചോദിച്ചു എന്നു് കൗരവർ പ്രചരിപ്പിക്കുന്നല്ലോ?”, നവവധു പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കൌരവരോടു് കടം ചോദിക്കേണ്ടിവരാവുന്ന മാനഹാനി ഒഴിവാക്കാൻ, സ്ത്രീധനം കിട്ടിയ ആഭരണങ്ങളിൽ ചിലതു് വിൽക്കട്ടെ എന്നു് യുധിഷ്ഠിരൻ അച്ഛനോടു ചോദിച്ചു.” “അതു് ഞാൻ അവൾക്കു വാങ്ങിച്ചു കൊടുത്തതൊന്നുമല്ല, കർണന്റെ കവചകുണ്ഡലങ്ങൾ പോലെ അഴിച്ചു മാറ്റിയാൽ ചോര പൊട്ടും. യാഗാഗ്നിയിൽ നിന്നു് ഉയർന്നു വന്നപ്പോൾ ഉണ്ടായിരുന്നതാണു്”, എന്നു് അച്ഛൻ കൈകാര്യം ചെയ്തു. വിരണ്ടുപോയ യുധിഷ്ഠിരൻ പിന്നെ “പൊന്നിൽ” കള്ളവിരൽ കൊണ്ടു് തൊട്ടിട്ടില്ല!.”

“യുദ്ധഭൂമിയിൽ യുധിഷ്ഠിരന്റെ നേതൃപാടവം വ്യക്തമാക്കിയ ഓർമ വല്ലതുമുണ്ടോ, വായനക്കാരുമായി പെട്ടെന്നു് പങ്കുവക്കാൻ?”, കുരുക്ഷേത്രയിൽ നിന്നു് ഹസ്ഥിനപുരിയിലേക്കു് നീങ്ങിയ പാണ്ഡവ പോരാളിസംഘത്തിലെ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

വെറും വയറ്റിൽ തളർന്നെങ്കിലും, ഉത്സാഹം വിടാതെ, ഒരു പ്രമുഖകൌരവനെ പിന്തുടർന്നു് ഓടിച്ചിട്ടു് പിടിച്ചു്, ഞെക്കിക്കൊല്ലാൻ മോഹം കരളിൽ തിളക്കുമ്പോൾ, എന്റെ അരക്കെട്ടിൽ ആരോ ഊരാകുടുക്കിട്ടു കയർ പിന്നിലേക്കു് വലിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ, “നീ നിയമം കയ്യിലെടുക്കുന്നോ?” എന്നു് ശാസനയുടെ സ്വരത്തിൽ ചോദിച്ച യുധിഷ്ഠിരൻ, ബന്ദികൌരവനെ എന്നിൽ നിന്നു് തട്ടിപ്പറിച്ച്, കഴുത്തറത്തു് ആസ്വദിച്ചു. എന്നിട്ടു് രാത്രി പാളയത്തിൽ കുഞ്ഞാടിൻ ചോര ചൂടോടെ കുടിച്ചു ഭീമന്റെ മുമ്പിൽ വെല്ലു വിളിച്ചു “ഇന്നു് നീയെത്ര കൌരവനെ കൊന്നു?”

2016-09-28

“അധികാരം കിട്ടിയപ്പോൾ ആളൊന്നു മാറിയോ യുധിഷ്ഠിരൻ?”, കൊട്ടാരം ലേഖിക നകുലനോടു ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി. മഹാരാജാവിന്റെ വസതിയിൽ നടന്ന ഉന്നതതല യോഗം കഴിഞ്ഞു വിഷണ്ണരായി ഇറങ്ങുകയായിരുന്നു നാലു പാണ്ഡവരും പാഞ്ചാലിയും. ദൂരെ മട്ടുപ്പാവിൽ യുധിഷ്ഠിരൻ അവരെ നിരീക്ഷിക്കുന്നതു് കൊണ്ടു് അവൾ ശബ്ദം താഴ്ത്തി.

“ചർച്ചയിൽ ഞങ്ങൾ നാലുപേർ ഒരേ അഭിപ്രായം പറഞ്ഞാൽ ആളാകെ അസ്വസ്ഥനാവും. വിശ്വാസ വഞ്ചന സംശയിക്കും. ഞങ്ങളെ പാഞ്ചാലിയിൽ നിന്നു് പിളർത്താൻ രഹസ്യമായി അവളെ പ്രലോഭിപ്പിക്കും, ഒന്നും നടക്കാതെ വന്നാൽ, വികസനകാര്യത്തിൽ ഇവരാരും സഹകരിക്കുന്നില്ല എന്നു് ചുണ്ടു പിളർത്തും.”

“ഇന്നലെ രാത്രി മുതൽ നിങ്ങൾ കൗരവഅടിമ എന്ന നിലയിൽ നാടു് കടത്തപ്പെട്ടു എന്നു് ഔദ്യോഗിക പ്രഖ്യാപനം കേട്ടു, പക്ഷെ നിങ്ങൾ എന്താ ഇപ്പോഴും ഈ കൊട്ടാരം അറവുശാലയിൽ?”, കിതച്ചോടി വന്ന കൊട്ടാരം ലേഖിക ചുറ്റുപാടും നോക്കി.

“കാട്ടിൽ കുട്ടിക്കാലം കഴിഞ്ഞ പാണ്ഡവർ എന്നോ മൃഗനായാട്ടു് പരിചയപ്പെട്ടവർ, യാഗാഗ്നിയിൽ നിന്നു് ജനിച്ച ഞാനാകട്ടെ ഇത്ര നാളും പൂർണ സസ്യാഹാരി. ഇനി കഠിനകൗരവശിക്ഷയിൽ ഞങ്ങൾ ആറുപേരും നാളെ വനവാസത്തിനു പോവുമ്പോൾ, മൃഗമാംസസംസ്കരണത്തിന്റെ പ്രായോഗിക പാഠങ്ങൾ തീൻ ശാലയിൽ ഞാൻ അറിയേണ്ടേ? ചങ്കിൽ തറച്ച അമ്പുമായി വരുന്ന ഈ പേടമാനിനെ കഴുത്തറത്തു് കൊന്നു തൊലിയുരിച്ചു ഈ മൃഗമാംസദാഹികൾക്കു് മൂന്നു നേരം പൊരിച്ചു കൊടുക്കാൻ വേണ്ട മാംസ പരിചരണം”, ഒരു മാടിന്റെ കുടൽ ആഞ്ഞു വലിച്ചു നീക്കുകയായിരുന്ന പാഞ്ചാലി പുഞ്ചിരിച്ചു.

“തല ഒരു വശം മൊട്ടയടിച്ചു, മറുവശം പുള്ളികുത്തി അർദ്ധനഗ്നരായ അഞ്ചു ആണുങ്ങളും ഒരു സ്ത്രീയും കഴുതപ്പുറത്തു് ഇത്ര നന്നേ രാവിലെ? ആരാണിതു്?”, ഗ്രാമത്തിൽ നിന്നു് പുതുതായി നഗരത്തിലെ അറവുശാലയിൽ പണിക്കു ചേർന്ന ആ യുവാവു് വിസ്മയത്തോടെ ഒരു കുടൽ ആഞ്ഞു വലിച്ചു നീക്കുന്നതിനിടയിൽ ജാലകത്തിലൂടെ പെരുവഴിയിലേക്കു് നോക്കി, തൊഴിലുടമ ഒളിഞ്ഞു നിൽക്കുന്നു എന്നറിയാതെ, പിറുപിറുത്തു.

“ഒരിറ്റു ചോര പോലും വീഴ്ത്താതെ, ഇന്നലെ രാത്രി നമ്മുടെ ഭരണാധികാരി ദുര്യോധനൻ നേടിയ ആറു് അടിമകളെ ആചാരമനുസരിച്ചു് നഗരി കാണിക്കയാണു്, കഠിന തടവിൽ കാട്ടിലെക്കയക്കും മുമ്പു്. തെരുവോരകാഴ്ച കണ്ടു രസിക്കാതെ ആ കാളയിറച്ചി വേഗം കൊച്ചു കഷണങ്ങളാക്കി നീ ഒരുക്കി വയ്ക്കു്, മഹാരാജാവു് ധൃതരാഷ്ട്രർക്കു് ഇന്നത്തെ മാംസാഹാര ആഘോഷത്തിനു നിന്റെ വക തന്നെ ആവട്ടെ ഗോമാംസ സംസ്കരണം”, തൊഴിലുടമ ഭീഷണി പോലെ ഒന്നു് പുഞ്ചിരിച്ചു.

“ഇത്രവേഗം കുടിയേറ്റകൗന്തേയർക്കു ഖാണ്ഡവവനം സ്വന്തം നാടുപോലെ ആയോ” കൊട്ടാരം ലേഖികയുടെ ശബ്ദത്തിൽ അവിശ്വാസം നിഴലിച്ചു.

“ആദ്യ ദൃശ്യം ഞങ്ങളെ തളർത്തി. പാമ്പു് പെരുച്ചാഴി എല്ലാ വികൃത ജീവികളും നിറഞ്ഞൊരു കൊടുംകാടു്. വെട്ടിനിരത്തൽ വല്ലാത്ത അദ്ധ്വാനമാവും എന്നു് വിലയിരുത്തി എളുപ്പവഴി തീയിടൽ എന്നു് ഏകകണ്ഠമായി അംഗീകരിച്ചു. വേനൽ ആയതു കൊണ്ടു് മൊത്തം ഉണക്കം ബാധിച്ചിരുന്നു. ആരാണു് ആദ്യപന്തം ഭക്തിയോടെ എറിഞ്ഞതെന്നറിയില്ല, കാട്ടുതീ ആഞ്ഞു കത്തി പിറ്റേന്നു് ഉറക്കമുണർന്നു നോക്കിയപ്പോൾ, പറഞ്ഞാൽ വിശ്വസിക്കില്ല, ഞങ്ങളിൽ വിത്തിറക്കൂ എന്നു് ഭൂമിദേവി കൈമാടി വിളിക്കുന്ന പോലെ. കത്തിച്ചാമ്പലായ ഇടത്തു് പുലർച്ചെ പെരുമഴ പെയ്തതു് പ്രകൃതി ഞങ്ങൾക്കനുകൂലമായി എന്തോ ഗൂഢാലോചന ചെയ്ത തോന്നലുണ്ടാക്കി. ആദ്യവിളവെടുപ്പു തൊഴിലാളികൾ ആഘോഷമാക്കി. ധാന്യപ്പുരകൾ നിറഞ്ഞപ്പോൾ, ഇനി വേണ്ടതു് വംശപ്പെരുമ. അതുണ്ടാക്കാൻ രാജസൂയയാഗം ചെയ്യാമെന്നു് അമ്മയുടെ അർദ്ധസഹോദരനായ പ്രിയ യാദവനാടുവാഴി കുറുക്കുവഴി പറഞ്ഞു തന്നിട്ടുണ്ടു്.”, നിറകുടം പോലെ ശാന്തനായിരുന്ന നകുലൻ തന്നെ ആയിരുന്നു പാണ്ഡവാഭിലാഷങ്ങളുടെ ആവിഷ്കാരകൻ.

“കുറച്ചു ദിവസങ്ങളായി ഭീമൻ എന്നെ കണ്ടാൽ മുറുമുറുക്കുന്നു, വിളിച്ചാൽ എതിർ ദിശയിൽ പോവുന്നു, ചർച്ചകളിൽ ഇടഞ്ഞു സംസാരിക്കുന്നു, എന്താ കാര്യം?” യുധിഷ്ഠിരൻ പാഞ്ചാലിയോടു് ചൊടിച്ചു.

“നേരിട്ടു് ചോദിക്കൂ. അല്ലാതെ എന്നോടു് കുതിര കയറുന്നതിൽ എന്തു് കാര്യം. നിങ്ങളല്ലേ നവ പാണ്ഡവ ഭരണകൂടം മാമ്പഴമാണു് വിരുന്നുകളിൽ വിശിഷ്ടഭോജ്യമായി വിളമ്പുക, വളർത്തുമൃഗമാംസമല്ല എന്നു് രാജമുദ്ര വച്ചു് പ്രഖ്യാപിച്ചതു്. വൃകോദര വയർ വ്യസനിച്ചുകാണും.”

“രാവിലെ കലപ്പയും നുകവും രണ്ടു കാളകളുമായി കന്നു പൂട്ടാൻ പോയതല്ലേ. എന്നിട്ടു് എവിടെ മൃഗങ്ങൾ? നിങ്ങൾക്കൊപ്പം പോയ മറ്റു നാലുപേർ തിരിച്ചു വന്നിട്ടു് കുളിച്ചു എപ്പോഴോ ഊണു് കഴിച്ചു.” ഉഴവു് മൃഗങ്ങൾക്കു കഞ്ഞി തയ്യാറാക്കിക്കൊണ്ടിരുന്ന പാഞ്ചാലി അക്ഷമയും കോപവും കൊണ്ടു് വിങ്ങി. ഖാണ്ഡവവനത്തിലെ ആദ്യ കൃഷിക്കാലം. ഉച്ച.

“പൂട്ടിത്തീർന്നപ്പോൾ, വിശപ്പു് സഹിക്കവയ്യാതെ രണ്ടിനെയും അറത്തു് തീയൊരുക്കി ചുട്ടു തിന്നു. കുറച്ചു നേരം തണലിൽ കിടന്നു മയങ്ങി.”

2016-09-29

“നിങ്ങൾ ആകെ ആറു പേരല്ലേ ഇവിടെ കുടിയേറ്റക്കാരായി ഉണ്ടായിരുന്നുള്ളു? പിൽക്കാലത്തു് അഞ്ചു വീടു് ഒരു വീടു് സൂചി കുത്താൻ ഇടം എന്നിങ്ങനെ പടി പടിയായി ഭൗതിക അഭിലാഷങ്ങൾ പരിമിതപ്പെടുത്താൻ പരിശീലിച്ച നിങ്ങൾ, എങ്ങനെ മൊത്തം ഖാണ്ഡവ വനം എന്ന വമ്പിച്ചൊരു ആവാസവ്യവസ്ഥയെ തീയിട്ടു കത്തിക്കാൻ ധൈര്യപ്പെട്ടു?”, കൊട്ടാരം ലേഖിക ആദ്യ സന്ദർശനത്തിൽ പരിസ്ഥിതി സംരക്ഷക അഭിനയിച്ചു.

“ദീർഘ ദൃഷ്ടിയോടെ വേണ്ടേ ദേവസന്തതികൾ തീരുമാനമെടുക്കാൻ? ഖാണ്ഡവവനം പരിപാലിച്ചു ആറുപേർ വനാശ്രമത്തിൽ കിളച്ചും കന്നുപൂട്ടിയും കഴിയാണോ, അതോ വനമേഖല മൊത്തം വെട്ടിതെളിയിച്ചു യമുനയുടെ തീരത്തു് മോഹന നഗരി പണിയാണോ? മറക്കരുതേ, ഞങ്ങൾ ഓരോ കല്ലും ഈ കൈകൾ കൊണ്ടു് വെട്ടി പണിത ഇന്ദ്രപ്രസ്ഥം, ദ്വാപരയുഗത്തിൽ മാത്രം തിളങ്ങുന്നൊരു ഐതിഹ്യ നഗരിയല്ല, വരാനിരിക്കുന്ന കലിയുഗത്തിലും ദേശവിദേശ പടയോട്ടങ്ങൾക്കും അധികാരവഴികൾക്കും ആഗോള ശ്രദ്ധക്കും ഭൂമികയാവും”, ഭാവിയിലേക്കു് കണ്ണെറിഞ്ഞു അർജ്ജുനൻ ശബ്ദം താഴ്ത്തി.

“യുധിഷ്ഠിരന്റെ രാജസൂയം ദിവസം അധ്യക്ഷപദവി കിട്ടിയ താങ്കൾ നാലു പ്രാവശ്യം ഒരേ ദിവസം വസ്ത്രം മാറി രാജസഭയിൽ ഒരു വിചിത്ര പ്രദർശന വസ്തു ആയി എന്നാണല്ലോ ചേദിരാജാവു് ശിശുപാലൻ പറയുന്നതു്?” ഒരു ഗോപികയുടെ ആകർഷകസ്വരത്തിൽ കൊട്ടാരം ലേഖിക പറഞ്ഞു.

“ശത്രു മാത്രമേ നിങ്ങളെ നിരന്തരം സൂക്ഷിച്ചു നോക്കി, നിരീക്ഷണങ്ങൾ പുറത്തു വിടൂ. എന്നാൽ നിങ്ങളുടെ സുഹൃത്തു് നിങ്ങളെ നിങ്ങളുടെ പാട്ടിനു വിടും. ശത്രുപക്ഷത്തു് ചേക്കേറിയ ശിശുപാലൻ ചെയ്യേണ്ട കർമം അയാൾ കാര്യക്ഷമതയോടെ ചെയ്തു”, നീലനിറമായ കാളിന്ദിയിൽ നൃത്തം ചെയ്യാൻ കൃഷ്ണൻ രൂപം മാറുന്ന നേരമായിരുന്നു.

അസംതൃപ്ത ദാമ്പത്യത്തെ കുറിച്ചു് നിങ്ങൾ കലവറയില്ലാതെ ആവിഷ്കാരസാധ്യത തേടുമ്പോൾ, പറയാതെ വയ്യ, കൗരവരാജവധുക്കളാകട്ടെ അവരുടെ കുടുംബ ജീവിതത്തെ കുറിച്ചു് കൈപ്പുള്ള ഒരൊർമയും ഞങ്ങളുമായി പങ്കിടുന്നില്ല”, വ്യാജനീരസത്തോടെ കൊട്ടാരം ലേഖിക സംസാരിച്ചു. കാട്ടുചോലയിൽ നീന്തിക്കുളിച്ചു, നനഞ്ഞ തുണിയുമായി അവർ വിജനവഴിയിലൂടെ ആശ്രമത്തിലേക്കു നടക്കുകയായിരുന്നു.

“മേഘങ്ങളില്ലാത്ത പൌർണമി രാത്രികളിൽ, അന്തഃപുരത്തിനു മേലെയുള്ള മട്ടുപ്പാവിൽ, പൂർണനഗ്നകളായി പൊട്ടിച്ചിരിക്കയും പിന്നെ വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന അവരെന്തിനു എന്നെ പോലെ ആത്മാവിഷ്കാരത്തിനു് അക്ഷരങ്ങൾ തേടണം?”, അന്നദാതാവിനെ തേടിയിറങ്ങിയ പേടമാനിനെ പരിലാളിച്ചു് പാഞ്ചാലി പുഞ്ചിരിച്ചു.

“ഒരിടവേളയിലെ പരിചയം കൊണ്ടു് നിങ്ങൾ കൗരവരാജവധുക്കളെ കയ്യിലെടുത്തു് എന്നോ? അത്ര നിഷ്കളങ്കരാണോ അവർ സംഘർഷം നിറഞ്ഞ സ്വത്തു് തർക്കത്തെ പറ്റി?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“പാണ്ഡവർക്കു് ഓഹരി തരാൻ ഭർത്താക്കന്മാരോടു് പറയൂ എന്നല്ല ഞാൻ അവരോടു മിണ്ടിപ്പറഞ്ഞതു്, പെണ്ണുടൽ എങ്ങനെ നിങ്ങൾ പരിപാലിച്ചാൽ കൗരവർ നിങ്ങൾക്കടിമപ്പെടും എന്നായിരുന്നില്ലേ.”

2016-09-30

“പത്താം ദിവസം ദുര്യോധനൻ, പിതാമഹനോടു് അടക്കി പിടിച്ച ശബ്ദത്തിൽ ശാസിക്കുന്ന പോലെ ദൂരെ നിന്നു് എനിക്കു് തോന്നി. അടുത്തു് നീ ഉണ്ടായിരുന്നില്ലേ. വല്ലതും ചെവിയിൽ തടഞ്ഞോ?” യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“അവശനായ ആ കാരണവർക്കു് മൺപാത്രത്തിൽ കുടിവെള്ളം കൊടുത്തു് ഞാൻ മാറുമ്പോഴാണു്, കറുത്ത മുഖത്തോടെ ക്ഷുഭിതകൗരവർ ഭീഷ്മരഥത്തിലേക്കു ചാടിക്കയറി, സാരഥിയോടു് ഇറങ്ങാൻ പറഞ്ഞതു്. ‘മുഖം നോക്കാതെ വേണം ശത്രുവിന്റെ തലവെട്ടാൻ എന്നു് ആദ്യദിവസ ഗീതോപദേശം അക്ഷരാർത്ഥത്തിൽ നിങ്ങൾ അവഗണിച്ച പോലെയാണല്ലോ, പിതാമഹാ, ഈ പത്തു് ദിവസവും നിങ്ങൾ ഒരു പാണ്ഡവതല പോലും ഉരുട്ടാൻ കഴിഞ്ഞില്ലല്ലോ’. ഒന്നും മിണ്ടാതെ ഭീഷ്മർ ആ കലത്തിലെ വെള്ളം ദുര്യോധനൻ പോവും വരെ കുടിച്ചു.”

“സ്ത്രീത്വത്തിന്നെതിരെ കൌരവർ രാജസഭയിൽ പരസ്യമായി ചെയ്ത കടന്നാക്രമണം പൊതുവ്യവഹാരമണ്ഡലത്തിൽ ചൂടായി ഇപ്പോഴും ചർച്ച ചെയ്യപ്പെടുമ്പോഴും, നിങ്ങൾ കൌരവർക്കു ധാർമിക പിന്തുണ നല്കി എന്ന സംശയം ബലപ്പെട്ടു വരുന്നു. വ്യാഴവട്ടക്കാല വനവാസത്തിനു പാണ്ഡവരുടെ കൂടെ പോവാതെ, ഹസ്തിനപുരി കൊട്ടാര സമുച്ചയത്തിൽ അല്ലലില്ലാതെ കഴിയാനുള്ള സ്വാർത്ഥ ചിന്തയാണോ ഈ ഞെട്ടിപ്പിക്കുന്ന വീഴ്ചക്കു് പിന്നിൽ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവുമോ?”, കൊട്ടാരം ലേഖികയുടെ ചോദിച്ചു.

“രണ്ടു ഭാഗവും ഞാൻ കേൾക്കേണ്ടേ? അല്ലെങ്കിൽ കൗരവർ ‘കാള പെറ്റു എന്നു് കേട്ടപ്പോഴേക്കും കുന്തി കയറെടുത്തു്’ എന്നു് നാളെ നിങ്ങൾ എന്നെ പരിഹസിക്കില്ലേ. ഇനി എന്റെ പൊതുജീവിതം, മനുഷ്യാവകാശപ്രശ്നങ്ങളിൽ ഞാനെടുക്കുന്ന സമീപനം ഇതിഹാസങ്ങൾ അംഗീകരിക്കുന്ന കാലം വരും. അന്നന്നത്തെ കൊട്ടാര വിഴുപ്പുകൾ തിരയുന്ന ഹസ്തിനപുരി പത്രിക എന്റെ മനഃസ്സാക്ഷിയിൽ കയറി കൂന്തുമറിയേണ്ട.”

“പാണ്ഡവ സഖ്യകക്ഷിയോഗത്തിൽ വിരാടരാജാവെന്തോ വേറിട്ട ശബ്ദം ഉയർത്തി എന്നു് കേട്ടല്ലോ. പൊതുവെ സുഖിയനായ അയാൾ ഒച്ചവെക്കേണ്ട കാര്യം?”, യുദ്ധ കാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“ഇത്രയധികം സൈനികരെ ഇരുപക്ഷത്തും നിർത്തി വാളും കുന്തവും കൊണ്ടു് കൊത്തിക്കീറുന്നതിനേക്കാൾ, പാണ്ഡവർ അർധരാത്രി ഹസ്തിനപുരി കോട്ട നുഴഞ്ഞുകയറി ധൃതരാഷ്ട്രരെ ബന്ദിയാക്കി വിലപേശിയാൽ മുട്ടു മടക്കില്ലേ കുടിലകൗരവർ എന്നു ചോദിച്ചു. അപ്പോൾ വിറച്ചു തുടങ്ങിയ പാണ്ഡവശരീരങ്ങൾ യോഗം പിരിയും വരെ ആ വിറ തുടർന്നു എന്നാണു് അഭിജ്ഞകേന്ദ്രങ്ങൾ നിങ്ങളുടെ ലേഖികക്കു് നൽകിയ സൂചന.”

“നിങ്ങൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തി ആയപ്പോഴാണോ സ്വതന്ത്ര ചാരവകുപ്പിന്റെ ആവശ്യം ബോധ്യപ്പെട്ടതു്? എന്തു് കൊണ്ടു് നകുലൻ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“വാരണാവതം അരക്കില്ലത്തിലേക്കു പോവാൻ ദുഷ്പ്രേരണ ധൃതരാഷ്ട്രരിൽ നിന്നു് വന്നപ്പോൾ ഞങ്ങൾ അഞ്ചു പേരും യോഗം ചേർന്നു. യോഗം കഴിയുമ്പോഴേക്കും നകുലൻ സ്വയം നേതൃസ്ഥാനം ഏറ്റെടുത്തിരുന്നു. പിറ്റേന്നു് രാവിലെ പടിയിറങ്ങുമ്പോഴേക്കും അരക്കില്ലം എന്ന വരാനിരിക്കുന്ന കുരുക്കു് അവൻ അഴിച്ചിരുന്നു. ആശങ്കക്കു് പകരം യാത്രയും താമസവും പ്രതീക്ഷാനിർഭരമായി. നാളെ എന്തു് സംഭവിക്കും എന്നതിൽ മാറി നാളെ എന്തു് സംഭവിക്കണം എന്ന വിവേചനാധികാരം നകുലന്റെ കയ്യിലായതു് ദുര്യോധനൻ മനസ്സിലാക്കി എന്നു വേണമെങ്കിൽ സമ്മതിക്കാം, പക്ഷെ ആ ഗതി മാറ്റാൻ കൗരവനായില്ല. അന്നു തുടങ്ങിയ ഇരുപത്തിനാലു മണിക്കൂർ വിശ്രമരഹിത ജോലി അവൻ ആസ്വദിക്കുന്നു രഹസ്യ വിവരങ്ങളുടെ ശേഖരവും പ്രയോജനവും ആണു് രാജ്യതന്ത്രത്തിൽ കാര്യം എന്നു് നിങ്ങൾ തക്ഷശിലയിൽ പോയി പഠിച്ചാൽ മാത്രം പോരാ.”

2016-10-01

“അമ്മമാരുടെ രഹസ്യകാമുകന്മാരെ കണ്ട ഓർമ പങ്കുവെക്കാമോ? നിങ്ങളും മാദ്രിപുത്രന്മാരും തമ്മിൽ വ്യാഴവട്ടക്കാല പ്രായവ്യത്യാസമുണ്ടെന്നു് ഒറ്റനോട്ടത്തിൽ പാഞ്ചാലി പറഞ്ഞതല്ലേ”, കൊട്ടാരം ലേഖിക ഹസ്തിനപുരി പത്രിക ദീപാവലി പതിപ്പിനായി മഹാരാജാവു് യുധിഷ്ഠിരനെ സമീപിച്ചു, “അതോ നൂറ്റാണ്ടു കഴിഞ്ഞ സ്ഥിതിക്കു് ഓർമക്കുറവുണ്ടോ?”

“പതിനഞ്ചു വയസ്സു് മൂപ്പുണ്ടു് എനിക്കു് പ്രിയ മാദ്രിപുത്രന്മാരുമായി. എന്റെ ബീജദാതാവു് കാലനെ ഇതുവരെ കാണുകയോ, കാണാൻ ഇനി ആഗ്രഹിക്കയും ചെയ്യുന്നില്ലെങ്കിലും, മറ്റുള്ള മാതൃകമിതാക്കൾ എനിക്കു് വാത്സല്യം ചൊരിഞ്ഞു. അവർ വന്നാൽ വീടാകെ വസന്തകാലമാവും. രോഗിയായ അച്ഛനെ ഞങ്ങൾ തൂക്കി ആ സമയം പിന്നിലെ ചാച്ചുകെട്ടിയിൽ കിടത്തി കിടപ്പറ ശുദ്ധി ചെയ്തു ചെമ്പകപ്പൂക്കൾ എറിഞ്ഞു അലങ്കരിക്കും. വായു, ഇന്ദ്രൻ, അശ്വനി ദേവതകൾ ഇവരൊക്കെ അവിടെ വരുമ്പോഴും പോവുമ്പോഴും, കൂടെ ഞാനുണ്ടാവുമെങ്കിലും അവർ കിടപ്പറയിൽ പ്രവേശിച്ചാൽ, പുറത്തു് ആശ്രമപ്പടിയിൽ കാവൽ നിൽക്കും. പ്രണയപർവ്വം കഴിഞ്ഞു ആകാശചാരികളായ കാമുകർ പതിവായി ചോദിക്കുന്ന ചോദ്യമുണ്ടു്, പോരുന്നോ കൂടെ, കാലന്റെ വീട്ടിലേക്കു്?” ആയിരം പൂർണചന്ദ്രന്മാരെ കണ്ടിട്ടും മരണദേവതയുടെ മകൻ ബാല്യസ്മരണയിൽ ആർമാദിച്ചു.

“ഇന്നലെ ഒരു വാണിജ്യപതിയുടെ സായാഹ്നവിരുന്നിൽ ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു കുടിയേറുന്ന പ്രശ്നമില്ലെന്നു് പറഞ്ഞ പാണ്ഡവർ ഇതാ ഇന്നു് ഉച്ചഭക്ഷണത്തിനു കാത്തു് നിൽക്കാതെ പടിയിറങ്ങുന്നു. എന്താണിതിലെ കൊട്ടാരരഹസ്യം?”, പത്രാധിപർ യുദ്ധകാര്യ ലേഖകനോടു് തട്ടിക്കയറി.

“പരസ്പരം കോർത്തിണക്കിയാൽ അർത്ഥം തോന്നുന്ന മൂന്നു നാലു് കാര്യങ്ങൾ ഇതാ: പാണ്ഡവർ ഖാണ്ഡവവനത്തിലേക്കു പോവില്ലെങ്കിൽ പോയെ തീരൂ എന്നു് ദുര്യോധനൻ പരിപാടി തയ്യാറാക്കുന്നു. അതനുസരിച്ചു പാണ്ഡവർക്കു് താമസിക്കാൻ കൊടുത്ത അതിഥിമന്ദിരത്തിന്റെ താഴെ നിലയിൽ അൽപ വസ്ത്രകളായ കൗരവരാജവധുക്കൾ രഹസ്യയോഗം ചേർന്നു് നൃത്തം ചെയ്യുന്നു. രാത്രിയിൽ പതിവു് മദ്യസേവക്കു ശേഷം ഭീമൻ അതിഥിമന്ദിരത്തിലേക്കു് അലസമായ വസ്ത്രധാരണത്തോടെ കയറിച്ചെല്ലുന്നു. ദുരുദ്ദേശ്യത്തോടെ ആരോ രാജവധുക്കളുടെ സ്വകാര്യതയിൽ ഇടിച്ചു കയറി നഗ്നതാ പ്രദർശനം നടത്തുന്നു എന്നവർ ഒച്ചവെച്ചു ആഗതന്റെ തലയിൽ തുണിയിട്ടു ബന്ദിയാക്കി ആളെ കൂട്ടി പ്രതിയെ വെളിച്ചത്തു് കൊണ്ടുവരുമ്പോൾ ‘ഭീമനോ നീ ഇവിടെ?’ എന്നു് ദുര്യോധനൻ അത്ഭുതം അഭിനയിക്കുന്നു. പ്രശ്നപരിഹാരത്തിനു് മറ്റു പാണ്ഡവർ ധൃതിയിൽ അവിടെ വരുമ്പോൾ, ഗുരുതരമായ ഭവിഷ്യത്തുകൾ ഉള്ള ഈ അപമാനവാർത്ത അമുക്കണമെങ്കിൽ നിങ്ങൾ നാളെ ഉച്ചയോടെ നാടുവിടണം എന്നു് കൗരവർ നിർദേശിക്കുന്നതു പാണ്ഡവർ വിധേയത്വത്തോടെ അനുസരിക്കുന്നു. ഇതല്ലാതെ തെളിവൊന്നുമില്ല.”

“പ്രതിയോഗികളെ വിരട്ടാനും പ്രതിച്ഛായ വളർത്താനും കെട്ടിപ്പൊക്കിയ ഐതിഹ്യം മാത്രമായിരുന്നു കർണന്റെ കവചമെന്നു അർജ്ജുനൻ പറഞ്ഞതു് വിവാദമായി. ഗംഗയിൽ നീരാടാൻ പോയ കർണൻ ആ വഴി വന്ന ഒരു വൃദ്ധവിധവയുടെ കയ്യിൽ നിന്നു് എന്തോ ഔഷധം വാങ്ങി മാറിൽ പുരട്ടിയപ്പോൾ കവചം കീറത്തുണി പോലെ എളുപ്പത്തിൽ നീക്കാൻ സാധിച്ചതിനു് ദൃക്സാക്ഷിയാണെന്നു അവകാശപ്പെടുന്ന പൂജാരി, വൃദ്ധവിധവ എന്നു് അവഹേളനയോടെ പരാമർശിക്കുന്നതു് ആരെയെന്നു പക്ഷെ വ്യക്തമാക്കിയിട്ടില്ല, എങ്കിലും ദൃക്സാക്ഷിയുടെ സംശയമുന നീളുന്നതു് പാണ്ഡവ മാതാവിന്റെ നേരെയാണെന്നു ദുര്യോധനൻ ഇടപെട്ടു പറഞ്ഞതോടെ അർജ്ജുനന്റെ ദുഷ്പ്രചരണം ഉടൻ നിലച്ചു.”, കുതിരപ്പന്തിയിലെ ചുവരിൽ കരിക്കട്ട കൊണ്ടെഴുതിയ വാർത്ത ലഘുഭക്ഷണത്തിനിടയിൽ ഒരു അന്യനാട്ടു യാത്രികൻ തപ്പിത്തടഞ്ഞു വായിച്ചു.

“അപ്പോൾ ഖ്യാതി നേടിയ ‘ഹസ്തിനപുരി പത്രിക’യിലും ഉണ്ടല്ലേ നട്ടാൽ മുളക്കാത്ത കൊട്ടാര കെട്ടുകഥകൾ”, മദ്യപാനത്തിനിടയിൽ യുക്തിവാദി ചാർവാകൻ തലയെറിഞ്ഞു പൊട്ടിച്ചിരിച്ചു.

2016-10-02

“വാർധക്യത്തിൽ ഭർത്തൃമാതാവു് ജീവിതാന്ത്യം ചെലവഴിക്കാൻ പോവുന്നതു് പാമ്പും പന്നിയും വിഹരിക്കുന്ന കാട്ടിലേക്കു്. പോവരുതേ, ഞങ്ങൾ പൊന്നുപോലെ നോക്കാം എന്നു പറയേണ്ടതാണു് ആകെയുള്ളൊരു പുത്രവധു?”, വയോജനങ്ങളോടു് വെറും പാഴ്‌വാക്കു് പോരാ എന്ന പൊതുസംവാദത്തിലായിരുന്ന മഹാറാണിയോടു് കൊട്ടാരം ലേഖിക അനുനയത്തിൽ ചോദിച്ചു.

“അവരെന്നും സ്വതന്ത്ര ജീവിതം നയിച്ച വനിതയല്ലേ? കാട്ടുകുടിലിലെ തറയിൽ പാ വിരിച്ചു ഷണ്ഡൻഭർത്താവു് രോഗിയായി കിടക്കുമ്പോഴല്ലേ, ഈ മർത്യജീവിതം ഇങ്ങനെ പോരാ എന്ന പ്രബുദ്ധമായ തിരിച്ചറിവിൽ, കുട്ടികളുണ്ടാവാൻ പരപുരുഷരതി പ്രായോഗികതലത്തിൽ കുന്തി കൊണ്ടുവന്നതു്? ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു് കുടിയേറാൻ നിർബന്ധിതരായപ്പോൾ, ഞാനും കൂടെ വരാം എന്നു് ഉത്സാഹിച്ചുവോ, അതോ, ഇനിയുള്ള കാലം ഞാൻ ഗാന്ധാരിക്കു് തുണ എന്നു് പറഞ്ഞു പിൻവാങ്ങിയോ? ഒരിക്കലും നിങ്ങൾ കുന്തിയെ മൂല്യം കുറച്ചു വിലയിരുത്തരുതു്. മിതമായി പ്രശംസിച്ചു കൊണ്ടു് തന്നെ ഈ സംവാദം അവസാനിപ്പിക്കട്ടെ, എന്നെന്നേക്കുമായി പടിയിറങ്ങിപ്പോവുന്ന രാജാമാതാവിനെ പിടിച്ചു നിർത്തിയപ്പോൾ, പ്രതിരോധിക്കാനാവാതെ കുന്തി കീഴടങ്ങി എന്നു് വരും യുഗത്തിലാരും പഴി പറയാതിരിക്കട്ടെ.”

“ഇടഞ്ഞാൽ പാഞ്ചാലി ആരാവുമെന്നു ഒരു നിമിഷം പോലും മറക്കാതെ തന്നെ ചോദിക്കട്ടെ, അവർ നിങ്ങൾക്കായി കരുതലോടെ ചെയ്ത ഒരു കാര്യം പെട്ടെന്നൊർക്കാമൊ?”

“പടിയിറങ്ങാൻ നേരമായി എന്ന തിരിച്ചറിവിലെക്കെന്നെ നയിച്ച ഒരു കാര്യം. വയോജനദിവസ പൊതുസ്വീകരണത്തിൽ പങ്കെടുത്തു് ഞങ്ങൾ ഔദ്യോഗിക വസതിയിലേക്കു് കയറുമ്പോൾ ഒരു വശത്തു് പുതുതായി പണിത പുരയിൽ ഉണക്കവിറകുകെട്ടുകൾ നിറച്ചു കണ്ടു. ഇതെന്താ എന്നു് ഞാൻ വിരൽ ചൂണ്ടി ചോദിച്ചപ്പോൾ, മഴക്കാലമല്ലേ വരുന്നതു്, പെട്ടെന്നു് നിങ്ങൾ കാലം ചെയ്താലും പുക ഉയരാതെ ശവം ദഹിപ്പിക്കെണ്ടേ?” എന്നു ചോദിച്ച പാഞ്ചാലി അലക്ഷ്യമായി അകത്തേക്കു് കയറി. ചെങ്കോൽ പരീക്ഷിത്തിനു കൈമാറി വാനപ്രസ്ഥത്തിന്നിറങ്ങാൻ അന്നു് തീരുമാനിച്ചു”, ഇപ്പോൾ നഗ്നപാദനായ മുൻ ചക്രവർത്തി യുധിഷ്ഠിരൻ പറഞ്ഞു.

“യുധിഷ്ഠിരൻ മുപ്പത്തിആറു് വർഷം ഹസ്തിനപുരി ഭരിച്ചു എന്നു് ഔദ്യോഗിക രേഖങ്ങളിൽ കാണുന്നു. രാഷ്ട്രമീമാംസയിലും ദാമ്പത്യത്തിലും വിരുദ്ധ അഭിപ്രായമുള്ള നാലു സഹോദരന്മാർ ഉണ്ടായിട്ടും അധികാരമോഹികളായ അവർ ഇക്കാലത്തു് ഒളിഞ്ഞും തെളിഞ്ഞും വിമതശല്യം ഉണ്ടാക്കിയില്ല എന്നോ, അതോ ഉടനടി അമർച്ച ചെയ്തു എന്നോ?”

“ഞങ്ങൾ അഞ്ചുപേരുടെ വ്യക്തിഗതരഹസ്യങ്ങൾ ദശാബ്ദങ്ങളായി സമ്പാദിച്ചു സൂക്ഷിച്ച പാഞ്ചാലിയുടെ മുമ്പിൽ നിത്യവും മുട്ടുകുത്തി ശീലിച്ച ഞങ്ങൾ, പക്ഷെ രഹസ്യമായി, അവളുടെ സമഗ്രാധിപത്യ പ്രവണതക്കെതിരെ ചെറുത്തുനിൽപ്പിനു് അഞ്ചു പേരും ഉൾപ്പെടുന്ന മുന്നണി തന്നെ ആയി പ്രവർത്തിച്ചിരുന്നു”, ചാരവകുപ്പു മേധാവി നകുലൻ പതിവു് പോലെ മുഖം ചലിപ്പിക്കാതെ ചുറ്റും നോക്കി.

2016-10-03

“ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്ന ദശാബ്ദത്തിൽ പാഞ്ചാലി എന്റെ മുൻഗാമി കൊട്ടാരം ലേഖികക്കു് കൊടുത്ത അഭിമുഖങ്ങൾ ഇവിടെ വരും മുമ്പു് ഞാൻ തപ്പി എടുത്തു് വായിച്ചു. പാണ്ഡവരെ സമഭാവനയോടെ, എന്നാൽ ഔപചാരിക രാജകീയ ബഹുമാനപരാമർശങ്ങൾ പൂർണമായി ഒഴിവാക്കി, പാഞ്ചാലി ഇടക്കൊക്കെ ഓർക്കും. ഭർത്താക്കന്മാർ കൊള്ളാം എന്ന ധ്വനിയുണ്ടു്. എന്നാൽ ചൂതു് കളിയിൽ തോറ്റു കാട്ടിൽ ഈ ഒറ്റമുറിവസതിയിൽ നിങ്ങളെല്ലാം ഇങ്ങനെ പാർത്തു് തുടങ്ങിയ ശേഷം എനിക്കനുവദിച്ച അഭിമുഖങ്ങളിൽ പക്ഷെ കാണുന്നതു് പതഞ്ഞു പൊങ്ങുന്ന പാണ്ഡവനിന്ദ, അതെന്താ?” അർദ്ധനഗ്ന യുധിഷ്ഠിരൻ ആരും കൂട്ടില്ലാതെ ആശ്രമ മുറ്റത്തു് ഒരു കൈ താടിയിൽ താങ്ങായി വച്ചു് മറുകൈ കൊണ്ടു് കള പറിച്ചു കുന്തിച്ചിരുന്ന തണുത്ത ഹിമാലയ പ്രഭാതം.

“അന്നു് ഞാൻ അവൾക്കു് ഉദയസൂര്യൻ, ഇന്നു് ഞാനവൾക്കു് ധൂമകേതു” അയാൾക്കരികിലേക്കു ഓടി വന്ന ഒരു വളർത്തു മുയലിന്റെ നെറുകയിൽ മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു യുധിഷ്ഠിരൻ നിലവിളിക്കുന്ന പോലെ വാ പൊളിച്ചു ഇരുകൈകളും വായുവിൽ ഉയർത്തി അട്ടഹസിച്ചു.

“സ്വന്തമെന്നു പറയാനൊരു അമ്മയും അച്ഛനും ഇല്ലാത്ത കർണനു വാരിക്കോരി അംഗരാജ്യം സമ്മാനമായി കൊടുത്ത നിങ്ങൾ, അർധസഹോദരർക്കു് സൂചി കുത്താനിടം കൊടുക്കില്ലെന്നു പറയുന്നതിന്റെ യുക്തി വ്യക്തമല്ല”, കൊട്ടാരം ലേഖിക ദുര്യോധനനോടു് പറഞ്ഞു.

“എന്തു് എവിടെ എന്നൊന്നും എനിക്കറിവില്ലാത്ത അംഗരാജ്യം ആ പാവത്താനു് സമ്മാനിക്കുന്ന പോലെ എളുപ്പമാണോ നിത്യവും പെരുമാറുന്ന ഹസ്തിനപുരി വെട്ടി, നടുക്കണ്ടം ശത്രുപാണ്ഡവർക്കു് സമ്മാനിക്കണം എന്ന ആവശ്യം?”

“പതിനെട്ടു ദിവസ യുദ്ധത്തിനിടയിൽ സേനക്കു് കഴിക്കാൻ വേണ്ട ധാന്യവും മാംസവും കൗരവർ മുൻകൂർ കരുതിയിരുന്നോ?” ആയുസ്സിന്റെ ബലം കൊണ്ടു് പരുക്കില്ലാതെ തിരിച്ചെത്തിയ കൗരവയോദ്ധാവു് കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിന പുരിയിലെ ആളൊഴിഞ്ഞ തീൻശാല.

“പാണ്ഡവ സേനക്കു് ഊണൊരുക്കേണ്ട ഉത്തരവാദിത്വം ദുര്യോധനൻ നേരത്തെ തള്ളി. പകൽപോരാട്ടം കഴിഞ്ഞു പാണ്ഡവർ പാളയത്തിലേക്കു് തിരിക്കും മുമ്പു് ഞങ്ങളുടെ ഊട്ടുപുരയിൽ മിന്നലാക്രമണം നടത്തി പാകം ചെയ്ത മൃഗമാംസഭക്ഷണം തട്ടിക്കൊണ്ടുപോവും. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ അടവു് മാറ്റി. പോരിൽ മരിച്ച പാണ്ഡവസൈനികരുടെ ഭക്ഷ്യയോഗ്യഭാഗങ്ങൾ പൊരിച്ചു തിന്നും, ബാക്കിയൊക്കെ വെട്ടി വേവിച്ചു മിന്നലാക്രമണത്തിനു ഒരുക്കി വക്കും.”

2016-10-04

“ഈ യുദ്ധത്തിൽ പ്രവിശ്യാഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്തായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഇരുപതു ദിവസം മുമ്പു് നിങ്ങളും യുദ്ധകാര്യലേഖകനും ഇവിടെ വന്നു സ്ഥലം നോക്കിക്കണ്ടപ്പോൾ എന്തായിരുന്നു ഈയിടം, അതൊക്കെ ഇന്നും നിങ്ങൾ കാണുന്നില്ലേ? അതാണു് പ്രവിശ്യാഭരണകൂടത്തിന്റെ നേട്ടം. യുദ്ധക്കെടുതിയുടെ ഒന്നും അവശേഷിക്കാതെ തുടച്ചുനീക്കി, വിചാരിച്ച പോലെ എല്ലാം പൂർത്തിയാക്കി. യുദ്ധത്തിന്റെ കാരണം എന്തെന്നോ ആരു ജയിച്ചു എന്നോ ഞങ്ങൾ അന്വേഷിക്കുന്നില്ല. യുദ്ധം നടത്തിക്കൊടുക്കുക. ഏറ്റെടുത്ത ആ ദൗത്യം കാര്യക്ഷമമായി, പരിസരമാലിന്യമില്ലാതെ ചെയ്യുക. നിത്യവും ചുറ്റിനടന്നു കഴിഞ്ഞ പത്തൊമ്പതു ദിവസവും ഇവിടെ രാപ്പകൽ നടന്നു വിജ്ഞാനത്തിന്റെ മഹാമേരുവും ചുവന്നു തക്ഷശിലയിലെ യുദ്ധശാസ്ത്ര അധ്യാപകർ ഇന്നലെ പോയതേ ഉള്ളൂ. ഇനി അവർ വരും യുഗത്തിൽ പഠിപ്പിക്കട്ടെ മഹായുദ്ധം കാഴ്ചയുടെ കമനീയതയാക്കി മാറ്റിയതിൽ കുരുക്ഷേത്ര പ്രവിശ്യാഭരണകൂടത്തിന്റെ പങ്കെന്തെന്നു്.”

“യുദ്ധത്തിന്റെ പ്രത്യക്ഷനേട്ടം ഒറ്റനോട്ടത്തിൽ വ്യക്തമായി, അവിചാരിതമായി യുദ്ധഭൂമിയിൽ സംഭവിച്ച വീഴ്ചകൾ ഒന്നെണ്ണിപ്പറയാമോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കൊല്ലുന്നതു് ഇര അറിയരുതു് എന്നെനിക്കു മോഹമുണ്ടായിരുന്നു. മാരകപ്രഹരശേഷിയുള്ള കുന്തം കൊണ്ടു് ശത്രുഹൃദയത്തിലേക്കു് ദൂരെ നിന്നൊരേറു്, അതോടെ അവൻ വായും കണ്ണും തുറന്നു പരലോകത്തെത്തണം. ഒരു പോരാളിയെ ഞാൻ കൊല്ലുന്നതു്, മരണമടുത്തെത്തിയ മറ്റൊരു ശത്രു കാണേണ്ടി വരരുതു് എന്ന എന്റെ മോഹവും പൂവണിഞ്ഞില്ല. കാരണം പറയാം, ഞങ്ങൾക്കു് യുദ്ധം നിത്യത്തൊഴിൽ ആയിരുന്നില്ല, അന്തിക്കുറങ്ങാനിടം എന്ന നിവൃത്തികേടായിരുന്നു. കുരുക്ഷേത്രം എന്നതു് ഹസ്തിനപുരി സ്വത്തു് തർക്കത്തിനു് പതിനെട്ടു ദിവസം കൊണ്ടൊരു ശാശ്വത പരിഹാരം, അങ്ങനെ വെറുംവാക്കിൽ നിങ്ങൾ പത്രപ്രവർത്തകർ പറഞ്ഞൊഴിയരുതു്. യുദ്ധം സാധ്യതയാണു്. ഇപ്പോഴും ഇനി വരും യുഗത്തിലും.”, ജന്മനാടിന്റെ അഖണ്ഡതക്കായി വീരമൃത്യു വരിച്ച കൗരവർക്കു യുദ്ധസ്മാരകം നിർമിക്കുന്ന നദിയോരപൂങ്കാവനത്തിലെ ശക്തിസ്ഥലി സന്ദർശിക്കുകയായിരുന്നു നിയുക്തരാജാവു് യുധിഷ്ഠിരൻ.

“വിരുന്നിനു വന്ന നിങ്ങള്‍ ആതിഥേയയോടു് അതിരു വിട്ടു എന്നാണു തീൻശാലയിൽ കേള്‍ക്കുന്ന പരാതി”, കൌരവസംഘം ഹസ്ഥിനപുരിയിലേക്കു മടങ്ങുമ്പോള്‍ കൊട്ടാരംലേഖിക ദുര്യോധനനു് നേരെ വിരലുയര്‍ത്തി.

“ആതിഥേയ എന്ന നിലയില്‍ പാഞ്ചാലി എന്റെ മുമ്പില്‍ ആളാവാന്‍ ശ്രമിച്ചപ്പോള്‍ അതു് ഞങ്ങൾ പൊളിച്ചു കയ്യില്‍ കൊടുത്തതിന്റെ ആ നർമ കഥ നാട്ടില്‍ എത്തിയശേഷം വിശദമായി ഊട്ടുപുരയിൽ പറയാം”, ഉല്ലാസവാനായിരുന്നു സ്ഥലജലഭ്രമത്തില്‍ വഴുക്കിവീണു എന്ന്പാണ്ഡവര്‍ വിടാതെ പ്രചരിപ്പിച്ച കഥയിലെ ഇര.

2016-10-05

“അമ്മയുടെ നാടായ ഗാന്ധാരയിൽ ഞങ്ങൾ വിശിഷ്ടാതിഥികളായി വിരുന്നുതാമസിക്കുമ്പോൾ, ചെങ്കുത്തായ മലഞ്ചെരുവിലൂടെ സാഹസികമായി ഒറ്റയ്ക്കു് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട എന്റെ ഭർത്താവു് കുരുക്ഷേത്ര ചതുപ്പു നിലത്തിൽ കാലുകൾ താണു് അനങ്ങാനാവാതെ മാംസഭുക്കുകൾക്കു തീറ്റയാവേണ്ട ആളായിരുന്നില്ല. മലമടക്കുകളിൽ നിന്നു് ഏതു നിമിഷവും വീഴാവുന്ന കരിമ്പാറകളെ കുറിച്ചു് ഭീതിയില്ലാതെ ഈ ലോകത്തു് തലയുയർത്തിപ്പിടിച്ചു പ്രതിയോഗികളെ മൂലയ്ക്കിരുത്തി ശിക്ഷിച്ച ദുര്യോധനൻ, തുടയിൽ അടിയേറ്റു കുഴഞ്ഞുവീണു അമ്മാ… അമ്മാ… എന്നു് കരളലിയിക്കുന്ന വിധം നിലവിളിച്ചു എന്ന പുതിയ മഹാരാജാവു് യുധിഷ്ഠിരന്റെ അവകാശവാദം എനിക്കു് അംഗീകരിക്കാൻ ആവുകയില്ല”, കൗരവവിധവയുടെ വിലാപം കേട്ടു് ഞെട്ടിയ ഗാന്ധാരി ആജ്ഞാപിച്ചു, “അവളെ നിലക്കു് നിർത്തൂ, ഗാന്ധാരീ വിലാപത്തെക്കാൾ ഉയരരുതു് ദുര്യോധനവിധവാ വിലാപം.”

“കൊട്ടാരജീവിതവുമായും ആയുധം കൊണ്ടുള്ള പോരാട്ടവുമായും നേരിട്ടു് ബന്ധമില്ലാത്ത നിങ്ങൾ കുരുവംശ ഇതിഹാസമെഴുതുന്നതിൽ അപാകതയുണ്ടെന്നാണല്ലോ ചാർവാകൻ പ്രചരിപ്പിക്കുന്നതു്?” കൊട്ടാരം ലേഖിക വേദവ്യാസനു മുമ്പിൽ മുട്ടുകുത്തി കൈ കൂപ്പി.

“വേറെ ആരായി വേണം ഞാൻ പുനർജനിക്കാൻ മഹാഭാരതകഥയെഴുതാനുള്ള അടിസ്ഥാനയോഗ്യതക്കായി? അമ്മ സത്യവതി വഴിയാണു് ഞാൻ കുരുവംശവുമായി ജൈവികബന്ധം സ്ഥാപിച്ചതു്. അവരെന്നോ കാട്ടിൽ പോയി കുറുനരികളുടെ ഇരയായി. മരിക്കും മുമ്പവർ ഈ ദൗത്യം എന്നെ ഏൽപ്പിച്ചു. എന്റെ മൂന്നു മക്കളിൽ ധൃതരാഷ്ട്രരും പാണ്ഡുവും വിദുരരും എന്നോ മരിച്ചു കഴിഞ്ഞു. മരിക്കാൻ അധികം താമസമില്ലാത്ത പാണ്ഡവരിൽ എന്റെ ഒരു തുള്ളി പോലും രക്തമില്ല. കേട്ടറിയാവുന്ന കാര്യങ്ങളിൽ പുറത്തു പറയാവുന്നവ ഞാൻ പൊലിപ്പിക്കും, അരുതാത്തതു് ഒഴിവാക്കും എന്നാൽ വരും യുഗത്തിലെ എഴുത്തുകാർക്കായി രചനയിൽ വേണ്ടത്ര സ്ഥലം ഒഴിച്ചിടും.

2016-10-06

“പരസ്ത്രീകാമന എന്ന പദമുപയോഗിച്ചു് നിങ്ങൾ പലപ്പോഴും പാണ്ഡവരെ പ്രതിക്കൂട്ടിൽ പൊരിക്കുന്നു എന്നാണവരുടെ പൊതുപരാതി. കഴമ്പുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. ഇന്ദ്രപ്രസ്ഥം കൊട്ടാരജീവിതത്തിന്റെ അന്ത്യനാളുകൾ.

“രതിവേളയിൽ സ്വയമറിയാതെ പാണ്ഡവ അധരങ്ങൾ വെളിപ്പെടുത്തുന്ന പേരുകൾ മാത്രമേ എനിക്കറിയാവൂ. അവരുടെ ഇരുൾ മൂടിയ അന്തർമണ്ഡലത്തിൽ വിഹരിക്കുന്നവർ എനിക്കജ്ഞാതർ.”

“ഓരോ വർഷവും അഞ്ചു വ്യത്യസ്ത ജന്മദിനസമ്മാനങ്ങൾ നിങ്ങൾ പാണ്ഡവർക്കായി കണ്ടെത്തണം. സംഘർഷം തോന്നാറുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“യാഗാഗ്നിയിൽ നിന്നുയർന്ന എനിക്കു് പറയത്തക്ക ജന്മദിനമില്ലെന്ന സമവായത്തിൽ അവർ അപ്പോൾ രഹസ്യമായി ആർമാദിക്കുന്നു.”

“പാണ്ഡവരുടെ നിവൃത്തികേടു് കൊണ്ടെന്തെങ്കിലും ദുരനുഭവം? പൊള്ളുന്ന ഓർമ?”, കൊട്ടാരം ലേഖിക ചോദിച്ചു. വേവുന്ന വേനൽ.

“ഒരു രാത്രി, ഭക്ഷണത്തിനു രുചി പോരെന്നു പറഞ്ഞു അവർ അക്ഷയപാത്രം വലിച്ചെറിഞ്ഞു എഴുന്നേറ്റു, ആകെയുള്ള പന്തവും എടുത്തു് എന്തോ നിശ്ചയിട്ടെന്ന പോലെ പുറത്തേക്കു ചാടി. രാത്രി മുഴുവൻ ഞാൻ ഈ മുറിയിൽ ഇരുട്ടിൽ ഇങ്ങനെ പകച്ചു നിന്നു. രാവിലെ മടങ്ങി വരുമ്പോൾ പാണ്ഡവർ ദേഹമിളക്കി അട്ടഹസിക്കുന്നു. സന്യസ്ഥാശ്രമത്തിലെ കറവപ്പശുവിനെ കവർന്നു ദൂരെ കൊണ്ടു പോയി കഴുത്തറത്തു് തൊലിയുരിച്ചവർ ഇറച്ചി തീയിൽ ചുട്ടു തിന്നതിന്റെ ബാക്കി, കുടലും തലയും, പശുത്തോലിൽ പൊതിഞ്ഞു കൊണ്ടു വന്നെന്റെ മുമ്പിൽ എറിഞ്ഞു”, ഒന്നു തിന്നു കൊഴുക്കു്, ആണുങ്ങളിൽ ആഗ്രഹം ഉണർത്തുന്ന വിധം കൊഴുക്കട്ടെ ഇനിയെങ്കിലും നിന്റെ ഈ കരിഞ്ഞ വിറകുകൊള്ളി പോലുള്ള മേനി”, യുധിഷ്ഠിരൻ കുരച്ചു കൊണ്ടു് പറഞ്ഞു. മറ്റു നാലുപേർ നിന്ദയോടെ എന്നെ നോക്കി.

“ദിവ്യായുധം കിട്ടിയാൽ യുദ്ധം ജയിക്കാമായിരുന്നു എന്നു് നിങ്ങൾ താടിക്കു കൈവച്ചു മോഹിക്കുമ്പോൾ, കൗരവർ ചെറു കൂട്ടങ്ങളായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചെന്നു് കന്നു പൂട്ടുന്നവരെയും ഇറച്ചി വെട്ടുന്നവരെയും സൈന്യത്തിൽ ചേർക്കുകയാണു്”, കൊട്ടാരം ലേഖിക അർജ്ജുനനോടു് പറഞ്ഞു. വിരാടരാജ്യത്തിലെ ഉപപ്ലാവ്യ സൈനിക പാളയം.

“ചേരാൻ മടിക്കുന്ന കൊച്ചു കുട്ടികളെ ബലം പ്രയോഗിച്ചു കുരുക്ഷേത്രയിലേക്കു കടത്തുവാൻ കൗരവർ എന്തു് പിഴച്ച വഴിയാണു് തേടുന്നതെന്നറിയും മുമ്പു് നിങ്ങൾ ഹസ്തിനപുരിയിലേക്കു മടങ്ങിയതാണു് കഷ്ടം.”

2016-10-07

“ഭർത്താക്കന്മാർ നിങ്ങളെ അന്ത്യനിമിഷത്തിൽ എങ്ങനെ കൈവിട്ടു എന്നു് ഞാൻ ഇപ്പോൾ കണ്ടു” കുഴഞ്ഞുവീണ പാഞ്ചാലിയെ ഉയർത്തി മുഖത്തു് വെള്ളം തളിച്ച കൊട്ടാരം ലേഖിക മുന്നോട്ടു വച്ചടി നടന്നു പോവുന്ന പാണ്ഡവരെ ഒളിക്കണ്ണിൽ നോക്കി.

“അരനൂറ്റാണ്ടോളം കാലം അടിമയാക്കി എന്നെ ദുരുപയോഗം ചെയ്ത ഓരോ പാണ്ഡവനും ഇനി ഒരടി മുന്നോട്ടു വക്കാനാവാതെ ഈ വിജനമലമ്പാതയിൽ കുഴഞ്ഞുവീഴുമ്പോൾ കൈ കൊട്ടി ആർമാദിക്കണം എന്നു് മോഹിച്ച എന്നെ ഈ വന്യപ്രകൃതിയും ഇപ്പോൾ കൈവിട്ടുവോ.”

“സന്യസ്ഥാശ്രമത്തിൽ നിന്നു് മോഷ്ടിച്ച പശുവിനെ രഹസ്യമായി കൊന്നു ഇറച്ചി ചുട്ടു തിന്നു എന്ന പാഞ്ചാലിയുടെ നിന്ദ ശ്രദ്ധയിൽ പെട്ടു. വസ്തുതക്കു് നിരക്കുന്നതല്ല ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള ഈ ആരോപണവും. മുൻപരിചയമുള്ള കാട്ടാളകുടുംബം വളർത്തുന്ന പന്നിയെയാണു് സമ്മാനമായി സ്വീകരിച്ചു കനലിൽ ചുട്ടു സ്നേഹവിരുന്നിൽ അവരുമൊത്തു് സൗഹൃദം പങ്കിട്ടതു്. അക്ഷയപാത്രം ഞങ്ങൾക്കു് അനുവദിക്കുന്ന ഭക്ഷ്യലഭ്യത അത്ര ‘അക്ഷയ’മൊന്നുമല്ലെന്നു നിങ്ങൾക്കു് ഇതിൽ നിന്നു് തന്നെ വായിച്ചെടുക്കാമല്ലൊ.”, പാണ്ഡവ വക്താവു് ഹസ്തിനപുരി പത്രികക്കു് നൽകിയ ഈ വിശദീകരണത്തോടെ ഗോമാംസവിവാദം അവസാനിച്ചതായി നകുലൻ പ്രത്യാശിക്കുന്നു.

2016-10-08

“പതിവായി നിങ്ങൾ വനാശ്രമത്തിൽ പോയി പാഞ്ചാലിയെ അഭിമുഖം ചെയ്തു വരുന്നതായി ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എങ്ങനെ വിലയിരുത്തുന്നു അവരുടെ അടിമജീവിതം?”, ദുര്യോധനൻ കൊട്ടാരം ലേഖികയെ വിസ്തരിച്ചു.

“നരകയാതന. നിത്യവും സന്യസ്ഥാശ്രമങ്ങളിൽ നിന്നു് തലച്ചുമടായി ജൈവവിസർജ്യങ്ങൾ ദൂരെ കൊണ്ടുപോയി കുഴിവെട്ടി സംസ്കരിച്ചു, പാഞ്ചാലപുത്രി ഇന്നു് കണ്ടാൽ ശരിക്കും ഒരു മലിനവസ്തു ആയി”, കൊട്ടാരം ലേഖിക മുട്ടുകുത്തി യാചനാഭാവതിൽ കൈ കൂപ്പി, “അവൾക്കു മോചനം കൊടുക്കൂ.”

“വ്യവസ്ഥാപിത അടിമവ്യവഹാര നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ അരുതു്. ഉണ്ടായാൽ, ഇനിയൊരു താക്കീതിനു സാധ്യത ഇല്ലാതെ ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരങ്ങളിൽ നിന്നു് മാലിന്യം നീക്കുന്ന പണി നിന്നെ എല്പ്പിക്കും.”

2016-10-09

“അരുതെന്നറിയാം, എങ്കിലും ചോദിക്കട്ടെ, ദ്രോണാചാര്യനുമായി എങ്ങനെ ആയിരുന്നു നിങ്ങളുടെ സവിശേഷ ഗുരു ശിഷ്യപാരസ്പര്യം”, കൊട്ടാരം ലേഖിക ഭീമനെ സമീപിച്ചു.

“കുന്തിയുമൊത്തു് ഹസ്തിനപുരിയിൽ അഭയാർഥികളായി ഞങ്ങൾ വരുമ്പോൾ കൗരവർ ആധിപത്യം സ്ഥാപിക്കാത്ത ഇടമില്ലായിരുന്നു. കൗരവപക്ഷം ചേർന്നു് കൊട്ടാരസമുച്ചയത്തിൽ അരമന പോലൊരു വസതി ദ്രോണർ തട്ടിയെടുത്തു് സുഖമായി താമസിക്കുന്ന കാലം. പാണ്ഡവർ കാട്ടുമൃഗങ്ങളുടെ ചുടു ചോര ഊറ്റി കുടിക്കുമെന്നൊക്കെ കൌരവർ പൊലിപ്പിച്ചിരുന്നതു് ദ്രോണർ മുഖവിലക്കെടുത്തു്, പിൽക്കാലത്തു് ഏകലവ്യനോടെന്ന പോലെ, ഞങ്ങളുടെ തള്ളവിരലും മുറിച്ചു മേടിക്കുമെന്നായപ്പോൾ, രണ്ടും കല്പ്പിച്ചു ദ്രോണന്റെ ചെവിയിൽ യുധിഷ്ഠിരന്റെ ജനനരഹസ്യം ഞാൻ ഒരുനാൾ പറഞ്ഞു. കാലന്റെ സന്തതിയാണെന്നറിഞ്ഞപ്പോൾ കാണണമായിരുന്നു ആ ബ്രാഹ്മണന്റെ മുഖം. പെട്ടെന്നു് കഥ മാറി. കണ്ടാൽ പുഞ്ചിരിയും ആലിംഗനവും പാരസ്പര്യവുമായി”, ഭീമൻ ഒരു കൊച്ചു കുട്ടിയുടെ തിമിർപ്പിൽ ആയിരുന്നു.

2016-10-10

“ഭീഷ്മരുടെ നേതൃത്വത്തിൽ സൈന്യം നയിച്ചു് വിരാട ഗോസമ്പത്തു് തട്ടിയെടുക്കാൻ മാത്രം കടുത്ത പാൽക്ഷാമം ഹസ്തിനപുരിയിൽ ഉണ്ടോ?”, കൊട്ടാരം ലേഖിക ചിന്താക്കുഴപ്പത്തിലായി.

“യുദ്ധമല്ലേ വരുന്നതു്? ഉന്നം തെറ്റാതെ കുന്തം എറിയേണ്ട കൗരവപോരാളികൾ കഴിക്കേണ്ടതു് വെള്ളം ചേർത്ത പശുവിൻ പാലോ അതോ, അതോ കനലിൽ പൊരിച്ച മാട്ടിറച്ചിയോ?”, മൃഗമാംസത്തിനു വേണ്ടിയുള്ള ഈ ധർമയുദ്ധത്തിൽ തോൽവിസാധ്യത അറിഞ്ഞിട്ടും, ഭീഷ്മർ ആക്രമണത്തിന്റെ പോഷകാഹാര ലക്ഷ്യം സജീവമായി നിലനിർത്തി എന്നതു് എന്തോ മഹത്തായ സൂചന തരുന്നില്ലേ”, കൗരവവക്താവു് ദൂരെ ദൂരെ തെക്കൻ ദിശയിൽ കിടന്ന വിരാടത്തിലേക്കു ചൂണ്ടുവിരൽ പായിച്ചു.

“ചൂതാട്ടത്തിൽ തോറ്റ പാണ്ഡവരുടെ പണയവസ്തുവായും കൗരവഅടിമയായും നിങ്ങൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പദവിയിൽ നിന്നു് പരിണമിച്ചതു് ഒരൊറ്റ സന്ധ്യയിലായിരുന്നു. അറ്റ കയ്യിനു നിങ്ങൾ ആത്മഹത്യ ആലോചിച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു. അജ്ഞാത വാസത്തിനു രഹസ്യമായി തയ്യാറെടുക്കുകയായിരുന്നു പാണ്ഡവർ.

“അതിനുമുമ്പു് പ്രത്യാശയോടെ ചെയ്യേണ്ട ചില നരഹത്യകൾ ബാക്കിയുണ്ടു്”, വിരാട റാണിയുടെ തോഴിയായി അഭിനയിക്കാൻ വേഷമണിഞ്ഞ പാഞ്ചാലി പറഞ്ഞു.

2016-10-11

“ചൂതു് കളിയുടെ പിന്നിലെ ചതിയറിയാതെ, തോറ്റു അടിമകളായ പാണ്ഡവരെ വഴി നീളെ പഴി പറയാൻ ഔദ്യോഗികഭാര്യ പാഞ്ചാലിക്കു് അവകാശമില്ലെന്നോ? അഭിമാനിയായ ഏതു വനിതയും വിറളി പിടിക്കില്ലേ പണയവസ്തുവാക്കി ഭർത്താൻക്കന്മാർ കളിച്ചു ഉടുതുണി ഊരിക്കൊടുക്കേണ്ടിവന്നാൽ?”, കൊട്ടാരം ലേഖികയുടെ ശബ്ദത്തിൽ ധാർമികരോഷം തിളച്ചു. വനാശ്രമത്തിലെ ഏകാന്തതയിൽ നകുലൻ മാത്രം.

“കൗരവരുടെ കുൽസിതക്ഷണം കിട്ടിയപ്പോൾ തന്നെ ഞങ്ങൾ കരുതലോടെയായിരുന്നില്ലേ പ്രതികരിച്ചതു്?, എന്നാൽ അന്തഃപുരത്തിൽ പാഞ്ചാലിയെങ്ങനെ ആ നിർദേശം ഞങ്ങളിൽ അടിച്ചേൽപ്പിച്ചു എന്നൊക്കെ തുറന്നു പറയാൻ ദാമ്പത്യവിശ്വസ്തതക്കു് മൂല്യം കൊടുക്കുന്ന ഞാൻ ആളല്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തി പദവി വഹിക്കുന്ന പാണ്ഡവർ, സാമന്തപദവിയുള്ള കുരുവംശത്തിന്റെ ഹസ്തിനപുരി രാജധാനിയിൽ പോയി ചൂതാടുന്നതിലെ നടപടിക്രമ അനൗചിത്യം നിങ്ങൾ പത്രപ്രവർത്തകർക്കും ബോധ്യമാവില്ലേ. കളിക്കനുകൂലമായി, എന്നാൽ ഭാഷാപരമായ അവ്യക്തതയോടെ, പാഞ്ചാലി ഇടപെട്ടു എന്നതൊരു നിർണായക വസ്തുത മാത്രം. അതംഗീകരിച്ചു ഞങ്ങൾ ഹസ്തിനപുരിയിൽ പോയി കളിച്ചു എന്നതും പൊതുമണ്ഡലത്തിൽ സ്വീകരിക്കപ്പെട്ട വാർത്ത. പ്രതിരോധിക്കാനാവാതെ പാഞ്ചാലിയുടെ ദുഷ്പ്രേരണക്കു വഴങ്ങിയതിനു വില കൊടുക്കേണ്ടി വന്നതിന്റെ വലിവിൽ നകുലൻ തേങ്ങി.

“പരേതപിതാവിനു് കുരുവംശ കുടുംബത്തിലുള്ള ഓഹരി തരാതെ നിങ്ങളെ ദശാബ്ദങ്ങളായി കുരങ്ങു കളിപ്പിക്കുന്ന കൗരവരോടു് പരസ്പരവിരുദ്ധമായ വൈകാരിക നിലപാടു പ്രദർശിപ്പിക്കുന്ന പാഞ്ചാലി നിങ്ങൾക്കൊരു ഭീഷണിയായോ?” കൊട്ടാരം ലേഖിക ചോദിച്ചു. വിഴുപ്പുതുണികൾ നനച്ചു പാറക്കല്ലിൽ അടിച്ചു അഴുക്കു നീക്കുകയായിരുന്നു താഴ്‌വരയിലെ ജലാശയത്തിൽ പാണ്ഡവർ.

“ഞങ്ങളുടെ ചങ്കു കീറുന്ന ദാമ്പത്യ അവിശ്വസ്തതയാണവൾ കാണിക്കുന്നതെങ്കിലും കടിച്ചു പിടിച്ചു നിയന്ത്രിക്കട്ടെ കെട്ടു പൊട്ടിച്ചാടാൻ വെമ്പുന്ന നാവു്.”

“ശന്തനു മുതൽ വാനപ്രസ്ഥം വരെ മഹാഭാരതകഥയാകെ, ഗുരുമുഖത്തു് നിന്നു് കേട്ടു്, ഹസ്തിനപുരി സിംഹാസനത്തിലേക്കു് കുതിക്കുന്ന താങ്കൾക്കിപ്പോൾ, ഭരണനിർവഹണത്തിനു് ഒരുത്തമ മാതൃകയായി പഞ്ചപാണ്ഡവരിൽ ആരെയാണു് പെട്ടെന്നോർമ്മിക്കാനാവുക?” കൊട്ടാരം ലേഖിക ചോദിച്ചു.

“പ്രകൃതിദത്തമായ ആ കോമള മുഖംമൂടി, ഗാന്ധാരിയുടെ കൃത്രിമ കൺകെട്ടു് പോലെ, ജീവിതം മുഴുവൻ അഴിക്കാതെ, പരസ്യജീവിതം നയിച്ച യുധിഷ്ഠിരൻ തന്നെയാണെന്റെ മാതൃകാ പുരുഷൻ”, കൊട്ടാര ഉപചാപങ്ങൾക്കൊരു കൗരവ ശത്രുനിരയില്ലാതെയും, വെറുതെ പരിഭ്രമത്തോടെ കാൽ മുന്നോട്ടു വച്ചു് പുതിയ കുരുവംശാധിപൻ ജനമേജയൻ നോട്ടം തെറ്റിച്ചു പറഞ്ഞു.

2016-10-12

“നിരായുധനായിരുന്നിട്ടും പരുക്കേൽക്കാതെ കുരുക്ഷേത്രയിൽ നിന്നു് രക്ഷപ്പെട്ടല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.

“നയതന്ത്രവും ആയുധമാണെന്നു തക്ഷശിലയിൽ പഠിപ്പിച്ചതു് ഇത്രവേഗം മറന്നോ”, ദ്വാരകയിലേക്കു മടങ്ങുകയായിരുന്ന പാർത്ഥസാരഥി കൊട്ടാരം ലേഖികക്കും വിട പറഞ്ഞു.

“വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ചു് എന്തെങ്കിലും പ്രവചനസ്വഭാവമുള്ള വാക്കു് അവസാനദിനത്തിൽ അഭിമന്യുവിൽ നിന്നുണ്ടായോ?”, കുരുക്ഷേത്ര സൈനികപാളയത്തിൽ ഉത്തരയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വിധവയായാൽ, ജൈവികദാഹശമനത്തിനു് സഹനത്തിന്റെ വഴിയിൽ പോകാതെ പുതിയ ഇണയെ തേടാൻ കുന്തിയെ പുതു തലമുറസ്ത്രീകൾ മാതൃകയാക്കണം. അങ്ങനെ അമംഗളകരമായ എന്തോ പറഞ്ഞുകൊണ്ടായിരുന്നു അഭിമന്യു, യുധിഷ്ഠിരന്റെ ദുഷ്പ്രേരണക്കു ഇരയായി, കൗരവരുടെ ചക്രവ്യൂഹത്തിൽ വീണു അരഞ്ഞു തകർന്നതു്”, യുദ്ധാവസാനം അശ്വത്ഥാമാവിന്റെ ഒളി ആക്രമണത്തിലും ഗർഭസ്ഥശിശു കൊല്ലപ്പെടാതെ രക്ഷപ്പെട്ടതിൽ ആഹ്ലാദവതിയായിരുന്നു ആ വിരാടരാജപുത്രി.

“കൌരവരോടു് നിങ്ങൾക്കെന്തോ നീരസമുണ്ടെന്നു തോന്നും കുരുവംശം ഭാഗംവക്കുന്നതിനെ കുറിച്ചു് ‘ഹസ്തിനപുരി പത്രിക’ വാർത്ത കണ്ടാൽ”, പ്രതിരോധ മന്ത്രാലയത്തിൽ വച്ചു് ഒരഭിമുഖത്തിൽ കൊട്ടാരം ലേഖികയോടു് ദുര്യോധനൻ.

“സൂചികുത്താൻ ഇടം എന്ന ആ കുപ്രസിദ്ധ പദപ്രയോഗം നടത്തിയതു് ഞാനല്ല, വിലപേശലിനു വന്ന പാണ്ഡവ ദൂതനാണു്. നിർദേശങ്ങൾ വയ്ക്കുന്ന കൂട്ടത്തിൽ, ഒരിളമുറകൌരവൻ നിഷ്കളങ്കതയോടെ ചോദിച്ചു, തർക്കവ്യക്തി പാഞ്ചാലിക്കെന്തു കൊണ്ടു് പ്രശ്നപരിഹാരത്തിനായി ജലസമാധി സ്വീകരിച്ചു കൂടാ? കൌരവർക്കു ചേരാത്ത വിധം സ്ത്രീവിരുദ്ധമാണു് ഈ കാഴ്ചപ്പാടു് എന്നു് ഞാൻ അവനെ സ്നേഹപൂർവ്വം ശാസിക്കും മുമ്പു് തന്നെ ചാടിയെണീറ്റു പാണ്ഡവ ദൂതൻ, വിരൽ ഞങ്ങൾക്കു നേരെ ചൂണ്ടി രോഷത്തിൽ പാഞ്ചാലിയെ പ്രതിരോധിക്കുന്നതു് അതിരുവിട്ടപ്പോൾ ഞാൻ തടഞ്ഞു. തടഞ്ഞതിൽ കയറിപ്പിടിച്ചു പ്രകോപനപരമായി മായിക പ്രദർശനത്തിനു ദൂതൻ മുതിർന്നു. വിശ്വരൂപമൊക്കെ ഗോകുലത്തിൽ മതി, ഹസ്തിനപുരിയിൽ വേണ്ട എന്നു് പുഞ്ചിരിയോടെ പറഞ്ഞപ്പോൾ, നയതന്ത്രവിദഗ്ദനു ചേരാത്ത പരുക്കൻ ഭാഷയിൽ “സൂചി കുത്താൻ ഇടം” എന്ന കുത്സിത പദപ്രയോഗവുമായി യാത്ര പറയാതെ പടിയിറങ്ങി. എനിക്കൽപ്പം തിരക്കുണ്ടു്, ആക്രമണത്തിനു് വരുന്ന പാണ്ഡവരെ നേരിടാൻ കുരുക്ഷേത്രം യുദ്ധസജ്ജമാക്കണം, അവിടെ കുത്തേണ്ടതു് സൂചി മാത്രമല്ല കുന്തവും കൂടിയാണു്. കൂടെ പോരുന്നോ?”

“ദിവ്യായുധം കൊണ്ടല്ല മൂല്യാധിഷ്ഠിത നിലപാടുകൊണ്ടാണു് രക്തച്ചൊരിച്ചിലിനിടയിലും സ്വത്തുതർക്കം തീർത്തതെന്നു യുധിഷ്ഠിരൻ ഇന്നു് പൊതുയോഗത്തിൽ പറഞ്ഞതു് താങ്കളുടെ ശ്രദ്ധയിൽ പെട്ടില്ലേ” കൊട്ടാരം ലേഖിക, സിംഹാസനത്തിൽ ഇരുന്ന ധൃതരാഷ്ട്രരോടു് ചോദിച്ചു.

“കുരുക്ഷേത്രയിൽ നിന്നു് ഓടിക്കിതച്ചുവന്നു എന്നോടു് യുധിഷ്ഠിരൻ ചെങ്കോൽ ചോദിച്ചു. ധൃതി വേണ്ട, നൂറ്റാണ്ടുകളായി കുരുവംശം പാലിക്കുന്ന രാജകീയ നടപടിക്രമം അനുസരിച്ചു ചെയ്യാം എന്നു് ഞാൻ ആശ്വസിപ്പിച്ചപ്പോൾ അയാളുടെ മുഖഭാവം കണ്ടില്ലെങ്കിലും അയാളുടെ മുരളിൽ നിന്നു് മൂല്യാധിഷ്ഠിത നിലപാടെന്തെന്നു മനസ്സിലായി.”

“അത്യുന്നത പദവികളൊക്കെ അനുജന്മാർക്കു് വീതിച്ചു അല്ലേ? പ്രബുദ്ധ ഹസ്തിനപുരിയിൽ അപ്പോൾ പ്രജകൾക്കു് അവസരമില്ല” കൊട്ടാരം ലേഖിക യുധിഷ്ഠിരനെ ചോദ്യം ചെയ്തു.

“പ്രതിരോധ മന്ത്രാലയം ഭീമനു് തന്നെ കൊടുക്കേണ്ടേ? ആഭ്യന്തര സുരക്ഷാ അർജ്ജുനനും, ചാരവകുപ്പു് നകുലനും വേണ്ടേ കൊടുക്കാൻ, വരാനിരിക്കുന്ന കലിയുഗത്തിൽ രാജഭരണത്തിന്റെ ഭാവിയെന്തു് എന്നു പഠിക്കാൻ പ്രവചനസിദ്ധിയുള്ള സഹദേവൻ വേണ്ടേ. ലിംഗനീതി മന്ത്രാലയം എന്നുച്ചരിക്കുമ്പോൾ നാവിൽ വരുന്ന പേരു് പാഞ്ചാലിയല്ലേ, സ്ത്രീകൾക്കു് നേരെയുള്ള ഗാർഹിക പീഢനത്തിനു വിചാരണാധികാരമുള്ള മന്ത്രി പദവി കുന്തിക്കും. ഇതിൽ പിന്നെ ഏതാണു് നിങ്ങൾ പറയുന്ന സാധാരണ പ്രജക്കു് കൊടുക്കാനാവുക”, ആൾക്ഷാമം കാരണം മഹാരാജാവു് യുധിഷ്ഠിരൻ ആജ്ഞാപിക്കാനും അനുസരിക്കാനും ഉള്ള ഇരട്ടജോലിയിൽ ആയിരുന്നു പകൽ മുഴുവൻ.

2016-10-13

“ഇന്നലെവരെ ചാർവാകൻ കൗരവർക്കും പാണ്ഡവർക്കും നല്ലപിള്ളയായിരുന്നു. ഹസ്ഥിനപുരിക്കും വേണം ജനാധിപത്യ ഭരണകൂടം എന്നു് പൊതുസമ്മേളനങ്ങൾ നഗരത്തിൽ ശക്തമാക്കാന്‍ ഇറങ്ങിയപ്പോള്‍ കൊള്ളാത്തവനായി., താളത്തിനൊത്തു് തുള്ളാന്‍ ചാർവാകനെ കിട്ടില്ലെന്നുറപ്പായപ്പോള്‍, കള്ളനും കൊലപാതകിയുമാക്കാനായി നവഭരണകൂടശ്രമം. ചോര വീഴാതെ ഇന്നല്ലെങ്കിൽ നാളെ രാജവാഴ്ച അവസാനിപ്പിക്കും, യുക്തിബോധം ജനങ്ങളിൽ വളർത്തും, ‘വെള്ളം കോരികളും വിറകു വെട്ടികളും’ രാജസഭയിൽ ചെങ്കോൽ പിടിക്കും”, വിശന്നു വലഞ്ഞു ശ്വാസം മുട്ടുന്നതിനിടെ ചാർവാകൻ വിക്കി വിക്കി പറഞ്ഞു തീരും മുമ്പു് നകുലന്റെ കയർകുരുക്കു് അയാളുടെ അരക്കെട്ടിൽ കൃത്യമായി വീണു, പൊടി പൊങ്ങുന്ന ചൂടിൽ പൊതു നിരത്തിലൂടെ ദരിദ്ര ബ്രാഹ്മണ യുക്തിവാദിയേയും വലിച്ചു പാണ്ഡവ ചാരവകുപ്പു മേധാവി നീങ്ങുന്നതു് ഞാൻ നോക്കി നിൽക്കുന്നു.

“ഇതെന്താ ശരീരമാലിന്യങ്ങളുടെ കാഴ്ചപ്പെട്ടിയോ?” പല്ലു നഖം മുടി പഴംതുണി ഇവയൊക്കെ വെള്ളിപ്പാത്രങ്ങളിൽ പ്രദർശനത്തിനു് വച്ച പുതു മന്ദിരത്തിനു മുമ്പിൽ കൊട്ടാരം ലേഖിക പകച്ചു.

“ലോകാവസാനം വരെ ജീർണിക്കുമോ ഈ മുടിയും പല്ലും നഖവും? ആണ്ടുബലി പോലെ പരിപാവനമായ ഈ ഭൗതികാവശിഷ്ട പ്രദർശനം കുരുവംശത്തിന്റെ ജ്വലിക്കുന്ന പൈതൃക സ്മരണയല്ലേ? വൈകാരിക ഉള്ളടക്കമുള്ള ഈ തിരുശേഷിപ്പുകൾ ഹസ്തിനപുരിയുടെ അഖണ്ഡതക്കായി വീരമൃത്യു വരിച്ച കൗരവ സഹോദരരന്മാരുടേതാണെന്നു നിങ്ങൾ പത്രപ്രവർത്തകർ ഒരു നിമിഷം പോലും വിസ്മരിച്ചു കൂടാ. ദൈവനിന്ദയിൽ കുറയാത്ത അപരാധമായി യുധിഷ്ഠിരഭരണകൂടം അത്തരം ആലോചനയില്ലാത്ത പരാമർശങ്ങളെ നേരിടും”, കൊട്ടാരം ലേഖികയുടെ ധിക്കാരത്തിനു മുമ്പിൽ കിതക്കുകയായിരുന്നു സ്മരണികയുടെ ചുമതല വഹിക്കുന്ന അർജ്ജുനൻ.

“കൗരവരുടെ സമ്പൂർണവംശനാശം തന്നെ വേണ്ടി വന്നു അല്ലേ, കുടുംബസ്വത്തിൽ ഓഹരി നേടാൻ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“ഏതു വിശുദ്ധനും ഒരു കളങ്കിതഭൂതകാലം ഉള്ള പോലെ ഏതു പാപിക്കും വേണ്ടേ പ്രതീക്ഷാനിർഭരമായ ഭാവി? നിങ്ങൾ വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്ന പത്ര പ്രവർത്തകയായതു കൊണ്ടു് ചോദ്യം സൂചിപ്പിക്കുന്ന തെറ്റിദ്ധാരണ നീക്കട്ടെ. കൃത്യമായി പറഞ്ഞാൽ, പോരാടിയ പുരുഷകൗരവർ മാത്രമേ ജീവൻ ത്യജിക്കേണ്ടി വന്നുള്ളൂ. അവരുടെ വമ്പിച്ചൊരു കുടുംബം ഇന്നും കഴിയുന്നതു് പാണ്ഡവരുടെ ചെലവിലാണു്.”

“സഹോദരിമാർക്കൊപ്പം പുറത്തു പോവാതെ വീട്ടിൽ അടച്ചിരിക്കുന്നതെന്തു കൊണ്ടാണു്?” ദുര്യോധനൻ മകളെ വിസ്തരിച്ചു.

“ആൾക്കൂട്ടത്തിൽ അലയാൻ ഇഷ്ടപ്പെട്ടിരുന്ന ഞാനിന്നു അകമ്പടിയിലും പുറത്തിറങ്ങാൻ പേടിക്കുന്നു. മുഖം മറച്ച ഒരു തടിച്ചു കുറുകിയ ആൾ പെട്ടെന്നു് മുമ്പിൽ ചാടിയിറങ്ങും. ഒച്ചവെച്ചു കയ്യിൽ തടഞ്ഞ ആഭരണങ്ങളുമായി മുങ്ങും.”

“അപ്പോൾ അരക്കില്ലത്തിൽ കണ്ട കരിഞ്ഞ ആറു ജഡങ്ങളിൽ ഇവൻ പെടില്ലേ?”, കൗരവ പ്രതിയോഗി ആലോചനയിൽ വീണു.

“ധൃതരാഷ്ട്രർ നിങ്ങളെ ചുട്ടു കൊല്ലാൻ പദ്ധതിയിട്ടു എന്നോ?”, അർജ്ജുന പരിണയത്തോടനുബന്ധിച്ചുള്ള സായാഹ്നവിരുന്നിൽ വധൂവരന്മാരെ അനുഗ്രഹിക്കാൻ എത്തിയ പാഞ്ചാല രാജാവു് യുധിഷ്ഠിരനോടു് സാന്ദർഭികമായി ചോദിച്ചു.

“അന്നം ചോദിച്ചു വന്ന ആറംഗ ആദിവാസികുടുംബത്തെ ഭക്ഷണത്തോടൊപ്പം ലഹരി ചേർത്ത മദ്യം കുടിപ്പിച്ചു പകരക്കാരായി അരക്കില്ലത്തിൽ ഉറക്കി, രഹസ്യവഴിയിലൂടെ അതിവേഗം നുഴഞ്ഞു പോയതു കൊണ്ടു് ഞങ്ങൾ തീയിൽ നിന്നു് രക്ഷപ്പെട്ടു”, ഭീമൻ നിഷ്കളങ്കമായ ഉന്മാദത്തോടെ ആ ഭീതിത അനുഭവം വിവരിച്ചു.

“പിതൃസഹോദരനാൽ ഇത്രയും വെറുക്കപ്പെടുന്ന ഒരു നികൃഷ്ട കുടുംബത്തിലേക്കാണോ എന്റെ പൊന്നുമകളെ ഞാൻ വധുവായി അയക്കുന്നതു്” പാഞ്ചാലരാജ്ഞി വിതുമ്പി.

2016-10-14

“എന്തു കണ്ടിട്ടാണു് നിങ്ങൾ കുന്തിയെ അന്തഃപുരം ദാസിയായി നിയമിച്ചതു്, അവരുടെ വിവാഹേതര രതിയനുഭവങ്ങളുടെ പ്രത്യക്ഷങ്ങളല്ലേ പാണ്ഡവർ? അന്ധനെങ്കിലും അച്ഛൻ ഇന്നും പിടിച്ചാൽ പിടി കിട്ടാത്ത മദയാനയാണെന്നു മറന്നോ?” ദുര്യോധനൻ ഗാന്ധാരിയെ പഴി പറഞ്ഞു. കുടിയേറ്റഭൂമിയിലേക്കു ഭാഗ്യാന്വേഷകരായി തിരിച്ച പാണ്ഡവരെ പിന്തുടരാൻ മടിച്ച കുന്തിയുടെ പുതിയ ലാവണം ധൃതരാഷ്ട്ര കൊട്ടാരത്തിൽ ഗാന്ധാരിയുടെ വ്യക്തിഗത പരിചരണമായിരുന്നു.

“എന്റെ കാഴ്ചക്കും കണ്ണിനും ഇടയിൽ ഈ കീറത്തുണി മാത്രമല്ലേ തടസ്സം ഉള്ളൂ” ഗാന്ധാരി മയമില്ലാത്ത സ്വരത്തിൽ കാഴ്ചയുടെ പ്രതിബന്ധമകറ്റി മകനെ തീഷ്ണമായി നോക്കി.

“വസ്ത്രാക്ഷേപത്തിനു തയ്യാറെടുക്കയായിരുന്ന കൌരവർക്കു നേരെ രാജസഭയിൽ അലറുകയും കയ്യോങ്ങുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കയും ചെയ്ത ഭീമനെ അവസാനം കർണൻ നിശബ്ദമായി തളച്ചു. നാഗവിഷം പുരട്ടിയ കർണനഖം നഗ്നതുടയിൽ കുത്തി ഭീമനെ മോഹാലസ്യപ്പെടുത്തി എന്ന നകുലന്റെ ആരോപണം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നു് ചക്രവർത്തി ധൃതരാഷ്ട്രർ പറഞ്ഞതോടെ പാണ്ഡവർ അഞ്ചു പേരുടെയും വായിൽ ദുര്യോധന സഹായികൾ പഴംതുണി തിരുകി, കൈകൾ പിന്നിൽ വലിച്ചു കെട്ടി, നിലത്തു് കുന്തിച്ചിരിക്കാൻ ശിരസ്സിൽ കൈ അമർത്തി ആജ്ഞാപിച്ചു. വസ്ത്രാക്ഷേപം പിന്നെ സുഗമമായി തുടർന്നു.”

“ഇതാണോ ഇന്നത്തെ വാർത്ത? ഇതിൽ പ്രതിരോധത്തിന്റെ ഭാഷ എവിടെ? ഇതിൽ കാണുന്നതു് ലൈംഗികാതിക്രമത്തിനുള്ള പരസ്യ പ്രോൽസാഹനമല്ലേ? ‘ ഹസ്തിനപുരി പത്രിക മേധാവി പ്രതിഷേധത്തോടെ കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“ഒരു ചൂതാട്ടം കൊണ്ടു് അധികാര സമവാക്യം പൂർണമായി മാറിയാൽ പിന്നെ കൊട്ടാരം ലേഖികയുടെ മനോഭാവം മാറണ്ടേ?”

“ഇതെന്താണു് യുധിഷ്ഠിരന്റെ ശിരസ്സിൽ?”, കാട്ടുമുക്കിലെ കുടിലിൽ എത്തിയ ഉടൻ പാഞ്ചാലിയെ കൊട്ടാരം ലേഖിക നേരിട്ടു.

“ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന യുധിഷ്ഠിരന്റെ രാജശിരസ്സു് നഗ്നമായിക്കൂട എന്നു് ദുര്യോധനൻ ഇന്നലെ രേഖാമൂലം അറിയിച്ചപ്പോൾ ഞങ്ങൾ മുളങ്കാട്ടിൽ കയറി ഉടനടി തട്ടിക്കൂട്ടി ഒരുക്കിയ മുൾക്കിരീടം”, പാഞ്ചാലിയും മറ്റു നാലു ഭർത്താക്കന്മാരും കൊട്ടാരം ലേഖികയുടെ കണ്ണുകളിലേക്കു് തുറിച്ചു നോക്കി.

“ഈ പന്ത്രണ്ടു വർഷം വനവാസം നിങ്ങളിൽ വരുത്തിയ തിരിച്ചറിവെന്താണു്?” കൊട്ടാരം ലേഖിക ചോദിച്ചു. മഴക്കാലം മാറി പ്രസന്നമായ വെയിൽ വീഴുന്ന ഹരിത താഴ്‌വര.

“ഞങ്ങൾ എന്താണോ അതാവാൻ ഈയിടം ഞങ്ങളെ അനുവദിക്കുന്നില്ല. നിങ്ങളുടെ അസാന്നിധ്യത്തിൽ ഇവിടെ ഞങ്ങൾ പരസ്പരം പറയുന്നതും ചെയ്യുന്നതും ഒന്നും ഞങ്ങളല്ല എന്നു് തോന്നും. ആകാശചാരികളുടെ മക്കളാണെന്നോ ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വിണ്ണിൽ നിന്നു് ഞങ്ങൾക്കൊരു ജന്മനിയോഗമുണ്ടെന്നോ ആരെങ്കിലും പ്രവചിച്ചാൽ ഞങ്ങൾ അന്ധാളിക്കും”, സഹദേവൻ, ആ ഇളമുറ പാണ്ഡവൻ, മുഖം പൊത്തി.

2016-10-15

“വെയിലും മഴയും കൊണ്ടു് ദിവസങ്ങളായി കിടന്ന കിടപ്പിലല്ലേ ആരാധ്യപുരുഷൻ. ശരശയ്യയിൽ നിന്നു് മോചനം ഉണ്ടാവില്ലേ? ഇടമൊന്നു ഒഴിഞ്ഞു കിട്ടി വേണം മൊത്തം പോരാട്ടഭൂമി അടിച്ചു വൃത്തിയാക്കി ഹരിതവനം നിർമിക്കാൻ എന്നു് പ്രവിശ്യാഭരണാധികാരി പറയുന്നുണ്ടല്ലോ?” കൊട്ടാരം ലേഖിക നിയുക്ത മഹാരാജാവിനോടു് ചോദിച്ചു. രാഷ്ട്രമീമാംസയുടെ ബാലപാഠങ്ങൾക്കായി ഹസ്തിനപുരിയിൽ നിന്നുള്ള നീണ്ട രഥ യാത്രയിലായിരുന്നു അഭിമുഖം.

“പിതാമഹൻ, അങ്ങനെയാണദ്ദേഹം വരും യുഗത്തിലും അറിയപ്പെടേണ്ടതു്. ശൗര്യസ്ഥൽ അന്ത്യവിശ്രമ ഇടം തയ്യാറാക്കുകയാണു് ഞങ്ങളിപ്പോൾ ഗംഗയുടെ തീരത്തിൽ. അതു് തയ്യാറായാൽ ജീവന്റെ സാന്നിധ്യം അപ്രസക്തമാകും, ശരശയ്യയിൽ നിന്നു് ഭൗതികശരീരം, എങ്ങനെയോ അങ്ങനെ എന്ന സ്ഥിതിയിൽ, വിലാപയാത്രയായി കൊണ്ടുപോവും. യുദ്ധത്തിൽ ആരുടെ കൂടെ നിന്നു് പോരാടി എന്നല്ല, ജീവിതത്തിൽ ആരെ പിന്തുണച്ചു എന്നതല്ലേ കാര്യം.”, കുറച്ചു ദിവസങ്ങളിലെ രാഷ്ട്ര മീമാംസാ പാഠങ്ങളാൽ ബൗദ്ധിക വികസനം നേടിയ പോലെ യുധിഷ്ഠിരൻ എപ്പോഴും വിദൂരതയിലേക്കു് നോട്ടമെറിഞ്ഞു.

“ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ, വിജനവഴിയിൽ കുഴഞ്ഞു വീഴുന്ന ഈ മരണമാണോ ഒരിതിഹാസകഥാപാത്രമാവാൻ നിയോഗമുള്ള നിങ്ങൾക്കു് പ്രകൃതി തന്നതു്?”, അവശയായിരുന്ന പാഞ്ചാലിയെ പിടിച്ചിരുത്തി കൊട്ടാരം ലേഖിക വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു് കൊടുത്തു.

“ഞാൻ തളർന്നു വീഴുമ്പോൾ തിരിഞ്ഞു നോക്കാതെ അവരഞ്ചു പേരും കാൽ മുന്നോട്ടു വച്ചതാണെന്റെ കൊച്ചു വിജയം. ആദ്യരാത്രിയിലെന്ന പോലെ, ഈ അന്ത്യനിമിഷത്തിലും ആ പത്തു് തുറിച്ച കണ്ണുകൾ എന്റെ മുഖത്തു് വീഴുമെന്ന പേടിസ്വപ്നം അങ്ങനെ ഒഴിഞ്ഞു പോയില്ലേ”, ഒരിക്കൽ കൂടി പാഞ്ചാലി ജേതാവിനെ പോലെ പുഞ്ചിരിച്ചു.

2016-10-16

“ബാലകൗരവരോടു് ഉരസലുണ്ടാക്കാൻ ആദ്യം മുതൽ ശ്രമിച്ചിരുന്ന അഭയാർത്ഥി പാണ്ഡവരോടും, കുറച്ചുകാലമായി ഒളിഞ്ഞും തെളിഞ്ഞും അവരുടെ വിഘടനവാദത്തെ പിന്തുണക്കുന്ന രാജദ്രോഹികളോടും സന്ധിയില്ലെന്നു നിങ്ങൾ ഒച്ച വക്കുന്നതു് ആരെ കേൾപ്പിക്കാനാണു്? രണ്ടു കൂട്ടരും ഇവിടെ ഇല്ല. പാണ്ഡവ സഖ്യകക്ഷികളായ വിരാടയിലോ പാഞ്ചാലയിലോ ദ്വാരകയിലോ പോയല്ലേ ദുര്യോധനൻ നയം വ്യക്തമാക്കേണ്ടതു്?” കൊട്ടാരം ലേഖിക ഭരണകൂടത്തിന്റെ മുഖ്യവക്താവിനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ മൂടിയ ആകാശത്തിനു് താഴെ ശാന്തമായ പ്രഭാതം. ഊട്ടുപുര. ചൂടുള്ള ഭക്ഷണവുമായി രണ്ടുപേരും ഉത്സാഹിച്ചു.

“രാജകീയ തീൻശാലയിൽ മൂന്നു നേരം ചെന്നു് കയറി വിശിഷ്ടവിഭവങ്ങൾ വാരി വലിച്ചു അകത്താക്കി താടിയുമുഴിഞ്ഞു കൗരവരെ സംശയത്തിൽ നോക്കുന്ന ചില ‘പ്രാചീനസ്വത്വങ്ങൾ’ ഇവിടെയുണ്ടല്ലോ. അവരറിയാൻ. ബാക്കി പുറത്തുള്ള സഖ്യരാജ്യസൈനികരെ കൗരവർ കുരുക്ഷേത്രയിൽ മുഖം മൂടിയില്ലാതെ കാണും.”

“വനവാസത്തിനു നിങ്ങളെല്ലാരും വന്നിട്ടിപ്പോൾ കൊല്ലം പത്തുപതിനൊന്നായില്ലേ. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ ചക്രവർത്തിനിയായിരുന്നപ്പോൾ പാണ്ഡവർക്കു് നിങ്ങളിൽ ഉണ്ടായി എന്നു് പറയപ്പെടുന്ന ആ അഞ്ചു ആണ്‍ കുട്ടികൾ, പാഞ്ചാലത്തു് നിന്നവരിനിയും നിങ്ങളെ കാണാൻ ഒന്നു വന്നില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“വിരുന്നിനു അവരെ ഞാൻ ക്ഷണിച്ചു എന്നു് കരുതുക., വിളമ്പാനും ഇച്ചിലില കളയാനും ഊട്ടുപുര കഴുകാനും ആകെയുള്ള ഈ കിടപ്പറയിൽ അതിഥികൾക്കു് ഇടമൊരുക്കാനും ഒക്കെ ഞാൻ ഒരാൾ തന്നെ വേണ്ടേ”, പുറത്തു് തണലിൽ ചമ്രം പടിഞ്ഞിരുന്നു ചൂതാട്ടക്കഥകൾ പറഞ്ഞു രസിക്കുന്ന പാണ്ഡവരെ നോക്കി പാഞ്ചാലി പറഞ്ഞു.

“എന്റെ ഏതു പരിശ്രമിയായ സഹോദരനാണു് തക്ക സമയത്തു് ഇവിടെ വന്നു തടയണ കെട്ടി വേനൽ വരൾച്ചയിൽ ഈ ജലസമൃദ്ധി നിങ്ങൾക്കു് സമ്മാനിച്ചതു്?” ഒരു കുടം കുടിനീർ എടുത്തു് വായിലൊഴിച്ചു ദുര്യോധനൻ ഗ്രാമസഭയിൽ വിസ്മയിച്ചു.

“പത്തുപതിനാറു വയസ്സുള്ള, തേജസ്വിയായ ഒരു കുട്ടി ഒരിക്കൽ ഒറ്റയ്ക്കു് വന്നു സ്വന്തം പരിശ്രമത്തിൽ ഇതു് പണിതു കൈകൂപ്പി സന്ധ്യയിൽ ഞങ്ങളോടു് യാത്ര പറയുമ്പോൾ, ആരാണു് നീ എന്നു് വാത്സല്യത്തോടെ ഞങ്ങൾ ചോദിച്ചു. അമ്മയുടെ പേർ സുഭദ്ര എന്നു പറഞ്ഞു. ഏതെങ്കിലും കൗരവസഹോദരനു് ആ പേരുള്ള രാജവധുവുണ്ടോ?” ഗ്രാമത്തലവന്റെ ഭാര്യ എഴുന്നേറ്റു നിന്നു് പ്രാർത്ഥനയുടെ സ്വരത്തിൽ പറഞ്ഞു.

“പൌരസ്വീകരണത്തിനു അരങ്ങേറ്റമൈതാനത്തു് വന്ന യുധിഷ്ഠിരന്റെ കാൽകഴുകൽ ശുശ്രൂഷ മുതിർന്ന കൗരവരാജവിധവയെ കൊണ്ടു് പാണ്ഡവർ സമ്മർദ്ദം ചെലുത്തി ചെയ്യിക്കുന്നു. തുടർന്നു് കുരുക്ഷേത്രവിധവകൾ രാജധാനിക്കു മുമ്പിൽ നടത്തിയ പ്രതിഷേധയോഗത്തിൽ പാഞ്ചാലി പങ്കെടുക്കുന്നു. രാജഭരണം വിട്ടു ജനാധിപത്യത്തിൽ കയറിയോ ഇത്ര വേഗം കുരുവംശം?”, കൊട്ടാരം ലേഖിക നവരാത്രി ആഘോഷത്തിന്റെ തയ്യാറെടുപ്പിൽ തിരക്കിലായിരുന്ന ഭരണകൂട ഔദ്യോഗികവക്താവിനെ കണ്ടെത്തി.

“കണ്ടു മടുത്ത കുടുംബ വാഴ്ചക്കു് പകരം ജനാധിപത്യം ഞങ്ങൾ പുനഃസ്ഥാപിച്ചു എന്നു് ഇനിയെങ്കിലും ഹസ്തിനപുരി പത്രിക അംഗീകരിക്കില്ലേ? ചക്രവർത്തി വേറെ ചക്രവർത്തിനി വേറെ”, വക്താവു് നകുലൻ ഇരു കൈപ്പത്തികളും നാടകീയമായി വിസ്തരിച്ചുയർത്തി.

2016-10-17

“നിങ്ങളഞ്ചു പേർ ധ്യാനത്തിലും അലർച്ചയിലും ഒക്കെ മാറി മാറി കാണപ്പെടുന്നതു് ‘ഹസ്തിനപുരി പത്രിക’ക്കു് വാർത്തയല്ല, എന്നാൽ അഞ്ചു ഇടങ്ങളിലായി പാരസ്പര്യമില്ലാതെ ചുരുണ്ടുകൂടി, ഏറെ നേരമായി കനത്ത മൗനത്തിലാവുന്നതിൽ എന്തോ അപാകതയില്ലേ?”, കൊട്ടാരം ലേഖിക നകുലനെ ഏകാന്തമായൊരിടത്തു് കണ്ടുമുട്ടിയപ്പോൾ പിടിച്ചു നിർത്തി.

“ഞങ്ങളഞ്ചുപേരും സാഹോദര്യത്തോടെ ഒരുമിച്ചിരുന്നു ഭാവിയെ കുറിച്ചു് രഹസ്യസംഭാഷണം ചെയ്യുന്നതു് കണ്ടാൽ പാഞ്ചാലി അസഹിഷ്ണുത പുറത്തെടുക്കും. ദുസ്സൂചന വച്ചൊരു സ്ത്രീ പീഡനാരോപണം നടത്തി സ്ഥലം വിടും. ഇന്നും അതുപോലൊന്നുണ്ടായി. ഇന്നലെ രാത്രി ഊഴം തെറ്റിച്ചു ഞങ്ങളിലൊരാൾ അവളെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നാൽ അതാരെന്നവൾ വ്യക്തമാക്കുകയുമില്ല. സംശയമുന അഞ്ചുപേരിലേക്കും നീളുമ്പോൾ കൃത്യം ചെയ്തവൻ മനഃസ്സാക്ഷിയുടെ കുത്തേറ്റു, ചെയ്ത പാപം ഏറ്റുപറയും വരെ ഞങ്ങളഞ്ചു പേരും ഞങ്ങൾക്കിടയിൽ തന്നെ രഹസ്യനോട്ടപ്പുള്ളികൾ.”

“കാട്ടിൽ, അടച്ചുറപ്പില്ലാത്ത ഈ ഒറ്റമുറി കുടിലിൽ കഴിയുന്ന പെണ്ണിനെ, വന്യമൃഗങ്ങളിൽ നിന്നു് രക്ഷിക്കാൻ നിങ്ങൾ അരോഗദൃഢഗാത്രർക്കാവുന്നില്ലല്ലോ”, എപ്പോൾ വരുമ്പോഴും കൊടുമുടിയിൽ തപസ്സിലാണു് എന്നു് കേൾക്കാറുള്ള അർജ്ജുനൻ ഇന്നു് മുമ്പിൽ വന്നു പെട്ട ആഹ്ലാദത്തിൽ കൊട്ടാരം ലേഖിക ആശംസിച്ചു കൈ മുത്തി.

“പരാതിയുടെ പതിവു് ഊന്നൽ പാണ്ഡവരിൽ നിന്നു് കാട്ടുമൃഗശല്യത്തിലേക്കു പാഞ്ചാലി മാറ്റി അല്ലെ? രണ്ടു കണ്ണും തുറന്നു എല്ലാം ശ്രദ്ധിക്കുന്ന കൊട്ടാരം ലേഖികയോടു് പാഞ്ചാലി ഈ വിധം പെരുപ്പിച്ചു പറഞ്ഞാൽ, കേട്ട പാതി ഇരട്ടിയാക്കുന്ന ‘ഹസ്തിനപുരി പത്രിക’ എങ്ങനെയാവും പാണ്ഡവ പ്രതിസന്ധി പറഞ്ഞൊപ്പിക്കുക”, പുതുതായി കിട്ടിയ ദിവ്യാസ്ത്രം പരീക്ഷിക്കുകയായിരുന്ന പാർത്ഥൻ പുഞ്ചിരിച്ചു.

“ഒരാരാധകനെ പോലെ പാഞ്ചാലിയെ അകന്നു നിന്നു് നോക്കിയാൽ കാണാവുന്ന ആകർഷകത്വം ഒന്നു് വായനക്കാരുമായി പങ്കിടാമോ?”, കൊട്ടാരം ലേഖിക അർജ്ജുനനെ പ്രലോഭിപ്പിച്ചു.

“അകന്നു നിന്നു് മാത്രമല്ല, തൊട്ടടുത്തുനിന്നും ഒരാരാധകൻ എന്ന പദവി മാത്രമേ എനിക്കവൾ തന്നിട്ടുള്ളു.”

“സാമന്ത ഹസ്തിനപുരിയിൽ പോയി ചൂതു് കളിക്കുന്നതു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ രാജസൂയ പദവിക്കു് യോജിച്ചതല്ലായിരുന്നു എന്ന തിരിച്ചറിവു് പിൽക്കാലത്തു് യുധിഷ്ഠിരനുണ്ടായിരുന്നോ?” കൊട്ടാരം ലേഖിക ഇളമുറ പാണ്ഡവൻ നകുലനോടു് ചോദിച്ചു.

“ഒരിക്കൽ ഞാൻ സാന്ദർഭികമായി പരാമർശിച്ചു, ഇല്ല, ചുണ്ടൊന്നു തുറന്നപ്പോഴേക്കും ധാർമികതയുടെ ആ മൊത്തക്കച്ചവടക്കാരൻ തലച്ചുമടു് എന്റെ മുതുകിൽ ഇറക്കി. സന്ദർശനം ഒരു സൗജന്യമായിരുന്നു. ആ ഉദാരത ജനം പ്രകീർത്തിച്ചു. കളിയിൽ പിന്നെ ജയിക്കില്ലേ തോൽക്കില്ലേ എന്നായിരുന്നു ആ ദുരഭിമാനിയുടെ വാചാല വിശദീകരണം.”

“അയൽപ്പക്കത്തെ സന്യസ്ഥാശ്രമങ്ങളിലെ സമർപ്പിതജീവിതങ്ങളെ നിങ്ങൾ സത്യമായും മഹത്വപ്പെടുത്താറില്ലേ?”, കൊട്ടാരം ലേഖിക വിരൽ ചൂണ്ടി ശ്രദ്ധയാകർഷിച്ചു യുധിഷ്ഠിരനോടു് ആസക്തിയോടെ ചോദിച്ചു.

“പരിണയകാലത്തെ പഴയ കഥ ചികഞ്ഞെടുത്തു് പാഞ്ചാലി എന്നെ ഒരു ദിവസം കുടഞ്ഞപ്പോൾ ഞാൻ പതിവുപോലെ കാര്യക്ഷമമായി തലതാഴ്ത്തി മൌനം പാലിച്ചു. ഇടിവെട്ടു് നീങ്ങിയപ്പോൾ പരുങ്ങിയും പതുങ്ങിയും പുറത്തേക്കിറങ്ങി. ആശ്രമാതിർത്തിയിലെ വളർന്നുയർന്ന ചെമ്പക മരത്തിനു പിന്നിൽ അതാ കോമളരൂപനായ ഒരു യുവ സന്യാസി കണ്ണടച്ചു് എന്തോ സന്ദേശത്തിന്നായി ചെവിയോർക്കുന്നു. എന്നെ കണ്ടപ്പോൾ”, അപ്പോൾ പൂർവാശ്രമം അങ്ങനെയാണല്ലെ?” എന്നു് പിറുപിറുത്തു് കയ്യെത്തുന്ന കൊമ്പിൽ നിന്നു് കുറച്ചു പൂക്കൾ പൊട്ടിച്ചു കടന്നു പോയതാണു്, പിന്നെ മിണ്ടാട്ടം ഉണ്ടായില്ല”, യുധിഷ്ഠിരൻ മുഷിഞ്ഞ ഉടുതുണി അഴിച്ചു ആഞ്ഞു കുടഞ്ഞു വീണ്ടും കൃത്യമായി ഉടുത്തു.

2016-10-19

“പുനരധിവാസത്തിനു് വിനയത്തോടെ വഴങ്ങി, രാജമന്ദിരങ്ങളിൽ നിന്നു് കുടിയൊഴിഞ്ഞു നഗരാതിർത്തിയിലെ അടിസ്ഥാന സൗകര്യമില്ലാത്ത വയോജനഗൃഹത്തിലേക്കു വെറും കയ്യോടെ താമസം മാറ്റിയ കൗരവരാജ വിധവൾക്കു നേരെ ഭരണകൂടഒത്താശയോടെ ലൈംഗികാതിക്രമം? രാജ്യത്തിന്റെ അഖണ്ഡതക്കു് വേണ്ടി വീരമൃത്യു വരിച്ച കൗരവരുടെ കുടുംബങ്ങൾക്കാണു് ഈ അരക്ഷിതാവസ്ഥ എന്നോർക്കുക. ലഹരി പദാർത്ഥം കഞ്ഞിവെള്ളത്തിൽ ചേർത്തു് മയക്കിക്കിടത്തിയാണു രതിവൈകൃതങ്ങൾക്കു വിധേയമാക്കുന്നതു് എന്നാണു ഇരകളിൽ നിന്നു് നിത്യവും കേൾക്കുന്നതു്. കൗരവപക്ഷത്തു് യുദ്ധം ചെയ്തു തല പോകാതെ മടങ്ങിയെത്തിയ കൃപാചാര്യൻ ഹസ്തിന പുരി പത്രികയിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരന്റെ വക്താവിനോടു് കിതച്ചു ചോദിച്ചു.

“ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ സംശയമില്ല. പെട്ടെന്നൊന്നും നമ്മുടെ പരിഷ്കൃത സമൂഹത്തിനു ഇതിൽ നിന്നു് രക്ഷപ്പെടാൻ ആവില്ല എന്നതു് ചരിത്രപരമായ നമ്മുടെ ജ്ഞാനനിർമിതി അടയാളപ്പെടുത്തുന്നു. വെളുത്ത കൗരവരാജവിധവകൾ മാത്രമല്ല, ചൂതാട്ടത്തിൽ പണയവസ്തുവായ ‘കറുത്ത സ്ത്രീ’ക്കെതിരെ ഹസ്തിനപുരിയിൽ സഭാപർവം മുതൽ തുടർന്നു് വരുന്ന ഗുരുതര ജീവിതശൈലീ രോഗമാണിതു്. പക്ഷെ ഇതിൽ ഏകപത്നീവ്രതക്കാരായ പാണ്ഡവർക്കു് പങ്കുണ്ടെന്ന ദുസ്സൂചന അപലപനീയം”, നകുലൻ താക്കീതിൽ ചൂണ്ടുവിരൽ കൃപാചാര്യനു് നേരെ ഉയർത്തി.

Colophon

Title: Koṭṭāram lēkhikayuṭe abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).

Author(s): K P Nirmalkumar.

First publication details: Facebook as daily posts; Internet; 2016.

Deafult language: ml, Malayalam.

Keywords: Mahabharata retold, K P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 15, 2022.

Credits: The text of the original item is copyrighted to K P Nirmalkumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: K P Nirmalkumar; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.