സമകാലികചരിത്രം വായിച്ചും അരമനരഹസ്യങ്ങൾ കേട്ടും പരിചിതരായ കൗരവ–പാണ്ഡവ കഥാപാത്രങ്ങളെ നേരിൽ കാണാൻ തൊഴിൽസാഹചര്യ മുണ്ടാവുമ്പോൾ, കേട്ടറിവിലൂന്നിയ സംശയങ്ങൾ നേരെചൊവ്വേ ചോദിക്കുന്നൊരു ജിജ്ഞാസാഭരിതയായ മഹാഭാരത സമകാലികയാണ് കൊട്ടാരം ലേഖിക. ‘ഹസ്തിനപുരി പത്രിക’യെന്നൊരു ചുവരെഴുത്തുപതിപ്പിലൂടെ ശാക്തിക ചേരികളുമായി ചെയ്ത അഭിമുഖങ്ങൾ, പ്രഭുക്കളും ഭൃത്യരും അന്തഃപുരവാസികളും സാക്ഷരതയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചു വായിച്ചറിഞ്ഞു. ദക്ഷിണാപഥത്തിൽ നിന്നും കൊണ്ടുവന്ന പനയോലകളിൽ നാരായം കൊണ്ടെഴുതിയ അഭിമുഖങ്ങൾ പിന്നീട് ‘പത്രിക’ കാര്യാലയത്തിൽ കാലാതീതമായി സൂക്ഷിച്ചിട്ടുണ്ടാവണം എന്നു ഞാൻ സങ്കൽപ്പിക്കുന്നു. മനുഷ്യബുദ്ധിക്ക് വഴങ്ങിക്കൊടുക്കാത്ത ഈ വിചിത്ര പ്രപഞ്ചത്തിൽ, വിസ്മയജനകമായ എന്തെല്ലാം സംഭവിക്കുന്നു എന്നൊക്കെ ചിന്താക്കുഴപ്പത്തോടെ അറിയുന്ന നാം, പക്ഷെ, കൊട്ടാരം ലേഖികയുടെ യുക്തിവഴിയിലുള്ള ചോദ്യങ്ങൾ അമർഷത്തോടെയും കണ്ടെന്നുവരും. യുക്തിക്കതീതമായി വ്യാസദർശനത്താൽ കാണുന്നതൊക്കെ കേവലം തെരുവോരമായാജാലപ്രകടനമായി മുദ്ര കുത്തുന്ന കൊട്ടാരം ലേഖികയുടെ നിർദ്ദയ ചോദ്യങ്ങളിൽ പ്രകോപിതരാവാത്ത കൗരവ–പാണ്ഡവഃ കഥാപാത്രങ്ങളില്ല. വ്യാസഭാഷ്യത്തിലൂന്നിയ രചനാപരമായ സ്വാതന്ത്ര്യങ്ങളും സൗജന്യങ്ങളും കൊട്ടാരം ലേഖിക നിരാകരിക്കുന്നു. ഉപചാരപൂർണ്ണമായൊരു ഇടപെടലിലൂടെ, ശന്തനു മുതൽ പരീക്ഷിത്ത് വരെയുള്ള കഥാപാത്രങ്ങളുമായി ചെയ്ത അഭിമുഖങ്ങൾ കാലഗണ നാപ്രകാരമല്ല പനയോലകളിൽ ഇടംപിടിച്ചിരിക്കുന്നത്. എപ്പോഴെല്ലാം അഭിമുഖസാഹചര്യങ്ങൾ അനുകൂലമായി കൊട്ടാരം ലേഖികയ്ക്കു് വന്നുചേർന്നുവോ, മിന്നൽപിണർ പോലെ തോന്നിയ ഒരു ചോദ്യം—അതിനുള്ള ഉത്തരം അങ്ങനെയാണ് ഏറിയും കുറഞ്ഞും ഐറണിയിലൂന്നിയ ഈ രചന.