‘ഇപ്പോഴും സംശയരോഗികൾ ആണോ അയൽപക്ക സന്യസ്തർ?’, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. വേട്ടയാടിക്കൊന്ന മൃഗത്തെ പാടുപെട്ടു് തൊലി ഉരിക്കുന്ന പണിയിൽ വിവശനായിരുന്നു വൃകോദരൻ.
‘വളർത്തുമൃഗങ്ങളെ ‘മാംസപ്രിയ’രായ പാണ്ഡവർ മോഷ്ടിച്ചു തിന്നുന്നു എന്ന ദുരാരോപണം സന്യസ്തർ കൗരവകൊട്ടാരത്തിൽ എത്തിച്ചതിൽ തുടങ്ങി ഞങ്ങൾക്കിടയിൽ അപശബ്ദം. ഞാൻ വിട്ടുകൊടുത്തില്ല. രാത്രി വേഷംമാറി സന്യസ്തരുടെ ഗോശാലയിൽ കയറി കാളക്കുട്ടൻമാരെ മോട്ടിക്കാൻ തുടങ്ങി. കുടലും വാലും ഇലയിൽ പൊതിഞ്ഞു് ആശ്രമത്തിലേക്കു് എറിയും. കാളക്കുട്ടികൾ ഇല്ലാതായപ്പോൾ കറവമാടുകളിൽ കൈവച്ചു. അവർ പഴങ്ങളും പുഞ്ചിരിയുമായി ഞങ്ങൾക്കരികിലേക്കു് വന്നു. മാതൃകാപൗരന്മാരായി മാറാൻ വിട്ടുവീഴ്ച ചെയ്യാം എന്നവർ കൈനീട്ടി. എങ്കിൽ, ആദ്യം സന്യസ്ഥർ ചെയ്യേണ്ടതു് ആശ്രമങ്ങളിൽ സന്യസ്ഥർ ഉൽപ്പാദിപ്പിക്കുന്ന ജൈവമാലിന്യം പാഞ്ചാലി വേണം ദൂരെ കുഴികുത്തി കുഴിച്ചുമൂടാൻ എന്ന കൽപ്പന പിൻവലിക്കണം. അതോടെ തുടങ്ങും പാണ്ഡവരും പരിത്യാഗികളും തമ്മിലുള്ള അയൽക്കൂട്ടത്തിന്റെ സുവർണ്ണകാലം. പിറ്റേന്നു് മുതൽ പരിത്യാഗിയുടെ പിൻപുറമാലിന്യം അവർ തന്നെ സംസ്കരിക്കാൻ തുടങ്ങി. ഗോശാലയിൽ കയറി മൃഗമോഷണം അതോടെ അവസാനിച്ചു. അവരെല്ലാം എത്ര ഉത്സാഹത്തോടെ ആണു് പ്രപഞ്ചനാഥനു് പ്രണാമം അർപ്പിക്കുന്നതു്!’
“നിങ്ങൾ നേരത്തേ എഴുതിയ വരികളൊന്നുകൂടി വായിക്കൂ”, പത്രാധിപർ അക്ഷമയോടെ കൊട്ടാരം ലേഖികയുടെ നേരെ വിരൽ ചൂണ്ടി.
“താപസനാവാൻ കൊതിച്ചു യുദ്ധശാസ്ത്രജ്ഞൻ ആയ ദേവവൃതനു പക്ഷേ, പോർക്കളത്തിൽ വെയിലും മഴയും കൊണ്ടു് ആഴ്ചകളോളം മരണംകാത്തുകിടക്കാൻ ആയിരുന്നു വിധി. ബ്രഹ്മചര്യത്തോടുള്ള ഭ്രമം കാരണം യുവ ദേവവ്രതൻ എന്ന കുരുവംശകിരീടാവകാശി, ചെങ്കോൽ തിരസ്കരിച്ചു. സ്വച്ഛന്ദമൃത്യു എന്നൊരു കഠിനവരത്താൽ ആഘോഷിക്കപ്പെട്ട മരണസമയം പിന്നീടും നീണ്ടുപോവാഞ്ഞതു്, നിത്യവും പുതിയ രാജാവു് യുധിഷ്ഠിരൻ വന്നു രാജ്യതന്ത്രത്തിൽ ബാലപാഠം യാചിച്ചു ശരശയ്യക്കരികെനിന്നതു, പിതാമഹനു് സഹിക്കാൻ വയ്യാതായതു കൊണ്ടായിരിക്കുമോ.”
“പിതാമഹൻ ശരശയ്യയിൽ നിന്നും ചിതയിലേക്കു് എന്നു് മതി മുഖ്യവാർത്ത. യുദ്ധപരാജയത്തിനു് പാണ്ഡവർക്കു് കൂട്ടുനിന്ന അവിശ്വസ്തസേനാപതിയുടെ ചരമശുശ്രൂഷ അതിലപ്പുറം വേണ്ട.”
“യുധിഷ്ഠിരനും മറ്റു പാണ്ഡവരും ഹസ്തിനപുരിയിൽ ചൂതാടാൻ വരുമ്പോൾ, ഉന്നതപരിശീലനം നേടിയ ‘കരിംപൂച്ചകൾ’ എന്ന പ്രത്യേകവകുപ്പിൽ പെടുന്ന സുരക്ഷാഭടന്മാർ കൂടെ ഉണ്ടായിരുന്നില്ലേ? അവരൊക്കെ എവിടെ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മട്ടുപ്പാവിൽ നിന്നവർക്കു് അവ്യക്തമായി കാണാമായിരുന്നു, രാജപാതയിലൂടെ വടക്കൻ മലമേടുകളിലേക്കു വനവാസത്തിനായി മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ പരിവാരം വഴിനടക്കുന്നതു്.
“നഗ്നപാദരായി നടക്കുന്ന പാണ്ഡവർക്കിരുവശവും, ഇടയ്ക്കിടെ പൊങ്ങിത്താഴുന്നചാട്ടവാറുമായി കുതിരപ്പുറത്തു യാത്രചെയ്യുന്നവർ പിന്നെ ആരെന്നാണു് നിങ്ങൾ കരുതിയതു്? അതു് അവർ തന്നെ! ഉടയോനു അധികാരം നഷ്ടപ്പെട്ട ഉടൻ അവരുടെ വിശ്വസ്തത കൗരവരോടായി. വഴിമാറി പോവാതെ പാണ്ഡവർ കുടിൽകെട്ടി വനാന്തരത്തിൽ താമസം തുടങ്ങി എന്നുറപ്പുവരുത്തി മടങ്ങിയിട്ടുവേണം ഞങ്ങളെ പല്ലക്കിൽ ചുമന്നു ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടു് പോയി മുൻ ചക്രവർത്തിനി പാഞ്ചാലിയുടെ നവരത്നനിധി സൂക്ഷിച്ചിരിക്കുന്ന രഹസ്യഅറയുടെ പൂട്ടു തുറന്നു ഞങ്ങൾക്കു് കൊള്ളയടിക്കാനാവൂ”, കൈകൾ കൂട്ടിത്തിരുമ്മി പ്രത്യാശാഭരിതമായ പ്രസന്നമുഖത്തോടെ കൗരവശ്രേഷ്ഠൻ പറഞ്ഞു.
“അഭിമന്യുവിന്റെ ദുർമരണത്തിൽ, പരോക്ഷ ഉത്തരവാദിത്വം യുധിഷ്ഠിരൻ ഏറ്റെടുക്കണമെന്നു്, പോർക്കളത്തിൽ മടങ്ങിയെത്തിയ അർജ്ജുനൻ ഗർജിക്കുന്നല്ലോ. എങ്ങനെ പരിഹരിക്കും ഈ ജീവന്മരണവെല്ലുവിളി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
“എന്നിൽ ജനിച്ച അഞ്ചു കൗമാരപാണ്ഡവർ കൗരവ വംശഹത്യക്കു് രൗദ്രഭീമനെ തുണക്കുന്നുണ്ടല്ലോ. അഞ്ചു പേരിൽ മൂന്നാമനായി തുടരേണ്ട അർജ്ജുനപുത്രനെ, ആവശ്യമെങ്കിൽ, ആദ്യ കിരീടാവകാശിയാക്കാം, അവനു പ്രായപൂർത്തി എത്തുംവരെ ചെങ്കോൽ ഞാൻ കൈവശം വക്കാം. അഭിമന്യുവധത്തിലുണ്ടായ പരോക്ഷബാധ്യതക്കു അങ്ങനെ ഭീരുയുധിഷ്ഠിരൻ ബാലപാഠം പഠിക്കട്ടെ! കഴുത്തിനുമേലെ തല നിലനിർത്തട്ടെ!”
“ഗാന്ധാരീവിലാപം നേരിട്ടുകണ്ട ഒരമ്മയെന്ന നിലയിൽ എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
“ഗാന്ധാരി തുണികെട്ടി മറയ്ക്കേണ്ടതു് കാഴ്ച ആയിരുന്നില്ല, ഘനീഭവിച്ച മൗനത്തിന്റെ പ്രഹരമൂല്യം അറിയാതെ, ദുഃഖപ്രകടനതക്കു വാതിൽ മലർക്കെ തുറന്നുകൊടുത്ത സ്വന്തം ചുണ്ടുകൾ ആയിരുന്നു!”
“അഴുക്കൊക്കെ അടിച്ചുവാരി പുറത്തു കൊണ്ടുപോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.
“ആശ്രമ മാലിന്യങ്ങൾ നീക്കാൻ കൊട്ടാരം നമുക്കു് അനുവദിച്ച പുതിയ അടിമയാണു് മോനേ. യുവരാജാ ദുര്യോധനൻ അവൾക്കു പന്ത്രണ്ടുകൊല്ലത്തെ കഠിനശിക്ഷ കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു,
“ഇങ്ങനെ നമ്മുടെ അഴുക്കൊക്കെ തലയിൽ ചുമക്കുന്ന അടിമയാവാൻ മാത്രം എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”
“മദ്യലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരാജസഭയിൽ വിവസ്ത്രയാവാൻ നിർബന്ധിച്ചപ്പോൾ, സ്ത്രീത്വത്തിനുനേരെയുള്ള അനീതി എതിർക്കാതെ, വഴങ്ങി. അതുകണ്ടു നീതിമാനായ ദുര്യോധനൻ ധാർമ്മികരോഷത്താൽ ഉടനെ വിധിച്ചു അവൾക്കും ഭർത്താക്കന്മാർക്കും മാതൃകാപരമായ വനവാസം!”
“കാഴ്ചപരിമിതനെങ്കിലും, അകക്കണ്ണിന്റെ കാര്യത്തിൽ നിങ്ങൾ ആർക്കും പിന്നിലല്ല എന്നു് തോന്നാറുണ്ടോ?”, ജന്മദിനത്തിൽ അഭിവാദ്യമർപ്പിക്കാനുള്ള വരിയിൽ നിന്ന കൊട്ടാരം ലേഖിക, മുട്ടുകുത്തി കൈമുത്തി ചോദിച്ചു. അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണുകെട്ടി സ്വയം കാഴ്ച നിഷേധിച്ച ഭാര്യ, ഒരു പശ്ചാത്താപം പോലെ പരവശയായി അരികെ.
“പ്രകൃതിയുടെ പാരിതോഷികമാണു് ‘കാഴ്ച’ എന്നു് അന്ധനായ ഞാൻ പറഞ്ഞാൽ, മനുഷ്യശരീരത്തിനു് അതൊരാവകാശമാണെന്നു നിങ്ങൾ തർക്കിക്കും. ആ തർക്കം അവിടെ നിൽക്കട്ടെ. എന്നാൽ അകക്കണ്ണെന്നു പറയുന്നതു് പ്രകൃതിയുടെ പാരിതോഷികമോ നമ്മുടെ അവകാശമോ അല്ല, അതൊരു ‘നേടിയെടുക്ക’ലാണു്. ആ നേടിയെടുക്കൽ സ്വകാര്യഅഹങ്കാരമെന്നു കരുതുന്നവരുണ്ടു്—വിദുരരെ പോലെ. ഗുരുവിൽ നിന്നു് നേടിയെടുക്കാമെന്നു അവകാശപ്പെടുന്നവരുണ്ടു്—യുധിഷ്ഠിരനെ പോലെ. അകക്കണ്ണു് എനിക്കു് തന്നതു് അഹങ്കാരമല്ല, കാഴ്ചപ്പാടാണു്. അതുകൊണ്ടെന്തു നേട്ടമുണ്ടായി? അക്ഷരം വായിക്കാനറിയാത്ത ഞാൻ പലതും ‘കൂട്ടിവായിച്ചി’ല്ലേ? നിങ്ങൾ ഇപ്പോൾ എന്നെ പുറംകാഴ്ചയിലൂടെ കാണുന്നതു്, നരച്ചുനീണ്ട താടിയും ഒഴിഞ്ഞ കണ്ണിടങ്ങളും രോമരഹിതശിരസ്സും ഭാരിച്ച ശരീരവുമുള്ള പടുകിഴവനായിട്ടാണെങ്കിൽ, എന്നെ ഞാൻ ഉള്ളിൽ കാണുന്നതു്, സ്വന്തം ‘വനാന്തര’ത്തിൽ മറ്റൊരു പ്രതിയോഗിയെ കയറ്റാതെ, നിരന്തരം പൊരുതുന്ന സിംഹരാജനായിട്ടാണു്. അതാണു് പറഞ്ഞതു്, സംസാരിക്കുമ്പോൾ കണ്ണുകൊണ്ടു് മാത്രം പോരാ, കാഴ്ചപ്പാടിലൂടെയും നിങ്ങൾ മാധ്യമ പ്രവർത്തകർ കാണണം!”.
“സ്ഥിതപ്രജ്ഞൻ (!) എന്ന ബഹുമതിയുള്ള യുധിഷ്ഠിരൻ വാതുറന്നാൽ സംസാരിക്കുന്നതൊക്കെ ഇരയുടെ ഭാഷയാണല്ലോ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“ദ്രൗപദീ, ഞാൻ മരിച്ചുകാണാൻ നിന്റെ ഉള്ളിന്റെ ഉള്ളിലൊരു അധികാരമോഹി കാത്തിരുപ്പുണ്ടെനിക്കറിയാം, എന്നിട്ടു വേണം നിനക്കു് അർജ്ജുനന്റെ കൊച്ചുമകനെ നാമമാത്രരാജാവാക്കിയശേഷം ഹസ്തിനപുരിയുടെ ഭരണനേതൃത്വം ഏറ്റെടുക്കാൻ. അതൊരു വല്ലാത്ത മോഹം തന്നെ. ഞാനും എന്റെ വഴിക്കു കുറെ ഓടിനടന്നു ശ്രമിച്ചു. സ്വച്ഛന്ദമൃത്യു എന്നൊന്നും ഞാൻ വരം ആവശ്യപ്പെട്ടില്ലെങ്കിലും, ജൈവികപിതാവായ കാലൻ എനിക്കു് വാക്കുതന്നു പാഞ്ചാലിയുൾപ്പെടെ എല്ലാ പാണ്ഡവരും നരകത്തിൽ എത്തിയശേഷമേ നിന്നെ സ്വർഗ്ഗരാജ്യത്തിലേക്കയക്കാൻ ഞാൻ സ്വർണരഥം അയക്കൂ എന്നാണവർ എന്നോടിന്നലെ പറഞ്ഞതു്. പിന്നെ വൈകിപ്പിച്ചില്ല, ‘വിട്ടുമാറാത്ത മനോവിഭ്രാന്തി’ക്കു് കിടത്തി ചികിത്സിക്കാൻ യുധിഷ്ഠിരനെ ‘ഉടലോടുകൂടി’ ഞങ്ങൾ ഏറ്റെടുത്തു!”
“പരിത്യാഗികളെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങൾക്കു് ഹിമാലയ താഴ്‌വരയിലെ ഈ മിതശീതോഷ്ണമേഖലയിൽ സുഖവാസം. അവനവൻ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം സംസ്കരിക്കുന്ന പണി പോലും പാഞ്ചാലിയെ കൊണ്ടു നിങ്ങൾ കുറ്റബോധമില്ലാതെ ചെയ്യിക്കുന്നു! ഇതൊക്കെ എവിടെ കേട്ട ന്യായമാണു്?” കൊട്ടാരം ലേഖിക ആശ്രമ കാര്യദർശിയോടു് ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലം “ഞങ്ങൾ ആരെന്നാണു് നിങ്ങൾ കരുതിയതു്? തൃഷ്ണ ത്യജിച്ചവരല്ലേ ഞങ്ങൾ? പരസ്ത്രീകളെ മാതാവായി ഞങ്ങൾ കരുതുന്നില്ലേ? അസത്യം പറയാൻ ഞങ്ങൾക്കു് നാവു് ചലിക്കുമോ? ഞങ്ങൾ ധനം ആഗ്രഹിക്കുമോ? ഭൌതിക വസ്തുക്കളോടുളള മോഹമാകുന്ന മായയിൽ ഞങ്ങൾ അകപ്പെടുമോ? അതാണു് സർവ്വസംഗപരിത്യാഗി! സന്യസ്ഥആശ്രമ സമുച്ചയത്തിലെ ശുചി മുറിമാലിന്യങ്ങൾ നീക്കാൻ നിയോഗം പാഞ്ചാലിക്കാണു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി ആയിരുന്നു എന്ന കൊടിവച്ച അടയാളപ്പെടുത്തലൊന്നും കേട്ടു് ഞങ്ങൾ കുലുങ്ങില്ല. ആരുടെ തോളിലും മാറാപ്പു വീഴാൻ മാളിക തടസ്സമല്ല. പ്രപഞ്ചദുരൂഹതയെ കുറിച്ചു് പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു കരാറുണ്ടു്—ആശ്രമ സംരക്ഷകനായ ദുര്യോധനനുമായി. മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ഉറക്കെ ചിന്തിക്കുമ്പോഴും, നിങ്ങളുടെ മൂന്നാംകണ്ണു് പാണ്ഡവ വസതിയിലേക്കായിരിക്കണം എന്നവൻ ഞങ്ങളെ ഓർമ്മിപ്പിച്ചു. നോട്ടം തെറ്റിയാൽ പാണ്ഡവർ കുരുവംശ തൽസ്ഥിതിയെ ഒറ്റു കൊടുക്കും—അതാണവൻ പ്രവചന സ്വരത്തിൽ താക്കീതായി ഞങ്ങളോടു് പറഞ്ഞതു് അതു് ഞങ്ങൾ പാലിക്കും.”
“കരിമ്പു് പാടത്തു് ഞങ്ങളുടെ കൊച്ചുമക്കൾ പാടുപെട്ടു് പൊക്കി, അഞ്ചു കൊടും ഭീകരരെ! അവരിൽ, മതികെട്ടുറങ്ങിയ അഞ്ചിലൊരുത്തന്റെ ശരീരഭാരം സഹിക്കാനാവാതെ വടംകെട്ടി വലിക്കേണ്ടിവന്നു! പഴകിയ മാംസം വഴിയമ്പലത്തിൽനിന്നും തട്ടിയെടുത്തതു് വാരിക്കോരി കൊടുത്തു അഞ്ചുപേരെയും ഒരു വിധം ‘തളച്ചിരിക്ക’ യാണു്”, ഹസ്തിനപുരിക്കുവേണ്ടി എന്തോ ത്യാഗം ചെയ്ത മട്ടിൽ, പാരിതോഷികത്തിനായി, ഗ്രാമതത്തലവൻ ഗോപുരവാതിലിൽ നിന്ന കൊട്ടാര സർവാധികാരിയെ വിവരം അറിയിച്ചു.
“അവരെ തുറന്നുവിടൂ മനുഷ്യാ! ധമനികളിൽ ഒഴുകുന്ന രക്തത്തിൽ പങ്കാളിയല്ലെങ്കിലും, വംശീയമായി ഞങ്ങൾക്കു് അടുപ്പമുണ്ടു്. അഭിവന്ദ്യവ്യാസൻ എഴുതാൻ തുടങ്ങിയ പോലെ പോകട്ടെ അവരുടെ ഇനിയുള്ള ഐതിഹാസികജീവിതവും. വമ്പിച്ച സഖ്യകക്ഷിസൈന്യവുമായി കുരുക്ഷേത്ര വഴി പടയോട്ടത്തിലൂടെ ഞങ്ങളെ തോല്പ്പിക്കും എന്നു് എല്ലാവരും ന്യായമായും കരുതിയ ഈ നീണ്ടകാല കുടുംബശത്രുക്കൾ അഞ്ചുപേരും, ഒരു നേരത്തെ അന്നം തേടിയാണോ ഇക്കണ്ട ദൂരമൊക്കെ വിരാടത്തിൽ നിന്നു് വലിഞ്ഞുനടന്നു നമ്മുടെ അതിർത്തിഗ്രാമത്തിൽ നുഴഞ്ഞു കയറിയതു്? ഇനി കൗരവരുടെ പരിരക്ഷയിൽ വേണം അവരഞ്ചുപേരെയും വിരാടയിലെ ഉപപ്ലാവ്യ സൈനിക പാളയത്തിൽ എത്തിക്കാൻ. ചാരപ്രവർത്തനത്തിനു ഒന്നോ രണ്ടോ പേരെ ഹസ്തിനപുരിയിലേക്കു അയക്കാതെ, അഞ്ചു പേരും മാരകായുധങ്ങളുമായി രണ്ടും കൽപ്പിച്ചു ഇറങ്ങിതിരിച്ചെങ്കിൽ, ഇത്തവണ അവർക്കുവേണ്ടതു് അരമനരഹസ്യമല്ല. അരമന തന്നെ! പക്ഷേ, വ്യാസനെ ഞങ്ങൾ നിരാശപ്പെടുത്തരുതല്ലോ. പിതാമഹൻ കൂടിയല്ലേ!”
“പ്രണയഭരിതമാണു് പാണ്ഡവഹൃദയങ്ങളെങ്കിലും, പാഞ്ചാലി ഹൃദയരാഹിത്യത്തോടെയാണു് പ്രതികരിക്കുന്നതെന്നവർ എപ്പോൾ കണ്ടാലും നൊമ്പരപ്പെടുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. കുടിയേറ്റക്കാലം. രാജസൂയഭാവി ശോഭനമാക്കാൻ, യുധിഷ്ഠിരൻ ഭാര്യയുടെ വ്യക്തിഗതപ്രതിബദ്ധത ആവശ്യപ്പെടുന്ന സംഘർഷദിനങ്ങൾ.
“ഉച്ചരിക്കുന്ന വെറുംവാക്കു കൊണ്ടവർ വ്യർഥമായി വിനിമയം ചെയ്യുന്ന പ്രണയം, പ്രത്യക്ഷത്തിലതു് കള്ളനാണയമെന്നു ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പെണ്ണിനു എളുപ്പമല്ലേ? ആകർഷകമെന്നവർ വിഭാവന ചെയ്യുന്ന പെണ്ണുടലിൽ, ആണധികാരം സ്ഥാപിച്ചുകിട്ടാൻ, കുന്തിയുടെയും മാദ്രിയുടെയും മക്കൾ വ്യത്യസ്ത രീതികളിൽ എന്റെ അരഞ്ഞാണത്തിൽ പ്രണയകുരുക്കിടാൻ ശ്രമിക്കുമ്പോൾ, ഞാൻ രതിസാമ്രാജ്യത്തിലെ കിടപ്പറശരിപെരുമാറ്റത്തിൽ സൗകര്യപൂർവ്വം ഇരചമയാറുണ്ടു്. പരീക്ഷണ സുരതത്തിൽ അവർക്കതൊന്നും പോരാ. ഞാനവരെ നിബന്ധനയില്ലാതെ പ്രണയിക്കുന്നുണ്ടു് എന്നതവരോടെന്റെ ആയുഷ്കാലവിധേയത്വത്തിനുള്ള പൂർണ്ണസമ്മതപത്രം തേടലാണു്. അതൊരു സ്ത്രീവിരുദ്ധസമീപനമെന്നൊന്നും എനിക്കാക്ഷേപമില്ല. സ്വീകാര്യമല്ലെന്ന സൂചന കൊടുക്കും അപ്പോൾ, പാവം, പാണ്ഡവ കരളുകൾ നോവും!”, പൊട്ടിച്ചിരിച്ചുകൊണ്ടു് മുടികെട്ടഴിച്ചു.
“അന്ധരാജാവിനെ അധികാരത്തിൽനിന്നും ഇറക്കാൻ, കുന്തിയുടെ പദവിമോഹികളായ മക്കൾക്കുവേണ്ടി, അഞ്ചുആൺമക്കളെ കുരുക്ഷേത്രയിൽ ബലികൊടുക്കേണ്ടിവന്ന ഹതഭാഗ്യയാണുഞാൻ എന്നൊരു പുത്രനഷ്ടവിലാപത്തിലാണല്ലോ പുതിയ മഹാറാണി പാഞ്ചാലി. പോർക്കളത്തിൽകണ്ട ഭീകരമായ ഹിംസ, പാണ്ഡവരിൽ ചെറുപ്പം മുതൽ കുത്തിനിറച്ചതു കുന്തിയാണെന്നവൾ വിരൽ ചൂണ്ടുന്നു. എങ്ങനെ പ്രതികരിക്കും പുത്രവധുവിന്റെ ആരോപണം?”, കൊട്ടാരം ലേഖിക, മുൻമഹാറാണിയും പാണ്ഡുവിധവയുമായ കുന്തിയോടു് ചോദിച്ചു.
“അവളല്ലേ ഈ പറയുന്ന കൊടിയഹിംസയുടെ മുഖ്യഗുണഭോക്താവു്? കേശപരിപാലനത്തിനു ഉത്തമമെന്നവൾ നിഷ്കർഷിച്ച കൗരവചോര ചൂടാറാതെ കൈക്കുമ്പിളിൽ കോരി, പാവംഭീമൻ എത്തിച്ചില്ലേ. കഴിവുകെട്ട സേനാപതിയെന്ന പഴി ദുര്യോധനനിൽനിന്നും കേട്ടിട്ടും, ഒരു പാണ്ഡവതലപോലും പോർക്കളത്തിൽ ഉരുട്ടാതെ പിതാമഹൻ പത്താം നാൾ ശരശയ്യയിൽ ഒടിഞ്ഞു കുത്തി വീണില്ലേ. പാഞ്ചാലിയെ ഹസ്തിനപുരി റാണിയാക്കാൻ നൂറുകൗരവരാജവധുക്കളെ ഒരുതരി ഖേദപ്രകടനം അവൾ ചെയ്യാതെ പാണ്ഡവർ വിധവകളാക്കിയില്ലേ, എന്നിട്ടും മോങ്ങുന്നോ പാഞ്ചാലി! വളർത്തിവലുതാക്കാൻ ഇഷ്ടമില്ലാതെ, നാമമാത്രമായി പ്രസവിച്ച അഞ്ചുആൺകുട്ടികളെ, എങ്ങനെയെങ്കിലും വളരാൻ പാഞ്ചാലയിലേക്കയച്ച ‘സ്നേഹനിധിയായ’ മാതാവാണോ, മക്കളുടെ മരണത്തിൽ ദുഃഖം ആചരിക്കുന്ന നടിപ്പുറാണി പാഞ്ചാലി? കുരുവംശസിംഹാസനം നിറയെ കൗരവചോരയെങ്കിൽ, അവൾ സ്ഥാനത്യാഗം ചെയ്യട്ടെ, പരീക്ഷിത്തിനെ കിരീടാവകാശിയാക്കട്ടെ അവനു പ്രായപൂർത്തിയാകുംവരെ, ഭർത്താവു മരിച്ചിട്ടില്ലാത്ത സുഭദ്ര ആവട്ടെ പുതിയ റാണിയും രാജമാതാവും!”
“കൗന്തേയർ മൂന്നുപേരും പരസ്പരം കാര്യം പറഞ്ഞു വെല്ലുവിളിച്ചും, അവഗണിച്ചും, ഇടഞ്ഞു മൗനം പാലിച്ചുമാണു് തുറന്നു ഇടപഴകുന്നതെങ്കിൽ, മാദ്രെയർ നകുലനും സഹദേവനും, ഒരുപാടൊരുപാടു് എന്നിൽനിന്നും ഒളിച്ചുവക്കുന്നുണ്ടല്ലോ, അതും നിസ്സാര പാണ്ഡവകുടുംബകാര്യങ്ങൾ ചോദിച്ചറിയുമ്പോൾ! എങ്ങനെ വായിച്ചെടുക്കണം, വംശീയ പെരുമാറ്റവ്യത്യാസം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥാനത്തിൽ കുടിയേറ്റക്കാലം.
“ബഹുഭർത്തൃത്വത്തിൽ ഞാനവർക്കു് അഞ്ചിലൊന്നുവീതം കലർപ്പില്ലാത്ത ആനന്ദം കൊടുക്കാൻ പൊതുധാരണയനുസരിച്ചു ബാധ്യസ്ഥയാണെങ്കിലും, ഇളമുറ മാദ്രീകുട്ടികൾക്കുണ്ടു് എന്നോടു് ചെറുതല്ലാത്ത പരിഭവം. അവരുടെ ന്യായമായ രതിവിഹിതം കൗന്തേയർ എന്നിൽനിന്നും അന്യായമായി തട്ടിയെടുക്കുന്നു എന്നതിനാണു് ഞാനൊരു സുസ്ഥിരപരിഹാരം പ്രതീക്ഷിക്കുന്നതു്. രാജസൂയയാഗം ചെയ്യണമെങ്കിൽ, ഭീമഹസ്തം കൊണ്ടേ പ്രതിയോഗി ജരാസന്ധനെ വധിക്കാനാവൂ എന്ന തിരിച്ചറിവിൽ ഞാൻ വഴിമുട്ടി. നകുലനും സഹദേവനും പ്രത്യേക ഇളവനുവദിച്ചാൽ, ഭീമൻ എന്നോടു് പിണങ്ങും അതോടെ തീരും, യാഗംകഴിഞ്ഞു എനിക്കവകാശപ്പെട്ട റാണിപദവി എന്ന മോഹം. വെറും റാണിയല്ല, ഹസ്തിനപുരിക്കും പാഞ്ചാലിക്കും മേൽ അധീശത്വമുള്ള രാജസൂയചക്രവർത്തിനീപദവി. പക്ഷേ, ഞാൻ നിസ്സഹായ!”
“പുതുഭരണകൂടത്തിൽ മന്ത്രിപദവി പ്രതീക്ഷിക്കാവുന്ന യുദ്ധ നായകനെന്താണിപ്പോൾ, തേച്ചുമിനുക്കിയ മടവാളുമായി?”, കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടയ്ക്കകം ഊട്ടുപുരയുടെ പിന്നിൽ, വളർത്തുമൃഗങ്ങളെ അറക്കുന്ന പരുക്കൻതറയിൽ ആയിരുന്നു പോരാട്ട നായകൻ.
“കുറച്ചുകഴിഴുയോൾ, കറവവറ്റിയ മാടുകളുമായി കർഷകർ ഒന്നൊന്നായി ഇവിടെ വരും. കൊട്ടാരം മാംസോൽപ്പാദനത്തിന്റെ സ്ഥിരം അറവുകാരെ മുഴുവൻ മുന്തിയവേതനത്തിൽ സൈനികപാളയത്തിലെ ഊട്ടുപുരമാംസനിർമ്മാതാക്കളാക്കിയിരുന്നു. നാൽക്കാലികളെ നിത്യവും നൂറുകണക്കിനു് കശാപ്പുചെയ്തു കഴിഞ്ഞപ്പോൾ അറവുകാരെ ‘അഴിഞ്ഞാടാൻ’ പോർക്കളത്തിലേക്കുവിട്ടു. സൈനികപരിശീലനം ഒന്നും ജീവിതത്തിൽ നേടാത്ത അറവുകാർ എതിർഭാഗത്തു കണ്ടതു്, അറവുകത്തിക്കു മുമ്പിൽ പതിവുപോലെ തലകുനിച്ചു നിൽക്കുന്ന ബലിമൃഗങ്ങളെ അല്ല, ശത്രുതലവെട്ടാൻവാളോങ്ങുന്ന എതിർപക്ഷ സൈന്യത്തെ! രാജകുടുംബങ്ങൾക്കു നൊട്ടിനുണയാൻ മാംസാഹാരം കിട്ടണമെങ്കിൽ, അതിനും വേണം മടവാളുമായി അറവുവേഷത്തിൽ ഈ ഞാൻ!”
ആദ്യം മുമ്പിൽ വന്ന നാൽക്കാലിയുടെ കഴുത്തിൽ കത്തിവക്കുമ്പോൾ അവന്റെ മുഖത്തു പഴയ പോരാട്ടവീര്യം നിഴലിച്ചു. മറ്റുള്ളവർ കൈകൊട്ടി പ്രോത്സാഹിപ്പിച്ചു. അറവുശാലയിൽ പ്രണയിനിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
“നിങ്ങൾ, നിങ്ങൾതന്നെയല്ലേ പത്തുവർഷംമുമ്പു് നാടുകടത്തപ്പെട്ട കുപ്രസിദ്ധ സ്ത്രീപീഡനപ്രതി ധൃതരാഷ്ട്രർ മകൻ ദുശ്ശാസനൻ?”, കൊട്ടാരം ലേഖിക മുന്നിൽ നിൽക്കുന്ന താടിക്കാരനോടു് വാപൊത്തി ചോദിച്ചു. ഗംഗാതീരം സന്ധ്യ.
“ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന ദുഷ്ടകഥാപാത്രം ദുശ്ശാസനനെ കൊന്നുകളഞ്ഞെന്നു് ലോകത്തോടു് ഈ പുണ്യനദീതീരത്തു ഞാൻ തുറന്നുപറയട്ടെ. ചൂതാട്ടസഭയിലെ പഴയ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിനു് സത്യസന്ധമായ വേറെ മറുപടി ഇല്ല. നിങ്ങളുടെ മനസ്സിൽ മോശക്കാരനായ ദുശ്ശാസനൻ ഉണ്ടു്, സമ്മതിച്ചു. ശിക്ഷയുടെ ഭാഗമായി ഞാൻ ഏറ്റെടുത്ത ദശാബ്ദക്കാല തീർഥയാത്രയിൽ ആ പീഡകനെ പുണ്യനദിയിൽ മുക്കി, ശരിക്കും! നീരൊഴുക്കിൽ അപാരതയിലേക്കു ഒലിച്ചുപോയ വ്യർത്ഥജഡം ഇപ്പോൾ മനസ്സിൽ ഇല്ല. അയാൾ എന്നെന്നേക്കുമായി ലോകംവിട്ടു് പോയി. നിങ്ങൾ കാണുന്ന ഈ സാത്വിക വ്യക്തി അയാൾ വസ്ത്രാക്ഷേപ പരാതിയിൽ ശിക്ഷിക്കപ്പെട്ട ദുശ്ശാസനനല്ല. നിയമപരമായും ധാർമികമായും സാധുതയുള്ള ഈ ഏറ്റുപറച്ചിലിൽ നിങ്ങൾ അശേഷം ആശ്ചര്യപ്പെടരുതു്. അവതാര ജന്മങ്ങൾ അങ്ങനെയാണു്. ഔപചാരികമായി മരിക്കാതെ തന്നെ, ചോരക്കറയുള്ള പഴയ ഉടുതുണി വലിച്ചൂരിക്കളയുന്ന പോലെ, ഉടലുപേക്ഷിച്ചു നവവ്യക്തിത്വം സ്വീകരിക്കും എന്നു് പ്രവചനസ്വഭാവമുള്ള കൃപാചാര്യൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു വ്യക്തമായി. അടുത്ത ചോദ്യം പാഞ്ചാലിയുടെ വനവാസത്തെക്കുറിച്ചല്ലേ? അവളെ വരാനിരിക്കുന്ന അജ്ഞാതവാസക്കാലത്തു കയ്യോടെ പിടിച്ചോളാം. പോവാനിടയുള്ള രാജ്യത്തിലെ യുവസേനാപതിയെ പുണ്യഭൂമിയിൽ കണ്ടു പരിചയപ്പെട്ടു. എന്റെ മുൻജന്മം പോലെ ഒരു പാഴ് പുരുഷൻ! കീചകൻ എന്ന വൻ സ്വത്വം വെളിപ്പെടുത്തി. ഹൃദയം തുറന്നു ഞങ്ങൾ പുഴവക്കത്തിരുന്നു, നിലാവുള്ള ആ രാത്രിയിൽ, സംസാരിച്ചു. അവനിൽ എനിക്കു് മതിപ്പുണ്ടു്. എന്നെ കുറ്റവാളിയാക്കിയ പാഞ്ചാലിക്കു, പ്രലോഭനത്തിൽ വേണ്ട തുടർരതിവിദ്യാഭ്യാസം അവൻ കൊടുക്കും. അതാണു് ഞാൻ പറഞ്ഞതു്, ലോകം എത്ര വലുതാണെങ്കിലും നന്മ കൂട്ടാവും!”
“ദുശ്ശള നിങ്ങൾക്കെതിരെ കൊമ്പുകോർക്കുന്നതിൽ ദുഷ്ടലാക്കു് കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുവംശത്തിന്റെ സ്ഥാവരജംഗമ സ്വത്തു വീതംവച്ചു് പാണ്ഡവർക്കു് നേർപാതി കൊടുക്കണമെന്ന നിവേദനം ധൃതരാഷ്ട്രർക്കു് യുധിഷ്ഠിരൻ കൈമാറിയതു് ഹസ്തിനപുരിയിൽ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച അശാന്തദിനങ്ങൾ.
“രാജമാതാ സത്യവതിയുടെ ശ്രമത്തിൽ നിലവിൽ വന്ന മൂല്യങ്ങളെ തകർത്തു വംശീയാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കണമെന്ന പാണ്ഡവരുടെ അന്യായമായ നിവേദനം ചവറ്റുകൊട്ടയിൽ എറിയണം എന്നല്ലേ ഹസ്തിനപുരി വനിതാവകാശസമിതി അധ്യക്ഷയെന്ന ഭരണഘടനാപദവി വഹിക്കുന്ന സൈന്ധവ റാണി ദുശ്ശള പറഞ്ഞുള്ളു? അതിൽ ദുഷ്ടലാക്കുകാണുന്ന നിങ്ങൾക്കാണു് കഴുകൻകണ്ണു്! നിങ്ങളെപ്പോലുള്ള ഇരുട്ടിന്റെ ശക്തികളാണു് ഈ സ്വതന്ത്രസമൂഹത്തിന്റെ ചിതൽ! കിരീടാവകാശിയെന്ന നിലയിൽ കൂടുതൽ പറഞ്ഞാൽ അവകാശലംഘനം എന്ന അപരാധമായി മാറും. തിന്മയുടെ മൂർത്തി ആയി കുന്തിയെ കൗരവരാജസ്ത്രീകൾ അടയാളപ്പെടുത്തിക്കഴിഞ്ഞു. വേനൽക്കാല സുഖവാസകേന്ദ്രമായിരുന്ന വാരണാവതം കൊട്ടാരം, കുന്തി തീവച്ചതിൽ ആയിരുന്നില്ല കൗരവവധുക്കളുടെ കരൾ നൊന്തതു്, പാണ്ഡവർ മരിച്ചു എന്ന വ്യാജതെളിവു് നിർമ്മിക്കാൻ ആറംഗ ആദിവാസികുടുംബത്തെ കുന്തി ചതിച്ചു ചുട്ടെരിച്ചതിൽ അവർക്കെതിരെ നടപടി എടുക്കാൻ സാധിക്കാത്തതിൽ ആണു്. കിരീടാവകാശിക്കു പരിമിതിയുമുണ്ടാവാം എന്നാൽ കിരീടം കിട്ടിയാൽ കൗരവർ ആരെന്നു കുന്തി മനസ്സിലാക്കും”
“കാര്യക്ഷമതയില്ലാത്ത ‘പോർക്കള പ്രമാണി’യെ വലിച്ചുനീക്കി, വേണ്ടിവന്നാൽ ഗുരുദ്രോണരെ മൊത്തം കൗരവസഖ്യകക്ഷി സൈന്യത്തിന്റെ സർവ്വസൈന്യാധിപ സ്വതന്ത്രചുമതല ഏൽപ്പിക്കുമെന്നു കിരീടാവകാശി ദുര്യോധനൻ ഊട്ടുപുരയിൽ വികാരഭരിതനായി വെല്ലുവിളി പങ്കിടുന്നല്ലോ. എങ്ങനെ നേരിടും നിങ്ങളുടെ നീണ്ട പൊതുജീവിതത്തിനു, അന്ത്യയാമങ്ങളിൽ പേരുദോഷംവരുത്തുന്ന ഈ പോർക്കളഭീഷണി?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. ഒമ്പതുദിവസം ആവേശത്തോടെ ഓടിനടന്നു വാൾവീശിയിട്ടും ഒരു പാണ്ഡവകഴുത്തിൽ പോലും മാരകമായി മുറിവേൽപ്പിക്കാൻ ഭീഷ്മർക്കായില്ലെന്നു കൗരവർ തുറന്നു നീരസപ്പെടുന്ന ദിനം
“സ്വയംപ്രഖ്യാപിത കുരുവംശാധീപന്റെ ഏകപക്ഷീയമായ തീരുമാനം സേനാപതി അംഗീകരിക്കുന്നുവെന്നു് ‘വെല്ലുവിളി’ക്കാരോടു് വിനീതമായി ഞാൻ പറയട്ടെ. ദുര്യോധനതീരുമാനത്തിൽ എനിക്കു് പരാതിയില്ല. കുരുക്ഷേത്രഭൂമിയുടെ വലിപ്പമാണു് എന്റെ പോരാട്ട വലിപ്പം എന്നു് പ്രിയമാതാവു് ഗംഗ ഇന്നലെ രാത്രി സ്വപ്നദർശനത്തിൽ എന്നെ സാന്ത്വനിപ്പിച്ചതു് അപ്പോൾ അർഥഗർഭമായാണു്, വെറുതെയല്ല! ആരുടെ മുമ്പിലും തലകുനിക്കാതെ കേറിക്കിടക്കാൻ സ്വന്തമായി എനിക്കൊരു ഇടമുണ്ടു്—ശരശയ്യ! യുവതയിൽ എന്റെ ചില അന്യായകൂരമ്പുകളാൽ കാശിരാജ സ്വയംവരസഭയിൽ നടുവൊടിഞ്ഞുവീണ രാജകുമാരന്മാർ എനിക്കായി എന്നോ പണിതുവച്ച പ്രതികാര കുടീരം.”
“ദൃശ്യാവിഷ്കാരം ചെയ്തതു് നിങ്ങളല്ലേ? കീചകനെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന രാജതോഴിസൈരന്ധ്രിയുടെ മുഖത്തിനു മഹാറാണിപാഞ്ചാലിയുടെ മുഖത്തിനോടു് സാമ്യമുണ്ടെന്ന ആരോപണം എങ്ങനെ നേരിടും?”, “കരിമ്പട്ടികയിൽ പേരു ചേർത്താൽ തീർന്നില്ലേ കലാസപര്യ!”, കൊട്ടാരം ലേഖിക ചോദിച്ചു
“കീചകനെ ജീവനോടെയോ ജഡമായൊ ഞാൻ കണ്ടിട്ടില്ല, റാണിപാഞ്ചാലിയെ ദൂരെനിന്നുകണ്ട പരിചയമേ ഉള്ളൂ, വിരാട രാജ്യത്തിലെ, ജാതിയിൽ താണ യുവസേനാപതി കീചകന്റെ ദുർമരണം വായിച്ചറിഞ്ഞപ്പോൾ ഉള്ളുലച്ചിരുന്നു. നവജാതശിശുക്കളെ പുഴയിൽ മുക്കിക്കൊല്ലുന്ന പാരമ്പര്യമുണ്ടു്, മഹാരാജാവു് ശന്തനുവിനോളം നീളുന്ന കുരുവംശ‘ഖ്യാതി’ക്കു്. എന്നിട്ടും, തീവ്ര പ്രണയത്താൽ ചിന്താശക്തി നഷ്ടപ്പെട്ട കീചകനെ മനോവിഭ്രാന്തിയുള്ളൊരു പാണ്ഡവൻ ചതിച്ചു കൊന്നു എന്നു് കേട്ടപ്പോൾ, അങ്ങനെയല്ല, ഇതിനുപിന്നിലൊരു ‘പെൺപാപ’മുണ്ടെന്നു എന്റെ അന്തഃരംഗം ശബ്ദിച്ചു. കലാകാരനല്ലേ, അതു് കേൾക്കേണ്ടേ? കേട്ടു. കൊലചെയ്യുന്നതു മന്ദബുദ്ധിപാണ്ഡവനല്ല, കൂർത്ത വിരൽനഖങ്ങൾ ഉള്ള സൈരന്ധ്രിയാണു് എന്ന തിരിച്ചറിവിൽ ചെയ്ത ദൃശ്യാവിഷ്കാരം കരഘോഷത്തോടെ ആസ്വദിച്ചതു് കൗരവരാജവിധവകൾ ആയിരുന്നല്ലോ. വിപ്ലവത്തിലൂടെ അധികാരത്തിൽ കയറിയ യുധിഷ്ഠിരഭരണകൂട സംസ്കാരത്തിൽ, പ്രതിപക്ഷത്തിരിക്കുന്നവരുടെ ആസ്വാദന വികാരത്തിനെന്താ ഒരു വിലക്കുറവു്!”
“ഈ പരിമിതഭൗതികസാഹചര്യത്തിലായിരുന്നോ നിങ്ങൾ രണ്ടു യുവതികൾ, ഗർഭധാരണം, പ്രസവം, നവജാതശിശുപരിപാലനം എന്നിങ്ങനെ കൊട്ടാരഅന്തഃപുരത്തിൽപോലും ഭീതി ഉയർത്തുന്ന വിധം വെല്ലുവിളിനിറഞ്ഞ ജൈവികാവസ്ഥകളിലൂടെ അഞ്ചുസുന്ദരന്മാരെ പോറലേൽപ്പിക്കാതെ തീരത്തെത്തിച്ചതു്!”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡു മരിക്കും മുമ്പു് ആദ്യമായി, കാടുകയറി അവരുടെ ആശ്രമം സന്ദർശിച്ച നേരം
“വിവാഹത്തിനുമുമ്പു് രഹസ്യഗർഭത്തിലൂടെ പരസഹായമില്ലാതെ പെറ്റതും, നോവു് വിടുംമുമ്പു് പനംകുട്ടയിലാക്കി കുഞ്ഞിനെ സ്വയം നീരൊഴുക്കിൽ വിട്ടതും, കുട്ടികളില്ലാത്ത അതിരഥദമ്പതികൾ നോവേൽപ്പിക്കാതെ പൊന്നുപോലെ വളർത്തിയതും ശാബ്ദങ്ങൾ കഴിയുമ്പോൾ സ്ത്രീകൾ പഠിച്ചറിയട്ടെ. അതൊക്കെ വിഭാവന ചെയ്യുമ്പോൾ മാതൃത്വഅവകാശം യാഥാർഥ്യമാക്കാൻ രണ്ടു ഒരുമ്പെട്ടപെണ്ണുങ്ങൾ വൈവിധ്യസ്രോതസ്സുകളിൽനിന്നും ബീജസംഭരണത്തിലൂടെ ഗർഭം ധരിച്ചു പാരസ്പര്യത്തിലൂടെ ഒരു വിധം ശിശുരക്ഷയിലേക്കെത്തിച്ചു എന്നതൊക്കെ അത്ര വലിയ കാര്യമാണോ? നിങ്ങൾ ശരിക്കും വിസ്മയിക്കേണ്ടതു് അഞ്ചു സന്തതികളെക്കുറിച്ചല്ല, മഹാറാണി ഗാന്ധാരിയുടെ അമാനുഷ പ്രസവങ്ങളെക്കുറിച്ചാണു്. രാപ്പകൽ കണ്ണുകെട്ടി കാഴ്ച സ്വയം നിഷേധിച്ച വനിത നൂറുപെറ്റു എന്നതല്ലേ വിശ്വപ്രകൃതിയെ വെല്ലുവിളിക്കുന്ന വിധം ആ വീരാംഗനയെ വിസ്മയകഥാപാത്രമാക്കുന്നതു്!”
“ഭർത്താക്കന്മാരെ പ്രതിരോധ കവചമാക്കി, തന്നിഷ്ടക്കാരിയായ ഒരു സ്ത്രീ ചെയ്യുന്ന തോന്നിവാസമാണിപ്പോൾ പാണ്ഡവവംശത്തിൽ കാണുന്നതെന്ന കിരീടാവകാശി പരീക്ഷിത്തിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. “അരങ്ങേറ്റ മൈതാനത്തെ ഇളക്കിമറിച്ച കന്നിപ്രഭാഷണത്തിൽ ആരെയും പേരു് പറഞ്ഞു പരിഹസിക്കുന്നില്ലെങ്കിലും, കൊട്ടു് കൊള്ളേണ്ടവർക്കെല്ലാം കിട്ടി എന്ന ബോധ്യമുണ്ടോ?”
“പരീക്ഷിത്തു് നിത്യവും ‘വളർന്നു കൊണ്ടേയിരിക്ക’യാണെന്നു അഭിമന്യുവിധവ ഉത്തര പറഞ്ഞതു് എത്ര ശരി! കൗരവരാജ വിധവകുടുംബത്തിൽ നിന്നൊരു വധുവിനെ തേടി, ഇപ്പോൾ വംശീയമായി വിഭജിച്ചുകിടക്കുന്ന കൗരവപാണ്ഡവ കുടുംബങ്ങളുടെ ജനിതകഏകീകരണം അതുവഴി പ്രകൃതികനിഞ്ഞു, കഴിയുമെങ്കിൽ ഒരു തുള്ളി ചോരയൊഴുക്കാതെ, ഞങ്ങൾ ഹസ്തിനപുരിരാജധാനിയിൽനിന്നും സ്വയം ഇടമൊഴിഞ്ഞവർക്കു് ചെങ്കോൽ കൊടുക്കാം” എഴുനേറ്റു നിൽക്കാൻ ഉശിരില്ലാതെ, ഇരുന്നിടത്തു കുനിഞ്ഞുപോയ യുധിഷ്ഠിരൻ ശ്രമപ്പെട്ടു, സംസാരിക്കുമ്പോൾ, ശബ്ദം അവ്യക്തമായി. മറ്റു നാലു് പാണ്ഡവർ അശക്തരായി മുഖം താഴ്ത്തി കണ്ണടച്ചു. വയോജനപാണ്ഡവരുടെ കാലികപ്രസക്തിയെക്കുറിച്ചുയർന്ന ദുസ്സംശയങ്ങൾ തളർത്തിയ മഹാറാണി പാഞ്ചാലിയുടെ നോട്ടം അയഞ്ഞു. ജാലകത്തിന്നപ്പുറത്തു മുഖംമൂടിയുമായി കിരീടാവകാശി ചെവികൂർപ്പിച്ചു.
“ഭാര്യയോടു് ദേശദേശാന്തര യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന പതിവുണ്ടോ?”, ഇടയ്ക്കിടെ ഒന്നുംരണ്ടും പറഞ്ഞു പാഞ്ചാലിയോടു് പിണങ്ങി, പടിയിറങ്ങിപ്പോവുന്ന പതിവു് ഇത്തവണയും കണ്ടപ്പോൾ കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ഒറ്റയ്ക്കു് വിശ്രമിക്കുമ്പോഴും വിശ്രുതസംശയരോഗിയുടെ കയ്യിൽ ‘ദിവ്യാസ്ത്രം’ ഉണ്ടായിരുന്നു.
“വേദനയോടെ നിങ്ങളോടു് തുറന്നു പറയട്ടെ, ജൈവികപിതാവു് ഇന്ദ്രൻ എന്നെ അതിഥിയായി പറുദീസയിൽ വിരുന്നിനു കൊണ്ടു് പോയതും, ഇന്ദ്രകാമുകി ഉർവ്വശിയുമായി വഴിവിട്ടു പ്രണയത്തിൽ ആയതും, അവളുടെ ധാർഷ്ട്യം നിറഞ്ഞ രതിനിർദേശം തിരസ്കരിച്ചപ്പോൾ കുപിതയായി അവൾ എന്നെ ശപിച്ചതും ഒക്കെ ഞാൻ വിശദമായി അവതരിപ്പിച്ചിട്ടും പാഞ്ചാലി കുലുങ്ങിയില്ല. എന്നുമാത്രമല്ല ഒച്ചയില്ലാതെ പുഞ്ചിരിച്ചു എഴുനേറ്റുപോയി. അവളുമൊത്തു പായക്കൂട്ടിൽ എന്റെ ഷണ്ഡത്വം എന്നതവളുടെ മിഥ്യാധാരണയെന്നു ന്യായീകരിക്കാൻ മെനഞ്ഞെടുത്തൊരു കെട്ടുകഥയെന്നവൾ മറ്റുപാണ്ഡവരുടെ സാന്നിധ്യത്തിൽ പറഞ്ഞെന്നും കേട്ടു. പന്ത്രണ്ടുവർഷവനവാസം കാട്ടിലും സ്വർഗ്ഗത്തിലുമൊക്കെയായി അങ്ങനെ കഴിഞ്ഞു, വിരാടത്തിൽ ഞങ്ങൾ അജ്ഞാതവാസം തുടങ്ങുമ്പോൾ, ഉത്തരരാജകുമാരിയുടെ അന്തഃപുരത്തിൽ സുരക്ഷിതമായി കഴിയാൻ ഉർവ്വശിശാപത്താൽ ലിംഗപരിമിതനായ എനിക്കൊരു ജൈവികഅനുഗ്രഹമായപ്പോഴാണു്, സ്വർഗ്ഗ രാജ്യപ്രണയം സംശയാസ്പദമെങ്കിലും, ഉർവ്വശീശാപം ഉപകാരമാവുന്നൊരു അപൂർവ്വ സാഹചര്യമെന്നവൾ പറുദീസായാത്രയെ അർധമനസ്സോടെ അംഗീകരിച്ചതു്. വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും സ്വർഗ്ഗയാത്രാനുഭവങ്ങൾ കേൾക്കാൻ എന്തു് തിരക്കായിരുന്നു എന്നോ!”
ജാലകത്തിന്നപ്പുറത്തു പാണ്ഡവർ പാഞ്ചാലിയുമായി സാർത്ഥകമായ കൺചലനങ്ങളിലൂടെ “അർജ്ജുനവിഷാദം അതിരുവിട്ടു” എന്നറിയിക്കുന്നതു കൊട്ടാരം ലേഖിക വേദനയോടെ കണ്ടു.
“പോരാട്ടത്തിന്റെ പ്രഖ്യാപിത സമയത്തിനുശേഷം, ജലാശയത്തിൽ ധ്യാനം ചെയ്യുകയായിരുന്ന അഭിവന്ദ്യദുര്യോധനനെ, ദുഷ്ടലാക്കോടുകൂടി, പിന്നിൽ പതുങ്ങിച്ചെന്നു മുടിപിടിച്ചുവലിച്ചു കരയിൽ കയറ്റി, ഗദകൊണ്ടു് തുടയിലടിച്ചു ചതിച്ചു കൊന്നു എന്നതാണല്ലോ ഭീമനെതിരെ പുതിയ സേനാപതി അശ്വത്ഥാമാവിന്റെ പരാതി. തർക്കങ്ങളിൽ വിധിപറയാൻ അധികാരപ്പെട്ട യുദ്ധനിർവ്വഹണ സമിതിയുടെ ഉടനടിവിചാരണയിൽ പാണ്ഡവപ്രതിരോധം കുറഞ്ഞാൽ, ഭീമൻ, പാവം, അഴിയെണ്ണുമോ ഇനിയുള്ള കാലം?”, കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര പാളയത്തിൽ പാണ്ഡവ സംഘം ലഘുപാനീയവുമായി നീർച്ചാലിന്നരികെ വിശ്രമിക്കുന്ന നേരം.
“കൗരവഭാഗത്തു ആകെ ജീവിച്ചിരിക്കുന്ന വ്യക്തി ചിരഞ്ജീവി എന്ന കപടപദവിയുള്ള അശ്വത്ഥാമാവല്ലേ? ആ പരാതിയുടെ വിശ്വാസ്യത സംശയാസ്പദമല്ലേ. മർദ്ദനത്തിൽ ദുര്യോധനനു് പരുക്കുണ്ടെങ്കിൽ തന്നെ തൊലിപ്പുറമേ മാത്രമല്ലെ. മൂർച്ചയുള്ള ആയുധമൊന്നുമായിരുന്നില്ലല്ലോ ഞെണുങ്ങിയ ഗദയല്ലേ, കൊലക്കുപയോഗിച്ചെന്നു പറയുന്ന ആയുധമൊന്നും ആരും വന്നു പിടിച്ചെടുത്തിട്ടില്ലല്ലോ. എല്ലാംകൂടി സ്വതന്ത്രമായി നോക്കിയാൽ, വീരചക്ര പുരസ്കാരത്താൽ അംഗീകരിക്കപ്പെടേണ്ട യുദ്ധമികവു് കേവലമൊരു ദുരുപദിഷ്ട പരാതിയാൽ റദ്ദു ചെയ്യപ്പെടുമെന്നു കരുതാൻ മാത്രം അശിക്ഷിതരാണോ, നിങ്ങൾ കൗരവകൂലിയെഴുത്തുകാർ?”
“ജനനം, ബാല്യകൗമാരങ്ങൾ അമ്മമാർക്കൊപ്പം കാട്ടിൽ, വാരണാ വതം കാട്ടിൽ അരക്കില്ലവാസം, വീടുതീയിട്ടു് ഒളിച്ചോട്ടക്കാലം, ഏകചക്രയിൽ അലച്ചിൽ കാലം, ഖാണ്ഡവപ്രസ്ഥം കുടിയേറ്റക്കാലം, ചൂതാട്ടത്തിനുശേഷം വ്യാഴവട്ടക്കാല വനവാസം ഇപ്പോൾ മഹാപ്രസ്ഥാനം—ജീവിതത്തിൽ ഇത്രയധികം കാലം ജനവാസ മേഖലയിൽനിന്നകന്നു കഴിഞ്ഞിട്ടും, നിങ്ങളിൽ ഒരാൾ പോലും ഒരു വന്യജീവിയുടെ കടിയേറ്റു എന്നൊരു ദുഃഖ വാർത്ത അക്കാലത്തു പുറത്തുവന്നിട്ടില്ല. എങ്ങനെ ഉറപ്പാക്കി പഴുതടച്ച ഈ സുരക്ഷിത കാനനവഴി?” കൊട്ടാരം ലേഖിക ചോദിച്ചു. വാനപ്രസ്ഥത്തിൽ സഹദേവൻ ഒരു കോണിൽ മറ്റുനാലുപേരിൽ നിന്നും മാറിയിരിക്കുകയായിരുന്നു. പാഞ്ചാലി മരിച്ച ദിനം.
“കൗരവരെ കൈകാര്യം ചെയ്തപോലെത്തന്നെ: നിതാന്തജാഗ്രത!”
“പെറ്റതള്ളയെ പാണ്ഡവർ കയ്യൊഴിയില്ല എന്നുഞാൻ ഉറപ്പു വരുത്തും എന്നുനിങ്ങൾ, ഏകപുത്രവധുവെന്ന നിലയിൽ, ഭർത്തൃമാതാവു് കുന്തിയെ കനിവോടെയും തന്റേടത്തോടെയും ആശ്വസിപ്പിക്കാൻ ബാധ്യസ്ഥയല്ലേ? എന്നിട്ടും നിങ്ങൾ ത്യാഗ സമ്പന്നയായ ആ മഹതിയെ തരംകിട്ടിയപ്പോൾ നൊമ്പരപ്പെടുത്തിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥത്തിലെ സ്ഥലജലഭ്രമത്തിൽ വിശിഷ്ടാതിഥികൾ വഴുക്കി വീഴുമ്പോൾ ചക്രവർത്തിനി പൊട്ടിച്ചിരിച്ചെന്ന പരാതിയുമായി കൗരവർ പാഞ്ചാലിക്കെതിരെ ഹസ്തിനപുരിയിൽ വിഷപ്രചാരണം നടത്തുന്ന അശാന്തകാലം.
“എന്റെ മക്കൾ ആരെയും മനഃപൂർവ്വം വഴുക്കിവീഴ്ത്തില്ല എന്നു് കുന്തി നിങ്ങളോടു് പറഞ്ഞിരുന്നോ? അങ്ങനെ ആരെങ്കിലും വഴുക്കിവീണാൽ തന്നെ, അതുകണ്ടു ചിരിക്കുന്ന ഗ്രാമീണയല്ല, പരിഷ്കൃതപെരുമാറ്റമറിയുന്ന പാഞ്ചാലി എന്നവൾ പൊതുവേദിയിൽ എന്നെ പിന്തുണച്ചുവോ? ഇല്ലല്ലോ. അപ്പോൾ വ്യക്തമായി, രാജസൂയ യാഗം ചെയ്തു ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായ യുധിഷ്ഠിരനെതിരെ കുടിലകൗരവരുടെ കുത്തിത്തിരുപ്പിൽ കുന്തി നടുന്ന വിഷവിത്തുകൾ ഇനിയും വളർന്നുയരും. ഗാന്ധാരിയുടെ തോഴിയായി കൺകെട്ടുതുണി വിഴുപ്പലക്കിയാലും ഞാൻ പുത്ര വധു പാഞ്ചാലിയുടെ നവജാതശിശുക്കൾക്കു വ്യക്തിഗത പരിചരണം ചെയ്യില്ല എന്നും അവൾ ശഠിച്ചുവോ? അറിയില്ല? അതാണു് പറഞ്ഞതു്, അറിയേണ്ടതൊന്നും നിങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല. മുൻവിധിയോടെ പാഞ്ചാലിക്കെതിരെ, കുന്തിയുടെ കുപ്രചരണങ്ങൾക്കു് ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തിൽ ഇടം കൊടുക്കുന്നു! ഈ വൃത്തികെട്ട പണി നിങ്ങൾ നിർത്തിയില്ലെങ്കിൽ, പറഞ്ഞേക്കാം, ഇനി മായികസഭാതലത്തിൽ വഴുക്കി വീഴാൻ പോവുന്നതു് മാധ്യമപ്രവർത്തകയായിരിക്കും!”
“വനവാസക്കാലശിക്ഷയിലൂടെ നിങ്ങളെ പ്രകൃതി വഞ്ചിച്ചു എന്നുതോന്നിയോ?”, കൊട്ടാരം ലേഖിക സഹദേവനോടു് ചോദി ച്ചു. പ്രസന്നമുഖത്തോടെ മൗനം പാലിക്കുന്ന മാദ്രീപുത്രൻ മറ്റു പാണ്ഡവർക്കിടയിൽ ഒരു വിസ്മയമായിരുന്നു.
“അന്യസ്ത്രീകളെ പ്രീണിപ്പിക്കാനോ ഉടുതുണിയൂരാനോ പരിശ്രമിച്ച ഓർമ്മയില്ലെങ്കിലും, പാഞ്ചാലി പ്രീണനമില്ലാതെ എനിക്കു് സ്വയം ഉടുതുണിയൂരി ആനന്ദരതി പാരിതോഷികമായി തന്നതു്, മറ്റുപാണ്ഡവർക്കൊപ്പം ഞാൻ അവൾക്കെതിരെ ഗൂഡാലോചനകളിൽ പങ്കെടുക്കാത്തതുകൊണ്ടായിരിക്കണം. എന്നാൽ നാലുപാണ്ഡവർക്കെന്നോടു് നീരസം ഉണ്ടായിരുന്നുവോ, ഉണ്ടെങ്കിൽ അതും ഞാൻ അത്ര ശ്രദ്ധിക്കുമായിരുന്നില്ല. ഖാണ്ഡവ വനത്തിലും, ഇപ്പോൾ വ്യാഴവട്ടക്കാല വനജീവിതത്തിലും ഞാൻ ശ്രദ്ധിച്ചതു് ഗാർഹികപങ്കാളികളെ അല്ല, ഓടിത്തളരുന്ന മാംസ ഭോജികളെ! അതെന്നെ ഈ ലോകം അവരോടു് കാണിക്കുന്ന നിർദയത്വം സീമാതീതമെന്നു ബോധ്യപ്പെടുത്തി. നൂറുകണക്കിനു് മാനുകൾ വിഹരിക്കുന്ന ഹിമാലയപുൽമേടുകളിൽ, പെൺ സിംഹം കരുതലോടെ പതുങ്ങിയിരുന്നു്, രോഗിയോ മുടന്തനോ പ്രായം ചെന്നവനോ ആയ ഒന്നിനെ, വിടാതെ പിന്തുടർന്നു് ചാടി കഴുത്തിൽ കടിമുറുക്കി, ഇര ചലനമില്ലാതെ കിടക്കുന്നതുവരെ ആ വിധം പിടിവിടാതെ വേണം, പിന്നീടവിടെ വന്നുചേരുന്ന ‘കൂട്ടു കുടുംബ’ത്തെ തീറ്റിപ്പോറ്റാൻ. കുട്ടികളും ഇണയും ഇരമാംസം ആസ്വദിക്കുമ്പോൾ, അവൾ കാത്തിരിക്കയാവും. എന്നാൽ വർഷങ്ങളായി ഇവിടെ ഞങ്ങൾ? വെറുതെ കിട്ടിയ അക്ഷയ പാത്രത്തിൽ കയ്യിട്ടുവാരി, കൗരവരാൽ കബളിപ്പിക്കപ്പെട്ടുവെന്നു ഇരവാദം ഉന്നയിച്ചു, മൂന്നുനേരം ഊട്ടുപുരയിൽ ചുറ്റിയിരുന്നു മേലനങ്ങാതെ വയർ നിറക്കുന്നു. നിങ്ങൾക്കുമുമ്പിൽ ലജ്ജിക്കേണ്ടവരല്ലേ ഞങ്ങൾ മടിയൻ പാണ്ഡവർ? ജാലകത്തിലൂടെ നോട്ടം പായിച്ചപ്പോൾ, നാലുപാണ്ഡവർ സഹദേവനെ ഒരു ചിത്തഭ്രമക്കാരനെ നോക്കുന്നപോലെ ദൈന്യത നടിച്ചു.”
“മഹാറാണിയെ പൊതുപരിപാടിയിലൊന്നും കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഹസ്തിനപുരിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി നൂറോളം ആൺമക്കൾ നാടിനുവേണ്ടി കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്തശേഷം, മുഴുനീളകിടപ്പുരോഗിയാണിന്നു ഗാന്ധാരി. മഹാറാണിപദവി പാഞ്ചാലി ഔപചാരികമായി ഏറ്റെടുത്തു എങ്കിലും, ഗാന്ധാരിയിൽനിന്നു് രാജകീയാഭാരണങ്ങൾ എല്ലാമൊന്നഴിച്ചു കിട്ടണ്ടേ? ദാശാബ്ദങ്ങാളായി അടിഞ്ഞ വിയർപ്പും, അഴുക്കും മെഴുക്കും നീക്കിമിനുക്കാൻ സമയമെടുക്കും. ആഭരണങ്ങളിൽ കമ്പമുള്ള വനിതയല്ല പാഞ്ചാലിയെങ്കിലും, ഔദ്യോഗികആവശ്യങ്ങൾക്കണിഞ്ഞല്ലേ പറ്റൂ. ഉറപ്പുതരുന്നു, നാളെ പൂർണിമയിൽ മഹാറാണി പൊതുജനങ്ങളുടെ ആരാധനയ്ക്കു് സർവാഭരണവിഭൂഷിതയായി നിന്നുകൊടുക്കുന്നു. കൊട്ടാരം മട്ടുപ്പാവിൽ. വനാന്തരസന്യസ്ഥസമൂഹവും അനുമതി തേടിയിട്ടുണ്ടു്, പന്ത്രണ്ടുകൊല്ലം അവരുടെ ഗാർഹികമാലിന്യത്തിന്റെ സംഭരണവും സംസ്കാരവും കാര്യക്ഷമതയോടെ ചെയ്ത ‘കൗരവഅടിമ’യുടെ ഭാഗ്യജാതകത്തെ മഹത്വപ്പെടുത്താൻ. ആശീർവദിക്കാൻ, നിങ്ങളും ഉണ്ടാവില്ലേ ആദ്യദർശനരാത്രിയിൽ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുമായി?”
“കുരുക്ഷേത്രയിൽനിന്നു ഞാനിപ്പോൾ മടങ്ങിയതേ ഉള്ളൂ. അവിടെ കൗരവനിർമ്മിത അഭ്യൂഹം പരക്കുന്നുണ്ടു്, വിദൂരദൃശ്യസംവിധാനത്തിലൂടെ ആകാശചാരികൾ നിങ്ങൾക്കു് കുരുക്ഷേത്ര പോരാട്ടദിനചര്യ രാപ്പകൽ കാണിക്കുമെന്നു്. വാസ്തവമാണോ? പാണ്ഡവർക്കുമാത്രമല്ല പ്രകൃത്യാതീതശക്തികളുടെ പിന്തുണ എന്നാണു കൗരവപ്രചാരണത്തിൽ ഉന്നയിക്കുന്നതു്!”, യുക്തിവാദി ചാർവാകൻ സഞ്ജയനോടു് ചോദിച്ചു.
“പ്രചാരണം കൊഴുക്കട്ടെ അതിൽ നിങ്ങൾ യുക്തിയുടെ വെള്ളം ചേർത്തു് കള്ളക്കളിയെന്നാരോപിക്കില്ലെങ്കിൽ, ഉള്ള കാര്യം അനൗദ്യോഗികമായി തുറന്നുപറയാം. ആകാശചാരികളുമായല്ല ഇടപാടൊരുക്കിയതു്. ‘ഹസ്തിനപുരി പത്രിക’യുടെ കോട്ടയ്ക്കകം ചുവരെഴുത്തുപതിപ്പിന്റെ കാര്യദർശിയുമായാണു്. നിത്യവും ഒരു കൈവിളക്കുമായി ഞാൻ രാത്രിയിലും പുലർച്ചക്കും മുഖം മറച്ചു ചുവരെഴുത്തു പൂർണ്ണമായും വായിച്ചു, തിരിച്ച ധൃതരഷ്ട്രർക്കു് “വിദൂരദൃശ്യ സംവിധാനം” വഴി കിട്ടിയ ചൂടൻ പോർക്കളവാർത്ത പൊടിപ്പും തൊങ്ങലും വച്ചു് കൗരവപക്ഷത്തുനിന്നായി പറഞ്ഞൊപ്പിക്കും. കൗരവമരണങ്ങൾ വ്യക്തമായി പറയില്ല എന്നാൽ യുദ്ധത്തിൽ ചെറിയ പാണ്ഡവനഷ്ടങ്ങൾ പൊലിപ്പിക്കും. അതീതശക്തി അതിരുകളില്ലാതെ എന്നെ അനുഗ്രഹിക്കട്ടെ. അതാ, അന്ധധൃതരാഷ്ട്രർ ശംഖു വിളിക്കുന്നു. ഞാൻ ‘കഥാപ്രസംഗ’ത്തിനു തയ്യാറാവട്ടെ!”
“എന്താണിത്രആഘോഷിക്കാൻ പുനരധിവാസകേന്ദ്രത്തിൽ?”, യുധിഷ്ഠിര പട്ടാഭിഷേകം കഴിഞ്ഞപ്പോൾ നാട്ടിൽ വിശ്രമത്തിനു പോയി ഹസ്തിനപുരിയിൽ തിരിച്ചെത്തിയ കൊട്ടാരം ലേഖിക ദുര്യോധനവിധവയെ അഭിവാദ്യം ചെയ്തു ചോദിച്ചു. എവിടെ നോക്കിയാലും എന്തോ തിരയിളക്കം!
“യുദ്ധാനന്തര കടുത്ത സാമ്പത്തികഞെരുക്കത്തിലും പാണ്ഡവ വിപ്ലവഭരണകൂടം കൗരവരാജവിധവകൾക്കുള്ള സാമൂഹ്യ സുരക്ഷ–ക്ഷേമപ്രവർത്തനങ്ങൾക്കു് ഒരുപണത്തൂക്കം പോലും കുറവില്ല എന്നുറപ്പുവരുത്തുമെന്നു ആഭ്യന്തര, ക്ഷേമവകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന അർജ്ജുനൻ വാക്കുതന്നു. എല്ലാവർക്കും പൊതു ആരോഗ്യ, ചികിത്സാ സഹായങ്ങളും അശ്വിനീ ദേവതകളുടെ പുത്രന്മാർ ഞങ്ങൾക്കു് വ്യക്തിഗതഉറപ്പു് തന്നു. കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജവിധവകളുടെ പുനരധിവാസ കേന്ദ്രത്തിലുള്ള ശുചിമുറിനിർമ്മിതിക്കു ധനസഹായം കൃത്യമായി ലഭിക്കുമെന്നു ഖരമാലിന്യസംസ്കരണത്തിന്റെ രാജ്യ വ്യാപക ചുമതലയുള്ള മഹാറാണി പാഞ്ചാലി ഉറപ്പുതന്നു. അങ്ങനെ ഒന്നൊന്നായി നോക്കുമ്പോൾ, ഞങ്ങൾ ന്യൂനപക്ഷ കൗരവവംശം, പാണ്ഡവരാജസഭയിൽ യുധിഷ്ഠിരഭരണകൂടത്തിനൊപ്പം, ഛിദ്രശക്തികൾക്കെതിരെ! എന്ന സംയുക്ത നിലപാടെടുക്കാനൊരുങ്ങിക്കഴിഞ്ഞു. രാജവിധവകൾക്കിടയിൽ വംശീയ ധ്രുവീകരണം വഴി ഭിന്നിപ്പുണ്ടാക്കാനുള്ള ‘ഹസ്തിനപുരി പത്രിക’യുടെ ഹീനശ്രമത്തെ ഒറ്റക്കെട്ടായി ഞങ്ങൾ തടയിടും. പുറത്തുപോവുന്നോ നീ?, അതോ ചൂലെടുക്കണോ ഞങ്ങൾ?”
“സാധാരണ കാണാത്തൊരു സന്ദർശനമാണല്ലോ അർജ്ജുനൻ ഇന്നു് സന്യസ്തമഠത്തിൽ ചെയ്തതു്?, എന്തായിരുന്നു അവന്റെ രഹസ്യലക്ഷ്യം?”, കൊട്ടാരം ലേഖിക സന്യസ്തസംഘടനയുടെ വൃദ്ധകാര്യദർശിയോടു് അതീവരഹസ്യഭാവത്തിൽ ചോദിച്ചു. പാണ്ഡവ വനവാസക്കാലം.
“എനിക്കു് വിശക്കുന്നു, അക്ഷയപാത്രം പാഞ്ചാലി ഒളിപ്പിച്ചുവച്ചു! ഇവിടെ വല്ലതുമുണ്ടോ വിശപ്പടക്കാൻ? ലോകം ചുട്ടെരിക്കാവുന്നത്ര ദിവ്യാസ്ത്രങ്ങളുടെ രഹസ്യവാക്കുകൾ നിത്യവും മന്ത്രിച്ചു ഞാൻ ഹൃദിസ്ഥമാക്കിയിട്ടും, ഒരുനേരത്തെ അന്നം, ഉൾക്കാട്ടിൽ വേട്ടയാടി തിന്നാൻ പറ്റിയ ആയുധം ഇല്ലാത്തൊരു ഹതഭാഗ്യനാണു് ഞാൻ എന്നർത്ഥം വരുന്ന കഠിനപദങ്ങൾ അയാൾ വിലാപസ്വരത്തിൽ ഉച്ചരിച്ചു. ഭയന്നുവിറച്ച ഞങ്ങൾ ഊട്ടുപുര വാതിൽ അയാൾക്കു് മലർക്കെ തുറന്നുകൊടുത്തു”. വിറയൽ വിട്ടൊഴിയാതെ, സന്യസ്തർ, ആശ്രമപൂങ്കാവനത്തിൽ വൃഥാ ചലിച്ചുകൊണ്ടിരുന്നു. പാണ്ഡവആശ്രമത്തിലെ കിടപ്പറജാലകത്തിലൂടെ രണ്ടു കരിനീലക്കണ്ണുകൾ ശിരോവസ്ത്രങ്ങൾക്കിടയിലൂടെ തിളങ്ങുന്നതു് കണ്ടപ്പോൾ കൊട്ടാരം ലേഖിക അന്നത്തെ അഭിമുഖം അവസാനിപ്പിച്ചു.
“തിന്മക്കുമേൽ നന്മയുടെ നിർണ്ണായകവിജയമാണു് ഇക്കഴിഞ്ഞ കുരുക്ഷേത്രയുദ്ധം എന്നു് ഭീമൻ പൊതുസ്വീകരണയോഗത്തിൽ നിരീക്ഷിച്ചപ്പോൾ, മറ്റുപാണ്ഡവർ എഴുനേറ്റുനിന്നു് കയ്യടിക്കുന്നതൊക്കെ ഞങ്ങളും ഇന്നലെ വൈകുന്നേരം സന്തോഷത്തോടെ കണ്ടു. പക്ഷേ, വേദിയിൽഇരുന്ന മഹാറാണി പാഞ്ചാലി മാത്രം ശിരോവസ്ത്രത്താൽ ഉടനടി മുഖംമൂടി. എന്തായിരുന്നു ആ ശരീരഭാഷയുടെ സംഗതി?”, കൊട്ടാരം ഊട്ടുപുരയിൽ കൂനിപ്പിടിച്ചിരുന്നു, പൊരിച്ച കാളത്തുട കടിച്ചുമുറിക്കുന്ന കൃപാചാര്യരെ കൊട്ടാരം ലേഖിക പിറ്റേന്നു് രാവിലെ ഒറ്റയ്ക്കു് കണ്ടെത്തി. മഞ്ഞുകാലത്തിന്റെ അവസാനദിനങ്ങൾ.
“തിന്മക്കുമേൽ തിന്മയുടെ നിർണ്ണായകവിജയം എന്നു് പാഞ്ചാലി പനയോലയിൽ നാരായം കൊണ്ടെഴുതിയതു്, ആ പാവം അർദ്ധ സാക്ഷരൻ, തപ്പിത്തടഞ്ഞുവായിച്ചപ്പോൾ, എനിക്കും തോന്നി, ഒരക്ഷരം അവനു തെറ്റിയോ!”, കൗരവപാണ്ഡവരുടെ ആദ്യാക്ഷരഅധ്യാപകനായിരുന്ന കൃപർ, പരിഭ്രമത്തോടെ, തിരിച്ചു ചോദിച്ചു.
“അതിമാനുഷരെന്നൊറ്റനോട്ടത്തിൽ തോന്നാവുന്നത്ര രൂപഭംഗിയുള്ള അഞ്ചാണുങ്ങൾക്കും ഒരതിസുന്ദരിക്കും, നേരിട്ടു് അഭിമുഖം ചെയ്തു നിങ്ങൾ അരമനയിൽ തൊഴിൽ വീതിച്ചുനൽകി. ഇവർക്കു് എന്തോ പ്രശ്നമുണ്ടല്ലോ എന്നാരും ചൂണ്ടിക്കാട്ടിയില്ലേ?”, കൊട്ടാരം ലേഖിക വിരാടരാജാവിനോടു് ചോദിച്ചു.
“മനോദൗർബല്യമുള്ളവർക്കു ഭരണകൂടച്ചെലവിൽ ചികിത്സ നൽകുന്നതിനുപകരം, നിങ്ങൾ ഹസ്തിനപുരിയിൽനിന്നും വിരാടയിലേക്കവരെ വേഷംമാറ്റി നാടുകടത്തുകയാണോ എന്നു് ദുര്യോധനനെക്കണ്ടാൽ ചോദിക്കണം എന്നുഞാൻ കരുതി. പിന്നെയാണറിഞ്ഞതു് ഇതു് ഇന്ദ്രപ്രസ്ഥം ഭരിക്കുന്ന പാണ്ഡവരുടെ അജ്ഞാതവാസക്കാലമാണല്ലോ. അതുകൊണ്ടു്, സുവർണ്ണാവസരം ആവുന്നത്ര ചൂഷണം ചെയ്തു അവരെ മാടുപോലെ പണിയെടുപ്പിച്ചു. അവർ ആരെന്ന കാര്യത്തിൽ സൂചന കൊടുത്തു. മനുഷ്യമനസ്സിന്റെ മലിനപ്രകൃതി മാറ്റാൻ ആവില്ലല്ലോ. സൈരന്ധ്രി എന്ന നിർമ്മിതസ്വത്വത്തിൽ കഴിഞ്ഞ പാഞ്ചാലിയെ സാഹചര്യമനുസരിച്ചു ചൂഷണംചെയ്തു, മാത്രമല്ല ഭാവിപ്രതിയോഗിയായ കീചകനെ പാട്ടിലാക്കാൻ അവളെ കാഴ്ചവക്കുകയും ചെയ്തു. രാത്രി മദ്യവും മാംസഭക്ഷണവുമായി ആ മദിരാക്ഷിയവനു് കൂട്ടു്! എന്തൊക്കെത്തരത്തിൽ ആറുപേരെയും വരുതിയിൽ ഒരുവർഷം നിർത്താം എന്നുനോക്കുകയാണു്. ഞാനിപ്പോൾ. ആറംഗ അടിമകുടുംബത്തെ അടിയാളരായി തന്ന പ്രകൃതിക്കു നന്ദി. മന്ദബുദ്ധിയാണു് വിരാടനെന്ന കൗരവകാഴ്ചപ്പാടു മാറ്റാൻ സാധിച്ചാൽ ഞാൻ രക്ഷപ്പെട്ടു. നിങ്ങൾ അവരുടെ ആരാണു്? നിങ്ങളെയും കൂട്ടുപ്രതികളാക്കി ചൂഷണം ചെയ്യണോ, ഞാൻ തയ്യാർ?”
“പാഞ്ചാലി ആദ്യപുത്രനു് ജന്മംനൽകുമ്പോൾ ഭർത്തൃമാതാവായ നിങ്ങൾ നവജാതശിശുപരിപാലനത്തിനായി ഇന്ദ്രപ്രസ്ഥത്തിലേക്കു പോയിരുന്നോ? അതോ, വിവരമറിഞ്ഞിട്ടും പോവാതിരുന്നോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“ആദ്യത്തെയും അവസാനത്തെയും ആയിരുന്നു ആ ‘പരിപാലനയാത്ര’. കുഞ്ഞിനെ ചേർത്തുകിടത്തി മുലപ്പാൽ കൊടുക്കൂ എന്നുഞാൻ ഈറ്റില്ലത്തിൽ വാത്സല്യത്തോടെ പറഞ്ഞപ്പോൾ, പാഞ്ചാലി ഇടഞ്ഞു. പെണ്ണുടലിൽ മാറിടസൗന്ദര്യസംരക്ഷണത്തിനായിരുന്നു അവൾ പ്രസവപരിരക്ഷയിൽ കൊടുത്ത മുന്തിയ പരിഗണന. എന്തുകണ്ടിട്ടാണു് നിങ്ങൾ പഴഞ്ചൻ ശിശുപരിപാലന പ്രമാണങ്ങൾ പൊടിതട്ടി എന്റെമുമ്പിൽ എടുത്തതെന്നവൾ ക്രുദ്ധയായി. യുധിഷ്ഠിരൻ ജനിച്ചപ്പോഴും അങ്ങനെയാണു് ചെയ്തതെന്നു് ഞാൻ ദുർബലമായി പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി പ്രകോപിതയായി, പേറ്റുചൂരു വിടാത്ത ആദ്യകുഞ്ഞിനെ നിങ്ങൾ പുഴയിലൊഴുക്കുമ്പോൾ, മുലപ്പാൽ കൊടുത്തിരുന്നുവോ എന്നവൾ കപടമന്ദഹാസത്തോടെ ചോദിക്കുമ്പോൾ യുധിഷ്ഠിരൻ മൂകസാക്ഷിയായി മുറിയിലുണ്ടു്. ഹസ്തിനപുരിയാത്ര തടസ്സപ്പെടുത്തുന്നവിധം അവളുടെ തേരാളി എന്നെ കഷ്ടപ്പെടുത്തിയതൊരു പ്രതികാരനടപടിയായി ഞാൻ കണ്ടു. ഗർഭിണിക്കുവേണ്ട യാതൊരുവിധ സൗകര്യങ്ങളും കാട്ടിൽ ഇല്ലാതെ, ഞാനും മാദ്രിയും പ്രസവിച്ച അഞ്ചു ആൺകുട്ടികൾ വളർന്നുവലുതായി അവളെ മാറോടു ചേർത്തു ഒന്നൊന്നായി ഗർഭം ധരിപ്പിക്കുവാൻ ഇടയാവട്ടെ എന്നുഞാൻ ആശംസിച്ചു. എനിക്കെന്തുപറ്റിയെന്നു പിന്നീടു് വേദനയോടെ വിസ്മയിച്ചു. വേദനയും വിസ്മയവും ഒക്കെ അനാവശ്യമായിരുന്നു, മൂന്നുപ്രസവിച്ചതോടെ ഞാൻ ആകാശചാരികൾക്കും അനഭിമതയായി. പിന്നെ ഞാൻ പ്രസവിച്ചില്ല. എന്നാൽ പാഞ്ചാലിയോ, അഞ്ചുപെറ്റിട്ടും കൗരവർക്കു ലൈംഗികാക്രമണം ചെയ്യാൻ തക്ക മാറിട ലാവണ്യത്തിലും!”
“കിരീടാവകാശി ദുര്യോധനൻ മുതൽ, സൈന്ധവറാണി ദുശ്ശള വരെ, കാലന്റെമകൻ യുധിഷ്ഠിരൻ മുതൽ, പാഞ്ചാലപുത്രി ദ്രൗപദിവരെ, ഓരോ പരിചിതമുഖത്തിനൊപ്പവും നിർലജ്ജം കൈകൊടുത്തും തോളുരുമ്മിയും പൊട്ടിച്ചിരിച്ചും, ഇടക്കൊരു ചെരിഞ്ഞുനോട്ടത്തിലൂടെ മൊത്തം അതിഥിദൃശ്യങ്ങൾ രസത്തോടെ ശ്രദ്ധിച്ചും, ഉല്ലാസത്തിൽ ആടിപ്പാടി നടക്കുന്ന ആ യുവസുന്ദരി ആരെന്നു താങ്കൾക്കറിയാമോ? കുറച്ചുനേരമായി എന്റെ കണ്ണുകൾ അവളെ അനിയന്ത്രിതമായി വേട്ടയാടുന്നു!”, ദ്രോണപുത്രനും കൗരവസുഹൃത്തുമായ അശ്വത്ഥാമാവിനു് അഭിവാദ്യം ചെയ്തു ചാർവാകൻ ചോദിച്ചു. നവവധു പാഞ്ചാലിയും പാണ്ഡവരും പങ്കെടുത്ത കൊട്ടാരവിരുന്നിൽ, ശ്രദ്ധാപൂർവം വഴിതെറ്റിവന്നതായിരുന്നു, അതിഥിപട്ടികയിൽ ഇടംഇല്ലാത്ത യുക്തിവാദി.
“വിവരാന്വേഷണപ്രതിഭാസം! ഹസ്തിനപുരി കൊട്ടാരത്തിണ്ണ നിരങ്ങി, നൂറോളം കൗരവരാജവധുക്കൾക്കും അവരുടെ അനുദിനം വികസിക്കുന്ന കുടുംബങ്ങൾക്കും ‘അരമനവിഴുപ്പു്’ പൊതിഞ്ഞുകൊടുക്കുന്ന മാധ്യമപ്രവർത്തക. ഇടംമാറിനിന്നു്, പനയോലയിൽ നാരായം കൊണ്ടുകുറിച്ചുവെക്കുന്ന അതിസൂക്ഷ്മ രഹസ്യവിവരങ്ങൾ, നാളെ ‘ഹസ്തിനപുരി പത്രിക’യുടെ പതിനഞ്ചോളം ചുവരെഴുത്തുപതിപ്പുകളിൽ പ്രത്യക്ഷപ്പെടണം. സാക്ഷരതയുള്ളവർക്കു സൗകര്യപൂർവ്വം വായിച്ചു കുതിരപ്പന്തി ചർച്ചകളിൽ ഭരണകൂടവികാരം പരുഷമായി നിലനിർത്താൻ സംഭവിച്ച ‘അവതാരം’! തക്ഷശിലയിൽനിന്നു പുതിയ ഇറക്കുമതി. എനിക്കും നിങ്ങൾക്കും, ഭാവിയിൽ കുരുവംശത്തിന്റെ ഓരോ അപചയഘട്ടത്തിലും നിർണ്ണായകമായ രഹസ്യങ്ങൾ ചോർത്താൻ രാഷ്ട്രീയഎതിരാളികൾ മത്സരിച്ചു പരിപാലിക്കാവുന്ന ലഹരിപദാർഥം. യുദ്ധം കഴിഞ്ഞു, ശപിക്കപ്പെട്ട എന്റെ നാടുകകടത്തിലിലും അവൾതന്നെയാവും എന്നെ അഭിമുഖം ചെയ്യുക എന്നെന്റെ അന്തരംഗം മന്ത്രിക്കുന്നു വിഭോ!”
“നിങ്ങൾ ഒരുമ്പെട്ടിറങ്ങിയതു് പാണ്ഡവരെ കൊല ചെയ്യുന്നതിനൊപ്പം, കുരുവംശത്തിൽ അടിഞ്ഞുകൂടിയ കുറെ കാരണവന്മാരെയും കാലപുരിയിലേക്കയക്കാനൊരുപാധിയായിട്ടാണെന്നു കുന്തി നിരീക്ഷിച്ചല്ലോ. എങ്ങനെ നേരിടും ഈ ‘രാജ്യ ദ്രോഹം’?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഭീഷ്മപതനത്തിനു ശേഷം, പെട്ടെന്നു് ദ്രോണവധം കഴിഞ്ഞ ദിനം.
“അത്താഴം ചോദിച്ചുവന്ന ആറംഗ ആദിവാസി കുടുംബത്തെ, മദ്യത്തിൽ വിഷം കലർത്തി കുടിപ്പിച്ചു അരക്കില്ലം കത്തിക്കുകയും മുൻകൂർപദ്ധതിയനുസരിച്ചു ഭൂഗർഭഇടനാഴിയിലൂടെ ഓടിരക്ഷപ്പെടുകയും ചെയ്ത മുൻമഹാറാണി കുന്തി തന്നെ പറയണം ഈ ‘കഥ’. മുനിശാപം കേട്ടപ്പോൾ വിരണ്ടുപോയ പാണ്ഡുവിനെപോലെ, സ്ഥാനത്യാഗം ചെയ്തു കാട്ടിൽ പോവുന്നവനല്ല ദുര്യോധനൻ. അവൻ ശത്രുക്കളെയും മിത്രങ്ങളെയും നന്നേ ചെറുപ്പത്തിൽ കളംതിരിച്ചു അടയാളപ്പെടുത്തി. ഇപ്പോൾ കുരുക്ഷേത്രയിൽ കൊണ്ടുവന്നു കൊല്ലേണ്ടവരെ പരോക്ഷമായി കൊല്ലും ജീവിക്കേണ്ടവർ മാത്രം കുരുക്ഷേത്രയുദ്ധം അതിജീവിക്കും!”
“അത്യുന്നത ദേശരത്നപുരസ്കാരത്തിനു മഹാരാജാവു് യുധിഷ്ഠിരനെ പരമയോഗ്യനാക്കിയ സവിശേഷ സാഹചര്യമെന്തായിരുന്നു?”, കൊട്ടാരം ലേഖിക ഔദ്യോഗിയ വക്താവിനോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
“വടക്കുപടിഞ്ഞാറ് ഗാന്ധാരം മുതൽ ദക്ഷിണാപഥം വരെ, പടിഞ്ഞാറൻ കടലോരദ്വാരക മുതൽ കിഴക്കൻ കലിംഗ വരെ, വിവിധ രാജ്യങ്ങളിലെ യുവസൈനികരെ പൂർണ്ണമായും പതിനെട്ടു നാൾകൊണ്ടു് കുരുക്ഷേത്രയിൽ നിന്നും തുടച്ചുനീക്കി, ശാശ്വത ശാന്തിദൂതിന്റെ കാഹളം മുഴക്കിയ മഹാരാജാവു് യുധിഷ്ഠിരനെ പിന്നെന്തു ഉണക്കപ്പുൽ പാരിതോഷികം കൊടുത്തുവേണം നാം ആദരിക്കാൻ? ഭർത്താക്കന്മാർ മരിച്ചു മാസവരുമാനം നിലച്ച കുരുക്ഷേത്രവിധവകൾ കുടുംബംപോറ്റാൻ ഈ നാടുകളിൽ പുതിയ ഇനം സേവനദാതാക്കളായി സമൂഹത്തിലേക്കിറങ്ങി വന്നില്ലേ. ഒരുപണത്തൂക്കം യുദ്ധഭീഷണിപോലും നേരിടാത്തൊരു വത്സലഭൂമിദേവിയെ ആണു്, യുദ്ധദേവതയായി ജ്വാലാമുഖിയെ പ്രതിഷ്ഠിച്ച കുരുവംശപൈതൃകത്തിൽനിന്നും വ്യത്യസ്തമായി, പാണ്ഡവവംശം ദേശദേവതയായി അവതരിപ്പിക്കുക. യുദ്ധരഹിതഭൂമി സ്വപ്നം കാണുന്ന പാണ്ഡവർക്കിനി മാതൃകാ പണിയായുധം ഗദയോ കുന്തമോ അല്ല, മണ്ണിളക്കിയായിരിക്കും. രണ്ടു സമൃദ്ധനദീതടങ്ങളാൽ വർഷം മുഴുവൻ അനുഗ്രഹീതമായ ഹസ്തിനപുരിയുടെ കണ്ണെത്താത്ത കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്ന കർഷകരാവുകയാണു് പാണ്ഡവർ. എല്ലാവിധ മാരകായുധപണിപ്പുരകളും അടച്ചുപൂട്ടുന്ന പുത്തൻപുതു ഹസ്തിനപുരി നിങ്ങളുടെ കർമ്മഭൂമി. ദേശരത്ന വിനീതമായ ഒരു തുടക്കം മാത്രം. നിങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ ചോദ്യം കേട്ടാൽ തോന്നും, ഞങ്ങൾ സഹോദരന്മാർ തട്ടിക്കൂട്ടിയെടുത്തൊരു വ്യാജപുരസ്കാരം യുധിഷ്ഠിരന്റെ വലതുകയ്യിൽനിന്നും ആരോരുമറിയാതെ ഇടതുകൈ വലിച്ചെടുത്തു!”
“ഇന്നു് രാജസഭയിൽ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ട ചൂതാട്ട നിരോധന നിയമമാണല്ലോ. ഈ തെറ്റുതിരുത്തൽനിയമത്തിലൂടെ യുധിഷ്ഠിരനു് വിവേകപൂർണ്ണമായ തിരിച്ചറിവുണ്ടായെന്നു ചൂതാട്ടത്തിന്റെ വനവാസ കഥനകഥ എല്ലാം അറിയുന്ന നിങ്ങൾക്കു് തോന്നുന്നുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. കിരീടാവകാശി പരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞു കൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.
“അതിനുമുമ്പു് മഹാരാജാവു് എന്ന നിലയിൽ യുധിഷ്ഠിരൻ തീർപ്പാക്കേണ്ടിയിരുന്നതു്, വിവാഹബാഹ്യബന്ധങ്ങൾ മുൻകാല പ്രാബല്യത്തോടെ നവപാണ്ഡവഭരണകൂടം നിയമവിധേയമാക്കണം എന്ന കുന്തിയുടെ നിർദ്ദേശമല്ലേ? ചാർവാകൻ തരം കാത്തിരിക്കയാണുല്ലോ “കൗന്തേയരുടെ പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച ഒരു കഥ മാത്രം” എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു് കേട്ടതു്. കുന്തിയുടെ വെറും വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ, ആധികാരികതയുള്ള പനയോലരേഖയൊന്നുമില്ല. പാണ്ഡു, മരണപത്രമെഴുതി അഞ്ചുകൗന്തേയരിൽ രാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്കസന്യസ്ഥരുടെ സാക്ഷിസാന്നിധ്യത്തിൽ ഒപ്പിട്ടുമില്ല. യുധിഷ്ടിരനുമായി വീണ്ടുമൊരു ചൂതാട്ടത്തിനു ഇനി ആരും വന്നില്ലെങ്കിലും, “അനധികൃതമഹാരാജാവു്” എന്നാക്ഷേപിച്ചു താഴെയിറക്കാൻ ശകുനിയേക്കാൾ കുഴപ്പക്കാരനായ ചാർവാകൻ എന്ന ഏകാംഗ പ്രതിപക്ഷം മതി.”
“പെൺപീഡകന്റെ ഇടനെഞ്ചുകീറി, ചുടുചോരയൂറ്റിവേണം പ്രിയതമയുടെ കേശപരിലാളനം എന്നു് ഭീമൻ കൊലവിളിക്കുന്നല്ലോ, പേടിയുണ്ടോ പ്രതികാരപ്രതിജ്ഞയെ നേരിടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. നീരൊഴുക്കിൽ ചോരപ്പാടുനീക്കാൻ മലർന്നും കമഴ്‌ന്നും സന്ധ്യപ്രകാശത്തിൽ നീന്തിതുടിക്കയായിരുന്നു, വസ്ത്രാക്ഷേപക്കാരൻ.
“ഇടനെഞ്ചിലെച്ചോരക്കെന്നും ഇളംചൂടുണ്ടു്. ഉടുതുണി വിരലറ്റം തൊട്ടു എന്നൊന്നും നീതിപീഠത്തിൽ നിഷേധിച്ചില്ല. ചൂതാട്ടസഭയുടെ അന്തരീക്ഷത്തിൽ വർണ്ണപ്പകിട്ടുള്ള തിരുവസ്ത്രം ഒഴുകിയെത്തി കഴുത്തറ്റംവരെ മൂടി എന്നതും ആസ്വദിക്കും. പൊതുജനസമ്പർക്കത്തിൽ ദുര്യോധനനുള്ള മികവെനിക്കില്ലെങ്കിലും നീതിപീഠത്തിൽ കുറ്റവാളിയല്ലെന്നുതെളിയിച്ചു. മണ്ണിൽ പ്രവർത്തിക്കുന്ന എനിക്കു് മമത ഭൂമിദേവിയോടാണു് പാഞ്ചാലിയോടല്ല. കിളച്ചുമറിച്ചിട്ടും ദേവിക്കെന്നോടു് രോഷമില്ല വിതച്ചുകൊയ്തിട്ടും ദേവിക്കെന്നോടു് രോഷമില്ല. വിത്തുമുളച്ചു ഇലച്ചാർത്തു തെളിയുമ്പോൾ മുട്ടുകുത്തി കൂപ്പുകൈകൊടുക്കുന്നതാണെന്റെ ഭൂമിപൂജ, എന്റെ ആനന്ദഭൈരവി, അഴിഞ്ഞുകിടക്കുന്ന പെൺമുടിയല്ല സസ്യലോകമാണു്. പാഞ്ചാലി എനിക്കമ്മയാകുന്നു അവളുടെ ഉടുതുണി അഴിയുമ്പോൾ, എന്റെ നഖരഹിതവിരലുകൾ കെട്ടുമുറുക്കാനായിരുന്നു ശ്രമിച്ചതു്. വിരലുകൾമതി, ഭീമഗദയെ ചെറുക്കാൻ!” ദേഹമാകെ തൈലം പുരട്ടിവന്ന വിവസ്ത്രഭീമൻ, ശത്രുശബ്ദം കേട്ടു് ഞെട്ടി, മുന്നോട്ടു് വച്ച കാൽ ഉടൻ പിന്നോട്ടെടുത്തു.
“കബളിപ്പിക്കപ്പെട്ട പാണ്ഡവവർക്കു് നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചു കൊടുക്കുക, ചൂതുകളിയിൽ കളവു കാണിച്ചവർ തെറ്റുതിരുത്തുക—ഇതൊക്കെയല്ലേ നീതിപീഠത്തിൽ നിന്നു് ന്യായമായി പ്രതീക്ഷിക്കുക? എന്നിട്ടും നീതിമാനെന്ന നിലയിൽ നിർണ്ണായകമുഹൂർത്തത്തിൽ നിങ്ങൾ മനഃപൂർവ്വം കണ്ണടച്ചുവോ?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു.
“സ്വച്ഛന്ദമൃത്യു കഥാവശേഷനായി എന്നാണോ ‘ഹസ്തിനപുരി പത്രിക’യിൽ എന്റെ ചരമവാർത്ത വരേണ്ടതു? അതോ “അർദ്ധ രാത്രിയിൽ ശരശയ്യയിലെ അപമൃത്യു—അന്വേഷണം വഴിമുട്ടി, ദുരൂഹത തുടരുന്നു” എന്നോ?”
“കുടുംബസ്വത്തിൽ ഓഹരി കിട്ടാൻ കുരുതിച്ചോര കുരുക്ഷേത്രത്തിൽ അനാവശ്യമായി ചീന്തി എന്നു് ഇപ്പോഴേ നിങ്ങൾക്കു് ഖേദം തോന്നിത്തുടങ്ങിയോ?”, ധർമപുത്രർ എന്നു് പാഞ്ചാലി നിന്ദയോടെ വിളിക്കുന്ന, പുതിയ ഹസ്തിനപുരി രാജാവിനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു മുട്ടുകുത്തി.
“കാര്യമറിയാതെ അല്ലെ നിങ്ങൾ മ്ലേച്ചമായി എന്നോടു് സംസാരിക്കുന്നതു്. പ്രിയകൌരവർക്കു യുദ്ധഭൂമിയിൽ ജീവഹാനി സംഭവിച്ചു എന്നു് നിങ്ങൾ യുക്തിയില്ലാതെ വേവലാതിപ്പെടുന്നു. എന്നാൽ വാസ്തവമതാണോ? മൂലഘടകങ്ങളുടെ ഒരു നിശ്ചിത രൂപത്തിലുള്ള സംയോജനം തകരുന്നതിനെയല്ലേ നിങ്ങൾ ‘മരണം’ എന്ന മാരകമായ അർത്ഥത്തിൽ ആണെങ്കിൽ പോലും, ‘ചോരചീന്തൽ’ എന്ന കടുത്തവാക്കുപയോഗിച്ചതു്? കൌരവരുടെ മൂലഘടകങ്ങൾ, പാണ്ഡവരുടെ ഔദ്യോഗികപിൻഗാമി പരീക്ഷിത്തിലൂടെ, മറ്റൊരു തോതിൽ, കുരുക്ഷേത്രയുടെ അവസാനദിവസം തന്നെ പ്രകൃതി സംയോജിച്ചില്ലേ?”, ധർമ്മപുത്രരുടെ ശബ്ദത്തിൽ മുറിവേറ്റ ദുരഭിമാനം പ്രകടമായപ്പോൾ കൊട്ടാരം ലേഖിക ഉപചാരഭാഷ ഉപേക്ഷിച്ചു എഴുനേറ്റു.
“പാണ്ഡവർ കൂടെയില്ലാത്ത തക്കംനോക്കി കുടിലിൽ നുഴഞ്ഞുകയറി പാവംപെൺ പാഞ്ചാലിക്കുനേരെ ലൈംഗികാതിക്രമത്തിനുമുതിർന്ന സൈന്ധവരാജാവു് ജയദ്രഥനെ നാമമാത്രമായി തലമൊട്ടയടിച്ചു വിട്ടാൽ തീരുമോ, സ്ത്രീപീഡനത്തിനുള്ള ശിക്ഷ?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വനവാസക്കാലം.
“ദുരൂഹത മുക്കിലും മൂലയിലും തെളിഞ്ഞുകണ്ട നുഴഞ്ഞുകയറ്റമല്ലേ, കൗരവസഹോദരിദുശ്ശളയുടെ ഭർത്താവല്ലേ ജയദ്രഥൻ, ഞങ്ങളും ശിക്ഷാധികാരമില്ലാത്ത കൗരവഅടിമകളല്ലേ, ഭീമനഖംകൊണ്ടു് ജയദ്രഥശിരസ്സിൽ കീറി ചോരപൊടിയണമെന്ന പാഞ്ചാലിയുടെ ആഗ്രഹം പൂവണിയാതെ അക്രമിയെ കഴുതപ്പുറത്തിരുത്തി, വഴിയിൽ കഴിക്കാൻ പൊരിച്ചഇറച്ചിയുമായി യുധിഷ്ഠിരൻ യാത്രയാക്കി. സഹദേവൻ പിന്നീടു് ഭാവി കണക്കുകൂട്ടി വിദൂരതയിലേക്കു് ദൃഷ്ടിപായിച്ചു പ്രവചിച്ചു, അവനെ കൊല്ലാതെ വിട്ടതു് നന്നായി ജയദ്രഥനു് ഇനിയൊരു നിർണ്ണായകഭാഗം അഭിനയിക്കാനുണ്ടു്. അതു് കേട്ടപ്പോൾ മനസ്സിലായി ഭാവിയെന്നാൽ നേരത്തെ പ്രകൃതിയാൽ തയ്യാറായ ഒരു ദുരന്തനാടകമാണു് മനുഷ്യജന്മം!”
“തർക്കപരിഹാരത്തിനു് അത്യുന്നതതല നയതന്ത്രനീക്കത്തിന്റെ സ്വാഭാവികതുടർച്ച മാത്രമായിരുന്ന കുരുക്ഷേത്രയുദ്ധത്തിൽ, കൌരവർ, എല്ലാ പാരസ്പര്യ പെരുമാറ്റച്ചട്ടങ്ങളും സാന്ത്വനസ്പർശങ്ങളും കാറ്റിൽ പറത്തി, നരനായാട്ടിനിറങ്ങിയതു് ഗംഗാതട ദേശചരിത്രത്തിൽ കറുത്ത അധ്യായമായി വരുംയുഗത്തിലും രാഷ്ട്രമീമാംസാ വിദ്യാർഥികൾ തക്ഷശിലയിൽ പഠിക്കുമെന്നു് പുതിയ ഭരണകൂടവക്താവു് നകുലൻ പറഞ്ഞുവച്ചല്ലോ, പതിനെട്ടുനാൾ പോർക്കളത്തിൽ ‘നാരായവും പനയോല’യുമായി കുപ്രസിദ്ധവധങ്ങൾ നേരിൽകണ്ടു പകർത്താൻ ഓടിനടന്ന നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക യുദ്ധകാര്യലേഖകനോടു് ചോദിച്ചു.
“പുതുതലമുറ കൗന്തേയരിലെ ചാരപോരാളിയല്ലേ നകുലൻ? അരങ്ങേറ്റമൈതാനവേദിയിൽ ഇന്നലെ നാം കേട്ടതു് നേർസാക്ഷിമൊഴിയല്ലെ? അപ്പോൾ അവനെ നാം അവിശ്വസിക്കണോ? പോരാട്ടതുടക്കത്തിനു് പിതാമഹൻ ‘കൂട്ടമണി’യടിച്ചിട്ടും അശേഷം കുലുങ്ങാതെ, യുധിഷ്ഠിരൻ നഗ്നപാദനായി കൗരവസർവസൈന്യാധിപനെ ചെന്നുകണ്ടു കാലിൽവീണു് നമസ്കരിച്ചു ആശീർവാദം തേടുന്നതൊക്കെ തൊട്ടടുത്തു് നിന്നു് കണ്ടപ്പോൾ, ഇളമുറമാദ്രീപുത്രനു ഒരുപക്ഷേ, വ്യക്തമായിക്കാണും, കുടിലകൗരവരെ പാണ്ഡവർ പാടുപെട്ടു ചെറുക്കുമ്പോഴും, അനിവാര്യമായി പോർക്കളത്തിൽ നിലനിർത്തേണ്ട അഹിംസാത്മകത!”, തൊഴിൽസാധ്യത നഷ്ടപ്പെട്ട യുവയുദ്ധകാര്യലേഖകൻ, ഇരുണ്ട ഭാവിയെക്കുറിച്ചു ഓർത്തു ഇരുട്ടിൽ ആരും കാണില്ലെന്ന ഉറപ്പിൽ പല്ലു് ഞെരിച്ചു.
“അതിർത്തിഗ്രാമങ്ങളിൽ വാർത്തക്കായി ചുറ്റിനടന്നു ഒരാഴ്ചക്കുശേഷം ഇന്നലെ രാത്രി ഞാൻ ഹസ്തിനപുരിയിൽ മടങ്ങി വന്നതേയുള്ളു, എവിടെച്ചെന്നാലും നിങ്ങൾ കാണുക കർഷകർ കുരുവംശത്തിന്നെതിരെ കലിപ്പിലാണു്. പാടുപെട്ടു് വിത്തിറക്കിയ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ ചെയ്യുന്ന നാശം അവരെ വശം കെടുത്തുന്നു. ഇരുനദികൾക്കിടയിൽ പരമസുഖവുമായി നാൾ കഴിക്കയാണോ ഹസ്തിനപുരിയിൽ, പാണ്ഡവനിന്ദയും പറഞ്ഞു നിങ്ങൾ?”, കൊട്ടാരം ലേഖിക ദുര്യോധനപുത്രനും, കിരീടാവകാശിയുടെ കാര്യാലയചുമതല വഹിക്കുന്നവനുമായ യുവസൈനികനോടു് ചോദിച്ചു.
“പാണ്ഡവർ വനവാസത്തിനുപോയ ശേഷമാണു് ഈ പ്രതിഭാസമെന്നതു് എന്തോ ദുസ്സൂചന നമുക്കു് നൽകുന്നുണ്ടു്. ഞാൻ തക്ഷശിലയിൽ വിദ്യാർത്ഥി ആയിരുന്ന കാലത്തു, ഒരു ദശാബ്ദം മുമ്പു് പറഞ്ഞുകേട്ടതാണു്, പാണ്ഡവർ കുടിയേറ്റക്കാരായി ഖാണ്ഡവ വനത്തിൽ പോയപ്പോഴും കണ്ടു, കാട്ടുപന്നിയുടെ സംഘടിത ആക്രമണം ഹസ്തിനപുരിനഗരിയിൽ. കാട്ടിൽ ജനിച്ചുവളർന്ന കൗന്തേയരിൽ സന്തുലിതആവാസവ്യവസ്ഥയെ അലങ്കോലപ്പെടുത്തുന്ന എന്തോ വിഷബീജങ്ങൾ വളരുന്നുണ്ടു് എന്ന കൃപാചാര്യന്റെ നിഗമനം ഭരണകൂടം പിന്തുണക്കുന്നു എന്നതുകൊണ്ടു മാത്രം, ഞാൻ തുറന്നു സമ്മതിക്കുന്നു, തീരുന്നില്ല കാട്ടുപന്നി പ്രശ്നം. പാണ്ഡവർക്കു് മൂന്നുനേരവും മാംസാഹാരം വേണം, വെറുതെ കിട്ടിയ അക്ഷയപാത്രത്തിൽ നിന്നും മൂന്നുനേരം വാരിത്തിന്നുന്ന സസ്യാഹാരം കൊണ്ടു് മതിയാവില്ല പാണ്ഡവരുടെ മാംസദാഹം. പീഡകരെ ഭയന്നു്, അടക്കാനാവാത്ത ഭാവിഭീതിയിൽ പുറത്തുചാടുകയാണു് രാപ്പകൽ കാട്ടുപന്നികൾ. നഗരത്തിൽ ഇനിയിറങ്ങുക കടുവയും കാട്ടാനയും ആവുമെന്നും കേട്ടു, മൃഗവിജ്ഞാനം പഠിച്ച നകുലസഹദേവന്മാരിൽനിന്നും. രാജ്യത്തിന്റെ കാർഷികസുസ്ഥിരതയെ പ്രതികൂലമായി ബാധിക്കാവുന്ന മാംസപ്രിയപാണ്ഡവരെ ഒരു നല്ല കൃഷിപാഠം പഠിപ്പിക്കാനാവുമോ എന്നുനോക്കട്ടെ കൗരവ നേതൃത്വം!”
“പ്രതിക്കു് പൊതുസമൂഹം പരിചയപ്പെടാത്തൊരു കരുണാർദ്ര മുഖമുണ്ടെന്ന അവകാശവാദത്തെ നേരനുഭവം കൊണ്ടൊന്നു സമർഥിക്കാമോ?”, നീതിപതിഭീഷ്മർ, കൗരവകുടുംബാംഗമായ ദുശ്ശളയോടു് ചോദിച്ചു. പാഞ്ചാലീവസ്ത്രാക്ഷേപം വിചാരണ.
“വിവാഹം കഴിഞ്ഞു് ഞാൻ ജയദ്രഥന്റെ നാടായ സൈന്ധവദേശത്തേക്കു താമസംമാറ്റിയെങ്കിലും, സ്ത്രീകൾക്കുള്ള ഇരട്ട പൗരത്വം പ്രയോജനപ്പെടുത്തി ഇടയ്ക്കിടെ ഹസ്തിനപുരിയിൽ വേനൽക്കാലത്തു വന്നു ഇരുനദികളിലും മാറിമാറി നീന്തിക്കുളിക്കുക പതിവാണു്. അങ്ങനെ കുളികഴിഞ്ഞു തിരിച്ചു, അന്തഃപുര സുരക്ഷയുടെ ചുമതലയുള്ള പ്രതിയുമൊത്തു അരമനയിലേക്കു നടക്കുമ്പോൾ ഉണക്കപ്പുല്ലുകൾക്കിടയിലൊരു വെള്ള മുയൽ ഭയന്നു് വിറച്ചിരിക്കുന്നതു കണ്ടു. പെട്ടെന്നു ജാഗ്രതയോടെ രംഗം വിലയിരുത്തിയ പ്രതി വിരൽ ആകാശത്തേക്കു് ചൂണ്ടിയപ്പോൾ, ഞാൻ ശ്രദ്ധിച്ചു ഒരു കഴുകൻ ചുറ്റിപ്പറക്കുന്നു, ഊളിയിട്ടിറങ്ങുന്നു, മുയലിനെ പിടിക്കാനാവാതെ മേലോട്ടുയരുന്നു. മുയൽ തിരിച്ചുംമറിച്ചും ഓടി ഒളിക്കാനൊരിടം തേടുന്നു. ഇതൊക്കെ ‘പ്രകൃതിയുടെ ലീല’ എന്നമട്ടിൽ ഞാൻ വല്ലായ്മയോടെ കൈ വിടുമ്പോൾ, പ്രതി ചുറ്റുംപരതി കൂർത്തകല്ലെടുത്തു ആകാശത്തേക്കൊരു ഏറു. ഞാൻ ഞെട്ടിപ്പോയി, ഉന്നം തെറ്റാതെ ഏറു കൊണ്ടു് കഴുകൻ ഞങ്ങൾക്കുമുമ്പിൽ വീണു. വെള്ളമുയലിന്റെ ദയനീയസാഹചര്യത്തിൽ നമ്മൊളൊക്കെ നിസ്സംഗരാവുമ്പോൾ, പ്രതി സാർഥകമായി ഇടപെട്ടു കഴുകനെ കല്ലെറിഞ്ഞു വീഴ്ത്തിയ ഓർമ്മ, ഇന്നും അതാണെന്റെ ജീവിതാവബോധത്തെ സ്വാധീനിച്ച സാഹസിക സംഭവം!”
“ചൂതാട്ടത്തിൽ ഗാന്ധാരഭൂപതിശകുനിയിൽനിന്നും നൈപുണ്യ വികസനം നേടിയ യുധിഷ്ടിരനു, പക്ഷേ, വേണ്ടിവന്നാൽ ഹസ്തിനപുരികോട്ട കീഴടക്കാൻ വേണ്ട ആയുധപരിശീലനത്തിൽ മികവു് നേടാനായോ? അതോ വനവാസത്തിനുശേഷം നയതന്ത്രപ്രതിഭകളെ മുന്നിൽവച്ചു ഒരിക്കൽകൂടി ചൂതാടി നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചുപിടിക്കാമെന്നാണോ മോഹം?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“പ്രഖ്യാപിത പാണ്ഡവലക്ഷ്യങ്ങളിൽനിന്നും എപ്പോഴൊക്കെ യുധിഷ്ഠിരൻ തികഞ്ഞ ഉദാസീനതയിലേക്കു കൂപ്പുകുത്തുന്നുവോ അപ്പോഴൊക്കെ പാഞ്ചാലി വേണം കടുത്ത ശിക്ഷാനടപടിയിലൂടെ സായുധകർമ്മത്തിലേക്കു ആ മുതിർന്ന ‘കൗരവഅടിമ’യെ തിരിച്ചുകൊണ്ടുവരാൻ. രാവിലെ അവൾ ഒരു വാൾ ഏൽപ്പിക്കും, യുധിഷ്ഠിരൻ വാൾവിറപ്പിച്ചു കൊടുംകാട്ടിലേക്കു കൂട്ടാളിയില്ലാതെ ‘പരിശീലന’ത്തിനുപോവും, വഴിയിൽ കണ്ടുമുട്ടുന്ന ഓരോ ദുർബലഇരയേയും അയാൾ അപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ, ശത്രുകൗരവരെന്നു മനസ്സാസങ്കൽപ്പിച്ചു, കയ്യും കാലും വെട്ടി പരിക്കേൽപ്പിച്ചു മാരകായുധവിദ്യയിൽ മുന്തിയ പദവിയിലേക്കുയരും. ചില സസ്യാഹാരിമൃഗങ്ങളെ തലവെട്ടി അത്താഴത്തിനെന്നും പറഞ്ഞു പാഞ്ചാലിയുടെ മുമ്പിലേക്കെറിയും. അതു് ഭക്ഷ്യയോഗ്യമാക്കേണ്ട പാചകമികവു് അവൾ കാണിച്ചില്ലെങ്കിൽ, ആശ്രമം ആൺപെൺ ദ്വന്ദയുദ്ധത്തിനു വേദിയാകും.”
“ഗംഗാതടസമതലങ്ങളിൽനിന്നു വരുന്ന ആരോടായാലും, സംസാരിക്കുമ്പോൾ പരാതി ആർത്തവശുചിത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്ഥൂലീകരിച്ച ആശങ്കയാണല്ലോ. അന്യായമായ പൗരാവകാശനിഷേധവും അടിമപ്പണിയും നിരന്തരം നേരിട്ടിട്ടും, പീഡകകൗരവരെക്കുറിച്ചു ഒരുവാക്കു പോലും നിങ്ങൾ രോഷം കാണിക്കുന്നതു് കണ്ടില്ലെന്നാണു്, മനുഷ്യാവകാശ പ്രവർത്തകനായ ചാർവാകൻ എന്നോടു് ഖേദിച്ചതു. അരാഷ്ട്രീയജീവിയായോ, ഒരിക്കൽ മുനവച്ചു പ്രതികരിക്കുന്ന സ്ത്രീവാദിയായിരുന്ന ദ്രൗപദി?”, കൊട്ടാരം ലേഖിക ചോദിച്ചു. മലഞ്ചെരുവിലെ ജലാശയത്തിൽ പാഞ്ചാലി. മറുവശത്തു പതിവുപോലെ മലർന്നുകിടന്നു് നീന്തുന്നുണ്ടായിരുന്നു ആകാശചാരികളെന്നു പാണ്ഡവരാൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാധരന്മാരും ഗന്ധർവന്മാരും.
“നിങ്ങളും ഒരു സ്ത്രീയല്ലേ. വയറുവേദനയോ കാൽകഴപ്പോ മറ്റു ശാരീരികദുരിതങ്ങളോ ഒന്നുമല്ലല്ലോ ഞാൻ ആഗതരുമായി സംസാരിക്കുക, ഒരു മുഴം വൃത്തിയുള്ള പരുത്തിത്തുണി കിട്ടിയിരുന്നെങ്കിൽ എന്ന അടിമസ്ത്രീയുടെ അടിസ്ഥാന ആവശ്യമാണു്. പാണ്ഡവർ അതു് ‘ലജ്ജാകരം’ എന്നു് തള്ളി, ഇതേ ചാർവാകൻ അതു് ദുശ്ശളയെ അറിയിച്ചപ്പോൾ, കിട്ടി കൗരവരിൽനിന്നും ഒരു സമ്മാനപ്പെട്ടി നിറയെ പരുത്തിത്തുണിയും ശരീരശുദ്ധിക്കു ഔഷധങ്ങളും. ഇപ്പോൾ ഞാൻ നിങ്ങളോടു് സംസാരിക്കുക ആർത്തവത്തെക്കുറിച്ചല്ല ബഹുഭർത്തൃത്വ ദാമ്പത്യത്തിലെ പരിഹാരമില്ലാത്ത പരസ്പരശത്രുതയെക്കുറിച്ചു മാത്രം. അടുത്തചോദ്യം ചോദിക്കൂ എന്നിട്ടുവേണം വിദ്യാധരന്മാരുമായി നീന്തിമത്സരിക്കാൻ.”
“ഇനി നിങ്ങൾ പറയുമോ പാഞ്ചാലി വിഷദ്രാവകം തുള്ളിമരുന്നു പോലെ രാത്രിയിൽ നിങ്ങളെ കുടിപ്പിക്കാൻ ശ്രമിച്ചു!”, ‘കുലസ്ത്രീ’ക്കെതിരെ അർജ്ജുനൻ ചെയ്ത ഞെട്ടിപ്പിക്കുന്ന ഏറ്റുപറച്ചിൽ സഹിക്കാനാവാതെ കൊട്ടാരം ലേഖിക മാദ്ധ്യമ പ്രവർത്തകയുടെ തൊഴിൽപെരുമാറ്റരീതി വിട്ടു് പൊട്ടിത്തെറിച്ചു.
“വിഷം എന്നുനിങ്ങൾ പറഞ്ഞസ്ഥിതിക്കു് ആ കറുത്തരാത്രി വിട്ടുകളയരുതല്ലോ. ചാരത്തൊഴിലിൽ ബാല്യംമുതൽ നൈപുണ്യ വികസനം നേടിയ നകുലന്റെ കൗശലം നിറഞ്ഞ പ്രതിരോധമുറയില്ലെങ്കിൽ, കുടിലദുര്യോധനൻ പാഞ്ചാലിയിലൂടെ നേടിയെടുക്കാൻ സാഹസികമായി തയ്യാറാക്കിയ ‘തുള്ളിമരുന്നു് പ്രയോഗം’ തക്കസമയത്തു പിടിക്കപ്പെടില്ലായിരുന്നു. അസാധാരണമായ പ്രതികരണനീക്കത്തിലൂടെ അഞ്ചുപേരെയും ഒരുമിച്ചു പായക്കൂട്ടാക്കി ഇരുട്ടിന്റെ മറവിൽ, മൃദുവിരലുകൾ കൊണ്ടവരുടെ ചുണ്ടുപിളർത്തി, ആദ്യം ചുംബനത്തിലൂടെയും പിന്നീടു് അതിവേഗത്തിൽ തുള്ളിമരുന്നുപ്രയോഗത്തിലൂടെയും, കൗന്തേയരഞ്ചുപേരെ ഉടനടി കാലപുരിയിലേക്കയക്കാനായിരുന്നു അവളുടെ ഗൂഢമനസ്സു ദുര്യോധനാനുമായി അവിശുദ്ധബന്ധത്തിൽ കൂട്ടുപ്രതി ചേർന്നു് ഹീനപദ്ധതിയിട്ടതു്,. ദുര്യോധനൻ രഹസ്യദൂതൻ വഴി അവൾക്കു മറ്റാരുമറിയാതെ എത്തിച്ച വിഷദ്രാവകം, നകുലൻ നേരത്തെ കണ്ടെത്തി ഒഴിച്ചുകളഞ്ഞു, പാത്രം കഴുകി, കാട്ടുതേൻ നിറച്ചുവച്ചു എന്നറിയാതെ, പ്രലോഭിപ്പിക്കാൻ വിവസ്ത്രയായ പാഞ്ചാലി “തുള്ളിമരുന്നു്” ഓരോരുത്തരുടെ നാവിലും ‘പ്രണയപൂർവ്വം’ ഇറ്റിച്ചു. അതോടെ തീരും പാണ്ഡവർ എന്നു് കരുതിയവൾക്കു പിന്നെ കേൾക്കേണ്ടിവന്നതു്, “കുറച്ചുകൂടി ഒഴിക്കൂ, നിന്റെ ചുണ്ടുകൾ പോലെ തേനിനും എന്തൊരു സ്വാദു്!” എന്ന പാണ്ഡവ പ്രതികരണം! ഞെട്ടിത്തെറിച്ച പാഞ്ചാലി രാത്രി വൈകും വരെ പിന്നീടു് കേട്ടതു് പാണ്ഡവരുടെ സംഘരതിസീൽക്കാരം മാത്രം. അതോടെ അവസാനിപ്പിച്ചു “ദേവസന്തതികളുടെ പുത്രന്മാരെ” അവസാനിപ്പിക്കാനുള്ള ദുര്യോധനതന്ത്രം. പാവം പാഞ്ചാലി വെറും ഒരു കൗരവ ചാര, അല്ല ഇര അല്ലെ!” കുളി കഴിഞ്ഞു ജലാശയത്തിൽനിന്നും അപ്പോൾ ആശ്രമമുറ്റത്തു എത്തി, ഈറൻ തുണികൾ ഉണക്കാനിടുന്ന പാഞ്ചാലി കരുതലോടെ ചെവി കൂർപ്പിക്കുന്നതു, പാതിതുറന്ന ജാലകത്തിലൂടെ കൊട്ടാരം ലേഖിക ഒരുനോക്കു കണ്ടു നോട്ടം വെട്ടിച്ചു.
“ഈ വിവാദവിരലല്ലേ ദക്ഷിണയായി മുറിച്ചുകൊടുത്തു എന്നു് നാടാകെ പാട്ടായതു? കണ്ടാൽ, മുറിച്ചുനീക്കിയ പോലെയും, മുറിച്ചെടുത്തഭാഗം തിരിച്ചുവച്ചു തുന്നിക്കൂട്ടിയ പോലെയുമൊന്നും തോന്നുന്നില്ലല്ലോ”, വിദ്യാർത്ഥിയുടെ വലതുകൈയിലെ തള്ളവിരൽ തൊട്ടു, സംശയത്തിൽ കൊട്ടാരം ലേഖിക മുഖത്തു് നോക്കി.
“പരിപൂർണ്ണ സസ്യഭോജിയായ ഗുരുവിനു വേണ്ടതു് വിദൂര വിദ്യാർഥിയുടെ വിരലൊന്നുമായിരുന്നില്ല, സ്വർണനാണയമായിരുന്നു, അതു് ഞാൻ രാജമന്ദിരത്തിലെ രഹസ്യരത്നശേഖരത്തിൽ നിന്നു് പൊക്കി ആ ദരിദ്രബ്രാഹ്മണനു് നീട്ടിയപ്പോൾ ദക്ഷിണ തൃപ്തിയായി എന്നു് പുഞ്ചിരി വ്യക്തമാക്കി. മുറിച്ചുനീക്കിയ വിരൽ തിരിച്ചുവച്ചു്, കൈ പഴയപോലെ പോരാട്ടക്ഷമമായി എന്നു് നാളെ നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ വാർത്ത കണ്ടാൽ പരിഭ്രമിക്കരുത്. മനുഷ്യാവയവങ്ങളിലെ കൊള്ളകൊടുക്ക ഒരു പുത്തൻകായികപരീക്ഷണമായി വരുംയുഗത്തിൽ മാറും എന്നാണു ഭാവി പ്രവചിക്കാൻ അമാനുഷ ശേഷിയുള്ള സഹദേവൻ പറഞ്ഞതു്!”
“പ്രതിക്കൂട്ടിൽ നിർത്തിപ്പൊരിച്ചപ്പോൾ വിറളിപിടിച്ചുവോ നിങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. നീതിപീഠത്തിൽനിന്നും ആരോപിതപീഡകൻ തലതാഴ്ത്തി മുഖംമറച്ചു പുറത്തുവരുന്ന നേരം. വസ്ത്രാക്ഷേപപ്പിറ്റേന്നു്. വനവാസത്തിനുപോവാൻ മരവുരിധരിച്ച പാഞ്ചാലിയും പാണ്ഡവരും മൊഴികൊടുത്തു പദയാത്രക്കായി രാജവീഥിയിൽ.
“കുടുംബയോഗത്തിൽ ഞാൻ നിർദേശിച്ചു, ഓരോ കൗരവനും മോതിരവിരൽകീറി ചുടുചോര നൂറു കൗരവരാജവധുക്കളുടെയും നെറ്റിയിൽ സിന്ദൂരം ചാർത്തി സത്യപ്രതിജ്ഞ ചൊല്ലണം—“നീയെനിക്കെന്റെ പ്രിയമാതാവിനുതുല്യം, എന്നിൽ നീ സത്പുത്രനെ എന്നും കാണണം!” ആ പ്രൗഢ ഗംഭീര അനുഷ്ടാനത്തിനു സാക്ഷിയായ ഭീഷ്മർ, നീതിപതിയെന്ന നിലയിൽ എനിക്കുനേരെ ഇപ്പോൾ വിരൽചൂണ്ടിയപ്പോൾ, വല്ലായ്മതോന്നി. കുടുംബസദസ്സിലെ സത്യപ്രതിജ്ഞക്കു ബ്രഹ്മചര്യപ്രതിജ്ഞയുടെ കാതൽ ഇല്ലെന്നാണോ നീതിമാൻ കരുതുന്നതു? പാണ്ഡവമാതാവു് കുന്തിയെപോലെ വിവാഹബാഹ്യബന്ധങ്ങളിൽ വികസിപ്പിച്ച മാതൃത്വമല്ല പതിവ്രത ഗാന്ധാരിയുടെ. അതിൽ പ്രപഞ്ചശക്തികളുടെ മംഗളകരമായ ഇടപെടൽ ഉണ്ടായി. സത്യപ്രതിജ്ഞചെയ്തു, അന്തഃപുരത്തിൽ നിത്യവും നൂറോളം ‘മാതാക്കൾ’ക്കൊപ്പം ജീവിക്കുന്ന ഞങ്ങൾ രക്തപങ്കിലപ്രതിജ്ഞ നിറവേറ്റുമോ? അതോ, വൈവിധ്യബീജദാനികളിലൂടെ ഗർഭംധരിച്ചവളുടെ നഗ്നമേനികാണാൻ ഉടുതുണിവലിച്ചൂരുമോ, ഗംഗയും സത്യവതിയും അംബികയും അംബാലികയും, ഇപ്പോൾ ഗാന്ധാരിയും ഇരുന്ന, കുരുവംശരാജസഭയിൽ? ഭാര്യയെ പണയംവച്ചു് ചൂതാടിയ യുധിഷ്ഠിരൻ നിർമ്മിച്ചെടുത്ത ഈ വ്യാജവസ്ത്രാക്ഷേപത്തിനു, കഷ്ടം, സോദരീ, നിങ്ങളും സത്യസാക്ഷിയല്ലേ?”
“വിവാഹം കഴിഞ്ഞു പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ നിങ്ങൾ, കുരുവംശത്തിന്റെ വിശിഷ്ട അതിഥികളായി കഴിഞ്ഞ ഇടവേളയിൽ, ‘പീഡക’കൗരവരുമായി കൈകോർക്കുന്നതു കണ്ടു. നിത്യവും ദുശ്ശാസനൻ നിങ്ങളെ ‘പൂമൂടു’ന്നതു് കൗതുകത്തോടെ കണ്ടിട്ടുണ്ടു്. ചൂതാട്ടസഭയിൽ സാന്ദർഭികമായി അതേ ദുശ്ശാസനൻ നിങ്ങളുടെ അരക്കെട്ടിലൊന്നു കൈവച്ചപ്പോൾ, അവന്റെ കുരുതിച്ചോര തേക്കാതെ ഇനി മുടികെട്ടിവെക്കില്ലെന്നു നിങ്ങൾ പ്രതിജ്ഞയെടുക്കുന്നതും ഇന്നലെ കണ്ടു. ഇതിലൊരു പരിഹാസ്യവൈരുധ്യം തോന്നുന്നില്ലേ?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. വനവാസത്തിനു ആദ്യഘട്ട ‘വസ്ത്രാക്ഷേപ’ത്തിൽ, മുടിയലങ്കാരങ്ങളും പൂക്കളും നീക്കി ശപഥത്തിനായി അഴിച്ചിടുകയായിരുന്നു പാഞ്ചാലി.
“അനുവാദമില്ലാതെ പെണ്ണുടലിൽ പുരുഷൻ, അതു് ഭർത്താവോ കാമുകനോ ആവട്ടെ, കൈവക്കുന്നതിനെ മാപ്പർഹിക്കാത്ത അപരാധം എന്നല്ലാതെ, കൊഞ്ചിക്കുഴഞ്ഞു അഭിനന്ദിക്കാനാവുമോ അഭിമാനിയായ സ്ത്രീക്കു്? കിടപ്പറയിലായാലും വേദിയിലായാലും ആ സ്പർശം, അതൊരു വാക്കാലുള്ള പ്രതിഷേധത്തിലൂടെ മാത്രമല്ല അവന്റെ ചോരയിലൂടെ വേണം കണക്കു തീർക്കാൻ എന്നതിൽ പൊതുസമൂഹത്തിനില്ലാത്ത മുറുമുറുപ്പു് നിങ്ങൾക്കെന്തിനു്? അപമര്യാദയോടെയുള്ള ദുശ്ശാസനസ്പർശത്തിനു് അവന്റെ മൊത്തം ശരീരം വേണം പ്രായശ്ചിത്തം ചെയ്യാൻ!”
“അരമനക്കുള്ളിൽ, പിന്നാമ്പുറത്തെന്തോ തിരക്കിട്ട കുടിലശ്രമം ഉണ്ടല്ലോ പീഡനപ്രതിയെ രക്ഷിക്കാൻ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ആറംഗ പാണ്ഡവസംഘത്തിന്റെ ഇന്ദ്രപ്രസ്തമുദ്രയുള്ള രാജവസ്ത്രങ്ങൾ ഒന്നൊന്നായി ഊരിയെടുത്തു വനവാസയോഗ്യമായ മരവുരി ധരിപ്പിക്കുന്ന ആയാസകരമായ നേരം.
“നീതിപീഠത്തിൽനിന്നും പരാതി പിൻവലിച്ചാൽ അതിജീവിതക്കു ഹസ്തിനപുരി കൊട്ടാരത്തിൽ വ്യക്തിഗത കഴിവനുസരിച്ചുള്ള അന്തഃപുര തൊഴിൽകൊടുത്തു പുനരധിവസിപ്പിക്കുന്നതോടെ, വനവാസ, നിത്യജീവിത ദുരിതത്തിൽനിന്നും രക്ഷിക്കാമോ എന്നൊരു സ്ത്രീസൗഹൃദ നിർദേശം നീതിപീഠത്തിൽ കിട്ടിയിട്ടുണ്ടു്. പിന്നാമ്പുറച്ചുവയുള്ള ഔദ്യോഗികരഹസ്യമൊന്നുമല്ല നടപടിക്രമം അനുസരിച്ചു നീതിപതി പരസഹായമില്ലാതെ തീർപ്പാക്കേണ്ട അപേക്ഷ മാത്രം. അതിൽ, കിരീടാവകാശിയും, പ്രതിപ്പട്ടികയിൽ ഇടം നേടിയ ആരോപിതരിൽ ഒരാളുമായ ദുര്യോധനൻ എന്ന ഞാൻ ഇടപെടുന്നതു ശരിയല്ലല്ലോ. ആരാണു് നിർദേശം മുന്നോട്ടു് വച്ചതെന്നു് വെളിപ്പെടുത്താൻ എനിക്കു് ആവില്ല പേരുവിവരങ്ങൾ ഒഴിവാക്കി അതിജീവിതയുടെ സ്വകാര്യതയും നീതിപീഠം മാനിക്കും എന്നാണു് അനുമാനം. ഏതുവിധത്തിലും നാളെ രാവിലെയോടെ ഒത്തുതീർപ്പുശ്രമം പ്രായോഗിക വഴിക്കുവരുന്നില്ലെങ്കിൽ, അതിജീവിത ആറാം കൗരവഅടിമയെന്ന തൽസ്ഥിതി തുടരും. സഹനമായിരിക്കും വ്യാഴവട്ടക്കാലത്തെ ഓരോ ദിനവും എന്നുഞാൻ പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാം”, ലക്ഷ്യമിടുന്ന പാണ്ഡവരോടായിരുന്നു ഭരണകൂട വക്താവായ ദുര്യോധനന്റെ ‘ചെരിഞ്ഞ’ നോട്ടവും പുഞ്ചിരിയും
“പുനരധിവാസകേന്ദ്രത്തിൽ നിങ്ങൾ കൗരവരാജവിധവകളെയും കുടുംബങ്ങളെയും ആദ്യദിനങ്ങളിൽ തന്നെ ഒതുക്കിയപ്പോൾ തിരിച്ചറിയാൻ വിട്ടുപോയോ, വളർന്നുവരുന്ന പുതുതലമുറ കൗരവ കൗമാരക്കാരെ?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.
ദുര്യോധനന്റെയും ദുശ്ശാസനന്റെയും കൊച്ചുമക്കൾ ദേശീയ പാതകളിലെ വഴിയമ്പലങ്ങളിൽ ഇടിച്ചുകയറി രാജ്യാന്തര യാത്രികരെ കൊള്ളയടിക്കുകയും ദേഹോപദ്രവം ചെയ്തു പരാതി കൊടുക്കരുതെന്നു ഭീഷണിപ്പെടുത്തുകയും പതിവായ അശാന്ത ദിനങ്ങൾ. പാണ്ഡവ ഭരണകാലം.
“ഹസ്തിനപുരിയുടെ പ്രശാന്തമായ കരിമ്പിൻതോട്ടങ്ങൾ ചവിട്ടി മെതിക്കുവാൻ വരുന്ന കൗരവ ‘കുട്ടിക്കൊമ്പ’ന്മാരെ നേരിടാൻ നെടുന്തൂണായി ഇവിടെയൊരു ‘കുങ്കിയാന’യുണ്ടെന്ന കാര്യം നിങ്ങൾ മറക്കരുതേ! യുദ്ധം ജയിച്ചു ഹസ്തിനപുരിയിൽ എത്തിയ പാണ്ഡവരെ നേരിട്ടതു് പ്രകടമായ ശത്രുതയോടെ യുധിഷ്ഠിര പട്ടാഭിഷേകത്തിനു തടസ്സം സൃഷ്ടിക്കുന്ന പുതുതലമുറ കൗരവകുടുംബാംഗങ്ങളെ. മയക്കുമരുന്നുകൊടുത്തെങ്കിലും അവരെ നിർവീര്യമാക്കാൻ ഞങ്ങൾ ഒരുകൈ തയ്യാറായിരുന്നു. അതുകൊണ്ടൊന്നും പക്ഷേ, നിന്നില്ല കൗമാര കൗരവതീവ്രവാദം. അപ്പോൾ പ്രതിരോധവകുപ്പുമേധാവി ഭീമൻ ആദ്യമായി നൈപുണ്യവികസനത്തിനു വഴിതേടി ഒരു രഹസ്യ പരിശീലന കേന്ദ്രത്തിൽ കയറിക്കൂടി അതിവേഗം തൊഴിൽമികവുനേടിയ കുങ്കിയായി. നിങ്ങൾ സൂചിപ്പിച്ച കൗമാര തീവ്രവാദികളെ ഭീമൻ സ്നേഹാദരങ്ങളോടെ ആദ്യമൊക്കെ കരിമ്പും പഴവും നൽകി സൽക്കരിക്കും മെരുങ്ങുന്നില്ലെങ്കിൽ മാത്രം മരക്കൂടിൽ തളച്ചു സൗമ്യപ്രകൃതിയാക്കും. ചിലരെ ഭാവിയിലെങ്കിലും ഭരണ കൂടത്തിനുപകരിക്കുമെന്നു് വിശ്വാസത്തിൽ കുങ്കികളാക്കും. ആദരണീയനായ ഭീമനും പ്രായം കൂടുകയാണല്ലോ” പുതിയ കിരീടാവകാശി കൗമാര പരീക്ഷിത്തു് കളിപ്പാട്ടങ്ങളുമായി ബാല്യം വീണ്ടും ആസ്വദിക്കുന്നതു് നകുലൻ പല്ലുഞെരിച്ചു നോക്കുന്നുണ്ടായിരുന്നു.
“കുരുക്ഷേത്രവിധവ!–അങ്ങനെയാണോ നിങ്ങൾ ബലിദാനികൗരവരുടെ രാജസ്ത്രീകളെ പരാമർശിക്കുക? കൗരവരുടെ വിധവ എന്നതിൽ കവിഞ്ഞവർക്കു് സ്വതന്ത്രവ്യക്തിത്വം ഇല്ലേ? പരിഷ്കൃതസമൂഹത്തിൽ? അവഹേളനമല്ലേ അങ്ങനെ വിളിക്കുന്നതു്?” കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
“ആരോടാണു് നിങ്ങൾ ‘അവഹേളന’ത്തെക്കുറിച്ചു പറയുന്നതു്? ദുര്യോധനൻ എന്റെ ഉടുതുണികളെല്ലാം അധികാരഭാവത്തോടെ അഴിച്ചുമാറ്റി അടിമയുടെ മരവുരിയുടുപ്പിച്ചു നഗ്നപാദയായി വനവാസത്തിനയക്കുമ്പോൾ ഒരു കൗരവരാജവധുവെങ്കിലും ‘ഇതു് ശരിയല്ല’ എന്നു് കൗരവരോടു് പറഞ്ഞ ഓർമ്മയുണ്ടോ? മഹാറാണി എന്ന നിലയിൽ ഞാൻ അവരെ കുരുക്ഷേത്രവിധവ എന്നു് മുദ്രകുത്തിയതു് മുൻഗണനാക്രമത്തിൽ സൗജന്യഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനാണു്. അവർ പുനർവിവാഹം ചെയ്താൽ വിധവാനുകൂല്യം നിലക്കും. ഒന്നുകൂടികടന്നു അവരിലെ കായികയോഗ്യതയുള്ളവർ അന്തഃപുരസേവന ദാതാക്കളായാൽ, അരമനസ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾ ലഭിക്കും അപ്പോൾ റാണി എന്ന പദവി ഞാൻ ഉപേക്ഷിച്ചു അവർക്കു പാണ്ഡവരുമായി ബഹുഭർതൃത്വവും ബഹുഭാര്യാത്വവും തരംപോലെ ആഘോഷിക്കാം. എനിക്കും വേണമല്ലോ ഊടുവഴി വെട്ടാനൊരു ഭക്തിമാർഗം!”
“എന്തായിരുന്നു ദ്രൗപദിയുടെ അന്ത്യമൊഴി?”, യുധിഷ്ഠിരൻ ചോദിച്ചു. അവസാന നിമിഷങ്ങളിൽ സാന്ത്വനസ്പർശമായും, ശാന്തമായി മരിച്ചപ്പോൾ ചരമശുശ്രൂഷക്കു ആദിവാസികൾക്കൊപ്പം പങ്കുചേർന്നും പാഞ്ചാലപുത്രിക്കു് യാത്രാമൊഴി പറഞ്ഞശേഷം പാണ്ഡവരെ തേടി മുന്നോട്ടു് നടക്കേ വഴിയോര നീർച്ചാലിന്നരികെ വിശ്രമിക്കുന്നതു് കണ്ടപ്പോൾ അഭിവാദ്യം ചെയ്തു. മഹാപ്രസ്ഥാനം.
“എന്നെപ്പോലെ ആരോരുമറിയാതെ മരിക്കാതിരിക്കട്ടെ, ദേവസന്തതികളായ ഭർത്താക്കന്മാർ. അവർക്കു പ്രകൃതിയുടെ കനിവോടെ ആരാധകർ യാത്രപറയട്ടെ. ജീവകാലം മുഴുവൻ കാത്തു സൂക്ഷിച്ച പൊന്നുടലോടുകൂടിയവർ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കട്ടെ. അങ്ങനെ ഒരാശംസ ദ്രൗപദി സൗമ്യമായി ഉച്ചരിച്ചതു എന്റെ മടിയിൽ തലവച്ചു കണ്ണടയും മുമ്പായിരുന്നു.”
“പാണ്ഡവസേനയെ ചെന്നുകണ്ടപ്പോൾ പേടിതോന്നി, എവിടെനിന്നു സംഘടിപ്പിച്ചു ഇവരെയൊക്കെ യുധിഷ്ഠിരൻ, വിരാടനാട്ടിൽ വിധേയത്വത്തോടെ കഴിഞ്ഞ നാളുകളിൽ?”, കൊട്ടാരം ലേഖിക വിസ്മയത്തിൽ ചോദിച്ചു.
“സഖ്യസൈന്യങ്ങളെ സംഭരിക്കാൻ അഞ്ചുപാണ്ഡവരും അയൽനാടുകളിൽ ഏറെ അലഞ്ഞു, എവിടെച്ചെന്നന്വേഷിച്ചാലും കേട്ടു ദുര്യോധനൻ നേരത്തേയെത്തി സൈനികരെ ഉയർന്നവേതനം നൽകി പൊക്കിയിരിക്കുന്നു. വിഷണ്ണരായ പാണ്ഡവരോടപ്പോൾ ഞങ്ങളുടെ സേനാനായകൻ പതുക്കെ ചോദിച്ചു, കാരാഗൃഹം നിറയെ കാലാകാലങ്ങളായി കൊടുംകുറ്റവാളികളെ ജീവപര്യന്തം തടവിലിട്ടുണ്ടു്. ഞങ്ങളുടെ വിജയാശംസകളോടെ അവരെ കൊണ്ടുപോവുന്നോ? പ്രതിഫലമായി ഒന്നും തരേണ്ട മറ്റുപാണ്ഡവരുമായി ആലോചിച്ചു യുധിഷ്ഠിരൻ ഉടൻ കരാറിലേർപ്പെട്ടു, കൗരവരുമായി യുദ്ധംജയിച്ചാൽ ഇവരെ ഞങ്ങൾ പാണ്ഡവ സൈന്യത്തിൽ പദവിനൽകി നിയമിക്കാം. ഞങ്ങൾ കുറ്റവാളികളോടു് പക്ഷേ, പറഞ്ഞതു് ധർമ്മസംസ്ഥാപനത്തിനെന്നും പറഞ്ഞു സത്യവാനെന്ന വിശ്വഖ്യാതിനേടിയ പാണ്ഡവൻ നേരിട്ടു് വന്നിട്ടുണ്ടു്. നിത്യവേതനത്തിൽ കൂലിപ്പട്ടാളമായി ചേർന്നാൽ മരണംവരെ വലിയ സംഖ്യ പ്രതീക്ഷിക്കാം. അവർ ചൂണ്ടിക്കാണിക്കുന്ന കൗരവരെ ചിത്രവധം ചെയ്യുന്ന എളുപ്പപ്പണിയേ നിങ്ങൾ ചെയ്യേണ്ടൂ. അങ്ങനെ അവർ ഇവിടെ എത്തി. മദ്യം മാംസം മദിരാക്ഷി എല്ലാം കിട്ടിയപ്പോൾ അവർ കഠാരി മൂർച്ഛകൂട്ടാൻ തുടങ്ങി. കുരുക്ഷേത്ര അവരുടെ വിധി നിർണയിക്കട്ടെ, തിരക്കുനിറഞ്ഞ കാരാഗൃഹങ്ങൾ ഒഴിഞ്ഞും കിട്ടി!”
“അത്ര എളുപ്പമാണോ, നിങ്ങളെപ്പോലൊരു പോരാളിയെക്കൊണ്ടു് കൗരവർ സന്യസ്തആശ്രമങ്ങളിലെ മാലിന്യനീക്കം ചെയ്യിക്കുന്ന പണി?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“പ്രിയദുര്യോധനന്റെ സദുദ്ദേശ്യപരമായൊരു നിർദേശത്തിൽ ഞാൻ സ്വയം ഏറ്റെടുത്ത നിയോഗമായിരുന്നല്ലോ അതു്. വലിച്ചെറിയൽമുക്ത വനമേഖല എന്ന പദ്ധതി തുടങ്ങി, സന്യസ്തർ. മാലിന്യങ്ങൾ ഇടംവലം നോക്കാതെ വലിച്ചെറിഞ്ഞ ആശ്രമാന്തരീക്ഷം, വൃത്തിയാക്കുകയും, ഇനിയരുതു് വലിച്ചെറിയൽ എന്നൊരു ജാഗ്രതാ മുന്നറിയിപ്പു് കൊടുക്കുകയും ചെയ്തല്ലോ. പ്രഖ്യാപിത പരിത്യാഗികളെങ്കിലും അവർ, നാം മനുഷ്യരെപ്പോലെ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ എളുപ്പം വേർതിരിച്ചു് തന്നെ സംസ്കരിക്കണമെന്നും, അജൈവവസ്തുക്കൾ വേതനം നൽകി പാണ്ഡവരുടെ ഹരിതകർമസേനയ്ക്കു് കൈമാറണമെന്നുമുള്ള ബോധവത്കരണവും ഞാൻ ചെയ്തു. ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ പരിപാലനം ഒരു ജീവിതലക്ഷ്യമായി ഏറ്റെടുത്ത ഉടയോൻദുര്യോധനൻ എന്നോടു് വാത്സല്യത്തോടെ നിർദേശിച്ച പദ്ധതി എന്ന നിലയിൽ, ശത്രുതയോടെ പാണ്ഡവർ മുഖംതിരിച്ചപ്പോൾ, മൊത്തം പൊതുനന്മയോർത്തുഞാൻ അതു്, വഴക്കിടാതെ പൂർത്തിയാക്കി. അരമനത്തിണ്ണ നിരങ്ങി, കൗരവസ്ത്രീകൾ വച്ചതും വിളമ്പിയതും സദ് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകക്കു് എന്നുമുതലാണു് പരിസ്ഥിതി, പരിഗണനാവിഷയമായതു്?”
“സ്ത്രീപീഡനപരാതിയിൽനിന്നും രക്ഷപ്പെടാൻ, അവസാനം മാനസികദൗർബല്യത്തിനു് ചികിത്സതുടരുന്ന ആൾ എന്നു് നീതിപീഠത്തിൽ താണുകേണു് യാചിക്കേണ്ടിവന്നു അല്ലെ?” കൊട്ടാരം ലേഖിക ചോദിച്ചു. മട്ടുപ്പാവിൽ പുതുമണ്ണിറക്കി ഔഷധച്ചെടികൾ നട്ടുപരിപാലിക്കുകയായിരുന്നു, കൗരവമൂപ്പിളമയിൽ രണ്ടാമനും, ദുര്യോധനന്റെ ആജ്ഞാനുവർത്തിയും ചിലപ്പോളൊക്കെ കൂലിക്കൊലയാളിയുമായ ദുശ്ശാസനരാജകുമാരൻ.
“സ്വതന്ത്രമായ നീതിന്യായവകുപ്പു് കാര്യക്ഷമമായി പ്രവർത്തിക്കുന്ന പരിഷ്കൃതസമൂഹത്തിലായില്ലേ സൗന്ദര്യോപാസകനായ എന്റെ ജീവിതം. മനസികദൗർബല്യം എനിക്കു് ദ്രൗപദിയോടായിരുന്നു, സംതൃപ്തവിവാഹിതനാണു ഞാനെങ്കിലും. ഒന്നും പക്ഷേ, ഏകപക്ഷീയമായിരുന്നില്ല. അതുകൊണ്ടാണല്ലോ അന്തഃപുരത്തിലായിരുന്ന ദ്രൗപദി ഞാൻ വിളിച്ചു ചൂതാട്ടസഭയിലേക്കുവരുമ്പോൾ നീണ്ട ഇടനാഴിയിലൂടെ ഇരുട്ടിൽ നടന്നാൽ ക്ഷീണം തോന്നുമെന്നുപറഞ്ഞു എന്റെ തോളിൽ കമഴ്‌ന്നുകിടന്നതും കെട്ടിപ്പിടിച്ചു സുരക്ഷാബോധം നേടിയതും. പാണ്ഡവർക്കുമുമ്പിലെത്തിയപ്പോൾ അവൾ ഒന്നു് പതറി, “എന്നെ പ്രതിസ്ഥാനത്തുനിർത്തിയാൽ ഒന്നും തോന്നരുതേ” എന്നു് ആലിംഗനം ചെയ്തവൾ ചെവിയിൽ മന്ത്രിച്ചു. പാണ്ഡവരിൽ സാക്ഷരനായ നകുലൻ എഴുതിക്കൊടുത്ത പനയോല ഓടിച്ചു വായിച്ചപ്പോൾ തന്നെ നീതിപതി ഭീഷ്മർ പറഞ്ഞു, ഇതൊരു അടിമുടി വ്യാജപരാതി. അങ്ങനെ എന്നെന്നേക്കുമായി അതു് തീർപ്പായി. ഇനി നിങ്ങൾ ചർച്ച ചെയ്താൽ കിരീടാവകാശികളിൽ രണ്ടാമനെന്ന നിലയിൽ ഭരണഘടനാ വകുപ്പനുസരിച്ചു ‘ഹസ്തിനപുരി പത്രിക’യെ മാതൃകാപരമായി നിരോധിക്കാൻപോലും ഞാൻ അവകാശം ഉന്നയിക്കും. അടങ്ങുന്നുവോ നീ, അതോ പൊരുതുന്നോ?”
“കുറ്റകൃത്യവും പാപവും വ്യത്യാസം തിരിച്ചറിയാൻ വെറുമൊരു പത്രപ്രവർത്തകയായ സ്ഥിതിക്കു് നിങ്ങൾക്കു് വൈകിയോ?”, യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. മഹാപ്രസ്ഥാനം. അവസാനം ഭീമനും വഴിയിൽ കുഴഞ്ഞുവീണു മരിച്ച ദിനം. ഒരു ചൊക്ലിപ്പട്ടി ഉത്സാഹത്തോടെ യുധിഷ്ഠിരനു് കൂട്ടായി തൊട്ടുപിന്നിൽ വാലാട്ടി നടന്നു.
“കുറ്റകൃത്യം ഭൂമിയിലെ മനുഷ്യജീവിതവുമായും, പാപം വിശ്വാസിയുടെ മരണാനന്തര ജീവിതവുമായും കൂട്ടിമുട്ടിക്കിടക്കുന്നു. കുറ്റകൃത്യം ചെയ്യുന്നവനു നാട്ടിൽ കാരാഗൃഹം നീതിന്യായ വിചാരണക്കുശേഷം അതിവേഗം തുറന്നുകിട്ടുമ്പോൾ, പാപം ചെയ്യുന്നവനു സ്വർഗ്ഗവാതിൽ പ്രവേശനം നിഷേധിക്കുന്നു എന്നാണു് വിശ്വാസം. കുറ്റകൃത്യം നാട്ടിലെ പരിഷ്കൃത നിയമവാഴ്ചയുമായി പരസ്യവേദിയിൽ വിചാരണചെയ്യപ്പെടുമ്പോൾ, പാപം ധാർമ്മികതയുമായി തിരുഹൃദയത്തിൽ മുട്ടിയുരുമ്മുന്നു. എന്നാൽ പാപവും കുറ്റകൃത്യവും ഐക്യപ്പെട്ട അപൂർവ്വ നേരവുമുണ്ടു്—മഹാപ്രസ്ഥാനത്തിൽ പരിത്യാഗികളായി നിങ്ങളുടെ കൂടെ എല്ലാം ഉപേക്ഷിച്ചു വന്ന ഭാര്യയും സഹോദരങ്ങളും വഴിയിൽ ഒന്നൊന്നായി കുഴഞ്ഞുവീണു മരിക്കാൻ കിടക്കുമ്പോൾ, “കണക്കായി” എന്നുമുനവച്ചുപറഞ്ഞു കാൽ നിങ്ങൾ മുന്നോട്ടെടുക്കുമ്പോൾ!”
“ചക്രവ്യൂഹത്തിൽ ബന്ദിയായ ആ കൊച്ചുകുട്ടിയുടെ തല വെട്ടിയതു് നിങ്ങൾ, നിങ്ങൾ ആയിരുന്നോ!”, കൊട്ടാരം ലേഖിക വെറുപ്പോടെ കൗരവപോരാളി കർണ്ണനെ നോക്കി. വൈകിയ രാത്രിയിൽ ജലാശയത്തിനരികെ ചിതയിൽ, അർജ്ജുനപുത്രൻ അഭിമന്യു ഒരുപിടിചാരമാകുന്ന നേരം.
“കൗരവരുടെ കുത്തും ചവിട്ടുമേറ്റു മണ്ണിൽകിടന്നു് പിടഞ്ഞുവേദനിക്കുന്ന ഒരു യുവപോരാളിയെയാണു് ഞാൻ അവിടെ എത്തിയപ്പോൾ കണ്ടതു്. “നിർത്തൂ! ശവത്തിൽ കുത്തുന്നോ?” എന്നു് ഞാൻ താരമൂല്യമുള്ള ശത്രുവിനു നേരെ ഗർജ്ജിച്ചപ്പോൾ അവരെന്നെ “നീ അവിശ്വസ്തൻ!” എന്നമട്ടിൽ സംശയത്തിൽ നോക്കി. വാളൂരി കഴുത്തുവെട്ടിയതു് വേദനയിൽനിന്നും അവനെ മോചിപ്പിക്കാൻ ആയിരുന്നില്ലേ, അതോ നിഷ്ക്രിയ വധത്തിലൂടെ, പതുക്കെപ്പതുക്കെ മതി കാലൻ അവനിൽ കുരുക്കുമുറുക്കേണ്ടതു് എന്നാണോ?” തർക്കസ്വരത്തിൽ പറഞ്ഞുതീരുംമുമ്പു് തന്നെ സായുധ അർജ്ജുനന്റെ രൗദ്രരൂപം മുമ്പിൽ കണ്ടെന്നപോലെ കർണ്ണൻ നടുങ്ങി മുട്ടുകുത്തി കൈകൂപ്പി.
“യാഥാസ്ഥിതികതയുടെ കൊടുമുടിയെന്നു ചാർവാകനെപ്പോലുള്ള പുരോഗമനവാദികൾ നിന്ദിക്കുന്ന കൃപാചാര്യർ, യുവകൗരവർക്കു നൽകിയ പിന്തുണ ശ്രദ്ധയിൽ പെട്ടുവോ? കുരുവംശത്തിലെ കാലപ്പകർച്ച എന്നു് ഞങ്ങൾ പൊലിപ്പിക്കട്ടെ?”, കൊട്ടാരം ലേഖിക ഗാന്ധാരിയോടു് ചോദിച്ചു. ദ്രോണഗുരുകുല വിദ്യാർത്ഥികളുടെ അരങ്ങേറ്റം പൂർത്തിയായപ്പോൾ, ദുര്യോധന നേതൃത്വത്തിൽ കർണ്ണനുണ്ടായ സൈനികവിജയത്തിൽ കോട്ടക്കകം അന്തേവാസികൾ ആർമാദിക്കുന്ന ദിനങ്ങൾ.
“വാടകഗർഭങ്ങളിൽ പിറന്നവരിൽ (കൺകെട്ടു കാരണം പാടുപെട്ടാണു് കൗരവരെ ഞാനിപ്പോഴും വേർതിരിച്ചറിയുക) ലൈംഗിക ആഭിമുഖ്യങ്ങൾ, വ്യത്യസ്ത അഭിരുചികൾ ഉണ്ടാവുക സ്വാഭാവികമല്ലേ? അക്കാര്യം അറിയാനിടയായാൽ മാതാപിതാക്കൾ ഇടപെടണമെന്നു കൊട്ടാരഗുരു വിശദീകരിച്ചതിൽ എന്തുണ്ടിത്ര പൊലിപ്പിക്കാൻ? ഇക്കാര്യത്തിൽ മാതാപിതാക്കൾ ദുഃഖിതരാകേണ്ടതില്ലെന്ന കൃപാചാര്യ പ്രസ്താവന, മാതൃത്വം നിഷേധിക്കപ്പെട്ട എന്നെക്കാൾ സാന്ത്വനമായിരിക്കുക, അറിയപ്പെടുന്ന ബീജധാനികളിലൂടെ നൊന്തുപെറ്റ കുന്തിക്കല്ലേ? സ്വവർഗ്ഗസമൂഹം എന്നു് ഭാവിയിൽ കൗന്തേയർ അംഗീകരിക്കപ്പെടാൻ, പിതൃദായക്രമമനുസരിച്ചു നിയമപരമായി അവകാശമുള്ളവരാണെന്നു് ദീർഘദൃഷ്ടിയായ പാണ്ഡു (അവന്റെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ) സത്യവാങ്മൂലത്തിൽ പറഞ്ഞുവച്ചിരുന്നല്ലോ. ഒരു കാര്യത്തിൽ വിയോജിപ്പുള്ളതു എന്തുകൊണ്ടു് പരസ്യമാക്കിക്കൂടാ? കൗരവർക്കിടയിൽ സ്വവർഗരതിക്കാരുണ്ടെങ്കിൽ, സ്വവർഗ്ഗ വിവാഹനിയമനിർമ്മാണങ്ങളെ ഔപചാരികമായി രാജസഭാപ്രമേയത്തിൽ പിന്തുണയ്ക്കാൻ ഞങ്ങൾക്കാവും. സ്വവർഗ്ഗദമ്പതികളുടെ സ്വത്തവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന പുരോഗമനനിയമങ്ങളെ പിന്തുണയ്ക്കാൻ ‘ഹസ്തിനപുരി പത്രിക’യും തയ്യാറാവണമെന്ന കൃപാചാര്യപ്രസ്താവന പൊതുശ്രദ്ധയിൽ നിന്നും മാറാതെ നിലനിൽക്കട്ടെ. വരുംകാലങ്ങളിൽ “ഇവൻ എന്റെ പ്രിയ രതിപങ്കാളി” എന്നൊരു സ്വവർഗ്ഗഭർത്താവു് പരസ്യമായി കൂട്ടുകാരനെ പരിചയപ്പെടുത്തുന്ന രംഗം സാങ്കൽപ്പികമാവില്ലെന്നു ഞാൻ കരുതിക്കോട്ടെ? തിരക്കുണ്ടു്. കൺകെട്ടുതുണികൾ കഴുകേണ്ട കുന്തി, ഗാന്ധാരഭൂപതിയുടെ ധ്യാനകേന്ദ്രത്തിൽനിന്നും പുറത്തു വന്നിട്ടില്ലല്ലോ. രതിമൗലികവാദികളുടെ നീരാളിപ്പിടുത്തത്തിൽ കുടുങ്ങിയോ നീയും പ്രിയകുന്തീ!”
“സ്നേഹകുടുംബത്തിന്റെ ആഴത്തിലുള്ള അർത്ഥം ഓരോരുത്തരും നിർമ്മിക്കണമെന്നു് അവിവാഹിതനായ നിങ്ങൾ പറയുന്നതിൽ എത്ര കാര്യമുണ്ടു്?” കൊട്ടാരം ലേഖിക പുതിയ ഭരണാധികാരി പരീക്ഷിത്തിനോടു് ചോദിച്ചു. തിരുവസ്ത്രം ധരിച്ച അഭിമന്യുപുത്രൻ, രാജസഭയിൽ പ്രഭുക്കൾക്കു ദർശനം കൊടുക്കാൻ അന്തഃപുരത്തിൽനിന്നും പുറത്തിറങ്ങുന്ന നേരം. മഹാപ്രസ്ഥാനത്തിനായി ആറംഗപാണ്ഡവസംഘം മരവുരി ധരിക്കുന്നതു ജാലകത്തിലൂടെ അവർക്കു കാണാമായിരുന്നു.
“കുരുവംശത്തിൽ ശന്തനുമുതൽ ഓരോ പുതുതലമുറ രാജകുടുംബവും തകരാറുള്ളതായി, കൂട്ടുകുടുംബവംശത്തിന്റെ പാഴ്‌വേരുകൾ പിഴുതു നോക്കിയപ്പോൾ ഇതിനകം കണ്ടു. അച്ഛൻ അഭിമന്യുവോ അമ്മ ഉത്തരയോ ഈ നാട്ടുകാരല്ല. എന്നാൽ അച്ഛനും അമ്മയും സ്നേഹത്താൽ പരിലാളിച്ച കൗമാരദാമ്പത്യമായിരുന്നു. അതിനെ പാഞ്ചാലി എതിർത്തു് നിരുത്സാഹപ്പെടുത്തി എന്നതുതന്നെ ആ ദാമ്പത്യം അവളെ എത്ര വിറളിപിടിപ്പിച്ചു! ഗംഗ, സത്യവതി, അംബിക, അംബാലിക, കുന്തി, ഗാന്ധാരി—ഓരോ പേരും ഓർക്കുമ്പോൾ മനം മന്ത്രിക്കും എന്തൊരു കഷ്ടമാണിതു്. അവിഹിതബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു കുന്തി എങ്കിൽ വാടകഗർഭങ്ങളിലൂടെ നേടിയ നൂറ്റുവരായിരുന്നു കൗരവർ. ഇതു് മാറണം. മാറ്റാൻ ഞാൻ നിങ്ങൾക്കു് വാക്കുതരുമ്പോൾ തന്നെ, മകുടിയൂതി എന്റെ മുമ്പിലേക്കു വിഷപ്പല്ലുപറിക്കാത്ത മൂർഖനെ ഇളക്കി വിട്ടിരിക്കയാണു് പടിയിറങ്ങുന്ന പാപിപാണ്ഡവർ. അവരിൽ എന്റെ പിതാമഹനായി അറിയപ്പെടുന്ന വൃദ്ധഅർജ്ജുനനുണ്ടു്, പിതാമഹൻ എന്നൊക്കെ ഞാൻ അടുത്തുചെന്നു കുട്ടിക്കാലത്തു വണങ്ങിയാൽ ഉടൻ കോപിഷ്ടനാവുന്നവൻ. പ്രകൃതിനിയമത്തെ വെല്ലുവിളിക്കാൻ ദിവ്യാസ്ത്രങ്ങൾക്കു കഴിയുമെന്ന മിഥ്യാധാരണയിൽ കുറെനാൾ അയാൾ പൊങ്ങച്ചത്തോടെ, യുവാവെന്നബോധ്യത്തിൽ ജീവിച്ചു കൈകാലുകൾ നീരുവന്നു് ചലനം പണിപ്പെട്ടാവുമ്പോൾ അതാ വിനീതമായി എന്നോടു് കൈവീശി യാത്ര ചോദിക്കുന്നു. ആരു് ഗൗനിക്കും അതൊക്കെ. ഇവരുടെ പാരമ്പര്യ വിഴുപ്പു ആഴത്തിൽ കുഴികുത്തി മറവുചെയ്തുവേണം, വിവാഹം കഴിച്ചു ഒരു നല്ല നാളെക്കായി ഞാൻ നീണ്ടുനിവർന്നു കിടന്നു സ്വപ്നം കാണാൻ. അതിനിടയിൽ ഭക്ഷ്യക്ഷാമം പ്രക്ഷോഭം എന്നൊക്കെ ഓരോ വേലയിറക്കി ഇനി അഭിമുഖത്തിനുവന്നാൽ!”
“വേതനരഹിത സേവനദാതാക്കളായി ദക്ഷിണാപഥത്തിൽ നിന്നും ഔപചാരികമായി ക്ഷണിക്കപ്പെടാതെ വന്ന ശാന്തിസന്ദേശ വാഹകരെപോലും കൊന്നു ചോരച്ചാലുകൾ തീർക്കാതെ ഒരടി മുന്നോട്ടെടുക്കാൻ നിങ്ങൾക്കാവുന്നില്ലല്ലോ, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വെറുതെയല്ല അന്താരാഷ്ട്ര മാധ്യമങ്ങൾ ഹസ്തിനപുരിയിൽ പുതിയ ചുവരെഴുത്തു പതിപ്പുകളിലൂടെ പാണ്ഡവതിന്മക്കെതിരെ സത്യം തുറന്നുപറഞ്ഞു തുടങ്ങി!”, കുരുക്ഷേത്ര.
“പാഞ്ചാലിയുടെ പാളയത്തിനുമുമ്പിൽ വന്നൊരു ‘കരിനിറ’ ആയുധധാരി സേവനദാതാവെന്ന മുദ്രകാട്ടി സ്വയം അടയാളപ്പെടുത്താതെ ലൈംഗിക ആക്രമണത്തിനു് മുതിർന്നാൽ, കൈകെട്ടി കാഴ്ചകണ്ടു നിൽക്കുമോ? ദ്രൗപദിയുടെ സുരക്ഷാവിഭാഗം മേധാവികൂടിയല്ലേ ഭീമൻ, ദക്ഷിണാപഥത്തിനുള്ള സ്വാഗതഗാനം പാടാൻ ഞാൻ ആളല്ല. ദക്ഷിണാപഥത്തിൽ നിന്നാണോ നിങ്ങൾ, എന്നുചോദിച്ചിട്ടുവേണമായിരുന്നു ലൈംഗികഅക്രമിയുടെ ചോരചീന്താൻ എന്ന ദുര്യോധനന്റെ ആവശ്യവും അതിശയോക്തികലർത്തി കാണുന്നു. നാളെ ദുര്യോധനനെ വധിക്കാൻ ഗദ വീശും മുമ്പു് “ഞങ്ങൾ ദക്ഷിണാ പഥത്തിലുള്ളവർ”, എന്നു് നിഷ്പക്ഷനാട്യം പാലിക്കുമോ ഈ മ്ലേച്ഛകൗരവൻ?”
“മകളും മരുമക്കളും കാട്ടിൽ കഷ്ടപ്പെടുന്നതു് പാഞ്ചാലൻ അറിഞ്ഞിട്ടില്ലേ?”, അതോ, “എങ്ങനെയെങ്കിലും അവർ കഴിഞ്ഞു പോട്ടെ”, എന്ന പ്രയോഗികനിലപാടെടുത്തുവോ ദ്രുപദൻ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വനവാസക്കാലത്തെ ദുരിതപർവ്വം.
“ഭാര്യയുടെ പിതാവിൽനിന്നെങ്കിലും കായികഇടപെടലോ ആൾ സഹായമോ ഞങ്ങൾ പ്രതീക്ഷിച്ചാൽ പിന്നെ ലോകം എന്നെ ഭാവിയിൽ ധർമ്മപുത്രർ എന്നുകൊണ്ടാടുമോ? അല്ല, പാഞ്ചാലൻ എന്തിനു ഇടപെടണം പാണ്ഡവ വനവാസത്തിൽ? ഇന്ദ്രപ്രസ്ഥത്തിൽ ഞാൻ ഒരു ദശാബ്ദക്കാലം ചക്രവർത്തി ആയിരുന്നപ്പോൾ സാമെന്തനെന്ന നിലയിൽ അവധിചോദിക്കാതെ കപ്പം തന്നിരുന്നു എന്നാൽ ചക്രവർത്തിനിപദവി വഹിച്ച പാഞ്ചാലി അച്ഛന്റെ വീട്ടിൽ അഞ്ചു മക്കളെ വളർത്താൻ ഏൽപ്പിച്ചതിനപ്പുറം, വിരുന്നുണ്ണാൻ വരികയോ, “സുഖമല്ലേ കുട്ടികളേ? എന്നു് ആണ്ടുപിറപ്പിൽ ക്ഷേമാന്വേഷണം ചെയ്യുകയോ ഉണ്ടായില്ല എന്നതാണു് ഞാൻ കാണുന്ന പാഞ്ചാലാമേന്മ. ഭാവിയിൽ കൗരവർക്കെതിരെ പാണ്ഡവർ യുദ്ധം ചെയ്യേണ്ടിവരികയാണെങ്കിൽ? നിഷ്പക്ഷനിലപാടെടുക്കുമോ, അതോ സൈനിക പിന്തുണ തരുമോ എന്ന ചോദ്യം സാങ്കൽപ്പികം എന്നുഞാൻ ഇപ്പോൾ തള്ളുന്നു. ഞങ്ങൾക്കിപ്പോൾ തിരക്കുണ്ടു് നായാടിപ്പിടിച്ച കാട്ടുപോത്തിനെ ഞങ്ങൾ അഞ്ചുപേരും ചേർന്നുവേണം തൊലിപൊളിച്ചു ഉൾവശം വൃത്തിയാക്കി ശുദ്ധജലത്തിൽ ഒന്നിലധികം പ്രാവശ്യം കഴുകി, തീയിൽ ചുട്ടെടുക്കാൻ, കഷ്ടം!, മാംസാഹാരം കഴിക്കില്ല എന്നു് മാത്രമല്ല മാംസാഹാരികളെയും പാഞ്ചാലി ഇപ്പോൾ നിർദ്ദയം കാണുന്നു എന്നതാണു് ഞങ്ങളുടെ പൊതുഹൃദയവേദന.”
“അഭിലാഷം പൂവണിയാനുള്ള അശാന്തമായ തയ്യാറെടുപ്പിലാണപ്പോൾ പാണ്ഡവർ, അല്ലെ!”, ധർമ്മപുത്രർ എന്ന ബഹുമതി ആകാശചാരികളിൽനിന്നും നേടി യ യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരം.
“പതിനെട്ടു ദിവസത്തെ നന്മ–തിന്മ പോരാട്ടത്തിൽ, കുരുക്ഷേത്രയിലുണ്ടായിരുന്ന നിങ്ങൾക്കു് ഒരു കാര്യം മനസ്സിലായി എന്നു ഞങ്ങൾ കരുതട്ടെ? പാണ്ഡവർ ഇരയുടെ ഭാഗത്താണു്. സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമന്വയത്തിൽ, ഹസ്തിനപുരിയുടെ ഭരണനിർവഹണം ഏറ്റെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ നിന്നു് ഞങ്ങൾ എന്തുതന്നെ ആയാലും ഒളിച്ചോടില്ല”, മേലാസകലം ചതവും പരിക്കുമുണ്ടെങ്കിലും കുരുക്ഷേത്രത്തിൽ നിന്നു് കാൽനടയായി കൊട്ടാരത്തിൽ എത്തി, ധൃതരാഷ്ട്രർക്കു് ആലിംഗനം ചെയ്യാനുള്ള ഭീമപ്രതിമ ചുമന്നുകൊണ്ടുപോവാൻ പാണ്ഡവർ തയ്യാറാവുന്ന സംഘർഷഭരിതമായ പ്രഭാതം.
“കിടപ്പുരോഗിയെങ്കിലും, പാണ്ഡു, മരണത്തിനു കുറച്ചുദിവസം മുമ്പു് നാരായംകൊണ്ടു് സ്വയം എഴുതിയതെന്നു സംശയിക്കപ്പെടുന്ന നാലു പനയോലകൾ ഹസ്തിനപുരി കുതിരപ്പന്തികളിൽ ചർച്ചയായതിൽ അരമനഅധികൃതർ ‘എലിയെ മണക്കു’ന്നല്ലോ.” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. “ഔദ്യോഗിക രഹസ്യ മെങ്ങനെ പിന്നെ അങ്ങാടിപ്പാട്ടായി?” പാണ്ഡുമരണത്തിനും മാദ്രിയുടെ സതിക്കും ശേഷം കൗന്തേയരുമൊത്തവൾ കൊട്ടാരത്തിലഭയം തേടിവന്ന കാലം.
“നിങ്ങളതിൽക്കണ്ടതു് ദുരൂഹതയെങ്കിൽ, പാണ്ഡുവിധവയായ ഞാൻ കാണുക ആശയവ്യക്തത! ഒന്നാം ഓലയിൽ, സ്ഥാനത്യാഗമല്ല താൽക്കാലിക പദവിമാറ്റമാണു് ധൃതരാഷ്ട്രർക്കു് ചെങ്കോൽ കൊടുത്തതിലൂടെ, വനവാസത്തിനുപോവുംമുമ്പു് പാണ്ഡു ചെയ്തതു്. പാണ്ഡുവിന്റെ പിൻഗാമി, യുധിഷ്ഠിരൻ മാത്രം ആയിരിക്കണം അടുത്ത ഹസ്തിനപുരി രാജാവു്, എന്നാൽ യുധിഷ്ടിരനു പ്രായപൂർത്തി എത്തുംവരെ മുൻമഹാറാണി കുന്തി ഭരണച്ചുമതല സ്വതന്ത്രമായി നിർവ്വഹിക്കും. മൂന്നാം ഓലയിൽ, സഹനമായിരിക്കും ജീവിതത്തിലുടനീളം പാണ്ഡവ ശാന്തിമന്ത്രം, നാലാമത്തെ ഓലയിൽ, അരമന അന്തേവാസികൾ സ്ഥാപിതതാൽപ്പര്യസംരക്ഷണത്തിനായി കുന്തിയെയും മക്കളെയും അപായപ്പെടുത്തുമെന്ന സംശയം ശക്തമായാൽ, കായികബല പരീക്ഷണത്തിലൂടെ പ്രതിയോഗികൾക്കുമേൽ മേൽക്കോയ്മനേടാൻ പാണ്ഡവർ എത്രയും വേഗം അംഗീകൃത ഗുരുകുല വിദ്യാഭ്യാസത്തിലൂടെ മുന്തിയ സൈനികപരിശീലനം നേടും. സരളമായ ഈ പ്രസ്താവനകളിൽ എവിടെയാണു് യുക്തിവാദി ചാർവാകൻ കുതിരപ്പന്തിയിൽ ക്ഷോഭിക്കാൻ മാത്രം അശാസ്ത്രീയ പ്രവചനം!”
ഗുരു ദ്രോണാചാര്യന്റെ നഗരത്തിനുപുറത്തുള്ള പ്രശസ്ത ഗുരുകുലത്തിലേക്കു ബാലപാണ്ഡവരെ പ്രവേശിപ്പിക്കാനുള്ള കുന്തിയുടെ ശ്രമം കുടിലകൗരവർ ആവുംവിധം തടയുമ്പോൾ, ഭീഷ്മരുടെ സ്വാധീനം പ്രയോജനപ്പെടുത്താൻ കുന്തി പിതാമഹന്റെ പദയാത്രയിൽ ഒപ്പം നടക്കുന്ന സേവനദാതാവായി കൂട്ടം ചേരുന്ന ദിവസം.
“പാണ്ഡവരുടെ പിതൃക്കൾ ‘ആകാശചാരിക’ളെന്ന ആദിപർവ്വത്തിലെ വ്യാസപ്രസ്താവനയിപ്പോൾ യുക്തിവാദി ചാർവാകൻ അശാസ്ത്രീയമെന്നു പരസ്യയോഗങ്ങളിൽ വെല്ലുവിളിക്കുന്നുണ്ടല്ലോ. തക്ഷശില സർവ്വകലാശാല അതേറ്റുപിടിച്ചു വിവാദമാക്കി. അഭയാർഥികളായി വന്ന പാണ്ഡവരുടെ അടിസ്ഥാന ജീവിത വിവരങ്ങൾ വ്യാസമാമുനിക്കു് എത്തിച്ചു കൊടുക്കുമ്പോൾ, ചിരഞ്ജീവിയായ നിങ്ങൾക്കും പറ്റിയോ അക്ഷന്തവ്യമായ കൈപ്പിഴ?” കൊട്ടാരം ലേഖിക കുരുവംശത്തിലെ ചരിത്രകാരനായ കൃപാചാര്യനോടു് ചോദിച്ചു.
“അരമനസ്ത്രീകളുടെ വിവാഹബാഹ്യ ഗർഭരഹസ്യങ്ങളെക്കുറിച്ചു നിർവ്യാജമായ അജ്ഞത പുലർത്തിയ മൂല ഗ്രന്ഥകാരനു് വേണ്ട അടിസ്ഥാനവസ്തുതകൾ സംഭരിച്ചുകൊടുക്കുന്ന അസാധാരണനിയോഗമാണു് കിരീടാവകാശി ദുര്യോധനൻ എനിക്കേൽപ്പിച്ചതു്. മുൻമഹാറാണി കുന്തിയോടുള്ള മമതയാൽ, ഞാനവളുടെ മൂന്നു ആൺകുട്ടികളുടെയും ജൈവിക പിതൃത്വം പാണ്ഡു ഉൾപ്പെടെ നിസ്സാര മനുഷ്യർക്കു് വീതിച്ചു കൊടുക്കാൻ മടിതോന്നിയപ്പോൾ, പെട്ടെന്നുമനസ്സിൽവന്ന ചില ആകാശചാരികളിൽ അടിച്ചേൽപ്പിച്ചു, പനയോല വഴി ദുര്യോധനനു് ആ വിവരം രേഖാമൂലം കൊടുത്തെങ്കിലും, അവസാനം കൂട്ടിച്ചേർത്തുവച്ച വേറൊരു പനയോലയിൽ ‘കൗന്തേയ പിതൃത്വം സംശയാസ്പദം’ എന്നു് അടിക്കുറിപ്പെഴുതിയിരുന്നു. എന്തുചെയ്യാം, തിരക്കിനിടയിൽ മാമുനിയതു ശ്രദ്ധിക്കാതെ പോയി എന്നുഞാൻ ഊഹിക്കുന്നു. വിവരസംഭരണത്തിനു ശേഷം പിന്നീടു് വ്യാസൻ എഴുതിത്തീർത്ത ആദിപർവ്വത്തിന്റെ ആദ്യകരടു അരമനയിൽ എത്തിയപ്പോൾ എന്നെ തിരുത്തലിനു ഏൽപ്പിക്കാതെ ദുര്യോധനൻ ദുരൂഹമായ കാരണങ്ങളാൽ അതൊളിപ്പിച്ചുവച്ചതോടെ, കാര്യമറിയാതെ വ്യാസാശ്രമം രചന തുടർന്നു. ഇനി ഞാൻ ‘സംശയാസ്പദം’ എന്ന വാക്കു വ്യാസനെ ഓർമ്മിപ്പിച്ചാൽ, അരമനയിൽ എന്റെ ഗുരുസ്ഥാനം തന്നെ സംശയാസ്പദമാവും എന്നു് ദ്രോണാചാര്യർ താക്കീതുനല്കി ഉപദേശിച്ചു, നിങ്ങളുടെ സഹകരണത്തോടെ ഞാൻ അങ്ങനെ മൗനം പാലിക്കട്ടെ?”
“തൊട്ടുമുമ്പിൽ തരംനോക്കി നിന്ന ശത്രുവിന്റെ അസ്ത്രപ്രയോഗത്തിൽ, ഗുരുതരമായി മാറിൽ കൂരമ്പേറ്റു ബോധംകെട്ടുവീണ പിതാമഹൻ ഭീഷ്മർക്കു്, ആർക്കും ഉടനടി ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ ഉൾപ്പെടെ, അടിയന്തര വൈദ്യസഹായമെത്തിക്കുന്നതിൽ കൗരവർക്കു വീഴ്ചപറ്റിയോ?” ‘ഹസ്തിനപുരി പത്രിക’ ഇന്നു്.
“അരമന അന്തർനാടകങ്ങളിൽ കൗമാരംമുതൽ അഭിരമിച്ച നിങ്ങൾ, മഹാറാണി പാഞ്ചാലിയെ ‘പുകച്ചുപുറത്തു’ചാടിക്കാൻ ചരടുവലിച്ച വിവാദം കുതിരപ്പന്തികളിൽ ചർച്ചയാവുമ്പോൾ, നിജസ്ഥിതി പുറംലോകമറിയാൻ എന്തുണ്ടൊരോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു. യുധിഷ്ഠിരനിൽനിന്നും സമ്മർദ്ദവും ഭീഷണിയും വഴി തട്ടിയെടുത്ത ചെങ്കോൽ, പരീക്ഷിത്തു് പൊടിതട്ടിയെടുക്കുന്ന നേരം.
“രാജമാതാവായിരുന്ന സത്യവതി ഉപയോഗിച്ചിരുന്നതും, അംബിക, അംബാലിക, കുന്തി, ഗാന്ധാരി എന്നിവർ റാണിപദവി നേടിയ കാലത്തുപയോഗിക്കാൻ പേടിച്ചതുമായൊരു ഒരു ദന്തസിംഹാസനമുണ്ടു് അന്തഃപുരത്തിൽ. സർവ്വാഭണങ്ങളും ധരിച്ചു പാഞ്ചാലി, വിസ്തരിച്ചിരുന്നു ചിത്രപ്പണി ചെയ്യുമ്പോൾ, ഇഷ്ടംകൂടാൻ, കൊഞ്ചിക്കുഴഞ്ഞു ഞാനോരൊന്നു പറയുമായിരുന്നു. “എന്നോടു് നീ പ്രായവും ശ്രേണീബന്ധവും നോക്കാതെ പ്രണയാഭ്യർത്ഥന ചെയ്യുന്നതു് പാപമാണു്”,എന്നുച്ചരിച്ചുകൊണ്ടവൾ എനിക്കു് ‘പിഴ’യിടും: നിലത്തിരുന്നു സുഗന്ധതൈലം തേച്ചവളുടെ കാൽവണ്ണ ഞാൻ മിനുക്കിക്കൊടുക്കണം. പിഴയും പാരിതോഷികവും അങ്ങനെ മാറിമാറി പരീക്ഷിക്കുന്നൊരു ആസുരശക്തിയായി പാഞ്ചാലി എത്രവേഗം പാണ്ഡവരെ പേടിപ്പിച്ചു! വയോജനങ്ങളും പരാശ്രയക്കാരുമായ മൂന്നു കൗന്തേയരെ വടക്കൻ ചുരങ്ങളിലേക്കു സ്ഥാനഭൃഷ്ടരാക്കിയാൽ, ഇളമുറ മാദ്രിപുത്രന്മാരെ കൂടെനിർത്തി നമുക്കൊരുമിച്ചധികാരം പങ്കിടാമെന്നവൾ എന്നെ രഹസ്യശബ്ദത്തിൽ പ്രലോഭിപ്പിക്കും. പെണ്ണാധികാര പ്രമത്തതയുടെ പ്രഭവകേന്ദ്രമാവാൻ പാഞ്ചാലിക്കുള്ള നീണ്ടകാല അഭിലാഷം ഏക കിരീടാവകാശിയായ എന്നിലൂടെ സാക്ഷാത്കരിക്കാനാണവളുടെ നീണ്ടകാലപദ്ധതിയെന്നു നാൾക്കുനാൾ അവിഹിതബന്ധത്തിൽ വെളിപ്പെട്ടപ്പോൾ ഞാൻ, എന്റെ പിതാമഹനായ അർജ്ജുനനുമായി കൂടിയാലോചിച്ചു മഹാപ്രസ്ഥാനത്തിന്റെ വിശുദ്ധനാമത്തിൽ പാഞ്ചാലിയെ പുറത്തുചാടിക്കാൻ വേറൊരു പദ്ധതിയുമായി തയ്യാറായി. കഥയറിയാതെ പടിയിറങ്ങിയ പാഞ്ചാലി, മലയോരപാതയിൽ മുൻപാണ്ഡവനിശ്ചയമനുസരിച്ചു ‘കാലിടറിവീണു മരിക്കാ’നിടവരും വരെ അഞ്ചുഭർത്താക്കന്മാരും അവളുടെ കൂടെ ചാരക്കണ്ണുമായി കൂടെയുണ്ടാവും. ശവമടക്കു കഴിഞ്ഞാലവർ ദുഃഖാചരണത്തോടെ കൊട്ടാരത്തിൽമടങ്ങിവന്നു, വൃദ്ധസദനത്തിൽ വിശ്രമജീവിതം നയിക്കാൻ പ്രേരിതരുമാവും. ഇതിലൊക്കെ എന്താണു് അസ്വാഭാവികത? അരമനഅധികാരവടംവലിയിൽ ചിലർ അടിതെറ്റുന്നതു് പതിവു് കാഴ്ചയല്ലേ ഗംഗയാറൊഴുകുന്ന നദീതടസംസ്കാരത്തിൽ? ഇതെല്ലാം കണ്ടു ഇക്കാലത്തു ആരു നടുങ്ങും എന്നാണു നിങ്ങൾ വിചാരിക്കുന്നതു്?”
“ഗുരുദക്ഷിണയായി വിദൂരവിദ്യാർഥികളിൽനിന്നും തള്ളവിരൽ മുറിച്ചെടുക്കുന്നവനെന്ന കുപ്രസിദ്ധിയുണ്ടെങ്കിലും, ദ്രോണരെ കൊല്ലാൻ കുരുക്ഷേത്രയിൽ തുണയായതു് കേവലമൊരു ‘യുധിഷ്ഠിരനുണ’യായിരുന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അതൊരു കാഴ്ചപ്പാടിന്റെ വൈകല്യമാണു്. നിങ്ങൾ പരാമർശിക്കുന്ന കേവലനുണയും ഞാൻ പോർക്കളത്തിൽ ദ്രോണവധത്തിനായുച്ചരിച്ച അർദ്ധസത്യവും തമ്മിൽ അന്തരം ഉണ്ടു്. നുണക്കു ബന്ധം സമൂഹധാർമികതയോടാണു്, അർദ്ധസത്യത്തിനു ബന്ധം വ്യക്തിയുടെ മനഃസാക്ഷിയോടും. ധാർമികതാപ്രശ്നം പൊതുവേദിയിൽ ചർച്ചക്കു വരും, എന്നാൽ അർദ്ധസത്യം അതുച്ചരിച്ചവന്റെ ഹൃദയത്തിലാണു് കുത്തുക. വ്യക്തമാക്കിത്തരാം, ഒന്നടുത്തുവരൂ, എന്റെ ഇടനെഞ്ഞിൽ നിങ്ങൾ വലതു കൈവക്കൂ, അതെ, അങ്ങനെ തന്നെ. ഇനി ചെവിയോർക്കൂ എന്നിട്ടു പറയൂ, അശാന്തമാണോ തിരുഹൃദയം? അല്ല? അതാണു് പറഞ്ഞതു്, യുദ്ധംജയിക്കാൻവേണ്ട വാമൊഴിഉള്ളടക്കം മാത്രമേ എന്റെ അർദ്ധസത്യത്തിൽ ആ നിർണ്ണായകദിനവും ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു് ഹൃദയത്തിൽ മനഃസ്സാക്ഷിയുടെ കുത്തില്ല. സംസാരിച്ചുനിൽക്കാൻ നേരമില്ല മാധ്യമസുഹൃത്തേ. ഇന്നു് തിരക്കുണ്ടു് തേജോമയനായ ഗുരുദ്രോണാചാര്യന്റെ പൂർണകായ കളിമൺപ്രതിമയുടെ ഉൽഘാടനം ഹസ്തിനപുരി കൊട്ടാരത്തിന്റെ മുമ്പിലുള്ള സേനാപതി മാർഗിൽ, നിങ്ങളും വരുമല്ലോ, പതിവുപോലെ മുൻനിരയിൽ നിങ്ങൾക്കും യുദ്ധകാര്യലേഖകനും ഇരിപ്പിടമുണ്ടാവും, നാരായമായിരുന്നു കുരുക്ഷേത്രയിൽ നിങ്ങളുടെ മാരകായുധമെങ്കിലും!”
“ഭാരം തോന്നാറുണ്ടോ?”, ഗദചൂണ്ടിക്കാട്ടി കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“അപ്പോളൊക്കെ ആയുധം താഴെവച്ചു് വലതുകൈ ഇങ്ങനെ ഉയർത്തി, ഇടനെഞ്ഞിൽ ചേർത്തു് വക്കും, പിന്നെ കൈ മുഖത്തു് ചേർത്തു് നെറ്റിയിൽ പതുക്കെ തടവും, അഭ്യാസിയുടെ അതിരൂക്ഷ ചലനങ്ങൾ സാധ്യമാക്കുന്ന, കയ്യിനകത്തെ അസ്ഥിയെ വീണ്ടും നമിക്കും. പിന്നീടു് ഗദയെടുക്കും, അതിന്റെ മാരകപ്രഹര ശേഷിക്കു് പറ്റിയ ഇരയെ അതു് തന്നെ കണ്ടെത്തട്ടെ എന്നുഞാൻ ഉള്ളഴിഞ്ഞു ആശംസിക്കും. നാരായംകൊണ്ടു് ഓലയിൽ അതിസസൂക്ഷ്മവികാരങ്ങൾ ദ്രൗപദി ആവിഷ്കരിക്കുന്ന പോലൊരു മായികപ്രതിഭാസം ആയുധപ്രയോഗത്തിലും അനുഭവവേദ്യമാകും”, യുദ്ധാനന്തര ഹസ്തിനപുരിയിൽ ആയോധനവിദ്യ പഠിപ്പിക്കുന്ന ഗുരുകുലത്തിൽ, ക്ഷണിക്കപ്പെട്ട പരിശീലകനായി വന്ന ഭീമൻ, ഇപ്പോൾ ഉപയോഗരഹിതമായ ഗദനോക്കി ഇടയ്ക്കിടെ വിതുമ്പി. യുദ്ധഭീഷണി ഇല്ലാത്തവിധം അയൽരാജ്യങ്ങൾ അധോഗതി പ്രാപിച്ചപ്പോൾ ജേതാക്കൾക്കു് നേരിടാനുള്ളതു് യുദ്ധക്കെടുതി!
“അഞ്ചുഭർത്താക്കന്മാരിൽ ഒരാൾ എന്ന പദവിമാത്രം എനിക്കുമതി എന്നു്, സ്വാർത്ഥത വെടിഞ്ഞു പാണ്ഡവർ ഓരോരുത്തരും സ്വീകരിക്കാൻ എന്തായിരുന്നു പ്രചോദനം?”, കൊട്ടാരം ലേഖിക ചോദിച്ചു. ദക്ഷിണാപഥത്തിൽപോയി തേടിപ്പിടിച്ചു കൊണ്ടുവന്ന പനയോലക്കെട്ടുകൾ ഒതുക്കി വെക്കുകയായിരുന്നു ശിഷ്യന്മാർ.
“അഞ്ചുപേരും വെവ്വേറെ ഭാര്യമാരുമൊത്തു നാട്ടിലും കാട്ടിലും അലഞ്ഞുപെരുമാറുന്നൊരു ബൃഹത്തായ കഥാപരിസരമാണു് എഴുത്താണിയെടുത്തപ്പോൾ എന്നെ തുറിച്ചുനോക്കി പ്രകോപനപരമായി നേരിട്ടതു്. അതിന്റെ രചനാപരമായ അപ്രായോഗികത എന്നെ പരവശനാക്കി. കുന്തിയും അഞ്ചുപുത്രവധുക്കളും കുട്ടികളുമൊക്കെയായി പാണ്ഡുവംശം എന്ന പുതിയൊരു പർവ്വം വായനക്കാർക്കു് പ്രയോജനപ്പെടില്ലെന്ന മറുവാദമാണു് പനയോലക്ഷാമം വിഭാവനചെയ്തു ഞാൻ കാഥികന്റെ പണിപ്പുരയിൽ ഉയർത്തിയതു്. പാഞ്ചാലിയുടെ ബഹുഭർതൃത്വംകൊണ്ടു് തീരാവുന്നതല്ലേ, പാണ്ഡവജീവിതപ്രശ്നങ്ങളുടെ വ്യർത്ഥവ്യാപനം എന്നോരുൾവിളിയിൽ ദ്രൗപദിയെ ഏകഔദ്യോഗികഭാര്യയെന്ന പദവിയിലേക്കു മെല്ലെ ഉയർത്തി. പങ്കാളിദാമ്പത്യത്തിലെ ആവർത്തനസ്വഭാവമുള്ള ദൈനംദിനസംഘർഷങ്ങൾ ആ വിധം ഒഴിവാക്കി, കഥ വികസിപ്പിക്കാൻ ഞാൻ ശ്രമിച്ചതൊക്കെ അങ്ങനെ വായനക്കാർക്കു് സമയം ലാഭിക്കാൻ തുണച്ചു. പരുക്കൻ ദാമ്പത്യയാഥാർഥ്യം കഥയിൽ നിങ്ങൾ വിഷയമാക്കുമ്പോൾ, വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെ ഇതിഹാസം പൂർത്തിയാക്കും? ഭാവിയിൽ ആർക്കും കയറി വിപുലീകരിക്കാനും നവീകരിക്കാനും കഴിയുന്നൊരു അസംസ്കൃത ഉൽപ്പന്നമായി എന്റെ രചന മാറണമെന്നാണു് മോഹം. അതു പൂവണിയുമോ? അതോ, വിമർശനച്ചൂടിൽ കൊഴിഞ്ഞുവീഴുമോ ഈ തളിർ?”