“അർജ്ജുനന്റെ മകൻ അഭിമന്യു കുരുക്ഷേത്രയിൽ മരിച്ചതു് അജ്ഞതകൊണ്ടാണെന്നു നിങ്ങൾക്കുറപ്പാണു്, എന്നാൽ ദുര്യോധനൻ ഭീമഗദയുടെ അധാർമ്മിക ആക്രമണത്തിൽ മാരകമായി മുറിവേറ്റിട്ടും, അവസാനശ്വാസംവരെ പോരാടി വീരമൃത്യുവരിച്ച ധീരദേശാഭിമാനി!—ഇതെന്താ നിങ്ങൾക്കു് രണ്ടുമുഴംങ്കോൽ?”, നകുലൻ ദുര്യോധനവിധവയോടു് ചോദിച്ചു. ഹസ്തിനപുരി അരങ്ങേറ്റമൈതാനിയിൽ സായാഹ്നസംവാദം.
“വ്യൂഹവിന്യാസം, വ്യൂഹം ഭേദിച്ചു് കൗശലത്തോടെ ഉള്ളിൽ കടക്കൽ, വ്യൂഹത്തിൽനിന്നും പുറത്തുചാടാനുള്ള കുറുക്കുവഴി രൂപപ്പെടുത്തൽ—ഇതിലൊന്നും അറിവോ, അനുഭവമോ, പരിശീലനമോ ഇല്ലാതെ, എടുത്തുചാടിയപ്പോൾ കിട്ടിയ തിരിച്ചടിയിൽ സംഭവിച്ചുപോയ അപകടമരണം എങ്ങനെ പിറന്ന നാടിനുവേണ്ടിയുള്ള ബലിദാനമാവും? ദ്വാരകയിൽ ജനിച്ചു മാതുലനൊപ്പം വളർന്ന അഭിമന്യു, ഹസ്തിനപുരിയിൽ ഒരു ദിവസമെങ്കിലും ദേശീയപതാകയേന്തി നടന്നിട്ടുണ്ടോ? എന്നാൽ ദുര്യോധനൻ? കുരുവംശത്തിന്റെ പരമാധികാരം ഉറപ്പുവരുത്താൻ രാഷ്ട്രത്തിന്റെ നാലതിരുവരെയും പദയാത്രചെയ്തു സാധാരണക്കാർക്കൊപ്പം നിന്ന ജനകീയൻ. പഞ്ചലോഹപ്രതിമ വച്ചു് യുധിഷ്ഠിരൻ ആ ബലിദാനിയെ ഇപ്പോൾ മഹത്വപ്പെടുത്തുന്നതൊക്കെ ശരി, എന്നാൽ അധാർമ്മികതയുടെ വിളയാട്ടമല്ലേ ധർമ്മപുത്രർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന മഹാരാജാവിന്റെ മുഖമുദ്ര!” പ്രേക്ഷകർ ആയി സദസ്സിൽ ഉണ്ടായിരുന്നതു് കൗരവരാജവിധവകളും പുത്രവിധവകളും.
“സ്വയംവരം, ബഹുഭർത്തൃത്വം, ഖാണ്ഡവപ്രസ്ഥകുടിയേറ്റം, വസ്ത്രാക്ഷേപം, വനവാസം, കീചകവധം, കുരുക്ഷേത്രയുദ്ധത്തിൽ പുത്രനഷ്ടം എന്നിങ്ങനെ സംഘർഷഭരിതമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോവാനിരിക്കുന്ന സ്ത്രീജന്മത്തെക്കുറിച്ചു പാഞ്ചാലി നിങ്ങൾക്കെന്തെങ്കിലും നേരിയ സൂചന മധുവിധുക്കാലത്തുതന്ന നേരനുഭവമുണ്ടോ?”, ഭാവി പ്രവചിക്കുന്ന അവിശ്വാസി എന്നു് യുധിഷ്ഠിരൻ കളിയായും കാര്യമായും സഹദേവനെ പാണ്ഡവർക്കിടയിൽ അടയാളപ്പെടുത്തുന്ന ഹൃദ്യമായ ഓർമ്മയിൽ കൊട്ടാരം ലേഖിക ഇളമുറമാദ്രീപുത്രൻ സഹദേവനോടു് ചോദിച്ചു. മഹാപ്രസ്ഥാനം. ആരോരുമറിയാതെ പാഞ്ചാലി അന്നുരാവിലെ കുഴഞ്ഞുവീണു മരിച്ചതോടെ, ഇനി കാലന്റെ കൊലവിളി ആർക്കെന്നെല്ലാവരും വഴിയോര നീർച്ചാലിന്നരികെ ഭീതിയിൽ വിഭാവനചെയ്യുന്ന സന്ധ്യ.
“ഭർത്താവു എന്നതിനേക്കാൾ, രഹസ്യകാമുകനോടു് പ്രണയപാശത്താൽ ബന്ധിതയായ മുതിർന്ന സ്ത്രീ കാണിക്കുന്ന വാത്സല്യം നിറഞ്ഞ ഉടമസ്ഥാവകാശം കിടപ്പറയിലും പുറത്തും നിർലജ്ജം പിൽക്കാലത്തു പ്രകടിപ്പിച്ചിരുന്ന പാഞ്ചാലി, മറ്റു നാലുപേരില്ലാത്തപ്പോൾ, എന്നെപ്പുണർന്നു, പാരവശ്യത്തോടെ പറഞ്ഞതോർക്കുന്നു. ആത്മാവെന്നിൽനിന്നും ഉടമയുടെ സമ്മതമില്ലാതെ മോചിക്കപ്പെട്ടുകഴിഞ്ഞാൽ, സ്ത്രീത്വത്തിന്റെ പിൻബലത്തിൽ നിന്നെയും നേരത്തോടുനേരമെത്തും മുമ്പു് ഞാൻ കൂടെച്ചേർക്കും. അതിനിടയിൽ ഒരുപാടൊരുപാടു് ചോര നമുക്കുചുറ്റും തെറിക്കുമെങ്കിലും. കൂടെപ്പോരില്ലേ നീ!”
“ദ്രോണഗുരുകുലത്തിൽ നിങ്ങളുടെ സഹപാഠിയായിരുന്ന കാലത്തു, ദുര്യോധനൻ അറിവുനേടുന്നകാര്യത്തിലൊക്കെ ആളെങ്ങനെ?” കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവഭരണകാലം. ബലിദാനി കൗരവമുഖ്യന്റെ പഞ്ചലോഹപ്രതിമ നഗരചത്വരത്തിൽ അനാച്ഛാദനം ചെയ്തു മടങ്ങുകയായിരുന്നു, പാഞ്ചാലിയുമൊത്തു മഹാരാജാവു യുധിഷ്ഠിരൻ.
“ചൂതാട്ടത്തിൽ എതിരാളിയെ ഒരൊറ്റസന്ധ്യയിൽ പാപ്പരാക്കാൻ തക്ക കുടിലപ്രാഗൽഭ്യം മാന്ത്രികശക്തിയിലൂടെ നേടിയ ശകുനിയുടെ കഠിനശിക്ഷണത്തിൽ നൂറ്റുവർ ഗാന്ധാര സംസാരഭാഷയാക്കിയിരുന്നു. അതായിരുന്നു കൗരവ പാണ്ഡവ കൂട്ടുകുടുംബത്തിൽ അവരുടെ ആദ്യത്തെ വൻമതിൽ. വർഷങ്ങൾ കഴിഞ്ഞിട്ടും ആ വിധം വൈകാരികഅകലം ഭാഷയിലൂടെ പാലിച്ചതിനു പുറമെ, അമ്മഗാന്ധാരിയുടെ നാട്ടിൽ പോയി മടങ്ങുമ്പോൾ അയൽപക്ക തക്ഷശിലസർവ്വകലാശാലയിൽ നിന്നും അറിവിന്റെ ഗാന്ധാര താളിയോലകൾ അവനും കൂട്ടരും ചുമന്നുകൊണ്ടു വരും. പ്രായോഗിക സൈനികശിക്ഷണത്തിൽനിന്നപ്പുറം, പാണ്ഡവർക്കെതിരെ കിടമത്സരം ജയിക്കാൻ ഇതും തുണച്ചു. കാട്ടിൽ, ഒറ്റപ്പെട്ട ബാല്യകൗമാരങ്ങൾക്കുശേഷം ഞങ്ങൾ ഹസ്തിനപുരിയിൽ എത്തിയിട്ടും, വാമൊഴിയിലും പെരുമാറ്റത്തിലും കാടത്തം വിട്ടുമാറിയില്ലെന്നറിഞ്ഞ ദുര്യോധനസംഘം, ഗുരുകുലത്തിൽ പുതിയ അറിവുൾക്കൊള്ളുന്നതനൊപ്പം അതു ഞങ്ങൾക്കെതിരെ ശത്രു ഭാവത്തിൽ പ്രയോഗിച്ചു നേട്ടംകൊയ്തു. ഒരുദാഹരണം പറയാം: ഈശ്വരസൃഷ്ടിയാണു് ഇക്കാണുന്ന പാരാവാരമെന്നു കുന്തിയിൽ നിന്നും മറുചോദ്യമില്ലാതെ എന്നോകേട്ടറിഞ്ഞ ഞങ്ങൾക്കു് ഒരു ഗാന്ധാര താളിയോലയിൽനിന്നും ദുര്യോധനൻ നേടിയ പുതിയ കണ്ടെത്തലിൽ, ഭൂമിയുണ്ടായി ദശലക്ഷക്കണക്കിനു വർഷങ്ങൾ ഇവിടെ ജീവജാലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന ധാർഷ്ട്യം നിറഞ്ഞ പ്രഖ്യാപനം ദൈവനിഷേധമായി തോന്നിയപ്പോൾ, ഞാൻ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു. പക്ഷേ, ഗുരുദ്രോണർ അവനെ പ്രശംസിച്ചു. ഞങ്ങൾ ആകെ തകർന്നുപോയി. ഒന്നേയുള്ളു, എല്ലാ ഭൗതികസാഹചര്യങ്ങളും ആവോളം ദുരുപയോഗം ചെയ്തിട്ടും, അവസാനം ഭീമഗദകൊണ്ടടിയേറ്റു നടുതകർന്നു ചളിയിൽപുതഞ്ഞു, “അമ്മാ അമ്മാ പോരാട്ടച്ചട്ടം പാലിക്കാതെ പാണ്ഡവർ എന്നെ തുടയിലടിച്ചുവീഴ്ത്തി” എന്നു് കൊച്ചുകുഞ്ഞിനെപോലെ വാവിട്ടു നിലവിളിക്കുമ്പോൾ, “എന്തുപറ്റി ഉണ്ണീ!” എന്നുചോദിച്ചു കുടിനീർ ചുണ്ടിൽ നനക്കാൻ ഞാൻ മാത്രമേ പോർമുഖത്തുണ്ടായിരുന്നുള്ളു. ആർജ്ജിതവിജ്ഞാനത്തിന്റെ നിസ്സഹായത! വിജ്ഞാനിയുടെ ദുരവസ്ഥ.!”
“ഭീമൻ ദുര്യോധനെ വകവരുത്തുന്നതു് നേരിൽകണ്ട സൈനികേതരനല്ലേ നിങ്ങൾ!”, കൊട്ടാരം ലേഖിക ചോദിച്ചു. ഇപ്പോൾ കുടിയേറ്റശ്രമത്തിലായിരുന്നു, കുരുക്ഷേത്രകാലത്തു മാധ്യമതാരപദവി നേടി, സമാധാനകാലത്തു തൊഴിൽ നഷ്ടപ്പെട്ട യുദ്ധകാര്യ ലേഖകൻ.
“ഭീമനെ ദുര്യോധനൻ നേരിട്ടതും, പാണ്ഡവചതിയുമായി സഹകരിച്ചതും പതറാതെ! വസ്ത്രാക്ഷേപത്തിൽ നിനക്കിപ്പോൾ പശ്ചാതാപമുണ്ടോ എന്നു് യുധിഷ്ഠിരൻ ചൊറിഞ്ഞപ്പോൾ, നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി. പാണ്ഡവർ വാളോങ്ങി വളഞ്ഞിട്ടും ഭയകണിക ദുര്യോധനമുഖത്തു കാണാനായില്ല. എന്നിട്ടവൻ ഭീമനെ നോക്കിപുഞ്ചിരിച്ചു, “അലസജീവിയായ അർദ്ധസഹോദരാ, നിന്റെ കയ്യിൽ ഈ ആയുധം എങ്ങനെ എത്തി? തപസ്സുചെയ്തു നേടാൻ മനക്കരുത്തുള്ള ആണുങ്ങൾക്കുള്ളതല്ലേ ചതിയായുധങ്ങൾ?” പാണ്ഡവ മേൽക്കോയ്മയാൽ ബന്ധനസ്ഥനായ ആജീവനാന്തശത്രുവിനെ, തുടയിലടിച്ചു ഭീമൻ വീഴ്ത്തുമ്പോൾ, കൈകൾ മേലോട്ടുയർത്തി ദുര്യോധനൻ താക്കീതിന്റെ സ്വരത്തിൽ ഓർമ്മിപ്പിച്ചു: “അധികാരത്തിൽ എത്തിയാൽ, പാണ്ഡവർ വംശീയമായി വിഘടിക്കും, മാദ്രേയരും കൗന്തേയരുമായി ചെങ്കോലിനായി അധികാരമോഹത്തോടെ കലഹിക്കും. യുധിഷ്ഠിരൻ സമവായരാജാവായാൽ കിരീടം മുൾക്കിരീടമാവും. വസ്ത്രാക്ഷേപം എന്ന ലൈംഗികാരോപണത്തിൽ നീ, പാഞ്ചാലി, വീണുപോകരുതേ, ആൺപെൺ പെരുമാറ്റശീലുകളുടെ പരുക്കൻപാണ്ഡവരീതികൾ നീ ഇതിനകം നന്നേ പരിചയപ്പെട്ടിട്ടുണ്ടാവും, ചൂതാട്ടസഭയിലെ വസ്ത്രാക്ഷേപം ആക്ഷേപമല്ല, അതൊരമിതപ്രണയാവിഷ്കാരമായിരുന്നില്ലേ”. തുട വിവസ്ത്രമാക്കി ഭീമഗദക്കു പ്രഹരിക്കാൻ കുസൃതിയോടെ നിന്നു കൊടുക്കുമ്പോൾ, ഞങ്ങളെ സ്തബ്ധരാക്കി പാഞ്ചാലി ഏങ്ങലടിച്ചു “പ്രിയപ്പെട്ടവനേ, ഭീമഗദ വീണതു നിന്റെ അരക്കെട്ടിലാണെങ്കിലും ഞാൻ, ഞാനും, നിന്നോടൊപ്പം അനുഭവിക്കട്ടെ ആ പീഡാനുഭവം. കൊതിച്ചപെണ്ണിനെ പ്രലോഭിപ്പിക്കുവാനെന്നപോലെ, ഉടൽപരിപാലിക്കുവാനും പരിലാളിക്കുവാനും സാധിച്ച നീയല്ലാതൊരു മാതൃകാപുരുഷഭാവന എനിക്കില്ല”.”
“‘ചിത്തഭ്രമം ചിത്തഭ്രമം’ എന്നുറക്കെ ഇടപെട്ടു യുധിഷ്ഠിരനും നകുലനും പാഞ്ചാലിയെ ബന്ധനസ്ഥയാക്കി. യുദ്ധം പരിസമാപ്തിയിലെത്തിയതായി യുദ്ധനിർവ്വഹണസമിതിയെപോലെ എനിക്കും വെളിപാടുണ്ടായി. എന്നാൽ, പാണ്ഡവപാളയത്തിലെ പാതിരാമിന്നലാക്രമണത്തിൽ പ്രകൃതി ഒരു ശിക്ഷ പാണ്ഡവർക്കു് ഒരുക്കിവച്ചിരുന്നു. ദുര്യോധനവധം ചുവരെഴുത്തു പതിപ്പിൽ ചേർക്കാൻ ഹസ്തിനപുരിയിലേക്കു പാഞ്ഞ ഞാൻ ആ വിവരമറിയാൻ വൈകിയോ!”
“കണ്ണീരുകൊണ്ടാണോ, കുരുക്ഷേത്രവിധവകൾ കൗരവർക്കു പുഷ്പാർച്ചന ചെയ്യുക? പാണ്ഡവ വംശഹത്യ കുരുക്ഷേത്രയിൽ സാധ്യമാവുന്നൊരു യുദ്ധസാഹചര്യത്തിൽ, എന്തൊക്കെയായിരുന്നു പ്രിയദുര്യോധനന്റെ മോഹനസങ്കല്പങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. കുഴിമാടത്തിൽ ദുര്യോധനവിധവ ധ്യാനത്തിലായിരുന്ന സന്ധ്യ.
“ഒരതിലോല ആവാസവ്യവസ്ഥയായിരുന്ന ഖാണ്ഡവ വനം തീയിട്ടു് പാണ്ഡവർ പണിത ഇന്ദ്രപ്രസ്ഥം പൂർണ്ണമായും കുടിയൊഴിപ്പിച്ചു വിശ്വപ്രകൃതിക്കു വിട്ടുനല്കണമെന്നായിരുന്നു ദുര്യോധനമോഹം. അതെന്നോടു് പങ്കുവച്ചുകൊണ്ടാണവൻ ആസ്വാദ്യകരമായൊരു രതിയനുഭവത്തിനുശേഷം അന്തഃപുരത്തിൽ നിന്നു് പോർക്കളത്തിലേക്കു യാത്രയായതു്. കുരുക്ഷേത്രയിൽ അവൻ രാഷ്ട്രത്തിനായി ബലിദാനം ചെയ്ത സ്ഥിതിക്കു് പുതുതലമുറകൗരവബാലികകൾ വേണം ആ മോഹം, പാണ്ഡവ ഭരണത്തിൽ, പൂവണിയിക്കാൻ. ഇന്നുരാവിലെ ചേർന്ന രഹസ്യയോഗത്തിൽ പരസ്പരം വിരൽ കീറി നെറ്റിയിൽ രക്തസിന്ദൂരമിട്ടു സത്യപ്രതിജ്ഞ ചെയ്ത വിവരം ഞാൻ സ്വർഗ്ഗസ്ഥനായ ദുര്യോധനനെ അറിയിച്ചു. ഭരണകൂടത്തിന്നെതിരെ എന്തെന്തു ഒളിപ്രവർത്തനങ്ങൾക്കും പരിശീലനത്തിലൂടെ കൗരവരാജ കുമാരികൾ സായുധരാവും. രതിക്ഷാമമനുഭവിക്കുന്ന പാണ്ഡവരെ തേൻകെണിയിൽ വീഴ്ത്തുന്നതുൾപ്പെടെ വന്യമോഹങ്ങൾ ചൂഷണം ചെയ്യുവാൻ കൗരവപെൺകുട്ടികൾ പാഞ്ചാലിയുടെ അന്തഃപുരജോലികൾക്കു, വിരാടയിൽ അജ്ഞാതവാസക്കാല സൈരന്ധ്രിയെപോലെ, സേവനസന്നദ്ധരാവണമെന്നവൻ ഉപദേശിച്ചു. പാഞ്ചാലിയെ പാണ്ഡവർക്കെതിരെ തിരിച്ചു, ഭാവിയിൽ പരീക്ഷിത്തിനൊപ്പം അധികാരം ആദ്യഘട്ടത്തിൽ പങ്കിടുന്നതും, അങ്ങനെ തുടർആലോചനയിൽ വരും. പാണ്ഡവരെ ഹിമാലയചുരങ്ങൾക്കു കാവൽനിർത്തുന്ന ഭരണദൗത്യം ഏല്പിച്ചു, ഹസ്തിനപുരിയിലെ ഭരണസിരാകേന്ദ്രത്തിൽ നിന്നവരെ മാറ്റി നിർത്തും. കൗരവവംശഹത്യ ആഘോഷിക്കുന്ന പാണ്ഡവർക്കെതിരെ സംഘടിപ്പിക്കുന്ന പെൺസമരമുഖത്തിൽ നിങ്ങളും ഉണ്ടാവില്ലേ നാരായവും പനയോലയുമായി?” മരക്കൂട്ടത്തിലെ സുരക്ഷിതഒളിയിടത്തുനിന്ന ചാരവകുപ്പുമേധാവി നകുലൻ, ചെരിഞ്ഞുനോട്ടത്തിലൂടെ ആ രംഗം വിലയിരുത്തി, തൊഴിൽമികവോടെ അതിവേഗം അപ്രത്യക്ഷനായി.
“കൂട്ടുകുടുംബത്തിലെ മൂപ്പിളമതർക്കം തീർക്കാൻ സായുധസംഘട്ടനമാണു് പ്രയോഗിക പരിഹാരമെന്നുറപ്പിച്ചാൽ, വരും കാലഭീഷണി കുരുവംശത്തിനു മാത്രമാവില്ലെന്ന താക്കീതുമായി യുക്തിവാദിചാർവാകൻ ഊരുചുറ്റുന്നുണ്ടല്ലോ. പാടത്തും പണിശാലകളിലും നാടിന്റെ വികസനത്തിനായി ജോലി ചെയ്യുമായിരുന്ന ആയിരക്കണക്കിനു് യുവാക്കൾ പരസ്പരം യുദ്ധത്തിൽ കൊന്നുകൊലവിളിച്ചാൽ, അത്രയും വിധവകൾ ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നാളെ അന്നം യാചിക്കേണ്ടിവരില്ലേ?”, വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനികപരിശീലന കേന്ദ്രത്തിൽ പോരാട്ട തന്ത്രങ്ങൾക്കു മൂർച്ചകൂട്ടുകയായിരുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ കൂട്ടം കൂടിയ സന്ധ്യ.
“അനിവാര്യമായ മഹായുദ്ധങ്ങളെ അതിഭാവുകത്വത്തോടെ അടിച്ചമർത്തുന്ന ഈ രീതി അസ്വീകാര്യമായി ഞാൻ കാണുന്നു. ഗംഗയാറൊഴുകുന്ന ഹസ്തിനപുരി ഫലഭൂയിഷ്ഠമൊക്കെയാണെങ്കിലും, തിന്നാൻ ആവശ്യത്തിലധികം ആളുകൾ കൈനീട്ടിയാൽ വിശ്വപ്രകൃതി പല പോംവഴികളും കാണില്ലേ? കലവറക്കു താങ്ങാനാവാത്ത പ്രജകളെ ഉന്മൂലനം ചെയ്യാൻ, മഹാമാരിയായും വരൾച്ചയായും, അറ്റകൈയ്യിനൊരു മഹാഭാരതയുദ്ധമായും പ്രകൃതി ശാശ്വതപരിഹാരം കാണുമ്പോൾ, വിരൽചൂണ്ടി അരുതെന്നു പറയാനാവുമോ ചാർവാകനെപോലെ അൽപകാലം മാത്രം ആയുസ്സുള്ള നാം മനുഷ്യർ?”
“നിർവ്യാജമായ ഭീമപ്രണയം എന്തുകൊണ്ടുനീ നിഷ്കരുണം തിരസ്കരിക്കുന്നു പ്രിയപാഞ്ചാലീ എന്നവളോടു് ഇനിയും നിങ്ങൾ ചോദിച്ചില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവപ്രസ്ഥം കുടിയേറ്റക്കാലം. മഗധയിൽ പോയി ജരാസന്ധവധം ചെയ്തു രാജസൂയയാഗത്തിനു് യുധിഷ്ഠിരനെ പാണ്ഡവർ അണിയിച്ചൊരുക്കുന്ന പ്രത്യാശയുടെ കാലം.
“അത്തരം കുഴപ്പംപിടിച്ച വാക്കുകൾ ചേരുംപടിചേർത്തു് കൊണ്ടല്ലെങ്കിലും, ഒരിക്കൽ ഏങ്ങലടിച്ചു ഞാൻ ചോദിച്ചതു മറന്നിട്ടില്ല.”
“ദുർമേദസ്സുള്ള ഉടലും, വേഗത കുറഞ്ഞ മനസ്സുമുള്ളവർക്കു പറ്റിയ മത്സരഓട്ടമല്ല, ഭീമാ, ദ്രൗപദീപ്രണയം” എന്നവൾ എന്നെ നെറുകയിൽ ലഘുവായി സ്പർശിച്ചശേഷം, അധികാരഭാവത്തോടെ ഇരുമാദ്രീപുത്രന്മാരെയും അരയിൽ കൈചുറ്റി കിടപ്പുമുറിവാതിൽ എനിക്കുനേരെ കൊട്ടിയടച്ചു.
“ഊഴംകാത്തു കിടപ്പറയിൽ പ്രവേശിക്കാനവസരം കിട്ടിയവരിലൊരാൾ, പ്രിയപാഞ്ചാലിക്കൊപ്പം പായപങ്കിടുമ്പോൾ, മറ്റുനാലു പാണ്ഡവർ നിങ്ങളിരുവരുടെ രതിസ്വകാര്യത മാനിച്ചു കുടിലിൽ നിന്നു് പുറത്തുപോവും എന്നതല്ലേ, നിലവിലുള്ള ബഹുഭർത്തൃത്വധാരണ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലത്തെ ഒറ്റമുറിക്കുടിൽ. പഞ്ചപാണ്ഡവർ നായാട്ടിനു പോയനേരം.
“പരിഷ്കൃത ബഹുഭർതൃത്വ ദാമ്പത്യസംഹിത ഉൾക്കൊള്ളാൻ പറ്റിയ ബാല്യകൗമാരങ്ങളിലൂടെയാണോ പാണ്ഡവജീവിതത്തിന്റെ സാംസ്കാരികഘടകങ്ങൾ ‘ഹസ്തിനപുരി പത്രിക’ അടയാളപ്പെടുത്തിയതു്? എന്തൊക്കെ ചെയ്താൽ കിടപ്പുമുറിക്കകത്തെ ആൺപെൺശാരീരികപാരസ്പര്യത്തെ, പുറത്തുനിൽക്കുന്ന ദാമ്പത്യകൂട്ടാളികൾക്കു ആണധികാരധാർഷ്ട്യത്തോടെ മലിനപ്പെടുത്താമോ അതൊക്കെ പുറത്തു ഊഴംകാക്കുന്ന നാലുപേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതിന്റെ വിശദാംശങ്ങളൊന്നുംകുത്തിക്കുത്തി ചോദിക്കരുതേ. അപമാനബോധതോടെ ഞാനും, ആ രാത്രി കൂടെക്കിടക്കാൻ ഊഴംകിട്ടിയവനും, മുറിയുടെ പരുക്കൻതറയിൽ കമഴ്‌ന്നുകിടക്കും. അസ്ത്രം മറന്നുവച്ചതു് എടുക്കാൻ വന്നതാണു് എന്നൊക്കെ ‘നിഷ്കളങ്കമായി’ പറഞ്ഞു പാണ്ഡവരിലൊരാൾ മുറിയിൽ ഇടിച്ചുകയറിയതൊന്നും ഇതുവരെ നിങ്ങളും, അവനും മറന്നിട്ടില്ല എന്നു് ഞാൻ കരുതുന്നു!”
“ഇന്നലെ അരമന സായാഹ്നവിരുന്നിൽ നിങ്ങളെ ദുര്യോധനൻ ‘ഭാഗ്യവാൻ’ എന്നർഥംവച്ചു പ്രശംസിക്കുന്നതു് കേട്ടു. പാഞ്ചാലിയെ നിങ്ങൾ വിവാഹം കഴിച്ചതിൽ കുടിലകൗരവനെന്തോ വിമ്മിട്ടം, അങ്ങനെയാണോ, ഒന്നുഞെട്ടിയ നിങ്ങൾക്കും, അപ്പോൾ തോന്നിയതു്?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. സ്വയംവരം കഴിഞ്ഞു പാണ്ഡവർ നവവധുവുമൊത്തു ഹസ്തിനപുരിയിൽവന്ന അശാന്തദിനങ്ങൾ.
“വിരുന്നുകിട്ടുമെന്നു കേട്ടാണു് ഏകചക്രഗ്രാമത്തിൽനിന്നും ഞങ്ങൾ, അഞ്ചു പാണ്ഡവരും പാഞ്ചാലയിൽ എത്തിയതു്. വേഷം മത്സരത്തിനുയോജിച്ച രാജകീയപോരാളിയുടെ ആയിരുന്നില്ല, തെരുവിൽനടന്നു ഭിക്ഷചോദിക്കുന്ന ബ്രാഹ്മണയാചകന്റേതായിരുന്നു. വാരണാവതം അരക്കില്ലം ചുട്ടുകരിച്ചു, ആറംഗ ആദിവാസികുടുംബത്തെ കൊന്നു, കത്തിക്കരിഞ്ഞതു് ഞങ്ങളെന്നു വ്യാജതെളിവുണ്ടാക്കി ഓടിരക്ഷപ്പെടാൻ പ്രേരിപ്പിച്ച കുന്തിയുടെ ശപിക്കപ്പെട്ട സന്തതികൾക്കു, ചെന്നെത്തിയ ഏകചക്രയിൽ വിധിച്ചതു് യാചന. ഭാവിയെക്കുറിച്ചു പേക്കിനാവുണ്ടായ കാലം. അങ്ങനെകേട്ടറിഞ്ഞു പാഞ്ചാലയിൽ എത്തിയപ്പോൾ സായുധപരിശീലനം നേടിയവർക്കൊരു വെല്ലുവിളിപോലെ സ്വയംവരമത്സരമായി ആയുധപരീക്ഷ! അസ്ത്രം ഞാൻ തൊട്ടുനോക്കി. “അർജ്ജുനാ നിനക്കായി ഞാനിത്രയും കാലം ഇവിടെ കാത്തിരുന്നു” എന്നു് ആ ‘ദിവ്യാസ്ത്രം’ മൃദുവായി എന്നോടുപറഞ്ഞപ്പോൾ കൗതുകത്തിൽ അതൊന്നുപൊക്കി, ഞാൺവലിച്ചു അമ്പു് ലക്ഷ്യം തൊട്ടു, പാഞ്ചാലൻ പ്രഖ്യാപിച്ചു. അഴകളവുകൾ ഉള്ള പാഞ്ചാലി എനിക്കു് സ്വന്തം എന്നു സൗന്ദര്യാരാധകനായ ഞാൻ കരുതിയപ്പോൾ, അതാ എട്ടുപാണ്ഡവക്കണ്ണുകൾ യാചിക്കുന്നു, ഞങ്ങളും പങ്കിടട്ടെ നിനക്കു് സമ്മാനമായികിട്ടിയ പാഞ്ചാലിയെ? അവിഹിതബന്ധങ്ങളുടെ പരദേവതയായ കുന്തി അവരെ ഉടൻ അനുഗ്രഹിച്ചു, സ്വകാര്യസ്വത്തെന്നഭിമാനിച്ച സ്ത്രീ അങ്ങനെ പഞ്ചപാണ്ഡവരുടെ പൊതുമുതലായി. ‘ഒരു ഭർത്താവിനു് ഒരു ഭാര്യ’ എന്ന പരിശുദ്ധദാമ്പത്യതത്വം പാലിക്കുന്ന കൗരവർ അപ്പോൾ ‘ഭാഗ്യവാൻ’ എന്നല്ലേ മുനവച്ചു പറഞ്ഞുള്ളു. പാഞ്ചാലിയോടാണു് പറഞ്ഞതെങ്കിലോ, ‘നീ ഭാഗ്യവതി, കുന്തി പാടുപെട്ടു് പരപുരുഷന്മാരെ പ്രലോഭിപ്പിച്ചപ്പോൾ, നിനക്കു് സ്വർണത്തളികയിൽ ആദ്യരാത്രിയിൽ അവൾ വച്ചുനീട്ടിയല്ലോ അഞ്ചു ദേവസന്തതികളെ!’”
“ദുര്യോധനനിരീക്ഷണം പൊടിതട്ടിയെടുത്തു യുധിഷ്ഠിരഭരണകൂടം കൗരവർക്കെതിരെ ഇറങ്ങുമ്പോൾ നിങ്ങൾ എന്തിനാണിത്ര വിറളി പിടിക്കുന്നതു്?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
“എന്റെ മക്കൾ കൗരവപൈതൃകത്തിന്റെ മഹനീയപിന്തുടർച്ചക്കു അവകാശപ്പെട്ടവർ എന്ന ബോധ്യത്തിൽ! കുരുവംശപൈതൃകം ‘അറപ്പുളവാക്കു’ന്നൊരു സാംസ്കാരികനിർമ്മിതി എന്നു് ദുര്യോധനൻ എന്തുസാഹചര്യത്തിലാണു് ചെയ്തതു്? “എട്ടുപെറ്റതിൽ ഏഴിനെയും പുഴയിൽ മുക്കിക്കൊന്നവൾ സ്വർഗ്ഗജാതഗംഗ” എന്നു് കൃപാചാര്യൻ കൗരവകുട്ടികളെ പഠിപ്പിച്ച ഓർമ്മയിൽ ആയിരുന്നു പിൽക്കാലത്തവൻ അതു് രാജസഭ ചർച്ചയിൽ ഓർത്തതു്. അതേ ദുര്യോധനൻ തുടർന്നു് പ്രമേയം അവതരിപ്പിച്ചു മഹാറാണി സത്യവതിയെ കുരുവംശകുടുംബനാഥയെന്നു പ്രഖ്യാപിച്ചതൊന്നും യുധിഷ്ഠിരൻ അറിഞ്ഞില്ലേ? വിചിത്രവീര്യൻ ധൃതരാഷ്ട്രർ ഇവരൊന്നും യുധിഷ്ഠിരനു് മാതൃകാപുരുഷന്മാർ അല്ലായിരിക്കാം, കുഴപ്പമില്ല, എന്നാൽ മുക്കുവവംശത്തിൽ പിറന്ന സത്യവതിക്കു രാജമാതാപദവികൊടുത്തു് ബഹുമാനിക്കാൻ ദുര്യോധനൻ നന്നേ ചെറുപ്പത്തിൽ തുനിഞ്ഞു എന്നു് ഇനിയെങ്കിലും അജ്ഞതയുടെ നീരുറവയായ യുധിഷ്ഠിരൻ ചരിത്രം പഠിക്കണം. അരനൂറ്റാണ്ടോളം ഹസ്തിനപുരികൊട്ടാരത്തിൽ കഴിഞ്ഞ എനിക്കുള്ള കുരുവംശചരിത്രാവബോധം, എങ്ങനെ കാട്ടിൽ പിറന്നു കാട്ടിൽ വളർന്ന കൗന്തേയർക്കുണ്ടാവും!”
“വ്യക്തിപരമായി വീണ്ടും ഉന്നംവച്ചാണല്ലോ ദുര്യോധനവിധവയുടെ ഓരോ കുത്തുവാക്കും! കുലീനമൗനം വിനയായോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര ഇടവേള, ഹസ്തിനപുരി.
“സുകുമാരകലകളിൽ പരിശീലനം നേടിയ ആ മഹതിയെ ഞാൻ ആദ്യമൊക്കെ ഉൾപ്പെടുത്തിയിരുന്നതു് ഹസ്തിനപുരിയിലെ അഭിജാത കൗരവവധു എന്ന നിലയിലായിരുന്നു. ദുര്യോധനനെ തുടയിലടിച്ചുകൊന്നതു് ഞാനെന്നവർ വിഭാവന ചെയ്യുന്നുണ്ടാവാം! എങ്ങനെ നെഞ്ചിൽ കൈവച്ചു് പറഞ്ഞു സത്യം അവളെ ബോധ്യപ്പെടുത്തും. കുരുക്ഷേത്ര ജലാശയത്തിന്നരികെ, ഭീമപ്രഹരത്തിൽ അടികൊണ്ടു തുടയൊടിഞ്ഞ ദുര്യോധനൻ ചളിയിൽ പുതയുമ്പോൾ പാണ്ഡവസംഘം വിജയഭേരിമുഴക്കി പാളയത്തിലേക്കു് പോയിരുന്നു. ഞാൻ മാത്രം ‘എന്തുപറ്റി ഉണ്ണീ’ എന്നനുതപിച്ചു അവനരികെചെന്നു് കൈപിടിച്ചുയർത്തി നീർക്കെട്ടിൽ മേൽക്കഴുകിയെടുത്തു എന്റെ മേൽവസ്ത്രം ധരിപ്പിച്ചു ഈ ചുമലിൽ, അതെ ഈ ചുമലിൽ, കിടത്തിയാണവനെ പാളയത്തിൽ എത്തിച്ചതു്.”
“എന്റെ അന്ത്യം അന്തസ്സോടെയാവാൻ നീ ചെയ്ത സേവനം നിന്നെ അനശ്വരനാക്കുമെന്നു ആശീർവദിച്ചായിരുന്നു അവൻ എനിക്കു് മംഗളം നേർന്നതു്. ആ എന്നെ ദുര്യോധനവിധവ, കഷ്ടം, ദുഷ്ടകഥാപാത്രമാക്കുന്നു. ദൈവമേ, നല്ലവനായൊരു അർധസഹോദരൻ ചെയ്യേണ്ട അന്ത്യശുശ്രൂഷ ചെയ്തു അവനെ സ്വർഗ്ഗരാജ്യത്തേക്കു യാത്രയാക്കിയിട്ടും, ഈവിധം വിധവ താറുമാറാക്കുമോ, ആരോടും നെറികേടുകാട്ടാത്ത ധർമ്മപുത്രരുടെ പട്ടാഭിഷേകം.” കുറച്ചകലെ പാഞ്ചാലി യുധിഷ്ഠിരനെ ധാർഷ്ട്യത്തോടെ കൈമാടിവിളിക്കുന്നതും, കണ്ടുപിടിക്കപ്പെട്ട ഞെട്ടലോടെ നിയുക്തരാജാവു് ഞെട്ടിപ്പിടഞ്ഞെണീക്കുന്നതും കൊട്ടാരം ലേഖിക തൊഴിൽമികവോടെ നിരീക്ഷിച്ചു.
“സംശയകരമായ രീതിയിൽ പാഞ്ചാലിയുടെ യമുനാതീര ഹരിതവനത്തിൽ അലയുകയായിരുന്ന ‘കൗരവചാര’നെ പിടികൂടി രഹസ്യതാവളത്തിൽ ചോദ്യം ചെയ്തുവരികയാണെന്നു ഇന്ദ്രപ്രസ്ഥം രഹസ്യാന്വേഷണ വകുപ്പു് മേധാവിയും, ഇളമുറ മാദ്രീപുത്രനുമായ നകുലൻ അറിയിക്കുന്നല്ലോ. ഇത്രവലിയ പ്രകോപനം പാണ്ഡവരോടു് വേണ്ടായിരുന്നു എന്നുതോന്നിയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഹസ്തിനപുരി രാഷ്ട്രീയാന്തരീക്ഷം പെട്ടെന്നു് കലുഷമായ നേരം.
“അവൻ ശരിക്കും ‘ചാര’നാണോ? അതോ, പാഞ്ചാലിയുടെ കറകളഞ്ഞ ആരാധകനോ? നൂറ്റുവരിൽ മിക്കവാറും എല്ലാവരും അവളെ മനസ്സാവരിച്ചവരെങ്കിലും, അവൻ, അവൻ മാത്രമേ, ഈ വഴിയത്രയും നടന്നു, ഇന്ദ്രപ്രസ്ഥം അതിർത്തി ഭേദിച്ചു് അതിസുരക്ഷാമേഖലയിൽ അലസമായി നടക്കാൻ ധൈര്യപ്പെടുകയുള്ളു. നവവധുവായി പാഞ്ചാലി, ഹസ്തിനപുരി അതിഥിമന്ദിരത്തിൽ പാർക്കുന്ന ഇടവേളയിൽ, നിത്യവുമവൻ ഒരു വെള്ളിപ്പാത്രം നിറയെ പുത്തൻപൂക്കളുമായി അവളെകാത്തു വരിനിൽക്കും പൂക്കൾ വാങ്ങിമണത്തു, പ്രസന്നമായ പുഞ്ചിരിയോടെ അവൾ അവന്റെ കൈപിടിച്ചു അകത്തേക്കുപോവും. ഈ അംഗീകൃത ആരാധകനെയാണോ, നകുലൻ ‘ചാരൻ’ എന്നു് ചാപ്പകുത്തി, തല വെട്ടാൻപോവുന്നതെങ്കിൽ, എന്തായിരിക്കും ഇന്ദ്രപ്രസ്ഥം ഭരണകൂടം വരുംതലമുറക്കുകൊടുക്കുന്ന പ്രണയസങ്കല്പം!”
“ഭീമകാരുണ്യത്തിൽ ചക്രവർത്തിപദവി ചുളുവിൽ നേടിയ യുധിഷ്ഠിരൻ, പട്ടാഭിഷേകത്തിനു അടിമപ്പണിചെയ്ത മറ്റുപാണ്ഡവർക്കുനേരെ കുതിരകയറുന്നപോലെ നിങ്ങളെയും കീഴ്പ്പെടുത്തുവാൻ, ‘ധർമ്മപുത്രർ’ എന്ന നിർമ്മിതപ്രതിച്ഛായ ദുരുപയോഗം ചെയ്തുവോ? അതോ, വീട്ടിനകത്തും പുറത്തും ഒരുപോലെ സാത്വികവേഷം ആടിയോ”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം കാലം.
“ചാരിത്ര്യവതി എന്ന വിശേഷണം നിനക്കുചേരില്ലെന്നു നീ ബഹുഭർത്തൃത്വം അംഗീകരിച്ചതോടെ നഷ്ടപ്പെട്ടു പാഞ്ചാലീ എന്നു പരിദേവനത്തോടെ തുടങ്ങിയ യുധിഷ്ഠിരവാഗ്ദോരണിയിൽ ഞാൻ ഒന്നുഞെട്ടിയെങ്കിലും, പിന്നീടവൻ, “എന്നാൽ പതിവ്രത എന്ന വിശേഷണമെങ്കിലും നിനക്കു യോജിക്കാൻ കഴിയുമോ എന്നു് ഞാൻ ഒന്നു നോക്കട്ടെ” എന്നു് വിലപേശുന്നമട്ടിൽ പറഞ്ഞപ്പോൾ വെല്ലുവിളിയോടെ ഞാൻ നേരിട്ടു. “മുഖ്യഭർത്താവിന്റെ സന്മനസ്സുനേടാൻ ഈ വേഷംകെട്ടുപോരാ, നീ ആഞ്ഞുശ്രമിക്കണം. ഭൂതകാലത്തു ഞങ്ങൾക്കു നഷ്ടപ്പെട്ട മാതൃവാത്സല്യവും പെൺപരിലാളനയും നീ എനിക്കു് ഉറപ്പുവരുത്തണം” എന്നവൻ ഉപാധിവെച്ചപ്പോൾ, അവനെ കിടപ്പറയിൽ നിന്നും ബഹിഷ്കരിച്ചു ചക്രവർത്തിനി എന്ന നിലയിലുള്ള മൗലികാവകാശങ്ങൾ ഞാൻ പ്രയോഗിച്ചു. മറ്റുനാലുപേർ ‘പരിലാളന’ കിട്ടി കിടപ്പറയിൽ നിന്നും തൃപ്തിയോടെ പുറത്തുപോവുമ്പോഴും, തിരുവസ്ത്രധാരിയായ യുധിഷ്ഠിരനു അന്തഃപുരത്തിൽ ഇനിയും കൊടുത്തിട്ടില്ല പുനഃപ്രവേശനം!”
“കൗരവസൈന്യാധിപനായി പാണ്ഡവരെ കുരുക്ഷേത്രയിൽ വിറപ്പിച്ച ഭീഷ്മർക്കാണല്ലോ മഹാരാജാവു് യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ രാഷ്ട്രപിതാവെന്ന മരണാനന്തരബഹുമതി കൊടുത്തു് പൊതുചടങ്ങിൽ ആദരിച്ചതു്! എന്നിട്ടും നിങ്ങൾ ഭീഷ്മരുടെ നീണ്ടകാല കൗരവക്കൂറു വകവെക്കാതെ ചടങ്ങു് ബഹിഷ്കരിച്ചല്ലോ”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. പുനരധിവാസകേന്ദ്രത്തിലെ പരുക്കൻതറയിൽ ഉടുതുണി തുന്നുകയായിരുന്നു, അരനൂറ്റാണ്ടോളം കാലം രാജവധുവായി ഹസ്തിനപുരി അരമനയിൽ ജീവിച്ച ആ കലിംഗദേശരാജകുമാരി.
“കുരുക്ഷേത്രയിലെ പാണ്ഡവ ഗൂഡാലോചനയിൽ, ഇരയുടെ വേഷം മാത്രമായി ഭീഷ്മർ. മൂന്നാം ലിംഗ പാഞ്ചാലപുത്രിയെ വാളും കൊടുത്തു പാണ്ഡവർ നിർത്തിയപ്പോൾ, പ്രതിജ്ഞാപാലകനെന്ന നിലയിൽ ശാഠ്യമുള്ള ഭീഷ്മർ, ആയുധം താഴെയിട്ടു അന്തർനാടകത്തിലെ ദുരന്തകഥാപാത്രമായി നിന്നുകൊടുത്തു. തക്കംനോക്കി അർജ്ജുനൻ കൂരമ്പുകളാൽ ഭീഷ്മരിൽ ‘പുഷ്പാർച്ചന’ ചെയ്തു. പിന്നീടു് ‘യുദ്ധമാലിന്യം’ പോർക്കളപുറമ്പോക്കിൽ ഒരു മൂലയിൽ, ശരശയ്യയിൽ കഷ്ടപ്പെടുത്തി, മരണത്തിനുവിട്ടുകൊടുത്തു. അന്ത്യശുശ്രൂഷയും അനുസ്മരണവും കഴിഞ്ഞു യുധിഷ്ഠിരൻ എന്ന കപടനാട്യക്കാരൻ ഇപ്പോൾ ഭീഷ്മരെ ‘രാഷ്ട്രപിതാ’വാക്കിയാൽ, സാന്ത്വനവും ചികിൽസയും കിട്ടാതെ നരകിച്ച പരേതാത്മാവിനെന്തു പ്രയോജനം? വേണ്ട ഹസ്തിനപുരിക്കൊരു രാഷ്ട്രപിതാവു്, മതി സത്യവതിയെന്ന കുരുവംശ കുടുംബനാഥ എന്ന നിലപാടു് വ്യക്തമാക്കിയല്ലേ ഞാൻ യോഗം ബഹിഷ്കരിച്ചതു്!”
“ആദ്യചരമവാർഷികത്തിൽ ആളുയരത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, പ്രഭുക്കളും ഭൃത്യരും പങ്കെടുത്തു എന്നുനിങ്ങൾക്കറിയാം. യുധിഷ്ഠിരനും പ്രതിരോധമന്ത്രി ഭീമനും, ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ വിഘടനവാദികളോടു് നേർക്കുനേർ ഏറ്റുമുട്ടി ജീവത്യാഗം ചെയ്ത ദുര്യോധനന്റെ ആവേശകരമായ ജീവിതകഥ അനുസ്മരിച്ചു. അനാച്ഛാദനം നിർവ്വഹിക്കാൻ പാഞ്ചാലി ദുര്യോധനവിധവയെ ഉപചാരപൂർവ്വം ക്ഷണിക്കുമ്പോൾ, കൗരവരാജവിധവകൾ എഴുനേറ്റു യോഗം ബഹിഷ്ക്കരിക്കുന്നു! പെരുമാറ്റച്ചട്ടത്തിന്റെ സവിശേഷമാതൃക എന്നൊരിക്കൽ ‘ഹസ്തിനപുരി പത്രിക’ വിശേഷിപ്പിച്ച നിങ്ങൾ എങ്ങനെ ഈ വിധം ഭർതൃസ്മരണയെ അവമതിക്കാൻ ധൈര്യപ്പെട്ടു!”, കൊട്ടാരം ലേഖിക ദുര്യോധനവിധവയെ ഏകാന്തമായൊരിടത്തു കണ്ടെത്തിയപ്പോൾ കൈപിടിച്ചു് ചോദിച്ചു.
“പഞ്ചലോഹത്തിൽപണിത പ്രതിമ എന്നായിരുന്നു നകുലൻ “യോഗത്തിൽ ആദ്യാവസാനം പങ്കെടുക്കണ”മെന്നു് മുട്ടുകുത്തി ക്ഷണിച്ചപ്പോൾ അറിയിച്ചതു്. എന്നാൽ യോഗം കൂടുന്നതിനല്പം മുമ്പു് വിവരം കിട്ടി, യുദ്ധമാലിന്യങ്ങൾ കൊണ്ടാണു് പ്രതിമാനിർമ്മിതി. ജീവിതകാലം കുരുവംശപ്പെരുമ നാടൊട്ടുക്കു് അടയാളപ്പെടുത്താൻ നാലതിരുകളും പദയാത്രചെയ്ത ശാന്തിപ്രിയന്റെ ഓർമ്മക്കായി പാണ്ഡവഭരണകൂടം എന്തെങ്കിലുമൊക്കെ കുടിലത നിറഞ്ഞ അപമാനനിർമ്മിതി ചെയ്തിരിക്കും എന്നു് ചിന്തിക്കാൻ, ‘നേരേ വാ നേരെപോ’ തരത്തിൽപെട്ട ഞങ്ങൾക്കായില്ല എന്നതാണു് ഖേദം. അരുതേ, ഇക്കാര്യത്തിലൊരു വിവാദവുമായി ചുവരെഴുത്തുകൾ നാളെ!”
“ബാല്യസ്മരണകളിൽ നിങ്ങൾ കുന്തിയെ കരുണയില്ലാതെയും, മാദ്രിയെ മമതയോടെയും ഓർത്തുകാണാറുണ്ടു്. മക്കളെ പൊന്നുപോലെ നോക്കിയ, ആദർശ വനിതയെന്നംഗീകരിക്കപ്പെട്ട കുന്തി പിന്നെങ്ങനെ നിങ്ങൾക്കിത്ര പ്രയാസമുണ്ടാക്കി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനുമുമ്പു് വയോജനപാണ്ഡവരുടെ ഓർമ്മക്കാലം.
“അതിസുന്ദരനായൊരു ദേവനാണിത്തവണ സൗജന്യമായി ബീജം തന്നതു് എന്നു് പാണ്ഡുവിനോടു് മേനിപറയുന്ന കിടപ്പറരംഗം ഞാൻ ചെരിഞ്ഞുനോട്ടത്തിലൂടെ കേട്ടു എന്നതായിരുന്നു കുന്തിയുമായി സംഭവിച്ച അകൽച്ചയുടെ ആദ്യകാരണം. ആകസ്മികമായി തെറ്റു് സംഭവിച്ചതിൽ ദയവായി ക്ഷമിക്കൂ, എന്നു ഞാൻ മുട്ടുകുത്തി ഖേദം പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി ക്രുദ്ധയായി. നീ കപടനാവിന്റെ ഉടമയാണു്, മരണദേവതയുടെ മകനാണു്, നിന്റെ വാമൊഴി ഞാൻ സ്വാഭാവികമായും അവിശ്വസിക്കും പിന്നെ നീ സ്വയം തെറ്റുതിരുത്തി അടിമപ്പണി മാതൃകാശിക്ഷയെന്ന നിലയിൽ ഏറ്റെടുക്കുന്നില്ലെങ്കിൽ! എന്നവർ പറഞ്ഞു ഭീഷണനോട്ടത്തോടെ നിർത്തി. കടുത്തനോട്ടവും ഭാഷാപ്രയോഗവുമായി കുന്തി പിന്നീടു് എന്റെ ബാല്യനൊമ്പരം മുതലെടുത്തു എല്ലാവിധ വൃത്തികെട്ട പണികളും ചെയ്യിപ്പിക്കുമായിരുന്നു. കുറച്ചുകാലത്തിനുശേഷം, മാദ്രിയും കുന്തിയും ചേർന്നു് കിടപ്പുരോഗി പാണ്ഡുവിനെ അടിവസ്ത്രം മുഖത്തിട്ടു ശ്വാസം മുട്ടിച്ചു നിശ്ശബ്ദനാക്കുന്നതു ഞാൻ പേടികൂടാതെ നോക്കിനിൽക്കുന്നതു കണ്ടെങ്കിലും, മരണം ഉറപ്പുവരുത്തുംവരെ കണ്ടെന്നു നടിച്ചില്ല. പിന്നെ മാദ്രിയും കുന്തിയും എന്നെ വകവരുത്താൻ പിടികൂടുമ്പോൾ, കുതറിമാറി ഞാൻ സമീപത്തുള്ളൊരു ആശ്രമത്തിൽ അഭയം തേടി.” രാജാവിനുയോജിച്ച ഭാഷയും കുലീനശരീരചലനങ്ങളുമായി സാവധാനം സംസാരിച്ചു കൊണ്ടിരിക്കെത്തന്നെ യുധിഷ്ഠിരൻ പെട്ടെന്നു് ഏങ്ങലടിച്ചു, ഇരുകൈകളും വിടർത്തി കണ്ണുതുറിച്ചും വാതുറന്നും ഭയാനകമായി വിലപിക്കാൻ തുടങ്ങിയപ്പോൾ, മാദ്രീ പുത്രനായ നകുലൻ ഓടിവന്നു മുതിർന്ന സഹോദരനെ കരുതലോടെ ചേർത്തുപിടിച്ചു ആശ്ലേഷിച്ചു “സാരമില്ല പ്രിയപ്പെട്ടവനേ ഈ യക്ഷിക്കുട്ടി കുറച്ചുകാലമായി നമ്മെ വെറുപ്പിന്റെ കഥകൾക്കായി അഭിമുഖം ചെയ്യുന്നുണ്ടു്. ഞാനിവളെ ഉടൻ കൈകാര്യം ചെയ്യാം. വകുപ്പുണ്ടു് വൃദ്ധപീഡനത്തിനു പ്രതിയാക്കി തുറുങ്കിലിടാം, ഉറപ്പു്.”
“പരിഭവം എന്ന പരിചിത പെൺആയുധം, പതിവായി ഉപയോഗിക്കുമോ പാഞ്ചാലി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥംനഗരം നിലവിൽ വരുംമുമ്പുള്ള ഖാണ്ഡവക്കാല സംഘർഷദിനങ്ങൾ.
“പ്രവർത്തിയിൽ മാത്രമല്ല, ആലോചനയിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന പാഴ്ശ്രമം അവളുടെഭാഗത്തു കാണുമ്പോൾ പാണ്ഡവർ സ്വയംപ്രതിരോധമുറയിൽ ചെറുത്തുനിൽക്കാറുണ്ടു്. കുഴഞ്ഞുമറിഞ്ഞ ദാമ്പത്യത്തിലും കാണുന്ന ഒരു ആശ്വാസം, പ്രത്യാശ! മാദ്രിയുടെ മക്കൾ രണ്ടുപേരും ആദ്യമൊക്കെ അവിശ്വസ്തതക്കു് പേരുകേട്ടവരായിരുന്നു. ഈയടുത്തകാലം അതു ഞങ്ങൾ മാറ്റി. നകുലനെ ചാരനാക്കി പൂട്ടി. എപ്പോൾ കണ്ടാലും, തുറിച്ചനോട്ടത്തോടെ ഞാൻ പാഞ്ചാലിയുടെ നീക്കങ്ങളെക്കുറിച്ചു പുതുവാർത്ത ചോദിക്കും. വാർത്തക്കൊപ്പം അഭിപ്രായം വേണ്ടെന്നു വിരൽചൂണ്ടും. അങ്ങനെ ജാഗ്രത കാണിക്കും എന്നാൽ പാഞ്ചാലിയുടെ ഹൃദയരഹസ്യങ്ങൾ? അതവൾ വെളിപ്പെടുത്താൻ വിസമ്മതിക്കും. പരിഭവം പരിദേവനം എല്ലാം കഴിഞ്ഞു പാഞ്ചാലി പ്രീണനവും പ്രലോഭനവും വഴി കാര്യംനേടാൻ കൗശലം കാണിക്കുന്നതിൽ എനിക്കെന്നും, തുറന്നുപറയട്ടെ, ഒരു ‘ഇര’വേഷമാണുണ്ടാവുക എന്നറിയുന്ന സഹദേവൻ, പൊള്ളദാർശനികപദാവലി ഉപയോഗിച്ചു് ആശ്വാസം പകരും. ഇത്രയധികം സസ്യാഹാരികളായ കാട്ടുമൃഗങ്ങളെ നിത്യവും കൊന്നുചുട്ടെടുക്കാൻ ഇവിടെയൊക്കെ ഉണ്ടെങ്കിലും, ഭീമൻ, മയിൽമുട്ട മോഷ്ടിക്കാനെടുക്കുന്ന കൗശലം, അതൊന്നുവേറെ. ഈ വിലക്ഷണഭൂമികയിൽ വേണം അർജ്ജുനന്റെ അസ്ത്രപ്രയോഗവുമായി കൊടുംകാടുവളഞ്ഞു, ആരോരുമറിയാതെ തീയിടാൻ. ഉടമസ്ഥാവകാശത്തോടെ, ആദ്യമായൊരു മായികനഗരി സ്ഥാപിക്കാനുള്ള മഹായജ്ഞത്തിൽ നേരിട്ടു് നിങ്ങൾ സജീവപങ്കാളിയാവില്ലെങ്കിലും, എഴുതുന്ന വാർത്തകളിലെങ്കിലും ‘ഹസ്തിനപുരി പത്രിക’, കൗരവഅരമനയിൽ ഒരു സ്വാധീനശക്തിയായി ഞങ്ങളെ നീ തുണക്കുമോ? അതോ, നീയും പാഞ്ചാലിവലയിൽ കുടുങ്ങുമോ!”
“ആളെങ്ങനെ? ചികിത്സയുമായി യോജിച്ചുപോവുന്നുണ്ടോ? അതോ, മരണംകാത്തുകിടക്കട്ടെ എന്ന ദാർശനികചിന്താഗതിയാണോ?”, കൊട്ടാരം ലേഖിക പോർക്കളസർവ്വാധികാരിയോടു് ചോദിച്ചു.
“ജീവൻ നഷ്ടപ്പെടാതെ പിടിച്ചുനിർത്തിയതു് പൂർണസജ്ജമായ ചികിത്സാസൗകര്യം നേരത്തേ കൗരവർ ഒരുക്കിയതുകൊണ്ടല്ലേ. ദുര്യോധനനു് സ്വസ്തി! രോഗിയുടെ പടച്ചട്ടയഴിച്ചു ഉടൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ആശ്വാസമായി, കൂരമ്പുകൾക്കു തൊലിപ്പുറമേ മാത്രമേ ചോരപൊടിയിക്കാനായുള്ളു. ഹസ്തിനപുരിയിൽനിന്നും നേരത്തേകൊണ്ടുവന്ന ശയ്യോപകരണങ്ങളിൽ ഒന്നുഞങ്ങൾ പ്രവർത്തനക്ഷമമാക്കി. സന്ദർശകരുടെ തിരക്കൊഴിവാക്കാൻ ശരശയ്യ എന്നു് അർത്ഥഗർഭമായ പേരിട്ടു് രോഗിയെ കിടത്തി. ഒറ്റനോട്ടത്തിൽ തോന്നും, പറിച്ചുമാറ്റാൻ ആവാത്തവിധം അമ്പുതറച്ചുകയറിയിരിക്കുന്നു പൊന്നുടലാകെ! അനാവശ്യസന്ദർശകരെ നിരുത്സാഹപ്പെടുത്താൻ മറ്റെന്തു കുറുക്കുവഴി. വ്യക്തിഗത രോഗീപരിചരണത്തിനു് സന്നദ്ധസേവനവുമായി മൂന്നു കൗരവരാജവധുക്കൾ രാപ്പകൽ ഇവിടെയുണ്ടാകും. എത്രയും വേഗം പടവാളുമായി പോർക്കളത്തിൽ പോവാൻ അനുമതി വേണമെന്നു ശഠിക്കുമ്പോൾ കാണാം, സന്നദ്ധസേവകർ രോഗിയെ പരിലാളിച്ചു സാന്ത്വനപ്പെടുത്തുന്നു. പ്രഖ്യാപിതബ്രഹ്മചാരിയാണെങ്കിലും, അത്യാവശ്യത്തിനുപകരിക്കാൻ പേരക്കുട്ടികൾ തയ്യാറായി എന്നതാണുകാര്യം. അതാ, രണ്ടാമത്തെ കൗരവസേനാപതി ദ്രോണരുടെ നിലവിളി! ഇത്തവണ കൊലക്കത്തി ഉന്നംതെറ്റിയിട്ടില്ലെന്നു വിലാപസ്വരം കേട്ടാൽ അറിയാം ജഡപരിശോധനക്കു പന്തൽ പണിയണം, തിരക്കുണ്ടു് പൊറുക്കുമല്ലോ.”
“പാണ്ഡു എന്ന കുലീനകുടുംബനാമം പേറുന്ന ഞാനൊരിക്കൽ കുരുവംശരാജാവായിരുന്നു എന്നു് നിങ്ങളോടു് അച്ഛൻ അവകാശപ്പെടുന്ന ബാല്യസ്മരണ ഇപ്പോഴും ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. പാണ്ഡുവും ഭാര്യമാരും കുട്ടികളുമൊത്തു രണ്ടുദശാബ്ദം വനാന്തരത്തിൽ ചെലവഴിച്ച ഇടം കണ്ടെത്താൻ, കൊട്ടാരം ലേഖികയുമൊത്തു ആദിവാസികളുടെ സഹായത്താൽ വഴിനടക്കുകയായിരുന്നു, പിൽക്കാലത്തു സ്വത്തെല്ലാം പണയംവച്ചു ചൂതാടി നിസ്വനായ ഇന്ദ്രപ്രസ്ഥം ചക്രവർത്തി.
“രണ്ടാമൻ ഭീമൻ ജനിച്ചിട്ടില്ല. കുന്തി പൂചൂടി പടിയിറങ്ങിപ്പോയ സായാഹ്നം. ഹസ്തിനപുരി എന്ന ഗംഗാതട നഗരവും, അവിടെ കോട്ടക്കകത്തെ രാജധാനിയും വിഭവസമൃദ്ധമായ ഊട്ടുപുരയും ജനിതക അന്ധത എന്ന അംഗപരിമിതിയാൽ രാജയോഗ്യത നിഷേധിക്കപ്പെട്ട ധൃതരാഷ്ട്രരുടെ ദൈനംദിനദൈന്യതയും, പായിൽ മലർന്നുകിടന്നു് പാണ്ഡു എന്നെ ബോധ്യപ്പെടുത്താൻ ആഞ്ഞുശ്രമിക്കുമ്പോൾ, മാദ്രി മൂലയിലിരുന്നു കീറത്തുണിതുന്നി ഇടയ്ക്കിടെ പരിഹാസത്തിൽ അട്ടഹസിക്കും. അരമനജീവിതത്തിന്റെ ആഡംബരവും, നുഴഞ്ഞുകയറി ശല്യം ചെയ്യാൻ ശത്രുക്കളില്ലാത്ത നാലയല്പക്കവും, അന്തഃപുരത്തിലെ നിർലോഭമായ പരസ്ത്രീലഭ്യതയും പാണ്ഡു, ഭൂതാതുരതയോടെ വർണ്ണിച്ചുവർണ്ണിച്ചു വികാരപരവശനായി എന്നോടു് പെട്ടെന്നു് മുറിവിട്ടു പുറത്തുപോവാൻ പറയും എന്നിട്ടു മാദ്രിയെ വരുത്തി അരക്കെട്ടിൽ പിടിച്ചു കൂടെകിടത്താൻ ശ്രമിക്കുമ്പോൾ, അവൾ പെൺപുലിയെപോലെ ചീറി അയാളിൽ നിന്നും ഓടിഒളിക്കും. അപചരിതസുഗന്ധങ്ങളും ഉലഞ്ഞ ഉടയാടകളുമായി കുന്തി രാത്രി മടങ്ങിവരുംവരെ, കിതച്ചും വിലപിച്ചും അന്തഃപുരത്തിലെ മോഹിനികളെ പറ്റി ഓരോന്നു് സ്വയം പറഞ്ഞു മോഹിപ്പിക്കും. ഈ പ്രഹസനം ആളും തരവും നോക്കാതെ പാണ്ഡു പലപ്പോഴും പറയാനൊരുങ്ങിയപ്പോൾ, ഒരിക്കൽ മാദ്രി അയാളുടെ വായിൽ കീറത്തുണി തിരുകി “കുട്ടികളോടു് ഇല്ലാക്കഥ പറഞ്ഞു നിങ്ങൾ ഇനി മോഹിപ്പിച്ചാൽ!” എന്നൊരു ഭീതിതമായ താക്കീതോടെ പാണ്ഡുശരീരം കാലുകൊണ്ടു് തട്ടി ചുവരിനോടു് തിരിച്ചിട്ടു, എന്നെയും കൂട്ടി അവൾ പുറത്തുപോവുന്ന ഓർമ്മയുണ്ടു്… ഇതാ! ഈ സ്ഥലത്തായിരുന്നു ഞങ്ങളുടെ മരക്കുടിൽ. ഇപ്പോൾ എന്തദ്ഭുതം ഇതൊരു ശവപ്പറമ്പാണല്ലോ!”
“പ്രഖ്യാപിതപ്രതിയോഗിയെക്കുറിച്ചു വസ്തുനിഷ്ഠമായ ഒരു അഭിപ്രായം നേരിട്ടു് ചോദിക്കുന്നതു് അത്ര ശരിയല്ലെന്നറിഞ്ഞു കൊണ്ടുതന്നെ ചോദിക്കട്ടെ അർജ്ജുനവ്യക്തിത്വത്തിൽ അസ്വീകാര്യമായ ഏതു അനാരോഗ്യഘടകമാണു് നിങ്ങളെ ആവർത്തിച്ചു അലോസരപ്പെടുത്തുന്നതു്?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവപക്ഷം ചേരാൻ, സൂതപുത്രൻ പ്രലോഭനങ്ങൾ നേരിടുന്ന കാലം യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം.
“യുദ്ധജ്ഞാനനിർമ്മിതിയിൽ അവനറിവുണ്ടെന്നതിൽ എനിക്കു് അവമതിയൊന്നും തോന്നാറില്ല, എന്നാൽ കഠിനപ്രയത്നത്തിലൂടെ അവനറിയാൻ കഴിഞ്ഞ സൈനികവിജ്ഞാനം മറ്റുള്ളവർക്കും അതേപോലെ, ഒരുപക്ഷേ, ഒരുപണത്തൂക്കം കൂടുതൽ, ഇച്ഛാശക്തിയിലൂടെ നേടിയെടുക്കാൻ കഴിഞ്ഞിരിക്കാം എന്നു് സന്മനസ്സോടെ അംഗീകരിക്കാനുള്ള വിവേകമാണു് അർജ്ജുനനു്, പാവം, പ്രകൃതി നിഷേധിച്ചതും, എന്നാൽ എനിക്കു് എനിക്കനുവദിച്ചതും.”
“തിരുവസ്ത്രംധരിച്ചു ചെങ്കോലിനായി യുധിഷ്ഠിരനു മുമ്പിൽ മുട്ടുകുത്തുന്ന നിയുക്തരാജാവു് പരീക്ഷിത്തിനെ വരിനിന്നു അനുമോദിക്കാൻ നിങ്ങളെയൊന്നും രാവിലെ കണ്ടില്ലല്ലോ!” കൊട്ടാരം ലേഖിക, യുക്തിവാദി ചാർവാകനോടു് ചോദിച്ചു. ഹസ്തിനപുരിയിൽ മുപ്പത്തിയാറു വർഷത്തെ തുടർച്ചയായ പാണ്ഡവഭരണത്തിനുശേഷം അഭിമന്യുപുത്രൻപരീക്ഷിത്തു് കിരീടം ധരിച്ച ദിവസം.
“സാഹസികപോരാളിയെന്നു നമുക്കറിവുള്ള അഭിമന്യു എവിടെ, പാഞ്ചാലിയുടെ പാവാടയിൽ പിടിച്ചു കൊട്ടാരവിപ്ലവത്തിനു കൂട്ടുകൂടിയ ഭീരുപരീക്ഷിത്തു് എവിടെ. പിന്തിരിഞ്ഞുനോക്കിയാൽ അവന്റെ ജനുസ്സു് ദ്വാരകവാസിയായ പിതാവിൽ നിന്നല്ല, അമ്മ ഉത്തരയുടെ സഹോദരനിൽനിന്നല്ലെ? ഇവനെ രക്ഷിക്കാൻ കുരുക്ഷേത്രയുടെ അവസാനദിവസം എന്തെല്ലാം മായികപ്രകടനങ്ങൾ വേണ്ടിവന്നു എന്നാലോചിക്കുമ്പോൾ, നിരാശയോടെ ഹൃദയം നുറുങ്ങുന്നു. ഒന്നും വേണ്ടായിരുന്നു. മക്കളെല്ലാം കൊല്ലപ്പെട്ട പാണ്ഡവർ യുദ്ധാനന്തഭരണകാലത്തു കൗരവരാജവിധവകളിൽ ചിലരെ അന്തഃപുരത്തിൽ പാഞ്ചലിയുടെ അറിവോടെ പാർപ്പിച്ചെങ്കിലും, അനപത്യദുഃഖം പിന്നെയും പിടികൂടിയപ്പോൾ പിടിവിട്ടു് പായവേറെവേറെയായി. പരീക്ഷിത്തിനെ ഹസ്തിനപുരി അർഹിക്കുന്നുണ്ടോ? ഉണ്ടല്ലോ. ശന്തനുമുതൽ ഓരോരുത്തരും ഒന്നിനൊന്നു അനർഹർ! പാണ്ഡവർ യുദ്ധംജയിച്ചു വന്നപ്പോൾ എന്റെ വന്ദ്യപിതാവു് മുൻചാർവാകൻ വിവേകം ഉപദേശിച്ചു നിങ്ങൾക്കിത്രയും കാലം ഊട്ടുപുരയിലും കൂട്ടുകിടപ്പിലും സംതൃപ്തിതന്ന മഹതിയാവട്ടെ ഹസ്തിനപുരിയുടെ രാജാമാതാവും രാജ്ഞിയും. പുരുഷാധിത്യപ്രവണതയാൽ പരുഷപെരുമാറ്റമുറ പാലിച്ച പാണ്ഡവരുണ്ടോ അപ്പോൾ അറിയുന്നു വരുംകാലങ്ങളിൽ രാജപത്നി വേണ്ടിവരും, തെരുവിൽ തലപോയ ഭർത്താവിന്റെ ചെങ്കോലുമായി തുടർഭരണം ചെയുവാൻ” ഒരുനേരത്തെ സമൃദ്ധഭക്ഷണത്തിനായി, പുക ഉയരുന്ന ഊട്ടുപുരനോക്കി ധനികമേഖലയിൽ ഹസ്തിനപുരിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ!
“കൗരവരെ പ്രതിക്കൂട്ടിൽ നിർത്താൻ കോപ്പുള്ള ഗുരുതര ലൈംഗികാക്രമണ പരാതിയുമായി, ഭീഷ്മനീതിപീഠത്തിനു് നിവേദനം സമർപ്പിച്ച അതിജീവിതപാഞ്ചാലിക്കു് നിങ്ങൾ, മയൻനിർമ്മിത മായിക അക്ഷയപാത്രം സമ്മാനിച്ചപ്പോൾ, ഹസ്തിനപുരി ഞെട്ടി. ആവശ്യത്തിനുപകരിക്കുന്നവൻ ആർക്കും ആത്മമിത്രം എന്നു കൃതജ്ഞതയോടെ പാണ്ഡവർ ഉടൻ പ്രതികരിച്ചല്ലോ. എങ്ങനെ കാണുന്നു കൗരവവധുക്കൾ ഈ കുടിലനയതന്ത്രം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ പാഞ്ചാലിയുമൊത്തു വനവാസത്തിനുപോവുന്ന നേരം.
“ലൈംഗികാക്രമണമായിരുന്നുവോ അതു് ശരിക്കും? അതോ ഉടലഴകുള്ള സുരസുന്ദരിയോടു ലൈംഗികമോഹം ഒരു നിമിഷം അതിരുവിട്ടതോ? അതൊക്കെ നീതിപീഠം ഇഴകീറട്ടെ, അക്ഷയപാത്രം ദ്രൗപദീദേവിക്കു് സമ്മാനിച്ചതു് അക്ഷന്തവ്യമായ അപരാധമെന്നൊന്നും പതിവ്രതകളായ കൗരവസ്ത്രീകൾ പറഞ്ഞുകാണുന്നില്ല. പശ്ചാത്തലം പരിശോധിച്ചാൽ അവർ പാഞ്ചാലിയുടെ സൗന്ദര്യപരിശീലനത്താൽ ഇന്നൊരു ‘നൂറ്റുവ മോഹിനി’ കൂട്ടം തന്നെയായില്ലേ. മൃദുവായി നോക്കുമ്പോൾ, ഞങ്ങൾക്കു് പണ്ടൊരിക്കൽ മയൻ സമ്മാനിച്ച അക്ഷയപാത്രം, ഉപയോഗത്തിൽ തീർത്തുമൊരു ‘എളിമപ്പാത്രം’. ഓരോ ധാന്യമണി കാട്ടുകുടിലിൽ വേവിക്കുമ്പോഴും, ഏതോ നാമമാത്രഹസ്തിനപുരി കർഷകന്റെയും ധാന്യപ്പെട്ടിയിൽ അത്രയും ധാന്യമണി അപ്രത്യക്ഷമാവും എന്നതാണതിന്റെ നിർമ്മാണപരിമിതി. അല്ലാതെ, അന്തരീക്ഷത്തിൽനിന്നും ധാന്യം ഉത്പാദിപ്പിക്കാൻ ദിവ്യാനുഭവം ഒന്നുമില്ലല്ലോ ശില്പിമയനു!”
“ഇന്നലത്തെ പ്രൗഢഗംഭീര അനുസ്മരണവും നിങ്ങൾ ദുഷ്ടലാക്കോടെ ബഹിഷ്കരിച്ചു അല്ലെ!”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
“യുദ്ധത്തിൽ പങ്കെടുത്ത ധീരോദാത്തന്മാരെ പൊന്നാട അണിയിക്കുന്നു എന്നൊക്കെ നകുലൻ നാവിട്ടടിച്ചു ഹസ്തി‘നപുരി പത്രിക’യോടു് പറഞ്ഞാൽ മാത്രം മതിയോ? യുദ്ധംനയിച്ച ധീരദേശാഭിമാനികളായ കൗരവരെ നേർവഴിയിൽ ആയുധം കൊണ്ടു് വധിക്കുന്നതിനുപകരം, പോർക്കള പെരുമാറ്റച്ചട്ടം കാറ്റിൽപറത്തി ഞെക്കി കൊലചെയ്ത പാണ്ഡവരഞ്ചുപേരെയും ‘നവോത്ഥാന നായകർ’ എന്ന പട്ടികയിൽപെടുത്തി, വെണ്ണക്കല്ലിൽ പേർ ആലേഖനം ചെയ്തപ്പോൾ, ഹസ്തിനപുരി എന്ന പുരാതന പരമാധികാര രാഷ്ട്രത്തിനുവേണ്ടി സ്വജീവൻ ബലിദാനം ചെയ്ത കൗരവരിൽ നിന്നൊരാൾ പോലുമുണ്ടോ? ധവളപത്രം ഇറക്കണമെന്ന കൗരവവിധവകൾ ആവശ്യപ്പെട്ടപ്പോൾ എവിടെ ധാർമികത മുഖംമൂടിയാക്കിയ അർദ്ധസത്യവാൻ യുധിഷ്ഠിരൻ? ഗ്രാമഗ്രാമാന്തരങ്ങളിൽ വെയിലും മഴയും കൊണ്ടു്, താടിയും മുടിയും വളർന്നു കാടുകെട്ടി, പരുക്കൻ നാട്ടുവഴികളിൽ പദയാത്ര ചെയ്തു, നൂറ്റാണ്ടുകളായി മുഖ്യധാരയിൽ വരാനാവാതെ, പാർശ്വവൽക്കരിക്കപ്പെട്ടും, പലപ്പോഴും പീഡിപ്പിക്കപ്പെട്ടും, ദുരിതമനുഭവിച്ചിരുന്ന ആയിരമായിരം ആദിവാസിയുവാക്കൾക്കു് ഹസ്തിനപുരിയുടെ സുവർണ്ണപൗരാവകാശം കൊടുത്തായിരുന്നില്ലേ കുരുക്ഷേത്രയിൽ പ്രിയദുര്യോധനൻ അവരെ യുദ്ധസജ്ജരാക്കുവാൻ സൈനികപരിശീലനം കൊടുത്തു സജ്ജരാക്കിയതു്. എന്നാൽ പാപി പാണ്ഡവരോ! കറവമാടുകൾക്കു തീറ്റപ്പുല്ലുമായി വഴിനടക്കുന്ന ക്ഷീരകർഷകരെ മുമ്പിൽ കണ്ടാൽ ‘നാളെ രാവിലെ മുതൽ പാൽമാത്രം പോരാ, കറവവറ്റിയ വളർത്തുമൃഗത്തിന്റെ ഇറച്ചിയുംവേണം കാഴ്ചവസ്തുവായി കൊണ്ടു വരാൻ’ എന്നു് കണ്ണുരുട്ടി പേടിപ്പിക്കുന്ന പാണ്ഡവരെപ്പോലുള്ളവരെയാണോ കുരുവംശനവോത്ഥാനത്തിന്റെ പതാകവാഹകരായി എഴുന്നെള്ളിക്കേണ്ടതു്? യുദ്ധത്തിനുമുമ്പവർ, കർണ്ണനുമായി ഞാൻ കുലസ്ത്രീക്കു യോജിക്കാത്തവിധം ചൂതാടുന്ന കെട്ടുകഥപ്രചരിപ്പിച്ചു. ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നു, ഞാൻ ഒരുതരി സ്വർണ്ണം പോലും മോഹിക്കാതെതന്നെ അർജ്ജുനന്റെ വെപ്പാട്ടിയാവാൻ തയ്യാറെന്നു! അനാഥവൈധവ്യത്തിലും സ്വഭാവഹത്യ കണ്ടും കേട്ടും വിമ്മിട്ടമനുഭവിക്കുന്ന ഹൃദയത്തോടെ യോഗം ബഹിഷ്കരിച്ച എന്നെ, ഉത്തരയും സുഭദ്രയുമടക്കം കുലസ്ത്രീകൾ, അനുഗമിക്കുന്നതും നിങ്ങൾ ഇന്നലെ കണ്ടതല്ലേ!”
“നിങ്ങളുമായി പുതിയ ഇന്ദ്രപ്രസ്ഥം ചക്രവർത്തി യുധിഷ്ഠിരന്റെ ദൈനംദിന ഇടപെടലുകളിൽ എന്തെങ്കിലും വ്യത്യാസംകണ്ട ദുരനുഭവമുണ്ടോ?” കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. രാജസൂയയാഗം ചെയ്തു ഹസ്തിനപുരി ഉൾപ്പെടെ ഗാംഗാതടത്തിലെ നാട്ടുരാജ്യങ്ങളെയെല്ലാം ഇന്ദ്രപ്രസ്ഥം ‘സാമന്ത’ന്മാരാക്കിയ സുവർണ്ണകാലം.
“പ്രായക്കുറവുള്ള അനുജന്മാരുമായി ഭാര്യയെ പങ്കിടേണ്ടിവരുന്ന വിചിത്രദാമ്പത്യത്തെക്കുറിച്ചു, പായക്കൂട്ടിനു ഊഴംകിട്ടുമ്പോഴൊക്കെ പരിധിവിട്ടു പരിദേവനം ചെയ്യുന്നൊരു സ്ത്രൈണ ദൗർബല്യം മുൻയുധിഷ്ഠിരനുണ്ടായിരുന്നു. അനുജന്റെ സ്വയംവരഭാര്യയെ കൗശലത്തിൽ തട്ടിയെടുക്കാൻ, വൈവിധ്യബീജങ്ങളിൽ അഭിരമിച്ച കേമികുന്തിയുടെ ‘അനുമതി’യാണവൻ നേടിയിരുന്നതു്, അങ്ങനെ ഞാനവർക്കൊരു ക്രയവിക്രയ ഉരുപ്പടിയിൽ കവിഞ്ഞൊന്നുമല്ലെന്നു പ്രവൃത്തിയാൽ തെളിയിച്ച ‘അധർമ്മ’ പുത്രൻ പക്ഷേ, ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ ദന്തസിംഹാസനത്തിൽ ഇരുന്നശേഷം ആളാകെ മാറി! മറ്റുകൗരവരുമായി തൊഴുത്തിൽകുത്തു വഴി, തന്നെ പായിൽകിടത്താൻ കൂടുതൽ സമയം അനുവദിച്ചുതരുന്നില്ലെന്നു നിർലജ്ജം പരാതിപറഞ്ഞിരുന്നവൻ അതാ ന്യായാധിപന്റെ ഭാഷ സംസാരിക്കുന്നു! ഭീമൻ മുതൽ സഹദേവൻ വരെയുള്ളവരുമായി എനിക്കെന്തെങ്കിലും നിസ്സാരഅതൃപ്തി ഞാൻ സാന്ദർഭികമായി സൂചിപ്പിച്ചാലുടൻ ആ ‘നീതിമാൻ’ എനിക്കു് സദ്വാർത്തയുടെ ചില്ലറ കച്ചവടക്കാരനാവും. എന്നെ അവൻ, തിരുവസ്ത്രം ധരിച്ച ജ്വാലാമുഖീ ക്ഷേത്രപുരോഹിതനെപോലെ വിദൂരതയിലേക്കു നോക്കി ഉപദേശിക്കും അനുജന്മാരോടു് ലൈംഗികകാര്യങ്ങളിൽ സഹവർത്തിത്വത്തോടെ പെരുമാറണം എന്നാവശ്യപ്പെടും. ഈ നടിപ്പു സഹിക്കാൻ വയ്യെന്നായപ്പോൾ, അറ്റകൈയ്യിനു് ഞാൻ തിരിച്ചടിച്ചതായി ഓർമ്മിക്കുന്നു. രാജസൂയ യാഗവേദിയിൽ ദിവസങ്ങളോളം നിങ്ങൾ എന്നെ കൂട്ടിരുത്തിചെയ്യിച്ച മനുഷ്യത്വരഹിതമായ കാര്യങ്ങളുണ്ടല്ലോ, ലവലേശം അറപ്പില്ലാതെ ഞാനതു ഒന്നൊന്നായി ‘ഹസ്തിനപുരി പത്രിക’യോടു് വെളിപ്പെടുത്തും. ആ ദുരഭിമാനിയിൽ അതോടെ കാറ്റുപോയതാണു്!”
“പെണ്ണുടലിൽ കാമനയോടെ തൊട്ടാൽ, തൊട്ടവൻ തലപൊട്ടിമരിക്കുമെന്ന ‘മുനിശാപ’ത്തിനു പ്രായശ്ചിത്തമായി, ഹസ്തിനപുരി രാജാവായിരുന്ന ശാപഗ്രസ്തൻ പാണ്ഡു, കുന്തി, മാദ്രി എന്നീ രണ്ടു ഭാര്യമാരിൽനിന്നും ശാരീരികമായി അകന്നുകഴിയുന്നതിനുപകരം, അവരെയുംകൂട്ടി കാട്ടിൽ പോയതിന്റെ സാമാന്യയുക്തി ഇനിയും നമുക്കു് വ്യക്തമല്ലായിരിക്കാം, പക്ഷേ, ചെങ്കോൽ അന്ധജ്യേഷ്ഠനു് കൈമാറുമ്പോൾ, ധാരണ ഉണ്ടായിരുന്നുവോ എന്നാണു്, രണ്ടുദശാബ്ദം മുമ്പുണ്ടായ വനവാസയാത്ര ഇന്നും വ്യക്തമായി ഓർക്കുന്ന ചില രാജസഭാംഗങ്ങൾ തലപുകഞ്ഞു ചിന്തിക്കുന്നതു. അംഗപരിമിതനെന്ന വിലയിരുത്തലിൽ സ്ഥിരംരാജഭരണയോഗ്യത ഇല്ലാതെ, ‘രാജപ്രതിനിധി’ മാത്രമായിരുന്ന ധൃതരാഷ്ട്രർ, പാണ്ഡുവിന്റെ അനന്തര അവകാശിക്കു്, സിംഹാസനം തിരിച്ചേൽപ്പിക്കണം എന്നായിരുന്നു, യാത്രപറയുമ്പോൾ, ഇരുസഹോദരന്മാർ, നേർസാക്ഷികൾ ഇല്ലാതെയെങ്കിലും, എത്തിയ പരസ്പരധാരണ എന്നു്, ധർമ്മപുത്രർ എന്നസ്വയം അടയാളപ്പെടുത്തുന്ന യുധിഷ്ഠിരൻ ഊന്നിപ്പറയുന്നതു ഇന്നലെയും രാജസഭയിൽ കേട്ടല്ലോ. സദസ്സു് എഴുന്നേറ്റുനിന്നു കയ്യടിയോടെ ആ പ്രസ്താവം സ്വാഗതം ചെയ്യുമ്പോൾ നിങ്ങൾ, കൗരവസഹോദരർ, സംശയത്തോടെ നോക്കുന്നതു കാണാമായിരുന്നു. എല്ലാം കൂട്ടിവായിക്കുമ്പോൾ, മാധ്യമങ്ങൾ എന്തുവായിച്ചെടുക്കണം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. അഞ്ചു മക്കളെയും കൂട്ടി പാണ്ഡുവിധവ കുന്തി അഭയംതേടി ഹസ്തിനപുരിയിൽ എത്തിയ അശാന്തകാലം.
“എവിടെ നിങ്ങൾ പറയുന്ന പരേതപാണ്ഡുവിന്റെ അനന്തരഅവകാശികൾ? പ്രത്യുൽപ്പാദന ലൈംഗികക്ഷമത ഇല്ലാത്ത ഷണ്ഡൻ ആയിരുന്നു പാണ്ഡു, എന്നു് കൊട്ടാരത്തിൽ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. എന്നിട്ടും രണ്ടുഭാര്യമാരെ പാണ്ഡുവിനു് എത്തിച്ചുകൊടുത്തതു, തൊട്ടതെല്ലാം അമംഗളകരമാക്കുന്ന ഭീഷ്മർ! പാണ്ഡവർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന അഞ്ചു അഭയാർത്ഥികൾ, കുന്തിയുടെയും മാദ്രിയുടെയും വിവാഹബാഹ്യസന്തതികൾ ആണെന്നു് ആ മഹതികൾ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നു വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടല്ലോ. യുധിഷ്ഠിരൻ എന്നു് പരിചയപ്പെടുത്തിയ മൂത്തയാൾ സ്വയം വിശേഷിപ്പിക്കുന്നതു് ‘മരണദേവത’യുടെ മകൻ എന്നല്ലേ? എന്തൊരു പ്രഹസനം!”
“വംശോൽപ്പാദനത്തിനായി കുന്തി, കൈമെയ് മറന്നു വെളിയിൽപോയി പരിശ്രമിക്കുമ്പോൾ, കുടിലിൽ ഭർത്താവിനു കൂട്ടുകഴിഞ്ഞ നിങ്ങളെ ചോദ്യം ചെയ്തുവേണോ ഒന്നാംഭാര്യയുടെ രതിപരീക്ഷണത്തിന്റെ പുതുവിവരം ചോർത്താൻ, അതോ, അയല്പക്കത്തിൽനിന്നു മറ്റേതെങ്കിലും ചാരൻവഴി നേരിട്ടു് നേടുമോ കുന്തിയുടെ പരപരുഷപരീക്ഷണം?” കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു. ആദ്യപാണ്ഡവപ്പിറവിക്കു് മുമ്പവരുടെ പ്രവാസക്കാലം.
“കുന്തിയുടെ വിവാഹബാഹ്യരതിവൃത്താന്തം അറിയാനുള്ള ഭർത്താവിന്റെ ‘മൗലികാവകാശം’ നീ ഒരു സാഹചര്യത്തിലും നിഷേധിക്കരുതു് മാദ്രീ, എന്നു് അതിഭാവപ്രകടനത്തോടെ പാണ്ഡു പേടിപ്പിക്കാൻ പറയും. മറ്റാരുമായും ഹൃദയംതുറന്നു മിണ്ടിപ്പറയാനില്ലാത്തൊരു കാട്ടുമുക്കിൽ, മരണഭീതിയാൽ ചിത്തഭ്രമം ബാധിച്ച പാണ്ഡു എന്നെ ചോദ്യംചെയ്യലിനു്, അനുദിനം പരീക്ഷണങ്ങൾക്കായിടയാക്കും. ഇന്നു് നീ വിടാതെ അവളിൽനിന്നും കുത്തിക്കുത്തി ചോദിച്ചറിയണം, ആരെ അവൾ എങ്ങനെ പ്രലോഭിപ്പിച്ചു, എങ്ങനെ പരപുരുഷനുമായി രഹസ്യസംഭോഗം എവിടെവച്ചു നിർവ്വഹിച്ചു എന്നിങ്ങനെ, കിതച്ചും ഏങ്ങലടിച്ചും, അസൂയാലുവായ ആ ദുർബലമനുഷ്യൻ വൈകാരികപീഡനമുറക്കു് വിധേയയാക്കും. തിരുവസ്ത്രവും കിരീടവും ചെങ്കോലുമായി രാജസഭയിൽ പ്രസന്നമുഖത്തോടെ കണ്ട ആദ്യകാലപാണ്ഡു ആയിരുന്നില്ല, ശപിക്കപ്പെട്ട പാണ്ഡു. എല്ലാം എന്നിൽനിന്നും ചോർത്തിയശേഷം ഒരു കൊച്ചുകുട്ടിയെ പോലെ പായിൽ ചുരുണ്ടുകിടന്നു, “ബീജദാനി ആരായാലും, നീ എപ്പോഴെങ്കിലും ഹസ്തിനപുരിയിൽ കുട്ടികളെയും കൂട്ടി അഭയം തേടി പോവേണ്ടിവരുമ്പോൾ, വിദുരരോടും ഭീഷ്മരോടും പറയണം പതിവ്രതകുന്തി പാണ്ഡുചിതയിൽ ചാടി സതിയനുഷ്ഠിക്കുമ്പോൾ ചാരിത്രവതിയായിരുന്നതുകൊണ്ടു്, ഒരു നിമിഷം പോലും വേണ്ടിവന്നില്ല അഗ്നിയിൽ ഉടൽ ചാരമാവാൻ! നെഞ്ചിൽ കൈവച്ചു നീ ‘സത്യം’ തുറന്നു പറയണം. അങ്ങനെ എന്നിൽനിന്നും വാക്കുനേടിക്കഴിഞ്ഞാൽ ശാന്തമായി കുറച്ചുനേരം മയങ്ങും. ഇതാ പീഡകൻ ഉണരാൻ സമയമായി!” ജാലകത്തിലൂടെ, കുടിലിന്റെ അകത്തേക്കു് ഇടയ്ക്കിടെ എത്തിനോക്കി, അതിസുന്ദരിയായ മാദ്രരാജകുമാരി അവളുടെ ശപിക്കപ്പെട്ട ദാമ്പത്യജീവിതത്തിലെ രംഗം വിവരിക്കുമ്പോൾ, പുറത്തു കാട്ടുവഴിയിലൂടെ കുന്തി അന്നത്തെ ആൺവേട്ട കഴിഞ്ഞു മടങ്ങുന്നതു് കാണാമായിരുന്നു.”
“കാഴ്ചപരിമിതനെങ്കിലും കാര്യങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടാവില്ലേ? മക്കൾ സംഘംചേർന്നു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയെ ഉടുതുണിവലിച്ചു വിവസ്ത്രയാക്കാൻ ശ്രമിച്ചതിനെ നിങ്ങൾ അപലപിച്ചില്ലേ?” കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
“കളിയിൽ തുടരെ തോറ്റ പാണ്ഡവരിലൊരാൾ അവളെ ശാരീരികമായി പ്രയാസപ്പെടുത്തുന്നു എന്നേ സംശയിച്ചുള്ളു. ദന്തസിംഹാസനത്തിൽ ഇരുന്നാൽ എല്ലാം ശ്രദ്ധയിൽ പെടുമെന്ന മുൻവിധി ആർക്കും വേണ്ട. ‘എന്നെ വിടൂ എന്നെ വിടൂ’ എന്നതു് ഒരക്രമിയോടു് വേദനയോടെ ഇരപറയുന്ന പോലെയല്ല, ഭർത്താവിനോടു് പരിഭവിക്കുന്ന പോലെ എനിക്കു് തോന്നിയോ? കൗരവകയ്യിൽ പിടിവലിയിലൂടെ തടഞ്ഞ ഉടുതുണിയൂരി പാഞ്ചാലിയെ നഗ്നയാക്കുന്നതു ചൂതാട്ട കരാർ വ്യവസ്ഥയനുസരിച്ചാണെന്നു പിന്നീടു് അംഗരാജാവു് കർണ്ണനോടു് ഞാൻ സ്വതന്ത്രമായി ചോദിച്ചുറപ്പാക്കേണ്ടിവന്നു. പരിഷ്കൃതരാജ്യമെങ്കിലും, നവോത്ഥാനത്തെ പിറകോട്ടടിക്കുന്ന അടിമത്തം തുടച്ചുമാറ്റാൻ ആരും കുരുവംശത്തിൽ ശ്രമിച്ചുകാണുന്നില്ല എന്നതു് ഖേദകരം തന്നെ. ഹസ്തിനപുരി നിയമസംഹിതയിൽ അടിമത്തം നിലവിലുള്ളിടത്തോളം കാലം, വകുപ്പുകൾ നടപ്പിലാക്കിയില്ലെങ്കിൽ, ശന്തനുവിന്റെ കാലം മുതൽ കെട്ടിപ്പൊക്കിയ നിയമവാഴ്ച തകർന്നു എന്നു് നിങ്ങൾ നാടുനീളെ ചുവരെഴുത്തുകളിൽ നാളെ പറയില്ലേ? ഒന്നോർക്കണം, ലോകാരാധ്യനായ വ്യാസനാണെന്റെ ബീജപിതാവു്. മൃഗമാംസഭക്ഷണമോ മദ്യമോ കഴിക്കാത്ത, തീർത്തും സസ്യാഹാരികളായ കൗരവർ ലഹരിക്കടിമപ്പെട്ടിരുന്നു എന്ന നിങ്ങളുടെ കണ്ടെത്തൽ, കുതിരപ്പന്തികളിലെ ഊഹാപോഹങ്ങളിൽ അധിഷ്ഠിതമല്ലേ? ഉടുതുണിയൂരുമ്പോൾ കൊഴിഞ്ഞുവീഴുന്നതല്ല പെണ്ണഭിമാനമെന്ന പാഞ്ചാലിയുടെ പ്രതികരണം ഞാൻ പ്രീതിയോടെ കേട്ടു, കേവലം ലൈംഗികാക്രമണഇരയിൽ നിന്നതിജീവിത, പെണ്ണവകാശപോരാളിയിലേക്കു വ്യക്തിത്വപരിവർത്തനം ചെയ്യാൻ കുരുവംശരാജസഭ പശ്ചാത്തലമായതിൽ, നിലവിൽ ചെങ്കോൽധാരിയായ എനിക്കു് അഭിമാനമുണ്ടു്. വ്യാഴവട്ടക്കാല വനവാസമൊക്കെ ഒന്നുറങ്ങിയെണീക്കുമ്പോഴേക്കും തീരും. ദാർശനികവിരക്തിയോടെ ജീവിതാവസ്ഥ കാണാൻ ശ്രമിക്കാത്തതിന്റെ ദൂഷ്യഫലമാണു്, കേട്ടറിഞ്ഞിടത്തോളം ഹസ്തിനപുരി പത്രിക!”.
“ഇന്നലെ സംഭവിച്ചതിനൊക്കെ നേർസാക്ഷിയല്ലേ? ദുര്യോധനന്റെ ആത്മസുഹൃത്തെങ്കിലും, നിങ്ങളുടെ ആത്മാവിൽ കളങ്കം കുറവല്ലേ? വസ്ത്രത്തിൽ ഒതുങ്ങുന്ന പോലെ തോന്നിയോ പാഞ്ചാലീലൈംഗികാക്രമണം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവർ തലമുണ്ഡനം ചെയ്തു കാട്ടിലേക്കു് പോകാൻ തയ്യാറാവുന്ന നേരം.
“അടിമപ്പെണ്ണിനെ നിയമവിധേയമായി വിവസ്ത്രയാക്കുന്നതിനൊപ്പം, ഒന്നുരണ്ടു വികൃതിവിരലുകൾ, പെണ്ണുടലിൽ പര്യവേഷണം ചെയ്യുന്നതൊക്കെ പുരുഷകാമനയുടെ ആവിഷ്കാരവഴികളല്ലേ? അതിനിത്ര അപനിർമ്മാണം ആവശ്യമുണ്ടോ? മാധ്യമപ്രവർത്തകർ കാണുന്നതൊക്കെ നേർകാഴ്ചയാവുമെന്ന മുൻവിധി എന്നോടരുതു്. ഹസ്തിനപുരി നീതിന്യായവ്യവസ്ഥയെ നിങ്ങൾ അവഹേളിക്കുകയാണു് എന്നെനിക്കു ആരോപിക്കേണ്ടിവരും. ദ്രൗപദീവസ്ത്രാക്ഷേപം കൗരവർക്കു ഒരശ്ലീലകർമ്മകാണ്ഡമായിരുന്നില്ല, അടിമയുടെമേൽ അവകാശപ്രഖ്യാപനമായിരുന്നു. കുരുവംശനീതിപീഠത്തിന്റെ തലതൊട്ടപ്പനായ ഭീഷ്മർ അധ്യക്ഷനായ ചൂതാട്ടസഭയിൽ, കൗരവരുടെ ഓരോ ചൂതാട്ടനീക്കത്തിനും, പെണ്ണുടലിൽ അവരുടെനോട്ടത്തിനും, നീതിപതിയുടെ അനുമതിയുണ്ടായിരുന്നു, ഒരു നിമിഷം പോലും വിസ്മരിച്ചുകൂടാ! ഇന്ദ്രപ്രസ്ഥം പൗരയായ ഇരയുടെ പൗരാവകാശങ്ങൾ ഹസ്തിനപുരിയിൽ അസാധുവായതു, പാഞ്ചാലിയെ പണയംവക്കാനുള്ള ആണധികാരദുർവ്യയം കൊണ്ടായിരുന്നില്ലേ? കള്ളച്ചൂതു എന്നൊരു വെറുംവാക്കിൽ തൂങ്ങി, അഭിമുഖത്തെ നിങ്ങൾ വളച്ചു. ഭാര്യയെ പണയംവച്ചു് സ്ത്രീവിരുദ്ധനായൊരു ഭർത്താവു് കളിച്ചു തോൽക്കുമ്പോൾ, പുതിയ ഉടമ നിങ്ങളുടെ ഉടലിൽ നേടുന്ന ആധിപത്യമുണ്ടല്ലോ അതു് നിഷേധിക്കാൻ നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന ആർക്കും ആവില്ല. ശന്തനുവിനോളം പൈതൃകബന്ധമുള്ള കൗരവനീതിബോധത്തെ മലിനപ്പടുത്താൻ ഒരു കൂട്ടം കുനുഷ്ടു് ചോദ്യങ്ങളുമായി, അംഗരാജാവിന്റെ വഴിതടയുന്ന വിമതമാധ്യമജീവിതം ഇതോടെ നിർത്തൂ. പെറ്റതള്ള പുഴയിലൊഴുക്കിയവനെ പട്ടാഭിഷേകം ചെയ്തു ഇതിഹാസപുരുഷനായ ദുര്യോധനൻ, യഥാർത്ഥത്തിൽ, എന്റെ രക്ഷകനും ഉടമയുമായെങ്കിലും എന്നെ അടിമ എന്നല്ല, തോളിൽ കൈവച്ചു വിളിക്കുക സഖാവേ എന്നാണു്!”
“കൊട്ടാരഗുരു കൃപാചാര്യരുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഒരു ദശാബ്ദത്തോളം നൂറ്റിഅഞ്ചുപേരും ഹസ്തിനപുരിക്കു് പുറത്തു ദ്രോണഗുരുകുലത്തിൽ അന്തേവാസികൾ ആയിരുന്നു എന്നാണു് വിദുരരുടെ കൈവശമുള്ള അരമനരേഖകളിൽ വായിച്ചതു. മികച്ച ഒരുപിടി കളിക്കാർ ഒഴികെ ബാക്കിയെല്ലാവർക്കും ദ്രോണബോധനത്തിൽ കിട്ടിയതു് ശരാശരിയിലും താഴെ സൈനിക പരിശീലനം ആയിരുന്നു എന്നാണോ യാഥാർഥ്യം?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു മുമ്പുള്ള ഭൂതാതുരതയുടെ ആവിഷ്ക്കാരകാലം.
“ഈ ചോദ്യം നിങ്ങൾ യുദ്ധത്തിനുമുമ്പു് നൂറ്റഞ്ചുപേരോടും ഒന്നൊന്നായി കുരുക്ഷേത്രക്കു ചോദിച്ചിരുന്നെങ്കിൽ ആരെങ്കിലും പഴിപറയുമോ ഐതിഹാസിക ദ്രോണച്ചിട്ടയുടെ ദേശീയ പ്രശസ്തിയെക്കുറിച്ചു? ദുഷ്പ്രചരണം ചെയ്യാൻ ആർക്കുണ്ടു് അക്കാലത്തു സമനില! എന്നാൽ വാസ്തവം, കുറച്ചൊക്കെ നിങ്ങൾ പറഞ്ഞതാണു്. പൂണൂൽധാരിയായൊരു മഹാബ്രാഹ്മണൻ എന്ന സമുന്നത ജാതിശ്രേണിയും, ഉയരവും നിറവും ആകാരഭംഗിയും മൊത്തം ഞാനൊരു കേമൻ എന്ന രൂപഭാവവും കൂടി ഒരു അമാനുഷഗുരുവായി ദ്രോണരെ കാണാൻ കൃപാചാര്യൻ ഞങ്ങളിൽ നേരത്തേ ദുഃസ്വാധീനം ചെലുത്തി. നൂറ്റഞ്ചു വിദ്യാർത്ഥികളുടെ പ്രായത്തിലുമുണ്ടായിരുന്നു വർഷങ്ങളുടെ പ്രതികരണ വ്യത്യാസം. ദ്രോണരുടെ ആയുധശാലയിൽ ദിവ്യാസ്ത്രം കണ്ടാൽപോലും നിങ്ങൾ ഞെട്ടരുതു് എന്ന ഭീഷ്മതാക്കീതും ശ്രദ്ധാപൂർവ്വം ഞങ്ങളിൽ അരമന ഉദ്യോഗസ്ഥർ ചാർത്തി. നേരിൽകണ്ട ദ്രോണരുടെ യാഥാർത്ഥമുഖം, ഞെട്ടിക്കൊണ്ടാണെങ്കിലും യുദ്ധകാലത്തു ഞാനും സഹദേവനും ആസ്വദിച്ചു, ഭീഷ്മർ ശരശയ്യയിൽ കിടന്നശേഷം ദ്രോണർ, കൗരവസേനാപതിപദവി വഹിക്കുമ്പോൾ, മകൻ അശ്വത്ഥാമാവു് പോരാട്ടത്തിൽ മരിച്ചു എന്ന യുധിഷ്ഠിരൻ സ്രോതസ്സായൊരു പ്രചാരണനിർമ്മിതിയിൽ വിശ്വസിച്ചു പുത്രമരണത്തിൽ ദുഃഖം സഹിക്കവയ്യാതെ ആയുധംതാഴെയിട്ട ഒരു ദുർബലനിമിഷത്തിൽ, പാണ്ഡവസേനാപതി ധൃഷ്ടധ്യുമ്നൻ പിന്നിൽ നിന്നും കഴുത്തു വെട്ടിയപ്പോൾ ആയിരുന്നു. “വ്യർത്ഥ ജീവിതം ഈ ദ്രോണജീവിതം” എന്നുച്ചരിച്ചുകൊണ്ടുഞങ്ങൾ ആഘോഷമായി അന്നുരാത്രി നീന്തിക്കുളിച്ചു മരണം ആഘോഷിച്ചു. ഗുരുനാഥനെക്കുറിച്ചു വിശേഷാൽപതിപ്പിൽ ഈ ഓർമ്മ ശകലം മതിയോ, അതോ ഞങ്ങളെക്കൊണ്ടയാൾ ചെയ്യിച്ച അശ്ലീലങ്ങൾ ചിലതും ഇപ്പോൾ വെളിപ്പെടുത്തണോ?”
“ചാരവകുപ്പുമേധാവിയായ നിങ്ങളെന്താണു് വിത്തും കൈക്കോട്ടുമായി മണ്ണിൽ? കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവകുടിയേറ്റ കുടുംബം യാഗംചെയ്തു, ആൾദൈവകൃപയാൽ, പരമാധികാരരാഷ്ട്രം സ്ഥാപിച്ച കാലം.”
“പുത്തൻചക്രവർത്തിനിക്കു നിരക്കാത്ത പരുക്കൻ പെരുമാറ്റമുണ്ടു്, മറ്റുവിധത്തിൽ എന്നോടെങ്കിലും പ്രീതികരമായി മുട്ടിയുരുമ്മി പ്രണയത്തോടെ പെരുമാറുന്ന പാഞ്ചാലിക്കു്. ഏറ്റവും പുതിയ ഇര അതാ രണ്ടാമൻ ഭീമൻ, മേലാസകലം മുറിവും ചതവുമായി, വിശ്രമിക്കുന്നു. പാണ്ഡവർ ആരെങ്കിലും അവളെ അനാവശ്യമായി പ്രലോഭിപ്പിക്കുന്നപോലെ തോന്നിയാൽ, അവൾ നാവിലൂറിയ പൂവിന്റെ പേരുപറഞ്ഞു ഒരുകൂട നിറയെ കൊണ്ടു വരുവാൻ, മുഖത്തുനോക്കാതെ ആവശ്യപ്പെടും. നാടായനാടൊക്കെ ഓടിനടന്നുകൊണ്ടുവന്നാൽ മാത്രമേ പീഡകിയുടെ മുഖം പ്രസന്നമാകൂ എന്നറിയാവുന്ന പാണ്ഡവർ, പരിഹസിച്ചു പാഞ്ചാലിയുടെ വാക്കു തള്ളിക്കളയാറുമില്ല. ശരാശരിപെൺഹൃദയത്തിൽ ഇടംനേടിയ കുറെ പൂച്ചെടികൾ യമുനാതീരത്തു വളർത്താനാവുമോ എന്നുഞാൻ പരീക്ഷിച്ചു നോക്കട്ടെ. കാടുകത്തിച്ചും ജരാസന്ധനെ വധിച്ചും യാഗം ചെയ്തും, അധികാരത്തിൽ കയറിയ പാണ്ഡവർ അങ്ങനെ എളുപ്പമൊന്നും പാഞ്ചാലിയുടെ പൂവടിമത്തം പിന്തുടരില്ലെന്നവൾ ഇനിയെങ്കിലും അറിയട്ടെ. ചോദിക്കാൻ വിട്ടു, എന്താ ഈ വഴിക്കു? ഹസ്തിനപുരി രാജകുടുംബങ്ങളിലെ വിഴുപ്പൊന്നും ഇപ്പോൾ തടയാറില്ലേ!”
“അഴിച്ചിട്ടമുടി പാഞ്ചാലി കെട്ടിവച്ചേതീരൂ എന്ന ശാഠ്യമുണ്ടോ?”, കൂർപ്പിച്ച വിരൽനഖങ്ങളുമായി ഇരയെത്തേടി പോർക്കളത്തിൽ രാവിലെമുതൽ ഓടിനടക്കുകയായിരുന്ന രൗദ്രഭീമൻ കുടിനീരിനായി കൈനീട്ടിയപ്പോൾ കൊട്ടാരം ലേഖിക ചോദിച്ചു.
“നിർലോപം പ്രകൃതിതന്ന കേശസൗന്ദര്യം, പാണ്ഡവർക്കാസ്വദിക്കാൻ അവൾ പ്രദർശിപ്പിച്ചുകൂടെ? പാഞ്ചാലിയോടു് ഞങ്ങളുടെ വനവാസക്കാല പരിദേവനം അങ്ങനെയായി. കിടപ്പറയിൽ ആണുടലിനെ പ്രലോഭിപ്പിക്കുമ്പോൾ മുടികെട്ടഴിച്ചിടാനും, ഉദ്ധിഷ്ടകാര്യത്തിനു വഴങ്ങിത്തരാത്ത ആണിനെ ഒതുക്കിനിർത്തേണ്ടിവരുമ്പോൾ നിശ്ചയദാർഢ്യത്തോടെ മുടികെട്ടാനും അറിയുന്ന പാഞ്ചാലിയുടെ പ്രതികരണം സന്ദിഗ്ധമായിരിക്കും. ഉടലഴകിനെക്കുറിച്ചും ഉടലളവുകളെക്കുറിച്ചുമൊക്കെ പരിചയമുള്ള പാഞ്ചാലി മുനവച്ചെന്നോടൊരിക്കൽ ചെവിയിൽ മന്ത്രിച്ചു, “പൂ ചോദിച്ചാൽ സൗഗന്ധികപൂന്തോട്ടം പറിച്ചുതരുന്ന ഭീമാ, ‘മുടിയിൽതേക്കാൻ ഒരു കുമ്പിൾ കൗരവചോര താ’ എന്നു ഞാൻ വിവശയായി പറയുമ്പോൾ, എന്തിനു് നിനക്കു് ഞെട്ടൽ?” എന്നുപറഞ്ഞവൾ മുടികൊണ്ടെന്റെ മുഖം മൂടി. അപ്പോൾ ഞാനുറച്ചു, പേപ്പട്ടിയെപ്പോലെ നാട്ടിലും കാട്ടിലും ഓടിനടക്കേണ്ടിവന്നാലും, തലയിൽതേച്ചു നീരൊഴുക്കിൽ ദ്രൗപദിക്കു് നീന്തിക്കുളിക്കാൻ വേണം, കരൾതുറന്നിത്തിരി കൗരവ ചോര. അതല്ലാതെ മറ്റെന്തിങ്കുലും ആഭിചാരക്രിയ അതിനുണ്ടോ!”
“എത്ര ശാന്തം, ഗംഭീരം യുധിഷ്ഠിരമുഖം! ഈ തേജസ്വിയെക്കുറിച്ചായിരുന്നോ, ഇതുവരെ നിങ്ങളുടെ കയ്പുനിറഞ്ഞ പരാമർശം, വിട്ടുപോവാത്ത വിദ്വേഷം?”, കൊട്ടാരം ലേഖിക നിയുക്തചക്രവർത്തിനി പാഞ്ചാലിയോടു് ഉപചാരത്തോടെ പരിഭവിച്ചു. കൊടിവച്ചതേരിൽ ഭാര്യക്കൊപ്പം യാത്രചെയ്യാതെ, അരമനവീഥിയിൽ അശ്വാരൂഢനായി, വഴിപ്പോക്കർക്കു ഇഷ്ടദർശനം ഒറ്റയ്ക്കു് നൽകുകയായിരുന്നു നിയുക്തഇന്ദ്രപ്രസ്ഥം രാജസൂയ ചക്രവർത്തി.
“നിങ്ങൾ ആരോപിക്കുന്ന ‘സാത്വികഭാവം’ സാന്ദർഭികമായി ആ ‘മുഖകമല’ത്തിൽ വരുന്ന പതിവു് ചതിക്കുഴിയല്ലേ. പൂ ഇതളുകൾ ദ്രുതചലനത്തിൽ കൂടിച്ചേരുമ്പോൾ, ഒരു പാവം ഇരയായി നിങ്ങൾ ആ ‘കമല’ത്തിൽ കൂപ്പുകുത്തുന്ന കൗതുകദൃശ്യം കാണാൻപോവുന്നതേയുള്ളു,”
“ഭാവിയിലൊരു സുസ്ഥിര ദാമ്പത്യജീവിതം ഉത്തരയുമൊത്തു സ്വപ്നം കാണുന്നവനെന്ന നിലയിൽ, വേണ്ടിവന്നാൽ കൗരവപക്ഷത്തേക്കു കൂറുമാറാൻ പോലും അഭിമന്യു തയ്യാറായിരുന്നു എന്ന അവകാശവാദത്തെ എങ്ങനെ വിശദമാക്കാനാണു് നിങ്ങൾക്കാവുക?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനദിനം.
“അങ്ങനെ ഒരു നിലപാടിൽ കാര്യമുണ്ടു്. ഏതുനിമിഷവും പ്രാണൻ പോകാവുന്നത്ര, ജീവിതവുമായി ബന്ധം മുറിയുന്ന ഈ നേരത്തു എന്തിനു ഞാൻ ആ രഹസ്യം വെളിപ്പെടുത്താതിരിക്കണം? പോരാട്ടത്തിലെ ഒരു സവിശേഷഘട്ടത്തിൽ, എന്നോടവൻ ആദ്യമായി ഉള്ളുതുറന്നു. യുധിഷ്ഠിരനും മൂന്നു പാണ്ഡവരും, അർജുനഅസാന്നിധ്യത്തിൽ, പത്മവ്യൂഹത്തിലേക്കു മനഃപൂർവ്വം എറിയുകയായിരുന്നു എന്നാണു അഭിമന്യു പരാജയകാരണം പറഞ്ഞതു്. പാണ്ഡവർ യുദ്ധം ജയിച്ചാൽ, അഭിമന്യു കിരീടാവകാശിയാവുമെന്നും, അതോടെ പാഞ്ചാലിയിൽ യുധിഷ്ഠിരനുണ്ടായ മകൻ മറ്റു പാണ്ഡവപുത്രന്മാർക്കൊപ്പം പടിക്കു പുറത്താവുമെന്നും ഉള്ള അവസ്ഥ, അങ്ങനെ ഒരു തീരുമാനത്തിനു് പ്രചോദനമായി. കൗരവപക്ഷത്തേക്കു അഭിമന്യുവിന്റെ കൂറുമാറ്റത്തിൽ തീരുമാനമെടുക്കാൻ, പക്ഷേ, ആ സമയത്തു എനിക്കായില്ല. വൈകിപ്പോയി. ഒരു നിമിഷം പോലും എന്റെ പ്രതികരണത്തിനു് മുഖമുയർത്താതെ കർണൻ അഭിമന്യുവിന്റെ ഇടനെഞ്ഞിൽ വാൾ കുത്തിയിറക്കിയില്ലായിരുന്നുവെങ്കിൽ, യുദ്ധം ഇങ്ങനെ പരിപൂർണ്ണ കൗരവതോൽവിയിൽ അവസാനിക്കുമായിരുന്നുവോ? കൗരവപക്ഷത്തുവന്നാൽ, അഭിമന്യു ആദ്യം തലയറുക്കുക നാലു ചതിയൻപാണ്ഡവരെ ആയിരുന്നില്ലേ? അഭിമന്യുവിനെ കൊല്ലണമെന്നു് ഞാനും കരുതിയിരുന്നില്ല, കർണൻ കുന്തിയുടെ മകനാണെന്ന രഹസ്യസത്യം ഇപ്പോൾ എനിക്കു് വ്യക്തമായി. കൗരവപക്ഷത്തു അഭിമന്യു വന്നാൽ, പിൽക്കാലത്തവൻ കർണ്ണപട്ടാഭിഷേകത്തിൽ ശക്തപ്രതിയോഗിയാവും എന്നു് കർണനും ഭയന്നു. ഇതു് ധീരന്മാരുടെ യുദ്ധമല്ല, ഭയപ്പാടിന്റെ പ്രദർശനഭൂമിയാണു്”, തുടയൊടിഞ്ഞുവീണു നിസ്സഹായനായ ദുര്യോധനൻ കുടിനീരിനായി കെഞ്ചി.
“അരുതാത്തതെന്തോ സഭാധ്യക്ഷനായിരുന്നപ്പോൾ കണ്മുന്നിൽ സംഭവിച്ചു എന്നതിലിപ്പോൾ ഖേദമുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. ശരശയ്യ.
“ഖേദമുണ്ടു് കൺമുമ്പിൽ നടന്ന കാര്യങ്ങൾപോലും ഇങ്ങനെ തെറ്റായി നിങ്ങൾ മാത്രം വായിച്ചെടുത്തതിൽ! ചൂതാട്ടനടപടി ക്രമങ്ങൾ അക്കമിട്ടു ഞാൻ ഓരോ ഘട്ടത്തിലും സദസ്സിൽ നിരത്തി. സഭാപതിയുടെ നിർദേശത്തിനു കളിക്കാർ സ്വാഭാവികമായും തരേണ്ട അനുമതി മുറുമുറുപ്പില്ലാതെ തന്നു. എന്നാൽ കേവലമൊരു ചൂതുകളിമാത്രമായിരുന്നോ അവിടെ സംഭവിച്ചതു്. ഇന്ദ്രപ്രസ്ഥംചക്രവർത്തിയും കുടുംബവും ഒരു സാമന്തരാജ്യത്തിൽവന്നു ചൂതാടുന്നതിന്റെ ഔചിത്യപരമായ ചട്ടലംഘനം നാം തർക്കത്തിനുവേണ്ടി മാറ്റിവച്ചാലും നിങ്ങൾക്കു് കാണാം, വമ്പിച്ച സ്ഥാവരജംഗമസ്വത്തുക്കളുടെ അനായാസകൈമാറ്റം. കളിയിൽ തോറ്റവരുടെ നിർഭാഗ്യത്തിന്റെ ബഹിസ്പുരണങ്ങൾ നാം സംവാദത്തിൽ നിന്നു് ഒരുനിമിഷം മാറ്റിവച്ചാൽ, അവിടെനടന്നതു് ഒരു സാമ്രാജ്യത്തിന്റെ രക്തരഹിത അധികാരകൈമാറ്റമായിരുന്നു. പരവതാനിപോലും വിരിച്ചിട്ടില്ലായിരുന്ന നിലത്തു ചമ്രം പടിഞ്ഞിരുന്നാണു് ദുര്യോധനൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെയും കൂട്ടുസ്വത്തിൽ പങ്കാളികളായ അഞ്ചുപേരെയും വിളക്കിൽ എണ്ണതീരും മുമ്പു് കൗരവഅടിമകളാക്കിയതു്. അതൊരു ഐതിഹാസിക ചരിത്ര സംഭവമായിരുന്നില്ലേ! അതിനെ വെറുമൊരു വസ്ത്രാക്ഷേപമായി നിങ്ങൾ വിലകുറച്ചു കാണരുതു്.”
“നീ, നീ തന്നെയല്ലേ അതിരഥപുത്രനായ കർണ്ണൻ?, എന്റെ കുട്ടിക്കാല കളിത്തോഴൻ?”, നേരം പുലരേ, വഴിപ്പോക്കർക്കുനേരെ കൈവീശി നഗരവീഥിയിലൂടെ ഹസ്തിനപുരി കൊട്ടാരത്തിലേക്കു സ്വർണ്ണത്തേരിൽ പോവുകയായിരുന്ന അംഗരാജാവിനോടു്, യുദ്ധകാര്യലേഖകനായി തലേന്നു് ചുമതലയേറ്റ യുവാവു് ചോദിച്ചു. അല്ല സുഹൃത്തേ, എപ്പോഴാണു് നീ രാജാവായതു? തക്ഷശിലയിൽ പഠിത്തം കഴിഞ്ഞു ‘ഹസ്തിനപുരി പത്രിക’യിൽ ഞാൻ ഇന്നലെ ജോലിക്കു പ്രവേശിച്ചതേഉള്ളൂ. കേട്ടറിഞ്ഞിടത്തോളം കൗരവൻ കിരീടാവകാശിയായിരിക്കുമ്പോൾ, കുരുവംശീയനല്ലാത്തവനെ ‘കിരീടധാരി’യെക്കണ്ടാൽ മുഖ്യവാർത്ത ആക്കേണ്ടതല്ലേ!
“ചുവരെഴുത്തുപതിപ്പിൽ അക്കാലത്തുതന്നെ മുഖ്യവാർത്തയായ കർണ്ണന്റെ അരങ്ങേറ്റവും, അംഗരാജാവിനായി ധീരദുര്യോധനൻ സ്വയം നിർവ്വഹിച്ച സ്തോഭജനക പട്ടാഭിഷേകവും, ദൂരെ ദൂരെ തക്ഷശിലയിൽ വിദ്യാർത്ഥിയായ നീ, പാവം, എങ്ങനെ അറിയാനാണു്! വിവരവിനിമയത്തിൽ എന്തൊക്കെ, വിദൂരഭാവിയിൽ സംഭവിക്കാമെന്നു ആർക്കറിയാം! വിദേശവിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്ന പുതുപത്രപ്രവർത്തകർക്കു തത്സമയം വാർത്ത ലോകത്തെങ്ങും അറിയാനാവുന്നവിധം ആകാശചാരികൾ അതിരുവിട്ടു് ഭൂമിയിൽ ഇടപെടട്ടെ എന്നാശംസിക്കുക. നാമമാത്രകിരീടധാരിയെങ്കിലും, ഭരിക്കാൻ അതിരുകൾക്കുള്ളിലൊരു കൃത്യം ഇടമില്ലെന്ന കൊട്ടാരരഹസ്യം നീ, സുഹൃത്തേ, പൊലിപ്പിച്ചു വാർത്ത ആക്കരുതേ. മുക്കുപൊന്നാണു് കൊച്ചുകിരീടമെങ്കിലും, ജനാധിപത്യവാദിചാർവാകൻ എന്റെ ആരാധകനാണു്. സവർണ്ണമാടമ്പികളുടെ വിഹാരഭൂമിയായ കുരുവംശത്തിൽ, പുരോഗമനവാദിയായ യുവകൗരവൻ വേണ്ടിവന്നു, സൂതപുത്രനെ പട്ടാഭിഷേകം ചെയ്തു മുഖ്യധാരയിൽ എത്തിക്കുവാൻ എന്നുവേണം നീ പൊലിപ്പിച്ചു, നാളെ എന്റെ ജന്മദിന സമ്മാനമായി എഴുതാൻ!” മഴമേഘങ്ങളാൽ രാജവീഥിയിൽ ഇരുണ്ട നിഴൽ പരന്നിട്ടും, കർണ്ണരഥത്തിൽ മാത്രം, അത്ഭുതം, പ്രസന്നമായ വെയിൽ തെളിയുന്നതു് പുതിയ ‘ഹസ്തിനപുരി പത്രിക’ ലേഖകൻ കൗതുകത്തോടെ ശ്രദ്ധിച്ചു. വിസ്മയ വെയിലിന്റെ യഥാർത്ഥകാരണം തിരക്കി വെളിച്ചങ്ങളുടെ തമ്പുരാനെ കാണാൻ കിഴക്കൻ ആകാശത്തേക്കുദൃഷ്ടി പായിച്ചു.
“ആരുടെ അസാന്നിധ്യം യുധിഷ്ഠിരഹൃദയത്തെ നോവിച്ചു?”, കൊട്ടാരം ലേഖിക ചോദിച്ചു. കൗരവവംശഹത്യയിൽ പാണ്ഡവഭരണകൂടം ദുഃഖം അടയാളപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ച രാജസഭയിൽ, ആദ്യദിന ഔദ്യോഗികയോഗത്തിനുശേഷം, ഉച്ചയൂണിനു കൈകഴുകുകയിരുന്നു പുതുനാടുവാഴി യുധിഷ്ഠിരൻ. കൂട്ടത്തിൽ ചേരാതെ മാറിനിന്ന മഹാറാണി പാഞ്ചാലി അവരെ സംശയത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
“നോവുകയല്ല കരൾ, നീറുകയാണെൻ മനം. എന്നാൽ ഒപ്പം പതഞ്ഞുപൊന്തുന്ന ധാർമ്മികരോഷം നിയന്ത്രിക്കാനും എനിക്കാവുന്നില്ല. അതുകൊണ്ടാണു് കൈകഴുകി കുടഞ്ഞവെള്ളം നിങ്ങളുടെ ഉടുതുണിയിൽ തെറിച്ചതു്. സിംഹാസനത്തിൽ ഇരിക്കാൻ എനിക്കവസരം ഉണ്ടാക്കുന്നതിനുവേണ്ടി, പ്രിയദുര്യോധനൻ എത്രയധികം ധീരോദാത്തന്മാരെ കുരുക്ഷേത്രയിൽ ബലി കൊടുത്തു! സമാധാനപരമായി ജീവിതാന്ത്യം വേണ്ടപ്പെട്ടവരുടെ സ്നേഹപരിചരണങ്ങളോടെ, അരമനസമുച്ചയത്തിൽ, ചെലവഴിക്കാൻ അർഹത ഉള്ളവരായിരുന്നു ഭീഷ്മർ ദ്രോണർ കർണ്ണൻ! അവരെയൊക്കെ പോർക്കളത്തിൽ പാണ്ഡവവാളുകൾക്കു മുമ്പിൽ കഴുത്തു നീട്ടിക്കൊടുത്തു വേണമായിരുന്നോ ഞങ്ങൾക്കു് ചെങ്കോൽ, പ്രിയദുര്യോധനാ, എനിക്കു് നീട്ടേണ്ടിയിരുന്നതു്? വിശപ്പല്ല കൊച്ചുഅനുജത്തീ, വല്ലായ്മയാണു് ഇപ്പോൾ എനിക്കു് തോന്നുന്നതു്”.
“നിങ്ങളുടെ ഹൃദയം പ്രണയസാന്ദ്രമാവുന്നതു പ്രിയ അർജ്ജുനനോടൊപ്പം കിടക്കുമ്പോൾ മാത്രമെന്നു് പാണ്ഡവരിലൊരാൾ പറയുന്നു എന്നു സങ്കൽപ്പിക്കുക. കേവലമൊരു അസൂയാലുവിന്റെ വെറുംവാക്കായിരിക്കുമോ അതു്? അതോ നേരനുഭവങ്ങളുടെ യാഥാർഥ്യമുണ്ടോ ആ ഭർത്തൃനിരീക്ഷണത്തിൽ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ആൺപെൺ ആകർഷകത്വത്തിന്റെ പുതുമമാറാത്ത ഇന്ദ്രപ്രസ്ഥം കാലം.
“സ്വയംവരപ്പന്തലിൽ അർജ്ജുനൻ മത്സരവിജയം അവകാശപ്പെട്ടപ്പോൾ, എന്റെ ഉടലിലും ഉടമസ്ഥാവകാശം അവകാശപ്പെട്ടു എന്നമട്ടിൽ പരാമർശങ്ങൾ കേൾക്കാൻ ഒന്നിലധികം ഭർത്താക്കന്മാരിൽനിന്നും അവസരമുണ്ടായി എന്നാൽ കേവലം സൈനികപരിശീലനത്തിൽ നിന്നും ലഭിക്കാവുന്ന അസ്ത്രപ്രയോഗവൈദഗ്ദത്തിൽത്തിൽ കവിഞ്ഞു, പെൺഹൃദയത്തെ വശീകരിക്കാനാവുന്ന അമ്പൊന്നും ആ ദുരഭിമാനിയുടെ ആവനാഴിയിൽ ഇല്ല എന്നതുമാത്രമാണു് അർജ്ജുനനെക്കുറിച്ചെനിക്കു നിലവിലുള്ള പരമാർത്ഥം”.
“ശരിക്കും നിങ്ങൾ പാണ്ഡുവിന്റെ മകനാണോ, അതോ? ഭീമപിതൃത്വം വെല്ലുവിളിക്കുന്നതു് കുരുവംശകിരീടാവകാശത്തെ കൂട്ടുകുടുംബ തർക്കപദവിയാക്കുന്ന ‘കുടില’ഹൃദയനായ ദുര്യോധനൻ. ബീജദാനം ചെയ്യാൻ ഭർത്താവിനു് കഴിവില്ലെങ്കിൽ, പരപുരുഷരതി പെണ്ണവകാശമെന്നു പ്രഖ്യാപിച്ച കുന്തിയിൽ ഏതോ ‘കാട്ടാള’നുണ്ടായ മോഷണവസ്തുവാണു് പാണ്ഡുനാമം തട്ടിയെടുത്ത നിങ്ങളെന്നു കൗരവർ കുതിരപ്പന്തികളിൽ, തുടരൻകഥകളാൽ കുറച്ചുകാലമായി ദേശാന്തരയാത്രികരെ രസിപ്പിക്കുന്നുണ്ടല്ലോ. ആരോപണത്തിനു് ബലം നൽകാൻ അരമനരഹസ്യം ഒന്നും കൈവശം ഇല്ലാതെ, ഉത്തരവാദിത്വമുള്ള ഈ കിരീടാവകാശി അങ്ങനെ വായിട്ടടിക്കുമോ. പിതൃസഹോദരന്റെ രാജപത്നിയായിരുന്ന കുന്തിയെ കിംവദന്തിക്കു വിട്ടുകൊടുക്കുമോ. വെറുതെ സംശയിക്കുമോ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. ഏകചക്ര എന്ന വിദൂരഗ്രാമം. പൂണൂൽ ധരിച്ചു ബ്രാഹ്മണ വേഷത്തിൽ പിച്ചയാചിച്ചു കുന്തിയും കൗന്തേയരും പാടുപെട്ടു് കൗരവനോട്ടപരിധിയിൽനിന്നും ആവുന്നത്ര അകലം പാലിച്ചു ജീവിക്കുന്ന അശാന്തകാലം. സമാധാനത്തോടെ നാടു് പുലരണമെങ്കിൽ, നിത്യവും ഒരു ‘മാംസള’ മനുഷ്യനെ ബലിയായി വേണമെന്നു് ശഠിക്കുന്ന ബകൻ എന്ന കാട്ടാളനെ, വൻമരം വേരോടെ പിഴുതു തലങ്ങുംവിലങ്ങും അടിച്ചു കൊന്ന ‘ബ്രാഹ്മണ’ ഭീമനെ, ഗ്രാമീണർ അമാനുഷ രക്ഷകപദവി കൊടുത്തു ആദരിക്കാൻ വേദിയൊരുക്കുന്ന നേരം.
“ഇതിഹാസം എഴുതുമെന്നു് പ്രഖ്യാപിച്ച വേദവ്യാസനറിയുമോ സ്വന്തം പിതാവാരെന്നു്? ആരായിരുന്നു ഇപ്പോഴത്തെ രാജാവു് ധൃതരാഷ്ട്രരുടെ പിതാവു്? ദുര്യോധനൻ ഉൾപ്പെടെ നൂറോളം കൗരവക്കുട്ടികളുടെ യഥാർത്ഥ ജൈവികപിതാവു്? മന്ത്രിവിദുരരുടെ? കർണ്ണപിതാവു്? കുടുംബനാഥസത്യവതിയുടെ? അസന്ദിഗ്ദ്ധമായി ആരും ഇക്കാലത്തു അറിയണമെന്നില്ല. സംശയാസ്പദമാണു് ഈ വിശിഷ്ടജന്മങ്ങളുടെ ഔദ്യോഗികപിതൃത്വമെങ്കിലും, അധികാരദണ്ഡു തട്ടിയെടുക്കാൻ ഏതറ്റംവരെ കൗരവർ പോവുമെന്നു് കുരുവംശചരിത്രം ഭാവിതലമുറകളെ ബോധ്യപ്പെടുത്തട്ടെ. ‘പിതൃശൂന്യർ’ എന്നതൊരു ജനിതകബഹുമതിയെന്നു പോലും അംഗീകരിക്കും. അല്ല പത്രപ്രവർത്തകസുഹൃത്തേ, നിങ്ങളുടെ ‘യഥാർത്ഥപിതൃത്വം’ ഇപ്പോഴും സംശയകരമല്ലേ? വരണാവതം അരക്കില്ലത്തേക്കു ‘സുഖവാസ’ത്തിനു ഞങ്ങൾ പോയശേഷം കിംവദന്തികളുടെ പുതുനാമ്പുകൾ കുതിരപ്പന്തികളിൽ കിളിർത്തിട്ടില്ലല്ലോ? സ്വയംവരമത്സരംജയിച്ചു സ്വന്തമാക്കിയ വിശ്വസുന്ദരിയോടുള്ള പ്രണയത്തെ മുന്നോട്ടെടുക്കുന്നതു പാരസ്പര്യത്തിലൂന്നിയ വൈകാരിക ഇഴയടുപ്പമാണോ അതോ കാമനയിലൂന്നിയ ആസ്വാദനമാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. അഞ്ചു പാണ്ഡവരും ഭാര്യയും ഖാണ്ഡവപ്രസ്ഥത്തിലേക്കു ഭാഗ്യാന്വേഷികളായി പോവാൻ തീരുമാനിച്ചിരുന്ന കാലം. ഗംഗയാറിൻതീര ഹസ്തിനപുരി. വസന്തം പൂവിട്ട ദിവസം.
“പ്രേമസല്ലാപത്തിന്നിടയിൽ ഞാൻ ചോദിച്ചു,”
“പാവം കുന്തിയെ പോലെ അധ്വാനിച്ചല്ല നീ ഒന്നിലധികം ഇണകളെ ബഹുഭർത്തൃത്വത്തിൽ നേടിയതു്. എന്നാൽ കുന്തിയുടെ മകനായ എനിക്കു് ഒന്നിലധികം ഇണകളെ ബഹുഭാര്യാത്വത്തിൽ നേടാൻ യുവത്വം മുഴുവൻ അധ്വാനിച്ചാലും ആവില്ലെന്നു് അന്തഃരംഗം പറയുന്നു. അന്നിറങ്ങിപ്പോയതാണവൾ, പിന്നെ കിടപ്പറയിൽ അവളെന്നെ വിരുന്നൂട്ടിയിട്ടില്ല.”
“സത്യസന്ധൻ വിവേകശാലി മിതഭാഷി: ഉത്തമപുരുഷന്റെ സദ്ഗുണപട്ടിക നിരത്തി, പുതിയ മഹാരാജാവു് യുധിഷ്ഠിരനെ നിർല്ലജ്ജം പ്രകീർത്തിച്ച കൊട്ടാരഗുരു കൃപാചാര്യൻ, കുറ്റബോധത്താൽ അവശനായപോലെ, ഇടംവലം നോക്കാതെ, തലകുനിച്ചു മന്ദംമന്ദം പട്ടാഭിഷേകവേദിയിൽ നിന്നിറങ്ങിപ്പോവുന്നതു് നിങ്ങളുടെ ശ്രദ്ധയിൽപെട്ടുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു അരങ്ങേറ്റമൈതാനത്തിൽ പാണ്ഡവഭരണകൂടത്തിനു് പൌരസ്വീകരണം.
“കൃപാചാര്യരെ പോലെ നാവിൽ കാപട്യം പുരട്ടി, വേണ്ടതു് വേണ്ടപോലെ പറയാൻ വരുംകാലം നിങ്ങൾക്കും സാധിക്കണം! അല്ലെങ്കിൽ, പാണ്ഡവരെ പേടിച്ചു നമുക്കു് ഹസ്തിനപുരിയിൽ വഴിനടക്കാനാവില്ല എന്നു് മിതമായി ബോധ്യമാവുകയും ചെയ്തു”, പെരുമാറ്റച്ചട്ടം തെറ്റിച്ചു യോഗവേദിയിൽനിന്നിറങ്ങിപ്പോയ കൃപാചാര്യരെ സഹായിക്കാനെന്നമട്ടിൽ, വാപൊത്തിപ്പിടിച്ചു ഭീമൻ വേദിയുടെ പിന്നിലേക്കു് വലിച്ചുകൊണ്ടുപോവുന്നതു ഒളിക്കണ്ണിൽ നോക്കി ‘ഹസ്തിനപുരി പത്രിക’യുടെ മേധാവി ശബ്ദം ഒന്നുകൂടി താഴ്ത്തി.
“ചൂതാട്ടസഭയിൽ നടന്ന ഒറ്റസംഭവമാണോ പീഡനപരാതിയുടെ കാതൽ? ചോദിക്കാൻ കാരണമുണ്ടു്, ഞാൻ കണ്ടിടത്തോളം ഉടുതുണിദാരിദ്ര്യം അനുഭവിക്കുന്നവന്റെ പിടിവാശി! അതോ, സാധാരണമനുഷ്യർക്കു് കാണാൻ ആവാത്തതെന്തെങ്കിലും, സഭയിൽ സംഭവിച്ചുവോ? ചൂതാട്ടസഭവാസ്തുശില്പി ‘പാതാള ഗൃഹ’ത്തിലെ മയൻ ആണല്ലോ”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പീഡനപരാതിയുമായി കൊട്ടാരസമുച്ചയത്തിലെ നീതിപീഠത്തിലേക്കു കയറുകയായിരുന്നു, ഇന്നലെ ഇതേസമയത്തു കൊടിവച്ചതേരിൽ എഴുന്നെള്ളിയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി.
“ലൈംഗികാതിക്രമത്തിന്റെ തുടക്കം അന്തഃപുരത്തിൽ. കൗരവ രാജവധുക്കൾക്കു പെണ്ണുടൽശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണം ചെയ്യുമ്പോൾ, ദുശ്ശാസനരാജകുമാരൻ വന്നു എന്റെ സേവനഉദ്യമത്തിനു നെഞ്ചിൽ കൈവച്ചു ആശംസഅറിയിച്ചു. ആരാധകനും അഭ്യുദയകാംക്ഷിയുമായ ആ രണ്ടാം കിരീടാവകാശി, ജ്വാലാമുഖീ ക്ഷേത്രത്തിലെ മധുരപ്രസാദം തന്ന ഓർമ്മയുണ്ടു്. വെറും നിലത്തു കുഴഞ്ഞുകിടന്ന തോർമ്മയുണ്ടു്. പിന്നെ കണ്ണുതുറക്കുമ്പോൾ ദുശ്ശാസനൻ എന്നെ തോളിലിട്ടു് ഇരുട്ടിൽ കൊട്ടാരം ഇടനാഴിയിലൂടെ പോവുകയാണു്. ‘എങ്ങോട്ടു്?’ എന്നു് ഒറ്റവാക്കിൽ നീരസത്തോടെ ചോദിക്കുമ്പോൾ, പുരുഷശരീരത്തിന്റെ മാംസരുചി വായിൽ എനിക്കനുഭവപ്പെട്ടു. ഒന്നിലധികം പുരുഷന്മാരെ അടുത്തു് ഇടപഴകി പരിചയമുള്ള സ്ത്രീ എന്നനിലയിൽ, എനിക്കതു ആകർഷകവും അതെസമയം ദുരൂഹവും ആയിതോന്നി. ദുശ്ശാസനതോളിൽനിന്നും പിടിവിട്ടു ഇറങ്ങിയപ്പോഴാണു് മനസ്സിലായതു്, ഉടൽ പീഡകാധിനിവേശത്തിനു ഇര! നിങ്ങൾ സാക്ഷിയായ ചൂതാട്ടസഭയിൽ പിന്നീടുണ്ടായതു് പീഡനത്തിന്റെ ലഘൂകരണത്തിനായി കൗരവർ ഒരുക്കിയ വസ്ത്രോത്സവം, മിനുക്കുപണി!”, നീതിപതി ഭീഷ്മർ വരാൻ ആകാംക്ഷയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു, മുണ്ഡനംചെയ്ത ശിരസ്സുമായി വല്ക്കലധാരി പാണ്ഡവർ.
“നൂറുപേരുടെയും കാരണഭൂതൻ അന്ധധൃതരാഷ്ട്രരോ?” എന്ന രാഷ്ട്രീയശരിയില്ലാത്ത അശ്ലീലചോദ്യവുമായാണല്ലോ പാണ്ഡവ വക്താവു് നകുലൻ കുരുക്ഷേത്രകൂട്ടായ്മകളിൽ ആഞ്ഞടിക്കുന്നതു? എങ്ങനെ നേരിടും മഹാറാണിഗാന്ധാരിയുടെ പരിപാവനമാതൃത്വത്തിൽ, മനഃപൂർവ്വം സംശയത്തിന്റെ വിഷവിത്തെറിയുന്ന ഈ പാണ്ഡവധാർഷ്ട്യം?, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കൗരവപാളയം, യുദ്ധത്തലേന്നു.
“അശ്വനീദേവതകൾ എന്ന ‘ദ്വന്ദ്വവ്യക്തിത്വ’ങ്ങളാണു് മാദ്രിയുമായി രതിസമ്പർക്കത്തിലേർപ്പെട്ടതെന്ന അരമനരഹസ്യത്തിന്റെ അങ്ങാടിമൂല്യം ഞങ്ങൾക്കറിയാത്തതുകൊണ്ടല്ല എക്കാലവും, ഇപ്പോഴും, രാഷ്ട്രീയശരിയാൽ അതിനെക്കുറിച്ചു വിവേകമൗനം പാലിക്കുന്നതു്. ജൈവികപിതാവായ വന്ദ്യധൃതരാഷ്ട്രരുടെ ഷണ്ഡ അനുജൻ പാണ്ഡു വിവാഹം കഴിച്ച മാദ്രിയെക്കുറിച്ചു ലൈംഗികാപവാദം പ്രചരിപ്പിക്കുന്നതിൽ അധാർമികത ഉണ്ടെന്നറിയുന്നതു കൊണ്ടാണു്. പ്രത്യേകിച്ചും, ഇപ്പോൾ, ആ മഹതിയുടെ ജ്യേഷ്ഠൻ മാദ്രരാജാവു് കൗരവസഖ്യസൈന്യത്തിൽ ഉപാധിയില്ലാതെ ചേർന്നസ്ഥിതിക്കു്. പാണ്ഡവസൈന്യാധിപതി ധൃഷ്ടധ്യുമ്നന്റെ സഹോദരിയാണു് നകുലഭാര്യകൂടിയായ പാഞ്ചാലി. പുരോഗമനവാദിയായ സ്ത്രീപക്ഷവാദിയെന്ന നിലയിൽ, പെരുമാറ്റമാന്യത അവളോടു് പുലർത്തിയ എനിക്കെങ്ങനെ കുരുക്ഷേത്ര ഊട്ടുപുരകളിൽ ദ്രൗപദീവസ്ത്രാക്ഷേപ പ്രഹസനം വിവരിക്കാൻ മനസ്സുവരും. തേവിടിശ്ശിയെന്നവളെ അംഗരാജാവു് കർണ്ണൻ ചൂതാട്ടസഭയിൽ വിരൽചൂണ്ടി വിശേഷിച്ചപ്പോൾ, ഞാൻ അർത്ഥഗർഭമായ മൗനത്തിലൂടെ ആ പ്രതിസന്ധി അതിജീവിച്ചതെല്ലാം നിങ്ങളും നേരിൽ കണ്ടതല്ലേ!”
“പങ്കാളിദ്രൗപദിയുമായി പൊതുവേദി പങ്കിടുമ്പോൾ, യുധിഷ്ഠിരമുഖഭാവങ്ങളും ശരീരഭാഷയുമാണു് വാമൊഴിയെക്കാൾ അർഥസൂചകമെന്നു നിങ്ങൾ നിരീക്ഷിക്കുന്ന ഒരു സന്ദർഭം ഓർക്കുന്നു. ആശ്രയയോഗ്യമായി ആ ‘ദിവ്യ’ ശരീരത്തിൽ എന്തു് കണ്ടെത്തി നിങ്ങളുടെ കഴുകൻ കണ്ണുകൾ!”, വാർത്താ കാര്യാലയത്തിലെ പ്രഭാതയോഗത്തിൽ യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“ദ്രൗപദി പതിവുചിട്ടക്കതീതമായി ‘യാചനാഭാവ’ത്തിലാണപ്പോൾ യുധിഷ്ഠിരനോടു് അടക്കം പറയുന്നതെന്നു് അൽപ്പം ദൂരെയിരുന്ന ഞാനും നിങ്ങളെപ്പോലെ കാണുന്നുണ്ടു്. അഭിവന്ദ്യവിദുരർ സംസാരിക്കുമ്പോൾ വിവേകത്തിന്റെ മുത്തുമണികളല്ലാതെ ചുടുവാർത്തയായി കൊടുക്കാൻ ഒന്നും ഉണ്ടാവാറില്ലല്ലോ. വിദുരപ്രഭാഷണം കേൾക്കാതെ യുധിഷ്ഠിരപ്രതികരണങ്ങൾക്കു നേരെ ‘കഴുകൻ നോട്ട’മെറിഞ്ഞപ്പോൾ, അതാ ജാഗ്രതയോടെ ഞാൻ ശ്രദ്ധിക്കുന്നു, ആളാകെ പരവശനാണു്. ഇരുകൈകളുംതുടകളും വിടർത്തിയാണു് യുധിഷ്ഠിരൻ അധികാരപ്രദർശനത്തിൽ അമർന്നിരിക്കുന്നതെങ്കിലും, ചെകിടോർക്കാം വൃദ്ധഹൃദയത്തിന്റെ മിടിപ്പു വേഗത. ദ്രൗപദി അയാളുടെ നോട്ടമല്ല ശ്രദ്ധി ക്കുന്നതു്, പ്രദർശിക്കാനാവാതെ അടക്കിവെക്കുന്ന നിശബ്ദ പ്രതിഷേധമാണു്. രാജ്യം പകുതി സമ്മാനമായി അവൾ ചോദിക്കുന്നപോലെ അന്യായമായെന്തോ ആവശ്യപ്പെടുന്നു, അയാൾ എന്തുവേണമെന്നറിയാതെ, എന്നാൽ പൊതുവേദിയിൽ ഭാര്യയുമായി കശപിശ ഒഴിവാക്കാൻ, വാക്കിനു പകരം ഉടൽഭാഷ ആശയ വിനിമയത്തിനു് പ്രയോഗിക്കുന്നു. അശേഷം സമ്മതഭാവത്തിലല്ല യുധിഷ്ഠിരൻ, എന്നാൽ കാണുന്നവർക്കതൊരു കുടുംബ വഴക്കിന്റെ ആരംഭമെന്നുറപ്പിക്കാൻ സൗകര്യം കൊടുക്കാതെ, യുധിഷ്ഠിരൻ സംഘർഷരംഗത്തിന്റെ അധിപനായിരിക്കാൻ ആഞ്ഞു ശ്രമിക്കുന്നു. വനവാസക്കാലത്തും അതിനുമുമ്പു് ഇന്ദ്രപ്രസ്ഥം കാലത്തും, അവരുടെ ‘പ്രതികരണശേഷി’യെക്കുറിച്ചൊരു മുൻവിധി മനസ്സിലുള്ളതിനെ മായ്ചുകളയാൻ നല്ലനടപ്പു നടിപ്പിനു് ആവുമോ എന്നൊന്നുമല്ല അപ്പോഴും ഇപ്പോഴും എന്റെ ആശങ്ക, ധർമ്മപുത്രരുടെ ധാർമ്മികബോധത്തെ ആകെപിടിച്ചുലക്കുന്ന എന്തു് പുത്തൻ ആവശ്യമാണു് ദ്രൗപദി, വ്യാജമെന്നു് നിസ്സംശയം തോന്നാവുന്ന വിനീതഭാവത്തിൽ, കപടഹൃദയനോടു് നാലാൾ കണ്ടാലും കുഴപ്പമില്ലെന്ന ധൈര്യത്തിൽ പറയുന്നതു്! കാത്തിരിക്കുക കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ.”
“നിങ്ങളുടെതെന്നു കരുതപ്പെടുന്ന അഞ്ചു ആൺമക്കൾക്കുപകരം, പാണ്ഡുവംശത്തിൽ അടുത്ത കിരീടാവകാശിയാവാനുള്ള സാധ്യത, സുഭദ്രയുടെ മകൻ അഭിമന്യുവിനാണുണ്ടാവുന്നതെങ്കിൽ, അധികാരവഴിയിൽ പെട്ടെന്നു് മാറി മറിയാവുന്നൊരു നിലപാടെന്തായിരിക്കും? അഭിമന്യുവിനെയും ഉത്തരയെയും നിസ്വരാക്കി, പന്ത്രണ്ടുവർഷ വനവാസത്തിനയക്കുമോ, അർജ്ജുനൻ ഒഴികെ മറ്റുനാലു പാണ്ഡവരും നിങ്ങളും ചേർന്നു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഒരു പാണ്ഡവതലയും ഇതുവരെ വീഴാതെ, ഭീഷ്മർ മാത്രം മുറിവേറ്റുവീണ പത്താം ദിവസം.
“അധികാരവടംവലിയിൽ, വേണ്ടിവന്നാൽ വീര അഭിമന്യുവിനെ എന്നോടൊപ്പം അരമന ഗൂഡാലോചനയിൽ പങ്കാളിയാക്കി, വൃദ്ധപാണ്ഡവരെ മാത്രം നിർബന്ധിതവിടുതലിലൂടെ വടക്കുപടിഞ്ഞാറൻ ചുരംകാവലിനു് കെട്ടുകെട്ടിക്കുക എന്ന കുറുക്കുവഴിയല്ലേ യുദ്ധാനന്തരകാലത്തു കൂടുതൽ സ്വാഭാവികം?”
“കഥാവശേഷനായ ചാർവാകനെപോലെ ‘മൗലികവാദി’യാണോ പട്ടാഭിഷേകം കഴിഞ്ഞ പുതിയ ചാർവാകൻ?, അതോ പുതുതല മുറയുടെ പരിഗണനാവിഷയങ്ങൾ മാറിമറിഞ്ഞുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“കൂടെപൊറുക്കുന്നവളെയും, കുട്ടികളെയും പട്ടിണിക്കിട്ടുവേണ്ട ഭൗതികവാദം എന്നു് സുന്ദരിയും വിദ്യാസമ്പന്നയുമായ ഭാര്യ വിവാഹഉടമ്പടിയിൽ ഉറപ്പിച്ചു പറഞ്ഞതോടെ, ജന്മനാ അവിശ്വാസിയായ ഞാൻ വേറെ തരമില്ലാതെ വിശ്വാസവഴിയിലേക്കു് തിരിഞ്ഞു എന്നതാണു്, തിരിഞ്ഞുനോക്കുമ്പോൾ ഉണ്ടാവുന്ന തിരിച്ചറിവു്. ആ നിലക്കു് നോക്കുമ്പോൾ, ഈയിടെ മരിച്ചുപോയ എന്റെ വന്ദ്യപിതാവു് ചാർവാകൻ മ്ലാനവദനൻ ആയിരുന്നു. “ഇങ്ങനെയൊന്നുമല്ല ഞാൻ വരുംതലമുറയിൽ ഓർക്കപ്പെടാൻ ആഗ്രഹിച്ചതു. കാര്യങ്ങൾ നിന്നോടൊപ്പം മുന്നോട്ടുനീങ്ങാൻ സാധിക്കട്ടെ എന്നാശംസിക്കാൻ മാത്രമേ ആവൂ. എനിക്കെതിരെ തിരിച്ചടിച്ച പ്രകൃതിക്കു മുമ്പിൽ നീ അടിയറവു പറയുമെന്നും നിന്റെ പ്രേമവിവാഹം കഴിഞ്ഞതോടെ, എനിക്കു് ബോധ്യമായി.” എന്നുപറഞ്ഞുകൊണ്ടു ആ ധീരപോരാളി വെറുംനിലത്തു നീണ്ടുനിവർന്നു കിടന്നു. പ്രാണൻ പോവും മുമ്പു് മരണാനന്തര ജീവിതത്തെക്കുറിച്ചിപ്പോൾ ജിജ്ഞാസയുണ്ടെന്നും പക്ഷേ, “ദുരൂഹത എന്തിനു?” എന്നാണു് പ്രകൃതിയോടു് തർക്കഭാഷയിൽ ചോദിക്കാനുള്ളതു് എന്നുച്ചരിച്ചശേഷം ആ വ്യർത്ഥജന്മം ശ്വാസം വലിച്ചു അവസാനിച്ചു. കൈക്കോട്ടു് എടുത്തു പൂണൂൽ ധാരിയായ ഞാൻ സ്വയം കുഴിക്കേണ്ടിവന്നു, കുഴിമാടം! അത്രമേൽ അനുയായികൾ പ്രസ്ഥാനത്തിൽനിന്നും അകന്നുപോയി!”
“പുതുമണവാളന്മാരെ ഒറ്റക്കും കൂട്ടായും ‘മത്തു പിടിപ്പി’ച്ചതു് മാറ്റി വച്ചാൽ, മിണ്ടിയും പറഞ്ഞും ദാമ്പത്യം സ്മരണീയമാക്കിയ ഒന്നു രണ്ടോർമ്മകൾ പങ്കുവെക്കാമോ?”, കൊട്ടാരം ലേഖിക പാണ്ഡവരോടു് ചോദിച്ചു.
“രാജധാനിയിലെ കൗമാരകാല പശ്ചാത്തലം കിടമത്സരാധിഷ്ഠിതമല്ലാതിരുന്നതു കൊണ്ടാവാം, കൗരവ പാണ്ഡവ ഇടപാടുകളും നീതിപൂർവ്വമായിരിക്കുമെന്നവൾ സ്വാഭാവികമായി കരുതിയോ? ഞങ്ങളോടവൾ രത്യാസ്വാദനവേളയിൽ മന്ത്രിക്കുന്ന ഇഷ്ടാനിഷ്ടങ്ങളെല്ലാം, സുഹൃത്വലയത്തില്പെട്ട കൗരവരോടും നിസ്സങ്കോചം വെളിപ്പെടുത്തും. ഈ ആലോചനക്കുറവു് ഞങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ, പ്രതികരണം ഒച്ചപ്പാടോടെയായി. ദുര്യോധനൻ ഞങ്ങൾക്കനുവദിച്ച അതിഥിമന്ദിരത്തിൽ, പുതുപൂക്കളുമായി അവളെ കാണാൻ വരുന്ന ആരാധകർ വരിനിൽക്കുമ്പോൾ അവരെ അവമതിക്കുന്ന ഒന്നും, ഒരു ചെരിഞ്ഞുനോട്ടം പോലും, സമ്മതിച്ചുതരില്ലെന്ന അവളുടെ കർശനഭാവം, വസ്ത്രാക്ഷേപത്തിനു ശേഷവും, വനവാസക്കാലത്തവൾ നിലനിർത്തി എന്നതാണു് വിസ്മയം… രഹസ്യദൂതൻവഴി ദുര്യോധനൻ അവൾക്കു കൊടുത്തയക്കുന്ന തുണികൾ, സുഗന്ധദ്രവ്യങ്ങൾ, അങ്ങനെ പെണ്ണുടൽ പരിപാലനത്തിനുവേണ്ട ഓരോന്നും, അഭിനന്ദനസൂചകമായല്ലാതെ ഞങ്ങൾ ഒരു വാക്കുച്ചരിച്ചാൽ അതോടെ തീരുമായിരുന്നു ആ ദിവസത്തെ അവളുമായുള്ള സർഗ്ഗ സംസർഗം! ഇതിൽ കൂടുതലൊന്നും ഓർമ്മിപ്പിക്കരുതേ!”
“പാണ്ഡവഭരണകൂടത്തിനു പിന്തുണ പ്രഖ്യാപിച്ച ഹസ്തിനപുരി പ്രഭുകുടുംബങ്ങളിൽ അടുപ്പു് കത്തിക്കാനും വെള്ളം കോരാനും അകവും പുറവും ജൈവമാലിന്യം നീക്കി വൃത്തിയാക്കാനും രാപ്പകൽ പണിക്കു കൗരവ രാജവിധവകളെ പുനരധിവാസ പദ്ധതിയനുസരിച്ചു് ഭൃത്യപദവിയിൽ പരിഗണിക്കും എന്ന നിങ്ങളുടെ ഉത്തരവു് വിധവകൾ സ്വാഗതം ചെയ്യുമ്പോൾതന്നെ, പരിപൂർണ ആരോഗ്യപരിശോധനക്കു് അപേക്ഷകർ വിധേയമായിരിക്കണം എന്ന അന്തഃപുര നിബന്ധന, ദുര്യോധനവിധവ അപലപിച്ചിരിക്കയാണല്ലോ. എങ്ങനെ പ്രതികരിക്കുന്നു?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“വിവരം മുഴുവൻ പുറത്തു വന്നാൽ അപലപിക്കുക എന്നെ അല്ല. അഞ്ചു ആണുങ്ങൾ ഒരു അന്യായമായി ഒരു പെണ്ണിനെ വച്ചുകൊണ്ടിരിക്കുന്നു എന്നു് പരിഹസിച്ച ആൺകൌരവരുടെ ലൈംഗികഅരാജകത്വം ധവള പത്രത്തിലൂടെ, നാളെ ആരംഭിക്കുന്ന രാജസഭയിൽ ലോകരാജ്യങ്ങളെ അറിയിക്കാൻ ഒരുങ്ങുകയാണു് ഞാൻ. തക്ഷശിലയിൽനിന്നും എത്തിയ നിരീക്ഷകർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും. ഒരു പെണ്ണുടലിനു അഞ്ചു ആണുങ്ങൾ എന്ന പാണ്ഡവ സഹോദരക്കൂട്ടായ്മയിലൂന്നിയ ദാമ്പത്യത്തിനു പകരം, ഓരോ കൗരവരാജവധുവിനും അന്തഃപുരത്തിൽ നിർബന്ധമായും പായക്കൂട്ടിൽ നേരിടേണ്ടി വന്നതു് എന്തായിരുന്നു? ഒരു ഔദ്യോഗിക ഭർത്താവും, തൊണ്ണൂറ്റി ഒമ്പതു് കൗരവപങ്കാളികളും! കൽപ്പിതചരിത്രമല്ല, സാക്ഷ്യപ്പെടുത്തിയ ഇര മൊഴി, പൊട്ടിക്കരഞ്ഞു പീഡനകഥ ഏറ്റുപറയുന്ന കൗരവരാജ വിധവകളുടെ സത്യസാക്ഷ്യം, തിരക്കുണ്ടു് നാളെ കാണാം”, മഹാറാണി പാഞ്ചാലി പിറ്റേന്നവതരിപ്പിക്കേണ്ട ധവളപത്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
“പന്ത്രണ്ടും, പിന്നെ ഒന്നും, പതിമൂന്നു കൊല്ലത്തെ ദുരിതജീവിതത്തിനുശേഷം ആറുപേർക്കുറങ്ങാൻ ഹസ്തിനപുരി അരമനസമുച്ചയത്തിൽ ഇപ്പോൾ നൂറു രാജമന്ദിരങ്ങൾ! നിത്യവും ഓരോ ആഡംബര വസതിയിൽ മാറിമാറിയുറങ്ങുമോ? അതോ, വനവാസക്കാലത്തെന്നപോലെ ഒറ്റ മുറിയിൽ ഒതുങ്ങുമോ ആറംഗപാണ്ഡവകുടുംബത്തിന്റെ കാളരാത്രികൾ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തരപാണ്ഡവഭരണകാലം. കൗരവരാജവിധവകളെ ഭീമൻ പാതിരാ മിന്നലാക്രമണത്തിലൂടെ അന്തഃപുരത്തിൽ നിന്നും കുടിയൊഴിപ്പിച്ചതിന്റെ പ്രത്യാഘാതമായി പരേതകൗരവരുടെ അശാന്തപ്രേതങ്ങൾ പാണ്ഡവരെ ദുഃസ്വപ്നങ്ങളാൽ പീഡിപ്പിക്കുന്ന സംഘർഷം നിറഞ്ഞ പകലിരവുകൾ.
“എന്റെ അഞ്ചു മക്കളെ കൗരവകൊലക്കു വിട്ടുകൊടുത്ത ഭീരുപാണ്ഡവർ എവിടെ അന്തിയുറങ്ങുന്നു എന്നുഞാനിപ്പോൾ ഒരു നിമിഷം പോലും ആശങ്കപ്പെടുന്നില്ല. എന്നാൽ നൂറുകൗരവരാജ വിധവകൾ പാണ്ഡവാക്രമണത്തിൽ കുടിയൊഴിഞ്ഞുപോയ നൂറിൽ ഒരു വസതിയിലും ഞാൻ കിടക്കാറുമില്ല. എനിക്കുവേണ്ട പർണ്ണശാല ഞാൻ പണിതെടുത്തു. അതിൽ പാണ്ഡവർക്കു് പ്രവേശനം പൂർണ്ണമായും നിഷേധിച്ചു.”
“ഭാവി പ്രവചിക്കുന്നതിൽ മികവുനേടിയതെങ്ങനെ?”, കൊട്ടാരം ലേഖിക, മാദ്രീപുത്രനായ സഹദേവനോടു് ചോദിച്ചു. മഹാപ്രസ്ഥാനം. വടക്കൻ മലഞ്ചെരുവിലെ വിശ്രമഇടം. പാഞ്ചാലി അന്നുരാവിലെ കുഴഞ്ഞുവീണു നിര്യാതയായ കാര്യം തലേന്നു പാണ്ഡവസഹോദരങ്ങളെ അറിയിച്ച സഹദേവനുമേൽ ആയിരിക്കും കാലന്റെ കയർ ഇനി വീഴുക എന്നു് അവനൊഴികെ ബാക്കി നാലുപാണ്ഡവരും അംഗീകരിച്ച നേരം.
“എന്റെ പ്രവചനം ദിവ്യദൃഷ്ടിയൊന്നുമല്ല, സാമാന്യദൃഷ്ടിമാത്രം. കാണേണ്ടതുകാണുകയെന്നതാണെന്റെ പ്രവചന വഴി. എന്നാൽ ഇഷ്ടം അസന്തുഷ്ടഭാവി നേരത്തേ വെളിപ്പെടുത്തുന്നതിലല്ല, ആസ്വാദനലക്ഷ്യത്തോടെ ലഘുമാന്ത്രികനാവുന്നതിലാണു്. ഞങ്ങൾക്കു് നീണ്ടകാലം പരിചയമുള്ളൊരാൾ ഭൂമിയിൽ ഉണ്ടായിരുന്നു. ജാതിയിൽ ക്ഷത്രിയനല്ല പദവിയിൽ പെരുമയുള്ള രാജവംശവുമല്ല എന്നിട്ടും അവൻ എവിടെയൊക്കെ ക്ഷണിക്കപ്പെടാതേയും ക്ഷണിക്കപ്പെട്ടും ചെല്ലുന്നുവോ, അവിടെയൊക്കെ വിശിഷ്ടാതിഥി പദവികിട്ടുമായിരുന്നു. രാജസൂയ യാഗകാലത്തവൻ ബന്ധുവിന്റെ ‘വചനപ്രഘോഷണം’ സഹിക്കവയ്യാതെ ചക്രമെറിഞ്ഞു കഴുത്തുവെട്ടിയ അമംഗളകരമായ സംഭവത്തിലും ആതിഥേയൻ പക്ഷേ, അവനെ മുഖ്യാതിഥിയായി ആദരവോടെയാണു് സൽക്കരിച്ചതു. ആരും ഒരുവാക്കുപോലും അന്നും പിന്നെയും എതിരു പറഞ്ഞില്ല. കാരണം? അതൊരു പേടി തോന്നുന്ന കൊലപാതകമായല്ല, ലഘുമാന്ത്രികവിദ്യപോലെ ആസ്വാദ്യകരമായാണവൻ അവിടെ അവതരിപ്പിച്ചതു്. സ്വന്തം അന്ത്യം പോലുമവൻ കൗതുകമാക്കി. എന്നുപറഞ്ഞാൽ, അവന്റെ ഹൃദയത്തിലല്ല വേടന്റെ കൂരമ്പുതറച്ചതു് കണംകാലിലായിരുന്നു. വേടനു് വിശപ്പുകാരണം അമ്പിന്റെ ഉന്നം തെറ്റി. അവന്റെ ഉച്ചഭക്ഷണത്തിനു നേരത്തേ ഊട്ടുപുരയിൽ ഏർപ്പാടു് ചെയ്തിരുന്നു. തെരുവോരമാന്ത്രികൻ ഒഴിഞ്ഞ കുപ്പായക്കീശയിൽനിന്നും മുയൽക്കുട്ടികളെയും പളുങ്കുപാത്രങ്ങളെയും ഒന്നൊന്നായി പുറത്തെടുക്കുന്നപോലെ, ജീവിതകാലം മുഴുവൻ ആ സുഹൃത്തു്, കാണലും പിരിയലും, ഒരു മാന്ത്രികപ്രകടനമാക്കി. ഒരിക്കൽ അവൻ എന്നോടു് ഗൗരവത്തിൽ ചോദിച്ചു, പ്രവചനസ്വഭാവമുള്ള നിനക്കറിയാമോ എങ്ങനെ നീ മരിക്കുമെന്നു്? ഒരുപക്ഷേ, അറിഞ്ഞാലും, മരണം ഒഴിവാക്കേണ്ട ആ കൃത്യംനേരത്തു, നിന്റെ മരണമുഹൂർത്തം കൂടെയുള്ള മറ്റുസഹോദരർ അറിയുമ്പോഴും, നീ മാത്രംഅക്കാര്യം അശേഷം ഓർക്കാതിരിക്കട്ടെ!” അങ്ങനെ ലഘുമന്ത്രവാദിയെക്കുറിച്ചു ആനന്ദകരമായ ഓർമ്മ പറഞ്ഞുകൊണ്ടേയിരുന്ന സഹദേവൻ പെട്ടെന്നു് കുഴഞ്ഞുവീണു നിര്യാതനായതും, എന്നാൽ മരണം കണ്ടില്ലെന്ന മട്ടിൽ മറ്റുനാലുപാണ്ഡവർ എഴുനേറ്റു കാൽ മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. സഹദേവന്റെ ചരമശുശ്രൂഷയും ശവസംസ്കാരവും അങ്ങനെ കൊട്ടാരം ലേഖിക ഏറ്റെടുത്തു.
“സേനാപതിപദവി നിങ്ങൾക്കു് കിട്ടാത്തതിൽ നിരാശയുണ്ടോ?”, കൊട്ടാരം ലേഖിക ദ്രോണരോടു് ചോദിച്ചു. സഖ്യകക്ഷിസൈന്യമേധാവിയായി ഭീഷ്മർ ചുമതലയേറ്റ വാർത്ത കുരുക്ഷേത്രയിൽ കോളിളക്കം സൃഷ്ടിച്ച യുദ്ധത്തലേന്നു രാത്രി.
“പിതാമഹനെക്കുറിച്ചെന്തു പരാമർശവും ഭൂതകാലസൂചനയോടെ എക്കാലവും ചെയ്ത ഞങ്ങളെപ്പോലുള്ള മധ്യവയസ്കർക്കു് കുരുക്ഷേത്രയുദ്ധത്തെക്കുറിച്ചു പ്രേക്ഷകർക്കുള്ള ആശങ്ക പോലും കൗരവർക്കില്ലെന്നു വ്യക്തമാക്കുന്ന നിയമനം. ധീരോദാത്തനായിരുന്ന ഭീഷ്മർക്കു് കുരുക്ഷേത്രയിൽ സൈനികമേധാവിയായിക്കൂടെ എന്നു നിങ്ങൾ നിഷ്കളങ്കമായി ചോദിച്ചാൽ, വേണ്ടതിലധകം സൈനികയോഗ്യതയുണ്ടല്ലോ എന്നായിരിക്കും ആദ്യപ്രതികരണം. എന്നാൽ ഉദ്ദേശ്യശുദ്ധിയെ മാനിച്ചാൽ അവസാനിക്കുമോ നിയമനവിവാദം? ഈ കൊടുംതണുപ്പിൽ ഇവിടെ തമ്പടിച്ചു കഷ്ടപ്പെടുന്നതു് എന്തിനുവേണ്ടിയാണു്? ഇനി ഉയരരുതു് ഒരു പാണ്ഡവതലയും എന്നു് ഓരോതലയും വെട്ടി, തെളിയിക്കാൻ! അല്ലെ? കുന്തിയോടുള്ള പഴയൊരു വാഗ്ദാനത്താൽ ഭീഷ്മർ, പാണ്ഡവതല വെട്ടാൻ തയ്യാറാവില്ലെന്നതാണു് കാര്യം. സംഗതിവശാൽ ഞാൻ വെട്ടാൻ ശ്രമിച്ചാൽ പോലും, പിതാമഹൻ ആംഗ്യം കാട്ടി തടയും. പിതാമഹനെ വീഴ്ത്താൻ കുറുക്കുവഴി ഞാൻ അർജ്ജുനനു് നേരത്തെ ഉപദേശിച്ചുവെങ്കിലും, സാഹചര്യം അനുകൂലമാവാൻ പ്രകൃതി വല്ലാതെ കനിയണം. ആകാശചാരിയുടെ മകനെന്ന അർജ്ജുനന്റെ അവകാശവാദം മാറ്റുരക്കും അടുത്ത ദിവസങ്ങളിൽഭീഷ്മവധത്തിനു. ഞാൻ സേനാപതിയാവുമോ എന്നുചോദിക്കാൻ സമയമായിട്ടില്ല സഹോദരീ, പാഞ്ചാലപുത്രൻ വാൾ രാകിമൂർച്ചകൂട്ടാൻ തുടങ്ങിയതിനൊരു പ്രാചീനപശ്ചാത്തലം ഉണ്ടെന്നു നിങ്ങൾക്കറിയാമല്ലോ” അച്ഛനെ കഷ്ടപ്പെടുത്തുന്ന കൊട്ടാരം ലേഖികയെ ദ്രോണന്റെ പ്രിയപുത്രൻ അശ്വത്ഥാമാവു് അസഹിഷ്ണുതയോടെ നോക്കി.
പുക മഞ്ഞുമൂടിയ ഹസ്തിനപുരി: കൊട്ടാരം ലേഖിക.
വസ്ത്രാക്ഷേപ വിവാദം സംബന്ധിച്ചു് ചില മുതിർന്ന കൗരവ സഹോദരർക്കെതിരെ, പാണ്ഡവർക്കൊപ്പം ചൂതാടാൻ വന്ന വീട്ടമ്മ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾക്കു് കൊട്ടാരവക്താവു് തത്കാലം മറുപടി പറയില്ല. നീതിപീഠം അന്വേഷിച്ചു തീർപ്പാക്കേണ്ട വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടെന്നാണവരുടെ നിലപാടു്. ചൂതാട്ടത്തിൽ പലകുറി വീഴ്ച നേരിട്ട യുധിഷ്ഠിരൻ, അനധികൃതമായി സഹോദരങ്ങളെയും ഭാര്യയെയും പണയംവച്ചുകളിച്ചു എന്ന വിവാദമായിരുന്നു സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തേണ്ടതു്. എന്നാൽ ചാരവകുപ്പുമേധാവിയായിരുന്ന നകുലന്റെ രഹസ്യനേതൃത്വത്തിൽ വിവാദമുന ഒടിക്കാനും, പൊതുശ്രദ്ധയുടെ ഗതി തിരിച്ചുവിടാനും ‘വസ്ത്രാക്ഷേപ’മെന്നൊരു തട്ടിക്കൂട്ടു് ഐതിഹ്യം പുറത്തുവിടുകയും, ആ വഴി ഹസ്തിനപുരി നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചു തെറ്റായ സന്ദേശം വിദേശനിരീക്ഷകർക്കു നൽകാനുമാണു് കൗശലപാണ്ഡവരുടെ കുടിലശ്രമം എന്നതിനാൽ, ആ കെണിയിൽ വീഴേണ്ട എന്നു് അരമനഅധികൃതർ തീരുമാനിക്കുകയായിരുന്നു. നീതിപീഠത്തിൽ നേരിട്ടു് ചെന്നു് വീട്ടമ്മയെക്കൊണ്ടു് വ്യാജപരാതി കൊടുപ്പിക്കാൻ ദുഷ്പ്രേരണ ചെയ്തതു് ആരെന്നും കൊട്ടാരംചാരവിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടു്. വീട്ടമ്മയുടെ വിശദീകരണത്തിൽനിന്നും പരാതിയുടെ വ്യാജസ്ഥിതി മാത്രമല്ല, കളിയിൽ തോറ്റു പൂർണ്ണമായും നിസ്വരായ പാണ്ഡവസഹോദരന്മാർ ഏതറ്റവും പോയി ചൂതാട്ട പരാജയത്തിന്റെ കാരണം കൗരവജേതാക്കളുടെ തലയിൽ കെട്ടിവെക്കാനും ഇടയുണ്ടെന്ന സാധ്യത പുറത്തുവന്നിരിക്കുന്നു. തക്കം നോക്കി സാമൂഹ്യവിരുദ്ധർ ഇന്ദ്രപ്രസ്ഥം കൊട്ടാരത്തിൽ അതിക്രമിച്ചുകയറി, നവരത്നശേഖരം തട്ടിയെടുക്കുമെന്നറിഞ്ഞ ദുര്യോധനനും കർണ്ണനും, സൈനികസന്നാഹവുമായി ആ മായിക നഗരത്തിലേക്കു് യാത്ര തിരിച്ചതായും അറിയുന്നു. ആകപ്പാടെ അന്തരീക്ഷത്തിൽ പുകമറ നിറഞ്ഞുകാണുന്നു.
“ദിവ്യാസ്ത്രങ്ങളെക്കുറിച്ചാണല്ലോ പാണ്ഡവർ, പ്രത്യേകിച്ചു് അർജ്ജുനൻ, ഊറ്റം കൊള്ളുന്നതു്? അതുപോലെ സൈനിക പാളയത്തിലെ ബന്ദിപ്രേക്ഷകരോടു് മേനിപറയാൻ, കൗരവആയുധപ്പുരയിൽ വിസ്മയങ്ങൾ ഒന്നുമില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പോരാട്ടവേദിക്കു് ഓരം ചേർന്ന നീരൊഴുക്കിൽ നീന്തിത്തുടിക്കുകയായിരുന്നു കൗരവ സംഘം. യുദ്ധത്തലേന്നു രാവിലെ.
“അമ്മയുടെ വിശ്വസ്ത സഹോദരനും, ധാർമ്മിക, ഗാർഹിക വിഷയങ്ങളിൽ പരമോന്നത ഉപദേശകനുമായ ഗാന്ധാരഭൂപതിക്കു നന്ദി! കൗരവതാൽപ്പര്യം സംരക്ഷിക്കാൻ ദീർഘദൃഷ്ടിയോടെ ഭൂപതി ചെയ്തുവരുന്ന സേവനത്തിനു, കുരുക്ഷേത്ര കഴിഞ്ഞു ഞങ്ങൾ സമാനതയില്ലാത്ത പദവിയും സൗജന്യങ്ങളും നൽകി ആദരിക്കും. ‘ദിവ്യാ’സ്ത്രമെന്ന ആയുധ നിർമ്മിതി പ്രകൃതിനിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്നു ഗാന്ധാരഭൂപതി ഞങ്ങളെ യുക്തിസഹമായി ഇതിനകം പഠിപ്പിച്ചതൊന്നും, പാവം പാണ്ഡവർ അറിഞ്ഞമട്ടില്ല. അജ്ഞതയിലും, ‘ആകാശചാരി’കളുടെ പിതൃത്വത്തിലും പാണ്ഡവർ അഭിരമിക്കട്ടെ, എന്നാൽ മാത്രമേ, ‘കൈ’ കൊണ്ടുമാത്രം ശത്രുസംഹാരം ചെയ്യാൻ ആവൂ.” ജലോപരിതലത്തിലേക്കുയർന്ന ഇരുനൂറോളം കൗരവകൈകൾ പരസ്പരം കൂട്ടിമുട്ടിച്ചു വിസ്മയശബ്ദമുണ്ടാകുന്നതു് കേട്ട പാണ്ഡവർ, തൊട്ടടുത്ത സ്നാനഘട്ടത്തിൽ, മാറിൽ കൈകൾ പിണച്ചും, അവിശ്വാസത്തിൽ വാതുറന്നും, പകച്ചുനോക്കുന്നതു കൊട്ടാരം ലേഖിക കണ്ടു.
“പാണ്ഡവ പിതൃക്കൾ ‘ആകാശചാരിക’ളെന്ന ആദി പർവ്വത്തിലെ വ്യാസപ്രസ്താവനയിപ്പോൾ യുക്തിവാദി ചാർവാകൻ അശാസ്ത്രീയമെന്നു വെല്ലുവിളിക്കുന്നല്ലോ. തക്ഷശില സർവ്വകലാശാല അതേറ്റുപിടിച്ചു, അഭയാർഥികളായി വന്ന പാണ്ഡവരുടെ അടിസ്ഥാനവിവരങ്ങൾ വ്യാസമാമുനിക്കു് എത്തിക്കുമ്പോൾ, ചിരഞ്ജീവിയായ നിങ്ങൾക്കും പറ്റിയോ അക്ഷന്തവ്യമായ കൈപ്പിഴ?” കൊട്ടാരം ലേഖിക കുരുവംശ ചരിത്രകാരനായ കൃപാചാര്യനോടു് ചോദിച്ചു.
“അരമനസ്ത്രീകളുടെ വിവാഹബാഹ്യ ഗർഭരഹസ്യങ്ങളെക്കുറിച്ചു നിർവ്യാജമായ അജ്ഞത പുലർത്തിയ മൂലഗ്രന്ഥകാരനു് വേണ്ട അടിസ്ഥാന വസ്തുതകൾ സംഭരിച്ചുകൊടുക്കുന്ന അസാധാരണ നിയോഗമാണു് കിരീടടാവകാശി ദുര്യോധനൻ എന്നെ ഏൽപ്പിച്ചതു്. മുൻമഹാറാണികൂടിയായ കുന്തിയോടുള്ള മമതയാൽ, ഞാനവളുടെ മൂന്നു ആൺകുട്ടികളുടെയും ജൈവിക പിതൃത്വം പാണ്ഡു ഉൾപ്പെടെ നിസ്സാര മനുഷ്യർക്കു് കൊടുക്കാൻ മടിച്ചപ്പോൾ, പെട്ടെന്നുമനസ്സിൽവന്ന ആകാശചാരികളിൽ ബീജദാനം അടിച്ചേൽപ്പിച്ചു, പനയോല വഴി ദുര്യോധനനു് ആ വിവരം രേഖാമൂലം കൊടുത്തെങ്കിലും,അവസാനം കൂട്ടിച്ചേർത്തുവച്ച വേറൊരു പനയോലയിൽ ‘കൗന്തേയ പിതൃത്വം’ എന്നു് ഞാൻ അടിക്കുറിപ്പെഴുതി. എന്തുചെയ്യാം, തിരക്കിനിടയിൽ മാമുനിയതു ശ്രദ്ധിക്കാതെ പോയി എന്നു ഊഹിക്കുന്നു. വിവര സംഭരണത്തിനു ശേഷം വ്യാസൻ എഴുതിത്തീർത്ത ആദിപർവ്വത്തിന്റെ കരടു അരമനയിൽ എത്തിയപ്പോൾ, എന്നെ തിരുത്തലിനു ഏൽപ്പിക്കാതെ ദുര്യോധനൻ, ദുരൂഹമായ കാരണങ്ങളാൽ അതൊളിപ്പിച്ചുവച്ചതോടെ, കാര്യമറിയാതെ വ്യാസാശ്രമം ഇതിഹാസ രചന തുടർന്നു. ഇനി ഞാൻ ‘സംശയാസ്പദം’ എന്ന വാക്കു വ്യാസനെ ഓർമ്മിപ്പിച്ചാൽ, അരമനയിൽ എന്റെ ഗുരുസ്ഥാനം തന്നെ സംശയാസ്പദമാവും എന്നു് ദ്രോണാചാര്യർ താക്കീതുനല്കി. നിങ്ങളുടെ സഹകരണത്തോടെ, ഞാൻ ആത്മരക്ഷയിൽ അങ്ങനെ മൗനം പാലിക്കട്ടെ? കളിക്കാൻ പറ്റിയ ആളല്ലല്ലോ ദുര്യോധനൻ!”
“ഭാര്യ കുഴഞ്ഞുവീണുമരിക്കുമ്പോൾ തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടു് വച്ച യുധിഷ്ഠിരൻ ഇതാ, ഇടയ്ക്കിടെ മുട്ടുകുത്തി മണ്ണിൽ സാഷ്ടാംഗം നമസ്കരിക്കുന്നു, മലങ്കാറ്റു നെഞ്ചുവിരിച്ചു ഉൾവലിക്കുന്നു വഴിയോരദൃശ്യങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞും മുത്തമിട്ടും ഓർമ്മയിൽ പകർത്തുന്നു വള്ളിപ്പടർപ്പുകളും വൃക്ഷത്തലപ്പുകളും നോക്കി ഹൃദ്യമായി കൈവീശുന്നു, പറവകളോടും ഇഴജീവികളോടും കാരുണ്യത്തോടെ നോക്കുന്നു, കൂടെകൂടിയ നായയെ ഇടയ്ക്കിടെ തഴുകി കൊണ്ടുനടക്കുന്നു—ആൾക്കു് കുഴപ്പമൊന്നുമില്ലല്ലോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
“പാഞ്ചാലിക്കുശേഷം സഹദേവനും കുഴഞ്ഞുവീണു മരിച്ചതോടെ, മരണദേവതയുടെ അടുത്ത ഇര നകുലൻ ആയിരിക്കുമെന്നാണു് ‘കാലന്റെ മകൻ’ കണക്കുകൂട്ടുന്നതു്. അതോടെ വ്യാപിച്ചു ശരീരത്തിൽ ആവാസവ്യവസ്ഥയെന്ന ഭൂതാവേശം. മനുഷ്യജന്മത്തിന്റെ മൂല്യമറിഞ്ഞതു് മഹാപ്രസ്ഥാനത്തിലെന്നവൻ മനസ്സിലാക്കിയ പോലെയാണിപ്പോൾ ശരീരചേഷ്ടയും നോക്കും മന്ത്രവും. സുന്ദരപുരുഷനായ നീയും കാലന്റെ കയറിൽ കുരുങ്ങുമല്ലോ അർജ്ജുനാ എന്നും വിലപിച്ചു എന്നെ വാരിപ്പുണർന്നു പരിതപിക്കും. പുതുനേത്രങ്ങളോടെ, ലോകത്തോടു് സൗഹൃദഭാവം പുലർത്തുകയാണു്. രാഷ്ട്രീയശരിയല്ലാത്ത ഈ പെരുമാറ്റവൈകൃതം, അതിലെ അതിഭാവുകത്വം, നിങ്ങൾ പൊറുക്കുമല്ലോ.”
“കർണ്ണവധത്തിൽ തൃപ്തനാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കൊല്ലപ്പെട്ട സൂതപുത്രനുചുറ്റും മക്കളും ഭാര്യമാരും ചരമശുശ്രൂഷയിൽ വാവിട്ടു വിലപിക്കുന്ന നേരം.
“വിചാരിച്ചതിലും കൂടുതൽ രാഷ്ട്രീയമാനങ്ങൾ കർണ്ണവധത്തിൽ ഉണ്ടെന്നതാണു് കാര്യം. പാടുപെട്ടാണെങ്കിലും, വധം അതിന്റെ യുക്തിസഹ പരിസമാപ്തിയിൽ എത്തിക്കാൻ അവന്റെ തേരാളിയും എന്റെ തേരാളിയും എന്നെ തുണച്ചു. ഫലശ്രുതിയിൽ മണ്ണും മാനവും എന്നോടൊപ്പം സഹകരിച്ചതിൽ ഉണ്ടു് ചെറുതല്ലാത്ത തൃപ്തി. എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, തേർചക്രം പൂഴ്ത്തുവാൻ തക്ക ചതുപ്പുനിലം, ഈ പരുക്കൻ കുരുക്ഷേത്രപ്രതലത്തിൽ! ചളിമണ്ണിനേക്കാൾ മർമ്മപ്രധാനം, ഇനിയൊരു പിന്തുടർച്ചാവകാശ പ്രശ്നം, പാണ്ഡുവംശം അധികാരത്തിൽ വരുമ്പോൾ, കർണ്ണസാന്നിധ്യത്താൽ സംഭവിക്കരുതു്. കുന്തി പറഞ്ഞാണറിഞ്ഞതു്, കൊല്ലപ്പെട്ട കർണ്ണൻ കുന്തിയുടെ വിവാഹപൂർവ സന്തതി. ഉള്ളിൽ ഉണ്ടായിരുന്ന സംശയം അങ്ങനെ സ്ഥിരീകരിച്ചു. കുന്തിയുടെ വിവാഹബാഹ്യസന്തതികളെല്ലാവരും കൂടി ഹസ്തിനപുരിയിലേക്കു് പോവേണ്ടതില്ല. അത്യാവശ്യമില്ലാത്ത കർണ്ണന്റെ തിരോധനത്തോടെ, ഭാവി ഞങ്ങൾഅഞ്ചുപേർക്കു സുരക്ഷിതം. അതാണു് നേരത്തെ പറഞ്ഞതു് മാനവും തുണച്ചു!”, ആകാശപ്പാതകളിൽ സ്വർഗ്ഗലോകത്തെ തിരഞ്ഞു നോക്കി, “സ്വസ്തി പിതാവേ, എന്നും എന്നെന്നും ഞങ്ങൾ ആകാശ ചാരികൾക്കൊപ്പം”, എന്നുപറയാൻ മുട്ടുകുത്തി കൈകൂപ്പി.
“ജന്മംനൽകിയ അഞ്ചുകുട്ടികളെയും ഒന്നൊന്നായി നവജാത അവസ്ഥയിൽ ഇന്ദ്രപ്രസ്ഥയിൽനിന്നു് പാഞ്ചാലയിലെ പിതൃപരിരക്ഷണത്തിൽ എത്തിക്കുവാൻ പാഞ്ചാലി ആഞ്ഞു പരിശ്രമിച്ച പോലെയാണു് കാലഗണന നോക്കുമ്പോൾ അറിയുന്നതു്. മുലയൂട്ടിയും പരിലാളിച്ചും വളർത്തുന്നതൊരു രസമായി കാണാൻ പെറ്റ തള്ളക്കു ആവാഞ്ഞതു് എന്തുകൊണ്ടായിരിക്കാം?”, കൊട്ടാരം ലേഖിക ഇളമുറ മാദ്രീപുത്രൻ നകുലനോടു് ചോദിച്ചു.
“സംഘർഷഭരിതമായ അപൂർവ്വയിനം ബഹുഭർത്തൃത്വ ദാമ്പത്യ ജീവിതത്തിൽ, ഊഴം വച്ചു് ഞങ്ങളഞ്ചുപേരിൽ നിന്നും ഗർഭം ധരിച്ചു എന്നവൾ കർത്തവ്യബോധത്തോടെ അവകാശപ്പെടാറുണ്ടു്. അതിന്റെ പ്രയോഗികസാധ്യതയെ കുറിച്ചൊക്കെ ഭീതിയോടെ മാത്രമേ, അഞ്ചിലൊരു പങ്കാളിയെന്ന നിലയിൽ എനിക്കിന്നും വിഭാവന ചെയ്യാനാവൂ. ദാമ്പത്യജീവിതത്തിന്റെ വിരസ ദിനചര്യയും, വിവാഹബാഹ്യസൗഹൃദങ്ങളുടെ രഹസ്യാത്മകതയുമായി, രാജസൂയയാഗത്തിനുശേഷം ചക്രവർത്തിനി പദവിയിൽ ഇന്ദ്രപ്രസ്ഥ ജീവിതം ആഘോഷിക്കുന്ന പാഞ്ചാലിക്കു് ഒരുപക്ഷേ, തോന്നിയിരിക്കാം, പെരുമാറ്റകാപട്യത്തിന്റെ പ്രായോജകനായ യുധിഷ്ഠിരനെപോലുള്ളവരുമായി, ദിവസത്തിൽ പല കുറി പല്ലും നഖവുമുപയോഗിച്ചു ഏറ്റുമുട്ടേണ്ടിവരുമ്പോൾ, നിഷ്കളങ്കത വിട്ടുമാറിയിട്ടില്ലാത്ത കൊച്ചുകുട്ടികളുടെ നിരന്തര സാന്നിധ്യം അവളുടെ ലോലലോലമായ മനഃസാക്ഷിയെ കുത്തി നോവിക്കുമോ എന്നു്. ആർക്കുറപ്പിച്ചു പ്രവചിക്കാനാവും പെണ്മനം!”
“യുധിഷ്ഠിരനേതൃത്വത്തിലുള്ള പാണ്ഡവ കുടുംബം ഹസ്തിനപുരി അതിർത്തിയിൽ ഇന്നലെ രാവിലെ എത്തിയമുതൽ അരമനവരെ തേരോടിച്ചതു നിങ്ങളായിരുന്നല്ലോ. എന്നാലവർ കുറച്ചുമുമ്പു് വനവാസത്തിനു പോവുമ്പോൾ, നഗരാതിർത്തിവരെ അനുഗമിക്കാൻ പോലും നിങ്ങൾ തയ്യാറാവാഞ്ഞതു് എന്തുകൊണ്ടാണു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വൽക്കലധാരികളായ ആറംഗ പാണ്ഡവകുടുംബം നഗ്നപാദരായി വടക്കോട്ടു നീങ്ങുന്നതു് പ്രഭാതവെയിലിൽ കാണാമായിരുന്നു.
“രാജസൂയ ചക്രവർത്തിപദവി വഹിക്കുന്ന യുധിഷ്ഠിരൻ കുടുംബവുമൊത്തു ധൃതരാഷ്ട്രരുടെ വിശിഷ്ടാതിഥിയായി വരുമ്പോൾ, സാമന്തരാജ്യ കിരീടാവകാശി എന്നനിലയിൽ ചെയ്ത കേവലമൊരു ആതിഥ്യമര്യാദ ആണോ, ജഗത്തിന്നുത്സവ വേളയായ ഇന്നു് എന്നെ മനഃപൂർവ്വം വിമർശിക്കാൻ നിങ്ങൾ ആയുധമാക്കുന്നതു? രാജ്യാതിർത്തി മുതൽ ചൂതാട്ടസഭ വരെ, ചക്രവർത്തിയെ കൂട്ടിക്കൊണ്ടുവരുന്ന ഉത്തരവാദിത്വം കാര്യക്ഷമമായി ചെയ്യേണ്ടതു് ഞങ്ങൾ ചെയ്തു. എന്നാൽ ആറംഗപാണ്ഡവകുടുംബം വ്യാഴവട്ടക്കാല ശിക്ഷക്കായി കാട്ടിലേക്കു് പദയാത്ര ചെയ്യുന്നതു് കുരുവംശ നിയമ സംഹിതയനുസരിച്ചു ‘കൗരവ അടിമ’ എന്ന പദവിയിലല്ലേ? പൗരാവകാശങ്ങൾ വ്യവസ്ഥാപിത നടപടിക്രമത്തിലൂടെ പിൻവലിക്കപ്പെട്ട അടിമകൾക്കു് അകമ്പടി പോവാൻ കിരീടാവകാശി തയ്യാറായി എന്നറിഞ്ഞാൽ, അരമനനടപടിയിലെ ആചാരലംഘനത്തിനു പരമോന്നതനീതിപതി എന്നെ നീതിപീഠം പിരിയും വരെ മൂലയിൽഇരുത്തി ശിക്ഷിക്കില്ലേ”, ഇന്ദ്രപ്രസ്ഥത്തിൽ നവരത്നങ്ങൾ ഉൾപ്പെടുന്ന അമൂല്യസ്വത്തുക്കൾ കണ്ടെടുക്കാൻ വിശ്വസ്തരെ നിയോഗിക്കുന്ന തിരക്കിലായിരുന്നു ദുര്യോധനൻ. ഒരൊറ്റ സന്ധ്യയിലെ ചൂതാട്ടത്താൽ, ഇന്ദ്രപ്രസ്ഥം കൊട്ടാരവും മറ്റു സ്ഥാവരജംഗമസ്വത്തുക്കളും ഹസ്തിനപുരി സാമ്രാജ്യത്തിനു മുതൽക്കൂട്ടാക്കിയ കൗരവരെ അനുമോദിക്കാൻ, നഗരചത്വരത്തിൽ ജനം നിറഞ്ഞുതുടങ്ങിയതു് ദുര്യോധനൻ ഒരു ചെരിഞ്ഞുനോട്ടത്തിലൂടെ വിലയിരുത്തി.
“വകക്ക്കൊള്ളാത്ത ചെരിഞ്ഞുനോട്ടത്തോടെ ദുര്യോധനൻ പുറത്തേക്കു പോകുന്നതുകണ്ടാണു് ഞാനിങ്ങോട്ടുകയറിയതു്, നിങ്ങളുടെ ഐതിഹാസികവിരൽനഷ്ടത്തിൽ ഖേദം പ്രകടിപ്പിക്കാൻ വന്നതാണോ കുടിലകൗരവൻ?” ആരണ്യ നിവാസു് എന്ന നിഷാദ മന്ദിരത്തിലെ ജാലകത്തിന്നരികെ ഇരുന്ന വിദൂരവിദ്യാർത്ഥി ഏകലവ്യനോടു് കൊട്ടാരം ലേഖിക ഉപചാരത്തോടെ ചോദിച്ചു.
“കർണ്ണനെ അംഗരാജാവായി പുനരധിവാസം ചെയ്ത പോലെ, നിന്നെയും ഒരു വിദൂരരാജ്യത്തിന്റെ നാമമാത്രരാജാവാക്കാം എന്നു് കൗരവൻ വാഗ്ദാനം ചെയ്തു. നിലവിൽ ഞാൻ നിഷാദ രാജാവിന്റെ മകനായതുകൊണ്ടു് പുതിയ രാജ്യം എന്ന നിർദേശം സ്വീകാര്യമല്ലെങ്കിൽ, കുരുവംശതിന്റെ ക്ഷേമനിധിയിൽ നിന്നൊരു സംഭാവന തരാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കാമെന്നു അപ്പോളവൻ വാക്കുതന്നു. അതും ഹൃദയപൂർവ്വം ഞാൻ തിരസ്കരിച്ചപ്പോൾ, എന്തു് നന്മ ചെയ്തുകൊണ്ടാണു് തള്ളവിരൽ നഷ്ടപ്പെട്ട ദുർവിധിയുമൊത്തു ഐക്യപ്പെടേണ്ടതെന്നവൻ അനുതാപത്തോടെ ചോദിച്ചു. ഉണക്കപ്പഴങ്ങളുടെ പൊതിയുമെടുത്തു നിങ്ങൾ വന്നവഴിക്കു തിരിച്ചുപോവുക എന്നു് ഞാൻ കടുത്തു. വിഷണ്ണനായി ദുര്യോധനൻ യാത്രപറയാതെ ഇറങ്ങിപ്പോയപ്പോൾ ആണു് തള്ളവിരലില്ലാത്ത കയ്യിന്റെ പുത്തൻ വിശേഷമറിയാൻ നിങ്ങൾ പാത്തും പതുങ്ങിയും വരുന്നതു്!”
“‘കൗരവരാജവിധവകൾക്കൊരു കൈത്താങ്ങു’—കൊട്ടിഘോഷിച്ച പദ്ധതി ആനുകൂല്യങ്ങൾ പാണ്ഡവർ പിന്നീടു് ഏകപക്ഷീയമായി നിർത്തലാക്കിയതായി പരാതിയുണ്ടല്ലോ? കൗരവവിധവകൾ യുധിഷ്ഠിരഭരണകൂടത്തിന്റെ കുഴലൂത്തുകാരല്ല എന്ന തിരിച്ചറിയലിന്റെ ബലത്തിലാണോ അന്നംമുട്ടിക്കൽ?”, മഹാറാണിപാഞ്ചാലിയുടെ കാര്യാലയ ചുമതല വഹിക്കുന്ന സഹദേവനോടു് കൊട്ടാരം ലേഖിക ചോദിച്ചു
“പരാതിയുണ്ടാവാനിടയുണ്ടു് എന്ന മുന്നറിവിൽ വസ്തുത സംഭരിച്ചു. കൈത്താങ്ങു കുരുക്ഷേത്രവിധവകൾക്കു് മാത്രമാണല്ലോ. കൗരവരാജവിധവകൾ പിന്നീടു് കഴുത്തിൽ മിന്നു കെട്ടിയതോടെ ‘വിവാഹിത’ എന്ന പദവി നേടി. ചെലവിനു് കൊടുക്കാൻ ഉത്തരവാദിത്വമുള്ള നവവരനുമൊപ്പം കഴിക്കുന്ന ഭക്ഷണം, പരേത ഭർത്താവിന്റെ സൈനികസേവനത്തിനു അർഹതപ്പെട്ടതാണെന്ന ബോധ്യം രുചികരമാവില്ല എന്നു് പുതുഭർത്താക്കന്മാർ രേഖാമൂലം ഭരണകൂടത്തെ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. സ്വന്തം ദാമ്പത്യത്തിൽ പുരോഗമനചിന്താഗതി പുലർത്തുന്ന പാഞ്ചാലി, യുദ്ധവിധവകളുടെ പുനർവിവാഹത്തോടെ, പഴയ ആനുകൂല്യങ്ങൾക്കു് തടസ്സം നിൽക്കരുതെന്ന നിലപാടെടുത്തതു് വെറുതെയായി.”
“കൊലക്കു പ്രേരണചെലുത്തിയതിനു കുന്തിക്കെതിരെയും, ആദിവാസിബകനെ കൊലചെയ്തതിനു ഭീമനെതിരെയും ഔദ്യോഗികപരാതി എത്തിയിട്ടുണ്ടല്ലോ നീതിപീഠത്തിൽ! ഏകചക്ര ഗ്രാമപ്രമുഖനാണു് ഹസ്തിനപുരിയിൽ വന്നു, തീപ്പെട്ടുവെന്നുകരുതിയ ആറംഗ ആരോപിതപാണ്ഡവസംഘത്തെ ശാരീരികമായി അടയാളപ്പെടുത്തി, വസ്തുതകൾ, ഇനിയും മരിച്ചിട്ടില്ലാത്ത പ്രതികളെ പിടികൂടാൻ അധികാരികൾക്കു് എഴുതികൊടുത്തിരിക്കുന്നതു്. എങ്ങനെ നേരിടും വധശിക്ഷ കിട്ടാവുന്ന സവിശേഷ സാഹചര്യം, നിങ്ങൾ എത്തിയാൽ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, ഹസ്തിനപുരിയിലേക്കു യാത്രതിരിക്കാൻ ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കുപിടിച്ച നേരം.
“പാഞ്ചാലയിൽ ഞങ്ങളെ കണ്ടപ്പോൾ, ദുര്യോധനന്റെ കുശലാന്വേഷണം തന്നെ ബകവധത്തെക്കുറിച്ചായിരുന്നു. ഗ്രാമപ്രമുഖന്റെ ആവശ്യപ്രകാരം പൊതുനന്മക്കായി ഭീമൻ ഏറ്റെടുത്ത ഈ സാംസ്കാരികദൗത്യത്തെ അവർ ഈ വിധം തെറ്റായി വ്യാഖ്യാനിക്കുമെന്നാരോർത്തു. “നിങ്ങൾ പിടികിട്ടാപ്പുള്ളികൾ എങ്ങനെ കൗരവചാരന്മാരെ കബളിപ്പിച്ചു പാഞ്ചാലയിൽ എത്തി?” എന്നാണു് മത്സരത്തിനു് മുമ്പു് ദുര്യോധനൻ, പേടിപ്പിക്കുന്ന നോട്ടത്തോടെ, ചോദിച്ചതെങ്കിലും, അർജുനൻ മത്സരം ജയിച്ചു ദ്രൗപദിയെ വിവാഹം കഴിച്ചു എന്നു് കേട്ടപ്പോൾ, നിലപാടു് മാറ്റി എന്നു് മാത്രമല്ല, കുന്തിയും പാഞ്ചാലിയും പാണ്ഡവരും ഉൾപ്പെടെ ഏഴു പേരും വിശിഷ്ടാതിഥികൾ ആയിരിക്കുമെന്നു് പാഞ്ചാലന്റെ മുമ്പിൽ ഇടനെഞ്ചിൽ കൈവച്ചു പറഞ്ഞും കഴിഞ്ഞു. ഭാര്യാപിതാവിനു ആജ്ഞാശക്തിയും സൈനിക ശക്തിയുമുണ്ടെങ്കിൽ അതൊരു നേട്ടമായൊന്നും ഞാൻ കാണുന്നില്ലെങ്കിലും, മധുവിധുസമയത്തു ദുര്യോധനന്റെ നിലപാടു മാറ്റത്തിൽ ആശ്വാസവും, ഭാവിയിൽ ഭീഷണി ആകാവുന്ന നയതന്ത്രവൈദഗ്ദ്യവും കാണുന്നു. ഞങ്ങൾ അസ്വസ്ഥർ!”
“അച്ഛൻ കാലനോ, അതോ ധർമ്മരാജനോ? എന്നാണു് അർത്ഥഗർഭമായ നോട്ടത്തോടെ അതിജീവിത നിങ്ങളുടെ പിതൃത്വം എന്തെന്നു് ചോദിച്ചതു്. പരാതികേട്ടപ്പോൾ ഞങ്ങൾക്കുമുണ്ടായി ഞെട്ടൽ. അർജ്ജുനഭാര്യയെ കൊല്ലാൻ നിങ്ങൾ ശ്രമിച്ചു എന്ന ആരോപണം വന്നതു് ദുഷ്ടദുര്യോധനനിൽനിന്നല്ല അഞ്ചുപാണ്ഡവരുടെ അരുമദ്രൗപദിയിൽനിന്നും! എങ്ങനെ പ്രതികരിക്കുന്നു? നിങ്ങൾ അഞ്ചിലൊരു ഭർത്താവെങ്കിൽ, അവളും പ്രത്യേകപരിഗണന അർഹിക്കുന്ന വിശേഷ ജീവിവർഗ്ഗമല്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.
“ഖാണ്ഡവപ്രസ്ഥത്തിൽ വന്നതു് വിനോദസഞ്ചാരത്തിനല്ല കുടിയേറ്റക്കാരായാണു്, വെട്ടുകത്തിയും തുമ്പയുമാണു് ആയുധങ്ങൾ. കൊടുംകാടുവെട്ടാൻ ഇറങ്ങുമ്പോൾ ഭാവിരാജാക്കന്മാരൊന്നുമല്ല, വേഷമൊക്കെ കണക്കായിരിക്കും. തേനീച്ചക്കൂടിളകി കൂട്ടമായി പിന്തുടരുമ്പോൾ, അച്ഛൻ കാലനാണോ യമധർമ്മനാണോ എന്നൊന്നും ചോദിച്ചറിയില്ല, മുഖമടച്ചു കീറത്തുണിമൂടും. അങ്ങനെ നടക്കുമ്പോൾ പാഞ്ചാലി പ്രകോപനപരമായ അസഹിഷ്ണുതയോടെ അർജ്ജുനനുമായി ‘സംഭവിച്ചുപോയ’ വിവാഹം അവളുടെ ജീവിതത്തെ പ്രതികൂലസാഹചര്യങ്ങളിൽ എത്രവേഗം എത്തിച്ചു എന്നൊക്കെ കരൾ കീറുന്ന പരാമർശങ്ങൾ ചെയ്തപ്പോൾ, കാലൻ മടവാളിൽ കുടിയേറി അവളെ പിന്തുടർന്നുവോ? അവൾ ഓടിയപ്പോൾ ഞാനും ഒപ്പം ഓടിയോ? അങ്ങനെ വേണം ഓർത്തെടുക്കാൻ. ആദിവാസിഇടത്തിൽ എത്തിയ അവൾ അവരുടെ സന്മനസ്സു ചൂഷണം ചെയ്തു.”
“‘ഒരാൾ അവളെ കൊല്ലാൻ വാളോങ്ങി’ എന്ന മട്ടിൽ എന്നെ ചൂണ്ടിക്കാട്ടി ആഖ്യാനമുണ്ടാക്കി. പെണ്ണൊരുത്തിയുടെ പരിഗണനയോടെ അവളുടെ പരാതിക്കു കൊടുത്ത വിശ്വാസ്യത എനിക്കെതിരെ തിരിയാൻ സാഹചര്യമൊരുക്കി. ഈശ്വരാ അവർക്കറിയില്ലല്ലോ ആകാശചാരിയുടെ പ്രിയപുത്രനായ ഞാൻ ഭാവിരാജാവായി ഇന്ദ്രപ്രസ്ഥം ഭരിക്കുമെന്നു്. അത്ഭുതമൊന്നും തോന്നിയില്ല, എങ്കിലും പറയാതെവയ്യ, ആദ്യരാത്രി മുതൽ പാഞ്ചാലി എന്നെ പ്രതിസ്ഥാനത്തു നിർത്തുക മാത്രമല്ല, അർഹിക്കാത്ത പ്രായക്കൂടുതൽ ഏകപക്ഷീയമായി കൽപ്പിച്ചു, പരസ്യമായി നിന്ദിക്കാനും തുടങ്ങിയിരുന്നു. ധർമ്മിഷ്ഠനെങ്കിലും ചിലപ്പോൾ അക്രമാസക്തനാവില്ലേ ആൺഅഹന്തയെ ചവിട്ടിത്തേച്ചാൽ!”
“അർദ്ധസത്യവാനെന്ന പരിഹാസ്യ പുരസ്കാരം നേടിയ യുധിഷ്ഠിരൻ വാർത്താസ്രോതസ്സായൊരു വ്യാജവിവരം വിശ്വസിച്ച ഗുരുദ്രോണർ, പോർക്കളത്തിൽ കൊല്ലപ്പെട്ടതു് പ്രിയ അശ്വത്ഥാമാവെന്ന തെറ്റിദ്ധാരണയിൽ, ദുഃഖം സഹിക്കവയ്യാതെ, ആയുധം താഴെയിട്ട തക്കം നോക്കി, പാഞ്ചാലപുത്രൻ ധൃഷ്ടധ്യുമ്നൻ, കുടിപ്പകയിൽ കഴുത്തുവെട്ടിയപ്പോൾ, നിങ്ങളുടെ നിരീക്ഷണം കണ്ടുനിന്നവരിൽ സൃഷ്ടിച്ചതു് ‘ബലേ ഭേഷ്’ എന്നായിരുന്നില്ല ധാർമ്മികരോഷമായിരുന്നു. “വാളെടുത്തവൻ വാളാലേ” എന്ന ആശാപപ്രസ്താവന പഴയ ഗുരുവിനെക്കുറിച്ചു വേണ്ടിയിരുന്നില്ലെന്നു പിന്നീടു് തോന്നിയോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ചക്രവ്യൂഹത്തിൽ മകൻ അഭിമന്യുവിന്റെ ദുർമ്മരണത്തിനു, സേനാപതിദ്രോണർ കൗരവർക്കനുമതിയും പിന്തുണയും നൽകി എന്ന അഭ്യൂഹത്തിനു പാണ്ഡവർ വൈകാരിക മാനങ്ങൾ കൽപ്പിച്ച ദിവസം.
“കാശിരാജകുമാരിയുടെ സ്വയംവരപ്പന്തലിൽ പരോക്ഷമത്സരാർത്ഥിയാവുന്നതിനു പകരം, പ്രണയികളെ ആക്രമിക്കാൻ കൂരമ്പു പ്രയോഗിച്ച പിതാമഹൻ, പ്രതികാരദുർഗയായ കാശിരാജകുമാരിയുടെ വരവോടെ ആയുധം താഴെയിട്ട തക്കം നോക്കി എയ്ത എന്റെ കൂരമ്പേറ്റു് ഇതാ ശരശയ്യയിൽ”, എന്ന നിരീക്ഷണത്തിൽ അപാകത കാണാത്ത കാഴ്ചക്കാർ ഇപ്പോൾ ഖേദിക്കേണ്ട കാര്യം?
“പരമാധികാര ഹസ്തിനപുരിക്കെതിരെ പാണ്ഡവർ ‘കലാപ’ത്തിനൊരുങ്ങുമ്പോൾ ഓരോ കുടുംബത്തിൽനിന്നും കായികശേഷിയുള്ള യുവാക്കളെ സൈന്യത്തിനുവിട്ടുതന്നവരാണു് ഈ നാട്ടിലെ സാധു കർഷകർ. രണ്ടു പുഴകൾ ഉണ്ടെങ്കിലും, പുണ്യനദി എന്ന മുദ്രകുത്തി ചാലുകീറൽ നിരോധിച്ചു. അങ്ങനെ കാലവർഷം കനിയുംവരെ കർഷകനു കന്നുപൂട്ടാനാവില്ല. പാണ്ഡവാക്രമണം ചെറുക്കുമ്പോൾ ‘വീരമൃത്യു’വരിക്കുന്ന ഓരോ കർഷക സൈനികന്റെ വിധവക്കും കുട്ടികൾക്കും ആജീവനാന്ത ധാന്യവിതരണം സൗജന്യമായിരിക്കുമെന്നു് കുരുവംശം ഉറപ്പു നൽകി. ഇപ്പോൾ വാക്കുമാറ്റി പറയുന്നു, പാണ്ഡവസൈനികരെ തലവെട്ടുന്ന കണക്കു, ജഡമെണ്ണി പരിശോധിച്ചുമാത്രമേ, ഇളവുകളും സൗജന്യങ്ങളും ദിവസവേതനവും അനുവദിക്കൂ. അതെന്താ ഭീഷ്മ ശപഥത്തിന്റെ ധാർമ്മികബലമുണ്ടാകേണ്ട പരിപാവന കാര്യത്തിൽ, കൗരവർക്കൊരു കള്ളക്കളി?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“ശത്രുപാണ്ഡവർ സംഭരിച്ച സഖ്യസൈനിക പിന്തുണയുടെ ആഴവും പരപ്പും, ചാരസംവിധാനം വഴി, അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. മഴയെത്തും വരെ വിളവിറക്കാൻ ആവില്ലെന്ന കണക്കു കൂട്ടലിൽ ആയിരുന്നുല്ലോ ഗ്രാമപ്രമുഖർ തൊഴിൽരഹിത കർഷക യുവാക്കളെ വിട്ടുതന്നതു്. ഭക്ഷണം മദ്യം രതി എന്നീ അടിസ്ഥാന സൗകര്യങ്ങളോടെ പരിശീലനം തുടങ്ങിയപ്പോൾ സൈനിക മേധാവികൾക്കു മനസ്സിലായി, കലപ്പ പരിചയപ്പെട്ടവനു് കൊലക്കത്തി പിടിക്കാൻ ചങ്കുറപ്പില്ല. അതുപറ്റില്ലെന്നു ഉപസേനാപതികൾ ഉടൻ ഉത്തരവിറക്കി. കൊലക്കത്തി പിടിച്ചാൽ മാത്രം പോരാ പാണ്ഡവനെഞ്ചിൽ കുത്തിമലർത്താൻ യുദ്ധവീര്യം വേണം, വേതനം കിട്ടാനെന്നുഞങ്ങൾ തീരുമാനിച്ചതിൽ ആർക്കാണു് പ്രതിഷേധം? ദുര്യോധനനുവേണ്ടിയല്ലല്ലോ മഹാഭാരത യുദ്ധം, പരമാധികാര ഹസ്തിനപുരി രാഷ്ട്രത്തിന്റെ അഖണ്ഡത പരിപാലിക്കാനല്ലേ? എവിടെ ഒളിച്ചു പത്രപ്രവർത്തസുഹൃത്തേ നിങ്ങളുടെ ദേശാഭിമാനം!”
“വാരണാവതത്തിലെ ഭൂരഹിത ആദിവാസികളോടു് നിങ്ങൾക്കെന്താ പെട്ടെന്നൊരു ഭൂതദയ?”,
‘ഇനിയരുതു് അത്താഴപ്പട്ടിണി’ എന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഹസ്തിനപുരിയുടെ മലയോര പ്രവിശ്യയായ വാരണാവതത്തിൽ തുറന്ന ദുര്യോധനനോടു് കൊട്ടാരം ലേഖികചോദിച്ചു. പാണ്ഡവർ കൗരവർക്കെതിരെ പടയൊരുക്കുന്ന സംഘർഷദിനങ്ങൾ.
“കൌമാരംവരെ കാട്ടിൽ കഴിഞ്ഞ പാണ്ഡവ കുട്ടികൾക്കു് കളിക്കൂട്ടു് ഈ മലയോരപ്രദേശത്തെ ആദിവാസി കുടുംബങ്ങൾ ആയിരുന്നു. തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടു വാരിത്തിന്നാൻ കുന്തിയുടെ കുടിലിൽ, പിൽക്കാലത്തു പാഞ്ചാലിക്കുണ്ടായപോലെ, അക്ഷയപാത്രമൊന്നുമില്ലല്ലോ. ഒരുനേരത്തെ അന്നത്തിനു ഊട്ടുപുരയിൽ കുന്തിയും മാദ്രിയും പാടുപെടുമ്പോൾ, ആദിവാസിക്കുട്ടികൾ മുയലിനെയും മാനിനെയും കെണിവച്ചുപിടിച്ചു പിടിച്ചു പാണ്ഡവ തീൻശാല സമൃദ്ധമാക്കി. അഭയാർഥികളായി ഹസ്തിനപുരിയിൽ എത്തിയശേഷം, വാരണാവാതം സുഖവാസ മന്ദിരം, ഒരു നിഗൂഢ പദ്ധതിയിൽ അരക്കും മെഴുകും ചേർത്തു് കുന്തിയും പാണ്ഡവരും കത്തിച്ചു. ഇതൊക്കെ നഗരകേന്ദ്രിതമായ മാധ്യമങ്ങൾ അറിയുന്നതേയുള്ളു. കത്തിക്കരിഞ്ഞതു് പാണ്ഡവർ എന്ന വ്യാജആഖ്യാനമുണ്ടാക്കാൻ, ഇരയായി കണ്ടെത്തിയതു്, അന്നം ചോദിച്ചുവന്ന ആറംഗ ആദിവാസികുടുംബത്തെ! വിഷം കലർത്തിയ അത്താഴം ആദിവാസികുടുംബത്തിനു വിളമ്പി, ആറു പേരും മരിച്ചെന്നുറപ്പാക്കി മന്ദിരം തീയിട്ടു്, തല മൂടി, കുന്തിയും മക്കളും ഭൂഗർഭ ഇടനാഴിയിലൂടെ സുരക്ഷിത താവളത്തിലേക്കു് ഒളിച്ചു കടന്നു. വിവരമറിഞ്ഞ ഞങ്ങൾ ഭീഷ്മ അധ്യക്ഷതയിൽ യോഗം ചേർന്നു് തീരുമാനിച്ചു, കുരുവംശത്തിനു പാണ്ഡുവിധവ വഴി സംഭവിച്ച ഈ കൊടുംപാപത്തിനു പരിഹാരമായി ആദിവാസികൾക്കു് സൗജന്യഭക്ഷ്യവിതരണം ഉടനടി! യുദ്ധത്തിൽ ഞാൻ മരിച്ചാലും, പാണ്ഡവർ ആദിവാസികളോടു് ചെയ്ത പാപത്തിനു പരിഹാരമായി എനിക്കിതൊരു പശ്ചാത്താപം.”
“കാട്ടിൽ ഇനിയുള്ള കാലം കഴിയാൻ കൊട്ടാരം വിട്ടു പടിയിറങ്ങുന്ന കുന്തിയോടു് നിങ്ങൾ, ചെവിയിൽ ചുണ്ടനക്കി യാത്ര പറഞ്ഞവിധം, മട്ടുപ്പാവിൽനിന്നും പാണ്ഡവർ എല്ലാവരും തുറിച്ചുനോക്കിയിരുന്നല്ലോ. എന്തായിരുന്നു പാണ്ഡവനിന്ദ അർഹിക്കാൻ മാത്രം പുത്രവധുവിന്റെ അന്ത്യ വചനശുശ്രൂഷ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ദേവരൂപികളായ അഞ്ചു അരോഗദൃഢഗാത്രരെ നീ എനിക്കു് ആദ്യരാത്രി പാരിതോഷികമായി തന്നു, അമ്മാ, എക്കാലവും അവർ തികഞ്ഞ ഔചിത്യബോധത്തോടെ എന്നോടു് ദാമ്പത്യ ഉടമ്പടി പാലിച്ചു. നീയാകട്ടെ ഞങ്ങളിൽനിന്നും ആദ്യം മുതൽ സുരക്ഷാ അകലം പാലിച്ചു ഗാന്ധാരിയുടെ അന്തഃപുരത്തിൽ തോഴിയായും ജീവിച്ചു. മറ്റുവാക്കുകളിൽ, നീ ഞങ്ങളെ ജീവിക്കാൻ അനുവദിച്ചു. നിന്റെ കാരുണ്യത്താൽ ഞാൻ നീണ്ടൊരു വിവാഹജീവിതം പൂർത്തിയാക്കിയതിനുള്ള കടപ്പാടു് പൂർണ്ണമായും നിന്റെ സന്മനസ്സിനോടു്!, ഇതിൽ എന്താണു് പാണ്ഡവർ പുച്ഛത്തോടെ ആരോപിക്കുന്ന കാപട്യം?”
“മുൻ ഹസ്തിനപുരി മഹാറാണിമാരായിരുന്ന ഗാന്ധാരിയെയും കുന്തിയെയും ‘അമ്മദൈവ’ങ്ങളായാണു് ജനം കണ്ടതു്. അവരുടെ വ്യക്തിത്വം അത്രമേൽ പൊതുബോധത്തിൽ മാതൃബിംബങ്ങളായി നിലനിൽക്കുന്നു. എന്നാൽ അഞ്ചുപ്രസവിച്ചിട്ടും, അഞ്ചു ഭർത്താക്കന്മാർക്കു് രതിസേവനദാതാവായിട്ടും നിങ്ങളെ ആരും ‘അമ്മ’യായി കാണാത്തതു എന്തുകൊണ്ടാണു്? കന്യകാപരിവേഷത്തിലാണിപ്പോഴും പാഞ്ചാലിനാമം ഉച്ചരിക്കപ്പെടുന്നതു്”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അജ്ഞാതവാസത്തിനു തയ്യാറെടുക്കുമ്പോൾ സ്ത്രൈണത എത്രയൊക്കെ മനുഷ്യപ്രയത്നത്താൽ മറച്ചുവക്കാമോ അത്രയൊക്കെ ഞാൻ ചെയ്തിട്ടും, യുവകോമളനായൊരു സേനാപതിയെന്നിൽ അനിയന്ത്രിതമായ ആരാധനയോടെ പ്രണയാഭ്യർത്ഥന ചെയ്തിരുന്നു. അഞ്ചുപെറ്റവളാണു്, കൂടെകിടക്കുന്ന ആണുങ്ങളെ ദശാബ്ദങ്ങളായി രമിപ്പിക്കാൻ രാവേറെ ചെല്ലുംവരെ പ്രയത്നിക്കുന്നവളാണു് ഞാനെന്നും നിരുത്സാഹപ്പെടുത്താൻ പറഞ്ഞുനോക്കി. അപ്പോളവൻ മുട്ടുകുത്തി ഇരുകൈകളും എന്റെ അരക്കെട്ടിൽചുറ്റി മുഖമമർത്തി കേണു, കെട്ടുകഥകളൊക്കെ ഞാൻ തള്ളിക്കളയുന്നു. എന്റെ അമ്മയേക്കാൾ പ്രായമുള്ളവളായിരിക്കാം ഒരുപക്ഷേ, നീ, എന്നാൽ, നിന്നെ കണ്ടശേഷം സങ്കൽപ്പരതിയിൽ നീയെനിക്കിന്നും സ്വയംവരകന്യക. കത്തിപ്പടരുന്ന പുരുഷകാമനയിൽ നീയെനിക്കു സൗഗന്ധികം അത്രയും പ്രശംസകേട്ടാൽ പിടിച്ചെഴുനേൽപ്പിച്ചു ആ ഉടലിന്റെ ദാഹം ശമിപ്പിക്കുകയല്ലാതെ, “എന്നെ നീ ‘അമ്മ’ എന്നു് മാത്രം വിളിക്കൂ” എന്നെനിക്കവനോടു് പറഞ്ഞൊഴിയാനാവുമോ. പ്രിയപ്പെട്ടവനേ, കുടിലപാണ്ഡവരുടെ ചതിയിൽ നിന്നെ ഹോമിക്കാൻ ഞാൻ നിമിത്തമായല്ലോ!”
“നിങ്ങളും മാദ്രിയും, അവർക്കഞ്ചു മക്കളും, ഏതാണ്ടത്രതന്നെ വിവാഹേതരബീജദാതാക്കളും, അവരിൽ ആരെങ്കിലും പിന്നീടു് കൗന്തേയപിതൃത്വം നിഷേധിച്ച ദുരനുഭവമുണ്ടായിരുന്നോ?”, കൊട്ടാരം ലേഖിക പാണ്ഡവമാതാവായ കുന്തിയെ കൊട്ടാരക്കെട്ടിലെ ജലാശയത്തിൽ കണ്ടെത്തി. മഹാറാണിഗാന്ധാരിയുടെ തോഴിയെന്ന നിലയിൽ, കൺകെട്ടുതുണി ശ്രദ്ധാപൂർവ്വം കഴുകിയെടുക്കുകയായിരുന്നു മുൻ ഹസ്തിനപുരി മഹാറാണി. കൗരവഅടിമകളായി കൗന്തേയർ അഞ്ചുപേരും പാഞ്ചാലിയുമൊത്തു കാട്ടിൽ കഴിയുന്ന വ്യാഴവട്ടക്കാല ശിക്ഷാകാലാവധി അവസാനിക്കുന്ന ദിനങ്ങൾ.
“ദൃഢനിശ്ചയത്തോടെയുള്ള ഞങ്ങളുടെ രതിപ്രലോഭനത്തിനു വഴങ്ങുകയും, പെണ്ണുടലാഴങ്ങളുടെ മാംസാനുഭൂതിയിൽ പരിസരം മറന്നു പങ്കുചേരുകയും ചെയ്ത ആകാശചാരികൾ ആരും പിന്നീടു് ഞങ്ങളുടെ ജീവിതാവസ്ഥകളിൽ ഇടപെടുകയോ, എന്റെയും മാദ്രിയുടെയും അവകാശമായിരുന്ന മാതൃത്വത്തെ അവഹേളിക്കുകയോ, അവരുടെ ബീജസംഭവന തള്ളിപ്പറയുകയോ ചെയ്ത അനിഷ്ടസംഭവം, സമീപകാലശ്രദ്ധയിൽപെട്ടിട്ടില്ല. ഒന്നോർക്ക, പ്രായമാവുകയല്ലേ, വിദൂരഭൂതകാലം ചിലപ്പോഴെങ്കിലും വഴുതിയും നിറം മങ്ങിയും അനുഭവപ്പെടുന്നതൊരു പ്രകൃതിനിയമമല്ലേ.”
“ഇന്നലെ അരങ്ങേറ്റമൈതാനിയിലെ ഗുരുപ്രസാദവേദിയിൽ, താങ്കളെ ഹൃദയപൂർവ്വം അനുസ്മരിച്ചു കൊണ്ടൊരു കൗരവരാജകുമാരൻ ചെയ്ത ആശംസാപ്രഭാഷണം, കഠിനഹൃദയരായ ഞങ്ങളെപോലും വൈകാരികമായി അത്രമേൽ സ്വാധീനിച്ചു. ആദ്യാക്ഷരമൊക്കെ അനുഷ്ടാനമെന്ന നിലയിൽ ഏതു കൊട്ടാരഗുരുവും രാജകുമാരന്മാരെ പഠിപ്പിക്കുക സാധാരണമാണു്, എന്നാൽ ബഹുസ്വരഹസ്തിനപുരി സമൂഹത്തിൽ, നാം നിത്യവും ഇടപെടുന്നതു പ്രഭുവോ ഭൃത്യനോ സ്ത്രീയോ പുരുഷനോ എന്ന ഭേദമില്ലാതെ സർവ്വരെയും, കാണാൻ കൃപാചാര്യർ മാതൃകാപരമായി പഠിപ്പിച്ചതുകൊണ്ടാണു് പിൽക്കാലത്തു ഗാന്ധാരിയുടെ മക്കൾക്കു് സമൂഹത്തിൽ മൂല്യബോധത്തോടെ പെരുമാറാൻ സാധിക്കുന്നതു് എന്നായി രുന്നു, കൗരവ മൂപ്പിളമശ്രേണിയിൽ രണ്ടാമനായ, ദുശ്ശാസനന്റെ നന്ദിപ്രകടനം. എങ്ങനെ തോന്നി താങ്കൾക്കു്?”, കൃപാചാര്യരോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഈ രാജകുമാരൻ തന്നെയാണോ ഇപ്പോൾ, പ്രമാദമായ വസ്ത്രാക്ഷേപ ‘സംഭവ’ത്തിൽ വിചാരണനേരിടുന്ന ഒന്നാംപ്രതി? ആദ്യാക്ഷരം പെരുമാറ്റച്ചട്ടം സ്ത്രീശാക്തീകരണം—മനഃപൂർവ്വം തട്ടിക്കൂട്ടിയെടുത്ത പൊള്ളപ്രശംസ കേട്ടാൽ ഞാൻ ശരിക്കും പേടിക്കണം! നീതിപീഠത്തിൽ എന്നെ സാക്ഷിയാക്കി “ദുശ്ശാസനൻ ആളൊരു മാതൃകാ വ്യക്തിത്വം” എന്നു് ഞാൻ നീതിപതിക്കു മുമ്പിൽ മൊഴികൊടുക്കേണ്ടിവന്നാൽ?!” കൃപാചാര്യൻ ചാടിപ്പിടഞ്ഞു എഴുനേറ്റു് ആത്മരക്ഷയിൽ ആശ്രമത്തിലേക്കു നടക്കുമ്പോൾ ചുറ്റും നോക്കി.
“ഗംഗയാറൊഴുകുന്ന പരിഷ്കൃതസമൂഹങ്ങളിലും, ദേശീയപാതകളിലെ കുതിരപ്പന്തികളിലും, ഒരുപോലെ വിവാദമായ വസ്ത്രാക്ഷേപത്തെക്കുറിച്ചു, സംഭവം നടന്നുവെന്നു സംശയിക്കപ്പെടുന്ന ഹസ്തിനപുരിഅരമനയിൽ നിന്നൊരു പത്രക്കുറിപ്പും ഇതുവരെ കണ്ടില്ലല്ലോ?”, കൊട്ടാരം ലേഖിക കൗരവവക്താവിനോടു് ചോദിച്ചു, “ഹരിതചട്ടത്തെക്കുറിച്ചും, സുസ്ഥിരവികസനത്തെക്കുറിച്ചുമൊക്കെ ‘വിവരാധിക്യം’ നിറഞ്ഞ മാധ്യമസമ്മേളനങ്ങൾ നടത്തുന്ന ഭരണകൂടത്തിനു്, ഈ വിഷയത്തിനു് മാത്രമെന്താ ഒരു അയിത്തം? അതോ, തൊട്ടാൽ ചിലർക്കു് പൊള്ളുമോ?”
“ഒന്നുകിൽ നിങ്ങൾ നിയമവശം അറിഞ്ഞിട്ടില്ല അല്ലെങ്കിൽ, നീണ്ടഅവധി കഴിഞ്ഞു മുഖംകാണിക്കുന്ന നിങ്ങൾ ഒരുപാടു ഇനിയും വായിച്ചറിയാനുണ്ടു്. ആരോപിതലൈംഗികാതിക്രമങ്ങളിൽ ഇരയുടെ പേർ ഒരിക്കലും പരാമർശിക്കപ്പെടരുതെന്നൊരു പരമോന്നതനീതിപീഠത്തിന്റെ തിട്ടൂരമുണ്ടല്ലോ. അപ്പോൾ, ഇക്കാര്യത്തിൽ എങ്ങനെ നീതിപീഠത്തിന്റെ വിചാരണകഴിഞ്ഞു വിധിപറയുംവരെ ഇക്കാര്യം ഞങ്ങൾ ഔദ്യോഗികമായി വിനിമയം ചെയ്യുമെന്നാണു് നിങ്ങൾ കരുതുന്നതു്! ഇതുവരെ രേഖാമൂലം ഒരു പരാതിപോലും അതിജീവിതയിൽനിന്നും നീതിപീഠത്തിൽ കിട്ടിയിട്ടുമില്ല!”
“കുരുവംശനിയമം അനധികൃതമായി ‘കയ്യിലെടുത്തു’ എന്നാണല്ലോ നിങ്ങൾക്കുനേരെ അന്വേഷണചുമതലയുള്ള കൗരവരാജകുമാരന്റെ ആരോപണം? എന്താണങ്ങനെ അതിക്രമിച്ചുകയറി നിയമവാഴ്ചയെ വെല്ലുവിളിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതു്. നിങ്ങൾ ആരാണു്?” ആരോപണവിധേയനായ യുവാവു് ജാമ്യം നേടി കാരാഗൃഹത്തിൽനിന്നും പുറത്തുവരുമ്പോൾ കൊട്ടാരം ലേഖിക കുടിക്കാൻ കരിമ്പുനീർ കൊടുത്തു ചോദിച്ചു. പാറാവുകാർ അവരെ നിരീക്ഷിച്ചു.
“നിർണ്ണായക ഇടത്തിൽഞാൻ ചെന്നുപെട്ടതു്, കൊട്ടാരം ഇടനാഴിയിലൊരു ദീർഘകായൻ ഒരു സ്ത്രീയെ ബലമായി ചുമലിൽ ഇട്ടു് രാത്രിയിൽ ധൃതിയിൽ പോവുമ്പോൾ ആയിരുന്നു. പിന്നാലെചെന്ന എനിക്കുനേരെ അവളൊരു വളയൂരിഎറിഞ്ഞു. ആ സമയത്തുതന്നെ അയാൾ അവളെയും കൂട്ടി ഒരു പ്രകാശ പൂർണമായ രാജസഭയിലേക്കു പ്രവേശിക്കുന്നതും കണ്ടു. അപ്പോളാണു് പന്തംകത്തുന്ന ഇടത്തു ചെന്നു ഞാൻ വള പരിശോധിച്ചതു്. അതിൽ ദ്രൗപദി എന്നു് കുറിച്ചിരുന്നു. ഉടൻ ആളെ മനസ്സിലായ ഞാൻ സഭയുടെ വാതിൽ തള്ളിത്തുറന്നു അകത്തേക്കു് ഇടിച്ചുകയറി, “അവൾ ദ്രൗപദി അവൾ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, അവളെ തട്ടിയെടുത്ത ആ ദീർഘകായനെ ഉടനെബന്ദിയാക്കുക” എന്നാക്രോശിച്ചു. ദ്രൗപദിയുടെ വള തട്ടിയെടുത്തു എന്ന ആരോപണവുമായി എന്നെ പക്ഷേ, ആ ‘ദീർഘകായൻ’ ബന്ദിയാക്കി! ഇരുട്ടറയിൽ കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം അവരെന്നെ ‘നാളെ നോക്കാം’ എന്നതാക്കീതോടെ കാരാഗൃഹത്തിലിട്ടു. ഞാൻ യുക്തിവാദി ചാർവാകന്റെ മകനാണു്. വിദേശത്തുനിന്നു് വന്നതേയുള്ളു. കൊട്ടാരത്തിൽ നിയമവിരുദ്ധമായ കളികളും സ്ത്രീവിരുദ്ധമായ കൊള്ളരുതായ്മകളും അരങ്ങേറും, നിന്റെ പുതുയുഗജാഗ്രത അവിടെ വേണം എന്നാശംസിച്ചു ഇങ്ങോട്ടു കടത്തിവിട്ടതു് അച്ഛൻ ആയിരുന്നു.”
“തിരിഞ്ഞുംമറിഞ്ഞും കിടക്കാനാവാതെ, കൂരമ്പുകൾ പിന്നിൽ തറച്ചു ശരശയ്യയിൽ നരകിക്കുന്ന പിതാമഹനെ കാണാൻ ഹസ്തിനപുരിയിൽനിന്നും ഇക്കാണുന്ന ദൂരമൊക്കെ തേരോടിച്ചു ചെന്നു്, രാജ്യഭരണത്തിനു യോജിച്ച വിവേകത്തിന്റെ എന്തു് മുത്തുമണികൾ യുധിഷ്ഠിരനു നേടാനായി എന്നായിരുന്നില്ലേ കുറച്ചുദിവസങ്ങളായി കുതിരപ്പന്തിഅന്തിചർച്ച! എന്തു് പറഞ്ഞു അവരുടെ വായടപ്പിച്ചു?”, കൊട്ടാരം ലേഖിക, നിയുക്തഭാരണാധികാരിയുടെ സഹചാരിയും, മാദ്രീപുത്രനുമായ ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.
“വൃദ്ധഭീഷ്മരെ നിന്ദ്യഅർജ്ജുനൻ ചതിച്ചുകൊന്നു എന്നൊരു വ്യാജപ്രചാരണം, യുദ്ധം പത്താംദിവസം മുതൽ ഹസ്തിനപുരികൊട്ടാരത്തിലെ സ്വാധീനശക്തികളായ നൂറോളം കൗരവരാജസ്ത്രീകൾ, കുരുക്ഷേത്രവിധവകളാവും മുമ്പുതന്നെ, തുടങ്ങിവച്ചിരുന്നു. ഭീഷ്മർ ജീവിച്ചിരിപ്പുണ്ടു് എന്നു ഞങ്ങൾ തെളിയിച്ചാൽ പോരാ, ‘കൊലയാളി’ പാണ്ഡവരോടു് മരണാസന്നനായി കിടക്കുമ്പോഴും കൂറുള്ളവൻ ഭീഷ്മർ എന്നുതെളിയിക്കാൻ ഞങ്ങൾക്കു് വേറെ തരമുണ്ടായിരുന്നില്ല. മൂന്നുദിവസം ഞങ്ങൾ തണുപ്പും പൊടിയും തട്ടി യാത്രയിൽ മുഷിഞ്ഞു എന്നതു് നേരാണു് പക്ഷേ, പതുങ്ങിക്കിടന്ന ഭീഷ്മാരാധകർ ഒതുങ്ങി. കുതിരപ്പന്തികളിലും സംവാദവിഷയം പ്രതിരോധമന്ത്രി ആരായിരിക്കും, “കൗരവരാജവിധവകളെ കുടിയൊഴിപ്പിക്കുമോ” തുടങ്ങിയ നിരുപദ്രവ കാര്യങ്ങളിലേക്കു് വഴുതിപ്പോയതും നിങ്ങൾ കാണുന്നതല്ലേ. കുറച്ചു കൗരവരുടെ തലവെട്ടിയാൽ ഉടൻ കിട്ടിബോധിക്കുമോ, ജേതാക്കൾക്കു് നേരം വെളുക്കുമ്പോൾ സ്വീകാര്യത! ഇനിയും നിങ്ങൾക്കു് കാണേണ്ടിവരും സമാനചിന്താഗതിയിൽ ജനശ്രദ്ധ വഴിതിരിക്കാനുള്ള ഏകാങ്കങ്ങൾ. രാജഭരണത്തിൽ വിവേകത്തിന്റെ മുത്തുമണികൾ പെറുക്കുന്ന കാര്യമല്ലേ ഇന്നത്തെ ചിന്താവിഷയം? നീണ്ടജീവിതത്തിൽ ഒരിക്കലും രാജസിംഹാസനനത്തിൽ ഇരിക്കാൻ യോഗമില്ലാതിരുന്ന ഭീഷ്മർ എവിടെ, രാജസൂയയാഗം ചെയ്തു ഒരു ദശാബ്ദം ഇന്ദ്രപ്രസ്ഥം ചക്രവർത്തി ആയിരുന്ന ധർമ്മപുത്രർ എവിടെ!”
“മുതിർന്ന യുധിഷ്ഠിരൻ മുതൽ, ഇളമുറ സഹദേവൻ വരെ പാണ്ഡവരുടെ പ്രകടമായ പ്രായപ്രശ്നത്തിൽ ആടിയുലയുകയാണോ യുവപാഞ്ചാലിയുടെ ബഹുഭർത്തൃത്വം? അങ്ങനെയല്ലേ ആദ്യഭർത്താവു് അർജ്ജുനൻ ഒരഭിമുഖത്തിൽ ദുസ്സൂചന നൽകിയതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അല്ല! എനിക്കില്ലാത്ത ദാമ്പത്യപ്രശ്നം അർജ്ജുനനെന്തിനാണു് തർക്കവിഷയമാക്കുന്നതു്? ഉള്ളിൽവേവുന്ന വാക്കുകൾ പോട്ടെ, വാതുറന്നുച്ചരിക്കുന്ന വാക്കുകളിലെങ്കിലും മര്യാദ കാണിക്കണം. ബഹുഭർത്തൃത്വം തന്നിഷ്ടത്തിൽ തിരഞ്ഞെടുത്തതല്ല. ഞാൻ ഗുണഭോക്താവായി കുന്തി ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതാണു്. അതുമായി ഞാനെന്റെ കിടപ്പറ അണിയിച്ചൊരുക്കിയപ്പോൾ അർജ്ജുനൻ അഞ്ചിൽഒരാളായി ചുരുങ്ങിപ്പോയതിൽ നീരസമുണ്ടല്ലേ! ആദ്യരാത്രി തന്നെ നകുലൻ കൗമാരമോഹത്തിൽ ചേർന്നു് കിടന്നെങ്കിലും, മുഖം വ്യക്തമായില്ല. വിരൽസ്പർശമൊക്കെ ആൺപെൺരതിയനുഭവമില്ലാത്തൊരു നിഷ്കളങ്കകൗമാരക്കാരന്റേതു പോലെ രസകരമാണു്. വെളിച്ചത്തിൽ ഒരു നിമിഷം ഒറ്റക്കായപ്പോൾ, പ്രായംഎത്രയെന്നു ഞാൻ കവിളിൽതലോടി ചോദിച്ചു. വാത്സല്യത്തോടെ തുടരെത്തുടരെ ചേർത്തുനിർത്തി പ്രലോഭിപ്പിച്ചിട്ടും, വെളിപ്പെടുത്തിയില്ല. ചുണ്ടിൽചുണ്ടു് ചേർത്തു് ഇഷ്ടപ്രകടനത്തോടെ ഒഴിഞ്ഞുമാറി. നീ രഹസ്യം ഒളിക്കുന്നപോലെ എന്നുഞാനപ്പോൾ രതിസ്പർശത്തോടെ പരിഭവിച്ചു. എന്തുകാര്യം! അപ്പോഴും വഴുതിപ്പോയി. ഒന്നിലധികം പാണ്ഡവർ കിടപ്പറവാതിലിൽ, മാത്സര്യത്തോടെ പായക്കൂട്ടിനായി ഊഴംകാത്തിരിക്കുമ്പോൾ, പ്രിയ നകുലനെ എന്നും കാണാനാവില്ലല്ലോ. എന്തോ മഹത്തായ കാര്യം അർജ്ജുനൻ പറയുന്ന മട്ടിലുള്ള പ്രായവ്യത്യാസമൊന്നും ഞാനപ്പോൾ അറിഞ്ഞിരുന്നില്ല. തരംകിട്ടുമ്പോഴൊക്കെ മൃദുവായും സ്വരംകടുപ്പിച്ചും നകുലനെ ഇഷ്ടപ്പെടുത്തി ചോദിച്ചുകൊണ്ടേയിരുന്നു, എന്താ നിന്റെ പ്രായം? യുധിഷ്ഠിരനും ഭീമനുമൊക്കെ പ്രായം അവരുടെ ജാതകത്തിലല്ല, മുഖചർമ്മത്തിലും പേശികളിലും പ്രകൃതി സുതാര്യമായി എഴുതിയിട്ടുണ്ടു് എന്നാൽ നീ, പ്രണയ നകുലൻ? വളരെ ചെറുപ്പമായി ഏതുസമയത്തും എനിക്കവൻ കൂടെകിടന്നുള്ള നേരനുഭവത്തിലൂടെ തോന്നിത്തുടങ്ങിയപ്പോൾ, വാസ്തവത്തിൽ എനിക്കു് ഭയമായി. പറഞ്ഞുപറഞ്ഞവൻ യഥാർത്ഥത്തിൽ എന്നെക്കാൾ ഇളയവനായിരിക്കുമോ?കാഴ്ചയിൽ നന്നേ ചെറുപ്പമാണല്ലോ? ഉടമസ്ഥാവകാശത്തോടെ ചേർത്തുനിർത്തി, മുഖത്തോടുമുഖം ഉരസി പ്രലോഭിപ്പിച്ചു ചോദിക്കും. ‘ഊഹിക്കൂ’ എന്നു് ‘നീ നിങ്ങൾ’ ഒന്നുമില്ലാതെ തന്നെയായിരുന്നു ഒറ്റവാക്കു് മറുപടി. പിന്നീടാണവൻ വാസ്തവത്തിൽ എത്ര ചെറുപ്പമാണെന്നു ഞെട്ടലോടെ കുന്തിയിൽനിന്നും അറിഞ്ഞതു്. ശരിതന്നെ, ഇപ്പോൾ ഞാനവനു് പ്രിയ പായക്കൂട്ടുകാരി മാത്രമല്ല. കൈകുഞ്ഞായിരുന്നപ്പോൾ കുന്തിയുടെ കുടിലതയിൽ നഷ്ടപ്പെട്ട മാദ്രിയുടെ ‘അമ്മ വേഷംകൂടി ആടാൻ എനിക്കുണ്ടു്. നാടൊട്ടുക്കു് അവിഹിതബന്ധങ്ങളുടെ നാടോടിമന്നനായ അർജ്ജുനനുണ്ടോ, ഇതൊക്കെ സഹോദരങ്ങൾക്കിടയിൽ ചോദിച്ചറിയാൻ സാവകാശം?’”
“ശില്പമാതൃകയെക്കുറിച്ചു പരിഷ്കൃതപാഞ്ചാലിയുടെ പ്രത്യേകനിർദേശങ്ങളനുസരിച്ചാണു് പാതാളഗൃഹത്തിലെ വിസ്മയ വാസ്തുശിൽപ്പി മയൻ, ഇന്ദ്രപ്രസ്ഥം ഔദ്യോഗികനഗരസൗധങ്ങളുടെ സർഗാത്മക ആവിഷ്കാരം ഇത്ര മനോഹരമാക്കിയതെന്നു കേട്ടിരുന്നു എങ്കിലും, വിസ്തരിച്ചുചുറ്റി നടന്നുകണ്ടു ഹസ്തിനപുരിയിൽ കാൽകുത്തിയ ആദ്യകൌരവനല്ലേ? എന്തുണ്ടു് ആ മോഹനനഗരിയെ കുറിച്ചു് തേനൂറുന്ന ഓർമ?”, ഗോപുരവാതിലിനുമുമ്പിൽ, തേരിൽ നിന്നും ലക്ഷ്യകൃത്യതയോടെചാടിയ ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഓർമയിൽനിന്നു് പോകാത്തവിധം കുളിരനുഭവം തരുന്ന മനോഹരസൌധങ്ങളുടെ അത്യാധുനികവാസ്തുശിൽപ്പസമുച്ചയം പാഞ്ചാലിയുടെ ഉടലഴകുപോലെ ചേതോഹരമായിരുന്നു. കാഴ്ചയുടെ ഉത്സവംതീർത്ത ഇന്ദ്രപ്രസ്ഥം! സൗന്ദര്യശാസ്ത്രപരമായ കൊച്ചുകൊച്ചു കൗതുകങ്ങൾ ഒപ്പംനടന്നു പങ്കിടുകയായിരുന്ന ആതിഥേയപാഞ്ചാലിക്കെന്തോ പെട്ടെന്നൊരു സ്ഥലജലഭ്രമം ഉണ്ടാവുകയും, കാൽതടഞ്ഞു വീഴുകയും ചെയ്തതു് എന്നെയെന്നപോലെ കണ്ടുനിന്നവരെയും ഞെട്ടിച്ചു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ, നിരന്തരം കായികപരിശീലനം കൊണ്ടു് നേടിയെടുത്ത പ്രതികരണജാഗ്രതയിൽ ഞാൻ, ആ മഹതിയെ കോരിയെടുത്തു വീഴ്ചയുടെ ആഘാതഭീഷണിയിൽനിന്നു് രക്ഷിച്ചതായിരുന്നു ഇരു വശങ്ങളിലും നിറഞ്ഞ വിശിഷ്ടാതിഥികളുടെ കരഘോഷത്തിൽ വ്യക്തമായതു്. ‘ആപത്തിൽനിന്നു് രക്ഷിച്ചവൻ’ എന്നർത്ഥം വരുന്ന പാഞ്ചാലദേശ പ്രാർത്ഥന ഉച്ചരിച്ചു, ചക്രവർത്തിനിയെന്ന നിലയിലുള്ള അംഗീകൃതപെരുമാറ്റത്തിൽപെടാത്ത വിധം, കോട്ടവാതിലിനു പുറത്തുവന്നു ആദരവോടെ യാത്രയാക്കി. ഭർത്താക്കന്മാർ സ്തബ്ധരായി ഈ അസാധാരണ കാഴ്ച നോക്കി വാപൊളിച്ചു നിന്നതാണു് തേനൂറുന്ന ഒരോർമ്മ! വേറെയുമുണ്ടു്, അതുപിന്നെ പങ്കിടാം!”
“ചൂതാട്ടനിരോധന നിയമനിർമ്മിതി, ഒരു പശ്ചാത്താപ മാതൃക എന്ന തിരിച്ചറിവുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. അഭിമന്യുപുത്രനായ കിരീടാവകാശിപരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞുകൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി, “പ്രത്യുദ്പാദന വിവാഹബാഹ്യരതിബന്ധങ്ങൾ മുൻകാലപ്രാബല്യത്തോടെ കുരുവംശം നിയമവിധേയമാക്കണം എന്ന സമയോചിത ഓർമ്മപ്പെടുത്തലോടെ മുൻമഹാറാണി കുന്തിയുടെ നിർദ്ദേശമല്ലേ അതിനുമുമ്പു്, നിയമനിർമാണത്തിനു് പരിഗണിക്കേണ്ടതു്? ‘ഏകാംഗപ്രതിപക്ഷ’മെന്ന നിലയിൽ ചാർവാകൻ തരംകാത്തിരിക്കയാണു് പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച ഒരു കെട്ടുകഥ മാത്രം എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ കൗരവ രാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണറിയുന്നതു. ‘ദുഃഖപുത്രി’യായ കുന്തിയുടെ സത്യവാങ്മൂലമല്ലാതെ, “പഞ്ചപാണ്ഡവപിതൃത്വം മുൻമഹാരാജാവു് പാണ്ഡുവിൽ” എന്ന അവകാശവാദം ഔദ്യോഗികമായി അംഗീകരിക്കപ്പെടാൻ അരമനയിൽ ആധികാരികതയുള്ള രേഖയൊന്നുമില്ല. മരണപത്രമെഴുതി കൗന്തേയരിൽ രാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്കസന്യസ്ഥരുടെ സാന്നിധ്യത്തിൽ പരേതപാണ്ഡു ഒപ്പിട്ടുമില്ല. സ്വത്തും പെണ്ണും പണയംവച്ചു് ഇനി ചൂതാട്ടത്തിനു ആരും വന്നില്ലെങ്കിലും, യുധിഷ്ഠിരനെ “അനധികൃത മഹാരാജാവു്” എന്നാക്ഷേപിച്ചു താഴെയിറക്കാൻ ചാർവാകൻ ഒരാൾ മതി.”
“അധാർമ്മികചൂതാട്ടത്തിനായി ഹസ്തിനപുരിയിൽ പെരുമാറ്റച്ചട്ടം പാലിക്കാതെ വന്ന പാണ്ഡവരുടെ പൗരാവകാശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിഷേധിച്ചിട്ടും അവരുമായി രഹസ്യഒത്തുതീർപ്പിലെത്താൻ ദുര്യോധനൻ വഴിവിട്ടു് ശ്രമിച്ചു എന്നൊരു ഗുരുതര ആരോപണവുമായി, ഏകാംഗ പ്രതിപക്ഷവും യുക്തി വാദിയുമായ ചാർവാകൻ, മൊത്തം കൗരവസത്യസന്ധതയെ പ്രതിക്കൂട്ടിൽ ആക്കിയല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ കറുത്തുതുടങ്ങിയ ഗംഗാ സമതലം, പാണ്ഡവർ അജ്ഞാതവാസം കഴിഞ്ഞു വിരാടത്തിൽ യുദ്ധഒരുക്കത്തിലായ കാലം.
“പാണ്ഡവ പൗരാവകാശങ്ങൾ ഞങ്ങൾ നിഷേധിച്ചിട്ടില്ല, അവരുടെ ശിക്ഷാകാലാവധിയിൽ മരവിപ്പിച്ചു. വിരാടയിൽ അധാർമ്മികമായി സൈനികസംഭരണം ചെയ്യുന്ന പാണ്ഡവരുമായി അവസാനശ്രമമെന്നനിലയിൽ ശാന്തിദൂതുമായി ദുര്യോധനൻ ഒത്തുതീർപ്പിലെത്താൻ ശ്രമിച്ചു എന്നതൊരു വസ്തുത. ജീവിയ്ക്കാനുള്ള പാണ്ഡവരുടെ ആവശ്യത്തിനു് കുരുവംശനിയമപരിരക്ഷ വേണമെങ്കിൽ, പാണ്ഡവകുടുംബം വടക്കുപടിഞ്ഞാറൻ ഹിമാലയചുരത്തിലേക്കു് കാവൽജോലിക്കായി സ്ഥിരതാമസം മാറ്റണം എന്നൊരുപാധി വച്ചു് യോഗംപിരിഞ്ഞു. ശ്രമം രഹസ്യമായല്ല. രാജസഭയിൽ പാണ്ഡവപ്രതിനിധിയുമായി. അന്തഃപുരത്തിലോ ഭൂഗർഭ അറയിലോ അല്ല. മൃഗമാംസപ്രിയനായ ചാർവാകൻ കുറച്ചുദിവസമായി പരിഭവത്തിലെന്നുവ്യക്തം. ഊട്ടുപുരയിൽ പതിവായി കിട്ടിക്കൊണ്ടിരുന്ന കാട്ടുപന്നിയിറച്ചിയിൽ നേരിയ കുറവു് വരുത്തേണ്ടിവന്നതിൽ ആ മഹാബ്രാഹ്മണന്റെ അതൃപ്തി ഞങ്ങൾ ഉൾക്കൊള്ളുന്നു. ഇനി മൃഗവർഗംനോക്കാതെ ഏതു മൃഗവും, തെരുവുപന്നികൂട്ടം ഇൾപ്പെടെ, ഊട്ടുപുരയിൽ വിളമ്പാൻ അത്യുന്നത തലത്തിൽ തീരുമാനമായി. വേറെ ചോദ്യങ്ങൾ ഒന്നുമില്ലെങ്കിൽ തൽക്കാലം വിട!” ഒരുമാസം മുമ്പുവരെ തക്ഷശിലയിൽ രാജ്യതന്ത്ര വിദ്യാർത്ഥിയായിരുന്ന യുവാവു്, ദുര്യോധനന്റെ ഇളയമകൻ, ഭരണകൂടവക്താവായി നിയമനം കിട്ടിയിട്ടു് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു.
“ഇങ്ങനെ മുറുകെപ്പിടിച്ചു ബലംപ്രയോഗിച്ചുവേണോ മെലിഞ്ഞുണങ്ങിയ അർജ്ജുനനെ ഒന്നു കുളിപ്പിച്ചെടുക്കാൻ?”, അരമനക്കുപിന്നിലെ ശുദ്ധജലാശയത്തിൽ അരങ്ങേറുന്ന വിസ്മയക്കാഴ്ചയിൽ മനംനൊന്ത കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“പാഞ്ചാലിയുമൊത്തവൻ ഇക്കാലവും നീന്തിക്കുളിച്ച ജലാശയം കുറച്ചുനാളായി അവനെ വല്ലാതെ ഭയപ്പെടുത്തുന്നു. പേടിമാറ്റാൻ ആഴങ്ങളിലേക്കു് ഞാനവനെയൊന്നുന്തിയിട്ടാൽമതി, “അരുതേ, നാഗരാജ്യത്തിൽ നിന്നെന്നെ വലിച്ചു കൊണ്ടുപോവാൻ ഉലൂപി അതാ വരുന്നു!”, എന്നവൻ പതർച്ചയോടെ ചുറ്റും നോക്കി വിലപിക്കും. “എന്നാൽ നീ കുളത്തിലിറങ്ങേണ്ട, ഈ കൽപ്പരപ്പിലിരുന്നാൽ, ഞാൻ കുടംനിറച്ചു ജലധാര ചെയ്യാ”മെന്നു ഞാൻ ഇണങ്ങിപ്പറയുമ്പോൾ, “എവിടെ എന്നോടൊപ്പം രാവിലെ കടലിൽ നീന്താൻ വന്ന ധീരസുഭദ്ര!” എന്നവൻ ചുറ്റും പ്രത്യാശയോടെ നോക്കുന്നു. “സ്വദേശമായ ദ്വാരകയിലേക്കവൾ തിരിച്ചുപോയിട്ടു് കാലമെത്രയായി അർജ്ജുനാ” എന്നു വേദനയോടെ ഞാനോർമ്മിപ്പിക്കുമ്പോൾ, “എന്നെ നീ അനാഥനാക്കിയോ പ്രിയസുഭദ്രാ!” എന്നവൻ ഏങ്ങലടിക്കുന്നു. നിസ്സംഗതയോടെ രംഗം നോക്കി, “ഇതു് പിടിച്ചാൽ പിടികിട്ടാത്ത വിഷാദരോഗത്തിന്റെ തുടക്കമെന്നു രംഗം വീക്ഷിച്ചു പാഞ്ചാലി കരുണയില്ലാതെ രോഗനിർണ്ണയം ചെയ്യുന്നു”. “നമുക്കു പിടിവിടും മുമ്പവനെ എത്രയും വേഗം കാട്ടിലേക്കയക്കാ”മെന്നവൾ പിറുപിറുക്കുമ്പോൾ, “ആദ്യം നിന്നെ ഞങ്ങൾ വനവാസത്തിനയക്കട്ടെ, ചെന്നായയും കരിമ്പൂച്ചയും തിന്നു നീ എല്ലിൻകൂടു് മാത്രമാവുമ്പോൾ അതു് കണ്ടിട്ടു് മതി ഇന്ദ്ര പുത്രനായ എന്റെ സ്വർഗ്ഗാരോഹണം”, എന്നർജ്ജുനൻ അവൾക്കുനേരെ ഇരുകൈകളും കൊണ്ടു് സാങ്കൽപ്പിക അസ്ത്രം പിടിച്ചു വെല്ലുവിളിക്കുന്നു”. അന്തഃപുര മട്ടുപ്പാവിന്റെ വെണ്ണക്കൽ തൂണിനുപിന്നിൽ മറഞ്ഞിരുന്നു, അഭിമന്യുപുത്രനായ പരീക്ഷിത്തു്, പാണ്ഡവകുടുംബത്തിലെ അന്തഃഛിദ്രങ്ങൾ നോക്കി ഭാവിയിലേക്കു് എന്തൊക്കെയോ കണക്കുകൂട്ടുന്നതു് കൊട്ടാരം ലേഖിക ചെരിഞ്ഞുനോട്ടത്തിലൂടെ കണ്ടപ്പോൾ കുളക്കടവിൽനിന്നും പിന്മാറി.
“ഭർത്താവു് ചൂതുകളിയിൽ തോറ്റാൽ ഭാര്യ എങ്ങനെ ജേതാവിന്റെ അടിമയാവും?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപവിവാദം കുതിരപ്പന്തികളിൽ കത്തിക്കയറുന്ന അശാന്തദിനങ്ങൾ.
“ചൂതാട്ടവുമായി എനിക്കു് എന്തായാലും ബന്ധമില്ല. സംഘടിത ലൈംഗികാക്രമണവും അവഹേളനവും ചൂതാട്ടസഭയിൽ എനിക്കുനേരെയുണ്ടായി എന്നതിലുമില്ല അശേഷം സംശയം. പ്രതിക്കൂട്ടിൽ നിൽക്കേണ്ടതു് കൗരവരാണോ പാണ്ഡവരാണോ, ഇരു കൂട്ടരും ചേർന്നതാണോ, എന്നതിപ്പോൾ വസ്ത്രാക്ഷേപത്തിന്റെ അപനിർമ്മാണത്തിൽ തർക്കവിഷയമാണെന്നറിയുന്നു. ഞാൻ ഇരുകൂട്ടരോടും പ്രതിഷേധിച്ചപ്പോൾ പ്രതിരോധത്തിലായ അക്രമികൾ നീതിപതിക്കുമേൽ ഭരണസ്വാധീനമുപയോഗിച്ചു എന്റെ പൗരാവകാശങ്ങൾ നീക്കംചെയ്തിരിക്കയാണു്. ഫലത്തിൽ ഞാൻ നിയമക്കണ്ണിൽ അടിമ. നൂറ്റാണ്ടുകളായി ഹസ്തിനപുരിയിൽ കാര്യക്ഷമമായ നീതിന്യായവ്യവസ്ഥ ഉണ്ടെന്ന ബോധ്യത്തിൽ എന്തായാലും കാത്തിരിക്കും. അതിനിടയിൽ പ്രശ്നമാവുക, മഹാറാണിസത്യവതിയുടെ കാലത്തു കൂട്ടിച്ചേർത്ത വകുപ്പനുസരിച്ചു, ഇരയുടെ പേരു പൊതുസമൂഹം ഒരിക്കലും അറിയരുതു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയാണു് ലൈംഗിക ഇര എന്നറിയില്ലെങ്കിൽ, പിന്നെ ഐതിഹാസികമാനമുള്ള നീതി ന്യായവിചാരണക്കെന്തു പൊതുതാൽപ്പര്യം? സത്യവതിയുടെയും ശന്തനുവിന്റെയും മകൻ വിചിത്രവീര്യരാജകുമാരന്റെ യുവവിധവകളായിരുന്ന അംബികയെയും അംബാലികയെയും, സത്യവതിയുടെ വിവാഹപൂർവ രഹസ്യപുത്രൻ വ്യാസൻ ബലാൽസംഗം ചെയ്തതിനെക്കുറിച്ചുള്ള ‘വിഴുപ്പു്’ ‘ഹസ്തിനപുരി പത്രിക’യിലൂടെ അങ്ങാടിപ്പാട്ടാവാതിരിക്കാൻ, സത്യവതിക്കുവേണ്ടി രാജഭരണം നിർവ്വഹിക്കുന്ന ഭീഷ്മർ കൗശലപൂർവ്വം കൊണ്ടുവന്ന നിയമഭേദഗതി, വ്യഥിതപാഞ്ചാലിയുടെ നീതിവഴിയിൽ തടസ്സമായി. മമതയോടെ എന്നോടെന്നും കൂടെനിന്ന ‘ഹസ്തിനപുരി പത്രിക’ക്കു് ഏതുവിധത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാൻ എന്നെ തുണക്കാനാവും?”
“നൂറുകൗരവരും വീറോടെ പൊരുതിനിന്നപ്പോൾ, നിങ്ങൾ വല്ലാതായെന്നു പോർക്കളത്തിൽ ശ്രുതികേട്ടല്ലോ” പാണ്ഡവ സേനാപതിയും, ദ്രൗപദിയുടെ സഹോദരനുമായ ധൃഷ്ടധ്യുമ്നനോടു് കൊട്ടാരം ലേഖിക, ഊട്ടു പുരയിൽ കണ്ടപ്പോൾ ചോദിച്ചു.
“മുഖ്യകൗരവരെ ഏതുവിധവും യുദ്ധത്തടവുകാരാക്കി, ഹസ്തിനപുരിയിൽ ധൃതരാഷ്ട്രരുമൊത്തു ഒത്തുതീർപ്പുചർച്ച തുടങ്ങാമല്ലോ എന്നൊരു യുധിഷ്ഠിരനിർദേശം വന്നു. ഏതറ്റംകൗരവ പാണ്ഡവവാക് പോരാട്ടം പോയാലും, ചോരവീഴുന്ന ജീവഹാനി ഒഴിവാക്കേണ്ടതല്ലേ എന്നായിരുന്നു, എന്റെ സഹോദരീഭർത്താവു കൂടിയായ ധർമ്മപുത്രരുടെ അഹിംസാത്മകനിലപാടു്. അല്ലെങ്കിൽ, വിശിഷ്ടാതിഥിയുടെ മടിക്കുത്തിൽ പിടിച്ചു ദുഷ്ടലാക്കോടെ വലിക്കുന്ന കൗരവരും, ഭാര്യയുടെ ശിരസ്സിൽ ശത്രുചോരതേച്ചു കേശപരിപാലനം ചെയ്യുന്ന പാണ്ഡവരും എന്തു് വ്യത്യാസം? ജാമ്യത്തടവിലാവുന്നതിലും ഭേദം, ജന്മംതന്നെ അവസാനിപ്പിക്കുന്നതാണെന്ന ബോധ്യത്തിൽ, കൗരവരിൽ അഭിമാനികളായ ചിലർ അന്യോന്യം ഇടനെഞ്ചിൽ കുത്തി മുറിവേൽപ്പിച്ചു, ഒന്നൊന്നായി മരിച്ചുവീഴുമ്പോൾ, നിങ്ങൾ കാണണമായിരുന്നു, തരംപോലെ കൈക്കുമ്പിൾ കൗരവചോര കോരി, പ്രണയഭീമൻ പാളയത്തിലുള്ള പാഞ്ചാലിയുടെ അടുത്തേക്കു് കുലുങ്ങിക്കുലുങ്ങി പായുന്നതു്! സഹോദരിയുടെ പരിഷ്കൃതരൂപത്തെക്കുറിച്ചു അഭിമാനമുള്ള ഞാനപ്പോൾ വല്ലാതാവില്ലേ!”. മുഖ്യശത്രു ദ്രോണരെ ഇനിയും കൊല്ലാൻ ആവാത്ത കുടിപ്പകയിൽ പാഞ്ചാലപുത്രൻ ‘കുരച്ചു’ചാടി.
“മറന്നുവെച്ച അസ്ത്രം തിരിച്ചെടുക്കാനെന്ന വ്യാജേന, അന്തഃപുരത്തിൽ അതിക്രമിച്ചുകയറി, നിങ്ങളുമൊത്തു യുധിഷ്ഠിരന്റെ രതിസ്വകാര്യതയെ തടസ്സപ്പെടുത്തിയ ‘അസൂയക്കാരനായ’ അർജുനനെ, നിങ്ങൾ വിരൽചൂണ്ടി ആട്ടിപ്പുറത്താക്കി എന്നു കേട്ടല്ലോ. അത്രസൂക്ഷ്മതയിൽ പെരുമാറ്റച്ചട്ടം പാലിക്കുമോ, ബഹുഭർത്തൃത്വത്തിന്റെ നിയമാവലി, അഥവാ പരസ്പരധാരണയിലൂന്നിയ നടപടിക്രമം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവരുടെ തൊഴുത്തിൽകുത്തിൽ ലൈംഗികപങ്കാളികളുടെ സാഹോദര്യം പരീക്ഷിക്കപ്പെടുന്ന അശാന്തദിനങ്ങൾ.
“ദിവ്യായുധം എന്റെ കട്ടിലിനടിയിൽ തന്നെ ഒളിപ്പിച്ചുവച്ചു ഇങ്ങനെയൊരു ‘നുഴഞ്ഞുകയറ്റ’ത്തിലൂടെ പ്രിയഅർജ്ജുനനെ നിർദ്ദയം നാടുകടത്താൻ കുറുക്കുവഴിയൊരുക്കിയതു് മറ്റുനാലുപാണ്ഡവരിൽ ആരെന്നുമാത്രം നിങ്ങൾ ഇനി കണ്ടെത്തിയാൽ മതി!”
സമകാലികചരിത്രം വായിച്ചും അരമനരഹസ്യങ്ങൾ കേട്ടും പരിചിതരായ കൗരവ–പാണ്ഡവ കഥാപാത്രങ്ങളെ നേരിൽ കാണാൻ തൊഴിൽസാഹചര്യമുണ്ടാവുമ്പോൾ, കേട്ടറിവിലൂന്നിയ സംശയങ്ങൾ നേരെചൊവ്വേ ചോദിക്കുന്നൊരു ജിജ്ഞാസാഭരിതയായ മഹാഭാരതസമകാലികയാണു് കൊട്ടാരം ലേഖിക. ‘ഹസ്തിനപുരി പത്രിക’യെന്നൊരു ചുവരെഴുത്തുപതിപ്പിലൂടെ ശാക്തിക ചേരികളുമായി ചെയ്ത അഭിമുഖങ്ങൾ, പ്രഭുക്കളും ഭൃത്യരും അന്തഃപുരവാസികളും സാക്ഷരതയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചു വായിച്ചറിഞ്ഞു. ദക്ഷിണാപഥത്തിൽ നിന്നും കൊണ്ടുവന്ന പനയോലകളിൽ നാരായം കൊണ്ടെഴുതിയ അഭിമുഖങ്ങൾ പിന്നീടു് ‘പത്രിക’ കാര്യാലയത്തിൽ കാലാതീതമായി സൂക്ഷിച്ചിട്ടുണ്ടാവണം എന്നു ഞാൻ സങ്കൽപ്പിക്കുന്നു. മനുഷ്യബുദ്ധിക്കു് വഴങ്ങിക്കൊടുക്കാത്ത ഈ വിചിത്രപ്രപഞ്ചത്തിൽ, വിസ്മയജനകമായ എന്തെല്ലാം സംഭവിക്കുന്നു എന്നൊക്കെ ചിന്താക്കുഴപ്പത്തോടെ അറിയുന്ന നാം, പക്ഷേ, കൊട്ടാരം ലേഖികയുടെ യുക്തിവഴിയിലുള്ള ചോദ്യങ്ങൾ അമർഷത്തോടെയും കണ്ടെന്നുവരും. യുക്തിക്കതീതമായി വ്യാസദർശനത്താൽ കാണുന്നതൊക്കെ കേവലം തെരുവോരമായാജാലപ്രകടനമായി മുദ്രകുത്തുന്ന കൊട്ടാരം ലേഖികയുടെ നിർദ്ദയ ചോദ്യങ്ങളിൽ പ്രകോപിതരാവാത്ത കൗരവ–പാണ്ഡവ കഥാപാത്രങ്ങളില്ല. വ്യാസഭാഷ്യത്തിലൂന്നിയ രചനാപരമായ സ്വാതന്ത്ര്യങ്ങളും സൗജന്യങ്ങളും കൊട്ടാരം ലേഖിക നിരാകരിക്കുന്നു. ഉപചാരപൂർണ്ണമായൊരു ഇടപെടലിലൂടെ, ശന്തനു മുതൽ പരീക്ഷിത്തു് വരെയുള്ള കഥാപാത്രങ്ങളുമായി ചെയ്ത അഭിമുഖങ്ങൾ കാലഗണനാപ്രകാരമല്ല (non-linear) പനയോലകളിൽ ഇടംപിടിച്ചിരിക്കുന്നതു്. എപ്പോഴെല്ലാം അഭിമുഖസാഹചര്യങ്ങൾ അനുകൂലമായി കൊട്ടാരം ലേഖികയ്ക്കു് വന്നുചേർന്നുവോ, മിന്നൽപിണർ പോലെ തോന്നിയ ഒരു ചോദ്യം—അതിനുള്ള ഉത്തരം അങ്ങനെയാണു് ഏറിയും കുറഞ്ഞും ഐറണിയിലൂന്നിയ ഈ രചന.
“കൗന്തേയരും മാദ്രേയരും ആയി ആദ്യം ഭിന്നിപ്പിക്കുന്നു, പിന്നീടു് കൗന്തേയരെ, പ്രായം നോക്കി പോരടിപ്പിക്കുന്നു, മാദ്രേയരിൽ നകുലനെ പരിഗണനയോടെ പരിചരിക്കുന്നു. ഇങ്ങനെ ബഹുഭർത്തൃത്വത്തിൽ നിങ്ങൾ വിഘടനവാദത്തിലൂടെ അഞ്ചുപേരെയും നാലുതട്ടിലാക്കി എന്നാണു് അറിയപ്പെടുന്ന ദ്രൗപദീനിരീക്ഷകനായ ചാർവാകൻ പറയുന്നതു്. എങ്ങനെ നേരിടും കുതിരപ്പന്തി സംവാദത്തിലെ ഈ അപഖ്യാതി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവകാലം.
“സംഘർഷഭരിതമായ കുടിയേറ്റക്കാലം, അഭിലാഷങ്ങൾ പൂവണിഞ്ഞ ഇന്ദ്രപ്രസ്ഥം കാലം, വ്യാഴവട്ടക്കാല ദുരിതമയമായ വനവാസം, അവഹേളനനിറഞ്ഞ അജ്ഞാതവാസക്കാലം എന്നീ സംഘർഷഭരിതമായ അവസ്ഥകളിലൂടെ ഞാൻ കടന്നുപോവുമ്പോഴും, അവരിലെ നിയമസാധുതയുള്ള പാണ്ഡവത്വം ഞാൻ അംഗീകരിക്കുകയും, ആ വിധം അർഹതപ്പെട്ട സ്വത്തവകാശങ്ങൾക്കായി ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ടു്. എന്നാൽ എന്റെ രതിപങ്കാളികൾ എന്നനിലയിൽ അവരെ കൗന്തേയരും മാദ്രേയരും ആക്കി. പ്രായപരിഗണനയിൽ വ്യത്യാസങ്ങളെ അറിഞ്ഞു. ചിലരെ വ്യക്തിപരമായി ഇഷ്ടപ്പെട്ടു. ചിലരെ സഹിച്ചു. അതിനിടയിൽ, ഇതിനെയെല്ലാം കൂട്ടിചേർത്ത നിലപാടുണ്ടു്—പാഞ്ചാലിയുടെ സ്വാർത്ഥത!”
“ശരിക്കും അവൾ പേറ്റുചൂടുപോവാത്ത ആ കൊച്ചുകുഞ്ഞിനെ പുഴവെള്ളത്തിൽ മുക്കിക്കൊന്നു?”, കൊട്ടാരം ലേഖിക ശന്തനുവിനോടു് ചോദിച്ചു. നവജാതശിശുമരണത്തിനും ഭാര്യ ഗംഗയുടെ രണ്ടാമത്തെ ഗർഭധാരണത്തിനുമിടയിലെ ദുഃഖാചരണ ഇടവേളയിലായിരുന്നു കിരീടാവകാശിക്കായി പാടുപെടുന്ന കുരുവംശ മഹാരാജാവു്.
“പെറ്റതള്ളയും വിശ്വപ്രകൃതിയും തമ്മിലുള്ള ഒരപൂർവ്വഇനത്തിലുള്ള ഉടമ്പടിയാണതെന്നു ഞാൻ ഊഹിച്ചെടുക്കുന്നു. ഈറ്റില്ലത്തിലെ വിശദാംശങ്ങൾ ഒന്നും നിങ്ങൾ പതിവു് അഭിമുഖങ്ങളിലെന്നപോലെ കുത്തിക്കുത്തി എന്നോടു് ചോദിക്കരുതേ. ഞാൻ ആകെ കുഴഞ്ഞുപോവും. ആകാശചാരിയാണവളെന്ന പൊതുസങ്കൽപ്പം അരമനയിൽ ശക്തമാണു്. കാരണം, ചുറ്റുമുള്ള പെൺസഹായികളെ വെട്ടിച്ചെങ്ങനെ കുഞ്ഞുമൊത്തു ഗംഗ പുഴയിലെത്തും? ശിരസ്സിനുപിന്നിൽ കൈകൾ ഇങ്ങനെ പിണച്ചു വിദൂരതയിലേക്കു് നോട്ടം പായിച്ചു വിഭാവന ചെയ്യുമ്പോഴൊക്കെ എനിക്കും നിങ്ങളെപ്പോലെ വിസ്മയം തോന്നി. പിന്നെ വിശാലമായി ചിന്തിച്ചപ്പോൾ മനസ്സിലായി ഈ കാണുന്ന പാരാവാരത്തിൽ, ദൈവമേ, വിസ്മയം തോന്നാത്ത എന്തുണ്ടു്? എന്റെ ഉള്ളിന്റെയുള്ളിൽ രക്തപ്രവാഹം പഴയപോലെ ഊർജ്വസ്വലമായിരിക്കുന്നു. അന്തഃപുരത്തിൽ പോകാൻ അനുവദിക്കൂ—ഗർഭധാരണത്തിനു് ദേവസുന്ദരിഗംഗയുടെ പൊന്നുടലിപ്പോൾ ജൈവികവും വൈകാരികവുമായ ബീജസംഭരണത്തിനു പൂർണ്ണമായും തയ്യാറെടുപ്പിലെന്നു രഹസ്യം വിവരം കിട്ടി.”
“ദുഷ്ടനെന്നു നാടൊട്ടുക്കു് ഖ്യാതിയുള്ള ദുര്യോധനൻ പോലും ചെയ്യാനറച്ച കുറ്റകൃത്യം കൗരവഭൃത്യനായ നിങ്ങൾ കൂസലില്ലാതെ ഏറ്റെടുത്തു! അങ്ങനെ സംശയിക്കുന്നതു് വേറെ ആരുമല്ല കൗരവർ! അടിയേറ്റു് മലർന്നുവീണ ആ കൗമാരഇരയുടെ നെഞ്ചിൽ വാൾ കുത്തിയിറക്കാൻ എന്തായിരുന്നു നിങ്ങൾക്കു് വേറെ പ്രചോദനം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. കുരുക്ഷേത്ര പതിമൂന്നാം ദിവസം.
“മറന്നുവോ നിങ്ങൾ? ഞാനുമൊരു കൗന്തേയനല്ലേ? പാണ്ഡവരെ കണ്ടാൽ അനിഷ്ടത്തോടെ മുഖംതിരിക്കുമെങ്കിലും, കൗന്തേയ ജനിതകധാര ഞങ്ങളിൽ ഒന്നല്ലേ? ഭീഷ്മർ സൈന്യം നയിച്ച ആദ്യ ദിവസങ്ങളിൽ, പാണ്ഡവ തലയൊന്നുപോലും ഉരുണ്ടില്ലെങ്കിലും, പോർക്കളത്തിലൊരു നിർജ്ജീവത വ്യക്തമായതല്ലേ? മൂന്നാംലിംഗപോരാളി ശിഖണ്ഡിയുടെ മുമ്പിൽ, നിരായുധനായ ഭീഷ്മരെ എളുപ്പം അർജ്ജുനൻ ശരശയ്യയിലേക്കു കൊണ്ടുപോയത്തോടെ, ഞാനും ആദ്യമായി പോർക്കളത്തിൽ ഇറങ്ങി. ദ്രോണർ സൈന്യം നയിച്ചു. അതൊരു ഭയാനക ആക്രമണനിര തന്നെയായി. പാണ്ഡവർ അടിയറവുവക്കാൻ കൗരവർ അത്രയൊന്നും പാടുപെടേണ്ട കാര്യമില്ല എന്ന ദ്രോണബോധ്യം ശക്തമായപ്പോൾ, എന്നിലെ ആ ‘കൗന്തേയരഹസ്യക്കാരൻ’ ഇടപെട്ടു് അഭിമന്യുവധം മഹാസംഭവമാക്കിയതോടെയല്ലേ പാണ്ഡവർ വാളും കുന്തവുമായി കൗരവർക്കു നേരെ കുതിച്ചതു് ?കൗരവരുടെ ആട്ടും തുപ്പുമേറ്റു് ജീവരഹിതമായ അഭിമന്യുഉടലിലായിരുന്നു വാൾ കുത്തിക്കയറിയതെങ്കിലും, ഭൗതികാവശിഷ്ടം ചക്രവ്യൂഹത്തിനു പുറത്തു ഒളിച്ചിരുന്ന ഭീരു പാണ്ഡവർക്കു് കൃത്യം എറിഞ്ഞു കൊടുത്തതാണോ സ്തോഭജനകമായി നിങ്ങൾ വിമർശിക്കുന്നതു്? അങ്ങനെ ഞാൻ എറിഞ്ഞുകൊടുത്തില്ലായിരുന്നെങ്കിൽ, ‘അഭിമന്യു അഭിമന്യു’ എന്നു് ഓരോ പാണ്ഡവസഖ്യസൈനികനും വിരൽകീറി ചോരതൊട്ടു, യുദ്ധപ്രതിജ്ഞ എടുക്കുമായിരുന്നുവോ? ഊട്ടുപുരയിലെ മൃഗമാംസലഭ്യതയെ കുറിച്ചും, പാളയത്തിൽ മദിരാക്ഷിസേവനം കിട്ടാത്തതിനെ കുറിച്ചും പരാതി പറഞ്ഞിരുന്ന പാണ്ഡവസഖ്യകക്ഷിമേധാവികൾ, നഖംകൂർത്ത വിരലുകളുമായി ഓടിനടന്നു കൗരവസൈനികരുടെ കണ്ണുകളിൽ കുത്താൻ ഓടിവന്നതു നിങ്ങൾ കാണുന്നില്ലേ? ദ്വാരകയിൽ പിറന്നുവളർന്ന അഭിമന്യു, ഹ്രസ്വകാലജീവിതത്തിൽ, പാണ്ഡവർക്കു് തന്നെ ഏറെക്കൂറെ അന്യനായിരുന്നെങ്കിലും, ദുർമരണത്തിലവൻ കൗന്തേയരെ കൂട്ടുകാരാക്കി. അഭിമന്യുമരണം ഓരോ യുദ്ധ കാലത്തും വിശ്വമാകെ ഓർക്കപ്പെടും എന്നുഞാൻ പ്രവചിക്കുന്നു. അതാണു് അഭിമന്യുജഡത്തിൽ കർണ്ണൻ നാമമാത്രമായി വാളിറക്കിയതിന്റെ കൗന്തേയത്വം!”
“നൂറ്റുവരെ ഒറ്റയ്ക്കു് കൈകൊണ്ടു് കാലപുരിയിലേക്കയച്ച നിങ്ങൾക്കെങ്ങനെ ഉന്നതാധികാരസമിതിയിൽ യുധിഷ്ഠിരൻ, ‘ക്ഷണിതാവു്’ എന്നൊരു നാമമാത്രപദവി മാത്രം തന്നു?”, കൊട്ടാരം ലേഖിക അനുതാപത്തോടെ ചോദിച്ചു. പാണ്ഡവ ഭരണകാലം.
“കുരുവംശഹത്യയിൽ, പ്രതിഫലത്തിന്റെ കാര്യം പറഞ്ഞാൽ, ജൈവികപിതാവായ വായുവിന്റെ സഹായത്താൽ ഞാൻ എന്റെ ജന്മനിയോഗം പൂർത്തിയാക്കി എന്നു് ഭാവിചരിത്രകാരന്മാർ അടയാളപ്പെടുത്തട്ടെ. പോർക്കളത്തിൽ ഞാനൊരു കൗരവഇരയെ കണ്ടാൽ ഉടൻ, പിതാവൊരു ഇളംകാറ്റായി വന്നെന്നോടു് പറയും “അതാ നിന്റെ കൈത്തരിപ്പുമാറ്റാനൊരു അർധസഹോദരൻ” എനിക്കു് ഇളംകാറ്റു്, പക്ഷേ, അതു് ഇരയറിയുക കൊടുങ്കാറ്റുപോലെ ആയിരിക്കും എന്നതാണു് അതിലെ പ്രകൃതിയുടെ പ്രത്യക്ഷ വിളയാട്ടം. എന്റെ വിരൽനഖങ്ങൾക്കുംവരും അപ്പോൾ കഴുകൻകൊക്കുവേഗം. അതോടെ ഇരയുടെ ഇടംനെഞ്ചു, പടച്ചട്ട വിടർന്നു പുറത്തുകാണുകയായി. അങ്ങനെ ആകാശചാരികളുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ നേടിയ എന്റെ പോരാട്ടനേട്ടങ്ങളോടു് തട്ടിനോക്കുമ്പോൾ, ധർമ്മിഷ്ഠ യുധിഷ്ഠിരന്റെ ‘ഉന്നതാധികാര’ സമിതിയിൽ എനിക്കെന്തു ‘ക്ഷണിതാവു് മോഹം.’!” ഊട്ടുപുരയിൽ ഭീമൻ എടുത്തുചാടിയൊരു കുഞ്ഞാടിനെ പിടിച്ചു കഴുത്തിൽ കടിച്ചു ചോര വായിലേക്കൊഴിച്ചു.
“കുരുവംശത്തിന്റെ അരമനവിരുന്നുകളിൽ ആതിഥേയയായി ആദരിക്കപ്പെട്ടിരുന്ന ദുര്യോധനവധു, യുദ്ധം കഴിഞ്ഞു വിധവയായപ്പോൾ, പൊടുന്നനെ ഭവനരഹിതയായി എന്നാണല്ലോ, പാവം, വിലാപം! വിവാദം കത്തിപ്പിടിച്ച കുതിരപ്പന്തിചർച്ചകളിൽ എങ്ങനെ ന്യായീകരിക്കും, നൂറോളം കൗരവരാജവിധവകളുടെ, പാണ്ഡവപ്രേരിത കുടിയൊഴിപ്പിക്കൽ?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു.
“കാലാകാലമായി ഹസ്തിനപുരിഭരണകൂടത്തിന്റെ പൊതുഉടമസ്ഥതയിലുള്ള അരമനവസതികളെല്ലാം, ദുര്യോധനന്റെ സ്വന്തം ഭവനങ്ങൾ എന്നിത്രയും കാലം സങ്കൽപ്പിച്ച ആ മഹതിയുടെ മോഹനസങ്കൽപ്പത്തിനു് ആനത്തലയോളം നമോവാകം!”
“പാണ്ഡവഭരണകൂടത്തിൽ അധികാരപങ്കാളിത്തം ഇല്ലാതെ, വിമതപ്രതികരണങ്ങളോടെ അകന്നുമാറി നടക്കുന്നതൊരു ശീലമാക്കിയ നിങ്ങളുടെ ഇരട്ടസഹോദരൻ സഹദേവൻ എന്തു് സന്ദേശമാണു് മറ്റുനാലു പാണ്ഡവർക്കു് കൊടുക്കുന്നതു്?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“മറ്റുള്ളവർക്കു് സന്ദേശം കൊടുക്കുന്നുണ്ടോ? എന്നാൽ സന്മനസ്സു നാം കൗരവവിധവകളുടെ പിന്തുടർച്ചക്കാർക്കു കൊടുക്കുന്നുണ്ടോ എന്നതല്ലേ നേരായനിരീക്ഷണം? ഭരണമാറ്റം ഇഷ്ടമില്ലാത്ത കുരുക്ഷേത്രവിധവകൾ തിരിച്ചു അവരവരുടെ നാടുകളിലേക്കു് പോകാൻ ഭീമൻ ആവശ്യപ്പെട്ടപ്പോൾ അവരിലൊരാൾ എന്ന നിലയിൽ ദുര്യോധനവിധവ മിതമായി പറഞ്ഞു ഈ നാടു് നിലനിൽക്കുന്നതു് അവരുടെ കുട്ടികൾക്കും കൂടിയാണു്. കൗരവ വംശഹത്യയോടെ കുരുവംശം കുറ്റിയറ്റു പോവുന്നില്ലെന്നതാണതിന്റെ സാരാംശം. അഭയാർഥികളായി കുന്തിയും അഞ്ചു പാണ്ഡവരുംകൂടി ഇവിടെ വന്ന കാലത്തു സന്മനസ്സിന്റെ മണൽത്തരി നിങ്ങളുടെ മുഖത്തുകണ്ടാൽ ഉത്സവം പോലെ ഉള്ളിൽ തോന്നിയിരുന്ന സന്തോഷം നാം കൗരവരുടെ അനാഥക്കുട്ടികൾക്കും പകരേണ്ടേ എന്നാണു് സഹദേവ വിലാപം. ഭരണകൂടവിരുദ്ധത മണക്കുന്ന ഇത്തരം ചിന്തയോടു് ധർമ്മപുത്രർ പല്ലുഞെരിച്ചു പ്രതികരിക്കുമ്പോൾ പാണ്ഡവർക്കിടയിലെ പുതിയൊരു വിള്ളൽകണ്ട പാഞ്ചാലിയുടെ പ്രതികരണം നിങ്ങൾക്കു് ഊഹിക്കാവുന്നതേ ഉള്ളു. തിരക്കുണ്ടു്. പ്രവചനം തൊഴിലാക്കിയ സഹദേവനു് ഊട്ടുപുരയിൽ നിലവിലുള്ള മൂന്നുനേരം പ്രവേശനം ഒന്നായി പരിമിതപ്പെടുത്തണോ എന്നും നോക്കും. മാദ്രിപുത്രൻ എന്ന മമത വേറെ, വിമതസഹദേവൻ വേറെ.”
“ദുര്യോധനവിധവയുടെ വംശീയകെണിയിൽ നിങ്ങൾ എളുപ്പംവീഴുകയായിരുന്നു എന്ന രാഷ്ട്രീയഭീതിയുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ ആദ്യനാളുകൾ, രാജ്യതന്ത്രത്തിന്റെ ബാലപാഠങ്ങൾക്കായി യുധിഷ്ഠിരൻ ശരശയ്യയിൽനിന്നും ഭീഷ്മബോധനം നേരിടുന്ന നേരം.
“പതിനെട്ടാംദിവസപോരാട്ടത്തിൽ തലമൂത്ത കുടിലകൗരവനെ പാണ്ഡവർ കൊല്ലാതെ വിട്ടതിനു ഞാൻ കൊടുത്ത വിലയായിരുന്നില്ലേ, അന്നുരാത്രിയുണ്ടായ പാഞ്ചാലവംശഹത്യ! എന്റെ അച്ഛനും രണ്ടു സഹോദരങ്ങളും, അഞ്ചുആൺമക്കളും. കുരുക്ഷേത്രപാളയത്തിൽ കിടന്നുറങ്ങുമ്പോൾ, ദുര്യോധനപ്രേരിതമായ പാതിരാമിന്നലാക്രമണത്തിൽ അശ്വത്ഥാമാവു് ചെയ്ത കൊലപാതകങ്ങളെക്കാൾ ഹൃദയഭേദകമാണോ, സ്വതന്ത്ര യുദ്ധനിർവ്വഹണ സമിതിയുടെ മേൽനോട്ടത്തിലുണ്ടായ പതിനെട്ടുനാൾ പോരാട്ടത്തിൽ, ഒരിക്കൽ എന്റെ ആരാധകരായിരുന്ന കൗരവർ ആരും ഇന്നു് ജീവിച്ചിരിപ്പില്ലെന്ന യുദ്ധയാഥാർഥ്യം!”
“അല്ല! പാലിനിപ്പോൾ ക്ഷാമമുണ്ടോ ഗംഗയാറൊഴുകുന്ന ഹരിതഭൂമിയിൽ? ഹസ്തിനപുരിയിൽ നിന്നു് ദൂരമത്രയും പാടുപെട്ടു പടയോട്ടംചെയ്തു വിരാടയിൽ വേണമായിരുന്നോ കറവപ്പശുക്കളെ മോഷ്ടിച്ചു് നാട്ടിലേക്കു് കടത്താൻ?”, വിജയകാഹളം മുഴക്കിവരുന്ന ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“അക്ഷരാർത്ഥത്തിൽതന്നെ എടുക്കുമോ യുദ്ധതന്ത്രത്തിലെ ആലങ്കാരികങ്ങൾ? ഈ സുസജ്ജ പടയോട്ടത്തിൽ പശു പടം മാത്രം! വനവാസംകഴിഞ്ഞു, ഇനിയൊരുവർഷം അജ്ഞാത വാസക്കാലത്തു പാണ്ഡവർ ഒളിച്ചുകഴിയുന്നതു വിരാടരാജധാനിയിൽ ആണെന്നറിഞ്ഞു കൊണ്ടേറ്റെടുത്ത മിന്നലാക്രമണമായിരുന്നില്ലേ പശുക്കടത്തൽ? പാണ്ഡവരിലൊരാളെങ്കിലും, വിരാട ഗോശാല രക്ഷിക്കാൻ ആയുധമെടുത്തു ഞങ്ങൾക്കു് നേരെ തിരിഞ്ഞാൽ?, കൗരവരും കർണ്ണനും ചേർന്നു് ആ ‘മൂഢപാണ്ഡവ’നെ തൽക്ഷണം ബന്ദിയാക്കി മുഷിഞ്ഞു വിലപേശി പല പുതു ഇളവുകളും, പുറത്തുപറയാനാവാത്ത മറ്റുചില കാര്യങ്ങളും പാണ്ഡവരിൽ നിന്നു് ചുളുവിൽ നേടിയെടുക്കാനായിരുന്നു പരീക്ഷണ പടയോട്ടത്തിന്റെ പ്രാഥമിക ഉന്നം. പക്ഷേ, വിരാടരാജകുമാരനുമൊത്തു യുദ്ധം ചെയ്യാൻ വന്നതു്, ഒറ്റനോട്ടത്തിൽ, ‘ആൺപെൺ രൂപ’മുള്ളൊരു യോദ്ധാവായിരുന്നു. എന്നാൽ, അമ്പെയ്യുന്ന സവിശേഷരീതികണ്ടപ്പോൾ ‘അർജ്ജുനൻ!’ എന്നു് കർണ്ണൻ സംശയിച്ചെങ്കിലും, പെൺവേഷമണിഞ്ഞു് ഒരുവർഷം ഒളിച്ചുജീവിക്കാൻ മാത്രം നമ്മളറിയുന്ന അർജ്ജുനൻ അത്രവേഗം മൂന്നാംലിംഗമാവാൻ സാധ്യമല്ലെന്നു പരിണതപ്രജ്ഞനായ പിതാമഹൻ വിധികൽപ്പിച്ചു. വിരാട യോദ്ധാവിന്റെ അർത്ഥശങ്കതോന്നിപ്പിക്കുന്ന ദ്വന്ദലിംഗപദവിയിലും, അവൻ (ൾ) ഞങ്ങളെ മുട്ടുകുത്തിച്ചു എന്നു് എളിമയോടെ ഞാൻ ഏറ്റുപറയട്ടെ. ആയുധംവച്ചു് വിരാടക്കു കീഴടങ്ങേണ്ടി വന്നു. എന്നാൽ, അതിലും ദൈവകല്പനപോലെ ‘മിന്നൽപിണർ’ ഇടപെടൽ ആകാശചാരികളിൽ നിന്നും ഞങ്ങൾക്കനുകൂലമായി സംഭവിച്ചു. വിരാടരാജാവു് വിജയലഹരിയിൽ പൊതുമാപ്പു് തന്നതോടെ ഞങ്ങൾ നയതന്ത്രവിജയത്തിൽ, ആഘോഷത്തോടെ വഴിയിൽ മോഷ്ടിച്ച നാലഞ്ചു ഗോക്കളുമായി ഹസ്തിനപുരിയിലേക്കു മടക്കയാത്ര!”