“താങ്കളുടെ ‘ഭാരിച്ച’ രചനയിൽ പറയുന്ന പലരെയും നേരിൽ കണ്ട ഒരാളെന്ന നിലയിൽ ചോദിക്കട്ടെ, നഗരജീവിതത്തിൽനിന്നകന്നു ആശ്രമംകെട്ടി മലഞ്ചെരുവിൽ ജീവിക്കുന്ന പരിത്യാഗിക്കെങ്ങനെ അറിയാം, ‘വിഴുപ്പു’വാർത്തകൾ?”, കൊട്ടാരം ലേഖിക വ്യാസനോടു് ചോദിച്ചു.
“ജന്മനാ ജനസമ്പർക്കം കുറവാണു, അന്തഃപുരജീവിതം അടുത്തറിയാൻ വയ്യ. വിചിത്രവീര്യവിധവകൾക്കു ബീജദാനം ചെയ്യാൻ സത്യവതി യാചിച്ചപ്പോൾ, യഥാർത്ഥത്തിൽ പോയതു് ഞാനായിരുന്നില്ല, ആൾമാറാട്ടക്കാരായിരുന്നു. ആളൊരു സ്വാധീനമുള്ള സവർണ്ണൻ ആയതുകൊണ്ടു് പേരുവിവരം പറയുന്നില്ല. പനയോലരേഖകൾ വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നു് ശിഷ്യന്മാർ സംഭരിച്ചതെല്ലാം, നേരിട്ടു് കണ്ടറിഞ്ഞ വിവരങ്ങൾ പോലെ, സമൃദ്ധമായി ഉപയോഗിച്ചു. വസ്തുതാപരമായ വിട്ടുവീഴ്ചകൾക്കു് വഴങ്ങി. ദക്ഷിണാപഥത്തിൽ നിന്നു് കഴുതച്ചുമടായി കൊണ്ടുവന്ന പനയോലയിൽ ആഖ്യാനം എഴുതി എന്നതാണു്, ആഘോഷിക്കേണ്ടതു്. മറിച്ചുള്ള കുപ്രചാരണത്തിനു വഴിമരുന്നിടുകയല്ല. തിരക്കുണ്ടു്. നിങ്ങൾ പൂർണ്ണമായി വായിക്കുമ്പോഴേക്കു് ഞങ്ങൾ പത്തുനൂറുപേർ മഹാഭാരതം നാടൊട്ടുക്കു് വിപുലീകരിച്ചു രചിക്കുകയാണു്. സ്വാഭാവികമായും കഥാപാത്രങ്ങൾ കൂടുതൽ കരുത്തു പ്രാപിക്കും, ഇതിഹാസതുല്യമായ ആഖ്യാനകല പൂർണതയിലേക്കു് നീങ്ങും. പ്രാദേശികവാമൊഴി ഉപയോഗിക്കുന്ന കാലംവരും. ആശ്വസിക്കൂ എനിക്കു് പകർപ്പകാവകാശമില്ല. ആർക്കും കയറി രചനയിൽ ഇടപെടാം. വ്യാസൻ എന്ന ഞാനെന്നൊരാൾ ‘ഭാവനാസൃഷ്ടി’യെന്നു് നാളെ ജനം പറയും. ചിലർ കാവുകെട്ടി കൈകൂപ്പും. കൂട്ടുകുടുംബസ്വത്തുതർക്കത്തെ ‘നെറ്റിപ്പട്ടവും വെഞ്ചാമരയു’മായി എഴുനെള്ളിക്കുന്നതു പരിഹാസ്യമാണെന്നു യുക്തിവാദി ചാർവാകൻ പറയുമ്പോൾ, ഏകാംഗ പ്രതിപക്ഷം വേണമല്ലോ, പൂത്തിരി കത്തിക്കാനും ചിലപ്പോൾ പുകക്കാനും!”
“പാണ്ഡവർ എന്റെ ഭർത്താക്കന്മാർ എന്നഭിമാനം തോന്നുന്ന നിമിഷം അല്ലെ!”, കൊട്ടാരം ലേഖിക പാഞ്ചാലിയെ വരിനിന്നു അനുമോദിച്ചു. രാജസൂയയാഗം ചെയ്തു ‘ചക്രവർത്തി’പദവി നേടിയെടുത്ത യുധിഷ്ഠിരനും മറ്റുനാലുപേരും, തിരുവസ്ത്രങ്ങൾ ധരിച്ചു വേദിയിൽ നിറഞ്ഞ ഇന്ദ്രപ്രസ്ഥം അരമന.
“ഇവരെ, ഈ അഞ്ചുപേരെയാണുഞാൻ വിവാഹം കഴിച്ചതെന്നാണോ നിങ്ങൾ ഇപ്പോഴും കരുതുന്നതു്! വാരണാവതം കൊട്ടാരം തീക്കത്തിച്ചു ആറംഗആദിവാസി കുടുംബത്തെ കൊലചെയ്ത കുന്തിയും “പറക്കമുറ്റാത്ത” അഞ്ചുകുട്ടികളും, ഭൂഗർഭഇടനാഴിയിലൂടെ രാത്രി പലായനം ചെയ്തെത്തിച്ചേർന്ന ഏകചക്രഗ്രാമത്തിൽ കൗരവചാരന്മാർ തിരിച്ചറിയാതിരിക്കാൻ താടിയും തലയും വളർത്തി, വ്യാജബ്രാഹ്മണ സ്വത്വത്തിൽ ഭിക്ഷാപാത്രവുമായി ഊരുതെണ്ടിജീവിച്ച അഗതികളായിരുന്നു ഭർത്താക്കന്മാർ ആയതും, മൊത്തം സ്വയംവരവിവാഹവ്യവസ്ഥയെ ഞാൻ അപലപിച്ചതും. പാഞ്ചാലരാജകുമാരിയായ എന്നെ വിവാഹം കഴിച്ച അർജ്ജുനനും നാലുപാണ്ഡവരും, പിടികിട്ടാപ്പുള്ളികളയായി കൗരവ ഭരണകൂടം എന്നോ പ്രഖ്യാപിച്ചിട്ടും ഹസ്തിനപുരിയിൽ എത്തിയപ്പോൾ തടവിൽകിടക്കാതെ ധൃതരാഷ്ട്രരുടെ അതിഥിമന്ദിരത്തിൽ ഇടക്കാലസുഖവാസം ചെയ്തതു്, ദുര്യോധനൻ, പാഞ്ചാലരാജാവിനെ പിണക്കരുതു് എന്ന കരുതൽനടപടിയിൽ എത്തിയതുകൊണ്ടല്ലേ. ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായി വന്നശേഷം, തിരിച്ചുകടിക്കാത്ത എന്തും വേട്ടയാടി തിന്നുന്ന മൃഗമാംസാഭിമുഖ്യം പാണ്ഡവർക്കു് ഗുണം ചെയ്തു. പഴം മാത്രം കഴിച്ചു ഞാൻ തടിക്കാതെ നോക്കിയപ്പോൾ, പാണ്ഡവർ കൊഴുത്തുമിനുങ്ങി. അപ്പോൾ ‘ദേവസന്തതികൾ’ എന്നു് നിങ്ങൾക്കു മായക്കാഴ്ച! പ്രത്യുൽപ്പാദനത്തിനു അവരെ ഊഴമനുസരിച്ചു രതികർമ്മനിയോഗത്തിൽ കൈപിടിച്ചു് എത്തിക്കാൻ സമയമായ എനിക്കേ അറിയൂ അതിന്റെ പ്രായോഗികപ്രശ്നങ്ങൾ!”
“യുധിഷ്ഠിരൻ, വ്യക്തിപരമായി പ്രത്യേകം അനുകൂലിച്ച മുൻഗണനാ പദ്ധതിയായിട്ടും കുരുക്ഷേത്രവിധവാ പുനരധിവാസത്തെ നിങ്ങൾ പിന്തുണക്കില്ലെന്നു വച്ചാൽ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. ദുര്യോധനവിധവയുടെ നേതൃത്വത്തിൽ, കോട്ടവാതിലിനു മുമ്പിൽ കൗരവരാജസ്ത്രീകൾ സമരമുഖം തുറന്നു നിരാഹാരം തുടങ്ങിയ പ്രഭാതം.
“ഈ കുഴപ്പം പിടിച്ച പദ്ധതി ഞാൻ നേരിട്ടു് ഇഴകീറി പരിഗണിക്കും മുമ്പു് തന്നെ അതിലെ മലീമസമായ ആണധികാര രാഷ്ട്രീയപരിസരം പാണ്ഡവരുടെ ഉറക്കപ്പേച്ചിൽ മണത്തറിഞ്ഞു. പദ്ധതിനടപ്പിനു് യുധിഷ്ഠിരൻ നിരുപാധികപിന്തുണ തരുന്നതു് മഹാരാജാപദവിക്കു് ആശാസ്യമല്ല. മറിച്ചു, ആശാസ്യമായ കാര്യം, ഞാൻ രാജസഭയിൽ അവതരിപ്പിക്കുന്ന ഭേദഗതി നിർദേശം, തർക്കമില്ലാതെ പാണ്ഡവ ഭരണകൂടതീരുമാനമായി ഉടൻ നടപ്പിലാക്കാൻ യുധിഷ്ഠിര കാര്യാലയം ഉത്സാഹിക്കുകയാണു്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഹസ്തിനപുരി മഹാറാണിയുടെ സവിശേഷ അധികാരയിടങ്ങളിൽ വന്നു പഞ്ചപാണ്ഡവരിൽ ഒരാൾ മാത്രമായ യുധിഷ്ഠിരൻ ഊഴം തെറ്റിച്ചു നിരങ്ങേണ്ട കാര്യമില്ല, നിലവിൽ മഹാരാജാപദവി കൈവശമുണ്ടെങ്കിലും നാളെ മറ്റുനാലുപാണ്ഡവരിൽ ആർക്കു മഹാരാജാപദവി കിട്ടുകയാണെങ്കിലും മഹാറാണി പദവി എനിക്കുതന്നെയായിരിക്കും.”
“നിങ്ങളെ ദുര്യോധനവിധവ ‘പിച്ചിച്ചീന്തി’ എന്നുകേട്ടല്ലോ. വംശഹത്യയെ പാഞ്ചാലിയുടെ അരഞ്ഞാണത്തിൽകൊളുത്തി അനാവശ്യ ലൈംഗികമാനങ്ങൾ ചേർത്തതാണു് പ്രശ്നമെന്നു തോന്നുന്നുണ്ടോ?” കുരുവംശ കുടുംബയോഗം കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“യുധിഷ്ഠിരനെ പോലെ ഉള്ളിൽ ഒന്നു, എന്നാൽ നാവിൽ വേറൊന്നു എന്ന പെരുമാറ്റകാപട്യമൊന്നും, ഉച്ചരിക്കുന്ന വാക്കുകളിൽ ഞാൻ പുരട്ടിയില്ല എന്നുനിങ്ങൾക്കറിയാം. അർജ്ജുനനെ പോലെ വർണ്ണശബളമായ ആശംസാപദാവലി, നിരക്ഷരനായ എനിക്കറിയില്ലല്ലോ. എന്നാൽ ഉള്ള കാര്യം നെറികേടില്ലാതെ ഞാനാരോടും പറഞ്ഞു. കാട്ടുപ്രകൃതികളായി കൗമാരകാലത്തു കോട്ടവാതിലിൽ മുട്ടി, കുന്തിയും കുട്ടികളും അഭയം തേടിയപ്പോൾ, ഗാന്ധാരിയുടെ നൂറോളം മക്കൾ ഇരുകൈകളും നീട്ടി ഞങ്ങളഞ്ചുപേർക്കു സ്വാഗതം പറഞ്ഞ വൈകാരികപരിസരമുള്ള ബാല്യസ്മരണ കൗരവരാജവധുക്കളുമായി പങ്കുവച്ചു. നാഗരികപെരുമാറ്റച്ചട്ടം അക്കാലത്തു കൗരവക്കുട്ടികളെ കണ്ടാണു് ഞങ്ങൾ പഠിച്ചതു്. കാണാൻ സുന്ദരന്മാരായിരുന്നിട്ടും, രതിപ്രലോഭനങ്ങളെ ചെറുത്തു ഏകപത്നീവ്രതക്കാരായി അവർ ജീവിച്ചു. വിവാഹത്തിലും പുറത്തും, ‘ആൺപെൺവേട്ട’ക്കാർ നായാടി നടക്കുന്ന, ഈ നാശംപിടിച്ച ലോകത്തിൽ, തങ്കലിപികളിൽ വേണ്ടേ കൗരവദാമ്പത്യത്തെ പൊതുസമൂഹം അടയാളപ്പെടുത്തേണ്ടതു്? എന്നു് ഞാൻ നെഞ്ചിൽകൈവച്ചു നിലവിട്ടു് പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി. സ്വതവേയുള്ള എന്റെ ലജ്ജാശീലം കൗരവ രാജകുമാരികൾക്കിഷ്ടപ്പെട്ടു എന്നു വേണം മനസ്സിലാക്കാൻ. തിരക്കുണ്ടു്. പഞ്ചലോഹത്തിൽ പണിത ദുര്യോധനപ്രതിമയുടെ നിർമ്മിതി അന്ത്യഘട്ടത്തിലാണു്. ശിൽപ്പിയെ ആദരിച്ചു വേണമല്ലോ അടുത്ത ഘട്ടം!”, സ്വയം ഓടിക്കുന്ന രഥത്തിൽ ഭീമൻ അതിവേഗം കയറി കുതിരകൾക്കു ആജ്ഞകൊടുക്കുന്നതു കൊട്ടാരം ലേഖിക കൗതുകത്തോടെ നോക്കി.
“അമ്മ നിങ്ങൾക്കൊപ്പം വന്നില്ലേ”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ പാണ്ഡവർ കുടിയേറ്റക്കാരായി പോയ കാലം.
“എങ്ങനെ വരും അഭിമാനിയായ ആ സ്ത്രീ! പാഞ്ചാലീസ്വയംവരം കഴിഞ്ഞു ഞങ്ങൾ നവവധുവുമൊത്തു ഹസ്തിനപുരിയിൽ കഴിയുന്ന ഇടവേള, അതിഥിമന്ദിരത്തിന്റെ പുൽത്തകിടിയിൽ വർത്തമാനം പറഞ്ഞിരിക്കുകയാണു് ഞങ്ങൾ. പെട്ടെന്നു് പാഞ്ചാലി, “ആരാ നിങ്ങളുടെ അച്ഛൻ?” എന്നു് വിരൽ ചൂണ്ടി പൊട്ടിച്ചിരിച്ചു ചോദിച്ചു. ധിക്കാരം നിറഞ്ഞ ഓരോ ചോദ്യവും വിവാഹബാഹ്യരതിയെ അവഹേളിക്കുന്നപോലെ കുന്തിയുടെ മകൻ അല്ലാത്ത എനിക്കും സഹദേവനും തോന്നി. സുന്ദരിയായ ഒരു രാജകുമാരിയുമായി സംഭവിച്ച ആകസ്മിക നവദാമ്പത്യത്തിന്റെ മാസ്മരികതയിൽ ഒന്നും ഞങ്ങൾ അഞ്ചുപേരും മിണ്ടിയില്ല. കാലൻ, വായു, ഇന്ദ്രൻ, അശ്വനിദേവതകൾ, കുത്തിക്കുത്തിയുള്ള അവളുടെ ഓരോ ചോദ്യത്തിനു കുന്തിയിൽ നിന്നും കിട്ടിയ നേരെചൊവ്വേ ഉത്തരത്തിലും, പാഞ്ചാലി മെയ് കുലുക്കി, കൈകൾ വിടർത്തി, ആർത്തുല്ലസിച്ചു. അന്നു് പാഞ്ചാലിക്കു മുമ്പിൽ തലതാഴ്ത്തിയതാണു് കുന്തി!”
“കൗരവഅടിമ! ഭർത്താക്കന്മാർ ചൂതുകളിച്ചു തോറ്റാൽ ഭാര്യയുടെ പൗരാവകാശം നിങ്ങൾ പിൻവലിക്കുമോ? മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി എങ്ങനെ സാമന്തഹസ്തിനപുരിയുടെ നിയമപരിധിയിൽ വരും?! പരുക്കൻ നീതിനിഷേധമല്ലേ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനായി പടിവിട്ടിറങ്ങിയ ശേഷം ഇന്ദ്രപ്രസ്ഥത്തിൽ പോയി കൊട്ടാരം കൊള്ളയടിക്കാൻ കൗരവർ രഹസ്യമായി സംഘടിക്കുന്ന നേരം.
“യഥാർത്ഥവസ്തുത നിങ്ങൾ അവഗണിക്കുന്നു. ഭർത്താക്കന്മാർ ചൂതുകളിക്കുമ്പോൾ, “ഞാൻ കൗരവരാജസ്ത്രീകൾക്കു ആർത്തവശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണം ചെയ്യട്ടെ” എന്നു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പറഞ്ഞപ്പോൾ, ഞാൻ മറയില്ലാതെ സ്വാഗതം ചെയ്തതല്ലേ? പരിഷ്കൃത ശുചിത്വരീതി കൗരവവധുക്കൾക്കില്ല എന്നതു് അവർക്കിടയിൽതന്നെ അറിവുള്ളതുമാണു്. അന്തഃപുരത്തിൽ പ്രവേശനം നേടിയ പാഞ്ചാലി പിന്നെ ചെയ്തതെന്തായിരുന്നു! കുരുവംശകിരീടത്തിൽ സ്ത്രീക്കും പുരുഷനും തുല്യഅവകാശം വേണമെന്നു കൗരവരാജവധുക്കൾ പരസ്യമായി ലിംഗസമത്വപ്രതിജ്ഞ എടുക്കണം എന്നവൾ ആ സാധുസ്ത്രീകളെ പിരികേറ്റി. കുരുവംശഭരണത്തിൽ കൈകടത്തുക: ചാർവാകൻ തെരുവിൽ പറയുന്നതു് പാഞ്ചാലി കൊട്ടാരത്തിൽ പയറ്റുക. വിരുന്നുകാരിയായി വന്ന പാഞ്ചാലി വിഘടനവാദിയാവുന്നതു് കണ്ടപ്പോൾ കിരീടാവകാശിയായ എന്റെ നീലരക്തം തിളച്ചു. ചൂതാട്ടസഭ പാഞ്ചാലിയുടെ പൗരാവകാശം മരവിപ്പിച്ചിരുന്നു. പോരാ എന്നെനിക്കു ന്യായമായും തോന്നി. മാതൃകാപരമായി ശിക്ഷിക്കണം.അങ്ങനെ കൗരവഅടിമ എന്നു് പ്രഖ്യാപിച്ചു. രാജസഭ പിന്നീടതു് അംഗീകരിച്ചു. ഇതിലെന്താണു് പൊള്ളാൻ?, നിങ്ങൾ പാഞ്ചാലിയുടെ രാജദ്രോഹത്തിൽ കൂട്ടുപ്രതിയാണോ?”
“എന്തു്, നിങ്ങൾ, നിങ്ങളായിരുന്നോ ആ ‘ഏഴുകുഞ്ഞുങ്ങ’ളുടെ ആരാച്ചാർ?, ഹസ്തിനപുരിയുടെ ഭാവികിരീടാവകാശികൾ ആയിരുന്നില്ലേ അവർ!”, അന്നുകണ്ടുമുട്ടിയ വൃദ്ധസ്ത്രീയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ശന്തനുഭാര്യയായിരുന്നിട്ടും, മഹാറാണിപദവിയുടെ ചിട്ടവട്ടങ്ങൾ ഗംഗ സ്വീകരിച്ചിരുന്നില്ല. വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ഞാൻ മുറുമുറുപ്പില്ലാതെ ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാതശിശുവിന്റെയും ജഡം, അഥവാ ഭൗതികശരീരം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം ഗംഗാനദിയിലെ മുക്കുവർ ഇതുവരെ പങ്കിട്ടില്ലെന്നതു്? കോടിത്തുണിയിൽ മുഖംമൂടി, നവജാതശിശുവുമായി പ്രസവമുറിയിൽ നിന്നു് മഹാറാണി ഗംഗാദേവി എന്നെ പുഴയിലേക്കു് ഒറ്റയ്ക്കു് പറഞ്ഞുവിടും, ഗംഗയിൽ ചെയ്ത ‘പാപം’, അതിൽത്തന്നെ മുങ്ങിനിവർന്നു, ഈറനുടുത്തു ഞാൻ ശന്തനുവിന്റെ അരമനയിലേക്കു മടങ്ങിവരും. ‘വിവരം’ പറയാൻ അന്തഃപുരത്തിൽ കയറുമ്പോൾ, രാജാവിന്റെ അടക്കിപ്പിടിച്ച നിലവിളി കേൾക്കും, “ഞാൻ കാണുംമുമ്പുതന്നെ എന്തു് ആ കുഞ്ഞിനെ ചെയ്തു നീ ഗംഗാ, നമുക്കു് പിറന്ന പാവം കുഞ്ഞിനെ?”, വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞുവീണു മരിക്കുമെന്നു് നിങ്ങൾ ഭയന്നെങ്കിൽ തെറ്റി—തിരക്കുപിടിച്ചൊരു ‘ശാരീരികത’ക്കായി ആ ദൈന്യതയിലും ഗംഗയെയും കൂട്ടി വട്ടംകൂട്ടുകയാണു് വൃദ്ധശന്തനു മഹാരാജാവു്. ഗംഗയുടെ എട്ടാമത്തെ ശിശുഹത്യാശ്രമം കയ്യോടെപിടികൂടിയ ശന്തനു അവളുമായി എന്നെന്നേക്കുമായി തെറ്റിപ്പിരിഞ്ഞപ്പോൾ, അരമനചരിത്രകാരന്മാർ പുതിയൊരാഖ്യാനനിർമ്മിതിയിൽ എന്നെ ‘ആരാച്ചാർ’ പരാമർശത്തിൽ നിന്നൊഴിവാക്കി, ഗംഗയെ ഏഴുകുട്ടികളുടെയും കൊലയാളിയാക്കി, ശിശുഹത്യ അതിജീവിച്ച എട്ടാമനാണിപ്പോൾ സൈനികവേഷം ധരിച്ചു മഹാരാജാവു് ധൃതരാഷ്ട്രരുടെ അരികെ സിംഹാസനത്തിൽ ഇരിക്കുന്ന പാണ്ഡവസ്നേഹി പിതാമഹൻ!” കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ പിടിയിലായിരുന്ന രാജതോഴി ഭൂതകാലക്കുളിരിൽ രസിച്ചുകൊണ്ടിരുന്നു.
“കണ്ടാലൊരു ദൈവമാതാവു്! കേട്ടിടത്തോളം, ശിശുഹത്യ ആസ്വദിക്കുന്ന രാക്ഷസി, കുരുവംശരാജാവു് ശന്തനുവിനെ ഇങ്ങനെ സന്താപത്തിലാക്കുവാൻ എന്തു് ‘മുൻജന്മപാപ’മാണു് ആ മനുഷ്യൻ ചെയ്തതു്”, കൊട്ടാരം ലേഖിക ഗംഗാദേവിയുടെ കൈമുത്തി. എട്ടാം പ്രസവത്തിനവൾ തയ്യാറെടുക്കുന്ന ദിനങ്ങൾ.
“ഏഴു ശിശുഹത്യകൾക്കു നേരിട്ടു് മേൽനോട്ടം നൽകി. പകരക്കാരെ ഏൽപ്പിക്കാൻ പറ്റുന്നതായിരുന്നില്ല ‘അമ്മേ’ നിലവിളിക്കുന്ന കുഞ്ഞുങ്ങൾ. രാക്ഷസിയോളമില്ലെങ്കിലും മനുഷ്യസ്ത്രീയുടെ ഹൃദയകാഠിന്യം എനിക്കനുവദിച്ച പ്രകൃതിക്കു നന്ദി. പരസഹായമില്ലാതെ പരമരഹസ്യമായി പാതകം നിർവ്വഹിച്ചു നീരൊഴുക്കിൽ കുളിച്ചു ഈറൻ ധരിച്ചു അന്തഃപുരത്തിലെത്തുമ്പോൾ ‘നീയെത്ര സുന്ദരി’ എന്നു് പറഞ്ഞു ശന്തനു ആനന്ദരതിക്കായി ഉടൽ തുറന്നിടും. ഓരോ ഗർഭവും കബളിപ്പിക്കുന്നപോലെ തോന്നിയപ്പോൾ പ്രകൃതിയെ ഞാൻ സമീപിച്ചു. എത്രയും വേഗം ഗർഭഛിദ്രം ചെയ്യാൻ ആജ്ഞയുണ്ടായെങ്കിലും, സാഹചര്യം എനിക്കെതിരെ ഗൂഡാലോചന ചെയ്യുന്നതായി തോന്നി. പിന്നെ ഒന്നേ വഴിയായി കണ്ടുള്ളു. പേറ്റുചൂടാറും മുമ്പു് കുഞ്ഞിനെ നദിയിൽ കമഴ്ത്തിക്കിടത്തി ഒഴുക്കുക. ദൗത്യം, മുറതെറ്റാതെ ചെയ്തുവരുന്നു. എട്ടും ഒഴുകിപ്പോയാൽ ഞാൻ വിവാഹമോചനം നേടും. ആർക്കു കഴിയും വൃദ്ധശന്തനുവിനെ രോഗക്കിടക്കയിൽ പരിചരിക്കാൻ!!”
“വിജയപ്രതീക്ഷയോടെ കൗരവപക്ഷത്തു്, യുധിഷ്ഠിരൻ നയിക്കുന്ന പാണ്ഡവസൈന്യത്തോടു പോരാടി, ജീവനോടെ ഹസ്തിനപുരി കൊട്ടാരത്തിൽതിരിച്ചെത്തി, തുറുങ്കിൽ പോവാതെ ആചാര്യപദവി നേടിയെടുത്ത മിടുക്കനല്ലേ നിങ്ങൾ!, പുതിയ മഹാരാജാവു് യുധിഷ്ഠിരൻ ആളെങ്ങനെ?”, കൃപാചാര്യനെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
“സിംഹാസനത്തിൽ നിവർന്നിരുന്നാൽ ചുവരിലെ രഹസ്യ ജാലകം വഴി ഗോപുരവാതിൽ വരെ വിസ്തൃത കൊട്ടാരഭൂമിക നിഷ്പ്രയാസം കാണാവുന്നതേയുള്ളൂ, എന്നാൽ ഒളിക്കാഴ്ച വേണം. ഇടതുചുവരിൽ നകുലൻ ഒഴികെ വേറെ ആരും അറിയാതെ മയൻ നിർമിത രഹസ്യനോട്ടവഴിയുണ്ടാക്കി. രാജസഭയിൽ ഞങ്ങൾ യുദ്ധവറുതിയുടെ ദുരിതജീവിതപ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ, ഒളിനോട്ടസുഷിരത്തിലൂടെ സൂക്ഷ്മലോക കാഴ്ച്ചകളുമായി രസിച്ചു ജീവിച്ചു യുദ്ധാനന്തര സമാധാനകാല ജീവിതം മുന്നേറുന്നു”, പെട്ടെന്നു് ചുറ്റും നോക്കി ചാരന്മാരെ ഭയന്നു്, മേലാകെ അമ്പു് കൊണ്ടു് വിണ്ടു കീറിയ കൈകൾ മാറിൽപിണച്ചു കെട്ടി നാമജപം തുടങ്ങി.
“കുതിരപ്പന്തിയിൽ പറഞ്ഞു കേട്ടിരുന്നത്ര കുടിലമനസ്സുകളാണോ ശരിക്കും ഈ കൗരവർ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നെത്തിയ നവവധൂവരന്മാർക്കനുവദിച്ച അരമന അതിഥിമന്ദിരത്തിലെ സ്വീകരണമുറി.
“മൃഗയാവിനോദങ്ങൾ എന്ന ചെല്ലപ്പേരിട്ടവർ ഹസ്തിനപുരി പെണ്ണുടലുകളെ കൗമാരം മുതൽ വേട്ടയാടിയിരുന്നതായി ഭീമൻ യാത്രക്കിടെ തന്ന മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാൻ, എന്തോ, അന്തഃരംഗം മടിച്ചു. സുഖമല്ലേ എന്നൊരു ഇളമുറ കൗരവയുവാവു് നിഷ്കളങ്കമായി തോന്നുന്നവിധം പൂക്കൾ തന്നു ഉടലിൽ മുട്ടിയുരുമ്മി ചോദിക്കുമെന്നും, അപ്പോൾ വേട്ടക്കണ്ണു നീയറിയാതെ തറക്കുക മാറിലായിരിക്കുമെന്നും അർജ്ജുനൻ നേരത്തേ താക്കീതു നൽകി. ദേവസന്തതികളായ നിങ്ങൾക്കുമുണ്ടാവില്ലേ അതുപോലെ സ്ത്രീവിരുദ്ധവേട്ടയനുഭവങ്ങൾ എന്നു് തിരിച്ചു ഞാനവരോടു് ചോദിച്ചപ്പോൾ, യുധിഷ്ഠിരൻ ധാർമ്മികരോഷത്താൽ തുള്ളുന്നുണ്ടായിരുന്നു. അതെന്നെ നേരിയതോതിൽ ചൊടിപ്പിച്ചു. “കാമാതുര കൗരവക്കണ്ണുകൾ വീഴാതിരിക്കാൻ പ്രകൃതി തന്ന ഈ മാറിടം പറിച്ചെറിയണോ എന്നുതിരിച്ചു ഞാൻ ചോദിച്ചപ്പോൾ, വില്ലും ഗദയും വാരിയെടുത്തവരഞ്ചുപേരും സംരക്ഷിതാവനത്തിലേക്കു യാത്രയായി.” അഭിമുഖം കഴിഞ്ഞു കൊട്ടാരം ലേഖിക പുറത്തുകടക്കുമ്പോൾ, പരിമളവാഹികളായ പൂച്ചെണ്ടുകളുമായി, പ്രണയം നിറഞ്ഞ മിഴികളോടെ, നാലഞ്ചു ഇളമുറ കൗരവർ അതാ, പാഞ്ചാലിയെ കാത്തു സ്വീകരണമുറിയിൽ!”
“ഇനിയും കൗരവചോര ഭീമൻ കൊണ്ടുവന്നില്ലേ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു പാണ്ഡവപാളയത്തിൽ, അഴിഞ്ഞുവീണ മുടിയുമായി പാഞ്ചാലി.
“ഭീമനെവിടെയോ മനോവീര്യം നഷ്ടപ്പെട്ടു എന്നാണു നകുലൻ പറഞ്ഞറിഞ്ഞതു്. അന്വേഷിച്ചപ്പോൾ ഒരുകാര്യം വ്യക്തമായി. കൗരവനെ കീഴ്പ്പെടുത്തി ഓരോ തവണ നഖങ്ങൾ കരളിൽ താഴ്ത്തുമ്പോഴും, പിന്നിൽ നിന്നൊരു ‘തിരുത്തൽ ശബ്ദ’മുയരും, “ബലം പ്രയോഗിച്ചു കൗരവകരൾ നീ പറിച്ചെടുത്താൽ, സ്ത്രീനീതി പാലിച്ചുകിട്ടില്ല കുഞ്ഞേ!” എന്നു് യുധിഷ്ഠിരൻ ഭീമശിരസ്സിലുഴിഞ്ഞു ഓർമ്മിപ്പിക്കും. “നീയിപ്പോൾ നഖം താഴ്ത്തുന്നതു് പെൺനീതിനിർവ്വഹണമല്ല, വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രതികാരനടപടിയാകുന്നു. കൗരവർ പാഞ്ചാലിയോടു് ചെയ്തതെന്നു ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമത്തിനവൾ നീതിപതിയുടെ മുമ്പിൽ പരാതികൊടുക്കുന്നതോടെ തുടങ്ങുന്ന വ്യവസ്ഥാപിത നടപടിക്രമമുണ്ടു് പരിഷ്കൃത ഹസ്തിനപുരിയിൽ. അതു് മറികടന്നു കൗരവകുടൽ കീറി ചുടുചോര കൈക്കുമ്പിളിൽ വീഴ്ത്തി പ്രിയതമയുടെ കേശപരിലാളനത്തിനു നൽകാനുള്ള ഉദ്യമം നിന്നെപ്പോലെ വികാരജീവിക്കു ചേർന്നതെങ്കിലും ധാർമ്മികമല്ല പ്രിയഭീമാ. വാൾ വീശിയും ഗദചുഴറ്റിയും അമ്പെയ്തും പ്രതിയോഗിയെ കാലപുരിയിലേക്കയക്കുന്ന തൊഴിൽമികവാണിവിടെ നീ പ്രകടിപ്പിക്കേണ്ടതു്” എന്നു പറഞ്ഞു അവനെ യുധിഷ്ഠിരൻ പിന്തിരിപ്പിച്ചാൽ പാവം ഭീമൻ പിന്നെന്തുചെയ്യും!”
“കൗരവതലയോരോന്നുമുരുട്ടിയതപ്പപ്പോൾ എണ്ണി, വസ്ത്രാക്ഷേപത്തിന്റെ കണക്കു, മുതലും പലിശയും ചേർത്തു്, കൊടുത്തുതീർത്തതല്ലേ? പാണ്ഡവർ അധികാരത്തിൽ കയറി, ഇനി ആർക്കെന്തു പരാതികൊടുത്താലാണു് നിങ്ങൾക്കു് പ്രയോജനം?”, കൊട്ടാരം ലേഖിക നിയുക്തമഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
“പീഡകൻ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞിട്ടുവേണോ ലൈംഗികഇര നീതിതേടാൻ? പെണ്ണുടൽ മലിനപ്പെടുത്തിയ പീഢകനുനേരെ ഭരണകൂടത്തിനു് പരാതി കൊടുക്കാനുമുണ്ടോ കാലാവധി? പതിമൂന്നുവർഷം കഴിഞ്ഞതുകൊണ്ടു പരാതി കാലഹരണപ്പെടുമോ? പീഡകകൗരവർ ജീവിച്ചിരിപ്പുണ്ടോ എന്നതൊരു സാങ്കേതികപ്രശ്നമല്ലേ? അടിമത്തം അസാധുവായപ്പോൾ പൗരാവകാശം തിരിച്ചുകിട്ടിയ ഞാൻ, പരാതി കൊടുത്താൽ, രാജാവു് ഭർത്താവാണെന്നതൊരു ‘ക്രമപ്രശ്ന’മായി ചൂണ്ടിക്കാട്ടുമോ നിങ്ങൾ? കൗരവർ ശരിക്കും മരിച്ചുപോയെങ്കിൽ, പ്രതിസ്ഥാനത്തു നിൽക്കേണ്ടതു് പൈതൃകാവശികളല്ലേ? അതോ, വിധവകൾക്കു് കൗരവസ്വത്തുമാത്രം മതി എന്നാണോ വാദം? ഇനി നിങ്ങൾ പറയും കൗരവരാജസ്ത്രീകളെ കുഴിയൊഴിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണു് വസ്ത്രാക്ഷേപത്തിൽ അന്വേഷണം വേണമെന്ന പാഞ്ചാലിയുടെ പരാതി!”
“യുധിഷ്ഠിരനെ കാത്തിരിക്കാൻ തുടങ്ങിയിട്ടു് നേരം കുറച്ചായി. പാറാവുകാരനോടു് ചോദിച്ചപ്പോൾ കേട്ടു, രാജാവുൾപ്പെടെ മുതിർന്ന മൂന്നു പാണ്ഡവരും, കുറച്ചുകാലമായി താമസം ഇവിടെ നിങ്ങൾക്കൊപ്പമല്ല. എന്താ കാരണം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ധൃതരാഷ്ട്രരും ഗാന്ധാരിയും വനവാസം തിരഞ്ഞെടുത്തു രാജവസതിയൊഴിഞ്ഞപ്പോൾ, കുരുവംശാധിപന്റെ പരമ്പരാഗത ഔദ്യോഗികമന്ദിരം ഒരു നൂറ്റാണ്ടിനുശേഷം അങ്ങനെ ഒഴിവുവന്നു. അതു് കുരുക്ഷേത്ര ‘രണനായകൻ’ ദുര്യോധനന്റെ സ്മൃതിയിടമാക്കണമെന്നു കൗരവരാജവിധവകൾ നിവേദനവും തന്നു. പൈതൃകകൊട്ടാരത്തിൽനിന്നു് കൈവശാവകാശം പിടിവിടും മുമ്പു്, ഞാനൊരു സമവായപരിഹാരം നിർദേശിച്ചു യുധിഷ്ഠിരനും മുതിർന്ന മറ്റു രണ്ടുപാണ്ഡവരും ഉടൻ താമസം അങ്ങോട്ടു മാറ്റുക. നരച്ചുനീണ്ട മുടിയും താടിയുമായി ആ മൂന്നു പാണ്ഡവർ എനിക്കൊപ്പം അന്തഃപുരത്തിൽ കാണപ്പെടുന്നതു് ഞാൻ സ്വാഗതം ചെയ്തിരുന്നില്ല എന്നമട്ടിൽ, ദുഷ്ടലാക്കോടെ ‘തൽപ്പരകക്ഷികൾ’ നിർമ്മിതവാർത്ത പ്രചരിപ്പിക്കാനിടയുണ്ടു്. നിങ്ങൾ മാധ്യമപ്രവർത്തകർ അതിലൊന്നും വീണുപോവരുതു്. ‘പാഞ്ചാലിയുടെ അന്തഃപുരം കണ്ടാലൊരു വൃദ്ധസദനം പോലുണ്ടല്ലോ’ എന്നു് ദ്വാരകയിൽനിന്നു് വന്ന സത്യഭാമ നിരീക്ഷിച്ചപ്പോൾ, എന്റെ കരളിൽ ആരോ കൊത്തി, അതൊന്നും നിഷേധിക്കുന്നില്ല. ഇളമുറമാദ്രീമക്കൾ നകുലനും സഹദേവനും രാപ്പകൽ എനിക്കിപ്പോൾ കിടപ്പറയിൽ കൂട്ടുണ്ടു്. സ്വർഗ്ഗരാജ്യത്തിലെ ആരോഗ്യശുശ്രൂഷകരായ അശ്വിനിദേവതകളുടെ മനുഷ്യസന്തതികൾ, ഇന്നും യുവത്വം പ്രസരിപ്പിക്കുന്നുണ്ടെന്നറിയാമല്ലോ. ഞാൻ ചോദിക്കാതെ തന്നെ കല്യാണസൗഗന്ധികം കൊണ്ടുവരാൻ അവർ ഇരുവരും രണ്ടുവഴിക്കു പുറപ്പെട്ടിറങ്ങി! പൂക്കളുംചുമന്നു അവർ ഓടിക്കിതച്ചെത്തും മുമ്പു്, ഞാനൊന്നു കുളിച്ചൊരുങ്ങട്ടെ. വയസ്സുചെന്ന കുന്തിപുത്രന്മാർ കൗശലത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടതോടെ യുവനകുലനും സഹദേവനും എനിക്കു് കളിക്കൂട്ടുകാരായി!”
“അരമനസമുച്ചയം ദുര്യോധനഭാര്യക്കു് ഭർത്താവു തന്നിഷ്ടപ്രകാരം ഇഷ്ടദാനം കൊടുത്തപ്പോൾ, മറ്റു കൌരവവധുക്കൾ അനിഷ്ടസൂചകമായി വസ്തുകൈമാറ്റത്തിന്നെതിരെ ഒന്നും മിണ്ടിയില്ലേ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.
“ആണുങ്ങൾ യുദ്ധത്തിൽ മരിച്ചാലും, വിധവകൾ അനാഥരാവാതിരിക്കാൻ വേറെ നിയമവഴിയില്ലെന്നു കൂട്ടുകുടുംബരഹസ്യ യോഗത്തിൽ ബോധ്യപ്പെടുത്താൻ ദുര്യോധനനു് കഴിഞ്ഞു എന്നതാണു് ആശയവിനിമയമികവിൽ ശ്രദ്ധേയമായ ദൃഷ്ടാന്തം. കൊച്ചുനാൾ മുതൽ ഞാൻ ഭാഷ പഠിപ്പിച്ചതിന്റെ സദ്ഫലം. ബലരാമനും ദ്രോണരും ദുര്യോധനന്റെ സൈനികതന്ത്രനൈപുണ്യവികസനത്തിനു കൂടുതൽ പരിശ്രമിച്ചിട്ടുണ്ടാവാം എന്നാൽ, നൂറു കൗരവരെയും നൂറുനൂറായിരം എതിർപ്പുകളെയും നിർവീര്യമാക്കി തന്നിഷ്ടം നടപ്പിലാക്കാനുള്ള ആശയവിനിമയസർഗ്ഗവൈഭവം—അതാണവന്റെ പെരുമ!”
“പാഞ്ചാലിയുടെ ഉടൽ നാടകവേദിയിൽ ദുരുപയോഗംചെയ്തെന്ന അപകീർത്തികരമായ ആരോപണം വന്നിട്ടുണ്ടല്ലോ. അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുന്നതിൽ ദേശീയപാതകളിലെ കുതിരപ്പന്തികൾ രണ്ടുദിവസമായി തിമിർപ്പിലാണു്. നിങ്ങൾ അഞ്ചുപേർ സദസ്സിൽ ഉണ്ടായിട്ടും, അരങ്ങിൽ ദുര്യോധനൻ അതിരുവിട്ടെന്നോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു നവവധു പാഞ്ചാലിയും പാണ്ഡവരും ഹസ്തിനപുരി അതിഥിമന്ദിരത്തിൽ, രാജാവിന്റെ വിശിഷ്ടാതിഥികൾ ആയിരുന്ന ഇടവേള.
“പുതുപുഷ്പങ്ങളുമായി പാഞ്ചാലിയെ രാവിലെ ചെന്നു കാണുന്ന പരിഷ്കൃത പെരുമാറ്റരീതി ആതിഥേയനായ ദുര്യോധനൻ പതിവാക്കിയപ്പോൾ, ദുശ്ശകുനമായി കണ്ടില്ല എന്നതാണു് ഞങ്ങളുടെ വീഴ്ച. സ്വയം തേരോടിച്ചുവന്നു ഞങ്ങളുടെ ഒളിനോട്ടങ്ങൾക്കു മന്ദസ്മിതത്തോടെ വിധേയനായി നിൽക്കും, കുടിലം ആ കൗരവഹൃദയം എന്നുറപ്പിക്കാൻ വാക്കോ നോട്ടമോ പ്രവൃത്തിയോ കണ്ടെത്താൻ ആയില്ല! ശരീരഭാഷ വായിച്ചെടുക്കുന്നതിൽ ഞങ്ങൾക്കുള്ള നിരക്ഷരത അല്ലെ? ഇതിനിടെ ഒരു നീക്കം ഇളമുറകൗരവനിൽനിന്നും ഉണ്ടായി. ആദിവാസികുടുംബത്തെ അരക്കില്ലത്തിൽ ചുട്ടുകൊല്ലേണ്ടിവന്ന നിർഭാഗ്യകരമായ സംഭവത്തിൽ, കൗരവഭരണകൂടം കുന്തിയെയും ഞങ്ങളെയും പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ചവിവരമൊന്നും, ഏകചക്ര ഗ്രാമത്തിൽ ഒളിവിൽ കഴിയുമ്പോൾ അറിഞ്ഞില്ലെങ്കിലും, ഹസ്തിനപുരിയിൽ പാഞ്ചാലിയുമൊത്തു എത്തിയപ്പോൾ ഞെട്ടലോടെ കേട്ടറിഞ്ഞിരുന്നു. ദുര്യോധനൻ ഇപ്പോൾ ഒരു ത്രേതായുഗകഥയുടെ നാടകാവിഷ്കാരത്തിലാണു്. അരങ്ങേറിയാൽ പിടികിട്ടാപ്പുള്ളിപ്രഖ്യാപനം പിൻവലിപ്പിക്കാൻ കുറ്റാന്വേഷണവിഭാഗം തലവനോടു് നേരിട്ടു് ശുപാർശ ചെയ്യും. ഇതറിഞ്ഞപ്പോൾ സന്മനസ്സോടെയല്ലാതെ ദുര്യോധനനെ കാണാൻ, പ്രതിപ്പട്ടികയിലുള്ള ഞങ്ങൾക്കാവുമോ. ഇതിനിടെ ദുര്യോധനൻ പാഞ്ചാലിയോടു്, സീതയായി നാടകത്തിൽ അഭിനയിക്കാൻ തയ്യാറുണ്ടോ എന്നു് ഞങ്ങളുടെ സാന്നിധ്യത്തിൽ നേരെചൊവ്വേ ചോദിച്ചു. ദുര്യോധനൻ രാവണനായും, കർണ്ണൻ രാമനെയും അഭിനയിക്കുന്ന പുണ്യപുരാണകഥ. അഭിനയത്തിൽ പാഞ്ചാലിക്കു് കമ്പം തോന്നിയാൽ വേണ്ടെന്നു പറയാൻ പാണ്ഡവർക്കെങ്ങനെ നാവുപൊന്തും! ശരിയാണു്, മുൻനിര പ്രഭുസദസ്സിൽ ഞങ്ങൾ അഞ്ചുപേരും എരിപൊരികൊള്ളുന്നുണ്ടു്. അഭിനയരാവണൻ മായാസീതയെ ഉടലിൽതൊടില്ലെന്നായിരുന്നു പൊതുസങ്കല്പം, എന്നാൽ ഏവരുടെയും മുമ്പിൽ അവളെ കോരിയെടുത്തു ‘വിമാന’ത്തിൽ ഇരുത്താതെ ലങ്ക എത്തുംവര തൊട്ടും തലോടിയും, വിമാനം ഇളകുമ്പോൾ കൂട്ടിച്ചേർത്തുപിടിച്ചും, നിൽക്കുന്നതു് ഞെട്ടലോടെ കണ്ടുനിൽക്കിക്കേണ്ടിവന്നു. കുതിരപ്പന്തികളിൽ ഞങ്ങളെ അവമതിക്കാൻ നാട്യശാസ്തമാവുമ്പോൾ അതാ പാഞ്ചാലിയെ നോക്കൂ, പൂക്കളുമായി പടികടന്നുവരുന്ന രാവണനെ സ്വീകരിക്കാൻ സ്വീകരണമുറിയിൽ ഉടുത്തൊരുങ്ങി ഇരിക്കുന്ന അവളെത്ര ആഹ്ലാദഭരിത!”
“അനുജന്റെ ഭാര്യയെ അപഹരിക്കാൻ, കുറുക്കുവഴി തേടിയ യുധിഷ്ഠിരൻ, തന്ത്രപരമായ സമവായനീക്കത്തിൽ എത്തിയപ്പോൾ, പാഞ്ചാലിയെ ഇന്ദ്രപ്രസ്ഥംറാണിപദവി കൊടുത്തു കൂടെക്കൂട്ടി. മറ്റുനാലുസഹോദരന്മാരോടു് കൂട്ടുദാമ്പത്യത്തിന്റെ ചട്ടം പാലിക്കാതെ ‘ശല്യക്കാരനായ വ്യവഹാരി’യായി എന്നറിയപ്പെട്ടിരുന്നല്ലോ. ഹസ്തിനപുരി രാജാവായശേഷം രാജസഭയിൽ, ആളെങ്ങനെ? സ്വയം തിരുത്തിയ മാന്യൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“സിംഹാസനത്തിന്നരികെ എനിക്കു ഒരിരിപ്പിടമൊക്കെ തയ്യാറാക്കിയിരുന്നു. സഭാനടപടി നിരീക്ഷിക്കാൻ സാവകാശം തരാതെ നിസ്സാര ചോദ്യങ്ങൾ ചാർവാകനോടെറിഞ്ഞു എന്റെ സുഗമചിന്താനീക്കത്തെ തടസ്സപ്പെടുത്തും. സഭനിയന്ത്രിക്കുന്ന വിദുരർ കുറെയൊക്കെ കൃത്രിമമെന്നു തോന്നിപ്പിക്കുന്ന ഔപചാരികതയോടെയെങ്കിലും അംഗങ്ങളെ സംസാരിക്കാൻ ക്ഷണിക്കും. പരിഭ്രമത്തോടെ ക്ഷണിതാക്കൾ പ്രഭാഷണം തുടങ്ങുമ്പോൾ, നിർമ്മര്യാദകരമായ അവഗണനയോടെ കഴുത്തുനീട്ടി, നിസ്സാരവും സന്ദർഭത്തിനു യോജിക്കാത്തതുമായ ചോദ്യങ്ങൾകൊണ്ടെന്നെ വിറളിപിടിപ്പിക്കും. കൂർത്തനോട്ടം കൊണ്ടൊക്കെ ഞാൻ യുധിഷ്ഠിരനെ വനവാസക്കാലത്തു നിശ്ശബ്ദനാക്കിയിരുന്നുഎങ്കിൽ, കുരുവംശചെങ്കോൽ കിട്ടിയതോടെ എളുപ്പത്തിലൊന്നും പിൻവാങ്ങുകയില്ല. പിറ്റേന്നു് ഉന്നതാധികാരസമിതിയിൽ മറ്റുനാലു പാണ്ഡവർ എന്തൊക്കെ എതിർനിർദേശങ്ങൾ കൊണ്ടുവരാനിടയുണ്ടെന്നൊക്കെ ആലോചിച്ചുണ്ടാക്കി എന്റെ പിന്തുണ ഒരവകാശംപോലെ ആവശ്യപ്പെടും. മൗനം സമ്മതമെന്ന നിലയിൽ യോഗസാന്നിധ്യം ഹീനമായി ദുരുപയോഗം ചെയ്തു മറ്റു നാലുപാണ്ഡവർക്കെതിരെ വൻമതിലുകൾ തീർക്കും!”
“ഇതെന്നു് തുടങ്ങി, ലിംഗവിവേചനമില്ലാത്ത സായാഹ്നയാത്ര? ആസന്നമായ കുരുക്ഷേത്രയിൽ, കൗരവ സർവ്വസൈന്യാധിപനാവുമെന്നു കുതിരപ്പന്തികളിൽ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും, വഴിനടക്കുമ്പോൾ ഭീഷ്മപിതാമഹനു കൈത്താങ്ങായി പെണ്‍ചുമൽ?”, സായാഹ്നയാത്ര ക്രമീകരിക്കുന്ന ദുര്യോധനവധുവിനോടു് ഉപചാരപൂർവ്വം കൊട്ടരം ലേഖിക ചോദിച്ചു.
“പിതാമഹാന്റെ പിറന്നാൾ (വയസ്സ് പറയരുതേ!) ആഘോഷിച്ചപ്പോൾ, ഒറ്റക്കിനി വഴിനടക്കരുതെന്നു കരുതലോടെ ദുര്യോധനൻ നിർദേശിച്ചു. കേട്ടപാതി കേൾക്കാത്തപാതി, ഞങ്ങളുടെയൊക്കെ പുതുതലമുറ രാജകന്യകകൾ ‘ആജീവനാന്തബ്രഹ്മചാരി’ക്കു സന്നദ്ധതോളുകളുമായി കൂടെനടക്കാൻ പ്രേരണയില്ലാതെ തന്നെ സ്വയം മുന്നോട്ടുവന്നു. ഉഷ്ണമുള്ളപ്പോൾ പനയോലവിശറികൊണ്ടു് വീശാൻ, കൊട്ടാരം ഊട്ടുപുരയിൽ തൊട്ടുരുമ്മിയിരുന്നു സ്നേഹവിരുന്നു് വിളമ്പാൻ, കിടപ്പറയിൽ വ്യക്തിഗതസൌകര്യങ്ങൾ ഒരുക്കാൻ, നൈഷ്ഠികബ്രഹ്മചാരിയുടെ വിശ്വവിഖ്യാതി നേടിയ മനോനിയന്ത്രണം തുടർന്നും ഉറപ്പുവരുത്താൻ സഹശയനത്തിനും! എന്നതാണു് ചാരിതാർഥ്യം. ഗംഗേയദേവദത്തന്റെ യുദ്ധകാലസഹകരണത്തിനു് കൌരവപരിവാരം ഒന്നടങ്കം രാവുപകൽ വ്യക്തിഗതപരിലാളന കൊടുക്കുന്നു എന്നു് ചാർവാകൻ വാത്സല്യത്തോടെ നന്ദി പറഞ്ഞു പിരിഞ്ഞതേയുള്ളു. വേണ്ടിവന്നാൽ സമാനസാഹചര്യത്തിൽ പാഞ്ചാലിക്കാവുമോ, പിതാമഹനെ പരിപാലിക്കാൻ? അഥവാ യുദ്ധകാലാടിസ്ഥാനത്തിൽ പരിലാളിക്കാൻ!” ഭീഷ്മചലനങ്ങൾ കൌതുകത്തോടെ കൊട്ടാരം ലേഖിക നോക്കുമ്പോൾ ദുര്യോധനവധു വസ്തുതാപരമായ കൃത്യതയോടെ പറഞ്ഞു.
“ആരോഗ്യമുള്ള സ്ത്രീയെന്ന നിലയിലാണു് മഹാറാണിയായിരുന്നപ്പോഴും, പിന്നീടു് മഹാവിപിനത്തിൽ നിന്നും അഞ്ചുകുട്ടികളുമായി അഭയാർഥികളായി ഹസ്തിനപുരി അരമനവാതിലിൽ മുട്ടുമ്പോഴും മാധ്യമപ്രവർത്തകർ നിങ്ങളെ കണ്ടുവരുന്നതെങ്കിലും, വ്യക്തതക്കായി ചോദിക്കട്ടെ, പാഞ്ചാലിയുമായി പാണ്ഡവരുടെ വിവാഹശേഷം നിങ്ങൾ, മക്കളിൽനിന്നും പാർശ്വവൽക്കരിക്കപ്പെട്ടതിന്റെ അന്തർനാടകമെന്താണു്? അങ്ങനെ ഒന്നുണ്ടെങ്കിൽ? രോഗബാധിതയായപ്പോളോ മറ്റോ കടിഞ്ഞാൺ കൊടുക്കുകയായിരുന്നുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ജീവിതസായാഹ്നം കുന്തി സഹനമായി കാണുന്ന അശാന്തകാലം.
“അവൾ മറ്റൊരു രീതിയിലാണു് അധികാരം നേടിയതു്. ഞാൻ അങ്ങനെ പുറമ്പോക്കിലാക്കിയതും. അർജ്ജുനനെ മാത്രം സ്വയംവരിച്ച പാഞ്ചാലിക്കു് വെള്ളിത്തളികയിൽ വേറെ നാലു സുന്ദരപുരുഷന്മാരെ പാരിതോഷികം കൊടുത്തു എന്നു് നിങ്ങളെപ്പോലെയുള്ളവർ പ്രചരിപ്പിച്ചതിൽ ഭാഷാപരമായ അതിശയോക്തി ഉണ്ടാവാം എന്നാൽ അവൾ അതിനെ കണ്ടതു്, കുൽസിതഭാവനയിലായിരുന്നു. ബഹുപുരുഷാസക്തിയുള്ള ‘ഒരുമ്പെട്ടവൾമുദ്ര’ കുത്താൻ എന്നവൾ അർത്ഥം നിരൂപിച്ചെടുത്തു. നിത്യവും രാവിലെ ഉറക്കച്ചടവിൽ, ഊട്ടുപുരയിൽ ഭക്ഷണം തയ്യാറാക്കുന്ന എന്റെ അരികെവന്നു “രാത്രി ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല, ഓരോ പാണ്ഡവനും കുതിരകയറിയിറങ്ങി അരക്കെട്ടു നോവുന്നു” എന്നു് കിതക്കും ഏങ്ങലടിക്കും വിട്ടുവിട്ടു അന്തരീക്ഷം ശോകശബ്ദമുഖരിതമാക്കും. “നിനക്കു ഓരോ പാണ്ഡവനും ഓരോ രാത്രി രതിസേവനം കൊടുത്തുകൂടെ?”, എന്നു ഞാൻ നിഷ്കളങ്കമായി പറഞ്ഞതിൽ കയറിപ്പിടിച്ചു എന്നെ കുടഞ്ഞുതുടങ്ങി. ലൈംഗികജീവിതത്തിൽ ആരോടൊപ്പം എപ്പോൾ എന്ന ആജ്ഞയൊന്നും വേണ്ട എന്നുച്ചത്തിൽ പറഞ്ഞവൾ കുളിക്കാൻ പോവും. വളരെ നേരം നീന്തിക്കുളിച്ചവൾ മടങ്ങിവരുമ്പോൾ ഒരിക്കൽ “പ്രഭാതഭക്ഷണം തണുത്തല്ലോ, എന്താ ഇത്ര വൈകാൻ?” എന്നു് ചോദിച്ചതിനവൾ ദുഷ്ടലാക്കോടെ പറഞ്ഞ മറുപടി, എന്തെല്ലാം പ്രകൃതിവിരുദ്ധരതിക്കെന്നെ നിങ്ങളുടെ മക്കൾ ദുരുപയോഗം ചെയ്തു അകവും പുറവും മലിനപ്പെടുത്തുന്നു എന്നുകൂടി ഞാൻ അക്കമിട്ടു പറയണോ? എന്നു് തിരിച്ചടിച്ചു. എനിക്കു് പിടിച്ചുനിൽക്കാനായില്ല. “പാണ്ഡുവിനെ കബളിപ്പിച്ചായിരുന്നില്ല എന്റെ വിവാഹബാഹ്യരതി.” ഞാനവളെ മൃദുവായി ഓർമ്മിപ്പിച്ചു. ഓരോ പാണ്ഡവനുവഴങ്ങുമ്പോളും മറ്റുനാലുപേരെക്കുറിച്ചവൻ എന്തു് എങ്ങനെയൊക്കെ വിപരീതമായി ചിന്തിക്കുന്നുണ്ടു് എന്നതിന്റെ തത്സമയകണക്കെടുക്കും. ഒരിക്കൽ ഭീമൻ നകുലനോടു് സങ്കടം പറയുന്നതു് കേട്ടപ്പോൾ എന്റെ ഹൃദയം നടുങ്ങി “രാക്ഷസി സ്ത്രീകളുമായി ഞാൻ ഉഭയകക്ഷിസമ്മതത്തോടെ രതിയിൽ ഏർപ്പെട്ടിട്ടുണ്ടു് എന്നാൽ ദ്രൗപദി! അവൾ നിങ്ങളെ പരമാനന്ദത്തിന്റെ മിക്കവാറും തൊട്ടടുത്തെത്തിച്ചു, പിടിച്ചുവലിച്ചു താഴെയിടും. അവൾക്കു തരപ്പെടുന്ന രീതിയിൽ ഞാൻ പാണ്ഡുമാദ്രികുടുംബരരഹസ്യങ്ങൾ കുനുകുനെ ചെവിയിൽ വെളിപ്പെടുത്തണം. എല്ലാം പറഞ്ഞുകഴിയുമ്പോൾ കായികക്ഷമത സംശയാസ്പദമായല്ലോ എന്നുംപറഞ്ഞവൾ എന്റെ ഉടൽ ഉന്തിമാറ്റും” ഞാൻ പടിയിറങ്ങിയില്ലെങ്കിൽ പാവം പാണ്ഡവരെ അവൾ പാവകളിപ്പിക്കുന്നതെല്ലാം എനിക്കു് പൊള്ളുന്ന നിത്യക്കാഴ്ചയാവില്ലേ.”
“നിവേദനവുമായി വരുന്നവരെ, കബളിപ്പിക്കുന്ന കൗശലത്തോടെ, ദുർബലശബ്ദത്തിൽ അപ്പപ്പോൾ പ്രതികരിക്കുന്നതിൽ അപ്പുറം, ധൃതരാഷ്ട്രർ സചേതനമായി ഇടപെടേണ്ടിയിരുന്നപ്പോൾ കാഴ്ചപരിമിതിയെ സൗകര്യപൂർവ്വം ഒരു മറയാക്കി മണ്ണിൽ തലതാഴ്ത്തി എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
“പട്ടാഭിഷേകത്തിൽ യുധിഷ്ഠിരന്റെ പ്രായത്തേക്കാൾ പഴക്കമില്ലേ ധൃതരാഷ്ട്രരുടെ ആദ്യതിരുവസ്ത്രത്തിനു? അപ്പോൾ കൊല്ലമെത്രയായി കാണും? ‘കാഴ്ചപരിമിതൻ’ ഭരണം കൊണ്ടുനടക്കുന്നു, നാലതിരുകളിൽനിന്നും നുഴഞ്ഞുകയറ്റങ്ങൾ തടയുന്നു, മക്കൾ അനിഷ്ടം കാണിക്കുമെന്നറിഞ്ഞിട്ടും പാണ്ഡവരോടു് അനുതാപം കാണിക്കുന്നു, ദുര്യോധനൻ ജീവകാലം മുഴുവൻ അത്യധ്വാനം ചെയ്തിട്ടും, ചെങ്കോൽ വിട്ടുകൊടുക്കാതെ ഭരണം തുടരുന്നു. അവസാനം ഇരിമ്പുപ്രതിമ എന്നറിഞ്ഞുകൊണ്ടുതന്നെ ഗാഢമായി ആലിംഗനം ചെയ്തു തവിടുപൊടിയാക്കിയ ശേഷം, നെഞ്ചിൻകൂടു് കലങ്ങി ചോരതുപ്പിയപ്പോൾ കുരുവംശസിംഹാസനം യുധിഷ്ഠിരനു് ഒഴിഞ്ഞുകൊടുക്കുന്നു. എന്നാൽ ഇതിലധികം ശ്രദ്ധേയമായി കണ്ടതു് മറ്റൊന്നാണു്. പാഞ്ചാലിയെ വിവാഹം കഴിച്ച അർജ്ജുനനും മറ്റുനാലുപാണ്ഡവരും ഹസ്തിനപുരിയിൽ കൊട്ടാരംവക അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേളയിൽ, മൊത്തം കൗരവർ പാഞ്ചാലിയുടെ ആരാധകരായി, അന്തഃപുര അന്തേവാസികൗരവരാജവധുക്കളെ അവഗണിക്കുന്നതു ചാരവഴിയിൽ അറിഞ്ഞപ്പോൾ, ദുര്യോധനനോടു് ഒന്നു് ചോദിക്കാതെ, വന്യമൃഗങ്ങളും ഇഴജീവികളും ഇരതേടുന്ന യമുനാതീര ചതുപ്പുനിലങ്ങൾ പാണ്ഡവർക്കു് ഇഷ്ടദാനമായി നൽകാൻ സാധിക്കുന്നു. അതൊരു വലിയനേട്ടമെന്ന മട്ടിൽ പാണ്ഡവർ, ‘വിത്തും കൈക്കോട്ടു’മായി ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരാവുന്നു. അവിടെയും അവർ പ്രകൃതിശക്തികളെ കൂട്ടുപിടിച്ചു ഇന്ദ്രപ്രസ്ഥം എന്ന പരമോന്നതപദവി നേടി ഭരിക്കുമ്പോൾ, ചൂതാട്ടത്തിനു ക്ഷണിപ്പിച്ചു നിസ്വരാക്കി നാടുകടത്തുന്നു. ഇതൊക്കെ ‘അത്ഭുത’മല്ലെങ്കിൽ പിന്നെ എന്താണു് മാപ്ര സുഹൃത്തെ അത്ഭുതം!”
“ഏറ്റുമുട്ടാൻ ശത്രു വരണമെന്നില്ല, തിരഞ്ഞുപിടിച്ചവരുടെ കരൾപറിച്ചു തിന്നുമെന്ന ഭീഷണി മുഴക്കിയാണല്ലോ കുരുക്ഷേത്രയിൽ ഭീതിപരക്കുന്നതു?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. “പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി യോ പാണ്ഡവർ?”.
“ഭീമഭീഷണിയുടെ ധാർമ്മികഭാരം മൊത്തം പാണ്ഡവർ ചുമക്കണമെന്നു രൗദ്രഭീമൻ നിഷ്കർഷിച്ചിട്ടില്ലല്ലോ, കൗരവകരൾതുറന്നു മാംസവിഭവമാക്കും എന്നും ഭീമൻ അവകാശവാദം പറഞ്ഞിട്ടുമില്ല. ചൂതാട്ടസഭയിലെ വസ്ത്രാക്ഷേപത്തിൽ, അതിജീവിതക്കില്ലാത്ത തോതിൽ പ്രതികാരദാഹം ഭീമനുണ്ടെന്നതാണു് നാം കാണാതെപോവുന്ന പ്രതികരണപ്രത്യേകത. പ്രണയത്തിലും പ്രതികാരത്തിലും ഭീമൻ തീവ്രത പ്രകടിപ്പിക്കുക അപൂർവ്വമൊന്നുമല്ല. സസ്യാഹാരികളായ കൂറ്റൻകാട്ടുപോത്തുകളെ നായാട്ടിൽ വീഴ്ത്തുമ്പോഴും, മൃഗമരണം എളുപ്പമാക്കുന്ന മാരകപ്രഹരം നെറ്റിയിൽ ഏൽപ്പിക്കാനല്ല ശ്രമിക്കുക. പകരം ഇരയുടെ സഹനം അളക്കുവാനാണു്. അതാണു് ഭീമന്റെ കേമത്തം”!
“പാണ്ഡുവിന്റെ മരണത്തിനുശേഷം, അഭയാർഥികളായി വന്ന അഞ്ചുപാണ്ഡവക്കുട്ടികളുടെ പൗരത്വഅപേക്ഷ പരിഗണിക്കുമ്പോൾ, ധൃതരാഷ്ട്രർ അശേഷം പെരുമാറ്റമര്യാദയില്ലാതെ, ഓരോ കുട്ടിയുടെയും മുഖംതലോടി ‘ഈ കുഞ്ഞിന്റെ അച്ഛൻ ആരാ?’ എന്നു് അടുത്തു നിൽക്കുന്ന കുന്തിയോടു് പിറുപിറുക്കുന്നു. പരിഷ്കൃതപെരുമാറ്റമുറ രാജാവിൽനിന്നും ഉണ്ടാകേണ്ട വ്യവസ്ഥാപിതഭരണകൂടം, ഇങ്ങനെയാണോ മുൻരാജാവു് കൂടിയായ പാണ്ഡുവിന്റെ പിൻഗാമികൾക്കു് പൗരത്വം പരിഗണിക്കേണ്ടതു്? ചോദിക്കുന്നതു് യുക്തിവാദി ചാർവാകൻ! എങ്ങനെ പ്രതികരിക്കുന്നു?” പൊതുഭരണവകുപ്പിന്റെ നാമമാത്ര ചുമതല വഹിക്കുന്ന വിദുരരോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഏകപത്നീവൃതക്കാരനായ ധൃതരാഷ്ട്രർ, പാണ്ഡവപിതൃത്വത്തെ കുറിച്ചു് സഹോദരവിധവയോടു വസ്തുതാപരമായ വിശദീകരണം മൃദുവായി തേടിയിട്ടുണ്ടാവാം എന്നല്ലേ വിമർശകർക്കു് പറയാനാവൂ? അതോ, പാണ്ഡവപിതൃത്വവിവരം കുന്തിയുടെ ലൈംഗികാവകാശമെന്ന നിലയിൽ രഹസ്യമായി പാലിക്കാൻ അവൾക്കു നിയമപരമായ അവകാശമുണ്ടു്, അതിൽ നിങ്ങൾ കൈവക്കേണ്ട എന്നു് ധൃതരാഷ്ട്രരുടെ തോളിൽ തട്ടി, അർധസഹോദരനെങ്കിലും സൂതവംശജനായ ഞാൻ, ഇപ്പോഴുംനാടുവാഴുന്ന തമ്പുരാനു് താക്കീതു നൽകണം എന്നാണോ യുക്തിവാദി ചാർവാകൻ ചോദിക്കുന്നതു്!”
“അകമ്പടിയായി പാണ്ഡവരോ സുരക്ഷാഭടന്മാരോ കൂടെയില്ലാതെ, ഇതെന്താ ഒറ്റയ്ക്ക്, കാടുമൂടിയ ശവക്കോട്ടയിൽ, അതിരാവിലെ?”, കൊട്ടാരം ലേഖിക ചോദിച്ചു. മൂടൽമഞ്ഞും തണുപ്പും നിറഞ്ഞ ശിശിരകാലം, യുദ്ധാനന്തര ഹസ്തിനപുരി.
“കുറ്റബോധം സഹിക്കാനാവാതെ ഉറക്കം നഷ്ടപ്പെടുന്ന രാവിനു ശേഷം, ശിരോവസ്ത്രം ധരിച്ചു ആരോരുമറിയാതെ നടന്നുഞാൻ ഇവിടെയെത്തും. ആദ്യസമാഗമം മുതൽ ആഴത്തിൽ പ്രണയിക്കയും, പാണ്ഡവർ എന്നെ അർഹിക്കുന്നില്ല എന്നു് ഉറച്ചുവിശ്വസിക്കയും, വന്യവും, എന്നാൽ തീർത്തും മനുഷ്യസഹജമായ വികാരാവിഷ്കാരത്തിനു് വേണ്ടി കായികശക്തി ഉപയോഗിച്ചു് എന്നിൽ ആധിപത്യം പുലർത്തുകയും ചെയ്ത ധീരകൌരവരുടെ അന്ത്യവിശ്രമസ്ഥലിയിൽ ഹൃദയപൂർവ്വം സമർപ്പിക്കട്ടെ, ഞാൻ വെള്ളം നനച്ചു പരിപാലിക്കുന്ന ഉദ്യാനത്തിൽ വിരിഞ്ഞ ഈ പൂക്കൾ.” അന്തരീക്ഷത്തിൽ മൂടൽമഞ്ഞു നീങ്ങി തെളിവെയിൽ വീണു. വസന്തകാലത്തിന്റെ ആവേശകരമായ സുഗന്ധം ചിതറി, കഥാവശേഷരായ കൌരവർക്കു നേരെ മഹാറാണി പൂക്കൾ എറിഞ്ഞു. ശവക്കോട്ടക്കു് പുറത്തു, ശിരസ്സു് ഭാഗികമായി മൂടിയ ചാരവകുപ്പുമേധാവി നകുലൻ, ശ്വാസം അടക്കിപ്പിടിച്ചു ചെവിയോർത്തു.
യുധിഷ്ഠിര പട്ടാഭിഷേകം ആദ്യവാർഷികത്തിൽ ഇന്നത്തെ ‘ഹസ്തിനപുരി പത്രിക’യിൽ ഏകാംഗപ്രതിപക്ഷമായ ചാർവാകൻ:
“എത്രനാൾ കൗരവരെ അന്യായമായി അക്കാലത്തു നിസ്സാര സൗന്ദര്യപ്പിണക്കത്തിൽ കഷ്ടപ്പെടുത്തി! ഭരണതന്ത്രജ്ഞനായ ദുര്യോധനന്റെ ഹസ്തിനപുരിയിൽ ഈ കൊട്ടാരംഊട്ടുപുര, നമുക്കെല്ലാം ഓടിവന്നു സസ്യ, സസ്യേതരഭക്ഷണം വാരിക്കോരി വായിലിടാൻ മാത്രം വെറുമൊരു തീൻശാല മാത്രമായിരുന്നുവോ, അതോ, പ്രകൃതിസൌഹൃദജീവനത്തിന്റെ ബഹുരുചിഭക്ഷണ പ്രദർശനശാലയോ? കരിമ്പിൻനീരും പേരക്കയും കഴിച്ചു സസ്യാഹാരികളായ കൌരവർ, പുരാതനകുരുവംശത്തെ നവപാണ്ഡവഅധിനിവേശത്തിൽനിന്നു് രക്ഷിക്കാൻ സംഘടിത, സമസ്തഭാരത, പ്രതിരോധമുറ ഒരുക്കണമെന്നു് ആലോചിച്ചിരുന്ന, ദേശസ്നേഹത്തിന്റെ ജ്വാല ആളിക്കത്തിയ ആ സുവർണനാളുകൾ എവിടെ, വളർത്തുമൃഗങ്ങളുടെ കഴുത്തറത്തു് ചോരയൂറ്റിക്കുടിച്ചു ചുട്ടുതിന്നാൻ ഒരുക്കിയ പാണ്ഡവരുടെ അറവുശാല എവിടെ!”
“അധിക്ഷേപിക്കുന്ന കാര്യത്തിൽ, അവസരം കിട്ടുമ്പോൾ ആരും അത്ര മോശമൊന്നുമല്ല എന്നു് ആറുപേരും തെളിയിച്ചിട്ടുണ്ടെങ്കിലും, ഉള്ളിൽതട്ടുംവിധം അവഹേളനപരമായ പരാമർശത്തോടെ പാണ്ഡവരിൽ ആരെങ്കിലും നിങ്ങളോടു് മനഃപൂർവ്വം പെരുമാറിയ സംഭവം ഒന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു വനവാസക്കാല ദൈന്യതയിൽ പാഞ്ചാലി പലപ്പോഴും ഹൃദയം തുറക്കുന്ന ദിനങ്ങൾ.
“തനിക്കുമാത്രം സ്വന്തമെന്നർജ്ജുനൻ കരുതിയ എന്റെ ഉടലിൽ, മറ്റുനാലു പാണ്ഡവർക്കു തുല്യ ലൈംഗികഅവകാശം ഞാൻ, അവന്റെ അനുമതി തേടാതെ, അനുവദിച്ചപ്പോൾ തുടങ്ങിയ മോഹഭംഗമാണു് എന്നറിയാമെങ്കിലും, ഓർമ്മയിൽ കിടന്നുപുളയുന്ന വേറെ ഒന്നുണ്ടു്. ഇളമുറസഹദേവനോടു് ആളോഹരിയിൽ കവിഞ്ഞു ഉടൽപരിലാളന ഞാൻ കാണിക്കുന്നു എന്നു് പരിദേവനം ചെയ്യുന്ന ആ ശപിക്കപ്പെട്ട ദിനങ്ങളിൽ, അർജ്ജുനൻ എനിക്കുനേരെ വിരൽ ചൂണ്ടി മറ്റുനാലുപേരോടു് പറഞ്ഞു,” ആരോഗ്യമുള്ള എന്റെ ശരീരം പാഞ്ചാലിക്കു് ഞാൻ എന്നോ നിരുപാധികം വിട്ടുകൊടുത്തതാണു്. ആനന്ദസ്രോതസ്സായി, അതുപ്രയോജനപ്പെടുത്തേണ്ടതു് അവളുടെ താൽപ്പര്യം! “ആ ഒരു പരാമർശം മതിയായി, അർജ്ജുനന്റെ പൊങ്ങച്ചശരീരം എന്നെന്നേക്കുമായി എനിക്കു് മതിയാവാൻ!”
“പദവിയെത്ര പരമോന്നതമെങ്കിലും നാം, മനുഷ്യാവസ്ഥ മറന്നുകൂടല്ലോ. മഹാരാജാവു് യുധിഷ്ഠിരൻ ഇന്നു് കുഴഞ്ഞുവീണു കാലംചെയ്യുകയാണെങ്കിൽ, പിന്തുടർച്ച ആർക്കാണു്, മൂപ്പിൽരണ്ടാമൻ?”. കൊട്ടാരം ലേഖിക ചോദിച്ചു.
“ഇന്ദ്രപ്രസ്ഥത്തിൽ ഒരു ദശാബ്ദത്തോളം എന്റെ പദവി ‘ചക്രവർത്തിനി’ എന്നായിരുന്നു എന്നോർക്കുമല്ലോ, അല്ലാതെ ഗാന്ധാരിയെ പോലെ മഹാറാണി എന്നല്ല. രാജസൂയ യാഗത്തിൽ അനുഷ്ടാനപരമായി പങ്കെടുത്തു ചക്രവർത്തിനിപദവി കിട്ടിയതു്, ഭർത്താവിന്റെ ചിതയിൽ ജീവിതം ഹോമിക്കാനല്ല. പാഞ്ചാലയുടെ യാഗാഗ്നിയിൽ നിന്നുയർന്ന എന്റെ പ്രജ്ഞ, ഹസ്ഥിനപുരിയുടെ പൂർണ ഭരണയന്ത്രം തിരിക്കാനും സജ്ജ”, ഗംഗയിൽ പണിപ്പെട്ടു നീന്തിക്കൊണ്ടിരുന്ന യുധിഷ്ഠിരനു് പാഞ്ചാലി കാര്യക്ഷമമായ ചടുലനീക്കത്തിൽ പിടിച്ചുകയറാൻ കയർ കൃത്യമായി എറിഞ്ഞുകൊടുത്തു.
“ദുര്യോധനന്റെ ആദ്യചരമവാർഷികത്തിനു്, കൗരവരാജവിധവകൾ ഒരുക്കുന്ന സ്നേഹവിരുന്നിൽ, നാലുപാണ്ഡവർക്കും ദ്രൗപദിക്കും ദുര്യോധനവിധവയുടെ പ്രത്യേക ക്ഷണമുണ്ടു്, എന്നാൽ ഭീമനെ ഒഴിവാക്കി! എന്താണു് കാരണം?”, കൊട്ടാരം ലേഖിക ഔദ്യോഗികവക്താവിനോടു് ചോദിച്ചു. യുദ്ധാനന്തര ഹേസ്റ്റിനപുരി.
“ആണ്ടറുതിയിലെ പുതുവിളവെടുപ്പിൽ കിട്ടിയ, വിശേഷപ്പെട്ടപഴങ്ങൾ കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രത്തിൽ നേരിട്ടെത്തിക്കുകയും, ദുര്യോധനന്റെ വെങ്കലപ്രതിമ അരങ്ങേറ്റമൈതാനിയിൽ നാലാൾകാണുന്നയിടത്തു പ്രദർശിപ്പിക്കുകയും ചെയ്യാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഓടിനടക്കുകയായിരുന്ന ഭീമനു് കിട്ടേണ്ടതു് കിട്ടി!”
“മഹാഭാരതകഥാപാത്രങ്ങൾക്കുനന്ദി. സ്വതന്ത്രമായി അവരെ പുനരാവിഷ്കരിക്കാൻ പൂർണ്ണസ്വാതന്ത്ര്യം തന്നവർ. നന്മതിന്മദ്വന്ദ്വത്തിൽനിന്നും, മുൻവിധികളിൽനിന്നും, അവരെ ഞാൻ അഭിമുഖങ്ങളിലൂടെ മോചിപ്പിക്കുന്നു”: ‘ഹസ്തിനപുരിപത്രിക’യുടെ കൊട്ടാരം ലേഖിക: “കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ.”
“അമ്മ കുന്തി, അച്ഛൻ പാണ്ഡു, അവർക്കു് അഞ്ചു മക്കളും, എന്നതൊരു പരിപാവന ഹസ്തിനപുരികുടുംബമൊന്നുമല്ലല്ലോ! കായികക്ഷമതയില്ലാത്ത ഷണ്ഡൻഭർത്താവിനെ മൂകസാക്ഷിയാക്കി, രണ്ടു കേമിഭാര്യമാർ അജ്ഞാതപുരുഷന്മാരുമായി അവിഹിതബന്ധത്തിൽ അഭിരമിച്ചുണ്ടായ വ്യത്യസ്തയിനം സന്തതികൾ, സ്വാർത്ഥലാഭത്തിനു വേണ്ടി സംഘടിച്ച കുറ്റവാളി കൂട്ടായ്മയാണു് പാണ്ഡവർ എന്ന ദുര്യോധന നിരീക്ഷണമാണല്ലോ ഹസ്തിനപുരി പൊതുസമൂഹംവും പരസ്യമായി അടയാളപ്പെടുത്തുന്നതു്. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“നിർവ്വചനമൊക്കെ കൊള്ളാം, പക്ഷേ, ഒറ്റശ്വാസത്തിൽ ചോദ്യം ചോദിച്ചു, പാണ്ഡവ പിതൃത്വത്തിന്റെ ആണിവേരിൽ, ഇല്ലാത്തആരോപണത്തിന്റെ കുന്തമുന എറിയരുതു്. ആവർത്തിച്ചുപറഞ്ഞു വാചികപരിശീലനം തുടരൂ. നാളെ പൊതുവേദിയിൽ നാടകീയമായി കൈകൾ ഉയർത്തി, ഇനിയും അതുപോലെ ചോദിച്ചാലും, അങ്ങനെ വഴിവിട്ടു് പറഞ്ഞിട്ടില്ലെന്നു് എടുത്തുചാടി വ്യക്തമാക്കാൻ മാത്രം പ്രകോപിതനാവില്ല, നാം അറിയുന്ന കൌരവരാജകുമാരൻ.”
“കൗരവരും പാണ്ഡവരും തമ്മിലെന്തു് വ്യത്യാസം? രണ്ടും പതിതകുരുവംശത്തിലെ ഇരുതല പാഴ്സന്തതികൾ! എന്നാണു് ഏകാംഗ പ്രതിപക്ഷനേതാവു് ചാർവാകൻ രാജസഭയിൽ ഭരണപക്ഷത്തിന്റെ തടസ്സം അവഗണിച്ചു ചോദിക്കുന്നതു്, ദൈവദത്ത രാജവാഴ്ചയോടുള്ള പരസ്യ അവമതിയോടു് എങ്ങനെ നിങ്ങൾ, ഒരു പാണ്ഡവാനുകൂലിയെന്ന നിലയിൽ, പ്രതികരിക്കുന്നു?”. കൊട്ടാരം ലേഖിക ഇളമുറമാദ്രീപുത്രനായ നകുലനോടു് ചോദിച്ചു. യുധിഷ്ഠിരഭരണത്തിൽ ഒരുനേരം അന്നം കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചുപോവുന്ന ദിനങ്ങൾ.
“ആഡംബരം നിറഞ്ഞ അരമനയിലല്ലേ കൗരവജനനം?, എന്നാൽ കാലന്റെ മകനായ യുധിഷ്ഠിരൻ? കൊടുംകാടിലെ, ചോർന്നൊലിക്കുന്ന പുൽക്കുടിലിൽ! അതാണവരുടെ ജനിതകവ്യത്യാസം. കൗമാരം വരെ കാട്ടിൽ വളർന്നു, പിന്നെ വനമേഖലയിൽ ആ ‘ധർമ്മിഷ്ഠൻ’ ഇതിഹാസനായകന്മാരെ പോലെ അരിഷ്ടിച്ചുജീവിച്ചു. ദാമ്പത്യത്തിൽ, സ്വന്തമെന്ന നിലവിട്ടു, എളിമയോടെ അവൻ, പാഞ്ചാലിയുടെ ബഹുഭർത്തൃത്വത്തിലെ ‘പങ്കുപറ്റുന്ന അഞ്ചിൽ’ ഒരാളായി ഊഴംകാത്തുകഴിഞ്ഞു. മരണവ്യാപാരികളായ ധൃതരാഷ്ട്രസന്തതികൾ എവിടെ, അർദ്ധസത്യം ഒരിക്കൽ പോർമുഖത്തു പറഞ്ഞ ധാർമ്മികകുറ്റബോധത്താൽ, ധർമ്മപുത്രപദവി ഊരി പുഴയിലൊഴുക്കിയ പാണ്ഡവപ്രമുഖൻ എവിടെ. മുതിർന്ന പാണ്ഡവനെ കേവലയുക്തിയുടെ ചെറുമുഴം കൊണ്ടളക്കരുതേ ചാർവാകൻ, ഇതു് വരാനിരിക്കുന്ന കലിയുഗ സംശയരോഗികളെപോലും തീവ്രആരാധകരാക്കുന്ന ഇതിഹാസജന്മം!” കൂടണയാൻ മേൽക്കൂരയില്ലാത്ത അനാഥക്കുട്ടികൾക്കു “ഒഴിഞ്ഞ വയറരുതു് ഉറങ്ങാൻ കിടക്കുമ്പോൾ” എന്ന പദ്ധതിയിൽ നാടൊട്ടുക്കു് അക്ഷയപാത്രങ്ങൾ സംഘടിപ്പിക്കുന്ന നിയോഗത്തിലായിരുന്നു നകുലൻ. കുറച്ചകലെ മഹാറാണി പാഞ്ചാലി അഭിമുഖം ഒന്നു നോക്കി പെട്ടെന്നു് അനിഷ്ടത്തോടെ മുഖം തിരിച്ചു.
“നിങ്ങളെ സൈനികമായി സഹായിക്കാൻ തയ്യാറായ രാജവംശങ്ങൾ, യുധിഷ്ഠിരനോടു വ്യക്തിപരആദരവുകൊണ്ടാണോ പിന്തുണ? അതോ, പാഞ്ചാലിയോടു ആരാധനയാണോ കാര്യം?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വിരാടസൈനികപാളയത്തിൽ, പ്രത്യേകദൂതന്മാരെ നിത്യവും ‘നാവടച്ചു’ പുറത്തേക്കയക്കുകയും, പിന്തുണയുമായി വരുന്നവരെ ഇരുചെവികൊടുത്തു സ്വീകരിക്കുകയും ആയിരുന്നു മുതിർന്ന മൂന്നുകൗന്തേയർ.
“പിന്തുണ തന്നവർക്കു നിക്ഷിപ്തതാൽപ്പര്യങ്ങൾ കാണുമല്ലോ. വിരാട ഉദാഹരണം. രാജാവിനെതിരെ അരമനഅട്ടിമറിക്കു ഗൂഢമായി ശ്രമിക്കുകയായിരുന്നു പട്ടാളത്തിൽ കീചകൻ. എക്കാലവും അവനോടു് വ്യക്തിഗതവിശ്വസ്തതയുള്ളവരെ മാത്രം താക്കോൽസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. ‘ഇര’യാവേണ്ട വിരാടരാജാവു്, കീചകന്റെ ‘ദുരൂഹ’മരണത്തിനുശേഷം പട്ടാളത്തെ ‘ഒന്നുടച്ചുവാർക്കാൻ’ മോഹിക്കുന്നുണ്ടു്. ആ വിധം കുരുക്ഷേത്ര, അനാവശ്യസൈനിക ഉന്മൂലലനം ഒരു സൗകര്യമായി കാണുന്നു. യുദ്ധംകഴിയുമ്പോൾ പിന്തുണ തന്നവരുടെ മാത്രമല്ല, പിന്തുണനേടിയ പാണ്ഡവരിലും “ചെമ്പു തെളിയും”. ആരുടെ ഗൂഢതാൽപ്പര്യമാണു് യുദ്ധത്തിൽ പൂവണിഞ്ഞതു്!”
“സായുധ അർജ്ജുനനെ കുടുക്കാൻ കഴിയാത്തതുകൊണ്ടായിരുന്നോ, നിരായുധഅഭിമന്യുവിനെ കണ്ണിൽചോരയില്ലാത്ത നിങ്ങൾ കുത്തിമലർത്തിയതു്?” അതിസുരക്ഷാവലയത്തിനുള്ളിൽ, ഏതുനിമിഷവും പാണ്ഡവ തിരിച്ചടി പ്രതീക്ഷിക്കയായിരുന്ന കൗരവപോരാളികർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര. രാത്രി.
“കുരുന്നുപോരാളിയായിരുന്നില്ലേ അഭിമന്യു? പത്മവ്യൂഹത്തെക്കുറിച്ചു ‘മുറിവൈദ്യ’നായിരുന്നു! അറിവില്ലാത്തവന്റെ സാഹസികതയിൽ കൂടുതൽ കുഴപ്പം ഉണ്ടാക്കുംമുമ്പു് തന്നെ വേണ്ടപോലെ ‘കൈകാര്യം’ ചെയ്തു് ഭൌതികാവശിഷ്ടം, ചക്രവ്യൂഹത്തിന്നപ്പുറത്തേക്കു എറിഞ്ഞുകൊടുക്കുകയെന്ന കർത്തവ്യം ഞാൻ കാര്യക്ഷമതയോടെ നിർവ്വഹിച്ചല്ലോ. നേരിട്ടുവന്നു പോരാടാതെ രാവിലെമുതൽ പാതാളഗുഹയിൽ ഒളിഞ്ഞിരിക്കയായിരുന്ന പാണ്ഡവർ, വീണുകിട്ടിയ ഭൗതികാവശിഷ്ടങ്ങൾ പെറുക്കിക്കൊണ്ടുപോയി എന്നതു്, അതാ കത്തിത്തുടങ്ങിയ പുഴയോരചിത കണ്ടാൽ അറിയില്ലേ? ആദ്യ‘പാഠം’ പഠിക്കാൻ യുധിഷ്ഠിരൻ അൽപ്പം വൈകിയെങ്കിലും, മീശമുളച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളെ മുമ്പിൽനിർത്തി പോർക്കളത്തിൽ സ്വന്തം സുരക്ഷാകവചം സൃഷ്ടിക്കുന്ന ഭീരുപാണ്ഡവർ ഇനി അത്തരം വിടുപണി ശ്രമിക്കരുതു് എന്നദുര്യോധനതാക്കീതു് ആരും മറക്കരുതു്!!” പാളയത്തിനുള്ളിൽ നാലു പാണ്ഡവർ, എവിടെ അർജ്ജുനനസാന്നിധ്യം എന്നു ഭയന്നു് വിറയ്ക്കുന്ന ശീതകാലരാത്രി.
“ഇതിനകം കുപ്രസിദ്ധമായ യുധിഷ്ഠിര എളിമയിൽ എത്രയൊക്കെ മുട്ടുകുത്തി വാദിച്ചിട്ടും, ഒരു തരി വിശ്വാസം പോലും ദുര്യോധനമുഖത്തു തെളിഞ്ഞുകാണുന്നില്ലല്ലോ, എങ്ങനെ പിന്നെ നാലഞ്ചുപാണ്ഡവർ തെളിയിക്കും, ചെങ്കോലിനുള്ള മൂപ്പിളമ ഒന്നാംസ്ഥാനം?”, കൊട്ടാരം ലേഖിക ചോദിച്ചു. അനുജന്റെ ഭാര്യ പാഞ്ചാലിയെ സ്വന്തമെന്നു പ്രഖ്യാപിക്കാൻ കുന്തിയെ കരുവാക്കിയശേഷം, പാഞ്ചാലയിൽനിന്നും ഹസ്തിനപുരിയിലെത്തിയ യുധിഷ്ഠിരൻ കിരീടാവകാശവുമായി കൗരവരുടെ അരമനമുറികളിൽ ചുറ്റിക്കറങ്ങുന്ന അശാന്തദിനങ്ങൾ.
“പിതാമഹൻ, ധൃതരഷ്ട്രർ, ഗാന്ധാരി, കൃപാചാര്യർ, വായപോകാത്ത ഈ ‘കൊട്ടാരം കോടാലി’കൾക്കു് നേരത്തേ അറിയാമായിരുന്നല്ലോ, മുനിശാപഭീതിയിൽ രാജപദവി ‘താൽക്കാലികമായി സ്ഥാനത്യാഗം’ ചെയ്ത പാണ്ഡു, സ്വയംതിരഞ്ഞെടുത്ത വനവാസക്കാലത്തു കെട്ടിപ്പൊക്കിയ കാട്ടുകുടിലിൽ എന്റെ പിറവി. കുന്തി പ്രവചനസ്വഭാവത്തോടെ, പരപുരുഷസംഗമത്തിൽ എനിക്കു് നേരത്തെ ഭാഗ്യജന്മം തന്നു എന്നതിൽ, തിരിഞ്ഞുനോക്കുമ്പോൾ, നേരിയതോതിലെങ്കിലും ഇപ്പോൾ അഭിമാനിക്കുന്നു. ആരാണാ ഭാഗ്യപ്പിറവിയുടെ ബീജദാതാവു്? കാലൻ എന്നു് പരുക്കൻമൊഴിയിൽ കുടിലകൗരവരും, ധർമ്മദേവൻ എന്നു് ‘ഗ്യാനി’കളും പരാമർശിക്കുന്ന പ്രശസ്തആകാശചാരി! കുന്തിയുടെ ഈറ്റില്ലത്തിനപ്പോൾ കാവൽനിന്ന ദൈവദൂതന്മാർ അയൽപക്കസന്യസ്തർക്കു മുമ്പിൽ കൊണ്ടാടിയതു.”
“ഇവൻ ത്രേതായുഗത്തിന്റെ അന്ത്യരക്ഷകൻ, ഇവൻ ഹസ്തിനപുരിയിൽ വരാനിരിക്കുന്ന പാണ്ഡുവംശത്തിന്റെ സ്ഥാപകൻ”. എന്നു് മൃദുവായി! ഇതൊക്കെ അറിയാനും അടയാളപ്പെടുത്താനും വേണം പ്രപഞ്ചബോധമുള്ള ഉൾക്കാഴ്ച, എന്നാൽ ലവലേശം അതുണ്ടോ അധികാരമോഹിമാത്രമായ ദുര്യോധനൻ? കുരുവംശത്തിന്റെ അനുബന്ധ പ്രവിശ്യ, ഖാണ്ഡവപ്രസ്ഥം എന്ന അതിലോല ആവാസവ്യവസ്ഥ, ഇഷ്ടദാനം വഴി സ്വന്തമാക്കാൻ പാണ്ഡവർ ശ്രമിക്കുന്ന നേരം.
“പാണ്ഡവരുമൊത്തു നിങ്ങളുടെ ബഹുഭർത്തൃത്വദാമ്പത്യത്തിൽ പാണ്ഡവമാതാവൊരു ഒഴിവാക്കപ്പെടേണ്ട ബാധ്യതയെന്നു തിരിച്ചറിഞ്ഞതു് എപ്പോഴായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു, “സ്വയംവരം കഴിഞ്ഞു നിങ്ങൾ ഏഴുപേരും ഹസ്തിനപുരി നഗരാതിർത്തിയിലുള്ള കുരുവംശ അതിഥിമന്ദിരത്തിൽ കഴിഞ്ഞ ആഘോഷദിനങ്ങൾ എനിക്കു് അഭിമുഖങ്ങളിലൂടെ കുറെയൊക്കെ വ്യക്തമാണെങ്കിലും, ഇഷ്ടദാനം കിട്ടിയ ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറ്റക്കാരായി നിങ്ങൾ പോവുമ്പോൾ, ആറുപേരേയുള്ളു കുന്തിയില്ല, എങ്ങനെ നിങ്ങൾ വിശദീകരിക്കും?”, ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലി, ചക്രവർത്തിനീപദവി തട്ടിയെടുത്ത സംഘർഷദിനങ്ങൾ.
“ആ ഇടക്കാലകാലത്തുണ്ടായ പ്രശ്നം, തുടങ്ങിവച്ചതും, അതിവേഗം പരിണമിച്ചു പരസ്പരം ഞങ്ങൾ കണ്ടാൽ മിണ്ടാതാവുന്ന സ്ഥിതിയിലെത്തിച്ചതും ആരെന്നു നിങ്ങൾ തന്നെ കണ്ടുപിടിക്കൂ. പാഞ്ചാലിയുടെ ലൈംഗികദാഹം ശമിപ്പിക്കാൻ നാലുപാണ്ഡവരെ ഞാനവൾക്കു വെള്ളിത്തളികയിൽ സമ്മാനിച്ചതാനെന്റെ തെറ്റു് എന്നർത്ഥം വരുന്നൊരു ശാപപ്രസ്താവന ശ്രദ്ധയിൽപെട്ടപ്പോൾ ഞാൻ, ഇനിയവളെ പറ്റില്ല എന്ന തിരിച്ചറിവിൽ ഒറ്റക്കുകിട്ടിയപ്പോൾ നേരിട്ടു. അവളുടെ പ്രതികരണം പതിവുപോലെ മുന വച്ചതും ശുഷ്കവുമായി തോന്നി. സന്മനസ്സില്ലാത്ത ഈ അവസ്ഥയിൽ എന്തിനു കഠിനസാഹചര്യങ്ങൾ നേരിടാനിരിക്കുന്ന കുടിയേറ്റത്തിനു കുന്തി ഞങ്ങൾക്കൊപ്പം വരണം എന്നൊരു മറുചോദ്യം അവൾക്കുമുമ്പിൽ എറിഞ്ഞുപിടിപ്പിക്കാൻ എനിക്കപ്പോൾ സാധിച്ചു എന്നതിൽ ആയിരുന്നു, ഞങ്ങൾ പടിയിറങ്ങും മുമ്പു് അവൾ പിന്നീടു് എനിക്കെതിരെ അന്തഃപുരത്തിൽ ആക്രമണമുറ ഒരുക്കിയതു്. ശന്തനുഭാര്യ ഗംഗയെപോലെ, പാണ്ഡവബീജങ്ങളിൽ ജനിച്ച എന്റെ നവജാതശിശുക്കളെ പാഞ്ചാലി പുഴയിലൊഴുക്കുന്നതും ഹസ്തിനപുരി അന്തഃപുരവാസികൾക്കു ഇനിയുള്ള വർഷങ്ങളിൽ കാണാനാവും എന്നൊരു പ്രവചനം കൂടി അവൾ നടത്തിയതായി ഞാൻ അറിഞ്ഞു. അപ്പോഴാണു്, തരംകിട്ടിയാൽ യമുനയിൽ മുക്കിക്കൊല്ലേണ്ടതു് ആരെയായിരിക്കണം എന്നു് ഞാൻ കടന്നുചിന്തിച്ചതും!”
“ഗുരുവന്ദനദിനം ഹസ്തിനപുരിയിൽ തലങ്ങും വിലങ്ങും ഇന്നാഘോഷിക്കപ്പെടുമ്പോൾ, എങ്ങനെ ഓർമ്മിച്ചെടുക്കുന്നു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷാനിർഭരമായ ആദ്യദിനം?”, കൊട്ടാരം ലേഖിക മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു.
“വലിയൊരാൾക്കൂട്ടമായിരുന്നു കൊട്ടാര ഗുരുകുലത്തിൽ. നൂറുകൗരവരും, അത്രതന്നെ പെൺസഹായികളും, പിന്നെ, അണിഞ്ഞൊരുങ്ങാൻ അനുമതിയില്ലാത്ത, അഭയാർഥികളായ ഞങ്ങൾഅഞ്ചു കൗന്തേയരും! ബാല്യകൗമാരങ്ങൾ വളർന്നതു കൊടുംകാട്ടിലായതുകൊണ്ടാവാം, നഗരജീവികൗരവരിൽനിന്നു കായികഭീഷണിസാധ്യത നേരിട്ടിരുന്നു. ഇക്കിളിപ്പെടുത്തിയും തോണ്ടിയും കണ്ണുരുട്ടിയും ഓരോന്നവർ കുത്തിക്കുത്തി ചോദിച്ചറിയാൻ ശ്രമിക്കും. വന്ദ്യമാതാവു് കുന്തി, ദിവസങ്ങളായി മുന്നറിയിപ്പു് തന്നിരുന്നു. കൗരവസാന്നിധ്യത്തിൽ, ഗുരുവിന്റെ എന്തു് നിർദോഷ വിവരാന്വേഷണവും കരുതലോടെവേണം നേരിടാൻ. ഞങ്ങൾക്കവൾ നിർദ്ദയവളർത്തമ്മ മാത്രമായിരുന്നില്ല, മുൻ ഹസ്തിനപുരിമഹാറാണി കൂടിയാണു്. (അവളുടെ പരിശുദ്ധനാമം എന്നെന്നും, മഹത്വപ്പെടട്ടെ!) എന്തു നിസ്സാരകാര്യം ആരുചോദിച്ചാലും, അർഥശങ്കതോന്നാവുന്നവിധം പാതിവിവരമേ കൊടുക്കാവൂ എന്നതായിരുന്നു കുന്തി ആവർത്തിച്ച മുന്നറിയിപ്പു്. കൃപാചാര്യൻ ആദ്യം വിരൽ ചൂണ്ടിയതു്, മൂപ്പിളമയിൽ മത്സരിക്കുന്ന യുധിഷ്ഠിരനുനേരെ.”
“ആരുടെ മകനാണു് നീ?” എന്ന ധാർഷ്ട്യം നിറഞ്ഞ കൃപചോദ്യം കേട്ടപ്പോൾ ഞങ്ങൾ നടുങ്ങി എങ്കിലും, കൈകൾ പിന്നിലൊളിപ്പിക്കാതെയും, നോട്ടം ഗുരുമുഖത്തുറപ്പിച്ചും യുധിഷ്ഠിരൻ (അവൻ വിശ്വമാകെ ധർമ്മപുത്രർ എന്നറിയപ്പെടട്ടെ!) പറഞ്ഞു:
“കാലൻ! ഞെട്ടിത്തെറിച്ച കൗരവക്കുട്ടികൾ ബഹളംവച്ചു് ഉടൻ അവനരികിൽനിന്നും ഇരിപ്പിടം മാറി. പിന്നെ ഭീമനും അർജ്ജുനനും, കുന്തി നേരത്തെ പഠിപ്പിച്ചവിധം, അവരവരുടെ വൈവിധ്യ പിതൃത്വത്തെക്കുറിച്ചു വ്യത്യസ്ത വ്യാജവിവരങ്ങൾ കൃപരെ ബോധിപ്പിച്ചു. ‘അശ്വിനി ദേവതകൾ’ എന്നു് ഞാനും സഹദേവനും ഞങ്ങളുടെ ബീജസത്യം പറഞ്ഞ അന്നുതുടങ്ങി, കരയിലും വെള്ളത്തിലും ആകാശത്തും, കൗന്തേയർക്കെതിരെ ധൃതരാഷ്ട്രപുത്രന്മാരായ കുലീനകൗരവരുടെ ഒടുങ്ങാത്ത പടനീക്കം!”
“അനുജന്റെ ഭാര്യയുൾപ്പെടെ അനധികൃതമായി അധികാരവും കയ്യടക്കി നിങ്ങൾ, കുരുക്ഷേത്രാനന്തര രാജകീയജീവിതം കുറച്ചുകാലമൊന്നുമല്ല ആസ്വദിച്ചതു്! കിരീടാവകാശി പരീക്ഷിത്ത് ദുർമന്ത്രവാദം ചെയ്തു നിങ്ങളെ പട്ടിയാക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ, ചെങ്കോൽ അവനുകൈമാറാൻ നിങ്ങൾ നിർബന്ധിതനായി. പാഞ്ചാലിയും നാലു പാണ്ഡവരും വഴിയോരങ്ങളിൽ ഒന്നൊന്നായി മരിച്ചുവീണപ്പോൾ, ശവംകുഴിച്ചിടാൻ സഹായിക്കാതെ, നിങ്ങൾ കാൽമുന്നോട്ടുവച്ചു. എന്നിട്ടിപ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കു അവസാനം, കൂടെ കൊണ്ടുനടക്കാൻ കിട്ടിയതു് തെണ്ടിപ്പട്ടി! അങ്ങനെയാണു് ഹസ്തിനപുരിയുടെ ഏകാംഗപ്രതിപക്ഷമായ ജനാധിപത്യവാദി ചാർവാകൻ ഈ കഥകേട്ടാൽ പരിഹസിക്കുക! പട്ടിയെ കൂടെകൂട്ടേണ്ടിയിരുന്നില്ല എന്നുതോന്നുന്നുണ്ടോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ നിർണ്ണായക അന്ത്യദിനം.
“എല്ലിൻകഷണം പട്ടിക്കു് എറിഞ്ഞുകൊടുത്ത വൃദ്ധകർഷകൻ മരിക്കുമ്പോൾ, ശവത്തോടൊപ്പം ചുടുകാട്ടിലേക്കു നിശബ്ദമായി പോവുന്ന ‘യുധിഷ്ഠിര പട്ടി’ എവിടെ, വീട്ടുടമ മരിക്കുമ്പോൾ പുതിയ താമസക്കാരനെ ഒളികണ്ണിട്ടു് പ്രത്യാശയോടെ നോക്കുന്ന ‘ചാർവാക പൂച്ച’ എവിടെ!”, ആകാശക്കോണിൽ നിന്നും ഊർന്നിറങ്ങുന്ന കയറിൽ മുറുകെ പിടിച്ചു മേലോട്ടുയരുമ്പോഴും, വിശ്വസ്തപട്ടിയെ കൂടകൂട്ടാൻ ‘ദൈവദൂതൻ’ സമ്മതിക്കില്ലെങ്കിൽ, ഈ ഹിമാലയ മലഞ്ചെരുവിൽ തന്നെ ഞാൻ പ്രവാസംതുടരുമെന്ന സമരപ്രഖ്യാപനവുമായി ദൃഢനിശ്ചയത്തിലായിരുന്നു, കിരീടാവകാശി പരീക്ഷിത്തിന്റെ സമ്മർദ്ദരാഷ്ട്രീയത്തിനു് ഗതിയില്ലാതെ വഴങ്ങി ചെങ്കോൽ നഷ്ടപ്പെട്ട ധർമ്മപുത്രർ!
“അക്ഷരാർത്ഥത്തിൽ അതിലോലആവാസവ്യവസ്ഥക്കു നിങ്ങൾ തീയിട്ടു?” കൊട്ടാരം ലേഖിക ചോദിച്ചു, “കുടിയേറ്റക്കാരുടെ കുടിലത എന്നാണു ദുര്യോധനൻ ഖാണ്ഡവപ്രസ്ഥത്തിന്റെ ദുരവസ്ഥയെ വിശേഷിപ്പിക്കുന്നതു്.”
“കാടുവളഞ്ഞു തീയിട്ടു ജീവജാലങ്ങളെ കൊന്നു ഞങ്ങൾ കൊലവിളിച്ചു എന്നാണോ ശരിക്കും കൗരവർ പറഞ്ഞുനടക്കുന്നതു്? അങ്ങനെയാണു് എങ്കിൽ, വ്യത്യസ്തദേശങ്ങളിൽനിന്നു് ഇന്ദ്രപ്രസ്ഥത്തിൽ കുടിയേറിയവർ മാപ്പുതരുമോ? എത്ര പരിമിതമായ തോതിലാണു് ഞങ്ങൾ ഖാണ്ഡവ പ്രസ്ഥത്തിലെ മൃഗമാംസലഭ്യത ദൈനംദിന ജീവിതത്തിനായി പ്രയോജനപ്പെടുത്തിയതു് എന്നന്വേഷിക്കൂ, എന്നിട്ടു ഹസ്തിനപുരിയിലെ ചുവരെഴുത്തുപതിപ്പുകളിൽ, ‘കണ്ടതും കേട്ടതും നേർസാക്ഷിമൊഴി’യായി അവതരിപ്പിക്കൂ. സസ്യാഹാരിമൃഗങ്ങളെ തീൻശാലയിലേക്കു വിശിഷ്ടമാംസരുചിക്കായി ഞങ്ങളും മറ്റു അംഗീകൃതകുടിയേറ്റക്കാരും കൈവച്ചപ്പോൾ, കൃഷികേന്ദ്രിതമായ സാമ്പ്രദായികഗ്രാമീണജീവിതത്തിനൊരു പുത്തൻ മാനം, അതായിരുന്നില്ലേ കാർഷികവിപ്ലവം എന്നു് പറയുന്നതു്? മാംസാഹാരികളായ വന്യമൃഗങ്ങൾക്കു മുമ്പിൽ സസ്യാഹാരിജീവികൾ ‘ഞങ്ങളെ തിന്നൂ’ എന്ന യാചനയോടെ തലകുനിച്ച കാലമുണ്ടായിരുന്നു. മാംസഭോജികളായ വന്യമൃഗങ്ങൾ ഞങ്ങളെ കണ്ടതോടെ യമുനയിൽ ചാടി. ഖാണ്ഡവപ്രസ്ഥം മൃഗമാംസകലവറയായി. കന്നുപൂട്ടിയും കൃഷിചെയ്തും നടുവൊടിഞ്ഞ രാജ്യരാജ്യാന്തരങ്ങളിലെ, വ്യത്യസ്തഭാഷകളും ജീവിതരീതികളുമുള്ള കൃഷിക്കാർ ഈ മാംസ‘ഖനി’കളിലേക്കു ഇടിച്ചുകയറി, ഇരമൃഗങ്ങളുടെ മാംസോൽപ്പാദനത്തിൽ സജീവപങ്കാളികളായി. എന്നു് പറഞ്ഞാൽ, ഓടിച്ചുകൊല്ലേണ്ട കാര്യമില്ല നിത്യവും അറക്കാൻ മൃഗങ്ങൾ അറവുകാരനുമുമ്പിൽ തലകുനിക്കും. മൂന്നു നേരം ആഹാരം എന്നതു് വെറും സ്വപ്നമല്ല യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ ‘ഇനി ലക്ഷ്യം അന്തിയുറങ്ങാൻ വീടു്’ എന്ന ഉറപ്പിൽ രമ്യഹർമ്മ്യങ്ങളുടെ നിർമ്മിതിക്കായി വാസ്തുശില്പികളെ തേടി ചെല്ലുകയാണിപ്പോൾ. ഖാണ്ഡവവനം അഗ്നിയുടെ താണ്ഡവമല്ല യമുനാതടസംസ്കാരത്തിന്റെ ആരംഭമാണു് എന്നു് കൗരവരോടു് പറയൂ!”
“ഇന്ദ്രപ്രസ്ഥം രാജസൂയചക്രവർത്തിപദവി ചെറുപ്പത്തിൽ വഹിച്ച യുധിഷ്ഠിരൻ കാൽനൂറ്റാണ്ടിനുശേഷം ഹസ്തിനപുരി മഹാരാജാപദവിയിലെത്തിയപ്പോൾ, ആളാകെ ചുരുങ്ങിപ്പോയോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു പദവികൾ നേടിയെടുത്തതൊക്കെ ഒറ്റയ്ക്കു് എന്ന മട്ടിൽ, ആദ്യദിനങ്ങളിൽ ചെയ്ത പ്രഭാഷണം ആവർത്തിക്കാതിരിക്കാൻ, സഹികെട്ടു ഗദചൂണ്ടി രൗദ്രഭീമൻ ഇടപെട്ടപ്പോൾ, എളിമയിൽ യുധിഷ്ഠിരൻ നീങ്ങും എന്നു് ഞങ്ങളൊക്കെ കരുതിയോ! ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുമ്പോൾ, മുടന്തുന്യായങ്ങൾ പറഞ്ഞു പാഞ്ചാലഭാഗത്തുള്ളവർക്കു അനുമതിനിഷേധിക്കുന്നതു് ആവർത്തിച്ചു ഞാൻ കണ്ടിട്ടും, ഒന്നു് രണ്ടു തവണ ചുണ്ടുകൂട്ടിപ്പിടിച്ചു ഞാൻ മറ്റൊന്നും പ്രതികരിക്കാതിരുന്നു. അപേക്ഷവെട്ടൽ അതേവിധം തുടർന്നപ്പോൾ, അന്തഃപുരത്തിൽ ഞാനവനെ പായിൽ നേരിട്ടു. പാഞ്ചാലയിൽ നിന്നുള്ള കുടിയേറ്റക്കാർ ആരെങ്കിലും എന്നെ പരാതിയുമായി സമീപിക്കേണ്ട ഗതികേടിൽ നിങ്ങൾ കാര്യങ്ങൾ എത്തിച്ചാൽ, രാജസൂയയാഗത്തിൽ എന്നെക്കൊണ്ടു് നിങ്ങൾ ചെയ്യിച്ച മനുഷ്യത്വരഹിതമായ ‘കർമ്മങ്ങളും ക്രിയകളും’ ഉണ്ടല്ലോ അതെല്ലാം ഭീമന്റെ മുമ്പിൽ എണ്ണിയെണ്ണി ഞാൻ പറയുമെന്നു് വിരൽചൂണ്ടിയപ്പോൾ, ‘രാജസൂയചക്രവർത്തി’, ആൾ ഒന്നു് ഒതുങ്ങി. പുരുഷാധിപത്യത്തിന്റെ ആ കൊമ്പുപിന്നെ കുലുക്കിയിട്ടില്ല. പിന്നെ യുധിഷ്ഠിരൻ ആട്ടിയതു വാൽ! ഇപ്പോൾ, വിരുന്നുവരുന്ന പഴയ സന്യസ്തരോടു്, കൈപ്പത്തി മലർത്തി വിനയപ്പെടുന്നതു് കേൾക്കാം, ഭൂമിയിൽ പരപ്രേരണയില്ലാതെ ദുരഭിമാനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതാണു് കാലപുത്രനെന്ന നിലയിൽ തന്റെ നേട്ടമെന്നയാൾ നാണമില്ലാതെ മേനിപറയുമ്പോൾ, ഗൗരവപ്രകൃതിക്കാരായ പരിത്യാഗികൾ പോലും പൊട്ടിച്ചിരിക്കും!”
“അതിമാനുഷകൃത്യങ്ങൾക്കെല്ലാം നിങ്ങൾ ദൃക്സാക്ഷിയല്ലേ? തിരിഞ്ഞുനോക്കുമ്പോൾ, ദുര്യോധനവധം, ദ്വന്ദയുദ്ധമെന്ന കലയിൽ, ദൃശ്യാനുഭൂതി തന്നോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“വിശന്നുവലഞ്ഞ ബകനെ മരം പിഴുതു അടിച്ചുകൊന്നു എന്നതും, പ്രണയിനിയെ പ്രതീക്ഷിച്ചു പരിമളം പുരട്ടി രാത്രി വന്ന കീചകനെ ആൾമാറാട്ടം വഴി ശ്വാസം മുട്ടിച്ചുകൊന്നു എന്നതും ഐതിഹ്യപ്പെരുമയിൽ പറഞ്ഞുശീലിച്ച ഞാൻ, ദുര്യോധനനെ ഭീമൻ ആക്രമിക്കുന്നതു് കണ്ടു പക്ഷേ, ഞെട്ടി. ഒരു സാമ്യവും ഇല്ലായിരുന്നു അർദ്ധസഹോദരരുടെ പോരാട്ടമികവിനു. ഓരോ ഭീമഗദാപ്രഹരവും ഉന്നം തെറ്റി മരക്കുറ്റികളിലും ചളിക്കുഴിയിലും പതിച്ചു. ദുര്യോധനഗദയുടെ പ്രഹരവേദന സഹിക്കാനാവാതെ ഭീമൻ ചളിയിൽ വീണുരുണ്ടു. ഞാനുൾപ്പെടെ ‘പ്രമുഖപൗരന്മാർ’ തൊട്ടരികെ കണ്ടുനിൽക്കുകയാണപ്പോൾ. അതിനിടയിലൊരു മിന്നൽപിണർ രൂപത്തിൽ രഹസ്യസന്ദേശം ആകാശചാരികളിൽ നിന്നു് ആംഗ്യഭാഷയിൽ ഭീമൻ സ്വീകരിക്കുന്ന പോലെ തോന്നിയോ! ഉവ്വു് എന്നുറപ്പിച്ചുപറയാനാവുന്നവിധത്തിൽ ഉടനൊരു ഭീമഗദാപ്രഹരം ദുര്യോധനന്റെ അരക്കുതാഴെ തുടകൾക്കിടയിൽ പൊട്ടുന്നതും. കണ്ണു് തിരുമ്മി ഞാൻ അവിശ്വാസത്തിൽ മിഴിച്ചു നോക്കിയപ്പോൾ, അതാ ദുര്യോധനൻ അവശനിലയിൽ കുഴഞ്ഞുവീണു വാവിട്ടു “അമ്മാ, അമ്മാ” എന്നു് നിലവിളിക്കുന്നു. ആ രംഗം തുടർന്നു് കാണാനാവാതെ, കാണികളായി അവിടെനിന്ന അഞ്ചാറുപേർ ഭീമനെ വാരിപ്പെറുക്കി കിതച്ചു പാളയത്തിലേക്കു് പാഞ്ഞു. പണ്ടു് വസ്ത്രാക്ഷേപത്തിൽ ദ്രൗപദിയെ എന്ന പോലെ, ഒരു ‘പ്രത്യക്ഷം നിർണായകമുഹൂർത്തത്തിൽ’ ഭീമനെ തുണച്ചു എന്നാണെന്റെ സംശയം!” പറഞ്ഞു പറഞ്ഞു ഐതിഹ്യലഹരിയിൽ നകുലനും പരവശനായി.
“അരമനയിലെ ആഡംബര അന്തഃപുരങ്ങളിൽനിന്നും അർദ്ധരാത്രിയിൽ ചട്ടിയും കലവുമായി ആട്ടിയോടിപ്പിക്കപ്പെട്ടതിലുള്ള അമർഷമാകുന്നു, യുദ്ധാനന്തര പാണ്ഡവഭരണകൂടത്തിന്നെതിരെ നിങ്ങളുടെ തെരുവുപോരാട്ടത്തിനു് ‘ഗൂഢപ്രേരണ’ എന്നാണല്ലോ നകുലന്റെ നിരീക്ഷണം?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയുടെ സമരപ്പന്തലിൽ മുട്ടുകുത്തി കൈമുത്തി ഐക്യദാർഢ്യം അർപ്പിച്ചു.
“കുരുക്ഷേത്രവിധവകൾ എന്ന പ്രാഥമികപരിഗണനയില്ലാതെ, കൗരവരാജസ്ത്രീകളെ കൊലയാളിഭീമൻ നാളെ ഗദയോങ്ങി ആട്ടിത്തെളിയിച്ചു തെരുവിലേക്കെറിഞ്ഞാലും, പാപിപാണ്ഡവർക്കടിയറവു നിങ്ങൾ പറയില്ലെന്നെനിക്കു് ഇടനെഞ്ചിൽ കൈവച്ചു വാക്കുതരൂ പ്രിയപ്പെട്ടവരേ!, അന്തഃപുരത്തിൽ യാത്രാതലേന്നു് ചെയ്ത പാതിരാ യാചനക്കു് ശേഷം ചാരിതാർഥ്യത്തോടെ അന്തിമയാത്ര പറഞ്ഞാണു് പ്രിയദുര്യോധനൻ പടച്ചട്ടയണിഞ്ഞു, പാണ്ഡവാക്രമണം ചെറുക്കാൻ കുരുക്ഷേത്രപോരാട്ടത്തിൽ പ്രതിരോധിക്കേ, ബലിയായതു. ധൃതരാഷ്ട്രരുടെ പരിശുദ്ധമാതാവായ അംബികത്തമ്പുരാട്ടിയുടെ ഓർമ്മപ്പെരുന്നാൾ ഞങ്ങൾ നൂറുകൗരവവധുക്കൾ കാലങ്ങളായി ആണ്ടുശ്രാദ്ധം പോലെ വിശുദ്ധമായി ആചരിക്കുക പതിവായിരുന്നു. പൊതുജനം പുഴക്കരയിൽ ഞങ്ങൾക്കൊപ്പം മന്ത്രോച്ചാരണത്തിൽ പങ്കുചേരും. ഇപ്പോൾ അനധികൃത യുധിഷ്ഠിരഭരണകൂടം കൽപ്പന ഇറക്കിയിരിക്കുന്നു, പാണ്ഡുവിന്റെ മാതാവായ അംബാലിക തമ്പുരാട്ടിയുടെതായിരിക്കും ഇനി ഔദ്യോഗികഅംഗീകാരമുള്ള ഓർമ്മപ്പെരുന്നാൾ. എങ്ങനെ സഹിക്കും അംബികയോടു പാണ്ഡവ അവഹേളനം! ചെങ്കോൽ വലിച്ചെറിഞ്ഞു മരണഭീതിയിൽ ഹസ്തിനപുരി ഉപേക്ഷിച്ചുപോയ ഭീരുപാണ്ഡു എവിടെ, കാഴ്ചപരിമിതനായിട്ടുപോലും കുരുവംശഅഭിമാനം കാത്തുസൂക്ഷിച്ച ധൃതരാഷ്ട്രർ എവിടെ! ‘ഹസ്തിനപുരിക്കൊരു പരിശുദ്ധമാതാവു് മാത്രം മതി, അംബികാത്തമ്പുരാട്ടി!’ സ്വർഗ്ഗസ്ഥനായ ദുര്യോധനാ, അങ്ങനെ നീ ഞങ്ങളോടു് വിശ്വാസ്യതയോടെ പറയുമ്പോൾ അതുഞങ്ങൾക്കു തിരുവചനം!”
“കുടിയേറ്റക്കാരുടെ കൂടെ നിങ്ങൾക്കും കൂട്ടുപോവാമായിരുന്നില്ലേ?”, ഖാണ്ഡവവനത്തിൽ കുടിവക്കാൻ പാണ്ഡവരും പാഞ്ചാലിയും ഹസ്തിനപുരിയിൽനിന്നും നീണ്ടയാത്രപോവുന്നതു് കണ്ട കൊട്ടാരം ലേഖിക, കുന്തിയോടു് ചോദിച്ചു. പാഞ്ചാലിയുടെ അനിഷ്ടം കാരണമാണു് പാണ്ഡവർ കുന്തിയെ കൂടെ കൊണ്ടുപോകാഞ്ഞതെന്ന അരമനശ്രുതി പരക്കുന്ന നേരം.
“പടിയിറങ്ങും മുമ്പു് രഹസ്യമായി യാത്രപറയാൻവന്ന യുധിഷ്ഠിരനോടു് ഞാൻ വിവരം ചോദിച്ചു. മുട്ടുകുത്തി, എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചവൻ തേങ്ങി: അമ്മാ, നേരും നെറിയുമുള്ള നിനക്കു് സമാധാനപരമായി ജീവിതസായാഹ്നം ചെലവഴിക്കാൻ പറ്റിയ ഇടമായിരിക്കില്ല, ദുഷ്ടലാക്കോടെ ധൃതരാഷ്ട്രർ ഞങ്ങൾക്കനുവദിച്ച ഖാണ്ഡവപ്രസ്ഥം. കൃഷിഭൂമിക്കായി ഇത്തിരി കാട്കത്തിക്കാൻ തീ തുണക്കുമെന്നു ഞങ്ങൾ സമാധാനിച്ചാലും തീരുന്നില്ല പ്രശ്നം. ഭർത്തൃമാതാവുമായി ഇണങ്ങിജീവിക്കുന്ന വിധേയപ്രകൃതമല്ല പാഞ്ചാലിയുടെ. കൂടെപൊറുത്തവർക്കേ അവളുടെ തനിനിറം അറിയൂ. അവളുടെ അധിക്ഷേപം നിറഞ്ഞ മൗനത്തിനുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ ആത്മാഭിമാനമുള്ളവർ ആത്മഹത്യക്കൊരുങ്ങും. സ്വയംഭരണാവകാശം മാത്രമുള്ള ഖാണ്ഡവപ്രവിശ്യ, ബാഹ്യശക്തികളുടെ അനുഗ്രഹത്താൽ ഞങ്ങൾ, പരമാധികാര രാജ്യമാക്കുമെന്നു കൗരവർക്കാധിയുമുണ്ടു്. ‘സാമ്രാജ്യമോഹമുള്ള പാണ്ഡവരെ വരുതിയിൽ നിർത്താൻ’, ആൾജാമ്യമെന്നനിലയിൽ, നിന്നെ ഗാന്ധാരിയുടെ അന്തഃപുരത്തിലൊരു ആലങ്കാരികതോഴിപദവി തന്നു, ജീവിതാന്ത്യംവരെ ബന്ദിയായി ദുര്യോധനൻ പാർപ്പിക്കുമെന്നാണറിയുന്നതു. എതിർശക്തികളെ സംഘടിച്ചു അമർച്ചചെയ്യാൻ കഴിയുമായിരുന്ന വിവാഹപൂർവകാലത്തെ പാണ്ഡവസാഹോദര്യം, ഞങ്ങൾ അഞ്ചുപേർക്കിടയിൽ ഇപ്പോൾ ഇല്ല. നീ ഞങ്ങളെ ഏതു പ്രതിസന്ധിയിലും മനഃസാന്നിധ്യത്തോടെ ഒരുമിപ്പിച്ചപ്പോൾ, പാഞ്ചാലി, ഞങ്ങൾക്കിടയിൽ ഭീതിജനിപ്പിക്കുന്നവിധം ‘കൗന്തേയ മാദ്രേയ’ വിഭജനശക്തിയാണമ്മാ!”
“ഓരോ കൗന്തേയനിൽ നിന്നും ഓരോ മകൻ! അങ്ങനെ അഞ്ചുപാണ്ഡവമക്കൾ: അതുതന്നെയായിരുന്നുവോ, ഇന്ദ്രപ്രസ്ഥത്തിനുശേഷം, വനവാസക്കാല അടിമജീവിതത്തിലും കിടപ്പറനയം?, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ‘ഹസ്തിനപുരിപത്രിക’യുടെ പുതുവർഷപ്രത്യേക ചുവരെഴുത്തുപതിപ്പായി പത്രാധിപർ ഇത്തവണ ആവശ്യപ്പെട്ടതു് “പാഞ്ചാലിയുടെ പിറക്കാതെ പോയ അടിമപുത്രന്മാർ”!”
“കാട്ടിൽ അടിമജീവിതം ഉറപ്പായപ്പോൾ, ഉടയോൻദുര്യോധനനു ഞാൻ രഹസ്യമായി അപേക്ഷ അയച്ചു. ‘മക്കളെത്രയാവാം’? ഓരോ ഭർത്താവിനും രണ്ടുകുട്ടികൾവീതമെങ്കിലും ഉണ്ടാവാൻ സംയോഗകാലാനുമതി ദീർഘിപ്പിച്ചു തരാൻ.”
“പ്രിയ പാഞ്ചാലീ നീ ഇപ്പോൾ നിയമപരമായി കൗരവഅടിമ എന്ന വകുപ്പിൽ അല്ലെ, അതുകൊണ്ടു് ഭാവിയിൽ കൗരവരാജസന്തതികളുടെ കിരീടാവകാശതാൽപ്പര്യസംരക്ഷണത്തിനു് ഭീഷണിസാധ്യത ഏതളവിലും ഉയർത്തുന്ന ‘ഇരട്ടസന്തതി’ നിർദേശം നീ എന്നെന്നേക്കുമായി ഉപേക്ഷിക്കണം എന്നുഞാൻ കരുതുന്നു”, കല്ലേപ്പിളർക്കുന്ന രാജകല്പന മനസ്സുകൊണ്ടും ശരീരം കൊണ്ടും പരിപാലിച്ചു. വനവാസക്കാലത്തവരഞ്ചുപേരെയും പ്രത്യുൽപ്പാദന രതിവേഴ്ചകളിൽനിന്നും പാടെ ഞാൻ മാറ്റിക്കിടത്തി. അല്ല, ഇതിലെന്താ നിങ്ങൾക്കിത്ര വാർത്താ താൽപ്പര്യം തോന്നാൻമാത്രമൊരു വിഷയപ്രാധാന്യം? ഇതു് കേവലം ഒരു സ്വകാര്യവ്യക്തിയുടെ ഉടലവകാശപരിധിയിൽ വരാവുന്ന ലൈംഗികഅടിമപ്രശ്നമല്ലേ?
“കുരുവംശത്തിന്റെ ആയിരം വർഷങ്ങൾ ആഘോഷതലേന്നു് തന്നെ വേണമായിരുന്നോ ശന്തനുഭാര്യസത്യവതിയെ കുറിച്ചു് ഇല്ലാക്കഥകൾ ‘ഹസ്തിനപുരിപത്രിക’യിൽ എഴുതാൻ? വിവാഹപൂർവഗർഭവും, ശന്തനുവുമായി കണ്ണിൽ ചോരയില്ലാതെ വിലപേശി രാജാവകാശി ദേവദത്തനെ നിത്യബ്രഹ്മചാരിയാക്കലും ക്ഷയരോഗിയായ മകൻവിചിത്രവീര്യൻ മരിച്ചപ്പോൾ, വിധവ മുനിവ്യാസനെ കൂടെ കിടത്തി സന്തതികളെ ഉണ്ടാക്കലും, പനിപിടിച്ച ഭാവനയിൽ കൊട്ടാരം ലേഖിക എഴുതിയുണ്ടാക്കിയ ഓരോകെട്ടുകഥയും “ഭാവനാസൃഷ്ടി” എന്നു് ഉടൻ തെളിയിക്കും”,: യുധിഷ്ഠിരൻ.
“യുദ്ധമൊഴിവാക്കാൻ, കുരുവംശനാഥനായ ധൃതരാഷ്ട്രർ, ബദൽനിർദേശങ്ങളൊന്നും ഉന്നതാധികാരസമിതി യോഗത്തിൽ മുന്നോട്ടു് വച്ചില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. “കഴിഞ്ഞ അരനൂറ്റാണ്ടിൽ ഒരയൽരാജ്യവും അതിർത്തിതർക്കത്തിനു ധൈര്യപ്പെട്ടിട്ടില്ല എന്നോർക്കണ്ടേ?” കുരുക്ഷേത്ര പാളയനിർമ്മിതിയുടെ പുരോഗതി വിലയിരുത്തി ലഘുപാനീയവുമായി മരത്തണലിൽ വിശ്രമിക്കുകയായിരുന്നു കുറു കൗരവസംഘം.
“കൂട്ടുകുടുംബസ്വത്തുതർക്കം തീർക്കാൻ ഹസ്തിനപുരിയിൽ എന്തിനൊഴുക്കണം മനുഷ്യച്ചോര എന്നായിരുന്നു യോഗത്തിൽ ധൃതരാഷ്ട്രവാദം. “വരൂ ഭീമാ, നമുക്കു് ആലിംഗന ‘സമര’ത്തിലേർപ്പെടാം” എന്നൊരു നിർദോഷവെല്ലുവിളിയിൽ ഒതുക്കിക്കൂടെ യുദ്ധകാഹളമെന്നായിരുന്നു തുടർന്നു് കൃത്യമായി കർമ്മകാണ്ഡം നിർദേശിച്ചതും. ആളുയരത്തിലുള്ള ലോഹപ്രതിമകൾ ആലിംഗനം ചെയ്തു ‘തവിടുപൊടി’യാക്കുന്നതാണിപ്പോഴും വാർധക്യത്തിൽ അന്ധപിതാവിന്റെ പരസ്യവിനോദം! എന്തുചെയ്യാം, മന്ദബുദ്ധിയെങ്കിലും ഭീമൻ, ആ ചൂണ്ടയിൽ വീണില്ല. ഏതോ കുടിലബുദ്ധി, ഇരുമ്പുപ്രതിമ വച്ചു് ഇതാ ആലിംഗനത്തിനു എത്തിയ ഭീമൻ എന്നുച്ചരിച്ചു പിന്മാറി. പിതാവും ആ കെണിയിൽ വീണില്ല, തുടർന്നു് ഞാൻ നിസ്സഹായനായി യുദ്ധതീയതി പ്രഖ്യാപിച്ചു” ഭാഗ്യംകെട്ട പാണ്ഡവരിലെ വമ്പിച്ച ആൾനാശസാധ്യതയോർത്തു ദുഖിതനായി കൗരവൻ.
“ധാന്യം വാങ്ങാൻ പണം തരുമോ ചാർവാകൻ?” വഴിയോര മരത്തണലിലെ കുടിലിൽ, ചാർവാകവധുവിനു സമ്മാനപ്പൊതിനീട്ടി കൊട്ടാരം ലേഖിക ചോദിച്ചു.
“ഇന്നലെ രാത്രിവന്നതു് തലച്ചുമടു് പനയോലക്കെട്ടുകളുമായായി! എന്താണിതൊക്കെയെന്നു ഒരുപിടിയും കിട്ടാതെ ക്ഷോഭിച്ചു ചോദിച്ചപ്പോൾ, നാടു് ഭരിക്കുന്നവരുടെ കൂട്ടുകുടുംബകഥ പൊടിപ്പും തൊങ്ങലും വച്ചു് വ്യാസമുനി എഴുതിയ ‘മഹാഭാരത’മെന്നവൻ പറഞ്ഞു. കൗരവരെ പിന്തുണക്കുന്ന വ്യാസരചന പാണ്ഡവർക്കനുകൂലമായി ഞാൻ തിരുത്തിക്കൊടുത്താൽ, കുടുംബം പുലർത്താൻ ആയുഷ്കാലവേതനം തരാമെന്നു മന്ത്രിഭീമൻ വാക്കു തന്നിട്ടുണ്ടു്. പാണ്ഡവവിരുദ്ധഓലകൾ ഒന്നൊന്നായി നീക്കണം, പാണ്ഡവാനുകൂലമായി കഥാഗതിമാറ്റിയെഴുതി, വീണ്ടും ക്രമം തെറ്റാതെ കെട്ടിൽ വക്കണം, എല്ലാറ്റിനും നീ സഹകരിക്കണം എന്നുപരിഭ്രാന്തിയോടെ ചുറ്റുംനോക്കി അവൻ പറഞ്ഞു. ആകെയുള്ള എണ്ണയും വിളക്കും കിടപ്പുമുറിയും അവനു കൈമാറി. നിങ്ങൾ തന്ന ഉണക്ക പഴങ്ങളും രാത്രിജോലിക്കിടയിൽ അവനു തിന്നാൻ വെക്കണം. ആരാണു് കൗരവർ ആരാണു് പാണ്ഡവർ വ്യാസൻ എന്നൊന്നും എനിക്കുറപ്പില്ലെങ്കിലും, ഈ അക്ഷരകളവിനു് ഞങ്ങൾ കൂട്ടുനിന്നാൽ കുട്ടികൾക്കു് മൂന്നു നേരം ഭക്ഷണം കൊടുക്കാനാവും.”
“ഹേ മനുഷ്യരൂപത്തിലുള്ള മറുതപിശാചേ നിങ്ങൾ എന്തു് അന്യായമാണു് ഈ ചെയ്യുന്നതു്!”, കൊട്ടാരം ലേഖിക പൊട്ടിത്തെറിച്ചു, “മുറിവേറ്റു പ്രാണൻ പോകാത്തവരുടെയും മരിച്ചുപോയവരുടെയും നെഞ്ചിൽ ചവിട്ടി കൂരമ്പുവലിച്ചെടുക്കുകയോ!”. കുരുക്ഷേത്ര യുദ്ധഭൂമി ഉച്ചയൂണിനു പോരാട്ടംനിർത്തിയ ഇടവേള.
“ഇതു് രണഭൂമിയാണു് വികാരപ്രദർശനത്തിനുപറ്റിയ വിളനിലമല്ല, ഇതു പാണ്ഡവആയുധപ്പുരയുടെ പരിമിതിയായി ചിത്രീകരിക്കരുതേ! പ്രതീക്ഷിച്ചത്ര അമ്പും കുന്തവും വിരാടപണിശാലകളിൽനിന്നും കുരുക്ഷേത്രയിൽ എത്തിയില്ല. അപ്പോൾ സഖ്യകക്ഷി ഉപസേനാപതികളുടെ രഹസ്യയോഗം വിളിച്ചുചേർത്ത സർവ്വസൈന്യാധിപൻ ധൃഷ്ടധ്യുമ്നൻ സമവായത്തിൽ പറഞ്ഞു, നാളേക്കുവേണ്ടി കരുതൽ ആയുധശേഖരതിൽ ശ്രദ്ധിക്ക. പരുക്കേറ്റവരും മൃതപ്രായരും പരേതരുമായ എല്ലാവിധ‘ദേഹ’ങ്ങളിൽനിന്നും കൂരമ്പുകൾ കഴിയുന്നത്ര വേഗം വലിച്ചൂരിയെടുക്കാൻ നാം സൈനികരെ പ്രേരിപ്പിക്കുക, അതുകൊണ്ടന്താണെന്നോ? പോരാട്ടത്തിൽ കൊല്ലപ്പെടുന്ന നാൽക്കാലികളിൽ നിന്നും ഊട്ടുപുരമാംസനിർമ്മിതി, അപ്പപ്പോൾ സേവനദാതാക്കൾ ചെയ്യുന്നപോലെ പോർക്കളത്തിൽ അടിയന്തിരാവസ്ഥ നേരിടാനൊരുപായം, മറിച്ചൊന്നും എഴുതി, അന്തിമപോരാട്ടവിജയം പ്രതീക്ഷിക്കുന്ന പാണ്ഡവരുടെ അമാനുഷപ്രതിച്ഛായയിൽ നിങ്ങൾ കണ്ണിൽ ചോരയില്ലാത്ത ലേഖകർ കരിവാരിത്തേക്കരുതേ!”
“അഭിമന്യു ദുരൂഹസാഹചര്യത്തിൽ മരിച്ചദിവസം നിങ്ങൾ ശിരോവസ്ത്രം ധരിച്ചു മുട്ടുകുത്തി ചരമശുശ്രൂഷയിൽ പങ്കെടുത്തപ്പോൾ, “അവൾ ദുഃഖം നടിക്കാൻ അതിസമർത്ഥ!” എന്നായിരുന്നു പരേതന്റെ അച്ഛൻ ഇടഞ്ഞസ്വരത്തിൽ പറഞ്ഞതു്. അതിരുകടന്നുവോ അർജ്ജുനൻ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
“ഊട്ടുപുരയിലും കിടപ്പറയിലും അവൻ ഇളമാംസത്തിൽ തൽപ്പരൻ. എന്റെ ബഹുഭർത്തൃത്വഉടൽ ഊഴമനുസരിച്ചു കൊടുക്കുന്ന ആളോഹരി അഞ്ചിലൊന്നു് ആനന്ദത്തിൽ മടുപ്പുണ്ടായതുകൊണ്ടല്ലേ, പടിയിറങ്ങിപ്പോയി സുഭദ്രയെ ദ്വാരകയിൽനിന്നും തട്ടിയെടുത്തുകൊണ്ടുവന്നതു? പരസ്ത്രീബന്ധത്തിനു അനുമതികിട്ടാതെ തിരിച്ചവളുടെ നാട്ടിലേക്കു മടങ്ങേണ്ടിവന്നതവനെ അലോസരപ്പെടുത്തിക്കാണും. ജാരസന്തതിയെന്നതിൽ കവിഞ്ഞു, കൗമാരപോരാളിയെന്ന നിലയിൽ ആ മരണം ഞാനും ആചരിച്ചു. അതിലപ്പുറം അഭിമന്യുമരണത്തിന്റെ യുദ്ധാനന്തരസാധ്യത അവനും മനസ്സിലാക്കിയിട്ടുണ്ടാവും. എന്റെ അഞ്ചുമക്കളിൽ മൂത്തവനെ കിരീടാവകാശിയാക്കേണ്ടിവരും എന്നതായിരിക്കാം അവന്റെ ഇളംമനസ്സു് നോവിക്കാൻ ഇടയായിട്ടുണ്ടാവുക, പിൻഗാമി നഷ്ടപ്പെട്ട പാവം പാർത്ഥൻ!”
“ഇതെന്താ കരിന്തിരി കത്തിച്ചു പുതുഭരണാധികാരികളുടെ പാതിരാസമ്മേളനം?”, യുദ്ധം ജയിച്ച പാണ്ഡവരെ കൊട്ടാരം ലേഖിക കൊട്ടാര സമുച്ചയത്തിന്നരികെ വിറകുപുരക്കുപിന്നിൽ കണ്ടെത്തി.
“വനവാസക്കാലത്തുപോലും അനുഭവപ്പെടാത്തൊരു മാംസക്ഷാമം! മൊത്തം ഈ ദരിദ്രദേശത്തെ നാൽക്കാലികൾ ഞങ്ങൾക്കെതിരെ ഗൂഡാലോചനയിലെന്നുതോന്നുന്ന ക്ഷാമം. ഞങ്ങളഞ്ചുപേരും അരമനതൊഴുത്തു പരിശോധിച്ചപ്പോൾ കിട്ടി, കഥാവശേഷനായ ദുര്യോധനന്റെ പരിമിതിയില്ലാത്ത മൃഗസമ്പത്തിൽ, കുരുക്ഷേത്രയിലേക്കു കൊണ്ടുപോവാതെ ബാക്കിയായ ഉഴവുമൃഗം! തണുപ്പിൽ ഞങ്ങൾ അതൊരു വരദാനമായി കണ്ടു. ഭീമൻ വാക്കത്തിയുമായി ഒന്നാഞ്ഞധ്വാനിക്കേണ്ടിവന്നു, മൃഗത്തെ അടിച്ചുവീഴ്ത്തി കഴുത്തറത്തു തൊലിപൊളിക്കാൻ. കരവിരുതോടെ കുടലും പണ്ടവും നീക്കി ഞങ്ങൾ കനലിൽ വച്ചു. പാകമാകാൻ ഇലയും വച്ചു് കാത്തിരിക്കയാണു്. നീട്ടുന്നോ നിങ്ങളും ഒരില?”
“നിങ്ങൾ അധ്വാനിക്കാറുണ്ടോ?” തക്ഷശില സർവ്വകലാശാലയിലെ അധ്യാപകസംഘംമേധാവി പാണ്ഡവരോടു് ചോദിച്ചു. മട്ടുപ്പാവിൽ ശീതകാലവെയിൽ ആസ്വദിക്കുകയായിരുന്നു അവർ. ഹസ്തിനപുരിയിൽ യുധിഷ്ഠിരഭരണകാലം. “അതോ, യുദ്ധക്കെടുതിയുടെ അമിതജീവിതഭാരം തുടർന്നും ചുമക്കണോ ജനം?”, കൊട്ടാരം ലേഖികയും ‘ഹസ്തിനപുരി പത്രിക’ ചുവരെഴുത്തുപതിപ്പിന്റെ ഉടമയും പിന്നിൽ.
“കള്ളചൂതുകളിച്ചെന്ന കുറ്റത്തിൽ ഞങ്ങൾ പതിമൂന്നുവർഷം മുമ്പു് പരസ്യവിചാരണനേരിട്ടു, പന്ത്രണ്ടുവർഷം കൗരവഅടിമകളായി ശിക്ഷകാലാവധി കാട്ടിൽകഴിയേണ്ടിവന്നപ്പോൾ, ഞങ്ങൾ വിരൽകീറി രക്തം നെറ്റിയിൽ തൊട്ടു് സത്യം ചെയ്തു, കൗരവരുമായി പോരാട്ടത്തിൽ വേണ്ടപ്പെട്ടവർ കൊല്ലപ്പെട്ടാലും, ചെങ്കോൽ ഞങ്ങൾക്കു് കിട്ടിയാൽ, ആദ്യഔദ്യോഗികനടപടി, ചൂതാട്ടം വധശിക്ഷയർഹിക്കുന്ന രാജ്യദ്രോഹകുറ്റമായി ഹസ്തിനപുരി നിയമസംഹിത ഞങ്ങൾ ഭേദഗതിവരുത്തും, തൊഴിൽനിയമങ്ങളും പരിഷ്കരിക്കും. മുൻഗണനാക്രമത്തിൽ ഞങ്ങൾ അതുപൂർത്തിയാക്കി, അതോടെ നാടൊട്ടുക്കു് ആയിരക്കണക്കിനു് ചൂതാട്ടകേന്ദ്രങ്ങൾ അടഞ്ഞു. കളിക്കാർക്കു് വേണ്ടത്ര ഒഴിവുസമയം കിട്ടി, അവർ നിത്യവും തൊഴിൽനേടി നഗരത്തെരുവുകളിലും ഗ്രാമച്ചന്തകളിലും സന്നദ്ധതൊഴിലാളികളായി ഇപ്പോൾ നിൽക്കുന്നുണ്ടു്. ആൾലഭ്യത കൂടിയപ്പോൾ സ്വാഭാവികമായും ദിവസക്കൂലിയും കുറഞ്ഞു, യുദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട കൃഷിക്കാർ കന്നുപൂട്ടാനും കിളക്കാനും, കുരുക്ഷേത്രവിധവകളെ പാടങ്ങളിൽ ഇറക്കി, അവരുടെ കായികസേവനം ദുരുപയോഗം ചെയ്തിരുന്ന കഷ്ടകാലം അതോടെ അസ്തമിച്ചു, വീട്ടുഭരണം, തിരിച്ചവർക്കു വിട്ടുകിട്ടിയപ്പോൾ, ഊട്ടുപുരയിലും തീൻശാലയിലും അവർ തിളങ്ങി. മൊത്തം വിശാലമായി നിങ്ങൾ നോക്കിയാൽ, യുദ്ധക്കെടുതിയിൽ വലഞ്ഞ ഹസ്തിനപുരി.”
“പോരാട്ടലക്ഷ്യം നേടിയ വ്യക്തിഗതചാരിതാർഥ്യമുണ്ടോ, അതോ, അവിചാരിതമായി ദ്രോണവധത്തിനു സുവർണ്ണാവസരം വീണുകിട്ടിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. നിരാശയിൽ മുഖംതാഴ്ത്തിയിരിക്കുകയായിരുന്നു, പാണ്ഡവസൈന്യാധിപനും പാഞ്ചാലനുമായ ധൃഷ്ടധ്യുമ്നൻ. പതിനഞ്ചാം ദിവസം, സന്ധ്യ.
“പാഞ്ചാലനെ പണ്ടു് അപമാനിച്ച ദ്രോണർ ഇവിടെ കൗരവസർവ്വസൈന്യാധിപനായപ്പോൾ എനിക്കു് തോന്നിയ മോഹമായിരുന്നു, ഇപ്പോൾ നിങ്ങൾ കണ്ട ദ്രോണതലവെട്ടൽ എന്ന നിസ്സാരനടപടിക്രമം. ദ്രോണരെ കൊന്നുകൊലവിളിക്കാനുള്ള പോരാട്ടകൗതുകം ഉണ്ടാവാൻ ഒരു സങ്കൽപ്പവധം കരളിൽ പണ്ടൊക്കെ കാത്തുസൂക്ഷിച്ചിരുന്നു. കെട്ടുകുതിരയിൽ കൗരവർ കുരുക്ഷേത്രയിൽ എഴുന്നെള്ളിച്ച ദ്രോണരെ ഞങ്ങളൊരു നിസ്സാരയുധിഷ്ഠിരനുണയാൽ കീഴ്പ്പെടുത്തി, എന്നാൽ ആചാര്യവിരൽ ശിഷ്യൻഏകലവ്യൻ മുറിച്ചെടുക്കുന്ന ഒരു രംഗം ഞാൻ വിഭാവനചെയ്തിരുന്നു, അതുണ്ടായില്ല എന്ന ഖേദം, ആഹ്ലാദിക്കേണ്ട ഈ ദിവസം, ശിരസ്സുയർത്താൻ എന്നെ അനുവദിക്കുന്നില്ലല്ലോ!”
“നിങ്ങളഞ്ചുപേരുടെയും, പ്രത്യേകിച്ചു് അർജ്ജുനന്റെ, സ്വകാര്യജീവിതം, പാഞ്ചാലി തർക്കഭാഷയിലാണെപ്പോഴും അഭിമുഖങ്ങളിൽ തരംതിരിക്കുക. വിവാഹത്തിനു് മുമ്പുള്ള അജ്ഞാതപരസ്ത്രീബന്ധങ്ങളും, വിവാഹത്തിനുശേഷമുള്ളതും. എന്നാൽ പാഞ്ചാലിയുടെ പരപുരുഷാഭിമുഖ്യത്തേക്കുറിച്ചു എന്റെ നിസ്സാരചോദ്യങ്ങൾക്കു സൗമനസ്യത്തോടെ സംസാരിക്കാൻ അവൾ അഭിമുഖങ്ങളിൽ വിസമ്മതിക്കുന്നു. എന്താണങ്ങനെ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. രാജസൂയ യാഗവേദിയിലെ അത്യന്തം സ്ത്രീവിരുദ്ധമായ ദുരാചാരങ്ങൾ യുധിഷ്ഠിരൻ എങ്ങനെ പാഞ്ചാലിയെക്കൊണ്ടു് പരസ്യവേദിയിൽ സാധിച്ചെടുത്തു എന്നു മറ്റുനാലുപാണ്ഡവർ വിമ്മിട്ടത്തോടെയെങ്കിലും വെട്ടിത്തുറന്നു പറയുന്ന ഇന്ദ്രപ്രസ്ഥം ദിനങ്ങൾ.
“പെൺകോന്തനായ ഇന്ദ്രന്റെ അവിഹിതമകനായതുകൊണ്ടാകാം, അർജ്ജുനൻ അന്യസ്ത്രീകളിൽ നേരവും തരവും നോക്കാതെ ലൈംഗികആസക്തികാണിക്കും. “വിവാഹത്തിനു് മുമ്പു് നിങ്ങളെല്ലാവരും പെണ്ണുടലിൽ രതിപരീക്ഷണം പതിവായി ചെയ്തിരുന്നവർ എന്നെനിക്കറിയാം”, എന്നുപേടിപ്പിക്കുന്ന നോട്ടത്തോടെ രഹസ്യം പാഞ്ചാലി വെളിപ്പെടുത്താൻ മാത്രം ഉൾക്കാമ്പുള്ളതായിരുന്നോ പരസ്ത്രീകൾ യഥാർത്ഥത്തിൽ?, അങ്ങനെ ഞാൻ സംശയിക്കും?”
“പാണ്ഡവർ എന്ന പൊതുനാമത്തിൽ നിങ്ങളെ കുന്തി പരസ്പരം കോർത്തിണക്കിയിട്ടുണ്ടെങ്കിലും, ഒന്നൊന്നായെടുത്താൽ ഞാൻ കാണുക ഒളിവിദ്യ!,” അങ്ങനെ സംശയനോട്ടത്തോടെ പറഞ്ഞു ഞങ്ങളെ പാഞ്ചാലി പ്രതിരോധത്തിലാക്കും. “അപ്പോൾ പാഞ്ചാലിയോ?” എന്നു ഞങ്ങൾ നിഷ്കളങ്കമായി ചോദിച്ചാൽ.
“അതല്ല വിഷയം, എന്റെ ബഹുഭർത്തൃത്വം പരസ്ത്രീകിനാവുകളാൽ മലിനപ്പെടുന്നതു് ഞാൻ സഹിക്കില്ല” എന്നവൾ താക്കീതിന്റെ ഭാഷയിൽ പറഞ്ഞുനിർത്തും. എന്താണപ്പോൾ എന്റെ നിഗമനം? വിവാഹബാഹ്യരതിയാൽ മലിനപ്പെടാത്ത ഉടലിന്റെ ഉടമക്കുമാത്രമല്ലേ അങ്ങനെ ധാർമ്മികനിലപാടെടുക്കാൻ ആവൂ? ഈ സന്ദിഗ്ദാവസ്ഥയിലാണു് പാഞ്ചാലിയുടെ വിവാഹപൂർവലൈംഗികതകൾ ഒളിനോട്ടത്തിനു വിധേയമാക്കിയതു്. അതവൾ ‘പരപുരുഷ’നിൽനിന്നറിഞ്ഞപ്പോൾ മുതൽ ഞാൻ മാത്രം അവളുടെ “പരിലാളനക്കു ഇരയായി!” ജാലകത്തിനപ്പുറം ‘പാദസ്പർശം’ കേട്ട നകുലൻ പാഞ്ചാലിയുടെ ഉദ്യാനപരിപാലത്തെക്കുറിച്ചു ഉപചാരപൂർവ്വം കൊട്ടാരം ലേഖികയോടു് ഉപന്യസിക്കാൻ തുടങ്ങി.