“നിഷാദനു് മുഖാമുഖ വിദ്യാഭ്യാസം നിഷേധിച്ച ദ്രോണർ, ലോക മനഃസാക്ഷിയുടെ മുമ്പിൽ ജാതിവെറിയുടെ പ്രായോജകനെന്നറിയപ്പെടും! ചാർവാകനിരീക്ഷണം ശ്രദ്ധയിൽ പെട്ടുവോ? ഏകലവ്യനു് പ്രവേശനം നൽകിയാൽ ദ്രോണഗുരുകുലം ബഹിഷ്കരിക്കുമെന്ന അർജ്ജുനഭീഷണി മുഖവിലക്കെടുത്തതു ഭീരുത്വമായോ?”, കൊട്ടാരം ലേഖിക ദ്രോണരോടു് ചോദിച്ചു.
“കണ്ടപ്പോൾ അഭിജാതകുടുംബാംഗമെന്ന തോന്നലുണ്ടായി. അർജ്ജുനനു ആളെ മുൻപരിചയമുണ്ടു്. പരിശീലനത്തിനു പ്രവേശനം അനുവദിച്ചാൽ പാണ്ഡവൻ പിണങ്ങും, ഏകലവ്യൻ ഗുരുകുലത്തിൽ പ്രശ്നമുണ്ടാക്കും. ഗുരുദക്ഷിണ മുൻകൂറായി ചോദിച്ചുവാങ്ങി. സ്വയംവെട്ടിമുറിച്ച വലതുതള്ളവിരൽ താമരയിലയിൽ പൊതിഞ്ഞു കിട്ടിയപ്പോൾ, കാണാമറയത്തു വിദൂര വിദ്യാർത്ഥിയായി അസ്ത്രവിദ്യ പഠിക്കാൻ ആവശ്യപ്പെട്ടു. അല്ല ഇതിലെന്താണു് നിങ്ങൾ ആരോപിക്കുന്ന ഭീരുത്വം? ഒത്തുതീർപ്പല്ലേ? മുറിച്ചെടുത്ത തള്ളവിരൽ തിരിച്ചുവച്ചു പഴയ പോലെയാക്കാമെന്ന ഉറപ്പിൽ നകുലസഹദേവന്മാർ താമരയിലപ്പൊതി ഇതിനകം ഏറ്റെടുത്തിട്ടുണ്ടു്. ദേവ വൈദ്യന്മാരായ അശ്വനീദേവതകളാണു് ജൈവികപിതാക്കൾ എന്നു് സംശയിക്കപ്പെടുന്ന മാദ്രീ പുത്രരിലാണു് പ്രതിസന്ധികളിൽ തുണ! മാദ്രീ നിനക്കു് സ്വസ്തി!”
“ഗാന്ധാരിയുടെ വിഴുപ്പലക്കുന്ന പണിയാണു് കുന്തിക്കു് ഏൽപ്പിച്ചതെന്നു അരമനസ്രോതസ്സുകളെ ഉദ്ധരിച്ചു ദുര്യോധനൻ അഭിമുഖത്തിൽ പറഞ്ഞപ്പോൾ നിങ്ങൾ പ്രകോപിതയായോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡവർ കുടിയേറ്റക്കാരായി ഖാണ്ഡവ പ്രസ്ഥത്തിൽ കാടുകത്തിക്കുന്ന കാലം.
“അരമനക്കുപിന്നിലെ അന്തഃപുരം ജലാശയത്തിൽ ഉച്ചക്കു് കുളിക്കാനിറങ്ങുന്ന ഗാന്ധാരിയോടു് ഞാൻ പറയും, കുളിക്കുമ്പോഴെങ്കിലും കണ്ണുകെട്ടിയ കീറത്തുണി അഴിച്ചിട്ടു, മലർന്നു കിടന്നു തുടിച്ചുനീന്തൂ—നീലമാനവും കുളിരുള്ള വെള്ളവും ഒരുമിച്ചു ആസ്വദിക്കൂ. കാഴ്ചപരിമിതിയുള്ള ഭർത്താവിനു് ഐക്യപ്പെടാൻ എന്ന നൊടുഞായം പറഞ്ഞു സ്വയം കാഴ്ച നിഷേധിക്കുന്ന പെണ്ണടിമത്തത്തിൽനിന്നു് രക്ഷപ്പെടൂ. കൺകെട്ടുനീക്കി വിവസ്ത്രഗാന്ധാരി മലർന്നുകിടന്നു തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഞാനവളുടെ കൺകെട്ടുതുണി കഴുകുന്നതു് ആണധികാരപ്രമത്തതയിൽ അഭിരമിക്കുന്ന ദുര്യോധനൻ ഒളികണ്ണിട്ടപ്പോൾ നോക്കുന്നുണ്ടാവും!”
“കാട്ടുകുടിലിലെ പരിമിതസൗകര്യങ്ങളിൽ കഴിഞ്ഞ നിങ്ങളുടെ കുട്ടിക്കാലത്തെങ്ങനെയായിരുന്നു, ശാപഗ്രസ്തനായ അച്ഛൻ? കഥ പറഞ്ഞും കവിത ചൊല്ലിയും രസിപ്പിക്കുമോ, അതോ മുനിശാപം ഫലിക്കുമെന്ന ഭീതിയിൽ ആരോടും മിണ്ടാതെ ഒഴിഞ്ഞുമാറി കഴിഞ്ഞുവോ പാണ്ഡു?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മലയടിവാരത്തിലെ ജലാശയത്തിൽ പാണ്ഡവർ പിതൃക്കൾക്കു് ബലിചെയ്തു നടുനിവർത്തുന്ന നേരം വനവാസക്കാലം.
“ഓരോന്നു് ചോദിച്ചു ഞങ്ങളെ ഇങ്ങനെ ഗോഷ്ടി കാട്ടി പരിഹസി ക്കും.”
“കാലന്റെ മകനാണെങ്കിലും യുധിഷ്ഠിരനെന്തൊരു കാപട്യം!, വായുവിന്റെ മകനെന്താ ഭാരിച്ച ശരീരം, ഇന്ദ്രന്റെ മകനായിട്ടും സ്വർഗരാജ്യത്തിൽ നിന്നൊരു സമ്മാനപ്പൊതിയും ഇതു് വരെ ദേവദൂതന്മാർ കൊണ്ടു് വന്നില്ലല്ലോ, മാദ്രിയാണു് മിടുക്കി, ഒരൊറ്റ വരം കൊണ്ടവൾ ഇരട്ടപെറ്റു. നിലത്തു ചുവരോരം ചേർന്നു് പായിൽ ചുരുണ്ടുകിടന്നയാൾ, “പന്നിയെ കല്ലെറിഞ്ഞുകൊന്നു മാംസം ചുട്ടുകൊണ്ടു് വാ” എന്നു് വിശന്നു നിലവിളിക്കുന്ന കുട്ടിയെ പോലെ ആജ്ഞാപിക്കും. ഞങ്ങൾ ആ മാംസദാഹം കണ്ടു് പൊട്ടിച്ചിരിക്കും, അന്നു് കൃത്യമായി ഞങ്ങൾക്കറിയില്ല, ഒരിക്കൽ കുരുവംശത്തിന്റെ രാജാവായിരുന്നു, ഇപ്പോൾ മരണഭയത്താൽ സ്വബോധം പോയ ചിത്തഭ്രമക്കാരൻ!”
“സന്തതി നിഷേധിക്കുന്ന മുനിശാപത്തിൽനിന്നു് പാണ്ഡുവിനെ രക്ഷിക്കാൻ പറ്റിയ പോംവഴി ആരും അരമനയിൽ നിർദേശിച്ചു കണ്ടില്ലേ? വിവാഹപൂർവ രഹസ്യരതിയിൽ ജനിച്ച നവജാത ശിശുവിനെ പനംകുട്ടയിലാക്കി പുഴയിൽ ആരോരുമറിയാതെ ഒഴുക്കിയ സാഹസികയുവത്വം ഗംഗാതടത്തിലെ അന്തഃപുരങ്ങളിൽ ഇന്നും ഒരാവേശമാണല്ലോ”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. കുരുക്ഷേത്ര സൈനികപാളയത്തിൽ കുന്തിയുടെ കിടപ്പറ. പോർക്കളത്തിൽ നിശബ്ദത പടർന്ന നേരം.
“ആയുസ്സിന്റെ നീളം കൂട്ടാൻ സ്ത്രീസംസർഗം പൂർണ്ണമായി ഉപേക്ഷിച്ചു ഹസ്തിനപുരി ഭരിക്കു, ഞാനും മാദ്രിയും ജന്മനാടുകളിലേക്കു് മടങ്ങി പുനർവിവാഹം ചെയ്യാൻ വഴി തേടട്ടെ എന്ന പ്രായോഗികനിർദേശം പാണ്ഡു നിർദ്ദയം തള്ളി. “ശാപഗ്രസ്തനായ ഞാൻ മരിച്ചാലും, കുന്തിക്കും മാദ്രിക്കും പുനർവിവാഹം അരുതു. സതി ചെയ്യണം!” എന്നായിരുന്നു അഭിശപ്തഷണ്ഡന്റെ ആജ്ഞ. വേറെ തരമില്ലാതെ സ്ത്രീവിരുദ്ധ അന്തിമാഭിലാഷമനുസരിച്ചു. ഞാനൊരുപായത്തിനു മുതിർന്നു. യുധിഷ്ഠിരനും ഭീമനും ചേർന്നു് മാദ്രിയെ വാപൊത്തിപ്പിടിച്ചു ശിരസ്സു് മൂടി പാണ്ഡുചിതയിൽ കൗശലത്തോടെ തള്ളി. അഞ്ചുകുട്ടികളുമൊത്തു ഹസ്തിനപുരി കൊട്ടാരവാതിലിലിനുമുമ്പിൽ ഞാൻ അഭയാർഥികളുടെ സമരമുഖം തുറക്കുമ്പോൾ വന്നു ദുര്യോധനനും ദുശ്ശാസനന്മാരും, “ഹസ്തിനപുരി ഞങ്ങൾക്കു് മാത്രം അവകാശപ്പെട്ടതു് പാണ്ഡവരുടെ അധിനിവേശം കൗരവർ വകവച്ചുകൊടുക്കില്ല”. പാണ്ഡവരും കൗരവരും പരസ്പരം കൊന്നും കൊണ്ടും തുടരുന്ന കുരുക്ഷേത്രം കഴിയട്ടെ നന്മതിന്മ ദന്ദ്വയുദ്ധത്തിൽ പ്രകൃതി ആരുടെ കൂടെയെന്നപ്പോൾ നിങ്ങൾ ഭൗതികവാദികൾ അറിയും.”
“അഞ്ചിൽ ഒരു പാണ്ഡവതല പോലും വെട്ടാനാവാതെ, കൗരവസൈനികമേധാവി ഭീഷ്മർ, പത്താം ദിവസം, ഇതാ ശരശയ്യയിൽ മരണദേവതയെകാത്തു നീണ്ടുനിവർന്നു കിടക്കുമ്പോൾ, ഒരു പോർക്കളപ്രതിസന്ധി പത്തിവിടർത്തുന്നതു് നിങ്ങൾ ആശങ്കയോടെ കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“ഇപ്പോൾ ഞങ്ങൾക്കു് പ്രതിസന്ധി, ഭീഷ്മർ മാത്രം! കഴിഞ്ഞ പത്തുദിവസവും പോർക്കളത്തിൽ ഭീഷ്മസാന്നിധ്യം ആലങ്കാരികമായിരുന്നില്ലേ! കർണ്ണൻ ഭീഷ്മരെക്കുറിച്ചു നേരത്തെ തന്ന അർത്ഥഗർഭമായ മുന്നറിയിപ്പു് തള്ളിയതാണെന്റെ കുരുക്ഷേത്ര വീഴ്ച്ച. ചുറ്റും നോക്കി ‘ഒരു വിഭിന്നലിംഗപോരാളി മുമ്പിൽ വന്നിരുന്നെങ്കിൽ ആയുധം താഴെയിട്ടു യുദ്ധം ബഹിഷ്കരിക്കാമായിരുന്നു’ എന്നാണു് പിതാമഹൻ പിറുപിറുത്തിരുന്നതു്. പാണ്ഡവ ഗൂഢാലോചനയിൽ പെട്ടെന്നു് ശിഖണ്ഡി മുമ്പിൽ വന്നതും, ഭീഷ്മർ അടിതെറ്റിവീണതും കണ്ടപ്പോൾ ഇതൊരു പാണ്ഡവ ഭീഷ്മധാരണയാണല്ലോ എന്ന മടുപ്പോടെ ഞങ്ങൾ മുഖം തിരിച്ചു. യുദ്ധത്തലേന്നു സേനാധിപത്യം ഏറ്റെടുക്കാൻ ആചാരമനുസരിച്ചു ഭീഷ്മരെ ആദരപൂർവ്വം ക്ഷണിച്ചപ്പോൾ, “സേനാനായക പദവി പുതുതലമുറയ്ക്കു് കൊടുക്കൂ” എന്ന പ്രതികരണം പ്രതീക്ഷിച്ച ഞങ്ങൾ നിരാശരായി. ഉടനെയുണ്ടു്, നേരത്തെ കൊണ്ടു വന്ന സൈനികവേഷം വാരിവലിച്ചുടുത്തു പിതാമഹൻ, ഇടതും വലതും നിൽക്കുന്നവരോടെല്ലാം കല്ലേപ്പിളർക്കുന്ന ആജ്ഞയുമായി, സംയുക്ത സഖ്യകക്ഷിയോഗം വിളിക്കുന്നു. പതഞ്ഞുയർന്ന രോഷം നിയന്ത്രിക്കാൻ പാടുപെട്ടു എങ്കിലും അനുസരിച്ചു. ശരശയ്യയിൽ മലർന്നുവീണതോടെ എല്ലാം കഴിഞ്ഞു. കർണ്ണനെ സേനാപതിയാക്കാൻ എനിക്കു് സാധിക്കുമോ? ദ്രോണർ തടസ്സവാദവുമായി നായകപദവിക്കായി ഇടപെടുമോ? വെളുക്കും വരെ കാത്തിരിക്കൂ” നഗ്നശരീരം നിറയെ വെട്ടും ചതവുമായിരുന്നിട്ടും, ആ ധീരസേനാനി ഒരു വട്ടം നീന്തി, വീണ്ടും കയത്തിൽ ചാടാൻ തയ്യാറെടുക്കുന്ന സന്ധ്യ.
“സ്വർണ്ണത്തേരിൽ കുതിച്ചുയർന്ന നിങ്ങളെങ്ങനെ കരിമ്പാറക്കെട്ടിൽ വീണവശനായി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ അവസാന നിമിഷങ്ങൾ.
“സ്വർഗ്ഗരാജ്യത്തിലെ പ്രവേശനകവാടത്തിലെത്തിയപ്പോൾ, ദേവദൂതന്മാർ ചോദിച്ചു, എവിടെ കൂടപ്പിറപ്പുകളും, ഇത്രയും കാലം കൂടെപൊറുത്തവളും? വീഴ്ച വിവരിച്ചപ്പോൾ അതൊന്നും ഏശുന്നില്ലെന്നു വ്യക്തമായി. പാണ്ഡവരുടെയും ദ്രൗപദിയുടെയും കുഴിമാടങ്ങളിൽ മുട്ടുകുത്തി മാപ്പുചോദിക്കാൻ എന്നോടവർ ദൈവനാമത്തിൽ ആജ്ഞാപിച്ചു. ദുരിതത്തിലും ഐശ്വര്യത്തിലും കണ്ടുമിണ്ടിയ നിങ്ങൾക്കെന്നെ തുണക്കാമോ, എന്റെ മരണാനന്തര അഭിലാഷങ്ങൾ മനോഹരമാക്കാൻ ഞാനവരുടെ അന്ത്യസമയങ്ങളിൽ അന്യഥാത്വത്തോടെ അന്നു പെരുമാറിയെങ്കിൽ, ഇനി ഞാൻ ഒറ്റക്കൊറ്റക്കവരുടെ അന്ത്യവിശ്രമസ്ഥലികളിൽ, ദൈവത്താൽ തിരസ്കൃതപ്പെടാതിരിക്കാൻ, എന്നെ കൈവിടരുതെന്നു മുട്ടുകുത്തി അപേക്ഷിക്കട്ടെ. എന്നെ കൈപിടിച്ചു് ഈ കുടുക്കിൽനിന്നും ഉയർത്തുമോ? നായക്കു് പക്ഷേ, ദേവത അനുവദിച്ചു സ്വർഗ്ഗരാജ്യപ്രവേശനം!, സ്വസ്തി!”
“കാടുവളഞ്ഞുതീയിടാനവർക്കു രഹസ്യപദ്ധതിയുണ്ടു്., ആകാശചാരികളുടെ പിന്തുണയുമുണ്ടു്. കത്തിക്കാൻ അഗ്നിദേവനും, തീ കാടാകെ അതിവേഗം പടർത്താൻ വായുദേവനും തയ്യാറാണു്. പ്രപഞ്ചം ആരുടെ സൃഷ്ടി എന്ന തർക്കത്തിലൊരു സമവായത്തിലെത്താതെ, ഖാണ്ഡവപ്രസ്ഥത്തിന്റെ ആചന്ദ്രതാര പരിപാലനം പാണ്ഡവർ പൂർണ്ണമായും ഏറ്റെടുക്കണം എന്നു കൗരവരിപ്പോൾ പറയുന്നതിന്റെ യുക്തി എന്താണെന്നു ചോദിക്കുന്നു അക്ഷമയോടെ അർജ്ജുനൻ!” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മുതിർന്ന കൗരവർ ആരും ഹസ്തിനപുരിയിലില്ലാത്ത തക്കം നോക്കി, ധൃതരഷ്ട്രർ, യമുനാനദീതീര ഹസ്തിനപുരി പ്രവിശ്യ ഇഷ്ടദാനമായി കിട്ടിയപ്പോൾ, അതൊരു നേട്ടമെന്ന നിലയിൽ കുടിയേറിയ കൗന്തേയരുടെ ആയുധം, മടവാൾ ആയിരുന്നില്ല, തീ ആയിരുന്നു.
“പാണ്ഡവരുടെ ബാല്യകാലം കഴിഞ്ഞ കാട്ടിൽ, അവർക്കഞ്ചുപേർക്കും വച്ചും വിളമ്പിയും തുണി കഴുകിയും പായവിരിച്ചും കുടുംബം പരിപാലിച്ച ഒരു സാധുസ്ത്രീ ഉണ്ടായിരുന്നു. മദ്ര രാജാവു് ശല്യന്റെ കൊച്ചനുജത്തി മാദ്രി. ഒരു ഘട്ടത്തിൽ മുതിർന്ന റാണി കുന്തി സതിയനുഷ്ഠിക്കേണ്ടിവരുമെന്നുറപ്പായപ്പോൾ മാദ്രിയെ പാണ്ഡുചിതയിൽ തള്ളാൻ കുന്തിക്കു് കൂട്ടുനിന്ന കുടില കൗന്തേയർക്കെന്തറിയാം, പ്രകൃതിയനുഗ്രഹിച്ച ഖാണ്ഡവപ്രസ്ഥത്തിന്റെ അതിലോല ആവാസവ്യവസ്ഥ നേരിടുന്ന അസ്തിത്വ ഭീഷണിയും, ഷണ്ഡപാണ്ഡുവിനാൽ കബളിക്കപ്പെട്ട അതൃപ്തദാമ്പത്യത്തിൽ കരൾനൊന്തു മരിച്ച മാദ്രി മാതാവിന്റെ വേദനയും!”
“ആയുധങ്ങൾ വേണ്ടത്ര ഇല്ല, ഊട്ടുപുരയിൽ ഭക്ഷണം നേരത്തിനു കിട്ടുന്നില്ല പാളയത്തിനുചുറ്റും കൗരവ ജൈവമാലിന്യം—എങ്ങനെ പാണ്ഡവസൈന്യം കൗരവരെ നേരിട്ടു എന്നാണു യുദ്ധനിരീക്ഷകർ വിസ്മയിക്കുന്നതു!” കൊട്ടാരം ലേഖിക സൈനികമേധാവി ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു, കുരുക്ഷേത്രയുടെ രണ്ടാം പകുതി.
“യുദ്ധപ്രഖ്യാപനം ചെയ്യുന്നവരുടെ ചുമതലയല്ല ശത്രുവിനു് അടിസ്ഥാനസൗകര്യമൊരുക്കൽ എന്നും പറഞ്ഞു ദുര്യോധനൻ പാട്ടിനുപോയപ്പോൾ ആണു് ഞങ്ങളിൽ പാതിയോളം പേർ നിരായുധരായി കൗരവരെ ആക്രമിക്കാൻ, കയ്യിൽ കിട്ടിയതെന്തുംകൊണ്ടു് രാത്രി പാളയം വിട്ടിറങ്ങിയതു്. അതൊരു ജീവൻ മരണ നിയോഗമായിരുന്നു. പ്രമുഖ കൗരവരുടെ പാളയത്തിനുള്ളിലേക്കു ജൈവമാലിന്യം ഞങ്ങൾ സൂക്ഷ്മതയോടെ എറിയും, ഉന്നം കണ്ടുവെന്നറിഞ്ഞാൽ അതിവേഗം മുങ്ങി രക്ഷപ്പെടും, നേരം വെളുക്കുമ്പോഴേക്കും, തലച്ചുമടിൽ കരുതിയിരുന്ന മാലിന്യം കൗരവതാരങ്ങളുടെ പാളയത്തിലേക്കു് എറിഞ്ഞുതീർത്തിരിക്കും. ആയിരക്കണക്കിനു് പാണ്ഡവസൈനികർ നിലനില്പിനുവേണ്ടി ജൈവമാലിന്യം ആ വിധം എറിഞ്ഞപ്പോൾ, നിശാനിയോഗത്തിനു ഫലം കണ്ടു. ഇടഞ്ഞ മുഖത്തോടെയെങ്കിലും, ദുര്യോധനൻ ഇണങ്ങാൻ തയ്യാറായി. യുദ്ധനിര്വഹണസമിതിയുടെ മധ്യസ്ഥതയിൽ അതൊരു കരാറായപ്പോൾ, ജൈവമാലിന്യം ആയുധവുമല്ലാതായി, ഊട്ടുപുരയിൽ, ഒരേ പന്തിയിൽ, ഞങ്ങളുടെ സൈനികർക്കു ഭക്ഷണവും കിട്ടിത്തുടങ്ങി. യുധിഷ്ഠിരന്റെ കുപ്രസിദ്ധ ധാർമികതയെ നിരായുധ സമരവഴി പ്രകോപിപ്പിച്ചെങ്കിലും, പാണ്ഡവ സൈനികരുടെ മനോവീര്യം പിന്നെ ക്ഷയിച്ചിട്ടില്ല. ഭീഷ്മരുടെ പതനം ഉടൻ ഉണ്ടാവും, മാധ്യമശ്രദ്ധ അങ്ങോട്ടു്. എന്റെ കൂടപ്പിറപ്പു, ഭീഷ്മരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമെന്നു ആകാശചാരികൾ അറിയിക്കുന്നു. ആകാശചാരികളെ വിശ്വസിക്കാമോ?”
“മുപ്പത്തിയാറു കൊല്ലം മുമ്പു് അധികാരം പിടിച്ച കുരുക്ഷേത്ര പോരാളികളല്ല നിങ്ങൾ ഇപ്പോൾ. ജരാനരയുടെ സാന്നിധ്യം ഒറ്റനോട്ടത്തിൽ നിങ്ങളിലും അറിയാം. അധികാരപദവിയൊഴിഞ്ഞു സ്വാതന്ത്രരായാൽ, തീരുമാനമനുസരിച്ചുള്ള വാനപ്രസ്ഥത്തിനു് ഏന്തിയേന്തി കല്ലും മുള്ളും ചവിട്ടി, വഴി നടക്കണോ, ചില മുൻയുഗ മഹാത്മാക്കൾ വിജയകരമായി ചെയ്ത പോലെ പവിത്ര യമുനയിലോ പുണ്യ ഗംഗയിലൊ ഇറങ്ങിച്ചെന്നു ജലസമാധിയിലൂടെ പ്രകൃതിയിൽ ലയിക്കണോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. തിരുവസ്ത്രങ്ങളൂരി മരവുരി ധരിക്കുകയായിരുന്നു, മുൻ മഹാരാജാവും അഞ്ചംഗ കുടുംബവും. പാതി തുറന്നുകിടന്ന ജാലകത്തിലൂടെ കാണാമായിരുന്നു പുതിയ മഹാരാജാവു് പരീക്ഷിത്തു് അവരുടെ യാത്രതുടങ്ങാൻ അക്ഷമയിൽ കാത്തിരിക്കുന്നതു്.
“മലഞ്ചെരുവിലൂടെ നടന്നുതന്നെ പോകണം. ചിലതൊക്കെ പ്രകൃതി ഞങ്ങൾക്കായി കണ്ടുവച്ചിട്ടുണ്ടു്”, സ്വർഗ്ഗരാജ്യത്തിലേക്കു ഒരാൾക്കു് മാത്രം സൗജന്യപ്രവേശനം വാഗ്ദാനം ചെയ്യുന്ന ദേവദൂതസന്ദർശനം സ്വപ്നത്തിൽ കണ്ടതു് പ്രത്യാശയോടെ അനുസ്മരിച്ച ‘ധർമ്മപുത്രർ’ മൃദുവായി പറഞ്ഞു.
“ധർമ്മപുത്രർ എന്ന വ്യാസകല്പിത പ്രതിച്ഛായ പോലെ ‘പവിത്ര’മാണോ ‘ധർമ്മക്ഷേത്ര’മായ കുരുക്ഷേത്രയിൽ ശത്രുസംഹാരം ചെയ്യാൻ നിങ്ങൾ പിന്തുടരുന്ന രീതി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഒരർദ്ധസത്യം ഉച്ചരിച്ചു കൗരവസൈന്യാധിപൻദ്രോണരെ പാണ്ഡവർക്കു വധിക്കാൻ സാധിച്ച സംതൃപ്തിയിലായിരുന്നു, നീരാടിക്കൊണ്ടിരുന്ന ധർമ്മപുത്രർ.
“പ്രതിസന്ധിയിലും ശാന്തമായിരിക്കും നിന്റെ മുഖഭാവങ്ങൾ എന്നു് പാഞ്ചാലി എന്നെ കലവറയില്ലാതെ പ്രശംസിച്ചിട്ടുണ്ടു്. ഞാൻ ആർമാദിക്കില്ല. മന്ത്രബലം ആവശ്യമില്ലാത്ത കുന്തമാണെന്റെ ഏകആയുധം. ശത്രുനെഞ്ഞുനോക്കി ഞാനതു ആഞ്ഞെറിഞ്ഞാൽ, സാവധാനം നടന്നുചെന്നു് ആയുധം കരളിൽനിന്നും വലിച്ചൂരിയെടുക്കുമ്പോൾ, ഇരയുടെ ശ്വാസം നിലക്കുന്നതു കരുണയോടെ ഞാൻ കാണും. അടയുന്ന ആ കണ്ണുകൾ നോക്കി പിന്നെ മന്ത്രിക്കും, “എന്റെ കൈകളാൽ വീരമൃത്യുവരിച്ച നിനക്കു് സ്വർഗ്ഗരാജ്യം എത്ര എളുപ്പം!”. ആ നിലയിൽ നോക്കിയാൽ, ചോരക്കറയുള്ള കുന്തവുമായി അടുത്ത ശത്രുസംഹാരത്തിനായി തിരിഞ്ഞു ഞാൻ നടക്കുമ്പോൾ, യാത്രികനു ശുഭയാത്ര പറഞ്ഞുപിരിഞ്ഞ പോലെ ഞങ്ങൾക്കിടയിൽ ദൈവസാന്നിധ്യം തോന്നും!”
“മുതിർന്ന ഭാര്യ എന്ന നിലയിൽ നിങ്ങൾക്കുള്ള സതിഅവകാശം, രണ്ടാംഭാര്യ മാദ്രി എങ്ങനെ തട്ടിയെടുത്തു?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരത്തിൽ കുന്തിയും മക്കളും അഭയാർഥികളായി വന്ന അശാന്തദിനങ്ങൾ.
“സന്യസ്ത ആശ്രമങ്ങൾ നിറഞ്ഞ മലഞ്ചെരുവിൽ മലിനീകരണം ഒഴിവാക്കാൻ, പാണ്ഡുജഡം തീക്കത്തിക്കുന്നതിനു പകരം രഹസ്യമായി കുഴിച്ചിടാം എന്ന സാത്വികനീക്കത്തിൽ ഞാൻ ശ്രമിക്കുമ്പോൾ, ഇടിച്ചു കയറി വന്ന സന്യാസികൾ, “കുരുവംശത്തിന്റെ യമുനാതീര അന്ത്യവിശ്രമഘട്ടിൽ വേണ്ടേ ഔദ്യോഗിക ബഹുമതികളോടെ മുൻ ഹസ്തിനപുരി രാജാവിന്റെ ഭൗതികശരീരത്തിൽ തീ വക്കാൻ?” എന്നു് ആചാരപരമായി ചോദിച്ചു. എവിടെവേണമെങ്കിലും ജഡം ഇഷ്ടമുള്ളപോലെ ചെയ്യൂ എന്നെ തീയിൽ എറിയരുതേ, പുനർവിവാഹം ചെയ്തു ആനന്ദിച്ചു ഇനിയുമെനിക്കു് ജീവിതം കായികക്ഷമതയുള്ളൊരു പുരുഷനുമൊത്തു തുടരണം” എന്നു് നിലവിളിച്ച മാദ്രി നിയന്ത്രണാതീതയായപ്പോൾ, യമുനാതീര ചുടലയിൽ പരസ്യമായി ചിതയൊരുക്കാൻ ആരും പിന്നെ ശ്രമിച്ചില്ല. മറവുചെയ്യാൻ കിടക്കുന്ന ശവത്തിൽ ആയിരുന്നില്ല എന്റെ നോട്ടം, വളരാൻ വെമ്പുന്ന പാണ്ഡവക്കുട്ടികളിലായിരുന്നു. അതു് നേരെചൊവ്വേ നടക്കണമെങ്കിൽ വളർത്തമ്മയായി അഞ്ചുപേരെയും ഞാൻ പോറ്റണം. അങ്ങനെ കൗശലത്തോടെ, മാദ്രിയെ ചിതയിൽ എറിഞ്ഞു ഞാൻ കുട്ടികളുമൊത്തു പാണ്ഡുവിധവയെന്ന നിയമബലത്തിൽ ധൃതരാഷ്ട്രരുടെ അരമനയിൽ അഭയം തേടി.
“ഇനിയും ഒരു യുദ്ധത്തിനു് തയ്യാറെടുക്കുകയാണോ നിങ്ങൾ?”, കൊട്ടാരം ലേഖിക പാണ്ഡവ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു, “എവിടെ തിരിഞ്ഞൊന്നു നോക്കിയാലും വാടിയ മുഖവും ഒട്ടിയ വയറും! രണ്ടാമതൊരു യുദ്ധക്കെടുതി സഹിക്കാനാവുമോ?”
“അടിച്ചേൽപ്പിക്കുകയല്ലേ യുദ്ധം? കുരുക്ഷേത്രയിൽ കൗരവർക്കൊപ്പം യുദ്ധം ചെയ്ത നാട്ടുരാജ്യങ്ങൾ ഞങ്ങൾക്കെതിരെ സംഘടിച്ചിരിക്കയാണു്. കൊല്ലപ്പെട്ട കൗരവസൈനികരുടെ വിധവകൾക്കു ആയുഷ്കാല ചെലവു് ഹസ്തിനപുരി ഏറ്റെടുക്കുമെന്നു് വാഗ്ദാനം കൊടുത്താണു് ദുര്യോധനൻ ഓടി നടന്നു സൈനികരെ കൂടെകൂട്ടിയതു്. നഷ്ടപരിഹാരഅവകാശങ്ങളുമായി ഓരോ നാട്ടിൽ നിന്നു് പ്രതിനിധികൾ ഇവിടെ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കുന്ന കഥകളൊന്നും നിങ്ങൾ, തിണ്ണനിരങ്ങുന്ന പത്രപ്രവർത്തകർ കേൾക്കാറില്ല? അതോ, കൊട്ടാരം ഊട്ടുപുരയിൽ ഗോമാസം പൊരിച്ചതു തിന്നു സ്വയം കഥ മെനയുകയാണോ? ഹസ്തിനപുരിയുടെ അഖണ്ഡതക്കുവേണ്ടി ജീവത്യാഗം ചെയ്തവർ! യുദ്ധത്തിൽ തോറ്റ രാജ്യത്തിൽനിന്നു് ജേതാക്കൾ കപ്പം നേടുന്നതു് പതിവായിരിക്കാം, പക്ഷേ, തോറ്റ രാജ്യങ്ങൾ സംഘടിച്ചു ജേതാക്കളിൽ നിന്നു് നഷ്ടപരിഹാരം തേടുമ്പോൾ, അഹിംസ ഉപദേശിച്ചു, താടിക്കുകയ്യും വച്ചിരിക്കണോ പാണ്ഡവർ!”
“അജ്ഞാതവാസം കഴിഞ്ഞു വിരാടരാജ്യത്തിലെ സൗകര്യങ്ങളുള്ള സൈനികപാളയത്തിൽ ആറുപേരും പ്രവാസി പാണ്ഡവകുടുംബമായി യുദ്ധത്തിനുമുമ്പു് കഴിയുമ്പോൾ, രാവേറെച്ചെന്നും, രഹസ്യഅറയിൽ, വരാനിരിക്കുന്ന കൗരവപാണ്ഡവ മഹായുദ്ധം ചർച്ച ചെയ്യുമ്പോൾ, അവിടെ ഇടിച്ചു കയറിയും ഇടപെട്ടും പഴയപോലെ കലിതുള്ളുമോ പ്രിയപത്നി പാഞ്ചാലി?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധത്തിന്റെ മുൻവാക്കായ നയതന്ത്രത്തിനായി, പാണ്ഡവദൂതൻ ഹസ്തിനപുരിയിൽ പോയ സംഘർഷദിനങ്ങൾ.
“ദ്രോണഗുരുകുലത്തിൽ പഠിച്ച അംഗീകൃതപദാവലിയിൽ അഭിരമിക്കുന്ന ഞങ്ങൾ വിരാട യുദ്ധസാധ്യത എങ്ങനെ വികസിക്കുമെന്നു സംവദിക്കുമ്പോൾ, ഒരുന്മാദിയിനിയെപോലെ ബഹളം വച്ചു് മുറിയിൽ അതിക്രമിച്ചു കയറി, വ്യാഴവട്ടക്കാലമായി അഴിഞ്ഞുകിടക്കുന്ന മുടിയാകെയൊന്നു ഞങ്ങളഞ്ചുപേരുടെ മുഖമടച്ചു പ്രതീകാൽമകമായി വീശും. അതോടെ, പാണ്ഡവ വിരൽനഖങ്ങൾ, പ്രണയിനിയുടെ മുടിയിൽപുരട്ടുവാൻ കൌരവരക്തത്തിനായി പരസ്പരം മാന്തി, കീറും, “ഇന്നു് കൂടെ കിടക്കാൻ ഊഴം നിനക്കു്” എന്നു് പറഞ്ഞവൾ ഞങ്ങളിൽ നിന്നു് ഒരാളെ അരയിൽ കൈചുറ്റി ശാന്തയായി അവളുടെ കിടപ്പറയിലേക്കു് ഒഴുകി പോവും.”
“എത്ര കൊല്ലപ്പെട്ടു പരുക്കേറ്റു, ഇരുവിഭാഗങ്ങളിലെ സംഖ്യ നിത്യവും നിങ്ങൾ തയ്യാറാക്കുന്നതും, ദുര്യോധന പക്ഷം തരുന്ന കണക്കും ഒത്തുപോകാറുണ്ടോ?”, കൊട്ടാരം ലേഖിക യുദ്ധനിർവ്വഹണ സമിതി കാര്യദർശിയോടു് ചോദിച്ചു.
“ഞങ്ങളുടെ വേതനമെല്ലാം വഹിക്കുന്നതു് കൗരവർ!, വസ്തുതാപരമായി സംസാരിക്കാൻ പ്രയാസമുണ്ടു്. ദുര്യോധനൻ തരുന്ന കണക്കിൽ സ്ത്രീ മരണസംഖ്യ വലുതായിരിക്കും. എന്തുകൊണ്ടു് എന്നു് ചോദിച്ചപ്പോൾ അതികായൻ പറഞ്ഞു, ഓരോ രാത്രിയിലും പായക്കൂട്ടിനു ഊഴം കിട്ടാത്ത മറ്റു സേവനകാംക്ഷികൾ അർധരാത്രിയോടെ കൗരവപാളയങ്ങളിൽ നുഴഞ്ഞുകയറി ലൈംഗികാതിക്രമം പതിവാണു്. യുദ്ധസേവനത്തിനു പോവുന്ന ഭർത്താക്കന്മാർക്കു് സാന്ത്വനസേവനം നൽകാൻ, കൊച്ചുകുട്ടികളുമായി വന്ന കൗരവസ്ത്രീകളെ, പാണ്ഡവർ ബലാത്സംഗം ചെയ്യുന്നതു് മനുഷ്യനന്മയെക്കുറിച്ചു പ്രത്യാശ നഷ്ടപ്പെടുത്തി എന്നാണു് ദുര്യോധനൻ ഖേദിച്ചതു. കൂടുതൽ നിങ്ങൾ ലൈംഗികാതിക്രമ കണക്കു ചോദിച്ചാൽ സത്യം വെളിപ്പെടുത്താൻ നിർബന്ധിതരാവും. യുദ്ധക്കരാർ നൽകിയ കൗരവരെ കുറ്റപ്പെടുത്താൻ ആവില്ല. പകൽ കൊല്ലപ്പെട്ടവരുടെ വിധവകളെയാണു് രാത്രി പാണ്ഡവർ പീഡനത്തിനു് ഉന്നം വക്കുക, യുദ്ധം തീരട്ടെ. കരാർ സേവനത്തിന്നെന്തു പ്രതിഫലം ആരുതരും എന്നറിയട്ടെ. തക്ഷശിലസർവ്വകലാശാലയുടെ ഉറപ്പുണ്ടു്, സംഭരിച്ച കണക്കെല്ലാം പനയോലരേഖകളാക്കി അഭിമുഖങ്ങൾക്കൊപ്പം സമർപ്പിച്ചാൽ, കൗരവർ പറഞ്ഞതിനേക്കാൾ കൂടുതൽഅവർ സ്വർണ്ണമായി തരും.”
“ആയിരമായിരങ്ങൾ അണിനിരന്നു പരസ്പരം വാളോങ്ങിയ ത്യാഗഭൂമിയെ അകക്കാമ്പിന്റെ വിശുദ്ധവികാരമുൾക്കൊള്ളാതെ, ശ്മശാനഭൂമി ചോരക്കളം തുടങ്ങിയ പരുക്കൻ പദപ്രയോഗങ്ങളാൽ മലിനപ്പെടുത്താനുള്ളതല്ല കുരുക്ഷേത്രമെന്നൊരു വികാരഭരിതമായ പ്രഖ്യാപനം താങ്കൾ മുൻ മാധ്യമസമ്മേളനത്തിൽ നടത്തിയതായി യുദ്ധകാര്യലേഖകൻ പറഞ്ഞു. ഞാൻ അവധി കഴിഞ്ഞു ഗാന്ധാരയിൽനിന്നും വന്നതേയുള്ളു. എന്തു് വിളിക്കാം ശ്മശാനത്തെ? ഈറ്റില്ലം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അതുപറഞ്ഞപ്പോഴാണു്, ഹസ്തിനപുരി പത്രിക ‘പാണ്ഡവ ഭരണകൂടം’ എന്നൊരു പദസങ്കലനത്തിലൂടെ, ഭരണം നിർവ്വഹിക്കുന്നതു് ‘പാണ്ഡവർ’ എന്ന തെറ്റിദ്ധാരണാജനകമായ പ്രതീതി ജനിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്. ഇതു് സ്വീകാര്യമല്ല. പഞ്ചപാണ്ഡവർ ചേർന്ന സർവ്വകക്ഷി കൂട്ടുഭരണമല്ല ഹസ്തിനപുരി! ധർമ്മിഷ്ഠനായ ഒരു രാജാവിന്റെ കൽപ്പന മാത്രമേ സാമ്രാജ്യത്തിൽ യുദ്ധാനന്തരകാലത്തു കേൾക്കാൻ പാടൂ. കുരുവംശം പാണ്ഡവഭരണകൂടം തുടങ്ങിയ പദാവലി പിൻവലിക്കുകയും, ഭരണനിർവ്വഹണത്തിന്റെ ഏകശിലാരൂപത്തെ ശരിയായ പദവ്യവഹാരത്തിൽ ‘പരിശുദ്ധ സിംഹാസനം’ എന്നു് വേണം വാർത്തകളിലും ചോദ്യങ്ങളിലും അടയാളപ്പെടുത്താൻ എന്നും, ഇതിനാൽ പ്രഖ്യാപിക്കുന്നു. അടുത്ത മാധ്യമസമ്മേളനത്തിനു തീയതിയും സമയവും ഇനിയൊരവസരത്തിൽ അറിയിക്കും. ഊട്ടുപുരയിൽ ചെന്നു് വരിനിന്നാൽ, മാനിറച്ചി പൊരിച്ചതും അപ്പവും കഴിക്കാം. പാഞ്ചാലിയുടെ സ്ഥിരം ക്ഷണം നിലനിൽക്കുന്നുണ്ടു്!”
“കുട്ടികൾ വേണ്ടെന്നുവക്കാൻ തക്ക അപൂർവ്വ ദാമ്പത്യ സാഹചര്യമെന്തായിരുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു വനവാസക്കാലം, “അപ്പോൾ, പാഞ്ചാലയിൽ അവർ സൈനിക പരിശീലനം നേടി വളരുന്നുണ്ടു് എന്ന യുധിഷ്ഠിരപ്രചാരണം അർദ്ധസത്യം?”
“ഞാൻ പ്രസവിച്ചില്ല എന്നേയുള്ളു, കൗന്തേയ കായികക്ഷമതയുമായി, തീരുമാനത്തിൽ കാര്യമൊന്നുമില്ല, കാരണം ഖാണ്ഡവപ്രസ്ഥത്തിലെ ഊട്ടുപുര! പാചകത്തിൽ സഹായിക്കാൻ കുന്തി കൂടെയില്ല, കൗന്തേയർ മൂന്നുപേരും അതുവരെ പെരുവയർ നിറച്ചതു് അടുക്കളയിൽ കുന്തിയുടെ കരവിരുതു കൊണ്ടായിരുന്നു. മാദ്രിയുടെ മക്കൾ കുന്തിയെ സഹായിക്കും. ഖാണ്ഡവപ്രസ്ഥത്തിൽ കൂരയൊരുങ്ങി ഇനി അടുപ്പുകത്തണമെങ്കിൽ ഞാൻ വേണമെന്ന ഘട്ടം വന്നു, അതോടെ ഭാര്യയുടെ ‘വിപണിമൂല്യം’ പാണ്ഡവർ വകവച്ചുതന്നു. അത്രമാത്രം പരാശ്രയശീലം അവർ എക്കാലവും പുലർത്തി എന്നതാണു് ശ്രദ്ധേയം. ഞാൻ നേരത്തെ എഴുനേറ്റു തീ കത്തിക്കുമ്പോഴേക്കും, തലേന്നു് കൊണ്ടുവന്ന സസ്യാഹാരിമൃഗങ്ങളെ കൊന്നു തൊലിപൊളിക്കാൻ പാണ്ഡവർ ഇറങ്ങിയില്ലെങ്കിൽ, പകൽ കാടുകത്തിക്കുന്ന പണി വെറുംവയറ്റിൽ ചെയ്യേണ്ടിവരും എന്നതായി അവർക്കപ്പോൾ സഹായിക്കാനുള്ള പ്രചോദനം. എത്രമാത്രം അവർ ഭക്ഷണത്തിനു ആർത്തി കാട്ടിയോ അത്രയും ഞാനവർക്കുമേൽ ആധിപത്യം നേടി. കുട്ടികൾ വേണ്ടേ എന്നു് കബളിപ്പിക്കുന്ന രീതിയിൽ അർജ്ജുനൻ മൃദുവായി ഒരിക്കൽ ചോദിച്ചപ്പോൾ, വേണ്ട, അത്യാവശ്യമെങ്കിൽ കുന്തിയുടെ രഹസ്യമന്ത്രം ചോദിച്ചു വാങ്ങാം, വയ്യ എനിക്കു് നിങ്ങളഞ്ചുപേരിൽനിന്നും ക്ഷമയോടെ ബീജം സംഭരിച്ചു ഗർഭം ധരിക്കാനും പ്രസവിക്കാനും ശുശ്രൂഷിച്ചു വളർത്തി അടുത്ത പാണ്ഡവ രാജവംശത്തിനു അവകാശികളാക്കാനും, അവർ പൊരിഞ്ഞുതല്ലി മരിച്ചുപോവാനും എന്ന എന്റെ പ്രത്യുൽപാദന നിലപാടു് അചഞ്ചലമായി പിൽക്കാലത്തും തുടർന്നപ്പോൾ, ധൃതരാഷ്ട്രർ പണ്ടുചെയ്ത ‘വാടകക്കൊരു ഗർഭപാത്രം’ എന്ന പദ്ധതിയിൽ വിശ്വസ്ത കുടിയേറ്റകുടുംബങ്ങളിലെ സ്ത്രീകൾ ബീജസമ്പാദനത്തിനു തയ്യാറായി എന്നെ സമീപിച്ചു. അങ്ങനെ പിറന്ന അഞ്ചു പാണ്ഡവനാമധാരികൾ പാഞ്ചാലയിൽ വളരുന്നുണ്ടു്, അവരുടെ പിതൃത്വം പാണ്ഡവർ നിയമപരമായി ഏറ്റെടുത്തിട്ടുണ്ടു് ബീജദാനം അവർ സന്തോഷത്തോടെ നിർവ്വഹിച്ചിട്ടുണ്ടു്, എന്നാൽ രഹസ്യാത്മകത നിലനിർത്താനുള്ള മേൽനോട്ടം മാത്രമേ ഞാൻ ഏറ്റെടുത്തുള്ളൂ.”
“ഭർത്താവിന്റെ പ്രേമഭാജനത്തെ തൂക്കിനോക്കാൻ ദ്വാരകയിൽ നിന്നു് ഇന്ദ്രപ്രസ്ഥത്തിലേക്കു രഹസ്യസന്ദർശനത്തിനു വന്ന സത്യഭാമയെ നിങ്ങൾ കൈകാര്യം ചെയ്ത വിധം കേട്ടറിഞ്ഞിട്ടുണ്ടു്. എന്നാൽ അർജ്ജുന ഭാര്യ സുഭദ്ര, ആദ്യസമാഗമത്തിൽ തന്നെ നിങ്ങളുടെ വായടച്ചുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“കാഞ്ഞപുള്ളിയായ ഭർത്താവിന്റെ മറ്റുഭാര്യമാരോടു് നാവടവു പയറ്റിത്തെളിഞ്ഞ അസൂയക്കാരിയായ സത്യഭാമയെവിടെ, പാവം പാവം ശിശുഹൃദയ സുഭദ്രയെവിടെ? എങ്കിലും എന്നെ ഒന്നടിതെറ്റിക്കാൻ സുഭദ്രക്കായി എന്നു് സന്മനസ്സോടെ സമ്മതിക്കുന്നു. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി കൂടിയായ എന്നെ കൈ മുത്തി മുട്ടുകുത്തി ഉപചാരം ചൊല്ലുന്നതിനുപകരം കേശാദി പാദം ജിജ്ഞാസയോടെ സൂക്ഷിച്ചു നോക്കി, സുഭദ്ര എന്നെ പുരികം ഉയർത്തി അഭിനന്ദിച്ചു, “കൊച്ചുസുന്ദരീ, അഞ്ചു പ്രസവിച്ച ഉടലാണോ ഇതു്!” സുഭദ്രയുടെ ഏകമകൻ ആയിരുന്നു യുഗാന്തരങ്ങളിലും ധീരതയുടെ ദേശീയ പ്രതീകമാകാൻ നറുക്കുവീണ അഭിമന്യു.”
“ശരിക്കും നിങ്ങൾ പ്രസവിച്ചതാണോ, കഥാവശേഷരായ കൗരവർ നൂറുപേരെ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി വിട്ടു് വനവാസത്തിനു പോവുകയായിരുന്നു മുൻ മഹാറാണി ഗാന്ധാരി.
“ആ രഹസ്യം ആജീവനാന്തം നീ പരിപാലിക്ക എന്ന ആജ്ഞ വ്യാസൻ എനിക്കു് രഹസ്യമായി തന്നപ്പോൾ, അന്നത്തെ മനഃപ്രയാസത്തിൽ ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. കാഴ്ചപരിമിതനെങ്കിലും, എനിക്കു തകർക്കാനാവാത്ത കായികക്ഷമതയുള്ള ധൃതരാഷ്ട്രരുടെ, വിവാഹബാഹ്യബന്ധങ്ങളിൽ ജനിച്ച നൂറോളം കുട്ടികൾക്കു്, കൗരവവംശനാമം നിയമപരമായി കൊടുക്കുന്ന അരമനഗൂഢാലോചനയിൽ ഞാൻ പങ്കാളിയായി. എന്റെ സഹോദരൻ ശകുനി അന്നേ പറഞ്ഞു, പ്രകൃതിതന്ന ആരോഗ്യം ഇനിയും രക്ഷിക്കണമെങ്കിൽ, മദയാനയുടെ രതിവേഗമുള്ള ഭർത്താവിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇതൊരു സുവർണ്ണാവസരം കൂടിയാവട്ടെ. നൂറ്റുപേർ എന്നറിയപ്പെട്ടവരുടെ മൂപ്പും ഇളമുറയും പത്തുവയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, അവരെ ഗന്ധം കൊണ്ടു് തിരിച്ചറിയാൻ ആവാതെ ഞാൻ നേരത്തെ കൈ ഒഴിഞ്ഞെങ്കിലും മഹാറാണിയുടെ ഗരിമ നിലനിർത്താൻ അരമന ഉദ്യോഗസ്ഥർ തുണച്ചു. ദുര്യോധനനുമായി ഞാൻ മുജ്ജന്മ ബന്ധം പുലർത്തി. ചതിയിൽ കൊല്ലപ്പെട്ടപ്പോൾ ഗാന്ധാരീവിലാപത്തിലൂടെ ഞാൻ വിശ്വപ്രശസ്തിനേടി. ഉടുതുണിക്കു് മറുതുണിയില്ലാതെ വനവാസത്തിനുപോവുമ്പോൾ, നിങ്ങൾ ഇക്കാര്യം വ്യക്തമാക്കാൻ എന്നോടു് ശാഠ്യത്തോടെ പറഞ്ഞതു് നന്നായി, കുറ്റബോധമില്ലാത്ത മനഃസാക്ഷിയുമായി മരണദേവതയെ കാണാൻ ആവുന്നതിനെക്കുറിച്ചു ഭീഷ്മർ പറഞ്ഞതിന്റെ പൊരുൾ വ്യക്തം!”
“ദ്വാരകനാടുവാഴിയുടെ കൊച്ചനുജത്തിസുഭദ്രയെ അർജ്ജുനൻ, രഹസ്യവിവാഹം ചെയ്തു ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടുവന്നപ്പോൾ, തണുത്ത കൊട്ടാരസ്വീകരണത്തിലൂടെ നവവധുവിന്റെ താമസം വെട്ടിച്ചുരുക്കി അർജ്ജുൻ അവളുടെ സ്വന്തം നാട്ടിലേക്കു സ്ഥിരതാമസം മാറ്റി എന്നൊരു ‘കൊള്ളിയാൻ’ മിന്നുന്നല്ലോ വഴിയോര കുതിരപ്പന്തിയിൽ?, രാജസൂയയത്തിന്റെ പരിസമാപ്തിക്കു ശേഷം പാണ്ഡവർ ആശ്രയിക്കുന്ന ദ്വാരകനാടുവാഴിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഉൾഭീതി നിങ്ങൾക്കുണ്ടായില്ലേ, അതോ പാണ്ഡവർക്കു് പൊതുഭാര്യ മതി എന്ന ദാമ്പത്യനയത്തിൽ വെള്ളം ചേർക്കാൻ സുഭദ്രയുടെ തുടർസഹവാസം തുണക്കുമെന്നായിരുന്നോ അന്തർപ്രേരണ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
“അതിൽ എന്താണിത്ര കൊള്ളിയാൻ മിന്നാനുള്ള വഴിയോര ഇടിവെട്ടു്? എന്റെ അധികാരതാൽപ്പര്യങ്ങൾക്കു് നിലവിലോ ഭാവിയിലോ വ്യക്തിഗതഭീഷണി ഉയർത്താവുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള എന്തു് ധാർമ്മികബാധ്യതയാണു് എനിക്കുള്ളതു്? മുതിർന്ന റാണിയോ ഇളമുറ റാണിയോ അല്ല ഞാൻ, പാണ്ഡവരുടെ ഏകറാണി! ധർമ്മപുത്രരെപോലെ കപടമുഖപരിപാലനം എനിക്കുണ്ടാവില്ലെന്നു, മുമ്പു് അഭിമുഖം ചെയ്തപ്പോൾ നിങ്ങൾക്കു് തോന്നിഎങ്കിൽ, അതാണു് ശരി? വ്യക്തിഗതമായി സ്വാധീനമുള്ള ദ്വാരകനാടുവാഴിയുടെ പ്രീതിയോ അപ്രീതിയോ അല്ലല്ലോ ഞാൻ നേരിടുന്ന ഭീഷണി. സുഭദ്ര ഇളമുറ റാണി എന്ന നിസ്സാരപദവിയിൽപോലും, ഇന്ദ്രപ്രസ്ഥത്തിൽ തുടരേണ്ട എന്നതായിരുന്നല്ലോ പഞ്ചപാണ്ഡവരുടെയും മൊത്തം അന്തിമനിലപാടു്? അവളുടേതു് പരസ്യവിവാഹമൊന്നുമായിരുന്നില്ല, ബലരാമൻ ഉറപ്പിച്ച വേറെ വിഖ്യാത വരനെ തഴഞ്ഞു സുഭദ്രയെ അർജ്ജുനനുമൊത്തു നാടുവിടാൻ അവസരം കൊടുത്തു എന്നതല്ലേ വാസ്തവം? വിവാദപർവ്വത്തിൽ തട്ടിക്കൊണ്ടുവന്നവളെ, ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുമോ പാഞ്ചാലി! ഒരു പെൺ അന്തഃപുരത്തിൽ പാണ്ഡവരിൽ ഉണ്ടാക്കിയ ഭിന്നിപ്പു് നിങ്ങൾ പതിവായി കാണുന്നുണ്ടല്ലോ. അപ്പോൾ ഓരോ പാണ്ഡവന്റെയും അനൗദ്യോഗിക ഭാര്യമാരെ ഇവിടെ ഞാൻ പാർപ്പിച്ചാൽ, പിന്നെ പ്രഖ്യാപിതശത്രുക്കളായി കൗരവരെ അല്ല കാണുക, സ്വാർത്ഥമുഖമുള്ള പാണ്ഡവരെ!”
“കുടുംബസ്വത്തു ഭാഗംവക്കുന്നതിലെ പരുക്കൻ വാക്കുതർക്കത്തിന്നതീതമായി, പാണ്ഡവർക്കും കൗരവർക്കുമിടയിൽ നീണ്ടകാലമായൊരു സംഘർഷഭൂമികയുണ്ടെന്നു നേരനുഭവത്തിലൂടെ തിരിച്ചറിഞ്ഞതെപ്പോഴായിരുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, വനവാസക്കാലം. മാംസഭോജികളായ ഭർത്താക്കന്മാർ മൃദു മാനിറച്ചി തേടി കല്ലും കവണയുമായി കാടിളക്കാൻ പോയ ഉച്ചസമയം.
“സ്വയംവരമെന്ന പ്രഹസനം കഴിഞ്ഞു ബ്രാഹ്മണവേഷധാരികളായ പാണ്ഡവർക്കൊപ്പം, ആറടിമണ്ണു് സ്വന്തമായില്ലാതെ, ഗതികെട്ടു് ഹസ്തിനപുരി കൊട്ടാരത്തിലെത്തി, ഭരണചുക്കാൻ പിടിക്കുന്ന രാജകുമാരൻദുര്യോധനനെ ഞാൻ പോയി കണ്ടതു് ഗുണം ചെയ്തു, നഗരാതിർത്തിയിലെ കുരുവംശ അതിഥിമന്ദിരത്തിൽ കിട്ടി താമസസൗകര്യം. മാത്രമോ! നിത്യവും പുത്തൻ പൂക്കളുമായി ഞങ്ങൾക്കനുവദിക്കാൻ പോവുന്ന രാജവസതിയിൽ നിർമ്മിക്കേണ്ട ആഡംബരങ്ങളെ കുറിച്ചു് അറിവോടെയും, എന്നാൽ സരസമായും, എന്നോടായി മാത്രം പരിഗണനയോടെ ചോദിക്കും. ആധുനിക നഗരജീവിതത്തെക്കുറിച്ചു പിടിപാടില്ലാത്ത പാണ്ഡവർ, (വേനൽക്കാല സുഖവാസമന്ദിരമായിരുന്ന വരണാവതം കൊട്ടാരം, അരക്കില്ലമെന്നു ധരിച്ചു ഒളിച്ചോടിയവർ ഭീരുകുന്തിയും മക്കളും!) അപ്പോൾ ഒളിഞ്ഞുനിന്നു് ഞങ്ങളെ കാപട്യത്തോടെ നിരീക്ഷിക്കും. പുതുനാഗരിക സൌകര്യങ്ങളെ കുറിച്ചു് ഞാൻ മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക നിർദേശങ്ങൾ, വിടർന്ന കണ്ണുകളോടെ കേട്ടു് സമ്മതഭാവത്തിലപ്പോൾ ദുര്യോധനൻ തലയാട്ടി പുഞ്ചിരിക്കും. ആഹ്ലാദവും അഭിമാനവും തോന്നുന്നത്ര ഹൃദ്യമായ പെരുമാറ്റമായിരുന്നു അതെന്നതിൽ എനിക്കപ്പോൾ തോന്നുന്ന വൈകാരിക ഊഷ്മളത, ഉപചാരപൂർവ്വം അവൻ മുട്ടുകുത്തി കൈമുത്തി എന്നോടു് യാത്ര പറയുന്നതുവരെ നീളും. തേരിൽ അവനെ യാത്രയാക്കി ഞാൻ മടങ്ങി വന്നാൽ, പത്തു കണ്ണുകൾ തുറിച്ചും മറിച്ചും നോക്കി എന്റെ പകലുകൾ രാത്രികൾ ഭീതിതമാക്കും”, അഞ്ചു കാട്ടുപ്രകൃതികൾ ഒരു കുരുന്നുമേനിയിൽ അധിനിവേശം ചെയ്തു പരുക്കേൽപ്പിക്കുന്നപോലെ വനവാസക്കാല പാഞ്ചാലിയുടെ ഉടൽ പുളഞ്ഞു. അപ്പോഴായിരുന്നു കവണയേറിൽ തല പൊട്ടിവീണ മാനിനെ തൂക്കി ഭീമനും കൂട്ടരും തിമിർപ്പിൽ ആശ്രമത്തിലേക്കു ആഞ്ഞുകയറിയതു.
“അധികാരകേന്ദ്രങ്ങളിൽ നെഞ്ചുയർത്തി അപശബ്ദമുയർത്തുന്നൊരു ആയുഷ്കാലവിമതനെയാണു് ‘ബാല’ കർണ്ണനിൽ കണ്ടിരുന്നതെന്നു, അരമനയിലെ നീണ്ടകാലസാന്നിധ്യമായ വിദുരർ ഓർക്കുന്നുണ്ടല്ലോ. വളർന്നു ‘പരുക്ക’നാവേണ്ടിയിരുന്ന ആ വ്യക്തി എങ്ങനെ വിദ്യാർത്ഥിജീവിതത്തോടെ മാറിമറിഞ്ഞു? ജാതിയെന്തെന്നു അരങ്ങേറ്റമൈതാനിയിൽ കൃപർ സാന്ദർഭികമായി ചോദിച്ചപ്പോൾ, നിങ്ങളുടെ പരിതാപാവസ്ഥ കണ്ടു് ദുര്യോധനൻ, നാമമാത്ര അംഗരാജ്യത്തിലെ രാജാവായി, ഉടനടി ഒരു പ്രഹസനം തട്ടിക്കൂട്ടി. ‘ഇല്ലാത്ത രാജ്യ’ത്തിലെ വ്യാജരാജാവായപ്പോൾ മതിമറന്നുവോ, പിൽക്കാലകർണ്ണൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ തിങ്ങിക്കൂടിയ ആകാശം.
“മേലാള കീഴാള ബന്ധമായിരിരുന്നു ദുര്യോധനനു് ഞാനുമായി എന്നു് തെളിയിച്ചെടുക്കാൻ വിദുരരേയും കൃപാചാര്യനെയും സാക്ഷികളാക്കേണ്ട കാര്യമില്ല. മനഃസാക്ഷിയെ മൃദുവായി തുടർ ചോദ്യം ചെയ്താൽ മതി. ഇല്ലാത്ത രാജ്യമാണു് അംഗരാജ്യമെന്നെ നിക്കറിയാത്തതല്ല കാര്യം. ജാതി വെളിപ്പെടുത്തേണ്ടിവരാവുന്ന ആപൽഘട്ടത്തിൽ തുണക്കാൻ വഴികണ്ടെത്തിയ ദുര്യോധനനു് കൃതജ്ഞതയോടെ ഞാനൊന്നേ പിൽക്കാലത്തു പാലിക്കേണ്ടിയിരുന്നുള്ളു—ആപത്തിൽ അവനോടു ഒപ്പം നിൽക്കുക, ശത്രു വീഴുംവരെ വാൾ തുടർന്നും വീശുക, അതു് ചെയ്തിട്ടുണ്ടു് എന്ന ഉറപ്പുകൊണ്ടാണല്ലോ കൗരവസഖ്യകക്ഷികളുടെ സർവ്വസൈന്യാധിപൻ എന്ന പ്രത്യാശ!”
“പതിനെട്ടുദിവസത്തെ പോരാട്ടപ്പൊരിച്ചിലിനുശേഷം തൊലിപ്പുറമേ പോറൽ പോലുമേൽക്കാതെ പഞ്ചപാണ്ഡവർ രക്ഷപ്പെട്ടതു് പെറ്റതള്ളയുടെ ‘പുണ്യം’ കൊണ്ടാണെന്നു വിദുരർ ഇന്നലെ മാതൃദിനത്തിൽ പറയുന്നതു കേട്ടല്ലോ. മിതഭാഷിയെന്നു പേരുകേട്ടയാൾ കുന്തിയെക്കുറിച്ചു അത്യുക്തിയിൽ അഭിരമിക്കുന്നു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര നാളുകൾ.
“പാണ്ഡവരഞ്ചുപേരും വിഷാദരോഗത്തിനു് വരണാവതം സുഖവാസമന്ദിരത്തിൽ രഹസ്യചികിത്സ നേടുന്നവരാണെന്ന അരമന രഹസ്യം ‘മിതഭാഷി’ വഴി “പുണ്യവതി” അറിയാതിരിക്കട്ടെ!”
“ആണുങ്ങളുടെ ലൈംഗികക്ഷമത അന്വേഷിക്കാതെയാണോ വധുവന്വേഷിക്കുക?”, കൊട്ടാരം ലേഖിക ഭീഷ്മർക്കു് മുമ്പിൽ മുട്ടുകുത്തി.
“എന്റെ പിതാവെന്നു് കരുതപ്പെടുന്ന രാജാവു് ശന്തനു, വൃദ്ധനായിരുന്ന കാലം സൂതന്മാർ പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടാവും. ആരെങ്കിലും വധുവന്വേഷിച്ചിട്ടാണോ, നദീതീരത്തു അപ്സരസ്സുകളെ വലവീശിപ്പിടിച്ചതു്? ഗംഗയിൽ പോവുന്നവർക്കറിയാം, നിങ്ങൾ മുങ്ങിനിവരുന്നതു് കബന്ധങ്ങളുടെ ഇടയിൽ ആയിരിക്കുമെന്നു്. പക്ഷേ, കാൽപ്പനികശന്തനുവിനു് സായാഹ്നയാത്രയിൽ തടഞ്ഞതു് ദേവനർത്തകി ഗംഗാദേവിയെ! അസാധ്യ നിബന്ധന, അവൾ മുന്നോട്ടുവച്ചതെല്ലാം ഉടനടി ശന്തനു വകവച്ചുകൊടുക്കുക വഴി, ഏഴു നവജാതശിശുക്കളെ അവൾ നദിയിൽ മുക്കിക്കൊല്ലുന്നതിനയാൾ നിസ്സഹായസാക്ഷിയായി. എട്ടാമനായ ഞാൻ, കുതറി മാറി. വർഷങ്ങൾക്കുശേഷം യമുനയിലെ മീൻകാരിസത്യവതിയുടെ ഉടലഴകിൽ, ശന്തനു ഭ്രമിച്ചപ്പോൾ കർശന നിബന്ധന വച്ചു. അവർക്കു പിറന്ന മകൻ വിചിത്രവീര്യൻ, ക്ഷയരോഗബാധിതനെങ്കിലും, കാമാതുരനായിരുന്നതുകൊണ്ടു് രണ്ടു വധുക്കളെ ബന്ദിയാക്കി എറിഞ്ഞുകൊടുത്തു. മക്കളില്ലാതെ അവൻ മരിച്ചപ്പോൾ, വിധവകളുമായി രതിസംയോഗത്തിനു മാമുനിയെ സത്യവതി ക്ഷണിച്ചു. ധൃതരാഷ്ട്രർക്കു് കാഴ്ചകുറവായിരുന്നു, ഗാന്ധാരിയും ഭർത്താവിന്റെ രൂപം കാണാതെ ജീവിച്ചു. രണ്ടാമൻ രോഗിക്കു കിട്ടി രണ്ടു ഭാര്യമാർ. കുന്തിയും മാദ്രിയും. പാണ്ഡവരുടെ കാര്യമാണു് കഷ്ടം. കണ്ടാൽ നന്നു് ആരോഗ്യമുണ്ടു് പ്രണയസുരഭിലമായ ഹൃദയങ്ങളുണ്ടു് എന്നാൽ അംഗീകൃതഭാര്യയായി പാഞ്ചാലയിൽ നിന്നും കിട്ടി കറുത്തുമെലിഞ്ഞൊരു വഴക്കാളി. അതാണു് പരിത്യാഗികൾ പറഞ്ഞതു് കാണുമ്പോഴൊക്കെ ശുഭാശംസകൾ നേർന്നതുകൊണ്ടു ആരുടെ വിവാഹജീവിതവും ശുഭപര്യവസായി ആവുന്നില്ല”. കണ്ടാൽ പരമസുന്ദരനും ആരോഗ്യവാനുമായ ആജീവനാന്ത ‘ബ്രഹ്മചാരി’ ആഡംബര ആശ്രമത്തിൽ കർമ്മനിരതനായി. ലൈംഗിക പ്രലോഭനങ്ങളെ പ്രതിരോധിക്കുന്ന യഥാർത്ഥബ്രഹ്മചാരിയെന്നുറപ്പിക്കാൻ, നിത്യവും രാത്രി ഏർപ്പെടുന്ന രതിപരീക്ഷണത്തിനു തിരഞ്ഞെടുക്കപ്പെട്ട കൗരവരാജകുമാരികൾ വന്നുതുടങ്ങി.
“പാടുപെട്ടു കഴുതപ്പുറത്തും കാൽനടയിലും വഴിയൊക്കെ നടന്നു പനയോലക്കെട്ടുകളിൽ അഭിമുഖങ്ങളുമായി ഹസ്തിനപുരിയിലേക്കു തിരിച്ചുപോവുന്നതിന്റെ അകംപൊരുളെന്താണു്?”, കൊട്ടാരം ലേഖികയോടു് ഭീമൻ ചോദിച്ചു. മറ്റു പാണ്ഡവർ നായാട്ടിനു പോയ നേരം.
“ഹസ്തിനപുരി പത്രികയുടെ പതിനഞ്ചോളം ചുവരെഴുത്തു് പതിപ്പുകളിൽ, ഒന്നു് കൃത്യമായും കൗരവരാജസ്ത്രീകളെ ലക്ഷ്യമാക്കുന്നു. അവർക്കു് ഗംഗയോ ഹിമാലയമോ കൗതുക ദൃശ്യ വാർത്തയല്ല, ജിജ്ഞാസാഭരിതരായ അവർക്കറിയേണ്ടതു്, ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയും, ഇപ്പോൾ കൗരമ അടിമയുമായ പാഞ്ചാലിയുടെ ബഹുഭർത്തൃത്വ ദാമ്പത്യത്തിലെ പ്രയാസങ്ങൾ, ജീവിതപാതയിലെ കരിനിഴൽപാടുകൾ! സമീപഭാവിയിൽ സംഭവിക്കാവുന്ന മഹായുദ്ധം, കുടുംബചരിത്രകാരനു് ഇഷ്ടവിഷയമാവുമെങ്കിൽ, അഭിമുഖങ്ങളിലൂടെ വ്യക്തമാവുന്ന പെണ്ണവകാശപോരാട്ടങ്ങൾക്കു്, കൗരവ പാണ്ഡവ സ്വത്തവകാശത്തർക്കത്തെക്കാൾ ഗാർഹികശ്രദ്ധ കിട്ടുമെന്നാണവരിലെ പ്രബുദ്ധറാണികളിൽ ചിലരുടെ പ്രത്യാശ. അതാ, പ്രഭാതവെയിലിൽ കുളികഴിഞ്ഞു ഒരു കെട്ടു് ഈറനുമായി വരുന്നു മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി! ഇത്തരം കാഴ്ചപ്പൊലിമകൾ ‘ഛായാചിത്ര’മാക്കാനുള്ളൊരു വരുംയുഗ ഉപകരണം ഈ ജന്മത്തിൽ തൊഴിൽചെയ്യാൻ എനിക്കുണ്ടായിരുന്നെങ്കിൽ!”
“വിശപ്പിന്റെ വലിവു് മാറ്റാൻ, വിലപിച്ചും യാചിച്ചും ആരോഗ്യവാന്മാരായ അഞ്ചു പാണ്ഡവർ പ്രകൃതിനിയമത്തെ വെല്ലുവിളിക്കുന്നൊരു വിചിത്ര അക്ഷയപാത്രം ആദ്യമേ സംഘടിപ്പിച്ചല്ലോ, നിശബ്ദമായി സഹിക്കേണ്ടിവരുന്ന നിങ്ങൾക്കൊന്നും കിട്ടിയില്ലേ, ഈ കൊടുംകാട്ടിൽ, ഇത്തിരി കനിവു് സ്വന്തമായി നേടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഞാൻ വിളമ്പിക്കൊടുക്കണമെന്നവർ ശഠിക്കും. കൂട്ടംകൂടിയിരുന്നു വായിട്ടടിക്കലവർ മൂന്നുനേരവും ആവർത്തിക്കുമ്പോൾ, സഹികെട്ടു ഈ രഹസ്യമന്ത്രം; ഞാൻ മുഖം തിരിച്ചൊന്നുച്ചരിക്കും. അതോടെ, പാണ്ഡവർക്കു് നാവു കുഴയും മൗനം പാലിക്കും, സൗജന്യമായി ‘വായു’വിൽ നിന്നു് കിട്ടുന്ന സസ്യഭക്ഷണത്തെക്കാൾ, ഉടനടി പ്രതികരണശേഷിയുണ്ടു്, തീൻശാലയിലെ പാണ്ഡവബഹളത്തിനു് തടയിടാൻ കിട്ടിയ ദിവ്യമന്ത്രത്തിനു!”
“നാമമാത്രമായിപോലും രാജാവിനോടു് കൂടിയാലോചിച്ചു അനുവാദം നേടാതെ, സ്വയം എടുത്ത തീരുമാനമാണോ കുരുക്ഷേത്ര?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു സൈനികമേധാവികളുമായി തന്ത്രം ആവിഷ്കരിക്കുന്ന അർധരാത്രി.
“എന്താ ഞാൻ ഒറ്റക്കെടുത്ത ഈ തീരുമാനത്തിൽ നിങ്ങൾ കാണുന്ന കുഴപ്പം? അജ്ഞാതവാസം പൊളിഞ്ഞ സ്ഥിതിക്കു് പാണ്ഡവർ ഒളിയാക്രമണത്തിലൂടെ ഹസ്തിനപുരി കോട്ടപിടിക്കാൻ കെട്ടബുദ്ധികാണിക്കുമെന്നു അന്തരംഗം മുന്നറിയിപ്പു് തന്നപ്പോൾ ഞാൻ ജാഗ്രതകാണിച്ചതാണോ തകരാറു? അതു് അലംഘനീയ ദൈവകല്പന! ഉത്തമ രാജ്യതാൽപ്പര്യത്തിൽ ഉടനടി യുക്തതീരുമാനമെടുക്കാനല്ലേ, ഞാൻ ഏകാംഗമായ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തിയതു്? അതു് കർത്തവ്യബോധത്തോടെ ചെയ്തപ്പോൾ ശുഭാശംസകൾക്കുപകരം എതിർ വിസ്താരം?” ദുര്യോധനൻ ഇടക്കൊന്നു കണ്ണു് വെട്ടിച്ചു ലേഖികയെ നീരസത്തോടെ നോക്കി.
“കാഴ്ചപരിമിതനായ ഭർത്താവിനു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സ്വയം കാഴ്ച നിഷേധിക്കാൻ രാപ്പകൽ കണ്ണുകെട്ടിയ നിങ്ങൾ പിൽക്കാലത്തു ആ പതിവു് തിരുത്തിയോ?”, കൊട്ടാരം ലേഖിക ഗാന്ധാരിയോടു് ചോദിച്ചു.
“വൈകാരിക ദുർബലനും അന്ധനും ആണു് ആളെന്നറിഞ്ഞപ്പോൾ എനിക്കു് തോന്നിയ കോപം പക്ഷേ, ധൃതരാഷ്ട്രരോടായിരുന്നില്ല, തെറ്റായ വിവാഹമാലോചിച്ചു ഗാന്ധാരയിൽ എന്നെ കബളിപ്പിച്ച ഭീഷ്മരോടായിരുന്നു. പിന്നെ പിന്നെ അതൊരു സൗകര്യകരമായ മുഖാവരണവുമായി മാറി. അർദ്ധസുതാര്യമായ ഇത്തരം പരുത്തികൊണ്ടു് കണ്ണു് ഞാൻ കെട്ടിത്തുടങ്ങിയപ്പോൾ, ശരിക്കും കാണേണ്ടതൊന്നും അപ്രാപ്യമല്ലാതെയുമായി. അകക്കണ്ണുള്ള ഭർത്താവിനു് ഇനി ഞാനായിരിക്കും പുറംകണ്ണുകളെന്ന പരസ്യനിലപാടെടുക്കാൻ സമ്മർദ്ദം ചെലുത്തിയ അന്നത്തെ മഹാറാണി കുന്തിയാണിപ്പോൾ, അന്തഃപുരതോഴിയെന്ന നിലയിൽ, നിത്യവും ഒരുകെട്ടു് കൺകെട്ടുതുണി കരുതലോടെ കഴുകി നിഴലിൽ ഉണക്കി കെട്ടിത്തരുന്നതു എന്നതിൽ തികഞ്ഞ ആനന്ദമുണ്ടു്”.
“ഈറ്റില്ലത്തിൽനിന്നും ഓരോ കുഞ്ഞിനേയും പാഞ്ചാലയിലേക്കു് അപ്പപ്പോൾ കൊണ്ടുപോയ നിങ്ങൾ, പക്ഷേ, പോവുന്ന വഴിയിൽ ഹസ്തിനപുരിയിലൊന്നിറങ്ങി കുന്തിയെ കണ്ടില്ല എന്നാണു പാണ്ഡവരുടെ ഇപ്പോഴത്തെ പരിഭവം. ചക്രവർത്തി യുധിഷ്ഠിരന്റെ അമ്മയെന്ന നിലയിൽ രാജമാതാപദവിയർഹിച്ചിട്ടും, പുത്രഭാര്യയുടെ സാമീപ്യത്തിനു ശ്രമിക്കാതെ, ഗാന്ധാരിക്കൊപ്പം ഹസ്തിനപുരി അന്തഃപുരത്തിൽ ഒതുങ്ങിക്കഴിയുന്ന കുന്തിക്കുമുണ്ടാവില്ലേ നൊന്തുപെറ്റ കൗന്തേയരുടെ കുഞ്ഞുങ്ങളെ കാണാൻ മോഹം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ക്രമബദ്ധമായ പ്രസവനിയോഗത്തിനുശേഷം, ഉടലഴകിൽ ശ്രദ്ധകൊടുക്കുകയായിരുന്നു നീന്തൽകുളത്തിൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി. വന്മരങ്ങളുടെ ശാഖകളിൽ ഒളിഞ്ഞിരുന്നു ഗന്ധർവ്വന്മാരും വിദ്യാധരൻമാരന്മാരും ദൂരക്കാഴ്ചയിൽ വിവസ്ത്ര പാഞ്ചാലിയുടെ ദിവ്യദർശനത്തിൽ അഭിരമിച്ച ഉച്ച.
“പനംകുട്ടയിൽ നവജാതശിശുക്കളെ പുഴയിലൊഴുക്കിയും, ഗംഗയിൽ മുക്കിക്കൊന്നും, പേറ്റുചൂരുപോകാത്ത കുഞ്ഞുങ്ങളെ ‘പരിചരണം’ ചെയ്യുന്ന വിശിഷ്ട മാതൃബിംബങ്ങൾ വസിച്ചിരുന്ന കുരുവംശകൊട്ടാരത്തിൽ, വഴിതെറ്റിപോലും ഒന്നു് കയറാതിരിക്കുന്നതല്ലേ, പാവം പാണ്ഡവപുത്രന്മാർക്കു നല്ലതു്?”
“ധീരോദാത്തനായ കൗരവസൈന്യാധിപനെ പാളയത്തിൽ കയറി നിങ്ങൾ പതിവായി പൊരിപ്പിച്ചിരുന്നു എന്നാണല്ലോ പാറാവുകാർ പിറുപിറുക്കുന്നതു? കിരീടാവകാശം തീർപ്പാകാതെ ഒരു തർക്കവിഷയമായിട്ടും, പൊതുഭരണത്തിൽ അനധികൃതമായി ഇടപെട്ടിരുന്നു എന്നതു് പോകട്ടെ, കുരുക്ഷേത്ര പോർക്കളത്തിലും തുടങ്ങിയോ നിങ്ങൾ ചട്ടം വിട്ട പരാക്രമം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര പോരാട്ട ദിനങ്ങൾ.
“രാജ്യതന്ത്രമര്യാദ പാലിക്കാത്ത പാണ്ഡവരോടല്ലേ നിങ്ങൾ ഇങ്ങനെ ചന്ദ്രഹാസമിളക്കേണ്ടതു്? കഥാവശേഷനായ കർണ്ണൻ സൂതപുത്രനെന്നു പരസ്യമായി പാണ്ഡവർ പരിഹസിച്ചിട്ടും, കൗരവ സർവ്വസൈന്യാധിപനായതു് ആരുടെ ഉത്സാഹത്തിലായിരുന്നു? എന്നാൽ, പൂർവ്വസൂരികളെ ഞങ്ങൾ പാർശ്വവൽക്കരിച്ചുവോ? പത്തുദിവസം കൗരവപട നയിച്ചതു് വയോവൃദ്ധനായ ഭീഷ്മരല്ലേ? ഒരു പാണ്ഡവതല പോലും ഉരുട്ടാനാവാത്ത പാവം പിതാമഹൻ, സൈന്യാധിപപദവിയിൽ നിന്നു് ഒഴിഞ്ഞതു് ഞാൻ പുറത്താക്കിയതുകൊണ്ടോ, ഭിന്നലിംഗപോരാളി ശിഖണ്ഡിയെ മുന്നിൽ നിർത്തി അർജ്ജുനൻ ഭീഷ്മർക്കുനേരെ കൂരമ്പെയ്തതുകൊണ്ടോ? ഞാൻ ബ്രാഹ്മണവിരോധിയാണെന്നു പാണ്ഡവർ വലിയവായിൽ ആക്ഷേപിക്കുന്നതിൽ കാര്യമുണ്ടെങ്കിൽ, ഭീഷ്മർക്കുശേഷം ദ്രോണാചാര്യരെ ആരാണു് സർവ്വസൈന്യാധിപനാക്കിയതു്? കർണ്ണനെയല്ലേ പകരം കാവലേൽപ്പിക്കേണ്ടതു്? മാദ്രിയുടെ സഹോദരൻ ശല്യൻ കൗരവ പക്ഷത്തു വന്നപ്പോൾ അയാൾക്കു് കൗരവരോടുള്ള ആത്മാർത്ഥത അളക്കാൻ ആദ്യം “സൂതപുത്രനായ” കർണ്ണന്റെ സാരഥിയാക്കിയ ശേഷമല്ലേ ഞാൻ സർവ്വസൈന്യാധിപ പദവി കൊടുത്തതു്? എന്നാൽ പാണ്ഡവർ? പോയി ചോദിക്കൂ യുധിഷ്ഠിരനോടു്, സൈനികമികവിനെക്കുറിച്ചു കേട്ടുകേൾവിയില്ലാത്ത ഒരു ധൃഷ്ടധ്യുമ്നനെ എങ്ങനെ അവർ അത്യുന്നതപദവിയിൽ പരിപാലിച്ചു അഥവാ സഹിച്ചു! അയാൾ പാഞ്ചാലിയുടെ സഹോദരൻ. അതിൽ പോറലേറ്റാൽ പാഞ്ചാലിയില്നിന്നും പാണ്ഡവർ വിവരമറിയും!”
“വായിക്കാറുണ്ടു് ഹസ്തിനപുരി പത്രിക, യുദ്ധത്തെ നിന്ദിക്കുന്ന ഒന്നും, ഒരു വരിപോലും, നിങ്ങളുടെ കുരുക്ഷേത്രവാർത്തകളിൽ കാണുന്നില്ലല്ലോ, കൗരവ പക്ഷം പിടിക്കുന്ന യുദ്ധകാര്യലേഖകനെ പഴിക്കുന്നില്ല എന്നാൽ ശാന്തി ശാന്തി മന്ത്രം മാത്രം ഉച്ചരിക്കുന്ന, സമരമുഖത്തു വീറുള്ള ഒരു വിദ്യാർത്ഥിനിയെ തക്ഷശിലസന്ദർശനത്തിൽ പരിചയപ്പെട്ട പഴയ ഓർമ്മയുമുണ്ടു്”, യുദ്ധത്തിനിടയിൽ ചുടുവാർത്തയുമായി ചുവരെഴുത്തു പുതുക്കാൻ പോർക്കളത്തിൽനിന്നും ഓടിക്കിതച്ചെത്തിയതായിരുന്നു കൊട്ടാരം ലേഖിക. തിരിച്ചെത്തിയാലുടൻ യാത്രതിരിക്കണം യുദ്ധകാര്യലേഖകൻ.
“തേരാളിചമ്മട്ടിയെടുത്തതോടെ ആദ്യകൂരമ്പു കൗരവസൈന്യാധിപന്റെ അസ്ത്രത്തിൽനിന്നും പാണ്ഡവപക്ഷത്തേക്കു് പോവുന്നതു ഞങ്ങൾ കണ്ടു. പോർക്കളം ശബ്ദമുഖരിതമായി. ഏതു പാണ്ഡവന്റെ കഴുത്തിലായിരിക്കാം ഭീക്ഷ്മകൂരമ്പു തറച്ചതെന്നു ഇരുപക്ഷവും ആകാക്ഷയോടെ, ആശങ്കയോടെ ജിജ്ഞാസയോടെ മൊത്തം യുദ്ധഭൂമിയെ ദൃശ്യപരിധിയിൽ കൊണ്ടുവന്നെങ്കിലും, ഉന്നം എവിടെ എന്നു് പറയാൻ യുധനിർവ്വഹണസമിതിയുടെ നിരീക്ഷകർക്കും ആയില്ല. അമ്പു പാണ്ടവനെഞ്ചിൽ ആണെങ്കിൽ, നാലാളെകൂട്ടി ഭീഷ്മർക്കു് സമ്മാനിക്കും, യുദ്ധരത്ന പുരസ്കാരം എന്നു് ബഹളം വച്ചു് കിതച്ചു വന്ന ദുര്യോധനൻ പക്ഷേ, കണ്ടതു്, പിതാമഹന്റെ നോട്ടം! ഞങ്ങൾ പക്ഷം പിടിച്ചപ്പോൾ അന്തരീക്ഷം ചൂടുപിടിച്ചതാണു്. കുരുക്ഷേത്രയിൽ പോരാട്ടചൂടിറങ്ങാൻ ഇരുപക്ഷത്തിലും ഇനി ജീവനുള്ള സൈനികരില്ലെന്നു സമിതിഅധ്യക്ഷൻ ഉറപ്പാക്കി യുദ്ധാവസാനം ഔദ്യോഗികമായി പ്രഖ്യാപിക്കണം, അതിനിടയിൽ അന്നന്നത്തെ തല ഉരുളുന്നവരുടെ പട്ടിക തയ്യാറാക്കി അതിൽ താരപദവി ഉള്ളവർ ഉണ്ടോ എന്നറിയാൻ വെപ്രാളപ്പെടുന്ന ഞങ്ങൾക്കു് ശാന്തി ശാന്തിയെന്ന പദത്തിനെന്തർത്ഥം!”
“എന്തു് സമ്മാനിക്കാനായിരുന്നു യുധിഷ്ഠിരൻ മുൻമഹാറാണി ഗാന്ധാരിയെ രാജസഭയിൽ വിളിച്ചിരുത്തിയതു്?” കൊട്ടാരം ലേഖിക കൗരവകാലത്തെ ഏകാംഗ പ്രതിപക്ഷമായിരുന്ന യുക്തിവാദി ചാർവാകനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണത്തിന്റെ അശാന്തദിനങ്ങൾ.
“അർദ്ധസുതാര്യമായ കൺകെട്ടുതുണിയിലൂടെ ഗാന്ധാരി, കാണേണ്ടതെല്ലാം കാണുന്നുണ്ടു് എന്ന ധൈര്യത്തിൽ, യുധിഷ്ഠിരൻ സമൃദ്ധമായ കൈകാൽ, മുഖ ചലനങ്ങൾ ഉൾക്കൊള്ളുന്ന വാചാല ശരീരഭാഷയുടെ പ്രഭാഷണമികവു പ്രയോഗിച്ചാണു് തുടങ്ങിയതും. പതുക്കെ അവസാനിപ്പിച്ചതും. ആര്യാവർത്തത്തിൽ ഒരിടത്തും ഇതുപോലൊരു ത്യാഗം ഉണ്ടായിട്ടില്ലെന്നു് ചരിത്രത്തിലേക്കു് വിരൽചൂണ്ടി. ഹസ്തിനപുരി സാമ്രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും അർധസഹോദര വിമതകുടംബാംഗങ്ങൾ, സായുധ ഭീഷണി ഉയർത്തി, പോർക്കളത്തിൽ യുദ്ധോദ്യുക്തരായി ശംഖുമുഴക്കിയപ്പോൾ, ജന്മദേശത്തിന്റെ അടിസ്ഥാനസുരക്ഷക്കായി, പെറ്റുവളർത്തിയ നൂറുമക്കളെയാണവർ വിമതരെ നേരിടാൻ പോരാട്ടത്തിന്നയച്ചതു്. നൂറുമക്കളും “കുരുക്ഷേത്രബലിദാനികൾ” എന്ന ബഹുമതി നേടി, “വരാനിരിക്കുന്ന കലിയുഗത്തിലെ ഒരു സമാധാന പ്രേരകശക്തിയായി വർത്തിക്കാൻ, പ്രിയപ്പെട്ടവരേ എഴുന്നേറ്റു നിന്നു നാം ആദരം അർപ്പിക്ക”, എന്നു് ഗദ്ഗദത്തോടെ പറയുമ്പോൾ, ഊട്ടുപുരയിൽ നിന്നൊരു വയർനിറയെ മാംസഭക്ഷണം പ്രതീക്ഷിച്ചുവന്ന. ഞാനടങ്ങുന്ന ‘പൊതുസമൂഹം’.”
“എന്നും എന്നെന്നും മന്ത്രിച്ചു ഗാന്ധാരിക്കുചുറ്റും കൂടിനിന്നു അഭിനയമികവന്റെ അന്ത്യം എത്തി എന്നറിഞ്ഞപ്പോൾ, വിശപ്പു് സഹിക്കവയ്യാതെ ഞാൻ എഴുനേറ്റു ഊട്ടുപുരയിലേക്കു നടന്നു.”
“നിങ്ങൾ കണ്ടിട്ടുപോലുമില്ലാത്ത ഉത്തരയുടെയും സുഭദ്രയുടെയും കരച്ചിൽ, “ഹൃദയഭേദക”മാണെന്നു നിങ്ങൾ നിലവിളിയോടെ പറയുന്നതുകേട്ടു. അഭിമന്യുവിധവ ഉത്തരയെയും, ഭർത്തൃമാതാവായ സുഭദ്രയെയും സ്മരിച്ചതിനു നന്ദി. നേരിട്ടറിയുന്ന പാഞ്ചാലിയുടെ ദുഃഖത്തെക്കുറിച്ചൊന്നും നിങ്ങൾ മിണ്ടിയില്ലല്ലോ. അവളുടെ കൗമാരക്കാരായ അഞ്ചു മക്കളും, ദുര്യോധനന്റെ ആജ്ഞയനുസരിച്ചു പാണ്ഡവപാളയത്തിൽ അശ്വത്ഥാമാവു് ചെയ്ത പാതിരാമിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടതല്ലേ? നിങ്ങളുടെ ഹൃദയവും കല്ലുകൊണ്ടാണോ? പെറ്റതള്ളക്കു കരൾ നോവില്ലേ അഞ്ചുമക്കൾ ചതിയിൽ കൊല്ലപ്പെട്ടാൽ?”, കുരുക്ഷേത്രയിൽ ചിതറിക്കിടക്കുന്ന കൗരവ ജഡങ്ങൾനോക്കി വിധാതാവിനു നേരെ വിങ്ങിപ്പൊട്ടിയ ഗാന്ധാരിവിലാപത്തിനു് മൂകസാക്ഷിയായ കൊട്ടാരം ലേഖിക അവസരം കിട്ടിയപ്പോൾ ചോദിച്ചു.
“ദുർമരണങ്ങൾക്കു ഒരുപോലെ വിലാപഗീതം പാടാൻ എനിക്കാവുമോ? നിങ്ങൾ ശ്രദ്ധയിൽ പെടുത്തുന്ന ഹൃദയഭേദകമായ പോർക്കളമരണങ്ങൾക്കു് വിലാപഗീതം ഞാൻ തന്നെ ചൊല്ലിത്തീർക്കണം എന്നുവച്ചാൽ! എല്ലാം ആചാരപരമായി ചെയ്തുതീർത്തുവേണം എന്റെ സ്വന്തം മക്കളുടെ മരണത്തെക്കുറിച്ചു ഞാനൊന്നു് വിലപിക്കാൻ എന്ന കൗരവവിരുദ്ധകാഴ്ചപ്പാടു് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ ചെറുത്തെക്കും. യുദ്ധത്തിന്നെതിരെ അഭിപ്രായപൊതുസമ്മതി രൂപപ്പെടുത്തുകയൊന്നും അല്ലല്ലോ ഗാന്ധാരിയുടെവിലാപം ലക്ഷ്യം കാണുന്നതു്. കൺകെട്ടു തുറന്നു കുരുക്ഷേത്ര, എങ്ങനെയോ അങ്ങനെ, ഞാൻ കണ്ടപ്പോൾ, അപ്പോഴത്തെ മനോനിലയിൽ, ഹൃദയാവിഷ്കാരം ചെയ്തു. കേട്ടറിവിന്റെ ബലത്തിൽ നാവിൻതുമ്പിൽ പേരുകൾ ഞാൻ, എന്റെ സ്വകാര്യദുഃഖമെന്ന നിലയിൽ അടയാളപ്പെടുത്തി. എല്ലാം ഗാന്ധാരീവിലാപത്തിൽ ഉൾപ്പെടുത്തിയാൽ അതു് വ്യാസഭാരതംപോലെ അവസാനം, പാണ്ഡവരെ പ്രീതിപ്പെടുത്തേണ്ടി വരും.” കൺകെട്ടുതുണികൊണ്ടു് കണ്ണിണകൾ മറച്ചുവച്ചു ഗാന്ധാരി, ഹസ്തിനപുരി പാതയിലൂടെ മുന്നോട്ടു് കാൽവച്ചു.
“കബളിപ്പിക്കപ്പെട്ടു എന്ന തോന്നലുണ്ടായോ?”, ഇല്ലാത്ത അംഗരാജ്യത്തിന്റെ മുക്കുപൊന്നിൻകിരീടവും തിരുവസ്ത്രവുമായി അരമനയിൽ ദുര്യോധനനെ കാത്തുനിൽക്കുന്ന കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രച്ഛഹ്നവേഷമെന്നറിഞ്ഞുതന്നെ, അരങ്ങേറ്റമൈതാനത്തിലെ ‘പട്ടാഭിഷേക’ത്തിനു ഞാൻ വഴങ്ങികൊടുത്തു. ദുര്യോധനന്റെ ആജ്ഞയനുസരിച്ചു കിരീടധാരണം വിജയകരമായ പരിസമാപ്തിയിലെത്തിച്ച തട്ടിപ്പു പക്ഷേ, തൊട്ടപ്പുറത്തുനിന്ന പാണ്ഡവർ മുഖവിലക്കെടുത്തു എന്നതാണു് പ്രഹസനവിജയം. അരങ്ങേറ്റ മൈതാനിയിൽ ഇടിച്ചുകയറിയ ഞാൻ, അർജ്ജുനനുമായി നേരത്തേ ആയുധമത്സരത്തിനു വെല്ലുവിളിച്ചപ്പോൾ, കൃപാചാര്യരെക്കൊണ്ടു് എന്റെ ജാതി ചോദിക്കാനല്ലാതെ, കാട്ടിൽ ജനിച്ചു കാട്ടുപ്രകൃതിയായി വളർന്ന ഭീമനുണ്ടോ, ആര്യാവർത്തത്തിന്റെ ഭൂപടത്തിൽ, ഇങ്ങനെ ഇഷ്ടദാനം ചെയ്യാൻ സാധിക്കുന്ന അംഗരാജ്യം ശരിക്കും എവിടെയാണെന്നു് നെഞ്ചുവിരിച്ചു ദുര്യോധനനെ വെല്ലുവിളിക്കാൻ, ആർജ്ജിതവിജ്ഞാനത്തിന്റെ ധൈര്യം? ഒരു പണത്തൂക്കം യഥാർത്ഥപൊന്നില്ലാത്ത വ്യാജകിരീടം ധരിച്ചു വഴിനടക്കുമ്പോൾ, ഓച്ചാനിച്ചു നിൽക്കുന്ന ഭീമനെ ഇന്നലെ സന്ധ്യക്കും കാണാമായിരുന്നു!”.
“അന്ധഭർത്താവുമായി ഐക്യപ്പെടാൻ കണ്ണുകെട്ടി സ്വന്തം കാഴ്ച നിഷേധിക്കുന്നതൊരു കൗതുകക്കാഴ്ചയാക്കിയ നിങ്ങളെ, കൗരവർ, ലാളന തന്നില്ലെന്നു കുന്നായ്മ പറയാറുണ്ടോ?”, കൊട്ടാരം ലേഖിക സ്പർശപരിലാളനയോടെ ചോദിച്ചു.
“കൗരവരിൽ എണ്‍പത്തിഎഴാമനാണോ, അതോ നാൽപ്പത്തിഎട്ടാമനൊ മറ്റോ ആണെന്നു് തോന്നുന്നു, പിറന്നാൾ ദിവസം പട്ടുടുപ്പിച്ചതു് പോരെന്ന പരിഭവത്തിൽ, നിങ്ങൾ പറഞ്ഞ വാക്കു പരുഷമായി ഉച്ചരിച്ച ഓർമ്മയുണ്ടു്. നൂറു കുട്ടികൾ ഉണ്ടായിട്ടും, ഒന്നിനെങ്കിലും കണ്ണോ കാലോ, കൂടുതലും കുറവും ഒന്നും ഇല്ലാതെ, മനുഷ്യകുലത്തിൽ പ്രദർശനയോഗ്യമാക്കിയതാണു് എന്റെ ഗാന്ധാരസാധന എന്നു് എളിമയോടെ പറഞ്ഞപ്പോൾ, നൂറു ശിരസ്സുകൾ നമസ്കരിച്ചു എന്നല്ലേ കണ്ടുനിന്ന കുന്തി പിന്നീടെന്നോടു് പറഞ്ഞതു?” കൺകെട്ടു് പതുക്കെയൊന്നു താഴ്ത്തി കൊട്ടാരം ലേഖികയെ ഗാന്ധാരി ചുഴിഞ്ഞു നോക്കി വീണ്ടും സ്വയം കാഴ്ച നിഷേധിച്ചു.
“ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ശല്യർ, മഹാരഥൻമാർക്കൊന്നും കിനാവു് കാണാനാവാത്ത വൻപോരാട്ടനേട്ടം പാതിരാ മിന്നലാക്രമണത്തിലൂടെ അവസാനകൗരവസൈന്യാധിപൻ അശ്വത്ഥാമാവു് നേടിയല്ലോ. ‘അശ്വത്ഥാമാവു് മരിച്ചു’ എന്നു് പാതിനുണ പരസ്യമായി പ്രഖ്യാപിച്ച പാണ്ഡവർക്കു് കിട്ടിയ പോർക്കള ‘പാരിതോഷിക’മായിരുന്നോ, അശ്വത്ഥാമാവിന്റെ പാതിരാനേട്ടം?”, കൗരവപക്ഷത്തു പോരാടി യുദ്ധം അതിജീവിച്ച കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു പാണ്ഡവഭരണത്തിന്റെ പിടിപ്പുകേടു് പുറത്തായിക്കൊണ്ടിരുന്ന ദിനങ്ങൾ.
“എന്റെ സഹോദരീപുത്രനും, ദ്രോണരുടെ മകനുമായ അശ്വത്ഥാമാവു് മഹാരഥൻ ആയിരുന്നോ? സംശയമുണ്ടു്. ഭീമഗദാപ്രഹരത്തിൽ തുടയെല്ലുപൊട്ടി ചളിയിൽപുതഞ്ഞ ദുര്യോധനനെ മാംസാഹാരികളായ ജീവികൾ കൊത്തുന്നതു് തടഞ്ഞു വൈദ്യപരിശോധനക്കു് തൂക്കി ചുമലിലിട്ടു് കൊണ്ടുപോവുന്നതിനു പകരം അവൻ, ദുര്യോധനന്റെ ‘അന്ത്യആജ്ഞ’യനുസരിച്ചു പാണ്ഡവരോടു് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടു എങ്കിൽ, അതു് തുടർഭരണത്തിൽ പദവി നേടിയെടുക്കാൻ ആയിരുന്നില്ല, കൗരവ പ്രമാണിക്കു കൊടുത്തുതീർക്കാനുള്ള കൊള്ളമുതലും വട്ടിപ്പലിശയുമായിരുന്നു. അങ്ങനെ അർദ്ധരാത്രിയിൽ പാണ്ഡവർക്കു് പാഞ്ചാലിയിൽ ഉണ്ടായെന്നു കരുതപ്പെടുന്ന അഞ്ചു പുത്രന്മാരെയും, സൈനികമേധാവി ധൃഷ്ടധ്യുമ്നനെയും കൊന്നില്ലെങ്കിൽ അവൻ അധമർണ്ണൻ ആവും, എന്നാൽ ആജ്ഞ അനുസരിച്ചതുകൊണ്ടു് അധമൻ മാത്രമായി. ‘ധർമ്മസംസ്ഥാപന’ത്തിനായി പ്രകൃതിശക്തികൾ ഒരുക്കിയ കുരുക്ഷേത്രയുദ്ധത്തിന്റെ അന്ത്യം ഈ വിധം മലിനരക്തമൊഴുക്കിയ പാപിഅശ്വത്ഥാമാവിനു് നീതിമാനായ ദ്വാരകനാടുവാഴിയിൽ നിന്നും കിട്ടിയ ശാപം പോരാ എന്നാണു് സാക്ഷിയായ എനിക്കുതോന്നിയതു”. യുദ്ധത്തിനുശേഷം അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിന്റെ പ്രാഥമികഗുരുപദവി കിട്ടിയ കൃപാചാര്യർ, കൈകൾ വെടിപ്പായി ശുദ്ധജലത്തിൽ തേച്ചുകഴുകി ചോരക്കറ വിരൽനഖങ്ങളിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്തു.
“പാഞ്ചാലീപ്രലോഭനത്തിൽ കൗരവർ ഇതിനകം നേടിയ കുപ്രസിദ്ധി പാണ്ഡവർക്കും ഉണ്ടു് എന്നാണോ സ്വാനുഭവം? അതോ, പരിമിത അളവിൽ?”, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് കൊട്ടാരം ലേഖിക വ്യക്തത ആവശ്യപ്പെട്ടു. പായക്കൂട്ടിനു ഊഴമനുസരിച്ചു പ്രവേശനം, വിശദീകരണമില്ലാതെ നിഷേധിക്കപ്പെട്ടാൽ, പാണ്ഡവർ പരുക്കൻരീതിയിൽ പെരുമാറുമെന്ന പാഞ്ചാലിയുടെ മുൻഅഭിമുഖം ‘ഹസ്തിനപുരി പത്രിക’യുടെ അന്തഃപുര പതിപ്പിൽ നൂറോളം കൗരവരാജസ്ത്രീകളുടെ ആവർത്തന വായനക്കായി പകൽ ചുവരെഴുത്തുപതിപ്പിനുമുമ്പിൽ തിരക്കനുഭവപ്പെടുന്ന ദിനങ്ങൾ.
“അഴകളവുള്ള പെണ്ണുടലിന്റെ ലൈംഗികആസ്വാദ്യതയും, രതി പ്രലോഭനത്തിന്റെ വൈവിധ്യആവിഷ്കാരങ്ങളും നേരത്തേ പരിചയിച്ച നാഗരികജീവികളായ കൗരവരോടു് നീ, വനബാലന്മാരായിരുന്ന ഞങ്ങളുടെ വന്യപെരുമാറ്റമുറ, താരതമ്യം ചെയ്യരുതേ എന്ന ദീനാനുകമ്പ തേടിയ യുധിഷ്ഠിരശ്രമം, മറ്റുനാലുപേരും തരംപോലെ പ്രതിരോധത്തിനായി ഇപ്പോഴും പ്രയോഗിച്ചുവരുന്നുണ്ടു്. ഒറ്റനോട്ടത്തിൽ മതിപ്പു തോന്നുന്ന ഈ ‘ദേവസന്തതി’കളുടെ ആകർഷകരൂപമല്ല, അവരുടെ ലൈംഗിക പരാക്രമത്തിനു വഴങ്ങേണ്ടിവരുന്ന സ്ത്രീ കാണുക എന്നർത്ഥം. “ബഹുഭർത്തൃത്വം മോഹിക്കുന്ന കൗരവരാജ സ്ത്രീകൾക്കെന്തറിയാം പാഞ്ചാലിയുടെ കിടപ്പറസ്വാതന്ത്ര്യം!”, എന്നപ്പോൾ അർജ്ജുനൻ, മറ്റുനാലു അനർഹപാണ്ഡവരെ ഉന്നംവച്ചു് തലയിണയിൽ മുഖമമർത്തി പരിഭവിക്കും. കൗരവരെ ഒരു ഘട്ടത്തിൽ ഞങ്ങൾ വധിക്കേണ്ടിവന്നാൽ, അന്തഃപുരവാസികളെ അഞ്ചായി വീതിച്ചെടുക്കുമെന്നപ്പോൾ ഭീമൻ നേരത്തേ അവകാശമുന്നയിക്കും. തീരെ സഹിക്കാൻ വയ്യാതായാൽ, ഞാൻ അന്തഃപുരം പൂട്ടി പാഞ്ചാലയിലേക്കു വിരുന്നിനു പോകും!”
“ആദിവാസിഹത്യക്കു ശിക്ഷ വധമെന്നുറപ്പിച്ചു പരമോന്നത നീതിപീഠം ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, ആരാച്ചാർ ഇല്ലാതെ എങ്ങനെ വിധി നടത്തും?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ആദിവാസികളെ കത്തിച്ചുകൊന്ന പാണ്ഡവകുടുംബത്തെ പിടികൂടിയാൽ നീതിപീഠം വധശിക്ഷക്കു് വിധിക്കുമെന്ന അഭ്യൂഹം കുതിരപ്പന്തിയിൽ വിവാദമായ ദിനങ്ങൾ.
“വാരണാവതം അതിഥിമന്ദിരത്തിലേക്കു അതിഥികളായി മഹാരാജാവു് ധൃതരാഷ്ട്രർ സ്നേഹപൂർവ്വം അയച്ച സഹോദരവിധവ കുന്തിയും മക്കളും ആ പ്രശസ്തരാജമന്ദിരം കത്തിച്ചു കളഞ്ഞതിനായിരുന്നില്ല വധശിക്ഷ! തീപ്പെട്ടതു് കുന്തിയും മക്കളുമാണെന്ന വ്യാജതെളിവുണ്ടാക്കാൻ, അത്താഴം ചോദിച്ചു അവിടെ വന്ന ആറംഗ ആദിവാസികുടുംബത്തെ പച്ചക്കു കത്തിച്ചതിനായിരുന്നു. പിടികിട്ടാപ്പുള്ളികളായി കുന്തിയെയും മക്കളെയും പ്രഖ്യാപിച്ചശേഷം അരങ്ങേറ്റ മൈതാനിയിൽ ആത്മഹത്യക്കു കുറ്റവാളികളെ പ്രോത്സാഹിപ്പിച്ചു, വിശുദ്ധകർമ്മം കാര്യക്ഷമമായി ചെയ്യിപ്പിക്കുക എന്ന അഹിംസാത്മകരീതിക്കാണു് ഞങ്ങൾ, ചാരന്മാരെ വിനിയോഗിച്ചു ഇപ്പോഴും നിരീക്ഷിക്കുന്നതു്. കൗരവ വലയിൽ ഉടൻ വീഴും. കൊലചെയ്യാൻ ആരാച്ചാർ ഇല്ലാത്തൊരു ആസുരകാലത്താണു് കുരുവംശം ഈ ബദൽ വധരീതി. വരും യുഗങ്ങളിൽ ഈ സാത്വിക വധരീതി ആഗോളതലത്തിൽ പ്രചാരം നേടുമെന്നു് മന്ത്രി വിദുരർ പറഞ്ഞല്ലോ. അതിൽ കവിഞ്ഞെന്തു വിവേകവചനമാണു് തക്ഷശിലയിൽ കിട്ടുക!”
“ശിക്ഷ ഇളവിനൊന്നും ശ്രമിച്ചില്ല?”, കൊട്ടാരം ലേഖിക ചോദിച്ചു. വസ്ത്രാക്ഷേപത്തിനുശേഷം നിസ്വരായി വനവാസത്തിൽ പോവാൻ നിർബന്ധിതരായ ഇന്ദ്രപ്രസ്ഥം രാജകുടുംബാംഗങ്ങൾ, തിരുവസ്ത്രം ഊരി വൽക്കലം ധരിക്കാനുള്ള ധൃതിയിലായിരുന്നു, “വധശിക്ഷക്കു ഇളവനുവദിക്കുന്ന പരിഷ്കൃതനിയമ വ്യവസ്ഥ പിന്തുടരുന്ന സമൂഹമല്ലേ ഹസ്തിനപുരി!”
“ആദ്യവട്ട അനുനയചർച്ചക്കായി നിയോഗിച്ചതു് മാദ്രിപുത്രനായ സഹദേവനെ. ജനിച്ചുവളർന്നതു കാട്ടിലെങ്കിലും ഇനിയുമൊരു വനവാസം കഠിനമാണെന്നും, കാലാവധിയിലും നിബന്ധനകളിലും ഇളവു് പാണ്ഡവർക്കത്യാവശ്യമാണെന്നും, ദാർശനികസ്വാധീനമുള്ള സഹദേവൻ വാദം പറഞ്ഞുനോക്കി. കൗരവർ അതിനെതിരല്ല, പക്ഷേ, പകരമെന്തുതരും? ഉഭയകക്ഷി സമ്മതത്തോടുകൂടി, ശാരീരികാനുഭവങ്ങൾക്കായി പാഞ്ചാലി എത്ര കൗരവരെ ബഹുഭർത്തൃത്വത്തിൽ പരിഗണിക്കുമെന്നു് ദുശ്ശാസനൻ പ്രാരംഭഘട്ടത്തിൽ ചോദിച്ചു. മറ്റുകൗരവർ അനുകൂല പ്രതികരണത്തിനായി കാത്തു. കൗരവഅടിമയാണെങ്കിലും, എന്തു സ്വതന്ത്രനിലപാടു് പാഞ്ചാലി എടുത്താലും പാണ്ഡവർ പ്രതിഷേധിക്കില്ല. ഭയപ്പെടുത്തിയാലും, ഉഭയസമ്മതത്തോടെ ആയാലും, ബഹുഭർത്തൃത്വവിശ്വാസിയായ ദ്രൗപദിക്കു് ഉടയോൻകൗരവരുമായി ഒരുടമ്പടി സാധ്യമാണു്. അത്രത്തോളം അഭിപ്രായസമന്വയം ചെന്നാൽ, വനവാസത്തിൽ സൗജന്യ ഭക്ഷണലഭ്യത ഉറപ്പു വരുത്താനുള്ളൊരു മയൻനിർമ്മിത അക്ഷയപാത്രം സമ്മാനിക്കാമെന്നു ധാരണയായ ആശ്വാസത്തിലാണു് പാണ്ഡവർ പടിയിറങ്ങുക. ഖാണ്ഡവവനം കത്തിച്ചശേഷം വനദേവതകൾ പാണ്ഡവർക്കെതിരെ തിരിഞ്ഞിരിക്കുകയാണു്. കാട്ടിൽ പോയാൽ, കാലാവധികഴിഞ്ഞു ഹസ്തിനപുരിയിലേക്കു മടങ്ങിവരാൻ വനദേവത സമ്മതിക്കുമോ? പ്രശ്നം കൈവിട്ടുപോവുമോ? എന്തുവിട്ടുവീഴ്ചക്കും യുധിഷ്ഠിരൻ യോജിക്കും. സ്വയംവരം ചെയ്ത അർജ്ജുനൻ വിവാഹജീവിതത്തിൽ ‘അഞ്ചുപേരിൽ ഒരാളാ’യ പോലെ, വിനീതമായി വേണം കൗരവനിർദേശങ്ങൾ പാണ്ഡവർ പരിഗണിക്കാൻ എന്നു, ജീവിതയാഥാർഥ്യങ്ങൾ പരിശോധിക്കുമ്പോൾ പാഞ്ചാലിക്കു്, തുറന്നുപറഞ്ഞില്ലെങ്കിലും, ശാഠ്യമുണ്ടു്. കലങ്ങിമറിഞ്ഞുവോ പാണ്ഡവരുടെ കാലം!”
“ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ മറ്റു മൂന്നു പാണ്ഡവർ വിശ്രമിക്കാനൊന്നും സമയം കളയാതെ അവരുടെ ഉത്തരവാദിത്വത്തിൽ പെടുന്ന മന്ത്രാലയങ്ങളിലേക്കുപോവുമ്പോൾ, ഭീമനും നകുലനും മാത്രമെന്താ അന്തഃപുരം ആട്ടുകട്ടിലിലൊരു സ്വൈരസല്ലാപം?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“ദുര്യോധനവധം നേർസാക്ഷിമൊഴി നകുലനിൽ നിന്നു് പൊടിപ്പും തൊങ്ങലും വച്ചു് ഭീമനു് എന്നും ഉച്ചമയങ്ങും മുമ്പു് കേൾക്കണം. തുടയിലടികൊണ്ടു വീണ കൗരവമുഖ്യന്റെ നിലവിളി നകുലൻ മികവോടെ അനുകരിക്കുമ്പോൾ, ഒരു കൊച്ചുകുട്ടിയെ പോലെ കൈകൊട്ടി ഭീമൻ ആർത്തു ചിരിക്കും. അന്തഃപുരത്തിലേക്കു മുൻകൂർ അനുമതിയില്ലാതെ കയറി, ബഹുസ്വര ദാമ്പത്യരഹസ്യങ്ങൾ കാലങ്ങളായി ചോർത്തുന്ന, നിങ്ങൾ ഒരിക്കലും മറന്നുപോവരുതേ, ആയിരം പൂർണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞ ഭീമനിപ്പോൾ ഹസ്തിനപുരിയുടെ രാജ്യസുരക്ഷയെക്കാൾ കൗതുകം, വർണോജ്ജ്വലമായ കുരുക്ഷേത്രമാണു്!”
“മഹാപ്രസ്ഥാനത്തിലേക്കു പടിയിറങ്ങിപ്പോയ പാണ്ഡവർ ആറുപേരിൽ, യുധിഷ്ഠിരനൊഴികെ അഞ്ചുപേരും ഒന്നൊന്നായി മലഞ്ചെരുവിൽ കുഴഞ്ഞുവീണു നിര്യാതരായതിനു നേർസാക്ഷി നിങ്ങൾ മാത്രമല്ലേ? പരേതപാണ്ഡവരുടെ ഭൌതികശരീരം എവിടെ നിങ്ങൾ സംസ്കരിച്ചു എന്നാണിപ്പോൾ പരീക്ഷിത്തു് ഭരണകൂടത്തിന്റെ വിവരാവകാശ ചോദ്യം. പുതിയ ഭരണക്രമത്തിൽ ഭരണകൂടത്തോടു് പൊതുജനമല്ല, മറിച്ചാണു് വിവരാവകാശം.”
“ഹസ്തിനപുരി പത്രിക”യുടെ ഉടമ കൊട്ടാരം ലേഖികയോടു് ചോദിച്ചു.
“ഉറ്റവർ കൂടെ ഇല്ലാതെ ഞാനും നിങ്ങളും നാളെ കാലം ചെന്നാലും അനാഥജഡത്തിനുമേൽ അവകാശം കഴുകനും കുറുനരിക്കും മാത്രമായിരിക്കുമല്ലോ. പാമ്പിനെ അല്ലാതെ വേറെ ആരെയും പേടിയില്ലാത്ത പരീക്ഷിത്തിനോടു് അങ്ങനെ ‘വിവരം’ പറയൂ.”
“അജ്ഞാതവാസം കഴിഞ്ഞ സ്ഥിതിക്കു് ഇനി യുദ്ധകാഹളത്തിന്റെ ബഹളമായിരിക്കും. മരംചാരിയിരുന്നു അടുക്കും ചിട്ടയും നോക്കാതെ ബോധധാരാരീതിയിൽ ഭൂതകാലത്തിലേക്കു് നിങ്ങളൊന്നു ഊളിയിട്ടാൽ വരുംയുഗത്തിലേക്കു് ഔദ്യോഗിക ആത്മകഥ ആധികാരികതയോടെ ഞാൻ തക്കസമയത്തു കൈമാറാം, രാജ്യതാൽപ്പര്യത്തിൽ സഹകരിച്ചുകൂടെ?”, വിരാട സൈനിക മേധാവിയായിരിക്കെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട യുവകീചകന്റെ അന്ത്യവിശ്രമസ്ഥലിയിൽ പുഷ്പാർച്ചന ചെയ്യുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഇന്ദ്രപ്രസ്ഥത്തിലും വനവാസത്തിലും നിങ്ങൾക്കു് കിട്ടിയതു് ജീവിതകഥയുടെ നാഴികക്കല്ലുകൾ! അവക്കടിയിലെ കരിക്കുന്നൻമാരെയും പഴുതാരകളെയും ഞാൻ വേണോ പുറത്തെടുക്കാൻ?”
“താൻപോരിമയുള്ള പുതുയുഗവനിതയെന്ന ദേശീയപ്രതിച്ഛായ പാഞ്ചാലീസ്വയംവരം മുതൽ കെട്ടിപ്പൊക്കിയ നിങ്ങൾ പക്ഷേ, എന്തുകൊണ്ടു്, ചൂതാട്ടസഭയിൽ അവമതിക്കപ്പെടുന്ന രീതിയിൽ കൗരവരാൽ വിവസ്ത്രയാവുന്ന ദയനീയസാഹചര്യമുണ്ടായിട്ടും, അക്രമികളെ ചെറുക്കാതെ, അവരുടെ ഇംഗിതത്തിനു് വഴങ്ങിയെന്നൊരു തോന്നൽ ഞങ്ങൾക്കുണ്ടായി? എങ്ങനെ പ്രതികരിക്കുന്നു നിർണ്ണായകമുഹൂർത്തത്തിലെ നിർജ്ജീവപ്രതികരണശേഷിയെ കുറിച്ചിപ്പോൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“ലൈംഗികാതിക്രമത്തിനവസരം കാത്ത ഭൂപ്രഭുക്കളെ സദസ്സിൽ കാണാതെയല്ല. എന്നിട്ടും ഞാനവിടെ നേരിട്ട നൈതിക‘തിരഞ്ഞെടുപ്പു്’ ഇതായിരുന്നു—രതിപ്രലോഭനത്തിന്റെയും പ്രണയ പദങ്ങളുടെയും അകമ്പടിയോടെ എന്റെ കുത്തഴിഞ്ഞ ഉടുതുണിയിൽ വിറയലോടെ കൈവക്കുന്ന യുവകൗരവർക്കുനേരെ ഞാൻ ഗർജ്ജിക്കണോ, അതോ സദാചാരസംരക്ഷകരുടെ ആട്ടിൻതോലണിഞ്ഞ വയോജനങ്ങൾക്കു സാഷ്ടാംഗം നമസ്കരിക്കണോ? കൂടെ പൊറുക്കൂന്നവളുടെ അനുമതി കൂടാതെ പണയം വച്ചു് ചൂതാടാൻ ധൈര്യപ്പെട്ട ഭർത്താവിനെ പ്രതിചേർത്തു് ഞാൻ നീതിപീഠത്തിൽ ഉടനെ പരാതി കൊടുത്തു. അർധരാത്രിയോടെ തീർപ്പായപ്പോൾ, ദാമ്പത്യകരാർലംഘനം ചെയ്ത പാണ്ഡവർ വനവാസത്തിൽ പോവാൻ നീതിപീഠം ശിക്ഷ വിധിച്ചു.”
“അന്തഃപുരത്തിനു താഴെ ഒളിച്ചിരിക്കുന്നവരെയെല്ലാം പിടികൂടി ചോദ്യംചെയ്തു വെറുതെ വിട്ടുവോ, അതോ ഒറ്റയാൾ വിചാരണ ചെയ്തു അപ്പപ്പോൾ വധിച്ചുവോ?”, പുതിയ ജനനായകൻ യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു ഭീമഗദയുടെ മാരക പ്രഹരത്തിൽ തുടയെല്ലൊടിഞ്ഞു ചളിയിൽ വീണ ദുര്യോധനൻ വാവിട്ടു് നിലവിളവിക്കുന്ന നേരം, പതിനെട്ടാം ദിവസം സന്ധ്യ.
“കുരുക്ഷേത്രയുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തിയായി, എന്തുകൊണ്ടു് ദുര്യോധനന്റെ കഴുത്തുവെട്ടാതെ ഞങ്ങൾ അവനെ വെറുതെ വിട്ടു എന്നുചോദിച്ചാൽ, അതാണു് ധർമ്മയുദ്ധം. ശത്രു മുറിവേറ്റു നിലത്തുവീണാൽ പിന്നെ കഴുത്തുവെട്ടുന്നതിൽ എനിക്കു് വൈമനസ്യമുണ്ടു്. മുറിവേറ്റവൻ സ്വയം മരണം കണ്ടെത്തട്ടെ. ആവശ്യത്തിലധികം മരണം എന്നല്ല ഞങ്ങളുടെ മുദ്രാവാക്യം ആവശ്യത്തിനുമാത്രം വധം. ഇനി ഞങ്ങൾ ഹസ്തിനപുരിയിൽ പോയി ധൃതരാഷ്ട്രരുടെ ഭരണച്ചുമതല ഏറ്റെടുക്കണം. അരനൂറ്റാണ്ടിലേറെ കാലമായി ഞങ്ങൾക്കായി ചെങ്കോൽ തുടച്ചുമിനുക്കി കരുതി വെക്കുകയായിരുന്നു. ദുര്യോധനനു് ചുമതല കൊടുത്തു, അച്ഛൻ അധികാരം ഒഴിഞ്ഞില്ല. അതുഞങ്ങൾക്കായി മാറ്റിവച്ചു. അല്ലെങ്കിൽ എന്തു് സംഭവിക്കുമെന്നു അല്ലെ? ദുര്യോധനന്റെ പ്രായപൂർത്തി എത്താത്ത മകനോ കൊച്ചുമകനോ ഹസ്തിനപുരിയുടെ കിരീടാവകാശിയാവുമായിരുന്നു. അതൊഴിവാക്കിയ ധൃതരാഷ്ട്രരുടെ മഹാമനസ്കതക്കു് കൂപ്പുകൈ എത്രയുംവേഗം അദ്ദേഹത്തിനു് വാനപ്രസ്ഥത്തിൽപോവാൻ ഞാൻ അനുമതി കൊടുക്കും!”
“ജൈവപിതാക്കൾ ആരെന്നുറപ്പില്ലെങ്കിലും, പാണ്ഡവർ എന്ന വംശീയമുദ്രയിൽ വിഘടനവാദികളായി ഹസ്തിനപുരിയിൽ അറിയപ്പെടുന്ന അഞ്ചുകുട്ടികൾ വളർന്നുവലുതാവുന്നതിൽ, മൂന്നുപേരുടെ പെറ്റമ്മയും, മൊത്തം അഞ്ചുപേർക്കും പോറ്റമ്മയുമായ കുന്തിക്കു് മാത്രമേ കരുതലും നേതൃത്വപാടവും ഉള്ളു എന്നു് പാണ്ഡവജീവിതം, കാട്ടിൽനിന്നും കൊട്ടാരം വരെ പിന്തുടർന്നവർക്കറിയാം. അത്രയും ശ്രമകരമായിരുന്നല്ലോ ആ സംഘർഷകാല കുടുംബജീവിതം. വാരണാവതം അരക്കില്ലത്തിൽനിന്നും നിങ്ങൾ പാണ്ഡവരെ ഭൂഗർഭങ്ങളിലൂടെ രാത്രി മുഴുവൻ നയിച്ചായിരുന്നു ഏകചക്ര ഗ്രാമത്തിൽ പാഞ്ചാലീസ്വയംവരം വരെ ആരോരുമറിയാതെ കഴിഞ്ഞതെന്നും അറിയാൻ ഇടയായി. സഹനത്തിലൂടെയും സംവേദനത്തിലൂടെയും മക്കൾക്കു് കൂട്ടായ നിങ്ങളെ പിന്നെ ഞങ്ങൾ കാണുന്നതു് മഹാറാണിഗാന്ധാരിയുടെ തോഴിയായി ഹസ്തിനപുരിയിൽ. “വരില്ല ഞാൻ ഇന്ദ്രപ്രസ്ഥത്തിൽ, പാണ്ഡവർ ഇന്ദ്രപ്രസ്ഥം ഭരിക്കുമ്പോഴും” എന്ന കടുത്ത നിലപാടെടുക്കാൻ മാത്രം എന്തുണ്ടായി പാണ്ഡവർക്കിടയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“പാഞ്ചാലി ഒന്നു കടുപ്പിച്ചു പറഞ്ഞാൽ, പെറ്റതള്ളയെ പാണ്ഡവർ മർദിച്ചു കൊല്ലും! വിധാതാവു് അവൾക്കു ശിക്ഷയായി വിധിക്കട്ടെ വ്യാഴവട്ടക്കാല അടിമജീവിതം!”
“വിരണ്ടുവോ സ്ത്രീഹൃദയം?”, കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു.
“ദശാബ്ദങ്ങളായി രാജവധുക്കളും കൗരവകുടുംബങ്ങളും അന്തിയുറങ്ങിയ വസതികളിൽ നിന്നു് മുടികുത്തിപ്പിടിച്ചന്തേവാസികളെ പുറത്തേക്കെറിഞ്ഞപ്പോൾ, ചമ്രംപടിഞ്ഞിരുന്നവർ ദുര്യോധനനാമം ജപിച്ചതാണു് ഭരണകൂടകിങ്കരന്മാരെ ചൊടിപ്പിച്ചതു്. നാമജപം നിർത്തി പാണ്ഡവസുവിശേഷത്തിനു ചെവിയോർക്കാൻ ചാരമേധാവിയെന്ന പദവിയിൽ ഞങ്ങളിലേക്കു് പാലംപണിയുന്ന നകുലൻ നിർദ്ദേശിച്ചു. വാക്കുകളിൽ തേനൂറുന്നുണ്ടെങ്കിലും ഉള്ളിൽ വിഷമാണെന്നറിയുന്ന കൗരവഅനാഥകൾ, ദുര്യോധന ജപശബ്ദം നിലനിർത്താത്തതവരെ ക്രുദ്ധരാക്കി. ഭരണകൂടത്തെ പ്രകോപിപ്പിച്ചാൽ എന്നു് മുരണ്ടുകൊണ്ടവർ ഒരു പാവം കൗരവ കുമാരിയുടെ മടിക്കുത്തിൽ കടന്നുപിടിച്ചപ്പോൾ കേട്ടു, ആകാശത്തുനിന്നു ശബ്ദം, തുടർന്നതാ, അടികൊണ്ടു ചളിവെള്ളത്തിലേക്കു തെറിച്ചുവീഴുന്ന ഭീമനും—അപ്പോൾ മനസ്സിലായി, ശരീരം കുരുക്ഷേത്രയിൽ എന്നോ ദുര്യോധനൻ ഉപേക്ഷിച്ചെങ്കിലും, ആശ്രിതരോടു കരുണയും കരുതലും സൂക്ഷ്മലോകത്തിൽ തുടരുന്നു! ആപത്തിൽ അനാഥകളെ കാപ്പാത്തിയ പരിശുദ്ധാത്മാവേ, നീ എന്നെന്നും കൂട്ടായിരിക്കേണമേ!”
“നിർണ്ണായകദിനം, പോർക്കളത്തിൽ അർജ്ജുനന്റെയും സാരഥിയുടെയും ഭൗതികഅസാന്നിധ്യം മുതലെടുത്തായിരുന്നു സാഹസികസൈനികദൗത്യത്തിനു് അഭിമന്യു മുതിർന്നതെന്നൊക്കെ പറഞ്ഞു കൈകഴുകാനാവുമോ നിങ്ങൾക്കു് ? പ്രായപൂർത്തിയെത്താത്ത കൗമാരപോരാളിയുടെ രക്ഷാകർത്താവല്ലേ നിങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ദ്വാരകയിലെ സൈനികപരിശീലനകാലത്തു ചക്രവ്യൂഹരഹസ്യം നീ ശരിക്കും അഭ്യസിച്ചിട്ടുണ്ടോ എന്നു് ആശയവ്യക്തതയോടെ അഭിമന്യുവിനോടു് ഞങ്ങൾ ചോദിച്ചിരുന്നു. ഗർഭസ്ഥശിശുയായിരിക്കുമ്പോൾ, അമ്മ സുഭദ്രയോടു് അർജ്ജുനൻ പറയുന്നതു് കേട്ട പരിചയമാണെന്നവൻ നിഷ്കളങ്കമായി പറഞ്ഞപ്പോൾ ബോധ്യമായി, ആ കൗമാരമനസ്സിന്റെ ദുരഭിമാനവ്യാപ്തി. ചുഴലിയായി പാഞ്ഞുചെന്നു് കൗരവരിൽ വമ്പിച്ച ആൾനാശം വിതക്കാനുള്ള ഇച്ഛശക്തിയുണ്ടെന്നവകാശപ്പെട്ടു പടിയിറങ്ങുമ്പോൾ, മുതിർന്നവരുടെ അനുഗ്രഹം തേടാനൊന്നും അവൻ മുതിർന്നില്ല. അമ്മസുഭദ്രയോടു യാത്ര പറയുന്നതു് നകുലൻ കണ്ടു. അകാലമരണം അവൻ ചോദിച്ചു വാങ്ങി എന്നതാണു് ഞങ്ങളുടെ നിഗമനം. ഒന്നേ കുഴയ്ക്കുന്നുള്ളു എവിടെ അവന്റെ അച്ഛൻ? സാരഥിയും മുങ്ങി! പൊങ്ങുന്നതു് അഭിമന്യു മരണം ആകാശചാരികൾ മുഖ്യവാർത്തയാക്കിയപ്പോൾ. യുദ്ധം ജയിച്ചാൽ അടുത്ത കിരീടാവകാശിയായി അഭിമന്യു അവകാശമുയർത്തുമെന്ന ആശങ്കയിൽ, അധികാരമോഹിപാഞ്ചാലിയുടെ കുടിലനീക്കമാണോ അപകടസാധ്യതയുള്ള ചക്രവ്യൂഹദൗത്യം? ചോദിക്കരുതേ! ഇന്നലെ മുതൽ പാഞ്ചാലി താമസം ഇവിടെയല്ല. ഞങ്ങൾക്കു് അവളിൽ ഉണ്ടായി എന്നൊക്കെ പറഞ്ഞു ശീലിച്ച അഞ്ചുമക്കളെ പരിചരിച്ചു അടുത്തൊരു പാളയത്തിലാണു്. അഭിമന്യു മരിച്ചതോടെ അവരിൽ മൂത്തവൻ കിരീടാവകാശത്തിനു യോഗ്യൻ. പറഞ്ഞുവന്നാൽ അവൻ എനിക്കു് പുത്രൻ!”
“എന്നെ അംഗരാജ്യത്തിലെ രാജാവാക്കി ദുര്യോധനൻ വാഴിച്ചതിനു പിന്നിലെ വൃത്തികെട്ട ജാതിരാഷ്ട്രീയം നിന്നോടു് ഞാൻ അന്നേ സൂചിപ്പിച്ചു. ഹസ്തിനപുരി കൊട്ടാരത്തിലെ യാഥാസ്ഥിതികർക്കു പക്ഷേ, ദഹിക്കുന്ന കാര്യമല്ല അതൊന്നും. അച്ഛൻ അതിരഥനെപ്പോലെ ചമ്മട്ടി പിടിക്കേണ്ടവൻ ചെങ്കോൽ പിടിക്കുകയോ? ജാതിക്കോമരമായ ഭീഷ്മർ രാജസഭയിൽ ചോദിച്ചതു് അങ്ങനെയായിരുന്നു. ഭരണനടപടിക്രമം അറിയുന്ന വിദുരർ ഉൾപ്പെടെ ആരും, ഔപചാരികമായി ഞാൻ എങ്ങനെ ഈ പറയുന്ന അംഗരാജ്യത്തിൽ അധികാരമേൽക്കും എന്നുപദേശിച്ചില്ല. അന്വേഷണം നടത്താനാവാതെ ഞാനും പരുങ്ങി. പാണ്ഡവരിപ്പോൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ കാടുവെട്ടി പുതുനഗരം പണിതു യാഗം ചെയ്തു സർവ്വാധികാരിയാകുമ്പോൾ എന്തുകൊണ്ടു് ഞാൻ അംഗരാജ്യത്തിലേക്കു കുടിയേറിക്കൂടാ? ഞാനില്ലാത്തപ്പോൾ ഇവിടെ അതിക്രമിച്ചുകയറിവന്നു ദുര്യോധനൻ അരുതാത്തയിടത്തു നിന്നെ തൊട്ടശേഷം വീണ്ടും പുതിയൊരു യാഥാർഥ്യത്തിൽ അംഗരാജകുടിയേറ്റത്തെകുറിച്ചു് ആലോചിച്ചു. അവിടത്തെ സ്നേഹസമ്പന്നരായ ജനങ്ങളോടു് സംസാരിക്കാനവസരം കിട്ടുന്നതു് റാണിയെന്ന നിലയിൽ നിനക്കും നല്ലതല്ലേ?”, കിണറ്റിൽനിന്നും വെള്ളം കോരുകയായിരുന്ന ഭാര്യയോടു് കർണ്ണൻ പറഞ്ഞു. കുതിരച്ചാണകം മണക്കുന്ന ആ കൊച്ചുവസതി നഗരതിർത്തിയിൽ നിന്നകലെയായിരുന്നു. വെളിയിടവിസർജ്ജനത്തിലായിരുന്ന കുട്ടികൾക്കു് പിന്നിൽ തെരുവു് പന്നികൾ ഭക്ഷണം അക്ഷമയോടെ കാത്തു.
“വളർന്ന ഈ ഹസ്തിനപുരിയുമായി ജാതീയമായി സമരസപ്പെടാതെ, വിമതവ്യക്തിത്വംവളർത്തിയെടുത്ത നിങ്ങളാണോ കണ്ടും കേട്ടും പരിചയമില്ലാത്ത ഏതോ രാജ്യത്തിൽ കുടിയേറ്റപട്ടാഭിഷേ കത്തിനുത്സാഹിക്കുന്നതു? ദുര്യോധനൻ എന്നെ തൊട്ടതു രഹസ്യമായിട്ടൊന്നുമല്ലല്ലോ. കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ നിങ്ങൾ തിരക്കുപിടിച്ചു പുറത്തുപോയപ്പോൾ ആയിരുന്നില്ലേ അവന്റെ സ്നേഹസ്പർശം? പ്രണയപൂർവ്വം ഭാര്യയെ ഒന്നുനോക്കാൻ മെനക്കെടാത്ത നിങ്ങളാണോ ദുര്യോധനന്റെ “ലൈംഗികാതിക്രമത്തിൽ” നിന്നെന്നെ രക്ഷിക്കുക?, കാപട്യത്തിന്റെ മനുഷ്യരൂപമെന്നു ചാർവാകൻ വിശേഷിപ്പിക്കാറുള്ള യുധിഷ്ഠിരനെക്കാൾ കഷ്ടമാണല്ലോ, പാവം അതിരഥൻ വളർത്തിയ നിങ്ങളുടെ, ജൈവികപിതാവു് ആകാശചാരിയാണെന്ന, വിലക്ഷണവാദം?”
“വാർത്താപരിചരണത്തിൽ വരാവുന്ന ഒരശ്രദ്ധ എന്നു് പറഞ്ഞൊഴുക്കിവിടാനാവുമോ, പ്രത്യക്ഷത്തിൽ അപകീർത്തിപരമായ ഈ ആരോപണം? ചോരതിളയ്ക്കുന്ന യുവത്വത്തിൽ, പായക്കൂട്ടിനൊരു പെൺതുണയില്ലാതെ പാണ്ഡവർ, ദേശവിദേശങ്ങളിൽ ഒരുമിച്ചുകഴിഞ്ഞിരുന്നു എന്നതൊരു പുത്തനറിവൊന്നുമല്ല. അജ്ഞാതവാസക്കാലത്തു, പെൺവേഷംകെട്ടി വിരാടരാജകുമാരിയുടെ നൃത്താധ്യാപികജോലി അർജ്ജുനൻ നേടി എന്നതും ചരിത്രവസ്തുത. അപ്പോളൊന്നും ഭീമനിൽ നിന്നിങ്ങനെ, ഉടലാനന്ദത്തിൽ സ്വവർഗ്ഗാഭിരുചിയുടെ അനിയന്ത്രിതനീക്കം ഉണ്ടായിട്ടില്ല എന്നതാണു് കേവലസത്യമെന്നിരിക്കെ, ‘ഹസ്തിനപുരി പത്രിക’യുടെ തെരുവോര ചുവരെഴുത്തുപതിപ്പുകൾക്കു മുമ്പിൽ രണ്ടുദിവസമായി വന്നുചേരുന്ന അലസസാക്ഷരർക്കു തെറ്റായ സന്ദേശം നൽകുകയല്ലേ, ദുരുപദിഷ്ടമെന്നുപോലും വ്യാഖ്യാനിക്കാവുന്ന വാർത്ത പ്രസിദ്ധീകരിക്കുന്നതിലൂടെ?”, ചാരവകുപ്പുമേധാവി കൊട്ടാരം ലേഖികയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
“നിങ്ങൾക്കറിയാഞ്ഞിട്ടാണു്.” ഈ പദം നാളെ പൊതുസമൂഹം രതിസഹിഷ്ണുതയുടെ പരസ്യദൃഷ്ടാന്തമായി ഉയർത്തിപ്പിടിക്കും.
“എനിക്കൊരു സ്വവർഗരതി സുഹൃത്തുണ്ടു്” എന്നു് അഭിമാനത്തോടെ പറയുന്നൊരു കാലത്തു, ഈ വാർത്താപരിചരണം പ്രവചനസ്വഭാവമുൾക്കൊള്ളുമെന്നാണു് വിശ്വാസം. ആൺ പെൺരതിയിലാണു് കുലീനത എന്നു് കരുതുന്ന പിന്തിരിപ്പൻ രതിസങ്കൽപ്പങ്ങൾക്കപ്പോൾ തിരശീലവീഴും. അല്ല, ആരോപിതഭീമനില്ലാത്ത സ്വവർഗ്ഗഅങ്കലാപ്പു് നിങ്ങൾക്കെന്തിനാണു് യാഥാസ്ഥിതിക ആൺപെൺ ഭരണകൂടമേ!
“ആർക്കെതിരെ എത്ര ചെറിയ അനീതി കണ്മുന്നിൽ കണ്ടാലും, ഉടൻ അപലപിക്കുന്ന പ്രകൃതം കൊണ്ടു ഞാൻ ഇപ്പോൾ നിന്നോടു് ചോദിക്കട്ടെ, ഇന്നു് നീയും കർണ്ണനും നമ്മുടെ കിടപ്പറയിലിരുന്നു ചൂതാടുന്നതു് ആകസ്മികമായി കണ്ടപ്പോൾ, ഹൃദയചലനം നിലച്ചപോലെ തോന്നി. അന്തഃപുരത്തിൽ രാജവധുക്കളുമായി ചൂതാടുന്നതിനോ, തോളിൽത്തട്ടി അവരെ അഭിനന്ദിക്കുന്നതിനോ ഞാൻ എതിരല്ല, എന്നാൽ ഇന്നത്തെ ചൂതാട്ടത്തിൽ ഞാനൊരു അകറ്റിനിർത്തപ്പെട്ട ദൃൿസാക്ഷി! അരുതു എന്നു് അവനു അനുമതി നിഷേധിച്ചിട്ടും, ഉടുതുണിയിൽ പിടിച്ചവൻ പ്രണയത്താൽ വലിച്ചു എന്നാണോ, ആ കാഴ്ച കൂട്ടിവായിക്കേണ്ടതു്, അതോ നീ കാമന ഉൾക്കുളിരോടെ സ്വാഗതം ചെയ്തു എന്നോ?”, കർണ്ണന്റെ കരസ്പശം എന്ന പുതിയ അരമനവിഴുപ്പിൽ, കൊട്ടാരം ലേഖിക ദുര്യോധനന്റെ ചോദ്യം ഭാര്യ ഭാനുമതിയോടു് ആവർത്തിച്ചു. ഹസ്തിനപുരി കൊട്ടാരം, യുദ്ധമേഘങ്ങൾ നിറഞ്ഞു തുടങ്ങിയ നാളുകൾ.
“വരാനിരിക്കുന്ന മഹായുദ്ധത്തിൽ അവനെ പലവിധത്തിൽ പോരാട്ടത്തിൽ ഇരയായും പോരാളിയായും ഉപയോഗിക്കാനുള്ള തന്ത്രപരമായ സാഹചര്യങ്ങൾ വരുമ്പോൾ നിങ്ങൾ ദുഖിക്കുമോ, കർണ്ണനെതിരെ ലൈംഗികാതിക്രമപരാതി കാരണം യുദ്ധത്തിൽ കൗരവർക്കു പ്രതികൂല പാണ്ഡവനീക്കങ്ങൾ ചെറുക്കാൻ ആവാതെ പോയതുകൊണ്ടാണു് കൗരവർ തോൽക്കുന്നതു്? അതു് ബോധ്യപ്പെട്ടു നിങ്ങൾ തിരിച്ചുവരുംവരെ കർണ്ണൻ നമുക്കിടയിൽ ഒരു വിവാദവിഷയം ആവാതെ ഞാൻ നോക്കാം എന്നു് പറഞ്ഞു ഞാൻ കിടപ്പറയുടെ വാതിൽ, ഇതാ ഇതുപോലെ കൊട്ടിയടച്ചു! ഭാര്യയുടെ ‘ചാരിത്ര്യം’ സംരക്ഷിക്കുന്നതിൽ രോഗാതുര താൽപ്പര്യം കാണിക്കുന്ന ദുര്യോധനനെ പിന്നെ ഞാൻ കണ്ടിട്ടില്ല.”
“നിലത്തുവീണ അഭിമന്യുവിന്റെ ഇടനെഞ്ചിൽ അവസാനവെട്ടു നിങ്ങളല്ലേ വാളൂരിവെട്ടിയതു്? കാഞ്ചൻജംഗയുടെ നെറുകയിൽ കാൽവച്ച ചേതോവികാരമായിരുന്നു അപ്പോൾ തോന്നിയതെന്നു് കൗരവർക്കുമുമ്പിൽ ആർമാദിച്ചുവോ നിങ്ങൾ?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. കൗമാരയോദ്ധാവിന്റെ ശവദാഹം, പുഴക്കരയിൽ, ദൂരെ കാണാവുന്ന കുരുക്ഷേത്രയിലെ ശീതകാല രാത്രി.
“പാണ്ഡവർ അഞ്ചുപേരെയും ഒരുമിച്ചു കുനിഞ്ഞുനിർത്തി തലയറുത്ത ഉന്മാദമാണപ്പോൾ യഥാർത്ഥത്തിൽ അനുഭവപ്പെട്ടതു്. എന്നാൽ ഹൃദയവികാരം യുദ്ധഭൂമിയിൽ തുറന്നടിച്ചാൽ, കുന്തിയുടെ കരൾ പിരളുമെന്നന്തഃരംഗം താക്കീതു ചെയ്തു. നിരുപദ്രവമായൊരു ഹിമാലയരൂപകത്തിലേക്കു് ആഹ്ലാദം ചുരുക്കി. അഭിമന്യുവധം കേവലമൊരു കൗമാരകൊലയല്ല, പരിപൂർണ്ണ പാണ്ഡവവംശഹത്യക്കുള്ള ആദ്യ മുന്നറിയിപ്പു് തന്നെയാണു്, ദുര്യോധനൻ യുദ്ധവിജയം ആഘോഷിക്കുമ്പോൾ കൂടുതൽ എനിക്കു് വെളിപ്പെടുത്താനുണ്ടാവും, പനയോലയും എഴുത്താണിയും വേണ്ടത്ര കരുതുക!”
“കുരുക്ഷേത്ര യുദ്ധമാലിന്യം നീക്കുന്ന സന്നദ്ധസമിതി അംഗമാണു് ഞാൻ, ആരാരോടാണു് പോരാട്ടമെന്നറിയില്ലെങ്കിലും. ഇന്നു ഒരു കാഴ്ചകണ്ടു, വെളുത്തുനീണ്ട താടിയും മുടിയുമായി ഋഷിതുല്യനായ പടുവൃദ്ധൻ, ഉടലിൽ തൈലം തേച്ചു സാവധാനം പുഴവെള്ളത്തിൽ നീരാടുന്നു. ഞാനിങ്ങനെ മിഴിച്ചുനോക്കി ആ വിചിത്രകാഴ്ച! പോരാളികൾ തിരക്കു് കൂട്ടുന്ന നീരൊഴുക്കിൽ എന്താണു് ഈ ‘പരിത്യാഗി’ക്കു് പ്രസക്തി?, നേരിട്ടു് ചോദിക്കണമെന്നു് ഉള്ളം പിടച്ചു, സൂക്ഷ്മതയോടെ കുളിച്ചു ഈറനുടുത്തയാൾ പാളയത്തിലേക്കു് പോവുമ്പോൾ, മന്ത്രിക്കുന്നതുകേട്ടു ഞാൻ നടുങ്ങി, “അമ്മാ എപ്പോഴാണു് ആഴക്കയങ്ങളിലേക്കു എന്നെ നീ വലിച്ചെടുക്കുക, ഈ തടവിൽ നിന്നു് എനിക്കു് സ്വാതന്ത്ര്യം ലഭിക്കുക!” രാത്രിവരെ ജോലിചെയ്തു തളർന്ന യുദ്ധനിർവ്വഹണസമിതി അംഗം കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരിയോടു് മൃദുവായി ചോദിച്ചു യുദ്ധമാലിന്യനീക്കം ചെയ്യുന്ന സന്നദ്ധസമിതിഅംഗമെന്ന നിലയിൽ നീ അയാളെ തിരിച്ചറിയാത്തതിൽ ലവലേശം അത്ഭുതമില്ല. പരിത്യാഗി എന്നു് നീ അനുതാപത്തോടെ പരാമർശിച്ച വൃദ്ധൻ രാവിലെ മുതൽ വൈകുന്നേരംവരെ പോർക്കളപരാക്രമങ്ങളിൽ പാണ്ഡവ സഖ്യസൈനികമേധാവികളുടെ കരളെത്ര പിളർന്നിട്ടും മതിയാവാതെ, കൗരവനേതാവു് ദുര്യോധനൻ നീരസത്തിൽ വൃദ്ധനോടു് ഇന്നും വിരൽ ചൂണ്ടി ചോദിച്ചു, “നിലപാടു് നിങ്ങൾ വ്യക്തമാക്കണം, ഒത്തുകളിക്കയാണോ, പാണ്ഡവരുമായി? ഒരു പാണ്ഡവതല പോലും ഉരുട്ടാൻ, ഒമ്പതു ദിവസങ്ങളായി സർവ്വസൈന്യാധിപനായ നിങ്ങൾക്കു് സാധിച്ചുവോ? നാളെ പത്താം ദിവസം നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന അന്ത്യപോരാട്ടദിനമായിരിക്കും. ഒന്നുകിൽ എന്നെന്നേക്കും ലോകം മാനിക്കുന്ന കുരുക്ഷേത്ര നായകൻ, അല്ലെങ്കിൽ രാത്രിയോടെ ആരാരാണെന്നറിയാത്ത അതിഥി തൊഴിലാളികൾ നീക്കം ചെയ്യേണ്ട യുദ്ധമാലിന്യം!””
“കാട്ടുകുടിലിൽ പന്ത്രണ്ടുവർഷം നിലത്തു പായവിരിച്ചുകിടന്നുറങ്ങിയ നിങ്ങൾ അഞ്ചുപേർക്കു്, കയ്യും കാലും നിവർത്തി പെരുമാറാൻ അരമനയിൽ ഇടം പോരേ?” കൊട്ടാരം ലേഖിക ചോദിച്ചു കൊട്ടാരസമുച്ചയത്തിൽ നൂറോളം അന്തഃപുരവസതികളിൽനിന്നും കൗരവരാജവിധവകളെ കുടിയൊഴിപ്പിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു പാണ്ഡവർ.
“ഭൂഗർഭ തുറങ്കലിലാണു് ഞങ്ങൾ ഉറ്റുനോക്കുന്നതു്. വനവാസത്തിൽ പറഞ്ഞയച്ചശേഷം, ദുര്യോധനനും വിശ്വസ്തരും ഇന്ദ്രപ്രസ്ഥത്തിൽ പോയി, രാജസൂയയാഗത്തിനുശേഷം യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥംചക്രവർത്തി പദവിക്കായി പട്ടാഭിഷേകം ചെയ്യു മ്പോൾ കാണാൻ എത്തിയ, നൂറുകണക്കിനു് സാമന്ത നാടുവാഴികൾ കപ്പമായി നൽകിയ സ്വർണ്ണം വെള്ളി നവരത്നങ്ങൾ ഹസ്തിനപുരിയിലേക്കു കടത്തി, ഭൂഗർഭ അറകൾ സൃഷ്ടിച്ചു സുരക്ഷിതമാക്കിയിരുന്നു. ഇതു് തിരിച്ചു പിടിക്കാൻ കൗരവവിധവകളെ പൂർണ്ണമായും കുടിയൊഴിപ്പിക്കേണ്ടിവരും. അന്തേവാസികളെ മനുഷ്യകവചമാക്കുന്നൊരു ഭീരുത്വം, നിങ്ങൾ ധീരനെന്നു പുകഴ്ത്തുന്ന ദുര്യോധനനിൽ ഞങ്ങൾ കണ്ടതും, ആധികാരികമായി പറഞ്ഞുകേട്ടതുമാണു്. ഇതൊരു വിവാദമാക്കിയാൽ നിങ്ങളെ ഭൂഗർഭഅറകളിൽ ബന്ദിയാക്കാൻ ഞങ്ങൾക്കറിയാം, അതോ പാണ്ഡവഭരണകൂടത്തിനു് പിന്തുണ കൊടുക്കാൻ ചുവരെഴുത്തുപതിപ്പുകളിൽ നിങ്ങൾ പരോക്ഷ ആഹ്വനം നൽകുമോ?”
“കാണാൻ കൊള്ളാം, അഭ്യസ്തവിദ്യ, കുലസ്ത്രീയും, പ്രകൃതി കനിഞ്ഞ നിങ്ങളെ, മത്സരം ജയിച്ചു വിവാഹം കഴിച്ചവൻ ഭാര്യയുടെ ബഹുഭർത്തൃത്വത്തിൽ മനമിടിഞ്ഞു പടിയിറങ്ങിപ്പോയി തിരിച്ചുവരുമ്പോൾ, ദ്വാരകയിൽനിന്നും കൊച്ചുസുന്ദരി കൂടെ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം പ്രതാപകാലം.
“പാണ്ഡവദാമ്പത്യമെന്ന ബഹുസ്വര ആണിടപാടുകളിൽ ഞാൻ ബന്ധനസ്ഥയാണെങ്കിലും, ആദ്യഭർത്താവായ അർജ്ജുനന്റെ അപഥസഞ്ചാരവും അവിശ്വസ്തതയും എനിക്കുനേരെയുള്ള വ്യക്തിഗത മുന്നറിയിപ്പാണെന്നു് നിങ്ങൾ തിരിച്ചറിഞ്ഞതിനു നന്ദി. ആവുന്നത്ര ഞാനവനെ ആദ്യരാത്രിമുതൽ ഊഴമനുസരിച്ചു ആനന്ദിപ്പിച്ചു. അവനതൊന്നും പോരാ. രതിമൂർച്ഛയടുക്കുമ്പോൾ തീകൊണ്ടുള്ള കളിയാണു്. എനിക്കു നീ തരുന്ന ഈ ഉടലാനന്ദം മറ്റുനാലുപേർക്കും അതേ അളവിൽ നീ കൊടുക്കാറുണ്ടോ? അസഹിഷ്ണുതയാണു് ആ ശബ്ദത്തിൽ! എന്റെ മൗനം മത്തു പിടിപ്പിച്ച പോലെ അവൻ കിടന്നുപുളക്കും. അങ്ങനെ അശാന്തമായ കിടപ്പറയിൽനിന്നവൻ ഒരുനാൾ എന്റെ അടിവസ്ത്രവും വാരിഉടുത്തു ഇറങ്ങിപ്പോവുന്നതു കണ്ടു, ഞാൻ തടഞ്ഞില്ല. ദ്വാരകാധിപതിയുടെ അർദ്ധസഹോദരി സുഭദ്രയുമായി രണ്ടുദിവസം മുമ്പു് മടങ്ങിവന്നു എന്നറിയാം. പുതുമണവാട്ടിയുടെ അഴകളവു കാട്ടി അവൻ എന്റെ മുമ്പിൽ ആളാവാൻ ശ്രമിക്കും എന്നറിഞ്ഞുകൊണ്ടെന്തിനവൾക്കു അഭിമുഖത്തിനു് ഞാൻ അനുമതി കൊടുക്കും! മണവാളനും ഭാര്യയും കാത്തുനിൽക്കട്ടെ അന്തഃപുരത്തിനുവെളിയിൽ” കൊച്ചുനാൾ മുതൽ ചാരാഭിമുഖ്യമുള്ള മാദ്രിപുത്രൻ നകുലൻ, ഒന്നും അറിയാത്ത മട്ടിൽ, എന്നാൽ എല്ലാം കൂട്ടിവായിച്ചു ജാലകത്തിനുമുമ്പിൽ കരുതലോടെ ചെവിയോർത്തു.
“പാണ്ഡുവിനു് കായികക്ഷമത ശരിക്കും ഇല്ലാത്തതുകൊണ്ടായിരുന്നുവോ, പെണ്ണവകാശമാതൃത്വത്തിനു് നിങ്ങളും മാദ്രിയും ‘മറുവഴി’ തേടിയതു്? ക്ഷമിക്കണം, ഇങ്ങനെ തുറന്നു ചോദിയ്ക്കാൻ രാഷ്ട്രീയകാരണമുണ്ടു്. നിങ്ങളെ പാണ്ഡുവധുവായി ഭീഷ്മർ കണ്ടെത്തും മുമ്പു്, യുവപാണ്ഡുവിന്റെ ഉടൽപരിചരണത്തിനു് നിയോഗിക്കപ്പെട്ട സൂതദാസിയിൽ പാണ്ഡുവിനു് മകനുണ്ടായിരുന്നു എന്ന കാര്യം, സ്വയം ഒരു സൂതവംശജനായ വിദുരർ സാന്ദർഭികമായി ഒരഭിമുഖത്തിൽ ഈയിടെ ഓർത്തെടുത്തിരുന്നു. “ഇനി വൈകിക്കൂടാ ക്ഷത്രിയയുവതിയുമായി പാണ്ഡു വിവാഹ”മെന്നു് പറഞ്ഞു വിദുരരും ഭീഷ്മരും, തിരച്ചിൽ വഴി ജാതിയിൽ താണ യാദവവനിതയായ നിങ്ങളെ വധുവായി കൊണ്ടു വന്നു. എങ്ങനെ നിങ്ങളിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വേർതിരിക്കുന്നു, വസ്തുതയും നിർമ്മിതകഥയും?”, കൊട്ടാരം ലേഖിക ചോദിച്ചു. ജീവിത സായാഹ്നത്തിൽ പാണ്ഡവരിൽ നിന്നകന്നു കുന്തി ഗാന്ധാരിക്കൊപ്പം കഴിഞ്ഞ കാലം.
“ലൈംഗികക്ഷമത ‘കൂടിയഅളവിൽ’ പരിശോധിക്കാതെതന്നെ, വേറൊരു നാട്ടുവഴി ഞാൻ തേടിപിടിച്ചിരുന്നു. മനുഷ്യസ്ത്രീകളിൽ കൗതുകമുള്ള ഗഗനചാരികളെ പ്രലോഭിപ്പിക്കാനുള്ള കുറുക്കുവഴി. ബീജദാനം മഹാദാനമെന്നു കരുതിയ ബഹുസ്വരദേവതകളെ പ്രത്യുൽപ്പാദനത്തിനു ഞാൻ പിൽക്കാലത്തു പ്രാപ്തരാക്കി. അവസാനം, മാദ്രിക്കു ബീജദാനം ചെയ്ത ഇരട്ടഭിഷഗ്വരർ അശ്വിനിദേവതകൾ, നിർണ്ണായകമായി ഇടപെട്ടു. ഭാവിയിൽ വേറൊരു രാജസ്ത്രീയിൽ പാണ്ഡു സ്വയം പിതാവാകുന്ന അപൂർവ്വസാഹചര്യമുണ്ടായാൽ, കുരുവംശത്തിൽ പൈതൃകതർക്കം ഉണ്ടാവാതിരിക്കാൻ, പുരുഷവന്ധീകരണത്തിനു ശുക്ലനാളിയെ നിർവ്വീര്യമാക്കുന്ന, അഥവാ ഉപയോഗരഹിതമാക്കുന്ന പച്ചിലമരുന്നുപയോഗം, ഉദ്ദേശിച്ച ഫലം ചെയ്യുമെന്നവർ ആവർത്തിച്ചു ഞങ്ങളെ ആശ്വസിപ്പിച്ചു. അപ്രതീക്ഷിതമായി, പാർശ്വഫലമുണ്ടായി, അതായിരുന്നല്ലോ പാണ്ഡുവിന്റെ അകാലമരണം! വാമൊഴിയിൽ ജീവചരിത്രകാരൻ കേട്ടറിഞ്ഞ വസ്തുത ഉപയോഗിക്കുമ്പോൾ, ഒരുപക്ഷേ, ശാസ്ത്രബോധമില്ലാത്തുകൊണ്ടുമാവാം തർക്കവിഷയം കൽപ്പിതമുനിശാപത്തിലൊതുക്കി, വ്യാസരചന മുന്നോട്ടു പോയി.”
“തൊട്ടുമുമ്പിൽ നിൽക്കുന്ന കർണ്ണനെ നിങ്ങൾ അമ്പെയ്തു മാരകമായി കഴുത്തിൽ മുറിവേൽപ്പിക്കുന്നതു ഞാൻ കണ്ടു. നായാട്ടിൽ, ദൂരെ പാഞ്ഞുപോകുന്ന മാനിനെ വീഴ്ത്താൻ, ഒളിഞ്ഞുനിന്നു കൂരമ്പു ആയുധമാക്കുന്നതു മനസ്സിലാക്കാം, മുഖത്തോടുമുഖം കുരുക്ഷേത്രയിൽ പോരടിക്കുന്നവർ എന്തിനു വില്ലുകുലക്കണം, ശത്രുജീവനെടുക്കാൻ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. നിലവിൽ കൗരവ സർവ്വസൈന്യാധിപനും, കുന്തിയുടെ കന്യാപുത്രനെന്നു കരുതപ്പെടുന്നവനുമായ അംഗരാജാവു് കർണ്ണനെ കൊന്നു കൊലവിളിച്ചാർമ്മാദിക്കുകയായിരുന്നു പഞ്ചപാണ്ഡവർ. പാഞ്ചാലി നിസ്സഹകരിച്ചു മാറിനിന്നു.
“ചുമലിലൊരു ഭാരമെങ്കിലും, ആവനാഴിയിൽനിന്നും അമ്പെടുത്തു കൃത്യം ഉന്നം നോക്കി നിങ്ങൾ വില്ലിന്റെ ഞാൺ വലിക്കുമ്പോൾ, പോരാട്ടപൂർത്തീകരണത്തിൽ എന്റെ ആയുധപ്രയോഗം ഞാൻ നിർവ്വഹിച്ചു കഴിഞ്ഞു, അമ്പു അതിനു വിധിച്ച ലക്ഷ്യം കണ്ടു പ്രതിയോഗിയുടെ ഇടനെഞ്ചിൽ കുത്തിത്തറച്ചുകയറി മരണകാരകമാകുന്നതൊന്നും നോക്കി സൈനികമേധാവികൾ അപ്പോൾ സമയം കളയേണ്ടതില്ല. പ്രകൃതിക്കതു വിട്ടുകൊടുക്കും. മുഖാമുഖ പോരാട്ടത്തിൽ, നിങ്ങൾ വാൾവീശി ഇരയെ വെട്ടി പരുക്കേൽപ്പിക്കുന്നതിലൊക്കെ, ചുറ്റും ചോരചീന്തുന്നതിന്റെ വൈകാരികതക്കൊപ്പം ശുചിത്വപ്രശ്നവുമുണ്ടു്. അതൊക്കെ ഒഴിവാക്കാനല്ലേ ധർമ്മിഷ്ഠരായ ഞങ്ങൾ ആദ്യം നോക്കൂ. ഈ കൈകൾ ഇന്നുരാത്രി എന്റെ കാമുകിമാരുടെ മുഖം പ്രണയത്തിൽ തലോടി ഉടലിൽ കാമനയോടെ പെരുമാറുമ്പോൾ, ചോരമണക്കുന്നു എന്നവൾ പരിഭവിക്കുമോ? അതോ, ശക്തനായൊരു എതിരാളിയുടെ ജീവനെടുക്കാൻ നിയോഗമുണ്ടായ കൈ, ഒന്നുമ്മവെക്കട്ടെ ഞാൻ! കാണാൻ എത്ര വൃത്തി!”
“പാണ്ഡു നിങ്ങളെ പരിണയിക്കുമ്പോൾ, കുന്തി മുതിർന്ന റാണിയായിരുന്നല്ലോ. ഇളമുറക്കാരിയെന്ന നിലയിൽ, നിങ്ങൾ അവളെ വരുതിയിലാക്കാൻ, ആദ്യം ഹസ്തിനപുരിയിലും, പിന്നീടു് വനവാസക്കാലത്തും പാടുപെട്ടിട്ടും, അവസാനം, തോറ്റു ഇരവാദമുന്നയിക്കുന്നതിൽ എന്തർത്ഥം?”, കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു. പൂചൂടി ഉടുത്തൊരുങ്ങി മുറുക്കിചുവപ്പിച്ച ചുണ്ടുകളുമായി കുന്തി, ആൺവേട്ടക്കിറങ്ങിപ്പോയ സന്ധ്യ. നിലത്തുവിരിച്ച കീറപ്പായിൽ, ഒരു വർഷം മുമ്പുവരെ ഹസ്തിനപുരി രാജാവായിരുന്ന പാണ്ഡു, മുനിശാപത്തിനുശേഷം, മരണഭീതിയിൽ ഏങ്ങലടിച്ചുകിടന്നു.
“ഭർത്താവിനെ കാഴ്ചക്കാരനാക്കി വഞ്ചിക്കുന്നതിൽ രോഗാതുരമായ ആഹ്ലാദമുണ്ടു് കുന്തിക്കു് എന്നുതോന്നും, കണ്മുൻപിൽ പരപുരുഷരതിക്കായി നിശ്ചയദാർഢ്യത്തോടെ അവൾ പോവുന്നതുകണ്ടാൽ. ഈ മുറിയിൽ തന്നെ അവൾ സേവനദാതാവായി സന്ദർശകനെ പരിലാളിക്കുന്നതു പാണ്ഡുവിനോടൊപ്പം ഞാനും സാക്ഷിയാവണം. തീർത്തും അസ്വീകാര്യമായൊരു ആധിപത്യ മനോഭാവമുണ്ടു്, ഇടക്കൊക്കെ എന്നെ പ്രീണിപ്പിക്കാൻ കുന്തി ശ്രമിക്കുന്ന അപൂർവ്വം അവസരങ്ങളിലും. പ്രാണൻ കൊടുക്കാൻ തയ്യാറായ മദ്രരാജാവിന്റെ കൊച്ചനുജത്തി എന്ന നിലയിൽ ‘നീ കുലസ്ത്രീയും, ഇതിലുമെത്രയോ ഉയർന്ന വിവാഹം അർഹിക്കുന്നവളു’മാണെന്നു അയൽക്കാരായ സന്യസ്തർ എന്നെ മഹത്വപ്പെടുത്തുക പതിവാണു്. ആത്മാർത്ഥമാണോ എന്നതിനേക്കാൾ പരിത്യാഗികൾ അല്ലാതെ മനുഷ്യവർഗ്ഗത്തിൽ വേറെ ആരെങ്കിലും നഗരജീവിതം വെടിഞ്ഞു കാമനയുടെ ഉൾപ്രേരണ അമർച്ച ചെയ്തതിങ്ങനെ ദൈവനാമം മന്ത്രിച്ചു ജീവിതം തുലക്കുമോ, ഈശ്വരാ, എന്തൊരു ദുര്യോഗം! ഒരു രാത്രി ഉടുതുണിക്കൊരു മറുതുണിപോലും എടുക്കാതെ പടിയിറങ്ങാൻ, എവിടെ പോവും ഞാൻ, കഴുകൻ കണ്ണുകളുമായി അയൽക്കാർ എന്നെ നിരീക്ഷണപരിധിയിൽനിന്നും പുറത്തുചാടാൻ സമ്മതിക്കാതെ പിടിച്ചുനിർത്തിയിരിക്കയല്ലേ, ഭീഷണി ഉയർത്തുന്ന ആരെയും ഇല്ലായ്മ ചെയ്യാൻ ഒരുമ്പെട്ട ഗാന്ധാരി!” ഇരുണ്ട സന്ധ്യയുടെ മറവിൽ കുന്തി, വലയെറിഞ്ഞുകിട്ടിയ ഒരു വിചിത്രപുരുഷനെയും കൂട്ടി രതി ആഘോഷിക്കാൻ ആശ്രമത്തിലേക്കുവരുന്നതു് കണ്ട മാദ്രി വിറയലോടെ പറഞ്ഞുനിർത്തി പെട്ടെന്നു് മുഖം കഴുകി, തളികയിൽ പഴങ്ങളുമായി അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി.
“ബലിദാനിക്കു പൂർണകായപ്രതിമ? കുരുക്ഷേത്രയിൽ, ആർക്കു വേണ്ടിയെന്നറിയാതെ, പതിനെട്ടു നാൾപോരാട്ടത്തിൽ ജീവത്യാഗം ചെയ്ത അജ്ഞാതസൈനികരുടെ പാവനസ്മരണക്കൊന്നുമല്ലല്ലോ, ഇത്ര ചെലവുവരുന്ന യുദ്ധസ്മരണിക?”, അവധി കഴിഞ്ഞു മടങ്ങിയെത്തിയ കൊട്ടാരം ലേഖിക, വഴിയിൽ കണ്ട വിമത ചാർവാകനോടു് ചോദിച്ചു.
“കൂട്ടുഭർത്താക്കൾ എന്ന നിലയിൽ പാഞ്ചാലിയാൽ സഹിക്കവയ്യാതെ തല്ലിപ്പിരിയേണ്ട പഞ്ചപാണ്ഡവരെ, കള്ളച്ചൂതുകളിയിൽ നിസ്വരാക്കി, ജീവകാലം മുട്ടുകുത്തിച്ച ധീരസേനാനികളായ കൗരവർക്കു, കുരുക്ഷേത്രവിധവകളുടെ മംഗല്യസൂത്രങ്ങൾ ലേലം ചെയ്തുകിട്ടിയ പണം കൊണ്ടു് മഹാരാജാവു് യുധിഷ്ഠിരൻ രണ്ടുദിവസം മുമ്പു് രാഷ്ട്രത്തിനു സമർപ്പിച്ച ഉപകാരസ്മരണ!”, പറഞ്ഞു വായടക്കും മുമ്പു്, ചാരവകുപ്പുമേധാവി നകുലൻ എറിഞ്ഞ കയർകുരുക്കിൽ കുടുങ്ങിയ യുക്തിവാദിയെ സൈനികർ കഴുത്തിൽ അള്ളിപ്പിടിച്ചു കഴുതപ്പുറത്തിരുത്തി, കാരാഗൃഹത്തിലേക്കു തൊഴിച്ചും വലിച്ചും കൊണ്ടു് പോവുന്നതു് കൊട്ടാരം ലേഖിക നോക്കിനിന്നു.
“നാടിന്റെ യഥാർത്ഥസാരഥിയായിരുന്ന ബലിദാനി ദുര്യോധനൻ എക്കാലവും താമസിച്ച രാജമന്ദിരം, ‘ചട്ടിയും കലവുമായി’ രാജവിധവ കുടിയൊഴിഞ്ഞിട്ടും, ഔദ്യോഗികവസതിയായി നിങ്ങൾക്കു വേണ്ടെന്നു കേട്ടല്ലോ. എന്താ പ്രശ്നം? അടിസ്ഥാനസൗകര്യം കുറവാണോ?”, പന്ത്രണ്ടു വർഷം ഒറ്റമുറി കാട്ടുകുടിലിൽ പാർത്ത ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു, യുദ്ധാനന്തര ഹസ്തിനപുരിയിൽ പാണ്ഡവർ തിരുവസ്ത്രം സ്വീകരിച്ച ദിനങ്ങൾ.
“പാഞ്ചാലി പറഞ്ഞതനുസരിച്ചു രാത്രി ഞാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കവിടെ കിടന്നു. “ഭീമൻ എന്റെ തുടയെല്ലൊടിച്ചു അമ്മാ” എന്ന നിലവിളി വ്യക്തമായി കേട്ടു് ഞാൻ തരിച്ചിരുന്നു. എങ്ങനെ നിത്യവും ഈ വിലാപം കേൾക്കും.! അതുകൊണ്ടു് ആലോചിച്ചുറച്ചൊരു തീരുമാനമെടുത്തു. കുരുക്ഷേത്ര യുദ്ധത്തിൽ ഉപയോഗരഹിതമായ എല്ലാവിധ ആയുധങ്ങളും, (ദുര്യോധനതുടയിൽ ഞാൻ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ഓർത്തു ആഞ്ഞുതല്ലിയപ്പോൾ ഞെണുങ്ങിയ ഭീമഗദയുൾപ്പെടെ) എല്ലാം, ഭാവിതലമുറക്കു് വേണ്ടി കാത്തുസൂക്ഷിക്കുന്ന പ്രദർശനശാലയായി ആ വസതിവികസിപ്പിക്കും. ഞങ്ങളുടെ കൂട്ടുകുടുംബകഥയെ മഹാഭാരത ഇതിഹാസമാക്കി മാറ്റുന്ന കവി വേദവ്യാസനും അറിയട്ടെ, എന്താണു് കൂരമ്പു എന്താണു് ത്രിശൂലം എന്താണു് ഗദ എന്താണു് പദ്മവ്യൂഹം എന്താണു് യുദ്ധവിജയം. വരുംയുഗത്തിലെ സാക്ഷരജനതക്കും മഹാഭാരത ഇതിഹാസം കേട്ടും വായിച്ചുമറിയണമല്ലോ, പാണ്ഡവർ യുദ്ധവിജയം ആഘോഷിക്കുമ്പോഴും, കൊല്ലപ്പെടുന്നവന്റെയും കൊല്ലുന്നവന്റെയും ഹൃദയവേദന!” ജാലകത്തിലൂടെ കാണാമായിരുന്നു ജാഗ്രതയോടെ ചെവിയോർക്കുന്ന മഹാറാണി പാഞ്ചാലിയുടെ തേജോമയമായ മുഖം.
“നിയമവ്യവസ്ഥ നിലവിലുള്ള നാട്ടിൽ നിങ്ങൾ, ആരോപണവിധേയരല്ലേ? എന്നിട്ടും വിചാരണ നേരിട്ടില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാഞ്ചാലിയും ഭർത്താക്കന്മാരും വനവാസത്തിനു പോയ കാലം.
“പരിഷ്കൃതസമൂഹത്തിന്റെ ചിട്ടവട്ടങ്ങൾ ഞങ്ങൾക്കും ബാധകമല്ലേ! നീതിമാനായ ഭീഷ്മർ സത്യസാക്ഷിയായതുകൊണ്ടു് കളങ്കമേൽക്കാതെ ഞാൻ രക്ഷപ്പെട്ടു. ലൈംഗികാതിക്രമത്തിനു് കൗരവർ മുതിർന്നു എന്നതു് സമ്മതിക്കാൻ സാക്ഷിമൊഴി അനുവദിക്കുന്നില്ലെന്നു് നീതിപതി വിധിച്ചു. ആരോപിതകൗരവർ അന്തസ്സായി വസ്ത്രധാരണം ചെയ്തിരുന്നു എന്നും, അങ്ങനെ ഒരു ശാരീരിക‘സാഹചര്യ’ത്തിൽ, ആരോപിതബലാത്സംഗം അപ്രായോഗികമായിരിക്കുമെന്നും നീതിപതി കണ്ടെത്തി. പാണ്ഡവപരാതി തള്ളി. കൗരവർക്കുണ്ടായ മാനഹാനിക്കു് ആരുനഷ്ടപരിഹാരം തരുമെന്നായിരുന്നു, പൊതുസമൂഹത്തിന്റെ പ്രതിനിധികൂടിയായ യുക്തിവാദിചാർവാകന്റെ ചോദ്യം. അപ്പോഴാണു്, കൂടുതൽ അനുകൂലസാക്ഷിമൊഴിക്കവസരമുണ്ടായതു്. എങ്ങനെയാണോ ദശാബ്ദങ്ങൾക്കു മുമ്പു് അരമനയിലെ യാഥാസ്ഥിതിക ‘മാടമ്പി’കളിൽ നിന്നു് സൂതപുത്രനായ കർണ്ണൻ ജാതീയഅവഹേളനം നേരിട്ടപ്പോൾ,അംഗരാജാവായി ഞാൻ വാഴിച്ചു, കീഴാ അഭിമാനം സംരക്ഷിച്ചതു്, അതിലും വലിയൊരത്ഭുതമാണു് പാഞ്ചലിക്കനുകൂലമായി ദുര്യോധനൻ ചെയ്തതെന്നു് ‘സാക്ഷി’ അറിയിച്ചു. ദുര്യോധനൻ കൈ ഉയർത്തി പാഞ്ചാലിയുടെ ശരീരത്തെ വസ്ത്രാക്ഷേപത്തിൽ നിന്നു് രക്ഷിക്കുകവഴി കൈകൂപ്പിയായിരുന്നു ‘രക്ഷക’നെ പാഞ്ചാലി അഭിവാദ്യം ചെയ്തതെന്നു് സാക്ഷി വെളിപ്പെടുത്തി. പെരുമാറ്റച്ചട്ടം മറന്നു സദസ്സു് കയ്യടിച്ചായിരുന്നല്ലോ ജനം എന്നെ അഭിനന്ദിച്ചതു്. ഒന്നും നിങ്ങൾ മറക്കരുതു്. ചരിത്രം മാറ്റിയെഴുതാൻ ആരെങ്കിലും നാളെ മുതിർന്നാൽ നിങ്ങൾ, നിങ്ങൾ തന്നെ വേണം തിരുത്താൻ!”
“മറ്റൊരു രാജ്യത്തിലെ റാണിയെന്ന നിലയിൽ ഹസ്തിനപുരിയിലേക്കു നോക്കുമ്പോൾ, അർധസഹോദരന്മാരായ പാണ്ഡവരെ എങ്ങനെ നിങ്ങൾ ഓർത്തെടുക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ദ്രോണഗുരുകുലത്തിൽ രാജകുമാരികൾക്കവിടെ പ്രവേശനം ഉണ്ടായിരുന്നില്ല എന്നു് നിങ്ങൾ ഓർക്കണം! മാനവികവിഷയങ്ങളും സുകുമാരകലകളും പഠിപ്പിക്കുമ്പോൾ, അർധസഹോദരിയോടുള്ള വാത്സല്യത്തിൽ പരിചയപ്പെട്ടിട്ടുണ്ടു്. പാണ്ഡുഭരണകാലം പഠിക്കുമ്പോൾ അഭിമാനബോധത്താലവർ വികാരാധീനരാവും. സന്ധ്യക്കു് യമുനയിൽ ഒറ്റയ്ക്കു് തോണിതുഴയുന്ന യുവസത്യവതിയെ പരാശരമഹർഷി കാമക്കണ്ണുകളോടെ നോക്കുന്നതൊക്കെ നകുലൻ തന്മയത്വത്തോടെ അഭിനയിച്ചുകാണിക്കും. പരാശരനെ തോണിയിൽ നിന്നു് ആഴങ്ങളിലേക്കു് കൗശലത്തിൽ ഭീമൻ തള്ളിയിടുമ്പോൾ, കൈകൊട്ടി, പെൺപീഡകനെ പാഠം പഠിപ്പിച്ചതിൽ ഞാൻ ആനന്ദിക്കും. എങ്ങനെ വേണം യുവതലമുറ ഇതിഹാസങ്ങൾ വായിച്ചാസ്വദിക്കാൻ എന്നു പഠിപ്പിക്കാൻ അതിഥിഅധ്യാപകനായി വന്ന വേദവ്യാസൻ, ക്ഷുഭിതനായി ഗുരുകുലം ബഹിഷ്കരിച്ച ദുരനുഭവം ഉണ്ടായി. ഭീമനാൽ ‘ശിക്ഷിക്ക’പ്പെട്ട പരിത്യാഗിപരാശരന്റെ അവിഹിതപുത്രനാണു്, മഹാറാണി സത്യവതി ജന്മം നൽകിയ വ്യാസൻ എന്നറിയാൻ ഉന്നത വിദ്യാഭ്യാസത്തിനു ഞാൻ വിദൂരദേശത്തു പോവേണ്ടിവന്നു. അർദ്ധസത്യങ്ങളില്ലാത്ത അരമനരഹസ്യങ്ങളുടെ വിജ്ഞാനഖനിയായിരുന്നല്ലോ അക്കാലത്തു തക്ഷശില സർവ്വകലാശാല. വഴിനടക്കുമ്പോൾ ഒടിയൻകടമ്പകളും, കെണികളും, ചാവുനിലത്തിനു താഴെ പാമ്പിൻ മാളങ്ങളുമുള്ള ആവാസവ്യവസ്ഥയാണു് പൈതൃക ഹസ്തിനപുരിയെന്നറിഞ്ഞതു് അങ്ങനെയായിരുന്നു”. ദുശ്ശള, ഇപ്പോൾ സൈന്ധവ റാണി, ഒരു രാജഹംസത്തെപ്പോലെ അഹങ്കരിച്ചു. സൈന്ധവരാജാവു് ജയദ്രഥനെ വനവാസക്കാല പാണ്ഡവർ തലമൊട്ടയടിച്ചു പുള്ളികുത്തി കഴുതപ്പുറത്തിരുത്തി നിന്ദിച്ച സ്തോഭജനകമായ സംഭവം ‘ഹസ്തിനപുരി പത്രിക’യിൽ പിറ്റേന്നു് മുഖ്യവാർത്തയാവാൻ പോവുന്ന നേരം!
“എന്റെ മടിയിൽ ഇരിക്കൂ എന്നു് ദുര്യോധനൻ പാഞ്ചാലിയെ ചൂതാട്ടസഭയിൽ ക്ഷണിക്കുമ്പോൾ, ‘കൗരവഅടിമ’കളായി കുന്തിരിച്ചിരുന്ന പാണ്ഡവരുടെ ചോരപ്രതിഷേധത്തിൽ തിളച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു് കാട്ടുവഴിയിലൂടെ നടക്കുന്ന നേരം.
“പാഞ്ചാലിക്കു വഴിതെറ്റിയ ബന്ധം ദുര്യോധനനോടുണ്ടോ എന്നു് തലപുണ്ണാക്കുന്ന നിങ്ങളോടു് ഒരു ലളിതചോദ്യം ഞങ്ങൾ ചോദിക്കട്ടെ, പാഞ്ചാലിക്കു അഞ്ചു ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടോ എന്നു് ദുര്യോധനൻ വല്ലപ്പോഴും ചോദിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ?”
“സത്യം അർദ്ധസത്യം അസത്യം—ഈ കുഴപ്പം പിടിച്ച വാക്കുകളെക്കുറിച്ചു ഹസ്തിനപുരിവിദ്യാലയങ്ങളിലെ നഗ്നപാദ അധ്യാപകരെയും പുതുതലമുറ കുട്ടികളെയും ബോധവൽക്കരിക്കുവാൻ, പുറത്തുവിടാമോ.”
“യുധിഷ്ഠിരന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ, നേരനുഭവങ്ങൾ?” കൊട്ടാരം ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ അവസാനനിമിഷം.
“ചൂതാട്ടത്തിൽ സത്യം പറഞ്ഞപ്പോൾ, പെണ്ണും സാമ്രാജ്യവും എനിക്കു് നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ ദ്രോണരുടെ മകൻ അശ്വത്ഥാമാവിനെകുറിച്ചു് അർദ്ധസത്യം പറഞ്ഞപ്പോൾ, കൗരവസർവ്വസൈന്യാധിനെ വധിച്ചു യുദ്ധവിജയത്തിന്റെ പടി വേഗം കയറി. പാഞ്ചാലി കുഴഞ്ഞുവീണു മരിച്ചതിനെകുറിച്ചു് അസത്യം പറഞ്ഞപ്പോൾ, സ്വർഗരാജ്യത്തിലേക്കെന്നെ ഉടലോടെ കൊണ്ടുപോവാൻ ആകാശചാരികൾ സ്വർണ്ണത്തേരുമായി ഇതാ കാത്തുനില്ക്കുന്നു! ബാക്കിയൊക്കെ വ്യാസഭാരതകഥയുടെ വൈവിധ്യ അപനിർമാണം വഴി വായിച്ചറിയട്ടെ!”
“പ്രണയിനിയുടെ വേർപാടിൽ പെട്ടെന്നുതോന്നിയ ഓർമ്മ പങ്കിടാൻ പറയുമ്പോൾ നിങ്ങൾ മുഖം കറുപ്പിക്കുന്നതെന്തിനാണു്?” പാഞ്ചാലിയുടെ ഭൗതികശരീരം മറവുചെയ്തു കുളിച്ചു പാണ്ഡവരെ വിടാതെ പിന്തുടർന്നെത്തിയ കൊട്ടാരം ലേഖിക, വഴിയിൽ ഒറ്റക്കുമാറിയിരുന്നു വിശ്രമിക്കുകയായിരുന്ന ഭീമനോടു് ചോദിച്ചു.
“വിപൽസൂചകമായിരുന്നു അവളുടെ വിവാഹം. എന്നിട്ടും വധുവിന്റെ ആകാരഭംഗി കണ്ടു സ്വന്തമാക്കാൻ കൊതിച്ചു എന്നതാണു് ദാമ്പത്യത്തിലെ ആദ്യദുരന്തം. അഞ്ചുപാണ്ഡവർ പായക്കൂട്ടിൽ പങ്കിടാൻ കുന്തി നിർദേശിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം. അഞ്ചുപേരും പാഞ്ചാലിയെ ഊഴം കാത്തു കിടപ്പറക്കുവെളിയിൽ ഒറ്റക്കാലിൽ നിൽക്കണമെന്നവൾ പെണ്ണാധികാരപ്രവണതയിൽ വിചിത്ര നടപടിക്രമം ഉണ്ടാക്കിയപ്പോൾ അപമാനമാണിതെന്നു വെട്ടിത്തുറന്നു പറയാൻ ദുരഭിമാനികളായ പാണ്ഡവരിൽ ആരും മുതിർന്നില്ല. ഒരു ദശാബ്ദത്തിനുശേഷം കൗരവരുമൊത്തു ചൂതാടുമ്പോൾ ‘ഞാൻ രജസ്വല ഞാൻ അല്പവസ്ത്ര’ എന്നു് നിർല്ലജ്ജം പ്രഖ്യാപിച്ചു കൗരവചൂതാട്ടസഭയിൽ അനധികൃതമായി ഇടിച്ചുകയറി, ദുര്യോധനന്റെ രതി പ്രലോഭനത്തിനു വഴങ്ങി നഗ്നതുടയിൽ കയറിയിരിക്കാൻ മുതിർന്ന പാഞ്ചാലി പിന്നീടു്, വനവാസക്കാല കൗരവഅടിമജീവിതത്തിൽ, കൗരവരുടെ വിശ്വസ്തചാരയായി പന്ത്രണ്ടുവർഷ വനപർവ്വത്തിൽ ദൈനംദിന മാനസികപീഡനത്താൽ നിത്യോപദ്രവ പീഡകയായി എന്നതാണു് പാണ്ഡവസഹോദരർക്കേറ്റ യാതന. പാപഭാരത്താൽ, വഴിനടക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചു എന്നതാണു്, മുകളിലൊരു നീതിമാനുണ്ടെന്നതിന്റെ ദൃഷ്ടാന്തം. വ്യക്തി എന്ന നിലയിൽ നിങ്ങൾ ശവം കുഴികുത്തി മറവു ചെയ്തു. ഇനി വെറുതെ വിടൂ. ഞങ്ങളും ഒന്നൊന്നായി ഈ വിചിത്രഭൂമിയുമായുള്ള ജൈവികബന്ധം വിച്ഛേദിക്കട്ടെ” അപമാനബോധത്താൽ ഭീമൻ മുഖം പൊത്തി. മറ്റുനാലു പാണ്ഡവർ സുരക്ഷാദൂരം പാലിച്ചു.
“ആറംഗആദിവാസികുടുംബത്തെ മലയോരകൊട്ടാരത്തിൽ ‘പച്ചക്കു തീകൊളുത്തിക്കൊന്ന’ കുന്തിയെയും പാണ്ഡവരെയും വാരണാവതംവിട്ടു നിങ്ങൾ പോവാൻ അനുവദിച്ചു. അവർ ഏകചക്ര ഗ്രാമത്തിൽ ബ്രാഹ്മണഅഭയാർഥികളായി മാസങ്ങളോളം താമസിച്ചിട്ടും, പ്രഖ്യാപിതപിടികിട്ടാപ്പുള്ളികളെ പിടികൂടാനോ, കൗരവചാരസംഘടനയെ ഉപയോഗിച്ചു് ‘നിർവീര്യ’മാക്കാനോ ശ്രമിച്ചതായി ഞങ്ങൾ കുതിരപ്പന്തികളിൽ പോലും കേട്ടിട്ടില്ല. പാഞ്ചാലിയെ അർജ്ജുനൻ മത്സരം ജയിച്ചു സ്വന്തമാക്കി ഹസ്തിനപുരിയിൽ ഏഴുപേരും എത്തുമ്പോൾ, പിടികൂടി വിചാരണ കഴിയുംവരെ തടവിൽ പാർപ്പിക്കുന്നതിനുപകരം, കുരുവംശത്തിന്റെ വേണ്ടപ്പെട്ടവർക്കു് മാത്രം താമസിക്കാൻ അവകാശമുള്ള ആഡംബരഅതിഥിമന്ദിരത്തിൽ പാർപ്പിക്കുന്നു. ഇതൊക്കെ കണ്ടുംകേട്ടും കൂട്ടിവായിക്കുന്ന പൊതുസമൂഹം എന്തു് മനസ്സിലാക്കണം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം സൈനികപരിശീലനത്തിനിടയിൽ വീണു കിട്ടിയ ഒരു നിമിഷം അവർ, മൺപാത്രത്തിൽ കർഷകൻ കൊടുത്ത കരിമ്പുനീർ കഴിക്കുകയായിരുന്നു.
“കവി പാടിയപോലെ, ഗംഗാജലത്തേക്കാൾ കട്ടിയുണ്ടാവില്ലേ വംശീയരക്തത്തിനു?, ആ നിലയിൽ ഞങ്ങൾ ചെയ്തതു് ഒറ്റത്തവണ തീർപ്പാക്കൽ എന്ന കുരുവംശ നയരൂപീകരണത്തിനു ശേഷമായിരുന്നു. അല്ലാതെ പാഞ്ചാലയിൽനിന്നും വന്ന ഭൂലോകരംഭയെ ലൈംഗികമായി പ്രീണിപ്പിക്കാനൊന്നും ആയിരുന്നില്ല. അതിഥിമര്യാദ കാണിക്കുന്നതിൽ കൗരവർക്കൊരു സംസ്കാരമുണ്ടു്, ഒരിക്കൽ ഞങ്ങൾ ഇന്ദ്രപ്രസ്ഥം സഭാതലത്തിൽ ഇരകളായി വഴുകിവീണു എന്നു് കരുതി, അതേ നാണയത്തിൽ തിരിച്ചടിക്കാനൊന്നും സംസ്കാരം സമ്മതിക്കുകയില്ലല്ലോ.”
“ഇതെന്താ ‘അടിമസ്ത്രീ’യുടെ കണങ്കാലിലൊരു മിന്നുന്ന തങ്കവള? തിരുവസ്ത്രം ഉടയോൻകൗരവർ വലിച്ചൂരുമ്പോൾ, ഇതു മാത്രം അഴിച്ചു മാറ്റിയില്ലേ?”, ആറംഗപാണ്ഡവകുടുംബം വനവാസത്തിനായി തയ്യാറെടുക്കുന്ന സംഘർഷ മുഹൂർത്തം, കുന്തി മട്ടുപ്പാവിൽനിന്നും പക്ഷേ, അവരെ നിസ്സംഗതയോടെ നിരീക്ഷിച്ചു.
“കഴുകൻകണ്ണുകൾ ഉടൽപരിശോധനയിൽ കാണാത്തതൊന്നുമില്ല, രഹസ്യമുറിയിൽ ബലം പ്രയോഗിച്ചു ദുര്യോധനൻ എന്നെ അണിയിക്കുകയായിരുന്നു, ‘ഇതൊക്കെ എന്തിനു’ എന്നുഞാൻ എതിർത്തപ്പോൾ, ‘നീ എനിക്കു് അടിമ!’ എന്നവൻ നിയമവശം ചെവിയിൽ മന്ത്രിച്ചു: ഇന്ദ്രപ്രസ്ഥത്തിൽ വിശിഷ്ടാതിഥികളെ വഴുക്കി വീഴ്ത്തിയ സഭാതലം പണിയാൻ കരാർ ഏൽപ്പിച്ച അസുരശില്പി മയൻ തന്നെയാണു്, കാട്ടിൽ പന്ത്രണ്ടുവർഷം നിന്നെ രാപ്പകൽ നിരീക്ഷിക്കാൻ ഈ തങ്കവള നിർമ്മിച്ചതു്. പുരുഷാധിപത്യത്തിന്റെ ആവേശത്തിൽ ഭാര്യയെ പണയംവച്ചു് ചൂതാടിയ പാണ്ഡവർ തിരിച്ചറിയട്ടെ, ഇതു് നിനക്കു് വാത്സല്യത്തോടെ ഗാന്ധാരി തന്ന പാരിതോഷികം! എന്നാൽ പാവം ജനം വിചാരിക്കട്ടെ, ഉടുതുണിയൂരൽ എന്നതൊരു പാണ്ഡവകെട്ടുകഥ: എന്താണു് വാസ്തവം? ഞാനിനി അവന്റെ നിരീക്ഷണവലയത്തിലായിരിക്കും. എന്നു് പറഞ്ഞാൽ, ദൂരെ ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂഗർഭഅറയിൽ, രാപ്പകൽ നേരിൽ കണ്ട പ്രതീ തിയിൽ!!”
“അഭിമന്യുവധത്തിൽ ഇത്രയധികം വേണോ ആഹ്ലാദം!” ധൃതരാഷ്ട്രരുടെ അരമനയിൽ, തത്സമയ യുദ്ധവാർത്താവതാരകനായ സഞ്ജയനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര യുദ്ധഭൂമിയിൽനിന്നും ഹസ്തിനപുരി ചുവരെഴുത്തുകൾ പുതുക്കി എഴുതാൻ, ഓടിപ്പിടഞ്ഞെത്തിയതായിരുന്നു ഒരു കെട്ടു് വാർത്തകളുമായി കൊട്ടാരം ലേഖിക.
“കഠിന സൈനിക പരിശീലനത്തിലൂടെ പാടുപെട്ടു നേടിയ നേട്ടമായി വേണ്ടേ അഭിമന്യുവധം അടയാളപ്പെടുത്താൻ! ദിവസങ്ങളായി പാണ്ഡവതലയൊന്നും ഉരുളാത്തതിൽ മ്ലാനവദനനായി കാണപ്പെട്ട ധൃതരാഷ്ട്രർ, തത്സമയ വാമൊഴി കേട്ട ഉടൻ, ജാതിയിൽ താണ എന്നെ ആശ്ലേഷിച്ചു, സദ്വാർത്ത കൈമാറിയതിനു് സന്തോഷം പ്രകിടിപ്പിച്ച ശേഷം, പരദേവത ജ്വാലാമുഖിക്കു് മുട്ടുകുത്തി കുരുവംശാധിപൻ കൈകൂപ്പിനന്ദി പറഞ്ഞു. ഹസ്തിനപുരിക്കു് പൊതുഅവധി പ്രഖ്യാപിച്ചു. അഗതികൾക്കു് പെരുവഴിയിൽ അന്നദാനവും. നിങ്ങൾ ഒരുപക്ഷേ, കേട്ടിട്ടില്ലാത്ത കൗതുകകരമായൊരു വസ്തുതയുണ്ടു്—ചക്രവ്യൂഹത്തിന്റെ സൈനിക വ്യൂഹനിർമ്മിതിയുടെ സാങ്കേതികഘടന എന്തെന്നു് കൗരവർക്കു കേട്ടറിവുണ്ടായതു് ദ്വാരകസന്ദർശനത്തിൽ ദുര്യോധനൻ അഭിമന്യുവുമായി മത്സരക്ഷമതയോടെസംസാരിക്കുമ്പോൾ ആയിരുന്നു. ധീരകൗരവൻ അന്നുറച്ചു, ഭാവിയിൽ അവസരം കിട്ടിയാൽ, പുലിയെ പുലിമടയിൽകയറി വേണം കൊല്ലാൻ, പരമാധികാരരാജ്യത്തിന്റെ അഖണ്ഡതക്കു് കൗന്തേയർ നാളെ യുദ്ധഭീഷണി ഉയർത്തിയാൽ! അതാണുപറഞ്ഞതു അഭിമന്യുവിന്റെ മരണം വെറുമൊരു സൈനികന്റെ മരണമല്ല പാണ്ഡവ താരപരിവേഷത്തിനേറ്റ പ്രഹരമാണു്.”
“നീറുന്ന ജനകീയപ്രശ്നങ്ങളിൽ പൊതുവികാരം നേരിട്ടറിയാൻ മഹാരാജാവു് മുഖംമൂടി ധരിച്ചു നഗരവീഥികളിൽ യാത്ര ചെയ്യാറുണ്ടോ? ഭരണകൂടവീഴ്ച വെളിപ്പെടുന്ന പരുക്കൻ ഭൗതികയാഥാർഥ്യങ്ങൾ അപ്പപ്പോൾ രാജകുടുംബത്തിനു് ബോധ്യപ്പെടണമല്ലോ. പത്തുപന്ത്രണ്ടു വർഷങ്ങളായി കാട്ടിലാണല്ലോ നിങ്ങൾ ജീവീതം അതോ, പനയോലയിൽ കുനുകുനെ എഴുതിക്കൊടുത്ത പ്രഭാഷണങ്ങൾ പൊതുവേദിയിൽ തപ്പിത്തടഞ്ഞു യുധിഷ്ഠിരൻ വായിക്കുന്നപോലെ, രാജസഭയിലെ പതിവു ഇരിപ്പുസാന്നിധ്യങ്ങളെ ഇക്കാര്യത്തിലും ഇനിയും ആശ്രയിക്കുമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പിടിപ്പുകേടിന്റെ ആസുരകാലം.
“യുധിഷ്ഠിരനെ തിരിച്ചറിയാതിരിക്കാൻ എന്തിനു ധരിക്കണം ഇനിയൊരു മുഖംമൂടി? തിരുഹൃദയം ഭാര്യയിൽനിന്നുപോലും ഒളിപ്പിച്ചു വയ്ക്കുന്ന, ആ ‘സ്ഥിരം മുഖാവരണം’ ഇടക്കെന്നൊന്നഴിച്ചുവച്ചാൽ പോരെ?”
“കുന്തിയും അഞ്ചു മക്കളും വാരണാവതത്തിൽ ദുരൂഹമായി വെന്തുമരിച്ചു എന്ന വ്യാജതെളിവുണ്ടാക്കാൻ, നിർണ്ണായക ദിവസം സന്ധ്യക്കു് അന്നം ചോദിച്ചുവന്ന കീഴാളസ്ത്രീയെയും അഞ്ചുമക്കളെയും തരത്തിനു് ഇരസാധ്യതകളായി കിട്ടിയപ്പോൾ, മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തി, അരക്കില്ലം തീ കൊളുത്തി, ‘പുനർജനിഗുഹ’യിലൂടെ നുഴഞ്ഞു പൊള്ളലേൽക്കാതെ ആറു പേരും സൂത്രത്തിൽ രക്ഷപ്പെട്ടു എന്നാണു് കൗരവർ നിയോഗിച്ച അന്വേഷണസമിതിയുടെ ഏകകണ്ഠമായ കണ്ടെത്തൽ. വസ്തുതാപരമായി ശരിയാണു് അല്ലെ?”, പാഞ്ചാലീ സ്വയംവരത്തിനു ശേഷം ഹസ്തിനപുരിയിൽ എത്തിയ കുന്തിയോടു് കൊട്ടാരം ലേഖിക അഭിമുഖത്തിന്റെ ഒരു ഘട്ടത്തിൽ ചോദിച്ചു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരെ ഇപ്പോൾ കൗരവർ അതിഥിമന്ദിരത്തിൽ താമസിപ്പിക്കുന്ന കാലം. കഥയറിയാതെ പാഞ്ചാലി വിസ്മയത്തിലും, പാണ്ഡവർ ഒളിഞ്ഞും അഭിമുഖം നോക്കി.
“ഉച്ചരിക്കുന്ന വാക്കു് ഒരിക്കലും മാറിപ്പോവരുതു്, ആ കുപ്രസിദ്ധ മലയോരസുഖവാസകേന്ദ്രത്തിൽ നിങ്ങൾ ആരോപിക്കുന്ന ആൾമാറാട്ടശ്രമമൊന്നും ഉണ്ടായില്ല. പതിവുപോലെ അന്നം തേടി വന്ന ആദിവാസികളുടെതൊരു സാന്ദർഭികആത്മത്യാഗം! ശത്രുക്കളിൽനിന്നും അപായം നേരിടുന്ന രാജകുടുംബങ്ങളുടെ രക്ഷക്കായി, സ്വജീവൻ സമർപ്പിക്കുന്നതിൽ ആനന്ദം കാണുന്ന ഒരു വിശ്വസ്തജനതയുണ്ടായിരുന്ന ഹിമാലയ വനമേഖലയായിരുന്നു വാരണാവതം എന്നതാണു്, നഗരവാസിയായ നിങ്ങൾ അറിയാതെപോയ മഹനീയകാര്യം. വിശപ്പുസഹിക്കാനാവാത്ത ഭീമനുൾപ്പെടെ ഞങ്ങൾ ആറുപേരും അന്നു് അത്താഴപട്ടിണിയായെങ്കിലും രുചിഭക്ഷണം ചോദിച്ചുവന്ന ആദിവാസികുടുംബത്തിനു് വയർ നിറയെ മദ്യവും മാംസവും ഞങ്ങൾ വിളമ്പി. ഞങ്ങളോടവർ കൃതജ്ഞത പ്രകടിപ്പിക്കാൻ ഉറച്ചു. അരക്കില്ലം അപകടത്തിൽ അർധരാത്രിയോടെ കത്തിപ്പിടിക്കുമ്പോൾ, പരസ്പരം പുണർന്നവർ നിമിഷനേരംകൊണ്ടു് കരിക്കട്ടകളായി മാറി. മരിച്ചതു് കുന്തിയും കൗന്തേയരും എന്നു് ഞങ്ങൾക്കനുകൂലമായി തെളിവു് നിർമ്മിച്ചതു് വിശ്വപ്രകൃതിയോ, വിധവ കുന്തിയോ?”
“കുപ്രസിദ്ധകുലംകുത്തികൾ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങൾക്കും പരിപൂർണ്ണ വ്യക്തിസ്വാതന്ത്ര്യം ഹസ്തിനപുരിയിൽ ഉറപ്പാക്കിയ പാണ്ഡവസഹോദരന്മാർ, പകൽ മുഴുവൻ നീളുന്ന വിവിധ പൗരസ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ പുറപ്പെടേണ്ട ഈ സമയത്തു എവിടെ കൂട്ടുകാരി പാഞ്ചാലി?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഇന്നലെ എനിക്കായിരുന്നു പായക്കൂട്ടിൽ ഊഴം. വൃതമുണ്ടെന്നു സൂചിപ്പിച്ചു മാറിക്കിടന്ന അവളുടെ നിലപാടിൽ അനിഷ്ടം തോന്നിയെങ്കിലും, പ്രായത്തിന്റെ ക്ഷീണം കാരണം അന്തംവിട്ടുറങ്ങിയ ഞാൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കണ്ടു—കുളികഴിഞ്ഞു വെള്ളധരിച്ചു ഉദ്യാനത്തിൽ പൂക്കൾ പറിക്കുന്നു. “സ്വീകരണത്തിൽ പങ്കെടുക്കാൻ പാഞ്ചാലി വരുമല്ലോ” എന്നു് ഞാൻ ധൃതിയിൽ യാത്ര ചോദിച്ചപ്പോൾ, ‘വ്യാകുലദിനമാണി’ന്നു എന്നവൾ മന്ത്രോച്ചാരണം പോലെ പറഞ്ഞു. കണ്ടതും കേട്ടതും കൂട്ടിവായിക്കുന്നതിൽ സാക്ഷരത നേടിയ സഹദേവനുമായി രഹസ്യമായി പിന്നീടാലോചിച്ചപ്പോൾ പിടികിട്ടി, അജ്ഞാതവാസക്കാലത്തു കീചകൻ എന്നൊരു വിരാടസൈനികൻ ദുരൂഹ സാഹചര്യത്തിൽ ഇതേ ദിവസം കൊല്ലപ്പെട്ടിരുന്നു എന്നോ, ഇന്നുപ്രണയികീചകന്റെ അനുസ്മരണദിനമായി ആചരിക്കുന്നതുകൊണ്ടു പൗരസ്വീകരണങ്ങൾ ബഹിഷ്ക്കരിക്കുന്നുഎന്നോ മറ്റോ പറഞ്ഞു! പൗരസ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വീകരണം കിട്ടുന്ന ഞാൻ എങ്ങനെ ഭാര്യയുടെ പ്രണയത്തിന്റെ കാര്യം വരുമ്പോൾ മുഖം കറുപ്പിക്കും!”
“പരിഷ്കൃത പെരുമാറ്റച്ചിട്ട പാലിക്കേണ്ട നിങ്ങൾ വിവാദപരാമർശം ചെയ്താൽ പിന്നെ, കേട്ടിരിക്കുമോ പാണ്ഡവർ?”, യുദ്ധനിർവ്വഹ ണസമിതി അധ്യക്ഷനായ കുരുക്ഷേത്രഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു, “ഗോപുരകവാടത്തിൽ സന്ദർഭത്തിന്റെ അന്തഃസത്തക്കു് യോജിക്കാതെ ചെയ്ത നിരീക്ഷണം പിൻവലിക്കണമെന്നാണു് പാണ്ഡവവക്താവു് ആവശ്യപ്പെടുന്നതു്. എങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”
“പാർത്ഥൻ തൊടുത്ത ആദ്യ അമ്പു ചെന്നു് തറച്ചതു് കൗരവസൈനികന്റെ ഇടനെഞ്ചിലായിപ്പോയി. വിവാഹപ്പന്തലിൽ നിന്നായിരുന്നല്ലോ കുരുക്ഷേത്രയിലേക്കു ദുര്യോധനൻ അഭിമാനപൂർവ്വം അവനെ കൊണ്ടുവന്നതു്. യുവാവു് ഇടനെഞ്ചിൽ ചോരചീന്തുന്നതു് കണ്ടു, പൂർണ്ണമായും വിഷാദമുക്തനായ അർജ്ജുനനെ നോക്കി അരുതേ കാട്ടാളാ എന്നർത്ഥം വരുന്ന ‘മാ നിഷാദാ’, വിഷാദഭാവത്തിൽ വിലപിച്ചതാണോ, നിങ്ങൾക്കിപ്പോൾ സ്തോഭജനകവാർത്ത? ജോലി നിഷ്പക്ഷമായി ചെയ്യുമ്പോൾ തന്നെ, ഉള്ളിൽ തട്ടുന്ന വികാരങ്ങൾ, ആരുടേയും മുഖം നോക്കാതെ അപ്പപ്പോൾ ആവിഷ്കരിക്കയും ചെയ്യും. അതിലെന്താണിത്ര വാൽചുരുട്ടേണ്ട കാര്യം?”
“അർജ്ജുനൻ സ്വയംവരമത്സരത്തിൽ ജയിച്ചു പാഞ്ചാലിയെ പരിണയിച്ചതൊക്കെ ഞാനുൾപ്പെടെ നിരവധിപേർ സദസ്സിലിരുന്നു കണ്ടതായിരുന്നു. എന്നാലിപ്പോൾ യുധിഷ്ഠിരൻ പൊതുവേദിയിൽ അവകാശപ്പെടുന്നു, മത്സരവിജയി അർജ്ജുനൻ മാത്രമല്ല, മൊത്തം അഞ്ചു പാണ്ഡവരും കൂടിയാണു്. എങ്ങനെ താങ്കൾ പ്രതികരിക്കുന്നു.”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. നവവധുവുമൊത്തു പാണ്ഡവർ ഹസ്തിനപുരി അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
“എന്റെ അർധസഹോദരനായ വിചിത്രവീര്യന്റെ മരണത്തിനു ശേഷം, പിന്തുടർച്ചക്കു കിരീടാവകാശിയില്ലെന്ന ഭയത്തിൽ, രാജമാതാ സത്യവതി എന്നോടാണു് ആദ്യം ആവശ്യപ്പെട്ടതു്, “നീ വിചിത്രവീര്യന്റെ യുവവിധവകളുമായി ശാരീരികമായി ബന്ധപ്പെട്ടു് കുരുവംശഅവകാശികൾക്കു് ജന്മം നൽകണം.” സത്യവതിയെ ശന്തനു വിവാഹം കഴിക്കണമെങ്കിൽ, അപ്പോൾ കിരീടാവകാശിയായിരുന്ന ഞാൻ ദേവവ്രതൻ, ആജീവനാന്ത ബ്രഹ്മചര്യം പാലിക്കണമെന്ന സത്യവതിയുടെ ഉപാധി ഞാൻ വിശ്വപ്രകൃതിസാക്ഷിയായി സ്വീകരിച്ചിരുന്ന കാര്യം ഞാനപ്പോൾ, ഇപ്പോൾ രാജാമാതാവായ സത്യവതിയെ ഓർമ്മിപ്പിച്ചു.”
“മകനെ”, എന്നെക്കാൾ പ്രായം കുറഞ്ഞ സത്യവതി മുട്ടുകുത്തി, “ഞാൻ അതിൽ ഇളവു് അനുവദിക്കുന്നു, എത്രയും വേഗം നീ ആ രണ്ടു സുന്ദരികൾക്കൊപ്പം സുഖവാസകേന്ദ്രത്തിൽ പോയി രതിയാഘോഷിച്ചു അവരെ ഗർഭവതികളാക്കൂ.” ഇനി, എന്റെ സ്ഥാനത്തു യുധിഷ്ഠിരൻ ആയിരുന്നെങ്കിൽ?, വിചിത്രവീര്യന്റെ യുവവിധവകളായ അംബികക്കും അംബാലികക്കും ബീജദാനം ചെയ്യാൻ വേദവ്യാസനെയോ, എന്നെയോ, സത്യവതി ‘സാദരം’ ക്ഷണിക്കേണ്ടിവരുമായിരുന്നില്ല, അവൻ ആ ക്ഷണം ഹൃദയപൂർവ്വം സ്വീകരിക്കുമായിരുന്നു. അത്രയേ ധാർമ്മികത ഉള്ളൂ, യമധർമ്മന്റെ ബീജത്തിൽ ജനിച്ചു എന്നു് മേനി പറയുന്ന ധർമ്മപുത്രർ ഇപ്പോൾ അർജ്ജുനഭാര്യ പാഞ്ചാലിയുടെ ഭർത്താവായതിലും.
“നിങ്ങൾക്കയാൾ ‘തിന്മയുടെ മാലിന്യക്കുഴി’യായിരിക്കാം, എന്നാൽ കുരുക്ഷേത്രവിധവകൾക്കവൻ നന്മ. പുഷ്പാർച്ചനക്കായി യമുനാതീര സ്മാരകമണ്ഡപത്തിലേക്കു പോകാൻ നിരോധനാജ്ഞയിൽ ഇളവു് ചോദിക്കുമ്പോൾ, പിടിച്ചഴിക്കകത്താക്കുമെന്നു പേടിപ്പിക്കുന്നതിൽനിന്നും വ്യക്തമാവുന്നില്ലേ പാണ്ഡവഭരണകൂടത്തിന്റെ സങ്കുചിത മനസ്ഥിതി?”, നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“എവിടെ, ആരുടെ ശവകുടീരം? എവിടെ, കൗരവവിധവകളുടെ പ്രഖ്യാപിതപുഷ്പാർച്ചന? ഇതൊക്കെയല്ലേ യുദ്ധാനന്തര ഹസ്തിനപുരിയുടെ പുനർനിർമ്മിതിയെ തടസ്സപ്പെടുത്തുന്ന ‘വിധ്വംസനം’? ശക്തിപ്രകടനമാണു് കുരുക്ഷേത്രവിധവകൾ ലക്ഷ്യമിടുന്നതു്. നഗരപരിധിയിൽ നിരോധനാജ്ഞയുണ്ടു്, അതു് മറികടന്നവർക്കു പൊതുസമൂഹത്തെ കയ്യിലെടുക്കണം. ദുര്യോധനനെന്ന ‘വിശുദ്ധയോദ്ധാവി’ന്റെ ഓർമ്മപ്പെരുന്നാൾ നിശബ്ദ പ്രാർഥനയിലൂടെ ആചരിച്ചാൽ പോരേ? പോരാ, മുഷ്ടിചുരുട്ടി നെഞ്ചത്തടിച്ചു വലിയവായിൽ വിലാപത്തിലൂടെ ആഘോഷിക്കണം. പിന്നിലതിനു ‘ആത്മീയ’പ്രചോദനം കൊടുക്കുന്നതു് ‘യുക്തിവാദി ചാർവാകൻ’. കയ്യും കെട്ടി കുരുവംശത്തിന്റെ ഈ പതനത്തിനു ഞങ്ങൾ മൂകസാക്ഷിയാവണോ? അതോ നവോത്ഥാനസംരക്ഷകരായി നേരിയ തോതിൽ ചാട്ട വീശണോ?”
“കൌരവർ സ്വൈരം തരുന്നില്ലെന്നാണോ പരാതി? ആരാധകർ എന്നല്ലേ നേരത്തെ വിശേഷിപ്പിച്ചിരുന്നതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നു് നവവധുവായി പാഞ്ചാലി ഹസ്തിനപുരിയിൽ പാണ്ഡവർക്കൊപ്പം കഴിയുന്ന ഇടവേള.
“കാഴ്ചപരിമിതിയുള്ള ഗാന്ധാരിക്കു് പോലും സ്വന്തമായി ശുചിമുറിയില്ലാത്ത ഈ പ്രശസ്ത കൊട്ടാരസമുച്ചയത്തിൽ, ഞാനുൾപ്പെടെ കൗരവരാജവധുക്കൾ നൂറുപേരും വെളിക്കിറങ്ങാൻ അന്തഃപുരത്തിനു പിന്നിലെ പൊന്തക്കാടുകളിലേക്കു് പതുങ്ങി പതുങ്ങി സന്ധ്യക്കു് പോയി മടങ്ങുമ്പോൾ കാണാം, ആളെ തിരിച്ചറിയാതിരിക്കാൻ വ്യാജകിരീടങ്ങൾ ധരിച്ച നൂറോളം കൗരവതലകൾ, ഞങ്ങളെ തുറിച്ചുനോക്കുന്നു.! ഇവരൊക്കെ ശുദ്ധസൗന്ദര്യാരാധകരാണെന്നു് എത്രനാൾ പ്രചരിപ്പിക്കാൻ ഒരു നവവധുവിനാവും?”
കൗരവർക്കു സഹോദരഭാര്യ, അമ്മയെ പോലെ വന്ദിക്കപ്പെടേണ്ടവൾ പാണ്ഡവർക്കു് സഹോദരഭാര്യ ഊഴം വച്ചു് പായക്കൂട്ടാവേണ്ടവൾ—ദുശ്ശള.
“ഭർത്തൃഘാതകനല്ലേ ഭീമൻ? സദസ്സിന്റെ മുൻനിരയിൽ നിങ്ങളെ കണ്ടല്ലോ. ദുര്യോധനചിതയിൽ തീകെടുമ്പോഴേക്കും കൂട്ടുകൂടി യോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
“യുദ്ധാനന്തര ഹസ്തിനപുരിയുടെ സുസ്ഥിരപ്രതിരോധത്തിനു് തക്ഷശിലയെ വെല്ലുന്ന ദുര്യോധനസ്മാരക സൈനികശാസ്ത്ര സർവകലാശാലക്കു് തറക്കല്ലിടുന്നതിനാണു് എന്റെ സാന്നിധ്യം മഹാറാണി പാഞ്ചാലി തൊഴുകൈയ്യോടെ യാചിച്ചതു!”.
“വനിതാവകാശ സംരക്ഷണസമിതി, ഹസ്തിനപുരി പൗരന്മാർക്കു് മാത്രമാണോ? അതോ, ഹസ്തിനപുരി സന്ദർശിക്കുന്ന അതിഥികൾക്കു് നിങ്ങളുടെ സേവനം നിഷേധിച്ചുവോ? നിങ്ങൾക്കേറ്റ പ്രഹരമാണോ, ഇന്ദ്രപ്രസ്ഥം അതിഥിക്കു് നേരെ ഉണ്ടായ വസ്ത്രാക്ഷേപം?”, ദുശ്ശളയോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും വടക്കൻ മലകളിലേക്കു യാത്ര തുടങ്ങിയ നേരം.
“സ്ത്രീത്വത്തിനു നേരെ ഉണ്ടാകാവുന്ന അതിക്രമം പ്രഹരമായോ പാരിതോഷികമായോ കണ്ടുവളർന്നവളല്ല ദുശ്ശള എന്നുനിങ്ങൾക്കറിയാം, അതുകണ്ടല്ലേ ഭർത്താവിന്റെ നാടായ സൈന്ധവദേശത്തും എന്നെ വനിതാവകാശങ്ങളുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചതു്. പ്രകോപനപരമായ ശരീരചലനങ്ങളോടെ ചൂതാട്ടസഭയിൽ, അതിജീവിത അതിക്രമിച്ചു പ്രവേശിച്ചപ്പോൾ, “വ്യവസ്ഥാപിതരീതിയിൽ കൗരവഅടിമയാക്കപ്പെട്ടവൾ നീ” എന്നവളെ അറിയിക്കുന്നതിനിടക്കുണ്ടായ സാന്ദർഭിക അനിഷ്ടസംഭവത്തിൽ കവിഞ്ഞ എന്തു് അധാർമ്മിക ഉള്ളടക്കം? പൗരാവകാശം നഷ്ടപ്പെടുന്നവിധമൊരു വിധി പിതാമഹാനിൽ നിന്നുണ്ടായി, അതോടെ മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നീതിപീഠം തന്നെ ഇനി ശരണം. നിയമവാഴ്ചയുള്ള സാമ്രാജ്യമല്ലേ, വിരുന്നുപോയ ദുര്യോധനരാജകുമാരൻ ഇന്ദ്രപ്രസ്ഥം സഭാതലത്തിൽ വഴുക്കിവീണു കാലുളുക്കിയപ്പോൾ, ചിത്തഭ്രമക്കാരിയെ പോലെ പൊട്ടിച്ചിരിച്ച മഹിളാമണിയല്ലേ പരാതിക്കാരി. നിയമം അതിന്റെ വഴിക്കു പോകട്ടെ, എനിക്കു് സൈന്ധവദേശത്തേക്കു മടങ്ങിപ്പോവാൻ സമയമായി!”
“അമേരിക്കയിൽ നിന്നെ പ്രഫസർമാർ തൊട്ടുനോക്കിയോ?” അവളെ തൊട്ടുനോക്കിത്തന്നെ അന്വേഷിക്കുന്നു, ഏകാധ്യാപക വിദ്യാലയത്തെ ‘വഴിയമ്പല’മാക്കിയ പഴയ സഹപാഠി, ഏഴു കൊല്ലത്തെ ഇടവേളയ്ക്കുശേഷം പഴയ കാമുകിയെ വീണ്ടും കാണുമ്പൊൾ.
“ഖസാക്കിൽ ആരെയൊക്കെ തൊടാതെ വെറുതെവിട്ടു, രവീ?” എന്ന നിഷ്കളങ്കമറുചോദ്യത്തോടെ, ഒരുപക്ഷേ, വെളിപ്പെടുമായിരുന്നു, കുപ്രസിദ്ധ പെൺപിടിയന്റെ ഇരപ്പട്ടിക! ചിറ്റമ്മയുമായി പതിനാറാം വയസ്സിൽ തുടങ്ങിയ അഗമ്യഗമനം മുതൽ, പ്രായപൂർത്തി എത്താത്ത ഞാറ്റുപുരവിദ്യാർത്ഥിനി വരെ, എത്രയെത്ര അനുകൂല പീഡനസാഹചര്യങ്ങൾ ചാരുതയോടെ പ്രയോജന പ്പെടുത്തിയാണവൻ അതിജീവിതകളെ കാലാതിവർത്തിയായ കഥാപത്രങ്ങളാക്കി സൃഷ്ടിച്ചെടുത്തതു! ഗൗരവവായനക്കാർ ഒന്നും വിസ്മരിച്ചിട്ടില്ല, പടയോട്ടത്തിലെ എല്ലാം ലൈംഗിക അധിനിവേശങ്ങളും ഇതിനകം ഏറിയും കുറഞ്ഞും അടയാളപ്പെടുത്തി! കഥാകൃത്തു എൻ എസ് മാധവന്റെ രസകരമായ ഖസാക്കു് പഠനത്തിൽ ഒരിക്കൽ കണ്ടതോർക്കുന്നു, ഇരുകൈവിരലുകൾ കൊണ്ടു് എണ്ണിത്തീരാത്ത അത്രയായിരുന്നു കീഴടങ്ങിപ്പോയവർ.! പത്തിൽ കൂടുതൽ എന്നാണദ്ദേഹം കൈവിരലുകൾ കൊണ്ടു് ഉദ്ദേശിച്ചതെങ്കിൽ, അതിശയോക്തിയുണ്ടു് എന്നുഞാൻ മാധവപുസ്തകത്തെക്കുറിച്ചു മാതൃഭൂമിആസ്വാദനത്തിൽ പറഞ്ഞുവച്ചെങ്കിലും കൃത്യം പത്തുതികയും മുമ്പു് തന്നെ കാൽപ്പനികപീഡകനെ കാവ്യാത്മകമായി ഒരു കൂമൻകാവു് പാമ്പു് കടിച്ചു! അപ്പോഴും, അവൻ കാത്തുകിടന്നതു, ചാടിക്കയറി രക്ഷപ്പെടാനൊരു വണ്ടി!
“ഏകാംഗപ്രതിപക്ഷമായ യുക്തിവാദിചാർവാകനെ കരുതൽതടങ്കലിൽ പാർപ്പിച്ചുവോ ഭീമൻ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ ദുര്യോധനവിധവ, സൗജന്യ ധാന്യത്തിനായി കോട്ടക്കുമുമ്പിൽ പ്രക്ഷോഭം തുടങ്ങിയ നാളുകൾ.
“ഹസ്തിനപുരിയുടെ പരമാധികാരത്തെ വെല്ലുവിളിച്ച വിഘടനവാദികൾക്കെതിരെ കുരുക്ഷേത്രയിൽ പ്രതിരോധം ശക്തപ്പെടുത്തുന്നതിനിടയിൽ പതിനെട്ടാം നാൾ സ്വജീവൻ ബലിയർപ്പിച്ച ധീരകൗരവനു് പരമോന്നത ദേശരത്ന പുരസ്കാരം പാണ്ഡവഭരണകൂടം പ്രഖ്യാപിക്കണമെന്നു്, പ്രക്ഷോഭത്തിൽ ആവശ്യപ്പെടട്ടെ ദുര്യോധനവിധവ, ഞങ്ങളും പങ്കെടുക്കാം എന്നൊരു യുക്തിവാദി പ്രകോപനപരമായി പ്രലോഭിപ്പിച്ചാൽ, പുരോഗമന പാണ്ഡവഭരണകൂടം ‘അതുവെറുമൊരു ആവിഷ്കാരസ്വാതന്ത്ര്യമല്ലേ’ എന്നു് ചുമൽകുലുക്കി തള്ളിക്കളയണോ?”
“ഇതെന്താ കുറിതൊട്ടലങ്കരിച്ച ഉഴവുകാളയെ മുന്നിൽനിർത്തി ‘വയോജനപാണ്ഡവ’രുടെ വടംവലി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവഭരണകൂടം ഹസ്തിനപുരി.
“മുപ്പത്തിഅഞ്ചാം യുദ്ധവാർഷികത്തിനു് അരമനഊട്ടുപുരയിൽ വിശിഷ്ടാതിഥികൾക്കുള്ള പതിവു് സദ്യ കൊഴുപ്പിക്കാൻ അറുക്കേണ്ട ബലിമൃഗത്തെ ആരാദ്യം വെട്ടണമെന്നൊരു ശക്തിപരീക്ഷണമെന്നതിൽ കവിഞ്ഞൊരു ദുരർത്ഥവും, വയസ്സുചെന്നവരുടെ ഈ വടംവലിക്കു നിങ്ങൾ കൊടുക്കരുതേ!, കൈകാൽ മാംസപേശികൾ പാണ്ഡവർ പരസ്പരം കീറുന്നുണ്ടോ എന്നു് ഇമവെട്ടാതെ നിരീക്ഷിക്കുന്ന അഭിമന്യുവധു ഉത്തരയുണ്ടു് ജാലകത്തിന്നപ്പുറത്തു! സംശയാസ്പദമാണു് പാണ്ഡവാരോഗ്യമെന്ന പരാതിയിൽ അധികാരത്തിൽനിന്നും നീക്കി, പരീക്ഷിത്തിനെ തിരുവസ്ത്രം ധരിപ്പിക്കാനാവുമോ എന്നാണവളും, ആർക്കറിയാം, ഒരുപക്ഷേ, ഉറ്റുനോക്കുന്നതു്! ചൂണ്ടുവിരൽ ചുണ്ടുകളിൽ വിലങ്ങനെ നിർത്തി പാഞ്ചാലി കൊട്ടാരം ലേഖികയെ മൃദുവായി നിശ്ശബ്ദയാക്കി.”
“ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ പാണ്ഡവർ ഒരു കാടുകത്തിക്കും!” ഇഷ്ടദാനമായി ധൃതരാഷ്ട്രരിൽനിന്നും കിട്ടിയ ഖാണ്ഡവ വനം അർജ്ജുനൻ, കറുത്തശക്തികളെ കൂടെക്കൂട്ടി, വളഞ്ഞുതീയിട്ടു എന്നറിഞ്ഞപ്പോൾ കർണ്ണൻ ഹസ്തിനപുരി രാജസഭയിൽ.
“എന്തു്, നിങ്ങൾക്കുണ്ടോ അച്ഛനോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു. ‘ഭാവി പ്രവചിക്കുന്നവൻ മാദ്രിപുത്രൻ സഹദേവൻ’ എന്ന ദൈനംദിന ഭീതി മറ്റു പാണ്ഡവരുമായി പോറ്റമ്മ കുന്തി പങ്കിടുന്ന കാലം.
“അന്ത്യനാളിൽ ഞാൻ അയാൾക്കു് കൂട്ടുണ്ടായിരുന്നു. കുന്തിയും നാലു പാണ്ഡവരും ഇരപിടിക്കാൻ കാട്ടിലേക്കു് രാവിലെ കയറി. നീരൊഴുക്കിൽ കുളി കഴിഞ്ഞു മാദ്രി, മുറ്റത്തെ അയയിൽ ഈറനുണക്കാനിടുകയായിരുന്നു. “ആരാണു് നിന്റെ അച്ഛ”നെന്നു ഭീഷണമായി പാണ്ഡു ചോദിച്ചു. “അശ്വിനിദേവതകൾ” എന്നു് മാദ്രിയിൽനിന്നും കേട്ടറിവിൽ, മേലോട്ടു് കൈകൂപ്പി ഞാൻ പിതൃക്കളെ സ്മരിച്ചു പറഞ്ഞപ്പോൾ, ‘നകുലനെ പോലെ നിനക്കും രണ്ടു ദുർദേവതകൾ വേണ്ടി വന്നോ, ഭൂമിയിൽ ഇങ്ങനെ ഒരു ശാപജന്മം തരാൻ?’ എന്നു് നിന്ദിച്ചതോർമ്മ. ഭയന്നു് മുറിക്കു പുറത്തു ഞാൻ കടക്കുമ്പോൾ, ചെമ്പകപ്പൂ പോലെ വരികയായിരുന്ന മാദ്രിയോടു് ‘അരുതേ അമ്മാ അയാൾക്കരികെ ഈ സമയത്തു നീ പോവരുതേ, മരണദേവതയുടെ സാന്നിധ്യം അവനരികിൽ ഞാനറിയുന്നു’ എന്നു് ഇരുകൈകളും അവൾക്കുനേരെ ഞാൻ വീശി. അൽപ്പം കഴിഞ്ഞപ്പോൾ ഭീതിയിൽ നിലവിളിച്ചു മാദ്രി പുറത്തേക്കു വന്നു. “വാരിപ്പുണർന്നെന്നെ പാണ്ഡു വിവസ്ത്രയാക്കുമ്പോൾ, പ്രിയപ്പെട്ട മകനെ, കുഴഞ്ഞു വീണവൻ മരിച്ചു” എന്നു് ചേർത്തു ദൈവത്തിനു നന്ദിപറഞ്ഞു എന്നെ ചേർത്തു് പിടിക്കുന്നതോർമ്മ!”
“കുന്നിൻചെരുവിലെ ഉണക്കപ്പുല്ലുകൾക്കിടയിൽ പതുങ്ങിയിരുന്ന വെള്ളമുയലിനെ കൊത്തിപ്പറക്കാൻ, ലക്ഷ്യം തെറ്റാതെ ആകാശത്തു് നിന്നു് ഒഴുകിയിറങ്ങിയ ചാരനിറ കഴുകനെ, കൃത്യം കഴുത്തിൽ ചാടി,ക്കടിച്ചു മന്ദം മന്ദം നീങ്ങിയ വേട്ടപ്പട്ടി ആയിരുന്നു ഇന്നു് ഞങ്ങളുടെ മനംകവർന്ന മൃഗയാവിനോദത്തിലെ മുഖ്യതാരം”, അർജുനൻ നായാട്ടിനിടയിൽ കണ്ട കൗതുകക്കാഴ്ച്ച പാഞ്ചാലിയോടു് അധികാരഭാവത്തിൽ വിശദീകരിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ കൗന്തേയർ കുടിയേറ്റക്കാരായ കാലം.
“കഴുത്തുമുറിഞ്ഞ കഴുകനെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചു, പതുങ്ങിപ്പതുങ്ങി വെള്ളമുയലിനെയും പിന്നിൽ നിന്നു് കടിച്ചു മലർത്തി തൊലിയുരിക്കുന്നവരെ ഈ വനാശ്രമത്തിൽ നിത്യവും കാണാറുണ്ടല്ലോ!”
“വെറുതെയാണോ പാർത്ഥൻ നിങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചു് സാധു സുഭദ്രയെ പരിണയിച്ചതു്, കൊട്ടാരം ലേഖിക ചുണ്ടുകൾ കൂട്ടിപ്പിടിച്ചു മൗനം പാലിച്ചു പുറത്തിറങ്ങി.”
“കിരീടാവകാശിയായ പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യുംമുമ്പുതന്നെ, എങ്ങോട്ടാണു് യാത്ര?” ഹസ്തിനപുരി രാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കാടു് വിളിക്കുന്നു!”
“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് മഹാരാജാവു് യുധിഷ്ഠിരൻ ഹസ്തിനപുരി രാജസഭയിൽ നിരീക്ഷിച്ചപ്പോൾ, അംഗങ്ങൾ എഴുനേറ്റു കയ്യടിക്കുന്നതൊക്കെ കണ്ടു. പക്ഷേ, വേദിയിൽ ഇരുന്ന പാഞ്ചാലി, മുഖംതാഴ്ത്തി. എന്തായിരുന്നു സംഗതി?”, രാജസഭയിൽ കൂനിപ്പിടിച്ചിരുന്ന കൃപാചാര്യരെ കൊട്ടാരം ലേഖിക പിറ്റേന്നു് കണ്ടപ്പോൾ ചോദിച്ചു.
“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് മഹാറാണി പാഞ്ചാലി പനയോലയിൽ നേരത്തേ എഴുതിക്കൊടുത്തതു്, യുധിഷ്ഠിരൻ തപ്പിത്തടഞ്ഞു് വായിച്ചപ്പോൾ ഒരക്ഷരം തെറ്റിയോ?”
“അഞ്ചുപേർക്കുമുണ്ടോ തനതുരീതിയിൽ പരിപാലിക്കപ്പെടുന്ന രതിപൂർവ്വവിനോദങ്ങൾ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം എന്ന നവനഗരനിർമ്മിതി കഴിഞ്ഞു, രാജസൂയയാഗത്തെക്കുറിച്ചു കുടിയേറ്റ കൗന്തേയരുടെ പ്രതീക്ഷാനിർഭരമായ ദിനങ്ങൾ.
“മുതിർന്ന യുധിഷ്ഠിരൻ മുതൽ, ഇളമുറ സഹദേവൻ വരെ, ദൈവത്താൽ അനുഗ്രഹീതർ എന്നൊന്നും പ്രശംസിക്കാൻ തക്ക അനുഭവപാഠങ്ങൾ ആയിട്ടില്ല. കഴുത്തിനു് പിന്നിൽ ചുണ്ടമർത്തി മാദ്രിപുത്രന്മാരുടെ മൃദുസ്പർശത്തിലൂന്നിയ രതിപൂർവ്വ അധിനിവേശം എത്ര കോരിത്തരിപ്പിക്കുന്നത്ര ആസ്വാദ്യകരമാണോ, അത്രയും അസഹനീയവുമാണു് യുധിഷ്ഠിരൻ ഭീമൻ എന്നീ മുതിർന്നവർ ഏകപക്ഷീയമായി തപ്പിത്തടഞ്ഞു പരിശീലിക്കുന്ന പരുക്കൻ സുരതം. പെണ്ണുടൽവിവരണത്തോടെ ഞാൻ കെട്ടുവിട്ടു് പറഞ്ഞാൽ, ബഹുഭർത്തൃത്വമോഹികളായ കൗരവ വധുക്കളുടെ പകൽക്കിനാവുകൾ പൊലിയും. കൂടെ കിടക്കാൻ ഭർത്താവുണ്ടാവുക, അവൻ യുധിഷ്ഠിരനെപോലെ ആസ്വാദനരതിയുടെ പെണ്ണനുകൂല രതിപാഠങ്ങൾ പരിശീലിക്കാതെ ‘വസ്ത്രാക്ഷേപം’ ചെയ്യുക, ആൺപെൺരതി പാതിരാ പരമയാതനയാവുക, അങ്ങനെ ഒന്നു് എന്റെ അവിവേകമായ വാക്കുകൊണ്ടു് ആർക്കും ഉണ്ടാവരുതല്ലോ.”
“പെരുമഴയിൽ ഒന്നു് പുറത്തിറങ്ങാൻ ആവാതെ കൂനിപ്പിടിച്ചു ഈ കൂരയിൽ രാവിലെമുതൽ ഇരിക്കുമ്പോഴും, നിങ്ങൾ ആറു പേരും ഒന്നും പരസ്പരം മിണ്ടിപ്പറയുന്നില്ലല്ലോ”. ആശ്രമത്തിനു മുമ്പിലുള്ള കാട്ടുവഴിയിലൂടെ കാലവർഷം കുതിച്ചു ചാടിക്കൊണ്ടിരുന്ന ഇരുണ്ട സായാഹ്നം. വനവാസക്കാലത്തിന്റെ ആദ്യവർഷം.
“ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായിരുന്നപ്പോഴും, ഇന്ദ്രപ്രസ്ഥത്തിൽ അധികാരമോഹമുദിച്ചപ്പോഴും അവർ എന്നോടു് വാതോരാതെ വിങ്ങിപ്പൊട്ടി മാറി മാറി നേരമിരുട്ടുംവരെ സംസാരിക്കുമായിരുന്നു. കൂടെ പൊറുക്കുന്നവളെ പണയം വച്ചു് സ്വത്തെല്ലാം നഷ്ടപ്പെട്ടു, അടിമജീവിതത്തിനു കാട്ടിൽവന്നതോടെ അവർക്കു പരസ്പരം ആളെ മനസ്സിലായി. അപ്പോൾ ഞാനുമായി ആശയവിനിമയവും അവസാനിച്ചു. ആത്മകഥ എഴുതാൻ നിങ്ങളുടെ ക്ഷണം ഞാൻ നിരസിച്ചതു് എന്തു് കൊണ്ടാണു് എന്നു് ഇപ്പോൾ നിങ്ങൾക്കു് വ്യക്തമായില്ലേ”, മുറിയുടെ മുക്കും മൂലയും ചൂലു കൊണ്ടടിച്ചു പൊടിയും പ്രാണിയും നീക്കി കൊട്ടാരം ലേഖികക്കു് കിടക്കാൻ പായവിരിക്കുകയായിരുന്ന പാഞ്ചാലി പറഞ്ഞു.
“ചടങ്ങുകൾ രാജാവും റാണിയും പങ്കെടുക്കുമോ, അതോ രണ്ടു പേരെയും ആ ചുമതല പേടിപ്പിക്കാറുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യരോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം, മൂപ്പിളമശ്രേണിയിൽ ഹസ്തിനപുരിയെ കവച്ചുവെക്കുമെങ്കിലും, സാമൂഹ്യജീവിതത്തിന്റെ വൈവിധ്യ സാന്നിധ്യം, കുടിയേറ്റ ഇടമായ ഇന്ദ്രപ്രസ്ഥത്തെക്കാൾ പ്രകടം, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഹസ്തിനപുരിയാണല്ലോ!
“തുടക്കത്തിൽ സായാഹ്നവിരുന്നുകളിലും അനുസ്മരണയോഗങ്ങളിലും അവർ പങ്കെടുത്തു. കൗരവർ തോൽക്കുകയല്ല പാണ്ഡവർ ജയിക്കുക മാത്രമാണുണ്ടായതു് എന്നവർ എളിമയോടെ പറഞ്ഞുവെച്ചു. കൗരവരാജവധുക്കളെ കുടിയൊഴിപ്പിച്ചു പഴയ കാരാഗൃഹത്തിൽ പുനരധിവാസം ചെയ്തെങ്കിലും, അവിടെ, ജന്മദിനം വിവാഹം പ്രസവം, അവർ സജീവമായി. കൗരവസ്ത്രീ കുടുംബകൂട്ടായ്മയുടെ ഏകരക്ഷാധികാരി ചമയാൻ മറ്റുനാലു പാണ്ഡവരെ യുധിഷ്ഠിരൻ അനുവദിക്കുകയില്ല. എല്ലാ ചടങ്ങും പാഞ്ചാലി ബഹിഷ്കരിച്ചില്ല, നട്ടാൽ കിളിർക്കുന്ന കാരണങ്ങൾ നകുലൻ പറഞ്ഞുകൊടുത്താൽ ഹംസസന്ദേശം അയക്കും. മൊത്തം ഹസ്തിനപുരിയുടെ പൊള്ളയായ സാമൂഹ്യജീവിതം പാണ്ഡവഭരണത്തിലും വളർന്നു വികസിക്കുന്നുണ്ടു്, പത്രലേഖകർക്കു മൂന്നുനേരം ഊട്ടുപുര ഭക്ഷണവും അനുവദിച്ചല്ലോ പിന്നെന്താ നിങ്ങൾക്കൊരു മുറുമുറുപ്പു്!”
“പ്രകൃതി നിങ്ങളോടു് എക്കാലവും വാത്സല്യം കാണിച്ചു എന്നു ഇപ്പോൾ നിങ്ങൾക്കു് വ്യക്തമായില്ലേ? പോർക്കളത്തിൽ പ്രതിയോഗിയുടെ കടുംവെട്ടേറ്റു വെള്ളം കിട്ടാതെ മരിച്ചുപോവാൻ വിധിക്കപ്പെട്ട സൈനികവംശത്തിൽ പിറന്ന നിങ്ങൾ, അരമന ജീവിതം മടുത്തിട്ടല്ലേ വാർദ്ധക്യം വനവാസത്തിലേക്കു നയിക്കുന്നതു്!”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ, മുപ്പത്തിയാറുവർഷത്തെ ഭരണത്തിനു് ശേഷം ചെങ്കോൽ, അഭിമന്യുപുത്രനായ പരീക്ഷിത്തിനെ ഏൽപ്പിച്ചു അന്തിമപദയാത്രക്കു് വേഷം മാറുകയായിരുന്നു പാണ്ഡവർ.
“സ്വയംവരമത്സരം ജയിച്ചു സ്വന്തമാക്കിയ പെണ്ണിനെ ഒറ്റക്കാലിൽ വിവാഹജീവിതം മുഴുവൻ, ഊഴംകാത്തു കിടപ്പറവാതിലിൽ നിൽക്കേണ്ടി വന്ന എത്ര പോരാളികളെകുറിച്ചു് തക്ഷശിലയിൽ നിങ്ങൾ, ഇവിടെ വരും മുമ്പു്, വായിച്ചറിഞ്ഞിട്ടുണ്ടു്? എന്നാൽ, ഒന്നിലധികം പാണ്ഡവരെ മനഃപൂർവം ഊഴം തെറ്റിച്ചു കൂടെ കിടത്തിയും, എത്ര സ്ത്രീകൾ അരനൂറ്റാണ്ടോളം കാലം ഇഷ്ടരതി വൈവിധ്യജീവിതം ആസ്വദിച്ചു? പാഞ്ചാലി മാത്രം?, അല്ലേ! അല്ലെന്നവൾ പ്രതിഷേധിക്കുമ്പോൾ, നിങ്ങൾവേണം അവളെ ഓർമ്മിപ്പിക്കാൻ എങ്ങനെയായിരുന്നു കാശിരാജകുമാരികളായി ഹസ്തിനപുരിയിൽ വന്ന അംബികയും അംബാലികയും, വിചിത്രവീര്യന്റെ ഭാര്യകളായി നരകിച്ചു ജീവിച്ചതെന്നു? എങ്ങനെയാണു മാതൃത്വത്തിനു വേണ്ടി പാണ്ഡുവധുക്കൾ, കുന്തിയും മാദ്രിയും, ബീജദായകരെ തേടി വീടുവിട്ടിറങ്ങിയതെന്നു? എങ്ങനെയാണു് ആദ്യപ്രസവത്തിനു മുമ്പു് തന്നെ, അഭിവന്യുവധു ഉത്തര എന്നെന്നേക്കുമായി അന്തഃപുരത്തിൽ ഒതുങ്ങിയതെന്നു? എന്നിട്ടും ഞങ്ങളുടെ, ഇനിയൊരു തിരിച്ചുവരവില്ലാത്ത, ഈ യാത്രാവേളയിൽ, ദയാരഹിതമായി നിങ്ങൾ ചോദിക്കുന്നു, പാഞ്ചാലിയെ എന്തിനുഅഞ്ചു ആണുങ്ങൾ ജീവകാലം മുഴുവൻ ലൈംഗികഅടിമയാക്കി?”
“കറ കലരാത്ത ഏകപത്നീവ്രതക്കാരല്ലേ കൗരവർ? ആദ്യരാത്രി മുതൽ ബഹുഭർത്തൃത്വം നേടിയ നിങ്ങൾ കൗരവ അന്തഃപുരത്തിൽ വിരുന്നിനു പോവുമ്പോൾ, ഓർമ്മയിൽ തങ്ങുന്ന കാഴ്ചയുണ്ടോ വായനക്കാരുമായിപങ്കിടാൻ?” കൊട്ടാരം ലേഖിക ചോദിച്ചു. സ്വയംവരം കഴിഞ്ഞു ഹസ്തിനപുരിയിൽ പാണ്ഡവർക്കൊപ്പം എത്തിയ പാഞ്ചാലി, ഭർത്താക്കന്മാർക്കവിടെ ഒരുതുണ്ടു ഭൂമി സ്വന്തമായില്ലെന്നറിഞ്ഞു കുരുവംശ അതിഥി മന്ദിരത്തിൽ കഴിയുന്ന ഇടവേള.
“ഭർത്താക്കന്മാർ ഭരണനിർവഹണ ചുമതലയുമായി പ്രവിശ്യകളിൽ ഔദ്യോഗിക സന്ദർശനം ചെയ്യുമ്പോൾ, കൗരവരാജവധുക്കൾ അവർക്കനുവദിച്ച ഒറ്റമുറികളിൽ അനുഭവിക്കുന്ന വൈകാരികഏകാന്തത എന്നെ വല്ലാതെ സ്പർശിച്ചു. ഞെട്ടിത്തെറിച്ചു എന്നൊന്നും അത്യുക്തിയിൽ പറഞ്ഞുകൂടെങ്കിലും ‘ഒരു വനിതക്കു് ഒരു ഭർത്താവു്’ എന്ന യാഥാസ്ഥിതികകൗരവരീതി നൂറോളം വരുന്ന, ആ മറുനാടൻ രാജസ്ത്രീകളെ, ഭർത്താവിന്റെ ലൈംഗിക അടിമയാക്കുന്നു എന്ന പ്രതീതിയാണു് ആദ്യാനുഭവം. വെളുത്തവാവായിരുന്നല്ലോ ഇന്നലെ. കാറൊഴിഞ്ഞ ആകാശം വിസ്തരിച്ചൊന്നു കാണാൻ ഞങ്ങളെല്ലാവരും ദുര്യോധനവധുവിന്റെ ക്ഷണമനുസരിച്ചു അന്തഃപുര മട്ടുപ്പാവിൽ പോയി. കൗരവരാജ വധുക്കൾ വിവസ്ത്രശരീരങ്ങളുമായി നൃത്തം ചവിട്ടി, അവരനുഭവിക്കുന്ന കടുത്ത ഭർതൃപരിമിതി സഹനത്തിനും അപ്പുറമെന്നു അലമുറയിടുമ്പോൾ, ദുര്യോധനൻ ഉൾപ്പെടെ കാര്യശേഷിയുള്ള മുതിർന്ന കൗരവർ നിലത്തു, നിസ്സഹായരായി നിൽക്കുന്ന ദീനദീനമായ ആ ദൃശ്യം എങ്ങനെ ഞാൻ അതർഹിക്കുന്ന ഗൗരവത്തിൽ വിവരിക്കും! ഏകപത്നീവ്രതം ആണുങ്ങൾക്കു് പരസ്യമേനിപറച്ചിലൊക്കെ ആയിരിക്കാം, പക്ഷേ, അന്തഃപുരത്തിൽ ഭാര്യ അനുഭവിക്കുന്നതു് ദാമ്പത്യ കടുത്ത അരക്ഷിതാവസ്ഥയെ ന്നുവ്യക്തമല്ലേ. അതിർത്തിതർക്കങ്ങളിൽ ജീവൻ പോകാവുന്ന ഹ്രസ്വകാല യുദ്ധാവസരങ്ങൾ ഏതുനിമിഷവും കാത്തിരിക്കുന്ന സായുധകൗരവർക്കെങ്ങനെ, ഭാര്യക്കു ഒരു ഭർത്താവു് മതി എന്ന സ്ത്രീവിരുദ്ധ നിലപാടെടുക്കാൻ ആവും? വെറുതെയല്ല ബഹുഭർത്തൃത്വം നിഷേധിക്കപ്പെട്ട ആ പാവം സ്ത്രീകൾക്കു് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എന്നെ എന്നെന്നേക്കുമായി പ്രവാസിയാക്കാൻ, ഏകപത്നീവ്രതക്കാരനായ ദുര്യോധനൻ ഖാണ്ഡവവനം കാട്ടി കുറച്ചുദിവസമായി പാണ്ഡവരെ പ്രലോഭിപ്പിക്കുന്നുണ്ടു്. യുധിഷ്ഠിരനെപ്പോലുള്ള വൃക്ഷസ്നേഹികൾ ആ പ്രലോഭനത്തിനു ഇരകളാവുമോ! കണ്ടറിയാം!”
“ഗാർഹികപീഡനം പ്രിയപാണ്ഡവരിൽ നിന്നുണ്ടായാലും, രേഖാമൂലം പരാതി ആദ്യം കൊടുക്കുക ദുര്യോധനനാണെന്ന നിങ്ങളുടെ അഭിമുഖം ഹസ്തിനപുരി ചുവരെഴുത്തുപതിപ്പിൽ പ്രസിദ്ധീകരിച്ച ഉടൻ, അന്തഃപുരത്തിലും രാജസദസ്സിലും വിവാദമായല്ലോ. ഭർത്താവു ഒന്നുമാത്രം എന്ന ഏകശിലാദാമ്പത്യത്തിന്റെ വർത്തമാനകാലപ്രതീകങ്ങളായ കൗരവരാജസ്ത്രീകൾ, ഈ ‘പ്രകോപന’ത്തിന്നെതിരെ പ്രതികരിക്കുമെന്നു് ദുര്യോധനവധു! പാണ്ഡവദാമ്പത്യം കൗരവരാജസഭയിൽ വിവാദചർച്ചാവിഷയമാക്കിയതിന്റെ അകംപൊരുളെന്തായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“കൗരവഅടിമക്കു് ഭൗതിക പരിരക്ഷ ഉടയോനിൽ നിന്നല്ലേ, അടിമപരിപാലന നിയമമനുസരിച്ചു ഞങ്ങൾക്കു് പ്രതീക്ഷിക്കാനാവൂ? അപ്പോൾ, പാണ്ഡവർ വനവാസക്കാലത്തു, ഗാർഹികവും ലൈംഗികവുമായ അതിക്രമം എന്നിൽ നടത്തിയാൽ ആർക്കു ഞാൻ പരാതി കൊടുക്കണം? പെണ്ണഭിമാനസംരക്ഷണം ഉടയോന്റെ നീതിപീഠത്തിൽ ഞാൻ നടപടിക്രമമനുസരിച്ചു അർപ്പിക്കുന്നെങ്കിൽ, ദുര്യോധനവധുവെന്തിനു് വെളിച്ചപ്പെടണം? ഹസ്തിനപുരി ശിക്ഷാനിയമമനുസരിച്ചു എന്റെ പൗരാവകാശങ്ങൾ പന്ത്രണ്ടു കൊല്ലത്തേക്കു്, നീതിമാനെന്നറിയപ്പെടുന്ന ഭീഷ്മർ, പരാതിക്കാരിയായ എന്റെ വശം മാത്രം കേൾക്കാൻ മെനക്കെടാതെ, ഏകപക്ഷീയമായി നിഷേധിച്ചതു് പാണ്ഡവപിടിപ്പുകേടു് അത്രമേൽ വ്യക്തമായതുകൊണ്ടല്ലേ? അതിൽ ഉടയോൻ ദുര്യോധനൻ എന്തു് പിഴച്ചു?”
“ചെങ്കോൽ കൈപ്പിടിയിൽ എത്തിയപ്പോൾ, കിടപ്പിലായല്ലോ പാവം യുധിഷ്ഠിരൻ?”, ദിവസങ്ങളായി അടഞ്ഞുകിടന്ന രാജസഭ ഗോപുരത്തിലേക്കുനോക്കി കൊട്ടാരം ലേഖിക, കൃപാചാര്യനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“സൂക്ഷ്മാണുക്കളുടെ കാര്യമൊക്കെ പ്രകൃതിയുടെ ഗൂഢാത്മകതയല്ലേ, ഭാവിയിൽ അതൊക്കെ മനുഷ്യബുദ്ധിയിൽ തെളിയട്ടെ, ഇപ്പോൾ ഊഹം വച്ചു് നാം പറഞ്ഞുകൂടല്ലോ, എന്നാൽ നഗ്നനേത്രങ്ങൾ കണ്ട ഒരു കാര്യം ഞാൻ മതിപ്പോടെ ഓർക്കുന്നു, ദശാബ്ദങ്ങളായി ധൃതരാഷ്ട്രർ രാജസഭാധ്യക്ഷനെന്നനിലയിൽ ഉപയോഗിച്ചിരുന്ന തിരുവസ്ത്രങ്ങൾ ചുരുട്ടിക്കൂട്ടി, “ഇതു് വേണ്ട ഇനി എനിക്കെ”ന്നു പറഞ്ഞു സ്ഥാനാരോഹണച്ചടങ്ങിൽ ഒഴിവാക്കാൻ നിയുക്തരാജാവു് യുധിഷ്ഠിരൻ പട്ടാഭിഷേകത്തിനു തൊട്ടുമുമ്പു് കാണിച്ച ധീരപ്രഖ്യാപനം, അതു് നിയുക്ത മഹാറാണി പാഞ്ചാലിയുടെ പരോക്ഷപ്രേരണയിൽ ആയാൽ പോലും, അതൊന്നു വേറെ! എന്നാൽ സ്തോഭജനകമായി ‘ചുരുട്ടിക്കൂട്ടുമ്പോൾ’, തിരുവസ്ത്രത്തിൽനിന്നും യുധിഷ്ഠിരനിലേക്കു പകർന്നുവോ ഒരു അക്ഷൗഹണി രോഗാണുക്കൾ!”
“കൊട്ടാരവിപ്ലവത്തിനു ശ്രമം? അഭിമന്യുമകൻ പരീക്ഷിത്തിനെ കൂട്ടുപിടിച്ചു? അരമനയിൽ ഈ ഗൂഢാലോചനയെ കുറിച്ചു് വിവരമൊന്നും നിങ്ങൾ യുധിഷ്ഠിരനുകൊടുത്തില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“യുധിഷ്ഠിരനെയും എന്നെയും ‘വയോജനങ്ങൾ’ എന്ന വിഭാഗത്തിൽപെടുത്തി ഞങ്ങൾക്കനുകൂലമല്ലാത്ത ആജ്ഞ ഊട്ടുപുരയിലും അന്തഃപുരത്തിലും കൊടുക്കുന്ന പ്രവണത കുറച്ചു കാലമായി പാഞ്ചാലിക്കുണ്ടെങ്കിലും, മരണം ഉന്നംവച്ചു ആസൂത്രിത നീക്കങ്ങൾ, പരീക്ഷിത്തിനൊപ്പമവൾ ആലോചിച്ചുറപ്പിക്കുന്നതു നേരിൽ കണ്ട ഞാൻ, രഹസ്യം പുറത്തു പറയാൻ ഭയന്നു എന്നതാണു് നേരു്. യുധിഷ്ഠിരൻ ഉറക്കമുണരാൻ വൈകിയാൽ, ഉണർത്താനൊന്നും മെനക്കെടാതെ, “രാജാവു് ഉറക്കത്തിൽ കാലം ചെയ്തു” എന്നു് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ, കിരീടാവകാശി പരീക്ഷിത്തിന്റെ അധികാരമോഹം പാഞ്ചാലി സ്വന്തം നേട്ടത്തിനായി ദുരുപയോഗം ചെയ്തു. നിങ്ങൾക്കറിയാമോ, യുധിഷ്ഠിരനെ കൊട്ടാരവാസികൾ അവിശ്വാസത്തോടെ നോക്കുന്ന അനുഭവം തന്നെ ഉണ്ടായി! അതു് യുധിഷ്ഠിരനെ വല്ലാതെ നോവിച്ചു. എണ്ണതേച്ചു ശിരസ്സിൽ ജലധാര ചെയ്തു ശ്വാസംമുട്ടിപ്പിക്കുന്നൊരു ചികിത്സാരീതി, പാഞ്ചാലി യുധിഷ്ഠിരനിൽ പ്രയോഗിച്ചപ്പോൾ, കണ്ടുനിന്ന എനിക്കു പിടിച്ചുനിൽക്കാനായില്ല. പാണ്ഡുവിനെ നിശ്ശബ്ദനാക്കാൻ, കുന്തിയും മാദ്രിയും നടപ്പിലാക്കിയ ‘കുളിപ്പിച്ചു് കുളിപ്പിച്ചു് ആളെകൊല്ലുന്ന കളി’ കുട്ടിക്കാലത്തു ഞങ്ങൾ നേരിൽ കണ്ടതാണു്. ശത്രുസംഹാരക്ഷമതയുടെ ആഴവും കുടിലതയും എണ്ണക്കൂളിയിൽ വ്യക്തമാവാൻ കാലം കുറെ വേണ്ടിവന്നു. നിർത്തൂ പേക്കൂത്തു എന്നു് നെഞ്ചത്തടിച്ചു പാഞ്ചാലിയോടു് ഞാൻ നിസ്സഹായതയോടെ പൊട്ടിത്തെറിച്ചതോർമ്മയുണ്ടു്. ഉണരുമ്പോൾ, ഭൂഗർഭ കൽത്തുറുങ്കിൽ, അടിവസ്ത്രത്തിൽ മരവിച്ചുകിടക്കുകയാണു്. മനോരോഗിയെന്നു് പാഞ്ചാലിയെന്നെ പരസ്യമായി മുദ്രകുത്തി. സ്വാധീനവും ഇച്ഛാശക്തിയും ഉപയോഗിച്ചു് എന്നെ മാരകമായ എണ്ണക്കുളിയിൽ തളച്ചിട്ടു. ബീജദാതാവു് അതീതശക്തിയെന്ന ഉത്തമബോധ്യം ഉള്ളതു് മാത്രമാണു് ജീവൻ പോവാതെ പിടിച്ചു നിൽക്കാനായതു്. ഹസ്തിനപുരിയിൽ ജീവിതം തുടരുക അസാധ്യം” വിങ്ങിപ്പൊട്ടുകയായിരുന്ന ഭീമനുമേൽ യുവപരീക്ഷിത്തിന്റെ കരുത്തുള്ള കൈകൾ പെട്ടെന്നു് വീണു.
“എണ്ണചികിത്സയുമായി നിങ്ങൾ സഹകരിക്കണം. ഭീമാകൃതിയുണ്ടെങ്കിലും നിങ്ങൾ, ആളൊരു ശുദ്ധൻ എന്നു് ഞങ്ങൾ വിലയിരുത്തിക്കഴിഞ്ഞു പത്രപ്രവർത്തകരെ കണ്ടാൽ മുഖം തിരിക്കണം ശുദ്ധൻ എന്ന സംശുദ്ധമുദ്ര കളയരുതു്!”
“ദ്വാരകയിലേക്കപ്പോൾ മടങ്ങാൻതന്നെ ഉറച്ചു?”, കൊട്ടാരം ലേഖിക ചോദിച്ചു. അർജ്ജുനന്റെ ഭാര്യമാരിൽ ഒരാളും, പോരാളിഅഭിമന്യുവിന്റെ അമ്മയുമായ സുഭദ്രയുടെ മടക്കയാത്രക്കു്, കൂട്ടിനായി പാണ്ഡവർ ആരും പോവേണ്ടതില്ലെന്നു മഹാറാണി പാഞ്ചാലി ആജ്ഞാപിച്ച, സംഘർഷഭരിതമായ അരമന അന്തരീക്ഷം. യുദ്ധക്ഷീണം നോക്കാതെ അർജ്ജുനൻ മറ്റൊരു പെൺവേട്ടക്കായി പടിയിറങ്ങിയ ദിനങ്ങൾ.
“ഭാവിയിലൊരു യുദ്ധം ജയിച്ചാൽ ഉറപ്പായും അഭിമന്യു അധികാരത്തിൽവരുമെന്ന പ്രത്യാശയിൽ അവനെ ഞാൻ വളർത്തി വലുതാക്കി. നേരത്തേ, വിരാടയിൽ ഭിന്നലിംഗ ‘ബൃഹന്നള’യുടെ ശിഷ്യയും കാമുകിയുമായ ഉത്തരയെ, അഭിമന്യുവിനെക്കൊണ്ടു് വിവാഹം കഴിപ്പിക്കാൻ പാതിമനസ്സോടെ ഞാൻ തയ്യാറായി. കുരുക്ഷേത്രയിൽ കൗരവർ ഒരുക്കിയ ചക്രവ്യൂഹത്തിൽ അഭിമന്യു കൊല്ലപ്പെട്ടതു് പാണ്ഡവ നാൽവർസംഘത്തിന്റെ ഗൂഢാലോചനയെന്നറിയാൻ വൈകിയോ! അർജ്ജുനനുമൊത്തു അഭിമന്യുവിനെ രാജാവാക്കാൻ മറ്റുനാലു പാണ്ഡവരും ഉത്സാഹിക്കും എന്നൊക്കെ ദിവാസ്വപ്നംകണ്ട ഞാനെത്ര നിഷ്കളങ്ക! പാഞ്ചാലിക്കു് പ്രിയം അവളുടെ അഞ്ചുമക്കളിൽ മൂത്തവൻ രാജാവാകാണം, എന്നാൽ അഞ്ചുപേരിൽ മൂത്തമകൻ സ്വന്തം ബീജപുത്രൻ തന്നെയാണോ എന്നുറപ്പില്ലാതെ യുധിഷ്ഠിരൻ കുഴങ്ങുന്ന കാഴ്ച എനിക്കപ്പോൾ വിചിത്രമായി തോന്നി. പാഞ്ചാലിയുടെ അഞ്ചുമക്കളും അശ്വത്ഥാമാവിനാൽ കൊല്ലപ്പെട്ടതോടെ, ചെങ്കോൽനറുക്കു വീണതു് ഉത്തരയുടെ മകൻ, എന്റെ കൊച്ചുമകൻ പരീക്ഷിത്തിനു്. എന്നാൽ, പരീക്ഷിത്തു് അർജ്ജുനന്റെ കുഞ്ഞാണോ, അഭിമന്യുവിന്റെ കുഞ്ഞാണോ എന്ന ജൈവികസത്യം പുറത്തു പറയാതെ അഭിമന്യുവിധവ ഉത്തര. പരീക്ഷിത്തിന്റെ പട്ടാഭിഷേകം എപ്പോൾ എന്നതൊന്നും ഇപ്പോൾ ചിന്തയിൽ വന്നിട്ടില്ലെന്നു് യുധിഷ്ഠിരൻ. കലുഷിതമായ യുദ്ധാനന്തര അരമനയിൽ, എനിക്കാടാൻ ഒരു അമ്മവേഷമില്ലെന്നറിഞ്ഞപ്പോൾ, ഉടുതുണിക്കു് മറുതുണി എടുക്കാതെ ഞാൻ കഴുതപ്പുറത്തു യാത്രയാവുന്നു!”
“പെറ്റതള്ളയെ കഴുത്തു ഞെരിച്ചു കൊല്ലുന്ന മക്കളെ ഹസ്തിനപുരി കണ്ടിട്ടുണ്ടു് എന്നാൽ പത്തുമാസം ചുമന്നുപ്രസവിച്ച പുത്രനെ കൊല്ലുന്ന മഹാറാണി എന്ന കുപ്രസിദ്ധി നിങ്ങൾക്കുള്ളതാണോ?” കൊട്ടാരം ലേഖിക, മുൻരാജമാതാ സത്യവതിയോടു് ചോദിച്ചു. ബാലപാണ്ഡവർ അരമനയിൽ അഭയാർഥികളായി വന്നശേഷം, കൗരവക്കുട്ടികളുമായി നിരന്തരം പോരടിക്കുന്നതു കാണാൻ മനക്കരുത്തില്ലാതെ, പുത്രവിധവകളായ അംബിക അംബാലിക എന്നീ മുൻ കാശിരാജകുമാരികളുമൊത്തു വാനപ്രസ്ഥത്തിൽ പോവാൻ തയ്യാറാവുന്ന, കുരുവംശത്തിലെ മറ്റൊരു കറുത്ത ദിനം.
“പേറ്റുചൂരു് മാറാത്ത ഏഴുകുഞ്ഞുങ്ങളെ സ്വയം പുഴയൊഴുക്കിൽ ശ്വാസംമുട്ടിച്ചുകൊന്ന ഗംഗാദേവിയുടെ പേരോർമിക്കാഞ്ഞതു്, അവൾ സവർണ്ണകുടുംബാംഗം ആയതുകൊണ്ടാണോ എന്നു് പൂർവ്വാശ്രമത്തിൽ ഒരു മീങ്കാരിയായിരുന്ന ഞാൻ ചോദിക്കുന്നില്ല. ഷണ്ഡൻ എന്റെ മകൻ വിചിത്രവീര്യൻ, എന്നു് യുവഭാര്യമാർ, അംബികയും, അംബാലികയും, രഹസ്യമായി അറിയിച്ചപ്പോൾ, ഞാൻ ഇടപെട്ടതു് കുരുവംശ പിന്തുടർച്ച ഉറപ്പുവരുത്താൻ ആയിരുന്നു. വൃദ്ധഭർത്താവു് ശന്തനു മരിച്ചു രാജവിധവയായപ്പോൾ സതി ഉപേക്ഷിച്ച ഞാൻ, കൊലയാളിഗംഗക്കു കൊല്ലാൻ കഴിയാതെപോയ എട്ടാമത്തെ മകൻ ഭീഷ്മരെ സമീപിച്ചു, “ബ്രഹ്മചര്യം പിൻവലിച്ചു എന്നിൽ നീ പ്രസാദിക്കൂ പ്രിയ ദേവവൃതാ” എന്നു് മുട്ടുകുത്തി യാചിച്ചു. ആജീവനാന്ത ബ്രഹ്മചര്യം ഒരു മാണിക്യക്കല്ലു് പോലെ നെറുകയിൽ പ്രദർശിപ്പിച്ച ഭീഷ്മർ, “നീ എനിക്കു് എങ്ങനെ പായക്കൂട്ടാവും, നിന്റെ ഉടലും പൂമണവും അടുത്തുനാം ഇടപഴകുമ്പോൾ കോരിത്തരിപ്പിക്കാറുണ്ടെങ്കിലും” എന്നുപറഞ്ഞു കൈ ഒഴിഞ്ഞു. അങ്ങനെ ഞാൻ ഷണ്ഡപുത്രൻ വിചിത്രവീര്യനെ കാലപുരിയിലേക്കയക്കാൻ കുറഞ്ഞതോതിൽ വിഷം നൽകുന്ന ദൗത്യം ഏറ്റെടുത്തു ഫലിച്ചപ്പോൾ, എന്റെ കന്യാപുത്രനായ വ്യാസനെ ക്ഷണിച്ചുവരുത്തി, യുവസുന്ദരികളായ അംബികക്കും അംബാലികക്കും രതിക്കൂട്ടാവാൻ പ്രാർത്ഥിച്ചു. ധൃതരാഷ്ട്രർ പാണ്ഡു എന്നീ രണ്ടു അംഗപരിമിതരും ഹസ്തിനപുരിയുടെ ഭാഗദേയം ഏറ്റെടുക്കാൻ ആയി. അല്ല, ഇങ്ങനെ ഓരോ അരമനയിലും കാണില്ലേ കുടുംബവാഴ്ച നിലനിർത്താൻ വേണ്ട പൊടിക്കൈപ്രയോഗം?” പുത്രവധുക്കളെ സ്വയം ആട്ടിത്തെളിയിച്ചു, മുൻമഹാറാണിയും നിലവിൽ രാജമാതാവുമായ സത്യവതി, ആരുടേയും അകമ്പടിയില്ലാതെ പടിയിറങ്ങി. മട്ടുപ്പാവിൽ ഒളിഞ്ഞുനിന്നു ഗാന്ധാരി കൺകെട്ടുതുണി അല്പംനീക്കി ആ കാഴ്ച കുളിർമ്മയോടെ നോക്കി. ഇനി രാജമാതാ ഞാൻ.