“രണ്ടു അമ്മമാരുടെയും രഹസ്യ കാമുകന്മാരെ കണ്ടും മിണ്ടിയ ബാല്യകൗമാര ഓർമ ‘ഹസ്തിനപുരി പത്രിക’യുമായി പങ്കു വെക്കാമോ?”
“കുരുവംശത്തിലെ ദാമ്പത്യേതര സന്തതികൾ” എന്ന പ്രത്യേക പതിപ്പിനായി യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു
“എന്റെ അംഗീകൃത ബീജദാതാവു് കാലനെ കാണുകയോ, ആഗ്രഹിക്കയോ ചെയ്യുന്നില്ലെങ്കിലും, മറ്റു മാതൃകമിതാക്കൾ വരുമെന്നറിഞ്ഞാൽ വീടാകെ വസന്തകാലമാവും. കിടപ്പുരോഗി പാണ്ഡുവിനെ തൂക്കി ഞങ്ങൾ ചാച്ചുകെട്ടിയിൽ കിടത്തി, കിടപ്പറ കഴുകി ചെമ്പകപ്പൂക്കൾ എറിഞ്ഞലങ്കരിക്കും. വായു, ഇന്ദ്രൻ, അശ്വനിദേവത, ഇവർ പതിവായി വരുമ്പോഴും പോവുമ്പോഴും, മിണ്ടിപ്പറയാൻ ഞാനുണ്ടാവുമെങ്കിലും, അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾക്കൊപ്പം അവർ കിടപ്പറയിൽ പ്രവേശിച്ചാൽ, പുറത്തു ആശ്രമപ്പടിയിൽ കാവൽനിൽക്കണമെന്നു കുന്തി ആജ്ഞാപിക്കും. പ്രണയപർവ്വം കഴിഞ്ഞു വിഷ്ടാതിഥികൾ വീടു് വിട്ടിറങ്ങുമ്പോൾ കാമുകർ പതിവായി ചോദിക്കുന്ന കുസൃതിചോദ്യമുണ്ടു്, “പോരുന്നോ കൂടെ, നിന്റെ അച്ഛനായ കാലന്റെ വീട്ടിലേക്കു?””
“പോരാട്ടം ജയിച്ചെന്ന അവകാശ വാദവുമായി അന്ധരാജാവിൽ നിന്നും ചെങ്കോൽ പിടിച്ചുവാങ്ങി മുപ്പത്തിആറു് വർഷം ഹസ്തിനപുരി നിങ്ങൾ ഭരിച്ചു എന്നു് ഔദ്യോഗിക രേഖങ്ങളിൽ കാണുന്നു. രാഷ്ട്ര മീമാംസയിലും ദ്രൗപദീദാമ്പത്യത്തിലും വിരുദ്ധ നിലപാടുകളുള്ള നാലു അധികാരമോഹികൾ സഹോദരന്മാരായി ഉണ്ടായിട്ടും, ഒളിഞ്ഞും തെളിഞ്ഞും, സിംഹാസനത്തിനുവേണ്ടി അരമനയിൽ വിമത ശല്യം ഉണ്ടാക്കിയില്ല എന്നോ? അതോ, യുധിഷ്ഠിരൻ മുളയിലേ എല്ലാം നുള്ളി ‘അമർച്ച’ ചെയ്തു എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അഞ്ചുപേരുടെ വ്യക്തിഗത ലൈംഗിക രഹസ്യങ്ങൾ ദശാബ്ദങ്ങളായി സംഭരിച്ച പാഞ്ചാലിയുടെ മുമ്പിൽ, അവസരം കിട്ടുമ്പോളെല്ലാം അടിയറവിൽ മുട്ടുകുത്തി ശീലിച്ച ഞങ്ങൾ പക്ഷേ, അവളുടെ സമഗ്രാധിപത്യ പ്രവണതക്കെതിരെ രഹസ്യ ചെറുത്തുനിൽപ്പിനു് ‘ഐക്യമുന്നണി’ ആയി പ്രവർത്തിച്ചിരുന്നു എന്നു നിങ്ങൾക്കറിയാമോ?, ഇത്രകാലവും ബഹുഭർത്തൃത്വവുമായി ഞങൾ സഹകരിച്ചു എങ്കിൽ, പരിശുദ്ധ പാഞ്ചാലിക്കു് പറയണ്ടേ നിങ്ങൾ ആദ്യം നന്ദി?”
“അവൾ കരുതലോടെ നിങ്ങൾക്കു വേണ്ടി ചെയ്ത ഒരു കാര്യം പെട്ടെന്നോർക്കാമൊ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“പരീക്ഷിത്തിനു് ചെങ്കോൽ കൈ മാറി, ഇനി പടിയിറങ്ങാമെന്ന തിരിച്ചറിവിലേക്കെന്നെ അവൾ നയിച്ച കാര്യം: കുരുവംശ വയോജനങ്ങൾ വനവാസത്തിനു പോവേണ്ടവരല്ല എന്ന സംവാദത്തിൽ പങ്കെടുത്തു അന്തഃപുരത്തിലേക്കു നടക്കുമ്പോൾ, ഉദ്യാനത്തിന്റെ അറ്റത്തൊരു പന്തലിൽ, വിറകുകെട്ടു സൂക്ഷിച്ചിരിക്കുന്നതു് കണ്ടു. പുകയും ചൂടും എത്താത്ത ദൂരത്താണു് ഊട്ടുപുര, “ഇതെന്താ വിറകൊക്കെ പതിവില്ലാ തെ ഇവിടെ”? എന്നു് ഞാനവൾക്കു നേരെ വിരൽചൂണ്ടിയപ്പോൾ, “മഴക്കാലമല്ലേ വരുന്നതു്, പെട്ടെന്നു് നിങ്ങളിൽ ഒരാൾ കുഴഞ്ഞുവീണു കാലം ചെന്നാൽ, പുക ഉയരാതെ ശവദാഹം നടക്കാൻ വെയിലത്തുണക്കിയ വിറകിരിക്കട്ടെ എന്നു കരുതി”, അവൾ അകത്തേക്കു് കയറി. ആ നിമിഷം ഞാൻ തീരുമാനിച്ചു, ഇനിയൊരു ദിവസമെങ്കിൽ ഒരു ദിവസം, വൈകാതെ ഈ മരണക്കെണിയിൽനിന്നും രക്ഷപ്പെടണം!”
“ഭർത്തൃമാതാവു് ജീവിതാന്ത്യം ചെലവഴിക്കാൻ പോവുന്നതു് പാമ്പും പന്നിയും വിഹരിക്കുന്ന കാട്ടിലേക്കു്. പോവരുതേ, പൊന്നുപോലെ നോക്കാം എന്നു് പറയേണ്ടതാണു് പുത്രവധു?”, വയോജനങ്ങളോടു് വെറും വാക്കു് പോരാ എന്ന പൊതു സംവാദത്തിലായിരുന്ന മഹാറാണിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“സ്വതന്ത്ര ജീവിതം നയിച്ച വനിതയല്ലേ? കാട്ടുകുടിലിലെ തറയിൽ ഷണ്ഡൻഭർത്താവു് കിടക്കുമ്പോഴല്ലേ, ഇങ്ങനെ പോരാ എന്ന പ്രബുദ്ധമായ തിരിച്ചറിവിൽ, കുട്ടികളുണ്ടാവാൻ പരപുരുഷരതി പ്രായോഗികതലത്തിൽ കുന്തി കൊണ്ടുവന്നതു്? ഞങ്ങൾ ഖാണ്ഡവ വനത്തിലേക്കു് കുടിയേറാൻ നിർബന്ധിതരായപ്പോൾ, ഞാനും കൂടെ വരാം എന്നു് ഉത്സാഹിച്ചുവോ, അതോ, ഇനിയുള്ള കാലം ഞാൻ മഹാറാണിക്കു് തുണ എന്നു് പറഞ്ഞു പിൻവാങ്ങിയോ? നിങ്ങൾ കുന്തിയെ മൂല്യം കുറച്ചു വിലയിരുത്തരുതു്. മിതമായി പ്രശംസിച്ചുകൊണ്ടു് സംവാദം അവസാനിപ്പിക്കട്ടെ, എന്നെന്നേക്കുമായി പടിയിറങ്ങിപ്പോവുന്ന രാജാമാതാവിനെ പിടിച്ചു നിർത്തിയപ്പോൾ, പ്രതിരോധിക്കാനാവാതെ കുന്തി കീഴടങ്ങി എന്നു് വരും യുഗത്തിലാരും പഴി പറയാതിരിക്കട്ടെ.”
“ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ടവന്റെ മകൻ എന്നു് വിദ്യാർത്ഥികൾ നിന്നെ ഇന്നും അവഹേളിച്ചുവോ?”, ഉത്തര ചോദിച്ചു. ഹസ്തിനപുരിയിലെ യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“ദ്രോണരെ ചതിച്ചു കൊലപ്പെടുത്താനുള്ള പാണ്ഡവ ഗൂഡാലോചനയിൽ നിറസാന്നിധ്യമായ യുധിഷ്ഠിരനാണു് ‘അർദ്ധസത്യം’ എന്ന യുദ്ധസങ്കേതത്തിന്റെ ഉപജ്ഞാതാവു് എന്നു് കൃപാചാര്യൻ നമ്മുടെ ധർമ്മിഷ്ഠ മഹാരാജാവിനെ അധിക്ഷേപിച്ചു. കിരീടാവകാശിയായ ഞാൻ ചെങ്കോൽ കിട്ടിയാൽ രാജദ്രോഹികൃപാചാര്യരെ നാടു് കടത്തുകയാവും ആദ്യം ചെയ്യുക എന്നു് പറഞ്ഞപ്പോൾ, കൊട്ടാര ഗൂഢാലോചനയിൽ നിന്നെ സർപ്പവിഷം തീണ്ടി വകവരുത്താൻ അർദ്ധസത്യ വിശ്വാസികളെ കൂട്ടുപിടിച്ചുതുടങ്ങി എന്നു് ഉത്തരയോടു് പറയുക എന്നു് കൃപാചാര്യൻ ആജ്ഞാപിച്ചു അമ്മാ.”
“കിടപ്പിലായപ്പോൾ കഷ്ടമായോ?”, കാലൻ പാണ്ഡുവിനോടു് ചോദിച്ചു. കയ്യിൽ കയർ ഉണ്ടായിരുന്നു.
“രോഗത്തേക്കാൾ കഠിനം കമിതാക്കളെ കുറിച്ചു് കുന്തിയുടെ ഭോഗവർണ്ണനയാണു്. കയറുമായി വരുന്ന കാലനെ അപ്പോഴൊക്കെ ഞാൻ ഓർക്കും” മുൻ ഹസ്തിനപുരി രാജാവു് കയർ കുരുക്കിലേക്കു് തല ചേർത്തു കൊടുത്തു.
“അഞ്ചു മരണങ്ങളും ഒരു തിരോധാനവും ശ്രദ്ധയിൽ പെടുത്തിയിട്ടും, അനങ്ങുന്നില്ലല്ലോ ഭരണകൂടം?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി രാജാവു് പരീക്ഷിത്തിന്റെ അരമന സർവ്വാധികാരിയോടു് ചോദിച്ചു.
“പ്രതിഷേധജ്വാലയുമായി കോട്ടവാതിലിൽ ഒച്ചവച്ചു തട്ടണോ പൊതുസമൂഹം?” “സമാന ദുരൂഹരീതിയിൽ അഞ്ചു പേർ ഒന്നൊന്നായി കുഴഞ്ഞു വീണുമരിച്ചു എന്ന നിങ്ങളുടെ കണ്ടെത്തലിൽ തുടർഅന്വേഷണത്തിനു് രാജാവു് ഇന്നലെ രാത്രി തന്നെ ഉത്തരവിട്ട കാര്യം അറിഞ്ഞില്ലേ? ഭൗതികാവശിഷ്ടങ്ങൾ മലഞ്ചെരുവിൽനിന്നും നിന്നു് ഹസ്തിനപുരിയിലേക്കു് കഴുതപ്പുറത്തു കൊണ്ടുവരേണ്ട പ്രായോഗിക അസൗകര്യം കണക്കിലെടുത്തു, രണ്ടു ജഡവിദഗ്ദർ നാളെ യാത്ര തിരിക്കും. മറവു ചെയ്ത ഇടം കാണിച്ചുകൊടുക്കാനും പുറത്തെടുക്കാനും, വഴി നയിക്കാനും നിങ്ങൾ, കൊട്ടാരം ലേഖിക, തന്നെ യോഗ്യ എന്നു് രാജാവിനു് ബോധ്യമുണ്ടു്. അഞ്ചുപേരെ പിന്തുടർന്നു് അഭിമുഖം ചെയ്യുകയും, മരണമെത്തുന്ന നേരത്തു അരികിലുണ്ടാവുകയും ചെയ്ത അതേ നിങ്ങൾ! ആറാമത്തെയാളുടെ തിരോധാനവും അന്വേഷണത്തിനു് വിധേയമാകും. ഓരോരുത്തരും കുഴഞ്ഞു വീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ കാൽമുന്നോട്ടു വച്ചയാൾ എന്ന നിങ്ങളുടെ വാർത്ത അതർഹിക്കുന്ന കാഴ്ചപ്പാടിലൂടെ വിദഗ്ധ സംഘം പരിഗണിക്കും. അരമനവാർത്ത അതിശയോക്തിയിൽ അവതരിപ്പിക്കുന്ന കൊട്ടാരം ലേഖിക, ഉടൻ വിദഗ്ധ സംഘത്തിനു മുമ്പിലെത്തി പൂർണ്ണസഹകരണം കൊടുക്കാനും രാജകൽപ്പന ആവശ്യപ്പെടുന്നു. അനുസരിക്കുക—വഴിയിൽ നിങ്ങൾ ‘കുഴഞ്ഞു വീഴാ’തിരിക്കാൻ. പടിയിറങ്ങിപ്പോയവർ ഭാവിജീവിതം മാത്രമല്ല ശവസംസ്കാരവും പ്രകൃതിക്കു വിട്ടു കൊടുക്കുക എന്നതാണിവിടെ സത്യവതിയുടെ കാലം മുതൽ ചിട്ട, നിങ്ങൾ ഇടപെട്ടതുകൊണ്ടു് അവസാനംവരെ നിങ്ങൾ വിദഗ്ധർക്കു് സേവന ദാതാവായിരിക്കട്ടെ.”
“അതിഥി അതിരുവിട്ടു എന്നാണു തീൻശാലയിൽ പരാതി”, കൌരവ സംഘം ഹസ്ഥിനപുരിയിലേക്കു് മടങ്ങുമ്പോൾ കൊട്ടാരം ലേഖിക ദുര്യോധനനു് നേരെ ചൂണ്ടു് വിരലുയർത്തി.
“ആതിഥേയ പാഞ്ചാലി എന്റെ മുമ്പിൽ ആളാവാൻ ശ്രമിച്ചപ്പോൾ അതു് പൊളിച്ചു കയ്യിൽ കൊടുത്തതിന്റെ നർമകഥ നാട്ടിൽ എത്തിയ ശേഷം വിശദമായി ഊട്ടുപുരയിൽ പറയാം”. ഉല്ലാസവാനായിരുന്നു സ്ഥലജലഭ്രമത്തിൽ വഴുക്കി വീണു എന്നു് പാണ്ഡവർ പ്രചരിപ്പിച്ച കഥയിലെ ഇര.
“പെണ്ണുടൽ കാമനയോടെ തൊട്ടാൽ നീ മരിക്കട്ടെ” എന്ന ‘മുനിശാപം’, കാട്ടിലായാലും ഫലിക്കില്ലേ. സ്ഥാന ത്യാഗത്തിനു മെനക്കെടാതെ ചെങ്കോലും തിരുവസ്ത്രവും അന്ധ സഹോദരനു നേരെ എറിഞ്ഞു, പാണ്ഡുവും നിങ്ങളും ധൃതിയിൽ നാടുവിട്ടതെന്തുകൊണ്ടായിരുന്നു?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. കായികക്ഷമതയില്ലാത്ത പാണ്ഡുവിനെ നോക്കുകുത്തിയാക്കി കുന്തി, പ്രലോഭനത്തിലൂടെ പുതു പുരുഷബന്ധം സ്ഥാപിച്ചെടുക്കുന്ന സംഘർഷകാലം. കാട്ടിൽ കൊച്ചുകുടിലിൽ ഇളമുറ മാദ്രിയുമൊത്തായിരുന്നു മുൻ മഹാറാണി യുടെ താമസം.
“ബ്രഹ്മചര്യം ആജീവനാന്തം ‘ഉറപ്പു വരുത്താ’നുള്ള പിതാമഹന്റെ നീണ്ട കാല രതിപരീക്ഷണത്തിൽ, “എന്റെ ഉറക്കറയിൽ നിനക്കു് പങ്കാളി യാവാമോ?”, എന്ന ഭീഷ്മനിർദേശം വന്നപ്പോൾ ഞാൻ ഞെട്ടി. മഹാ റാണിയെ ആണു് ഭീഷ്മർ നിർല്ലജ്ജം ക്ഷണിക്കുന്നതു്! ചാരിത്ര്യമൂല്യങ്ങൾ ഉൾപ്പെടെ പുനഃപരിശോധന വേണ്ടി വരുന്ന പ്രതിസന്ധി. വിവാദ കാശി രാജകുമാരികളായ അംബികയും അംബാലികയും, അകാലത്തിൽ വിധവകളായപ്പോൾ, ഭീഷ്മരുടെ ബ്രഹ്മചര്യപരീക്ഷണങ്ങൾ സഹിക്കാനാവാതെ പടിവിട്ടിറങ്ങിയതു് കാട്ടിലേക്കല്ലേ? ശന്തനു മരിച്ചപ്പോൾ, വിധവ സത്യവതി, ഭീഷ്മരുടെ കിടപ്പറക്കൂട്ടു എന്ന നിർദേശത്തിനെത്രകാലം വഴങ്ങിക്കൊടുത്തു എന്നറിയാൻ അരമനചുവരുകൾക്കു ചെവിയുണ്ടായിരുന്നു. ഉറക്കറയിലെ സഹവർത്തിത്വമാണു് ഉന്നമെന്നു പിതാമഹൻ ഇരുകൈകളും ഉയർത്തി രാജകീയ ഭാവങ്ങളോടെ വിസ്തരിച്ചു പറയുമെങ്കിലും, ഉറക്കത്തിലെന്ന പോലെ ഇടയ്ക്കിടെ ഞങ്ങളുടെ മേനിതൊടും, തലോടും, തരം കിട്ടിയാൽ വിവസ്ത്രയുമാക്കും. ഒരുമിച്ചു വേണം നാം നിത്യവും കുളിക്കാനെന്നുകൂടി നിർദേശിക്കും. അടിയറവുള്ള അനുസരണയിൽ കവിഞ്ഞൊരു നിഷേധപ്രതികരണവും പിതാമഹനു സ്വീകാര്യമല്ലെന്നറിയിക്കും. കല്ലേപ്പിളർക്കുന്ന കൽപ്പന പുറപ്പെടുവിക്കുന്ന ‘തമ്പുരാൻ’ എന്നൊരു അരമന പ്രതിച്ഛായ നിലനിർത്തി, ബ്രഹ്മചാരിയെന്നു വിശേഷിപ്പിച്ചിരുന്നെങ്കിലും, കരൾ നിറയെ പുകഞ്ഞുയർന്നതു വന്യ രതി. നിസ്സഹായരായ ഞങ്ങളിലൂടെ ആ ‘പരീക്ഷണകുതുകി’ സാക്ഷാത്ക്കരിച്ചിരുന്നതു് കാരിരുമ്പിന്റെ കരുത്തുള്ള ബ്രഹ്മചര്യം. കൂടുതൽ ഞാനെന്തെങ്കിലും ഈ സമയത്തു പറഞ്ഞാൽ കുരുവംശ ചരിത്രത്തിന്റെ താളം തെറ്റും. പ്രലോഭനമന്ത്രം പ്രയോഗിക്കാനുണ്ടു് തടസ്സപ്പെടുത്തരുതു്.”
“മഹാറാണിപദവി കിട്ടിയിട്ടും പരാതി?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ഭർതൃപദവി ദുരുപയോഗം ചെയ്തു് ഭാര്യയെ ബലാത്സംഗം ചെയ്യുന്ന പാണ്ഡവർക്കെതിരെ പരാതി നീതിപീഠത്തിനു് സമർപ്പിച്ചു. അന്വേഷണം കഴിയുംവരെ ആരോപിതർ മാറി നിൽക്കട്ടെ, ഭരണ സ്തംഭനം ഒന്നും ഉണ്ടാവില്ല. പാഞ്ചാലപുത്രിയായ ഞാൻ മതി ചെങ്കോൽ പിടിക്കാൻ.”
“കൊട്ടാരവുമായും പോരാട്ടവുമായും ബന്ധമില്ലാതെ നിങ്ങൾ കുരുവംശ ഇതിഹാസമെഴുതുന്നതിൽ അപാകതയുണ്ടെന്നാണല്ലോ ചാർവാകൻ പ്രചരിപ്പിക്കുന്നതു്?”, കൊട്ടാരം ലേഖിക വ്യാസനുമുമ്പിൽ മുട്ടുകുത്തി കൈകൂപ്പി.
“മഹാഭാരതകഥയെഴുതാനുള്ള അടിസ്ഥാനയോഗ്യതക്കായി വേറെ ആരായി വേണം ഞാൻ പുനർജനിക്കാൻ? അമ്മ സത്യവതിവഴിയാണു് കുരുവംശവുമായി ജൈവികബന്ധം സ്ഥാപിച്ചതു്. അവരെന്നോ കാട്ടിൽ കുറുനരികളുടെ ഇരയായി. മരിക്കും മുമ്പവർ ദൗത്യം ഏൽപ്പിച്ചു. മക്കളിൽ ധൃതരാഷ്ട്രരും പാണ്ഡുവും വിദുരരും മരിച്ചു. മരിക്കാൻ അധികം താമസമില്ലാത്ത പാണ്ഡവരിലാകട്ടെ എന്റെ രക്തമില്ല. കേട്ടറിവുളള കാര്യങ്ങളിൽ, പുറത്തു പറയാവുന്നവ ഞാൻ പൊലിപ്പിക്കുന്നുണ്ടു്, അരുതാത്തതു അവ്യക്തമായി പറഞ്ഞൊപ്പിച്ചു വിവാദം ഒഴിവാക്കും. എന്നാൽ, വരുംയുഗത്തിലെ എഴുത്തുകാർക്കായി രചനയിൽ സ്ഥലം ഒഴിച്ചിടുമെന്നുറപ്പു്”
“യുധിഷ്ഠിരനെ ക്ഷീണിപ്പിക്കുന്ന വാർത്ത പെട്ടെന്നു് നമ്മുടെ ചുവരെഴുത്തിൽ കാണാതായി. എന്തു പറ്റി?” കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി പത്രിക കാര്യാലയം.
“നേരറിയാൻ എന്നൊരു നെറികെട്ട അരമനസംഘടനയെ പാണ്ഡവർ തട്ടിക്കൂട്ടി അസൗകര്യമുള്ള കൊട്ടാര വാർത്തകളെ ചുവരുകളിൽ നിന്നും തൂത്തെറിയാൻ തുടങ്ങി. ഇനി നമുക്കു് ശരണം കുതിരപ്പന്തിയും വഴിയമ്പലവും.”
“കൗരവ അരമനയിലെ അത്താഴ വിരുന്നിൽ നിങ്ങൾക്കു്, ആതിഥേയൻ ദുര്യോധനൻ ചുണ്ടു് പിളർത്തി ചുംബനം തന്നതു് വിവാദമായല്ലോ. വേണ്ട എന്നു് തോന്നിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ നവ വധുക്കാലം.
“ചുംബനം? ഞാനോ അവനോ പിന്നീടു് ഒരിക്കലും ഓർക്കാത്ത കാര്യം.”
“വിരാടയിലേക്കു് ഭീഷ്മനേതൃത്വത്തിൽ കൌരവസൈന്യം നയിച്ചു് ഗോസമ്പത്തു് കൊള്ളയടിക്കാൻ, ഹസ്തിനപുരിയിൽ പാൽക്ഷാമം അത്ര രൂക്ഷമാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“രാജ്യം വിഭജിച്ചും ഭാഗം തരണം എന്നു് വാശിപിടിച്ചു കൊമ്പുകുലുക്കി വരുന്ന പാണ്ഡവ ഭീകരർക്കു് നേരെ കൃത്യമായി കുന്തമെറിയാൻ പകൽ മുഴുവൻ വെയിലിൽ പരിശീലനം നേടുന്ന കൌരവ സൈനികർ കഴിക്കേണ്ടതു് പാലാണോ, അതോ പൊരിച്ച മാട്ടിറച്ചിയോ?”, വേവിച്ച പച്ചക്കറി കഴികുന്ന ദുര്യോധനൻ വിശദീകരിച്ചു.
“ദിവ്യായുധം കിട്ടിയാൽ യുദ്ധം ജയിക്കാമായിരുന്നു എന്നു് നിങ്ങൾ മോഹിക്കുമ്പോൾ, കൗരവരോ? ചെറുകൂട്ടങ്ങളായി ഗ്രാമഗ്രാമാന്തരങ്ങളിൽ കന്നുപൂട്ടുന്നവരെയും ഇറച്ചി വെട്ടുന്നവരെയും സൈന്യത്തിൽ കൂലിപ്പടയാളികളായി ചേർക്കുകയാണു്”, കൊട്ടാരം ലേഖിക അർജ്ജുനനോടു് പറഞ്ഞു. വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനിക പാളയം.
“കൗരവസൈന്യത്തിൽ ചേരാൻ മടിക്കുന്ന കൊച്ചു കുട്ടികളെ ബലം പ്രയോഗിച്ചു കുരുക്ഷേത്രയിലേക്കു കടത്തുവാൻ കൗരവർ എന്തു് പിഴച്ചവഴിയാണു് തേടുന്നതെന്നറിയുംമുമ്പു് നിങ്ങൾ ‘ഗ്രാമങ്ങളിൽനിന്നും’ ഹസ്തിനപുരിയിലേക്കു മടങ്ങിയതാണു് കഷ്ടം!”.
“കുരുവംശ പരമാധികാരത്തിന്നെതിരെ കടന്നാക്രമണത്തിനു മുതിർന്ന ദേശ ദ്രോഹികളെ ചെറുക്കാൻ സൈനിക മേധാവിത്വത്തിനു ധീരനേതൃത്വം നൽകിയ ദുര്യോധന രാജകുമാരനെ ‘കുരുവംശദാസൻ’ എന്ന വിശിഷ്ട പദവിയിലേക്കുയർത്തുവാൻ, യുധിഷ്ടിര നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തീരുമാനിച്ചു എന്നു് കേട്ടല്ലോ.”, കൊട്ടാരം ലേഖിക പ്രതിരോധമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന ഭീമനോടു് ചോദിച്ചു. കൗരവ രാജവിധവകൾക്കു സൗജന്യ ധാന്യവും വസ്ത്രവും നേരിട്ടെത്തിച്ചു മടങ്ങി വരികയായിരുന്നു ഭരണകൂട അധികാരശ്രേണിയിലെ രണ്ടാമൻ.
“പൊതുജീവിതത്തിലെ അഭിമാന നിമിഷം! ഒരാഴ്ചമുമ്പു് ഞാൻ ദുര്യോധനന്റെ അന്ത്യവിശ്രമ സ്ഥലിയിൽ ഏകനായി ശ്രമദാനം ചെയ്തു. കല്ലും കരടുമൊക്കെ നീക്കി തിരി കത്തിച്ചു. കുലദ്രോഹികളിൽ നിന്നു് കുരുവംശത്തെ രക്ഷിക്കാൻ കുരുക്ഷേത്രയിൽ സ്വയം കുരുതികൊടുത്ത വീരനായകൻ ആരോരുമറിയാതെ കിടക്കുന്നതെന്റെ കരൾ നോവിച്ചു. അടുത്ത ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ പൂർണ്ണമായും യുധിഷ്ഠിരൻ അംഗീകരിച്ചു. ബലിദാനി ദുര്യോധനന്റെ വിശുദ്ധപദവിയിലേക്കുള്ള ആദ്യഘട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. കുരുവംശദാസൻ എന്ന സംജ്ഞ അർത്ഥമാക്കുന്നതു് എന്താണെന്നോ? പരേത ഐതിഹാസിക പോരാളിയുടെ എളിമയും സ്വഭാവ പരിശുദ്ധിയും അല്ലാതെ മറ്റെന്തു? അടുത്ത ഘട്ടത്തിൽ കൗരവരാജ വിധവകളെ ഉൾപ്പെടുത്തി കുടുംബയോഗത്തിൽ “അവൻ ഞങ്ങൾക്കു് അഭിവന്ദ്യൻ” എന്ന അപൂർവ്വ പട്ടം നൽകുമെന്നു നിങ്ങൾ കേട്ടതും ഒരനുബന്ധ വസ്തുത. പൊതുവേദിയിൽ, രാഷ്ട്രത്തലവൻമാരുടെ കുലീന സാന്നിധ്യത്തിൽ, എല്ലാവരും എഴുനേറ്റു നിന്നു് കൈ കൊട്ടി, “പോർക്കളത്തിൽ നീ ഞങ്ങൾക്കു് വഴികാട്ടി, ഹൃദയത്തിൽ നീ ഞങ്ങൾക്കു് വാഴ്ത്തപ്പെട്ടവൻ” എന്ന ആശംസ നൽകി ആദരിക്കും. കോട്ടവാതിലിനു പുറത്തു ദുര്യോധനന്റെ പഞ്ച ലോഹ പൂർണ്ണകായ പ്രതിമ പാഞ്ചാലി അനാശ്ചാദനം ചെയ്യും. ദുര്യോധനദാസൻ എന്നു് രാഷ്ട്രത്തിനു മുന്നിൽ പഞ്ചപാണ്ഡവർ ഓരോരുത്തരും സ്വയം സമർപ്പിക്കുന്നതോടെ, കൃതജ്ഞതയുടെ ഒരു പണത്തൂക്കം എന്ന നിലയിൽ തിരശീല വീഴും, ആഘോഷ പരിപാടിയുടെ ഔദ്യോഗിക ഏകോപനം സ്വാഭാവിക മായും മഹാറാണി പാഞ്ചാലിയുടെ അധികാര പരിധിയിൽ ആയിരിക്കും. സാധുക്കൾക്കു് അന്നദാനം ചെയ്യുന്നുണ്ടു്, ഊണു കഴിച്ചിട്ടേ പോകാവൂ, ഇനി എന്നെ പോകാൻ അനുവദിക്കൂ!”
“പരപുരുഷ രതി പിന്തുടരുമ്പോൾ ധാർമ്മികത അലട്ടുമോ?” കൊട്ടാരം ലേഖിക ചോദിച്ചു. ഉടുത്തൊരുങ്ങി കുന്തി പടിയിറങ്ങി പോവുന്ന നേരം.
“ധർമ്മദേവതയെ ആദ്യം പ്രലോഭിപ്പിച്ചതോടെ ധാർമ്മികത എനിക്കു് അനുകൂലമായല്ലോ.”
“നിങ്ങൾ നീണ്ട യാത്ര ചെയ്തു, വനാശ്രമത്തിൽ, പാഞ്ചാലിയെ അഭിമുഖം ചെയ്തുവരുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എങ്ങനെയുണ്ടു് ശിക്ഷാജീവിതം?”, ദുര്യോധനൻ കൊട്ടാരം ലേഖികയെ വിളിച്ചു വിസ്തരിച്ചു.
“നരകയാതന! സന്യസ്ഥാശ്രമങ്ങളിലെ വിസർജ്യങ്ങൾ കുഴിവെട്ടി സംസ്കരിക്കേണ്ട പണി ചെയ്തവൾ വലഞ്ഞു. ഒരിക്കൽ സുന്ദരിയായിരുന്ന ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, ഇന്നു് കണ്ടാൽ ശരിക്കും ഒരു മലിനവസ്തു”, കൊട്ടാരം ലേഖിക മുട്ടുകുത്തി യാചനാഭാവത്തിൽ കൈ കൂപ്പി, “അവൾക്കു മോചനം കൊടുക്കൂ. ഞാൻ വേണമെങ്കിൽ നിങ്ങളുടെ ലൈംഗികഅടിമയാവാം.”
“ഏകശിലാദാമ്പത്യജീവിതം നയിക്കുന്ന എന്നെ പ്രലോഭിപ്പിച്ചതു് തൽക്കാലം വിടുന്നു. പരിഷ്കൃതസമൂഹമെങ്കിലും ഹസ്തിനപുരിയുടെ വ്യവസ്ഥാപിത അടിമവ്യവഹാര നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ ചുവരെഴുത്തു പതിപ്പുകളിൽ അരുതു് എന്നു് താക്കീതു തരുന്നു. ആവർത്തിച്ചാൽ, മുന്നറിയിപ്പിനു് സാധ്യത ഇല്ലാതെ, അന്തഃപുരത്തിനു പിന്നിലെ വിസർജ്ജന ഇടങ്ങളിൽ മാലിന്യം നീക്കുന്ന പണി എല്പ്പിക്കുക ഹസ്തിനപുരി പത്രികയെ!”
“അഭിനിവേശമായിരുന്നുവോ? അതോ, ദുര്യോധനൻ മൃദുലവികാരമില്ലാത്ത രതിവേട്ടക്കാരനായിരുന്നുവോ?”. കൊട്ടാരം ലേഖിക ചോദിച്ചു. പ്രതിനായകന്റെ അന്ത്യവിശ്രമസ്ഥലിയിൽ പുഷ്പാർച്ചന ചെയ്തു പാഞ്ചാലി കൊട്ടാരത്തിലേക്കു മടങ്ങുന്ന സന്ധ്യ.
“ദുരനുഭവ പട്ടികയിൽ ഇനിയുമുണ്ടോ എണ്ണിയെണ്ണി ഓർമ്മിക്കുവാൻ എന്നു് നിങ്ങൾ ചോദിച്ചപ്പോൾ, പഴയ വസ്ത്രാക്ഷേപം ആവർത്തിക്കാൻ മാത്രം നിഷ്കളങ്കയല്ലല്ലോ ഞാൻ. നവവധുവെന്ന നിലയിൽ പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ താമസിക്കാൻ കൗരവർ അനുവദിച്ചതു് നഗരാതിർത്തിയിലെ അതിഥി മന്ദിരമായിരുന്നു. കുന്തി വിദുരർക്കൊപ്പം കൂടി. പ്രഭാതഭക്ഷണം പാചകം ചെയ്തു കഴിച്ചാൽ പാണ്ഡവർ അരമനയിലേക്കെന്നു പറഞ്ഞു പടിയിറങ്ങിപ്പോവും. അപ്പോൾ കാണാം, രാജവസ്ത്രങൾ ധരിച്ചു ദുര്യോധനൻ എങ്ങോട്ടോ ഔദ്യോ ഗികാവശ്യങ്ങൾക്കായി പോവുന്നതിനിടയിൽ ആജ്ഞ സ്വീകരിക്കാൻ തൊട്ടരികെ നിറഞ്ഞു നിൽക്കും. ആസ്വാദ്യകരമായി ആലിംഗനം ചെയ്യും. പിൻകഴുത്തിൽ മുഖം അമർത്തിപ്പിടിക്കും. ഗന്ധം ഇഷ്ടമാണെന്നു പറയും. മൃദുവിരലുകൾക്കപ്പോൾ പര്യവേഷണത്തിനു പെണ്ണുടൽ ഉപാധിയില്ലാതെ അനുമതി നല്കിയിട്ടുണ്ടാവും. അതിഥിമന്ദിരത്തിന്റെ ആഡംബരവും സ്വകാര്യതയും മരകൂട്ടങ്ങളുടെ നിഴലും, അതു് പോലെ തനിമയോടെ കണ്ടിട്ടുണ്ടെങ്കിൽ, അജ്ഞാത വാസക്കാലത്തു വിരാടസേനാപതി കീചകനിലായിരുന്നു. കൊതിപ്പിച്ചു വന്ന ആ യുവകോമളന്റെ വായും മൂക്കും കുത്തിപ്പിടിച്ചു ഭീമൻ കൊന്നതു് എന്റെ മുമ്പിൽവച്ചായിരുന്നു. പാപം ചെയ്ത ഭീമഹസ്തങ്ങൾക്കെന്റെ ശരീരം സ്പർശനാനുമതി എന്നെന്നേക്കുമായി നിഷേധിച്ചു. എന്നിട്ടും ആ ശിക്ഷ പോരാ പോരാ എന്നെനിക്കു പിന്നെയും പിന്നെയും തോന്നി!”
“നിങ്ങൾ, നിങ്ങളായിരുന്നോ, ശന്തനുവിനു് ഗംഗാദേവിയിൽ പിറന്ന ഏഴുകുഞ്ഞു ങ്ങളുടെ ആരാച്ചാർ?”, രാജതോഴിയുടെ പദവി എന്നോ ഒഴിഞ്ഞ മധ്യവയസ്സുകാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രസവിക്കാൻ ഭൂമിയിൽ വന്ന മറ്റൊരു ദേവസ്ത്രീ എന്നേ എനിക്കക്കാലത്തു ഗംഗയുടെ നിയോഗത്തെക്കുറിച്ചു തോന്നിയുള്ളൂ. ഗംഗ (ശന്തനുഭാര്യ, മഹാറാണിപദവി സ്വീകരിച്ചിരുന്നില്ല) വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാത ശിശുവിന്റെയും ജഡം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം മുക്കുവർ പങ്കിട്ടില്ല. തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി പ്രസവമുറിയിൽ നിന്നു് ഗംഗ എന്നെ പുഴയിലേക്കു് പറഞ്ഞു വിടും, ജോലി വൃത്തിയായി ചെയ്തു, നീന്തിക്കുളിച്ചു ഈറനുടുത്തു മടങ്ങി വരും. വിവരം പറയാൻ അന്തപുരത്തിൽ കയറുമ്പോൾ, ശന്തനുവിന്റെ അടക്കിപ്പിടിച്ച നിലവിളി കേൾക്കും, “എന്റെ ബീജത്തിൽ ജനിച്ച കുഞ്ഞിനെ ഞാനൊന്നു കാണും മുമ്പു് ഇത്ര വേഗം എന്തു് ചെയ്തു നീ ഗംഗാ? പ്രിയപ്പെട്ട കുഞ്ഞിനെ?”, വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞു വീണു മരിക്കുമെന്നു് കണ്ടു നിന്ന ഞാൻ ഭയന്നെങ്കിൽ തെറ്റി—തിരക്കുപിടിച്ചൊരു ‘ശാരീരികത’ക്കായി ദൈന്യതയിലും മഹാരാജാവു് വീണ്ടുമൊരു വട്ടം കൂട്ടുകയാണു്.”, കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ പിടിയിലായിരുന്ന തോഴി ഭൂതകാലക്കുളിരിൽ.
“അർജ്ജുനനെ കർണ്ണൻ കൊന്നാൽ തള്ളിപ്പറയുമോ നിങ്ങൾ ആ കൊലയാളിയെ?”, കൊട്ടാരം ലേഖിക കുന്തിയോടു ചോദിച്ചു.
“കർണ്ണൻ, എന്റെ കൗമാര രതി പരീക്ഷണത്തിലെ അപ്രിയസത്യം, അർജ്ജുനൻ എന്റെ മാതൃത്വ മോഹം സഫലീകരിച്ച പ്രിയപുത്രൻ.”
“ഇങ്ങനെ കിടന്നാൽ മതിയോ? നിങൾ ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയിൽ കൗരവവിധവകൾ സഹനം തുടരുന്നു”, പിതാമഹനോടു് കൊട്ടാരം ലേഖിക ശരശയ്യയിൽ സങ്കടപ്പെട്ടു.
“ഇരുവശങ്ങളിലും എനിക്കു് കൈ വക്കാൻ എവിടെ കൗരവ പെൺകുട്ടികൾ?”
“അരുതെന്നറിയാം, ചോദിക്കട്ടെ, ദ്രോണാചാര്യനുമായി എങ്ങനെ ആയിരുന്നു നിങ്ങളുടെ ഗുരു ശിഷ്യപാരസ്പര്യം”, കൊട്ടാരം ലേഖിക ഭീമനെ സമീപിച്ചു.
“കുന്തിയുമൊത്തു് ഹസ്തിനപുരിയിൽ അഭയാർഥികളായി ഞങ്ങൾ വരുമ്പോൾ, കൗരവർ ആധിപത്യം സ്ഥാപിക്കാത്ത ഇടമില്ലായിരുന്നു. കൗരവപക്ഷം ചേർന്നു് കൊട്ടാര സമുച്ചയത്തിൽ ദ്രോണർ സുഖമായി താമസിക്കുന്ന കാലം. പാണ്ഡവർ കാട്ടുമൃഗങ്ങളുടെ ചുടു ചോര ഊറ്റി കുടിക്കുമെന്നൊക്കെ കൌരവർ പൊലിപ്പിച്ചിരുന്നതു് ദ്രോണർ മുഖ വിലക്കെടുത്തു്, പിൽക്കാല ഏകല വ്യനോടെന്ന പോലെ, ഞങ്ങളുടെ തള്ളവിരലും മുറിച്ചു മേടിക്കുമെന്നാ യപ്പോൾ, രണ്ടും കല്പ്പിച്ചു ദ്രോണ ചെവിയിൽ യുധിഷ്ഠിരന്റെ ജനന രഹസ്യം ഞാൻ ഒരുനാൾ പറഞ്ഞു. കാലന്റെ സന്തതിയാണെന്നറിഞ്ഞ പ്പോൾ കാണണമായിരുന്നു ആ ഭീരു ബ്രാഹ്മണന്റെ മുഖം. പെട്ടെന്നു് കഥ മാറി. കണ്ടാൽ പുഞ്ചിരിയും ആലിം ഗനവും പാരസ്പര്യവു മായി”, ഭീമൻ ഒരു കൊച്ചുകുട്ടിയുടെ തിമിർപ്പിൽ ആയിരുന്നു.
“യുദ്ധക്കെടുതിയിൽ ജനം വലയുമ്പോഴും, ‘രാജധർമ്മത്തിന്റെ ബാലപാഠങ്ങൾ’ ഭീഷ്മമുഖത്തു നിന്നറിയാൻ ഹസ്തിനപുരിയിൽ നിന്നും ഓടിക്കിതച്ചുവരുന്ന ഭരണാധികാരി യുധിഷ്ഠിരൻ പിതാമഹനെ കാത്തു വെളിയിൽ ഓച്ഛാനിച്ചു നിൽക്കുമ്പോൾ, നിങ്ങൾ എന്താണു് നിഗൂഢ ഭീഷ്മവചനങ്ങൾക്കിരു ചെവിയും കൊടുത്തു എഴുതിയിരുന്നതു്!?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക പല്ലക്കിനരികെ ചെന്നു് ചോദിച്ചു.
“എന്റെ ബ്രഹ്മചര്യപരീക്ഷണങ്ങൾ എന്ന പേരിൽ, നീണ്ട ജീവിതത്തെ അടയാളപ്പെടുത്തുന്ന മുഴുനീള ഏറ്റു പറച്ചിൽ വേണമെന്നു് ഭീഷ്മർ അറിയിച്ചപ്പോൾ, മറ്റെല്ലാ ചുമതലകളും മറന്നു പനയോലക്കെട്ടും എഴുത്താണിയുമായി അടുത്തിരിക്കാൻ തുടങ്ങിയതാണു്. നമ്മെപ്പോലെ അൽപ്പായുസ്സല്ലല്ലോ, നീണ്ടുപോയ ജീവിതമല്ലേ. ജനനവും ബാല്യവുംമുതൽ തുടങ്ങുമ്പോൾ ഭൂതാതുരതയിൽ ആകസ്മിതകളും ആസംഭവ്യതകളും പാട മൂടി. കുമ്പസാരങ്ങൾ അടയാളപ്പെടുത്താതെ എങ്ങനെ എഴുത്താണി താഴെ വക്കും? ഒരു ചോദ്യം അതിനൊരുത്തരം എന്ന നിങ്ങളുടെ അഭിമുഖങ്ങളുടെ ലളിത ആവിഷ്കാരരീതി ബ്രഹ്മചര്യപരീക്ഷണങ്ങളിൽ പിന്തുടരാനാവുമോ, വ്യാസനെ വെല്ലുവിളിച്ചു സ്വയമൊരു കുരുവംശഗാഥക്കായി ഗംഗാപുത്രൻ പ്രയത്നിക്കുമ്പോൾ! രാജതന്ത്രത്തിൽ കാത്തുനിൽപ്പിനുള്ള ഇടം യുധിഷ്ഠിരൻ പഠിക്കട്ടെ!”
“രാവിലെ ചക്രവർത്തിനി, സന്ധ്യക്കു് പണയവസ്തു, ഇപ്പോൾ കൗരവഅടിമ. മനംനൊന്തു ആത്മഹത്യ ആലോചിച്ചുവോ?”, പാഞ്ചലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. വനവാസത്തിനു് പടി ഇറങ്ങുന്ന നേരം.
“അതിനുമുമ്പു് ചെയ്യേണ്ട ചില നരഹത്യകൾ ബാക്കിയുണ്ടു്.”
“ചതിയറിയാതെ, എല്ലാം പണയം വച്ചു തോറ്റു അടിമകളായ പാണ്ഡവരെ വഴിനീളെ പഴിപറയാൻ പാഞ്ചാലിക്കു് അവകാശമില്ലെന്നോ? വിറളിപിടിക്കില്ലേ പെണ്ണുടൽ പണയ വസ്തുവാക്കി ഭർത്താക്കന്മാർ ഉടുതുണി ഊരിക്കൊടുക്കേണ്ടി വന്നാൽ?”, കൊട്ടാരം ലേഖികയുടെ ധാർമികരോഷം തിളച്ചു. വനാശ്രമത്തിലെ ഏകാന്തതയിൽ നകുലൻ മാത്രം.
“ചൂതാട്ടത്തിനു കുൽസിതക്ഷണം കിട്ടിയപ്പോൾ കരുതലോടെയായിരുന്നില്ലേ പ്രതികരിച്ചതു്?, അന്തഃപുരത്തിൽ പാഞ്ചാലിയെങ്ങനെ ആ നിർദേശം അടിച്ചേൽപ്പിച്ചു എന്നൊക്കെ തുറന്നു പറയാൻ ദാമ്പത്യവിശ്വസ്തതക്കു് മൂല്യം കൊടുക്കുന്ന ഞാൻ ആളല്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവി വഹിക്കുന്ന പാണ്ഡവർ, സാമന്ത പദവിയുള്ള കുരുവംശത്തിന്റെ ഹസ്തിനപുരിയിൽ ചൂതാടുന്നതിലെ അനൗചിത്യം പത്രപ്രവർത്തകർക്കു ബോധ്യമാവില്ലേ. കളിക്കനുകൂലമായി, എന്നാൽ ഭാഷാപരമായ അവ്യക്തതയോടെ, പാഞ്ചാലി ഇടപെട്ടു എന്നതൊരു വസ്തുത മാത്രം. അതംഗീകരിച്ചു ഞങ്ങൾ ഹസ്തിനപുരിയിൽ പോയി കളിച്ചു എന്നതു വിവാദരഹിതമായി സ്വീകരിക്കപ്പെട്ട വാർത്ത.” പ്രതിരോധിക്കാനാവാതെ പാഞ്ചാലിയുടെ ദുഷ്പ്രേരണക്കു വഴങ്ങിയതിനു വിലകൊടുക്കേണ്ടി വന്നതിന്റെ വലിവിൽ നകുലൻ തേങ്ങി.
“പാണ്ഡുവംശജർക്കു് കുരുവംശ കൂട്ടുകുടുംബത്തിലുള്ള പാതി ഓഹരി കൊടുക്കാതെ ദശാബ്ദങ്ങളായി കുരങ്ങുകളിപ്പിക്കുന്ന കൗരവരോടു് പരസ്പരവിരുദ്ധമായ വൈകാരികനിലപാടു പ്രദർശിപ്പിക്കുന്ന പാഞ്ചാലി, ഭർത്താക്കന്മാർക്കു് ഭീഷണിയായോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വിഴുപ്പുതുണി നനച്ചു പാറക്കല്ലിൽ അടിച്ചു, അഴുക്കു നീക്കുകയായിരുന്നു താഴ്‌വരയിലെ ജലാശയത്തിൽ പാണ്ഡവർ, വനവാസക്കാലം.
“ഞങ്ങളുടെ ചങ്കുകീറുന്ന ദാമ്പത്യ അവിശ്വ സ്തതയാണവൾ ഇപ്പോൾ വിരുദ്ധനിലപാടിലൂടെ കാണിക്കുന്നതെങ്കിലും, കടിച്ചു പിടിച്ചു ഞങ്ങൾ നിയന്ത്രിക്കട്ടെ, കെട്ടു പൊട്ടിച്ചാടാൻ വെമ്പുന്ന പാണ്ഡവ നാവു്!”
“പാഞ്ചാലി രഹസ്യനിരീക്ഷണത്തിനു് വിധേയ? അത്രയും പ്രതിഷേധിച്ചില്ലേ? ഒന്നുമല്ലെങ്കിലും, പരിത്യാഗികളല്ലേ നിങ്ങൾ? അതോ, എരിയുന്നുണ്ടോ നിങ്ങളിലും പ്രണയഹൃദയം?”, പാണ്ഡവ കുടിലിനരികെ, സന്യസ്ഥമഠത്തിൽ ചെന്നതായിരുന്നു കൊട്ടാരം ലേഖിക.
“ഞാൻ അംഗപരിമിതനെന്ന കാര്യം വാതുറന്നുച്ചരിക്കുമ്പോൾ ഓർക്ക. ഇരുന്നുചെയ്യാവുന്ന ജോലി ആശ്രമ ഗുരു എനിക്കു് തന്നു. ജാലകത്തിലൂടെ അലസനോട്ടം പുറത്തേക്കു തിരിയും. കാഴ്ച തടസ്സപ്പെടാത്ത പാണ്ഡവാശ്രമത്തിൽ പാഞ്ചാലീചലനത്തിനായി ഹൃദയം തുടിക്കും. കുളികഴിഞ്ഞു പാഞ്ചാലി ഈറൻതുണി ഉണക്കാൻ ഇടുന്നതോടെ കാഴ്ചമറയും. അപ്പോൾ കരൾ പിടയും, പ്രത്യക്ഷത്തിൽ അസ്വസ്ഥനാവും. വൈകുന്നേരം ഉണങ്ങിയ തുണി എടുക്കാൻ പാഞ്ചാലി വരുമ്പോൾ, തുടിക്കുന്ന നെഞ്ഞുമായി ഞാനവളെ തുറിച്ചു നോക്കും. എന്നെ പാഞ്ചാലി കാണാറുണ്ടോ? ഉണ്ടെന്നു ആരാധനയോടെ സങ്കൽപ്പിക്കും. പാണ്ഡവരിലൊരാൾ സംശയത്തോടെ ആശ്രമങ്ങൾക്കിടയിലെ വേലിക്കെട്ടു സന്ധ്യയോടെ കൂട്ടിയിടുമ്പോൾ, ഞാനാകെ തളരും. ബലിഷ്ഠകായന്മാർ അവളിൽ ശാരീരികാധിപത്യം പുലർത്തുന്നതു് രാത്രി മുഴുവൻ എന്നെ വേട്ടയാടും. എന്തെല്ലാം സഹനപരീക്ഷകൾ നീ പാഞ്ചാലിക്കു് കൊടുത്തിട്ടും, വ്യക്തിത്വം ചിന്നിച്ചിതറാതെ അവൾ പിടിച്ചുനിൽക്കാൻ, അപാരതയോടു ഞാനപ്പോൾ മനമുരുകി പ്രാർത്ഥിക്കും!”
“മഹാഭാരതകഥ, ശന്തനുമുതൽ വാനപ്രസ്ഥംവരെ കേട്ടു്, ഹസ്തിനപുരി സിംഹാസനത്തിലേക്കു് കുതിക്കുന്ന താങ്കൾക്കിപ്പോൾ, ഭരണ നിർവ്വഹണനത്തിനു് ഒരുത്തമ മാതൃകയായി പാണ്ഡവരിൽ ആരെയാണു് പെട്ടെന്നോർമ്മിക്കാനാവുക?”, രാജാവു് ജനമേജയനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രകൃതിദത്തമായ മുഖംമൂടി, ഗാന്ധാരിയുടെ കൺകെട്ടു് പോലെ, അഴിക്കാതെ, പരസ്യജീവിതംനയിച്ച യുധിഷ്ഠിരൻ തന്നെയാണെന്റെ മാതൃകാ പുരുഷൻ!”
“താരപദവികളൊക്കെ സ്വന്തക്കാർക്കു് വീതിച്ചു അല്ലേ? ഹസ്തിന പുരിയിലപ്പോൾ അരാഷ്ട്രീയപ്രജകൾക്കു് തൊഴിലവസര മില്ല!”, കൊട്ടാരം ലേഖിക പുതിയ ഭരണാധികാരി യുധിഷ്ഠിരനെ മുട്ടുകുത്തി കൈമുത്തി.
“നഗ്നഹസ്തങ്ങൾ കൊണ്ടു് നൂറോളം കുടിലകൗരവരെ വക വരുത്തിയ ഭീമനു് കൊടുക്കേണ്ടേ പ്രതിരോധ മന്ത്രാലയം? ആഭ്യന്തരസുരക്ഷ അർജുനനു എന്ന നിയമനം, നൃത്താധ്യാ പിക ബൃഹന്നള മൂന്നാംലിംഗ വേഷധാരിയായി ഒറ്റക്കവ(ൾ)ൻ കൗരവ അക്രമികളെ തുരത്തി വിരാട ഗോക്കളെ സംരക്ഷിച്ചപ്പോൾ ഉയർന്ന പൊതുസമ്മതിയല്ലേ? ഇന്ദ്രപ്രസ്ഥം മുതൽ, കണ്ണുകളിൽ ഒന്നു് ചാരനോട്ട ത്തിനു ഉഴിഞ്ഞുവച്ച നകുലനുതന്നെ വേണ്ടേ രഹസ്യാന്വേഷണ വകുപ്പു്?, വരാനിരിക്കുന്ന കലിയുഗത്തിൽ പാണ്ഡവ രാജഭരണത്തിന്റെ ഭാവി കണ്ടെത്തണമെങ്കിൽ, ദൗത്യം നിറവേറ്റാൻ പ്രവചനസിദ്ധിയുള്ള സഹ ദേവൻ തന്നെ വേണ്ടേ? ലിംഗനീതി എന്നുച്ചരിക്കുമ്പോൾതന്നെ നാവിൽ വരുന്ന പേരു് പാഞ്ചാലിയല്ലേ?, സ്ത്രീകൾക്കു് നേരെയുള്ള ഗാർഹിക പീഡനത്തിനു നീതിന്യായ വിചാരണാധികാരമുള്ള മന്ത്രിതലപദവി, കുന്തിക്കുവേണ്ടേ കൊടുക്കാൻ? പിന്നെ ഏതു വകുപ്പാണു് ‘പ്രജ’ക്കു് കൊടുക്കാനാവുക?”
“നിങ്ങളും തെളിയിക്കണോ പുരുഷത്വം?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. യുധിഷ്ഠിരനെ അന്തഃപുരത്തിൽ നിന്നും ദ്രൗപദി കാരണം പറയാതെ പുറത്താക്കിയ അശാന്ത ദിനങ്ങൾ. യുദ്ധാനന്തര പാണ്ഡവഭരണകാലം.
“കൗമാരം വരെ വളർന്ന കാട്ടിൽ കണ്ടുകണ്ണുകലങ്ങിയൊരു ദൂരക്കാഴ്ചയുണ്ടു്. വനാധിപനായി വിലസിയ ആൺസിംഹത്തെ, പെൺസിംഹവും പുതുകാമുകനും ചേർന്നു തട്ടകത്തിൽനിന്നും തുരത്തുന്നു. സ്വന്തമെന്നിത്രയും കാലം അഭിമാനിച്ച ഇടം, തുടർന്നും സംരക്ഷിക്കുകയെന്ന ദൗത്യത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്നറിഞ്ഞ പാരവശ്യത്തോടെ, അവസാനം പടിയിറങ്ങി പതറിപ്പോവുമ്പോൾ, അതാ, എക്കാലവും ഉച്ഛിഷ്ടം തിന്നു വിധേയത്വത്തോടെ വാലാട്ടിയ മാംസഭോജികൾ, ഭീതിജനകമായ രീതിയിൽ സംഘടിതമായി വളഞ്ഞു പിന്നിൽ കൂട്ടംകൂടി കടിക്കുന്നു കളിയാക്കുന്നു. സ്ഥാനമൊഴിഞ്ഞ സിംഹ രാജന്റെ ദാമ്പത്യദുരവസ്ഥയിൽ ആണിന്നു ‘ധർമ്മപുത്രർ’ എന്നറിയപ്പെടുന്ന കൗന്തേയൻ! എന്റെ പുതു മണവാട്ടി പാഞ്ചാലിയെ പാട്ടിലാക്കാൻ മഹാറാണിപ്പട്ടം രഹസ്യമായി വാഗ്ദാനം ചെയ്ത കൗശലക്കാരൻ അന്നറിഞ്ഞുവോ, ഒരുനാൾ ഇളമുറ മാദ്രിപുത്രന്മാർ കാട്ടുനീതിയിൽ പാഞ്ചാലിയുമായി കൂട്ടുചേർന്നു അന്തഃപുരത്തിൽ നിന്നും ആട്ടിയോടിക്കുമെന്നു? കാട്ടിലെന്നപോലെ ഹസ്തിനപുരിയിലുമുണ്ടല്ലേ പരിത പിക്കാൻ, ഹതാശനായ ആൺസിംഹം!”
“പ്രവചനസ്വഭാവമുള്ള സൂചന അഭിമന്യുവിൽ നിന്നുണ്ടായോ?”, അഭിമന്യുവിധവ ഉത്തരയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“യുദ്ധത്തിന്റെ പതിമൂന്നാം ദിവസം പുലർച്ചെ എന്നെ ഏറെ നേരം പരിലാളിച്ചതോർക്കുന്നു. ഗർഭസ്ഥശിശു രാജാവായാൽ നീ അത്ഭുതപ്പെടരുതു് എന്നവൻ ഓർമ്മിപ്പിച്ചു. വിധവയായാൽ, സുഭദ്രയെ പോലെ സഹനവഴിയിൽ പോകാതെ, പുതിയ ഇണയെ തേടാൻ കുന്തിയെ മാതൃകയാക്കണം. അമംഗളകരമായി എന്തൊക്കെയോ അങ്ങനെ പറഞ്ഞു പടചട്ടയണിഞ്ഞ അഭിമന്യുവിന്റെ കൗമാര ജീവിതം അന്നുച്ചയോടെ അരഞ്ഞു തകർന്നു.”
“എന്തു് കണ്ടിട്ടാണു് കുന്തിയെ ധൃതരാഷ്ട്രരുടെ ദാസിയായി നിയമിച്ചതു്, വിവാഹേതര രതിയനുഭവങ്ങളുടെ റാണിയാണവൾ?, ധൃതരാഷ്ട്രരോ, പിടിച്ചാൽ പിടികിട്ടാത്ത മദയാന! നിങ്ങൾ മറന്നോ?”, ദുര്യോധനൻ അമ്മയെ ഗുണദോഷിച്ചു. കുടിയേറ്റഭൂമിയിലേക്കു ഭാഗ്യാന്വേഷകരായി തിരിച്ച പാണ്ഡവരെ പിന്തുടരാതെ, കുന്തിയുടെ പുതിയ ലാവണം അന്തഃപുരമായിരുന്നു.
“എന്തുകണ്ടിട്ടെന്നോ? കാഴ്ചക്കും കണ്ണിനും ഇടയിൽ കീറത്തുണി മാത്രമല്ലേ ഉള്ളൂ തടസ്സം?, അതു നീക്കും, അപ്പോൾ കാണേണ്ടതെല്ലാം ഗാന്ധാരി കാണും”, കാഴ്ചയുടെ പ്രതിബന്ധമകറ്റി അവൾ മകനെ നോക്കി.
“അന്നു് നിങ്ങൾ വിശിഷ്ടാതിഥിയെ വഴുക്കിവീഴ്തിയോ?”, കൊട്ടാരം ലേഖിക പഞ്ചാലിയോടു് ചോദിച്ചു. ചൂതാട്ടസഭയിൽ വസ്ത്രാക്ഷേപം സംഭവിച്ച സന്ധ്യ.
“വഴുക്കാതെ വഴി നടക്കാൻ കഴിവില്ലാത്തവർ ആണോ പൊള്ളുന്ന പെൺഉടലിൽ കൈവക്കുന്നതു്?”
“വനവാസം നിങ്ങളിൽ വരുത്തിയ തിരിച്ചറിവെന്താണു്?”, കൊട്ടാരം ലേഖിക ചോദിച്ചു. മഴക്കാലം മാറി പ്രസന്നമായ വെയിൽ വീഴുന്ന ഹരിതതാഴ്‌വര. ഒളിവിൽ പോകാൻ തയ്യാറെടുക്കുന്ന നേരം, സംഘർഷം നിറഞ്ഞ അന്തരീക്ഷം.
“ഞങ്ങൾ ശരിക്കും എന്താണോ അതാവാൻ ഈയിടം ഞങ്ങളെ അനുവദിക്കുന്നില്ല. പരസ്പരം പറയുന്നതും ചെയ്യുന്നതും ഞങ്ങളല്ല എന്നു് തോന്നും. ആകാശചാരികളുടെ മക്കളാണെന്നോ, ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വിണ്ണിൽനിന്നു് ഞങ്ങൾക്കൊരു ജന്മനിയോഗമുണ്ടെന്നോ ആരെങ്കിലും പ്രവചിച്ചാൽ, ഞങ്ങൾ അന്ധാളിക്കും!”
“മുഖംതെളിഞ്ഞില്ലല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“കിട്ടേണ്ടതൊന്നും കിട്ടിയില്ല. കുരുവംശത്തിന്റെ അപൂർവ്വ രത്നശേഖരം ഇനി തിരയാൻ ഭൂമിയിലും ഭൂഗർഭത്തിലും ഇടമില്ല. ദുര്യോധനൻ അതെവിടെ ഒളിപ്പിച്ചു വച്ചു എന്നതാണു് ഞങ്ങളെ കുഴയ്ക്കുന്നത്; കൗരവർ കൊല്ലപ്പെട്ടതോടെ അന്തഃപുരത്തിലെ രാജസ്ത്രീകളും, പുത്രവിധവകളും, അവിവാഹിതപുത്രിമാരും സ്വാഭാവികമായി ഞങ്ങളുടെ ലൈംഗികഅടിമകൾ ആവേണ്ടതായിരുന്നു. എന്നാൽ സ്ത്രീവിമോചകയെന്ന പാഞ്ചാലിയുടെ ദുസ്വാധീനം കൊണ്ടായിരിക്കുമോ, കുരുക്ഷേത്രവിധവകൾ പാണ്ഡവർക്കു് വഴങ്ങാൻ തയ്യാറല്ല. കുടിയൊഴിപ്പിച്ചു പുനരധിവാസ കേന്ദ്രത്തിൽ താമസിപ്പിച്ചു. സൗജന്യഭക്ഷണം വാഗ്ദാനം ചെയ്തു. വഴങ്ങുന്നില്ല. ഇങ്ങനെ പ്രതിബന്ധങ്ങൾ നവപാണ്ഡവഭരണകൂടത്തെ യുദ്ധാനന്തര സാഹചര്യങ്ങൾ നിർജ്ജീവമാക്കിയാൽ പിന്നെ ഞങ്ങളുടെ മുഖം തെളിയുമോ?”
“ഇതെന്താണു് ശിരസ്സിൽ?”, കാട്ടുമുക്കിലെ കുടിലിൽ എത്തിയ ഉടൻ, പാഞ്ചാലിയെ കൊട്ടാരം ലേഖിക നേരിട്ടു.
“ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന യുധിഷ്ഠിരന്റെ ശിരസ്സു് നഗ്നമായിക്കൂട എന്നു് ദുര്യോധനൻ രേഖാമൂലം അറിയിച്ചപ്പോൾ, ഞങ്ങൾ മുളങ്കാട്ടിൽ കയറി ഉടനടി തട്ടിക്കൂട്ടി ഒരുക്കിയ മുൾക്കിരീടം,” പാഞ്ചാലിയും മറ്റുനാലു ഭർത്താക്കന്മാരും കൊട്ടാരം ലേഖികയുടെ കണ്ണുകളിലേക്കു് തുറിച്ചു നോക്കി.
“ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ, വിജനവഴിയിൽ കുഴഞ്ഞു വീഴുന്ന മരണമാണോ ഒരിതിഹാസ കഥാപാത്രമാവാൻ നിയോഗമുള്ള നിങ്ങൾക്കു് പ്രകൃതി തന്നതു്?”, അവശയായിരുന്ന പാഞ്ചാലിയെ പിടിച്ചിരുത്തി കൊട്ടാരം ലേഖിക വായിൽ ഒരിറ്റു വെള്ളം ഒഴിച്ചു് കൊടുത്തു.
“ഞാൻ തളർന്നു വീഴുമ്പോൾ തിരിഞ്ഞു നോക്കാതെ, അവർ അഞ്ചു പേരും കാൽ മുന്നോട്ടു വച്ചതാണെന്റെ കൊച്ചു വിജയം. ആദ്യ രാത്രിയിൽ എന്ന പോലെ, അന്ത്യ നിമിഷത്തിലും പത്തു തുറിച്ച കണ്ണുകൾ എന്റെ മുഖത്തു് വീഴുമെന്ന പേടിസ്വപ്നം ഒഴിഞ്ഞു പോയില്ലേ”, ഒരിക്കൽ കൂടി പാഞ്ചാലി, ജേതാവിനെ പോലെ പുഞ്ചിരിച്ചു.
“പൌരസ്വീകരണത്തിനു അരങ്ങേറ്റ മൈതാനത്തു് വന്ന മഹാരാജാവു് യുധിഷ്ഠിരന്റെ കാൽകഴുകൽ ശുശ്രൂഷ മുതിർന്ന കൗരവരാജ വിധവയെ കൊണ്ടു് പാണ്ഡവർ സമ്മർദ്ദം ചെലുത്തി ചെയ്യിക്കുന്നു. കുരുക്ഷേത്രവിധവകൾ രാജധാനിക്കു മുമ്പിൽ നടത്തിയ പ്രതിഷേധയോഗത്തിൽ പാഞ്ചാലി പങ്കെടുക്കുന്നു. രാജഭരണം വിട്ടു ജനാധിപത്യത്തിൽ കയറിയോ കുരുവംശം?”, കൊട്ടാരം ലേഖിക നവരാത്രി ആഘോഷത്തിന്റെ തയ്യാറെടുപ്പിൽ തിരക്കിലായിരുന്ന ഭരണകൂട ഔദ്യോഗികവക്താവിനെ കണ്ടെത്തി.
“ധൃതരാഷ്ട്ര കുടുംബവാഴ്ചക്കു് പകരം, ഇന്ദ്രപ്രസ്ഥ ജനാധിപത്യം ഞങ്ങൾ ഹസ്തിനപുരിയിലും പുനഃസ്ഥാപിച്ചു എന്നു് ഇനിയെങ്കിലും പൊതുസമൂഹം അംഗീകരിക്കില്ലേ? ചക്രവർത്തി വേറെ, ചക്രവർത്തിനി വേറെ”, നകുലൻ കൈപ്പത്തികൾ നാടകീയമായി വിസ്തരിച്ചുയർത്തി.
“കിടന്നകിടപ്പിലാണല്ലോ സർവ്വസൈന്യാധിപൻ! മേലനങ്ങാൻ വയ്യാത്ത ശരശയ്യയിൽ നിന്നാരാധ്യപുരുഷനെന്നുണ്ടാവും മോചനം? യുദ്ധംകഴിഞ്ഞു നാളെത്രയായ്, ഇടമൊന്നൊഴിഞ്ഞുകിട്ടി വേണ്ടേ ജൈവമാലിന്യമുക്തിയിലൂടെ കുരുക്ഷേത്രയിൽ വനനിർമ്മിതി?”, നിയുക്ത മഹാരാജാവു് യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“വിമുക്തഭടനെന്നല്ല, പിതാമഹൻ എന്നുതന്നെ വേണം ഗംഗാതട ഗ്രാമ ഗ്രാമാന്തരങ്ങളിലും ആരാധ്യപുരുഷ നറിയപ്പെടാൻ. ഓർമ്മയിരിക്കട്ടെ. ശൗര്യസ്ഥൽ എന്നൊരന്ത്യവിശ്രമ പൂങ്കാവനനിർമ്മിതിക്കായി കരടു് തയ്യാറാക്കുകയാണു് ഞങ്ങളിപ്പോൾ ഗംഗയുടെ തീരത്തിൽ. സ്വച്ഛന്ദമൃത്യു എന്നതൊരു വെറുമൊരു കാവ്യ സങ്കല്പമെന്ന നിലയിൽ കാണാൻ മാത്രം ആധുനികശാസ്ത്ര ബോധമുള്ള പാണ്ഡവർക്കു് പരിശീലനമുണ്ടു്,. ഭീഷ്മഭൗതികശരീരം, എങ്ങനെയോ അങ്ങനെ എന്ന സ്ഥിതിയിൽ, വിലാപ യാത്രയായി ഗംഗാതീരത്തേക്കു ഞങ്ങൾ കൊണ്ടു പോവും. മഹാഭാരതയുദ്ധത്തിലാരുടെ കൂടെ പിതാമഹൻ പോരാടി എന്നല്ല, ജീവിതത്തിലാരെയൊക്കെ തിരുഹൃദയത്തിൽ പിന്തുണച്ചു എന്നതല്ലേ കാര്യം.”, രാജസിംഹാസനത്തിൽ ഒരിക്കലും ഇരുന്നിട്ടില്ലാത്ത ഭീഷ്മരിൽനിന്നും രണ്ടുനാൾകൊണ്ടു് നേടിയ രാഷ്ട്രമീമാംസാപാഠങ്ങളാൽ ബൗദ്ധികവികസനം നേടിയ യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ തന്നെ വിദൂരതയിലേക്കു് ഇടക്കിടെ ദാർശനികനോട്ടമെറിഞ്ഞു.
“ഗാന്ധാരിയുടെ വെണ്ണക്കൽ പ്രതിമയൊക്കെകൊള്ളാം. എന്നാൽ കൺകെട്ടു് കാണുന്നില്ലല്ലോ”, കൊട്ടാരംലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തരപാണ്ഡവ ഭരണകാലം.
“കുടിലകൗരവരെ കാണാതിരിക്കാൻ ആയിരുന്നു കൺ കെട്ടു്. അവർ പരലോകത്തേക്കു് പോയപ്പോൾ ഞങ്ങളെ കൺ തുറന്നു കാണാൻ ഗാന്ധാരി കെട്ടഴിച്ചു.”
“ഒരാരാധകനെപോലെ അകന്നുനിന്നു് നോക്കിയാൽ, പാഞ്ചാലി കാണാവുന്ന ‘പുരുഷാകർഷകത്വം’, ‘ഹസ്തിനപുരി പത്രിക’യുമായി പങ്കിടാമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടുചോദിച്ചു, ഇന്ദ്രപ്രസ്ഥക്കാലം. യാഗം കഴിഞ്ഞു യുധിഷ്ഠിരഭാര്യ എന്ന പ്രഖ്യാപനത്തോടെ, ചക്രവർത്തിനിപദവിക്കു് പാഞ്ചാലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആഘോഷ ദിനങ്ങൾ.
“അകന്നു മാത്രമല്ല, തൊട്ടടുത്തു നോക്കാനും ആരാധകപദവി മാത്രമല്ലേ എനിക്കവൾ തന്നിട്ടുള്ളു!”
“ജയദ്രഥൻ പാഞ്ചാലിയെ കാട്ടിൽ വന്നു പൊത്തിപ്പിടിച്ചെന്നു കേട്ടിരുന്നു. അവനു കിട്ടേണ്ടതു് കിട്ടി. എന്നാൽ ദുര്യോധനൻ കാമുകിയെ കാണാൻ വന്ന സംഭവം, അങ്ങനെ വല്ലതും വനവാസത്തിൽ?” കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധം കഴിഞ്ഞു പാണ്ഡവർ അധികാരത്തിൽ എത്തിയ ആഘോഷക്കാലം.
“അങ്ങനെ ഒരു ദുരന്തവും ഉണ്ടായി. എനിക്കു് മാത്രമേ അതിന്റെ വിവരം അറിയൂ. വെളിപ്പെടുത്തിയാൽ തെറിക്കുക ദുര്യോധനന്റെ തല ആവില്ല പാഞ്ചാലിയുടെ ആയിരിക്കും എന്നോർത്തപ്പോൾ ഞാൻ മൗനം പാലിച്ചു.”
“സ്മരണീയമായൊരു പ്രണയമൂല്യവും പരുക്കൻഭീമനിൽ കണ്ടെത്തിയിട്ടില്ല എന്നാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“ആശ്രിതത്വം ഏതർദ്ധരാത്രിയിലും പ്രതീക്ഷിക്കാം, സൗഗന്ധികം പോലെ പ്രണയപുഷ്പങ്ങൾ തേടി ഉൾക്കാടിലലയാൻ പ്രേരിപ്പിക്കുന്ന ഉൾക്കിടിലം, അതൊന്നു പോരേ പ്രണയം പൂവണിഞ്ഞിട്ടില്ലെന്ന പരിദേവനത്തിലും, മുട്ടുകുത്തി കൈമുത്തി, പരമാനന്ദം യാചിക്കുന്ന ഭീമനെ ഞാൻ മഹത്വപ്പെടുത്താൻ!”
“പീഡിപ്പിച്ചു ജഡം വലിച്ചെറിയാമെന്ന കൌരവനീക്കത്തെ കടപുഴക്കാനായിരുന്നു വാൾ, ഇടനെഞ്ഞിലിറക്കി കൗമാരപോരാളിയുടെ പ്രാണനെടുത്തതെന്നു്, അർജ്ജുനകൂരമ്പു തറച്ചു മരിക്കുംമുമ്പു് കർണ്ണൻ എറ്റുപറയുന്നതു കേട്ടു. എന്തു് തോന്നുന്നു അന്ത്യമൊഴിയെ കുറിച്ചു് ?”, ഭീമപ്രഹരത്തിൽ ചളിയിൽ പുതഞ്ഞ ദുര്യോധനനോടു് യുദ്ധകാര്യ ലേഖകൻ ചോദിച്ചു.
“ഞാൻ സൂതനല്ല കുന്തിയുടെ കന്യാപുത്രനാണു്, അഭിമന്യുവിന്റെ പിതൃസഹോദരനും കൂടിയാണു് എന്നു് നാവുപിഴയില്ലാതെ ബോധ്യപ്പെടുത്തി! ചോരക്കു സൌഹൃദത്തെക്കാൾ മൂല്യമുണ്ടെന്നു കർണൻ മരണമുഹൂർത്തത്തിലും തെളിയിച്ചു. വ്യാസൻ എഴുതാൻ പോവുന്ന മഹാഭാരത ഇതിഹാസത്തിൽ ‘ഉത്തമപുരുഷ’നെന്ന ഇടംനേടാൻ എന്റെ ആജീവനാന്തസുഹൃത്തു് കർണനു സാധിക്കട്ടെ!” ഒരിറ്റു വെള്ളത്തിനു് നാവു പുറത്തിട്ടു ദുര്യോധനൻ കെഞ്ചി, കണ്ടില്ലെന്നു നടിച്ചു യുദ്ധകാര്യ ലേഖകൻ സ്ഥലം വിട്ടു.
“പതിനെട്ടുനാൾ പോരാട്ടത്തിൽ, കേവലമൊരു അർദ്ധസത്യത്തിൽ ഒതുങ്ങിയോ പാണ്ഡവർ ചെയ്തുകൂട്ടിയ വിവരമലിനീകരണം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധജേതാക്കളുടെ കൊച്ചുനിര കുരുവംശകോട്ട പിടിക്കാൻ വലിഞ്ഞുനടക്കുന്ന കുരുക്ഷേത്ര ഹസ്തിനപുരി ദേശീയപാത.
“പാണ്ഡവസൈന്യത്തിലെ അസത്യവ്യാപാരികളെ കുറിച്ചാണു് നിഷ്കളങ്ക ചോദ്യമെങ്കിൽ, തുറന്നടിക്കട്ടെ, അവരുടെ വക്താവല്ല യുധിഷ്ഠിരൻ! എന്നിൽ ആരോപണം അടിച്ചേല്പിക്കപ്പെട്ടിട്ടുണ്ടു്. സൈന്യാധിപപദവി വഹിച്ച ദ്രോണർക്കുമുമ്പിൽ ഞാൻ അർദ്ധ സത്യം ഉച്ചരിച്ചതു കൊണ്ടായിരുന്നു ഗുരു ദ്രോണർ ആയുധം താഴെയിട്ടതും, പാണ്ഡവ സൈന്യാധിപ പദവി വഹിച്ച ധൃഷ്ടധ്യുമ്നൻ (പാഞ്ചാലിയുടെ സഹോദരൻ കൂടിയായ അവന്റെ ആത്മാവിനു ആദരാഞ്ജലികൾ പാഞ്ചാല ശത്രുവായ ദ്രോണരുടെ കഴുത്തുവെട്ടി കുരുക്ഷേത്രയിൽ തലയുരുട്ടിയതും). ദ്രോണഹത്യ എനിക്കു് യുദ്ധ ലക്ഷ്യമായിരുന്നില്ല, ദ്രോണർ നിരായുധനായപ്പോൾ തരം പോലെ ആ ശത്രുവിനെ കൊന്നു എന്നേയുള്ളു;. യുദ്ധത്തിൽ ആദ്യം മരിക്കുന്നതു സത്യമാണെന്നു, അർജ്ജുന വിഷാദം കണ്ടപ്പോഴേ സംശയം തോന്നിയതല്ലേ. സത്യവും അസത്യവും പോർക്കളത്തിൽ അലഞ്ഞു നടക്കുന്നതു കണ്ടാൽ ആരും ‘ഉപചാരം ചൊല്ലിപ്പിരി’യാറില്ല. എന്തു കൊണ്ടു് ചെങ്കോൽ തരാനാവില്ല എന്നു് പറയുന്ന രാജസഭയാണിപ്പോൾ എന്റെ പേക്കിനാവു്!”
“ദാമ്പത്യവിശ്വസ്തത എന്ന പുതു സ്ത്രീവിരുദ്ധ ആശയം കൗരവരാജ വധുക്കൾ ഈയിടെ മുന്നോട്ടു വക്കുന്നുണ്ടു്. ഹസ്തിനപുരി പോലെ യാഥാസ്ഥിതിക സമൂഹത്തിൽ, പുരുഷ പ്രോൽസാഹനത്തിലൂടെ, പാണ്ഡവദാമ്പത്യത്തെ ആക്രമിക്കാനും, സമൂഹത്തിനു മുമ്പിൽ വിലകുറച്ചു് കാണിക്കാനും രൂപകൽപ്പന ചെയ്ത കുൽസിത നിർമ്മിതി, മറയില്ലാതെ കൗരവർ ആയുധമാക്കുന്നതു് നിങ്ങളും, നിരീക്ഷകയെന്നനിലയിൽ, ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത്തരം യാഥാസ്ഥിതികസമസ്യകളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ ആയുധ മത്സരത്തിലെ ആകസ്മിക വിജയിയെയാണു്, ഹൃദയം കവർന്ന പ്രണയിയെയല്ല ഞാൻ വിവാഹം കഴിച്ചതു്. കൂട്ടത്തിൽ നാലു പാണ്ഡവരെ വെറുതെ കിട്ടി. അവരഞ്ചുപേർക്കും ഞാൻ ദാമ്പത്യവിശ്വസ്തത ഉറപ്പു കൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദസ്രോതസ്സുകൾ കളങ്കപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതു് പോലെ, എന്റെ അന്തർമണ്ഡലങ്ങളിൽ അതിക്രമിച്ചു കയറാൻ അവരും ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഇടക്കാലത്തുരുത്തിരിഞ്ഞ ദാമ്പത്യ ധാരണ!” (ദൂരെ ദൂരെ സുഹൃത്തിനു സന്ദേശം എഴുതി, പ്രാവിന്റെ കാലിൽ കെട്ടി യാത്രയാക്കുകയായിരുന്നു പാഞ്ചാലി)
“ആരുടെ സ്മരണയിലാണു് മൺചെരാതുകളിൽ സ്വയം തിരികൊളുത്തി പ്രാർത്ഥന?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ജന്മനാടിന്റെ അഖണ്ഡതക്കു് വെല്ലുവിളിയായി, വലിഞ്ഞുകയറി വന്ന അർധസഹോദരർക്കെതിരെ ജീവകാലം പ്രതിരോധിച്ചും, സമരമുഖം തുറന്നും, നയതന്ത്രചർച്ചകൾ പരാജയപ്പെട്ടപ്പോൾ മാത്രം കായികബലത്തിലൂടെ അവസാനചോരത്തുള്ളി വീഴുംവരെ പോരാടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മക്കു്”. നകുലനും സഹദേവനും യുധിഷ്ഠിരന്റെ തോളിൽ കൈകൾ അമർത്തിപ്പിടിച്ചുയർത്തി കൊണ്ടു പോവുമ്പോൾ തിരിഞ്ഞുനോക്കി, ഖേദസ്വരത്തിൽ മന്ത്രിച്ചു, “ഇടയ്ക്കിടെ ഇങ്ങനെ വിങ്ങിപ്പൊട്ടും, പരിസരബോധവും കുറഞ്ഞു. മറവിരോഗമെന്നൊക്കെ ‘ഹസ്തിനപുരി പത്രിക’യിൽ പൊലിപ്പിച്ചെഴുതി യുദ്ധാനന്തര പാണ്ഡവഭരണത്തെ വരുംതലമുറകൾക്കുമുമ്പിൽ പ്രതീക്ഷ ശൂന്യമാക്കരുതേ!”
“യുദ്ധക്കെടുതിയിൽ കൗരവ വിധവകളും കുട്ടികളും നട്ടം തിരിയുമ്പോൾ, തിരിഞ്ഞു നോക്കുന്നില്ലല്ലോ യുധിഷ്ഠിരൻ!”, കൊട്ടാരം ലേഖിക വക്താവിനോടു് ചോദിച്ചു. കോട്ടവാതിലിനു മുമ്പിലെ നഗരചത്വരത്തിൽ, ശിരോവസ്ത്രങ്ങൾ ധരിച്ച കുരുക്ഷേത്രവിധവകൾ നെഞ്ചത്തടിച്ചു വിലപിച്ച ശീതകാല പ്രഭാതം.
“നട്ടം തിരിയുന്നതു് ഒരു വിഭാഗം വിധവകൾ മാത്രമാണോ, അതോ, ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ സ്വജീവൻ ബലികൊടുത്ത ധീരദേശാഭിമാനികളുടെ ആശ്രിതരോ? യുധിഷ്ടിരനുമുണ്ടൊരു യുദ്ധാനന്തരകെടുതി എന്നറിയാമോ? പതിമൂന്നു വർഷംമുമ്പു്, ഒരു ദശാബ്ദക്കാലം, ഇന്ദ്രപ്രസ്ഥം പരിപാലിച്ച ഭരണപരിചയം, പതിനെട്ടുനാൾ പോരാടിയതോടെ, പാടെ മറന്നുപോയി. എന്നുപറഞ്ഞാൽ, സിംഹാസനത്തിൽ ഇരുന്നു എന്തു് എപ്പോൾ തുടങ്ങണം എന്നാജ്ഞാപിക്കാൻ ആവാത്ത മരവിപ്പു്! വൈകാരികതയുണ്ടു്, വിശന്നു വിലപിക്കുന്നവരുടെ പെടാപ്പാടു കണ്ടാൽ കരൾ അലിയും, അറിഞ്ഞാൽ മാത്രം പരിഹാരം ആവില്ലല്ലോ. അതുകൊണ്ടു് ശരശയ്യയിൽ മരണം കാത്തുകിടക്കുന്ന പിതാമഹാനിൽനിന്നും ഭരണത്തിന്റെ ബാലപാഠങ്ങൾ കുറിച്ചെടുക്കാൻ ഒരു കെട്ടു് പനയോലയും എഴുത്താണിയുമായി കുരുക്ഷേത്രയിൽ പോയിരിക്കുകയാണു്. വരട്ടെ എല്ലാം ശരിയാവും!”
“പുതുതായെന്തു രാജ്യതന്ത്രപാഠങ്ങൾ പിതാമഹനിൽ നിന്നു് നേരിട്ടു് ചൊല്ലിക്കേൾക്കാനാണു്, നിയുക്ത മഹാരാജാവു് യുധിഷ്ഠിരൻ നിത്യവും രാവിലെ കുരുക്ഷേത്രയിലെ ശരശയ്യയിലേക്കു ഈ മിന്നൽ സന്ദർശനം?”, കൊട്ടാരം ലേഖിക ചോദിച്ചു. “ഒരു വയർ അന്നം തരൂ” എന്നു് കൗരവരാജവിധവകൾ വിലപിച്ചു കൊണ്ടിരുന്ന പ്രഭാതം. യുദ്ധാനന്തര ഹസ്തിനപുരി.
“ഇന്ദ്രപ്രസ്ഥം ചക്രവർത്തി ഈയിരുന്നപ്പോൾ, ഭരണാധികാരി പിന്തുടരേണ്ട രാജ്യതന്ത്രത്തിന്റെ ബാലപാഠങ്ങൾ അറിയാത്തതു കൊണ്ടായിരുന്നു, കൂടെ പൊറുക്കുന്നവളെ പ്രതിയോഗിക്കു പണയംവച്ചു ചൂതാടാൻ യുധിഷ്ഠിരനു് കഴിഞ്ഞതെന്നു്, പാഞ്ചാലി പറഞ്ഞതു് യുധിഷ്ഠിരനെ മുറിപ്പെടുത്തി. യുദ്ധക്കെടുതിയിൽ കുരുക്ഷേത്രവിധവകൾ പെടാപ്പാടുപെടുമ്പോഴും, സ്ത്രീനീതിയുടെ ബാലപാഠമെങ്കിലും ഗുരുമുഖത്തുനിന്നും നേരിട്ടു് പഠിച്ചിട്ടുമതി അധികാരദണ്ഡ് കൈവശപ്പെടുത്തുക എന്നു് പാഞ്ചാലി ചൂണ്ടുവിരൽ ഉയർത്തിയപ്പോളാണു്, മരണംകാത്തു് ശരശയ്യയിൽ നീണ്ടുനിവർന്നു കിടക്കുന്ന സ്ത്രീവിരുദ്ധനിൽ നിന്നു് സദ്ഭരണത്തിന്റെ “വിവേകചൂഢാമണി” പെറുക്കാൻ പോർക്കളത്തിലേക്കു ‘ധർമ്മപുത്രർ’ കുതിച്ചുപായുന്നതു. കാണേണ്ട കാഴ്ചകൾ തുടങ്ങിയിട്ടേ ഉള്ളൂ!”
“പാണ്ഡവരുടെ കൗമാരകാല കായികാധ്വാനങ്ങളെ ഹാസ്യാത്മകമായി കൗരവർ അവതരിപ്പിച്ചപ്പോൾ, മുൻവരിയിലിരുന്ന നിങ്ങൾ ആസ്വദിച്ചതു് വേദനയുണ്ടാക്കിയെന്ന യുധിഷ്ഠിര നിരീക്ഷണമാണു് അഭിമുഖത്തിനു് വിഷയമാക്കുന്നതു്. കൗരവരുടെ ‘അശ്ലീലഭാഷ’യിൽ നിങ്ങൾ ആനന്ദം അനുഭവിച്ചതു് ഭീമൻ പകയോടെ ഓർക്കുന്നു. പാണ്ഡവരെ പിണക്കിയാലും, നിങ്ങൾ കൗരവരോടു് കൂട്ടുകൂടും എന്ന ബോധ്യം അർജ്ജുനൻ ചുണ്ടുകൾ വിടർത്താതെ തന്നെ അമർത്തി പറയുന്നു. എങ്ങനെ പ്രതികരിക്കുന്നു?” നവവധു പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി നഗരാതിർത്തിയിലെ അതിഥിമന്ദിരം.
“പ്രതികൂല പ്രതികരണങ്ങൾ എന്തുകൊണ്ടു് മൂന്നു മുതിർന്ന പാണ്ഡവരിൽ പരിമിതപ്പെടുത്തി? ഇളമുറ നകുലനും സഹദേവനും അഭിപ്രായം പറഞ്ഞില്ലേ? അതോ, രസികൻ മാദ്രിക്കുട്ടികൾ വായടപ്പിക്കുന്ന മറുപടി വല്ലതും പറഞ്ഞുവോ? ഒരു വിഭാഗം പാണ്ഡവരുടെ മാത്രം പ്രതിയോഗികളായിരിക്കാം കൗരവർ എന്നാണു എനിക്കു് തോന്നിയതു്. അഞ്ചു പാണ്ഡവരും കൗരവർക്കെതിരെ ആണെങ്കിൽ തന്നെ എന്താ?, എന്നോടാരാധന പുലർത്തുന്ന കൗരവരെ ഞാൻ വെറുത്തു ശീലിക്കണോ? വിരലൊന്നു മീട്ടിയാൽ കൗരവർ വാലാട്ടി വരും, എന്നാൽ മാദ്രിക്കുട്ടികൾ ഒഴികെ മൂന്നു പാണ്ഡവരും കാര്യം തിരക്കാൻ സമയം പിടിക്കും!”
“പാണ്ഡവരിലും ഉണ്ടോ നിങ്ങൾക്കു് രഹസ്യ കാമുകൻ?” പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു അവിഹിതങ്ങൾ തേടി മറ്റു പാണ്ഡവർ പടിവിട്ടിറങ്ങിയപ്പോൾ, ഭാവി ‘പ്രവചിക്കുന്ന’ സഹദേവൻ എന്നോടൊപ്പം മധ്യാഹ്നങ്ങളിൽ ഈ ജലാശയത്തിൽ, ഒപ്പംനീന്തി, യമുനാതട രൂക്ഷവേനൽ അതിജീവിക്കാൻ തുണച്ചു. മകനാവാനുള്ള പ്രായമേ അവനുണ്ടായിരുന്നുള്ളു. എന്നാൽ ഊഴം പാലിച്ചു അവൻ സമ്മാനിച്ച ഉടൽ പരിലാളന, അതെന്നെ വിസ്മയിപ്പിച്ചു. തിരയിളക്കമുള്ള കണ്ണുകളിൽ നോക്കാൻ ചിലപ്പോൾ ഭയമായി, കാരണം അതിൽ നിഴലിച്ച വർണ്ണദൃശ്യങ്ങൾ അശാന്തമായ ഭാവിയെ കുറിച്ചായിരുന്നു. എന്നാൽ മറ്റുനാലു പാണ്ഡവരോ? അവരെനിക്കോർമ്മിക്കാൻ തന്നതു് അഭിശപ്തമായ ഭൂതകാലവും!” ഹസ്തിനപുരിയിലേക്കു ചൂതാടാൻ പോവുന്ന രാജകീയയാത്രയുടെ ആൾതിരക്കിലായിരുന്നു ഇന്ദ്രപ്രസ്ഥം രാജാവും സംഘവും.
“ഇതെന്താ, കൗരവ വീടുകൾക്കകത്തു ഗർത്തങ്ങളും അവയിൽ കെട്ടിപ്പടുത്ത കൊച്ചുമുറികളും?”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. കുരുക്ഷേത്ര അവസാന ദിവസം, കൗരവരാജസ്ത്രീകളുടെ യുദ്ധകാല ജീവിതമറിയാൻ ഹസ്തിനപുരി അരമനയിൽ മുന്നറിയിപ്പില്ലാതെ മിന്നൽ സന്ദര്ശനത്തിനു വന്ന ജിജ്ഞാസാഭരിതയായ കൊട്ടാരം ലേഖിക ചോദിച്ചു.
“ഓരോ കൗരവൻ മരിക്കുമ്പോഴും പുതുവിധവയുടെ അന്തഃപുരത്തിൽ പാതാളഗൃഹം നിർമ്മിക്കും. എന്റെ ഭർത്താവൊഴികെ ബാക്കി എല്ലാവരും അന്തഃപുരങ്ങളിൽ ഭൂഗർഭ കിടപ്പാടങ്ങൾ പണിതെങ്കിലും എനിക്കതു വേണ്ടിവരില്ലെന്ന ധൈര്യത്തിലാണു് ‘ഒരു മുന്നൊരുക്കവും ഇല്ലാതെ എങ്ങനെയോ യുദ്ധത്തിനുമുമ്പു്, അതുപോലെ ഇപ്പോഴും’ എന്ന നിലയിൽ ഞാൻ രാപാർക്കുന്നതു.”
“അധാർമ്മികമായി കർണവധം എന്ന തിരിച്ചറിവിൽ ആണോ പാണ്ഡവർ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“വധം ഒഴിവാക്കാം, ആത്മഹത്യ ചെയ്യാമെങ്കിൽ എന്നു് ഞങ്ങൾ ഒരു സൗജന്യം കൊടുത്തല്ലോ. വേണ്ടെന്നു പറഞ്ഞു ദുരഭിമാനി.”
“എന്താണു് പ്രശ്നം?”, കൊട്ടാരം ലേഖിക ദുശ്ശളയോടു് ചോദിച്ചു.
“കൗരവരുടെ ഏകസഹോദരിയായ ഞാൻ, പൊതുസമൂഹത്തിനു മുമ്പിൽ ചോദ്യചിഹ്നമായതു കൊണ്ടാണല്ലോ എന്താണു് പ്രശ്നം എന്ന ആദ്യചോദ്യവുമായി നിങ്ങൾ എന്നെ സ്വാഗതം ചെയ്തതു്? കൗരവ സഹോദരി എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാനാവാത്തവിധം വംശീയമേന്മ വച്ചുപുലർത്തുന്ന ഗാന്ധാരപുത്രി എന്ന പേരുദോഷം മാറ്റിയെടുക്കാൻ പൊതു സമ്പർക്ക ത്തിലൂടെയും ശുഭദിനആശംസകളിലൂടെയും പാണ്ഡവർക്കില്ലാതെ പോയ കൊച്ചനുജത്തി എന്ന ഓമന പ്രതിച്ഛായ നിർമ്മിച്ചെടുത്തു എന്നതല്ലേ നിങ്ങൾ സമ്മതിച്ചു തരാത്തതും, ഞാൻ ഓർമ്മിപ്പിക്കുന്നതും? ഓരോ പാണ്ഡവനുമുണ്ടല്ലോ സഹോദരീ വാത്സല്യത്തിനൊരു ഇടം, കരളിൽ! ഞാനവിടെ നിറഞ്ഞു എന്നതാണു് കാര്യം. അവർ സായുധരായാലും എന്നെ കയ്യൊഴിയില്ല എന്ന സാധ്യത കൗരവർക്കും ഉയർത്തി വെല്ലുവിളി. എന്നെ നൂറോളം കൗരവരാജസ്ത്രീകൾ ഇന്നു് കാണുന്നതു് വിഷം പുരണ്ട ഭർതൃസഹോദരിയെയല്ല സ്നേഹ മയിയായ ഭർത്തൃമാതാവായാണു്. കൊച്ചനുജത്തി എങ്ങനെ രാജ മാതാവായി? അതാണു് തക്ഷശില വിദ്യാർത്ഥിനിയായ നിങ്ങൾ ഗവേഷണം ചെയ്തു പൊതുസമൂഹത്തെ അറിയിക്കേണ്ടതു്. ഇന്നു് ഞാൻ സംവിധായകയായ പുതിയ ഏകാങ്ക നാടകം വസ്ത്രാക്ഷേപം. യഥാർത്ഥ പീഡകൻ ഒന്നുപുറത്തുവരുമോ?”
“അല്ല, നിങ്ങൾ പാണ്ഡുവിധവ മാദ്രിയുടെ ജ്യേഷ്ഠനല്ലേ? മദ്ര രാജ്യത്തിൻറെ അധിപൻ! എങ്ങനെ നിങ്ങൾ പാണ്ഡവ സഖ്യത്തിൽ ചേരാതെ, കൗരവരുടെ സൈന്യാധിപനായി?”, കൊട്ടാരം ലേഖിക മദ്രരാജാവു് ശല്യനോടു് ചോദിച്ചു. കുരുക്ഷേത്ര.
“പ്രിയസഹോദരി മാദ്രിയുടെ മക്കളായ നകുലനും സഹദേവനും ചോദിച്ചപ്പോൾ പോലും വെളിപ്പെടുത്താത്ത ആ രഹസ്യം നിങ്ങളോടും, ലോകമനഃസാക്ഷിയോടും, ഞാൻ ഇപ്പോൾ പറയട്ടെ!—പാണ്ഡു ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോൾ, ചിതയിൽ സതിയനുഷ്ടിക്കില്ലെന്ന നിലപാടിൽ ഒഴിഞ്ഞുമാറിയ കുന്തി, എന്റെ കൊച്ചനുജത്തിയെ ചിതയിൽ തള്ളി എന്നറിഞ്ഞപ്പോൾ മാദ്രദേശം നെഞ്ചത്തടിച്ചു വിലപിച്ചു. ഇട നെഞ്ചിൽ ആയുധമമർത്തി ചോരയെടുത്തു ഞാനവർക്കപ്പോൾ വാക്കുകൊടുത്തു. പ്രതികാരത്തിനവസരം കിട്ടിയാൽ, കുന്തിക്കു, യുധിഷ്ഠിര ഭരണത്തിൽ രാജമാതാപദവി നിഷേധിക്കുന്ന ഏതു സഖ്യത്തിലും ഞാൻ ചേരും. മാദ്രിമക്കളെ കൊല്ലില്ലെങ്കിലും കുന്തിമക്കൾ ജയിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിക്കും.” യുദ്ധത്തിന്റെ അവസാനദിനം. സതിയനുഷ്ഠിക്കേണ്ടിവന്ന അനുജത്തിയുടെ നിലവിളി കേട്ടപോലെ അയാളുടെ മുഖം വിറച്ചു കണ്ണുകൾ കലങ്ങി. ആയുധം താഴെവീണ തക്കംനോക്കി യുധിഷ്ഠിരൻ, ശല്യന്റെ നെഞ്ചിലേക്കു കുന്തം എറിഞ്ഞു. രാജ്യതാൽപ്പര്യത്തിനു കൗശലത്തോടെ കൂട്ടു് നിന്ന കൊട്ടാരം ലേഖികക്കു് പുതിയ പാണ്ഡവഭരണകൂടത്തിൽ മാധ്യമ പദവിവാഗ്ദാനവും!
“അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രദർശിപ്പിക്കാൻ സ്വയം കാഴ്ചപരിമിതയായ ഗാന്ധാരിയുടെ മകൻ, എങ്ങനെ പീഡകനെന്ന നിലയിൽ കുപ്രസിദ്ധനായി?”, കൊട്ടാരം ലേഖിക ചോദിച്ചു.
“വസ്ത്രാക്ഷേപമാണോ, തൊട്ടും തലോടിയും ഗാന്ധാരയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതു്? എത്ര ലളിതഹൃദയർ ഹസ്തിനപുരി! അതു ചൂതാട്ടവേദിയിലെ വിനോദ നാടകമായിരുന്നില്ലേ? ‘അതിജീവിത’യായി അഭിനയിച്ചവൾ അറിയപ്പെടുന്ന രാജസ്ത്രീ, തുടക്കത്തിൽ ഉടുതുണിയാലവളും മൂടി ഓമന മുഖം. അറച്ചും പതുങ്ങിയും നിങ്ങൾ പാടുപെട്ടാരോപിക്കുന്ന ‘വസ്ത്രാക്ഷേപം’ ഭീതിതമായില്ല, സംഭ്രമജനകമായ ‘ആകാശ ഇടപെടലുകൾ’ ഉണ്ടായി, അതു് ജനം പ്രകൃതിനിയമവിരുദ്ധം എന്നുതള്ളി. ഇന്ദ്രപ്രസ്ഥം ‘നാടുവാഴി’ (കളിയാക്കാൻ പോലും ‘രാജസൂയ ചക്രവർത്തി’ എന്നു നാം പാണ്ഡവ മുഖ്യനെ വിളിച്ചുകൂട) യുധിഷ്ഠിരൻ പരിപൂർണ്ണനിസ്വനായ ചൂതാട്ടസഭ വാർത്തയേക്കാൾ സദസ്സിനെ ഞെട്ടിപ്പിച്ചില്ലേ ഹാസ്യനാടകാന്ത്യം? ഇരയുടെ ഉടുതുണി ഭദ്രം, വസ്ത്രാ ക്ഷേപമോ, ദൃശ്യമിഥ്യ, അതാണു് ഗാന്ധാരകലയുടെ തന്മയത്വം, ഗാന്ധാരനായ ഞാനതു ‘ഇന്ദ്രപ്രസ്ഥം സാമ്രാജ്യം കീഴടക്കാൻ’ പരസ്യമായി തെളിയിച്ചു. മനോധർമ്മമനുസരിച്ചു മാറ്റംവരുത്തിയ ഉടുതുണിയൂരൽ, വരുംകാല സമൂഹങ്ങളിലും പ്രസിദ്ധി നേടുമെന്നതാണെന്റെ നടന നേട്ടം. മുഖംമൂടിയതു കൊണ്ടെന്താണവൾ ക്കുണ്ടായ കോട്ടമെന്നല്ലേ? അവൾ ആരെന്നു നിങ്ങൾക്കും കൃത്യമായി പറയാനാവില്ല! വിനോദനാടക സംവിധായനായ എന്നെ നീതിപീഠം പ്രതിസ്ഥാനത്തു നിർത്തുമെങ്കിൽ, പരസ്യവിചാരണ നേരിടാൻ തയ്യാർ, വ്യാസൻ രചനയിൽ ഞങ്ങളെ പരിലാളിക്കുമോ, അതോ വിപണിക്കു വേണ്ടി ചവിട്ടിത്തേക്കുമോ?”
“ആയുധങ്ങൾ മൂർച്ചകൂട്ടേണ്ടവർ പുറംതിരിഞ്ഞിരിക്കുന്നുവോ?”, യുദ്ധമേഘങ്ങൾ നിറഞ്ഞ കുരുക്ഷേത്ര. പഞ്ചലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“അഞ്ചുപേരിലൊരാൾ ഇന്നർദ്ധരാത്രി കൗരവപക്ഷത്തേക്കു് കൂറൂമാറുമെന്നു വാർത്ത കേട്ടമുതൽ, അഞ്ചുപേരും പരസ്പരം ഒളികണ്ണിട്ടു സംശയിക്കയാണു്!”
“പെരുമാറ്റച്ചട്ടങ്ങളുടെ പഠന സംഹിത ഭാവിരാജാക്കന്മാർക്കായി എഴുതാൻ വേണ്ട ‘താത്വികബോധ’മുള്ള താങ്കൾക്കു്, അന്ത്യ പദയാത്രയിൽ കിട്ടിയതു തെരുവുനായ?”, പരിതാപത്തോടെ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ പാഞ്ചാലിയും മറ്റുനാലു പാണ്ഡവരും ഒന്നൊന്നായി കുഴഞ്ഞുവീണു മരിച്ചു, ജ്യേഷ്ഠപാണ്ഡവൻ മാത്രം സ്വർഗ വാതിൽ തുറക്കാൻ കാത്തുനിൽക്കുന്ന നേരം.
“വായിച്ചെടുക്കുന്നതിലും പറ്റിയോ, നിങ്ങൾക്കു് പാളിച്ച? വെളിയിട വിസർജ്ജന ഇടങ്ങളിൽ അലയുന്ന അഗതി നായയല്ല ഇതു. കാലൻ, പറഞ്ഞുവന്നാലെന്റെ ജൈവിക പിതാവായി തന്നെ ഈ നായയെ കാണണം. പാണ്ഡുപുത്രനെന്ന നിലയിൽ ഹസ്തിനപുരി രാജാവായ എനിക്കെങ്ങനെ കാലൻ അച്ഛനായിട്ടു് വരുമെന്നല്ലേ നിങ്ങളുടെ കൗതുകം? അങ്ങനെ യുഗ വിസ്മയങ്ങളിലൂടെയാണു്, യുധിഷ്ഠിരൻ അഗതിയായും, ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരനായും, ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിയായും, വനവാസത്തിൽ കൗരവഅടിമയായും, യാത്രചെയ്തു, ഇതാ സ്വർഗ്ഗരാജ്യത്തിലേക്കൊരു വാതിൽ തുറന്നുകിട്ടിയതും. കാലൻ ഉറപ്പുതന്ന, ശ്രേണീബദ്ധ നടപടിക്രമം അനുസരിച്ചു, കുഴഞ്ഞു വീണു മരിക്കൽ പാഞ്ചാലിയിൽനിന്നു തുടങ്ങി ഭീമനിൽ അവസാനിക്കുന്നതും, പിന്നെ വിശ്വപ്രകൃതിക്കുമുമ്പിൽ മുട്ടുമടക്കിയും മുട്ടുകുത്തിയും ഒരു ചോദ്യം നീ ചോദിക്ക—എക്കാലവും എനിക്കു് വെല്ലുവിളിയും അവമതിയും തന്ന മോശം പാണ്ഡവ സഹോദരങ്ങളും, പരിവേദനക്കാരി പാഞ്ചാലിയും മണ്മറഞ്ഞതോടെ നീ ഇനി സ്വാതന്ത്രൻ, ഹസ്തിനപുരിയിലേക്കു തിരിച്ചുപോയി, നിലവിൽ രാജാവായ പരീക്ഷിത്തിൽ നിന്നും പിടിച്ചുവാങ്ങിക്കുമോ നീ ചെങ്കോൽ? ആ ചോദ്യത്തിനുത്തരം തേടുകയാണെൻ മനം. നിശ്ശബ്ദത പാലിക്കുക, കപടമെന്നു നീ കരുതുന്ന എന്റെ മനസാക്ഷി ഇതാ ഉണർന്നിരിക്കുന്നു!”
“അപമാനിക്കപ്പെട്ടപ്പോൾ ആത്മഹത്യ ആലോചിച്ചുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“ആദ്യരാത്രി മുതൽ അഞ്ചു ആണുങ്ങൾ എന്നെ സ്വൈരം തരാതെ പീഡിപ്പിക്കുമ്പോൾ അല്ലെ ആത്മഹത്യ ഞാൻ ആലോചിക്കേണ്ടതു്?”
“എപ്പോഴാണു് പിതാമഹനുമായി പാണ്ഡവരുടെ കാര്യത്തിൽ ധാരണ എത്താതെ, പിന്നീടു് മിണ്ടാട്ടം പൂർണ്ണമായും നിർത്തിയതു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവവിരുദ്ധ കൗരവനീക്കത്തെ മുന്നോട്ടെടുക്കാനാവാതെ തടസ്സപ്പെടുത്തിയതു് ഭീഷ്മർ എന്ന സംശയം ബലപ്പെട്ട സംഘർഷ ദിനങ്ങൾ.
“മലയോരമേഖലയിലെ മനോഹര വാരണാവതം കൊട്ടാരത്തിലേക്കു് പാണ്ഡവരെ പറഞ്ഞു വിട്ടപ്പോൾ തുടങ്ങി അവിശ്വാസം. മഹാറാണികൾക്കു മാത്രം സൗകര്യപ്പെടുത്തിയ മലയോര സുഖവാസത്തിനു അങ്ങനെ പാണ്ഡവ അഭയാർത്ഥികൾ പോയപ്പോൾ, എന്തൊക്കെ നാശോന്മുഖമായി അവിടെ സംഭവിക്കാമോ, അതെല്ലാം സംഭവിച്ചു. അരക്കില്ലം എന്ന ദുരൂഹമായ പുനർ നാമകരണം, കുന്തിയുടെ മേൽനോട്ടത്തിൽ കൊട്ടാരത്തിന്റെ, വീട്ടിയിലും തേക്കിലും പണിത ഉരുപ്പടികൾക്കുള്ളിൽ അരക്കും മെഴുകും ചേർത്തു് വക്കുന്നതു്, അരമന രഹസ്യ ഭൂഗർഭ ഇടനാഴിയുടെ നിർമ്മിതി, ഈ വിധം മുമ്പു് ചിന്തിക്കാനാവാത്ത ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ അവരവിടെ ചെയ്യുന്നു എന്ന ചാരവിവരം ഭീഷ്മശ്രദ്ധയിൽ ഞാൻ എത്തിച്ചപ്പോൾ, പദ്ധതിയനുസരിച്ചു കാര്യങ്ങൾ പോകുന്നല്ലേ എന്ന തൃപ്തി ആ മുഖത്തു് നിറയും. അരക്കില്ലം കത്തി ആറുപേരും കരിക്കട്ടയായി എന്ന വിവരം കിട്ടിയ ഉടൻ ഞാൻ അവിടേക്കു കുതിച്ചു. തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞുപോയിട്ടും, കുന്തിയും മക്കളുമാണെന്നു എനിക്കു് അംഗീകരിക്കാൻ ആയില്ല. ഭീഷ്മർ അപ്പോഴും സമനില തെറ്റാതെ കാണപ്പെട്ടപ്പോൾ എന്റെ സംശയം ബലപ്പെട്ടു. പിന്നെ എനിക്കു് കാണേണ്ടിവന്നതു ദ്രൗപദീ സ്വയംവരത്തിൽ വേഷപ്പകർച്ചയിലൂടെ കബളിപ്പിക്കാൻ ശ്രമിക്കുന്ന പാണ്ഡവരെ! അരക്കില്ലം കത്തിച്ചു നാശം വരുത്തിയ തെമ്മാടിപാണ്ഡവർ പിടികിട്ടാപ്പുള്ളികൾ എന്നു പ്രഖ്യാപിക്കാൻ ഞാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിച്ചു. നിർദേശം ഭീഷ്മർ വഴി മാത്രമേ പരിഗണിക്കൂ എന്നയാൾ പറഞ്ഞതോടെ എനിക്കു് ബോധ്യമായി, ഭരണം നിർവ്വഹിക്കാൻ ഇവിടെ ഭീഷ്മർ ഉണ്ടെങ്കിൽ, പിന്നിൽ ഇരുന്നും കാര്യം നടത്തും. അതു് വേരോടെ പിഴുതുമാറ്റും വരെ എനിക്കു് വിശ്രമമില്ല.”
“ഈ കുട്ടികൾ നിങ്ങളുടെ തന്നെ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“എന്താ സംശയം? അഞ്ചു പാണ്ഡവ കുട്ടികളും എനിക്കു് സ്വന്തം ആയതു് കൊണ്ടല്ലേ അവർ നാളെ രാജാവകാശികൾ ആവുക? കുന്തിയും മദ്രിയും എനിക്കു് വിശ്വസ്തർ. ഞാൻ ഷണ്ഠൻ എന്നവർ പറഞ്ഞാൽ, വിശ്വസിക്കരുതു്, കുരുവംശ പിന്തുടർച്ചയെ ബാധിക്കാവുന്ന ഒന്നും നിങ്ങളുടെ ചുവരെഴുത്തു് പത്രത്തിൽ വരരുതു്. പത്രാധിപരെ എന്റെ അഭിവാദ്യങ്ങൾ അറിയിക്കൂ.”
“ഇതെന്താ, രാജമുദ്രയുള്ള സമ്മാനപ്പെട്ടികൾ തീയിടാൻ ശ്രമിക്കുന്നതു്?”, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി രോഷം നിയന്ത്രിച്ചു ഭീമനോടു് ചോദിച്ചു.
“നിന്റെ ജന്മദിനത്തിനു കൌരവർ കൊടുത്തയച്ച നൂറു സമ്മാനപ്പെട്ടികൾ യുധിഷ്ടിരൻ കാണാമറയത്തു ഒളിപ്പിച്ചിരുന്നു. ‘അതൊന്നും ആരും തുറക്കരുതു്, അതിനകത്തു് വിഷജീവികളെ കൌരവർ വച്ചിട്ടുണ്ടു്’ എന്നു് ഞാൻ താക്കീതു് കൊടുത്തപ്പോൾ, ‘എന്നാൽ നീയതു പാഞ്ചാലി കാണും മുമ്പു് തന്നെ വാരിക്കൂട്ടി തീയിടൂ’ എന്നു് യുധിഷ്ഠിരൻ തിരക്കുപിടിച്ച കല്പ്പിച്ചു! അധാർമ്മികമെങ്കിലും ധർമ്മപുത്രരുടെ ഹിതം നോക്കിയല്ലേ പറ്റൂ.”
“ആരോപണവിധേയരായ തെമ്മാടിക്കൂട്ടത്തെ ഗാന്ധാരി വഴിവിട്ടു് സംരക്ഷിക്കുന്നു! മുഖപ്രസംഗം ശ്രദ്ധയിൽ പെട്ടുവോ?”, യുദ്ധകാര്യ ലേഖകൻ ചോദിച്ചു.
“ആണുങ്ങൾക്കു് പ്രവേശനം പരിമിതപ്പെടുത്തിയ ചൂതാട്ട സഭയിൽ ഇടിച്ചുകയറി, അഭിജാത പുരുഷ സാന്നിധ്യത്തെ പ്രലോഭിപ്പിച്ച ലൈംഗിക ആരോപണം നേരിട്ട ‘അല്പവസ്ത്ര ദ്രൗപദി’യെ കുറിച്ചാണോ സംസാരിക്കുന്നതു? പെരുമാറ്റ ദൂഷ്യത്താൽ പൗരാവകാശം നഷ്ടപ്പെട്ടു വനവാസത്തിനുപോയ അവളും, ഭർത്താക്കന്മാരും നിലവിൽ അടിമകളായതു കൊണ്ടു് നീതിന്യായ പരിധിയിൽ വരുന്നവരല്ല. നിങ്ങളുടെ മാധ്യമ സ്ഥാപനത്തിൽ ‘സ്വഭാവദൂഷ്യ’ മുള്ള ആൺ പത്രപ്രവർത്തകർ ഉണ്ടെങ്കിൽ, പരാതി അയക്കൂ. പരിശോധിക്കാം. സുരക്ഷിത തൊഴിലിടം കൊട്ടാരം ലേഖികക്കു് ആണധികാരികൾ നിഷേധിക്കുന്നതു് കൊണ്ടല്ലേ ആ പാവം,പകൽ മുഴുവൻ ഹസ്തിനപുരി കൊട്ടാര സമുച്ചയത്തിൽ തിണ്ണ നിരങ്ങി കുലീന രാജസ്ത്രീകളെകുറിച്ചു് അപവാദങ്ങൾ നിത്യവും നഗരവീഥികളിലെ ആൾത്തിരക്കിനെ സന്തുഷ്ടരാക്കാൻ ചുവരെഴുത്തുപത്രത്തിൽ എഴുതിവക്കുന്നതു?”
“പ്രിയപ്പെട്ടവൻ കൊല്ലപ്പെട്ട രീതിയിൽ പരാതിയുണ്ടോ? ഇപ്പോഴും?”, ദുഖമാചരിക്കുന്ന ദുര്യോധന വിധവയോടു കൊട്ടാരം ലേഖിക ചോദിച്ചു.
“ഭീമൻ ദുര്യോധനവധം പാടിനടന്ന രീതിയിൽ ഇപ്പോഴും രോഷമുണ്ടു്. ധീരയുദ്ധനായകൻ ഭീമഗദാ പ്രഹരത്തിൽ നടുവൊടിഞ്ഞു വീണു എന്ന അവകാശവാദം അതിശയോക്തി കലർന്നതായി. ചതുപ്പു നിലത്തു പുതഞ്ഞുവീണു ഉടൽ ചലിക്കാനാവാതെ, ദുര്യോധനൻ പാഞ്ചാലിയുടെ സാന്നിധ്യത്തിൽ നിലവിളിച്ചു എന്ന വെളിപ്പെടുത്തലിനുമുണ്ടു് അധാർമ്മിക ലക്ഷ്യം. വിഷവസ്തു സൈനിക വസ്ത്രത്തിൽ കരുതി മാത്രമേ ദുര്യോധനൻ സമാധാനകാലത്തുപോലും വീടുവിട്ടു പുറത്തേക്കിറങ്ങാറുള്ളു. വിട്ടുവീഴ്ചയില്ലാത്ത ആത്മാഭിമാനത്തോടെ വേണം മരണവുമെന്ന നിശ്ചയ ദാർഢ്യത്തോടെയുള്ള സാഹസിക ജീവിതത്തെ ഭീരുമരണമായി പൊതുയോഗങ്ങളിൽ ഭീമൻ ആടിപ്പാടി ആസ്വദിക്കുന്നു എന്നതാണു് കുരുക്ഷേത്ര വിധവകളുടെ യാതന!”
“പാഞ്ചാലിയെന്നു ഉപചാരപൂർവ്വം പരാമർശിക്കേണ്ട നിങ്ങൾ ‘മുത്തശ്ശി’ പദമുപയോഗിച്ചു പരസ്യമായി അപമാനിച്ചു എന്ന പരാതിയുമായി പുകയുകയാണല്ലോ പാവം പാണ്ഡവഹൃദയങ്ങൾ. കുരുവംശ കൊട്ടാരത്തിൽ വളർന്ന നിങ്ങൾ ഇത്ര വലുതായിട്ടും, കറതീർന്ന കുലീന പെരുമാറ്റക്രമം കൃപാചാര്യനിൽ നിന്നു് പഠിച്ചില്ലേ?”, അഭിമന്യുമകൻ പരീക്ഷിത്തിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പകരം, കൊച്ചനുജത്തി എന്നു് വിളിക്കാനാവുമോ, അച്ഛന്റെ അച്ഛൻ അർജ്ജുനന്റെ ആദ്യഭാര്യയെ? കാലമൊക്കെ കുതിച്ചു മുന്നേറിയില്ലേ. ഞാനിപ്പോൾ കൃപാചാര്യന്റെ ശിഷ്യനൊന്നുമല്ല, വയസ്സ് മുപ്പത്തിയഞ്ചു കഴിഞ്ഞില്ലേ. അന്നന്നത്തെ അപ്പത്തിനു് വേണ്ടിയുള്ള നിങ്ങളുടെ നെട്ടോട്ടത്തിൽ കൊല്ലങ്ങൾ പറക്കുന്നതു് ശ്രദ്ധയിൽ പെട്ടില്ല അല്ലെ? എന്നാൽ മുത്തശ്ശിപരാമർശ മൊന്നുമല്ല പാണ്ഡവ പരിഭവത്തിനു പിന്നിൽ. പ്രായക്കൂടുതൽ കാരണം സുഖചികിത്സക്കു് മലഞ്ചെരുവിൽ പോവേണ്ടിവരുന്ന യുധിഷ്ഠിരനെ, അധികാരത്തിൽ നിന്നു് വലിച്ചു താഴെയിടാൻ മറ്റുപാണ്ഡവരുടെ രഹസ്യസഹായം തേടുകയാണു് പാഞ്ചാലി. കിരീടാവകാശി എന്ന പദവി ഞാൻ സ്ഥാനത്യാഗം ചെയ്തു കിട്ടിയാൽ, പാഞ്ചാലിയുടെ പട്ടാഭിഷേകം എളുപ്പത്തിലാവും എന്നറിയുന്നു. രാജസ്നേഹിയായ എന്റെ അമ്മ വിരാടരാജകുമാരി ഉത്തര, പക്ഷേ ഈ കുടിലനീക്കം യുധിഷ്ഠിരനെ രഹസ്യമായി അറിയിച്ചപ്പോൾ, പാഞ്ചാലിയെ തൽക്ഷണം വീട്ടുതടങ്കലിൽ ആക്കി എന്നതാണു് ആശ്വാസ ചുരം കാവൽക്കാരാക്കി പാണ്ഡവരെ അയക്കാനും പദ്ധതിയിട്ടിട്ടുണ്ടു്. അതോടെ കൗന്തേയഹൃദയങ്ങളുടെ പുകച്ചിൽ മാറും, ഞാൻ അധികാരത്തിലും വരും!”
“വിരുന്നിൽ ലിംഗനീതിയെ കുറിച്ചു് നിങ്ങൾ സംസാരിക്കുന്നതു് ഇന്നലെ കേട്ടു. ലിംഗനീതി നിർവഹണത്തിൽ, സ്വന്തം കാര്യം എങ്ങനെ? പാണ്ഡവർ അഞ്ചുപേരും ‘ദേഹി ദേഹം വിടും വരെ’ വിരൽനഖം കടിച്ചു കാത്തിരിക്കേണ്ടേ, സ്വയം മഹാറാണിയാവാൻ? അതോ, കിരീടാവകാശി പരീക്ഷിത്തിന്റെ പിന്നിൽ വേണോ ഒതുങ്ങി നിൽക്കാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവർ രാജഭരണസേവനം നാടിനു പുനർസമർപ്പിച്ച ദിവസം.
“വാർധക്യസഹജമായ വല്ലായ്മയില്ലാത്തവർ വാനപ്രസ്ഥത്തിനു് പോയ കീഴ്‌വഴക്കം ഇല്ലേ? പാണ്ഡു എങ്ങനെയാണു് സിംഹാസനം ഉപേക്ഷിച്ചു വനത്തിൽ പോയതു്? കിരീടാവകാശി ദേവവൃതനു് ചെങ്കോൽ കൊടുക്കാൻ മഹാരാജാവു് ശന്തനുവിനു് സാധിച്ചോ? അധികാരം ഏറ്റെടുക്കാൻ തക്ക അവസരം വരുമ്പോൾ, രാജപാരമ്പര്യത്തിനു് വഴങ്ങിക്കൊടുക്കാതെ, പുതുസാധ്യത പരിശോധിച്ചു് മുന്നോട്ടു പോയ മീൻകാരി സത്യവതിയാണു്, പ്രതിജ്ഞ പാലിച്ച ഭീഷ്മരല്ല, ആധുനിക രാജ്യതന്ത്രത്തിന്റെ ഉദാത്ത മാതൃക എന്നേ തക്ഷശില വിദ്യാർത്ഥികളോടു് സാന്ദർഭി കമായി പറഞ്ഞുള്ളു. പാണ്ഡവർക്കിടയിൽ കിരീടത്തിനായി വടംവലിയുള്ളപ്പോൾ, പാഞ്ചാലി അധികാരമോഹി എന്ന നിങ്ങളുടെ പ്രതീതിനിർമിതി വേണ്ട!”
“മാലിന്യം എന്നല്ലേ ദുര്യോധനവിധവ ഇതിഹാസത്തെ വിശേഷിപ്പിച്ചിരിക്കുന്നതു്. പറഞ്ഞുവന്നാൽ, നിങ്ങളുടെ മകൻ ധൃതരാഷ്ട്രരുടെ പുത്രവധുവും, ഇപ്പോൾ വിധവയുമാണവൾ. ഇങ്ങനെ ആ സ്ത്രീക്കു് രോഷം വരാൻ എന്തായിരുന്നു നിങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച? ദുര്യോധനനെ തിന്മയുടെ ഇതിഹാസം എന്നു് നിങ്ങൾ അവതരിപ്പിച്ചതാണോ പ്രകോപനം?’”, കൊട്ടാരം ലേഖിക ചോദിച്ചു.
“അവരുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടില്ല. ആദ്യമേ പറയട്ടെ വ്യാസപുത്രൻ എന്നൊക്കെ ധൃതരാഷ്ട്രരെ വിശേഷിപ്പിക്കുന്നതിൽ അഭംഗിയുണ്ടു്. ഞാനൊരംഗീകൃത പരിത്യാഗി. ജന്മം തന്ന മീൻകാരി സത്യവതി, വിധിയുടെ വിളയാട്ടത്തിൽ ഈയിടെ തീപ്പെട്ട കുരുവംശരാജാവിന്റെ അമ്മ, എന്നോടാവശ്യപ്പെട്ടു അവരുടെ അംബിക, അംബാലിക എന്നീ രണ്ടു സുന്ദരികളായ പുത്രവിധവകൾക്കു ബീജദാനം ചെയ്യാമോ? അതു് കർത്തവ്യബോധത്തോടെ ചെയ്തു ഞാൻ സ്ഥലം വിട്ടു എന്നതിൽ കവിഞ്ഞു അവരുടെ സന്തതികളിൽ എനിക്കു് പിതാവിന്റെ പ്രതീക്ഷയോ അവകാശമോ വൈകാരിക നിക്ഷേപമോ ഇല്ല എന്നിരിക്കെ ദുര്യോധനവിധവ നിങ്ങളെപോലെ ഹസ്തിനപുരി ജനസംഖ്യയിൽ ഒരക്കം മാത്രം. ഞാൻ കുരുക്ഷേത്രയുദ്ധം കണ്ടിട്ടില്ല എന്ന പോലെ തന്നെ ഹസ്തിനപുരി രാജമന്ദിരങ്ങളിലെ ജീവിതവും എനിക്കന്യം. കുറെ വിഴുപ്പുകഥകൾ കേട്ടു, കുറെ ഭാവനയിൽ പൊതിഞ്ഞു. ഇനി ലോകമാകെ ഈ കഥാപാത്രങ്ങൾ വരുംയുഗത്തിലും പ്രത്യക്ഷപ്പെടും. ഒരാൾക്കതു അക്ഷരമാലിന്യമെന്നു തോന്നും വേറൊരാൾക്കതു മനുഷ്യപ്രകൃതിയുടെ ഖനിയായും. എഴുതിക്കഴിഞ്ഞു സൂതന്മാർ അതൊക്കെ പാടിത്തുടങ്ങിയതോടെ അതിനി പൊതുമുതൽ ആയി ഞാൻ കണക്കാക്കുന്നു. പൊതുമണ്ഡലത്തിൽ മഹാഭാരതം സ്വയം അതിജീവനസാധുത തേടണം. എനിക്കു് തിരക്കുണ്ടു്. എന്റെ മനസ്സിനെ ഇന്നു് മഥിക്കുന്നതു് കൗരവരാജവിധവകളുടെ മനസ്സിൽനിന്നും മാലിന്യനീക്കമല്ല, ഈ കാണുന്ന അനാഥ പ്രപഞ്ചത്തിന്റെ ആവശ്യമെന്തെന്ന ചോദ്യമാകുന്നു.”