“വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളിലൂടെ പരിചയപ്പെട്ട ‘സ്ഥലത്തെ പ്രധാന ദിവ്യന്മാർ’, വനവാസക്കാലത്തു വ്യഥിത പാണ്ഡവഹൃദയങ്ങളിൽ സാന്ത്വനം തന്ന ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാന പദയാത്ര.
“പാഞ്ചാലിയുൾപ്പെടെ, മിന്നുന്നതെല്ലാം പൊന്നാവണമെന്നില്ലെന്നപ്പോൾ ബോധ്യമായി.”
“പാണ്ഡവരുടെ പേരില്ല. വിചിത്രമെന്നു പറയട്ടെ, പാഞ്ചാലിയുടെ പേരുണ്ടു്. ഇതെങ്ങനെ പുതു പാണ്ഡവ ഭരണകൂടം വിശദീകരിക്കും?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, “കുറുക്കുവഴിയിലൂടെ പുതുതായി ആരെയും പൗരന്മാരാക്കാൻ ഇടതരാത്ത വിധം ജാഗ്രതയോടെ പഴുതടച്ചാണു് രാജസഭഅംഗീകാരം കൗരവർ അക്കാലത്തു നേടിയതെന്ന വസ്തുത നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?”
“പാണ്ഡവർക്കു് പൗരത്വം നിഷേധിച്ചു നിയമനിർമ്മാണം ചെയ്ത കൗരവർ, യുദ്ധത്തിൽ രാജ്യത്തിന്റെ അഖണ്ഡതക്കായി ബലി ചെയ്തതിന്റെ വിശുദ്ധി മലിനപ്പെടുത്താമെന്നാരും മോഹിക്കേണ്ട. വിവാദനിയമ നിർമ്മിതി, മുൻ മഹാരാജാവു് ധൃതരാഷ്ട്രർ രാജസഭയുടെ അംഗീകാരത്തോടെ അസ്ഥിരപ്പെടുത്തിയ ശേഷമായിരുന്നു ഞാൻ പട്ടാഭിഷേകം ചെയ്തതെന്നു് നിങ്ങൾ മാധ്യമപ്രവർത്തകർ നേരത്തെ അറിയേണ്ടതല്ലേ? പാഞ്ചാലിക്കു് പൗരത്വം അനുവദിച്ച ദുര്യോധനൻ എക്കാലവും പെണ്ണവകാശ പോരാളിയായിരുന്നു. കൗരവനേതാവിന്റെ പഞ്ചലോഹ പ്രതിമ നിർമ്മിക്കുമ്പോൾ, ഫലകത്തിൽ പ്രത്യേകം ഞങ്ങൾ എഴുതിച്ചേർക്കും. ധന്യംദുര്യോധനസ്മൃതി. തിരക്കുണ്ടു്. കൗരവവിധവകൾക്കു പുനരധിവാസകേന്ദ്രത്തിൽ കുടിവെള്ളവിതരണം തുടങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാൻ സമയമായി”.
“എന്തുകൊണ്ടു് ഞാൻ കാൽ മുമ്പോട്ടുവച്ചു എന്നോ? ആജീവനാന്തചൂഷക!? ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിപദവി കൈവിട്ടുപോവാതിരിക്കാൻ രാജസൂയ യാഗത്തിലെ എല്ലാ സ്ത്രീവിരുദ്ധ ആചാരങ്ങളും ആവേശത്തോടെ പൂർത്തിയാക്കിയ പാഞ്ചാലി, ചൂതാട്ടസഭയിൽ വലിഞ്ഞുകയറി, നാണം കെടുംവരെ എന്നെ നിന്ദിക്കാൻ കിട്ടിയ അവസരം വല്ലതും പാഴാക്കിയോ? എല്ലാം പൊറുക്കാം, പക്ഷേ, രണ്ടു സ്ത്രീകൾ പെറ്റതെങ്കിലും, പൊതു പിതൃനാമം പങ്കിടുന്ന പാണ്ഡവരിൽ മാദ്രിമക്കളെ ഇളമുറമുദ്ര ചാർത്തി വേർതിരിച്ചു ഞങ്ങളിൽ അതുവരെ ഇല്ലാതിരുന്ന തലമുറവിടവുണ്ടാക്കാൻ അവൾ ചെയ്ത ഹീന ശ്രമമുണ്ടല്ലോ, അതു് കണ്ടതോടെ പാഞ്ചാലി എനിക്കു് പ്രിയങ്കരിയല്ലാതായി”. കറുത്ത ആകാശം, കൈതൊടാവുന്ന ആ മലമുകളിൽ അപ്പോഴേക്കും ഏന്തിവലിച്ചു എത്തിയ യുധിഷ്ഠിരൻ ജീവവായു കിട്ടാതെ കിതച്ചു, അനാഥപ്പട്ടി വിധേയത്വത്തോടെ വാലാട്ടി.
“വധു സുന്ദരിയും അഭ്യസ്തവിദ്യയുമായിരിക്കുക, സ്വയംവര പ്രതിയോഗികളുടെ ‘ഭീഷണ’സാന്നിധ്യം അവൾ കണ്മുന്നിൽ അറിയുക, മത്സരജേതാവെന്ന നിലയിൽ അവളിൽ ഭ്രമിച്ചും, ഭർത്താവെന്ന നിലയിൽ അവളെക്കണ്ടു പരിഭ്രമിച്ചും, വിവാഹം കഴിക്കുക—‘വികാരജീവി’ അർജ്ജുനനു എപ്പോഴാണു് ഈ വിശ്വ മോഹിനിയിൽ ‘കൗതുകം’ നഷ്ടപ്പെട്ടതു്?”. സുഭദ്രയുമൊത്തു ഇന്ദ്രപ്രസ്ഥത്തിൽ വെല്ലുവിളി പോലെ വന്ന അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“മത്സരിച്ചുനേടിയ ‘പെണ്ണുടലിൽ ‘പരമാധികാരം’ നിങ്ങൾ സ്ഥാപിച്ചുകഴിഞ്ഞാൽ, പ്രണയാവേശം അണയുമെന്നതൊരു സാമാന്യബോധമല്ലേ! അർജ്ജുനൻ, മേച്ചിൽപുറങ്ങളിൽ പുതുപെണ്ണുടൽ നേടിവന്നപ്പോൾ, മഹാറാണി പാഞ്ചാലി വിരുന്നു ബഹിഷ്കരിച്ചതു നിങ്ങൾ കണ്ടില്ലേ? വ്യക്തമായല്ലോ, പ്രണയം, ഉടമസ്ഥാവകാശവുമായി അവളെങ്ങനെ എക്കാലവും കൂട്ടിവായിച്ചു!”
“ഇത്ര അസന്തുഷ്ടമാണു് ദാമ്പത്യജീവിതമെങ്കിൽ, ഇനിയും ആ ‘ബന്ധനം’ വച്ചുനീട്ടാതെ ‘കെട്ടു’പൊട്ടിച്ചുകൂടെ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കുളികഴിഞ്ഞുവന്ന പാഞ്ചാലി, ഈറൻതുണി വെയിലത്തിടുന്നതു് ജാലകത്തിലൂടെ കാണാമായിരുന്നു. അക്ഷയപാത്രത്തിൽനിന്നും വിശപ്പടക്കിയ മറ്റുപാണ്ഡവർ ചൂതാട്ടത്തിൽ ‘നൈപുണ്യ വികസനം’ നേടുന്ന മദ്ധ്യാഹ്നം.
“ഊഴംതെറ്റിച്ചും ഉടൽസേവനം ഉടൻ നേടാൻ, പാഞ്ചാലിയുമായി അതിരുവിട്ടു കൗശലപൂർവ്വം ഇഷ്ടംകൂടുന്ന വിവാഹത്തിന്റെ ആദ്യ കാലങ്ങളിൽ, പാണ്ഡവരഞ്ചുപേർക്കും നോട്ടപ്പിശകു് പറ്റി. ഒന്നൊന്നായി അവൾക്കുമുമ്പിൽ ഞങ്ങൾ ‘ഹൃദയം തുറന്ന’ ഏറ്റുപറച്ചിലുകൾക്കിടയിൽ, പാണ്ഡു/കുന്തി/മാദ്രി കുടുംബ രഹസ്യങ്ങൾ ‘ഓർമപ്രകാശന’ത്തിലൂടെ വഴുതിവീണതെല്ലാം അവളുടെ പക്കൽ ഉണ്ടു്. ബഹുഭർത്തൃത്വദാമ്പത്യത്തിൽ കുമിഞ്ഞുകൂടിയ അസ്വാരസ്യമൊക്കെയുണ്ടെങ്കിലും, വേർപെട്ടു പാഞ്ചാലി സ്വതന്ത്രയായാൽ, പൗരാവകാശത്തോടൊപ്പം രാജസ്ത്രീപദവിയും കൊടുത്തു ദുര്യോധനൻ ആ “വിഴുപ്പു” തട്ടിയെടുക്കുമോ എന്നതാണു് ഞങ്ങളുടെ ഭീതി.”
“കൗരവപക്ഷത്തായിരുന്നു, സ്വാർത്ഥതാല്പര്യത്തിൽ നിങ്ങളെങ്കിലും, കുരുക്ഷേത്ര കഴിഞ്ഞപ്പോൾ പാണ്ഡവഭാഗത്തേക്കു കൂറുമാറി. അഭിമന്യുമകൻ, പരീക്ഷിത്തിന്റെ ഗുരു എന്ന പദവി തന്നു നവപാണ്ഡവഭരണകൂടം അരമനയിൽ നിങ്ങളെ അന്തേവാസിയുമാക്കി. ഊട്ടുപുരയിലും കിട്ടി മുൻവരി ഇരിപ്പിടം. എന്നിട്ടും എന്താ മുറുമുറുപ്പു്?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.
“നിയമനരീതിയിലാണു് ക്രമംവിട്ട പദാവലി. കൗരവ കാലത്തെന്റെ പദവി ‘കൊട്ടാരഗുരു’ എന്നായിരുന്നു അങ്ങനെയാണു് രാജമുദ്ര ചാർത്തിയ ഉത്തരവിൽ വായിച്ച ഓർമ്മ. കിരീടാവകാശിയുടെ പ്രാഥമികഗുരു എന്നാക്കി ചുരുക്കി. ആദ്യാക്ഷരങ്ങൾ പരീക്ഷിത്ത് അഭ്യസിച്ചു കഴിഞ്ഞാൽ, പിന്നെ എന്താവും എന്റെ ഭാവി? ആദ്യാക്ഷരങ്ങൾ പരീക്ഷിത്തിനെ അഭ്യസിപ്പിക്കുന്നതു എത്ര ഞാൻ മനഃപൂർവ്വം വൈകിപ്പിക്കുന്നുവോ അത്രയും എന്റെ ഔദ്യോഗികജീവിതം തടസ്സമില്ലാതെ തുടരാമെന്നു് ഒളിപ്പിച്ചൊരു വാഗ്ദാനമാണോ പാണ്ഡവർ വളഞ്ഞവഴിയിൽ തരുന്നതു്? ചിരഞ്ജീവി എന്ന ദിവ്യഗണത്തിൽ പെട്ടതു് കൊണ്ടു് മരിക്കാനും എനിക്കു് അവസരമില്ല”, ദ്രോണരുടെ ഭാര്യാസഹോദരനും അശ്വത്ഥാമാവിന്റെ മാതൃസഹോദരനുമായ, ‘ചിരഞ്ജീവി കൃപാചാര്യൻ’ തന്റെ ഏകശിഷ്യനെ തേടി പകച്ചു ചുറ്റും നോക്കി.
“പന്ത്രണ്ടുകൊല്ലം പാഞ്ചാലി കാട്ടിൽ കൗരവഅടിമയായി കഷ്ടപ്പെടുമ്പോഴും നിങ്ങൾ, ഹസ്തിനപുരി കൊട്ടാരത്തിൽ അവൾക്കുവേണ്ടി ‘ചെറുവിരൽ അനക്കിയില്ലെ’ന്നു ദുര്യോധനൻ പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ഇത്രക്കാകാമോ ഹൃദയശൂന്യത! ഒന്നുമല്ലെങ്കിൽ നിങ്ങളുടെ അഞ്ചു പേരക്കുട്ടികൾക്കു് ജന്മം നൽകിയ സ്ത്രീയല്ലേ അവൾ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലത്തു ഗാന്ധാരിയുടെ തോഴിയായി അരമനയിൽ കുന്തി സ്വസ്ഥമായി കഴിയുന്ന കാലം.
“കാട്ടിൽ ബാല്യകൗമാരങ്ങൾ കഴിഞ്ഞ പാണ്ഡവർക്കു് വേണ്ടി ഞാനൊന്നും ചെയ്തില്ലായിരിക്കാം, എന്നാൽ എന്നെ പോലെ ഒന്നിലധികം പുരുഷന്മാരുമൊത്തു രാപ്പകൽ വിധേയപ്പെട്ട പാഞ്ചാലിക്കു് പരുത്തിത്തുണികളും ചർമ്മപരിപാലനത്തിനു സുഗന്ധതൈലവും ശരീരശുചിത്വത്തിനു പച്ചിലമരുന്നുകളും ഉടലഴകിനുപകരണങ്ങളും വിശ്വസ്തചാരൻ വഴി അവൾക്കെത്തിച്ചു കൊടുത്തിരുന്നതു് ആരാണെന്നാണു് ഇതുവരെ മനസ്സിലാക്കിയതു്? ആ കരുതലും ദുഷ്ടദുര്യോധനൻ തട്ടിയെടുക്കുമോ?”
“പ്രിയ അധ്യാപകൻ നിങ്ങൾക്കാരുണ്ടു്? അതിനുശേഷം ഞാൻ, തക്ഷശില രാജ്യതന്ത്രവകുപ്പിലെ ‘പ്രഗൽഭരെ’ അനുസ്മരിക്കാം!”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. വിദ്യാഭ്യാസ‘മാതൃക’ ദ്രോണാചാര്യരെ ആദരിക്കുന്ന വാർഷികോത്സവത്തിൽ ദുര്യോധനനുമൊപ്പം എത്തിയതായിരുന്നു, കർണ്ണൻ.
“രണ്ടു ‘മഹാബ്രാഹ്മണ’രെ വ്യത്യസ്തരീതികളിൽ ഈ അവസരത്തിൽ ഓർക്കുന്നു, ഒരാളെ നീരസത്തോടേ, മറ്റെയാളെ അസഹിഷ്ണുതയോടെ. സൈനികശാസ്ത്രം പഠിക്കാൻ ആദ്യം ചെന്നതു് ദ്രോണഗുരുകുലത്തിലാണു്. ‘മുഖതേജസ്സും ആരോഗ്യവും കാണുമ്പോൾ, സൂര്യനെപ്പോലെ ശോഭിക്കുന്ന നീ അഭിജാത’നെന്ന മുൻവിധിയോടെ പ്രവേശനം നൽകാനിരിക്കുമ്പോഴാണു്, ഞാൻ ജനിച്ച സൂതവംശത്തെക്കുറിച്ചു ഗുരുവിനു, ‘മത്സരബുദ്ധി’ അർജ്ജുനൻ രഹസ്യവിവരം കൈമാറിയതു്. “ജാതിയിൽതാണ നിന്നെ ഗുരുകുലത്തിൽ ചേർത്തു് കൗരവപാണ്ഡവർക്കൊപ്പം പഠിപ്പിച്ചാൽ ഞാൻ, ധൃതരാഷ്ട്രകോപത്തിനു ഇരയാവുമെന്നു” പറഞ്ഞു പുറത്താക്കിയ ദ്രോണരോടുള്ളതു് ഭീരുവിനോടുള്ള സഹതാപം മാത്രം. എന്നാൽ, പിന്നീടു് ചെന്നതു് പരശുരാമശിഷ്യനാവാൻ! വിദ്യാഭ്യാസം കഴിഞ്ഞു പുറത്തുവരുമ്പോളായിരുന്നു, അശ്രദ്ധകൊണ്ടെന്റെ സൂതവംശം വെളിപ്പെട്ടതും, “കബളിപ്പിക്കാൻ ശ്രമിച്ച നിന്റെ വിദ്യ, പോരാട്ടത്തിൽ ഫലിക്കാതെ പോട്ടെ” എന്നു് ശപിച്ചതും. ദശാബ്ദം നീണ്ട വിദ്യാഭ്യാസം, ശാപവാക്കു കൊണ്ടയാൾ റദ്ദു ചെയ്തു. ജാതിക്കോമര ബ്രാഹ്മണനുമുമ്പിൽ വിദ്യാദേവി അവഹേളിക്കപ്പെട്ട ദുർദിനമാണു് ഇപ്പോഴും ഓർമ്മ!”
“വ്യാസനെ കണ്ടിട്ടു് കാലമെത്രയായി”, ഭീമൻ വിഷാദസ്വരത്തിൽ ഓർത്തു.
“പത്തു കോവർ കഴുതകളും അത്രതന്നെ സഹായികളുമായി പനയോലക്കെട്ടു കൊണ്ടുവരാൻ ദക്ഷിണാപഥത്തിൽ പോയിരിക്കയാണെന്നു് കേട്ടു. യുദ്ധം കഴിഞ്ഞാൽ ഉടൻ കുരുവംശചരിത്രം എഴുതും. ജേതാവിനു് അനുകൂലമായി വ്യാസൻ കെട്ടിപ്പൊക്കും ഒരു മഹാഭാരത കഥ.”
“എന്തിനാണു് വലിയൊരു സൈന്യവുമായി വിരാടത്തിലേക്കു പോയതു്?”, ഹസ്തിനപുരത്തിൽ മടങ്ങിവന്ന കൗരവസംഘത്തെ നോക്കി കൊട്ടാരം ലേഖിക വിസ്മയത്തോടെ ചോദിച്ചു, “ആരെ കൊല്ലാനാണു പിതാമഹനെയും കൊണ്ടുപോയതു്?”
“അർദ്ധസഹോദരർ അവിടെ അജ്ഞാതവാസത്തിൽ വിരാട അടിമകളായി കഷ്ടപ്പെടുന്നുണ്ടു് എന്നറിഞ്ഞു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ചെന്ന ഞങ്ങളെ കീചക കിങ്കരന്മാർ, പാണ്ഡവരെ മുഖംകാണിക്കാൻ സമ്മതിക്കാതെ, തിരിച്ചയച്ചു. പരാജയമല്ല, സമാധാനദൂതിനൊരു കാലിടറൽ മാത്രം!”
“ക്ഷണിച്ചുവരുത്തിയ വിശിഷ്ട കൗരവകുടുംബ സംഘത്തെ പരസ്യമായി നിങ്ങൾ അപമാനിച്ചുവിട്ടു എന്നു് ഹസ്തിനപുരി കുതിരപ്പന്തികളിൽ പാട്ടാണല്ലോ. ധാർമികതയുടെ മൊത്ത ക്കച്ചവടക്കാരനായ യുധിഷ്ഠിരന്റെ ഈ നവ മോഹനനഗരി പോക്കിരികളുടെ വിഹാരഭൂമിയായോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“അടിസ്ഥാനസൗകര്യങ്ങൾ നാമമാത്രമായ ഇന്ദ്രപ്രസ്ഥത്തിനു് താങ്ങാനാവുന്നതിലുമധികം, നൂറോളം കൗരവരും അവരുടെ ‘ആന മയിൽ ഒട്ടകമടക്കം’ കുഞ്ഞുകുട്ടി കുടുംബാംഗങ്ങളും ഒരു സുപ്രഭാതത്തിൽ ഇവിടെ ഇടിച്ചിറങ്ങി പാണ്ഡവ ആഡംബര വസതികളിൽ തന്നെ വേണം അന്തിയുറക്ക സൗകര്യം എന്നു് ശഠിച്ചാൽ പിന്നെ, ഈ പുതുനഗരം അവരുടെ ജൈവവിസർജ്യം കൊണ്ടു് ഹസ്തിനപുരിപോലൊരു നാറ്റപ്പട്ടണമാവില്ലേ. വേറെ അടിയന്തിര മാധ്യമശ്രദ്ധ അർഹിക്കുന്ന അത്യാഹിതമൊന്നും ഉണ്ടായില്ല.”
“ബഹുഭർത്തൃത്വം അസാധാരണമെങ്കിലും, നിഷിദ്ധമല്ലെന്നു തർക്കത്തിനു സമ്മതിക്കാം. എന്നാൽ, പരിഷ്കൃത വനിതയെന്ന പേരെടുത്ത അഭ്യസ്ത വിദ്യയല്ലേ, എങ്ങനെ പിന്നെ സ്വീകരിച്ചു കുന്തിയുടെ ദുരൂഹമായ നാലംഗ വിവാഹസമ്മാനം?”, കൊട്ടാരം ലേഖിക ചോദിച്ചു. നവവധുവായി പാണ്ഡവർക്കൊപ്പം ഹസ്തിനപുരി അതിഥിമന്ദിരത്തിൽ ആരാധകർക്കു് ‘ദർശനം’ കൊടുക്കുന്ന ആഘോഷദിനങ്ങൾ. കുരുവംശസ്വത്തിൽ ഭാഗം ചോദിക്കാൻ യുധിഷ്ഠിരനും സംഘവും കൊട്ടാരത്തിൽ പോയ നേരം.
“സ്വയംവരം ചെയ്ത അർജുനന്റെ കൂടെ നിന്ന സഹോദരന്മാരെ നോക്കിയപ്പോൾ, മുഖത്തെ യാചനാഭാവം എന്നെ സ്പർശിച്ചു! “പാഞ്ചാലീദേവീ, സ്വവർഗ്ഗരതിയിലേക്കു അനാഥയുവത്വത്തെ നീ തള്ളിവിടരുതേ, കൈകൂപ്പിടുന്നു ഞങ്ങൾ”, എന്നവർ മുട്ടു കുത്തി എന്നെ പ്രലോഭിപ്പിച്ചുവോ!”
“കീചകവധഅന്വേഷണത്തിൽ, എന്തു് പുതുവിവരമാണിപ്പോൾ പുറത്തു?”, ‘ഹസ്തിനപുരി പത്രിക’യിലെ വാർത്താവിഭാഗം മേധാവി പുരികമുയർത്തി. പാണ്ഡവഭരണ ഹസ്തിനപുരി.
“ഊട്ടുപുര ‘പാചകക്കാര’നായ ഭീമൻ ഇടയ്ക്കിടെ ചൂടിൽ വിയർത്തു പുറത്തുവരും. നനഞ്ഞ ഉടുതുണി ആകെയൊന്നു വീശി, കുറച്ചുനേരം നിന്നു്, വീണ്ടുമുടുത്തു അകത്തേക്കു് മടങ്ങിപ്പോകും. രംഗം ഒന്നിലധികം പ്രാവശ്യം പൂങ്കാവനത്തിൽ കണ്ട വിരാടറാണി സുദേഷ്ണ, പാരവശ്യത്തോടെ അനുജനോടു് ‘പാചകക്കാരന്റെ അശ്ലീലചേഷ്ട നിർത്തി തരണ’മെന്നു ആവശ്യപ്പെട്ടപ്പോൾ യുവ വിരാടസൈനികമേധാവി മുൻഗണന കൊടുത്തു. ഭീഷണി മണത്ത ഭീമൻ, മുൻകരുതൽ എന്ന നിലയിൽ കീചക ഉയിരെടുത്തു”, കൊട്ടാരം ലേഖിക കയ്യിൽ തടഞ്ഞ രഹസ്യവിവരം അവതരിപ്പിച്ചു.
“ചത്തതു് കീചകനും കൊന്നതു് ഭീമനും എന്ന ‘അധ്യായ’ത്തിൽ പുരുഷ നഗ്നതാപ്രദർശനം എന്ന പുതിയ സദാചാര ഉള്ളടക്കം കൂടി വേണോ? ഭീമൻ ഇപ്പോൾ യുദ്ധാനന്തര ഭരണകൂടത്തിൽ പ്രതിരോധ വകുപ്പു് മേധാവിയല്ലേ.”
“നിങ്ങൾ ‘പരിപ്രേക്ഷ്യ’ത്തിൽ പ്രതികരിക്കുന്ന ഏക പാണ്ഡവൻ എന്നാണല്ലോ വെപ്പു്. പാഞ്ചാലിയിൽ നിന്നും ‘മോചനം’ ദാമ്പത്യസാധ്യതയായി നിങ്ങളഞ്ചുപേർ പരിഗണിച്ചിട്ടുണ്ടോ?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു.
“വെറുമൊരു സാധ്യതയല്ല, വിമോചനവഴി തുണയായ സുരഭിലകാലം! അഞ്ചു കമിതാക്കളെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള പാഞ്ചാലി, പായക്കൂട്ടിനു തന്നിഷ്ടപ്രകാരം ഊഴം നടപ്പിലാക്കിയ രാത്രികാലം. അഞ്ചിലൊന്നു് ഊഴംതെറ്റിച്ചു എന്നെയവൾ വിരൽഞൊടിച്ചു തിരഞ്ഞെടുക്കും. മറ്റുനാലു തിരസ്കൃതരും ഒത്തുചേർന്നു “ബഹുഭർത്തൃത്വത്തിന്റെ സേവന നൈതികത നിഷേധിക്കുന്ന പാഞ്ചാലിയിൽനിന്നും ഞങ്ങൾ സഹികെട്ടു് ഇതാ വിവാഹമോചനം നേടുന്നു”, എന്നവർ മൂന്നു തവണ ആകാശത്തേക്കു് ദൃഷ്ടിപായിച്ചു ഉച്ചരിക്കും. അവർക്കിടയിൽനിന്നും പിറ്റെന്നൊരാളെ സ്വേച്ഛാധികാരത്തിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ മോചനപ്രഖ്യാപനം ഉപാധിരഹിതമായി പിൻവലിച്ചു അന്നുരാത്രി വിശിഷ്ടപായക്കൂട്ടുകാരനാവും. രാജസൂയ യാഗം ചെയ്തു സാമന്തരുടെ സർവാധികാരിയായി തിരുവസ്ത്രം ധരിക്കുന്ന യുധിഷ്ഠിരൻ, അവൾക്കുമുമ്പിൽ നിർല്ലജ്ജം മുട്ടുകുത്തുന്ന കാലം! അർദ്ധദേവസ്ത്രീയുടെ രതി സംഹാരശക്തിയോർത്തു അഭിമാനം തോന്നും, ഞാനും ‘ഇര’യാവും വരെ, കപടഅഭിമാനം എന്നിൽ കാടുപൂക്കും!”
“ഇടനെഞ്ഞു ചതച്ചു കൗരവരെ കൊന്നു ‘ഇതിഹാസ’മായ നിങ്ങൾ എന്നാണൊന്നുള്ളം മറന്നുത്സവാഘോഷത്തിൽ ഉല്ലസിക്കുക?”, കൊട്ടാരം ലേഖിക രൗദ്രഭീമനോടു് ചോദിച്ചു. അവസാനശത്രു ദുര്യോധനനും തുടയിൽ ഭീമഗദ തട്ടി തകർന്നു കിടക്കുന്ന സന്ധ്യ.
“സംശയമുണ്ടോ? ഓരോ കൗരവരാജവിധവയുടെയും കണ്ണുനീർ, ഈ വിരലുകൾകൊണ്ടു് തുടച്ചുനീക്കി മാത്രം!” ഭീമൻ കൊച്ചു കുഞ്ഞിന്റേതുപോലെ മൃദുവായ കൈവിരലുകൾ നീട്ടി, പ്രാർത്ഥനയുടെ സ്വരത്തിൽ പറഞ്ഞു.
“ദേവസന്തതികളെപോലെ സുമുഖന്മാരായ ഇവർ അഞ്ചുപേരും, എന്റെ സ്ഥിരം കമിതാക്കൾ! ബഹുഭർതൃത്വ ദാമ്പത്യത്തിൽ അംഗങ്ങളുമാണു്. അഞ്ചു പുത്രന്മാരുടെ ബീജദാതാക്കളും എന്നെപ്പോഴെങ്കിലും പാഞ്ചാലയിലെ വിശിഷ്ടവ്യക്തികൾക്കു് അഭിമാനത്തോടെ പരിചയപ്പെടുത്തിയ ഓർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“‘ദിവ്യന്മാ’ർ പാരിതോഷികങ്ങളും പാൽപ്പുഞ്ചിരിയുമായി അവൾക്കരികെയെത്തിയാൽ, ഇളമുറ നകുലന്റെ അരക്കെട്ടിൽ കൈചേർത്തു ഉല്ലസിച്ചു നിൽക്കും, ‘പ്രിയകൂട്ടുകാരൻ’ എന്നു് തിളങ്ങുന്ന കണ്ണുകളോടെ പരിചയപ്പെടുത്തും. നാലു പേർ ദരിദ്രബന്ധുക്കളെപോലെ, പല്ലക്കു് ചുമക്കാനും അകമ്പടിക്കും ദേഹസുരക്ഷക്കും ഓടിനടക്കും”, പറഞ്ഞുപറഞ്ഞു, പെട്ടെന്നു് ദൂരെ പാഞ്ചാലിയെ ഒരു നോക്കു് കണ്ടപ്പോൾ, അസംതൃപ്തഭീമൻ നേർക്കുനേർ ദർശിക്കുവാൻ, മുട്ടിൽ ഇഴഞ്ഞു കൈകൾ കൂപ്പി.
“തലയിൽതേച്ചു നീരൊഴുക്കിൽ നീന്തിക്കുളിക്കാൻ വേണം, കരൾ തുറന്നിത്തിരി കൗരവച്ചോര!”
“അഞ്ചു ആൺമക്കളുണ്ടായിട്ടും, നിങ്ങൾ ‘ദാസി’?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“നിലമുഴുതുജീവിക്കുമെന്നുപറഞ്ഞു കുടിയേറ്റക്കാരായി പാഞ്ചാലിയുമൊത്തവർ പടിയിറങ്ങുമ്പോൾ, ഞാൻ ഓർമ്മിപ്പിച്ചു, “മക്കളേ, ഖാണ്ഡവവനം നിങ്ങൾ പരിപാലിക്കണം, അതൊരാവാസവ്യവസ്ഥ!”. അവർ കേട്ടില്ല, പിന്നെ മന്ത്രി വിദുരർ പറഞ്ഞു കേട്ടു, കാടുകത്തിച്ചയിടത്തിൽ രാജസൂയയാഗം ചെയ്തും, സ്വാധീനമുള്ള യാദവസുഹൃത്തുക്കളെ നേടിയും യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായി! അഞ്ചു പാണ്ഡവകുട്ടികളെയും കൊണ്ടു് ഈ വഴി പാഞ്ചാലക്കവർ പോയിട്ടും, എന്നെ കാണാൻ വന്നില്ല. ഹസ്തിനപുരിവഴി യാത്രഅനുമതി കൊടുത്തിരുന്നു. ചൂതാട്ടത്തിനു പാണ്ഡവസംഘം ആനപ്പുറത്തു എഴുന്നെള്ളി, പിറ്റേന്നവർ കൗരവഅടിമകളായി കാട്ടിൽ പോവുന്നതും കണ്ടു, പതിമൂന്നുവർഷത്തിനു് ശേഷം കുരുവംശരാജാക്കളായി ഹസ്തിനപുരിയിൽ ഭരണമേറ്റെടുത്തിരിക്കുന്നു. ഇതിനിടയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട കർണ്ണനു ശ്രാദ്ധം ചെയ്യാൻ ഞാനവർക്കൊപ്പം ബലിഘട്ടത്തിൽ പോയതൊഴിച്ചാൽ, ഇല്ല, അവരുമായി എനിക്കു് സമ്പർക്കമില്ല.”
“ഓരോ അഭിമുഖത്തിലും വെളിപ്പെടുന്നല്ലോ ബഹുഭർത്തൃത്വം സഹനം എന്ന ദാമ്പത്യസൂചന?”, പഞ്ചലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഇടനെഞ്ചിൽ കുത്തിയാൽ തെറിക്കില്ലേ ചോര?”
“മലമ്പ്രദേശത്തേക്കിപ്പോൾ കനത്ത വാഹനനീക്കമാണല്ലോ. എന്താണിതിന്റെ കച്ചവടരഹസ്യം?”, കൊട്ടാരം ലേഖിക മാംസഭക്ഷണശാല ഉടമയോടു് ശബ്ദം താഴ്ത്തി ചോദിച്ചു.
“വൈവാഹികമാണു് കാര്യം. യുവരാജ ധൃതരാഷ്ട്രർ വിവാഹം കഴിച്ച ഗാന്ധാരപ്രദേശത്തെക്കാണിപ്പോൾ തിരക്കൊക്കെ. ഓരോ കാളവണ്ടിയിലും, ഒരു മാസത്തേക്കു ധാന്യവും വിറകും വെള്ളവും സഹായികളും കാണും. ആരോ കുതിരപ്പന്തികളിൽ വിചിത്രവിവരം എത്തിച്ചു, ഗാന്ധാരദേശവധു പ്രസവത്തിൽ നൂറു ആൺകുട്ടികൾക്കു് ജന്മംനൽകി! ഒന്നിനൊന്നു ആരോഗ്യവും സൗന്ദര്യവും ഉള്ളവർ, ഗാന്ധാരദേശത്തിനായി പെരുമ! എന്തു കൊണ്ടു് ഗാന്ധാരയിൽ നിന്നായിക്കൂടാ നമ്മുടെ മകനു വധു? കൃഷി ആയാലും കന്നുകാലിവളർത്തൽ ആയാലും കച്ചവടമായാലും, ആൾക്ഷാമം പരിഹരിക്കാൻ മറ്റുദേശങ്ങളിൽ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്താണു് കാര്യങ്ങൾ നടത്തിയതെങ്കിലും, വരുംകാലങ്ങളിൽ പോരെന്നായി, കടന്നുചിന്തിക്കുന്ന ഗ്രാമസഭ. ആണുങ്ങൾക്കു് വധു, ഗാന്ധാരയിൽ എന്ന അനുമതിയോടെ ബന്ധുക്കൾ പോവുമ്പോൾ, ഞങ്ങൾ അതിലൊരവസരം കണ്ടു: മാടുകളെ ഇറച്ചിവിലയ്ക്കു കൊടുക്കും, രുചി ഉറപ്പിക്കാം, ഞങ്ങൾക്കതൊരു വരുമാനമായി. നിങ്ങൾക്കെന്താണു് വേണ്ടതു്, വിലക്കുറവിൽ, കറവവറ്റിയ നാൽക്കാലി മതിയോ?”
“കീഴടങ്ങൽനിബന്ധന പാലിച്ചു നഗ്നപാദരായി വനവാസത്തിനു വിനീതരായി നടന്നുനീങ്ങുന്ന പാണ്ഡവരുടെ ഇരുഭാഗത്തും, ഉയർത്തിപ്പിടിച്ച ചാട്ടവാറുമായി നിങ്ങളെന്തിനാ ഇങ്ങനെ കാര്യമില്ലാതെ അട്ടഹസിക്കുന്നതു?”, കൊട്ടാരം ലേഖിക, മുഖപരിചയമുള്ള ഇളമുറ കൗരവനോടു് ധാർമികരോഷത്തോടെ ക്ഷോഭിച്ചു.
“ഇന്നലെ ഇതേ സമയത്തു് ഞങ്ങൾ തന്നെയാണു് ‘ഇന്ദ്രപ്രസ്ഥം ചക്രവർത്തി യുധിഷ്ഠിരനെയും മഹാറാണി’യെയും വെഞ്ചാമരം വീശി നഗരവാതിൽ മുതൽ കൊട്ടാരംവരെ ഉപചാരപൂർവ്വം ആചാരവെടിയുമായി ആനയിച്ചതു്. ചൂതുകളിക്കു് ശേഷം നേരം പുലർന്നപ്പോഴേക്കും, നിയതിയുടെ തട്ടു് ഉയർന്നതും താണതും, ഇവരാറുപേർ ഞങ്ങളുടെ അടിമകൾ ആയതും, നാം ആഘോഷിക്കെണ്ടേ?”, കൗരവൻ ആഞ്ഞുവീശിയ ചാട്ടയിൽ അർദ്ധനഗ്ന ഭീമൻ പുളഞ്ഞു.
“മൗനം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു “അതോ, ഉള്ളിൽ കെട്ടുപൊട്ടുന്നൊരു കൊടുംകാറ്റുണ്ടോ?”
“ഖാണ്ഡവപ്രസ്ഥം പ്രവിശ്യയുടെ ഇഷ്ടദാനപത്രവുമായി പാണ്ഡവർ വധുവുമൊത്തു ഭാഗ്യാന്വേഷണത്തിനായി പടിയിറങ്ങുമ്പോൾ നിങ്ങൾ കൂടെകൂടാതെ, കൊട്ടാരത്തിൽ തുടർന്നതിലെ പ്രയോഗികബുദ്ധി പ്രത്യക്ഷത്തിൽ പ്രശംസാവഹമായിരുന്നു. പോവുന്നതു് ഘോരവനത്തിലേക്കാണു് കുടിൽകെട്ടി തുടങ്ങണം പാഞ്ചാലിയുമൊത്തു കുടുംബജീവിതം അഞ്ചുപേരിൽനിന്നും ഗർഭം ധരിച്ചു പാഞ്ചാലി കുട്ടികൾക്കു ജന്മം നൽകണം പോറ്റിവളർത്തണം ഭാവി ശോഭനമാവുമോ പണിയെടുത്തു നടുവൊടിക്കുമോ എന്നു് ആധിപ്പെടുന്ന ജീവിത ക്രമത്തിൽനിന്നും “ഞാൻഗാന്ധാരിക്കൊപ്പം” എന്ന വാക്കുകളിലൂടെ. ഹസ്തിനപുരിയിൽ. മക്കൾക്കെന്തു സഹായം നേടിക്കൊടുത്തു എന്നാണു ചാർവാകന്റെ ചോദ്യം. അന്തഃപുര വാർത്തകൾ യുധിഷ്ഠിരനു് കൈമാറാൻ നിങ്ങൾക്കു് കഴിഞ്ഞുവോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“അവിവാഹിതരായിരിക്കെ പാണ്ഡവർക്കു് ഞാൻ നേതൃത്വം കൊടുത്തു ആപൽഘട്ടങ്ങളിൽ തുണച്ചു അഞ്ചു വധുക്കളാൽ പൊട്ടിത്തകരുമായിരുന്ന പാണ്ഡവകൂട്ടായ്മ നിലനിർത്താൻ ബഹുഭർതൃത്വത്തിൽ പാഞ്ചാലിയെ തളച്ചു. മധുവിധു ഗർഭധാരണം, പ്രസവം, നവജാത ശിശുക്ഷേമം, സ്വാതന്ത്ര്യം വിട്ടുകൊടുത്തു. ഞാൻ മഹാറാണിയായ കാലത്തു ഇളമുറ റാണിപദവി മാത്രമുണ്ടായിരുന്ന ഗാന്ധാരിക്കൊപ്പം അന്തഃപുരത്തിൽ. ചാര കണ്ണിയാവാതെ, പൂങ്കാവനം ചിത്രമെഴുത്തു പ്രകൃതിജീവനം എന്നീ ജീവിതാഭിലാഷങ്ങളുമായി മുന്നോട്ടുപോയി. ഇതിലൊക്കെ ചാർവാകനോടെന്നല്ല, ഞാൻ ആരോടു് പറയണം എന്തു്?”
“ഇതാ എന്റെ പ്രിയപ്പെട്ടവൾ കുഴഞ്ഞുവീണു എന്നു് പ്രണയഭീമൻ നിങ്ങൾക്കരികിലേക്കൊരു കൊച്ചുകുട്ടിയെപോലെ വിലപിച്ചപ്പോൾ, ‘അർജുനനുമായി അഞ്ചിലൊന്നിലധികം അനർഹമായി അഭിരമിച്ചതുകൊണ്ടെ’ന്നു നിങ്ങൾ ‘ദാർശനികനോട്ട’ത്തോടെ നിരീക്ഷിച്ചതിൽ നിന്നെന്താണു് വായിച്ചെടുക്കേണ്ടതു്?,. ‘മഹാപ്രസ്ഥാന’ത്തിലും പരിത്യാഗികളാവാതെ ‘തിരുഹൃദയ’ങ്ങൾ കുഴഞ്ഞുമറിയുന്നതു് ബഹുഭർത്തൃത്വ രതിമാത്സര്യത്തിലെന്നോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“അവൾ ഞങ്ങളെ നിഷ്ഠൂരമായി മോഹിപ്പിച്ചതൊന്നും നിങ്ങൾ അംഗീകരിച്ചമട്ടില്ലല്ലോ. എല്ലാം മറന്നു അവൾക്കു ഇരുകൈകളും നീട്ടിയപ്പോളവനെന്നെ ‘കപടനാട്യക്കാരൻ’ എന്നവമതിച്ചു. ഇതാ, യാത്ര പറയാതെ പൊടുന്നനെ അവസാനിക്കുമ്പോൾ, ഞങ്ങൾക്കങ്ങനെ തിരിച്ചടിക്കാൻ വിശ്വപ്രകൃതിയിൽനിന്നും പിടിവള്ളി. അർജുനനുമായി എക്കാലവും പുലർത്തിയ ‘അവിഹിതബന്ധം’ ഉച്ചത്തിൽ പരസ്യമാക്കുക!, അത്രയല്ലേ ‘അഹിംസാത്മകമായി ചെയ്യാനാവൂ!”, കൂടെകൂടിയ നായ വാലാട്ടി.
“ആയുധമത്സരത്തിൽ അവൻ ജയിച്ചുവോ? അതോ, തിരുഹൃദയം കബളിപ്പിക്കലിലൂടെ കവർന്നുവോ?”, കൊട്ടാരം ലേഖിക പാഞ്ചാല രാജകുമാരിയുടെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി. സ്വയംവരത്തിനു ശേഷം വധു ആശംസ സ്വീകരിക്കുന്ന നേരം.
“ബന്ധുക്കൾ പ്രകടിപ്പിച്ച ആശയക്കുഴപ്പം നിഷേധിക്കുന്നില്ല. കൃഷ്ണൻ വഴി കേട്ടറിഞ്ഞ അർജ്ജുനൻ യുവപോരാളി. എന്നാൽ മത്സരത്തിൽ ജയിച്ചു എന്ന സാങ്കേതിക കാരണത്താൽ അനധികൃതമായി സ്വന്തമാക്കിയ, ആ ശോഷിച്ച ‘ബ്രാഹ്മണൻ’ സ്വത്വം വെളിപ്പെടുത്തണം എന്നു തന്നെയാണു് ധൃഷ്ടധ്യുമ്നൻ മുന്നോട്ടു് വച്ച ആവശ്യം. “നിങ്ങൾ ശരിക്കും ആരാണു്” എന്നു ചോദിച്ചപ്പോൾ, വാരണാവതം അരക്കില്ലം ശത്രുനീക്കം ഏകചക്ര, പരസ്പരബന്ധമില്ലാതെ ‘മത്സര വിജയി’ പുലമ്പി. അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടു് എന്നു് വ്യക്തമായി. ഹസ്തിനപുരിയിൽ നിന്നും മത്സരാർത്ഥിയായിവന്ന ഒരു യുവകോമളൻ ദുര്യോധനൻ, രഹസ്യമായി പറഞ്ഞു, അന്നം ചോദിച്ച ആറോളം ആദിവാസികളെ ചുട്ടുകൊന്ന കുന്തിയും മക്കളും ഈ വഴി ഒരു പക്ഷേ, വരും, എന്ന ചാരമൊഴി സഹോദരൻ ധൃഷ്ടധ്യുമ്നനെ അറിയിക്കുമല്ലോ. മത്സരാർത്ഥിയാവാൻ മടിക്കില്ല. കണ്ണിൽ പെടാതിരിക്കാൻ കൃത്രിമവേഷം ധരിക്കാനും തയ്യാറാവും. കബളിപ്പിക്കപ്പെടാതിരിക്കാൻ കരുതൽ വേണം മത്സരം ജയിച്ചിട്ടും അവഗണനയിൽ ബ്രാഹ്മണവേഷധാരികൾ ഒതുങ്ങി.”
““എന്തു് പറ്റി ഉണ്ണീ!” എന്നു് വിലപിച്ചു നിങ്ങൾ ദുര്യോധനന്റെ അരികിലേക്കോടിച്ചെന്നതു ഭീമനെ പ്രകോപിപ്പിച്ചല്ലോ. ഭീമനേട്ടം അഭിനന്ദിക്കുന്നതിനു പകരം നിങ്ങൾ, ‘തനിസ്വഭാവം’ കാണിച്ചു എന്നാണു നകുലൻ നിരീക്ഷിച്ചതു്”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. പതിനെട്ടാം ദിവസം സന്ധ്യ.
“മതിപ്പുതോന്നുന്ന പ്രവർത്തി കൗരവൻ ചെയ്യുന്നതു് കണ്ടിട്ടും, പ്രതിയോഗിയായി ആക്രമിച്ചിട്ടുണ്ടു്. പൊതുഇടത്തിൽ കൗരവമുഖ്യൻ മാരകമായി മുറിവേൽക്കുമ്പോൾ, ആക്രമിച്ചതു് പാണ്ഡവനാണെങ്കിലും, മുറിവേറ്റവനെ സാന്ത്വനിപ്പിച്ചിട്ടുണ്ടു്. വിധി എഴുതുകയാണെങ്കിൽ, ‘കാപട്യത്തിന്റെ നിറകുട’മെന്നെന്നെ വിശേഷിപ്പിക്കാം. തിരക്കുണ്ടു്. ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ പോർക്കളത്തിൽ ജീവത്യാഗം ചെയ്ത കൗരവർക്കാത്മശാന്തിക്കായി പാണ്ഡവപാളയത്തിൽ കൂട്ടപ്രാർത്ഥനക്കു ക്രമീകരണങ്ങൾ പരിശോധിക്കണം. ജേതാവെങ്കിലും കരളിലുണ്ടു് കനിവു്!”
“കൗന്തേയരും തുടങ്ങിയോ ചിത്രരചന?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാനകാലം.
“ഭീമൻ സ്മൃതിനാശരോഗി എന്നു നിങ്ങൾ അരമനവാർത്ത പൊലിപ്പിച്ചശേഷം, ഞാനും സഹദേവനും, ജൈവപിതൃക്കളായ സ്വർഗ്ഗരാജ്യ ആസ്ഥാനവൈദ്യന്മാർ അശ്വിനിദേവതകളെക്കണ്ടു, ഇനിയെന്തു തുടർചികിത്സ വേണമെന്നു ചോദിച്ചിരുന്നു. ഭീമന്റെ ഭൂതകാലജീവിതവുമായി ബന്ധപ്പെട്ടവരുടെ ഛായാചിത്രങ്ങൾ നിറക്കൂട്ടോടെ വരക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ അശ്വിനീ ദേവതകൾ ഉപദേശിച്ചു. ഭീഷ്മ, ദ്രോണ, വിദുരരുടെ ചിത്രങ്ങൾ കാണിച്ചു, ആരെയും തിരിച്ചറിഞ്ഞില്ല. പോരാട്ടഭൂമി പശ്ചാത്തലത്തിലുള്ള മുഖ്യകഥാപാത്രങ്ങളുടെ ചിത്രരചനകൾ പിൻവലിക്കും മുമ്പു്, ഘടോൽക്കച ചിത്രം ഒരുൾപ്രേരണയിൽ, ഞങ്ങൾക്കിടയിലെ ദാർശനികൻ കൂടിയായ സഹദേവൻ വരച്ചുകാണിച്ചു. അതിൽ തറച്ച ഭീമനേത്രങ്ങൾ ജലാർദ്രങ്ങളായി. മുഖം ചുവന്നു തുടുത്തു, “പ്രിയപ്പെട്ടവനെ, അർജ്ജുനനെ കർണ്ണന്റെ കൂരമ്പിൽ നിന്നും രക്ഷിക്കാൻ നിന്നെ കുരുക്ഷേത്രയിൽ കൃഷ്ണൻ കൊണ്ടുവന്നു. ചതിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും നീ പിതൃ സഹോദരൻ പാർത്ഥന്റെ ജീവൻരക്ഷക്കായി സ്വയം ബലിദാനിയാവാൻ, ശത്രുകർണ്ണനു മുമ്പിൽ പോരാടി, കർണ്ണദിവ്യാസ്ത്രത്തിൽ നീ അങ്ങനെ ഞങ്ങളുടെ കൺമുമ്പിൽ കത്തിയമർന്നു.” എന്നു വിലപിച്ചു കൊണ്ടവൻ സംരക്ഷിതവനത്തിലൂടെ ‘മകനേ പ്രിയപ്പെട്ടവനേ’ നിലവിളിയോടെ താളം തെറ്റിയിരിക്കയാണു്. വരക്കാൻ ഇനി ദുശ്ശാസനമുഖവും വസ്ത്രാക്ഷേപവും. സ്മൃതി നാശചികിത്സക്കായി, സ്ത്രീവിരുദ്ധ ദുശ്ശാസനനെ പാണ്ഡവർ പൊതുചെലവിൽ ചിത്ര കഥാപാത്രമാക്കുന്നതിൽ പാഞ്ചാലിക്കെതിർപ്പുണ്ടെങ്കിലും പരീക്ഷണ വര തുണക്കുമോ ഒരുണർത്തുപാട്ടാക്കാൻ!”
“കൗരവർ നിങ്ങളോടു് ചെയ്ത അന്യായത്തിനു വിധവകൾ എന്തു് പിഴച്ചു എന്ന നിലപാടിനെന്തുണ്ടു് മറുപടി?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“അർജ്ജുനന്റെ നേതൃത്വത്തിൽ സ്വയം ‘സുഖവാസകേന്ദ്രം’ വനവാസക്കാലവസതി ഉണ്ടാക്കി. ആറുപേർക്കു ആറുമുറികൾ, പാഞ്ചാലിയുടെ മുറിക്കു മാത്രമായി അകത്തു സാക്ഷയുള്ള വാതിൽ. ആരാണു് ഇടപെട്ടതെന്നറിയില്ല തറവിസ്തീർണ്ണം അടയാളപ്പെടുത്തി കൗരവആജ്ഞ കഴുതപ്പുറത്തു വന്നു. നോക്കിയപ്പോൾ, ഒരു കൊച്ചു കിടപ്പറ മാത്രം. ഉറക്കം മാത്രമായിരുന്നില്ല പ്രശ്നം, എന്തു് സൗജന്യ പ്രകൃതി ഉപയോഗിക്കുന്നതിലും കാണും കർശന കൗരവനിരീക്ഷണ കണ്ണു. അടിമത്തം മോശം ‘ആശയം’ മാത്രമല്ലെന്നു് വ്യക്തമായ ആസുരകാലം. ഇരിക്കുന്നതും നിൽക്കുന്നതും ഉറങ്ങുന്നതും ഇണചേരുന്നതും വിശ്രമിക്കുന്നതും കൗരവർ ഉറ്റു നോക്കുന്നുണ്ടു് എന്ന അശാന്ത തിരിച്ചറിവിൽ! ഉറപ്പിച്ചു, അവസരം കിട്ടിയാൽ തിരിച്ചടിക്കുക കൗരവരുടെ ‘തറവിസ്തീർണ്ണം’ മാത്രമാവില്ല: വിരൽ കീറി രക്ത പ്രതിജ്ഞ. കൗരവ രാജവിധവകളെ കൊട്ടാരത്തിലെ അന്തഃപ്പുരത്തിൽ നിന്നും കുടിയിറക്കി പുനരധിവാസഇടുക്കുതൊഴുത്തിൽ പാർപ്പിക്കാൻ ഉറപ്പിച്ചതു് അങ്ങനെ. അവർക്കുവേണ്ടി ചെലവഴിക്കരുതു് നിങ്ങൾ എഴുത്താണിയും ചുവരെഴുത്തും!”
“അംഗരാജാവു് കർണനെ നീ രാജവസതിയിൽ, അഭിമുഖം ചെയ്തെന്നോ, അതോ നിന്നെ കർണ്ണൻ ചെയ്തുവോ അഭിമുഖം?”, യുദ്ധകാര്യ ലേഖകൻ അവിശ്വാസത്തോടെ കൊട്ടാരം ലേഖികയോടു് ചോദിച്ചു. ഊട്ടുപുരയിൽ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു ഇരുവരും.
“കാലിന്മേൽ കാൽകയറ്റിവച്ചു് കൈവിറപ്പിച്ചു കർണ്ണൻ രാഷ്ട്രീയ ശരിയല്ലാത്തവിധം കണ്ണുതുറിച്ചു നോക്കി.”
“നീ ഏതു സൂതന്റെ മകൾ?” എന്നായിരുന്നു വിരൽ ചൂണ്ടി ആദ്യചോദ്യം, “സൂതകുടുംബമല്ലെന്നു” പറഞ്ഞപ്പോൾ, മറച്ചുവെക്കാത്ത ആകാംക്ഷയോടെ, “എന്നാൽ നീ ഏതു കൗരവന്റെ മകൾ?”, എന്നായി. കൌരവകുടുംബമല്ലെന്നു അനിഷ്ടത്തോടെ പറഞ്ഞപ്പോൾ, “പിന്നെ നീ?” എന്നു് കാൽ ഇറക്കിവച്ചു് എനിക്കു നേരെ വിരൽചൂണ്ടി. ജ്വാലാമുഖീ പുരോഹിതനു ദേവനർത്തകിയിൽ ജനിച്ചവൾ, ആദ്യകൊട്ടാരം ലേഖിക കൂടിയായ അമ്മ എന്നു് കുടുംബവൃക്ഷം വിസ്തരിച്ചപ്പോൾ, എഴുന്നേറ്റു കൊച്ചുകുട്ടിയോടെന്നപോലെ കെട്ടിപ്പിടിച്ചു മുത്തമിട്ടു, “എങ്കിൽ പ്രിയേ, നാം ഇരുവർക്കും അതീതശക്തികളുടെ അതിവിശിഷ്ട ജനിതകം! “ദിവ്യകവചങ്ങൾ വലിച്ചൂരി അപരിചിതനു് ദാനം ചെയ്തിട്ടും, ആഭിജാത്യത്തിന്റെ അടിവസ്ത്രം അഴിച്ചുമാറ്റാത്ത, സഭാപതി!”, കുടുംബപുരാണം കേട്ടു് വലഞ്ഞ യുദ്ധകാര്യ ലേഖകൻ പനയോലയും എഴുത്താണിയുമായി തൊഴിലിടത്തേക്കു നീങ്ങി.
“മന്നനല്ലേ മദ്ര രാജാവു്! എന്നിട്ടുമെന്താ കുരുക്ഷേത്രയിൽ സൂത പുത്രനായ കർണ്ണന്റെ തേരാളിയായതു? പോരാട്ടം കാണുന്ന കുരുക്ഷേത്രവാസികൾ ചോദിക്കുന്നല്ലോ. യുദ്ധരംഗത്തിലുമില്ലേ, രാജവംശങ്ങളുമായി ബന്ധപ്പെട്ട ശ്രേണീബന്ധങ്ങളിലെ വലുപ്പച്ചെറുപ്പങ്ങൾ? അതോ, ദുര്യോധനൻ നിങ്ങളെ കുരുക്കിയോ?”, മാദ്രിസഹോദരനായ ശല്യൻ എന്ന രാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പരേതസഹോദരി മാദ്രിയുടെ പുത്രന്മാരായ നകുലനെയും സഹദേവനെയും മറന്നിട്ടൊന്നുമല്ല കൗരവസഖ്യകക്ഷിയായി കുരുക്ഷേത്രത്തിൽ, എന്തു് ചെയ്യാനും, മദ്ര സൈന്യത്തോടൊപ്പം ഇറങ്ങിയതു്. യുവമാദ്രിയെ പാണ്ഡു ചിതയിലെറിഞ്ഞ കൗശലക്കാരി കുന്തിയോടെനിക്കുള്ള നീരസം മറച്ചുവക്കുന്നില്ലെങ്കിലും, മാദ്രിപുത്രന്മാർ യുദ്ധാനന്തരം കൗന്തേയരിൽ നിന്നും നേരിടാവുന്ന അധികാരഭീഷണി കണക്കിലെടുക്കേണ്ടേ? കർണ്ണൻ രക്ഷപ്പെട്ടാൽ, പാണ്ഡവർക്കുമേലെ മൂപ്പിളമ ഉന്നയിച്ചു, നകുലനെയും സഹദേവനെയും പാർശ്വവൽക്കരിക്കുമെന്നതാണു് സാധ്യത. മാദ്രി പുത്രന്മാർ കഥയൊന്നുമറിയാതെ എന്നെ വധിച്ചാലും, കുരുക്ഷേത്രക്കു ശേഷം അവരുടെ താൽപ്പര്യം സംരക്ഷിക്കുകയെന്നതല്ലേ മാദ്രിസഹോദരൻ ഏറ്റെടുക്കേണ്ട നിയോഗം? സൂക്ഷ്മതയോടെ ചെയ്യുമ്പോൾ, ‘യുദ്ധമുറ’കൾ കർണനുനേരെ, തേരാളിയെന്ന നിലയിൽ, പ്രയോഗിക്കും. സർവ്വ സൈന്യാധിപനാണവൻ എന്ന പരിഗണന കൊടുക്കാതെ, പരിഹസിക്കും, ആജ്ഞ തിരസ്കരിക്കും, ആപത്തിൽ പിന്തുണക്കാതെ മാറിനിൽക്കും, കൊലചെയ്യപ്പെടുന്നതു് കൗതുകത്തോടെ നോക്കിനിൽക്കും. മാദ്രരക്തം ജലത്തേക്കാൾ സാന്ദ്രത കൂടിയതാണെന്നപ്പോൾ പുറംലോകം അറിയും!”
“പരമാധികാരം ദുഷിപ്പിക്കുന്നു എന്നു്, ദാർശനികനെ പോലെ വിദൂരതയിലേക്കു് നോക്കി നിരീക്ഷിച്ചതുകൊണ്ടു് ചോദിക്കട്ടെ, അധികാരവിസ്തൃതി പോരാ എന്നു് തോന്നിയതുകൊണ്ടാണോ, സത്യവതി തീരുമാനിച്ചതു്, ശന്തനുവിനു് ‘അന്ത്യരഥയാത്ര’ക്കു് സമയമായി!”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു. സത്യവതി, പുത്രവിധവകളായ അംബിക അംബാലിക എന്നിവർക്കൊപ്പം വനവാസത്തിനു പടിയിറങ്ങുന്ന പ്രഭാതം.
“അതുകൊണ്ടല്ലേ എന്റെ അച്ഛൻ ശന്തനുവിന്റെ മരണത്തിൽ അന്നേ തോന്നിയ ദുരൂഹത അന്വേഷിക്കാൻ എനിക്കാവാതെ പോയതും? സത്യവതി എന്റെ ചിറ്റമ്മയാണെങ്കിലും (എന്റെ ‘അമ്മ ഗംഗയെ ഇതിൽ നിങ്ങൾ കൂട്ടിപ്പറയരുതു്!), പ്രായത്തിൽ ഇളമുറ. അധികാരമോഹിയാണു് അവളെന്നു വിളിക്കുന്നതു് അവഹേളനപരമായിട്ടല്ല അധികാര അഭിലാഷം സൂചിപ്പിക്കാൻ. പരിഭവം അതൊന്നുകൊണ്ടുമല്ല. പവിത്രമെന്നു അതുവരെ സ്വകാര്യ അഹങ്കാരമായി മേനിനടിച്ച ആജീവനാന്ത ബ്രഹ്മചര്യത്തിൽ നിഷ്പ്രയാസം സത്യവതി വിള്ളൽ വീഴ്ത്തി. നോട്ടം സ്പർശം വാമൊഴി—ഓരോന്നിലും, കത്തുന്ന പെൺ സ്വാധീനമായിരുന്നു അവളുടെ മധ്യവയസ്സിലും. പാണ്ഡുചിതയിൽ ബലിയായ മാദ്രിയെ നിങ്ങൾ മഹത്വപ്പെടുത്തുമ്പോൾ, ഉള്ളിൽ ഞാൻ ചോദിക്കും, എത്ര നിസ്സാരമായാണു്, സതി ചെയ്യാതെ, അന്തഃപുരത്തിൽ ‘സ്ഥിരം ക്ഷണിതാ’വാക്കി എന്നെ വരുതിയിലാക്കിയതും, ഭരണചക്രം തിരിക്കുന്ന മഹാറാണിയായതും. ഗംഗയാറൊഴുകുന്ന ഈ നാട്ടിലെ ഏകാധിപതിയായതും. ഈ പ്രായത്തിൽ എന്നെ ഓർമ്മിപ്പിക്കരുതേ, ഓർമ്മ പൊട്ടിച്ചിതറും!”
“വിരാടയിൽ പാചകക്കാരൻ ആയിരുന്നയാൾ യുദ്ധാനന്തര ഹസ്തിനപുരി കൊട്ടാരത്തിൽ പ്രതിരോധ വകുപ്പു് മേധാവി! എങ്ങനെ വിലയിരുത്തുന്നു ഊട്ടുപുരയിൽ തിളച്ചുമറിയുന്ന ആ ഒളിവുകാലഘട്ടം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“വിയർത്തദ്ധ്വാനിച്ചു വേണം നീ മൂന്നു നേരവും വിശപ്പടക്കാൻ, എന്ന ബോധോധയമുണ്ടായി. വനവാസക്കാല അക്ഷയപാത്ര ഭക്ഷണത്തിന്റെ വിപണിവില, വിരാടഊട്ടുപുരയിൽ വിശ്രമ മില്ലാതെ ദേഹാദ്ധ്വാനം ചെയ്തു, കൂട്ടുപലിശയടക്കം പ്രകൃതിക്കു തിരിച്ചടച്ചു എന്ന ആശ്വാസത്തോടെയാണു്, വിരലിൽ എണ്ണാനുള്ള സൈന്യമില്ലാത്ത ഹസ്തിനപുരിയിൽ പ്രതിരോധ ചുമതല! ശിരസ്സിൽ കൈവച്ചു അനുഗ്രഹിക്കൂ”.
“പുരോഗമനവാദികളായ ഞങ്ങൾ അനുവദിച്ച ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു, നേരം വെളുത്താൽ അരമന ഊട്ടുപുരയിൽ സൗജന്യ ഭക്ഷണവും കഴിച്ചു അന്തഃപുരത്തിണ്ണ നിരങ്ങി കൊട്ടാരം ലേഖിക നാണമില്ലാതെ ചോദിക്കുന്ന ഓരോ തലതിരിഞ്ഞ ചോദ്യത്തിനും നീ, വസ്തുതക്കു് ചേരാത്തവിധം മറുപടി പറയുന്നു എന്നു് അഞ്ചുപേർക്കും കുറച്ചുകാലമായി, പാഞ്ചാലീ നിന്നോടു് പരിഭവമുണ്ടു്. കൗരവരാജ വധുക്കൾ ഹസ്തിനപുരിയിൽ പറഞ്ഞു രസിക്കാൻ വേണ്ട അരമനവിഴുപ്പു് നിർമ്മിതി, ഞങ്ങളുടെ ചെലവിൽ വേണോ? ദുഷിക്കണോ?”, യുധിഷ്ഠിരൻ പാഞ്ചാലിയോടു് ചോദിച്ചു. മറ്റു പാണ്ഡവർ സന്ദർഭത്തിനുയോജിച്ച ഗൗരവമുഖഭാവങ്ങളോടെ പിന്തുണച്ചു.
“സന്തുഷ്ടദാമ്പത്യമാണിവിടെയെന്നു ‘വസ്തുത’ക്കു ചേരുന്ന’ വിധം ഉദാഹരണങ്ങൾ തറപ്പിച്ചു പറഞ്ഞാൽ, പാണ്ഡവർക്കു് തിരിച്ചു കിട്ടുമോ, ചൂതുകളിയിൽ നഷ്ടപ്പെട്ട സ്വത്തും പൗരാവകാശവും?”
“അഴിഞ്ഞുലഞ്ഞു മുഖമടച്ചുകിടക്കുന്ന മുടി പതിമൂന്നു വർഷങ്ങൾക്കുശേഷം കെട്ടിവക്കണമെങ്കിൽ, ചുടുകൌരവച്ചോര പുരട്ടണമെന്നതു് പ്രതിജ്ഞയിൽ ഒഴിവാക്കാനാവാത്ത ഒരാവശ്യമാണോ, അതോ, ‘തൈലം’ ആലങ്കാരികമാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ദിവ്യായുധങ്ങൾ കൊണ്ടാണു് പാണ്ഡവർ യുദ്ധം ചെയ്യുകയെന്നു് പായക്കൂട്ടിൽ മേനിപറയുമെങ്കിലും, യുദ്ധകാഹളമുയർത്തി കൗരവരെ കുരുക്ഷേത്രയിലെത്തിക്കാൻ ഈ ചോരപ്പെരുമ ഇടയ്ക്കിടെ മുടികൊണ്ടെന്റെ മുഖംമൂടി അതിഭാവുകത്വത്തിൽ ഞാൻ വർണിക്കണം”. കെട്ടിവച്ചില്ലെങ്കിലും നിത്യവും കഴുകിയുണക്കിയ മുടിയവൾ ആകർഷക കൈനീക്കത്തിൽ പിന്നിലെക്കെറിഞ്ഞു പാതിരാ കൂരിരുട്ടു പോലെ ദുരൂഹമായി പുഞ്ചിരിച്ചു.
“നവവധുയായി ഹസ്തിനപുരി വിരുന്നുകളിൽ പങ്കെടുത്ത ദിനങ്ങൾ പങ്കിടാമോ? ‘കൗരവ കുറുനരികൾ’ പാണ്ഡവർ ക്കെതിരെ അധ്വാനിക്കുന്ന ഇടമാണല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.
“ആരാധനയിൽ കുറഞ്ഞൊന്നും സന്ദർശകരിൽ കണ്ടില്ല. ഗാന്ധാരം മുതൽ കലിംഗംവരെ ചെറുതും വലുതുമായി നൂറോളം രാജവംശങ്ങളിൽ നിന്നു് വന്ന മനോഹരികളായ രാജവധുക്കൾ ആഭരണങ്ങളിലും ഉടയാടകളിലും മുടിയിലും തൊട്ടു ഉപചാരപൂർവ്വം കൌതുകം കാണിച്ചെങ്കിൽ, നിങ്ങൾ പറഞ്ഞ നൂറു ആൺകുറുനരികൾ കമ്പം കാണിച്ചതു് അഴകളവുകളിൽ! ഇരുനൂറു കൊതിപ്പിക്കുന്ന ‘കാമാക്ഷികൾ’ നീന്തൽകുളത്തിലും ഊഞ്ഞാലിലും ഗംഗ തീരത്തും ആരാധനയോടെ പിന്തുടരുക, കോരിത്തരിപ്പിക്കുന്ന പൊന്നിൻചെപ്പു ദിനങ്ങൾ! ഇപ്പോഴത്തെ ‘പൂമൂടൽ’ ഉൽസവാന്തരീക്ഷതിനു യോജിക്കാത്ത പന്ത്രണ്ടു കഴുകൻകണ്ണുകൾ എന്നെയപ്പോൾ ഇരയെന്ന പോലെ വേട്ടയാടി: പഞ്ച പാണ്ഡവരും ഒരു കുന്തിയും”.
“ഭർത്തൃമാതാവിനെ പ്രകീർത്തിക്കുന്ന പരിപാടി ചെയ്യാൻ മാത്രം കുന്തി നിങ്ങൾക്കു് ഇപ്പോഴും അത്രമേൽ പ്രിയങ്കരിയാണോ, അതോ?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“വൈകാരികവും ഭൗതികവുമായ അകലം പാലിച്ചു ആവുന്നത്ര ഞങ്ങളിൽ നിന്നും മാറി നില്ക്കാൻ വിവേകം കാണിച്ച വനിതയാണവർ എന്നതിൽ അഭിപ്രായ സമന്വയമുണ്ടു്. പക്ഷേ, ഇന്നു് അരങ്ങേറ്റ മൈതാനത്തിൽ, എന്റെ അവതരണത്തിൽ വരുന്ന നൃത്ത സംഗീത നാടകം അവരെ പറ്റിയല്ല. കാലാതിവർത്തിയാവാൻ കാരണമുള്ള ഗാന്ധാരീ വിലാപമാണു്, സദസ്സിൽ, നിങ്ങളും ഉണ്ടാവില്ലേ?”, പുത്തൻ നൃത്തവസ്ത്രങ്ങളുമായി തയ്യൽക്കാർ ശ്രദ്ധയാകർഷിച്ചപ്പോൾ അഭിമുഖം നിലച്ചു.
“ദാമ്പത്യബാഹ്യ സ്രോതസ്സുകളിൽ നിന്നാണു്, പാണ്ഡവ കുടുംബ നാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവപ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല. കുന്തിമാദ്രീ മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചുള്ള കൗരവആരോപണം അടിസ്ഥാന രഹിതമാണോ? അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മാതൃത്വമായിരുന്നു മഹനീയ ലക്ഷ്യം. ബീജ ഉറവിടം ദാമ്പത്യത്തിന്റെ വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം. ഭർത്താവിന്റെ ലൈംഗികക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ സംശയം ഉണ്ടായെങ്കിലും, പാണ്ഡു, മഹാരാജാപദവി വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന ഭൗതിക സാഹചര്യം എനിക്കുണ്ടായില്ല. ചെങ്കോൽ അന്ധ ധൃതരാഷ്ട്രർക്കു് എറിഞ്ഞു കൊടുത്തു, കാട്ടിലേക്കെന്നു പറഞ്ഞു പോവുമ്പോൾ, എന്നെ വലിച്ചുകൊണ്ടു് പോയി. വനവാസത്തിൽ വന്യഭാവന എന്നെ തുണച്ചു. ലാവണ്യശാരീരികതയുടെ ലൈംഗികാകർഷകത്വം പരമാവധി പ്രയോജനപ്പെടുത്തി, രതിപ്രലോഭനത്തിലൂടെ ആകാശചാരികളെ ഞാൻ ക്ഷണിച്ചു, എന്തുകൊണ്ടു് അപൂർവ്വയിനം വൈവിധ്യ സന്താനഭാഗ്യത്തിനു രഹസ്യമായി ശ്രമിച്ചുകൂടാ? അഭിലാഷം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു, മൊത്തം അഞ്ചു ആൺകുട്ടികളുമായി ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും പാണ്ഡുമുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവ അന്തഃപുരത്തിൽ നിറഞ്ഞു. വഴി വിട്ട കുന്തിരതിയുടെ സാഹസിക കഥകൾ ‘സർഗാത്മക’ കൗരവർ ആ വിധം മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി പാണ്ഡവ കുട്ടികളെ കുരുവംശ കൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും, നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥ ത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു സ്ഥാപിച്ചതോടെ, ഇതാ വാ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു് പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടു വിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു നേരെ കുന്തി കുറ്റകൃത്യത്തിനെന്നപോലെ നീട്ടി!
“ഇതാണോ നിയുക്ത മഹാറാണി പാഞ്ചാലിയുടെ ഔദ്യോഗിക വസതി?”, നിലവിലുള്ള ധൃതരാഷ്ട്ര ഭരണകൂടത്തിലെ കൊട്ടാരം സർവാധികാരിക്കു് നേരെ പാഞ്ചാലി ക്രോധം മറച്ചുവച്ചു വിരൽ ചൂണ്ടി.
“പദവി സംബന്ധിച്ചു് നിങ്ങൾക്കു് പറ്റിയ തെറ്റു് ആദ്യം തിരുത്തട്ടെ. പാണ്ഡവർ യുദ്ധം ജയിച്ചു എന്നു് യുദ്ധനിർവ്വഹണ സമിതിയുടെ അധ്യക്ഷൻ കൊടുക്കേണ്ട സാക്ഷ്യ പത്രം കിട്ടിയിട്ടില്ല. കിട്ടിയാൽ, പരിശോധിച്ചു് ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ ഏറ്റുവാങ്ങാൻ യുധിഷ്ഠിരനു് വിലക്കൊന്നും ഇല്ലെങ്കിൽ, (വനവാസ ശിക്ഷകാലാവധി കഴിഞ്ഞാലും, പൗരാവകാശം സംബന്ധിച്ചു വ്യക്തത വരണം) നിങ്ങൾക്കു അർഹതപ്പെട്ട പട്ടം ‘മഹാറാണി’ എന്നു് മാത്രമാണു്. അതും, വേറെ ഭാര്യ ഇല്ലെന്നു നിയുക്തരാജാവു് യുധിഷ്ഠിരൻ സത്യവാങ്മൂലം തരണം. ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങൾ സ്വയം ചക്രവർത്തിനി എന്നു് വിളിച്ചിരുന്നു എന്നു് പറഞ്ഞുകേട്ടിട്ടുണ്ടു്. ‘വിരൽ ചൂണ്ടി’യുള്ള ചോദ്യത്തിലേക്കു് വന്നാൽ, നിങ്ങൾക്കായി കരുതിവച്ച ഔദ്യോഗിക വസതിക്കെന്താ ഒരു കുഴപ്പം? സൂക്ഷിക്കുക, എന്റെ നേരെ നിങ്ങൾ കുതിരകയറണ്ട. ഞാൻ അംഗപരിമിതൻ, അതുകൊണ്ടു പാണ്ഡവ വിഘടന വാദികൾക്കെതിരെ കുരുക്ഷേത്രയിൽ യുദ്ധസേവനത്തിനു ശാരീരികയോഗ്യതയില്ലാതെ ഇപ്പോൾ കൊട്ടാരഭരണം ചെയ്യുന്നു. ഈ കാണുന്ന രാജവസതിയിലാണു് എന്റെ അച്ഛനും, കൗരവരാജ കുമാരനുമായിരുന്ന ദുര്യോധനൻ കഴിഞ്ഞ അമ്പതു കൊല്ലം ഭാര്യയുമൊത്തു് അന്തിയുറങ്ങിയത്. ഏക ഭാര്യ ഏകഭർത്താവു. കൌതുകം തോന്നുന്നുണ്ടല്ലേ? ശത്രുനാശത്തിനു കാളിപ്രീതിക്കായി ഈ വസതിയിൽ മൃഗബലി ചെയ്തിരുന്നെങ്കിലും, സ്ഥിരം ശുചീകരണ തൊഴിലാളിക്കു് കുരുക്ഷേത്രയിൽ നിർബന്ധിത സേവനം ആയിരുന്നതുകൊണ്ടു്, ഒരു മാസമായി അടിച്ചുകഴുകൽ ഉണ്ടായില്ല, അതു് കൊണ്ടെന്താ? പന്ത്രണ്ടുവർഷം സന്യസ്ഥാശ്രമങ്ങളിലെ ജൈവമാലിന്യം സ്വയം കോരി നീക്കി വിസർജ്ജ ശുചീകരണതൊഴിലിൽ നൈപുണ്യ വികസനം നേടിയ പരിചയ സമ്പന്നയല്ലെ? ആഞ്ഞുപിടിച്ചാൽ നിങ്ങൾക്കും ഭർത്താക്കന്മാർക്കും സുഖവാസയോഗ്യമാക്കിക്കൂടെ ചരിത്രപ്രാധാന്യമുള്ള ദുര്യോധന വസതി? ഇതു് ഔദ്യോഗികമായി എന്നെന്നും അറിയപ്പെടെണ്ടതും ‘ദുര്യോധന നിവാസ്’ എന്ന ആ പേരിൽ തന്നെ”, കൊട്ടാര താക്കോൽ സൂക്ഷിപ്പുകാരന്റെ വാക്കുകൾ പുരോഹിത മന്ത്രോച്ചാരണം പോലെ ആചാരസമ്പുഷ്ടമായിരുന്നു
“ഭീമനല്ല കീചകകൊലയാളി എന്നു പറയാൻ തെളിവുണ്ടോ?” പത്രപ്രവർത്തകരുടെ പെരുമാറ്റച്ചിട്ട പാലിച്ചു കൊട്ടാരം ലേഖിക ചോദിച്ചു. ‘ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ’ എന്ന ഭീഷ്മ വായ്ത്താരി ഹസ്തിനപുരി നഗരവാസികൾ ആവേശത്തോടെ ആവർത്തിക്കുന്ന ദിനങ്ങൾ.
“കീചകമണ്ഡപം ചുറ്റിനടന്ന പത്രപ്രവർത്തകയല്ലേ നിങ്ങൾ? നേരിൽ കണ്ടതൊക്കെ മനസ്സിന്റെ മുൻനിരയിലേക്കു് കൊണ്ടുവരൂ. ഉണ്ടെണീറ്റാൽ നിലത്തു വറ്റും ചാറും, എല്ലും മുള്ളും, ചിതറിക്കിടക്കുന്ന ഒന്നല്ലേ ഭീമന്റെ തീൻമുറിമര്യാദ? ഒരു മാലിന്യപ്രിയനെങ്ങനെ ശുചിയായി നിർവഹിച്ച കീചകക്കൊലയുടെ കാർമികത്വം മികവോടെ ചെയ്യാനാവും? കൊട്ടാരം വൈദ്യൻ ജഡം വെട്ടിമുറിച്ചൊന്നും നോക്കിയില്ലെങ്കിലും വിവസ്ത്രഉടൽ തിരിച്ചും മറിച്ചും വെളിച്ചത്തിൽ പരിശോധിച്ചു. ഗാഢമായി ഉറങ്ങുന്നവനെ പോലെ ആ പച്ചപ്പരിഷ്ക്കാരി ജീവൻമുക്തിയിൽ. കങ്ങിയ കഴുത്തോ, ചുണ്ടിൽ കട്ടകെട്ടിയ ചോരയോ, തുറിച്ച കണ്ണുകളോ പൊട്ടിയ നെഞ്ചിൻകൂടോ, മാത്രമോ, അവന്റെ അടിവസ്ത്രത്തിൽ വിസർജ്ജ്യം പണത്തൂക്കം പോലുമില്ല, എന്നല്ലേ ശരീരപരിശോധകൻ അഭിമാനത്തോടെ അവകാശപ്പെട്ടതു്. എന്നുപറഞ്ഞാൽ, പരപീഡനമേറ്റ പാടു് ഒന്നുമില്ല. കൊലയാളി വേറെ ആരായാലും, ഞങ്ങളുടെ ഊട്ടുപുര പാചകക്കാരൻ കൂടിയായ നിങ്ങളുടെ ഭീമനല്ല എന്നു് ലോകത്തോടു് വിളിച്ചു പറയുന്ന പോലെ! അറക്കാൻ ഒരു കാളക്കുട്ടിയെ കിട്ടിയാൽ പോലും കാട്ടുപോത്തിനെ കൊല്ലാനുള്ളത്ര ബലം ഉപയോഗിക്കുന്നൊരു പരുക്കൻ പോരാളിയുടെ ഭീഷണ സാന്നിധ്യം കീചകജഡത്തിൽ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കാണികൾ എന്തുകരുതണം? കൊലയുടെ ഉദ്ദേശ്യ ലക്ഷ്യം ദേശീയ സുരക്ഷയിൽ ഞങ്ങൾ പുറത്തു വിടുന്നില്ല, എന്നാൽ കൊലയുടെ നാഥൻ ഭീമനല്ല എന്നതൊരു സാമാന്യയുക്തി, വേറെ തെളിവൊന്നും മനഃസ്സാക്ഷി ചോദിച്ചില്ല”, കീചകസഹോദരിയും മഹാറാണിയുമായ സുദേഷ്ണയുടെ ഭർത്താവു് വിരാടരാജാവു് ഒഴുകുന്ന വെള്ളത്തിൽ കൈകൾ വീണ്ടും കഴുകി കുടഞ്ഞു.
“ഇന്നെന്താ വനാശ്രമത്തിൽ ശാന്തമായ മൗനം?”, കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു.
“ഇടക്കാല ദാമ്പത്യശാന്തതക്കു് പിന്നിൽ, ആർക്കറിയാം, കെട്ടടങ്ങിയ കൊടുംകാറ്റുണ്ടു്”, ആഗതയെ ആലിംഗനം ചെയ്തു പാഞ്ചാലി പാണ്ഡവരെ നോക്കി.
“പതിനെട്ടു ദിവസവും മരണത്തെ കുരുക്ഷേത്രയിൽ മുഖാമുഖം കണ്ടതു് കൊണ്ടാണോ ദാർശനികവ്യഥ നിഴലിക്കുന്ന വിദൂരനോട്ടം?” ആശംസയർപ്പിക്കാൻ വരിനിന്ന കൊട്ടാരം ലേഖിക യുധിഷ്ഠിരന്റെ മുമ്പിൽ എത്തിയപ്പോൾ ഉപചാരപൂർവം മുട്ടു് കുത്തി കൈമുത്തി.
“വിശ്വപ്രകൃതിയിൽനിന്നും അനുവദിച്ചുകിട്ടുന്ന ഓരോ പുതുദിനത്തിലും വിധാതാവിനു കൃതജ്ഞതയുടെ പൂച്ചെണ്ടു് എന്നു് ശിരസ്സു് കുനിച്ചു വിനീതമാവാനാണു് മനഃസാക്ഷി എന്നെ പ്രേരിപ്പിക്കുന്നതെങ്കിലും, യുദ്ധാനന്തരഭരണകൂടം നേരിടുന്ന ജീവന്മരണപോരാട്ടം ഞങ്ങൾ നേരിടാൻ പോവുന്നു! കൗരവരാജവിധവകളെ അരമനയിൽനിന്നും, വേണ്ടിവന്നാൽ ബലപ്രയോഗത്തിൽ, കുടിയൊഴിപ്പിച്ചു വേണം, പത്തുപതിമൂന്നു കൊല്ലമായി സ്വന്തമായൊരു മേൽക്കൂരയില്ലാത്ത ഞങ്ങൾ അഞ്ചു സഹോദരർക്കും നീണ്ടുനിവർന്നു കിടന്നു അന്തിയുറങ്ങാൻ. കുടിയൊഴിപ്പിക്കപ്പെട്ട വിധവകൾ ഞങ്ങൾക്കെതിരെ പ്രക്ഷോഭം തുടങ്ങുമ്പോൾ, മാദ്രി അന്നുചെയ്ത സതി അനുഷ്ഠിക്കാൻ അവരെ നീ പ്രേരിപ്പിക്കണം. നീ തുണക്കില്ലേ? അത്താഴ വിരുന്നിനു ക്ഷണിക്കുമ്പോൾ യുദ്ധകാര്യ ലേഖകനും പത്രാധിപരും നിന്നോടൊപ്പം വരുമെന്നുറപ്പിക്കുമല്ലോ.”
“ഇന്നും ഹസ്തിനപുരി കൌരവരാജ വധുക്കൾക്കു് നിങ്ങൾ ആരാധ്യദേവത, പക്ഷേ, ഇവിടെ കാട്ടിൽ ദുര്യോധന അടിമ. മാലിന്യനീക്കം എന്ന ദിവസപ്പണിയുമായി, പരാതിയില്ലാതെ നാൾ നീക്കുന്നു. വൈരുധ്യം തോന്നുന്നില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അന്നന്നത്തെ അപ്പത്തിന്നായി ഇര തേടി പോവേണ്ടതില്ലാത്ത അഞ്ചു മടിയൻമാർക്കൊപ്പം, സമനില തെറ്റാതെ ഈ തടവു് അനുഭവിക്കാൻ എനിക്കു് കഴിയുന്നു എന്നതല്ലേ കൂടുതൽ കൗതുകകരമായി നിങ്ങൾ കാണേണ്ടതു്?”, പാഞ്ചാലി അന്നത്തെ പുറംജോലി കഴിഞ്ഞു നീരൊഴുക്കിൽ നീന്തുകയായിരുന്നു.
“സ്ത്രീവിരുദ്ധ ആശ്രമങ്ങളിലെ മാലിന്യസംസ്കരണത്തിനു, മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയെ നിങ്ങൾ, വെറുപ്പിന്റെ കൺകണ്ട കുത്തക, നിയോഗിച്ചു എന്ന പാണ്ഡവ ആരോപണത്തോടു് എങ്ങനെ പ്രതികരിക്കുന്നു? വിരാട സൈനിക പാളയത്തിൽ ഈ വിഷയമാണു് നിങ്ങൾക്കെതിരെ പ്രചരണആയുധമാക്കുന്നതു”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സഹവർത്തിത്വത്തോടെ ജീവിച്ച നൂറോളം കൗരവരാജവധുക്കൾക്കു ‘സൗന്ദര്യപരിശീലന’മെന്ന പേരിൽ സംഘടിപ്പിച്ച രഹസ്യ യോഗത്തിലൂടെ ‘ഭർത്താക്കന്മാരെ എങ്ങനെ മനഃശാസ്ത്രപരമായി വരുതിയിലാക്കാം?’ എന്ന നൈപുണ്യവികസനത്തിൽ വിഷം കുത്തിവച്ച പാഞ്ചാലി, പാണ്ഡവരുടെ നവവധു എന്ന അതിഥിപദവി, ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാവും. “ഇനി കൗരവവധു എന്ന നാമരഹിത വിശേഷണം സ്വീകാര്യമല്ലെ”ന്നു, അതുവരെയുണ്ടായിരുന്ന പാരസ്പര്യം വിട്ടു, കൗരവസ്ത്രീകൾ ധിക്കാരത്തോടെ കൗരവരോടു് തുറന്നടിച്ചു. ദേശം, വേഷം, നാട്ടുമൊഴി, സംസ്കാരം എന്നിവയുമായി നൂറോളം സ്ത്രീകൾ ഹസ്തിനപുരി കൊട്ടാര ജീവിതത്തിൽ നിന്നു് കുരുവംശ കൊടിക്കൂറ തൂത്തുവാരി. ഞങ്ങൾ ഞെട്ടിത്തെറിച്ചു. കൗരവവധുക്കൾ സമരമുഖത്തു എന്നതൊരു പതിവു് കാഴ്ചയായി. രാജ്യം ഭരിക്കേണ്ട കൗരവർ, ഗാർഹിക പീഡകരെന്നവർ ആക്ഷേപിച്ചു. സംയമനത്തോടെ ഞാൻ അവസാനം ഇടപെട്ടു. നേതൃത്വം വഹിക്കുന്ന രണ്ടുമൂന്നുപേരെ മാറ്റിനിർത്തി പ്രക്ഷോഭം അമർച്ച ചെയ്യാൻ, വൈദ്യപരിശോധനവഴി ചിത്തഭ്രമമുദ്ര ചാർത്തി, ദൂരെ ഹിമാലയ താഴ്‌വരയിലെ കൊട്ടാരംവക സുഖവാസ കേന്ദ്രങ്ങളിലേക്കയക്കേണ്ടി വന്നു. ഖാണ്ഡവ വനത്തിലേക്കു് കുടിയേറ്റക്കാരായി പാണ്ഡവർക്കൊപ്പം ഭാഗ്യാന്വേഷണത്തിനു പാഞ്ചാലി പോവുമ്പോൾ ഞാനുറച്ചു, നീ ഹസ്തിനപുരിയിലെ ഇടവേളയിൽ വിതച്ച വിഷവിത്തുകൾ വളർന്നു വലുതായതൊക്കെ നിന്നെക്കൊണ്ടു തന്നെ ഞങ്ങൾ കൊയ്യിക്കും. ഒരുനാൾ നിന്നെ കൗരവഅടിമയാക്കി, നഗ്നപാദയാക്കി പകരം വീട്ടും. ഇപ്പോൾ തുറന്നു പറയട്ടെ, ആ പകരംവീട്ടൽ കഴിഞ്ഞു. പാഞ്ചാലിയിപ്പോൾ വിരാടദേശത്തു വിശ്രമിക്കുന്നു എന്നറിഞ്ഞു സന്തോഷം. ഇനി നിങ്ങൾ അവളെ കാണുമ്പൊൾ ഈ ആരാധകന്റെ ആശംസകൾ അറിയിക്കൂ.” ശത്രുക്കളെ തന്ത്രപരമായി നേരിടാൻ തദ്ദേശവാസികൾക്കു സൈനികപരിശീലനം പ്രഖ്യാപിക്കുന്ന പുഴയോരസംഗമത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു മിതഭാഷിയായി ആ ധീരപോരാളി.
“ഇനിയും കളിച്ചാൽ പൗരാവകാശം നഷ്ടപ്പെടുമെന്നല്ലേ ദുര്യോധനൻ കാര്യമായി പറഞ്ഞതു്?”, ഹസ്തിനപുരിയുടെ ‘സാംസ്കാരിക നായകൻ’ എന്നറിയപ്പെടുന്ന ചാർവകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പതിമൂന്നു വർഷത്തേക്കു് പൗരാവകാശനിഷേധനം എന്ന ദുര്യോധനപ്രസ്താവന അർത്ഥവ്യക്തതയില്ലാതെ ചുരുങ്ങിപ്പോയി എന്നതായിരുന്നു ആ കൗരവപദപ്രയോഗത്തിൽ കണ്ട പരിമിതി. കുരുവംശ കൂട്ടുകുടുംബത്തിൽ പാണ്ഡവർക്കു് ഓഹരി ചോദിക്കാനുള്ള പൗരാവകാശം പിന്നീടുണ്ടാവില്ല എന്ന അനുച്ഛേദം കൂടി ചേർത്തു്, നിർണ്ണായക വാമൊഴിപ്രസ്താവന കുരുവംശ രാജമുദ്രയുള്ള ഔദ്യോഗികരേഖയാക്കിയിരുന്നെങ്കിൽ, മഹാഭാരത യുദ്ധം തന്നെ നിയമപരമായി നിലനിൽപ്പില്ലാതെ അപ്രസക്തമാവില്ലേ? ഇതുവരെ കിട്ടിക്കൊണ്ടിരുന്ന മൂന്നു നേരം സസ്യേതര ഭക്ഷണത്തിനു കൊട്ടാരം ഊട്ടുപുരയിൽ ഇന്നുമുതൽ പ്രവേശനം നിഷേധിച്ചു കൊണ്ടല്ല തിരിച്ചടിയിൽ ദുര്യോധനൻ എന്നെ ശിക്ഷിക്കേണ്ടതു്.”
“സുഭദ്രയെ അർജുനൻ വിവാഹം കഴിച്ച വാർത്ത നിങ്ങളെ ക്ഷുഭിതയാക്കേണ്ട കാര്യം? നിങ്ങൾക്കുമില്ലേ ഒന്നിലധികം ഭർത്താക്കന്മാർ.”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയോടു് ചോദിച്ചു.
“സുഭദ്രയല്ല പ്രതിനായിക എന്നു് നിങ്ങൾക്കറിയാം എന്റെ അഞ്ചു മക്കൾ ദൂരെ പാഞ്ചാലത്തിൽ പ്രത്യാശയോടെ ചെങ്കോൽ കാത്തു വളരുമ്പോൾ, സുഭദ്രയുടെ വിവാഹത്തിൽ കൃഷ്ണന്റെ ആശംസ, നിങ്ങളും കേട്ടതല്ലേ, സുഭദ്രയുടെ പിൻഗാമികൾ കുരുവംശം ഭരിക്കും എന്നു് കൃഷ്ണൻ പ്രവചിച്ചു, അർജുനൻ കയ്യടിച്ചു. യുധിഷ്ഠിരൻ ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു് ദുര്യോധനൻ പിറന്നതെന്ന ഈറ്റില്ലന്യായം രാജസഭയിൽ ആവർത്തിച്ചു പറഞ്ഞല്ലേ കൌരവരെ പാണ്ഡവർ വെള്ളം കുടിപ്പിച്ചതു്?”, വഞ്ചിക്കപ്പെട്ട രാജകീയമാതൃത്വം പാഞ്ചാലിയുടെ അടക്കിപ്പിടിച്ച ക്രോധത്തിലും ചുറ്റും നിന്നവർക്കു് പൊള്ളി.
“ഒരിറ്റു ചോര വീഴാതെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ അധികാരത്തിൽ നിന്നു് നീക്കി, കോഴി കൂവും മുമ്പു് കഠിനതടവിൽ വനവാസത്തിന്നയച്ച കൌരവർക്കു, ഒരു മഹാഭാരത യുദ്ധം തന്നെ വേണ്ടി വരുന്നല്ലോ നെറ്റിയിൽ അടിമക്കുറി മായാത്ത പാണ്ഡവരുടെ തല എന്നെന്നേക്കുമായി വെട്ടാൻ?”, കുരുക്ഷേത്ര യുദ്ധസജ്ജീകരണങ്ങൾ നോക്കാൻ സഹപ്രവർത്തകരുമൊത്തു് വന്ന യുദ്ധകാര്യബിലേഖകൻ, ഏറെ കാലത്തിനു ശേഷം തൊഴിൽ സാധ്യത കൈവന്ന ഉല്ലാസത്തോടെ, കൊട്ടാരം ലേഖികയോടു് ചോദിച്ചു.
“വരുംയുഗത്തിൽ തിരിച്ചു പറയുമെങ്കിലും, ചരിത്രം ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും വരുമെന്നു് ഇപ്പോൾ നിങ്ങൾക്കു് മനസ്സിലായില്ലേ.”
“യുദ്ധാരംഭത്തിനു മുമ്പു് കൗരവ സൈനികനിരയിലേക്കു് നിരായുധനായി ഒറ്റയ്ക്കു് പദയാത്ര ചെയ്തു ഗുരുജനങ്ങൾക്കു ഭക്തിയോടെ അഭിവാദ്യം ചെയ്തെങ്കിലും, വാളെടുത്താൽ പിന്നെ പോരാട്ടവീര്യത്തിൽ മായം പ്രതീക്ഷിക്കേണ്ടെന്നു യുധിഷ്ഠിരൻ അർത്ഥംവച്ചു് പറഞ്ഞതു് താങ്കളുടെ ശ്രദ്ധയിൽ പെട്ടില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. യമുനയിൽ നീന്തി, കുളിച്ചുവന്നു ഊട്ടുപുരയിൽ പൊരിച്ച കാളത്തുട കടിച്ചുകീറി ഇറച്ചി വലിച്ചെടുക്കുകയായിരുന്നു ദുര്യോധനൻ.
“അഭിവാദ്യവും ആശീർവാദവും? ആ കാലന്റെ മകൻ അത്തരം ദൃശ്യപ്പൊലിമയുള്ള കാപട്യപ്രദർശനത്തിൽ മാത്രമേ ഞങ്ങളെ എന്നും തോൽപ്പിച്ചിട്ടുള്ളു.”
“പോരാട്ടഭൂമിയിൽ ഉരുളുന്ന കൗരവതലകൾ തത്സമയം ധൃതരാഷ്ട്രരെ അറിയിക്കുന്നില്ലേ?”, വിദുരർ തിരക്കിനിടയിലും, തന്നെപ്പോലെ സൂതനും, രാജാവിന്റെ സേവനദാതാവുമായ സഞ്ജയനോടു് രഹസ്യമായി ചോദിച്ചു.
“ഓരോ കൗരവനെ കൊല്ലുമ്പോഴും ഭീമൻ, മദയാനയെ പോലെ ചിന്നം വിളിക്കുന്നതു് അരോചകമായി തോന്നിയിരുന്ന എനിക്കു് ഈ ‘ശിക്ഷ’ നിർത്താൻ മോഹമുണ്ടായിരുന്നു. അതിനിടയിൽ, തത്സമയ വാർത്താവതരണം, വ്യാജപരിപാടിയാണെന്നു രാജാവിനു് രഹസ്യ വിവരം കിട്ടി. ഓരോ ദിവസവും, പുലർച്ചക്കു ‘ഹസ്തിനപുരി പത്രിക’യുടെ കൊട്ടാരം ചുവരെഴുത്തു പതിപ്പിൽ, തലേന്നു് സന്ധ്യ വരെ ഉരുണ്ട മൊത്തം തലകളുടെ പേർവിവരം, യുദ്ധകാര്യലേഖകൻ, കുരുക്ഷേത്രയിൽനിന്നും രാത്രിയോടെ ഹസ്തിനപുരിയിൽ എത്തി, പുലർച്ച ചുവരെഴുത്തു പൂർത്തിയാക്കി വായനക്കു പുത്തൻ പതിപ്പിൽ കൊടുക്കുകയാണു് പതിവു്. വിളക്കും മുഖമൂടിയുമായി ഞാൻ ആദ്യവായനക്കാരനാവും. ‘തത്സമയ’ വാർത്ത, രാജാവിനു് ഹിതകരമായ രീതിയിൽ നാടകീയമായി തന്നെ അവതരിപ്പിക്കും. എന്നാൽ തത്സമയം എന്ന വാക്കിനു വിലയില്ലാത്ത ആസുരകാലം എന്നു പറഞ്ഞു രാജാവതു് നിർത്താൻ പറഞ്ഞു. കൗരവരുടെ ആയുധ മികവിൽ തെറിച്ച പാണ്ഡവതല പറഞ്ഞാൽ മതി എന്നു ആജ്ഞാപിച്ചതോടെ, തല ഒന്നെങ്കിൽ ഒന്നു് ഉരുളൻ പ്രാർഥിക്കുകയാണുഞാൻ.”
“ഭർത്താവിനു പ്രകൃതി നിർദ്ദയം നിഷേധിച്ച കാഴ്ച, എനിക്കു് ഞാൻ മധുരമായി നിഷേധിക്കട്ടെ എന്നു് ഭീഷ്മപ്രതിജ്ഞ പോലെ പരസ്യമായി പ്രഖ്യാപിച്ചു, കയ്യിൽ തടഞ്ഞ കീറത്തുണി കൊണ്ടു് എക്കാലത്തേക്കും പൊതു ഇടത്തിൽ അന്ധ എന്നംഗീകരിക്കപ്പെട്ട ഗാന്ധാരി, വരുംയുഗങ്ങളിലും സാഹിത്യത്തിൽ നിറഞ്ഞുനിൽക്കും എന്നു് തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും വിദുരരും വനവാസത്തിനു പടിയിറങ്ങിയ നേരം.
“കാട്ടിലേക്കു് പോവുംമുമ്പു് എന്റെ കൂടെ അവർ കുറച്ചു ദിവസം താമസിച്ചപ്പോൾ, മട്ടുപ്പാവിൽ കൊണ്ടു് പോയി ആരും കാണാതെ കണ്‍കെട്ടു് തുണിയൊന്നു വലിച്ചുനീക്കി.”
“എന്തായിരുന്നു പ്രതികരണം?”
“തുണിനീക്കിയതു് അവർ അറിഞ്ഞില്ല. കാണേണ്ടതൊക്കെ കണ്ടു. എന്നാൽ, കണ്ടില്ലെന്നു പറയാൻ ഒരു കാരണവും കണ്ണിൽ കെട്ടിത്തൂക്കി.”
“വിചാരണ ബഹിഷ്കരിച്ചു വനവാസത്തിൽ പോകുകയാണോ”, കൊട്ടാരം ലേഖിക പഞ്ചാലിയോടു് ചോദിച്ചു.
“പീഡകനുമായി സല്ലപിക്കുന്ന നീതിപതി എന്നോടു്, അഞ്ചു് ഭർത്താക്കന്മാരുടെ ഭാര്യ? എന്നു് ചോദിക്കുന്നതു് കണ്ടതല്ലേ നിങ്ങളും? എല്ലാവരും ചിരിച്ചപ്പോൾ ഞാൻ അതിജീവിതം അർഹിക്കാത്ത പരാജിത എന്നു് വ്യക്തമായി.”
“പ്രമുഖ പാണ്ഡവന്റെ സംസാരശേഷി നഷ്ടപ്പെട്ട വാർത്ത പുകയുന്നല്ലോ! വിശദീകരിക്കാമോ?”, കൊട്ടാരം ലേഖിക ആശങ്കയോടെ ചോദിച്ചു.
“ദുര്യോധനൻ സഭാതലത്തിൽ വഴുക്കിവീണ അന്നു് തുടങ്ങി, അർജുനൻ ദുരർഥംവച്ചു് പറയാൻ. എന്തിനു ശത്രുദുര്യോധനനെ ഇന്ദ്രപ്രസ്ഥത്തിലേക്കു ക്ഷണിക്കാൻ ഞാൻ അത്യുത്സാഹം കാട്ടി? അന്തഃപുര മന്ദിരം ദുര്യോധനനു് അനുവദിച്ചതിലായി കുത്തൽ. സഹിച്ചു. വഴുക്കിവീണതു്, അർജ്ജുനൻ സഭാതലത്തിൽ അശ്രദ്ധമായി മെഴുക്കൊഴുക്കിയതുകൊണ്ടാണെന്ന കാര്യം വിശ്വസ്ത നകുലൻ പിന്നീടറിയിച്ചിട്ടും ഞാൻ മിണ്ടാതിരുന്നു. മുറിപ്പെട്ട വികാരങ്ങളോടെ വിശിഷ്ടാതിഥിദുര്യോധനൻ മടങ്ങിപ്പോയ ദിവസം, അർജ്ജുനൻ ഊഴം തെറ്റിച്ചു അതിക്രമിച്ചു കയറി ‘വിശിഷ്ടാതിഥി’ പരികൽപ്പന കുടില കൗരവനു കൊടുക്കുകവഴി അസ്വീകാര്യമായ കീഴ്‌വഴക്കം സൃഷ്ടിച്ചു എന്നു് ഒച്ചവെച്ചു. കുറെ ചെന്നപ്പോൾ, ദാമ്പത്യവിശ്വസ്തത കൗരവനു് ഞാൻ അടിയറവു് വച്ചുവെന്ന ദുസ്സൂചന സഹിക്കാനാവാതെ, തിരിച്ചടിക്കു് തയ്യാറായി. അന്തസ്സു് ഹനിക്കുന്ന നാവു പിഴുതുകളയാൻ കിടപ്പറയുടെ ഇരുട്ടിൽ പറ്റാത്തതു് കൊണ്ടു്, ശരീര സംഗമത്തിനുമുമ്പു ചുണ്ടു കോർക്കാൻ തരം കിട്ടിയപ്പോൾ, നാവു കടിച്ചെടുത്തു. ആസ്വാദനരതിയുടെ ഗുണഭോക്താവായി പരമാനന്ദമനുഭവിക്കുമ്പോൾ തന്നെ, ആത്മാഭിമാനത്തെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കുന്നവർക്കു താക്കീതായി കാണണം പ്രതീകാത്മക നടപടി. വാ തുറന്നു നിലവിളിച്ച അർജ്ജുനനെ മുറിക്കു പുറത്തേക്കുഞാൻ തള്ളി. പായക്കൂട്ടിനു വരിനിന്ന മറ്റു പാണ്ഡവർ, ‘മാരകായുധമായ പെൺപല്ലുപയോഗിച്ചു മനഃപൂർവ്വം ഇണയെ മുറിവേൽപ്പിച്ചു എന്ന കുറ്റത്തിനു് ഇന്ദ്രപ്രസ്ഥം ശിക്ഷാനിയമം വകുപ്പനുസരിച്ചു പ്രതിസ്ഥാനത്തു നിൽക്കേണ്ടിവരു’മെന്നവർ പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഞാനവരെ വ്യക്തിഗതസേവന മികവിൽ പിന്തുണക്കാരാക്കി. കുറച്ചു നാൾ, മുറിഞ്ഞ നാവുമായി മൗനം പാലിച്ചപ്പോൾ മനസ്സിലായി എന്താണു് മുറിവേറ്റ പെണ്ണിനു പ്രണയകേളിയിൽ പുരുഷനോടു് അറ്റകൈയ്യിനു് ചെയ്യാനാവുക. മുക്കിമൂളി അവ്യക്തമായെങ്കിലും സംസാരിക്കുന്നുണ്ടു് എന്നാണു നകുലൻ പറഞ്ഞതു്. ഇതാണു് യഥാർത്ഥ സംഭവം. തലതിരിച്ചു എഴുതിയാലും, അന്തഃപുരങ്ങളിൽ ആരും അന്തം വിടില്ല, കൗരവപെൺ പല്ലിന്റെ പ്രതിരോധകൂട്ടായ്മ നൂറ്റു വർക്കറിയാം.”
“ഗംഗയും സത്യവതിയും! രണ്ടു മാതൃ ബിംബങ്ങളെ വ്യത്യസ്ത രീതികളിൽ നേരിട്ടറിഞ്ഞ നിങ്ങൾ, തിരിഞ്ഞു നോക്കുമ്പോൾ, എങ്ങനെ അവരുടെ അന്തഃപുര സാന്നിധ്യവും, രാജാവിലുള്ള ദുസ്വാധീനവും വിലയിരുത്തുന്നു?, ശന്തനുവുമൊത്തവരുടെ അസാധാരണദാമ്പത്യം നിങ്ങളോടല്ലാതെ വേറെ ആരോടു് ഞാൻ ചോദിച്ചറിയും!?” രാജ്യതന്ത്രത്തിൽ നിയുക്ത രാജാവു് യുധിഷ്ഠിരനു് ധാർമ്മികബോധനം ചെയ്തശേഷം, ശരശയ്യയിൽ മാനം നോക്കിക്കിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഉപാധിവച്ചാണവർ ശന്തനുവുമൊത്തുറങ്ങിയതെങ്കിലും ഗംഗക്കു് ദാമ്പത്യനിയോഗം ശിശുഹത്യയായി. ഓരോ പ്രസവത്തിനുശേഷവും വിഷാദരോഗബാധ നേരിട്ട ഗംഗ, ആരോരുമറിയാതെ നവജാതശിശുവിനെ പുഴയിൽ ഒഴുക്കുമ്പോൾ, ശന്തനു, വിവാഹ നിബന്ധനയനുസരിച്ചു മൗനം പാലിച്ചു. ഗംഗ പെറ്റ എട്ടാമനായ എന്നെ മുക്കിക്കൊല്ലാൻ ശ്രമിച്ച അവളുടെ കൈകളിൽ നിന്നു് ശന്തനു നിലവിളിച്ചു തട്ടിയെടുത്തതോടെ, ദാമ്പത്യ ചട്ടം തെറ്റിച്ചെന്ന പരാതിയിൽ ഗംഗ, അവിശ്വാസം രേഖപ്പെടുത്തി സ്വർഗ്ഗരാജ്യത്തിലേക്കു യാത്രയായി. സ്വന്തം മകനെ രാജാവാക്കണം എന്ന ഒറ്റക്കാര്യത്തിൽ എക്കാലവും പിടിച്ചുനിന്ന സത്യവതിയോ? ശന്തനുവിന്റെ രതിദൗർബല്യത്തിനു സമ്മതം മൂളി, അന്തഃപുര രാഷ്ട്രീയത്തിനു ദിശാബോധംനൽകി. അവകാശിയില്ലാതെ മകൻ വിചിത്രവീര്യൻ അകാലത്തിൽ മരിച്ചപ്പോൾ, “കന്യകാത്വം നഷ്ടപ്പെടാത്ത വിധവകൾക്കു് നീ, ഗംഗേയാ, പായക്കൂട്ടിൽ മാതൃത്വം നൽകി കുരുവംശത്തെ കൂടെ നിർത്തൂ”, എന്നു കെട്ടിപ്പിടിച്ചു കെഞ്ചി. ദുരഭിമാനിയായ ഞാൻ, ആജീവനാന്തബ്രഹ്മചര്യം പതാക പോലെ ഉയർത്തിക്കാട്ടി രാജവിധവകളായ അംബികയെയും അംബാലികയെയും അവർക്കിഷ്ടമില്ലാത്ത വ്യാസനു കിടപ്പറവാതിൽ തുറന്നു കൊടുത്തന്നു തുടങ്ങി പതനം! ഇനി ഏകാന്തമായി വിലപിക്കാൻ എന്നെ അനുവദിക്കൂ, ഈ വ്യർഥജന്മത്തെക്കുറിച്ചു കൂടുതൽ രഹസ്യങ്ങൾ പുറത്താരും അറിയാതിരിക്കട്ടെ!”
“ആസ്വദിച്ചു കൊല്ലുമോ ധൃതരാഷ്ട്രരുടെ മക്കളെ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. നിറഞ്ഞ വയറും ആളിപ്പുകയുന്ന ഹൃദയവുമായി കുലുങ്ങിക്കുലുങ്ങിയോടി, ആയുഷ്ക്കാല വൈരാഗ്യത്തോടെ അർധ സഹോദരരെ ഒന്നൊന്നായി പിടി കൂടി നഗ്നഹസ്തങ്ങളാൽ വകവരുത്തുകയായിരുന്നു രൗദ്രഭാവത്തിൽ അഭിരമിക്കുന്ന പാണ്ഡവൻ.
“നിങ്ങൾക്കറിഞ്ഞുകൂടാ, ഇരയും ഞാനും തമ്മിലുള്ള വാമൊഴിലീല! മലർത്തിക്കിടത്തി നെഞ്ചിൽ ഇരു കാലുകളും കവച്ചുവച്ചു പതുക്കെ ഇരിക്കുമ്പോൾ തന്നെ, കീഴ്പ്പെട്ടു തുടങ്ങിയ ഇരക്കുമനസ്സിലാവും മാരകായുധ തീക്കളിയല്ല. കുടുംബ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു ഞാൻ തുടക്കത്തിലൊന്നു പരിഭവിക്കും. “ഇനിയെങ്കിലും ഞാൻ എന്റെ ജോലിചെയ്യെട്ടെടാ” എന്നുപറഞ്ഞു കൊണ്ടവന്റെ കഴുത്തിൽ ആഞ്ഞു പിടിക്കും. ഞെട്ടലുണ്ടാവും മുഖത്തപ്പോൾ. പരിഭ്രമത്തോടെ ഉടലൊന്നു ഇളകും, കുടഞ്ഞുമാറ്റാൻ അവൻ ശ്രമിക്കുമ്പോൾ ഓമനമുഖം മറു കൈപ്പത്തികൊണ്ടു അള്ളിപ്പിടിക്കും. “ഭീമാ അവനെ വിടൂ, മകൻ യുദ്ധത്തിൽ മരിച്ചു ശവസംസ്കാരം ഇന്നുരാത്രി കഴിഞ്ഞിട്ടു് ധാർമ്മികമായി വധം ചെയ്യൂ”, കൃപാചാര്യർ കൗരവനു വേണ്ടി കേഴുമ്പോൾ പിടി ഞാൻ വിടും. കൗരവമുഖമപ്പോൾ തുറിച്ചുനോക്കി ഉടൽകുടഞ്ഞു ചാടി എണീക്കുമ്പോൾ കർശനമായ നോട്ടത്തോടെ ഞാൻ ഇടപെടും. വളർത്തിപ്പരിപാലിക്കുന്ന വലതുകൈവിരൽ നഖങ്ങൾ കരൾഭാഗം നോക്കി, നരസിംഹത്തെപ്പോലെ അവതാര ലക്ഷ്യം നിർവ്വഹിക്കും. വധലീലകളിൽ സമയം പോയതറിയാതെ ചുറ്റും പകച്ചു ഞാൻ നോക്കുമ്പോൾ, ശരിയാണല്ലോ, പോർക്കളി നിർത്തി കൂലിപ്പടയാളികൾ ആയുധങ്ങളും ചുമന്നു പാളയത്തിലേക്കു് മടങ്ങിപ്പോവുന്നുണ്ടാവും. കുളിക്കണം ഉടൽ ശുദ്ധമല്ലെങ്കിൽ പാഞ്ചാലി എന്നെ പായക്കൂട്ടിൽ ബഹിഷ്കരിക്കും വരുന്നോ ഒപ്പം നീന്താൻ?”
“എങ്ങനെ ഓർക്കപ്പെടാനാണു് മോഹം?” കൊട്ടാരം ലേഖിക ചോദിച്ചു. ശരശയ്യ.
“വീഴ്ത്തിയതു് പാണ്ഡവായുധമാണെങ്കിലും, ഭാവിയിലവർ എന്നെ മഹത്വപ്പെടുത്താൻ പ്രേരിതരാവും. ‘ഞാനൊരവിശ്വസ്ത സൈന്യാധിപൻ’ എന്നു് കൗരവർ അടയാളപ്പെടുത്തുമായിരുന്നു, ഉന്മൂലനാശത്തിനവർ ഇരകളായിരുന്നില്ലെങ്കിൽ. ബഹുസ്വര കൗരവവിധവകൾ ‘രക്തസാക്ഷി’യെന്നു വിളംബരപ്പെടുത്തുമെന്നാണെന്റെ വിശ്വാസം, പുതുതലമുറ കുമാരികൾ ‘പുരാതന വസ്തു’വെന്നെന്നെ പരിഹസിച്ചിരുന്നെങ്കിലും. പ്രാണനെടുത്തതു പാണ്ഡവർ എന്നതാണു് ആശ്വാസം, കാരണം, യുദ്ധം ജയിച്ചു അധികാരത്തിൽ കയറുന്ന യുധിഷ്ഠിരൻ രാജപദവിയിൽ ചെയ്യേണ്ടിവരിക ദേശ രത്ന പുരസ്കാരത്തിലൂടെ എന്നെ കൈവശപ്പെടുത്തുന്ന തന്ത്രമായിരിക്കും. കൗരവവിധവകൾക്കും പാണ്ഡവർക്കും ഞാനൊരു ചട്ടുകമായിരിക്കാം, പക്ഷേ, മറക്കപ്പെടില്ലെന്ന മോഹത്തോടെ ശരശയ്യയിൽ നിന്നു് ചിതയിലേക്കു്, വിട!”
“നിങ്ങൾ ആറുപേരുടെയും ഗാർഹിക സംഭാഷണങ്ങൾ ആകസ്മികമായി ചെവിയോർക്കാൻ അവസരം ഉണ്ടായപ്പോഴൊന്നും, അന്നന്നത്തെ കാര്യങ്ങൾ അല്ലാതെ, പാഞ്ചാലയിൽ വളരുന്ന അഞ്ചു കുട്ടികളെ കുറിച്ചോ, പാഞ്ചാലബന്ധുക്കളെ കുറിച്ചോ പങ്കിടുന്നില്ല എന്നു് വിസ്മയിക്കാറുണ്ടു്. അതെന്താ അങ്ങനെ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ആണുങ്ങൾ കുടിലിനു പുറത്തെ അരയാലിൻ തണലിൽ, ചൂതാട്ട പരിശീലനം നേടുന്ന ഉച്ച. വന നിശബ്ദത.
“വധുവിന്റെ മനസ്സമ്മതം ചോദിച്ചറിയാതെ, കുന്തിയുടെ ദുഷ്പ്രേരണയിൽ നാലു പാണ്ഡവർ, അർജുനന്റെ കൂടെ കിടപ്പറയിൽ വന്നെന്നെ കീഴ്പ്പെടുത്തിയ ആദ്യ രാത്രി മുതൽ, കുടുംബത്തെ കുറിച്ചു് ഞാൻ അവരോടോ, അവർക്കു കുടുംബം ഉണ്ടെങ്കിൽ അതിനെ കുറിച്ചു് എന്നോടോ, സംസാരിക്കാൻ ഞാൻ അവസരം നിഷേധിച്ചു. അതൊരു ശീലമായി. ആ വിധം നോക്കിയാൽ, മൗനം മൊഴി പോലെ ഒരു രേഖപ്പെടുത്തൽ കൂടിയാണു്”
“ദുഷ്ടലാക്കോടെ ഇടിച്ചുകയറി, മൂപ്പിളമ ആധിപത്യത്തിനായി വളഞ്ഞവഴി തേടുന്ന യുധിഷ്ഠിരൻ, പാഞ്ചാലരാജാവിനോടു് സ്ത്രീധനം ചോദിച്ചു എന്നു് കുടിലകൗരവർ കുതിരപ്പന്തികളിൽ പ്രചരിപ്പിക്കുന്നല്ലോ?”, നവവധു പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഹസ്തിനപുരിയിൽ ഞങ്ങൾ കഴിയുന്നതിനിടക്കു്, കൌരവരോടു് കടം ചോദിക്കേണ്ടിവരാവുന്ന മാനഹാനി ഒഴിവാക്കാൻ, സ്ത്രീധനമായി കിട്ടിയ ആഭരണങ്ങളിൽ ചിലതു് വിൽക്കട്ടെ എന്നു് യുധിഷ്ഠിരൻ മറ്റു പാണ്ഡവരുടെ അനുമതിയില്ലാതെ അച്ഛനോടു് ചോദിച്ചതു് വാസ്തവം. “ഓ അതോ, അതവൾക്കു വാങ്ങിച്ചുകൊടുത്തതൊന്നുമല്ല, കർണന്റെ കവച കുണ്ഡലങ്ങൾ പോലെ, അഴിച്ചു മാറ്റാനാവാത്ത രണ്ടാം ചർമ്മമല്ലേ പാഞ്ചാലിയുടെ ആഭരണങ്ങൾ. യാഗാഗ്നിയിൽ നിന്നു് വളർച്ചയെത്തിയ ഉടലുമായി ഉയർന്നുവന്നപ്പോഴേ ഉണ്ടായിരുന്നതാണു്”, എന്ന സൂചനയോടെ സ്ത്രീധനവിൽപ്പന കൈകാര്യം ചെയ്തു. യാഗാഗ്നിയിൽനിന്നും ഉയർന്ന ഉടൽ എന്നു കേട്ടപ്പോൾ തന്നെ വിരണ്ടുപോയ യുധിഷ്ഠിരൻ പിന്നെ പൊന്നിൽ ദുഷ്ടലാക്കോടെ തൊട്ടിട്ടില്ല!”
“ഭീമൻ ഈയിടെ മുറുമുറുക്കുന്നു, വിളിച്ചാൽ എതിർദിശയിൽ പോവുന്നു, ഇടഞ്ഞു സംസാരിക്കുന്നു, എന്താ കാര്യം?”, ഖാണ്ഡവ വനം തെളിയിച്ച കുടിയേറ്റകുടുംബത്തിലെ നേതാവു് ചമയുന്ന യുധിഷ്ഠിരൻ പാഞ്ചാലിയോടു് ചൊടിച്ചു.
“നേരിട്ടു് ചോദിക്കണം. ഞാൻ പാണ്ഡവരുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയല്ല. എന്റെ നേരെ വേണ്ട കുതിരകയറ്റം. പാണ്ഡവർ സസ്യാഹാരമായിരിക്കും വിരുന്നുകളിൽ വിളമ്പുക, മൃഗമാംസമല്ല, എന്നൊക്കെ രാജമുദ്രവെച്ചു, മാംസഭോജ്യം വിളമ്പുന്നതു് നിർത്തുമെന്നറിയിച്ചാൽ, വൃകോദരൻ വ്യസനിക്കില്ലേ? ഇഷ്ടമാംസ ഭക്ഷണം തീൻശാലയിൽ തിരിച്ചു കൊണ്ടുവന്നാൽ, പെരുമാറ്റത്തിലും കാണും ഇഷ്ടം. അതോടെ കുര നിർത്തും വാലാട്ടും.”
“ആയുഷ്കാല ബ്രഹ്മചര്യത്തെ പ്രകീർത്തിക്കുന്ന ‘ബഹുമതി’യല്ലേ ‘ഭീഷ്മ’പദവി? പിന്നെന്താ, ബ്രഹ്മചര്യം കഠിന രതിപരീക്ഷണത്തിനു വിധേയമാക്കുന്നതു്?”, അരമനയിൽ നിന്നും വിട്ടുമാറി മരക്കൂട്ടങ്ങൾക്കിടയിലെ ആഡംബര ആശ്രമത്തിൽ, നിലത്തു വിരിച്ച മെത്തയിൽ പെണ്ണുടലുകൾക്കിടയിൽ കിടന്ന പിതാമഹനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ചെറുതിരി പ്രകാശം.
“സമപ്രായക്കാരി ചിറ്റമ്മ, രാജമാതാ സത്യവതിയുടെ പ്രലോഭനം ചെറുക്കാനായിരുന്നു ബ്രഹ്മചര്യം എന്ന ബ്രഹ്മാസ്ത്രം, ആദ്യം എയ്തതു്. രോഗപീഡയിൽ കഴിഞ്ഞ യുവരാജാ വിചിത്രവീര്യൻ, ചെങ്കോൽ നിലനിർത്താൻ, ഈ ‘ആയുധം’ പണ്ടു് പ്രയോഗിച്ചിട്ടുണ്ടു്. ഗർഭധാരണത്തിനു് മുമ്പുതന്നെ അംബികയും അംബാലികയും രാജവിധവകളായപ്പോൾ, ശാരീരികമായി ബന്ധപ്പെടാനുള്ള സത്യവതിയുടെ പ്രോത്സാഹനം ചെറുക്കാൻ ബ്രഹ്മചര്യം തൊടുത്തു. വെറും പ്രതീകമല്ല ഭീഷ്മബ്രഹ്മചര്യം, അച്ചടക്കമാണു് എന്നു് സമൂഹത്തെ ബോധ്യപ്പെടുത്തി. മധ്യവയസ്സു കഴിഞ്ഞതോടെ, കൈകാലുകൾക്കു സംഭവിക്കാവുന്ന തേയ്മാനം മറികടക്കുവാൻ, രാജകുമാരികൾ കൈത്താങ്ങായി കൂടെ വന്നു. ഒപ്പം നടക്കാൻ അവസരം കിട്ടാത്തവർ, ആശ്രമത്തിന്നകത്തു ‘കൂട്ടായ്മ’ കാണിച്ചു. രാത്രി എന്നോടു് മന്ത്രിച്ചു: ഇരുവശത്തും വിവസ്ത്ര പെണ്ണുടലുകൾ രാവേറെ കൂട്ടു് കിടന്നാൽ സാധ്യമാവുമോ പാലിക്കാൻ, ഈ കഠിന പ്രതിജ്ഞ? അതു് നിത്യവും സംശയാതീതമായി തെളിയിക്കപ്പെടണമെങ്കിൽ, രതിപ്രലോഭനമികവുള്ള പെൺശരീരലഭ്യത ഉറപ്പാവണം. നിങ്ങൾ കാണുന്ന രാജകുമാരികൾ എന്റെ ബ്രഹ്മചര്യം പൊള്ള എന്നു തെളിയിക്കാൻ ശ്രമിക്കും. പോരാ. അവർ ഉടൽപരിചരണത്താൽ പ്രലോഭിപ്പിക്കുകയാണു്. ബ്രഹ്മചര്യത്തിൽ നിന്നു് പുറത്തു ചാടിക്കാൻ ആഞ്ഞു പ്രവർത്തിക്കുകയാണു്. പരപ്രീണനയില്ലാതെ ഈ കായിക പരീക്ഷണത്തിൽ അവർ സജീവ പങ്കാളികളാണു്. ബ്രഹ്മചര്യം തകർക്കാനാവില്ലെന്നവരെ ഞാൻ തെളിയിക്കണം. ഇതു് വൃദ്ധന്റെ കിടപ്പറയല്ല, രതിയും രതിനിഷേധവും ബലാബലത്തിൽ പോരടിക്കുന്ന കൗമാരകാമനയുടെ രണഭൂമി. പങ്കെടുക്കണമെന്നുണ്ടോ ഐതിഹാസിക പരീക്ഷയിൽ?”
“അസംതൃപ്തദാമ്പത്യത്തെ കുറിച്ചു് നിങ്ങൾ കലവറയില്ലാതെ ആവിഷ്കാരസാധ്യത തേടുമ്പോൾ, പറയാതെ വയ്യ, കൗരവരാജവധുക്കൾ കുടുംബജീവിതത്തെ കുറിച്ചു് കൈപ്പുള്ള ഒരോർമയും ഞങ്ങളുമായി പങ്കിടുന്നില്ല”, നീരസത്തോടെ കൊട്ടാരം ലേഖിക സംസാരിച്ചു. കാട്ടുചോലയിൽ നീന്തിക്കുളിച്ചു നനഞ്ഞ തുണിയുമായി അവർ വിജനവഴിയിലൂടെ ആശ്രമത്തിലേക്കു നടക്കുകയായിരുന്നു.
“എന്തിനു പങ്കിടണം? മേഘങ്ങളില്ലാത്ത പൌർണമിരാത്രികളിൽ, അന്തഃപുരത്തിനു് മേലെയുള്ള മട്ടുപ്പാവിൽ, പൂർണനഗ്നകളായി പൊട്ടിച്ചിരിക്കയും, പിന്നെ വിങ്ങിപ്പൊട്ടുകയും ചെയ്യുന്നവരെന്തിനു എന്നെ പോലെ, ആത്മാവിഷ്കാരത്തിനു് അക്ഷരങ്ങൾ തേടണം?”, അന്നദാതാവിനെ തേടിയിറങ്ങിയ പേടമാനിനെ പരിലാളിച്ചുകൊണ്ടു് പാഞ്ചാലി പുഞ്ചിരിച്ചു.
“ഇങ്ങനെ ആയിരുന്നില്ലല്ലോ വനവാസക്കാലത്തു യുധിഷ്ഠിരൻ. പരിഹസിക്കുന്ന രീതിയിൽ മഹാ രാജാവേ എന്നു അഭിസംബോധന ചെയ്താൽ, എന്റെ വിധി എന്നു് വിനീതനാവുമായിരുന്നു. അധികാരം കിട്ടിയപ്പോൾ ആളൊന്നു മാറിയോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“മഹാരാജാവിന്റെ ഔദ്യോഗിക വസതിയിൽ ഉന്നതതലയോഗം കഴിഞ്ഞു അസഹിഷ്ണുതയോടെ ഇറങ്ങുകയായിരുന്നു ഊട്ടുപുര ലക്ഷ്യമാക്കി നാലു പാണ്ഡവരും പാഞ്ചാലിയും. മട്ടുപ്പാവിൽ മഹാരാജാവു് അവരെ ഇടംകണ്ണിട്ടു നിരീക്ഷിക്കുന്നതു് കൊണ്ടവർ സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തി “അത്യുന്നതതലസമിതിയുടെ പ്രതിദിന ചർച്ചയിൽ അയാളുടെ നിർദേശത്തിൽ ഞങ്ങൾ നാലുപേർ എതിരഭിപ്രായം പറഞ്ഞാൽ ആളാകെ അസ്വസ്ഥനാവും. വിശ്വാസവഞ്ചന സംശയിക്കും. പാഞ്ചാലിയിൽ നിന്നു് ഞങ്ങളെ പിളർത്താൻ രഹസ്യമായി അവളെ പ്രലോഭിപ്പിക്കും, ഒന്നും നടക്കാതെ വന്നാൽ, പാർശ്വവത്കൃത സമൂഹത്തിനുവേണ്ടി വികസനകാര്യത്തിൽ ഇവരാരും സഹകരിക്കുന്നില്ല എന്നു് സന്ദർശകരുടെ മുമ്പിൽ ചുണ്ടു പിളർത്തും.”
“ആറു പേരല്ലേ കുടിയേറ്റക്കാരായി ഉണ്ടായിരുന്നുള്ളു? പിൽക്കാലത്തു് അഞ്ചു വീടു് ഒരു വീടു് സൂചി കുത്താൻ ഇടം എന്നിങ്ങനെ പടി പടിയായി ഭൗതിക അഭിലാഷങ്ങൾ പരിമിതപ്പെടുത്താൻ പരിശീലിച്ച നിങ്ങൾ, എങ്ങനെ ഖാണ്ഡവ വനം എന്ന അതിലോല ആവാസ വ്യവസ്ഥ തീയിട്ടു കത്തിക്കാൻ ധൈര്യപ്പെട്ടു?”, കൊട്ടാരം ലേഖിക പരിസ്ഥിതി സംരക്ഷകയുടെ ആശങ്ക അഭിനയിച്ചു.
“ദീർഘദൃഷ്ടിയോടെ വേണ്ടേ ദേവസന്തതികൾ തീരുമാനമെടുക്കാൻ? ഖാണ്ഡവവനം പരിപാലിച്ചു വനാശ്രമത്തിൽ കിളച്ചും കന്നുപൂട്ടിയും കഴിയണോ, അതോ വനമേഖല വെട്ടിതെളിയിച്ചു യമുനയുടെ തീരത്തു മോഹന നഗരി പണിയണോ? മറക്കരുതേ, ഞങ്ങൾ ഓരോ കല്ലും ഈ കൈ കൊണ്ടു് പണിത ഇന്ദ്രപ്രസ്ഥം, ദ്വാപരയുഗത്തിൽ മാത്രം തിളങ്ങുന്ന ഐതിഹ്യ നഗരിയല്ല, വരാനിരിക്കുന്ന കലിയുഗത്തിൽ ദേശവിദേശ പടയോട്ടങ്ങൾക്കും അധികാരവഴികൾക്കും ആഗോള ശ്രദ്ധക്കും ഭൂമികയാവും”, ഭാവിയിലേക്കു് കണ്ണെറിഞ്ഞു അർജുനൻ ശബ്ദം താഴ്ത്തി.
“ആ ‘ഓമനമുഖം’ ഓർക്കുന്നു, നവവധുവായിരിക്കെ, പാണ്ഡവർക്കൊപ്പം വന്ന പാഞ്ചാലിയെ ഹസ്തിനപുരിയിൽ വരവേൽക്കാൻ, ആരാധകനെപോലെ ദുര്യോധനൻ കൊട്ടാര മൈതാനത്തൊരുക്കിയ അത്താഴവിരുന്നിൽ, എന്തൊരു വിനയവും പ്രസന്നതയും ആയിരുന്നു യുധിഷ്ഠിരനോടവൾ ചേർന്നിരിക്കുമ്പോൾ കാണിച്ചിരുന്നതു്. ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറ്റക്കാരായി പോവേണ്ടി വന്നതുകൊണ്ടു, രാപ്പകൽ ദേഹാധ്വാനം വന്നതാണോ പിൽക്കാലത്തവളുടെ പരുക്കൻ മനോഭാവത്തിനു് കാരണം?”, വനവാസക്കാല പാണ്ഡവരോടും, പ്രത്യേകിച്ചു് യുധിഷ്ഠിരനോടും, മറ ഇല്ലാതെ ഇടഞ്ഞു പെരുമാറുന്നൊരു പതിവു് അഭിമുഖവിഷയമായപ്പോൾ, കൊട്ടാരം ലേഖിക ചോദിച്ചു.
“‘ഇടഞ്ഞു പെരുമാറുന്ന’വളെ കാണാൻ സൈന്ധവ റാണി ദുശ്ശളയുടെ ഭർത്താവും നാടുവാഴിയുമായ ജയദ്രഥൻ ഇവിടെ പാത്തും പതുങ്ങിയും പിടി മുറുക്കിയപ്പോൾ എന്തായിരുന്നു പാഞ്ചാലിയുടെ ഉടുത്തൊരുങ്ങലും ആതിഥ്യ മര്യാദയും. ഞങ്ങൾ അഞ്ചുപേരും നായാടാൻ പോയ ദിവസമാണു് അവളുടെ കള്ളി വെളിച്ചത്തായതു്. അവർ വിനോദയാത്രക്കെന്നും പറഞ്ഞു നാടു വിടാൻ ശ്രമിക്കുമ്പോൾ, സംശയം തോന്നിയ അയൽക്കാരൻ പരിത്യാഗി, ഞങ്ങളെ ഉടൻ വിവരം അറിയിക്കാനുള്ള ജാഗ്രത കാട്ടി. ഓടിവന്നപ്പോൾ, ജയദ്രഥ രഥം മുന്നോട്ടു പോവുന്നു. സംഘടിത പാണ്ഡവശ്രമത്തിൽ ജയദ്രഥനെ കീഴ്പ്പെടുത്തി പ്രതികാരം ചെയ്യുമ്പോൾ, “വിട്ടയക്കൂ അവനെ, അവന്റെ ഭാര്യ ദുശ്ശള വനിതാവകാശസമിതിയുടെ അധ്യക്ഷ, നിങ്ങൾക്കെതിരെ ദുര്യോധനനെ സ്വാധീനിക്കാൻ അവൾ മതി” എന്നു് നിരുത്സാഹപ്പെടുത്തുന്നതു ഞങ്ങളെ പ്രകോപിതരാക്കി. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയേണ്ട ഭാര്യ, ആറാമതൊരു പുരുഷനെ പ്രലോഭിപ്പിക്കുന്ന ഭീഷണയാഥാർഥ്യം നിസ്സംഗതയോടെ കണ്ടുനിൽക്കാനാവില്ലെന്നുറപ്പിച്ച ഞങ്ങൾ, ജയദ്രഥനെ തലമൊട്ടയടിച്ചു പുള്ളികുത്തി കെട്ടിയിട്ടു് പാഞ്ചാലിയുടെ മുമ്പിൽ നിർത്തി ചോദ്യം ചെയ്തു, അപമാനിച്ചു. മാസങ്ങൾ വേണ്ടിവന്നു അക്കാര്യത്തിൽ ഞങ്ങളോടു് പാഞ്ചാലിയുടെ അമർഷവും ക്ഷോഭവും മാറാൻ. അവളെപ്പറ്റി ഒന്നേ പറയാനാവൂ ഇന്നു് നിങ്ങളെ ഊഷ്മളമായി കാണുന്നവൾ നാളെ നിങ്ങളെ കണ്ടാൽ കണ്ടു എന്നു് നടിക്കില്ല. നമ്മെപോലെ അമ്മ പ്രസവിച്ചു വളർത്താത്തതിന്റെ കുഴപ്പം. യാഗാഗ്നിയിൽനിന്നും വളർച്ച പ്രാപിച്ച പെണ്ണുടലുമായി ഉയർന്നുവന്നവൾ എന്ന ഐതിഹ്യ പ്രതിച്ഛായയ്ക്കൊത്ത യക്ഷി!”
“എവിടെ അർജ്ജുനൻ? സൂര്യ പുത്രനെ ചതിച്ചുകൊന്നതിൽ, നിങ്ങൾക്കു് നൊമ്പരമുണ്ടോ?”, കുന്തിയുടെ കന്യാപുത്രനെന്നു അംഗീകരിക്കപ്പെടുകയും, കൗരവ സർവ്വസൈന്യാധിപനുമായിരുന്ന കർണ്ണന്റെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു, തിരിച്ചു പോവാൻ ആനപ്പുറത്തുകയറുന്ന മഹാരാജാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“കാറുമൂടിയ സന്ധ്യയിൽ, അർജ്ജുനനും പ്രതിയോഗി കർണ്ണനും പോർക്കളത്തിൽ പരസ്പരം നേരിട്ടതു് നേരുതന്നെ. ദുരൂഹസാഹചര്യത്തിൽ ചളിയിൽ താണ രഥചക്രമുയർത്താൻ കർണ്ണ തേരാളി ശല്യൻ വിസമ്മതിച്ചതും കൗതുകകരമായ കാര്യം. നിവൃത്തിയില്ലാതെ സ്വയം മണ്ണിലിറങ്ങിനിന്നു് രഥചക്രം ഉയർത്താൻ പാടുപെടുന്ന കർണ്ണനെ അനുകമ്പയോടെ നോക്കുമ്പോൾ ആയിരുന്നില്ലേ, മാനം വിണ്ടുകീറിയ ഇടിമിന്നലിൽ, കർണ്ണൻ മരണമടഞ്ഞതു്? അതു് കണ്ടു മനമിടിഞ്ഞ ഞാൻ കണ്ടു, തലകുനിച്ചു പരേതനു അഭിവാദ്യം ചെയ്തു ആവനാഴിയിലേക്കു അർജ്ജുനൻ, അമ്പു തിരിച്ചിടുന്നു. വേദനാകരമായി തോന്നി കർണ്ണജീവിതത്തിന്റെ പ്രകൃതിദുരന്തം. ജന്മരഹസ്യം ചരമ ശുശ്രൂഷയിൽ കുന്തിമുഖത്തുനിന്നറിഞ്ഞപ്പോൾ പരേതാത്മാവിനു സ്വർഗ്ഗരാജ്യം അനുവദിച്ചുകിട്ടാൻ, കൗന്തേയർ ശ്രാദ്ധം ചെയ്തതും സ്മരണീയമായ ആധ്യാത്മിക വസ്തുത. അവന്റെ കൊച്ചുമകളുടെ വിവാഹം, അതു കുടുംബആഘോഷമായി ഏറ്റെടുത്തു. അവൾക്കു പാഞ്ചാലിയുടെ കേശ പരിലാളന ശുശ്രൂഷക എന്ന ജോലി സമ്മാനമായി നൽകി. അതാണു് പുനരധിവാസത്തിൽ പാണ്ഡവ മാതൃക. സത്യാവസ്ഥ അതായിരിക്കെ, കഥയറിയാതെ അർജ്ജുന സ്വഭാവഹത്യക്കു കൂട്ടുനിന്നാൽ, അഴകളവുകളിൽ നിന്നും ഇനി തെറിക്കുക നിന്റെ തലയായിരിക്കും”
“ഇന്ദ്രപ്രസ്ഥം ചക്രവർത്തി ആയപ്പോഴാണോ, സ്വതന്ത്ര ചാരവകുപ്പിന്റെ ആവശ്യം ബോധ്യപ്പെട്ടതു്? എന്തു് കൊണ്ടു് പക്ഷേ, നകുലൻ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“അരക്കില്ലത്തിലേക്കു പോവാൻ ദുഷ്പ്രേരണ ധൃതരാഷ്ട്രരിൽ നിന്നു് വന്നപ്പോൾ, ഞങ്ങൾ അഞ്ചുപേർ ചേർന്ന യോഗം കഴിയുമ്പോഴേക്കും നകുലൻ സ്വയം നേതൃസ്ഥാനം ഏറ്റെടുത്തിരുന്നു. പിറ്റേന്നു് രാവിലെ പടിയിറങ്ങുമ്പോഴേക്കും അരക്കില്ലം എന്ന വരാനിരിക്കുന്ന കുരുക്കു് അവൻ അഴിച്ചിരുന്നു. ആശങ്കക്കു് പകരം യാത്രയും താമസവും പ്രതീക്ഷാനിർഭരമായി. എന്തു് സംഭവിക്കും എന്നതിൽ മാറി, എന്തു് സംഭവിക്കണം എന്ന വിവേചനാധികാരം നകുലന്റെ കയ്യിലായതു ദുര്യോധനൻ മനസ്സിലാക്കി എന്നു് വേണമെങ്കിൽ സമ്മതിക്കാം, പക്ഷേ, ഗതി മാറ്റാൻ കൗരവനായില്ല. അന്നു് തുടങ്ങിയ വിശ്രമരഹിത ജോലി അവൻ ആസ്വദിക്കുന്നു, രഹസ്യവിവരങ്ങളുടെ ശേഖരവും പ്രയോജനവും ആണു് രാജ്യതന്ത്രത്തിൽ കാര്യം എന്നു് നിങ്ങൾ തക്ഷശിലയിൽ പോയി പഠിച്ചാൽ മാത്രം പോരാ.”