“ഊണുകഴിക്കാൻപോലും പാവംഭീമനെ നിങ്ങൾ സ്വൈരം കൊടുക്കുന്നില്ലെന്ന പരാതിവരുന്നതു്, പാണ്ഡവർക്കിടയിലെ ‘ദാർശനികൻ’ എന്നറിയപ്പെടുന്ന സഹദേവനിൽ നിന്നല്ലേ? കൗരവരിൽ നിന്നും ഭീമൻ തട്ടിയെടുത്ത അക്ഷയപാത്രത്തിൽ നിന്നു് ഭക്ഷണം സ്വയംവിളമ്പിയെടുത്തു കഴിക്കുന്നതിൽ എന്തിനു നിങ്ങൾ കക്ഷിചേരണം?” കൊട്ടാരം ലേഖിക പാഞ്ചാലിയോ ചോദിച്ചു. വനവാസക്കാലം. തീൻശാലയിൽ നിലത്തു വട്ടംചുറ്റിയിരുന്നു കൗന്തേയരഞ്ചുപേരും മത്സരക്ഷമതയോടെ വൈവിധ്യരുചിപലഹാരങ്ങൾ വെട്ടിവിഴുങ്ങുന്നതു കിടപ്പറജാലകത്തിലൂടെ കാണാമായിരുന്നു. ഉച്ചവെയിലിൽ ഹിമാലയതാഴ്‌വര നിശബ്ദമായി.
“അക്ഷയപാത്രത്തിലേക്കുള്ള സൗജന്യധാന്യ സംഭരണമോ, വ്യക്തിഗത രുചിഭേദങ്ങൾ പിന്തുടരുന്ന ആണധികാരപാചകമോ, ഭക്ഷണംവിളമ്പലോ, കഴിക്കലോ ഒന്നുമായിരുന്നില്ല, സാന്ദർഭികമായി ഭീമന്റെ ഊട്ടുപുരപെരുമാറ്റരീതിയിലുള്ള അമർഷം, സഹദേവസാന്നിധ്യത്തിൽ ഞാൻ വെളിപ്പെടുത്തിയതിനു പിന്നിലുള്ള ചേതോവികാരം. ഉണ്ണാതെ ഇരിക്കുമ്പോഴും കാണാം, ഭീമൻ തടിച്ച നടുവിരൽ ചുണ്ടിലും നാവിലും തൊട്ടു ‘രഹസ്യരുചി’ ആസ്വദിക്കുന്നതു് അസ്വീകാര്യമായ അംഗചലനമാണെന്നു ഞാൻ ചൂണ്ടിക്കാണിച്ചു. എന്താണതിൽ ‘ദാർശനികപാണ്ഡവ’ന്റെ പരസ്യപരിദേവനത്തിനു കാര്യം? ഊണു കഴിഞ്ഞെഴുന്നേൽക്കുമ്പോൾ ഏമ്പക്കം വിടുന്നതു്, ഉണ്ടു് കൈകഴുകിയാലും വാ കുലുക്കുഴിയാതെ തിരിച്ചുവരുന്നതു്, ഇതൊക്കെ കണ്ടിട്ടും ഭീമനെ പായക്കൂട്ടിൽ ആസ്വാദനരതി സേവനഗുണഭോക്താവാക്കാൻ എനിക്കാവുന്നുണ്ടല്ലോ. ഇനി ഞാനൊന്നും പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാം, ക്രോധത്തിന്റെ ഒരംശം പോലും എന്റെ ഈ കൊച്ചുശാസനയിൽ പ്രതിഫലിക്കുന്നില്ല”.
“അടിമപ്പണിയും ചെയ്യുമോ മഹാറാണിപാഞ്ചാലി?”, കൊട്ടാരം ലേഖിക ചോദിച്ചു. യമുനാതീര ഇന്ദ്രപ്രസ്ഥം പുതുനഗരത്തിലെ, അരമനഉദ്യാനത്തിലേക്കു മൺകുടത്തിൽ വെള്ളം ചുമന്നു കൊണ്ടുവന്നു ഔഷധചെടികൾ നനക്കുകയായിരുന്നു, രാജസൂയയാഗം ചെയ്തു ചക്രവർത്തിപദവി നേടിയ യുധിഷ്ഠിരൻ ഉൾപ്പെടുന്ന പഞ്ചപാണ്ഡവരുടെ ഔദ്യോഗിക അംഗീകാരമുള്ള ‘ഏകഭാര്യ’.
“ഖാണ്ഡവപ്രസ്ഥം എന്ന മഹാപാപത്തിനു സാക്ഷിയാവേണ്ടി വന്ന സമീപഭൂതകാലമുണ്ടു് എന്റെ മനസ്സിൽ. പ്രകൃതിയുടെ സന്തുലിതാവസ്ഥ സ്വയം നിയന്ത്രിതമായിരുന്ന അതിവിശിഷ്ട ജൈവമണ്ഡലത്തെ പാണ്ഡവർ കത്തിച്ചു കരിക്കട്ടയാക്കുന്നതിനു് ഞാൻ സാക്ഷി. വിഷജീവികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയുള്ള പ്രതിരോധനടപടിയെന്നവർ എന്നെ കബളിപ്പിച്ചപ്പോൾ ഞാൻ എതിർത്തു. ആണധികാരപേശിബലത്തിൽ അവരെന്നെ കീഴ്പ്പെടുത്തി. നിത്യവും യമുനയിൽ തേച്ചുകുളിച്ചിട്ടും പാപം വിട്ടുപോയിട്ടില്ല. ഔഷധത്തോട്ടത്തിൽ പരിപാലിച്ചു വളർത്തുന്ന പച്ചിലമരുന്നുകളിലൂടെ വേണം, അധികാരമോഹികളായ അഞ്ചുഭർത്താക്കന്മാരുടെ പാപക്കറ ഉടലിൽനിന്നും തുടച്ചുനീക്കാൻ. അതല്ലാതെ ഈ ‘അടിമപ്പണി’ പരിസ്ഥിതിപോരാളിയുടെ പശ്ചാത്താപപ്രകടനമൊന്നുമല്ല.”
“സഹപാഠിദുര്യോധനൻ അറിവുനേടുന്നകാര്യത്തിലൊക്കെ ആളെങ്ങനെ?”. കൊട്ടാരം ലേഖിക ചോദിച്ചു. ബലിദാനികൗരവമുഖ്യന്റെ പഞ്ചലോഹപ്രതിമ നഗരചത്വരത്തിൽ അനാച്ഛാദനം ചെയ്തു മടങ്ങുകയായിരുന്നു, പാഞ്ചാലിയുമൊത്തു മഹാരാജാവു യുധിഷ്ഠിരൻ.
“ചൂതാട്ടത്തിൽ എതിരാളിയെ ഒരൊറ്റസന്ധ്യയിൽ പാപ്പരാക്കാൻ തക്ക കുടിലപ്രാഗൽഭ്യം മാന്ത്രികശക്തിയിലൂടെ നേടിയ ഭൂപതിയുടെ കഠിനശിക്ഷണത്തിൽ നൂറ്റുവർ ഗാന്ധാര സംസാരഭാഷയാക്കി. കൗരവ പാണ്ഡവ കൂട്ടുകുടുംബത്തിൽ ആദ്യത്തെ വൻമതിൽ നിർമ്മിതി. വർഷങ്ങൾ കഴിഞ്ഞിട്ടും ആ വൈകാരികഅകലം ഭാഷയിലൂടെ പാലിച്ചതിനു പുറമെ, പതിവായി ഗാന്ധാരിയുടെ നാട്ടിൽ പോയി മടങ്ങുമ്പോൾ അയൽപക്ക തക്ഷശിലസർവ്വകലാശാലയിൽ നിന്നും അറിവിന്റെ താളിയോലകൾ അവനും കൂട്ടരും ചുമന്നുകൊണ്ടു വരും. ഗുരുകുല സൈനികശിക്ഷണത്തിൽനിന്നപ്പുറംപാണ്ഡവർക്കെതിരെ കിടമത്സരം ജയിക്കാൻ ഇതു തുണച്ചു. കാട്ടിൽ ബാല്യകൗമാരങ്ങൾക്കുശേഷം, ഞങ്ങൾ ഹസ്തിനപുരിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും വാമൊഴിപെരുമാറ്റ കാടത്തം വിട്ടുമാറിയില്ലെന്നറിഞ്ഞ ദുര്യോധനസംഘം, അതുഞങ്ങൾക്കെതിരെ ശത്രുഭാവത്തിൽ പ്രയോഗിച്ചു നേട്ടംകൊയ്തു. ഒരുദാഹരണം പറയാം: ഈശ്വരസൃഷ്ടിയാണു് ഇക്കാണുന്ന പാരാവാരമെന്നു കുന്തിയിൽ നിന്നും മറുചോദ്യമില്ലാതെ കേട്ടറിഞ്ഞ ഞങ്ങൾക്കു് ഗാന്ധാര താളിയോലയിൽനിന്നും ദുര്യോധനൻ നേടിയ പുതിയ കണ്ടെത്തലിൽ, ഭൂമിയുണ്ടായി ദശലക്ഷക്കണക്കിനു വർഷങ്ങൾ ജീവജാലങ്ങൾ ഉണ്ടായിരുന്നില്ല എന്ന ധാർഷ്ട്യ പ്രഖ്യാപനം ദൈവനിഷേധമായി തോന്നിയപ്പോൾ, ഞാൻ പ്രതിഷേധിച്ചു. ദ്രോണർ അവനെ പ്രശംസിച്ചു. ഞങ്ങൾ തകർന്നുപോയി. ഒന്നേയുള്ളു, ഭൗതികസാഹചര്യങ്ങൾ ദുരുപയോഗം ചെയ്തിട്ടും, അവസാനം ഭീമഗദകൊണ്ടടിയേറ്റു നടുതകർന്നു ചളിയിൽ പുതഞ്ഞു, “അമ്മാ അമ്മാ പോരാട്ടച്ചട്ടം പാലിക്കാതെ പാണ്ഡവർ എന്നെ തുടയിലടിച്ചുവീഴ്ത്തി” എന്നു് കൊച്ചുകുഞ്ഞിനെപോലെ വാവിട്ടുനിലവിളിക്കുമ്പോൾ, കപടമായെങ്കിലും “എന്തുപറ്റി ഉണ്ണീ!” എന്നുചോദിച്ചു കുടിനീർ ചുണ്ടിൽ നനക്കാൻ ഞാൻ മാത്രമേ പോർമുഖത്തുണ്ടായിരുന്നുള്ളു. ആർജ്ജിതവിജ്ഞാനത്തിന്റെ നിസ്സഹായത! വിജ്ഞാനിയുടെ ദുരവസ്ഥ.!”
“വിവാഹം, നിർബന്ധിത ബഹുഭർത്തൃത്വം, ഖാണ്ഡവപ്രസ്ഥകുടിയേറ്റം, ചൂതാട്ടസഭ, വസ്ത്രാക്ഷേപം, വനവാസം, കീചകവധം, കുരുക്ഷേത്രയുദ്ധത്തിൽ സമ്പൂർണ്ണപുത്രനഷ്ടം എന്നിങ്ങനെ സംഘർഷഭരിതമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോവാനിരിക്കുന്ന ഒരു അസാധാരണ സ്ത്രീജന്മത്തെക്കുറിച്ചു നിങ്ങൾക്കെന്തെങ്കിലും സൂചന ‘മധുവിധു’ക്കാലത്തു നേരനുഭവമുണ്ടോ?” “ഭാവി പ്രവചിക്കുന്ന അവിശ്വാസി” എന്നു് യുധിഷ്ഠിരൻ, കളിയായും കാര്യമായും, പാണ്ഡവർക്കിടയിൽ അടയാളപ്പെടുത്തുന്ന ഹൃദ്യമായ ഓർമ്മയിൽ, കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. മഹാപ്രസ്ഥാനം. ആരോരുമറിയാതെ പാഞ്ചാലി അന്നുരാവിലെ കുഴഞ്ഞുവീണു മരിച്ചതോടെ, ഇനി കാലന്റെ കൊലവിളി ആർക്കെന്നെല്ലാവരും വഴിയോരനീർച്ചാലിന്നരികെ ഭീതിയിൽ വിഭാവന ചെയ്യുന്ന സന്ധ്യ.
“ഭർത്താവു എന്നതിനേക്കാൾ, രഹസ്യകാമുകനോടു് പ്രണയപാശത്താൽ ബന്ധിതയായ ഒരു മുതിർന്ന സ്ത്രീ കാണിക്കുന്ന അമിതവാത്സല്യം നിറഞ്ഞ ഉടമസ്ഥാവകാശം കിടപ്പറയിലും പുറത്തും നിർലജ്ജം പിൽക്കാലത്തു പ്രകടിപ്പിച്ചിരുന്ന പാഞ്ചാലി, മറ്റു നാലുപേരില്ലാത്തപ്പോൾ, എന്നെപ്പുണർന്നു, പാരവശ്യത്തോടെ ഒന്നിലധികം തവണ പറഞ്ഞതോർക്കുന്നു.”
“ആത്മാവെന്നിൽനിന്നും മോചിക്കപ്പെട്ടുകഴിഞ്ഞാൽ, സ്ത്രീത്വത്തിന്റെ പിൻബലത്തിൽ നിന്നെയും നേരത്തോടു നേരമെത്തും മുമ്പു് ഞാൻ കൂടെച്ചേർക്കും. അതിനിടയിൽ ഒരുപാടൊരുപാടു് ചോര നമുക്കുചുറ്റും തെറിക്കുമെങ്കിലും. കൂടെപ്പോരില്ലേ നീ!”
“പാഞ്ചാലി കഥാവശേഷ!” ഓടിക്കിതച്ചു വന്ന കൊട്ടാര ലേഖിക ആ ദുഃഖവാർത്ത യുധിഷ്ഠിരനെ അറിയിച്ചതു് വീർപ്പുമുട്ടലോടെ ആയിരുന്നു. മഹാപ്രസ്ഥാനം. സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി അഞ്ചു പാണ്ഡവരും കാൽ മുന്നോട്ടുവയ്ക്കുന്ന നേരം.
“കഥാവശേഷ നിങ്ങൾക്കായിരിക്കാം എന്നാൽ എനിക്കവൾ ദുരന്തമായി അവ‘ശേഷി’ക്കും. കാലന്റെ മകനായി ഞാനല്പം നേരത്തെ ഭൂമിയിൽ ജനിച്ചു എന്ന കാലഗണനയിൽ അവളെന്നെ ആദ്യരാത്രിയിൽത്തന്നെ ‘മുതിർന്ന പൗരൻ’ ആയി നിന്ദയോടെ പായിൽ കൂട്ടുകിടത്തി. പിന്നീടു് മറ്റു കൗന്തേയരിൽ നിന്നറിഞ്ഞു എന്നെപ്പറ്റി അവൾ പരാതിപറഞ്ഞതു: “എന്തൊക്കെയോ തെളിയിക്കാൻ അയാൾക്കു് വല്ലാത്ത അക്ഷമയായിരുന്നു!” ഞെട്ടിപ്പോയി. വാൽസ്യായനന്റെ കാമസൂത്രം വായിച്ചതു ഞാൻ ദ്രോണഗുരുകുലത്തിൽ അന്തേവാസിയായിരുന്ന കാലത്തായിരുന്നു എന്നു് പാണ്ഡവർ അവളോടു് പറയേണ്ടതായിരുന്നു. മറച്ചുവച്ചതുകൊണ്ടെന്തുണ്ടായി? ആദ്യരാത്രിയിൽ രതിഊഴം ആദ്യപാണ്ഡവനെന്ന പരിഗണനയിൽ സ്വീകരിച്ചു നല്ല ആതിഥേയ ആവുന്നതിനുപകരം, “അയാൾ എന്നെ പീഡിപ്പിച്ചു” എന്നാണു കുന്തിയോടു പാഞ്ചാലി പരാതിപറഞ്ഞതു്. കുന്തി വിട്ടില്ല. “നിന്റെ ബഹുഭർതൃത്വ ദാമ്പത്യത്തിൽ അവൻ ആദ്യഭർത്താവല്ലേ?” എന്നവൾ തിരിച്ചടിച്ചു. ഈ വിവാഹത്തിനു് മുമ്പു് വേറെ ഭർത്താവുണ്ടായിരുന്നോ എന്ന സൂചിമുന വാമൊഴിതിരിച്ചടിയിൽ തളരുന്നതിനു പകരം അവൾ പറഞ്ഞു, “കുന്തിയെപ്പോലെ നിർലജ്ജം ആണിനെ തേടാനൊന്നും എന്നെക്കിട്ടില്ല”. ഇതാണു് അവൾക്കു എക്കാലവും സ്വയംവരം എങ്കിൽ, സ്വയം കുഴഞ്ഞുവീണു ആരോരും ശവസംസ്കാരത്തിൽ പങ്കെടുക്കാത്ത മരണം ആയിരുന്നു അവൾക്കു എന്റെ പിതാവു് കാലൻ അന്നേ കരുതിവെക്കുക!”
“സുഭദ്രയുടെ മകൻ അഭിമന്യു, കുരുക്ഷേത്രയിൽ കൊല്ലപ്പെട്ടതു് സൈനികവിദ്യാഭ്യാസം വേണ്ടത്ര ഇല്ലാത്തതുകൊണ്ടെന്നു നിങ്ങൾക്കുറപ്പാണു്, എന്നാൽ ദുര്യോധനൻ, ഭീമഗദയുടെ ആക്രമണത്തിൽ മാരകമായി മുറിവേറ്റിട്ടും, അവസാനശ്വാസംവരെ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി!—ഇതെന്താ രണ്ടു മുഴങ്കോൽ?”, കൊട്ടാര ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. അരങ്ങേറ്റമൈതാനിയിൽ ‘ഹസ്തിനപുരി പത്രിക’ സംഘടിപ്പിച്ച സായാഹ്ന സംവാദം. കുരുക്ഷേത്ര കഴിഞ്ഞു പാണ്ഡവർ ചെങ്കോൽ തട്ടിയെടുത്ത സംഘർഷ കാലം.
“വ്യൂഹവിന്യാസം വ്യൂഹംഭേദിച്ചു് കൗശലത്തോടെ ഉള്ളിൽ കടക്കൽ വ്യൂഹത്തിൽനിന്നും പുറത്തുചാടാനുള്ള കുറുക്കുവഴി രൂപപ്പെടുത്തൽ—ഇതിലൊന്നും അറിവോ അനുഭവമോ, പരിശീലനമോ ഇല്ലാതെ, എടുത്തുചാടിയപ്പോൾ കിട്ടിയ തിരിച്ചടിയിൽ സംഭവിച്ച അപകടമരണം എങ്ങനെ ‘പിറന്ന നാടി’നു വേണ്ടിയുള്ള ബലിദാനമാവും? ദ്വാരകയിൽ ജനിച്ചു അവിടെത്തന്നെ വളർന്ന അഭിമന്യു, ഹസ്തിനപുരിയിൽ ഒരു ദിവസമെങ്കിലും കുരുവംശപതാകയേന്തി തെരുവിൽ നടന്നിട്ടുണ്ടോ? എന്നാൽ ദുര്യോധനൻ? കുരുവംശത്തിന്റെ പരമാധികാരം ഉറപ്പുവരുത്താൻ രാഷ്ട്രത്തിന്റെ നാലതിരുവരെയും പദയാത്ര ചെയ്തു സാധാരണക്കാർക്കൊപ്പം നിന്ന ജനകീയൻ. മഹാരാജ പദവി വഹിക്കുന്ന ആ ‘യഥാർത്ഥ ബലിദാനി’യെ ഇപ്പോൾ മഹത്വപ്പെടുത്തുന്നതൊക്കെ ശരി, എന്നാൽ അധാർമ്മികതയുടെ വിളയാട്ടമല്ലേ ധർമ്മപുത്രർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന മഹാരാജാവിന്റെ മുഖമുദ്ര!” പ്രേക്ഷകർ ആയി സദസ്സിൽ ഉണ്ടായിരുന്നതു് കൗരവരാജവിധവകളും പുത്രവിധവകളും.
“മൂപ്പിളമതർക്കം തീർക്കാൻ സായുധസംഘട്ടനമാണു് പ്രയോഗികപരിഹാരമെന്നുറപ്പിച്ചാൽ, ഭീഷണി കുരുവംശഭാവിക്കു മാത്രമാവില്ലെന്ന താക്കീതുമായി ചാർവാകൻ ഊരുചുറ്റുന്നുണ്ടല്ലോ. പാടത്തും പണിശാലകളിലും ജോലി ചെയ്യുമായിരുന്ന ദശലക്ഷക്കണക്കിനു യുവാക്കൾ പരസ്പരം കൊന്നുകൊലവിളിച്ചാൽ അത്രയും വിധവകൾ കോട്ടവാതിലിനു മുമ്പിൽ നാളെ ഭിക്ഷയാചിക്കേണ്ടി വരില്ലേ?”, വിരാടരാജ്യത്തിലെ ഉപപ്ലവ്യ സൈനിക പരിശീലനകേന്ദ്രത്തിൽ തന്ത്രങ്ങൾക്കു മൂർച്ചകൂട്ടുകയായിരുന്ന പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ കൂട്ടംകൂടിയ ശരത്കാല സന്ധ്യ.
“അനിവാര്യമായ മഹായുദ്ധങ്ങളെ അതിഭാവുകത്വത്തോടെ നിങ്ങൾ അടിച്ചമർത്തുന്നതു് അസ്വീകാര്യമായി ഞാൻ കാണുന്നു. ഗംഗയാറൊഴുകുന്ന ഹസ്തിനപുരി ഫലഭൂയിഷ്ഠമൊക്കെയാണെങ്കിലും, ഫലം തിന്നാൻ ആവശ്യത്തിലധികം ആളുകൾ കൈ നീട്ടിയാൽ പോംവഴിയായി പ്രകൃതി പലതും കാണില്ലേ? കലവറക്കു താങ്ങാനാവാത്ത പ്രജയെ ഉന്മൂലനം ചെയ്യാൻ മഹാമാരിയായും വരൾച്ചയായും ഭാരതയുദ്ധമായും പ്രകൃതി പരിഹാരം കാണുമ്പോൾ, അരുതെന്നു പറയാനാവുമോ അൽപകാലം ആയുസ്സുള്ള നാം മനുഷ്യർ?”
“ഇന്ദ്രപ്രസ്ഥത്തിലെ സ്ഥലജലഭ്രമത്തിനും, ഹസ്തിനപുരിയിലെ വസ്ത്രാക്ഷേപത്തിനും ഇടക്കുള്ള കാലയളവിൽ കൌരവർ പാണ്ഡവർക്കെതിരെ ചെയ്ത കുടിലനീക്കങ്ങൾ പൊതുവേദിയിൽ വിളിച്ചുപറയുമെന്നുപാഞ്ചാലി. പ്രതികാരബുദ്ധിയോടെ അടിമശിക്ഷാവിധി ആയുഷ്കാലം നീട്ടിയാലും തളരില്ല പെൺമനം. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ദുര്യോധനനെ ഭൂഗർഭനിലയിലെ രഹസ്യ കാര്യാലയത്തിൽ കണ്ടെത്തി.
“സൌന്ദര്യവർദ്ധക ഔഷധക്കൂട്ടുകളും ഹിമാലയ പഴവർഗങ്ങളും പുത്തൻ അടിവസ്ത്രങ്ങളും പ്രത്യേകം സൈനികൻവശം ഞാൻ രഹസ്യമായി കൊടുത്തയച്ചതു് ഓരോ തവണ കിട്ടുമ്പോഴും “പ്രിയപ്പെട്ടവനേ നിനക്കു് സ്വസ്തി” എന്ന പാഞ്ചാലിയുടെ മറുപടി ഇതാ”, ദുര്യോധനൻ പനയോലക്കെട്ടു് പുറത്തെടുക്കാൻ മുറിയുടെ മൂലയിൽ പന്തത്തിന്റെ പുകപരത്തുന്ന മഞ്ഞവെളിച്ചത്തിലേയ്ക്കു നീങ്ങി.
“കണ്ണീരുകൊണ്ടാണോ കുരുക്ഷേത്രവിധവകൾ ബലിദാനി കൗരവർക്കു പുഷ്പാർച്ചന ചെയ്യുക? പാണ്ഡവവംശഹത്യ കുരുക്ഷേത്രയിൽ സാധ്യമാവുന്നൊരു യുദ്ധസാഹചര്യത്തിൽ, എന്തൊക്കെയായിരുന്നു പ്രിയദുര്യോധനന്റെ സങ്കല്പങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. കൗരവകുഴിമാടത്തിൽ ദുര്യോധനവിധവ ധ്യാനത്തിലായിരുന്ന സന്ധ്യ.
“ഒരതിലോല ആവാസവ്യവസ്ഥയായിരുന്ന ഖാണ്ഡവ വനം തീയിട്ടു് പാണ്ഡവർ പണിത ഇന്ദ്രപ്രസ്ഥം പൂർണ്ണമായും കുടിയൊഴിപ്പിച്ചു വിശ്വപ്രകൃതിക്കു വിട്ടുനല്കണമെന്നായിരുന്നു ദുര്യോധനമോഹം. അതെന്നോടു് പങ്കുവച്ചുകൊണ്ടാണവൻ ആസ്വാദ്യകരമായൊരു രതിയനുഭവത്തിനുശേഷം പോർക്കളത്തിലേക്കു യാത്രയായതു്. കുരുക്ഷേത്രയിൽ സ്വജീവൻ രാഷ്ട്രത്തിനായി ബലിദാനം ചെയ്തസ്ഥിതിക്കു് പുതുതലമുറകൗരവബാലികകൾ വേണം ആ മോഹം, ശത്രുപാണ്ഡവ ഭരണത്തിൽ, പൂവണിയിക്കാൻ. ഇന്നുരാവിലെ ചേർന്ന രഹസ്യയോഗത്തിൽ പരസ്പരം വിരൽ കീറി നെറ്റിയിൽ രക്തസിന്ദൂരമിട്ടു സത്യപ്രതിജ്ഞ ചെയ്ത വിവരം സ്വർഗ്ഗസ്ഥനായ ദുര്യോധനനെ മുട്ടുകുത്തി അറിയിച്ചു. ഭരണകൂടത്തിന്നെതിരെ എന്തെന്തു ഒളിപ്രവർത്തനങ്ങൾക്കും പരിശീലനത്തിലൂടെ കൗരവരാജ കുമാരികൾ സായുധരാവും. രതിക്ഷാമമനുഭവിക്കുന്ന മൂന്നു മുതിർന്ന പാണ്ഡവരെ തേൻകെണിയിൽ വീഴ്ത്തുന്നതുൾപ്പെടെ അവരുടെ വന്യമോഹങ്ങൾ ജാഗ്രതയോടെ ചൂഷണം ചെയ്യുവാൻ കൗരവപെൺകുട്ടികൾ പാഞ്ചാലിയുടെ അന്തഃപുര ജോലികൾക്കു, (വിരാടയിൽ അജ്ഞാതവാസക്കാല സൈരന്ധ്രിയെപോലെ), സേവനസന്നദ്ധരാവണമെന്നവൻ ഉപദേശിച്ചു. പാഞ്ചാലിയെ പാണ്ഡവർക്കെതിരെ തിരിച്ചു, ഭാവിയിൽ അവൾ അധികാരം ആദ്യഘട്ടത്തിൽ പങ്കിടുന്നതും, തുടർആലോചനയിൽ വരും. പാണ്ഡവരെ ഹിമാലയചുരങ്ങൾക്കു കാവൽനിർത്തുന്ന ഭരണദൗത്യം ഏല്പിച്ചു ഹസ്തിനപുരിയിലെ ഭരണസിരാകേന്ദ്രത്തിൽ നിന്നവരെ മാറ്റി നിർത്തും. കൗരവവംശഹത്യ ആഘോഷിക്കുന്ന പാണ്ഡവർക്കെതിരെ സംഘടിപ്പിക്കുന്ന പെൺസമരമുഖത്തിൽ നിങ്ങളും ഉണ്ടാവില്ലേ നാരായവും പനയോലയുമായി?” മരക്കൂട്ടത്തിലെ സുരക്ഷിതഒളിയിടത്തുനിന്ന ചാരവകുപ്പു മേധാവി നകുലൻ, ചെരിഞ്ഞുനോട്ടത്തിലൂടെ ആ വിചിത്ര ഏറ്റുപറച്ചിൽ രംഗം വിലയിരുത്തി, ചാരന്റെ തൊഴിൽമികവോടെ അതിവേഗം അപ്രത്യക്ഷനായി.
“‘കുന്തി കാട്ടിൽ പോട്ടെ’ എന്നു വെട്ടിത്തുറന്നു പറഞ്ഞതു് പാഞ്ചാലിയാണൊ?”, നേരറിയാൻ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ജീവിതസായാഹ്നം വനത്തിൽ കഴിയുമെന്ന തീരുമാനത്തിൽ പടിയിറങ്ങുകയായിരുന്നു കുന്തി.
“ആദിവാസികുടുംബത്തെ ബലികൊടുത്തു വാരണാവതം അരക്കില്ലത്തിൽനിന്നും ഓടിരക്ഷപ്പെടാനുള്ള ദൗത്യത്തിനു ധീരനേതൃത്വം കൊടുത്ത മഹതിയല്ല പിന്നീടു് ഞങ്ങളുടെ ദാമ്പത്യജീവിതം താറുമാറാക്കിയ, സ്വാർത്ഥതാൽപ്പര്യക്കാരി. കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രദമ്പതികൾ, കൗരവർക്കു വെവ്വേറെ വധുക്കളെ കണ്ടെത്തി. എന്നാൽ കുന്തിയോ? ഒരൊറ്റ ‘തൊഴുത്തിൽ’ ഞങ്ങളെ തളച്ചു. പാണ്ഡവാഭിമാനം തിരിച്ചുപിടിക്കാൻ ഞങ്ങൾ കാട്ടിലേക്കു തിരിച്ചപ്പോൾ, ‘നിങ്ങളുടെ നല്ലനടപ്പിനു് ജാമ്യമായി ഞാൻ കൊട്ടാരത്തിൽ കഴിയും’ എന്നു് കുന്തി പറഞ്ഞതു്, ‘പാണ്ഡവർ കുറ്റവാളികൾ’ എന്ന ഊന്നലോടെയായിരുന്നു. പാഞ്ചാലിയോ? കുടിയേറ്റഭൂമിയെ പരിഷ്കൃതനഗരമാക്കുവാനുള്ള ശ്രമങ്ങളിൽ, രാജമന്ദിരനിർമിതിയിൽ, രാജസൂയ യാഗത്തിൽ, ചക്രവർത്തിനിപദവി ഏറ്റെടുക്കുന്നതിൽ, നവജാതശിശുക്കളെ പാഞ്ചാലയിൽ പരിചരണത്തിനയക്കുന്നതിൽ—എല്ലാറ്റിലും കാണാമായിരുന്നു കുന്തിക്കൊന്നും എത്തിനോക്കാനാവാത്ത കാര്യശേഷി, മികവു്. കുന്തിയെ ആശ്രയിക്കാതെതന്നെ ഞങ്ങളുടെ രാജകീയാഭിലാഷങ്ങൾ പൂവണിയാൻ തുടങ്ങിയപ്പോൾ, കുന്തി ഇനി കാട്ടിൽ പോവുന്നെങ്കിൽ പോട്ടെ എന്ന അഭിപ്രായം ആറുപേരിലുണ്ടായതു് ഒരു സുപ്രഭാതത്തിലല്ല, കാലക്രമേണയായിരുന്നു. ആരുടെ ജീവിതവിജയത്തിനു് പിന്നിലും ഓരോമനയുണ്ടു് എന്ന കവിവചനത്തെ സാർത്ഥകമാക്കുന്നതായി കുന്തിയുടെ തിരോധാനം. അവർ തീപ്പെട്ടു എന്നറിഞ്ഞാൽ, ഒന്നേ ഞങ്ങൾക്കുച്ചരിക്കാനുള്ളു: ആദരാഞ്ജലികൾ.”
“സ്വയംവര സൽക്കാരത്തിൽ നിങ്ങളെ ദുര്യോധനൻ ‘ഭാഗ്യവാൻ’ എന്നർഥംവച്ചു പ്രശംസിക്കുന്നതുകേട്ടു. പാഞ്ചാലിയെ നിങ്ങൾ വിവാഹം കഴിച്ചതിൽ കുടിലകൗരവനെന്തോ വിമ്മിട്ടം, അങ്ങനെയാണോ, നിങ്ങൾക്കും തോന്നിയതു്?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. സ്വയംവരം കഴിഞ്ഞു പാണ്ഡവർ നവവധുവുമൊത്തു ഹസ്തിനപുരിയിൽവന്ന അശാന്തദിനങ്ങൾ.
“വിരുന്നുകിട്ടുമെന്നു കേട്ടാണു് ഏകചക്രഗ്രാമത്തിൽനിന്നും ഞങ്ങൾ, അഞ്ചു പാണ്ഡവരും പാഞ്ചാലയിൽ ഓടിക്കിതച്ചു എത്തിയതു്. മുഷിഞ്ഞ ഉടുതുണി സ്വയംവരമത്സരത്തിനുയോജിച്ച രാജകീയപോരാളിയുടെതൊന്നും ആയിരുന്നില്ല, തെരുവിൽനടന്നു ആരെക്കണ്ടാലും ഭിക്ഷചോദിക്കുന്ന ബ്രാഹ്മണയാചകന്റേതായിരുന്നു. വാരണവതം അരക്കില്ലം ചുട്ടുകരിച്ചു, ആറംഗആദിവാസി കുടുംബത്തെ കൊന്നു, കത്തിക്കരിഞ്ഞതു് ഞങ്ങളെന്നു വ്യാജതെളിവുണ്ടാക്കി കൗരവക്കൊലയാളികളിൽനിന്നും ഓടിരക്ഷപ്പെടാൻ പ്രേരിപ്പിച്ച കുന്തിയുടെ ശപിക്കപ്പെട്ട സന്തതികൾക്കു, ചെന്നെത്തിയ ഏകചക്രയിൽ വിധിച്ചതു് യാചന.! ഭാവിയെക്കുറിച്ചു പേക്കിനാവുണ്ടായ അശാന്തകാലം. അങ്ങനെകേട്ടറിഞ്ഞു പാഞ്ചാലയിൽ എത്തിയപ്പോൾ സായുധപരിശീലനം നേടിയവർക്കൊരു വെല്ലുവിളിപോലെ സ്വയംവര മത്സരമായി ആയുധപരീക്ഷ! ഞാൻ അസ്ത്രം ഒന്നു തൊട്ടുനോക്കി. “അർജ്ജുനാ നിനക്കായി ഞാനിത്രയും കാലം ഇവിടെ കാത്തിരുന്നു” എന്നു് ‘ദിവ്യാസ്ത്രം’ മൃദുവായി എന്നോട്പറഞ്ഞപ്പോൾ കൗതുകത്തിൽ പൊക്കി, ഞാൻ ഞാൺവലിച്ചു അമ്പു് ലക്ഷ്യം തൊട്ടു എന്നു് പാഞ്ചാലൻ പ്രഖ്യാപിച്ചു. അഴകളവുകൾ ഉള്ള പാഞ്ചാലി എനിക്കു് സ്വന്തം എന്നു സൗന്ദര്യാരാധകനായ ഞാൻ ഒരുനിമിഷം കരുതിയപ്പോൾ, അതാ എട്ടുപാണ്ഡവക്കണ്ണുകൾ യാചിക്കുന്നു, ഞങ്ങളും പങ്കിടട്ടെ സമ്മാനമായികിട്ടിയ പാഞ്ചാലിയെ? അവിഹിതബന്ധങ്ങളുടെ പരദേവതയായ കുന്തി ഉടൻ അനുഗ്രഹിച്ചു, സ്വകാര്യസ്വത്തെന്നഭിമാനിച്ച പാഞ്ചാലപുത്രി അങ്ങനെ പഞ്ചപാണ്ഡവരുടെ പൊതുമുതലായി. ‘ഒരു ഭർത്താവിനു് ഒരു ഭാര്യ’ എന്ന പരിശുദ്ധ ദാമ്പത്യതത്വം പാലിക്കുന്ന കൗരവർ ‘ഭാഗ്യവാൻ’ എന്നല്ലേ മുനവച്ചു പറഞ്ഞുള്ളു.”
“നീ ഭാഗ്യവതി, കുന്തി പാടുപെട്ടു് പരപുരുഷന്മാരെ പ്രലോഭിപ്പിച്ചപ്പോൾ, നിനക്കു് സ്വർണത്തളികയിൽ ആദ്യരാത്രിയിൽ അവൾ വച്ചുനീട്ടിയല്ലോ അഞ്ചു ദേവസന്തതികളെ” എന്നു് പാഞ്ചാലിയോടാണു് ദുര്യോധനൻ പറഞ്ഞിരുന്നതെങ്കിൽ!
“ഊഴംകാത്തു കിടപ്പറയിൽ പ്രവേശിക്കാനവസരം കിട്ടിയവരിലൊരാൾ, പ്രിയപാഞ്ചാലിക്കൊപ്പം കാമനയോടെ പായപങ്കിടുമ്പോൾ, വരിയിൽനിൽക്കുന്ന മറ്റുനാലു കാമുകപാണ്ഡവർ നിങ്ങളിരുവരുടെ രതിസ്വകാര്യത മാനിച്ചു കുടിലിൽനിന്നു് പുറത്തുപോവും എന്നതല്ലേ, നിലവിൽ ബഹുഭർത്തൃത്വധാരണ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാല ഒറ്റമുറിക്കുടിൽ. പഞ്ചപാണ്ഡവർ നായാട്ടിനു പോയ നേരം.
“പരിഷ്കൃതവും സ്ത്രീസൗഹൃദവും ആയൊരു ബഹുഭർതൃത്വദാമ്പത്യസംഹിത ഉൾക്കൊള്ളാൻ പറ്റിയ ബാല്യകൗമാരങ്ങളിലൂടെയാണോ പാണ്ഡവജീവിതത്തിന്റെ സാംസ്കാരികഘടകങ്ങൾ ‘ഹസ്തിനപുരി പത്രിക’ അടയാളപ്പെടുത്തിയതു്? കഷ്ടം എന്തൊക്കെ ചെയ്താൽ കിടപ്പുമുറിക്കകത്തെ ആൺപെൺ ശാരീരികപാരസ്പര്യത്തെ, അക്ഷമയോടെ പുറത്തുനിൽക്കുന്ന ദാമ്പത്യകൂട്ടാളികൾക്കു ആണധികാരധാർഷ്ട്യത്തോടെ മലിനപ്പെടുത്താമോ അതൊക്കെ ഊഴംകാക്കുന്ന പാണ്ഡവർ നാലു പേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതിന്റെ വിശദാംശങ്ങളൊന്നുംകുത്തിക്കുത്തി എന്നോടു് ചോദിക്കരുതേ. അപമാനബോധതോടെ ഞാനും, ആ രാത്രി കൂടെക്കിടക്കാൻ ഊഴംകിട്ടിയവൻ ആരോ അവനും, മുറിയുടെ പരുക്കൻതറയിൽ നഗ്നരായി കമഴ്‌ന്നുകിടക്കും. അസ്ത്രം മറന്നുവച്ചതു് എടുക്കാൻ വന്നതാണു് എന്നൊക്കെ ‘നിഷ്കളങ്കമായി’ പറഞ്ഞു പഞ്ചപാണ്ഡവരിലൊരാൾ മുറിയിൽ ഇടിച്ചുകയറിയതൊന്നും ഇതുവരെ നിങ്ങളും, അവനും മറന്നിട്ടില്ല എന്നു് ഞാൻ കരുതുന്നു!”
“ഇന്ദ്രപ്രസ്ഥചക്രവർത്തിയുടെ സാമന്തൻ മാത്രമല്ലേ കുരുവംശധൃതരാഷ്ട്രർ? കിരീടാവകാശിപോലുമല്ലാത്ത നിങ്ങൾക്കെങ്ങനെ, രാജസൂയയാഗപദവി വഹിക്കുന്ന യുധിഷ്ഠിരനുമായി ചൂതാടാൻ സാധിക്കും? ശ്രേണീബന്ധങ്ങളുടെ ഇഴ കീറി പരിശോധിക്കുന്ന ‘യാഥാസ്ഥിതികതയുടെ നിറകുടങ്ങൾ’ അരമനയിൽ അരങ്ങുവാഴുമ്പോൾ പ്രത്യേകിച്ചും?” കൊട്ടാര ലേഖിക ദുര്യോധനനോടു് ചോദിച്ചു. രാജസഭ അടിച്ചുകഴുകി മിനുക്കിയെടുക്കുന്ന തിരക്കിലായിരുന്നു ഊർജ്ജ്വസ്വലരായ കൗരവർ.
“അതല്ലേ ചൂതിന്റെ ചേതോഹാരിത, കിരീടരത്നങ്ങൾ നോക്കാത്ത ചൂതുകളിയുടെ സാർവ്വലൗകികത! ക്ഷണിച്ചതു് ഞാനല്ല മന്ത്രിവിദുരരെ പറഞ്ഞയച്ചു.”
“അധാർമ്മികം ചൂതാട്ടം” എന്നു് ഉപദേശിച്ചു എതിർക്കാനൊക്കെ നോക്കി. ഇടഞ്ഞപോലെ ഞാൻ മുഖം ഒന്നു കറുപ്പിച്ചപ്പോൾ ആൾ വഴങ്ങി.
“അനുകൂല പ്രതികരണവുമായി വന്നാൽ നിങ്ങൾക്കു് കൊള്ളാം” എന്നൊരു മൃദുഭീഷണി എന്റെ ശബ്ദത്തിൽ വായിച്ചെടുത്ത ആ വിവേകശാലി ഉപദേശിക്കാതെ ഇന്ദ്രപ്രസ്ഥത്തിൽ പോയി അനുകൂലമറുപടിയുമായി തിരിച്ചെത്തിയപ്പോൾ ഞങ്ങൾക്കിടയിൽ വാമൊഴി വേണ്ടിവന്നില്ല പാണ്ഡവപ്രതികരണം വായിച്ചെടുക്കാൻ. ഗാന്ധാരഭൂപതിശകുനിയുടെ അച്ഛൻ മരിക്കും മുമ്പു് മകനോടു് പറഞ്ഞു.
“എന്നെ അടക്കം ചെയ്യുന്ന കല്ലറ ആദ്യചരമവാർഷികത്തിൽ നീ തുറന്നാൽ മാംസരഹിത വലതുതുടയെല്ലു് വലിച്ചെടുക്കാം. അതായിരിക്കും കള്ളച്ചൂതു കരുനിർമ്മിതിക്കു അനുയോജ്യ ഭൗതികവസ്തു. അക്ഷരംപ്രതി അനുസരിച്ച ശകുനി കളിയിൽ ജയിക്കുക മാത്രമല്ല ലക്ഷ്യമെന്നുറപ്പുനല്കി: ചോര ഒരു തുള്ളി പോലും വീഴാതെ, ഇന്ദ്രപ്രസ്ഥഅധികാരകൈമാറ്റം നിങ്ങൾക്കു് കാണാം, മാധ്യമ പ്രവർത്തകക്കു് കിട്ടും മുൻനിര ഇരിപ്പിടം!”
“പാഞ്ചാലിയുടെ ഉടൽ പണയംവച്ചു യുധിഷ്ഠിരൻ ചൂതാടി എന്നറിഞ്ഞപ്പോൾ, നിങ്ങളുടെ അന്തഃപുരത്തിലെ ‘ശരാശരി കൗരവവധു’വിൽ നിന്നും എന്തായിരുന്നു നടുക്കത്തോടെ കേട്ട പ്രതികരണം?” കൊട്ടാര ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. പാണ്ഡവസംഘം വനവാസത്തിനു പോവുന്ന ദിനം.
“അതിസുന്ദരിയായ ഭാര്യയെ പണയംവക്കാൻ ധൈര്യപ്പെട്ട യുധിഷ്ഠിരനെ അടുത്തുനിന്നു നോക്കുമ്പോൾ, കൗരവർ എത്ര നല്ലവർ! ശരാശരിയിൽ താഴെ ഉടലഴകുള്ള ഞങ്ങളെ വേണ്ടിവന്നാൽ.”
“പൂചൂടി പൊട്ടുതൊട്ടു തെരുവിൽപോയി ധനികവിഭാര്യർക്കു രതിസേവനംചെയ്തു കൊണ്ടുവാ പൊന്നും പട്ടും” എന്നായിരിക്കില്ലേ പീഡനം? അങ്ങനെ ഇല്ലാതെ, ഞങ്ങളുടെ ശരാശരിവ്യക്തിത്വവുമായി സമരസപ്പെടുന്ന കൗരവർ എത്ര സംസ്കാരസമ്പന്നർ! എന്നായിരുന്നു ദക്ഷിണാപഥത്തിൽ നിന്നും പുതുതായി അന്തഃപുരത്തിൽ എത്തിയ ഒരു കൗരവവധു പറഞ്ഞതു്”
“നിങ്ങൾ പാണ്ഡവരോടു് കാണിക്കുന്ന അനിഷ്ടത്തിനു കാരണം, അവർ സ്വവർഗരതിയിൽ അഭിരമിക്കുന്നു എന്ന തിരിച്ചറിവാണെന്നു് കൌരവരാജവധുക്കൾ വായിച്ചെടുക്കുന്നല്ലോ സ്വവർഗരതിയോടു കൗരവഭരണകൂടം എടുക്കുന്ന ഉദാരമായ സമീപനത്തിനു് എതിരാണു് പാഞ്ചാലിയുടെ അസഹിഷ്ണുത എന്നാണവർ ഖേദത്തോടു് ആരോപിക്കുന്നതു്. എങ്ങനെ പ്രതികരിക്കുന്നു?”
“പാണ്ഡവർ ഇന്നെന്നെ കൌതുകപ്പെടുത്തുന്നില്ല എന്നു് കൌരവരാജവധുക്കൾ വിദൂരഹസ്തിനപുരിയിൽ കണ്ടെത്തിയതു് ഒരു വസ്തുത മാത്രം. കിഴിക്കാനോ കൂട്ടാനോ ഞാൻ സമയം കളയുന്നില്ല. പാണ്ഡവർ ഊഴംവച്ചോ സംഘം ചേർന്നോ സ്വവർഗആനന്ദരതിയിൽ മുഴുകുന്നതു് എനിക്കു് അലോസരമുണ്ടാക്കുന്ന പ്രശ്നമല്ല. എന്നാൽ, അവർ ദാമ്പത്യേതര പരസ്ത്രീ ബന്ധങ്ങളിൽ പെട്ടു് എന്റെ ചക്രവർത്തിനിമോഹത്തെ തുരങ്കംവയ്ക്കുന്ന അവിഹിതവഴിയിൽ പെട്ടാൽ, പാഞ്ചാലി കയ്യുംകെട്ടി നില്ക്കില്ല. ഹസ്തിനപുരി അന്തഃപുരത്തിൽ തിരിച്ചു ചെന്നു് ആരോപണം നേരിടുന്ന പാണ്ഡവർക്കു് സ്വവർഗരതി പുരസ്കാരം കൊടുത്തു പാഞ്ചാലി പ്രോത്സാഹിപ്പിച്ചു എന്നൊന്നും എഴുതിപ്പിടിക്കരുതു്. കൗരവരാജവധുക്കൾ അവരുടെ പാവം ഭർത്താക്കന്മാരെ വച്ചുപൊറുപ്പിക്കില്ല.”
“കുരുക്ഷേത്ര യുദ്ധനേട്ടത്തിൽ സംതൃപ്തിയുണ്ടോ?”, അവസരം കിട്ടിയപ്പോൾ കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി തിരുവസ്ത്രധാരിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകൂടത്തിന്റെ പുതുമേധാവി ആശംസകൾ സ്വീകരിക്കുന്ന ആഘോഷവേള ഹസ്തിനപുരി അരമന സമുച്ചയത്തിലെ രാജസഭ.
“പോരാട്ടത്തിൽ കൗരവതിന്മക്കെതിരെ പാണ്ഡവനന്മക്കു വിജയിക്കാൻവേണ്ട ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളു നിർണ്ണായക ഫലസമാപ്തിക്കായി അത്യാവശ്യം അർദ്ധസത്യം മാത്രമേ ഉച്ചരിച്ചിട്ടുള്ളു ആ നിലക്കുനോക്കിയാൽ സംതൃപ്തി വേണം എന്നാൽ അസുലഭമായ ജന്മത്തിൽ അഭിലാഷങ്ങൾ പൂവണിയാൻ ഇനിയുമുണ്ടല്ലോ ഈ കൊച്ചുകരളിൽ!”, കൊട്ടാര ലേഖികയുടെ കൈവിരലുകൾ സ്വന്തം കയ്യിൽ കോർത്തെടുത്തു അവളുടെ കരളിൽ തടവിയ ദുർബലനിമിഷത്തിലായിരുന്നു തൊട്ടരികെനിന്ന മഹാറാണി ചടങ്ങു ബഹിഷ്കരിച്ചതും, പിന്നിലെ തിരശീലക്കപ്പുറം ഉടനടി അപ്രത്യക്ഷയായതും.
“ഭർത്താക്കന്മാരെ ‘കൗന്തേയ മാദ്രേയ’ വിഭാഗങ്ങളിൽ പെടുത്തി ഇഷ്ടവും ഇഷ്ടക്കേടും സൗകര്യം പോലെ പാഞ്ചാലി പ്രകടിപ്പിക്കുന്നു എന്ന പാണ്ഡവരുടെ പരിഭവത്തിൽ കഴമ്പുണ്ടോ? അതോ, പതിവുപോലെ സംശയരോഗികളുടെ മായികഭ്രമമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. രാജസൂയ യാഗം ചെയ്തു യുധിഷ്ഠിരൻ പട്ടാഭിഷേകം ചെയ്താൽ, ചക്രവർത്തിനിപദവി തരപ്പെടുന്ന പ്രത്യാശയാൽമാത്രം ബഹുഭർത്തൃത്വദാമ്പത്യം പൊളിക്കാതെ പാഞ്ചാലി കൊണ്ടുനടക്കുന്ന അശാന്ത ദിനങ്ങൾ. ഖാണ്ഡവപ്രസ്ഥം.
“രണ്ടുസ്ത്രീകളിൽ അഞ്ചോളം വ്യത്യസ്ത പ്രകൃതികൾ എന്നവർ തന്നെ ഏറിയും കുറഞ്ഞും സമന്വയത്തിൽ എത്തിയ ദേവസന്തതികൾ ആണെന്നു് മേനിപറയുക പതിവാണെങ്കിലും, സാദാ മനുഷ്യരെപ്പോലെ സദാസമയവും ഭാര്യയെ വൈകാരികമായും ശാരീരികമായും കീഴ്പ്പെടുത്തുന്ന കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി, പ്രലോഭിപ്പിക്കാനും എടുത്തിരുന്നെങ്കിൽ, ഇത്രയധികം കൗരവരെ എനിക്കു് ആരാധകസംഘത്തിൽ അംഗമാക്കേണ്ടി വരില്ലായിരുന്നു. പാണ്ഡവരെ ഓരോരുത്തരെയും വംശീയമായോ വ്യക്തിപരമായോ വേലികെട്ടി വേർതിരിച്ചിട്ടൊന്നുമില്ല. കൂടെ കിടക്കുമ്പോഴും ഒപ്പം നടക്കുമ്പോഴും, പെരുമാറാൻ ആരാണു് എളുപ്പം എന്നുനോക്കി അവസരോചിതമായി അപ്പപ്പോൾ ഇഷ്ടം കാണിക്കും എന്നേയുള്ളു മാദ്ധ്യമപ്രവർത്തകർ മധ്യസ്ഥരാവാൻ മാത്രം മാരകമല്ല അവസ്ഥ!”
“വേണ്ടപ്പെട്ടവളുടെ വിരഹത്തിൽ നേരെ അറിയാം പ്രണയവേദന എന്ന ലോകനീതി നോക്കിയാൽ, ഇപ്പോൾ നിങ്ങൾ അഞ്ചുപേരും അനുസ്മരണയോഗം ചേർന്നു് കഥാവശേഷക്കു ആദരാഞ്ജലി അർപ്പിക്കേണ്ടതല്ലേ എന്നാൽ എന്താണു് ഞാൻ കാണുന്നതു്!” കൊട്ടാര ലേഖിക ചോദിച്ചു. പാഞ്ചാലിയുടെ ശവമടക്കുകഴിഞ്ഞു പാണ്ഡവരെ പിന്തുടർന്നുവന്ന കൊട്ടാര ലേഖിക നീരൊഴുക്കിൻവക്കത്തു അത്താഴത്തിനു കുറുക്കു വഴികണ്ടെത്തുന്ന തിരക്കിലായിരുന്ന പാണ്ഡവരെ അഭിവാദ്യം ചെയ്തു.
“മരിച്ചു എന്ന ജൈവികയാഥാർഥ്യം അവൾ ഇക്കാലവും വാരിക്കോരി ചൊരിഞ്ഞ അവിശ്വാസത്തിനു, അശേഷം ആശ്വാസം തരുന്ന ഒന്നല്ല, അത്രമാത്രം അവൾ പ്രണയിനി ഭാര്യ കൂട്ടുകാരി എന്നീ വൈവാഹികനിലകൾ വിട്ടു ഞങ്ങൾ ക്കെതിരെ കിരീടാവകാശിയുമായി കൂട്ടുചേർന്നു അരമന രാഷ്ട്രീയം കളിക്കുന്ന അധികാരമോഹിയായപ്പോൾ ഞങ്ങൾ, പ്രതിസന്ധി അതിജീവിക്കാൻ ഏറ്റെടുത്ത മാരകായുധമായിരുന്നു മഹാപ്രസ്ഥാനം! അതെവിടംവരെ പോകുമെന്നു നിങ്ങൾക്കു് ദൃക്സാക്ഷിയാവാൻ ഇടവരട്ടെ” കൂടെക്കൂടിയ അനാഥ പട്ടി മാത്രം യോജിപ്പറിയിക്കാൻ വാലാട്ടി, മറ്റുനാലുപേർ അപാരതയി ലേക്കു ഉറ്റുനോക്കി വിതുമ്പി മുഖം തിരിച്ചു.
“ചുറ്റിനടന്നുനോക്കിയപ്പോഴാണു് ശ്രദ്ധിച്ചതു്, സസ്യശാമളമായ ഹിമാലയതാഴ്‌വരയിലെ അയൽപ്പക്കം മുഴുവൻ, വിവിധോദ്ദേശ്യ ചാരക്കണ്ണുള്ള സന്യസ്ഥാശ്രമങ്ങൾ!, അവിടെ ഉൽപ്പാദിപ്പിക്കുന്നതു്, ഒളിക്കണ്ണിൽ നേടിയ പാണ്ഡവഗാർഹികരഹസ്യങ്ങളുടെ ദ്രവമാലിന്യം. പരിത്യാഗികൾ എന്നൊക്കെ മേനി പറയുന്നവർക്കങ്ങനെ മതിയോ ഈ ജീവിതം? പ്രപഞ്ചരഹസ്യങ്ങളെ തേടി അതീന്ദ്രീയ ജ്ഞാനനിർമിതി ഒന്നും വേണ്ടേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“പാണ്ഡവദാമ്പത്യത്തിൽ എന്തു് നടക്കുന്നു എന്നു ചാരച്ചെവികളുമായി കൌരവർക്കു, ദൂരെ ദൂരെ താഴ്‌വരയിലിരുന്നും കിടന്നും അടിമപ്പണി ചെയ്യുന്ന സന്യാസിസമൂഹത്തിന്നെവിടെ, ദൃഷ്ടി പായിക്കാനും ചമ്രംപടിഞ്ഞിരുന്നു ദുരൂഹലോകത്തെ കുറിച്ചു് താളിയോലയിൽ എഴുത്താണി പ്രയോഗിക്കാനും സാവകാശം? കൗരവസൈനികർ കഴുതപ്പുറത്തു് കൊണ്ടുവരുന്ന ഭക്ഷ്യധാന്യ ങ്ങളും വസ്ത്രങ്ങളും നിലച്ചാൽ തീരില്ലേ ‘പനയോളം’ വളർന്നവരുടെ ആത്മീയത!”
“പാണ്ഡവരെ വിറപ്പിച്ച ‘കൗരവസേനാപതി ഭീഷ്മർ’ക്കാണല്ലോ യുധിഷ്ഠിരൻ രാഷ്ട്രപിതാവെന്ന മരണാനന്തരബഹുമതി കൊടുത്തു് പൊതുചടങ്ങിൽ ആദരിച്ചതു്! എന്നിട്ടും നിങ്ങൾ ഭീഷ്മരുടെ നീണ്ടകാല കൗരവക്കൂറു വകവെക്കാതെ ചടങ്ങു് ബഹിഷ്കരിച്ചല്ലോ.”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. പുനരധിവാസകേന്ദ്രത്തിലെ പരുക്കൻതറയിൽ കീറിയഉടുതുണികൾ തുന്നുകയായിരുന്നു, അരനൂറ്റാണ്ടോളംകാലം രാജവധുവായി ഹസ്തിനപുരിഅരമനയിൽ ജീവിച്ച ആ കലിംഗദേശരാജകുമാരി.
“കുരുക്ഷേത്രയിലെ പാണ്ഡവഗൂഡാലോചനയിൽ, താരപദവിയുള്ള ഇരയുടെ വേഷം മാത്രമായി ഭീഷ്മർ. മൂന്നാംലിംഗ പാഞ്ചാലപുത്രിയെ വാളും കൊടുത്തു പാണ്ഡവർ ഭീഷ്മർക്കുമുമ്പിൽ നിർത്തി. പ്രതിജ്ഞാപാലകനെന്ന ശാഠ്യമുള്ള ഭീഷ്മർ, ആയുധം താഴെയിട്ടു അന്തർനാടകത്തിലെ ദുരന്തകഥാപാത്രമായി നെഞ്ചുവിരിച്ചു നിന്നുകൊടുത്തു. തക്കം നോക്കി അർജ്ജുനൻ കൂരമ്പുകളാൽ ഭീഷ്മരിൽ ‘പുഷ്പാർച്ചന’ ചെയ്തു. പിന്നീടു് ‘യുദ്ധമാലിന്യം’ പോർക്കള പുറമ്പോക്കു ശരശയ്യയിൽ കിടത്തി കഷ്ടപ്പെടുത്തി, മരണത്തിനുവിട്ടുകൊടുത്തു. അന്ത്യശുശ്രൂഷയും അനുസ്മരണവും കഴിഞ്ഞു യുധിഷ്ഠിരൻ എന്ന കപടനാട്യക്കാരൻ ഇപ്പോൾ ഭീഷ്മരെ ‘രാഷ്ട്രപിതാ’വാക്കിയാൽ, സാന്ത്വനവും ചികിൽസയും കിട്ടാതെ നരകിച്ച പരേതാത്മാവിനെന്തു പ്രയോജനം? വേണ്ട ഹസ്തിനപുരിക്കൊരു രാഷ്ട്രപിതാവു്, മതി, സത്യവതിയെന്ന കുരുവംശകുടുംബനാഥ എന്ന നിലപാടു് വ്യക്തമാക്കിയല്ലേ ഞാൻ ആ കൃത്രിമ യോഗം ബഹിഷ്കരിച്ചതു!”
“ഭീമകാരുണ്യത്തിൽ, ജരാസന്ധവധം വഴി ചക്രവർത്തിപദവി ചുളുവിൽ നേടിയ യുധിഷ്ഠിരൻ, പട്ടാഭിഷേകത്തിനു അടിമപ്പണി ചെയ്ത മറ്റുപാണ്ഡവർക്കുനേരെ കുതിരകയറുന്നപോലെ നിങ്ങളെയും കീഴ്പ്പെടുത്തുവാൻ, ‘ധർമ്മപുത്രർ’ എന്ന നിർമ്മിതപ്രതിച്ഛായ ദുരുപയോഗം ചെയ്തുവോ? അതോ, വീട്ടിനകത്തും പുറത്തും ഒരുപോലെ സാത്വികവേഷം ആടിയോ”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം കാലം.
“ചാരിത്ര്യവതി എന്ന വിശേഷണം ചേരില്ലെന്നു ബഹുഭർത്തൃത്വം അംഗീകരിച്ചതോടെ നഷ്ടപ്പെട്ടല്ലോ പാഞ്ചാലീ എന്നു പരിദേവനത്തോടെ തുടങ്ങിയ യുധിഷ്ഠിര വാഗ്ദോരണിയിൽ ഞെട്ടിയെങ്കിലും, പിന്നീടവൻ, “എന്നാൽ പതിവ്രത എന്ന വിശേഷണമെങ്കിലും കഴിയുമോ എന്നു് ഞാൻ നോക്കട്ടെ” എന്നു് വിലപേശുന്ന മട്ടിൽ പറഞ്ഞപ്പോൾ ആ തലയിണ വെല്ലുവിളി എന്നെ സ്തബ്ധയാക്കിയോ? “മുഖ്യഭർത്താവിന്റെ സന്മനസ്സുനേടാൻ ഈ വേഷംകെട്ടുപോരാ പാഞ്ചാലീ, നീ ആഞ്ഞുശ്രമിക്കണം. ഭൂതകാലത്തു ഞങ്ങൾക്കു നഷ്ടപ്പെട്ട മാതൃവാത്സല്യവും പെൺപരിലാളനയും നീ എനിക്കു് മാത്രമായി ഉറപ്പുവരുത്തണം” എന്നവൻ ഉപാധിവെച്ചപ്പോൾ, അവനെ കിടപ്പറയിൽ നിന്നും ബഹിഷ്കരിച്ചു. ചക്രവർത്തിനി എന്ന നിലയിലുള്ള മൗലികാവകാശങ്ങൾ ഞാൻ പായിൽ പ്രയോഗിച്ചു! മറ്റുനാലുപേർ ഊഴമനുസരിച്ചു ‘പരിലാളന’ കിട്ടി കിടപ്പറയിൽ നിന്നും തൃപ്തിയോടെ പുറത്തുപോവുമ്പോഴും, ‘തിരുവസ്ത്രധാരി’യായ യുധിഷ്ഠിരനു അന്തഃപുരത്തിൽ ഇനിയും കൊടുത്തിട്ടില്ല ഞാൻ പുനഃപ്രവേശനം!”
“പാഞ്ചാലിയുടെ യമുനാതീര ഹരിതവനത്തിൽ അലയുകയായിരുന്ന ‘കൗരവചാര’നെ പിടികൂടി രഹസ്യതാവളത്തിൽ ചോദ്യം ചെയ്തുവരികയാണെന്നു ഇന്ദ്രപ്രസ്ഥം രഹസ്യാന്വേഷണ വകുപ്പു് മേധാവിയും, ഇളമുറ മാദ്രീപുത്രനുമായ നകുലൻ അറിയിക്കുന്നല്ലോ. ഇത്ര വലിയ പ്രകോപനം പാണ്ഡവരോടു് വേണ്ടായിരുന്നു എന്നുതോന്നിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി രാഷ്ട്രീയാന്തരീക്ഷം കലുഷമായ നേരം.
“അവൻ ശരിക്കും ‘ചാര’നാണോ? അതോ, പാഞ്ചാലിയുടെ കറകളഞ്ഞ ആരാധകനോ? നൂറ്റുവരിൽ മിക്കവാറും എല്ലാവരും അവളെ മനസ്സാവരിച്ചവരെങ്കിലും, അവൻ, അവൻ മാത്രമേ, ഈവഴിയത്രയും നടന്നു, ഇന്ദ്രപ്രസ്ഥം അതിർത്തിഭേദിച്ചു് അതിസുരക്ഷാമേഖലയിൽ അലസമായി നടക്കാൻ ധൈര്യപ്പെടുകയുള്ളു. നവവധുവായി പാഞ്ചാലി, ഹസ്തിനപുരി അതിഥിമന്ദിരത്തിൽ പാർക്കുന്ന ഇടവേളയിൽ, വെള്ളിപ്പാത്രം നിറയെ പുത്തൻപൂക്കളുമായി അവളെകാത്തു വരിനിൽക്കും, പൂക്കൾ വാങ്ങി മണത്തു, പ്രസന്നമായ പുഞ്ചിരിയോടെ കൈപിടിച്ചു അകത്തേക്കുപോവും. ഈ അംഗീകൃത ആരാധകനെയാണോ, നകുലൻ ‘ചാരൻ’ എന്നു് ചാപ്പകുത്തി, തല വെട്ടാൻപോവുന്നതെങ്കിൽ, എന്തായിരിക്കും ഇന്ദ്രപ്രസ്ഥം ഭരണകൂടം വരുംതലമുറക്കു കൊടുക്കുന്ന പ്രണയസങ്കല്പം!”
“നിങ്ങളെ ഉന്നംവച്ചാണല്ലോ കുത്തുവാക്കു! കുലീനമൗനം വിനയായോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“സുകുമാരകലകളിൽ ഉന്നതപരിശീലനം നേടിയ ആ മഹതിയെ ഞാൻ ഉൾപ്പെടുത്തിയതു് ഹസ്തിനപുരിയിലെ അഭിജാതവധു എന്ന നിലയിലായിരുന്നു. അവളുടെ ഭർത്താവിനെ തുടയിലടിച്ചു കൊന്നതു് ഞാനെന്നവൾ വിഭാവന ചെയ്യുന്നുണ്ടാവാം! എങ്ങനെനെഞ്ചിൽ കൈവച്ചവളെ ബോധ്യപ്പെടുത്തും. കുരുക്ഷേത്ര യുദ്ധഭൂമിക്കരികെ, ജലാശയത്തിൽ, ഭീമപ്രഹര ത്താൽ തുടയൊടിഞ്ഞ ദുര്യോധനൻ ചളിയിൽ പുതയുമ്പോൾ പാണ്ഡവസംഘം വിജയഭേരിമുഴക്കി പാളയത്തിലേക്കു് പോയിരുന്നു. ‘എന്തുപറ്റി ഉണ്ണീ’ എന്നനുതപിച്ചു അവനരികെ ചെന്നു് കൈപിടിച്ചുയർത്തി നീർക്കെട്ടിൽ മേൽക്കഴുകിയെടുത്തു എന്റെ മേൽവസ്ത്രം ഞാനവനെ ധരിപ്പിച്ചു ഈ ചുമലിൽ, അതെ ഈ യുധിഷ്ഠിരചുമലിൽ, കിടത്തിയാണവനെ പാളയത്തിൽ എത്തിച്ചതു്.”
“എന്റെ അന്ത്യം അന്തസ്സോടെയാവാൻ നീ ഇപ്പോൾ ചെയ്ത സേവനം നിന്നെ അനശ്വരനാക്കുമെന്നു ആശീർവദിച്ചു, ആ എന്നെ ദുര്യോധനവിധവ, കഷ്ടം, ദുഷ്ടകഥാപാത്രമാക്കുന്നു. ദൈവമേ, നല്ലവനായൊരു അർധസഹോദരൻ ചെയ്യേണ്ട അന്ത്യ ശുശ്രൂഷ ചെയ്തു സ്വർഗ്ഗരാജ്യത്തേക്കു യാത്രയാക്കിയിട്ടും, ഈവിധം വിധവ താറുമാറാക്കുമോ, ആരോടും നെറികേടു കാട്ടാത്ത ധർമ്മപുത്രരുടെ പട്ടാഭിഷേകം!” ജാലകത്തിന്നപ്പുറത്തു നിന്നും നിയുക്ത മഹാറാണി പാഞ്ചാലി യുധിഷ്ഠിരനെ ധാർഷ്ട്യത്തോടെ കൈമാടിവിളിക്കുന്നതും, കളവു കണ്ടുപിടിക്കപ്പെട്ട ഞെട്ടലോടെ നിയുക്തരാജാവു് ഞെട്ടിപ്പിടഞ്ഞെണീക്കുന്നതും കൊട്ടാരം ലേഖിക തൊഴിൽമികവോടെ നിരീക്ഷിച്ചു.
“ഭാര്യസുഭദ്രയുടെ ദ്വാരകയിൽനിന്നും പാഞ്ചാലിയുടെ ഇന്ദ്രപ്രസ്ഥത്തിലേക്കു് ധൃതിയിൽ നിങ്ങൾ മടങ്ങുന്നതു് കാണാം. ചിലപ്പോൾ കാരണം പറയാതെ, ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ദ്വാരകയിലേക്കും. വൈകാരികമായ ഇത്തരം അതിവിദൂരയാത്രകൾക്കു എന്താണു് പ്രചോദനം, അഥവാ പ്രകോപനം?”, കൊട്ടാരം ലേഖിക അങ്ങനെ ഒരു പലായനത്തിൽ അർജുനനെ കണ്ടെത്തി.
“അംഗീകൃത ഭാര്യമാരുടെ ഒളിനോട്ടത്തിൽ പിടിക്കപ്പെടാതെ എനിക്കൊരു പരസ്ത്രീമുഖം നോക്കാൻ ആവില്ലെന്നു് അമർഷത്തോടെ തിരിച്ചറിയുമ്പോൾ, ദിവ്യായുധങ്ങൾ വലിച്ചെറിഞ്ഞു പടിയിറങ്ങിപ്പോവാൻ തോന്നും. രണ്ടിടത്തും അനുഭവം ഒരു പോലെ അസഹനീയം ആവുമ്പോൾ, യാത്ര തിരിച്ചും മറിച്ചും വേണ്ടി വരില്ലേ! ഒന്നിലധികം ഭാര്യമാരുണ്ടാവുമ്പോൾ!”
“നൂറുപേരും നിങ്ങളുടെയാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“എന്തൊരു ചോദ്യമാണിതു്! ആദ്യരാത്രി അറിയിച്ചു, ജനിതകതകരാറുള്ള വ്യാസസന്തതിയുമൊത്തൊരു പ്രത്യുൽപാദനപരീക്ഷണത്തിനു് ഞാൻ തയ്യാറല്ല. കുരുവംശത്തുടർച്ച നിലനിർത്താൻ കിരീടാവകാശികളെയാണു് വേണ്ടതെങ്കിൽ, വാടകഗർഭങ്ങൾ വഴി ജനിക്കുന്ന കുട്ടികൾക്കു് ‘കൗരവർ’ എന്ന വംശീയ അംഗീകാരം നൽകാം. അങ്ങനെ മദയാനയുടെ കരുത്തുള്ള ധൃതരാഷ്ട്രർ ഒരു ദശാബ്ദത്തിനുള്ളിൽ കുരുവംശാധിപത്യത്തിനായി വിവിധയിനം സ്ത്രീകളെ അന്തഃപുരത്തിൽ പായക്കൂട്ടിനു പാർപ്പിക്കുമ്പോൾ ഞാൻ സുഖവാസകേന്ദ്രങ്ങളിൽ പ്രകൃതി ആസ്വദിച്ചു. ഇനി തിരിച്ചുവരൂ എന്നു് സന്ദേശമയക്കുംവരെ നിശ്ചയദാർഢ്യത്തോടെ കൊട്ടാരത്തിൽനിന്നു് ശാരീരികമായി വിട്ടുനിന്നു. എന്നെ തള്ളിപ്പറയാൻ അയാൾക്കാവില്ല. വരൻ അന്ധനാണെന്ന വിവരം മനഃപൂർവ്വം മറച്ചുവച്ചായിരുന്നു ഗാന്ധാരയിൽ അച്ഛനെ തെറ്റിദ്ധരിപ്പിച്ചു ഭീഷ്മർ ഈ കൗമാര ‘വധുവിനെ തട്ടി’യെടുത്തതു്. വൈവിധ്യസ്ത്രീത്വങ്ങളുടെ ലൈംഗികാസ്വാദനമറിഞ്ഞ ധൃതരാഷ്ട്രർ എന്നെ ഉപേക്ഷിച്ചാൽ, ഗാന്ധാരസൈന്യം ഹസ്തിനപുരിയെ കീഴടക്കുമെന്ന ഭീതിയിൽ ഭീരുധൃതരാഷ്ട്രർ ചുരുങ്ങി. അന്തഃപുരത്തു് നിന്നു് പുറത്തു കടക്കുമ്പോൾ സുതാര്യതുണി കൊണ്ടു് കണ്ണുകെട്ടി അന്ധരാജാവിനു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അഭിമാനിയായൊരു ഭാര്യയെന്ന പ്രതിച്ഛായ വളർത്താൻ അക്കാലത്തെ കൊട്ടാരം ലേഖികയായിരുന്ന നിങ്ങളുടെ അമ്മ എന്നെ തുണച്ചു. മൊത്തം പ്രകൃതിയും പ്രജയും അഹിംസാത്മക ഗൂഢാലോചനയിൽ പങ്കാളികളായി!”
“പരിഭവം എന്ന പെൺആയുധം ഉപയോഗിക്കുമോ പാഞ്ചാലി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥംനഗരം നിലവിൽ വരുംമുമ്പുള്ള ഖാണ്ഡവക്കാല സംഘർഷദിനങ്ങൾ.
“ദൈനംദിന പ്രവർത്തിയിൽ മാത്രമല്ല, ആലോചനയിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന പാഴ്ശ്രമം അവളുടെഭാഗത്തു കാണുമ്പോൾ പാണ്ഡവർ സ്വയംപ്രതിരോധമുറയിൽ വഴങ്ങാറില്ല. ചെറുത്തുനിൽക്കാറുണ്ടു്. കുഴഞ്ഞുമറിഞ്ഞ ബഹുഭർത്തൃത്വ ദാമ്പത്യത്തിലും ആശ്വാസം, പ്രത്യാശ! മാദ്രിയുടെ മക്കൾ രണ്ടുപേരും കൗന്തേയഅവിശ്വസ്തതക്കു് ദുഷ്പേരുകേട്ടവരായിരുന്നു. ഈയടുത്തകാലം അതു ഞങ്ങൾ മാറ്റിയെടുത്തു. നകുലനെ വെറുക്കപ്പെട്ട ചാരവകുപ്പധ്യക്ഷനാക്കി ഞാൻ പൂട്ടി. തുറിച്ചനോട്ടത്തോടെ ഞാൻ പാഞ്ചാലിയുടെ കുടിലനീക്കങ്ങളെക്കുറിച്ചു നകുലനോടു് പുതുവാർത്ത കുത്തിക്കുത്തി ചോദിക്കും. വാർത്തക്കൊപ്പം അവന്റെ അഭിപ്രായം വേണ്ടെന്നു ഞാൻ വിരൽചൂണ്ടും. അപ്പപ്പോൾ ജാഗ്രത കാണിക്കും എന്നാൽ പാഞ്ചാലിയുടെ ഹൃദയരഹസ്യങ്ങൾ? അതവൾ വെളിപ്പെടുത്താൻ വിസമ്മതിക്കും. പരിഭവം പരിദേവനം എല്ലാം കഴിഞ്ഞു പാഞ്ചാലി പ്രീണനവും പ്രലോഭനവും വഴി കാര്യം നേടാൻ കൗശലം കാണിക്കുന്നതിൽ എനിക്കെന്നും, തുറന്നുപറയട്ടെ, ഒരു ‘ഇര’യുടെ വേഷമാണുണ്ടാവുക എന്നറിയുന്ന സഹദേവൻ, കുത്തകയായ പൊള്ളദാർശനികപദാവലിയാൽ ആശ്വാസം പകരും. ഇത്രയധികം സസ്യാഹാരികളായ കാട്ടുമൃഗങ്ങളെ നിത്യവും കൊന്നുചുട്ടെടുക്കാൻ ഈ മലയോരത്തുണ്ടെങ്കിലും, ഭീമൻ, കാട്ടുമയിൽമുട്ട മോഷ്ടിക്കാനെടുക്കുന്ന കൗശലം, അതൊന്നുവേറെ! ഈ വിലക്ഷണഭൂമികയിൽ വേണം അർജ്ജുനന്റെ അസ്ത്രപ്രയോഗവുമായി കാടുവളഞ്ഞു, ആരോരുമറിയാതെ തീയിടാൻ. ഉടമസ്ഥാവകാശത്തോടെ, മായികനഗരി സ്ഥാപിക്കാനുള്ള മഹായജ്ഞത്തിൽ, നേരിട്ടു് നിങ്ങൾ സജീവപങ്കാളിയാവില്ലെങ്കിലും, വാർത്തകളിലെങ്കിലും ‘ഹസ്തിനപുരി പത്രിക’, കൗരവഅരമനയിൽ സ്വാധീനശക്തിയായി ഞങ്ങളെ തുണക്കുമോ? അതോ, നീയും പാഞ്ചാലിയുടെ പ്രലോഭനവലയിൽ കുടുങ്ങുമോ!”
“ബാല്യസ്മരണ പ്രമേയമാവുന്ന അഭിമുഖങ്ങളിൽ നിങ്ങൾ കുന്തിയെ കരുണയില്ലാതെയും, മാദ്രിയെ മമതയോടെയും ഓർത്തുകാണാറുണ്ടു്. മക്കളെ പൊന്നുപോലെ നോക്കിയ, ‘ആദർശവനിത’യെന്നംഗീകരിക്കപ്പെട്ട കുന്തി പിന്നെങ്ങനെ നിങ്ങൾക്കിത്ര പ്രയാസമുണ്ടാക്കി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാന ത്തിനുമുമ്പു് മർത്യജീവിത്തെക്കുറിച്ചു വയോജനപാണ്ഡവരുടെ ആലോചനക്കാലം.
“അതിസുന്ദരനായൊരു ദേവനാണിത്തവണ സൗജന്യമായി എനിക്കു് ബീജം തന്നതു് എന്നു് പാണ്ഡുവിനോടു് മേനിപറയുന്ന കിടപ്പറ രംഗം ഞാൻ ‘ചെരിഞ്ഞുനോട്ട’ത്തിലൂടെ കേട്ടു എന്നതായിരുന്നു കുന്തിയുമായി സംഭവിച്ച അകൽച്ചയുടെ ആദ്യകാരണം. ആകസ്മികമായി തെറ്റു് സംഭവിച്ചതിൽ ക്ഷമിക്കൂ, എന്നു ഞാൻ മുട്ടുകുത്തി ഖേദംപറഞ്ഞപ്പോൾ അവൾ ക്രുദ്ധയായി. “നീ കപട നാവിന്റെ ഉടമയാണു്, മരണദേവതയുടെ മകനാണു്, നിന്റെ വാമൊഴി സ്വാഭാവികമായും അവിശ്വസിക്കും തെറ്റുതിരുത്തി അടിമപ്പണി മാതൃകാശിക്ഷയെന്ന നിലയിൽ ഏറ്റെടുക്കുന്നില്ലെങ്കിൽ! എന്നും പറഞ്ഞു ഭീഷണനോട്ടത്തോടെ നിർത്തി. കടുത്തനോട്ടവും ഭാഷാപ്രയോഗവുമായി കുന്തി എന്റെ ബാല്യ നൊമ്പരം മുതലെടുത്തു എല്ലാവിധ ‘വൃത്തികെട്ട’ പണികളും ചെയ്യിപ്പിക്കുമായിരുന്നു. കുറച്ചുകാലത്തിനുശേഷം, മാദ്രിയും കുന്തിയും ചേർന്നു് കിടപ്പുരോഗിപാണ്ഡുവിനെ അടിവസ്ത്രങ്ങൾ മുഖത്തിട്ടു ശ്വാസംമുട്ടിച്ചു നിശ്ശബ്ദനാക്കുന്നതു പേടികൂടാതെ ഞാൻ നോക്കിനിൽക്കുന്നതു കണ്ടെങ്കിലും, മരണം ഉറപ്പു വരുത്തുംവരെ അവർ അതു് കണ്ടെന്നു നടിച്ചില്ല. പിന്നെ മാദ്രിയും കുന്തിയും എന്നെ വകവരുത്താൻ പിടികൂടുമ്പോൾ, കുതറിമാറി ഞാൻ സമീപആശ്രമത്തിൽ അഭയം തേടി.” രാജാവിനുയോജിച്ച ഭാഷയും കുലീന ശരീരചലനങ്ങളുമായി സാവധാനം സംസാരിച്ചു കൊണ്ടിരിക്കെത്തന്നെ യുധിഷ്ഠിരൻ ഏങ്ങലടിച്ചു, ഇരുകൈകളും വിടർത്തി കണ്ണുതുറിച്ചും വാതുറന്നും ഭയാനകമായി വിലപിക്കാൻ തുടങ്ങിയപ്പോൾ, മാദ്രീപുത്രനായ നകുലൻ ഓടിവന്നു മുതിർന്ന സഹോദരനെ കരുതലോടെ ചേർത്തുപിടിച്ചു ആശ്ലേഷിച്ചു.”
“സാരമില്ല പ്രിയപ്പെട്ടവനേ, മാധ്യമലോകത്തെ ഈ യക്ഷിക്കുട്ടി കുറച്ചുകാലമായി വെറുപ്പിന്റെ കഥകൾക്കായി അഭിമുഖം ചെയ്യുന്നുണ്ടു്. ഞാനിവളെ കൈകാര്യം ചെയ്യാം. നിയമസംഹിതയിൽ വകുപ്പുണ്ടു് വൃദ്ധപീഡനത്തിനു പ്രതിയാക്കി തുറുങ്കിലിടാം, ഉറപ്പുതരുന്നു” കുറച്ചുമാറി മഹാറാണി പാഞ്ചാലി, കണ്ട കാഴ്ചയുടെ അർത്ഥാന്തരങ്ങൾ സൂക്ഷ്മതയോടെ വിലയിരുത്തി.
“ആളുയരത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രഭുക്കളും ഭൃത്യരും പങ്കെടുത്തു. ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ വിഘടനവാദികളോടു് നേർക്കുനേർ ഏറ്റുമുട്ടി ജീവത്യാഗം ചെയ്ത ദുര്യോധനന്റെ ആവേശകരമായ ജീവിതകഥ യുധിഷ്ഠിരനും ഭീമനും, അനുസ്മരിച്ചു. അനാച്ഛാദനം നിർവ്വഹിക്കാൻ പാഞ്ചാലി ദുര്യോധനവിധവയെ ഉപചാരപൂർവ്വം ക്ഷണിക്കുമ്പോൾ, കൗരവരാജവിധവകൾ യോഗം ബഹിഷ്ക്കരിക്കുന്നു! പെരുമാറ്റച്ചട്ടത്തിന്റെ സവിശേഷമാതൃക എന്നൊരിക്കൽ ‘ഹസ്തിനപുരി പത്രിക’ വിശേഷിപ്പിച്ച നിങ്ങൾ എങ്ങനെ ഈ വിധം ഭർതൃസ്മരണയെ അവമതിക്കാൻ ധൈര്യപ്പെട്ടു!”, കൊട്ടാരം ലേഖിക ദുര്യോധനവിധവയെ ഏകാന്ത മായൊരിടത്തു കണ്ടെത്തിയപ്പോൾ കൈപിടിച്ചു് ചോദിച്ചു.
“പഞ്ചലോഹത്തിൽപണിത പ്രതിമ എന്നായിരുന്നു നകുലൻ “യോഗത്തിൽ ആദ്യാവസാനം പങ്കെടുക്കണ”മെന്നു് മുട്ടുകുത്തി ക്ഷണിച്ചപ്പോൾ അറിയിച്ചതു്. എന്നാൽ യോഗം കൂടുന്നതിനല്പം മുമ്പു് വിവരം കിട്ടി, ‘യുദ്ധമാലിന്യങ്ങൾ’ കൊണ്ടാണു് പ്രതിമ! ജീവിതകാലം കുരുവംശപ്പെരുമ നാടൊട്ടുക്കു് അടയാളപ്പെടുത്താൻ നാലതിരുകളും പദയാത്രചെയ്ത ‘ശാന്തിപ്രിയ’ന്റെ ഓർമ്മക്കായി പാണ്ഡവഭരണകൂടം അപമാനനിർമ്മിതി ചെയ്തിരിക്കും എന്നു് ചിന്തിക്കാൻ, ‘നേരേ വാ നേരെപോ’ തരത്തിൽപെട്ട ഞങ്ങൾക്കായില്ല എന്നതാണു് ഖേദം. അരുതേ, വിവാദവുമായി ചുവരെഴുത്തു നാളെ!”
“പനയോലക്കെട്ടു് സ്വയം ചുമന്നു എവിടെനിന്നും എവിടെ പോവുന്നു?” കൊട്ടാരംലേഖിക ചോദിച്ചു.
“സ്വർഗ്ഗജാതയെന്നവകാശപ്പെട്ട പുതുമണവാട്ടിക്കു് ഉഷ്ണമേഖല അസഹനീയമെന്നറിഞ്ഞപ്പോൾ, വൃദ്ധരാജാവു് ശന്തനു, വടക്കൻ വാരണാവതം മലഞ്ചെരുവിൽ, കരുതലോടെ പണിയിച്ച ആഡംബരവസതി നിങ്ങൾ കണ്ടിട്ടില്ലേ? പ്രതികാരദാഹത്തോടെ മെഴുകും അരക്കും ചേർത്തു് ചുട്ടുകരിക്കുക, ഭൂഗർഭ തുരങ്കത്തിലൂടെ അഞ്ചു മക്കളുമൊത്തു ഒളിച്ചോടുക: ഹസ്തിനപുരി എന്ന പരമാധികാരരാഷ്ട്രത്തിന്നെതിരെ കുന്തി മനഃപൂർവ്വം ചെയ്ത വിധ്വംസക തീക്കളി, വ്യവസ്ഥാപിത കുരുവംശനിയമത്തിനു മുമ്പിൽ ഞങ്ങൾ എത്രയും വേഗം കൊണ്ടുവരണ്ടേ? അന്നംതേടിവന്ന, ആദിവാസി സ്ത്രീയെയും അഞ്ചു മക്കളെയും ‘സൗഹൃദ’ത്തോടെ അകത്തു വിളിച്ചിരുത്തി, മദ്യത്തിൽ വിഷംചേർത്തു് കുടിപ്പിച്ചു മയക്കി കിടത്തി, പാണ്ഡവർ തീപ്പെട്ടെന്ന വ്യാജതെളിവുണ്ടാക്കാൻ ജീവനോടെ കത്തിക്കുക! സമാനത ഇല്ലാത്ത പെൺകുറ്റകൃത്യം സ്വയം നടപ്പിലാക്കിയ കുന്തിക്കെതിരെ ഞങ്ങൾ നീതിപതിക്കുമുമ്പിൽ അവതരിപ്പിക്കുന്ന കുറ്റപത്രം നിങ്ങളുടെ അഭിമുഖങ്ങൾ പോലെ അത്ര ചെറുതാവില്ല!”, കൊട്ടാരം ലേഖികയെ നോക്കി പൈശാചികമായി ദുര്യോധനൻ പുഞ്ചിരിച്ചു.
“തലമുറകളായി ‘കൊട്ടാരംലേഖിക’ എന്നൊക്കെ വാർത്താകാര്യാലയത്തിൽ പറഞ്ഞുകേട്ടിട്ടുണ്ടു്. നിങ്ങളുടെ ബാല്യകൗമാരങ്ങളിൽ അവർ വാമൊഴിയായി പറഞ്ഞിരുന്ന കുരുവംശകഥ പങ്കിടാമോ?”, കൊട്ടാരം ലേഖികയുടെ ജന്മദിനത്തിൽ അനുമോദിക്കാൻ കൂട്ടംകൂടിയ സഹപ്രവർത്തകരിലൊരാൾ ചോദിച്ചു.
“വനാശ്രമത്തിൽ ചെന്നു് കുന്തിയെയും മാദ്രിയെയും കണ്ടു അവരുടെ ഒറ്റമുറിവസതിയിലെ ദുരിതജീവിതം പുറംലോകത്തെ ആദ്യം അറിയിച്ചതു് അമ്മമ്മയായിരുന്നു. മാധ്യമ ജോലി ചെയ്തു തുടങ്ങിയിരുന്ന അമ്മ പുറത്തു പോയാൽ, അമ്മമ്മയും, തക്ഷശിലയിൽനിന്നു് വന്ന ഞാനും മാത്രമാവുന്ന ഒഴിവുകാലദിനങ്ങൾ. ആകാശചാരികളെ പ്രലോഭനമന്ത്രം ജപിച്ചു കുടിലിൽ വരുത്തി പ്രത്യുൽപാദനരതിയിൽ ഗർഭിണിയായി മൂന്നു സന്തതികളെ പ്രസവിക്കുമ്പോൾ, അതേമുറിയിലൊരുമൂലയിൽ മൂകസാക്ഷിയായി കിടന്ന ശാപഗ്രസ്തൻ തന്നെയായിരുന്നു ഒരിക്കൽ ഹസ്തിനപുരി കൊട്ടാരത്തിൽ ചെങ്കോൽ പിടിച്ചിരുന്ന കുരുവംശാധിപൻ എന്നു് വിശ്വസിക്കാൻ പാടു് പെട്ടു എന്നു് അമ്മമ്മ വിലപിച്ചതു് എന്റെ ജന്മദിനത്തിലും ഞാൻ വേദനയോടെ ഓർക്കുന്നു!”
“പാളയത്തിലെ പരിമിതസൗകര്യങ്ങൾക്കുള്ളിൽ, പാണ്ഡവർക്കു് വ്യക്തിഗതസേവനം നൽകുന്ന പ്രയാസകരമായ ഉത്തരവാദിത്വം പതിനെട്ടുനാൾ നിർവ്വഹിച്ച നിങ്ങൾക്കെങ്ങനെ കഴിയും, കള്ളച്ചൂതാട്ടസഭയിൽ നാണം കെടുത്താനും, തുണി പിടിച്ചു വലിക്കാനും, സംഘം ചേർന്നു് ലൈംഗികാക്രമണത്തിനും ശ്രമിച്ച മൂന്നു കുറ്റവാളികളുടെ നെഞ്ചുപിളർക്കുന്ന കാഴ്ച, ആനന്ദിക്കുവാൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തരഹസ്തിനപുരി. വറുതിയുടെ കാലം.
“ദുര്യോധനനും ദുശ്ശാസനനും കർണ്ണനും ചെയ്ത രതിജന്യകലാപങ്ങളൊക്കെ എത്ര നിസ്സാരം, ദാമ്പത്യമെന്ന പേരിൽ ലൈംഗികഅടിമയാക്കി പാണ്ഡവർ എന്നെ ദശാബ്ദങ്ങളായി ദുരുപയോഗം ചെയ്തിട്ടും, ആർക്കും അക്കാര്യത്തിൽ ഒന്നും ചെയ്യാനാവാതെ അവരഞ്ചുപേരും തലഉയർത്തി ഇന്നു ഹസ്തിനപുരിയിൽ അധികാരവഴി നടക്കുമ്പോൾ.”
“ഉത്തരായണത്തിനു ജീവൻ വെടിയുമെന്നല്ലേ ‘സ്വച്ഛന്ദമൃത്യു’വായ താങ്കൾ പറഞ്ഞതു്? എന്നിട്ടിപ്പോൾ വാക്കു് മാറ്റിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ശരശയ്യ. രാജ്യതന്ത്രത്തിൽ ബാലപാഠങ്ങൾതേടി പിതാമഹനെ കാണാൻവന്ന യുധിഷ്ഠിരനും സംഘവും യാത്രപറഞ്ഞു പോയ നേരം.
“വെയിലും മഴയുമില്ലാതെ, തവിട്ടുനിറത്തിലുള്ള ഈപുതുദിനം നേരംവെളുത്തമുതൽ ഞാൻ നോക്കുകയാണു്, എങ്ങനെ ഇതൊക്കെ വിട്ടു അതീതലോകത്തിലേക്കു യാത്രയാകും? അൽപ്പംകൂടി എനിക്കു് സമയം തരൂ. തോൽവിയും അപമാനവും ഏറെ ഞാൻ സഹിച്ചു എന്നതു് നിങ്ങളും കണ്ടറിഞ്ഞതല്ലേ. കൗരവപക്ഷം ചേർന്നു് സർവ്വസൈന്യാധിപനായി. പാളയത്തിൽ രാത്രി ദുര്യോധനൻ പ്രായം നോക്കാതെ കഠിനപദങ്ങൾ എറിഞ്ഞെന്നെ അസ്ഥിരനാക്കും. പാണ്ഡവതല ഒന്നു് പോലും നിങ്ങൾ തെറുപ്പിപ്പിച്ചില്ലേ? എന്നവൻ വികാരാധീനനാവും. കൗന്തേയരുടെ ജീവനെടുക്കാൻ അർധമനസ്സോടെ എയ്ത ഓരോ അമ്പും ഉന്നം തെറ്റിയതിന്റെ ചാരിതാർഥ്യവുമായി ഇപ്പോഴും കുരുക്ഷേത്രയിൽ ആടിക്കൊണ്ടിരിക്കയാണു് ഞാൻ!”
“ഇപ്പോൾ ആളെങ്ങനെ? സാന്ത്വനചികിത്സയുമായി യോജിച്ചുപോവുന്നുണ്ടോ? അതോ, അനിവാര്യമായ മരണംകാത്തു കിടക്കട്ടെ എന്ന ദാർശനികചിന്താഗതിയാണോ?”, കൊട്ടാരം ലേഖിക പോർക്കളസർവ്വാധികാരിയോടു് ചോദിച്ചു.
“ജീവൻ നഷ്ടപ്പെടാതെ പിടിച്ചുനിർത്തിയതു് പൂർണസജ്ജമായ ചികിത്സാസൗകര്യം നേരത്തേ കൗരവപാളയത്തിൽ ഒരുക്കിയതുകൊണ്ടല്ലേ. ഇതിഹാസനായകൻ ദുര്യോധനനു് സ്വസ്തി! ഗുരുതരമായി കൂരമ്പേറ്റുവീണ രോഗിയുടെ പടച്ചട്ടയഴിച്ചു ഉടൽ, ഞങ്ങൾക്കിടയിലെ ചികിത്സകൻ, സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആവൂ, ആശ്വാസമായി, അർജ്ജുനകൂരമ്പു ഭീഷ്മതൊലിപ്പുറമേ മാത്രമേ ചുടുചോരപൊടിയിക്കാനായുള്ളു. ഹസ്തിനപുരിയിൽ നിന്നും നേരത്തേകൊണ്ടുവന്ന വയോജനസൗഹൃദ ശയ്യോപകരണങ്ങളിൽ ഒന്നു ഞങ്ങൾ ഉടൻ പ്രവർത്തനക്ഷമമാക്കി. അത്യാവശ്യമല്ലാത്ത സന്ദർശകരുടെ തിരക്കൊഴിവാക്കാൻ ശരശയ്യ എന്ന പേരിട്ടു് രോഗിയെ കിടത്തി. ഒറ്റനോട്ടത്തിൽ നിങ്ങൾക്കു് തോന്നും, പറിച്ചുമാറ്റാൻ ആവാത്തവിധം അമ്പുതറച്ചുകയറിയിരിക്കുന്നു പൊന്നുടലാകെ! അനാവശ്യസന്ദർശകരെ നിരുത്സാഹപ്പെടുത്താൻ ഞങ്ങൾക്കു് മറ്റെന്തു കുറുക്കുവഴി. വ്യക്തിഗത രോഗീപരിചരണത്തിനു് സന്നദ്ധസേവനവുമായി കൗരവരാജവധുക്കൾ ഇവിടെയുണ്ടാകും. എത്രയും വേഗം പടവാളുമായി പോർക്കളത്തിൽ പോവാൻ അനുമതിവേണമെന്നു രോഗി ശഠിക്കുമ്പോൾ കാണാം, സന്നദ്ധസേവകർ കൊച്ചുകുഞ്ഞിനെ പോലെ പരിലാളിച്ചു സാന്ത്വനപ്പെടുത്തുന്നു. പ്രഖ്യാപിതബ്രഹ്മചാരിയാണെങ്കിലും, അത്യാവശ്യത്തിനുപകരിക്കാൻ കൗരവപേരക്കുട്ടികൾ തയ്യാറായി എന്നതാണുകാര്യം. അതാ, രണ്ടാമത്തെ കൗരവസേനാപതി ദ്രോണരുടെ നിലവിളി! പാണ്ഡവകൊലക്കത്തി ഉന്നംതെറ്റിയിട്ടില്ലെന്നു വിലാപസ്വരം കേട്ടാൽ അറിയാം. ജഡപരിശോധനക്കു പന്തൽ പണിയണം, ശവസംസ്കാരം ഒരുക്കണം, തിരക്കുണ്ടു് പൊറുക്കുമല്ലോ.”
“പ്രതിയോഗിയെക്കുറിച്ചു അഭിപ്രായം നേരിട്ടു് ചോദിക്കുന്നതു് ശരിയല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചോദിക്കട്ടെ അർജ്ജുനവ്യക്തിത്വത്തിൽ ഏതു അനാരോഗ്യഘടകമാണ്നിങ്ങളെ ആവർത്തിച്ചു അലോസരപ്പെടുത്തുന്നതു്?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പാണ്ഡവപക്ഷം ചേരാൻ, സൂതപുത്രൻ പരോക്ഷപ്രലോഭനങ്ങൾ നേരിടുന്ന സംഘർഷ കാലം, യുദ്ധമേഘങ്ങൾ നിറഞ്ഞ ഹസ്തിനപുരി ആകാശം.
“യുദ്ധ വിജ്ഞാനനിർമ്മിതിയിൽ അവനു അറിവുണ്ടെന്നതിൽ അവമതിയൊന്നും തോന്നാറില്ല, എന്നാൽ കഠിനപ്രയത്നത്തിലൂടെ ദ്രോണഗുരുകുലത്തിൽനിന്നും അവനറിയാൻ കഴിഞ്ഞ സൈനികവിജ്ഞാനം, കുലപ്പൊലിമയില്ലാത്തവർക്കും അതേ പോലെ, ഒരുപക്ഷേ, ഒരുപണത്തൂക്കം കൂടുതൽ, ഇച്ഛാശക്തിയിലൂടെ നേടിയെടുക്കാൻ കഴിഞ്ഞിരിക്കാം എന്നു് സന്മനസ്സോടെ അംഗീകരിക്കാനുള്ള വിവേകമാണു് അർജ്ജുനനു്, പ്രകൃതി നിഷേധിച്ചതും, എന്നാൽ എനിക്കനുവദിച്ചതും!”
“ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായി തിരുവസ്ത്രം ധരിച്ചശേഷം യുധിഷ്ഠിരന്റെ ദൈനംദിന ഗാർഹികഇടപെടലുകളിൽ എന്തെങ്കിലും വ്യത്യാസംകണ്ട ദുരനുഭവമുണ്ടോ?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. രാജസൂയയാഗം ചെയ്തു ഹസ്തിനപുരി ഉൾപ്പെടെ ഗാംഗാതട നാട്ടുരാജ്യങ്ങളെയെല്ലാം ഇന്ദ്രപ്രസ്ഥം ‘സാമന്ത’ന്മാരാക്കിയ സുവർണ്ണകാലം.
“പ്രായക്കുറവുള്ള അനുജന്മാരുമായി ഭാര്യയെ പങ്കിടേണ്ട വിചിത്രദാമ്പത്യത്തെക്കുറിച്ചു, ഊഴംകിട്ടുമ്പോഴൊക്കെ പരിധിവിട്ടു പരിദേവനം ചെയ്യുന്നൊരു സ്ത്രൈണദൗർബല്യം, ഇന്ദ്രപ്രസ്ഥത്തിനു് മുമ്പു യുധിഷ്ഠിരനുണ്ടായിരുന്നു. അനുജന്റെ സ്വയംവരഭാര്യയെ കൗശലത്തിൽ തട്ടിയെടുക്കാൻ, വൈവിധ്യബീജങ്ങളിൽ അഭിരമിച്ച കുന്തിയുടെ ‘അനുമതി’യവൻ നേടി. അങ്ങനെ ഞാനവർക്കൊരു ക്രയവിക്രയഉരുപ്പടിയിൽ കവിഞ്ഞൊന്നുമല്ലെന്നു പ്രവൃത്തിയാൽ തെളിയിച്ചിരുന്നു നമ്മുടെ ‘അധർമ്മ’പുത്രൻ. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ ദന്തസിംഹാസനത്തിൽ ഇരുന്നശേഷം ആളാകെ മാറിയോ! തൊഴുത്തിൽകുത്തു തുടരുമ്പോൾതന്നെ എന്നോടൊപ്പം പായപങ്കിടാൻ അവസരം, പ്രായത്തിനു ആനുപാതികമായി കിട്ടുന്നില്ല എന്നു് നിർലജ്ജം പരാതിപറഞ്ഞിരുന്നവൻ, ഇപ്പോൾ ന്യായാധിപഭാഷ സംസാരിക്കുന്നുവോ! ഭീമൻ മുതൽ സഹദേവൻ വരെയുള്ളവരുമായി നിസ്സാരഅതൃപ്തി ഞാൻ സാന്ദർഭികമായി സൂചിപ്പിച്ചാലുടൻ ‘നീതിമാൻ’ സദ്വാർത്തയുടെ കച്ചവടക്കാരനാവും. ജ്വാലാമുഖീ ക്ഷേത്രപുരോഹിതനെ പോലെ വിദൂരതയിലേക്കു നോക്കി ഉപദേശിക്കും. ഇളമുറ അനുജന്മാരോടു് ലൈംഗികകാര്യങ്ങളിൽ സഹവർത്തിത്വത്തോടെ പെരുമാറണം എന്നാവശ്യപ്പെടും. ഈ നടിപ്പു സഹിക്കാൻ വയ്യെന്നായപ്പോൾ, അറ്റകൈയ്യിനു് ഞാൻ തിരിച്ചടിച്ചതായി ഓർമ്മിക്കുന്നു. രാജസൂയ യാഗവേദിയിൽ ദിവസങ്ങളോളം നിങ്ങൾ എന്നെ കൂട്ടിരുത്തി ചെയ്യിച്ച മനുഷ്യത്വരഹിതമായ കാര്യങ്ങളുണ്ടല്ലോ, ലവലേശം അറപ്പില്ലാതെ ഞാനതു ഒന്നൊന്നായി ‘ഹസ്തിനപുരി പത്രിക’യോടു് വെളിപ്പെടുത്തും. യാഗവേദിയിലെ ദുരാചാരങ്ങൾ എന്നറിഞ്ഞതോടെ, ദുരഭിമാനിയിൽ കാറ്റുപോയതാണു്!”
“ആദ്യമായല്ലേ കൊട്ടാരലേഖികക്കൊരു അബദ്ധം? മഹാപ്രസ്ഥാനത്തിൽ പരിത്യാഗികളായി നിങ്ങളൊക്കെ പടിയിറങ്ങിയിട്ടും തീർന്നില്ലേ, രാഷ്ട്രീയശരിയുടെ നിലവാരമളക്കൽ?” യുദ്ധകാര്യലേഖകൻ, നകുലനെ നീരൊഴുക്കിൽ നീന്തിക്കുളിക്കുന്നതു കണ്ടപ്പോൾ സമയം കളയാതെ ചോദിച്ചു.
“വാമൊഴിയിൽ തെറ്റുപറ്റുന്നൊരു കൊച്ചുകുഞ്ഞൊന്നുമല്ല കൊട്ടാരം ലേഖിക. യുധിഷ്ഠിരനോപ്പം സ്വർഗ്ഗരാജ്യത്തിലേക്കു പദയാത്ര ചെയ്യാൻ നിയോഗമുണ്ടായ പരിശുദ്ധ നായയെ പട്ടി എന്നു് ഞങ്ങളുടെ മുഖത്തുനോക്കി കൊട്ടാരം ലേഖിക പരാമർശിച്ചപ്പോൾ, മുറിപ്പെട്ടതു വിശ്വസ്തമൃഗങ്ങളെക്കുറിച്ചുള്ള വിശുദ്ധസങ്കല്പം ആയിരുന്നു. കൊട്ടാരലേഖിക മാപ്പുപറയുംവരെ ഞങ്ങളെ പിന്തുടരാൻ അനുവദിക്കില്ല. സ്ത്രീ എന്ന വാക്കു ഞാൻ പെണ്ണു് എന്നുച്ചരിച്ചാൽ ഉടൻ പൊള്ളില്ലേ കൊട്ടാരം ലേഖികയുടെ ലിംഗബോധം?”
“സദാചാരവിരുദ്ധനായ യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ സാംസ്കാരികവിശുദ്ധിയെ മലിനപ്പെടുത്താൻ ആയിരുന്നു ചൂതാട്ടത്തിനു എഴുന്നെള്ളിയതു് എന്നൊരു നവആഖ്യാനം കുതിരപ്പന്തികളിൽ ചുറ്റിക്കറങ്ങുന്നുണ്ടല്ലോ. ആരാണു് ഉപജ്ഞാതാവു്, എന്തായിരിക്കാം ലക്ഷ്യം?” കൊട്ടാര ലേഖിക ചാർവാകനോടു് ചോദിച്ചു. കലങ്ങിമറിഞ്ഞ ഹസ്തിനപുരി അന്തരീക്ഷത്തിൽ സദ്വാർത്ത ഒളിച്ചുകളിക്കുന്ന നേരം.
“ചൂതാട്ടത്തിൽ തോറ്റു എന്നതിനേക്കാൾ ദുശ്ശള ദുസ്സഹമായി കണ്ടതു് മനഃസമ്മതമില്ലാത്ത ഭാര്യയെ പണയംവച്ചു യുധിഷ്ഠിരൻ ചൂതാടാൻ തയ്യാറായി എന്ന തെളിവായിരുന്നു. അവനെ പാഠം പഠിപ്പിക്കേണ്ടതു് സ്ത്രീപക്ഷ പ്രവർത്തകയായ ഈ കൗരവവനിതയുടെ മുൻഗണന. എന്നാൽ സഹോദരിയുടെ പ്രതികാരനടപടി സമ്മതിച്ചുകൊടുക്കാൻ ദുര്യോധനൻ തയ്യാറല്ല അവന്റെ നോട്ടം ഇന്ദ്രപ്രസ്ഥം എന്ന മോഹനനഗരം സ്വന്തമാക്കുക, രാജസൂയ യാഗം കഴിഞ്ഞു ചക്രവർത്തി പദവിക്കായി യുധിഷ്ഠിരൻ പട്ടാഭിഷേകം ചെയ്യുമ്പോൾ ഒരു ഗ്രാമത്തലവന്റെ ഭരണപരിചയം പോലും അവനില്ല. “അങ്ങനെ ഒരാൾ അല്ല, ഹസ്തിനപുരികിരീടാവകാശിയുടെ ഭരണയോഗ്യതയുള്ള ഞാനാണു് ഇന്ദ്രപ്രസ്ഥം ഭരിക്കേണ്ടതു്” എന്നു് ദുര്യോധനൻ മോഹിക്കുമ്പോൾ, “കണ്ണടച്ചു്” സമ്മതിച്ചു കൊടുക്കുമോ അന്ധധൃതരാഷ്ട്രർ? ‘ദുര്യോധനചക്രവർത്തി’ക്കു് താഴെ ധൃതരാഷ്ട്രർ സാമന്തൻ ആവുമോ? ധൃതരാഷ്ട്രപിതാവായ വ്യാസൻ തുണക്കുമോ അങ്ങനെ ഒരു അസംബന്ധനേതൃമാറ്റം? ദുര്യോധനൻ ആഖ്യാനം തിരുത്തി: ആറംഗ പാണ്ഡവസംഘം പന്ത്രണ്ടു കൊല്ലം കാട്ടിൽ കഴിയട്ടെ മടങ്ങിവരാൻ നേരം ആവുമ്പോഴേക്കും ഇന്ദ്രപ്രസ്ഥത്തെ വനമേഖലയായി പ്രഖ്യാപിച്ചു ഖാണ്ഡവപ്രസ്ഥത്തിൽ ലയിപ്പിക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസംഭവ വികാസങ്ങളിൽ ‘ഹസ്തിനപുരി പത്രിക’ തന്നെ അന്തം വിടുകയോ? എന്നു് വായനക്കാർ ചോദിച്ചാൽ കാത്തിരിക്കൂ എന്നുപറയാം നമുക്കു് ഒപ്പം കുതിരപ്പന്തികളിലെ സംവാദങ്ങൾക്കും ചെവിയോർക്കാം.”
“പാണ്ഡവരിൽനിന്നു രഹസ്യവിവരങ്ങൾചോർത്തി നിങ്ങളുടെ ദാമ്പത്യതാൽപ്പര്യം ശക്തമാക്കിയ നേട്ടപ്പട്ടികയുണ്ടു് ചാരവകുപ്പധ്യക്ഷനായ നകുലനു, എന്നാൽ അവനുകിട്ടാത്ത രതിപരിലാളന നിങ്ങൾ ‘അഞ്ചാമൂഴ’ക്കാരനായ സഹദേവനു് വാരിക്കോരി കൊടുത്തു ആളെ വഷളാക്കുന്നതെന്തുകൊണ്ടു്? അക്കാലത്തു ഞങ്ങളെ ‘ഹസ്തിനപുരി പത്രിക’ വാർത്താകാര്യാലയത്തിൽ കുഴക്കിയ പിടികിട്ടാത്ത ചോദ്യങ്ങളിൽ ഒന്നായിരുന്നു അതു്. ഇപ്പോഴെങ്കിലും വ്യക്തത വരുത്താമോ?” കൊട്ടാര ലേഖിക പാഞ്ചാലിയോടു് ചോദിച്ചു ഹസ്തിനപുരി കൊട്ടാരത്തിലെ ഉദ്യാനത്തിൽ സായാഹ്നം.
“ദാർശനികആലോചനയുടെ അടിമയായിരുന്നു സഹദേവൻ എന്നൊക്കെ അവന്റെ ദിനചര്യ നോക്കിയാൽ നിങ്ങൾ വിധിപറയുമെങ്കിലും, ഞാൻ ആറുപേരുടെ വിഴുപ്പുമായി താഴ്‌വരയിലെ ജലാശയത്തിലേക്കു ഉച്ചയോടെ പോവുമ്പോൾ എന്നെ കാത്തുനിൽക്കും സഹദേവൻ.
“നീന്തിത്തുടിക്കൂ പ്രിയപ്പെട്ടവളേ ഈ വിഴുപ്പുതുണി ഞാൻ നനച്ചു കഴുകി തീരുംവരെ സ്വർണമൽസ്യമായി എനിക്കു് മാത്രം നീ ദർശനം തരൂ എന്നുപറഞ്ഞു അവൻ വിഴുപ്പു അലക്കിവെളുപ്പിക്കുന്ന അധ്വാനം സ്വയം ഏറ്റെടുക്കുമ്പോൾ, അവനുവേണ്ടിഞാൻ മലർന്നുതുടിച്ചു നീന്തി ഉടലിൽ രതിയുടെ തുടിപ്പു് നിലനിർത്തും എന്നാൽ നാലു അസൂയക്കാരായ ഭർത്താക്കന്മാരുടെ കഴുകൻകണ്ണുകൾ വെട്ടിച്ചെങ്ങനെ ഞാൻ പ്രിയസഹദേവനെ പരിലാളിക്കും അല്ലെ? അതാണു് പാഞ്ചാലിയുടെ രഹസ്യകാമുകനായി മാറാൻ അവനെ അക്കാലത്തു തുണച്ചതും. മരണത്തെക്കുറിച്ചു ഊഹാപോഹങ്ങൾ നെയ്യുമ്പോൾ അവൻ പറഞ്ഞു: “നീ കാലം ചെന്നു് ഒരു ദിവസം കഴിയുമ്പോളേക്കും ഞാനും കുഴഞ്ഞുവീണു വഴിയോരത്തു മരിക്കുമെന്നു് അന്തഃരംഗം മന്ത്രിക്കുന്നു”. എന്നെ ആലോചനയിലാക്കുന്ന ആധി!”
“കൃത്യമായും നിങ്ങൾ കുരുവംശജനല്ലേ, എന്നിട്ടും കൗരവരാജസ്ത്രീകളെ എന്തിനിങ്ങനെ പീഡിപ്പിക്കുന്നു എന്നാണു് പൊതുവേദിയിൽ ദുര്യോധനവിധവയുടെ പരിദേവനം. പെരുച്ചാഴിയും പഴുതാരയും മേയുന്ന കാട്ടുകുടിലിൽ നിങ്ങൾ വ്യാഴവട്ടക്കാലം കഷ്ടപ്പെട്ടതിനൊക്കെ കൗരവ വിധവകൾ എന്തുപിഴച്ചു?”, കൊട്ടാരം ലേഖിക, ഔദ്യോഗിക വക്താവു് നകുലനോടു് ചോദിച്ചു പാണ്ഡവഭരണത്തിൽ കൗരവ വിധവകൾ ചേരിപ്രദേശത്തേക്കു കുടിയൊഴിപ്പിക്കപ്പെട്ട ദുരന്തകാലം.
“യുധിഷ്ഠിരനെ അങ്ങനെയൊന്നും പക്ഷംപിടിച്ചു നിങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുതേ. വംശനിരപേക്ഷമായൊരു ആഗോളകാഴ്ചപ്പാടു് യുധിഷ്ഠിരനുണ്ടെന്നു ഇന്ദ്രപ്രസ്ഥംകാലം തെളിയിച്ചതായിരുന്നല്ലോ അതുമാറ്റാൻ മാത്രം കുരുക്ഷേത്രയിൽ ഒന്നും ഉണ്ടായില്ല. യുദ്ധസാഹചര്യത്തിൽ കൊല്ലപ്പെട്ടതു് കൗരവർ മാത്രമാണോ? ഭീഷ്മ ദ്രോണർ കർണ്ണൻ മഹാരഥന്മാർ എത്ര! കരാർ ലംഘനം ചെയ്ത ചൂതാട്ടക്കാരോടല്ലേ ഇടഞ്ഞതു്? അതൊക്കെ നിങ്ങൾ വംശീയതയിൽ വലിച്ചൊട്ടിക്കുന്നല്ലോ! വല്ലായ്മ തോന്നുന്നു. ചേരിപ്രദേശത്താണു് കൗരവ വിധവകൾ കഴിയുന്നതെന്നുറപ്പുണ്ടോ? വിധവകളുടെ ക്ഷേമം അന്വേഷിക്കുന്ന ഭീമൻ ഇന്നലെ കൂടി തീൻശാലയിൽ യുധിഷ്ഠിരനോടു് അഭിമാനത്തോടെ പറഞ്ഞു സൗജന്യധാന്യവും കുടിവെള്ളവുമായി കൊട്ടാരത്തിൽനിന്നും കാളവണ്ടികൾ പുനരധിവാസകേന്ദ്രത്തിൽ എത്തുമ്പോൾ കൗരവരുടെ കൊച്ചുമക്കൾ “ഇവൻ ഞങ്ങൾക്കു് രക്ഷകൻ പാണ്ഡവഭീമൻ ഞങ്ങൾക്കു് എന്നെന്നും ആശ്രയം” എന്ന ഗീതമാലപിക്കുമെന്നൊക്കെ. അപ്പോൾ ഞങ്ങൾ കേട്ടതു് മിഥ്യ?”
“സംഭവിച്ചതിനൊക്കെ നിങ്ങളും നേർസാക്ഷിയല്ലേ? ദുര്യോധനന്റെ ആത്മസുഹൃത്തെങ്കിലും, നിങ്ങളുടെ ആത്മാവിൽ കളങ്കം കുറവല്ലേ? ഉടുതുണിയിൽ ഒതുങ്ങുന്നപോലെ തോന്നിയോ വസ്ത്രാക്ഷേപം?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. നിസ്വരായ പാണ്ഡവർ തലമുണ്ഡനം ചെയ്തു കാട്ടിലേക്കു് പോകാൻ തയ്യാറാവുന്ന നേരം.
“അടിമപ്പെണ്ണിനെ നിയമവിധേയമായി വിവസ്ത്രയാക്കുന്നതിനൊപ്പം, ഇളമുറ കൗരവന്റെ വികൃതിവിരലുകൾ, പെണ്ണുടലിൽ പര്യവേഷണം ചെയ്യുന്നതൊക്കെ പുരുഷകാമനയുടെ ആവിഷ്കാരവഴികളല്ലേ? അതിനിത്ര അപനിർമ്മാണം ആവശ്യമുണ്ടോ? മാധ്യമപ്രവർത്തകർ കാണുന്നതൊക്കെ നേർകാഴ്ചയാവുമെന്ന മുൻവിധി നിങ്ങൾ എന്നോടരുതു്. ഹസ്തിനപുരിയുടെ സ്ത്രീസൗഹൃദ നീതിന്യായവ്യവസ്ഥയെ നിങ്ങൾ അവഹേളിക്കുകയാണു് എന്നെനിക്കപ്പോൾ ആരോപിക്കേണ്ടിവരും. ദ്രൗപദീവസ്ത്രാക്ഷേപം കൗരവർക്കു ഒരശ്ലീലകർമ്മകാണ്ഡമൊന്നുമായിരുന്നില്ല, അടിമയുടെമേൽ ഉടയോന്റെ അവകാശപ്രഖ്യാപനമായിരുന്നു. കുരുവംശനീതിപീഠത്തിന്റെ തലതൊട്ടപ്പനായ ഭീഷ്മർ അധ്യക്ഷനായ ചൂതാട്ടസഭയിൽ, കൗരവരുടെ ചൂതാട്ടനീക്കത്തിനും, പെണ്ണുടലിൽ അവരുടെ നോട്ടത്തിനും, നീതിപതിയുടെ അനുമതിയുണ്ടായിരുന്നു, എന്ന കാര്യം ഒരു നിമിഷം പോലും വിസ്മരിച്ചുകൂടാ! ഇന്ദ്രപ്രസ്ഥംപൗരയായ ഇരയുടെ പ്രാദേശികപൗരാവകാശങ്ങൾ ഹസ്തിനപുരിയിൽ അസാധുവായതു, പാഞ്ചാലിയെ പണയം വക്കാനുള്ള പാണ്ഡവരുടെ ആണധികാര ദുർവ്യയം കൊണ്ടായിരുന്നില്ലേ? കള്ളച്ചൂതു എന്നൊരു നിരുപദ്രവ വാക്കിൽ തൂങ്ങി, അഭിമുഖത്തെ നിങ്ങൾ വളച്ചു. ഭാര്യയെ പണയംവച്ചു് സ്ത്രീവിരുദ്ധനായൊരു ഭർത്താവു് കളിച്ചു പരസ്യമായി തോൽക്കുമ്പോൾ, പുതിയ ഉടമ നിങ്ങളുടെ ഉടലിൽ നേടുന്ന സർവ്വാധിപത്യമുണ്ടല്ലോ അതു് നിഷേധിക്കാൻ നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന ആർക്കും ആവില്ല. ശന്തനുവിനോളം പൈതൃകബന്ധമുള്ള കൗരവനീതിബോധത്തെ മലിനപ്പടുത്താൻ ഒരു കൂട്ടം കുനുഷ്ടു് ചോദ്യങ്ങളുമായി, അംഗരാജാവായ എന്റെ വഴിതടയുന്ന വിമതമാധ്യമജീവിതം ഇതോടെ നിർത്തൂ. പെറ്റതള്ള പുഴയിലൊഴുക്കിയവനെ പോലും ജാതിനോക്കാതെ പട്ടാഭിഷേകം ചെയ്ത ഇതിഹാസപുരുഷനായ ദുര്യോധനൻ രക്ഷകനും ഉടമയുമായെങ്കിലും അടിമ എന്നല്ല, തോളിൽ കൈവച്ചു ദുര്യോധനൻ എന്നെ വിളിക്കുക സഖാവേ. അതു് സ്വവർഗഭോഗിയുടെ ചങ്ങാത്തമല്ല രണ്ടു പോരാളികളുകളുടെ പാരസ്പര്യമാകുന്നു.”
“കൃപാചാര്യരുടെ കീഴിൽ, പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം ഒരു ദശാബ്ദത്തോളം നൂറ്റിഅഞ്ചു പേരും, ഹസ്തിനപുരിക്കു് പുറത്തു ദ്രോണഗുരുകുലത്തിൽ അന്തേവാസികൾ ആയിരുന്നു എന്നാണു് അരമനരേഖ. ഒരുപിടി ‘കളിക്കാർ’ ഒഴികെ ബാക്കിയെല്ലാവർക്കും ദ്രോണബോധനത്തിൽകിട്ടിയതു് ശരാശരിയിലുംതാഴെ സൈനിക പരിശീലനം എന്നാണോ യാഥാർഥ്യം?” കൊട്ടാരംലേഖിക നകുലനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു മുമ്പുള്ള ആവിഷ്ക്കാരകാലം.
“യുദ്ധത്തിനുമുമ്പു് ആരെങ്കിലും പഴിപറയുമോ ഐതിഹാസിക ദ്രോണച്ചിട്ടയുടെ ദേശീയപ്രശസ്തിയെക്കുറിച്ചു? ദുഷ്പ്രചരണം ചെയ്യാൻ ആർക്കുണ്ടു് അക്കാലത്തു സമനില! വാസ്തവം, കുറച്ചൊക്കെ നിങ്ങൾ പറഞ്ഞതാണു്. പൂണൂൽധാരിയായ മഹാബ്രാഹ്മണൻ എന്ന സമുന്നതജാതിശ്രേണിയും, ഉയരവും നിറവും ആകാരഭംഗിയും മൊത്തം ഞാനൊരു കേമൻ എന്ന രൂപഭാവവും കൂടി അമാനുഷഗുരുവായി ദ്രോണരെ കാണാൻ കൃപാചാര്യൻ ഞങ്ങളിൽ ദുഃസ്വാധീനം ചെലുത്തി. നൂറ്റഞ്ചു വിദ്യാർത്ഥികളുടെ പ്രായത്തിലുമുണ്ടല്ലോ വ്യത്യാസം. ദ്രോണരുടെ ആയുധശാലയിൽ ദിവ്യാസ്ത്രം കണ്ടാല്പോലും ഞെട്ടരുതു് എന്ന ഭീഷ്മതാക്കീതു ശ്രദ്ധാപൂർവ്വം ഞങ്ങളിൽ അരമന ഉദ്യോഗസ്ഥർ ചാർത്തി. നേരിൽ കണ്ട ദ്രോണരുടെ യാഥാർത്ഥമുഖം, ഞെട്ടിക്കൊണ്ടാണെങ്കിലും യുദ്ധകാലത്തു ഞാനും സഹദേവനും നന്നേ ആസ്വദിച്ചു, ഭീഷ്മർ ശരശയ്യയിൽ കിടന്നശേഷം ദ്രോണർ, കൗരവസേനാപതിപദവി വഹിക്കുമ്പോൾ, മകൻ അശ്വത്ഥാമാവു് പോരാട്ടത്തിൽ മരിച്ചു എന്ന യുധിഷ്ഠിരൻസ്രോതസ്സായൊരു പ്രചാരണനിർമ്മിതിയിൽ വിശ്വസിച്ചു പുത്രമരണത്തിൽ ദുഃഖം സഹിക്കവയ്യാതെ ആയുധം താഴെയിട്ട ദുർബലനിമിഷത്തിൽ, പാണ്ഡവസേനാപതി ധൃഷ്ടധ്യുമ്നൻ പിന്നിൽ നിന്നും ദ്രോണകഴുത്തു വെട്ടിയപ്പോൾ “വ്യർത്ഥ ജീവിതം ഈ ദ്രോണജീവിതം” എന്നുച്ചരിച്ചുകൊണ്ടു ഞങ്ങൾ ആഘോഷമായി അന്നുരാത്രി നീന്തിക്കുളിച്ചു മരണം ആഘോഷിച്ചു. ഗുരുനാഥനെക്കുറിച്ചു വിശേഷാൽപതിപ്പിൽ ഈ ഓർമ്മ മതിയോ, അതോ ഞങ്ങളെക്കൊണ്ടയാൾ ചെയ്യിച്ച രാത്രികാലഅശ്ലീലങ്ങൾ ഇപ്പോൾ വെളിപ്പെടുത്തണോ?”
“പൂവണിയാത്ത മോഹം വല്ലതുമുണ്ടോ കരളിൽ?”, തളർന്നുവീണ പാഞ്ചാലിയെ കൈകളിൽ താങ്ങി കൊട്ടാരം ലേഖിക ചോദിച്ചു.
“എന്തിലും ഏതിലും മുൻഗണനയുടെ ക്രമപ്രശ്നം ഉന്നയിച്ചു, മാദ്രിയുടെ മക്കളോടുള്ള എന്റെ പ്രണയത്തെ തടഞ്ഞ യുധിഷ്ഠിരന്റെ മരണമായിരുന്നു ആദ്യം വേണ്ടിയിരുന്നതു്. കുന്തിയുടെ മൂന്നുമക്കളാൽ ബഹുഭർത്രുത്വദാമ്പത്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട നകുലനും സഹദേവനും അവരർഹിക്കുന്ന വാത്സല്യം വാരികൊടുക്കാൻ ഇനിയും ജനിക്കുമോ ഞാൻ വരുംയുഗത്തിൽ?”
“അക്ഷയപാത്രം ക്ഷയിക്കാറുണ്ടോ?”, കാട്ടുകുടിലിന്റെ ഒറ്റമുറിയിൽനിന്നും കാണാമായിരുന്നു, താഴെ ചാച്ചുകെട്ടിയിൽ, വെറും നിലത്തിരുന്നു വെട്ടിവിഴുങ്ങുന്ന അഞ്ചുപേരെ. പാഞ്ചാലി അവർക്കൊപ്പം ചേരാതെ പഴങ്ങളും ശുദ്ധജലവുമായി അകലം പാലിച്ചു.
“പാത്രനിർമ്മിതിയിൽ ചതിയുണ്ടെന്നു സഹദേവൻ ആദ്യമേ പറഞ്ഞപ്പോൾ “അങ്ങനെയൊന്നും നീ പറഞ്ഞുവെക്കരുതു്” എന്നൊക്ക തോന്നി. ഇടക്കിടക്കു ഭക്ഷണലഭ്യത കുറയും. ഭീമൻ വാരിയെടുത്തപ്പോൾ അതാ പാത്രം ശൂന്യം ഇതെന്താ ഇങ്ങനെ എന്ന എന്നു് പരിത്യാഗികളോടു് അന്വേഷിച്ചപ്പോൾ അവരിലൊരാൾ ചോദ്യം കൗരവരിൽ എത്തിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ ദുര്യോധനന്റെ പനയോല കിട്ടി.”
“പാത്രം ഇടയ്ക്കിടെ ശൂന്യമാവുന്നെങ്കിൽ, ഹസ്തിനപുരിപത്തായങ്ങൾ വിളവെടുപ്പിൽ നിറഞ്ഞിട്ടില്ല, കിട്ടുന്നു എങ്കിൽ അതിനർത്ഥം ധാന്യസമൃദ്ധി ഇത്തവണ ഹസ്തിനപുരിയിൽ ഉണ്ടായി. പാഞ്ചാലിയോടു് ഞാൻ പറഞ്ഞിരുന്നു ഒന്നും ശൂന്യത യിൽനിന്നും ഉണ്ടാക്കാനാവില്ല എന്നോർക്ക! അവൾക്കു മനസ്സിലായി, ഭർത്താക്കന്മാർ കണ്ണുമിഴിച്ചു!”
“കഴിച്ചുതീർക്കട്ടെ എപ്പോൾ നിലക്കുമെന്നാർക്കറിയാം!”
“മത്സരംജയിച്ചു സ്വന്തമാക്കിയ വിശ്വസുന്ദരിയോടുള്ള പ്രണയത്തെ മുന്നോട്ടെടുക്കുന്നതു പാരസ്പര്യത്തിലൂന്നിയ വൈകാരിക ഇഴയടുപ്പമാണോ, അതോ കാമനയിലൂന്നിയ ഉടലാസ്വാദനമാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിലേക്കു ഭാഗ്യാന്വേഷികളായി പോവാൻ തീരുമാനിച്ച കാലം. ഹസ്തിനപുരി.
“രതിസാമ്രാജ്യത്തിലെ പ്രേമസല്ലാപത്തിന്നിടയിൽ ഞാൻ ചോദിച്ചു, “പാവം കുന്തിയെ പോലെ അധ്വാനിച്ചല്ല നീ ഒന്നിലധികം ഇണകളെ ബഹുഭർത്തൃത്വത്തിൽ നേടിയതു്. എന്നാൽ കുന്തിയുടെ മകനായ എനിക്കു് ഒന്നിലധികം ഇണകളെ ബഹുഭാര്യാത്വത്തിൽ നേടാൻ യുവത്വം മുഴുവൻ അധ്വാനിച്ചാലും ആവില്ലെന്നു് യാഥാർഥ്യബോധമുള്ള അന്തഃരംഗം പറയുന്നു. പിന്നെ കിടപ്പറയിൽ അവളെന്നെ വിരുന്നൂട്ടിയിട്ടില്ല.”
“നിങ്ങളുടെ ഹൃദയം പ്രണയസാന്ദ്രമാവുന്നതു പ്രിയഅർജ്ജുനനോടൊപ്പം കിടക്കുമ്പോൾ മാത്രമെന്നു് പാണ്ഡവരിലൊരാൾ പറയുന്നു. അസൂയാലുവിന്റെ വെറുംവാക്കായിരിക്കുമോ? അതോ നേരനുഭവങ്ങളുടെ യാഥാർഥ്യമുണ്ടോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ആൺപെൺ ആകർഷകത്വത്തിന്റെ പുതുമമാറാത്ത പാഞ്ചാലിയുടെ ഇന്ദ്രപ്രസ്ഥംമഹാറാണി കാലം.
“സ്വയംവരപ്പന്തലിൽ അർജ്ജുനൻ മത്സരവിജയം അവകാശപ്പെട്ടപ്പോൾ, ഉടലിലും ഉടമസ്ഥാവകാശം എന്ന മട്ടിൽ പരാമർശങ്ങൾ കേൾക്കാൻ ഒന്നിലധികം ഭർത്താക്കന്മാരിൽനിന്നും അവസരമുണ്ടായി. സൈനികപരിശീലനത്തിൽ ലഭിക്കാവുന്ന അസ്ത്രപ്രയോഗവൈദഗ്ദത്തിൽത്തിൽ കവിഞ്ഞു, പെൺഹൃദയത്തെ വശീകരിക്കാനാവുന്ന പൂവമ്പൊന്നും ആ ദുരഭിമാനിയുടെ ആവനാഴിയിൽ ഇല്ല എന്നതുമാത്രമാണു് അർജ്ജുനനെക്കുറിച്ചെനിക്കു നിലവിലുള്ള പരമാർത്ഥം. കൂടുതൽ ബോധ്യപ്പെടുമ്പോൾ അഭിപ്രായം വീണ്ടും ചോദിക്കുക.”
“പോരാട്ടത്തിൽ ആരു ജയിച്ചാലും, അഭിമന്യുവധം കൗരവ മലിനപ്പെടുത്തുമെന്ന ആശങ്ക പങ്കിട്ടു കൊണ്ടാണല്ലോ ‘നിഷ്പക്ഷ യുദ്ധനിരീക്ഷകർ’ ശവസംസ്കാരത്തിനു് ശേഷം മടങ്ങിയതു്. എവിടെ പിഴച്ചു എന്ന ഭീതിയുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അന്തസ്സില്ലാത്ത ആക്രമണത്തിന്റെ അവതാരകനായിരുന്നില്ലേ അഭിമന്യു? മുറിവൈദ്യൻ ആളെ കൊല്ലും എന്ന നാട്ടുമൊഴി അവനെ, അവനെ മാത്രം, ഉദ്ദേശിച്ചാണെന്നു ലോകമാകെ വ്യക്തമായി. പുറത്തുചാടാനുള്ള രഹസ്യവാക്കു് പഠിക്കാതെയവൻ പത്മവ്യൂഹത്തിൽ നുഴഞ്ഞുകയറിയെങ്കിൽ, തിരിച്ചു വരവുദ്ദേശിക്കാത്ത ചാവേർആക്രമണത്തിനാവില്ലെ സാധ്യത? മാരകായുധവുമായി കൈ ഉയർത്താൻ ശ്രമിച്ച നേരം നോക്കി കർണ്ണൻ കരളിൽ കുത്തിയിരുന്നില്ലെങ്കിൽ, സർവ്വനാശം വിതക്കുമായിരുന്നു. ഞങ്ങൾ ശ്വാസംപിടിച്ചാണു് അന്ത്യരംഗം കണ്ടതു്. കൗമാരത്തിൽതന്നെ കർണ്ണന്റെ മനഃസാന്നിധ്യവും പോരാട്ടമികവും അംഗീകരിച്ചതാണെന്റെ നേട്ടം. പോർക്കളപ്പെരുമാറ്റച്ചട്ടം പാലിക്കാതെ കരിമ്പിൻതോട്ടത്തിലെ മദയാനയെ പോലെവന്ന അഭിമന്യു, യഥാർത്ഥത്തിൽ അർഹിച്ചതിൽ കുറവുനേരം കൊണ്ടു് കഥാവശേഷനായി. കൊന്നാലുംപോരാ, ചത്തവന്റെ ശവമടക്കിൽ കണ്ണടക്കാതെ നിന്നു് കൊടുക്കയുംവേണം എന്നു് വച്ചാൽ?” “ദുര്യോധനൻ അഭിമന്യുവധം ആഘോഷിക്കാൻ പാളയത്തിലേക്കു് വലിഞ്ഞുനടന്നു. ഇരുട്ടിൽമറഞ്ഞുനിന്ന അർജ്ജുനൻ കൊലയാളികളെ വിരലെണ്ണി പ്രതികാരത്തിനായി അവസരം കാത്തു.”
“നൂറു പേരുരുടെയും പിതൃത്വം ഒരാൾ? അങ്ങനെയാണല്ലോ മാദ്രിപുത്രൻ നകുലൻ അരമനരഹസ്യങ്ങളുടെ തേനറ വലിച്ചു പുറത്തിടുന്നതു്. എങ്ങനെ നേരിടും ഗാന്ധാരിയുടെ പരിശുദ്ധ മാതൃത്വത്തിൽ അപവാദമെറിയുന്ന പാണ്ഡവധാർഷ്ട്യം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അശ്വനീദേവതകൾ എന്ന ‘ദ്വന്ദ്വവ്യക്തിത്വ’ങ്ങളാണു് മാദ്രിയുമായി രതിസമ്പർക്കത്തിലേർപ്പെട്ടതെന്ന അരമനരഹസ്യത്തിന്റെ ‘അങ്ങാടിമൂല്യം’ ഞങ്ങൾക്കറിയാത്തതു കൊണ്ടല്ല, എക്കാലവും, മൗനം പാലിക്കുന്നതു്. ധൃതരാഷ്ട്രരുടെ അനുജൻ വിവാഹം കഴിച്ച മാദ്രിയെക്കുറിച്ചു ലൈംഗികാപവാദം പ്രചരിപ്പിക്കുന്നതിൽ അധാർമികത ഉണ്ടെന്നറിയുന്നതുകൊണ്ടാണു്. പ്രത്യേകിച്ചും, ഇപ്പോൾ, ആ മഹതിയുടെ ജ്യേഷ്ടൻ മാദ്രരാജാവു് കൗരവസഖ്യസൈന്യത്തിൽ ഉപാധിയില്ലാതെ അംഗമായി ചേർന്ന സമയമല്ലേ. പാണ്ഡവ സൈന്യാധിപതി ധൃഷ്ടധ്യുമ്നന്റെ സഹോദരിയോടു് പെരുമാറ്റ മാന്യത എക്കാലവും പുലർത്തിയ എനിക്കെങ്ങനെ അവളുടെ വസ്ത്രാക്ഷേപപ്രഹസനം ഇഴപിരിച്ചു വിവരിക്കാൻ മനസ്സുവരും. തേവിടിശ്ശിയെന്നവളെ അംഗരാജാവു് കർണ്ണൻ ചൂതാട്ടസഭയിൽ ശബ്ദമുയർത്തി വിശേഷിച്ചപ്പോൾ, ഞാൻ അർത്ഥഗർഭമായ മൗനത്തിലൂടെ ആ പ്രതിസന്ധി അതിജീവിച്ചതെല്ലാം നിങ്ങളും ആ സന്ധ്യയിൽ കണ്ടതല്ലേ!”
“സംശയവാദിയാണോ നിങ്ങളും, ചാർവാകൻ?, അതോ, പുതുതലമുറ യുക്തിവാദിയുടെ പരിഗണന മാറിമറിഞ്ഞുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“കൂടെപൊറുക്കുന്നവളെയും, കുട്ടികളെയും പട്ടിണിക്കിട്ടുവേണ്ട ഭൗതികവാദം എന്നു് സുന്ദരിയും വിദ്യാസമ്പന്നയുമായ ഭാര്യ ഉറപ്പിച്ചു പറഞ്ഞതോടെ, ജന്മനാ അവിശ്വാസിയായ ഞാൻ തരമില്ലാതെ വിശ്വാസവഴിയിലേക്കു് തിരിഞ്ഞു. ആ നിലക്കുനോക്കുമ്പോൾ, മരിച്ചുപോയ വന്ദ്യപിതാവു് ചാർവാകൻ മ്ലാനവദനൻ ആയിരുന്നു. “ഇങ്ങനെയൊന്നുമല്ല ഞാൻ വരുംതലമുറയിൽ ഓർക്കപ്പെടാൻ ആഗ്രഹിച്ചതു. കാര്യങ്ങൾ നിന്നോടൊപ്പം മുന്നോട്ടുനീങ്ങാൻ സാധിക്കട്ടെ എന്നാശംസിക്കാൻ മാത്രമേ ആവൂ. എനിക്കെതിരെ തിരിച്ചടിച്ച പ്രകൃതിക്കു മുമ്പിൽ നീ അടിയറവു പറയുമെന്നും നിന്റെ പ്രേമവിവാഹം കഴിഞ്ഞതോടെ, എനിക്കു് ബോധ്യമായി.”, എന്നുപറഞ്ഞുകൊണ്ടു ആ ധീരപോരാളി വെറുംനിലത്തു നീണ്ടുനിവർന്നുകിടന്നു. പ്രാണൻ പോവുംമുമ്പു് മരണാനന്തര ജീവിതത്തെക്കുറിച്ചിപ്പൊൾ ജിജ്ഞാസയുണ്ടെന്നും, പക്ഷേ, “ദുരൂഹത എന്തിനു?” എന്നാണു് പ്രകൃതിയോടു് തർക്കഭാഷയിൽ ചോദിക്കാനുള്ളതു് എന്നുച്ചരിച്ചശേഷം ശ്വാസം അവസാനിച്ചു. പൂണൂൽധാരിയായ ഞാൻ സ്വയംകുഴിക്കേണ്ടിവന്നു, യുക്തിവാദിയുടേ കുഴിമാടം! അത്രമേൽ അനുയായികൾ പ്രസ്ഥാനത്തിൽനിന്നും വിശ്വാസത്തിലേക്കു് പ്രത്യാശയോടെ അകന്നുപോയി! ഈ പ്രപഞ്ചം ഒരു കാര്യവുമില്ലാതെ ഉണ്ടായതെന്നു് വിശ്വസിപ്പിക്കാൻ കഴിയാതായി.”
“നിങ്ങളുടെ സ്വന്തം അഞ്ചു ആൺമക്കൾക്കു പകരം, കിരീടാവകാശ സാധ്യത, അർജ്ജുനപുത്രൻ അഭിമന്യുവിനാണുണ്ടാവുന്നതെങ്കിൽ, നിലപാടെന്തായിരിക്കും? അഭിമന്യുവിനെയും ഉത്തരയെയും ചൂതാട്ടത്തിൽ നിസ്വരാക്കി വനവാസത്തിനയക്കുമോ, അർജ്ജുനൻ ഒഴികെ പാണ്ഡവരും നിങ്ങളും?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവതല വീഴാതെ, ഭീഷ്മർ മുറിവേറ്റുവീണ പത്താം ദിവസം കുരുക്ഷേത്ര.
“അധികാരവടംവലിയിൽ, അഭിമന്യുവിനെ ഗൂഡാലോചനയിൽ പങ്കാളിയാക്കി, അഞ്ചു വൃദ്ധപാണ്ഡവരെ നിർബന്ധിതവിടുതലിലൂടെ ചുരംകാവലിനു് കെട്ടുകെട്ടിക്കുക!”
“ഭാവിപ്രവചിക്കുന്നതിൽ മികവുനേടിയതെങ്ങനെ?”, കൊട്ടാരം ലേഖിക, സഹദേവനോടു് ചോദിച്ചു. മഹാപ്രസ്ഥാനം. വടക്കൻമലഞ്ചെരുവിലെ വിശ്രമഇടം. പാഞ്ചാലി രാവിലെ കുഴഞ്ഞുവീണുനിര്യാതയായ കാര്യം തലേന്നു പാണ്ഡവസഹോദരങ്ങളെ അറിയിച്ച സഹദേവനുമേൽ ആയിരിക്കും കാലന്റെ കയർ ഇനിവീഴുക എന്നു് അവനൊഴികെ ബാക്കി നാലു പാണ്ഡവരും അംഗീകരിച്ച നേരം.
“എന്റെ പ്രവചനം ദിവ്യദൃഷ്ടിയൊന്നുമല്ല, സാമാന്യദൃഷ്ടിമാത്രം. കാണേണ്ടതുകാണുകയാണെന്റെ പ്രവചന വഴി. എന്നാൽ ഇഷ്ടം അസന്തുഷ്ടഭാവി നേരത്തേ വെളിപ്പെടുത്തുന്നതിലല്ല, ആസ്വാദനലക്ഷ്യത്തോടെ ലഘുമാന്ത്രികനാവുന്നതിലാണു്. ഞങ്ങൾക്കു് നീണ്ടകാലം പരിചയമുള്ളൊരാൾ ഭൂമിയിൽ ഉണ്ടായിരുന്നു. ക്ഷത്രിയനല്ല പദവിയിൽ പെരുമയുള്ള രാജവംശവുമല്ല എന്നിട്ടും അവൻ എവിടെയൊക്കെ ക്ഷണിക്കപ്പെടാതേയും ക്ഷണിക്കപ്പെട്ടും ചെല്ലുന്നുവോ, അവിടെയൊക്കെ വിശിഷ്ടാതിഥിപദവി കിട്ടുമായിരുന്നു. രാജസൂയയാഗകാലത്തവൻ ബന്ധുവിന്റെ ‘വചനപ്രഘോഷണം’ സഹിക്കവയ്യാതെ ചക്രമെറിഞ്ഞു കഴുത്തുവെട്ടിയ അമംഗളകരമായ സംഭവത്തിലും ആതിഥേയൻ പക്ഷേ, അവനെ മുഖ്യാതിഥിയായി ആദരവോടെയാണു് സൽക്കരിച്ചതു. ആരും ഒരുവാക്കു് അന്നും പിന്നെയും എതിരുപറഞ്ഞില്ല. കാരണം? അതൊരു പേടിതോന്നുന്ന കൊലപാതകമായല്ല, ലഘുമന്ത്രികവിദ്യപോലെ ആസ്വാദ്യകരമായാണവൻ അവിടെ അവതരിപ്പിച്ചതു്. സ്വന്തം അന്ത്യംപോലുമവൻ കൗതുകമാക്കി. എന്നുപറഞ്ഞാൽ, അവന്റെ ഹൃദയത്തിലല്ല വേടന്റെ കൂരമ്പുതറച്ചതു് കണംകാലിലായിരുന്നു. വേടനു് വിശപ്പുകാരണം അമ്പിന്റെ ഉന്നം തെറ്റി. ഉച്ചഭക്ഷണത്തിനു നേരത്തേ ഏർപ്പാടു് ചെയ്തിരുന്നു. തെരുവോരമാന്ത്രികൻ, ഒഴിഞ്ഞ കുപ്പായക്കീശയിൽനിന്നും മുയൽക്കുട്ടികളെയും പളുങ്കുപാത്രങ്ങളെയും ഒന്നൊന്നായി പുറത്തെടുക്കുന്നപോലെ, ജീവിതകാലം മുഴുവൻ ആ സുഹൃത്തു്, കാണലും പിരിയലും, ഒരു മാന്ത്രികപ്രകടനമാക്കി. ഒരിക്കൽ അവൻ എന്നോടു് ഗൗരവത്തിൽ ചോദിച്ചു, പ്രവചനസ്വഭാവമുള്ള നിനക്കറിയാമോ എങ്ങനെ നീ മരിക്കുമെന്നു്? ഒരുപക്ഷേ, അറിഞ്ഞാലും, മരണം ഒഴിവാക്കേണ്ട ആ കൃത്യംനേരത്തു, നിന്റെ മരണമുഹൂർത്തം കൂടെയുള്ള മറ്റുസഹോദരർ അറിയുമ്പോഴും, നീ മാത്രംഅക്കാര്യം അശേഷം ഓർക്കാതിരിക്കട്ടെ!” അങ്ങനെ ലഘുമന്ത്രവാദിയെക്കുറിച്ചു ആനന്ദകരമായ ഓർമ്മപറഞ്ഞുകൊണ്ടേയിരുന്ന സഹദേവൻ പെട്ടെന്നു് കുഴഞ്ഞുവീണു നിര്യാതനായതും, എന്നാൽ മരണം കണ്ടില്ലെന്ന മട്ടിൽ മറ്റുനാലുപാണ്ഡവർ എഴുനേറ്റു കാൽമുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. സഹദേവന്റെ ചരമശുശ്രൂഷയും ശവസംസ്കാരവും അങ്ങനെ കൊട്ടാരം ലേഖിക ഏറ്റെടുത്തു.
“പന്ത്രണ്ടും, പിന്നെ ഒന്നും, പതിമൂന്നുകൊല്ലത്തെ ദുരിതജീവിതത്തിനുശേഷം ആറുപേർക്കുറങ്ങാൻ ഹസ്തിനപുരി അരമന സമുച്ചയത്തിൽ ഇപ്പോൾ നൂറുരാജമന്ദിരങ്ങൾ! നിത്യവും ഓരോ ആഡംബരവസതിയിൽ മാറിമാറിയുറങ്ങുമോ? അതോ, വനവാസക്കാലത്തെന്നപോലെ ഒറ്റമുറിയിൽ ഒതുങ്ങുമോ ആറംഗപാണ്ഡവകുടുംബത്തിന്റെ കാളരാത്രികൾ”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തരപാണ്ഡവഭരണകാലം. കൗരവരാജവിധവകളെ ഭീമൻ പാതിരാമിന്നലാക്രമണത്തിലൂടെ അന്തഃപുരത്തിൽ നിന്നും കുടിയൊഴിപ്പിച്ചതിന്റെ പ്രത്യാഘാതമായി പരേതകൗരവരുടെ അശാന്തപ്രേതങ്ങൾ പാണ്ഡവരെ ദുസ്വപ്നങ്ങളാൽ പീഡിപ്പിക്കുന്ന സംഘർഷം നിറഞ്ഞ പകലിരവുകൾ.
“എന്റെ അഞ്ചുമക്കളെ കൗരവകൊലക്കു വിട്ടുകൊടുത്ത ഭീരുപാണ്ഡവർ എവിടെ അന്തിയുറങ്ങുന്നു എന്നുഞാനിപ്പോൾ ഒരു നിമിഷം പോലും ആശങ്കപ്പെടുന്നില്ല. എന്നാൽ നൂറുകൗരവരാജവിധവകൾ പാണ്ഡവാക്രമണത്തിൽ കുടിയൊഴിഞ്ഞുപോയ നൂറിൽ ഒരു വസതിയിലും ഞാൻ കിടക്കാറുമില്ല. എനിക്കുവേണ്ട പർണ്ണശാല ഞാൻ പണിതെടുത്തു. അതിൽ പാണ്ഡവർക്കു് പ്രവേശനം പൂർണ്ണമായും നിഷേധിച്ചു.”
“ശവമടക്കുകഴിഞ്ഞു പൊടിയടങ്ങിയില്ല, തുടങ്ങിയോ മഹത്വപ്പെടുത്താൻ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പുതുപാണ്ഡവഭരണകൂടം അധികാരത്തിൽ വന്ന നാളുകൾ.
“ഏറ്റുപറയട്ടെ, ദുശ്ശാസനൻ സൗന്ദര്യആരാധകൻ ആയിരുന്നു, എന്നാൽ എന്തു് നല്ല കാര്യം അറിയുന്നതിനും സാഹചര്യങ്ങൾ പ്രതികൂലമാവുന്നൊരു യുഗത്തിലല്ലേ നാം ജീവിക്കുന്നതു്. സൗന്ദര്യആരാധകൻ എന്നവൻ അവകാശപ്പെട്ടതൊന്നും അല്ല അന്തിമ പോർക്കളസംഭാഷണത്തിൽ ഞാൻ വായിച്ചെടുത്തതാണു്.”
“അധികം സംസാരിക്കാൻ നേരമില്ല ദുശ്ശാസനാ, ദ്രൗപദിയുടെ തലമുടി നിലവിളിക്കുന്നു ചുടുചോരക്കായി” എന്നു് അവനെ മലർത്തിക്കിടത്തി പറഞ്ഞപ്പോൾ, “ശരിയാണു് അവളുടെ മുടിക്കിപ്പോൾ വേണ്ടതു് കുരുതിച്ചോരയുടെ പരിരക്ഷണം തന്നെ, ഈ ചുടുചോര തേച്ചുപിടിപ്പിച്ചു ഒഴുക്കുവെള്ളത്തിൽ കഴുകി കാറ്റിലുണങ്ങട്ടെ മുടി, കൊല്ലമെത്ര അവൾ കാട്ടിൽ പരിരക്ഷണം ഇല്ലാതെ പാടുപെട്ടു എന്നാലോചിക്കുമ്പോൾ ഹൃദയംവിങ്ങും, ചൂതാട്ടസഭയിലേക്കു ഞാനവളെ കൊണ്ടുപോകാൻ കൈനീട്ടിയപ്പോൾ, ഉടലെനിക്കു പൂപോലെ സമർപ്പിച്ചു ഈ ഇടംതോളിൽ കിടന്നാണവൾ ഇരുട്ടിൽ അന്തഃപുരത്തിൽനിന്നും ചൂതാട്ടസഭയിലേക്കുള്ള ദൂരം ഒരനുഭൂതിയാക്കിയതു്. ചുടുചോരക്കു നീ എന്റെ കരളിൽ അല്ല മന്ദാ, മുറിക്കേണ്ടതു് ഇതാ ഇടനെഞ്ചിൽ ഇങ്ങനെ, ദുശ്ശാസനൻ കത്തി അവന്റെ ഹൃദയത്തിൽ ആഞ്ഞുകുത്തിയതോർമ്മയുണ്ടു്, മറക്കുമോ ആ പ്രണയഹൃദയം എന്റെ പ്രാണൻ പോകുവോളം!”
“വളഞ്ഞവഴിആണെങ്കിലും കർണ്ണവധത്തിൽ, നിങ്ങൾ തൃപ്തനാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കൊല്ലപ്പെട്ട സൂതപുത്രനുചുറ്റും മക്കളും ഭാര്യമാരും ചരമശുശ്രൂഷയിൽ വിലപിക്കുന്ന നേരം.
“വിചാരിച്ചതിലും കൂടുതൽ രാഷ്ട്രീയമാനങ്ങൾ കർണ്ണവധത്തിൽ ഉണ്ടെന്നതാണു് കാര്യം. പാടുപെട്ടാണെങ്കിലും, വധം യുക്തിസഹപരിസമാപ്തിയിൽ എത്തിക്കാൻ, അവന്റെ തേരാളിയും എന്റെ തേരാളിയും തുണച്ചു. ഫലശ്രുതിയിൽ മണ്ണും മാനവും സഹകരിച്ചതിൽ ഉണ്ടു് ചെറുതല്ലാത്ത ആത്മതൃപ്തി. കുരുക്ഷേത്രയിൽ എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ, തേർചക്രം പൂഴ്ത്തുവാൻ തക്ക ചതുപ്പു, പരുക്കൻപ്രതലത്തിൽ! ഇനിയൊരു പിന്തുടർച്ചാവകാശപ്രശ്നം, പാണ്ഡുവംശം അധികാരത്തിൽ വരുമ്പോൾ, കർണ്ണസാന്നിധ്യത്താൽ സംഭവിക്കരുതു്. കുന്തി പറഞ്ഞാണറിഞ്ഞതു്, കൊല്ലപ്പെട്ട കർണ്ണൻ വിവാഹപൂർവസന്തതി! വിവാഹത്തിനുമുമ്പും ശേഷവും പരപുരുഷരെ പ്രലോഭിപ്പിക്കു ന്നതിൽ മിടുക്കി. ഉള്ളിൽഉണ്ടായിരുന്ന സംശയം സ്ഥിരീകരിച്ചു. കുന്തിയുടെ വിവാഹബാഹ്യസന്തതികളെല്ലാവരുംകൂടി ഹസ്തിനപുരിയിലേക്കു് പോവേണ്ടതില്ല. കർണ്ണതിരോധനത്തോടെ, ഭാവി ഞങ്ങൾ അഞ്ചുപേർക്കു സുരക്ഷിതം, വിശ്വപ്രകൃതി തുണച്ചു!”, ആകാശപ്പാതകളിൽ സ്വർഗ്ഗലോകത്തെ തിരഞ്ഞുനോക്കി, “സ്വസ്തി പിതാവേ, എന്നും എന്നെന്നും ഞങ്ങൾ ആകാശ ചാരികൾക്കൊപ്പം”, എന്നുപറയാൻ മുട്ടുകുത്തി അയാൾ കൈകൂപ്പി. കൊട്ടാര ലേഖിക മുഖംതിരിച്ചു
“ഐതിഹാസികവിരൽനഷ്ടത്തിൽ ഖേദം പ്രകടിപ്പിക്കാൻ വന്നതാണോ കുടിലകൗരവൻ?” ആരണ്യ മന്ദിരത്തിലെ ജാലകത്തിന്നരികെ ഏകലവ്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“വിദൂരരാജ്യത്തിന്റെ നാമമാത്രരാജാവാക്കാം, ‘കുടിലകൗരവൻ’ വാഗ്ദാനം ചെയ്തു. നിഷാദരാജാവിന്റെ മകനായതുകൊണ്ടു് പുതിയരാജ്യം എന്ന ദുര്യോധനനിർദേശം സ്വീകാര്യമല്ലെങ്കിൽ, കുരുവംശ കീഴാളക്ഷേമനിധിയിൽ നിന്നൊരു സംഭാവനതരാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കാമെന്നവൻ വാക്കു തന്നു. എന്തു് നന്മ ചെയ്തുകൊണ്ടാണു് തള്ളവിരൽദുർവിധിയുമൊത്തു ഐക്യപ്പെടേണ്ടതെന്നവൻ ചോദിച്ചു. ഉണക്കപ്പഴങ്ങളുടെ പൊതിയുമെടുത്തു തിരിച്ചുപോവുക, ഞാൻ കടുത്തു. വിഷണ്ണദുര്യോധനൻ യാത്രപറയാതെ ഇറങ്ങിപ്പോയപ്പോൾ ആണു്, തള്ളവിരലില്ലാത്ത ഏകലവ്യന്റെ പുത്തൻവിശേഷമറിയാൻ, നിങ്ങൾ പാത്തും പതുങ്ങിയും! സ്വാഗതം!”
“യുധിഷ്ഠിരൻ അല്ല ഇഷ്ടപ്രാണേശ്വരൻ എന്ന സത്യസന്ധമായ തിരിച്ചറിവിൽ എങ്ങനെയാണു മനം ഉറച്ചുപോയതു”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, ഇന്ദ്രപ്രസ്ഥം പട്ടാഭിഷേകത്തിനായി പരികർമ്മികൾ പരക്കംപായുന്ന നേരം.
“പൊതുവായി ഞങ്ങൾക്കിടയിൽ പെരുമാറുമ്പോൾ പോലും നമ്മുടെ ഉദ്ദേശ്യശുദ്ധിയെ അവൻ ആദ്യമേ സംശയിക്കും, മറ്റു പാണ്ഡവരും ഞാനും നിവർന്നുനിന്നു കാര്യംപറയുമ്പോൾ അടഞ്ഞമനസ്സോടെ നോക്കും, പരിമിതസൗകര്യങ്ങളുള്ള ഖാണ്ഡവപ്രസ്ഥത്തിലായാലും ഇപ്പോൾ മയൻനിർമ്മിത അരമനയിലായാലും മറ്റുള്ളവരെ ദുസ്സംശയത്തോടെ കാണുകയെന്നതൊരു പതിവായി കഴിഞ്ഞാൽ ഇഷ്ടപ്രാണേശ്വരൻ എങ്ങനെ കൂട്ടംകൂടും അത്രയൊക്കെയേ ഞങ്ങൾക്കിടയിലും സംഭവിച്ചുള്ളു എന്നുവച്ചവനെ ബഹുഭർത്തൃത്വദാമ്പത്യത്തിൽ നിന്നു പിരിച്ചു വിടാനാവില്ലല്ലോ. രാജസൂയയാഗം ചെയ്തു ഇന്ദ്രപ്രസ്ഥംചക്രവർത്തിപദവി അവൻ നേടിയതോടെ ചക്രവർത്തിനി ആവാൻ യോഗ്യതയുള്ള ഒരേ ഒരു പാണ്ഡവപത്നി ഞാൻ മാത്രമായില്ലേ, മഴയായാലും വെയിലായാലും തിരുവസ്ത്രം ധരിച്ചല്ലേ പറ്റൂ.”
ഇനിയുള്ള കാലം കാട്ടിൽകഴിയാൻ പടിയിറങ്ങുന്ന കുന്തിയോടു് നിങ്ങൾ, യാതാമൊഴി പറഞ്ഞവിധം, തൊട്ടപ്പുറത്തെ ജാലകത്തിലൂടെ പാണ്ഡവർ തുറിച്ചുനോക്കിയിരുന്നല്ലോ. എന്തായിരുന്നു, ഇത്രമാത്രം പാണ്ഡവനിന്ദ അർഹിക്കാൻ പുത്രവധുവിന്റെ അന്ത്യവചനശുശ്രൂഷ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ദേവരൂപികളായ അഞ്ചു അരോഗദൃഢഗാത്രരെ നീ എനിക്കു് ആദ്യരാത്രി പാരിതോഷികമായി തന്നു, അമ്മാ, എക്കാലവും അവർ തികഞ്ഞ ഔചിത്യബോധത്തോടെ ബഹുഭർത്തൃത്വ ഉടമ്പടി പാലിച്ചു. നീയാകട്ടെ ഞങ്ങളിൽനിന്നും ആദ്യം മുതൽ സുരക്ഷാ അകലം പാലിച്ചു ഗാന്ധാരിയുടെ അന്തഃപുരത്തിൽ തോഴിയായും കുറേക്കാലം ജീവിച്ചു. നീ ഞങ്ങളെ സ്വൈര്യമായി ജീവിക്കാൻ അനുവദിച്ചു. നീണ്ടൊരു വിവാഹജീവിതം വിജയകരമായി പൂർത്തിയാക്കിയതിനുള്ള കടപ്പാടു് നിന്റെ സന്മനസ്സിനോടു്!, ഇതിൽ എന്താണു് പാണ്ഡവർ പുച്ഛത്തോടെ ആരോപിക്കുന്ന കാപട്യം?”
“ആകെയുള്ള ജാലകം അടച്ചല്ലോ”, കിടപ്പറയിൽ എത്തിയ കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ആശ്ചര്യപ്പെട്ടു പാണ്ഡവർ നായാട്ടിനു പോയ നേരം.
“യുധിഷ്ഠിരൻ സംശയരോഗി എന്നതിനു് ഇതാണു് കാണപ്പെട്ട തെളിവു്. ജാലകത്തിലൂടെ നോക്കിയാൽ നാലഞ്ചു സന്യസ്തമഠങ്ങളാണു്, നിങ്ങൾ പലതവണ കണ്ടതാണല്ലോ. അവർ ചിലപ്പോൾ ഇങ്ങോട്ടു് നോക്കും എന്നെനോക്കി പുഞ്ചിരിക്കും പലിശയടക്കം ഞാനും പുഞ്ചിരികൈമാറും. ഇതുകണ്ടു വന്ന യുധിഷ്ഠിരൻ, അപ്പോൾ എന്നെ ചോദ്യം ചെയ്തില്ലെങ്കിലും സന്യസ്തമഠത്തിൽ ചെന്നു് അലമ്പുണ്ടാക്കി, “നിങ്ങളൊക്കെ ശരിക്കും പരിത്യാഗികളല്ലേ?” എന്നു് വെല്ലുവിളിച്ചു അവരും വെറുതെ വിട്ടില്ല. “കൊടുംകുറ്റവാളികളിൽ ഒരുകണ്ണുവച്ചാൽ എന്താണു് തകരാറു?” എന്നവരുടെ പുതുകാര്യദർശി തിരിച്ചടിച്ചപ്പോൾ ‘മുൻ ഇന്ദ്രപ്രസ്ഥംചക്രവർത്തി’ക്കു് പൊള്ളി. തിരിച്ചുവന്നു ഞങ്ങളോടു് പറയുന്നു, ഈ “പുതുകാര്യദർശി സന്യസ്തനല്ല, കണ്ടാൽ ഇളമുറകൗരവനെ പോലെ തോന്നും ചാരനോട്ടത്തിൽ അവർ മുന്തിയ പരിശീലനം നേടിയവർ, സതീരത്നങ്ങളുടെ പാതിവ്രത്യം അപഹരിക്കാൻ കൗരവർ തിരുവസ്ത്രം ഊരി കാഷായവസ്ത്രം ധരിക്കും, മുടിയും താടിയും വളർത്തും, എന്നാൽ അവരുടെ കഴുകൻ കണ്ണുകൾ നിന്റെ ചാരിത്ര്യം ഊറ്റിയെടുക്കും അടച്ചിടാം നമുക്കു് ഈ ജാലകം എന്നെന്നേക്കുമായി” അന്ത്യശാസനത്തിൽ ജാലകം സ്വയം അടഞ്ഞു! ഞാനും നാലുപാണ്ഡവരും, ഇതാ ഇതുപോലെ വിറങ്ങലിച്ചുനിൽപ്പാണു്.”
“സത്യസന്ധത സന്ധിയില്ലാത്ത ജീവിതാദർശമായി പരിപാലിച്ച മഹദ്വ്യക്തിയെന്ന അതിമാനുഷ പ്രതിച്ഛായ കാലങ്ങളായി നിർമ്മിച്ചെടുത്തിരുന്നല്ലോ. പൂർണ്ണമായും വ്യാജമായിരുന്നുവോ ആ നിർമ്മിതി? അതോ സത്യത്തിന്റെ കണികയെങ്കിലും മേനി പറയാൻ ഉണ്ടാവില്ലേ?”, കൊട്ടാരലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു കുരുക്ഷേത്രക്കുശേഷം ധൃതരഷ്ട്രരുമായി അധികാര കൈമാറ്റത്തിനു് വിലപേശുന്ന അശാന്തദിനങ്ങൾ. രാജാവിന്റെ ആലിംഗനത്തിനായി ഭീമരൂപത്തിൽ ഇരുമ്പുപ്രതിമ ആലയിൽ രൂപംകൊള്ളുന്നതു് അക്ഷമയിൽ നോക്കുകയായിരുന്നു യുധിഷ്ഠിരൻ.
“സത്യസന്ധത ഗാന്ധാരിയുടെ കൺകെട്ടുപോലെ മുഖാവരണം ആയിരുന്നു എന്നു് നടിക്കാൻ ആവില്ല എന്നാൽ സത്യസന്ധത ആപൽഘട്ടത്തിൽ യുദ്ധലക്ഷ്യം നേടാൻ തുണക്കണം എന്നു പിതാവായ ധർമ്മദേവനോടു് പറഞ്ഞു. കാലൻ എന്നു് ദുര്യോധനൻ അവഹേളിച്ച ധർമ്മദേവൻ എനിക്കു് പിതാവു് മാത്രമല്ല, ധർമ്മദൈവം! നീ സത്യസന്ധൻ എന്ന ജീവിതനിലപാടെടുത്തതു കൊണ്ടു മാത്രമാണു് ദ്രോണവധം എളുപ്പമാക്കാൻ അർദ്ധസത്യം പറഞ്ഞപ്പോൾ പോലും ഗുരുദ്രോണർ നിന്നെ പൂർണ്ണമായി വിശ്വസിച്ചതു്. അങ്ങനെ വിശ്വസിച്ച കൗരവസേനാപതി ദ്രോണർ, പുത്രമരണത്തിൽ ദുഃഖിതനായി, ആയുധം താഴെവച്ചപ്പോൾ കഴുത്തുവെട്ടാൻ തുണയായി. അതാണു് പറഞ്ഞതു് ലക്ഷ്യമില്ലാത്ത ആദർശം നിരർത്ഥകം!”
“പാണ്ഡവരുടെ പൗരാവകാശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിഷേധിച്ചിട്ടും, അവരുമായി രഹസ്യ ഒത്തുതീർപ്പിലെത്താൻ ദുര്യോധനൻ വഴിവിട്ടു് ശ്രമിച്ചു എന്ന ആരോപണവുമായി, ഏകാംഗപ്രതിപക്ഷവും യുക്തിവാദിയുമായ ചാർവാകൻ, കൗരവസത്യസന്ധതയെ പ്രതിക്കൂട്ടിൽ ആക്കിയല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ കറുത്തുതുടങ്ങിയ ഗംഗാസമതലം, പാണ്ഡവർ അജ്ഞാതവാസം കഴിഞ്ഞു വിരാടത്തിൽ യുദ്ധഒരുക്കത്തിലായ സംഘർഷ കാലം.
“പൗരാവകാശങ്ങൾ ഞങ്ങൾ നിഷേധിച്ചിട്ടില്ല, ശിക്ഷാകാലാവധിയിൽ അവ മരവിപ്പിച്ചു. വിരാടയിൽ സൈനികസംഭരണം ചെയ്യുന്ന പാണ്ഡവരുമായി അവസാന ശ്രമമെന്നനിലയിൽ ശാന്തിദൂതുമായി ദുര്യോധനൻ ഒത്തുതീർപ്പിലെത്താൻ ശ്രമിച്ചു എന്നതൊരു വസ്തുത. ജീവിയ്ക്കാനുള്ള പാണ്ഡവരുടെ ആവശ്യത്തിനു് കുരുവംശനിയമ പരിരക്ഷ വേണമെങ്കിൽ, പാണ്ഡവകുടുംബം ഹിമാലയചുരത്തിലേക്കു് കാവൽജോലിക്കായി താമസം മാറ്റണം എന്നൊരുപാധി വച്ചു് യോഗം പിരിഞ്ഞു. ശ്രമം രഹസ്യമായല്ല. രാജസഭയിൽ പാണ്ഡവപ്രതിനിധിയുമായി. അന്തഃപുരത്തിലോ ഭൂഗർഭഅറയിലോ അല്ല. മൃഗമാംസപ്രിയനായ ചാർവാകൻ കുറച്ചുദിവസമായി പരിഭവത്തിലെന്നുവ്യക്തം. ഊട്ടുപുരയിൽ പതിവായി കിട്ടിക്കൊണ്ടിരുന്ന കാട്ടുപന്നിയിറച്ചി വിളമ്പുന്നതിൽ കുറവു് വരുത്തേണ്ടിവന്നതിൽ മഹാബ്രാഹ്മണന്റെ അതൃപ്തി ഞങ്ങൾ ഉൾക്കൊള്ളുന്നു. ഇനി വർഗം നോക്കാതെ ഏതു മൃഗവും, ഊട്ടുപുരയിൽ വിളമ്പാൻ അത്യുന്നതതലത്തിൽ തീരുമാനമായി. വേറെ ചോദ്യങ്ങൾ ഒന്നുമില്ലെങ്കിൽ വിട!” ഒരുമാസം മുമ്പുവരെ തക്ഷശിലയിൽ രാജ്യതന്ത്ര വിദ്യാർത്ഥിയായിരുന്ന യുവാവു്, ദുര്യോധനന്റെ ഇളയമകൻ ഭരണകൂടവക്താവായി നിയമനം കിട്ടിയിട്ടു് ദിവസങ്ങൾ മാത്രം.
“ബലംപ്രയോഗിച്ചുവേണോ മെലിഞ്ഞുണങ്ങിയ അർജ്ജുനനെ ഒന്നുകുളിപ്പിച്ചെടുക്കാൻ?”, അരമനക്കുപിന്നിലെ ജലാശയത്തിൽ അരങ്ങേറുന്ന വിസ്മയക്കാഴ്ചയിൽ മനംനൊന്ത കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“പാഞ്ചാലിയുമൊത്തവൻ ഇക്കാലവും നീന്തിക്കുളിച്ച ജലാശയം കുറച്ചുനാളായി അവനെ വല്ലാതെ ഭയപ്പെടുത്തുന്നു. പേടിമാറ്റാൻ ആഴങ്ങളിലേക്കു് കളിയായി ഞാനവനെയൊന്നുന്തിയിട്ടാൽമതി, “അരുതേ, നാഗരാജ്യത്തിൽനിന്നെന്നെ കൊണ്ടുപോവാൻ ഉലൂപി അതാ വരുന്നു!”, എന്നവൻ പതർച്ചയോടെ ചുറ്റുംനോക്കി വിലപിക്കും.
“എന്നാൽ നീ കുളത്തിലിറങ്ങേണ്ട, കൽപ്പരപ്പിലിരുന്നാൽ ഞാൻ, കുടംനിറച്ചു ജലധാര ചെയ്യാ”മെന്നു ഇണങ്ങിപ്പറയുമ്പോൾ, “എവിടെ എന്നോടൊപ്പം കടലിൽ നീന്താൻ വന്ന പ്രിയസുഭദ്ര!” എന്നവൻ ചുറ്റും പ്രത്യാശയോടെ നോക്കുന്നു. “ദ്വാരകയിലേക്കവൾ തിരിച്ചുപോയിട്ടു് കാലമെത്രയായി അർജ്ജുനാ!”, എന്നു വേദനയോടെ ഞാനോർമ്മിപ്പിക്കുമ്പോൾ, “എന്നെ നീ അനാഥനാക്കിയോ പ്രിയസുഭദ്രാ!” എന്നവൻ ഏങ്ങലടിക്കുന്നു. നിസ്സംഗതയോടെ രംഗം നോക്കി, “ഇതു് പിടിച്ചാൽ പിടികിട്ടാത്ത വിഷാദരോഗത്തിന്റെ തുടക്ക”മെന്നു രംഗംവീക്ഷിച്ചു പാഞ്ചാലി കരുണയില്ലാതെ രോഗനിർണ്ണയം ചെയ്യുന്നു”.
“നമുക്കു പിടിവിടും മുമ്പവനെ കാട്ടിലേക്കയക്കാ”മെന്നവൾ പിറുപിറുക്കുമ്പോൾ, “ആദ്യം നിന്നെ ഞങ്ങൾ വനവാസത്തിനയക്കട്ടെ, ചെന്നായയും കരിമ്പൂച്ചയുംതിന്നു നീ എല്ലിൻകൂടു് മാത്രമാവുമ്പോൾ അതു് കണ്ടിട്ടു് മതി ഇന്ദ്രപുത്രനായ എന്റെ സ്വർഗ്ഗാരോഹണം”, എന്നർജ്ജുനൻ അവൾക്കുനേരെ ഇരുകൈകളും കൊണ്ടു് സാങ്കൽപ്പിക അസ്ത്രംപിടിച്ചു വെല്ലുവിളിക്കുന്നു. അന്തഃപുരമട്ടുപ്പാവിന്റെ വെണ്ണക്കൽ തൂണിനുപിന്നിൽ മറഞ്ഞിരുന്നു, അഭിമന്യുപുത്രനായ പരീക്ഷിത്തു്, പാണ്ഡവ കുടുംബത്തിലെ അന്തഃഛിദ്രങ്ങൾ നോക്കി ഭാവിയിലേക്കു് എന്തൊക്കെയോ കണക്കുകൂട്ടുന്നതു് കൊട്ടാരം ലേഖിക ചെരിഞ്ഞുനോട്ടത്തിലൂടെ കണ്ടപ്പോൾ, കുളക്കടവിൽനിന്നും കൗശലപൂർവ്വം പിന്മാറി.
“സന്യസ്തർക്കു് സേവനം നൽകൂ എന്ന ശിക്ഷാ ദൗത്യമാണു് വനവാസക്കാലപാണ്ഡവർക്കു് നീതിമാനായ ദുര്യോധനൻ വിധിച്ചതു്. പരിത്യാഗികളായി, താഴ്‌വരയിൽ കഴിയുന്ന നിങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനൊക്കെ പാണ്ഡവർ പതിവായി ഈ വഴി വരാറില്ലേ?”, ആശ്രമ സമുച്ചയത്തിന്റെ കാര്യദർശിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. അംഗപരിമിതനായ ആ സന്യസ്തയുവാവു് ജാലകത്തിന്നരികെ ജാഗ്രതയിലായിരുന്നു.
“കണ്ടാലൊരു ദേവസ്ത്രീയെ പോലെ തോന്നുന്ന പാഞ്ചാലി ഗാർഹികമാലിന്യം നീക്കുമെങ്കിലും, പാണ്ഡവർ ഇവിടെ പതിവു് സന്ദർശകർ അല്ല. നകുലൻ എന്നൊരാൾ വരുമായിരുന്നു. സന്യസ്തരിൽ ആരാണു് ദുര്യോധനചാരൻ എന്നയാൾക്കു് അറിയാമെന്നു പെരുമാറ്റത്തിൽ തോന്നിയപ്പോൾ, ഞങ്ങൾ യോഗം ചേർന്നു് രഹസ്യതീരുമാനമെടുത്തു, നകുലനുമായി മിണ്ടാട്ടം നിർത്തി, വിവരം അറിയിക്കേണ്ടവരെ നടപടിക്രമമനുസരിച്ചു രഹസ്യപദാവലിയിലൂടെ അറിയിച്ചു. ദുര്യോധനനുണ്ടോ ഇതൊക്കെ അറിഞ്ഞാൽ അടങ്ങുന്നു, ആശ്രമങ്ങളിൽനിന്നു് ജൈവമാലിന്യശേഖരണം പാഞ്ചാലിയുടെ പ്രാഥമികചുമതല ആണെങ്കിലും, അന്തരീക്ഷമലിനീകരണമില്ലാതെ ജൈവമാലിന്യം ആഴത്തിൽ കുഴിച്ചുമൂടേണ്ട പണി നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നു് ഉത്തരവായി. ഇപ്പോൾ ഞങ്ങളെ വഴിയിൽകണ്ടാൽ നകുലൻ പല്ലു് ഞെരിക്കുന്നതു് കാണാം. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ മതേതരരാജ്യമായി ഹസ്തിനപുരിയെ പ്രഖ്യാപിക്കുമെന്നറിയുന്നു. ഞങ്ങൾ ആചാരസംരക്ഷണരാഷ്ട്രീയം കളിക്കുന്നു എന്നാണവരുടെ പരിഭവം. സന്യസ്തആശ്രമങ്ങൾക്കു് ധാന്യസഹായവും സുരക്ഷയും നിർത്തുമെന്നു് ഇടക്കൊക്കെ ഭീഷണിപ്പെടുത്തും. ജീവിതസൗഭാഗ്യങ്ങൾ ഉപേക്ഷിച്ചു, ഈ കാണുന്ന പ്രപഞ്ചം ആരെന്തിനുവേണ്ടി സൃഷ്ടിച്ചു എന്നറിയാൻ ഹൃദയാന്തരാള ങ്ങളിലേക്കു നോട്ടംപതിപ്പിക്കുന്ന ഞങ്ങളെയൊക്കെ ആ വിധം പീഡിപ്പിക്കാൻ എന്തിനു വിശ്വപ്രകൃതി പാണ്ഡവർക്കു് പിറവി നൽകി!”
“ശരിക്കും പേറ്റുചൂടുപോവാത്ത കൊച്ചുകുഞ്ഞിനെ പുഴവെള്ളത്തിൽ മുക്കിക്കൊന്നു എന്നാണോ”, കൊട്ടാരം ലേഖിക ഹസ്തിനപുരി മഹാരാജാവു് ശന്തനുവിനോടു് ചോദിച്ചു. നവജാതശിശുമരണത്തിനും ഭാര്യ ഗംഗയുടെ രണ്ടാമത്തെ ഗർഭധാരണത്തിനുമിടയിലെ ദുഃഖാചരണ ഇടവേളയിലായിരുന്നു കിരീടാവകാശിക്കായി പാടുപെടുന്ന കുരുവംശ മഹാരാജാവു്.
“മാതാവും വിശ്വപ്രകൃതിയും തമ്മിലുള്ളപൂർവ്വഇന ഉടമ്പടിയാണതെന്നു ഞാൻ ഊഹിച്ചെടുക്കുന്നു. അന്തഃപുരം ഈറ്റില്ലത്തിലെ പ്രസൂതിവിശദാംശങ്ങൾ പതിവു് അഭിമുഖങ്ങളിലെന്ന പോലെ കുത്തിക്കുത്തി ചോദിക്കരുതേ. ആകെകുഴഞ്ഞു പോവും. മനുഷ്യസ്ത്രീയല്ല ആകാശചാരിയാണവളെന്ന പൊതു സങ്കൽപ്പം അരമനയിൽ ശക്തമാണു്. കാരണം, ചുറ്റുമുള്ള പെൺസഹായികളെ വെട്ടിച്ചെങ്ങനെ പെറ്റകുഞ്ഞുമൊത്തു ഗംഗാദേവി പുഴയിലെത്തും? ശിരസ്സിനുപിന്നിൽ കൈകൾ ഇങ്ങനെ പിണച്ചു വിദൂരതയിലേക്കു് നോട്ടംപായിച്ചു വിഭാവന ചെയ്യുമ്പോഴൊക്കെ എനിക്കും വിസ്മയം തോന്നി. വിശാലമായി ചിന്തിച്ചപ്പോൾ മനസ്സിലായി ഈ പാരാവാരത്തിൽ, ദൈവമേ, വിസ്മയം തോന്നാത്ത എന്തുണ്ടു്? എന്റെ ഉള്ളിന്റെയുള്ളിൽ രതിയൂർജ്ജ രക്തപ്രവാഹം പഴയപോലെ ഊർജ്വസ്വലമായിരിക്കുന്നു. അന്തഃപുരത്തിൽ പോകാൻ അനുവദിക്കൂ—ഗർഭധാരണത്തിനു് ദേവസുന്ദരി ഗംഗയുടെ പൊന്നുടലിപ്പോൾ ജൈവികവും വൈകാരികവുമായ ബീജസംഭരണത്തിനു പൂർണ്ണമായും തയ്യാറെടുപ്പിലെന്നു രഹസ്യവിവരം കിട്ടി.”