“ഇരുമ്പുപ്രതിമ ‘തവിടുപൊടി’യാക്കിയോ?”,കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി ഉപചാരത്തോടെ ചോദിച്ചു. കുരുക്ഷേത്രയിൽ കൗരവവംശഹത്യക്കു് മുഖ്യകാർമ്മികനായ ഭീമനെ ഗാഢആലിംഗനംവഴി വകവരുത്താൻ ആവാതെ മഹാരാജാവു് ധൃതരാഷ്ട്രർ നീറിപ്പുകയുന്ന രംഗങ്ങൾ പാണന്മാർ നഗരത്തെരുവുകളിൽ പാടിരസിക്കുന്ന സംഘർഷദിനങ്ങൾ.
“ഇരുമ്പുപ്രതിമയെന്ന ‘ആലിംഗനആശയം’ തന്നെ എത്ര അബദ്ധജടിലം! കാഴ്ചപരിമിതനെങ്കിൽ സ്പർശനേന്ദ്രീയവും ഉപയോഗരഹിതമാവുമോ? നൂറു വാടകഗർഭങ്ങളിലൂടെ, അത്രയും കൗരവ കുട്ടികൾക്കു് മരണംവരെ അമ്മയായ മഹാറാണി ഗാന്ധാരി നൂറ്റുവരിൽ ഓരോ കൗരവനെയും കൃത്യമായി ആളറിഞ്ഞതു പെരുമാറിയതു് ഓരോരുത്തരുടെയും സവിശേഷമായ ഉടൽമണം അറിഞ്ഞായിരുന്നില്ലേ. ഭീമശരീരഗന്ധമെനിക്കു് ഹൃദിസ്ഥമാണു്. അതുകൊണ്ടുതന്നെ, കുടിലപാണ്ഡവപദ്ധതിയിൽ യുധിഷ്ഠിരൻ എന്റെ മുമ്പിൽ നിർത്തിയ ആ ഇരുമ്പുപ്രതിമ ഞാൻ ഈ പ്രായത്തിലും ആലിംഗനംചെയ്തു പൊട്ടിച്ചതു് കേവലമൊരു കായികശക്തി പ്രകടനമായി വേണ്ടേ കണ്ടുനിന്നവർ കാണാൻ? പ്രതിമ തകരുന്നതു് നേരിൽ പഞ്ചപാണ്ഡവർ കണ്ടിട്ടുണ്ടെങ്കിൽ മനസിലാക്കിയിട്ടുണ്ടാവും, മക്കൾ നൂറും കാലപുരിയിൽ പോയിട്ടും ഭരിക്കുന്ന ഈ ‘കൗരവസിംഹ’ത്തിന്റെ ഉൾക്കരുത്തു വംശഹത്യക്കൊപ്പം മാഞ്ഞുപോയിട്ടില്ല.”
“മയൻനിർമ്മിത സഭാതലങ്ങളിൽ പെരുമാറി പരിചയിച്ച പാണ്ഡവർക്കു് വനവാസക്കാലജീവിതത്തിനുവേണ്ടി പണിയാൻപറ്റിയതു് ഈ കൂര?” ഹസ്തിനപുരിയിൽനിന്നും വഴിയത്രയും താണ്ടി മലഞ്ചെരുവിലെ വനാശ്രമത്തിൽ എത്തിയ കൊട്ടാരം ലേഖിക വിസ്മയിച്ചു.
“കുട്ടിക്കാലം കാട്ടിൽ പരിമിതസൗകര്യങ്ങളുമായി പരാതിയില്ലാതെ കഴിഞ്ഞ പാണ്ഡവർക്കു് സഹിക്കാനാവാത്തതു ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയല്ല, മരപ്പട്ടിയാകുന്നു. ഉറങ്ങാൻകഴിയില്ല മരപ്പട്ടി കാരണം കുടിവെള്ളംനിറച്ച മൺപാത്രത്തിൽ മരപ്പട്ടി മൂത്രമൊഴിക്കും എത്രനാൾ ഭൂമിയുടെ അവകാശികൾ എന്ന മുദ്ര കൊടുത്തു നികൃഷ്ടജീവികളെ കൊല്ലാതെവിടും എന്നാണു സാമ്രാജ്യവും സമ്പത്തും നഷ്ടപ്പെട്ട പാണ്ഡവരുടെ അസ്തിത്വദുഃഖം” തലേന്നു് കൊണ്ടുവന്ന നായാട്ടുമൃഗത്തെ ഭക്ഷ്യയോഗ്യമാംസമാക്കുന്ന പാണ്ഡവർ അത്താഴത്തിനുള്ള ഇറച്ചിക്കായി ഇരയെ ആഞ്ഞുവെട്ടി.
“അടികൊണ്ടുവീണ ദുര്യോധനന്റെചെവിയിൽ നിങ്ങൾ വികാരഭരിതനായി മന്ത്രിക്കുന്നപോലെ ദൂരെനിന്നും കണ്ടു. ഇരയുടെമേൽ നിങ്ങളുടെ ഗദയിൽനിന്നുണ്ടായ അധാർമിക പ്രഹരം തിരിച്ചറിഞ്ഞു സ്വയം അപലപിക്കുകയായിരുന്നോ, മനഃസാക്ഷിക്കുത്തിൽ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പതിനെട്ടാം ദിവസം സന്ധ്യ.
“പതിമൂന്നുകൊല്ലമായി കരളിനുള്ളിലൊരു നെരിപ്പോടു് പുകയുന്നുണ്ടായിരുന്നു. പാണ്ഡവഭാര്യ എന്നതിന്റെ പേരിൽ, പാഞ്ചാലിയെ കൗരവഅടിമയെന്നവൻ പ്രഖ്യാപിച്ചു, പിന്നീടുള്ള വ്യാഴവട്ട വനവാസംക്കാലം സമീപത്തെ സന്യസ്ഥാശ്രമങ്ങളിലെ ജൈവ വിസർജ്യങ്ങൾ തലച്ചുമടായി ദൂരെകൊണ്ടുപോയി കുഴികുത്തി മൂടണമെന്ന കൗരവആജ്ഞ ഓരോ ദിവസവും അവൾ അനുസരിക്കുന്നതും, തിരിച്ചു മലിനവസ്ത്രങ്ങളുമായി തോട്ടിലേക്കു് പോവുന്നതും നിസ്സഹായമായി നോക്കിനിൽക്കുമ്പോഴെല്ലാം ഞാനുറച്ചു, ഒരു ദിവസംവരും. അന്നു്, ദുര്യോധനാ, നിന്റെ തുടയിടുക്കിൽ ആഞ്ഞടിച്ചു അന്തരാളങ്ങൾ തകർക്കും. ദുഷിച്ച ജൈവ മാലിന്യങ്ങളുമായി നീ അന്ത്യശ്വാസം വലിക്കുമ്പോൾ, കഴുകനും കുറുനരിയും കൊത്തിവലിക്കുന്നതു കൈകൊട്ടി ഭർത്താക്കന്മാർ ആഘോഷിക്കും. പ്രിയപാഞ്ചാലീ, സൗഗന്ധികംകൊണ്ടു് നിന്നെ പ്രീതിപ്പെടുത്താൻ ഞാൻകൊതിച്ചപ്പോൾ, ദുര്യോധനൻ എങ്ങനെ നിന്നെ ഈ വിധം അവമതിച്ചു മലിനപ്പെടുത്തി!” ഹസ്തിനപുരിയിലേക്കുള്ള യാത്ര. പത്തിനു് താഴെവരുന്ന പാണ്ഡവസംഘം നീർച്ചോലയിൽ കുളിച്ചു വൃത്തിയാവുന്ന നേരം.
“ദുര്യോധനജഡം എങ്ങനെയോ അങ്ങനെ എന്ന നിലയിൽ വിധവയുടെ വീടിനുമുമ്പിൽവച്ചു് പാണ്ഡവസംഘം കൊട്ടാരത്തിലേക്കു മടങ്ങിപ്പോയതാണല്ലോ കുതിരപ്പന്തിയിൽ മുഖ്യചർച്ച. കൗരവനായകന്റെ ശവസംസ്കാരം ആചാരബദ്ധമായി ചെയ്തുകൊടുക്കേണ്ടതു് അർധസഹോദരന്മാരായ പാണ്ഡവരുടെ പരിധിയിൽ വരില്ലേ”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിലെ സംഘർഷഭരിതമായ ആദ്യദിനങ്ങൾ.
“ജഡം കാഴ്ചവസ്തുവാക്കി ഗാന്ധാരി പൊതുവേദിയിൽ മുതലെടുക്കുമെന്നതൊരു സംശയമായിരുന്നില്ല സാധ്യതയായിരുന്നു എന്നു് കുരുക്ഷേത്രയിൽ ‘വിലാപം’ കണ്ട നിങ്ങൾക്കപ്പോൾതന്നെ ബോധ്യംവന്നതല്ലേ. ദുര്യോധനനു് യമുനാതീരത്തു ശക്തിയിടം എന്നൊരു അന്ത്യവിശ്രമസ്ഥലി വേണമെന്ന ദുര്യോധനവിധവയ്ക്കു് ആവശ്യം ഉന്നയിക്കാൻ ശവമടക്കു് ദുരുപയോഗം ചെയ്യുമെന്ന സംശയത്തിൽ ഞങ്ങൾ പൂർണ്ണമായി വിട്ടുനിന്നു. പാണ്ഡവകൗരവയുദ്ധം സൗഹൃദമത്സരമായിരുന്നില്ല കുരുക്ഷേത്രത്തിൽ. കൗരവതിന്മക്കുമേൽ പാണ്ഡവനന്മക്കു ആകാശചാരികൾ നൽകിയ വിജയമായിരുന്നു നൂറുകൗരവജഡങ്ങൾ ഞങ്ങൾ വിധവൾക്കു എത്തിച്ചുകൊടുത്തു എന്നാൽ ചരമശ്രൂഷയോ ബലിയോ ഞങ്ങൾ ചെയ്തില്ല. ദുര്യോധനവിധവയെ മുൻനിർത്തി അതൊരു പാണ്ഡവവിരുദ്ധ പൊതുവേദിയാക്കിയാൽ? അതാണു് പറഞ്ഞതു് ജീവിച്ചിരിക്കുമ്പോൾ ഞങ്ങളോടു് കാണിക്കാത്ത ഉപചാരങ്ങൾ അവരുടെ ആത്മാക്കൾ പ്രതീക്ഷിക്കുന്നതിൽ എന്തർത്ഥം! എന്നാൽ പുണ്യനദിയിൽ കുരുക്ഷേത്രബലിദാനികൾക്കു ബലിയിടുമ്പോൾ സാന്ദർഭികമായി കൗരവാത്മാക്കൾക്കും കിട്ടും എള്ളും പൂവും.”
“നിങ്ങളൊക്കെ മൂകസാക്ഷികളായി കൊലപാതകം കണ്ടുനിന്നു എന്നാണോ പൊതുസമൂഹം മനസ്സിലാക്കേണ്ടതു്?”, വെട്ടും കുത്തുമേറ്റു ചിന്നിച്ചിതറിയ അഭിമന്യുവിന്റെ ഭൗതികശരീരം നോക്കി കൊട്ടാരം ലേഖിക പാണ്ഡവരോടു് ചോദിച്ചു. കുരുക്ഷേത്ര.
“പദ്മവ്യൂഹത്തിന്റെ രഹസ്യവാക്കറിയാത്ത അഭിമന്യു പോർക്കളത്തിൽ സാഹസം ഒന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം എന്നു പറഞ്ഞായിരുന്നു പാർത്ഥനും സാരഥിയും പുറത്തു പോയതു്. ദ്രോണഗുരുകുലത്തിൽ ഞങ്ങളെ പഠിപ്പിച്ചില്ല എന്നതുകൊണ്ടു് ഭാവിയിൽ ഈ വ്യൂഹം കൗരവർ ഉപയോഗിക്കുമെന്നാരോർത്തു. നാലുപാണ്ഡവരും ഒളിത്താവളത്തിൽ സുരക്ഷിതത്വം കണ്ടെത്തുമ്പോഴേക്കു് അഭിമന്യു ഞങ്ങളുടെ ഉപദേശംതള്ളി കൗരവകെണിയിൽ വീണു. എന്തുചെയ്യാം അവൻ രക്തസാക്ഷിപദവി നേടി. വരുംയുഗങ്ങളിലും ഉണ്ടാവും പറ്റിയ പിന്തുടർച്ചക്കാർ!”
“നവജാതശിശുവിനെ ശ്വാസംമുട്ടിച്ചുകൊന്നു വിജയഭാവത്തിൽ വലിഞ്ഞുനടക്കുന്ന ദുർദേവതേ, ഒന്നുനിൽക്കാമോ? നൊന്തുപെറ്റ കുട്ടികളെ എട്ടിനെയും പുഴവെള്ളത്തിൽ മുക്കിക്കൊന്ന നിങ്ങൾ എങ്ങനെ, പുരോഗമന സമൂഹമെന്നറിയപ്പെടുന്ന ഹസ്തിനപുരി ഭരണകൂടത്തിന്റെ കർശന നീതിനിർവഹണത്തിൽ പ്രതിസ്ഥാനത്തുവരാതെ ഓടിരക്ഷപ്പെട്ടു?”, ആകസ്മികമായി നദീതീരത്തു് കണ്ട ഗംഗാദേവിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“നിങ്ങളുടെ ശന്തനുവിനെപ്പോലൊരു സ്ത്രീലമ്പടനെ ഭർത്താവായി കിട്ടിയാൽ, പെറ്റകുട്ടികളെ മാത്രമല്ല പേറ്റുചെലവു് വഹിക്കുന്ന രാജാവിനെയും വകവരുത്താനുള്ള ഉപായങ്ങൾ തനിയെ നിങ്ങളിൽ ഉണ്ടാവും!”
“ദ്രോണർ സ്ഥലത്തില്ലാത്ത സമയത്തു, ഭീമൻ ദുര്യോധനനെ ഭീകരമായി മർദിക്കുന്നതു കണ്ടിട്ടും, മറ്റുനാലു പാണ്ഡവർ അർത്ഥഗർഭമായ മൗനംപാലിച്ചു എന്നൊരു ആഖ്യാനം കുതിരപ്പന്തികളിൽ കറങ്ങിയിരുന്നല്ലോ. മടങ്ങിവന്ന ദ്രോണർ മൗനം പാലിച്ചവരെ ഒരാഴ്ച ശ്രമദാനശിക്ഷ നൽകി ശിഷ്യഗണ ത്തിന്റെ പൗരധർമ്മം അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്നാൽ അതേ ദ്രോണർ, ദ്രൗപദീവസ്ത്രാക്ഷേപത്തിൽ ‘മൗന’സാക്ഷിയായി എന്നതിൽ പൗരധർമ്മത്തെക്കുറിച്ചു എന്ത്നാം വായിച്ചെടുക്കണം?” കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു. ദ്രോണജന്മദിനാഘോഷത്തിൽ വിരുന്നുവന്നതായിരുന്നു യുക്തിവാദി.
“ഗുരുകുലം തുടങ്ങുന്നകാലത്തു കൗശലദ്രോണർ അറിഞ്ഞു അഭയാർത്ഥിപാണ്ഡവർ എന്തുപീഡനവും സഹിക്കും. അവരെ ശിക്ഷിക്കാൻ മനഃസാക്ഷിയോടു കൂടിയാലോചിക്കേണ്ടി വന്നില്ല എന്നാൽ പാഞ്ചാലിയുടെ ഉടുതുണിയിൽ ദുശ്ശാസനൻ പിടിമുറുക്കിയപ്പോൾ ‘അരുതേ കാട്ടാളാ’ എന്നു് വിലപിക്കാൻ ആവാത്തവിധം ദ്രോണർ ഹസ്തിനപുരി അരമനവാസത്തിൽ അഭിരമിച്ചിരുന്നു. മൂന്നുനേരം സമൃദ്ധമായി ഇഷ്ടഭക്ഷണം കിട്ടുക സൈനികഉപദേശകൻ എന്ന നിലയിൽ യുദ്ധക്കോപ്പുനിർമ്മാണത്തിനുവേണ്ട ആയുധകരാറുകൾ വീതിക്കുമ്പോൾ, മടിനിറയെ വെള്ളിനാണയങ്ങൾ വീണുകിട്ടുക ഇതൊക്കെ കൈവിട്ടു എന്തിനു പ്രതിരോധിക്കണം പാഞ്ചാലിയെ?”
“വിരുന്നുവന്ന അർധസഹോദരഭാര്യയെ പരസ്യമായി ഉടുതുണിയിൽ വലിച്ചുകീറി ലൈംഗികമായി മാനഭംഗപ്പെടുത്തിയ, കണ്ടാലറിയുന്ന കൗരവപ്രതിയെ നീതിപീഠത്തിൽ പ്രതിരോധിക്കാൻ ഹസ്തിനപുരിയിലെ നിയമവിദഗ്ധർ ഭൂഗർഭഅറയിലിരുന്നു കൂടിയാലോചിക്കുന്നുണ്ടല്ലോ. ഇതൊക്കെ കാണുന്നുണ്ടാവില്ലേ നീതിപതി?” കൊട്ടാരം ലേഖിക കൗരവഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവിനോടു് ചോദിച്ചു വസ്ത്രാക്ഷേപണപ്പിറ്റേന്നു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനികൂടിയായ പാഞ്ചാലി സമർപ്പിച്ച പീഡനപരാതി നീതിപീഠം കേൾക്കാൻ തയ്യാറായെന്ന രഹസ്യവിവരമറിഞ്ഞു നേരത്തെ എത്തിയതായിരുന്നു കൊട്ടാരംലേഖിക.
“അതെങ്ങനെ സാധിക്കും? നീതിപീഠത്തിൽ എത്തിയാൽ അസുഖകരമായ ദർശനങ്ങളിൽനിന്നും ഒഴിവാക്കിക്കിട്ടാൻ ഗാന്ധാരിയെപോലെ സ്വയം കാഴ്ച നിഷേധിക്കുന്നൊരു പ്രതിഭാസമായില്ലേ ഹസ്തിനപുരി നീതിദേവത!”
“വിശ്വമാകെ വനിതാവകാശങ്ങൾ മഹത്വപ്പെടുന്ന ഇന്നു വേദ വ്യാസനുമായി നിങ്ങൾക്കെന്താ വാക്കുതർക്കം? കുരുവംശാവലി നോക്കി ഔദ്യോഗിക ചരിത്രകാരനാവാൻ അമ്മസത്യവതിയിൽ നിന്നും നിയോഗംനേടിയ ലോകാരാധ്യദാർശനികനല്ലേ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“അതു് തന്നെയാണു് തർക്കം. ദ്രൗപദിയുടെ ജീവിതം കരൾനോവിക്കുന്ന കദനകഥയായല്ല, സാംസ്കാരികപഠനം എന്ന നിലയിൽ വേണം മഹാഭാരതഇതിഹാസത്തിൽ അവതരിപ്പിക്കാൻ എന്ന നിലപാടവൾ ആദ്യകരടു് വായിച്ചപ്പോൾതന്നെ കനപ്പിച്ചിരുന്നു. ഒരൊഴുക്കൻ ജീവിതാനുഭവം എന്ന പെണ്ണനുകൂലരചനാശൈലി അസ്വീകാര്യമെന്നവൾ അനിഷ്ടം അറിയിച്ചു. വസ്ത്രാക്ഷേപത്തിന്നിടയിൽ ഊരിപ്പോകുന്നതൊന്നുമല്ല പാഞ്ചാലിയുടെ രണോർജ്ജം എന്നുമവൾ മൃദുവായി ഓർമ്മിപ്പിച്ചു. മലയടിവാരത്തിലെ വ്യാസാശ്രമത്തിൽ, ഇതിഹാസത്തിന്റെ രണ്ടാംകരടെഴുതാൻ ശിഷ്യന്മാർക്കൊപ്പം പാടുപെടുകയായിരുന്ന വ്യാസൻ നിലത്തു നിന്നും എഴുനേറ്റുനിന്നാണവൾക്കു ചെവികൊടുത്തതും “നീ കാലാതിവർത്തിയായ ഇതിഹാസനായിക” എന്നു തലയിൽ കൈവച്ചനുഗ്രഹിച്ചതും. അഭിമുഖങ്ങളുടെ പനയോലക്കെട്ടു വ്യാസാശംസകളോടെ പ്രസിദ്ധീകരിക്കാനാവട്ടെ എന്നുപറഞ്ഞു രചനയിലേക്കു ശ്രദ്ധതിരിക്കുമ്പോഴേക്കും, പാഞ്ചാലി മടക്ക യാത്രക്കായി രഥത്തിൽ കയറി. ഇവിടെ എന്നെ കൂട്ടിനുവിളിച്ചു മത്സരിച്ചുനീന്താൻ, ഉടുതുണിയൂരി!”
“അരക്കെട്ടിൽ പിടിമുറുക്കി ഉടുതുണിവലിച്ചൂരുന്ന കൌരവനെ നിങ്ങൾ നിസ്സഹായതയിൽനോക്കി, അങ്ങനെ വിറച്ചുവിറച്ചു നിന്നു? ഭീമാകാരന്മാരായ അഞ്ചുഭർത്താക്കന്മാരെ വിരൽചലനത്തിലൂടെ ചൊൽപ്പടിയിൽ നിർത്താൻ ആജ്ഞാശക്തിയുള്ള നിങ്ങൾ, ഇന്നലെവരെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി, വലതുകൈ ഉയർത്തി സ്ത്രീപീഡകന്റെ ചെകിട്ടത്തു ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ എന്നു് ആ രംഗത്തിനു സാക്ഷിയായ ഞാൻ കൊതിച്ചു” കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
“അതു് സ്ത്രീപീഡകനായിരുന്നുവോ? പീഡിപ്പിച്ചതു് കൗരവസഭയിലായിരുന്നുവോ? കൗരവവധുക്കളുടെ അന്തഃപുരത്തിൽ പുതുതലമുറ രാജകുമാരികൾക്കു് ഉടൽസൌന്ദര്യപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്നു ഞാൻ. പ്രണയത്താൽ പരവശനായ ഒരുകൌരവൻ അന്തഃപുരത്തിൽ ഇടിച്ചുകയറി എന്നെ പുണർന്നുകോരിയെടുത്തു പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു. വേനൽപുഴുക്കത്തിൽ നനഞ്ഞിരുന്ന മേൽവസ്ത്രങ്ങൾ ഒന്നൊന്നായി വേർപെടുത്തിയതു് ഓർമ്മിക്കുന്നു. എല്ലാം കണ്ടു് മുഖംകരുവാളിച്ച പാണ്ഡവർ പരിഭ്രമിച്ചു പതറുന്നതു് ഓർമ്മിക്കുന്നു.” മഹാറാണിയുടെ മിഴികൾ ഓർമക്കൊപ്പം വിദൂരതയിലേക്കു് പാഞ്ഞു “ഇന്നത്തെ അഭിമുഖം കഴിഞ്ഞു” എന്നു് ഇളമുറ നകുലൻ, ആംഗ്യഭാഷയിൽ സിംഹാസനത്തിനുപിന്നിൽനിന്നും അറിയിച്ചു.
“പെൺപീഡനം ഒച്ചപ്പാടുണ്ടാക്കിയല്ലോ. എന്താണതിലെ വൃത്തികെട്ട രാഷ്ട്രീയം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവരുടെ വനവാസ സഹനം.
“വസന്തകാലത്തു പാഞ്ചാലരാജധാനിയിൽ ജൈവമാലിന്യ നിർമ്മാർജ്ജനമുണ്ടു്. സേവനദാതാക്കളായ സ്ത്രീകൾ പങ്കെടുക്കുന്നൊരു കർമ്മസേന, പെരുമാറുന്ന ഇടങ്ങളിലെ അകവും പുറവും, കുറ്റിച്ചൂലുമായി ചുറ്റിനടന്നു, മാലിന്യമുക്ത അരമനയാക്കുന്നതു ‘ആൺപിറന്നവർ’ക്കൊരു ആനന്ദക്കാഴ്ചയായിരുന്ന കാലം. ഇവിടെ വനവാസക്കാല ‘അടിമജീവിത’ത്തിൽ അകപ്പെട്ട ഞാൻ മലയോരആശ്രമങ്ങളിലെ നിഷ്ക്രിയമാലിന്യങ്ങൾ നീക്കുന്നതിനിടയിൽ, ‘കുഴിമടിയൻ’ സന്യസ്തരെയും കൂട്ടത്തിൽപെടുത്തി എന്നാരോപിച്ചു, ആശ്രമകാര്യദർശി, ദുര്യോധനനോടു് പരാതി അറിയിച്ചു. ഞങ്ങൾ ആറുപേരെ ചാരനോട്ടത്തിൽ നിർത്തുന്ന സന്യസ്തരെ മാലിന്യക്കുഴിയിൽ മറവുചെയ്തു എന്നായി കാര്യദർശി. വാർത്ത വളഞ്ഞവഴിയി ‘ദേശീയശ്രദ്ധ’ ആകർഷിച്ചു എന്നല്ലേ ‘മാപ്ര’യുടെ വാമൊഴി നേരെചൊവ്വേ വിശ്വസിക്കാമെങ്കിൽ അനുമാനിക്കേണ്ടതു്? അതിലപ്പുറം എന്തു് രാഷ്ട്രീയമുണ്ടു് മാധ്യമപ്രവർത്തനത്തിൽ!”
“കർണ്ണപ്രണയത്തെ ജാതിയോടുമിച്ചെന്നൊരു ആക്ഷേപം ചാർവാകൻ പേർപറഞ്ഞുയർത്തുന്നതു് ഇന്നലെ കണ്ടു. ജാതിമഹിമയെ കുറിച്ചെന്തെങ്കിലും ഇക്കാലത്തു ഹസ്തിനപുരിയിൽ പറഞ്ഞാൽ, രാഷ്ട്രീയശരിയെ പരക്കെമാനിക്കുന്ന കൗരവർ പരിഭ്രമിക്കും. ദ്രൗപദീപരിണയത്തിനായി കർണ്ണൻ പാഞ്ചാലയിലെ ആയുധമത്സരത്തിൽ പങ്കെടുക്കാൻ എഴുന്നേറ്റപ്പോൾ, കർണ്ണ‘ജാതി’യെ കുറിച്ചു് നിങ്ങളുടെ പരാമർശം അവനെ തളർത്തുന്നപോലെ തോന്നി എന്നായിരുന്നു സുഹൃത്തും കീഴാളരക്ഷകനുമായ ദുര്യോധനന്റെ വേദനയോടെയുള്ള നിരീക്ഷണം. അർജ്ജുനനെ വെല്ലുന്ന ആയുധമികവുള്ള ‘സൂത’യോദ്ധാവിനെ നിങ്ങൾ നയപരമായി മത്സരത്തിൽനിന്നും ഒഴിവാക്കുന്നതിനുപകരം, ‘സൂത’ജാതിയിൽ വെറുപ്പു് കേന്ദ്രീകരിക്കുന്ന യാഥാസ്ഥിതികരീതിയാണോ, പരിഷ്കൃതയെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന നിങ്ങൾ അവലംബിക്കേണ്ടതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. നഗരാതിർത്തിയിലെ അതിഥി മന്ദിരത്തിലായിരുന്നു പാണ്ഡവവധു, ഔദ്യോഗികമായി കോട്ടക്കകത്തൊരു അരമന വസതി അനുവദിച്ചുകിട്ടും വരെ, താമസം.
“ഒരുനിമിഷം, ഈ ജാലകത്തിലൂടെ ഒളികണ്ണിട്ടൊന്നു നോക്കൂ വരിവരിയായി, കയ്യിൽ പൂക്കളും കണ്ണിൽപ്രണയവുമായി നിൽക്കുന്നവർ ഇളമുറകൗരവരാണു്. നിത്യവും ഒരു സംഘം വരും, ആചാരപരമായി മുട്ടുകുത്തികൈമുത്തും, ചെറിയൊരു സ്പർശലാളനക്കായി തൊട്ടുരുമ്മി മുഖംചേർത്തു ഐക്യപ്പെടും കിട്ടേണ്ടതു് കിട്ടിക്കഴിഞ്ഞാലവർ സംതൃപ്തിയോടെ നിറമിഴികളോടെ യാത്രപറയും. എന്നാൽ സൂതപുത്രനും അംഗരാജാവും ദുര്യോധനസുഹൃത്തുമായ കർണ്ണൻ? ആരാധകൻ എന്ന പ്രണയപദവി വിട്ടു പ്രകോപകൻ എന്ന മട്ടിലൊരു നോട്ടപ്പുള്ളിയായപ്പോൾ, പാഞ്ചാലയിലെ പരിണയപ്പന്തലിൽ അവനെ ഒതുക്കാൻ, തൊട്ടാൽപൊള്ളുന്ന ജാതിസൂചനയല്ലാതെ തരമില്ലായിരുന്നു.”
“അതിസുന്ദരിയായ ക്ഷത്രിയരാജകുമാരിയിൽ, ‘പ്രകാശത്തിന്റെ തമ്പുരാ’നുണ്ടായ വിവാഹപൂർവരഹസ്യസന്തതിയാണു് ഞാൻ എന്നവൻ പരിണയവേദിയിൽ തൊട്ടടുത്തുനിന്നു മേനിപറഞ്ഞപ്പോൾ, നിലവിട്ടു “പെറ്റതള്ളയേയും ബീജദാനിയെയും നമുക്കൊരുമിച്ചു വലവിരിച്ചു പിടിക്കാം, പ്രിയപ്പെട്ടവനേ” എന്നു് ഞാനവനെ ആലിംഗനംചെയ്തു പ്രോത്സാഹിപ്പിക്കും എന്നായിരുന്നോ ദുരഭിമാനിയുടെ ശുഭപ്രതീക്ഷ?”
“കുരുവംശ‘ഗാഥ’ എഴുതാൻ നിങ്ങളെ ആരും സമീപി ച്ചിട്ടില്ലേ?”, അംഗീകൃതചരിത്രകാരനായ സത്യവതീപുത്രനിൽനിന്നും പരേത കൗരവർക്കു നീതികിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ ദുര്യോധന വിധവ, ഭാവിയെക്കുറിച്ചു ആശങ്കപ്പെടുന്ന ദിനങ്ങൾ.
“തക്ഷശിലയിൽനിന്നുമൊരു ചരിത്രഅദ്ധ്യാപിക ഹസ്തിനപുരിയിൽ, എന്റെകൂടെ പരിമിതസൗകര്യങ്ങളിൽ പ്രസന്നതയോടെ താമസിച്ചു ദുര്യോധനജീവിതത്തിലെ പരുക്കൻവശങ്ങൾ പനയോലയിൽ പകർത്താൻ പലവട്ടം ഞങ്ങളെ അഭിമുഖം ചെയ്തു. കലിംഗദേശത്തിൽ നിന്നും ഹസ്തിനപുരിയിൽ നവവധുവായി വന്ന ഞാൻ കണ്ട യുവകോമളൻ എങ്ങനെ നാൾക്കുനാൾ കിരീടാവകാശി എന്ന അംഗീകൃതപദവിയിൽനിന്നും തികച്ചുമൊരു രാഷ്ട്രതന്ത്രജ്ഞൻ ആവുന്നതു് അന്തഃപുരകാഴ്ചപ്പാടിൽ വിലയിരുത്തി എന്നു ഞാൻ ഓർത്തെടുത്തു. പക്ഷേ, കഷ്ടം, എല്ലാം കേട്ടറിഞ്ഞശേഷം, അവൾ എന്റെ കൈപിടിച്ചു് പറഞ്ഞു, ചാരവകുപ്പു മേധാവി നകുലൻവഴി സന്ദേശവാഹകൻ അവൾക്കു മുന്നറിയിപ്പു് കൊടുത്തു, “നാളന്ദ തക്ഷശിലയെന്നൊന്നും കേട്ടു് കുരുക്ഷേത്രജയിച്ച പാണ്ഡവർ ഭയപ്പെടില്ല ഉടൻ നിങ്ങൾ പനയോലക്കെട്ടു പാണ്ഡവ സൂതനെ ഏൽപ്പിച്ചു ഹസ്തിനപുരി അതിർത്തിവിട്ടു പോയില്ലെങ്കിൽ, യമുന, ഗംഗ ഈ രണ്ടിലൊരു പുഴയിൽ ഒരു വിദേശിയുടെ അനാഥശവം ഒഴുകും”.”
“ഒരൊറ്റ ബീജദാതാവിൽനിന്നും നൂറു കുപ്രസിദ്ധ മക്കൾക്കു് ജന്മം നൽകി, വളർത്തിയ ഗാന്ധാരവംശജയല്ലേ ഇപ്പോഴത്തെ ഹസ്തിനപുരി മഹാറാണി! പന്ത്രണ്ടുവർഷ പാണ്ഡവവനവാസത്തിൽ, എന്തുകൊണ്ടു് മത്സരക്ഷമതയോടെ നിങ്ങൾക്കും ‘പരിമിതിയില്ലാതെ പുനരുൽപ്പാദനം’ എന്ന ബഹുഭർത്തൃത്വ ദാമ്പത്യനയം പരിഗണിച്ചുകൂടാ? ചുറ്റും മാംസഭോജികളെ കാണുന്ന കൊടും കാട്ടിൽതന്നെയല്ലേ, പേടമാനുകൾ ഇണയെ കണ്ടെത്തുന്നതും, കുഞ്ഞുങ്ങളെ വലുതാക്കുന്നതും? ഇരയെ കഴുത്തിൽ കടിച്ചു തിന്നുന്ന വന്യമൃഗങ്ങൾ ഒളിഞ്ഞിരുന്നുചാടാൻ ചുറ്റും കാട്ടിലുണ്ടായിട്ടും, മാനുകൾക്കതൊന്നും തടസ്സമാവുന്നില്ലല്ലോ” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“വിശപ്പകറ്റാൻ മാത്രമേ വന്യമൃഗങ്ങൾ ഇരയെ പിടിക്കൂ. എന്നാൽ പ്രജനനക്ഷമതയില്ലാതെ, കേവലം നിശാവിനോദത്തിനു ഇരയെ ബന്ദിയാക്കുന്ന അഞ്ചോളം ‘മാംസഭോജി’കൾ പരസ്പരം കുതികാൽവെട്ടി കീറപ്പായപങ്കിടാൻ രാപ്പകൽ ഈ കാട്ടുകുടിലുണ്ടു്!”
“ഒന്നിലധികം ഭർത്താക്കന്മാർ ദ്രൗപദിക്കുണ്ടാവുമെന്നറിഞ്ഞ ദ്രുപദൻ, പുത്രിയുടെ ചെവിയിലെന്തോ മന്ത്രിക്കുന്നതു് കണ്ടല്ലോ. ബഹുഭർത്തൃത്വദാമ്പത്യത്തിനു സർവ്വമംഗളം ആശംസിക്കുന്നതിൽ കവിഞ്ഞെന്തേങ്കിലും സന്ദേശം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“സുസ്ഥിരദാമ്പത്യജീവിതത്തിനായി നീ അഞ്ചിരട്ടി അദ്ധ്വാനിക്കേണ്ടിവരുമല്ലോ, എന്നു് പറഞ്ഞ സ്നേഹനിധിയായ അച്ഛൻ, പ്രതികരണത്തിനു് കാത്തുനിൽക്കാതെ കാൽമുന്നോട്ടുവച്ചു പടിയിറങ്ങിയതുകൊണ്ടു് ഭാവിപരിപാടി വിവാഹദിവസംതന്നെ പാഞ്ചാലിക്കു് വെളിപ്പെടുത്തേണ്ടിവന്നില്ല.”
“വറുതിയിൽ ജനം എരിപൊരി കൊള്ളുമ്പോഴും, പാണ്ഡവർക്കു് അരമന ഊട്ടുപുരയിൽ മാംസ(ള) രുചിവിഭവങ്ങൾ മുറയ്ക്കു് കിട്ടുന്നു. പക്ഷേ, നിങ്ങൾ! ഉണക്കപ്പഴങ്ങളും ശുദ്ധജലവും. ഇതെന്താ ഇങ്ങനെ?”, കൊട്ടാരം ലേഖിക പാഞ്ചാലിയുടെ മുമ്പിൽ മുട്ടുകുത്തി. യുദ്ധാനന്തര ഹസ്തിനപുരി.
“ഈ ഉടൽ പാരിതോഷികമായി തരുമ്പോൾ, പ്രകൃതി എനിക്കു നേരെ താക്കീതോടെ വിരൽചൂണ്ടി, “ഉപവാസവും സഹനവും നിറഞ്ഞതായിരിക്കട്ടെ, ആയുഷ്ക്കാലം, അഴകളവുകൾ പരിപാലിക്കുന്നവളുടെ തീൻശാല!””
“എന്താണു് പാഞ്ചാലിക്കൊരു സൗന്ദര്യപ്പിണക്കം?”, കൊട്ടാരം ലേഖിക ചോദിച്ചു പാണ്ഡവഭരണത്തിന്റെ അവസാനവർഷങ്ങൾ അന്തച്ഛിദ്രത്തോടെ ആടിത്തീരുന്ന സംഘർഷദിനങ്ങൾ.
“ചികിത്സിച്ചു് സുഖപ്പെടുത്താനാകാത്തതും സാധാരണജീവിതത്തിലേക്കു് മടങ്ങിവരാനിടയില്ലാത്തതുമായ രോഗങ്ങൾ ബാധിച്ചവർ, സ്വയം മുദ്രവെച്ചു കൊടുക്കേണ്ടൊരു പ്രമാണത്തെക്കുറിച്ചു, ഞങ്ങളുടെ ബീജദാതാക്കളായ അശ്വിനിദേവതകൾ പാഞ്ചാലിയെ പറഞ്ഞുധരിപ്പിച്ചിട്ടുണ്ടു്. എന്നാണറിയുന്നതു്. ഭാവിപരിപാടിയെപ്പറ്റി പാഞ്ചാലി ഇപ്പോൾ കൂട്ടുകൂടുന്നതു് ഭർത്താക്കന്മാരുമായല്ല കിരീടാവകാശിപരീക്ഷിത്തുമായാണു് അഞ്ചുഭർത്താക്കന്മാരും അസ്വസ്ഥർ. അപ്പോഴാണു് ഞങ്ങളെ ചികിൽസിക്കേണ്ട എന്നൊരു വിചിത്രപ്രമാണപത്രവുമായി പാഞ്ചാലി യുധിഷ്ഠിരനെ തലയിണമന്ത്രത്തിലൂടെ സ്വാധീനിക്കാൻ ശ്രമിക്കുന്നതു്. മഹാരാജാപദവി വഹിക്കുന്ന യുധിഷ്ഠിരനു് ദേവലോകചികിത്സപോലും അശ്വിനിദേവത തയ്യാറാവുമ്പോൾ പാഞ്ചാലിക്കുവേണ്ടതു് ആദ്യഘട്ടത്തിൽ യുധിഷ്ഠിരന്റെ മുദ്രചാർത്തിയ പ്രമാണപത്രമാകുന്നു ഇതിന്റെ കുഴപ്പം എന്താണെന്നുവച്ചാൽ, യുധിഷ്ഠിരൻ നാളെ കാലംചെന്നാൽ മരണകാരണം ചികിത്സ സ്വയംനിഷേധിച്ചതാണെന്ന അനുമാനത്തിന്റെ ബലമുണ്ടാവും. സ്വാഭാവികമരണമല്ലെങ്കിലും! കുരുക്ഷേത്രയിൽ ഉണ്ടാവാത്ത തോതിലാണു് കൊട്ടാരത്തിൽ യുധിഷ്ഠിരൻ നേരിടുന്ന അസ്തിത്വഭീഷണി. ഞങ്ങളെ ചേർത്തുപിടിക്കുമോ ഹസ്തിനപുരി പത്രിക?” ഒരിക്കൽ നിർദ്ദയഭരണത്തിനു് ദുഷ്പേരുകേട്ട നകുലൻ ഭീതിയിൽ ചുറ്റും നോക്കി.
“സ്വച്ഛന്ദമൃത്യു എന്ന അസാധാരണ ‘വരം’ നിങ്ങൾക്കു തന്നിട്ടാണു്, ഭീഷ്മപ്രതിജ്ഞയെ നിങ്ങളുടെ അച്ഛൻ ശന്തനു സ്വാഗതം ചെയ്തതു് എന്ന കിംവദന്തി കുതിരപ്പന്തികളിൽ കറങ്ങിയിരുന്നതായി കൃപാചാര്യർ ഈയിടെ പറയുകയുണ്ടായി. സംഗതി ശരിയെങ്കിൽ, എങ്ങനെ നിങ്ങൾ ‘സ്വർഗാരോഹണം’ ചെയ്യാതെ ശരശയ്യയിൽ ഇങ്ങനെ കിടപ്പായി?”, കൊട്ടാരം ലേഖിക പരിതപിച്ചു.
“പ്രണയിക്കാനൊരു സുന്ദരിയെക്കൂടിതേടി ഇരുനദികളുടെ തീരങ്ങളിൽ അലസജീവിതം നയിച്ച ദുർബലശന്തനുവിനു് ഗംഗയിൽ ജനിച്ച എട്ടുകുട്ടികളിൽ ഏഴും അവൾ വെള്ളത്തിൽമുക്കി കൊല്ലുന്നതു തടയാനായിട്ടില്ല എന്നു് പിൽക്കാലത്തു ആ മനുഷ്യൻ തന്നെ എന്നോടു് ഏറ്റുപറഞ്ഞിട്ടുണ്ടു്. അങ്ങനെ നിസ്സാരനായ ഒരാൾ എനിക്കു് സ്വച്ഛന്ദമൃത്യു എന്ന അമൂല്യവരം തന്നു എന്ന കള്ളക്കഥ പ്രചരിപ്പിക്കാൻ കൃപരെപോലെ ചിരഞ്ജീവിക്കു് മാത്രമേ ആവൂ. കുരുക്ഷേത്രയിൽ കൗരവർക്കൊപ്പം കൂട്ടുകൂടുകയും, യുദ്ധത്തിൽ പാണ്ഡവർ ജയിച്ചെന്നുകേട്ടപ്പോൾ അവർക്കൊപ്പംകൂടി അരമനജീവിതം ആഡംബരമാക്കുകയും ചെയ്ത കൃപർക്കു് ഇതിനാൽ ഞാൻ കൈമാറുന്നു സ്വച്ഛന്ദമൃത്യു വരം. വേണ്ടിവന്നാൽ ചിരഞ്ജീവിക്കുപകരിക്കട്ടെ, മതിയെന്നു തോന്നുമ്പോൾ ജീവിതംഅവസാനിപ്പിക്കുവാൻ.”
“ഉടൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും യുദ്ധാനന്തരവിഷാദ രോഗിഅർജ്ജുനനെ ‘രഹസ്യനിയോഗ’ത്തിൽ വിട്ടു എന്നു കേട്ടല്ലോ. ഇനി എന്തു് നേടാൻ?”, ഔദ്യോഗികവക്താവായ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധക്കെടുതിയിൽ ജനം നട്ടംതിരിയുന്ന പാണ്ഡവഭരണകാലം ജനവിരുദ്ധമെന്നു ഏകാംഗപ്രതിപക്ഷമായ ചാർവാകൻ വിലയിരുത്തുന്ന ദിനങ്ങൾ.
“ഞങ്ങൾക്കെതിരെ കൗരവർചെയ്ത ‘അവിശുദ്ധയുദ്ധ’ത്തിൽ മനുഷ്യവിഭവങ്ങളും പണവും കൊടുത്തു പിന്തുണച്ച പ്രാദേശിക ഭൂപ്രഭുക്കളെ അർജ്ജുനൻ ഗാണ്ഡീവം കാണിച്ചു നിരായുധരാക്കി പിടികൂടി. നാമമാത്ര നഷ്ടപരിഹാരം തന്നു യുദ്ധബാദ്ധ്യതയിൽനിന്നും രക്ഷപ്പെടാനാവില്ല എന്ന പാണ്ഡവനിലപാടു് കർശനമാക്കിയ അർജ്ജുനൻ, വസ്തുവഹകൾ കണ്ടുകെട്ടി. തിരിച്ചുകിട്ടണമെങ്കിൽ, അവർ, നിബന്ധനയനുസരിച്ചു അരമനയിലേക്കയക്കുന്ന ധാന്യച്ചാക്കുകൾ എണ്ണിവേണം യുധിഷ്ടിരഭരണകൂടം തീരുമാനിക്കാൻ. ഹസ്തിനപുരി ‘സാമ്രാജ്യ’ത്തിൽനിന്നും നേടാവുന്നതു മുഴുവൻ അങ്ങനെ ഒറ്റയടിക്കു് നേടിയാൽ ഒരു ‘വെളുത്ത കുതിര’യെ നാലതിരുകൾക്കപ്പുറത്തേക്കയക്കും അർജ്ജുനനും നാമമാത്രസൈന്യവും പിൻതുടരും. ഹസ്തിനപുരിയുടെ സമഗ്രവികസനത്തിനു് മൂലധനം സമാഹരിക്കാൻ. ചുവരെഴുത്തു വാർത്തകളിൽ സഹകരിച്ചാൽ ഭാവിസൗകര്യങ്ങൾ ഊട്ടുപുര സൗജന്യഭക്ഷണത്തിലൊന്നും ഒതുങ്ങില്ല!”
“അഭിമുഖ പനയോലകൾ ഒറ്റക്കിരുന്നു കൂട്ടിവായിച്ചപ്പോൾ പത്രാധിപർ രാവിലെതന്നെ രോഷാകുലനായി.സ്ത്രീശക്തിക്കൊരുത്തമമാതൃകദ്രൗപദി എങ്ങനെ ഗാർഹികപീഡനത്തിൽ, പ്രതിരോധമില്ലതെ ഇരമാത്രമാവുന്നു? അങ്ങനെയാണു് വാർത്താകാര്യാലയത്തിൽ വിസ്മയത്തോടെ വാചാലനായതും ചൂണ്ടിക്കാണിക്കാൻ ചുമതലപ്പെടുത്തിയതും. അഞ്ചുപാണ്ഡവരും നിങ്ങളെ രാപ്പകൽ ലൈംഗികപീഡനത്തിനിരയാക്കുന്നു എന്നതൊരു പ്രതീകാത്മകപരാതിയാണോ, അതോ ശുദ്ധഅസംബന്ധമോ?” കൊട്ടാരം ലേഖിക ചോദിച്ചു വനവാസക്കാലം.
“അഞ്ചുപേരും ഒരേസമയത്തു എന്റെ ഉടൽവീതിച്ചെടുത്തു ഏകപക്ഷീയമായി ആനന്ദംപങ്കിടുന്നു എന്നാണു് നിങ്ങളും പത്രാധിപരും അഭിമുഖം വായിച്ചെടുത്തതെങ്കിൽ അതു് ഏറെക്കൂറെ ശരിവായനയാണല്ലോ. ഊഴമനുസരിച്ചുമാത്രമേ കിടപ്പറയിൽ പാണ്ഡവർക്കു് പ്രവേശനം ഉള്ളു എന്നു് ചൂണ്ടിക്കാട്ടിയാലൊന്നും തീരില്ല പീഡനതീവ്രത. ഉടലിൽ ഒരാൾ ഊഴമനുസരിച്ചു ആധിപത്യം സ്ഥാപിക്കുമ്പോഴുംകാണാം ബാക്കിഎട്ടുകണ്ണുകൾ എന്നെ പീഡിപ്പിച്ചു അവർക്കിടയിൽ നയനാനന്ദം പങ്കിടുന്നതു്. ഇതിനെതിരെ നടപടി എടുക്കാൻ സ്ത്രീസംരക്ഷണനിയമത്തിൽ വകുപ്പൊന്നും ചേർക്കാതെ ആണോ പെണ്ണവകാശപോരാളി ദുശ്ശള മറ്റൊരു കുപ്രസിദ്ധപീഡകനായ ജയദ്രഥനുമൊപ്പം സൈന്ധവനാട്ടിലേക്കുപോയതു?”
“ചോരയിറ്റുന്ന തള്ളവിരൽ, തളിർവെറ്റിലയിൽ നിങ്ങൾ ഗുരുവിനുകൈമാറുന്നതിനിടക്കെന്തോ പുഞ്ചിരിയോടെഉച്ചരിക്കുന്നതുകേട്ടു് ദ്രോണർ തുടയിലടിച്ചു ‘കുലുങ്ങിക്കുലുങ്ങി’ ചിരിക്കുന്നു! എന്തു് പറഞ്ഞായിരുന്നു ആ കഠിനഹൃദയനെ ചെറുതായെങ്കിലും രസിപ്പിക്കാൻ, വിരൽമുറിഞ്ഞവേദനയിലും നിങ്ങൾക്കായതു?”, കൊട്ടാരം ലേഖിക ഏകലവ്യനോടു് ചോദിച്ചു.
“ഞങ്ങൾ വേട്ടമാംസം കഴിക്കുന്നവരാണെങ്കിലും, സസ്യാഹാരികളായ വന്യമൃഗങ്ങളെ സ്വന്തം കൈകൊണ്ടു് കഴുത്തുവെട്ടി മാത്രമേ ഇറച്ചി പൊരിച്ചുകഴിക്കൂ. എന്നാൽ മഹാബ്രാഹ്മണരായ നിങ്ങൾക്കിഷ്ടം നിഷാദവിദ്യാർത്ഥി ഗുരുദക്ഷിണയായി മുറിച്ചുതരുന്ന തള്ളവിരലാണല്ലേ എന്നു് വിനയത്തോടെ ചോദിച്ചതിൽ നർമ്മംകാണാൻ മാത്രം നിങ്ങൾക്കെന്താണപാകത?”
“ഇന്ദ്രപ്രസ്ഥം എന്ന മോഹനനഗരം എന്തുചെയ്യാനാണു് ഭാവം? അതിഥികളെ അങ്കലാൽപ്പിലാക്കുന്ന വഴുക്കുസഭാതലങ്ങൾ ആഗോളവിനോദസഞ്ചാരികൾക്കു് തുറന്നുകൊടുക്കുമോ? അതോ, അവമതി ആവർത്തിക്കാതിരിക്കാൻ, അടച്ചിടുമോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പദയാത്ര തുടങ്ങിയ നേരം.
“ഞങ്ങളൊരു പരിഷ്കൃത സമൂഹമായിപ്പോയില്ലേ, ഹരിതചട്ടം പാലിക്കേണ്ടേ കുരുവംശം! പരിസ്ഥിതിലോല പ്രദേശമാണു് ഖാണ്ഡവപ്രസ്ഥമെന്നു ‘അന്ധ’പിതാവിനു് അറിയില്ല. കിടപ്പാടം പണിയാൻ ഇടംയാചിച്ച യുധിഷ്ഠിരനു് ദുർബലമുഹൂർത്തത്തിൽ വനമേഖല പ്രവിശ്യ ഇഷ്ടദാനം ചെയ്യുമ്പോൾ, ഞാൻ സ്ഥലത്തില്ല. എല്ലാത്തരം സസ്യങ്ങളും വന്യജീവികളും സമരസപ്പെട്ട അപൂർവ്വ ആവാസവ്യവസ്ഥ, കണ്ണിൽ ചോരയില്ലാത്ത പാണ്ഡവർ കത്തിച്ചൊടുക്കി. ആ കൊടുംപാപം ചുമന്നയിടത്തല്ലേ വാസ്തുശിൽപ്പി മയനെക്കൊണ്ടവർ നഗരം നിർമ്മിച്ചു്, രാജസൂയമെന്ന പേരിലൊരു അനാവശ്യ യാഗം ചെയ്തു, ഞങ്ങളടക്കം ഗംഗാസമതലത്തിലെ നാടുവാഴികളെയെല്ലാം സാമന്തന്മാരാക്കി, രത്നശേഖരം ഓരോ ആണ്ടുപിറപ്പിലും കപ്പമായി കൊടുക്കാൻ വിധിയുണ്ടായതു്. അന്നതൊക്കെ നെടുവീർപ്പോടെ ഞങ്ങൾ പുതുതലമുറ രാജകുമാരന്മാർ അംഗീകരിക്കേണ്ട ിവന്നെങ്കിലും, ഉള്ളിലൊരു നെരിപ്പോടുയരുന്നതു് അവരറിഞ്ഞില്ല. ചൂതാടാൻ ഓടിവന്ന പാണ്ഡവർ അതാ, ഉടുത്ത തുണിക്കു മറുതുണിയില്ലാതെ, കാട്ടിലേക്കു പോവുന്നു. പതിമൂന്നു വർഷം കഴിഞ്ഞവർ മടങ്ങി വന്നാൽ? എല്ലാം മുൻകൂട്ടിക്കണ്ടു് ഉടൻ ഞങ്ങൾ യാത്രതിരിക്കട്ടെ ഇന്ദ്രപ്രസ്ഥത്തിലേക്കു!—പാണ്ഡവർ ഒളിപ്പിച്ചുവച്ച രത്നശേഖരങ്ങൾ കണ്ടെടുത്തു വേണം അഭിശപ്ത നഗരിയെ വന്യപ്രകൃതിക്കു തിരിച്ചു കൈമാറാൻ!”
“ധൃതരാഷ്ട്രർക്കെന്തറിയാം, പിടികിട്ടാപ്പുള്ളിപാണ്ഡവരുടെ പാതിരാഒളിച്ചോട്ടം?”, കൊട്ടാരം ലേഖിക ഹസ്തിനപുരിയിലെ കുപ്രസിദ്ധ ‘വാടകക്കൊലയാളി’യോടു് നിർഭയം ചോദിച്ചു. വാരണാവതം കൊട്ടാരത്തിൽനിന്നും ഓടിരക്ഷപ്പെട്ട കുന്തിയും മക്കളും ഏകച്ചക്രഗ്രാമത്തിൽ ഒളിച്ചുകഴിയുന്ന കാലം.
“വാരണാവതം സുഖവാസമന്ദിരത്തിൽ പാണ്ഡവകുടുംബം വെന്തുചാവണം എന്ന മഹാറാണിഗാന്ധാരിയുടെ കല്പന ഞാൻ ഏറ്റെടുത്തു. ധൃതരാഷ്ട്രർക്കു് കണ്ണുകാണില്ലെന്ന കടംകഥ തൊണ്ടനനയാതെ ഞാൻ വിഴുങ്ങിയിട്ടില്ല, കാണേണ്ടതൊക്കെ കണ്ടെന്നുറപ്പുവരുത്താനും, പലതും കണ്ടില്ലെന്നു നടിക്കാനും കുഞ്ഞുനാളിൽ ഭീഷ്മർ ഉപദേശിച്ചുകൊടുത്ത കാഴ്ചപരിമിതിയെന്ന കുടിലകാഴ്ചപ്പാടിൽ ഉറച്ചുപോയോ കുരുവംശനാഥനു? തൊഴിലിൽ കരാറുകാരനാണെങ്കിലും, കരൾ മൃദുവായതുകൊണ്ടാവണം ഞാൻ തിരിച്ചുചോദിച്ചു, “മഹാത്മൻ, എന്തുതെറ്റു അനാഥവിധവ കുന്തിയും പറക്കമുറ്റാത്ത അഞ്ചുമക്കളും ഈ ക്രൂരവംശഹത്യ അർഹിക്കാൻ നിങ്ങളോടു് ചെയ്തു?”. കണ്ണിമയിളക്കാതെ ഉള്ളിൽ ഉള്ളതു് ധൃതരാഷ്ട്രർ പറഞ്ഞു, “ശാപഗ്രസ്തനായ പാണ്ഡു രാജസ്ഥാനമൊഴിഞ്ഞു പോട്ടെ കാട്ടിൽ, നീയും മാദ്രിയും എന്റെകൂടെ അന്തഃപുരത്തിൽ കൂട്ടുനിന്നാൽ, ഗാന്ധാരിയെക്കാൾ ഒരുപണത്തൂക്കം കുറവല്ലാതെ പൊന്നുപോലെ നോക്കാം”. വിശ്വസ്തപാണ്ഡുഭാര്യയെന്ന അരമനഖ്യാതി നിലനിർത്തിയ കുന്തി, പ്രലോഭനത്തിൽ വീഴാതെ ഭർത്താവുമൊത്തു വനവാസത്തിനുപോയപ്പോൾ, കലുഷിതധൃതരാഷ്ട്രഹൃദയം കല്ലിച്ചു. വംശഹത്യ എന്ന ആശയം രൂപംകൊണ്ടു. ക്ഷമയോടെ വർഷങ്ങൾ കാത്തിരുന്നു. ഓർക്കുമ്പോൾ ഹൃദയംപിടക്കുന്നുണ്ടു്. ക്ഷമിക്കൂ അരമനരഹസ്യത്തിന്റെ വിഴുപ്പുകെട്ടഴിക്കാൻ നിങ്ങൾക്കു് അക്ഷമയുണ്ടെന്നറിയാം, കൂടുതൽ വിവരങ്ങൾ രഹസ്യവിചാരണയിൽമാത്രം, ഞാൻ ‘പരമസത്യം’ വെളിപ്പെടുത്തും, പരിഭവമരുതേ, അപ്പോൾ നിങ്ങളും, ആർക്കറിയാം, ഒരു പക്ഷേ, എന്നോടൊപ്പം പ്രതിക്കൂട്ടിൽ വരും! ആദിവാസികുടുംബത്തെ കൂട്ടിക്കൊണ്ടുവന്നു പാണ്ഡവവംശത്തെ രക്ഷിക്കാൻ എങ്ങനെ കഥമെനഞ്ഞു ഇരകളാക്കി.”
“ചെയ്യാത്ത കുറ്റത്തിനു് പന്ത്രണ്ടുകൊല്ലത്തെ അടിമജീവിതം നിങ്ങൾക്കു്, വനാന്തരത്തിലെ ഈ ഒറ്റമുറികുടിലിൽ സഹനംതന്നെ ആയിരുന്നു അല്ലെ! ഇനി അജ്ഞാതവാസത്തിനു തിരിക്കുമ്പോൾ എന്തു് ചെയ്യും, വ്യാഴവട്ടക്കാലഓർമകുടീരം? അധികാരംകിട്ടി മഹാറാണിയായാൽ, കുരുവംശപൈതൃകമന്ദിരമായി പരിപാലിക്കുമോ?”, ചുറ്റുംനോക്കി കൊട്ടാരം ലേഖിക വികാരഭരിതയായി.
“അരക്കില്ലം തീയിട്ടപോലെ അർദ്ധരാത്രിയിൽ ഇതും ഇന്നുരാത്രി എന്നെ മയക്കിക്കിടത്തി പാണ്ഡവർ തീയിടണം.”, പാഞ്ചാലിയുടെ കണ്ണുകളിൽ ക്രോധത്തിന്റെ കനൽമിന്നി.
“ആകാശത്തിലെ പറവകൾക്കായി ആയിരം നീർക്കുടങ്ങൾ എന്ന മധ്യവേനൽപദ്ധതി നടപ്പിലാക്കുന്ന പാഞ്ചാലിയോടെന്താ നിങ്ങൾക്കു് പക? പ്രകൃതിശക്തികളിൽനിന്നും ഭീഷണി നേരിടുന്ന ആവാസവ്യവസ്ഥയെ പരിപാലിക്കുകയെന്നതുമല്ലേ സംവേദന ശീലമുള്ള ഭരണാധികാരിയുടെ ചുമതല?”, കോട്ടവാതിലിനുമുമ്പിൽ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന കൗരവരാജവിധവകളോടു് കൊട്ടാരം ലേഖിക ചോദിച്ചു. മുഷിഞ്ഞ മേൽവസ്ത്രങ്ങൾ, വിയർത്തൊഴുകുന്ന കഴുത്തും കക്ഷവും, എന്നിട്ടും കുരുക്ഷേത്രവിധവകളുടെ ഉടൽ ഉച്ചവെയിലിൽ ജ്വലിച്ചു.
“ഖാണ്ഡവ വനമെന്ന ആവാസവ്യവസ്ഥയെ അവളും പാണ്ഡവരും എങ്ങനെ കത്തിച്ചാമ്പലാക്കി എന്നതക്കാലത്തെ ചുവരെഴുത്തുവാർത്തകളിൽ നിന്നു് കേട്ടറിഞ്ഞിട്ടുണ്ടു്. ആ കഥ നിങ്ങൾ ആവർത്തിക്കരുതേ. നീർക്കുടങ്ങൾ പറവകൾക്കു സമ്മാനിച്ച പാഞ്ചാലി ഞങ്ങളുടെ പുനരധിവാസകേന്ദ്രത്തിൽ വന്നിരുന്നു. കുടിക്കാനും കുളിക്കാനും ജലമില്ലെന്നു വിലപിച്ച ഞങ്ങളോടവൾ വിരൽചൂണ്ടി തട്ടിക്കയറി. കോട്ടക്കകത്തെ രാജമന്ദിരങ്ങൾക്കു പിന്നിൽ കൗരവർ പൊതുചെലവിൽ പണിതെടുത്ത കുളങ്ങളിൽ ദശാബ്ദങ്ങളോളം ഞങ്ങൾ നീന്തിത്തിമിർത്തു എന്നവൾ പ്രാകി. ഞങ്ങൾ വിരണ്ടു. വേനലിൽ ഹിമാലയം ഉരുകി ജലമൊഴുകുന്ന രണ്ടു മഹാനദികൾക്കിടയിലെ ഹരിതഭൂമിയാണു് ഹസ്തിനപുരി എന്ന വ്യാജപ്രചാരണം കേട്ടാണു് വ്യത്യസ്തഭൂവിഭാഗങ്ങളിൽ നിന്നു് കൗമാരകാലത്തു നവവധുക്കളായി ഇവിടെ വന്നതു്. ഞങ്ങളെ കൗരവർ പ്രണയപൂർവ്വം പരിലാളിച്ചു എന്നതിനു് തെളിവല്ലേ നൂറുനീന്തൽകുളങ്ങൾ. കൗരവർ കോട്ടക്കകത്തു അതൊക്കെ സ്വയം നിർമ്മിച്ചതു കൊണ്ടല്ലേ പാഞ്ചാലി നിത്യവും നീന്തിക്കുളിച്ചു ഈ വേനലിലും മിന്നുന്ന തൊലിയും തിളങ്ങുന്ന തുണിയുമായി തിമിർക്കുന്നതു?”
“മൂപ്പിളമശ്രേണിയിൽ നിങ്ങൾക്കു് തൊട്ടുതാഴെ കിരീടാവകാശ യോഗ്യതയുണ്ടായിരുന്ന പാണ്ഡവനല്ലേ, കുഴഞ്ഞുവീഴുമ്പോൾ ഒന്നുപിടിക്കാനോ ചുണ്ടിൽ ഇത്തിരി നീരൊഴിച്ചുകൊടുക്കാനോ നിങ്ങൾ മെനക്കെടാതെ, പാവം കാലംചെന്നതു്! എന്തായിരുന്നു വൈകാരികഅകൽച്ച ഇടനെഞ്ഞിൽ നീറിക്കൊണ്ടിരുന്ന അനിഷ്ടം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. ആകാശയാത്രക്കായി ഊർന്നിറങ്ങുന്ന സ്വർണ്ണത്തേരിനായി ഒറ്റക്കാലിൽ കാത്തുനിൽക്കുക യായിരുന്നു ‘ധർമ്മപുത്രർ’.
“അറിയപ്പെടുന്ന കുലപുരുഷനല്ല ഭീമന്റെ അവിഹിതബീജദാനി എന്നതുകൊണ്ടാവാം, അശ്ലീലമെന്നൊറ്റനോട്ടത്തിൽ ആരും നിന്ദിക്കുന്നൊരു വാമൊഴിരീതിയുണ്ടു് ഭീമന്റെ പെരുമാറ്റത്തിൽ. വേറെവഴിയില്ലാതെ സമരസപ്പെടുകയായിരുന്നു എങ്കിലും, പൊരുത്തപ്പെട്ടിരുന്നില്ല പരുക്കൻനാവുമായി. മുതിർന്ന രാജപത്നിയെന്ന നിലയിൽ കുന്തി ചെയ്യേണ്ട സതിയിൽ, ഇളമുറമാദ്രിയെ എറിയാൻ അവൻ കുട്ടിക്കാലത്തുതന്നെ പ്രയത്നിച്ചു, വാരണാവതം അരക്കില്ലത്തിൽ അത്താഴം ചോദിച്ചുവന്ന ആദിവാസികളെ ചുട്ടുകൊല്ലാൻ കുന്തിക്കൊപ്പം കുറ്റബോധമില്ലാതെ കൂട്ടുനിന്നു, പെരുമാറ്റത്തിലെ കാടൻരീതി വഴിക്കുവഴി പരാമർശിച്ചാൽ പോരാ, വാമൊഴിയുടെ, അശേഷം മനുഷ്യത്വമില്ലാത്ത വിലക്ഷണ വ്യക്തിമുദ്രയും എന്നെ അകറ്റി. ഭീമജഡം നിങ്ങളുടെ ശ്രമദാനത്തിൽ പൂർണ്ണമായും കുഴിച്ചിട്ടു എന്നുകരുത്തട്ടെ? ഉവ്വു്? ആശ്വാസവാർത്ത! ഞാൻ പറുദീസയിൽ പ്രവേശിക്കുമ്പോൾ അവൻ നരകയാതനയിൽ നിലവിളിക്കുന്നതു് സ്വർഗ്ഗസ്ഥനായ എനിക്കു് കേൾക്കണം” വാലാട്ടി നായ വിശ്വസ്തത അറിയിച്ചു.
“വിവാഹിതയെങ്കിലും, ഒരു സ്ത്രീ സ്വതന്ത്രവ്യക്തികൂടിയാണെന്ന മനുഷ്യാവകാശ പരിഗണന പാഞ്ചാലിക്കു് നിഷേധിച്ചുകൊണ്ടായിരുന്നില്ലേ, “കിട്ടിയ ഉടൽ ഒരുപോലെ വീതിക്കൂ” എന്നു്, ദുഷ്ടലാക്കോടെ നിങ്ങൾ അഞ്ചുമക്കളോടാജ്ഞാപിച്ചതു?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ഗാന്ധാരിയുമൊപ്പം വനവാസത്തിനായി അന്ത്യപദയാത്ര പരിഗണിക്കുന്ന സന്ധ്യ പാണ്ഡവഭരണത്തിൽ രാജമാതാപദവി പാഞ്ചാലിയാൽ എന്നെന്നും നിഷേധിക്കപ്പെട്ട പാണ്ഡുവിധവ ഇപ്പോൾ ഏക.
“അരക്കില്ലത്തുനിന്നു് പ്രാണനുംകൊണ്ടു് ഒളിച്ചോടിയ ഞങ്ങൾ, അഗതികളായി ദേശാന്തരങ്ങളിൽ കഴിയുമ്പോഴും, നിത്യമെന്നോണം യുവപാണ്ഡവശരീരങ്ങളുടെ ലൈംഗികാവശ്യങ്ങൾ എന്നെ ചിന്താകുലയാക്കി. രമിക്കാൻ പറ്റിയ പെൺസാന്നിധ്യം ഇല്ലാത്ത ദൈന്യാവസ്ഥയിലായി പാണ്ഡവർ. ദേവസന്തതികളെങ്കിലും, പിച്ചപ്പാത്രവുമായി ഇച്ചിൽതേടുന്നവർക്കു, എവിടെ വധുക്കളെ കണ്ടെത്തുമെന്ന ചിന്തയിൽ ഞാൻ കുഴഞ്ഞു. അഞ്ചുആണുങ്ങൾക്കറിയാവുന്ന ഏകസ്ത്രീസാന്നിധ്യം ഞാനാണെന്ന തിരിച്ചറിവെന്നെ സദാചാരനിരീക്ഷണത്താൽ അസ്വസ്ഥയാക്കുന്ന ആ കാലത്തു, യാദൃച്ഛികമെന്നോണം, മത്സരാർത്ഥിയായി അർജ്ജുനൻ പാഞ്ചാലിയെ പരിണയിച്ചു. അഞ്ചുപേർക്കും പായപങ്കിടാവുന്നരീതിയിൽ, അപൂർവ്വദാമ്പത്യസാഹചര്യം ആവശ്യപ്പെടുന്ന പരിഹാരവഴി സ്വാഭാവികമായി തെളിഞ്ഞെന്ന ശുഭപ്രതീക്ഷയിൽ, ഉടനടി ‘രചിക്കപ്പെട്ട’ പ്രഹസനമായിരുന്നു, ‘അഞ്ചുപേരും ഒരുപോലെ ആസ്വദിക്കണം ഈ പെണ്ണുടൽ’ എന്ന ആജ്ഞ. ‘ദൈവമാതാ’വിന്റെ കൽപന പാണ്ഡവർ മുഖവിലക്കെടുക്കുമ്പോഴും, രണ്ടുഭാഗങ്ങളിൽ നിന്നുമുണ്ടായ ‘പ്രതിഷേധങ്ങളും ആശ്ചര്യ’വുമൊക്കെ പ്രഹസനത്തിനുയോജിച്ച വൈകാരികപ്രതികരണമെന്നു സംതൃപ്തിയോടെ ഞാൻ വിലയിരുത്തി. ബഹുഭർത്തൃത്വദാമ്പത്യത്തിൽ പാഞ്ചാലി പ്രതിഷേധിച്ചു എന്നുകേട്ടപ്പോൾ പുഞ്ചിരിക്കാനാണു് തോന്നിയതു്. അരക്കെട്ടിൽ കാമനയുള്ള ഏതു സ്ത്രീ വേണ്ടെന്നു പറയും, ഭർത്താവിനൊപ്പം നാലുഭർത്താക്കന്മാരെ ആദ്യരാത്രി ഭർത്തൃമാതാവിന്റെ ഭാവുകങ്ങളുമായി വിവാഹസമ്മാനമായി കിട്ടിയാൽ? സുന്ദരിയായ സഹോദരഭാര്യയെ, കിനാവിലെങ്കിലും ഓമനിക്കാത്ത പരപുരുഷനുണ്ടോ!”
“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് പുതിയ മഹാരാജാവു് യുധിഷ്ഠിരൻ പട്ടാഭിഷേകത്തിനുശേഷം വികാരഭരിതനായി നിരീക്ഷിച്ചപ്പോൾ, സദസ്സു് എഴുനേറ്റുനിന്നു് കയ്യടിക്കുന്നതു് കണ്ടു. പക്ഷേ, വേദിയിൽ ഇരുന്ന നിങ്ങൾ മുഖം താഴ്ത്തി. എന്തായിരുന്നു കാര്യം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“തിന്മക്കുമേൽ തിന്മയുടെ വിജയം എന്നു് പനയോലയിൽ നാരായം കൊണ്ടെഴുതിക്കൊടുത്തതു് വായിച്ചപ്പോൾ സംഭവിച്ചതു്.”
“യുദ്ധാരംഭദിനം വിഷാദവാനായിരുന്നെങ്കിൽ, അന്ത്യദിനമായപ്പോഴേക്കും ദാർശനികനായോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുരുക്ഷേത്രയുദ്ധം ജയിച്ചെന്ന അവകാശവാദവുമായി ആറംഗ പാണ്ഡവസംഘം രാജപാതയിലൂടെ ഹസ്തിനപുരിയിലേക്കു നീങ്ങുന്ന നേരം.
“നാളെ ഈ സമയത്തു ഞങ്ങൾ പാണ്ഡവപതാക ഉയർത്തുമെന്നു് നിങ്ങൾക്കറിയാം, എന്നാൽ ഈ വിറയ്ക്കുന്ന തണുപ്പിൽ ഒരുപാത്രം ചൂടുപാനീയം കുടിക്കാൻ കിട്ടിയാൽ, അധികാരം വേണ്ടെന്നു വക്കാം. അധികാരമോഹിയായി മുന്നിൽ ആരാണു്? പാഞ്ചാലി പിന്നിലിപ്പോൾ പാവം യുധിഷ്ഠിരൻ! അഭിലാഷസമവാക്യങ്ങളിൽ എന്തുസംഭവിച്ചു പതിനെട്ടുദിവസം? രാത്രി കുളിച്ചു ഞാൻ പാളയത്തിലെത്തുമ്പോൾ, മറ്റുപാണ്ഡവർ കിടന്നുറങ്ങിയിട്ടുണ്ടാവും. പാഞ്ചാലി കാത്തിരിക്കുന്നതു് യുദ്ധവാർത്ത കേൾക്കാനോ ക്ഷേമാന്വേഷണത്തിനോ അല്ല, അവളുടെ അഞ്ചുമക്കളെ ഞാൻകരുതലോടെ രാപാർപ്പിച്ചുവോ! അവർ കുളിച്ചു ഭക്ഷണംകഴിച്ചുറങ്ങിയിട്ടാണു് പാളയത്തിൽ ഞാൻ വന്നതെന്ന മറുപടികേട്ടാൽ, രൂപഭാവപരിണാമം എന്നെയെന്നപോലെ നിങ്ങളെയും വിസ്മയിപ്പിക്കും. പിന്നെ അവൾ കൗമാരപോരാളികളുടെ അമ്മയല്ല, കിടപ്പറയിൽ ഊഷ്മളആതിഥേയ! ആസ്വാദനനിശീഥിനി നയിക്കുന്ന വന്യകാമന! സംസാരിക്കുമ്പോൾ വ്യക്തമായി, ഓരോപാണ്ഡവനെ ഒന്നൊന്നായി അവൾ അഞ്ചുകുട്ടികളുടെ ‘രക്ഷാധികാരി’യായി നിയമിച്ചിട്ടുണ്ടു്, അവരെ കൃതജ്ഞതയോടെ രാവേറെ ചെല്ലുംവരെ, എന്നെയെന്നപോലെ പരിലാളിച്ചിട്ടുണ്ടു്. അപ്പോൾ സംശയം തോന്നി, സ്വയംവരം ചെയ്ത പാഞ്ചാലി എണ്ണത്തിൽ അഞ്ചായിരിക്കുമോ? അങ്ങനെയെങ്കിൽ യഥാർത്ഥപാഞ്ചാലി ആരുടെ കൂടെ?”
“പുതിയമഹാറാണി പരിചയപ്പെട്ടപ്പോൾ ആളെങ്ങനെ?”, കുരുക്ഷേത്രക്കുശേഷമുള്ള ഹസ്തിനപുരിയിൽ പുതുതായെത്തിയ തക്ഷശിലഗവേഷകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പാണ്ഡവരെ അളന്നപോലെ, കൃത്യം പദങ്ങളിൽ തളക്കാൻ അവൾ നിന്നുതരുന്നില്ല. കുരുക്ഷേത്രയിൽ പാഞ്ചാലിയുടെ സാന്നിധ്യമുണ്ടെന്നു് കേട്ടിരുന്നു. കാണാൻ ആവാത്തവിധം സുരക്ഷാവലയത്തിൽ ആയിരുന്നതുകൊണ്ടു്, കേട്ടറിവൊക്കെ പനയോലയിൽ സൂക്ഷിച്ചു. ഐതിഹ്യങ്ങൾ അടയാളപ്പെടുത്തിയ ഒരു പാഞ്ചാലിയുണ്ടു്, പക്ഷേ, നേരിൽകാണുമ്പോൾ ഒന്നും നമുക്കോർമ്മ വരില്ല. അഞ്ചുമക്കളെ ഒരൊറ്റപുലർച്ചയിൽ നഷ്ടപ്പെട്ട അമ്മയാണോ അവൾ? അഞ്ചു് ആണുങ്ങളെ കാലാകാലമായി രമിപ്പിക്കുന്ന കാമനയാണോ അവൾ? യുധിഷ്ഠിരനെ ഔപചാരികതയോടെ കൈകാര്യം ചെയ്യുന്ന മഹാറാണിയാണോ അവൾ? ഒരു ആദ്യസന്ദർശകനെന്ന നിലയിൽ, മുമ്പിൽനിന്ന എന്നെ എതിരേറ്റതു് ഒരു പുത്തൻപെണ്ണുടൽ!”
“സ്വേച്ഛാധിപത്യപ്രവണതയുടെ ‘അപഹാര’ത്തിലാണെങ്കിലും, ധർമ്മിഷ്ഠനും ഏകപത്നീവ്രതക്കാരനുമല്ലേ. എന്നിട്ടും നിങ്ങൾ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി മാത്രമേ ഊഴമനുസരിച്ചു ഇണചേരാൻ സമ്മതിക്കൂ എന്നുവച്ചാൽ!”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. കുടിയേറ്റക്കാരായി പാണ്ഡവകുടുംബം ഖാണ്ഡവ പ്രസ്ഥത്തിലേക്കുപോയ സംഘർഷദിനങ്ങൾ.
“കരുത്തുള്ള പുതുതലമുറയെ ഉൽപ്പാദിപ്പിക്കാൻ, പരിണാമപരമായ തിരഞ്ഞെടുപ്പുപരീക്ഷണങ്ങൾ പ്രസവയോഗ്യയായ ഭാര്യയുടെ ഭാഗത്തുവേണ്ടേ? അവൻ ധർമ്മിഷ്ടൻ ആണോയെന്നല്ല, കൗന്തേയരിൽ കരുത്തൻ ആരെന്നാണു് സുരതയോഗ്യത നിർണയിക്കാനുള്ള പരിഗണന. ഒരു പാണ്ഡവനെയും ‘പരമയോഗ്യ’നെന്നടയാളപ്പെടുത്തിയിട്ടില്ല. ബഹുഭർത്തൃത്വവിവാഹജീവിതം ഈയിടെയല്ലേ. ‘ഹസ്തിനപുരി പത്രിക’ കാത്തിരിക്കൂ അതിനിടയിൽ ധൃതരാഷ്ട്രരിൽനിന്നും ഇഷ്ടദാനമായി പതിച്ചുകിട്ടിയ ഖാണ്ഡവവനം പാണ്ഡവർ രഹസ്യമായി തീയിടുമോ, അതോ, അതിലോല ആവാസവ്യവസ്ഥയുടെ അവസ്ഥാന്തരം അനുകമ്പയോടെ പരിഗണിക്കുമോ എന്നും നോക്കട്ടെ. പ്രസവിക്കാൻ അഞ്ചുപേരുമായി മാറി മാറി ഇണ ചേരുകമാത്രമല്ലല്ലോ സാമൂഹ്യബോധമുള്ള വ്യക്തിയുടെ ജീവിതാഭിലാഷം!” പുറത്തുപറയാനാവാത്ത അഭിലാഷങ്ങൾ ഓമനമുഖത്തു മിന്നിമാഞ്ഞു. നകുലന്റെ ചാരക്കണ്ണുകൾ അവരെ തലോടിക്കൊണ്ടിരുന്നു.