“നടപ്പുഭാഷയിൽ നിങ്ങൾ ഒരു ‘കുലസ്ത്രീ’ അല്ലെ? ദുശ്ശാസനൻ ഭർത്താവാണെന്നു പുറംലോകം അറിയുന്നതൊരു മോശംകാര്യം എന്ന ബോധ്യം വന്നുവോ?” കൊട്ടാരം ലേഖിക ദുശ്ശാസനവധുവിനോടു് ചോദിച്ചു, വേറൊരു ‘കുലസ്ത്രീ’യെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ച ഗുരുതരകുറ്റത്തിനു്, കുരുവംശ മൂപ്പിളമശ്രേണിയിൽ രണ്ടാമനായ ദുശാസന രാജകുമാരനന്തഃപുരത്തിൽ പ്രവേശനം നിരോധിക്കാൻ ചാർവാകനേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയ പ്രഭാതം.
“എനിക്കും ഭർത്താവിനും പാഞ്ചാലിയെ നവപാണ്ഡവവധുവെന്ന നിലയിൽ പരിചയമുണ്ടു്. ചൂതാട്ടത്തിനു പാണ്ഡവകുടുംബം ഇവിടെവന്ന അന്നും സൗഹൃദം പുതുക്കി. രാത്രിയോടെയാണു്, കളിയിടത്തിൽ പാണ്ഡവപിടിപ്പുകേടിനാൽ ‘മഹാറാണിപാഞ്ചാലി’യുടെ ഇന്ദ്രപ്രസ്ഥംരാജപദവി നഷ്ടപ്പെട്ടതും, ചൂതാട്ടഭ്രമക്കാരനായ യുധിഷ്ഠിരൻ എന്നിട്ടും അവളുടെ ഉടൽ അനധികൃതമായി പണയംവച്ചുകളിച്ചു കൗരവഅടിമയായതും. ഹസ്തിനപുരിനിയമമനുസരിച്ചു അടിമയായാൽ ‘പൂർവ്വാശ്രമം’ നീതിപീഠം പരിഗണിക്കുകയില്ല. അവൾ ഇന്ദ്രപ്രസ്ഥംചക്രവർത്തിനി എന്ന തലേന്നത്തെ അവസ്ഥ മാറി കൗരവഉടയോന്റെ പെൺഅടിമയായി പരിവർത്തനം ചെയ്തു. ഞാൻ ജനിച്ച വടക്കുപടിഞ്ഞാറൻ നാട്ടുരാജ്യങ്ങളിൽ ‘പെൺഅടിമ’ എന്നല്ല വിളിക്കുക, ‘ലൈംഗികഅടിമ’ എന്നാണു്. കുറെയൊക്കെ നിങ്ങൾക്കറിയാമല്ലോ. പക്ഷേ, സത്യവതി രാജമാതാവായിരുന്നപ്പോൾ, ഹസ്തിനപുരിയുടെ സാംസ്കാരികനവോത്ഥാനത്തിൽ ‘ലൈംഗികഅടിമ’ ഹീനപരാമർശം നിയമാവലിയിൽനിന്നും പിൻവലിച്ചു, നിയമത്തിന്റെ ദൃഷ്ടിയിൽ അങ്ങനെ അവൾ ‘അടിമ’യായി. എന്നിട്ടും അതിന്റെ സാമൂഹ്യപരമായ അർത്ഥാന്തരങ്ങൾ അംഗീകരിക്കാതെ പാഞ്ചാലി പ്രകോപിതയായപ്പോൾ ആയിരുന്നല്ലോ കളിയിടത്തിൽ ഉന്തും തള്ളും. അല്പവസ്ത്രപാഞ്ചാലി വിവസ്ത്രയാവും മുമ്പു് തന്നെ, മയൻനിർമ്മിത സഭയിലൊരു പെണ്ണനുകൂല കൂരിരുട്ടു് പടർന്നു, അംഗവസ്ത്രം എറിഞ്ഞുകൊടുത്തു. പ്രകാശംപരന്നപ്പോൾ അവൾ പരിപൂർണ്ണവസ്ത്രാലംകൃത! ഈ വസ്തുത ഭീഷ്മനീതിപീഠത്തിൽ എത്തിച്ചുകഴിഞ്ഞാൽ ദുശ്ശാശാസൻ കുറ്റവിമുക്തനാവും. “ഒരു ഭാര്യക്കു് ഒരു ഭർത്താവു” എന്ന സ്ത്രീനീതി മുദ്രാവാക്യം അവനല്ലേ ഈ നാടൊട്ടുക്കു് പ്രചരിപ്പിച്ചതു! പാണ്ഡു മാദ്രിയെ വിവാഹംചെയ്യാനുറച്ചപ്പോൾ “അരുതേ അനീതി, കുന്തി മാത്രം മതി നിങ്ങൾക്കും ഭാര്യ, ധൃതരാഷ്ട്രർക്കു് ഗാന്ധാരി പോലെ” എന്നു് നിലവിളിച്ച കാലം പൊയ്പോയ ഹസ്തിനപുരിക്കുണ്ടു് ഒന്നും നിങ്ങൾ മറക്കരുതു്.”
“അത്യാവശ്യത്തിനൊരു ബദൽസംവിധാനമെന്ന നിലയിൽപോലും രണ്ടാമതൊരു റാണിയെ കണ്ടെത്താൻ യുധിഷ്ഠിരനെ നിങ്ങൾ വിലക്കി എന്നുകേട്ടപ്പോൾ വല്ലാതെതോന്നി. രാജസൂയ യാഗത്തിൽ തീയും പുകയും അശ്ലീല ആചാരങ്ങളുമായി ഞാൻ പൊരുത്തപ്പെടാം, നിങ്ങൾ ഏകപത്നീവ്രതക്കാരനായി പങ്കെടുത്താൽമതി എന്നുനിങ്ങൾ ശഠിച്ചപ്പോൾ, രണ്ടാമതൊരു റാണി എന്നതിനേക്കാൾ, പാണ്ഡവരെ കൂച്ചുവിലങ്ങിടുകയായിരുന്നില്ലേ അഞ്ചുഭർത്താക്കന്മാരുള്ള പാഞ്ചാലി?” കൊട്ടാരം ലേഖിക പുതിയ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിക്കു ആശസകളുമായി വരിനിന്നു അവസരം കിട്ടിയപ്പോൾ വെട്ടിത്തുറന്നു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥംകാലം.
“കുന്തിക്കു് ഇളമുറ മാദ്രിപോലെ, രണ്ടാംഭാര്യ ആളൊരു ‘അതിലോല’യായിരിക്കും എന്നുകരുതുന്നവർക്കു അങ്ങനെയൊക്കെ തോന്നാം. എന്നാൽ പാണ്ഡുവിന്റെ ചിതയിലേക്കു് സ്വയം ചാടി സതിചെയ്യുന്നതിനു പകരം, ‘അതിലോലമാദ്രി’യെ കുന്തിയും യുധിഷ്ഠിരനും ചേർന്നു് എറിയുകയായിരുന്നു എന്നു് എന്നോടു് വികാരഭരിതനായി പറഞ്ഞതു് മിതഭാഷിയായ സഹദേവൻ! ആ യുധിഷ്ഠിരനു് രണ്ടാമതൊരു റാണിയെക്കൊണ്ടുവന്നു തന്നെ വേണമായിരുന്നു എന്നെ ഒരു മൂലയ്ക്കിരുത്തി അവഹേളിക്കാൻ എന്നുതോന്നിയപ്പോൾ, ശരിയാണു്, ഞാൻ ശഠിച്ചു പാണ്ഡവർ ഒന്നാകെ മുട്ടുകുത്തി!”
“ഭീമനെ നാണംകെടുത്തി നിങ്ങളൊക്കെച്ചേർന്നു മൂലക്കിരുത്തി. അർജ്ജുനനും നേരിടുമോ കെട്ടിചമച്ച ലൈംഗികആരോപണം?”, ദുര്യോധനവിധവയോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“കുരുക്ഷേത്ര‘ബലിദാനി’കളുടെ ഓർമ്മപ്പെരുനാൾ ദിവസം, ക്ഷണിക്കപ്പെട്ട സദസ്സിൽ സംഗീതവിരുന്നുണ്ടായിരുന്നു. നിങ്ങളും ക്ഷണിതാവായിരുന്നല്ലോ. എന്റെ കൊച്ചുമകൾക്കു സമ്മാനംപ്രഖ്യാപിച്ചതു് മഹാറാണിയായിരുന്നെങ്കിലും, വേദിയിലേക്കവളെ ആനയിക്കുന്ന അർജ്ജുനനിൽ നിന്നുണ്ടായ ‘അസ്വാഭാവിക ദേഹസ്പർശ’മാണിപ്പോൾ ജനരോഷത്തിനു കാരണം. അർജ്ജുനവിരലുകൾ അനാവശ്യഉത്സാഹത്തോടെ പെരുമാറിയെന്ന തോന്നലിലാവാം, മനഃസാന്നിധ്യത്തോടെ, “അരുതേ” എന്നവൾ പീഢകപാണ്ഡവനുനേരെ വിരൽചൂണ്ടി. ഖേദം പ്രകടിപ്പിക്കുന്നതിനുപകരം, അവളെ കോരിയെടുത്തു പ്രദർശിപ്പിച്ചതു് പ്രകോപനപരമായി.”
“സ്വന്തം നഗ്നതുട ചൂണ്ടി പാഞ്ചാലിയെ പണ്ടു് ചൂതാട്ടസഭയിൽ ഇരിക്കാൻക്ഷണിച്ച ദുര്യോധനന്റെ കൊച്ചുമകളെ, സംഗീതജ്ഞൻ കൂടിയായ അർജ്ജുനൻ സ്വന്തംതുടയിൽ ബലമായി ഇരുത്തുകയല്ല പിടിച്ചുനിർത്തുകയല്ലേ ചെയ്തുള്ളു?” എന്ന ഭീമനിരീക്ഷണത്തിൽ സദസ്സു് വിറളിപിടിച്ച പോലെയായി.
“ആ വൃത്തികെട്ട കാമക്കഴുതയെ കല്ലെറിഞ്ഞു കൊല്ലു്” കൗരവാനുകൂലികൾ കൂവി. കാഴ്ച നിങ്ങൾ കണ്ടുകാണും. പാഞ്ചാലി അർജ്ജുനനെയും ഭീമനെയും തിരുവസ്ത്രങ്ങളിൽവലിച്ചു വേദിക്കുപിന്നിലൂടെ സ്ഥലംവിട്ടു. നീതിപീഠത്തിൽ അർജ്ജുനനും ഭീമനും പാഞ്ചാലിക്കുമെതിരെ ബാലികാപീഡനത്തിനു ഞങ്ങൾ പരാതികൊടുക്കും. സ്വഭാവശുദ്ധിയുള്ളവരുടെ ദൃക്സാക്ഷിമൊഴിയുണ്ടു് പിന്തുണക്കാൻ. രാജ്യത്തിന്റെ അഖണ്ഡതക്കായി ബലിദാനികളായ കൗരവകുടുംബത്തിനു് നേരെ, അധികാരഹുങ്കിൽ പുളയുന്ന പാണ്ഡവ കടന്നാക്രമണത്തെ ചെറുക്കാതെ അനാഥവിധവകൾക്കിനി മുന്നോട്ടു വഴിയില്ല. ‘ഹസ്തിനപുരി പത്രിക’ ബാലനീതിയുടെ ശരിപക്ഷത്തു നിൽക്കുമോ? അതോ, ഉടലഴകുള്ള പാഞ്ചാലിയുടെ വാമൊഴിമികവിൽ നിങ്ങളുടെ വാർത്താകേന്ദ്രവും മയങ്ങുമോ?
“ദുര്യോധനൻ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിക്കാതെ, ബാലപാണ്ഡവരെ പ്രതിസ്ഥാനത്തു നിർത്തിയോ കുന്തി?”, മാദ്രീപുത്രനും ഇളമുറ പാണ്ഡവനുമായ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വിദുരരുമൊത്തു കുന്തി വനവാസത്തിനു പോവുന്ന പാണ്ഡവഭരണകാലം.
“പിന്നെന്തുവേണം, ആ കാലത്തു അരക്ഷിതാവസ്ഥ നേരിടുന്ന ഞങ്ങളഞ്ചുപേർ കുന്തിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ? കൗരവരും ഞങ്ങളും വിവേചനമില്ലാതെ ഊട്ടുപുരയിൽ ഒരുപന്തിയിലിരിക്കണം എന്നു നിർദേശിച്ച പിതാമഹനു സ്തുതി, കുട്ടി കൗരവർക്കുശേഷം വിളമ്പിക്കിട്ടിയ ‘എല്ലും പൊടിയും’ ഞങ്ങൾ ആർത്തിയോടെ വാരിത്തിന്നുമ്പോൾ കാണാം, കുന്തിയുടെ എഴുന്നെള്ളത്തും, ഞങ്ങളഞ്ചുപേരെ അർഥംവച്ചു് തുറിച്ചുനോക്കലും. ദുര്യോധനനെ ചൂണ്ടിക്കാണിച്ചു ഞങ്ങൾക്കു നേരെ കുന്തി ശ്രദ്ധയാകർഷിക്കാൻ വിരൽ ഞൊടിക്കും. കൃത്യം കടിക്കേണ്ടയിടത്തു കടിച്ചാണു് കാളക്കാലിൽ നിന്നിറച്ചി ദുര്യോധനൻ വായിലാക്കുന്നതെന്നു നോക്കിപഠിക്കാൻ ഞങ്ങളോടു് നിന്ദയോടെ പറയും. വിരലുകൾകൊണ്ടവൻ സസ്യവും സസ്യേതരവുമായ ഭക്ഷണം വായിലാക്കുന്നതിനെന്തു ചന്തം! എന്നവൾ നാടകീയമായി വിസ്മയിക്കും. ഉണ്ണുമ്പോൾ ചുണ്ടവൻ അശ്ലീലമായി ചലിപ്പിക്കില്ല, ഞങ്ങളെപ്പോലെ വായിൽഎറിഞ്ഞ ഭക്ഷണം അണ്ണാക്കിൽ എത്തുംമുമ്പു് അടുത്ത ഉരുള വായിലേക്കവൻ വക്കില്ല. അപശബ്ദങ്ങളില്ലാതെ ഭക്ഷണംകഴിക്കുന്നതൊരു മോഹനദൃശ്യാനുഭവമാക്കുന്ന ഈ കൗരവക്കുട്ടി എവിടെ, കയ്യിൽ കിട്ടിയതെന്തും ഉടൻ വായിലിട്ടമുക്കുന്ന പാണ്ഡവരെവിടെ. ദുര്യോധനിലൂടെയും ദുശ്ശാസനിലൂടെയുമായിരിക്കും കുരുവംശ കുലീനതയുടെ കഥ, സമൂഹമറിയുകയെന്നു കണ്ണുരുട്ടി ഞങ്ങളെ താക്കീതുചെയ്യും! ആ കുന്തിയാണിപ്പോൾ ജീവിതാന്ത്യം കാട്ടിൽ കഴിയട്ടെ എന്ന പിടിവാശിയിൽ, എന്നാൽ പരിഭവത്തിൽ, പടിയിറങ്ങുന്നതു്. രാജമാതാപദവി കുന്തിക്കു് വിട്ടുകൊടുത്താൽ, അന്തഃപുരത്തിൽ രണ്ടു അധികാരകേന്ദ്രങ്ങൾ ഉണ്ടാവുമെന്ന പാഞ്ചാലിയുടെ ആശങ്ക ഞങ്ങൾ പരിഗണിക്കേണ്ടേ? കുന്തിയുടെ അധികാരമോഹം സാധിച്ചുകൊടുക്കണോ, പാഞ്ചാലിയുടെ അന്തഃസംഘർഷം മാറ്റിക്കൊടുക്കണോ? നിങ്ങൾ പറയൂ!”
“‘അസ്വാഭാവിക ശരീരസ്പർശ’ത്തിന്നെതിരെ പ്രതിഷേധവുമായി കോട്ടവാതിലിനുമുമ്പിൽ കൗരവരാജകുമാരികൾ നിരാഹാരമിരിക്കുമ്പോൾ, ‘ആജീവനാന്തബ്രഹ്മചാരി’പട്ടത്തിൽ ചതവു് വീണു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.
“കരിമ്പാറക്കെട്ടാണെന്റെ ബ്രഹ്മചര്യമെന്നറിയുന്നവർ ഈ പ്രകടനങ്ങൾ കണ്ടാലൊന്നും കീഴടങ്ങില്ല. ലൈംഗികാസ്വാദനത്തിന്റെപേരിൽ എന്നെ അളക്കാനോ ഇളക്കാനോ പെണ്ണുടലിനാവില്ല. എന്നതൊരു അവകാശവാദമല്ല, അംഗീകൃതസത്യമാണു്. രതിയൂർജ്ജംകലർന്ന കൗമാരകാലരക്തം ഞരമ്പുകളിൽഓടുന്ന കാലത്തായിരുന്നു ഉർവശിയെപോലൊരു സുന്ദരി ആദ്യമായി പ്രലോഭിപ്പിച്ചതു്. വൃദ്ധശന്തനുവിന്റെ യുവഭാര്യ. ബ്രഹ്മചര്യം വിജയിച്ചു. ‘വിചിത്രവീര്യന്റെ വിധവക’ളുമായി സഹകരിച്ചു കുരുവംശത്തിനു സന്തതികളെ കൊടുക്കണമെന്നു്, രാജമാതാവെന്ന നിലയിൽ സത്യവതി ചെയ്ത യാചന ഞാൻ നിരാകരിച്ചു. പിന്നെ നിരാകരണങ്ങളുടെ നീണ്ടനിരയായിരുന്നു, പാണ്ഡവാഭിമുഖ്യം സംശയിച്ചു എന്നെ തളർത്താൻ കുടിലദുര്യോധനൻ തട്ടിക്കൂട്ടിയ കപടനാടകത്തിൽ, കൗരവരാജകുമാരികൾ ഇരകളായി. കാലിൽവീണു നമസ്കരിക്കുന്ന പെൺകുട്ടികളെ ‘അരുതു്’ എന്നുച്ചരിച്ചുയർത്തുമ്പോൾ തോളിലോ കക്ഷത്തോ അരക്കെട്ടിലോ ആകസ്മികമായി തൊട്ടുതൊട്ടില്ല എന്നു് വരാം, എന്നതിൽ കവിഞ്ഞൊരു കെട്ടനോട്ടം എനിക്കില്ലെന്നതാണു് നേരു. അതിനെ ആ കുഞ്ഞുങ്ങൾ ‘അസ്വാഭാവികസ്പർശം’ എന്നടയാളപ്പെടുത്തുകയാണോ വേണ്ടതു്?, അതോ, ആരുടെ മുമ്പിലും നമസ്കരിക്കരുതു എന്നാണോ പുതുതലമുറ കാണേണ്ടതു്?”
“കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽചെന്ന നിങ്ങൾ, “കാടു് മൊത്തം വളഞ്ഞു നമുക്കു് എത്രയുംവേഗം തീയിടാം” പദ്ധതിതയ്യാറാക്കുമ്പോൾ, യമുനാതീര ആവാസവ്യവസ്ഥ, ശത്രുസമ്മർദ്ദമറിഞ്ഞു നിലവിളിച്ചിരുന്നു എന്നു്, പാണ്ഡവരിൽ ‘അമാനുഷ’കഴിവുള്ള, സഹദേവൻ വെളിപ്പെടുത്തി. സാധാരണ മനുഷ്യരുടെ ശ്രാവ്യപരിധിയിൽ വരാത്ത വിലാപം തനിക്കൊരു സവിശേഷസിദ്ധിയാൽ കേൾക്കാനായതു്, മറ്റു പാണ്ഡവരുമായി പാരിസ്ഥിതിപ്രശ്നമായി പങ്കിട്ടപ്പോൾ, അവർ പൊട്ടിച്ചിരിയോടെ ആ ‘കപട’ കണ്ടെത്തൽ തള്ളി എന്നുസഹദേവൻ വേദനയോടെ ഓർക്കുന്നു. വാസ്തവത്തിൽ എന്തായിരുന്നു വിശ്വപ്രകൃതിയുടെ ആ വിലാപഗീതം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഭാവിപ്രവചിക്കുന്നവൻ സഹദേവൻ എന്നു് നകുലൻ ഇരട്ടസഹോദരനെ തരംകിട്ടുമ്പോൾ പരിഹസിക്കുന്നതു് കേൾക്കാറുണ്ടു്. സഹദേവനോടു് പ്രവചനസ്രോതസ്സു ചോദിച്ചാൽ, “എനിക്കു് വിക്കുണ്ടു് ഉള്ളിൽ വിലക്കുണ്ടു് രാവിലെമുതൽ നാവനങ്ങുന്നില്ല” എന്നൊക്കെ ഇരയുടെ ദൈന്യമുഖഭാവങ്ങളോടെ മിണ്ടാതെ പിന്മാറും.”
“ആദ്യമൊക്കെ നീ, വേട്ടഇറച്ചി എനിക്കു് വേണ്ട, ആ മൃഗങ്ങളുടെ നിലവിളി അത്ര ഞാൻ കേട്ടു എന്നാണല്ലോ പറഞ്ഞിരുന്നതു്. ഇപ്പോൾ നീ സസ്യജാലത്തിന്റെ ‘കരച്ചി’ലും കേൾക്കാൻ തുടങ്ങിയോ?”, എന്നു് ഞങ്ങൾ മുനവച്ചുചോദിച്ചു. നായാട്ടിനിടക്കൊക്കെ അർജ്ജുനൻ അമ്പു കുലക്കുന്നതുകാണുന്ന മാനും മുയലും ഓടിമാറുംമുമ്പു് നിലവിളിക്കാറുണ്ടല്ലോ, അതൊക്കെ കേട്ടു് മൃഗസ്നേഹത്തിൽ മനമുരുകി കൂരമ്പു ആവനാഴിയിൽ നിക്ഷേപിക്കുമോ, അതോ കരുതലോടെ ഉന്നംനോക്കി അമ്പെയ്തു ഉച്ചഭക്ഷണത്തിനു ഇറച്ചിയാക്കുമോ? തിരിച്ചുകടിക്കാത്ത എന്തും നിങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കട്ടെ എന്നല്ലേ വനദേവത കുട്ടിക്കാലംമുതൽ കാരുണ്യപൂർവ്വം അഴിച്ചുവിട്ടതു്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെ, തെറ്റായ പ്രവചനം വഴി കുടിയേറ്റക്കാരെ കുറ്റബോധത്തിൽ വീഴ്ത്തുവാൻ ശ്രമിച്ച സഹദേവനെ, മാതൃകാപരമായ ശിക്ഷ എന്ന നിലയിൽ, “സമ്മതം ചോദിക്കാതെ നിന്നെ സ്വവർഗ്ഗരതിക്രീഡക്കുപയോഗിക്കാൻ ഭീമനു ഉപാധിയില്ലാത്ത” അനുമതികൊടുത്തു, അതോടെ നിലച്ചു കുടിയേറ്റക്കാരന്റെ മുമ്പിൽ സസ്യലോകത്തിന്റെ വിലാപം. വനം വളഞ്ഞു തീയിട്ടു. മരങ്ങളും മൃഗങ്ങളും എത്രവേഗം വെന്തുവെണ്ണീറായി ഖാണ്ഡവ വനം നിന്നയിടത്തൊരു മോഹനനഗരം നിർമ്മിക്കാൻ പാതാളഗൃഹത്തിലെ അസുരശില്പി മയനുമൊത്തു ഉന്മാദചർച്ച യിലായിരുന്നു യുധിഷ്ഠിരനേതൃത്വത്തിൽ മറ്റുപാണ്ഡവർ. ഭീമന്റെ ബലാൽക്കാരശ്രമത്തിൽ ഇരയാക്കപ്പെടുന്ന സഹദേവന്റെ വിലാപം ഉയർന്നപ്പോൾ കൊട്ടാരം ലേഖിക മുഖം തിരിച്ചു. പാഞ്ചാലി മാറിനിന്നു പാണ്ഡവരെ നിസ്സംഗതയോടെ നോക്കി.
“ഒതുങ്ങിക്കഴിയുന്നു പാഞ്ചാലി! എന്നാണോ ജിജ്ഞാസാഭരിതരായ വായനക്കാരെ ഞങ്ങൾ അറിയിക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. ഈറൻതുണി ഉണക്കാനിടുകയായിരുന്നു പാഞ്ചാലി. കുറച്ചകലെ ആൽമരചുവട്ടിലിരുന്നു പാണ്ഡവർ ചൂതാട്ടത്തിൽ നൈപുണ്യപരിശീലനം നേടുന്ന സായാഹ്നം വനവാസക്കാലം.
“നഗ്നനേത്രങ്ങൾ കാണുക നിവർത്തിയിട്ടമുടിയും, പകയുള്ള നോട്ടവും! അതാണു് പാഞ്ചാലിയുടെ മുഖമുദ്ര എന്നാൽ അതിനകത്തൊരു രാജകുമാരി, വേഷവിതാനങ്ങളുമായി പാഞ്ചാലയിൽ പുതിയ സ്വയംവരമണ്ഡപത്തിൽ അപ്പോൾ പങ്കെടുക്കുകയാവും യുവആരാധകർ സാന്നിധ്യവും താൽപ്പര്യവും അറിയിച്ചു വരണമാല്യത്തിനായി കാത്തിരിക്കുന്നു. പുതിയ ബഹുഭർത്തൃത്വ ദാമ്പത്യജീവിതക്രമം സ്വയംവര മത്സരത്തിൽ രൂപപ്പെടുത്തുമ്പോൾ, അതാ, കൗരവനെ തോൽപ്പിക്കാൻ ചൂതാടിക്കളിക്കുന്ന അഞ്ചുപേരും സ്വയംവരയോഗ്യതയില്ലാതെ കാഴ്ചപരിധിയിൽനിന്നും പുറത്തായിട്ടുണ്ടാവും!” പറഞ്ഞുപറഞ്ഞു പാഞ്ചാലി ഏങ്ങലടിച്ചു. അതൊരുപൊട്ടിക്കരച്ചിലാവും മുമ്പവൾ രംഗബോധത്തോടെ അകത്തേക്കുപോയി.
“വഴിയിൽ കുഴഞ്ഞുവീണു ഭാര്യ മരിച്ചിട്ടും, ഒരു തുള്ളി കണ്ണീർ? കടുകുമണി കനിവു് ? ഒന്നും കാണുന്നില്ലല്ലോ, അരനൂറ്റാണ്ടോളംകാലം അന്തസ്സോടെ മഹാറാണിപദവി വഹിച്ച പാഞ്ചാലിയുടെ ഓർമ്മക്കായി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“കണ്ണീരിനും കനിവിനും എന്തുപ്രസക്തി മാധ്യമസുഹൃത്തേ. അഭിമുഖത്തിനിടയിൽ നിങ്ങൾ മറക്കരുതു്, ഇതു് മഹാപ്രസ്ഥാനം മനുഷ്യജീവിതം വിശ്വപ്രകൃതിക്കു വിട്ടുകൊടുത്തു ജന്മം ഔപചാരികമായി അവസാനിപ്പിക്കാനുള്ള വഴിനടക്കൽ! അതപ്പോൾ ആരെ തടസ്സപെടുത്താനാണു്, അതോ ശരിക്കും എളുപ്പമാക്കാനോ! പരപുരുഷകാമനയാൽ അവൾ എക്കാലവും ‘തിളച്ചുമറിഞ്ഞു’. ദാമ്പത്യവിവേകത്തിന്റെ മുൾവഴിയിൽ ഒന്നുംകണ്ടില്ല കേട്ടില്ല എന്നമട്ടിൽ അവളെ ഞങ്ങൾ വാത്സല്യത്തോടെ കൂടെനടത്തി കൂട്ടുകിടത്തി. മഹാപ്രസ്ഥാനത്തിൽ ആചാരക്രമം വേറെ—വീണവളെ മടിയിൽകിടത്തി ലാളിക്കുകയോ, മരിച്ചുകഴിഞ്ഞാൽ ചരമശുശ്രൂഷയോ പതിവില്ല എന്നൊക്കെ നിങ്ങൾക്കറിയാം ചിലർ കുഴഞ്ഞുവീഴും, ചിലർ ഒലിച്ചുപോവും, ചിലരെ കാട്ടുമൃഗങ്ങൾ കടിച്ചുകൊല്ലും അവരെങ്ങനെ ജീവൻമുക്തി നേടിയാലും, സാദാമനുഷ്യർ പ്രതികരിക്കുന്നപോലെ മഹാപ്രസ്ഥാനത്തിൽ കപടദുഃഖാചരണം ഉണ്ടാവില്ല. നിങ്ങൾ കാണുന്ന ഈ ദേഹമുണ്ടല്ലോ, പൊന്നുടൽ! അതു് വേറെ, അതിനകത്തെ ദേഹി, അതുവേറെ. അതൊക്കെ ഒന്നൊന്നായി തിരിച്ചറിഞ്ഞാൽ മാധ്യമപ്രവർത്തകർക്കും മരണം ചരമശുശ്രൂഷയില്ലാതെ നേരിടാം” സ്വർഗ്ഗരാജ്യത്തിലേക്കു യാത്രപോവാൻ ആകാശച്ചെരുവിൽനിന്നും ഊർന്നിറങ്ങുന്നൊരു സ്വർണ്ണത്തേരിൽ ‘പിതാവു്’ വരുന്നതുകാത്തു് ധർമ്മപുത്രർ കൊട്ടാരലേഖികക്കു് വിടപറഞ്ഞു, മറ്റുമൂന്നു പാണ്ഡവർ വിഷണ്ണരായി ആകാശച്ചെരുവിലേക്കു നോട്ടംപായിച്ചു. നാലാമൻസഹദേവൻ വഴിയിൽ വീണതു് അറിയാത്ത നായ വിശ്വസ്തതയോടെ വാലാട്ടി.
“ദുര്യോധനന്റെ പ്രണയാഭ്യർത്ഥന തിരസ്കരിച്ച പ്രതികാരത്തിലാണു് പാഞ്ചാലിയെ അനുജൻ വസ്ത്രാക്ഷേപ ‘ഇര’യാക്കിയതെന്നു പറഞ്ഞതു്, കളിയിൽതോറ്റ പാണ്ഡവരല്ല. വിദുരർ! എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. രക്തച്ചൊരിച്ചിൽ ഇല്ലാതെ ഇന്ദ്രപ്രസ്ഥനഗരി സ്വന്തമാക്കിയ കൗരവഭരണകൂടത്തിനു് അനുമോദനം അർപ്പിച്ചു ആൾക്കൂട്ടം ദുര്യോധനനെ പ്രകീർത്തിക്കുന്ന പാട്ടുപാടികൊണ്ടിരിക്കുമ്പോൾ, വൽക്കലംധരിച്ച പഞ്ചപാണ്ഡവർ വനവാസത്തിനു പടിയിറങ്ങുകയായി.
“വിവേകവചനത്തിന്റെ വിശുദ്ധആൾരൂപമാണോ ശരിക്കും വിദുരർ? അതോ, തിന്ന ഉപ്പിനു നന്ദിയില്ലാത്ത സൂതനോ? പ്രണയം തിരസ്കരിച്ച പാഞ്ചാലിയോടു് പ്രതികാരദാഹമുണ്ടെങ്കിൽ, പാണ്ഡവർക്കൊപ്പംപോവാൻ ഞാൻവിടുമോ? പണയനഷ്ടത്തിലൂടെ പൗരാവകാശംപോയ പാഞ്ചാലിയെ മറ്റൊരു ലൈംഗികഅടിമയെന്ന നിലയിൽ ഹസ്തിനപുരി അതിഥിമന്ദിരത്തിൽ രതിസേവനദാതാവായി താമസിപ്പിക്കാമായിരുന്നില്ലേ? പാണ്ഡവരുടെ സ്ഥാവരജംഗമങ്ങളെല്ലാം നിയമവഴിയിൽ ഇനി കൗരവസ്വത്തെന്നു് പ്രഖ്യാപിച്ചതു് ഭീഷ്മർ അധ്യക്ഷനായ രാജസഭയല്ലേ? ദുഷ്ടലാക്കില്ലാത്ത കൗരവഉദ്ദേശ്യം വിഷലിപ്തമായ വിദുരവചനത്തെ റദ്ദാക്കുന്നു എന്നതല്ലേ ശരി? പ്രണയം ഒരുകാലത്തും ഞാൻ മറച്ചുവച്ചിട്ടില്ല. സ്വീകരിച്ചാലും തിരസ്കരിച്ചാലും ഞാനവളുടെ ആരാധകൻ. അതുകൊണ്ടു തന്നെയാണു് അടുപ്പും പുകയുമില്ലാത്ത ഊട്ടുപുര അടുത്ത പന്ത്രണ്ടുവർഷം എന്റെ പ്രണയിനിക്കുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ, ഒരസാധാരണ ‘ഭക്ഷണപാത്രം’ കാട്ടുകുടിലിൽ കാത്തിരിക്കുന്നതു്. കുളിച്ചു പ്രാർത്ഥിച്ചവൾ പാത്രം തുറന്നാൽ പരിമിതിയില്ലാതെ ആറുപേർക്കു് മൂന്നുനേരം കഴിക്കാൻ രുചിഭക്ഷണം അതിലുണ്ടാവും. എന്നെ ഇന്ദ്രപ്രസ്ഥത്തിൽ വീഴ്ത്തി നാണംകെടുത്തിയ മായികസഭാതലം പണിത മയൻതന്നെ പ്രകൃതിനിയമത്തെ കബളിപ്പിച്ച അക്ഷയപാത്രത്തിന്റെയും നിർമ്മാതാവു്!”.
“അല്ല! നിങ്ങളും വാങ്ങി സൂക്ഷിക്കുന്നുണ്ടോ, വ്യാസനെഴുതിയ മഹാഭാരതം?”, കൊട്ടാരം ലേഖിക ചോദിച്ചു. സൈന്ധവദേശത്തിൽ, ജയദ്രഥമരണത്തിനുശേഷം, അർജ്ജുനന്റെ സൗജന്യത്തിൽ, നാമമാത്ര രാജാമാതാപദവി വഹിക്കുകയായിരുന്നു, ഒരിക്കൽ അസാധാരണ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന ഈ ഗാന്ധാരിപുത്രി.
“എഴുത്തുകാരൻ എങ്ങനെ ആവിഷ്കാരത്തിനായി വസ്തുതകളെ വളച്ചൊടിച്ചു എന്നു് വരുംതലമുറയെ അറിയിക്കാൻ ഈ പനയോലക്കെട്ടു് എന്റെ തൊട്ടടുത്തുതന്നെവേണമെന്നുതോന്നി. അജ്ഞതകൊണ്ടോ, മനോഭാവത്തിൽ അന്ധകാരം കൊണ്ടോ, കൗരവരെ കറുത്തചായംമുക്കി വികൃതമായി വ്യാസൻ വരച്ചുവച്ചു. ഭാവിയിൽ, പരേതകൗരവരുടെ പിന്തുടർച്ചക്കാർ, വായിച്ചുംകേട്ടറിഞ്ഞും സ്വയം തീരുമാനിക്കട്ടെ, വ്യാസസ്പർശമേൽക്കാത്തൊരു കുരുവംശഗാഥക്കായി പുതുചരിത്രകാരന്മാർ ഇറങ്ങിത്തിരിക്കുമോ?”
“കൗരവരാജവധുക്കൾ, പ്രത്യേകിച്ചും പുരോഗമനനാട്യങ്ങളുള്ള ദുര്യോധനവധു, സുവ്യക്തതക്കായി വീണ്ടുംചോദിച്ച കാര്യമുണ്ടു് കുപ്രസിദ്ധസ്ഥലജലഭ്രമത്തിൽ ഒരു ‘വിശിഷ്ടാതിഥി’ വഴുക്കി വീണപ്പോൾ, നിങ്ങൾ പൊട്ടിച്ചിരിച്ചില്ല എന്നതാണോ വസ്തുത?, അതോ, സ്വയംഅറിയാതെ, ഒന്നു് ചിരിച്ചുപോയി എന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“വിശിഷ്ടാതിഥി സഭാതലത്തിൽ നടക്കുമ്പോൾ വഴുക്കിവീണാൽ, ആതിഥേയയുടെ ജോലി ആർത്തുചിരിക്കലാണോ? കൃത്യമായും അതൊരു ദുഷ്പ്രചരണമായിരുന്നില്ലേ! ഞാൻ ചിരിച്ചുഎന്നു് ഭീമനിൽനിന്നും കേട്ടറിഞ്ഞ ദുര്യോധനൻ, പിണങ്ങിയാണു് ഹസ്തിനപുരിയിലേക്കു മടങ്ങിയതെന്നു് ചാരവകുപ്പുമേധാവി നകുലൻ പറഞ്ഞറിഞ്ഞപ്പോൾ, ഒരു കൊട്ടു് ഞാൻ ഭീമനും തിരിച്ചുകൊടുത്തു. പിന്നെ അവനെ കിടപ്പറയിൽ ഒരുകൊല്ലത്തോളം കാലുകുത്താൻ അനുവദിച്ചില്ല. എന്നോ ഒരു കല്യാണ സൗഗന്ധികം സമ്മാനിച്ചു എന്നതിന്റെ പേരിൽ കൊള്ളരുതാത്തവനെ എത്രനാൾ ചുമന്നുകിടക്കണം!”. ഉണക്കപ്പൂക്കൾ പ്രതീകാൽമകമായി ചുരുട്ടിക്കൂട്ടി മാലിന്യപ്പെട്ടിയിലേക്കെറിഞ്ഞു പാഞ്ചാലി കൈഴുകുമ്പോൾ ആയിരുന്നു, ഇരു കൈനിറയെ പുതുസൗഗന്ധികപൂക്കളുമായി ആ നിത്യകാമുകൻ അവളുടെ ‘നിശാനികുഞ്ജ’ത്തിലേക്കു പ്രവേശിച്ചതു്!
“ആശ്രമംപരിപാലിക്കാൻ അത്ര ചെലവു?”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് വിസ്മയിച്ചു. അരമന സമുച്ചയത്തിൽ നിന്നും പിതാമഹൻ കൊട്ടാരത്തിനുപിന്നിലെ സംരക്ഷിത വനത്തിലേക്കു പൊറുതി മാറ്റിയ ദിനങ്ങൾ.
“ലാളിത്യത്തിന്റെ പര്യായമെന്നു തോന്നാവുന്ന കുടിൽ ആഡംബരത്തിന്റെ ഒളിത്താവളവുമാകുന്നു. ഉറക്കമുണർന്നാലുടൻ ഗംഗാതീരത്തേക്കു പ്രഭാതസവാരിക്കു ഇരുകൈകളും തോളിൽ വക്കാൻ ഭീഷ്മർക്കു് കൗരവകുമാരികൾ കൂട്ടുവേണം. ‘ഊന്നുവടി തരട്ടെ?’ എന്നുചോദിച്ചാൽ തർക്കഭാവത്തിലൊരു തറച്ചനോട്ടമുണ്ടു്. ചൂളിപ്പോവും. നൂറോളം കൗരവരുടെ പെണ്മക്കളെ ആജീവനാന്തബ്രഹ്മചാരിയുടെ ‘അടിമപ്പണി’ക്കു് വിട്ടുതരാനാവില്ലെന്നു മുഷിഞ്ഞുപറയാൻ ഒരു കൗരവരാജവധു മുന്നോട്ടുവന്നു. ദുര്യോധനൻ ‘ധിക്കാരി’യെ മാതൃകാപരമായി ശിക്ഷിച്ചു. ആസന്നമായ പാണ്ഡവാക്രമണത്തെ കായികശക്തി കൊണ്ടു നേരിടാനുറച്ച കാലത്തു, ആശ്രമജീവിതത്തിനു പൂർണ്ണസഹകരണം വേണമെന്ന ഊന്നൽ അന്തഃപുരം അംഗീകരിച്ചു. ഇപ്പോൾ പിതാമഹനൊരു കഠിനപരീക്ഷണം ചെയ്യാൻ താൽപര്യമുണ്ടെന്നു് കുമാരികൾ! ബ്രഹ്മചര്യപരിശുദ്ധി എരിതീയിൽ തെളിയിക്കാൻ ‘സന്നദ്ധ ഇര’കളെ ആവശ്യമുണ്ടു്. ഇരുവശങ്ങളിലും വിവസ്ത്രരായി രതി പ്രലോഭന പരീക്ഷണത്തിനു് രാത്രി പായക്കൂട്ടുകിടക്കാൻ സന്മനസ്സുള്ള കൗരവരാജകുമാരികളുടെ പട്ടിക തയ്യാറാക്കുകയാണു് ഞങ്ങൾ. നിർദിഷ്ടനിശാപരീക്ഷണത്തിനുശേഷം, ‘പീഡകനും പീഡിതകളും’ രാവിലെ എഴുന്നേൽക്കുമ്പോൾ, ലൈംഗികാനുഭവത്തിനു താനും, ‘രതിയാക്രമണ’ത്തിനു പെൺകുട്ടികളും, ഇരയായിട്ടില്ലെന്നു പരിശോധിക്കാൻ ആരോഗ്യ സേവനദാതാക്കളും സംഘവും ആശ്രമമുറ്റത്തു സാന്നിധ്യമുറപ്പിക്കണം. ‘തകർക്കാനാവില്ല ആജീവനാന്തബ്രഹ്മചര്യം, പ്രലോഭിപ്പിച്ചാലുമെത്രയും നിങ്ങൾ’ എന്നാണു പിതാമഹന്റെ വെല്ലുവിളി. ആയുധ നിർമ്മിതിക്കായി ഗ്രാമഗ്രാമാന്തരങ്ങളിലെ ആലകൾ സന്ദർശിക്കുന്ന ദുര്യോധനൻ ഈ സൂക്ഷ്മചുമതല ഏൽപ്പിച്ചതോടെ എന്റെ നിശീഥിനികളും നിദ്രാവിഹീനങ്ങളായി!”
“ഹസ്തിനപുരിയിൽ അധികാരം പിടിച്ചെടുത്ത യുധിഷ്ഠിരൻ മുപ്പത്തിയാറുവർഷം ‘സൽഭരണം’ ചെയ്തു എന്നു് പറയുന്നതിൽ അത്ര വലിയ കാര്യമുണ്ടോ?”, കൊട്ടാരലേഖിക നകുലനോടു് ചോദിച്ചു. വിഷപ്പാമ്പിനെ കാട്ടി യുധിഷ്ഠിരനെ ഭയപ്പെടുത്തിയാണു് പരീക്ഷിത്തു് രാജപദവി നേടിയതെന്ന പ്രചാരണം ശക്തമായ ദിനങ്ങൾ.
“പരീക്ഷിത്തും പാമ്പും ഒക്കെ പിന്നീടാണു്. ആദ്യദശകങ്ങളിൽ യുധിഷ്ടിരനെതിരെ വിഘടനവാദം മുഴക്കിയതു് ഭീമൻ ആയിരുന്നു അവർതമ്മിൽ പ്രായവ്യത്യാസം നിസ്സാരമായിരുന്നതു് കൊണ്ടു് അനന്തമായ കാത്തിരിപ്പു അസാധ്യമെന്ന തിരിച്ചറിവിൽ ജ്യേഷ്ഠനെ സിംഹാസനത്തിൽനിന്നും ബലം പ്രയോഗിച്ചു നീക്കാൻ ഒന്നിലധികം പ്രാവശ്യം എന്റെ ഇടപെടൽ തേടി. ഉള്ളിൽ ഉള്ളതൊക്കെ വെളിപ്പെടുത്തുന്ന ഭീമൻ രാജാവായാൽ, ശല്യം മാദ്രിപുത്രന്മാർക്കു ആയിരിക്കുമെന്നു് സഹദേവൻ താക്കീതുനൽകി. മാദ്രിയെ പാണ്ഡുചിതയിൽ സതി ചെയ്യാൻ കുന്തിക്കുവേണ്ടി നിർബന്ധിച്ചതു് ഭീമൻ ആയിരുന്നു എന്ന സംശയം ഇപ്പോഴും കരളിൽ കനൽ ആയി നീറുന്ന ഞങ്ങൾ ഭീമനെ കൈവിട്ടു. യുധിഷ്ഠിരനുന്നെ വെല്ലുവിളി അർജ്ജുനനിൽ നിന്നായി. അഭിമന്യുവിനെ രാജാവാക്കാൻ യുദ്ധത്തിനുമുമ്പു് ദ്വാരക‘മേലാളന്മാർ’ക്കു ത്വര ഉണ്ടായിരുന്നു. അഭിമന്യുവിന്റെ മരണത്തിനു ഉത്തരവാദി യുധിഷ്ഠിരൻ എന്നവർ ന്യായമായും സംശയിച്ചു എന്നിട്ടും ആ കാരണത്തിൽ യുധിഷ്ഠിരനെ ‘വലിച്ചെറിയാൻ’ തനിക്കാവില്ലെന്നു പാഞ്ചാലി ശഠിച്ചു അങ്ങനെ ബലാബലങ്ങൾ നീങ്ങിയ നേരങ്ങൾ യുധിഷ്ഠിരനു് മേൽക്കൈ നേടാൻ കഴിഞ്ഞു. ഇതിനിടയിൽ പരീക്ഷിത്തു് പാഞ്ചാലിയുമായി ‘കുറുമുന്നണി’ക്കും ശ്രമിച്ചു പാഞ്ചാലി രാജമാതാവും മഹാറാണിയുമാവും, പരീക്ഷിത്തിന്റെ ഭാര്യ ഇളമുറ റാണിയാവും എന്നൊക്ക കേട്ടപ്പോൾ അഞ്ചു പാണ്ഡവരും ഒറ്റക്കെട്ടായി—കൊച്ചുമകന്റെ സ്ഥാനമുള്ള പരീക്ഷിത്തിന്റെ മഹാറാണി പദവി നാമമാത്രമായെങ്കിലും, സ്വീകരിക്കാനുള്ള നിർദേശംകേട്ടാൽ ഒറ്റക്കെട്ടാവില്ലേ പഞ്ചപാണ്ഡവർ! “സ്ത്രീയെ നീ എത്ര വഞ്ചകി!” എന്ന ശാപത്തോടെ അവളെ ഞങ്ങൾ മഹാപ്രസ്ഥാനത്തിലെ ‘ആറാംതമ്പുരാട്ടി’യാക്കി. നോക്കാം ആരാണു് വഴിയിൽ ആദ്യം മോഹാലസ്യപ്പെട്ടു കാലം ചെയ്യുക” പാണ്ഡവരുടെ ചാരവകുപ്പുമേധാവിയും പാഞ്ചാലിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനും ആയ നകുലൻ പാഞ്ചാലിയുടെ ശിരസ്സു് മുണ്ഡനം ചെയ്യാനായി ക്ഷുരകനെ കണ്ടെത്തുന്ന തിരക്കിലായിരുന്നു.
“ഇവരൊക്കെ ആരാ?”, ഒരു വർഷത്തെ അജ്ഞാതവാസത്തിനു ശേഷം വിരാടയിലെ സൈനിക പാളയത്തിൽ പാണ്ഡവർ യുദ്ധം വിഭാവന ചെയ്യുന്ന സംഘർഷദിനങ്ങൾ. അഞ്ചുകൗമാരപ്രായക്കാരെ വിരൽചൂണ്ടി, യുധിഷ്ഠിരൻ പാഞ്ചാലിക്കു് നേരെ നോട്ടമെറിഞ്ഞു.
“എന്റെ മക്കൾ. അല്ലാതാരാ. പാഞ്ചാലയിലാണു് അവർ വളർന്നതു്.”
“ഓരോരുത്തരുടെ പിതൃത്വം ആർക്കെന്നാണു് ചോദിച്ചതു്”, യുധിഷ്ഠിരന്റെ ഒച്ച കനത്തു. മറ്റുപാണ്ഡവർ തുറിച്ചുനോക്കി.
“അഞ്ചു് പുരുഷന്മാർ എന്നോടൊപ്പം മത്സരിച്ചുശയിക്കുമ്പോൾ ഞാൻ നാളും പിതൃത്വവും അന്വേഷിക്കാറുണ്ടോ. അതുപോലെ ഈ കുട്ടികൾ ഓരോരുത്തരെയും പ്രസവിച്ചു, വളർത്താൻ പാഞ്ചാലയിൽ ഞാൻ എത്തിക്കുമ്പോൾ അവരും ചോദിച്ചില്ല ഇവരെല്ലാം ആരുടെ മക്കൾ”, പാഞ്ചാലി മക്കളെ വാത്സല്യത്തോടെ വിഭവം വിളമ്പി സൽക്കരിച്ചു.
“വിലാപയാത്ര നയിക്കുന്നതു് നിങ്ങളാണോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര.
“അത്യപൂർവ്വവ്യക്തി—അങ്ങനെയാണിന്നു യുധിഷ്ഠിരൻ പരേത പോരാളിയെ വിശേഷിപ്പിച്ചതു്. രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി ദുര്യോധനൻ സ്വയം ബലിദാനം ചെയ്യുമ്പോൾ, താൽക്കാലിക യുദ്ധനേട്ടത്തിന്നതീതമായ ദുഃഖാചരണമല്ലേ ജേതാക്കളൊരുക്കുക? കൊട്ടാരത്തിലെത്തി, നടപടിക്രമമനുസരിച്ചു രാജാവകാശത്തിനു പത്രിക അംഗീകരിച്ചുകിട്ടിയ ശേഷം, പട്ടാഭിഷേകത്തിലൂടെ ചെങ്കോൽ കിട്ടിയാലേ ദുര്യോധനസംസ്കാരത്തിനു ക്രമീകരണങ്ങൾ പാണ്ഡവർക്കു് പൂർത്തിയാക്കാനാവൂ. പൊട്ടിത്തകരുകയാണപ്പോൾ വ്യക്തിഗതപിണക്കങ്ങൾ! ചൂതാട്ടവും വസ്ത്രാക്ഷേപവും വനവാസവുമൊന്നുമായി, കൂട്ടിക്കലർത്താതിരിക്കാൻ വേണ്ട ദാർശനികാവസ്ഥയിലെത്തുമ്പോഴാണു്, പോർക്കളത്തിൽ മാത്രമല്ല, ശ്രാദ്ധത്തിലും കനിവുകാണിക്കുന്ന മനീഷികളെന്നു വ്യാസൻ ഞങ്ങളെ അടയാളപ്പെടുത്തുക! തിരക്കുണ്ടു്. ശത്രുവിന്റെ നിഷ്ഠൂരമായ ഗദാപ്രഹരത്തിൽ ഒടിവും ചതവും ഏറ്റശരീരത്തിൽ സൗന്ദര്യപരിചരണത്തിലൂടെ രൂപപരിവർത്തനംചെയ്തു ഞാൻ പൂമൂടും—‘ഇവൻ എന്റെ പ്രിയ ദുര്യോധനൻ’ എന്നു് വഴിയോരങ്ങളിൽ ആരാധകർ വിലപിച്ചുകൊണ്ടായിരിക്കും ജഡംവഹിച്ചു സ്വർഗ്ഗരാജ്യ രഥയാത്ര!”
“നവജാതശിശുവിനെ മുലയൂട്ടിയാൽ പെറ്റതള്ളയുടെ ഉടലഴകിടിയുമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വിരാടയിലെ താൽക്കാലിക പാളയം. തിരക്കിലായിരുന്നു പാണ്ഡവർ. ഖാണ്ഡവദഹനത്തിനും വസ്ത്രാക്ഷേപത്തിനും ഇടയിലൊരു ദശാബ്ദക്കാലത്തു പാഞ്ചാലി അഞ്ചുകുട്ടികളുടെ അമ്മയായി എന്നു് കേട്ടറിവുണ്ടെങ്കിലും, മുലയൂട്ടുന്ന രംഗം, അഭിമുഖത്തിനു് പലകുറി ഇന്ദ്രപ്രസ്ഥത്തിൽ വന്ന ‘ഹസ്തിനപുരി പത്രിക’ പ്രതിനിധിക്കു് ഓർമ്മിക്കാനായില്ല.
“നവജാതശിശുക്കളെ കഴുത്തുഞെരിച്ചു പുഴയിലൊഴുക്കുന്ന റാണി ഹസ്തിനപുരിയിൽ ജീവിച്ചിരുന്നു! പിന്നീടു് പറയാം. പൊതുഭാര്യയെന്ന സ്വാർത്ഥത മുദ്രകുത്തി, മാറി മാറി പരസ്പരം കാഴ്ച വച്ചു് പീഡിപ്പിച്ചതിൽ പിറന്ന ‘ഉപോൽപ്പന്ന’ങ്ങളെ ഞാൻ പരിലാളിക്കുന്നതു കുട്ടികളുടെ ജൈവികപാണ്ഡവത്വം അനർഹമായി മഹത്വപ്പെടുത്തുന്നതിനു തുല്യമല്ലേ എന്നന്തഃരംഗം മന്ത്രിച്ചപ്പോൾ, സുരക്ഷിതമായി വളർത്താൻ പാഞ്ചാലയിൽ എത്തിച്ചു! അഭിമന്യുവിന്റെ വിവാഹത്തിനവർ വരുമ്പോൾ, മുലപ്പാൽമണമില്ലെങ്കിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയുമെന്നാണു് പ്രതീക്ഷ!”
“‘ഘാതകൻ’ അധികാരത്തിൽകയറുന്ന രാജകീയചടങ്ങു്, അർഹിക്കുന്ന അവജ്ഞയോടെ ബഹിഷ്കരിക്കാതെ, മുൻപന്തിയിൽതന്നെ നിങ്ങളെ കണ്ടപ്പോൾ എന്തോ പോലെ!”, കൊട്ടാരം ലേഖിക ദുര്യോധനവിധവയെ നേരിട്ടു. യുദ്ധംജയിച്ചെന്ന അവകാശവാദവുമായി യുധിഷ്ഠിരന്റെ പട്ടാഭിഷേകം.
“സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ യുധിഷ്ഠിരൻ ‘അതിപ്രധാന’ പ്രസ്താവന നടത്തുമെന്നു് ഭീമൻ മുൻകൂർ പറഞ്ഞതു് നിങ്ങൾ അപ്പോൾ അറിഞ്ഞില്ല? യുദ്ധാനന്തരഹസ്ഥിനപുരിയുടെ ഭാവിപ്രതിരോധത്തിനു് തക്ഷഷിലയെവെല്ലുന്ന “ദുര്യോധന സ്മാരക സൈനികശാസ്ത്ര സർവകലാശാല”ക്കു് തറക്കല്ലിടുന്നതിലാണു് എന്റെ വ്യക്തിഗതസാന്നിധ്യം അത്യാവശ്യമായി പാണ്ഡവർക്കു് വേണ്ടിവന്നതു്.”
“കൊട്ടാരത്തിന്റെ ഭൂഗർഭ നിലവറയിൽനിന്നും, കൗരവരാജസ്ത്രീകൾക്കു സ്ത്രീധനമായി കിട്ടിയിരുന്ന സ്വർണംപുറത്തെടുത്തു വേണം പണംകണ്ടെത്താൻ എന്നു പറഞ്ഞുകൊണ്ടല്ലേ, സ്മാരകസർവ്വകലാശാലയുടെ നിർമ്മിതി എന്ന യുധിഷ്ഠിരനിർദ്ദേശനത്തിനും അപ്പൊൾ കിട്ടി നിങ്ങളുടെ അനുമതി!”
“യുദ്ധത്തിനുമുമ്പു് ദുര്യോധനൻ കുന്തിയോടു് ചോദിച്ചു വാങ്ങിയ അനുഗ്രഹം, എന്തായിരുന്നു അതു്!”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. ‘സൽക്കർമ്മങ്ങൾ’ ചെയ്തു നേടിയ പുണ്യത്താൽ ഗാന്ധാരി, പ്രിയപുത്രനു് നൽകിയിരുന്ന സവിശേഷ ‘അനുഗ്രഹ’ത്തിന്റെ കഥ ഹസ്തിനപുരിയിൽ സൂതന്മാർ പാടിനടക്കുന്ന യുദ്ധാനന്തര ഹസ്തിനപുരി.
“കൗരവർ ജയിക്കട്ടെ എന്ന അനുഗ്രഹം അഭിമാനിദുര്യോധനൻ കുന്തിയോടു് ചോദിക്കുമെന്നു് നിങ്ങൾക്കു് തോന്നുന്നുണ്ടോ? എന്നാൽ ‘സുമംഗലി’പാഞ്ചാലി പാണ്ഡവവിധവ എന്ന യുദ്ധാനന്തരദാമ്പത്യപദവിനേടുമോ എന്നു് ദുര്യോധനൻ കുന്തിയോടു് മുനവച്ചു ചോദിച്ചു അതൊരു അനുഗ്രഹംതേടലായിരുന്നില്ല, പക്ഷേ, പ്രതികരിക്കുമ്പോൾ കുന്തി, വാക്കു സൂക്ഷ്മതയോടെ തിരഞ്ഞെടുത്തു “പുത്രമരണത്താൽ ഞാൻ ദുഃഖിതയാവും എന്നു് അന്തഃരംഗം മന്ത്രിക്കുന്നു”, കുന്തി പറഞ്ഞു. മൊത്തം പാണ്ഡവരുടെ മരണം എന്നാണു് കുന്തി ഉദ്ദേശിച്ചതെന്ന ആത്മധൈര്യത്തിൽ കൂടുതൽ ചോദിക്കാതെ ദുര്യോധനൻ പ്രസന്നതയോടെ കുരുക്ഷേത്രയിലേക്കു വിശ്വസ്തസുഹൃത്തു കർണ്ണനുമൊത്തു യാത്രയായി. പുത്രമരണം എന്നതുകൊണ്ടു് എന്താണു് കുന്തി ഉദ്ദേശിച്ചതു്! എല്ലാംകൂട്ടിവായിച്ചർത്ഥം അറിയാൻ കർണ്ണവധംവരെ കാത്തിരിക്കേണ്ടിവന്നു!”
“കളിച്ചതു മാതൃസഹോദരനായ ‘ഗാന്ധാരഭൂപതി’യാണെന്നു വെളിപ്പെടുത്തിയതുകൊണ്ടു് മര്യാദകേടിനെ മറച്ചുവെക്കാനാവില്ലല്ലോ. വാക്കിനുവിലയുള്ള കൗരവൻ എന്ന നിങ്ങളുടെ ഖ്യാതി അപ്പോൾ അരമനനിർമ്മിതിയാണോ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു്.
“വാഗ്ദാനം എന്തുവിലകൊടുത്തും പാലിച്ച സുവർണ്ണഭൂതകാലമേ എനിക്കുള്ളൂ. കളിയിലും കാര്യത്തിലും. നിങ്ങൾ വിശ്വസിക്കുന്നവൻ എന്ന നിലയിൽ ഞാൻ തിരിച്ചു ചതിക്കില്ലെന്നതൊരു വിശ്വാസപ്രമാണമാണെനിക്കു്. അസത്യം പറയില്ലെന്നു് മാത്രമല്ല, പറയുന്നവനെ അവമതിക്കാനും എനിക്കൊരു ബലഹീലനതയുണ്ടു്. ധർമ്മപുത്രർ എന്ന പ്രതിച്ഛായ പളുങ്കുപാത്രം പോലെ പൊട്ടിച്ചിതറുന്ന കാഴ്ചയാണു് നിങ്ങൾ ചൂതാട്ടസഭയിൽ കണ്ടതു്. സഭാനടപടി പരിപൂർണ്ണനിയന്ത്രണം ഭീഷ്മർ ആയിരുന്നു. സാക്ഷികളായി ദ്രോണരും കൃപാചാര്യരും. കളിയിൽതോറ്റതു് പാണ്ഡവർ ആയിരിക്കാം, എന്നാൽ ചട്ടം പരിപാലിച്ചതു കൗരവർ ആയിരുന്നില്ല. സ്വകാര്യം വെളിപ്പെടുത്തട്ടെ. കളിയുടെ ചട്ടം നിയന്ത്രിച്ചതു് ഭീഷ്മർക്കു് പകരം ഞാൻ ആയിരുന്നെങ്കിൽ എന്തു് സംഭവിക്കാം? തീർച്ചയായും അടിമപ്പെൺപദവിനേടി പൗരാവകാശങ്ങൾ പിൻവലിക്കപ്പെട്ടിരുന്നെങ്കിലും ദ്രൗപദിയെ വനവാസത്തിൽ അയക്കാതെ ഇന്ദ്രപ്രസ്ഥംഭരണകൂടത്തിന്റെ ചുമതതലയുള്ള അടിമരാജകുമാരിയാക്കുമായിരുന്നു. പാഞ്ചാലയിലെ സ്വയംവരമത്സരം മുതൽ എനിക്കവൾ പ്രിയപ്പെട്ടവൾ. ഭാര്യ പറഞ്ഞു നിങ്ങളുടെ വിവാഹബാഹ്യപ്രണയം ദ്രൗപദിയെപ്പോലൊരു സുന്ദരിയോടെങ്കിൽ ഞാൻ ഒഴിഞ്ഞുപോവാം എന്നാൽ നിങ്ങളോടുള്ള മതിപ്പു നിലനിൽക്കും. എന്നിട്ടും പാഞ്ചാലി എങ്ങനെ കാട്ടിൽപോവാൻ നിർബന്ധിതയായി? അതാണു് പറഞ്ഞതു് പ്രത്യക്ഷത്തിൽ കളിച്ചതോ കളിപ്പിച്ചതോ ഞാനല്ല. അതുകൊണ്ടെന്തുണ്ടായി? ദൂരെ ഖാണ്ഡവ വനം കത്തിച്ചിടത്തു പാണ്ഡവർ നിർമ്മിച്ച രാജധാനിയുടെ പരിപാലനവും എന്റെ ഭരണചുമതലയായി വാക്കിനുവിലയില്ലാത്ത വ്യാജ വ്യക്തിത്വത്തിന്റെ ഉടമയും കാലന്റെ മകനുമായ യുധിഷ്ഠിരൻ ഒരാളാണു് പാണ്ഡവപതനത്തിന്റെ പ്രായോജകർ!”
“ദുരന്തം ദുരന്തം എന്നുപയോഗിക്കുന്ന വൈകാരികപ്രസംഗമാണല്ലോ പട്ടാഭിഷേകത്തിനുശേഷം യുധിഷ്ഠിരനിൽനിന്നും കേട്ടതു്! എന്തുണ്ടായി മഹാരാജാവിന്റെ ‘മൃദുലവികാരം’ മുറിപ്പെടാൻ?”, കൊട്ടാരം ലേഖിക പുതുപാണ്ഡവഭരണകൂടത്തിന്റെ ഊർജ്വസ്വലനായ ഔദ്യോഗികവക്താവിനോടു് ചോദിച്ചു.
“രണ്ടു പുണ്യനദികൾക്കിടയിൽ ആഘോഷിച്ചു കഴിയേണ്ട ഹസ്തിനപുരിജനതയുടെ മേൽവീണ ‘ദുരന്ത’മായിരുന്നില്ലേ കുരുക്ഷേത്ര എന്നല്ലേ യുധിഷ്ഠിരൻ പറഞ്ഞുള്ളു? ശരിയല്ലേ, കഴിഞ്ഞ വെളുത്തവാവിനു് എന്തായിരുന്നു ഹസ്തിനപുരി തെരുവുകളിലെ ഉത്സവാന്തരീക്ഷം? ഇപ്പോഴോ! എന്തുണ്ടായി ഇത്രയധികംപേർക്കു് ജീവഹാനി സംഭവിക്കാൻമാത്രം എന്നു് യുധിഷ്ഠിരൻ ചോദിച്ചതു് യുദ്ധദേവതകളോടാണു്. അച്ഛൻ യമൻ ആയതു സൗകര്യമായി—അമർത്യരാണു് ദേവതകൾ എങ്കിലും മരണദേവതയായ യമന്റെ മുമ്പിൽ മുട്ടുകുത്തും. യുദ്ധക്കെടുതിയുടെ കൈപ്പുനീർ ജനം ഏറെനാൾ കുടിക്കേണ്ടിവരുമെന്ന സാധ്യത യുധിഷ്ഠിരൻ ആ സൂചകത്തിലൂടെ ഹൃദയസ്പർശിയായി വെളിപ്പെടുത്തി എന്നേയുള്ളു.”
“ധൃതരാഷ്ട്രർ യുധിഷ്ഠിരനു് ഇഷ്ടദാനം ചെയ്ത ഖാണ്ഡവ വനം പാണ്ഡവർ കത്തിക്കാൻ കാരണം, കൗരവദുരുദ്ദേശ്യം തിരിച്ചറിഞ്ഞതു് കൊണ്ടായിരുന്നു എന്നാണോ നിങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതു്?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. അന്തഃപുരപരിപാലനവുമായി പെൺസഹായികൾ തിരക്കിലായിരുന്ന പ്രഭാതം.
“സദുദ്ദേശ്യം കണ്ടെത്താനൊന്നുമല്ല നിങ്ങൾ ഓടിവന്നതു്. അമ്മദൈവമായി കൗരവർ ഭയഭക്തിയോടെ കാണുന്ന സത്യവതി തീപ്പെട്ടു എന്നറിഞ്ഞപ്പോൾ, ദുര്യോധനൻ കാശിയിൽ പോയ തക്കംനോക്കിയായിരുന്നു ധൃതരാഷ്ട്രർ ഖാണ്ഡവപ്രസ്ഥം, കൂട്ടുകുടുംബസ്വത്തിൽ ഓഹരിയായി സമ്മാനിച്ചതു. ധൃതരാഷ്ട്രരുടെ അകക്കണ്ണു് യുധിഷ്ടരന്റെ പുറംകണ്ണിനേക്കാൾ ഉൾക്കാഴ്ചയോടെ കാര്യങ്ങൾ കാണുന്നു എന്ന സംശയമെനിക്കുമുണ്ടായി. മേലനങ്ങാതെ കൗരവഅതിഥികളായി ഗംഗാ യമുനകളിൽ കുളിച്ചുണ്ടു് കഴിയുന്ന പാണ്ഡവരെ അധ്വാനശീലരാക്കാൻ ഘോരവനം തുണച്ചു. ദേവസന്തതികളെന്നു നാഴികക്കു് നാല്പതുവട്ടം മേനിപറഞ്ഞിരുന്നവർ ദേഹാധ്വാനത്തിലൂടെ ഇതു പോലെ കറുത്തു് കരുവാളിച്ചു എല്ലും തോലുമായ കാലം, വനവാസത്തിൽ പോയപ്പോൾ കണ്ട ഓർമ്മയില്ല. വിഷജീവികളും ഹിംസമൃഗങ്ങളും മാത്രമല്ല പാണ്ഡവർക്കെതിരെ ഗൂഡാലോചനയിൽ ഏർപ്പെട്ടതു്, കുട്ടിക്കാലമൊക്കെ പാണ്ഡുവുമൊത്തു കഴിഞ്ഞ കാടു്, ഇതുനോക്കുമ്പോൾ പറുദീസ എന്നവർ വിഷാദത്തോടെ പറയും. ആത്മനിന്ദ സഹിക്കവയ്യാതായപ്പോൾ അർജ്ജുനൻ കൈമേലോട്ടുയർത്തി, ‘അശരീരി’ കേട്ടപോലെ പറഞ്ഞു, ആകാശങ്ങളിലെ അത്യുന്നതങ്ങളിൽനിന്നും ഇതാ എനിക്കൊരു രഹസ്യനിർദേശം!, പരിസ്ഥിതിപ്രശ്നം നോക്കാതെ, അതിലോല ആവാസവ്യവസ്ഥയായ ഖാണ്ഡവ വനം വളഞ്ഞു നാം തീയിടുക. സ്ത്രീധനമായി അച്ഛൻതന്ന സ്വർണ്ണ ഉരുപ്പടി തട്ടിയെടുത്തു കാടുകത്തിക്കാൻ ആളും അർത്ഥവും ഭീമൻ അതിവേഗം സംഭരിച്ചു. ഖാണ്ഡവ വനം ചാരമാക്കി ഇന്ദ്രപ്രസ്ഥം, പാണ്ഡവർ കരാർ വഴി, പണിയുമ്പോൾ, മണ്ണും കട്ടയും ഉൾപ്പെടെ മാലിന്യം അടിച്ചുമാറ്റേണ്ട പണി, ഏതോ ഒരു ‘കൊള്ളരുതാത്ത’ പാണ്ഡവന്റെ ഗർഭംചുമക്കുന്ന എനിക്കു ആകാലത്തു കിട്ടി!” അന്തഃപുരത്തിൽ പണിയെടുക്കുന്ന തോഴികളിൽ ഒരാൾ ജാലകത്തിന്നപ്പുറത്തുനിന്നു വിരൽആംഗ്യങ്ങളിലൂടെ ദ്രൗപദിയുടെ ‘തലയ്ക്കു സുഖമില്ല’ എന്ന സന്ദേശം കിട്ടിയപ്പോൾ അഭിമുഖം നിർത്തി യാത്രചോദിക്കാതെ പുറത്തേക്കിറങ്ങി.
“നിശാനികുഞ്ജത്തിൽ കണ്ടെത്തിയ കീചകജഡം, ചിതയിൽ വക്കണമെങ്കിൽ ‘സൈരന്ധ്രി’ സതിയനുഷ്ഠിക്കണമെന്നവന്റെ ബന്ധുക്കൾ ബഹളംവച്ചപ്പോൾ, ഭീമനും മറ്റുനാലുപേരും എങ്ങനെ നിങ്ങളുടെ ജീവൻ രക്ഷിച്ചു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വിരാട സൈനികപാളയത്തിൽ ഉത്തര—അഭിമന്യു വിവാഹദിവസം.
“പ്രിയകീചകന്റെ ആത്മാവിനെങ്കിലും എന്നോടൊപ്പം സ്വൈര്യമായി കഴിയാൻ തുണക്കുമെങ്കിൽ ഈ പാഴ് ഉടൽ ചിതത്തീയിലെറിയാൻ ഞാൻ സതിസന്നദ്ധ, എന്നറിയിച്ചപ്പോൾതുടങ്ങി പാണ്ഡവരുടെ വിലാപഗീതം. “ഊട്ടുപുരയിൽ ഞാൻ രാപ്പകൽ പാടുപെട്ടു് ജീവിക്കുമ്പോഴും പാഞ്ചാലീ, നീ അരമനയിൽ ‘ചാരിത്ര്യം’ കാത്തുസൂക്ഷിക്കും എന്ന വിശ്വാസം നീ തകർത്തല്ലോ. വിഷയലമ്പടൻ എന്ന ഉത്തമബോധ്യത്തിൽ അവനെ ലതാനികുഞ്ജത്തിൽ നുഴഞ്ഞുകയറി കബളിപ്പിച്ചുകൊല്ലുമ്പോൾ അറിയില്ല, നീയായിരുന്നു ആസ്വാദനരതിയിൽ അവന്റെ സേവനദാതാവു്! അവനെ പാടുപെട്ടു് കൊന്നതു് മരണാനന്തരം രണ്ടു ആത്മാവുകൾ തമ്മിൽ സമ്മേളിക്കാനല്ല എന്നെന്നേക്കുമായി നമുക്കിടയിൽനിന്നും അകറ്റാൻ ആയിരുന്നു” എന്നു് നിലവിളിച്ചുകൊണ്ടവൻ തുടങ്ങിയ വിലാപം യുധിഷ്ഠിരനും ഏറ്റുപിടിച്ചു. ‘ലിംഗമാറ്റം’ വന്ന അർജ്ജുനൻ വെറും കാഴ്ചക്കാരനായി. യുവകീചകൻ ലൈംഗികപങ്കാളി എന്ന നിലയിൽ യാഥാർഥ്യമാണെന്നും, അവനെ വധിച്ചവനു എന്റെ കിടപ്പറയിൽ പ്രവേശനം ഇല്ലെന്നും ക്രുദ്ധയായ ഞാൻ തുറന്നടിച്ചു. രാത്രി അവർ എന്നിൽ വൈകാരികസമ്മർദ്ദം ചെലുത്തി. നിലപാടിൽ അയവില്ലെന്നറിഞ്ഞപ്പോൾ കീചകബന്ധുക്കളെ ഇരുട്ടടിയിൽ ഭീമൻ നിശ്ശബ്ദരാക്കി എന്നറിഞ്ഞു. കൂടുതലൊന്നും വസ്തുതാപരമായി സംസാരിക്കാൻ ആവാത്തവിധം ദുഃഖം എന്നെ മൂടുന്നു. കടന്നുപോ വൃത്തികെട്ടവളേ, നീ മനുഷ്യസ്ത്രീയല്ല നീ യക്ഷി!” പാഞ്ചാലിയുടെ അനിയന്ത്രിത ബോധധാര കേട്ടു് നടുക്കമൊന്നും കാണിക്കാതെ, തൊഴിൽമികവുള്ള ആരോഗ്യപ്രവർത്തകരെപോലെ നകുലനും സഹദേവനും നേരിയ ബലംപ്രയോഗിച്ചു കോരിയെടുത്തു അകത്തേക്കു് പോയി.
“അടിച്ചേല്പിക്കപ്പെട്ട ബഹുഭർത്തൃത്വം ശരിക്കും ആജീവനാന്ത ഗാർഹികശിക്ഷാനടപടിയെന്നു് കുത്തിപ്പറഞ്ഞു ഭർത്തൃമാതാവു് കുന്തിയെ കുറ്റവാളിയാക്കുന്നതൊക്കെ ഓർമ്മയിൽവച്ചുകൊണ്ടു് ചോദിക്കട്ടെ, പൊറുതി ഇഷ്ടമില്ലെങ്കിൽ ബന്ധംഒഴിവാക്കാൻ എന്തായിരുന്നു നിങ്ങൾക്കു് തടസ്സം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തരഹസ്തിനപുരിയിൽ പാഞ്ചാലി മഹാറാണിപദവി വഹിക്കുന്ന സ്വേച്ഛാധിപത്യക്കാലം.
“എന്റെഭാഗത്തു ചെറുതും ചെറുതല്ലാത്തതുമായ വീഴ്ചകളും നോട്ടപ്പിശകും ആദ്യകാലത്തു പറ്റിപ്പോയി. വ്യത്യസ്തപിതൃത്വം അവർക്കുണ്ടെങ്കിലും, പാണ്ഡവകുലത്തിനു ആപത്തുമണത്താൽ അഞ്ചുപേരും ഒരുമിച്ചു പത്തിവിടർത്തുന്നതൊരു പതിവു കാഴ്ചയായിരുന്നിട്ടും ഞാൻ അതൊക്കെ അർഹിക്കുന്ന ഗൗരവത്തിൽ കാണാതെ അവർക്കിടയിൽ ഒന്നിനൊന്നു ഭിന്നിപ്പുണ്ടാക്കാൻ മുന്നണികളുണ്ടാക്കി, പരസ്പരം തല്ലിതോൽപ്പിക്കാനും പ്രകോപിക്കുമ്പോൾ പുറത്തുപറഞ്ഞുകൂടാത്ത പരമരഹസ്യങ്ങൾ ഞാൻ ചിലരിൽ മാറിമാറി പ്രയോഗിച്ചിരുന്നു. എന്നെ പ്രീതിപ്പെടുത്താൻ ഓരോരുത്തരും ഓരോ വിചിത്രരീതി അവലംബിക്കുമ്പോൾതന്നെ ഒത്തുകൂടി പാഞ്ചാലി എന്ന പൊതുശത്രുവെന്തൊക്കെ ചെയ്താണു് നമ്മെ രാപ്പകൽ വേട്ടയാടുന്നതും വിടുപണി ചെയ്യിക്കുന്നതും എന്നവർ, പായക്കൂട്ടുരഹസ്യങ്ങൾ കെട്ടഴിച്ചു പൊതുവായി ചർച്ചചെയ്യുന്നുണ്ടായിരുന്നു. ഓരോരുത്തരോടും തലയിണമന്ത്രത്തിൽ ഞാൻ പറഞ്ഞതെല്ലാം അങ്ങനെ പഞ്ചപാണ്ഡവരുടെ സംഘടിതആയുധപ്പുരയിലായി. എന്റെ നിസ്സഹായത അവർ മുതലെടുത്തു അതിന്റെ ആദ്യകാഴ്ച നിങ്ങൾ കണ്ടതു് ചൂതാട്ടത്തിലല്ലേ! എന്റെ സമ്മതമൊന്നും ചോദിക്കാതെതന്നെ ഈ പെണ്ണുടൽ പണയംവക്കാൻ അവർക്കു സാഹസികമനോഭാവം കൈവന്നതു്, എനിക്കു് തിരിച്ചൊന്നും അവരോടു് പറയാനാവില്ല എന്ന ബോധ്യത്തിലായിരുന്നു. അപ്പോൾ അതിൽ ഒന്നോ രണ്ടോ പേരെ ദാമ്പത്യസഖ്യത്തിൽനിന്നു എങ്ങനെ പ്രത്യാഘാതങ്ങൾ ഇല്ലാതെ വിടുതൽ ചെയ്യും!”
“വലതുകൈപൊക്കി, ‘കൊള്ളരുതാത്ത’വന്റെ ചെകിട്ടത്തു നിങ്ങൾ ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ”, മഹാറാണി പാഞ്ചാലിയെ, പതിമൂന്നുകൊല്ലംമുമ്പു് സംഭവിച്ച ‘അമംഗളസന്ധ്യ’യിലേക്കു കൊട്ടാരം ലേഖിക കൊണ്ടുപോയി. യുദ്ധാനന്തര പാണ്ഡവ ഭരണകൂടം.
“അതു് ‘ലൈംഗികപീഡക’നായിരുന്നുവോ? അതു് രാജസഭയായിരുന്നുവോ? അന്തഃപുരത്തിൽ പുതുതലമുറ കൗരവരാജകുമാരികൾക്കു് സൌന്ദര്യപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്ന എന്നെ, പ്രണയത്താൽ പരവശനായ പരിചിത കൌരവൻ ഇടിച്ചുകയറി വാരിപ്പുണർന്നു പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു. വേനൽപുഴുക്കത്തിൽ നനഞ്ഞ മേൽവസ്ത്രങ്ങൾ അവൻ വത്സലഭാവത്തിൽ വേർപെടുത്തിയതു് കൗതുകത്തോടെ ഓർമ്മിക്കുന്നു. ഞാനിപ്പോഴും ഓർമ്മിക്കുന്നു. സ്ത്രീകളെല്ലാം കുന്തിയെ പോലെ അവിശ്വസ്തകളെന്ന ദുസ്സംശയം പുലർത്തുന്ന പാണ്ഡവർ എന്നെ പരിഭ്രമത്തിൽ നോക്കുന്നതോർമ്മയുണ്ടു്”, പാഞ്ചാലിയുടെ മിഴികൾ പതുക്കെ ഓർമക്കൊപ്പം നീങ്ങി.
“ഇന്നലെ ഉദ്യാനവിരുന്നിലും കണ്ടു, ‘വിശിഷ്ടാതിഥി’കളോടു് കർണ്ണൻ കാര്യമില്ലാതെ രോഷാകുലനാവുന്നു. കിരീടധാരിയായ അംഗരാജാവൊക്കെയാണെങ്കിലും അരമനവിരുന്നുകളിൽ ‘ശല്യക്കാരനെ’ വിളിക്കേണ്ടായിരുന്നു എന്നു തോന്നിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. കൊട്ടാരത്തിനു പിന്നിലെ നീന്തൽകുളത്തിൽ, വിഹരിക്കുകയായിരുന്നു കുരുവംശ കിരീടാവകാശി ദുര്യോധനൻ.
“പോക്കിരിഅർജ്ജുനനെ നേരിടാൻ ചങ്കുറപ്പുള്ള പോരാളി, കറകലരാത്ത വ്യക്തിഗതവിശ്വസ്തയുള്ള സുഹൃത്തു എന്ന സമുന്നതനിലയിലാണവൻ കൊട്ടാരവിരുന്നുകളിൽ സ്ഥിരം ക്ഷണിതാവായതു. തീൻശാലയിൽ ഞാനാണു് സാധാരണ അടുത്തിരിക്കുക. വളർത്തച്ഛൻ തേരാളിയാണെങ്കിലും, കർണ്ണ ഞരമ്പുകളിൽ ഓടുന്ന നീലരക്തം ഉണ്ടല്ലോ അതു് സൂതന്റെതല്ല, ‘വെളിച്ചങ്ങളുടെ തമ്പുരാ’നായ ആകാശചാരിയുടേതാണെന്നു പ്രചരിപ്പിക്കുന്ന ‘ചിലരെ’ങ്കിലും ഈ ഹസ്തിനപുരിയിലുണ്ടു്. സദ്യയിൽ അംഗീകാരം നേടിയെടുത്ത “നിനക്കു്, ആരുടെ ഗുരുകുലത്തിലായിരുന്നു പാണ്ഡവരെ വെല്ലുവിളിക്കാൻ ധൈര്യംതന്ന സൈനികാഭ്യാസ”മെന്നും, “യഥാർത്ഥ” അച്ഛൻ, അങ്ങനെ ഒരാളുണ്ടെങ്കിൽ, ഇപ്പോൾ എവിടെ? എന്നും സ്വൈരം കൊടുക്കാതെ ‘കുലീന’ അതിഥികൾ ചോദിച്ചുതുടങ്ങിയാൽ, സൂതപുത്രൻ പിന്നെന്തു ചെയ്യും!”. ദുര്യോധന ഉടൽ ജലന്തർഭാഗത്തു ഊളിയിട്ടിറങ്ങി.
“പാഞ്ചാലിയുടെ പ്രകോപനവ്യക്തിത്വം അരോചകമായി പാണ്ഡവർക്കനുഭവപ്പെടുന്നൊരു ദൈനംദിനസന്ദർഭം, അങ്ങനെ ഒന്നുണ്ടെങ്കിൽ, പെട്ടെന്നോർമ്മിക്കാമോ?”, കൊട്ടാരംലേഖിക സഹദേവനോടു് ചോദിച്ചു. ദാർശനികൻ എന്ന ആചാരപരമായ പരിചയപ്പെടുത്തൽ അവഹേളനമായി കാണുന്നവൻ മാദ്രീപുത്രൻ.
“ഞാനുൾപ്പെടെ അഞ്ചുപാണ്ഡവരുടെയും മുഖം, ഏറിയും കുറഞ്ഞും കറുപ്പിക്കുന്നൊരു കാഴ്ചയുണ്ടു്—ആറുപേരും പരസ്പരം പാഞ്ചാലിയുമായി ഉടലാസ്വാദനത്തിൽ മുഴുകാൻ നേരമായല്ലോ എന്നു കരുതുമ്പോൾ കാണാം അവൾ ഒരു താഴികക്കുടം പോലെ ഒഴുകി ദൂരെ പോയി ഒരുകെട്ടു് പനയോലയിൽ മുഖമൊളിപ്പിക്കുന്നു. അതൊരു ദുസ്വാതന്ത്ര്യപ്രഖ്യാപനമായി ഞാൻ അപ്പോൾ കാണും, കാരണം, കാട്ടിൽ ജനിച്ചുവളർന്ന ഞങ്ങൾക്കില്ലാത്തതെന്നവൾ മുൻവിധിയോടെ കാണുന്ന സാഹിത്യസാക്ഷരത അവൾ ഒരലങ്കാരമായി അണിഞ്ഞു ഞങ്ങൾക്കുമുമ്പിൽ നഗ്നമായി പ്രദർശിപ്പിക്കുകയാണു്. മാത്രമല്ല, ഗൗരവ വായനയെ വേൾക്കുക വഴി അഞ്ചുഭർത്താക്കന്മാരെയും കുറേനേരത്തേക്കെങ്കിലും അകറ്റിനിർത്തുന്നതിലും വിജയിച്ചിരിക്കുന്നു. നിങ്ങളെല്ലാം ഒന്നു് അന്തഃപുരം വിട്ടു് പുറത്തുപോകണം എന്നല്ല പ്രഖ്യാപിക്കുന്നതു, ഈ പനയോല ഞാൻ തുറന്നുവായിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ അഞ്ചുപേരും എന്റെ അവകാശമായ സ്വകാര്യതയിൽ കടന്നുകയറ്റക്കാരായിമാറുന്നല്ലോ എന്നവൾ ഖേദപൂർവ്വം ഓർമ്മിപ്പിക്കുകയാണു്. എങ്ങനെ മറക്കും ഈ നിശബ്ദഅവമതി, മൂപ്പിളമനോക്കാതെ ഞങ്ങൾ മത്സരിച്ചു പ്രണയിക്കുന്നവളിൽനിന്നും!” സഹദേവന്റെ നോട്ടം വിദൂരതയിലേക്കുനീണ്ടു.
“മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങും എന്നു് കരുതിയ യുധിഷ്ഠിരൻ പെട്ടെന്നു് സ്ഥാനത്യാഗം പ്രഖ്യാപിക്കാൻ മാത്രം എന്തുണ്ടായി, അരുതാത്തതെന്തോ, കുടുംബരാഷ്ട്രീയത്തിൽ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. കിരീടാവകാശിക്കു തിരുവസ്ത്രം ഒരുക്കാൻ ഓടിനടക്കുകയായിരുന്നു പട്ടാഭിഷേക ചുമതല വഹിക്കുന്ന മാദ്രീപുത്രൻ.
“പാണ്ഡവർ കുരുക്ഷേത്രയുദ്ധം അതിജീവിച്ചതു് വിശ്വസ്തഭാര്യയുടെ പ്രാർത്ഥന കൊണ്ടായിരിക്കാം, എന്നാൽ പാഞ്ചാലിയുടെ അഞ്ചു മക്കളുടെ ജീവൻ പൊലിഞ്ഞതു പാണ്ഡവരുടെ അശ്രദ്ധകൊണ്ടും, എന്നു് മഹാഭാരതമെഴുതുന്ന വ്യാസനുമായുള്ള കൂടിക്കാഴ്ചയിൽ പാഞ്ചാലി പറഞ്ഞെന്നറിഞ്ഞപ്പോൾ, സമനിലതെറ്റിയ യുധിഷ്ഠിരൻ തിരുവസ്ത്രം ഊരി, പേടിക്കാനില്ല സമനിലഇനിയും തെറ്റിയിട്ടില്ലാത്ത പരീക്ഷിത്തിനെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തി!”
“വേണ്ടത്ര കൗരവചുടുചോര ഉടനടി ഭീമൻ കൈക്കുമ്പിളിൽ എത്തിച്ചതൊക്കെ ഒരുതുള്ളി പോവാതെ മുടിയിൽ പുരട്ടി! പതിമൂന്നുകൊല്ലമായി കെട്ടഴിഞുവീണിരുന്ന മുടിവീണ്ടും ഇഷ്ടംപോലെ കെട്ടാനും അഴിക്കാനും മുൻപ്രതിജ്ഞയുടെ ഉപാധിയില്ല എന്നായി. ഇനിയെന്താണു് കർമ്മപഥത്തിൽ ഭാവിലക്ഷ്യം?”, കൊട്ടാരം ലേഖിക പുതിയ മഹാറാണിയോടു് ചോദിച്ചു യുദ്ധാനന്തര ഹസ്തിനപുരി.
“പരിസ്ഥികപ്രശ്നം നേരിടുന്ന കുരുക്ഷേത്രയിൽ ഇടപെടാതെ വയ്യ. പൂർണ്ണമായും ജൈവ അജൈവ മാലിന്യമുക്തമായ പൂങ്കാവനംആക്കി മാറ്റണമെന്ന മോഹം പൂവണിയണം, ഭൂമികുഴിച്ചുനോക്കി ഭൂതകാലരഹസ്യങ്ങൾ തോണ്ടി പുറത്തെടുക്കുന്ന ഭാവി പുരാവസ്തുഗവേഷകർ ഓരോനിമിഷവും വന്മരങ്ങളുടെ സാന്നിധ്യത്താൽ ഭയന്നു് പിന്തിരിഞ്ഞു പോകണം. ഞങ്ങളുടെ ജീവചരിത്രം വ്യാസൻ എഴുതി സൂതന്മാരാൽ നാടൊട്ടുക്കു് പാടിപ്പിക്കുമ്പോൾ, എവിടെവച്ചായിരുന്നു കൗരവവംശഹത്യ സാധിച്ചതു് എന്നവർ അന്തംവിട്ടു സ്തംഭിക്കണം!”
“എന്തുതരം ദുർമരണമാണു് വാനപ്രസ്ഥത്തിൽ കാത്തിരിക്കുന്നതെന്ന ‘അസ്തിത്വദുഖ’മാണോ മുഖത്തു? അരമനജീവിതം മടുത്തുനാടുവിട്ട രാജമാതാ സത്യവതിയും പുത്രവിധവകളും കുറുനരികൾക്കിരയായി എന്നു് ആദിവാസികൾ പണ്ടു് പറഞ്ഞു കേട്ടിട്ടുണ്ടു്, കുന്തിയും ഗാന്ധാരിയും ധൃതരാഷ്ട്രരും കാട്ടുതീയിൽ വെന്തുമരിച്ചു എന്ന വിവരമാണു് ഔദ്യോഗികമായി കിട്ടിയതു്. മഹാപ്രസ്ഥാനം എന്ന മനുഷ്യത്വരഹിതമായ അന്ത്യവിധിക്കായി പാണ്ഡവർക്കൊപ്പം കൊട്ടാരത്തിൽ നിന്നു് പടിയിറങ്ങുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.”
“എന്റെ ഈ ഉടലെടുക്കാൻ എന്തിനാണു് വന്യജീവികൾ?”
“മുമ്പിൽ നടക്കുന്ന അഞ്ചംഗ മരണവ്യാപാരികൾ പോരെ?”
“ലിംഗസമത്വപരിഗണനയില്ലാതെ, കുരുവംശ ഔദ്യോഗികരേഖകളിലും കൗരവ പ്രഭാഷണങ്ങളിലും ‘പാണ്ഡവർ’ എന്നടച്ചു പരാമർശിക്കുന്നതിൽ പ്രതിഷേധമുണ്ടെന്ന നിങ്ങളുടെ പ്രസ്താവന, സ്വയം ‘അടിമ’യായ നിങ്ങളുടെ ഭാഗത്തുവന്ന അച്ചടക്കലംഘനമായി പൗരാവകാശ കാര്യാലയം നേരിടുമെന്നു കേട്ടല്ലോ. ഒറ്റവാക്യത്തിൽ ഒരുദ്ധരണി തരാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ജലാശയത്തിൽ പാഞ്ചാലി കുളിച്ചുകയറുന്ന നേരം വനവാസക്കാലം.
“വനവാസത്തിനുപോയ പാണ്ഡവർ എന്ന ഔദ്യോഗിക പ്രസ്താവനയിലെ ലിംഗനീതിനിഷേധം സാന്ദർഭികമായി അയല്പക്കസന്യസ്തരോടു് ചൂണ്ടിക്കാണിച്ച ഞാൻ, ഇനി എല്ലാ ഹസ്തിനപുരി അറിയിപ്പുകളിലും രേഖകളിലും, “വനവാസത്തിനുപോയ പാഞ്ചാലിയും പാണ്ഡവരും” എന്നു് വേണം കൃത്യമായി അടയാളപ്പെടുത്താൻ എന്ന പെണ്ണവകാശം സാന്ദർഭികമായി ഒന്നു മുന്നോട്ടുവച്ചാൽ, അതിൽ ‘ഉടയോൻദുര്യോധനൻ’ അടിമ പാഞ്ചാലിയിൽ കാണുന്ന ‘അച്ചടക്ക ലംഘനം’ എന്താണിത്ര ഗുരുതരമാവാൻ?”, ദുര്യോധനൻ അവൾക്കു രഹസ്യമായി കൊടുത്തയച്ച സുഗന്ധതൈലം, സ്വശരീരത്തിൽ ലാളനയോടെ തേച്ചുപിടിപ്പിച്ചു പാഞ്ചാലി ഹസ്തിനപുരിസാമ്രാജ്യത്തെ വെല്ലുവിളിച്ചു. വനദേവതയുടെ പ്രേരണയിൽ ഗാന്ധർവന്മാർ അതേറ്റുപാടി.
“നീരാടുമ്പോൾ കർണ്ണൻ നിങ്ങളോടെന്തോ പരവശനായി പിറുപിറുക്കുന്നതുകണ്ടല്ലോ. പാണ്ഡവനിന്ദ പറഞ്ഞുതീർന്നില്ലേ ഇനിയും?”, യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. ആളൊഴിഞ്ഞ പോർക്കളത്തിൽ ഇരുവരും കാലിൽ ശവം തട്ടാതെ നടന്നു.
“അടുത്ത അരനൂറ്റാണ്ടിലൊന്നും ധൃതരാഷ്ട്രവംശജർ ഹസ്തിനപുരിയിൽ അധികാരത്തിലെത്തില്ലെന്നു് കർണ്ണൻ അരമനരഹസ്യം സ്തോഭജനകമായി തുടങ്ങി. കൗരവരെക്കാൾ വിശാലമായ മനസുള്ളതു് യുധിഷ്ഠിരനാണു്, അവൻ അവകാശപ്പെട്ടു. ശത്രുപക്ഷത്തുള്ളവരോടു് കാണിക്കുന്ന പരിഗണന! ദുര്യോധനനോടു് വർഷങ്ങളായുള്ള സമർപ്പിതസേവനത്തിനു് ധൃതരാഷ്ട്രസേവകരിൽനിന്നും അംഗീകാരം ലഭിച്ചില്ല. കൊട്ടാരം ലേഖികയോടു് ഹൃദയം തുറക്കുകയല്ലാതെ രക്ഷയില്ല. ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്ന യുധിഷ്ഠിരന്റെ കൊട്ടാരവിരുന്നുകളിലെല്ലാം, ദുര്യോധന വിശ്വസ്തൻ എന്ന നിലയിൽ മാത്രം ക്ഷണം നിരസിക്കുകയാണു് ഞാൻ ചെയ്തതു്. അനുചിത പെരുമാറ്റമായിരുന്നു അതു്. വസ്ത്രാക്ഷേപസമയത്തു പാണ്ഡവർക്കെതിരെയും, സഹോദരപത്നി എന്ന നില മറന്നു് ദ്രൗപദിക്കെതിരെയും ഞാൻ മ്ലേച്ഛമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അതെല്ലാം അനുകമ്പയോടെ അവഗണിച്ചു് യുധിഷ്ഠിരൻ നല്ല രീതിയിലാണ്എന്നോടു് പെരുമാറിയതു്. രാഷ്ട്രതന്ത്രജ്ഞനെപ്പോലെ രാജാക്കന്മാർ പെരുമാറേണ്ട സന്ദർഭങ്ങളുണ്ടു്, എന്നു് എന്റെ ഗുരു പരശുരാമൻ കൗമാരത്തിൽ പഠിപ്പിച്ചപ്പോൾ അതിന്റെ ഗൗരവം അറിയാൻ യുധിഷ്ടിരനുമായി ഇടപഴകേണ്ടി വന്നു. കൗരവസൈന്യവ്യൂഹനിർമ്മിതിയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചപ്പോൾ ദുശ്ശാസനൻ, ‘പാണ്ഡവദല്ലാൾ’ എന്നു് അവഹേളിച്ചു. ആ ദുഷ്ടമനോനിലയിൽ നിന്നും ഉയരാൻ കൗരവർക്കാവില്ല. അർജ്ജുനആവനാഴിയിൽ വിഷംപുരട്ടിയ കൂരമ്പും, എന്റെ തേരാളി മദ്രരാജാവിന്റെ ചമ്മട്ടി യിൽ അനിഷ്ടവും നാളെ ഈ സമയത്തുണ്ടെങ്കിൽ ഞാൻ ജഡമായിട്ടുണ്ടാവും—കഴുകനു നാളത്തെ അത്താഴം എന്റെ ഉടൽ!”
“നാളെ ഈ സമയം കർണ്ണൻ കാലപുരിയിൽ പോയെന്നറി ഞ്ഞാൽ ഈ അഭിമുഖം മുഖ്യവാർത്ത, അല്ലെങ്കിൽ ചവറ്റുകൊട്ട!” യുദ്ധകാര്യലേഖകൻ കരിമ്പിൻചണ്ടി വലിച്ചെറിഞ്ഞു, അതുചെന്നുവീണ അജ്ഞാതശവത്തെനോക്കിയപ്പോൾ, പത്രപ്രവർത്തകയായിരുന്നിട്ടും കൊട്ടാരം ലേഖികയുടെ കരൾ നൊന്തു.
“ബലിദാനിദുര്യോധനന്റെ ആദ്യചരമദിനത്തിൽ യുധിഷ്ഠിരൻ ചെയ്ത അനുസ്മരണവന്ദനം തട്ടിപ്പു നാടകമെന്നു് നിങ്ങൾ ഇടനെഞ്ചിൽ ഇടിച്ചു നിലവിളിയോടെ പറയുന്നതു് കേട്ടു ഞെട്ടി. എന്തായിരുന്നു ധർമ്മപുത്രരുടെ പ്രഖ്യാതപ്രതിച്ഛായ കളങ്കപ്പെടു ത്തുവാൻ അങ്ങനെ നിങ്ങൾ വെട്ടിത്തുറന്നു പറയാനുണ്ടായ പ്രകോപനം?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. യോഗംകഴിഞ്ഞു രാജാവും മഹാറാണി ദ്രൗപദിയും കൊടിവച്ച തേരിൽ കൊട്ടാരത്തിലേക്കു മടങ്ങുന്നതു് അവർക്കു കാണാമായിരുന്നു.
“അരമനയിലെ അന്തഃപുരസമുച്ചയത്തിൽനിന്നും പാതിരാവിൽ കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജ സ്ത്രീകളെ (ദയവായി ‘കൗരവ വിധവകൾ’ എന്നുപരാമർശിക്കുന്നതു നിർത്തുക ഭർത്താവില്ലെങ്കിലും ഞങ്ങൾക്കു് സ്വതന്ത്രമായ ഭാവിജീവിതമുണ്ടു് എന്നു നിങ്ങൾ മാധ്യമപ്രവർത്തകർ അംഗീകരിക്കുക) ഈ പുനരധിവാസകേന്ദ്രത്തിൽ വന്നുകണ്ടു സുഖാന്വേഷണം ചെയ്ത ഓർമ്മയുണ്ടോ? ഞങ്ങൾക്കു് കിട്ടിയ സ്ത്രീധന സ്വർണ്ണം ഭൂഗർഭ സുരക്ഷിതമുറി കുത്തിതുറന്നു വിറ്റുകിട്ടിയ പണം കൊണ്ടല്ലേ ദുര്യോധനന്റെ ആളുയരത്തിലുള്ള പഞ്ചലോഹവിഗ്രഹം പണിതതു്? കർമ്മഭൂമിയിലെ ധർമ്മപുത്രർ ആണോ? അതോ യുദ്ധഭൂമിയിലെ അർദ്ധസത്യവാനോ? ഭാവിചരിത്രകാരന്മാർ പറയട്ടെ.” പരേതദുര്യോധനന്റെ കൊച്ചുമക്കൾ ഓടിവന്നു അവളുടെ ശോഷിച്ച കൈപിടിച്ചു് അകത്തെ ഇരുൾമുറിയിലേക്കു കൊണ്ടുപോവുന്നതു കൊട്ടാരം ലേഖിക ആകുലതയോടെ നോക്കിനിന്നു.
“ആരുടെ അത്താഴം കൊഴുപ്പിക്കാനാണു് നിങ്ങൾ മാനുകളെ കല്ലെറിഞ്ഞു വീഴ്ത്തുന്നതു് ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. വനവാസക്കാലം.
“ഇടതുകയ്യിലുള്ളതു് ഉച്ചയൂണിനു പൊരിച്ചെടുക്കും. ദ്വാരകയിലുള്ള സുഭദ്ര, പരിലാളനമിഴിയോടെ എനിക്കു് മാത്രം ഭക്ഷണം വിളമ്പിത്തരുന്നതായി ഞാനപ്പോൾ കിനാവുകാണും. ഇപ്പോൾ വീഴ്ത്തിയ ഇരയെ ചുമന്നു ക്ഷീണമഭിനയിച്ചു പാഞ്ചാലിയുടെ മുമ്പിൽ നീരസത്തോടെ ഏറിയും.” ഒരു കയ്യിൽ കഴുത്തൊടിഞ്ഞ മാനും മറുകയ്യിൽ കൽച്ചീളുമായി ഉന്നംനോക്കുന്ന അർജ്ജുനൻ. ഇരക്കുപിന്നിൽ ഓടിത്തളർന്ന പുലിയെ പോലെ കിതക്കുന്നുണ്ടായിരുന്നു.
“ദ്രൗപദിയുടെ ശവമടക്കിനു നിങ്ങൾ വന്നില്ലെങ്കിലും, വികാരാധീനനായി ഈ അനുസ്മരണയോഗത്തിലെങ്കിലും രണ്ടുവാക്കു് മന്ത്രിച്ചല്ലോ. ഇതു്, ഇതുതന്നെയായിരുന്നുവോ നിങ്ങൾ പരുങ്ങിപ്പരുങ്ങി പരാമർശിച്ച പാഞ്ചാലിയുടെ തിരുശേഷിപ്പു്?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവർ ആരും തിരിഞ്ഞുനോക്കാതെ പാഞ്ചാലി കുഴഞ്ഞുവീണു മരിച്ച ദിവസം സന്ധ്യ.
“രക്തക്കറയുള്ള പരുത്തിത്തുണി! വനവാസക്കാലത്തു ദുര്യോധനൻ പതിവായി അവൾക്കെത്തിക്കുമായിരുന്നു, പെണ്ണുടൽപരിരക്ഷക്കുള്ള തുണിയും കോപ്പുമെന്നു നകുലൻ പറഞ്ഞറിയുമ്പോൾ ആദ്യം ഞാൻ ക്ഷോഭിച്ചെങ്കിലും, പരിഷ്കൃത അടിമവനിതയുടെ ആർത്തവശുചിത്വം കൗരവൻ എത്ര കരുതലോടെ എന്നും കാത്തു. തുണിയിൽ ചോരക്കറ ആദ്യം കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി. ദേവലോകചികിത്സകരായ അശ്വിനീദേവതകളുടെ മകനായ നകുലൻ, ഗർഭപാത്രത്തിന്റെ വിലാപരഹസ്യം സരളമായി പറഞ്ഞുതന്നു. അജ്ഞാതവാസത്തിനു ഞങ്ങൾ പുതുവ്യക്തിത്വത്തിൽ പോവുമ്പോൾ ഉപേക്ഷിക്കപ്പെട്ട പാഴ്‌വസ്തുക്കൾക്കിടയിലായിരുന്നു ചോരനിറം കലർന്ന ഈ തുണി. ഉടമസ്ഥാവകാശത്തോടെ ഞാനതു കൈവശം വച്ചു! ജൈവമാലിന്യമെന്നനിലയിൽ, കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യാതിരുന്നതിലും കാണണം, പാഞ്ചാലിയോടു് പ്രണയഭീമന്റെ പ്രതിബദ്ധത. കുഴഞ്ഞുവീഴുമ്പോൾ അവളുടെ കൈപിടിച്ചുയുർത്താൻ യുധിഷ്ഠിരന്റെ കർശനവിലക്കുണ്ടായിരുന്നെങ്കിലും, പവിത്രമെന്നെനിക്കുതോന്നിയ ഈ തിരുശേഷിപ്പു് സ്വകാര്യഭാണ്ഡത്തിൽ ഞാൻ ഒളിപ്പിച്ചു. ആരാധനാർഹമായ ഭൗതികഅവശിഷ്ടങ്ങളെ ‘പൈതൃകസ്വത്താ’യി പ്രഖ്യാപിക്കാൻ ഞാൻ കൊതിച്ചു. “ജൈവമാലിന്യം കത്തിച്ചുകളയൂ ഭീമാ” എന്നു് പാഞ്ചാലി അപ്പോൾ ശഠിച്ചു. ഞാൻ വഴങ്ങിയില്ല. ചിതത്തീയിൽ പാഞ്ചാലി ചാരമായാലും, പ്രഖ്യാപിത ‘ജൈവമാലിന്യം’ ഭീമചരമത്തിനുശേഷം ‘ഹസ്തിനപുരി പത്രിക’ വഴി ലോകംകണ്ടറിയട്ടെ! വ്യാസ ഭാവനാസൃഷ്ടിയല്ല പാഞ്ചാലി. പല്ലും നഖവും മുടിയും പോലെ, മാംസവും മാസമുറയും ചുടുചോരയുമുള്ളൊരു ധീരവനിത എന്റെ പ്രണയപാഞ്ചാലി.”
“വിട്ടയച്ചുവോ കള്ളകിളിയെ കൂട്ടിൽനിന്നും? കഴിഞ്ഞ തവണ വന്നപ്പോൾ നിങ്ങളുടെ കിടപ്പറയിൽ തൂക്കിയ പക്ഷിക്കൂടും തത്തയും ഇപ്പോൾ കാണുന്നില്ലല്ലോ. പാണ്ഡവരുടെ ആവർത്തനസ്വഭാവമുള്ള രാപ്പകൽചോദ്യങ്ങൾക്കു് പെരുമാറ്റസൌമനസ്യത്തോടെ ഉത്തരംനൽകാൻ പരിശീലനംനേടിയ അലങ്കാരപ്പക്ഷിക്കെന്തു പറ്റി? കാട്ടുപൂച്ച പിടിച്ചുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുടിയേറ്റക്കാരുടെ ഇന്ദ്രപ്രസ്ഥക്കാലം.
“ചോദ്യങ്ങൾ ആവർത്തനസ്വഭാവമുള്ളതാണെങ്കിലും, സൗമനസ്യത്തോടെ ഓരോ പ്രതികരണവും ദ്രൗപദി സ്വയം ചെയ്യണമെന്ന ശാഠ്യത്തോടെ, ‘തിരുട്ടുസ്വഭാവ’മുള്ള അഞ്ചോളം ‘കാടൻപൂച്ചകൾ’ കിടപ്പറയിൽ ചുറ്റിത്തിരിഞ്ഞാൽ, അലങ്കാരമുള്ളതോ അലങ്കാര മില്ലാത്തതതോ, പറന്നുപറന്നു പറന്നുപോവില്ലേ.”
“പാണ്ഡവപാളയത്തിൽ പാഞ്ചാലി വിളിച്ചുകൂട്ടിയ ഉന്നതയോഗത്തിൽ പറഞ്ഞുകേട്ടതു് ശരിയെങ്കിൽ, കൗരവപക്ഷത്തിനു ഈ ആയുധമോഷണവിവാദം നാണക്കേടാവും. പോർക്കളത്തിൽ നിന്നും ഒറ്റയ്ക്കു് മടങ്ങിയ അർജ്ജുനൻ, സന്ധ്യക്കു് പുഴയിൽ ഇറങ്ങിയപ്പോൾ അലക്കുകല്ലിൽ വച്ചിരുന്നു. ആരോ അതു് ഒഴുക്കുവെള്ളത്തിൽ എറിഞ്ഞു എന്നുവ്യക്തം. ഒഴുക്കിൽപെട്ടതെന്തും ഉടമസ്ഥാവകാശം ഇല്ലാതെയാവുമെന്ന പൊതുബോധത്തിൽ കർണ്ണൻ, അതു് മോഷ്ടിച്ചെടുത്തു സ്വന്തമാക്കി. ഇത്ര അധമനാണോ ‘ആകാശചാരിയുടെ ആരോമലുണ്ണി’യെന്നൊക്കെ പറയപ്പെടുന്ന കർണൻ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്ര.
“ദൈവകൃപയാൽ ദിവ്യാസ്ത്രം എന്ന ബഹുമതിനേടിയ ആയുധം പുഴക്കരയിൽ അർജ്ജുനൻമറന്നുവച്ചതു, തിരയിളകിയപ്പോൾ പെട്ടെന്നു് ‘ഒലിച്ചുപോയി’. പിന്നാലെ നീന്തി അസ്ത്രം പാടുപെട്ടു് കർണ്ണൻ കരക്കണച്ചു. എന്നെ വിവരമറിയിച്ചു. പാണ്ഡവപാളയത്തിൽ പരിഭ്രാന്തനായിരുന്ന അർജ്ജുനനെയും ആളെവിട്ടു് പോർക്കളത്തിലേക്കു വിളിച്ചിറക്കിക്കൊണ്ടുവന്നു ഇരുപക്ഷങ്ങളുടയും സേനാനായകന്മാരുടെ സാന്നിധ്യത്തിൽ കർണ്ണൻ അസ്ത്രം ഉടമക്കുനല്കി. ദാനശീലകർണ്ണനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സർവ്വസാധാരണം. എങ്ങനെ പ്രതികരിക്കുന്നു എന്നു് ഞാൻ അവനോടു് ചോദിച്ചപ്പോൾ കർണ്ണൻ എളിമയോടെ പറഞ്ഞു അന്തിമഘട്ടത്തിൽ ഈ അസ്ത്രം വേണം എന്റെ കഴുത്തൊടിക്കാൻ എന്നറിഞ്ഞുതന്നെ ഞാൻ യുദ്ധധാർമ്മികത ആവശ്യപ്പെട്ടപ്പോൾ, ദിവ്യാസ്ത്രം ഉടമക്കു് തിരിച്ചുകൊടുത്തു. അല്ല പത്രപ്രവർത്തകസുഹൃത്തേ, ഇതിലൊക്കെ എന്താണു് വാർത്താപ്രാധാന്യം? മുഖ്യവാർത്തയായി ഇന്നു് താരശിരസ്സൊന്നും ഉരുണ്ടില്ലേ?”
“നിങ്ങൾ ഏകാംഗപ്രതിപക്ഷമെന്നതെല്ലാം ശരി, എന്നാൽ പറയാതെ വയ്യ, പാണ്ഡവർ കൗരവരാജ വിധവകളുമായി സന്ധിസംഭാഷണം തുടങ്ങിയാൽ നിങ്ങൾക്കെന്തിനാണു് ചൊറിച്ചിൽ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. പാണ്ഡവ ഭരണത്തിൽ പാതിരാകുടിയൊഴിപ്പിക്കലിനു് ഇരകളായി ഒരിടുക്കുതൊഴുത്തിൽ പുനരധിവാസംചെയ്യപ്പെട്ട കൗരവസ്ത്രീകൾ പാണ്ഡവർക്കെതിരെ ശക്തപ്രതിപക്ഷമായി മാറാൻ ചാർവാകൻ ആഞ്ഞുശ്രമിക്കുന്ന ദിനങ്ങൾ.
“എങ്ങനെ എന്നെപ്പോലൊരാൾ കൈനീട്ടി സന്ധി സ്വാഗതംചെയ്യും കപടശാന്തിസന്ദേശം? രൗദ്രഭീമനും ചാരൻനകുലനും ചേർന്നാണു് അനുരഞ്ജനത്തിന്റെ ‘പാത’ വെട്ടുന്നതു് എന്നറിഞ്ഞപ്പോൾ ആശയറ്റിയിരുന്നു. പാണ്ഡവലക്ഷ്യം വ്യക്തം: സഹനത്തിന്റെ അറ്റംകണ്ട നൂറോളം കൗരവസ്ത്രീകളെയും അവരുടെ പുത്രവിധവകളെയും പ്രലോഭിപ്പിച്ചും വ്യാജപ്രത്യാശ നൽകിയും, ‘ചാർവാകപ്രേരിത’ എന്ന മുദ്രചാർത്തി, പ്രക്ഷോഭങ്ങളിൽ നിന്നും പിന്തിരിയിപ്പിച്ചു, പാണ്ഡവഅന്തഃപുരത്തിൽ നിശാസേവനദാതാക്കളാക്കുക! ദുരോധനവധം കീചകവധം എന്നിവ അധാർമ്മികമായിരുന്നു എന്ന ബലമായ സംശയത്തിൽ പാഞ്ചാലി പാണ്ഡവരെ കുറച്ചുകാലമായി അന്തഃപുരത്തിൽ കയറ്റാറില്ല എന്നുമാത്രമല്ല ആശ്രമം പണിതു അവൾ താമസവും മാറ്റി. അപ്പോൾ പാണ്ഡവർക്കു് വേണം ഉടലഴകുള്ള കൗരവസ്ത്രീകളുടെ അർപ്പിത സേവനം. ധാന്യവും കുടിനീരും കൊടുത്തു അഭിമാനിസ്ത്രീകളെ ഭീമൻ വലിച്ചുകൂടെക്കൂട്ടുമ്പോൾ സഹൃദയമുള്ളവർ അവർക്കെതിരെ ഹാലിളക്കില്ലേ?”
“വഴികാട്ടിയായിരുന്നുവോ ഭീഷ്മർ? അതോ, തിരുത്തൽശക്തിയോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ക്ഷയരോഗിയെന്നംഗീകരിച്ച വിചിത്രവീര്യനു കൂട്ടുകിടക്കാൻ, എന്തിനാണു് നിങ്ങൾ വാളും കുന്തവുമായി എടുത്തുചാടി മൂന്നു കാശിരാജകുമാരികളെ സ്വയംവരത്തിൽനിന്നും തട്ടിക്കൊണ്ടുവന്നതു്? ക്ഷയരോഗിയുടെ വിശ്രമത്തിനായി വാരണാവതം വേനൽക്കാലവസതിയിൽ താമസിപ്പിക്കുകയായിരുന്നില്ലേ ഉത്തരവാദിത്വത്തോടെ വേണ്ടതു്? അവിവേകനടപടി കൊണ്ടല്ലേ അംബ ആത്മഹത്യ ചെയ്തതും, വിചിത്രവീര്യൻ കിരീടാവകാശിയില്ലാതെ മരിച്ചു പോയതും? നിഷ്കളങ്കകതതോടെ ചോദിച്ചതിൽപിന്നെ ഞാൻ, നോട്ടപ്പുള്ളിയായി!, മിണ്ടരുതു്, ഭീമൻ ചുമലിൽ കൈഅമർത്തും, പാഠശാലയിൽ വിമതശബ്ദമരുതു്, യുധിഷ്ഠിരൻ വിരൽ വിലങ്ങനെനിർത്തും. കാരണവന്മാരുടെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുന്ന എതിർശബ്ദങ്ങൾകൊണ്ടൊന്നും നിലക്കുകയില്ലല്ലോ വയോജനങ്ങളോടു കൗരവകാരുണ്യം ഗ്രാമാന്തരങ്ങളിൽ അനാഥവൃദ്ധരുടെ ക്ഷേമമറിയാൻ നൂറ്റുവർ ദുര്യോധനനേതൃത്തിൽ ഇറങ്ങിത്തിരിക്കുന്ന നേരം.
“കെട്ടഴിച്ചിടാതെ, മുറിച്ചു ചാർവാകനെ ഏൽപ്പിച്ചിരുന്നെങ്കിൽ, വിഖ്യാതവേദികളിൽ മുടിഉയർത്തിക്കാട്ടി ആണധികാരപ്രമത്തതക്കുനേരെ സ്ത്രീപ്രതിരോധത്തിന്റെ പടച്ചട്ട നിർമ്മിക്കുമായിരുന്നല്ലോ? നഷ്ടപ്പെട്ടല്ലോ സുവർണാവസരം!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപപ്പിറ്റേന്നു് ആറംഗപാണ്ഡവസംഘം വനവാസത്തിനായി പടിയിറങ്ങുന്ന നേരം.
“സഹനത്തിന്റെയും പെണ്ണഭിമാനത്തിന്റെയും യുഗാതീതപ്രതീകമായി മുടി പറ്റെ മുറിച്ചുതരാൻ വിശ്വസ്തനകുലനോടു് ആവശ്യപ്പെട്ടതല്ലേ, എന്തുചെയ്യാം, ആളാകെ വികാരവിവശനായി മുമ്പിൽ മുട്ടുകുത്തി കൈകൂപ്പി, “അരുതേ പ്രിയപ്പെട്ടവളെ!” എന്നവൻ കാൽതൊട്ടുകെഞ്ചി. “നിന്റെ സൗജന്യമധുരമായ ബഹുഭർത്തൃത്വസേവനങ്ങളുടെ അഞ്ചംഗഗുണഭോക്താക്കളായ ഞങ്ങൾ ഊഴംകിട്ടി നിന്നോടൊപ്പം കൂടെകിടക്കുമ്പോൾ, നാണംമറക്കാനും, സാന്ത്വനം തേടാനും, മുഖാവരണമാക്കിയ ഈ മുടി നീ മുറിച്ചുമാറ്റരുതേ. വെല്ലുവിളിപോലെ നീണ്ട കേശഭാരം നീ കൗരവർക്കുനേരെ നിവർത്തിയിടൂ, കുരുവംശ അന്തഃപുരമാകെ അലയടിക്കട്ടെ മുറിവേറ്റ പെണ്ണഭിമാനത്തിന്റെ പോരാട്ടകാഹളം.”, കഴിഞ്ഞ പത്തുവർഷമായി എനിക്കു് പായക്കൂട്ടുള്ളവൻ അങ്ങനെ കേണുയാചിച്ചാൽ എങ്ങനെ അരുതെന്നു ഞാൻ പറയും.! അഴിച്ചിട്ട മുടികെട്ടാൻ ചുടുകൗരവചോരതേക്കണം എന്നൊരു നിബന്ധന കൂട്ടിച്ചേർത്തുകൂടെ? എന്ന ഭീമയാചനക്കും ഞാൻ വഴങ്ങി! പ്രതികാരപ്രതിജ്ഞ എടുക്കുന്ന കാര്യത്തിലവൻ പിതാമഹനെ പിന്നിലാക്കും!”
“കുരുക്ഷേത്ര ഹസ്തിനപുരിസാമ്രാജ്യത്തിന്റെ പ്രവിശ്യയല്ലെ? യുദ്ധച്ചെലവു് കരാറനുസരിച്ചു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു വിഘടിച്ചുപോയിട്ടൊന്നുമില്ലല്ലോ. ദുര്യോധനൻ നിയമിച്ച ഭരണാധികാരിയെ പാണ്ഡവഭരണകൂടം അംഗീകരിക്കാത്തതിന്റെ പ്രശ്നമാണോ? ചോദ്യം ഇതാണു്—മഹാറാണി പാഞ്ചാലിയുടെ കുരുക്ഷേത്രസന്ദർശനത്തിൽ, സ്വീകരിക്കാൻ ഭരണാധികാരിയെ കാണുന്നില്ല!”, രാജ്ഞിയുടെ പ്രതിനിധിസംഘത്തിൽ വന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“വിശുദ്ധദുര്യോധനന്റെ ഓർമ്മപ്പെരുന്നാൾ ദിവസം, പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കാൻ പാഞ്ചാലി ഏറ്റെടുത്ത അനൗദ്യോഗികസന്ദർശനമല്ലേ? ഭരണാധികാരിയുടെ ‘വചനസന്ദേശം’ പാഞ്ചാലി വായിച്ചു പരേതാത്മാവിന്റെ സ്വർഗാരോഹണത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന പാഞ്ചാലിക്കു പ്രവിശ്യാഭരണാധികാരിയുടെ സാന്നിധ്യവും അസാന്നിധ്യവും എന്തു് പ്രശ്നം! ഇതൊക്കെ ലജ്ജയില്ലാതെ ചോദിക്കുന്ന പത്രപ്രവർത്തകരുടെ ബൗദ്ധികനിസ്സാരത! തടാകതീരത്തു പൊന്നുപൂശിയ ദുര്യോധനപ്രതിമകളുമായി മൗനപ്രദക്ഷിണം ചെയ്യാൻ കൗരവരാജകുമാരികൾ പാഞ്ചാലിയുടെ കൂടെയുണ്ടു്. സ്നേഹവിരുന്നിൽ നിങ്ങൾ കൂട്ടുകാരനുമൊത്തു പങ്കെടുക്കാം, പാഞ്ചാലിയുടെ സമീപഭൂതകാലം കുത്തിക്കുത്തി ഓർമ്മപ്പെരുന്നാൾ മലിനപ്പെടുത്തരുതേ!”
“അല്ല, എന്താണു് തടസ്സം? തലമൂത്ത പാണ്ഡവൻ പട്ടാഭിഷേകം ചെയ്തു അധികാരത്തിൽകയറി വിധവകൾക്കും വയോജനങ്ങൾക്കും സൗജന്യധാന്യവിതരണം ചെയ്യുന്നതിനു പകരം, അതിരാവിലെ കുരുക്ഷേത്രയിലേക്കു നിങ്ങൾ അഞ്ചാറുപേർ യാത്രപോവുന്നു രാത്രിയോടെ മടങ്ങിവരുന്നു, ഈ കൺകെട്ടുവിദ്യയിലൂടെ എന്തു് നേടാൻ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“ജയിച്ചതു് പാണ്ഡവർ ആണെന്നു് ദൃൿക്ഷിയായ നിങ്ങൾക്കറിയാം കാഴ്ചപരിമിതനായ ധൃതരാഷ്ട്രർക്കറിയില്ല പാണ്ഡവർ യഥാർത്ഥത്തിൽ ആരാണെന്നു ഇന്ദ്രപ്രസ്ഥത്തിലും വനവാസത്തിലും വിരാടയിലും കുരുക്ഷേത്രയിലും പോയി അഭിമുഖം ചെയ്ത നിങ്ങൾക്കറിയാം പാവം ധൃതരാഷ്ട്രർക്കറിയില്ല—“രാജാവേ നിങ്ങളുടെ അനുജൻ പരേതപാണ്ഡുവിന്റെ അഞ്ചു പുത്രന്മാരാണു് ഈ കാണുന്ന പാണ്ഡവർ, അവർ കുരുക്ഷേത്ര യുദ്ധം ജയിച്ചു, ശത്രുകൗരവർ പൂർണ്ണമായി കൊല്ലപ്പെട്ടു”, എന്നു ഔദ്യോഗികമായി ധൃതരാഷ്ട്രരോടു് സത്യവാങ്മൂലം ചെയ്യേണ്ട നിങ്ങൾ കുത്തിക്കുത്തി ഞങ്ങളോടെന്തിനു് ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിക്കുന്നു? കൗരവസൈന്യത്തിൽ ജോലിചെയ്തു യുദ്ധത്തിൽ കൊല്ലപ്പെടാതെ മടങ്ങി എത്തിയ കൃപാചാര്യർ, ധൃതരാഷ്ട്രരോടു് വസ്തുത വെളിപ്പെടുത്തണം എന്നു് യുധിഷ്ഠിരൻ ആവശ്യപ്പെടുമ്പോൾ, യുദ്ധത്തിനുശേഷം പ്രായത്തിന്റേതായ സമീപകാലസ്മൃതിനാശം ഉണ്ടെന്ന ന്യായവുമായി ഒഴിഞ്ഞുമാറുന്നു. ‘ചിരഞ്ജീവി’ കൃപർ യുദ്ധത്തിനുമുമ്പു് കൃഷിക്കളങ്ങളിൽപോയി വിത്തു് തട്ടിയെടുത്തു കുരുക്ഷേത്രയിൽ കൊണ്ടു പോയതു് നിങ്ങളും അറിഞ്ഞതല്ലേ? ശരശയ്യയിൽ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ച പിതാമഹൻ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഹസ്തിനപുരിയിൽവന്നു, “പാണ്ഡവർ യുദ്ധജേതാക്കൾ, ചെങ്കോൽ അവകാശികൾ” എന്ന വസ്തുത ധൃതരാഷ്ട്രരെ ബോധ്യപ്പെടുത്താൻ നയതന്ത്രചർച്ചയിലൂടെ സാധിച്ചെടുത്തു എന്നതാണു് യുധിഷ്ഠിരനേട്ടം. അതും ഫലിക്കുന്നില്ലെങ്കിൽ? ധൃതരാഷ്ട്രരുടെ നെഞ്ചുപിളർത്താൻ പറ്റിയ ഭീമ മുൾപ്രതിമ തയ്യാറാക്കിവരുന്നുണ്ടു് ക്ഷമിക്കുമല്ലോ.”
“പാണ്ഡുരക്തത്തിൽ ‘കൗന്തേയർ’ക്കു പങ്കില്ലെങ്കിൽ, ‘പാണ്ഡവ’വംശീയമുദ്ര നിങ്ങൾ സ്വയം ചാർത്തികൊടുത്തതാണോ?”, കൊട്ടാരം ലേഖിക പാണ്ഡുവിനോടു് ചോദിച്ചു. കാട്ടുകുടിലിൽ ചൂളിക്കൂടിയിരുന്ന വൃദ്ധൻ, ഒരിക്കൽ ഹസ്തിനപുരി രാജാവായിരുന്നു എന്നു് വിശ്വസിക്കാൻ എല്ലാ സന്ദർശകർക്കുമെന്നപോലെ അവൾക്കും പ്രയാസം തോന്നി.
“പഠിപ്പിച്ചുകൊടുത്തപോലെ വിവാഹബാഹ്യസന്തതികൾ അഞ്ചുപേരും എന്നെ കുളിപ്പിച്ച്, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നതു ഞാൻ സംശയത്തോടെ ശ്രദ്ധിക്കുകയായി രുന്നു. യുധിഷ്ഠിരനും ഇളമുറസഹദേവനും പത്തുകൊല്ലത്തെ പ്രായവ്യത്യാസമുണ്ടു്. അവർ ഇതുവരെ പരിചരിക്കുകയോ ക്ഷേമാന്വേഷണത്തിനു വരുകയോ കണ്ടിട്ടില്ല. ‘അച്ഛാ’ എന്നു് ഉപചാരത്തോടുകൂടി വിളിച്ചു. “പ്രശസ്തപാണ്ഡുനാമം നിയമ സാധുതയോടെതന്നു ഞങ്ങളെ കുരുവംശാധിപരാവാൻ അടിസ്ഥാനയോഗ്യത നേടിത്തരൂ” എന്നവർ ഒരേസ്വരത്തിൽ ഉച്ചരിച്ചു. അനിശ്ചിതമായ മനുഷ്യജന്മത്തിൽ ചെയ്യേണ്ടതെല്ലാം നിങ്ങൾ ഇപ്പോൾ ചെയ്യണം എന്നു് ഭീമൻ ചൂണ്ടുവിരലുയർത്തി പറഞ്ഞപ്പോൾ, അതൊരോർമ്മപ്പെടുത്തലല്ല ഭീഷണിയാണു് എന്നു് വ്യക്തമായി. എനിക്കൊന്നേ ആശംസിക്കാനുണ്ടായിരുന്നുള്ളു—ഞരമ്പിൽ ഓടുന്ന ചോര ഒന്നല്ലെങ്കിലും നിങ്ങൾ ഇനി മുതൽ ഔദ്യോഗികപാണ്ഡവർ! രാജാധികാരാവകാശത്തിൽ കൗരവർക്കൊപ്പം തുല്യപങ്കാളികൾ. എന്റെ മരണശേഷം ഹസ്തിനപുരിയിൽ ചെന്നു് ചെങ്കോലിനു അവകാശം നേടിയെടുക്കേണ്ടവർ. കണ്ണു് തുറന്നുനോക്കുമ്പോൾ, രണ്ടു സന്യാസിമാർ! സാക്ഷികൾ എന്ന നിലയിൽ ആ രംഗം പനയോലയിൽ നാരായമുനയാൽ ശ്രദ്ധാപൂർവ്വം എഴുതി എക്കാലത്തേക്കും നിയമബലമുള്ള രേഖയാക്കുന്നു. എല്ലാം ശ്രദ്ധയോടെ, നേരത്തെ പറഞ്ഞുറപ്പിച്ചപോലെ! കുന്തി കുറച്ചു മാറിനിന്നു രംഗം തൃപ്തിയോടെ അവലോകനം ചെയ്യുന്നുണ്ടു്. അണിഞ്ഞൊരുങ്ങിയ മാദ്രി ഞങ്ങൾക്കരികെവന്നു ആണ്ടറുതിയിലെ പഴങ്ങൾ ഒരു മംഗളകൃത്യം പോലെ നിലത്തുവക്കുന്നുണ്ടു്. സന്യസ്തർ ഉറക്കെ വായിച്ചു തീരുമ്പോൾ ഇടനെഞ്ചിൽ കൈവച്ചു ഞാൻ “അതെ അതെ” എന്നുച്ചരിക്കുന്നുണ്ടു്.”
“അസ്തിത്വദുഃഖം തന്നെയായിരുന്നല്ലേ പ്രകോപനം?”, പാണ്ഡവർ കണ്മുന്നിൽനിന്നും അകന്നപ്പോൾ, പരീക്ഷിത്തിനോടു് കൊട്ടാരം ലേഖിക ചോദിച്ചു, “അതോ, വിമത പാഞ്ചാലിയുമായി നിങ്ങൾക്കുള്ള അവിശുദ്ധബന്ധമായിരുന്നുവോ കൊട്ടാരവിപ്ലവത്തിനുപിന്നിൽ?”
“പിതൃക്കളെ ചതിച്ചുകൊന്നധികാരത്തിൽ തൂങ്ങിയ പാണ്ഡവരെ സിംഹാസനത്തിൽനിന്നും വലിച്ചിഴച്ചു, കണ്ണുകെട്ടി തെരുവിൽ മുട്ടുകുത്തിനിർത്തി തലവെട്ടുമെന്നു്, പുതുതലമുറകൗരവർ, ദുര്യോധനന്റെ ഓർമ്മപ്പെരുന്നാൾ ദിവസം വിരൽകീറിചോരതൊട്ടു് വിരട്ടി. വയോജനപാണ്ഡവർ ഭീഷണിമണത്തു മഹാപ്രസ്ഥാനം ഏറ്റെടുത്തു തിരുവസ്ത്രം എനിക്കു തന്നു. അതല്ലാതെ മനുഷ്യ ജീവിതത്തിന്റെ ദാർശനികവ്യർത്ഥതയെക്കുറിച്ചു എന്തെങ്കിലും ‘വ്യഥ’ ആ മുഖങ്ങളിൽ കണ്ടില്ല. തിരക്കുണ്ടു്. മുഖ്യധാരയിൽ നിന്ന കറ്റിനിർത്തപ്പെട്ട കൗരവപിൻഗാമികളുടെ വൻനിര ഇക്കഴിഞ്ഞ ദശാബ്ദങ്ങൾക്കുള്ളിൽ നിയമവ്യസ്ഥയെ വെല്ലുവിളിച്ചു സമാന്തര ഭരണകൂടം സ്ഥാപിക്കാൻ ഹീനശ്രമം തുടരുന്നുണ്ടു്. കണ്ടില്ലെന്നു നടിച്ചാൽ അഭിമന്യുപുത്രനാണെന്ന പരിഗണന എനിക്കിനി കിട്ടില്ല. നേരിട്ടിറങ്ങി കൈപിടിച്ചു കൂടെനിർത്തുന്നൊരു “വരൂ സഹോദരാ” നവനിർമ്മാണ സാമൂഹ്യപദ്ധതി പ്രഖ്യാപിക്കുകയാണിന്നു അരങ്ങേറ്റമൈതാനിയിൽ. എന്റെ ഉദ്ദേശ്യശുദ്ധി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ‘ഹസ്തിനപുരി പത്രിക’ ശ്രമിക്കില്ലേ!”
“ബഹുഭർത്തൃത്വത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികം പാഞ്ചാലി ആഘോഷിക്കുമ്പോൾ ഇളമുറ മാദ്രീപുത്രനായ സഹദേവനെ കാണുന്നില്ലെന്നതൊരു വിവാദമായല്ലോ. ഒളിഞ്ഞിരിക്കയാണോ ഒളിമിന്നേണ്ട ഉല്ലാസവേളയിൽ?”, കണ്ടുമുട്ടിയപ്പോൾ കൊട്ടാരം ലേഖിക ചോദിച്ചു.
“ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടല്ലോ. ആഘോഷിക്കട്ടെ, എന്നാൽ എനിക്കതൊരു സഹനമായി തോന്നാനും, ഒന്നുഇടം മാറിയിരിക്കാനും കാര്യമുണ്ടു്. ഊഴമനുസരിച്ചു കിടപ്പറയിലേക്കു് പ്രവേശനം കിട്ടുമ്പോഴും, എളിമ ഞാൻ വിടാറില്ല. വിവസ്ത്ര ഉടലോടെ പായിൽ കാലുകൾ വിടർത്തി മലർന്നുകിടന്നു് കൈകൾ ശിരസ്സിനുപിന്നിൽ ചേർത്തു് പിണച്ചുവക്കാൻ യാന്ത്രികമായി ആവശ്യപ്പെടുമ്പോൾ അമർഷത്തോടെ ഞാൻ അനുസരിക്കും. ആസ്വാദനരതി എന്ന പേരിലവൾ പ്രകടമായ മേൽക്കോയ്മ നേടുമ്പോൾ, നിഷ്ക്രിയനാവാതെ ഞാൻ സഹകരിക്കും. പെട്ടെന്നവൾ വ്യതിയാനരതിക്കു ദുഷ്പ്രേരണചെയ്യും, വിസമ്മതിക്കുന്നതോടെ തുടങ്ങുകയായി മുടന്തൻഅസൗകര്യങ്ങൾ. കിടപ്പറ വാതിൽ അകത്തുനിന്നും സാക്ഷയിടാൻമറന്നു. ആലോചനയില്ലാത്തൊരു പാണ്ഡവൻ വാതിൽ തള്ളിത്തുറന്നാൽ? “ഇളമുറയായ നിനക്കുവേണ്ടി മാത്രമാണു് ഞാൻ വിട്ടുവീഴ്ച ചെയ്യുന്ന”തെന്നവൾ ഏങ്ങലടിക്കുന്നതോടെ അവസാനിക്കുന്നു എന്റെ ആസ്വാദനം. ഒരിക്കൽ ഇങ്ങനെ സംഭവിച്ചാൽ സ്വാഭാവികം, ആവർത്തിച്ചാൽ എങ്ങനെവായിച്ചെടുക്കണം പ്രകൃതിവിരുദ്ധതാൽപ്പര്യങ്ങൾ?” പാണ്ഡവരിൽ ‘യാഥാസ്ഥിതിക സദാചാരപ്രിയൻ’ എന്ന മോശം പ്രതിച്ഛായ നേടിയ സഹദേവൻ ഉടൽ പൊള്ളലേറ്റപോലെ അപ്പോഴും വിറച്ചു.
“സംസാരിച്ചുതീർക്കേണ്ട ‘മൂപ്പിളമത്തർക്കം’ വാളും ഗദയുമുള്ള പോരാട്ടംവഴി പരിഹരിക്കാൻ, ‘ദേശീയ പ്രശ്ന’മായി വികസിപ്പിച്ചെടുത്തതിനനെതിരെ ജനരോഷമിരമ്പുന്നുണ്ടല്ലോ. ഇങ്ങനെ ഒരു മഹായുദ്ധത്തിന്റെ ആവശ്യമെന്തായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ആരാദ്യംജനിച്ചു എന്നതിയിലേക്കൊതുക്കുകയാണോ ആഗോളശ്രദ്ധയാകർഷിച്ച ഈ മൂപ്പിളമ പ്രതിസന്ധി? അരാജകപാണ്ഡവരുടെ ഭീകരവാദം, അത്ര എളുപ്പം നിങ്ങൾ തള്ളിക്കളയുമോ? കൗരവാനുകൂലിയായിരുന്ന വിരാടസൈനികമേധാവി കീചകൻ ആയിരുന്നു ആറംഗപാണ്ഡവസംഘത്തിന്റെ അജ്ഞാതവാസം പൊളിച്ചെടുത്തതു. പക്ഷേ, പൊള്ളുന്ന ആ അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കാൻ ആ കറകളഞ്ഞ ദേശാഭിമാനി ശ്രമിച്ചില്ല. എന്നാൽ ചോർത്താനാവാത്ത ചാരസവിധാനംവഴി ഞങ്ങൾക്കവൻ തുമ്പു് തന്നു. തിരിച്ചടിഭീഷണി മണത്ത ഭീമൻ മിന്നലാക്രമണത്തിൽ കീചകനെ (വിരാടരാജ്ഞിയുടെ അനുജനുമാണു് ആ അവിവാഹിതയുവാവു്) കൊന്നതു് മതി ആയുഷ്ക്കാല ശത്രുപദവി നൽകി പാണ്ഡവരെ ഇല്ലായ്മ ചെയ്യാൻ. പരിഷ്കൃതസമൂഹമെന്നു പൊതുസമൂഹം വിശ്വസിക്കുന്ന കുരുവംശം അത്തരം എളുപ്പവഴിക്കു പോയില്ല, പകരം സൂക്ഷ്മതലത്തിൽ അടിസ്ഥാന സൗകര്യവികസനത്തോടെ കുരുക്ഷേത്രയെ കായികബലപരീക്ഷക്കു് അണിയിച്ചൊരുക്കി. അപ്രതീക്ഷിതയുദ്ധനീക്കം പാണ്ഡവർ ഹസ്തിനപുരികോട്ടക്കെതിരെ രഹസ്യമായി തുടങ്ങിവെക്കാതിരിക്കാൻ, സ്ഥലവും തീയതിയും ഞങ്ങൾ നേരത്തെ പരസ്യമാക്കിയതോടെ, തൽസ്ഥിതി സ്വീകരിക്കുകയല്ലാതെ പാണ്ഡവർക്കു് വേറെ വഴിയില്ലാതായി. ചുറ്റുംനടന്നു ഒന്നു് നോക്കി വരൂ, എല്ലാവരും കൊടിയും കൊടുവാളുമായി എത്തിക്കഴിഞ്ഞു. ഇനി നേരം വെളുത്തു ശംഖുമുഴങ്ങുന്നതോടെ പാണ്ഡവതല ഒന്നൊന്നായി കൊയ്യാൻ ഒരുങ്ങുകയായി” പോർക്കളത്തിന്റെ നാലതിരുകളിലൂടെ കുതിരയോട്ടം വഴി കുരുക്ഷേത്രയുടെ മികച്ച യുദ്ധക്ഷമത ഒരിക്കൽ കൂടി തക്ഷശില ഗവേഷകവിദ്യാർത്ഥികൾക്കുവേണ്ടി നേരിൽ കണ്ടു ഉറപ്പുവരുത്തുകയായിരുന്നു ദുര്യോധനൻ.