“ഗാന്ധാരീവിലാപം നേരിട്ടുകണ്ട ഒരമ്മയെന്ന നിലയിൽ എങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര
“ഗാന്ധാരി തുണികെട്ടി മറയ്ക്കേണ്ടതു് സ്വന്തം കണ്ണുകൾ ആയിരുന്നോ?, അതോ, ഹൃദയജാലകങ്ങൾ മലർക്കെ തുറന്നു കൊടുത്ത ചുണ്ടുകൾ ആയിരുന്നോ?”
“ദൂരെനിന്നും നോക്കുമ്പോൾ നിങ്ങൾ പരുഷമായി പ്രതികരിക്കുന്നപോലെ തോന്നി. അന്യായമായ ആവശ്യങ്ങൾ വല്ലതും ആളറിയാതെ കുന്തി ഉന്നയിച്ചതാണോ പ്രകോപനം?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. പ്രഭാതവെയിൽ വീണ ആ സുന്ദരമുഖം അശാന്തമായിരുന്നു. ചുണ്ടുകൾ വിറച്ചിരുന്നു. കണ്ണുകൾ ഈറനായിരുന്നു.
“എന്നെ പ്രസവിച്ച സ്ത്രീ എന്നവർ പരിചയപ്പെടുത്തി. നവജാത ശിശുവിനെ നീരൊഴുക്കിൽ മരിക്കാൻവിട്ട ‘കഠിനഹൃദയ’യെ നേർക്കുനേർ കണ്ടു ഞാൻ ഞെട്ടി, തുറിച്ചുനോക്കിയപ്പോൾ അവർ പ്രതീക്ഷിച്ചുവോ ആകസ്മികമായി വഴിയിൽ കണ്ടെത്തിയ പെറ്റതള്ളയോടു നിർവ്യാജസ്നേഹമാണെന്നു? അതിൽ പിടിച്ചവർ സ്വാധീനം ചെലുത്താൻ ശ്രമിച്ചു. എക്കാലവും ഹസ്തിനപുരി വിദ്യാലയങ്ങളിൽ, ‘കീഴ്ജാതിക്കാര’നെന്നു് അവമതിക്കുകയും സാമൂഹ്യമായി പാർശ്വവൽക്കരക്കയും ചെയ്തിരുന്ന അർജുനനെയും ‘നിങ്ങൾ പെറ്റതാണോ?’ എന്നു് ചോദിക്കാൻ ഞാൻ മുഖം ഉയർത്തിയപ്പോൾ, അവർ ഒരുപക്ഷേ, കരുതി, നവസാഹോദര്യം തളിരിട്ടു! കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവസുരക്ഷ ഉറപ്പുകൊടുക്കണമെന്നു, അനുകൂലസാഹചര്യം ചൂഷണംചെയ്തു വൈകാരികതയോടെ ആവശ്യപ്പെട്ടു. നോട്ടം മാറ്റാതെ, മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൃദുലവികാരമുപയോഗിച്ചവർ, കുളി കഴിഞ്ഞുവരുന്ന എന്റെ ഹൃദയശാന്തത തരപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഞാൻ ഇടപെട്ടു—ജീവനൊടുങ്ങുംവരെ സൗഹൃദം നിലനിർത്തുമെന്നു് വാക്കുകൊടുത്താണു് ഞാൻ ദുര്യോധനന്റെ കൂട്ടാളിയായതു്. അതാണെനിക്കഭിമാനം. പെറ്റകുഞ്ഞിനെ പുഴയൊഴുക്കിൽ മരിക്കാൻവിട്ട തള്ളയല്ല എന്റെ ‘അമ്മമാതൃക’, അരങ്ങേറ്റമൈതാനത്തിലെ പൊതുവേദിയിൽ പാണ്ഡവവർ എന്നെ അവഹേളിക്കുകയും നിസ്സാരവൽക്കരിക്കയും ചെയ്യുന്നതു് അവിടെ കൂടിയിരുന്ന അഭിജാതസദസ്സു കണ്ടിട്ടും കണ്ടില്ലെന്നമട്ടിൽ ഇരുന്നപ്പോൾ, അവസരോചിതമായി ഇടപെട്ടു എന്റെ സ്വാഭിമാനം കാത്തതു, നിങ്ങൾ കൊല്ലാൻ കരുതിവച്ച ദുര്യോധനനാണു്. അവൻ എനിക്കു് സംരക്ഷകൻ, എന്നെന്നും വേണ്ടപ്പെട്ടവൻ, അവന്റെ ശത്രുക്കൾ എനിക്കു യുദ്ധത്തിൽ പ്രതിയോഗികൾ!”
“നൊന്തുപ്രസവിച്ച അഞ്ചു പാണ്ഡവകുട്ടികളെയും ഇനിയുള്ള കാലം പോറ്റിവളർത്താൻ നിങ്ങൾ അവരെ പിത്രുരാജ്യമായ പാഞ്ചാലയിലേക്കു പറഞ്ഞയച്ചതിന്റെ ‘അകംപൊരുൾ’ എന്താണു്?”, കൊട്ടാര ലേഖിക ചോദിച്ചു ഇന്ദ്രപ്രസ്ഥം കാലം.
“തട്ടിക്കൂട്ടു് രാജസൂയയാഗം ചെയ്തു പാണ്ഡവർ ഇന്ദ്രപ്രസ്ഥം തലസ്ഥാനമാക്കി ഒരു ഠ വട്ട ഭൂമിയുടെ അധിപരായപ്പോൾ, അവർക്കു സ്വന്തംകുട്ടികളെ വാത്സല്യത്തോടെ വളർത്തുന്നതിൽ കൗതുകം നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെടാത്ത അവരുടെ ശാരീരികവിനോദം വിവാഹബാഹ്യബന്ധങ്ങൾ വികസിപ്പിക്കുന്നതിലും. അതിനു ഉടനടി കടിഞ്ഞാണിടണമെങ്കിൽ ഞങ്ങൾക്കിടയിൽ നിന്നും കൊച്ചുകുട്ടികളെ ഒഴിവാക്കണം ശന്തനുഭാര്യ ഗംഗ ചെയ്ത പോലെ, പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നു പുഴയിൽ ഒഴുക്കണോ, പാഞ്ചാലയിലെ സമാധാനഅന്തരീക്ഷത്തിൽ വളരാൻ പറഞ്ഞയക്കണോ? ദ്വാരകയിൽ നിന്നും കൃഷ്ണസഹോദരിസുഭദ്ര അർജ്ജുനന്റെകൂടെ നഗരവാതിലിൽ മുട്ടുന്ന ഒച്ചയാണിപ്പോൾ നിങ്ങൾ കേൾക്കുന്നതു്. ‘ഒക്കത്തും കയ്യിലും’ കുട്ടികളുമായി ഞാൻ പ്രതിയോഗിസുഭദ്രയെ നാട്ടിലേക്കു് തിരിച്ചയക്കണോ, ഈ കൈകളുമായി പാണ്ഡവ‘ജാരസ്ത്രീ’കളെ ചെറുക്കണോ!”
“വിവാദമാക്കാൻ മാത്രമൊക്കെയുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
“യുദ്ധവാർഷികമല്ലേ! മരണാനന്തരബഹുമതിയുടെ കാര്യത്തിൽ യുധിഷ്ഠിരഭരണകൂടം ഒന്നുംചെയ്യില്ലെന്നു നിരാശതോന്നിയ നാളുകൾ. കുരുക്ഷേത്രവിധവകളുടെ യോഗംവിളിച്ചു ഞാൻ രണ്ടുംകൽപ്പിച്ചു കോട്ടവാതിലിനുമുമ്പിൽ സമരമുഖംതുറന്നു. മഹാറാണിപാഞ്ചാലിയുടെ അനുകൂലപ്രതികരണം ഉണ്ടായി. രക്തസാക്ഷി ദുര്യോധനനെ ‘അനാഥപ്രേത’മെന്നവഹേളിച്ച ഭീമനെ ഒതുക്കാൻ ഞങ്ങൾ ‘വൈകാരികപരിസരത്തിൽ’ ആവശ്യപ്പെട്ടതോടെ, കൗന്തേയർക്കിടയിലെ വംശീയജീർണ്ണത വെളിയിൽവന്നു. സ്വതന്ത്രനിലപാടു് സ്വീകരിച്ച പാഞ്ചാലിയുടെ നയതന്ത്രത്തിൽ പാണ്ഡവർ ‘പ്രേതവിവാദ’ത്തിൽനിന്നും രക്ഷപ്പെട്ടു. കൊട്ടാരഗുരു കൃപാചാര്യനേതൃത്വത്തിലുള്ള ബ്രാഹ്മണകാർമ്മികർ അല്ലേ പരമവിശിഷ്ടസേവാബഹുമതി പ്രഖ്യാപിച്ചു ദുര്യോധനനെ അനശ്വരനാക്കിയതു്! അല്ലാതെ പാണ്ഡവഭരണകൂടത്തിന്റെ പാരിതോഷികമായി പുരസ്കാരം പരാമർശിക്കപ്പെടരുതു്. രാജ്യമൊട്ടാകെകണ്ട ആഘോഷം, കൃത്രിമമായാണോ നിങ്ങൾക്കു് തോന്നിയതു്? എങ്കിൽ ഹാ കഷ്ടം! രാഷ്ട്രീയസൗജന്യമെന്നനിലയിൽ, പാണ്ഡവർ മുന്നോട്ടുവച്ചതായിരുന്നു ‘പരമ വിശിഷ്ഠ’നീക്കം എന്നു തർക്കത്തിനു് സമ്മതിച്ചാൽതന്നെ, പ്രബുദ്ധജനത ഒറ്റക്കെട്ടായി പങ്കാളികളായല്ലോ. ‘കൗരവക്കൊലയാളി’ എന്നു് തെരുവിൽ നിന്ദിക്കപ്പെടുന്ന ഭീമൻ, നാണംകെട്ടു് അന്തഃപുരത്തിൽ ഒളിച്ചല്ലോ. ജ്വാലാമുഖീഅങ്കണത്തിൽ സമൂഹപ്രാർഥന! ആകാശചാരികൾ പങ്കെടുത്തതിന്റെ ഗാംഭീര്യംഒന്നുവേറെ. “സ്വർഗ്ഗസ്ഥനായ പോരാളീ നീ ഞങ്ങൾക്കെന്നും ജ്വലിക്കുന്ന ഓർമ്മ” എന്നു് കൃപാചാര്യൻ വിശ്വപ്രകൃതിയെ അഭിസംബോധന ചെയ്തപ്പോൾ, അഭിജാതസദസ്സു് ‘അതെ നീ തന്നെ എക്കാലവും’ എന്നുച്ചരിച്ചവർ കുമ്പിട്ടു. തിരുവസ്ത്രധാരിപാഞ്ചാലിയുടെ സാന്നിധ്യവും പാണ്ഡവരുടെ അസാന്നിധ്യംപോലെ ശ്രദ്ധിക്കപ്പെട്ടു. മഹാറാണീ, ഞങ്ങൾ നിനക്കു് കടപ്പെട്ടവൾ. നഗരത്തിലെ കുതിരപ്പന്തികളിൽ ആഘോഷമണിമുഴങ്ങി എന്നു് രഹസ്യമായറിയിച്ചതു ചാരവകുപ്പുമേധാവി നകുലനായിരുന്നു. കൗന്തേയപ്രേരിത വംശീയവേർതിരിവിനു് കൂട്ടുനിൽക്കാത്ത പ്രിയമാദ്രീപുത്രാ, നിനക്കു് ദുര്യോധനവിധവയുടെ കൂപ്പുകൈ. യമുനാതീരഅന്ത്യവിശ്രമസ്ഥലിയിൽ നിന്നും തീർഥാടനകേന്ദ്രത്തിലേക്കു് തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചു രഥവ്യൂഹം നീങ്ങിയപ്പോൾ ആ ദൃശ്യചാരുത ആസ്വദിക്കാൻ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ! കുരുവംശത്തോടെക്കാലവും കൂറുപുലർത്തിയ സന്യാസ, സന്യാസിനി സഭാംഗങ്ങൾ, പൊതുസമൂഹപ്രതിനിധികൾ, ‘നമ്മുടെ യുക്തിവാദിചാർവാകൻ’ ഉൾപ്പെടെ എല്ലാവരും ദീപാരാധനയിൽ പങ്കെടുത്തു. ദുര്യോധനഛായാചിത്രവും ജ്വാലാമുഖീക്ഷേത്രാങ്കണത്തിൽ പാഞ്ചാലി അനാച്ഛാദനം ചെയ്തു. വീരകൗരവനെ അത്യുന്നതപദവിയിലേക്കുയർത്തിയതിന്റെ ആഘോഷപരമ്പര പാഞ്ചാലി ഏകോപിക്കും. ഇതൊക്കെയല്ലേ ഭീമനാൽ പുനരധിവാസകേന്ദ്രത്തിൽ രാപ്പകൽ പ്രയാസമനുഭവിക്കുന്ന ഈ ‘വൃദ്ധവിധവ’ക്കു ചാരിതാർഥ്യം തരുന്ന വാർത്ത? അതു് പറയുമ്പോഴാണു് ഓർക്കുന്നതു്, അരമനത്തിണ്ണനിരങ്ങുന്ന നിങ്ങൾ, നിങ്ങൾ മാത്രം, എവിടെ പോയൊളിച്ചു ഈ ഐതിഹാസികദിനങ്ങളിൽ?”
“തടാകതീരത്തെ മരങ്ങൾക്കുതാഴെ, ഹസ്തിനപുരിയിലൊന്നും കണ്ടിട്ടില്ലാത്തതരം ചുവന്നപഴങ്ങൾ! ഒന്നെടുത്തു ഞാൻ കടിച്ചുനോക്കി, ഹൃദ്യം രുചിയും മണവും. പെറുക്കിക്കൊണ്ടുവന്നുകൂടെ നിങ്ങൾക്കും, ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾ വായിലേക്കെറിയാൻ? അക്ഷയപാത്രത്തിൽ വാരിത്തിന്നുന്ന ധാന്യഭക്ഷണം തികയുമോ സൈനികക്ഷമതക്കു കായികപോഷണം? അതോ, വവ്വാലുകൾ കടിച്ച പഴംതിന്നാൽ പനിവരുമെന്നു സന്യസ്തർ പേടിപ്പിച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കൂടനിറയെ പഴം കൊണ്ടുവന്നശേഷം പാണ്ഡവർ കൈകൾ മേലെ എറിഞ്ഞു മുഷിഞ്ഞുപറഞ്ഞു, ഇനിയില്ല ഞങ്ങൾ പഴംപെറുക്കാൻ. കാരണം ചോദിച്ചപ്പോൾ, ചിതറിക്കിടക്കുന്ന ഓരോ പഴം പെറുക്കാനും ഭൂമിയോളം നിങ്ങൾ താഴണം. ഭൂമിയിൽ സഹോദരങ്ങൾക്കുമേൽ ആധിപത്യംസ്ഥാപിക്കാൻ, അതീതശക്തികളുടെ അധികാരപ്പെടുത്തൽകിട്ടിയ പാണ്ഡവർക്കെങ്ങനെകഴിയും, നിവർന്നു നിൽക്കേണ്ടവർ കുനിഞ്ഞുപെറുക്കണം ഓരോ പഴവും എന്നു് വച്ചാൽ?” പ്രവാസി ‘മഹാരാജാ’വായി അഭിനയിക്കുന്ന യുധിഷ്ഠിരൻ, അക്ഷയപാത്രത്തിൽനിന്നു് ഒരുപിടി ധാന്യഭക്ഷണം വായിലേക്കെറിഞ്ഞു.
“ഒരുകാര്യവുമില്ലാതെ നീണ്ടുപോയ ജന്മത്തിനുശേഷം ഇപ്പോൾ മരണത്തെ നേർക്കുനേർ കാണുന്ന കുരുക്ഷേത്രയിൽ, യുദ്ധം നയിക്കുന്ന നിങ്ങളുടെ ഭാവിയെന്താണു്? രാത്രി കിടക്കുമ്പോൾ ചിന്തിച്ചു നോക്കിയോ?” കുരുക്ഷേത്രം ഒമ്പതാംദിവസം രാത്രി സർവ്വസൈന്യാധിപൻ ഭീഷ്മരെ അതീവസുരക്ഷാ പാളയത്തിൽ യുദ്ധകാര്യലേഖകൻ കണ്ടെത്തി.
“ സ്വച്ഛന്ദമൃത്യുവായ എന്റെ സമ്മതംകൂടാതെ ഞാൻ മരിച്ചു കൂടല്ലോ എന്നാൽ കുടിലകൌരവർ എനിക്കായി ഹസ്തിനപുരിയിൽ നിർമ്മിക്കുന്ന വൃദ്ധസദനത്തെക്കാൾ നല്ലതല്ലേ പ്രിയ പാണ്ഡവർ പോർക്കളത്തിൽ ഒരുക്കുന്ന ശരശയ്യ?”
“നിങ്ങളുടെ മക്കളെ അശ്വത്ഥാമാവ് പാതിരാ മിന്നലാക്രമണത്തിൽ ചവിട്ടിക്കൊന്ന വാർത്ത കേട്ടറിഞ്ഞപ്പോൾ എന്തായിരുന്നു ഗാന്ധാരിയുടെ ആദ്യ പ്രതികരണം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധജേതാക്കളായ പാണ്ഡവർ ഹസ്തിനപുരി കൊട്ടാരത്തിൽ പുതിയ ഭരണകൂടസ്ഥാപനത്തിനായി ധൃതരാഷ്ട്രരിൽനിന്നും ‘തിരുവസ്ത്രം’ കാത്തിരിക്കുന്ന നേരം.
“വന്മരങ്ങൾ വീഴുമ്പോൾ സ്വാഭാവികമായി സംഭവിക്കാവുന്നതല്ലേ നേരിയൊരു ഭൂമികുലുക്കം, ദ്രൗപദീ! എന്നായിരുന്നു ഗാന്ധാരി ‘തത്വം’ പറഞ്ഞതു്. വിഘടനവാദികളെ വകവരുത്താൻ കുരുക്ഷേത്രയിൽ പോയ എന്റെ മക്കൾ കൗരവർ നൂറുപേരും ജീവനോടെ മടങ്ങിവന്നുവോ? കവികൾ എന്നോ പാടി ഈ ലോകം ഭൗതികമെന്നു ഒറ്റനോട്ടത്തിൽ നിങ്ങൾക്കു് തോന്നുമെങ്കിലും, കണ്ണുതുറന്നു കാണാൻ കഴിയാത്ത ‘ഭൂഗർഭഇടനാഴി’ നമുക്കുതാഴെ പ്രവർത്തിക്കുന്നുണ്ടു്”, എന്നു പറഞ്ഞവൾ കൺകെട്ടുതുണി മുറുക്കിക്കെട്ടി.
“പ്രയോജനം ആർക്കുണ്ടാവുമെന്നാണു് കരുതുന്നതു്? വിരാടയിൽ പോയി അഭിമുഖം ചെയ്തതല്ലേ നിങ്ങൾ?”, പത്രാധിപർ കൊട്ടാരം ലേഖികയോടു് ചോദിച്ചു. വിരാടരാജ്ഞിയുടെ സഹോദരനും, സേനാനായകനുമായ കീചകൻ ശ്വാസംമുട്ടി മരിച്ച ദുഃഖവാർത്ത കുതിരപ്പന്തി വഴിയായിരുന്നു ‘ഹസ്തിനപുരി പത്രിക’ അറിഞ്ഞതു്.
“തുണക്കുക പാണ്ഡവരെ. അജ്ഞാതവാസത്തിൽ കഴിയാൻ ‘നിർമ്മിതജീവിത’ക്കുറിപ്പുമായി വിരാടയിൽവന്ന വിവരം സന്യസ്തർവഴി ശേഖരിച്ചു കീചകൻ, ഭീമന്റെ മുട്ടുവിറപ്പിച്ചു പാഞ്ചാലിയെ വെപ്പാട്ടിയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പാതിരാകൊലപാതകം കൊണ്ടങ്ങനെ പാണ്ഡവരഹസ്യം പുറത്തുവരില്ലെന്നുറപ്പായി വിരാടസേനയുടെ നിയന്ത്രണം കീചകനുശേഷം രാജാവിൽ വീണ്ടും വന്നുചേരും. ഭാവിയിൽ കൗരവർക്കെതിരെ യുദ്ധമുണ്ടായാൽ, പാണ്ഡവർക്കു് സഖ്യകക്ഷിയാവാനും തുണയാകും.
“ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻതന്നെ” എന്ന ഭീഷ്മപ്രവചനം ശരിയാണോ എന്നറിഞ്ഞു വരാം. പറ്റുമെങ്കിൽ ‘സൈരന്ധ്രി’ എന്ന പാഞ്ചാലിയുമായി അഭിമുഖവും. ദൂരമുണ്ടു് വഴിച്ചെലവു് ദുര്യോധനൻ തരുമോ!”
“സൈനികരുടെ പരസ്പര പോരാട്ടം നിന്നാൽ, പോർക്കളത്തിൽ നിങ്ങളുടെ ‘പരാക്രമം’ തുടങ്ങുകയായി അല്ലെ?” യുദ്ധനിർവ്വഹണ സമിതിയുടെ അധ്യക്ഷനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“രാവിലെ ഇരുപക്ഷ സൈനികർ പോരാടാൻ വരുമ്പോൾ, ഒരു മുറി മനുഷ്യമാംസമോ ഒരുതുള്ളി ചോരയോ കാണാൻ ഇല്ലാതെ, ഞങ്ങൾ തുടച്ചുമിനുക്കും ‘പുത്തൻപുതുഭൂമി’ പോർക്കളം! ഭാഗ്യം, നല്ല ഒഴുക്കുള്ള ഈ പുഴയുടെ സാന്നിധ്യം, ശുഭപ്രതീക്ഷ. അർദ്ധപ്രാണരും പൂർണ്ണജഡങ്ങളും നിറഞ്ഞ ജൈവമാലിന്യം ഒരുപോലെ പുഴ ഏറ്റെടുക്കും. എന്നാലും ഞങ്ങൾ വേണം ഓരോ ഉടലും പലയിടങ്ങളിൽനിന്നും വാരിക്കോരിയെടുത്തു പാതിരാവിൽ പുഴയിൽ ഒഴുക്കാൻ. ഇരുട്ടിൽ കഠിനഅധ്വാനം തന്നെയാണതു്. ജഡഭാരം കുറക്കാൻ, പരേതസൈനികരുടെ വസ്ത്രാക്ഷേപം ഉണ്ടാവും. സൈനികവസ്ത്രങ്ങളിൽനിന്നും വിപണിമൂല്യമുള്ള പലതും കിട്ടും. നിശാനിയോഗത്തിനു ലഭിക്കാവുന്ന പാരിതോഷികം. ജഡങ്ങൾ തെക്കോട്ടൊഴുകി പ്രയാഗിൽ ഗംഗയുമായി എത്തുമ്പോൾ, ആത്മാവുകൾ, അർഹിക്കുന്ന ഇടങ്ങളിലേക്കു് ‘രഥയാത്ര’യാക്കും. പ്രാണൻപോകാതെ പരിഭ്രമിക്കുന്നൊരു സൈനികൻ, കേട്ടോ, ഞങ്ങൾക്കുനേരെ ഇരുകൈകളുംനീട്ടി യാചിച്ച ഒരു ഓർമ്മയുണ്ടു്—“കഴുത്തിൽചവിട്ടി നീ എന്റെ പ്രാണനെടുക്കൂ, എനിക്കറിയാമായിരുന്നില്ല ഇതൊരു കൂട്ടുകുടുംബസ്വത്തുതർക്കം മാത്രമാണെന്നു്. വൈദേശികാക്രമണം നേരിടുന്ന ഹസ്തിനപുരിയുടെ അഖണ്ഡത പരിപാലിക്കാൻ എന്നായിരുന്നു കൗരവകരാറുകാർ ഞങ്ങളെ ബോധ്യപ്പെടുത്തിയതു്. ആശങ്കയുണ്ടു് കരാർതന്ന കൗരവർ പണം തരാതെ ചതിക്കുമോ. നിങ്ങൾക്കെന്തുതോന്നുന്നു യുദ്ധംകഴിഞ്ഞാൽ ജേതാക്കൾ വേതനംതരാതെ ഞങ്ങളെ തള്ളിപ്പറയുമോ?””
“കൊച്ചുവെളുപ്പാൻകാലത്തുതന്നെ എത്തിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. യമുനാതീര ശക്തിസ്ഥലിൽ, കറുത്ത ശിരോവസ്ത്രങ്ങൾധരിച്ച ദുര്യോധനപുത്രിമാർ ധ്യാനത്തിലായിരുന്നു.
“രക്തസാക്ഷിദിനത്തിലും വേണോ കണ്ണിൽചോരയില്ലാത്ത ചോദ്യങ്ങൾ? ഹസ്തിനപുരിയെസായുധവിപ്ലവത്തിലൂടെ ധൃതരാഷ്ട്രരിൽനിന്നു് തട്ടിയെടുക്കാനായിരുന്നു പാണ്ഡവർ കുരുക്ഷേത്രയെ ദുരുപയോഗംചെയ്തതു്. ആയുധംവച്ചു് കീഴടങ്ങാനൊരു പൊതുവേദിയായി ദുര്യോധനൻ പാടുപെട്ടു പണിത കീഴടങ്ങൽശ്രമത്തെ ചോരപ്പുഴയാക്കിയതിന്റെ ഉത്തരവാദിത്വം ‘അനധികൃത’ രാജാവു് ‘യുധിഷ്ഠിരൻ’ ഏറ്റെടുക്കണം. ആരെയും വെറുക്കരുതെന്നു പഠിപ്പിച്ച മഹാത്മനായിരുന്ന ദുര്യോധനൻ, ശത്രുക്കളെ കണ്ടാൽ ക്ഷമിക്കുമായിരുന്നു. മാരകമായി തുടയിലടിച്ച ഭീമനു കൈകൊടുത്താണവൻ യാത്രയായതു്. ഇതൊരു ‘സമാധി’സ്ഥലമല്ല. ‘രണോർജ്ജം’ പകരുന്ന ആയുധപ്പുര! ഓർമ്മയിരിക്കട്ടെ. ശിരോവസ്ത്രങ്ങൾധരിച്ചു പതുങ്ങിപ്പതുങ്ങി ഇവിടെവന്ന ഞങ്ങളല്ല വിവസ്ത്രശിരസ്സുമായി തിരിച്ചുപോവുന്ന ഞങ്ങൾ. ‘പാണ്ഡവ’രെ ‘വെട്ടിപ്പൊളി’ക്കാൻ ഈ പെൺപട മതി!!”
“സ്ഥാനത്യാഗം പ്രതീക്ഷിക്കാമോ? ജേതാക്കൾ കാത്തിരിക്കുന്നു! കൗരവരാജവധുക്കൾ ദുഃഖാചരണം ആരംഭിച്ചിട്ടും, നൂറുമക്കളെ നഷ്ടപ്പെട്ട രാജാവു് ഒന്നും അറിഞ്ഞമട്ടില്ലല്ലോ.”, കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.
“ഈ ദന്തസിംഹാസനത്തിൽ ഞാൻ ഇരിക്കുന്നതു് കുരുവംശ ഭരണകൂടത്തിനു വേണ്ടിയല്ലേ? പതിനെട്ടുനാൾ ഹസ്തിനപുരി കോട്ട ഭേദിക്കാനോ, കോട്ടവാതിലിൽ ആഞ്ഞൊന്നടിച്ചു അന്തഃപുരസ്ത്രീകളെ ഭീഷണിപ്പെടുത്താനോ ശത്രുപക്ഷത്തുള്ള ആർക്കും സാധിച്ചില്ല എന്നതാണെന്റെ ഭരണനേട്ടം. അതല്ലാതെ, എവിടെയോ സംഭവിച്ച യുദ്ധദുരന്തത്തിന്റെ ഉത്തരവാദിത്വം എന്തിനു ഞാൻ ഏറ്റെടുക്കും? എന്റെ മക്കളുടെ ബലിദാനത്തെക്കുറിച്ചാണെങ്കിൽ അവർ മരിച്ചു എന്നു് യുദ്ധനിർവ്വഹണ സമിതിയുടെ ഔദ്യോഗിക അറിയിപ്പു് കിട്ടട്ടെ. അല്ല, ആരാണു് ജേതാക്കൾ എന്നു് നിങ്ങൾ പറയുന്ന ഈ പാണ്ഡവർ? “അവർ ഇന്ന ആളുടെ മക്കൾ, യുദ്ധം നിർണ്ണായകവിജയം നേടിയ സ്ഥിതിക്കു് കുരുവംശപിന്തുടർച്ചക്കു ഭരണയോഗ്യത നേടിയവർ” എന്നുറപ്പിക്കാൻ കൊട്ടാരത്തിൽ ഗുരു ഉണ്ടോ? കാര്യം പറയാൻ കാഴ്ചപരിമിതി തടസ്സമല്ല. തിരക്കുണ്ടു് പ്രിയസഞ്ജയാ, ഉച്ചഭക്ഷണത്തിനു സമയമായി നിങ്ങളൊക്കെ ഊട്ടുപുരയിൽ എത്താൻ ഇന്നു് വൈകും അല്ലെ!”
“നിങ്ങൾക്കെതിരെ പരാതി! ഒപ്പിട്ടിരിക്കുന്നതോ, ‘ദ്രുപദപുത്രി പാഞ്ചാലി’. പുകയുന്നുണ്ടോ നീറുന്ന പാണ്ഡവദാമ്പത്യം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വസ്ത്രാക്ഷേപ പിറ്റേന്നു വനവാസത്തിനു തയ്യാറാവുന്ന നേരം.
“പാണ്ഡവർക്കോ ബഹുഭർത്തൃത്വത്തിനോ ആരും അപായമണി മുഴക്കുന്നില്ലല്ലോ. എന്നെ ഉന്നം വക്കുന്നു എന്നതു ഒരധികവായനയല്ലേ. വസ്ത്രാക്ഷേപം എന്ന കൗരവകേന്ദ്രിത സ്ത്രീവിരുദ്ധത എളുപ്പത്തിൽ തേച്ചുമാച്ചില്ലാതാക്കുമെന്ന മാധ്യമസങ്കൽപ്പവും വേണ്ട. റാണിപദവി നഷ്ടപ്പെട്ട ദ്രൗപദിയുടെ വ്യക്തിഗതനൈരാശ്യം എനിക്കു് മനസ്സിലാക്കാം. ഞങ്ങളുടെ പദവിനഷ്ടപ്പെട്ടതു് ചൂതാട്ടത്തിൽ പണയംവച്ചതുകൊണ്ടല്ല. വിവാഹത്തിനു് മുമ്പു് വ്യാസനെചെന്നു് കണ്ടപ്പോൾ പ്രവചനത്തിലൂടെ വെളിപ്പെട്ടതാണിപ്പോൾ കാണുന്ന ‘അടിമപ്രതിഭാസം’. പാഞ്ചാലിയുടെ പരാതിയിൽ വസ്തുതകളേക്കാൾ ആവേശമാണു് കാണുന്നതെന്നു ഇതിഹാസകാഴ്ചപ്പാടിൽ രേഖപ്പെടുത്തുന്ന സഹദേവനും പറഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ. നീതിപീഠ വിചാരണയുമായി പരാതിക്കാരെന്ന നിലയിൽ പാഞ്ചാലിക്കൊപ്പം ഞങ്ങൾ സഹകരിക്കും. അവളെയാണു് മഹാറാണിയാക്കിയതെന്നും, ആദ്യം ഞാൻ വിവാഹം കഴിച്ച ഭാഗ്യഹീനയെ അല്ലെന്നും വെളിപ്പെടുത്തും. അവളിപ്പോൾ പൂക്കാരത്തെരുവിൽ മാലകോർത്തു അന്നംകണ്ടെത്തുന്നു എന്നറിഞ്ഞപ്പോൾ ഞാൻ വിങ്ങിപ്പൊട്ടി. കാട്ടിൽ എത്തിയാൽ സൗകര്യമായി വരൂ. അവളെക്കുറിച്ചും അവളുടെ സഹനത്തെക്കുറിച്ചും എനിക്കു് മനസ്സു തുറക്കാനുണ്ടു്.”
“ഭീഷ്മർ നിയന്ത്രിക്കുന്ന സഭയിൽ, നിങ്ങൾ ഇടപെടേണ്ട കാര്യം എന്തായിരുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. നീതിപീഠത്തിലേക്കു ഇളമുറകൗരവർക്കൊപ്പം ഇടിച്ചുകയറുകയായിരുന്നു വിചാരണനേരിടുന്ന കുപ്രസിദ്ധപ്രതി.
“ആണുങ്ങൾക്കുമാത്രമേ ചൂതാട്ടം കാണാൻ പ്രവേശനം അനുവദിക്കൂ എന്നു് ലിംഗവിവേചനത്തോടെ സഭാധ്യക്ഷൻ (ധൃതരാഷ്ട്രർ ഉണ്ടായിരുന്നു എന്നതൊരു നിസ്സാരകാര്യം) ഭീഷ്മർനേരത്തെതന്നെ പെരുമാറ്റച്ചട്ടത്തിൽ പറഞ്ഞുവെച്ചു. സഭാതലത്തിലേക്കു പ്രവേശിക്കാൻ ‘അല്പവസ്ത്ര പാഞ്ചാലി’ എന്നിട്ടും ശ്രമിക്കുന്നതു് പാറാവുകാർ ആംഗ്യഭാഷയിൽ എന്നെ അറിയിച്ചപ്പോൾ, ആചാരപൂർവ്വംഅക്കാര്യം ബോധ്യപ്പെടുത്താൻ തുനിഞ്ഞ എന്നെ അവൾ തട്ടിമാറ്റി. കൗരവകരൾനൊന്തു. നവവധുവായി വന്നതുമുതൽ, കഴിഞ്ഞ ഒരു ദശാബ്ദക്കാലം, ‘പാഞ്ചാലി’യെയും അവളുടെ പുഷ്പപാദുകത്തെയും ആരാധനയോടെ കണ്ട കാൽപ്പനികകവിയായ എന്നെയവൾ, വെറുമൊരു പാറാവുകാരനോടെന്നപോലെ പെരുമാറിയോ? അവൾക്കു മുമ്പിൽ അവഗണന നേരിടേണ്ടിവന്നപ്പോൾ, ഈ ആൺമനം തേനീച്ചക്കൂടു പോലെ ഒന്നിളകിയോ. അതിൽ കവിഞ്ഞവൾക്കുനേരെ ഞാൻ ലൈംഗികദാഹത്തോടെ അക്രമാസക്തയായി എന്നതൊക്കെ മാധ്യമങ്ങളുടെ രോഗാതുരമായക്കാഴ്ച. സ്ത്രീ സൗഹൃദ ഹസ്തിനപുരിനിയമം അതിന്റെ വഴിക്കുപോവട്ടെ. ‘അടിമപാഞ്ചാലിയെ’ കൗരവർ, ‘ലൈംഗികഅടിമ’യാക്കിയില്ല. ഭർത്താക്കന്മാരുമൊത്തവൾ വനവാസത്തിനുപോയസ്ഥിതിക്കു് എനിക്കെതിരെ സ്ത്രീപീഡന പരാതിയിൽ വിചാരണ എങ്ങനെ നീങ്ങുമെന്നു് കണ്ടറിയണം. നിയമവാഴ്ചയുള്ള നാടല്ലേ, സ്ത്രീ വിരുദ്ധരെ കർശനമായി കൈകാര്യം ചെയ്യുന്ന ‘ദുശ്ശളനിർമ്മിത പെൺനീതിനിയമം’ കൗരവർക്കും ബാധകമല്ലേ. അതുകൊണ്ടു് ഞാൻ നീതിപീഠത്തിൽ നീതിമാനായ ഭീഷ്മർക്കു മുമ്പിൽ തല കുനിക്കും. വെട്ടുകയോ ഈ ചങ്ങലക്കെട്ടഴിക്കുകയോ അവർ ചെയ്യട്ടെ!” കുരുവംശദേവതക്കു് ശരണംവിളിച്ചു ഒരു സംഘം കൗരവർ നീതിപതിയുടെ മുമ്പിൽ അണിനിരന്നു. ചാർവാകൻ അവർക്കെതിരെ തയ്യാറാക്കിയ വസ്ത്രാക്ഷേപപരാതിയുടെയും സാക്ഷി മൊഴികളുടെയും പനയോലക്കെട്ടഴിച്ചു വച്ചു.
“ഈ പൂവിനുവേണ്ടി, കാടായ കാടൊക്കെ ഭീമനെ ഓടിച്ചെന്നോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് വിസ്മയപ്പെട്ടു.
“ശരാശരിഭർത്താവിൽ കവിഞ്ഞു ഭാര്യയോടു് പ്രണയംനടിക്കുന്ന പതിവുണ്ടു് ഭീമനു്. ഗാർഹിക സാഹചര്യങ്ങളിൽ സ്ത്രീക്കു എത്രതിരക്കിലും ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കാനാവും. എന്നാലൊട്ടു ഞാൻ പ്രതിഷേധിക്കാറുമില്ല. ഒട്ടുംവിട്ടു കൊടുക്കാറുമില്ല. പായക്കൂട്ടിൽ വിലപേശാനുള്ള സൗകര്യമായി പ്രണയത്തെ ഭർത്താക്കന്മാർ ദുരുപയോഗം ചെയ്യുന്നു എന്നതൊരു ലജ്ജാകരമായ പ്രലോഭനമെന്നൊന്നും കരുതുന്നുമില്ല. ഭീമപ്രണയം ഞാൻ തിരസ്കരിച്ചില്ല എന്നതു് ശരീരഭാഷയുടെ ചമൽക്കാരത്തോടെ മറ്റുനാലു പാണ്ഡവർക്കുമുമ്പിൽ പ്രദർശിപ്പിക്കാറുണ്ടു്. കൊതിപ്പിക്കുന്ന പൂമണം വിവാഹപൂർവ്വ പ്രണയാനുഭവമായിരുന്നു. എന്തിനു പൂ മാത്രം, പൂമരം പിഴുതു കൊണ്ടുവരാമല്ലോ എന്ന കായികബലകേന്ദ്രിതമായ പ്രണയപ്രതികരണത്തിൽ നിന്നൂഹിക്കാം ആ തരളഹൃദയം എത്രസരളം. പ്രിയപൂ തേടി വരാമോ എന്നു ഞാൻ ചോദിക്കുംമുമ്പു് തന്നെ പാദരക്ഷയോ ആയുധമോ ഇല്ലാതെയവൻ മത്സരഭാവത്തിൽ പടിയിറങ്ങുന്നതു് കണ്ടപ്പോൾ, ഇവരെയൊക്കെയാണോ കുന്തി ‘ദേവസന്തതികൾ’ എന്നു് മേനിപറയുക എന്നു ഞാൻ വിസ്മയിച്ച ഓർമ്മയുമുണ്ടു്.”
“ഖാണ്ഡവ വനമെന്നൊരു വാക്കു ഞാനുച്ചരിച്ചപ്പോഴേക്കും, നിങ്ങളുടെ ‘താപനില’ കെട്ടുപൊട്ടിച്ചുയരാൻ എന്തുണ്ടായി?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അരമനക്കുപിന്നിലെ സംരക്ഷിതവനത്തിൽനിന്നും മുറിച്ചെടുക്കുന്ന വന്മരങ്ങളുടെ പാപപരിഹാരമായിട്ടാണു് ഞാൻ, വിദൂരപ്രവിശ്യയായ ഖാണ്ഡവ വനം, തൊട്ടടുത്തെന്നപോലെ, എക്കാലവും പരിപാലിച്ചതു്. അതൊരു സാമ്പ്രദായിക വനസംരക്ഷണം മാത്രമല്ല പ്രകൃതിയോടു് മുട്ടുകുത്തി ചെയ്ത സന്ധി! മൺവെട്ടിയും വെട്ടുകത്തിയുമായി ഖാണ്ഡവ വനത്തിൽ കയറാൻ ശ്രമിക്കുന്നതു് ആരായിരുന്നാലും, കഴുത്തുവെട്ടുമെന്നതൊരു ഹരിതപ്രതിജ്ഞയായി ഉള്ളിലെന്നും എരിഞ്ഞു. യാത്രകഴിഞ്ഞു ഞാനിന്നു ഹസ്തിനപുരിയിൽ എത്തിയപ്പോൾ കേട്ടു, ധൃതരാഷ്ട്രരെ കബളിപ്പിച്ചു കൗന്തേയർ (പാണ്ഡവർ എന്നുഞാൻ അവരെ വിളിക്കാറില്ല) ഖാണ്ഡവ വനം ഇഷ്ടദാനമായി തീറെഴുതി അവർ വാങ്ങി, മരംവെട്ടു് ആയുധങ്ങളുമായി പടിയിറങ്ങിയിരിക്കുന്നു! ഭീമനവിടെ കടപുഴക്കുന്ന ഓരോ വന്മരവും പ്രാണവേദനയിൽ നിലവിളിക്കുമ്പോൾ, കൈത്തരിക്കയാണവന്റെ കഴുത്തിൽ ഈ പിടിമുറുക്കാൻ!”
“‘ഞാൻ ധന്യൻ’ എന്നു കപടഎളിമ പറയുന്നൊരു ‘വിജയശ്രീ യുധിഷ്ഠിര’നെ പ്രതീക്ഷിച്ച നമുക്കു് തെറ്റിയോ? ഖിന്നൻ ഈ ജേതാവു് എന്നായിരിക്കുമോ വായിച്ചെടുക്കേണ്ടതു്?”, യുദ്ധാനന്തര ഹസ്തിനപുരിയിൽ ഭാവിതൊഴിൽസാധ്യത സംശയത്തിലായ യുദ്ധകാര്യലേഖകനോടു് കൊട്ടാരം ലേഖിക ആശങ്ക പങ്കുവച്ചു. പത്തൊമ്പതാം ദിവസം പോർക്കളത്തിൽ നിന്നും യുദ്ധജേതാക്കൾ ഹസ്തിനപുരി കോട്ട പിടിച്ചെടുക്കാൻ ദേശീയപാതയിലൂടെ അലസഗമനം ചെയ്യുന്ന നേരം.
“യുധിഷ്ഠിര‘വിഷാദയോഗം’ വഴിനീളെ അഭിനയിച്ചുപഠിക്കുക അരമനയിൽ ധൃതരാഷ്ട്രദമ്പതികളെ മുഖംകാണിക്കാൻ ചെല്ലുമ്പോൾ തിമിർപ്പിലല്ല പാണ്ഡവർ എന്നയാൾക്കു് ബോധ്യപ്പെടുത്തണം. കൗരവരുടെ വേർപാടിൽ സമാനദുഃഖിതർ എന്നാശ്വസിപ്പിക്കുകയും വേണം. നിങ്ങളെല്ലാവരും എന്നിൽ സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ ഭരണചക്രവും ചെങ്കോലും ഏറ്റെടുക്കാമെന്നൊരു സൂചനയും. ഉന്മാദം തമസ്കരിച്ചു സിംഹാസനത്തിൽ ഇരിക്കുമ്പോൾ മുള്ളുതറച്ചപോലെ തോന്നുന്ന ഭരണാധികാരികളെ കാണേണ്ടിവരും വരുംകാലങ്ങളിലും!”
“ജ്വലിക്കുന്നല്ലോ കരിനീലക്കണ്ണുകൾ! കൊടുംരോഷമുയരാൻ എന്തുണ്ടായി പ്രകോപനം?”. കൊട്ടാരം ലേഖിക പാഞ്ചാലിയുടെ കൈമുത്തി.
“ഇതൊക്കെ നോക്കുമ്പോൾ വസ്ത്രാക്ഷേപം നിസ്സാരമായി ഇപ്പോൾ തോന്നുന്നു! ഭരണഘടനാബാഹ്യമായ അധികാര ദുർവിനിയോഗത്തിൽ ദുര്യോധനയുവത്വം അന്തഃപുരത്തിൽ പണ്ടു് നടപ്പാക്കിയ സ്ത്രീവിരുദ്ധനടപടി, തെളിവെടുപ്പിലൂടെ കണ്ടപ്പോൾ ഞെട്ടിപ്പോയി. സ്ത്രീത്വത്തെ അവഹേളിക്കുന്നതെന്തെല്ലാം പരിഷ്കൃതഹസ്തിനപുരി നിയമസംഹിതയിൽ പട്ടികതിരിച്ചു രേഖയാക്കിയിട്ടുണ്ടോ, ആ കുടിലകൗരവൻ എന്നോ തുടങ്ങിയിരുന്നു. ഇവനാണല്ലോ ‘ദേശരത്ന’ പുരസ്കാരം കൊടുത്തു പാണ്ഡവഭരണകൂടം ആദരിച്ചതെന്നോർക്കുമ്പോൾ സാമൂഹ്യഅനീതിയോർത്തു ഞാൻ വിയർക്കുന്നു. കൗരവർക്കു വിവാഹമാലോചിക്കുന്ന പെൺകുട്ടികൾ കന്യകമാരായിരിക്കണം എന്ന ദുര്യോധന നിബന്ധന കണ്ടപ്പോൾ ചോരതിളച്ചു. വിവാഹിതകൾ ചാരിത്ര്യം സംരക്ഷിക്കണമെന്നു അവൻ നിഷ്കർഷിക്കുന്നു! ഇതൊക്കെ പ്രായോഗികതലത്തിൽ ഉറപ്പുവരുത്തിയിരുന്നതോ, ദുര്യോധന വിധവ. ഇപ്പോൾ പ്രതിപക്ഷനേതാവെന്ന പദവിവഹിക്കുന്ന സ്ത്രീപക്ഷവാദി ആൾകൊള്ളാം. കുറച്ചുകാലമായി അവൾ പാണ്ഡവരുടെപേർ ആരോപണസ്വരത്തിൽ പറഞ്ഞു എന്നെ സഹതാപപൂർവ്വം പൊതുവേദിയിൽ ‘സൗജന്യമധുരമായി’ പരാമർശിക്കുന്നുണ്ടു്. ബഹുഭർതൃത്വം ഞാൻ നേടിയെടുത്ത ദാമ്പത്യസൗഭാഗ്യമല്ല. ഭർത്തൃമാതാവു് സ്വർണ്ണത്തളികയിൽ വച്ചുനീട്ടിയതാണു്. ആദ്യരാത്രി എന്നോടൊപ്പം കിടക്കുംമുമ്പു് പാണ്ഡവർ കന്യകാത്വം തെളിയിക്കണമെന്നു് ഞാൻ ആവശ്യപ്പെട്ടിട്ടില്ലാത്തതുപോലെ, വിവാഹശേഷം ആരോടൊപ്പം അവർ പായപങ്കിടുന്നു എന്നോ, സ്വവർഗ്ഗഭോഗികളായിരുന്നോ എന്നതൊന്നും എനിക്കു് അന്നും പരിഗണനാവിഷയമല്ല. വ്യത്യസ്ത ശാരീരിക, വൈകാരിക ആവശ്യത്തിനുപയോഗിക്കാവുന്ന ‘ജൈവികഉരുപ്പടികൾ’ എന്നതിൽ കവിഞ്ഞൊരു രതിമൂർച്ഛയും പാണ്ഡവരിൽനിന്നും നിന്നു് പ്രതീക്ഷിക്കുന്നില്ല. കാരണം ഞാൻ ദുര്യോധനവിധവയെപോലെ ആരോ പ്രസവിച്ച ഏതോ ഹീന മനുഷ്യജന്മമല്ല, അയോനിജ! യാഗാഗ്നിയിൽ നിന്നുയർന്ന അപൂർവ്വയിനം! പാഞ്ചാലി.”
“മുറിച്ചുനീക്കിയ വിവാദമുടി നിങ്ങൾ ചാർവാകനെ ഏൽപ്പിച്ചിരുന്നെങ്കിൽ, ഏകാംഗപ്രതിപക്ഷമെന്ന നിലയിൽ ഹസ്തിനപുരിയുടെ വിഖ്യാതപ്രഭാഷണ വേദികളിൽ അതുയർത്തിക്കാട്ടി, പീഡകകൗരവരുടെ ആണധികാരപ്രമത്തതക്കുനേരെ സംഘടിത പ്രതിരോധത്തിന്റെ പടച്ചട്ട നിർമ്മിക്കുമായിരുന്നില്ലേ? വെറുതെ അഴിച്ചിട്ടതോടെ, അവസാനിച്ചില്ലേ മുടിക്കർഹതപ്പെട്ട സുവർണ്ണ അവസരം!”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപത്തിന്റെ പിറ്റേന്നു് പാണ്ഡവസംഘം വനവാസത്തിനായി പടിയിറങ്ങുന്ന നേരം.
“സഹനത്തിന്റെയും പെണ്ണഭിമാനത്തിന്റെയും പ്രതീകമായി മുടി പറ്റെ മുറിച്ചുനീക്കാൻ ഞാൻ പ്രിയനകുലനോടു് ആവശ്യപ്പെട്ടതല്ലേ, എന്തുചെയ്യാം, ആളാകെ വികാരവിവശനായി മുട്ടുകുത്തി കൈകൂപ്പി, “അരുതേ! പ്രിയപ്പെട്ടവളെ!” എന്നവൻ കെഞ്ചി. “നിന്റെ വിശ്വപ്രസിദ്ധമായ ബഹുഭർത്തൃത്വത്തിന്റെ അഞ്ചംഗ ഗുണഭോക്താക്കൾ ഞങ്ങൾ. നിന്നോടൊപ്പം നിർവൃതിയിൽ കിടക്കുമ്പോൾ, നാണംമറക്കാനും, സാന്ത്വനം തേടാനും, മുഖാവരണമാക്കിയ ഐതിഹാസികമുടി നീ മുറിച്ചുമാറ്റരുതേ. നിവർത്തിയിടൂ, കുരുവംശമാകെ അലയടിക്കട്ടെ മുറിവേറ്റ പെണ്ണഭിമാനത്തിന്റെ പോരാട്ടകാഹളം.”, എന്നോടൊപ്പം പത്തുവർഷമായി പായക്കൂട്ടു കിടക്കുന്ന പാണ്ഡവർ അങ്ങനെ ആവശ്യപ്പെട്ടാൽ എങ്ങനെ ഞാൻ അരുതെന്നു പറയും. അഴിച്ചിട്ട മുടികെട്ടാൻ ചുടുകൗരവചോര തേക്കണം എന്നൊരു നിബന്ധന കൂട്ടിച്ചേർത്തുകൂടെ എന്ന ഭീമയാചനക്കും ഞാൻ ചെവികൊടുത്തു. പ്രതിജ്ഞ എടുക്കുന്ന കാര്യത്തിലവൻ, നമ്മുടെ ഭീഷ്മപിതാമഹനെ തോൽപ്പിക്കും!”
“നിങ്ങൾക്കിനിയും മുപ്പത്തിയാറുകഴിഞ്ഞില്ലെന്നു അരമനരേഖ പറയുന്നു. പിന്നെ എന്താ, ചെങ്കോൽപിടിക്കാൻ ധൃതി? യുധിഷ്ഠിരനൊക്കെ കഷ്ടപ്പെട്ടും ത്യാഗംചെയ്തുമാണു് ഹസ്തിനപുരി സിംഹാസനം നേടിയതു്!!”, കിരീടാവകാശിയും ധീരഅഭിമന്യുവിന്റെ ദുർബലപുത്രനുമായ പരീക്ഷിത്തിനെ കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി.
“കിരീടാവകാശി എന്നൊരു നാമമാത്ര പദവിക്കപ്പുറം ഔദ്യോഗികചുമതല തരാതെയും, സൈനികശാസ്ത്രത്തിൽ തക്ഷശിലയിൽ ഉന്നതപരിശീലനംസൗകര്യപ്പെടുത്താതെയും, യുധിഷ്ഠിരനും കൂട്ടരും എന്നെ അധികാരവഴിയിൽ പാർശ്വവൽക്കരിച്ചു! സ്വാഭാവികമല്ലേ അപ്പോൾ ഞാൻ അയാളെ സ്ഥാനഭൃഷ്ടനാക്കാൻ ‘പല്ലും നഖവും’ ഉപയോഗിക്കും, വേണ്ടിവന്നാൽ ‘അധികാരമോഹിപാഞ്ചാലി’യുമായി ഐക്യംപ്രഖ്യാപിച്ചു അവൾവഴിയും ‘കൊട്ടാരവിപ്ലവ’ത്തിനു ശ്രമിക്കും, എന്നിട്ടും ആ ‘പടുവൃദ്ധൻ’ അരമനയിൽനിന്നും പടിയിറങ്ങില്ലെങ്കിൽ, ഭീഷ്മർമാതൃക ‘ശരശയ്യ!’”. കടിക്കാനൊരു ഇര രാജാവിനെ തേടി ഐതിഹാസികനിയോഗത്തിൽ വിഷപ്പാമ്പുകൾ ഹസ്തിനപുരിയിൽ അക്ഷമരാവുന്ന കാലം.
“വയോജനങ്ങൾക്കു ഇനി ആശ്രയം വനവാസം?” ആളും തിരക്കുമൊഴിഞ്ഞ ധൃതരാഷ്ട്രവസതിയിൽ സഞ്ജയനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ദുര്യോധനന്റെ കടുംകൈ! അധികാരത്തിൽ കയറിയ അന്നു് ഒരു പെട്ടിനിറയെ താക്കോൽക്കൂട്ടങ്ങൾ ധൃതരാഷ്ട്ര സിംഹാസനനത്തിലെ ഉള്ളറയിൽ നിന്നു് ഭീമൻ വലിച്ചെടുത്തപ്പോൾ, കണ്ടുനിന്നവർക്കു ബോധ്യമായി, പാണ്ഡവർ എന്തെങ്കിലും ‘ഒപ്പിക്കും’. ചെറു സംഘത്തോടൊപ്പം എല്ലാവിധ കൗരവ രഹസ്യഇടങ്ങളും തുറന്നു പാണ്ഡവർ കണ്ടെത്തി, പട്ടിക വച്ചു ഉള്ളടക്കം, എന്റെ സാനിധ്യത്തിൽ, ഔദ്യോഗിക പനയോലയിൽ രേഖയാക്കി. അവസാനം എടുത്ത ഒരു താക്കോൽ—അതാണു് ധൃതരാഷ്ട്രരെ വാർധക്യത്തിൽ ‘രത്നമോഷണപ്രതി’യാക്കിയതു്. സുരക്ഷിതമെന്നു് ദശാബ്ദങ്ങളായി കരുതിയ ഭൂഗർഭരഹസ്യമുറിയിൽ ആയിരുന്നു, ആരാധ്യദേവതയുടെ നവരത്നആഭരണങ്ങൾ, സത്യവതിയുടെ കാലംമുതൽ സൂക്ഷിച്ചിരുന്നതു്. തുറന്നു, മുറിയിൽ പന്തം കത്തിച്ചു വെളിച്ചം വീശിയപ്പോൾ, ‘മുറി ശൂന്യം എല്ലാം അവർ നാടുകടത്തി’ എന്നു് ഭീമനും കൂട്ടരും ഞെട്ടലഭിനയിച്ചു. അതോടെ യുധിഷ്ഠിരകാര്യാലയം കുറ്റാരോപണം തയ്യാറാക്കി അന്ധധൃതരാഷ്ട്രരെ രാജസഭയിൽ പരസ്യവിചാരണക്കൊരുങ്ങി. ആരുണ്ടു് അനുകൂലിക്കാൻ?, ‘ആരോപണം രാഷ്ട്രീയപ്രേരിതം’ എന്നു് ധീരതയോടെ പ്രഖ്യാപിക്കുവാൻ? ഇത്രയൊക്കെ ആവിഷ്കാര സ്വാതന്ത്ര്യം പറയുന്ന നിങ്ങളുടെ ‘ഹസ്തിനപുരി പത്രിക’ വായടച്ചില്ലേ? കുറ്റവാളി എന്ന പേരുദോഷംഭയന്നു സ്വയം ‘കാട്ടിൽ പോവാം’ എന്നു് ധൃതരാഷ്ട്രർ സമ്മതിച്ചപ്പോൾ ഭീമൻ പറഞ്ഞതു് ‘അങ്ങനെ വഴിക്കു വരൂ’ എന്നായിരുന്നു. ചെറുതല്ലാത്തൊരു ‘ഭീമനാടക’മായിരുന്നു രത്നാഭരണങ്ങൾ കാണാതായതിന്റെ പിന്നിലെന്നു് ദുര്യോധനവിധവ കൊട്ടാരത്തിനു മുമ്പിൽ വന്നു നെഞ്ചത്തു് ആഞ്ഞടിച്ചിട്ടും ആരും പേടികാരണം അനങ്ങിയില്ല എന്നതും ഒരു വസ്തുത. ദുര്യോധനവിധവയെ ചിത്തരോഗ ത്തിനു ‘അശ്വനികൾ’ ചികിത്സ നിശ്ചയിച്ചതോടെ, ഒരിക്കൽ ഒച്ച വച്ചവരൊക്കെ മൗനമായി. ഒളിച്ചുകടത്തിയ രത്നാഭരണങ്ങൾ പിടിച്ചെടുക്കാൻ, ദുര്യോധനവിധവയുടെ നാടായ കലിംഗയിലേക്കു മിന്നലാക്രമണത്തിനു അർജുനൻ നാളെ നീങ്ങിയാൽ ഞാൻ അത്ഭുതപ്പെടാനില്ല. കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രർക്കു് കാട്ടിൽ ചെന്നാൽ, ഭാഗ്യം, ഗാർഹികസമാധാനം കൊടുക്കാൻ പ്രിയ ഗാന്ധാരിയുമുണ്ടു്. വ്യക്തിഗതസേവനദാതാക്കളായി വിദുരരും കുന്തിയും ഒപ്പം അതാണു് പറഞ്ഞതു് വയസ്സായാൽ കൂട്ടു് വയസ്സന്മാർ മാത്രം!”
“തള്ളവിരൽമുറിച്ചു ഗുരുദക്ഷിണ കൊടുത്തുവോ? ഗുരു ബലംപ്രയോഗിച്ചു കടിച്ചുമുറിച്ചെടുത്തുവോ? ധനമോഹിഗുരുദ്രോണരിൽ നിന്നു് സൈനികവിദ്യാഭ്യാസം സൗജന്യമെന്നു നിങ്ങൾ ധരിച്ചുവോ? അതോ, ഒളിഞ്ഞിരുന്നു ചുളുവിൽ പഠിച്ചാൽ കണ്ടുപിടിക്കില്ലെന്നു് കരുതിയോ? തുറന്നുപറഞ്ഞതിനു് ഈ വെള്ളിനാണയം പ്രതിഫലമായി ഇരിക്കട്ടെ, ‘ശിഷ്യന്റെ തള്ളവിരൽ വെട്ടിയെടുത്തു പച്ചക്കുചവച്ചുതിന്നു വിശപ്പടക്കുന്ന ബ്രാഹ്മണപരിശീലകർ കുരുവംശത്തിൽ’ എന്ന ലേഖനത്തിനു് വഴിയുണ്ടോ എന്നു് പത്രാധിപരുമായി ആലോചിച്ചുനോക്കാം, വിചിത്രമായാലേ വ്യാസൻ ഭാരതഇതിഹാസത്തിൽ കഥ തുന്നിച്ചേർക്കാൻ തുനിയൂ” വിരലില്ലാത്ത യുവാവിനോടു് വിലപേശുന്നപോലെ, യുദ്ധകാര്യലേഖകൻ നിർദ്ദയം സംസാരിക്കുന്നതു് കൊട്ടാരംലേഖിക ആകുലതയോടെ നോക്കി.
“പുനർവിവാഹസാധ്യത വിട്ടുകളയരുതെന്നു ഭാര്യയോടുപദേശിക്കാൻ, നിങ്ങൾക്കെന്തുകാര്യം, താല്പര്യമുണ്ടെങ്കിൽ അവരതു ചെയ്യും എന്നല്ലേ സ്ത്രീപക്ഷവാദികൾ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. കുരുക്ഷേത്രയിൽ യുദ്ധമേഘങ്ങൾ നിറയുന്ന കാലം.
“പരേതഭർത്താവിന്റെ പകരക്കാരനായി ഒരാളെ കിടപ്പറയിൽ പ്രതിഷ്ഠിക്കാനാവില്ല എന്നവൾ ശാഠ്യനിലപാടെടുത്തെങ്കിൽ പുനഃപരിശോധിക്കണം എന്നല്ലേ പറഞ്ഞുള്ളു? കിടപ്പറയിൽ ആരോഗ്യമുള്ളആണിന്റെ സാന്നിധ്യം പിന്നീടവൾ മോഹിച്ചാൽ, അതാണു് സ്വാഭാവികം എന്നല്ലേ ഞാൻ നിലപാടെടുത്തതു്? സാമ്പത്തികതടസ്സമില്ലെങ്കിൽ ഒന്നോഅതിലധികമോ കൂട്ടുകാരുമായൊരു ബഹുഭർത്തൃത്വം അത്രമോശമല്ലെന്നു ദ്രൗപദി തെളിയിച്ചില്ലേ. ‘രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ ബലിദാനം ചെയ്തു, അവൻ അവന്റെ പാട്ടിനു പോയി, അതോടെ എനിക്കു് പുനർവിവാഹസാധ്യതയുള്ളൊരു ശോഭനഭാവി ഇനിയെങ്കിലും സാധ്യമാവട്ടെ’ എന്നവൾ പ്രഖ്യാപിച്ചാൽ, ആശ്വസിക്കാം,. വൈധവ്യത്തിലും, അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനു് പുനർവിവാഹംവേണോ എന്നല്ല, എത്ര ആണുങ്ങൾ ആവാം എന്നുമാത്രമേ കണക്കുകൂട്ടേണ്ടതുള്ളൂ. ബാക്കി കാര്യങ്ങൾ യുദ്ധം കഴിയട്ടെ വിശദമാക്കാം”, സൈനിക പാളയനിർമ്മിതിയുടെ പരിശോധനക്കായി കൗരവ സംഘങ്ങൾക്കൊപ്പം യുദ്ധഭൂമിയിലേക്കു രഥയാത്രക്കൊരുങ്ങുകയായിരുന്നു, ഏകപത്നീവ്രതകാരനായ ഇതിഹാസകൗരവൻ.
“എപ്പോഴാണു് യുദ്ധം, ഒരാവേശമായി മനസ്സിലിട്ടു പരിലാലിച്ചതു്?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“കൗരവർ സാമ്രാജ്യമോഹികളല്ലെന്നു ചരിത്രവിദ്യാർത്ഥിയായ നിങ്ങൾക്കറിയാം. അതിലോല ആവാസവ്യവസ്ഥ ഖാണ്ഡവപ്രസ്ഥം ഞങ്ങൾ പൊതുചെലവിനുള്ള പണമിറക്കിയായിരുന്നില്ലേ നിലനിർത്തിയതു്! ഞാൻ സ്ഥലത്തില്ലാത്ത തക്കംനോക്കി അന്ധരാജാവിനെക്കൊണ്ടു് ഇഷ്ടദാനമായി വാങ്ങി കുടിയേറ്റത്തിനെന്നും പറഞ്ഞു പാണ്ഡവർ കാടു് തീയിട്ടു. ഞാൻ ക്ഷമിച്ചു. എന്നാൽ അഹിംസാവാദിയായിരുന്ന എന്നിൽ, യുദ്ധബീജങ്ങൾ പെരുകിയതു മൂന്നുനേരം ഭക്ഷണംകഴിക്കാൻ വന്നിരുന്ന കൗരവസൈന്യാധിപന്മാരെ കാണുമ്പോൾ ആയിരുന്നു. ദേഹംമിനുക്കി, വസ്തുസമ്പാദിച്ചു, യുദ്ധക്കോപ്പുവാങ്ങി സ്വാർത്ഥമോഹങ്ങൾപൂവണിയിപ്പിച്ചു. തിന്നുതിടംവെക്കാൻ ഗംഗയൊഴുകുന്ന കൃഷിഭൂമിയിലെ ധാന്യംപോരാ എന്ന നിലവന്നു. ഓരോരുത്തർക്കും എട്ടും പത്തും ധൂർത്തുമക്കൾ അവരുടെ വളർത്തുചെലവു്, മാസ വേതനത്തിന്റെ നിരക്കു് കണ്ടാൽ കണ്ണുതള്ളും എന്ന നിലയിൽ എത്തിയപ്പോൾ ഞാൻഎന്നെ വിസ്തരിച്ചു, കൗരവപാണ്ഡവ സ്വത്തുതർക്കം ബലാബലത്തിലൂടെ കണ്ടെത്തട്ടെ അതിന്റെ സ്വാഭാവികപരിഹാരം. ‘നാഥൻ ഉള്ള പ്രപഞ്ചം’ എന്ന വിശ്വാസിയാണല്ലോ, ഞങ്ങൾ കുടുംബദേവത ജ്വാലാമുഖിയെ ശരണം വിളിച്ചു. വെളിപാടുണ്ടായി. പാണ്ഡവരുമായുള്ള സ്വത്തു വിഭജനം തർക്കവസ്തുവാക്കി മുന്നേറുക, ജനസംഖ്യ കുറക്കാൻ വഴിയൊരുങ്ങട്ടെ നിർണ്ണായകയുദ്ധത്തിലേക്കു്. അതാണിപ്പോൾ നിങ്ങൾ കാണുന്ന സൈനികവ്യൂഹ കുരുക്ഷേത്ര പാരാവാരം, അതിൽ ഞാനൊരു ‘നിമിത്തം’ മാത്രം!”
“ഭർത്താവിലൊരാൾ ‘കാലം’ചെന്നാൽ, നാലുപേരെ ഓർത്തു നിങ്ങൾ ജീവിതംതുടരുമോ?, അതോ, പരേതന്റെ ചിതയിൽ ‘സതി’യനുഷ്ഠിക്കുമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മരിച്ചുപോയോ എന്നതൊന്നും വർത്തമാനകാല ജീവിതത്തിലെ പരിഗണനാവിഷയമോ, ആശങ്കയോ അല്ല. ജീവിതത്തിൽ കൂട്ടായി എന്നതൊഴിച്ചാൽ, കരാറോ കരാർലംഘനമോ സതിയുമായി ബന്ധപ്പെടുത്താനില്ല. ഭീമനെ നോക്കൂ, കുന്തിയുടെ നീക്കത്തിൽ, മാദ്രിയെ പാണ്ഡുചിതയിലെറിയേണ്ടി വന്ന ‘ദുഃഖഭാരം’ പാതിരാനിലവിളികളിൽ ഒന്നിലധികം തവണ ഞാൻ കേട്ടതാണു്.”
“നിങ്ങൾ വാക്കുതെറ്റിച്ചല്ലോ. വഴിനീളെ അമർഷം പുകയുന്നു. ‘അരുതേ കുരുക്ഷേത്ര’ എന്ന നിലവിളി കേട്ട കൗരവർ എല്ലാ ആയുധപ്പുരകളും അത്യാധുനിക സൈനിക പരീക്ഷണശാലകളും കൂരമ്പുകളുടെയും കുന്തങ്ങളുടെയും സമ്പുഷ്ടീകരണശാലകളും ശാന്തിപ്രിയസന്യസ്തരുടെ സാനിധ്യത്തിൽ നശിപ്പിച്ചപ്പോൾ, അതാ നൊണ്ടിവരുന്നു, പാണ്ഡവപാളയത്തിൽ നിന്നൊരു യുധിഷ്ഠിരമുദ്രയുള്ള അറിയിപ്പു്—കൗരവരുമായി നിശ്ചയിച്ച സമാധാനചർച്ച പാണ്ഡവർ ബഹിഷ്കരിക്കും. അതിനുള്ള കാരണമാണു് വിചിത്രം: ദുര്യോധനന്റെ ശത്രുതാ നിലപാടും വിദ്വേഷമനോഭാവവും—ഇക്കാലത്തു അതൊക്കെ കുടുംബരോഗമല്ലേ എന്നാണു പൗരസമൂഹം പുച്ഛിച്ചുതള്ളുന്നതു്” കൊട്ടാരം ലേഖിക പാണ്ഡവവക്താവിനോടു് ചോദിച്ചു. അജ്ഞാതവാസം കഴിഞ്ഞു വിരാടസഖ്യത്തിൽ എത്തിയ പാണ്ഡവർ, യുദ്ധമുന്നണിയൊരുക്കാൻ ഉപപ്ലവ്യ സൈനിക പാളയത്തിലായിരുന്നു.
“ആയുധപ്പുര യഥാർത്ഥത്തിൽ നശിപ്പിച്ചുവോ എന്നു് പറയേണ്ടതു് കൗരവാനുകൂല്യം പ്രതീക്ഷിക്കുന്ന സന്യസ്ഥരോ? പാണ്ഡവസൈനികമേധാവികളോ? നശിപ്പിച്ചു എന്നുതന്നെ തർക്കത്തിൽ സമ്മതിക്കുക—ആർക്കു തടയാനാവും ഇനിയുമൊരു കള്ളച്ചൂതുകളിയുടെ തനിയാവർത്തനം?”
“ഞങ്ങൾ പ്രലോഭനത്തിനു വഴങ്ങിക്കൊടുക്കുന്നവർ. വയ്യ ഇനിയും ഒരു വ്യാഴവട്ടക്കാല വനവാസം ഈ ജന്മത്തിൽ” പാണ്ഡവർ ഒറ്റശബ്ദത്തിൽ വികാരാധീനരായി.
“പാണ്ഡവ അധിനിവേശത്തിന്നെതിരെ കുരുക്ഷേത്ര വിധവകളുടെ സമരമുഖത്തെ സജീവമാക്കിയ മുന്നണിപ്പോരാളി ദുര്യോധനവിധവ ഇപ്പോൾ രോഗിയാണെന്നു് കാണുമ്പോൾ വല്ലായ്മ തോന്നുന്നു. വിശന്നുകരയുന്ന കൊച്ചു കുട്ടികൾക്കു് ഒരുനേരത്തെ അന്നംതയ്യാറാക്കാൻ പോലുമാവാതെ വിങ്ങുമ്പോഴും, കണ്ണുകളിൽ മിന്നലാട്ടമുണ്ടല്ലോ അതെന്താണു്?”, കൊട്ടാരം ലേഖിക തൊട്ടരികെ സാന്ത്വനസ്പർശം ചെയ്തു.
“കൗരവരാജസ്ത്രീകളെ പതിനെട്ടുനാൾകൊണ്ടു് അനാഥവിധവകളാക്കിയ ആ ‘കൊടുംഭീകര’നെ പിന്നിൽ കയർകുരുക്കിട്ടു് മുറുക്കി, തലമുണ്ഡനം ചെയ്തു പുള്ളികുത്തി, കഴുതപ്പുറത്തു നഗരികാണിക്കലിനു് കൊണ്ടുപോവാൻ പുതുതലമുറ കൗരവക്കുട്ടികൾക്കു സ്വപ്നങ്ങൾ നേരുകയായിരുന്നു ഞാൻ. പ്രിയ മിത്രമേ, എത്രയെത്ര അനുകൂല അഭിമുഖങ്ങൾ അന്തഃപുരത്തിൽ ചെയ്തു ഞങ്ങളെ ഹസ്തിനപുരിക്കു് നിങ്ങൾ പരിചയപ്പെടുത്തിയതാണു്. ഇരിക്കൂ എന്നു് ഇപ്പോൾ ക്ഷണിക്കാൻ ഈ പുനരധിവാസകേന്ദ്രത്തിൽ ഒരു ഇരിപ്പിടംപോലും ഇല്ലല്ലോ.”
“പല രഹസ്യങ്ങളും വെളിപ്പെടുമെന്ന പ്രതീക്ഷയിൽ ദ്രൗപദീസ്വയംവരം കാണാൻ യാത്ര നിശ്ചയിച്ച എന്നെ, വാരണാവതം കാട്ടുമുക്കിലേക്കയക്കുന്നതിന്റെ കാര്യമെന്താണു്?”, കൊട്ടാരം ലേഖിക പത്രാധിപരോടു് കയർത്തു. “മാസങ്ങൾ കഴിഞ്ഞില്ലേ കുന്തിയും മക്കളും കൊല്ലപ്പെട്ടിട്ടു്? ‘അർധസഹോദര’രുടെ ആത്മശാന്തിക്കായി കൗരവർ ബലി ചെയ്തല്ലോ. കുത്തിപ്പൊക്കണോ പാണ്ഡവരുടെ കുഴിമാടം?”
“പാഞ്ചാലീസ്വയംവരത്തെക്കാൾ വാർത്താപ്രാധാന്യമില്ലേ? അരക്കില്ലം കൗരവഗൂഢാലോചനയെന്നു കുന്തി ആദ്യം ആരോപിച്ചപ്പോൾ, പാണ്ഡവ ആസൂത്രിതമെന്നു് ദുര്യോധനൻ തെളിവു് നിരത്തി, അരക്കില്ലമെന്നതൊരു കുന്തിയുടെ കെട്ടുകഥ, മഹാറാണിക്കായി പണ്ടു് ശന്തനു നിർമ്മിച്ച അസാധ്യ വാസ്തുവായിരുന്നല്ലോ ആ മനോഹര വേനൽക്കാല കൊട്ടാരം അരക്കില്ലമെന്ന നികൃഷ്ടവിശേഷണത്തോടെ മനഃപൂർവ്വം കത്തിച്ചതു്. അതിലും ഗുരുതര ആരോപണം ദുര്യോധനൻ തെളിവുനിരത്തി അവതരിപ്പിച്ചു, തീപ്പെട്ടതു പാണ്ഡവർ എന്ന വ്യാജതെളിവുണ്ടാക്കാൻ, ആറംഗആദിവാസികുടുംബത്തെ കുന്തി നിർദ്ദയം ഇരയാക്കി! സത്യം വെളിപ്പെടുത്തുന്ന ‘ഉടൽതെളിവു’ പരിശോധനയിൽ കാണാമായിരുന്നു. ആദിവാസികുടുംബം കുന്തിയെ സന്ദർശിച്ചതിനു സത്യസാക്ഷികളുണ്ടു്. ആവശ്യപ്പെടാതെ ആഗതർക്കു അത്താഴം കൊടുക്കുമ്പോൾ കുന്തി, വിഷമദ്യം വിളമ്പിയതായി കാണുന്നു. നമ്മുടെ അനുമാനം: ഒളിവിൽ പോവുംമുമ്പു് കുന്തിയും മക്കളും ഹസ്തിനപുരിക്കെതിരെ ഗൂഢാലോചനപങ്കാളികൾ! ആദിവാസിസംരക്ഷകർ ആവേണ്ട പാണ്ഡവർ, അവരുടെ അന്തകന്മാരായതിന്റെ അന്തർനാടകം ചുരുളഴിക്കാൻ ദുര്യോധനന്റെ ആരോപണം പോരല്ലോ. നിങ്ങൾപോയി ‘സത്യം’ കണ്ടെത്തണം കൗന്തേയർ എന്തിനു ഹസ്തിനപുരി എന്ന പരമാധികാരരാഷ്ട്രത്തിന്നെതിരെ സംഘടിത കലാപത്തിനു പാതിരാതിരികൊളുത്തുന്നു!”
“ഇത്തവണ ദേശാന്തരയാത്രകളിൽ അച്ഛനെ നീ കണ്ടുവോ, മകനേ?”, സുഭദ്ര, അഭിമന്യുവിനോടു് ചോദിച്ചു. ദ്വാരകയിൽ മടങ്ങിയെത്തിയ മകൻ, അമ്മയുമൊത്തു നടക്കുന്ന പ്രഭാതം.
“വിരാടതലസ്ഥാനത്തിൽ കണ്ടു അമ്മാ. പാഞ്ചാലിയുൾപ്പെടെ ആറുപേരും കരുതലോടെ നിർമ്മിത സ്വത്വംകെട്ടി, കഴിയുന്ന അജ്ഞാത വാസക്കാലം. ബ്രഹന്നയെന്ന സ്ത്രീവേഷം ധരിച്ച അച്ഛൻ, നൃത്തം പഠിപ്പിക്കുന്ന വിരാടരാജകുമാരി ഉത്തരയെ ‘നിന്റെ ഭാവിവധു’ എന്നു് പരിചയപ്പെടുത്തി. ‘സ്വത്വമുഖംമൂടി’ ധരിച്ച മറ്റു പാണ്ഡവരെയും രഹസ്യമായി കണ്ടു ഉപചാരം ചൊല്ലി ഞാൻ പിരിയുമ്പോൾ, അച്ഛൻ ശിരോവസ്ത്രംധരിച്ചു നഗരാതിർത്തിവരെവന്നു. “കുരുക്ഷേത്രയിൽ, കൗരവർക്കെതിരെ പാണ്ഡവ സൈന്യത്തെ ജയിപ്പിക്കാൻ നീ, സ്തോഭജനകമായ ‘ഒരപൂർവ്വ യുദ്ധസാഹചര്യ’മുണ്ടാക്കുമോ” എന്നു് അച്ഛൻ അർത്ഥഗർഭമായി രഹസ്യഭാവത്തിൽ ചോദിച്ചു. “നിനക്കെന്തെങ്കിലും, ദൈവഹിതത്താൽ, സംഭവിച്ചാൽ, വധുഉത്തരയിൽ പിറക്കുന്ന മകനെ ഞങ്ങൾ ഹസ്തിനപുരിയുടെ ഭാവിരാജാവാക്കാം, കൈപിടിച്ചു് ചേർത്തുനിർത്തി അച്ഛൻ അനുമതി ചോദിച്ചു. പ്രത്യാശാഭരിതമായി കാണാറുള്ള ആ സുന്ദരമുഖത്തപ്പോൾകണ്ട ദൈന്യത അറിഞ്ഞ ഞാൻ കൂടുതൽ ചിന്തിക്കാതെ, ‘അങ്ങനെ ആവട്ടെ അച്ഛാ’ എന്നു് വാക്കുകൊടുത്തുപോയി, അമ്മാ”. “ആ പാണ്ഡവചതിയിൽ നീ വീഴരുതായിരുന്നു മകനേ!” ഭീതി നിറഞ്ഞ മുഖത്തോടെ അവൾ അഭിമന്യുവിന്റെ ദുരന്തപൂർണമായ ഭാവിയെക്കുറിച്ചു ആകാശത്തേക്കുനോക്കി.”
“ഭാരിച്ച ചെലവുള്ള പോരാട്ടത്തിൽ, പാണ്ഡവതലയൊന്നും ഇതുവരെ വെട്ടാത്തതിൽ ഭീഷ്മപിതാമഹനോടു് നിങ്ങൾ കയർത്തു സംസാരിക്കുന്നതൊക്കെ ശരി, എന്നാൽ പോരാട്ടമികവു് കാണിക്കാത്ത ഇളമുറകൗരവരെ അതുപോലെ നിങ്ങൾ ശാസിച്ച അനുഭവമുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഉപസൈനിക മേധാവികളുമായി ചർച്ചതുടരുകയായിരുന്നു ധീരകൗരവൻ.
“എന്താ സംശയം? നിത്യവും പോരാട്ടപ്രകടനം വിലയിരുത്തിയേ ഞാൻ ഒരു പോളകണ്ണടക്കൂ. ഒരു ‘ഇളമുറ സഹോദരൻ’ സങ്കടം പറഞ്ഞു, കളിക്കൂട്ടുകാരായിരുന്ന പാണ്ഡവരുടെ ഇടനെഞ്ചിൽ ഞാനെങ്ങനെ വാൾവീശും! ‘യുദ്ധക്ഷമ’മല്ലാത്ത അത്തരം മൃദുലവികാരങ്ങൾ തുടച്ചുനീക്കാൻ, കൗരവമനോഭാവത്തിൽ തിരുത്തലിനായി ശിക്ഷ അറവുശാലയിൽ. കറവ വറ്റിയ വളർത്തുമൃഗങ്ങളെ തലക്കടിച്ചുകൊന്നു, തൊലിപൊളിച്ചു ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ഊട്ടുപുരയിലെത്തിക്കുന്ന പണിയിൽ പ്രശംസ നേടിയാൽ മാത്രമേ, ഇനി അവനു സായുധനിയമനം കൊടുക്കൂ. മാതൃകാപരമായി ശിക്ഷയെന്നു തെളിഞ്ഞല്ലോ. ആയുധം മൂർച്ചകൂട്ടിയാണിപ്പോൾ പോരാട്ടത്തിനു് ഓരോ കൗരവനും രാവിലെ പാളയംവിട്ടു പോവുന്നതു!”
“അഞ്ചുപാണ്ഡവർ ഇടക്കൊന്നു മുന്നോട്ടു് വണ്ടിതള്ളിയാൽ നീങ്ങാവുന്ന ഭരണകാര്യങ്ങളേ യുദ്ധാനന്തര ഹസ്തിനപുരിയിൽ ഉള്ളൂ. മന്ത്രിപദവി ഉപേക്ഷിച്ചു ഞങ്ങൾ പറയുന്നപോലെ ഉപദേശിപദവിയിൽ ഒതുങ്ങി ഒരിടത്തുകൂടിയാൽ നിലവിൽ കിട്ടുന്ന രാജകീയസൌകര്യങ്ങൾ നിങ്ങൾക്കു് തുടർന്നുംകിട്ടും. അല്ലെങ്കിൽ ഉടൻ വനവാസത്തിനുപോവുന്നവരുടെ പട്ടികയിൽ ഒന്നാമൻ നിങ്ങളാവും “അങ്ങനെയായിരുന്നു ചാരവകുപ്പുമേധാവി നകുലൻ അഭിവന്ദ്യവിദുരരെ പ്രലോഭിപ്പിച്ചതു്. സുരക്ഷയും വസതിയും സൗജന്യഭക്ഷണവും എല്ലാം ഈ വറുതിയിൽ വേണമെങ്കിൽ! കാരണവർ അതിൽ വീണു എന്നു് വേണം ഇപ്പോൾ കരുതാൻ” യുദ്ധകാര്യ ലേഖകൻ കൊട്ടാരത്തിൽ നിന്നു് ശുദ്ധവായുകിട്ടാൻ ഗംഗാതീരത്തേക്കു് കൂട്ടുകാരിയുമായി നടക്കുകയായിരുന്നു.”
“ബഹുമതി ‘പുരസ്കാര’മായി സമ്മാനിച്ചതാണോ, അതോ ദൈവദത്തമോ?”, കൊട്ടാര ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വിരാടരാജാവിനു ചൂതാട്ടത്തിൽ ഉന്നതപരിച്ചീലനം കൊടുക്കുന്ന കുങ്കൻ എന്ന നിർമ്മിതിസ്വത്വത്തിൽ അജ്ഞാതവാസം ചെലവഴിക്കുകയായിരുന്നു യുധിഷ്ഠിരൻ.
“അരമനഉദ്യോഗസ്ഥന്മാരുടെ മുൻപിൽവച്ചു വിരാടരാജാവു് എന്റെ സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുന്നു. ബഹുമതി നൽകുന്നതിനു കാരണങ്ങൾ വിശദീകരിക്കുന്നു. “ഇവൻ എനിക്കു് ആശ്രിതനെങ്കിലും, ‘ധർമ്മപുത്രർ’ അപൂർവ്വസ്ഥാനപ്പേരു ചേർത്തു ഞാൻ ഇതാ വിളിക്കുന്നു”. ബഹുമാനിതവ്യക്തി, കൊട്ടാരഗോപുരത്തിലേക്കു് ആനയിക്കപ്പെടുകയാണു്. പന്തലിൽ വീരാളിപ്പട്ടും കോടിമുണ്ടും മഹാറാണി സുദേഷ്ണ ‘ധർമ്മപുത്രർ’ക്കു് നൽകുന്നു. അവഅണിഞ്ഞു, പട്ടിന്റെ ഒരറ്റം തലയിൽ ചുറ്റിക്കെട്ടുന്നു. മറ്റേ അറ്റം പിന്നോട്ടു് നീട്ടിയിടുന്നു. നെറ്റിപ്പട്ടംധരിച്ച ആനപ്പുറത്തുകയറ്റി നഗരികാണിക്കലിൽ എഴുന്നെള്ളിക്കുന്നു. അപൂർവ്വബഹുമതി നേരത്തെ കിട്ടിയ പ്രഭു വേഷഭൂഷാദികളോടെ ആനപ്പുറത്തു് ഒപ്പമിരിക്കുന്നു. ഞങ്ങൾക്കു് പ്രിയപ്പെട്ടവൻ എന്ന ആഘോഷഗാനത്തോടെ ഘോഷയാത്ര നഗരവീഥികളിലൂട ആശീർവാദത്തിനായി പോകുന്നു. തിരിച്ചു് ഗോപുരത്തിലെത്തുമ്പോൽ തദ്ദേശീയപ്രഭു ആനപ്പുറത്തു നിന്നിറങ്ങും. സേനാനായകനായ കീചകനൊപ്പം വിനീതാവാനായി ഇരിക്കുമ്പോൾ കീചകൻ കുത്തിക്കുറിച്ച പനയോല എനിക്കു നേരെ നീട്ടി: “നിങ്ങൾ ആരെന്നു മനസ്സിലായി, വിവരം ദുര്യോധനനെ ഞാൻ അറിയിച്ചാൽ നിങ്ങൾ ആറുപേരും പന്ത്രണ്ടു വർഷ വനവാസത്തിൽ പോവേണ്ടിവരും ഒത്തുതീർക്കാൻ തയ്യാർ പാഞ്ചാലിയെ എനിക്കു് വിട്ടുതരണം” അജ്ഞാതവാസം രഹസ്യമാക്കിവെക്കാൻ സൈനികമേധാവി കീചകനെ അർദ്ധരാത്രിവധിക്കാൻ ഭീമനെ ഞാൻ ചട്ടംകെട്ടി.”
“അപ്പോൾ, ദുര്യോധനവിധവയുടെ പക്ഷംചേർന്നോ? നൂറുകൗരവവധങ്ങളും നേരിൽകണ്ട കുരുക്ഷേത്രകഥ, ആദ്യം വായനക്കാരിലേക്കെത്തിക്കുമെന്നു വാശിപിടിച്ച നിങ്ങൾ ഇനിപാണ്ഡവഭരണകൂടത്തിന്റെ ശത്രുവിനു പിന്തുണനൽകും?”, സഹപ്രവർത്തകനും കൂട്ടുകാരനുമായ യുദ്ധകാര്യലേഖകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“നീ രാജതന്ത്രം പഠിച്ചപ്പോൾ ഞാൻ യുദ്ധതന്ത്രം തിരഞ്ഞെടുത്തതാണെന്റെ നോട്ടപ്പിഴ. അന്തഃപുരത്തിലും ഊട്ടുപുരയിലും രാജസഭയിലും നിയന്ത്രണമില്ലാതെ കയറിച്ചെന്നു എരിവും പുളിയുമുള്ള വാർത്ത നിത്യവും നീ മെനഞ്ഞപ്പോൾ, ചുവരെഴുത്തിൽവന്ന വാർത്തകൾക്കു് പനയോലപ്പതിപ്പു മെനയേണ്ട ഗതികേടിലായി ഞാൻ. കുരുക്ഷേത്രം—ആ പതിനെട്ടുനാളുകൾ തന്ന ഊർജ്ജം മറക്കാനാവില്ലെങ്കിലും ഇപ്പോൾ ചെങ്കോൽപിടിച്ച പാണ്ഡവഭരണകൂടത്തിന്റെ ആദ്യതീരുമാനം എന്നെ ഞെട്ടിപ്പിച്ചു. പ്രതിരോധമന്ത്രാലയം അടച്ചുപൂട്ടും. ഇനി എന്തു് ചെയ്യണം എന്ന അസ്തിത്വഭീതി എന്നെ പാണ്ഡവ വിരുദ്ധസഖ്യങ്ങളിൽ ചേക്കേറാൻ പ്രേരിപ്പിച്ചു. ഇന്നു് ഹസ്തിനപുരിയിൽ നിന്നെപോലുള്ള പരദൂഷണപത്രപ്രവർത്തർക്കു പാഞ്ചാലിയുൾപ്പെടെ ആരെയും അവഹേളിക്കാൻ സ്വാതന്ത്ര്യമുണ്ടു്. കുലീനസദസ്സുകളിൽ മതിപ്പുണ്ടു്. നകുലചാരന്മാർ തൂക്കി ഇരുട്ടറയിൽ മരിക്കാൻ വിടുമെന്ന ഭീതിവേണ്ട. എന്റെ തൊഴിൽ കുഴപ്പം ‘യുദ്ധമില്ലാത്ത ലോകം’ എന്ന അവസ്ഥയാണു്. അപ്പോഴാണു് ദുര്യോധനവിധവയെ കണ്ടതു്. നിലവിലുള്ള പാണ്ഡവ ദുർഭരണത്തെയും ‘ഹസ്തിനപുരി രാഷ്ട്രം’ എന്ന കാലാതിവർത്തിയായ സത്യത്തെയും രണ്ടായി കാണാൻ.! കലിംഗദേശക്കാരിയായ ആ മഹതിക്കതു് ബോധിച്ചു. അങ്ങനെ അഭിവന്ദ്യദുര്യോധനവിധവയുടെ നേതൃത്വത്തിൽ പാണ്ഡവവിരുദ്ധശക്തികളുടെ സർവകക്ഷി രഹസ്യസമ്മേളനത്തിൽ ‘രാജ്യതന്ത്രജ്ഞ’ പുരസ്കാരം തന്നു അവരുടെകൂടെ ചേരാൻ സ്വാഗതം ചെയ്തപ്പോൾ ഞാൻ പറഞ്ഞു, നാലതിർത്തിക്കപ്പുറങ്ങളിൽനിന്നു് ആക്രമണസാധ്യത ഇല്ലെങ്കിൽ, അലസരാവരുതു് ആഭ്യന്തരകലാപത്തിനു് വഴിമരുന്നിടണം. ശുചിമുറി വെള്ളം ധാന്യം എന്നിങ്ങനെ നിത്യജീവിതദുരിതങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾതന്നെ ഹസ്തിനപുരിരാഷ്ട്രം അധാർമികപാണ്ഡവരിൽനിന്നു് നേരിടുന്ന അപചയം ചൂണ്ടിക്കാട്ടി കർഷകരെ കലാപത്തിലേക്കു് നയിക്കാൻ വഴിയമ്പലങ്ങളും കുതിരപ്പന്തികളും രഹസ്യവിവരവിനിമയത്തിനു നിത്യവും ഉപയോഗിക്കണം. കുന്തിപാണ്ഡു മാദ്രി പാഞ്ചാലി എന്നിവരെ ഇരകളാക്കി, കേട്ടാൽചെവിപൊത്തുന്ന തരത്തിൽ ലൈംഗികാപവാദങ്ങൾ പൊതുഇടങ്ങളിൽ പ്രചരിപ്പിക്കണം. പ്രിയപ്പെട്ടവളേ, നീയും കൂടെപോരുന്നോ? നേരിട്ടല്ല, ചാരയായി? നിലവിൽ നിനക്കുള്ള കൊട്ടാരസൗജന്യങ്ങൾ തുടരാം, ദുര്യോധനവിധവ അധികാരം പിടിച്ചാൽ, രഹസ്യാന്വേഷണമന്ത്രാലയത്തിന്റെ മേധാവിയായി വനിത എന്ന വിശ്വപ്രശസ്തിയും?”
“രാജശിൽപ്പി? നിങ്ങൾ ആൾ കൊള്ളാമല്ലോ. ധീരദേശാഭിമാനിദുര്യോധനന്റെ പൂർണകായപ്രതിമ കൊട്ടാരത്തിൽ ഞാൻ ഇന്നലെ കണ്ടു. ഒരുവശത്തുനിന്നുനോക്കിയാൽ ഭീമന്റെ നിഷ്കളങ്കമുഖം, മറുവശത്തുനിന്നു നോക്കിയാൽ യുധിഷ്ഠിരന്റെകാപട്യ മുഖം. എങ്ങനെ ഇതൊക്കെ നിങ്ങൾക്കായി?”, പണിപ്പുരയിൽ വിഷണ്ണനായിരിക്കുന്ന ശില്പിയെ ഉച്ചയോടെ കൊട്ടാരം ലേഖിക തിരഞ്ഞുകണ്ടെത്തി.
“മിനുക്കുപണിക്കു എപ്പോൾ വിളിച്ചാലും ഉടൻവരാമെന്നു പറഞ്ഞുകിട്ടിയ പ്രതിഫലം കൊണ്ടു് നാൽക്കാലികളെ വാങ്ങി കൃഷിതുടങ്ങി. ഈയിടെ ചന്തയിൽ ക്ഷീരോൽപ്പന്നങ്ങൾ വിൽക്കാൻ പോയപ്പോളാണു് വിവരം അറിയുന്നതു് ബലിദാനിദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മയാവാൻ കൗരവരാജവധുക്കൾ പ്രതിഷേധസമരത്തിലൂടെ പാണ്ഡവരിൽനിന്നും നേടിയെടുത്ത വിഖ്യാതപ്രതിമക്കു, പക്ഷേ, യുധിഷ്ഠിരന്റെയും ഭീമന്റെയും രൂപസാദൃശ്യമാണു്. നിങ്ങൾ പത്രപ്രവർത്തകരെപോലെഅല്ല ഞങ്ങൾ. നിങ്ങൾക്കു് ‘കൗരവർ പാണ്ഡവർ’ ഇവരെയൊക്കെ കണ്ടും മിണ്ടിയും അടുത്തറിയും. എനിക്കറിയുന്നതു പ്രകൃതിതന്ന കരവിരുതു് മാത്രം. രണ്ടു കുട്ടികളും ഭാര്യയും അമ്മയുമുള്ള ദരിദ്രനാണു് ‘രാജശില്പി പുരസ്കാരം’ നേടിയ ഞാൻ. എന്റെ കഴുത്തിൽ രാജാവിന്റെ വാൾവീണാലും അനാഥകൗരവവിധവകളുടെ ശാപവാക്കുകൾ വീഴരുതേ!” ശില്പി ഏങ്ങലടിച്ചു. പകച്ച കുട്ടികൾ കൊട്ടാരം ലേഖികയെ തുറിച്ചുനോക്കി.
“രക്തരഹിതപീഡനത്തിനു് എളുപ്പവഴിയൊന്നും കാരണവന്മാർ പറഞ്ഞുതന്നില്ലേ?”, കൗരവചോര കൈക്കുമ്പിളിൽകോരി വന്ന ഭീമനെ, കൊട്ടാരം ലേഖിക പാണ്ഡവ പാളയത്തിൽ സമീപിച്ചു. കൗരവരുടെ വെട്ടും കുത്തുമേറ്റു് വശംകെട്ട ഭീമമേനിയിൽ പാറാവുകാരൻ തൈലം പുരട്ടി.
“അന്നേ പാഞ്ചാലിയോടു് ഞാൻ പറഞ്ഞതാണു്, കൗരവരെ യുദ്ധത്തടവുകാരായി പിടിച്ചു തുണിയുരിച്ചു്, വരിയുടച്ചു് ഒന്നൊന്നായി മധുരപ്രതികാരം ഞാൻ ചെയ്യാം.” പക്ഷേ, അവൾ കുപിതയായി എന്നെ താക്കീതു് ചെയ്തു:
“ഗദാ പ്രഹരത്താൽ കൊല്ലൂ കൗരവരെ, അവരുടെ പുരുഷത്വം നിങ്ങൾ മാനിക്കൂ!”
“യുദ്ധജേതാവിനു രാജാവകാശം കൈമാറുന്നതിൽ ഇനിയും തീർന്നില്ലേ തർക്കം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ജയിച്ചു എന്നുതെളിയിക്കുന്നതിൽ യുദ്ധനിർവഹണ സമിതിയുടെ രേഖാമൂലമായ അറിയിപ്പു് കിട്ടാതെ ‘അവകാശവാദ’വുമായി വരുന്നവർക്കു് ചെങ്കോൽകൈമാറാൻ സാധ്യമല്ലെന്നു ധൃതരാഷ്ട്രർ. മുറുകിയരീതിയിൽ നിലപാടു് കനത്തു. സ്തംഭനം ഞാൻ നിഷേധിക്കുന്നില്ല. ആദ്യയുദ്ധവാർഷികത്തിൽതന്നെ ദുര്യോധനസ്മാരക സൈനികശാസ്ത്രസർവ്വകലാശാല സ്ഥാപിക്കുക, ദുര്യോധനന്റെ കൊച്ചുമകൻ തക്ഷശിലവിദ്യാഭ്യാസം കഴിഞ്ഞു ഹസ്തിനപുരിയിൽ മടങ്ങിവരുംവരെ വിധവയെ നിർദ്ദിഷ്ടകലാശാലയുടെ ഭരണച്ചുമതല ഏൽപ്പിക്കുക, ബലിദാനിദുര്യോധനനു മരണാനന്തര ‘രാഷ്ട്രമിത്ര’ പുരസ്കാരം നൽകുക, പുരസ്കാരനിർണ്ണയസമിതിയുടെ അധ്യക്ഷയായി ദുര്യോധനവിധവയെയും ക്ഷണിതാവായി ദുശ്ശളയെയും നിയമിക്കുക, കൗരവസ്ത്രീകളുടെ വസതികളും ജീവിതനിലവാരവും യുദ്ധത്തിനുമുമ്പു് എങ്ങനെയോ അങ്ങനെ തുടരുമെന്നു് പട്ടാഭിഷേകത്തിനുശേഷം പുതിയ മഹാരാജാവു് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ പൂർത്തിയായാൽ, ആണ്ടോടാണ്ടു പൊതുവായി അടിയറവുവച്ചു പുതുക്കാവുന്ന ഭരണനിർവ്വഹണ അവകാശം സ്ഥാപിച്ചു തരാമെന്നൊരു ധാരണ രണ്ടാംഘട്ടചർച്ചയിൽ ഉണ്ടായതു പാണ്ഡവരുടെ പതിവു് നയതന്ത്രനേട്ടം! പരിഭ്രമത്താൽ ചുണ്ടുവിറപ്പിച്ച മുഖഭാവത്തോടെ യുധിഷ്ഠിരൻ പിതൃസഹോദരന്റെ മുമ്പിൽ മുട്ടുകുത്തി കൈമുത്തി ഒന്നേ മറുപടിയായി രാജാവിനോടു്, ഞാൻ എഴുതിക്കൊടുത്തതനുസരിച്ചു തെറ്റാതെ പറയേണ്ടി വന്നുള്ളു,”
“എല്ലാം പറഞ്ഞപോലെ, പട്ടാഭിഷേകംകഴിഞ്ഞ ഉടൻ നിങ്ങളെയും ഗാന്ധാരിയെയും വനവാസത്തിൽ വിടാനുള്ള ഒരുക്കം ഞാനും പൂർത്തിയാക്കാം.”
“ജ്യേഷ്ഠനല്ലേ സ്ത്രീപീഡകൻ? വസ്ത്രാക്ഷേപം വിവാദമായതൊന്നും അറിഞ്ഞമട്ടില്ലല്ലോ, നിങ്ങൾ സൈന്ധവ ദേശ വനിതാവകാശ സമിതിയുടെയും, ഹസ്തിനപുരിയുടെയും പദവി ഇരട്ടപൗരത്വത്തോടൊപ്പം വഹിക്കുന്ന പ്രവർത്തകതന്നെയല്ലേ!”, കൗരവരുടെ സഹോദരിയും സൈന്ധവരാജാവു് ജയദ്രഥഭാര്യയുമായ ദുശ്ശളയോടു് ചോദിച്ചു. ആരോപിതകൗരവരുടെ സാക്ഷിയായി നീതിപീഠത്തിൽ മൊഴികൊടുക്കാൻ ജന്മനാട്ടിൽ എത്തിയതായിരുന്നു, രാജ്യാന്തരവേദികളിൽ പെണ്ണവകാശ പ്രഭാഷകകൂടിയായ സൈന്ധവ റാണി.
“ആണുങ്ങൾക്കു് മാത്രം സാന്നിധ്യം അനുവദിച്ച ചൂതാട്ടസഭയിൽ, ഇടിച്ചുകയറിയതൊരു പ്രകോപനപരമായ ചട്ടലംഘനമെങ്കിൽ ആ ലംഘനത്തിലൂടെ സാമ്പ്രദായികഹസ്തിനപുരിയിൽ നവോത്ഥാനം കൊണ്ടുവരാനാവുമെന്ന തോന്നൽ ഇനി പാഞ്ചാലിക്കു് വേണ്ട. സുന്ദരപാണ്ഡവനെ വിവാഹം കഴിച്ചതിനു പുറമെ നാലു ‘ദേവസ്പർശി’പാണ്ഡവരെ കുന്തി പാഞ്ചാലിക്കു് സമ്മാനിച്ചപ്പോൾ, അനുമതി എന്തുകൊണ്ടു് തേടിയില്ല എന്ന ന്യൂനതയാൽ ഞാൻ ‘ബഹുഭർത്തൃത്വത്തെ’ ചോദ്യം ചെയ്തിരുന്നു. പത്തുകൊല്ലം മുമ്പു് എന്നോർക്കണം ചൂതാട്ടസഭയിൽ കളിനടപടിക്രമങ്ങളുടെ നഗ്ന ലംഘനം അവളിൽനിന്നും മനഃപൂർവ്വം ഉണ്ടായതോടെ, നിർവ്യാജഖേദം പരസ്യമായി പ്രകടിപ്പിക്കുന്നതിനു പകരം, പ്രാദേശികനിയമ സാധുതയുള്ള അടിമവ്യവസ്ഥിതിയെ പാഞ്ചാലി അധിക്ഷേപിച്ചു എന്നതു കൊണ്ടു സ്ത്രീസ്വാതന്ത്ര്യവാദികളുടെ ആരാധ്യയുമാവുന്നില്ല, കാരണം, അവളുടെ അച്ഛനും അടിമപ്പെൺക്രയവിക്രയം ചെയ്തിരുന്നു, പാഞ്ചാലി ദ്രുപദനു് അടിമപ്പെണ്ണിൽ പിറന്ന മനുഷ്യജന്മം എന്നു് കുതിരപ്പന്തികളിൽ പാട്ടായിരുന്നല്ലോ. പാണ്ഡവരും ദേശാന്തരഅടിമപ്പെണ്ണുങ്ങളിൽ ലൈംഗിക അധീശത്വം പുലർത്തി. പാഞ്ചാലി പാണ്ഡവരെ കേവലം അടിമകളായി കണക്കാക്കുന്നു എന്നും പൊതുജനം അറിയാത്തതല്ല. സ്വത്തും പദവിയും കളിയിൽ നഷ്ടപ്പെട്ട പാണ്ഡവർക്കുവേണ്ടി അവളൊരു പ്രഹസനം അരങ്ങേറി! കുറുനരികൾക്കുമൊപ്പം മൊത്തംപാണ്ഡവർ കഴിയട്ടെ, ആർക്കു നിഷേധിക്കാനാവും പാഞ്ചാലി തിരിച്ചുവരുന്നതൊരു സമ്പൂർണ്ണ പെണ്ണവകാശ പോരാളിയായിട്ടാവും. ക്ഷമിക്കണം തിരക്കുണ്ടു്. മൊഴികൊടുത്തു സഹോദരനു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സൈന്ധവദേശത്തേക്കു തിരിച്ചുപോവാൻ സന്നാഹങ്ങൾ തയ്യാർ. ചുവരെഴുത്തുപത്രപ്രവർത്തനം ‘കൊഴുത്തു’ അല്ലെ? അഭിനന്ദനങ്ങൾ. മൂന്നുനേരം അപ്പവും വീഞ്ഞും ഇല്ലെങ്കിലും, ഇങ്ങനെ ഇടക്കൊന്നു വേണം പിടിച്ചുനിൽക്കാൻ!”
“നവവധുവായി പാഞ്ചാലയിൽനിന്നു പാണ്ഡവർക്കൊപ്പംവന്ന കാലം! പുരാതനഹസ്തിനപുരിക്കും, ഖാണ്ഡവപ്രസ്ഥം വെട്ടി പണിത ഇന്ദ്രപ്രസ്ഥത്തിനും ഇടക്കൊരു അതിഥികാലയളവിൽ, ഒന്നൊന്നായി നിങ്ങൾ പരിചയപ്പെട്ട നൂറുകൌരവരേയും സന്ദർശകരായി കാണുമ്പോൾ പേർപറഞ്ഞു, സ്വാഗതം ചെയ്തിരുന്നതിനു ഞാൻ സാക്ഷി. പെറ്റതള്ളക്കാവുമോ, നൂറ്റുവരായ മക്കളെ തെറ്റാതെ പേർവിളിക്കാൻ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കണ്ണു് കെട്ടി സ്വയം കാഴ്ചനിഷേധിച്ച ഗാന്ധാരിയെപോലെയാണോ, സംവേദനക്ഷമമായ പഞ്ചേന്ദ്രിയങ്ങൾ ഉള്ള പ്രണയിനി?”
“കുറ്റവാളികൾ പെരുകിയോ? ആവശ്യത്തിനു് തികയുന്നില്ല കൈവിലങ്ങുകൾ എന്നാണല്ലോ ക്രമസമാധാന ചുമതല വഹിക്കുന്ന ഭീമന്റെ പരാതി!”, കൊട്ടാരം ലേഖിക വക്താവിനോടു് ചോദിച്ചു.
“ആറു വിലങ്ങുകളാണു് ദുര്യോധനകാര്യാലയത്തിൽ ഉണ്ടായിരുന്നതു്. പാണ്ഡവരും പാഞ്ചാലിയും തിരിച്ചുവന്നാൽ കയ്യോടെ പിടിച്ചു അകത്തിടാൻ. കോട്ടവാതിലിനുമുമ്പിൽ കാണാറില്ലേ, നിത്യവും കുരുക്ഷേത്രവിധവകളുടെ പ്രക്ഷോഭം അക്രമാസക്തമാവുന്നതു? വിസ്തരിക്കേണ്ടല്ലോ, നിങ്ങൾ ദൃക്സാക്ഷിയല്ലേ. കാരാഗൃഹത്തിൽ എത്തിക്കുംമുമ്പു് പ്രക്ഷോഭകാരികളെ കൂച്ചുവിലങ്ങിടേണ്ടേ? കള്ളച്ചൂതിൽ പൗരാവകാശം നഷ്ടപ്പെട്ടവരെ കൗരവർ അങ്ങനെ ചെയ്ത കീഴ്‌വഴക്കമില്ലേ? എങ്കിലും, കുരുക്ഷേത്രവിധവകളോടു് അങ്ങനെ ചെയ്യാമോ? ഇപ്പോൾ ഉള്ള ആറു വിലങ്ങുകൾ, ഒന്നു് മുറുക്കാൻ ശ്രമിച്ചാൽ കാണാം, മൊത്തം അഴിയുന്നതു്. ഭക്ഷ്യക്ഷാമം കാരണം, മെലിഞ്ഞ കൈത്തണ്ടയുള്ള കൗരവവിധവകൾക്കു കൈഊരിയെടുത്തു ഓടിരക്ഷപ്പെടാൻ കഴിയുന്നതരം വിലങ്ങുകളും കൊണ്ടു് ഇനി ഭരണകൂടം നടക്കുന്നതു് നാണക്കേടല്ലേ. ഈ സ്ഥിതി മാറ്റണം. കൗരവസ്ത്രീകളുടെ മൃദുകൈത്തണ്ടയിൽ മുറിവുണ്ടാക്കാത്തതും, ഭാരംകുറഞ്ഞതും, സ്വർണ വളയുടെ നിറമുള്ളതും, ഇരുവശത്തും പൂട്ടിടാവുന്നതുമായ നവതലമുറ വിലങ്ങുകൾക്കുവേണ്ടി ഭീമൻ കർത്തവ്യബോധത്തോടെ നഗരപണിശാലകളിൽ ഓടി നടക്കുമ്പോൾ, പരിഹാസവിഷയമാക്കുന്നതു രാജ്യദ്രോഹത്തിനു സമമല്ലേ? യുദ്ധാനന്തര യുധിഷ്ഠിരഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നവിധം ക്രമസമാധാനപ്രശ്നം നിങ്ങൾ തുടർന്നും വക്രീകരിച്ചാൽ, കോട്ടക്കകത്തെ സൗജന്യവസതിയും ഊട്ടുപുരയിൽ ഭക്ഷണവും പുനഃപരിഗണനക്കു വിധേയമാകുമേ!”
“കണ്ടാൽ ആപാദചൂഡം കുലീന! എന്നാൽ അവൾക്കെതിരെ ലൈംഗിക പരാതി ഗുരുതരം! എന്നാണല്ലോ നീതിപീഠ പ്രഖ്യാപനം. എന്തു് ‘ഗുരുതരം’ ആപാദകുലീന വനിത ചെയ്തു എന്നാണു നാം മനസ്സിലാക്കേണ്ടതു്?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
“നീരാടാൻ ‘ആകാശചാരികൾ’ മനുഷ്യരൂപമെടുത്തു, ഉച്ചമയങ്ങുംനേരത്തു താഴ്‌വരയിലെ ജലാശയത്തിൽ വരാറുണ്ടെന്നു് നിങ്ങൾക്കറിയാമോ എന്നായിരുന്നു പാണ്ഡവപിതൃത്വത്തെക്കുറിച്ചു അന്വേഷിച്ചപ്പോൾ പറഞ്ഞതു്. സൗഹൃദമത്സരത്തിൽ നീന്തി പ്രശംസനേടുമ്പോൾ, നീന്തൽക്കാരിലൊരാളെ പ്രീണിപ്പിച്ചവൾ കൗശലത്തിൽ പുംബീജംയാചിക്കും. ദുർബലനിമിഷത്തിൽ ആകാശചാരി തയ്യാറാവുമ്പോൾ, ദിവ്യഗർഭത്തിനവൾ നന്ദിപൂർവ്വം വഴങ്ങിക്കൊടുക്കും. മൂന്നുപ്രാവശ്യം ദുരൂഹബീജസംഭരണം ഫലപ്രാപ്തിയിൽ സുഖപ്രസവത്തിലേക്കു നയിച്ചപ്പോൾ, കുന്തി പിന്നീടു് നീന്താൻ മറ്റൊരു സുന്ദരിയെ പറഞ്ഞയച്ചു. ഒറ്റത്തവണ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്കു വേണ്ട ദേവബീജം ഇരട്ട സഹോദരദാതാക്കളിൽ നിന്നവൾ ഒരുമിച്ചു് സംഭരിച്ചു. ‘മംഗലം ചെയ്ത പുരുഷൻ ആളൊരു ഷണ്ഡൻ’ എന്നു് മുദ്രകുത്തിയാണവൾ മാതൃത്വപെണ്ണവകാശത്തിനു ബീജസ്രോതസ്സുകളെ കണ്ടെത്തിയതു്. സ്വാഭാവികമായും സ്ത്രീ വേറെ വഴിനോക്കും എന്നൊരു അർത്ഥഗർഭമായ പ്രതികരണം മാത്രമേ കുന്തി, വിചാരണയിൽ നീതിപീഠത്തിലും പറഞ്ഞുള്ളു. ഇപ്പോൾ അവൾ സ്വതന്ത്ര എന്നാണറിഞ്ഞതു്. നട്ടാൽ കിളിർക്കാത്ത കെട്ടുകഥ കൊണ്ടവൾ സ്വർഗ്ഗജാതരിലേക്കു അനാഥക്കുട്ടികളുടെ ചാഞ്ചാടുന്ന പിതൃത്വം വ്യാപിപ്പിച്ചു എന്നതാണവളുടെ ഉടലഴകിനെ വെല്ലുന്ന വാക്ചാതുരി.”
“സൈനികമന്ത്രാലയത്തിന്റെ ചുമതലയേറ്റെടുക്കുന്ന നിങ്ങളെ കൂക്കിവിളിച്ചാണല്ലോ കൗരവരാജവിധവകൾ ‘സ്വാഗതം’ ചെയ്തതു്! അടുത്ത ‘മഹായുദ്ധം’ ആരോടാണെന്ന ആലോചന തുടങ്ങുംമുമ്പു്, ഒന്നോർത്തെടുക്കാമോ കുരുക്ഷേത്രകൗരവസ്മരണ?” കൊട്ടാരം ലേഖിക ചോദിച്ചു.
“വ്രതശുദ്ധിയോടെ, പരമപവിത്രമായി നിർമ്മിക്കുന്നൊരിനം പ്രാചീനകണ്ണാടി എനിക്കു് സമ്മാനമായി കിട്ടി, ദൂരെ ദൂരെ ദക്ഷിണാപഥത്തിൽ, പള്ളിയോടങ്ങൾക്കും വള്ളംകളിക്കും പേരുകേട്ട പമ്പയുടെ തീരത്തെ, ആറന്മുള, മലയസ്വരൂപത്തിന്റെ യുവനാടുവാഴി, സഖ്യസൈന്യവുമായി കുരുക്ഷേത്രയിൽ വന്നപ്പോൾ! മുഖംനോക്കുന്നതുപോകട്ടെ, കഴുകാൻപോലും സൗകര്യമില്ലാത്ത യുദ്ധത്തിൽ എനിക്കതുകൊണ്ടെന്തുണ്ടായി നേട്ടമെന്നോ? കൊല്ലുംമുമ്പു് പ്രഖ്യാപിതശത്രുവിനു അവന്റെ യാഥാർത്ഥ ‘പോർക്കളമുഖം’ ആധികാരിക കണ്ണാടികാട്ടി കാണിച്ചുകൊടുത്തു. ഞെട്ടലനുഭവത്തിൽ ആയിരുന്നു, പിളർക്കാൻ എന്റെ വിരലുകൾക്കവർ ഇടനെഞ്ചുവിരിയിച്ചതു. നിനക്കും കാണണോ “യഥാർത്ഥമുഖം”? അതോ, പുതുപാണ്ഡവ ഭരണകൂടത്തോടു് നീ ഇനിയെങ്കിലും കൂറ് പുലർത്തുമോ?”
“ചക്രവ്യൂഹത്തിൽ പനയോലയും എഴുത്താണിയുമായിപ്രവേശിക്കാൻ അനുമതികിട്ടിയ ഏകവനിത ഞാനായിരുന്നു. ധൃതരാഷ്ട്രവസതിയിൽ, പോരാട്ടം നിങ്ങൾ ‘നേരിൽ കണ്ടു’ എന്ന അവകാശവാദം ചോദ്യംചെയ്യാതെ വിടുന്നു എങ്കിലും, എങ്ങനെയാണു് അഭിമന്യു വാർത്ത രാജാവിനെ അറിയിച്ചതു് എന്നറിയാൻ വായനക്കാർക്കു് കൗതുകമുണ്ടാവും. ഒന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക ധൃതരാഷ്ട്ര സഹായിയായ സഞ്ജയനോടു് ചോദിച്ചു.
“പോരാളി, കൗരവാക്രമണത്തിൽ പൂപോലെ ഞെരിയുന്നതു വിതുമ്പിക്കൊണ്ടറിയിച്ചപ്പോൾ ‘ബലേ ഭേഷ്’ എന്നു് ധൃതരാഷ്ട്രർ പ്രതികരിച്ച ഓർമ്മയുണ്ടു്. ‘ഇളകിയാട്ടം’ നിലക്കാൻ വിദുരർ ഇടപെടേണ്ടിവന്നു. അവസാനം കർണ്ണൻ, അഭിമന്യുവിന്റെ ഇടനെഞ്ചിലേക്കു കത്തികയറ്റിയപ്പോൾ, “ശവത്തിൽ കുത്താതെടാ തന്തക്കു പിറക്കാത്തവനേ” എന്നു് വേദനവിങ്ങിപ്പൊട്ടി ഞാൻ തത്സമയവാർത്ത നിർത്തി വീട്ടിലേക്കു പോയി.”
“ആൺപെൺപൊറുതിയുടെ ഉത്തരവാദിത്വം പുരുഷനിൽ സാധ്യമാവില്ലെന്ന മുൻവിധിയിലാണോ, ബഹുഭർത്തൃത്വ പരീക്ഷണത്തിനായി പാണ്ഡവരുമൊത്തു നിങ്ങൾ ‘പുതിയ മേച്ചിൽപ്പുറങ്ങൾ’ തേടി പോയതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവരുടെ സജീവദാമ്പത്യക്കാലം.
“അതൊക്കെ വിവാഹത്തിനുമുമ്പു പാഞ്ചാലയിൽ ആൺപെൺ വിവേചനമില്ലാതെ സാധിച്ചിരുന്നല്ലോ. ഏകപക്ഷീയമായി കുന്തി അടിച്ചേൽപ്പിച്ച ആൺപെൺപൊറുതി, കിടപ്പറയിലും ഊട്ടുപുരയിലും മലിനപ്പെടുത്തുന്നതിൽ, എന്താണു് ബഹുഭർത്താക്കന്മാരുടെ ‘ജൈവികപങ്കെ’ന്നു് നേരിട്ടു് ചോദിച്ചറിഞ്ഞാൽ മതി.”
“അരമനരഹസ്യമൊന്നുമല്ല, അവകാശവാദമല്ലേ എന്നാണോ ഇപ്പോഴും നിലപാടു് ?, ‘സ്വർഗ്ഗജാത’രാണു് പാണ്ഡവപിതൃക്കൾ എന്നു കരുതുന്നവരിൽ ധൃതരാഷ്ട്രരും കൊട്ടാരകാര്യസ്ഥന്മാരും പെടും. സ്വർഗീയപിതാക്കളും കൗന്തേയരും ചേർന്നു കുരുക്ഷേത്രയിൽ അരുംകൊല നടത്തിയതുകൊണ്ടാണു് കൗരവവംശനാശം സാധ്യമായതെന്നു ഞങ്ങളെവിശ്വസിപ്പിക്കാൻ അവരുടെ ‘ഗോളാന്തരഗൂഢാലോചന’ നേരിട്ടറിഞ്ഞുവോ നിങ്ങൾ?”, പതിനെട്ടാം ദിവസം ഭീമഗദാപ്രഹരത്തിൽ തുടയെല്ലിൽ പരുക്കേറ്റു വീണു മരണംകാത്ത ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ചൂതാട്ടസഭയിൽ ക്ഷണിക്കപ്പെടാതെ, രാത്രി പ്രത്യക്ഷപ്പെട്ടൊരു പെണ്ണുടലിൽ, പുരുഷസദസ്സു അമിതാവേശത്തോടെ പ്രതീക്ഷിച്ച നഗ്നതാപ്രദർശനം സ്ത്രീസൗഹൃദനീക്കത്തിൽ നിഷേധിക്കാനാവുന്നൊരു മായികഇടപെടൽ ഞാൻ ചെയ്തതോർമ്മയുണ്ടോ? എത്രശക്തമായി പെണ്ണുടലിൽനിന്നും ഉടുതുണിയൂരാൻ ശ്രമിച്ചിട്ടും, ദുശ്ശാസനൻ കൈകുഴഞ്ഞവശനായി വീണതോടെ, കയ്യേറ്റത്തിനു് ഞാൻ അറുതിവരുത്തി! ഓർമ്മയുണ്ടല്ലേ! ദ്രൗപദീപ്രണയപ്രതീകമായി വനവാസക്കാലത്തു, ഭക്ഷണമൊടുങ്ങാത്ത അക്ഷയപാത്രം സമ്മാനിച്ചപ്പോൾ, പാപിപാണ്ഡവർ എന്താണു് ചെയ്തതെന്നോ? ഏകപക്ഷീയമായി രാതിഭക്ഷണസമയം അവിചാരിത സന്ദർശകരുമായി ബന്ധപ്പെടുത്തി അവളെ അത്താഴപ്പട്ടിണിക്കിട്ട ദുഷ്ചരിത്രവും വ്യാസൻ തമസ്കരിക്കില്ലെന്നാണെന്റെ ശുഭപ്രതീക്ഷ. ഭൂമിയിൽനിന്നും കാഴ്ചബഹിരാകാശത്തേക്കു് മാറിമാറി പോവുന്ന ഈ അന്ത്യസമയത്തു ഒന്നേ എനിക്കു് ഇനിപൂർത്തിയാക്കാനുള്ളു—കിരീടാവകാശികളാവാൻ സാധ്യതയുള്ള ആറോളം പാണ്ഡവപുത്രന്മാരുടെ വംശഹത്യ. ചിരഞ്ജീവിയും ദ്രോണപുത്രനും അമാനുഷസിദ്ധിയുമുള്ള ‘നരസിംഹ’വുമായ അശ്വത്ഥാമാവ് അതാ എന്നെത്തേടി വരുന്നു, ഈശ്വരാ, അവനിൽ ആകുന്നു എനിക്കവസാനപ്രതീക്ഷ!”
“വഴുക്കിവീണില്ല എന്നാണോ പറഞ്ഞുവരുന്നതു്”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം മായികസഭാതലത്തിൽ, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി കൗരവരാജകുമാരൻ കാൽവഴുക്കിവീണപ്പോൾ, ആതിഥേയപാഞ്ചാലി പൊട്ടിച്ചിരിച്ചു എന്ന വാർത്ത കുതിരപ്പന്തികളിൽ സംവാദമാവുന്ന ദിനങ്ങൾ.
“ഇന്ദ്രപ്രസ്ഥത്തിലേക്കു തേരെത്തിയ നേരംമുതൽ കുടിലകൗരവമുഖം ‘കുനുഷ്ട്’ കരുവാളിച്ചിരുന്നു എന്നാണു് ഞങ്ങളുടെ പാറാവുകാർ നൽകിയ രഹസ്യവിവരം. ചുറ്റും നോക്കി ഓരോന്നു് വിളിച്ചുപറയും, തേരാളി ചെവികൊടുക്കാതെ, എന്നാൽ വിസ്മയ ഇന്ദ്രപ്രസ്ഥക്കാഴ്ച ഓരോന്നും മിഴിച്ചുനോക്കും, തിളയ്ക്കുന്ന അസഹിഷ്ണുതയിൽ ദുര്യോധനൻ തേരാളിക്കുനേരെ കുരച്ചു അപശബ്ദമുണ്ടാക്കും. പിറ്റേന്നവൻ നൂറുനൂറു സന്ദർശകർക്കൊപ്പം മായികസഭാതലങ്ങൾ കണ്ടു കൗരവപ്രമാണി സ്തംഭിച്ചപ്പോൾ, ഉണർന്ന ‘കുരുട്ടുമന’ത്തിലാണു് ‘വീഴ്ച’ എന്ന പ്രഹസനനിർമ്മിതി അരങ്ങേറിയതു്. അതിഥിമന്ദിരത്തിൽ സഹായിയായി ഉണ്ടായിരുന്നൊരു ‘കുടിയേറ്റക്കാരിവനിത’, ‘വീഴ്ച’യുടെ ആപാദചൂഡകൃത്രിമത്തം കണ്ടു വാപൊത്തി ചുമച്ചു എന്നേയുള്ളു. കൗരവപ്രമാണി അതു് ആതിഥേയയായി കഥാനിർമ്മിതി പ്രചരിപ്പിച്ചു. പുത്തൻപുതുഇന്ദ്രപ്രസ്ഥത്തെക്കുറിച്ചു നല്ലതൊന്നും പറയില്ലെന്നൊരു ശാഠ്യമുണ്ടായിരുന്ന ദുര്യോധനനു് കുതിരപ്പന്തിയിൽ സംവാദപിന്തുണ കൊടുക്കാൻ ഹസ്തിനപുരിയിൽ ആരുണ്ടായിരുന്നു? നിങ്ങൾ അന്വേഷിക്കേണ്ട കാര്യം തന്നെ!”
“സ്വയംവരആഘോഷദിവസങ്ങളിൽ നിങ്ങളുടെ മുഖത്തുകണ്ട പ്രണയോർജ്ജം ഞാൻ ഓർക്കുന്നു. സംഘർഷഭരിതമായ മത്സരത്തിൽ, തൽപരകക്ഷി ഇടപെടലുകൾ അതിജീവിച്ചു, അസ്ത്രവിദ്യയിൽ അർജ്ജുനൻ ജയിച്ചപ്പോൾ! പിന്നെ എപ്പോഴാണു് അയാളെ കാണുമ്പോഴേക്കും മുഖംതിരിക്കാൻ തുടങ്ങിയതു്? രാജസൂയ യാഗത്തിൽ യുധിഷ്ഠിരപങ്കാളിയായാൽ മാത്രമേ ഇന്ദ്രപ്രസ്ഥംചക്രവർത്തിനിയാവൂ എന്ന ആചാരവിധിയിൽ കുടുങ്ങിയപ്പോൾ, സ്വയംവരജേതാവിനെ ഏകപക്ഷീയമായി തിരസ്കരിച്ചുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം ദിനങ്ങൾ.
“ഊഴംവച്ചു് കിടന്ന ദിവസങ്ങളിൽ ഈർഷ്യയോടെ ശ്രദ്ധിച്ചു, നവവധുവായിരിക്കുമ്പോൾ അവനെനിക്കു് തന്ന ‘കേശാദിപാദ പരിലാളന’ ഇപ്പോൾ ഇല്ല. മറ്റുനാലു പാണ്ഡവരിൽനിന്നെന്ന പോലെ പ്രത്യേകപരിഗണനയൊന്നുമില്ലാതെയാണു് ഞാനവനിൽനിന്നും ബീജസംഭരണം ചെയ്യുന്നതെന്ന അറിവാണവനെ അവശനാക്കിയതെന്നുണ്ടോ? ‘ദാമ്പത്യവഞ്ചനയാണു് ബഹുഭർത്തൃത്വം’ എന്നവൻ മുനവച്ചു പായക്കൂട്ടിൽ സൂചിപ്പിച്ചപ്പോൾ, “കുന്തിയുടെ കുബുദ്ധിയല്ലേ അതെ”ന്നു ഞാൻ അവനെ തള്ളിമാറ്റി തിരിച്ചടിച്ചു. ‘ഇണചേരുമ്പോഴും നീ അമ്മയെ വലിച്ചിഴക്കുന്നോ?’ എന്നു് പ്രതിഷേധിച്ചു ഇരുട്ടിൽ എനിക്കെതിരെ അവൻ ‘വെളിച്ചപ്പെ’ടാൻ തുടങ്ങി. നാവിൽനിന്നു് ‘അരുതാത്ത’ കാര്യങ്ങൾ പുറത്തുവന്നു. അർജ്ജുന‘പുരുഷത്വ’ത്തെ കണക്കിനു് പരിഹസിച്ചു. സ്പർശനമികവോടെ കിന്നരിക്കാൻ ഇളമുറ നകുലനും സഹദേവനും ഉണ്ടെന്ന തിരിച്ചടിയിൽ പാർത്ഥപുരുഷത്വം തകർന്നു. ഊഴമനുസരിച്ചു പ്രത്യുൽപ്പാദന രതി പ്രയോജനപ്പെടുത്താതെ, ഭാര്യയോടു് ചെയ്യാവുന്ന ഹീനപ്രതികാരത്തിനവൻ പടിയിറങ്ങി, പിന്നെ കേട്ടതു് ദ്വാരകയിൽ സുഭദ്രയെ ‘തര’പ്പെടുത്തി! അറിഞ്ഞു എന്നു് ഞാൻ നടിച്ചില്ല, ഇന്നും! പനയോലക്കെട്ടു മാറ്റി, ഈ മണ്ണിളക്കി ഒന്നു് പിടിക്കൂ. ഇന്നു് പകൽ മുഴുവൻ യമുനയുടെ തീരത്തു ഗർഭകാലശുശ്രൂഷക്കുള്ള പച്ചിലമരുന്നു ചെടികളുടെ മഴക്കാലപരിചരണമാണു്.”
“കൂട്ടായിരുന്നവർ തിരിഞ്ഞു നോക്കാതെ കാൽ മുന്നോട്ടുവെക്കുമ്പോൾ, അവസാനമായി ചോദിക്കട്ടെ, പറഞ്ഞുവന്നാൽ പാണ്ഡവർ നിങ്ങൾക്കെന്തായിരുന്നു?”, വിശ്വപ്രകൃതിയുടെ സാന്ത്വനം പോലെ സന്ധ്യാദീപ്തി അവളുടെ മുഖത്തു് തെളിഞ്ഞു. നേർത്തവിലാപം പോലെ, ഹിമാലയതാഴ്‌വരയിൽ തെളിഞ്ഞ കാറ്റുവീശി. മലകളിലേക്കുള്ള അന്തിമപദയാത്രതുടർന്ന പാണ്ഡവർ കാഴ്ച്ചയിൽ നിന്നു് മറഞ്ഞു. സന്ധ്യ കനക്കുകയാണു്. പാഞ്ചാലി മരിക്കുകയാണു്!
“അവർക്കിഷ്ടപ്പെട്ട ശരീരഭാഗങ്ങൾ മത്സരിച്ചോമനിച്ചു. ഉടൽഉണങ്ങിയ പാഞ്ചാലി ഇനി കത്തിച്ചാമ്പലാകട്ടെ!”
“വനവാസമെന്നു കൽപ്പനയിൽ പറയുന്നെങ്കിലും, അതിരുകൾ വ്യക്തമാക്കാത്തതിനാൽ, പാണ്ഡവ കുബുദ്ധികൾ, അവ്യക്തത ദുരുപയോഗം ചെയ്തു, മുഖംമൂടിയുമായി ജനവാസമേഖലകളിൽ അഴിഞ്ഞാടുന്നു എന്നൊരു ഭീതിതസന്ദേശം കറങ്ങുന്നുണ്ടല്ലോ. വനമേഖലപ്രവിശ്യാഭരണകൂടത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായാൽമാത്രമേ ഹസ്തിനപുരിയിൽ തുടരന്വേഷണം ആരംഭിക്കൂ എന്ന ശാഠ്യമുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അക്ഷയപാത്രത്തിൽകിട്ടുന്ന ധാന്യാഹാരം മടുത്തു സസ്യാഹാരികളായ വളർത്തുമൃഗങ്ങളെ തേടിയുള്ള പാണ്ഡവഅഴിഞ്ഞാട്ടത്തിൽ നടപടിയെടുക്കാൻ മലയോരപ്രവിശ്യകൾക്കു അനുമതി കൊടുത്തിരുന്നല്ലോ. മാംസാഹാരികളായ കാട്ടുമൃഗങ്ങളെയും സസ്യാഹാരികളായ വളർത്തു മൃഗങ്ങളെയും കൊല്ലുന്നവരെ നിയമാനുസതൃതമായി കുരുക്കിട്ടുപിടിക്കാമെന്ന തുടർവിശദീകരണത്തിൽ ആശയക്കുഴപ്പം ഇല്ലെങ്കിലും, കാട്ടിൽപോയി പാഞ്ചാലിയെ അഭിമുഖം ചെയ്തു ചുവരെഴുത്തു പതിപ്പുകളിൽ പൊലിപ്പിച്ചെഴുതി, അന്നന്നത്തെ അപ്പവും വീഞ്ഞും ഊട്ടുപുരയിൽ നേടുന്ന നിങ്ങളെപ്പോലുള്ള നാണംകെട്ട പത്രലേഖകർ ആശയക്കുഴപ്പം മനഃപൂർവ്വം ആരോപിക്കാതിരുന്നാൽ, സൗജന്യഊട്ടുപുരക്കു നല്ലതു, ഓർമ്മയിരിക്കട്ടെ!”
“നവജാതശിശുക്കളെ നീരൊഴുക്കിൽ മുക്കിക്കൊല്ലുന്നൊരു ഭീകരജലജീവിയായി മഹാരാജാവു് ശന്തനു നിങ്ങളെ ഹസ്തിനപുരിയിൽ ചിത്രീകരിക്കുന്നതിൽ നീരസമുണ്ടോ? ഏഴുകുഞ്ഞുങ്ങളെയും നിങ്ങൾ സ്വയം വകവരുത്തി എന്നാണു് രാജസഭയിൽ, സ്തോഭജനകമായ ആംഗ്യങ്ങളോടെ നിലവിളിച്ചു പ്രഖ്യാപിച്ചതു്.!” മഹാറാണിയെ ഗംഗയാറിന്റെ തീരത്തു സംശയകരമായ രീതിൽ കണ്ടപ്പോൾ കൊട്ടാര ലേഖിക വെള്ളത്തിലേക്കിറങ്ങിച്ചെന്നു ചോദിച്ചു.
“പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോവുന്ന നിർഭാഗ്യവതികളായ അമ്മമാരുടെ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങളെകുറിച്ചെന്തെങ്കിലും ആ പഴയമനുഷ്യനു അറിവോ അനുകമ്പയോ ഉണ്ടോ? പെറ്റകുഞ്ഞിനു പാലൂട്ടാനിഷ്ടപ്പെടുന്നോരമ്മയെങ്ങനെ അയാളുടെ കരിങ്കണ്ണിലൊരു കൊലയാളിയായി? തീവ്രവൈകാരികവ്യതിയാനമുണ്ടാകാൻ സാധ്യതയുള്ള പ്രസവാനന്തര പ്രതിസന്ധിയെ ആ കിരീടധാരി എത്ര കൗശലപൂർവ്വം ഭീകരപ്രവർത്തനത്തിനു ഭൂമികയായി പ്രഖ്യാപിച്ചു! തൂങ്ങിക്കിടക്കുന്ന വയറും കറുത്തിരുണ്ട കഴുത്തുമൊക്കെ കാണുമ്പോൾ, കാമാസക്തനുണ്ടാവുന്ന നിരാശയാണു് ആവാക്കുകളിൽ ഒളിച്ചുകിടക്കുന്നതു്. പെണ്ണുടലിനുമാത്രമല്ല പെൺമനത്തിനും എന്തെല്ലാം പ്രശ്നങ്ങൾവരാമെന്നൊക്കെ ഒഴുക്കൻരീതിയിൽ ഒന്നു് പറഞ്ഞാൽ, ഞാൻ നേരിട്ട പ്രശ്നത്തിനു് ശാശ്വതപരിഹാരമാവുമോ? ഗർഭകാലത്തെല്ലാം ഇഷ്ടംപോലെ വാരിവലിച്ചുകഴിച്ച എനിക്കു് പ്രസവം കഴിഞ്ഞപ്പോൾ വിശപ്പു് തീരേയില്ലെന്ന അവസ്ഥയായി എന്നയാൾ സമ്മതിക്കുന്നുണ്ടല്ലോ. എനിക്കു് അതിനെക്കാളൊക്കെ വിഷമം, പെറ്റകുഞ്ഞിനു് ഊട്ടാൻ മുലപ്പാൽ കിട്ടുന്നില്ലല്ലോ എന്നോർത്തായിരുന്നു. കുഞ്ഞു വിശന്നുകിടന്നുകരയുമ്പോൾ പെറ്റതള്ളക്കു നോവില്ലേ. പുംബീജദാതാവു് മാത്രമായ രാജാവിനെ എന്റെ മുലപ്പാൽപ്രശ്നം ഓർമ്മിപ്പിക്കാൻ കുഞ്ഞിനെ പുഴയിൽ എടുത്തെറിയുമെന്നു് ഞാനൊന്നു് ഭീഷണിപ്പെടുത്തി. അരുതേ അരുതേ എന്നു് വിലപിക്കാനല്ലാതെ, രാജാവു് ചെയ്യേണ്ടതു് പിന്നെ അയാൾ എന്തു് ചെയ്തു എന്നന്വേഷിക്കൂ. ഓരോ പ്രസവത്തിനുശേഷവും ഞാൻ ആത്മഹത്യക്കു ശ്രമിച്ചു. അപ്പോൾ അയാൾ നിസ്സഹായത നടിച്ചു എന്റെ കാലിൽ വീഴും, പകരം കുഞ്ഞിനെ പുഴയിലൊഴുക്കാൻ പരോക്ഷമായി പ്രേരിപ്പിക്കും. ശാരീരികബന്ധം കഴിഞ്ഞാൽ മാസമുറ തെറ്റിയോ എന്ന പ്രത്യാശാഭരിതമായ ചോദ്യവുമായി ഇടയ്ക്കിടെ അന്തഃപുരത്തിൽ എന്നെ പിടികൂടും. എല്ലാറ്റിനുമില്ലേ അതിരു്? ഏഴുകുഞ്ഞുങ്ങളുടെ കാര്യത്തിലും അതുണ്ടായി എന്നതിൽകവിഞ്ഞൊരു കുമ്പസാരവും ചെയ്യാൻ ഇപ്പോൾ ഞാനാളല്ല. യാഥാസ്ഥിതികമാതൃത്വത്തേക്കാൾ ഉന്നതമായ മാനവസങ്കല്പങ്ങൾ ഉണ്ടു്. അതൊക്കെ ഈ തീയതിതെറ്റിയ മാടമ്പിശന്തനു എങ്ങനെ അംഗീകരിക്കാനാണു് അല്ലെ!”