“അർദ്ധസത്യം എന്ന വാക്കിനൊരു ‘കോമളശരീരം’ കിട്ടിയപോലെ തോന്നുന്നല്ലോ, നേരിൽ നിങ്ങളെ അർദ്ധനഗ്നനായി കാണുമ്പൊൾ! എങ്ങനെ പ്രതിരോധിക്കും അപകീർത്തിപരമായ ഇത്തരം കൗരവആരോപണം, ഇനിയും കുരുക്ഷേത്രയിൽ ഉയർന്നാൽ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ആരോപണമാണോ? അസഹിഷ്ണുത തോന്നേണ്ടതില്ലാത്ത അഭിപ്രായമല്ലേ? അപകീർത്തിപരമാണോ? ഒരപനിർമ്മിതി മാത്രമല്ലേ? ‘അർദ്ധസത്യവാൻ’ സൈനിക അംഗീകാരമായി കാണേണ്ടേ? ‘അർദ്ധസത്യം’, ഞാനുച്ചരിച്ചതെന്താ, ധ്യാനം ചെയ്യുമ്പോഴാണോ? അതോ, കുരുക്ഷേത്രയിൽ കൈമെയ്മറന്നു ശത്രുസൈനികമേധാവി ദ്രോണരെ ഗുരുനിന്ദനോക്കാതെ വളഞ്ഞിട്ടുകൊല്ലുമ്പോഴോ? പോരാട്ടത്തിന്നിടക്കു് വ്യാജആശംസയർപ്പിക്കുകയായിരുന്നില്ലല്ലോ, മറിച്ചു, ശത്രുവിനെ നിരായുധനാക്കുന്നതിനൊരു വാമൊഴി ‘പൊടിക്കൈ’ പ്രയോഗിച്ചുനോക്കിയതായിരുന്നു. അതുച്ചരിക്കുമ്പോൾ കൗരവരും പാണ്ഡവരും ഔദ്യോഗികപ്രഖ്യാപനം പോലെ ശ്രദ്ധിച്ചുകേട്ടു. യുദ്ധം ഞാൻ ജയിക്കാനുള്ള ആദ്യപടി. ചെറിയൊരു പടി. എന്നാൽ അതവിടെവേണം, യുദ്ധസാഹചര്യത്തിന്റെ പ്രേരണ!” കൗരവസർവ്വ സൈന്യാധിപനായിരുന്ന ദ്രോണാചാര്യരുടെ ശവസംസ്കാരത്തിൽ പങ്കുകൊണ്ട യുധിഷ്ഠിരൻ വൈകിയ രാത്രിയിൽ മുങ്ങിക്കുളിക്കാൻ പുഴയിലേക്കിറങ്ങുകയിരുന്നു.
“വെഞ്ചാമരവും ആലവട്ടവുമായി കൊമ്പനാനപ്പുറത്തു കുലുങ്ങിക്കുലുങ്ങിവന്നു, ദുര്യോധനാനുമായി ചൂതാടി, സ്ഥാവരജംഗമ സ്വത്തും പെണ്ണും നഷ്ടപ്പെട്ടു, ഉടുതുണിക്കു് മറുതുണിയില്ലാതെ നിസ്വനായി ആറംഗസംഘം വ്യാഴവട്ടക്കാലവനവാസത്തിനു മന്ദംമന്ദം വഴിനടന്നു പോവുന്നു. അല്ലേ!”, ചാർവാകൻ കപടമായ അനുകമ്പയോടെ ഭീമനോടു് ചോദിച്ചു.
“ഈ നാടിന്റെ നന്മക്കായി അങ്ങനെയാണു് പാണ്ഡവർ വേഷം കെട്ടേണ്ടതു് എങ്കിൽ, കാട്ടിലും പോവും. ഞങ്ങൾ, നീ ഒന്നോർക്ക, ജനിച്ചതും കൗമാരംവരെ കഴിഞ്ഞതും കാട്ടിൽ. എന്നു പറഞ്ഞാൽ, നഗരവാസികളെപോലെ, ‘പുലിവരുന്നേ പാമ്പു് ഫണം ഉയർത്തുന്നേ’ എന്നു് വിറച്ചുപേടിച്ചു കുലുങ്ങുകയൊന്നും ഇല്ല. വനദേവത ഞങ്ങൾക്കൊപ്പം! കുടിയേറ്റക്കാരായ ഞങ്ങൾ, വേറെതരമില്ലാതെ, ഖാണ്ഡവപ്രസ്ഥം തീയിട്ടപ്പോൾ, നിങ്ങൾ അറിയണം, വനദേവത പിണങ്ങിയില്ല, അതാകുന്നു ധർമ്മപുത്രർ എന്ന യുധിഷ്ഠിരന്റെ പ്രകൃതിയുമായുള്ള ആത്മബന്ധം. ഇനിയും അതൊക്കെ വരുംദശകത്തിൽ നേരിട്ടു് കാണാൻ അവസരമുണ്ടാവട്ടെ. യുധിഷ്ഠിരൻ നിങ്ങളെപോലെ ‘മനുഷ്യപുത്ര’നല്ല, മരണദേവതയായ കാലന്റെ മകനാണു്. കേൾക്കുമ്പോൾ ഭയമാകുന്നു അല്ലേ പറഞ്ഞുപറഞ്ഞു ഭീമൻ ഏങ്ങലടിച്ചു ഇന്ദ്രപ്രസ്ഥത്തുനിന്നും സവാരി ചെയ്തുവന്ന ആന അയാൾക്കുനേരെ നോക്കി. പാഞ്ചാലി വാപൊത്തി.”
“ഇന്ദ്രപ്രസ്ഥ മയൂരസിംഹാസനത്തിൽ, ഒരു ദശാബ്ദത്തോളം ഇരുന്നുപരിചയമുള്ള ആളല്ലേ, പിന്നെ എന്താ ഹസ്തിനപുരി രാജപദവിക്കായി പട്ടാഭിഷേകം സ്വീകരിക്കുമ്പോൾ, ജ്യേഷ്ഠനിപ്പോൾ വല്ലാത്തൊരു പന്തികേടു്?” കൊട്ടാരം ലേഖിക, യുധിഷ്ഠിരനിലേക്കു അനുജന്റെ ശ്രദ്ധയാകർഷിച്ചു ചോദിച്ചു. യുദ്ധാനന്തരഭരണകൂടം സ്ഥാപിക്കുന്ന ആദ്യദിനചുമതല വഹിക്കുന്ന നകുലൻ സ്വൽപ്പം മാറി നിന്നു.
“ഹസ്തിനപുരിയുടെ പൗരാണികത്വവും ചരിത്രവും വലിപ്പവും ജനസംഖ്യയും വേറെ, എന്നാൽ ഇന്ദ്രപ്രസ്ഥം? കെട്ടിപ്പൊക്കിയ ഒരു പുഴയോര കൊച്ചുപട്ടണം! യുധിഷ്ഠിരൻ അക്കാലത്തു ചക്രവർത്തിയും ധൃതരാഷ്ട്രർ സാമന്തരാജാവുമാണെങ്കിൽ വിരുന്നുവന്ന പാണ്ഡവശ്രേഷ്ഠനെ ചതിയിൽ കളിപ്പിച്ചു കുരുക്കിൽ വീഴ്ത്തുമോ?, അപ്പോൾ പുരോഹിതർ ശ്രദ്ധിക്കാത്ത പന്തിയില്ലായ്മ ഈ പട്ടാഭിഷേകത്തിനുണ്ടെങ്കിൽ, അതൊക്കെ പരിഹരിക്കാനും പാണ്ഡവർക്കറിയാം. ചടങ്ങുകഴിഞ്ഞാൽ കോഴിയിറച്ചിയും അപ്പവും കഴിക്കാൻ എനിക്കു് കൂട്ടുതരണം, നാൽക്കാലികൾ കൗരവർ കുരുക്ഷേത്രയിൽ അറത്തു പൊരിച്ചു തിന്നു.”
“പൊലിപ്പിക്കുന്നത്ര പ്രായവ്യത്യാസം യുധിഷ്ഠിരനുമായി പാഞ്ചാലിക്കുണ്ടോ? ബഹുഭർത്തൃത്വ ദാമ്പത്യത്തിന്റെ ആണിക്കല്ലു് യുധിഷ്ഠിരവാർധക്യത്തിൽ ഇളകുന്നു എന്ന ദ്രൗപദീനിരീക്ഷണം, ഇളമുറക്കാരനായ നിങ്ങൾ എളുപ്പം വകവച്ചു കൊടുക്കുമോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ജീവിതം.
“പ്രായത്തെക്കുറിച്ചവൾ വല്ലാതെ ആധിപ്പെടുന്ന സന്ദർഭങ്ങൾ ഞാൻ അസ്വസ്ഥതയോടെ ഓർക്കുന്നു. പരിചയപ്പെട്ട ഉടൻ അവൾ ചോദിച്ചതു്,” “നാലാം ഭർത്താവായ നീ എന്നെക്കാൾ നന്നേചെറുപ്പമാണല്ലോ, അതോ, തോന്നുന്നതോ?”.
“യുധിഷ്ഠിരനെ നീ പിതാവിന്റെ സ്ഥാനത്താണു് കാണുന്നതെങ്കിൽ രാജസൂയയാഗവേദിയിൽ നീ എന്തിനയാളുടെ ഭാര്യയുടെ സ്ഥാനത്തു് ഇരുന്നു? ഔദ്യോഗികമായി അർജ്ജുനഭാര്യ, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന പദവിക്കായി നിങ്ങളുടെ ഔദ്യോഗികവധുവേഷംകെട്ടി യാഗശാലയിൽ ഇരിക്കാൻ വയ്യ” എന്ന പരസ്യനിലപാടിനുപകരം, യാഗം പൂർത്തിയായാൽ ചക്രവർത്തിനി ആവാമെന്ന മോഹത്തിൽ മൂന്നുദിവസം തീയുംപുകയും ശ്വസിച്ചു പല അവമതിക്കും കൂട്ടുനിന്നു. ചൂതാട്ടത്തിൽ എല്ലാം പോയി പാണ്ഡവർ വനവാസത്തിലായപ്പോൾ അവൾക്കു തോന്നി യുധിഷ്ഠിരൻ ശരിക്കും ആളൊരു വൃദ്ധൻ! വയോജനങ്ങളുടെ ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ പിന്തുടർന്നു് യുധിഷ്ഠിരൻ സങ്കടം പറയുമ്പോൾ പാഞ്ചാലി അതിനു ചെവി കൊടുക്കാതെ മാറിപ്പോവുന്നതു ഞങ്ങളെ വേദനിപ്പിച്ചു. യുധിഷ്ഠിരന്റെയും ഭീമന്റെയും സാന്നിധ്യത്തിൽ അരക്കെട്ടിൽ കൈ ചേർത്തു് എന്നെ കിടപ്പറയിലേക്കു് കൊണ്ടുപോവുന്നു. യുദ്ധം കഴിഞ്ഞു യുധിഷ്ഠിരൻ വീണ്ടുംരാജാവായപ്പോൾ, പാഞ്ചാലി വിഷാദരോഗിയായി. പകിട്ടുള്ള ആഭരണമാണു് ചെങ്കോൽ എന്ന ധാരണമാറി, നീറുന്ന പ്രശ്നങ്ങളോടുള്ള ഓർമ്മപ്പെടുത്തലാണു് കുരുവംശത്തിന്റെ അധികാരദണ്ഡു് എന്നറിഞ്ഞതോടെ, ബന്ധം പിന്നെയും അകന്നു. എല്ലാം കണ്ടിട്ടും കേട്ടിട്ടും ഇരട്ടസഹോദരനായ സഹദേവൻ, ‘ഇതാണു് ജീവിതാവസ്ഥ’ എന്ന തിരിച്ചറിവിൽ നെറ്റിചുളിക്കാതെ ഇതുവരെയും പഴയപോലെ കാണുന്നു!”
“അരമനയിൽ ബന്ദിയാക്കിയോ കിരീടാവകാശിമാത്രമായ ദുര്യോധനൻ!”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവർ ഭാഗ്യാന്വേഷണത്തിനായി ഖാണ്ഡവവനത്തിലേക്കു് ‘വെട്ടുകത്തിയും മണ്ണിളക്കി’യുമായി കുടിയേറിയ സംഘർഷകാലം.
“കിടപ്പുരോഗിപാണ്ഡുവിനു് അന്നംകൊടുത്ത മാദ്രി, മാതൃത്വത്തിനായി പൂചൂടി ആൺവേട്ടക്കു് പോവാൻ തുടങ്ങി. പരിചരിക്കാൻ മൂന്നു കൊച്ചുകുട്ടികൾ എനിക്കുണ്ടായിട്ടും, രോഗീ ശുശ്രൂഷ ചെയ്തു പ്രശംസനേടിയില്ലേ ഞാൻ? ഇരട്ട‘ദേവ’ സഹോദരന്മാരിൽനിന്നും ഗർഭിണിയായി മാദ്രി, നവജാതശിശു പരിചരണ ഇടവേള കഴിഞ്ഞു ഭർത്തൃശുശ്രൂഷ ഏറ്റെടുത്ത കാലത്തല്ലേ, അവളുടെ മടിയിൽ കുഴഞ്ഞുവീണു ‘അഭിശപ്ത’ പാണ്ഡു മരിച്ചതു്? അയൽപക്ക സന്യസ്തർ വന്നു ജഡം കണ്ടപ്പോൾ, “സ്വവസതിയിൽ കിടന്നു മരിക്കാൻ അവസരം കിട്ടിയ ഭാഗ്യജന്മം” എന്നനുസ്മരിച്ചു ചിതയൊരുക്കാൻ സഹായിച്ചു. ചിതയിൽചാടി സതിയനുഷ്ഠിക്കാൻ മാദ്രിയെ ഞാൻ കൊണ്ടു പോവുമ്പോൾ, അവൾ നിലവിളിച്ചതു പ്രതിഷേധം കൊണ്ടായിരുന്നില്ല. ഭർത്താവിന്റെ ദേഹവിയോഗത്തിൽ ദുഃഖം അനുഭവിക്കുന്നവളുടെ നിസ്സഹായത കൊണ്ടായിരുന്നില്ലേ? ചിതയിലേക്കു് വഴിനയിക്കുന്ന എന്റെ സദുദ്ദേശ്യപ്രചോദിതമായ പ്രവർത്തിയിൽ, മലിനമനസ്സോടെ നിങ്ങൾ കൊലപാതക ശ്രമം കാണുന്നതു് പോലെ, ദുര്യോധനൻ കാണുമെന്നെനിക്കു തോന്നുന്നില്ല. അവൻ നീതിമാൻ, പ്രിയദുര്യോധനൻ വിധിപറയും: “പ്രകൃതിയുടെ കൽപ്പന സൗമനസ്യത്തോടെ നീ നിർവ്വഹിച്ചു!””
“കഴിഞ്ഞു സൗവ്വർണ്ണ ഇന്ദ്രപ്രസ്ഥക്കാലം! വീണ്ടും ഇരുൾമൂടിയ വനയാത്ര അല്ലേ!” കൊട്ടാരം ലേഖിക കരുതലോടെ ചോദിച്ചു. ആറംഗപാണ്ഡവസംഘം പന്ത്രണ്ടുവർഷ നരകജീവിതത്തിനായി ഹസ്തിനപുരി നഗരാതിർത്തി കടക്കുന്ന നേരം.
“പക്ഷികൾക്കു് ദേശാടനം ആവാമെങ്കിൽ പാണ്ഡവർക്കു് കമനീയ വനത്തിൽ പൊറുത്തുകൂടെ? കാട്ടിൽ ജനിച്ചുവളർന്നു അഭയാർഥികളായും വിനോദസഞ്ചാരികളായും ‘കൊലപ്പുള്ളി’കളായും പ്രകൃതി ഉപാസനക്കായി സമർപ്പിച്ചവരല്ലേ ഞങ്ങൾ, അല്ലാതെ ദുര്യോധനനെപ്പോലെ കോട്ടകൊത്തളങ്ങളിൽ ഇളവെയിലും നിലാവുമായി പിശാചിന്റെ പ്രലോഭനങ്ങൾ അല്ലല്ലോ. പാണ്ഡവർ ഞങ്ങൾ കുട്ടിക്കാലത്തു കാട്ടിൽകണ്ടു മതിപ്പുതോന്നിയ ദേശാടനപക്ഷികളെപോലെയാണു്. എവിടെ കൂടുകെട്ടുന്നുവോ അവിടമാണു് ‘ആധ്യാത്മ വിദ്യാലയം’ അഥവാ ജന്മനാടു്. പെണ്ണശുദ്ധി പരിക്കേൽപ്പിച്ച ഉടലുമായി പാഞ്ചാലി മുഖം താഴ്ത്തി എന്നതൊക്കെ പാണ്ഡവ ദേശാടനവുമായി കൂട്ടിക്കെട്ടേണ്ട. ശിക്ഷാകാലാവധി ശിക്ഷണബോധത്തോടെ പൂർത്തിയാക്കും. അതിനിടയിൽ അതിമാനുഷപ്രവർത്തനങ്ങൾക്കായി ‘ഹസ്തിനപുരി പത്രിക’ ‘ചുവരുകൾ’ ഒഴിച്ചിടുക–ദിവ്യാത്ഭുതങ്ങൾ വാർത്തയാക്കാൻ ഭാഗ്യം നിങ്ങൾക്കായിരിക്കുമോ!”
“അനീതി ചോദ്യം ചെയ്യുന്നവന്റെ കഴുത്തിലേക്കു് വാരിക്കുന്തമെറിയുന്നവനെന്താണു് കന്നുപൂട്ടി വിത്തെറിയേണ്ട കൃഷിഭൂമിയിൽ കാര്യം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഗംഗയാറിൻ കൈവഴികളിലൊന്നിൽ, സൂക്ഷ്മതയോടെ നീരൊഴുക്കു് തടസ്സംനീക്കി, ഗ്രാമീണർക്കു് വേനലിൽ കുടിനീർലഭ്യത എളുപ്പമാക്കുകയിരുന്നു, ഉച്ചവെയിലിൽ ഒരു സംഘം കൗരവർ.
“തൂമ്പ മാരകായുധമാക്കിയ കൊലയാളികളാണോ ഞങ്ങൾ! ഇലപ്പച്ചകളുടെ ഉൾത്തുടിപ്പായിരുന്നല്ലോ കൊച്ചുനാൾമുതൽ ഞങ്ങളുടെ കരൾനിറയെ! ഖാണ്ഡവപ്രസ്ഥമെന്ന അതിലോലആവാസവ്യവസ്ഥയെ പാണ്ഡവർ കത്തിച്ചാമ്പലാക്കിയെന്നറിഞ്ഞപ്പോൾ, വെന്തുനശിച്ച ആ ജീവജാലങ്ങൾക്കായി ബലിഘട്ടങ്ങളിൽ ഞങ്ങൾ ജലപ്രതിജ്ഞയുമെടുത്തു. ഹസ്തിനപുരി രാജവസതിക്കു പിന്നിലെ സംരക്ഷിതവനത്തിൽ ചുറ്റിക്കറങ്ങിയാൽ നിങ്ങൾക്കിന്നും കാണാം, ഓരോ കൗരവവധുവും സ്വന്തം നാട്ടിൽനിന്നും വേരുമുറിയാതെ പറിച്ചുകൊണ്ടുവന്നു നട്ടുപരിപാലിച്ചു വളർത്തിയെടുത്ത ഫലവൃക്ഷങ്ങൾ. ഹസ്തിനപുരി അരമന അന്തേവാസികൾ ഊട്ടുപുര ഭക്ഷണനിർമ്മിതിയിൽ എക്കാലവും സ്വാശ്രയശീലർ. അതാണു് പെരുമനിറഞ്ഞ ഗാന്ധാരസ്വാധീനത്തിൽ തെളിഞ്ഞ കുരുവംശത്തനിമ! പടർന്നുവേരോടിയ പച്ചിലപ്പടർപ്പുകളുടെ രോഗശാന്തി ശുശ്രൂഷയിലാണു് കൗരവർ കുട്ടിക്കാലംമുതൽ കരുത്തുനേടിയതു്. ‘നീ, നീയാണു് മക്കളെ വിശ്വപ്രകൃതി’ എന്നു് ഗാന്ധാരി ഞങ്ങൾക്കു മുമ്പിൽ വികാരാധീനയായി ഗാന്ധാര മലഞ്ചെരുവുകളിൽ പറയുമ്പോൾ, അതൊരു സാംസ്കാരിക ചുമതലയാണെന്നു കരുതി കുട്ടിക്കാലത്തൊക്കെ മാതൃഭൂമിയിൽ വിരുന്നുപോവാൻ ഞങ്ങൾക്കു് ഉൾഭീതിയായിരുന്നു. അക്ഷരാഭ്യാസമുണ്ടായപ്പോൾ അതിന്റെയൊക്കെ അന്തഃസത്ത വ്യക്തമായി, അമ്മ പറഞ്ഞതിന്റെ അകംപൊരുൾ ആയിരുന്നു അതു്. കാട്ടിൽപിറന്ന കൗന്തേയർ വന്യപ്രകൃതിയോടു് മാന്യത കാണിച്ചുവോ എന്നു് ഇന്ദ്രപ്രസ്ഥം തുടർന്നും നിങ്ങളോടു് പറയട്ടെ!”
“കള്ളച്ചൂതാട്ടവിദഗ്ദരോടേറ്റുമുട്ടാൻ, അരമനയിലെത്തിയ ധർമ്മപുത്രർ, കണ്മുന്നിൽ വന്ന ഓരോകൗരവനെയും, ഔപചാരികമായി ഹസ്തദാനം ചെയ്യുന്നതിനുപകരം, കൈചേർത്തു പുറംതലോടുന്ന പുതുആശംസാരീതി താങ്കളുടെ കഴുകൻനോട്ടത്തിൽ പെട്ടിരുന്നോ? പാണ്ഡവരോടുപോലും ഔപചാരികതയുടെ ആൾരൂപമായ ഇന്ദ്രപ്രസ്ഥംചക്രവർത്തി, പെട്ടെന്നു് കുടിലകൗരവർക്കൊരു ജ്യേഷ്ടസഹോദരനുമായോ? എന്താ ഈ മറിമായം?” കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു.
“മുഖത്തുനോക്കി ആശീർവദിക്കാൻപറ്റിയ കൗരവർ ആരും ഇല്ലെന്നു ഇന്ദ്രപ്രസ്ഥം ചക്രവർത്തിക്കു് പൊടുന്നനെ തോന്നിയിട്ടുണ്ടാവും? അല്ലെങ്കിൽ ‘നാളെ സന്ധ്യക്കു് ചൂതാട്ടത്തിൽ എന്നെ കബളിപ്പിച്ചു പരിപൂർണ്ണനിസ്വനാക്കാൻ, അവിശുദ്ധകൂട്ടുകെട്ടാണല്ലോ കൗരവനൂറ്റുവർ” എന്നു് തോന്നിയിട്ടുണ്ടാവുമോ? പുറംതലോടുന്നതിൽ കവിഞ്ഞേതു് കൗരവാവയത്തെ തലോടിയാലും, ചുഴിഞ്ഞിറങ്ങുന്ന കൗരവക്കണ്ണിലേക്കുമാത്രം എന്റെ കണ്ണു് നോക്കരുതേ എന്നകാഴ്ചപ്പാടിലെത്തിയിട്ടുണ്ടാവും. ഇന്നുവൈകുന്നേരമാണല്ലോ ചൂതാട്ടം. അർധരാത്രിയോടെ ഫലം അറിയാമെന്നാണു് പ്രതീക്ഷ!”, ഊട്ടുപുരയിൽ ‘പരാദങ്ങൾ’ സൗജന്യപ്രാതൽ കഴിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന നേരം.
“തുടങ്ങിയോ വാക്കുതർക്കം? ജീവചരിത്രകാരനാവാൻ നിയോഗംകിട്ടിയ ദാർശനികകവിയല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അതു് തന്നെയാണു് പറഞ്ഞുതീർക്കാനുണ്ടായ തർക്കം. ദശാബ്ദങ്ങൾ നീണ്ട തന്റെ സഹനജീവിതം ഒരു സാംസ്കാരികപഠനം എന്ന നിലയിൽവേണം വ്യാസൻ അവതരിപ്പിക്കാൻ എന്നു് പാഞ്ചാലി നിലപാടു് കനപ്പിച്ചു. ജീവിതാനുഭവം എന്ന നിലയിലുള്ള വ്യാസരചനാരീതി അസ്വീകാര്യമെന്നും. വസ്ത്രാക്ഷേപത്തിൽ ‘ഊരി’പ്പോകുന്നതല്ല പാഞ്ചാലിയുടെ രണോർജ്ജം എന്നുമവൾ പറഞ്ഞു. വ്യാസൻ എഴുനേറ്റുനിന്നാണു് പാഞ്ചാലിക്കു് ചെവികൊടുത്തതും, തലയിൽ കൈവച്ചനുഗ്രഹിച്ചതും.,” എല്ലാ ഗുരുകുലങ്ങളും ഹരിതചട്ടം പാലിക്കണമെന്ന ഭരണകൂടആജ്ഞയുമായി ഓടിനടക്കുകയാണു്, പരിക്കുകൾ പൂർണമായി മാഞ്ഞിട്ടില്ലാത്ത ശരീരവുമായി ഇളമുറപാണ്ഡവൻ നകുലൻ.
“മറ്റെല്ലാ കൗരവരും ക്ഷീണിച്ചുറങ്ങുമ്പോൾ ദുര്യോധനൻ മാത്രം ഒളിഞ്ഞിരുന്നു ചാരപ്പണിയോ!” ഞെട്ടലോടെ കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധംതുടങ്ങാൻ ഒരു ദിവസം ബാക്കി. കുരുക്ഷേത്ര അടിസ്ഥാനപാളയസൗകര്യങ്ങൾ കാണാൻ നേരത്തെ എത്തിയ യുദ്ധകാര്യ ലേഖകനുമൊത്തു വനിതാപ്രവർത്തക.
“പാണ്ഡവസഖ്യ കക്ഷിയാവാൻ വടക്കുപടിഞ്ഞാറൻ മാദ്രദേശത്തുനിന്നും വലിയൊരു സൈന്യവുമായിവന്ന ശല്യരാജാവിനെ, താനാണു് നിങ്ങളുടെ ഇളയ സഹോദരി മാദ്രിയുടെ മകൻ എന്നു് കബളിപ്പിച്ചു, കൂടെ നിർത്തിയിരിക്കയാണു്, പ്രേമത്തിലും സ്വാർത്ഥതയിലും കവിഞ്ഞ ധാർമ്മികത യുദ്ധത്തിലില്ലെന്നു വിശ്വസിക്കുന്ന ദുര്യോധനൻ. എന്നാൽ, ശല്യൻ വസ്തുത മനസ്സിലാക്കി പാണ്ഡവർക്കൊപ്പം ഐക്യംപ്രഖ്യാപിച്ചുപോവുമോ എന്ന ഭീതിയുണ്ടു്. മുൻകരുതൽ എന്ന നിലയിൽ ശല്യനും സൈന്യവും പാർക്കുന്ന പാളയത്തിലേക്കൊരു ചാരക്കണ്ണു—അത്രമാത്രം!”
“ഭീതിയുണർത്തുന്ന നിശാകാമിനിയാണോ നവവധുദ്രൗപദി എന്ന സംശയം എപ്പോഴാണു് നിങ്ങൾക്കൊക്കെ തോന്നിയതു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പത്തുപാണ്ഡവക്കണ്ണുകൾ ജാലകത്തിലൂടെ ഇടവഴിയിലേക്കു് നീങ്ങി. താഴ്‌വരയിലെ ജലാശയത്തിൽ നിന്നു് പാഞ്ചാലി കുളികഴിഞ്ഞു എത്താറായിട്ടില്ല എന്നു നിഴൽ നോക്കി ഉറപ്പുവരുത്തി.
“പാഞ്ചാലിയുമൊത്തു ഹസ്തിനപുരിയിൽ ഞങ്ങൾ എത്തുമ്പോൾ, കാമനയെക്കാൾ പേടിയായിരുന്നു. അരക്കില്ലം കത്തിച്ചു പൊതുമുതൽ നശിപ്പിച്ചതിനു് ‘പിടികിട്ടാപ്പുള്ളികൾ’ എന്നു് വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും ദുര്യോധനൻ ചുവരെഴുത്തുപരസ്യങ്ങൾ കൊടുത്തതറിഞ്ഞിരുന്നു. എന്നാൽ പാഞ്ചാലിയെ ഒരുനോക്കുകണ്ട കൗരവർ, അതിഥിമന്ദിരം ഉടൻവിട്ടുതന്നു. അന്നു് രാത്രി ആറുപേരും (കുന്തിയെ വിദുരർ സ്വന്തം വസതിയിലേക്കു് കൊണ്ടുപോയി) സംസാരിക്കുമ്പോൾ, യുധിഷ്ഠിരൻ പന്തംകെടുത്തി, ഇരുട്ടിൽ മുഖംകാണാതെ പരസ്പരം ഇരിപ്പിടംമാറാൻ മറ്റുനാലുപേരോടു് ആജ്ഞാപിച്ചു. ഞങ്ങൾക്കിടയിൽ വന്നു പാഞ്ചാലി ആരെ ആദ്യംതൊടുന്നുവോ, അയാൾ അതിഥിമന്ദിരത്തിലെ ആഡംബരകിടപ്പറയിൽ അവളെ ഇന്നു സന്തോഷിപ്പിക്കാം. നിർദ്ദേശം കേൾക്കേണ്ട താമസം, നവവധു ഇടിച്ചുകയറി ശബ്ദമുയർത്തി. നിങ്ങൾ കുറച്ചുപേരുടെ സൗജന്യത്തിലും പരസ്പര്യത്തിലും അനുവദിച്ചുകിട്ടേണ്ട ഒന്നല്ല എനിക്കു് ആൺപെൺരതി. ബഹുഭർതൃത്വദാമ്പത്യത്തിന്റെ ചുക്കാൻപിടിക്കുന്ന എനിക്കു്, നീതിപൂർവ്വം പ്രതീക്ഷിക്കാവുന്ന വ്യക്തിഗത, ശാരീരിക, ആസ്വാദനസേവനമെന്ന നിലയിൽ, രതി നിങ്ങൾ മത്സരത്തിനും പരസ്യചർച്ചക്കും വിഷയമാക്കരുതു്. അവിവേകമായി ഇക്കാര്യം നിർദേശിച്ച മുതിർന്നപാണ്ഡവൻ യുധിഷ്ഠിരൻ ഒരുവിധത്തിലും ഇന്നു് എനിക്കു് പായപങ്കിടാനുള്ള കൂട്ടാളിയാവില്ല.”
“കാറൊഴിഞ്ഞ മാനം, കുളിരുള്ള പ്രഭാതം. കുരുവംശആസ്ഥാനം. പകൽവെളിച്ചത്തിൽ, പൊതുവേദിയിൽ ഇരുന്നുള്ള സമാലോചനയല്ല, പടുതിരികത്തുന്ന ഭൂഗർഭഅറയിൽ രണ്ടുമൂന്നുപേർ അർദ്ധരാത്രി കറുത്ത ആലോചന. തേച്ചുമുനകൂട്ടിയ ആയുധങ്ങളുടെയും, അവസരോചിതമായ കുതന്ത്രങ്ങളുടെയും പിശാചിന്റെ പരീക്ഷണശാലയാണു് ഓരോ കൗരവഹൃദയവും. ഇന്നു് വിരാടയിൽനിന്നും താരപദവിയുള്ളൊരു പാണ്ഡവപ്രതിനിധി, യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്രനാടകത്തിലെ അവസാന ഇനമായ ‘വിശ്വരൂപ പ്രദർശന’സാധ്യതയുമായി എത്തും എന്നു് ഞങ്ങൾ ഹസ്തിനപുരി മാധ്യമപ്രവർത്തകർ, അതിവേഗം മിടിക്കുന്ന ഹൃദയതാളത്തിൽ, ആശങ്കപ്പെടുന്നുണ്ടു്. ചുവരെഴുത്തുപതിപ്പിൽ എന്തായിരിക്കണം തലക്കെട്ടെന്നു ഒരുനിമിഷം ധ്യാനത്തിൽ പോകട്ടെ ഞാനും!”
“ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ പാണ്ഡവർ ഒരു കാടു് കത്തിക്കും!” ഖാണ്ഡവപ്രസ്ഥം എന്ന അതിലോല ആവാസവ്യവസ്ഥ തീയിട്ട വാർത്ത അറിഞ്ഞപ്പോൾ കർണ്ണൻ കൗരവരാജസഭയിൽ!
“പ്രായപരിഗണനാ വിഭാഗത്തിൽവന്ന പാണ്ഡവരിൽ നിങ്ങൾകണ്ട വ്യക്തിത്വപരിമിതികളും പ്രത്യക്ഷന്യൂനതകളും എന്തൊക്കെയാണു്?”, കൊട്ടാരം ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിനുമുമ്പുള്ള ബഹുഭർത്തൃത്വദാമ്പത്യത്തിൽ പ്രകടമായ സംഘർഷദിനങ്ങൾ.
“അവരഞ്ചുപേരും കിടമത്സരിക്കുന്നതു്, പ്രായംമുപ്പതുകളിൽ ഓടുന്ന കിരീടാവകാശി പരീക്ഷിത്തിനോടാണു്! അഭിമന്യുപുത്രനായ പരീക്ഷിത്ത് നാലു പാണ്ഡവർക്കഭിമതനല്ല എന്നറിഞ്ഞതോടെ ‘അമ്മ ഉത്തരയുടെ മകൻ’ എന്നവർ പരിഹാസത്തോടെ പരാമർശിക്കാൻതുടങ്ങി. ചെങ്കോലിനായി അക്ഷമകാണിക്കുന്ന ഈ ഏകകുരുവംശകിരീടാവകാശിയെ അവർ ഊട്ടുപുരയിൽ കണ്ടാൽപോലും ‘സുഖമല്ലേ?’ എന്നു് മിണ്ടാതായി. പരീക്ഷിത്ത് പതിവായി കാണുന്നവരെയൊക്കെ നകുല ചാരക്കണ്ണുകളുടെ ഒളിനോട്ടപരിധിയിൽ ഉൾപ്പെടുത്തി. ഗംഗാതടസംസ്കാരത്തെ മലിനപ്പെടുത്താൻ തുനിയുന്ന ദുരധികാരമോഹിയെന്നവരിൽ ചിലർ തുറന്നുവിശേഷിപ്പിച്ചു. പരീക്ഷിത്തിന്റെ നവവധുക്കളെ പാണ്ഡവർ ‘അനുഗ്രഹാശിസ്സുകൾ’ക്കെന്നപോലെ ‘സ്പർശചികിത്സ’ക്കു് വിധേയരാക്കി. പിൻവലിഞ്ഞപ്പോൾ, ‘ഇതിഹാസനായകന്മാരായ പാണ്ഡവരെ’ അധിക്ഷേപം ചെയ്യുകയാണെന്നവർ പ്രചരിപ്പിച്ചു. ബഹുഭർത്തൃത്വകുടുംബ നേതൃത്വം വഹിക്കുന്ന മഹാറാണി എന്ന നിലയിൽ അഞ്ചു പേർക്കും ഞാൻ മുന്നറിയിപ്പു് കൊടുത്തു. “പാദരക്ഷയും തിരുവസ്ത്രങ്ങളും ഊരി നിങ്ങൾ മഹാപ്രസ്ഥാനത്തിനു പടിയിറങ്ങേണ്ട നേരമായി. രാജഭരണം പരീക്ഷിത്തുമായി ഞാൻ പങ്കിട്ടുകൊള്ളാം” അപ്പോൾ മുങ്ങിയതാണവർ, പിന്നെ പൊങ്ങിയിട്ടില്ല!”
“ അധികാരത്തിൽകയറി തിരക്കൊഴിഞ്ഞില്ല ‘ഭൂഗർഭഅറ’ കൈവശപ്പെടുത്തിയല്ലോ. എന്തന്വേഷിക്കും, മഹാരാജാവു്, ഭീഷ്മരിൽനിന്നും, ‘അമൂല്യബോധനം’ സ്വീകരിക്കുമ്പോൾ”, കൊട്ടാര ലേഖിക നകുലനോടു് ചോദിച്ചു.
“ദുര്യോധനന്റെ ‘കറതീർന്ന’ ചാരസംവിധാനത്തിൽനിന്നും പഠിക്കണം! അരമനഅന്തേവാസികളെക്കുറിച്ചു ശേഖരിച്ച രഹസ്യങ്ങൾ ഉള്ളതുപോലെ തന്നെ, പാണ്ഡവരെക്കുറിച്ചു ‘രഹസ്യരേഖ’കളും കൈവശപ്പെടുത്തണം, അവരുമൊത്തു അധികാരംപങ്കിടുമ്പോൾ അന്യായ ആവശ്യങ്ങൾ തടയാൻ. സിംഹാസനത്തിൽ കണ്ണുവെക്കുന്ന ഭീമൻ, അർജ്ജുനൻ എന്നിവരെക്കുറിച്ചു ‘സ്വർഗീയ’ദുര്യോധനൻ സംഭരിച്ച ‘കറുത്ത രഹസ്യങ്ങൾ’ കയ്യെത്തിപ്പിടിക്കണം. സ്വസഹോദരന്മാരെ ഒതുക്കാൻ ആവശ്യത്തിനു് കിട്ടണം. ഇങ്ങനെതന്നെയല്ലേ നിങ്ങൾ ‘ഇളകിയാടു’ന്നതു്?”
“വനവാസക്കാലത്തു കൗരവ‘അടിമ’പദവിയായിരുന്ന യുധിഷ്ഠിരനെ, നേരിയ പരിഹാസത്തിലാണെങ്കിൽപോലും ‘മഹാരാജാവേ’ എന്നു് അഭിസംബോധന ചെയ്തിരുന്ന ഭീമനും അർജ്ജുനനും, യുധിഷ്ഠിരപട്ടാഭിഷേകത്തിനുശേഷം ആളും തരവും മാറിയല്ലോ. മഹാരാജാവുമില്ല അടിയനുമില്ല അതെന്താ അനുജന്മാരുടെ പെരുമാറ്റച്ചട്ടത്തിൽ വീഴ്ച?”, കൊട്ടാര ലേഖിക ചാർവകനോടു് ചോദിച്ചു. കൗരവവിധവകളെ പുനരധിവാസകേന്ദ്രത്തിൽകണ്ടു സംസാരിക്കുകയായിരുന്നു ധർമ്മപുത്രർ എന്നറിയപ്പെടുന്ന ‘കാല’പുത്രൻ.
“വനവാസക്കാലത്തു അഞ്ചുപേരും ദുഃഖിതർ! പുകഴ്ത്തിയും കുടിലിലെ ചൂതാട്ടപരിശീലനത്തിൽ വിജയിപ്പിച്ചും അനുജന്മാർ രസിച്ചു. അർദ്ധസത്യം പറഞ്ഞു യുധിഷ്ഠിരൻ അധികാരത്തിൽ കയറിയപ്പോൾ ദിവ്യപരിവേഷം ഉടഞ്ഞു. അപ്പോൾ പരിഗണനാ വിഷയം യുധിഷ്ഠിരനുശേഷം ആർ? ഭീമന്റെ മാനസികാരോഗ്യം സംശയകരമെന്നു അർജ്ജുനനും, അർജ്ജുനന്റെ പരസ്ത്രീ ആഭിമുഖ്യം കൗരവരാജവിധവകളിലേക്കു നീളുന്നല്ലോ എന്നു് ഭീമനും ആശങ്കനിർമ്മിതി പതിവായി. ഇരുവരും അധികാരത്തിലിരിക്കാൻ കൊള്ളരുതാത്തവർ എന്നു് യുധിഷ്ഠിരനും പാഞ്ചാലിയെ പരസ്പരം ബോധ്യപ്പെടുത്തും. കുന്തിപെറ്റ മൂന്നും ‘കെട്ടവിത്തുകൾ’! മാദ്രിയുടെ രണ്ടുപുത്രന്മാർക്കൊപ്പംമാത്രം ഞാൻ കിടക്കപങ്കിടും എന്നു് ദ്രൗപദിയും നിലപാടു് മാറ്റി. അഭയാർഥികളായിവന്ന പാണ്ഡവകുട്ടികൾ അവരിലുണ്ടു് സാഹചര്യം തുണച്ചപ്പോൾ അധികാര അഭിലാഷങ്ങൾ വർധിച്ചു.”
“ സാമൂഹ്യനന്മയുള്ളൊരു ഓർമ്മപങ്കിടാമോ ആദ്യചരമദിനത്തിൽ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. അരികെ കുരുക്ഷേത്രവിധവകൾ രാജദമ്പതികൾക്കുചുറ്റും കൂട്ടംകൂടിനിന്ന പുനരധിവാസകേന്ദ്രം.
“ഉൾനാടുകളിൽ വരണ്ടുകിടന്ന കുളങ്ങളും കിണറുകളും വൃത്തിയാക്കി ശുദ്ധജലസംഭരണി തയ്യാറാക്കുകയായിരുന്നു കൗമാരം മുതൽ വേനൽക്കാലവിനോദം. കിളക്കാനും ചളികോരി നീക്കാനും അറിയാത്തവന്റെകയ്യിൽ ചെങ്കോൽ കൊടുക്കരുതേ എന്നവൻതാക്കീതുചെയ്യുമായിരുന്നു. യുദ്ധത്തലേന്നു് കൊട്ടാരംവക കൃഷിയിടത്തിൽ ജലസേചനം ചെയ്തു പ്രകൃതിയോടു യാചിച്ചാണവൻ, സ്വാതന്ത്ര്യം പരിരക്ഷിക്കാൻ, രണാങ്കണത്തിൽ ഇറങ്ങിയതു്. ഭീമഗദക്കു മുമ്പിൽ ജീവത്യാഗം ചെയ്യുമ്പോൾ, തടാകതീരത്തായിരുന്നു എന്നോർക്കണം. നിണമണിഞ്ഞ ഭൌതികാവശിഷ്ടം ജലത്തെ മലിനപ്പെടുത്തരുതു്, അതു കൊണ്ടു് മുടിയിൽവലിച്ചു കരകയറ്റി തുടയിൽ അടിച്ചു, വേണ്ടിവന്നാൽ അധാർമ്മികമായിപോലും, കൊലചെയ്യൂ എന്നു് പിതൃസഹോദരപുത്രൻ ഞങ്ങളെ പ്രേരിപ്പിച്ചു” ഓർമ്മയുടെ ദുഃഖം തടയണപൊട്ടി.
“വിദേശപഠനസംഘം അരുതാത്തതെന്തോ പാണ്ഡവരെക്കുറിച്ചു പറഞ്ഞെന്നപരാതിയിൽ, സഞ്ചാരസ്വാതന്ത്ര്യം മരവിപ്പിച്ചു എന്നുകേട്ടല്ലോ. ആഗോളതലഅംഗീകാരമുള്ള വിശ്വവിദ്യാലയമല്ലേ തക്ഷശില? പിണക്കിയാൽ!”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാനവർഷങ്ങളിൽ പരീക്ഷിത്ത് ‘തിരുവസ്ത്ര’ത്തിനായി തിരക്കുകൂട്ടുന്ന ദിനങ്ങൾ.
“അങ്ങനെയാണോ പ്രസ്താവനയെ ലഘൂകരിക്കുന്നതു? വിമർശനവിലക്കില്ല, എന്നാൽ, പ്രായംപരാമർശിച്ച ‘പ്രാക്കു്’ പൊറുക്കുകയുമില്ല. അരമനയിൽനിന്നും ഞങ്ങൾ ആറുപേരുടെ സായാഹ്നയാത്ര ജനങ്ങൾക്കൊരു പുതുകാഴ്ചയൊന്നുമല്ലെങ്കിലും മട്ടുപ്പാവിൽനിന്നും പൂക്കൾഎറിയും. പെട്ടെന്നാരോ ‘വൈദേശിക’ ഉച്ചാരണത്തോടെ മന്ത്രിക്കുന്നപോലെ, “കോമളരൂപിയായ റാണിയൊഴികെ, കൂടെനടക്കുന്ന ബാക്കിയഞ്ചുആണുങ്ങളും, ‘ആധുനിക’ഹസ്തിനപുരിയിൽ കാലഹരണപ്പെട്ടവർ!” രാജാവിനെ സ്ഥാനഭൃഷ്ടനാക്കാൻ ക്ഷുദ്രശക്തികളുമായി മൈത്രിപുലർത്തുന്ന കിരീടാവകാശിപരീക്ഷിത്തിനു്, എന്തുവേണം ‘കൗരവ’ പ്രക്ഷോഭം നയിക്കാൻ! നിഷ്കളങ്കമായല്ല, രാജ്യത്തിന്റെ ‘അഖണ്ഡത’ക്കുനേരെ സർവ്വകലാശാലയുടെ ഇടപെടലായിരുന്നു. സന്ദർഭംസൂചിപ്പിച്ചു. അർഥം വിശദീകരിക്കേണ്ട പണി നിങ്ങളുടെ വാർത്താകാര്യാലയം ഏറ്റെടുക്കട്ടെ!”
“അഞ്ചു ഗ്രാമങ്ങൾ ചോദിച്ചു, സൂചികുത്താൻ ഹസ്തിനപുരിയിൽ ഭൂമിപതിച്ചു നല്കില്ലെന്നുറപ്പിച്ചു. ഇത്രയുമായാൽ ‘നിസ്വ’ പാണ്ഡവർ അടിയറവു തയ്യാറാണല്ലോ, പരിഗണിച്ചുകൂടേ? ഇന്ദ്രപ്രസ്ഥം, ഖാണ്ഡവപ്രസ്ഥംപോലെ, സംരക്ഷിതവനമേഖല! പാണ്ഡവകുടുംബം എവിടെ പൊറുക്കും”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വിരാടയിലെ ഒളിച്ചുതാമസം കാലാവധിതീരുംമുമ്പു് കള്ളിവെളിച്ചത്തായതോടെ, അഹിംസയിലൂന്നിയ സമവായത്തിനു് ശ്രമിക്കുകയായിരുന്നു പാണ്ഡവർ.
“പാണ്ഡവഉന്മൂലനത്തിനുതാഴെ, ലക്ഷ്യം വേറെയില്ല. ഒന്നുരണ്ടുദിവസങ്ങൾക്കുള്ളിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കും അതിനിടയിൽ അവർ ‘ജലസമാധി’ ചെയ്യുകയാണെങ്കിൽ സമാധാനത്തിനുള്ള സംഭവനയെന്നു രാഷ്ട്രം അംഗീകരിക്കാൻ തയ്യാർ!”
“എന്താണു് ശ്മശാനമൂകത?”, കൊട്ടാരം ലേഖിക മന്ത്രിച്ചു. പാറാവുകാരും കുതിരപ്പട്ടാളവും തലകുനിച്ചു. അധികാരത്തിൽ കയറിയ പാണ്ഡവരെ മുൻനിരയിൽ കാണാമായിരുന്നു.
“ആയുധമത്സരവും പോർവിളികളുമില്ലാത്തൊരു നവലോകക്രമത്തിനായി കൂട്ടപ്രാർത്ഥന എന്ന ആശയം മഹാരാജാവു് യുധിഷ്ഠിരന്റെതാണു്. അതുകഴിഞ്ഞേ ഊട്ടുപുരയിലേക്കു കുതിക്കാനാവൂ. കൗരവരാജക്കുട്ടികൾ ഒളിപ്പോരാട്ടത്തിനു ശ്രമിക്കുന്നു എന്നറിഞ്ഞ പാണ്ഡവർ, ലോകസമാധാനത്തിനു് ചെയ്യുന്നൊരു മാതൃക എന്നു് ‘ഹസ്തിനപുരി പത്രിക’യിൽ കൊടുക്കുമല്ലോ ഊട്ടുപുരയിൽ കിട്ടും ഇരിപ്പിടം!”
“കാമനയോടെ പെണ്ണുടലിൽ തൊട്ടാൽ, തല പൊട്ടിപ്പോട്ടെ എന്ന രതിവിരുദ്ധശാപം എറ്റേണ്ടിവന്ന ഷണ്ഡൻ ആയിരുന്നല്ലോ പരേതഭർത്താവു് പാണ്ഡു. “നിങ്ങൾ രാജ്യം ഭരിക്കൂ, ഞാനും മാദ്രിയും പുനർവിവാഹംചെയ്തു എവിടെയെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാം” എന്നു് പറഞ്ഞു അയാൾക്കൊപ്പമുള്ള വന വാസത്തിൽനിന്നും പിന്തിരിയുകയല്ലേ സാമാന്യബുദ്ധിക്കു് ഖ്യാതി കേട്ട നിങ്ങൾ ചെയ്യേണ്ടിയിരുന്നതു്?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“ഗാന്ധാരി വിവാഹം കഴിച്ചു, പിന്തുടർച്ചക്കായി നൂറോളം സന്തതികളെ ഒരുമിച്ചു ഉൽപ്പാദിപ്പിക്കാനവൾ ആഞ്ഞുപരിശ്രമിക്കുന്ന നാളുകൾ. പ്രജനനമത്സരംതോറ്റുകൊടുക്കാൻ മനസ്സുവന്നില്ല. പാണ്ഡു ഷണ്ഡനെന്നതൊരു അരമനരഹസ്യമൊന്നും അല്ല. പരപുരുഷ പ്രീണനം തുടങ്ങി. വിശ്വസിച്ചു സ്വയംസമർപ്പിക്കാൻ കണ്ട ഏകവ്യക്തി മന്ത്രിവിദുരർ! വ്യാസൻതന്നെ അയാൾക്കും പിതൃത്വം, എന്നാൽ ജാതിയിൽ സൂതനും. സദാചാരസംരക്ഷകനായ വിദുരരിൽനിന്നും ഞാൻ ഗർഭധാരണം പരിശ്രമിച്ചുനേടി. മാസമുറതെറ്റിയ വേളയിൽ ഞാൻ പാണ്ഡുവിനെവിട്ടെങ്ങനെ പുനർവിവാഹം ചെയ്യും? പിന്തുടർച്ചയോഗ്യത നേടണമെങ്കിൽ പാണ്ഡവകുടുംബനാമം ഔദ്യോഗിക അംഗീകാരമുള്ള പാരിതോഷികമായി പാണ്ഡു എനിക്കു് നൽകി, വിശ്വാസ്യതയുള്ള സാക്ഷിമൊഴി പനയോലകളിൽ രേഖപ്പെടുത്തണം. വിദുരർ ബീജദാതാവായി ഞാൻ പ്രസവിച്ചമകൻ തന്നെയായിരിക്കും, ഗാന്ധാരി കൗരവർക്കു ജന്മംനൽകും മുമ്പുതന്നെ യോഗ്യതനേടുക എന്നു് ഉറപ്പുവരുത്തി, പിന്തുടർച്ചതീർപ്പുണ്ടായി. ഞാനും മാദ്രിയും വനവാസത്തിനു പാണ്ഡുവുമൊത്തു പോയി.” ഭൂതകാലക്കുളിരിൽ മുഖം തിളങ്ങുന്നുണ്ടായിരുന്നു. ജീവിത സായാഹ്നത്തിലും ആകർഷകത്വം അസാധാരണമായിരുന്നു.
“എന്തു് പാഠംപഠിച്ചു പതിനെട്ടുനാൾ ചത്തുംകൊന്നും? വിശ്വശാന്തിക്കു് നയതന്ത്രം ഫലിച്ചില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ചാവലും കൊല്ലലും പതിവല്ലേ? ‘ചത്തും കൊന്നും’ പ്രയോഗങ്ങളാൽ നിങ്ങൾ കളങ്കപ്പെടുത്തരുതേ. ആൾനാശം ചുരുക്കി! ശത്രുനഷ്ടങ്ങൾ അത്യുക്തിയിൽ! പ്രതികാരകൊലയും പോരാട്ട വധവും കൂട്ടിക്കുഴക്കരുതു്. പകയുടെ സ്വരത്തിലല്ല പോർക്കളത്തിൽ സംസാരിക്കുക. കർണ്ണൻ മരിക്കുന്ന അന്നു്, ഞാനും അവനും കൂടിയാണു് കാളയെ വെട്ടിമുറിച്ചു തോലും കുടലും നീക്കി കഷണങ്ങളാക്കി കഴുകി ഉപ്പും മുളകും തേച്ചു എണ്ണയിൽ പൊരിച്ചു ഒരൊറ്റപാത്രത്തിൽ നിന്നു് തിന്നതു്.!”
“ഇന്നു് ഗാണ്ഡീവം നിന്റെ നെഞ്ചിൽ തറക്കും കേട്ടോ കർണ്ണാ” എന്നൊക്കെ ഭീമൻ പറയുമ്പോൾ പൊട്ടിച്ചിരിക്കും. യുദ്ധഭൂമിയിലെ പ്രശസ്ത വധങ്ങൾ മനുഷ്യനിർമ്മിതമല്ല ‘അതീതശക്തി’കളുടെ കൈകടത്തലുകൾ ഉണ്ടു്. ഞങ്ങൾക്കു് പാഞ്ചാലിയിൽ ഉണ്ടായ കുട്ടികൾ കൗമാരസഹജമായ പ്രത്യാശയോടെയാണു് ജേതാക്കളായി മടക്കയാത്രക്കു തയ്യാറായതു്. പക്ഷേ, പാതിരാ മിന്നലാക്രമണത്തിൽ അശ്വത്ഥാമാവു് അവരെ ചവിട്ടിക്കൊന്നു. അതിനുടൻ പ്രതികാരം ചെയ്യാൻ ഞങ്ങൾ വാളെടുത്തപ്പോൾ പാർത്ഥസാരഥി പറഞ്ഞു, “ഇതിൽ വ്യക്തിപ്രതികാരമില്ല”. കൗരവരെ കൊന്നു കരൾപറിച്ചു പാഞ്ചാലിക്കു് കൊടുത്തതു്? അതു് കൂട്ടിച്ചേർത്ത കഥ, ഇപ്പോൾ ‘പ്രക്ഷിപ്തം’. ഓരോ കൗരവനെയും പെരുമാറ്റമുറയോടെയാണു് ഭീമൻ ഗദാപ്രഹരത്തോടെ യാത്രയയച്ചതു് എന്നു് വേണം വ്യാസൻ എഴുതാൻ. ജേതാക്കളാണു് ചരിത്രം എഴുതുക, വേണ്ടിവന്നാൽ പിന്നീടു് തിരുത്തുക എന്ന തത്വം അലംഘനീയ ആചാരമായി തുടർന്നും നിലനിർത്തണം!”
“നഗരജീവിതത്തിന്റെ ഭൗതികസൗകര്യങ്ങളും, പെണ്ണുടലിന്റെ ആസ്വാദ്യതയും തിരസ്കരിച്ചു, വനമേഖലയിൽ ഇലയും ഫലവും കഴിച്ചു, പ്രപഞ്ചരഹസ്യങ്ങൾതേടി ധ്യാനം ചെയ്യുന്നവർക്കു് ആവശ്യപ്പെടാതെ തന്നെ, സേവനം നൽകണമെന്ന ഉപാധിവെച്ചാണു് കൗരവർ നിങ്ങൾക്കു് വനവാസശിക്ഷ തന്നതു്. അല്ലെങ്കിൽ ഇന്ദ്രപ്രസ്ഥം പഴയ ഖാണ്ഡവവനമാക്കി പരിവർത്തനം ചെയ്യാനുള്ള ജോലി നിങ്ങൾക്കേൽപ്പിക്കുമായിരുന്നു. ഉത്തരവാദിത്വം പരിഗണിച്ചു മുൻ ഇന്ദ്രപ്രസ്ഥംചക്രവർത്തി ഏതുവിധത്തിലാണു് ഇവിടെയുള്ള സന്യസ്ഥാശ്രമങ്ങളിലെ അന്തേവാസികളോടു് വിധേയപ്പെട്ടതു?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“യുധിഷ്ഠിരൻ ചൂതാട്ടത്തിൽ നൈപുണ്യവികസനം നേടിക്കൊണ്ടിരിക്കും. എന്നാൽ നകുലൻ ഓരോ ആശ്രമത്തിലുംചെന്നു് ഒന്നൊന്നായി കണ്ടുപരിചയപ്പെട്ടു. സന്ദർശനങ്ങളുടെ പുത്തനുത്സാഹം പോവുംമുമ്പവൻ സന്യസ്തന്റെ പൂർവ്വാശ്രമം തിരക്കും. അതോടെ, ആജീവനാന്തപരിത്യാഗികളിൽ, മനുഷ്യരെപ്പോലെ, മദമാത്സര്യം പുകയും!”
“പത്തുപാണ്ഡവക്കണ്ണുകൾ തുറിച്ചുനോക്കുന്നതു പാഞ്ചാലി ഓർത്തെടുത്തു. ‘കാമ’ക്കണ്ണുകൾ! ശരിക്കും ‘ഭാര’മായിരുന്നില്ലേ പാണ്ഡവർ ചൊരിഞ്ഞതു്? ലജ്ജാകരമല്ലേ പാഞ്ചാലിയിൽ അടിച്ചേൽപ്പിച്ച ബഹുഭർത്തൃത്വം?”, കൊട്ടാരം ലേഖിക ചോദിച്ചു. കുന്തിയുടെ ജീവിതസായാഹ്നം.
“വിവാഹപൂർവ്വജീവിതത്തിലെ അവിഹിതരതിയും, അനാവശ്യ ഗർഭധാരണവും, നവജാതശിശുവിനെ പുഴയിലൊഴുക്കലും, കുറ്റബോധത്താൽനീറുന്ന മനസും ഉള്ളപ്പോഴും, ഒരു കാര്യത്തിൽ എനിക്കു് മതിപ്പുതോന്നി. ഞാൻ വന്ധ്യയല്ല. പാണ്ഡുവിനു പിന്തുടർച്ചനേടാനുള്ള കായികക്ഷമതയില്ലെങ്കിലും, എനിക്കു വിവാഹത്തിനുമുമ്പുതന്നെ ‘തെളിയിക്കപ്പെട്ട മാതൃത്വശേഷി’യുണ്ടു്. മക്കൾ എന്ന ലക്ഷ്യംതേടി ഞാൻ പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ പൂചൂടി പടിയിറങ്ങിയ ദയനീയമായ ജീവിതാവസ്ഥ പാഞ്ചാലിക്കുണ്ടാവാതിരിക്കാൻ, അഞ്ചുപുത്രന്മാരെ ‘പായിൽ കിടത്തി’യ എന്റെ ചേതോവികാരം കൃതജ്ഞതയോടെ പാഞ്ചാലി തിരിച്ചറിയുന്നില്ലെങ്കിൽ, ആ ‘കഠിനഹൃദയ’യെ പ്രകൃതി ഒരു പാഠം പഠിപ്പിച്ചു എന്നതിന്റെ പ്രത്യക്ഷതെളിവല്ലേ അവൾ പെറ്റ അഞ്ചു മക്കളും ജീവിച്ചിരിപ്പില്ല എന്നതു് ? ഞാൻ വളർത്തിയ അഞ്ചുമക്കളും ജീവിച്ചിരിക്കുന്നുണ്ടു് എന്നതെന്റെ തീരുമാനത്തെ സാധൂകരിക്കുന്നപോലെ?”
“കൗരവചാരന്മാർ എന്നു സംശയിക്കപ്പെടുന്ന സന്യസ്തരെ ‘തൊട്ടയൽപ്പക്ക’മെന്ന പരിഗണനയിൽ ചെന്നുകണ്ടപ്പോൾ എന്തായിരുന്നു നിങ്ങളോടവരുടെ ആദ്യപ്രതികരണം? പെട്ടെന്നു് തിരിച്ചറിഞ്ഞുവോ? അതോ?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു, വനവാസക്കാലത്തിന്റെ ആദ്യദിനങ്ങൾ.
“രാക്ഷസരിൽ നിന്നവർക്കു് സുരക്ഷ ഉറപ്പാക്കുന്നതിനു് പുറമെ, ആശ്രമവാസികൾക്കു വ്യക്തിഗതസേവനവും നൽകണമെന്നു് ‘ഉടയോൻ’ ദുര്യോധനൻ ചൂതാട്ടശിക്ഷ നിബന്ധനവച്ചിരുന്നല്ലോ. എന്റേതു് സൗഹൃദസന്ദർശനമല്ല, നിയോഗമായി. എന്തെല്ലാം വ്യക്തിഗതസേവനങ്ങൾ ആവശ്യമുണ്ടെന്ന അന്വേഷണത്തിനും കൂടിയായിരുന്നു യുധിഷ്ഠിരൻ നേരിട്ടു് ചെല്ലാതെ, എന്നെ അയച്ചതു്. കാര്യക്ഷമതക്കു പേരുകേട്ട ആശ്രമസമുച്ചയത്തിന്റെ കാര്യദർശിയെ കണ്ടു. മുൻ ‘ഇന്ദ്രപ്രസ്ഥംചക്രവർത്തി’യുടെ ഊഷ്മള അഭിവാദ്യം അർപ്പിച്ചപ്പോൾ, സന്യസ്തൻ, പകരം, ഞെട്ടലോടെ പറഞ്ഞു, ‘കേട്ടതു് കെട്ടുപൊട്ടിച്ചോടാൻ കെൽപ്പുള്ള വേട്ടപ്പട്ടി, കാണുമ്പൊഴോ ഒരോമനവളർത്തുമൃഗത്തെ പോലുണ്ടല്ലോ നീ!’. ആദ്യസന്ദർശനം അങ്ങനെ ‘അവിസ്മരണീയ’മായി. മുതിർന്ന സന്യസ്തർ ചേർന്നതോടെ ‘സേവനമാതൃകയുടെ അടരുകൾ’ വിസ്തരിച്ചു. പന്ത്രണ്ടു കൊല്ലം ആശ്രമസമുച്ചയ അന്തേവാസികൾ ഉൽപ്പാദിപ്പിക്കുന്ന ജൈവമാലിന്യത്തിന്റെ നീക്കം ‘കുറുമ്പി പെണ്ണെ’ന്ന പരിഗണനയിൽ ‘ദ്രൗപദി സ്വയം ചെയ്യട്ടെ’ എന്ന സന്യസ്തവിധി സ്വാഗതം ചെയ്തു. മാലിന്യ സംസ്കരണ കുഴികുത്തുന്ന ദേഹണ്ഡം ഞങ്ങൾ അഞ്ചുപേർ വീതിച്ചെടുക്കും. കൗരവമിത്രങ്ങളായ ഞങ്ങളോടു് നിങ്ങൾ ഓമന മൃഗങ്ങളായും, എന്നാൽ ഒളിഞ്ഞിരിക്കുന്ന കൗരവശത്രുക്കളോടു് വേട്ടപ്പട്ടികളായും വനവാസക്കാലം നിർഭയം നീ ജീവിക്ക എന്ന ദുസ്സൂചനനിറഞ്ഞ ‘ആശീർവാദ’ത്തോടെ പോകാൻ അനുമതിതന്നു.”
““പ്രിയ മാംസകലാകാരാ സ്വസ്തി!”, ഊണുകഴിക്കാൻ വരുന്ന പോരാളി, ആശംസയർപ്പിക്കാറുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഭക്ഷണശാലയിൽ ആരെയും കാണാൻ എനിക്കധികാരമില്ല. എന്നാൽ ഞാൻ അറക്കുന്ന മാടുകൾ, പൊരിച്ച ഇറച്ചിയായി ചെല്ലുന്നുണ്ടെന്നെനിക്കറിയാം. വരുന്നവർ ‘സമാധാനം പുലർത്താനായി യുദ്ധം ചെയ്യുക’യാണെന്നു് പ്രബോധനം ചെയ്ത കൃപാചാര്യർക്കു സ്തുതി. അതിനിടയിലൊരിക്കൽ ദീർഘകായനായ സൈനികൻ തോളിൽതട്ടി ശിശുഭാവത്തോടെ ചോദിച്ചു, ‘ഒറ്റവെട്ടിനു മൃഗത്തിന്റെ കഴുത്തുപിളർക്കുന്ന കലാവിരുതു് എന്നെയുമൊന്നു പഠിപ്പിക്കൂ. നൂറോളം കൗരവരെ പച്ചക്കുകൊന്നു കൊലവിളിക്കാനൊരു നിയോഗവുമായി കുരുക്ഷേത്രയിൽ ഇറങ്ങിയിരിക്കയാണു്. ദൗത്യംപിഴച്ചാൽ പ്രണയിനി എന്നെന്നേക്കുമായി തിരസ്കരിക്കും. പതിമൂന്നു വർഷമായി അഴിച്ചിട്ടിരിക്കുന്ന മുടി എന്നെ കാണുമ്പോഴൊക്കെ ധാർഷ്ട്യത്തിൽ വെല്ലുവിളിക്കും.’ വ്യക്തിവൈരാഗ്യത്താൽ വാളെടുക്കുന്ന ആ മനോരോഗി ശരിക്കുംആരാ?”
“കള്ളച്ചൂതെങ്കിൽ അങ്ങനെ, സ്ഥാനഭൃഷ്ടനാക്കി നിങ്ങളെയും മറ്റഞ്ചുപേരെയും കാട്ടിലേക്കയച്ചശേഷം, തരംകിട്ടുമ്പോളൊക്കെ ‘വനം കത്തിച്ച തസ്കരൻ’ എന്നു പരസ്യവേദിയിൽ പഴിപറയുന്നതൊരു പതിവാക്കിയിട്ടുണ്ടല്ലോ ദുര്യോധനൻ! അതിലോല ഖാണ്ഡവ വനം വളഞ്ഞു തീയിട്ടത്തൊരു മഹാപരാധമായി എന്നെങ്കിലും ഒറ്റക്കിരുന്നു ഭൂതകാലം അയവിറക്കുമ്പോൾ തോന്നാറില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കാട്ടിൽ കെട്ടിയിരുന്ന കുടിൽ പൊളിച്ചുനീക്കി കൂറേക്കൂടി സൗകര്യങ്ങളോടു് കൂടി, നിർമ്മാണത്തിലായിരുന്നു ആറംഗ പാണ്ഡവകുടുംബം.
“അതൊരു ആവാസവ്യവസ്ഥയാണെങ്കിൽ മനുഷ്യവംശത്തിനു നിലനിൽക്കാൻ പ്രകൃതി എന്തിനു പിന്നെ അനുമതി തന്നു? അന്നും ഞങ്ങളെ നിരീക്ഷിക്കാൻ ചുറ്റും ഉണ്ടായിരുന്നല്ലോ വനദേവതയുടെ നിരീക്ഷണ സാന്നിധ്യം? മഴു വെക്കുമ്പോൾ മരത്തിനുഞങ്ങളും അനുമതി ചോദിച്ചല്ലോ, വന നശീകരണത്തെക്കുറിച്ചു മറിച്ചൊരു നിലപാടുണ്ടെങ്കിൽ വനദേവത ഞങ്ങളെ തടയില്ലേ, പകരം എന്താ ഞങ്ങൾ കണ്ടതു്, പ്രോത്സാഹനം! കത്തിക്കൂ, കുടിയേറ്റത്തിനല്ലേ വന്നതു്, വെട്ടുകത്തിയുമായി കുടിയേറുക എന്നാണനുഗ്രഹിച്ചതു്. മനുഷ്യകുലത്തിൽ പിറന്ന കൗരവർക്കെന്തറിയാൻ, പ്രപഞ്ച പരിപാലകരുമായി പാണ്ഡവരുടെ പിടിപാടു്.”
“മഴമേഘങ്ങൾ നിറഞ്ഞ മാനവും, കലങ്ങിമറിഞ്ഞ മനസ്സുമായി ഇങ്ങനെ കൂനിപ്പിടിച്ചു കുടിലിൽ ഇരിക്കുമ്പോൾ, പകൽക്കിനാവു് കാണാറുണ്ടോ? എന്തായിരിക്കും എന്നാൽ, ആ മോഹനദൃശ്യം?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ആലിൻചുവട്ടിലെ ചൂതാട്ടത്തിൽ യുധിഷ്ഠിരനോടു് തോറ്റു, മറ്റുമൂന്നു പാണ്ഡവർ ഒറ്റപ്പെട്ട ദിനം വനവാസക്കാലം.
“പെട്ടെന്നൊരു ആഘോഷത്തോടുകൂടി ഒരു സായുധ സഞ്ചാരി കുടിലിൽകയറി ഉപചാരമർപ്പിച്ചു പറയുന്നു, പാഞ്ചാല സൈന്യത്തിൽ പ്രത്യേകപരിശീലനം നേടിയ ഭീകരവിരുദ്ധ പോരാളികൾ ഞങ്ങൾ. ഹസ്തിനപുരി കൊട്ടാരത്തിൽ പാതിരാവിൽ ഇടിച്ചുകയറി ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും ബന്ദികളായി പിടികൂടി രഹസ്യ സങ്കേതത്തിലേക്കു കൊണ്ടുപോയി. ദുര്യോധനൻ കീഴടങ്ങി “പാഞ്ചാലിയെയും അർജ്ജുനനെയും മാത്രം വിട്ടയക്കുക കൂട്ടിൽനിന്നും” എന്നു് ആജ്ഞാപിച്ചു യുധിഷ്ഠിരനും മറ്റുമൂന്നു പാണ്ഡവരും ശിക്ഷാകാലാവധി കാട്ടിൽ പൂർത്തിയാക്കി മാത്രം സ്വാതന്ത്ര്യം നേടും. ഞങ്ങൾക്കൊപ്പ വരിക!;;
“സത്യവതി ‘എന്റെ അമ്മ’ എന്ന പ്രത്യേകസ്നേഹ പരിചരണത്തിലാണോ, വിവാഹപൂർവപുത്രനായ വ്യാസൻ നിങ്ങളുടെ ഉടൽ സവിശേഷമായൊരനുഗ്രഹത്താൽ സുഗന്ധിയാക്കിമാറ്റിയതു്?,അതോ, വരം നേരിട്ടു് ചെയ്യാതെ, ഋഷിയായ അച്ഛന്റെ പാരിതോഷികമായി വകമാറ്റിപ്പറഞ്ഞതു?”, കൊട്ടാരം ലേഖിക, പുതിയ മഹാറാണിസത്യവതിയോടു് അനുനയത്തിൽ ചോദിച്ചു. ആദ്യഭാര്യ ഗംഗയാൽ തിരസ്കരിക്കപ്പെട്ട വൃദ്ധ രാജാവു് ശന്തനു, പിന്നീടവളുടെ പ്രണയബന്ദിയായി സത്യവതിയെന്ന കീഴാളമീൻകാരിയെ, മുമ്പു് കേട്ടുകേൾവിയില്ലാത്തവിധം പരിണയം ചെയ്ത കാലം.
“അത്തരം ശാരീരികസൗജന്യങ്ങൾ തന്നാലൊന്നും ഞാൻ സ്വീകരിക്കുകയില്ലെന്നറിയുന്ന ബീജദാനിപരാശരനും, വിവാഹപൂർവസന്താനമായ വ്യാസനും കെട്ടിപ്പൊക്കിയ ഐതിഹ്യത്തിൽ കവിഞ്ഞെന്തു അരമന വാർത്താ പ്രാധാന്യമാണു് മുല്ലപ്പൂസുഗന്ധപ്പെരുമയിൽ? മീൻമണമുള്ള ഉടൽകണ്ടു ഭ്രമിച്ചാണല്ലോ, ദേവ സുന്ദരിഗംഗയുടെ മുൻപായക്കൂട്ടുകാരനായ ശന്തനു, എന്നെ മുക്കുവക്കുടിലിൽ നിന്നും കുരുവംശകൊട്ടാരത്തിലേക്കു പുനരധിവാസം ചെയ്തതു്. ഗംഗയാറൊഴുകുന്ന മണ്ണിന്റെ മണമില്ലാത്ത രാജാവിനു് മീൻമണമുള്ള ഭാര്യ ഭാവിയിൽ ഒരു പ്രായോഗിക ജീവിതപാഠമായിരിക്കട്ടെ. തോണിതുഴഞ്ഞും വലയെറിഞ്ഞും അന്തിയാവുംവരെ യമുനയിൽ പണിയെടുത്തു ഞാൻ, അച്ഛനമ്മമാർക്കു് അന്നം സമ്പാദിച്ചു. കഥയിൽ വലയെറിയുന്നവളുടെ വളകിലുങ്ങി, ശന്തനുവിന്റെ കരൾ, സത്യവതിയുടെ വലയിൽ കുരുങ്ങി!”
“തൊണ്ണൂറ്റിഒമ്പതു് കൗരവവിധവകൾക്കും ‘ചട്ടിയും കല’വുമെടുത്തു കുടിയൊഴിയാമെങ്കിൽ, നിങ്ങൾക്കു് മാത്രമെന്താ ഇറങ്ങിപ്പോവാൻ പ്രയാസം?”, ഹസ്തിനപുരി അന്തഃപുര ഉദ്യാനത്തിൽ അതിക്രമിച്ചു കയറി കൈകൾവിടർത്തി യുധിഷ്ഠിരൻ ഉച്ചത്തിൽ ചോദിച്ചു. യുദ്ധാനന്തര പാണ്ഡവഭരണ കൂടത്തിന്റെ ആദ്യഔദ്യോഗിക നടപടിയായിരുന്നു, കൗരവവിധവകളെ മിന്നലാക്രമണത്തിലൂടെ കുടിയൊഴിപ്പിക്കുക. ഒരു വിധവ ഇറങ്ങിപ്പോവാതെ മൂലയിൽ ഒതുങ്ങിക്കൂടിയതുകണ്ടു യുധിഷ്ഠിരൻ കോപത്താൽ ജ്വലിച്ചു.
“നിങ്ങൾക്കെന്താ കാഴ്ച കുറഞ്ഞുവോ?”, മഹാറാണി പാഞ്ചാലി യുധിഷ്ഠിരനുനേരെ ആക്ഷേപസ്വരത്തിൽ വിരൽചൂണ്ടി.
“ആ വൃദ്ധ കൗരവരാജവിധവയാണോ? ചൂതാടാൻ നിങ്ങൾ ഇവിടെ പതിമൂന്നുവർഷം മുമ്പു് വന്നപ്പോൾ ഒരുനോക്കുകണ്ട ഓർമ്മശരിയാണെങ്കിൽ, അതു് നിങ്ങളുടെ പെറ്റതള്ളയോ?”
“പരുക്കൻകൗരവരൊഴികെ, ബാക്കിയുള്ളവരെല്ലാം പരിലാളനയോടെ തരംകിട്ടുമ്പോഴൊക്കെ സ്പർശിക്കുന്നതായി തോന്നിയിട്ടുണ്ടെന്നു നിങ്ങളൊരിക്കൽ പറഞ്ഞു. എങ്ങനെ ഇത്ര വലിയൊ‘രാൾക്കൂട്ട’ത്തെ, മുള്ളിനും ഇലക്കും കേടില്ലാതെ, കൈകാര്യംചെയ്തു? എന്നതാണെന്റെ വിസ്മയം”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“രതികേന്ദ്രിതആരാധനയെ നിരുത്സാഹപ്പെടുത്താതെ, ‘അരുതു’കളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ തടസ്സമുണ്ടായില്ല. നവവധുവായി ഹസ്തിനപുരിയിൽവന്നു ഖാണ്ഡവവനത്തിലേക്കു് കുടിയേറ്റക്കാരായിപോവുംമുമ്പുള്ള ഇടവേളയിലാണവരുമായി ഞാൻ കൈകോർത്തതെങ്കിലും, പിൽക്കാലത്തു ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയായി കഴിയുമ്പോഴും, വേഷംമാറി ദേശാന്തര കച്ചവടസംഘത്തോടൊപ്പം സുഗന്ധതൈലങ്ങൾ സമ്മാനിച്ച ആ കാലം! എങ്ങനെ മറക്കും പ്രിയപ്പെട്ടവരേ!”
“ഐതിഹാസിക ഗദ ഞെണുങ്ങിയല്ലോ!”, കൊട്ടാര ലേഖിക അനുതപിച്ചു ദുര്യോധനൻ തുടയെല്ലു പൊട്ടിവീണപ്പോൾ വിജയോന്മാദത്തിൽ ആയുധംകുലുക്കുകയായിരുന്നു ഐതിഹാസികഭീമൻ.
“പോരാട്ടവിജയത്തിൽപോലും പ്രശംസനീയമായ എളിമകാട്ടുന്ന പ്രിയമാരകായുധം, ജേതാക്കൾക്കു പെരുമാറ്റമാതൃകയായിരിക്കട്ടെ”, പെട്ടെന്നിടപെട്ടു പാഞ്ചാലി, കൊട്ടാര ലേഖികയെ കൂടുതൽ അഭിമുഖം ഒഴിവാക്കാൻ പിന്നിലേക്കു് കൊണ്ടുപോയി.
“വിധവകൾക്കും, വയോജനങ്ങൾക്കും മൂന്നുനേരം സൗജന്യ ഭക്ഷണം, അതല്ലേ യുദ്ധാനന്തര പാണ്ഡവ ഭരണകൂടത്തിന്റെ ആദ്യപരിഗണന?” മഹാരാജാവിന്റ മുമ്പിൽ കൊട്ടാരം ലേഖിക മുട്ടുകുത്തി.
“അടിമത്ത നിർമാർജ്ജനം—അതാണു് മുൻഗണന. വ്യാഴവട്ടക്കാല വനജീവിതം അതെന്തെന്നു പഠിപ്പിച്ചു. ഭർത്താക്കന്മാർ നഷ്ടപ്പെട്ട കൗരവരാജസ്ത്രീകൾക്കു് ഇനിയതുണ്ടാവരുതു്. ഭൂതാതുരതയുമായി അഭിരമിക്കാൻ വൃദ്ധസദനങ്ങൾ പണിയും. ആടിയും പാടിയും ജീവിത സായാഹ്നത്തിലെ ഓരോ നാളും കഴിക്കും” രാജമന്ദിരങ്ങളിൽനിന്നു് കുരുക്ഷേത്ര വിധവകളെ ‘നേരിയ ബലം’ പ്രയോഗിച്ചു കുടിയൊഴിപ്പിക്കുന്ന കർമപരിപാടി തുടങ്ങുകയായിരുന്നു നന്നേ രാവിലെ പുതിയ ഭരണാധികാരിയും കൂട്ടാളി ഭീമനും.
“കുഴഞ്ഞുവീണു കഥാവശേഷയായ പാഞ്ചാലിയെ മറവുചെയ്ത ഞാൻ ഇതാ, നിങ്ങളെ കണ്ടുമുട്ടി! എങ്ങനെ ഓർക്കുന്നു ആ ‘വിചിത്രസ്ത്രീ’യെ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ആകസ്മികമായി വന്നുപെട്ടു എന്നതാണു് ശരി. നീണ്ടകാല ദുരനുഭവങ്ങളിലൂടെ ബഹുഭർത്തൃത്വദാമ്പത്യം കടന്നുപോയി എന്ന വസ്തുത മാറ്റിവച്ചാൽ, ആ സ്ത്രീയുടെ ജന്മാന്തരങ്ങളെ കുറിച്ചെന്തെങ്കിലും പറയാൻ ഞാൻ അശക്തൻ. തിരക്കുണ്ടു്. മലമുകളിലേക്കുള്ള വഴിയിൽ നോക്കാനാളില്ലാതെ കൊഴിഞ്ഞു പോവേണ്ടവർ ഞങ്ങൾ പാണ്ഡവർ, വിട!” കൂട്ടുനായ വാലാട്ടി.
“ചുംബിക്കുന്നതു് കണ്ടു എന്നാണല്ലോ നിങ്ങൾ അഭിമുഖത്തിൽ ഇന്നലെ പറഞ്ഞുനിർത്തിയതു്. ഒന്നോർത്തെടുക്കാമോ?” കൊട്ടാരം ലേഖിക രാജദാസനെന്നറിയപ്പെടുന്ന സഞ്ജയനോടു് ചോദിച്ചു.
“കുത്തും ചവിട്ടുമേറ്റു് അവശനായിരുന്ന അഭിമന്യു നിലത്തു വീണപ്പോൾ കഴുത്തിൽ ആഞ്ഞുചവുട്ടി കർണൻ വിരലടയാളത്താൽ ശത്രു കൊല്ലപ്പെട്ട വിവരം ദുര്യോധനനെ ഉടനടി അറിയിച്ചതല്ലേ? അംഗരാജാവാണെങ്കിലും ആജ്ഞാനുവർത്തിയല്ലേ. തീപാറുന്ന അഭിമന്യുമരണം രഹസ്യമാക്കിയൊതുക്കാൻ ആവുമോ, വെളിപ്പെടുത്തേണ്ടതു് കർത്തവ്യമല്ലേ! ചുരുക്കിക്കാണരുതു്. പോരാട്ടം തത്സമയം ഹസ്തിനപുരി അരമനയിൽ കണ്ട ഞാൻ രാജാവിനെ അറിയിച്ചപ്പോൾ, ആഹ്ലാദം കൊണ്ടായിരിക്കാം, ധൃതരാഷ്ട്രർ അടുത്തിരുന്ന ഗാന്ധാരിയെ വലിച്ചടുപ്പിച്ചു തിരുവായിൽ തിരുവാ ചേർക്കുന്ന കാഴ്ച, അതാണോ കുത്തിക്കുത്തി ഇന്നലെയും ഇന്നുമായി പരാമർശിക്കുന്നതു്?” ഇതിഹാസരചനക്കു് ഒരു പനയോലക്കെട്ടുമായി കൊട്ടാരത്തിൽ തമ്പടിച്ചിരുന്ന വ്യാസനുമഹാഭാരത കഥ കണ്ടതും കേട്ടതും പറഞ്ഞുകൊടുക്കാൻ ഇടയ്ക്കിടെ ഇരുചെന്നികളിലും മുഷ്ടി ഇടിച്ചു ഓർമപ്പേടകം തുറക്കുകയായിരുന്നു സഞ്ജയൻ.
“കൊഴുപ്പുണ്ടെങ്കിലും കാരുണ്യമില്ലാത്തവൻ എന്നു് ദുര്യോധനൻ നിങ്ങളെ വിശേഷിപ്പിക്കുന്നതിൽ രോഷമുണ്ടോ? അഥവാ, പറയുന്നതിൽ കാര്യമുണ്ടോ?”, രൗദ്രഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“നയതന്ത്രചാതുരി പ്രകൃതിയെന്നിൽ ചൊരിഞ്ഞില്ലെന്നതു് ആരും കാര്യമായെടുത്തിട്ടില്ല കാരണം, ദൗത്യം കാര്യക്ഷമമായി ചെയ്യുന്നവനെ ധീരൻ എന്നാദ്യം വിശേഷിപ്പിച്ചതു് പെറ്റതള്ള! അതാണെനിക്കു് കാര്യം. പാണ്ഡുചിതയിൽ മാദ്രിവേണം സതി ചെയ്യാനെന്ന കുന്തിയുടെ ആജ്ഞ, മാദ്രിയിൽ ബലംപ്രയോഗിച്ചു ചെയ്തു കാണിച്ചപ്പോഴായിരുന്നു പ്രശംസ. ”അന്നു് ഞാൻ കുട്ടിഭീമൻ, തുടയിലും അരക്കെട്ടിലും ദുർമേദസ്സുള്ളവൻ.
“ജീവിക്കണം എനിക്കിനി പുതുജീവിതം!”, എന്നു് വാവിട്ടു നിലവിളിച്ച മാദ്രി കത്തിക്കരിക്കട്ടയാവുംവരെ ചിതക്കരികെ ഉണക്കവിറകുമായി ഞാൻ നിൽക്കുന്നതുകണ്ടു മാദ്രിമക്കൾ നകുലനും സഹദേവനും ഭയന്നുവിറച്ചു ഓടിപ്പോയി. ക്ഷാത്രവീര്യം അടങ്ങിയില്ല. ഇന്നു് കുരുക്ഷേത്ര പതിനേഴാംദിവസം കർണ്ണനെ അർജ്ജുനൻ ‘ചുരുട്ടിക്കൂട്ടി’. എപ്പോഴാണു് ദുര്യോധനനെ അതുപോലെ കൈകാര്യം ചെയ്യാൻ കിട്ടുക എന്നു് തരംനോക്കി നടക്കുകയാണു് ഞാൻ. കിട്ടിയാൽ അവൻ തിരിച്ചറിയും, രൗദ്രഭീമന്റെ കണ്ണിൽ കനലുള്ള തീയാണോ പുകയാണോ, ഗദക്കു മാരക പ്രഹരശേഷിയുണ്ടോ!”, കൊന്നുകൂട്ടിയ കൗരവരുടെ പേരുകൾ കൊച്ചുകുട്ടിയെ പോലെ തെറ്റിപ്പറഞ്ഞും സ്വയംതിരുത്തിയും പോരാട്ടതിമിർപ്പിലായിരുന്നു പാളയ ഭീമൻ.
“ഊതിവീർപ്പിച്ചുവോ, കുരുക്ഷേത്രയിൽ കൗരവ പാണ്ഡവ സൈന്യസംഖ്യ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു “മൊത്തം നാൽപ്പതുലക്ഷം സൈനികർ ഇരുപക്ഷത്തുമായുണ്ടു് എന്നതൊക്കെ ശുദ്ധതട്ടിപ്പെന്നു ‘ഏകാംഗ പ്രതിപക്ഷം’ ചാർവാകൻ!”
“ആദ്യദിവസംതന്നെ എല്ലാ സൈനികരെയും സേനാനായകൻ പോർക്കളത്തിൽ ഇറക്കുമോ, പ്രിയ ചാർവാകൻ? പോരാളികളെ മാത്രമേ ‘സൈനികർ’ എന്ന വകുപ്പിൽ ചേർക്കൂ എന്നുണ്ടോ? ഒരു പോർക്കളപോരാളിക്കു് തന്നെ വേണ്ടേ പിൻസേവനദാതാക്കളായി രണ്ടുപേർ? ഊട്ടുപുര, സൈനികരുടെ തൊഴിൽ വസ്ത്രങ്ങൾ കഴുകിയുണക്കലും ഉല്ലാസ ഉറക്കറ ഒരുക്കുലും–സൈനികർ എന്ന വിഭാഗം അല്ലാതെ ചാർവാകൻ ഉൾപ്പെടുന്ന പൊതുസമൂഹം അംഗസംഖ്യ തികക്കുമോ? രാത്രിപോരാളികൾക്കും വേണ്ടേ ആസ്വാദനരതിക്കു പായക്കൂട്ടു്? ശ്ലോകംചെല്ലിക്കിടന്നാൽ കിട്ടുമോ സുഖനിദ്ര? കുലസ്ത്രീകൾ സേവനദാതാക്കൾ എന്ന മുദ്രചാർത്തി മികവു് തെളിയിച്ച സൈനികരിൽനിന്നും ഗർഭധാരണത്തിനു പാളയങ്ങളിൽ സ്വന്തം ചെലവിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടു്. അവരെയൊക്കെ ഞങ്ങൾ പുറത്തേക്കെറിയണോ? കുരുക്ഷേത്രയിലെ ജീവഹാനിക്കു് പകരംവക്കാൻ, ജനസംഖ്യയിൽ യുദ്ധാസൂത്രകർ, വർധനവുണ്ടാക്കണ്ടേ? ചാർവാകനു് ഉറപ്പുതരുന്നു അവരുടെ നിസ്വാർത്ഥനിശാസേവനം യുദ്ധചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ചാർവാകൻ ചവറ്റുകൊട്ടയിലും!”
“ഒളിപ്പോരാളികളായ പാണ്ഡവരിൽനിന്നു സംഘടിതആക്രമണം ചെറുക്കാൻ കൗരവസൈന്യം പതിമൂന്നുവയസ്സു് കഴിഞ്ഞ ആൺകുട്ടികളെ സൈനികബാലവേലക്കു നിയമിക്കും എന്നു് ദുര്യോധനൻ വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടും, എന്തിനാണു് ശത്രുക്കൾക്കുവേണ്ടി കൗരവഭരണകൂടത്തെ പരീക്ഷണഘട്ടത്തിൽ വിമർശിക്കുന്നതു്?” കോട്ടവാതിലിനുമുമ്പിലുള്ള പ്രതിഷേധവേദിയിൽ നിരാഹാരസമരം ചെയ്യുന്ന ചാർവാകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പതിമൂന്നു എന്നൊക്കെ പൊതുസമ്മതിക്കുവേണ്ടി അയാൾ പറയുന്നതല്ലേ? ഇന്നലെ രാത്രി എന്റെ രണ്ടുകുട്ടികളെ ഒരു കൗരവസംഘം തട്ടിക്കൊണ്ടുപോയതു് അത്താഴംകൊടുത്തു ഉറക്കുമ്പോഴാണു്. ഒന്നിനു് എട്ടും, ഒന്നിനു് പത്തും.! കുട്ടികളെ അങ്ങനെ നിർബന്ധിക്കാമോ എന്നു് അമ്മ ചോദിച്ചപ്പോൾ, അവളുടെ കവിളിൽ വിരൽകുത്തി അവർ പറഞ്ഞു, ബ്രാഹ്മണയോദ്ധാക്കളുടെ ഭൃത്യന്മാരായി മാത്രമേ ഈ ബ്രാഹ്മണകുട്ടികളുടെ വ്യക്തിഗതസേവനം വിട്ടുകൊടുക്കൂ. നിങ്ങൾക്കറിയില്ലേ? ദ്രോണർ കൃപർ അശ്വത്ഥാമാവ് പേരുകളും പുറത്തുവിട്ടു. ഇതു് ചാർവാകന്റെയോ ദ്രോണാദികളുടെയോ മാത്രം പ്രശ്നമായി പത്രപ്രവർത്തകർ ചുരുക്കിക്കാണരുതു്. ഇതു് ബാലവേലക്കെതിരെ അന്താരാഷ്ട്ര മനുഷ്യമനസാക്ഷിയെ ഒന്നുണർത്താനുള്ള നിരാഹാരമാണു്” പറഞ്ഞുതീരുമ്പോഴേക്കും, ‘രാജ്യവിരോധി രാവിലെ തുടങ്ങിയോ കൊട്ടാരം ഊട്ടുപുരയിൽ നിന്നു് പൊരിച്ച മുയലിറച്ചിയുംതിന്നു, നിറഞ്ഞവയറുമായി കപടനിരാഹാരം?’ എന്നു് പറഞ്ഞു അശ്വാരൂഢനായ ദുര്യോധനപുത്രൻ, ചാർവാകനെ കുരുക്കെറിഞ്ഞു അരയിൽകുടുക്കി, കഴുതപ്പുറത്തിട്ടു.
“ഭർത്താക്കന്മാർ ഹസ്തിനപുരികോട്ട പിടിച്ചെടുക്കാൻ മാറിനിന്നു ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങൾ, നിങ്ങൾമാത്രം, ഭീമഗദാപ്രഹരത്തിൽ തുടയെല്ലു് തകർന്നുകിടന്ന ദുര്യോധനനോടു് മൃദുവായി എന്തോ ചോദിക്കുന്നപോലെ എനിക്കു് തോന്നി”, പാഞ്ചാലി യുദ്ധഭൂമിയിൽ അലയുന്നതു് കണ്ടെത്തിയപ്പോൾ കൊട്ടാരലേഖിക ചോദിച്ചു.
“നിങ്ങൾ, നിങ്ങൾ തന്നെയല്ലേ ജീവകാലം മുഴുവൻ എന്നെ തുണിയുടിപ്പിച്ചും അഴിച്ചും വേട്ടയാടിയ ശത്രു, എന്നു് ഞാൻ വിരൽചൂണ്ടി ചോദിച്ചു. ഇരുകൈകളും നീട്ടി ‘പ്രിയപ്പെട്ടവളേ എന്നും ഞാൻ നിന്റെ ആരാധകൻ’ എന്നു് പറഞ്ഞുകൊണ്ടവൻ കുടിനീരിനു യാചിച്ചപ്പോൾ, മേൽവസ്ത്രംനീക്കി മുലപ്പാൽ ഇറ്റിറ്റായിചുണ്ടിൽ ഒഴിച്ചുകൊടുത്തു. വിറയ്ക്കുന്ന ചുണ്ടുകളോടെ നുണച്ചുകൊണ്ടവൻ ശാന്തനായി. അത്രയും ചെയ്യാൻ എനിക്കവനോടു് ബാധ്യതയുണ്ടു്.”
“പത്തുപതിമൂന്നുവർഷം മുമ്പു് ചൂതാട്ടസഭയിൽ പാഞ്ചാലി എന്ന സ്ത്രീക്കു് പ്രവേശനം നിഷേധിച്ച ദുരനുഭവത്തിൽനിന്നും കാലം മുന്നോട്ടുകുതിച്ചു എന്നാണോ കുരുക്ഷേത്രയിൽ വായിച്ചെടുക്കേണ്ടതു്?”കൊട്ടാരം ലേഖിക പാണ്ഡവ സൈനികവക്താവായ നകുലനോടു് ചോദിച്ചു. ഒരിലയിൽനിന്നും ചൂടുള്ള അപ്പം പങ്കിട്ടെടുക്കുകയായിരുന്നു കുരുക്ഷേത്ര ഊട്ടുപുരയിൽ ഇരുവരും.
“മൂന്നാംലിംഗക്കാരിയെന്നു ആക്ഷേപസ്വരത്തിൽ ദുര്യോധനൻ പരാമർശിക്കുന്ന യുവശിഖണ്ഡി, വൃദ്ധഭീഷ്മരെ വധിക്കാൻ പോർക്കളത്തിൽ ഇറങ്ങിയതാണോ കാര്യം? പ്രവേശനം നിഷേധിക്കപ്പെടാൻ ശിഖണ്ഡി ചൂതാട്ടക്കാരിയല്ല. ഗാന്ധാരയിൽ ഉന്നതപരിശീലനം നേടിയ പോരാളിയല്ലേ! ഒന്നുകൂടി, പാഞ്ചാലിയുടെയും പാണ്ഡവസേനാ നായകൻ ധൃഷ്ടധ്യുമ്നന്റെയും സഹോദരികൂടിയാണു്. അവൾക്കു പോർക്കളത്തിൽ പ്രവേശനം നിഷേധിക്കാൻ ആണധികാരി ദുര്യോധനനു് സാധ്യമല്ല, കാരണം കുരുക്ഷേത്ര നിഷ്പക്ഷ യുദ്ധനിര്വഹണസമിതിയുടെ നിയന്ത്രണത്തിലുമാണു്. ഭീഷ്മർ ശിഖണ്ഡിക്കു അടിയറവുപറഞ്ഞുവോ എന്നുപോയി നമുക്കു് നോക്കാം, അല്ലെങ്കിൽ ഒറ്റക്കുപോവൂ, ഭീഷ്മരെ അർജ്ജുനൻ കൊലചെയ്യുന്നതു കാണാൻ എനിക്കു് ഇപ്പോൾ മനസ്സില്ല.”
“പാണ്ഡവർ നായാട്ടിനുപോയ തക്കംനോക്കി പാഞ്ചാലിയെ ലൈംഗികാക്രമണം ചെയ്യാൻ മാത്രം മന്ദബുദ്ധിയാണോ നിങ്ങൾ?”, കൗരവസഹോദരി ദുശ്ശളയുടെ ഭർത്താവും സൈന്ധവ നാടുവാഴിയുമായ ജയദ്രഥനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“ഹസ്തിനപുരി നീതിപതിയുടെ ദൗത്യവുമായാണു് ഏകനായി ഞാൻ കാട്ടിൽപോയതു. സന്മനസ്സോടെ അത്തരം ദൗത്യം ഏറ്റെടുക്കുക പൊതുജീവിതത്തിൽ അസാധാരണമല്ല. വിചാരണയിൽ സത്യം കണ്ടെത്താനൊരവസാനശ്രമമെന്ന നിലയിൽ, നീതിപതി പറഞ്ഞു, സൈന്ധവ രാജാവാണല്ലോ നിങ്ങൾ. പാണ്ഡവആശ്രമത്തിൽ ദ്രൗപദീവസ്ത്രാക്ഷേപം ‘ലൈംഗികാക്രമണം’ സൂക്ഷ്മാംശങ്ങളിൽ പുനഃസൃഷ്ടിക്കാമോ? പ്രയോഗിക വിധിതീർപ്പിനായിരുന്നു നിർദേശം. വസ്ത്രാക്ഷേപം ഇരയുടെ സഹകരണമില്ലാതെ അസാധ്യമെന്ന വാദം ദുശ്ശാസനനു വേണ്ടി കർണ്ണൻ ഉന്നയിച്ചതിനൊരു യുക്തിസഹ സമാപ്തി വരുത്തണം. കർത്തവ്യബോധത്തോടെ ഞാൻ ദ്രൗപദിയുടെ വസതിയിൽചെന്നു് തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നുവന്ന ഭീമനുമുമ്പിൽ ഞാനൊരു ‘ലൈംഗികാക്രമി’യായി. അവനെന്നെ രാജരഥത്തിൽനിന്നും വീഴ്ത്തി, കെട്ടിയിട്ടു. ചോരപൊടിയുന്നവിധം മുണ്ഡനം ചെയ്തു. കഴുതപ്പുറത്തിരുത്തി തിരിച്ചയച്ചു. രാജരഥവും മികച്ച ഭൗതികസൗകര്യങ്ങളും തീവച്ചു. കുതിരകളെ കണ്ടുകെട്ടി. മനസ്താപത്തോടെ ഹസ്തിനപുരിയിലെത്തിയ ഞാൻ വിട്ടുകൊടുക്കാതെ പാണ്ഡവരുടെ നിയമ വിരുദ്ധനടപടി, നീതിപീഠത്തിൽ അവതരിപ്പിക്കും. പാണ്ഡവരും പാഞ്ചാലിയും പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിമകൾ ആണെന്ന വസ്തുത അവരെ നീതിപീഠംതന്നെ ഓർമ്മിപ്പിക്കട്ടെ!” സ്വയം സാന്ത്വനസ്പർശം ചെയ്തുകൊണ്ടിരുന്ന അർദ്ധനഗ്ന ജയദ്രഥനെ ശാസനാഭാവത്തോടെ, കൗരവസഹോദരിയും ഭാര്യയുമായ ദുശ്ശള കൈമാടിവിളിക്കുന്നതു് കൊട്ടാരം ലേഖിക കണ്ടില്ലെന്നു നടിച്ചു.
“സൗന്ദര്യാരാധകനുമാണല്ലേ? സ്വയംവരത്തിൽ കണ്ടല്ലോ മുൻനിരയിൽ മത്സരാർത്ഥിയായി?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.
“നിങ്ങൾശരിക്കും ഒരു ശുദ്ധാത്മാവു്! വരണാവതം സുഖവാസ മന്ദിരം തീയിട്ടു് ഒളിവിൽപോയ കുറ്റവാളിപാണ്ഡവരെ കയ്യോടെ പിടികൂടാനുള്ള കെണിയായിരുന്നില്ലേ? പാണ്ഡവർ മരിച്ചെന്നു കരുതി, കൗരവർ ശ്രാദ്ധംചെയ്തതല്ലേ. അന്നംചോദിച്ചുവന്ന ആറംഗ ആദിവാസികുടുംബത്തെ ഇരകളാക്കി ഭൂഗർഭപാതയിലൂടെ രക്ഷപ്പെട്ട ആ ‘പാപി’കൾ പിന്നെ പൊങ്ങിയതു് ഏകച്ചക്ര ഗ്രാമത്തിലായിരുന്നെങ്കിലും, പരസ്യമായിതന്നെവേണം പൊളിച്ചടുക്കാനെന്നു ദുര്യോധനൻ വാശിയോടെ പറഞ്ഞപ്പോൾ പാഞ്ചാല ചൂണ്ടവേദിയാക്കി. വ്യാസനെ കണ്ടു പാണ്ഡവരെ സ്വയംവരത്തിലേക്കു പോവാൻ പ്രേരിപ്പിക്കണമെന്നു ആവശ്യപ്പെട്ടു. കനത്തുദുര്യോധനസ്വരം എന്നറിഞ്ഞപ്പോൾ ദൗത്യം ഏറ്റെടുത്തു. കുറച്ചുകാലമായുള്ള വേഷംകെട്ടും ജീവിതരീതിയും പാണ്ഡവരെ തുണച്ചില്ല. ‘തസ്കരന്മാ’രെ തിരിച്ചറിഞ്ഞു. കള്ളി മനസ്സിലായെന്നവരുടെ ശരീരഭാഷ തെളിഞ്ഞു. മത്സരത്തിൽ ഞാൻ നാമമാത്രമായി പങ്കെടുത്തതു്, പരിഷ്കൃത വനിതയെന്നു പേരെടുത്ത പാഞ്ചാലി അവർണ്ണകർണ്ണനോടെങ്ങനെ സ്വയംവര നിലപാടെടുക്കുമെന്നറിയാനുള്ള അവസരമായി. ജാതിഭ്രാന്തിൽ ആളുമോശമല്ലെന്നു വ്യക്തമായി.”
“വിവാഹപൂർവ്വ രതിസാഹസത്തിൽ, കുട്ടിയുണ്ടായ രഹസ്യം ഒളിപ്പിച്ചുവച്ചാണു് പാണ്ഡുവിനെ സ്വീകരിച്ചതെന്ന കൊട്ടാര രഹസ്യം അങ്ങാടിപ്പാട്ടാക്കുമെന്നു ഗാന്ധാരി പേടിപ്പിച്ചപ്പോൾ മഹാരാജപദവി ഉപേക്ഷിച്ചു പാണ്ഡുവിനെ നിങ്ങൾ സമ്മർദം ചെലുത്തി കാട്ടിലേക്കയച്ചെന്ന വാർത്ത കുതിരപ്പന്തികളിൽ പുകഞ്ഞുപ്രചരിക്കുന്നല്ലോ. എങ്ങനെവേണം ഹസ്തിനപുരി പൊതുസമൂഹം അനാഥഗർഭങ്ങളെ കാണാൻ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡുവിധവയും കുട്ടികളും അഭയാർഥികളായി വിദുരഗൃഹത്തിൽ കഴിയുന്ന ഇടവേള.
“വിവാഹത്തിനുമുമ്പു് പാണ്ഡുവിന്റെ രതിയനുഭവങ്ങളുടെ ആൾവിവരപ്പട്ടിക തന്നാൽമാത്രമേ കൈപിടിക്കൂ എന്ന നിബന്ധന ഞാൻ വച്ചിരുന്നുവോ? ഭാര്യയുടെ അവിഹിത സന്തതിയെ കുറിച്ചിത്ര മുൻവിധിയുള്ള പാണ്ഡുവിനു, സ്വന്തം ഷണ്ഡത്വത്തെ കുറിച്ചു് വാതുറക്കാനെന്തായിരുന്നു മടി? കായിക ക്ഷമതയുള്ളവനായിരിക്കും രാജാവെന്ന പ്രതീക്ഷയിൽ, മകളെ പാണ്ഡുവിനു് ‘കന്യാദാനം’ ചെയ്ത മാദ്രരാജാവു് അർപ്പിച്ച വിശ്വാസത്തെ തകർക്കാൻ വൈമനസ്യം പാണ്ഡു കാണിച്ചുവോ? രതിയനുഭവം നിഷേധിക്കപ്പെട്ടതു് മുനിശാപം കൊണ്ടെന്ന കെട്ടു കഥ തെരുവുപാട്ടുകാരെക്കൊണ്ടു് പാടിപ്പിച്ചല്ലേ വനവാസത്തിനു ഞങ്ങളെയുംകൂട്ടി ഒരുപോക്കു പോയതു്? വംശംനിലനിർത്താൻ ‘പ്രായോഗികപ്രതിവിധി’ തേടുമെന്ന പാണ്ഡുനിർദ്ദേശം എന്തു് ‘വഴി’യാണു് എനിക്കും മാദ്രിക്കും തുറന്നിട്ടതെന്നു കുതിരപ്പന്തിയിൽ കേട്ടുവോ? കുട്ടികൾ അഞ്ചുതികഞ്ഞപ്പോൾ, ‘ബലേഭേഷ്’ എന്നു് പറഞ്ഞല്ലേ ആ കിടപ്പുരോഗി കഥാവശേഷനായതു്? പ്രകോപിപ്പിച്ചാൽ ‘വിഴുപ്പുകെട്ടു’ പുറത്തെടുക്കാൻ കുരുവംശചരിത്രത്തിൽ നിന്നെനിക്കുകിട്ടും. റാണിയായി ഞാനിവിടെ കഴിയുമ്പോൾ ഗാന്ധാരി എവിടെ ആയിരുന്നു? ഇപ്പോൾ വെളിപ്പെടുത്തുന്നില്ല”!
“പ്രതിരോധവഴിയാണു് ‘കാരുണ്യ’കൗരവർ ‘ഹീന’പാണ്ഡവരുടെ ആക്രമണവാസനക്കു പകരമായി തിരഞ്ഞെടുത്ത ജീവനോപാധിയെങ്കിൽ, എന്തിനിത്ര ചെലവേറ്റെടുത്തു കുരുക്ഷേത്രയിൽ പോരാട്ടവേദിയൊരുക്കാൻ? ഹസ്തിനപുരി കോട്ടയുടെ വിള്ളലടച്ചു കാത്തിരിക്കാമായിരുന്നില്ലേ പാതിരാ മിന്നലാക്രമണത്തിനു വരുന്ന അർധസഹോദരരെ പിടികൂടാൻ?” നടുവൊടിഞ്ഞു ചതുപ്പുനിലത്തിൽ മരണംകാത്തു് തളർന്നുകിടന്ന ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കൂടെകിടക്കുന്ന പെണ്ണിനെ പണയംവച്ചു് ചൂതാടുന്ന ‘പതിതപാണ്ഡവ’രെ പോലെയാണോ അഭിമാനികൗരവർ രാജസ്ത്രീകളെ പരിചരിച്ചതു? പ്രതിരോധവഴിയിലെന്തെങ്കിലും വീഴ്ചപറ്റി പാപിപാണ്ഡവർ ഇടിച്ചുകയറി കൗരവരാജസ്ത്രീകളെ വസ്ത്രാക്ഷേപത്തിനു ശ്രമിച്ചാൽ കൗരവകുടുംബങ്ങളിലെ വനിതകളും കൂട്ടആത്മഹത്യ ചെയ്യുമെന്നു് എന്റെ ഭാര്യ താക്കീതു ചെയ്തു. അതോടെ കുരുക്ഷേത്ര അക്ഷരാർത്ഥത്തിൽ യുദ്ധഭൂമി! സ്ത്രീകൾ ഭയമില്ലാതെ കിടക്കാൻ, ഞങ്ങൾ കുറ്റിക്കാടു് വെട്ടിനിരപ്പാക്കി ശത്രുക്കൾക്കു അനിശ്ചിതകാലം കഴിയാൻ പാളയം പണിതു” ഭീഷണനോട്ടത്തോടെ കഴുകന്മാർ ദുര്യോധനന്റെ ചുറ്റും ചിറകടിച്ചുഒച്ചവച്ചു.
“സ്മൃതിനാശം വന്ന കുന്തിയെ നിങ്ങൾ, ഗാന്ധാരിക്കൊപ്പം കാട്ടിലേക്കയച്ചു എന്നാണു കൃപാചാര്യൻ താടിക്കുകൈവച്ചു പരിതപിക്കുന്നതു്. കഴമ്പുണ്ടോ പുരോഹിതന്റെ ആരോപണത്തിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കുന്തിയുടെ സ്മൃതിനാശം ഞങ്ങൾ ഖാണ്ഡവവനത്തിലേക്കു് കുടിയേറുംമുമ്പു് തന്നെ കൃപാചാര്യനടക്കം ഹസ്തിനപുരിയിൽ എല്ലാവർക്കും സംശയമുണ്ടായുന്നല്ലോ. “ഞങ്ങളുടെ കൂടെ വരൂ അമ്മാ” ഞാൻ എന്നു് കുന്തിയെ ഉപചാരപൂർവ്വം ക്ഷണിച്ചപ്പോൾ, “നീ എപ്പോഴാണു് എന്റെ മകനായതു്, എനിക്കൊരു മകനേയുള്ളൂ തേജസ്വിയായ സൂര്യപുത്രൻ” എന്നാണവർ മറ്റു പാണ്ഡവരുടെ സാനിധ്യത്തിൽ പറഞ്ഞതു്.”, വയോജനനങ്ങൾക്കുംവേണം അന്ത്യദിനങ്ങളിൽ ഹിമാലയവിശ്രമം എന്ന ഗുരുകുലസംവാദത്തിലേക്കു് പോവാൻ തേരിൽ കയറുകയായിരുന്നു, മിക്കവാറും ആയിരം പൂർണചന്ദ്രന്മാരെ കണ്ട ഇളമുറപാണ്ഡവൻ!
“മനുഷ്യാവസ്ഥയെ കുറിച്ചെന്തെങ്കിലും ദാർശനിക വെളിപാടു് കുരുക്ഷേത്രാനുഭവം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഹസ്തിനപുരി.
“യുദ്ധാവസാനദിനം അഞ്ചുമക്കൾ അശ്വത്ഥാമാവിന്റെ പാതിരാ മിന്നലാക്രമണത്തിൽ കൊല്ലപ്പെടുക, പാണ്ഡവർ പോറലേൽക്കാതെ പുറത്തുചാടുക, മറിച്ചായിരുന്നെങ്കിൽ യുദ്ധഫലം! ആ മാതൃമോഹം പൂവണിഞ്ഞാൽ ‘ഈ പ്രപഞ്ചം ഒരു ദൈവസൃഷ്ടി’ എന്നു് ഞാൻ ആകാശത്തേക്കു് നോക്കി മഹത്വപ്പെടുത്തുമായിരുന്നു. എന്നാൽ ഇന്നു് ഞാൻ? ആൺവേദിയിൽ ഉടുതുണിവലിക്കപ്പെട്ട പെൺഅടിമ, പെറ്റകുഞ്ഞുങ്ങളുടെ ശവമടക്കിനു സാക്ഷിയാവേണ്ടി വന്ന ദുഖിത, അഞ്ചു പുരുഷന്മാരുടെ ഭാരംചുമക്കേണ്ടി വരുന്ന പതിത. സ്വജീവിതത്തിൽ എന്തുകൊണ്ടിനിയും കുരുക്ഷേത്ര തുടങ്ങിയിട്ടില്ലെന്നു കരുതുന്ന പെൺപോരിമ!”
“വേദിയിലിപ്പോൾ പൊരിഞ്ഞപോരാട്ടമെന്നുകരുതി ആദ്യാവസാനംകാണാൻ ഓടിക്കിതച്ചുവന്നപ്പോൾ! ഞെട്ടിപ്പിക്കുന്ന കാഴ്ച—സംഹാരതാണ്ഡവമാടേണ്ട ഇരുഭാഗസൈനികർ താടിക്കുകൈവച്ചു! ഒരു കാലിൽനിന്നും മറ്റേതിലേക്കു ഊന്നലുമായി. അല്ല, എന്തുസംഭവിച്ചു?” കൊട്ടാരം ലേഖിക യുദ്ധനിർവ്വഹണസമിതിയുടെ കാര്യദർശിയായ പ്രാദേശികഭരണ കർത്താവിനോടു് ചോദിച്ചു. ഗോപുരവാതിലിനുമേലെ രഹസ്യമായി ഒരുക്കിയ നിരീക്ഷണമുറിയിലായിരുന്നു പ്രത്യേകവേഷംധരിച്ച ഉദ്യോഗസ്ഥർ.
“ഒന്നാദ്യം ഞങ്ങൾ അന്തംവിട്ടു. കൗശലത്തിൽ ആളെവിട്ടു് കാര്യമറിഞ്ഞപ്പോൾ, വിചിത്രമെന്നു തോന്നുംവിധം, തേരാളിയും യോദ്ധാവും തമ്മിലാണു്, മന്ത്രോച്ചാരണംപോലുള്ള വാമൊഴി. എന്തൊക്കെയോ ഉള്ളിൽഉള്ളതു്. സംസാരിക്കുന്നതു തേരാളി!, മനസ്സിനു് വയ്യെന്ന ശരീരഭാഷാ സൂചന നൽകുന്നതോ യോദ്ധാവു്. എന്തു് കടപ്പാടാണു് അയാളോടു് യോദ്ധാവിനുള്ളതു് എന്നറിയുന്നില്ല. വിഘടനവാദികൾ എന്നനിലയിൽ ഹസ്തിന പുരിയിൽവന്നു കൗരവരുമായി കള്ളച്ചൂതു കളിച്ചപ്പോൾ, ദുര്യോധനൻ പിടികൂടി. ധൃതരാഷ്ട്രർ മാതൃകാപരമായി ശിക്ഷിച്ചു. വനവാസം കഴിഞ്ഞതേ ഉള്ളു. യുദ്ധനിർവ്വഹണത്തിന്റെ അഭിമാനകരാർ ഞങ്ങൾക്കു് തന്ന കിരീടാവകാശി ദുര്യോധനൻ, പരിചയപ്പെടുത്തിയവരിൽ തേരാളിയും വിഷാദരോഗിയും ഇല്ലായിരുന്നു. അന്വേഷിച്ചു വിവരം അറിയിക്കാം. ഞങ്ങളും നിരാശയിലാണു്. പോരാട്ടപ്രകടനം കാഴ്ചവെക്കാൻ കൗരവർക്കാവുമെന്ന പ്രതീക്ഷയിലായിരുന്നു. അപശകുനം പോലൊരു വിഷാദരോഗി എല്ലാ പ്രേക്ഷകപ്രതീക്ഷകളും തകർക്കുമോ!”
“ഗാർഹികപീഡനമാരോപിച്ചു ഭർത്തൃമാതാവു് കുന്തിക്കെതിരെ നീതിപീഠത്തിൽ പാഞ്ചാലി പരാതികൊടുത്തപ്പോൾ വിചാരണക്കുശേഷം അവൾക്കനുകൂലമായി അന്തിമവിധി പറഞ്ഞ വനിതാവകാശസമിതി അധ്യക്ഷയല്ലേ സൈന്ധവറാണി ദുശ്ശള? എന്നിട്ടിപ്പോൾ അവളുടെ ഭർത്താവു ജയദ്രഥനെ ഭീമൻ അപമാനിച്ചുവിട്ടപ്പോൾ ആഹ്ലാദിക്കുന്നുവോ പാഞ്ചാലി?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വനവാസക്കാലം.
“കടപ്പാടൊന്നുമില്ല. സൗമനസ്യത്തോടെ ഓർത്തുവെക്കാൻ എന്തുണ്ടതിൽ? നവവധുവായി ഹസ്തിനപുരിയിൽ വന്ന പാഞ്ചാലിക്കു് കൗരവവധുക്കളിൽനിന്നും അവമതിയുണ്ടായി. ബഹുഭർത്തൃത്വം അചിന്ത്യം എന്നവർ പാഞ്ചാലിക്കെതിരെ അന്തഃപുര ഏകാങ്കത്തിൽ പരിഹസിച്ചപ്പോൾ മനംനൊന്ത നവവധു, കുന്തിയെ പ്രതിസ്ഥാനത്തുനിർത്തി എന്നതൊരു ധാരണാപിശകെന്നു ബോധ്യം പിന്നീടു് വരുമ്പോഴേക്കും ദുശ്ശളവിധി വന്നിരുന്നു. ബഹുഭർത്തൃത്വം അത്രമോശമൊന്നുമല്ലെന്നവൾ എന്നോടു് മനസ്സുതുറക്കയും ചെയ്തു വിരസദാമ്പത്യത്തിന്റെ പ്രഥമകാരണം പായക്കൂട്ടിനു വൈവിധ്യത ഇല്ലെന്നവൾ മനസ്സിലാക്കി എന്നതാണു് കാര്യം. എന്നാൽ ദുശ്ശളഭർത്താവു ജയദ്രഥമഹാരാജാവു് ചെയ്തതു് കാപട്യമായിരുന്നു ‘പ്രണയപാശത്താൽ ഞാൻ നിനോടു് ബന്ധിതൻ’ എന്നുതുറന്നുപറയുന്ന ആർജ്ജവം അവനുണ്ടായിരുന്നില്ല. കൗരവസഹോദരിയാണു് ദുശ്ശള എന്നതൊരു ബഹുമതിയൊന്നുമല്ല.”
“നിങ്ങളൊക്കെ കുരുക്ഷേത്രയുദ്ധത്തിനു പാണ്ഡവതന്ത്രം ആവിഷ്കരിക്കുമ്പോൾ അതാ, ഭീമൻ കർമ്മകാണ്ഡത്തിൽ! അതെന്താ അങ്ങനെ?” കൊട്ടാരം ലേഖിക ചോദിച്ചു. വിരാട സൈനിക പാളയം.
“ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, പെട്ടെന്നു് ചാടിയെണീറ്റു. “കൈകൾ കൗരവചോരക്കായി തരിക്കുന്നു”. അതോടെ ഒരു വാളും കൊണ്ടവൻ, പടനിലം സങ്കൽപ്പിച്ചു. വളർത്തുമൃഗങ്ങളുടെ കഴുത്തിൽ വെട്ടി, വീഴ്ത്താൻ തുടങ്ങി. അലമുറയിടുമ്പോൾ കൗരവപേരുകൾ വിളിക്കും. ലഘുവ്യായാമത്തിൽ ക്രൂരത കാണരുതേ!”
“നവജാതശിശുമരണം!—ചേരിപ്രദേശത്തെ കുടിലിലല്ല, ഹസ്തിനപുരി കൊട്ടാരത്തിൽ. അന്തഃപുര വേലക്കാരുടെ വസതിയിലല്ല, മഹാറാണി ഗംഗയുടെ പ്രസവത്തിൽ—ഏഴാമത്തെ കുഞ്ഞും ശ്വാസം മുട്ടി മരിച്ചു. ദുരൂഹതയൊന്നും തോന്നിയില്ലേ?”, മഹാരാജാവു് ശന്തനുവിനോടു് കൊട്ടാരം ലേഖികചോദിച്ചു.
“കണ്ണുതുറന്നു നോക്കിയാൽ കാണുന്ന ഈ പാരാവാരത്തിൽ എന്തെങ്കിലും ദുരൂഹമല്ലാതുണ്ടോ? തെരുവായ തെരുവെല്ലാം ഓടിനടന്നു ഇല്ലാത്ത കഥകൾ നെയ്യുന്ന നിങ്ങൾ നാളെ ഇതേ സമയത്തു ഒരു പിടി ചാരമായി മാറിയാൽ ദുരൂഹമാവുമോ? ‘ഗർഭശ്രീമാ’നായിരുന്ന കിരീടാവകാശി ഇപ്പോൾ നദിയൊഴുക്കിലെവിടെയോ പൊങ്ങിയ കുഞ്ഞുജഡമായതിൽ ദുരൂഹതയില്ലേ? ഉണ്ടല്ലോ. ദുരൂഹമല്ലേ പുലർച്ചക്കു ചോരക്കുഞ്ഞിനെ പുഴയിൽ ‘കഴുകിയെടു’ക്കും മുമ്പു് കൈവിരലുകൾക്കിടയിലൂടെ ഒഴുക്കിൽ വീണുപോയ കുഞ്ഞിനെ പ്രസവിച്ച ഗംഗ, കൊട്ടാരഉദ്യാനത്തിൽ ഊഞ്ഞാലാടുന്നതു നോക്കൂ. ഇന്നു് രാത്രി സുഗന്ധിയായി കിടക്കുമ്പോൾ വീണ്ടുമൊരു ഗർഭം ധരിക്കാൻ ശാരീരികക്ഷമതയുണ്ടാവും. നാളെയവൾ ഗർഭവതിയാകും. മറ്റന്നാൾ വീണ്ടും, പെറ്റകുഞ്ഞു പുഴവെള്ളത്തിൽ മുങ്ങി മരിക്കും—ഒന്നും ഈ ലോകത്തിൽ ദുരൂഹമല്ല. എന്തു് ഹീനപ്രവർത്തിക്കും വാതുറന്നു ലളിതമായി വിശദീകരിക്കാനുണ്ടാവും. ദുരൂഹതയകറ്റുന്ന ‘പിന്നാമ്പുറ കഥ’ക്കു ചെവികൊടുക്കാതെ നിങ്ങൾ ചോദ്യം ചോദിച്ചതിൽ അഭംഗിയുണ്ടു്. കൊച്ചുസഹോദരീ, ദൈവമാണു് സൃഷ്ടിക്കു പിന്നിലെന്ന ലളിത വിശദീകരണത്തിലൂടെ പ്രപഞ്ച ദുരൂഹത പൂർവ്വികർ മാറ്റിയിട്ടും, ദൈവാസ്തിത്വം ചോദ്യം ചെയ്യുന്ന ചാർവാകനെ പോലെയാണോ പത്രപ്രവർത്തകരും?”
“രക്ഷപ്പെട്ടുവോ പീഡകദുശ്ശാസനൻ? രാജസഭയിൽ പ്രസ്താവന കണ്ടില്ല!?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനു പോയ കാലം.
“അതിജീവിതയുടെ അസാന്നിധ്യത്തിലും, പരാതി പരിശോധിച്ചു. പ്രതിയെയും സാക്ഷികളെയും വിസ്തരിച്ചു വസ്തുത തേടി. നീതിദേവതയുടെ നിരന്തര സാന്നിധ്യം വിചാരണയിൽ അനുഭവപ്പെട്ടു. ഇരയുടെ അടിവസ്ത്രത്തിൽ പ്രതി കൈവച്ചതു കൊണ്ടു സ്ത്രീത്വത്തിന്നെതിരായ ലൈംഗിക അതിക്രമം ഉണ്ടായി എന്ന നിഗമനത്തിനു സാധുതയില്ലെന്നു തിരിച്ചറിഞ്ഞു. ആണുങ്ങൾക്കു് ഇരിപ്പിടാനുമതിയുള്ള ചൂതാട്ടസഭയിൽ, അല്പവസ്ത്രയായി വന്ന ഇര, ചൂതാട്ടത്തിന്റെ ഏകാഗ്രതയിൽ അയവു വരുത്തുവാൻ ഇടവരരുതെന്നു പ്രതി അപേക്ഷിച്ചപ്പോൾ, കെട്ടുവിട്ടു ഇരയുടെ ഉടലിൽനിന്നു ഉടുതുണി വേർപെടുക മാത്രമാണുണ്ടായതെന്ന പ്രതിവാദത്തിൽ നീതിപീഠം കഴമ്പു കണ്ടു. ഇരയുടെ മാനം തകർക്കുകയെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും ന്യായാധിപനു് ബോധ്യമായി. പ്രതിയെ വെറുതെ വിട്ടു. കൗരവകിരീടാവകാശത്തിനു രണ്ടാമനായ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ താഴ്ത്തിക്കെട്ടാൻ ഇരനെയ്ത വ്യാജപരാതിയാണിതെന്ന ന്യായാധിപകണ്ടെത്തലിൽ പരാതിക്കാരിക്കു് സന്യസ്ഥ ആശ്രമങ്ങളിലെ മാലിന്യം സംസ്കരിക്കാനുള്ള ദൗത്യം ഏൽപ്പിച്ചുത്തരവായി.”
“ഇതിഹാസസമാനമായ ഒരുത്തമകഥാപാത്രമായി ഭാവിക്കു് സമർപ്പിക്കാൻ നിങ്ങൾക്കുണ്ടായിട്ടും, അതിനുയോജിച്ച ‘അഭിജാത സാഹിത്യഭാഷ’ നിത്യവ്യവഹാരത്തിൽ പാണ്ഡവരോടു് ഉപയോഗിക്കുന്നില്ലല്ലോ?”, കൊട്ടാരം ലേഖിക മഹാറാണിയോടു് ചോദിച്ചു. യുധിഷ്ഠിര ഭരണത്തിന്റെ അവസാന വർഷങ്ങൾ.
“ബഹുഭർത്തൃത്വത്തിന്റെ പരുക്കൻ ദൈനംദിന വ്യവഹാരഭാഷയിൽ നിന്നും മോചിപ്പിച്ചു ദ്രൗപദിയെ ഇതിഹാസത്തിൽ മഹത്വപ്പെടുത്താനിടയുണ്ടെന്ന മുന്നറിയിപ്പു് തന്നതു് കവിയുടെ പുതുതലമുറ ശിഷ്യനായിരുന്നു. കവിക്കു് നേരിട്ടറിവില്ലാത്ത പാണ്ഡവദാമ്പത്യത്തിലെ തൊഴുത്തിൽകുത്തു പരവതാനിക്കടിയിൽ ഒളിപ്പിച്ചു ‘അവതാര’ സാന്നിധ്യം എന്നിലാരോപിച്ചു, വളച്ചുകെട്ടുമൊഴി പറയിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, വേണ്ടെന്നു നേരിട്ടറിയിച്ചു. കുരുക്ഷേത്രയിലൂടെ “ധർമ്മ സംസ്ഥാപന”മാണു് പ്രകൃതി ഉദ്ദേശിക്കുന്നതെന്നവർ ‘ആധികാരിക’ ശബ്ദത്തിൽ വിശദീകരിച്ചപ്പോൾ, വഴിത്താരയിലെ ഓരോ ‘കല്ലും മുള്ളും’ പാണ്ഡവനിർമ്മിതമാണെന്നും, അതു മറച്ചുവച്ചെഴുതാനാണു് കവിശ്രമമെങ്കിൽ, ‘ഹസ്തിനപുരി പത്രിക’യുടെ കൊട്ടാരം ലേഖികയുമായുള്ള മുൻകാലഅഭിമുഖങ്ങൾ ‘ദ്രൗപദിയുടെ ഔദ്യോഗിക ജീവചരിത്ര’മായി പ്രഖ്യാപിക്കുമെന്നു വിരൽചൂണ്ടി, സന്ദർശനം അവസാനിപ്പിച്ചു. വിശുദ്ധകവിക്കുനേരെ വിരൽചൂണ്ടരുതെന്നോ? പെണ്ണവകാശത്തെച്ചൊല്ലി തർക്കങ്ങൾ അങ്ങനെയല്ലേ അപൂർണ്ണമായവസാനിക്കുക? വഴിനടക്കുമ്പോൾ കുഴഞ്ഞുവീണു ചില നീണ്ടജീവിതങ്ങൾ അവസാനിക്കുന്നപോലെ!”
“മഹാപ്രസ്ഥാനം” പാഞ്ചാലി പരിഗണിക്കുന്ന കാലം.
“എന്തിനാണൊരു തെരുവുപട്ടി?” മഹാപ്രസ്ഥാനത്തിൽ പാണ്ഡവരുമൊത്തു നഗ്നപാദരായി വഴിനടക്കുമ്പോൾ മുൻമഹാരാജാവു് യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“have a very old and very faithful attachment for dogs. I like them because they always forgive”, കവി പാടി. “വാക്കു മൃദുലമെങ്കിലും, നാവിൽ കാപട്യമുള്ള അർദ്ധസത്യവാൻ”, പാഞ്ചാലി വിശേഷിപ്പിച്ച പാപബോധം ഇല്ലാതെ പെരുമാറാൻ വിശ്വസ്തകൂട്ടു്.
“ഇങ്ങനെ കഴിയേണ്ടതാണോ ജീവിതസായാഹ്നം?”, ധൃതരാഷ്ട്രർ, ഗാന്ധാരി വിദുരർ എന്നിവർക്കൊപ്പം നാളെണ്ണിക്കഴിയുന്ന വനാശ്രമത്തിൽ കൊട്ടാരം ലേഖിക, മനഃസാന്നിധ്യമുള്ള കുന്തിയോടു് ചോദിച്ചു. ഭൗതികസൗകര്യങ്ങൾ ത്യജിച്ചു മരിക്കാൻ വന്നതായിരുന്നു നാൽവർ സംഘം.
“എല്ലുംതൊലിയുമായ ശരീരങ്ങൾ കണ്ടു മാംസഭോജി മടങ്ങുന്നു. കൊത്തിത്തിന്നാൻ കഴുകനു വേണ്ടാത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണിപ്പോൾ. ജീവനൊടുക്കാൻ ആഗ്രഹമുണ്ടു് പരസ്പരം വെട്ടിക്കൊല്ലാൻ ആയുധമോ കരുത്തോ ഇല്ല. നേരംപുലരുമ്പോൾ പ്രത്യാശയോടെ ഉറ്റു നോക്കും–കാട്ടുതീ, അതിനാണു് പ്രാർത്ഥിക്കുന്നതു്. ഞങ്ങളെ തിരിച്ചറിയുന്ന ആദിവാസികൾ കുടിനീരും പഴങ്ങളും ഇവിടെ വച്ചുപോവും. ഇന്നുരാത്രി ഉറങ്ങുന്ന നേരത്തു മനുഷ്യനിർമ്മിതമെങ്കിലുമായ അഗ്നിബാധ! അതു് വിശ്വ പ്രകൃതിയുടെ ‘ദാന’മായി തന്നെ കാണും! വിട!”
“പതിമൂന്നുകൊല്ലമായി അഴിച്ചിട്ട മുടിയിൽതേക്കാൻ, ഇതാ, പാഞ്ചാലീ, ചുടുകൗരവചോര”, കൈക്കുമ്പിളിൽ ‘ദ്രാവക’വുമായി, കിതച്ചോടി പാണ്ഡവപാളയത്തിൽ പ്രണയിനിയുടെമുമ്പിൽ കൊച്ചുകുട്ടിയെപോലെ അഭിനന്ദനത്തിനായി ഭീമൻ കൈനീട്ടി “ആലങ്കാരികമായി ഞാനെന്നോ എവിടെയോ ചെയ്ത ഒരുചോരക്കാര്യം ഇത്രയുംകാലം അക്ഷരാർത്ഥത്തിൽ ഓർമയിൽവച്ചു്, അർധസഹോദരന്റെ കരൾതുരന്നു ചോരകോരിവരുന്ന ആളെത്ര മന്ദൻ! നിങ്ങൾക്കറിയാമോ മനുഷ്യാ, ആരാധകരായിരുന്നു, കൊല്ലപ്പെട്ട ധീരകൌരവർ!” നിന്ദയോടെ ഭർത്താവിനെ നോക്കി, മുടികെട്ടി, കൂടാരത്തിലേക്കു് കയറി പാഞ്ചാലി വാതിലടച്ചു.
“അഭയാർത്ഥികളോടെന്താ വെറുപ്പു്? നിങ്ങളുടെ അച്ഛന്റെ അനുജനല്ലേ കുന്തിയുടെ ഭർത്താവു്? പാണ്ഡു, ഹസ്തിനപുരി രാജാവായിരുന്നു എന്നും, മുനിശാപം കിട്ടി മതിഭ്രമത്തിൽ ചെങ്കോൽ ജ്യേഷ്ടനുനേരെ വലിച്ചെറിഞ്ഞു, പരിത്യാഗിയായി കാട്ടിൽ പോയതാണെന്നും കേട്ടിട്ടുമുണ്ടു്. അഞ്ചുകുട്ടികളെയും കൂട്ടി പാണ്ഡുവിധവ ഒരന്തിക്കൂരക്കായി കോട്ടവാതിലിൽ മുട്ടുമ്പോൾ, ‘കടക്കു പുറത്തു’ പറയുന്നതാണോ കുരുവംശസംസ്കാരം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അനധികൃതമായി ഹസ്തിനപുരിയിൽ കഴിയുന്നതുകൊണ്ടല്ല കുന്തികുടുംബത്തെ പാറാവുകാർ വിരട്ടിയതു. തിരിച്ചറിയൽ രേഖയോ സാക്ഷിമൊഴിയോ മറ്റു ഔദ്യോഗികപിൻബലമോ ഇല്ലാതെ കാഴ്ചപരിമിതിയുള്ള ധൃതരാഷ്ട്രരോടു്, “ഞാൻ കുന്തി, ഇവർ അഞ്ചുപേർ പാണ്ഡവർ” എന്നു് ബഹളംവച്ചാൽ, വകവച്ചു കൊടുക്കുമോ കൗരവർ? പരപുരുഷാതിക്രമത്തിനു ഇരയായി കുന്തി മൂന്നും, മാദ്രി രണ്ടും പ്രസവിച്ച കുട്ടികളെ പാണ്ഡു ഔദ്യോഗികമായി അംഗീകരിച്ചു എന്നു് കുന്തി പറഞ്ഞാൽ കുരുവംശീയപിന്തുടർച്ച കുരുക്കഴിയുമോ? ‘പാണ്ഡുവിധവ’ എന്ന തർക്കപദവിക്കു് ഏകപരിഹാരം ഹസ്തിനപുരി നീതിപീഠത്തിനു് മുമ്പിൽ തെളിവു് നിരത്തലാണു്. ധൃതരാഷ്ട്രരും ഗാന്ധാരിയും രണ്ടു ദശാബ്ദം മുമ്പു് കുന്തിയെ വ്യക്തിപരമായി അറിഞ്ഞിരുന്നു എന്ന പരിചയംമാത്രം മതിയോ, പിന്തുടർച്ച പതിച്ചുനൽകാൻ? അഭയാർത്ഥികൾ എന്നല്ല, ‘അഭിജാത’ പിതൃത്വമില്ലാത്തവരോടും കൗരവർ കരുണകാണിക്കുമെന്നതിനു സാക്ഷ്യമല്ലേ, കർണനു ദാനം ചെയ്ത അംഗരാജപദവി? സൂതപുത്രനെന്നനിലയിൽ കുലത്തൊഴിലായി രഥമോടിക്കേണ്ടവൻ നവരത്നംപതിച്ച കിരീടം വച്ചല്ലേ എന്റെ മുമ്പിൽ നടക്കുന്നതു്? രണ്ടു ഇളമുറകൗന്തേയരെ ശിശുകേന്ദ്രത്തിൽ ഞങ്ങൾ ബലംപ്രയോഗിച്ചു മാറ്റിപ്പാർപ്പിച്ചു എന്ന കുന്തിയുടെ ആരോപണവും വസ്തുതയുടെ ബലമില്ലാത്തതല്ലേ. ഇരട്ടകളുടെ അമ്മയെ പാണ്ഡുചിതയിലേക്കു കുന്തി കുറ്റകരമായ ലക്ഷ്യത്തോടെ തള്ളിയിട്ടുകൊന്നു എന്ന ആരോപണം വ്യവസ്ഥാപിത ഭരണകൂടം അന്വേഷിക്കേണ്ടതിന്റെ ഭാഗമായി കൊച്ചുകുട്ടികൾക്കു് സംരക്ഷണം കൊടുത്തതാണോ ഞങ്ങളുടെ അപരാധം? കൊടുംകുറ്റവാളിക്കു പരവതാനി വിരിച്ചാണു് സ്വീകരണം കൊടുത്തതെന്നു് നിങ്ങൾ തന്നെ ചുവരെഴുത്തുകളിൽ നാളെ കരിവാരി എഴുതില്ലേ?” ഗംഗാ യമുനാ നദികളിൽ നീരോട്ടം ഉയർന്നതോടെ ഇരുവശങ്ങളിലും കഴിയുന്നവരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുവാൻ ഊർജ്ജസ്വലരായ ഇളമുറകൗരവരുമായി ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു,കൗമാരം വിട്ടിട്ടില്ലാത്ത കൗരവരാജകുമാരൻ.
“കൊള്ളിവാക്കുപറഞ്ഞു ഭർത്താക്കന്മാരെ വേദനിപ്പിക്കുക, മേനിയിൽ പുരട്ടാൻ സുഗന്ധ തൈലങ്ങൾ സമ്മാനിക്കുന്ന പരപുരുഷന്മാരെ പ്രശംസിക്കുക ദുഷ്പ്രവണത ജനിതക വൈകല്യമാണോ?, അതോ, അവിശ്വസ്ഥദാമ്പത്യത്തിനു വളക്കൂറു പാഞ്ചാലയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“എനിക്കെങ്ങനെ മനുഷ്യജന്മത്തിനുള്ള ജനിതകം അവകാശപ്പെടാനാവും? കണ്ണുതുറന്നു ചുറ്റുംനടന്നു പുറംലോകം പരിചയപ്പെടുംമുമ്പു് സ്വയംവരം കഴിഞ്ഞ എനിക്കെങ്ങനെ പാഞ്ചാലയിൽ ‘പ്രായോഗികപാഠം’ സ്വീകരിക്കാനാവും? പെണ്ണിനിത്തിരി സ്വകാര്യത കൊതിക്കുന്ന നേരത്തു, കിടപ്പറയിലും കുളിമുറിയിലും വസ്ത്രാക്ഷേപം ചെയ്യുന്ന പാണ്ഡവരെ ചെറുക്കാൻ പെണ്ണുടലിനാവേണ്ടതല്ലേ? വാക്കിൽ മുള്ളുണ്ടെന്നവർ വിലപിക്കുക സ്വാഭാവികം. കരുണ കാണിക്കുന്ന കൗരവരെ പാണ്ഡവർ ഇകഴ്ത്തുന്നു. ഭർത്താക്കന്മാരോടു് മുള്ളുവാക്കു പറഞ്ഞില്ലെങ്കിൽ ആരാധകർ എന്ന പദത്തിനെന്തർത്ഥം? നിശാജീവിതം അഞ്ചുലൈംഗിക ഉപഭോക്താക്കൾ ഒരേസമയം കയ്യടക്കിയിട്ടു കാലമെത്രയായി. കിടപ്പറക്കുവെളിയിൽ ഒഴിവു കാത്തുകാത്തുറങ്ങിപ്പോയെന്നു പാണ്ഡവർ വിലപിക്കാറുണ്ടു്. ഊഴംവച്ചു് അച്ചടക്കത്തോടെ കിടപ്പറക്കുമുമ്പിൽ കാത്തിരിക്കും എന്നു് പറയുന്ന പാണ്ഡവർ, പക്ഷേ, പറയാത്ത കാര്യം ഇതാ: മുള്ളുവാക്കു പറയുന്ന ഞാൻ വേണം ബഹുഭർത്തൃത്വ വൈവിധ്യത്തിലും, ഉത്തരവാദിത്വത്തോടെ ഓരോരുത്തരെയും ക്ഷണിച്ചു അകത്തുകൊണ്ടുവന്നു മടിയിൽകിടത്തി പരിചരിച്ചും ലാളിച്ചും ഊർജ്ജസ്വലരാക്കാൻ. പരസ്ത്രീകൾ പരിത്യജിച്ചുവോ പാണ്ഡവരെ? പാഞ്ചാലിയെ ഭയപെടുന്നുവോ പരസ്ത്രീ?”
“ആദ്യവാർഷികം ആഘോഷിക്കുമ്പോൾ, വീഴ്ച പറ്റിയോ? ഇന്ദ്രപ്രസ്ഥംവരെ പോയി എന്തുണ്ടവിടെ വിശേഷം? ഇതു് വരെ തിരക്കിയില്ലേ?”, വേദിയിൽ നിന്നിറങ്ങി രഥത്തിൽ കയറുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക ഉപചാരത്തോടെ തടഞ്ഞു.
“ഇന്ദ്രപ്രസ്ഥം? അതൊന്നും നിങ്ങൾ ഇനിയും മറന്നില്ലേ? കാലികപ്രസക്തിമാത്രമുള്ള മയൻനിർമിതിമാത്രമായിരുന്നില്ലേ, വിരുന്നുവന്നവരെ വഴുക്കിവീഴ്ത്തുന്ന കൊട്ടാരസമുച്ചയം? ചക്രവർത്തിനി ‘ആലങ്കാരിക’പദവിയും. ആ ശപിക്കപ്പെട്ട യമുനതീരനഗരിയിൽ, കഴിഞ്ഞ പത്തുപതിനാലു വർഷങ്ങൾക്കുള്ളിൽ വളർന്ന കുറ്റിക്കാടുകൾവെട്ടി നിരപ്പാക്കാനും, ജൈവ വൈവിധ്യങ്ങൾ നശിപ്പിക്കാനും ഇനി സമ്മതിക്കില്ല. അത്രയും പാരിസ്ഥിതികപ്രതിബദ്ധത ഹസ്തിനപുരി പൊതുസമൂഹം പ്രതീക്ഷിക്കുന്നു!”
“ആരാധ്യപാഞ്ചാലി ആഗോളശ്രദ്ധ നേരത്തേനേടി! മറ്റൊരു നിർഭാഗ്യവതി, പാഞ്ചാല‘പുത്രി’യെന്ന നിലയിൽ നിങ്ങൾ, കുരുക്ഷേത്രയിൽ പരിഹാസ്യ കഥാപാത്രമാവും എന്ന പേടിയുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര പത്താംദിവസം. പെണ്ണൊരുമ്പെട്ടാൽ താൻ ആയുധം താഴെയിടുമെന്നു ഭീഷ്മപിതാമഹൻ പ്രഖ്യാപിച്ചതു പോർക്കളത്തിൽ പരപരപ്പുണ്ടായി.
“കാശിരാജകുമാരി അംബയെ ഭീഷ്മർ തിരിച്ചറിയുമെന്ന തോന്നൽ സാർവ്വർത്രികമായതുകൊണ്ടു്, ദശാബ്ദങ്ങളായി ഞാൻ പാടുപെട്ടു സൈനികതയ്യാറെടുത്തതൊക്കെ പാഴായിപ്പോവുമെന്ന പേടി? ഭീഷ്മവധത്തിനു പ്രതികാരം വീട്ടാൻ ഏതറ്റവും ഞാനിന്നുപോവും. ബലംപ്രയോഗിച്ചു തട്ടിയെടുത്തു ഹസ്തിനപുരിയിലേക്കു അംബികയും അംബാലികയുമൊത്തു പാഞ്ഞ ‘പിതാമഹ’നൊരു ‘കൊട്ടു’ കൊടുക്കാതെ തീരുമോ നിർഭാഗ്യവതി അംബയുടെ പ്രതികാരദാഹം? ആൺപെൺ ലക്ഷണങ്ങൾ നിയന്ത്രിക്കുന്ന സൂക്ഷ്മഗ്രന്ഥി സ്രാവങ്ങൾ രക്തത്തിൽ കലരുമ്പോൾ എന്തൊക്കെ സംഭവിക്കാമോ, പ്രകൃതി പരീക്ഷിച്ചിട്ടുണ്ടാവാം, ഞാൻ സ്ത്രൈണലക്ഷണങ്ങൾകാണിക്കുന്ന പുരുഷനെന്നു, ഇത്തരംകാര്യങ്ങളിൽ ഗ്രാഹ്യമുള്ള സഹദേവൻ പറഞ്ഞു കഴിഞ്ഞു. ഭീഷ്മവധത്തിനുശേഷം വീണ്ടും കാണാം, കൂടപ്പിറപ്പുകളായിരുന്ന അംബികയും അംബാലികയും ജന്മം കൊടുത്ത ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കൾ കൂട്ടുകുടുംബസ്വത്തു തർക്കം എങ്ങനെ തീർക്കുമെന്നറിയാൻ എനിക്കുമുണ്ടു് കൗതുകം. കാരണം, വിശ്വവിഖ്യാതസഹോദരിയുടെ ഭാഗധേയവും നിർണ്ണയിക്കപ്പെടുക ഈ യുദ്ധത്തിലാണല്ലോ.”
“കൗരവസഹോദരന്മാർ ‘സുരക്ഷിതവനംപദവി’ കൊടുത്തു ‘പരിപാലിച്ച’ ഖാണ്ഡവപ്രസ്ഥം, ധൃതരാഷ്ട്രർ ജന്മഅവകാശം കുടുംബഓഹരിയായി നിങ്ങൾക്കെഴുതി തരുമ്പോൾ, ദുര്യോധനൻ സ്ഥലത്തില്ല. വിവരം അറിഞ്ഞപ്പോൾ കേട്ടു, നിങ്ങൾ ആ അതിലോല ആവാസവ്യവസ്ഥ തീയിട്ടു! ചോര തിളച്ചു ഭീഷണിമുഴക്കുന്നല്ലോ കൗരവർ?” കൊട്ടാര ലേഖിക ചോദിച്ചു. കുടിയേറ്റത്തിനുവന്ന ആറംഗ പാണ്ഡവസംഘം മരക്കുടിലുകൾ നിർമ്മിക്കുന്ന ആദ്യദിനങ്ങൾ.
“കുടുംബഓഹരി തരാമോ എന്നു് ധൃതരാഷ്ട്രർ തീരുമാനിക്കുമോ, കിരീടാവകാശിപോലുമായി പട്ടാഭിഷേകമുണ്ടായിട്ടില്ലാത്ത ദുര്യോധനൻ തീരുമാനിക്കുമോ? എങ്കിൽ സഭകൂടി ‘രാജ്യദ്രോഹിയെ’ നാടുകടത്തുമോ? ഇതൊരു മുൻകൂർ തയ്യാറാക്കിയ ‘കുരുവംശപ്രഹസന’മോ? തിരക്കുണ്ടു് സഹോദരി, അന്തിക്കൂരയാണു് പണിയുന്നതു്. ദുര്യോധരനെ ‘ക്ഷണിച്ചുവരുത്തി’ ‘സൽക്കരിക്കാൻ’ ഞങ്ങൾ വഴികണ്ടോളാം.”
“പോറലില്ലാതെ പോർക്കളത്തിൽനിന്നു് തിരിച്ചെത്തിയ ഏക കൗരവസൈനികൻ നിങ്ങൾമാത്രം അല്ലെ?”, കൊട്ടാരഗുരുവും കൗരവപാണ്ഡവരുടെ ആദ്യാക്ഷരഅധ്യാപകനുമായ കൃപാചാര്യനോടു് കൊട്ടാരം ലേഖിക ചോദിച്ചു, “തിരിഞ്ഞുനോക്കുമ്പോൾ എങ്ങനെ വിലയിരുത്തുന്നു കുരുക്ഷേത്രയിലെ ധാർമ്മികഅപചയം?”;;
“ചൂതാട്ടസഭയിൽ ഒന്നുരണ്ടു കൗരവർ ചെയ്ത കളവും നെറികേടുമൊക്കെ എത്ര ലളിതം, യുദ്ധഭൂമിയിൽ പാണ്ഡവർ പരസ്യമായി ചെയ്തുകൂട്ടിയ പരാക്രമങ്ങൾ നോക്കുമ്പോൾ. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയുടെ തിരുവസ്ത്രമഴിഞ്ഞതാണു് വസ്ത്രാക്ഷേപമെന്ന നിലയിൽ ചൂതാട്ടസഭ പിൽക്കാലത്തു കുപ്രസിദ്ധമായതെങ്കിൽ, കുരുക്ഷേത്രയിൽ പാണ്ഡവർ (പേരെടുടുത്തു പറയുന്നില്ല) ചെയ്ത ഓരോ കൗരവവധവും കണ്ണിൽ ചോരയില്ലാത്തതായിരുന്നു. അഭിമന്യുഭാര്യ ഉത്തരയുടെ ഗർഭസ്ഥശിശുവിനു നേരെ, ദ്രോണപുത്രനും ചിരഞ്ജീവിയും കൗരവരുടെ അവസാന സർവ്വസൈന്യാധിപനുമായ അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം തൊടുക്കുമെന്നൊന്നു വെറുംവാക്കു പറഞ്ഞതെ ഉള്ളൂ, എന്തായിരുന്നു അയാൾക്കുനേരെ യുദ്ധഭൂമിയിൽ പ്രകൃത്യാതീതശക്തികളുടെ പ്രതികാരപ്രതികരണം! ചൂതാട്ടത്തിൽ തോറ്റവർക്കു് വനവാസത്തിൽ അടിമപ്പണിയായിരുന്നെങ്കിൽ, കുരുക്ഷേത്രയിൽ ജീവത്യാഗം ചെയ്തവർക്കു്, മേലെ നീലാകാശം കഴിഞ്ഞാൽ, സ്വർഗ്ഗ പ്രവേശനം സുഗമമാണെന്നറിഞ്ഞപ്പോൾ ജീവഹാനിയില്ലാതെ ഹസ്തിനപുരിയിലെത്തിയ എനിക്കു ബോധ്യമായി, ഈ കാണുന്ന പ്രപഞ്ചത്തിൽ രാജാക്കന്മാരോടു് ചോദിക്കാനും പറയാനും ആകാശങ്ങളിൽ ആളുണ്ടു്.”
“ജന്മനാ അന്ധനായിരുന്നുവോ ധൃതരാഷ്ട്രർ? അതോ, അധികാര കിടമത്സരത്തിൽ ഇരയായോ?”, വിദുരരോടു് കൊട്ടാരലേഖിക ചോദിച്ചു. വ്യാസന്റെ മക്കളിൽ ഒരാളെന്നു സംശയിക്കപ്പെട്ട വിദുരർ, ‘വിവേകവചന’ങ്ങളുടെ അകത്തുകയെന്നു ചാർവാകൻ സ്തുതിചെയ്ത സുവർണ്ണകാലമുണ്ടായിരുന്നു കുരുവംശത്തിൽ.
“കൊട്ടാരരഹസ്യങ്ങളുടെ വിഴുപ്പുകെട്ടിലാണു് കൈവച്ചതു. വിചിത്രവീര്യവിധവകളും വ്യാസനും സത്യവതിയുടെ അന്തർ നാടകത്തിൽ ‘സമ്മേളിച്ച’പ്പോൾ ജനിച്ച അസാധാരണ ജന്മങ്ങളായിരുന്നു ധൃതരാഷ്ട്രരും പാണ്ഡുവും. അവരുടെ ശാരീരിക പരിമിതികൾ ഇന്നു് കുതിരപ്പന്തികളിൽ കുപ്രസിദ്ധം. ധൃതരാഷ്ട്രരുടെ കാഴ്ചപരിമിതി പ്രകൃതിയുടെ ശാപമാണോ? ദുരധികാരകേന്ദ്രിതമായ മനുഷ്യനിർമ്മിതിയാണോ? നേർസാക്ഷിയല്ലെങ്കിലും എല്ലാം കൂട്ടിവായിക്കുമ്പോൾ രണ്ടാമത്തേതെന്നു വേണം വിചാരിക്കാൻ. എന്നാൽ ആരാണു് കൃത്യം ചെയ്തതു് എന്നു് ചോദിച്ചാൽ, ധൃതരാഷ്ട്രരുടെ നിർമ്മിതഅന്ധത ആർക്കു പിൽക്കാലത്തു പ്രയോജനം ചെയ്തു എന്നന്വേഷിക്കാൻ നാം ചുഴിഞ്ഞുനോക്കുകയൊന്നും വേണ്ട. ന്യായമായും നിങ്ങൾ കണക്കുകൂട്ടി പറയും ഇളയഅനുജൻ പാണ്ഡുവിനു്. കൊട്ടാരത്തിൽ ആരുചെയ്തു കൊടുത്തു കായികസഹായം? അവിടെയാണു്, വിശ്വാസ്യയോഗ്യമായ തെളിവിന്റെ അസാന്നിധ്യം. ഒരോലയിൽ ആരോ കുറിച്ചുവച്ച ദുരന്തസന്ദേശം വായിച്ച ഓർമ്മയുണ്ടു്. രാജവംശമാണെങ്കിലും ഹസ്തിനപുരികൊട്ടാരത്തിൽ സാക്ഷരത പരിമിതമായിരുന്നു. എഴുതപ്പെട്ടതൊക്കെ ശ്രദ്ധയിൽ വന്നതു് ഔദ്യോഗികജോലിയുടെ ഭാഗമായും. ജോലിയെന്തെന്നു ചോദിച്ചാൽ കുഴങ്ങും: മന്ത്രി എന്നൊക്കെ കൊട്ടാരം രേഖകളിൽ., ആജ്ഞാനുവർത്തി. പാണ്ഡു അധികാരമോഹിയെന്നു വാദിച്ചാലും, മദയാനയുടെ കരുത്തുള്ള ജ്യേഷ്ഠനെ പിടിച്ചു മലർത്തിക്കിടത്തി, ഇരുകാലുകളും വിടർത്തി നെഞ്ചിൽകയറിയിരുന്നു, കണ്ണുരണ്ടും കുത്തിപ്പൊട്ടിച്ചു,
“‘ഇനി നീ അന്ധൻ, രാജാവാകാൻ അയോഗ്യൻ’ എന്നു് പറഞ്ഞു, കൊട്ടാരത്തിൽ ആളെക്കൂട്ടാൻ പറ്റിയ കളിക്കാരനാണോ നിർജ്ജീവപാണ്ഡു? അവിടെയാണു് അട്ടിമറി ആരോപണം വിഴുപ്പു കെട്ടായിമാറുന്നതു്. സംശയത്തിന്റെ തീകെടാതെ ചോദ്യങ്ങൾ നിങ്ങൾ ആവർത്തിക്കൂ. എന്റെ ജനിതകഭീരുത്വം മാറിക്കിട്ടിയാൽ അഴിച്ചുതരാം അപൂർവ്വയിനം അരമനരഹസ്യങ്ങൾ!”
“തലചായ്ക്കാൻ വൃദ്ധസദനംതേടി പാഞ്ചാലിയുടെ വേനൽക്കാലവസതിക്കുമുമ്പിൽ, കുടിയൊഴിക്കപ്പെട്ട കൗരവരാജവിധവകൾ വെറുംനിലത്തു കിടന്നു മരണംവരെ ഉപവസിക്കുമെന്നു ഭീഷണി മുഴക്കിയല്ലോ ദുര്യോധനവിധവ. വാസ്തവം പറയാമോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“പുതിയ ഭരണക്രമത്തിൽ രാപ്പകൽ സുരക്ഷക്കു് കൂട്ടു് കൗരവകാലകരിമ്പൂച്ചകൾ അല്ല, പാണ്ഡവ വേട്ടപ്പട്ടികൾ! പൊള്ളഭീഷണിയല്ല, കുറച്ചുവാക്കുകളിൽ ഔദ്യോഗിക അറിയിപ്പു്” പുതിയ മഹാരാജാവു് യുധിഷ്ഠിരൻ കുതിരപ്പുറത്തേക്കു പരസഹായമില്ലാതെ പിടിച്ചുകയറുന്നതു തേരാളി കൗതുകത്തോടെ നോക്കി.
“ഭീമന്റെ നിർമ്മിതആഖ്യാനം കേട്ടു് തെറ്റിദ്ധരിച്ച മറ്റു നാലുപേർ, നടന്നകഥ പിന്നീടു് നിങ്ങളിൽനിന്നും മനസ്സിലായപ്പോൾ പഞ്ചപാണ്ഡവർക്കു ആശ്വാസം എന്നാണല്ലോ ഭീമൻ ഇപ്പോൾ സ്വയം തിരുത്തിയതു്. ലൈംഗികഅക്രമി ജയദ്രഥനെ നിങ്ങൾ ഒറ്റയ്ക്കു് കൈകാര്യം ചെയ്തു എന്നാണോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനാശ്രമത്തിനു ചുറ്റും നിരീക്ഷണ ഗോപുരങ്ങൾ പണിതു അന്തേവാസികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഞ്ചാണുങ്ങളും തിരക്കിലായിരുന്ന നേരം.
“സമാഗമം എനിക്കു് പീഡാനുഭവം? ചിലർ അടഞ്ഞ മനസ്സോടെ അങ്ങനെ പറഞ്ഞെന്നിരിക്കും. ‘വനമഹോത്സവം’ എന്നാണെനിക്കു തോന്നിയതു്. മുട്ടുകുത്തി കൈമുത്തിയുള്ള സ്വയംപരിചയപ്പെടുത്തലും, പിരിയുമ്പോൾ ഉപചാരം ചൊല്ലലും! എത്ര കുലീനമായിരുന്നു പെരുമാറ്റമെന്നോ! ബലാൽക്കാരശ്രമത്തിൽപോലും കാണാമായി, സൈന്ധവ വൈകാരികത. ആതിഥ്യമര്യാദയോടെ ഞാൻ പായിൽ ഇരുത്തി സൽക്കരിച്ചശേഷം പെട്ടെന്നുണ്ടായ ‘കായികകടന്നുകയറ്റം’ പ്രത്യേകിച്ചൊരു പരിഭ്രമവുംകൂടാതെ ചെറുത്തു തോൽപ്പിച്ചു എന്ന വസ്തുത അയാൾക്കെതിരായി ഒന്നും തെളിയിക്കാനല്ല. ചെയ്തുഎന്നു് പറയാനാണു്. ഏതുവിധം നോക്കുമ്പോഴും ജയദ്രഥൻ പ്രതിക്കൂട്ടിലല്ല. വേണമെങ്കിൽ ‘ആനന്ദമാർഗ’ത്തിലൂടെ എനിക്കയാളെ ബന്ദിയാക്കി, അരയിൽകുടുക്കിട്ടു മരയഴിക്കൂടിൽ കുന്തിച്ചിരുത്തി, ഭാര്യാസഹോദരനായ ദുര്യോധനനോടു് വിലപേശി വനവാസത്തിൽ ഇളവുനേടാമായിരുന്നില്ലേ? അതൊന്നും ഞാൻ ചെയ്തില്ല, പാണ്ഡവർ അങ്ങനെ സുഖിക്കേണ്ട എന്നുതോന്നി. ഭാര്യയെ പണയംവച്ചു് കളിച്ചുതോറ്റ, കൊള്ളരുതാത്ത ഭർത്താവും കിങ്കരന്മാരും, കൊടുംകാട്ടിൽ കഴിയട്ടെ വ്യാഴവട്ടക്കാലം എന്നെനിക്കപ്പോൾ തോന്നിയാൽ, എന്നെയും കയറ്റുമോ നിങ്ങൾ ജയദ്രഥനൊപ്പം പ്രതിക്കൂട്ടിൽ?”
“കഴുത്തിൽകടിച്ചുമുറിച്ചു ചുടുചോര ഊറ്റിക്കുടിച്ച നിങ്ങളെന്താ, പിടച്ചിൽതീരാത്ത കുഞ്ഞാടിനെ കഴുകനു് വലിച്ചെറിഞ്ഞതു്? തൊലിവലിച്ചുനീക്കി ഉടൽപൊളിച്ചു മുളകുചേർത്തു എണ്ണയിൽ പൊരിച്ചു കൂട്ടംകൂടി മറ്റുപാണ്ഡവർക്കൊപ്പം യുദ്ധവിജയം ആർ മാദിച്ചുകൂടെ?”, ദുര്യോധനവധത്തിനു ശേഷം ജേതാക്കളെ അഭിനന്ദിക്കാൻവന്ന കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“ഘാതകർ എന്നു പാണ്ഡവരെ വിശേഷിപ്പിച്ചതു പോരാതെയാണോ, മാംസഭോജി എന്നവമതിക്കാൻ കൊതിക്കുന്നതു്?”
“അരക്കില്ലത്തിലെ പാതിരാ അഗ്നിബാധയിൽ ‘വെന്തുമരിച്ച’ കുന്തിയുടെയും പാണ്ഡവരുടെയും കത്തിക്കരിഞ്ഞ ഭൗതികാവശിഷ്ടങ്ങൾ ഔദ്യോഗികബഹുമതികളോടെ യമുനാതീരത്തു സംസ്കരിക്കുന്നനേരത്തു, പരേതരോടു് ‘രക്തബന്ധ’മുള്ള വേറെ ആരെങ്കിലും കൗരവസുഹൃത്തുക്കളിൽ ഉണ്ടോ എന്ന മഹാപുരോഹിതന്റെ മുനവച്ച ചോദ്യം, സാമാന്യമര്യാദയുടെ സീമലംഘിച്ചതായി നിങ്ങൾക്കും തോന്നിയോ?”, ചരമശുശ്രൂഷ കഴിഞ്ഞുതിരിച്ചു എല്ലാവരും കൊട്ടാരത്തിലേക്കു നടക്കുമ്പോൾ വിഷണ്ണനായി കണ്ട കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“കത്തിക്കരിഞ്ഞജഡങ്ങൾ ആരുടെയെന്നു പൂർണ്ണമായും തിരിച്ചറിയുംമുമ്പു്, കൗരവർക്കുപുറമെ രക്തബന്ധുക്കൾ വേറെയുമുണ്ടോ എന്നു് അത്യുക്തി നിറഞ്ഞ ശരീരഭാഷയിൽ ചോദിക്കാൻ കൃപാചാര്യർ മുതിർന്നതു് എന്റെ ജനിതകധാരയെ കുറിച്ചയാൾക്കെന്തോ അരമനവിഴുപ്പു് നേരത്തേകിട്ടി എന്ന വിപൽസൂചനയായിരിക്കുമോ? കുരുവംശ കൊട്ടാരത്തിലെ തലമുറകളായുള്ള പിതൃശൂന്യസന്തതികൾ ആരൊക്കെയെന്നു് ‘ഹസ്തിനപുരി പത്രിക’യെക്കാൾ ഇഴകീറി പരിശോധിച്ച വേറെ ആരുണ്ടു് ‘ഷണ്ഡ’നഗരത്തിൽ?”
“സാമന്തരാജ്യമായ ഹസ്തിനപുരിയിലേക്കു പെരുമാറ്റച്ചട്ടം തെറ്റിച്ചു ചൂതാട്ടത്തിനു ഓടിക്കിതച്ചു ഇന്ദ്രപ്രസ്ഥംചക്രവർത്തി വരുമ്പോൾ, രാജമുദ്ര കൊണ്ടുവന്നില്ലേ? കള്ളച്ചൂതു് കളിച്ച കൗരവരുടെ പൗരാവകാശങ്ങൾ ഇനിയൊരറിയിപ്പുണ്ടാവുംവരെ നിഷേധിച്ചിരിക്കുന്നു എന്നൊരു രാജകൽപ്പന, തരംനോക്കി പുറപ്പെടുവിച്ചിരുന്നെങ്കിൽ അതിജീവിക്കാമായിരുന്നില്ലേ, വനവാസവും അടിമത്തവും?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പദയാത്രക്കിടെ നഗരാതിർത്തിയിൽ പാണ്ഡവസംഘത്തെ ദേഹപരിശോധന ചെയ്യുകയായിരുന്നു കൗരവസൈനികർ.
“വേണ്ടതൊന്നും ചൂതാട്ടസഭയിലെ ആട്ടഭ്രമത്തിൽ തോന്നിയില്ല. വിപണിമൂല്യമുള്ള രത്നമാലകൾ യുധിഷ്ഠിരൻ മടിനിറയെ കൊണ്ടുവന്നു. അലട്ടുന്നതു് അടിമത്തമല്ല രാജമാതാ കുന്തിയുടെ നിഷ്പക്ഷതയാണു്. ഐശ്വര്യത്തിൽകഴിഞ്ഞ അഞ്ചുമക്കൾ ഒരൊറ്റസന്ധ്യയിൽ ഒന്നുമല്ലാതാവുന്നതൊക്കെ കണ്ടിട്ടും സാന്ത്വനസ്പർശിയായ ഒരക്ഷരം മിണ്ടാതിരിക്കാനാവർക്കു കഴിഞ്ഞപ്പോൾ, ഞങ്ങൾ ഓർത്തു, നിഷ്പക്ഷത മനഃശക്തിയല്ല മുഖംമൂടിയാണു്!”
“അല്ല സുഹൃത്തേ, എപ്പോളാണു് നിങ്ങൾ സുകുമാരകലകളിൽ സുന്ദരികൾക്കു് അധ്യാപകനാവാൻ വേണ്ട വിദഗ്ധപരിശീലനം നേടിയതു്?” കൊട്ടാരം ലേഖിക ബൃഹന്നള എന്ന അർജ്ജുനനോടു് ചോദിച്ചു. രാജകുമാരിക്കു് നൃത്തം ശാസ്ത്രീയ സംഗീതം ചിത്രമെഴുത്തു സാഹിത്യപരിചയം ഇവയിൽ പകൽ മുഴുവൻ മണ്ഡപത്തിൽ ഗുരുചമഞ്ഞു കബളിപ്പിക്കുകയായിരുന്നു മൂന്നാം പാണ്ഡവൻ.
“വിരാടരാജാവു് ഇനിയും മനസ്സിലാക്കിയിട്ടില്ലല്ലോ ചൂതാട്ടത്തിൽ നൈപുണ്യവികസനം സാധ്യമാക്കുന്നൊരു അഞ്ജാതവാസത്തിലാണു് യുധിഷ്ഠിരൻ? പരുക്കൻ രീതിയിൽ കുടിയേറ്റക്കാല മാംസപാചകം ചെയ്ത ഊട്ടുപുരപരിശീലനം കൊണ്ടല്ലേ ഭീമൻ അരമനയിലെ ഉദ്യോഗസ്ഥർക്കു് രുചിഭക്ഷണം വിളമ്പുന്നതു്. സ്വന്തമായി ഗോസമ്പത്തോ കുതിരകളോ ഇല്ലാത്ത നകുല സഹദേവന്മാർ ആദ്യദിവസം മുതൽ മൃഗപരിപാലനത്തിൽ വിദഗ്ധരായി! അതാണു് അറിവുള്ളവർ നേരത്തേ പറഞ്ഞു വച്ചതു, ജീവിതത്തിൽ അടിയന്തരരാവസ്ഥ വന്നാൽ സന്ദർഭത്തിനൊത്തു വിഷയവിദഗ്ദരാവും, സുഖിയന്മാരായ മാധ്യമ പ്രവർത്തകർ ചികിത്സകരാവുന്നതു പോലെ!”
“വൈകാരികപരിസരമുള്ള ഈ ‘പ്രഹസനം’ വർഷങ്ങൾക്കുമുമ്പു് തന്നെ താങ്കൾ ഗാന്ധാരിയെ പരിശീലിപ്പിച്ചിരുന്നു എന്നാണോ സൂചനകളിൽനിന്നും ഞങ്ങൾ വായിച്ചെടുക്കേണ്ടതു്?”, കൊട്ടാരം ലേഖിക പാർഥസാരഥിയോടു് ചോദിച്ചു. നൂറുമക്കളുടെയും നെഞ്ചു് വെട്ടിപ്പൊളിച്ച ജഡങ്ങളാണു് ചുറ്റും ചിതറിക്കിടക്കുന്നതെന്നറിഞ്ഞ ഗാന്ധാരി, വീണ്ടും കൺകെട്ടു് കെട്ടി പൊട്ടിക്കരഞ്ഞു ഒച്ചവെച്ചു, ശപിച്ച ‘വിലാപ’ത്തിൽ പാണ്ഡവർ പകച്ചുപോയ നേരം.
“യുദ്ധമേഘങ്ങൾ കറുത്ത ഒരു സന്ധ്യ, പിതൃസഹോദരി കുന്തിയെ കണ്ട ശേഷം, ഞാൻ പുറത്തു കടക്കുമ്പോൾ വിദുരർ അറിയിച്ചു ഗാന്ധാരിക്കെന്നെ ഒന്നു് കാണണമെന്നു്. അങ്ങനെ പോയികണ്ടു, സംസാരിച്ചു. “അവിശ്വസനീയമെന്നിപ്പോൾ കരുതാവുന്ന പലതും നാളെ സംഭവിക്കാമെന്നും, പോരാട്ടത്തിൽ മക്കളെ പിന്തിരിയിപ്പിക്കാൻ കൺകെട്ടഴിച്ചുണർന്നില്ലെങ്കിൽ, പിന്നീടു് വിലപിക്കേണ്ടി വരുമെന്നും” ഗാന്ധാരിയെ മൃദുവചനങ്ങളാൽ ഓർമ്മിപ്പിച്ചു. മാതൃപ്രേരണക്കു വഴങ്ങുന്നവരല്ല കൗരവർ എന്നു ആ വ്യഥിത പറഞ്ഞപ്പോൾ, ‘കൗരവവംശഹത്യ ഭാവിയിലുണ്ടായാൽ, എന്നെപ്രതിസ്ഥാനത്തുനിർത്തി പരസ്യമായി ശപിക്കാനായി ഒരു വിലാപഗീതം രഹസ്യമായി പഠിപ്പിച്ചുതരാ’മെന്നു വൃണിത മാതൃമനസ്സിനെ ആശ്വസിപ്പിച്ചു. യുദ്ധാനന്തര ശോകമുഹൂർത്തത്തിൽ, കൃത്യമായി ഓർമ്മിക്കാൻ, നിത്യവും നാമജപത്തിനൊപ്പം ഇതും ചൊല്ലണം എന്നുപദേശിച്ചതവർ ചെയ്തു എന്നു് വേണം ഇപ്പോൾ നാം കാണാൻ. ഗാന്ധാരി ‘ശപിച്ച’പ്പോൾ, ഒന്നേ തിരിച്ചു പറയേണ്ടി വന്നുള്ളൂ.”
“അമ്മാ, പണ്ടു് ചൊല്ലിത്തന്നതെല്ലാം, ഒരു വാക്കു പോലും തെറ്റാതെ, പിൽക്കാലത്തറിയപ്പെടാവുന്നതായി നിങ്ങളിപ്പോൾ ഉച്ചരിച്ചതു! അതിനു നന്ദി. ഈ ജീവിതത്തിലെ വൈകാരിക കെട്ടുപാടുകളിൽ നിന്നു് വിട്ടുമാറാൻ അതു് വൈകാതെ തുണക്കട്ടെ!”
“സ്ത്രീത്വത്തെ മനഃപൂർവ്വം അപമാനിച്ച നീതിവിചാരണയിൽ, മുൻഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയുടെ കാലുപിടിച്ചാണു് മേൽ നടപടിയൂരിയതെന്നു ചാർവാകൻ കണ്ടെത്തിയല്ലോ. പാണ്ഡവ പൗരാവകാശങ്ങൾ മരവിപ്പിക്കാതെയും പാണ്ഡവസാമന്തൻ എന്ന നിലയിൽ, ഇന്ദ്രപ്രസ്ഥം ശിക്ഷകാലാവധികൈവശംവച്ചും, പാണ്ഡവ ഉത്തമതാല്പര്യങ്ങളുടെ പരിപാലനം ഏറ്റെടുത്തുമാണു് ‘വിചാരണവിമുക്തി’ നേടിയതെന്ന നിരീക്ഷണത്തിൽ കാര്യമുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“തടിയൂരൽ? വിവാദരഹസ്യമൊഴി പാഞ്ചാലി വിദുരർവഴി പിൻവലിച്ചല്ലോ. പരാതി ഇല്ല എന്നപ്പോൾ വായിച്ചെടുത്തുകൂടെ? ഒത്തു തീർപ്പുണ്ടാക്കിയതു് വസ്ത്രാക്ഷേപകെട്ടുകഥയുടെ പേരിലാണോ? അതോ, ചൂതാട്ടനഷ്ടങ്ങൾ നികത്താനാണോ? ഭീഷ്മരല്ലേ പരമോന്നതനീതിപതി? എന്നോടു് കാരണവർക്കു് വാത്സല്യമുണ്ടു് എന്നൊന്നും പറയില്ലല്ലോ. പാണ്ഡവർ ഹിമാലയകുളിരിനു പോവുമ്പോൾ, കൗരവരുടെ വേനൽക്കാലവസതിയവർക്കു വനവാസ ശിക്ഷാക്കാലത്തു വിട്ടുകൊടുത്തതാണോ ഇത്രവലിയ പ്രശ്നം? അയൽക്കാരായ സന്യസ്ഥരിൽനിന്നു് യുധിഷ്ഠിരനു ആത്മീയ പ്രശ്നങ്ങളിൽ ഉൾക്കാഴ്ച കിട്ടണം എന്നുണ്ടു് എന്നു് പറഞ്ഞതിൽ, ഞങ്ങൾ സൗകര്യംചെയ്തു. പ്രത്യുപകാരമായി മാലിന്യ സംസ്കരണം ഏറ്റെടുത്ത യുധിഷ്ഠിരൻ, പാഞ്ചാലിയെ നിയോഗിച്ചു എന്നതവരുടെ ആഭ്യന്തരപ്രശ്നമല്ലേ? ഇതൊക്കെ പൊതു മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻമാത്രം വലിയ കാര്യമാണോ? കൗരവരും പാണ്ഡവരും ‘സഹോദര’രല്ലെ? അറിയാമോ, ഇപ്പോൾ ഞാൻ പോവുന്നതു് ഇന്ദ്രപ്രസ്ഥത്തിലേക്കാണു്. ഹരിത ചട്ടമനുസരിച്ചു മയൻനിർമ്മിതകൊട്ടാരത്തിൽ അടിഞ്ഞുകൂടിയ മായികമാലിന്യം ഇനിയവിടെ വിശിഷ്ടാതിഥികളെ വഴുക്കിവീഴ്ത്താൻ കണ്ടുകൂടാ!”
“വാരണാവതം അരക്കില്ലത്തിൽനിന്നും വിരണ്ടോടി ഏകച്ചക്രയിലെത്തി തലമുണ്ഡനം ചെയ്തു പൂണൂലിട്ടു ഭിക്ഷയാചിച്ചും ഇച്ചിലുണ്ടും ഏച്ചുകെട്ടിയിൽ ഒളിഞ്ഞുകഴിയുമ്പോളാണു്, പെറ്റ തള്ളയോടു പറയാതെ മത്സരത്തിൽ പങ്കെടുക്കാൻ പാഞ്ചാലയിൽ! ദുര്യോധനനും കർണ്ണനും ഒറ്റനോട്ടത്തിൽ അവരെ അറിഞ്ഞു. ദരിദ്രബ്രാഹ്മണവേഷത്തിൽ പാഞ്ചാലിയെ പരിണയം ചെയ്ത നിങ്ങൾക്കെത്രനാൾ കഴിയേണ്ടിവന്നു സുന്ദരിയെ നെഞ്ചോടൊന്നു ചേർക്കാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മൂന്നാമത്തെ രാത്രി, ആദ്യത്തെ രണ്ടു പാണ്ഡവർ അവളുടെ ഉടൽ എനിക്കു് എറിഞ്ഞുതരുമ്പോൾ, ‘പിച്ചിച്ചീന്ത’പ്പെട്ടിരുന്നു. അത്രയും അവളെ അവശയാക്കിയ സഹോദരന്മാരെ കശാപ്പു ചെയ്യാൻ കൈത്രസിച്ചു. പക്ഷേ, നിസ്സഹായനായി. ഇരുണ്ട രാത്രിയിൽ ആകെ പ്രകാശിച്ച കരിന്തിരിയിൽ അനുതാപത്തോടെ നോക്കി. ‘ചെന്നായ’കളാൽ ആക്രമിക്കപ്പെട്ടിരുന്ന പാഞ്ചാലി വിറച്ചുവിറച്ചു കൈകൂപ്പുന്നപോലെ. സാന്ത്വനസ്പർശത്തോടെ മടിയിൽകിടത്തി ചുവർചാരിയിരുന്നു. ഉറങ്ങുംമുമ്പു് പ്രതികാരം പ്രോത്സാഹിപ്പിക്കുന്ന പരുഷപദങ്ങളാണു് ഞാനുച്ചരിച്ചതു. രണ്ടു രാത്രികളിൽ ലൈംഗികാക്രമണത്തിനു ഇരയാക്കിയവരെ ഇനിയൊരവസരം കിട്ടിയാൽ എന്തു് മാനസികശിക്ഷക്കും പൂർണ്ണ പിന്തുണ എന്നിൽനിന്നുണ്ടാവും. ആ ദാമ്പത്യദൗത്യം അവൾ അഹിംസാത്മകമായി പാലിച്ചു എന്നല്ലേ അഭിമുഖങ്ങളിൽ നിന്നറിയുന്നതു?”
“വേട്ടയാടി തിന്നും, തറയിൽ ഉറങ്ങിയും കൗമാരംവരെ നിങ്ങൾക്കൊക്കെ ‘കാരണവ’രായി കഴിഞ്ഞ യുധിഷ്ഠിര പ്രകൃതത്തിൽ എങ്ങനെ പെരുമാറ്റകാപട്യം മായാത്ത മുഖമുദ്രയായി?”, ഭീമ ഗദാപ്രഹരത്തിൽ തുടയോടിഞ്ഞു ചളിയിൽ വീണ ദുര്യോധനന്റെ അടുത്തേക്കു് “എന്തു് പറ്റി ഉണ്ണീ” എന്നു് വിലപിച്ചപാണ്ഡവമുഖ്യനെ കൗതുകത്തോടെ നോക്കി കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“കാപട്യത്തെ ‘കാരണവർ’ കണ്ടതു് ജനിതക വൈകല്യമായല്ല, ജന്മസൗഭാഗ്യമായാണു്. വേട്ടമൃഗമാംസം ആരോരുമറിയാതെ പൊരിച്ചുതിന്നു ചിറികഴുകി, ‘ഞാൻ തീർത്തും സസ്യാഹാരി’ എന്നു മേനിപറയുന്ന കൗമാരകാല യുധിഷ്ഠിരനെ ഞാൻ എളുപ്പം ഓർത്തെടുക്കുന്നു.!”
“പൊതുവേദിയിൽ അവഹേളിച്ചതിനു പുറമെ കൗരവഅടിമയാക്കി കാട്ടിലേക്കയച്ചു എന്ന സ്തോഭജനകവാർത്ത പാഞ്ചാലയിൽ എത്തിയിട്ടും, അവളുടെ ക്ഷേമംഅന്വേഷിച്ചു വന്നില്ലേ? ഓടിവരേണ്ടതല്ലേ സഹോദരൻ ധൃധ്യുമ്നനും അച്ഛനമ്മമാരും?ഷ്ട” കുരുക്ഷേത്രപാളയത്തിൽ എത്തിയ കൊട്ടാരം ലേഖിക ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു.
“എന്തച്ഛനമ്മമാർ! പെറ്റതള്ളയുണ്ടോ? ബാല്യകൗമാരങ്ങളുണ്ടോ? സഹോദരങ്ങളുണ്ടോ? മക്കളുണ്ടാവാൻ യാഗം ചെയ്യണമെന്നു പറഞ്ഞു, കേട്ടപാതി കേൾക്കാത്തപാതി യാഗംചെയ്തു, കാഴ്ച കണ്ടു ഞെട്ടി: യാഗാഗ്നിയിൽനിന്നുയരുന്നു ഇരുണ്ട നിറമുള്ള, ഉരുപ്പടി! ബാല്യം ഇല്ലാത്ത കുട്ടിയെങ്ങനെ സ്നേഹവാത്സല്യങ്ങൾക്കുടമ? ഒന്നേ പിന്നെ ചെയ്യേണ്ടിവന്നുള്ളു സ്വയംവരം അതിനു പറ്റിയ അസാധ്യ അസ്ത്രവിദ്യാവെല്ലുവിളി. വമ്പിച്ച ആഘോഷമാണെന്നറിഞ്ഞപ്പോൾ കുറെപേർ കൗതുകത്തിൽ വന്നു പക്ഷേ, വരിക്കേണ്ടിവന്നതു് ‘അവശബ്രാഹ്മണ’നെ! നിബന്ധനകൾ നേരത്തെ പ്രഖ്യാപിക്കുക ആദ്യഘട്ട യോഗ്യതാപരീക്ഷക്കു ശേഷം സായുധപരീക്ഷ നൽകുക, ഇതൊന്നും ഇല്ലാതെ ഏതു ‘അണ്ടനും അടകോടനും’ പങ്കെടുക്കാം എന്നുവന്നപ്പോൾ, ‘സർവ്വാണി’ ഉണ്ണാൻവന്ന ‘ദരിദ്രവാസി’ സ്വയംവരപന്തലിൽ കടക്കാനായി. അരക്കില്ലത്തിൽ വന്ന ആദിവാസി കുടുംബത്തെ കൊലചെയ്ത സംഭവത്തിൽ പിടികിട്ടാപുള്ളികളായി കൗരവ ഭരണകൂടം പ്രഖ്യാപിച്ചവരെ ചാരിയാൽ, ചാരിയവൻ നാറുമെന്നു മന്ത്രി പറഞ്ഞതായി കാര്യം. കൈവിട്ടു ഇപ്പോൾ ബന്ധം പുതുക്കി: ദ്രോണരെ കണ്ടെത്തണം, ഞങ്ങൾക്കവനെ വേണം!”
“അഴിമതി നീക്കുമെന്നു അവകാശപ്പെട്ടല്ലോ. എന്തായി?”, കൊട്ടാരം ലേഖിക ചോദിച്ചു. കായികക്ഷമതയുള്ള ആണുങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു.
“ഭരണകൂടം എന്നുറപ്പിച്ചുപറയാൻ നാലഞ്ചു് പാണ്ഡവർ മാത്രമല്ലേ! സിംഹാസനം ‘പൊടിതട്ടി’ വൃത്തിയാക്കുന്നതു് ഞങ്ങളാണു്. പതിമൂന്നുവയസ്സിനുമേലെ ഉള്ളവരെ ദുര്യോധനൻ ബലി കൊടുത്തില്ലേ? താഴെയുള്ള ജനസംഖ്യയിലാണു് ഭാവി തൊഴിലാളിമണ്ഡലം! ഞങ്ങൾക്കു പ്രായപ്രശ്നമുണ്ടല്ലോ. ആരോഗ്യമുണ്ടായിരുന്നകാലത്തു അലഞ്ഞു ജീവിച്ചതൊക്കെ നിങ്ങളും വായിച്ചറിഞ്ഞിട്ടുണ്ടാവും. ആയുസ്സിന്റെ ബലത്താൽ ‘നടന്നു’വന്നു. ചെങ്കോൽ കൈവശപ്പെടുത്താൻ കഴിഞ്ഞതാണെന്റെ നയതന്ത്രനേട്ടം. പോരാട്ടഭൂമിയിൽ ജയിക്കാൻപെട്ട പാടൊന്നും ഹസ്തിനപുരികോട്ട പിടിച്ചെടുക്കാൻ വേണ്ടിവന്നില്ല. ‘ഞങ്ങളെ കൊല്ലരുതു്, പാണ്ഡവരുടെ എന്തു് ദാസ്യവൃത്തിക്കും തയ്യാർ’ എന്നു് ധൃതരാഷ്ട്രരുടെ വ്യക്തിഗതസേവനദാതാക്കൾ ഇരുകൈ മലർത്തി പറഞ്ഞതു് അരമനയുടെ അനുമതിയായി. നിലവിൽ നേരിടുന്ന വെല്ലുവിളി ഭാര്യയുടേതാണു്. കുന്തിയെയും ഗാന്ധാരിയെയും വനവാസത്തിനയച്ചുവേണം രാജമാതാപദവി ആവശ്യപ്പെടാൻ. അഭിമന്യുവിധവ എത്തിയതാണു് കഷ്ടം. പരീക്ഷിത്തിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചുവേണം ഉത്തരക്കു് കൊട്ടാരത്തിൽ കാലുകുത്താൻ. ‘വെള്ളിവെളിച്ചം’ എന്താണെന്നുവച്ചാൽ പാഞ്ചാലിയുടെ അഞ്ചുമക്കൾ മരിച്ചതുകൊണ്ടു, ഭാവിയിൽ പരീക്ഷിത്തും തമ്മിൽ സംഘട്ടനസാധ്യത ഒഴിഞ്ഞു. ഒരാലോചനയുമില്ലാതെയല്ലേ ഭീഷ്മർ കുരുവംശത്തിൽ! ഇനി ശരശയ്യയിൽ ചെന്നുകണ്ടു രാജ ഭരണ ‘ബാലപാഠങ്ങൾ’ ഭിഷ്മമുഖത്തുനിന്നു ‘നേരിടണ’മെന്നു കൃപാചാര്യർ!” യുധിഷ്ഠിരൻ കൊട്ടാരം ലേഖികയോടല്ല സംസാരിച്ചു കൊണ്ടിരുന്നതു്. ചെന്നിയിൽ തല്ലിയും, കാലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചും, സ്വയം! ജാലകത്തിന്നപ്പുറത്തു അയാളുടെ ‘ചേഷ്ടകൾ’ മറ്റു പാണ്ഡവർ നീരസത്തോടെ നോക്കി, പാഞ്ചാലി അനിഷ്ടത്തോടെ മുഖംതിരിച്ചു.
“വല്ലാത്ത ഒരു കാഴ്ച! നിങ്ങളോടു് മൃദുവായി സംസാരിക്കുന്ന അർജ്ജുനന്റെ പിന്നിൽനിന്നു, പാഞ്ചാലി നകുലനോടെന്തോ രഹസ്യസന്ദേശം ‘വിനിമയം’ ചെയ്യുന്നതുകണ്ടല്ലോ”, കൊട്ടാരം ലേഖിക, ഭാവിപ്രവചിക്കുന്നവൻ എന്ന ഖ്യാതിനേടിയ സഹദേവനോടു് മന്ത്രിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
“ജൈവികപിതാവായ ഇന്ദ്രന്റെ അതിഥിയായി വിരുന്നിനുപോയ അർജ്ജുനൻ, മറ്റുപാണ്ഡവരോടു് ‘ആകാശയാത്രാനുഭവങ്ങൾ’ വർണ്ണിക്കുമ്പോൾ, പാഞ്ചാലി, ‘ആംഗ്യംകാണിച്ച’താണോ അരോചകമായതു്? വിശദീകരിക്കാം അർത്ഥവും ദുരർത്ഥവും നിങ്ങൾ കണ്ടെത്തിയാൽമതി. ഭർത്താക്കന്മാരുടെ വിവാഹ ബാഹ്യബന്ധങ്ങൾ ഇഷ്ടപ്പെടാത്ത പാഞ്ചാലിയോടു് ഇടഞ്ഞു അർജ്ജുനൻ അലഞ്ഞുതിരിഞ്ഞു, തിരിച്ചുവന്നു ‘മതിഭ്രമം’ കാണിക്കുന്നു! ഉടൻ ചികിൽസിക്കണം! എത്രവർഷം കാത്തിരിക്കണം ദുരനുഭവമായ ‘ഉർവ്വശീശാപം’ ജീവിതത്തിലൊരിക്കൽ ഉപകാരമായി മാറാനും, അതെങ്ങനെ എന്നറിയാനും!”
“ആദ്യരാത്രി കുന്തിയുടെ പ്രേരണയിൽ പായക്കൂട്ടിനെത്തിയ ‘ഒന്നാംഊഴക്കാര’നെ എങ്ങനെ, സേവനദാതാവെന്നനിലയിൽ നേരിട്ടു?”, കൊട്ടാരം ലേഖിക ചോദിച്ചു. അടിച്ചേല്പിക്കപ്പെട്ട ബഹു ഭർത്തൃത്വത്തിൽ പാഞ്ചാലപുത്രി പതിത്വം നേരിടുന്ന ദിനങ്ങൾ. കൊട്ടാരഅതിഥിമന്ദിരത്തിൽ ഇടവേള.
“അനുജന്റെ ഭാര്യയെ തട്ടിയെടുത്ത യുധിഷ്ഠിരൻ എന്നോടൊപ്പമായപ്പോൾ ന്യായീകരണവാദി! ഭർത്തൃത്വത്തെക്കുറിച്ചയാളുടെ പുത്തനാഖ്യാനം കേട്ടപ്പോൾ, ചോദിച്ചു, “ആദ്യവിവാഹമാണോ?”. അല്ലെന്നയാൾ പറഞ്ഞപ്പോൾ, “വിവാഹമോചിതനാണോ?, അതോ വിഭാര്യനോ?”. വാമൊഴിനിർത്തി രണ്ടുമല്ലെന്നയാൾ ആംഗ്യം കാണിച്ചപ്പോൾ ഞാൻ പിന്തുടർന്നു, “നിങ്ങളെ അവൾ ഉപേക്ഷിച്ചുപോയോ, അതോ നിങ്ങൾ അവളെ വഴിയിൽ തള്ളിയോ?”. പൂക്കാരത്തെരുവിൽ മാലകെട്ടി അന്നന്നത്തെ ധാന്യം വാങ്ങുന്ന, അനാഥതന്നെയാണോ ആദ്യഭാര്യ?”,
“‘അരമനവിഴുപ്പു്’ അവസാനം പുറത്തിട്ടപ്പോൾ, യുധിഷ്ഠിരൻ മുട്ടുകുത്തി. “അരുതേ, ഭവതീ! ഈ പ്രായത്തിൽ അതൊന്നും ഓർമ്മിപ്പിക്കരുതേ. നിനക്കു ഞാനൊരു വിശ്വസ്തവിധേയ! മൂപ്പിളമതർക്കംനീങ്ങി രാജപദവിനേടിയാൽ നീ ഏകറാണി”. വിളക്കൂതി, മൃദുവായി കൈകൊടുത്തു കർമ്മനിരതനാക്കാൻ എഴുന്നേൽപ്പിച്ചതോർമ്മ. മടിക്കുത്തിൽ പിടിച്ചു വിവസ്ത്രയാക്കുന്നതിനു പകരം, പുറത്തുപോവുന്നതുകണ്ടു സമാധാനത്തോടെ ഉറങ്ങി. ഉണർന്നപ്പോൾ, അതാ! പായവിരിച്ചുറങ്ങുന്നു ആദ്യരാത്രിയിൽ വിധേയവിശ്വസ്ത ഭാവിരാജാവു്!” പത്തുപാണ്ഡവക്കണ്ണുകൾ പാഞ്ചാലിയെ തുറിച്ചു നോക്കി.
“‘സ്ഥിതപ്രജ്ഞ’നെന്നു് നാം കണ്ട ‘പിതാമഹ’നു മാനസികപ്രശ്നം വല്ലതുമുണ്ടോ? ‘ഭീഷ്മആത്മഭാഷണം’ നേരിൽ കണ്ടു ഞാൻ പതറി. ഏങ്ങലടിച്ചു കൈവീശി?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ തിങ്ങുന്ന സായാഹ്നം.
“അവിവാഹിതവൃദ്ധന്റെ നേരനുഭവം ‘അമിതഭാവാഭിനയ’മായി വായിച്ചെടുത്തുവോ! സ്നേഹവാത്സല്യങ്ങൾ കൊതിക്കുന്ന പുത്രൻ പെറ്റതള്ളയോടു് ഹൃദയം തുറന്നു മിണ്ടിപ്പറയുകയായിരുന്നു. എട്ടുവയസ്സുവരെ സ്വർഗ്ഗരാജ്യത്തിൽ വളർത്തിയ ശേഷമല്ലേ കിരീടാവകാശിയാവാൻ ദേവവ്രതനെന്ന ബാലനെ ഗംഗാദേവി ഏൽപ്പിച്ചതു്. ഞാനും കണ്ടു ‘മാതൃപുത്ര സമാഗമം’ നേരിൽ. കാര്യം ചോദിക്കാനുള്ള ലഹരിയപ്പോൾ ഉള്ളിലുണ്ടായി. അപ്പോൾ ദേവവ്രതൻ എന്ന പിൽക്കാല പിതാമഹൻ പറഞ്ഞു: “ഭൂവാസി യുക്തിവാദിക്കു പിടികിട്ടാത്തൊരതീത ലോകത്തിൽ നിന്നാണു് വരുന്നതു് ഞാൻ! അമ്മയെ കാണാൻ പുഴങ്കരയിൽ കാത്തുനിൽക്കും. ഭഗീരഥ കരാർ അനുസരിച്ചു ഭൂമിയിൽ ഗംഗ വരും. നീരൊഴുക്കിന്റെ തിരക്കൊഴിഞ്ഞാൽ എന്നെ കാണാൻ സാവകാശം കണ്ടെത്തും. ഞാൻ അപ്പോൾ അവളുടെ ആ പഴയ എട്ടുവയസ്സുകാരനാവും. ഹിമാലയമഞ്ഞുമല ഉരുകി ഗംഗാനദിയിൽ ജലപാതം വർധിപ്പിക്കുന്ന ശക്തികളെ ചെറുക്കാനാവാതെ ഗംഗമടങ്ങുമ്പോൾ, എട്ടുവയസുകാരൻ ഹസ്തിനപുരിയിലേക്കു ഹൃദയഭാരത്തോടെ തിരിച്ചുവരും. സമയമെടുക്കും ‘താടിയും തലയും നരച്ച ഈ പിതാമഹവേഷപ്പകർച്ച’ പൂർത്തിയാവാൻ! ഭൂമിയിൽ ചില ദ്വിമാനജന്മങ്ങൾ നമ്മെ പോലെയല്ല എന്നു് മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ മതി.”
“ബലംപ്രയോഗിച്ചു ദ്വാരകയിൽനിന്നും തട്ടിക്കൊണ്ടു വന്ന യാദവസ്ത്രീസുഭദ്രയിൽ പിറന്ന അഭിമന്യുവിനെ, പൊന്നു പോലെ പരിപാലിച്ച അർജ്ജുനൻ പക്ഷേ, ഔദ്യോഗികഭാര്യ പാഞ്ചാലിയിൽ പിറന്ന മകനെക്കുറിച്ചൊന്നും നേരിൽകണ്ട യുദ്ധകാലത്തു അഭിമാനത്തോടെ സംസാരിക്കുന്നതു നാം കേട്ടില്ലല്ലോ അതെന്താ ശിശുക്കളോടും വംശീയവിവേചനം?”, കുരുക്ഷേത്രകഴിഞ്ഞു തൊഴിൽരഹിതനായി മാറിയ മുൻ യുദ്ധകാര്യലേഖകനോടു് കൊട്ടാരം ലേഖിക ചോദിച്ചു. അഭിമന്യു വധത്തിന്റെ ജ്വലിക്കുന്ന സ്മരണയിൽ കുടുംബം പ്രാർത്ഥനാനിരതരായ ദിവസം.
“സ്വാഭാവികമല്ലേ വിവേചനം, അങ്ങനെ ഉണ്ടെങ്കിൽ! പതിവ്രത സുഭദ്രയിൽ വിതച്ച വിത്തിന്റെ ഉടമസ്ഥത പങ്കിടാൻ വേറെ ആരുമല്ലെന്നറിയാവുന്ന പാർത്ഥൻ, ബഹുഭർത്തൃത്വ ദാമ്പത്യം പാലിക്കുന്ന പാഞ്ചാലിയിൽ പിറന്ന അഞ്ചുകുട്ടികളിൽ ആരിലാണു് അർജ്ജുനബീജം എന്നറിയാതെ എങ്ങനെ കൃത്യമായി ജനിതക പിന്തുടർച്ച നിക്ഷേപിക്കും? അതു് തിരിച്ചറിയാത്ത നിങ്ങളാണോ മഹാഭാരത പുനരാഖ്യാനത്തിനു കോപ്പുകൂട്ടുന്നതു!” ഇളമുറപത്രപ്രവർത്തക്കുകീഴിൽ ഉപദേശകപദവി വഹിക്കേണ്ടിവരുന്ന മുൻ യുദ്ധകാര്യലേഖകൻ, കൊട്ടാരം ഊട്ടുപുരയിൽ ഇരിപ്പിടത്തിനായി കണ്ണോടിക്കുകയായിരുന്നു.
“ബലിദാനിദുര്യോധനനു് പുഴയോരസ്മാരകമായി പണിത പൂർണ്ണകായ പ്രതിമക്കിപ്പോൾ തല കാണുന്നില്ല, കരുതിക്കൂട്ടി പാണ്ഡവർ അപമാനിച്ചു എന്ന പ്രതിഷേധത്തിൽ കൗരവരാജ വിധവകൾ സമരമുഖത്താണല്ലോ. എന്തുണ്ടു് പ്രതികരിക്കാൻ?” കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
“ദുര്യോധനൻ ഞങ്ങൾക്കു് അർദ്ധസഹോദരനാണു്, വിധവക്കു മുൻഭാഗികഭർത്താവും. പഞ്ചലോഹപ്രതിമ നിർമ്മിക്കാം എന്നു വാക്കു ഞങ്ങൾ കൊടുത്തു. ‘വേണ്ട ഭരണകൂട സൗജന്യം’ എന്നാക്ഷേപിച്ചു അവർ പ്രതിമക്കു് തയ്യാറെടുത്തു. ഞങ്ങൾ അനാച്ഛാദനത്തിൽ പങ്കെടുക്കാതിരിക്കാൻ അവർ രഹസ്യമായി പ്രതിമ സ്ഥാപിച്ചു. എന്തുചെയ്യാം ഈ വർഷത്തെ വേനൽചൂടു്! തല ആദ്യം ഉരുകിയൊലിച്ചു. ഉടൽ അർധദ്രവാവസ്ഥയിൽ. ദുര്യോധനലോഹപ്രതിമ ഉടൻ തയ്യാറാക്കും. സന്മനസ്സുണ്ടെങ്കിൽ പങ്കെടുക്കാം അല്ലെങ്കിൽ ബഹിഷ്കരിക്കാം ഇന്നു് സൗജന്യധാന്യവും തുണിയുമായി പുനരധിവാസകേന്ദ്രത്തിൽ പോവുമ്പോൾ പറയും, “ധൈര്യമായിരിക്കൂ പരേതാത്മാവിനറിയാം എന്താണു് മെഴുകു! വരണാവതം മെഴുകുമന്ദിരത്തിൽ ഞങ്ങളെ പാർപ്പിച്ചതു് ദുര്യോധനൻ! പരേതലോകത്തിലും മറക്കുമോ, മഹാഭാരതമുള്ളിടത്തോളം കാലം!”
“നിയുക്തരാജാവു് യുധിഷ്ഠിരനോടു് അപമര്യാദയായി പെരുമാറി എന്ന ഗുരുതര പരാതി ഉയർന്നിട്ടുണ്ടല്ലോ. മാധ്യമ പ്രവർത്തകക്കു് പെരുമാറ്റച്ചട്ടമൊന്നും ബാധകമല്ലേ?”, കൊട്ടാരം ലേഖികയോടു് പാണ്ഡവഭരണകൂടത്തിലെ ചാരവകുപ്പു മേധാവി മുനവച്ചു ചോദിച്ചു.
“വനവാസക്കാല പാണ്ഡവ‘മുഖ്യ’നെ അഭിമുഖം ചെയ്ത പരിചയത്തിൽ ചോദിച്ചു, ദശാബ്ദക്കാലം ചക്രവർത്തിയായിരുന്നപ്പോൾ നേടിയ ഭരണപരിചയം പോരാതെ തോന്നിയതുകൊണ്ടാണോ, ഒരിക്കലും ചെങ്കോൽ പിടിച്ചിട്ടില്ലാത്ത ഭീഷ്മരെ ശരശയ്യയിൽ ചെന്നു് കണ്ടു ‘രാജ്യഭരണത്തിന്റെ ബാലപാഠങ്ങൾ’ പഠിക്കാൻ നിങ്ങൾ, ആനയും അമ്പാരിയുമായി പോവുന്നതു്?”. ശരി, ‘പെരുമാറ്റ ലംഘനം’ ചെയ്തെങ്കിൽ മുഖത്തുനോക്കി അപ്പോൾതന്നെ പറഞ്ഞാൽ പോരെ, “ആളറിഞ്ഞു വേണം നിയുക്തരാജാവിനോടു് സംസാരിക്കാൻ?, ഒന്നുമില്ലാത്ത കാനനവാസത്തിലും നാടൊട്ടുക്കു് ആളും അർത്ഥവും സംഭരിച്ചു കൗരവ ഉൻമൂലനം ചെയ്തു ഹസ്തിനപുരി പിടിച്ചെടുത്ത ‘ധർമ്മപുത്ര’രാണു് എന്ന യാഥാർഥ്യം ആരും മറക്കരുതു്, “പ്രത്യേകിച്ചു് സ്ത്രീകൾ”, എന്നൊക്കെ മറ്റുള്ളവരോടു് പരിഭവിക്കണോ?”
“ധർമ്മപുത്രരെ ഇത്രമാത്രം പ്രകോപിപ്പിക്കാൻ?” “മാധ്യമപ്രവർത്തകക്കു് മാറ്റിമറിക്കാനുള്ളതല്ല ഹസ്തിനപുരി എന്ന കുരുവംശമുൻവിധിയെ എന്നോ മറികടന്നവളാണു് ഞാൻ, എന്നു് പ്രതികരിച്ചു. ആചാരംപാലിച്ചു മുട്ടുകുത്തി കൈമുത്തി. പ്രസന്നമുഖത്തോടെയാണല്ലോ ‘കപടനാവിന്നുടമ’ യാത്രയാക്കിയതു!”
“സുവർണ്ണാവസരം കിട്ടിയവരിലൊരാൾ പാഞ്ചാലിയുമൊത്തു പായപങ്കിടാൻ വരുമ്പോൾ, മറ്റുനാലു പാണ്ഡവർ രതിസ്വകാര്യത മാനിച്ചു മുറിയിൽനിന്നു് പുറത്തുപോവണം എന്നതല്ലേ ബഹുഭർതൃത്വ ദാമ്പത്യത്തിന്റെ പെരുമാറ്റച്ചട്ടം? അതോ, അത്തരം പരിഷ്കൃതധാരണ പരുക്കൻ പാണ്ഡവർക്കു് ബാധകമല്ലേ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“എന്തൊക്കെ താറുമാറാക്കിയാൽ ആൺപെൺ ശാരീരികതയുടെ പവിത്രഇടം ഈവിധം മലിനപ്പെടുത്താമോ, അതൊക്കെ നാലുപേരും ഒളിഞ്ഞും തെളിഞ്ഞും ചെയ്യും. പായക്കൂട്ടുകാരനും ഞാനും ഉടുതുണിവലിച്ചുടുത്തു മുഖമമർത്തി കമഴ്‌ന്നുകിടക്കും. അസ്ത്രം കട്ടിലിനടിയിൽ മറന്നുവച്ചതെടുക്കാൻ വന്നതാണു് എന്ന വിചിത്രവാദവുമായി പാണ്ഡവരിലൊരാൾ കിടപ്പറയിൽ ഇടിച്ചുകയറിയതും കൂടെയുണ്ടായിരുന്ന യുധിഷ്ഠിരൻ മറന്നിട്ടില്ല.”
“പാരിതോഷികമായി എഴുത്താണികളൊന്നും ഉപയോഗിക്കാനാവില്ലെന്നു, ദുരൂഹസൂചനയോടെ, കവി ആവർത്തിക്കുന്നുണ്ടല്ലോ. എന്താണതിന്റെ ഉള്ളറ രഹസ്യം? ഇപ്പോൾ കവി എഴുതുന്നതു് കുരുവംശത്തിന്റെ നൂറ്റാണ്ടുനീണ്ട ചരിത്രവും, അതിൽത്തന്നെ നാലിൽ ഒരു ഭാഗം, മഹാഭാരതയുദ്ധവുമല്ലേ. എഴുത്താണി ഒന്നു മതിയോ?”, കൊട്ടാരം ലേഖിക ചാർവകനോടു് ചോദിച്ചു. മലയടിവാരത്തിൽ, ആശ്രമം സന്ദർശിച്ചു മടങ്ങിവരികയായിരുന്നു ഇരുവരും. ശിഷ്യന്മാർ, വിശദീകരിക്കാതെ അവരേറ്റെടുത്ത ജോലി തുടരുകയായിരുന്നു.
“യുദ്ധംകഴിഞ്ഞു ഹസ്തിനപുരിയിൽ കുരുവംശീയഭരണം കൗരവരിൽനിന്നും പാണ്ഡവരിലേക്കു മാറിയപ്പോൾ ഞങ്ങൾ ചരിത്ര രചനയിൽ നേരിടാവുന്ന പാണ്ഡവ ഇടപെടലുകൾ എന്തൊക്കെ പ്രതീക്ഷിക്കണമെന്നു ചർച്ചചെയ്തു. കിട്ടിയ പ്രതികരണങ്ങളിൽ ഒന്നായിരുന്നു കവി ഉപയോഗിക്കുന്ന എഴുത്താണിയുടെ സവിശേഷപിൻബലം ഇനിയും കിട്ടേണ്ടിവരും പുതുഭരണകൂടം, കവിയുടെ കുരുവംശ ആഖ്യാനത്തിൽ പാണ്ഡവാഭിമുഖ്യം ശക്തിപ്പെടുത്താൻ പാഞ്ചാലിയിലൂടെ നേരിയ സമ്മർദ്ദം ചെലുത്തുമ്പോൾ, വാക്കുകളും ഖണ്ഡികകളും, എന്തിനു, മൊത്തം ആഖ്യാനരീതി തന്നെ പാണ്ഡവർക്കു് അനുകൂലമായി മാറ്റേണ്ടിവരും എന്നാണു് ഞങ്ങൾ സംശയിക്കുന്നതു്. നിലവിൽ ഉപയോഗിക്കുന്ന മയൻ നിർമ്മിത എഴുത്താണിക്കൊരു സാങ്കേതികമികവു് നേരത്തേ ഉണ്ടല്ലോ. എഴുതിയ ഭാഗങ്ങൾ, പാണ്ഡവസമ്മർദ്ദത്തിൽ മാറ്റാൻ ശ്രമിക്കുന്ന നേരം, ഇതിഹാസത്തിന്റെ എടുത്താൽ ഓലക്കെട്ടു മുഴുവൻ നശിപ്പിക്കാതെതന്നെ, വിവാദഭാഗംമാത്രം കണ്ടെത്തി മായ്ച്ചുകളയാൻ, സാധ്യതയുണ്ടെന്നതാണു് മയൻനിർമ്മിത എഴുത്താണിയുടെ സവിശേഷത. വരുംകാലത്തിൽ, നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർക്കും വേണ്ടിവരും, പുതു ആഖ്യാനനിർമ്മിതി എളുപ്പമാക്കാൻ തുണക്കുന്നൊരു എഴുത്താണി—മയൻ നിർമ്മിച്ചാലും മനുഷ്യൻ നിർമ്മിച്ചാലും, പുതുഭരണകൂടങ്ങളെ പേടിക്കുമ്പോൾ പ്രത്യേകിച്ചും!”