“തർക്കപിതൃത്വം തീർപ്പായില്ലെ?”, കൊട്ടാരം ലേഖിക കുന്തീദേവിയെ നോക്കി. പാണ്ഡവർ ഹസ്തിനപുരി അരമനയിൽ. കുരുക്ഷേത്രാനന്തരകാലം.
“വാനപ്രസ്ഥത്തിനു് പടിയിറങ്ങുംമുമ്പു് മനഃസാക്ഷിയെ ഉറങ്ങാൻ അനുവദിക്കണം എന്ന തോന്നലിലാണു്, സത്യം വെളിപ്പെടുത്താൻ അഭിമുഖം. ഷണ്ഡപാണ്ഡുവുമൊത്തു ഞാനും മാദ്രിയും, യാതന അനുഭവിക്കുന്ന കാലം. കായിക ക്ഷമതയോ ഇച്ഛാശക്തിയോ ഇല്ലാത്ത ദുർബലപാണ്ഡു, പായവിരിച്ചുകിടന്ന ഓർമ്മ. രണ്ടു യുവതികൾ മാതൃത്വം എന്ന പെണ്ണവകാശത്തിനു വഴിവിട്ട രതി നോക്കുകയാണു്. സന്യസ്ഥാശ്രമങ്ങളിൽ സേവനമുണ്ടായിരുന്നതുകൊണ്ടു് ആശ്രമാചാര്യനുമായി അടുത്തു. സഹായം കിട്ടി. പതിവായി പോവുന്നതിനിടയിൽ അരുതാത്തതെന്തോ സംഭവിച്ചു എന്ന തിരിച്ചറിവിൽ, ഇരിക്കുമ്പോൾ ആശ്രമ‘ഹംസം’ “ഉടൻ വരൂ” സന്ദേശംകൈമാറി. വഴങ്ങിയില്ലെങ്കിൽ ‘സംയോഗം’ പൊതു സമൂഹം അറിയുമെന്ന ഭീഷണിയിൽ പോയി, വഴങ്ങി. ആശ്രമത്തിൽ വിശ്വസ്തഅനുയായികൾക്കും ഉടലധിനിവേശം. ഒന്നും മറച്ചുപിടിക്കുന്നില്ല. ‘പീഡനപർവ്വം’ പാണ്ഡുവിനെ അറിയിച്ചതു് വേറൊരു വിധത്തിലായി. കുട്ടികളില്ലാതെ പാണ്ഡു മരിച്ചു പോയാൽ, ചരിത്രത്തിൽ തുടച്ചുമാറ്റപ്പെടുമെന്ന ഓർമ്മപ്പെടുത്തലിൽ, വിവാഹബാഹ്യസ്രോതസ്സു വഴി ബീജസംഭരണത്തിലൂടെ മാതൃത്വം സാധ്യമാക്കൂ എന്നു പാണ്ഡു കെഞ്ചുന്ന അവസ്ഥയുണ്ടായി. ഗർഭപാത്രത്തിന്റെ നിലവിളി കേൾക്കുന്നില്ലെങ്കിൽ, വായിൽ തുണിതിരുകി, കൊല്ലാൻ പദ്ധതിയുണ്ടായിരുന്നു. വേണ്ടിവന്നില്ല. കാര്യം രതിനയതന്ത്രത്തിലൂടെ നേടി. പൂചൂടി സന്യസ്ഥആശ്രമങ്ങളിൽ നിത്യസന്ദർശകരായി ആചാര്യനെയും അനുയായികളെയും നിയന്ത്രിത ഉടലാനന്ദം വഴി കീഴ്പ്പെടുത്തി വരച്ചവരയിൽ വീഴ്ത്തി. ഞാൻ മൂന്നു പ്രസവിച്ചു. മാദ്രി ഇരട്ട. ‘ആത്മീയപിന്തുണ’യോടെ, മനുഷ്യനേത്രങ്ങൾക്കു പിടികിട്ടാത്ത അതീതശക്തികളാണു് പാണ്ഡവപിതാക്കൾ എന്ന കെട്ടുകഥ പൊതുമണ്ഡലത്തിൽ എത്തിച്ചു. ആശ്രമാചാര്യന്റെ ആദ്യപീഡനശ്രമത്തെ ഞങ്ങൾ, ആസ്വാദനരതിയിലേക്കും, പാവനമാതൃത്വത്തിലേക്കും പറിച്ചുനട്ട ശേഷം പാണ്ഡുവിനു് അധികം കിടന്നു നരകിക്കാതെ മരിക്കാൻ ബലപ്രയോഗവും. ഭൂതകാലസത്യം കുമ്പസാരത്തിലൂടെ അറിയിക്കുന്നതിൽ ആശ്വാസമുണ്ടു്. മുണ്ഡനം ചെയ്തു വനവാസത്തിനു തയ്യാറെടുക്കണം. വിട!”
“കണ്ടുവിസ്മയിച്ച പാഞ്ചാലി നിങ്ങളോടൊക്കെ ഒന്നു് കയർത്തു് സംസാരിക്കുക, അങ്ങനെ ഒരനുഭവം ഓർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ആശ്രമ ഖരമാലിന്യം ശേഖരിച്ചു ദൂരെ കുഴികുത്തി മൂടി വരുമ്പോൾ വെയിൽപൊങ്ങി ക്ഷീണിച്ചു വിയർത്തിരിക്കും. ദുര്യോധനൻ കല്പ്പിച്ചുകൊടുത്ത ജോലി, അടിമ എന്ന നിലയിൽ കാര്യക്ഷമതയോടെ ചെയ്യും. അപ്പോൾ ഞങ്ങൾ ഉറക്കമുണർന്നു് ഈ തറയിൽ ഇരുന്നു ചൂതുകളിക്കുകയാവും. ഒന്നുംചെയ്യാൻ ഇല്ലെങ്കിൽ പോയി ദിവ്യാസ്ത്രം വല്ലതും സംഘടിപ്പിക്കണം എന്നവൾ വിരൽ ചൂണ്ടി ആജ്ഞാപിക്കും.” കളിയിൽ ആവർത്തിച്ചു തോൽക്കുന്ന യുധിഷ്ഠിരൻ അവശനായിരുന്നു.
“ചൂതാട്ടം പരിശീലിച്ചും, കൗരവരെ തോൽപ്പിക്കുന്നതു് വിഭാവനചെയ്തും, വ്യാഴവട്ടക്കാലശിക്ഷ കഴിക്കുകയാണു് പാണ്ഡവർ എന്നതൊരു സാമാന്യവസ്തുതയായി ഇതിനകം കൗരവർക്കിടയിൽ അംഗീകരിക്കപ്പെട്ടതല്ലേ? ഇതു് മറച്ചുവച്ചു് നിങ്ങൾ എന്തിനു, അവരഞ്ചുപേരും തലയിൽതുണിയിട്ടു് ഹസ്തിനപുരിയിൽ രഹസ്യവിവരശേഖരണത്തിലാണെന്ന വ്യാജവാർത്ത ആവർത്തിച്ചു കൌരവരെ പ്രകോപിപ്പിക്കുന്നു?”, പത്രാധിപർ അനിഷ്ടസൂചകമായ ഗോഷ്ടിയോടെ ചോദിച്ചു.
“നിങ്ങൾക്കറിയാമോ, നൂറിൽ പാതികൗരവരും ഹസ്തിനപുരിയുടെ അതിർത്തി രാജ്യങ്ങളിലേക്കുള്ള ദേശീയപാത കുതിരപ്പന്തികളിൽ നുഴഞ്ഞുകയറി ചാരപ്പണി നടത്തുകയാണു്. പാണ്ഡവരും അപ്പോൾ കൌരവരറിയാതെ ‘ദിവ്യാസ്ത്രങ്ങൾ’ തേടി ഒളിവിൽപോവുന്നു എങ്കിൽ, എന്താണു് കുഴപ്പം. തിന്നുന്നചോറിനു രണ്ടു ശത്രുനിരകളും അദ്ധ്വാനിക്കുന്നു. രാജവാഴ്ചക്കാലത്തെ പരിമിതമാധ്യമ പ്രവർത്തനത്തിൽ ഇതിൽ കൂടുതൽ ഭരണകൂടജാഗ്രത പെണ്‍പത്രപ്രവർത്തക എങ്ങനെ ഉറപ്പുവരുത്തും? പറഞ്ഞേക്കാം, ആണ്ടുപിറപ്പു മുതൽ വേതനസേവന പരിഷ്കരണം വേണം. ഹിമാലയ വനാശ്രമത്തിൽ പോയി പാഞ്ചാലിയെ അഭിമുഖം ചെയ്തു പനയോലക്കുറിപ്പുകളുമായാണു് തിരിച്ചുവരുന്നതു്. കൗരവ-പാണ്ഡവ പോരാട്ടത്തെക്കാൾ പൊതുസമൂഹത്തിനു താൽപ്പര്യം പാഞ്ചാലി എങ്ങനെ പാണ്ഡവരെ ഗാർഹികപീഡനത്തിലൂടെ ‘പാഠങ്ങൾ’ പഠിപ്പിക്കുന്നു?”
“തുടങ്ങിയോ ജൈവകൃഷി?”, വന്മരങ്ങളുടെ മറവിൽ, മാളികമുകളിലായിരുന്ന ഇളമുറവധുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“നിലാവുള്ള രാത്രികളിൽ, ജനിച്ചനാടിന്റെ ദിശയിലേക്കുനോക്കി, വിങ്ങിപ്പൊട്ടുന്ന ഹൃദയവാതിലുകൾ ഭർത്താക്കന്മാരറിയാതെ തുറന്നിടാനുള്ള ഈ മട്ടുപ്പാവിലും വളരുമോ നാട്ടുചെടികൾ എന്നു പരീക്ഷിക്കുകയാണു് ഗൃഹാതുരത പനിച്ചുപൊള്ളുന്ന പുതുമണവാട്ടികൾ!”
“ഒന്നുംചെയ്യാൻ ഇല്ലെങ്കിൽ കാടുകത്തിക്കും.” ഖാണ്ഡവവനം പാണ്ഡവർ വളഞ്ഞുതീയിട്ട വാർത്ത എത്തിയപ്പോൾ, സംരക്ഷിത വനത്തിൽ ശ്രമദാനം ചെയ്യുന്ന കർണ്ണൻ.
“അഴുക്കൊക്കെ അടിച്ചുവാരി കൊണ്ടുപോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.
“അതൊരു പെണ്ണടിമയാണു് മോനേ. ദുര്യോധനൻ അവൾക്കു പന്ത്രണ്ടുവർഷത്തെ ശിക്ഷ കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു “നമ്മുടെ മാലിന്യമൊക്കെ ചുമക്കുന്ന അടിമയാവാൻ എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”.
“മദ്യലഹരിയിൽ കൗരവർ അവളെ ചൂതാട്ടസഭയിൽ സംഘരതിക്കു് നിർബന്ധിച്ചു, കുലസ്ത്രീ എന്ന നിലയിൽ എതിർക്കാതെ അവൾ വഴങ്ങി എന്നു കേട്ടപ്പോൾ നീതിമാനായ ദുര്യോധനൻ കൊടുത്ത മാതൃകാപരമായ ശിക്ഷ.”
“നിനക്കു് കൈവിറച്ചില്ലേ മനുഷ്യാ, അഭിമന്യുവിന്റെ നെഞ്ചിൽ കൊടുവാൾ കുത്തിയിറക്കുമ്പോൾ?”, കൊട്ടാരം ലേഖിക കർണനോടു് ചോദിച്ചു. കുരുക്ഷേത്ര പതിമൂന്നാം ദിവസം.
“നിങ്ങൾ കാര്യമറിയാതെയാണു് എന്നെ പ്രതിയാക്കുന്നതു്. കൗരവരുടെ കുത്തും ചവിട്ടുമേറ്റ കുഞ്ഞു നിലത്തുവീണിട്ടും, ശത്രുക്കളാൽ വീണ്ടും ചവിട്ടി മെതിക്കപ്പെടുന്നതു് കണ്ടപ്പോൾ ‘അവന്റെ ജന്മം അവസാനിപ്പിക്കൂ’ എന്നു് സുഭദ്രയുടെ യാചന അശരീരിയായി കേട്ടപോലെ തോന്നി. വ്യാകുലമാതാവിന്റെ ആജ്ഞ അനുസരിച്ചു അഭിമന്യുവിന്റെ ദുരിതശരീരത്തെ എന്നെന്നേക്കുമായി നിശ്ചലമാക്കി.!”
“പുറംകണ്ണിന്റെ പരിമിതി നിങ്ങൾക്കുള്ളിൽ നോവുന്നുണ്ടെന്നറിയാം. അകക്കണ്ണിന്റെ കാര്യത്തിൽ പിന്നിലല്ല എന്നു് തോന്നാറുണ്ടോ?” കൊട്ടാരം ലേഖിക ധൃതരാഷ്ട്രർക്കുമുമ്പിൽ മുട്ടുകുത്തി. ഭർത്താവിനോടു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണുകെട്ടി സ്വയം കാഴ്ചനിഷേധിച്ച ഭാര്യ, അരികെ.
“പ്രകൃതിയുടെ പാരിതോഷികമാണു് ‘കാഴ്ച’ എന്നു് കാഴ്ച പരിമിതിയുള്ള ഞാൻ പറഞ്ഞാൽ, മനുഷ്യജന്മത്തിനു അതൊരവകാശമാണെന്നു നിങ്ങൾ വാദിക്കുമോ? തർക്കം നിൽക്കട്ടെ. അകക്കണ്ണെന്നു പറയുന്നതു് പ്രകൃതിയുടെ പാരിതോഷിതമോ ജന്മ അവകാശമോ അല്ല, കഠിനശ്രമത്താൽ പ്രകൃതിയിൽനിന്നും ‘നേടിയെടുക്ക’ലാണു്. നേടിയെടുക്കൽ അഹങ്കാരമെന്നു എളിമയോടെ കരുതുന്നവരുണ്ടു്—വിദുരരെ പോലെ. ഗുരുവിൽനിന്നു് ചതിവിൽനേടിയെടുക്കാമെന്നു അവകാശപ്പെടുന്നവരുണ്ടു്—കർണ്ണനെ പോലെ. അകക്കണ്ണു് എനിക്കു് തന്നതു് അഹങ്കാരമല്ല, നിർണ്ണായക മുഹൂർത്തത്തിൽ, അന്തരീക്ഷം പ്രക്ഷുബ്ധമാവുമ്പോൾ വാക്കല്ല, മൗനമാണു് വേണ്ടതു് എന്ന തിരിച്ചറിവാണു്. അതുകൊണ്ടെന്തു നേട്ടമുണ്ടായി? വായിക്കാനറിയാത്ത ഞാൻ ‘കൂട്ടിവായിച്ചി’ല്ലേ? നിങ്ങളുടെ പുറംകാഴ്ചയിലൂടെ കാണുന്നതു്, നരച്ച താടിയും രോമരഹിത ശിരസ്സും ഭാരിച്ച ശരീരവുമുള്ള കിഴവനായിട്ടാണെങ്കിൽ, ഞാൻ കാണുന്നതു്, ‘വനാന്തര’ത്തിൽ മറ്റൊരധികാര മോഹിയെ കയറ്റാതെ, പൊരുതുന്ന സിംഹരാജനായിട്ടാണു്. അതാണു് പറഞ്ഞതു്, കണ്ണുപോരാ, കാഴ്ചപ്പാടിലൂടെ കാണണം!”
“ആപൽഘട്ടങ്ങളിൽ ധീരോദാത്തനിവനെന്നുള്ളം തുടിക്കുന്നവരാരുമില്ലേ, നിലവിൽ അഞ്ചോളംവരുന്ന ഭർത്താക്കന്മാരിൽ?, അതോ, കെട്ടിപ്പൊക്കിയ പ്രതിച്ഛായക്കുള്ളിലവർ വിമ്മിട്ടപ്പെടുകയാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കാട്ടിൽ കഴിഞ്ഞവരല്ലേ കൗന്തേയർ! കുലീന കൗരവർക്കൊപ്പം സഹവാസമുണ്ടായെന്നൊഴിച്ചാൽ, പെണ്ണിനെ പരിപാലിക്കാനോ മാനിക്കാനോ അവർക്കശേഷം ശിക്ഷണം ഉണ്ടായില്ല എന്നതല്ലേ കുത്തഴിഞ്ഞ കഴിഞ്ഞകാലം നൽകുന്ന ദാമ്പത്യപാഠം? പെണ്ണഭിമാനത്തിനു പരുക്കേൽക്കുന്ന പരീക്ഷണഘട്ടങ്ങളിൽ പാണ്ഡവരുടെ ശാരീരിരികവും നൈതികവുമായ സംഭവനയൊക്കെ, തിരിഞ്ഞു നോക്കുമ്പോൾ എത്ര നിസ്സാരം! എന്നാൽ കൗരവരിൽ കമനീയ പെൺസൗഹൃദഭാവം! പ്രശംസനീയമായുള്ളിൽ തിളങ്ങുന്നല്ലോ. വിരലുകൾക്കുള്ളിലോരോമന പൂച്ചെണ്ടുമായി കാണാൻ ആരാധനയോടെ വരുമായിരുന്ന യുവദുര്യോധനനെ ഞാനോർക്കുകയാണു്. അഞ്ചുപാണ്ഡവരും ശത്രുതയോടെ, ഞങ്ങളുടെ സല്ലാപവും സ്പർശവും ഒളിഞ്ഞുനോക്കുമ്പോഴും, മനോനില ഒരുപണത്തൂക്കം തകരാതെയവൻ പരിമളം പരത്തുന്ന പ്രശംസയാൽ പാടിപ്പുകഴ്ത്തും. പാണ്ഡവസാന്നിധ്യത്തിലും പാഞ്ചാലിയോടു് പ്രണയാഭിലാഷം പ്രകടിപ്പിക്കുന്നതിൽ ധീരതകാണിച്ചവൻ തന്നയല്ലേ, മരിച്ചുപോയെങ്കിലും, എനിക്കിന്നും ഉള്ളിന്റെഉള്ളിൽ ധീരോദാത്തൻ?”.
“പോരാളികർണ്ണൻ ‘പരാദജീവി’ എന്നു് നിങ്ങൾ വിശേഷിപ്പിച്ചു. എന്തുണ്ടത്തരം പരാമർശം നീതീകരിക്കാൻ?” കൊട്ടാരം ലേഖിക ചോദിച്ചു ഹസ്തിനപുരിയിൽ പാണ്ഡവകാലം.
“നിർണ്ണായക പതിനെട്ടുനാൾ പോരാട്ടത്തിൽ എന്തായിരുന്നു പറഞ്ഞുപൊലിപ്പിക്കാൻ കർണ്ണന്റെ സൈനികസംഭാവന? ഭീഷ്മർ ശരശയ്യയിൽ വീഴുംവരെ യുദ്ധഭൂമിയിൽ നിന്നൊഴിഞ്ഞു വിമതവേഷം ആടിയില്ലേ? എവിടെ അവൻ ‘ഉരുട്ടിയ’ പാണ്ഡവ ശിരസ്സു! ആകെ ചെയ്തതു് അഭിമന്യുവിന്റെ ശവത്തിൽകുത്തി വധത്തിന്റെ യുദ്ധനേട്ടം ഏറ്റെടുത്തതോ? വിദ്യാർത്ഥിജീവിതം മുതൽ അറിയാമായിരുന്നു കുന്തിയുടെ വിവാഹപൂർവ്വരഹസ്യ ഗർഭത്തിൽ പിറന്ന അവിഹിതസന്തതി. എന്നിട്ടും സ്വയം സൂത പുത്രൻ എന്നു് പറഞ്ഞുപരത്തി സൗകര്യങ്ങൾ നേടിയതാണോ നേട്ടം? മടിക്കുത്തിൽ വെള്ളിനാണയം പോലുമില്ലാത്ത കൗമാര ദുര്യോധനൻ ചെയ്ത കപടപട്ടാഭിഷേകത്തിൽ കർണ്ണനെ ‘ഇല്ലാത്ത രാജ്യ’ത്തിന്റെ രാജാവാക്കി. എവിടെ ‘അംഗരാജ്യം’ എന്നന്വേഷിക്കാതെ ദ്രൗപദീ സ്വയംവരത്തിൽ മത്സരിക്കുമ്പോൾ അവനറിയില്ലേ നിബന്ധനകൾ? ചൂതാട്ടസഭയിൽ വിളിക്കുന്നു ‘തെവിടിശ്ശി’! അന്നു ഞാൻ ഉറപ്പിച്ചു, ഒരുനാൾ കയ്യിൽകിട്ടും. പാഞ്ചാലിയുടെ മുടിപോലെ പവിത്രമാണു് പാതിവ്രത്യം”. ജാലകത്തിന്നപ്പുറത്തു മഹാറാണി പാഞ്ചാലി ചെകിടോർത്തു.
“കർഷകധാന്യപ്പെട്ടിയിൽനിന്നും മോഷ്ടിച്ചിട്ടാണു് അക്ഷയപാത്രം നിറക്കുന്നതെന്നു പാഞ്ചാലി പറയുന്നതിൽ കാര്യമുണ്ടോ? പാപക്കനി പങ്കു വേണ്ടെന്ന നിലപാടിൽ, അത്താഴപ്പട്ടിണിയുമായി അന്തിയുറങ്ങുന്നതിൽ ഖേദമില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“‘അക്ഷയപാത്രം’ ശരിക്കും വിസ്മയമാണു്! കയ്യിട്ടുനോക്കൂ: ഒഴിഞ്ഞ ‘പാത്രം’ അല്ലേ? ഞാൻ കയ്യിട്ടാൽ? അപ്പവും വീഞ്ഞും! മനസ്സിലായല്ലോ എന്താണു് ദിവ്യാത്ഭുതമെന്നു്? പാഞ്ചലിക്കതു് വ്യക്തമാവാത്തതിനു് കാരണമുണ്ടു്—ഹിമാലയ ഉണക്കപ്പഴങ്ങൾ ദുര്യോധനൻ, പാഞ്ചാലിക്കെത്തിച്ചു കൊടുക്കുന്നു. ‘അക്ഷയ പാത്ര’ത്തിലെ അപ്പവും വീഞ്ഞും എന്തിനു അല്ലേ?” വട്ടംചുറ്റിയിരുന്നു ആസ്വദിക്കുകയായിരുന്നു പാണ്ഡവർ. അപ്സര സ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കാൻ പാഞ്ചാലി പോയനേരം. പാണ്ഡവർ നായാട്ടിനു പോയാൽ, കുളികഴിഞ്ഞു വരുന്ന ദ്രൗപദിയെ കടന്നുപിടിക്കാൻ ദുശ്ശളയുടെ ഭർത്താവായ ജയദ്രഥൻ ഒളിച്ചിരിക്കുന്ന നേരം.
“മൂകസാക്ഷികളായിരുന്ന പ്രമുഖരെ, മഹാറാണിയാവുന്ന കാലത്തു നഗരചത്വരത്തിൽ പരസ്യവിചാരണ ചെയ്യുമെന്നക്കാലത്തൊരഭിമുഖത്തിൽ വിങ്ങിപ്പൊട്ടി പറഞ്ഞിരുന്നില്ലേ? വിചാരണക്കാര്യം എന്തായി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുരുക്ഷേത്ര കഴിഞ്ഞു പുതു ഭരണകൂടം അധികാരത്തിൽ കയറിയ നാളുകൾ.
“ചൂതാട്ടസഭയിൽ ആ കാഴ്ച കണ്ടു മുഖംതാഴ്ത്തി ഇരുന്നവരിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ളതു എന്റെ ഭർത്താക്കന്മാർ മാത്രം!”
“അതിസങ്കീർണമാണു് അധികാര രാഷ്ട്രീയം എന്നു് അറിവുള്ളവർ നെറ്റിചുളിച്ചു പറയുന്നു. എന്നാൽ അധികാരമത്സരത്തിൽ തൽപരകക്ഷിയല്ലേ നിങ്ങളും?”, കൊട്ടാരം ലേഖിക ചോദിച്ചു.
“എനിക്കറിയാവുന്ന ഈ ലോകം ലളിതമായിരുന്നു. നന്മതിന്മ നേർവര വേർതിരിച്ച കൂട്ടുകുടുംബം ഉൻമൂലനം ചെയ്യാൻ തിന്മ തയ്യാർ എന്നു കേട്ടു. വിരാടത്തിലെ ഉപപ്ലവ്യയിൽ പാണ്ഡവർ തിന്മയുമായി കൂട്ടുകൂടി. ആൾരൂപങ്ങളുണ്ടാക്കി കൗരവ എന്നു് സങ്കൽപ്പിച്ചു വാൾ ഹൃദയത്തിൽ ആഴ്ത്തി ഭീമൻ പരിശീലനം നേടുന്നു. കായ്ഫലമുള്ള മരങ്ങളിലേക്കു കുന്തം എറിഞ്ഞു നൈപുണ്യവികസനത്തിൽ ശ്രദ്ധിക്കുന്നു. ഞങ്ങളെ കൊന്നു കുഴിച്ചുമൂടുംമുമ്പു് നിങ്ങളെ, കഴുത്തുവെട്ടി വീഴ്ത്തണം. കുരുക്ഷേത്രയിൽ യുദ്ധഭൂമി ഒരുക്കി ‘പാരസ്പര്യം’ കാത്തിരിക്കയാണു്. അവർക്കവിടെ ആയുധംവച്ചു് വേണമെങ്കിൽ കീഴടങ്ങാം. ഞങ്ങൾ രക്തസാക്ഷിത്വം വരിച്ചാലും, ധൃതരാഷ്ട്രർ എന്ന ഒരച്ഛനു ഗാന്ധാരി എന്ന ഒരമ്മയിൽ പിറന്ന കൌരവർ, വൈവിധ്യ പിതൃത്വത്തിൽ പിറന്ന പഞ്ചപാണ്ഡവരുടെ മുമ്പിൽ മുട്ടു് മടക്കില്ല!”
“ഈ പൂക്കൾ സ്വീകരിക്കൂ. മറ്റു പാണ്ഡവർ പക്ഷേ, അറിയരുതു്!”, വാടിയ ഇലയിലൊരു പൊതി, ഭാണ്ഡത്തിൽ നിന്നെടുത്തു ഭീമൻ, കുട്ടിയുടെ മുഖഭാവത്തോടെ കൊട്ടാരം ലേഖികക്കു് കൈമാറി. നടവഴിയിൽ കുഴഞ്ഞുവീണു നിര്യാതയായ പാഞ്ചാലിയുടെ സംസ്കാരം ബഹിഷ്കരിച്ചവരെ പിന്തുടർന്നെത്തിയതായിരുന്നു കൊട്ടാരം ലേഖിക. സന്ധ്യ മയങ്ങുന്ന നേരം.
“കല്യാണസൗഗന്ധികം ഓർമ്മസഞ്ചിയിൽ ഇരിക്കട്ടെ, പാഞ്ചാലിക്കിനി പ്രണയപുഷ്പങ്ങൾ ആവശ്യമില്ല, ചെമ്പകപ്പൂവായി മാറിക്കഴിഞ്ഞിട്ടുണ്ടാവും! വിചിത്രമല്ലേ നാമൊക്കെ ജീവിച്ചു പോരുന്ന ഈ ലോകം!”
“ആരാണവർ!”, പടിയിറങ്ങുന്ന വയോജനങ്ങളെ നോക്കി കൊട്ടാരം ലേഖിക, വിശ്വസിക്കാനാവാതെ അരമന യുവവക്താവിനോടു് ചോദിച്ചു. “യാത്രയാക്കാൻ പാണ്ഡവർ ആരെയും കാണുന്നില്ല”, യുധിഷ്ഠിര ഭരണകാലം.
“ഓ, അതോ! അരമനവാസം ഉപേക്ഷിച്ചു ജീവിതസായാഹ്നം സമാധാനത്തോടെ കഴിയാൻ കാട്ടിലേക്കു് പോവുകയാണവർ. കീഴ്‌വഴക്കം കുരുവംശത്തിൽ ഉണ്ടെന്നു കൊട്ടാരം ലേഖികയായ നിങ്ങൾക്കറിയാമല്ലോ. സത്യവതി, അംബിക, അംബാലിക എന്നിവരൊക്കെ പണ്ടു് പോയവരാണു് അതുപോലെ ഈ നാലുപേർ, ഗാന്ധാരി, ധൃതരാഷ്ട്രർ, കുന്തി, വിദുരർ, അരമനജീവിതത്തിന്റെ കാലാവധി പൂർത്തിയായതായി രാജാവിനെ അറിയിച്ചു. കൂടുതൽ ഒന്നും ഞങ്ങൾ പിന്നെ ചെയ്യേണ്ട കാര്യമില്ല. വനവാസത്തിനു പോകുവാൻ തീരുമാനം സ്വയം എടുത്തതോടെ, അവരുടെ അരമനദിനചര്യയിൽ നിന്നും പാണ്ഡവഭരണകൂടം പിടിവിട്ടു. അവരായി അവരുടെ പാടായി. വന്യമൃഗ ആക്രമണത്തിലോ കാട്ടു തീയിലോ മരണപ്പെട്ടു എന്നു് വിശ്വാസയോഗ്യമായ വിവരം കിട്ടിയാൽ, ശ്രാദ്ധം ചെയ്യും, അതോടെ അവർ ‘ചരിത്ര’ത്തിന്റെ ഭാഗമായി. നിങ്ങളെന്താ പുതു കൊട്ടാരം ലേഖികയുടെ ആദ്യ ജോലിദിനം പോലെ പകച്ചനോട്ടം? പുതിയ നിയമനം? പഴയ കൊട്ടാരം ലേഖിക യാത്രപറയാതെ കാട്ടിലേക്കു് പോയോ?” കുരുക്ഷേത്ര യുദ്ധവിജയത്തിന്റെ വാർഷിക ആഘോഷം ഇത്തവണ കേമമാക്കാൻ അസാധാരണ യോഗം വിളിച്ചിരിക്കയായിരുന്നു പുതിയ വക്താവു്.
“ശപിക്കപ്പെട്ട പാണ്ഡു, ഇരുവരെയും കാട്ടിലേക്കു് കൂടെക്കൊണ്ടുപോയതിന്റെ കാര്യമെന്തായിരുന്നു? പെണ്ണുടലിൽ തൊട്ടാൽ തൊട്ടവന്റെ തലപൊട്ടിത്തെറിക്കുമെന്നായിരുന്നില്ലേ പ്രതികാരബുദ്ധിയുള്ള മുനിയുടെ ശാപം?”, കൊട്ടാരം ലേഖിക, കുന്തിമാദ്രിമാരോടു് തരം കിട്ടിയപ്പോൾ ചോദിച്ചു. കുടിലിനു പുറത്തായിരുന്നു അഭിമുഖം.
“പെണ്ണില്ലാത്ത എവിടെയെങ്കിലും പോകൂ, ഞങ്ങൾ വേറെ വിവാഹം കഴിച്ചു ജീവിക്കാം, നഷ്ടപരിഹാരം ചോദിക്കുന്നില്ല, കൊണ്ടുവന്ന സ്ത്രീധനവും കുരുവംശത്തിനുതന്നെ ഇരിക്കട്ടെ എന്നു് മാദ്രി പറഞ്ഞപ്പോൾ ഞങ്ങൾക്കറിയില്ല പാണ്ഡുഹൃദയം വിഭാവനചെയ്ത പ്രലോഭന നാടകം. ശപിച്ച മുനിയുടെ തട്ടകത്തിൽത്തന്നെ അഭയംതേടി പാണ്ഡു ഞങ്ങളെ കൊണ്ടു് പോയതു് രതിപ്രലോഭനത്തിലൂടെ മുനിയെ വശീകരിച്ചു ശാപമോക്ഷം നേടിയെടുക്കാൻ! സ്വന്തം തലപോറലേൽക്കാതെ രക്ഷപ്പെടാൻ ഈ ഷണ്ഡൻ, ഭാര്യമാരെ വച്ചു് കളിക്കാനാണു് ഭാവം എന്നറിഞ്ഞപ്പോൾ, പച്ചിലവിഷം കിടപ്പുരോഗിയാക്കി. അങ്ങനെ കടുംകൈ ചെയ്തകാരണം ശാപമുനി ഞങ്ങളെ അനുഗ്രഹിച്ചു. പ്രലോഭിപ്പിക്കാൻ തന്ന രഹസ്യപദാവലി ഉപയോഗിച്ചു് നിങ്ങൾ പെറ്റുപെരുകിൻ! ആകാശച്ചെരുവിൽ നിന്നും ദേവതകൾ തന്നെ തരട്ടെ പുംബീജം. ദുഷ്ടഭർത്താവിന്റെ കെണിയിൽ വീഴാതെ ആ വിധം പാതിവൃത്യം നിലനിർത്തി. മുനികളും മിത്രങ്ങളായി. പരപുരുഷരതി ഞങ്ങൾക്കിഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളവരോടു് എന്ന വിധം അവകാശപ്രഖ്യാപനം വരുംയുഗങ്ങളിലെന്നു അനുഗ്രഹിക്കുകയും ചെയ്തു.”
“പരിത്യാഗികളെന്നു വിശേഷിപ്പിച്ചു സുഖവാസം! ഉൽപ്പാദിപ്പിക്കുന്ന മാലിന്യം സംസ്കരിക്കുന്ന പണി പാഞ്ചാലിയെകൊണ്ടു ചെയ്യിക്കുന്നു! ഇതൊക്കെ എവിടെകേട്ട ന്യായമാണു്?”, കൊട്ടാരം ലേഖിക ആശ്രമകാര്യദർശിയോടു് ചോദിച്ചു.
“തൃഷ്ണ ത്യജിച്ചവരല്ലേ ഞങ്ങൾ? പരസ്ത്രീകളെ മാതാവായി കരുതുന്നില്ലേ? അസത്യം പറയാൻ നാവു് ഞങ്ങൾക്കു് ചലിക്കുമോ? ധനം ആഗ്രഹിക്കുമോ? ഭൌതികവസ്തുക്കളോടു മോഹമാകുന്ന ‘മായ’യിൽ ഞങ്ങൾ അകപ്പെടുമോ? അതാണു് പറഞ്ഞതു് ഞങ്ങൾ സർവ്വസംഗപരിത്യാഗികൾ. സന്യസ്ത ആശ്രമസമുച്ചയത്തിലെ ശുചിമുറിമാലിന്യങ്ങൾ നീക്കാൻ നിയോഗം പാഞ്ചാലിക്കാണു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന അടയാളപ്പെടുത്തലൊന്നും കേട്ടു് ഞങ്ങൾ കുലുങ്ങില്ല. തോളിൽ മാറാപ്പു വീഴാൻ, ഒരു മാളികയും തടസ്സമല്ല. പ്രപഞ്ചദുരൂഹത പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു കരാറുണ്ടു്—സംരക്ഷകനായ ദുര്യോധനനുമായി. മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ചിന്തിക്കുമ്പോഴും നിങ്ങളുടെ ഒളിപ്പിച്ചുവച്ച മൂന്നാംകണ്ണു് പാണ്ഡവവസതിയിലേക്കായിരിക്കണം. തെറ്റിയാലവർ കുരുവംശ തൽസ്ഥിതി ഒറ്റു കൊടുക്കും—അതാണവൻ പറഞ്ഞതു്. ഞങ്ങൾ പാലിക്കും!”
“അതൃപ്തിയവൾക്കുണ്ടെങ്കിലും, പിറുപിറുക്കുന്നതോ പ്രാകുന്നതോ കാണേണ്ടിവന്നില്ല. അതൊക്കെ നോക്കുമ്പോൾ പാഞ്ചാലിയെ കുലീനപെരുമാറ്റത്തിന്റെ പേരിൽ മഹത്വപ്പെടുത്തേണ്ടതല്ലേ?” ഇഷ്ട മാംസദൗർലഭ്യം കാരണം കാട്ടുകിഴങ്ങു മാന്തിയെടുക്കുന്ന ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ആദ്യരാത്രി മുതൽ കിടപ്പറയിൽ രണ്ടുപേരിലധികം കിടക്കാൻ പായിലിടമില്ലെന്നവൾ പറഞ്ഞു അധികപ്പറ്റായ നാലുപേരെ വിരൽചൂണ്ടിപുറത്തു ചാടിക്കാൻ വാക്കുകൊണ്ടും ശരീരം കൊണ്ടും അതിരുവിട്ട അവഹേളനമാണവൾ ചൊരിഞ്ഞതു്. അതിന്റെ ‘കുലീനത’യെ കുറിച്ചൊന്നും കുത്തിക്കുത്തി ഇനിയും ചോദിക്കരുതേ! ദാമ്പത്യജീവിതത്തിൽ ദുരിതങ്ങൾ ഞങ്ങൾക്കുണ്ടായതു് പരുക്കൻ പരിചരണം കൊണ്ടായിരുന്നു എന്നു് പറഞ്ഞാൽ നിങ്ങൾ, അവളുടെ മുഖമെത്ര ഓമന എന്നു് തിരിച്ചു മന്ത്രിക്കും. കാട്ടിൽ വളർന്ന പാണ്ഡവർക്കവൾ തന്ന അവമതി ഉള്ളിൽ അടക്കി ജീവിക്കാമെങ്കിൽ പരിഷ്കൃതവനിത പാഞ്ചാലിയുടെ ഹൃദയന്തരാളത്തിൽ ഞങ്ങളഞ്ചുപേർക്കായി ‘വിഷസഞ്ചി’ തുന്നാനാണോ പാടു്? കാടായകാടൊക്കെ ഓടി കൊണ്ടുവന്ന കല്യാണസൗഗന്ധികത്തെകുറിച്ചു് ചോദിച്ചാൽ എന്റെ ഇടനെഞ്ചിലെ പളുങ്കുപാത്രം പൊട്ടിച്ചിതറും” ഭീമൻ വിതുമ്പി.
“ഉടയോൻദുര്യോധനൻ ഔദ്യോഗികമായി അടയാളപ്പെടുത്തിയതു് ‘അടിമ’ എന്നല്ലേ? വേദന തോന്നുന്നുണ്ടോ?”, പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഭരണമാറ്റത്തിന്റെ ഒച്ചയും ബഹളവും നിലക്കാത്ത ഹസ്തിനപുരി അന്തഃപുരം.
“കിടപ്പറയിൽ സ്വസ്ഥതയില്ലായിരുന്ന ഇന്ദ്രപ്രസ്ഥക്കാലത്തു അഞ്ചുകുട്ടികൾക്കു് ബഹുഭർത്തൃത്വദാമ്പത്യം ജന്മംനൽകി. പക്ഷേ, വ്യാഴവട്ടക്കാല വനവാസത്തിൽ ഒന്നുപോലും ഉണ്ടാവാഞ്ഞതിനു പ്രകൃതിയോടു നന്ദിയുണ്ടു്. അല്ലെങ്കിൽ, ദുര്യോധനന്റെ ‘വ്യക്തിമുദ്ര’ പതിഞ്ഞ ഹസ്തിനപുരിയിൽ ‘അടിമവംശം’ എന്നറിയപ്പെടുമായിരുന്നു!”
“പുരോഗമന കൗരവർ പരിസ്ഥിതിക്കായി പ്രയാസപ്പെടുമ്പോൾ നിങ്ങൾഅഞ്ചുപേരും ഖാണ്ഡവ തീയിട്ടതു് ഹസ്തിനപുരിയിൽ വിവാദമായല്ലോ. ‘മരം വളരണം’ എന്ന കൗരവ വനമഹോത്സവം, കർമ്മപരിപാടിയായി ജനപങ്കാളിത്തം നേടുന്നുണ്ടു്. എങ്ങനെ കാണുന്നു പാണ്ഡവ അനാസ്ഥ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഇന്ദ്രപ്രസ്ഥം.
“ഭൗമദിനത്തിലും പരിസ്ഥിതിദിനത്തിലും ‘മരംവച്ചുപിടിപ്പിക്കുന്ന’ പരിസ്ഥിതിപ്രവർത്തനം! അധിനിവേശസസ്യങ്ങൾ ആയിരുന്നു ഖാണ്ഡവപ്രസ്ഥം! പിഴുതുകളയുകയായിരുന്നു. പോരെന്നു വ്യക്തമായി. തീയിട്ടു. അധിനിവേശ സംസ്കാരം കൗരവർ ഗാന്ധാരയിൽനിന്നും ഇറക്കുമതി ചെയ്തപോലെ,. ഞങ്ങൾക്കു് വന നയമുണ്ടു്. കൂടുതൽ പറയുന്നില്ല കണ്ടിരുന്നു കാണാം. വധുക്കൾക്കു തണുപ്പിടം ഉറപ്പിക്കാൻ, സംരക്ഷിതവനത്തിൽ നിന്നു വീട്ടി വെട്ടി, തട്ടിട്ട കിടപ്പറ പണിയുന്ന “വൃക്ഷശത്രു” കൗരവർക്കു് പുരോഗമന നിലപാടുകാർ പട്ടം കൊടുക്കുന്നതൊക്കെ പരിഹാസ്യമെന്നു തിരിച്ചറിയും.”
“ഭീമൻ രാവിലെത്തന്നെ പരിഭവത്തിലാണല്ലോ” പാളയത്തിനു് വെളിയിൽകണ്ട പാഞ്ചാലിക്കു് ഉപചാരങ്ങൾ അർപ്പിച്ച കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര ആദ്യദിനം.
“എന്റെ കുട്ടികളെ പോർക്കളത്തിലേക്കു യാത്രഅയക്കാൻ വന്നതായിരുന്നു അപ്പോൾ ഇളമുറ കൗരവർ ഒരു സംഘം എന്നെ കണ്ടു, വലതുകൈ ഇടതുനെഞ്ചിൽ സ്പർശിക്കുന്ന വന്ദനം തരുന്നതു് കണ്ടാണു് ഭീമൻ ഒന്നുരണ്ടു ഗദയും തൂക്കി ഈ വഴി, പാണ്ഡവപാളയത്തിൽനിന്നും പോർക്കളത്തിലേക്കു വരുന്നതു്. പരസ്യമായി പ്രഖ്യാപിതശത്രുക്കളോടു് സ്നേഹാഭിവാദ്യം ചെയ്യുന്നതിൽ കുഞ്ഞുകരളിൽ നൊമ്പരം. വേറെ യുദ്ധവിശേഷമൊന്നുമില്ല. തിരക്കുണ്ടു് നീരൊഴുക്കിൽ തിരക്കുകൂടുംമുമ്പു് കുട്ടികളുടെ തുണി കഴുകണം ഒന്നു് മലർന്നു നീന്തിക്കുളിക്കണം, വരുന്നോ കൂടെ?”
“ഉള്ളം പൊള്ളി. എങ്ങനെ പൊളിച്ചടുക്കും നൂറ്റുവരുടെ നുണ?”, കൊട്ടാരം ലേഖിക ചോദിച്ചു. ‘പാണ്ഡവർ’ എന്ന അംഗീകാരം പ്രതീക്ഷിച്ചു ഹസ്തിനപുരി കൊട്ടാരസമുച്ചയത്തിൽ എളിമയോടെ കഴിയുന്ന സംഘർഷദിനങ്ങൾ.
“കരുതിക്കൂട്ടി കുന്തിയുടെ കുട്ടികളെക്കുറിച്ചു കൗരവർ നുണ പറയുകയാണെന്നു ഞാൻ കരുതിയിട്ടില്ല. സ്ത്രീക്കു് മാതൃത്വം ഒരവകാശമെന്നു തോന്നുന്നെങ്കിൽ പ്രത്യുൽപ്പാദനം സംഭവിക്കുന്ന ദാമ്പത്യം ഉണ്ടായേ തീരൂ എന്നും ഇല്ല. കായികവെല്ലുവിളി നേരിടുന്ന ഭർത്താവിനു് പ്രത്യുൽപ്പാദനശേഷിയില്ലെന്നറിഞ്ഞ ഭാര്യ, ബദൽപുരുഷബീജലഭ്യത തേടേണ്ടേ? പ്രകൃതി സമ്മാനിച്ച ഗർഭപാത്രത്തിന്റെ വിലാപം അവൾ അവഗണിക്കാമോ? ആൺവേട്ടക്കിറങ്ങുക എന്നതല്ലേ പ്രായോഗികപരിഹാരം? വൈവിധ്യപുരുഷസ്രോതസ്സുകളിൽനിന്നും ഉത്തമബീജസമ്പാദനം കുന്തിയും മാദ്രിയും (അവളുടെ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ) ഉറപ്പാക്കിയെന്നു കൗരവർ തിരിച്ചറിഞ്ഞുവെങ്കിൽ പ്രതിഷേധാർഹമായ സംഭവമാണോ? വിവാഹം കഴിക്കുമ്പോൾ നൂറ്റുവരിലും നേരിടാവുന്നതല്ലേ ഷണ്ഡത്വം?”
“ചൂതാട്ടം നിയമവിധേയമാക്കുമെന്നോ? പതിമൂന്നു കൊല്ലം മുമ്പു് ആനപ്പുറത്തുവന്ന നിങ്ങൾ, കളികഴിഞ്ഞപ്പോൾ അടിമകളായി കാട്ടിലേക്കു് പോവേണ്ടിവന്ന ശപിക്കപ്പെട്ട കളി, ദുര്യോധന ഉത്സാഹത്തിൽ പിൽക്കാലത്തു നിരോധിച്ചതു് പ്രശംസിച്ചതാണു് പ്രബുദ്ധപൊതുസമൂഹം”, കൊട്ടാരം ലേഖിക പാണ്ഡവ വക്താവിനെ നേരിട്ടു.
“അതിവൈകാരികത! ഉചിതമല്ല ചൂതാട്ടം എന്നതൊരു നിരീക്ഷണമൊന്നുമല്ല—പരിഷ്കൃതസമൂഹം ചൂതാട്ടത്തെ കാണേണ്ടതു്, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിക്കു് ഉടുതുണി നഷ്ടപ്പെട്ടുവോ, നഗ്ന പാദനായി വനവാസത്തിനു പോവേണ്ടി വന്നുവോ എന്നൊന്നും കൊട്ടാരരേഖ നോക്കിയല്ല. സ്വത്തുപോയാൽ ഭാര്യയെ പണയം വച്ചുകളിക്കും. ഇല്ലാത്തവർ സ്വത്തുകൈമാറ്റം കണ്ടാസ്വദിക്കും. ഭരണകൂട സൗകര്യങ്ങൾ വരിനിന്നും അവകാശമായും വേതനമായും കൈപ്പറ്റുന്നവർക്കു ചൂതാട്ടത്തിനു യോഗ്യതയില്ല എന്നു് നിബന്ധന വക്കുന്നതോടെ ഒഴിവാവില്ലേ ചൂഷകമുദ്രയിൽ നിന്നും ഞാനും നിങ്ങളും ഉൾപ്പെടുന്ന വൻകൊള്ള സംഘം?”
“ഒരാൾക്കു് നിവർന്നുനിന്നു് തിരിയാൻ ഇടമില്ല! ഇവിടെയാണോ മുൻചക്രവർത്തിയും നാലുസഹോദരന്മാരും നിങ്ങൾക്കൊപ്പം അടുത്ത പന്ത്രണ്ടുവർഷം ചെലവഴിക്കുക? രാവുപകൽ ഈ മുറിക്കകത്തു പൊയ്പോയ ഇന്ദ്രപ്രസ്ഥക്കാലം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചു സംഘട്ടനത്തിന്റെ പുതിയ ആഖ്യാനനിർമ്മിതിയുമായി ചടഞ്ഞുകൂടുമ്പോൾ, എങ്ങനെ കൈകാര്യം ചെയ്യും നിങ്ങൾ, ഓരോ നിമിഷവും നേരിടുന്ന ഗാർഹിക വിരസത?”, വസ്ത്രാക്ഷേപത്തിനുശേഷം വനവാസത്തിലായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“മടുപ്പുസഹിക്കവയ്യാതാവുമ്പോൾ ഒരു പൂവിന്റെ പേർ പെട്ടെന്നു് പറയും. അതോടെ പ്രീതിപ്പെടുത്തിയെ ഇനി യുദ്ധമുള്ളു എന്നമട്ടിൽ ഒരാൾ ചാടിയെണീറ്റുപോവും, കാടിളക്കി പറിച്ചുവരുമ്പോഴേക്കും ദിവസങ്ങൾ കഴിയും. അഞ്ചുപേരെയും പറഞ്ഞുവിട്ടു അടിച്ചുവാരി കുളിച്ചുകുറിയിട്ടിരിക്കുന്ന നേരത്തായിരുന്നു സൈന്ധവരാജാവു് ജയദ്രഥൻ രഥമോടിച്ചുവന്നതു്!”
“കുന്തിയും ഗാന്ധാരിയും ജീവിതാന്ത്യം ചെലവഴിക്കാൻ കൊട്ടാരംവിട്ടിറങ്ങിയ ശേഷം വിവരം വല്ലതും?” കൊട്ടാരം ലേഖികയോടു് പത്രാധിപർ ചോദിച്ചു.
“‘ഹസ്തിനപുരി പത്രിക’ തുടങ്ങുന്ന കാലത്തെ സൗന്ദര്യധാമങ്ങൾ ആയിരുന്നു ഇരുവരും. മാദ്രി വന്നതോടെയാണു് അന്തഃപുരം സൗന്ദര്യപ്പൊലിമയിൽ കലങ്ങിമറിഞ്ഞതു്.”
“ഇതിനകം തീപ്പെട്ടിട്ടുണ്ടാവണം, അക്ഷരാർത്ഥത്തിൽ. കാഴ്ചയില്ലാത്ത ഭർത്താവിനെ കാണാതിരിക്കാൻ കാഴ്ചമറച്ചു മാറിനിന്ന ഗാന്ധാരി, അരക്കില്ലത്തിൽ അന്നം ചോദിച്ചുവന്ന ആദിവാസികളെ നിക്ഷിപ്തതാൽപര്യത്തിൽ ചുട്ടുകൊന്ന കുന്തി, പാണ്ഡവർ ചെങ്കോൽതേടിവന്നപ്പോൾ തിരിച്ചറിയൽരേഖയില്ലാതെ കൊട്ടാരത്തിൽ കാലുകുത്താൻ അനുമതിയില്ലെന്ന നിലപാടെടുത്ത ധൃതരാഷ്ട്രർ, കൗരവർ ചെയ്യുന്നതൊക്കെ നീതിരാഹിത്യമെന്നറിഞ്ഞുതന്നെ കൂട്ടുനിന്ന വിദുരർ—ഇവരെയൊക്കെ ‘ഉടലോടെ സ്വർഗ്ഗരാജ്യത്തിലേക്കു’ പോകാൻ രഥം വരുമോ!”
“വാർത്തയൊന്നും കുതിരപ്പന്തിയിൽ നിന്നും വരാത്തിടത്തോളം നാലുപേരിൽ ഒരാൾ എങ്കിലും, മരിച്ചു എന്നറിഞ്ഞെങ്കിൽ!”
“ഒഴിഞ്ഞ അക്ഷയപാത്രം നോക്കി, വിശന്നുവലഞ്ഞ ഞങ്ങൾ നായാട്ടിനുപോയപ്പോൾ ഇന്നുഞങ്ങൾക്കു കിട്ടിയതൊരു കാട്ടുപോത്തിനെ! കീഴ്പ്പെടുത്തി, വലിച്ചുവരുന്ന ബദ്ധപ്പാടിൽ ഒരു നോക്കു ദൂരെനിന്നും കണ്ടു: നീ രാജരഥത്തിൽ! രഥം ഓടിക്കുന്നയാൾ നിന്നെ ചേർത്തുനിർത്തിയിരിക്കുന്ന കാഴ്ച! ചോര തിളച്ചു ആരായിരുന്നു അതു്?”, രൗദ്രഭീമൻ ചോദിച്ചു വനവാസക്കാലം.
“സഹോദരി ദുശ്ശളയുടെ ഭർത്താവെന്നവകാശപ്പെട്ടു കുടിനീർ വിളിച്ചുചോദിച്ചു. വെള്ളവുമായി ചെന്നപ്പോൾ എന്നെച്ചേർത്തു പിടിച്ചു കടിഞ്ഞാൺ അയച്ചു. രഥം മുന്നോട്ടു നീങ്ങുന്ന കാഴ്ചയാണോ, അതിലെന്താണു് ചോര‘തിളക്കാ’നുള്ളതു്? പാണ്ഡവർ നായാട്ടിനുപോയി എന്നു് പറഞ്ഞപ്പോൾ, അക്ഷയപാത്രം കൺ കെട്ടുവിദ്യ പാണ്ഡവർക്കു് അവസാനം ബോധ്യമായി എന്നയാൾ പുഞ്ചിരിച്ചു. കൂടെപ്പോരുന്നോ നീ, ഭക്ഷ്യക്ഷാമം അലട്ടാത്ത സൈന്ധവ അരമനയിൽ പാർപ്പിക്കാം എന്നവൻ കൈമുത്തി ക്ഷണിച്ചപ്പോൾ, മനസ്സു് ചഞ്ചലമായി എന്നുതന്നെവക്കുക, അതിലെന്താശങ്ക? കൗരവബന്ദികളിൽ ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്നാശ്വസിക്കുകയല്ലേ അഭ്യുദയകാംക്ഷികൾ കരുതുക?”
“കുരുക്ഷേത്രയുദ്ധ ജേതാക്കൾക്കായി വിളിച്ചുവരുത്തിയ അനുമോദന സദസ്സിൽ ആരുടെ സാന്നിധ്യം ശ്രദ്ധേയമായി?”, അവധി കഴിഞ്ഞെത്തിയ കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. ഹസ്തിനപുരിയിൽ പാണ്ഡവർ അധികാരത്തിൽ കയറിയ വറുതിയുടെ നാളുകൾ.
“തലയെണ്ണി നോക്കി. പാണ്ഡവരുടെ ഉടൽസാന്നിധ്യം ഉണ്ടായി. സവിശേഷമായി ശ്രദ്ധിക്കപ്പെട്ടതു് മഹാറാണി പാഞ്ചാലിയുടെ അസാന്നിധ്യമായിരുന്നു ഒരുപക്ഷേ, ശുഷ്കസദസ്സിനെക്കാൾ!”
“എണ്ണിയെണ്ണി, നൂറോളം കൗരവരാജ വിധവകളെ പാതിരാ കുടിയൊഴിപ്പിക്കലിലൂടെ അന്തഃപുരത്തിൽനിന്നും പുകച്ചു പുറത്തു ചാടിച്ചു നേടിയ ആഡംബരവസതികളെ എന്തു് ചെയ്യാനാണു് നിങ്ങൾ ഇനി ഭാവം?” കൊട്ടാരം ലേഖിക, വിജനമായ അരമനസമുച്ചയത്തിലേക്കു് നോക്കി ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. യുദ്ധാനന്തര ഭരണകൂടം അധികാരത്തിൽ കയറിയ വറുതിയുടെ നാളുകൾ.
“നമുക്കതു യുദ്ധസ്മാരകം ആക്കണ്ടേ? പ്രവചനസ്വരത്തിൽ പറയാനുണ്ടാവില്ലേ? പരിമിത അർത്ഥത്തിൽ ബ്രഹ്മചാരിയെങ്കിലും, കുരുവംശത്തിൽ നിക്ഷിപ്ത കുടുംബതാൽപ്പര്യമുള്ള കവി വ്യാസനു, ആത്മകഥയിലെന്ന പോലെ തുറന്നുപറയാൻ ആവുമോ?”
“കേട്ടതൊക്കെ ‘പരസ്ത്രീപീഡകൻ’ എന്നാണല്ലോ. ലൈംഗിക ഇരയോ പ്രതികാരകൊലപ്പുള്ളിയോ നിങ്ങൾ? എങ്ങനെ അവനെ പ്രലോഭനകാല പെരുമാറ്റത്തിൽ കണ്ടു?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. മഹാറാണിപദവി വഹിക്കുന്ന കാലം.
“അജ്ഞാതവാസ അഭയംതന്ന വിരാടന്റെ രാജ്ഞി സുദേഷ്ണയുടെ കൊച്ചനുജൻ എന്നനിലയിലാണു്, അപ്പവും വീഞ്ഞുമായി അരമനസമുച്ചയത്തിലെ കീചകവസതിയിൽ രാത്രി പോവേണ്ടിയിരുന്നതു്. കുടിയും തീറ്റയും നിശാവിനോദങ്ങളും കഴിഞ്ഞു, കുഴഞ്ഞുമറിഞ്ഞു സുദേഷ്ണയുടെ അന്തഃപുരത്തിൽ മടങ്ങിവരാൻ പുലർച്ചയാവും. യുവാവെങ്കിലും, അവിവാഹിതൻ. വിരാടരാജ്യ സേനാപതി. അയൽരാജ്യങ്ങളുമായി വ്യക്തിഗത നയതന്ത്രബന്ധം. വിരാടരാജാവു് കീചകനിൽ അധികാരഭീഷണി മണത്തിരുന്നു. സുദേഷ്ണയും കീചകനും, കൊട്ടാരവിപ്ലവത്തിലൂടെ വിരാടനെ സ്ഥാനഭൃഷ്ടനാക്കുമോ എന്ന ഭീതിയായിരുന്നു കീചകവധ ഗൂഡാലോചനയുടെ പ്രേരക ശക്തി. ശത്രുവെന്നങ്ങനെ മനസാ വരിച്ച കീചകനെ, സേവകർ വഴി, ‘മദ്യപാനിയും പെൺവേട്ടക്കാരനും ദുരഭിമാനിയും അധികാരമോഹി’യുമെന്നു ഊട്ടുപുര മുതൽ കുതിരപ്പന്തിവരെ ഇല്ലാക്കഥകൾ എത്തിക്കാൻ കുടിലവിരാടനു് കഴിഞ്ഞതാണയാളുടെ പ്രതികരണതന്ത്രം. കീചകനെ കൊല്ലാൻ, വിരാടൻ കൗശലപൂർവ്വം ഭീമനെ ഉപയോഗിച്ചു, പാതിരാകൊലക്കു കാരണം പറഞ്ഞതു്, സൈരന്ധ്രിയെന്ന പാഞ്ചാലിയെ കീചകൻ അന്നു് രാത്രി പീഡനത്തിനു് ഇരയാക്കാൻ നൃത്തമണ്ഡപത്തിലെ സ്വകാര്യമുറി ഉപയോഗിക്കുമെന്ന രഹസ്യവിവരം! അജ്ഞാതവാസക്കാല തൊഴിലിനു ആറംഗ പാണ്ഡവസംഘത്തെ നേരിട്ടഭിമുഖം ചെയ്ത വിരാടനു്, ‘മുഖംമൂടി’ ധരിച്ച ഞങ്ങൾ ആരെന്നു് വ്യക്തമായി അറിയാമായിരുന്നിട്ടും, അറിഞ്ഞില്ലെന്നഭിനയിച്ചതാണയാളുടെ പ്രായോഗിക രാജധർമ്മം. പിറ്റേന്നു് ഞെട്ടലോടെ അറിഞ്ഞു, പ്രിയകീചകനെ ഭീമൻ ശ്വാസംമുട്ടിച്ചുകൊന്നു. “ചേച്ചിയുടെ പ്രായമുള്ളവളെങ്കിലും നീ എനിക്കു് ആയുഷ്ക്കാല പ്രണയിനി”, ഉടൽചേർത്തുനിർത്തി മധുരപദങ്ങൾ ശുഭരാത്രി ആശംസിക്കേ പറഞ്ഞ കീചകന്റെ ദുർമരണത്തോടെ, ‘പ്രതികാരകൊലയാളി’ ഭീമനെ ഞാൻ അവഹേളിക്കുവാൻ തുടങ്ങി. അഭിമുഖങ്ങളിൽ ചോദിച്ചതോർക്കുന്നു, നിങ്ങൾക്കു മുമ്പിൽ താണുകേഴുന്ന ഭീമനെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു. ഓരോ തവണ ഭീമൻ മുട്ടിൽ ഇഴഞ്ഞു കൈകൾകൂപ്പി വിലപിക്കുമ്പോഴും, തുടർന്നും, നിന്ദിച്ചു, അങ്ങനെ കീചകാത്മാവിനെ ഹൃത്തടത്തിൽ മഹത്വപ്പെടുത്തി!” ദൂരെ ദൂരെ, വിരാടരാജധാനി കാഴ്ച്ചയിൽ തെളിഞ്ഞ പാഞ്ചാലി എഴുന്നേറ്റു, കീചകനോടെന്ന പോലെ പറഞ്ഞു, “സ്വർഗ്ഗസ്ഥനായ പ്രിയപ്പെട്ടവനേ, ദിവസങ്ങൾക്കുള്ളിൽ, വിശ്വ പ്രകൃതി പ്രസാദിക്കുമെങ്കിൽ, ഞാനും നിന്നോടൊപ്പം ചേരുകയായി. എനിക്കുള്ള സമയം മഹാപ്രസ്ഥാനത്തിൽ അടയാളപ്പെട്ടു!”
“വിളവെടുപ്പു് കഴിഞ്ഞു അല്ലെ? ധാന്യപ്പുരയൊക്കെ നിറഞ്ഞോ?”, വൃദ്ധകർഷകനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“പുഴകൊണ്ടെന്തുമെച്ചം, വെള്ളംതിരിച്ചുവിടാൻ യുവാക്കളില്ല. യുദ്ധാവശ്യത്തിനു വലിച്ചുകൊണ്ടുപോയില്ലേ. മൂന്നിൽ രണ്ടു ഭാഗം ധാന്യം, യുദ്ധച്ചെലവിനെന്നുപറഞ്ഞു കാളവണ്ടിയടക്കം തട്ടിയെടുത്തു. മകന്റെ രണ്ടു ആൺകുട്ടികളെ ബന്ദികളാക്കി. ആയുധങ്ങൾ മിനുക്കാനാണെന്നുപറഞ്ഞു. പ്രതിഷേധിച്ചവരെ ഒതുക്കി. രണ്ടുപേരും മടങ്ങിവന്നില്ല. അന്ധരാജാവിനെ പുതിയ രാജാവു് കാട്ടിലേക്കയച്ചു എന്നൊക്കെ പിറുപിറുക്കുന്നതു കേട്ടവരുണ്ടു്. എന്തിനായിരുന്നു ഇത്ര നാശംവരുത്തിയ യുദ്ധം, ആരാണു് ജയിച്ചതു്, അറിയില്ല. ഉഴവുകാളകളെ, പോർക്കള തീൻശാലയിലേക്കെന്നു പറഞ്ഞു കൊണ്ടുപോയി. ഞാനും പുത്രവിധവകളും വേണ്ടിവന്നു കൃഷിയിടം വിതയോഗ്യമാക്കാൻ. ഈ തണലിലേക്കു് നിൽക്കൂ, കുറച്ചു കരിമ്പുനീർ തരട്ടെ?”
“ആണുങ്ങൾ അഞ്ചു പേരും പതിനെട്ടുനാൾ പോരാടി ഹസ്തിനപുരി പിടിച്ചെടുത്തു അധികാരത്തിൽ കയറിയതോടെ നിങ്ങൾ, പാണ്ഡവരിൽ വൈകാരികസമ്മർദ്ദം വഴി മഹാറാണി പട്ടം നേടി എന്നാണു ചാർവാകൻ പറയുന്നതു്. അന്തഃപുരത്തിൽ ഒരാണിനും അനുമതിയില്ലാതെ പ്രവേശനം അരുതെന്നും നിങ്ങൾ, കൽപ്പന കൊടുത്തെന്നു കേട്ടു ഞെട്ടി പ്രഭുക്കളും ഭൃത്യരും. ഏതറ്റം വരെയും നിങ്ങൾ പോകും എന്നാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ദുര്യോധനവിധവയും കൗരവരാജ വിധവകളും കുടിയൊഴിഞ്ഞു പോയിട്ടും അതിഥിമന്ദിരത്തിൽ തന്നെയായിരുന്നു പുതിയമഹാറാണി പാഞ്ചാലി. പാണ്ഡവഭരണ കൂടത്തിനു് എന്തോ അധികാരസന്ദേശം ആണെന്നു് തോന്നി.
“നാമമാത്ര മഹാറാണിയാക്കി മൂലയിൽ ഒതുക്കിയവരെയാണോ നിങ്ങൾ പ്രതിരോധിക്കുന്നതു്? മഹാരാജാവിന്റെ ഏകഭാര്യക്കു് കിട്ടുന്ന ഔദാര്യം മാത്രമായ മഹാറാണിപദവി ആർക്കുവേണം? ശാരീരികമായോ മാനസികമായോ എന്തെങ്കിലും സമ്മർദ്ദം ചെലുത്തിയിട്ടാണോ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിപദവിയും പന്ത്രണ്ടുവർഷ കൗരവ അടിമപദവിയും? പ്രതീക്ഷിക്കുന്നതു് കുരുവംശാധിപയായി സിംഹാസനത്തിൽ കല്ലേപിളർക്കുന്ന കൽപ്പന കൊടുക്കാനുള്ള പരമാധികാരമാകുന്നു. അതു് നേടിയെടുക്കാൻ ‘ഈ ആണുങ്ങൾ’ വഴിതുറക്കുന്നില്ലെങ്കിൽ ഹസ്തിനപുരി ഒരു കുരുക്ഷേത്രയാവും!”
“ഭാര്യയും സഹോദരന്മാരും കുഴഞ്ഞുവീണുമരിച്ചിട്ടും, അന്ത്യനിമിഷങ്ങളിലേക്കും ചരമശുശ്രൂഷയിലേക്കും തിരിഞ്ഞുനോക്കാതെ, കാൽമുന്നോട്ടുതന്നെവച്ച നിങ്ങൾക്കിപ്പോൾ, വാലാട്ടുന്ന നാൽക്കാലി മാത്രമായോ കൂട്ടു്?”, നിന്ദ മറച്ചുവയ്ക്കാതെ കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
“കുനിഷ്ടു് പറയാനൊരു അനിഷ്ടക്കാഴ്ച? സഹോദരങ്ങളും ഭാര്യയും നഷ്ടപ്പെട്ട എനിക്കോ, അത്യുന്നതങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിലേക്കൊരു വഴികാട്ടി. സ്വാർത്ഥസ്ത്രീ പാഞ്ചാലിയുടെ പരിദേവനങ്ങളോ, ദുർബലപാണ്ഡവരുടെ മാത്സര്യമോ തീണ്ടാത്ത സംതൃപ്തജീവി. നായക്കൊപ്പം ചെലവഴിക്കുമ്പോൾ മലഞ്ചെരിവാകെ പുഷ്പിച്ചു മനോഹരതീരമാവും. നിങ്ങൾ വലിഞ്ഞുകയറിവന്നു ഹൃദയന്തരാളത്തിലേക്കു എത്തിനോക്കുംവരെ ഇരുകൈകളും മേലോട്ടുയർത്തി, ‘സ്വാഗതം, ആകാശചാരികളേ’ എന്നു് പ്രപഞ്ചപരിപാലകരെ ക്ഷണിച്ചുകൊണ്ടിരുന്നു. ഉള്ളിൽനിറഞ്ഞിരുന്ന ശാന്തി ഒഴുകിപ്പോയതു്, തുറന്നുപറയട്ടെ, നിങ്ങൾ വലിഞ്ഞുകയറിവന്നപ്പോൾ. എന്നെ വിട്ടു വന്നിടത്തിലേക്കു നീ മടങ്ങിപ്പോവുക, അല്ലെങ്കിൽ യമന്റെ സന്ദേശവാഹക തനിനിറം കാണിക്കും!” ആകാശത്തുനിന്നൊരു പൊൻകോണി ഇറങ്ങിവരുന്നതു കണ്ട യുധിഷ്ഠിരൻ അതില്പിടിച്ചു നാൽക്കാലിയുടെ ശിരസ്സിൽ വലതുകാൽ ബലംപിടിച്ചുവച്ചു ഉടൽ ധൃതിയിൽ ഉയർത്തി.
“ഇന്ദ്രപ്രസ്ഥത്തിൽ ഇല്ലാത്ത എന്തു് നവവിദ്യാസ്ഥാപനങ്ങൾ അന്വേഷിച്ചാണു് അഞ്ചുആൺകുട്ടികളെയും പാഞ്ചാലയിൽ പാർപ്പിക്കാൻ തീരുമാനം? എന്തായിരുന്നു പ്രകോപനം, അഥവാ പ്രചോദനം?”, വിശിഷ്ടാത്ഥികളെ വഴുക്കിവീഴ്ത്തുന്ന സഭാതലങ്ങളെ ഓർത്തു കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, ചൂതുകളിയാത്ര തയ്യാറെടുക്കുകയിരുന്നു പാണ്ഡവർ.
“ബീജദാതാവാരെന്നറിയാത്ത എന്നുവിളിച്ചു മാനസികമായി ദ്രോഹിക്കും. ഭരണാധികാരിയെന്ന പരിഗണനയില്ലാതെ തുറിച്ചു നോക്കി, ചൂണ്ടുവിരൽ കണ്ണിനുനേരെ നിർത്തി നിശ്ശബ്ദരാക്കും.”
“വേദനാജനകമായ വനവാസക്കാലത്തും, സൗഭാഗ്യകരമായ ഇന്ദ്രപ്രസ്ഥം കാലത്തും പാഞ്ചാലിയുമായുള്ള നേർമൊഴി അഭിമുഖങ്ങളിൽ, ഇടക്കൊക്കെ മുനവച്ചു നിരീക്ഷിക്കുന്ന സംഘർഷദാമ്പത്യവിനിമയങ്ങൾ ഉണ്ടു്. ഒരു വെളിപ്പെടുത്തൽ വിസ്മയപ്പെടുത്തുക മാത്രമല്ല, ദാമ്പത്യജീവിതങ്ങളെക്കുറിച്ചു നിരാശ ഉണർത്തുകയും ചെയ്തു. നിങ്ങൾ അവൾക്കുമുമ്പിൽ മുട്ടുകുത്തിയിട്ടുണ്ടു്? ശരിക്കും വാസ്തവമാണോ, കേവലമൊരു അലങ്കാരപ്രയോഗമോ?”, കൊട്ടാരം ലേഖിക ചോദിച്ചു. യുധിഷ്ഠിരൻ അഭിഷിക്തനായ നാളുകൾ.
“ശിരസ്സിൽ കളങ്കിതകിരീടമാണെങ്കിലും, പരിശുദ്ധി പാലിക്കുന്ന ധാർമ്മികവ്യക്തിത്വം എനിക്കുണ്ടെന്നു നിങ്ങൾക്കുമറിയാം. ഉവ്വു് മുട്ടുകുത്തിയിട്ടുണ്ടു്, കുരുക്ഷേത്രയിൽ, മുഴുവൻ മനുഷ്യരുടെയും സഹനത്തിനു വേണ്ടി! കൂടുതലൊന്നും ചോദിക്കരുതേ, പൊട്ടിച്ചിതറും ഹൃദയം, ഒരു പളുങ്കുപാത്രം!”
“ഇരക്കുമേൽ, (ക്ഷമിക്കണം, അതിജീവിതക്കുമേൽ), രാഷ്ട്രീയശരിമാനിക്കാത്ത കൗരവർ ചാടിവീണു എന്നു നിരീക്ഷിച്ചതായി കേട്ടപ്പോൾതോന്നി, നിങ്ങളുടെനിയന്ത്രണത്തിൽ ആയിരുന്നില്ലേ കള്ളച്ചൂതും തുണിയഴിക്കലുംവഴി, കൗരവർ രഹസ്യലക്ഷ്യങ്ങൾനേടിയെടുത്തതു്? നിങ്ങളുടെ ആ ‘വന്യമൃഗങ്ങൾ’ പ്രയോഗം എങ്ങനെ ‘ആശ്രമമൃഗങ്ങൾ’ എന്ന നിരുപദ്രവപദവി നേടി! സിംഹാസനത്തിൽ നിവർന്നിരിക്കുമ്പോഴൊന്നും തോന്നാത്ത നീതിബോധം ശരശയ്യയിൽ കിടക്കുമ്പോൾ നിങ്ങൾക്കുണ്ടായി?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവസംഘം ഭീഷ്മരിൽനിന്നു് രാഷ്ട്രതന്ത്രപാഠങ്ങൾനേടി ഹസ്തിനപുരിയിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്ന ഇടവേള.
“ചട്ടപരിപാലനത്തിന്റെ പരിമിതഉത്തരവാദിത്വം ധൃതരാഷ്ട്രർ എനിക്കു് ചൂതാട്ടസഭയിൽ തന്നപ്പോൾ, നീതിബോധത്തിന്നു് എന്തുസമ്മർദ്ദപ്രസക്തി? അധ്യക്ഷഅനുമതിയില്ലാതെ ഇടിച്ചു കയറിയ ദ്രൗപദിയുടെ അല്പവസ്ത്രം, ലൈംഗികപ്രലോഭനമായെടുത്ത കൗരവപ്രതികരണത്തിൽ കണ്ടതു് ഹസ്തിനപുരി സമൂഹത്തെ അല്ല, വന്യരതികാമനയുടെ ബലതന്ത്രത്തെ എന്ന അർത്ഥത്തിൽ വന്യമൃഗപ്രയോഗം ആലങ്കാരികമായി പറഞ്ഞതു് നിങ്ങൾ, മുഖവിലക്കെടുത്തല്ലോ! ഇത്രയൊക്കെ ഭാഷ ഉപയോഗിച്ചിട്ടും, സങ്കടമുണ്ടു് കിടന്നകിടപ്പിൽ പറയാൻ, മാധ്യമ പ്രവർത്തകരുടെ ആശയവിനിമയ സാമഗ്രി എത്ര അപര്യാപ്തം? നിങ്ങൾക്കാണു്, യുധിഷ്ടിരനല്ല ബാലപാഠങ്ങൾ വേണ്ടതു്. അതൊക്കെ നോക്കുമ്പോൾ ഒന്നുപറഞ്ഞു രണ്ടാമതു മാത്രം ആയുധം പ്രയോഗിക്കുന്ന ഞങ്ങൾ എത്ര ലളിതജീവികൾ!”
“‘നിർമ്മിതസ്വത്വ’ത്തിൽ ഉദ്യോഗാർഥികളായി ചെന്ന നിങ്ങൾ ആറംഗസംഘത്തെ കണ്ട ഉടൻ വിരാടരാജാവിനു ആളെ മനസ്സിലായോ. അരമനയിൽ അധികാരകേന്ദ്രമായ കീചകൻ നിങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവോ? കീചകനും ദുര്യോധനനും തമ്മിലുള്ള തന്ത്രപരമായ ബന്ധ സാധ്യതയിൽ ഭാവിഭീഷണി മണത്തു, കീചകനെ കാലപുരിയിലേക്കയക്കാൻ വിരാടൻ ഭീമനെ ഏർപ്പാടാക്കിയോ? അങ്ങനെ ഒരു ആഖ്യാനവുമായി ചാർവാകൻ ‘അന്തിയുറങ്ങുന്നു’. ദുര്യോധനൻ അറിഞ്ഞാൽ നിങ്ങൾക്കുപ്രശ്നമാവില്ലേ?”, വിരാടസുഹൃത്തായി മാറിയ യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു, കീചകവധത്തിൽ വിരാടജനത ഭീതിയിലും ദുഖത്തിലും കലങ്ങിയ നാളുകൾ.
“അങ്ങനെ ചിന്തിക്കാൻമാത്രം രാജ്യതന്ത്രബോധനം, ഞാനറിയുന്ന വിരാടനുണ്ടോ? നിങ്ങൾ ഒന്നിലധികം അഭിമുഖം ചെയ്തില്ലേ? എന്തു് ‘വെളിപാടു്’ കിട്ടി? കിട്ടിയില്ല! അത്രയേ അപ്പോൾ ഉള്ളൂ മന്ദബുദ്ധിവിരാടൻ! അജ്ഞാതവാസത്തിനു ആരോരുമറിയാത്തൊരു ഇടംനോക്കി ക്ഷീണിച്ചുവന്ന ആറു പേരെയും, ഒരേ ദിവസമാണു് വിരാടൻ അഭിമുഖം ചെയ്തതു്. ‘ആരാ എന്താ’ മുഖത്തുനോക്കാതെ ചോദിച്ചതിനു കിട്ടിയ ‘വാലുംതലയു’മില്ലാത്ത ഉത്തരങ്ങളും. സാമാന്യബുദ്ധിയുള്ള ഒരാൾ ആലോചിക്കില്ലേ, പണിയന്വേഷിച്ചു വന്ന ‘ദേവരൂപി’കൾ, ശരിക്കും ആരാ? വനവാസം കഴിഞ്ഞു അജ്ഞാതവാസത്തിനു പുറപ്പെടുന്നവരെക്കുറിച്ചു ചാരവാർത്ത ആ ദിവസങ്ങളിൽ വിരാടൻ കാണാതെപോയോ?, അതോ കീചകൻ, ചാരവാർത്ത കാണിക്കാതെ തന്ത്രപൂർവ്വം ഒളിപ്പിച്ചുവോ?, ഇങ്ങനെ ആലോചന വിരാടനു് പതിവില്ലാത്തതു കൊണ്ടല്ലേ, ഭാര്യസുദേഷ്ണയുടെ അനുജനായ കുടിലകീചകൻ, വിരാട സർവ്വസേനാപതിയായതും, ചേച്ചിസുദേഷ്ണക്കൊപ്പം അവിശുദ്ധകൂട്ടുചേർന്നു, കൊട്ടാര വിപ്ലവത്തിനു രൂപംകൊടുക്കുകയും, സുധേഷ്ണയുടെ സഹകരണത്തോടെ, ‘സൈരന്ധ്രി’യുമായി വഴിവിട്ടബന്ധം മണത്തറിഞ്ഞ ഭീമൻ പ്രതികാരകൊല ചെയ്തതും! കീചകവധം രഹസ്യമായി ഇപ്പോൾ ചെയ്താലുള്ള നേട്ടങ്ങൾ വിരാടനോടും പാണ്ഡവരോടും വേറെവേറെ യോഗംകൂടി ഞാൻ വിവരിച്ചപ്പോൾ പ്രസന്നമുഖത്തോടെ പ്രതികരിക്കുന്നതു് കണ്ടല്ലോ. ‘ചത്തതു് കീചകൻ, കൊന്നതു് ഭീമൻ’ വായ്ത്താരിനേട്ടം വിരാടനായിരിക്കും, ഭീഷണികീചകൻ കൊല്ലപ്പെടുന്നു, കൊലയാളിയോ, രൗദ്രഭീമനും. സദ്വാർത്ത: കീചക ശവദാഹം വൈകിയെങ്കിലുംകഴിഞ്ഞു, ഇന്നു് വൈകുന്നേരം അനുസ്മരണയോഗം കൂട്ടംകൂടുന്നോ?” പത്രപ്രവർത്തകർ പുച്ഛത്തോടെ പരാമർശിച്ചിരുന്ന യുധിഷ്ഠിരൻ തന്നെയാണോ കൊല ആസൂത്രണംചെയ്ത വിരാടസുഹൃത്തു്? ഭാവിയിൽ സഖ്യം കൂടാൻ പറ്റിയൊരു സൗഹൃദരാജ്യം!
“മരംവെട്ടുപണിയും ഉണ്ടോ?”, തലചായ്ക്കാൻ അന്തിക്കൂര തേടുകയായിരുന്ന കൊട്ടാരം ലേഖിക, ചൂടിക്കട്ടിലിലിരുന്ന വൃദ്ധകർഷകന്റെ തിരക്കിട്ട പണിയിൽ പന്തികേടു് തോന്നി, നടത്തം നിർത്തി. നഗരാതിർത്തിയിലെ ഗ്രാമത്തിൽ, അടഞ്ഞു കിടന്ന വസതി അമംഗളകരമായ വിധത്തിൽ അപ്പോൾ നിശബ്ദമായിരുന്നു.
“നിങ്ങൾ ആരാണു് എന്നെനിക്കറിഞ്ഞുകൂടാ, കണ്ടാൽ ഒരു യക്ഷിക്കുട്ടിയുടെ സൗന്ദര്യമുണ്ടു്. ഈ കയർ ഞാൻ ബലം നോക്കുന്നതു് എന്തിനാണെന്നോ? വെട്ടിമുറിക്കാനുള്ള മരത്തിൽ കെട്ടാനല്ല, സ്വയം ജീവനൊടുക്കാൻ മക്കൾ തന്നതാണു്. അന്ത്യ യാത്രാമൊഴി പറഞ്ഞു വിളക്കണച്ചവർവാതിലടച്ചു കിടന്നു. കർഷകാത്മഹത്യക്കു നഷ്ടപരിഹാരമായി വിധവക്കും മക്കൾക്കും കൗരവഭരണകൂടം ധനസഹായം നൽകും എന്നു യുവരാജാ ദുര്യോധനൻ പൊതുയോഗത്തിൽ പറഞ്ഞിരുന്നു. വരുമാനം കുറഞ്ഞ കൂട്ടുകുടുംബത്തിലെ ആവർത്തനച്ചെലവിനു നാണ്യക്ഷാമം നേരിടുന്ന കൊച്ചുമക്കൾ എന്നിൽ അപ്പോൾ പെട്ടെന്നു് ഒരു സാധ്യത കണ്ടു. അവർപറയുന്ന രീതിയിൽ ജീവനൊടുക്കാൻ! ഭരണകൂടസഹായത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നും, പ്രിയയക്ഷിക്കുട്ടീ, ഗ്രാമപ്രധാനുമുമ്പിൽ എന്റെ കൊച്ചു മക്കളെ ഓർത്തു മൊഴികൊടുക്കരുതേ!” കുരുക്കിട്ട കയർ വരണ മാലയായി കഴുത്തിലണിഞ്ഞു കർഷകൻ ദൃഢനിശ്ചയത്തോടെ വീടിനുപിന്നിലെ പാഴ് മരത്തിലേക്കു് കാൽവച്ചു.
“ഉത്തരരാജകുമാരിയെ വിവാഹം കഴിക്കുന്ന അഭിമന്യു, കീചകകൊലയാളി ഭീമന്റെ അനുജൻ, അർജ്ജുനന്റെ മകനെന്ന രഹസ്യം നിങ്ങൾക്കു് നേരത്തെ അറിയാമായിരുന്നു, അല്ലെ?”, ഉത്തരാസ്വയംവരത്തിൽ, കൊട്ടാരം ലേഖിക വിരാടരാജ്ഞി സുദേഷ്ണയോടു് ചോദിച്ചു. ആ ‘കൊലയാളി’ നേരിട്ടു് വിവാഹനിശ്ചയത്തിൽ വന്നു ഉത്തരക്കു മധുരം കൊടുക്കുമ്പോൾ.
“എന്നെ അറിയാമോ, നിന്റെ മാതൃസഹോദരന്റെ ഘാതകൻ എന്നു് കൊട്ടാരവാസികൾ ആരോപിക്കുന്ന ഭീമൻ?” കൊച്ചുകുട്ടിയുടെ നിരപരാധിത്വത്തോടെ പറഞ്ഞപ്പോൾ ഉത്തര മാത്രമല്ല ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചുപോയി.
“നിങ്ങൾ ഞങ്ങളുടെ അരമനതീൻശാലയിലെ മിടുക്കൻ പാചകക്കാരനല്ലേ, രുചിവിഭവങ്ങൾ വാത്സല്യത്തോടെവാരിക്കോരി നിങ്ങൾ വിളമ്പിയതു് ഞങ്ങൾ കഴിച്ചുരസിച്ചു” എന്നവൾ ഭീമന്റെ കൈ പിടിച്ചപ്പോൾ, സംഘർഷം അയഞ്ഞു. കീചകവധം നാടൊട്ടുക്കു് കാണപ്പെടുന്ന ‘ഒരസ്വഭാവിക മരണ’മെന്നതിൽ കവിഞ്ഞൊന്നും അല്ലെന്നു ഞങ്ങൾക്കപ്പോൾ ബോധ്യമായി. സമൂഹത്തിന്റെ പ്രശ്നമാണതു് അപലപിക്കാൻ നമുക്കെന്നും കുറ്റവാളി വേണം. കീചകൻ മരിച്ചുകിടക്കുന്ന നൃത്തമണ്ഡപത്തിൽ പോയപ്പോൾ ആ മുഖത്തു് കൊലയുടെ കറുത്ത പാടല്ല കണ്ടതു് പ്രണയത്തിന്റെ പാരവശ്യം! ആരെയാണു് ആ അവിവാഹിതയുവാവു് മോഹിച്ചിരുന്നതെന്നോ? അസ്വാഭാവികമെന്നു പറയുംമുമ്പു് ഒരു നിമിഷം, ഈ സൽക്കാരത്തിൽ ഏതു വസ്ത്രങ്ങളാണു് എനിക്കുവേണ്ടി എന്റെ പ്രിയതോഴി സൈരന്ധ്രി ഒരുക്കിയിരിക്കുന്നതെന്നു് ചോദിക്കട്ടെ.
“ആദ്യമായി ഹസ്തിനപുരി സന്ദർശിച്ച നിങ്ങൾ നിരാശനായി മടങ്ങിപ്പോയെന്നതൊരു കൗരവനിർമ്മിത കഥയാണോ, അതോ നീറുന്ന നേരനുഭവമാണോ?”, കൊട്ടാരം ലേഖിക അർജ്ജുനപുത്രനായ അഭിമന്യുവിനെ, വിരാടയിലെ പാണ്ഡവപാളയത്തിൽ കണ്ടപ്പോൾ ചോദിച്ചു. വിരാടപുത്രി ഉത്തരയെ വിവാഹം കഴിക്കാൻ പ്രബല യാദവബന്ധുക്കൾക്കൊപ്പം വന്ന അഭിമന്യു, സൈനികവേഷത്തിൽ പരിശീലനം തുടരുന്ന ഉല്ലാസവേള.
“പാണ്ഡവർ വനവാസത്തിലായിരുന്നപ്പോൾ, ഞാൻ ഹസ്തിനപുരിയിൽ ‘മുഖംമൂടി’യില്ലാതെ പോയി. കുതിരപ്പന്തിയിലും വഴിയമ്പലത്തിലും ആരും വഴിതടഞ്ഞില്ല. ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ! മോഹം പൂവണിഞ്ഞില്ല. കർമ്മനിരതനായി ഗ്രാമത്തിൽ ജലസംഭരണി പണിതു. സ്ത്രീകൾ ചോദിച്ചു, ‘നീ ദ്രൗപദിയുടെ മകനാണോ?’, ‘ദ്വാരകയിലെ സുഭദ്രയുടെ’ എന്നു പറഞ്ഞപ്പോൾ പ്രസന്നമായി. നിർമ്മാണം കഴിഞ്ഞു ഞാൻ ശുദ്ധജലംകോരി ആദ്യകർഷകനു് ഒഴിച്ചുകൊടുക്കുമ്പോൾ പ്രത്യക്ഷപ്പെട്ടു, ദുര്യോധനൻ എന്ന മുതിർന്ന കൗരവൻ. ‘പണി കഴിഞ്ഞോ’ എന്ന നിസ്സാര ചോദ്യത്തോടെ ജലസംഭരണി മണ്ണിട്ടു് തൂർക്കാൻ, കൂടെ വന്നവരോടു് ആജ്ഞാപിച്ചു എന്നിട്ടെന്നെനോക്കി ഗൂഢമായി ഒന്നുപുഞ്ചിരിച്ചു, ‘ഹസ്തിനപുരിയിൽ നിങ്ങൾ അതിഥിയോ അതിഥിതൊഴിലാളിയോ അല്ല എന്നു ഒറ്റനോട്ടത്തിൽ അറിയാം, ആരുടെ മകൻ എന്നൊന്നും ചോദിക്കുന്നില്ല, കുരുക്ഷേത്ര പോരാട്ടവേദിയിൽ കണക്കുപറയാം’, എന്നു് മന്ത്രിച്ചു ചുമലിൽ ഭീഷണമായി സ്പർശിച്ചു പാഞ്ഞുപോയി.”
“സുന്ദരപുരുഷന്മാരായ അഞ്ചുഭർത്താക്കന്മാർ കൂട്ടുകിടക്കാൻ രാപ്പകൽതയ്യാറായിട്ടും, ഭാര്യക്കതിൽ ആസ്വാദനരതിസാധ്യത കണ്ടെത്താൻ ആവുന്നില്ലെങ്കിൽ എന്തു് വായിച്ചെടുക്കണം അതൃപ്തിയിൽ?” കൊട്ടാരം ലേഖിക ചോദിച്ചു. വിദ്യാധരന്മാർക്കൊപ്പം നീന്തിത്തുടിക്കാൻ ജലാശയത്തിൽപോയ ഉച്ചനേരം.
“എന്താണു് വായിക്കുന്നവരുടെ സമ്മതപത്രം ചോദിക്കാനുള്ളതു്? അവൾ ഈ ലോകത്തു ജനിക്കേണ്ടവൾ അല്ലെന്നു സാക്ഷരരെങ്കിലും, എന്നെപോലെ വായന ഇല്ലാത്തവർക്കു ഒറ്റനോട്ടത്തിൽ വ്യക്തമായില്ലേ! ദൈവത്തിന്റെ വികൃതി എന്നൊക്കെ വിശ്വാസികൾ. അന്തർഗ്രന്ഥി സ്രാവം കുറയുമ്പോൾ ആണുങ്ങൾക്കു് സംഭവിക്കുന്ന കാലികവീഴ്ച. എത്ര കാലമായി പ്രകൃതിയോടും കൗരവരോടും മല്ലടിക്കുന്നു!”, കൊട്ടാരം ഊട്ടുപുരയിൽ വരിനിൽക്കുകയായിരുന്നു ഇരുവരും വറുതിയുടെ നാളുകൾ.
“വിവാഹബാഹ്യബന്ധങ്ങളുടെ ദേശാന്തരരൂപഭാവങ്ങളിൽ അർജ്ജുനനു ഭ്രമമുണ്ടെന്നാരും സമ്മതിച്ചു തരുന്ന രതികേന്ദ്രിത സമൂഹത്തിൽ ജീവിക്കുന്ന നിങ്ങൾ, എങ്ങനെ അർജ്ജുനനെ മൂക്കുകയറൊന്നുമില്ലാതെ, വരച്ചവരയിൽ നിർത്തി?,” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനുമുമ്പു്, പാണ്ഡവഭരണത്തിന്റെ അവസാനദിനങ്ങൾ.
“സുഭദ്രയുമായി അർജ്ജുനൻ ഇന്ദ്രപ്രസ്ഥത്തിൽ വന്നപ്പോൾ, ഞാൻ അനിഷ്ടം കടിച്ചിറക്കി മാപ്പു കൊടുത്തു. താക്കീതും. ഇനിയിതാവർത്തിച്ചാൽ നിർബന്ധിത രതിക്കായി എന്നെ നീ ബലാത്സംഗം ചെയ്തു എന്നു് ആരോപിച്ചു വിവാഹമോചനം തേടും. ഞാൻ അർജ്ജുനനൊപ്പം കഴിഞ്ഞതും, ദാമ്പത്യബന്ധം നിലനിർത്തിയതും, സ്വന്തം ഇഷ്ടപ്രകാരമാണെന്നു് തർക്കിച്ചാലും, എന്റെവാദം നിയമപരമായി അംഗീകരിക്കപ്പെടും. കാരണം, അർജ്ജുനനെതിരെ വിവാഹമോചനപരാതിക്കായി കാത്തിരിക്കയാണല്ലോ യുധിഷ്ഠിരൻ. അർജ്ജുനൻ ‘വയസറി’യിച്ചു! താമസം സുഭദ്രയുടെ നാട്ടിലേക്കു് മാറ്റി, ചൂതാട്ടത്തിൽ മാത്രമേ വന്നുള്ളൂ. പിന്നെ കേൾക്കേണ്ടിവന്നില്ല ‘പെൺവേട്ട’ക്കാരന്റെ അവിഹിത രതി കഥകൾ! വനവാസക്കാലത്തവൻ വലഞ്ഞു, സഹനത്തിലും അതെനിക്കൊരു ആഹ്ലാദദൃശ്യമായി. അജ്ഞാതവാസക്കാലത്തവൻ ആണല്ലാതായതും.”
“നിങ്ങളും വിദുരരും ധൃതരാഷ്ട്രരുടെ ഇരുവശത്തു. നിങ്ങൾ ഇരിക്കുന്നു, വിദുരർ നിൽക്കുന്നു! എന്താണു് നിങ്ങളിലിരുവരും തമ്മിൽ ബന്ധം? അതോ, ഉത്തരവാദിത്വമില്ലാതെ അധികാരം ‘നൊട്ടിനുണയുന്ന’ ബന്ധം മാത്രമേയുള്ളു?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.
“ചോദ്യം ചോദിച്ചാലൊന്നും പിടികിട്ടില്ല. ഗംഗ ആരെന്നറിയണം. വെറുംപുഴയല്ലെന്നറിയണം. ദേവനർത്തകി ശന്തനുഭാര്യയായി, ഞാൻ എട്ടാമത്തെ മകനായെന്നറിയണം. ബ്രഹ്മചര്യം എനിക്കെങ്ങനെ ശാപമായി എന്നറിയണം. സത്യവതി ആരെന്നും, വിചിത്രവീര്യൻ വിവാഹം കഴിച്ച അംബികക്കും അംബാലികക്കും വൈധവ്യത്തിൽ, വ്യാസനിൽനിന്നു് ഗർഭധാരണം വേണ്ടിവന്നു എന്നും അറിയണം. ദുരന്തമായി മാറിയ ‘വ്യാസബീജദാനം’ എങ്ങനെ അന്തഃപുരത്തിലെ രാജതോഴിയിൽ അനുഗ്രഹീത സന്തതിക്കു കാരണമായി എന്നറിയണം, അതിൽ ജനിച്ച വിദുരർ എങ്ങനെ വിവേകത്തിന്റെ വക്താവായി എന്നറിയണം. ചുരുക്കിപ്പറഞ്ഞാൽ, മെനക്കെടണം! കുരുവംശചരിത്രം പഠിക്കണം. ചുവരെഴുത്തുകളിൽ സ്തോഭജനകവാർത്തയാക്കുന്ന പത്രപ്രവർത്തനംകൊണ്ടു് കിട്ടില്ല ഉത്കൃഷ്ടകഥാപാത്രങ്ങളുടെ രക്തരഹിതബന്ധവും അധികാരബന്ധനവും!”
“മക്കൾക്കൊപ്പം പോകാതെ ഗാന്ധാരിയുടെ തോഴിയായി കഴിയാൻ എന്തു് തൊടുന്യായമായിരുന്നു കുന്തി പാണ്ഡവരോടു് പറഞ്ഞതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുന്തിയും ഗാന്ധാരിയും ജീവിതാന്ത്യം കാട്ടിൽ കഴിയാൻ ധൃതരാഷ്ട്രർക്കൊപ്പം ഹസ്തിനപുരി വിട്ട നേരം.
“വനം വെട്ടിത്തെളിയിക്കുമ്പോൾ കയ്യുംകെട്ടി ഞാൻ നിൽക്കുമെന്നു് നിങ്ങൾ കരുതരുതു്. പുഴയോര ആവാസവ്യവസ്ഥ തകിടംമറിച്ചു വന്മരങ്ങൾ കടപുഴക്കുമ്പോൾ, അറിയാതെ ഞാൻ മഴുവെടുത്തു നിങ്ങളിലൊരാളെ കഴുത്തിൽവെട്ടി എന്നു് വരും. കൂടെവരണോ ഞാൻ? വനനശീകരണം സാധ്യമാക്കാൻ, അടങ്ങിയൊതുങ്ങി ഞാൻ ഹസ്തിനപുരിയിൽ കഴിയണോ? ഏറിയും കുറഞ്ഞും ഈ വാക്കുകളാണു് അർജുനനെ നോക്കി പറഞ്ഞതു്. പാഴ്മരം രക്ഷിക്കാൻ, മകന്റെ കഴുത്തിൽ വെട്ടാൻ മടിയില്ലാത്ത ആ പ്രതികാരമൂർത്തി കൂടെവരാഞ്ഞതു് കൊണ്ടെനിക്കു് നഷ്ടമുണ്ടായോ? ഗുണമുണ്ടായി. ചക്രവർത്തിനിയാവാനൊത്തു. അല്ലെങ്കിൽ രാജമാതാപദവി ചോദിച്ചുവാങ്ങി അധികാരവഴിയിൽ കുന്തി കടമ്പ വെക്കുമായിരുന്നു!”
“ഈ കുഞ്ഞിന്റെ ബീജപിതാവു്! അങ്ങനെയൊന്നു സംശയാതീതമായി ഉണ്ടെങ്കിൽ നിങ്ങൾ, നിങ്ങൾ തന്നെ അല്ലെ?”, ഇളമുറ മാദ്രീപുത്രനും, ബഹുഭർത്തൃത്വത്തിലെ അഞ്ചാം അംഗവുമായ സഹദേവനോടു് കൊട്ടാരം ലേഖിക കരുതലോടെ ചോദിച്ചു, നവജാതശിശുവിനെ വളർത്താൻ പിതൃഭൂമിയായ പാഞ്ചാലയിലേക്കു കൊണ്ടു പോകുകയായിരുന്നു, അംഗരക്ഷകരുമൊത്തു ഇന്ദ്രപ്രസ്ഥംമഹാറാണി. പാണ്ഡവർ ആരും, അത്ഭുതം, യാത്രാസംഘത്തിൽ ഉൾപ്പെട്ടിരുന്നില്ല.
“എന്നാണു സങ്കൽപ്പം! അഞ്ചുഭർത്താക്കന്മാരും അവൾക്കൊപ്പം അന്തഃപുരത്തിൽ കഴിയുമ്പോൾ, ആൺപെൺ സംയോഗത്തിൽ ഉറപ്പുണ്ടാവുമോ, ബീജദാനികൾക്കു്? പാഞ്ചാലിയുമൊത്തു ഊഴംവച്ചൊരു സംയോഗ ‘പഞ്ചാംഗം’ അഭ്യുദയകാംക്ഷി തയ്യാറാക്കിയതനുസരിച്ചു ഞാൻ, അഞ്ചാമൻ തന്നെയെങ്കിലും, അവളുടെ ചാഞ്ചാടുന്ന മനോനിലയനുസരിച്ചു അന്നന്നത്തെ പായക്കൂട്ടിനു പൊതുധാരണയനുസരിച്ചു ‘ഊഴ’മായിരുന്നില്ല, അരക്കെട്ടിന്റെ തന്നിഷ്ടമായിരുന്നു. ഇളമുറക്കാരായ എനിക്കും നകുലനും പായക്കൂട്ടവസരങ്ങൾ എത്ര കൂടുന്നുവോ, അത്രയും കുറയും മുതിർന്ന യുധിഷ്ഠിരനും ഭീമനും. ഉടലവകാശം വീതംവെക്കലിൽ അർജ്ജുനൻ അനുഭവിച്ച വ്യഥ അത്ര മേൽ വലുതായതുകൊണ്ടു് അർജ്ജുന വിഷാദസംയോഗം വിനിയോഗിച്ചു കഴിഞ്ഞാൽ, ഉടൻ, പ്രതിഷേധത്തിൽ, ഉടുതുണി പോലും മാറ്റാതെ, പടിയിറങ്ങിപ്പോവും. “ഇളമുറമാദ്രീപുത്രന്മാർ കൊടുങ്കാറ്റിലും കൊടുംകാട്ടിലും എന്നെ ചേർത്തുനിർത്തി രക്ഷിക്കുന്നവർ” എന്നു് പാഞ്ചാലി അഭിമുഖത്തിൽ പറഞ്ഞതിൽ കൂടുതലോ കുറവോ പറയാൻ എനിക്കില്ല. പേറ്റുമുറിയുടെ വിവരാവകാശവുമായി എന്നിൽ ഭീതിനിറക്കരുതേ! അവൾ മടങ്ങിവന്നാൽ പായ ഊഴം വീണ്ടും ആരംഭിക്കുകയായി.”
“രതിപ്രലോഭനത്തിനുവഴങ്ങി വിത്തെറിഞ്ഞതു് ആകാശചാരികൾ ആണെങ്കിലും, പാണ്ഡവർ ‘തളിരിട്ടതു്’ ഭൂമിയിലല്ലേ! കിടപ്പറയിലെ സ്വകാര്യതയിൽ, അവരുടെ അസൂയാഭരിതമായ ആണ്‍കോയ്മ പായക്കൂട്ടുകളുമായി കിടമത്സരത്തിലാവുമ്പോൾ, തീപിടിക്കാവുന്ന ദാമ്പത്യസാഹചര്യം എങ്ങനെ പൂപോലെ കൈകാര്യം ചെയ്തു?”, ഇരവാദത്തോടെ ബഹുഭർത്തൃത്വം സ്വീകരിച്ച പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവ പ്രസ്ഥക്കാലം.
“നിന്നെപ്പറ്റി മറ്റു് നാലു പേരോടു് ഞാൻ സംസാരിക്കാറില്ലാത്തതു് പോലെ, അവരെ പറ്റി നിന്നോടും സംസാരിക്കുകയില്ല എന്നു് രതിലീലക്കിടയിൽ ചെവിയിൽ ഓരോരുത്തരോടും മന്ത്രിച്ചു. അവർ അന്നു് വെട്ടിവീഴ്ത്തി കൗന്തേയ ജിജ്ഞാസയുടെ വളർന്നു പന്തലിച്ച നാവുമരം.” കാര്യക്ഷമതയുള്ള ദാമ്പത്യസേവനദാതാവിനെ പോലെ, കിടപ്പറ തുടച്ചു വൃത്തിയാക്കുകയായിരുന്നു പാഞ്ചാലി.
“അന്ത്യനിമിഷങ്ങളിലെങ്കിലും അവൾ എന്നെ ഓർത്തുവോ?”, ഇടംകണ്ണാൽ ഒളിഞ്ഞുനോക്കി, യുധിഷ്ഠിരൻ കേൾവിപരിധിയിലില്ലെന്നുറപ്പു് വരുത്തിയ അർജ്ജുനൻ, കൊട്ടാരം ലേഖികയോടു്, മന്ത്രിക്കുന്നപോലെ മൃദുവായി ചോദിച്ചു. പാഞ്ചാലിയുടെ ശവസംസ്കാരം കഴിഞ്ഞു കൊട്ടാരംലേഖിക, പാണ്ഡവരെ വിടാതെ പിന്തുടർന്നു് പിടികൂടിയിരുന്നു. വിലാപഗീതം പോലെ മലഞ്ചെരുവിൽ കാറ്റ്വീശിയ അപരാഹ്നം, മഹാപ്രസ്ഥാനം.
“ആരെയോ പ്രതീക്ഷിക്കുന്നപോലെ ആകാശനീലിമയിലേക്കു നോക്കി കണ്ണടക്കുന്നതു ഞാൻ തൊട്ടടുത്തിരുന്നു ശ്രദ്ധിച്ചു. ‘പിടിവിട്ടു് പോയോ നീ പാഞ്ചാലീ?’, മരണമുഹൂർത്തങ്ങളിൽ പ്രകടമാവുന്ന പരിഭ്രാന്തിയോടെ ഞാൻ അപ്പോൾ ചോദിച്ച ഓർമ്മയുണ്ടു്, “ചൂതാട്ടസഭയിലെ ആണധികാര ധാർഷ്ട്യത്തിനു മുമ്പിലും, ബഹുഭർത്തൃത്വത്തിലെ സ്വാർത്ഥബന്ധനങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിച്ച ധീരവനിതയെന്നു യുഗാന്തരങ്ങളിലും അറിയപെടേണ്ട അസാധാരണവ്യക്തിത്വമേ, എന്തുണ്ടെന്നോടു് നിനക്കവസാനമായി ഏറ്റുപറയാൻ?”, എന്നു ഞാൻ മുഖംതലോടി ചോദിച്ചപ്പോൾ, മൃദുവായി ചുണ്ടനങ്ങിയോ, ‘വിജയസാരഥേ, വിട!’. എന്നവൾ പറഞ്ഞു. ഒരിതിഹാസകഥാപാത്രം കൂടിയിതാ, പെൺമുടിക്കെട്ടഴിഞ്ഞ പോലെ, കൊഴിഞ്ഞുവീഴുന്നു!”
“‘വിവാദപരാമർശം’ നീക്കാൻ വ്യാസനോടു് ആവശ്യപ്പെട്ടു! അചിന്ത്യം”, കൊട്ടാരം ലേഖിക ചോദിച്ചു, “ഏതു ഭാഗമാണു് നിങ്ങളെ മുറിപ്പെടത്തുന്ന വിധം വിവാദമായി എഴുതിയതു്?”
“അർദ്ധനഗ്നരാക്കി ചൂതാട്ടസഭയിൽ നിലത്തിരുത്തി എന്നതൊരവഹേളനമായി എടുത്തിട്ടില്ല എന്നു് നിങ്ങൾ ഓർക്കണം. കാരണം, അതു് ചൂതാട്ടഭ്രമപുരുഷന്മാർക്കു എന്നു് സൗജന്യമനസ്ഥിതിയോടെ നാം കരുതുക. വസ്ത്രാക്ഷേപം പൊലിപ്പിക്കാൻ മാന്യതക്കു് നിരക്കാതെ ചെയ്ത പരാമർശം അടുത്തപതിപ്പിൽ നിന്നുനീക്കണം എന്നാണു യുധിഷ്ഠിരൻ രേഖാമൂലം ആവശ്യപ്പെട്ടതു്. ചൂതാട്ടസഭയിലേക്കു പാഞ്ചാലി വലിച്ചിഴക്കപ്പെട്ടു എന്ന വിവരണം അടിസ്ഥാനരഹിതമാണെങ്കിൽ, “ഞാൻ രജസ്വല ഞാൻ അൽപ്പവസ്ത്ര” എന്ന പാഞ്ചാലിയുടേതായി കണ്ട പരാമാർശം നിന്ദിക്കപ്പെടണം എന്നാണു പാണ്ഡവരും പാഞ്ചാലിയും കൊടുത്ത നിർദേശം. പെരുമാറ്റത്തിലും വാമൊഴിയിലും, മിതത്വവും അച്ചടക്കവും പാലിക്കുന്ന പാഞ്ചാലിയെ ഈ വിധം ഉടൽപ്രഖ്യാപനം ചെയ്യിച്ച രചനയെ പാണ്ഡവർ അപലപിക്കുന്നതോടൊപ്പം, വ്യാസൻ പശ്ചാത്തപിച്ചില്ലെങ്കിൽ, പിതാമഹനെന്നൊന്നും നോക്കാതെ, കയർത്തുസംസാരിക്കേണ്ടിവരുമെന്നു യുധിഷ്ഠിരൻ വ്യാസാശ്രമത്തെ അറിയിച്ചിട്ടുണ്ടു്. പാണ്ഡവർ അർദ്ധസാക്ഷരർമാത്രമെന്ന പൊതുബോധത്തിനും യുധിഷ്ഠിരന്റെ നിലപാടു് പ്രഹരമായിരിക്കും എന്നാണു് വിലയിരുത്തൽ. അല്ല, നിങ്ങൾക്കിന്നു വലിച്ചുമുറുക്കാൻ വേറൊന്നും തടഞ്ഞില്ലേ?”
“അടിയുറച്ച വിശ്വാസരാഹിത്യം, അങ്ങനെയാണോ നിങ്ങൾ പാണ്ഡവദാമ്പത്യത്തെ രണ്ടു വാക്കിൽ വിശേഷിപ്പിക്കുക?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഒറ്റക്കോ കൂട്ടായോ എന്നെ അവർ പിണക്കിയാൽ, ഊട്ടുപുര പുറത്തുനിന്നും കിടപ്പറ അകത്തുനിന്നും താഴിട്ടു ഞാൻ പൂട്ടി”, മൃദുവായി ഓരോ വാക്കും പാഞ്ചാലി മുത്തുമണി പോലെ നിലത്തുരുളാൻ വിട്ടു.
“അരക്കില്ലത്തിൽ ആ കാളരാത്രി കത്തിക്കരിഞ്ഞതു പാണ്ഡവരെന്നു വ്യാജതെളിവുണ്ടാക്കാൻ, അന്നം ചോദിച്ചുവന്ന ആറംഗ ആദിവാസികുടുംബത്തെ മനഃപൂർവ്വം വംശനാശ ഇരകളാക്കിയ കൊലയാളി കുന്തിയെ കുറിച്ചു് മനഃസാക്ഷി ഇപ്പോഴും നിങ്ങളെ കുത്തുന്നുണ്ടോ?”, വാനപ്രസ്ഥത്തിനു പടിയിറങ്ങുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“മനഃസാക്ഷി? ഏറെ കാലം ‘മുഖംമൂടി’യായി ഗാന്ധാരിയുടെ കൺകെട്ടുപോലെ നിർലജ്ജം ഞാൻ പൊതുവേദിയിൽ പ്രദർശിപ്പിച്ചു ഒരുപാടു് അസാധ്യ പ്രതിസന്ധികെള അങ്ങനെ അതിജീവിച്ചു. പക്ഷേ, ധാർമ്മികവിലകൊടുത്തു. ഇന്നു് ഞാൻ ‘വധശിക്ഷ’ക്കു് വിധേയനായ കേവലമൊരു പരിത്യാഗി! പാണ്ഡവരുടെ വിജയഗാഥ എഴുതുന്ന ഇതിഹാസകാരൻ വ്യാസൻ എല്ലാം ഒന്നൊന്നായി ഓർക്കട്ടെ. അതല്ലെങ്കിൽ നിങ്ങളെപോലുള്ള വിമത എഴുത്തുകാർ വ്യാസാശ്രമത്തിൽ നിന്നും പനയോലക്കെട്ടു തട്ടിയെടുത്തു വരുംയുഗത്തിൽ പരിപൂർണ്ണസത്യം വായനക്കാരോടു് തുറന്നുപറയട്ടെ.”
“ശവസംസ്കാരത്തിൽ പങ്കെടുത്തപ്പോഴേക്കും മട്ടും മൊഴിയും പാടേ മാറി?”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവു് യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“അന്തിമോചാരമർപ്പിക്കാൻ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വരിനിന്ന ഹസ്തിനപുരിയിലെ ജനത മാത്രമല്ല, പോരാട്ടത്തിൽ എതിർഭാഗത്തു നിൽക്കേണ്ടി വന്ന ഞാനും ഇപ്പോൾ വിശ്വസ്ത ദുര്യോധന ഭക്തൻ! തിരക്കുണ്ടു്, മഹാഭാരത യുദ്ധനായകന്റെ ആളുയരത്തിലുള്ള പഞ്ചലോഹ പ്രതിമ ഹസ്തിനപുരി കോട്ടക്കു് മുമ്പിലെ നഗരചത്വരത്തിൽ സ്ഥാപിക്കുക എന്നതാണെന്റെ പട്ടാഭിഷേക പ്രതിജ്ഞ, നിറവേറ്റാൻ പരിശ്രമം വേണം. ഒരു കൈ ‘ഹസ്തിനപുരി പത്രിക’യും തുണക്കാമോ? പാഞ്ചാലിയെ അതുവരെ നീ അഭിമുഖം ചെയ്യരുതു്!”
“എന്തെല്ലാം നിങ്ങൾ നിഷേധിച്ചുവോ, കൂട്ടുപലിശയടക്കം കിട്ടുന്നതിലാണവരുടെ ഇരട്ടിമധുരം, ചാരിതാർഥ്യം. എന്താണിതിന്റെ പൊരുൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവഭരണ വർഷങ്ങൾ.
“വിശിഷ്ടാതിഥികളെ വഴുക്കി വീഴ്ത്തുന്ന മായിക സഭാതലം ഇന്ദ്രപ്രസ്ഥത്തിൽ പണിതു ഞങ്ങൾക്കു് സമ്മാനിച്ച വാസ്തു ഗുരു മയൻ വിരുന്നുവന്നപ്പോൾ, ഞാനവനോടു് ചോദിച്ചു, “ഉടൽലാളനക്കായി ‘ജീവൻതുടിക്കുന്ന’ അഞ്ചു ദ്രൗപദീപാവകളെ നിർമ്മിച്ചുതരാമോ?” “ലക്ഷ്യംനേരിടാവുന്ന മികവോടെ സമ്മാനിക്കട്ടെ, ആരെങ്കിലുമൊക്കെ വഴുക്കിവീഴും!” എന്നവൻ വാക്കുതന്നു. മയൻനിർമ്മിത ദ്രൗപദീപാവ ഓരോ പാണ്ഡവവസതിയിലും എത്തിക്കാനവനു കഴിഞ്ഞതു് കൊണ്ടാവാം, പാണ്ഡവർ പ്രീതിപ്പെട്ടതു! എന്തെല്ലാം രതിലീലാമോഹങ്ങൾ പാണ്ഡവകരളിൽ കിടന്നിരുന്നുവോ, ‘മായാ ദ്രൗപദി’ സേവനം, പരിമിതിയില്ലാതെ കൊടുക്കുമ്പോൾ ആർമാദിക്കില്ലേ, ആൺമനം!”
“പുതിയ ഭരണകൂടത്തെ ‘പാഠം’ പഠിപ്പിക്കാൻ പറ്റിയ പുത്തൻ ‘ആയുധ’ങ്ങളൊന്നുമില്ലേ ആവനാഴിയിൽ?”, കൊട്ടാരം ലേഖിക ചാർവാകനോടു് ചോദിച്ചു. രാജവീഥിയിൽ കാഴ്ച മറയ്ക്കുന്ന പാഴ്മരക്കൂട്ടത്തിനു പിന്നിലെ ചാര്വാകആശ്രമത്തിൽ നിന്നായിരുന്നു കൗരവപാണ്ഡവ ഭരണകൂടങ്ങളെ വിറപ്പിച്ച പ്രതിപക്ഷശബ്ദം എക്കാലവും ഉയർന്നതു് എന്നവൾ വിസ്മയിച്ചു. കണ്ടാൽ ഓമനത്തം തോന്നുന്ന ആൺകുട്ടികൾ അയാൾക്കു് ചുറ്റും ‘വിശക്കുന്നു എനിക്കു് വല്ലതും താ’ എന്നു് നിസ്സഹായതയോടെ നിലവിളിക്കുമ്പോൾ, പൂർണ്ണഗർഭിണിയായ ഭാര്യ ഒരു മൂലയിൽ നിലത്തു കിടന്നു ഏങ്ങലടിച്ചു.
“നാണം കെടുത്തുകയാണെങ്കിൽ പാഞ്ചാലിയെ തന്നെ വേണം ഉന്നം വക്കാൻ, എന്നു് മനനം ചെയ്തപ്പോൾ വ്യക്തമായി. പാഞ്ചാലി ഈ വഴിക്കു രഥത്തിൽ ദുര്യോധനവിധവയുമായി ഒത്തുതീർപ്പു ചർച്ചക്കു് പോവുമെന്നു് വിവരം എനിക്കന്നു കിട്ടി. രഥം ദൂരെനിന്നു് കണ്ടാൽ ഒന്നുരണ്ടു കുട്ടികളെയുംകൊണ്ടു് മരത്തിനുപിന്നിൽ കാത്തിരുന്നു് കൃത്യം ഞാൻ രഥത്തിനു മുമ്പിലേക്കെറിയും. അത്തരം ഏറിലാണു് പരിശീലനം നേടിയ കരവിരുതു്! കുതിരചവിട്ടിയോ ചക്രംതട്ടിയോ കുട്ടികൾക്കെന്തെങ്കിലും ആപത്തു സംഭവിച്ചാൽ, ഭാര്യയും മറ്റുകുട്ടികളും ഒളിയിടത്തിൽനിന്നും ഓടിവന്നു നെഞ്ചത്തടിച്ചു നിലവിളിക്കും. എരിഞ്ഞുകിട്ടുന്ന വെള്ളിനാണയം കൊണ്ടു് തൃപ്തരാവാതെ അവർ വഴിപ്പോക്കരെ കൂടെകൂട്ടും. മത്തുപിടിച്ച രീതിയിൽ മഹാറാണിയെ സംഘംചേർന്നു കുട്ടികൾ കൈകാര്യം ചെയ്യും. രാജവാഴ്ചക്കൊരു പ്രഹരമേല്പിക്കാൻ ജനാധിപത്യവിശ്വാസിയായ എനിക്കത്രയേ ത്യാഗം ചെയ്യാനാവൂ. ഓടിപ്പോയി വിവരം കൊടുത്താൽ കഴിഞ്ഞില്ലേ ഈ ചാർവാകയജ്ഞം.!” കുട്ടികൾ രണ്ടെണ്ണത്തെ കോപത്തോടെ യുക്തിവാദി നോക്കി.
“ഞാൻ പറഞ്ഞ പോലെ ചെയ്താൽ ഇന്നെങ്കിലും വയർ നിറയെ ഭക്ഷണം തരാം” എന്നു് പറഞ്ഞശേഷം മരക്കൂട്ടത്തിലൂടെ രാജവീഥിയിലേക്കു ഒളിക്കണ്ണെറിഞ്ഞു.
“യുധിഷ്ടിരകാപട്യത്തിന്നെതിരെ കുടുംബയോഗങ്ങളിൽ ആഞ്ഞടിക്കുന്ന ദുര്യോധനവിധവയെ, രാജസഭയിലേക്കു് ക്ഷണിതാവായി ഭരണകൂടത്തിന്റെ കാര്യാലോചനസമിതി നാമനിർദേശം ചെയ്തെന്നു ശ്രുതിയുണ്ടല്ലോ. എന്താ കാര്യം?” കൊട്ടാരം ലേഖിക ഞെട്ടലഭിനയിച്ചു.
“ഊട്ടുപുര വാർത്തയിൽ നേരിയൊരു, എന്നാൽ അർത്ഥഗർഭമായ, തിരുത്തുണ്ടു്. ദുര്യോധനന്റെ വിധവ എന്ന നിലക്കല്ല, മൊത്തം കുരുക്ഷേത്രവിധവകളുടെ ദേശീയ സംഘടനനേതാവു് എന്ന നിലയിലാണു് പരിഗണന. നേതൃസ്ഥാനം മാറിയാൽ, പ്രത്യേക ക്ഷണിതാവു് പദവിക്കും വരും സ്ഥാനചലനം”, രാജസഭയുടെ സമ്മേളനത്തിൽ യുധിഷ്ഠിര ഭരണകൂടം സ്വീകരിക്കേണ്ട തന്ത്രം മെനയുന്ന ഉന്നതതല സമിതിയുടെ അടിയന്തരയോഗത്തിലേക്കു് പോവുന്ന തിരക്കിലായിരുന്നു ചാരവകുപ്പു മേധാവി കൂടിയായ ആ ഇളമുറ മാദ്രിപുത്രൻ.
“വിധവകളുടെ പുനരധിവാസം വൈകിപ്പിച്ചു അന്നം മുട്ടിക്കുന്നു യുധിഷ്ഠിരൻ, എന്ന ചൂടൻവിഷയം തിരക്കിട്ടു് ചർച്ചചെയ്യുന്ന രാജ്യസഭയിൽ, അർജുനൻ തലകുനിച്ചുറങ്ങുന്ന ‘വാർത്ത’ പെട്ടെന്നു് നാട്ടിൽ പാട്ടായല്ലോ”, കൊട്ടാരം ലേഖിക മുഖ്യവക്താവു് നകുലനെ നേരിട്ടു.
“ഹസ്തിനപുരിയുടെ കുരുക്ഷേത്രപ്രവിശ്യാ അതിർത്തിയിൽ തുടരുന്ന സംഘർഷം ആരുണ്ടാക്കിയതെന്നു കണ്ടെത്താൻ കുറച്ചുദിവസമായി രാപ്പകൽ അലഞ്ഞു നടക്കുകയായിരുന്ന അർജുനൻ, കൗരവസ്ത്രീപീഡനത്തിൽ അനുശോചിക്കാൻ രാജ്യസഭയിൽ ഇരിക്കുമ്പോൾ, കണ്ണിൽ കരടു് നീക്കാനൊന്നു തലതാഴ്ത്തിയതാണോ ‘ഹസ്തിനപുരി പത്രിക’ പ്രചരിപ്പിക്കുന്നതു്?” നകുലൻ ഒരു കുടം വെള്ളം ‘പുക’യിൽ ഒഴിച്ചു കാര്യാലയത്തിലേക്കു മടങ്ങുകയായിരുന്നു.
“കാഴ്ചപരിമിതി വൈധവ്യം പുത്രദുഃഖം സ്ഥാനനഷ്ടം ഏകാന്തത, ഇതിനൊക്കെ പുറമെ കബളിപ്പിക്കൽ കുറ്റപത്രം! ഹസ്തിനപുരിയെ യുധിഷ്ഠിരൻ വെള്ളരിക്കാപ്പട്ടണമാക്കിയോ?”
“അരമനകാര്യാലയത്തിൽ ശബ്ദമലിനീകരണത്തിനു നിങ്ങൾക്കെതിരെ നടപടിയുണ്ടാകും അഴിഞ്ഞാട്ടങ്ങളുടെ വിവരം ചോദിക്കുമ്പോൾ അയഞ്ഞനാവിനു നിയന്ത്രണം ഇല്ലെങ്കിൽ. കണ്ണുകെട്ടിയിരുന്നതു് ഉന്നതമായ ആദർശത്തിന്റെ പേരിൽ അല്ലെന്നു കുരുക്ഷേത്രയിൽ പരേതസൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചു് കൗരവരെ ഒന്നൊന്നായി തിരിച്ചറിയുന്നതൊക്കെ കൂടെയുള്ളവർ കൗതുകത്തോടെ കണ്ടതല്ലേ? ഉള്ളിൽ ഉള്ളതു് മറച്ചുപിടിക്കാനും ധർമ്മപത്നി എന്ന ആരാധ്യപ്രതിച്ഛായ പിടിച്ചുവെക്കാനുമുള്ള ഹീനശ്രമത്തെ നിയമനടപടികൊണ്ടുമാത്രമേ നേരിടാനാവു. അല്ലാതെ കൗരവർ ചെയ്തപോലെ പൗരാവകാശങ്ങൾ പിൻവലിക്കാനാവില്ലല്ലോ. അല്ല, നിങ്ങൾ എപ്പോഴാണു് കൗരവ പക്ഷത്തേക്കു് കൂറുമാറിയതു്?”
“തീപ്പെട്ടിട്ടും, ദുഃഖാചരണമൊന്നും കാണുന്നില്ല?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“അമ്മദൈവമായ സത്യവതി നാടുനീങ്ങുന്നതു ‘അനുശോചിക്കാ’നുള്ളതല്ല. ഔപചാരിക ആദരാഞ്ജലികളും പ്രണാമവും കൊണ്ടു് അവസാനിപ്പിക്കുകയുമില്ല, ‘ആഘോഷിക്ക’പ്പെടണം. യമുനയിൽ വലയെറിഞ്ഞു മത്സ്യബന്ധനം ചെയ്താണവൾ വിവാഹത്തിനു മുമ്പു് അന്നംസമ്പാദിച്ചതു്. ‘മീൻനാറുന്ന സത്യവതി’യെ ശന്തനു വിവാഹം കഴിച്ചു, അല്ലേ? ആരാണു് ഈ ശന്തനു? ദേവനർത്തകി ഗംഗയെ ഉപേക്ഷിച്ചവൻ എന്നുറക്കെ പറയണം, ഈ ‘മഹനീയ വ്യക്തിത്വ’ത്തെ സത്യസന്ധമായി അടയാളപ്പെടുത്തുവാൻ. ‘വെപ്പാട്ടി’ മാത്രമായി തുടങ്ങിയ സത്യവതിയെങ്ങനെ ഭരണനിർവഹണം ഏറ്റെടുത്ത മഹാറാണിയും, രാജമാതാവുമായി? കുരുവംശപ്പൊലിമ നിലനിർത്തുവാൻ ജനസ്വാധീനമുള്ള ചാലകശക്തിയായി? അങ്ങനെവേണം നിങ്ങൾ വിസ്മയത്തോടെ വിലയിരുത്താൻ. ഒന്നേ എനിക്കറിയൂ, കുലീനതയുടെ ജാടകളിൽ നിന്നു് രാജവംശത്തെ സത്യവതി രക്ഷിച്ചു. നൂറായിരം നാടുവാഴികൾ ഉള്ള ആര്യാവർത്തത്തിൽ ഹസ്തിനപുരിമാത്രം ഐതിഹാസികമാനം? ‘സത്യവതിസാമൂഹ്യവിപ്ലവത്തിന്റെ കാഹളം’ എന്നുച്ചരിച്ചതു വേറെ ആരുമല്ല, സാംസ്കാരികനായകനായ ചാർവാകൻ! മൽസ്യബന്ധനത്തെ ഹസ്തിനപുരിയുടെ നിത്യവരുമാന ദേശീയ ഉത്സവമായി പ്രഖ്യാപിക്കാൻ രാജസഭയിൽ പ്രമേയം അവതരിപ്പിക്കും. ഗംഗായമുനാ നദീതടസംസ്കാരത്തിന്റെ ഔദ്യോഗികതൊഴിൽ ജലകേന്ദ്രിതമാവും. കാട്ടുതീയിൽ കത്തിയെരിഞ്ഞ സത്യവതിയിന്നൊരു കരിക്കട്ട. ഭൗതികയാഥാർഥ്യമായിരിക്കാം, എന്നാലവൾ നവോത്ഥാന നായിക! ആയിടം തട്ടിയെടുക്കാനാണു് പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ ജാതിരാഷ്ട്രീയം കളിക്കുന്നതു്. തടയിടാൻനീയും തരില്ലേ ചുവരെഴുത്തുപതിപ്പിന്റെ തലവാചക ഇടം?”
“കൂറുമാറിയാൽ, സുഹൃത്തെന്നു നോക്കാതെ, ഓടിച്ചിട്ടു പിടികൂടി ദുര്യോധനൻ കുത്തിമലർത്തുമെന്നറിയാതെയാണോ കുന്തി ‘ആദ്യപുത്ര’നെ പ്രലോഭിപ്പിക്കാൻ കിണഞ്ഞുശ്രമിച്ചതു്?”, കൊട്ടാരം ലേഖിക ചോദിച്ചു, കുരുക്ഷേത്ര അവസാനദിനങ്ങൾ.
“പാണ്ഡവപക്ഷത്തേക്കു കൂറുമാറിവന്നാൽ നീയാവും കിരീട അവകാശി. നാമമാത്ര അംഗരാജാവെന്ന വ്യാജപദവി തന്നു ദുര്യോധനൻ കബളിപ്പിച്ചപോലെയാണോ, ദേശീയപ്രശസ്തി നേടിയ ഹസ്തിനപുരം? അതായിരുന്നു ദുരഭിമാനി കർണ്ണനെ വീഴ്ത്താൻ കുന്തിയുടെ ആദ്യചൂണ്ട. കൊത്താതെ, ദുര്യോധന സൗഹൃദത്തിന്റെ കാണാച്ചരടുമായി എന്നെന്നേക്കുമായി കെട്ടിയിട്ടല്ലോ അമ്മാ, എന്നു പരിതപിച്ചു. കുന്തി മാറ്റിപ്പിടിച്ചു, വേറെ ചൂണ്ടയിട്ടു. നിനക്കു് ദ്രൗപദിയോടുള്ള ശത്രുതക്കു പിന്നിൽ രതിതൃഷ്ണയുണ്ടെന്നറിയാം. പാഞ്ചാലി നിനക്കു് ആവും പായ വിരിക്കുക. കൊത്തിയില്ലെങ്കിലും, കർണ്ണൻ മൗനത്തിലാണു്. അർജ്ജുനനെ കൊല്ലാൻ കർണ്ണൻ ശ്രമിക്കുമോ പ്രണയിനിയുടെ പായക്കൂട്ടിൽ ഭ്രമിച്ചു ആറാം പാണ്ഡവനാവുമോ!”
“ശിഖണ്ഡി വാളോങ്ങി മുന്നിൽനിന്നപ്പോൾ, ‘കീഴടങ്ങി’ എന്ന അർത്ഥത്തിൽ പിതാമഹൻ ഇരു കൈകളും പൊക്കിയല്ലോ. ഇതാണോ സർവ്വസംഹാര ശക്തി?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“സമൂഹത്തിൽ പരസ്യമായി അധിക്ഷേപം നേരിട്ട ഭിന്നലിംഗ ദുരവസ്ഥ ലോക മനഃസാക്ഷിയിലേക്കു് എത്തിക്കാൻ, മൂന്നാംലിംഗക്കാരിയുടെ മുമ്പിൽ, പ്രതീകാത്മകമായനിരായുധീകരണത്തിലൂടെ, സാധിച്ചു എന്നതാണു് ഇന്നത്തെ യുദ്ധനേട്ടം. അടുത്ത എട്ടു ദിവസത്തിനുള്ളിൽ, വിജയക്കൊടിയുമായി അധികാരമേറ്റെടുത്ത ഉടൻ, സമഗ്രലിംഗനയത്തിനുഭീഷ്മനാമത്തിൽ രൂപം കൊടുക്കും.”
“നിവർന്നുനടന്നു ഗുരുകുലത്തിൽ തിരിച്ചുവന്നല്ലോ ബാലഭീമൻ!” കൊട്ടാരം ലേഖിക ചോദിച്ചു, “മുട്ടുകുത്തി മാപ്പപേക്ഷിച്ചു?”
“തിരിച്ചുവിളിപ്പിച്ചതു് ഭീഷ്മ ആജ്ഞ. അഭയം തേടിവന്ന കൗന്തേയർ, സ്വകാര്യഅടിമകൾ അല്ല, പിന്തുടർച്ച അവകാശം ഔദ്യോഗികമായി നേടിയ പാണ്ഡവർ! ഭീഷ്മർ നയമൊന്നും കലർത്താതെ വ്യക്തമാക്കി. ജാതിചിഹ്നങ്ങൾ കാണിക്കുന്നതിനു് വിലക്കുണ്ടു്. കൗരവപാണ്ഡവ സൗഹൃദമത്സരമാണെന്നും, പൊതുശത്രുവുണ്ടായാൽ, സംയുക്തമായി നേരിടാൻ വംശീയ പോരാട്ട ഊർജ്ജം ഉണ്ടെന്നും. ‘വെറുക്കപ്പെട്ട’ ആവാതിരിക്കാൻ ‘പ്രകടനങ്ങൾ’ പെരുമാറ്റത്തിൽ വേണ്ട. സദസ്സിൽ ആയിരുന്നു ഗുണദോഷിച്ചതു്. സാഷ്ടാംഗം നമസ്കരിക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മർ, വാത്സല്യത്തോടെ പിതൃത്വം ശരീരവലുപ്പം ഭക്ഷണരീതി മന്ദബുദ്ധി ശിശുപ്രകൃതം ഇവയെക്കുറിച്ചൊന്നും പെരുമാറ്റമുറ വിട്ട വാക്കോ മുഖഭാവമോ ഇനി കണ്ടു കൂടെന്നു ഓർമ്മിപ്പിച്ചു. ഞാനും വിട്ടുവീഴ്ചയോടെ ദ്രോണരെ കൈകൊടുത്തുയർത്തി.”
“നിലവിളി നീ കേട്ടിരുന്നോ?”, കിടപ്പറഇടം നകുലനു് കൊടുത്ത പാഞ്ചാലിയോടു് പരിഭവം മറയ്ക്കാതെ ഭീമൻ ചോദിച്ചു.
“ഉണർന്നപ്പോൾ, നകുലൻ ചേർത്തു് കിടത്തി. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിങ്ങൾക്കു ആർത്തനാദം, കെട്ടിപ്പിടിച്ചു സഹശയനത്തിൽ മറ്റൊരുവനു് അനിയന്ത്രിത ആർമാദം”, നീരൊഴുക്കിലേക്കു പോവുമ്പോൾ, ഭീമപ്രഹരത്തിൽ തകർന്ന പന്നിയെ തോലുരിക്കുന്ന പാണ്ഡവരെ അവൾ നിന്ദയോടെ നോക്കി.
“വിതച്ചതു് പാണ്ഡുവല്ല, വായുവാണെന്നു ഐതിഹ്യമുണ്ടു് എന്നാൽ ‘വായുപുത്രൻ ഭീമൻ’ കൊയ്യുന്നതു് കാറ്റാണല്ലോ. മാലിന്യം പരത്തുന്ന വായുപുത്രനെ ദ്രോണർ, നാടുകടത്തി!” കൊട്ടാരം ലേഖിക അരമനവക്താവിനോടു് ചോദിച്ചു, പാണ്ഡവരും കൗരവരും ദ്രോണഗുരുകുലത്തിൽ പരിശീലനം നേടുന്ന കാലം.
“പിന്നെ വാർത്ത കേൾക്കില്ലേ! ഗുരുകുല പരിശീലനത്തിൽ ഇരുഅർദ്ധസഹോദരരും പങ്കെടുക്കുമ്പോൾ, മത്സരവഴിയിൽ അന്യായമായി തടസ്സം സൃഷ്ടിക്കുക, ലജ്ജാശീലരായ കൗരവക്കുട്ടികളിൽ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി ഗുരുകുലവസ്തുക്കൾ കയ്യേറ്റം ചെയ്യുക, ദ്രോണപുത്രിമാരെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കയ്യേറ്റവും ബലപ്രയോഗവും ചെയ്യുക, അപകീർത്തി വരുത്തുന്ന രീതിയിൽ ദ്രോണരുടെ ധനമോഹത്തെ പരസ്യമായി പരിഹസിക്കുക എന്നിവ തുടർന്നാൽ, അനാഥകൗന്തേയരെന്ന പേരിൽ കരുണ നഷ്ടപ്പെട്ടു, നാടുകടത്തലിനു സാഹചര്യമുണ്ടാവില്ലേ. വെറുതെയാണോ ബീജദാനം കാട്ടാളനിൽനിന്നായിരിക്കാമെന്നു കൊട്ടാര ഗുരു കൃപർ, കുന്തിയുടെ സാന്നിധ്യത്തിൽ നിരീക്ഷിച്ചതു്. അന്നം കിട്ടാതെ അലയട്ടെ പാഠം പഠിച്ചു തിരിച്ചുവരും, മുടിയനായ പുത്രൻ.”
“രഹസ്യമല്ലെങ്കിലും, എന്തായിരുന്നു യുധിഷ്ഠിരനെ കൗരവ അടിമയാക്കണമെന്ന നിശ്ചയത്തിനു പിന്നിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. തെളിഞ്ഞ പ്രഭാതവെയിലിൽ മരവുരിധരിച്ചും, മുഖം മറച്ചും, തലതാഴ്ത്തി കാട്ടിലേക്കു് നടന്ന പാണ്ഡവസംഘത്തെ മട്ടുപ്പാവിൽ നിന്നു് കാണാമായിരുന്നു.
“സ്ഥലജലഭ്രമത്തിൽ വഴുക്കിവീണതൊക്കെ പൊറുക്കാൻ, സാമന്തപദവിയിലേക്കു താഴ്ത്തപ്പെട്ട ഞങ്ങൾക്കായി. പിന്നീടു എട്ടൊമ്പതു വർഷങ്ങളിൽ ഞങ്ങളെ പ്രകോപിച്ചിരുന്നതു കേട്ടാൽ നിങ്ങൾ ഞെട്ടും. മണിമന്ദിരങ്ങൾ അല്ലാതെ വ്യവസ്ഥാപിതരാഷ്ട്രം ആയിരുന്നില്ല ഇന്ദ്രപ്രസ്ഥം. നിങ്ങളും ചുറ്റിക്കറങ്ങിയതല്ലേ. രാഷ്ട്രതന്ത്രമോ ധന സമാഹരണമോ ഇല്ല. നിത്യച്ചെലവൊക്കെ ഹസ്തിനപുരി വഹിക്കണം എന്ന പരുക്കൻ തീരുമാനത്തിലവർ ദൈനംദിന ആഘോഷമാക്കാനും, കുതിരകളെ വാങ്ങാനും, ഗോശാലനിറക്കാനും ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി ദൂതൻ ഇടിച്ചുകയറി. പല്ലുഞെരിക്കുന്ന ഇരമ്പൽ പുറത്തു വരാതെ ചെയ്തു. പാഞ്ചാലിക്കുട്ടികളെ കൊണ്ടു പോകാൻ കൗരവസ്ത്രീകൾ പോണം എന്ന ആവശ്യവുമായി ഭീമൻ ആളെ അയച്ചു. അനുസരിക്കേണ്ടിവന്നു. ഒരു മാസം പിടിച്ചു, പത്തുരാജസ്ത്രീകൾ, ആദ്യം ഇന്ദ്രപ്രസ്ഥത്തിൽ കുട്ടികളുടെ പരിപാലനചുമതലയേറ്റെടുത്തു, ദാസിപദവിയിൽ പാഞ്ചാലയിൽ എത്തി, കുട്ടികളെ ഏൽപ്പിച്ചു മടങ്ങി, വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലിയെ എത്തിച്ചു, യാത്ര ഹസ്തിന പുരിയിൽ എത്താൻ. ഭാര്യ പൊട്ടിക്കരഞ്ഞു—ഇതിനാണോ വധുവായി കുരുവംശത്തിലേക്കയച്ചതു്? രാജസഭയിലെത്തി കൈനീട്ടി ധൃതരാഷ്ട്രർക്കു് മുമ്പിൽ വാവിട്ടു കരഞ്ഞു. ഞാൻ എഴുനേറ്റു മഹാരാജാവിനു വാക്കുകൊടുത്തു—അനുമതി തന്നാൽ, അടുത്ത വാവിനു് മുമ്പു് പാണ്ഡവരെ അടിമകളാക്കി പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി കാട്ടിലേക്കു് യാത്രയാക്കും നിങ്ങൾ വരുന്നതിനു മുമ്പു് ഭാര്യ പ്രകോപനപരമായി ചോദിച്ചു, ‘വാക്കു പാലിച്ചില്ലല്ലോ ഭീരൂ, എവിടെ നിങ്ങൾ പറഞ്ഞ കഴുതപ്പുറ സവാരി? പാഞ്ചാലിയോടുള്ള ഗൂഢപ്രണയം കാരണം അവമതി ഒഴിവാക്കിയോ?’”
“പാഞ്ചാലി ഉടുത്തൊരുങ്ങുമ്പോൾ മറ്റുനാലു പാണ്ഡവർക്കുള്ളം നീറുകയാണു് എന്നോ? എന്തുണ്ടായി?”, കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. ഖാണ്ഡവ പ്രസ്ഥത്തിൽ പൊറുതി തുടങ്ങിയ കാലം. ജാലകത്തിന്നപ്പുറത്തു കുടിയേറ്റ കുടുംബങ്ങൾ പോവുന്നതു് കാണാമായിരുന്നു.
“ഇന്നു് രാത്രിയും, പാഞ്ചാലി ഊഴക്രമം തെറ്റിച്ചു എന്നോടൊപ്പം പായ പങ്കിടുമെന്നറിഞ്ഞാൽ, ഒറ്റക്കാലിൽ വരിനിൽക്കുന്ന ഏതു സന്തതിയുടെ ഉള്ളവും നീറില്ലേ!”
“ചതിച്ചുകൊന്ന കർണ്ണനു നിങ്ങൾ ബലിയിടുമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുരുക്ഷേത്ര കഴിഞ്ഞ അശാന്തദിനങ്ങൾ. കുളിച്ചു ഈറനുടുത്ത പാണ്ഡവർ കുന്തിയുടെ സാന്നിധ്യത്തിൽ, പുരോഹിതാജ്ഞക്കായി കാത്തുനിൽക്കുന്ന നേരം. പുണ്യനദിയിലെ ബലിയിടം.
“നിങ്ങൾക്കു ഭൗതികമായി മാത്രമേ ഈ സന്ദർഭത്തിൽ ചിന്തിക്കാനാവൂ എന്നുണ്ടോ? പോരാട്ടത്തിൽ സംഭവിച്ച ജീവഹാനി കർണ്ണശരീരത്തിനല്ലേ? രണ്ടിലൊരാൾ വധിക്കപ്പെടുന്നതൊക്കെ യുദ്ധത്തിൽ നാം കണ്ടു പരിചയിച്ചതല്ലേ? കൗന്തേയരെന്ന നിലയിൽ എനിക്കും കർണ്ണനും വിശ്വപ്രകൃതി തന്നതു് ഒരേ മാതാവിന്റെ ജീവകോശമല്ലേ? പോരാട്ടവധത്തിൽ നശിക്കുമോ മനുഷ്യനേത്രങ്ങൾക്കു വഴങ്ങാത്ത ജീവന്റെ സൂക്ഷ്മലോകം? കേവലമൊരു കൂട്ടുകുടുംബ അധികാരതർക്കത്തിൽ അവസാനിക്കുമോ കർണ്ണനുമായുള്ള ഞങ്ങളുടെ ജനിതകബന്ധം? മാരകായുധങ്ങൾ കൊണ്ടു് ഉന്മൂലനം ചെയ്യാനാവുമോ, അന്തമില്ലാപ്രപഞ്ചത്തിൽ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കാൻ വിധിക്കപ്പെട്ട നാം മനുഷ്യാത്മാക്കൾ!” എള്ളും പൂവും ചന്ദനവുമായി തണുത്തുവിറച്ച ആ ശിശിരകാലപ്രഭാതത്തിൽ കൊട്ടാരപുരോഹിതൻ യുദ്ധജേതാക്കൾക്കു മുഖ്യകാർമ്മികനായ നേരം.
“കുരുക്ഷേത്രയിൽ വിഘടനവാദികളെ നേരിടുന്നതിനിടയിൽ സ്വജീവൻ ബലിദാനം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?” ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ കണ്ടു മിണ്ടി പരിചയിച്ചിരുന്ന സ്ത്രീയെ ആകസ്മികമായി നഗരാതിർത്തിയിലെ വൃദ്ധസദനത്തിൽ കണ്ട ഞെട്ടലിൽ കൊട്ടാരം ലേഖിക ഓടിച്ചെന്നു കൈപിടിച്ചു് ചോദിച്ചു. യുദ്ധജേതാക്കൾ അധികാരത്തിൽവന്ന പാണ്ഡവ യുഗം.
“ഒരു കുരുക്ഷേത്രവിധവ!”
“പട്ടാഭിഷേകത്തിനുശേഷം പുതിയ രാജാവു് യുധിഷ്ഠിരൻ ചെയ്ത വാഗ്ദാനങ്ങൾ എല്ലാം നേരിട്ടു് കേട്ടല്ലോ എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ഗ്രാമത്തലവനോടു് ചോദിച്ചു. മക്കൾ മൂന്നുപേരും പോരാട്ടത്തിൽ കൊല്ലപ്പെട്ട വൃദ്ധൻ, കുടിലിനുമുമ്പിൽ ആലോചനയിൽ ആയിരുന്നു.
“നൂറ്റുവരെ കൊന്ന യുധിഷ്ഠിരനു് എന്തു് പൊള്ളവാഗ്ദാനങ്ങൾ ചെയ്യാനും മടിയില്ലാത്ത ആസുരകാലം! ഹസ്തിനപുരിയിൽ പതിമൂന്നിനും അറുപതിനും ഇടക്കുള്ള എല്ലാ സ്വയംതൊഴിൽ ക്ഷമത ഉള്ളവരെയും കൊലചെയ്ത യുധിഷ്ഠിരൻ ഇന്നും ‘ധർമ്മപുത്രർ’ എന്നറിയപ്പെടുന്നതിൽ അധാർമികത ചുവക്കുന്നു എന്നു് ആദരണീയനായ ചാർവാകൻ പറയുന്നതിൽ അപ്പോൾ കാര്യമുണ്ടു്. വാഗ്ദാനങ്ങൾ നിറവേറ്റാൻ എന്ന വ്യാജന്യായീകരണത്തിൽ നൂറു കൗരവരാജവിധവകളുടെയും സ്ത്രീധനസ്വർണം നിലവറ കുത്തിപ്പൊളിച്ചു കൊള്ളയടിക്കാൻ തുനിഞ്ഞാൽ ഒരു വിമോചനസമരം ഹസ്തിനപുരിയിൽ ഇനി തീർച്ച!”
“കുരുക്ഷേത്രയിൽ വിഘടനവാദികളെ നേരിടുന്നതിനിടയിൽ സ്വജീവൻ ബലിദാനം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?”, ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ കണ്ടുമിണ്ടി പരിചയിച്ച സ്ത്രീയെ ആകസ്മികമായി നഗരാതിർത്തിയിലെ വൃദ്ധസദനത്തിൽ കണ്ട ഞെട്ടലിൽ കൊട്ടാരം ലേഖിക, ഓടിച്ചെന്നു കൈപിടിച്ചു് ചോദിച്ചു. യുദ്ധജേതാക്കൾ അധികാരത്തിൽവന്ന പാണ്ഡവ യുഗം.
“ഒരു കുരുക്ഷേത്രവിധവ!”
“ഇന്നെന്തന്യായം പറഞ്ഞാണു് ഞങ്ങൾക്കു് കൊട്ടാരം ഊട്ടുപുര പ്രവേശനം നിഷേധിച്ചതു്?”, കുട്ടികളെയും കൂട്ടി മഹാരാജാവു് ധൃതരാഷ്ട്രരുടെ മുമ്പിൽ, പാണ്ഡവ മാതാവു് നെഞ്ചത്തടിച്ചു. അകലംപാലിച്ച മന്ത്രി വിദുരരും ഭീഷ്മരും ‘ശല്യക്കാരി’കുന്തിയെ ഒളികണ്ണിട്ടു നോക്കി.
“പ്രിയഗാന്ധാരിയുടെ സ്വപ്നപദ്ധതിയായിരുന്നു “ഹസ്തിനപുരി വഴിയോര തണൽ”. രണ്ടുമൂന്നു ദിവസമായി മഴകിട്ടി മണ്ണു് കുതിർന്നപ്പോൾ, ഹരിതചട്ടം നടപ്പിലാക്കുന്ന നൂറുകൗരവക്കുട്ടികൾ ഫലവൃക്ഷതൈകൾ നട്ടതുമുഴുവൻ, ക്ഷുദ്രഭീമൻ വലിച്ചുവാരി മണ്ണിട്ടു് മൂടി. മാതൃകാപരമായി ശിക്ഷിക്കുംവരെ ദുര്യോധനൻ അടങ്ങില്ല. ഊട്ടുപുരവാതിൽ അടഞ്ഞു തന്നെ!”
“ഭരണനേട്ടത്തെ കുറിച്ചൊന്നും ചോദിക്കുന്നില്ല. നിങ്ങളഞ്ചുപേരുടെ ദാമ്പത്യ ജീവിതത്തിൽ വല്ലതുമുണ്ടോ നവ വിവാഹിതരുമായി രഹസ്യം പങ്കിടാൻ?”, പടിയിറങ്ങുമ്പോൾ പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. നഗരാതിർത്തിവരെ അവരുമായി കൂടെനടക്കാൻ വിസമ്മതിച്ച പുതിയ ഭരണാധികാരി പരീക്ഷിത്ത്, മട്ടുപ്പാവിൽനിന്നവരെ പുരികംവളച്ചു നോക്കുന്നുണ്ടായിരുന്നു.
“ആയിരം പൂർണചന്ദ്രന്മാരെ കണ്ടശേഷവും സുന്ദരരൂപികളായി വഴിപ്പോക്കർക്കു തോന്നുന്നെങ്കിൽ എന്തായിരുന്നിരിക്കണം ഞങ്ങളുടെ തീ പിടിച്ച യുവത്വം! കാറും മിന്നലും പെരുമാറ്റത്തിൽ കലർന്ന, ഒരു പെണ്ണിനെ നാട്ടിലും കാട്ടിലും സഹവർത്തിത്തത്തോടെ അവളുടെ ബഹുഭർതൃത്വദാമ്പത്യം ആർമാദിച്ചു എന്നതു്, ലക്ഷണമൊത്ത ഇതിഹാസമെന്നതിനു പ്രത്യക്ഷമല്ലേ?”
“എന്താണിപ്പോൾ ഞങ്ങൾ അറിയാതെ, സ്ഥാനത്യാഗം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“പഞ്ചാംഗം ഇല്ല, സാക്ഷരത ഇല്ല ബാല്യം മുതൽ വനവാസികൾ ആയിരുന്ന ഞങ്ങൾക്കു, കൊഴിഞ്ഞു പോവുന്ന ഓരോ കൊല്ലവും കൃത്യം കൂട്ടി വയസ്സു നിർണ്ണയിക്കാൻ ഒത്തില്ല എന്നതാണു് നേര്, തിരുവസ്ത്രം ധരിച്ചു ചെങ്കോൽ കയ്യിലെടുക്കുമ്പോൾ ഉള്ളിലൊരു കുട്ടി വിലപിക്കുന്നു, ‘നീ വൃദ്ധൻ വൃദ്ധൻ’! മുതിർന്നവരുടെ നിരീക്ഷണങ്ങൾ സംശയിക്കാം, എന്നാൽ ഉൾവിളി! അതു് കേൾക്കണം, ആരോടും യാത്രയില്ല. ആലോചിച്ചു നോക്കിയാൽ, കവി പാടിയ പോലെ, ഇതൊരുവഴിയമ്പലം, ഈ പാരാവാരം!”
“കളങ്കിതവധുവെന്ന അപഖ്യാതിക്കിടവരുത്താത്ത വിശ്വസ്തത എന്ന ആശയം കൗരവ വധുക്കൾ ഈയിടെയായി അന്തഃപുരകൂട്ടായ്മകളിൽ മുന്നോട്ടു വക്കുന്നുണ്ടു്. യാഥാസ്ഥിതികസമൂഹത്തിൽ കൌരവപ്രോൽസാഹനത്തിലൂടെ, പാണ്ഡവരെ ലൈംഗികമായി ആക്രമിക്കാനും, ദാമ്പത്യപരിശുദ്ധി മൂല്യംകുറച്ചു് കാണാനും, പൊതുസംവാദങ്ങളിൽ ആയുധമാക്കുന്നതു നിങ്ങളും കേട്ടറിഞ്ഞിട്ടുണ്ടാവും. ഇത്തരം പ്രകടകാത്മക ‘സദാചാരസമസ്യ’കളെ പരിഷ്കൃത വനിത എന്ന നിലയിൽ സ്വജീവിതത്തിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, ഇന്ദ്രപ്രസ്ഥക്കാലം.
“ഒരാളെ സ്വയംവരത്തിലൂടെ പരിണയിച്ചപ്പോൾ, അതാ, നാലു പേരെ കൂട്ടത്തിൽ വെറുതെ! അവരഞ്ചുപേർക്കും വ്യക്തിഗതവിശ്വസ്തത, ബഹുഭർത്തൃത്വദാമ്പത്യത്തിൽ ഞാൻ ഉറപ്പു കൊടുത്തില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദസ്രോതസ്സു കളങ്കപ്പെടുത്താൻ ശ്രമിക്കാത്തതു് പോലെ, അവരും എന്റെ അന്തർമണ്ഡലങ്ങളിൽ അതിക്രമിച്ചുകയറാൻ ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ഞങ്ങൾക്കിടയിലെ ബന്ധത്തിൽ നിലനിൽക്കുന്ന പരസ്പര ധാരണ” പടിഞ്ഞാറു, കടലോരനഗരത്തിലെ സുഹൃത്തിനു പ്രണയസന്ദേശം എഴുതി, വളർത്തുപറവയുടെ കാലിൽകെട്ടി യാത്രയാക്കുകയായിരുന്നു പാഞ്ചാലി.
“ശവമടക്കിനുവന്നില്ലെങ്കിലും, വികാരാധീനനായി യോഗത്തിൽ എന്തൊക്കെയോ നിങ്ങൾ മന്ത്രിച്ചല്ലോ. ഇതുതന്നെയാണോ പണ്ടു ഒരഭിമുഖത്തിൽ പരാമർശിച്ച വിശുദ്ധതിരുശേഷിപ്പു്?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാഞ്ചാലി കുഴഞ്ഞുവീണ ദിവസം. പാണ്ഡവരുടെ മഹാപ്രസ്ഥാനം.
“രക്തക്കറ പരുത്തിത്തുണി! വനവാസക്കാലത്തു അവൾക്കെത്തിക്കുമായിരുന്നു, പെണ്ണുടൽ പരിരക്ഷ തുണിയും കോപ്പുമെന്നു നകുലൻ സാന്ദർഭികമായി പറഞ്ഞറിയുമ്പോൾ ആദ്യം ക്ഷോഭിച്ചെങ്കിലും, പരിഷ്കൃതവനിതയുടെ ആർത്തവശുചിത്വം ദുര്യോധനൻ കരുതലോടെ കാത്തു! അടിവസ്ത്ര ചോരക്കറ കണ്ട ഞാൻ ഞെട്ടി. ദേവലോക ചികിത്സകരായ അശ്വിനീദേവതകളുടെ മകനായ നകുലൻ, ഗർഭപാത്രത്തിന്റെ വിലാപരഹസ്യം പറഞ്ഞുതന്നു. അജ്ഞാതവാസത്തിനു പോവുമ്പോൾ, സ്വാഭാവികമായും ഉപേക്ഷിക്കപ്പെട്ടു പോവുമായിരുന്ന പാഴ്‌വസ്തുക്കൾക്കിടയിലായിരുന്നു, തുണിയും. ഉടമസ്ഥാവകാശത്തോടെ, ആരുംകാണാതെ കൈവശം വച്ചു! പ്രണയഭീമന്റെ ദ്രൗപദീപ്രതിബദ്ധത. മരിക്കുമ്പോൾ, മടിയിൽ കിടത്താൻ വിലക്കുണ്ടായിരുന്നെങ്കിലും, പൊയ്പോയകാല തിരുശേഷിപ്പു് ഭാണ്ഡത്തിൽ. ആരാധനാർഹ അവശിഷ്ടങ്ങളെ പൈതൃക സ്വത്തായി പ്രഖ്യാപിക്കാൻ കൊതിച്ചു. “ജൈവമാലിന്യം കത്തിച്ചു കളയൂ പ്രിയഭീമാ” എന്നു് പാഞ്ചാലി ശഠിച്ചു. വഴങ്ങിയില്ല. പാഞ്ചാലി ചാരമായാലും, ‘മാലിന്യം’ ഭീമ ചരമത്തിനുശേഷം ബാഹ്യലോകം കണ്ടറിയട്ടെ! ഭാവനാസൃഷ്ടിയല്ല, പല്ലും നഖവും മുടിയുംപോലെ, മാംസവും മാസമുറയുമുള്ളൊരു ധീരവനിത, എന്റെ പ്രണയപാഞ്ചാലി!” ഭീമൻ വിതുമ്പി.
“കൊടുംകാടായിരിക്കാം, കൗന്തേയർക്കതൊരു പുത്തരിയൊന്നുമല്ല, ജനിച്ചതും വളർന്നതും കാട്ടിൽ, എന്നാൽ നിങ്ങൾ! പാഞ്ചാലയിൽ വളർന്ന നിങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ പാണ്ഡവർക്കൊപ്പം ചെന്നപ്പോൾ, വനദേവതമാരെ ശരണം വിളിച്ചു എന്നാണോ?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു.
“ഖാണ്ഡവ കാടാണോ മേടാണോ എന്നൊന്നുമല്ല സ്പർശിച്ചതു്. യമുന ഒഴുകുന്ന ആ മഹാവിപിനം ആണ്ടുപിറപ്പിനുമുമ്പു് ‘കൗമാരംവരെ കാട്ടിൽവളർന്ന പാണ്ഡവർ’ ചാമ്പലാക്കുമെന്ന വ്യാസപ്രവചനമായിരുന്നു ഭയപ്പെടുത്തിയതു്. “പ്രകൃതി അതിൽ നിന്നൊക്കെ വൈകാരിക മുക്തിനേടി മക്കളെ, എന്നൊക്കെ അഭിനയിക്കുന്ന കൗതുക വേഷമാണു് വ്യാസൻ ഞങ്ങൾക്കു് മുമ്പിൽ, പിന്നെയും ആടിയതു, രാജ വിധവകളായ അംബിക, അംബാലിക എന്നിവരെ അവരുടെ മനഃസമ്മതം കൂടാതെ, പിച്ചിച്ചീന്തിയശേഷം, എന്തു ചെയ്യാം കുട്ടികളെ, സുരത ക്രിയയിൽ അശേഷം സഹകരിക്കാത്ത നിങ്ങൾക്കു് പിറക്കുന്ന കുട്ടികൾ അംഗപരിമിതരാവട്ടെ” എന്നു് ശപിച്ചതിനു പിന്നിലെ സ്ത്രീവിരുദ്ധത, അതുമതി വ്യാസ പ്രവചനത്തോടു് പ്രതികരിക്കാതെ മുഖംതിരിക്കാൻ. വ്യാസ പ്രഭാഷണവുമായി സഹകരിച്ചില്ലെന്ന പരിഭവമാണു്, പിന്നീടു് ചൂതാട്ടത്തിൽ വിവസ്ത്രയാക്കാനുള്ള തീരുമാനം. കൂട്ടിച്ചേർക്കൽ അസ്വീകാര്യമെന്നു ശബ്ദമുയർത്തിയപ്പോൾ, വസ്ത്രാക്ഷേപം ആസുരകാലത്തിന്റെ ആവശ്യം, വേണ്ടിവന്നാൽ നിന്റെ അനാഥമരണത്തിൽ സന്തോഷിക്കുന്ന ഭർത്താക്കന്മാരേയും ഭാരത കഥയിൽ ചേർക്കും എന്നു പ്രകോപിതനായ പരിത്യാഗി പ്രാകി!”
“എന്നെന്നേക്കുമായി നാടുവിട്ടുപോവുന്ന കുടുംബത്തെ അഭിമുഖം ചെയ്തു പ്രതികരണം തേടണമെന്നു് പറഞ്ഞിട്ടല്ലേ ഞാൻ അവധിയിൽപോയതു്, തിരിച്ചു വന്നപ്പോൾ ഇതാ, പാഞ്ചാലി അഭിമുഖത്തിന്റെ പനയോല മാത്രം! മുഖ്യപത്രാധിപരുടെ ആജ്ഞക്കു് വിലയില്ലേ?”, ‘ഹസ്തിനപുരി പത്രിക’യിൽ തർക്കമുയർന്നു.
“ആറുപേരെയും മുഖാമുഖം ഞാൻ സംസാരിച്ചു. അഞ്ചുപേരുടെയും വാമൊഴി പ്രസിദ്ധീകരിക്കാൻ ഒരു തടസ്സമേ ഉള്ളു, സ്ഥാനം ഒഴിയാൻ വിശ്വാസയോഗ്യമല്ലാത്ത ന്യായീകരണങ്ങൾ. പാഞ്ചാലിയുടെ ഒറ്റവരി പ്രതികരണം പ്രസിദ്ധീകരിക്കാൻ വിശ്വാസ്യയോഗ്യത മാത്രം!”
“ജയദ്രഥനെ പാണ്ഡവർ ലൈംഗികാക്രമിമുദ്ര കുത്തി, കൈകൾ കെട്ടി തലമൊട്ടയടിച്ചു കഴുതപ്പുറത്തു കുന്നിന്മുകളിൽ നിന്നും ഇറക്കിവിട്ടു എന്ന ‘കഥ’ പുറത്തുവന്നിട്ടുണ്ടു്. ആശങ്ക തോന്നുന്നില്ലേ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവ വനവാസക്കാലം.
“സംശയകരമായി എന്തോ ഉണ്ടു്! സഹോദരിയും ജയദ്രഥഭാര്യയുമായ ദുശ്ശള ഞങ്ങളെ അറിയിച്ചതു്, പെൺവേട്ടയിൽ കമ്പം കാണിക്കുന്ന ജയദ്രഥനെ പാഞ്ചാലി ‘തേൻകെണി’യിൽ വീഴ്ത്തി! അത്രയും, വിശ്വാസ്യതയുള്ള കാര്യങ്ങൾ. അതുകൊണ്ടായില്ല. സംശയരോഗി ഭീമൻ ഇടപെട്ടു ജയദ്രഥനെ ‘സ്ത്രീപീഡക’നായി അവതരിപ്പിക്കുന്നതിൽ വിജയംകണ്ടിരിക്കുന്നു. വനവാസം കണ്ടറിയാൻ ഞങ്ങൾ ജയദ്രഥനെ അയച്ചതായിരുന്നു. പാണ്ഡവാശ്രമത്തിന്നരികെ, കെണിയിൽ വീഴ്ത്താൻ പാഞ്ചാലി, ‘തേൻകുടുക്ക’യായി! ഞെട്ടിപ്പിയ്ക്കുന്ന കാര്യം. ജയദ്രഥനെ കൊണ്ടുവന്നു അക്ഷയപാത്രത്തിൽ നിന്നും ഭക്ഷണം വിളമ്പുമ്പോൾതന്നെ ‘സ്വയംവസ്ത്രാക്ഷേപം’ ചെയ്തു പ്രലോഭിപ്പിച്ചു. പാഞ്ചാലിയുടെ ആതിഥേയത്വത്തിലും ഉടലഴകിലും ഭ്രമിച്ചു പാണ്ഡവകെണിയിൽ വീണു. വീഴ്ച വീഴ്ച തന്നെ. കൂട്ടുപലിശയടക്കം ഈ ബാധ്യത തീർക്കുന്ന നിയോഗം ഞാൻ ഏറ്റെടുത്തുകഴിഞ്ഞു!”
“പച്ചിലമരുന്നുഫലിച്ചു, എല്ലാം ഉണങ്ങി, ഇനിനമുക്കു് ഹസ്തിനപുരിയിലേക്കു പോകാം”, നിയുക്ത രാജാവു് യുധിഷ്ഠിരൻ പിതാമഹനെ ക്ഷണിച്ചു. രോഗീപരിചരണത്തിനു പണിത ശരശയ്യ അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു ഭീമനും മാദ്രെയരും. കുരുക്ഷേത്രയിൽ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നതിനെക്കുറിച്ചു യുദ്ധനിർവ്വഹണസമിതി ഉദ്യോഗസ്ഥരുമായി അർജ്ജുനൻ തർക്കത്തിലായി.
“ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമൊക്കെ അരമനയിൽ അത്യാവശ്യങ്ങൾക്കുപോലും കഷ്ടപ്പെടുന്ന ഹസ്തിനപുരി കൊട്ടാരത്തിലേക്കു ഇനി ഞാൻ ഇല്ല. വയോജനസൗഹൃദരല്ല കുരുവംശീയർ എന്നുവ്യക്തം. മനംമടുത്തല്ലേ സത്യവതി മുതൽ പല രാജപ്രമുഖരും വനവാസത്തിനു പോവേണ്ടിവന്നതു്. ഞാനോ അവിവാഹിതൻ. പുതുതലമുറയിൽ ആരെങ്കിലും ‘പിതാമഹാ, നിങ്ങളും യുധിഷ്ഠിരനും തമ്മിലെന്തു ബന്ധം?’ എന്നോമറ്റോ ചോദിച്ചാൽ തീർന്നില്ലേ എന്റെ അഹന്ത? ഹസ്തിനപുരിയിൽ എന്തിനും ഏതിനും പാഞ്ചാലിയെ ആശ്രയിക്കേണ്ടിവരും. സ്വേച്ഛാധിപതിയായ അവളാകട്ടെ വസ്ത്രാക്ഷേപത്തിൽ എന്റെ മൗനത്തെക്കുറിച്ചു നീതിപീഠത്തിൽ പരാതികൊടുത്തവളുമാണു്. ഞാൻ കുരുക്ഷേത്രയിൽ കൂരകെട്ടി ദാർശനിക സമസ്യക്കൊരു ലളിതപരിഹാരം തേടാൻ ഇവിടെത്തന്നെ ഉണ്ടാവും. പത്താം ദിവസം വീണ ഞാനിന്നും ഇരിക്കുന്നതിൽ തന്നെയുണ്ടു് അവിശ്വസനീയത, അല്ലേ! എന്നാൽ അതിജീവിതൻ എന്ന നിലയിൽ ഭീഷ്മപ്രതിച്ഛായയിൽ തുടർന്നുകൂടാ. ആജീവനാന്തബ്രഹ്മചര്യം എന്ന അനാവശ്യപ്രതിജ്ഞയാണെന്റെ ജീവിതപരാജയത്തിനു കാരണം. വ്യാസനെ കണ്ടാൽ പറയൂ.”
“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു് പാണ്ഡവ കുടുംബനാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവപ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല. മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചു കൗരവ ആരോപണം അടിസ്ഥാനരഹിതമാണോ? അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മാതൃത്വമായിരുന്നു ലക്ഷ്യം. ബീജഉറവിടം ദാമ്പത്യത്തിന്റെ വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം. ഭർത്താവിന്റെ ലൈംഗികക്ഷമതയെകുറിച്ചു് ആദ്യരാത്രി മുതൽ സംശയം ഉണ്ടായെങ്കിലും, പാണ്ഡു, മഹാരാജാപദവി വഹിക്കുമ്പോൾ, ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന ഭൗതികസാഹചര്യം ഉണ്ടായില്ല. ചെങ്കോൽ ധൃതരാഷ്ട്രർക്കു് എറിഞ്ഞുകൊടുത്തു, പാണ്ഡു പടിയിറങ്ങിപോവുമ്പോൾ, എന്നെ വലിച്ചുകൊണ്ടു് പോയി. കഠിനവനവാസത്തിൽ വന്യഭാവന തുണച്ചു. ശാരീരികതയുടെ ലൈംഗികാകർഷകത്വം പ്രയോജനപ്പെടുത്തി, പ്രലോഭനത്തിലൂടെ ഗഹനചാരികളെ ക്ഷണിച്ചു, അപൂർവ്വയിനം സന്താനഭാഗ്യത്തിനു ശ്രമിച്ചുകൂടാ? അഭിലാഷം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു, അഞ്ചു് ആൺകുട്ടികളുമായി ഹസ്തിനപുരി കോട്ട വാതിലിനു മുമ്പിൽ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും പാണ്ഡുമുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവഅന്തഃപുരത്തിൽ നിറഞ്ഞു. വഴിവിട്ട കുന്തിരതിയുടെ കഥകൾ ‘സർഗാത്മക’കൗരവർ മെനയുമ്പോഴും, ധൃതരാഷ്ട്രർ പാണ്ഡവക്കുട്ടികളെ കുരുവംശകൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു സ്ഥാപിച്ചതോടെ, ഇതാ, വാ ഞാൻ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു് പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടു വിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനുനേരെ കുന്തി നീട്ടി!
“തോഴിപദവി വഹിച്ച ഓർമ്മയുണ്ടു്. എന്തായിരുന്നു ജോലിയുടെ സ്വഭാവം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“ഭീതിതോന്നാവുന്ന നിഗൂഢത തോന്നുന്ന അന്തഃപുരം! വിരാടനെ സ്ഥാനഭൃഷ്ടനാക്കാൻ, അനുജൻ കീചകനുമായി ഗൂഡാലോചനയിൽ എന്നെ വിരാടരാജ്ഞി ഹീനമായി ദുരുപയോഗം ചെയ്യും. അവിവാഹിതയുവാവു് സുന്ദരൻ മിതഭാഷി സേനാപതി അധികാരമോഹി, ഗാഢബന്ധം വികസിക്കാൻ തക്ക കുൽസിതകൂട്ടിക്കൊടുപ്പു്. വിരാടൻ അന്തഃപുരത്തിൽ അങ്ങനെ വരാറില്ല. പ്രത്യേകിച്ചു് കീചകൻ സൈനിക പാളയത്തിൽ ഉള്ളപ്പോൾ. ദുര്യോധനനുമായി തന്ത്രസഖ്യം ഉണ്ടെന്നു മനസ്സിലായപ്പോൾ, കീചകനെ പ്രീണിപ്പിച്ചു കയ്യിലെടുക്കാൻ ഞാൻ നിർബന്ധിത. മദ്യവും ഇഷ്ടപാചകവും, അണിഞ്ഞൊരുങ്ങിയ ഉടലുമായി കീചകവസതിയിൽ രാത്രി പോകും, ലഹരിയിൽ എത്തിച്ചു രഹസ്യങ്ങൾ തേടുമ്പോൾ ലൈംഗിക പരീക്ഷണങ്ങൾക്കു ഉടൽ ‘വിട്ടുകൊടുക്ക’ണം. കുസൃതികൈകൾ ആരോഗ്യമുള്ള മാറിടം, ഈശ്വരാ, അവിടെയാണു് വിരാടപ്രേരണയിൽ ഭീമൻ, കൂലിക്കൊലയാളിയായി കൈവച്ചതു. ഭീമൻ എനിക്കു് ആരുമല്ലാതായതും”, പറഞ്ഞുപറഞ്ഞു നിന്നനില്പിൽ പാഞ്ചാലി കിതച്ചു ഏങ്ങലടിച്ചു. “പോകൂ പോകൂ” എന്നു് ഒച്ചവെച്ചു. വിരണ്ടുപോയ കൊട്ടാരം ലേഖികയെ പാറാവുകാർ വലിച്ചു പുറത്തേക്കെറിഞ്ഞു. ചാരവകുപ്പുമേധാവി നകുലൻ ശ്രദ്ധിച്ചു.
ദുര്യോധനൻ കൊട്ടാരം ലേഖികയോടു്: “മടവാളും കൈക്കോട്ടുമായി ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറിയ പാണ്ഡവർ പിന്നീടു് കാടുവളഞ്ഞു തീയിട്ടു എന്നു് കേട്ടപ്പോൾ ആ ദുരന്തത്തെ മുന്നറിയിപ്പായി കണ്ടു ഹസ്തിനപുരിയിൽ പ്രകൃതിസംരക്ഷണ ദിനം വർഷത്തിലൊരിക്കൽ ആചരിക്കാൻ കൗരവർ തുടങ്ങി. ഖാണ്ഡവപ്രസ്ഥത്തിന്റെ കുഴിമാടത്തിൽ പാണ്ഡവർ വിദേശശക്തികളോടു് ചേർന്നു് പടുത്തുയർത്തിയ കൃത്രിമനഗരം ഇന്ദ്രപ്രസ്ഥം, പാണ്ഡവർ വനവാസത്തിൽ പോയപ്പോൾ ഞങ്ങൾ കുടിയൊഴിപ്പിച്ചു പ്രകൃതിക്കു ക്ഷമാപണത്തോടെ തിരിച്ചുനൽകി. ആ വഴി പോയാൽ കാണുക, സസ്യപ്രകൃതിയുടെ ഇന്ദ്രജാലം! യുധിഷ്ഠിരൻ തെറ്റുതിരുത്തൽ പ്രക്രിയ തുടങ്ങുമോ? അതോ, അർദ്ധസത്യത്തിന്റെ പ്രായോജകൻ, ‘കൈകഴുകൽ മതി, പ്രായശ്ചിത്തം ഒന്നും വേണ്ട’ എന്ന നിലപാടെടുക്കുമോ? അന്ത്യമൊഴി ഇതായിരുന്നു എന്നു് ചാർവാകനെ അറിയിക്കൂ.”
“കൗരവചെവികളുടെ ‘ശ്രവണപരിധി’ക്കപ്പുറം, വനാന്തരത്തിൽ കഴിയുമ്പോഴും, നിങ്ങളെന്താ, ദുര്യോധനനെ ‘ഉടയോൻ’ എന്നു് പരാമർശിക്കുന്നതു്? വെറുപ്പോടെ വേണ്ടേ, ലൈംഗികാതിക്രമിയുടെ പേരുച്ചരിക്കാൻ?”, കൊട്ടാരംലേഖിക ചോദിച്ചു. കാട്ടുകുടിലിൽ പാഞ്ചാലിയുടെ ‘പീഡനപർവ്വം’.
“കുടിലിനുചുറ്റും കണ്ട സന്യസ്ഥാശ്രമങ്ങളിൽ വേവുന്നതു് ‘ശുദ്ധആത്മീയത’ ആണെന്നു് കരുതിയോ? ഗൂഢവ്യക്തിത്വങ്ങളല്ലേ? കൗരവചാരൻ ഭക്ഷ്യവസ്തുക്കളും പൂജാസാമഗ്രികളും കൊണ്ടു് വരും, പാണ്ഡവ വസതിയിലെ ‘ബഹുഭർത്തൃത്വ നാടക’ങ്ങൾ എന്തെന്നവരിൽനിന്നും ചുഴിഞ്ഞറിയാൻ”.
“മായക്കാഴ്ച!” അഭിമന്യുവധം പേക്കിനാവിൽകണ്ടു എന്നവകാശപ്പെടുന്ന പാഞ്ചാലിയോടു്, കൊട്ടാരം ലേഖിക ചോദിച്ചു. ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ചിതയെരിയുന്ന രാത്രി.
“അവിശ്വസിക്കാനുള്ള ഒന്നും നിശാദർശനത്തിനുണ്ടായിരുന്നില്ലെങ്കിലും, ചിതയിലിപ്പോൾ കത്തിച്ചാമ്പലാവുന്ന കൗമാര പോരാളിയുടെ വധം സ്വപ്നത്തിൽ കണ്ടവിവരം, ഉണർന്നപ്പോൾ പനയോലയിൽ അടയാളപ്പെടുത്തി. യാഥാർഥ്യമേതു് ഭാവനയേതു് എന്ന ചിന്താക്കുഴപ്പം ഭൗതികവാദികളിലും ഉണ്ടാക്കാവുന്ന സൂക്ഷ്മദൃശ്യസമാനതകളാൽ ബന്ധപ്പെട്ടിരിക്കയാണിന്നത്തെ കുരുക്ഷേത്രപോർക്കളവും എന്റെ പകൽ പേക്കിനാവും. അഭിമന്യുവിന്റെ ദുർമരണ വാർത്തയറിഞ്ഞർജ്ജുനൻ പരിഭ്രാന്തനായി പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ, യുധിഷ്ഠിരനിൽനിന്നും മരണസാഹചര്യത്തെക്കുറിച്ചു കേട്ടറിയാൻ, പോരാട്ടവിവരങ്ങളിൽ, അസത്യങ്ങളും അർദ്ധസത്യങ്ങളും വളച്ചൊടിക്കലുകളും കണ്ടതപ്പപ്പോൾ വിരൽചൂണ്ടി തിരുത്തലോടെ ഞാൻ പൂരിപ്പിച്ചു. മറ്റുനാലു പാണ്ഡവർക്കൊന്നേ അപ്പോൾ ചെയ്യാനുണ്ടായിരുന്നുള്ളു—വരുംവരായ്കകളെക്കുറിച്ചു ഭീഷണഭാവത്തോടെ എന്നെ നോക്കിപ്പേടിപ്പിക്കുക. ചൂതാട്ടത്തെക്കുറിച്ചും വസ്ത്രാക്ഷേപത്തെക്കുറിച്ചും പകൽക്കിനാവുകളെ പാണ്ഡവർ പരിഹാസവിഷയമാക്കിയിരുന്നെങ്കിലും, കുരുക്ഷേത്രയിൽ ‘പാഞ്ചാലിയുടെ സ്വപ്നദർശനം’ കുറ്റബോധത്താൽ യുധിഷ്ഠിരനെ വിറളിപിടിപ്പിക്കുന്ന ‘പാണ്ഡവരഹസ്യ’മാണു് നിങ്ങൾ തുറന്നുകാട്ടേണ്ടതു്!”
“നകുലനും സഹദേവനുമായി മുതിർന്നമൂന്നു കൗന്തേയർക്കു് എന്തോകുടിപ്പക ഉണ്ടെന്നു തോന്നുന്നല്ലോ പെരുമാറ്റം അടുത്തു നിന്നും കാണുമ്പോൾ? ഇളമുറയെങ്കിലും അർധസഹോദരർ അല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അർധസഹോദരർ? പെറ്റതള്ളയും ബീജദാനിയും വെവ്വെറെ ആയ സഹോദരങ്ങൾ എങ്ങനെ അർദ്ധരും പൂർണരും ആവും? ബഹുഭർത്തൃത്വം ആചരിക്കുന്ന പാഞ്ചാലിയുടെ പായക്കൂട്ടിൽ ഊഴപ്പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ നിശാബന്ധിതരായി എന്നതല്ലേ കൂടുതൽ ശരി? ഒരു ദിവസം ഊഴമനുസരിച്ചു ഞാൻ കിടപ്പറയിൽ കയറിയപ്പോളുണ്ടു്, നകുലനും സഹദേവനും അവൾക്കൊപ്പം ഇരുവശങ്ങളിലും! “എന്തുണ്ടു് പാഞ്ചാലീ വിശേഷം” എന്നു് വെപ്രാളംമറച്ചു കുശലം ചോദിച്ചപ്പോൾ, “ഈ രണ്ടു മാദ്രിക്കുട്ടികളുടെ ഓരോ കുസൃതി” എന്നു് മധുരമധുരമായി പരാതി പറഞ്ഞു, അലസമായി ഉടുതുണിവാരിയുടുത്തു പാഞ്ചാലി മുറിവിട്ടിറങ്ങി. ആ നീണ്ടരാത്രി, മാദ്രേയരുടെ മത്സരപ്രകടനത്താൽ തകർന്നുടഞ്ഞതു് എക്കാലവും നിങ്ങളുടെ ധാർമ്മിക പിന്തുണയിൽ കെട്ടിപ്പൊക്കിയ ദുരഭിമാനമായിരുന്നു”, യുധിഷ്ടിരൻ ഇരുകൈകളും കൊണ്ടു് മുഖംപൊത്തി.
“നീന്തിക്കുളിക്കാൻപോയവർ നനയാതെ തിരിച്ചു വന്നല്ലോ.” കൊട്ടാരം ലേഖിക ചോദിച്ചു.
“ജൈവമാലിന്യങ്ങൾ പുഴയൊഴുക്കിൽ കണ്ടേക്കും. അടിയന്തരാവസ്ഥ പോലൊരു സ്ഥിതിവിശേഷം യുദ്ധഭൂമിയിൽ നിലവിലുള്ളതുകൊണ്ടു ജേതാക്കൾ സഹകരിക്കുമല്ലോ എന്നു് കുരുക്ഷേത്ര ഭരണാധികാരിയുടെ അറിയിപ്പു് വന്നപ്പോൾ ഇത്രയും കടന്നുചിന്തിച്ചില്ല! ഞങ്ങൾ തലയറുത്തവരുടെ കബന്ധങ്ങൾ ആയിരുന്നു ആ ശവഘോഷയാത്ര. നീന്തി ആസ്വദിക്കുന്നതിലും ഭേദം ഉടൽനനയാതെ തിരിച്ചുപോരുക എന്നായി. ഇനി കുളി, ഹസ്തിനപുരിയിൽ അധികാരം പിടിച്ചെടുത്ത ശേഷം മതി എന്നു് വച്ചു.”
“ഞെട്ടി ഉണരാറുണ്ടോ പ്രിയപ്പെട്ടവനെ ഓർത്തു്?” കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രണയിനിയെ കാത്തായിരുന്നില്ലേ അവൻ കൂരിരുട്ടിൽ നൃത്തമണ്ഡപത്തിലെ വിശ്രമമുറിയിൽ തനിയെ ചെന്നതു്? ഉഭയകക്ഷിരതിക്കു് യോജിച്ച രഹസ്യ ഇടത്തിലേക്കവനെ ചതിയിൽ വിളിപ്പിച്ചതു് ആരായിരുന്നു? ആരുടെ ദുഷ്പ്രേരണയിലാണവനെ ശ്വാസംമുട്ടിച്ചു കൊന്നതു്? എങ്ങനെ ഘാതകൻ കൊലക്കുറ്റത്തിൽനിന്നു് രക്ഷനേടി? പിന്നീടു് കീചകചിതയിലേക്കു എന്നെ എറിയാൻ പാണ്ഡവരിൽ ആരാണു് ഉത്സാഹിച്ചതു്? ഭീമഹസ്തങ്ങൾ വായും മൂക്കും പൊത്തിപ്പിടിച്ചു കീചകനെ കൊല്ലുന്നതു വിഭാവന ചെയ്യുമ്പോളെല്ലാം, ആ കൊലപ്പുള്ളിയെ പിൽക്കാലത്തു ഞാൻ നിസ്സാരകാര്യങ്ങൾക്കു ശിക്ഷിച്ചിട്ടുണ്ടു്. പാപം ചെയ്ത ആ കൈകൾ എന്റെ ശരീരം സ്പർശിക്കാൻ സമ്മതിക്കാതെ, അകന്നുമാറി ഞാൻ കിടന്നിട്ടുണ്ടു്. പോരാ എന്നു് തോന്നും. അന്വേഷണബുദ്ധിയോടെ കാര്യം തിരക്കി ഒരുനാൾ വ്യാസൻ രഹസ്യങ്ങൾ എല്ലാം വായനക്കാരോടു് പറയുമോ? അതോ, നിങ്ങൾ തന്നെ കാര്യം കണ്ടെത്തി ഭാവിതലമുറയെ സത്യം അറിയിക്കുമോ?”
“പരമാധികാര ചിഹ്നമായ ചെങ്കോൽ എവിടെ? യുദ്ധം ജയിച്ചെന്ന അവകാശവാദവുമായി കുരുവംശ ചെങ്കോൽ കിട്ടുംവരെ, ജനപിന്തുണയോടെ പ്രക്ഷോഭം തുടർന്ന നിങ്ങളുടെ കയ്യിൽ ഇപ്പോൾ, ‘വിശുദ്ധ ദണ്ഡു്’ കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക പുതിയ മഹാരാജാവിനെ കണ്ടപ്പോൾ ആചാരപൂർവ്വം മുട്ടുകുത്തി കൈമുത്തി. നഗരപ്രാന്തത്തിലുള്ള പുനരധിവാസ കേന്ദ്രത്തിൽ ദുരിതമനുഭവിക്കുന്ന കൗരവരാജസ്ത്രീകൾക്കു വിധവാനുകൂല്യം പ്രഖ്യാപിക്കാൻ, പാഞ്ചാലിയുമൊത്തു എത്തിയതായിരുന്നു, പത്തുപതിമൂന്നു വർഷം മുമ്പു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവി വഹിച്ച, രാജകീയ ആചാരങ്ങൾ അറിയുന്ന യുധിഷ്ഠിരൻ.
“കുരുവംശത്തിന്റെ ദുഷിച്ച ശേഷിപ്പുകൾ ഉപേക്ഷിക്കേണ്ട സമയമായി എന്നു ചാർവാകൻ ഞങ്ങളെ കാണാൻ ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ പറയുമായിരുന്നു. അതിലൊന്നാണു് അധികാരദണ്ഡു്. യമുനയിൽ വലിച്ചെറിയില്ല. കാര്യാലയത്തിൽ സൂക്ഷിക്കും. ഭാവിയിലൊരു അധികാരകൈമാറ്റമുണ്ടായാൽ ചെങ്കോൽ, പുതിയരാജാവിനു് പട്ടാഭിഷേകത്തിൽ കൈമാറും, വെള്ളരിപ്രാവുകളെ കാൽകെട്ടി കൊണ്ടുനടത്തുന്നതു് രാജകീയ ആചാരമായി തുടങ്ങാൻ മഹാറാണി പാഞ്ചാലിയുടെ കൽപ്പനയുണ്ടു്. കുടുംബസ്വത്തു തിരിച്ചുപിടിക്കാൻ പൊതുജനം ചോര ഒഴുക്കണമെന്ന കുരുവംശരീതി എന്നെന്നേക്കുമായി അവസാനിക്കും. നാടിന്റെ യുദ്ധാനന്തരവികസനം ചർച്ച ചെയ്യാൻ വാതുറക്കാനിരുന്ന എന്റെ ചുണ്ടിൽ, തേനീച്ചകുത്തിയ തിക്താനുഭവമായല്ലോ വഴിയിൽ തടഞ്ഞുനിർത്തിയുള്ള കുരുട്ടു അഭിമുഖം!”, അഭിമാനം മുറിപ്പെട്ടപോലെ മഹാരാജാവു് മുഖം തിരിച്ചു.
“ഭൂമുഖത്തുനിന്നു് നന്മകൗരവരെ ‘തുടച്ചുനീക്കിയ’ ദുഷ്ടപാണ്ഡവരെ യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്തു ആൾക്കൂട്ടക്കൊലക്കു ഇരയാക്കണമെന്നു ചാർവാകൻ പരസ്യവേദിയിൽ ഇന്നലെരാത്രി ആഞ്ഞടിച്ചതൊന്നും ഇതുവരെ ഭരണകൂടശ്രദ്ധയിൽ പെട്ടില്ലേ?”, കൊട്ടാരംലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.
“പത്തിനു് താഴെയുള്ള സ്വന്തം കുട്ടികൾക്കു നേരത്തിനു അന്നം കൊടുക്കാതെ നരകിപ്പിക്കുന്ന ചാർവാകനെയല്ലേ ഗാർഹിക കുറ്റവാളി എന്ന നിലയിൽ തെരുവിൽ വീട്ടമ്മമാർ വിചാരണ ചെയ്യേണ്ടതു്? സംഭവിക്കുന്നതെന്താണു്? ഊട്ടുപുരയിൽ നുഴഞ്ഞുകയറി പൊരിച്ച കാളത്തുട തട്ടിയെടുക്കും! തെരുവിൽ ഇറങ്ങിയാൽ കുരുവംശനിന്ദ. പാണ്ഡവദൂഷണം പറയുന്നവർക്കു പരമസുഖം കിട്ടുന്നതാണു് പരിഷ്കൃത ഹസ്തിനപുരിയുടെ സൗജന്യഭക്ഷ്യനയം.”
“പച്ചത്തുരുത്തും വന്മരക്കൂട്ടവും കാലങ്ങളായി പരിപാലിച്ച കൌരവ മന്ദിരങ്ങളെ നോക്കൂ. വന പ്രകൃതിയെ സംരക്ഷിച്ചായിരുന്നു, വ്യത്യസ്ത ദേശരാഷ്ട്രങ്ങളിൽ നിന്നു ഹസ്തിനപുരിയിലേക്കു് വന്ന രാജ വധുക്കൾ, ഓരോ വസന്തകാലത്തും ഹൃദ്യപ്രകൃതിയുടെ വിസ്മയ ദൃശ്യങ്ങളാൽ പൊട്ടിത്തരിച്ചതും, കുട്ടികൾക്കൊപ്പം നൃത്തം ചെയ്തു പൊട്ടിച്ചിരിച്ചതും. പാണ്ഡവ ഭരണകൂടം കൗരവ കുടുംബങ്ങൾക്കെതിരെ കുരുക്ഷേത്രാനന്തര പ്രതികാര നടപടിയിൽ രാജവിധവകളെ പാതിരാവിൽ കുടിയോഴിച്ചു ആയുധപ്പുരയാക്കിയപ്പോൾ എന്തു് സംഭവിച്ചു? അതു് വിശദീകരിക്കാം. ‘ഹസ്തിനപുരി പത്രിക’ പനയോലകളിൽ രേഖപ്പെടുത്തിയ സമീപകാല ചരിത്രമുണ്ടു്, എന്റെ കൂടെ വരൂ,” കൊട്ടാരം ലേഖിക, തക്ഷശിലയിൽ നിന്നു് വന്ന മുതിർന്ന വിദ്യാർത്ഥികളോടു് പത്രിക കാര്യാലയ മന്ദിരത്തിലേക്കു വിരൽ ചൂണ്ടി. പെരുമരത്തിന്റെ മറവിൽ പാണ്ഡവ ചാരവകുപ്പു് മേധാവി, വിദ്യാർത്ഥികളുടെ പൊതുവിവരങ്ങൾ കുറിച്ചു.
“ഭരണാധികാര പാണ്ഡവർക്കു പോലും വയർനിറയെ ഊണുകഴിക്കാൻ, വേണ്ടത്ര പൊരിച്ച കാളത്തുട ഇല്ല. ഈ വറുതിയിലാണോ നിങ്ങൾ, മാംസദാഹികളായ അഞ്ചു പോക്കിരിസിംഹങ്ങളെ കോട്ടക്കകത്തു മാൻകുട്ടികളെ പോലെ അരുമയോടെ വളർത്തുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, യുദ്ധാനന്തര ഹസ്തിനപുരി. “പ്രണയലീല കാണാനൊക്കെ രസമുണ്ടു്, പക്ഷേ, കൂട്ടംകൂടി ആരെങ്കിലും ഗർജ്ജിച്ചാൽ?”
“പാണ്ഡവഭരണത്തിന്റെ തീരുമാനമായി ഗോവധം നിരോധിച്ചതു് ഉർവ്വശീശാപം പോലെ ഉപകാരമായി. കർഷകർ ആദ്യമൊക്കെ പരിഭവിച്ചു, സിംഹങ്ങളെ കണ്ടപ്പോൾ, അവർക്കുത്സാഹമായി. കറവവറ്റിയ മാടുകളുമായി അതിരാവിലെ കോട്ടവാതിലിനു മുമ്പിൽ വിൽക്കാൻ നിൽക്കും. തീറ്റപ്പുല്ലും വക്കോലുമില്ലാതെ കർഷകകുടുംബത്തെ പെടാപാടിലെത്തിച്ച നാൽക്കാലികളെ എന്തു് കൊടുത്തു പരിപാലിക്കും എന്ന ഭയം ഇനി വേണ്ടല്ലോ. ഒരു സൗജന്യം മാത്രമേ ഗ്രാമീണർ കാലിൽവീണു ചോദിക്കൂ, സിംഹങ്ങൾ നൽക്കാലിയെ കടിച്ചും കഴുത്തിൽതൂങ്ങിയും തിന്നുതുടിച്ചു വീണ്ടും ഇണയുമായി കളിക്കാൻ പോവുംവരെ, ‘അപൂർവ്വദൃശ്യാനുഭവം’ കാണാൻ അനുവദിക്കണം. പുലർച്ചക്കു വരാമോ, മനക്കരുത്തുണ്ടെങ്കിൽ! പച്ചമാംസക്കാഴ്ച നിങ്ങൾക്കും കാണാം.”
“കൂടെനിന്ന കുടുംബാംഗങ്ങൾ കൊഴിഞ്ഞുവീണിട്ടും, സ്വർഗ്ഗരാജ്യത്തിലേക്കു രഥംവരുമെന്ന മോഹന പ്രതീക്ഷയിൽ കാൽ മുന്നോട്ടുവച്ച യുധിഷ്ഠിരനെ പാഠം പഠിപ്പിക്കാൻ ആരുമില്ലേ?”, ഭീമന്റെ ശവസംസ്കാരം കഴിഞ്ഞു മടങ്ങിവന്ന കൊട്ടാരം ലേഖിക, ചാർവാകനുമായി ചിന്തിക്കുകയായിരുന്നു. പുതിയ രാജാവു് പരീക്ഷിത്തിന്റെ രാജരഥം കടന്നുപോവാൻ സുരക്ഷാഭടന്മാർ ക്രമീകരണം ചെയ്യുന്ന നേരം.
“അർദ്ധസത്യം പറയുക, അർദ്ധസത്യം കുതിരപ്പന്തികളിൽ പ്രചരിപ്പിക്കണം എന്നു് നിഷ്കർഷിക്കുക, അർദ്ധസത്യവും സത്യവും വേർതിരിച്ചറിയാൻ ചിന്താശേഷി നഷ്ടപ്പെടുക, ഈവിധം ഒരാൾ ഇന്ദ്രപ്രസ്ഥത്തിലും ഹസ്തിനപുരിയിലും ഇതുവരെ എങ്ങനെ ദൈവനാമത്തിൽ ഭരിച്ചു. ഭരണകൂട അനീതി ചൂണ്ടിക്കാണിക്കുന്നതിനു അപ്പപ്പോൾ ‘വധശിക്ഷ’ നേടാൻ സാധ്യതയുള്ളവർ” രാജാക്കന്മാർക്കെതിരെ അസത്യം പ്രചരിപ്പിക്കുന്ന ആരോപണത്തോടെ, യുക്തിവാദി ചാർവാകനു് നേരെ പുതിയരാജാവു് പരീക്ഷിത്തിന്റെ ചാരന്മാർ, ‘കിട്ടിപ്പോയി നിന്നെ!’ എന്നാക്രോശിച്ചു ചുറ്റും വളഞ്ഞു അരയിൽ കയറിട്ടുമുറുക്കി വലിച്ചുകൊണ്ടുപോയി.