“നനവില്ലാത്ത നിലത്തൊന്നു സ്വാഭാവികമായി കാൽ വഴുകി വീണു എന്നതിൽക്കവിഞ്ഞു, യുവരാജാ ദുര്യോധനനു വല്ല ‘അസ്ഥിപ്രശ്ന’വും ഉണ്ടോ?”, കൊട്ടാര ലേഖിക ചോദിച്ചു. സഭാതലം മായക്കാഴ്ചയായി വിരുന്നുവന്നവർക്കു വിസ്മയമായ നേരം, ഇന്ദ്രപ്രസ്ഥം.
“ക്ഷണിക്കപ്പെട്ട രാജകീയസന്ദർശസംഘത്തിനു കിട്ടിയ പാണ്ഡവ ആതിഥേയത്വം ഇത്ര ഊഷ്മളമാണെങ്കിൽ, സാധാരണ പൗരന്മാർ ആയിരുന്നു ഇവിടെ ക്ഷണിക്കപ്പെടാത്ത വിനോദ സഞ്ചാരികൾ എങ്കിൽ, എന്തുസംഭവിക്കുമായിരുന്നു എന്നു മാത്രമാണു് ആശങ്ക. കാലുളുക്കിവീണ യുവരാജാവിനെ നോക്കി പൊട്ടിച്ചിരിച്ചു ‘ആതിഥ്യപെരുമാറ്റച്ചട്ടം’ പ്രകടമാക്കിയ മഹാറാണി പാഞ്ചാലിക്കു് ഇന്നല്ലെങ്കിൽ നാളെ ‘പാരിതോഷികം’ കൗരവർ ഒരുക്കും. പാണ്ഡവർ വാലുംചുരുട്ടി കാട്ടിൽ ‘കുറ്റിയടിക്കേണ്ടി’ വരുന്ന കാലം വിദൂരമാവില്ല”.
“കാട്ടുതീയിൽ കാലംചെയ്ത മുൻ മഹാറാണി ഗാന്ധാരിക്കു് അനുസ്മരണം ചെയ്യാൻകൂടിയ കൗരവരാജവിധവകളുടെ കുടുംബയോഗത്തിൽ സംബന്ധിക്കാതെ, മൂന്നുകൗന്തേയർ വിട്ടുനിന്നപ്പോൾ, നകുലൻ പങ്കെടുത്തല്ലോ. എന്തായിരുന്നു ‘ഇരട്ടസഹോദര’ന്റെ ഗാന്ധാരിയോർമ്മ?”, കൊട്ടാരം ലേഖിക ഇളമുറ സഹദേവനോടു് ചോദിച്ചു. പാണ്ഡവർ ഭരിക്കുന്ന ഹസ്തിനപുരി.
“മാദ്രിയെ പാണ്ഡുചിതയിൽ ‘എറിഞ്ഞപ്പോൾ’ തോന്നിയ അതേവേദന, കാട്ടുകുടിലിൽ ഗാന്ധാരി വെന്തുമരിച്ചു എന്നറിഞ്ഞപ്പോൾ തോന്നി” എന്ന നിരുപദ്രവ ഖേദപ്രകടനത്തിൽഒതുങ്ങി നകുലപ്രസ്താവന. ‘ഒളിഞ്ഞു’ കിടപ്പുണ്ടു് കൗന്തേയരഹസ്യം! അതൂഹിച്ചതുകൊണ്ടായിരിക്കാം യുധിഷ്ഠിരനും മറ്റുരണ്ടു മുതിർന്നകൗന്തേയരും വിട്ടുനിന്നതു്. “കൂടുതൽ പറഞ്ഞാൽ കുടുംബരഹസ്യം വെളിപ്പെടുത്തിയോ നീ, എന്നു് മനഃസാക്ഷി മുറുമുറുക്കും!”
“അതാ, യുധിഷ്ഠിരൻ വിതുമ്പി മുഖംതാഴ്ത്തുന്നു. ഉത്തരീയം ഉയർത്തി കണ്ണു് തുടക്കുന്നു, ശബ്ദം ഇടറുന്നു ‘ധർമ്മിഷ്ഠ’നെ നൊമ്പരപ്പെടുത്താൻ?”, യുദ്ധകാര്യലേഖകൻ, ചാർവാകനോടു് ചോദിച്ചു. ജേതാക്കളെന്ന അവകാശവാദവുമായി അധികാരത്തിൽ കയറിയ, വറുതിയുടെ ദിനങ്ങൾ ഹസ്തിനപുരി.
“സ്വാഭാവികകാരണത്താൽ വീട്ടിൽകിടന്നു മരിച്ചവരുടെ കർഷക വിധവകൾ, കുരുക്ഷേത്രവിധവകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വ്യാജസത്യവാങ്മൂലങ്ങൾ നൽകി പൊതുവിതരണ ശാലകളിൽനിന്നും തട്ടിയെടുക്കുന്നു എന്നറിഞ്ഞ ‘സത്യസന്ധ’ ഭരണാധികാരിയുടെ മനോവേദന! അതൊക്കെപരിചയപ്പെടും!”
“അന്ത്യാഭിലാഷങ്ങൾ ഉണ്ടോ, തിരുഹൃദയത്തിൽ?”, കൊട്ടാരം ലേഖിക പാഞ്ചാലിയുടെ ഇടനെഞ്ചിൽ കൈവച്ചു. പാണ്ഡവ ഭരണത്തിന്റെ അവസാനവർഷം. കിരീടാവകാശി പരീക്ഷിത്ത് കൊട്ടാരവിപ്ലവത്തിനായി പാണ്ഡവരെ പിളർത്താൻ ശ്രമിക്കുന്ന സംഘർഷകാലം.
“ദശാബ്ദങ്ങൾ അല്ലലില്ലാതെ കഴിഞ്ഞു എന്നാണോ സങ്കല്പം! പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യിക്കണം. സ്മൃതിനാശം സംഭവിച്ച യുധിഷ്ടിരനുൾപ്പെടെ രോഗാതുരപാണ്ഡവരെ മഹാപ്രസ്ഥാനത്തിലകളിലേക്കയക്കുന്ന നിർണ്ണായക ദൗത്യവും പൂർത്തിയാക്കാനുണ്ടു്. സത്യവതിയുടെ അധികാര വഴിയിൽ ഞാൻ, രാജമാതാപദവി തുടരണമെന്നും, മഹാറാണി പദവി ഭാര്യക്കു് കൊടുക്കാതെ ഒഴിച്ചിടുമെന്നും, വാക്കുതന്നിട്ടുണ്ടു്. സ്വതന്ത്രജീവിതമാണു് പകൽകിനാവു് കാണുക. അതിനൊക്കെ ശേഷം പ്രകൃതിക്കുകീഴടങ്ങിയ ഉടൽ, പൊതുദർശനത്തിനു അന്ത്യോപചാരമർപ്പിക്കുന്നതും, ഗംഗയുടെ തീരത്തൊരുക്കിയ ചിതയിൽ ചാരമായിമാറുന്നതും വിശുദ്ധകിനാവിന്റെ കാരുണ്യങ്ങളാണു്.”
“അപമര്യാദയായി എന്തോ പരിത്യാഗി പറഞ്ഞു എന്നു് കേട്ടല്ലോ.”, ആശ്രമമുറ്റത്തു മണ്ണിളക്കിയും നനച്ചും ജാഗ്രതയോടെ ജോലി ചെയ്തിരുന്ന യുവസന്യസ്ഥനെ ചൂണ്ടി, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“ഊട്ടുപുരയിൽ യുധിഷ്ഠിരനോടയാൾ പരുക്കൻഭാഷയിൽ ചോദിച്ചു എന്നാണു് അറിയുന്നതു്, ത്രേതായുഗരാമൻ സ്വയം വേട്ടയാടി ഭക്ഷണവുമായി വന്നില്ലേ വീട്ടിലിരുന്ന ലക്ഷ്മണനും സീതക്കും വേണ്ടി? അതൊക്കെ മാതൃകയാക്കേണ്ട നിങ്ങൾക്കെന്തിനാണപ്പോൾ അക്ഷയപാത്രം? നിങ്ങൾക്കും ആവുന്നവിധം വേട്ടയാടിതിന്നുകൂടെ? കാടു് എന്ന സ്വാശ്രയ ആവാസവ്യവസ്ഥക്കൊരു അശ്ളീലപ്രഹരമല്ലേ അക്ഷയപാത്രത്തിൽ കയ്യിട്ടുകിട്ടുന്ന സൗജന്യധാന്യം? അക്ഷയപാത്രത്തിൽ വാരുന്ന ഓരോപിടി അന്നവും, കർഷക ധാന്യപ്പെട്ടിയിൽ ചോർച്ചയുണ്ടാക്കുമെന്നു ദുര്യോധനൻ ഓർമ്മപ്പെടുത്തിയതല്ലേ? അസംബന്ധ ചോദ്യങ്ങൾ കേട്ട പാഞ്ചാലിയൊന്നു പുഞ്ചിരിച്ചതു, ധർമ്മപുത്രരുടെ ദുരഭിമാനത്തെ നൊമ്പരപ്പെടുത്തിയോ? അന്വേഷിച്ചറിയേണ്ട കാര്യം, പാണ്ഡവർക്കനുകൂലമായി ‘ഹസ്തിനപുരിപത്രിക’യിൽ വാർത്ത ‘വളച്ചെഴുതൂ’.”
“ജഡങ്ങൾ കൈയും കാലും ചിതറി കിടക്കുന്ന കുരുക്ഷേത്രത്തിൽ, നിങ്ങൾ കൊട്ടാരത്തിലെന്ന പോലെ നടന്നാൽ എങ്ങനെ മക്കളെ തിരിച്ചറിയും? കൺകെട്ടഴിച്ചു പ്രകൃതിദത്തകാഴ്ച തിരിച്ചെടുത്തുകൂടെ”, കൊട്ടാരം ലേഖിക ഗാന്ധാരിയോടു് ചോദിച്ചു. പത്തൊമ്പതാംദിവസം.
“കുഞ്ഞുനാൾ മുതൽ മുലപ്പാൽകൊടുത്തു പരിചരിച്ചതല്ലേ! കാഴ്ച ഇല്ലെങ്കിലെന്തു? കൗരവജഡം മണംവഴി തിരിച്ചറിയില്ലേ പെറ്റതള്ള? നവജാതശിശുവിനെ പുഴയിൽ ഒഴുക്കിയ കുന്തി, മൂത്തമകനെ തിരിച്ചറിയാൻ ആവാതെ, ‘കർണ്ണാ കർണ്ണാ’ എന്നു വിലപിക്കുന്നതു കേൾക്കുന്നില്ലേ, അതാണു് കുഞ്ഞിനു് മുലപ്പാൽ കൊടുക്കുന്ന മാതാവിന്റെ മഹനീയത! അതാ എന്റെ അറുപത്തിമൂന്നാമത്തെ മകൻ രണ്ടാമത്തെ മകനൊപ്പം നിത്യ നിദ്രയിൽ”, ഗാന്ധാരി മൃതശരീരങ്ങൾക്കു മുമ്പിൽ മുട്ടുകുത്തി.
“രാഷ്ട്രതന്ത്ര പാഠങ്ങൾക്കായി, ശരശയ്യയിൽ എത്തുമ്പോൾ, വരിനിന്ന സ്ത്രീകളുടെ നീണ്ടനിര കണ്ടു മഹാ രാജാവു് യുധിഷ്ഠിരൻ, ചാരവകുപ്പു മേധാവി നകുലനോടു്. “ഇവരൊക്കെ ആരാണു് ” എന്നു് വിരൽഞൊടിഞ്ഞും മുഖം കറുപ്പിച്ചും ചോദിക്കുന്നതു് നീ കണ്ടല്ലോ. എന്തു് മറുപടി കിട്ടി?” കൂട്ടുകാരിയുമൊത്തു തിരിച്ചു നടക്കുമ്പോൾ യുദ്ധകാര്യലേഖകൻ ചോദിച്ചു.
“ഭീഷ്മരുടെ മാരകായുധങ്ങളാൽ ജീവൻ നഷ്ടപ്പെട്ട പാണ്ഡവസൈനികരുടെ വിധവകൾ, ആഗോള നിരായുധീകരണത്തിന്റെ അടിയന്തിരപ്രാധാന്യത്തെ കുറിച്ചു് പിതാമാഹനുമായി ഒന്നും രണ്ടും പറയാൻ വന്നതാണു്. ആൾക്കൂട്ടത്തെ അനുവദിച്ചു എന്ന ആരോപണവുമായി പ്രവിശ്യാഭരണാധികാരിയെ പിടികൂടി ഉടനടി നകുലൻ ‘ചോദ്യംചെയ്യൽ’ തുടങ്ങി. ക്രമീകരണങ്ങളിൽ വീഴ്ച ഒന്നുമില്ല എന്നു കണ്ടപ്പോൾ താക്കീതോടെ വിട്ടയച്ചു.”
“സ്വത്തുതർക്കം തീർക്കാൻ നാം തുടങ്ങിവച്ച പതിനെട്ടുനാൾ പോരാട്ടം നിർണ്ണായകഘട്ടത്തിൽ. പാണ്ഡവരഞ്ചുപേരിൽ ചൂണ്ടിക്കാണിക്കാം, ആയുധവും തരാം, എന്നു യുധിഷ്ഠിരൻ അവസരം കൊടുത്തപ്പോൾ, ഞെട്ടിയോ ഇളമുറ നകുലനും സഹദേവനും?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഞെട്ടുക യുധിഷ്ഠിരനല്ലേ? പ്രായക്കൂടുതൽ പരിഗണിച്ചു കൗരവ തർക്കത്തിൽ ധാർമ്മികമേൽക്കൈ പ്രതീക്ഷിച്ച യുധിഷ്ഠിരൻ, പക്ഷേ, കഴിഞ്ഞ പതിനെട്ടുദിവസവും പോർക്കളത്തിൽ ദുര്യോധനനെ കാണുമ്പൊളൊക്കെ, വാളോങ്ങുന്നതിനു പകരം ഭാവുകങ്ങൾ നേരുകയായിരുന്നല്ലോ. അഞ്ചുപാണ്ഡവരിൽ ആർക്കും ‘കൊലചെയ്യാനുള്ള ക്ഷുദ്രജീവിമാത്രമാണു് നീ’ എന്നു് ദുര്യോധനനെ നോക്കി യുധിഷ്ഠിരൻ പ്രഖ്യാപിച്ചതു് മാദ്രിപുത്രന്മാർ വിറക്കുമോ എന്നു വിചാരിച്ചല്ല, ‘ഇതിഹാസ’മാവാനുള്ള കൊതി! ദുര്യോധനപ്പോൾ വിരൽചൂണ്ടി, എനിക്കു പറ്റിയ ശത്രു, ഭീമൻ, ഭീമൻ മാത്രം! പലതും ഞങ്ങൾ ഭീമനെ കരുവാക്കി മുൻകൂർചെയ്തു എന്നതാണു് ദുര്യോധനവധത്തിന്റെ മാധുര്യം”, വിജയോന്മാദത്തിൽ നകുലൻ കാഹളം മുഴക്കി പാണ്ഡവ പദയാത്രയിൽ ചേർന്നു.
“തൊടരുതെന്നെയെന്നു പറഞ്ഞതാരായിരുന്നു? അല്ല! എന്താണിങ്ങനെ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“മുന്നറിയിപ്പു് കൊടുത്തിരുന്നു. ദുര്യോധന കുടുംബാംഗത്തെ കരുതലോടെമതി സ്തുതിക്കാനും, കൂടെ നിർത്താനും. കിട്ടേണ്ടതിപ്പോൾ കിട്ടി. മുൻമഹാറാണി സത്യവതിയെപോലെ യമുനയിൽ തോണി തുഴഞ്ഞു വരുമാനമുണ്ടാക്കിയാണു് ധാന്യംവാങ്ങിക്കുന്നതെന്നു കേട്ടപ്പോൾ, ക്ഷണിച്ചിരുത്തി ആദരിക്കണം എന്നു് കൗരവരാജ വിധവകളുടെ പുനരധിവാസ ചുമതല വഹിക്കുന്ന ഭീമനു് മോഹമായി. ‘സുഖലോലുപ’രായ കൗരവരാജ വിധവകൾക്കൊരു തൊഴിൽപാഠമായിരിക്കട്ടെ സ്വാശ്രയശീലമെന്നു അനുഗ്രഹിക്കാൻ ഭീമൻ കൈ ഉയർത്തി! അവൾ തട്ടിമാറ്റി—ഞങ്ങളുടെ ‘നാഥ’നെ തുടയിൽ ഗദകൊണ്ടടിച്ചു കൊന്ന ചോരപ്പാടുള്ള ആ കൈ എന്റെ ശിരസ്സിൽ വക്കരുതേ എന്നവൾ ഏങ്ങലടിച്ചു. യോഗം കലങ്ങി. കണ്ടുനിന്ന ഞങ്ങളുടെ കണ്ണും!”
“യുദ്ധദൃശ്യങ്ങൾ തടസമില്ലാതെ കാണുന്നുണ്ടല്ലോ. രാജാവിനെ പൊടിപ്പും തൊങ്ങലും കൂടാതെ അറിയിക്കുന്നുണ്ടെന്നും കരുതട്ടെ? നേരിട്ടു വന്നു ഇടനിലക്കാരില്ലാതെ ചോദിച്ചു വിവരമറിയാൻ വ്യാസൻ പ്രത്യേകംപറഞ്ഞുവിട്ടതാണു്”, ധൃതരഷ്ട്രരുടെ കാഴ്ചസഹായി സഞ്ജയനോടു് ഉപചാരപൂർവ്വം യുവസന്യസ്തൻ ചോദിച്ചു.
“പോർക്കളദൃശ്യങ്ങളുടെ തത്സമയലഭ്യതയെ തുരങ്കം വക്കുന്ന സംശയവും ആദ്യമായി തോന്നി. അഭിമന്യുവധം ധൃതരാഷ്ട്രർ ആസ്വദിച്ചുകാണാൻ തുടങ്ങിയിരുന്നു, മറ്റു കാഴ്ചയിലൊരു വിരസത തോന്നിയനേരം. തുടക്കംമുതൽ അഭിമാന്യുവധം കാണണമെന്നായിരുന്നു ധൃതരാഷ്ട്രമോഹം. ദുശ്ശാസനന്റെ മക്കളെ അഭിമന്യു തലക്കടിച്ചു കൊല്ലുന്നതൊക്കെ കണ്ടു എനിക്കു് വല്ലാതെ തോന്നിയപ്പോൾ, മരണവിവരം രാജാവിൽ നിന്നും ഞാൻ മറച്ചുവച്ചു. രഥംതകർന്നു അഭിമന്യു തെറിച്ചു വീണപ്പോൾ ദുര്യോധനൻ കൗമാരപോരാളിക്കു നേരെ വാളോങ്ങുന്ന സ്തോഭജനകരംഗമുണ്ടല്ലോ അതെത്തി. അതാ ഇടവേള! ഞാനാകെ വശംകെട്ടു. ‘ചക്രവ്യൂഹത്തിലെ അർജ്ജുന പുത്രന്റെ കഥ തീർന്നില്ലേ തീർന്നില്ലേ സഞ്ജയാ?’ എന്നു് രാജാവക്ഷമനാവുമ്പോൾ ഞാൻ നിസ്സഹായനായി. നിങ്ങൾക്കും ഉണ്ടായോ ഇടപെടൽ? ഇങ്ങനെ ആവുമോ വരാനിരിക്കുന്ന താരയുദ്ധങ്ങളും?”
“അധികാര ദുർവിനിയോഗത്തിന്റെ ചാട്ട! തുടങ്ങിയോ, ദ്രോഹം?”, കൊട്ടാരം ലേഖിക, കൗരവരാജവിധവയോടു സഖ്യപ്പെട്ടു. യുദ്ധാനന്തര ഹസ്തിനപുരി.
“അങ്ങനെവേണ്ടേ കൂട്ടിവായിക്കാൻ? ദുര്യോധനവധുവായി ഞാനിവിടെ വന്ന നാൾ, ധൃതരാഷ്ട്രർ, ദശാബ്ദങ്ങൾക്കു മുമ്പു് തന്ന രത്നമാല തിരിച്ചുചോദിച്ച മഹാരാജാവു് യുധിഷ്ഠിരന്റെ മര്യാദകേടു് ഞാൻ മാറ്റിവെക്കുന്നു. നേരിട്ടു് പോയി കാര്യാലയ ചുമതല വഹിക്കുന്ന ഭീമനെ വിവാദമാല ഏൽപ്പിച്ചു. കുരുവംശ നായകൻ ശന്തനു, പുത്രവധു അംബികക്കു് നൽകിയ മാല പൈതൃകസ്വത്തായിരിക്കാം, വെള്ളാരംകല്ലും വൈരവും തിരിച്ചറിയാത്ത ഭീമൻ, അന്വേഷണത്തിനു് ഉത്തരവിട്ടതു് കുടിയൊഴിപ്പിച്ചതിനേക്കാൾ വേദനിപ്പിച്ചു” അവൾ വിതുമ്പി. പാണ്ഡവ ചാരൻ നകുലൻ ദുസ്സംശയത്തിൽ കൊട്ടാരലേഖികയെ നിരീക്ഷിച്ചു.
“നെഞ്ചുവിരിച്ച ആണുങ്ങൾ ആധിപത്യം പുലർത്തുന്ന കുരുക്ഷേത്രയിൽ പെണ്ണും പോരാളിയായോ?”, ഈറനുടുത്തു നദീതീരത്തു നടക്കുകയായിരുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.
“മനോനില തകർന്നു തരിപ്പണമായി സന്ധ്യക്കു് കൂടണയുന്ന പഞ്ചപാണ്ഡവർക്കു് തൊട്ടും തലോടിയും സാന്ത്വന സ്പർശന ത്തിനൊരു പെൺകൂട്ടു് വേണ്ടേ?” അഴകളവുകൾ അർത്ഥഗർഭമായി പ്രദർശിപ്പിച്ച പാഞ്ചാലി പാളയത്തിലേക്കു് കയറുമ്പോൾ കൊട്ടാരം ലേഖികയോടു് പറഞ്ഞു.
“ശാന്തസുന്ദരമൊക്കെത്തന്നെയാണു് പുൽമേടു്! ഇവിടെ പണിത ആശ്രമത്തിലാണു് ആറുപേർക്കും പന്ത്രണ്ടുകൊല്ല അടിമ ജീവിതം അല്ലേ? പക്ഷേ, എവിടെ ആശ്രമമൃഗങ്ങൾ? മാൻ, മുയൽ ഒന്നും എവിടെയും കാണുന്നില്ലല്ലോ!”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വസ്ത്രാക്ഷേപത്തിനുശേഷം നാടു കടത്തപ്പെട്ട പാണ്ഡവർ കുടിയേറിയ വടക്കൻ വനമേഖല.
“ഞാനില്ലേ”, അറവുകാരന്റെ മടവാളിനുമുമ്പിൽ ബലിമൃഗത്തെ പോലെ മുട്ടുമടക്കി കുനിഞ്ഞു ഇരുകൈകൾ ഉയർത്തിനീട്ടി. “ഞാൻ പോരേ അവർക്കു പട്ടിണിയിടാനും മാലിന്യം നീക്കാനും വിഴുപ്പു കഴുകിയുണക്കാനും ശരീരഭാരം ചുമക്കാനും, അഞ്ചു കാളകൂറ്റൻമാർ രാപ്പകൽ കീഴ്പ്പെടുത്താനും.”
“വിടരുതവരെ! ഭൂമുഖത്തു നിന്നവരെ നിഷ്കാസനം ചെയ്യണം എന്ന ആത്യന്തിക ലക്ഷ്യം നേടിയാണോ കുരുക്ഷേത്രയിൽ നിന്നും ഹസ്തിനപുരിയിലേക്കു പാണ്ഡവ ജേതാക്കളുടെ പ്രഖ്യാപിത മടക്കം?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
“കൗരവജഡങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി യുദ്ധ നിർവ്വഹണ സമിതി പ്രദർശനയോഗ്യമാക്കുമ്പോൾ, ഞാൻ ഇടപെട്ടു് ആശ്വസിപ്പിച്ചു, ഗാന്ധാരിയുടെ കണ്ണീർ കാണാൻ എനിക്കിനി ആവില്ല. ഭൗതികാവശിഷ്ടങ്ങൾ എങ്ങനെയോ അങ്ങനെ എന്ന നിലയിൽ, ഈ പുഴയിൽ തള്ളൂ. ഇന്നർധരാത്രി ഹിമാലയ മഞ്ഞുരുകിവരുന്ന പ്രളയജല കുത്തൊഴുക്കിൽ നാളെ ഉച്ചയോടെ ജഡങ്ങൾ തെക്കു പ്രയാഗിലെത്തും. ഗംഗ വഴി കിഴക്കോട്ടൊഴുകി കാശിയിൽ ചേരുന്നതോടെ കൗരവാത്മാക്കൾ സ്വർഗ്ഗരാജ്യപ്രവേശനത്തിനു ആത്മീയയോഗ്യരാകും. വിശദീകരണം സമിതി, യോഗം ചേർന്നു് സ്വീകരിച്ചു, അതുപോലെ ചെയ്തു എന്നാണറിവു്. കോട്ട പിടിച്ചാൽ, കൗരവവിധവ കുടുംബങ്ങളെ കാര്യക്ഷമതയോടെ കുടിയൊഴിപ്പിക്കും എന്നുറപ്പുണ്ടു്. അനുയോജ്യവനിതകളെ ഞങ്ങളഞ്ചുപേരുടെ സേവനത്തിനായി ഉപയോഗിക്കും എന്നതു് രണ്ടാം ഘട്ട പുനരധിവാസം. പാഞ്ചാലിയുടെ അനുമതിവേണം. ധൃതരാഷ്ട്രരും ഗാന്ധാരിയും ഉൾപ്പെടുന്ന വയോജന സംഘത്തെ വനവാസത്തിനയക്കേണ്ട ഉത്തരവാദിത്വം സഹദേവനാണു്. വ്യാസനെക്കണ്ടു താക്കീതുനൽകും. കൗരവരെ ‘കീട’ങ്ങൾ പോലെ കൈകാര്യംചെയ്യാൻ അറപ്പുകാണിക്കരുതു്. ദ്രൗപദീ ലൈംഗികാക്രമണം സ്തോഭജനകമായി ഉൾപ്പെടുത്താൻ സാങ്കൽപ്പിക വസ്ത്രാക്ഷേപരംഗം കൂട്ടിച്ചേർക്കാമോ? മഹാഭാരത കരടു വെട്ടിമാറ്റുന്നതും വളച്ചൊടിക്കുന്നതും മാത്രമല്ല, കുടുംബ ചിത്രം, കൂട്ടിച്ചേർക്കലുകളും ആണെന്നു്, വരുംതലമുറയിൽ തിരിച്ചറിഞ്ഞാലും പൊതുസമൂഹം ‘സത്യം സത്യമല്ലാതെ മറ്റൊന്നുമല്ല’ എന്ന നിഗമനത്തിൽ തുടർന്നും വായിക്കും. ദൃശ്യകലയിലൂടെ ‘കണ്ടു കൺനിറയും’. ഞങ്ങൾ പ്രത്യാശയോടെ മുന്നോട്ടു് !”
“കുരുവംശീയമഹിമ പറഞ്ഞു ദുര്യോധനൻ, അഭയാർത്ഥി പാണ്ഡവർക്കുമേൽ സാംസ്കാരിക അധിനിവേശത്തിനു കിണഞ്ഞു ശ്രമിക്കുന്നു എന്ന യുധിഷ്ഠിര ആരോപണത്തോടെങ്ങനെ നിങ്ങൾ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാഞ്ചാലിയുമായി ഹസ്തിനപുരിയിൽ എത്തിയശേഷം, ഒരന്തിക്കൂര നേടിയെടുക്കാൻ അർദ്ധസാഹോദര്യ രാഷ്ട്രീയത്തിലൂടെ ശ്രമിക്കുന്ന നിസ്സഹായ പാണ്ഡവർ ഹസ്തിനപുരി കൊട്ടാരത്തിൽ പാഞ്ഞുനടക്കുന്ന സംഘർഷദിനങ്ങൾ.
“മൂന്നു് കൗന്തേയർ, രണ്ടു മാദ്രേയർ മൊത്തം അഞ്ചുപാണ്ഡവർ, എന്ന വംശീയ വിഭജനത്തിലൂടെ മാദ്രേയരായ ഞങ്ങൾ രണ്ടുന്യൂനപക്ഷക്കാരെ തരംകിട്ടുമ്പോഴെല്ലാം കീഴ്പ്പെടുത്തുന്നതൊരു നിത്യക്കാഴ്ചയല്ലേ, അപ്പോൾ, പഞ്ചപാണ്ഡവർക്കു മേൽ നൂറ്റുവരായ കൗരവർ കിണഞ്ഞു ശ്രമിക്കുന്ന ഭൂരിപക്ഷ അധിനിവേശ ശ്രമത്തെ അപലപിക്കാൻ ധാർമ്മികതയുടെ മഹാപുരോഹിതനായ യുധിഷ്ഠിരനു് എന്തവകാശം? ചോദിക്കുന്നതു് സാമൂഹ്യനിരീക്ഷകനായ ചാർവാകൻ!”
“പുകയില്ല, തീയില്ല, കോരിക്കളയാൻ അടുപ്പിൽ ചാരമില്ല, ആവശ്യത്തിനും അനാവശ്യത്തിനും അഞ്ചു് മടിയന്മാർക്കു വെട്ടിവിഴുങ്ങാൻ വലിയൊരക്ഷയപാത്രം: ഒരല്ലലുമില്ലാത്ത സുഖജീവിതം നിങ്ങൾക്കു് അല്ലെ?”, വനാന്തര ആശ്രമത്തിലെ പാണ്ഡവഊട്ടുപുര നോക്കി കൊട്ടാരംലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“കൊട്ടാരത്തിൽ സ്വാധീനമുള്ള ആരാധകരുണ്ടു്. അവർ അവൾക്കെത്തിക്കുന്ന പട്ടും പരുത്തിയും, സൗരഭ്യവസ്തുക്കളും, രഹസ്യഭാഷയിൽ പ്രണയലേഖനങ്ങളും!”, മാദ്രീപുത്രനായ സഹദേവൻ മന്ത്രിച്ചു.
“പീഡകകൗരവർക്കെതിരെ ചാരപ്പണിക്കു് ഹസ്തിനപുരി കുതിരപ്പന്തികളിൽ വേഷംമാറി കറങ്ങിയ ഭീമനെ പിടികൂടി കുരുക്കിട്ടു് കൗരവചാരന്മാർ അതാ വിലപേശുന്നു: നീ ഒറ്റക്കു ചെന്നു മുതിർന്നകൗരവർക്കു ലൈംഗിക അടിമയായില്ലെങ്കിൽ ബന്ദിഭീമനെ ‘ധൃതരാഷ്ട്രാലിംഗന’ത്തിനു് വിട്ടുകൊടുക്കുമെന്നു് ഭീഷണി”, യുധിഷ്ഠിരൻ അവശസ്വരത്തിൽ പാഞ്ചാലിയോടു് തൊഴുകൈയോടെ പറഞ്ഞു. വനവാസക്കാലം.
“ഭീമകഴുത്തു കൗരവർ വെട്ടിമാറ്റിയാലും, ഉടലും തലയുമായി അപ്പോഴും നിങ്ങൾ ബാക്കി നാലുപേരില്ലേ. രണ്ടുപേരിൽ കൂടുതൽ ഉണ്ടെങ്കിൽ ‘ആൾക്കൂട്ട’മായി തോന്നുന്ന കുടിലിലെ കിടപ്പറയിൽ, അഞ്ചുപേരിലൊരാൾ എന്നെന്നേക്കുമായി കാണാതായാൽ, അത്രയുംകുറച്ചു ആൾക്കൂട്ടശല്യം ഞാൻ പായിൽ സഹിച്ചാൽ പോരെ?”
“ഇതെന്താ ‘അടിമസ്ത്രീ’യുടെ കണങ്കാലിലൊരു മിന്നുന്ന തങ്കവള? തിരുവസ്ത്രം ‘ഉടയോൻകൗരവർ’ വലിച്ചൂരുമ്പോൾ, ഇതുമാത്രം അഴിച്ചുമാറ്റിയില്ലേ?”, ആറംഗ പാണ്ഡവകുടുംബം വനവാസത്തിനായി തയ്യാറെടുക്കുന്ന സംഘർഷ മുഹൂർത്തം, കുന്തി മട്ടുപ്പാവിൽനിന്നും, പക്ഷേ, നിസ്സംഗതയോടെ നിരീക്ഷിച്ചു.
“കഴുകൻപരിശോധനയിൽ കാണാത്തതൊന്നുമില്ല, രഹസ്യമുറിയിൽ ബലം പ്രയോഗിച്ചു ദുര്യോധനൻ അണിയിക്കുകയായിരുന്നു, ഇതൊക്കെ. എന്തിനു എന്നു എതിർത്തപ്പോൾ, ‘നീ എനിക്കു് അടിമ!’ എന്നവൻ നിയമവശം ചെവിയിൽ മന്ത്രിച്ചു: “ഇന്ദ്രപ്രസ്ഥത്തിൽ വിശിഷ്ടാതിഥികളെ വഴുക്കിവീഴ്ത്തിയ സഭാതലം പണിയാൻ നീ കരാർ ഏൽപ്പിച്ച അസുരശില്പിമയൻ തന്നെയാണു്, പന്ത്രണ്ടുവർഷം നിന്നെ നിരീക്ഷിക്കാൻ തങ്കവള നിർമ്മിച്ചതു്. പുരുഷാധിപത്യത്തിന്റെ ആവേശത്തിൽ ഭാര്യയെ പണയംവച്ച പാണ്ഡവർ തിരിച്ചറിയട്ടെ, ഇതു് മഹാറാണി തന്ന പാരിതോഷികം. ജനം വിചാരിക്കട്ടെ, ഉടുതുണിയൂരൽ പാണ്ഡവ കെട്ടുകഥ” ഞാനിനി അവന്റെ നിരീക്ഷണവലയത്തിലായിരിക്കും. ദൂരെദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂഗർഭഅറയിൽ, നേരിൽ കണ്ട പ്രതീതിആസ്വദിക്കും!”
“പാണ്ഡവർ നഗ്നപാദരാവുമ്പോൾ, പരിത്യാഗിയായി നിങ്ങളും പടിയിറങ്ങുന്നുവോ?, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അവർ പടിയിറങ്ങുന്നതിന്റെ കാര്യം നേരിട്ടു ചോദിക്കണം, എന്റെ ലക്ഷ്യം, അതുവേറെ!”
“വേനൽക്കാല സുഖവാസത്തിനുപയോഗിച്ചിരുന്ന വാരണാവതംകൊട്ടാരം, കുന്തിക്കും കൗന്തേയർക്കും വിട്ടു കൊടുത്തതു് യുവരാജാ ദുര്യോധനന്റെ വിവേചനാധികാരത്തിൽ ആയിരുന്നല്ലോ. എന്നിട്ടും പാണ്ഡവർ, ആ വിശിഷ്ടസൗകര്യം ദുരുപയോഗം ചെയ്തു തീയിട്ടു നശിപ്പിച്ചു എന്നാണു് ഞെട്ടലോടെ പ്രാദേശികഭരണകൂടം മേലധികാരികളെ അറിയിച്ചതു്. അത്താഴം ചോദിച്ചുവന്ന ആറംഗ ആദിവാസി കുടുംബത്തെ കുന്തി, കുടില പദ്ധതിയിൽ ഇരകളാക്കി. കത്തിക്കരിഞ്ഞതു് കുന്തിയും മക്കളുമാണെന്ന തെളിവുമുണ്ടാക്കി. അഗ്നിബാധ വിവാദമായിട്ടും, കുറ്റാന്വേഷണമില്ലാതെ കണ്ടപ്പോൾ ചാർവാകൻ പരാതികൊടുത്തു. അന്വേഷണത്തിനു് മന്ത്രി വിദുരർ ഉത്തരവിടേണ്ടിവന്നു. പ്രതികൾ ഒളിവിൽ എന്ന മറുപടിയോടെ, അന്വേഷണവും നിലച്ചു. രാജദ്രോഹപ്രതികൾ ഒളിവിലായാൽ അഭാവത്തിലും ഹസ്തിനപുരി നീതിസംഹിത വധശിക്ഷ വിധിക്കാമായിരുന്നു എന്നു് നിരീക്ഷിച്ചപ്പോൾ, അവരുടെനേരെ കുരുവംശ ഭരണകൂടം കുതിരകയറുന്നു. കുന്തിക്കു് മാത്രമായുണ്ടോ ശിക്ഷാനിയമത്തിൽ ഇളവു് ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“മുൻരാജാവും മുൻ രാജ്ഞിയും ശിക്ഷയിൽനിന്നും മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കപ്പെടും എന്നു് നിയമസംഹിതയിൽ എഴുതിവച്ചതു, ശന്തനുവല്ലേ? അല്ലെങ്കിൽ, ഭാര്യ ഗംഗ, നവജാത ശിശുഹത്യകളുടെ പേരിൽ പ്രതിയാവുമായിരുന്നില്ലേ? ആ ഇളവു് മുൻമഹാറാണി കുന്തിക്കു് കിട്ടാതിരുന്നാൽ നിങ്ങൾ പറയില്ലേ, കൗരവർ മുൻരാജാവിന്റെ വിധവ കുന്തിയെ, നിയമവിരുദ്ധമായി പീഡിപ്പിക്കുന്നു?”
“ചെവിയിൽ മധുരംപറയുമോ യുധിഷ്ഠിരൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കാപട്യം പെരുമാറ്റച്ചട്ടമാക്കിയവനതൊക്കെയാണോ അസാധ്യം? മറ്റു പാണ്ഡവരെ കുറിച്ചു് തോണ്ടിയും പുണർന്നും എന്നൊടൊരുന്നു കുത്തിക്കുത്തി ചോദിക്കും. പ്രണയസല്ലാപത്തിൽ ഇളമുറ മാദ്രിപുത്രന്മാർക്കു സ്വാഭാവികമികവു കുറവാണു് എന്നു് ഓരോരോ ദുരനുഭവം അപ്പപ്പോൾ നിർമ്മിച്ചു് തലയണയിലൂടെ ചെവിയിൽ മന്ത്രിക്കും. ഇന്ദ്രപ്രസ്ഥം ചക്രവർത്തി എന്നു് നിങ്ങളൊക്കെ പറയുന്ന ആൾ പൂർണ്ണമായി എനിക്കപ്പോൾ വിധേയപ്പെടും.”
“പാഞ്ചാലപുത്രി ദ്രൗപദിയെ മടിയൻ സന്യസ്തരുടെ സൗജന്യശുചീകരണ തൊഴിലാളിയാക്കിയ കൗരവകുടിലതയെ നിങ്ങൾ അപലപിച്ചില്ല എന്നതു് മനസ്സിലാക്കാം, എന്നാൽ തീവ്രാനുരാഗി ഭീമൻ, കൗരവ അനീതിക്കെതിരെ അഭിമുഖത്തിൽ മുറുമുറുത്തില്ല! കൂട്ടിവായിക്കുമ്പോൾ പാണ്ഡവ പ്രതികരണ ശേഷിക്കേടിനെക്കുറിച്ചു വിപൽസന്ദേശം പുറംലോകത്തിനു തരുന്നില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനെ മുട്ടുകുത്തി കൈമുത്തി.
“പൊട്ടിത്തെറിക്കേണ്ട ‘പീഡിത’പാഞ്ചാലി പക്ഷേ, പുഞ്ചിരിച്ചു കൊണ്ടല്ലേ ദുര്യോധന ആജ്ഞ നിത്യവും അനുസരിക്കുന്നതു്? സന്യസ്തൻ കേൾക്കേ മുറുമുറുത്ത ഭീമനെ, തലമൊട്ടയടിച്ചു ഉടയോൻ ദുര്യോധനൻ കഴുതപ്പുറത്തിരുത്തി ശിക്ഷിച്ചതൊക്കെ ഹസ്തിനപുരിയിൽനിന്നു് വല്ലപ്പോഴും ഈ കാട്ടുമുക്കിൽ വരുന്ന നിങ്ങൾ നഗരവാസികൾ എങ്ങനെ അറിയാനാണു് അല്ലെ?”, താടിക്കുകൈവച്ചു മിണ്ടാതിരുന്ന ജ്യേഷ്ഠനു് പകരം, നകുലൻ ഇടപെട്ടു പരിഭ്രമത്തിൽ ചുറ്റും നോക്കി.
“തിരുവസ്ത്രധാരി മഹാരാജാവു് പരീക്ഷിത്ത് നിങ്ങളെ കണ്ടില്ലെന്ന മട്ടിൽ കടന്നുപോയല്ലോ”, ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനം ആലോചിക്കുന്ന നേരം.
“പരീക്ഷിത്ത്? അർജ്ജുനന്റെ കൊച്ചുമകൻ! തലമുറ വിടവില്ലാത്ത സൗഹൃദകാലം, കൗരവപാണ്ഡവ യുദ്ധം എന്നൊക്കെ പറഞ്ഞു കായികബലവും ഞങ്ങൾ പരീക്ഷിക്കും. മട്ടുപ്പാവിൽ ശീതകാല വെയിൽ കൊണ്ടു് കൗതുകപ്പെട്ടിരിക്കുമ്പോൾ, പരീക്ഷിത്തിന്റെ അമ്മയും വിരാടരാജകുമാരിയുമായ ഉത്തര പ്രത്യക്ഷപ്പെട്ടു് വിരൽചൂണ്ടി വികാരഭരിതയായി, “എന്റെ അമ്മാവൻ കീചകനെ രാത്രി ചതിയിൽ ഞെക്കിക്കൊന്ന പോലെ പാവം കുഞ്ഞിനെ പീഡിപ്പിക്കരുതേ? നിങ്ങളുടെയൊക്കെ ജീവൻ രക്ഷിക്കാൻ ചക്രവ്യൂഹത്തിൽ സ്വജീവൻ ബലികൊടുത്ത അഭിമന്യുവിന്റെ ഏകമകനാണവൻ.” അതിനുശേഷം പരീക്ഷിത്ത് എനിക്കു് അക്ഷമനായ ഒരു കിരീടാവകാശി മാത്രമായി”. ‘ഭീമ’ശരീരം ശോഷിച്ചിരുന്നു. വിഷാദഭരിതമായ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു, പശ്ചാത്താപം പോലെ മൃദുവായിരുന്നു.
“കൗരവരെല്ലാം കുരുക്ഷേത്രയിൽ കാലംചെന്നശേഷം നിലവിൽവന്ന പുതുപാണ്ഡവഭരണകൂടത്തിലെ അരമനഊട്ടുപുര അന്നമൊടുങ്ങാത്ത ‘പെരിയ’ അക്ഷയപാത്രമല്ലേ? പാവപ്പെട്ടവനു കിട്ടേണ്ട സൗജന്യധാന്യം വരിനിന്നു വാങ്ങുകയോ മഹാറാണി?”. കൊട്ടാരം ലേഖിക ചോദിച്ചു. ശിരസ്സും മുഖവും മറച്ച പാഞ്ചാലി ധാന്യവിതരണകേന്ദ്രത്തിനു മുമ്പിൽ തിരിച്ചറിയപ്പെടാതെ ക്ഷമയോടെ കാത്തുനിൽക്കുന്ന മദ്ധ്യാഹ്നം.
“പദവി ഹസ്തിനപുരി റാണിയാണെങ്കിലും, വിധി കുരുക്ഷേത്ര വിധവയാണെങ്കിലും, സൗജന്യങ്ങൾക്കു യോഗ്യത ലഭിക്കുന്ന പൗരാവകാശം പൊതുവല്ലേ?”
“സ്വതന്ത്രയായി കാട്ടിൽ നടക്കുമ്പോൾ, ‘പൊന്മാൻ’ പ്രലോഭിപ്പിക്കുന്നപോലെ തോന്നാറുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം. കാട്ടരുവികളുടെ ഇരമ്പൽ ഒഴികെ നിശബ്ദമായ താഴ്‌വര.
“ഏതുനിമിഷവും ‘ഉരുൾപൊട്ടു’മെന്നു ‘ധീരോദാത്ത’ന്മാർ മാറിമാറി ‘ലക്ഷ്മണരേഖ’വരക്കുമ്പോഴോ?”
“അമ്മാ, ഈ ‘യോദ്ധാവു്’ എന്തുകൊണ്ടു് എന്റെ അച്ഛനായില്ല? വൃദ്ധനും രോഗിയുമായ ശന്തനു എന്തിനു അച്ഛനായി”, അമ്മയെക്കാൾ പ്രായംകുറഞ്ഞ ‘ദേവവ്രതൻ’ എന്ന ഭീഷ്മരേയും, അമ്മയുടെ അച്ഛനെക്കാൾ പ്രായമുള്ള മഹാരാജാവു് ശന്തനുവിനെയും മാറി മാറി ചൂണ്ടിക്കാട്ടി, കിരീടാവകാശി വിചിത്രവീര്യൻ, മഹാറാണി സത്യവതിയോടു ചോദിച്ചു, ഹസ്തിനപുരി അരമനയിൽ ഭീഷ്മർ ദീർഘയാത്രക്കു് തയ്യാറെടുക്കുന്ന സമയം.
“കൊച്ചുകുട്ടിയാണെങ്കിലും ഇപ്പോഴേ വ്യക്തമായില്ലേ മകനെ, എത്രമാത്രം സ്ത്രീവിരുദ്ധരാണു് ഞങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന അതീതശക്തികൾ? നിന്റെ പ്രശംസകേട്ടു് സുന്ദരയോദ്ധാവു് ഭീഷ്മർ പ്രസാദിച്ച പോലെ. നിനക്കവൻ സുന്ദരിക്കുട്ടികളെ സ്വയംവരത്തിൽ ബലംപ്രയോഗിച്ചും തട്ടിയെടുത്തുവരും.” ചെറുപ്പത്തിലേ ക്ഷയരോഗിയായ വിചിത്രവീര്യനെ, അമ്മ മഹാറാണി സത്യവതി, ആശ്വസിപ്പിച്ചു. കാശിരാജ്യത്തിലേക്കു കിരീടാവകാശിക്കു വേണ്ടി സ്വയംവര വധുവിനെത്തേടി ഇറങ്ങിത്തിരിക്കുകയായിരുന്നു സായുധ ഭീഷ്മർ.
“വഴിയമ്പലങ്ങളിൽ അന്തിയുറങ്ങാൻ മെനക്കെടാതെ, വലിഞ്ഞുനടന്നുവോ വനാന്തരത്തിലേക്കു?”, കൊട്ടാരം ലേഖിക ചോദിച്ചു. കാട്ടുകുടിലിൽ ചുരുണ്ടുകൂടി, ധൃതരാഷ്ട്രർ ഗാന്ധാരി കുന്തി വിദുരർ.
“വൃദ്ധസദനത്തിലേക്കു ഗ്രാമത്തലവൻ കൊണ്ടുപോയി. തിരിച്ചറിഞ്ഞില്ലെന്ന വിശ്വാസത്തിൽ ഉറങ്ങാൻ കിടന്നു. പാതിരാകഴിഞ്ഞപ്പോൾ, ‘പരികർമ്മി’ വിളിച്ചുണർത്തി. “മരണാസന്നരായന്തേവാസികൾക്കു് കൂട്ടിരിക്കാമോ?,” മറുത്തൊരുത്തരം പ്രതീക്ഷിക്കാത്തവിധം ചോദിച്ചപ്പോൾ സമ്മതിച്ചു. മരണവെപ്രാളത്തിലായിരുന്ന കിടപ്പുരോഗികൾ ഭീതിതപോർക്കളദൃശ്യങ്ങൾ സങ്കൽപ്പിച്ചുറക്കെ നിലവിളിക്കും, “യുവാക്കളായ മക്കളെ ദുര്യോധനൻ നിർബന്ധിത സൈനികസേവനത്തിൽ ഇരയാക്കുന്നു”. കൂട്ടിരുന്നു. ‘കഴിഞ്ഞെ’ന്നുറപ്പു തോന്നിയപ്പോൾ, കാട്ടുവഴിയിലേക്കു കയറി. കൂടുതലൊന്നും ചോദിക്കരുതേ, സംഭവബഹുലമായ ജീവിതത്തിൽ എതിർപാർത്തതല്ല”, സചിവോത്തമൻ ആയി പ്രകീർത്തിക്കപ്പെട്ട വിദുരർ കിതച്ചും ഭയന്നും, കൊട്ടാരം ലേഖികയെ നോക്കി അപരിചിതഭാവത്തിൽ കൈകൂപ്പി.
“ഉറങ്ങിക്കിടക്കുന്ന അഞ്ചു കൗമാരപോരാളികളെ ഒരുപ്രകോപനവും ഇല്ലാതെ അവരുടെ കഴുത്തിൽചവുട്ടി നിങ്ങൾകൊന്നു? ഒരാളെ ചവിട്ടുമ്പോൾ അടുത്തു് കിടന്ന മറ്റുനാലുപേർ ബഹളം കേട്ടു് ഉണർന്നില്ലേ?”, അവസാനത്തെ ‘കൗരവ സർവസൈന്യാധിപതി’ എന്ന നാമമാത്രപദവിയുണ്ടായിരുന്ന അശ്വത്ഥമാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മഹാരോഗിയായി, ഗ്രാമാന്തരങ്ങളിൽ രാവുപകൽ അലയുന്ന ആ ‘ചിരഞ്ജീവി’യെ കണ്ടെത്താൻ പാടുപെടേണ്ടി വന്നു.
“ദ്രോണപുത്രനായ എനിക്കു് അഞ്ചുപേരെ അറുകൊലചെയ്യാൻ ആൾസഹായം വേണോ? പാണ്ഡവരെപോലെ ഭീരുക്കൾ അഞ്ചുപുത്രന്മാരും! എന്റെ രാത്രിജോലി എളുപ്പമാക്കി. ആദ്യം കൂടാരത്തിൽ കണ്ടവനെ കഴുത്തിൽചവിട്ടിയപ്പോൾ (ആയുധം കൊണ്ടു് കഴുത്തറത്തു് കൊന്നാൽ സ്വർഗ്ഗരാജ്യപ്രവേശനം എളുപ്പമാവും) മറ്റു നാലു് പേരും ഉണർന്നു കാര്യം മനസ്സിലാക്കി ചുരുണ്ടുകിടന്നുറക്കം നടിച്ചു. ഒരാളെ കൊന്നക്ഷീണത്തിൽ ഞാൻ സ്ഥലം വിടുമെന്നൊ മറ്റോ കരുതിയ അഞ്ചുപേരെയും ‘ആസ്വദിച്ചു’ കൊന്നു! എങ്ങനെ തുടങ്ങിയ ഐതിഹാസികയുദ്ധമായിരുന്നു! മരിച്ചതു് പാണ്ഡവരല്ല പാഞ്ചാലിയുടെ മക്കളായിരുന്നു എന്നൊക്കെ അറിയുന്നതു് ‘ശാപം’ ചെവിയിൽ വീണപ്പോൾ.”
“നിലവിളിച്ചു എന്തിനാണു് ആട്ടിൻകുട്ടികൾക്കു് ഇലതിന്നാൻ കൊടുക്കുന്നതു്?”, കൊട്ടാരം ലേഖിക നഗരാതിർത്തിയിലെ ഗ്രാമത്തെരുവിൽ, കർഷകകുടിലിനു മുമ്പിൽ കൂട്ടം കൂടിനിന്ന സ്ത്രീകളോടു് നീരസം മറയ്ക്കാതെ ചോദിച്ചു.
“തിന്നുകൊഴുത്ത ഈ അഞ്ചു ആട്ടിൻകുട്ടികളെ കൊട്ടാരം ഊട്ടുപുരയിൽ അതിരാവിലെ ഞങ്ങൾ നേരിട്ടു് എത്തിക്കണം. അഞ്ചുപാണ്ഡവ‘പോക്കിരികൾ’ എണീറ്റു് വന്ന ഉടൻ, ഞങ്ങൾ വേണമത്രേ, പ്രിയവളർത്തുമൃഗങ്ങളുടെ കഴുത്തറത്തു് കൊടുക്കാൻ! തീപാറുന്ന അക്ഷമയിൽ കാത്തുനില്ക്കും ചുടുചോരമോന്താൻ.”
“ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ അന്തഃപുരത്തിൽ നിന്നും പാതിരാ മിന്നലാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജവിധവകളുടെ പുനരധിവാസത്തെക്കുറിച്ചു മഹാരാജാ യുധിഷ്ഠിരന്റെ ‘കരുണരസം കര കവിയു’മ്പോൾ, പിന്നിൽ അക്ഷോഭ്യനായി നിൽക്കുന്ന സായുധപാണ്ഡവൻ നകുലനെ സമ്മതിക്കണം! ഒരാൾക്കെങ്ങനെ അനീതിയോടു് സന്ധിയിലെത്താൻ സാധിക്കുന്നു!”
‘ഹസ്തിനപുരി പത്രിക’യുടെ ഇന്നത്തെ ചുവരെഴുത്തു പതിപ്പിൽ ചാർവാകൻ “സംഗതി കഷ്ടമാണല്ലോ! മുമ്പിൽ വരിയായി നില്ക്കുന്ന ഈപാണ്ഡവരെ നോക്കി നിങ്ങൾ അഞ്ചു പാഞ്ചാലീപുത്രന്മാർക്കു കൃത്യമായി പറയാൻ ആവില്ലേ, ആരാരുടെ മകൻ?”, കൊട്ടാരം ലേഖികയുടെ പ്രകോപനപരമായ ചോദ്യം കുരുക്ഷേത്ര പാളയത്തിൽ വച്ചായിരുന്നു. യുദ്ധം തുടങ്ങുന്നതിന്റെ തലേന്നു്.
“പാണ്ഡവർ ബീജദാതാക്കൾ ആണെന്നതു് സാക്ഷിമൊഴി, അഥവാ കേട്ടുകേൾവി. മുഖംനോക്കി ആരുടെബീജം എന്നു് ചോദിക്കാൻമാത്രം സാമുദ്രികം വശമില്ലാത്തതു് കൊണ്ടു്, ഞങ്ങൾ കഴിഞ്ഞ വാവു് ബലിക്കു് കൂട്ടായ തീരുമാനം എടുത്തു. മഹാഭാരതയുദ്ധത്തിൽ പാണ്ഡവർ കൊല്ലപ്പെട്ടാൽ, ഞങ്ങൾ അഞ്ചുമക്കളും ദക്ഷിണാപഥത്തിലെ നിളാതീരബലിത്തറയിൽ അർപ്പിക്കുക ‘ഒരൊറ്റ പിണ്ഡം’ ആയിരിക്കും”, പോറ്റിവളർത്താൻ അഞ്ചു ശിശുക്കളെയും പാഞ്ചാലി പിതൃഗൃഹത്തിലേക്കയച്ചശേഷം, അമ്മയുടെ അഭിമാനം സംരക്ഷിക്കാൻ ആദ്യമായി സന്ദർശിക്കുകയായിരുന്നു കുരുക്ഷേത്രയിൽ യുവയോദ്ധാക്കൾ.
“യുവ അവിവാഹിതകീചകൻ, പാഞ്ചാലിയോടു് ഏകപക്ഷീയമായി പ്രണയാഭ്യർത്ഥന ചെയ്തു എന്ന അപവാദം തർക്കത്തിനു് സമ്മതിച്ചാലും, പാതിരാ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തി കഴുത്തുഞെരിച്ചവനെ കൊലപ്പെടുത്താൻമാത്രം ധാർമ്മിക അപരാധമാണോ അവനിൽക്കണ്ടതു്? നഗ്നഅരക്കെട്ടിൽ, ‘വൃത്തികെട്ട കൈ’വച്ചു ദ്രൗപദിയെ വിവസ്ത്രയാക്കിയ ദുശ്ശാസനൻപോലും പോറലേൽക്കാതെ ചൂതാട്ടസഭയിൽ, വെല്ലുവിളി നേരിട്ട ഭൂതകാലം നിങ്ങൾക്കുണ്ടു്!”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“സൈരന്ധ്രിയെന്നവിടെ അറിയപ്പെട്ട പാഞ്ചാലി, മദ്യവുമായി റാണിസുദേഷ്ണയുടെ ‘അനുഗ്രഹാശിസ്സു’കളോടെ, കീചക വസതിയിൽ ആസ്വാദനക്കൂട്ടു് കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ, യുവസൈനിക മേധാവിയിൽ രഹസ്യമായി കാമനകാണുന്ന അവൾക്കും, അവൾക്കുമേൽ അമിതാധികാരം പ്രയോഗിക്കുന്ന അവനും നേരെ ഈ കൈത്തരിച്ചു. അരമന ഊട്ടുപുരയിൽ കാളക്കുട്ടന്മാരെ മാംസപാചകം ചെയ്യുന്ന എന്നെ കരുവാക്കി, വിരാടരാജാവു്, അധികാരഭീഷണി നേരിടാൻ നെയ്ത വധമായിരുന്നു അതെന്നു തിരിച്ചറിയാൻ വൈകി. നൃത്തമണ്ഡപത്തിലെ രഹസ്യമുറിയിൽ കാത്തുകിടക്കുന്നതു പാഞ്ചാലിയെന്ന മോഹത്തിൽ സുഗന്ധം പുരട്ടിയതുകൊണ്ടു്, കീചകവധം രസകരമായി എന്നുമാത്രം ഈ ‘കൊലപ്പുള്ളി’, ഇപ്പോൾ ഓർക്കട്ടെ. ധാർമ്മികനിയമവ്യവസ്ഥ പാലിക്കാനല്ലല്ലോ ഞങ്ങൾ ആകാശചാരികളുടെ മക്കളായി ഭൂമിയിൽ താരോദയം ചെയ്തതു്. സാദാമനുഷ്യരായി ഈ വിധം ചോദ്യം ചെയ്യരുതു്!”
“തണൽവീണ ആൽമരച്ചുവട്ടിലിരുന്നു ചിലർ കയർക്കുന്നതു കാണാം. അതും നൈപുണ്യവികസനത്തിന്റെ ഭാഗമാണോ?” കൊട്ടാരം ലേഖിക ചോദിച്ചു.
“കള്ളച്ചൂതിൽ ഭർത്താക്കന്മാരാൽ കബളിക്കപ്പെട്ട പാഞ്ചാലി ഞങ്ങളുടെ വിനോദ ചൂതാട്ടം ബഹിഷ്കരിക്കുമ്പോൾ, വിരൽ ചൂണ്ടി ആണുങ്ങൾ പരസ്പരം പഴിചാരും, നിന്നെയാണു് നിന്നെ മാത്രമാണു് പാഞ്ചാലിയിന്നു കോപത്താൽ ഉന്നംവച്ചതു. മറ്റുമൂന്നുപേരപ്പോൾ ‘അല്ല, നിന്നെ നിന്നെ’ എന്നു് ‘വിറയലോടെ’ തിരിച്ചു ഒച്ചവക്കും. എനിക്കു് പ്രശ്നമില്ല? ഞാൻ ഇടയ്ക്കിടെ മറ്റു ഭർത്താക്കന്മർ അറിയാതെ കിടപ്പറയിൽ അവളുമായി തലയിണ പങ്കിടുന്നനേരത്തു കല്യാണസൗഗന്ധികം കാഴ്ച വെക്കും!”, ഭീമശബ്ദത്തിൽ, കുഞ്ഞിന്റേതു പോലെ കൊഞ്ചൽ കലർന്നു. കുറച്ചകലെ, അലയടിക്കുന്ന മിഴികളുമായി പാഞ്ചാലി ചെവിയോർത്തു.
“ പരാതിപറയുന്നല്ലോ? എന്താണവളുടെ യഥാർത്ഥ പ്രശ്നം!”, ക്രമംതെറ്റിക്കാതെ അഞ്ചാമത്തെ കുഞ്ഞിനെയും വളർത്താൻ, പാഞ്ചാലയിൽ ഏൽപ്പിച്ചു, തിരിച്ചെത്തിയ ‘ചക്രവർത്തിനി’യുടെ പുതിയ അഭിമുഖം ‘ഹസ്തിനപുരി പത്രിക’ ചുവരെഴുത്തു പതിപ്പിൽ വായിച്ച ചാർവാകൻ, കൊട്ടാരംലേഖികയോടു് ചോദിച്ചു. കച്ചവട ത്തെരുവിൽ മുല്ലപ്പൂസന്ധ്യ.
“നാലുപേരെ പാരിതോഷികമായി, അർജ്ജുനനുമൊപ്പം, പായക്കൂട്ടിനു കിട്ടിയപ്പോൾ, പാഞ്ചാലിയതൊരു ‘പരാതി’യായി തുറന്നുപറഞ്ഞതു് കുന്തിക്കെതിരെ! അഞ്ചുകുഞ്ഞുങ്ങളെ പിന്നീടു് പ്രസവിച്ചു കഴിഞ്ഞപ്പോഴേക്കും തിരിച്ചറിവുണ്ടായി, നാമമാത്ര ചക്രവർത്തിനീപദവി കൊടുത്തു അവളുടെ ചിറകു രണ്ടും പാണ്ഡവർ, അതാ മുറിച്ചിട്ടിരിക്കുന്നു!”
“പാഞ്ചാലിയെ പൂകൊടുത്തു ആദരിക്കുന്നതു്, കൗരവരുടെ അന്തസ്സിനു യോജിച്ചതല്ലെന്നും, തേൻകെണിയിൽ വീഴുമെന്നോർമ്മിക്കണമെന്നും ‘ഗാന്ധാരഭൂപതി’ സഹോദരീ പുത്രന്മാരെ ഉപദേശിച്ചെന്നു കേട്ടല്ലോ. നവവധു പാഞ്ചാലി ഇത്രക്ഷണം ധീരകൗരവരെ പേടിപ്പിക്കുന്നൊരു ‘യക്ഷിസാന്നിധ്യ’മായോ?” കൊട്ടാരം ലേഖിക കൗരവനോടു് ചോദിച്ചു. പാഞ്ചാലിയും പാണ്ഡവരും സ്വന്തമെന്നു പറയാൻ ഒരിടമില്ലാതെ ദുര്യോധനന്റെ ഔദാര്യത്തിൽ അതിഥിമന്ദിരത്തിൽ കഴിയുന്ന സംഘർഷദിനങ്ങൾ.
“ആദ്യം പാഞ്ചാലിയുടെ കേശാദിപാദ ഉടൽ വർണ്ണിക്കാൻ ആവശ്യപ്പെട്ടു, ചെറുപ്പമല്ലേ ഉള്ളിൽ ഉള്ളതു് ആരാധനയെന്നറിഞ്ഞപ്പോൾ, ഭീഷണിപ്പെടുത്താൻ തുനിഞ്ഞു. രാജകീയ വസതി അനുവദിച്ചുകിട്ടാൻ ശ്രമിക്കുന്ന പാഞ്ചാലി, തിരിച്ചു മാന്ത്രിക കണ്ണാടി തരാമെന്നു പറയും ഉടലവസരങ്ങൾ പ്രദർശിപ്പിക്കുക വഴി, പ്രലോഭിപ്പിക്കും. തേൻകെണിയിൽ ഞങ്ങൾ വീണാൽ, മുതിർന്ന കൗരവരുമായി അവൾ വിലപേശും. ഗാന്ധാരിയുടെ സഹോദരൻ കൂടിയായ കുടിലഭൂപതിക്കു ഞങ്ങളിൽ നിയന്ത്രണമുണ്ടെന്നാണു് അരമനവൃത്താന്തം. അവളിൽ ഭ്രമിച്ച ഞങ്ങൾക്കുണ്ടോ അരക്കഴഞ്ചു അരക്ഷിതാവസ്ഥ! പൂക്കൾ കൈമാറി ഞങ്ങൾ കാൽക്കൽതൊട്ടു എഴുന്നേൽക്കുമ്പോൾ, അവൾ ഉപചാര ആലിംഗനത്താൽ കോരിത്തരിപ്പിക്കുന്നതു എങ്ങനെ ഗാന്ധാരഭൂപതിയെ മുഖത്തോടു മുഖം അറിയിക്കും. ‘കെണി’യിൽ വീണാലും അതൊരു ദർശന, സ്പർശന സായൂജ്യം എന്ന നിലയിൽ വിശ്വപ്രകൃതിക്കപ്പോൾ ഞങ്ങൾ മുട്ടുകുത്തി നന്ദിചൊല്ലും.”
“കുന്തിയും ഗാന്ധാരിയും വനവാസത്തിനു പോവുമ്പോൾ നിങ്ങൾ കുന്തിയോടെന്തോ മാറിനിന്നു മന്ത്രിക്കുന്നതു് കണ്ടല്ലോ വിഷാദത്തോടെ കുന്തി തലകുനിച്ചു പടിയിറങ്ങുന്നതും ഞങ്ങൾ കണ്ടു. എന്തായിരുന്നു കാര്യം?” കൊട്ടാര ലേഖിക പാഞ്ചാലിയോടു് ചോദിച്ചു പാണ്ഡവ ഭരണകാലം.
“അങ്ങനെ കുന്തിയെ ‘വല്ലാതെ’ വിഷാദത്തിലാക്കുന്ന വല്ലതും, പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്ന ഞാൻ പുറത്തു പറയുമോ? യാത്രാമംഗളം നേർന്നു പിരിയും മുമ്പൊരു ചെറിയ അപേക്ഷ മുന്നോട്ടുവച്ചു, സ്വന്തം ജീവനൊടുക്കാനുള്ള സമയമായെന്നു് കരുതുമ്പോൾ മക്കളുടെ ജന്മനാളുകളിൽ ജീവനൊടുക്കരുതു് എന്നുഞാൻ മൃദുവായി ഓർമ്മിപ്പിച്ചു ആണ്ടുബലിയിടാനുള്ള ദിവസം തന്നെയാവില്ലേ അപ്പോൾ ആഘോഷിക്കാനുള്ള പിറന്ന നാളും. കാര്യം കൃത്യമായി അംഗീകരിച്ച കുന്തിക്കൊരു സങ്കടം മാത്രമേ കണ്ടുള്ളു: പാണ്ഡവരുടെ മാതാവായ ഞാൻ കുന്തി എന്തുകൊണ്ടു് നേരത്തേ ഊഹിച്ചില്ല പാഞ്ചാലി മുന്നോട്ടുവച്ച നിർദേശം!”
“പാണ്ഡവസഖ്യകക്ഷി ആവേണ്ട മദ്ര രാജവു് (എന്നെന്നും പരേത മാദ്രിയുടെ ഓർമ്മ നമുക്കു് പവിത്രം) ദുര്യോധനനുമായി അവിശുദ്ധകൂട്ടു ചേർന്നു, കർണ്ണന്റെ തേരാളിയായല്ലോ. എങ്ങനെ നേരിടും ‘അപശകുനം’?”, കൊട്ടാരം ലേഖിക പാണ്ഡവ സൈന്യത്തിന്റെ നേതാവും, പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു. കുരുക്ഷേത്ര ‘താര’യുദ്ധം അർജ്ജുനനും കർണ്ണനും തമ്മിലെന്നു് യുദ്ധ നിര്വഹണസമിതി അധ്യക്ഷൻ വെളിപ്പെടുത്തിയ നേരം.
“നകുലനും സഹദേവനും ഞാനും പ്രഭാതഭക്ഷണം കഴിച്ചതു് ഒപ്പംമാണല്ലോ, ഒരു അസ്വാരസ്യവും പുകയുന്നതായി ഞങ്ങളാരും അപ്പോൾ കണ്ടില്ല. ചാഞ്ചാട്ടം എന്നൊക്കെ മദ്രചക്രവർത്തിയുടെ നിലപാടിനെ കാണാനും ഞാൻ തയ്യാറല്ല. സഹോദരി മാദ്രിയോടു് വാത്സല്യവും, മാദ്രേയരായ നകുലസഹദേവനു നേരെ ഉത്തരവാദിത്വബോധവും ഉള്ള മാതൃസഹോദരൻ മദ്രചക്രവർത്തിയെ, തെറ്റിദ്ധാരണയുടെ പേരിൽ ദുര്യോധനൻ തട്ടിയെടുത്തു എന്നതായിരിക്കും കൂറു മാറ്റത്തിൽ കാര്യം. നയതന്ത്രത്തേക്കാൾ ആശ്രയിക്കുക മാരകായുധത്തെ! മദ്രഹൃദയം വെട്ടിപ്പൊളിക്കാൻ ഉതകുന്ന വേലുമായി രംഗത്തിറങ്ങുക സാക്ഷാൽ ധർമ്മപുത്രർ! ഇനി ഗോപുരനടയിൽ പോയി, കർണ്ണ അർജുന ഐതിഹാസിക പോരാട്ടം കൺകുളിരെ നിങ്ങൾ കാണൂ!”
“പരമാധികാരമുള്ള രാജാവല്ലേ? ദൈവദാനമായ മനുഷ്യജീവിതത്തിനുള്ള അവകാശം അനിഷേധ്യമായ ഒന്നാണെന്നും, അതിനെ ഇല്ലാതാക്കി നവജാത ശിശുക്കളുടെ ഹത്യക്കായി പുഴകളെ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും, സാമാന്യമായെങ്കിലും അറിയേണ്ടതല്ലേ. ഏഴു കുഞ്ഞുങ്ങളെ പുഴയൊഴുക്കിൽ മുക്കിക്കൊന്ന ക്രൂര എന്നു് സ്ത്രീസമൂഹം ശപിക്കുന്ന ഗംഗയെ, ‘വത്സലമാതാ പുരസ്കാരം’ കൊടുത്തു ആദരിക്കുന്നതിൽ നീതിയുടെ നിഷേധം തോന്നിയില്ലേ?”, കൊട്ടാരം ലേഖിക മഹാരാജാവു് ശന്തനുവിനോടു് ചോദിച്ചു.
“കരാർ അനുസരിച്ചു ഭാര്യചെയ്യുന്നതൊന്നും തടയാനോ വിമർശിക്കാനോ പാടില്ല എന്ന നിബന്ധന അക്ഷരംപ്രതി പാലിച്ചു എന്നല്ലേ ഉള്ളൂ. ആദ്യ ഏഴു പ്രസവങ്ങളിലെ ശിശുക്കളെ പുഴയിൽഒഴുക്കി എന്നതു് ചോദ്യംചെയ്യാൻ അധികാരം ഉണ്ടായിരുന്നില്ല. എട്ടാമത്തെ കുഞ്ഞിനെ ഒഴുക്കുമ്പോൾ ‘അരുതേ’ എന്നാക്രോശിക്കാൻ എന്നിലെ വൃദ്ധഭർത്താവു മുതിർന്നു. കരാർ ലംഘനത്തെക്കാൾ പിന്തുടർച്ചക്കൊരു കിരീടാവകാശിവേണം എന്ന യാഥാർഥ്യബോധമായിരുന്നു. അതുകൊണ്ടെന്താ പ്രശ്നം?, ദേവവ്രതൻ എന്നൊരുത്തമ ദേവസന്തതിയെ യുവരാജാവായി അഭിഷിക്തനാക്കാൻ അവസരവുമായി. കുത്തിക്കുത്തി അരമനപ്പേറ്റുവിവരങ്ങൾ ഇനിയും ചോദിക്കാതെ, പുണ്യനദികളായ യമുനയും ഗംഗയും ഒഴുകുന്ന ഈ ഹരിതഭൂമി ഹസ്തിനപുരിയുടെ, പെരുമ നില നിർത്തൂ, പ്രിയ കൊച്ചനുജത്തീ! അല്ലെങ്കിൽ രാജാവിന്റെ പരമാധികാരം ഉണരും, ഗംഗയിൽ ഒരു ഉടൽ ഒഴുകും.”
“അടിമപ്പെൺപദവി നൽകി ഔദ്യോഗികമായി ‘കുടില’കൗരവർ പാഞ്ചാലിയെ ഇന്നലെ രാത്രി ചൂതാട്ടസഭയിൽ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം ലംഘിച്ചു അപമാനിക്കുമ്പോൾ, സത്യസന്ധനെന്നു് പേരെടുത്ത നിങ്ങൾ അക്ഷോഭ്യനായിരുന്നു എന്നാണോർമ. എങ്ങനെ നേടി, പരീക്ഷണഘട്ടത്തിലും പതറാതെ നിങ്ങൾ നിലനിർത്തിയ മനോനിയന്ത്രണം? “ചൂതാട്ടഭ്രമക്കാരായ ഞങ്ങളഞ്ചുപേരെ നിങ്ങൾ പച്ചക്കു കത്തിക്കുവിൻ, നിഷ്കളങ്കപാഞ്ചാലിയെ വെറുതെ വിടൂ,” എന്നൊക്കെ വൈകാരികമാവേണ്ട രംഗമായിരുന്നില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ഇന്ദ്രപ്രസ്ഥത്തിൽ ചക്രവർത്തിപദവി വഹിക്കുന്ന കാലം. ശ്വാസ കോശരോഗം ബാധിച്ചു അവശനായി കുറച്ചുനാൾ കിടപ്പിലായപ്പോൾ, പാഞ്ചാലി, ഇളമുറപാണ്ഡവരുമായി ഒത്തു കളിച്ചു, വൈദ്യസഹായം എത്തിക്കാതെ ദിവസങ്ങളോളം കളിപ്പിച്ചു എന്ന ഓർമ ചൂതാട്ടസഭയിൽ സ്വാധീനിച്ചുവോ?”, ദിക്കറിയാത്ത മട്ടിൽ വനവാസയാത്രക്കിറങ്ങിയ യുധിഷ്ഠിരൻ, വടക്കോട്ടു കാൽവെക്കുന്നതിനു പകരം, തെക്കോട്ടു നീങ്ങി. പാഞ്ചാലി അയാളെ അപരിചിതഭാവത്തിൽ അവഗണിച്ചു.
“ആളോഹരി അനുപാതത്തിൽകവിഞ്ഞ അളവിൽ പാഞ്ചാലി നിങ്ങളഞ്ചുപേരിൽ ആരെയോ രഹസ്യമായി പരിലാളിക്കുന്നുണ്ടു് എന്ന ദുസ്സംശയം നിങ്ങളിൽ ആദ്യമുയർത്തിയതാരായിരുന്നു?”, കൊട്ടാരം ലേഖിക മാദ്രീപുത്രനായ നകുലനോടു് ചോദിച്ചു.
“അഞ്ചുപേരും ദുരാരോപണനിർമ്മിതിയുടെ ആസ്ഥാന കലാകാരന്മാർ എന്നോർക്ക നീ! ഒരു പണത്തൂക്കമെങ്കിലും മറ്റു നാലുപേരേക്കാൾ പ്രണയപരിഗണനക്കായി ഒറ്റക്കൊറ്റയ്ക്കും കുറുമുന്നണിയുണ്ടാക്കിയും ഞങ്ങൾ നിർലജ്ജം പരസ്പരം ഒറ്റുകൊടുത്തു എന്നതല്ലേ ബഹുഭർത്തൃത്വത്തിലെ കിടപ്പറ യാഥാർഥ്യം? ആ നിലക്കു് നോക്കിയാൽ പാഞ്ചാലിയുടെ ഉടലടിമകൾ ഞങ്ങൾ, ആറടി ഉയരമുള്ള ഈ ദേവസന്തതികൾ!!”
“പോരാട്ടവിജയം നോക്കിയല്ല, പാടുപെട്ടു് ദ്രോണരിൽ നിന്നും നേടിയ സൈനിക വിദ്യാഭ്യാസത്തിന്റെ പേരിലായിരിക്കും നിങ്ങൾ നാളെ വിശ്വമെങ്ങും പ്രകീർത്തിക്കപ്പെടുക എന്നു് ചാർവാകൻ പ്രവചിക്കുന്നല്ലോ”, അംഗപരിമിതനായ നിഷാദയുവാവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“വിദൂരപഠനത്തിലൂടെ നേടിയ ആയുധാഭ്യാസം ‘അരങ്ങേറ്റം’ നടത്തി ഗുണം പരീക്ഷിക്കാതെ, സംശയാസ്പദധൃതിയിൽ ഗുരുദക്ഷിണ ചോദിച്ച ആ വൃദ്ധബ്രാഹ്മണനു് സ്തുതി! നഷ്ടപ്പെടാൻ ഒരു തള്ളവിരൽ മാത്രം. നേടിയതോ? കുടിലഗുരുവിന്റെ സാധുഇര എന്ന സാർവ്വർത്രിക ബഹുമതി!”
“അർജ്ജുനന്റെ സ്വർഗ്ഗരാജ്യസന്ദർശനം കെട്ടുകഥയെന്നു സംശയിക്കുന്ന പാഞ്ചാലിയുടെ മൗനമാണു് മുറിപ്പാടിനെക്കാൾ നോവിക്കുന്നതും.”
“കണ്ണിനുതാഴെ കങ്ങിയ ചോര?”, അർജ്ജുനനെചൂണ്ടി കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“ഇന്ദ്രവെപ്പാട്ടിയെന്നറിയപ്പെടുന്ന ഉർവശിയുമായി അവിഹിതബന്ധം സ്ഥാപിച്ചു എന്ന ദുരാരോപണം നേരിടുന്നതിനിടെ, ആരൊക്കെയോ മർദിച്ചവശനാക്കി ഭൂമിയിലേക്കു് തള്ളിയിട്ടു എന്നാണറിയുന്നതു്. പിന്നിൽ ഇന്ദ്രൻതന്നെയാണോ എന്നു ശ്രുതിയുണ്ടു്. അർജ്ജുനന്റെ ‘സ്വർഗ്ഗരാജ്യസന്ദർശനം’ കെട്ടുകഥയെന്നു സംശയിക്കുന്ന പാഞ്ചാലിയുടെ മൗനമാണു് മുറിപ്പാടിനെക്കാൾ നോവിക്കുന്നതും. അർജ്ജുനനെതിരായി വ്യാസൻ എഴുതുമോ? അതോ ‘ഉർവ്വശീശാപം ഉപകാര’മെന്നു പ്രത്യക്ഷം വഴി തെളിയിക്കുമോ?”
“ഇങ്ങനെയൊന്നുമല്ല എന്നുതോന്നുന്നല്ലോ ‘നന്മ തിന്മ’യുടെ കുരുക്ഷേത്ര, അന്തിമയുദ്ധഫലം വിഭാവന ചെയ്തതു്?”, നൂറുമക്കളെയും, പുത്രവിധവകളെയും, കൊട്ടാരത്തിൽനിന്നും നഷ്ടപ്പെട്ട ഗാന്ധാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു, യുദ്ധാനന്തര പാണ്ഡവഭരണകൂടം ഹസ്തിനപുരിയിൽ കൗരവരാജവിധവകളെ പാതിരാവിൽ കുടിയൊഴിപ്പിച്ച ദിനങ്ങൾ.
“അമ്മാ, ഇന്നു് ഞാൻ കുട്ടിഭീമനു് ചുടുമാൻചോരയിൽ വിഷം കലക്കി കുടിക്കാൻ കൊടുത്തു എന്നു് ദുര്യോധനൻ എന്നോടു് പണ്ടൊരിക്കൽ രഹസ്യമായി പറഞ്ഞപ്പോൾ, അവനെ ഞാൻ ശാസനയോടെ പരിപൂർണ്ണ അഹിംസയിലേക്കു കൈപിടിച്ചു് നടത്തിയതോർക്കുന്നു. എന്നാൽ പറയേണ്ടതു് എന്തായിരുന്നു?, “നാളെ മറ്റുനാലു പാണ്ഡവർക്കും അതുപോലെ കലക്കി കൊടുക്കൂ” എന്നമ്മയെന്ന നിലയിൽ ദീർഘദൃഷ്ടിയോടെ ദുര്യോധനനിൽ വംശഹത്യ പ്രോത്സാഹിപ്പിക്കാഞ്ഞതാണെന്റെ വൻവീഴ്ച”, കൺകെട്ടു് അൽപ്പം നീക്കി പാണ്ഡവചാരൻ കേൾവി പരിധിയിൽ ഇല്ലെന്നുറപ്പിച്ച ഗാന്ധാരി മന്ത്രിച്ചു.
“സുഭദ്രയുടെ പുത്രനായ അഭിമന്യുവിന്റെ ചരമശ്രുശ്രൂഷയിൽ ഞാനും ‘ഹസ്തിനപുരി പത്രിക’യുടെ ഉടമയും പങ്കെടുത്തിരുന്നു, എന്നാൽ വധത്തിന്റെ ‘അകംപൊരുൾ’ വ്യക്തമായില്ല. ചിതക്കരികിലേക്കുകയറി കുന്തി ആരോടോ കയർക്കുന്നു! ഞാൻ ചെന്നപ്പോഴേക്കും, കുന്തി പാളയത്തിലേക്കു് മടങ്ങി. ആരോടു് അവരെന്താണു് ശാസിച്ചു പറഞ്ഞതെന്നു് നിങ്ങൾ കണ്ടിരുന്നോ?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു ചോദിച്ചു.
“യുധിഷ്ഠിരന്റെ ചുമലുകളിൽ ഇരുകൈപ്പത്തി വച്ചു കുന്തി പറഞ്ഞ വാക്കുകളിൽ മാതൃഹൃദയത്തിന്റെ നീറ്റലുണ്ടായിരുന്നു. കുന്തിരിക്കപ്പന്തം പോലെ അർജ്ജുനപുത്രൻ ഇതാ ജ്വലിച്ചു, ചാരമാവുന്നു. മകനേ, ഷഷ്ടിപൂർത്തിയെത്താറായ നീയോ? ജീവനിൽ കൊതിതീരാതെ, ഉമിത്തീ പോലെ, മൂന്നുനാലു പതിറ്റാണ്ടുകൾ പാഞ്ചാലിയുടെ ആട്ടും തുപ്പുമേറ്റു് ഭീരുവായി, നീ ഇനിയും ദശാബ്ദങ്ങളോളം ജീവിക്കട്ടെ,”, കൊടുംകാറ്റു് ശമിക്കാതെ ഏങ്ങലടിച്ച കുന്തിയെ, ഭീമൻ പാളയത്തിനകത്തേക്കു വാപൊത്തി വലിച്ചുകൊണ്ടു പോയി. ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ട കൗമാരപോരാളിയുടെ ഭൗതിക ശരീരം കത്തിപ്പടരുന്ന ആ വൈകിയ രാത്രി വധത്തിന്റെ ‘അകംപൊരുൾ’ തേടേണ്ട വിലാപമായി എനിക്കപ്പോൾ തോന്നിയില്ല. ചിലപ്പോഴെങ്കിലും നേരിൽ കണ്ട അധാർമ്മികത ക്കെതിരെ പൊട്ടിത്തെറിക്കുമ്പോഴല്ലേ പെണ്ണു് അമ്മയും അച്ഛമ്മയുമൊക്കെയാവുന്നതു!”
“എന്തുപറ്റി? സുന്ദരപുരുഷനായ അർജ്ജുനന്റെ കണ്ണിനു താഴെ കങ്ങിയ ചോര?”, ജാലകത്തിലൂടെ നോക്കി നെടുവീർപ്പിടുന്ന അർജ്ജുനനെചൂണ്ടി, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥ കുടിയേറ്റക്കാലം.
“ഇന്ദ്രവെപ്പാട്ടിയെന്നറിയപ്പെടുന്ന നർത്തകിയുടെ പ്രലോഭനത്തിനു വഴങ്ങി അർജ്ജുനൻ അവിഹിതബന്ധം സ്ഥാപിച്ചു എന്നദുരാരോപണം, അച്ഛന്റെ അതിഥിയായി സ്വർഗ്ഗരാജ്യത്തിൽ ‘സംഭവിച്ചുപോയി’. ഇരഅർജ്ജുനൻവെളിപ്പെടുത്തിയിട്ടുണ്ടു് സ്വർഗ്ഗരാജ്യത്തിൽ മർദിച്ചവശനാക്കി ഭൂമിയിലേക്കു് തള്ളിയിട്ടു എന്നാണറിയുന്നതു്. ‘ആയിരംകണ്ണുള്ള’ ഇന്ദ്രൻതന്നെയാണോ ‘ഇരുട്ടടി’യുടെ പിന്നിൽ? ശ്രുതിയുണ്ടു്. സ്വർഗ്ഗരാജ്യസന്ദർശനം കെട്ടുകഥയെന്നു സംശയിക്കുന്ന പാഞ്ചാലിയുടെ അർത്ഥഗർഭ മൗനമാണു്, മുറിപ്പാടിനെക്കാൾ നോവിക്കുന്നതും. ചരിത്രം എങ്ങനെ അടയാളപ്പെടുത്തും അർജ്ജുനനെതിരായി ഈ സംഭവം? വ്യാസൻ കുടുംബകഥയിൽ എഴുതുമോ? ‘ഉർവ്വശീ ശാപം ഉപകാര’മെന്നു ആകസ്മികപ്രത്യക്ഷംവഴി ‘ദ്വിലിംഗ അർജ്ജുനൻ’ വരുംകാലങ്ങളിൽ തെളിയിക്കുമോ? നഗരത്തിലായാലും കുടിയേറ്റഭൂമിയിലായാലും ദേവസന്തതികളുടെ ഒരു കാര്യം!”
“ചങ്കിൽ അമ്പുതറച്ച ഒരു പേടമാനിനെയും വലിച്ചു ഭീമൻ, കൂസലില്ലാതെ പൂക്കാരതെരുവിൽ നടക്കുന്നതു് ജനം കണ്ടു വാതുറന്നതു് ഇന്നലെയാണു്. ഇന്നിതാ ഒരു പാവം തത്തയെ പിടിച്ചു കാട്ടിലെക്കയക്കുമെന്നു ഭീഷണി. എന്താ സംഭവം?” കൊട്ടാരം ലേഖിക രോഷാകുലയായി.
“സാമൂഹ്യസേവനത്തിനായി നഗരത്തിൽ പകൽ മുഴുവൻ വെയിലും വിശപ്പും നോക്കാതെ പാണ്ഡവരുമായി വഴിനടക്കുന്ന പാഞ്ചാലിയെ നിർത്താതെ പഴി പറയുന്ന ഈ പക്ഷിയെ പിന്നെ കൂട്ടിൽ അടച്ചാൽ തീരുമോ ക്രമസമാധാന പ്രശ്നം? കൂട്ടുകുടുംബ സ്വത്തുതർക്കത്തിന്റെ പേരിൽ കൗരവവംശഹത്യ പ്രേരിപ്പിച്ചു എന്നാണു അതു് ആവർത്തനവിരസത ഇല്ലാതെ നാടൊട്ടുക്കു് വിളിച്ചു പഴി അറിയിക്കുന്നതു്”, ചാര വകുപ്പു് മേധാവി തത്തക്കൂടു് കുതിരപ്പുറത്തു വച്ചു് കാട്ടിലേക്കു് കുതിച്ചു.
“കുരുക്ഷേത്രയുദ്ധം ജയിച്ച യുധിഷ്ഠിരൻ, ഹസ്തിന പുരിയിൽ നാളെ അധികാരത്തിൽ! എന്നു തന്നെ കരുതിയാൽ?”, കൊട്ടാരംലേഖിക ചോദിച്ചു. പോരാട്ടഭൂമിയുടെ അടിസ്ഥാന വികസനത്തിനു് കൗരവർക്കൊപ്പം വന്നതായിരുന്നു ദുര്യോധനൻ. കുറ്റിക്കാടു തെളിയിക്കുകയായിരുന്നു തൊഴിലാളികൾ
“യുധിഷ്ഠിരമുഖംമൂടി എനിക്കു് ദ്രോണഗുരുകുലം മുതൽ നല്ല പരിചയമുണ്ടു്. എന്നാൽ രാജഭരണത്തിൽ കൗരവരെക്കാൾ ഒരുപണത്തൂക്കം കൂടുതൽ മികവു് കാണിക്കാൻ പൊയ്മുഖം മാത്രം മതിയോ?”, പെട്ടെന്നു് കുറ്റിക്കാട്ടിൽ ഫണമുയർത്തിയ പുല്ലാനി മൂർഖനെ മിന്നൽനീക്കത്തോടെ കഴുത്തിൽ ദുര്യോധനൻ പിടിമുറുക്കി കൊട്ടാരം ലേഖികയ്ക്കുനേരെ പൈശാചികമായി പുഞ്ചിരിച്ചു.
“നേരംപുലർന്നപ്പോൾ കണ്ണിൽതടഞ്ഞ ഹസ്തിനപുരികാഴ്ച ഒന്നോർത്തെടുക്കാമോ” കൊട്ടാരം ലേഖിക നവവധുവിനോടു് ചോദിച്ചു.
“ഒന്നിലധികം കാരണങ്ങളാൽ ആദ്യദിനകാഴ്ച നീണ്ടകാലം ഓർക്കാനുണ്ടു്. പാഞ്ചാലയിൽനിന്നു് യാത്രകഴിഞ്ഞു, വൈകിയ രാത്രി അന്തംവിട്ടുറങ്ങിയശേഷം, ഇന്നുരാവിലെ ഉണർന്നു മുഖം കഴുകി കിടപ്പറ വാതിലിനപ്പുറം മട്ടുപ്പാവിൽ ഞാനൊന്നെത്തി നോക്കി. കണ്ടതെന്തായിരുന്നു? രാജവസ്ത്രങ്ങൾ ധരിച്ച പത്തറുപതു ഇളമുറ കൗരവർ “പാഞ്ചാലി പാഞ്ചാലീ” എന്നു് പൂക്കൾ മാടിമേലെ എറിഞ്ഞു സുപ്രഭാതം ആശംസിക്കുകയാണു്. പരപുരുഷന്മാരുടെ സൗമ്യപരിലാളനയിൽ നിന്നു ശ്രദ്ധപെട്ടെന്നു് തിരിച്ചതു് എതിർദിശയിൽ, ഒരിടുങ്ങിയമുറിയിൽ നിന്നുയർന്ന ‘പരുക്കൻ’ പദാവലി. ഞെട്ടലോടെ ഞാൻ എന്താണു് കാര്യം എന്നന്വേഷിച്ചപ്പോൾ, പാണ്ഡവരുടെ മുൻഭാര്യമാർ ദാമ്പത്യ അവഗണനയിൽ പ്രതിഷേധിച്ചു കറുത്ത മുഖാവരണവുമായി അതിഥിമന്ദിരത്തിനു മുമ്പിൽ പ്രകടനം നടത്തുന്നതു് യുധിഷ്ടിരൻ ഇരുകൈകളും ആഞ്ഞുവീശി ‘തല്ലിതോൽപ്പി’ക്കുന്നു. നവവധു എത്തിയ ഈ ദിനം ഞാനെങ്ങനെ മറക്കും!”
“കാത്തുകാത്തിരുന്നങ്ങനെ പെൺപീഡനത്തിന്റെ പനയോലപ്പതിപ്പിറങ്ങി! പാഞ്ചാലീ പീഡാനുഭവത്തിന്റെ നേർക്കാഴ്ചതന്നെയല്ലേ? അതോ, വസ്തുതകളുടെ പൂർണ്ണ അഭാവമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ രണ്ടാംപകുതി.
“സ്തോഭജനകമായ ഒരു ദൃശ്യാനുഭവമെന്നരീതിയിൽ ആഖ്യാനം ഗതിമാറിയൊഴുകിയതൊന്നും ഞാൻ പഴിപറയില്ല. എന്നാൽ വരുംകാല സമൂഹത്തിൽ പെണ്ണനുകൂല കാഴ്ചപ്പാടുണ്ടായാൽ, വ്യാസൻ വിചാരണചെയ്യപ്പെടും. ‘അടിമ’യെ നഗ്നയാക്കാൻ ഉടയോൻകൗരവർ കൈവച്ചപ്പോൾ, ‘ആകാശത്തു’ നിന്നു ഉടൻ നീണ്ട ഉടയാടയൂർന്നിറങ്ങി എന്ന വ്യാസന്റെ കണ്ടെത്തൽ ഒരു കൗതുകനിരീക്ഷണത്തിലപ്പുറം കാര്യമുള്ളതല്ല. കാരണം, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന അപ്പോഴത്തെ നിലയിൽ ഞാൻ ചൂതാട്ടസഭയിൽ ഇടിച്ചുകയറി, ക്രമപ്രശ്നം ഉന്നയിക്കുമ്പോൾ, അൽപ്പവസ്ത്ര എന്നു് വ്യാസൻ ഒരുകാര്യവുമില്ലാതെ നിരീക്ഷിക്കുന്നുണ്ടു്. എന്നാൽ പൗരത്വം കൗരവർ മരവിപ്പിച്ചു അടിമപ്പെണ്ണായി പുറത്തുകടക്കുമ്പോൾ, അതിൽ കൂടുതലൊന്നും മേനിയിൽ ഉണ്ടായിരുന്നുമില്ല. കൂടെ പൊറുക്കുന്ന പെണ്ണിനെ പണയംവച്ചു് ചൂതാടാൻ പ്രേരകമായ പുരുഷാധിപത്യത്തെ ഒരുവാക്കു് പഴിപറയാതെ വ്യാസനു ഒരടി മുന്നോട്ടുപോവാൻ ആവില്ലെന്നതാണു് സഭാപർവ്വം ഒന്നോടിച്ചു വായിച്ചപ്പോൾ എനിക്കു് തോന്നിയതു്. ഭാഗ്യം, പാണ്ഡവർ ആരും മഹാഭാരതം വായിച്ചെടുക്കാൻ വേണ്ട സാക്ഷരത എന്റെ അറിവിൽ നേടിയിട്ടില്ല.”
“സഹനത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും മാതൃത്വത്തിന്റെയും എക്കാലത്തെ മഹനീയമാതൃകയെന്നു് വാഴ്ത്താൻ സാധ്യതയുള്ള മുൻ മഹാറാണി കുന്തീദേവി, ജീവിതാന്ത്യത്തിൽ വനവാസത്തിനു! തിരിഞ്ഞുനോക്കുമ്പോൾ എങ്ങനെ ഓർക്കുന്നു പ്രിയവളർത്തമ്മയെ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ആചാരമനുസരിച്ചു ആൺപെൺവിവേചനമില്ലാതെ വയോജനങ്ങൾ ജീവിതസായാഹ്നം വനാന്തരത്തിൽ കഴിയാൻ വിധിക്കപ്പെട്ട ആസുരകാലം, പാണ്ഡവർ ഹസ്തിനപുരിയിൽ അധികാരം പിടിച്ചെടുത്ത കുരുക്ഷേത്രാനന്തര വറുതിയുടെകാലം.
“പക്ഷപാതമില്ലാതെ പാണ്ഡവരഞ്ചുപേർക്കും ഒരേ പന്തിയിൽ ഊണൊരുക്കിയ സ്നേഹനിധിയായ അമ്മ എന്നൊക്കെ ഇന്നലെ യാത്രയയപ്പുയോഗത്തിൽ കത്തിക്കയറുമ്പോൾ, കുട്ടിക്കാലം മുതൽ കരൾ പിളർക്കുന്നൊരു ചോദ്യമുണ്ടു്, മുതിർന്ന വിധവയെന്ന നിലയിൽ കുന്തിയെന്തിനു് സ്വയം സതിയനുഷ്ഠിക്കാതെ ഇളമുറ മാദ്രിയെ പിന്നിൽനിന്നും പാണ്ഡുചിതയിൽ തള്ളി? യുവത്വത്തിൽതന്നെ ജീവിതം നിഷേധിക്കപ്പെട്ട ആ ഭാഗ്യഹീനക്കു ബാല്യസ്മൃതിയുടെ ബലിഘട്ടത്തിൽ അർപ്പിക്കട്ടെ, ഇത്തിരി എള്ളും പൂവും ചന്ദനവും!”
“പുൽമേടുകളായിരുന്ന കുരുക്ഷേത്ര, പോരാട്ടക്ഷമമാക്കി തല്ലിത്തീർത്തപ്പോൾ, മരിച്ചുവീണതു് ‘നാൽപ്പതുലക്ഷം’ പേരെന്നു് വ്യാസൻ. എത്ര മൃഗങ്ങളെ ഇരുസൈന്യങ്ങളും അറത്തുതിന്നു എന്ന കണക്കു ‘വ്യാസന്റെ കണക്കപ്പിള്ളകൾ’ പറഞ്ഞുവിട്ടിട്ടില്ല. യുദ്ധം ജയിച്ചു ഞാൻ അധികാരത്തിൽകയറി മുപ്പത്തിയാറു വർഷം കഴിയുമ്പോൾ, കുരുക്ഷേത്രം, വനമാണു്. കർശനനിയമ ബലത്താൽ സംരക്ഷിതവനവുമാണു്. ഇതെങ്ങനെ? ഒന്നും മറച്ചു വെക്കുന്നില്ല, വിശ്വപ്രകൃതിയുടെ നിർലോഭമായ പിന്തുണ നദി യമുനനീർത്തടത്തിൽ വളർന്നുപന്തലിച്ചതു ജീവത്യാഗം ചെയ്ത പാണ്ഡവസഖ്യസൈനികരുടെ പുനർജ്ജന്മം! പരേത വിദുരർ പറഞ്ഞതു് ആരും അവിശ്വസിക്കുന്നില്ല. രാജപദവി ഒഴിഞ്ഞു വടക്കൻ മലകളിലേക്കു അന്ത്യപദയാത്ര തുടങ്ങുന്നു. യുധിഷ്ഠിര അവതാരോദ്ദേശ്യം എന്തായിരുന്നു എന്നു് വരുംയുഗത്തിൽ ചോദിച്ചാൽ? ഖാണ്ഡവവനം തീ പാപപരിഹാരമായി കുരുക്ഷേത്ര കാടാക്കി വളർത്തി.”
“ഈ ഔദ്യോഗിക കുറിപ്പെന്തു് എന്തു് നാം ചെയ്യണം? ‘അന്ത്യ പ്രഭാഷണം’ പ്രസിദ്ധീകരിക്കണോ?”
“പ്രകൃതി അതേറ്റെടുത്തു മുന്നേറിയപ്പോൾ സ്വാഭാവികമായി പുഴയോരത്തു എന്തു് സംഭവിക്കാമോ അതിലൊന്നും ‘കാലന്റെ മകനായ’ പാണ്ഡവന്റെ പരിസ്ഥിതി പരിപാലനമോ ത്യാഗമോ, കണ്ടെത്തിയില്ല.”
“കാട്ടിൽ ക്ഷേമാന്വേഷണത്തിനായി ഞാൻ വരുമ്പോഴൊക്കെ പതിവായി കേൾക്കാം, മൃഗമാംസപ്രേമി പാണ്ഡവർ നായാട്ടിനുപോയി. ലിംഗസമത്വം വാദിക്കുന്ന നിങ്ങൾ പോവാറില്ലേ ഉൾവനങ്ങളിലേക്കു?”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലം.
“ഞാൻ വേട്ടയാടപ്പെടുന്ന ഉൾവനം ഇതല്ലേ?”, പാഞ്ചാലി കിടപ്പറയിലേക്കു് ചൂണ്ടു വിരൽ നീട്ടി.
“പീഡനത്തിന്റെ പനയോലപ്പതിപ്പിറങ്ങി! പാഞ്ചാലീ പീഡാനുഭവ നേർക്കാഴ്ച തന്നെയല്ലേ? അതോ, വസ്തുതകളുടെ പൂർണ്ണ അഭാവമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ രണ്ടാംപകുതി.
“സ്തോഭജനകമായ ഒരു ദൃശ്യാനുഭവമെന്നരീതിയിൽ ആഖ്യാനം ഗതിമാറിയൊഴുകിയതൊന്നും ഞാൻ പഴിപറയില്ല. വരുംകാലസമൂഹത്തിൽ പെണ്ണനുകൂല കാഴ്ചപ്പാടുണ്ടായാൽ, വ്യാസൻ വിചാരണചെയ്യപ്പെടും. ‘അടിമ’യെ നഗ്നയാക്കാൻ ഉടയോൻകൗരവർ കൈവച്ചപ്പോൾ, ‘ആകാശത്തു’ നിന്നു ഉടൻനീണ്ട ഉടയാടയൂർന്നിറങ്ങി എന്ന വ്യാസന്റെ കണ്ടെത്തൽ കൗതുകനിരീക്ഷണത്തിലപ്പുറം കാര്യമുള്ളതല്ല. ചക്രവർത്തിനി എന്ന നിലയിൽ ഞാൻ ചൂതാട്ടസഭയിൽ ഇടിച്ചു കയറി, ക്രമ പ്രശ്നം ഉന്നയിക്കുമ്പോൾ, അൽപ്പവസ്ത്ര എന്നു് വ്യാസൻ ഒരു കാര്യവുമില്ലാതെ നിരീക്ഷിക്കുന്നുണ്ടു്. പൗരത്വം മരവിപ്പിച്ചു അടിമപ്പെണ്ണായി പുറത്തുകടക്കുമ്പോൾ, കൂടുതലൊന്നും മേനിയിൽ ഉണ്ടായിരുന്നുമില്ല. കൂടെ പൊറുക്കുന്ന പെണ്ണിനെ പണയംവച്ചു് ചൂതാടാൻ പ്രേരകമായ പുരുഷാധിപത്യത്തെ പഴിപറയാതെ വ്യാസനു മുന്നോട്ടുപോവാൻ ആവില്ലെന്നതാണു് സഭാപർവ്വം വായിച്ച പ്പോൾ തോന്നിയതു്. ഭാഗ്യം, പാണ്ഡവർ മഹാഭാരതം വായിച്ചെടുക്കാൻ വേണ്ട സാക്ഷരത നേടിയിട്ടില്ല.”
“വനവാസത്തിനുപോവുമ്പോഴും പുഞ്ചിരി?”, കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി മുൻ ‘ഇന്ദ്രപ്രസ്ഥം ചക്രവർത്തി’യോടു് ചോദിച്ചു.
“എന്നാൽ ഓർക്ക, മുഖമാംസപേശികളെ സ്വേച്ഛാനുസാരം ചലിപ്പിച്ചിട്ടുണ്ടാക്കുന്ന വ്യാജ ആഹ്ലാദഭാവമല്ല, മറിച്ചു, ജീവിത പ്രതിസന്ധിയെ സ്വാഭാവികമായി തരണം ചെയ്യാനാവുന്ന വിധം, ആത്മസംയമനം പാലിക്കുന്ന അപൂർവ്വസിദ്ധി! നന്നേചെറുപ്പം മുതൽ ഇതൊക്കെ കണ്ടിട്ടായിരിക്കണമല്ലോ മഹത്തുക്കൾ ‘ധർമ്മപുത്രർ’ എന്നു് ആദരവോടെ പരാമർശിച്ചുതുടങ്ങിയതു്. വനവാസത്തിലും, മഹായുദ്ധമുണ്ടായാൽ അപ്പോഴും, നിങ്ങൾക്കു ഭാഗ്യമുണ്ടെങ്കിൽ, വീണ്ടും ആ പുഞ്ചിരി കാണാനാവും! വിട.”
“പുത്രവധു, ചക്രവർത്തിനിയായപ്പോൾ, മുട്ടുകുത്തി കൈ മുത്താൻ ചെന്നവരുടെ നീണ്ടവരിയിൽ നിങ്ങളെ കണ്ടില്ല? വിരുന്നുചെന്ന കൊട്ടാരത്തിൽ തിരുവസ്ത്രം വലിച്ചൂരി കൗരവർ അപമാനിക്കുമ്പോൾ, ‘അരുതു’ എന്നു് വിരൽചൂണ്ടാൻ ചൂതാട്ട സഭയിൽ വന്നില്ല? വനവാസത്തിനു പോവുമ്പോൾ, ആശ്വസിപ്പിക്കാൻ ചെന്നില്ല!” കുന്തീയെ കൊട്ടാരം ലേഖിക ഒറ്റയ്ക്കു് കണ്ടെത്തി.
“നാലുപുത്രന്മാരെ അർജ്ജുനനൊപ്പം പറഞ്ഞയച്ചതാണു് പുത്ര വധുവിനു പാരിതോഷികം. ഹൃദയശൂന്യമായി നിന്ദിക്കുമ്പോൾ, എതിർത്തവളോടു് സംസാരിക്കാത്തതാണെന്റെ സംയമനം.”
“അതിജീവിതയെ ‘പീഡക’പാണ്ഡവർക്കു് എളുപ്പമൊന്നും വിട്ടുകൊടുക്കില്ലെന്നു കരുതിയ ഞങ്ങളെപ്പോലുള്ളവർക്കു തെറ്റിയോ!”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ആറംഗ പാണ്ഡവസംഘം പദയാത്രക്കൊരുങ്ങുന്ന നേരം.
“അടിമയെന്നാദ്യമേ അഞ്ചാണുങ്ങളെ നിയമസാധുതയോടെ ‘വർഗീകരിച്ച’ നടപടി സൗകര്യമായി. പല്ലുഞെരിച്ചാണെങ്കിലും വാ തുറക്കാനാവാതെ പഞ്ചപാണ്ഡവർ മുഖം താഴ്ത്തി. നിയമവാഴ്ചയോടു വിധേയത്വമുണ്ടെന്നു മേനിനടിക്കുന്ന ‘ധർമ്മ’പുത്ര സാന്നിധ്യം ഭീമനെ, കൗരവ വരുതിയിൽ നിർത്തി. അപ്പോഴായിരുന്നു ‘അതിജീവിത’യെന്നു അർത്ഥഗർഭമായി വിശേഷിപ്പിച്ച പാഞ്ചാലിയുടെ രംഗപ്രവേശനം. അതൊന്നു വേറെ! അതീതശക്തികളെ നിർല്ലജ്ജം കൂട്ടുപിടിച്ചുകൊണ്ടവൾ ചൂതാട്ടസഭയെ ‘മായിക’ കലാകാരനു വിട്ടുകൊടുത്ത പോലെ! കർണ്ണനും ഞാനും, ഉരുളൻതലയിണകളിൽ ചാരിക്കിടന്നു ‘ദൃശ്യ വിസ്മയം’ ആസ്വദിച്ചു. ഊരിയാലും, ഉടുത്താലും തീരാത്ത ഉടു തുണിയുടെ കാഴ്ചപ്പൊലിമ നിഷേധിക്കുന്നില്ല, സഭ കൈപ്പിടി യിലായപ്പോൾ, വസ്ത്രാക്ഷേപത്തിനുമുമ്പു് എങ്ങനെ ആയിരുന്നോ, ഒരു നൂലിഴ കൂടുതൽ കാണ്മാനില്ല. കാഴ്ചപരിമിത ധൃതരാഷ്ട്രർ ഒഴികെ എല്ലാവരെയും അതു ഞെട്ടിച്ചു. അത്തരം മാന്ത്രികവിദ്യ നിത്യപരിപാടിയാക്കാൻ കൗതുകം ഇല്ലാത്ത കാല മായതിനാൽ, ‘കാരണഭൂത’ യായ പാഞ്ചാലിക്കു പാണ്ഡവർ ക്കൊപ്പം വനവാസ അനുമതി രാജാവു് ‘കൽപ്പിച്ചു’കൊടുത്തു. പട്ടിണി കിടക്കാതിരിക്കാൻ, മയൻനിർമ്മിത അക്ഷയപാത്രം ആരോരുമറിയാതെ കൈമാറി. ആണുങ്ങൾക്കു് ഊണു കഴിക്കാൻ പാഞ്ചാലി ഊട്ടുപുരയിൽ തീയും പുകയും കൊള്ളേണ്ടിവരുന്നതിലൊരഭംഗി. അതാണു് ചാർവാകനും പറഞ്ഞതു്—കുലീനത, ഏതളവിലും കുരുവംശം പരിപാലിക്കും!”
“ലൈംഗികാതിക്രമികളെന്ന കുപ്രസിദ്ധിയുള്ളവരും ആരാധകരാ ണെന്നു നിങ്ങൾ അവകാശപ്പെടുന്നു!”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. നവവധുവും പാണ്ഡവരും പാഞ്ചാലയിൽനിന്നെത്തി അന്തിയുറങ്ങാൻ കൗരവ കരുണതേടുന്ന അശാന്തകാലം.
“പ്രണയത്തോടെ നോക്കുന്നതു് അപരാധമൊന്നുമല്ല. വാർത്ത തേടി നടക്കുന്നതിനിടയിൽ, കാണാൻ കൊള്ളാവുന്ന നിങ്ങളും കണ്ടുപോവാവുന്നതല്ലേ വഴിയോരകടാക്ഷങ്ങൾ! പെട്ടെന്നൊന്നും അംഗീകരിക്കാറൊന്നുമില്ല. പ്രണയമിഴികളിൽ കാണാം, രതിജന്യ ആവേശവും, പെൺമനം കീഴ്പ്പെടുത്താൻ തിമിർപ്പുള്ള പ്രശംസയും, പെണ്ണുടലിൽ ഉടമസ്ഥാവകാശം ലക്ഷ്യമിടുന്ന വേട്ടനോട്ടവും!”
“എന്തായിരുന്നു പാണ്ഡവ ‘ദൂതൻ’ പറഞ്ഞതു്? വരാനിരിക്കുന്ന പോരാട്ടത്തിൽ നിർണ്ണായക സ്വാധീനമുള്ളതാവാം, സംശയം തോന്നി.”, ദുര്യോധനൻ കർണ്ണനോടു് ചോദിച്ചു. ഭൂഗർഭ അറ, വൈകിയ രാത്രി. ഇരുവരുടെ നിശ്ചലനിഴലുകൾ ചുവരിൽ ഭീതി വളർത്തി. വിരാടയിലും കുരുക്ഷേത്രയിലും തയ്യാറെടുപ്പു ദിനങ്ങൾ.
“ജനിതകധാരയാൽ ‘തലമുതിർന്ന’ കൗന്തേയൻ നീ എന്നവൻ ഓർമ്മിപ്പിച്ചു. പാണ്ഡവർക്കൊപ്പം യുദ്ധം നയിക്കാൻ നീ ചേരണം എന്നവൻ ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തി പ്രഖ്യാപനത്തിനു സൂര്യനെ സാക്ഷിയാക്കി.”
“നീ എന്തു പറഞ്ഞു?”, കർണ്ണനേത്രങ്ങളിലേക്കു ദുര്യോധനൻ ചുഴിഞ്ഞു നോക്കി.
“ജനിതകധാരയെക്കാൾ ആജീവനാന്തപ്രതിബദ്ധത വിശ്വസ്ത സൗഹൃദത്തോടാണെന്നു ഞാൻ പറഞ്ഞു. സൂതപുത്രനെന്ന അവഹേളനയാൽ, അവമതിക്കപ്പെടുമ്പോളൊക്കെ നേരിട്ട മാനഹാനിയിൽനിന്നും രക്ഷിച്ച ദുര്യോധനനുമായി ‘ഒടുങ്ങാത്ത സഖ്യ’മാണെനിക്കു് ഇപ്പോഴും, എന്നെന്നും. ദൂതു് നിലച്ചു ഞങ്ങൾ വഴിപിരിഞ്ഞു, വേറെ വിശേഷമൊന്നും ഇല്ല.”
“തെരുവോരങ്ങളിൽ അലഞ്ഞുനടക്കുന്ന ഗോസമ്പത്തുഇടമല്ലേ ഹസ്തിനപുരി? വിരാടഗോസമ്പത്തു തട്ടിയെടുക്കാൻ, ഭീഷ്മരും കർണ്ണനും നേതൃത്വം കൊടുക്കുന്ന കൗരവ പട? കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“വിരാടരാജ്യം തൊട്ടയൽപ്പക്കമല്ലായിരിക്കാം, പക്ഷേ, അജ്ഞാതവാസത്തിനു പാണ്ഡവർക്കു് വിരാടൻ അനുമതി നൽകി! ചോദ്യം ചെയ്യാതെ വിശ്രമമില്ലെന്ന കൗരവപ്രചാരണം ‘നിസ്സാര’ പോരാട്ടത്തിലൂടെ ഫലം കണ്ടു. പ്രവിശ്യകൾ തമ്മിലുള്ള അവകാശതർക്കം നിന്നു. കുരുവംശത്തെ വെല്ലുവിളിക്കുന്ന നാടുവാഴികൾ, വിരാടയിൽ പാണ്ഡവ അജ്ഞാതവാസത്തിനു എതിരായ ഈ ആക്രമണം നേരിടാൻ ഞങ്ങളുടെ കൂടെ. വിരാടപടയോട്ടം ഭീഷ്മരും കർണ്ണനും പൂർത്തിയാക്കി. വിരാട പ്രചാരണം ഉണ്ടാവാതിരിക്കാൻ, ഹസ്തിനപുരിയിൽ വാർത്താ വിനിമയ വിലക്കേർപ്പെടുത്തി. തോറ്റതു് നമ്മളെന്നറിയാതെ സൈനികർ തിരിച്ചെത്തി. യുദ്ധപ്രതീതി ഞങ്ങളിൽ മനോവീര്യം നിലനിർത്തി. ഉത്തര രാജകുമാരിയുടെ നൃത്താധ്യാപകനായ ‘മൂന്നാം ലിംഗ’ക്കാരനെ വിരാടൻ പടനായകനാക്കിയതെന്ന പ്രചാരണവും മികവോടെ ഞങ്ങൾ ഏറ്റെടുത്തു. സൈനിക സർവ്വകലാശാലയിൽ പഠിക്കേണ്ടതു് വിരാട മിന്നലാക്രമണത്തിൽ രണ്ടാഴ്ച കൊണ്ടു് പഠിച്ചു. സൈനിക മേധാവികൾക്കൊപ്പം കുടുംബസമേത ഹിമാലയയാത്ര. സുഖവാസകേന്ദ്രം, മദ്യം മദിരാക്ഷി പോരുന്നോ കൂടെ!”
“ഒരു മുന്നൊരുക്കമില്ലാതെ, കിരീടാവകാശി പരീക്ഷിത്തിനു് ചെങ്കോൽ കൈമാറി, നിങ്ങളാറുപേരും പടിയിറങ്ങിയാൽ ഹസ്തിനപുരി സുരക്ഷഭീഷണി ആരുനേരിടും?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. മഹാപ്രസ്ഥാനം.
“പരിത്യാഗികളായ ഞങ്ങളെ ആശീർവദിക്കുന്നതിനു പകരം, ആശങ്കയോ? കുടിയേറ്റക്കാരായി ഖാണ്ഡവനത്തിൽ ഇന്ദ്രപ്രസ്ഥം പണിതപ്പോൾ, ‘ഞാൻ തന്നെ ചക്രവർത്തി’ എന്നു് പ്രഖ്യാപിക്കാൻ രാഷ്ട്രീയസാക്ഷരത യുധിഷ്ഠിരൻ കാണിച്ചതല്ലേ? എന്റെമകൻ അഭിമന്യുവിനെ പോലെ അല്ല, അവന്റെ മകൻ പരീക്ഷിത്ത്—കൊട്ടാര ‘ചക്രവ്യൂഹ’ത്തിൽ, നുഴഞ്ഞു കയറാനും, ഉയിരും കൊണ്ടു് പുറത്തുചാടാനും അയാൾ പഠിച്ചല്ലോ!” വനവാസ വസ്ത്രരീതി പരിചയപ്പെടുകയായിരുന്ന പാണ്ഡവർ, കുരുവംശഭാവി അഭിമന്യുപുത്രന്റെ കൈകളിലാണു് എന്ന വിവരം അർജുനൻ ആവർത്തിച്ചതിൽ നീരസം പ്രകടിപ്പിച്ചു, നോട്ടം തിരിച്ചു.
“പുനരധിവാസകേന്ദ്രത്തിൽ യമുന കയറിയ നേരത്തു, അരങ്ങേറ്റമൈതാനത്തൊരു പൊതുയോഗം?”, യുദ്ധകാര്യലേഖകൻ, കൊട്ടാരം ലേഖികയോടു് തട്ടിക്കയറി.
“വെള്ളപ്പൊക്കവും വരൾച്ചയും പ്രകൃതിദുരന്തങ്ങളല്ലേ? എന്നാൽ അരങ്ങേറ്റ മൈതാനത്തു കണ്ടതു് കരൾ കുളിർപ്പിക്കുന്ന കാഴ്ച. അഖണ്ഡതയെ വെല്ലുവിളിച്ച വിഘടനവാദികളുടെ ആക്രമണത്തെ പ്രതിരോധിച്ചു കുരുക്ഷേത്രയിൽ, ജീവത്യാഗം ചെയ്ത കൗരവകിരീടാവകാശി ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമക്കായി ആദ്യവാർഷികത്തിൽ, പ്രിയഅർദ്ധസഹോദരനു യുദ്ധരത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി യുധിഷ്ഠിരൻ പ്രഖ്യാപിക്കുന്ന യോഗത്തെകുറിച്ചു് നിങ്ങൾ അജ്ഞതയും അവജ്ഞയും നടിക്കുന്നത്എന്തുകൊണ്ടെന്നു് അറിയില്ലെന്നു് കരുതിയോ? യുദ്ധം കഴിഞ്ഞതോടെ തൊഴിൽ രഹിതനായ നിങ്ങൾക്കു് ഇതൊന്നും ദഹിക്കുന്നില്ലല്ലേ? ചുവർപതിപ്പുകളിൽ വാർത്ത പൊലിപ്പിച്ചില്ലെങ്കിൽ നമുക്കു് കൗരവർ തന്ന മന്ദിരങ്ങൾ തിരിച്ചുപിടിക്കുമെന്നു ചാരവകുപ്പു മേധാവി ദുസ്സൂചന! യുദ്ധരത്ന പുരസ്കാരം മഹാറാണി പാഞ്ചാലിയിൽ നിന്നു് ദുര്യോധനവിധവ പ്രളയം കാരണം ഏറ്റുവാങ്ങാൻ വരാത്തതു് കൊണ്ടു് ‘കൗരവഅന്തകൻ’ ഭീമൻ, പുരസ്കാരം സ്വീകരിച്ചു. പ്രളയദുരിതാശ്വാസം കഴിഞ്ഞു സൗകര്യമായി നേരിൽ കൊണ്ടുപോയി ദുര്യോധനവിധവക്കു കൈമാറും.”
“ഇതിഹാസ മുഹൂർത്തതിനു് സാക്ഷി” എന്ന വാർത്ത യുദ്ധകാര്യലേഖകനു് നേരെ എറിഞ്ഞു കൊട്ടാരം ലേഖിക പുറത്തേക്കു നടന്നു.
“കുടിയൊഴിപ്പിക്കപ്പെട്ട വിധവകൾക്കു ‘ഐഖ്യ’ദാർഢ്യമൊന്നും ഇതുവരെ കണ്ടില്ലല്ലോ. സൈന്ധവദേശത്തു നിന്നും നിങ്ങൾ മടങ്ങിയെത്താൻ വൈകിയോ, അതോ, യുദ്ധജേതാക്കളെ കണ്ടപ്പോൾ മനം മാറിയോ?”, കുരുക്ഷേത്രക്കു ശേഷം ആദ്യമായി ഹസ്തിനപുരിയിൽ എത്തിയ കൗരവസഹോദരി ദുശ്ശളയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഭർത്താവു് ജയദ്രഥൻ കുരുക്ഷേത്രയിൽ ‘ബലിദാനി’യായതോടെ സൈന്ധവ രാജമാതാപദവിയേറ്റെടുക്കേണ്ടിവന്നു എന്നുവെച്ചു സഹോദരവിധവകളോടു് സാഹോദര്യം നിലനിർത്തിയില്ല എന്നു നിങ്ങൾ അന്യായ നിഗമനത്തിൽ എത്തിയാൽ സ്ത്രീകൾ എന്തു ചെയ്യും! സ്വത്തു് തിരിച്ചു പിടിക്കുക എന്നതായിരുന്നുപാണ്ഡവലക്ഷ്യം എന്നു തോന്നുന്നില്ല, അങ്ങനെയെങ്കിൽ പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിലേക്കല്ലേ പോവേണ്ടതു്? പകരം ഹസ്തിനപുരിയിലെത്തി, അന്ധനു മനുഷ്യാവകാശം നിഷേധിച്ചു. ഇരുമ്പുമുള്ളു പിടിപ്പിച്ച പ്രതിമ ധൃതരാഷ്ട്രർക്കു് ആലിംഗനം ചെയ്യാൻ ഏർപ്പാടാക്കിയ ‘മൗലികപ്രതിഭ’ക്കു കൊടുക്കണം ‘അഹിംസാ പുരസ്കാരം’! സൈന്ധവജനതക്കു എന്നെ രാജമാതാവായി സ്വീകരിക്കാമെങ്കിൽ, കലിംഗദേശ ദുര്യോധനവിധവക്കു എന്തുകൊണ്ടു് ഹസ്തിനപുരി ആ പദവി കൊടുത്തുകൂടാ? അപ്പോൾ നിങ്ങൾ പറയും, മരിക്കുംവരെ ദുര്യോധനൻ, അഭിഷിക്തനാവാത്ത വെറുമൊരു കിരീടാവകാശി മാത്രം! ഞാൻ ഇവിടെ വന്നതു് ഹസ്തിനപുരി വനിതാവകാശ സമിതിയുടെ അധ്യക്ഷ എന്ന നിലയിലാണു്. സ്വതന്ത്ര നീതിപീഠമാണെന്നെ നിയമിച്ചതു്. ഭരണമാറ്റത്തിൽ അസാധുവാകുന്ന പദവിയല്ല. പാഞ്ചാലി ഓർത്താൽ നന്നു് !” താക്കീതുപോലെ ദുശ്ശള, വിരൽ ഹസ്തിനപുരിയുടെ അധികാര ഇടമായ കോട്ടക്കുനേരെ ഭീഷണനോട്ടത്തോടെ ചൂണ്ടി. നകുലനേത്രങ്ങൾ അവളെ പിന്തുടർന്നു.
“സുരക്ഷാകവചം ഊരിത്തരണമെന്നാവശ്യപ്പെടുന്ന ‘അപരിചിതൻ’ ആരാണെന്നു ചോദിക്കാതെ, പ്രകൃതിദത്ത പ്രതിരോധം ഊരി ക്കൊടുത്ത ‘ദാനശീലൻ’ ആണല്ലോ വാർത്തയിലെ താരം!?”, കൊട്ടാരം ലേഖിക ചോദിച്ചു.
“വലതുകൈ ചെയ്യുന്ന ദാനം ഇടതുകൈ അറിയരുതു് എന്നകുരുവംശച്ചിട്ട എന്തിനു കർണ്ണൻ പാലിക്കണം?”, കവചം വലിച്ചൂരുമ്പോൾ, ചോര വാർന്നവശനായ സുഹൃത്തിന്റെ പരിചരണത്തിലായിരുന്നു ദുര്യോധനൻ.
“ഉടയോൻ ദുര്യോധനന്റെ കാർമികനായ നിങ്ങൾ ഈ യുദ്ധത്തിൽ എന്തൊക്കെ നേടി?”, ദ്രോണപുത്രൻ അശ്വഥാമാവിനെ കൊട്ടാരം ലേഖിക കാട്ടിൽ കണ്ടെത്തി!
“വക്രിച്ച ‘മാപ്രദൃഷ്ടി’യിലപ്പോൾ ഞാനൊന്നും നേടിയില്ല? പാഞ്ചാലിയുടെ അഞ്ചു മക്കളെയും ഒറ്റയ്ക്കു് ചവിട്ടിത്തിരുമ്പി കൊന്നില്ല? ദുര്യോധനവീഴ്ചയോടെ യുദ്ധം അവസാനിക്കും എന്നു് പറഞ്ഞ പാണ്ഡവർ, ആ രാത്രി ഭയന്നൊളിച്ചില്ല? അഭിമന്യുഭാര്യ ഉത്തരയുടെ ഗർഭസ്ഥശിശുവിനെ നേരെ ദിവ്യാസ്ത്രം പ്രയോഗിച്ചു്, പാണ്ഡവരെ ഞാൻ വിറപ്പിച്ചില്ല?, ക്ഷത്രിയപോരാളികളോടു് ഏറ്റുമുട്ടാൻ ഒറ്റയ്ക്കു് കഴിയും എന്നു് കണ്ടില്ല? യുദ്ധരത്ന പുരസ്കാരത്തിനു് എന്തുകൊണ്ടു് നാമനിർദേശം ചെയ്തുകൂടാ? അതിനിടയിൽ ‘ആയിരം കൊല്ല’ വനവാസത്തിനു ‘ശാപ’മുണ്ടു് എന്നറിയുന്നു. ഈ ഗ്രഹത്തിൽ ജന്മം കിട്ടിയാൽ അനുഗ്രഹവും ശാപവും പതിവല്ലെ?, എന്നെ ശപിച്ചവനെ കൊല്ലാൻ, ദൂരെ ആലയിൽ വേടൻ ആയുധം മൂർച്ച കൂട്ടുകയല്ലേ? ഒന്നും ലഘൂകരിക്കരുതേ!”
“വാനപ്രസ്ഥമെന്നു മേനിപറഞ്ഞല്ലേ, പരിത്യാഗികളെ പോലെ മുണ്ഡനം ചെയ്ത ശിരസ്സുമായി പാണ്ഡവരും പാഞ്ചാലിയും ചെങ്കോൽ പരീക്ഷിത്തിനു കൈമാറി, അരമന പടിയിറങ്ങിയതു്? ഇതാ, വളർന്ന മുടിയുമായി പാഞ്ചാലി ഒറ്റയ്ക്കു് തിരിച്ചെത്തി തിരുവസ്ത്രം ധരിച്ചു രാജസഭയിൽ ചെങ്കോലിനു അവകാശവാദം ഉന്നയിക്കുന്നു. മഹാരാജാവു് പരീക്ഷിത്തിന്റെ ചോദ്യങ്ങൾക്കു് ഉത്തരമൊന്നും കിട്ടുന്നില്ല. പാണ്ഡവതിരോധാനത്തിനു ഉത്തര വാദിത്വം ഏറ്റെടുക്കുംവരെ കരുതൽതടങ്കലിൽ വക്കേണ്ടേ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഭരണവിരുദ്ധവികാരമേറ്റ പാണ്ഡവരെ മലമ്പാതയിൽ മാലിന്യക്കുഴി തോണ്ടി മൂടിയതിനു അംഗീകാരമായി, ദേശരത്നപുരസ്കാരത്തോടുകൂടിയല്ലേ മഹാറാണി പദവിയിലേക്കു് തിരുസഭ, പാഞ്ചാലിയെ പട്ടാഭിഷേകം ചെയ്യേണ്ടതു്?”, കൊട്ടാരം ഊട്ടുപുരയിലേക്കു വരിനിൽക്കുകയായിരുന്നു യുക്തിവാദി.
“സൂചികുത്താനിടം ചോദിച്ച നിങ്ങൾ, പക്ഷേ, പോരാടി യപ്പോൾ ചോരപ്പുഴ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ദിവ്യായുധപ്രയോഗം നിർവഹിച്ചാൽ ചോരവാർച്ച യില്ലാതെ ശാക്തികസമവാക്യങ്ങൾ സാധ്യമാവുമെന്ന നകുലനിർദേശം പോർക്കളത്തിൽ സ്വാധീനിച്ചില്ല. കൗരവകുടലുകൾ പറിക്കണമെന്ന ഭീമപ്രതിജ്ഞ ഓരോ യുദ്ധവധവും ‘വ്യക്തിഗത കൊല’യാക്കി മാറ്റി. ഹിംസയില്ലാത്ത തർക്കപരിഹാരമെന്ന നയ തന്ത്രആശയത്തിൽ കത്തിവച്ചതു്, മുടികെട്ടാൻ കൗരവ ചുടുചോര വേണമെന്ന പെൺ ശാഠ്യമായി. പ്രപഞ്ചത്തിൽ നാം കാണുന്ന ഒന്നും, യഥാർത്ഥത്തിൽ അങ്ങനെ ആവണമെന്നില്ല എന്ന വചനം സ്വത്തുതർക്കപരിഹാരത്തിൽ അവഗണിച്ചു. അത്തരം അശുഭ നിഗമനങ്ങൾക്കിടയിലും അടിമത്വത്തിൽ നിന്നു് അധികാരത്തിലേക്കു് എന്ന സ്വപ്നം നാളെ ഈ സമയത്തു യാഥാർഥ്യമാവുമ്പോൾ, മുൾവാക്കുകൾ നിങ്ങൾ പറയരുതു്!”, കൊട്ടാരം ലേഖികയുടെ കഴുത്തിൽ ഇരുകൈകളും മുറുക്കി യുധിഷ്ഠിരൻ ഒരിക്കൽ കൂടി യുദ്ധാവേശത്തിലായി.
“ഉദ്യാനവളർച്ച ഊഹിച്ചതിലും മുന്നിൽ.”, കൊട്ടാരം ലേഖിക പാഞ്ചാലിയെ അഭിവാദ്യം ചെയ്തു. രാജമന്ദിരങ്ങൾക്കകലെ ശ്രദ്ധാപൂർവ്വം നിലനിർത്തിയ ആശ്രമാന്തരീക്ഷത്തിലായിരുന്നു പാഞ്ചാലിയുടെ പ്രിയ ഔഷധ സസ്യത്തോട്ടങ്ങൾ.
“ആയുസ്സോ ആരോഗ്യമോ ഉറപ്പു വരുത്താനൊന്നുമല്ല അധ്വാന ഭാരം ഞാൻ സ്വയം ഏറ്റെടുത്തതു് എന്നു് നിങ്ങൾക്കറിയാം. ദേവ സന്തതികളെന്നവകാശപ്പെട്ടു കുറച്ചുകാലമായി യുവത്വം ഇന്നും കൂടെയുണ്ടെന്നു് മേനി പറയുന്ന ‘വയോജന’ങ്ങളെ ചിലതൊക്കെ പഠിപ്പിക്കാൻ ഞാനിതിന്റെ പരിപാലനം നിർവ്വഹിക്കുന്നു എന്നു മാത്രം. ഊഴമനുസരിച്ചവരുടെ തല, രാത്രി എന്റെ വസതിയിൽ പ്രത്യക്ഷപ്പെടും. അവരുടെ മുഖം എനിക്കു് കാണാനും, എന്നാൽ എന്റെ മുഖം ഇരുളിൽ മറയ്ക്കാനുമാവുന്ന വെളിച്ചവും നിഴലും മനഃപൂർവ്വം അന്തഃപുരത്തിൽ ഞാൻ നിലനിർത്തുന്നതു് കൊണ്ടു്, നേരത്തെ പറിച്ചെടുത്ത ഈ പച്ചിലമരുന്നുകൾ എത്രയും വേഗം ചവച്ചിറക്കാൻ ഞാൻ കൊടുക്കും. അല്പസമയത്തിനുള്ളിൽ കാണാം, അവർ മലർന്നടിച്ചു വീണുറങ്ങുന്നതു. അതോടെ ഞാൻ പുരുഷഗന്ധമേൽക്കാത്ത വേറൊരു പായിലേക്കു ചെരിയും. യുദ്ധം കഴിഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ട യുദ്ധകാര്യലേഖകനെ വരുതിയിലാക്കാൻ, വിശേഷസിദ്ധിയുള്ള ഒരു ഇലച്ചാർത്തു നിങ്ങൾക്കും സമ്മാനമായി തരട്ടെ?”