മലയാളസാഹിത്യത്തിന്റെ പരിപോഷണത്തിനുള്ള ഒരു പ്രധാനമാർഗ്ഗം ഭാഷാന്തരീകരണമാണെന്നു നിസ്സംശയം പറയാം. ഇതരഭാഷകളിലെ സാഹിത്യഗ്രന്ഥങ്ങളെ സ്വന്തമാക്കുന്നതിനുതക്ക ശക്തിയും വികാസവും ഒരു ഭാഷയ്ക്കു് ഉണ്ടാകുക എന്നുള്ളതാണു് അതിന്റെ വളർച്ചയുടെ മുഖ്യലക്ഷണമായി കരുതേണ്ടതു്. ആംഗലഭാഷയ്ക്കു് ഇന്നു് ഇത്രമാത്രം വൈപുല്യവും പ്രാബല്യവും സിദ്ധിച്ചതു് അതിൽ എതൊരു സാഹിത്യഗ്രന്ഥത്തിനും ഉടവും തടവും കൂടാതെ പ്രവേശിക്കുവാൻ സാധിക്കുന്നതുകൊണ്ടത്രെ. സ്വന്തമായ മനോധർമ്മവും, കല്പനാശക്തിയും, വചോവിലാസവും എത്ര മാത്രം വർദ്ധിച്ചാലും, അന്യസാഹിത്യങ്ങളുടെ സങ്കലനം ഇല്ലാതിരിക്കുന്നിടത്തോളംകാലം ഒരു ഭാഷയ്ക്കു സർവ്വതോമുഖമായ വളർച്ചയുണ്ടാകുന്നതല്ല. കൈരളിയുടെ സ്വകീയമായ സ്വത്തു് അത്യന്തം പരിമിതവും, ആ വഴിക്കുള്ള ഫലവത്തായ പരിശ്രമം തുലോം അലസവും ആകുന്നു. ഈ സ്ഥിതിക്കു നമ്മുടെ ഭാഷ മുന്നോട്ടു കയറണമെങ്കിൽ പരിഭാഷകന്മാരുടെ കരാവലംബനം അത്യാവശ്യമാകുന്നു.
മലയാളഭാഷയ്ക്കു് ഈയിടെ വിവർത്തനശാഖയിൽ ഉണ്ടായിട്ടുള്ള എത്രയും മഹത്തായ ഒരു സമ്പത്താണു് ‘പാവങ്ങൾ’ എന്ന പേരിൽ നാലപ്പാട്ടു നാരായണമേനോൻ അവർകൾ പരിഭാഷപ്പെടുത്തിയിട്ടുള്ള വിശിഷ്ടഗ്രന്ഥം. മൂന്നു വാല്യങ്ങളിലായി 2478 വശങ്ങളുള്ള ഒരു പുസ്തകമാണെതെന്നറിയുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ പ്രയത്നം എത്ര വമ്പിച്ചതാണെന്നു വെളിവാകുമല്ലോ. അസാധാരണമായ ക്ഷമയും, സ്ഥിരോത്സാഹവും, സാമർത്ഥ്യവും, മാതൃഭാഷയോടു് അതിരറ്റ അഭിമാനവും ഉള്ള ഒരു സഹൃദയനു മാത്രമേ ഇത്ര മഹത്തായ ഒരു ഉദ്യമത്തിൽ ഏർപ്പെടുവാൻ തോന്നുകയുള്ളൂ. ‘പാവങ്ങ’ളെപ്പറ്റി അനുകൂലങ്ങളും പ്രതികൂലങ്ങളും ആയ അഭിപ്രായങ്ങൾ കേൾക്കാനിടവന്നിട്ടുണ്ടു്. എന്നാൽ ഈ ഗ്രന്ഥത്തെ പറ്റി സവിസ്തരമായ ഒരു നിരൂപണം ഇതുവരെ ആരും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. താരതമ്യേന നോക്കിയാൽ നിസ്സാരങ്ങളെന്നു കാണാവുന്ന ചില കുറവുകളെ അടിസ്ഥാനമാക്കി ഈ മഹാഗ്രന്ഥത്തെ സാഹിത്യലോകത്തുനിന്നു ഗളഹസ്തം ചെയ്യണമെന്നു പറവാനും ചിലർ മടിച്ചിട്ടില്ല. ഇതു കുറെ സാഹസമായിപ്പോയെന്നു പറയുന്നവരോടു് ഇവർ ക്ഷോഭിച്ചേക്കാം. മൂന്നു വാല്യം മുഴുവൻ സശ്രദ്ധം വായിച്ചു് ഈ പരിഭാഷയ്ക്കു മൂലമായി സ്വീകരിച്ചിട്ടുള്ള ഇംഗ്ലീഷ് തർജ്ജമയുമായി ഒത്തുനോക്കിയിട്ടുള്ളവർ ഇക്കൂട്ടരിൽ എത്രപേരുണ്ടെന്നു തുറന്നു ചോദിക്കുന്നതു ഭംഗിയല്ലാത്തതിനാൽ ആ ഭാഗത്തു് മൗനം ദീക്ഷിക്കുകയേ നിവൃത്തിയുള്ളൂ. പുസ്തകം കുറേ വലുതാണെന്നു കണ്ടാൽ അതിന്റെ തലയും വാലും കടിച്ചു സ്വാദുനോക്കി തുപ്പിക്കളയുന്ന ഒരു സമ്പ്രദായം നമ്മുടെയിടയിൽ ധാരാളമുണ്ടു്. ഈ രീതിയിൽ പാസ്സാക്കപ്പെടുന്ന അഭിപ്രായം, കൂലംകഷമായ പരിശോധനയുടെ ഫലമാണെന്നു തോന്നത്തക്കവിധം അതിൽ ചില ‘മയക്കുപണികൾ’ ഉണ്ടായിരിക്കുകയും ചെയ്യും. ‘പാവങ്ങ’ളുടെ പ്രസിദ്ധീകരണം വെറും പാഴുവേലയായിപ്പോയെന്നു കൂസൽകൂടാതെ വിധിപറഞ്ഞ ഒരു സാഹിത്യരസികനോടു് അതു മുഴുവൻ വായിച്ചുനോക്കിയോ എന്നു ഞാൻ സ്വകാര്യമായി ചോദിച്ചപ്പോൾ, ഒന്നാം വാല്യത്തിലെ ഏതാനും പേജു മാത്രമേ വായിച്ചിട്ടുള്ളുവെന്നും, കൂടുതൽ നോക്കുവാൻ തന്റെ സഹൃദയത്വം സമ്മതിക്കുന്നില്ലെന്നും ആണു മറുപടി പറഞ്ഞതു്. ചുരുക്കത്തിൽ വാചകങ്ങളുടെ ‘സാമ്പിൾ’ നോക്കി വിധി കല്പിക്കേണ്ട ഭാരം മാത്രമേ അദ്ദേഹം സ്വീകരിച്ചിട്ടുള്ളൂ. ഇതുപോലെ മുഴുവൻ വായിക്കുവാൻ സാധിക്കാതെ വിഷമിക്കുന്നവർ പലരുമുണ്ടുപോൽ! ഏതായാലും ഈവക അഭിപ്രായങ്ങളെപ്പറ്റി ഗൗനിക്കുന്നതിനു മുമ്പായി പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി നാം കുറേയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
‘പാവങ്ങ’ളുടെ മൂലമായ ‘ലേ മിറാബ്ല്’ ഒരു ഫ്രഞ്ചുനോവലാണു്. അതിന്റെ കർത്താവായ വിക്തോർ യൂഗോ ലോകമഹാകവികളിൽ ഒരാളായി ഗണിക്കപ്പെട്ടുവരുന്നു. ഇദ്ദേഹത്തിനെപ്പോലെ മനുഷ്യജീവിതചരിത്രത്തെ ആശ്ചര്യകരമായ നിരീക്ഷണശക്തിയോടുകൂടി പരിശോധിച്ചു പഠിച്ചിട്ടുള്ളവർ വളരെപ്പേരുണ്ടെന്നു തോന്നുന്നില്ല. വ്യാസവാല്മീകികൾക്കു തുല്യം അചിന്ത്യമായ വാഗ്വൈഭവത്തോടുകൂടിയായിരുന്നു യൂഗോ സാഹിത്യരംഗത്തിൽ വിഹരിച്ചിരുന്നതു്. അദ്ദേഹത്തിന്റെ തത്വചിന്തയുടെ അഗാധത അറിയുവാനും, ആശയങ്ങളുടെ വ്യാപ്തി കാണുവാനും അത്ര എളുപ്പമല്ല. മനുഷ്യ പ്രകൃതിയാകുന്ന പുസ്തകത്തെ നിത്യപാരായണംചെയ്തു് അതിലുള്ള ഓരോ അക്ഷരത്തിലും നിരവധി രഹസ്യങ്ങൾ കണ്ടുപിടിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടു്. ഇതിലേക്കു് ഒന്നാമത്തെ ഉദാഹരണം ‘പാവങ്ങൾ’ തന്നെയാണു്. വിശ്രുതചിന്തകനായ ടോൾസ്റ്റോയി ലോകത്തിലുള്ളവയിൽ ഏറ്റവും ഉൽക്കൃഷ്ടങ്ങളായ അഞ്ചു ഗ്രന്ഥങ്ങൾ തിരഞ്ഞെടുത്തവയിൽ രണ്ടെണ്ണം ഈ മഹാകവിയുടേതാണെന്നു പറയപ്പെടുന്നു. ഇംഗ്ലീഷിലേക്കു പലരും പ്രസ്തുത ഗ്രന്ഥം തർജ്ജമ ചെയ്തിട്ടുണ്ടു്. അവരിൽ ‘ഇസാബൽ എഫ്. ഹിപ്ഗുഡ്ഡി’ന്റെ തർജ്ജമയാണു മൂലഗ്രന്ഥത്തോടു് ഏതാണ്ടു പരിപൂർണ്ണമായി യോജിച്ചിട്ടുള്ളതെന്നും, അതിനെ അവലംബിച്ചാണു ‘പാവങ്ങൾ’ പരിഭാഷപ്പെടുത്തിയിട്ടുള്ളതെന്നും, പ്രസ്താവനയിൽ കാണുന്നു. പരിഭാഷകൻ പറയുന്ന ഹിപ്ഗുഡ്ഡിന്റെ തർജ്ജമ വായിച്ചുനോക്കുവാൻ എനിക്കു സാധിച്ചിട്ടില്ല. മറ്റുചില ഇംഗ്ലീഷ് തർജ്ജമകൾ വായിച്ചതിനുശേഷം ‘പാവങ്ങൾ’ പരിശോധിച്ചപ്പോൾ തോന്നിയ അഭിപ്രായങ്ങളാണു് ഇവിടെ കുറിക്കുന്നതു്.
സാധാരണ നോവലിൽനിന്നു് അത്യന്തം വ്യത്യസ്തവും, ഉന്നതവുമായ ഒരു സ്ഥാനമാണു് ഇതിനുള്ളതു്. വെറും നോവൽ വായനക്കാർ ഈ പുസ്തകം കൈയിലെടുത്താൽ ഇച്ഛാഭംഗപ്പെടേണ്ടിവരും. കോമളപ്രകൃതികളുടെ സമ്മേളനംകൊണ്ടും, സരസസല്ലാപങ്ങളുടെ മധുരധ്വനികൊണ്ടും ഉണ്ടാകുന്ന ഒരുതരം ആഹ്ലാദമല്ല ഇതിൽനിന്നു പുറപ്പെടുന്നതു്. സാഹിത്യം കേവലം വിനോദപ്രധാനമാണെങ്കിൽ അതിനു് ഇതിൽ സ്ഥാനമില്ല. “പാവങ്ങൾ” എഴുതപ്പെട്ടിട്ടുള്ളതു ലൌകികമായ ഒരു മനോഭാവത്തെ അവലംബിച്ചാണെന്നു പറഞ്ഞുകൂടാ. സാഹിത്യം അന്തരാത്മാവിന്റെ ചരിത്രമാകുന്നു എന്ന തത്വമാണു് ഇതിൽ കവിയുടെ ലക്ഷ്യം. ഒരു കഥ പറയുവാൻവേണ്ടി അദ്ദേഹം ഒരു പുസ്തകമെഴുതിയതല്ല. മനുഷ്യജീവിതം കരുണരസം നിറഞ്ഞ ഒരു കഥയാണെന്നുകണ്ടു് അതിന്റെ കർത്താവാരെന്നു കണ്ടുപിടിക്കുവാനാണു് അദ്ദേഹം ശ്രമിച്ചതു്. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കുള്ള ജീവിതയാത്രയുടെ ഒരു വിവരണമാണു് “പാവങ്ങൾ”. ആത്മാവിന്റെ പ്രകാശത്തിൽക്കൂടി കവി വായനക്കാർക്കു വഴി കാണിക്കുന്നു. ഭയങ്കരങ്ങളും ദയനീയങ്ങളും ആയ നിരവധി നിഗൂഢമാർഗ്ഗങ്ങളിൽക്കൂടി നമുക്കു സഞ്ചരിക്കേണ്ടതായുണ്ടു്. മനുഷ്യനെ ഖണ്ഡംഖണ്ഡമായി മുറിച്ചിട്ടിരിക്കുന്ന ദേശം, ഭാഷ, ആചാരം മുതലായ അതിർത്തിഭേദങ്ങളെ മൂടിക്കൊണ്ടു പൊന്തിനില്ക്കുന്ന ഒരു തമസ്സിനേയും, അതിനുപരി പ്രകാശിക്കുന്ന ഒരു ജ്യോതിസ്സിനേയും നമുക്കു കാണാൻ കഴിയും. ഇവയിൽക്കൂടി കവി ഭൂമിയേയും സ്വർഗ്ഗത്തേയും ചിത്രീകരിക്കുന്നു. മനസ്സിന്റെ ജഡത്വവും, മോഹാന്ധതയും, ആത്മാവിന്റെ സചേതനത്വവും, പ്രബുദ്ധാവസ്ഥയും പ്രത്യേകം തിരിച്ചറിയത്തക്കവണ്ണം ജീവിതത്തിലെ മാനുഷികവും, ദൈവികവും ആയ ഭാവങ്ങളെ ഇതിൽ വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ടു്. സാഹിത്യത്തിന്റെ പരമമായ ഉദ്ദേശ്യം നിർവഹിക്കപ്പെടുന്നതും ഈ വഴിക്കത്രേ. കഥാവസ്തുവിനെ കവി ഒരു ഊന്നുവടിയായി മാത്രമേ സങ്കൽപിച്ചിട്ടുള്ളു. അതിനെ ആശ്രയിച്ചുകൊണ്ടു് ചുറ്റുപാടുമുള്ള മനുഷ്യന്റെ വിവിധ വേഷങ്ങളേയും വ്യാപാരങ്ങളേയും അദ്ദേഹം നമുക്കു കാണിച്ചുതരുന്നു. ഒരു സൂക്ഷ്മജ്ഞനായ തത്വജ്ഞാനിയുടെ ഭാഷയിലാണു് കവി സകലതും പറയുന്നതു്. ആലോചനാശീലവും, ഗ്രഹണപാടവവും ഉള്ളവർക്കേ അതിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കയുള്ളൂ. ‘പാവങ്ങൾ’ കഥാമാർഗ്ഗമായി വിവരിച്ചിരിക്കുന്ന ഒരു തത്വശാസ്ത്രമാണെന്നു പറയണം. സമുദായം, മതം, രാജ്യതന്ത്രം മുതലായ വിഷയങ്ങളെ ശാസ്ത്രരീത്യാ സാഹിത്യരസം കലർത്തി അതിൽ പലയിടത്തും സവിസ്തരമായി പ്രതിപാദിച്ചിട്ടുണ്ടു്. ഫ്രാൻസിന്റെ ചരിത്രം ഇതിൽ ധാരാളമായി പ്രതിഫലിച്ചിട്ടുണ്ടെങ്കിലും, അതു് മനുഷ്യചരിത്രത്തിന്റെ ഒരു വ്യാഖ്യാനമായിത്തീരത്തക്കവണ്ണമാണു് കവി വിവരിച്ചിരിക്കുന്നതു്. ലോകരംഗത്തു നാം കാണുന്നതും കാണേണ്ടതും പാവങ്ങളെയാണു് എന്നു് ഈ പുസ്തകം തെളിയിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഇതിൽ പ്രതിധ്വനിച്ചു കേൾക്കുന്നതു് പാവങ്ങളുടെ ദീനസ്വരമത്രെ. കവിയുടെ ചിന്താശക്തിയെ ഉത്തേജിപ്പിക്കുന്നതും, വായനക്കാരുടെ ഹൃദയം തുടിപ്പിക്കുന്നതും അതുതന്നെയാണു്. മൃഗത്തിന്റേയും, ദേവന്റേയും മധ്യത്തിൽ നിൽക്കുന്ന മനുഷ്യൻ ഏതെല്ലാം വഴികളിൽക്കൂടി എത്രത്തോളം അധഃപതിക്കുമെന്നും, എത്രത്തോളം ഉയർച്ചയെ പ്രാപിക്കുമെന്നും കാണത്തക്കവിധത്തിൽ കവി ഇതിൽ യാഥാർത്ഥ്യവും മാതൃകാത്വവും പ്രദർശിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും നോവലിൽ അവശ്യം ദ്രഷ്ടവ്യങ്ങളാണു്. ആദ്യത്തേതിൽനിന്നും രണ്ടാമത്തേതിലേക്കു വായനക്കാരെ ആകർഷിച്ചു് ഉൽക്കൃഷ്ടമായ ഒരു ആദർശത്തിലെത്തിക്കുന്നതിനുള്ള ഉദ്ബോധനവും ഇതിൽ ആദ്യന്തം വ്യാപിച്ചിരിക്കുന്നു. പാവങ്ങളുടെ മർമ്മഭേദകമായ ജീവിതചരിത്രം മനസ്സിനെ നീറ്റിനീറ്റി ശുദ്ധമാക്കുന്ന ഒരു തീക്കുണ്ഡമാണെന്നുതന്നെ പറയാം. അതിനു് ഈ പുസ്തകത്തിൽ കവി കൊടുത്തിരിക്കുന്ന സ്ഥാനമേതാണെന്നും, അതിലടങ്ങിയിരിക്കുന്ന സന്ദേശമെന്താണെന്നും താഴെച്ചേർക്കുന്ന അദ്ദേഹത്തിന്റെ ഒരു കത്തിലെ ഏതാനും വരികളിൽനിന്നും മനസ്സിലാകും.
‘പാവങ്ങൾ’ എന്ന പുസ്തകം എല്ലാ രാജ്യങ്ങൾക്കുംവേണ്ടി എഴുതപ്പെട്ടതാണെന്നു് നിങ്ങൾ പറയുന്നതു ശരിയാണു്. അതെല്ലാവരും വായിച്ചുനോക്കുമോ എന്നു് എനിക്കറിഞ്ഞുകൂടാ. പക്ഷേ, ഞാൻ അതെല്ലാവർക്കുംകൂടി എഴുതിയിട്ടുള്ളതാണു്. അതു് ഇംഗ്ലണ്ടെന്നപോലെ സ്പെയിനും, ഇറ്റലിയെന്നപോലെ ഫ്രാൻസും, ജർമ്മനിയെന്നപോലെ ഐർലാണ്ടും, അടിമകളുള്ള പ്രജാധിപത്യരാജ്യമെന്നപോലെ അടിയാരുള്ള ചക്രവർത്തി ഭരണരാജ്യങ്ങളും ഒരേവിധം കേൾക്കണമെന്നുവച്ചു് എഴുതപ്പെട്ടിട്ടുള്ളതാണു്. സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകിടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂമണ്ഡലം മുഴുവനും വ്യാപിച്ചുകിടക്കുന്ന ആ വമ്പിച്ച വ്രണങ്ങൾ, ഭൂപടത്തിൽ വരയ്ക്കപ്പെട്ട ചുകന്നതോ നീലിച്ചതോ ആയ ഓരോ അതിർത്തിയടയാളം കണ്ടതുകൊണ്ടു നില്ക്കുന്നില്ല. മനുഷ്യൻ അജ്ഞനും, നിരാശനുമായി എവിടെയുണ്ടു്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാകാനുള്ള ഗ്രന്ഥവും തണുപ്പുമാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾ എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചു പറയും, ‘എനിക്കുവേണ്ടി വാതിൽ തുറക്കുക, ഞാൻ വരുന്നതു് നിങ്ങളെ കാണാനാണു്.’
നാം ഇപ്പോൾ കടന്നുപോരുന്നതും, ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്ക്കാരഘട്ടത്തിൽ—പാവങ്ങളുടെ പേർ ‘മനുഷ്യൻ’ എന്നാണു്. അവൻ എല്ലാ രാജ്യത്തും കിടന്നു കഷ്ടപ്പെടുന്നു. എന്നല്ല അവൻ എല്ലാ ഭാഷകളിലും നിലവിളിക്കുന്നു.
ഫ്രഞ്ച് ചരിത്രസംഘടനകൊണ്ടു് ഈ കഥയിൽ വൈമുഖ്യം കാണിക്കുന്ന കേരളീയരുണ്ടെങ്കിൽ അവർ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു ഭാഗമാണു് മേൽക്കാണിച്ചതു്. രാജ്യം, ഭാഷ, മതം മുതലായവയിൽക്കൂടി മനുഷ്യൻ മനുഷ്യനിൽനിന്നും വേർതിരിഞ്ഞിരിക്കുന്നു. എങ്കിലും ആന്തരമായി പ്രവർത്തിക്കുന്ന ഒരു ജീവിതശക്തി അവനെ സർവ്വത്ര ഒരേരൂപത്തിൽ കാണിച്ചുതരുന്നു. മനുഷ്യൻ എന്നും എവിടെയും മനുഷ്യൻതന്നെയാണു്. ഫ്രാൻസിലും, ഇൻഡ്യയിലും, ആഫ്രിക്കയിലും അവന്റെ അന്തഃകരണം ഒരേരീതിയിൽ ചലിക്കുന്നു. പാരിസിലും ലണ്ടനിലും കല്ക്കട്ടായിലും പാവങ്ങളുടെ ദീനസ്വരത്തിനു് ഒരു വ്യത്യാസവുമില്ല. ഈ ജീവിതൈക്യത്തെ അനുസന്ധാനംചെയ്തുകൊണ്ടു് അതിന്റെ രഹസ്യങ്ങളെ ഹൃദയംഗമമായി വ്യാഖ്യാനിക്കുന്ന ഒരു സാഹിത്യകൃതി ദേശകാലാതിർത്തികളെ അതിക്രമിച്ചു മനുഷ്യലോകത്തിനു് ഒട്ടാകെ ഒരു പൊതുസ്വത്തായിത്തീരും. ‘പാവങ്ങൾ’ എന്ന പുസ്തകം അക്കൂട്ടത്തിലുള്ള ഒന്നാണു്. എല്ലാ ദേശക്കാർക്കും ഉള്ളിൽക്കൂടി നോക്കിയാൽ അതു സ്വാത്മാവിന്റെ ഒരു ചരിത്രമായി വെളിപ്പെടും. അതുകൊണ്ടാണു് ഈ മഹാഗ്രന്ഥം ഏതൊരു സാഹിത്യത്തിനും ഒരു അനർഘമായ സമ്പാദ്യമാണെന്നു ഞാൻ പറയുന്നതു്. മൂലഗ്രന്ഥകാരൻ മുഖവുരയിൽ പറയുന്ന ഒരു ഭാഗംകൂടെ കേൾക്കുക:
‘നിയമത്തിന്റേയും, ആചാരത്തിന്റേയും ബലത്തിന്മേൽ ഭൂമിയിലെ പരിഷ്ക്കാരത്തിന്റെ നടുക്കു് നരകങ്ങളെ ഉണ്ടാക്കിത്തീർത്തുകൊണ്ടും, മനുഷ്യകർമ്മത്തെ വിധിയോടുകൂടി ചേർത്തുകൊണ്ടും, സമുദായത്താൽ കൽപിക്കപ്പെടുന്ന തീവ്രശിക്ഷാവിധികൾ എത്രകാലം നിലനില്ക്കുന്നുവോ, പുരുഷാന്തരത്തിലെ മൂന്നു വൈഷമ്യങ്ങൾ—പുരുഷന്മാർക്കു ദാരിദ്ര്യത്താലുള്ള അധഃപതനം, സ്ത്രീകൾക്കു് വിശപ്പുകാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്കു് അറിവില്ലായ്കയാൽ നേരിടുന്ന വളർച്ചക്കേടു് ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ… മറ്റൊരുവിധത്തിൽ പറകയാണെങ്കിൽ ഭൂമിയിൽ എത്രകാലം ദാരിദ്ര്യവും അജ്ഞാനവും ഉണ്ടോ അത്രയുംകാലം ‘പാവങ്ങൾ’ പോലെയുള്ള പുസ്തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.’ ഈ ഗ്രന്ഥത്തിലെ കഥാതന്തുവിൽ കോർത്തിട്ടിരിക്കുന്ന വിഷയങ്ങൾ ഏതെല്ലാമെന്നു് മുഖവുരയിൽ സംക്ഷിപ്തമായി സൂചിപ്പിച്ചിരിക്കുന്നു. അവയുടെ തത്വദൃഷ്ട്യാ ഉള്ള പ്രതിപാദനം സ്തോഭജനകവും സ്വാഭാവികവും ആക്കുന്നതിനും വായനക്കാർക്കു് ഒരു അനുഭവരസം ഉണ്ടാകുന്നതിനുംവേണ്ടി കവി അവയെ ഒരു കഥാരൂപത്തിൽ ഘടിപ്പിച്ചിരിക്കയാണു്. ‘പാവങ്ങ’ളെപ്പറ്റി ഇത്രയും സാമാന്യമായി മനസ്സിലാക്കിക്കൊണ്ടു് ഇനി നമുക്കു കഥാവസ്തുവിലേക്കു പ്രവേശിക്കാം.
ബിയാണ്ട് റവന്യുമിറിയേൽ എന്നു പേരായ ഒരു മെത്രാന്റെ ഏറ്റവും പരിശുദ്ധമായ ജീവിതചരിത്രമാണു് നാം ആദ്യമായി വായിക്കുന്നതു്. ഒരു ഉത്തമനായ മനുഷ്യനു് ഉണ്ടായിരിക്കേണ്ട സകല സദ്ഗുണങ്ങൾക്കും ഇദ്ദേഹം വിളനിലമായിരുന്നു. കഷ്ടപ്പെടുന്നവരെ ശുശ്രൂഷിക്കുക എന്നതായിരുന്നു മെത്രാന്റെ ജീവിതധർമ്മം.
പാവങ്ങൾക്കുവേണ്ടി അദ്ദേഹം തന്റെ സർവ്വസ്വവും ബലികഴിച്ചു. അന്ത്യശ്വാസംവരെ മനുഷ്യധർമ്മത്തെ അണുമാത്രവും തെറ്റാതെ നിറവേറ്റി. പ്രാപഞ്ചികങ്ങളായ യാതൊരു പ്രലോഭനങ്ങളും മെത്രാനെ തീണ്ടിയില്ല. സർവ്വസംഗപരിത്യാഗിയും, കാരുണ്യവാരിധിയും, കർമ്മയോഗിയും ആയ ഒരു മഹർഷിതന്നെയായിരുന്നു അദ്ദേഹം. മെത്രാനെന്ന നിലയിൽ തന്റെ ഇടവകയിൽനിന്നു പ്രതിമാസം പതിനയ്യായിരം ഫ്രാങ്ക് അദ്ദേഹത്തിനു വരുമാനമുണ്ടായിരുന്നു. അതിൽ ഏറ്റവും നിസ്സാരമായൊരു തുക സ്വജീവിതത്തിന്റെ നിലനിൽപിന്നായിട്ടുമാത്രം നീക്കിവച്ചിട്ടു് ബാക്കി മുഴുവൻ സാധുസംരക്ഷണത്തിനായി അദ്ദേഹം വിനിയോഗിച്ചു. ഒരിക്കൽ വഴിനടക്കുമ്പോൾ ഒരെറുമ്പിനെ ചവിട്ടാതിരിപ്പാനായി പെട്ടെന്നു ചാടിയതുകൊണ്ടു് അദ്ദേഹത്തിന്റെ കാലിനു് ഒരുളുക്കു പറ്റി. ആ സ്നേഹമൂർത്തിയുടെ ഭൂതദയ അത്രയ്ക്കു നിഷ്കളങ്കവും അപ്രതിഹതവും ആയിരുന്നു. അദ്ദേഹത്തിന്റ ത്യാഗബുദ്ധിയും പരോപകാര പ്രവണതയും ആളുകളെ അത്ഭുതപ്പെടുത്തി. സർവ്വരും ആ മഹാത്മാവിനെ ഈശ്വര തുല്യനായി കരുതി. മെത്രാനെ ജ്ഞാനിയാക്കിത്തീർത്തതു് അദ്ദേഹത്തിന്റെ ഹൃദയമാണെന്നും അതിൽനിന്നുള്ള പ്രകാശമാണു് ആ ജീവിതത്തെ ദീപ്തിമത്താക്കിയതെന്നും കവി സോദാഹരണം തെളിയിക്കുന്നു. ‘മതസംബന്ധികളായ ഉദ്യോഗങ്ങൾ നടത്തൽ, ധർമ്മംകൊടുക്കൽ, കഷ്ടത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കൽ, കൃഷിചെയ്യൽ, സഹോദരഭാവം, മിതവ്യയം, അതിഥിസൽക്കാരം, ത്യാഗശീലം, അദ്ധ്യയനം, അദ്ധ്വാനം ഇവയാൽ അദ്ദേഹത്തിന്റെ ഓരോ ദിവസവും നിറയപ്പെട്ടു’ എന്നാണു് മെത്രാന്റെ ദിനചര്യയെപ്പറ്റി കവി പറയുന്നതു്. പ്രശാന്തരമണീയമായ, രാത്രി അദ്ദേഹം എങ്ങനെ നയിക്കുന്നുവെന്നു് നോക്കുക: ‘ചിലപ്പോൾ രാത്രി നേരം വളരെ വൈകിയ ശേഷം അദ്ദേഹം തോട്ടത്തിലുള്ള വഴികളിലൂടെ നടക്കാറുണ്ടു്. തനിച്ചു്, തന്നോടുതന്നെ സംസാരിച്ചുകൊണ്ടു്, സമാധാനത്തോടുകൂടി സ്നേഹപരിപൂർണ്ണമായ ആകാശത്തിന്റെ ശാന്തതേയും, തന്റെ ഹൃദയത്തിന്റെ ശാന്തതയേയും തമ്മിൽ തട്ടിച്ചുനോക്കിക്കൊണ്ടു്, അന്ധകാരത്തിന്നടിയിലുള്ള നക്ഷത്രങ്ങളുടെ തേജസ്സിനാലും, ഈശ്വരന്റെ അദൃശ്യമായ തേജസ്സിനാലും, ഇളക്കപ്പെട്ട മനസ്സോടുകൂടി അജ്ഞാത മാഹാത്മ്യത്തിൽനിന്നും പൊഴിയുന്ന വിചാരപരമ്പരയ്ക്കു മുമ്പിൽ തന്റെ ഹൃദയം തുറന്നുവെച്ചുകൊണ്ടു പതുക്കെ ലാത്തും.’
‘ഈശ്വരന്റെ മാഹാത്മ്യത്തെപ്പറ്റിയും, സാന്നിദ്ധ്യത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു. അവസാനമില്ലാത്ത ഭാവിയെപ്പറ്റിയും, അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റിയും അദ്ദേഹം വിചാരിച്ചു. എല്ലാ വിഷയേന്ദ്രിയങ്ങളിലേക്കും തുളച്ചുകയറുന്ന എല്ലാ അപാരതകളെക്കുറിച്ചും അദ്ദേഹം നിരൂപിച്ചു. അദ്ദേഹം ഈശ്വരനെ പഠിച്ചുനോക്കിയില്ല. ഈശ്വരനെക്കണ്ടു് അദ്ദേഹം അമ്പരന്നു. പ്രകൃതിക്കു് രൂപമുണ്ടാക്കുന്നവയും സത്യങ്ങളെന്നു ബോധപ്പെടുന്തോറും ശക്തികളെ പ്രത്യക്ഷപ്പെടുത്തുന്നവയും, ഏകത്വത്തിനുള്ളിൽ പരസ്പരഭിന്നങ്ങളായ പ്രത്യേക വ്യക്തികളേയും അപാരമായ ദേശത്തിനുള്ളിൽ നാനാത്വങ്ങളേയും ഉണ്ടാക്കുന്നവയും തേജസ്സിലൂടെ സൗന്ദര്യത്തെ നിർമ്മിക്കുന്നവയുമായ പരമാണുക്കളുടെ സവിശേഷങ്ങളായ സങ്കലനങ്ങളെപ്പറ്റി അദ്ദേഹം പര്യാലോചിച്ചു.’
എത്ര ഗംഭീരമായ പ്രകൃതിചിന്ത! ഒരു രാത്രിയിൽക്കൂടി ഇത്രയെല്ലാം കാണുകയും പഠിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരനെപ്പോലെയുള്ള തത്വജ്ഞാനികൾ ചുരുക്കമത്രേ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അകൃത്രിമബന്ധത്തെ പരിപൂർണ്ണമായി സാക്ഷാത്കരിച്ച ഒരാളാണു് മെത്രാൻ. ഇങ്ങനെയുള്ള ഒരു കഥാപാത്രത്തിൽക്കൂടിയാണു് കവി മാതൃകാത്വത്തെ പൊന്തിച്ചുകാണിക്കുന്നതു്. കറ തീർന്നു്, കാന്തികൂടി, ശാന്തിയിൽ മുഴുകിയ പരിപാവനവും പരമസുന്ദരവുമായ ഒരു ജീവിതം! അതിലെ രജസ്തമസ്സുകൾ സകലതും നശിച്ചിരിക്കുന്നു. കേവലമായ സത്വഗുണം മാത്രം ശേഷിക്കുന്നു. മനുഷ്യൻ ദേവനാകുന്നു. അസ്വാഭാവികമായ യാതൊന്നുംതന്നെ ഈ പുണ്യ ചരിത്രത്തിൽ കാണുന്നില്ല. എല്ലാ മനുഷ്യർക്കും പോകാവുന്ന ഒരു മാർഗ്ഗമാണു് കവി വെട്ടിത്തെളിച്ചിരിക്കുന്നതു്. ഇത്രത്തോളം ആദർശപൂർണ്ണമായ ഒരു ജീവിതം സകല നന്മകൾക്കും കലവറയായി പരിപാലിക്കുന്ന മറ്റൊരു കഥാപാത്രത്തെ ഞാനിതുവരെ വായിച്ചിട്ടുള്ള ഒരു നോവലിലും കണ്ടിട്ടില്ല. ഇപ്രകാരം തേജോമയമായ ഒരു ജീവിത മണ്ഡലം ചിത്രീകരിച്ചതിനുശേഷം കവി മനുഷ്യപ്രകൃതിയുടെ മറുവശം നമുക്കു കാണിച്ചുതരുന്നു.
ആർക്കും യഥേഷ്ടം കടന്നുപോകാവുന്ന മെത്രാന്റെ വസതിയിൽ ഒരുദിവസം രാത്രി അശരണനായ ഒരു വഴിപോക്കൻ കയറിച്ചെന്നു. ഈയാളാണു് ഈ കഥയിലെ പ്രധാന പാത്രമായ ഴാങ് വാൽ ഴാങ്. ജീവിതത്തിലെ ചളി മുഴുവൻ ഒന്നിച്ചുകൂടിയ ഒരു ചിത്രമാണു നാം ഇവിടെ കാണുന്നതു്. ഇയാൾ ചെറുപ്പത്തിൽ ഏറ്റവും ദരിദ്രനായ ഒരു മരംവെട്ടുകാരനായിരുന്നു. കുട്ടിക്കാലത്തു് അയാൾ വായിക്കാൻ പഠിച്ചില്ല. ഒരു സ്ത്രീയെ സ്നേഹിക്കുന്നതിനും അയാൾക്കു് ഇടയായിട്ടില്ല. പകൽ മുഴുവനും എല്ലുമുറിയെ പണിയെടുക്കയായിരുന്നു പതിവു്. അച്ഛൻ മരിച്ചതിനുശേഷം തന്റെ കുടുംബത്തിലുള്ള മറ്റു് അംഗങ്ങളെ പുലർത്തുന്നതിനു് അയാൾ വളരെ കഷ്ടപ്പെട്ടു. ഒരാളുടെ വേലകൊണ്ടു് ആഹാരത്തിനുള്ള വക മുഴുവൻ ഉണ്ടായില്ല. വീട്ടിലുള്ള കുട്ടികൾ പട്ടിണി കിടക്കുന്നതുകണ്ടു സഹിക്കവയ്യാതെ ഒരുദിവസം രാത്രി അയാൾ ഒരു ഷാപ്പിൽനിന്നും ഒരു അപ്പം മോഷ്ടിച്ചു. തന്മൂലം പോലീസിന്റെ കൈയിൽപ്പെട്ടു ജയിലിലേക്കു പോകേണ്ടിവന്നു. പട്ടിണികൊണ്ടു പൊരിയുന്ന അനുജന്മാരെ ഓർത്തു അയാൾ ജയിൽ ചാടാൻ ഉദ്യമിച്ചു. അതു ശിക്ഷാവിധി കൂട്ടിക്കിട്ടുവാനുള്ള കാരണമായി. ഇങ്ങനെ തുടർന്നുണ്ടായ കുറ്റങ്ങളുടെ ഫലമായി 19 വർഷക്കാലം തുടർച്ചയായി ഴാങിനു തടവിൽ കിടക്കേണ്ടതായി വന്നു. ഒരു അപ്പക്കഷണം മൂലം 19 വർഷത്തെ തടവു്! തണ്ടുവലിശിക്ഷയെന്നു പറയപ്പെടുന്ന ഒരുതരം ദണ്ഡനം ഇക്കാലമെത്രയും അയാൾ അനുഭവിച്ചു. മനുഷ്യസമുദായത്തിൽനിന്നും അയാൾ തീരെ ഭ്രഷ്ടനായി; വിസ്മൃതനായി. ഇങ്ങനെ ദാരിദ്ര്യം ഈ വിറകുവെട്ടുകാരനെ അന്ധകാരത്തിലെ ഭയങ്കരനായ ഒരു പിശാചാക്കിത്തീർത്തു. ഇതിനിടയ്ക്കു വീട്ടുകാരെല്ലാം പട്ടിണികിടന്നു മരിച്ചു. ലോകത്തിൽ അയാൾ ഏകനായി. നിയമത്തിന്റെ ക്രൂരദംഷ്ട്രങ്ങളേറ്റു ഴാങിന്റെ യൗവനരക്തം മുഴുവനും ചോർന്നൊലിച്ചുപോയിരിക്കുന്നു. എങ്കിലും അയാൾ അപ്പോഴും ബലിഷ്ഠകായനായിരുന്നു. 19 വർഷം കഴിഞ്ഞു് അയാളെ തടവിൽനിന്നു വിട്ടു. പോരുമ്പോൾ പോലീസിൽനിന്നു ഒരു യാത്രാനുവാദപത്രവും അയാൾക്കു കിട്ടി. പൊതുജനങ്ങളുടെ അറിവിനായി അയാളുടെ ഭയങ്കരപ്രകൃതിയുടെ ഒരു സൂചനയും അതിലുണ്ടായിരുന്നു. അതുവരെയുള്ള ജീവിതം ഴാങ്വാൽഴാങിനെ കേവലം മൃഗപ്രായനാക്കിയിരുന്നു, ‘ഹാ! ചുവന്ന കുപ്പായം, ഞരിയാണിയിന്മേൽ ഇരുമ്പുങ്കട്ട, കിടന്നുറങ്ങാൻ ഒരു പലക, ചൂടു്, തണുപ്പു്, തടവുപുള്ളികൾ, അടിച്ച കുഴിയിൽ മീതേയ്ക്കു മീതേയുള്ള അടി, വെറുതെയുള്ള ഇരട്ടച്ചങ്ങല, ഒരു വാക്കുകൊണ്ടു പറകയാണെങ്കിൽ തുറുങ്കു്, ദീനംപിടിച്ചു കിടപ്പിലാകുമ്പോൾകൂടി ചങ്ങല. നായ്ക്കൾ—നായ്ക്കളാണു ഞങ്ങളേക്കാൾ സുഖിക്കുന്നതു്! പത്തൊമ്പതു കൊല്ലം. എനിക്കു് നാൽപത്താറായി! ഇപ്പോൾ ഇതാ മഞ്ഞച്ച യാത്രാനുവാദപത്രവും കിട്ടി! ഇങ്ങനെയാണു കഥ.’ ഇപ്രകാരം അയാൾതന്നെ തന്റെ ജയിൽജീവിതത്തെപ്പറ്റി മെത്രാനോടു വിവരിച്ചു പറയുന്നുണ്ടു്. തടവിൽനിന്നും വിട്ടയുടനെ അനേകം നാഴിക വഴിനടന്നും പട്ടിണികിടന്നും ഒടുവിൽ അയാൾ മെത്രാൻ താമസിക്കുന്ന പട്ടണത്തിൽ എത്തി. അന്നത്തെ രാത്രി അവിടെ കഴിച്ചുകൂട്ടുവാൻ അയാൾ ആഗ്രഹിച്ചു. വിശപ്പുമൂലം തീരെ നടക്കുവാൻ നിവൃത്തിയില്ലായിരുന്നു. പല ഹോട്ടലുകളിലും അയാൾ കയറിച്ചെന്നു. അവിടെനിന്നെല്ലാം ഉടമസ്ഥന്മാർ ഈ ബീഭത്സാകാരനെ നിർദ്ദയം ബഷിഷ്കരിച്ചു. വിശപ്പും ദാഹവും സഹിക്കാതെ ഇങ്ങനെ ചുറ്റിത്തിരിയുമ്പോൾ ഒരാൾ മെത്രാന്റെ ഗൃഹം കാണിച്ചുകൊടുത്തു. ഈ തടവുപുള്ളി അങ്ങോട്ടു കയറിച്ചെന്നു. വലയുന്നവരുടെ രക്ഷാവലയം അതുതന്നെയാണു്. രാത്രി അസമയത്തു വന്ന പഥികനെ മെത്രാൻ വേണ്ടവിധം സല്ക്കരിച്ചു. യാചകനായ പാന്ഥൻ അമ്പരന്നുപോയി. തന്റെ സകല ചരിത്രവും തുറന്നുപറഞ്ഞിട്ടും, ലേശവും വൈമുഖ്യം കാണിക്കാതെ ഔദാര്യാമൃതത്തിൽ കുളിപ്പിച്ച ആൾ വന്ദ്യനായ ഒരു മെത്രാനാണെന്നറിഞ്ഞപ്പോളാണു് അയാൾ ആശ്ചര്യഭരിതനായതു്. നീചത്വത്തിന്റെ മറുകര കണ്ട ഒരു ജയിൽപ്പുള്ളിയെ സമത്വത്തിൽ സ്വീകരിച്ചു സല്ക്കരിക്കുക, പുറന്തിണ്ണയിലും സ്ഥലം കിട്ടാത്തവനു മുറിക്കുള്ളിൽ നല്ല ശയ്യോപകരണങ്ങൾ കൊടുത്തു് ഉറങ്ങാൻ അനുവദിക്കുക എന്നിവയൊക്കെ ചെയ്തതു് ആരാണു്? മതാദ്ധ്യക്ഷനും, സർവ്വരാലും ആരാധ്യനുമായ ഒരു മെത്രാൻ! ഴാങ് വാൽ ഴാങിനു് അവന്റെ വികാരങ്ങൾ പറഞ്ഞറിയിക്കാൻ സാധിച്ചില്ല. സല്ക്കാരാദികൾ കഴിഞ്ഞു് എല്ലാവരും നിദ്രയ്ക്കൊരുങ്ങി. 19 കൊല്ലത്തിനുശേഷം അന്നാണു് ആദ്യമായി ഴാങ് കിടക്കയിൽ കിടന്നതു്. പക്ഷേ, അയാൾക്കു് ഉറക്കം വന്നില്ല. വേണമെങ്കിൽ നിഷ്പ്രയാസം അപഹരിക്കുവാൻ സൗകര്യമുള്ള ഒരു സ്ഥലത്തു മെത്രാന്റെ വക കുറെ വെള്ളിപ്പാത്രങ്ങളും, വിലപിടിച്ച ഒന്നുരണ്ടു മെഴുകുതിരിക്കാലുകളും ഇരിക്കുന്നതു് അയാൾ കണ്ടു. സർവ്വർക്കും സ്വാഗതം പറയുന്ന ആ ഗൃഹത്തിൽ യാതൊന്നും ഭദ്രമായി സൂക്ഷിക്കുക പതിവില്ലായിരുന്നു. കുറെ പണംനേടാൻ വഴിയുണ്ടെന്നു കണ്ടപ്പോൾ, ആ രാത്രിയുടെ നിശ്ശബ്ദതയിൽ ഴാങിന്റെ മൃഗീയപ്രകൃതി ഉണർന്നുവശായി. മനഃസാക്ഷിയോടു കുറെനേരം മല്ലിട്ടതിനുശേഷം അയാൾ ആ സാമാനങ്ങളും മോഷ്ടിച്ചുകൊണ്ടു അവിടെനിന്നു കടന്നു. പക്ഷേ, പ്രഭാതത്തിൽ പോലീസിന്റെ കൈയിൽപ്പെട്ടു. അയാൾ മെത്രാന്റെ അടുക്കലേക്കു തിരിച്ചു കൊണ്ടുവരപ്പെട്ടു. ഈ അവസരത്തിലും ഗൃഹവാസികൾക്കു് അത്ഭുതം തോന്നുമാറു് അദ്ദേഹം അക്ഷോഭ്യനും അനുകമ്പാപൂരിതനും ആയിരുന്നു. ആ സാമാനങ്ങളെല്ലാം താൻ ദാനമായി കൊടുത്തതാണെന്നു പറഞ്ഞു് അയാളെ പോലീസുകാരിൽനിന്നു വിടുവിക്കുകയാണു് അദ്ദേഹം ചെയ്തതു്. അത്രമാത്രമോ! മുഷ്ടവസ്തുക്കൾ എല്ലാം എടുത്തുകൊണ്ടു പൊയ്ക്കൊള്ളുവാനും ഴാങിനു് അനുവാദം ലഭിച്ചു. അയാൾ സ്തബ്ധനായിപ്പോയി. ഇതിനുമുമ്പു പലേ വേദനകളും അയാൾ അനുഭവിച്ചിട്ടുണ്ടു്. എന്നാൽ ഇപ്പോഴുണ്ടായ മനോവേദന സർവ്വോപരി ദുസ്സഹമായിത്തോന്നി. വാക്കുകൊണ്ടു വിവരിക്കുവാൻ വയ്യാത്ത ഒരു നീറ്റൽ ആ മുരടിച്ച അന്തഃകരണത്തെ ബാധിച്ചു. അതിന്നുള്ളിൽ ഇത്രനാളും കട്ടിപിടിച്ചുകിടന്നിരുന്ന മാലിന്യമെല്ലാം ഉരുകിയൊലിക്കാൻതുടങ്ങി. ഒരു ചൈതന്യദീപം ആ ശരീരത്തിലും കത്തുന്നുണ്ടെന്നു വെളിപ്പെട്ടു. വെറും ജീവച്ഛവമായിട്ടാണു യാത്രയായതെങ്കിലും, ആ നിമിഷംമുതൽ അയാൾ ഒരു മനുഷ്യനാകാൻ തുടങ്ങിയിരുന്നു. മെത്രാന്റെ മഹനീയരൂപം മരണംവരെ മാഞ്ഞുപോകാത്തവിധം ഴാങിന്റെ ഹൃദയഭിത്തിയിൽ പ്രകാശിച്ചു. എന്നാൽ വഴിയിൽവെച്ചു് അയാൾക്കു പിന്നെയും ഒരബദ്ധംപറ്റി. ഏകനായി കളിച്ചുകൊണ്ടുനടന്നിരുന്ന ഒരു കുട്ടിയുടെ കൈയിൽനിന്നു് ഒരു വെള്ളിനാണയം അയാൾ സൂത്രത്തിൽ അപഹരിച്ചു. കുട്ടി സങ്കടപ്പെട്ടു. ദൃഷ്ടിപഥത്തിൽനിന്നു മറയുന്നതുവരെ അയാൾ പഴയതടവുപുള്ളിതന്നെ ആയിരുന്നു. അപ്പോഴേക്കു മെത്രാന്റെ രൂപവും അദ്ദേഹത്തിന്റെ ഉപദേശവും അയാൾ ഉജ്ജീവിച്ചു. മനഃസാക്ഷി പണ്ടത്തേക്കാൾ പതിനായിരംമടങ്ങുശക്തിയായി പ്രവർത്തിക്കാൻതുടങ്ങി. ഒരുതുള്ളി കണ്ണീരെങ്കിലും ആ കഠിനഹൃദയന്റെ ജീവിതത്തിൽ ഇതുവരെ പുറപ്പെട്ടിട്ടില്ല. ഇതാ ഇപ്പോൾ അയാൾ വാവിട്ടു കരഞ്ഞുപോയി. പണം തിരിയെ കൊടുക്കുവാൻ അയാൾ ആ കുട്ടിയെ നാലുപാടും വിളിച്ചുനടന്നു. ആ നാണയം മനസ്സിലുണ്ടാക്കിയ വ്രണം പിന്നെ ഒരുകാലത്തും ഉണങ്ങിയില്ല. അതിന്റെ വേദന ഴാങിനെ തികച്ചും ഒരു മനുഷ്യനാക്കിത്തീർത്തു. ജീവിതത്തിലെ ഒരു പരിവർത്തനഘട്ടമായിരുന്നു ഇതു്. ഇരുട്ടു മുഴുവനും നീങ്ങി വെളിച്ചം കണ്ടുതുടങ്ങിയതു് ഇപ്പോഴാണു്. അന്നുരാത്രി അയാൾ വീണ്ടും ആരും അറിയാതെ മെത്രാന്റെ വസതിക്കു നേരെ റോഡിൽവന്നു കുറെനേരം പ്രാർത്ഥിച്ചുനിന്നതിനുശേഷം ആ സ്ഥലം വിട്ടു.
ഈ രണ്ടുകഥാപാത്രങ്ങളേയുംപറ്റി ഇത്രത്തോളം വ്യക്തമായി വിവരിച്ചതിനു ശേഷം ബാക്കി കഥാഭാഗം ഏറ്റവും സംക്ഷിപ്തമാക്കാമെന്നു വിചാരിക്കുന്നു. മനഃസാക്ഷിയുടെ മർദ്ദനമേറ്റു് ശുദ്ധനായിത്തീർന്ന ഴാങ് വാൽ ഴാങ് മെത്രാനെപ്പോലെതന്നെ അത്യുത്തമമായ ഒരു ജീവിതം നയിക്കുന്ന കാഴ്ചയാണു് ഇനി നാം കാണുന്നതു്. ഫ്രാൻസിലെ മറ്റൊരു പട്ടണത്തിൽ ചെന്നു് ഒരു പുതിയ വ്യവസായം ആരംഭിച്ചു. ധർമ്മാനുസരണമായ പ്രയത്നംകൊണ്ടു് അയാൾ അനവധി സ്വത്തു സമ്പാദിച്ചു. അതു മുഴുവൻ സാധുസംരക്ഷണത്തിനായി വിനിയോഗിക്കുവാൻ നീക്കിവച്ചു. ഈ നൂതനജീവിതത്തിൽ പൊതുജനങ്ങളുടെ വെറുപ്പിനേയും, പോലീസിനേയും ഭയന്നു് അയാൾക്കു സ്വന്തം പേർ മായ്ചു ഒരു പുതിയ പേർ സ്വീകരിക്കേണ്ടതായി വന്നു. ചുരുക്കത്തിൽ നന്മചെയ്യുന്നതിനുവേണ്ടി അയാൾ വളരെ കഷ്ടതകൾ അനുഭവിച്ചു. ഴാവേർ എന്നു പേരുള്ള ഒരു പോലീസ് ഇൻസ്പെക്ടരുടെ ശല്യമാണു് ഇതിൽ പ്രത്യേകം വ്യക്തമായിട്ടുള്ളതു്. ഇയ്യാൾ പ്രസ്തുത കഥയിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു പാത്രവുമാണു്. ഴാങ് ആ പട്ടണത്തിലെ ജനങ്ങളുടെ അപേക്ഷയനുസരിച്ചു് അവിടത്തെ നഗരസഭാദ്ധ്യക്ഷനായിത്തീർന്നിട്ടും, ഴാവേറിനു് അദ്ദേഹത്തിന്റെ നേർക്കുള്ള ശങ്കകൾ വിട്ടുപോകുന്നില്ല. ഇതിനിടയ്ക്കു് ‘ഫൻതീൻ’ എന്നു പേരുള്ള ഒരു സ്ത്രീയുമായി പരിചയപ്പെടേണ്ടിയിരിക്കുന്നു. പാവങ്ങളുടെ കഷ്ടതകൾ മൂർത്തീകരിച്ചു കാണുന്നതു് ഇവളിലാണു്. ചെറുപ്പത്തിൽ കാമുകപരിത്യക്തയായി ദാരിദ്ര്യകൂപത്തിൽപ്പെട്ടു് ഒടുവിൽ ഴാങിന്റെ വ്യവസായശാലയിൽ കൂലിപ്പണിക്കാരിയായി ഇവൾ പ്രവേശിച്ചു. പോരും വഴി തന്റെ ഏകപുത്രിയെ ഒരു ഹോട്ടൽകാരിയുടെ പക്കൽ വളർത്താൻ അവൾ ഏല്പിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ചെലവിലേക്കു് പണമയയ്ക്കാൻവേണ്ടി അവൾ അനുഭവിച്ച കഷ്ടതകൾക്കു കണക്കില്ല. വ്യവസായശാലയിലും ഫൻതീനു് പല ആപത്തുകളും നേരിട്ടു. ഇതൊന്നും ഉടമസ്ഥനായ ഴാങിനു് ആദ്യം അറിയുവാൻ ഇടയായില്ല. അവളുടെ മരണഘട്ടം അടുത്തപ്പോൾ മാത്രമേ ആ സാധുജനപാലനു് സംഗതികൾ മനസ്സിലായുള്ളൂ. അന്നുമുതൽ അദ്ദേഹം അവളെ വേണ്ടവിധം ശുശ്രൂഷിച്ചു. മരണ സമയത്തു് അവളുടെ പെൺകുഞ്ഞിനെ സംരക്ഷിക്കേണ്ട ഭാരം അദ്ദേഹം കൈയേല്ക്കുകയും ചെയ്തു. തന്റെ വ്യവസായശാലയോടു സംബന്ധിച്ചു നടന്ന ഈ സംഭവം ഴാങിന്റെ നവനീതഹൃദയത്തെ ഒട്ടധികം ശല്യപ്പെടുത്തി. തൽഫലമായി ആ പെൺകുട്ടിയെ വേണ്ടവിധം വളർത്തി സംതൃപ്തിയടയുവാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഇതിനിടയ്ക്കു് ഴാങിനു തന്റെ സകല പദവികളും ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ മനഃസാക്ഷിയുടെ മാഹാത്മ്യം അളക്കുന്ന ഒരു സംഭവമാണിതു്. ഏതോ കുറ്റത്തിൽ ഴാങ്ങാണെന്നു കരുതി, പിടിക്കപ്പെട്ട ഒരു നിരപരാധനെ ശിക്ഷിക്കത്തവണ്ണം ഒരു കോടതിവിചാരണ ഈ അവസരത്തിൽ മറ്റൊരു സ്ഥലത്തു നടക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞയുടനെ അദ്ദേഹം തന്റെ സർവ്വസ്വവും ത്യജിച്ചു് കോടതിമുമ്പാകെ ഹാജരായി, സ്വന്തം പേർ വെളിപ്പെടുത്തി, കുറ്റം കൈയേറ്റു് ആ നിരപരാധനെ രക്ഷിച്ചു. ധർമ്മവീരനെന്നു് വിശ്രുതനായ ഒരു നഗരസഭാദ്ധ്യക്ഷൻ ഇപ്രകാരം പണ്ടത്തെ തടവുപുള്ളിയായതിൽ ജനങ്ങൾ അത്ഭുതപ്പെട്ടു. ഴാങ് വാൽ ഴാങ് ബന്ധനസ്ഥനായി അധികംനാൾ കഴിച്ചുകൂട്ടിയില്ല. ആ പെൺകുഞ്ഞിന്റെ സംരക്ഷയ്ക്കായി അയാൾ വീണ്ടും തടവിൽനിന്നും സൂത്രത്തിൽ പുറത്തുവന്നു. സ്വാർജ്ജിതമായ സ്വത്തിൽ വലിയൊരംശം അയാൾ ഒരു വനത്തിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണു് അനന്തരജീവിതത്തിൽ പല കാര്യങ്ങളും അയാൾ നിർവ്വഹിച്ചതു്. ‘തെനാർ ഡിയർ’ എന്നു പേരായ ഒരു ഘാതകനാണു് ഈ കഥയിൽ സ്മരണീയനായ മറ്റൊരു പാത്രം. ദാരിദ്ര്യംകൊണ്ടു് മനുഷ്യൻ എത്രത്തോളം നീചനും നിഷ്ഠുരനും ആകാമെന്നതിനു് അവനും അവന്റെ കുടുംബവും ഉദാഹരണമാണു്. ഈ കുടുംബം നടത്തിയിരുന്ന ഹോട്ടലിലാണു് ഫൻതീന്റെ പെൺകുഞ്ഞു വളർന്നിരുന്നതു്. കുട്ടിയെ അന്വേഷിച്ചു പ്രച്ഛന്നവേഷനായി സഞ്ചരിക്കുന്ന ഴാങ് യദൃച്ഛയാ അവളെ കണ്ടെത്തുകയും പണംകൊടുത്തു് തെനാർഡിയരുടെ പിടിയിൽനിന്നു് അവളെ വിടുവിച്ചു് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. കൊസെത്ത് എന്നായിരുന്നു അവളുടെ പേർ. ഈ കഥയിലെ നായികയും ഇവളത്രെ. പിന്നീടു് ഴാങ് വാൽ ഴാങ് അനുഭവിച്ച സകല കഷ്ടപ്പാടുകളും ഈ പെൺകുട്ടിയെ സംരക്ഷിക്കാൻവേണ്ടിയാണു്. പുത്രീനിർവിശേഷമായ വാത്സല്യം അയാൾക്കു് അവളിൽ ഉണ്ടായിരുന്നു. ജീവിതപ്പോരിൽ പല മുറിവുകളുമേറ്റു് വടുകെട്ടി അവസാനം വിരക്തനായിത്തീർന്ന അയാളെ വീണ്ടും ലോകവുമായി ബന്ധിച്ചതു് കൊസെത്തു മാത്രമാണു്. അവളുടെ മേലിൽ അവകാശം പറഞ്ഞു് പണം തട്ടാനായി തെനാർഡിയർ കൂടെക്കൂടെ ഴാങിനെ ശല്യപ്പെടുത്തി. അതുവഴി അനേക ആപത്തുകൾ ആ നിർഭാഗ്യവാനെ വലയംചെയ്തു. അവയോടെല്ലാം അയാൾ ധീരം ധീരം പൊരുതി. പോലീസിന്റെ ഗൃദ്ധ്രനേത്രങ്ങളും അയാളെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു. പല സ്ഥലത്തും ഴാങിനു് കുട്ടിയേയുംകൊണ്ടു് ഒളിച്ചു താമസിക്കേണ്ടിവന്നു. ഈ വിഷമതയ്ക്കിടയിലും അയാൾ കൊസെത്തിനെ, ഒരു രാജകുമാരിയെപ്പോലെ വളർത്തി. ഇതിനിടയിൽ പോലീസിന്റെ ദൃഷ്ടിയിൽനിന്നും തീരെ മറയുന്നതിനു് ഴാങ് വാൽ ഴാങ് കൊസെത്തിനെയുംകൊണ്ടു് ഒരു കന്യാസ്ത്രീമഠത്തിൽ കടന്നുകൂടി അവിടെ കുറെനാൾ ഗൂഢവാസംചെയ്യുകയും ഉണ്ടായി. ‘ഫൂഷൽവാങ്’ എന്നൊരു തോട്ടക്കാരനായിരുന്നു ഇതിലേക്കു് അയാളെ സഹായിച്ചതു്. കൊസെത്തിനു് ഈ മഠത്തിൽനിന്നു വേണ്ട വിദ്യാഭ്യാസം ലഭിച്ചു. അവൾ ക്രമേണ താരുണ്യദശയിലേക്കു കടന്നു. പിന്നീടു് പല സ്ഥലത്തും മാറിമാറി താമസിച്ചുകൊണ്ടിരുന്ന കാലത്താണു് ഇവളുടെ കാമുകനായും, ഈ കഥയിലെ നായകനായും മരിയുസ് എന്നൊരു യുവാവു പ്രത്യക്ഷപ്പെടുന്നതു്. മരിയുസ് ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു. ഇവർ തമ്മിലുള്ള അനുരാഗം ക്രമപ്രവൃദ്ധമായിത്തീരുന്നതു് നിരീക്ഷണപടുവായ ഴാങ് കാലേകൂട്ടി കണ്ടറിഞ്ഞു. ആദ്യം അയാൾ അതു സൂത്രത്തിൽ തടയുവാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അനിരോധ്യമെന്നുകണ്ടു് അതിൽ ഉദാസീനനായി. അതുവരെ തന്റെ നേർക്കു് പിതാവെന്ന നിലയിൽ ഒന്നാകെ പ്രവാഹിച്ചുകൊണ്ടിരുന്ന അവളുടെ സ്നേഹത്തിൽനിന്നും ഇപ്പോൾ ഒരു ശാഖ മറ്റൊരാളെ ലക്ഷ്യമാക്കിത്തിരിയുന്നതു കണ്ടു് ഴാങ് സങ്കടപ്പെട്ടു. എങ്കിലും പ്രകൃതിയുടെ ദുർന്നിവാര്യമായ ആ പ്രവർത്തനത്തിന്റെ മർദ്ദനം ആ വൃദ്ധൻ സംയമനപൂർവം സഹിച്ചു എന്നു മാത്രമല്ല, മരിയുസിനെക്കൂടാതെ കൊസെത്തിന്റെ ജീവിതംതന്നെ അസാദ്ധ്യമെന്നു മനസ്സിലായപ്പോൾ അയാൾ ആ വിവാഹത്തിനുവേണ്ടി പല ആപത്തിലും ചാടി.
മരിയുസിനു് തന്റെ അച്ഛന്റെ കീഴിൽ വളരുന്നതിനു സംഗതിയായില്ല. മുത്തച്ഛനാണു് അയാളെ സംരക്ഷിച്ചതു്.
വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്താൽ മരിയുസ് മുത്തച്ഛനായ പ്രഭുവുമായി പിണങ്ങിപ്പിരിഞ്ഞു. കൊസെത്തുമായുള്ള അനുരാഗം ഈ പിണക്കത്തെ ഒന്നുകൂടെ പ്രബലമാക്കി. മുത്തച്ഛന്റെ അനുമതിയോടുകൂടിയുള്ള വിവാഹം അസാദ്ധ്യമെന്നുകണ്ടപ്പോൾ അയാൾ അന്നത്തെ വിപ്ലവകക്ഷിയിൽച്ചേർന്നു് ഭരണാധികാരികളോടു യുദ്ധംചെയ്തു് ജീവൻ വെടിയുവാൻ നിശ്ചയിച്ചു. എ. ബി. സി. സുഹൃത്സംഘം എന്ന പേരിൽ യുവാക്കന്മാരടങ്ങിയ ഒരു വിപ്ലവകക്ഷി അക്കാലത്തു സംഘടിതമായിരുന്നു. ഇതിലെ നായകന്മാരായ ഏതാനും യുവധീരന്മാർ എന്നെന്നും സ്മരണീയന്മാരാണു്. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി അവർ അന്നത്തെ ഗവൺമെന്റുമായി കലഹിച്ചു യുദ്ധം നടത്തി. ഴാങ് അപ്പോൾ സംഗരരംഗത്തിൽ സന്നിഹിതനായിരുന്നു. അരാജകകക്ഷി ബന്ധനസ്ഥനാക്കി വെടിവെച്ചു കൊല്ലുവാൻ നിർത്തിയിരുന്ന ഇൻസ്പെക്ടർ ഴാവേറെ അയാൾ അവിടെവെച്ചു രക്ഷപ്പെടുത്തി. ഴാങിന്റെ മഹാമനസ്കത ഴാവേർക്കു തികച്ചും അനുഭവപ്പെട്ടതു് അപ്പോഴാണു്. യുദ്ധത്തിൽ മരിയുസ് മുറിവേറ്റു വീണു. ഴാങ് തൽക്ഷണം അയാളെ താങ്ങിയെടുത്തു് ഒരു ഗൂഢമാർഗ്ഗമായി പുറത്തുകടന്നു് പ്രഭുഗൃഹത്തിൽ കൊണ്ടുപോയി ഏല്പിച്ചു് ശുശ്രൂഷിക്കാൻ ഏർപ്പാടുചെയ്തു.
പോരുന്നവഴി അയാൾ ഴാവേറെ കണ്ടുമുട്ടി ഇൻസ്പെക്ടർക്കു് ഇത്തവണയും ഴാങിനെ അറസ്റ്റ് ചെയ്യാൻ തോന്നി. അയാൾ ഒരക്ഷരവും പറയാതെ അതിനു വഴിപ്പെട്ടു. പക്ഷേ, അല്പം മുമ്പു് സകല വിരോധവും മറന്നു് സ്വന്തം ജീവനെ രക്ഷിച്ച ആളെ ഇൻസ്പെക്ടർ എങ്ങനെ അറസ്റ്റ് ചെയ്യും? ഔദ്യോഗികമായ കൃത്യം നിർവ്വഹിക്കുന്നതിൽ അയാൾ ബഹുകണിശക്കാരനുമായിരുന്നു. ഇപ്പോൾ ഒരുവിധത്തിലും സമാധാനമുണ്ടാകാത്ത ഒരു ധർമ്മസങ്കടത്തിൽപ്പെട്ടു് ഇൻസ്പെക്ടർ വലഞ്ഞു. ഇരു വശത്തുംനിന്നുണ്ടായ അന്തഃകരണത്തിന്റെ ഇടിയേറ്റു് അയാൾ കുഴങ്ങി. ഒടുവിൽ ആ വിഷമഘട്ടത്തിൽനിന്നും മോചനം നേടാനായി അയാൾ പുഴയിൽച്ചാടി ആത്മഹത്യ ചെയ്കയാണുണ്ടായതു്. ഴാവേറിന്റെ പ്രകൃതി അസാധാരണവും അത്ഭുതാവഹവുമാണു്. ഉദ്യോഗമുറ തെറ്റിനടക്കുക എന്നതു് അയാൾക്കു് വിചാരിക്കുവാൻകൂടി സാധിക്കുകയില്ല. ഒരു തടവുപുള്ളിയെ അറസ്റ്റ് ചെയ്യുവാൻ പാടില്ലാത്തവിധം മഹർഷി തുല്യനായ് കണ്ടതോടുകൂടി അയാളുടെ അന്ധമായ നീതിബോധം മുഴുവനും അസ്തമിച്ചു. അതിനു് മരണംതന്നെ ആവശ്യമായിവന്നു. മരിയുസിന്റെ മുറിവുകൾ ഉണങ്ങി സുഖപ്പെട്ടതോടുകൂടി മുത്തച്ഛന്റെ പഴയ വിരോധമെല്ലാം തീർന്നു് അദ്ദേഹം വിവാഹത്തിനനുമതികൊടുത്തു. ഴാങ് വാൽ ഴാങിന്റെ ഉത്സാഹത്തിൽ വിവാഹം ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. അയാൾ കൊസെത്തിന്റെ വളർത്തച്ഛനെന്നനിലയ്ക്കു തനിക്കുള്ള സകല സ്വത്തും സ്ത്രീധനമായി കൊടുത്തു. കുബേരപദവിയിൽ ജീവിക്കാൻ അതു ധാരാളം മതിയായിരുന്നു. ഈ വിവാഹത്തിനുശേഷം ഴാങ് അടുത്തുള്ള ഒരു ഗൃഹത്തിൽ ഏകാന്തവാസം ചെയ്യുന്നു. കുറേദിവസം കഴിഞ്ഞപ്പോൾ മാത്രമേ മരിയുസിനു തന്നെ യുദ്ധക്കളത്തിൽനിന്നും രക്ഷിച്ചതു കൊസെത്തിന്റെ വളർത്തച്ഛനാണെന്നു മനസ്സിലായുള്ളൂ. അയാൾ അദ്ദേഹത്തെ ഈശ്വരനെപ്പോലെ ആരാധിച്ചു. ഴാങിന്റെ ആശ്ചര്യകരമായ ജീവിതമഹത്ത്വം അപ്പോളാണു് സകലരും പരിപൂർണ്ണമായിക്കണ്ടതു്. ഇതിനിടയ്ക്കു് ഴാങ് ദീനക്കിടക്കയിൽ വീണുകഴിഞ്ഞു. തന്റെ പുറംപ്രാണനായിരുന്ന കൊസെത്തിനെ ഒരു ഭർത്താവിൽ സമർപ്പിച്ചതോടുകൂടി അദ്ദേഹം ഇഹലോകബന്ധം തീരെ വിട്ടിരിക്കുന്നു. രോഗവേദനകളൊന്നും അനുഭവിക്കാതെ അദ്ദേഹം തന്റെ വാത്സല്യഭാജനങ്ങളോടു് അവസാനയാത്ര പറഞ്ഞു. ഇങ്ങനെ ഈ മഹാഭാരതത്തിലെ ഭീഷ്മ യോഗി സകലതും കണ്ടും അനുഭവിച്ചും അന്ത്യത്തിൽ പരമശാന്തിയടയുകയും ചെയ്തു.
മനുഷ്യജീവിതത്തിന്റെ അനുസ്യൂതമായ ഒരു ഗതിവിശേഷമാണു നാം ഇവിടെക്കണ്ടതു്. ഏറ്റവും താണ ഒരു പടിയിൽനിന്നും പുറപ്പെട്ടു് അതു പല ഘട്ടങ്ങളിലും തരണംചെയ്തു് അവസാനം പ്രാപ്യസ്ഥാനത്തെത്തുന്നു. തിരിയിൽനിന്നു കൊളുത്തിയ പന്തംപോലെയായിരുന്നു ഴാങ് വാൽ ഴാങിന്റെ ജീവിതം. മെത്രാന്റെ ജീവിതകാന്തിയിൽ അതിന്റെ സകല ദുഷ്ടാംശങ്ങളും ദഹിച്ചുപോയി. മുത്തുച്ചിപ്പിയിൽ പതിച്ച ജലബിന്ദുപോലെ അതിന്നു വിലയും, ശോഭയും വർദ്ധിച്ചു. അന്തർലീനമായിരിക്കുന്ന ചൈതന്യം ഉണരുകയാണെങ്കിൽ ഏതു നീചനും സംസ്കരിക്കപ്പെടുമെന്ന തത്വമാണു കവി നമ്മെ പഠിപ്പിക്കുന്നതു്. ഒരിക്കലും നന്നാകാത്തവിധം ഒരുവനും ലോകത്തിൽ അധഃപതിക്കുന്നില്ല. സമുദായം കൃത്രിമങ്ങളായ നിയമങ്ങളിൽക്കൂടി ഭ്രഷ്ടുകല്പിച്ചു പുറത്തുതള്ളുന്ന നികൃഷ്ടാത്മാക്കളിലും ആശയ്ക്കു വഴിയുണ്ടെന്ന സംഗതി നാമാരും ഓർമ്മിക്കുന്നില്ല. സൂക്ഷ്മജ്ഞനായ കവി ഈ തത്വം ചൂണ്ടിക്കാണിക്കുന്നു.
‘ഈ ലോകത്തിൽ കിടന്നതുകൊണ്ടു് കേടുവരാത്തതും പരലോകത്തു നാശരഹിതമായി നില്ക്കുന്നതും, ഗുണംകൊണ്ടു വർദ്ധിച്ചു കാളിക്കത്തിപ്പിടിച്ചു ശക്തിയിൽ പ്രകാശിക്കാൻ കഴിയുന്നതും, ദോഷംകൊണ്ടു് ഒരിക്കലും കെട്ടുപോകാത്തതുമായ ഒരു ദിവ്യതേജസ്സു്—ഒരാദിമ തത്വം—മനുഷ്യാത്മാവിലില്ലേ? വിശേഷിച്ചും ഴാങ് വാൽ ഴാങിന്റെ ആത്മാവിൽ ഉണ്ടായിരുന്നില്ലേ?’ എന്നാണു കവി ചോദിക്കുന്നതു്.
ഴാങിന്റെ ജീവചരിത്രംകൊണ്ടു നാം ഗ്രഹിക്കേണ്ടതെന്താണെന്നു് ഈ ഒരു വാചകത്തിൽ സൂചിതമായിരിക്കുന്നു. ഇന്നത്തെ ഭരണനിയമങ്ങളും, വ്യവസ്ഥകളും മറ്റും ഈ പ്രധാന തത്വത്തെ വിസ്മരിച്ചു പ്രവർത്തിക്കുന്നതുകൊണ്ടു ഗ്രന്ഥകാരൻ അവയെ കഠിനമായി ആക്ഷേപിക്കുന്നു. നിയമത്തിന്റേയും, ശിക്ഷയുടേയും കാഠിന്യം മനുഷ്യനെ നന്നാക്കുന്നതിനുപകരം ഒന്നുകൂടി ദുഷിപ്പിക്കുകയാണു ചെയ്യുന്നതെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യനെ പിശാചാക്കിത്തീർക്കുന്നതു് അജ്ഞതയും ദാരിദ്ര്യവുമാണെന്നും അവയുടെ നിവാരണത്തിലാണു ഭരണാധികാരികളുടേയും, ലോകശുശ്രൂഷകന്മാരുടേയും ശ്രദ്ധ പ്രധാനമായി പതിയേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. പാരീസിലെ തെരുവുകളിൽ തെണ്ടിത്തിരിഞ്ഞുനടക്കുന്ന കുട്ടികളെ എത്ര ഹൃദയാവർജ്ജകമായ വിധത്തിലാണു ഗ്രന്ഥകാരൻ കഥാരംഗത്തു പ്രവേശിപ്പിച്ചിരിക്കുന്നതു്! ഇക്കൂട്ടത്തിൽ തെനാർഡിയരുടെ മകനായ ഗവ്തോഷ് കുട്ടിയുടെ ചിത്രം ഒരിക്കലും വായനക്കാരുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകുന്നതല്ല.
അനുരാഗത്തിന്റെ അത്യന്തം പരിശുദ്ധമായ ഭാവം മാത്രമേ ‘പാവങ്ങളിൽ’ പ്രതിഫലിച്ചിട്ടുള്ളൂ. നഗ്നമായ ശൃംഗാരത്തിനു് ഇതിൽ ഒരിടത്തും സ്ഥാനം കൊടുത്തിട്ടില്ല. പ്രേമം അഥവാ സ്നേഹം ഐശ്വരമായ ഒരു ഗുണമാണെന്നും, അതാണു മനുഷ്യന്റെ പൂർണ്ണത പ്രകാശിപ്പിക്കുന്നതെന്നും കവി വിശദമാക്കുന്നു. പരിശുദ്ധമായ പ്രേമത്തിന്റെ അപ്രധൃഷ്യമായ പ്രവാഹത്തിൽ സകലവിധ അസമത്വങ്ങളും ഒലിച്ചുപോകുന്ന ഒരു കാഴ്ചയാണു് ഇതിൽ ഏറ്റവും മർമ്മസ്പൃക്കായി തോന്നുന്നതു് തെനാർഡിയറുടെ മകളായ ‘എപ്പോനൈൻ’ എന്നു പേരുള്ള ദരിദ്രപ്പെണ്ണിനു പ്രഭുകുമാരനായ മരിയുസിൽ അനുരാഗമുണ്ടാകുന്നു. അയാളാകട്ടെ അതു സ്വപ്നത്തിൽപ്പോലും അറിയുന്നുമില്ല. അവസാനം യുദ്ധസ്ഥലത്തുവച്ചു് അയാളുടെ രക്ഷയ്ക്കായി അവൾ സ്വയം ഒരു വെടിയുണ്ടയേറ്റു മരിക്കുന്ന അവസരത്തിലാണു കാര്യം വെളിപ്പെടുന്നതു്. ഇതുപോലെ മനസ്സിന്റെ നാനാതരത്തിലുള്ള ഗതിവിഗതികൾ ഈ പുസ്തകത്തിൽ പലഭാഗത്തും ജീവിതരഹസ്യങ്ങളെ വിളംബരം ചെയ്യുന്നുണ്ടു്. ഈ ലേഖനത്തിന്റെ ആദ്യം പ്രസ്താവിച്ചിട്ടുള്ളതുപോലെ ഓരോ വിഷയത്തേയും അഗാധമായ തത്വചിന്തകൊണ്ടു കനം പിടിപിടിപ്പിച്ചിട്ടാണു കവി നിരൂപണംചെയ്തിട്ടുള്ളതു്. അനുരാഗത്തെപ്പറ്റി അദ്ദേഹം പറയുന്നതു കേൾക്കുക:
‘അനുരാഗം ഒന്നുകിൽ നശിപ്പിക്കും—അല്ലെങ്കിൽ രക്ഷിക്കും. നടുവിലൂടെ അതിനു സഞ്ചാരമില്ല. കേവലത്വത്തിൽ എത്തുന്ന ആ ഉയർന്ന നിലയിൽ അനുരാഗം വിനയത്തിന്റെ എന്തോ അനിർവാച്യമായ ഒരു ദിവ്യാന്ധത്വവുമായി കെട്ടുപിണയുന്നു.’
‘പരിശുദ്ധമായ ഏതാണ്ടു നാണംകൂടിയ അനുരാഗം ഒരുവിധത്തിലും ശൃംഗാരശൂന്യമായിരിക്കുന്നില്ല. അവനവൻ സനേഹിക്കുന്ന സ്ത്രീയെ സ്തുതിക്കുന്നതു ലാളനത്തിന്റെ പ്രഥമരൂപമാണു്. കുറേക്കൂടി ഊന്നിസ്നേഹിക്കാൻ മാത്രമാണു് വിഷയലമ്പടത്വത്തിന്റെ മുമ്പിൽ ഹൃദയം പിൻവാങ്ങുന്നതു്.’
‘എന്തുതന്നെ ചെയ്താലും മനുഷ്യഹൃദയത്തിലുള്ള ആ ശാശ്വതമായ സ്മാരകവസ്തുവെ, അനുരാഗത്തെ, ഇല്ലാതാക്കുവാൻ നിങ്ങളെക്കൊണ്ടു സാധിക്കില്ല. പുരുഷനും സ്ത്രീയും തമ്മിൽ ഉരുകിച്ചേരുന്ന ഒരു തീച്ചൂളയാണു് അനുരാഗം… അനുരാഗമഹോത്സവം കൊണ്ടാടിക്കഴിഞ്ഞ ആ ശ്രീകോവിലിനു മുമ്പിൽ ആത്മാവു് ധ്യാനത്തിൽപ്പെടുന്നു.’
ആലോചിക്കുംതോറും അതിഗംഭീരങ്ങളായി തോന്നുന്ന എത്രയെത്ര ചിന്താശകലങ്ങളാണു് ഇതുപോലെ ഈ പുസ്തകത്തിന്റെ ഓരോ വശത്തും ചിതറിക്കിടക്കുന്നതു്! അവയെല്ലാം ഉദ്ധരിച്ചു തുടങ്ങിയാൽ, ഈ ലേഖനം ഒരിക്കലും അവസാനിക്കയില്ല. കഥയോടു സംബന്ധിച്ചുവരുന്ന ചരിത്രസംഗതികളെ ഓരോന്നും ഓരോ പുസ്തകമാകത്തക്കവണ്ണം അത്ര വിസ്തരിച്ചാണു കവി വിചാരണചെയ്തിട്ടുള്ളതു്. ആ ഭാഗങ്ങൾ വായിക്കുമ്പോൾ ഇതൊരു നോവലാണെന്നുള്ള കഥതന്നെ നാം മറന്നുപോകുന്നു. യൂറോപ്യൻചരിത്രവും വിശേഷിച്ചു ഫ്രഞ്ചുചരിത്രവും അറിയുന്നവർക്കേ ഇതിൽ രസിക്കാൻ കഴിയൂ. ‘വാട്ടർലൂ’ യുദ്ധത്തേയും, നെപ്പോളിയനേയുംപറ്റി പറയുവാൻതന്നെ പതിനേഴദ്ധ്യായങ്ങൾ ചെലവാക്കിയിട്ടുണ്ടു്. ഗ്രന്ഥകാരനു നെപ്പോളിയനെപ്പറ്റിയുള്ള ബഹുമാനം സീമാതീതമത്രേ. ആ പോരാളിവീരനെ സംബന്ധിക്കുന്ന ചിന്താഗർഭമായ പ്രസ്താവനകൾ യൂഗോവിന്റെ അനന്യസാമാന്യമായ വചോവിലാസത്തിനും, വീക്ഷണചാതുരിക്കും മികച്ച ഉദാഹരണങ്ങളാകുന്നു. വെല്ലിംഗ്ടനേയും നെപ്പോളിയനേയും താരതമ്യപ്പെടുത്തിനോക്കുന്ന ഭാഗം അത്യന്തം മനോഹരമായിട്ടുണ്ടു്. വാട്ടർലൂ ഒരു യുദ്ധമല്ല. പ്രപഞ്ചത്തിന്റെ ഒരു ചുവടുമാറ്റമാണു് എന്നത്രേ കവി പറയുന്നതു്. ഒരിടത്തു് അദ്ദേഹം നെപ്പോളിയനെ, ‘ആ ചിന്നിത്തകർന്നുപോയ സ്വപ്നത്തിലെ പടുകൂറ്റനായ സ്വപ്നാടനക്കാരൻ’ എന്നു വിളിക്കുന്നു. ഈമാതിരി കവിതാഭംഗി നിറഞ്ഞ അസംഖ്യം വാക്യങ്ങൾ ആ വന്ദ്യതൂലികയിൽനിന്നും ‘പാവങ്ങൾ’ക്കു കിട്ടിയിട്ടുണ്ടു്.
ഒരു നോവലെന്നനിലയിൽ നോക്കുമ്പോൾ ചരിത്രസംഗതികൾക്കു് ഇത്രയധികം പെരുപ്പം കൊടുത്തതു് അനുചിതമായെന്നുതോന്നും. ഇതരഭാഷകളിലേക്കു തർജ്ജമ ചെയ്യുമ്പോൾ ഇതിലെ ഏതാനുംഭാഗം കുറവുചെയ്താലും പൂർണ്ണതയ്ക്കു് ഉടവുതട്ടുമെന്നു വിചാരിക്കുവാൻ നിവൃത്തിയില്ല. എത്ര പറഞ്ഞാലും മതിവരാത്ത ഒരു സരസ്വതീദാസനാണു് വിക്തോർ യൂഗോ. അദ്ദേഹത്തിന്റെ സാഹിത്യക്കലവറ ഒരിക്കലും ഒഴിഞ്ഞുപോയെന്നു വരുന്നതല്ല.
സമഷ്ടിവാദം, ഭരണപരിവർത്തനം, മതപഠനം, വിദ്യാഭ്യാസം, പരിഷ്കാരം, സ്ത്രീസമുദായം, സാമാജ്യശക്തി, യുദ്ധം, ദാമ്പത്യജീവിതം, ഭാഷ മുതലായ പലതും ഈ കഥയിൽ ആനുഷംഗികവിഷയങ്ങളായി കൊണ്ടുവന്നിട്ടുണ്ടു്. ഇവയെപ്പറ്റിയെല്ലാം കവി തത്വദൃഷ്ട്യാ ചർച്ചചെയ്തിരിക്കുന്നു. ആ ഭാഗങ്ങൾ പല നൂതന തത്വങ്ങളേയും. അഭിപ്രായങ്ങളേയും നമ്മെ പഠിപ്പിക്കുന്നവയാണു്. ഒരു പ്രത്യേക ലേഖനംമൂലം ഇവയെ വിവരിക്കാനല്ലാതെ ഇവിടെ ചുരുക്കിച്ചേർക്കുവാൻ സാധിക്കുന്നതല്ല. സഹൃദയാഗ്രേസരനായ ഒരു നോവൽകാരൻ എന്നതിനുംപുറമേ മഹാജ്ഞാനിയായ ഒരു തത്വചിന്തകനുംകൂടിയായിട്ടാണു നാം യൂഗോവിനെ ഇതിലെവിടെയും കാണുന്നതു്. സകലത്തിലും ചുഴിഞ്ഞുനോക്കി എന്തെങ്കിലും ഒരു പുതിയ തത്വം കണ്ടുപിടിക്കുവാൻ അദ്ദേഹത്തിനുള്ള പാടവം അസാമാന്യമത്രെ. താഴെ കാണിക്കുന്ന രസകരമായ ദൃഷ്ടാന്തം നോക്കുക. പൂച്ചയെപ്പറ്റി ഒരു പാത്രത്തെക്കൊണ്ടു കവി പറയിക്കുന്നു.
‘പൂച്ച എന്നാൽ എന്താണു്? അതൊരു പ്രത്യൗഷധമാണു്. കൊള്ളാവുന്നവനായ ഈശ്വരൻ എലിയെ ഉണ്ടാക്കിയിട്ടു പറഞ്ഞു: ‘അതാ! ഞാനൊരബദ്ധം പ്രവർത്തിച്ചു.’
‘എന്നിട്ടു് അദ്ദേഹം പൂച്ചയെ സൃഷ്ടിച്ചു. എലി എന്നതിന്റെ പിഴതീർക്കലാണു് പൂച്ച. എലിയോടു പൂച്ചയേക്കൂടി ചേർത്തതു് ഈശ്വരസൃഷ്ടി പ്രൂഫ് നോക്കി ശരിപ്പെടുത്തിയതാണു്.’
ആശയോൽക്കർഷം, പ്രതിപാദനവൈചിത്ര്യം, വർണ്ണനയുടെ തന്മയത്വം, രസപരിപോഷണം, അലങ്കാരപ്രയോഗഭംഗി മുതലായ ഗുണങ്ങൾ ഇത്രയും സമൃദ്ധമായി കളിയാടുന്ന മറ്റൊരു ഗ്രന്ഥം മലയാളകഥാസാഹിത്യത്തിൽ ഉണ്ടെന്നു പറവാൻ എനിക്കു ധൈര്യമില്ല. ഇതിലെ വർണ്ണനകളുടെ സൗകുമാര്യവും, ഓജ്ജ്വല്യവും, ചമൽക്കാരഭംഗിയും തെളിയിക്കാൻ ഉദാഹരണങ്ങൾ കൊണ്ടുവരുന്നതിനു് വിസ്തര ഭയം അനുവദിക്കാത്തതിനാൽ വ്യസനിക്കുന്നു. സാഹിത്യം ഹൃദയത്തെ സംസ്കരിച്ചു് ഉന്നതമായ ഒരു ചിന്താലോകത്തിലേക്കു് ഉയർത്തി ആ പരനിർവൃതിയിൽ ലയിപ്പിക്കുമെന്നും മറ്റും നാം സാധാരണ പറയാറുണ്ടെങ്കിലും, അതുപോലെയുള്ള അനുഭവം തുലോം വിരളമായിട്ടേ വന്നുചേരാറുള്ളൂ. ഇതും ശരിക്കും അനുഭവപ്പെടുന്നതു് ‘പാവങ്ങൾ’ വായിക്കുമ്പോളാണു്. ഇക്കഥാമാർഗ്ഗത്തിൽക്കൂടെ സഞ്ചരിക്കുമ്പോൾ പരിപൂർണ്ണപരിശുദ്ധങ്ങളായ വിചാരങ്ങൾക്കും വികാരങ്ങൾക്കുമല്ലാതെ മറ്റൊന്നിനും നമ്മുടെ ഹൃദയത്തിൽ പ്രവേശനം ലഭിക്കുന്നില്ല. പ്രപഞ്ചനാടകത്തിന്റെ സൂത്രധാരത്വം വഹിക്കുന്ന അപ്രമേയപ്രഭാവമായ പരമാത്മാവിനെക്കുറിച്ചുള്ള വിചാരധാരയിൽ വായനക്കാർ അടിക്കടി ആണ്ടുപോകുന്നു, വിഗളിതവേദ്യാന്തരമായ ആനന്ദത്തിൽ അവർ അപഹൃതചിത്തരായി മജ്ജനം ചെയ്യുന്നു. അത്രമാത്രം പരിപൂതവും ചിരസ്ഥായിയുമാണു് ഈ വിശിഷ്ടകൃതിയിൽനിന്നും നിർഗ്ഗളിക്കുന്ന സാഹിത്യരസം. എന്നാൽ അതു് അനുഭവിക്കുക അത്ര സുകരമാണെന്നു ഞാൻ സമ്മതിക്കുന്നില്ല. കുറേ ക്ഷമയും, ക്ലേശവും, ചിന്താതൽപ്പരതയും അതിലേക്കാവശ്യമാകുന്നു.
‘പാവങ്ങളി’ലെ ഭാഷ തീരെ നിർദ്ദോഷമാണെന്നു് എനിക്കു് അഭിപ്രായമില്ല. ചിലയിടത്തു് പരിഭാഷകനു പരാജയം പറ്റിയിട്ടുണ്ടു് എന്നാൽ അദ്ദേഹത്തിന്റെ വിജയത്തോടു തട്ടിച്ചുനോക്കുമ്പോൾ അതു തുലോം ലഘുവായിത്തീരുന്നതാണു്. ഇതിലെ പ്രതിപാദനരീതിയും ഭാഷാശൈലിയും മറ്റും കൈരളീത്വം കൈവെടിഞ്ഞു് കേവലം വിദേശ വേഷം കെട്ടിയിരിക്കുന്നു എന്നുള്ളതാണു് തർജ്ജമയെപ്പറ്റിയുള്ള പരാതി. ഇതു് അടിസ്ഥാനമില്ലാത്തതല്ല. വിദേശീയഭാഷാശൈലികളെ അവയുടെ വാച്യാർത്ഥത്തെ മാത്രം അവലംബിച്ചു് അങ്ങനെതന്നെ മലയാളത്തിലേക്കു പകർത്തുന്ന ഒരു നൂതനസമ്പ്രദായമാണു് ഈ പുസ്തകത്തിൽ പരിഭാഷകൻ സ്വീകരിച്ചിട്ടുള്ളതു്. തന്മൂലം ചില ഭാഗത്തു് അർത്ഥഗ്രഹണം അസാദ്ധ്യമായും ആശയം അലങ്കോലപ്പെട്ടും കാണപ്പെടുന്നു. വരവും ചെലവും സമീകരിക്കുക എന്ന അർത്ഥത്തിൽ (രണ്ടറ്റങ്ങൾ ഒന്നിച്ചുകൂട്ടുക) എന്നു പറഞ്ഞാൽ ഇംഗ്ലീഷ് അറിഞ്ഞുകൂടാത്തവർ അമ്പരന്നുപോകും. അതുപോലെ വായിൽ വെള്ളിക്കയിലുമായി ജനിക്കുന്നതും മറ്റും മലയാളിക്കു മനസ്സിലാക്കുവാൻ വിഷമമാണു് ഈമാതിരി ശൈലികൾ മലയാളഭാഷയിൽ ക്രമേണ പ്രചരിച്ചു ശരിയായ അർത്ഥത്തിൽ രൂഢങ്ങളായിക്കൊള്ളുമെന്നായിരിക്കും പരിഭാഷകൻ സമാധാനിക്കുന്നതു്. ‘നക്ര ബാഷ്പവും’ ‘വെള്ളയടിക്കലും’ മറ്റും ഇപ്പോൾ ഇംഗ്ലീഷ് ഭാഷാനഭിജ്ഞന്മാർക്കു സുപരിചിതങ്ങളായിത്തീർന്നിട്ടുണ്ടല്ലോ.
ഏതായാലും തർജ്ജമയിൽ ഒരു രീതിമാത്രമേ സ്വീകരിക്കാവു എന്നു ശഠിക്കുന്നതു് ശരിയാണെന്നു തോന്നുന്നില്ല. രചനാരീതി, ശൈലി മുതലായവയിൽ അവസരോചിതമായി സ്വാതന്ത്ര്യം പ്രകാശിപ്പിക്കേണ്ടിവരും. ആശയത്തിനു് ഉടവുതട്ടാതെ മൂലത്തിലുള്ള പുഷ്ടി തികച്ചും സൂക്ഷിക്കുന്നതിനു് ഏതൊരു രീതി ആവശ്യമാണെന്നു കാണുന്നുവോ അതു സ്വീകരിക്കുകയാണുത്തമം. മലയാളഭാഷയുടെ ഇപ്പോഴത്തെ നിലയ്ക്കു് ഈ ഉദ്ദേശ്യം നിർവ്വഹിക്കുന്നതിന്നു ചിലപ്പോൾ വിദേശീയശൈലി അവലംബനമായി വന്നേക്കാം. വാസ്തവത്തിൽ ‘പാവങ്ങ’ളെപ്പോലുള്ള പുസ്തകങ്ങളിലെ ചില ആശയങ്ങളെ അവയുടെ പൂർണ്ണമായ അഗാധതയോടുകൂടി വഹിക്കുന്നതിനുള്ള സ്വന്തമായ ശക്തി നമ്മുടെ ഭാഷയ്ക്കു് ഇനിയും ഉണ്ടായിട്ടില്ലെന്നാണു് എന്റെ അഭിപ്രായം. ഈ നിലയിൽ നോക്കുമ്പോൾ പരിഭാഷകന്റെ വിവർത്തനരീതി സ്വീകാര്യമാണെന്നു് സമ്മതിക്കേണ്ടിയിരിക്കുന്നു. അനാവശ്യമായും അനിയന്ത്രിതമായും അന്യാശ്രയത്തിനു തുനിയരുതെന്നു മാത്രമേ ഇവിടെ പറയേണ്ടതുള്ളൂ.
‘ചുമർവച്ചു മൂടിച്ച ഒരു ചെറുജനാല ചതുരത്തിലുള്ള ഭിത്തി മാടമുണ്ടാക്കിയിരുന്നു.’
‘അവധിയെടുത്തു പോകുന്ന ഓവുതാങ്ങിയുടെ മട്ടുണ്ടു് അയാൾക്കു്.’ ഇത്യാദി വാക്യങ്ങൾ അർത്ഥപ്രീതിയിൽ ക്ലിഷ്ടങ്ങളായിരിക്കുന്നു. ‘ജഡപദാർത്ഥത്തിൽ അന്തഃ കരണം പൂജിക്കപ്പെടൽ’ എന്നിങ്ങനെ ചിലടത്തു് തർജ്ജമ ശരിയാകാതെയും വന്നിട്ടുണ്ടു്.
‘കുതിരവണ്ടിയിൽ ഇരുന്നു് ആശ്ശേഷിക്കപ്പെട്ടുകൊണ്ടുള്ള അരക്കെട്ടുകൾ’ എന്നും മറ്റും ഉള്ള ഭാഗങ്ങൾ മലയാളരീത്യാ ഭംഗിപ്പെടുത്തേണ്ടവയത്രെ. പക്ഷേ, ഈവക ലഘുവായ ദോഷങ്ങൾകൊണ്ടു് ഈ മഹാഗ്രന്ഥം പാരായണയോഗ്യമല്ലെന്നു പറയുന്നതാണു് വമ്പിച്ച വിഡ്ഢിത്തമായി ഗണിക്കേണ്ടതു്. പുസ്തകപ്പെരുപ്പത്തെ അടിസ്ഥാനമാക്കി നോക്കിയാൽ ഇവയെ പർവ്വതീകരിച്ചു കാണിക്കുവാനും നിവൃത്തിയില്ല. തർജ്ജമ വളരെ നന്നായിട്ടുള്ള ഭാഗങ്ങളാണു് ഇതിലധികവും. ഇംഗ്ലീഷ് രീതി അവലംബിച്ചതുകൊണ്ടു ദോഷത്തേക്കാൾ കൂടുതൽ ഗുണമാണുണ്ടായിട്ടുള്ളതെന്നു് ഈ ഭാഗങ്ങൾ തെളിയിക്കുന്നുമുണ്ടു്.
‘സത്യത്തിന്റെ ഒരു ശുണ്ഠിയെടുക്കലാണു് രാജ്യകലഹം.’
‘സ്വാതന്ത്ര്യത്തിന്റെ പുഞ്ചിരിക്കുമുമ്പിൽ ഫ്രാൻസ് അതിന്റെ മുറിവു മറക്കും.’
‘നിസ്സാരസംഗതികൾ മഹത്തരങ്ങളായ സംഭവങ്ങളുടെ ഇലപ്പടർപ്പാണു്.’
‘സ്വന്തം പുകയെ വിഴുങ്ങിക്കളയുന്ന പുതിയതരം അടുപ്പുപോലെയായിരുന്നു അദ്ദേഹത്തിന്റെ വ്യസനം.’
‘ഇല്ലായ്മ ആത്മശക്തിയെ പ്രസവിക്കുന്നു.’
‘ഒരു പുഞ്ചിരി ഒരു വെയിൽനാളംപോലെയാണു്. അതു മനുഷ്യമുഖത്തുനിന്നു ദുർദ്ദിനത്തെ ആട്ടിപ്പായിക്കുന്നു.’
‘മനുഷ്യൻ തന്റെ തലച്ചോറിൽ ഒരു തീച്ചൂളയുംകൊണ്ടു നടക്കുന്ന ചില സന്ദർഭങ്ങളുണ്ടു്.’
അനുപദതർജ്ജമകൊണ്ടു കിട്ടിയിട്ടുള്ള മേൽക്കാണിച്ച വാക്യങ്ങൾ എത്ര സരസങ്ങളും സാരഗർഭങ്ങളും ആയിരിക്കുന്നു! അർത്ഥം വെളിവാക്കുന്നതിൽ ഒരു അസാധാരണശക്തിയും ജീവനും ഈമാതിരി പ്രയോഗഭംഗികൊണ്ടു പ്രത്യേകിച്ചും ഉണ്ടാകുന്നില്ലേയെന്നു സഹൃദയന്മാർ തീർച്ചയാക്കട്ടെ!
‘ഒരു പീരങ്കിയുണ്ട മണിക്കൂറിൽ അറുനൂറു കാതമേ പായുന്നുള്ളു. വെളിച്ചം ഞൊടിയിടകൊണ്ടു് എഴുപതിനായിരം കാതം സഞ്ചരിക്കുന്നു. ഇതാണു് യേശുക്രിസ്തുവിനു നെപ്പോളിയനെക്കാൾ ഉള്ള മേന്മ.’
രമണീയമായ ഒരു ആശയത്തെ അതിന്റെ ഗാംഭീര്യം ലേശവും കളയാതെ വേണ്ട വൈചിത്ര്യം കലർത്തി പ്രകാശിപ്പിക്കുന്നതിനു പരിഭാഷകനുള്ള സാമർത്ഥ്യം മേൽക്കാണിച്ച വാക്യങ്ങളിൽ കളിയാടുന്നുണ്ടു്.
‘ചെറുപ്പക്കാരൻ വന്നു, കിഴവൻ വിസ്മൃതനായി, ഇതാണു ജീവിതം.’
ചുരുങ്ങിയ വാക്കിൽ മഹത്തായ ആശയങ്ങൾ ഒതുക്കുന്ന ഈ രീതിയും എത്ര ഹൃദ്യമായിരിക്കുന്നു! നല്ല ഒഴുക്കും ഓജസ്സും ഉള്ള മധുരമഞ്ജുളമായ ഒരു ഗദ്യമാണു് നാം ‘പാവങ്ങ’ളിൽ കാണുന്നതു്.
പരിഭാഷകന്റെ അസാമാന്യമായ വചോവിലാസത്തിനു് ഇതിലെ മിക്ക ഭാഗങ്ങളും സാക്ഷ്യം വഹിക്കുന്നു.
ലഹള എന്നാൽ എന്താണെന്നു വിവരിക്കുന്ന ഒരു ഘട്ടം നോക്കുക:
‘ചില ശീതോഷ്ണസ്ഥിതികളിൽ പെട്ടെന്നുണ്ടാകുകയും അതു ചുഴന്നുവരുന്നതോടുകൂടി മഹത്തരങ്ങളായ പ്രകൃതികളേയും അതുപോലെ നികൃഷ്ടതരങ്ങളേയും ശക്തനേയും അശക്തനേയും മരത്തടിയേയും വയ്ക്കോൽകൊടിയേയുംകൂടെ എടുത്തുകൊണ്ടു പൊങ്ങുകയും താഴുകയും അലറുകയും പിളർക്കുകയും ഇടിക്കുകയും തകർക്കുകയും ചെയ്യുന്ന ഒരുതരം സാമുദായിക വായുമണ്ഡലത്തിലെ നീർച്ചുഴിസ്തംഭങ്ങളാണു് ലഹള.’
കന്യകയെപ്പറ്റി പറയുന്ന മറ്റൊരു ഭാഗംകൂടി കാണിക്കാം. കന്യക എന്നാൽ എന്താണു്?
‘അതു വിരിഞ്ഞുകഴിഞ്ഞിട്ടില്ലാത്ത ഒരു പുഷ്പത്തിന്റെ ഉള്ളാണു്. അതു് ഇരുട്ടിലെ വെണ്മണിയാണു്. മൊട്ടായിരിക്കുന്ന സ്ത്രീ പരിശുദ്ധയാണു്. വിരിഞ്ഞുവരുന്ന ആ നിഷ്കളങ്ക പൂമൊട്ടു തന്നത്താൻ ഭയപ്പെടുന്ന ആ ആരാധ്യമായ അർദ്ധനഗ്നത, ഒരു പാപ്പാസിൽ അഭയംപ്രാപിക്കുന്ന ആ വെള്ളക്കാലടി, ഒരു കണ്ണാടി, അതിന്റെ മുമ്പിൽ മൂടുപടമിടുന്ന ആ കണ്ഠപ്രദേശം, ഒരു വീട്ടുസാമാനം കിരുകിരുക്കയോ ഒരു വിമാനം പാഞ്ഞുപോകയോ ചെയ്യുമ്പോഴേക്കു ക്ഷണത്തിൽ എഴുന്നേറ്റുവന്നു ചുമൽ മറയ്ക്കാൻ നോക്കുന്ന ആ ഉള്ളങ്കി, ആ കെട്ടിയ നാടകൾ, ആ കൊളുത്തപ്പെട്ട കൊളുത്തുകൾ, ആ വിറകൾ, ആ ലജ്ജയുടേയും വിനയത്തിന്റേയും നടുക്കങ്ങൾ, ഓരോ നിമിഷത്തിലുള്ള ആ കൗതുകകരമായ ശങ്ക, ഭയത്തിനു യാതൊരു കാരണവുമില്ലാത്തിടത്തു് ആ ചിറകുവച്ച അസ്വസ്ഥത, പ്രഭാതത്തിലെ മേഘങ്ങളെപ്പോലെ മനോഹരങ്ങളായ വസ്ത്രധാരണത്തിന്റെ തുടരെത്തുടരെയുള്ള നിലഭേദങ്ങൾ ഇതൊക്കെ എടുത്തുപറയുന്നതു് ഉചിതമല്ല. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നതുതന്നെ അധികമാണു്.’
ഇതിലെ ‘ചിറകുവച്ച അസ്വസ്ഥത’യും മറ്റും പാശ്ചാത്യവേഷത്തിലുള്ളതായാലും ഒരു സഹൃദയനായ മലയാളിക്കു് അത്യന്തം ആസ്വാദ്യമാകുമെന്നാണു് എനിക്കു തോന്നുന്നതു്. തർജ്ജമയെപ്പറ്റി ഇതിൽ കൂടുതലായ വിചാരണ ചെയ്യുവാൻ നിവൃത്തിയില്ല.
പാവങ്ങൾ മുഴുവനും വിമർശത്തിനു വിഷയീഭവിച്ചു എന്നു് എനിക്കു വിശ്വാസമില്ല. പ്രസ്തുത ലേഖനത്തിൽ സ്പർശിക്കാത്ത പല ഭാഗങ്ങൾ ഇനിയുമുണ്ടു്. ചുരുക്കത്തിൽ പാവങ്ങൾ ഒരു ഗ്രന്ഥമല്ലാ ഒരു ഗ്രന്ഥശാലതന്നെയാണു്. വാഗർത്ഥങ്ങളെക്കൊണ്ടു തിരതല്ലിക്കളിക്കുന്ന ആ മഹാസമുദ്രത്തിന്റെ തീരത്തു വിസ്മയഭരിതമായി നോക്കിനില്ക്കുവാനേ അസ്മാദൃശന്മാർക്കു കഴികയുള്ളൂ.
(സാഹിതീയം)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971