നിശാന്ത്യത്തിൽ ഞാനൊരു ചെറുതിരയെ
ധ്യാനിക്കുന്നു! … ശിരസ്സിൽ വെൺപൂ
നുര ചിന്നിച്ചു കടന്നുവരുന്നൊരു
നെടുവീർപ്പലയെ ധ്യാനിക്കുന്നൂ!
വിളക്കും തീരെക്കെട്ടു, പകലിൻ
പുതുമോടികളുടെ വരവായെന്നിൽ
നിദ്ര നിറംമാഞ്ഞകലുന്നൂ.
തീർത്ഥാടകരാം ഘനഭിക്ഷുക്കടെ
പിടിവിട്ടാകെയുടഞ്ഞൊരു കലശം
തീർത്ഥം നല്കിയ വാർദ്ധക്യത്തി-
ന്നന്ത്യശ്വാസം പടരുന്നൂ
വീണ്ടുമൊരേയൊരു മോഹം പൂണ്ടു
പുനർജ്ജനി തേടിപ്പിടയുന്നൂ.
മുൾമുനചൂണ്ടിക്കാവൽ നിൽക്കും
നഗരം കെട്ടിയ വേലിക്കുള്ളിൽ
ചിറകു നനഞ്ഞു കിതച്ചുംകൊണ്ടെൻ
ദിവസം തേങ്ങിയിരിക്കുമ്പോൾ
ഈറൻവാഴക്കൂമ്പുണരുമ്പോൽ
ചാരത്തുണ്ടൊരു നിശ്വാസം,
ഒരു വിധുരോഷ്മളചലനം! മങ്ങിയ
ചില്ലിൽത്തെളിയുന്നമൃതത്വം,
അതിമർദ്ദം പൂണ്ടൊഴുകും രുധിര-
പ്രേരണകൊണ്ടു കിതയ്ക്കുന്നൂ
ആളില്ലാത്ത ഗൃഹത്തിലിരുട്ടിൻ
ചിരി കാണാതെ നടക്കുന്നൂ,
ചിറകുമുളയ്ക്കെ കാടും തേടി-
യിളംകിളി പാറിയകന്നപ്പോൾ
രാവിൻപൂവും പകലിൻപൂവും
നെടുവീർപ്പിഴയിൽ കോർക്കുന്നൂ.
ആ മിഴിവക്കിലൊതുക്കം കിട്ടാ-
തുതിരും ബാഷ്പം പൊള്ളുന്നു,
ചുടുകാറ്റായിക്കടലും താണ്ടി
പ്പുണരാനാർത്തമടുക്കുന്നൂ…
ആർദ്രതകിനിയും മിഴിയിണ
മധുരിമ വെണ്മപുരട്ടുന്നധരപുടം
സാത്വികതേജസ്സൊഴുകിദ്യോവിൻ
പുഞ്ചിരിപതയും മൂർദ്ധാവും…
തെളിമയിലമ്മയുണർന്നു മനസ്സിൽ
കണ്ണീരൊപ്പുകയാണല്ലോ!
പട്ടണവീഥികളൊന്നിച്ചാർത്തു
കുതിച്ചുകടന്നെൻ കൈത്തലമേന്താൻ
വെൺകളിപൂശിയ കുഴിമാടം വി-
ട്ടോടിവരുന്നൂ ശൈശവമരികിൽ,
(എന്തൊരുഹൃദ്യതയീമകരന്ദ-
സ്മൃതിയൊരു താരാട്ടാണല്ലോ
കരുതിയ കൈതപ്പൂവിൻ ഗന്ധം
പോലെന്നുള്ളിലിരുപ്പല്ലോ!)
കാലിക്കോലും മുരളിയുമായി
ക്കാടകമൊക്കെയലഞ്ഞിട്ടൊടുവിൽ
തളരും കുഞ്ഞിത്തനുവോടിടവഴി
കേറീട്ടമ്പലവാതിൽ തുറപ്പൂ…
തുളസിത്തറയിൽ കൂമ്പും കൈയിൻ
ചുളിവിൽകയറും കാലത്തിൻ
ഗൗളിചിലയ്ക്കുന്നുണ്ടോ?-മരണം
കരിയിലമാറ്റി നടക്കുന്നോ?-
ശിശിരം തുന്നിയ മഞ്ഞിൻതൊപ്പി-
യെടുത്തഭിവാദ്യം ചൊല്ലുന്നോ?
മോമൽച്ചിറകും പൂട്ടിയിരിക്കു-
മുഷസ്സിനെ മുട്ടിവിളിച്ചുനടക്കും
സ്വപ്നാടകനാം കാറ്റിൻ കണ്ണീർ
മഞ്ഞണിവയലിൻ മീതെ വിഷാദ-
ച്ഛായപടർത്തി, ക്കുന്നിൻ ചെരിവിൽ
ചെന്താർമൊട്ടു തുടുക്കുന്നോ?
വെള്ളപ്പൂങ്കുല തല്ലിയുടയ്ക്കും
പുഴയും, പുഴയുടെയരുകിൽ പീലി
വിടർത്തിച്ചാഞ്ചാടീടും കരയും
ഋതുഭേദത്തിൻ നാദം കേട്ടതു
ചെവിപാർക്കും ചെറു പൈങ്കിളിയും
എന്നെ വിളിച്ചു കുതിക്കുന്നോ?-
“സമയം പോയി, തിരിച്ചു വരൂ നിൻ
താരാട്ടൊരുമൊഴി കേൾക്കണ്ടേ?”
പാരാവാരം പോലെ തമസ്സിൽ
കാളിമപടരും പലവഴികൾ
ഇരുവശമോരോ ദീപം, ഏതിൽ
തിരിയിട്ടെണ്ണയൊഴിക്കും ഞാൻ?
ദുഃഖം നൂപുരമിട്ടുകിലുക്കീ-
ട്ടരയിൽച്ചുറ്റിക്കരയുമ്പോൾ
ധ്യാനിക്കുന്നു മനസ്സിൻ വമ്പുക-
ളൊക്കെയൊതുക്കിക്കുഞ്ഞായീ!