മേനിയിൽ വിഷാണുപോൽ
പടരാൻ കൊതിക്കുമീ കറുത്ത കിളി-
യാരെന്നറിവീലെനിക്കയ്യോ!
ഓർത്തിരിക്കാതെന്നിലെപ്പുളകം
പൂത്താലത്തിലായിരം കതിരുപോൽ
ഒന്നായിവിടരുമ്പോൾ,
കാർമുകിൽ പോലെന്നുടെ കണ്ണിനെച്ചുറ്റി-
ക്കാലിൽ ബന്ധനം നടത്തുമീ
കറുത്ത കിളിയാരെന്നറിവീലെനിക്കയ്യോ!
വിളക്കിൽ മിന്നിക്കത്തും
നാളമോ പുകച്ചുരുൾ!-
തുളുമ്പും മനസ്സിലെ-
പ്പൊയ്കയോ കരിങ്കടൽ!
തളരുന്നല്ലോ കൂർത്ത നഖരം നീട്ടി,
കെട്ടിപ്പുണരാൻ വെമ്പും കരി-
ങ്കിളിയെക്കാണുന്നേരും!
എന്നു നീ വന്നെന്നഴിവാതിലിൽ മുഖം ചേർത്തു
രക്തരൂക്ഷമാം വട്ടക്കണ്ണുകൾ ചാട്ടീ,
നീണ്ട ചുണ്ടുകൾ നനച്ചു രാ-
വൊക്കെയും കാവൽ നിന്നൂ,
അന്നുതൊട്ടല്ലോയെന്റെ കരളിൻ മാമ്പൂവിലെ
പുഴുവായ്, പാപാഗ്നിയായ്
എന്നെ നീ ഗ്രസിച്ചതും.
ഇളകിക്കിതയ്ക്കുമെൻ ചില്ലയിൽ,
പൂവില്ലാത്ത കുമ്പിളിൽ, വൃഥാ നിന്റെ
മോഹത്തെക്കുടിവെച്ചി-
ട്ടെന്തു കിട്ടുവാൻ കിളീ?
കോർത്ത വൻനഖങ്ങൾ നീ-
യിളക്കി നീക്കൂ, യെന്റെ
പ്രാണനിശ്വാസത്തിലെച്ചോരതൻ മണം പറ്റി
ക്കുതിക്കും കറുത്തനിൻ
തൂവലൊന്നകറ്റു നീ
ഒന്നു ഞാൻ കണ്ടോട്ടെന്റെ
നീലവാനവും, നീറും
പാതിരാപ്പൂവും, ദീപ്ത-
സന്ധ്യയിൽ മുഖം ചോന്ന
ഭൂമിയും പൂക്കാലവും.
മുറ്റത്തു തേന്മാവൊക്കെ പൂത്തുവോ?
ഇളംകുയിൽ പാടിയോ? - കാറ്റിൽ
പ്രേമസൗരഭം പരന്നുവോ?
ശരത്തോ, വസന്തമോ?
ഗ്രീഷ്മമോ, ഹേമന്തമോ?-
ഏതു പൊൻകുടയ്ക്കുള്ളിൽ
കാലമിങ്ങെഴുന്നള്ളീ?
മഞ്ഞുകാലവും, മണൽ-
ക്കാറ്റുമീ തീരത്തെത്തി
‘നശ്വരം, കുഞ്ഞേ സുഖ’-
മെന്നു ചൊല്ലുമ്പോഴല്ലോ.
കിളി നീയെത്തീ കോടമഞ്ഞുപോൽ മയക്കത്തിൽ
സ്വർണ്ണരേണുക്കൾ കരി-
ഞ്ഞഴുകും പൂവിൻ പിന്നി-
ലുഴറും വികമ്പിത-
ലോലപല്ലവം നുള്ളി.
പോയി പോൽ ചിരിക്കാതെ,
കണ്ണുനീർ തുടയ്ക്കാതെ,
സ്നേഹമൊക്കെയും തന്നു
ദാഹത്തെ വളർത്തിയോർ!
അകലെപ്പേടിച്ചെന്റെ-
യന്തരാത്മാവിൽ വിങ്ങു-
മഗ്നിശൈലത്തിൻ മുഖ-
ത്തുറ്റുനോക്കിയും ദല-
മർമ്മരം ശേഷിക്കുമെൻ
ചുണ്ടുകൾ നനയ്ക്കുവാ-
നോർമ്മകൾ തരംഗമായ്, ഗംഗയായ് വരുന്നതും
കണ്ടു കണ്ണിമയ്ക്കാതെ
നിദ്ര തന്നൊറ്റക്കാലിൽ
നിൽക്കയാണിളംനീലപ്പൂവുമായ് കരങ്ങളിൽ
ശൂന്യമായ് ഗൃഹം,
നിഴൽപ്പാടുകൾ നിശ്ശങ്കമീ
കാട്ടുപൊന്തയിൽ വിഷജ്വാലകൾ പടർത്തുന്നൂ,
മൃതിയെപ്പൂജിക്കുന്ന രക്തരക്ഷസ്സേ-
യരനിമിഷം തരില്ലയോ
ശ്വാസമൊന്നുണർന്നീടാൻ?
എന്റെ മാർഗ്ഗത്തിൽ മോഹതാരകം
കരിഞ്ഞു വെൺചാമ്പലായ്, മേഘം
മോക്ഷജാലകം തുറക്കില്ലാ…
ഇല്ലെനിക്കില്ലാ തെല്ലുനേരമീ
ഭയാനക ചുംബനം ചുണ്ടിൽ
കനൽക്കട്ടയായുടഞ്ഞീടും!
മണ്ണിനെ പ്രേമിച്ച ഞാ-
നവസാനമായ് കണ്ണീർ-
ത്തുള്ളിയൊന്നർപ്പിക്കട്ടേ,
മാറി നിൽക്കു നീ കിളീ!
എന്തു നീയറിഞ്ഞെന്റെ യാതന!
എന്നാത്മാവിലുരുകിപ്പിടിക്കുമീ വേദന!
മുഖം കൂർത്ത കുന്തമൊന്നെടുത്തു നീ
നീക്കുമോ കരിങ്കിളീ?