തികച്ചൊരു പൂവില്ലിലയില്ല, പാഴ്മരം
ചത്ത കാട്ടാറിൻ കടവത്തു മുൾക്കാടി-
നസ്ഥികൾ തീർത്ത വൻകോട്ട!-എതോ വഴി?
വേഴാമ്പലാണു ഞാൻ, പൊള്ളുമീ മഞ്ഞ
വെയിൽപ്പാളി തുള്ളുന്ന താഴ്‌വര താണ്ടുന്നു.
ഹേമാഭിഷിക്തം മിനുങ്ങുന്നു മാമല,
മോളിൽ വിടർന്നനങ്ങാത്ത വെൺചാമരം,
ഇല്ല. തെളിക്കുവാനില്ലാപനിനീരു…
പോയിട്ടൊരീറൻ തരിപ്പുണ്ട കാറ്റുപോൽ!
ഓർത്താൽ കുളിർപോലുരുമ്മിപ്പതയുന്ന
കായലോരങ്ങളിൽ വേലിയേറ്റം പോലെ
ഏതോ ക്ഷണികവികാരമഥിതതരംഗവ്യൂഹങ്ങളായ്
വെള്ളിവെയിൽത്തപ്തജ്ജ്വാലാസമൂഹമൊ-
ത്താളുന്നു വീണ്ടും ചിതൽതിന്ന ചിന്തകൾ,
മോതിരപ്പാടു മാഞ്ഞപ്പൊഴും തേങ്ങു-
മണിവിരൽ പൊട്ടിക്കരഞ്ഞിടുന്നു
സന്ദേശനൂപുരക്വാണം മയങ്ങിടും
താമരത്താളുകൾ കീറിടുന്നൂ…
കുന്നിറങ്ങി, ക്കൊടുംചൂടുറങ്ങീ, യന്തി-
പ്പൂക്കളം നോക്കും വനം കടന്നൂ
പിന്നിൽ പടർന്ന നിശ്വാസത്തിലെന്നിടം
കാലുടക്കീ, ചിന്ത കാടു കേറി.
താഴെ വീണാകെച്ചിതറും കരിമഷി-
ക്കുപ്പിപോലെങ്ങോയിരുൾത്തുമ്പി തേങ്ങി-
പ്പതുക്കെച്ചിറകു വിടർത്തീ,
പൂവിതളെണ്ണാൻ കൊതിക്കുന്നു ഞാൻ,
നീണ്ടരാത്രി കരിഞ്ഞുമെലിഞ്ഞ തൻ ചുണ്ടുപിളർത്തി
യൂർന്നകാറ്റെന്നെപ്പൊതിഞ്ഞൂ.
ഇല്ലേ, തളിക്കുവാനില്ലേ പനിനീരു
പോയിട്ടൊരീറൻ തരിപ്പുണ്ട കാറ്റുപോൽ?
പോരൂ, ചെറുകൂട്ടിലാകെച്ചുവന്ന കുളിരിൽ
കുനിഞ്ഞിരുന്നെങ്ങോ മറന്നനിൻ
വിങ്ങും വിഷാദരേണുക്കൾ വിയർത്തൊട്ടി
മാഞ്ഞ മന്ദസ്മിതം തേടാം.
ചെമ്മണ്ണുതുപ്പുമിപ്പാതയിടംപോര,
മെല്ലെ നടക്കൂ, യിരുൾക്കീറുപോലെന്റെ
കൈകളിൽ ചുറ്റിപ്പിടിക്കൂ.
വേണ്ട, കതിരറ്റപാടങ്ങൾ, വറ്റിച്ചെളി-
യിലമർന്ന പൊൻതാമര ചീഞ്ഞ കളങ്ങൾ
വേണ്ട, നോക്കേണ്ട-
നനുത്തവെൺപൂഴീ, യിതാണു ഞാനെന്നു
മൊളിച്ചുവെച്ചുള്ളൊരെൻ രഥ്യ!
വേണ്ട പാഥേയ, മിലക്കീറുപോലു, മെൻ
കൂട്ടിൽ വിളക്കുണ്ടു കൂട്ടായ്,
ചോരക്കുളിരും നുകർന്നു നിശതന്റെ
യാമങ്ങളെണ്ണാതുറങ്ങാം.