ഭിക്ഷയെൻ കവിളിലെ-
ക്കണ്ണുനീരൊപ്പാൻ, വാരി-
പ്പുണരാൻ വരില്ലയോ?
എത്രയായ് യുഗം നീല-
സാഗരം ഞാനക്ഷീണ-
ഹൃദയം പേറീ നിന്റെ
തൃപ്പദം തഴുകുന്നൂ!
പെറ്റുവീണപ്പോൾത്തൊട്ടു
കരയാൻ പഠിച്ചു, രാ-
പ്പകലെന്നിയേ കണ്ണീർ
തുടച്ചും വിതുമ്പിയും.
ഒരുനാൾപോലും നിന്റെ
രാഗലോലമാം ബാഹു-
വലയം നീങ്ങില്ലെന്റെ
മിഴിനീർ തുടയ്ക്കുവാൻ.
താരകൾ നിശാഗന്ധി-
പ്പൂക്കളെ പ്രേമിക്കുമ്പോൾ,
താരണി മുഖം താഴ്ത്തി-
സ്സന്ധ്യകൾ നാണിക്കുമ്പോൾ,
നിഴലും നിലാവുമാ-
യിണചേർന്നിടും രാവിൽ
നിറയെ പ്രതീക്ഷയോ-
ടങ്ങയെക്കാത്തീ തിര-
ക്കൈകളാൽ മുഖം മറ-
ച്ചെത്ര നാളിരുന്നു ഞാൻ!
ഉറക്കം പിണങ്ങിയെൻ
രാവുകൾ കൊഴിഞ്ഞു, പൊൻ-
ചെപ്പുകൾ തുറന്നോർമ്മ-
ത്തരികൾ പെറുക്കിയും
കരഞ്ഞും കണ്ണീർവീണ
മെത്തയിൽക്കമഴ്‌ന്നുവീ-
ണുരുണ്ടും ദയവിട്ട
കാലത്തെയിടംകണ്ണാൽ
നോക്കിയും ഹതാശയായ്,
ഭ്രാന്തിയായ് മാറുന്നു ഞാൻ.
താടിയിൽ നരകേറി-
ച്ചുളിയും മുഖംകുനി-
ച്ചിനിയും പാളിപ്പാളി
നോക്കുമീ വൃദ്ധാകാശം
രാത്രിയിൽ തിളങ്ങുന്ന
മിഴികൊണ്ടെന്നെച്ചൂഴ്‌ന്നു
കരയിക്കുന്നൂ; നിന്നെ-
യല്പനെന്നോതീടുന്നു;
ഇടറിത്തെറിക്കുമെൻ
നെഞ്ചിലും, രുധിരാഗ്നി-
ജ്വാലകൾ പടർന്നേറും
പവിഴാധാരത്തിലും
ബലമായ് പിടിച്ചുമ്മ
വെയ്ക്കുവാൻ കരിമ്പട-
ച്ചിറകിൽ കൊടുങ്കാറ്റായ്
ദാഹമായലയുന്നൂ.
വിറയാർന്നവിടുത്തെ
മേനിയിൽച്ചുറ്റിത്തേങ്ങി-
പ്പുണർന്നുമീറൻമിഴി-
ക്കോണുകളടയ്ക്കുമ്പോൾ
പിന്നെയും ഭവാൻതട്ടി-
യെറിയും നൂനം, പ്രേമ-
ഭാവനയ്ക്കതീതനാ-
യങ്ങു നിശ്ചലൻ ദൂരെ!
ശചിയെത്താലോലിക്കു-
മിന്ദ്രനെപ്പോലെ, പ്രിയ
ഗംഗയെശ്ശിരസ്സേറ്റും
സ്മരവൈരിയെപ്പോലെ
വേണ്ട, യെന്നൊരിക്കലെൻ
കൺകളിൽ നോക്കീ, നെഞ്ചി-
ലൊതുക്കീ മൂർദ്ധാവിലാ
മുഖമൊന്നണച്ചെങ്കിൽ…?
ഏതു ജന്മത്തിന്നുഗ്ര-
ശാപവും പേറീ, മോക്ഷ-
സാഫല്യമില്ലാതുഴ-
ന്നീടുന്നു ഞാനെന്നുമേ.
അക്ഷമം ഹൃദന്തമെൻ
പ്രാണനിൽ മൊട്ടിട്ടൊരീ
പ്രേമമോ പ്രപഞ്ചാതി-
വർത്തിയായ് വളരുന്നു.
ഒരു ശർമ്മിഷ്ഠക്കാത്മ-
സൗരഭം നൽകാൻ ദിവ്യ-
മധുരോഷ്മളപ്രേമ-
മൂർത്തിയാം യയാതിയായ്
വരിക, വിരഹാഗ്നി-
ജ്ജ്വാലയിൽക്കരിയുമീ
ഹരിചന്ദനം വാരി
വാരി നീയണിഞ്ഞാലും!