എവിടേയ്ക്കെന്നെ നയിക്കുന്നൂ?
ഒരു കാട്ടാറുണ്ടകലേ, മൃദുജല-
മർമ്മരമൊഴുകുന്നെന്നോ?
ദാഹം തീർക്കാമുടനെ, പ്പിന്നെ-
യിരുട്ടുംമുമ്പു തിരിക്കാമെന്നോ?
ദാഹം തീരുവതല്ലാ തീർത്താ-
ലറിയുന്നില്ലതു നീയും!
വഴിയൊഴുകിപ്പല പെരുവഴിയാകു-
ന്നൊടുവിൽ തീമല കയറുന്നൂ നാം
അകലെക്കടലിൻ ഗർജ്ജന, മരികിൽ
കണ്ണിൽ കനലൊളി പകരും വേനൽ,
പിറകിൽ പത്തിവിടർത്തിയിരിക്കും
വിഷസർപ്പങ്ങൾ ചമച്ചൊരു വ്യൂഹം,
എവിടേയ്ക്കാണീ യാനം, പ്രിയ നീ
എവിടേയ്ക്കെന്നെ നയിക്കുന്നൂ?
നിന്റെ കടിഞ്ഞാൺ മുറുകിയ കൈത്തല-
മിളകിക്കലിയവതാരം ചെയ്കേ
ദ്രുതതരമെന്നെ വഹിച്ചു കുതിക്കുവ-
തെങ്ങോട്ടാണീക്കുതിര?
ദുർബ്ബലമായൊരു മേനി,
കെട്ടു തകർക്കാൻവെമ്പും പ്രാണൻ,
നിറമില്ലാത്തൊരു ചിത്രം,
ശൂന്യത കുടിപാർക്കുന്ന ഹൃദന്തം!
(കണ്ടിട്ടുണ്ടോയിതുപോൽ വേറൊരു നിഴൽ നീ?
കേട്ടിട്ടുണ്ടോയിതുപോൽ വേറൊരു തേങ്ങൽ?)
ഈ വഴിയരികിൽ ചിതകളിലൊന്നി-
ലെറിഞ്ഞു തിരിക്കൂ വേഗം…
ജൃംഭിത വീര്യ പുനർനിർമ്മിതമാം
യുവസിര തുള്ളിപ്പുളയും
പ്രതികാരോർജ്ജിത ഭീതിദ ഭാവം
പ്രിയ, നീ മാറ്റുകയില്ലേ?
ആരോടാരോടെന്തിനു വേണ്ടി
പൊരുതി മരിപ്പാൻ നിൽപൂ?
വെട്ടിയപ്രേമപ്പാഴ്മരമൊന്നിൻ
വേരുകിളപ്പതു മൗഢ്യം!
സ്നേഹോൽക്കണ്ഠകൾ വിങ്ങും പഴയ,
തുടുത്ത പ്രഭാതമുദിക്കും
സ്നിഗ്ദ്ധമൃണാളമൃദുസ്മേരാർദ്രം
മുഖദർശനമെൻ സൗഖ്യം;
പക്ഷേ, കാലം പോയീ, നവമൊരു
ജീവിതഭാരം പേറാൻ
വയ്യാ, ശവമഞ്ചത്തിൽ മുൻപദ-
മൂന്നിക്കുനിയുകയല്ലോ…
ഇപ്പരിതോഷം താങ്ങാനാകാ-
താകെവിമൂർച്ഛയിലാടും
സുരപഥരഥതാളങ്ങളിൽ മന്ത്ര-
ച്ചരടു മുറുക്കിയഹൃദയം.
മരുഭൂമികളുടെയാതപമൊക്കെ-
ച്ചോർത്തിയെടുത്തൊരു ചിത്തം
തരളവികാരച്ചെറുപുൽക്കൊടിയുടെ
ചുണ്ടിൽ ചുടുകാറ്റൂതും.
തീരെ നിരർത്ഥകമാക്കാൻ ജീവിത-
മൊന്നേ നമ്മൾക്കുള്ളൂ.
ചുട്ടുപഴുത്തശിലാതലമാണെൻ
ചേതന, തൊട്ടാൽപൊള്ളും.
വിണ്ടുകഴിഞ്ഞ വരമ്പിൽ കാൽവെ-
ച്ചണയും പ്രിയനാം പഥികാ,
ഏതൊരു മിഥ്യ വിളിച്ചു നയിച്ചെ-
ന്നരികിലണച്ചൂ നിന്നെ?…
പൂണ്ടൊരു പൗർണ്ണമിരാവിൽ,
ഇരുളിന്നന്തഃപുരവാതിലുകൾ
കൊട്ടിയടച്ചൊരുരാവിൽ.
പൂവിടരുന്നതു്, കിളിപാടുന്നതു്,
കാറ്റുണരുന്നതു്, നിഴലുലയുന്നതു്,
നദിയൊഴുകുന്നതിലെല്ലാമെല്ലാം
ഇടറാതുതിരും ഗാനലയത്തി-
ലലിഞ്ഞെൻ ലഹരിയുണർന്നൂ.
അറിയാതുള്ള കിനാക്കളിലെല്ലാം
ചിറകു മുളച്ചു വിടർന്നൂ
മഞ്ഞുപൊഴിഞ്ഞൂ, കുളിരലയാലെൻ
കരളു നിറഞ്ഞു കവിഞ്ഞൂ.
സുഖജീവിതരഥനിസ്വനമായി-
ച്ചിരിയൊന്നെന്നിലുതിർന്നൂ…
നിദ്രയ്ക്കടിയിൽ നിന്നോ,
പകലിൻ ലഹരി പുണർന്നു വിടർന്ന
ദിവാസ്വപ്നങ്ങളിൽ നിന്നോ,
അയൽപക്കത്തെച്ചെറുമുറ്റത്തെ-
പ്പനിനീരലരതിൽനിന്നോ?
നീർമരുതിൻ പൂക്കുടകൾ മറിയും
ആറ്റിൻകരയിൽ നിന്നോ
എവിടന്നോടിയടുത്തു നിന്നുടെ
സുഖദമനോഹരരൂപം?
മധുരം പ്രേമം! പ്രേമം, ശാശ്വത-
മെന്നു പുകഴ്ത്താൻ വെമ്പീ
ചുറ്റിപ്പിണിയും വഴികളിലെല്ലാം
കാറ്റായോടിയലഞ്ഞൂ.
അരികിൽച്ചൂളമരങ്ങൾ ചുണ്ടിൽ
വിരൽവെച്ചരിശം പൂണ്ടൂ,
പറവകൾ നമ്മൾ-കൊച്ചുപുഴുക്കൾ!
പാടവരമ്പിലിഴഞ്ഞൂ,
നീണ്ടുപരന്നുകിടക്കും ഭൂമിയി-
ലഭയം തേടിയലഞ്ഞൂ.
പൊയ്കയിലോളപ്പാളികൾ ചിന്നീ,
കരിയിലപറ്റിയെറുമ്പായ് നീന്തി,
കാതരമിഴിയോടിളകാൻ പേടി, -
ച്ചിമപൂട്ടാതെയിരുന്നൂ…
മുറ്റത്തിരവുകൾ, കരിതേ-
ച്ചെന്നുടെ നീലാകാശം മങ്ങി,
കാലം നൽകിയ മധുപാത്രത്തിൽ
കരിവിഷമൊന്നേ തങ്ങി,
വിടപറയും ചുടുചോരയ്ക്കൊപ്പം
കണ്ണീർകണങ്ങൾ വറ്റി…
യുറക്കം തൂങ്ങിയ മിഴികളുമായി-
ട്ടെന്തോ ചൊല്ലി, പ്പകരം നീയതി-
നെന്നെ ചേർത്തു പുണർന്നു.
കാൽവരിയാണിതു കണ്ടില്ലേ നീ?
കുരിശുകൾ തീർന്നില്ലിനിയും
മുള്ളാണികളുടെ കൊയ്ത്തുനിലങ്ങൾ
വിളഞ്ഞു കിടപ്പൂ ചുറ്റും.